98 Bible Verses About Animals
Biblica® Open Malayalam Contemporary Version™ (OMCV)
-
24 “ഭൂമിയിൽ അതതുതരം ജീവജന്തുക്കൾ ഉണ്ടാകട്ടെ: കന്നുകാലികൾ, ഇഴജന്തുക്കൾ, വന്യമൃഗങ്ങൾ എന്നിവ അതതിന്റെ വർഗമനുസരിച്ച് ഉണ്ടാകട്ടെ,” ദൈവം കൽപ്പിച്ചു; അങ്ങനെതന്നെ സംഭവിച്ചു. 25 ഇപ്രകാരം ദൈവം അതതുതരം വന്യമൃഗങ്ങളെയും അതതുതരം കന്നുകാലികളെയും ഭൂമിയിൽ ഇഴയുന്ന അതതുതരം ഇഴജന്തുക്കളെയും ഉണ്ടാക്കി; നല്ലത് എന്നു ദൈവം കണ്ടു.
26 അതിനുശേഷം, “നമുക്ക് നമ്മുടെ സ്വരൂപത്തിലും നമ്മുടെ സാദൃശ്യത്തിലും മനുഷ്യനെ നിർമിക്കാം എന്നു ദൈവം കൽപ്പിച്ചു. അവർ സമുദ്രത്തിലെ മത്സ്യങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും കന്നുകാലികൾക്കും സകലവന്യജീവികൾക്കും ഭൂമിയിൽ ഇഴയുന്ന സകല ഇഴജന്തുക്കൾക്കും അധിപതികളാകട്ടെ.”
27 ഇങ്ങനെ, ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു;
അവിടന്നു ദൈവസ്വരൂപത്തിൽ അവരെ സൃഷ്ടിച്ചു;
പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു.
28 ദൈവം അവരെ അനുഗ്രഹിച്ചു; “നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അധീനമാക്കുക; സമുദ്രത്തിലെ മത്സ്യങ്ങളുടെമേലും ആകാശത്തിലെ പക്ഷികളുടെമേലും ഭൂമിയിൽ ചരിക്കുന്ന സകലജീവികളുടെമേലും അധിപതികളാകുക” എന്ന് അവരോടു കൽപ്പിച്ചു.
29 “ഭൂമിയിലെങ്ങും വിത്തുള്ള സകലസസ്യങ്ങളും വിത്തോടുകൂടിയ ഫലം കായ്ക്കുന്ന സകലവൃക്ഷങ്ങളും ഞാൻ നിങ്ങൾക്കു നൽകുന്നു; അവ നിങ്ങൾക്ക് ആഹാരമായിരിക്കും. 30 ഭൂമിയിലെ സകലജീവികൾക്കും ആകാശത്തിലെ എല്ലാ പക്ഷികൾക്കും കരയിൽ സഞ്ചരിക്കുന്ന സകലജന്തുക്കൾക്കും—ജീവശ്വാസമുള്ള എല്ലാറ്റിനും—ഞാൻ പച്ചസസ്യങ്ങളെല്ലാം ആഹാരമായി നൽകുന്നു” എന്നു ദൈവം അരുളിച്ചെയ്തു; അപ്രകാരം സംഭവിച്ചു.
-
5 നീതി അവിടത്തെ അരപ്പട്ടയും
വിശ്വസ്തത അവിടത്തെ അരക്കച്ചയുമായിരിക്കും.
6 അന്നു ചെന്നായ് കുഞ്ഞാടിനോടുകൂടെ പാർക്കും,
പുള്ളിപ്പുലി കോലാട്ടിൻകുട്ടിയോടുകൂടെ കിടക്കും,
പശുക്കിടാവും സിംഹക്കുട്ടിയും യാഗമൃഗവും ഒരുമിച്ചുകഴിയും;
ഒരു ചെറിയ കുട്ടി അവയെ നയിക്കും.
7 പശുവും കരടിയും ഒരുമിച്ചു മേയും,
അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും,
സിംഹം കാളയെപ്പോലെ വൈക്കോൽ തിന്നും.
8 മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ മാളത്തിൽ കളിക്കും,
മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈയിടും.
9 എന്റെ വിശുദ്ധപർവതത്തിൽ ഒരിടത്തും
ഉപദ്രവമോ നാശമോ ആരും ചെയ്യുകയില്ല,
സമുദ്രം വെള്ളത്താൽ നിറഞ്ഞിരിക്കുന്നതുപോലെ
ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു നിറഞ്ഞിരിക്കും.
-
1 ദൈവം നോഹയെയും അദ്ദേഹത്തിന്റെ പുത്രന്മാരെയും അനുഗ്രഹിച്ച്, അവരോട് അരുളിച്ചെയ്തു: “നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി എണ്ണത്തിൽ വർധിച്ച് ഭൂമിയിൽ നിറയുക. 2 ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ സകലപക്ഷികൾക്കും സകലഭൂചരജന്തുക്കൾക്കും സമുദ്രത്തിലെ സകലമത്സ്യങ്ങൾക്കും നിങ്ങളെക്കുറിച്ചുള്ള പേടിയും നടുക്കവും ഉണ്ടാകും. ഞാൻ അവയെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു. 3 ജീവനോടെ ചരിക്കുന്ന സകലതും നിങ്ങൾക്ക് ആഹാരമായിരിക്കും. ഞാൻ നിങ്ങൾക്കു പച്ചസസ്യങ്ങൾ നൽകിയതുപോലെ ഇപ്പോൾ സകലതും നിങ്ങൾക്കു തരുന്നു.
4 “എന്നാൽ, ജീവരക്തത്തോടുകൂടി ഒന്നിന്റെയും മാംസം നിങ്ങൾ ഭക്ഷിക്കരുത്.
-
3 അറപ്പായതൊന്നും നിങ്ങൾ ഭക്ഷിക്കരുത്. 4 നിങ്ങൾക്കു ഭക്ഷിക്കാവുന്ന മൃഗങ്ങൾ ഇവയാണ്: കാള, ചെമ്മരിയാട്, കോലാട്, 5 കലമാൻ, പുള്ളിമാൻ, കടമാൻ, കാട്ടാട്, ചെറുമാൻ, മലയാട്, കവരിമാൻ. 6 കുളമ്പു പിളർന്നു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായ ഏതൊരു മൃഗത്തെയും നിങ്ങൾക്കു ഭക്ഷിക്കാം. 7 എന്നാൽ അയവിറക്കുന്നവയിലും കുളമ്പു പിളർന്നവയിലും ഒട്ടകം, മുയൽ, കുഴിമുയൽ എന്നിവയെ നിങ്ങൾ ഭക്ഷിക്കരുത്. അയവിറക്കുന്നു എങ്കിലും അവയുടെ കുളമ്പ് രണ്ടായി പിരിഞ്ഞിരിക്കുന്നവയല്ല. അവ നിങ്ങൾക്ക് ആചാരപരമായി അശുദ്ധമാകുന്നു. 8 പന്നിയും അശുദ്ധമാകുന്നു; അതിന്റെ കുളമ്പു പിളർന്നതെങ്കിലും അത് അയവിറക്കുന്നില്ല. നിങ്ങൾ അവയുടെ മാംസം ഭക്ഷിക്കുകയോ അവയുടെ ശവം സ്പർശിക്കുകയോ ചെയ്യരുത്.
-
18 ഞാൻ പിന്നെയും എന്നോടുതന്നെ പറഞ്ഞു, “മനുഷ്യരെ സംബന്ധിച്ചിടത്തോളം, അവർ മൃഗത്തിനു തുല്യരെന്ന് അവരെത്തന്നെ ബോധ്യപ്പെടുത്തേണ്ടതിന് ദൈവം അവരെ പരീക്ഷിക്കുന്നു. 19 മനുഷ്യന്റെ വിധി മൃഗങ്ങൾക്കുള്ളതുപോലെതന്നെ; ഇരുകൂട്ടർക്കും ഒരേവിധിതന്നെ കാത്തിരിക്കുന്നു: മനുഷ്യൻ മരിക്കുന്നതുപോലെ മൃഗവും മരിക്കുന്നു. എല്ലാറ്റിനും ശ്വാസവും ഒന്നുതന്നെ. അതുകൊണ്ട് മനുഷ്യനു മൃഗത്തെക്കാൾ യാതൊരു ശ്രേഷ്ഠതയുമില്ല. എല്ലാം അർഥശൂന്യം. 20 എല്ലാം ഒരിടത്തേക്കു പോകുന്നു; എല്ലാം പൊടിയിൽനിന്നു വരുന്നു, പൊടിയിലേക്കുതന്നെ മടങ്ങുന്നു. 21 മനുഷ്യന്റെ ആത്മാവ് ഉന്നതങ്ങളിലേക്കാണോ പോകുന്നത്? മൃഗത്തിന്റെ ആത്മാവ് ഭൂമിയുടെ അധോഭാഗങ്ങളിലേക്കാണോ നിപതിക്കുന്നത്? ആർക്കാണ് അറിവുള്ളത്?”
-
10 നീതിനിഷ്ഠർ തങ്ങളുടെ മൃഗങ്ങളുടെ ആവശ്യങ്ങളിൽപോലും ശ്രദ്ധാലുക്കളാണ്,
എന്നാൽ ദുഷ്ടരുടെ കരുണാർദ്രമായ പ്രവൃത്തികൾപോലും ക്രൂരതനിറഞ്ഞതാണ്.
-
7 “എന്നാൽ മൃഗങ്ങളോടു ചോദിക്കുക, അവ നിന്നെ പഠിപ്പിക്കും
അല്ലെങ്കിൽ ആകാശത്തിലെ പക്ഷികളോടു ചോദിക്കുക, അവ നിന്നോടു സംസാരിക്കും;
8 നീ ഭൂമിയോടു സംസാരിക്കുക, അതു നിനക്ക് ആലോചന പറഞ്ഞുതരും
അതുമല്ലെങ്കിൽ സമുദ്രത്തിലെ മത്സ്യങ്ങൾ നിനക്ക് അറിവു തരട്ടെ.
9 യഹോവയുടെ കൈ ഇതു ചെയ്തുവെന്ന്
ഇവയിൽ ഏതിനാണ് അറിവില്ലാത്തത്?
10 എല്ലാ ജീവജാലങ്ങളുടെയും ജീവൻ നിലനിൽക്കുന്നത് അവിടത്തെ കരങ്ങളിൽ ആണല്ലോ,
സകലമനുഷ്യരുടെയും ശ്വാസം നിയന്ത്രിക്കുന്നതും അവിടന്നാണ്.
11 നാവ് ഭക്ഷണത്തിന്റെ രുചിഭേദങ്ങൾ തിരിച്ചറിയുന്നതുപോലെ,
ചെവി വാക്കുകൾ വിവേചിക്കുന്നില്ലേ?
12 വയോധികരിൽ ജ്ഞാനം കാണാതിരിക്കുമോ?
ആയുർദൈർഘ്യത്തോടൊപ്പം വിവേകം ആർജിക്കാതിരിക്കുമോ?
-
19 ദൈവത്തിന്റെമക്കൾ ആരെന്നു പ്രത്യക്ഷമാകുന്നതിനായി സർവസൃഷ്ടിയും അത്യാകാംക്ഷയോടെ കാത്തിരിക്കുകയാണ്. 20-21 സ്വേച്ഛയാലല്ല സൃഷ്ടി ശാപഗ്രസ്തമായിത്തീർന്നിരിക്കുന്നത്; ജീർണതയുടെ അടിമത്തത്തിൽനിന്ന് സൃഷ്ടി വിമുക്തമാക്കപ്പെട്ട് ദൈവമക്കളുടെ തേജോമയമായ സ്വാതന്ത്ര്യത്തിലേക്കു നിശ്ചയമായും ഒരിക്കൽ നയിക്കപ്പെടും എന്നുള്ള പ്രത്യാശ നൽകി അവയെ നൈരാശ്യത്തിന് വിധേയമാക്കിയ ദൈവത്തിന്റെ ഇഷ്ടത്താൽത്തന്നെയാണ്.
22 സർവസൃഷ്ടിയും ഒന്നുചേർന്ന് ഇന്നുവരെയും പ്രസവവേദനയിലെന്നപോലെ ഞരങ്ങുകയുമാണ് എന്നു നാം അറിയുന്നു. 23 അതുമാത്രമല്ല, പരിശുദ്ധാത്മാവാകുന്ന ആദ്യഫലം ഉള്ളിൽ വസിക്കുന്ന നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പിലൂടെ ദൈവത്തിന്റെ പുത്രത്വം ലഭിക്കും എന്നുള്ള പ്രതീക്ഷയാൽ, നാമും ഉള്ളിൽ ഞരങ്ങുകയാണ്. 24 ഈ പ്രത്യാശയിലാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, പ്രത്യക്ഷമായിരിക്കുന്നതിനെക്കുറിച്ചുള്ള പ്രത്യാശയാകട്ടെ, പ്രത്യാശയേയല്ല. കണ്മുമ്പിൽ കാണുന്നതിനുവേണ്ടി ഇനി പ്രത്യാശിക്കുന്നതെന്തിന്?
-
20 അവിടന്ന് അന്ധകാരം കൊണ്ടുവരുന്നു, അപ്പോൾ രാത്രിയാകുന്നു,
അങ്ങനെ കാട്ടിലെ സകലമൃഗങ്ങളും ഇരതേടി അലയുന്നു.
21 സിംഹങ്ങൾ ഇരയ്ക്കായി ഗർജിക്കുന്നു,
ദൈവത്തോട് തങ്ങളുടെ ആഹാരം ചോദിക്കുന്നു.
22 സൂര്യൻ ഉദിക്കുമ്പോൾ അവ പിൻവാങ്ങുന്നു;
അവ മടങ്ങിപ്പോയി തങ്ങളുടെ ഗുഹകളിൽ വിശ്രമിക്കുന്നു.
23 അപ്പോൾ മനുഷ്യർ തങ്ങളുടെ വേലയ്ക്കായി പുറപ്പെടുന്നു,
വൈകുന്നേരംവരെ അവർ തങ്ങളുടെ വേല തുടരുന്നു.
24 യഹോവേ, വൈവിധ്യമാർന്ന ജീവികളെയാണല്ലോ അവിടന്ന് ഉണ്ടാക്കിയിരിക്കുന്നത്!
അവയെയെല്ലാം അങ്ങ് ജ്ഞാനത്തോടെ നിർമിച്ചു;
ഭൂമി അവിടത്തെ സൃഷ്ടികളാൽ നിറഞ്ഞിരിക്കുന്നു.
25 അതാ, അനന്തവിശാലമായ സമുദ്രം,
ചെറുതും വലുതുമായ ജീവജാലങ്ങൾ നിറഞ്ഞിരിക്കുന്നു—
അസംഖ്യം ജീവജാലങ്ങൾ അവിടെ വിഹരിക്കുന്നു.
26 അതിൽക്കൂടി കപ്പലുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു,
അതിൽ തിമിർത്താടുന്നതിനായി അങ്ങ് ഉണ്ടാക്കിയ ലിവ്യാഥാനുമുണ്ട്.
27 തക്കസമയത്ത് ആഹാരം ലഭിക്കുന്നതിനായി
എല്ലാ ജീവികളും അങ്ങയിലേക്ക് നോക്കിക്കൊണ്ടിരിക്കുന്നു.
28 അങ്ങ് അവയ്ക്ക് ആഹാരം നൽകുന്നു,
അവയത് ശേഖരിക്കുന്നു;
അങ്ങ് തൃക്കൈ തുറക്കുമ്പോൾ
അവ നന്മകൊണ്ട് തൃപ്തരാകുന്നു.
29 അവിടന്ന് തിരുമുഖം മറയ്ക്കുന്നു,
അവ പരിഭ്രാന്തരാകുന്നു;
അങ്ങ് അവയുടെ ശ്വാസം എടുക്കുമ്പോൾ
അവ ജീവനറ്റ് മണ്ണിലേക്കു മടങ്ങുന്നു.
30 അങ്ങ് അങ്ങയുടെ ആത്മാവിനെ അയയ്ക്കുമ്പോൾ
അവ സൃഷ്ടിക്കപ്പെടുന്നു,
അങ്ങനെ അങ്ങ് ഭൂമിയുടെ പ്രതലം നവീകരിക്കുന്നു.
-
4 അവിടത്തെ പരിഗണനയിൽ വരാൻമാത്രം മാനവവംശം എന്തുള്ളൂ,
അങ്ങയുടെ കരുതൽ ലഭിക്കാൻ മനുഷ്യപുത്രൻ എന്തുമാത്രം?
5 അങ്ങ് അവരെ ദൂതന്മാരെക്കാൾ അൽപ്പംമാത്രം താഴ്ത്തി;
തേജസ്സും ബഹുമാനവും അവരെ മകുടമായി അണിയിച്ചിരിക്കുന്നു.
6 അവിടത്തെ കൈവേലകളുടെമേൽ അങ്ങേക്ക് ആധിപത്യം നൽകി;
സകലതും അവിടത്തെ കാൽക്കീഴാക്കിയിരിക്കുന്നു—
7 ആടുകൾ, കന്നുകാലികൾ,
കാട്ടിലെ സകലമൃഗങ്ങൾ,
8 ആകാശത്തിലെ പറവകൾ,
സമുദ്രത്തിലെ മത്സ്യങ്ങൾ,
സമുദ്രമാർഗേ ചരിക്കുന്ന എല്ലാറ്റിനെയുംതന്നെ.
9 ഞങ്ങളുടെ കർത്താവായ യഹോവേ,
അവിടത്തെ നാമം സർവഭൂമിയിലും എത്രമഹനീയം!
സംഗീതസംവിധായകന്. “പുത്രവിയോഗരാഗത്തിൽ.”
-
15 ഇതിനുശേഷം ദൈവം നോഹയോട് അരുളിച്ചെയ്തു: 16 “നീയും നിന്റെ ഭാര്യയും നിന്റെ പുത്രന്മാരും അവരുടെ ഭാര്യമാരും പെട്ടകത്തിൽനിന്ന് പുറത്തുവരിക. 17 നിന്നോടൊപ്പമുള്ള എല്ലാവിധ ജീവികളെയും—പക്ഷികളെയും മൃഗങ്ങളെയും നിലത്തിഴയുന്ന എല്ലാ ഇഴജന്തുക്കളെയും—പുറത്തുകൊണ്ടുവരിക; അവ ഭൂമിയിൽ പെറ്റുപെരുകി, എണ്ണത്തിൽ വർധിക്കട്ടെ.”
18 അങ്ങനെ നോഹ തന്റെ പുത്രന്മാരോടും ഭാര്യയോടും പുത്രന്മാരുടെ ഭാര്യമാരോടുംകൂടെ പുറത്തുവന്നു. 19 എല്ലാ മൃഗങ്ങളും എല്ലാ ഇഴജന്തുക്കളും എല്ലാ പക്ഷികളും—ഭൂചരജീവികളൊക്കെയും—ജോടിജോടിയായി പെട്ടകത്തിൽനിന്നു പുറത്തേക്കുവന്നു.
20 പിന്നീട് നോഹ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു; അദ്ദേഹം അതിന്മേൽ ശുദ്ധിയുള്ള എല്ലാ മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാ പക്ഷികളിലും ചിലതിനെ ഹോമയാഗങ്ങളായി അർപ്പിച്ചു. 21 അതിന്റെ ഹൃദ്യമായ സൗരഭ്യം ആസ്വദിച്ചുകൊണ്ട് യഹോവ ഹൃദയത്തിൽ അരുളിച്ചെയ്തു: “മനുഷ്യന്റെ ഹൃദയനിരൂപണങ്ങളെല്ലാം ബാല്യംമുതൽ ദോഷപൂർണമെങ്കിലും ഞാൻ ഇനിയൊരിക്കലും മനുഷ്യവംശം നിമിത്തം ഭൂമിയെ ശപിക്കുകയില്ല. ഇപ്പോൾ ചെയ്തതുപോലെ ഞാൻ ഇനിയൊരിക്കലും സകലജീവികളെയും നശിപ്പിക്കുകയില്ല.
22 “ഭൂമിയുള്ള കാലംവരെ
വിതയും കൊയ്ത്തും
ശീതവും ഉഷ്ണവും
വേനലും വർഷവും
പകലും രാത്രിയും
ഒരിക്കലും നിലയ്ക്കുകയില്ല.”
-
18 അതിനുശേഷം യഹോവയായ ദൈവം: “മനുഷ്യൻ ഏകനായിരിക്കുന്നതു നല്ലതല്ല, അവന് അനുയോജ്യമായ ഒരു തുണയെ ഞാൻ നിർമിക്കും,” എന്ന് അരുളിച്ചെയ്തു.
19 യഹോവയായ ദൈവം നിലത്തുനിന്നു നിർമിച്ച എല്ലാ വന്യമൃഗങ്ങളെയും ആകാശത്തിലെ സകലപക്ഷികളെയും മനുഷ്യന്റെ മുമ്പിൽ അവൻ അവയ്ക്ക് എന്തു പേരിടുമെന്നു കാണാൻ വരുത്തി. ഓരോ ജീവിയെയും മനുഷ്യൻ വിളിച്ചത് അതിന് പേരായിത്തീർന്നു. 20 അങ്ങനെ മനുഷ്യൻ എല്ലാ കന്നുകാലികൾക്കും ആകാശത്തിലെ പക്ഷികൾക്കും സകലവന്യമൃഗങ്ങൾക്കും പേരിട്ടു.
എന്നാൽ ആദാമിന് അനുയോജ്യമായ ഒരു പങ്കാളിയെ കണ്ടെത്തിയില്ല. 21 അതുകൊണ്ട് യഹോവയായ ദൈവം മനുഷ്യനെ ഒരു ഗാഢനിദ്രയിലാക്കി; അവൻ ഉറങ്ങിയപ്പോൾ അവിടന്ന് അവന്റെ വാരിയെല്ലുകളിൽ ഒന്നെടുത്തശേഷം എടുത്തയിടം മാംസംകൊണ്ടു നികത്തി. 22 പിന്നെ യഹോവയായ ദൈവം, മനുഷ്യനിൽ നിന്നെടുത്ത വാരിയെല്ലുകൊണ്ട് ഒരു സ്ത്രീയെ ഉണ്ടാക്കി, അവളെ മനുഷ്യന്റെ അടുക്കലേക്ക് ആനയിച്ചു.
-
1 യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: 2 “ഇസ്രായേല്യരോടു പറയുക: കരയിൽ ജീവിക്കുന്ന എല്ലാ മൃഗങ്ങളിലും നിങ്ങൾക്കു ഭക്ഷിക്കാവുന്നവ ഇവയാണ്: 3 കുളമ്പു പിളർന്നു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായ ഏതൊരു മൃഗത്തെയും നിങ്ങൾക്കു ഭക്ഷിക്കാം.
4 “ ‘ഒന്നുകിൽ അയവിറക്കുന്നവയോ അല്ലെങ്കിൽ കുളമ്പു പിളർന്നവയോ ആയിരിക്കാം ചില മൃഗങ്ങൾ. അവ നിങ്ങൾ ഭക്ഷിക്കരുത്. ഒട്ടകം അയവിറക്കുന്നെങ്കിലും കുളമ്പു പിളർന്നതല്ല; അതു നിങ്ങൾക്ക് അശുദ്ധമാണ്. 5 കുഴിമുയൽ അയവിറക്കുന്നെങ്കിലും കുളമ്പു പിളർന്നതല്ല; അത് നിങ്ങൾക്ക് അശുദ്ധമാണ്. 6 മുയൽ അയവിറക്കുന്നെങ്കിലും, കുളമ്പു പിളർന്നതല്ല; അതു നിങ്ങൾക്ക് അശുദ്ധമാണ്. 7 പന്നിയുടെ കുളമ്പു പിരിഞ്ഞ് പൂർണമായി പിളർന്നതാണ്; എന്നാൽ അത് അയവിറക്കുന്നില്ല; അതു നിങ്ങൾക്ക് അശുദ്ധമാണ്. 8 നിങ്ങൾ അവയുടെ മാംസം ഭക്ഷിക്കുകയോ അവയുടെ ശവം സ്പർശിക്കുകയോ ചെയ്യരുത്; അവ നിങ്ങൾക്ക് അശുദ്ധമാണ്.
9 “ ‘കടൽവെള്ളത്തിലും പുഴയിലും ജീവിക്കുന്ന എല്ലാ ജീവികളിലും ചിറകും ചെതുമ്പലും ഉള്ളവയെല്ലാം നിങ്ങൾക്കു ഭക്ഷിക്കാം. 10 എന്നാൽ കടലുകളിലും പുഴകളിലും കൂട്ടമായി ചരിക്കുന്നവയിലും വെള്ളത്തിൽ ജീവിക്കുന്ന മറ്റു ജീവികളിലും, ചിറകും ചെതുമ്പലും ഇല്ലാത്തവ നിങ്ങൾക്കു നിഷിദ്ധമായിരിക്കണം. 11 അവ നിങ്ങൾക്ക് അറപ്പായിരിക്കണം. അവയുടെ മാംസം ഭക്ഷിക്കരുത്, അവയുടെ പിണം നിങ്ങൾക്കു നിഷിദ്ധമായിരിക്കണം. 12 വെള്ളത്തിൽ ജീവിക്കുന്ന, ചിറകും ചെതുമ്പലുമില്ലാത്ത എന്തും നിങ്ങൾക്കു നിഷിദ്ധമാണ്.
13 “ ‘പറവകളിൽ നിങ്ങൾക്ക് നിഷിദ്ധമായിരിക്കുന്നവ ഇവയാണ്: അവ അശുദ്ധമാകുകയാൽ നിങ്ങൾ അവ ഭക്ഷിക്കരുത്: കഴുകൻ, ചെമ്പരുന്ത്, കരിമ്പരുന്ത് 14 ഗൃദ്ധ്രം, ഏതിനത്തിലുംപെട്ട പരുന്ത്, 15 എല്ലാ ഇനത്തിലുംപെട്ട കാക്ക, 16 ഒട്ടകപ്പക്ഷി, പുള്ള്, കടൽക്കാക്ക, എല്ലാ ഇനത്തിലുംപെട്ട കഴുകൻ, 17 നത്ത്, നീർക്കാക്ക, കൂമൻ, 18 മൂങ്ങ, വേഴാമ്പൽ, വെള്ളക്കഴുകൻ, 19 പെരിഞ്ഞാറ, ഏതിനത്തിലുംപെട്ട കൊക്ക്, കുളക്കോഴി, വവ്വാൽ.
20 “ ‘ചിറകുള്ള പ്രാണികളിൽ നാലുകാലിൽ നടക്കുകയും പറക്കുകയും ചെയ്യുന്നവയെല്ലാം നിങ്ങൾക്കു നിഷിദ്ധമാണ്. 21 നാലുകാലിൽ നടക്കുന്നെങ്കിലും നിലത്തു ചാടിനടക്കേണ്ടതിനു കാലുകളിൽ സന്ധിബന്ധമുള്ളതും ചിറകുള്ളതുമായ പ്രാണികളെ നിങ്ങൾക്കു ഭക്ഷിക്കാം. 22 ഇവയിൽ ഏതിനം വെട്ടുക്കിളിയും വിട്ടിലും ചീവീടും തുള്ളനും നിങ്ങൾക്കു തിന്നാം. 23 എന്നാൽ, ചിറകും നാലു കാലുമുള്ള മറ്റെല്ലാ ജീവികളും നിങ്ങൾക്കു നിഷിദ്ധമാണ്.
24 “ ‘ഇവയാൽ നിങ്ങൾ നിങ്ങളെത്തന്നെ അശുദ്ധരാക്കും; അവയുടെ പിണം സ്പർശിക്കുന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും. 25 അവയിലൊന്നിന്റെ പിണം എടുക്കുന്നവരും തങ്ങളുടെ വസ്ത്രം അലക്കണം, അവരും സന്ധ്യവരെ അശുദ്ധരായിരിക്കും.
26 “ ‘കുളമ്പു പിരിഞ്ഞ് പൂർണമായി പിളരാത്തതും അയവിറക്കാത്തതുമായ മൃഗങ്ങളെല്ലാം നിങ്ങൾക്ക് അശുദ്ധം; അവയിലൊന്നിന്റെ പിണം തൊടുന്നവർ അശുദ്ധരായിരിക്കും. 27 നാലുകാലിൽ നടക്കുന്ന ജീവികളിൽ ഉള്ളങ്കാൽ പതിച്ചു നടക്കുന്നവയെല്ലാം നിങ്ങൾക്ക് അശുദ്ധം; അവയിലൊന്നിന്റെ പിണം സ്പർശിക്കുന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും. 28 അവയുടെ പിണം എടുക്കുന്നവർ തങ്ങളുടെ വസ്ത്രം അലക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും. ഈ മൃഗങ്ങൾ നിങ്ങൾക്ക് നിഷിദ്ധമാണ്.
29 “ ‘നിലത്തു സഞ്ചരിക്കുന്ന ജന്തുക്കളിൽ നിങ്ങൾക്ക് അശുദ്ധമായവ ഇവയാണ്: പെരുച്ചാഴി, എലി, എല്ലാ ഇനത്തിലുംപെട്ട ഉടുമ്പ്, 30 അളുങ്ക്, ഓന്ത്, പല്ലി, അരണ, തുരപ്പൻ 31 നിലത്തു സഞ്ചരിക്കുന്ന എല്ലാവകയിലും ഇവ നിങ്ങൾക്ക് അശുദ്ധമാണ്. അവയുടെ ജഡം സ്പർശിക്കുന്നവരും സന്ധ്യവരെ അശുദ്ധരായിരിക്കും. 32 അവയിലൊന്നു ചത്ത് എന്തിന്മേലെങ്കിലും വീണാൽ, ആ സാധനത്തിന്റെ ഉപയോഗമെന്തായാലും, അതു മരമോ വസ്ത്രമോ തുകലോ ചാക്കുശീലയോകൊണ്ട് ഉണ്ടാക്കിയതാണെങ്കിലും അശുദ്ധമായിരിക്കും. അതു വെള്ളത്തിൽ ഇടണം; അതു സന്ധ്യവരെ അശുദ്ധമായിരിക്കും, പിന്നെ അതു ശുദ്ധമാകും. 33 അവയിലൊന്ന് ഒരു മൺപാത്രത്തിൽ വീണാൽ അതിലുള്ളതെല്ലാം അശുദ്ധമായിരിക്കും, നിങ്ങൾ ആ പാത്രം ഉടച്ചുകളയണം. 34 ഭക്ഷിക്കാൻ അനുവാദമുള്ള ഏതെങ്കിലും ആഹാരത്തിൽ അങ്ങനെയുള്ള പാത്രത്തിലെ വെള്ളം വീണാൽ അത് അശുദ്ധമാകും. അതിലുള്ള ഏതു പാനീയവും അശുദ്ധമാകും. 35 അവയിലൊന്നിന്റെ പിണം എന്തിലെങ്കിലും വീണാൽ വീഴുന്നതെന്തായാലും അത് അശുദ്ധമാകും. അത് അടുപ്പായാലും പാചകപാത്രമായാലും ഉടച്ചുകളയണം. അവ അശുദ്ധമാണ്, അവയെ അശുദ്ധമായി പരിഗണിക്കണം. 36 എന്നാൽ ഒരു ഉറവയോ ഒരു ജലസംഭരണിയോ ശുദ്ധമായിരിക്കും; ഈ പിണങ്ങളിലൊന്നു സ്പർശിക്കുന്ന വ്യക്തി അശുദ്ധനാണ്. 37 നടാനുള്ള വിത്തിൽ ഒരു പിണം വീണാൽ. അത് ശുദ്ധമായിത്തന്നെയിരിക്കും. 38 എന്നാൽ വിത്തിൽ വെള്ളം ഒഴിച്ചുകഴിഞ്ഞിട്ടു പിണം അതിന്മേൽ വീണാൽ അതു നിങ്ങൾക്ക് അശുദ്ധമാണ്.
39 “ ‘നിങ്ങൾക്കു ഭക്ഷിക്കാൻ അനുവാദമുള്ള ഒരു മൃഗം ചത്താൽ അതിന്റെ പിണം തൊടുന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും. 40 ആ പിണത്തിൽനിന്ന് ഭക്ഷിക്കുന്നവർ തങ്ങളുടെ വസ്ത്രം കഴുകണം. അവർ സന്ധ്യവരെ അശുദ്ധരായിരിക്കും. ആരെങ്കിലും ആ പിണം എടുത്താൽ അയാൾ തന്റെ വസ്ത്രം കഴുകണം, അയാൾ സന്ധ്യവരെ അശുദ്ധമായിരിക്കും.
41 “ ‘നിലത്ത് ഇഴയുന്ന എല്ലാ പ്രാണികളും നിങ്ങൾക്കു നിഷിദ്ധമാണ്; അതു ഭക്ഷിക്കരുത്. 42 ഉരസ്സുകൊണ്ടോ നാലുകാലുകൊണ്ടോ കൂടുതൽ കാലുകൾകൊണ്ടോ നിലത്തു ചരിക്കുന്ന ഒരു പ്രാണിയെയും നിങ്ങൾ തിന്നരുത്; അവ നിങ്ങൾക്കു നിഷിദ്ധം. 43 ഇങ്ങനെയുള്ള ഏതെങ്കിലും ഇഴജാതിമൂലം നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്. അവ മുഖാന്തിരമോ അവയാലോ നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്. 44 ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ വിശുദ്ധനാകുകയാൽ നിങ്ങളെത്തന്നെ ശുദ്ധീകരിച്ചു വിശുദ്ധരായിരിക്കുക. നിലത്തു സഞ്ചരിക്കുന്ന ഒരു ജീവിയാലും നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്. 45 നിങ്ങളുടെ ദൈവമായിരിക്കാൻ, നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന യഹോവ ഞാനാകുന്നു; ആകയാൽ, ഞാൻ വിശുദ്ധനാകുകയാൽ, നിങ്ങളും വിശുദ്ധരായിരിക്കുക.
46 “ ‘മൃഗങ്ങളെയും പറവകളെയും ജലത്തിൽ ചരിക്കുന്ന ജീവികളെയും നിലത്തു ചരിക്കുന്ന ജീവികളെയും സംബന്ധിച്ച പ്രമാണം ഇവയാകുന്നു.
-
34 എന്നാൽ ദാവീദ് ശൗലിനോട് അറിയിച്ചു: “അടിയൻ അപ്പന്റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരിക്കൽ ഒരു സിംഹവും മറ്റൊരിക്കൽ ഒരു കരടിയും വന്ന് കൂട്ടത്തിൽനിന്ന് ഓരോ ആടിനെ പിടിച്ചുകൊണ്ടുപോയി. 35 ഞാൻ പിന്നാലെചെന്ന് അതിനെ അടിച്ചുവീഴ്ത്തുകയും അതിന്റെ വായിൽനിന്ന് ആടിനെ രക്ഷിക്കുകയും ചെയ്തു. അത് എന്റെനേരേ തിരിഞ്ഞപ്പോൾ ഞാനതിനെ താടിക്കുപിടിച്ചു നിലത്തടിച്ചു കൊന്നു. 36 അടിയൻ ആ സിംഹത്തെയും ആ കരടിയെയും കൊന്നു. ഈ പരിച്ഛേദനമില്ലാത്ത ഫെലിസ്ത്യനും ജീവനുള്ള ദൈവത്തിന്റെ സൈന്യത്തെ നിന്ദിച്ചിരിക്കുകയാൽ അവയിൽ ഒന്നിനെപ്പോലെ ആകും.
-
1 സകലതും ക്രമീകരിക്കപ്പെട്ടതിനുശേഷം, യഹോവ നോഹയോട് അരുളിച്ചെയ്തത്: “ഞാൻ നിന്നെ ഈ തലമുറയിൽ നീതിമാനായി കണ്ടിരിക്കുന്നു; അതുകൊണ്ടു നീയും നിന്റെ കുടുംബം മുഴുവനും പെട്ടകത്തിനുള്ളിലേക്കു പ്രവേശിക്കുക. 2 ശുദ്ധിയുള്ള മൃഗങ്ങളിൽനിന്ന് ആണും പെണ്ണുമായി ഏഴുജോടിയെയും ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്ന് ആണും പെണ്ണുമായി ഓരോ ജോടിയെയും 3 പക്ഷികളുടെ ഓരോ ജാതിയിൽനിന്നും പൂവനും പിടയുമായി ഏഴുജോടിയെയും, പ്രളയശേഷം ഭൂമിയിൽ ഈവക ജീവനോടെ ശേഷിക്കേണ്ടതിനു നീ ചേർത്തുകൊള്ളണം;
-
9 നിങ്ങളുടെ തൊഴുത്തിൽനിന്നുള്ള കാളയോ
ആലയിൽനിന്നുള്ള കോലാടോ എനിക്ക് ആവശ്യമില്ല;
10 ആയിരം കുന്നുകളിൽ മേഞ്ഞുകൊണ്ടിരിക്കുന്ന കന്നുകാലികളും
വനത്തിലെ സകലമൃഗങ്ങളും എന്റെ സ്വന്തം.
11 പർവതങ്ങളിലെ എല്ലാ പറവയെയും ഞാൻ അറിയുന്നു,
വയലിലെ സകലജന്തുക്കളും എന്റെ വകയാണ്.
12 എനിക്കു വിശക്കുന്നെങ്കിൽ ഞാൻ നിന്നോടു പറയുകയില്ല,
കാരണം, ലോകവും അതിലുള്ള സമസ്തവും എന്റേതാണ്.
-
25 “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും എന്തു പാനംചെയ്യും എന്ന് ജീവസന്ധാരണത്തെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങൾ വ്യാകുലപ്പെടരുത്. ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളവയല്ലേ? 26 ആകാശത്തിലെ പക്ഷികളെ നോക്കുക; അവ വിതയ്ക്കുകയോ കൊയ്യുകയോ കളപ്പുരകളിൽ സമാഹരിക്കുകയോ ചെയ്യുന്നില്ല. എങ്കിലും നിങ്ങളുടെ സ്വർഗസ്ഥപിതാവ് അവയ്ക്ക് ഭക്ഷണം നൽകുന്നില്ലേ? അവയെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ! 27 വ്യാകുലപ്പെടുന്നതിലൂടെ തന്റെ ജീവിതകാലയളവിനോട് ഒരു നിമിഷം കൂട്ടിച്ചേർക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ?
-
8 ഇതിനുശേഷം ദൈവം നോഹയോടും പുത്രന്മാരോടും അരുളിച്ചെയ്തത്: 9 “ഇപ്പോൾ നിങ്ങളോടും നിങ്ങൾക്കുശേഷം നിങ്ങളുടെ സന്തതിപരമ്പരയോടും 10 നിങ്ങളോടുകൂടെ ഉണ്ടായിരുന്ന സകലജീവജന്തുക്കളോടും—പക്ഷികൾ, കന്നുകാലികൾ, വന്യമൃഗങ്ങൾ, എന്നിങ്ങനെ നിങ്ങളോടുകൂടെ പെട്ടകത്തിൽനിന്നു പുറത്തു വന്ന ഭൂമിയിലെ സകലജീവികളോടും—ഞാൻ ഉടമ്പടിചെയ്യുന്നു. 11 ഇനി ഒരിക്കലും പ്രളയജലത്താൽ എല്ലാ ജീവജാലങ്ങളും നശിക്കുകയില്ല, ഭൂമിയെ നശിപ്പിക്കാൻ ഇനിയൊരിക്കലും പ്രളയം ഉണ്ടാകുകയില്ല എന്നു ഞാൻ നിങ്ങളോട് ഉടമ്പടിചെയ്യുന്നു.”
12 ദൈവം പിന്നെയും അരുളിച്ചെയ്തു: “എനിക്കും നിങ്ങൾക്കും നിങ്ങളോടുകൂടെ സകലജീവികൾക്കും മധ്യേ, വരുംതലമുറകൾക്കെല്ലാറ്റിനുംവേണ്ടി ഞാൻ ചെയ്യുന്ന ഉടമ്പടിയുടെ ചിഹ്നമാണിത്, 13 ഞാൻ മേഘങ്ങളിൽ എന്റെ വില്ല് സ്ഥാപിക്കുന്നു, അത് എനിക്കും ഭൂമിക്കുംതമ്മിലുള്ള ഉടമ്പടിയുടെ ചിഹ്നമായിരിക്കും. 14 ഞാൻ ഭൂമിക്കുമീതേ മേഘങ്ങളെ വരുത്തുകയും മേഘങ്ങളിൽ മഴവില്ലു പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോൾ 15 നിങ്ങളോടും സകലവിധ ജീവികളോടുമുള്ള എന്റെ ഉടമ്പടി ഞാൻ ഓർക്കും. സമസ്തജീവജാലങ്ങളെയും നശിപ്പിക്കുന്ന പ്രളയം ഇനിയൊരിക്കലും ഉണ്ടാകുകയില്ല. 16 മേഘങ്ങളിൽ വില്ല് പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ഞാൻ അതു കാണുകയും ദൈവവും ഭൂമിയിലെ സകലജീവികളുമായുള്ള ശാശ്വതമായ ഉടമ്പടി ഓർക്കുകയും ചെയ്യും.
17 “എനിക്കും ഭൂമിയിലെ സകലജീവജാലങ്ങൾക്കും മധ്യേ ഞാൻ ചെയ്യുന്ന ഉടമ്പടിയുടെ ചിഹ്നം ഇതായിരിക്കും,” എന്നും ദൈവം നോഹയോട് അരുളിച്ചെയ്തു.
-
18 ഒരാളുടെ മൃഗത്തെ കൊല്ലുന്നവൻ മൃഗത്തിനുപകരം മൃഗത്തെ കൊടുക്കണം—ജീവനുപകരം ജീവൻ. 19 ഒരാൾ തന്റെ അയൽവാസിയെ മുറിവേൽപ്പിച്ചാൽ, അയാൾ ചെയ്തപ്രകാരംതന്നെ ആ മനുഷ്യനോടു ചെയ്യണം. 20 ഒടിവിനു പകരം ഒടിവ്, കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല്. ഒരാൾ മറ്റേയാളെ എങ്ങനെ മുറിപ്പെടുത്തിയോ അങ്ങനെതന്നെ അയാളെയും മുറിപ്പെടുത്തണം. 21 ഒരു മൃഗത്തെ കൊല്ലുന്നവൻ നഷ്ടപരിഹാരം കൊടുക്കണം; എന്നാൽ ഒരു മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കണം.
-
4 ധാന്യം മെതിക്കുമ്പോൾ കാളയ്ക്കു മുഖക്കൊട്ട കെട്ടരുത്.
-
29 ഒരു രൂപയ്ക്ക് രണ്ട് കുരുവിയെ വിൽക്കുന്നില്ലയോ? നിങ്ങളുടെ പിതാവ് അറിയാതെ അവയിൽ ഒന്നുപോലും നിലത്തു വീഴുകയില്ല. 30 നിങ്ങളുടെ തലയിൽ എത്ര മുടിയുണ്ടെന്നുപോലും അവിടത്തേക്കറിയാം. 31 ആകയാൽ ഭയപ്പെടേണ്ട, അനവധി കുരുവികളെക്കാളും മൂല്യമേറിയവരല്ലോ നിങ്ങൾ.
-
7 എല്ലാവിധ മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും കടൽജീവികളും മെരുങ്ങുന്നവയാണ്; മനുഷ്യൻ ജീവജാലങ്ങളെ മെരുക്കിയുമിരിക്കുന്നു. 8 എന്നാൽ നാവിനെ മെരുക്കാൻ ആർക്കും സാധ്യമല്ല. അത് അടങ്ങാത്ത ദോഷമാണ്; മാരകമായ വിഷം നിറഞ്ഞതുമാണ്.
-
6 സിംഹാസനത്തിനുമുമ്പിൽ പളുങ്കുപോലെ സുതാര്യമായ കണ്ണാടിക്കടൽ.
കേന്ദ്രസ്ഥാനത്തുള്ള സിംഹാസനത്തിന്റെ ചുറ്റും നാലു ജീവികൾ; അവ മുന്നിലും പിന്നിലും കണ്ണുകളാൽ പൊതിയപ്പെട്ടിരുന്നു. 7 ഒന്നാമത്തെ ജീവി സിംഹത്തിനു സദൃശം, രണ്ടാമത്തെ ജീവി കാളയെപ്പോലെ, മൂന്നാമത്തെ ജീവി മനുഷ്യനെപ്പോലെ മുഖമുള്ളത്, നാലാമത്തെ ജീവി പറക്കുന്ന കഴുകനോടു സദൃശം. 8 നാലു ജീവികൾ ഓരോന്നിനും ആറു ചിറകുവീതം ഉണ്ടായിരുന്നു. അവയ്ക്ക് ചിറകുകൾക്കുള്ളിലും പുറമേയുമായി നിറയെ കണ്ണുകളുമുണ്ടായിരുന്നു. ആ ജീവികൾ രാപകൽ വിശ്രമമില്ലാതെ,
“ഭൂത, വർത്തമാന, ഭാവി കാലങ്ങളിൽ ഒരുപോലെ നിലനിൽക്കുന്നവനായ,
‘സർവശക്തിയുള്ള ദൈവമായ കർത്താവ്,
പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ’ ”
എന്നു തുടരെ പറഞ്ഞുകൊണ്ടിരിക്കുന്നു. 9 സിംഹാസനസ്ഥനായി അനന്തകാലം ജീവിക്കുന്ന കർത്താവിന് ആ ജീവികൾ മഹത്ത്വവും ബഹുമാനവും സ്തോത്രവും അർപ്പിക്കുമ്പോഴെല്ലാം 10 ഇരുപത്തിനാലു മുഖ്യന്മാരും സിംഹാസനസ്ഥന്റെ മുമ്പിൽ വീണ്, അനന്തകാലം ജീവിക്കുന്നവനെ നമസ്കരിച്ചുകൊണ്ട്:
11 “ഞങ്ങളുടെ കർത്താവും ദൈവവുമായുള്ളവനെ,
അങ്ങ് സകലത്തെയും സൃഷ്ടിച്ചു.
അവിടത്തെ ഇഷ്ടത്താൽ അവ ഉത്ഭവിക്കുകയും
സൃഷ്ടിക്കപ്പെടുകയും ചെയ്തിരിക്കുകയാൽ,
അവിടന്നു മഹത്ത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാൻ യോഗ്യൻ,”
എന്നു പറഞ്ഞു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിനുമുമ്പിൽ സമർപ്പിക്കും.
-
7 യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ മെനഞ്ഞു, അവന്റെ മൂക്കിൽ ജീവശ്വാസം ഊതി; അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിത്തീർന്നു.
-
7 “ഞാൻ സൃഷ്ടിച്ച മനുഷ്യവംശത്തെ—മനുഷ്യരെയും മൃഗങ്ങളെയും നിലത്ത് ഇഴയുന്ന ജന്തുക്കളെയും ആകാശത്തിലെ പക്ഷികളെയും—ഭൂമുഖത്തുനിന്നു തുടച്ചുനീക്കും; അവയെ ഉണ്ടാക്കിയതിൽ ഞാൻ ദുഃഖിക്കുന്നു” എന്ന് യഹോവ അരുളിച്ചെയ്തു.
-
17 ആകാശത്തിനുകീഴേ ജീവനുള്ള സകലതിനെയും, ജീവശ്വാസമുള്ള ജന്തുക്കളെ എല്ലാറ്റിനെയും, നശിപ്പിക്കാൻ ഞാൻ ഭൂമിയിൽ ഒരു പ്രളയം വരുത്തും. 18 എന്നാൽ, എന്റെ ഉടമ്പടി ഞാൻ നിന്നോട് ഉറപ്പിക്കും; നീ പെട്ടകത്തിൽ പ്രവേശിക്കണം; നിന്നോടൊപ്പം നിന്റെ പുത്രന്മാരും നിന്റെ ഭാര്യയും നിന്റെ പുത്രന്മാരുടെ ഭാര്യമാരും ഉണ്ടാകണം. 19 സകലജീവികളിൽനിന്നും ആണും പെണ്ണുമായി ഈരണ്ടിനെ—അവയും നിന്നോടൊപ്പം ജീവനോടിരിക്കേണ്ടതിന്—നീ പെട്ടകത്തിനുള്ളിലേക്കു കൊണ്ടുവരണം. 20 എല്ലാത്തരം പക്ഷികളിലും എല്ലാത്തരം മൃഗങ്ങളിലും നിലത്തുകൂടി ഇഴയുന്ന എല്ലാത്തരം ജന്തുക്കളിലുംനിന്നും ഈരണ്ടെണ്ണം—ജീവനോടെ സൂക്ഷിക്കപ്പെടേണ്ടതിനു—നിന്റെ അടുക്കൽ വരേണ്ടതാകുന്നു. 21 നിനക്കും അവയ്ക്കും വേണ്ടുന്ന സകലവിധ ഭക്ഷണസാധനങ്ങളും നീ ശേഖരിച്ചുവെക്കണം. അത് നിനക്കും അവയ്ക്കും ഭക്ഷണമായിരിക്കണം.”
22 ദൈവം കൽപ്പിച്ചതുപോലെതന്നെ നോഹ ചെയ്തു—അതേ, അദ്ദേഹം ചെയ്തു.
-
7 സമുദ്രത്തിലെ ഭീകരജീവികളേ, ആഴിയുടെ അഗാധസ്ഥലങ്ങളേ,
ഭൂമിയിൽനിന്ന് യഹോവയെ വാഴ്ത്തുക,
8 തീയും കന്മഴയും മഞ്ഞും മേഘങ്ങളും
അവിടത്തെ ആജ്ഞ അനുസരിക്കുന്ന കൊടുങ്കാറ്റും
9 പർവതങ്ങളും സകലകുന്നുകളും
ഫലവൃക്ഷങ്ങളും എല്ലാ ദേവദാരുക്കളും
10 കാട്ടുമൃഗങ്ങളും കന്നുകാലികളും
ഇഴജന്തുക്കളും പറവകളും
11 ഭൂമിയിലെ രാജാക്കന്മാരും എല്ലാ രാഷ്ട്രങ്ങളും
ഭൂമിയിലെ എല്ലാ പ്രഭുക്കന്മാരും എല്ലാ ഭരണകർത്താക്കളും
12 യുവാക്കളും യുവതികളും
വൃദ്ധരും കുട്ടികളും.
-
25 ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും
സിംഹം കാളയെപ്പോലെ പുല്ലുതിന്നും
പൊടി സർപ്പത്തിന് ആഹാരമാകും.
എന്റെ വിശുദ്ധപർവതത്തിൽ എല്ലായിടത്തും
ഉപദ്രവമോ നാശമോ ഉണ്ടാകുകയില്ല,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
-
11 പിന്നീട്, സ്വർഗം തുറക്കപ്പെട്ടിരിക്കുന്നതു ഞാൻ കണ്ടു. ഇതാ, ഒരു വെള്ളക്കുതിര! അതിന്റെ പുറത്തിരിക്കുന്നയാൾ വിശ്വസ്തൻ എന്നും സത്യവാൻ എന്നും വിളിക്കപ്പെടുന്നു. അദ്ദേഹം ന്യായംവിധിക്കുന്നതും അടരാടുന്നതും നീതിയോടെയായിരിക്കും.
-
12 “ആറുദിവസം നിന്റെ ജോലി ചെയ്യണം; എന്നാൽ നിന്റെ കാളയും കഴുതയും വിശ്രമിക്കേണ്ടതിനും, നിന്റെ ദാസിയുടെ പുത്രനും പ്രവാസിയും ഉന്മേഷം പ്രാപിക്കേണ്ടതിനും ഏഴാംദിവസം വേല ചെയ്യരുത്.
-
21 വന്യമൃഗങ്ങൾ അവിടെ വിശ്രമിക്കും,
അവരുടെ വീടുകളിൽ കുറുനരികൾ നിറയും;
ഒട്ടകപ്പക്ഷികൾ അവിടെ പാർക്കും,
കാട്ടാടുകൾ അവിടെ നൃത്തംചെയ്യും.
22 അവരുടെ കെട്ടുറപ്പുള്ള കോട്ടകളിൽ കഴുതപ്പുലികളും
അവരുടെ മണിമേടകളിൽ കുറുനരികളും ഓരിയിടും.
അവളുടെ സമയം അടുത്തിരിക്കുന്നു,
അതിനുള്ള നാളുകൾ നീണ്ടുപോകുകയുമില്ല.
-
5 ആരെയാണു ഭയപ്പെടേണ്ടതെന്നു ഞാൻ നിങ്ങൾക്കു പറഞ്ഞുതരാം. ശരീരത്തെ കൊല്ലുകമാത്രമല്ല, അതിനുശേഷം നിങ്ങളെ നരകത്തിലിട്ടുകളയാനും അധികാരമുള്ള ദൈവത്തെ ഭയപ്പെടുക; അതേ, ദൈവത്തെമാത്രം ഭയപ്പെടുക എന്നു ഞാൻ നിങ്ങളോടു പറയുന്നു. 6 രണ്ട് രൂപയ്ക്ക് അഞ്ചു കുരുവിയെ വിൽക്കുന്നില്ലയോ? എങ്കിലും അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുകളയുന്നില്ല. 7 നിങ്ങളുടെ തലയിൽ എത്ര മുടിയുണ്ടെന്നുപോലും അവിടത്തേക്കറിയാം. ആകയാൽ ഭയപ്പെടേണ്ട, അനവധി കുരുവികളെക്കാളും മൂല്യമേറിയവരല്ലോ നിങ്ങൾ.
-
8 വാങ്ങിയപ്പോൾ നാലു ജീവികളും ഇരുപത്തിനാലു മുഖ്യന്മാരും കുഞ്ഞാടിന്റെ മുമ്പാകെ വീണുപ്രണമിച്ചു. ഓരോരുത്തരും ഓരോ വീണയും അവർ വിശുദ്ധരുടെ പ്രാർഥനകൾ എന്ന ധൂപവർഗം നിറച്ച തങ്കക്കലശങ്ങളും പിടിച്ചിരുന്നു. 9 അവർ പുതിയൊരു കീർത്തനം ആലപിച്ചു:
“അങ്ങ് (യാഗമൃഗമെന്നപോലെ) അറക്കപ്പെടുകയും
അവിടത്തെ രക്തത്താൽ
സകലഗോത്രങ്ങളിലും ഭാഷകളിലും ജനവിഭാഗങ്ങളിലും രാജ്യങ്ങളിലുംനിന്നുള്ളവരെ
ദൈവത്തിനായി വിലയ്ക്കു വാങ്ങിയിരിക്കുകയും ചെയ്തിരിക്കുന്നു.
10 ഭൂമിയിൽ വാഴേണ്ടതിനായി അവരെ നമ്മുടെ ദൈവത്തിനു രാജ്യവും പുരോഹിതരും ആക്കിയിരിക്കുന്നു.
ആകയാൽ ചുരുൾ വാങ്ങാനും മുദ്രകൾ തുറക്കാനും അങ്ങ് യോഗ്യൻതന്നെ.”
11 ഞാൻ ദർശനത്തിൽ, സിംഹാസനത്തിനും ജീവികൾക്കും മുഖ്യന്മാർക്കു ചുറ്റിലുമായി അസംഖ്യം ദൂതന്മാരുടെ ശബ്ദം കേട്ടു. അവരുടെ എണ്ണം ആയിരം ആയിരവും പതിനായിരം പതിനായിരവും ആയിരുന്നു. 12 അവർ അത്യുച്ചശബ്ദത്തിൽ:
“അറക്കപ്പെട്ട കുഞ്ഞാട്,
ശക്തിയും ധനവും ജ്ഞാനവും ബലവും
ബഹുമാനവും മഹത്ത്വവും സ്തുതിയും സ്വീകരിക്കാൻ യോഗ്യൻ!”
എന്നു പറയുന്നു.
13 അപ്പോൾ സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു താഴെയും സമുദ്രത്തിലുമുള്ള സകലജീവികളും,
“സിംഹാസനസ്ഥനും കുഞ്ഞാടിനും
സ്തുതിയും ബഹുമാനവും മഹത്ത്വവും ആധിപത്യവും,
എന്നും എന്നെന്നേക്കും ഉണ്ടാകുമാറാകട്ടെ!”
എന്നു പറയുന്നതു ഞാൻ കേട്ടു.
-
15 എന്നാൽ, നായ്ക്കളായ ദുർമന്ത്രവാദികൾ, അസാന്മാർഗികൾ, കൊലയാളികൾ, വിഗ്രഹാരാധകർ, വ്യാജം ഇഷ്ടപ്പെടുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ ഇങ്ങനെയുള്ളവരുടെ സ്ഥാനം നഗരത്തിനു പുറത്തുതന്നെ.
-
12 മനുഷ്യർ എത്ര പ്രതാപശാലികൾ ആയിരുന്നാലും അവർക്ക് അമരത്വം ലഭിക്കുകയില്ല;
അവർ നശിച്ചുപോകുന്ന മൃഗത്തിനു തുല്യർ.
-
23 നിങ്ങളുടെ ആട്ടിൻപറ്റത്തിന്റെ അവസ്ഥ നന്നായി അറിഞ്ഞിരിക്കുക,
നിങ്ങളുടെ കന്നുകാലികൾക്കും സൂക്ഷ്മശ്രദ്ധനൽകുക;
-
22 ഈ സംഭാഷണത്തിനുശേഷം യേശു ശിഷ്യന്മാരോടു തുടർന്നു പറഞ്ഞത്: “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും എന്ന് ജീവസന്ധാരണത്തെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങൾ വ്യാകുലപ്പെടരുത്. 23 ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളതാണ്? 24 കാക്കകളെ നോക്കുക! അവ വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യുന്നില്ല; അവയ്ക്കു ഭണ്ഡാരശാലയോ കളപ്പുരയോ ഇല്ല; എങ്കിലും ദൈവം അവയ്ക്കു ഭക്ഷണം നൽകുന്നില്ലേ? പക്ഷികളെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ!
-
9 അവർ യാത്രചെയ്ത് പിറ്റേന്ന് ഉച്ചസമയത്തോടെ യോപ്പാനഗരത്തിനടുത്തെത്തി. അതേസമയംതന്നെ പത്രോസ് പ്രാർഥിക്കാനായി വീടിന്റെ മുകൾനിലയിൽ കയറിയിരിക്കുകയായിരുന്നു. 10 വിശന്നതിനാൽ എന്തെങ്കിലും ഭക്ഷിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. വീട്ടിൽ ഭക്ഷണം തയ്യാറായിക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹം ആത്മവിവശനായി. 11 സ്വർഗം തുറന്നിരിക്കുന്നതും നാലുകോണും കെട്ടിയ വലിയ വിരിപോലെയുള്ള ഒരു പാത്രം ഭൂമിയിലേക്ക് ഇറങ്ങിവരുന്നതും അദ്ദേഹം കണ്ടു. 12 അതിൽ ഭൂമിയിലെ സകലവിധ നാൽക്കാലികളും ഇഴജന്തുക്കളും ആകാശത്തിലെ പക്ഷികളും ഉണ്ടായിരുന്നു. 13 ഒരു അശരീരി അദ്ദേഹത്തോടു പറഞ്ഞത്, “പത്രോസേ, എഴുന്നേറ്റ് കൊന്നുതിന്നുക.”
14 “എനിക്കതിനു കഴിയില്ല കർത്താവേ, അശുദ്ധമോ മലിനമോ ആയ യാതൊന്നും ഞാൻ ഒരിക്കലും ഭക്ഷിച്ചിട്ടില്ലല്ലോ,” പത്രോസ് മറുപടി പറഞ്ഞു.
15 “ദൈവം ശുദ്ധീകരിച്ചതൊന്നും അശുദ്ധമെന്നു കരുതരുത്” ആ അശരീരി രണ്ടാമതും ഉണ്ടായി.
-
15 യഹോവയായ ദൈവം ഏദെൻതോട്ടത്തിൽ അധ്വാനിക്കുന്നതിനും അതിനെ സംരക്ഷിക്കുന്നതിനുമായി മനുഷ്യനെ അവിടെ തോട്ടത്തിൽ ആക്കി.
-
20 പർവതങ്ങൾക്കുമേൽ പതിനഞ്ചുമുഴത്തിലധികം ജലനിരപ്പുയർന്നു. 21 പക്ഷികൾ, കന്നുകാലികൾ, വന്യജീവികൾ, ഇഴജന്തുക്കൾ, മനുഷ്യവർഗം മുഴുവനും, ഇങ്ങനെ സകലഭൂചരജീവികളും നശിച്ചു. 22 മൂക്കിൽ ജീവശ്വാസമുള്ളവയായി, കരയിൽ അവശേഷിച്ചിരുന്നവയെല്ലാം ചത്തൊടുങ്ങി. 23 ഭൂമുഖത്തു ജീവനോടെ ഉണ്ടായിരുന്നവയെല്ലാം നിർമാർജനം ചെയ്യപ്പെട്ടു; മനുഷ്യരെയും മൃഗങ്ങളെയും നിലത്തിഴയുന്ന ജീവികളെയും ആകാശത്തിലെ പക്ഷികളെയും—ഇങ്ങനെ സകലതിനെയും പ്രളയം തുടച്ചുനീക്കി. നോഹയും അദ്ദേഹത്തോടുകൂടെ പെട്ടകത്തിലുണ്ടായിരുന്നവരുംമാത്രം അവശേഷിച്ചു.
-
8 ശബ്ബത്തുദിവസത്തെ വിശുദ്ധിയോടെ ആചരിക്കാൻ ഓർക്കുക. 9 ആറുദിവസം അധ്വാനിച്ച് നിങ്ങളുടെ ജോലികളെല്ലാം ചെയ്യുക; 10 എന്നാൽ ഏഴാംദിവസം നിങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു. അന്ന് നിങ്ങളോ നിങ്ങളുടെ പുത്രനോ പുത്രിയോ ദാസനോ ദാസിയോ മൃഗങ്ങളോ നിങ്ങളുടെ പട്ടണങ്ങളിൽ താമസിക്കുന്ന പ്രവാസിയോ ജോലിയൊന്നും ചെയ്യാൻ പാടില്ല;
-
1 “ ‘ഒരാളുടെ വഴിപാട് സമാധാനയാഗമാണെങ്കിൽ, കന്നുകാലികളിൽ ഒന്നിനെ അർപ്പിക്കുമ്പോൾ, ആണായാലും പെണ്ണായാലും ഊനമില്ലാത്തതിനെ യഹോവയുടെ സന്നിധിയിൽ അർപ്പിക്കണം.
-
28 അപ്പോൾ യഹോവ കഴുതയുടെ വായ് തുറന്നു. അത് ബിലെയാമിനോട്, “നീ എന്നെ ഈ മൂന്നുതവണ അടിക്കാൻ ഞാൻ നിന്നോട് എന്തു ചെയ്തു?” എന്നു ചോദിച്ചു.
29 ബിലെയാം കഴുതയോട്, “നീ എന്നെ ഒരു വിഡ്ഢിയാക്കി! എന്റെ കൈയിൽ ഒരു വാളുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഞാൻ നിന്നെ കൊല്ലുമായിരുന്നു” എന്നു മറുപടി പറഞ്ഞു.
30 കഴുത ബിലെയാമിനോടു പറഞ്ഞു: “ഈ ദിവസംവരെ എപ്പോഴും യാത്രചെയ്തുവന്ന നിന്റെ കഴുതയല്ലേ ഞാൻ? ഇങ്ങനെ ഞാൻ ഇതിനുമുമ്പ് എപ്പോഴെങ്കിലും നിന്നോട് ചെയ്തിട്ടുണ്ടോ?”
“ഇല്ല,” അയാൾ പറഞ്ഞു.
-
15 ഞാൻ അങ്ങേക്ക് തടിച്ചുകൊഴുത്ത മൃഗങ്ങൾ ഹോമയാഗമായി അർപ്പിക്കും
ഹൃദ്യസുഗന്ധമായി ആട്ടുകൊറ്റനെയും;
ഞാൻ കാളകളെയും ആടുകളെയും അർപ്പിക്കും. സേലാ.
-
6 ഹേ മടിയാ, നീ ഉറുമ്പുകളുടെ അടുത്തു പോകുക;
അതിന്റെ പ്രവൃത്തികൾ നിരീക്ഷിച്ച് ജ്ഞാനിയാകുക!
7 അവയ്ക്ക് അധിപതികളോ
മേൽനോട്ടക്കാരോ ഭരണംനടത്തുന്നവരോ ഇല്ല,
8 എന്നിട്ടും അവ വേനൽക്കാലത്തു ഭക്ഷ്യവസ്തുക്കൾ സംഭരിക്കുന്നു
കൊയ്ത്തുകാലത്ത് ഭക്ഷണം സമാഹരിക്കുകയും ചെയ്യുന്നു.
9 കുഴിമടിയാ, എത്രനാൾ നീ ഇങ്ങനെ മടിപിടിച്ചുകിടക്കും?
എപ്പോഴാണ് നീ ഉറക്കം വെടിഞ്ഞുണരുന്നത്?
10 ഒരൽപ്പം ഉറക്കം, ഒരൽപ്പം മയക്കം;
ഒരൽപ്പനേരംകൂടി കൈകൾ കെട്ടിപ്പിണച്ചുള്ള വിശ്രമം,
11 അങ്ങനെ ദാരിദ്ര്യം കൊള്ളക്കാരെപ്പോലെ നിന്റെമേൽ ചാടിവീഴും
ദുർഭിക്ഷത ഒരു ആയുധപാണിയെപ്പോലെ നിന്നെ ആക്രമിക്കും.
-
8 നിങ്ങൾ കണ്ണുപൊട്ടിയ മൃഗങ്ങളെ യാഗത്തിനു കൊണ്ടുവരുമ്പോൾ, അതു നിന്ദ്യമല്ലേ? മുടന്തും ദീനവുമുള്ളതിനെ കാഴ്ചവെച്ചാൽ, അതും നിന്ദ്യമല്ലേ? ഇവ നീ ദേശാധിപതികൾക്കു കാഴ്ചവെച്ചാൽ അവർ നിന്നോടു പ്രസാദിക്കുമോ?” എന്നു സൈന്യങ്ങളുടെ യഹോവ ചോദിക്കുന്നു.
-
2 നായ്ക്കളെപ്പോലെ പെരുമാറുന്നവരെയും തിന്മ പ്രവർത്തിക്കുന്നവരെയും പരിച്ഛേദനവാദികളെയും സൂക്ഷിക്കുക.
-
4 ചുരുൾ തുറക്കാനോ അതു വായിക്കാനോ യോഗ്യനായി ആരെയും കാണാതിരുന്നതുകൊണ്ട് ഞാൻ വളരെ കരഞ്ഞു. 5 അപ്പോൾ മുഖ്യന്മാരിൽ ഒരാൾ എന്നോട്; “കരയേണ്ട, യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ സിംഹാസനാവകാശിയും ആയവൻ ഇതാ വിജയിയായിരിക്കുന്നു. പുസ്തകവും ചുരുളും അതിന്റെ ഏഴു മുദ്രയും തുറക്കാൻ അവിടന്നു യോഗ്യൻ” എന്നു പറഞ്ഞു.
6 സിംഹാസനത്തിനും നാലു ജീവികൾക്കും മുഖ്യന്മാർക്കും മധ്യത്തിൽ ഒരു കുഞ്ഞാട് അറക്കപ്പെട്ടതുപോലെ നിൽക്കുന്നതു ഞാൻ കണ്ടു. ആ കുഞ്ഞാടിന്, ഭൂമിയിലെല്ലായിടത്തേക്കും അയയ്ക്കപ്പെട്ട ദൈവാത്മാക്കളായ ഏഴു കൊമ്പും ഏഴു കണ്ണും ഉണ്ടായിരുന്നു.
-
15 നമ്മെ വിട്ടയയ്ക്കുകയില്ല എന്നു ഫറവോൻ ശാഠ്യംപിടിച്ചപ്പോൾ യഹോവ ഈജിപ്റ്റിലെ സകലമനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെയെല്ലാം കൊന്നുകളഞ്ഞു. അതുകൊണ്ടാണ് ഞാൻ കടിഞ്ഞൂലായ ആണിനെയെല്ലാം യഹോവയ്ക്ക് അർപ്പിക്കുകയും എന്റെ ആദ്യജാതന്മാരെ എല്ലാവരെയും വീണ്ടെടുക്കുകയും ചെയ്യുന്നത്.’
-
19 “മൃഗത്തോടൊപ്പം ലൈംഗികബന്ധത്തിലേർപ്പെടുന്നവർ മരണശിക്ഷ അനുഭവിക്കണം.
-
9 “ ‘ആ മനുഷ്യൻ നേർന്നതു യഹോവയ്ക്ക് സ്വീകാര്യമായ ഒരു മൃഗമെങ്കിൽ, ആ മൃഗത്തെ യഹോവയ്ക്കു കൊടുക്കുന്നതിനാൽ അതു വിശുദ്ധമാകും. 10 അയാൾ അതു നല്ലതിനുപകരം ചീത്തയോ ചീത്തയായതിനു പകരം നല്ലതോ ആയി വെച്ചുമാറാൻ പാടില്ല; ഇങ്ങനെ ഒരു മൃഗത്തിനുപകരം മറ്റൊന്നു വെക്കണമെങ്കിൽ, അതും പകരം വെക്കുന്നതും വിശുദ്ധമായിരിക്കും. 11 ഒരാൾ നേർന്നത്, യഹോവയ്ക്കു സ്വീകാര്യമല്ലാത്ത ഒരു അശുദ്ധമൃഗമെങ്കിൽ, ആ മൃഗത്തെ പുരോഹിതന്റെ അടുക്കൽ നിർത്തണം. 12 നല്ലതോ ചീത്തയോ എന്നുനോക്കി പുരോഹിതൻ അതിന്റെ ഗുണം നിർണയിക്കും. പുരോഹിതൻ അതിനു മതിക്കുന്നതു തന്നെയായിരിക്കും അതിന്റെ മൂല്യം. 13 ഉടമസ്ഥൻ മൃഗത്തെ വീണ്ടുകൊള്ളാൻ ആഗ്രഹിക്കുന്നെങ്കിൽ അയാൾ അതിന്റെ മൂല്യത്തോട് അഞ്ചിലൊന്നുകൂടെ ചേർക്കണം.
-
15 മനുഷ്യനിലും മൃഗങ്ങളിലും യഹോവയ്ക്ക് അർപ്പിതമായ കടിഞ്ഞൂലായ ആണൊക്കെയും നിനക്കുള്ളതാണ്. എന്നാൽ മനുഷ്യന്റെ ആദ്യജാതന്മാരൊക്കെയും അശുദ്ധമൃഗങ്ങളുടെ കടിഞ്ഞൂലായ ആണിനെ ഒക്കെയും നീ വീണ്ടെടുക്കണം.
-
6 ഒരു മരത്തിലോ നിലത്തിലോ കുഞ്ഞുങ്ങളോ മുട്ടകളോ ഉള്ള പക്ഷിക്കൂട് നിന്റെ വഴിയരികിൽ കണ്ടാൽ തള്ളപ്പക്ഷി കുഞ്ഞുങ്ങളുടെമേലോ മുട്ടയുടെമേലോ ഇരിക്കുന്നെങ്കിൽ കുഞ്ഞുങ്ങളോടുകൂടെ തള്ളപ്പക്ഷിയെ പിടിക്കരുത്. 7 നിനക്കു നന്മയും ദീർഘായുസ്സുമുണ്ടാകാനായി തള്ളപ്പക്ഷിയെ വിടണം. കുഞ്ഞുങ്ങളെ നിനക്കെടുക്കാം.
-
17 താനുമായി യാതൊരു ബന്ധവുമില്ലാത്ത കലഹത്തിലേക്കു പാഞ്ഞടുക്കുന്നവർ,
വഴിയേ പോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവരെപ്പോലെയാണ്.
-
24 “ഭൂമിയിലുള്ള നാലു കാര്യങ്ങൾ ചെറുതാണ്,
എന്നിട്ടും അവയ്ക്ക് അസാമാന്യ ബുദ്ധിയുണ്ട്:
25 ശക്തിയൊട്ടും ഇല്ലാത്ത ജീവികളാണ് ഉറുമ്പുകൾ,
എന്നിരുന്നാലും അവ വേനൽക്കാലത്ത് തങ്ങൾക്കുള്ള ആഹാരം സംഭരിക്കുന്നു;
26 അശക്തരായ ജീവികളാണ് കുഴിമുയൽ,
എന്നാലും കിഴുക്കാംതൂക്കായ പാറയിൽ അവ മാളമൊരുക്കുന്നു;
27 വെട്ടുക്കിളികൾക്കു രാജാവില്ല,
എന്നിട്ടും അവ അണിയണിയായി മുന്നേറുന്നു;
28 ഒരു പല്ലിയെ കൈകൊണ്ടു പിടിക്കാം,
എങ്കിലും അവ രാജകൊട്ടാരങ്ങളിൽ കാണപ്പെടുന്നു.
-
6 തെക്കേദേശത്തിലെ മൃഗങ്ങളെക്കുറിച്ചുള്ള അരുളപ്പാട്:
ദുരിതവും കഷ്ടതയുമുള്ള,
സിംഹവും സിംഹിയും
അണലിയും പറക്കുംപാമ്പും നിറഞ്ഞ ദേശത്തിലൂടെ
സ്ഥാനപതികൾ കഴുതകളുടെ മുതുകത്ത് അവരുടെ സ്വത്തും,
ഒട്ടകങ്ങളുടെ പുറത്ത് അവരുടെ നിധികളും വഹിച്ചുകൊണ്ട്,
നിഷ്‌പ്രയോജന ദേശത്തേക്ക്,
-
31 താനേ ചത്തതോ വന്യമൃഗങ്ങളാൽ വലിച്ചുകീറപ്പെട്ടതോ ആയ പക്ഷിയെയോ മൃഗത്തെയോ ഒന്നിനെയും പുരോഹിതൻ ഭക്ഷിക്കരുത്.
-
6 ഞാൻ സൂക്ഷിച്ചുനോക്കിയപ്പോൾ അതിനുള്ളിൽ ഭൂമിയിലെ നാൽക്കാലികൾ, കാട്ടുജന്തുക്കൾ, ഇഴജന്തുക്കൾ, ആകാശത്തിലെ പക്ഷികൾ എന്നിവയെ കണ്ടു.
-
20 നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനത്താൽ ലോകമാലിന്യങ്ങളിൽനിന്നു രക്ഷപ്പെട്ടവർ വീണ്ടും അതിൽത്തന്നെ കുടുങ്ങി പരാജയപ്പെട്ടുപോയാൽ, അവരുടെ അവസാനത്തെ അവസ്ഥ ആദ്യത്തേതിനെക്കാൾ ശോചനീയമായിരിക്കും. 21 നീതിമാർഗം തിരിച്ചറിഞ്ഞശേഷം തങ്ങൾക്കു ലഭിച്ച വിശുദ്ധകൽപ്പനയിൽനിന്നു പിൻവാങ്ങുന്നതിനെക്കാൾ, അവർ അത് അറിയാതിരിക്കുകയായിരുന്നു നല്ലത്. 22 “നായ അതിന്റെ ഛർദിയിലേക്കു തിരിയുന്നു” എന്നും “കുളിപ്പിച്ചാലും പന്നി പിന്നെയും ചെളിയിൽ ഉരുളുന്നു” എന്നും ഉള്ള പഴഞ്ചൊല്ലുകൾ അവരെ സംബന്ധിച്ച് സത്യമായിത്തീർന്നിരിക്കുന്നു.
-
1 ഇതിനുശേഷം ആദാം തന്റെ ഭാര്യയായ ഹവ്വായെ അറിഞ്ഞു. അവൾ ഗർഭംധരിച്ച് കയീന് ജന്മംനൽകി. “യഹോവ സഹായിച്ചതിനാൽ എനിക്കൊരു പുരുഷപ്രജ ലഭിച്ചു,” എന്ന് അവൾ പറഞ്ഞു. 2 ഹവ്വാ വീണ്ടും ഗർഭംധരിച്ച് കയീന്റെ സഹോദരനായ ഹാബേലിനെ പ്രസവിച്ചു.
ഹാബേൽ ആട്ടിടയനും കയീൻ നിലത്ത് പണിയെടുക്കുന്നവനും ആയിത്തീർന്നു. 3 വിളവെടുപ്പിന്റെ സമയമായപ്പോൾ കയീൻ വയലിലെ വിളവിൽനിന്ന് ഒരംശം യഹോവയ്ക്കു യാഗമായി കൊണ്ടുവന്നു. 4 ഹാബേലോ, തന്റെ ആട്ടിൻപറ്റത്തിലെ കടിഞ്ഞൂലുകളിൽനിന്ന് മേൽത്തരം ആടുകളെ യാഗത്തിനു കൊണ്ടുവന്നു. യഹോവ ഹാബേലിലും അവന്റെ യാഗത്തിലും സംപ്രീതനായി; 5 എന്നാൽ, കയീനിലും അവന്റെ യാഗാർപ്പണത്തിലും പ്രസാദിച്ചില്ല. കയീൻ ഇതിൽ വളരെ കുപിതനായി; അവന്റെ മുഖം മ്ലാനമായി.
-
9 യഹോവ അബ്രാമിനോട്: “നീ മൂന്നുവയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നുവയസ്സുള്ള ഒരു പെണ്ണാടിനെയും മൂന്നുവയസ്സുള്ള ഒരു ആട്ടുകൊറ്റനെയും അവയോടൊപ്പം ഒരു കുറുപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും എന്റെ അടുക്കൽ കൊണ്ടുവരിക” എന്ന് അരുളിച്ചെയ്തു.
-
15 എന്നാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകിയിരിക്കുന്ന അനുഗ്രഹത്തിനൊത്തവിധം ഏതു നഗരത്തിൽവെച്ചും നിന്റെ ഇഷ്ടപ്രകാരം മൃഗങ്ങളെ അറത്ത് ഭക്ഷിക്കാം. കലമാനിന്റെയോ പുള്ളിമാനിന്റെയോ മാംസംപോലെ ആചാരപരമായി അശുദ്ധരായിത്തീർന്നവർക്കും വിശുദ്ധരായിത്തീർന്നവർക്കും അതു ഭക്ഷിക്കാം. 16 രക്തം കുടിക്കരുത്. അതു വെള്ളംപോലെ നിലത്ത് ഒഴിക്കണം.
-
43 അയാൾ ദാവീദിനോടു ചോദിച്ചു: “നീ എന്റെനേരേ വടിയുമായി വരാൻ ഞാൻ ഒരു നായാണോ?” ആ ഫെലിസ്ത്യൻ തന്റെ ദേവന്മാരുടെ നാമത്തിൽ ദാവീദിനെ ശപിച്ചു.
-
1 യഹോവ നാഥാനെ ദാവീദിന്റെ അടുത്തേക്ക് അയച്ചു. അദ്ദേഹത്തിന്റെ അടുത്തെത്തി നാഥാൻ പറഞ്ഞു: “ഒരു പട്ടണത്തിൽ രണ്ട് ആളുകൾ ഉണ്ടായിരുന്നു, ഒരുവൻ ധനികൻ; മറ്റവൻ ദരിദ്രൻ. 2 ധനവാന് ആടുമാടുകൾ അസംഖ്യം ഉണ്ടായിരുന്നു. 3 ദരിദ്രന് ആകട്ടെ, അവൻ വിലയ്ക്കു വാങ്ങിയ ഒരു പെൺചെമ്മരിയാട്ടിൻകുട്ടിയല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു. അയാൾ അതിനെ വളർത്തി. അയാളോടും അയാളുടെ കുട്ടികളോടും ഒപ്പം അതു വളർന്നുവന്നു. അയാളുടെ ഭക്ഷണത്തിന്റെ പങ്ക് അതു തിന്നു, അയാളുടെ പാനപാത്രത്തിൽനിന്നും അതു കുടിച്ചു; അയാളുടെ കൈത്തണ്ടിൽ അത് ഉറങ്ങുകപോലും ചെയ്തു. അത് അയാൾക്കൊരു മകളെപ്പോലെയായിരുന്നു.
4 “അങ്ങനെയിരിക്കെ, ധനവാന്റെ വീട്ടിൽ ഒരു വഴിയാത്രക്കാരൻ വന്നു. തന്റെ സ്വന്തം ആടുകളിലോ മാടുകളിലോ ഒന്നിനെ പിടിച്ച് തന്റെ വീട്ടിൽവന്ന അതിഥിക്കുവേണ്ടി ഭക്ഷണമൊരുക്കാൻ അയാൾക്കു മനസ്സില്ലായിരുന്നു. പകരം, അയാൾ ആ ദരിദ്രന്റെ പെൺചെമ്മരിയാട്ടിൻകുട്ടിയെ പിടിച്ച് അതിഥിക്കുവേണ്ടി ഭക്ഷണമൊരുക്കി.”
5 അപ്പോഴേക്കും ആ ധനികനോടുള്ള കോപംകൊണ്ടു ദാവീദ് ജ്വലിച്ചു. അദ്ദേഹം നാഥാനോടു പറഞ്ഞു: “യഹോവയാണെ, തീർച്ച, ഇതു ചെയ്ത ആ മനുഷ്യൻ മരണശിക്ഷ അർഹിക്കുന്നു! 6 അയാൾ ഒരു ദയയുമില്ലാതെ ഈ വിധം ചെയ്തതുകൊണ്ട് ആ ആട്ടിൻകുട്ടിക്കുവേണ്ടി നാലിരട്ടി പകരം നൽകണം.”
7 അപ്പോൾ നാഥാൻ ദാവീദിനോടു പറഞ്ഞു: “ആ മനുഷ്യൻ നീ തന്നെ! ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നെ ഇസ്രായേലിനു രാജാവായി അഭിഷേകംചെയ്തു; ശൗലിന്റെ കരങ്ങളിൽനിന്നു ഞാൻ നിന്നെ വിടുവിച്ചു.
-
6 സർവജീവജാലങ്ങളും യഹോവയെ വാഴ്ത്തട്ടെ.
യഹോവയെ വാഴ്ത്തുക.
-
14 അവിടെ മരുഭൂമിയിലെ മൃഗങ്ങൾ കഴുതപ്പുലികളോട് ഏറ്റുമുട്ടും,
കാട്ടാടുകൾതമ്മിൽ പോർവിളി നടത്തും;
നിശാജന്തുക്കൾ അവിടെ കിടക്കുകയും
അവയ്ക്കുവേണ്ടി വിശ്രമസ്ഥാനം കണ്ടെത്തുകയും ചെയ്യും.
-
17 “ഇതാ, ഞാൻ പുതിയ ആകാശവും
പുതിയ ഭൂമിയും സൃഷ്ടിക്കും.
പഴയകാര്യങ്ങൾ ഇനി ഓർക്കുകയോ
മനസ്സിൽ വരികയോ ചെയ്യുകയില്ല.
-
7 അതുകൊണ്ട്, ഞാൻ സിംഹത്തെപ്പോലെ അവരുടെമേൽ ചാടിവീഴും,
പുള്ളിപ്പുലിയെപ്പോലെ ഞാൻ വഴിയരികിൽ പതിയിരിക്കും.
8 കുട്ടികൾ നഷ്ടപ്പെട്ട കരടിയെപ്പോലെ
ഞാൻ അവരെ ആക്രമിച്ച് അവരുടെ ഹൃദയം ചീന്തിക്കളയും;
ഒരു സിംഹത്തെപ്പോലെ ഞാൻ അവരെ വിഴുങ്ങും—
ഒരു വന്യമൃഗം അവരെ ചീന്തിക്കളയും.
-
20 “വരിക, നമുക്ക് അവനെ കൊന്ന് ഒരു ജലസംഭരണിയിൽ ഇട്ടുകളയാം, എന്നിട്ട് ഒരു ഹിംസ്രജന്തു അവനെ തിന്നുകളഞ്ഞു എന്നു പറയുകയും ചെയ്യാം. അപ്പോൾ അവന്റെ സ്വപ്നങ്ങൾ എന്താകുമെന്ന് നമുക്കു കാണാമല്ലോ.”
-
33 “ആരെങ്കിലും ഒരു കുഴി തുറന്നുവെക്കുകയോ ഒരു കുഴി ഉണ്ടാക്കിയിട്ടു മൂടാതിരിക്കുകയോ ചെയ്തിട്ട് ഒരു കാളയോ കഴുതയോ അതിൽ വീണാൽ, 34 കുഴിയുടെ ഉടമ മൃഗത്തിന്റെ ഉടമയ്ക്കു നഷ്ടപരിഹാരം നൽകണം എന്നാൽ ചത്ത മൃഗം കുഴിയുടെ ഉടമയ്ക്ക് അവകാശപ്പെട്ടതുമായിരിക്കും.
35 “ആരുടെയെങ്കിലും കാള മറ്റൊരാളുടെ കാളയെ കുത്തിക്കൊന്നാൽ അവർ ജീവനുള്ളതിനെ വിറ്റ് ആ പണം പങ്കിട്ടെടുക്കണം; ചത്തകാളയെയും തുല്യമായി വീതിച്ചെടുക്കണം. 36 എന്നാൽ, ആ കാള കുത്തുന്ന ശീലം ഉള്ളതാണെന്ന് അറിഞ്ഞിട്ടും മൃഗത്തിന്റെ ഉടമ അതിനെ സൂക്ഷിക്കാതിരുന്നതാണെങ്കിൽ അയാൾ ചത്തമൃഗത്തെ എടുത്തുകൊണ്ട്; മൃഗത്തിനുപകരം മൃഗത്തെ കൊടുക്കണം.
-
4 “നിന്റെ ശത്രുവിന്റെ കാളയോ കഴുതയോ അലഞ്ഞുതിരിയുന്നതായി കണ്ടാൽ നിശ്ചയമായും അതിനെ ആ മനുഷ്യന്റെ അടുക്കൽ തിരിച്ചെത്തിക്കണം. 5 നിന്നെ വെറുക്കുന്ന ആരുടെയെങ്കിലും കഴുത അതിന്റെ ചുമടിനുകീഴിൽ വീണുകിടക്കുന്നതു കണ്ടാൽ അതിനെ ഉപേക്ഷിച്ചു പോകരുത്. അക്കാര്യത്തിൽ അവരെ നിശ്ചയമായും സഹായിക്കണം.
-
19 “ ‘എന്റെ ഉത്തരവുകൾ പ്രമാണിക്കുക.
“ ‘രണ്ടുതരം മൃഗങ്ങളെത്തമ്മിൽ ഇണചേർക്കരുത്.
“ ‘രണ്ടുതരം വിത്തു നിന്റെ നിലത്തിൽ വിതയ്ക്കരുത്.
“ ‘രണ്ടുതരം വസ്തുക്കൾ ചേർത്തു നെയ്ത വസ്ത്രം ധരിക്കരുത്.
-
8 നീ ഗമിക്കേണ്ടുന്ന പാത ഏതെന്നു നിന്നെ ഉപദേശിച്ചു പഠിപ്പിക്കും;
നിന്റെമേൽ ദൃഷ്ടിവെച്ച് ഞാൻ നിനക്കു ബുദ്ധിയുപദേശം നൽകും.
9 വിവേകശൂന്യമായ
കുതിരയെയോ കോവർകഴുതയെയോപോലെ നീ പെരുമാറരുത്,
അവയെ വരുതിയിലാക്കാൻ കടിഞ്ഞാണും കടിയിരുമ്പും ഉപയോഗിക്കേണ്ടതായി വരുന്നു
അല്ലാത്തപക്ഷം നിനക്കവയെ നിയന്ത്രിക്കുക അസാധ്യം.
10 ദുഷ്ടരുടെ അനർഥങ്ങൾ അസംഖ്യം,
എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവരെ
അവിടത്തെ അചഞ്ചലസ്നേഹം വലയംചെയ്യുന്നു.
11 നീതിനിഷ്ഠരേ, യഹോവയിൽ സന്തോഷിച്ചാനന്ദിക്കുക;
ഹൃദയപരമാർഥികളേ, ആനന്ദിച്ചാർക്കുക!
-
10 മലയിടുക്കുകളിൽനിന്ന് അവിടന്ന് നീർച്ചാലുകൾ പുറപ്പെടുവിക്കുന്നു;
അവ പർവതങ്ങൾക്കിടയിലൂടെ പാഞ്ഞൊഴുകുന്നു.
11 അവയിൽനിന്ന് വയലിലെ സകലമൃഗജാലങ്ങളും കുടിക്കുന്നു;
കാട്ടുകഴുതകളും അവയുടെ ദാഹം ശമിപ്പിക്കുന്നു.
12 ആകാശത്തിലെ പറവകൾ അവയുടെ തീരങ്ങളിൽ കൂടൊരുക്കുന്നു;
ചില്ലകൾക്കിടയിലിരുന്ന് അവ പാടുന്നു.
13 അവിടന്ന് മാളികമുറികളിൽനിന്ന് പർവതങ്ങളെ നനയ്ക്കുന്നു;
ഭൂമി അവിടത്തെ പ്രവൃത്തികളുടെ ഫലത്താൽ സംതൃപ്തിനേടുന്നു.
-
30 അവരുടെ ദേശത്ത് തവളകൾ തിങ്ങിനിറഞ്ഞു,
അവ ഭരണാധിപന്മാരുടെ കിടപ്പുമുറികളിൽപോലും എത്തിച്ചേർന്നു.
-
15 സകലരുടെയും കണ്ണ് അങ്ങേക്കായി കാത്തിരിക്കുന്നു,
അവർക്കെല്ലാം അങ്ങ് യഥാസമയം ആഹാരം നൽകുന്നു.
16 അവിടന്ന് തൃക്കൈ തുറക്കുന്നു
ജീവനുള്ള സകലത്തിന്റെയും ആഗ്രഹങ്ങൾക്ക് തൃപ്തിവരുത്തുന്നു.
-
7 യഹോവയ്ക്ക് നന്ദിയോടെ പാടുക;
കിന്നരംമീട്ടി നമ്മുടെ ദൈവത്തിന് സംഗീതം ആലപിക്കുക.
8 അവിടന്ന് ആകാശത്തെ മേഘങ്ങൾകൊണ്ട് പൊതിയുന്നു;
അവിടന്ന് ഭൂമിക്കായി മഴ പൊഴിക്കുകയും
കുന്നുകളിൽ പുല്ല് മുളപ്പിക്കുകയുംചെയ്യുന്നു.
9 അവിടന്ന് കന്നുകാലികൾക്കും
കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും ആഹാരം നൽകുന്നു.
-
4 നിവാസികളുടെ ദുഷ്ടതനിമിത്തം
ഭൂമി എത്രകാലം ഉണങ്ങിവരണ്ടിരിക്കും?
നിലത്തിലെ സസ്യമെല്ലാം എത്രകാലം വാടിയിരിക്കും?
മൃഗങ്ങളും പക്ഷികളും നശിച്ചുപോകുന്നു.
“ഞങ്ങൾക്ക് എന്തു സംഭവിക്കും എന്ന് യഹോവ കാണുകയില്ല,”
എന്ന് അവർ പറയുന്നു.
-
18 കന്നുകാലികൾ നിലവിളിക്കുന്നു!
ആട്ടിൻപറ്റം തളർന്നുപോകുന്നു.
മേച്ചിൽപ്പുറങ്ങൾ ഇല്ലായ്കയാൽ
ചെമ്മരിയാട്ടിൻകൂട്ടങ്ങൾ വലയുന്നു.
19 യഹോവേ, ഞാൻ അങ്ങയോടു നിലവിളിക്കുന്നു,
കാരണം തരിശുനിലത്തെ മേച്ചിൽപ്പുറങ്ങളെ അഗ്നി വിഴുങ്ങിക്കളഞ്ഞു,
നിലത്തെ സകലവൃക്ഷങ്ങളെയും ജ്വാലകൾ ദഹിപ്പിച്ചുകളഞ്ഞു.
20 കാട്ടുമൃഗങ്ങളും അങ്ങേക്കായി കിതയ്ക്കുന്നു;
നീരരുവികൾ വറ്റിപ്പോയി
തരിശുനിലത്തെ മേച്ചിൽപ്പുറങ്ങളെ അഗ്നി വിഴുങ്ങിക്കളഞ്ഞു.
-
2 “ഞാൻ ഭൂമുഖത്തുനിന്ന്
സകലത്തെയും നശിപ്പിക്കും,”
എന്ന് യഹോവയുടെ അരുളപ്പാട്.
3 “ഞാൻ മനുഷ്യരെയും മൃഗങ്ങളെയും ഉന്മൂലനംചെയ്യും.
ആകാശത്തിലെ പറവകളെയും
സമുദ്രത്തിലെ മത്സ്യങ്ങളെയും—
ദുഷ്ടരുടെ കാലിടറിക്കുന്ന വിഗ്രഹങ്ങളെയും തൂത്തെറിയും.”
“ഞാൻ ഭൂമുഖത്തുനിന്ന് സകലമനുഷ്യരെയും
ഉന്മൂലനംചെയ്യുമ്പോൾ,
ഞാൻ, യെഹൂദയ്ക്കുനേരേയും
-
1 അവർ ജെറുശലേമിനു സമീപം ഒലിവുമലയുടെ അരികെയുള്ള ബേത്ത്ഫാഗെ എന്ന ഗ്രാമത്തിൽ എത്തിയപ്പോൾ യേശു ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച് ഇങ്ങനെ പറഞ്ഞയച്ചു: 2 “നിങ്ങൾക്കു നേരേമുന്നിലുള്ള ഗ്രാമത്തിലേക്ക് ചെല്ലുക; അവിടെ പ്രവേശിക്കുമ്പോൾ, ഒരു കഴുതയെയും അതിനടുത്ത് അതിന്റെ കുട്ടിയെയും കെട്ടിയിരിക്കുന്നതു നിങ്ങൾ കാണും. അവയെ അഴിച്ച് എന്റെ അടുക്കൽ കൊണ്ടുവരിക. 3 ഇതെക്കുറിച്ച് നിങ്ങളോട് ആരെങ്കിലും ചോദിച്ചാൽ, കർത്താവിന് ഇവ ആവശ്യമുണ്ട് എന്ന് അയാളോട് പറയൂ. അപ്പോൾത്തന്നെ അവയെ കൊണ്ടുപോകാൻ അയാൾ അനുവദിക്കും.”
4-5 “സീയോൻപുത്രിയോട് പറയുക,
‘ഇതാ, നിന്റെ രാജാവ് നിന്റെ അടുത്തേക്കു വരുന്നു,
അവിടന്ന് വിനയാന്വിതനായി കഴുതമേലേറി,
അതേ, കഴുതക്കുട്ടിമേൽത്തന്നെ കയറി നിന്റെ ചാരത്തേക്കണയുന്നു,’ ”
എന്നിങ്ങനെ കർത്താവ് പ്രവാചകനിലൂടെ അരുളിച്ചെയ്തത് നിറവേറുന്നതിനാണ് ഇതു സംഭവിച്ചത്.
-
13 നാൽപ്പതുദിവസം അദ്ദേഹം ആ വിജനസ്ഥലത്ത് സാത്താനാൽ പ്രലോഭിപ്പിക്കപ്പെട്ടു. ഈ സമയം അദ്ദേഹം അവിടെ വന്യമൃഗങ്ങളോടുകൂടെ ആയിരുന്നു; ദൂതന്മാർ യേശുവിനെ ശുശ്രൂഷിച്ചും പോന്നു.
-
5 പിന്നെ അദ്ദേഹം അവരോടു ചോദിച്ചു, “നിങ്ങളിൽ ആരുടെയെങ്കിലും മകനോ കാളയോ ശബ്ബത്തുനാളിൽ കിണറ്റിൽ വീണുപോയി എന്നിരിക്കട്ടെ; അങ്ങനെ സംഭവിച്ചാൽ നിങ്ങൾ ഉടനെതന്നെ അതിനെ അവിടെനിന്നു വലിച്ചുകയറ്റുകയില്ലേ?”
-
9 “ധാന്യം മെതിക്കുമ്പോൾ കാളയ്ക്കു മുഖക്കൊട്ട കെട്ടരുത്” എന്നു മോശയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നല്ലോ. കാളകളെക്കുറിച്ചുമാത്രമാണോ ദൈവത്തിനു കരുതലുള്ളത്? 10 വാസ്തവത്തിൽ നമ്മെ ഉദ്ദേശിച്ചല്ലേ അവിടന്ന് ഇത് അരുളിച്ചെയ്തിരിക്കുന്നത്? അതേ, നമുക്കുവേണ്ടിത്തന്നെയാണ് എഴുതപ്പെട്ടിരിക്കുന്നത്. കാരണം, ഉഴുന്നവൻ ഉഴുകയും മെതിക്കുന്നവൻ മെതിക്കുകയും ചെയ്യുമ്പോൾ അവരുടെ അധ്വാനഫലമായി, വിളവിന്റെ ഓഹരി അവർക്കും ലഭിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തല്ലല്ലോ.
-
39 എല്ലാ മാംസവും ഒരേ തരത്തിലുള്ളതല്ല. മനുഷ്യരുടെ മാംസം ഒരുതരം, മൃഗങ്ങളുടേതു മറ്റൊരുതരം, പക്ഷികളുടേതു വേറെ, മത്സ്യങ്ങളുടേതു വേറെ.
-
9 യെഹൂദാ, ഒരു സിംഹക്കുട്ടി;
എന്റെ മകനേ, നീ ഇരയുടെ അടുക്കൽനിന്ന് മടങ്ങുന്നു,
സിംഹത്തെപ്പോലെ അവൻ കുനിഞ്ഞു പതുങ്ങിക്കിടക്കുന്നു.
സിംഹിയെപ്പോലെ കിടക്കുന്ന അവനെ ഉണർത്താൻ ആരാണു മുതിരുക?
10 അവകാശി വരികയും ജനതകൾ അവിടത്തെ ആജ്ഞാനുവർത്തികൾ
ആയിത്തീരുകയും ചെയ്യുന്നതുവരെ
ചെങ്കോൽ യെഹൂദയിൽനിന്നും
അധികാരദണ്ഡ് അവന്റെ പാദങ്ങൾക്കിടയിൽനിന്നും മാറിപ്പോകുകയില്ല.
11 അവൻ മുന്തിരിവള്ളിയിൽ തന്റെ കഴുതയെയും
വിശിഷ്ടമുന്തിരിവള്ളിയിൽ തന്റെ കഴുതക്കുട്ടിയെയും കെട്ടും.
അവൻ തന്റെ വസ്ത്രങ്ങൾ വീഞ്ഞിലും
അങ്കികൾ ദ്രാക്ഷാരസത്തിലും അലക്കുന്നു.
12 അവന്റെ കണ്ണുകൾ വീഞ്ഞിനെക്കാൾ കറുത്തതും
പല്ലുകൾ പാലിനെക്കാൾ വെളുത്തതുമത്രേ.
13 “സെബൂലൂൻ കടൽക്കരയിൽ പാർക്കും;
അവൻ കപ്പലുകൾക്ക് ഒരു തുറമുഖം;
അവന്റെ അതിരുകൾ സീദോൻവരെ വ്യാപിക്കും.
14 “യിസ്സാഖാർ കുരുത്തുറ്റ കഴുത;
അവൻ തീക്കുണ്ഡങ്ങൾക്കരികെ കിടക്കുന്നു.
-
4 എന്നാൽ ഇസ്രായേലിന്റെ കന്നുകാലികൾക്കും ഈജിപ്റ്റിന്റെ കന്നുകാലികൾക്കുംതമ്മിൽ യഹോവ ഒരു വ്യത്യാസം വെക്കും; ഇസ്രായേൽമക്കളുടെ കന്നുകാലികളിൽ ഒന്നും ചാകുകയില്ല.
5 യഹോവ സമയം നിശ്ചയിച്ചിട്ട് ഇപ്രകാരം അരുളിച്ചെയ്തു, “യഹോവ നാളെ ഈ ദേശത്ത് ഇതുചെയ്യും.” 6 പിറ്റേന്ന് യഹോവ അങ്ങനെതന്നെ ചെയ്തു; ഈജിപ്റ്റുകാരുടെ വളർത്തുമൃഗങ്ങൾ എല്ലാം ചത്തൊടുങ്ങി, എന്നാൽ ഇസ്രായേൽമക്കളുടെ മൃഗങ്ങളൊന്നും ചത്തില്ല.
-
2 “ ‘ആചാരപരമായി അശുദ്ധമായ എന്തെങ്കിലുമോ ശുദ്ധിയില്ലാത്ത കാട്ടുമൃഗം, ശുദ്ധിയില്ലാത്ത കന്നുകാലി, മണ്ണിൽ ഇഴയുന്ന ശുദ്ധിയില്ലാത്ത ഇഴജന്തു എന്നിവയിൽ ഏതിന്റെയെങ്കിലും ശവമോ ആരെങ്കിലും അറിയാതെ സ്പർശിക്കുകയും എന്നാൽ അത് ആ മനുഷ്യൻ തിരിച്ചറിയുകയും ചെയ്താൽ അയാൾ അശുദ്ധനും കുറ്റക്കാരനുമാണ്.
-
25 “ ‘നിങ്ങൾ അതുകൊണ്ടു ശുദ്ധവും അശുദ്ധവുമായ മൃഗങ്ങൾതമ്മിലും ശുദ്ധവും അശുദ്ധവുമായ പക്ഷികൾതമ്മിലും വേർതിരിക്കണം. നിങ്ങൾക്ക് അശുദ്ധമായി ഞാൻ മാറ്റിയിട്ടുള്ള ഏതൊരു മൃഗത്താലോ പക്ഷിയാലോ നിലത്തു ചരിക്കുന്ന യാതൊന്നിനാലുമോ നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്. 26 യഹോവയായ ഞാൻ വിശുദ്ധനായതുകൊണ്ടു നിങ്ങൾ എനിക്കു വിശുദ്ധരായിരിക്കണം. എനിക്കു സ്വന്തമായിരിക്കേണ്ടതിനു നിങ്ങളെ ഞാൻ ഇതര ജനതകളിൽനിന്ന് വേർതിരിച്ചിരിക്കുന്നു.
-
21 “ ‘നിങ്ങൾ എനിക്കു വിരോധമായി നടന്ന് എന്റെ വാക്കു കേൾക്കാതിരുന്നാൽ, നിങ്ങളുടെ പാപങ്ങൾക്കു തക്കവിധം നിങ്ങളുടെ ബാധകളെ ഞാൻ ഏഴിരട്ടിയാക്കും. 22 ഞാൻ നിങ്ങൾക്കു വിരോധമായി വന്യമൃഗങ്ങളെ അയയ്ക്കും. അവ നിങ്ങളെ കുഞ്ഞുങ്ങളില്ലാത്തവരാക്കും; നിങ്ങളുടെ കന്നുകാലികളെ നശിപ്പിക്കും; നിങ്ങളുടെ നിരത്തുകൾ വിജനമാകത്തക്കവിധം നിങ്ങളെ എണ്ണത്തിൽ കുറയ്ക്കും.
-
15 നമ്മുടെ മുന്തിരിത്തോപ്പുകൾ പൂത്തുലഞ്ഞുനിൽക്കുകയാൽ
കുറുക്കന്മാരെ ഞങ്ങൾക്കുവേണ്ടി പിടിക്കുവിൻ
മുന്തിരിത്തോപ്പുകൾ നശിപ്പിക്കുന്ന
ചെറുകുറുനരികളെത്തന്നെ.
-
3 എന്നാൽ ഒരു കാളയെ യാഗമർപ്പിക്കുന്നവർ
ഒരു മനുഷ്യനെ വധിക്കുന്നവരെപ്പോലെയാണ്,
ഒരു ആട്ടിൻകുട്ടിയെ യാഗം കഴിക്കുന്നവർ
ഒരു നായുടെ കഴുത്ത് ഒടിക്കുന്നവരെപ്പോലെയും
ഒരു ഭോജനയാഗം അർപ്പിക്കുന്നവർ
പന്നിയുടെ രക്തം അർപ്പിക്കുന്നവരെപ്പോലെയും
സുഗന്ധധൂപം സ്മാരകമായി അർപ്പിക്കുന്നവർ
വിഗ്രഹത്തെ പൂജിക്കുന്നവരെപ്പോലെയുമാണ്.
അവരെല്ലാം സ്വന്തവഴികൾ തെരഞ്ഞെടുക്കുകയും
അവർ തങ്ങളുടെ മ്ലേച്ഛതയിൽ ആഹ്ലാദിക്കുകയും ചെയ്യുന്നു.
-
7 ആകാശത്തിലെ പെരിഞ്ഞാറ
തന്റെ സമയം അറിയുന്നു;
കുറുപ്രാവും കൊക്കും മീവൽപ്പക്ഷിയും
മടങ്ങിവരവിന്റെ സമയം അനുസരിക്കുന്നു.
എന്നാൽ എന്റെ ജനം
യഹോവയുടെ പ്രമാണങ്ങൾ അറിയുന്നില്ല.
-
5 എന്റെ വലിയ ശക്തിയാലും നീട്ടിയ ഭുജത്താലും ഞാൻ ഭൂമുഖത്തുള്ള മനുഷ്യനെയും മൃഗങ്ങളെയും സൃഷ്ടിച്ചു. എനിക്ക് ഇഷ്ടമുള്ളവന് ഞാൻ അതു കൊടുക്കും.
-
11 നിങ്ങളിലുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും സംഖ്യ ഞാൻ വർധിപ്പിക്കും; അവർ സന്താനപുഷ്ടിയുള്ളവരായി അസംഖ്യമായി വർധിക്കും. കഴിഞ്ഞ കാലത്തെന്നപോലെ ഞാൻ നിന്നിൽ ജനങ്ങളെ പാർപ്പിക്കും; നിങ്ങളെ പൂർവാധികം ഐശ്വര്യപൂർണരാക്കും. ഞാൻ യഹോവ ആകുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും.
-
22 വയലിലെ മൃഗങ്ങളേ, ഭയപ്പെടേണ്ട,
തരിശുനിലത്തെ മേച്ചിൽപ്പുറങ്ങൾ പച്ചയായിത്തീരുന്നു.
വൃക്ഷങ്ങൾ ഫലം കായ്ക്കുന്നു;
അത്തിയും മുന്തിരിയും ആദായം തരുന്നു.
-
15 അവരുടെ പാളയത്തിലെ കുതിരകൾ, കോവർകഴുതകൾ, ഒട്ടകങ്ങൾ, കഴുതകൾ എന്നിങ്ങനെയുള്ള സകലമൃഗങ്ങളും ഈ ബാധയാൽ സംഹരിക്കപ്പെടും.
-
12 എന്നാൽ, ഈ വ്യാജ ഉപദേഷ്ടാക്കളാകട്ടെ, തങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാത്തതിനെ ദുഷിക്കുന്നു. ജന്മവാസനകളാൽമാത്രം നയിക്കപ്പെടുകയും പിടിച്ചു കശാപ്പു ചെയ്യപ്പെടുന്നതിനുമാത്രമായി പിറക്കുകയുംചെയ്ത യുക്തിഹീനമൃഗങ്ങളെപ്പോലെയാണ് ഇവർ. ഈ മൃഗങ്ങളെപ്പോലെ അവരും സ്വന്തം വഷളത്തത്താൽ നശിക്കുന്നു.
13 അവർക്ക് ഭവിക്കുന്ന നാശം അവർ ചെയ്തുകൂട്ടിയ ദുഷ്കർമങ്ങളുടെ പ്രതിഫലമാണ്. പട്ടാപ്പകൽ ആഭാസലീലകളിൽ അഭിരമിക്കുന്നത് അഭിമാനകരമായി അവർ കരുതുന്നു. നിങ്ങളുടെ സ്നേഹസൽക്കാരങ്ങളിൽ പങ്കെടുത്ത് ആനന്ദപൂർവം ആർത്തുല്ലസിക്കുന്ന അവർ കളങ്കവും അപമാനവുമാണ്. 14 വ്യഭിചാരം നിറഞ്ഞ കണ്ണുകളുള്ളവരും പാപംചെയ്തു മതിവരാത്തവരും ചഞ്ചലമാനസരെ വശീകരിക്കുന്നവരും അത്യാഗ്രഹത്തിൽ വൈദഗ്ദ്ധ്യം നേടിയ ഹൃദയമുള്ളവരുമായ ശപിക്കപ്പെട്ട മക്കളാണിവർ! 15 നേർപാത ഉപേക്ഷിച്ച് വഴിതെറ്റിപ്പോയ ഇവർ അനീതിയുടെ വേതനം മോഹിച്ച ബെയോരിന്റെ മകൻ ബിലെയാമിന്റെ മാർഗം പിൻതുടരുന്നു. 16 തന്റെ മാർഗഭ്രംശത്തിനു തക്ക ശകാരം അയാൾക്കു കിട്ടി; ഉരിയാടാക്കഴുത മനുഷ്യഭാഷയിൽ സംസാരിച്ച് പ്രവാചകന്റെ മതിഭ്രമം അവസാനിപ്പിച്ചു.
Shows Read in context, Share and Copy.