118 Bible Verses About Righteousness
Biblica® Open Malayalam Contemporary Version™ (OMCV)
-
21 എന്നാൽ ഇപ്പോഴാകട്ടെ, ന്യായപ്രമാണത്തിന്റെ ആചരണംകൂടാതെ ലഭിക്കുന്ന ദൈവികപാപവിമോചനം വെളിപ്പെട്ടുവന്നിരിക്കുന്നു; ഇതിനെക്കുറിച്ചു ന്യായപ്രമാണത്തിലും പ്രവാചകന്മാരുടെ ലിഖിതങ്ങളിലും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. 22 യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ ദൈവത്തിൽനിന്നുള്ള ഈ കുറ്റവിമുക്തി, വിശ്വസിക്കുന്ന എല്ലാവർക്കും ലഭിക്കുന്നു. 23 യെഹൂദനെന്നോ യെഹൂദേതരനെന്നോ ഒരു ഭേദവുമില്ലാതെ എല്ലാവരും പാപംചെയ്തു ദൈവതേജസ്സിന് അന്യരായിത്തീർന്നിരിക്കുന്നു. 24 എങ്കിലും ദൈവകൃപയാൽ, ക്രിസ്തുയേശുമുഖേനയുള്ള വീണ്ടെടുപ്പിലൂടെ അവരെ സൗജന്യമായി നീതീകരിക്കുന്നു. 25 ദൈവം യേശുവിന്റെ രക്തംചൊരിഞ്ഞ് പാപനിവാരണയാഗമാക്കി പരസ്യമായി നൽകിയതിൽ വിശ്വസിക്കുന്നതിലൂടെയാണ് ഈ നീതി ലഭിക്കുന്നത്. അവിടത്തെ നീതി പ്രകടമാക്കുന്നതിനാണ് ഇപ്പോൾ ഇങ്ങനെ ചെയ്തത്. ദൈവം അവിടത്തെ ദീർഘക്ഷമനിമിത്തം മുൻകാലപാപങ്ങൾക്കു ശിക്ഷവിധിച്ചതുമില്ല. 26 അവിടന്ന് ഇങ്ങനെ പ്രവർത്തിച്ചത്, ഈ കാലഘട്ടത്തിൽ അവിടത്തെ നീതി പ്രകടമാക്കിക്കൊണ്ട്, നീതിനിഷ്ഠനും യേശുവിൽ വിശ്വസിക്കുന്നവരെ നീതീകരിക്കുന്നവനും ആയിരിക്കാനാണ്.
27 അങ്ങനെയെങ്കിൽ പ്രശംസയ്ക്ക് സ്ഥാനം എവിടെ? അത് നീങ്ങിപ്പോയിരിക്കുന്നു. ഏതു പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ? അനുഷ്ഠാനങ്ങൾ ആവശ്യമുള്ള ന്യായപ്രമാണത്താലോ? അല്ല, വിശ്വാസം ആവശ്യമുള്ള പ്രമാണത്താൽത്തന്നെയാണ്. 28 അങ്ങനെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൾവഴിയല്ലാതെ വിശ്വാസത്താൽത്തന്നെ മനുഷ്യൻ നീതീകരിക്കപ്പെടുന്നു എന്നു നാം കാണുന്നു.
-
20 അതുകൊണ്ട് ഞങ്ങൾ ക്രിസ്തുവിന്റെ സ്ഥാനപതികളായി, “ദൈവത്തോട് അനുരഞ്ജനപ്പെടുക” എന്നു ദൈവംതന്നെയാണ് ഞങ്ങളിലൂടെ ക്രിസ്തുവിനുവേണ്ടി നിങ്ങളോട് അപേക്ഷിക്കുന്നത്. 21 തന്നിൽക്കൂടി നാം ദൈവസന്നിധിയിൽ കുറ്റവിമുക്തരാകേണ്ടതിന്, പാപം അറിഞ്ഞിട്ടില്ലാത്ത ക്രിസ്തുവിനെ ദൈവം നമുക്കുവേണ്ടി പാപശുദ്ധീകരണയാഗമാക്കി.
-
1 സഹോദരങ്ങളേ, ഇസ്രായേല്യർ രക്ഷിക്കപ്പെടണമെന്നു ഞാൻ ഹൃദയപൂർവം ആഗ്രഹിക്കുകയും അവർക്കായി ദൈവത്തോടു പ്രാർഥിക്കുകയുംചെയ്യുന്നു. 2 ദൈവികകാര്യങ്ങളിൽ അവർക്കു തീക്ഷ്ണതയുണ്ട് എന്നു ഞാൻ സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ, ആ തീക്ഷ്ണത വിവേചനത്തോടുകൂടിയതല്ല. 3 കാരണം, ദൈവം മനുഷ്യരെ നീതീകരിക്കുന്നവിധം അറിയാതെ സ്വന്തം പ്രയത്നത്താൽ നീതീകരിക്കപ്പെടാൻ ശ്രമിച്ചുകൊണ്ട് അവർ ദൈവനീതിക്കു വിധേയപ്പെടാതിരുന്നു. 4 ക്രിസ്തു ന്യായപ്രമാണത്തിന്റെ പൂർത്തീകരണമായതിനാൽ ക്രിസ്തുവിൽ വിശ്വസിക്കുന്ന ആരും നീതീകരിക്കപ്പെടും.
5 ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ച് മോശ ഇപ്രകരം എഴുതിയിരിക്കുന്നു: “അവ അനുസരിക്കുന്ന മനുഷ്യർ അവമൂലം ജീവിക്കും.” 6 എന്നാൽ, വിശ്വാസത്താലുള്ള നീതിയാകട്ടെ, ഇപ്രകാരമാണു പറയുന്നത്: “ക്രിസ്തുവിനെ താഴേക്കു കൊണ്ടുവരാൻ, ‘ആർ സ്വർഗത്തിൽക്കയറും?’ എന്നോ 7 ‘ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കാൻ ആർ പാതാളത്തിൽ ഇറങ്ങും?’ ” എന്നോ നിന്റെ ഹൃദയത്തിൽ പറയരുത്. 8 എന്നാൽ തിരുവെഴുത്ത് എന്തുപറയുന്നു? “വചനം നിങ്ങൾക്കു സമീപമാകുന്നു; അത് നിങ്ങളുടെ അധരത്തിലും നിങ്ങളുടെ ഹൃദയത്തിലും ഇരിക്കുന്നു,” ഞങ്ങൾ ഉദ്ഘോഷിക്കുന്ന വിശ്വാസത്തിന്റെ വചനംതന്നെയാണ് അത്. 9 “യേശു കർത്താവാകുന്നു” എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചെന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും. 10 അങ്ങനെ ഒരുവൻ ഹൃദയത്തിൽ വിശ്വസിച്ചു നീതീകരിക്കപ്പെടുകയും വാകൊണ്ട് വിശ്വാസം ഏറ്റുപറഞ്ഞു രക്ഷപ്രാപിക്കുകയുംചെയ്യുന്നു. 11 “യേശുകർത്താവിൽ വിശ്വസിക്കുന്ന ആരും ഒരിക്കലും ലജ്ജിതരാകുകയില്ല” എന്നു തിരുവെഴുത്തു പറയുന്നല്ലോ. 12 യെഹൂദനും യെഹൂദേതരനുംതമ്മിൽ ഒരു വ്യത്യാസവുമില്ല. എല്ലാവരുടെയും കർത്താവ് ഒരുവൻ അത്രേ. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കാൻ തക്കവണ്ണം അവിടന്നു സമ്പന്നനാകുന്നു. 13 “കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന ഏതൊരുവനും രക്ഷിക്കപ്പെടും,” എന്നുണ്ടല്ലോ.
-
2 നായ്ക്കളെപ്പോലെ പെരുമാറുന്നവരെയും തിന്മ പ്രവർത്തിക്കുന്നവരെയും പരിച്ഛേദനവാദികളെയും സൂക്ഷിക്കുക. 3 മാനുഷികപ്രയത്നത്തിൽ ആശ്രയിക്കാതെ, ക്രിസ്തുയേശുവിൽ അഭിമാനിക്കുകയും ദൈവത്തെ അവിടത്തെ ആത്മാവിന്റെ സഹായത്താൽ സേവിക്കുകയുംചെയ്യുന്ന നാം അല്ലയോ യഥാർഥത്തിൽ പരിച്ഛേദനമേറ്റവർ. 4 മാനുഷികനേട്ടങ്ങളിൽ ആശ്രയിക്കാൻ നിരവധി കാരണങ്ങൾ എനിക്കുണ്ട്.
ഇങ്ങനെയുള്ളവയിൽ ആശ്രയിക്കാമെന്ന് ആരെങ്കിലും കരുതുന്നെങ്കിൽ എനിക്ക് അവരെക്കാൾ അഭിമാനിക്കാൻ കഴിയും: 5 ഞാൻ എട്ടാംദിവസം പരിച്ഛേദനമേറ്റു, ഇസ്രായേൽ വംശജൻ, ബെന്യാമീൻഗോത്രക്കാരൻ, എബ്രായരിൽനിന്നു ജനിച്ച എബ്രായൻ, യെഹൂദ ന്യായപ്രമാണം അനുവർത്തിക്കുന്നതിൽ പരീശൻ, 6 ക്രിസ്തുവിൽ വിശ്വസിച്ചവരെ ഉപദ്രവിക്കുന്നതിൽ അത്യുത്സാഹി, ന്യായപ്രമാണം അനുവർത്തിക്കുന്നതിലെ ധാർമികതയിൽ അനിന്ദ്യൻ.
7 ഇങ്ങനെ അമൂല്യമെന്നു കരുതിയിരുന്നവയെല്ലാം ക്രിസ്തു നിമിത്തം വിലയില്ലാത്തതെന്നു ഞാൻ കരുതി. 8 തന്നെയുമല്ല, എന്റെ കർത്താവായ ക്രിസ്തുയേശുവിനെപ്പറ്റിയുള്ള പരമജ്ഞാനം ലഭിച്ചതു നിമിത്തം ഞാൻ മറ്റുള്ള സർവവും മൂല്യരഹിതമെന്നുകാണുന്നു. കർത്താവിനുവേണ്ടി അവയെല്ലാം ചവറെന്നും കണക്കാക്കുന്നു. 9 ഇത് ക്രിസ്തുവിനെ നേടാനും അവിടത്തോട് ഏകീഭവിക്കാനും ന്യായപ്രമാണത്തിലൂടെ ലഭിക്കുന്ന സ്വയനീതിയല്ല; ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കു ലഭിക്കുന്ന ദൈവികനീതിതന്നെ, വിശ്വാസത്താൽ ലഭിക്കാനുമാണ്. 10 ക്രിസ്തുവിനെയും അവിടത്തെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അറിയാനും കഷ്ടാനുഭവങ്ങളിൽ പങ്കാളിയായി അവിടത്തെ മരണത്തോട് അനുരൂപപ്പെടാനും, 11 അങ്ങനെ, ഏതുപ്രകാരവും മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനം പ്രാപിക്കാനുമാണ് ഞാൻ യത്നിക്കുന്നത്.
-
1 അപ്പോൾ ലൗകികമായി നമ്മുടെ പൂർവപിതാവായിരുന്ന അബ്രാഹാം ഈ വിഷയത്തെക്കുറിച്ച് എന്താണു മനസ്സിലാക്കിയത്? 2 അബ്രാഹാം നീതീകരിക്കപ്പെട്ടത് പ്രവൃത്തികളാൽ ആയിരുന്നെങ്കിൽ അദ്ദേഹത്തിന് ആത്മപ്രശംസയ്ക്കു വകയുണ്ടാകുമായിരുന്നു; എന്നാൽ, ദൈവത്തിനുമുമ്പാകെ ആത്മപ്രശംസയ്ക്ക് യാതൊന്നുമില്ല. 3 തിരുവെഴുത്ത് എന്താണു പറയുന്നത്? “അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു, അതുനിമിത്തം ദൈവം അദ്ദേഹത്തെ നീതിമാനായി കണക്കാക്കി.”
4 അധ്വാനിക്കുന്നവനു കൂലി നൽകുന്നത് ദാനമായിട്ടല്ല, അത് അയാൾ പ്രവൃത്തിചെയ്ത് അവകാശമായി നേടുന്നതാണ്. 5 എന്നാൽ, പാപിയെ നീതീകരിക്കുന്ന ദൈവത്തിൽ വിശ്വസിക്കുന്ന ഒരാളുടെ സൽപ്രവൃത്തികളെ അല്ല, അവന്റെ വിശ്വാസത്തെയാണ് ദൈവം നീതിയായി കണക്കാക്കുന്നത്. 6 ഇങ്ങനെ സൽപ്രവൃത്തികളെ കണക്കാക്കാതെ ദൈവം നീതിമാനായി അംഗീകരിക്കുന്ന മനുഷ്യന്റെ അനുഗൃഹീതാവസ്ഥയെപ്പറ്റി ദാവീദും ഇപ്രകാരം പറയുന്നു:
7 “ലംഘനം ക്ഷമിച്ചും
പാപം മറച്ചും കിട്ടിയവർ
അനുഗൃഹീതർ,
8 കർത്താവ് പാപം കണക്കാക്കാത്ത മനുഷ്യർ
അനുഗൃഹീതർ.”
9 എന്നാൽ, ഈ അനുഗൃഹീതാവസ്ഥ പരിച്ഛേദനമേറ്റവർക്കു മാത്രമുള്ളതാണോ അതോ, പരിച്ഛേദനം ഇല്ലാത്തവർക്കും കൂടിയുള്ളതോ? അബ്രാഹാമിന്റെ വിശ്വാസത്തെ നീതിയായി ദൈവം കണക്കാക്കി എന്നാണല്ലോ നാം പറയുന്നത്. 10 എന്നാൽ, എപ്പോഴാണ് ഇപ്രകാരം നീതിമാനായി കണക്കാക്കപ്പെട്ടത്? പരിച്ഛേദനം ഏറ്റതിനുശേഷമോ പരിച്ഛേദനം ഏൽക്കുന്നതിനു മുമ്പോ? പരിച്ഛേദനം ഏറ്റ ശേഷമല്ല, പരിച്ഛേദനത്തിനു മുമ്പുതന്നെയാണ്. 11 മാത്രമല്ല, പരിച്ഛേദനം ഏൽക്കുന്നതിനുമുമ്പേ വിശ്വാസത്താൽ നീതിനിഷ്ഠനായി അംഗീകരിക്കപ്പെട്ടതിന്റെ മുദ്രയായിട്ടാണ് പരിച്ഛേദനം എന്ന ചിഹ്നം അബ്രാഹാമിന് ലഭിച്ചത്. പരിച്ഛേദനംകൂടാതെതന്നെ വിശ്വാസത്താൽ നീതീകരിക്കപ്പെടുന്ന എല്ലാവർക്കും അബ്രാഹാം ആത്മികപിതാവായിത്തീരേണ്ടതിനും തദ്വാര, അവരുംകൂടി നീതിയുള്ളവരായി കണക്കാക്കപ്പെടേണ്ടതിനും ആയിരുന്നു അത്. 12 പരിച്ഛേദനം ഏറ്റവർക്കും അബ്രാഹാം പിതാവാണ്. എന്നാൽ അത് അവർ പരിച്ഛേദനം ഏറ്റു എന്നതുകൊണ്ടല്ല, പിന്നെയോ, നമ്മുടെ പിതാവായ അബ്രാഹാമിനു പരിച്ഛേദനം ഏൽക്കുന്നതിനുമുമ്പ് ഉണ്ടായിരുന്നതുപോലെ അവർ വിശ്വാസം പിൻതുടർന്നതുകൊണ്ടാണ്.
-
30 ഇതെല്ലാം എന്താണ് അർഥമാക്കുന്നത്? യഥാർഥത്തിൽ ദൈവികനീതി അന്വേഷിക്കാതിരുന്നവരായ ഇസ്രായേല്യേതരർക്കാണ് ആ നീതി ലഭിച്ചത്. അതു വിശ്വാസത്താലുള്ള നീതിതന്നെ. 31 എന്നാൽ, ന്യായപ്രമാണത്തിലൂടെ നീതി ലഭിക്കാൻ പരിശ്രമിച്ചവരായ ഇസ്രായേല്യർക്കാകട്ടെ, അതു ലഭിച്ചതുമില്ല. 32 എന്തുകൊണ്ടാണ് അവർക്കതു ലഭിക്കാതിരുന്നത്? വിശ്വാസത്തിലൂടെയല്ല, പ്രവൃത്തികളാൽ സാധിക്കുമെന്നു വിചാരിച്ച് നീതിയെ അന്വേഷിച്ചതുകൊണ്ടാണ് അവർ ഇടർച്ചക്കല്ലിൽ തട്ടിവീണത്.
33 “ഇതാ, ഞാൻ സീയോനിൽ, കാലിടറിക്കുന്ന കല്ലും
നിലംപരിചാക്കുന്ന പാറയും വെക്കുന്നു.
അദ്ദേഹത്തിൽ വിശ്വസിക്കുന്ന ആരും ഒരിക്കലും ലജ്ജിതരാകുകയില്ല,”
എന്ന് എഴുതിയിട്ടുണ്ടല്ലോ.
-
13 ലോകത്തിന്റെ അവകാശിയാകും എന്നുള്ള വാഗ്ദാനം അബ്രാഹാമിനോ അദ്ദേഹത്തിന്റെ സന്തതിപരമ്പരകൾക്കോ സിദ്ധിച്ചത് ന്യായപ്രമാണത്തിലൂടെയല്ല, വിശ്വാസത്താൽ ലഭിച്ച നീതിയിലൂടെയാണല്ലോ. 14 ന്യായപ്രമാണം അനുസരിക്കുന്നവരാണ് ദൈവത്തിന്റെ വാഗ്ദാനത്തിന് അവകാശികൾ എങ്കിൽ ദൈവത്തിലുള്ള വിശ്വാസം അനാവശ്യമായിത്തീരുന്നു; വാഗ്ദാനം അസാധുവായിത്തീരുന്നു. 15 ന്യായപ്രമാണലംഘനം ദൈവക്രോധത്തിനു കാരണമായിത്തീരും. ന്യായപ്രമാണം ഇല്ലെങ്കിൽ അതിന്റെ ലംഘനവും സാധ്യമല്ല്ലല്ലോ.
16 അതുകൊണ്ട്, വാഗ്ദാനത്തിന്റെ അടിസ്ഥാനം വിശ്വാസമാണ്. അതു ദൈവം അവിടത്തെ കൃപയുടെ ദാനമായി, അബ്രാഹാമിന്റെ സന്തതിപരമ്പരയിൽപ്പെട്ട വിശ്വസിക്കുന്നവർക്കെല്ലാം—ന്യായപ്രമാണം അനുസരിക്കുന്നവർക്കുമാത്രമല്ല—ഉറപ്പായി നൽകി. കാരണം, വിശ്വസിക്കുന്നവരായ നാം എല്ലാവരുടെയും പിതാവാണ് അബ്രാഹാം. 17 “ഞാൻ നിന്നെ അനേകം ജനതകൾക്കു പിതാവാക്കിയിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്നല്ലോ. മരിച്ചവരെ ജീവിപ്പിക്കുകയും ഇല്ലാത്തവയെ ഉള്ളവയെപ്പോലെ ആസ്തിക്യത്തിലേക്കു വിളിച്ചുവരുത്തുകയും ചെയ്യുന്നവനായ ദൈവത്തിൽ അബ്രാഹാം വിശ്വസിച്ചു, ആ ദൈവത്തിന്റെ ദൃഷ്ടിയിൽ അദ്ദേഹം നമ്മുടെ പിതാവാണ്.
18 “നിന്റെ സന്തതി ഇങ്ങനെ ആയിത്തീരും” എന്നു ദൈവം അരുളിച്ചെയ്തിരുന്നതുകൊണ്ട് ആശിക്കാൻ സാധ്യതയില്ലാതിരുന്നിട്ടും അനേകം ജനതകൾക്കു പിതാവായിത്തീരുമെന്ന് ആശയോടുകൂടെ അബ്രാഹാം വിശ്വസിച്ചു. 19 ഏകദേശം നൂറുവയസ്സുണ്ടായിരുന്നതുകൊണ്ട് തന്റെ ശരീരം മൃതപ്രായമായിരുന്നു എന്നും സാറയുടെ ഗർഭപാത്രം നിർജീവമായിരുന്നു എന്നും വ്യക്തമായി അറിഞ്ഞിട്ടും അബ്രാഹാമിന്റെ വിശ്വാസം ദുർബലമായില്ല. 20 ദൈവത്തിന്റെ വാഗ്ദാനത്തെക്കുറിച്ച് അവിശ്വാസത്താൽ ചഞ്ചലിക്കാതെ അദ്ദേഹം ദൈവത്തെ മഹത്ത്വപ്പെടുത്തി വിശ്വാസത്തിൽ ശക്തിപ്പെട്ടു. 21 ആ ദൈവം വാഗ്ദാനംചെയ്തതു നിവർത്തിക്കാൻ ശക്തനാണെന്നുള്ള പൂർണബോധ്യമുള്ളവനായിത്തീർന്നു. 22 അബ്രാഹാമിന്റെ ഈ വിധത്തിലുള്ള വിശ്വാസം അദ്ദേഹത്തിനു “നീതിയായി ദൈവം കണക്കാക്കി.” 23 “നീതിയായി കണക്കാക്കി” എന്ന് എഴുതിയിരിക്കുന്നത് അദ്ദേഹത്തിനുമാത്രമല്ല; 24 നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നുയിർപ്പിച്ച ദൈവത്തിൽ വിശ്വാസം അർപ്പിക്കുന്നവരായ നമുക്കും ബാധകമാണ്. 25 അവിടന്ന് നമ്മുടെ ലംഘനങ്ങൾനിമിത്തം മരണത്തിനായി ഏൽപ്പിക്കപ്പെടുകയും നമ്മുടെ നീതീകരണത്തിനായി ഉയിർപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നല്ലോ.
-
16 നിങ്ങൾ അനുസരണയുള്ള ദാസരായി ആർക്കെങ്കിലും സ്വയം വിധേയപ്പെടുത്തിയാൽ നിങ്ങൾ അവരുടെ അടിമകളാകും എന്നറിയാമല്ലോ. നിങ്ങൾ ഒന്നുകിൽ പാപത്തിന്റെ അടിമകളാണ്; അതു മരണത്തിലേക്കു നയിക്കുന്നു, അല്ലെങ്കിൽ അനുസരണത്തിന്റെ അടിമകളാണ്, അത് നീതിയിലേക്കു നയിക്കുന്നു. 17 നിങ്ങൾ പാപത്തിന്റെ അടിമകൾ ആയിരുന്നു. എന്നാൽ നിങ്ങൾ സ്വീകരിച്ച ഉപദേശത്തെ ഹൃദയപൂർവം അനുസരിച്ചതുകൊണ്ട് ദൈവത്തിനു സ്തോത്രം! 18 അങ്ങനെ പാപത്തിൽനിന്ന് സ്വതന്ത്രരാക്കപ്പെട്ടിട്ട് നിങ്ങൾ നീതിയുടെ അടിമകളായിത്തീർന്നിരിക്കുന്നു.
19 മനുഷ്യസഹജമായ ദൗർബല്യം നിങ്ങൾക്കുണ്ട്. അതിനാൽ മനുഷ്യരുടെ രീതിയിൽ ഞാൻ സംസാരിക്കുകയാണ്. അധർമത്തിലേക്കു നയിക്കുന്നവിധത്തിൽ നിങ്ങളുടെ ശരീരഭാഗങ്ങളെ അശുദ്ധിക്കും അധർമത്തിനും അടിമകളായി ഏൽപ്പിച്ചിരുന്നു. അതുപോലെ ഇപ്പോൾ, വിശുദ്ധീകരണത്തിനായി നിങ്ങളുടെ ശരീരഭാഗങ്ങളെ നീതിക്ക് അടിമകളായി സമർപ്പണം ചെയ്യുക. 20 കാരണം, നിങ്ങൾ പാപത്തിന്റെ അടിമകളായിരുന്നപ്പോൾ നീതിയുടെ സ്വാധീനത്തിൽ ആയിരുന്നില്ല. 21 അതുകൊണ്ട് എന്തു ഫലമാണ് അന്ന് നിങ്ങൾക്ക് ഉണ്ടായിരുന്നത്? ഇന്നു നിങ്ങളെ ലജ്ജിപ്പിക്കുന്ന ആ കാര്യങ്ങളുടെ പരിണതഫലം മൃത്യുവാണ്. 22 എന്നാൽ, ഇപ്പോഴാകട്ടെ, നിങ്ങളെ പാപത്തിൽനിന്നു വിമോചിതരാക്കിയിട്ട് ദൈവത്തിന്റെ ദാസരാക്കിയിരിക്കുന്നു. ഇങ്ങനെ നിങ്ങൾക്ക് വിശുദ്ധീകരണവും തൽഫലമായി നിത്യജീവനും ലഭിക്കുന്നു.
-
14 പരിഷ്കൃതരോടും അപരിഷ്കൃതരോടും വിദ്യാസമ്പന്നരോടും വിദ്യാവിഹീനരോടും എനിക്ക് ഉത്തരവാദിത്വമുണ്ട്. 15 അതുകൊണ്ടാണ്, റോമിലുള്ള നിങ്ങളോടും സുവിശേഷം അറിയിക്കാൻ ഞാൻ വളരെയധികം ആഗ്രഹിക്കുന്നത്.
16 സുവിശേഷത്തെക്കുറിച്ചു ഞാൻ ലജ്ജിക്കുന്നില്ല; ഒന്നാമത് യെഹൂദനും പിന്നീട് യെഹൂദേതരനും, ഇങ്ങനെ, വിശ്വസിക്കുന്ന എല്ലാവർക്കും അത് രക്ഷനൽകുന്ന ദൈവശക്തിയാകുന്നു. 17 കാരണം, ദൈവം മനുഷ്യനെ നീതിമാനാക്കുന്ന വിധം സുവിശേഷത്തിൽ പ്രകടമായിരിക്കുന്നു; “വിശ്വാസത്താലാണ് നീതിമാൻ ജീവിക്കുന്നത്” എന്ന തിരുവെഴുത്ത് അനുസരിച്ച് ആ നീതീകരണം ആദ്യവസാനം വിശ്വാസത്താലാണ്.
-
29 അവിടന്നു നീതിമാനെന്നു നിങ്ങൾ അറിയുന്നെങ്കിൽ, നീതി ചെയ്യുന്നവരെല്ലാം കർത്താവിൽനിന്നു ജനിച്ചിരിക്കുന്നു എന്നും നിങ്ങൾക്കുറപ്പാക്കാം.
-
16 ആദാം എന്ന ഏകമനുഷ്യൻ ചെയ്ത പാപത്തിന്റെ ഫലംപോലെയല്ല ദൈവത്തിന്റെ ദാനം; കാരണം, ആ ഏകപാപത്തിന്റെ ഫലമായി ശിക്ഷാവിധിക്കുള്ള ന്യായവിധി ഉണ്ടായി. എന്നാൽ, അനവധി ലംഘനങ്ങൾക്കു ശേഷമുള്ള കൃപാവരമാകട്ടെ, നീതീകരണത്തിനു കാരണമായി. 17 ആദാം എന്ന ഒരു മനുഷ്യന്റെ നിയമലംഘനത്താൽ, ആ മനുഷ്യനിലൂടെ, മരണം വാഴ്ച നടത്തി. എന്നാൽ, ദൈവം സമൃദ്ധമായി നൽകുന്ന കൃപയും നീതീകരണം എന്ന ദാനവും പ്രാപിക്കുന്നവർ യേശുക്രിസ്തുവെന്ന ഏകമനുഷ്യൻമുഖേന എത്രയോ അധികമായി ജീവനിൽ വാഴും!
18 അങ്ങനെ ഒരു ലംഘനംമൂലം എല്ലാ മനുഷ്യരും ശിക്ഷാവിധിയിൽ ആയതുപോലെ, ഒരു നീതിപ്രവൃത്തി എല്ലാ മനുഷ്യരെയും ജീവദായകമായ നീതീകരണത്തിലേക്കു നയിക്കുന്നു. 19 ആദാം എന്ന ഏകമനുഷ്യന്റെ അനുസരണക്കേടിലൂടെ അനേകർ പാപികളായിത്തീർന്നതുപോലെ, ക്രിസ്തു എന്ന ഏകമനുഷ്യന്റെ അനുസരണത്തിലൂടെ അനേകർ നീതിമാന്മാരായിത്തീരും.
-
5 “ഇതാ, ഞാൻ ദാവീദിനുവേണ്ടി നീതിയുള്ള ഒരു ശാഖ
എഴുന്നേൽപ്പിക്കുന്ന കാലം വരുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“ആ രാജാവ് ജ്ഞാനത്തോടെ ഭരണം നടത്തുകയും
ദേശത്ത് ന്യായവും നീതിയും നടത്തുകയും ചെയ്യും.
6 അദ്ദേഹത്തിന്റെ കാലത്ത് യെഹൂദാ രക്ഷിക്കപ്പെടും,
ഇസ്രായേൽ സുരക്ഷിതരായി ജീവിക്കും.
യഹോവ നമ്മുടെ നീതിമാനായ രക്ഷകൻ,
എന്ന പേരിനാൽ അദ്ദേഹം അറിയപ്പെടും.
7-8 ‘അതിനാൽ ഇസ്രായേൽമക്കളെ ഈജിപ്റ്റുദേശത്തുനിന്ന് കൊണ്ടുവന്ന ജീവിക്കുന്ന യഹോവയാണെ,’ എന്ന് ഇനിമേൽ ജനം പറയാതെ, ‘ഇസ്രായേൽഗൃഹത്തിന്റെ അനന്തരഗാമികളെ വടക്കേദേശത്തുനിന്നും അവർ നാടുകടത്തപ്പെട്ടിരുന്ന എല്ലാ രാജ്യങ്ങളിൽനിന്നും കൊണ്ടുവന്ന ജീവിക്കുന്ന യഹോവയാണെ,’ എന്നു പറയുന്ന കാലം വരും. അന്ന് അവർ സ്വന്തം ദേശത്തു വസിക്കുമെന്ന് യഹോവയുടെ അരുളപ്പാട്.”
-
6 നീതിക്ക് അതിയായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ;
അവർ സംതൃപ്തരാകും.
-
1 ഇപ്രകാരം, വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നമുക്കു ദൈവത്തോടു സമാധാനമുണ്ട്. 2 ക്രിസ്തുവിലൂടെത്തന്നെയാണ് നാം ഇപ്പോൾ നിൽക്കുന്ന ഈ കൃപയിലേക്കു നമുക്കു വിശ്വാസത്താൽ പ്രവേശനം ലഭിച്ചതും ദൈവതേജസ്സിന്റെ പങ്കുകാരാകും എന്ന പ്രത്യാശയിൽ നാം അഭിമാനിക്കുന്നതും. 3 അതുമാത്രമോ, കഷ്ടതയിലും നാം അഭിമാനിക്കുകയാണ്; 4 കാരണം, കഷ്ടത സഹനശക്തിയും സഹനശക്തി പരിപക്വതയും പരിപക്വത പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു. 5 ഈ പ്രത്യാശ നമ്മെ ലജ്ജിതരാക്കുന്നില്ല. കാരണം, പരിശുദ്ധാത്മാവിനെ നൽകുന്നതിലൂടെ ദൈവം അവിടത്തെ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ സമൃദ്ധമായി വർഷിച്ചിരിക്കുന്നു.
6 നാം ശക്തിഹീനരായിരുന്നപ്പോൾത്തന്നെ, ക്രിസ്തു കൃത്യസമയത്ത് അധർമികളായ നമുക്കുവേണ്ടി മരിച്ചു. 7 നല്ലവനായ ഒരു മനുഷ്യനുവേണ്ടി മറ്റൊരാൾ മരിക്കാൻ ഒരുപക്ഷേ തയ്യാറായേക്കാം; അങ്ങനെ നീതിനിഷ്ഠനുവേണ്ടി ആരെങ്കിലും മരിക്കുന്നതുതന്നെ തീരെ വിരളമാണ്. 8 എന്നാൽ, നാം പാപികളായിരിക്കുമ്പോൾത്തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചതിലൂടെ ദൈവം നമ്മോടുള്ള സ്നേഹം വെളിപ്പെടുത്തുകയായിരുന്നു.
9 ക്രിസ്തുവിന്റെ രക്തത്താൽ നാം ഇപ്പോൾ നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ക്രിസ്തുമുഖേനതന്നെ നാം ദൈവക്രോധത്തിൽനിന്ന് രക്ഷിക്കപ്പെടും എന്നത് എത്രയോ സുനിശ്ചിതമാണ്! 10 നാം ദൈവത്തിന്റെ ശത്രുക്കളായിരുന്നപ്പോൾ അവിടത്തെ പുത്രന്റെ മരണത്താൽ നമുക്കു ദൈവത്തോട് അനുരഞ്ജനം ലഭിച്ചുവെങ്കിൽ, അനുരഞ്ജനം ലഭിച്ചശേഷം അവിടത്തെ ജീവൻമൂലം നാം രക്ഷിക്കപ്പെടുമെന്നതും എത്രയോ നിശ്ചിതം! 11 ഇതുമാത്രമല്ല, നമുക്ക് ഇപ്പോൾ അനുരഞ്ജനം സാധ്യമാക്കിയ നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖേന ദൈവത്തിൽ നാം ആഹ്ലാദിക്കുന്നു.
-
26 സഹോദരങ്ങളേ, നിങ്ങളെ വിളിച്ചപ്പോഴുള്ള നിങ്ങളുടെ സ്ഥിതിയെപ്പറ്റി ചിന്തിക്കുക. മാനുഷികമാനദണ്ഡമനുസരിച്ചു നിങ്ങളിൽ മിക്കവരും വിവേകശാലികളായിരുന്നില്ല; സമൂഹത്തിൽ സ്വാധീനമുള്ളവരോ കുലീനരോ ആയിരുന്നതുമില്ല. 27 എന്നാൽ ജ്ഞാനികളെ ലജ്ജിപ്പിക്കാൻ ദൈവം ലോകത്തിൽ ഭോഷത്തമായവ തെരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാൻ ദൈവം ബലഹീനമായവ തെരഞ്ഞെടുത്തു. 28 മഹത്തായതെന്നു ലോകം പരിഗണിക്കുന്നതിനെ നിസ്സാരമാക്കാൻ ഈ ലോകത്തിലെ ഹീനവും നിന്ദിതവുമായ കാര്യങ്ങളെ, ഒന്നുമല്ലാത്തവയെത്തന്നെ, ദൈവം തെരഞ്ഞെടുത്തു; 29 അവിടത്തെ സന്നിധിയിൽ ആരും പ്രശംസിക്കാതിരിക്കേണ്ടതിനുതന്നെ. 30 അവിടന്നുമുഖേനയാണ് നിങ്ങൾ ക്രിസ്തുയേശുവിലായിരിക്കുന്നത്. ക്രിസ്തു നമുക്കുവേണ്ടി ദൈവത്തിൽനിന്നുള്ള ജ്ഞാനവും നീതിയും വിശുദ്ധിയും വീണ്ടെടുപ്പും ആയിത്തീർന്നു. 31 അതുകൊണ്ട്, തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, “അഭിമാനിക്കുന്നവർ കർത്താവിൽ അഭിമാനിക്കട്ടെ.”
-
6 ഞങ്ങൾ എല്ലാവരും ശുദ്ധിയില്ലാത്തവരെപ്പോലെയായി,
ഞങ്ങളുടെ നീതിപ്രവൃത്തികൾ എല്ലാം കറപുരണ്ട തുണിപോലെയാണ്;
ഞങ്ങളെല്ലാം ഇലപോലെ വാടിപ്പോകുന്നു,
ഞങ്ങളുടെ പാപങ്ങൾ ഒരു കാറ്റുപോലെ ഞങ്ങളെ പറപ്പിക്കുന്നു.
-
31 അതുകൊണ്ട്, ‘എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും’ എന്നിങ്ങനെ വിലപിച്ച് വ്യാകുലപ്പെടരുത്. 32 ദൈവത്തെ അറിയാത്തവരാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്കാവശ്യമെന്ന് നിങ്ങളുടെ സ്വർഗസ്ഥപിതാവിന് അറിയാം. 33 നിങ്ങൾ പരമപ്രധാനമായി ദൈവരാജ്യവും ദൈവനീതിയും തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും.
-
24 നാം പാപത്തിനു മരിക്കുകയും നീതിക്കുവേണ്ടി ജീവിക്കുകയുംചെയ്യേണ്ടതിന്, “ക്രിസ്തു നമ്മുടെ പാപം സ്വശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിന്മേൽ കയറി; അവിടത്തെ മുറിവുകളാൽ നിങ്ങൾക്കു സൗഖ്യം ലഭിച്ചിരിക്കുന്നു;
-
9 ആഴത്തിലുള്ള അറിവിലും തികഞ്ഞ വിവേകത്തിലും നിങ്ങളുടെ സ്നേഹം അധികമധികം വർധിച്ചുവന്ന് 10 നിങ്ങൾ ഏറ്റവും അമൂല്യമായതുതന്നെ തെരഞ്ഞെടുത്തുകൊണ്ട് ക്രിസ്തുവിന്റെ പുനരാഗമനംവരെ നിർമലരും കളങ്കരഹിതരും ആയി ജീവിക്കാൻ ഇടയാകട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു. 11 തന്നെയുമല്ല, യേശുക്രിസ്തുവിലൂടെമാത്രം ലഭ്യമാകുന്ന നീതിയുടെ ഫലങ്ങൾ ദൈവത്തിന്റെ മഹത്ത്വത്തിനും പുകഴ്ചയ്ക്കുമായി നിങ്ങളിൽ നിറയട്ടെ എന്നും ഞാൻ പ്രാർഥിക്കുന്നു.
-
4 “എന്റെ ജനതയേ, എന്നെ ശ്രദ്ധിക്കുക;
എന്റെ രാഷ്ട്രമേ, എനിക്കു ചെവിതരിക:
കാരണം നിയമം എന്നിൽനിന്ന് പുറപ്പെടും;
എന്റെ നീതി രാഷ്ട്രങ്ങൾക്കു പ്രകാശമാകും.
5 എന്റെ നീതി അതിവേഗം അടുത്തുകൊണ്ടിരിക്കുന്നു,
എന്റെ രക്ഷ സമീപിച്ചുകൊണ്ടിരിക്കുന്നു,
എന്റെ ഭുജം രാഷ്ട്രങ്ങളെ ന്യായംവിധിക്കും.
ദ്വീപുകൾ എനിക്കായി കാത്തിരിക്കുകയും
എന്റെ ശക്തിയുള്ള ഭുജത്തിൽ ആശ്രയിക്കുകയും ചെയ്യും.
6 നിങ്ങളുടെ കണ്ണുകൾ ആകാശത്തേക്ക് ഉയർത്തുക,
താഴേ ഭൂമിയെ നോക്കുക.
ആകാശം പുകപോലെ അപ്രത്യക്ഷമാകും,
ഭൂമി വസ്ത്രംപോലെ പഴകിപ്പോകും,
അതിൽ വസിക്കുന്നവർ ഈച്ചകൾപോലെ മരണമടയും,
എന്നാൽ എന്റെ രക്ഷ ശാശ്വതമായി നിലനിൽക്കും,
എന്റെ നീതി നീങ്ങിപ്പോകുകയുമില്ല.
7 “നീതിയെ അറിയുന്നവരും ഹൃദയത്തിൽ എന്റെ ന്യായപ്രമാണമുള്ളവരുമേ,
എന്റെ വാക്കു കേൾക്കുക:
കേവലം മനുഷ്യരുടെ നിന്ദയെ നിങ്ങൾ ഭയപ്പെടുകയോ
അവരുടെ ഭർത്സനത്തെ പേടിക്കുകയോ അരുത്.
8 പുഴു അവരെ വസ്ത്രംപോലെ അരിച്ചുകളയും;
കൃമി അവരെ കമ്പിളിയെപ്പോലെ തിന്നുകളയും.
എന്നാൽ എന്റെ നീതി നിത്യകാലത്തേക്കുള്ളത്
എന്റെ രക്ഷ തലമുറതലമുറയായും നിലനിൽക്കും.”
-
1 കുറച്ച് നാളുകൾക്കുശേഷം ഒരു ദർശനത്തിൽ അബ്രാമിനു യഹോവയുടെ അരുളപ്പാടുണ്ടായി:
“അബ്രാമേ, ഭയപ്പെടരുത്,
ഞാൻ നിന്റെ പരിച,
നിന്റെ അതിമഹത്തായ പ്രതിഫലം.”
2 അതിന് അബ്രാം, “കർത്താവായ യഹോവേ, അങ്ങ് എനിക്കെന്തു നൽകും? ഞാൻ മക്കളില്ലാത്തവനാണ്; എന്റെ സ്വത്തിന് അവകാശി ദമസ്കോസുകാരനായ എലീയേസറാണ്. 3 അവിടന്ന് എനിക്കു മക്കളെ തന്നിട്ടില്ല; അതുകൊണ്ട് എന്റെ വീട്ടിലുള്ള ഒരു ദാസൻ എന്റെ അനന്തരാവകാശി ആയിത്തീരും.”
4 അപ്പോൾ അദ്ദേഹത്തോട് യഹോവ അരുളിച്ചെയ്തു: “ഇവൻ നിന്റെ അനന്തരാവകാശി ആകുകയില്ല; പിന്നെയോ, നിന്നിൽനിന്നു ജനിക്കുന്നവൻതന്നെ നിന്റെ അനന്തരാവകാശി ആയിത്തീരും.” 5 യഹോവ അവനെ പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി: “നീ ആകാശത്തേക്കു നോക്കുക, നിനക്കു നക്ഷത്രങ്ങളെ എണ്ണാൻ കഴിയുമെങ്കിൽ എണ്ണുക” എന്നു കൽപ്പിച്ചു. പിന്നെ അവിടന്ന് അവനോട്, “നിന്റെ സന്തതി ഇങ്ങനെ അസംഖ്യമാകും” എന്ന് അരുളിച്ചെയ്തു.
6 അബ്രാം യഹോവയിൽ വിശ്വസിച്ചു, അതുനിമിത്തം യഹോവ അദ്ദേഹത്തെ നീതിമാനായി കണക്കാക്കി.
-
13 അതുകൊണ്ട് നാം ഇനിമേൽ പരസ്പരം ന്യായംവിധിക്കാതിരിക്കാം. പകരം, സഹോദരങ്ങൾക്ക് വിശ്വാസത്തിൽ ഇടർച്ചയ്ക്കു കാരണമാകുന്ന തടസ്സമോ അവർ പാപത്തിൽ വീഴുന്നതിനു കാരണമായിത്തീരുന്ന കെണിയോ വെക്കുകയില്ല എന്നു തീരുമാനിക്കാം. 14 കർത്താവായ യേശുവിൽ എനിക്കു ലഭിച്ച അധികാരത്താൽ ഒരു കാര്യം ഞാൻ അറിഞ്ഞും അതേക്കുറിച്ചു ദൃഢനിശ്ചയമുള്ളവനായുമിരിക്കുന്നു: ഒരു ഭക്ഷണവും സ്വതവേ അശുദ്ധമല്ല; എന്നാൽ, ഏതെങ്കിലും ഒരു ഭക്ഷണപദാർഥം അശുദ്ധമാണെന്ന് ഒരാൾ വിചാരിക്കുന്നു എങ്കിൽ അത് അയാൾക്ക് അശുദ്ധംതന്നെയാണ്. 15 നിന്റെ ഭക്ഷണംമൂലം സഹോദരങ്ങൾക്കു വ്യസനം ഉണ്ടാക്കുന്നു എങ്കിൽ നിങ്ങൾ സ്നേഹത്തിൽ ജീവിക്കുന്നില്ല. ക്രിസ്തു ആർക്കുവേണ്ടി മരിച്ചുവോ ആ ആൾക്കു നിന്റെ ഭക്ഷണം നാശകരമാകരുത്. 16 ഇങ്ങനെചയ്താൽ നീ നന്മയെന്നു പരിഗണിക്കുന്നവ മറ്റുള്ളവരുടെ ദൃഷ്ടിയിൽ തിന്മയായിത്തീരുകയില്ല. 17 ദൈവരാജ്യം അനുഭവിക്കാൻ കഴിയുന്നത് ഭക്ഷണപാനീയങ്ങളിലൂടെയല്ല; മറിച്ച്, നീതിയിലൂടെയും സമാധാനത്തിലൂടെയും പരിശുദ്ധാത്മാവു നൽകുന്ന ആനന്ദത്തിലൂടെയുമാണ്. 18 മേൽപ്പറഞ്ഞപ്രകാരം ക്രിസ്തുവിനെ സേവിക്കുന്നയാൾ ദൈവപ്രസാദവും മനുഷ്യസ്വീകാര്യതയും ഉള്ളയാൾ ആയിരിക്കും.
19 അതുകൊണ്ട് സമാധാനത്തിനും പരസ്പര ആത്മികാഭിവൃദ്ധിക്കും ഉതകുന്ന കാര്യങ്ങൾക്കായി നമുക്ക് പ്രയത്നിക്കാം.
-
2 യഹോവയുടെ ആത്മാവ് അദ്ദേഹത്തിന്റെമേൽ ആവസിക്കും—
ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്,
ആലോചനയുടെയും ശക്തിയുടെയും ആത്മാവ്,
പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവുതന്നെ—
3 അദ്ദേഹം യഹോവാഭക്തിയിൽ ആനന്ദിക്കും.
അദ്ദേഹം തന്റെ കണ്ണു കാണുന്നത് ആധാരമാക്കി വിധിക്കുകയോ
തന്റെ ചെവി കേൾക്കുന്നത് അടിസ്ഥാനമാക്കി ഒരു തീരുമാനമെടുക്കുകയോ ചെയ്യുകയില്ല;
4 എന്നാൽ അദ്ദേഹം നീതിയോടെ സഹായാർഥിക്കു ന്യായപാലനംചെയ്യും;
അദ്ദേഹം ഭൂമിയിലെ ദരിദ്രർക്ക് ന്യായത്തോടെ വിധി കൽപ്പിക്കും.
തന്റെ വായ് എന്ന വടികൊണ്ട് അവിടന്ന് ഭൂമിയെ അടിക്കും;
തന്റെ അധരങ്ങളിൽനിന്നുള്ള ശ്വാസത്താൽ അദ്ദേഹം ദുഷ്ടരെ വധിക്കുകയും ചെയ്യും.
5 നീതി അവിടത്തെ അരപ്പട്ടയും
വിശ്വസ്തത അവിടത്തെ അരക്കച്ചയുമായിരിക്കും.
-
1 “നീതിയെ പിൻതുടരുന്നവരും
യഹോവയെ അന്വേഷിക്കുന്നവരുമേ, എന്റെ വാക്കു ശ്രദ്ധിക്കുക.
നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ
കുഴിച്ചെടുത്ത ഖനിഗർഭത്തിലേക്കും നോക്കുക;
2 നിങ്ങളുടെ പിതാവായ അബ്രാഹാമിലേക്കും
നിങ്ങളെ പ്രസവിച്ച സാറയിലേക്കും നോക്കുക.
ഏകനായിരുന്ന അവസ്ഥയിൽ ഞാൻ അവനെ വിളിക്കുകയും
അവനെ അനുഗ്രഹിച്ചു വർധിപ്പിക്കുകയും ചെയ്തു.
-
1 ഈ വിധത്തിൽ ക്രിസ്തുയേശുവിന്റെ വകയായിത്തീർന്നവർക്ക് ഇനി ഒരു ശിക്ഷാവിധിയും ഇല്ല. 2 കാരണം, ക്രിസ്തുയേശുവിനോട് ഏകീഭവിച്ചതിനാൽ, ജീവൻ നൽകുന്ന ആത്മാവിന്റെ പ്രമാണം, പാപത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന പ്രമാണത്തിൽനിന്ന് നിന്നെ സ്വതന്ത്രരാക്കിയിരിക്കുന്നു. 3 ദൈവം സ്വന്തം പുത്രനെ പാപപങ്കിലമായ മനുഷ്യശരീരത്തിന്റെ സാദൃശ്യത്തിൽ അയച്ചിട്ട് പുത്രന്റെ ശരീരത്തിന്മേൽ നമ്മുടെ പാപത്തിനു ശിക്ഷ വിധിച്ചു പരിഹാരം വരുത്തി. അങ്ങനെ മനുഷ്യന്റെ പാപപ്രവണത നിമിത്തം ബലഹീനമായിരുന്ന ന്യായപ്രമാണത്തിന് അസാധ്യമായിരുന്ന പാപപരിഹാരം ദൈവം സാധ്യമാക്കി. 4 പാപപ്രവണതയെ അല്ല, മറിച്ച്, ദൈവത്തിന്റെ ആത്മാവിനെ അനുസരിച്ചു ജീവിക്കുന്ന നമ്മിൽ ന്യായപ്രമാണം അനുശാസിക്കുന്ന നീതി പൂർത്തീകരിക്കപ്പെടേണ്ടതിനാണ് ഇതു ചെയ്തത്.
5 പാപപ്രവണതയെ അനുസരിച്ചു ജീവിക്കുന്നവർ പാപകരമായ കാര്യങ്ങളെപ്പറ്റിയും ദൈവത്തിന്റെ ആത്മാവിനെ അനുസരിച്ചു ജീവിക്കുന്നവർ ദൈവാത്മഹിതം നിറവേറ്റുന്നതിനെപ്പറ്റിയും ചിന്തിക്കുന്നു. 6 ദൈവാത്മാവ് ഭരിക്കുന്ന മനസ്സ് ജീവനിലേക്കും സമാധാനത്തിലേക്കും നയിക്കുന്നു; പാപപ്രവണത ഭരിക്കുന്ന മനസ്സോ, മരണകാരണമാകുന്നു. 7 കാരണം, പാപപ്രവണത ഭരിക്കുന്ന മനസ്സ് ദൈവത്തിനു വിരോധമായുള്ളതാണ്; അത് ദൈവികപ്രമാണത്തിനു കീഴ്പ്പെടുന്നില്ല, കീഴ്പ്പെടാൻ അതിനു സാധിക്കുകയുമില്ല. 8 പാപപ്രവണതയാൽ നിയന്ത്രിക്കപ്പെടുന്നവർക്കു ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുകയില്ല.
9 എന്നാൽ, ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ നിവസിക്കുന്നതുകൊണ്ട് പാപപ്രവണതയാലല്ല, നിങ്ങൾ ആത്മാവിനാൽ നിയന്ത്രിക്കപ്പെടുന്നവരാണ്. ക്രിസ്തുവിന്റെ ആത്മാവ് വസിക്കാത്ത വ്യക്തി ക്രിസ്തുവിന്റെ വകയല്ല. 10 പാപംനിമിത്തം ശരീരം മരണവിധേയമാണെങ്കിലും നിങ്ങളിൽ ക്രിസ്തു നിവസിക്കുന്നതിനാൽ ലഭിച്ചിരിക്കുന്ന നീതിനിമിത്തം നിങ്ങളുടെ ആത്മാവ് ജീവനുള്ളതായിരിക്കുന്നു. 11 യേശുവിനെ മൃതരിൽനിന്ന് ജീവിപ്പിച്ച ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ നിവസിക്കുന്നു. ക്രിസ്തുവിനെ മൃതരിൽനിന്ന് ജീവിപ്പിച്ച ദൈവം മരണാധീനമായ നിങ്ങളുടെ ശരീരങ്ങളെയും അതേ ആത്മാവിനാൽ ജീവിപ്പിക്കും.
-
14 നന്മ ചെയ്തിട്ടും കഷ്ടം സഹിക്കുന്നെങ്കിൽ നിങ്ങൾ അനുഗ്രഹിക്കപ്പെടും. “നിങ്ങളെ ഉപദ്രവിക്കുന്നവരുടെ ഭീഷണികൾ ഭയപ്പെടരുത്, അത് ഓർത്ത് വിഷണ്ണരാകരുത്.”
-
4 സമ്പത്ത് ക്രോധദിവസത്തിൽ ഉപകരിക്കുകയില്ല,
എന്നാൽ നീതിനിഷ്ഠമായ ജീവിതം മരണത്തിൽനിന്നു വിടുവിക്കുന്നു.
5 നിഷ്കളങ്കരുടെ നീതി അവർക്കു നേർവഴി ഒരുക്കുന്നു,
എന്നാൽ നീചർ തങ്ങളുടെ ദുഷ്പ്രവൃത്തിമൂലം വീണുപോകും.
6 സത്യസന്ധരുടെ നീതിനിഷ്ഠ അവരെ വിടുവിക്കുന്നു,
എന്നാൽ അവിശ്വസ്തരോ, തങ്ങളുടെ അത്യാർത്തിയാൽ കെണിയിലകപ്പെടുന്നു.
-
24 ‘യഹോവയിൽമാത്രമാണ് എനിക്കു നീതിയും ബലവും,’ ”
എന്ന് അവർ എന്നെക്കുറിച്ച് പറയും.
അവിടത്തോടു കോപിക്കുന്ന എല്ലാവരും
അവിടത്തെ അടുക്കൽ വരികയും ലജ്ജിതരാകുകയും ചെയ്യും.
25 എന്നാൽ യഹോവയിൽ
ഇസ്രായേലിന്റെ സകലസന്തതികളും
നീതീകരിക്കപ്പെട്ടവരായി യഹോവയെ സ്തുതിക്കും.
-
11 എന്നാൽ ദൈവപുരുഷാ, നീയോ ഇവയിൽനിന്നെല്ലാം ഓടിയകലുക. നീതി, ഭക്തി, വിശ്വാസം, സ്നേഹം, സഹിഷ്ണുത, സൗമ്യത എന്നിവയെ അനുഗമിക്കുക. 12 വിശ്വാസത്തിന്റെ നല്ല യുദ്ധംചെയ്യുക. നിത്യജീവനെ മുറുകെപ്പിടിക്കുക; അതിനായി നീ വിളിക്കപ്പെടുകയും അനേകസാക്ഷികളുടെമുമ്പിൽ ആ കാര്യം ഏറ്റുപറയുകയും ചെയ്തിട്ടുണ്ടല്ലോ. 13 സകലത്തിനും ജീവൻ നൽകുന്ന ദൈവത്തെയും പൊന്തിയോസ് പീലാത്തോസിന്റെ മുമ്പിൽ ഉത്തമവിശ്വാസപ്രഖ്യാപനം നടത്തിയ ക്രിസ്തുയേശുവിനെയും സാക്ഷിയാക്കി ഞാൻ നിന്നോട് ആജ്ഞാപിക്കുന്നത്: 14 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പുനരാഗമനംവരെ നീ ഈ കൽപ്പനകൾ നിഷ്കളങ്കമായും നിരാക്ഷേപമായും പാലിച്ചുകൊള്ളണം എന്നാണ്. 15 രാജാക്കന്മാരുടെ രാജാവും പ്രഭുക്കന്മാരുടെ പ്രഭുവും വാഴ്ത്തപ്പെട്ട ഏകാധിപതിയുമായ ദൈവം ക്രിസ്തുവിനെ യഥാകാലം വെളിപ്പെടുത്തും. 16 അവിടന്നുമാത്രമാണ് മരണരഹിതൻ. ആർക്കും അടുത്തുകൂടാത്ത പ്രകാശത്തിൽ നിവസിക്കുന്ന അവിടത്തെ മാനവരാരും കണ്ടിട്ടില്ല; കാണുക സാധ്യവുമല്ല. ബഹുമാനവും ആധിപത്യവും എന്നേക്കും അവിടത്തേക്ക് ഉണ്ടാകുമാറാകട്ടെ. ആമേൻ.
-
6 ഞാൻ ഇപ്പോൾത്തന്നെ പാനീയയാഗമായി അർപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു; എന്റെ അന്തിമയാത്രയ്ക്കുള്ള സമയവും ആസന്നമായിരിക്കുന്നു. 7 ഞാൻ നന്നായി യുദ്ധംചെയ്തു; ഓട്ടം പൂർത്തിയാക്കി; അവസാനംവരെ ഞാൻ വിശ്വാസം സംരക്ഷിച്ചു. 8 ഇനി, നീതിയുടെ കിരീടം എനിക്കായി കാത്തിരിക്കുന്നു. അത്, നീതിയുള്ള ന്യായാധിപതിയായ കർത്താവ് അന്നാളിൽ എനിക്കു സമ്മാനിക്കും; എനിക്കുമാത്രമല്ല, അവിടത്തെ പുനരാഗമനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന എല്ലാവർക്കുംതന്നെ.
-
16 അപ്പോൾ മരുഭൂമിയിൽ ദൈവത്തിന്റെ ന്യായം വസിക്കും,
ഫലപുഷ്ടിയുള്ള ഉദ്യാനത്തിൽ നീതി കുടിപാർക്കും.
17 നീതിയുടെ ഫലം സമാധാനവും
അതിന്റെ പരിണതഫലം ശാശ്വതമായ ശാന്തതയും സുരക്ഷിതത്വവും ആയിരിക്കും.
18 അന്ന് എന്റെ ജനം സമാധാനഭവനത്തിലും
സുരക്ഷിതമായ വസതികളിലും
പ്രശാന്തമായ വിശ്രമസങ്കേതങ്ങളിലും പാർക്കും.
-
17 “ഞാൻ വന്നത് ന്യായപ്രമാണത്തെയോ പ്രവാചകരെയോ നീക്കിക്കളയാനാണ് എന്നു ചിന്തിക്കരുത്; നീക്കിക്കളയാനല്ല, മറിച്ച് അവയെ പൂർത്തീകരിക്കാനാണ്. 18 ഞാൻ ഒരു സത്യം നിങ്ങളോടു പറയാം: ആകാശവും ഭൂമിയും അപ്രത്യക്ഷമായാലും സകലതും നിറവേറുന്നതുവരെ ന്യായപ്രമാണത്തിലെ അക്ഷരങ്ങളിൽനിന്ന് ഒരു വള്ളിക്കോ പുള്ളിക്കോ മാറ്റം വരികയില്ല. 19 ഈ കൽപ്പനകളിൽ ഏറ്റവും ലളിതമെന്ന് കരുതുന്ന ഒന്ന് അവഗണിക്കുകയും അപ്രകാരം ചെയ്യാൻ മറ്റുള്ളവരെ ഉപദേശിക്കുകയുംചെയ്യുന്നയാൾ സ്വർഗരാജ്യത്തിൽ ഏറ്റവും നിസ്സാരനായി പരിഗണിക്കപ്പെടും; എന്നാൽ, ഈ കൽപ്പനകൾ പാലിക്കുകയും അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ ഉപദേശിക്കുകയുംചെയ്യുന്നയാൾ സ്വർഗരാജ്യത്തിൽ മഹാൻ എന്നു വിളിക്കപ്പെടും. 20 ദൈവവിഷയത്തിൽ നിങ്ങൾക്കുള്ള നീതിനിഷ്ഠ പരീശന്മാർക്കും വേദജ്ഞർക്കുമുള്ള നീതിനിഷ്ഠയിൽ കവിയുന്നില്ലെങ്കിൽ നിങ്ങൾ നിശ്ചയമായും സ്വർഗരാജ്യത്തിൽ കടക്കുകയില്ല.
-
17 ആകയാൽ, തങ്ങളുടെ നിരർഥകബുദ്ധിക്ക് അനുസൃതമായി ജീവിക്കുന്ന യെഹൂദേതരരെപ്പോലെ ഇനിമേലാൽ ജീവിക്കരുതെന്ന് ഞാൻ നിങ്ങളോടു കർത്താവിന്റെ നാമത്തിൽ നിർബന്ധിക്കുകയാണ്. 18 അവരുടെ ഹൃദയം കഠിനമായിത്തീർന്നതിനാൽ സംജാതമായ അജ്ഞത, അവരുടെ ഗ്രഹണശക്തി ഇരുളടഞ്ഞതാക്കി, അവരെ ദൈവികജീവനിൽനിന്ന് അകറ്റിയിരിക്കുന്നു. 19 അവർ എല്ലാ സംവേദനക്ഷമതയും നഷ്ടപ്പെട്ട്, വിഷയാസക്തിക്ക് തങ്ങളെത്തന്നെ ഏൽപ്പിച്ച് എല്ലാത്തരം അശുദ്ധിയിലും അഭിരമിച്ച് അത്യാർത്തി പൂണ്ടവരായിരിക്കുന്നു.
20-21 യേശുവിലുള്ള സത്യമനുസരിച്ചു നിങ്ങൾക്ക് ഉപദേശം ലഭിക്കുകയും ക്രിസ്തുവിനെക്കുറിച്ച് നിങ്ങൾ കേൾക്കുകയും ചെയ്തതിനെത്തുടർന്ന് നിങ്ങൾ പരിശീലിച്ച ജീവിതശൈലി ഇങ്ങനെയുള്ളതല്ലല്ലോ. 22 നിങ്ങളുടെ മുൻകാല ജീവിതരീതി വഞ്ചനാപരമായ ആഗ്രഹങ്ങളാൽ മലിനനായിത്തീർന്ന പഴയ മനുഷ്യനെപ്പോലെ ആയിരുന്നു. അത് ഉരിഞ്ഞുകളഞ്ഞിട്ട് 23 നിങ്ങളുടെ ഉള്ളിൽ വസിക്കുന്ന ആത്മാവിനാൽ മനോഭാവങ്ങൾ നവീകരിക്കപ്പെട്ട്, 24 യഥാർഥ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതിയമനുഷ്യനെ ധരിക്കുക.
-
8 എന്നാൽ പുത്രനെക്കുറിച്ചാകട്ടെ:
“ദൈവമേ, അവിടത്തെ സിംഹാസനം എന്നെന്നേക്കും നിലനിൽക്കും;
അങ്ങയുടെ രാജ്യത്തിൻ ചെങ്കോൽ നീതിയുള്ള ചെങ്കോൽ ആയിരിക്കും.
9 അങ്ങു നീതിയെ സ്നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്തിരിക്കുന്നു;
അതുകൊണ്ട് ദൈവം, ആനന്ദതൈലംകൊണ്ട് അങ്ങയെ അഭിഷേകംചെയ്ത്
അങ്ങയുടെ സഹകാരികളെക്കാൾ ഏറ്റവും ഉന്നതമായ സ്ഥാനം അങ്ങേക്കു നൽകിയിരിക്കുന്നു.”
-
18 ദുഷ്ടർ വഞ്ചനയോടെ കൂലിവാങ്ങുന്നു,
എന്നാൽ നീതി വിതയ്ക്കുന്നവർ നിലനിൽക്കുന്ന പ്രതിഫലം വാങ്ങുന്നു.
19 നീതിമാർഗത്തിൽ ഉറച്ചുനിൽക്കുന്നവർ ജീവനെ നേടും,
എന്നാൽ അധർമം പിൻതുടരുന്നവർ മരണത്തെ പുൽകുന്നു.
-
12 നിങ്ങൾക്കുവേണ്ടി നീതി വിതയ്ക്കുക,
നിത്യസ്നേഹത്തിന്റെ ഫലം കൊയ്യുക.
തരിശുനിലങ്ങളെ ഉഴുവിൻ,
യഹോവ വന്നു
നിങ്ങളുടെമേൽ നീതി വർഷിക്കുന്നതുവരെ
അവിടത്തെ അന്വേഷിപ്പിൻ.
-
9 അപ്പോൾ എന്ത്? യെഹൂദരായ നമുക്ക് എന്തെങ്കിലും ശ്രേഷ്ഠത ഉണ്ടോ? ഇല്ലേയില്ല. മുമ്പു നാം തെളിച്ചു പറഞ്ഞതുപോലെതന്നെ യെഹൂദനും യെഹൂദേതരനും ഇങ്ങനെ എല്ലാവരും പാപത്തിന് അധീനർതന്നെയാണ്.
10 “നീതിനിഷ്ഠർ ആരുമില്ല, ഒരാൾപോലും ഇല്ല.
11 ഗ്രഹിക്കുന്നവർ ആരുമില്ല,
ദൈവത്തെ അന്വേഷിക്കുന്നവരുമില്ല.
12 എല്ലാവരും വഴിതെറ്റി
ഒന്നടങ്കം കൊള്ളരുതാത്തവരായിത്തീർന്നിരിക്കുന്നു;
നന്മചെയ്യുന്നവർ ആരുമില്ല,
ഒരൊറ്റവ്യക്തിപോലുമില്ല.”
-
1 അല്ലയോ ബുദ്ധിഹീനരായ ഗലാത്യരേ! നിങ്ങളെ വ്യാമോഹിപ്പിച്ചത് ആരാണ്? നിങ്ങളുടെ കണ്ണിന്റെ മുമ്പിൽത്തന്നെയല്ലേ ക്രൂശിക്കപ്പെട്ട യേശുക്രിസ്തുവിനെ സുവ്യക്തമായി ഞാൻ അവതരിപ്പിച്ചത്? 2 നിങ്ങളിൽനിന്ന് ഒരു കാര്യംമാത്രം എനിക്ക് അറിഞ്ഞാൽ മതി: നിങ്ങൾക്ക് ദൈവാത്മാവ് ലഭിച്ചത് ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലാണോ അതോ നിങ്ങൾ കേട്ട സുവിശേഷം വിശ്വസിച്ചതിനാലോ? 3 നിങ്ങൾ ഇത്രമാത്രം അവിവേകികളോ? ദൈവാത്മാവ് നിങ്ങളിൽ ആരംഭിച്ച കാര്യം ഇപ്പോൾ മാനുഷികയത്നത്താൽ പൂർത്തീകരിക്കാനാണോ നിങ്ങൾ പരിശ്രമിക്കുന്നത്? 4 നിങ്ങൾ അനുഭവിച്ച കഷ്ടതയെല്ലാം വ്യർഥമോ? അതു വാസ്തവത്തിൽ വ്യർഥമായിരുന്നെങ്കിൽ 5 ദൈവം അവിടത്തെ ആത്മാവിനെ നിങ്ങൾക്കു നൽകുകയും നിങ്ങളുടെ മധ്യേ അത്ഭുതങ്ങൾ പ്രവർത്തിക്കുകയുംചെയ്തത് നിങ്ങൾ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൾ ചെയ്തതിനാലോ; അതോ കേട്ട സന്ദേശം നിങ്ങൾ വിശ്വസിച്ചതിനാലോ? 6 അങ്ങനെയാണ് “അബ്രാഹാം ദൈവത്തിൽ വിശ്വസിക്കുകയും ദൈവം അദ്ദേഹത്തെ നീതിമാനായി കണക്കാക്കുകയുംചെയ്തത്.”
7 വിശ്വാസത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കുന്നവരാണ് യഥാർഥത്തിൽ അബ്രാഹാമിന്റെ സന്തതികൾ എന്നു നാം മനസ്സിലാക്കണം. 8 വിശ്വാസത്താൽ ദൈവം യെഹൂദേതരരെ നീതീകരിക്കുന്നു എന്നു തിരുവെഴുത്ത് മുൻകൂട്ടിക്കണ്ടിട്ട്, “സകലരാഷ്ട്രങ്ങളും നിന്നിലൂടെ അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോട് മുമ്പേതന്നെ അറിയിച്ചു. 9 അതുകൊണ്ട്, ദൈവത്തിൽ വിശ്വസിക്കുന്ന എല്ലാവരെയും, വിശ്വാസിയായ അബ്രാഹാമിനെ അനുഗ്രഹിച്ചതുപോലെതന്നെ അനുഗ്രഹിക്കും.
-
22 യുവസഹജമായ ആസക്തികൾ വിട്ട് പലായനംചെയ്യുക. നിർമലഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടുംചേർന്ന് ധാർമികത, വിശ്വാസം, സ്നേഹം, സമാധാനം എന്നിവ അനുഗമിക്കുക.
-
7 കാരണം യഹോവ നീതിമാൻ ആകുന്നു,
അവിടന്ന് നീതി ഇഷ്ടപ്പെടുന്നു;
പരമാർഥികൾ തിരുമുഖം ദർശിക്കും.
സംഗീതസംവിധായകന്. അഷ്ടമരാഗത്തിൽ.
-
2 ഓരോ മനുഷ്യരും തങ്ങളുടെ വഴികൾ ശരിയാണ് എന്നു ചിന്തിക്കുന്നു,
എന്നാൽ യഹോവ ഹൃദയം തൂക്കിനോക്കുന്നു.
3 ന്യായവും നീതിയുക്തവുമായ പ്രവർത്തനങ്ങളാണ്
യഹോവയ്ക്കു യാഗാർപ്പണത്തെക്കാൾ കൂടുതൽ സ്വീകാര്യം.
-
7 “കർത്താവേ, അങ്ങു നീതിമാനാണ് എന്നാൽ യെഹൂദാജനവും ജെറുശലേംനിവാസികളും സകല ഇസ്രായേൽജനവും അങ്ങയോടു കാണിച്ച അവിശ്വസ്തതനിമിത്തം സർവദേശങ്ങളിലും ചിതറിക്കപ്പെട്ട ദൂരസ്ഥരും സമീപസ്ഥരുമായ ഞങ്ങൾക്കോ, ഇന്നുള്ളത് ലജ്ജമാത്രം. 8 യഹോവേ, ഞങ്ങൾ അങ്ങേക്കെതിരേ പാപംചെയ്തിരിക്കുകയാൽ ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും ഞങ്ങളുടെ പിതാക്കന്മാരും ലജ്ജകൊണ്ടു മൂടിയിരിക്കുന്നു.
-
11 അതുപോലെ, നിങ്ങളും പാപം സംബന്ധിച്ചിടത്തോളം മരിച്ചവരാണെന്നും ക്രിസ്തുയേശുവിലൂടെ ദൈവത്തിനുവേണ്ടി ജീവിക്കുന്നവരാണെന്നും സ്വയം മനസ്സിലാക്കുക. 12 അതുകൊണ്ട്, പാപകരമായ അഭിലാഷങ്ങളെ അനുസരിക്കുന്നവിധത്തിൽ പാപം മർത്യശരീരത്തിൽ നിങ്ങളെ നിയന്ത്രിക്കരുത്. 13 നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ഉപകരണങ്ങളായി പാപംചെയ്യാൻ ഉപയോഗിക്കരുത്. മറിച്ച്, മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റവർ എന്നതുപോലെ നിങ്ങളുടെ എല്ലാ അവയവങ്ങളെയും നീതിപ്രവൃത്തിയുടെ ഉപകരണങ്ങളാക്കി, നിങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിക്കുക. 14 നിങ്ങൾ ന്യായപ്രമാണത്തിനല്ല കൃപയ്ക്കു വിധേയരായിരിക്കുന്നതിനാൽ പാപം നിങ്ങളുടെ യജമാനനായിരിക്കുന്നില്ലല്ലോ.
-
5 എന്നാൽ, ഞങ്ങൾ വിശ്വാസത്താൽ പ്രത്യാശ വെച്ചിരിക്കുന്ന നീതീകരണം ലഭിക്കാനായി, ദൈവാത്മസഹായത്താൽ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
-
14 എന്നാൽ, നീ പഠിച്ചകാര്യങ്ങളിൽ വിശ്വസ്തനായി തുടരുക; അവ സത്യമാണെന്ന് നിനക്കറിയാം. കാരണം നിന്നെ ഉപദേശിച്ചവർ വിശ്വാസയോഗ്യരാണ്. 15 ക്രിസ്തുയേശുവിൽ വിശ്വസിക്കുന്നതിലൂടെ രക്ഷനേടുന്നതിന് ജ്ഞാനിയാക്കാൻ പര്യാപ്തമായ വിശുദ്ധലിഖിതങ്ങൾ നീ ബാല്യംമുതലേ അറിഞ്ഞിരിക്കുന്നല്ലോ. 16 എല്ലാ തിരുവെഴുത്തും ദൈവനിശ്വസിതമാണ്; അത് ഉപദേശിക്കാനും ശാസിക്കാനും തെറ്റ് തിരുത്താനും നീതിയുക്തമായ ജീവിതം അഭ്യസിപ്പിക്കാനും പ്രയോജനപ്രദമാണ്. 17 അങ്ങനെ ദൈവമനുഷ്യൻ നൈപുണ്യമുള്ളവനായി സകലസൽപ്രവൃത്തികൾക്കും സുസജ്ജനായിത്തീരുന്നു.
-
15 യഹോവയുടെ ദൃഷ്ടി നീതിനിഷ്ഠരുടെമേൽ ആകുന്നു
അവിടത്തെ കാതുകൾ അവരുടെ നിലവിളി ശ്രദ്ധിക്കുന്നു;
-
3 ഐശ്വര്യവും സമ്പത്തും അവരുടെ ഭവനങ്ങളിലുണ്ട്,
അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു.
-
15 നീതിയോടെ ജീവിക്കുകയും
സത്യം സംസാരിക്കുകയും ചെയ്യുന്നവർ,
കൊള്ളപ്പണത്തിലുള്ള നേട്ടം വെറുക്കുന്നവർ,
കോഴവാങ്ങാതെ കൈകൾ സൂക്ഷിക്കുന്നവർ,
രക്തപാതകത്തെപ്പറ്റി കേൾക്കുകപോലും ചെയ്യാതെ ചെവിപൊത്തുന്നവർ,
ദോഷത്തെ നോക്കാതെ തന്റെ കണ്ണ് അടച്ചുകളയുന്നവർ—
16 അവരാണ് ഉയരങ്ങളിൽ വസിക്കുന്നത്,
അവരുടെ അഭയസ്ഥാനം പാറയിൽ തീർത്ത കോട്ടകൾ ആയിരിക്കും.
അവരുടെ അപ്പം അവർക്കു ലഭിക്കും,
അവരുടെ വെള്ളം മുടങ്ങിപ്പോകുകയുമില്ല.
17 നിന്റെ കണ്ണ് രാജാവിനെ തന്റെ സൗന്ദര്യത്തിൽ ദർശിക്കും,
വിദൂരസ്ഥമായൊരു ദേശം നീ കാണുകയും ചെയ്യും.
-
23 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ജ്ഞാനി തങ്ങളുടെ ജ്ഞാനത്തിൽ പ്രശംസിക്കുകയോ
ശക്തർ തങ്ങളുടെ ബലത്തിൽ പ്രശംസിക്കുകയോ
ധനികർ തങ്ങളുടെ ധനത്തിൽ പുകഴുകയോ അരുത്,
24 യഹോവയായ ഞാൻ ഭൂമിയിൽ ദയയും
ന്യായവും നീതിയും നടപ്പിൽവരുത്തുന്നു,
ഇവയിലത്രേ ഞാൻ പ്രസാദിക്കുന്നത് എന്ന്,
എന്നെക്കുറിച്ച് ഗ്രഹിക്കാനുള്ള ജ്ഞാനം അവർക്കുണ്ട്
എന്നതിൽ അഭിമാനിക്കുന്നവർ അഭിമാനിക്കട്ടെ,”
എന്ന് യഹോവയുടെ അരുളപ്പാട്.
-
10 നീതിക്കുവേണ്ടി പീഡിതരാകുന്നവർ അനുഗൃഹീതർ;
അവർക്കുള്ളതല്ലോ സ്വർഗരാജ്യം.
-
22 ആ പുരുഷന്മാർ തിരിഞ്ഞ് സൊദോമിലേക്കു പോയി. എന്നാൽ, അബ്രാഹാം യഹോവയുടെ സന്നിധിയിൽത്തന്നെ നിലകൊണ്ടു. 23 പിന്നെ അബ്രാഹാം അടുത്തുചെന്ന്, “അവിടന്നു നീതിമാന്മാരെ ദുഷ്ടന്മാരോടുകൂടെ തുടച്ചുനീക്കുമോ? എന്നു ചോദിച്ചു. 24 നീതിമാന്മാരായ അൻപതുപേർ നഗരത്തിൽ ഉണ്ടെങ്കിൽ എന്താണു ചെയ്യുക? അങ്ങ് ആ നഗരത്തെ വാസ്തവമായി നശിപ്പിക്കുമോ? അതിലുള്ള അൻപതു നീതിമാന്മാർ നിമിത്തം ആ സ്ഥലത്തെ അങ്ങ് രക്ഷിക്കുകയില്ലയോ? 25 നീതിമാന്മാരെയും ദുഷ്ടന്മാരെയും ഒരുപോലെ കണക്കാക്കുന്നതും ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെ സംഹരിക്കുന്നതും അവിടത്തേക്ക് ഉചിതമല്ലല്ലോ! അങ്ങനെ വരരുതേ. സർവഭൂമിയുടെയും ന്യായാധിപതി നീതി പ്രവർത്തിക്കാതിരിക്കുമോ?”
26 അതിനു യഹോവ: “അൻപതു നീതിമാന്മാരെ സൊദോം പട്ടണത്തിനുള്ളിൽ കാണുന്നെങ്കിൽ അവർക്കുവേണ്ടി ഞാൻ ആ സ്ഥലം മുഴുവൻ രക്ഷിക്കും” എന്ന് അരുളിച്ചെയ്തു.
27 അബ്രാഹാം വീണ്ടും ചോദിച്ചു: “വെറും പൊടിയും ചാരവും ആയ ഞാൻ കർത്താവിനോട് സംസാരിക്കാൻ തുനിഞ്ഞല്ലോ! 28 അൻപതു നീതിമാന്മാരിൽ അഞ്ചുപേർ കുറഞ്ഞാൽ ആ അഞ്ചുപേർ നിമിത്തം അങ്ങു നഗരത്തെ മുഴുവൻ നശിപ്പിക്കുമോ?”
“അവിടെ നാൽപ്പത്തിയഞ്ചുപേരെ കാണുന്നെങ്കിൽ, ഞാൻ അതിനെ നശിപ്പിക്കുകയില്ല,” അവിടന്ന് അരുളിച്ചെയ്തു.
29 വീണ്ടും അദ്ദേഹം ദൈവത്തോടു ചോദിച്ചു, “നാൽപ്പതുപേരേ ഉള്ളെങ്കിലോ?”
“ആ നാൽപ്പതുപേർക്കുവേണ്ടി ഞാൻ അങ്ങനെ ചെയ്യുകയില്ല,” അവിടന്ന് ഉത്തരം പറഞ്ഞു.
30 അദ്ദേഹം വീണ്ടും: “കർത്താവു കോപിക്കരുതേ, അടിയൻ സംസാരിക്കട്ടെ; അവിടെ കേവലം മുപ്പതുപേരെ ഉള്ളൂ എന്നുവരികിലോ?” എന്നു ചോദിച്ചു.
അതിനു യഹോവ: “മുപ്പതുപേരെ കാണുന്നെങ്കിൽ ഞാൻ അങ്ങനെ പ്രവർത്തിക്കുകയില്ല” എന്നു മറുപടികൊടുത്തു.
31 “കർത്താവിനോടു സംസാരിക്കാൻ എനിക്കു ധൈര്യം ഉണ്ടായിരിക്കുന്ന സ്ഥിതിക്ക്, ഇരുപതുപേർമാത്രമേ അവിടെ ഉള്ളൂ എങ്കിലോ?” അബ്രാഹാം ചോദിച്ചു.
“ഇരുപതുപേർക്കുവേണ്ടി, ഞാൻ നശിപ്പിക്കുകയില്ല” അവിടന്ന് ഉത്തരം പറഞ്ഞു.
32 അപ്പോൾ അബ്രാഹാം ചോദിച്ചു, “കർത്താവേ, കോപിക്കരുതേ, അടിയൻ ഒരിക്കൽക്കൂടിമാത്രം ചോദിക്കട്ടെ, പത്തുപേരേ അവിടെ ഉള്ളൂ എങ്കിലോ?”
“പത്തുപേർക്കുവേണ്ടി ഞാൻ അതിനെ നശിപ്പിക്കാതിരിക്കും,” അവിടന്നു മറുപടി പറഞ്ഞു.
33 യഹോവ അബ്രാഹാമിനോടു സംസാരിച്ചതിനുശേഷം അവിടം വിട്ടുപോയി; അബ്രാഹാമും വീട്ടിലേക്കു മടങ്ങി.
-
25 നമ്മുടെ ദൈവമായ യഹോവ നമ്മോടു കൽപ്പിച്ചതുപോലെ അവിടത്തെ ഈ കൽപ്പനകളെല്ലാം ശ്രദ്ധയോടെ അനുസരിക്കുമെങ്കിൽ നാം അവിടത്തെ സന്നിധിയിൽ നീതിയുള്ളവർ ആകും.”
-
7 അവിടന്ന് നീതിയെ സ്നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്യുന്നു;
അതുകൊണ്ട് ദൈവം, ദൈവം ആനന്ദതൈലംകൊണ്ട് അങ്ങയെ അഭിഷേകംചെയ്ത്
അങ്ങയുടെ സഹകാരികളെക്കാൾ ഏറ്റവും ഉന്നതമായ സ്ഥാനം അങ്ങേക്കു നൽകിയിരിക്കുന്നു.
-
2 അന്യായമായി നേടിയ സമ്പത്ത് നിലനിൽക്കുകയില്ല,
എന്നാൽ ധർമിഷ്ഠമായ ജീവിതം മരണത്തിൽനിന്ന് വിടുവിക്കുന്നു.
3 നീതിനിഷ്ഠർ വിശന്നുവലയാൻ യഹോവ അനുവദിക്കുകയില്ല,
ദുഷ്ടരുടെ അതിമോഹത്തെ അവിടന്ന് നിഷ്ഫലമാക്കുന്നു.
-
9 ദുഷ്ടരുടെ മാർഗം യഹോവ വെറുക്കുന്നു,
എന്നാൽ നീതി പിൻതുടരുന്നവരെ അവിടന്ന് സ്നേഹിക്കുന്നു.
-
10 ഞാൻ യഹോവയിൽ അത്യന്തം ആനന്ദിക്കുന്നു;
എന്റെ ഹൃദയം എന്റെ ദൈവത്തിൽ സന്തോഷിക്കുന്നു.
മണവാളൻ തന്റെ ശിരസ്സ് പുരോഹിതനെപ്പോലെ തലപ്പാവുകൊണ്ട് അലങ്കരിക്കുന്നതുപോലെയും
മണവാട്ടി ആഭരണങ്ങൾ അണിയുന്നതുപോലെയും
അവിടന്ന് എന്നെ രക്ഷാവസ്ത്രം ധരിപ്പിക്കുകയും
നീതിയെന്ന പുറങ്കുപ്പായം അണിയിക്കുകയും ചെയ്തിരിക്കുന്നു.
-
14 അവിശ്വാസികളുമായുള്ള പങ്കാളിത്തം ചേർച്ചയില്ലാത്തതാണ്, അത് അരുത്. നീതിക്കും ദുഷ്ടതയ്ക്കുംതമ്മിൽ എന്താണു യോജിപ്പ്? പ്രകാശത്തിനും ഇരുളിനുംതമ്മിൽ എന്തു കൂട്ടായ്മ?
-
9 പ്രകാശത്തിന്റെ പരിണതഫലം സർവനന്മയും നീതിയും സത്യവുമാണ്.
-
10 അവസാനമായി ഓർമിപ്പിക്കട്ടെ, കർത്താവിലും അവിടത്തെ അപാരശക്തിയാലും ശക്തരാകുക. 11 പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തുനിൽക്കാൻ കഴിയേണ്ടതിന് എല്ലാ ദിവ്യായുധങ്ങളും അണിയുക. 12 നാം യുദ്ധംചെയ്യുന്നത് മനുഷ്യർക്കെതിരേയല്ല, മറിച്ച് ഈ ഇരുളടഞ്ഞ ലോകത്തിന്റെ അധികാരികളോടും അധികാരങ്ങളോടും ആകാശത്തിലെ ദുഷ്ടാത്മാക്കളോടുമാണ്. 13 അതുകൊണ്ട് പിശാചിന്റെ ആക്രമണമുണ്ടാകുന്ന ദുർദിവസത്തിൽ അവനെ എതിർക്കാനും യുദ്ധം സമാപിച്ചതിനുശേഷം ഉറച്ചുനിൽക്കാനും സാധിക്കേണ്ടതിന് എല്ലാ ദിവ്യായുധങ്ങളും അണിയുക: 14 സത്യമെന്ന അരപ്പട്ട കെട്ടിയും നീതി കവചമായി ധരിച്ചും 15 സമാധാനസുവിശേഷത്തിനുള്ള ഒരുക്കം പാദരക്ഷകളായും 16 സർവോപരി പിശാചിന്റെ എല്ലാ അഗ്ന്യസ്ത്രങ്ങളെയും കെടുത്തിക്കളയാൻ പര്യാപ്തമായ വിശ്വാസം എന്ന പരിച കൈകളിൽ ഏന്തിക്കൊണ്ടും 17 രക്ഷ ശിരോകവചമായി ധരിച്ചും ആത്മാവിന്റെ വാളായ ദൈവവചനം കൈകളിൽ എടുത്തുകൊണ്ടും നിലകൊള്ളുക.
18 ഏതുസമയവും എല്ലാ അവസരങ്ങളിലും ആത്മാവിൽ പ്രാർഥിച്ചുകൊണ്ട് ജാഗ്രതയോടെ നിരന്തരം സകലവിശുദ്ധർക്കുംവേണ്ടി അപേക്ഷ കഴിച്ചുകൊണ്ടിരിക്കുക. 19-20 ഞാൻ ചങ്ങലകളണിഞ്ഞ്, സ്ഥാനപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ രഹസ്യം വ്യക്തമാക്കാൻ വായ് തുറക്കുമ്പോൾ എനിക്ക് യോഗ്യമായ വചനം ദൈവം നൽകുന്നതിനും അതു ഞാൻ പൂർണധൈര്യത്തോടെ സംസാരിക്കുന്നതിനും എനിക്കുവേണ്ടിയും പ്രാർഥിക്കുക.
-
7 ദൈവം തന്റെ മക്കളോട് എന്നപോലെ നിങ്ങളോടു പെരുമാറുന്നു; ആകയാൽ നിങ്ങൾ ഈ ശിക്ഷ സഹിക്കുക. സ്വപിതാവ് ശിക്ഷിക്കാത്ത മകൻ ആരുണ്ട്? 8 എല്ലാവർക്കും ലഭിക്കുന്ന ശിക്ഷ നിങ്ങൾക്കും ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വന്തം മക്കളല്ല; ജാരസന്തതികളാണ്. 9 നമ്മുടെ ലൗകികപിതാക്കന്മാർ നമുക്ക് ബാല്യത്തിൽ ശിക്ഷ നൽകിയിരുന്നപ്പോൾ അവരെ നാം ബഹുമാനിച്ചിരുന്നു. അങ്ങനെയെങ്കിൽ നമ്മുടെ ആത്മാക്കളുടെ പിതാവിനു നാം എത്രയധികം കീഴടങ്ങി ജീവിക്കേണ്ടതാണ്! 10 അവർ തങ്ങൾക്ക് ഉത്തമമെന്നു തോന്നിയ വിധത്തിൽ ആയിരുന്നു നമ്മെ അൽപ്പകാലത്തേക്ക് ശിക്ഷയ്ക്കു വിധേയരാക്കിയത്; ദൈവമോ, നമ്മുടെ പ്രയോജനത്തിനായി—നാം അവിടത്തെ വിശുദ്ധിയിൽ പങ്കാളികൾ ആകേണ്ടതിന്—നമുക്ക് ബാലശിക്ഷ നൽകുന്നു. 11 ഏതുതരം ശിക്ഷയും തൽക്കാലത്തേക്ക് ആനന്ദകരമല്ല, ദുഃഖകരമാണെന്ന് തോന്നും. ഇതിലൂടെ പരിശീലനം സിദ്ധിക്കുന്നവർക്ക് നീതിപൂർവമായ ഒരു സമാധാനഫലം പിന്നീടു ലഭിക്കും.
12 അതുകൊണ്ട് തളർന്ന കൈകളും ദുർബലമായ കാൽമുട്ടുകളും ശക്തിപ്പെടുത്തുക. 13 അങ്ങനെ, മുടന്തുള്ള കാലിന് ഉളുക്കുകൂടി വരാതെ സൗഖ്യമാകേണ്ടതിനു “നിങ്ങളുടെ പാദങ്ങൾക്കു പാത നിരപ്പാക്കുക.”
14 സകലമനുഷ്യരോടും സമാധാനം ആചരിച്ച് വിശുദ്ധരായിരിക്കാൻ പരിശ്രമിക്കുക; വിശുദ്ധിയില്ലാതെ ആരും കർത്താവിനെ കാണുകയില്ല. 15 ആരും ദൈവകൃപയിൽ കുറവുള്ളവരാകാതിരിക്കാനും കയ്പുള്ള വല്ല വേരും മുളച്ചു വളർന്ന് കലക്കമുണ്ടായി അനേകർ മലിനരാകാതിരിക്കാനും സൂക്ഷിക്കുക. 16 ആരും വിഷയാസക്തരോ, ഒരു ഊണിനു സ്വന്തം ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആകാതെ സൂക്ഷിക്കുക. 17 പിന്നീട് സ്വപിതാവിന്റെ അനുഗ്രഹം അവകാശമാക്കാൻ ആഗ്രഹിച്ചിട്ടും അയാൾ പുറന്തള്ളപ്പെട്ടു. കണ്ണുനീരോടെ അപേക്ഷിച്ചെങ്കിലും തനിക്കു കൈവിട്ടുപോയത് തിരികെ നേടാൻ അവസരം ലഭിച്ചില്ല എന്നും നിങ്ങൾക്കറിയാമല്ലോ.
-
16 ഇപ്രകാരം സൗഖ്യം ലഭിക്കേണ്ടതിന് പരസ്പരം പാപങ്ങൾ ഏറ്റുപറഞ്ഞ് ഓരോരുത്തർക്കുംവേണ്ടി മറ്റുള്ളവർ പ്രാർഥിക്കണം. നീതിമാന്റെ പ്രാർഥന വളരെ ശക്തവും ഫലപ്രദവുമാണ്.
-
4 പരമാർഥികൾക്ക് അന്ധകാരത്തിൽ പ്രകാശം ഉദിക്കുന്നു,
അങ്ങനെയുള്ളവർ കരുണയും കൃപയും നീതിയും ഉള്ളവർ ആകുന്നു.
5 ഔദാര്യത്തോടെ വായ്പകൊടുക്കുകയും
നീതിയോടെ കാര്യങ്ങൾ നിർവഹിക്കുകയും ചെയ്യുന്നവർക്ക് നന്മയുണ്ടാകും.
6 നീതിനിഷ്ഠർ ഒരിക്കലും കുലുങ്ങുകയില്ല;
അവരുടെ ഓർമ എന്നും നിലനിൽക്കും.
7 ദുർവർത്തമാനംനിമിത്തം അവർ ഭയപ്പെടുകയില്ല;
കാരണം യഹോവയിൽ ആശ്രയിക്കുന്നതിനാൽ അവരുടെ ഹൃദയം സുസ്ഥിരമായിരിക്കുന്നു.
8 അവരുടെ ഹൃദയം ദൃഢവും നിർഭയവും ആയിരിക്കും;
ഒടുവിൽ തങ്ങളുടെ ശത്രുക്കളുടെ പരാജയം അവർ കാണും.
-
142 അവിടത്തെ നീതി ശാശ്വതവും
ന്യായപ്രമാണം സത്യവും ആകുന്നു.
-
28 നീതിയുടെ മാർഗത്തിൽ ജീവനുണ്ട്,
ആ വഴിയിൽ അമർത്യതയുമുണ്ട്.
-
3 ദേശത്തിലെ എളിയവരേ, അവിടത്തെ കൽപ്പനകൾ അനുസരിക്കുന്നവരേ,
യഹോവയെ അന്വേഷിക്കുക.
നീതിയെ അന്വേഷിക്കുക, താഴ്മയെ അന്വേഷിക്കുക;
പക്ഷേ, യഹോവയുടെ കോപദിവസത്തിൽ
നിങ്ങൾക്ക് സംരക്ഷണം ലഭിക്കും.
-
29 “അങ്ങനെ നാം ദൈവത്തിന്റെ സന്താനങ്ങളായിരിക്കുകയാൽ, സ്വർണത്തിലോ വെള്ളിയിലോ കല്ലിലോ ശില്പചാതുരിയോടെ മനുഷ്യൻ രൂപകൽപ്പനചെയ്ത ഒരു രൂപത്തോടു സദൃശനാണ് ദൈവം എന്നു നാം ചിന്തിക്കാൻ പാടില്ല. 30 കഴിഞ്ഞകാലങ്ങളിൽ ദൈവം അങ്ങനെയുള്ള അജ്ഞതയെ അവഗണിച്ചിരുന്നു; എന്നാൽ ഇപ്പോൾ എല്ലായിടത്തുമുള്ള എല്ലാവരും തങ്ങളുടെ പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്ക് തിരിയണമെന്ന് അവിടന്ന് ആജ്ഞാപിക്കുന്നു. 31 അവിടന്ന് നിയോഗിച്ചിട്ടുള്ള ഒരു മനുഷ്യനാൽത്തന്നെ ലോകത്തെ ന്യായംവിധിക്കാൻ ഒരു ദിവസം ദൈവം നിശ്ചയിച്ചിരിക്കുന്നു. ദൈവം നിയോഗിച്ച ആ മനുഷ്യനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചതിലൂടെ, ഇതിനുള്ള വ്യക്തമായ നിദർശനം നമുക്കു നൽകിയിരിക്കുന്നു.”
-
20 അതുകൊണ്ട്, ന്യായപ്രമാണം അനുശാസിക്കുന്ന പ്രവൃത്തികൾ അനുഷ്ഠിക്കുന്നതിലൂടെ ആരും ദൈവത്തിന്റെ മുമ്പാകെ നീതിനിഷ്ഠരാകുകയില്ല; പിന്നെയോ, നമ്മുടെ പാപത്തെക്കുറിച്ചുള്ള അറിവു നൽകുകയാണ് ന്യായപ്രമാണം ചെയ്യുന്നത്.
-
12 കർത്താവിന്റെ ദൃഷ്ടി നീതിനിഷ്ഠരുടെമേൽ ആകുന്നു
അവിടത്തെ കാതുകൾ അവരുടെ പ്രാർഥന ശ്രദ്ധിക്കുന്നു,
എന്നാൽ കർത്താവിന്റെ മുഖം തിന്മ പ്രവർത്തിക്കുന്നവർക്ക് എതിരാകുന്നു.”
-
4 പാപംചെയ്യുന്ന ഏതൊരുവനും ദൈവികപ്രമാണം ലംഘിക്കുന്നു; പാപം പ്രമാണരാഹിത്യംതന്നെ. 5 പാപങ്ങളെ നീക്കംചെയ്യാൻ അവിടന്നു പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു. തന്നിലാകട്ടെ പാപം ഒന്നുമില്ല. 6 തന്നിൽ വസിക്കുന്നവരാരും പാപത്തിൽ തുടരുകയില്ല. പാപത്തിൽ തുടരുന്നവരാരും അവിടത്തെ അറിയുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല.
7 കുഞ്ഞുമക്കളേ, ആരും നിങ്ങളെ വഞ്ചിക്കരുത്. ക്രിസ്തു നീതിമാൻ ആയിരിക്കുന്നതുപോലെ നീതി പ്രവർത്തിക്കുന്നവരെല്ലാം നീതിനിഷ്ഠർ ആകുന്നു. 8 പാപംചെയ്തുകൊണ്ടിരിക്കുന്നവർ പിശാചിൽനിന്നുള്ളവരാകുന്നു. പിശാച് ആരംഭംമുതലേ പാപംചെയ്യുന്നവനാണ്. പിശാചിന്റെ പ്രവർത്തനങ്ങളെ ഉന്മൂലനംചെയ്യാനാണ് ദൈവപുത്രൻ പ്രത്യക്ഷനായത്. 9 ദൈവത്തിൽനിന്നു ജനിച്ചവരാരും പാപം ശീലമാക്കുന്നില്ല; ദൈവത്തിന്റെ വിത്ത് അവരിൽ വസിക്കുന്നല്ലോ. അവർ ദൈവത്തിൽനിന്നു ജനിച്ചിരിക്കുകയാൽ പാപത്തിൽ തുടരുക അവർക്ക് അസാധ്യമാണ്. 10 ദൈവത്തിന്റെ മക്കളെയും പിശാചിന്റെ മക്കളെയും ഇങ്ങനെ തിരിച്ചറിയാം; നീതി പ്രവർത്തിക്കാത്തവർ ആരും ദൈവത്തിൽനിന്ന് ഉള്ളവരല്ല. സഹോദരങ്ങളെ സ്നേഹിക്കാത്തവരും അങ്ങനെതന്നെ.
-
4 ദുഷ്ടർ അങ്ങനെയല്ല!
അവർ കാറ്റത്തു പാറിപ്പോകുന്ന
പതിരുപോലെയാണ്.
5 അതിനാൽ ദുഷ്ടർ ന്യായവിസ്താരത്തിലും
പാപികൾ നീതിനിഷ്ഠരുടെ സദസ്സിലും തലയുയർത്തിനിൽക്കുകയില്ല.
6 യഹോവ നീതിനിഷ്ഠരുടെ മാർഗം അറിയുന്നു,
എന്നാൽ ദുഷ്ടരുടെ മാർഗം നാശത്തിൽ നിപതിക്കുന്നു.
-
12 യഹോവേ, അവിടന്നു നീതിനിഷ്ഠരെ അനുഗ്രഹിക്കുന്നു;
പരിചകൊണ്ടെന്നപോലെ അങ്ങ് അവരെ കാരുണ്യത്താൽ മറയ്ക്കുന്നു.
സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ. അഷ്ടമരാഗത്തിൽ.
-
15 ദിവസംമുഴുവനും എന്റെ വായ്
അങ്ങയുടെ നീതിയെക്കുറിച്ചും രക്ഷയെക്കുറിച്ചും വർണിക്കും—
അവ എന്റെ അറിവിന് അതീതമാണല്ലോ.
-
3 ന്യായം പാലിക്കുന്നവർ അനുഗൃഹീതർ,
എപ്പോഴും നീതി പ്രവർത്തിക്കുന്നവരും അങ്ങനെതന്നെ.
-
24 “അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനും പാപത്തിനു വിരാമംകുറിക്കുന്നതിനും അനീതിക്കു പ്രായശ്ചിത്തം ചെയ്യുന്നതിനും അനന്തമായ നീതി സ്ഥാപിക്കുന്നതിനും ദർശനവും പ്രവചനവും മുദ്രയിടുന്നതിനും അതിവിശുദ്ധസ്ഥലത്തെ അഭിഷേകം ചെയ്യുന്നതിനും നിന്റെ ജനത്തിനും വിശുദ്ധനഗരത്തിനും എഴുപത് ‘ഏഴുകൾ’ നിയമിച്ചിരിക്കുന്നു.
-
14 എന്റെ സഹോദരങ്ങളേ, ഒരാൾ തനിക്കു വിശ്വാസമുണ്ടെന്ന് അവകാശപ്പെടുകയും അതിനനുസൃതമായ പ്രവൃത്തികൾ ഇല്ലാതിരിക്കുകയും ചെയ്താൽ എന്തു പ്രയോജനം? ആ വിശ്വാസം അയാളെ രക്ഷിക്കുമോ? 15 ഒരു സഹോദരനോ സഹോദരിക്കോ വസ്ത്രം ധരിക്കാനില്ലാതെയും പ്രതിദിന ആഹാരത്തിനുള്ള മാർഗം ഇല്ലാതെയും ഇരുന്നാൽ 16 നിങ്ങളിൽ ഒരാൾചെന്ന് അയാളോട്: “വീട്ടിൽപോയി തീകായുകയും മൃഷ്ടാന്നഭോജനം കഴിക്കുകയുംചെയ്ത് സ്വസ്ഥമായിരിക്കൂ” എന്നു പറയുന്നതല്ലാതെ, അയാളുടെ സംരക്ഷണത്തിനു വേണ്ടതൊന്നും ചെയ്യുന്നില്ലെങ്കിൽ എന്തു പ്രയോജനം? 17 ഇപ്രകാരമാണ് പ്രവൃത്തിയില്ലാത്ത വിശ്വാസം സ്വയം നിർജീവമായിരിക്കുന്നത്.
18 എന്നാൽ, “നിനക്കുള്ളത് വിശ്വാസം; എനിക്കുള്ളത് പ്രവൃത്തി” എന്ന് ഒരാൾ പറഞ്ഞാൽ, പ്രവൃത്തികൾകൂടാതെയുള്ള നിന്റെ വിശ്വാസം എനിക്കു തെളിയിച്ചു തരിക, പ്രവൃത്തിയിലൂടെ ഉള്ള എന്റെ വിശ്വാസം ഞാനും തെളിയിച്ചു തരാം. 19 ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നു. നല്ലതുതന്നെ! അശുദ്ധാത്മാക്കളും അതു വിശ്വസിക്കുകയും ഭയവിഹ്വലരാകുകയുംചെയ്യുന്നു.
20 വിഡ്ഢിയായ മനുഷ്യാ, പ്രവൃത്തികൾ ഇല്ലാത്ത വിശ്വാസം നിഷ്പ്രയോജനമാണ് എന്നു മനസ്സിലാക്കാൻ നിനക്ക് ആഗ്രഹമുണ്ടോ? 21 നമ്മുടെ അബ്രാഹാം പിതാവ് മകൻ യിസ്ഹാക്കിനെ യാഗപീഠത്തിന്മേൽ അർപ്പിച്ചപ്പോൾ, പ്രവൃത്തിയാൽ അല്ലേ നീതീകരിക്കപ്പെട്ടത്? 22 അദ്ദേഹത്തിന്റെ വിശ്വാസം പ്രവൃത്തിയോടു ചേർന്നു പ്രവർത്തിച്ചെന്നും പ്രവൃത്തിയാൽ വിശ്വാസം പൂർത്തീകരിക്കപ്പെട്ടുവെന്നും നിങ്ങൾ കാണുന്നല്ലോ? 23 “അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു, അതുനിമിത്തം ദൈവം അദ്ദേഹത്തെ നീതിമാനായി കണക്കാക്കി” എന്നുള്ള തിരുവെഴുത്ത് ഇങ്ങനെ നിറവേറുകയും അദ്ദേഹം ദൈവത്തിന്റെ സ്നേഹിതൻ എന്നു വിളിക്കപ്പെടുകയും ചെയ്തു. 24 അങ്ങനെ മനുഷ്യൻ വിശ്വാസംകൊണ്ടുമാത്രമല്ല, മറിച്ച് അവർ ചെയ്യുന്ന പ്രവൃത്തികൾകൊണ്ടുമാണ് നീതിനിഷ്ഠരായി കണക്കാക്കപ്പെടുന്നത്.
25 അതുപോലെ രാഹാബ് എന്ന ഗണികയും ആ ചാരന്മാരെ സ്വീകരിക്കുകയും അവരെ വേറൊരു വഴിക്കു പറഞ്ഞയയ്ക്കുകയും ചെയ്തപ്പോൾ പ്രവൃത്തികളാലല്ലേ നീതീകരിക്കപ്പെട്ടത്? 26 ആത്മാവില്ലാത്ത ശരീരം നിർജീവം ആയിരിക്കുന്നതുപോലെ, പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജീവമാകുന്നു.
-
18 സമാധാനമുണ്ടാക്കുന്നവർ ശാന്തിയിൽ വിതച്ചു നീതിയുടെ ഫലം കൊയ്യും.
-
7 നീതിനിഷ്ഠരിൽനിന്ന് അവിടന്ന് തന്റെ ദൃഷ്ടി പിൻവലിക്കുന്നില്ല;
അവിടന്ന് അവരെ രാജാക്കന്മാരോടൊപ്പം സിംഹാസനാരൂഢരാക്കുകയും
എന്നെന്നേക്കുമായി ഉയർത്തുകയും ചെയ്യുന്നു.
-
צ സാദെ
137 യഹോവേ, അവിടന്നു നീതിമാൻ ആകുന്നു,
അവിടത്തെ നിയമങ്ങളും നീതിയുക്തമായവ.
-
17 യഹോവ തന്റെ എല്ലാ വഴികളിലും നീതിനിഷ്ഠൻ ആകുന്നു
തന്റെ സകലപ്രവൃത്തികളിലും വിശ്വസ്തനുമാണ്.
-
16 നീതിനിഷ്ഠരുടെ സമ്പാദ്യം ജീവദായകം,
എന്നാൽ നീചരുടെ അധ്വാനഫലം പാപവും മരണവും.
-
29 യഹോവയുടെ മാർഗം നീതിനിഷ്ഠർക്കൊരു സങ്കേതം,
എന്നാൽ ദോഷം പ്രവർത്തിക്കുന്നവർക്ക് അത് നാശകരം.
30 നീതിനിഷ്ഠർ ഒരിക്കലും ഉന്മൂലമാക്കപ്പെടുകയില്ല,
എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവർ ദേശത്ത് സുസ്ഥിരമായി ജീവിക്കുകയില്ല.
31 നീതിനിഷ്ഠരുടെ നാവിൽനിന്നു ജ്ഞാനം പ്രവഹിക്കുന്നു,
എന്നാൽ വഞ്ചനയുള്ള നാവ് ഛേദിക്കപ്പെടും.
32 നീതിനിഷ്ഠരുടെ അധരം പ്രസാദകരമായവ തിരിച്ചറിയുന്നു,
എന്നാൽ ദുഷ്ടരുടെ നാവ് വൈകൃതഭാഷണത്തിന് ഉറവിടം.
-
17 നിന്നെ എതിർക്കാനായി നിർമിച്ചിരിക്കുന്ന ഒരു ആയുധവും സഫലമാകുകയില്ല,
നിനക്കെതിരേ കുറ്റമാരോപിക്കുന്ന എല്ലാ വാദമുഖങ്ങളെയും നീ ഖണ്ഡിക്കും.
ഇത് യഹോവയുടെ ദാസന്മാരുടെ അവകാശവും
എന്റെ പക്കൽനിന്ന് അവർക്കു ലഭിക്കുന്ന കുറ്റവിമുക്തിയുമാണ്,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
-
1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“നിങ്ങൾ ന്യായം പാലിക്കുകയും
നീതി പ്രവർത്തിക്കുകയും ചെയ്യുക,
കാരണം എന്റെ രക്ഷ സമീപം ആയിരിക്കുന്നു,
എന്റെ നീതി വളരെവേഗംതന്നെ വെളിപ്പെടും.
-
3 ജ്ഞാനികൾ ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും പലരെയും നീതിയിലേക്കു നയിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നുമെന്നേക്കും പ്രകാശിക്കും.
-
13 ഈ സമയത്ത് യോഹന്നാനാൽ സ്നാനം സ്വീകരിക്കുന്നതിന് യേശു ഗലീലാപ്രവിശ്യയിൽനിന്ന് യോർദാൻനദിയിലേക്ക് വന്നു. 14 എന്നാൽ, യോഹന്നാൻ അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു, “അങ്ങയിൽനിന്ന് സ്നാനം സ്വീകരിക്കുക എന്നതാണ് എന്റെ അഭിലാഷം, എന്നിട്ടും അങ്ങ് എന്റെ അടുത്തേക്കാണല്ലോ വരുന്നത്?”
15 അതിന് യേശു, “ഇപ്പോൾ ഇതിന് സമ്മതിക്കുക; ഇങ്ങനെ സർവനീതിയും നാം പൂർത്തീകരിക്കുന്നത് ഉചിതമാണല്ലോ” എന്നു പ്രതിവചിച്ചു; അപ്പോൾ യോഹന്നാൻ സമ്മതിച്ചു.
16 യേശു സ്നാനമേറ്റ് വെള്ളത്തിൽനിന്ന് കയറി; ആ നിമിഷത്തിൽത്തന്നെ സ്വർഗം തുറക്കപ്പെട്ടു. ദൈവാത്മാവ് ഒരു പ്രാവിനെപ്പോലെ തന്റെമേൽ പറന്നിറങ്ങുന്നത് അദ്ദേഹം കണ്ടു. 17 “ഞാൻ പ്രസാദിച്ചിരിക്കുന്ന എന്റെ പ്രിയപുത്രൻ ഇവൻതന്നെ,” എന്നു സ്വർഗത്തിൽനിന്ന് ഒരു അശരീരിയും ഉണ്ടായി.
-
5 യെഹൂദ്യയിൽ ഹെരോദാരാജാവിന്റെ ഭരണകാലത്ത്, അബീയാവിന്റെ പൗരോഹിത്യവിഭാഗത്തിൽ, സെഖര്യാവ് എന്നു പേരുള്ള ഒരു പുരോഹിതൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തും അഹരോന്യവംശജയായിരുന്നു. 6 അവരിരുവരും ദൈവത്തിനുമുമ്പാകെ നീതിനിഷ്ഠരും കർത്താവിന്റെ ഉത്തരവുകളും അനുഷ്ഠാനങ്ങളും അനുവർത്തിക്കുന്നതിൽ കുറ്റമറ്റവരുമായിരുന്നു. 7 എലിസബത്ത് വന്ധ്യയായിരുന്നതിനാൽ അവർക്ക് മക്കളുണ്ടായിരുന്നില്ല; അവരിരുവരും വയോധികരുമായിരുന്നു.
-
9 തങ്ങൾ നീതിനിഷ്ഠരാണെന്ന ആത്മവിശ്വാസത്തോടെ മറ്റുള്ളവരെ പുച്ഛിക്കുന്ന ചിലരോട് യേശു ഈ സാദൃശ്യകഥ പറഞ്ഞു: 10 “രണ്ട് മനുഷ്യർ പ്രാർഥിക്കാൻ ദൈവാലയത്തിൽ ചെന്നു; ഒരാൾ പരീശൻ, മറ്റേയാൾ ഒരു നികുതിപിരിവുകാരൻ. 11 പരീശൻ മറ്റുള്ളവരിൽനിന്നെല്ലാം വേറിട്ടുനിന്നുകൊണ്ട് തന്നെക്കുറിച്ചുതന്നെ ഇങ്ങനെ പ്രാർഥിച്ചു; ‘ദൈവമേ, കൊള്ളക്കാർ, ദുഷ്പ്രവൃത്തിക്കാർ, വ്യഭിചാരികൾ മുതലായ മറ്റു മനുഷ്യരെപ്പോലെയോ ഈ നികുതിപിരിവുകാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ അങ്ങേക്കു നന്ദി പറയുന്നു. 12 ഞാൻ ആഴ്ചയിൽ രണ്ടുതവണ ഉപവസിക്കുകയും എനിക്കു ലഭിക്കുന്ന എല്ലാറ്റിന്റെയും ദശാംശം കൊടുക്കുകയുംചെയ്യുന്നു.’
13 “എന്നാൽ നികുതിപിരിവുകാരനായ മറ്റേയാളോ വളരെ അകലെനിന്ന്, സ്വർഗത്തിലേക്കു നോക്കാൻപോലും ധൈര്യപ്പെടാതെ മാറത്തടിച്ചുകൊണ്ട്, ‘ദൈവമേ, പാപിയായ എന്നോടു കരുണതോന്നണമേ’ എന്നു പ്രാർഥിച്ചു.
14 “ഈ ഇരുവരിൽ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയതു നികുതിപിരിവുകാരനാണ്, ആ പരീശനല്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. കാരണം, സ്വയം ഉയർത്തുന്നയാൾ അപമാനിതനാകും; സ്വയം താഴ്ത്തുന്നയാൾ ബഹുമാനിതനും.”
-
25 “നീതിമാനായ പിതാവേ, ലോകം അങ്ങയെ അറിയുന്നില്ല; എന്നാൽ ഞാൻ അങ്ങയെ അറിയുന്നു; അങ്ങ് എന്നെ അയച്ചിരിക്കുന്നെന്ന് ഇവരും അറിയുന്നു.
-
34 പത്രോസ് തന്റെ പ്രഭാഷണം ഇങ്ങനെ ആരംഭിച്ചു: “ദൈവത്തിനു പക്ഷഭേദമില്ലെന്നും 35 ദൈവത്തെ ഭയപ്പെട്ട് നീതി പ്രവർത്തിക്കുന്നവരെ, അവർ ഏതു ജനവിഭാഗത്തിലുള്ളവരായിരുന്നാലും അവിടന്ന് അംഗീകരിക്കുന്നു എന്നും ഉള്ള യാഥാർഥ്യം ഞാനിപ്പോൾ മനസ്സിലാക്കുന്നു.
-
28 ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അതായത്, അവിടത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്കുതന്നെ ദൈവം എല്ലാ കാര്യങ്ങളും നന്മയ്ക്കായി ചേർന്നു പ്രവർത്തിക്കുമാറാക്കുന്നു എന്നു നാം അറിയുന്നു. 29 ദൈവം മുൻകൂട്ടി അറിഞ്ഞവരെ, തന്റെ പുത്രനോടു സദൃശരായിത്തീരാൻ മുൻനിയമിച്ചിരിക്കുന്നു. അത് അവിടത്തെ പുത്രൻ അനേകം സഹോദരങ്ങളിൽ ഒന്നാമനാകേണ്ടതിനാണ്. 30 അവിടന്ന് മുൻനിയമിച്ചവരെ വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ തേജസ്കരിക്കുകയും ചെയ്തു.
-
34 നീതിബോധമുള്ളവരായിരിക്കുക. പാപംചെയ്യാതിരിക്കുക. നിങ്ങൾക്കു ലജ്ജ തോന്നുന്നതിനായിത്തന്നെ ഞാൻ പറയട്ടെ, ചിലർക്കു ദൈവത്തെക്കുറിച്ച് അറിവില്ല.
-
1 എന്റെ കുഞ്ഞുമക്കളേ, നിങ്ങൾ പാപംചെയ്യാതിരിക്കാനാണ് ഞാൻ ഇവ നിങ്ങൾക്ക് എഴുതുന്നത്. ആരെങ്കിലും പാപംചെയ്താൽ നമുക്ക് പിതാവിന്റെ അടുക്കൽ ഒരു വക്കീൽ ഉണ്ട്—നീതിമാനായ യേശുക്രിസ്തുതന്നെ.
-
11 പിന്നീട്, സ്വർഗം തുറക്കപ്പെട്ടിരിക്കുന്നതു ഞാൻ കണ്ടു. ഇതാ, ഒരു വെള്ളക്കുതിര! അതിന്റെ പുറത്തിരിക്കുന്നയാൾ വിശ്വസ്തൻ എന്നും സത്യവാൻ എന്നും വിളിക്കപ്പെടുന്നു. അദ്ദേഹം ന്യായംവിധിക്കുന്നതും അടരാടുന്നതും നീതിയോടെയായിരിക്കും.
-
6 ശലോമോൻ അതിനു മറുപടി പറഞ്ഞത്: “എന്റെ പിതാവും അവിടത്തെ ദാസനുമായ ദാവീദ് അങ്ങയുടെമുമ്പാകെ സത്യസന്ധതയോടും നീതിയോടും ഹൃദയപരമാർഥതയോടുംകൂടെ ജീവിച്ചു. അതുകൊണ്ട്, അവിടന്ന് അദ്ദേഹത്തോട് വലിയ ദയ കാണിക്കുകയും അവിടത്തെ ആ വലിയ ദയ ഇന്നുവരെ തുടരുകയും, ഇന്ന് അവന്റെ സിംഹാസനത്തിൽ ഇരിക്കാൻ അവന് ഒരു മകനെ നൽകുകയും ചെയ്തിരിക്കുന്നു.
-
15 ഇസ്രായേലിന്റെ ദൈവമായ യഹോവേ, അങ്ങ് നീതിമാൻ! ഞങ്ങളോ, ഇപ്പോഴുള്ളതുപോലെ, ഒരു ശേഷിപ്പായി രക്ഷപ്പെട്ടവർ. ഞങ്ങളുടെ തെറ്റുകളുമായി ഇതാ, അങ്ങയുടെമുമ്പാകെ ഞങ്ങൾ നിൽക്കുന്നു, ഈ വിധത്തിൽ അങ്ങയെ സമീപിക്കാൻ ഞങ്ങളിൽ ആർക്കുംതന്നെ കഴിയില്ലല്ലോ.”
-
7 “അബ്രാമിനെ തെരഞ്ഞെടുത്ത് കൽദയരുടെ പട്ടണമായ ഊരിൽനിന്ന് കൊണ്ടുവന്ന് അദ്ദേഹത്തിന് അബ്രാഹാം എന്നു പേരിട്ട ദൈവമായ യഹോവ അങ്ങാകുന്നു. 8 അദ്ദേഹത്തിന്റെ ഹൃദയം അങ്ങയോടു വിശ്വസ്തമെന്നു കണ്ട് അദ്ദേഹത്തിന്റെ പിൻതലമുറയ്ക്ക് കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, യെബൂസ്യർ, ഗിർഗ്ഗശ്യർ എന്നിവരുടെ ദേശം കൊടുക്കുമെന്ന് അദ്ദേഹത്തോട് അങ്ങ് ഉടമ്പടിചെയ്തു; അങ്ങ് നീതിമാനാകുകയാൽ അവിടത്തെ വാഗ്ദാനം അങ്ങ് നിറവേറ്റി.
-
14 ഞാൻ നീതിനിഷ്ഠ ഒരു വസ്ത്രംപോലെ അണിഞ്ഞു;
നീതി എന്റെ പുറങ്കുപ്പായവും തലപ്പാവും ആയിരുന്നു.
-
9 ദുഷ്ടരുടെ അതിക്രമങ്ങൾക്ക് അറുതിവരുത്തുകയും
നീതിനിഷ്ഠരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമേ—
നീതിമാനായ ദൈവമേ,
അങ്ങ് ഹൃദയവും മനസ്സും പരിശോധിക്കുന്നല്ലോ.
-
10 ദൈവമേ, നിർമലമായൊരു ഹൃദയം എന്നിൽ സൃഷ്ടിക്കണമേ,
അചഞ്ചലമായ ഒരാത്മാവിനെ എന്നിൽ പുതുക്കണമേ.
-
22 നിന്റെ ഭാരം യഹോവയുടെമേൽ സമർപ്പിക്കുക
അവിടന്നു നിന്നെ പുലർത്തും;
നീതിനിഷ്ഠർ നിപതിക്കാൻ
അവിടന്ന് ഒരിക്കലും അനുവദിക്കുകയില്ല.
-
ശലോമോന്റെ ഒരു സങ്കീർത്തനം.
1 ദൈവമേ, രാജാവിന് അങ്ങയുടെ ന്യായവും
രാജകുമാരന് അങ്ങയുടെ നീതിനിഷ്ഠയും കൽപ്പിച്ചുനൽകണമേ.
2 അദ്ദേഹം അവിടത്തെ ജനത്തെ നീതിയോടും
പീഡിതരെ ന്യായത്തോടുംകൂടെ ന്യായപാലനംചെയ്യട്ടെ.
3 പർവതങ്ങൾ ജനത്തിനു സമൃദ്ധിയും
കുന്നുകൾ നീതിയുടെ ഫലങ്ങളും നൽകട്ടെ.
4 ജനത്തിലെ പീഡിതർക്ക് അദ്ദേഹം പ്രതിരോധം തീർക്കും
ദരിദ്രരുടെ മക്കളെ മോചിപ്പിക്കും;
പീഡകരെ അദ്ദേഹം തകർക്കും
-
11 ആകാശം ആഹ്ലാദിക്കട്ടെ, ഭൂമി ഉല്ലസിക്കട്ടെ;
സമുദ്രവും അതിലുള്ള സകലതും മാറ്റൊലികൊള്ളട്ടെ.
12 വയലേലകളും അതിലുള്ള സമസ്തവും ആഹ്ലാദാരവം മുഴക്കട്ടെ;
സകലവനവൃക്ഷങ്ങളും ആനന്ദഗാനം ആലപിക്കട്ടെ.
13 യഹോവ എഴുന്നള്ളുന്നു; സകലസൃഷ്ടിയും തിരുമുമ്പിൽ ആനന്ദിക്കട്ടെ.
അവിടന്ന് ഭൂമിയെ ന്യായംവിധിക്കുന്നതിനായി വരുന്നു,
അവിടന്ന് ലോകത്തെ നീതിയിലും
ജനതകളെ തന്റെ വിശ്വസ്തതയിലും ന്യായംവിധിക്കും.
-
2 മേഘവും അന്ധതമസ്സും അവിടത്തെ വലയംചെയ്തിരിക്കുന്നു;
നീതിയും ന്യായവും അവിടത്തെ സിംഹാസനത്തിന്റെ അടിസ്ഥാനം ആകുന്നു.
3 അഗ്നി അങ്ങേക്കുമുമ്പേ പുറപ്പെടുന്നു
ചുറ്റുമുള്ള തന്റെ എതിരാളികളെ ദഹിപ്പിക്കുന്നു.
-
4 അപ്പോൾ “യഹോവേ, എന്നെ രക്ഷിക്കണമേ!”
എന്നു ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.
5 യഹോവ കൃപയും നീതിയുമുള്ളവൻ ആകുന്നു;
നമ്മുടെ ദൈവം ദയാപൂർണൻതന്നെ.
6 യഹോവ ലളിതമാനസരെ സംരക്ഷിക്കുന്നു;
ഞാൻ ഞെരുക്കത്തിൽ ആയിരുന്നപ്പോൾ അവിടന്ന് എന്നെ രക്ഷിച്ചു.
-
8 യഹോവ അന്ധർക്ക് കാഴ്ചനൽകുന്നു,
യഹോവ കുനിഞ്ഞിരിക്കുന്നവരെ ഉയർത്തുന്നു,
യഹോവ നീതിനിഷ്ഠരെ സ്നേഹിക്കുന്നു.
-
34 നീതി ഒരു രാഷ്ട്രത്തെ ഉന്നതസ്ഥിതിയിലെത്തിക്കുന്നു,
എന്നാൽ പാപം ഏതു ജനതയ്ക്കും അപമാനകരം.
-
21 നീതിയും സ്നേഹവും പിൻതുടരുന്നവർ
ജീവനും നീതിയും ബഹുമാനവും കണ്ടെത്തും.
22 ജ്ഞാനിക്ക് ശക്തന്മാരുടെ പട്ടണം ആക്രമിക്കാൻ കഴിയും;
അവരുടെ ആശ്രയമായിരുന്ന കോട്ട ഇടിച്ചുനിരത്താനും.
-
10 നീതിനിഷ്ഠരോടു നിങ്ങൾക്കു നന്മ വരും എന്നു പറയുക;
കാരണം അവരുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും.
-
14 പരിശുദ്ധനും നീതിമാനുമായവനെ നിരാകരിച്ചുകൊണ്ട് കൊലപാതകിയെ മോചിപ്പിച്ച് നിങ്ങൾക്കു വിട്ടുതരണം എന്ന് അപേക്ഷിക്കുകയും ചെയ്തു. 15 ജീവന്റെ ഉറവിടമായവനെ നിങ്ങൾ വധിച്ചുകളഞ്ഞു; എന്നാൽ, ദൈവം അദ്ദേഹത്തെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു; ഞങ്ങൾ അതിനു സാക്ഷികളാണ്. 16 അവിടത്തെ നാമത്തിലുള്ള വിശ്വാസത്താൽത്തന്നെയാണ്, ഇയാൾ ഇപ്പോൾ ബലംപ്രാപിച്ചവനായി നിങ്ങൾ കാണുകയും അറിയുകയുംചെയ്യുന്നത്. തീർച്ചയായും, യേശുവിന്റെ നാമത്തിലുള്ള വിശ്വാസത്താൽത്തന്നെയാണ് നിങ്ങളുടെയെല്ലാം മുമ്പിൽവെച്ച് അയാൾക്കു പരിപൂർണസൗഖ്യം ലഭിച്ചിരിക്കുന്നത്.
-
11 സകലമനുഷ്യരുടെയും രക്ഷയ്ക്കായി ദൈവകൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. 12 ഭക്തിയില്ലായ്മയും ലൗകികമോഹങ്ങളും ഉപേക്ഷിച്ച്, ഈ കാലഘട്ടത്തിൽ ആത്മനിയന്ത്രണവും നീതിയും ദൈവഭക്തിയുമുള്ള ജീവിതം നയിക്കാൻ അത് നമ്മെ അഭ്യസിപ്പിക്കുന്നു. 13 അനുഗൃഹീത പ്രത്യാശയ്ക്കായും ഉന്നതനായ നമ്മുടെ ദൈവവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ മഹത്ത്വപ്രത്യക്ഷതയ്ക്കായും നാം കാത്തിരിക്കുന്നു. 14 അവിടന്ന് നമ്മെ എല്ലാ ദുഷ്ടതകളിൽനിന്നും വിമോചിതരാക്കാനും സൽപ്രവൃത്തികൾ ചെയ്യുന്നതിൽ അത്യുത്സാഹമുള്ള ഒരു ജനതതിയെ തനിക്കായി ശുദ്ധീകരിക്കാനുംവേണ്ടി സ്വയം സമർപ്പിച്ചു.
-
5 നാം ചെയ്ത നീതികർമങ്ങളാലല്ല, മറിച്ച് അവിടത്തെ കരുണയാൽത്തന്നെ, പുതിയ ജന്മം നൽകുന്ന ശുദ്ധീകരണത്താലും പരിശുദ്ധാത്മാവിലൂടെയുള്ള നവീകരണത്താലും അവിടന്ന് നമ്മെ രക്ഷിച്ചിരിക്കുന്നു. 6 നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിലൂടെയാണ് ദൈവം പരിശുദ്ധാത്മാവിനെ നമ്മുടെമേൽ സമൃദ്ധമായി ചൊരിഞ്ഞത്. 7 യേശുവിന്റെ കൃപയാൽ നാം നീതീകരിക്കപ്പെടാനും പ്രത്യാശയായ നിത്യജീവന്റെ അവകാശികൾ ആകാനും ആണ് ഇങ്ങനെ ചെയ്തത്.
-
4 ഹാബേൽ ദൈവത്തിനു കയീന്റേതിലും വിശിഷ്ടമായ ഒരു യാഗം, വിശ്വാസത്താൽ അർപ്പിച്ചു. അതിനാൽ അദ്ദേഹത്തിന് നീതിനിഷ്ഠൻ എന്നു സാക്ഷ്യം ലഭിച്ചു. ദൈവം അദ്ദേഹത്തിന്റെ വഴിപാട് അംഗീകരിച്ചു. അദ്ദേഹം മരിച്ചെങ്കിലും വിശ്വാസത്താൽ ഇപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നു.
-
17 അപ്പോൾ യഹോവ: “ഞാൻ ചെയ്യാൻപോകുന്നത് അബ്രാഹാമിൽനിന്ന് മറച്ചുവെക്കുമോ? 18 അബ്രാഹാമിന്റെ വംശം നിശ്ചയമായും ശ്രേഷ്ഠവും പ്രബലവുമായ ഒരു രാഷ്ട്രമായിത്തീരും; ഭൂമിയിലെ സകലരാഷ്ട്രങ്ങളും അവനിലൂടെ അനുഗ്രഹിക്കപ്പെടും. 19 അബ്രാഹാം നീതിയും ന്യായവും പ്രവർത്തിച്ചുകൊണ്ട്, തന്റെ മക്കളെയും തന്റെ കാലശേഷമുള്ള ഭവനക്കാരെയും ദൈവത്തിന്റെ വഴികളിൽ നടക്കാൻ പ്രേരിപ്പിക്കേണ്ടതിനു ഞാൻ അവനെ തെരഞ്ഞെടുത്തിരിക്കുന്നു. അങ്ങനെ, യഹോവ അബ്രാഹാമിനു നൽകിയ വാഗ്ദാനം അദ്ദേഹത്തിന് നിറവേറ്റിക്കൊടുക്കാൻ സംഗതിയാകും.”
-
31 അവിടന്ന് നിവർത്തിച്ചിരിക്കുന്നു!
എന്ന് ഇനിയും ജനിക്കാനിരിക്കുന്ന തലമുറയോട്,
അവർ അവിടത്തെ നീതി വിളംബരംചെയ്യും.
-
10 അവിടത്തെ നീതി ഞാൻ എന്റെ ഹൃദയത്തിൽ മറച്ചുവെക്കുന്നില്ല;
അങ്ങയുടെ വിശ്വസ്തതയും രക്ഷയും ഞാൻ ഘോഷിക്കുന്നു.
അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയും
ഞാൻ മഹാസഭയിൽനിന്നു മറച്ചുവെക്കുന്നില്ല.
-
10 ദൈവമേ, അങ്ങയുടെ നാമംപോലെതന്നെ,
അവിടത്തെ സ്തുതികൾ ഭൂസീമകളോളം അലയടിക്കുന്നു;
അവിടത്തെ വലതുകരത്തിൽ നീതി നിറഞ്ഞിരിക്കുന്നു.
-
14 ദൈവമേ, എന്റെ രക്ഷയുടെ ദൈവമേ,
രക്തംചൊരിഞ്ഞ കുറ്റത്തിൽനിന്ന് എന്നെ വിടുവിക്കണമേ,
അപ്പോൾ എന്റെ നാവ് അവിടത്തെ നീതിയെപ്പറ്റി പാടും.
-
3 സഹോദരങ്ങളേ, നിങ്ങളുടെ വിശ്വാസം തഴച്ചുവളരുകയും നിങ്ങൾക്കെല്ലാവർക്കും പരസ്പരമുള്ള സ്നേഹം വർധിച്ചുവരികയും ചെയ്യുന്നതിനാൽ ഞങ്ങൾ നിങ്ങൾക്കുവേണ്ടി ദൈവത്തിന് എപ്പോഴും സ്തോത്രംചെയ്യാൻ കടപ്പെട്ടിരിക്കുന്നു; അതു തികച്ചും ഉചിതംതന്നെ. 4 അതുകൊണ്ടു നിങ്ങൾ സഹിക്കുന്ന സകലപീഡനങ്ങളിലും പരിശോധനകളിലും നിങ്ങൾക്കുള്ള സഹിഷ്ണുതയെയും വിശ്വാസത്തെയുംകുറിച്ചു ഞങ്ങൾ ദൈവത്തിന്റെ സഭകളിൽ പ്രശംസിക്കുന്നു.
5 നിങ്ങൾ ഏതൊരു ദൈവരാജ്യത്തിനുവേണ്ടി കഷ്ടം അനുഭവിക്കുന്നോ ആ രാജ്യം നിങ്ങൾക്ക് അവകാശമായിത്തീരും. ദൈവത്തിന്റെ നീതിയുക്തമായ ന്യായവിധിക്ക് ഇതു വ്യക്തമായ തെളിവാണ്. 6-7 ദൈവം നീതിമാനാണ്: നിങ്ങളെ പീഡിപ്പിക്കുന്നവർക്ക് അവിടന്ന് പീഡനം നൽകുകയും പീഡിതരായ നിങ്ങൾക്കും ഞങ്ങൾക്കും ആശ്വാസം പകരം നൽകുകയും ചെയ്യും. കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗത്തിൽനിന്ന്, കത്തിജ്വലിക്കുന്ന അഗ്നിയിൽ പ്രത്യക്ഷനാകുമ്പോഴാണ് ഇതു സംഭവിക്കാനിരിക്കുന്നത്. 8 ദൈവത്തെ അറിയാത്തവരോടും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവരോടും അവിടന്ന് പ്രതികാരംചെയ്യും. 9-10 ഇക്കൂട്ടർ കർത്താവിന്റെ സന്നിധിയിൽനിന്നും അവിടത്തെ മഹത്ത്വകരമായ തേജസ്സിൽനിന്നും മാറ്റപ്പെട്ട് നിത്യനാശം എന്ന ശിക്ഷ അനുഭവിക്കും. കർത്താവ് പ്രത്യക്ഷനാകുന്ന ആ നാളിൽ തന്റെ വിശുദ്ധരിൽ അവിടന്ന് മഹത്ത്വപ്പെടുകയും അവർക്ക് തന്നെ അവിടന്ന് ഒരു അത്ഭുതവിഷയമായി മാറുകയും ചെയ്യും. ഞങ്ങൾ നിങ്ങളോട് അറിയിച്ച സാക്ഷ്യത്തിൽ നിങ്ങൾ വിശ്വാസം അർപ്പിച്ചതുമൂലം നിങ്ങളും വിശുദ്ധരുടെ ഈ കൂട്ടത്തിൽ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നു.
11 ദൈവവിളിക്കു യോഗ്യമായ ജീവിതം നയിക്കാൻ നിങ്ങൾക്കു സാധ്യമാകേണ്ടതിനും നന്മപ്രവർത്തിക്കാനുള്ള നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളെയും വിശ്വാസത്താൽ പ്രചോദിതമായിട്ടുള്ള നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളെയും ദൈവം അവിടത്തെ ശക്തിയാൽ പരിപൂർണമാക്കട്ടെ എന്നും നിങ്ങൾക്കുവേണ്ടി ഞാൻ നിരന്തരം പ്രാർഥിക്കുന്നു. 12 നമ്മുടെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും കൃപനിമിത്തം നിങ്ങളുടെ ജീവിതങ്ങളിലൂടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമം നിങ്ങളിലും നിങ്ങൾ കർത്താവിനോടൊപ്പവും മഹത്ത്വീകരിക്കപ്പെടും.
Shows Read in context, Share and Copy.