63 Bible Verses About Being In Love

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Being In Love
  1. 1 ശലോമോന്റെ ഉത്തമഗീതം.

    യുവതി

    2 അധരങ്ങളാൽ എന്മേൽ ചുംബനവർഷം ചൊരിഞ്ഞാലും—

    നിന്റെ പ്രേമം വീഞ്ഞിനെക്കാൾ ആനന്ദകരം.

    3 നിന്റെ സുഗന്ധതൈലങ്ങളുടെ സൗരഭ്യം ഹൃദയഹാരി;

    നിന്റെ നാമം സുഗന്ധതൈലം പകർന്നതുപോലെതന്നെ.

    അതുകൊണ്ട് യുവതികൾ നിന്നെ പ്രേമിക്കുന്നതിൽ അത്ഭുതം ലവലേശമില്ല!

    4 എന്നെ നിന്നോടൊപ്പം ദൂരത്തേക്കു കൊണ്ടുപോകുക—വേഗമാകട്ടെ!

    രാജാവ് തന്റെ പള്ളിയറകളിലേക്കെന്നെ ആനയിക്കട്ടെ.

    തോഴിമാർ

    ഞങ്ങൾ അത്യാഹ്ലാദത്തോടെ നിന്നിൽ ആനന്ദിക്കും;

    നിന്റെ പ്രേമത്തെ ഞങ്ങൾ വീഞ്ഞിനെക്കാൾ അധികം പ്രകീർത്തിക്കും.

    യുവതി

    അവർ നിന്നെ പ്രകീർത്തിക്കുന്നത് എത്രയോ ഉചിതം.

    5 ജെറുശലേംപുത്രിമാരേ,

    ഞാൻ കറുത്തിട്ടെങ്കിലും അഴകുള്ളവൾ,

    കേദാർ കൂടാരങ്ങൾപോലെയും

    ശലോമോന്റെ കൂടാരശീലകൾപോലെയുംതന്നെ.

    6 ഞാൻ ഇരുൾനിറമുള്ളവളാകയാൽ എന്നെ തുറിച്ചുനോക്കരുത്,

    ഞാൻ ഇരുണ്ടുപോയത് സൂര്യതാപമേറ്റതിനാലാണ്.

    എന്റെ അമ്മയുടെ പുത്രന്മാർ എന്നോട് കോപിഷ്ഠരായി

    അവരുടെ മുന്തിരിത്തോപ്പുകൾക്ക് എന്നെ കാവൽനിർത്തി;

    എന്റെ സ്വന്തം മുന്തിരിത്തോപ്പ് എനിക്ക് അവഗണിക്കേണ്ടിവന്നു.

    7 എന്റെ പ്രേമഭാജനമേ, എന്നോടു പറയൂ,

    നിന്റെ ആട്ടിൻപറ്റങ്ങളുടെ മേച്ചിൽപ്പുറം എവിടെയാണ്?

    അവയുടെ മധ്യാഹ്ന വിശ്രമസ്ഥാനം എവിടെയാണ്?

    ഞാൻ എന്തിന് മുഖാവരണം അണിഞ്ഞവളെപ്പോലെ

    നിന്റെ ചങ്ങാതിമാരുടെ ആട്ടിൻപറ്റങ്ങൾക്കരികെ അലഞ്ഞുതിരിയണം?

    തോഴിമാർ

    8 സ്ത്രീകളിൽ അതിസുന്ദരീ, നിനക്കത് അജ്ഞാതമെങ്കിൽ

    ആട്ടിൻപറ്റങ്ങളുടെ കാലടികൾ പിൻതുടരുകയും

    നിന്റെ കുഞ്ഞാടുകളെ

    ഇടയകൂടാരങ്ങൾക്കരികെ മേയ്ക്കുകയുംചെയ്യുക.

  2. തോഴിമാർ

    5 തന്റെ പ്രിയന്റെമേൽ ചാരി,

    മരുഭൂമിയിൽനിന്ന് കയറിവരുന്നോരിവളാരാണ്?

    യുവതി

    നിന്റെ അമ്മ നിന്നെ ഗർഭംധരിച്ച,

    അതേ ആപ്പിൾമരച്ചുവട്ടിൽവെച്ചുതന്നെ ഞാൻ നിന്നെ ഉണർത്തി;

    അവിടെത്തന്നെയാണല്ലോ പ്രസവവേദനയേറ്റ് അവൾ നിനക്കു ജന്മംനൽകിയത്.

    6 നിന്റെ ഹൃദയത്തിന്മേൽ എന്നെ ഒരു മുദ്രയായണിയൂ,

    നിന്റെ ഭുജത്തിലെ മുദ്രപോലെതന്നെ;

    കാരണം പ്രേമം മരണംപോലെതന്നെ ശക്തവും

    അതിന്റെ തീവ്രത ശവക്കുഴിപോലെതന്നെ കഠിനവുമാകുന്നു.

    ജ്വലിക്കുന്ന അഗ്നിപോലെ അത് എരിയുന്നു,

    ഉഗ്രമായ അഗ്നിനാളംപോലെതന്നെ.

    7 പ്രേമാഗ്നി അണയ്ക്കാൻ ഒരു പ്രളയത്താലും കഴിയില്ല;

    നദികൾക്കതിനെ ഒഴുക്കിക്കളയുന്നതിനും കഴിയില്ല.

    ഒരാൾ സ്വഭവനത്തിലെ സർവസമ്പത്തും

    പ്രേമസാക്ഷാത്കാരത്തിനായി നൽകിയാലും

    ആ വാഗ്ദാനവും അപഹാസ്യമാകുകയേയുള്ളൂ.

    തോഴിമാർ

    8 ഞങ്ങൾക്കൊരു കുഞ്ഞുപെങ്ങളുണ്ട്,

    അവളുടെ സ്തനങ്ങൾ ഇനിയും വളർന്നിട്ടില്ല

    നമ്മുടെ പെങ്ങൾക്കു വിവാഹാലോചനവരുമ്പോൾ

    അവൾക്കുവേണ്ടി നമുക്കെന്തുചെയ്യാൻ കഴിയും?

    9 അവൾ ഒരു മതിലാകുന്നെങ്കിൽ,

    നാം അവൾക്കുമേൽ വെള്ളികൊണ്ടൊരു ഗോപുരം പണിതുയർത്തും

    അവൾ ഒരു വാതിലാകുന്നെങ്കിൽ,

    ദേവദാരു പലകകൾകൊണ്ട് അവൾക്കുചുറ്റും സംരക്ഷണംതീർക്കും.

    യുവതി

    10 ഞാൻ ഒരു മതിലാകുന്നു,

    എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും.

    അങ്ങനെ ഞാൻ അവന്റെ മിഴികൾക്ക്

    ഒരുത്സവമായി.

    11 ശലോമോന് ബാൽ-ഹാമോനിൽ ഒരു മുന്തിരിത്തോപ്പുണ്ടായിരുന്നു;

    അദ്ദേഹം തന്റെ മുന്തിരിത്തോപ്പ് പാട്ടക്കർഷകരെ ഏൽപ്പിച്ചു.

    അതിന്റെ ആദായവിഹിതമായി ഓരോരുത്തരും

    ആയിരം വെള്ളിനാണയങ്ങൾ വീതം പാട്ടം കെട്ടേണ്ടതായിട്ടുണ്ട്.

    12 എന്നാൽ ഇത് എന്റെ സ്വന്തം മുന്തിരിത്തോപ്പ്;

    ശലോമോനേ, ആയിരം നിന്റേത്,

    തോട്ടം കാക്കുന്നവർക്ക് ഇരുനൂറും.

  3. 1 രാത്രിമുഴുവനും എന്റെ കിടക്കയിൽ

    ഞാൻ എന്റെ പ്രാണപ്രിയനെ അതിയായി ആഗ്രഹിച്ചു;

    ഞാൻ അതിയായി ആഗ്രഹിച്ചു, എന്നാൽ അവൻ വന്നുചേർന്നില്ല.

    2 ഞാൻ ഇപ്പോൾ എഴുന്നേറ്റ് നഗരത്തിലേക്കുപോകും,

    അതിന്റെ വീഥികളിലും ചത്വരങ്ങളിലും ചുറ്റിനടന്ന്,

    ഞാൻ എന്റെ പ്രാണപ്രിയനെ അന്വേഷിക്കും.

    അങ്ങനെ ഞാൻ അവനെ അന്വേഷിച്ചു, എന്നാൽ കണ്ടെത്തിയില്ലാതാനും.

    3 നഗരവീഥികളിൽ റോന്തുചുറ്റുന്ന

    കാവൽഭടന്മാർ എന്നെ കണ്ടുമുട്ടി.

    “എന്റെ പ്രാണപ്രിയനെ നിങ്ങൾ കണ്ടുവോ?” എന്നു ഞാൻ അവരോട് അന്വേഷിച്ചു.

    4 ഞാൻ അവരെ കടന്നുപോയതേയുള്ളൂ ഉടനെതന്നെ

    ഞാൻ എന്റെ പ്രാണപ്രിയനെ കണ്ടെത്തി.

    ഞാൻ അവനെ പോകാൻ അനുവദിക്കാതെ മുറുകെപ്പിടിച്ചു

    അങ്ങനെ ഞാൻ അവനെ എന്റെ മാതൃഭവനത്തിലേക്കു കൊണ്ടുവന്നു,

    എന്നെ ഉദരത്തിൽ വഹിച്ച അമ്മയുടെ ശയനമുറിയിലേക്കുതന്നെ.

    5 ജെറുശലേംപുത്രിമാരേ, വയലേലകളിലെ കലമാനുകളുടെയും

    മാൻപേടകളുടെയുംപേരിൽ എനിക്കുറപ്പുനൽകുക:

    അനുയോജ്യസമയം വരുംവരെ

    പ്രേമം ഉത്തേജിപ്പിക്കുകയോ ഉണർത്തുകയോ അരുത്.

  4. 6 മീറയും കുന്തിരിക്കവും

    വ്യാപാരിയുടെ സകലവിധ സുഗന്ധദ്രവ്യങ്ങളുംകൊണ്ട്,

    പരിമളം പരത്തുന്ന പുകത്തൂണുപോലെ

    മരുഭൂമിയിൽനിന്നും കയറിവരുന്നോരിവനാരാണ്?

    7 നോക്കൂ, അത് ശലോമോന്റെ പല്ലക്കുതന്നെ,

    ഇസ്രായേലിന്റെ സൈനികവീരന്മാരായിരിക്കുന്ന

    അറുപതു ശ്രേഷ്ഠർ അതിന് അകമ്പടിസേവിക്കുന്നു.

    8 അവരെല്ലാവരും വാളേന്തിയവരാണ്,

    എല്ലാവരും യുദ്ധത്തിൽ സമർഥരുമാണ്,

    ഓരോരുത്തരും രാത്രിയിലെ ആക്രമണത്തെ പ്രതിരോധിക്കുന്നതിന്

    തങ്ങളുടെ വശങ്ങളിൽ വാൾ ധരിച്ചിരിക്കുന്നു.

    9 ശലോമോൻരാജാവ് തനിക്കായിത്തന്നെ നിർമിച്ച പല്ലക്ക്;

    ലെബാനോനിൽനിന്ന് ഇറക്കുമതിചെയ്ത മരംകൊണ്ടുതന്നെ അതു നിർമിച്ചു.

    10 അതിന്റെ തൂണുകൾ വെള്ളികൊണ്ടും

    നടുവിരിപ്പ് തങ്കംകൊണ്ടും പണിതിരിക്കുന്നു.

    അതിന്റെ ഇരിപ്പിടം ഊതവർണവുംകൊണ്ട് മോടിപിടിപ്പിച്ചിരിക്കുന്നു,

    അതിന്റെ ഉള്ളറകൾ ജെറുശലേം പുത്രിമാർ

    തങ്ങളുടെ പ്രേമം ചേർത്തിണക്കി അലങ്കരിച്ചിരിക്കുന്നു.

    11 സീയോൻ പുത്രിമാരേ, പുറത്തുവന്നു കാണുക.

    കിരീടമണിഞ്ഞ ശലോമോൻ രാജാവിനെ കാണുക,

    അദ്ദേഹത്തിന്റെ വിവാഹനാളിൽ,

    തന്റെ ഹൃദയം ആനന്ദത്തിലായ സുദിനത്തിൽ,

    തന്റെ അമ്മ അണിയിച്ച കിരീടത്തോടൊപ്പം കാണുക.

  5. യുവാവ്

    4 എന്റെ പ്രിയേ, നീ തിർസ്സാനഗരംപോലെതന്നെ സൗന്ദര്യമുള്ളവൾ,

    ജെറുശലേംപോലെ സൗന്ദര്യവതി,

    കൊടികളേന്തിയ സൈന്യംപോലെ രാജപ്രൗഢിയാർന്നവൾ.

    5 നിന്റെ കണ്ണ് എന്നിൽനിന്ന് പിൻവലിക്കുക;

    അവയെന്നെ കീഴടക്കുന്നു.

    ഗിലെയാദ് മലഞ്ചെരിവിലൂടെ ഇറങ്ങിവരുന്ന

    കോലാട്ടിൻപറ്റംപോലെയാണ് നിന്റെ കാർകൂന്തൽ.

    6 രോമം കത്രിച്ച് കുളിച്ചുകയറിവരുന്ന

    ആട്ടിൻപറ്റംപോലെയാണ് നിന്റെ പല്ലുകൾ.

    അവയെല്ലാം ഇണക്കുട്ടികൾ;

    ഒന്നും ഒറ്റയായി കാണപ്പെടുന്നില്ല.

    7 മൂടുപടത്തിനുള്ളിലുള്ള നിന്റെ കപോലങ്ങൾ

    മാതളപ്പഴത്തിന്റെ പകുതിപോലെയാണ്.

    8 അറുപതു രാജ്ഞിമാരും

    എൺപതു വെപ്പാട്ടികളും

    അസംഖ്യം കന്യകമാരും അവിടെയുണ്ടല്ലോ;

    9 എന്നാൽ എന്റെ പ്രാവേ, എന്റെ അമലസുന്ദരിയായവൾ ഒരുവൾമാത്രം,

    അവളുടെ അമ്മയ്ക്ക് ഏകപുത്രിയായവൾ,

    അവളെ ചുമന്നവൾക്കേറ്റം പ്രിയങ്കരിതന്നെ.

    യുവതികൾ അവളെ കണ്ട് അനുഗൃഹീത എന്നഭിസംബോധനചെയ്തു;

    രാജ്ഞിമാരും വെപ്പാട്ടികളും അവളെ പുകഴ്ത്തി.

    തോഴിമാർ

    10 അരുണോദയംപോലെ ശോഭിക്കുന്നോരിവൾ ആരാണ്?

    ചന്ദ്രികപോലെ സുമുഖി, സൂര്യനെപ്പോലെ പ്രഭാവതി,

    താരഗണങ്ങൾപോലെ പ്രസന്നവതി.

  6. 9 നിന്റെ വായ് മേത്തരമായ വീഞ്ഞുപോലെയും ആകട്ടെ.

    യുവതി

    ആ മുന്തിരിരസം എന്റെ പ്രിയനിലേക്ക് പ്രവഹിക്കട്ടെ,

    അധരങ്ങളിലൂടെയും ദന്തനിരകളിലൂടെയും മന്ദമായി ഒഴുകിയിറങ്ങട്ടെ.

    10 ഞാൻ എന്റെ പ്രിയനുള്ളവൾ,

    അവന്റെ ആഗ്രഹം എന്നിലേക്കാകുന്നു.

    11 എന്റെ പ്രിയാ, വരിക! നമുക്കു നാട്ടിൻപുറത്തേക്കുപോകാം,

    നമുക്ക് ഗ്രാമങ്ങളിൽച്ചെന്ന് രാപാർക്കാം.

    12 അതികാലത്തുതന്നെ നമുക്കു മുന്തിരിത്തോപ്പുകളിലേക്കുപോകാം—

    മുന്തിരിവള്ളികൾ പുഷ്പവതികളായോ എന്നും

    അവയുടെ പൂമൊട്ടുകൾ മിഴിതുറന്നോ എന്നും

    മാതളനാരകം പൂവിട്ടുവോ എന്നും നമുക്കുനോക്കാം—

    അവിടെവെച്ച് ഞാൻ എന്റെ പ്രേമം നിന്നിലേക്കു പകരാം.

    13 ദൂദായിപ്പഴം സുഗന്ധം വീശുന്നു,

    നമ്മുടെ വാതിൽക്കൽ സകലവിശിഷ്ടഫലങ്ങളുമുണ്ട്;

    എന്റെ പ്രിയാ, പുതിയതും പഴയതുമായതെല്ലാം

    ഞാൻ നിനക്കായി ശേഖരിച്ചുവെച്ചിരിക്കുന്നു.

  7. 10 എന്റെ പ്രിയൻ എന്നോടു മന്ത്രിച്ചു,

    “എന്റെ പ്രിയേ, എഴുന്നേൽക്കൂ,

    എന്റെ സുന്ദരീ, എന്നോടൊപ്പം വരിക.

    11 നോക്കൂ, ശീതകാലം കഴിഞ്ഞിരിക്കുന്നു

    മഴക്കാലവും മാറിപ്പോയിരിക്കുന്നു.

    12 മണ്ണിൽ മലരുകൾ വിരിയുന്നു;

    ഗാനാലാപനകാലവും വന്നുചേർന്നിരിക്കുന്നു,

    പ്രാവുകളുടെ കുറുകലും

    നമ്മുടെ നാട്ടിൽ കേൾക്കുന്നു.

    13 അത്തിമരത്തിൽ കന്നിക്കായ്കൾ പഴുക്കുന്നു;

    പൂത്തുലഞ്ഞ മുന്തിരിവള്ളികൾ അതിന്റെ സുഗന്ധം പരത്തുന്നു.

    എന്റെ പ്രിയേ, എഴുന്നേറ്റുവരിക

    എന്റെ സുന്ദരീ, എന്നോടൊപ്പം വരിക.”

    യുവാവ്

    14 പാറപ്പിളർപ്പുകളിൽ,

    അതേ മലയോരത്തെ ഒളിവിടങ്ങളിൽ ഇരിക്കുന്ന എന്റെ പ്രാവേ,

    നിന്റെ മുഖം ഞാനൊന്നു കാണട്ടെ,

    നിൻസ്വരം ഞാനൊന്നു കേൾക്കട്ടെ;

    കാരണം നിന്റെ സ്വരം മധുരതരവും

    നിന്റെ മുഖം രമണീയവും ആകുന്നു.

    15 നമ്മുടെ മുന്തിരിത്തോപ്പുകൾ പൂത്തുലഞ്ഞുനിൽക്കുകയാൽ

    കുറുക്കന്മാരെ ഞങ്ങൾക്കുവേണ്ടി പിടിക്കുവിൻ

    മുന്തിരിത്തോപ്പുകൾ നശിപ്പിക്കുന്ന

    ചെറുകുറുനരികളെത്തന്നെ.

  8. 12 എന്റെ സഹോദരീ, എന്റെ കാന്തേ, നീ കെട്ടിയടച്ച ഒരു ഉദ്യാനം;

    അടച്ചുറപ്പാക്കപ്പെട്ട ഒരു നീരുറവയാണ്, മുദ്രാങ്കിതമായ ഒരു ജലധാരയും.

    13 നിന്റെ ചെടികൾ

    വിശിഷ്ട ഫലവർഗങ്ങൾ നിറഞ്ഞ മാതളത്തോട്ടം,

    മൈലാഞ്ചിയും ജടാമാഞ്ചിയും അവിടെയുണ്ട്.

    14 ജടാമാഞ്ചിയും കുങ്കുമവും

    വയമ്പും ലവംഗവും

    മീറയും ചന്ദനവും

    എല്ലാത്തരം സുഗന്ധവൃക്ഷങ്ങളും

    മേൽത്തരമായ എല്ലാത്തരം സുഗന്ധവർഗങ്ങളുംതന്നെ.

    15 നീ ഒരു ഉദ്യാനജലധാരയാണ്,

    ലെബാനോൻ പർവതസാനുക്കളിൽനിന്ന് ഒഴുകിയെത്തുന്ന

    തെളിനീരിന്റെ സംഭരണിയാണു നീ.

    യുവതി

    16 വടക്കൻകാറ്റേ, ഉണരൂ,

    തെക്കൻകാറ്റേ, വരിക!

    അതിന്റെ പരിമളം എല്ലായിടത്തും പരത്തുന്നതിനായി,

    എന്റെ തോട്ടത്തിൽ വീശുക.

    എന്റെ പ്രിയൻ തന്റെ ഉദ്യാനത്തിലേക്കു വരട്ടെ,

    അതിലെ വിശിഷ്ടഫലങ്ങൾ ആസ്വദിക്കട്ടെ.

  9. 4 എന്റെ പ്രിയൻ വാതിൽക്കൊളുത്തിലേക്ക് തന്റെ കൈനീട്ടി;

    എന്റെ ഹൃദയം അവനുവേണ്ടി തുടിക്കാൻ തുടങ്ങി.

    5 ഞാൻ എന്റെ പ്രിയനായി വാതിൽ തുറക്കാൻ എഴുന്നേറ്റു,

    എന്റെ കൈയിൽനിന്ന് മീറയിൻകണങ്ങൾ ഇറ്റിറ്റുവീണു,

    മീറയിൻധാരയുമായി എന്റെ വിരലുകൾ

    വാതിലിൻതഴുതുകളിൽവെച്ചു.

    6 ഞാൻ എന്റെ പ്രിയനുവേണ്ടി തുറന്നു,

    അപ്പോഴേക്കും എന്റെ കാന്തൻ പോയിമറഞ്ഞിരുന്നു.

    അവന്റെ പിൻവാങ്ങലിൽ എന്റെ ഹൃദയം സങ്കടത്തിലാണ്ടു.

    ഞാൻ അവനെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല.

    ഞാൻ അവനെ വിളിച്ചെങ്കിലും അവൻ വിളികേട്ടില്ല.

    7 നഗരത്തിൽ റോന്തുചുറ്റുന്ന കാവൽഭടന്മാർ

    എന്നെ കണ്ടെത്തി.

    അവർ എന്നെ അടിച്ചു, എന്നെ മുറിവേൽപ്പിച്ചു;

    മതിലുകളുടെ സംരക്ഷണസേനയിലുള്ളവർ,

    എന്റെ അങ്കി കവർന്നെടുത്തു!

    8 ജെറുശലേംപുത്രിമാരേ, എനിക്കുറപ്പുനൽകുക—

    നിങ്ങൾ എന്റെ പ്രിയനെ കാണുന്നെങ്കിൽ,

    അവനോട് നിങ്ങൾ എന്തുപറയും?

    ഞാൻ പ്രേമവിവശയായിരിക്കുന്നു എന്ന് അവനെ അറിയിക്കണമേ.

  10. തോഴിമാർ

    1 സ്ത്രീകളിൽ അതിസുന്ദരീ,

    നിന്റെ പ്രിയൻ എവിടെപ്പോയിരിക്കുന്നു?

    നിന്റെ പ്രിയൻ ഏതുവഴിയേ തിരിഞ്ഞു,

    അവനെ തെരയാൻ നിന്നോടൊപ്പം ഞങ്ങളും ചേരട്ടെയോ?

    യുവതി

    2 എന്റെ പ്രിയൻ അവന്റെ ഉദ്യാനത്തിലേക്ക്,

    സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്കുതന്നെ പോയിരിക്കുന്നു,

    തോട്ടത്തിൽ മേയിക്കുന്നതിനും

    ശോശന്നപ്പുഷ്പം ശേഖരിക്കുന്നതിനും പോയിരിക്കുന്നു.

    3 ഞാൻ എന്റെ പ്രിയന്റേതും എന്റെ പ്രിയൻ എന്റേതുമാകുന്നു;

    അവൻ ശോശന്നച്ചെടികൾക്കിടയിൽ മന്ദംമന്ദം നടക്കുന്നു.

  11. യുവാവ്

    11 ഞാൻ എന്റെ ബദാംവൃക്ഷത്തോപ്പിലേക്ക് ഇറങ്ങിച്ചെന്നു,

    താഴ്വരയിലെ പുതുമുകുളങ്ങൾ കാണാൻ,

    മുന്തിരിലതകൾ പുഷ്പിണികളായോ എന്നും

    മാതളനാരകം പൂത്തുലഞ്ഞോ എന്നും നോക്കുന്നതിനായിത്തന്നെ.

    12 ഈവക അനുഭൂതി ഞാൻ ആസ്വദിക്കുന്നതിനുമുമ്പേതന്നെ,

    എന്റെ അഭിലാഷം എന്നെ എന്റെ ജനത്തിന്റെ രാജകീയ രഥവ്യൂഹത്തിലേക്കെത്തിച്ചു.

    തോഴിമാർ

    13 അല്ലയോ ശൂലേംകാരീ, മടങ്ങിവരിക മടങ്ങിവരിക;

    മടങ്ങിവരിക മടങ്ങിവരിക, ഞങ്ങൾ നിന്നെയൊന്നു കണ്ടുകൊള്ളട്ടെ!

    യുവാവ്

    മഹനയീമിലെ നൃത്തത്തെ വീക്ഷിക്കുന്നതുപോലെ

    ശൂലേംകാരിയെ നിങ്ങൾ എന്തിനു മിഴിച്ചുനോക്കുന്നു?

  12. 1 എന്റെ അമ്മ മുലയൂട്ടിവളർത്തിയ

    ഒരു സഹോദരൻ ആയിരുന്നു നീ എങ്കിൽ!

    ഞാൻ നിന്നെ വെളിയിൽ കാണുമ്പോൾ,

    എനിക്കു നിന്നെ ചുംബിക്കാമായിരുന്നു,

    ആരും എന്നെ നിന്ദിക്കുമായിരുന്നില്ല.

    2 ഞാൻ നിന്നെ എന്റെ മാതൃഗൃഹത്തിലേക്ക്

    കൂട്ടിക്കൊണ്ടുപോകുമായിരുന്നു—

    എനിക്കു പരിശീലനംതന്നവളുടെ ചാരത്തേക്കുതന്നെ.

    സുഗന്ധരസംചേർത്ത വീഞ്ഞും

    മാതളപ്പഴച്ചാറും ഞാൻ നിനക്ക് പാനംചെയ്യാൻ നൽകുമായിരുന്നു.

    3 അവന്റെ ഇടതുകരത്തിന്മേൽ എന്റെ ശിരസ്സ് വിശ്രമിക്കുന്നു,

    അവന്റെ വലതുകരം എന്നെ പുണരുന്നു.

    4 ജെറുശലേംപുത്രിമാരേ, എനിക്കുറപ്പുനൽകുക:

    അനുയോജ്യസമയം വരുംവരെ

    പ്രേമം ഉത്തേജിപ്പിക്കുകയോ ഉണർത്തുകയോ അരുത്.

  13. 29 ദൈവം ശലോമോന് ജ്ഞാനവും അതിമഹത്തായ ഉൾക്കാഴ്ചയും കടൽത്തീരംപോലെ പരപ്പേറിയ പരിജ്ഞാനവും പ്രദാനംചെയ്തു. 30 സകലപൗരസ്ത്യദേശവാസികളുടെ ജ്ഞാനത്തെക്കാളും ഈജിപ്റ്റിന്റെ ജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്ഠതരമായിരുന്നു. 31 സകലമനുഷ്യരെക്കാളും എസ്രാഹ്യനായ ഏഥാൻ, മാഹോലിന്റെ പുത്രന്മാരായ ഹേമാൻ, കൽക്കോൽ, ദർദ എന്നിവരെക്കാളും അദ്ദേഹം കൂടുതൽ ജ്ഞാനിയായിരുന്നു. അയൽരാജ്യങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കീർത്തി വ്യാപിച്ചു. 32 മൂവായിരം സദൃശ്യവാക്യങ്ങളും ആയിരത്തഞ്ചു ഗീതങ്ങളും അദ്ദേഹം രചിച്ചു. 33 ലെബാനോനിലെ ദേവദാരുമുതൽ മതിലിന്മേൽ കിളിർക്കുന്ന ഈസോപ്പുവരെയുള്ള സസ്യജാലങ്ങളെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. മൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും മത്സ്യങ്ങളെയും അദ്ദേഹം പരാമർശവിഷയമാക്കി. 34 ശലോമോന്റെ ജ്ഞാനത്തെപ്പറ്റി കേട്ടറിഞ്ഞ സകലരാഷ്ട്രത്തലവന്മാരുടെയും അടുക്കൽനിന്ന് അനവധി സ്ഥാനപതികൾ ശലോമോന്റെ ജ്ഞാനവചനങ്ങൾ കേൾക്കാൻ എത്തിയിരുന്നു.

  14. യുവാവ്

    9 എന്റെ പ്രിയേ, ഫറവോന്റെ രഥങ്ങളിലെ

    മദിപ്പിക്കുന്ന പെൺകുതിരകളിലൊന്നിനെപ്പോലെയാകുന്നു നീ.

    10 നിന്റെ കവിൾത്തടങ്ങൾ കർണാഭരണങ്ങളാലും

    നിന്റെ കണ്ഠം രത്നാഭരണങ്ങളാലും അലംകൃതമായിരിക്കുന്നു.

    11 വെള്ളിമണികൾകൊണ്ട് അലങ്കരിച്ച തങ്കക്കമ്മലുകൾ

    ഞങ്ങൾ നിനക്കായി പണിയും.

    യുവതി

    12 രാജാവ് ഭക്ഷണത്തിനിരുന്നപ്പോൾ,

    എന്റെ സുഗന്ധതൈലം സൗരഭ്യം പരത്തി.

    13 എന്റെ പ്രിയൻ എനിക്ക്

    എന്റെ സ്തനങ്ങൾക്കിടയിൽ വിശ്രമിക്കുന്ന മീറക്കെട്ടുപോലെ ആകുന്നു.

    14 എന്റെ പ്രിയൻ എനിക്ക് എൻ-ഗെദി മുന്തിരിത്തോപ്പുകളിലെ

    മൈലാഞ്ചിപ്പൂക്കുലപോലെ ആകുന്നു.

  15. 4 അവൻ എന്നെ വിരുന്നുശാലയിലേക്ക് ആനയിക്കുന്നു,

    എന്റെമീതേ പറക്കുന്ന പതാക അവന്റെ സ്നേഹംതന്നെ.

    5 മുന്തിരിയട തന്ന് എന്നെ ശക്തയാക്കൂ,

    ആപ്പിൾകൊണ്ടെന്നെ ഉന്മേഷഭരിതയാക്കൂ,

    കാരണം ഞാൻ പ്രേമപരവശയായിരിക്കുന്നു.

  16. യുവതി

    16 എന്റെ പ്രിയൻ എന്റേതും ഞാൻ അവന്റേതുമാകുന്നു;

    അവൻ ശോശന്നച്ചെടികൾക്കിടയിൽ മന്ദംമന്ദം നടക്കുന്നു.

    17 ഉഷസ്സു പൊട്ടിവിടർന്ന്

    ഇരുളിന്റെ നിഴലുകൾ മായുംവരെ,

    എന്റെ പ്രിയനേ, എന്നിലേക്കണയുക;

    ഒരു ചെറു കലമാനിനെപ്പോലെയോ

    പർവതമേടുകളിലെ

    മാൻകിടാവിനെപ്പോലെയോതന്നെ.

  17. യുവാവ്

    1 എന്റെ പ്രിയേ! നീ എത്ര സുന്ദരി!

    നീ സുന്ദരിതന്നെ!

    നിന്റെ മൂടുപടത്തിനുള്ളിലെ നിന്റെ നയനങ്ങൾ പ്രാവുകളാണ്.

    ഗിലെയാദ് മലഞ്ചെരിവിലൂടെ ഇറങ്ങിവരുന്ന

    കോലാട്ടിൻപറ്റംപോലെയാണ് നിന്റെ കാർകൂന്തൽ.

    2 ഇപ്പോൾ രോമം കത്രിച്ച് കുളിച്ചുകയറിവരുന്ന

    ആട്ടിൻപറ്റംപോലെയാണ് നിന്റെ പല്ലുകൾ.

    അവയെല്ലാം ഇണക്കുട്ടികൾ;

    ഒന്നും ഒറ്റയായി കാണപ്പെടുന്നില്ല.

    3 നിന്റെ ചുണ്ടുകൾ കടുംചെമപ്പു ചരടിനുതുല്യം;

    നിന്റെ വായ് മനോഹരമാകുന്നു.

    മൂടുപടത്തിനുള്ളിൽ നിന്റെ കവിൾത്തടങ്ങൾ

    മാതളപ്പഴത്തിന്റെ പകുതിപോലെയാണ്.

    4 നിന്റെ കഴുത്ത് അതികമനീയമായി നിർമിച്ച

    ദാവീദിൻ ഗോപുരംപോലെയാണ്.

    അതിൽ ഒരായിരം പരിചകൾ തൂങ്ങിയാടുന്നു,

    അവയെല്ലാം പോർവീരരുടെ പരിചകൾതന്നെ.

    5 നിന്റെ സ്തനദ്വയങ്ങൾ രണ്ടു മാൻകിടാങ്ങൾക്കു സമം,

    ശോശന്നച്ചെടികൾക്കിടയിൽ മേയുന്ന

    ഇരട്ടപിറന്ന കലമാനുകൾക്കു സമം.

  18. 1 അല്ലയോ പ്രഭുകുമാരീ,

    പാദുകമണിഞ്ഞ നിന്റെ പാദങ്ങൾ എത്ര മനോഹരം!

    നിന്റെ തുടയുടെ ആകാരം സമർഥനായ ശില്പിയുടെ

    കരവിരുതിൽ കൊത്തിയെടുത്ത രത്നങ്ങൾപോലെയാണ്

    2 വീര്യമുള്ള ദ്രാക്ഷാരസം നിറഞ്ഞുതുളുമ്പുന്ന

    വൃത്താകാരമായ ചഷകംപോലെയാണ് നിന്റെ നാഭി.

    ശോശന്നപ്പുഷ്പങ്ങളാൽ വലയംചെയ്യപ്പെട്ട

    ഗോതമ്പുകൂമ്പാരംപോലെയാണ് നിന്റെ അരക്കെട്ട്

    3 നിന്റെ സ്തനദ്വയങ്ങൾ രണ്ടു മാൻകിടാങ്ങൾക്കു സമം,

    ഇരട്ടപിറന്ന കലമാനുകൾക്കു സമം.

    4 ഒരു ദന്തഗോപുരംപോലെയാണ് നിന്റെ കണ്ഠം.

    ബാത്ത്-റബ്ബിം കവാടത്തിനരികെയുള്ള

    ഹെശ്ബോൻ തടാകങ്ങൾപോലെയാണ് നിന്റെ മിഴികൾ.

    ദമസ്കോസിലേക്ക് അഭിമുഖമായി നിൽക്കുന്ന

    ലെബാനോൻ ഗോപുരംപോലെയാണ് നിന്റെ നാസിക.

    5 നിന്റെ ശിരസ്സ് കർമേൽമലപോലെ മനോഹരമാണ്.

    നിന്റെ കാർകൂന്തൽ രാജകീയ ചിത്രത്തിരശ്ശീലപോലെയാണ്;

    രാജാവ് അതിന്റെ ചുരുളുകളാൽ ബന്ധനസ്ഥനായിത്തീർന്നിരിക്കുന്നു.

    6 എന്റെ പ്രിയേ, നീ എത്ര സുന്ദരി,

    നിന്റെ മനോഹാരിത എത്ര ആത്മഹർഷം പകരുന്നു!

    7 നിന്റെ ആകാരം പനയുടേതുപോലെ,

    നിന്റെ സ്തനങ്ങൾ അതിന്റെ കുലകൾപോലെയും.

    8 “ഞാൻ പനയിൽ കയറും;

    അതിലെ കുലകൾ ഞാൻ കൈയടക്കും,” എന്നു ഞാൻ പറഞ്ഞു.

    നിന്റെ സ്തനങ്ങൾ മുന്തിരിക്കുലകൾപോലെയും

    നിന്റെ നിശ്വാസഗന്ധം ആപ്പിൾഫലങ്ങളുടെ പരിമളംപോലെയും

  19. 10 എന്റെ സഹോദരീ, എന്റെ കാന്തേ, നിൻപ്രേമം എത്ര ആനന്ദദായകം,

    നിന്റെ പ്രേമം വീഞ്ഞിനെക്കാൾ ആസ്വാദ്യകരം.

    നിന്റെ സുഗന്ധലേപനസൗരഭ്യം

    മറ്റ് ഏതു പരിമളക്കൂട്ടിനെക്കാളും അതിസുരഭിലം!

    11 എന്റെ കാന്തേ, നിന്റെ ചുണ്ടുകൾ തേനടപോലെ മാധുര്യമേറിയത്;

    നിന്റെ നാവിൻകീഴിൽ പാലും തേനുമുണ്ട്.

    നിന്റെ വസ്ത്രാഞ്ചലസൗരഭ്യം

    ലെബാനോനിലെ പരിമളത്തിനു സമം.

  20. യുവാവ്

    13 പരിചാരികമാരായ തോഴിമാരോടൊപ്പം

    ഉദ്യാനങ്ങളിൽ വസിക്കുന്നവളേ,

    ഞാൻ നിന്റെ സ്വരം കേൾക്കട്ടെ!

    യുവതി

    14 എന്റെ പ്രിയാ, നീ ഓടിപ്പോന്നാലും,

    ഒരു ചെറു കലമാനിനെപ്പോലെ

    പരിമളപർവതമേടുകളിലെ

    മാൻകിടാവിനെപ്പോലെതന്നെ.

  21. 16 ദൈവത്തിന്റെ നിസ്തുലപുത്രനിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയും നശിച്ചുപോകാതെ നിത്യജീവൻ അവകാശമാക്കേണ്ടതിന് അവിടത്തെ പുത്രനെ യാഗമായി അർപ്പിക്കുന്നത്ര ദൈവം ലോകത്തെ സ്നേഹിച്ചു. 17 ദൈവം അവിടത്തെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല, തന്നിലൂടെ ലോകത്തെ രക്ഷിക്കാനാണ്.

  22. 1 ശലോമോൻരാജാവ് വിദേശികളായ അനേകം സ്ത്രീകളെ സ്നേഹിച്ചിരുന്നു. ഫറവോന്റെ മകളെക്കൂടാതെ മോവാബ്യരും അമ്മോന്യരും ഏദോമ്യരും സീദോന്യരും ഹിത്യരുമായ അനേകം സ്ത്രീകളെയും അദ്ദേഹം സ്നേഹിച്ചു. 2 “നിങ്ങൾ അവരുമായി മിശ്രവിവാഹബന്ധത്തിൽ ഏർപ്പെടരുത്; അവർക്കു നിങ്ങളോടും വിവാഹബന്ധം അരുത്; അവർ നിങ്ങളുടെ ഹൃദയം തങ്ങളുടെ ദേവന്മാരിലേക്കു നിശ്ചയമായും തിരിച്ചുകളയും,” എന്ന് ഏതു ജനതകളെക്കുറിച്ച് യഹോവ ഇസ്രായേലിനോട് അരുളിച്ചെയ്തിരുന്നോ, അതേ ജനതകളിൽപ്പെട്ടവരായിരുന്നു ഈ സ്ത്രീകൾ. എന്നിട്ടും, ശലോമോൻ അവരെ ഗാഢമായി പ്രേമിച്ചു. 3 അദ്ദേഹത്തിന്, രാജ്ഞിമാരായ 700 ഭാര്യമാരും 300 വെപ്പാട്ടികളും ഉണ്ടായിരുന്നു. ഭാര്യമാർ അദ്ദേഹത്തിന്റെ ഹൃദയം വശീകരിച്ചുകളഞ്ഞു. 4 ശലോമോൻ വയോധികനായപ്പോൾ ഭാര്യമാർ അദ്ദേഹത്തിന്റെ ഹൃദയം അന്യദേവന്മാരിലേക്കു വ്യതിചലിപ്പിച്ചു. തന്റെ പിതാവായ ദാവീദിന്റെ ഹൃദയംപോലെ അദ്ദേഹത്തിന്റെ ഹൃദയം ദൈവമായ യഹോവയിൽ ഏകാഗ്രമായിരുന്നില്ല.

  23. യുവതി

    1 ഞാൻ ശാരോനിലെ പനിനീർകുസുമം

    താഴ്വരകളിലെ ശോശന്നപ്പുഷ്പം.

    യുവാവ്

    2 മുള്ളുകൾക്കിടയിലെ ശോശന്നപ്പുഷ്പംപോലെയാണ്

    യുവതികൾക്കിടയിലെ എന്റെ പ്രിയ.

  24. 7 ജെറുശലേംപുത്രിമാരേ, വയലേലകളിലെ കലമാനുകളുടെയും

    മാൻപേടകളുടെയുംപേരിൽ എനിക്കുറപ്പുനൽകുക:

    അനുയോജ്യസമയം വരുംവരെ

    പ്രേമം ഉത്തേജിപ്പിക്കുകയോ ഉണർത്തുകയോ അരുത്.

  25. 4 സ്നേഹം ക്ഷമയുള്ളതാണ്, സ്നേഹം ദയയുള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല, ആത്മപ്രശംസചെയ്യുന്നില്ല, സ്നേഹം അഹങ്കരിക്കുന്നില്ല. 5 അതു അന്യരെ അപമാനിക്കുന്നില്ല, സ്വാർഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, ദോഷത്തിന്റെ കണക്കുസൂക്ഷിക്കുന്നതുമില്ല. 6 സ്നേഹം തിന്മയിൽ അഭിരമിക്കാതെ, സത്യത്തിൽ ആനന്ദിക്കുന്നു. 7 എപ്പോഴും സംരക്ഷിക്കുന്നു, എപ്പോഴും വിശ്വസിക്കുന്നു, എപ്പോഴും പ്രത്യാശിക്കുന്നു, എപ്പോഴും സഹിക്കുന്നു.

    8 സ്നേഹം എന്നെന്നും നിലനിൽക്കുന്നു. പ്രവചനം നീക്കപ്പെടും ഭാഷകൾ നിലച്ചുപോകും ജ്ഞാനവും നീക്കപ്പെടും.

  26. 25 ഭർത്താക്കന്മാരേ, ക്രിസ്തു സ്വന്തം ജീവൻ നൽകി സഭയെ സ്നേഹിച്ചതുപോലെ നിങ്ങളും നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കണം. 26 ക്രിസ്തു അവിടത്തെ സഭയെ വചനമാകുന്ന ജലത്താൽ കഴുകി നിർമലീകരിച്ച് വിശുദ്ധീകരിക്കേണ്ടതിനും 27 കറ, ചുളുക്കം, മാലിന്യം എന്നിവ അശേഷം ഇല്ലാതെ വിശുദ്ധയും നിഷ്കളങ്കയുമായി തേജസ്സോടെ തനിക്കായി നിർത്തേണ്ടതിനുമാണ് അപ്രകാരം ചെയ്തത്. 28 ഇതുപോലെതന്നെ ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്തം ശരീരങ്ങളെ സ്നേഹിക്കുന്നതുപോലെതന്നെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ യഥാർഥത്തിൽ തന്നെത്തന്നെയാണ് സ്നേഹിക്കുന്നത്. 29 ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുക്കുന്നില്ല, സഭയെ ക്രിസ്തു പരിപോഷിപ്പിക്കുന്നതുപോലെ അതിനെ പരിപോഷിപ്പിക്കുകയാണു ചെയ്യുന്നത്. 30 നാം എല്ലാവരും ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവങ്ങൾ ആണല്ലോ. 31 തിരുവെഴുത്തിൽ ഇങ്ങനെയാണല്ലോ വായിക്കുന്നത്, “ഈ കാരണത്താൽ ഒരു പുരുഷൻ തന്റെ മാതാപിതാക്കളെ വിട്ടുപിരിഞ്ഞ് തന്റെ ഭാര്യയോടു സംയോജിക്കും, അവരിരുവരും ഒരു ശരീരമായിത്തീരും.” 32 ഇത് മഹത്തായ ഒരു രഹസ്യം. ഞാൻ ക്രിസ്തുവിനെയും സഭയെയുംകുറിച്ചാണ് സംസാരിക്കുന്നത്. 33 ചുരുക്കിപ്പറഞ്ഞാൽ, നിങ്ങളിൽ ഓരോരുത്തരും സ്വന്തം ഭാര്യയെ തന്നെപ്പോലെതന്നെ സ്നേഹിക്കണം; ഭാര്യ ഭർത്താവിനെ ബഹുമാനിക്കേണ്ടതുമാണ്.

  27. 12 ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധരും ദൈവത്തിനു പ്രിയരുമാകുകയാൽ നിങ്ങൾ മനസ്സലിവ്, ദയ, വിനയം, സൗമ്യത, ക്ഷമ, എന്നിവ ധരിക്കുക. 13 പരസ്പരം ക്ഷമിക്കുകയും സഹിക്കുകയുംചെയ്യുക; നിങ്ങളിലൊരാൾക്കു മറ്റൊരാൾക്കെതിരേ പരാതി ഉണ്ടായാൽ, കർത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക. 14 എല്ലാറ്റിലും ഉപരിയായി എല്ലാവരെയുംതമ്മിൽ സമ്പൂർണമായി ബന്ധിപ്പിക്കുന്ന കണ്ണിയായ സ്നേഹം ധരിക്കുക.

    15 ക്രിസ്തു നൽകുന്ന സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. അതിനായിട്ടാണല്ലോ നിങ്ങളെ ഏകശരീരമായി വിളിച്ചിരിക്കുന്നത്. കൃതജ്ഞതയുള്ളവരായിരിക്കുക. 16 ക്രിസ്തുവിന്റെസന്ദേശം നിങ്ങളിൽ സമൃദ്ധിയോടെ വസിക്കട്ടെ. അങ്ങനെ ആയിരിക്കണം നിങ്ങൾ, സർവജ്ഞാനത്തോടും കൂടെ ഹൃദയത്തിൽ നന്ദി നിറഞ്ഞവരായി, സങ്കീർത്തനങ്ങൾ, സ്തുതിഗീതങ്ങൾ, ആത്മികഗാനങ്ങൾ എന്നിവയാൽ ദൈവത്തിനു പാടിക്കൊണ്ട്, പരസ്പരം ഉപദേശിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യേണ്ടത്. 17 നിങ്ങളുടെ വാക്കോ പ്രവൃത്തിയോ എന്തായാലും അവയെല്ലാം കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും യേശുക്രിസ്തു മുഖാന്തരം പിതാവായ ദൈവത്തിന് സ്തോത്രം അർപ്പിച്ചുകൊണ്ടും ആയിരിക്കട്ടെ.

  28. 8 എന്റെ മണവാട്ടീ, ലെബാനോനിൽനിന്ന് എന്റെകൂടെ വരിക,

    ലെബാനോനിൽനിന്ന് എന്റെകൂടെ വരിക.

    അമാനാ പർവതശൃംഗത്തിൽനിന്ന്

    സെനീറിന്റെയും ഹെർമോന്റെയും ശൃംഗത്തിൽനിന്ന്

    സിംഹങ്ങളുടെ ഗുഹകളിൽനിന്ന്

    പുള്ളിപ്പുലികൾ വിഹരിക്കുന്ന പർവതനിരകളിൽനിന്നുംതന്നെ ഇറങ്ങിവാ.

    9 എന്റെ സഹോദരീ, എന്റെ മണവാട്ടീ, നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു;

    നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു;

    നിന്റെ കണ്ണുകളുടെ ഒരു നോട്ടംകൊണ്ടും

    നിന്റെ ഹാരത്തിലെ ഒരു രത്നമണികൊണ്ടുംതന്നെ.

  29. യുവതി

    2 ഞാൻ നിദ്രാധീനയായി എങ്കിലും എന്റെ ഹൃദയം ഉണർന്നിരുന്നു.

    ശ്രദ്ധിക്കൂ! എന്റെ പ്രിയൻ വാതിലിൽ മുട്ടുന്നു:

    “എന്റെ സഹോദരീ, എന്റെ പ്രിയേ,

    എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, എനിക്കായി തുറന്നുതരൂ.

    എന്റെ ശിരസ്സ് തുഷാരബിന്ദുക്കളാലും

    എന്റെ മുടി രാമഞ്ഞിനാലും കുതിർന്നിരിക്കുന്നു.”

    3 അതിനു ഞാൻ, “എന്റെ അങ്കി ഞാൻ അഴിച്ചുവെച്ചിരിക്കുന്നു—

    അതു ഞാൻ വീണ്ടും അണിയണമോ?

    എന്റെ പാദങ്ങൾ ഞാൻ കഴുകിയിരിക്കുന്നു—

    അതു ഞാൻ വീണ്ടും അഴുക്കാക്കണമോ?”

  30. 16 ദൈവം നമ്മെ സ്നേഹിക്കുന്നെന്ന് ഞങ്ങൾ അറിയുകയും വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.

    ദൈവം സ്നേഹമാണ്. സ്നേഹത്തിൽ വസിക്കുന്നവർ ദൈവത്തിൽ വസിക്കുന്നു. ദൈവം അവരിലും വസിക്കുന്നു. 17 നാം ദൈവത്തിൽ വസിക്കുന്നതിലൂടെ നമ്മുടെ സ്നേഹം പൂർണതയിലേക്കു വളരുന്നു. അങ്ങനെ ന്യായവിധിദിവസത്തിൽ ഭയരഹിതരായി, ദൈവത്തെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ നമുക്ക് കഴിയും. കാരണം ഈ ലോകത്തിൽ നാം ജീവിക്കുന്നത് യേശുവിനെപ്പോലെ ആണല്ലോ. 18 സ്നേഹത്തിൽ ഭയമില്ല. സമ്പൂർണസ്നേഹം ഭയത്തെ ഇല്ലാതാക്കുന്നു. കാരണം, ഭയം ശിക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭയപ്പെടുന്ന വ്യക്തി സ്നേഹത്തിൽ സമ്പൂർണനല്ല.

    19 അവിടന്ന് നമ്മെ ആദ്യം സ്നേഹിച്ചതുകൊണ്ടാണ് നാം സ്നേഹിക്കുന്നത്. 20 ആരെങ്കിലും ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുകയും സഹോദരങ്ങളെ വെറുക്കുകയുംചെയ്യുന്നെങ്കിൽ അയാൾ അസത്യവാദിയാണ്; കാരണം, താൻ കണ്ടിട്ടുള്ള സഹോദരങ്ങളെ സ്നേഹിക്കാത്തവർക്ക് കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിക്കുക അസാധ്യമാണ്. 21 ദൈവത്തെ സ്നേഹിക്കുന്നവർ തങ്ങളുടെ സഹോദരങ്ങളെയും സ്നേഹിക്കണം. ഈ കൽപ്പനയാണ് അവിടന്നു നമുക്കു നൽകിയിരിക്കുന്നത്.

  31. യുവാവ്

    1 എന്റെ സഹോദരീ, എന്റെ കാന്തേ, ഞാൻ എന്റെ ഉദ്യാനത്തിൽ വന്നുചേർന്നിരിക്കുന്നു;

    ഞാൻ എന്റെ സുഗന്ധദ്രവ്യത്തോടൊപ്പം മീറയും ശേഖരിച്ചിരിക്കുന്നു.

    തേനിനോടൊപ്പം ഞാൻ എന്റെ തേനട ഭക്ഷിച്ചു;

    പാലിനോടൊപ്പം ഞാൻ എന്റെ വീഞ്ഞും പാനംചെയ്തിരിക്കുന്നു.

    തോഴിമാർ

    അല്ലയോ സ്നേഹിതരേ, ഭക്ഷിക്കൂ, പാനംചെയ്യൂ;

    ഹേ കാമുകന്മാരേ, മതിയാകുവോളം പാനംചെയ്യുക.

  32. 37 അതിന് യേശു, “ ‘നിന്റെ ദൈവമായ കർത്താവിനെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണമനസ്സാലും സ്നേഹിക്കണം.’ 38 ഇതാകുന്നു പ്രഥമവും ഏറ്റവും മഹത്തുമായ കൽപ്പന. 39 രണ്ടാമത്തെ കൽപ്പനയും അതിനുതുല്യം: ‘നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക.’ 40 സർവന്യായപ്രമാണവും പ്രവാചകന്മാരും ഈ രണ്ട് കൽപ്പനകളിൽ അധിഷ്ഠിതമായിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു.

  33. 16 ക്രിസ്തു നമുക്കുവേണ്ടി സ്വജീവൻ അർപ്പിച്ചതിനാൽ സ്നേഹം എന്തെന്നു നാം അറിയുന്നു; നാമും അതുപോലെ സഹോദരങ്ങൾക്കുവേണ്ടി ജീവൻ അർപ്പിക്കേണ്ടതാണ്. 17 ഒരാൾക്കു ഭൗതികസമ്പത്ത് ഉണ്ടായിരിക്കുകയും തന്റെ സഹോദരങ്ങളെ ബുദ്ധിമുട്ടുള്ളവരായി കണ്ടിട്ട് അവരോടു സഹതാപം തോന്നാതിരിക്കുകയും ചെയ്താൽ അയാളിൽ ദൈവസ്നേഹം വസിക്കുന്നു എന്ന് എങ്ങനെ അവകാശപ്പെടാൻ കഴിയും?

    18 കുഞ്ഞുമക്കളേ, നാം പരസ്പരം സ്നേഹിക്കുന്നു എന്ന് വൃഥാ വാചാലരാകാതെ, സ്നേഹം വാസ്തവത്തിൽ പ്രവൃത്തിപഥത്തിൽ കൊണ്ടുവരേണ്ടതാണ്. 19 ഇങ്ങനെ നാം സത്യത്തിൽനിന്നുള്ളവരെന്ന് അറിയുകയും തിരുസന്നിധിയിൽ ആത്മവിശ്വാസത്തോടെ നിൽക്കാൻ സാധിക്കുകയും ചെയ്യും.

  34. 7 പ്രിയരേ, നമുക്ക് പരസ്പരം സ്നേഹിക്കാം; സ്നേഹം ദൈവത്തിൽനിന്നുള്ളതാണ്. സ്നേഹിക്കുന്നവരെല്ലാം ദൈവത്തിൽനിന്നു ജനിച്ചവരും ദൈവത്തെ അറിഞ്ഞവരും ആണ്. 8 സ്നേഹിക്കാത്തവർ ദൈവത്തെ അറിയുന്നില്ല; ദൈവം സ്നേഹമാണ്.

  35. യുവാവ്

    15 എന്റെ പ്രിയേ! നീ എത്ര സുന്ദരി!

    നീ സുന്ദരിതന്നെ!

    നിന്റെ നയനങ്ങൾ പ്രാവുകൾപോലെതന്നെ.

    യുവതി

    16 എന്റെ പ്രിയാ, നീ എത്ര സുന്ദരൻ!

    നീ അതിസുന്ദരൻതന്നെ!

    നമ്മുടെ കിടക്കയും ശ്യാമളംതന്നെ.

    യുവാവ്

    17 നമ്മുടെ ഭവനത്തിന്റെ ഉത്തരങ്ങൾ ദേവദാരുക്കളാകുന്നു;

    അതിന്റെ കഴുക്കോൽ സരളവൃക്ഷവുമാകുന്നു.

  36. 6 പകൽ പുലർന്ന്

    നിഴലുകൾ മായുന്നതുവരെ,

    ഞാൻ മീറയുള്ള പർവതത്തിലേക്കും

    കുന്തിരിക്കക്കുന്നിലേക്കും പോകും.

    7 എന്റെ പ്രിയേ, നീ സർവാംഗസുന്ദരിതന്നെ;

    നിന്നിലൊരു ന്യൂനതയുമില്ല.

  37. 12 ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുക എന്നതാണ് എന്റെ കൽപ്പന. 13 സ്നേഹിതർക്കുവേണ്ടി സ്വജീവനെ അർപ്പിക്കുന്നതിലും വലിയ സ്നേഹം ആർക്കും ഇല്ല.

  38. 6 അപ്പോൾ വലിയ ജനാരവംപോലെയും വൻ ജലപ്രവാഹത്തിന്റെ ഇരമ്പൽപോലെയും അതിശക്തമായ ഇടിമുഴക്കംപോലെയുമുള്ള ഒരു ശബ്ദം ഞാൻ കേട്ടത്:

    “ഹല്ലേലുയ്യാ!

    സർവശക്തിയുള്ള ദൈവമായ നമ്മുടെ കർത്താവ് വാണരുളുന്നു.

    7 നമുക്ക് ആനന്ദത്തോടും ആഹ്ലാദത്തോടും

    അവിടത്തേക്ക് മഹത്ത്വം നൽകാം;

    കുഞ്ഞാടിന്റെ വിവാഹം വന്നുചേർന്നല്ലോ;

    മണവാട്ടിയും അതിനായി സ്വയം ഒരുങ്ങിയിരിക്കുന്നു.

    8 ശുദ്ധശുഭ്രവും ഉജ്ജ്വലവുമായ വസ്ത്രം

    അവൾക്കു ധരിക്കാൻ നൽകപ്പെട്ടിരിക്കുന്നു.”

    ആ മൃദുലചണവസ്ത്രം വിശുദ്ധരുടെ നീതിപ്രവൃത്തികളാണ്.

    9 പിന്നെ, ദൂതൻ എന്നോടു പറഞ്ഞത്: “ഇങ്ങനെ എഴുതുക; കുഞ്ഞാടിന്റെ വിവാഹവിരുന്നിനു ക്ഷണം ലഭിച്ചവർ അനുഗൃഹീതർ.” തുടർന്ന് എന്നോട്, “ഇവ ദൈവത്തിന്റെ സത്യവചനങ്ങൾതന്നെ” എന്നും പറഞ്ഞു.

  39. 23 അപ്പോൾ മനുഷ്യൻ ഇപ്രകാരം പറഞ്ഞു:

    “ഇത് എന്റെ അസ്ഥിയിൽനിന്നുള്ള അസ്ഥിയും

    എന്റെ മാംസത്തിൽനിന്നുള്ള മാംസവും ആകുന്നു;

    നരനിൽനിന്ന് എടുത്തിരിക്കുകയാൽ

    ഇവൾക്കു ‘നാരി’ എന്നു പേരാകും.”

    24 ഈ കാരണത്താൽ ഒരു പുരുഷൻ തന്റെ മാതാപിതാക്കളെ വിട്ടുപിരിഞ്ഞ് തന്റെ ഭാര്യയോടു സംയോജിക്കും; അവർ ഒരു ശരീരമായിത്തീരും.

  40. 15 യഹോവയുടെ ആലയം, തന്റെ അരമന, മുകൾത്തട്ടുകൾ, ജെറുശലേമിന്റെ മതിൽ, ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നിവ നിർമിക്കുന്നതിന് ശലോമോൻരാജാവ് ഏർപ്പെടുത്തിയ, നിർബന്ധിതമായി വേലചെയ്യുന്നവരുടെ വിവരണം: 16 ഈജിപ്റ്റിലെ രാജാവായ ഫറവോൻ, ഗേസെറിനെ ആക്രമിച്ചു കീഴടക്കുകയും തീവെച്ചു നശിപ്പിക്കുകയും ചെയ്തു; അവിടെ വസിച്ചിരുന്ന കനാന്യരെ കൂട്ടക്കൊലയും ചെയ്തു. തുടർന്ന്, തന്റെ പുത്രിയായ ശലോമോന്റെ ഭാര്യയ്ക്ക് വിവാഹസമ്മാനമായി ഗേസെർ പട്ടണം നൽകി. 17 പിന്നീട്, ശലോമോൻ ഗേസെർപട്ടണവും താഴ്വരയിലുള്ള ബേത്-ഹോരോനും പുനർനിർമിച്ചു. 18 ബാലാത്തും മരുഭൂമിയിലെ തദ്മോറും ശലോമോൻ നിർമിച്ചു. 19 ഇവകൂടാതെ, എല്ലാ സംഭരണനഗരങ്ങളും രഥങ്ങൾക്കും കുതിരപ്പടയാളികൾക്കുംവേണ്ടിയുള്ള എല്ലാ നഗരങ്ങളും അദ്ദേഹം നിർമിച്ചു. ഇപ്രകാരം, ജെറുശലേമിലും ലെബാനോനിലും അദ്ദേഹത്തിന്റെ ഭരണത്തിൻകീഴിലുള്ള സകലഭൂപ്രദേശങ്ങളിലും ശലോമോൻ ആഗ്രഹിച്ചിരുന്ന സകലതിന്റെയും നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി.

  41. യുവതി

    3 വനവൃക്ഷങ്ങൾക്കിടയിലുള്ള ഒരു ആപ്പിൾമരം പോലെയാണ്

    യുവാക്കന്മാർക്കിടയിൽ നിൽക്കുന്ന എന്റെ പ്രിയൻ.

    അവന്റെ നിഴലിൽ ഇരിക്കുന്നത് എനിക്ക് ആനന്ദമാകുന്നു

    അവന്റെ ഫലം എന്റെ നാവിനു മധുരമേകുന്നു.

  42. 8 കേൾക്കൂ! എന്റെ പ്രിയരേ,

    പർവതങ്ങളിലൂടെ തുള്ളിച്ചാടിയും

    കുന്നുകളിലൂടെ കുതിച്ചുചാടിയും

    എന്റെ പ്രിയൻ ഇതാ വരുന്നു.

    9 എന്റെ പ്രിയൻ കലമാനിനെപ്പോലെയോ മാൻകിടാവിനെപ്പോലെയോ ആകുന്നു.

    ജനാലകളിലൂടെ നോക്കിക്കൊണ്ട്,

    അഴികൾക്കിടയിലൂടെ ഒളിഞ്ഞുനോക്കിക്കൊണ്ട്,

    ഇതാ, നമ്മുടെ മതിലിനു പുറത്ത് അവൻ നിൽക്കുന്നു.

  43. 16 അവന്റെ വായ് മാധുര്യം നിറഞ്ഞിരിക്കുന്നു;

    അവൻ സർവാംഗസുന്ദരൻ.

    ജെറുശലേംപുത്രിമാരേ,

    ഇവനാണെന്റെ പ്രിയൻ, ഇവനാണെന്റെ തോഴൻ.

  44. 30 നിന്റെ ദൈവമായ കർത്താവിനെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണമനസ്സാലും സമ്പൂർണശക്തിയാലും സ്നേഹിക്കണം.’ 31 രണ്ടാമത്തേത്, ‘നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കണം’ എന്നതാണ്. ഇവയെക്കാൾ പ്രാധാന്യമുള്ള കൽപ്പന വേറെ ഇല്ല.”

    32 “ഗുരോ, അങ്ങു പറഞ്ഞതു ശരി; ദൈവം ഏകനെന്നും അവിടന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും അങ്ങു പറഞ്ഞതു ശരിതന്നെ. 33 സമ്പൂർണഹൃദയത്താലും സമ്പൂർണമനസ്സാലും സമ്പൂർണശക്തിയാലും ദൈവത്തെ സ്നേഹിക്കുന്നതും നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെ സ്നേഹിക്കുന്നതും എല്ലാ ഹോമയാഗങ്ങളെക്കാളും ബലികളെക്കാളും അധികം പ്രാധാന്യമുള്ളതാണ്” എന്നായിരുന്നു അയാളുടെ മറുപടി.

  45. 2 സമ്പൂർണവിനയവും സൗമ്യതയും ക്ഷമാശീലവും ഉള്ളവരായി സ്നേഹത്തിൽ പരസ്പരം സഹിഷ്ണുത കാട്ടുക. 3 സമാധാനത്താൽ ബന്ധിക്കപ്പെട്ടവരായി ആത്മാവിലുള്ള ഐക്യം നിലനിർത്താൻ ഉത്സുകരാകുക.

  46. 8 ക്രിസ്തുയേശുവിന് നിങ്ങളോടുള്ള അതേ വാത്സല്യത്തോടെ നിങ്ങളെയെല്ലാം കാണാൻ ഞാൻ എത്ര ആഗ്രഹിക്കുന്നു എന്നതിനു ദൈവംതന്നെ സാക്ഷി.

    9 ആഴത്തിലുള്ള അറിവിലും തികഞ്ഞ വിവേകത്തിലും നിങ്ങളുടെ സ്നേഹം അധികമധികം വർധിച്ചുവന്ന്

  47. 1 ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർ വചനം അനുസരിക്കാത്തവർ ആണെങ്കിൽക്കൂടി അവർക്ക് വിധേയരാകുക. 2 വാച്യമായ ഉപദേശംകൂടാതെതന്നെ ആദരപൂർണവും നിർമലവുമായ നിങ്ങളുടെ പെരുമാറ്റംകൊണ്ട് അവരെ നേടാൻ സാധിക്കും. 3 വിചിത്രമായ കേശാലങ്കാരം, സ്വർണാഭരണം, മോടിയേറിയ ഉടയാടകൾ എന്നീ ബാഹ്യ അലങ്കാരങ്ങളിലാകരുത് നിങ്ങളുടെ സൗന്ദര്യം; 4 പിന്നെയോ, വിനീതവും ശാന്തവുമായ മനോഭാവത്തോടുകൂടിയ അനശ്വരസൗന്ദ്യര്യമുള്ള ആന്തരിക വ്യക്തിത്വത്തിൽ അധിഷ്ഠിതമായിരിക്കണം. ഇതാണ് ദൈവദൃഷ്ടിയിൽ അമൂല്യം. 5 ഇങ്ങനെയാണ് ദൈവത്തിൽ പ്രത്യാശ വെച്ചിരുന്ന, വിശുദ്ധവനിതകൾ പൂർവകാലങ്ങളിൽ സ്വന്തം ഭർത്താക്കന്മാർക്കു വിധേയപ്പെട്ട് സ്വയം അലങ്കരിച്ചിരുന്നത്. 6 സാറ അബ്രാഹാമിനെ “യജമാനാ” എന്നു വിളിച്ച് അനുസരിച്ചതുപോലെ യോഗ്യമായത്, അൽപ്പംപോലും പേടിയില്ലാതെ നിങ്ങൾ പ്രവർത്തിച്ചാൽ നിങ്ങളും സാറയുടെ പുത്രിമാർ.

  48. 20 അങ്ങനെ യാക്കോബ് റാഹേലിനെ നേടുന്നതിനുവേണ്ടി ഏഴുവർഷം സേവിച്ചു. എന്നാൽ, അവളോടുള്ള സ്നേഹംനിമിത്തം ആ ഏഴുവർഷം അദ്ദേഹത്തിന് അൽപ്പകാലംമാത്രമായി അനുഭവപ്പെട്ടു.

  49. 18 “ ‘നിന്റെ ജനത്തിലാർക്കെങ്കിലും വിരോധമായി പ്രതികാരം അന്വേഷിക്കുകയോ പകവെക്കുകയോ ചെയ്യരുത്. എന്നാൽ, നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കണം. ഞാൻ യഹോവ ആകുന്നു.

  50. 26 ഏദോംദേശത്തിലെ ചെങ്കടൽക്കരയിൽ ഏലാത്തിനു സമീപമുള്ള എസ്യോൻ-ഗേബെറിൽവെച്ച് ശലോമോൻരാജാവ് കപ്പലുകൾ നിർമിച്ചു. 27 ശലോമോന്റെ ഭൃത്യന്മാരോടൊപ്പം കപ്പൽയാത്രയിൽ സേവനം ചെയ്യുന്നതിനായി ഹീരാം സമുദ്രപരിചയമുള്ള തന്റെ ദാസന്മാരെ എത്തിച്ചുകൊടുത്തു. 28 അവർ ഓഫീറിലേക്കു സമുദ്രമാർഗം പോകുകയും 420 താലന്തു സ്വർണം ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവരികയും ചെയ്തു.

  51. 1 ബെന്യാമീൻ—

    ആദ്യജാതനായ ബേലയുടെയും

    രണ്ടാമനായ അശ്ബേലിന്റെയും മൂന്നാമനായ അഹ്രഹിന്റെയും

    2 നാലാമനായ നോഹയുടെയും അഞ്ചാമനായ രാഫായുടെയും പിതാവായിരുന്നു.

    3 ബേലയുടെ പുത്രന്മാർ ഇവരായിരുന്നു:

    അദ്ദാർ, ഗേരാ, അബീഹൂദ്, 4 അബീശൂവാ, നയമാൻ, അഹോഹ്, 5 ഗേരാ, ശെഫൂഫാൻ, ഹൂരാം.

    6-7 ഏഹൂദിന്റെ പിൻഗാമികളായ നയമാൻ, അഹീയാവ്, ഗേരാ. ഇവർ ഗേബാ നിവാസികളുടെ പിതൃഭവനത്തലവന്മാരായിരുന്നു; ഇവർ മനഹത്തിലേക്കു നാടുകടത്തപ്പെടുകയും ചെയ്തു.

    ഉസ്സ, അഹീഹൂദ് എന്നിവരുടെ പിതാവായ ഗേരായാണ് ഇവരെ പ്രവാസത്തിലേക്കു നയിച്ചത്.

  52. 15 നിന്റെ സ്വന്തം ജലസംഭരണിയിൽനിന്ന് പാനംചെയ്യുക,

    നിന്റെ കിണറ്റിൽനിന്നുള്ള വെള്ളംമാത്രം കുടിക്കുക.

    16 നിന്റെ നീരുറവകൾ തെരുവോരങ്ങളിലേക്കു കവിഞ്ഞൊഴുകണമോ,

    നിന്റെ അരുവികൾ ചത്വരങ്ങളിലേക്ക് ഒഴുക്കണമോ?

    17 അതു നിന്റേതുമാത്രമായിരിക്കട്ടെ,

    ഒരിക്കലും അത് അന്യരുമായി പങ്കിടാനുള്ളതല്ല.

    18 നിന്റെ ജലധാര അനുഗൃഹീതമാകട്ടെ,

    നിന്റെ യൗവനത്തിലെ ധർമപത്നിയുമൊത്ത് ആനന്ദിക്കുക.

    19 അവൾ അനുരാഗിയായ മാൻപേട, അതേ അഴകാർന്ന മാനിനും തുല്യം—

    അവളുടെ മാറിടം എപ്പോഴും നിന്നെ തൃപ്തനാക്കട്ടെ,

    അവളുടെ പ്രേമത്താൽ നീ എപ്പോഴും ലഹരിപിടിച്ചവനായിരിക്കട്ടെ.

    20 എന്റെ കുഞ്ഞേ, അന്യപുരുഷന്റെ ഭാര്യയെക്കണ്ടു നീ ഉന്മത്തനായിത്തീരുന്നത് എന്തിന്?

    ലൈംഗികധാർമികതയില്ലാത്തവളുടെ മാറിടം പുണരുന്നതും എന്തിന്?

  53. 13 അവന്റെ കവിൾത്തടങ്ങൾ പരിമളം പരത്തുന്ന

    സുഗന്ധത്തട്ടുകൾപോലെയാണ്.

    അവന്റെ ചുണ്ടുകൾ മീറയിൻകണങ്ങൾ ഇറ്റിറ്റുവീഴുന്ന

    ശോശന്നപ്പുഷ്പംപോലെയാണ്.

  54. 37 “എന്നെക്കാളധികം സ്വന്തം പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവർ എന്റേതായിരിക്കാൻ യോഗ്യരല്ല. എന്നെക്കാളധികം സ്വന്തം പുത്രനെയോ പുത്രിയെയോ സ്നേഹിക്കുന്നവരും എനിക്കു യോഗ്യരല്ല. 38 സ്വന്തം ക്രൂശ് വഹിച്ചുകൊണ്ട് എന്നെ അനുഗമിക്കാത്തവരും എനിക്കു യോഗ്യരല്ല. 39 സ്വന്തം ജീവനെ രക്ഷിക്കാൻ ശ്രമിക്കുന്നവർക്ക് അതു നഷ്ടമാകും; എന്റെ അനുയായി ആയതുനിമിത്തം സ്വജീവൻ നഷ്ടപ്പെടുത്തുന്നവർ അതു നേടുകതന്നെ ചെയ്യും.

  55. 15 “നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കൽപ്പനകൾ അനുസരിക്കും.

  56. 6 നാം ശക്തിഹീനരായിരുന്നപ്പോൾത്തന്നെ, ക്രിസ്തു കൃത്യസമയത്ത് അധർമികളായ നമുക്കുവേണ്ടി മരിച്ചു. 7 നല്ലവനായ ഒരു മനുഷ്യനുവേണ്ടി മറ്റൊരാൾ മരിക്കാൻ ഒരുപക്ഷേ തയ്യാറായേക്കാം; അങ്ങനെ നീതിനിഷ്ഠനുവേണ്ടി ആരെങ്കിലും മരിക്കുന്നതുതന്നെ തീരെ വിരളമാണ്. 8 എന്നാൽ, നാം പാപികളായിരിക്കുമ്പോൾത്തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചതിലൂടെ ദൈവം നമ്മോടുള്ള സ്നേഹം വെളിപ്പെടുത്തുകയായിരുന്നു.

    9 ക്രിസ്തുവിന്റെ രക്തത്താൽ നാം ഇപ്പോൾ നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ക്രിസ്തുമുഖേനതന്നെ നാം ദൈവക്രോധത്തിൽനിന്ന് രക്ഷിക്കപ്പെടും എന്നത് എത്രയോ സുനിശ്ചിതമാണ്! 10 നാം ദൈവത്തിന്റെ ശത്രുക്കളായിരുന്നപ്പോൾ അവിടത്തെ പുത്രന്റെ മരണത്താൽ നമുക്കു ദൈവത്തോട് അനുരഞ്ജനം ലഭിച്ചുവെങ്കിൽ, അനുരഞ്ജനം ലഭിച്ചശേഷം അവിടത്തെ ജീവൻമൂലം നാം രക്ഷിക്കപ്പെടുമെന്നതും എത്രയോ നിശ്ചിതം! 11 ഇതുമാത്രമല്ല, നമുക്ക് ഇപ്പോൾ അനുരഞ്ജനം സാധ്യമാക്കിയ നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖേന ദൈവത്തിൽ നാം ആഹ്ലാദിക്കുന്നു.

  57. 9 സ്നേഹം നിഷ്കപടമായിരിക്കട്ടെ. ദുഷ്ടതയെ വെറുക്കുകയും നന്മയെ ആശ്ലേഷിക്കുകയുംചെയ്യുക. 10 സഹോദരങ്ങളെപ്പോലെ പരസ്പരം ആഴമായി സ്നേഹിക്കുക. നിങ്ങളെക്കാൾ മറ്റുള്ളവരെ ബഹുമാനിക്കുക.

  58. 9 എന്നാൽ സംയമം സാധ്യമല്ലെങ്കിൽ അവർ വിവാഹിതരാകണം, വികാരത്താൽ വെന്തെരിയുന്നതിനെക്കാൾ വിവാഹിതരാകുന്നത് ഏറെ നല്ലത്.

  59. 23 ഈ രണ്ടുദിശകളിൽനിന്നും ഞാൻ സമ്മർദം നേരിടുന്നു: ഈ ലോകത്തോടു വിട പറഞ്ഞ് ക്രിസ്തുവിനോടുകൂടെ ആയിരിക്കാനാണ് എന്റെ അഭിവാഞ്ഛ; അതാണ് ശ്രേഷ്ഠതരം. 24 എന്നാൽ ഞാൻ ശരീരത്തിൽ ജീവിച്ചിരിക്കേണ്ടത് നിങ്ങൾനിമിത്തം അധികം ആവശ്യമായിരിക്കുന്നു. 25 ഈ ബോധ്യമുള്ളതിനാൽ ഞാൻ ജീവനോടിരിക്കുമെന്നതും നിങ്ങളുടെ വിശ്വാസത്തിന്റെ അഭിവൃദ്ധിക്കും ആനന്ദത്തിനുമായി നിങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്നതും സുനിശ്ചിതമാണ്. 26 അങ്ങനെ നിങ്ങളുടെ അടുത്ത് മടങ്ങിവരുമ്പോൾ ഞാൻനിമിത്തം ക്രിസ്തുയേശുവിൽ നിങ്ങൾക്കുള്ള അഭിമാനം വർധിക്കും.

  60. 12 ഞങ്ങൾക്കു നിങ്ങളോടുള്ള സ്നേഹം വർധിക്കുന്നതുപോലെ, നിങ്ങൾക്ക് പരസ്പരവും മറ്റ് എല്ലാവരോടും ഉള്ള സ്നേഹവും നിറഞ്ഞൊഴുകാൻ കർത്താവ് സഹായിക്കട്ടെ. 13 നമ്മുടെ കർത്താവായ യേശു തന്റെ സകലവിശുദ്ധരുമായി മടങ്ങിവരുമ്പോൾ നിങ്ങൾ, നമ്മുടെ പിതാവായ ദൈവത്തിന്റെസന്നിധിയിൽ നിർമലരും വിശുദ്ധരുമായി വെളിപ്പെടാൻ ദൈവം നിങ്ങളുടെ ഹൃദയങ്ങളെ ഉറപ്പിക്കട്ടെ.

  61. 8 നിങ്ങൾ ക്രിസ്തുവിനെ കണ്ടിട്ടില്ലെങ്കിലും അവിടത്തെ സ്നേഹിക്കുന്നു, നിങ്ങൾ ഇപ്പോൾ അവിടത്തെ കാണുന്നില്ലെങ്കിലും വിശ്വസിക്കുന്നു, അങ്ങനെ നിങ്ങൾ തേജോമയവും അവർണനീയവുമായ ആനന്ദത്താൽ നിറഞ്ഞിരിക്കുന്നു.

  62. 8 സർവോപരി പരസ്പരം അഗാധമായി സ്നേഹിക്കുക; സ്നേഹം സംഖ്യാതീതമായ പാപങ്ങൾ മറയ്ക്കുന്നു.

  63. 4 “എങ്കിലും നിനക്കെതിരേ എനിക്ക് ഒരു പരാതിയുണ്ട്: നിന്റെ ആദ്യസ്നേഹം നീ ത്യജിച്ചു.