61 Bible Verses About Rain

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Rain
  1. 41 പിന്നെ, ഏലിയാവ് ആഹാബ് രാജാവിനോടു: “പോയി ഭക്ഷണപാനീയങ്ങൾ കഴിക്കുക; ഒരു ശക്തമായ മഴയുടെ മുഴക്കമുണ്ട്” എന്നു പറഞ്ഞു. 42 അങ്ങനെ, ആഹാബ് ഭക്ഷിച്ചു പാനംചെയ്യുന്നതിനു യാത്രയായി. എന്നാൽ, ഏലിയാവ് കർമേലിന്റെ മുകളിൽക്കയറി തന്റെ തല കാൽമുട്ടുകൾക്കിടയിൽവെച്ചു ഭൂമിയോളം കുനിഞ്ഞിരുന്നു.

    43 “നീ പോയി കടലിനുനേരേ നോക്കുക,” എന്ന് ഏലിയാവ് തന്റെ ഭൃത്യനോടു പറഞ്ഞു. അയാൾ പോയി നോക്കി.

    “അവിടെ ഒന്നുമില്ല,” എന്ന് അയാൾ തിരികെവന്നു പറഞ്ഞു.

    ഏലിയാവ്, “പോയി നോക്കുക” എന്ന് ഏഴുപ്രാവശ്യം പറഞ്ഞു.

    44 ഏഴാംപ്രാവശ്യം ദാസൻ വന്നു: “ഒരു മനുഷ്യന്റെ കൈപ്പത്തിയോളംമാത്രമുള്ള ഒരു ചെറിയമേഘം സമുദ്രത്തിൽനിന്നുയരുന്നുണ്ട്” എന്നു പറഞ്ഞു.

    “നീ ചെന്ന് ആഹാബിനോട്: ‘മഴ നിന്നെ തടസ്സപ്പെടുത്തുന്നതിനുമുമ്പ് വേഗം രഥം പൂട്ടി മടങ്ങിപ്പോകുക’ എന്നു പറയുക” എന്ന് ഏലിയാവ് ഭൃത്യനോട് ആജ്ഞാപിച്ചു.

    45 അതിനിടെ, ആകാശം മേഘങ്ങൾകൊണ്ടുമൂടി കറുത്തിരുണ്ടു; അതിശക്തമായ മഴ പെയ്തു. ആഹാബ് രഥത്തിലേറി യെസ്രീലിലേക്കു തിരികെപ്പോയി. 46 യഹോവയുടെ ശക്തി ഏലിയാവിന്മേൽ വന്നു. അദ്ദേഹം അര മുറുക്കി യെസ്രീലിന്റെ കവാടംവരെ ആഹാബിനു മുമ്പിലായി ഓടിയെത്തി.

  2. 16 ഇപ്രകാരം സൗഖ്യം ലഭിക്കേണ്ടതിന് പരസ്പരം പാപങ്ങൾ ഏറ്റുപറഞ്ഞ് ഓരോരുത്തർക്കുംവേണ്ടി മറ്റുള്ളവർ പ്രാർഥിക്കണം. നീതിമാന്റെ പ്രാർഥന വളരെ ശക്തവും ഫലപ്രദവുമാണ്.

    17 ഏലിയാവും നമ്മെപ്പോലെതന്നെ ഒരു മനുഷ്യൻ ആയിരുന്നു. മഴ പെയ്യാതിരിക്കാൻ അദ്ദേഹം ശ്രദ്ധയോടെ പ്രാർഥിച്ചപ്പോൾ ദേശത്തു മൂന്നര വർഷത്തേക്കു മഴ പെയ്തില്ല. 18 അദ്ദേഹം വീണ്ടും പ്രാർഥിച്ചപ്പോൾ ആകാശം മഴ നൽകുകയും ഭൂമി അതിന്റെ വിളവ് ഉൽപ്പാദിപ്പിക്കുകയും ചെയ്തു.

  3. 24 “അതുകൊണ്ട്, എന്റെ ഈ വചനങ്ങൾ കേട്ട് അതിനനുസരിച്ചു പ്രവർത്തിക്കുന്ന വ്യക്തി പാറമേൽ വീടുപണിത ബുദ്ധിയുള്ള ഒരു മനുഷ്യനു തുല്യം. 25 പേമാരി പെയ്തു, പ്രളയം വന്നു, കാറ്റ് ആ വീടിന്മേൽ ആഞ്ഞടിച്ചു; എങ്കിലും പാറമേൽ അടിത്തറ ഉറപ്പിച്ചിരുന്നതിനാൽ അത് നിലംപതിച്ചില്ല. 26 എന്നാൽ, എന്റെ ഈ വചനങ്ങൾ കേട്ടിട്ട് അതിനനുസരിച്ചു പ്രവർത്തിക്കാതിരിക്കുന്ന വ്യക്തി മണലിൽ വീടുപണിത ബുദ്ധിശൂന്യനായ മനുഷ്യനോട് സദൃശൻ. 27 പേമാരി പെയ്തു, പ്രളയം വന്നു, കാറ്റ് ആ വീടിന്മേൽ ആഞ്ഞടിച്ചു; അതിഭയങ്കരമായിരുന്നു ആ വീടിന്റെ പതനം.”

  4. 10 നിങ്ങൾ കൈവശമാക്കാൻപോകുന്ന ദേശം, നിങ്ങൾ വിട്ടുപോന്ന ഈജിപ്റ്റുദേശംപോലെയല്ല. അവിടെ നിങ്ങൾ വിത്തുവിതച്ച് പച്ചക്കറിത്തോട്ടത്തിലേതുപോലെ കാലുകൊണ്ട് നനച്ചു. 11 എന്നാൽ യോർദാൻ കടന്ന് നിങ്ങൾ അവകാശമാക്കാൻപോകുന്ന ദേശം മലകളും താഴ്വരകളും ഉള്ളതും ആകാശത്തിൽനിന്നുള്ള മഴവെള്ളം കുടിക്കുന്നതുമാകുന്നു. 12 ആണ്ടിന്റെ ആരംഭംമുതൽ അവസാനംവരെ നിങ്ങളുടെ ദൈവമായ യഹോവയുടെ നോട്ടമുള്ളതും നിങ്ങളുടെ ദൈവമായ യഹോവ പരിപാലിക്കുന്നതുമായ ദേശമാണ് അത്.

    13 നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുകയും പൂർണഹൃദയത്തോടും പൂർണാത്മാവോടും അവിടത്തെ സേവിക്കുകയും ചെയ്യണമെന്ന് ഇന്നു ഞാൻ നിങ്ങളോടു കൽപ്പിക്കുന്നത് വിശ്വസ്തതയോടെ അനുസരിക്കുമെങ്കിൽ, 14 ധാന്യവും പുതുവീഞ്ഞും ഒലിവെണ്ണയും ശേഖരിക്കാൻ കഴിയുംവിധം തക്കസമയത്ത് ഞാൻ മുന്മഴയും പിന്മഴയും അയയ്ക്കും. 15 ഞാൻ നിന്റെ കന്നുകാലികൾക്കുവേണ്ടി നിലത്തു പുല്ല് മുളപ്പിക്കും. നീ സംതൃപ്തനാകുംവരെ ആഹാരം ലഭിക്കും.

    16 നിങ്ങൾ വശീകരിക്കപ്പെട്ട്, ദോഷത്തിലേക്കു തിരിഞ്ഞ് അന്യദേവന്മാരെ ഭജിക്കുകയോ നമസ്കരിക്കുകയോ ചെയ്യാതിരിക്കാൻ സൂക്ഷിക്കുക. 17 അല്ലെങ്കിൽ യഹോവയുടെ കോപം നിങ്ങളുടെനേരേ ജ്വലിച്ചിട്ട്, മഴ ലഭിക്കാതിരിക്കേണ്ടതിന് അവിടന്ന് ആകാശം അടച്ചുകളയുകയും ഭൂമി ഫലം പുറപ്പെടുവിക്കാതിരിക്കുകയും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന നല്ല ദേശത്തുനിന്ന് നിങ്ങൾ വളരെവേഗം നശിച്ചുപോകുകയും ചെയ്യും.

  5. 23 സന്തോഷിക്കുക, സീയോനിലെ ജനമേ,

    നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിക്കുക.

    അവിടന്ന് വിശ്വസ്തനാകുകയാൽ

    നിങ്ങൾക്കു മുന്മഴ തരുന്നു;

    അവിടന്ന് ശിശിരത്തിലും വസന്തത്തിലും

    സമൃദ്ധമായ മഴ തരുന്നു.

    24 മെതിക്കളങ്ങൾ ധാന്യങ്ങൾകൊണ്ടു നിറയും;

    ചക്കുകളിൽ പുതുവീഞ്ഞും എണ്ണയും കവിഞ്ഞൊഴുകും.

    25 “വെട്ടുക്കിളികൾ തിന്നുപോയ വർഷങ്ങൾക്കു തക്കവണ്ണം ഞാൻ നിങ്ങൾക്കു പകരംനൽകും—

    ചെറുതും വലുതുമായ വെട്ടുക്കിളികളും

    തുള്ളനും പച്ചപ്പുഴുവും ഉൾപ്പെടെ

    എന്റെ ഒരു മഹാസൈന്യത്തെ ഞാൻ അയച്ചല്ലോ.

    26 നിങ്ങൾക്കു നിറയുവോളം, സമൃദ്ധമായി ഭക്ഷിക്കാൻ ഉണ്ടാകും,

    അപ്പോൾ നിങ്ങൾക്കുവേണ്ടി അന്നു തങ്ങൾ പ്രവർത്തിച്ച

    നിങ്ങളുടെ ദൈവമായ യഹോവയുടെ നാമം നിങ്ങൾ സ്തുതിക്കും.

    ഇനിയൊരിക്കലും എന്റെ ജനം ലജ്ജിച്ചുപോകുകയില്ല.

  6. 7 ദൈവമേ, അങ്ങയുടെ ജനത്തിന്റെ മുമ്പിൽക്കൂടെ അങ്ങ് കടന്നുപോയപ്പോൾ,

    അവിടന്ന് മരുഭൂമിയിൽക്കൂടി മുന്നേറിയപ്പോൾ, സേലാ.

    8 സീനായിമലയിൽ പ്രത്യക്ഷനായ അദ്വിതീയ ദൈവത്തിന്റെ മുമ്പാകെ

    അതേ, ഇസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ മുമ്പാകെ

    ഭൂമി പ്രകമ്പനംകൊണ്ടു, ആകാശം മഴ ചൊരിഞ്ഞു.

    9 ദൈവമേ, അങ്ങ് സമൃദ്ധമായി മഴ പെയ്യിച്ചു;

    വാടിത്തളർന്ന അങ്ങയുടെ അവകാശത്തെ ഉന്മേഷപൂർണമാക്കി.

    10 അതിൽ അങ്ങയുടെ ജനം വാസമുറപ്പിച്ചു,

    ദൈവമേ, അവിടത്തെ സമൃദ്ധിയിൽനിന്ന് അങ്ങ് ദരിദ്രർക്കു വേണ്ടതെല്ലാം നൽകി.

  7. 35 “അവിടത്തെ ജനം അങ്ങയോടു പാപം ചെയ്യുകനിമിത്തം ആകാശം അടഞ്ഞ് മഴയില്ലാതെയിരിക്കുമ്പോൾ—അവിടന്ന് അങ്ങനെ അവരെ ശിക്ഷിക്കുമ്പോൾ—അവർ ഈ ആലയത്തിലേക്കു തിരിഞ്ഞുവന്നു പ്രാർഥിക്കുകയും അവിടത്തെ നാമം ഏറ്റുപറയുകയും തങ്ങളുടെ പാപങ്ങളിൽനിന്നു പിന്തിരിയുകയും ചെയ്യുന്നപക്ഷം, 36 അവിടന്നു സ്വർഗത്തിൽനിന്ന് അതു കേൾക്കണമേ, അവിടത്തെ ദാസരും അവിടത്തെ ജനവുമായ ഇസ്രായേലിന്റെ പാപം ക്ഷമിക്കണമേ. അവർ ജീവിക്കേണ്ട ശരിയായ വഴി അങ്ങ് അവരെ പഠിപ്പിക്കണേ, അങ്ങയുടെ ജനത്തിന് അവിടന്ന് അവകാശമായി നൽകിയ ദേശത്ത് മഴ വർഷിക്കണേ.

  8. 6 അദ്ദേഹം വെട്ടിയൊതുക്കിയ പുൽപ്പുറങ്ങളിൽ പെയ്യുന്ന മഴപോലെയും

    ഭൂമിയെ നനയ്ക്കുന്ന വർഷംപോലെയും ആയിരിക്കട്ടെ.

  9. 43 “ ‘അയൽവാസിയെ സ്നേഹിക്കണം എന്നും ശത്രുവിനെ വെറുക്കണം’ എന്നും കൽപ്പിച്ചിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 44 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക; 45 അങ്ങനെ നിങ്ങൾ നിങ്ങളുടെ സ്വർഗസ്ഥപിതാവിന്റെ മക്കൾ ആയിത്തീരും. അവിടന്നു ദുഷ്ടരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതി പ്രവർത്തിക്കുന്നവരുടെമേലും അനീതി പ്രവർത്തിക്കുന്നവരുടെമേലും മഴപെയ്യിക്കുകയും ചെയ്യുന്നല്ലോ. 46 നിങ്ങളെ സ്നേഹിക്കുന്നവരെമാത്രം സ്നേഹിച്ചാൽ നിങ്ങൾക്ക് എന്തു പ്രതിഫലമാണു ലഭിക്കുക? അങ്ങനെ നികുതിപിരിവുകാരും ചെയ്യുന്നുണ്ടല്ലോ! 47 സ്വന്തം സഹോദരങ്ങളെമാത്രമാണ് നിങ്ങൾ അഭിവാദനംചെയ്യുന്നതെങ്കിൽ; പുകഴാൻ എന്തിരിക്കുന്നു? അങ്ങനെതന്നെയല്ലേ യെഹൂദേതരരും ചെയ്യുന്നത്? 48 അതുകൊണ്ട്, നിങ്ങളുടെ സ്വർഗസ്ഥപിതാവിന് സർവത്തിലും പരിപൂർണതയുള്ളതുപോലെ നിങ്ങളും സർവത്തിലും പരിപൂർണരാകുക.

  10. 10 ആകാശത്തുനിന്നു

    പൊഴിയുന്ന മഴയും മഞ്ഞും

    ഭൂമി നനച്ച് അതിൽ വിത്തുകൾ മുളച്ച് വളർന്ന്,

    വിതയ്ക്കുന്നയാൾക്കു വിത്തും

    ഭക്ഷിക്കുന്നവർക്ക് ആഹാരവും നൽകാതെ

    മടങ്ങിപ്പോകാതിരിക്കുന്നതുപോലെയാണ്,

    11 എന്റെ വായിൽനിന്ന് പുറപ്പെടുന്ന എന്റെ വചനവും:

    എന്റെ ഹിതം നിറവേറ്റി

    ഏതിനുവേണ്ടി ഞാൻ അതിനെ അയച്ചുവോ ആ കാര്യം സാധിക്കാതെ

    അത് എന്റെ അടുക്കലേക്കു വൃഥാ മടങ്ങിവരികയില്ല.

  11. 9 അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും സകലപുരുഷന്മാരും മൂന്നു ദിവസത്തിന്നകം ജെറുശലേമിൽ വന്നുകൂടി; അത് ഒൻപതാംമാസം ഇരുപതാം തിയ്യതി ആയിരുന്നു; സകലജനവും ആ കാര്യം ഹേതുവായിട്ടും വലിയ മഴനിമിത്തവും വിറച്ചുംകൊണ്ടു ദൈവാലയത്തിന്റെ മുറ്റത്ത് ഇരുന്നു.

  12. 3 “ ‘എന്റെ ഉത്തരവുകൾ നിങ്ങൾ പാലിക്കയും എന്റെ കൽപ്പനകൾ സസൂക്ഷ്മം അനുസരിക്കയും ചെയ്യുമെങ്കിൽ, 4 തക്കസമയത്തു ഞാൻ മഴ അയയ്ക്കും; ഭൂമി അതിന്റെ വിളവും വൃക്ഷം അവയുടെ ഫലവും തരും. 5 നിങ്ങളുടെ കറ്റമെതിക്കുന്ന കാലം മുന്തിരിപ്പഴം ശേഖരിക്കുന്ന കാലംവരെയും മുന്തിരിപ്പഴം ശേഖരിക്കുന്നത് വിതയ്ക്കുന്ന കാലംവരെയും തുടരും. നിങ്ങൾക്കു വേണ്ടുംപോലെ ഭക്ഷിച്ചു സുരക്ഷിതരായി നിങ്ങളുടെ ദേശത്തുപാർക്കും.

  13. 7 യഹോവയ്ക്ക് നന്ദിയോടെ പാടുക;

    കിന്നരംമീട്ടി നമ്മുടെ ദൈവത്തിന് സംഗീതം ആലപിക്കുക.

    8 അവിടന്ന് ആകാശത്തെ മേഘങ്ങൾകൊണ്ട് പൊതിയുന്നു;

    അവിടന്ന് ഭൂമിക്കായി മഴ പൊഴിക്കുകയും

    കുന്നുകളിൽ പുല്ല് മുളപ്പിക്കുകയുംചെയ്യുന്നു.

  14. 15 “സ്നേഹിതരേ, നിങ്ങളെന്താണു ചെയ്യുന്നത്? ഞങ്ങളും നിങ്ങളെപ്പോലെ വെറും മനുഷ്യരാണ്. നിങ്ങൾ ഈ നിരർഥകാര്യങ്ങൾ ഉപേക്ഷിച്ച് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ച ജീവനുള്ള ദൈവത്തിലേക്കു തിരിയണമെന്നുള്ള സുവിശേഷം അറിയിക്കാനാണ് ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നത്. 16 പൂർവകാലങ്ങളിൽ ദൈവം ജനതകളെയെല്ലാം സ്വന്തം വഴികളിൽ നടക്കാൻ അനുവദിച്ചു. 17 എങ്കിലും ദൈവം മനുഷ്യർക്കു ചെയ്യുന്ന നന്മകളാൽ തന്നെക്കുറിച്ചുള്ള സാക്ഷ്യം മുദ്രണംചെയ്തിട്ടുണ്ട്: യഥാകാലം ആകാശത്തുനിന്നു മഴപെയ്യിക്കുകയും നിങ്ങൾക്കു വിളവുകൾ നൽകുകയുംചെയ്യുന്നു. അവിടന്ന് നിങ്ങൾക്കു സമൃദ്ധമായി ഭക്ഷണം നൽകുന്നു. നിങ്ങളുടെ ഹൃദയത്തെ ആനന്ദംകൊണ്ടു നിറയ്ക്കുന്നു.”

  15. 14 നിങ്ങൾ യഹോവയെ ഭയപ്പെടുകയും, അവിടത്തെ സേവിക്കുകയും അനുസരിക്കുകയും, അവിടത്തെ കൽപ്പനകൾ ലംഘിക്കാതിരിക്കുകയും ചെയ്യുമെങ്കിൽ, അങ്ങനെ നിങ്ങളും നിങ്ങളെ ഭരിക്കുന്നരാജാവും നിങ്ങളുടെ ദൈവമായ യഹോവയെ അനുഗമിക്കുമെങ്കിൽ, നിങ്ങൾക്ക് അഭിവൃദ്ധിയുണ്ടാക്കും. 15 എന്നാൽ, നിങ്ങൾ യഹോവയെ അനുസരിക്കാതിരിക്കുകയും അവിടത്തെ കൽപ്പനകളെ ധിക്കരിക്കുകയും ചെയ്താൽ അവിടത്തെ കരങ്ങൾ നിങ്ങളുടെ പിതാക്കന്മാർക്ക് എതിരായിരുന്നതുപോലെ, നിങ്ങൾക്കും എതിരായിരിക്കും.

    16 “ആകയാൽ ഇപ്പോൾ ഇവിടെ നിങ്ങളുടെ കണ്മുമ്പിൽവെച്ചുതന്നെ യഹോവ ചെയ്യാൻപോകുന്ന മഹാകാര്യം കണ്ടുകൊൾക. 17 ഇത് ഗോതമ്പുകൊയ്ത്തിന്റെ കാലമല്ലേ? ഞാൻ യഹോവയോട് അപേക്ഷിക്കും; അവിടന്ന് ഇടിയും മഴയും അയയ്ക്കും. അങ്ങനെ നിങ്ങൾ ഒരു രാജാവിനെ ചോദിച്ചത് യഹോവയുടെ ദൃഷ്ടിയിൽ എത്രമാത്രം നിന്ദ്യമായ കാര്യമായിരുന്നു എന്നു നിങ്ങൾക്കു ബോധ്യമാകും.”

    18 അതിനുശേഷം ശമുവേൽ യഹോവയോട് അപേക്ഷിച്ചു. അന്നുതന്നെ യഹോവ ഇടിയും മഴയും അയച്ചു. അതിനാൽ ജനമെല്ലാം യഹോവയുടെയും ശമുവേലിന്റെയുംമുമ്പാകെ ഏറ്റവും ഭയത്തോടുകൂടെ നിന്നു.

    19 ജനമെല്ലാം ശമുവേലിനോട് അപേക്ഷിച്ചു: “ഞങ്ങൾ ചെയ്ത മറ്റെല്ലാ പാപങ്ങളോടുംകൂടെ, ഒരു രാജാവിനെ ചോദിച്ചതുവഴി, ഒരു തിന്മകൂടി ഞങ്ങൾ കൂട്ടിയിരിക്കുന്നു. അങ്ങയുടെ ദാസന്മാരായ ഞങ്ങൾ മരിച്ചുപോകാതിരിക്കേണ്ടതിന് അങ്ങയുടെ ദൈവമായ യഹോവയോടു ഞങ്ങൾക്കുവേണ്ടി അപേക്ഷിച്ചാലും!”

  16. 1 “വരിക, നമുക്കു യഹോവയുടെ അടുക്കലേക്കു മടങ്ങിപ്പോകാം.

    യഹോവ നമ്മെ കടിച്ചുകീറിക്കളഞ്ഞിരിക്കുന്നു;

    എങ്കിലും അവിടന്നു നമ്മെ സൗഖ്യമാക്കും.

    അവിടന്നു നമ്മെ മുറിവേൽപ്പിച്ചിരിക്കുന്നു;

    അവിടന്നുതന്നെ നമ്മുടെ മുറിവു കെട്ടും.

    2 രണ്ടുദിവസത്തിനുശേഷം അവിടന്ന് നമ്മെ ജീവിപ്പിക്കും;

    മൂന്നാംദിവസം അവിടന്ന് നമ്മെ പുനരുദ്ധരിക്കും,

    നാം അവിടത്തെ സാന്നിധ്യത്തിൽ ജീവിക്കേണ്ടതിനുതന്നെ.

    3 നാം യഹോവയെ അംഗീകരിക്കുക;

    അവിടത്തെ അംഗീകരിക്കാൻ നാം ജാഗ്രതയുള്ളവരായിരിക്കുക.

    സൂര്യോദയംപോലെ സുനിശ്ചിതമായിരിക്കുന്നതുപോലെ

    ആയിരിക്കും അവിടത്തെ പ്രത്യക്ഷതയും.

    അവിടന്നു ശീതകാലമഴപോലെ നമുക്കു പ്രത്യക്ഷനാകും

    വസന്തകാലമഴ ഭൂമിയെ നനയ്ക്കുമ്പോലെതന്നെ.”

  17. 1 വസന്തകാലത്ത് മഴയ്ക്കുവേണ്ടി യഹോവയോട് അപേക്ഷിക്കുക;

    യഹോവയാണല്ലോ മിന്നൽപ്പിണർ അയയ്ക്കുന്നത്.

    അവിടന്ന് സകലജനത്തിനും മഴ വർഷിപ്പിക്കുന്നു

    എല്ലാവർക്കും വയലിലെ സസ്യങ്ങളും നൽകുന്നു.

  18. 6 മഞ്ഞിനോട്, ‘ഭൂമിയിൽ പതിക്കുക’ എന്നും

    മഴയോട്, ‘അതിശക്തമായ പേമാരി പൊഴിക്കുക’ എന്നും അവിടന്നു കൽപ്പിക്കുന്നു.

    7 സകലമനുഷ്യരും അവിടത്തെ പ്രവൃത്തി ഗ്രഹിക്കേണ്ടതിന്,

    അവിടന്ന് ഓരോ മനുഷ്യന്റെയും പ്രവൃത്തികൾ നിർത്തിവെപ്പിക്കുന്നു.

  19. 1 നിന്റെ ധാന്യം സമുദ്രമാർഗം കയറ്റിയയയ്ക്കുക;

    വളരെ നാളുകൾക്കുശേഷം അതിൽനിന്നുള്ള ലാഭം നിന്നിലേക്ക് ഒഴുകിയെത്തും.

    2 നിനക്കുള്ളത് ഏഴോ എട്ടോ ആയി വിഭജിച്ച് നിക്ഷേപിക്കുക;

    എന്തു ദുരന്തമാണ് ദേശത്ത് വരുന്നതെന്ന് നീ അറിയുന്നില്ലല്ലോ.

    3 മേഘങ്ങളിൽ ജലകണികകൾ നിറഞ്ഞാൽ,

    അവ ഭൂമിയിലേക്കു പെയ്തിറങ്ങും.

    ഒരു വൃക്ഷം വീഴുന്നത് തെക്കോട്ടായാലും വടക്കോട്ടായാലും,

    അതു വീഴുന്നത് എവിടെയോ അവിടെത്തന്നെ കിടക്കും.

    4 കാറ്റിനെ നിരീക്ഷിക്കുന്നവർ വിതയ്ക്കുകയില്ല;

    മേഘങ്ങളെ നോക്കുന്നവർ കൊയ്യുകയുമില്ല.

    5 കാറ്റിന്റെ ഗതി നിനക്ക് അജ്ഞാതമായിരിക്കുന്നതുപോലെ,

    ശരീരം അമ്മയുടെ ഗർഭത്തിൽ ഉരുവാകുന്നത് എങ്ങനെയെന്നും നീ അറിയുന്നില്ലല്ലോ,

    അതുകൊണ്ട്, സകലതും ഉണ്ടാക്കിയ ദൈവത്തിന്റെ പ്രവൃത്തിയും

    നിനക്കു മനസ്സിലാക്കാൻ കഴിയുകയില്ല.

    6 പ്രഭാതത്തിൽ നിന്റെ വിത്തു വിതയ്ക്കുക,

    സായാഹ്നത്തിൽ നിന്റെ കരങ്ങൾ അലസവും ആകരുത്,

    കാരണം ഇതോ അതോ

    ഏതു സഫലമാകുമെന്നോ

    അല്ലെങ്കിൽ രണ്ടും ഒരുപോലെ നന്നായിരിക്കുമെന്നോ നിനക്ക് അറിയില്ലല്ലോ.

  20. 16 ജെറുശലേമിനെ ആക്രമിച്ച സകലരാജ്യങ്ങളിലും യുദ്ധം അതിജീവിച്ചവർ വർഷംതോറും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ ആരാധിക്കുന്നതിനും കൂടാരപ്പെരുന്നാൾ ആഘോഷിക്കുന്നതിനും കയറിവരും. 17 സൈന്യങ്ങളുടെ യഹോവയായ രാജാവിനെ ആരാധിക്കാൻ ഭൂമിയിലെ ഏതെങ്കിലുമൊരു ജനവിഭാഗം ജെറുശലേമിലേക്കു കയറിച്ചെല്ലാതിരുന്നാൽ അവർക്കു മഴ ഉണ്ടാകുകയില്ല. 18 ഈജിപ്റ്റിലെ ജനം കയറിച്ചെന്ന് അതിൽ പങ്കെടുക്കാതിരുന്നാൽ അവർക്കും മഴ ഉണ്ടാകുകയില്ല. കൂടാരപ്പെരുന്നാൾ ആഘോഷിക്കാൻ പോകാത്ത രാജ്യങ്ങളുടെമേൽ യഹോവ വരുത്തുന്ന ബാധ അവരുടെമേലും വരുത്തും. 19 ഈജിപ്റ്റിനും കൂടാരപ്പെരുന്നാൾ ആഘോഷിക്കുന്നതിനു കയറിച്ചെല്ലാത്ത എല്ലാ രാജ്യങ്ങൾക്കും ശിക്ഷ ഇതുതന്നെയായിരിക്കും.

  21. 22 ഇതര ജനതകളുടെ മിഥ്യാമൂർത്തികളിൽ മഴപെയ്യിക്കാൻ കഴിയുന്ന ആരെങ്കിലും ഉണ്ടോ?

    അഥവാ, ആകാശം സ്വയമേവയാണോ മഴ നൽകുന്നത്?

    അല്ല, ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങാണല്ലോ അതു നൽകുന്നത്.

    അതിനാൽ ഞങ്ങളുടെ പ്രത്യാശ അങ്ങയിലാണ്,

    കാരണം അങ്ങാണല്ലോ ഇവയെല്ലാം ചെയ്യുന്നത്.

  22. 15 പ്രശോഭിതമാകുന്ന രാജമുഖത്തു ജീവനുണ്ട്;

    അവിടത്തെ പ്രസാദം വസന്തകാല മഴമേഘത്തിനുതുല്യമാണ്.

  23. 4 ഏഴുദിവസം കഴിഞ്ഞ്, ഞാൻ ഭൂമിയിൽ നാൽപ്പതുപകലും നാൽപ്പതുരാവും മഴപെയ്യിക്കുകയും ഞാൻ നിർമിച്ച സകലജീവികളെയും ഭൂമുഖത്തുനിന്നു തുടച്ചുനീക്കുകയും ചെയ്യും.”

    5 യഹോവ തന്നോടു കൽപ്പിച്ചതുപോലെതന്നെയെല്ലാം നോഹ ചെയ്തു.

  24. 1 ഗിലെയാദിലെ തിശ്ബി സ്വദേശിയായ ഏലിയാവ് ആഹാബ് രാജാവിനോട്: “ഞാൻ സേവിക്കുന്ന ഇസ്രായേലിന്റെ ദൈവമായ ജീവനുള്ള യഹോവയാണെ, ഞാൻ കൽപ്പിച്ചല്ലാതെ വരുന്ന ഏതാനും വർഷങ്ങളിൽ മഞ്ഞോ മഴയോ ഉണ്ടാകുകയില്ല” എന്നു പറഞ്ഞു.

  25. 24 ‘നമ്മുടെ തക്കസമയത്തു മുന്മഴയും പിന്മഴയും തരുന്ന

    നമ്മുടെ ദൈവമായ യഹോവയെ നമുക്കു ഭയപ്പെടാം,

    അവിടന്നു തക്കസമയത്ത് നമുക്കു കൊയ്ത്തുകാലം തരുന്നല്ലോ,’

    എന്ന് അവർ ഹൃദയത്തിൽ പറയുന്നില്ല.

  26. 22 പകർച്ചവ്യാധിയും രക്തച്ചൊരിച്ചിലുംകൊണ്ട് ഞാൻ അവനെതിരേ ന്യായവിധി നടത്തും. ഞാൻ അവന്റെമേലും അവന്റെ സൈന്യത്തിന്മേലും അവനോടൊപ്പമുള്ള നിരവധി രാഷ്ട്രങ്ങളുടെമേലും പെരുമഴയും മഞ്ഞുകട്ടയും എരിയുന്ന ഗന്ധകവും വർഷിപ്പിക്കും.

  27. 4-5 ആകാശത്തിന്റെയും ഭൂമിയുടെയും ഉൽപ്പത്തിവിവരം ഇപ്രകാരമാണ്:

    യഹോവയായ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച അവസരത്തിൽ വയലിലെ ചെടികളും സസ്യങ്ങളും അന്നുവരെ ഭൂമിയിൽ മുളച്ചിരുന്നില്ല; യഹോവയായ ദൈവം ഭൂമിയിൽ മഴ അയച്ചിരുന്നില്ല, മണ്ണിൽ അധ്വാനിക്കാൻ മനുഷ്യനും ഉണ്ടായിരുന്നില്ല. 6 ഭൂമിയിൽനിന്ന് ഉറവ പൊങ്ങിയായിരുന്നു ഭൂതലം മുഴുവൻ നനഞ്ഞിരുന്നത്.

  28. 2 എന്റെ ഉപദേശം മഴപോലെ വർഷിക്കട്ടെ,

    എന്റെ വചനങ്ങൾ മഞ്ഞുപോലെ പൊഴിയട്ടെ,

    ഇളം പുല്ലിന്മേൽ ചാറ്റൽമഴപോലെ,

    തളിർചെടികളിൽ മാരിപോലെ.

  29. 24 മനുഷ്യർ പാടി പ്രകീർത്തിച്ചിട്ടുള്ള അവിടത്തെ പ്രവൃത്തി,

    മഹിമപ്പെടുത്താൻ മറക്കാതിരിക്കുക.

    25 സകലമനുഷ്യരും അതു കണ്ടിട്ടുണ്ട്;

    മനുഷ്യർ ദൂരത്തുനിന്ന് അത് ഉറ്റുനോക്കും.

    26 ദൈവം എത്രയോ ഉന്നതൻ—നമ്മുടെ സകലവിവേകത്തിനും അതീതൻ!

    അവിടത്തെ സംവത്സരങ്ങൾ നമ്മുടെ ഗണനയിൽ ഒതുങ്ങുന്നുമില്ല.

    27 “അവിടന്നു നീർത്തുള്ളികളെ സംഭരിക്കുന്നു;

    അവ നീരാവിയായി മഴപൊഴിക്കുന്നു.

    28 മേഘങ്ങൾ ഘനീഭവിച്ച് മഴപൊഴിക്കുന്നു;

    മനുഷ്യന്റെമേൽ അതു സമൃദ്ധമായി വർഷിക്കുന്നു.

    29 അവിടന്ന് മേഘങ്ങളെ എങ്ങനെ വിന്യസിക്കുന്നു എന്നും

    അവിടത്തെ കൂടാരത്തിൽനിന്ന് എങ്ങനെ ഇടിമുഴക്കുന്നു എന്നും ആർക്കു ഗ്രഹിക്കാൻ കഴിയും?

    30 അവിടന്നു മിന്നൽപ്പിണർ തനിക്കുചുറ്റും എങ്ങനെ ചിതറിക്കുന്നു എന്നും

    സമുദ്രത്തിന്റെ അടിത്തട്ടുകൾ എങ്ങനെ മൂടുന്നു എന്നും കാണുക.

    31 ഇപ്രകാരം അവിടന്നു ജനതകളെ ഭരിക്കുന്നു;

    ഭക്ഷണവും സമൃദ്ധമായി ദാനംചെയ്യുന്നു.

    32 തന്റെ കൈകൾ അവിടന്നു മിന്നൽപ്പിണർകൊണ്ടു പൊതിയുന്നു;

    നിർദിഷ്ടലക്ഷ്യത്തിൽ പതിക്കാൻ അവിടന്ന് അതിനെ നിയോഗിക്കുന്നു.

    33 അവിടത്തെ ഗർജനം കൊടുങ്കാറ്റിന്റെ ആഗമനം വിളിച്ചറിയിക്കുന്നു;

    കന്നുകാലികളും അതിന്റെ വരവിനെപ്പറ്റി അറിവു കൊടുക്കുന്നു.

  30. 7 സഹോദരങ്ങളേ, കർത്താവിന്റെ പുനരാഗമനംവരെ ദീർഘക്ഷമയോടെ ഇരിക്കുക. ഭൂമി നൽകുന്ന മെച്ചമായ വിളവിനായി മുൻമഴയും പിൻമഴയും പ്രതീക്ഷിച്ചുകൊണ്ട് എത്ര ക്ഷമയോടെയാണ് ഒരു കർഷകൻ കാത്തിരിക്കുന്നത്! 8 നിങ്ങളും ക്ഷമയോടെ കാത്തിരിക്കുക; കർത്താവിന്റെ വരവു സമീപിച്ചിരിക്കുകയാൽ നിങ്ങൾ സ്ഥിരചിത്തരാകുക. 9 സഹോദരങ്ങളേ, നിങ്ങൾ വിധിക്കപ്പെടാതെ ഇരിക്കേണ്ടതിന്, ആരും പരസ്പരം ദുരാരോപണം ഉന്നയിക്കരുത്. ഇതാ, ന്യായാധിപൻ വാതിൽക്കൽ ആയിരിക്കുന്നു!

    10 സഹോദരങ്ങളേ, കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകരെ സഹനത്തിനും ദീർഘക്ഷമയ്ക്കും മാതൃകയായി സ്വീകരിക്കുക. 11 കഷ്ടത സഹിഷ്ണുതയോടെ അഭിമുഖീകരിച്ചവരെ നാം അനുഗൃഹീതരായി പരിഗണിക്കുന്നു. ഇയ്യോബിന്റെ സഹിഷ്ണുതയെക്കുറിച്ചു നിങ്ങൾ കേൾക്കുകയും കർത്താവു വരുത്തിയ ശുഭാന്ത്യം കാണുകയുംചെയ്തിരിക്കുന്നു. കർത്താവ് ദയാപൂർണനും കരുണാമയനും ആകുന്നു.

  31. 10 ഏഴുദിവസം കഴിഞ്ഞപ്പോൾ ഭൂമിയിൽ പ്രളയം ആരംഭിച്ചു.

    11 നോഹയുടെ ആയുസ്സിന്റെ അറുനൂറാംവർഷം, രണ്ടാംമാസം, പതിനേഴാംതീയതിതന്നെ ആഴിയുടെ ഉറവുകൾ തുറക്കപ്പെട്ടു, ആകാശത്തിന്റെ കിളിവാതിലുകളും തുറക്കപ്പെട്ടു. 12 നാൽപ്പതുപകലും നാൽപ്പതുരാവും ഭൂമിയിൽ മഴ പെയ്തുകൊണ്ടേയിരുന്നു.

  32. 6 ആകാശത്തിലും ഭൂമിയിലും

    സമുദ്രങ്ങളിലും അതിന്റെ എല്ലാ ആഴങ്ങളിലും

    യഹോവ തനിക്ക് ഇഷ്ടമുള്ളതൊക്കെയും ചെയ്യുന്നു.

    7 അവിടന്ന് ഭൂമിയുടെ അതിർത്തികളിൽനിന്ന് മേഘങ്ങൾ ഉയരുമാറാക്കുന്നു;

    മഴയോടൊപ്പം അവിടന്ന് മിന്നലിനെ അയയ്ക്കുന്നു

    അവിടത്തെ കലവറകളിൽനിന്ന് കാറ്റിനെ സ്വതന്ത്രമാക്കുന്നു.

  33. 7 “കൊയ്ത്തിനു മൂന്നുമാസമുള്ളപ്പോൾ

    ഞാൻ നിങ്ങൾക്കു മഴ മുടക്കിക്കളഞ്ഞു.

    ഞാൻ ഒരു പട്ടണത്തിൽ മഴ നൽകി,

    മറ്റൊരു പട്ടണത്തിൽ മഴ പെയ്യിച്ചില്ല.

    ഒരു വയലിൽ മഴ പെയ്തു,

    മറ്റൊരു വയലിൽ മഴ പെയ്തില്ല, അത് ഉണങ്ങിപ്പോയി.

  34. 1 വളരെ നാളുകൾക്കുശേഷം—മൂന്നാംവർഷത്തിൽ—യഹോവയുടെ അരുളപ്പാട് ഏലിയാവിനുണ്ടായി: “നീ ചെന്ന് ആഹാബ് രാജാവിന്റെ മുമ്പിൽ മുഖം കാണിക്കുക. ഞാൻ ഭൂമിയിൽ മഴപെയ്യിക്കാൻ പോകുന്നു.” 2 അങ്ങനെ, ആഹാബിന്റെ മുമ്പിൽ മുഖം കാണിക്കുന്നതിനായി ഏലിയാവു പുറപ്പെട്ടു.

    ഈ സമയം, ശമര്യയിൽ ക്ഷാമം അതികഠിനമായിരുന്നു.

  35. 23 അവർ തങ്ങളുടെ വയറുനിറയ്ക്കുമ്പോൾ,

    ദൈവം തന്റെ ക്രോധാഗ്നി അവരിലേക്കു തുറന്നുവിടും

    അവിടത്തെ പ്രഹരം ഒരു മഴപോലെ അവരുടെമേൽ വർഷിക്കും.

  36. 23 വടക്കൻകാറ്റ് അപ്രതീക്ഷിത മഴ കൊണ്ടുവരുന്നതുപോലെ

    കാപട്യമുള്ള നാവ് രോഷാകുലമായ നോട്ടം കൊണ്ടുവരുന്നു.

  37. 7 കാലാകാലങ്ങളിൽ പെയ്യുന്ന മഴവെള്ളം കുടിച്ചിട്ട് ഭൂമി കർഷകനു നല്ല വിളവ് നൽകിയാൽ അത് ദൈവപ്രശംസയ്ക്കു കാരണമാകും.

  38. 12 ദൈവം പിന്നെയും അരുളിച്ചെയ്തു: “എനിക്കും നിങ്ങൾക്കും നിങ്ങളോടുകൂടെ സകലജീവികൾക്കും മധ്യേ, വരുംതലമുറകൾക്കെല്ലാറ്റിനുംവേണ്ടി ഞാൻ ചെയ്യുന്ന ഉടമ്പടിയുടെ ചിഹ്നമാണിത്, 13 ഞാൻ മേഘങ്ങളിൽ എന്റെ വില്ല് സ്ഥാപിക്കുന്നു, അത് എനിക്കും ഭൂമിക്കുംതമ്മിലുള്ള ഉടമ്പടിയുടെ ചിഹ്നമായിരിക്കും. 14 ഞാൻ ഭൂമിക്കുമീതേ മേഘങ്ങളെ വരുത്തുകയും മേഘങ്ങളിൽ മഴവില്ലു പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോൾ 15 നിങ്ങളോടും സകലവിധ ജീവികളോടുമുള്ള എന്റെ ഉടമ്പടി ഞാൻ ഓർക്കും. സമസ്തജീവജാലങ്ങളെയും നശിപ്പിക്കുന്ന പ്രളയം ഇനിയൊരിക്കലും ഉണ്ടാകുകയില്ല. 16 മേഘങ്ങളിൽ വില്ല് പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ഞാൻ അതു കാണുകയും ദൈവവും ഭൂമിയിലെ സകലജീവികളുമായുള്ള ശാശ്വതമായ ഉടമ്പടി ഓർക്കുകയും ചെയ്യും.

    17 “എനിക്കും ഭൂമിയിലെ സകലജീവജാലങ്ങൾക്കും മധ്യേ ഞാൻ ചെയ്യുന്ന ഉടമ്പടിയുടെ ചിഹ്നം ഇതായിരിക്കും,” എന്നും ദൈവം നോഹയോട് അരുളിച്ചെയ്തു.

  39. 27 അവിടത്തെ അരക്കെട്ടുമുതൽ മേലോട്ടുള്ള ഭാഗം അഗ്നികൊണ്ടു നിറഞ്ഞ് വെട്ടിത്തിളങ്ങുന്ന ലോഹംപോലെ കാണപ്പെട്ടു. അവിടത്തെ അരക്കെട്ടുമുതൽ താഴോട്ടുള്ള ഭാഗം അഗ്നിപോലെ ജ്വലിച്ചിരുന്നു; അവിടത്തേക്ക് ചുറ്റും ഉജ്ജ്വലപ്രകാശം ഉണ്ടായിരുന്നു. 28 ചുറ്റുമുള്ള ശോഭ, മഴയുള്ള ദിവസം മേഘത്തിൽ കാണപ്പെടുന്ന മഴവില്ലിന്റെ ശോഭപോലെയായിരുന്നു.

    യഹോവയുടെ മഹത്ത്വത്തിന്റെ സാദൃശ്യം ഈ വിധത്തിലായിരുന്നു. അതു കണ്ടമാത്രയിൽ ഞാൻ കമിഴ്ന്നുവീണു; അപ്പോൾത്തന്നെ ഒരാൾ സംസാരിക്കുന്ന ഒരു ശബ്ദവും ഞാൻ കേട്ടു.

  40. 26 ഞാൻ അവരെയും എന്റെ പർവതത്തിനു ചുറ്റുമുള്ള സ്ഥലങ്ങളെയും ഒരു അനുഗ്രഹമാക്കും. തക്കകാലത്ത് ഞാൻ മഴ അയയ്ക്കും; അനുഗ്രഹവർഷം ഉണ്ടാകുകയും ചെയ്യും. 27 വയലിലെ വൃക്ഷങ്ങൾ ഫലം പുറപ്പെടുവിക്കും; നിലം വിളവുകൾ ഉൽപ്പാദിപ്പിക്കും; ജനം സ്വദേശത്ത് നിർഭയരായിരിക്കും. ഞാൻ അവരുടെ നുകത്തടികൾ ഒടിച്ച് അവരെ അടിമകളാക്കിയവരുടെ കൈയിൽനിന്ന് വിടുവിക്കുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.

  41. 54 പിന്നെ യേശു ജനക്കൂട്ടത്തെ സംബോധനചെയ്തുകൊണ്ട്, “പശ്ചിമദിക്കിൽ ഒരു മേഘം ഉയരുന്നതു കാണുമ്പോൾ ‘പെരുമഴ പെയ്യാൻ പോകുന്നു’ എന്നു നിങ്ങൾ പറയുന്നു; അങ്ങനെ സംഭവിക്കുകയുംചെയ്യുന്നു. 55 തെക്കൻകാറ്റു വീശുമ്പോൾ ‘അത്യുഷ്ണം ഉണ്ടാകും’ എന്നു നിങ്ങൾ പറയുന്നു; അതും അതുപോലെ സംഭവിക്കുന്നു. 56 കപടഭക്തരേ! ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദങ്ങൾ വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം. അങ്ങനെയെങ്കിൽ, നിങ്ങൾക്ക് എന്തുകൊണ്ട് ഈ കാലഘട്ടത്തെ വ്യാഖ്യാനിക്കാൻ കഴിയുന്നില്ല?

  42. 6 പകൽസമയത്തെ ചൂടിൽനിന്ന് ഒരു തണലും അഭയവും കൊടുങ്കാറ്റിൽനിന്നും മഴയിൽനിന്നുമുള്ള ഒരു മറവിടവും സങ്കേതവും ആയിരിക്കും അത്.

  43. 1 വേനൽക്കാലത്തു മഞ്ഞും വിളവെടുപ്പിനു മഴയുംപോലെ,

    ഭോഷർക്കു ബഹുമതിയും അനുയോജ്യമല്ല.

  44. 3 അഗതികളെ പീഡിപ്പിക്കുന്ന ദരിദ്രർ

    വിളയൊന്നുംതന്നെ ശേഷിപ്പിക്കാതെ നശിപ്പിക്കുന്ന പേമാരിപോലെയാണ്.

  45. 8 “മീതേയുള്ള ആകാശമേ, എന്റെ നീതി താഴേക്കു വർഷിക്കുക;

    മേഘങ്ങൾ അതു താഴേക്കു ചൊരിയട്ടെ,

    ഭൂമി വിശാലമായി തുറന്നുവരട്ടെ,

    രക്ഷ പൊട്ടിമുളയ്ക്കട്ടെ.

    നീതി അതോടൊപ്പം സമൃദ്ധിയായി വളരട്ടെ;

    യഹോവയായ ഞാൻ അതു സൃഷ്ടിച്ചിരിക്കുന്നു.

  46. 12 നിങ്ങൾക്കുവേണ്ടി നീതി വിതയ്ക്കുക,

    നിത്യസ്നേഹത്തിന്റെ ഫലം കൊയ്യുക.

    തരിശുനിലങ്ങളെ ഉഴുവിൻ,

    യഹോവ വന്നു

    നിങ്ങളുടെമേൽ നീതി വർഷിക്കുന്നതുവരെ

    അവിടത്തെ അന്വേഷിപ്പിൻ.

  47. 33 ഇതിനെത്തുടന്ന് മോശ ഫറവോനെ വിട്ടു നഗരത്തിനു പുറത്തുകടന്നു. അദ്ദേഹം യഹോവയിലേക്കു കൈകൾ മലർത്തി; ഇടിമുഴക്കവും കന്മഴയും നിലച്ചു. പിന്നീടു ദേശത്തു മഴ പെയ്തില്ല. 34 മഴയും കന്മഴയും ഇടിയും നിന്നു എന്നുകണ്ടപ്പോൾ ഫറവോൻ വീണ്ടും പാപംചെയ്തു. അദ്ദേഹവും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും ഹൃദയം കഠിനമാക്കി.

  48. 26 “അവിടത്തെ ജനം അങ്ങയോടു പാപം ചെയ്യുകനിമിത്തം ആകാശം അടഞ്ഞ് മഴയില്ലാതെയിരിക്കുമ്പോൾ—അവിടന്ന് അങ്ങനെ അവരെ ശിക്ഷിക്കുമ്പോൾ—അവർ ഈ ആലയത്തിലേക്കു തിരിഞ്ഞുവന്നു പ്രാർഥിക്കുകയും അവിടത്തെ നാമം ഏറ്റുപറയുകയും തങ്ങളുടെ പാപങ്ങളിൽനിന്നു പിന്തിരിയുകയും ചെയ്യുന്നപക്ഷം, 27 അവിടന്നു സ്വർഗത്തിൽനിന്ന് അതു കേൾക്കണമേ, അവിടത്തെ ദാസരും അവിടത്തെ ജനവുമായ ഇസ്രായേലിന്റെ പാപം ക്ഷമിക്കണമേ. അവർ ജീവിക്കേണ്ട ശരിയായ വഴി അങ്ങ് അവരെ പഠിപ്പിക്കണേ, അങ്ങയുടെ ജനത്തിന് അവിടന്ന് അവകാശമായി നൽകിയ ദേശത്ത് മഴ വർഷിക്കണമേ.

  49. 11 യഹോവ നിന്റെ പിതാക്കന്മാർക്കു നൽകുമെന്നു വാഗ്ദാനംചെയ്ത ദേശത്ത് നിന്റെ ഗർഭഫലത്തിലും നിന്റെ കന്നുകാലികളുടെ കിടാങ്ങളിലും നിന്റെ നിലത്തെ വിളവുകളിലും യഹോവ നിനക്കു സമൃദ്ധമായ അഭിവൃദ്ധി നൽകും.

    12 യഹോവ തന്റെ സ്വർഗീയഭണ്ഡാരം തുറന്ന് യഥാസമയം നിന്റെ ദേശത്തു മഴ നൽകുകയും നിന്റെ കൈകളുടെ പ്രവൃത്തികളെ അനുഗ്രഹിക്കുകയും ചെയ്യും. നീ അനേകം ജനതകൾക്കു വായ്പ കൊടുക്കും, എന്നാൽ ആരിൽനിന്നും നീ കടം വാങ്ങുകയില്ല.

  50. 22 ഇതിനുശേഷം യഹോവ മോശയോട്, “ഈജിപ്റ്റിലെങ്ങും—മനുഷ്യരുടെയും മൃഗങ്ങളുടെയും ഈജിപ്റ്റിലെ വയലുകളിൽ വളരുന്ന സകലതിന്മേലും—കന്മഴ പെയ്യേണ്ടതിനു നിന്റെ കൈ ആകാശത്തേക്കു നീട്ടുക” എന്ന് അരുളിച്ചെയ്തു. 23 മോശ തന്റെ വടി ആകാശത്തേക്കു നീട്ടിയപ്പോൾ യഹോവ ഇടിയും കന്മഴയും അയച്ചു, ഇടിമിന്നൽ ഭൂമിയിലേക്കു പാഞ്ഞിറങ്ങി. അങ്ങനെ യഹോവ ഈജിപ്റ്റുദേശത്തിന്മേൽ കന്മഴ പെയ്യിച്ചു; 24 കൽത്തുണ്ടുകൾ വീഴുകയും മിന്നൽ അങ്ങോട്ടും ഇങ്ങോട്ടും പായുകയും ചെയ്തു. ഈജിപ്റ്റ് ഒരു ദേശമായിത്തീർന്നതിനുശേഷം ഇപ്രകാരം തീവ്രമായ ഒരു കന്മഴ ഉണ്ടായിട്ടില്ല. 25 ഈജിപ്റ്റിലുടനീളം, വയലുകളിലുള്ള സകലതിനെയും—മനുഷ്യരെയും മൃഗങ്ങളെയും കന്മഴ തകർത്തു; വയലിലെ സസ്യങ്ങളെയെല്ലാം അതു നശിപ്പിച്ചു. മരങ്ങളെ തകർത്തുകളഞ്ഞു. 26 ഇസ്രായേല്യർ താമസിച്ചിരുന്ന ഗോശെനിൽമാത്രം കന്മഴ പെയ്തില്ല.

  51. 6 ഞാൻ അതിനെ വിജനദേശമാക്കും,

    അതിന്റെ തലപ്പുകൾ വെട്ടിയൊരുക്കുകയോ തടം കിളയ്ക്കുകയോ ചെയ്യുകയില്ല,

    മുള്ളും പറക്കാരയും അതിൽ മുളയ്ക്കും.

    അതിന്മേൽ മഴ ചൊരിയരുതെന്നു

    ഞാൻ മേഘങ്ങളോടു കൽപ്പിക്കും.”

  52. 6 ദുഷ്ടരുടെമേൽ അവിടന്ന്

    എരിയുന്ന തീക്കനലും കത്തിജ്വലിക്കുന്ന ഗന്ധകവും വർഷിക്കുന്നു;

    ചുട്ടുപൊള്ളിക്കുന്ന കാറ്റാണ് അവരുടെ ഓഹരി.

  53. 14 താൻ നൽകാത്ത ദാനത്തെക്കുറിച്ച് വമ്പുപറയുന്നവർ

    മഴനൽകാത്ത മേഘവും കാറ്റുംപോലെയാണ്.

  54. 12 എന്നാൽ ദൈവം തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു;

    തന്റെ ജ്ഞാനത്താൽ അവിടന്ന് ലോകത്തെ സ്ഥാപിച്ചു

    തന്റെ വിവേകത്താൽ ആകാശങ്ങളെ വിരിക്കുകയും ചെയ്തു.

    13 അവിടന്ന് ഇടിമുഴക്കുമ്പോൾ, ആകാശത്തിലെ ജലശേഖരം ഗർജിക്കുന്നു;

    അവിടന്നു ഭൂമിയുടെ അതിരുകളിൽനിന്ന് മേഘങ്ങൾ ഉയരുമാറാക്കുന്നു.

    അവിടന്ന് മഴയ്ക്കൊപ്പം മിന്നൽ അയയ്ക്കുന്നു,

    തന്റെ ഭണ്ഡാരത്തിൽനിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു.

  55. 18 അതുകൊണ്ടു നാളെ ഈ നേരത്ത്, ഈജിപ്റ്റിന്റെ സ്ഥാപനംമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ഭയങ്കരമായ കന്മഴ ഞാൻ അയയ്ക്കും.

  56. 12 ഇവർ നിങ്ങളുടെ സ്നേഹവിരുന്നുകളിലെ കളങ്കങ്ങളാണ്. യാതൊരു ലജ്ജയുമില്ലാതെ തിന്നുകുടിച്ചു മദിക്കുന്നവർ! സ്വന്തം വിശപ്പുമാത്രം തീർക്കുന്ന ഇടയന്മാർ! കാറ്റിൽ പാറിപ്പോകുന്ന, വെള്ളമില്ലാത്ത മേഘങ്ങൾ! ഫലമില്ലാത്തതും പിഴുതെടുത്തതും രണ്ടുവട്ടം ചത്തതുമായ ശരൽക്കാല വൃക്ഷങ്ങൾ! 13 സ്വന്തം നാണക്കേടിന്റെ നുരയും പതയും വമിച്ച് അലറുന്ന കടൽത്തിരകൾ! കൊടുംതമസ്സിനായി നിത്യം സൂക്ഷിക്കപ്പെട്ടിരിക്കുന്ന വക്രഗതിയുള്ള നക്ഷത്രങ്ങൾ!

  57. 6 തങ്ങളുടെ പ്രവചനശുശ്രൂഷാകാലത്ത് മഴ പെയ്യാതെ ആകാശം അടച്ചുകളയാൻ അവർക്ക് അധികാരമുണ്ട്. വെള്ളം രക്തമാക്കാനും ആഗ്രഹിക്കുമ്പോഴെല്ലാം സകലവിധ ബാധകളാലും ഭൂമിയെ ദണ്ഡിപ്പിക്കാനുമുള്ള അധികാരവും അവർക്കുണ്ട്.

  58. 10 അയ്യാവിന്റെ മകളായ രിസ്പാ ചാക്കുശീലയെടുത്തു പാറപ്പുറത്തു വിരിച്ച് തനിക്കു കിടക്കയാക്കി. കൊയ്ത്തിന്റെ തുടക്കംമുതൽ ആകാശത്തുനിന്ന് ആ ശവശരീരങ്ങളുടെമേൽ മഴചൊരിയുന്നതുവരെ പകൽ ആകാശത്തിലെ പറവകളോ രാത്രിയിൽ വന്യമൃഗങ്ങളോ ആ ശരീരങ്ങളെ തൊടാൻ അവൾ സമ്മതിച്ചില്ല.

  59. 12 അപ്പോൾ യഹോവ രാത്രിയിൽ അദ്ദേഹത്തിനു പ്രത്യക്ഷനായി ഇപ്രകാരം അരുളിച്ചെയ്തു:

    “ഞാൻ നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. ഈ സ്ഥലം എനിക്കായിട്ടും, എനിക്കു യാഗത്തിനുള്ള ഒരാലയമായിട്ടും ഞാൻ തെരഞ്ഞെടുത്തിരിക്കുന്നു.

    13 “മഴ ലഭിക്കാതവണ്ണം ഞാൻ ആകാശത്തെ അടച്ചുകളയുകയോ ദേശത്തെ തിന്നുമുടിക്കാൻ വെട്ടുക്കിളിയോടു കൽപ്പിക്കുകയോ എന്റെ ജനതയുടെ മധ്യേ മഹാമാരി അയയ്ക്കുകയോ ചെയ്യുമ്പോൾ, 14 ഞാൻ എന്റെ പേരുചൊല്ലി വിളിച്ചിരിക്കുന്ന എന്റെ ജനം സ്വയം താഴ്ത്തി പ്രാർഥിക്കുകയും എന്റെ മുഖം അന്വേഷിക്കുകയും തങ്ങളുടെ ദുഷ്ടവഴികളിൽനിന്നു പിന്തിരിയുകയും ചെയ്യുന്നപക്ഷം ഞാൻ സ്വർഗത്തിൽനിന്ന് കേട്ട് അവരുടെ പാപങ്ങൾ ക്ഷമിച്ച് ദേശത്തിനു സൗഖ്യംനൽകും.

  60. 12 അവിടന്ന് അന്ധകാരത്തെ തനിക്കുചുറ്റും വിതാനമാക്കി നിർത്തി—

    ആകാശത്തിലെ കൊടുംകാർമുകിലുകളെത്തന്നെ.

  61. 2 ഇതാ, കർത്താവിനു ശക്തനും ബലവാനുമായ ഒരുവനുണ്ട്.

    കന്മഴപോലെയും വിനാശകാരിയായ കൊടുങ്കാറ്റുപോലെയും

    കൂലംകുത്തി ജലമൊഴുക്കുന്ന മഴപോലെയും പ്രളയം ഉണ്ടാക്കുന്ന പെരുമഴ പോലെയും,

    അതിശക്തിയോടെ അവൻ അതിനെ നിലത്തു തള്ളിയിടും.