72 Bible Verses About Seeking God
Biblica® Open Malayalam Contemporary Version™ (OMCV)
-
4 യഹോവയോട് ഞാൻ ഒരു കാര്യം അപേക്ഷിക്കുന്നു;
ഇതുതന്നെയാണെന്റെ ആഗ്രഹവും:
യഹോവയുടെ മനോഹാരിത ദർശിക്കുന്നതിനും
അവിടത്തെ ആലയത്തിൽ ധ്യാനിക്കുന്നതിനുമായി
എന്റെ ജീവിതകാലംമുഴുവൻ
യഹോവയുടെ ആലയത്തിൽ അധിവസിക്കുന്നതിനുതന്നെ.
5 അനർഥദിവസത്തിൽ അവിടന്ന്
തന്റെ തിരുനിവാസത്തിൽ എനിക്കു സംരക്ഷണം നൽകും;
അവിടന്ന് തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും
ഒരു പാറമേൽ എന്നെ ഉയർത്തിനിർത്തും.
6 അപ്പോൾ എന്റെ ശിരസ്സ്
എന്നെ വലയംചെയ്യുന്ന ശത്രുക്കൾക്കുമീതേ ഉയർന്നുനിൽക്കും;
ആനന്ദഘോഷത്തോടുകൂടി അവിടത്തെ കൂടാരത്തിൽ ഞാൻ യാഗം അർപ്പിക്കും;
ഞാൻ വാദ്യഘോഷത്തോടെ യഹോവയ്ക്ക് പാടും.
7 യഹോവേ, ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ ശബ്ദം കേൾക്കണമേ;
എന്നോടു കരുണതോന്നി എനിക്കുത്തരമരുളണമേ.
8 “അങ്ങയുടെ മുഖമന്വേഷിക്കുക!” എന്റെ ഹൃദയം അങ്ങയെപ്പറ്റി എന്നോട് മന്ത്രിക്കുന്നു.
യഹോവേ, തിരുമുഖം ഞാൻ അന്വേഷിക്കും.
-
11 കാരണം നിങ്ങളെക്കുറിച്ചുള്ള എന്റെ പദ്ധതികൾ എനിക്കറിയാം, നിങ്ങൾക്കു തിന്മയ്ക്കായിട്ടല്ല, മറിച്ച് നിങ്ങൾക്കൊരു ഭാവിയും ഒരു പ്രത്യാശയും നൽകാൻ തക്കവണ്ണം നന്മയ്ക്കായിട്ടുള്ള ലക്ഷ്യങ്ങളാണ് അവ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. 12 “അന്ന് നിങ്ങൾ എന്നെ വിളിച്ചപേക്ഷിക്കുകയും എന്റെ അടുക്കൽവന്ന് എന്നോടു പ്രാർഥിക്കുകയും ഞാൻ നിങ്ങളുടെ പ്രാർഥന കേൾക്കുകയും ചെയ്യും. 13 നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണഹൃദയത്തോടെ എന്നെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും. 14 നിങ്ങൾ എന്നെ കണ്ടെത്തും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു, “ഞാൻ നിങ്ങളുടെ പ്രവാസം മാറ്റും; നിങ്ങളെ എല്ലാ രാഷ്ട്രങ്ങളിൽനിന്നും ഞാൻ നിങ്ങളെ നാടുകടത്തിക്കളഞ്ഞ സകലസ്ഥലങ്ങളിൽനിന്നും ശേഖരിച്ച്, എവിടെനിന്നു ഞാൻ നിങ്ങളെ ബന്ദികളാക്കി കൊണ്ടുപോയോ, ആ സ്ഥലത്തേക്ക് തിരികെവരുത്തും,” എന്ന് യഹോവയുടെ അരുളപ്പാട്.
-
31 അതുകൊണ്ട്, ‘എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും’ എന്നിങ്ങനെ വിലപിച്ച് വ്യാകുലപ്പെടരുത്. 32 ദൈവത്തെ അറിയാത്തവരാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്കാവശ്യമെന്ന് നിങ്ങളുടെ സ്വർഗസ്ഥപിതാവിന് അറിയാം. 33 നിങ്ങൾ പരമപ്രധാനമായി ദൈവരാജ്യവും ദൈവനീതിയും തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും. 34 അതുകൊണ്ട്, നാളെയെക്കുറിച്ചു വ്യാകുലപ്പെടരുത്; നാളത്തെ ദിവസം അതിനായിത്തന്നെ വ്യാകുലപ്പെട്ടുകൊള്ളും; ഓരോ ദിവസത്തിനും അതിന്റേതായ ക്ലേശങ്ങൾ ഉണ്ടല്ലോ.
-
1 ഇസ്രായേൽഗൃഹമേ, ഈ വചനം കേൾക്കുക, ഞാൻ നിന്നെക്കുറിച്ച് ഈ വിലാപഗാനം പാടുന്നു:
2 “ഇസ്രായേൽ കന്യക വീണുപോയി,
ഇനിയൊരിക്കലും എഴുന്നേൽക്കുകയില്ല!
സ്വദേശത്ത് അവൾ കൈവിടപ്പെട്ടിരിക്കുന്നു,
അവളെ എഴുന്നേൽപ്പിക്കാൻ ആരുമില്ല.”
3 യഹോവയായ കർത്താവ് ഇസ്രായേലിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ആയിരംപേരുമായി പുറപ്പെടുന്ന നിങ്ങളുടെ പട്ടണത്തിൽ
നൂറുപേർമാത്രം ശേഷിക്കും;
നൂറുപേരുമായി പുറപ്പെടുന്ന നിങ്ങളുടെ പട്ടണത്തിൽ
പത്തുപേർമാത്രം ശേഷിക്കും.”
4 യഹോവ ഇസ്രായേലിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“എന്നെ അന്വേഷിച്ചുകൊണ്ടു ജീവിക്കുക;
5 ബേഥേലിനെ അന്വേഷിക്കരുത്,
ഗിൽഗാലിൽ പോകരുത്,
ബേർ-ശേബയിലേക്കു യാത്ര ചെയ്യരുത്.
കാരണം ഗിൽഗാൽ നിശ്ചയമായും പ്രവാസത്തിലേക്കു പോകുകയും
ബേഥേൽ ശൂന്യമായിത്തീരുകയും ചെയ്യും.”
6 നിങ്ങൾ ജീവിച്ചിരിക്കേണ്ടതിനു യഹോവയെ അന്വേഷിപ്പിൻ,
അല്ലെങ്കിൽ, യഹോവ യോസേഫിന്റെ ഗോത്രങ്ങളിലൂടെ അഗ്നിപോലെ കടന്നുപോകും;
അതിനെ ദഹിപ്പിക്കും,
ബേഥേലിൽ അഗ്നികെടുത്താൻ ആരും ഉണ്ടായിരിക്കുകയില്ല.
-
3 അവിടത്തെ വിശുദ്ധനാമത്തിൽ അഭിമാനംകൊള്ളുക;
യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ.
4 യഹോവയെയും അവിടത്തെ ശക്തിയെയും അന്വേഷിക്കുക;
എപ്പോഴും അവിടത്തെ മുഖവും.
-
6 യഹോവയെ കണ്ടെത്താവുന്ന സമയത്ത് അവിടത്തെ അന്വേഷിക്കുക;
അവിടന്നു സമീപസ്ഥനായിരിക്കുമ്പോൾ അവിടത്തെ വിളിച്ചപേക്ഷിക്കുക.
7 ദുഷ്ടർ തങ്ങളുടെ വഴിയെയും
നീതികെട്ടവർ തങ്ങളുടെ നിരൂപണങ്ങളെയും ഉപേക്ഷിക്കട്ടെ.
അവർ യഹോവയിലേക്കു മടങ്ങിവരട്ടെ. അവിടന്ന് അവരോട് കരുണകാണിക്കും,
നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവിടന്നു സമൃദ്ധമായി ക്ഷമിക്കും.
8 “കാരണം എന്റെ ചിന്തകൾ നിങ്ങളുടെ ചിന്തകളല്ല,
നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
9 “ആകാശം ഭൂമിയെക്കാൾ ഉന്നതമായിരിക്കുന്നതുപോലെ,
എന്റെ വഴികൾ നിങ്ങളുടെ വഴികളെക്കാളും
എന്റെ ചിന്തകൾ നിങ്ങളുടെ ചിന്തകളെക്കാളും ഉന്നതമാണ്.
-
10 അവിടത്തെ വിശുദ്ധനാമത്തിൽ അഭിമാനംകൊള്ളുക;
യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ.
11 യഹോവയെയും അവിടത്തെ ശക്തിയെയും അന്വേഷിക്കുക;
എപ്പോഴും അവിടത്തെ മുഖവും.
-
1 വിശ്വാസം എന്നത് നാം പ്രത്യാശിക്കുന്നവയുടെ ഉറപ്പും നമുക്ക് അദൃശ്യമായ കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. 2 ഈ വിശ്വാസത്തിനാണ് പൂർവികർ പ്രശംസിക്കപ്പെട്ടത്.
3 ദൈവവചനത്താൽ പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്ന് വിശ്വാസത്താൽ നാം മനസ്സിലാക്കുന്നു. അങ്ങനെ, ദൃശ്യമായതെല്ലാം അദൃശ്യമായതിൽനിന്ന് ഉളവായി എന്നു നാം അറിയുന്നു.
4 ഹാബേൽ ദൈവത്തിനു കയീന്റേതിലും വിശിഷ്ടമായ ഒരു യാഗം, വിശ്വാസത്താൽ അർപ്പിച്ചു. അതിനാൽ അദ്ദേഹത്തിന് നീതിനിഷ്ഠൻ എന്നു സാക്ഷ്യം ലഭിച്ചു. ദൈവം അദ്ദേഹത്തിന്റെ വഴിപാട് അംഗീകരിച്ചു. അദ്ദേഹം മരിച്ചെങ്കിലും വിശ്വാസത്താൽ ഇപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നു.
5 ഹാനോക്ക് മരണം അനുഭവിക്കാതെ, വിശ്വാസത്താൽ എടുക്കപ്പെട്ടു; “ദൈവം അദ്ദേഹത്തെ തന്റെ അടുത്തേക്കെടുത്തതിനാൽ പിന്നെ കാണപ്പെട്ടതേയില്ല;” എടുക്കപ്പെടുന്നതിനു മുമ്പ്, ദൈവത്തെ പ്രസാദിപ്പിച്ചവൻ എന്ന സാക്ഷ്യം അദ്ദേഹത്തിനു ലഭിച്ചു. 6 വിശ്വാസംകൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യം; ദൈവത്തിന്റെ അടുക്കൽ വരാൻ ആഗ്രഹിക്കുന്നയാൾ ദൈവം ഉണ്ടെന്നും തന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർക്ക് അവിടന്ന് പ്രതിഫലം നൽകുമെന്നും വിശ്വസിക്കേണ്ടതാണ്.
7 നോഹ, അതുവരെയും കണ്ടിട്ടില്ലാതിരുന്ന കാര്യങ്ങളെക്കുറിച്ചു മുന്നറിയിപ്പു ലഭിച്ചപ്പോൾ തന്റെ കുടുംബത്തെ രക്ഷിക്കുന്നതിനുവേണ്ടി ഭയഭക്തിയോടെ, വിശ്വാസത്താൽ ഒരു വലിയ പെട്ടകം നിർമിച്ചു; വിശ്വാസത്താൽ ലോകത്തെ കുറ്റം വിധിച്ച്, വിശ്വാസത്തിൽ അധിഷ്ഠിതമായ നീതിക്ക് അവകാശിയായിത്തീർന്നു.
8 അബ്രാഹാം തനിക്ക് ഓഹരിയായി ലഭിക്കാനിരുന്ന ദേശത്തേക്കു പോകാൻ വിളിക്കപ്പെട്ടപ്പോൾ താൻ എവിടേക്കു പോകുന്നു എന്നറിയാതെ വിശ്വാസത്താൽ അനുസരണയോടെ യാത്രപുറപ്പെട്ടു. 9 അദ്ദേഹം വാഗ്ദാനദേശത്ത് വിശ്വാസത്താൽ ഒരു പ്രവാസിയെപ്പോലെ ജീവിച്ചു. ഇതേ വാഗ്ദാനത്തിന് അവകാശികളായ യിസ്ഹാക്കും യാക്കോബും അതുപോലെതന്നെ കൂടാരങ്ങളിൽ താമസിച്ചു. 10 ദൈവം ശില്പിയും നിർമാതാവുമായി അടിസ്ഥാനമിട്ട ഒരു നഗരത്തിനായി അബ്രാഹാം കാത്തിരുന്നു. 11 സാറ വന്ധ്യയും വയോധികയും ആയിരുന്നിട്ടും വിശ്വാസത്താൽ, “വാഗ്ദാനംചെയ്ത ദൈവം വിശ്വസ്തൻ” എന്നു കണക്കാക്കിയതുകൊണ്ട്, ഗർഭധാരണത്തിന് ശക്തയായിത്തീർന്നു. 12 അങ്ങനെ ഒരു മനുഷ്യനിൽനിന്ന്, മൃതപ്രായനായവനിൽനിന്നുതന്നെ, ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും സമുദ്രതീരത്തെ മണൽത്തരിപോലെയും അസംഖ്യം സന്തതികൾ ഉത്ഭവിച്ചു.
13 ഇവരെല്ലാവരും വിശ്വാസത്തിൽ മരണംവരെ ഉറച്ചുനിന്നു. അവർ സ്വന്തം ജീവിതകാലത്ത് വാഗ്ദാനനിവൃത്തി കരഗതമാകാതെ, ദൂരെനിന്ന് അവയെ (വിശ്വാസത്താൽ) കണ്ട്, ഈ ലോകത്തിൽ തങ്ങൾ അപരിചിതരും വിദേശികളും എന്നു ബോധ്യപ്പെട്ട് അവയെ (ആനന്ദത്തോടെ) സ്വാഗതംചെയ്തു. 14 ഇങ്ങനെ (അവരുടെ പ്രവൃത്തിയിലൂടെ) പറയുന്നവർ, തങ്ങൾക്ക് സ്വന്തമായി ഒരു ദേശം അന്വേഷിക്കുന്നെന്നു സുവ്യക്തമാക്കുകയാണ്. 15 തങ്ങൾ വിട്ടുപോന്ന ദേശത്തെക്കുറിച്ച് ഗൃഹാതുരരായിരുന്നെങ്കിൽ അവർക്ക് മടങ്ങിപ്പോകാൻ സമയമുണ്ടായിരുന്നു. 16 എന്നാൽ അവരാകട്ടെ, അധികം ശ്രേഷ്ഠമായ സ്ഥലം, സ്വർഗീയമാതൃരാജ്യംതന്നെ, വാഞ്ഛിച്ചുകൊണ്ടിരുന്നു. അതുകൊണ്ടു ദൈവം, അവരുടെ ദൈവം എന്നു വിളിക്കപ്പെടാൻ ലജ്ജിക്കുന്നില്ല; കാരണം അവിടന്ന് അവർക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നു.
-
27 യഹോവ നിങ്ങളെ ഇതര ജനതകൾക്കിടയിൽ ചിതറിക്കും. യഹോവ നിങ്ങളെ ചിതറിക്കുന്ന ജനതകളുടെ ഇടയിൽ നിങ്ങൾ ചുരുക്കംപേർമാത്രമായി ശേഷിക്കും. 28 അവിടെ നിങ്ങൾ കാണാനും കേൾക്കാനും ഭക്ഷിക്കാനും മണക്കാനും കഴിവില്ലാത്തതും കല്ലും മരവുംകൊണ്ടുള്ളതും മനുഷ്യനിർമിതവുമായ ദേവന്മാരെ ആരാധിക്കും. 29 എന്നാൽ അവിടെവെച്ചു നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കും. പൂർണഹൃദയത്തോടും പൂർണാത്മാവോടും നിങ്ങൾ അന്വേഷിക്കുന്നെങ്കിൽ അവിടത്തെ കണ്ടെത്തും. 30 നിങ്ങൾക്ക് കഷ്ടതനേരിടുകയും ഇവ എല്ലാം ജീവിതത്തിൽ സംഭവിക്കുകയുംചെയ്യുമ്പോൾ, ഒടുവിൽ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിലേക്ക് മടങ്ങിവന്ന് അവിടത്തെ വചനം അനുസരിക്കും. 31 കാരണം നിങ്ങളുടെ ദൈവമായ യഹോവ കരുണയുള്ള ദൈവമാണ്; അവിടന്ന് നിങ്ങളെ തള്ളിക്കളയുകയോ നശിപ്പിക്കുകയോ നിങ്ങളുടെ പിതാക്കന്മാരോടു ശപഥംചെയ്ത് ഉറപ്പിച്ച അവിടത്തെ ഉടമ്പടി മറക്കുകയോ ചെയ്യുകയില്ല.
-
7 “അപേക്ഷിക്കുക, നിങ്ങൾക്ക് അതു ലഭിക്കും; അന്വേഷിക്കുക, നിങ്ങൾ കണ്ടെത്തും; മുട്ടുക, നിങ്ങൾക്കായി വാതിൽ തുറക്കപ്പെടും. 8 അപേക്ഷിക്കുന്നവർക്കു ലഭിക്കുന്നു; അന്വേഷിക്കുന്നവർ കണ്ടെത്തുന്നു; മുട്ടുന്നവർക്ക് വാതിൽ തുറക്കപ്പെടുന്നു.
9 “നിങ്ങളുടെ മകൻ അപ്പം ചോദിച്ചാൽ നിങ്ങളിലാരാണ് അവനു കല്ലു കൊടുക്കുക? 10 അല്ലാ, മീൻ ചോദിച്ചാൽ നിങ്ങളിലാരാണ് പാമ്പിനെ നൽകുന്നത്? 11 മക്കൾക്കു നല്ല ദാനങ്ങൾ കൊടുക്കാൻ പാപികളായ നിങ്ങൾക്കറിയാമെങ്കിൽ, സ്വർഗസ്ഥപിതാവ് തന്നോടപേക്ഷിക്കുന്നവർക്കു നല്ല ദാനങ്ങൾ എത്രയധികമായി നൽകും! 12 അതുകൊണ്ട്, മറ്റുള്ളവർ നിങ്ങളോടു ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നിങ്ങൾ അവരോടും ചെയ്യുക; ഇതുതന്നെയാണ് ന്യായപ്രമാണവും പ്രവാചകന്മാരും പറയുന്നതിന്റെ സാരാംശം.
13 “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക. നാശത്തിലേക്കു നയിക്കുന്ന വാതിൽ വീതിയുള്ളതും വഴി വിസ്തൃതവുമാകുന്നു; അതിലൂടെ പ്രവേശിക്കുന്നവർ അനേകരാണ്. 14 എന്നാൽ, ജീവനിലേക്കു നയിക്കുന്ന വാതിൽ എത്രയോ ഇടുങ്ങിയതും പാത ദുഷ്കരവുമാണ്; അതു കണ്ടെത്തുന്നവരോ വിരളം.
-
12 നിങ്ങൾക്കുവേണ്ടി നീതി വിതയ്ക്കുക,
നിത്യസ്നേഹത്തിന്റെ ഫലം കൊയ്യുക.
തരിശുനിലങ്ങളെ ഉഴുവിൻ,
യഹോവ വന്നു
നിങ്ങളുടെമേൽ നീതി വർഷിക്കുന്നതുവരെ
അവിടത്തെ അന്വേഷിപ്പിൻ.
-
17 തന്റെ മകനായ ശലോമോനെ സഹായിക്കാൻ ദാവീദ് ഇസ്രായേലിലെ സകലപ്രഭുക്കന്മാരോടും കൽപ്പിച്ചു. 18 അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെകൂടെ ഉണ്ടല്ലോ! എല്ലാ രംഗത്തും അവിടന്ന് നിങ്ങൾക്കു വിശ്രമം നൽകിയിട്ടുമുണ്ടല്ലോ! അവിടന്ന് ദേശത്തിലെ പൂർവനിവാസികളെ എന്റെ കൈയിൽ ഏൽപ്പിച്ചു. ദേശം ഇന്ന് യഹോവയ്ക്കും അവിടത്തെ ജനത്തിനും അധീനമായിരിക്കുന്നു. 19 ഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കുന്നതിന് നിങ്ങളുടെ ഹൃദയങ്ങളെയും ആത്മാവിനെയും സമർപ്പിക്കുക! ദൈവമായ യഹോവയുടെ വിശുദ്ധമന്ദിരം പണിയാൻ തുടങ്ങുക; യഹോവയുടെ ഉടമ്പടിയുടെ പേടകവും നമ്മുടെ ദൈവത്തിന്റെ മറ്റു വിശുദ്ധവസ്തുക്കളും യഹോവയുടെ നാമത്തിനുവേണ്ടി പണിയപ്പെടുന്ന ആലയത്തിലേക്കു കൊണ്ടുവരാൻ നിങ്ങൾക്കു കഴിയട്ടെ.”
-
2 ദൈവത്തെ അന്വേഷിക്കുന്ന
വിവേകിയുണ്ടോ എന്നറിയാൻ
യഹോവ സ്വർഗത്തിൽനിന്നു
മാനവവംശത്തെ നോക്കുന്നു.
3 എന്നാൽ, സകലരും വഴിതെറ്റിപ്പോയിരിക്കുന്നു, എല്ലാവരും വക്രതയുള്ളവരായിത്തീർന്നിരിക്കുന്നു;
നന്മചെയ്യുന്നവർ ആരുമില്ല,
ഒരൊറ്റവ്യക്തിപോലുമില്ല.
-
1 ബാബേൽ രാജ്യത്തിൽ രാജാവായിത്തീർന്നവനും മേദ്യനായ അഹശ്വേരോശിന്റെ പുത്രനുമായ ദാര്യാവേശിന്റെ ഭരണത്തിന്റെ ഒന്നാംവർഷത്തിൽ, 2 ദാനീയേൽ എന്ന ഞാൻ, ജെറുശലേമിന്റെ ശൂന്യാവസ്ഥ എഴുപതു വർഷംകൊണ്ട് അവസാനിക്കും എന്നു യിരെമ്യാപ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാടനുസരിച്ചുള്ള ഒരു കാലസംഖ്യ തിരുവെഴുത്തുകളിൽനിന്ന് ഗ്രഹിച്ചു. 3 അതിനാൽ ഞാൻ ഉപവസിച്ചും ചാക്കുശീലയുടുത്തും വെണ്ണീറിൽ ഇരുന്നുംകൊണ്ട് പ്രാർഥനയിലും യാചനയിലുമായി കർത്താവായ ദൈവത്തെ അന്വേഷിക്കാൻ മനസ്സുവെച്ചു.
4 ഞാൻ എന്റെ ദൈവമായ യഹോവയോട് ഇപ്രകാരം പ്രാർഥിച്ച് ഏറ്റുപറഞ്ഞു:
“വലിയവനും ഭയങ്കരനും തന്നെ സ്നേഹിക്കുന്നവർക്കും തന്റെ കൽപ്പനകളെ പ്രമാണിക്കുന്നവർക്കും അചഞ്ചലസ്നേഹത്തിന്റെ ഉടമ്പടി ഉറപ്പിക്കുന്ന ദൈവവുമായ കർത്താവേ,
-
8 യഹോവ നല്ലവനെന്ന് രുചിച്ചറിയുക;
അങ്ങയിൽ അഭയംതേടുന്ന മനുഷ്യർ അനുഗൃഹീതർ.
9 യഹോവയുടെ വിശുദ്ധജനമേ, അവിടത്തെ ഭയപ്പെടുക
അവിടത്തെ ഭക്തന്മാർക്ക് ഒന്നിനും കുറവുണ്ടാകുന്നില്ല.
10 സിംഹക്കുട്ടികൾ ക്ഷീണിതരാകുകയും വിശപ്പനുഭവിക്കുകയും ചെയ്തേക്കാം,
എന്നാൽ യഹോവയെ അന്വേഷിക്കുന്നവർക്ക് ഒരു നന്മയ്ക്കും കുറവുണ്ടാകുന്നില്ല.
-
22 ഈ സംഭാഷണത്തിനുശേഷം യേശു ശിഷ്യന്മാരോടു തുടർന്നു പറഞ്ഞത്: “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും എന്ന് ജീവസന്ധാരണത്തെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങൾ വ്യാകുലപ്പെടരുത്. 23 ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളതാണ്? 24 കാക്കകളെ നോക്കുക! അവ വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യുന്നില്ല; അവയ്ക്കു ഭണ്ഡാരശാലയോ കളപ്പുരയോ ഇല്ല; എങ്കിലും ദൈവം അവയ്ക്കു ഭക്ഷണം നൽകുന്നില്ലേ? പക്ഷികളെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ! 25 വ്യാകുലപ്പെടുന്നതിലൂടെ തന്റെ ജീവിതകാലയളവിനോട് ഒരു നിമിഷം കൂട്ടിച്ചേർക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ? 26 ഈ ഒരു ചെറിയ കാര്യത്തിനുപോലും കഴിവില്ലാതിരിക്കെ, ശേഷമുള്ളതിനെക്കുറിച്ചു നിങ്ങൾ ആകുലപ്പെടുന്നതെന്തിന്?
27 “ശോശന്നച്ചെടികൾ എങ്ങനെ വളരുന്നെന്നു നിരീക്ഷിക്കുക: അവ അധ്വാനിക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല. എന്നിട്ടും, ശലോമോൻപോലും തന്റെ സകലപ്രതാപത്തിലും ഇവയിൽ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. 28 ഇപ്പോഴുള്ളതും നാളെ തീയിൽ കത്തിയമരുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ അലങ്കരിക്കുന്നെങ്കിൽ; അൽപ്പവിശ്വാസികളേ, ദൈവം നിങ്ങളെ അതിനെക്കാളും എത്രയോ അധികം കരുതും! 29 നിങ്ങൾ എന്തു ഭക്ഷിക്കുമെന്നോ എന്തു പാനംചെയ്യുമെന്നോ അന്വേഷിക്കരുത്; അതിനെപ്പറ്റി വ്യാകുലപ്പെടുകയുമരുത്. 30 ദൈവത്തെ അറിയാത്തവരുടെ ലോകമാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്കാവശ്യമെന്ന് നിങ്ങളുടെ പിതാവിനറിയാം. 31 നിങ്ങൾ ആ പിതാവിന്റെ രാജ്യം തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും.
32 “ചെറിയ ആട്ടിൻപറ്റമേ, ഭീതിവേണ്ട, നിങ്ങൾക്ക് അവിടത്തെ രാജ്യഭാരം നൽകാൻ നിങ്ങളുടെ പിതാവിന് പ്രസാദമായിരിക്കുന്നു. 33 നിങ്ങളുടെ വസ്തുവകകൾ വിറ്റു ദരിദ്രർക്കു വിതരണംചെയ്യുക. പഴകാത്ത മടിശ്ശീലയും അക്ഷയനിക്ഷേപവും സ്വർഗത്തിൽ നിങ്ങൾക്കായി കരുതും. അവിടെ കള്ളൻ അടുക്കുകയോ പുഴു നശിപ്പിക്കുയോ ചെയ്യുന്നില്ല. 34 നിന്റെ നിക്ഷേപം ഇരിക്കുന്നിടത്തുതന്നെയായിരിക്കും നിന്റെ ഹൃദയവും.
-
24 “പ്രപഞ്ചവും അതിലുള്ള സകലതും സൃഷ്ടിച്ചത് ദൈവമാണ്. അവിടന്ന് ആകാശത്തിന്റെയും ഭൂമിയുടെയും അധിപനാകുന്നു. മനുഷ്യകരങ്ങളാൽ നിർമിതമായ ആലയങ്ങളിൽ വസിക്കുന്നയാളല്ല സർവേശ്വരൻ. 25 അവിടന്ന് എല്ലാവർക്കും ജീവന്റെയും ശ്വാസത്തിന്റെയുംമാത്രമല്ല സർവനന്മകളുടെയും ദാതാവാകുകയാൽ, അവിടത്തേക്ക് എന്തെങ്കിലും ആവശ്യമുള്ളവൻ എന്നതുപോലെ മനുഷ്യകരങ്ങളാൽ പരിചരിക്കേണ്ടതില്ല. 26 ഭൂമിയിൽ എല്ലായിടത്തും അധിവസിക്കാൻ ഏകമനുഷ്യനിൽനിന്ന് അവിടന്ന് സകലജനതയെയും ഉളവാക്കി; അവർക്കു ജീവിക്കാനുള്ള കാലാവധികളും കൃത്യമായ സ്ഥലങ്ങളും നിർണയിച്ചു. 27 മനുഷ്യർ ദൈവത്തെ അന്വേഷിക്കാനും സാധ്യമെങ്കിൽ ആ അന്വേഷണത്തിലൂടെ ദൈവത്തെ കണ്ടെത്താനുമാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. എന്നാൽ അവിടന്ന് നമ്മിൽ ആരിൽനിന്നും വിദൂരസ്ഥനല്ല.
-
4 ഞാൻ യഹോവയെ അന്വേഷിച്ചു, അവിടന്ന് എനിക്ക് ഉത്തരമരുളി;
എന്റെ എല്ലാ ഭയങ്ങളിൽനിന്നും അവിടന്ന് എന്നെ വിടുവിച്ചു.
5 അങ്ങയെ നോക്കുന്നവർ പ്രകാശപൂരിതരായിത്തീരുന്നു;
അവരുടെ മുഖം ഒരിക്കലും ലജ്ജാഭരിതമാകുകയില്ല.
-
2 സമ്പൂർണഹൃദയത്തോടെ അവിടത്തെ അന്വേഷിക്കുകയും
അവിടത്തെ നിയമവ്യവസ്ഥകൾ അനുസരിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ—
3 അവർ അനീതി പ്രവർത്തിക്കാതെ
അവിടത്തെ വഴികൾതന്നെ പിൻതുടരുന്നു.
-
9 “ആകയാൽ ഇപ്പോൾ എന്റെ മകനേ, ശലോമോനേ, നിന്റെ പിതാവിന്റെ ദൈവത്തെ അറിയുക! സമ്പൂർണ ഹൃദയസമർപ്പണത്തോടും ദൃഢചിത്തതയോടുംകൂടി അവിടത്തെ സേവിക്കുക! കാരണം യഹോവ ഓരോ ചിന്തയ്ക്കും പിന്നിലുള്ള നിനവുകളെ ഗ്രഹിക്കുന്നു. നീ അവിടത്തെ അന്വേഷിക്കുമെങ്കിൽ അവിടത്തെ കണ്ടെത്തും. എന്നാൽ നീ അവിടത്തെ പരിത്യജിച്ചാൽ അവിടന്നു നിന്നെ എന്നേക്കുമായി തള്ളിക്കളയും.
-
10 “നീതിനിഷ്ഠർ ആരുമില്ല, ഒരാൾപോലും ഇല്ല.
11 ഗ്രഹിക്കുന്നവർ ആരുമില്ല,
ദൈവത്തെ അന്വേഷിക്കുന്നവരുമില്ല.
12 എല്ലാവരും വഴിതെറ്റി
ഒന്നടങ്കം കൊള്ളരുതാത്തവരായിത്തീർന്നിരിക്കുന്നു;
നന്മചെയ്യുന്നവർ ആരുമില്ല,
ഒരൊറ്റവ്യക്തിപോലുമില്ല.”
-
21 ദൈവമുമ്പാകെ ഞങ്ങളെത്തന്നെ വിനയപ്പെടുത്തേണ്ടതിനും, സകലസമ്പാദ്യങ്ങളുമായുള്ള ഈ യാത്രയിൽ ഞങ്ങളുടെയും ഞങ്ങളുടെ കുട്ടികളുടെയും സുരക്ഷിതത്വത്തിനുവേണ്ടി യാചിക്കേണ്ടതിനും അഹവാനദിക്കരികെ ഞാൻ ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി. 22 “തന്നെ അന്വേഷിക്കുന്ന ഏതൊരാളുടെയുംമേൽ ദൈവത്തിന്റെ കരുണയുള്ള കൈ ഉണ്ട്; തന്നെ ഉപേക്ഷിക്കുന്നവരുടെ നേരേ അവിടത്തെ മഹാകോപം ഉയരും,” എന്നു രാജാവിനോടു ഞങ്ങൾ പറഞ്ഞിരിക്കുന്നതിനാൽ, വഴിയിൽ ശത്രുക്കളിൽനിന്നും ഞങ്ങളെ സഹായിക്കേണ്ടതിന് രാജാവിനോട് പടയാളികളെയും കുതിരകളെയും ചോദിക്കാൻ ഞാൻ ലജ്ജിച്ചു. 23 അതിനാൽ ഞങ്ങൾ ഉപവസിച്ച് ഞങ്ങൾക്കുവേണ്ടി ഞങ്ങളുടെ ദൈവത്തോട് അപേക്ഷിച്ചു; അവിടന്ന് ഞങ്ങളുടെ പ്രാർഥന കേട്ടു.
-
1 നാണംകെട്ട ജനതയേ,
കൂട്ടിവരുത്തുക, നിങ്ങൾ നിങ്ങളെത്തന്നെ കൂട്ടിവരുത്തുക.
2 നിശ്ചയിക്കപ്പെട്ട സമയം വന്നെത്തുന്നതിനും
ആ ദിവസം പതിരുപോലെ വീശിക്കളയുന്നതിനുംമുമ്പേ,
യഹോവയുടെ ഭയങ്കരകോപം
നിന്റെമേൽ വരുന്നതിനുംമുമ്പേ,
യഹോവയുടെ ക്രോധദിവസം
നിന്റെമേൽ വരുന്നതിനുംമുമ്പേതന്നെ കൂടിവരിക.
3 ദേശത്തിലെ എളിയവരേ, അവിടത്തെ കൽപ്പനകൾ അനുസരിക്കുന്നവരേ,
യഹോവയെ അന്വേഷിക്കുക.
നീതിയെ അന്വേഷിക്കുക, താഴ്മയെ അന്വേഷിക്കുക;
പക്ഷേ, യഹോവയുടെ കോപദിവസത്തിൽ
നിങ്ങൾക്ക് സംരക്ഷണം ലഭിക്കും.
-
5 എന്നാൽ നീ ദൈവത്തോട് പ്രാർഥിക്കുകയും
സർവശക്തനോട് കേണപേക്ഷിക്കുകയും ചെയ്താൽ,
6 നീ നിർമലനും പരമാർഥിയുമെങ്കിൽ,
തീർച്ചയായും അവിടന്നു നിനക്കുവേണ്ടി എഴുന്നേൽക്കും;
നിന്റെ പഴയ ഐശ്വര്യസമൃദ്ധിയിൽത്തന്നെ നിന്നെ പുനഃസ്ഥാപിക്കും.
-
17 എന്നെ സ്നേഹിക്കുന്നവരെ ഞാനും സ്നേഹിക്കുന്നു,
എന്നെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും, നിശ്ചയം.
-
21 എങ്കിലും ഞാൻ ഇത് ഓർക്കും
അതുകൊണ്ട് എനിക്ക് പ്രത്യാശയുണ്ട്:
22 യഹോവയുടെ മഹാസ്നേഹംനിമിത്തം ഞാൻ നശിപ്പിക്കപ്പെട്ടില്ല
അവിടത്തെ കരുണകൾ തീർന്നുപോകുന്നില്ല.
23 അവ പ്രഭാതംതോറും പുതിയതാകുന്നു;
അവിടത്തെ വിശ്വസ്തത വലിയതുമാകുന്നു.
24 ഞാൻ എന്നോടുതന്നെ പറയുന്നു, “യഹോവ എന്റെ ഓഹരി;
അതുകൊണ്ട് ഞാൻ അവിടത്തേക്കായി കാത്തിരിക്കും.”
25 തന്നിൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നവർക്കും
തന്നെ അന്വേഷിക്കുന്നവർക്കും യഹോവ നല്ലവൻ;
26 രക്ഷ യഹോവയിൽനിന്നും വരുന്നതിനായി
ക്ഷമയോടെ കാത്തിരിക്കുന്നത് നല്ലത്.
-
4 അവർ തങ്ങളുടെ അഹന്തയിൽ ദൈവത്തെ അന്വേഷിക്കുന്നില്ല;
അവരുടെ ചിന്തകളിൽ ദൈവത്തിന് ഒരു സ്ഥാനവുമില്ല.
-
ദാവീദിന്റെ ഒരു സങ്കീർത്തനം.
1 ഭൂമിയും അതിലുള്ള സകലതും യഹോവയ്ക്കുള്ളത്,
ഭൂലോകവും അതിൽ അധിവസിക്കുന്ന സകലരും;
2 കാരണം, സമുദ്രത്തിന്മേൽ അവിടന്ന് അതിന് അടിസ്ഥാനമിടുകയും
ജലവിതാനങ്ങൾക്കുമേൽ അത് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.
3 യഹോവയുടെ പർവതത്തിൽ ആരാണ് കയറിച്ചെല്ലുക?
അവിടത്തെ വിശുദ്ധസ്ഥാനത്ത് ആരാണ് നിൽക്കുക?
4 വെടിപ്പുള്ള കൈകളും നിർമലഹൃദയവുമുള്ളവർ,
വിഗ്രഹത്തിൽ ആശ്രയിക്കാതെയും
വ്യാജശപഥം ചെയ്യാതെയുമിരിക്കുന്നവർതന്നെ.
5 അവർ യഹോവയിൽനിന്നുള്ള അനുഗ്രഹം ആസ്വദിക്കുകയും
അവരുടെ രക്ഷകനായ ദൈവത്തിൽനിന്നു കുറ്റവിമുക്തി പ്രാപിക്കുകയും ചെയ്യും.
6 ഇങ്ങനെയുള്ളവരാകുന്നു അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറ,
യാക്കോബിന്റെ ദൈവമേ, തിരുമുഖം തേടുന്നവർ ഇവർതന്നെ. സേലാ.
-
32 പീഡിതർ അതുകണ്ടു സന്തുഷ്ടരാകും—
ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം സജീവമാകട്ടെ!
-
1 ദൈവത്തിന്റെ ആത്മാവ് ഓദേദിന്റെ മകനായ അസര്യാവിന്റെമേൽ വന്നു. 2 അദ്ദേഹം ആസയെ കാണുന്നതിനായി ചെന്ന് അദ്ദേഹത്തോടു പറഞ്ഞു: “ആസാരാജാവേ, സകല യെഹൂദാ-ബെന്യാമീൻഗോത്രക്കാരേ, എന്റെ വാക്കു ശ്രദ്ധയോടെ കേൾക്കുക! നിങ്ങൾ യഹോവയോടുകൂടെ ആയിരിക്കുമ്പോൾ അവിടന്നു നിങ്ങളോടുകൂടെയുണ്ടായിരിക്കും. നിങ്ങൾ അവിടത്തെ അന്വേഷിക്കുമെങ്കിൽ, കണ്ടെത്തും. എന്നാൽ നിങ്ങൾ അവിടത്തെ ഉപേക്ഷിച്ചാൽ അവിടന്നു നിങ്ങളെയും ഉപേക്ഷിക്കും. 3 വളരെക്കാലമായി ഇസ്രായേലിന് സത്യദൈവമോ പ്രബോധിപ്പിക്കാൻ ഒരു പുരോഹിതനോ ന്യായപ്രമാണമോ ഇല്ലാതിരുന്നു. 4 എന്നാൽ അവർ തങ്ങളുടെ കഷ്ടതയിൽ ഇസ്രായേലിന്റെ ദൈവമായ യഹോവയിലേക്കു തിരിഞ്ഞു; അവിടത്തെ അന്വേഷിച്ചു; കണ്ടെത്തുകയും ചെയ്തു.
-
12 തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടി അന്വേഷിക്കും എന്നൊരു ഉടമ്പടിയിൽ അവർ ഏർപ്പെട്ടു. 13 ഇസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കാത്തവർ—ചെറിയവരോ വലിയവരോ സ്ത്രീയോ പുരുഷനോ ആകട്ടെ ആരായാലും—വധശിക്ഷ അനുഭവിക്കണം എന്നും ഉടമ്പടിയിൽ വ്യവസ്ഥ ചെയ്തു. 14 കൊമ്പും കാഹളവും ഊതി, ഉച്ചത്തിൽ ആർത്തുവിളിച്ച്, ജയഘോഷം മുഴക്കി അവർ യഹോവയോടു ശപഥംചെയ്തു. 15 അവർ ശപഥംചെയ്തത് പൂർണഹൃദയത്തോടെ ആയിരുന്നതിനാൽ യെഹൂദാമുഴുവനും ഈ ശപഥത്തിൽ ആഹ്ലാദിച്ചു. അവർ ആത്മാർഥതയോടെ യഹോവയെ അന്വേഷിച്ചു കണ്ടെത്തുകയും ചെയ്തു. അതിനാൽ യഹോവ അവർക്ക് എങ്ങും സ്വസ്ഥതനൽകി.
-
14 ഞാൻ എന്റെ പേരുചൊല്ലി വിളിച്ചിരിക്കുന്ന എന്റെ ജനം സ്വയം താഴ്ത്തി പ്രാർഥിക്കുകയും എന്റെ മുഖം അന്വേഷിക്കുകയും തങ്ങളുടെ ദുഷ്ടവഴികളിൽനിന്നു പിന്തിരിയുകയും ചെയ്യുന്നപക്ഷം ഞാൻ സ്വർഗത്തിൽനിന്ന് കേട്ട് അവരുടെ പാപങ്ങൾ ക്ഷമിച്ച് ദേശത്തിനു സൗഖ്യംനൽകും.
-
18 വലിയൊരു ജനാവലി—എഫ്രയീം, മനശ്ശെ, യിസ്സാഖാർ, സെബൂലൂൻ എന്നീ ഗോത്രങ്ങളിൽനിന്നുള്ള ഭൂരിഭാഗംപേരും—തങ്ങളെത്തന്നെ ശുദ്ധീകരിച്ചിരുന്നില്ല. എന്നിട്ടും വിധിപ്രകാരമല്ലാതെ അവർ പെസഹ ഭക്ഷിച്ചു. എന്നാൽ ഹിസ്കിയാവ് അവർക്കുവേണ്ടി ഇപ്രകാരം പ്രാർഥിച്ചു: “നല്ലവനായ യഹോവേ, ഏവരോടും ക്ഷമിക്കണമേ! 19 വിശുദ്ധസ്ഥലത്തിന്റെ പവിത്രീകരണവിധിപ്രകാരം ശുദ്ധരായിത്തീർന്നിട്ടില്ലെങ്കിലും, തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിക്കാൻ മനസ്സുവെക്കുന്ന ഏവരോടും അങ്ങു ക്ഷമിക്കണമേ!” 20 യഹോവ ഹിസ്കിയാവിന്റെ പ്രാർഥനകേട്ട് ജനത്തെ സൗഖ്യമാക്കി.
-
2 ആസാ തന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ പ്രസാദകരമായതും നീതിയായുള്ളതും പ്രവർത്തിച്ചു. 3 അദ്ദേഹം അന്യദേവന്മാരുടെ ബലിപീഠങ്ങളും ക്ഷേത്രങ്ങളും നീക്കിക്കളഞ്ഞു; ആചാരസ്തൂപങ്ങൾ ഇടിച്ചുതകർത്തു; അശേരാപ്രതിഷ്ഠകൾ വെട്ടിവീഴ്ത്തുകയും ചെയ്തു. 4 തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിക്കാനും അവിടത്തെ നിയമങ്ങളും കൽപ്പനകളും അനുസരിക്കാനും അദ്ദേഹം യെഹൂദയോട് ആജ്ഞാപിച്ചു. 5 എല്ലാ യെഹൂദാനഗരങ്ങളിൽനിന്നും ക്ഷേത്രങ്ങളും ധൂപബലിപീഠങ്ങളും അദ്ദേഹം നീക്കംചെയ്തു. അദ്ദേഹത്തിന്റെ ഭരണത്തിൽ ദേശം സമാധാനപൂർണമായിരുന്നു. 6 ദേശത്തു സമാധാനം നിലനിന്നിരുന്നകാലത്ത് യെഹൂദ്യയിൽ കോട്ടകെട്ടി ബലപ്പെടുത്തിയ നഗരങ്ങൾ അദ്ദേഹം നിർമിച്ചു. യഹോവ അദ്ദേഹത്തിനു സ്വസ്ഥത നൽകിയിരുന്നു. അതിനാൽ ആ വർഷങ്ങളിൽ ആരും അദ്ദേഹവുമായി യുദ്ധത്തിലേർപ്പെട്ടില്ല.
7 ആസാ യെഹൂദാജനതയോടു പറഞ്ഞു: “നമുക്ക് ഈ നഗരങ്ങൾ പണിയാം; അവയ്ക്കുചുറ്റും മതിലുകൾ തീർത്ത് ഗോപുരങ്ങളും കവാടങ്ങളും ഓടാമ്പലുകളും സ്ഥാപിച്ച് അവയെ ബലപ്പെടുത്താം. നാം നമ്മുടെ ദൈവമായ യഹോവയെ അന്വേഷിച്ചതുകൊണ്ട് നാട് ഇപ്പോഴും നമ്മുടെ അധീനതയിൽത്തന്നെ. നാം അവിടത്തെ അന്വേഷിച്ചു; അവിടന്ന് ചുറ്റുപാടും നമുക്കു സമാധാനം നൽകിയിരിക്കുന്നു.” അങ്ങനെ അവർ നിർമാണപ്രവർത്തനങ്ങൾ നടത്തി അഭിവൃദ്ധിപ്രാപിച്ചു.
-
10 അവിടത്തെ നാമം അറിയുന്നവർ അങ്ങയിൽ ആശ്രയംവെക്കുന്നു,
യഹോവേ, അവിടത്തെ അന്വേഷിക്കുന്നവരെ ഒരുനാളും അങ്ങ് ഉപേക്ഷിക്കുകയില്ലല്ലോ.
-
5 ദുഷ്ടർ നീതി എന്തെന്നു തിരിച്ചറിയുന്നില്ല,
എന്നാൽ യഹോവയെ അന്വേഷിക്കുന്നവരെല്ലാം അതു സമ്പൂർണമായി മനസ്സിലാക്കുന്നു.
-
9 “അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: അപേക്ഷിക്കുക, നിങ്ങൾക്ക് അതു ലഭിക്കും; അന്വേഷിക്കുക, നിങ്ങൾ കണ്ടെത്തും; മുട്ടുക, നിങ്ങൾക്കായി വാതിൽ തുറക്കപ്പെടും. 10 അപേക്ഷിക്കുന്നവർക്കു ലഭിക്കുന്നു; അന്വേഷിക്കുന്നവർ കണ്ടെത്തുന്നു; മുട്ടുന്നവർക്ക് വാതിൽ തുറക്കപ്പെടുന്നു.
11 “നിങ്ങളുടെ മകൻ അപ്പം ചോദിച്ചാൽ നിങ്ങളിൽ ഏതു പിതാവാണ് അവന് കല്ലു കൊടുക്കുക? അല്ലാ, മകൻ മീൻ ചോദിച്ചാൽ നിങ്ങളിൽ ഏതു പിതാവാണ് പാമ്പിനെ നൽകുന്നത്? 12 അല്ലാ, മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുന്നത്? 13 മക്കൾക്കു നല്ല ദാനങ്ങൾ കൊടുക്കാൻ പാപികളായ നിങ്ങൾക്കറിയാമെങ്കിൽ, സ്വർഗസ്ഥപിതാവ് തന്നോടപേക്ഷിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്രയധികമായി നൽകും!”
-
16 ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും തങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കാൻ മനസ്സുവെച്ച എല്ലാവരും ലേവ്യരെ പിൻതുടർന്ന് തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്കു യാഗങ്ങൾ അർപ്പിക്കാൻ ജെറുശലേമിലേക്കു വന്നു.
-
3 യെഹോശാഫാത്ത് ബാൽവിഗ്രഹങ്ങളെ അന്വേഷിക്കാതെ തന്റെ പൂർവപിതാവായ ദാവീദിന്റെ ഭരണത്തിന്റെ ആദ്യ വർഷങ്ങളിലേതുപോലെ ജീവിച്ചതുമൂലം യഹോവ അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നു. 4 അദ്ദേഹം ഇസ്രായേലിന്റെ പ്രവർത്തനമാർഗം പിൻതുടരാതെ, തന്റെ പിതാവിന്റെ ദൈവത്തെ അന്വേഷിക്കുകയും അവിടത്തെ കൽപ്പനകൾ അനുസരിക്കുകയും ചെയ്തു. 5 തന്മൂലം യഹോവ അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നു. അവിടന്ന് അദ്ദേഹത്തിന്റെ രാജത്വം സ്ഥിരമാക്കി. യെഹൂദാമുഴുവനും യെഹോശാഫാത്തിനു കാഴ്ചകൾ കൊണ്ടുവന്നു. അദ്ദേഹത്തിനു ധനവും മാനവും വർധിച്ചു. 6 അദ്ദേഹത്തിന്റെ ഹൃദയം യഹോവയുടെ വഴികളിൽ ഏകാഗ്രമായിത്തീരുകയും യെഹൂദ്യയിൽനിന്ന് അദ്ദേഹം ക്ഷേത്രങ്ങളും അശേരാപ്രതിഷ്ഠകളും നീക്കിക്കളയുകയും ചെയ്തു.
-
44 “വയലിൽ ഒളിച്ചുവെച്ച നിധിയോട് സ്വർഗരാജ്യത്തെ ഉപമിക്കാം; അത് ഒരു മനുഷ്യൻ കണ്ട് മറച്ചുവെച്ചു. പിന്നെ ആഹ്ലാദത്തോടെ പോയി, തനിക്കുണ്ടായിരുന്നതെല്ലാം വിറ്റ് ആ വയൽ വാങ്ങി.
45 “ഇനിയും സ്വർഗരാജ്യത്തെ നല്ല രത്നങ്ങൾ അന്വേഷിക്കുന്ന വ്യാപാരിയോട് ഉപമിക്കാം. 46 അയാൾ വിലയേറിയ ഒരു രത്നം കണ്ടിട്ട് പോയി തനിക്കുള്ള സർവതും വിറ്റ് അതു വാങ്ങി.
-
10 ഞാനങ്ങയെ പൂർണഹൃദയത്തോടെ അന്വേഷിക്കുന്നു;
അവിടത്തെ കൽപ്പനകളിൽനിന്നു വ്യതിചലിക്കാൻ എനിക്കിടവരരുതേ.
-
18 അനീതികൊണ്ടു സത്യത്തെ അടിച്ചമർത്തുന്ന മനുഷ്യരുടെ സകലവിധ ദുഷ്ടതയ്ക്കും അനീതിക്കും എതിരേ ദൈവത്തിന്റെ ഉഗ്രകോപം സ്വർഗത്തിൽനിന്ന് പ്രകടമായിക്കൊണ്ടിരിക്കുന്നു. 19 യഥാർഥത്തിൽ, ദൈവത്തെക്കുറിച്ച് അറിയാൻ സാധ്യമായത് അവർക്കു വ്യക്തമായിരുന്നു. കാരണം, ദൈവം അത് അവർക്കു പ്രകടമാക്കി നൽകിയിരുന്നു. 20 ഇങ്ങനെ, അവിടന്നു സൃഷ്ടിച്ച സകലത്തിലൂടെയും തന്റെ അനന്തമായ ശക്തി, ദിവ്യസ്വഭാവം എന്നീ അദൃശ്യമായ ഗുണവിശേഷങ്ങൾ ലോകസൃഷ്ടിമുതൽ ഗ്രഹിക്കാൻ കഴിയുമായിരുന്നു. അതുകൊണ്ട് മനുഷ്യനു യാതൊരു ന്യായീകരണവും പറയാൻ സാധ്യമല്ല.
21 അവർ ദൈവത്തെക്കുറിച്ച് അറിഞ്ഞു എങ്കിലും ദൈവമായി അംഗീകരിച്ച് മഹത്ത്വപ്പെടുത്തുകയോ നന്ദിയുള്ളവരായിരിക്കുകയോ ചെയ്തില്ല; പിന്നെയോ, സ്വന്തം യുക്തിബോധംകൊണ്ട് യാതൊരു പ്രയോജനവും ഇല്ലാതെ അവരുടെ വിവേകശൂന്യമായ ഹൃദയം ഇരുളടഞ്ഞും പോയി. 22 ജ്ഞാനികൾ എന്നു സ്വയം അവകാശപ്പെട്ടുകൊണ്ട് അവർ വെറും മൂഢരായി മാറി. 23 അനശ്വരനായ ദൈവത്തിനു മഹത്ത്വം നൽകേണ്ടതിനു പകരം നശ്വരനായ മനുഷ്യൻ, പക്ഷികൾ, മൃഗങ്ങൾ, ഇഴജന്തുക്കൾ ഇവയുടെ സാദൃശ്യത്തിലുള്ള രൂപങ്ങൾക്ക് അവർ മഹത്ത്വം കൽപ്പിച്ചു.
24 അതുകൊണ്ട്, അവരുടെ ഹൃദയത്തിലെ ദുർമോഹങ്ങളാൽ നിയന്ത്രിക്കപ്പെട്ട് അപമാനകരമായ ശാരീരികവൃത്തികളിൽ പരസ്പരം വ്യാപൃതരാകാൻ ദൈവം അവരെ അശുദ്ധിയിലേക്ക് ഉപേക്ഷിച്ചുകളഞ്ഞു. 25 അവർ ദൈവത്തെക്കുറിച്ചുള്ള സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിക്കുകയും സ്രഷ്ടാവിനെ ആരാധിക്കുന്നതിനു പകരം സൃഷ്ടിയെ വണങ്ങി സേവിക്കുകയും ചെയ്തു. ആ സ്രഷ്ടാവായ ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ.
26 ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ വികാരങ്ങളിലേക്ക് ഉപേക്ഷിച്ചുകളഞ്ഞു; അവരുടെ സ്ത്രീകൾപോലും സ്വാഭാവിക ലൈംഗികവേഴ്ചയ്ക്കു പകരം പ്രകൃതിവിരുദ്ധ ബന്ധങ്ങളിൽ ഏർപ്പെട്ടു. 27 അതുപോലെതന്നെ, സ്ത്രീകളുമായുള്ള സ്വാഭാവിക ലൈംഗികവേഴ്ച ഉപേക്ഷിച്ച് പുരുഷന്മാർ വിഷയാസക്തി മൂത്ത് പരസ്പരം ഹീനകൃത്യങ്ങളിൽ മുഴുകി; അവരുടെ പ്രകൃതിവിരുദ്ധ പ്രവൃത്തികൾക്ക് അർഹമായ പ്രതിഫലം അവരുടെ ശരീരത്തിൽ പ്രാപിക്കുകയും ചെയ്തു.
28 ഇങ്ങനെ ദൈവത്തെ അംഗീകരിക്കുന്നതു ശ്രേഷ്ഠമായി കരുതാതിരുന്നപ്പോൾ, അയോഗ്യമായതു പ്രവർത്തിക്കുന്ന അധമബുദ്ധിക്കു ദൈവം അവരെ വിട്ടുകളഞ്ഞു. 29 അവർ എല്ലാവിധ അനീതിയും ദോഷവും അത്യാഗ്രഹവും തിന്മയും നിറഞ്ഞവരാണ്. അവരുടെ ജീവിതം അസൂയ, കൊലപാതകം, ശണ്ഠ, വഞ്ചന, ദുഷ്ടത എന്നിവ നിറഞ്ഞതാണ്. വൃഥാഭാഷികളും 30 പരദൂഷകരും ദൈവദ്വേഷികളും ധിക്കാരികളും ഗർവിഷ്ഠരും പൊങ്ങച്ചക്കാരുമാണ് അവർ. തിന്മയുടെ പുതിയ വഴികൾ അവർ കണ്ടുപിടിക്കുന്നു. അവർ മാതാപിതാക്കളെ അനുസരിക്കാത്തവരും 31 അവിവേകികളും വിശ്വാസവഞ്ചകരും മനുഷ്യത്വമില്ലാത്തവരും ദയ ഇല്ലാത്തവരും ആണ്. 32 ഇങ്ങനെയുള്ളവർ മരണയോഗ്യരാണ് എന്ന ദൈവകൽപ്പന അറിഞ്ഞിട്ടും അവർ ഇക്കാര്യങ്ങൾതന്നെ തുടർന്നു പ്രവർത്തിക്കുന്നു; അതുമാത്രമോ, അങ്ങനെചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുകയുംചെയ്യുന്നു.
-
4 എന്നാൽ അങ്ങയെ അന്വേഷിക്കുന്ന എല്ലാവരും
അങ്ങയിൽ ആനന്ദിച്ച് ആഹ്ലാദിക്കട്ടെ;
അവിടത്തെ രക്ഷ ആഗ്രഹിക്കുന്നവർ,
“യഹോവ ഉന്നതൻ!” എന്ന് എപ്പോഴും പറയട്ടെ.
5 ഞാൻ ദരിദ്രനും ഞെരുക്കമനുഭവിക്കുന്നവനും എങ്കിലും;
ദൈവമേ, എന്റെ അടുക്കലേക്ക് വേഗം വരണമേ.
അവിടന്ന് എന്റെ സഹായകനും എന്റെ വിമോചകനും ആകുന്നു;
യഹോവേ, താമസിക്കരുതേ.
-
16 എന്നാൽ അങ്ങയെ അന്വേഷിക്കുന്ന എല്ലാവരും
അങ്ങയിൽ ആനന്ദിച്ച് ആഹ്ലാദിക്കട്ടെ;
അവിടത്തെ രക്ഷ ആഗ്രഹിക്കുന്നവർ,
“യഹോവ ഉന്നതൻ” എന്ന് എപ്പോഴും പറയട്ടെ.
-
5 തന്നെ ദൈവഭയത്തിൽ അഭ്യസിപ്പിച്ച സെഖര്യാവിന്റെ ആയുഷ്കാലമെല്ലാം അദ്ദേഹം യഹോവയെ അന്വേഷിച്ചിരുന്നു; അക്കാലമത്രയും യഹോവ അദ്ദേഹത്തിനു വിജയം കൊടുക്കുകയും ചെയ്തു.
-
8 “എന്നാൽ ഞാൻ നിന്റെ സ്ഥാനത്തായിരുന്നെങ്കിൽ, ഞാൻ ദൈവത്തെ അന്വേഷിക്കുമായിരുന്നു;
എന്റെ സങ്കടം അവിടത്തെ മുമ്പിൽ സമർപ്പിക്കുമായിരുന്നു.
9 അളക്കാൻ സാധിക്കാത്ത വൻകാര്യങ്ങളും
അസംഖ്യം അത്ഭുതങ്ങളും അവിടന്ന് പ്രവർത്തിക്കുന്നു.
-
1 സഹായത്തിനായി ഈജിപ്റ്റിലേക്കു പോകുകയും
കുതിരകളെ ആശ്രയിക്കുകയും
അവരുടെ അനവധി രഥങ്ങളിലും
കുതിരച്ചേവകരുടെ ശക്തിയിലും വിശ്വാസമർപ്പിച്ചിട്ട്
ഇസ്രായേലിന്റെ പരിശുദ്ധനിലേക്കു നോക്കാതെയും
യഹോവയുടെ സഹായം അന്വേഷിക്കാതെയുമിരിക്കുന്നവർക്കു ഹാ കഷ്ടം.
-
1 നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ ഉയരത്തിലുള്ളത് അന്വേഷിക്കുക. അവിടെ ദൈവത്തിന്റെ വലതുഭാഗത്ത് ക്രിസ്തു ഉപവിഷ്ടനായിരിക്കുന്നു. 2 ഭൂമിയിലുള്ളവയിലല്ല, ഉയരത്തിലുള്ളവയിൽത്തന്നെ മനസ്സ് കേന്ദ്രീകരിക്കുക.
-
26 ദരിദ്രർ ഭക്ഷിച്ചു തൃപ്തരാകും
യഹോവയെ അന്വേഷിക്കുന്നവർ അവിടത്തെ സ്തുതിക്കും.
അവരുടെ ഹൃദയം എന്നേക്കും സന്തുഷ്ടമായിരിക്കട്ടെ!
-
4 ജെറുശലേമിൽ പാർക്കുന്ന സകലമനുഷ്യർക്കുനേരേയും എന്റെ കരം നീട്ടും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“ഞാൻ ഈ ദേശത്തുനിന്നു ബാലിന്റെ ആരാധനയുടെ സകലശേഷിപ്പിനെയും
വിഗ്രഹാരാധകരായ പുരോഹിതന്മാരുടെ പേരുകളെയും നീക്കിക്കളയും.
5 പുരമുകളിൽ, നക്ഷത്രസമൂഹത്തെ
സേവിച്ചുവണങ്ങുന്നവരെയും
യഹോവയുടെ നാമത്തിൽ വണങ്ങുന്നവരെയും ശപഥംചെയ്യുന്നവരെയും
മോലെക്കിന്റെ നാമത്തിൽ ശപഥംചെയ്യുന്നവരെയും
6 യഹോവയെ അനുഗമിക്കുന്നതിൽനിന്നു പിന്മാറുന്നവരെയും
യഹോവയെ അന്വേഷിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാത്തവരെയുംതന്നെ.”
-
7 അതുകൊണ്ട്, ദൈവത്തിനു സ്വയം സമർപ്പിക്കുക; പിശാചിനോട് ചെറുത്തുനിൽക്കുക, അപ്പോൾ അവൻ നിങ്ങളിൽനിന്ന് ഓടിയകലും. 8 ദൈവത്തോട് അടുത്തുവരിക; അപ്പോൾ അവിടന്നു നിങ്ങളോട് അടുത്തുവരും. പാപികളേ, നിങ്ങളുടെ കൈകൾ നിർമലമാക്കുക; ഇരുമനസ്സുള്ളവരേ, ഹൃദയം ശുദ്ധമാക്കുക.
-
45 അവിടത്തെ പ്രമാണങ്ങൾ ഞാൻ അന്വേഷിക്കുന്നതിനാൽ,
ഞാൻ സ്വാതന്ത്ര്യത്തോടെ ജീവിക്കും.
-
30 യുവാക്കൾപോലും ക്ഷീണിച്ചു തളർന്നുപോകുന്നു,
ചെറുപ്പക്കാർ കാലിടറി നിലംപൊത്തുന്നു;
31 എങ്കിലും യഹോവയ്ക്കായി കാത്തിരിക്കുന്നവർ
അവരുടെ ശക്തി പുതുക്കും.
അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും;
അവർ ഓടും, ക്ഷീണിക്കുകയില്ല,
അവർ നടക്കും, തളർന്നുപോകുകയുമില്ല.
-
4 രാജാവോ പ്രഭുവോ ഇല്ലാതെ ഇസ്രായേൽജനം ദീർഘകാലം ജീവിക്കേണ്ടിവരും. യാഗമില്ലാതെയും ആചാരസ്തൂപങ്ങൾ ഇല്ലാതെയും ഏഫോദില്ലാതെയും ഗൃഹബിംബമില്ലാതെയും ദീർഘകാലം ജീവിക്കും. 5 പിന്നീട് ഇസ്രായേൽജനം മടങ്ങിവന്ന്, തങ്ങളുടെ ദൈവമായ യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും. അന്ത്യനാളുകളിൽ അവർ ഭയന്നുവിറച്ചുകൊണ്ട് യഹോവയുടെ അടുക്കലേക്കും അവിടത്തെ നന്മയിലേക്കും മടങ്ങിവരും.
-
1 “ഇതാ, എനിക്കുമുമ്പേ വഴിയൊരുക്കേണ്ടതിന് ഞാൻ എന്റെ സന്ദേശവാഹകനെ അയയ്ക്കും. നിങ്ങൾ അന്വേഷിക്കുന്ന കർത്താവ് പെട്ടെന്നുതന്നെ തന്റെ ആലയത്തിലേക്ക് വരും; നിങ്ങൾ ഇഷ്ടപ്പെടുന്നവനായ ഉടമ്പടിയുടെ ദൂതൻ വരും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
-
1 ആകയാൽ ശിക്ഷവിധിക്കുന്ന മനുഷ്യാ, നീ ആരുമായിക്കൊള്ളട്ടെ, നിനക്ക് ഒരു ന്യായീകരണവും പറയാനില്ല. മറ്റുള്ളവരെ ശിക്ഷവിധിക്കുന്നതിലൂടെ നീ നിന്നെത്തന്നെയാണ് ശിക്ഷവിധിക്കുന്നത്. കാരണം, ഏതു കാര്യത്തിനു മറ്റൊരാളെ ശിക്ഷവിധിക്കുന്നോ അതേകാര്യം നീയും പ്രവർത്തിക്കുന്നുണ്ടല്ലോ. 2 ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരേ ദൈവം സത്യം ആധാരമാക്കി ശിക്ഷവിധിക്കുമെന്ന് നമുക്കറിയാം. 3 അതുകൊണ്ട് ഹേ മനുഷ്യാ, അത്തരം പ്രവൃത്തികൾ ചെയ്യുന്നവരെ ശിക്ഷവിധിച്ചിട്ട് അതേ പ്രവൃത്തിതന്നെ ചെയ്യുന്ന നിനക്കു ദൈവത്തിന്റെ ശിക്ഷാവിധിയിൽനിന്ന് രക്ഷപ്പെടാൻ സാധിക്കും എന്നു നീ വിചാരിക്കുന്നുണ്ടോ? 4 ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നയിക്കുന്നതിനാണെന്ന് തിരിച്ചറിയാതെ നീ അവിടത്തെ സമൃദ്ധമായ ദയയും സഹിഷ്ണുതയും ദീർഘക്ഷമയും നിസ്സാരമായി കരുതുകയാണോ?
5 എന്നാൽ, ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന ക്രോധദിവസത്തേക്കു, നിന്റെ ശാഠ്യവും അനുതാപമില്ലാത്ത ഹൃദയവും നിമിത്തം നിനക്കുതന്നെ ദൈവക്രോധം ശേഖരിച്ചുവെക്കുകയാണ്. 6 ദൈവം “ഓരോ വ്യക്തിക്കും അവനവന്റെ പ്രവൃത്തിക്കനുസരിച്ചു പകരംചെയ്യും.” 7 നിരന്തരം നന്മപ്രവൃത്തികൾ ചെയ്തുകൊണ്ടു മഹത്ത്വവും മാനവും അനശ്വരതയും അന്വേഷിക്കുന്നവർക്ക് അവിടന്നു നിത്യജീവൻ നൽകും. 8 എന്നാൽ, സത്യം അനുസരിക്കാതെ സ്വാർഥചിന്തയോടുകൂടി ദുഷ്ടതയെ അനുസരിക്കുന്നവരുടെമേൽ കോപവും ക്രോധവും വർഷിക്കും. 9 തിന്മചെയ്യുന്ന ഏതു മനുഷ്യജീവിക്കും ഒന്നാമതു യെഹൂദനും പിന്നീട് യെഹൂദേതരനും പീഡയും സങ്കടവും ഉണ്ടാകും. 10 എന്നാൽ, നന്മ പ്രവർത്തിക്കുന്നവർക്കെല്ലാം, ഒന്നാമതു യെഹൂദനും പിന്നീട് യെഹൂദേതരനും മഹത്ത്വവും ബഹുമാനവും സമാധാനവും ലഭിക്കും; 11 കാരണം, ദൈവം പക്ഷഭേദം ഇല്ലാത്തവനാണ്.
-
1 നിങ്ങൾ പ്രാപിച്ച ദൈവകൃപ വ്യർഥമാക്കരുതെന്ന്, ദൈവത്തിന്റെ സഹപ്രവർത്തകരെന്ന നിലയിൽ ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുന്നു.
2 “പ്രസാദകാലത്തു ഞാൻ നിന്റെ പ്രാർഥന കേട്ടു:
രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു,”
എന്ന് അവിടന്ന് അരുളിച്ചെയ്യുന്നല്ലോ. ഇപ്പോഴാണ് ദൈവത്തിന്റെ സുപ്രസാദകാലം, ഇന്നാണ് രക്ഷാദിവസം.
-
21 ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷയിലും ന്യായപ്രമാണവും കൽപ്പനകളും അനുസരിക്കുന്ന കാര്യത്തിലും ഹിസ്കിയാവ് ഏറ്റെടുത്ത ഓരോകാര്യത്തിലും അദ്ദേഹം ദൈവത്തെ അന്വേഷിക്കുകയും പൂർണഹൃദയത്തോടെ പ്രവർത്തിക്കുകയും ചെയ്തു. അതിനാൽ അദ്ദേഹം അഭിവൃദ്ധിപ്രാപിച്ചു.
-
8 അതേ, യഹോവേ, അങ്ങയുടെ നിയമങ്ങൾക്കനുസൃതമായി ജീവിച്ച്,
ഞങ്ങൾ അങ്ങേക്കായി കാത്തിരുന്നു;
അങ്ങയുടെ നാമവും സ്മരണയും,
ഞങ്ങളുടെ ഹൃദയവാഞ്ഛയാകുന്നു.
9 രാത്രിയിൽ ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നു;
പ്രഭാതത്തിൽ എന്റെ ആത്മാവ് അങ്ങയെ അന്വേഷിക്കുന്നു.
അങ്ങയുടെ ന്യായവിധികൾ ഭൂമിയിൽ നടപ്പിലാക്കുമ്പോൾ
ഭൂവാസികൾ നീതി അഭ്യസിക്കും.
-
7 അയാൾപോലും അവസാനം നീതിയുക്തമായി വിധി നടപ്പാക്കിയെങ്കിൽ, ദൈവത്തോട് രാവും പകലും നിലവിളിക്കുന്ന അവിടത്തെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിനു ദൈവം ന്യായം നടത്തിക്കൊടുക്കാതിരിക്കുമോ? അവിടന്ന് അവരുടെ കാര്യം നീട്ടിക്കൊണ്ടുപോകുമോ? 8 ഞാൻ നിങ്ങളോടു പറയട്ടെ, ‘ദൈവം വേഗത്തിൽ അവർക്കു നീതി നടത്തിക്കൊടുക്കും. എങ്കിലും മനുഷ്യപുത്രന്റെ (എന്റെ) പുനരാഗമനത്തിൽ ഭൂമിയിൽ വിശ്വസിക്കുന്നവരെ കണ്ടെത്താനാകുമോ?’ ” എന്നു പറഞ്ഞു.
9 തങ്ങൾ നീതിനിഷ്ഠരാണെന്ന ആത്മവിശ്വാസത്തോടെ മറ്റുള്ളവരെ പുച്ഛിക്കുന്ന ചിലരോട് യേശു ഈ സാദൃശ്യകഥ പറഞ്ഞു: 10 “രണ്ട് മനുഷ്യർ പ്രാർഥിക്കാൻ ദൈവാലയത്തിൽ ചെന്നു; ഒരാൾ പരീശൻ, മറ്റേയാൾ ഒരു നികുതിപിരിവുകാരൻ. 11 പരീശൻ മറ്റുള്ളവരിൽനിന്നെല്ലാം വേറിട്ടുനിന്നുകൊണ്ട് തന്നെക്കുറിച്ചുതന്നെ ഇങ്ങനെ പ്രാർഥിച്ചു; ‘ദൈവമേ, കൊള്ളക്കാർ, ദുഷ്പ്രവൃത്തിക്കാർ, വ്യഭിചാരികൾ മുതലായ മറ്റു മനുഷ്യരെപ്പോലെയോ ഈ നികുതിപിരിവുകാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ അങ്ങേക്കു നന്ദി പറയുന്നു. 12 ഞാൻ ആഴ്ചയിൽ രണ്ടുതവണ ഉപവസിക്കുകയും എനിക്കു ലഭിക്കുന്ന എല്ലാറ്റിന്റെയും ദശാംശം കൊടുക്കുകയുംചെയ്യുന്നു.’
13 “എന്നാൽ നികുതിപിരിവുകാരനായ മറ്റേയാളോ വളരെ അകലെനിന്ന്, സ്വർഗത്തിലേക്കു നോക്കാൻപോലും ധൈര്യപ്പെടാതെ മാറത്തടിച്ചുകൊണ്ട്, ‘ദൈവമേ, പാപിയായ എന്നോടു കരുണതോന്നണമേ’ എന്നു പ്രാർഥിച്ചു.
14 “ഈ ഇരുവരിൽ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയതു നികുതിപിരിവുകാരനാണ്, ആ പരീശനല്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. കാരണം, സ്വയം ഉയർത്തുന്നയാൾ അപമാനിതനാകും; സ്വയം താഴ്ത്തുന്നയാൾ ബഹുമാനിതനും.”
-
6-7 നിങ്ങളുടെ ദേശത്തിന്റെ ഒരു അതിർമുതൽ മറ്റേ അതിരുവരെ അടുത്തോ അകലെയോ ഉള്ളതും, നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്തതുമായ ചുറ്റുപാടുള്ള “ജനതകളുടെ ദേവന്മാരെ നാം ചെന്ന് ആരാധിക്ക,” എന്നു നിന്റെ സ്വന്തം സഹോദരനോ മകനോ മകളോ നീ സ്നേഹിക്കുന്ന ഭാര്യയോ ഉറ്റസുഹൃത്തോ രഹസ്യമായി പറഞ്ഞ് നിന്നെ വശീകരിച്ചാൽ 8 നീ അതിനു വഴങ്ങുകയോ അവരെ ശ്രദ്ധിക്കുകയോ ചെയ്യരുത്. അങ്ങനെയുള്ളവരോടു നിങ്ങൾക്കു കരുണ തോന്നരുത്. അവരെ വെറുതേവിടുകയോ സംരക്ഷിക്കുകയോ ചെയ്യരുത്. 9 അങ്ങനെയുള്ളവരെ നിശ്ചയമായും നീ കൊന്നുകളയണം. അയാളെ കൊല്ലുന്നതിന് ആദ്യം നിന്റെ കരം ഉയരണം, പിന്നെ ജനമെല്ലാം കരം ഉയർത്തണം. 10 അടിമനാടായ ഈജിപ്റ്റിൽനിന്ന് നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവയിൽനിന്ന് നിന്നെ വ്യതിചലിപ്പിക്കാൻ അവർ ശ്രമിച്ചതുകൊണ്ട് അവരെ കല്ലെറിഞ്ഞുകൊല്ലണം.
-
5 യെഹോശാഫാത്ത് തുടർന്നു: “എന്നാൽ, ഒന്നാമതായി നമുക്ക് യഹോവയോട് അരുളപ്പാട് ചോദിക്കാം.”
-
1 അതിനുശേഷം മോവാബ്യരും അമ്മോന്യരും മെയൂന്യരിൽ ചിലരും ചേർന്ന് യെഹോശാഫാത്തിനെതിരേ യുദ്ധത്തിനുവന്നു.
2 ചിലർ വന്ന് യെഹോശാഫാത്തിനോടു പറഞ്ഞു: “ഇതാ ഉപ്പുകടലിനക്കരെ ഏദോമിൽനിന്ന് ഒരു മഹാസൈന്യം അങ്ങേക്കെതിരേ വരുന്നു. അവർ എൻ-ഗെദി എന്ന ഹസെസോൻ-താമാരിൽ എത്തിയിരിക്കുന്നു.” 3 യെഹോശാഫാത്ത് ഭയന്നുവിറച്ച് യഹോവയുടെഹിതം ആരായാൻ തീരുമാനിച്ചു. അദ്ദേഹം യെഹൂദ്യയിലെങ്ങും ഒരു ഉപവാസം പ്രഖ്യാപിച്ചു. 4 യഹോവയിൽനിന്ന് സഹായം തേടാൻ യെഹൂദാജനമെല്ലാം ഒരുമിച്ചുകൂടി. അവർ യെഹൂദ്യയുടെ എല്ലാ നഗരത്തിൽനിന്നും യഥാർഥമായി യഹോവയെ അന്വേഷിച്ചു വന്നെത്തി.
-
1 രാജാവാകുമ്പോൾ യോശിയാവിന് എട്ടു വയസ്സായിരുന്നു. അദ്ദേഹം മുപ്പത്തിയൊന്നു വർഷം ജെറുശലേമിൽ വാണു. 2 യോശിയാവ് യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു. അദ്ദേഹം തന്റെ പൂർവപിതാവായ ദാവീദിന്റെ വഴികളിൽത്തന്നെ ജീവിച്ചു; അതുവിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറിയതുമില്ല.
3 തന്റെ ഭരണത്തിന്റെ എട്ടാംവർഷം, അദ്ദേഹം നന്നേ ചെറുപ്പമായിരിക്കുമ്പോൾത്തന്നെ, യോശിയാവ് തന്റെ പൂർവപിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിക്കാൻ തുടങ്ങി. പന്ത്രണ്ടാംവർഷം, ക്ഷേത്രങ്ങളും അശേരാപ്രതിഷ്ഠകളും കൊത്തുപണിയിൽ തീർത്ത ബിംബങ്ങളും വാർത്തുണ്ടാക്കിയ പ്രതിമകളും നിർമാർജനംചെയ്ത് യെഹൂദ്യയെയും ജെറുശലേമിനെയും ശുദ്ധീകരിക്കാൻ തുടങ്ങി. 4 അദ്ദേഹത്തിന്റെ ഉത്തരവനുസരിച്ച് ജനം ബാലിന്റെ ബലിപീഠങ്ങൾ തകർത്തു; അവയ്ക്കു മുകളിൽ ഉണ്ടായിരുന്ന ധൂപബലിപീഠങ്ങളും വെട്ടിനുറുക്കി. അശേരാപ്രതിഷ്ഠകളും കൊത്തുപണിയിൽ തീർത്ത ബിംബങ്ങളും വാർത്തുണ്ടാക്കിയ പ്രതിമകളും അവർ അടിച്ചുതകർത്തു പൊടിയാക്കി; ആ പൊടി അവയ്ക്കു ബലികൾ അർപ്പിച്ചിരുന്നവരുടെ ശവകുടീരങ്ങളിൽ വിതറി. 5 പൂജാരികളുടെ അസ്ഥികൾ അദ്ദേഹം അവരുടെ ബലിപീഠങ്ങളിൽ ദഹിപ്പിച്ചു; ഇങ്ങനെ അദ്ദേഹം യെഹൂദ്യയെയും ജെറുശലേമിനെയും ശുദ്ധീകരിച്ചു. 6 മനശ്ശെ, എഫ്രയീം, ശിമെയോൻ എന്നിവരുടെ നഗരങ്ങളിലും നഫ്താലിവരെയും അവയ്ക്കുചുറ്റും നശിച്ചുകിടന്ന ഇടങ്ങളിലും അവർ ഇപ്രകാരംതന്നെ ചെയ്തു. 7 അങ്ങനെ അവർ ഇസ്രായേലിലെല്ലാം ബലിപീഠങ്ങൾ ഇടിച്ചുനിരത്തുകയും അശേരാപ്രതിഷ്ഠകളും ബിംബങ്ങളും തകർത്തു പൊടിയാക്കുകയും ധൂപബലിപീഠങ്ങളെല്ലാം വെട്ടിനുറുക്കുകയും ചെയ്തു. അതിനുശേഷം യോശിയാവ് ജെറുശലേമിലേക്കു മടങ്ങി.
-
19 വെളിച്ചപ്പാടുകളോടും തന്ത്രമന്ത്രങ്ങൾ ചെയ്യുന്ന ഭൂതസേവക്കാരോടും ആലോചന ചോദിക്കുക, എന്ന് അവർ നിങ്ങളോടു പറയുന്നെങ്കിൽ ജനം തങ്ങളുടെ ദൈവത്തോടല്ലേ ആലോചന ചോദിക്കേണ്ടത്? ജീവിച്ചിരിക്കുന്നവർക്കുവേണ്ടി മരിച്ചവരോട് ആരായുന്നത് എന്തിന്?
-
8 “ആകയാൽ ഇപ്പോൾ എല്ലാ ഇസ്രായേലും യഹോവയുടെ സർവസഭയും കാൺകെയും നമ്മുടെ ദൈവം കേൾക്കെയും ഞാൻ ഇതു പറയുന്നു: നിങ്ങൾ ഈ നല്ലദേശം സ്വന്തമാക്കി അനുഭവിക്കുകയും നിങ്ങളുടെ കാലശേഷം നിങ്ങളുടെ സന്തതികൾക്ക് അതു ശാശ്വതാവകാശമായി കൊടുക്കുകയും ചെയ്യേണ്ടതിന്, നിങ്ങളുടെ ദൈവമായ യഹോവയുടെ പ്രമാണങ്ങളെ അനുസരിക്കുന്ന കാര്യത്തിൽ ഏറ്റവും ജാഗരൂകരായിരിക്കുക!
-
94 എന്നെ രക്ഷിക്കണമേ, കാരണം ഞാൻ അങ്ങയുടേതാണല്ലോ;
അവിടത്തെ പ്രമാണങ്ങളാണല്ലോ ഞാൻ അന്വേഷിച്ചിട്ടുള്ളത്.
-
15 “ഞാൻ നിന്റെ പ്രവൃത്തികൾ അറിയുന്നു; നീ ശീതവാനുമല്ല ഉഷ്ണവാനുമല്ല. നീ ശീതവാനോ ഉഷ്ണവാനോ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. 16 എന്നാൽ നീ ശീതവാനുമല്ല, ഉഷ്ണവാനുമല്ല, കേവലം മന്ദോഷ്ണവാനായിരിക്കുകയാൽ ഞാൻ നിന്നെ എന്റെ വായിൽനിന്ന് തുപ്പിക്കളയും. 17 ഞാൻ ധനികൻ, സമ്പത്തുള്ളവനായിത്തീർന്നിരിക്കുന്നു, എനിക്ക് ഒന്നിനും കുറവില്ല എന്നു നീ പറയുന്നുണ്ട്; എങ്കിലും നീ യഥാർഥത്തിൽ നിസ്സഹായനും പരമദയനീയനും ദരിദ്രനും അന്ധനും നഗ്നനുമായ നികൃഷ്ടനാണെന്ന് തിരിച്ചറിയുന്നില്ല. 18 നീ ധനികനാകേണ്ടതിന് അഗ്നിയിൽ സ്ഫുടംചെയ്ത തങ്കവും നിന്റെ ലജ്ജാകരമായ നഗ്നത മറയ്ക്കേണ്ടതിന് ധരിക്കാൻ ശുഭ്രവസ്ത്രങ്ങളും നിനക്കു കാഴ്ച ലഭിക്കേണ്ടതിനു കണ്ണിൽ പൂശേണ്ട ലേപനവും എന്നോടു വിലയ്ക്കുവാങ്ങാൻ ഞാൻ നിന്നെ ഉപദേശിക്കുന്നു.
19 “ഞാൻ സ്നേഹിക്കുന്നവരെ ശാസിക്കയും ശിക്ഷിക്കുകയുംചെയ്യുന്നു. അതുകൊണ്ട് ആത്മാർഥതയോടെ പശ്ചാത്തപിക്കുക. 20 ഇതാ, ഞാൻ വാതിൽക്കൽ നിന്ന് മുട്ടുന്നു. ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അകത്തുചെന്ന് അവനോടുകൂടെയും അയാൾ എന്നോടുകൂടെയും അത്താഴം കഴിക്കും.
-
13 ശൗൽ യഹോവയോട് അവിശ്വസ്തത കാണിച്ചു, യഹോവയുടെ വചനങ്ങൾ പ്രമാണിച്ചില്ല; അതിനും ഉപരിയായി വെളിച്ചപ്പാടത്തിയോട് ഉപദേശം തേടുകയും ചെയ്തു. അതിനാൽ ശൗലിന് ഈ വിധമുള്ള അന്ത്യം നേരിട്ടു. 14 തന്നോടു മാർഗനിർദേശം ആരാഞ്ഞില്ല എന്നതുകൊണ്ട് യഹോവ അവനെ മരണത്തിനേൽപ്പിച്ചു; രാജ്യം യിശ്ശായിയുടെ പുത്രനായ ദാവീദിനു നൽകുകയും ചെയ്തു.
-
155 രക്ഷ ദുഷ്ടരിൽനിന്ന് അകന്നിരിക്കുന്നു,
കാരണം അവർ അവിടത്തെ ഉത്തരവുകൾ അന്വേഷിക്കുന്നില്ല.
-
22 “കണ്ണ് ശരീരത്തിന്റെ വിളക്കാണ്. നിന്റെ കണ്ണ് നിർമലമെങ്കിൽ ശരീരംമുഴുവനും പ്രകാശിതമായിരിക്കും. 23 കണ്ണ് അശുദ്ധമെങ്കിൽ ശരീരംമുഴുവൻ ഇരുൾമയമായിരിക്കും. നിന്നിലുണ്ട് എന്നുകരുതപ്പെടുന്ന പ്രകാശം ഇരുട്ടാണെങ്കിൽ, ആ ഇരുട്ട് എത്ര ഭയാനകമായിരിക്കും!
24 “രണ്ട് യജമാനന്മാർക്ക് ദാസ്യവൃത്തി ചെയ്യുക ആരാലും സാധ്യമല്ല. ഒന്നുകിൽ, ഒരു യജമാനനെ പരിത്യജിച്ച് മറ്റേയാളെ സ്നേഹിക്കും; അല്ലെങ്കിൽ, ഒരാളോട് വിശ്വസ്തനായി തുടരുകയും മറ്റേയാളെ വെറുക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒരുമിച്ചു സേവിക്കുക അസാധ്യം.
-
44 എന്നെ അയച്ച പിതാവ് ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരാൻ കഴിയുകയില്ല; അന്ത്യനാളിൽ ഞാൻ അവരെ ഉയിർപ്പിക്കും.
Shows Read in context, Share and Copy.