59 Bible Verses About Graduation

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Graduation
  1. 11 കാരണം നിങ്ങളെക്കുറിച്ചുള്ള എന്റെ പദ്ധതികൾ എനിക്കറിയാം, നിങ്ങൾക്കു തിന്മയ്ക്കായിട്ടല്ല, മറിച്ച് നിങ്ങൾക്കൊരു ഭാവിയും ഒരു പ്രത്യാശയും നൽകാൻ തക്കവണ്ണം നന്മയ്ക്കായിട്ടുള്ള ലക്ഷ്യങ്ങളാണ് അവ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. 12 “അന്ന് നിങ്ങൾ എന്നെ വിളിച്ചപേക്ഷിക്കുകയും എന്റെ അടുക്കൽവന്ന് എന്നോടു പ്രാർഥിക്കുകയും ഞാൻ നിങ്ങളുടെ പ്രാർഥന കേൾക്കുകയും ചെയ്യും. 13 നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണഹൃദയത്തോടെ എന്നെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും.

  2. 5 പൂർണഹൃദയത്തോടെ നീ യഹോവയിൽ വിശ്വാസമർപ്പിക്കുക

    സ്വന്തവിവേകത്തിൽ ആശ്രയിക്കുകയുമരുത്;

    6 നിന്റെ ചെയ്തികളെല്ലാം ദൈവികാംഗീകാരമുള്ളതായിരിക്കട്ടെ,

    അവിടന്ന് നിന്റെ സഞ്ചാരപാതകൾ നേരേയാക്കും.

    7 സ്വബുദ്ധിയിൽ, നീ ജ്ഞാനിയെന്നു ഭാവിക്കരുത്;

    യഹോവയെ ഭയപ്പെട്ട് തിന്മയിൽനിന്ന് അകന്നുനിൽക്കുക.

    8 ഇതു നിന്റെ ശരീരത്തിന് ആരോഗ്യവും

    അസ്ഥികൾക്ക് പോഷണവും നൽകും.

    9 നിന്റെ സമ്പത്തുകൊണ്ട് യഹോവയെ ബഹുമാനിക്കുക

    നിന്റെ എല്ലാ വിളവുകളുടെയും ആദ്യഫലംകൊണ്ടുംതന്നെ;

    10 അപ്പോൾ നിന്റെ ധാന്യപ്പുരകൾ സമൃദ്ധമായി നിറയും

    നിന്റെ ഭരണികൾ പുതുവീഞ്ഞിനാൽ കവിഞ്ഞൊഴുകും.

  3. 14 “ആകയാൽ യഹോവയെ ഭയപ്പെട്ടു പരിപൂർണ വിശ്വസ്തതയോടെ അവിടത്തെ സേവിപ്പിൻ. ഈജിപ്റ്റിലും യൂഫ്രട്ടീസ് നദിക്കക്കരെയുംവെച്ചു നിങ്ങളുടെ പിതാക്കന്മാർ ഭജിച്ചുവന്ന ദേവന്മാരെ വലിച്ചെറിയുകയും യഹോവയെ സേവിക്കുകയും ചെയ്യുക. 15 എന്നാൽ യഹോവയെ സേവിക്കുന്നത് നിങ്ങൾക്ക് അഭിലഷണീയമല്ലെന്നു തോന്നുന്നെങ്കിൽ, ഇന്നുതന്നെ നിങ്ങൾ ആരെ സേവിക്കുമെന്ന്—നിങ്ങളുടെ പിതാക്കന്മാർ യൂഫ്രട്ടീസ് നദിക്കക്കരെ സേവിച്ച ദേവന്മാരെയോ അഥവാ, നിങ്ങൾ താമസിക്കുന്ന ദേശത്തെ അമോര്യരുടെ ദേവന്മാരെയോ—ഇന്നുതന്നെ തെരഞ്ഞെടുത്തുകൊൾക. എന്നാൽ ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.”

  4. 9 ബലവും ധൈര്യവും ഉള്ളവനായിരിക്കാൻ ഞാൻ നിന്നോടു കൽപ്പിച്ചില്ലയോ; ഭയപ്പെടരുത്, ഭ്രമിക്കുകയും അരുത്; നിന്റെ ദൈവമായ യഹോവ നീ പോകുന്നിടത്തൊക്കെയും നിന്നോടുകൂടെ ഉണ്ടായിരിക്കും.”

  5. 12 നീ യുവാവാണ് എന്ന കാരണത്താൽ ആരും നിന്നെ അവഗണിക്കാൻ അവസരം നൽകാതെ, സംസാരത്തിലും പെരുമാറ്റത്തിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമലതയിലും വിശ്വാസികൾക്കു മാതൃകയായിത്തീരുക.

  6. 6 ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടരുത്, മറിച്ച് എല്ലാ കാര്യങ്ങളും പ്രാർഥനയോടും യാചനയോടും നിങ്ങളുടെ ആവശ്യങ്ങൾ ദൈവസന്നിധിയിൽ സ്തോത്രത്തോടുകൂടെ സമർപ്പിക്കുകയാണു വേണ്ടത്. 7 അങ്ങനെയെങ്കിൽ, മനുഷ്യന്റെ ഗ്രഹണശക്തിക്ക് അതീതമായ ദൈവികസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും ക്രിസ്തുയേശുവിൽ സംരക്ഷിക്കും.

    8 അവസാനമായി; സഹോദരങ്ങളേ, വിശ്വാസയോഗ്യവും ആദരണീയവും നീതിയുക്തവും നിർമലവും രമണീയവും അഭിനന്ദനാർഹവും ഇങ്ങനെയുള്ള ശ്രേഷ്ഠവും പ്രശംസാർഹവും ആയകാര്യങ്ങൾ വിചിന്തനം ചെയ്യുക. 9 എന്നിൽനിന്ന് നിങ്ങൾ പഠിച്ചതും ഞാൻ നിങ്ങൾക്കു കൈമാറിയതും; നിങ്ങൾ കേട്ടതും ഞാൻ ചെയ്യുന്നതായി നിങ്ങൾ കണ്ടതുമായ വസ്തുതകളെല്ലാം പ്രായോഗികമാക്കുക. അങ്ങനെചെയ്താൽ സമാധാനദാതാവായ ദൈവം നിങ്ങളോടുകൂടെ നിവസിക്കും.

  7. 2 മനുഷ്യനു തന്റെ വഴികളെല്ലാം കുറ്റമറ്റതെന്നു തോന്നുന്നു,

    എന്നാൽ യഹോവ അതിന്റെ ഉദ്ദേശ്യശുദ്ധി തൂക്കിനോക്കുന്നു.

    3 നിന്റെ പ്രവൃത്തികളെല്ലാം യഹോവയ്ക്കു സമർപ്പിക്കുക,

    അപ്പോൾ നിന്റെ പദ്ധതികളെല്ലാം അവിടന്നു സ്ഥിരമാക്കും.

  8. 24 “ ‘യഹോവ നിങ്ങളെ അനുഗ്രഹിക്കുകയും

    കാക്കുകയും ചെയ്യട്ടെ;

    25 യഹോവ തിരുമുഖം നിങ്ങളുടെമേൽ പ്രകാശിപ്പിക്കുകയും

    നിങ്ങളോടു കൃപാലുവായിരിക്കുകയും ചെയ്യട്ടെ;

    26 യഹോവ തിരുമുഖം നിങ്ങളിലേക്കു തിരിച്ച്

    നിങ്ങൾക്കു സമാധാനം നൽകട്ടെ.’ 

  9. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 കഷ്ടകാലത്തിൽ, യഹോവ നിങ്ങൾക്ക് ഉത്തരമരുളുമാറാകട്ടെ;

    യാക്കോബിൻ ദൈവത്തിന്റെ നാമം നിങ്ങളെ സംരക്ഷിക്കട്ടെ.

    2 അവിടന്ന് തിരുസന്നിധാനത്തിൽനിന്ന് നിങ്ങൾക്കു സഹായം അയയ്ക്കട്ടെ

    സീയോനിൽനിന്ന് അവിടന്ന് പിൻതുണയേകട്ടെ.

    3 നിങ്ങളുടെ യാഗാർപ്പണങ്ങൾ അവിടന്ന് ഓർക്കുമാറാകട്ടെ

    നിങ്ങളുടെ ഹോമയാഗങ്ങൾ അവിടത്തേക്ക് സ്വീകാര്യമായിരിക്കട്ടെ. സേലാ.

    4 അവിടന്ന് നിങ്ങളുടെ ഹൃദയാഭിലാഷങ്ങൾ നിറവേറ്റട്ടെ

    നിങ്ങളുടെ ഉദ്യമങ്ങളെല്ലാം സഫലമാക്കട്ടെ.

    5 താങ്കളുടെ വിജയംനേടുമ്പോൾ ഞങ്ങൾ ആനന്ദഘോഷം മുഴക്കും

    ഞങ്ങളുടെ ദൈവത്തിൻ നാമത്തിൽ ഞങ്ങൾ വിജയക്കൊടികൾ പാറിക്കും.

    യഹോവ നിങ്ങളുടെ അപേക്ഷകളെല്ലാം സാധിപ്പിച്ചുനൽകട്ടെ.

  10. 29 അവിടന്നു ക്ഷീണിതർക്കു ശക്തിനൽകുന്നു,

    ബലം കുറഞ്ഞവരുടെ ബലം വർധിപ്പിക്കുന്നു.

    30 യുവാക്കൾപോലും ക്ഷീണിച്ചു തളർന്നുപോകുന്നു,

    ചെറുപ്പക്കാർ കാലിടറി നിലംപൊത്തുന്നു;

    31 എങ്കിലും യഹോവയ്ക്കായി കാത്തിരിക്കുന്നവർ

    അവരുടെ ശക്തി പുതുക്കും.

    അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും;

    അവർ ഓടും, ക്ഷീണിക്കുകയില്ല,

    അവർ നടക്കും, തളർന്നുപോകുകയുമില്ല.

  11. 23 നിങ്ങൾ ചെയ്യുന്നതൊക്കെയും മനുഷ്യർക്കെന്നപോലെയല്ല, കർത്താവിനെന്നപോലെ ഹൃദയപൂർവം ചെയ്യുക: 24 കർത്താവിന്റെ സമ്പത്തിന്റെ ഓഹരി നിങ്ങൾക്ക് പ്രതിഫലമായി ലഭിക്കുമെന്നറിയുക. കാരണം, കർത്താവായ ക്രിസ്തുവിനെയാണല്ലോ നിങ്ങൾ യഥാർഥത്തിൽ സേവിക്കുന്നത്.

  12. 10 നാം ദൈവകരങ്ങളുടെ സൃഷ്ടിവൈദഗ്ദ്ധ്യമാണ്. സൽപ്രവൃത്തികൾ ചെയ്യുന്നതിനായിട്ടാണ് ക്രിസ്തുയേശുവിൽ നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, അപ്രകാരം ചെയ്യുന്നതിന് ദൈവം മുൻകൂട്ടി തീരുമാനിച്ചതുമാണ്.

  13. 13 “നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു. എന്നാൽ ഉപ്പ്, ഉപ്പുരസം ഇല്ലാത്തതായാൽ അതിന്റെ ഉപ്പുരസം എങ്ങനെ വീണ്ടെടുക്കാൻ കഴിയും? പുറത്തേക്കു വലിച്ചെറിഞ്ഞ്, മനുഷ്യർക്ക് ചവിട്ടിക്കളയാനല്ലാതെ മറ്റൊന്നിനും അത് ഉപകരിക്കുന്നില്ല.

    14 “നിങ്ങൾ ലോകത്തിന്റെ പ്രകാശമാകുന്നു; മലമുകളിലുള്ള പട്ടണം അദൃശ്യമായിരിക്കുക അസാധ്യം. 15 വിളക്കു കൊളുത്തി ആരും പറയുടെ കീഴിൽ വെക്കാറില്ല; പിന്നെയോ, അതു വീട്ടിലുള്ള എല്ലാവർക്കും പ്രകാശം നൽകേണ്ടതിന് ഏതെങ്കിലും വിളക്കുകാലിന്മേലാണ് വെക്കുക. 16 അതുപോലെ നിങ്ങളുടെ പ്രകാശവും മനുഷ്യരുടെമുമ്പിൽ പ്രശോഭിക്കട്ടെ; അങ്ങനെ അവർ നിങ്ങളുടെ സൽപ്രവൃത്തികൾ നിരീക്ഷിച്ച് സ്വർഗത്തിലുള്ള നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തട്ടെ.

  14. 6 നിങ്ങളിൽ ദൈവം ആരംഭിച്ച നല്ല പ്രവൃത്തി ക്രിസ്തുയേശുവിന്റെ പുനരാഗമനദിനംവരെ തുടർന്ന് അതിന്റെ പരിപൂർണതയിൽ എത്തിക്കുമെന്ന് എനിക്ക് ദൃഢനിശ്ചയമുണ്ട്.

  15. 20 ഉപദേശം ശ്രദ്ധിക്കുകയും ശിക്ഷണം അംഗീകരിക്കുകയും ചെയ്യുക,

    അങ്ങനെ ശിഷ്ടകാലം നിങ്ങൾക്കു ജ്ഞാനിയായി ജീവിക്കാൻ കഴിയും.

    21 മനുഷ്യന്റെ ഹൃദയത്തിൽ നിരവധി പദ്ധതികളുണ്ട്,

    എന്നാൽ യഹോവയുടെ തീരുമാനങ്ങൾമാത്രം നടപ്പിലാകുന്നു.

  16. 28 ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അതായത്, അവിടത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്കുതന്നെ ദൈവം എല്ലാ കാര്യങ്ങളും നന്മയ്ക്കായി ചേർന്നു പ്രവർത്തിക്കുമാറാക്കുന്നു എന്നു നാം അറിയുന്നു.

  17. 9 ആഴത്തിലുള്ള അറിവിലും തികഞ്ഞ വിവേകത്തിലും നിങ്ങളുടെ സ്നേഹം അധികമധികം വർധിച്ചുവന്ന് 10 നിങ്ങൾ ഏറ്റവും അമൂല്യമായതുതന്നെ തെരഞ്ഞെടുത്തുകൊണ്ട് ക്രിസ്തുവിന്റെ പുനരാഗമനംവരെ നിർമലരും കളങ്കരഹിതരും ആയി ജീവിക്കാൻ ഇടയാകട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു. 11 തന്നെയുമല്ല, യേശുക്രിസ്തുവിലൂടെമാത്രം ലഭ്യമാകുന്ന നീതിയുടെ ഫലങ്ങൾ ദൈവത്തിന്റെ മഹത്ത്വത്തിനും പുകഴ്ചയ്ക്കുമായി നിങ്ങളിൽ നിറയട്ടെ എന്നും ഞാൻ പ്രാർഥിക്കുന്നു.

  18. 1 ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ന്യായംവിധിച്ച് തിരുരാജ്യം സ്ഥാപിക്കാൻ പ്രത്യക്ഷനാകുന്ന ദൈവത്തിന്റെയും ക്രിസ്തുയേശുവിന്റെയും സന്നിധിയിൽ ഞാൻ നിന്നോട് ആജ്ഞാപിക്കുകയാണ്: 2 തിരുവചനം ഘോഷിക്കുക; അനുകൂലസമയത്തും പ്രതികൂലസമയത്തും അതിന് സന്നദ്ധനായിരിക്കുക. വളരെ ക്ഷമയോടെ ഉപദേശിച്ചുകൊണ്ട് തെറ്റുകൾ ചൂണ്ടിക്കാണിക്കുക, ശാസിക്കുക, പ്രോത്സാഹിപ്പിക്കുക.

  19. 6 ബലവും ധൈര്യവും ഉള്ളവരായിരിക്കുക. അവർനിമിത്തം നിങ്ങൾ ഭയപ്പെടുകയോ പേടിക്കുകയോ അരുത്. നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു നിങ്ങളോടുകൂടെ പോകുന്നത്. അവിടന്നു നിങ്ങളെ കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ല.”

  20. 8 ഞാൻ യഹോവയെ എന്റെമുമ്പിൽ എപ്പോഴും പ്രതിഷ്ഠിച്ചിരിക്കുന്നു;

    അവിടന്ന് എന്റെ വലതുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകുകയില്ല.

    9 അതുകൊണ്ട് എന്റെ ഹൃദയം ആനന്ദിക്കുന്നു, എന്റെ നാവ് ആഹ്ലാദിക്കുന്നു;

    എന്റെ ശരീരവും സുരക്ഷിതമായി വിശ്രമിക്കും,

    10 എന്റെ പ്രാണനെ അവിടന്ന് പാതാളത്തിൽ ഉപേക്ഷിക്കുകയില്ല,

    അവിടത്തെ പരിശുദ്ധനെ ജീർണത കാണാൻ അനുവദിക്കുകയുമില്ല.

    11 ജീവന്റെ പാത അവിടന്ന് എന്നെ അറിയിക്കുന്നു;

    തിരുസന്നിധിയിൽ അവിടന്ന് എന്നെ ആനന്ദത്താൽ നിറയ്ക്കും,

    അവിടത്തെ വലതുഭാഗത്ത് എന്നും പ്രമോദങ്ങളുണ്ട്.

  21. 4 യഹോവയിൽ ആനന്ദിക്കുക,

    അപ്പോൾ അവിടന്നു നിന്റെ ഹൃദയാഭിലാഷങ്ങൾ നിറവേറ്റും.

  22. 8 നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും അനുസൃതമായും നിങ്ങൾ സകലസൽപ്രവൃത്തികളിലും വർധിച്ചുവരത്തക്ക വിധത്തിലും സമൃദ്ധമായ അനുഗ്രഹം നൽകാൻ ദൈവം പ്രാപ്തനാണ്.

  23. 13 സഹോദരങ്ങളേ, ഇപ്പോഴും ഞാൻ ആ ലക്ഷ്യം കരഗതമാക്കിയെന്നു കരുതുന്നില്ല; എനിക്ക് ഒരേയൊരു ലക്ഷ്യമേയുള്ളൂ, കഴിഞ്ഞതൊക്കെ മറന്ന് മുമ്പിലുള്ളതുമാത്രം ലക്ഷ്യമാക്കി 14 ദൈവം ക്രിസ്തുയേശുവിൽ എന്നെ വിളിച്ച സ്വർഗീയവിളിയുടെ പുരസ്കാരം നേടുന്നതിനായി ലക്ഷ്യത്തിലേക്ക് ഓടുന്നു.

  24. 6 ക്രിസ്തുയേശുവിനെ നിങ്ങൾ കർത്താവായി സ്വീകരിച്ചിരിക്കുന്നതിനാൽ അവിടത്തോടുള്ള കൂട്ടായ്മയിൽ ജീവിക്കുക. 7 ക്രിസ്തുവിൽ നിങ്ങളുടെ വേരുകൾ ആഴത്തിൽ ഇറങ്ങിച്ചെല്ലട്ടെ; ക്രിസ്തുവെന്ന അടിസ്ഥാനത്തിന്മേലായിരിക്കട്ടെ നിങ്ങളുടെ ജീവിതം പണിതുയർത്തുന്നത്. നിങ്ങളെ ഉപദേശിച്ചിട്ടുള്ളതുപോലെ വിശ്വാസത്തിൽ ഉറച്ചുകൊണ്ട് നിങ്ങളിൽ സ്തോത്രം നിറഞ്ഞുകവിയട്ടെ.

  25. 3 സ്ഥിരമാനസൻ അങ്ങയിൽ

    ആശ്രയിച്ചിരിക്കുകയാൽ

    അങ്ങ് അവരെ പൂർണസമാധാനത്തിൽ കാക്കും.

    4 യഹോവയിൽത്തന്നെ എന്നേക്കും ആശ്രയം വെക്കുക

    യഹോവ, യഹോവതന്നെ ശാശ്വതമായൊരു പാറ ആണല്ലോ.

  26. 11 യഹോവ നിന്നെ നിരന്തരം വഴിനടത്തും;

    വരൾച്ചയുള്ള ദേശത്ത് അവിടന്നു നിന്റെ പ്രാണനു തൃപ്തിവരുത്തുകയും

    നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും.

    നീ മതിയായി വെള്ളംകിട്ടിയ തോട്ടംപോലെയും

    വെള്ളം നിന്നുപോകാത്ത നീരുറവുപോലെയും ആകും.

  27. 7 “എന്നാൽ യഹോവയിൽ ആശ്രയിക്കുകയും

    യഹോവയെത്തന്നെ ആശ്രയമാക്കിയിരിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ.

    8 അവർ വെള്ളത്തിനരികെ നട്ടിരിക്കുന്നതും

    ആറ്റരികത്തു വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും.

    ഉഷ്ണം വരുമ്പോൾ അതു പേടിക്കുകയില്ല;

    അതിന്റെ ഇല നിത്യഹരിതമായിരിക്കും.

    വരൾച്ചയുള്ള വർഷത്തിലും അതു വാട്ടം തട്ടാതെ

    ഫലം കായ്ച്ചുകൊണ്ടിരിക്കും.”

  28. 1 സഹോദരങ്ങളേ, ദൈവം നമ്മോടു കാട്ടിയ കരുണ അനുസ്മരിപ്പിച്ചുകൊണ്ട് ഞാൻ പ്രബോധിപ്പിക്കുന്നത്: പവിത്രവും ദൈവത്തിനു പ്രസാദകരവുമായ സജീവയാഗമായി നിങ്ങളുടെ ശരീരങ്ങളെ സമർപ്പിക്കുക; ഇതാണ് നിങ്ങളുടെ ഉചിതമായ സത്യാരാധന. 2 ഈ കാലഘട്ടത്തിന്റെ രീതികളോട് അനുരൂപപ്പെടരുത്; മറിച്ച്, ചിന്താരീതിക്കു സമൂലനവീകരണം വരുത്തി നിങ്ങൾ രൂപാന്തരപ്പെടുക. അങ്ങനെ സദ്ഗുണസമ്പന്നവും സ്വീകാര്യവും സമ്പൂർണവുമായ ദൈവഹിതമെന്തെന്നു നിങ്ങൾക്കു സ്പഷ്ടമാകും.

  29. 57 എന്നാൽ ദൈവത്തിനു സ്തോത്രം! നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ അവിടന്ന് നമുക്കു വിജയം നൽകുന്നു.

    58 അതുകൊണ്ട് എന്റെ പ്രിയസഹോദരങ്ങളേ, നിങ്ങൾ അചഞ്ചലരായിരിക്കുക; യാതൊന്നും നിങ്ങളെ ഉലച്ചുകളയാൻ ഇടയാകരുത്. കർത്താവിൽ നിങ്ങളുടെ അധ്വാനം വ്യർഥമല്ല എന്നറിയുന്നതുകൊണ്ടു കർത്താവിന്റെ വേലയിൽ എപ്പോഴും വ്യാപൃതരായിരിക്കുക.

  30. 13 എന്നെ ശാക്തീകരിക്കുന്ന ക്രിസ്തുവിന്റെ സഹായത്താൽ സർവവും ചെയ്യാൻ ഞാൻ പ്രാപ്തനായിരിക്കുന്നു.

  31. 9 അക്കാരണത്താൽത്തന്നെ, ഞങ്ങൾ അതുകേട്ട ദിവസംമുതൽ നിങ്ങൾക്കുവേണ്ടി ആരംഭിച്ച പ്രാർഥനകൾ മുടക്കിയിട്ടില്ല. നിങ്ങൾ എല്ലാ വിവേകത്തോടും ആത്മികജ്ഞാനത്തോടുംകൂടി ദൈവഹിതത്തെക്കുറിച്ചുള്ള പരിജ്ഞാനത്താൽ നിറഞ്ഞവരാകണമെന്നും 10 എല്ലാ കാര്യത്തിലും കർത്താവിനെ പ്രസാദിപ്പിച്ചുകൊണ്ട് അവിടത്തേക്കു യോഗ്യമായവിധം ജീവിച്ചും സകലസൽപ്രവൃത്തികളിലും ഫലം കായ്ച്ചും ദൈവികപരിജ്ഞാനത്തിൽ വളരണമെന്നും 11 സകലസഹിഷ്ണുതയും ദീർഘക്ഷമയും കാണിക്കാൻവേണ്ടി അവിടത്തെ മഹത്ത്വകരമായ ആധിപത്യത്തിനൊത്തവണ്ണം എല്ലാ ശക്തിയും പ്രാപിച്ചു ബലപ്പെടണമെന്നും 12 വിശുദ്ധർക്കു പ്രകാശത്തിലുള്ള അവകാശത്തിന്റെ ഓഹരിക്കു നിങ്ങളെ യോഗ്യരാക്കുകയും

  32. 15 “ലജ്ജിക്കാൻ ഇടവരാത്തവനും സത്യവചനം നേരായി വിഭജിക്കുന്നവനും” എന്ന ദൈവിക അംഗീകാരം ലഭിച്ച ഒരു പ്രവർത്തകനായി തിരുസന്നിധിയിൽ നിന്നെത്തന്നെ സമർപ്പിക്കാൻ യത്നിക്കുക.

  33. ב ബേത്ത്

    9 ഒരു യുവാവ് തന്റെ മാർഗം നിർമലമായി സൂക്ഷിക്കുന്നതെങ്ങനെ?

    അവിടത്തെ വചനം അനുസരിച്ച് ജീവിക്കുന്നതിനാൽത്തന്നെ.

    10 ഞാനങ്ങയെ പൂർണഹൃദയത്തോടെ അന്വേഷിക്കുന്നു;

    അവിടത്തെ കൽപ്പനകളിൽനിന്നു വ്യതിചലിക്കാൻ എനിക്കിടവരരുതേ.

    11 അങ്ങേക്കെതിരായി പാപംചെയ്യാതിരിക്കാൻ,

    അവിടത്തെ വചനം ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു.

  34. 33 നിങ്ങൾ പരമപ്രധാനമായി ദൈവരാജ്യവും ദൈവനീതിയും തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും.

  35. 8 യഹോവതന്നെ നിനക്കുമുമ്പായി പുറപ്പെടും, അവിടന്ന് നിന്നോടുകൂടെ ഇരിക്കും. അവിടന്ന് നിന്നെ ഒരുനാളും കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ല. ഭയപ്പെടുകയോ അധൈര്യപ്പെടുകയോ ചെയ്യരുത്.”

  36. ഒന്നാംപുസ്തകം

    1 ദുഷ്ടരുടെ ആലോചനയിൽ നടക്കാതെയും

    പാപികളുടെ പാതയിൽ നിൽക്കാതെയും

    പരിഹാസകരുടെ പീഠങ്ങളിൽ ഇരിക്കാതെയും

    ജീവിക്കുന്നവർ അനുഗൃഹീതർ.

    2 അവർ യഹോവയുടെ ന്യായപ്രമാണത്തിൽ ആനന്ദിക്കുന്നു;

    അവിടത്തെ ന്യായപ്രമാണം അവർ രാപകൽ ധ്യാനിക്കുന്നു.

    3 നീർച്ചാലുകൾക്കരികെ നട്ടതും

    അതിന്റെ സമയത്തു ഫലം നൽകുന്നതും

    ഇലകൊഴിയാത്തതുമായ വൃക്ഷംപോലെയാണവർ—

    അവർ ചെയ്യുന്നതൊക്കെയും അഭിവൃദ്ധിപ്പെടുന്നു.

  37. 10 ദൈവമേ, നിർമലമായൊരു ഹൃദയം എന്നിൽ സൃഷ്ടിക്കണമേ,

    അചഞ്ചലമായ ഒരാത്മാവിനെ എന്നിൽ പുതുക്കണമേ.

    11 അവിടത്തെ സന്നിധാനത്തിൽനിന്ന് എന്നെ പുറന്തള്ളുകയോ

    അവിടത്തെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുത്തുകളയുകയോ അരുതേ.

  38. 31 യഹോവേ, അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ മുറുകെപ്പിടിച്ചിരിക്കുന്നു,

    എന്നെ ലജ്ജിപ്പിക്കാൻ അനുവദിക്കരുതേ.

    32 ഞാൻ അവിടത്തെ കൽപ്പനാമാർഗത്തിലൂടെ ഓടുന്നു,

    കാരണം അവിടന്ന് എന്റെ വിവേകത്തെ വിസ്തൃതമാക്കിയല്ലോ.

  39. 1 എന്റെ കുഞ്ഞേ, നീ എന്റെ വചനങ്ങൾ സ്വീകരിച്ച്

    എന്റെ കൽപ്പനകൾ നിന്റെയുള്ളിൽ സൂക്ഷിച്ചുവെക്കുകയും

    2 ജ്ഞാനത്തിനുവേണ്ടി നിന്റെ കാതുകൾ തിരിക്കുകയും

    വിവേകത്തിനായി ഹൃദയം ശ്രദ്ധയോടെ വെക്കുകയുംചെയ്യുക.

    3 ഉൾക്കാഴ്ചയ്ക്കുവേണ്ടി കേണപേക്ഷിക്കുകയും

    വിവേകത്തിനായി നിലവിളിക്കുകയും ചെയ്യുക.

    4 അതിനെ നീ വെള്ളി എന്നതുപോലെ അന്വേഷിക്കുകയും

    നിഗൂഢനിധി എന്നതുപോലെ തേടുകയും ചെയ്യുക.

    5 അപ്പോൾ നീ യഹോവയോടുള്ള ഭക്തി എന്തെന്നു ഗ്രഹിക്കുകയും,

    ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.

    6 കാരണം ജ്ഞാനം പ്രദാനംചെയ്യുന്നത് യഹോവയാണ്;

    പരിജ്ഞാനവും വിവേകവും ഉത്ഭവിക്കുന്നത് തിരുവായിൽനിന്നാണ്.

    7 പരമാർഥികൾക്ക് അവിടന്ന് വിജയം സംഗ്രഹിച്ചുവെക്കുന്നു,

    നിഷ്കളങ്കരായി ജീവിക്കുന്നവർക്ക് അവിടന്ന് ഒരു സംരക്ഷണവലയമാണ്,

    8 നീതിനിഷ്ഠരുടെ കാലഗതി അവിടന്നു കാത്തുസൂക്ഷിക്കുകയും

    തന്റെ വിശ്വസ്തരെ സംരക്ഷിക്കുകയും ചെയ്യുന്നു.

  40. 20 ജ്ഞാനിയോടൊപ്പം നടക്കുന്നയാൾ ജ്ഞാനിയായിമാറും,

    ഭോഷരോടൊത്തു നടക്കുന്നയാളോ, കഷ്ടത നേരിടും!

  41. 17 നിന്റെ ഹൃദയം പാപികളെക്കുറിച്ച് അസൂയപ്പെടരുത്,

    എന്നാൽ യഹോവയോടുള്ള ഭക്തിയിൽ അത്യുത്സാഹിയായിരിക്കുക.

    18 നിനക്ക് ഭാവിയെക്കുറിച്ച് ഒരു പ്രത്യാശയുണ്ട്, നിശ്ചയം,

    നിന്റെ പ്രത്യാശ അറ്റുപോകുകയില്ല.

    19 എന്റെ കുഞ്ഞേ, ശ്രദ്ധിക്കുക, ജ്ഞാനിയായിരിക്കുക,

    നിന്റെ ഹൃദയം നേരായ പാതയിൽ ഉറപ്പിച്ചുനിർത്തുക:

  42. 8 മനുഷ്യാ, നന്മ എന്തെന്ന് അവിടന്നു നിന്നെ കാണിച്ചിരിക്കുന്നു;

    നീതി പ്രവർത്തിക്കുക, കരുണയെ സ്നേഹിക്കുക

    നിന്റെ ദൈവത്തിന്റെ മുമ്പിൽ താഴ്മയോടെ ജീവിക്കുക.

    ഇതല്ലാതെ മറ്റെന്താണ് യഹോവ നിന്നോട് ആവശ്യപ്പെടുന്നത്?

  43. 37 ദൈവത്തിന്റെ അരുളപ്പാടുകളൊന്നും അസാധ്യമാകുകയില്ലല്ലോ” എന്ന് ഉത്തരം പറഞ്ഞു.

  44. 23 സമാധാനത്തിന്റെ ദൈവംതന്നെ നിങ്ങളെ സമ്പൂർണമായി വിശുദ്ധീകരിക്കട്ടെ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പുനരാഗമനത്തിൽ നിങ്ങളുടെ ആത്മാവും പ്രാണനും ശരീരവും തികച്ചും അനിന്ദ്യമായി ഇരിക്കാനായി സംരക്ഷിക്കപ്പെടട്ടെ. 24 നിങ്ങളെ വിളിക്കുന്ന ദൈവം വിശ്വസ്തനാണ്; അവിടന്ന് അത് സാധിപ്പിക്കും.

  45. 12 പരിശോധന സഹനശക്തിയോടെ അഭിമുഖീകരിക്കുന്ന മനുഷ്യർ അനുഗൃഹീതർ; പരീക്ഷയിൽ വിജയികളായിത്തീർന്നശേഷം അവർ, കർത്താവ് അവിടത്തെ സ്നേഹിക്കുന്നവർക്കു വാഗ്ദാനംചെയ്തിരിക്കുന്ന ജീവകിരീടം കരസ്ഥമാക്കും.

  46. 11 യഹോവയെയും അവിടത്തെ ശക്തിയെയും അന്വേഷിക്കുക;

    എപ്പോഴും അവിടത്തെ മുഖവും.

  47. 7 യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു;

    എന്റെ ഹൃദയം അങ്ങയിൽ ആശ്രയിക്കുകയും അവിടന്നെന്നെ സഹായിക്കുകയുംചെയ്യുന്നു.

    എന്റെ ഹൃദയം ആനന്ദാതിരേകത്താൽ തുള്ളിച്ചാടുന്നു,

    എന്നിൽനിന്നുയരുന്ന സംഗീതത്തോടെ ഞാൻ അവിടത്തെ സ്തുതിക്കും.

  48. 14 തിന്മയിൽനിന്ന് പിന്തിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യുക;

    സമാധാനം അന്വേഷിച്ച് അതിനെ പിൻതുടരുക.

  49. 1 അത്യുന്നതനെ ആശ്രയമാക്കി വസിക്കുന്നവർ

    സർവശക്തന്റെ തണലിൽ വിശ്രമിക്കും.

    2 ഞാൻ യഹോവയെക്കുറിച്ച്, “അവിടന്നാണ് എന്റെ സങ്കേതവും കോട്ടയും

    ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും,” എന്നു പറയും.

  50. 10 യഹോവാഭക്തി ജ്ഞാനത്തിന്റെ ഉറവിടമാകുന്നു,

    പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകമാകുന്നു.

  51. 10 അതുകൊണ്ട് ഭയപ്പെടരുത്, ഞാൻ നിന്നോടുകൂടെയുണ്ടല്ലോ;

    ഉത്കണ്ഠപ്പെടരുത്, ഞാൻ നിന്റെ ദൈവമാണല്ലോ.

    ഞാൻ നിന്നെ ബലപ്പെടുത്തുകയും നിന്നെ സഹായിക്കുകയും ചെയ്യും;

    എന്റെ നീതിയുള്ള വലംകരത്താൽ ഞാൻ നിന്നെ താങ്ങിക്കൊള്ളും.

  52. 19 ഇതാ, ഞാൻ പുതിയൊരു കാര്യം ചെയ്യുന്നു!

    ഇപ്പോൾ അത് ഉത്ഭവിക്കും; നിങ്ങൾ അത് അറിയുകയില്ലേ?

    ഞാൻ മരുഭൂമിയിൽ ഒരു വഴിയും

    തരിശുഭൂമിയിൽ അരുവികളും ഉണ്ടാക്കും.

  53. 30 നിന്റെ ദൈവമായ കർത്താവിനെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണമനസ്സാലും സമ്പൂർണശക്തിയാലും സ്നേഹിക്കണം.’

  54. 27 സമാധാനം ഞാൻ നിങ്ങൾക്കു തന്നിട്ടുപോകുന്നു. ഞാൻ നിങ്ങൾക്കു തരുന്നത് എന്റെ സമാധാനമാണ്, അത് ലോകം തരുന്നതുപോലെ അല്ല. നിങ്ങളുടെ ഹൃദയം അതിദുഃഖിതമാകരുത്; നിങ്ങൾ ഭയന്നുപോകുകയുമരുത്.

  55. 38 മരണത്തിനോ ജീവനോ ദൂതന്മാർക്കോ പ്രധാനികൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരാനുള്ളതിനോ ശക്തികൾക്കോ 39 ഉന്നതങ്ങളിലുള്ളവെക്കോ അധോലോകത്തിലുള്ളവയ്ക്കോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ സാധ്യമല്ലെന്ന് എനിക്കു പരിപൂർണബോധ്യമുണ്ട്.

  56. 17 ഒരാൾ ക്രിസ്തുവിന്റെ വകയായാൽ അയാൾ പുതിയ സൃഷ്ടിയാണത്രേ. പഴയതു നീങ്ങിപ്പോയി, ഇതാ അത് പുതിയതായിരിക്കുന്നു.

  57. 5 നിങ്ങളിൽ ഒരാൾക്കു ജ്ഞാനം കുറവാകുന്നു എങ്കിൽ അയാൾ ദൈവത്തോടു യാചിക്കണം. ആരെയും ശകാരിക്കാതെ, എല്ലാവർക്കും എല്ലാം നൽകുന്ന ഔദാര്യനിധിയായ ദൈവം അയാൾക്ക് ജ്ഞാനം നൽകും.

  58. 10 ദൈവത്തിൽനിന്നു ലഭിച്ച വിവിധ കൃപാദാനങ്ങളുടെ നല്ല കാര്യസ്ഥരായി ഓരോരുത്തരും തങ്ങൾക്കു ലഭിച്ചിരിക്കുന്ന ദാനങ്ങൾ മറ്റുള്ളവരെ സേവിക്കുന്നതിനായി ഉപയോഗിക്കുക. 11 പ്രസംഗിക്കുന്നയാൾ ദൈവത്തിന്റെ അരുളപ്പാടുകൾ പ്രസ്താവിക്കട്ടെ. ശുശ്രൂഷിക്കുന്നയാൾ ദൈവം നൽകിയ ശക്തിക്കനുസൃതമായി അതു ചെയ്യട്ടെ. അങ്ങനെ യേശുക്രിസ്തുവിലൂടെ ദൈവത്തിന്റെ നാമം എല്ലാവിധത്തിലും മഹത്ത്വപ്പെടട്ടെ. അവിടത്തേക്ക് മഹത്ത്വവും അധികാരവും എന്നെന്നേക്കും ഉണ്ടാകുമാറാകട്ടെ. ആമേൻ.

    12 പ്രിയരേ, നിങ്ങളുടെ മാറ്റുരയ്ക്കുന്ന അഗ്നിപരീക്ഷകൾ നേരിടുമ്പോൾ അസാധാരണമായത് എന്തോ സംഭവിച്ചു എന്നതുപോലെ അത്ഭുതപ്പെടരുത്;

  59. 7 പ്രിയരേ, നമുക്ക് പരസ്പരം സ്നേഹിക്കാം; സ്നേഹം ദൈവത്തിൽനിന്നുള്ളതാണ്. സ്നേഹിക്കുന്നവരെല്ലാം ദൈവത്തിൽനിന്നു ജനിച്ചവരും ദൈവത്തെ അറിഞ്ഞവരും ആണ്. 8 സ്നേഹിക്കാത്തവർ ദൈവത്തെ അറിയുന്നില്ല; ദൈവം സ്നേഹമാണ്.