101 Bible Verses About Hatred

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Hatred
  1. 18 “ഈ ലോകജനത നിങ്ങളെ വെറുക്കുന്നെങ്കിൽ അത് നിങ്ങൾക്കുമുമ്പേ എന്നെയും വെറുക്കുന്നു എന്ന് ഓർക്കുക. 19 നിങ്ങൾ ഈ ലോകത്തിന്റെ സ്വന്തം ആയിരുന്നെങ്കിൽ ലോകം നിങ്ങളെ സ്വന്തമെന്നു കരുതി സ്നേഹിക്കുമായിരുന്നു. എന്നാൽ നിങ്ങൾ ഇനിമേൽ ഈ ലോകത്തിന്റെ സ്വന്തമല്ല, കാരണം ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തെരഞ്ഞെടുത്തിരിക്കുന്നു. അതുകൊണ്ടാണ് ലോകം നിങ്ങളെ വെറുക്കുന്നത്. 20 ‘ദാസൻ യജമാനനെക്കാൾ വലിയവനല്ല,’ എന്നു ഞാൻ നിങ്ങളോടു പറഞ്ഞത് ഓർത്തുകൊള്ളുക. അവർ എന്നെ പീഡിപ്പിച്ചുവെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും; അവർ എന്റെ ഉപദേശം അനുസരിച്ചിരുന്നെങ്കിൽ നിങ്ങളുടേതും അനുസരിക്കുമായിരുന്നു. 21 എന്നെ അയച്ച പിതാവിനെ അവർ അറിയാത്തതുകൊണ്ട്, ഇങ്ങനെയൊക്കെ എന്റെ നാമംനിമിത്തം നിങ്ങളെ ഉപദ്രവിക്കും. 22 ഞാൻ വന്ന് അവരോടു സംസാരിക്കാതിരുന്നെങ്കിൽ അവർക്കു പാപം ഉണ്ടാകുമായിരുന്നില്ല. എന്നാൽ ഇപ്പോൾ അവരുടെ പാപത്തിന് ഒഴികഴിവു പറയാനാവില്ല. 23 എന്നെ വെറുക്കുന്നയാൾ എന്റെ പിതാവിനെയും വെറുക്കുന്നു. 24 മറ്റാരും ചെയ്തിട്ടില്ലാത്തതരം അത്ഭുതപ്രവൃത്തികൾ ഞാൻ അവരുടെമധ്യത്തിൽ ചെയ്തിട്ടില്ലായിരുന്നെങ്കിൽ അവർ കുറ്റക്കാരാകുകയില്ലായിരുന്നു. എന്നാൽ, അവർ ഈ പ്രവൃത്തികൾ കണ്ടിട്ടും എന്നെയും എന്റെ പിതാവിനെയും വെറുത്തിരിക്കുന്നു. 25 ‘കാരണംകൂടാതെ അവർ എന്നെ വെറുത്തു,’ എന്ന് ന്യായപ്രമാണത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വചനം നിവൃത്തിയാകാനാണ് ഇതു സംഭവിച്ചത്.

  2. 43 “ ‘അയൽവാസിയെ സ്നേഹിക്കണം എന്നും ശത്രുവിനെ വെറുക്കണം’ എന്നും കൽപ്പിച്ചിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 44 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക; 45 അങ്ങനെ നിങ്ങൾ നിങ്ങളുടെ സ്വർഗസ്ഥപിതാവിന്റെ മക്കൾ ആയിത്തീരും. അവിടന്നു ദുഷ്ടരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതി പ്രവർത്തിക്കുന്നവരുടെമേലും അനീതി പ്രവർത്തിക്കുന്നവരുടെമേലും മഴപെയ്യിക്കുകയും ചെയ്യുന്നല്ലോ. 46 നിങ്ങളെ സ്നേഹിക്കുന്നവരെമാത്രം സ്നേഹിച്ചാൽ നിങ്ങൾക്ക് എന്തു പ്രതിഫലമാണു ലഭിക്കുക? അങ്ങനെ നികുതിപിരിവുകാരും ചെയ്യുന്നുണ്ടല്ലോ! 47 സ്വന്തം സഹോദരങ്ങളെമാത്രമാണ് നിങ്ങൾ അഭിവാദനംചെയ്യുന്നതെങ്കിൽ; പുകഴാൻ എന്തിരിക്കുന്നു? അങ്ങനെതന്നെയല്ലേ യെഹൂദേതരരും ചെയ്യുന്നത്? 48 അതുകൊണ്ട്, നിങ്ങളുടെ സ്വർഗസ്ഥപിതാവിന് സർവത്തിലും പരിപൂർണതയുള്ളതുപോലെ നിങ്ങളും സർവത്തിലും പരിപൂർണരാകുക.

  3. 27 “എന്നാൽ, എന്റെ ഈ വാക്കുകൾ കേട്ടുകൊണ്ടിരിക്കുന്ന നിങ്ങളോടു ഞാൻ പറയട്ടെ: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ വെറുക്കുന്നവർക്കു നന്മ ചെയ്യുക, 28 നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുക, നിങ്ങളെ നിന്ദിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക. 29 ഒരാൾ നിന്റെ ഒരു ചെകിട്ടത്ത് അടിക്കുന്നെങ്കിൽ അയാൾക്ക് മറ്റേ ചെകിടും കാണിച്ചുകൊടുക്കുക. നിന്റെ പുറങ്കുപ്പായം എടുക്കുന്നയാൾക്ക് വസ്ത്രവുംകൂടെ നൽകാൻ മടിക്കരുത്. 30 നിന്നോട് എന്തെങ്കിലും ആവശ്യപ്പെടുന്നവർക്ക് അത് നൽകുക; നിനക്കുള്ളത് ആരെങ്കിലും അപഹരിച്ചാൽ അതു തിരികെ ആവശ്യപ്പെടരുത്.

  4. 8 പാപംചെയ്തുകൊണ്ടിരിക്കുന്നവർ പിശാചിൽനിന്നുള്ളവരാകുന്നു. പിശാച് ആരംഭംമുതലേ പാപംചെയ്യുന്നവനാണ്. പിശാചിന്റെ പ്രവർത്തനങ്ങളെ ഉന്മൂലനംചെയ്യാനാണ് ദൈവപുത്രൻ പ്രത്യക്ഷനായത്. 9 ദൈവത്തിൽനിന്നു ജനിച്ചവരാരും പാപം ശീലമാക്കുന്നില്ല; ദൈവത്തിന്റെ വിത്ത് അവരിൽ വസിക്കുന്നല്ലോ. അവർ ദൈവത്തിൽനിന്നു ജനിച്ചിരിക്കുകയാൽ പാപത്തിൽ തുടരുക അവർക്ക് അസാധ്യമാണ്. 10 ദൈവത്തിന്റെ മക്കളെയും പിശാചിന്റെ മക്കളെയും ഇങ്ങനെ തിരിച്ചറിയാം; നീതി പ്രവർത്തിക്കാത്തവർ ആരും ദൈവത്തിൽനിന്ന് ഉള്ളവരല്ല. സഹോദരങ്ങളെ സ്നേഹിക്കാത്തവരും അങ്ങനെതന്നെ.

    11 പരസ്പരം സ്നേഹിക്കണം എന്ന സന്ദേശം ആണല്ലോ ആരംഭംമുതലേ നാം കേട്ടുവന്നത്. 12 സ്വസഹോദരനെ വധിച്ച പൈശാചികൻ കയീനെപ്പോലെ നിങ്ങൾ ആകരുത്; അയാൾ സഹോദരനെ വധിച്ചത് എന്തിന്? അവന്റെ പ്രവൃത്തി, ദോഷം നിറഞ്ഞതും സഹോദരന്റേത് നീതിയുക്തവും ആയിരുന്നതുകൊണ്ടാണ്. 13 സഹോദരങ്ങളേ, ലോകം നിങ്ങളെ വെറുക്കുന്നെങ്കിൽ ആശ്ചര്യപ്പെടരുത്. 14 സഹോദരങ്ങളെ സ്നേഹിക്കുന്നതിനാൽ നാം മരണത്തിൽനിന്ന് ജീവനിലേക്കു കടന്നിരിക്കുന്നു എന്ന് നമുക്കറിയാം. എന്നാൽ, സ്നേഹിക്കാത്തവൻ മരണത്തിൽത്തന്നെ തുടരുന്നു. 15 സഹോദരങ്ങളെ വെറുക്കുന്ന ഏതൊരു വ്യക്തിയും കൊലപാതകിയാണ്. കൊലപാതകിയിൽ നിത്യജീവൻ കുടികൊള്ളുകയില്ലെന്നു നിങ്ങൾക്കറിയാമല്ലോ.

    16 ക്രിസ്തു നമുക്കുവേണ്ടി സ്വജീവൻ അർപ്പിച്ചതിനാൽ സ്നേഹം എന്തെന്നു നാം അറിയുന്നു; നാമും അതുപോലെ സഹോദരങ്ങൾക്കുവേണ്ടി ജീവൻ അർപ്പിക്കേണ്ടതാണ്. 17 ഒരാൾക്കു ഭൗതികസമ്പത്ത് ഉണ്ടായിരിക്കുകയും തന്റെ സഹോദരങ്ങളെ ബുദ്ധിമുട്ടുള്ളവരായി കണ്ടിട്ട് അവരോടു സഹതാപം തോന്നാതിരിക്കുകയും ചെയ്താൽ അയാളിൽ ദൈവസ്നേഹം വസിക്കുന്നു എന്ന് എങ്ങനെ അവകാശപ്പെടാൻ കഴിയും?

    18 കുഞ്ഞുമക്കളേ, നാം പരസ്പരം സ്നേഹിക്കുന്നു എന്ന് വൃഥാ വാചാലരാകാതെ, സ്നേഹം വാസ്തവത്തിൽ പ്രവൃത്തിപഥത്തിൽ കൊണ്ടുവരേണ്ടതാണ്.

  5. 7 പ്രിയപ്പെട്ടവരേ, ഒരു പുതിയ കൽപ്പനയല്ല ഞാൻ നിങ്ങൾക്ക് എഴുതുന്നത്; ആരംഭംമുതൽ നിങ്ങൾക്ക് ഉണ്ടായിരുന്ന പഴയ കൽപ്പനതന്നെ. ഈ പഴയ കൽപ്പന നിങ്ങൾ കേട്ടിട്ടുള്ള വചനംതന്നെയാണ്. 8 എങ്കിലും, യേശുവിലും അതുപോലെതന്നെ നിങ്ങളിലും യാഥാർഥ്യമായിത്തീർന്ന പുതിയ ഒരു കൽപ്പനയാണ് ഞാൻ നിങ്ങൾക്ക് എഴുതുന്നത്. അന്ധകാരം നീങ്ങിപ്പോകുന്നു; സത്യപ്രകാശം ഇപ്പോൾത്തന്നെ ജ്വലിച്ചുകൊണ്ടുമിരിക്കുന്നു.

    9 ഒരാൾ പ്രകാശത്തിൽ ഇരിക്കുന്നെന്ന് അവകാശപ്പെടുന്നു എങ്കിലും തന്റെ സഹോദരങ്ങളെ വെറുക്കുന്നെങ്കിൽ അയാൾ ഇപ്പോഴും അന്ധകാരത്തിൽത്തന്നെയാണ് ജീവിക്കുന്നത്. 10 സഹോദരങ്ങളെ സ്നേഹിക്കുന്നവർ പ്രകാശത്തിൽ വസിക്കുന്നു; വഴിതെറ്റിപ്പോകാൻ അവരിൽ ഒരു കാരണവും ഇല്ല. 11 എന്നാൽ സഹോദരങ്ങളെ വെറുക്കുന്നവർ ഇരുട്ടിലിരിക്കുന്നു; അവർ ഇരുട്ടിലാണ് ജീവിക്കുന്നത്. ഇരുട്ട് അവരെ അന്ധരാക്കിയിരിക്കുന്നതിനാൽ തങ്ങൾ എവിടേക്കു പോകുന്നെന്ന് അവർ അറിയുന്നതുമില്ല.

  6. 19 മനുഷ്യസഹജമായ പാപപ്രവൃത്തികൾ, ലൈംഗികാധർമം, അസാന്മാർഗികത, കുത്തഴിഞ്ഞ ജീവിതരീതി; 20 വിഗ്രഹാരാധന, ദുർമന്ത്രവാദം; പക, കലഹം, ജാരശങ്ക, കലാപം, സ്വാർഥത, ദ്വന്ദ്വപക്ഷം, ഭിന്നത, 21 അസൂയ, മദ്യപാനം, അഴിഞ്ഞാട്ടം തുടങ്ങിയവയെന്നു വ്യക്തമാണ്. ഈ കാര്യങ്ങൾ പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ നിങ്ങളോട് മുമ്പേ പറഞ്ഞിരുന്നതുപോലെ വീണ്ടും ആവർത്തിക്കുകയാണ്.

    22 എന്നാൽ, ആത്മാവിന്റെ ഫലം, സ്നേഹം, ആനന്ദം, സമാധാനം, ദീർഘക്ഷമ, ദയ, ഉദാരത, വിശ്വസ്തത, 23 സൗമ്യത, ആത്മനിയന്ത്രണം എന്നിവയാണ്. ഇവയ്ക്കെതിരായി ഒരു ന്യായപ്രമാണവുമില്ല.

  7. 10 യഹോവയെ സ്നേഹിക്കുന്നവർ തിന്മ വെറുക്കട്ടെ,

    കാരണം അവിടന്ന് തന്റെ വിശ്വസ്തരുടെ പ്രാണനെ കാക്കുന്നു

    അവരെ ദുഷ്ടരുടെ കൈകളിൽനിന്നു മോചിപ്പിക്കുന്നു.

  8. 12 വിദ്വേഷം ഭിന്നത ഇളക്കിവിടുന്നു,

    എന്നാൽ സ്നേഹം എല്ലാ അകൃത്യവും മറച്ചുവെക്കുന്നു.

  9. 17 ദൈവമേ, അവിടത്തെ വിചാരങ്ങൾ എനിക്ക് എത്രയോ അമൂല്യം!

    അവയുടെ ആകെത്തുക എത്ര വലുത്!

    18 ഞാൻ അവയെ എണ്ണിനോക്കിയാൽ

    അവ മണൽത്തരികളെക്കാൾ അധികം!

    ഞാനുണരുമ്പോൾ അങ്ങയോടൊപ്പംതന്നെയായിരിക്കും.

    19 ദൈവമേ, അങ്ങ് ദുഷ്ടരെ സംഹരിച്ചിരുന്നെങ്കിൽ നന്നായിരുന്നു!

    രക്തദാഹികളേ, എന്നെ വിട്ടകന്നുപോകൂ!

    20 അവർ അങ്ങയെപ്പറ്റി ദുഷ്ടലാക്കോടുകൂടി സംസാരിക്കുന്നു;

    അങ്ങയുടെ തിരുനാമം ശത്രുക്കൾ ദുർവിനിയോഗംചെയ്യുന്നു.

    21 യഹോവേ, അങ്ങയെ വെറുക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ?

    അങ്ങയോട് എതിർത്തുനിൽക്കുന്നവരെ ഞാൻ കഠിനമായി വെറുക്കേണ്ടതല്ലയോ?

    22 എനിക്കവരോട് പൂർണ വെറുപ്പുമാത്രമേയുള്ളൂ;

    ഞാൻ അവരെ എന്റെ ശത്രുക്കളായി പരിഗണിക്കുന്നു.

    23 ദൈവമേ, എന്നെ പരിശോധിച്ച് എന്റെ ഹൃദയത്തെ അറിയണമേ;

    എന്നെ പരീക്ഷിച്ച് എന്റെ ആകാംക്ഷാഭരിതമായ വിചാരങ്ങൾ മനസ്സിലാക്കണമേ.

    24 ദോഷത്തിന്റെ മാർഗം എന്തെങ്കിലും എന്നിലുണ്ടോ എന്നുനോക്കി,

    ശാശ്വതമാർഗത്തിൽ എന്നെ നടത്തണമേ.

    സംഗീതസംവിധായകന്.

  10. 19 അവിടന്ന് നമ്മെ ആദ്യം സ്നേഹിച്ചതുകൊണ്ടാണ് നാം സ്നേഹിക്കുന്നത്. 20 ആരെങ്കിലും ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുകയും സഹോദരങ്ങളെ വെറുക്കുകയുംചെയ്യുന്നെങ്കിൽ അയാൾ അസത്യവാദിയാണ്; കാരണം, താൻ കണ്ടിട്ടുള്ള സഹോദരങ്ങളെ സ്നേഹിക്കാത്തവർക്ക് കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിക്കുക അസാധ്യമാണ്. 21 ദൈവത്തെ സ്നേഹിക്കുന്നവർ തങ്ങളുടെ സഹോദരങ്ങളെയും സ്നേഹിക്കണം. ഈ കൽപ്പനയാണ് അവിടന്നു നമുക്കു നൽകിയിരിക്കുന്നത്.

  11. 13 അധർമത്തെ വെറുക്കുക എന്നതാണ് യഹോവാഭക്തി;

    അഹന്തയും അഹങ്കാരവും

    ദുഷ്കൃത്യങ്ങളും വൈകൃതഭാഷണവും ഞാൻ വെറുക്കുന്നു.

  12. 22 നിങ്ങൾ എന്റെ അനുയായികൾ ആയിരിക്കുന്നതു നിമിത്തം സകലരും നിങ്ങളെ വെറുക്കും. എന്നാൽ, അന്ത്യംവരെ സഹിച്ചുനിൽക്കുന്നവർ രക്ഷിക്കപ്പെടും.

  13. 4 അവിടന്ന് അധർമത്തിൽ പ്രസാദിക്കുന്ന ദൈവമല്ലല്ലോ;

    തിന്മ പ്രവർത്തിക്കുന്നവർ അവിടത്തോടൊപ്പം വസിക്കുകയില്ല.

    5 അവിടത്തെ സന്നിധിയിൽ

    ധിക്കാരികൾ നിൽക്കുകയില്ല.

    അധർമം പ്രവർത്തിക്കുന്നവരെ അവിടന്നു വെറുക്കുന്നു;

    6 വ്യാജം പറയുന്നവരെ അവിടന്നു നശിപ്പിക്കുന്നു.

    രക്തദാഹികളെയും വഞ്ചകരെയും

    യഹോവയ്ക്ക് അറപ്പാകുന്നു.

  14. 24 ശത്രുക്കൾ അവരുടെ അധരംകൊണ്ടു കപടവേഷം ധരിക്കുന്നു,

    എന്നാൽ അവരുടെ ഹൃദയത്തിൽ വക്രത നിറച്ചുവെച്ചിരിക്കുന്നു.

    25 അവരുടെ സംഭാഷണം അതിമനോഹരമായിരുന്നാലും അവരെ വിശ്വസിക്കരുത്,

    ഏഴു ഹീനകൃത്യങ്ങൾകൊണ്ട് അവരുടെ ഹൃദയം നിറഞ്ഞിരിക്കുന്നു.

    26 അവരുടെ ദുഷ്ടത വഞ്ചനാപരമായി മറച്ചുവെച്ചിരുന്നാലും,

    അവരുടെ നീചകൃത്യങ്ങൾ പൊതുസഭയിൽ വെളിപ്പെട്ടുവരും.

  15. 16 യഹോവ വെറുക്കുന്ന ആറു വസ്തുതകളുണ്ട്,

    ഏഴെണ്ണം അവിടത്തേക്ക് അറപ്പാകുന്നു:

    17 അഹന്തനിറഞ്ഞ കണ്ണ്,

    വ്യാജംപറയുന്ന നാവ്,

    നിരപരാധിയുടെ രക്തം ചൊരിയുന്ന കൈകൾ,

    18 ദുരുപായം മെനയുന്ന ഹൃദയം,

    അകൃത്യത്തിലേക്ക് ദ്രുതഗതിയിൽ പായുന്ന കാലുകൾ,

    19 നുണമാത്രം പറഞ്ഞുകൂട്ടുന്ന കള്ളസാക്ഷി,

    സഹോദരങ്ങൾക്കിടയിൽ ഭിന്നത വളർത്തുന്ന മനുഷ്യനുംതന്നെ.

  16. 9 “മനുഷ്യർ നിങ്ങളെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യും. എന്റെ അനുയായികളായതിനാൽ സർവജനതകളും നിങ്ങളെ വെറുക്കും. 10 അപ്പോൾ അനേകർ എന്നിലുള്ള വിശ്വാസം പരിത്യജിക്കുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും വെറുക്കുകയും ചെയ്യും. 11 പല വ്യാജപ്രവാചകരും വന്ന് അനേകരെ വഞ്ചിക്കും. 12 വർധിതമായ ദുഷ്ടതനിമിത്തം അനേകരുടെയും സ്നേഹം കുറഞ്ഞുപോകും; 13 എന്നാൽ, അന്ത്യംവരെ സഹിച്ചുനിൽക്കുന്നവർ രക്ഷിക്കപ്പെടും.

  17. 26 “ഒരാൾ എന്റെ അടുക്കൽ വരികയും തന്റെ മാതാപിതാക്കളെക്കാളും ഭാര്യയെക്കാളും മക്കളെക്കാളും സഹോദരന്മാരെക്കാളും സഹോദരിമാരെക്കാളും സ്വന്തം ജീവനെക്കാളും എന്നെ സ്നേഹിക്കാതിരിക്കുകയും ചെയ്യുന്നെങ്കിൽ അയാൾക്ക് എന്റെ ശിഷ്യനായിരിക്കാൻ സാധ്യമല്ല. 27 സ്വന്തം ക്രൂശ് വഹിച്ചുകൊണ്ട് എന്നെ അനുഗമിക്കാത്തവർക്കും എന്റെ ശിഷ്യരായിരിക്കാൻ സാധ്യമല്ല.

  18. 17 “ ‘നിന്റെ സഹോദരങ്ങളെ ഹൃദയത്തിൽ വെറുക്കരുത്. അവരുടെ കുറ്റത്തിൽ പങ്കാളിയാകാതിരിക്കാൻ നിങ്ങളുടെ സഹോദരങ്ങളെ നിർവ്യാജം ശാസിക്കുക.

    18 “ ‘നിന്റെ ജനത്തിലാർക്കെങ്കിലും വിരോധമായി പ്രതികാരം അന്വേഷിക്കുകയോ പകവെക്കുകയോ ചെയ്യരുത്. എന്നാൽ, നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കണം. ഞാൻ യഹോവ ആകുന്നു.

  19. 3 എന്റെ കണ്ണിനുമുന്നിൽ

    ഒരു നീചകാര്യവും ഞാൻ വെക്കുകയില്ല.

    വിശ്വാസഘാതകരുടെ പ്രവൃത്തികൾ ഞാൻ വെറുക്കുന്നു;

    എനിക്ക് അവരുമായി യാതൊരു പങ്കുമില്ല.

  20. 104 അവിടത്തെ പ്രമാണങ്ങളിൽനിന്ന് ഞാൻ അറിവ് ആർജിക്കുന്നു;

    അതിനാൽ സകലവ്യാജവഴികളും ഞാൻ വെറുക്കുന്നു.

  21. 19 എന്റെ ശത്രുക്കൾ എത്ര അസംഖ്യമെന്ന് നോക്കണമേ

    അവരെന്നെ എത്ര കഠിനമായി വെറുക്കുന്നു!

  22. 163 കാപട്യത്തെ ഞാൻ അതികഠിനമായി വെറുക്കുന്നു

    എന്നാൽ ഞാൻ അവിടത്തെ ന്യായപ്രമാണത്തെ പ്രണയിക്കുന്നു.

  23. 17 സ്നേഹപൂർവം വിളമ്പുന്ന സസ്യാഹാരമാണ്,

    വിദ്വേഷത്തോടെ വിളമ്പുന്ന തടിച്ചുകൊഴുത്ത പശുക്കിടാവിന്റെ മാംസത്തെക്കാൾ ഭേദം.

  24. 14 നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്,

    തിന്മയല്ല, നന്മതന്നെ അന്വേഷിപ്പിൻ.

    അപ്പോൾ നിങ്ങൾ അവകാശപ്പെടുന്നതുപോലെ

    സൈന്യങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടെ ഇരിക്കും.

    15 ദോഷത്തെ വെറുക്കുക, നന്മയെ സ്നേഹിക്കുക;

    ന്യായസ്ഥാനങ്ങളിൽ നീതി പുലർത്തുക.

    ഒരുപക്ഷേ, സൈന്യങ്ങളുടെ ദൈവമായ യഹോവ

    യോസേഫിന്റെ ശേഷിപ്പിന്മേൽ കരുണ കാണിച്ചേക്കും.

  25. 6 ദൈവത്തിന്റെ വചനം പാഴായിപ്പോയെന്നല്ല. ഇസ്രായേല്യവംശത്തിൽ ജനിച്ചവരെല്ലാം യഥാർഥ ഇസ്രായേല്യർ ആകുന്നില്ല. 7 അബ്രാഹാമിന്റെ കുലത്തിൽ ജനിച്ചു എന്ന കാരണത്താൽ അവരെല്ലാവരും അബ്രാഹാമിന്റെ മക്കൾ ആകുന്നുമില്ല. പിന്നെയോ, “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവൻ നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്നാണ് തിരുവെഴുത്തിൽ പറഞ്ഞിരിക്കുന്നത്. 8 അതായത്, അബ്രാഹാമിൽനിന്ന് ശാരീരികമായി ജനിച്ച മക്കളല്ല ദൈവത്തിന്റെമക്കൾ. പിന്നെയോ, വാഗ്ദാനപ്രകാരം ജനിച്ചവരാണ് അബ്രാഹാമിന്റെ സന്തതികൾ എന്നു കണക്കാക്കപ്പെടുന്നത്. 9 വാഗ്ദാനവചസ്സ് ഇപ്രകാരമാണ് നൽകപ്പെട്ടത്: “നിശ്ചിതസമയത്തു ഞാൻ മടങ്ങിവരും; അപ്പോൾ സാറയ്ക്ക് ഒരു മകൻ ഉണ്ടായിരിക്കും.”

    10 ഈ മകനാണ് നമ്മുടെ പിതാവായ യിസ്ഹാക്ക്. അദ്ദേഹത്തിൽനിന്ന് റിബേക്ക ഗർഭവതിയായി. 11-12 അവൾക്ക് ഇരട്ട ശിശുക്കൾ ജനിക്കുന്നതിനും അവർ ഗുണമോ ദോഷമോ പ്രവർത്തിക്കുന്നതിനും മുമ്പുതന്നെ, “മൂത്തവൻ ഇളയവനെ സേവിക്കും” എന്നു ദൈവം റിബേക്കയോട് അരുളിച്ചെയ്തു. ഈ ആഹ്വാനം നൽകുന്ന ദൈവം അവിടത്തെ ഹിതം നിറവേറ്റാൻ തീരുമാനിക്കുന്നു. അതു പ്രവൃത്തികളുടെ അടിസ്ഥാനത്തിലല്ല എന്നു പ്രകടമാക്കേണ്ടതിനാണ് ഇങ്ങനെ ചെയ്യുന്നത്. 13 “യാക്കോബിനെ ഞാൻ സ്നേഹിച്ചു. എന്നാൽ ഏശാവിനെ ഞാൻ വെറുത്തു” എന്ന് എഴുതിയിരിക്കുന്നല്ലോ.

    14 അപ്പോൾ നാം എന്തുപറയും? ദൈവം അനീതിയുള്ളവൻ എന്നാണോ? ഒരിക്കലുമല്ല!

    15 “കൃപ ചെയ്യാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കൃപ ചെയ്യും.

    കരുണകാണിക്കാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കരുണകാണിക്കും,”

    എന്നു ദൈവം മോശയോടും അരുളിച്ചെയ്യുന്നു.

  26. 3 കാരണം, നാമും ഒരുകാലത്ത് അജ്ഞരും അനുസരണകെട്ടവരും മറ്റുള്ളവരാൽ വഞ്ചിക്കപ്പെട്ടവരും പലതരം പാപമോഹങ്ങൾക്കും സുഖഭോഗങ്ങൾക്കും അടിമകളും വെറുപ്പിലും അസൂയയിലും ജീവിച്ചവരും പരസ്പരം ഏറ്റവും വെറുക്കുന്നവരും ആയിരുന്നു.

  27. 7 ലോകത്തിനു നിങ്ങളെ വെറുക്കാൻ കഴിയുകയില്ല; എന്നാൽ, ലോകം ചെയ്യുന്നതു ദോഷമുള്ളതെന്നു ഞാൻ സാക്ഷ്യം പറയുന്നതുകൊണ്ട് ലോകം എന്നെ വെറുക്കുന്നു.

  28. 6 എന്നാൽ, നിക്കൊലാവ്യരുടെ പ്രവൃത്തികൾ നീ വെറുക്കുന്നു എന്ന ഒരു മേന്മ നിനക്കുണ്ട്. അവ ഞാനും വെറുക്കുന്നു.

  29. 3 തന്റെ വാർധക്യത്തിൽ തനിക്കു ജനിച്ച പുത്രനായതുകൊണ്ട് ഇസ്രായേൽ യോസേഫിനെ മറ്റു പുത്രന്മാരെക്കാൾ അധികമായി സ്നേഹിച്ചു. അതുകൊണ്ട് അദ്ദേഹം അവനു വളരെ മനോഹരമായ ഒരു കുപ്പായം ഉണ്ടാക്കിക്കൊടുത്തു. 4 തങ്ങളുടെ പിതാവ് എല്ലാവരെക്കാളും അധികമായി യോസേഫിനെ സ്നേഹിക്കുന്നെന്നു സഹോദരന്മാർ കണ്ടിട്ട് അവർ അവനെ വെറുത്തു; അവനോടു ദയാപൂർവം സംസാരിക്കാൻപോലും അവർക്കു കഴിഞ്ഞില്ല.

    5 ഒരു ദിവസം യോസേഫ് ഒരു സ്വപ്നംകണ്ടു; അവൻ അതു തന്റെ സഹോദരന്മാരെ അറിയിച്ചു; അപ്പോൾ അവർ അവനെ ഏറ്റവുമധികം വെറുത്തു. 6 യോസേഫ് അവരോട്: “ഞാൻ കണ്ട സ്വപ്നം കേൾക്കുക: 7 നമ്മൾ എല്ലാവരുംകൂടി വയലിൽ കറ്റ കെട്ടിക്കൊണ്ടിരിക്കുകയായിരുന്നു; പെട്ടെന്ന് എന്റെ കറ്റ എഴുന്നേറ്റു നിവർന്നുനിന്നു; നിങ്ങളുടെ കറ്റകൾ ചുറ്റുംനിന്ന് എന്റെ കറ്റയെ നമസ്കരിച്ചു.”

    8 യോസേഫിന്റെ സഹോദരന്മാർ അവനോട്, “ഞങ്ങളുടെമേൽ ഭരണം നടത്താനാണോ നിന്റെ ഭാവം? നീ വാസ്തവമായി ഞങ്ങളെ ഭരിക്കുമോ?” എന്നു ചോദിച്ചു, അവന്റെ സ്വപ്നവും വാക്കുകളും നിമിത്തം അവർ അവനെ പൂർവാധികം വെറുത്തു.

  30. 19 അകാരണമായി എന്നോടു ശത്രുതപുലർത്തുന്നവർ

    എന്റെ പേരിൽ ആനന്ദിക്കാതിരിക്കട്ടെ;

    അകാരണമായി എന്നെ വെറുക്കുന്നവർക്ക്

    എന്നെ ഉപഹസിക്കാൻ ഇടവരാതിരിക്കട്ടെ.

  31. 18 വ്യാജ അധരങ്ങൾകൊണ്ട് വിദ്വേഷം മറച്ചുവെക്കുകയും

    പരദൂഷണം പ്രചരിപ്പിക്കുകയും ചെയ്യുന്നവർ ഭോഷരാണ്.

  32. 28 ഇങ്ങനെ ദൈവത്തെ അംഗീകരിക്കുന്നതു ശ്രേഷ്ഠമായി കരുതാതിരുന്നപ്പോൾ, അയോഗ്യമായതു പ്രവർത്തിക്കുന്ന അധമബുദ്ധിക്കു ദൈവം അവരെ വിട്ടുകളഞ്ഞു. 29 അവർ എല്ലാവിധ അനീതിയും ദോഷവും അത്യാഗ്രഹവും തിന്മയും നിറഞ്ഞവരാണ്. അവരുടെ ജീവിതം അസൂയ, കൊലപാതകം, ശണ്ഠ, വഞ്ചന, ദുഷ്ടത എന്നിവ നിറഞ്ഞതാണ്. വൃഥാഭാഷികളും 30 പരദൂഷകരും ദൈവദ്വേഷികളും ധിക്കാരികളും ഗർവിഷ്ഠരും പൊങ്ങച്ചക്കാരുമാണ് അവർ. തിന്മയുടെ പുതിയ വഴികൾ അവർ കണ്ടുപിടിക്കുന്നു. അവർ മാതാപിതാക്കളെ അനുസരിക്കാത്തവരും 31 അവിവേകികളും വിശ്വാസവഞ്ചകരും മനുഷ്യത്വമില്ലാത്തവരും ദയ ഇല്ലാത്തവരും ആണ്. 32 ഇങ്ങനെയുള്ളവർ മരണയോഗ്യരാണ് എന്ന ദൈവകൽപ്പന അറിഞ്ഞിട്ടും അവർ ഇക്കാര്യങ്ങൾതന്നെ തുടർന്നു പ്രവർത്തിക്കുന്നു; അതുമാത്രമോ, അങ്ങനെചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുകയുംചെയ്യുന്നു.

  33. 9 സ്നേഹം നിഷ്കപടമായിരിക്കട്ടെ. ദുഷ്ടതയെ വെറുക്കുകയും നന്മയെ ആശ്ലേഷിക്കുകയുംചെയ്യുക.

  34. 3 വിദ്വേഷത്തിന്റെ വാക്കുകളാൽ അവർ എന്നെ വളഞ്ഞിരിക്കുന്നു;

    അകാരണമായി അവർ എന്നെ ആക്രമിക്കുന്നു.

    4 എന്റെ സൗഹൃദത്തിനു പകരം അവർ എന്റെമേൽ ആരോപണം ഉന്നയിക്കുന്നു,

    ഞാനോ പ്രാർഥനാനിരതനായിരിക്കുന്നു.

    5 അവർ എനിക്കു നന്മയ്ക്കുപകരം തിന്മചെയ്യുന്നു,

    എന്റെ സ്നേഹത്തിനു പകരം എന്നെ വെറുക്കുന്നു.

  35. 16 ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: “ഞാൻ വിവാഹമോചനത്തെ വെറുക്കുന്നു, അതു ചെയ്യുന്നവൻ, മനുഷ്യൻ വസ്ത്രംകൊണ്ടെന്നപോലെ അതിക്രമംകൊണ്ടു തന്നെത്തന്നെ മൂടുന്നു” എന്ന് സൈന്യങ്ങളുടെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.

    അതുകൊണ്ട് ആത്മാവിൽ നിങ്ങളെത്തന്നെ സൂക്ഷിക്കുക: അവിശ്വസ്തത കാണിക്കുകയും അരുത്.

  36. 14 അവിടത്തെ വചനം ഞാൻ അവർക്കു കൊടുത്തു; ഞാൻ ഈ ലോകത്തിന്റെ സ്വന്തം അല്ലാത്തതുപോലെതന്നെ അവരും ഈ ലോകത്തിന്റെ സ്വന്തം അല്ല. അതിനാൽ ഈ ലോകം അവരെ വെറുക്കുന്നു.

  37. 7 അവിടന്ന് നീതിയെ സ്നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്യുന്നു;

    അതുകൊണ്ട് ദൈവം, ദൈവം ആനന്ദതൈലംകൊണ്ട് അങ്ങയെ അഭിഷേകംചെയ്ത്

    അങ്ങയുടെ സഹകാരികളെക്കാൾ ഏറ്റവും ഉന്നതമായ സ്ഥാനം അങ്ങേക്കു നൽകിയിരിക്കുന്നു.

  38. 128 അതുനിമിത്തം അവിടത്തെ പ്രമാണങ്ങളെല്ലാം ശരിയെന്നു ഞാൻ അംഗീകരിക്കുന്നു,

    എല്ലാ കപടമാർഗവും ഞാൻ വെറുക്കുന്നു.

  39. 16 പരസ്പരം സമഭാവനയോടെ ജീവിക്കുക, വലിയവനെന്നു ഭാവിക്കാതെ എളിയവരോടു സഹകരിക്കാൻ സന്മനസ്സുണ്ടാകണം. ജ്ഞാനികളെന്ന് സ്വയം അഹങ്കരിക്കരുത്.

    17 നിങ്ങളോടു ദോഷം പ്രവർത്തിക്കുന്ന ആർക്കും ദോഷം പകരം ചെയ്യരുത്. എല്ലാ മനുഷ്യർക്കും സ്വീകാര്യമായ നല്ല കാര്യങ്ങൾചെയ്യാൻ ശ്രമിക്കുകയും 18 നിങ്ങളാൽ കഴിയുന്നതുവരെ, എല്ലാവരോടും സമാധാനത്തോടെ ജീവിക്കുകയുംചെയ്യുക. 19 സ്നേഹിതരേ, നിങ്ങൾതന്നെ പകപോക്കാൻ ശ്രമിക്കരുത്, ദൈവക്രോധംതന്നെ അതു നിർവഹിക്കട്ടെ. തിരുവെഴുത്തിൽ ഇങ്ങനെ എഴുതിയിട്ടുണ്ടല്ലോ, “ഞാനാണ് പ്രതികാരംചെയ്യുന്നവൻ, ഞാൻ പകരംവീട്ടും” എന്നു കർത്താവ് അരുളിച്ചെയ്യുന്നു. 20 എന്നാൽ,

    “നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ അയാൾക്കു ഭക്ഷണം നൽകുക;

    ദാഹിക്കുന്നെങ്കിൽ എന്തെങ്കിലും കുടിക്കാൻ നൽകുക.

    ഇങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങൾ ശത്രുവിന്റെ ശിരസ്സിൽ കൽക്കരിക്കനൽ കൂട്ടിവെക്കുകയാണു ചെയ്യുക.”

    21 നിങ്ങൾ തിന്മയ്ക്ക് അധീനരാകരുത്, പിന്നെയോ, നന്മയാൽ തിന്മയെ കീഴടക്കുകയാണു വേണ്ടത്.

  40. 2 “ഞാൻ നിങ്ങളെ സ്നേഹിക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

    “എന്നാൽ നിങ്ങൾ ചോദിക്കുന്നു, ‘എങ്ങനെയാണ് അവിടന്നു ഞങ്ങളെ സ്നേഹിച്ചത്?’ ”

    യഹോവ ഉത്തരമരുളി: “ഏശാവ് യാക്കോബിന്റെ സഹോദരനായിരുന്നല്ലോ? എന്നിട്ടും ഞാൻ യാക്കോബിനെ സ്നേഹിച്ചു. 3 എന്നാൽ ഏശാവിനെ ഞാൻ വെറുത്തു. ഞാൻ അവന്റെ പർവതങ്ങളെ തരിശുനിലമാക്കി, അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികൾക്ക് ഏൽപ്പിച്ചുകൊടുത്തിരിക്കുന്നു.”

    4 “ഞങ്ങൾ തകർക്കപ്പെട്ടിരിക്കുന്നു, എങ്കിലും ഞങ്ങളുടെ നഷ്ടശിഷ്ടങ്ങളെ ഞങ്ങൾ പുതുക്കിപ്പണിയും,” എന്ന് ഏദോം പറയുന്നു.

    എന്നാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവർ പണിയട്ടെ, ഞാൻ ഇടിച്ചുകളയും; അവർ ദുഷ്ടതയുടെ ദേശമെന്നും യഹോവയുടെ കോപം എന്നേക്കും വഹിക്കുന്ന ജനതയെന്നും പേരുവിളിക്കപ്പെടും. 5 സ്വന്തം കണ്ണുകൊണ്ടുതന്നെ ഇതു കണ്ടിട്ട്, ‘യഹോവ വലിയവൻ, ഇസ്രായേലിന്റെ അതിരിനും അപ്പുറത്തോളംതന്നെ!’ എന്നു നിങ്ങൾ പറയും.

  41. 5 അവയെ വണങ്ങുകയോ ആരാധിക്കുകയോ ചെയ്യരുത്. കാരണം, നിങ്ങളുടെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ളവനാകുന്നു. എന്നെ വെറുക്കുന്ന മാതാപിതാക്കളുടെ പാപത്തിന് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ശിക്ഷിക്കും.

  42. 4 യഹോവ അവിടത്തെ വിശുദ്ധമന്ദിരത്തിലുണ്ട്;

    യഹോവ സ്വർഗസിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നു.

    അവിടന്ന് ഭൂമിയിലുള്ള സകലമനുഷ്യരെയും നിരീക്ഷിക്കുന്നു;

    അവിടത്തെ കണ്ണുകൾ അവരെ പരിശോധിക്കുന്നു.

    5 യഹോവ നീതിനിഷ്ഠരെ പരിശോധിക്കുന്നു.

    എന്നാൽ ദുഷ്ടരെയും അക്രമാസക്തരെയും,

    അവിടത്തെ ഹൃദയം വെറുക്കുന്നു.

    6 ദുഷ്ടരുടെമേൽ അവിടന്ന്

    എരിയുന്ന തീക്കനലും കത്തിജ്വലിക്കുന്ന ഗന്ധകവും വർഷിക്കുന്നു;

    ചുട്ടുപൊള്ളിക്കുന്ന കാറ്റാണ് അവരുടെ ഓഹരി.

    7 കാരണം യഹോവ നീതിമാൻ ആകുന്നു,

    അവിടന്ന് നീതി ഇഷ്ടപ്പെടുന്നു;

    പരമാർഥികൾ തിരുമുഖം ദർശിക്കും.

    സംഗീതസംവിധായകന്. അഷ്ടമരാഗത്തിൽ.

  43. 10 രക്തദാഹികൾ സത്യസന്ധരെ വെറുക്കുകയും

    നീതിനിഷ്ഠരുടെ പ്രാണനെടുക്കാൻ പരതുകയുംചെയ്യുന്നു.

  44. 16 നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്: നിങ്ങൾ പരസ്പരം സത്യം സംസാരിക്കുക, നിങ്ങളുടെ ന്യായസ്ഥാനങ്ങളിൽ സത്യമായും ന്യായമായും വിധിക്കുക; 17 നിങ്ങൾ പരസ്പരം ദോഷം നിരൂപിക്കരുത്, വ്യാജശപഥംചെയ്യാൻ ഇഷ്ടപ്പെടരുത്. ഇവയൊക്കെയും ഞാൻ വെറുക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

  45. 19 പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യരുടെ ദുഷ്ടതനിറഞ്ഞ പ്രവൃത്തി കാരണം അവർ പ്രകാശത്തിനു പകരം അന്ധകാരത്തെ സ്നേഹിച്ചു എന്നതാണ് ശിക്ഷാവിധിക്ക് അടിസ്ഥാനം. 20 തിന്മചെയ്യുന്ന ഏതൊരാളും പ്രകാശത്തെ വെറുക്കുന്നു; തന്റെ പ്രവൃത്തികൾ പരസ്യമാകും എന്ന ഭയംനിമിത്തം പ്രകാശത്തിലേക്കു വരുന്നതുമില്ല. 21 എന്നാൽ സത്യമനുസരിച്ചു ജീവിക്കുന്നവർ, തങ്ങളുടെ പ്രവൃത്തി ദൈവംമുഖേനയാണ് ചെയ്തതെന്നു വെളിപ്പെടാൻ പ്രകാശത്തിലേക്കു വരുന്നു.

  46. 9 അങ്ങു നീതിയെ സ്നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്തിരിക്കുന്നു;

    അതുകൊണ്ട് ദൈവം, ആനന്ദതൈലംകൊണ്ട് അങ്ങയെ അഭിഷേകംചെയ്ത്

    അങ്ങയുടെ സഹകാരികളെക്കാൾ ഏറ്റവും ഉന്നതമായ സ്ഥാനം അങ്ങേക്കു നൽകിയിരിക്കുന്നു.”

  47. 41 യാക്കോബിനെ തന്റെ പിതാവ് അനുഗ്രഹിച്ചതുകൊണ്ട് ഏശാവിന് യാക്കോബിനോടു പകയുണ്ടായി. “എന്റെ പിതാവിനെച്ചൊല്ലി വിലപിക്കേണ്ട ദിവസങ്ങൾ അടുത്തുവരുന്നു, അതിനുശേഷം ഞാൻ എന്റെ സഹോദരൻ യാക്കോബിനെ കൊല്ലും,” അവൻ വിദ്വേഷത്തോടെ പറഞ്ഞു.

    42 ഏശാവിന്റെ വാക്കുകളെക്കുറിച്ചു റിബേക്കയ്ക്ക് അറിവുകിട്ടിയപ്പോൾ അവൾ തന്റെ ഇളയമകനായ യാക്കോബിനെ ആളയച്ചുവരുത്തി അവനോട്, “നിന്റെ സഹോദരനായ ഏശാവ് നിന്നെ കൊന്നു പകവീട്ടാൻ ആഗ്രഹിക്കുകയാണ്. 43 അതുകൊണ്ട് മകനേ, ഞാൻ പറയുന്നതു കേൾക്കുക, ഹാരാനിൽ എന്റെ സഹോദരനായ ലാബാന്റെ അടുത്തേക്ക് ഓടിപ്പോകുക. 44 നിന്റെ സഹോദരന്റെ ക്രോധം ശമിക്കുന്നതുവരെ കുറെക്കാലം അവിടെ താമസിക്കുക. 45 നിന്റെ സഹോദരന് നിന്നോടുള്ള കോപം ശമിക്കുകയും നീ അവനോടു ചെയ്തത് മറക്കുകയും ചെയ്യട്ടെ. അപ്പോൾ ഞാൻ ആളയച്ച് നിന്നെ മടക്കിവരുത്താം. നിങ്ങൾ രണ്ടുപേരെയും എനിക്ക് ഒരേദിവസം നഷ്ടമാകുന്നതെന്തിന്?” എന്നു പറഞ്ഞു.

  48. 8 ഇസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: “നാം യഹോവയുടെഹിതം ആരായേണ്ടതിനായി യിമ്ളയുടെ മകനായ മീഖായാവ് എന്നൊരാൾകൂടി ഇവിടെയുണ്ട്; പക്ഷേ, അയാൾ എന്നെപ്പറ്റി തിന്മയായുള്ളതല്ലാതെ നന്മയായി ഒരിക്കലും പ്രവചിക്കാറില്ല. അതുകൊണ്ട് ഞാൻ അയാളെ വെറുക്കുന്നു” എന്നു പറഞ്ഞു.

    “രാജാവ് അങ്ങനെ പറയരുതേ,” എന്നു യെഹോശാഫാത്ത് ആഹാബിനോട് അപേക്ഷിച്ചു.

  49. 6 മിഥ്യാമൂർത്തികളെ ഭജിക്കുന്നവരെ ഞാൻ വെറുക്കുന്നു;

    എന്നാൽ ഞാൻ യഹോവയിൽ ആശ്രയിക്കുന്നു.

  50. 1 എല്ലാറ്റിനും ഒരു സമയമുണ്ട്,

    ആകാശത്തിനുകീഴേയുള്ള ഓരോ പ്രവൃത്തിക്കും ഒരു നിശ്ചിതകാലവുമുണ്ട്.

    2 ജനനത്തിനൊരു കാലം, മരണത്തിനൊരു കാലം,

    നടുന്നതിനൊരു കാലം, വിളവെടുക്കുന്നതിനൊരു കാലം,

    3 കൊല്ലുന്നതിനൊരു കാലം, സൗഖ്യമാക്കുന്നതിനൊരു കാലം,

    ഇടിച്ചുനിരത്തുന്നതിനൊരു കാലം, പണിതുയർത്തുന്നതിനൊരു കാലം.

    4 കരയുന്നതിനൊരു കാലം, ചിരിക്കുന്നതിനൊരു കാലം,

    വിലപിക്കുന്നതിനൊരു കാലം, നൃത്തംചെയ്യുന്നതിനൊരു കാലം.

    5 കല്ലുകൾ ചിതറിക്കുന്നതിനൊരു കാലം, അവ ശേഖരിക്കുന്നതിനൊരു കാലം,

    ആലിംഗനം ചെയ്യുന്നതിനൊരു കാലം, അകന്നിരിക്കുന്നതിനൊരു കാലം,

    6 അന്വേഷിക്കുന്നതിനൊരു കാലം, ഉപേക്ഷിക്കുന്നതിനൊരു കാലം,

    സൂക്ഷിക്കുന്നതിനൊരു കാലം, എറിഞ്ഞുകളയുന്നതിനൊരു കാലം,

    7 കീറുന്നതിനൊരു കാലം, തുന്നിച്ചേർക്കുന്നതിനൊരു കാലം,

    മൗനമായിരിക്കുന്നതിനൊരു കാലം, സംസാരിക്കുന്നതിനൊരു കാലം,

    8 സ്നേഹിക്കുന്നതിനൊരു കാലം, വെറുക്കുന്നതിനൊരു കാലം,

    യുദ്ധംചെയ്യുന്നതിനൊരു കാലം, സമാധാനത്തിനൊരു കാലം.

  51. 4 വഞ്ചകരോടുകൂടെ ഞാൻ ഇരിക്കുകയോ

    കപടഭക്തരോട് ഞാൻ സഹകരിക്കുകയോ ചെയ്യുന്നില്ല.

    5 അധർമം പ്രവർത്തിക്കുന്നവരുടെ സംഘത്തെ ഞാൻ വെറുക്കുന്നു

    ദുഷ്ടരോടൊപ്പം ഞാൻ ഇരിക്കുകയുമില്ല.

  52. 21 “ഞാൻ വെറുക്കുന്നു, നിങ്ങളുടെ ഉത്സവങ്ങളെ ഞാൻ നിന്ദിക്കുന്നു;

    നിങ്ങളുടെ സഭായോഗങ്ങൾപോലും എനിക്കു സഹിക്കാവുന്നതല്ല.

    22 നിങ്ങൾ എനിക്കു ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചാലും,

    ഞാൻ അവയെ സ്വീകരിക്കുകയില്ല.

    നിങ്ങൾ വിശേഷമായ സമാധാനയാഗങ്ങൾ അർപ്പിച്ചാലും

    ഞാൻ അതിൽ പ്രസാദിക്കുകയില്ല.

    23 നിങ്ങളുടെ പാട്ടുകളുടെ സ്വരം എനിക്കുവേണ്ട!

    നിങ്ങളുടെ കിന്നരങ്ങളുടെ സംഗീതം ഞാൻ കേൾക്കുകയില്ല.

    24 എന്നാൽ ന്യായം നദിപോലെ പ്രവഹിക്കട്ടെ,

    നീതി ഒരിക്കലും വറ്റാത്ത തോടുപോലെ ഒഴുകട്ടെ!

    25 “ഇസ്രായേൽഗൃഹമേ, മരുഭൂമിയിൽ നാൽപ്പതു വർഷക്കാലം

    നിങ്ങൾ യാഗങ്ങളും വഴിപാടുകളും എനിക്കു കൊണ്ടുവന്നോ?

    26 നിങ്ങൾ നിങ്ങൾക്കായിത്തന്നെ മെനഞ്ഞുണ്ടാക്കിയ

    സിക്കൂത്തുരാജാവിന്റെ മൂർത്തിയെയും

    നക്ഷത്രദേവനായ കിയൂനെയും

    നിങ്ങൾ ചുമന്നുകൊണ്ടുനടന്നില്ലയോ?

    27 അതുകൊണ്ടു ഞാൻ നിങ്ങളെ, ദമസ്കോസിനും അപ്പുറത്തേക്കു നാടുകടത്തും,”

    എന്ന് യഹോവ അരുളിച്ചെയ്യുന്നു, സൈന്യങ്ങളുടെ ദൈവം എന്നാകുന്നു അവിടത്തെ നാമം.

  53. 68 “ഇസ്രായേലിന്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെട്ടവൻ;

    അവിടന്ന് തന്റെ ജനത്തെ സന്ദർശിച്ച് വിമുക്തരാക്കിയിരിക്കുന്നു.

    69 ദൈവം പുരാതനകാലത്ത് അവിടത്തെ വിശുദ്ധപ്രവാചകന്മാരിലൂടെ അരുളിച്ചെയ്തിരുന്നതുപോലെതന്നെ,

    70 തന്റെ ദാസനായ ദാവീദുരാജാവിന്റെ വംശത്തിൽനിന്നുതന്നെ;

    സർവശക്തനായ ഒരു രക്ഷകനെ നമുക്കായി അയച്ചിരിക്കുന്നു.

    71 ഇത് നമ്മുടെ ശത്രുക്കളിൽനിന്നും

    നമ്മെ വെറുക്കുന്ന എല്ലാവരുടെയും കൈയിൽനിന്നും നമ്മെ രക്ഷിക്കേണ്ടതിനും

  54. 7 യിഫ്താഹ് അവരോട്: “നിങ്ങൾ എന്നെ വെറുത്ത് എന്റെ പിതൃഭവനത്തിൽനിന്നും ഓടിച്ചുകളഞ്ഞില്ലയോ? ഇപ്പോൾ നിങ്ങൾ കഷ്ടത്തിലായപ്പോൾ എന്തിനെന്റെ അടുക്കൽ വരുന്നു” എന്നു ചോദിച്ചു.

  55. 2 ഹനാനിയുടെ മകനും ദർശകനുമായ യേഹു രാജാവിനെ കാണാൻ ചെന്നിട്ട് ഇപ്രകാരം പറഞ്ഞു. “നീ ദുഷ്ടനെ സഹായിക്കുകയും യഹോവയെ വെറുക്കുന്നവനെ സ്നേഹിക്കുകയും ചെയ്യുന്നോ? നിന്റെ ഈ പ്രവൃത്തിമൂലം യഹോവയുടെ ക്രോധം നിന്റെമേൽ വീണിരിക്കുന്നു. 3 എന്നിരുന്നാലും നീ അശേരാപ്രതിഷ്ഠകളിൽനിന്ന് നാടിനെ മോചിപ്പിക്കുകയും ദൈവത്തെ അന്വേഷിക്കുന്നതിനു മനസ്സുവെക്കുകയും ചെയ്തിരിക്കുന്നതിനാൽ അൽപ്പം നന്മയും നിന്നിലുണ്ട്.”

  56. 21 അധർമം ദുഷ്ടരെ കൊല്ലുന്നു;

    നീതിനിഷ്ഠരുടെ ശത്രുക്കൾ ശിക്ഷിക്കപ്പെടും.

  57. 21 “ ‘കൊലപാതകം ചെയ്യരുതെന്ന്’ പൂർവികരോടു കൽപ്പിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ, ‘കൊലയാളി അതിന്റെ ശിക്ഷ അനുഭവിച്ചേ തീരൂ.’ 22 എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: സഹോദരങ്ങളോട് കോപിക്കുന്നയാൾ ശിക്ഷ അനുഭവിക്കേണ്ടിവരും. സഹോദരങ്ങളെ ‘മടയാ’ എന്നു വിളിക്കുന്നയാൾ ന്യായാധിപസമിതിയോട് ഉത്തരം പറയേണ്ടിവരും; ‘ഗുണം വരാത്തവൻ’ എന്നു വിളിച്ചാൽ നരകാഗ്നിക്ക് വിധേയരാകും.

    23 “അതുകൊണ്ട്, നീ യാഗപീഠത്തിൽ, യാഗാർപ്പണത്തിനായി വരുമ്പോൾ നിന്റെ സഹോദരനോ സഹോദരിക്കോ നിനക്ക് വിരോധമായി എന്തെങ്കിലും ഉണ്ടെന്ന് ഓർമ വന്നാൽ 24 നിന്റെ അർപ്പണവസ്തു യാഗപീഠത്തിനുമുമ്പിൽ വെച്ചിട്ട് ആദ്യം ചെന്ന് അവരോടു രമ്യതപ്പെടുക; പിന്നീടു വന്നു നിന്റെ യാഗം അർപ്പിക്കുക.

    25 “നിന്നെ കോടതിയിലേക്കു കൊണ്ടുപോകുന്ന എതിർകക്ഷിയുമായി, വഴിയിൽവെച്ചുതന്നെ വേഗത്തിൽ രമ്യതയിലായിക്കൊള്ളുക. അല്ലാത്തപക്ഷം അയാൾ നിന്നെ ന്യായാധിപന് വിട്ടുകൊടുക്കുകയും ന്യായാധിപൻ നിയമപാലകന് കൈമാറുകയും അയാൾ നിന്നെ കാരാഗൃഹത്തിൽ അടയ്ക്കുകയും ചെയ്യും. 26 അവസാനത്തെ നാണയവും കൊടുത്തുതീർക്കുന്നതുവരെ നീ അവിടെനിന്നു പുറത്തുവരികയില്ല എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു.

  58. 12 പിറ്റേന്നു പ്രഭാതമായപ്പോൾ യെഹൂദന്മാർ ഒരുമിച്ചുകൂടി ഒരു ഗൂഢാലോചന നടത്തി. പൗലോസിനെ കൊന്നുകഴിഞ്ഞിട്ടല്ലാതെ തിന്നുകയോ കുടിക്കുകയോ ഇല്ലെന്ന് അവർ ശപഥംചെയ്തു. 13 ഈ ഗൂഢാലോചനയിൽ നാൽപ്പതിലധികംപേർ പങ്കെടുത്തിരുന്നു. 14 അവർ പുരോഹിതമുഖ്യന്മാരുടെയും സമുദായനേതാക്കന്മാരുടെയും അടുക്കൽച്ചെന്ന്, “പൗലോസിനെ വധിച്ചിട്ടല്ലാതെ ഞങ്ങൾ ആഹാരം കഴിക്കുകയില്ല എന്നു ദൃഢപ്രതിജ്ഞ എടുത്തിരിക്കുകയാണ്. 15 അതുകൊണ്ട് ‘അയാളെ സംബന്ധിച്ചുള്ള വിവരങ്ങൾ കൂടുതൽ സൂക്ഷ്മമായി അന്വേഷിക്കേണ്ടതുണ്ട്’ എന്നുള്ള ഭാവത്തിൽ അയാളെ നിങ്ങളുടെമുമ്പാകെ കൊണ്ടുവരുന്നതിന് നിങ്ങളും ന്യായാധിപസമിതിയും സൈന്യാധിപനോട് അപേക്ഷിക്കണം. പൗലോസ് ഇവിടെയെത്തുന്നതിനുമുമ്പുതന്നെ അയാളെ കൊല്ലാൻ ഞങ്ങൾ ഒരുങ്ങിയിരിക്കുകയാണ്” എന്നു പറഞ്ഞു.

  59. 41 എന്റെ മിന്നുന്ന വാളിനു ഞാൻ മൂർച്ചകൂട്ടി,

    ന്യായവിധി കൈകളിൽ എടുക്കുകയും ചെയ്യുമ്പോൾ,

    എന്റെ എതിരാളികളോടു ഞാൻ പ്രതികാരംചെയ്യും

    എന്നെ വെറുക്കുന്നവരോടു പകരംചോദിക്കും.

  60. 22 അബ്ശാലോം അമ്നോനോട് നന്മയാകട്ടെ തിന്മയാകട്ടെ, യാതൊരു വാക്കും പറഞ്ഞില്ല. തന്റെ സഹോദരിയായ താമാറിനെ അപമാനിച്ചതിനാൽ അബ്ശാലോം അയാളെ വെറുത്തു.

  61. 5 നീതിനിഷ്ഠർ കാപട്യം വെറുക്കുന്നു,

    എന്നാൽ ദുഷ്ടർ ദുർഗന്ധവാഹികളായി

    സ്വയം അപമാനം വിളിച്ചുവരുത്തുന്നു.

  62. 13 വ്യർഥമായ യാഗങ്ങൾ ഇനി നിങ്ങൾ അർപ്പിക്കരുത്!

    നിങ്ങളുടെ ധൂപവർഗം എനിക്കു വെറുപ്പുളവാക്കുന്നു.

    അമാവാസിയും ശബ്ബത്തും സഭായോഗം കൂടുന്നതും—

    നിങ്ങളുടെ ദുഷ്ടതനിറഞ്ഞ സഭായോഗങ്ങൾ—എനിക്ക് അസഹ്യമാണ്.

    14 നിങ്ങളുടെ അമാവാസികളിലെ ആഘോഷങ്ങളെയും

    നിർദിഷ്ട ഉത്സവങ്ങളെയും ഞാൻ പൂർണമായും വെറുക്കുന്നു.

    അവ എനിക്കൊരു ഭാരമായിരിക്കുന്നു;

    അവ സഹിച്ചു ഞാൻ മടുത്തിരിക്കുന്നു.

  63. 8 “കാരണം യഹോവ ആകുന്ന ഞാൻ, നീതിയെ സ്നേഹിക്കുന്നു;

    കവർച്ചയും അതിക്രമവും ഞാൻ വെറുക്കുന്നു.

    ഞാൻ വിശ്വസ്തതയോടെ എന്റെ ജനത്തിനു പ്രതിഫലംനൽകും,

    അവരുമായി ഒരു നിത്യ ഉടമ്പടിയും ചെയ്യും.

  64. 24 “രണ്ട് യജമാനന്മാർക്ക് ദാസ്യവൃത്തി ചെയ്യുക ആരാലും സാധ്യമല്ല. ഒന്നുകിൽ, ഒരു യജമാനനെ പരിത്യജിച്ച് മറ്റേയാളെ സ്നേഹിക്കും; അല്ലെങ്കിൽ, ഒരാളോട് വിശ്വസ്തനായി തുടരുകയും മറ്റേയാളെ വെറുക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒരുമിച്ചു സേവിക്കുക അസാധ്യം.

  65. 3 ആ സമയത്ത് പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും മഹാപുരോഹിതൻ കയ്യഫാവിന്റെ അരമനയിൽ ഒത്തുകൂടി; 4 യേശുവിനെ ചതിവിൽ പിടികൂടി കൊല്ലുന്നതിനെപ്പറ്റി ഗൂഢാലോചന നടത്തി.

  66. 13 നിങ്ങൾ എന്റെ അനുയായികൾ ആയിരിക്കുന്നതു നിമിത്തം സകലരും നിങ്ങളെ വെറുക്കും; എന്നാൽ, അന്ത്യംവരെ സഹിച്ചുനിൽക്കുന്നവർ രക്ഷിക്കപ്പെടും.

  67. 16 മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും സ്നേഹിതരും നിങ്ങളെ ഒറ്റിക്കൊടുക്കും. അവർ നിങ്ങളിൽ ചിലരെ കൊന്നുകളയും. 17 നിങ്ങൾ എന്റെ അനുയായികൾ ആയിരിക്കുന്നതു നിമിത്തം സകലരും നിങ്ങളെ വെറുക്കും. 18 എന്നാൽ, നിങ്ങളുടെ ഒരു തലമുടിപോലും നശിച്ചുപോകുകയില്ല. 19 നിങ്ങളുടെ സ്ഥൈര്യത്താൽ നിങ്ങൾ ജീവൻ പ്രാപിക്കും.

  68. 6 നാം ശക്തിഹീനരായിരുന്നപ്പോൾത്തന്നെ, ക്രിസ്തു കൃത്യസമയത്ത് അധർമികളായ നമുക്കുവേണ്ടി മരിച്ചു. 7 നല്ലവനായ ഒരു മനുഷ്യനുവേണ്ടി മറ്റൊരാൾ മരിക്കാൻ ഒരുപക്ഷേ തയ്യാറായേക്കാം; അങ്ങനെ നീതിനിഷ്ഠനുവേണ്ടി ആരെങ്കിലും മരിക്കുന്നതുതന്നെ തീരെ വിരളമാണ്. 8 എന്നാൽ, നാം പാപികളായിരിക്കുമ്പോൾത്തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചതിലൂടെ ദൈവം നമ്മോടുള്ള സ്നേഹം വെളിപ്പെടുത്തുകയായിരുന്നു.

    9 ക്രിസ്തുവിന്റെ രക്തത്താൽ നാം ഇപ്പോൾ നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ക്രിസ്തുമുഖേനതന്നെ നാം ദൈവക്രോധത്തിൽനിന്ന് രക്ഷിക്കപ്പെടും എന്നത് എത്രയോ സുനിശ്ചിതമാണ്! 10 നാം ദൈവത്തിന്റെ ശത്രുക്കളായിരുന്നപ്പോൾ അവിടത്തെ പുത്രന്റെ മരണത്താൽ നമുക്കു ദൈവത്തോട് അനുരഞ്ജനം ലഭിച്ചുവെങ്കിൽ, അനുരഞ്ജനം ലഭിച്ചശേഷം അവിടത്തെ ജീവൻമൂലം നാം രക്ഷിക്കപ്പെടുമെന്നതും എത്രയോ നിശ്ചിതം!

  69. 5 അതിനാൽ അസാന്മാർഗികത, അശുദ്ധി, വിഷയാസക്തി, ദുഷിച്ച അഭിലാഷങ്ങൾ, വിഗ്രഹാരാധനയായ അത്യാഗ്രഹം എന്നിങ്ങനെയുള്ള നിങ്ങളുടെ ജഡികവികാരങ്ങളെ നിർജീവമാക്കുക. 6 ഇവ ദൈവകോപം ജ്വലിപ്പിക്കുന്നവയാണ്. 7 നിങ്ങൾ ഒരുകാലത്ത് ഇവയെല്ലാമനുസരിച്ചു ജീവിച്ചവരായിരുന്നു. 8 എന്നാൽ കോപം, ക്രോധം, വിദ്വേഷം, ദൂഷണം, നിങ്ങളുടെ വായിൽനിന്ന് പുറപ്പെടുന്ന അശ്ലീലഭാഷണം ഇവയൊക്കെയും ഇപ്പോൾ ഉപേക്ഷിക്കുക. 9 പരസ്പരം വ്യാജം പറയരുത്; നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞിട്ട്, 10 തന്റെ സ്രഷ്ടാവിന്റെ പ്രതിരൂപത്തിൽ, പരിജ്ഞാനത്തിൽ നവീകരണം പ്രാപിച്ചുകൊണ്ടിരിക്കുന്ന നവമാനവനെയല്ലോ ധരിച്ചിരിക്കുന്നത്. 11 ഇതിൽ ഗ്രീക്കുകാരനെന്നോ യെഹൂദനെന്നോ പരിച്ഛേദനം ഏറ്റവനെന്നോ ഏൽക്കാത്തവനെന്നോ അപരിഷ്കൃതനെന്നോ സിഥിയനെന്നോ ദാസൻ എന്നോ സ്വതന്ത്രൻ എന്നോ വ്യത്യാസം ഇല്ല. എല്ലാം ക്രിസ്തുവത്രേ നാം എല്ലാവരിലും വസിക്കുന്നതും ക്രിസ്തുവത്രേ.

  70. 21 സകലജനത്തിൽനിന്ന് പ്രാപ്തരും ദൈവഭയമുള്ളവരും സത്യസന്ധരും ദുരാദായം വെറുക്കുന്നവരുമായ ചില പുരുഷന്മാരെ തെരഞ്ഞെടുത്ത് അവരെ ആയിരംപേർക്കും നൂറുപേർക്കും അൻപതുപേർക്കും പത്തുപേർക്കും അധിപന്മാരായി നിയമിക്കുക.

  71. 9 അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവ, ദൈവം ആകുന്നു എന്നും അവിടത്തെ സ്നേഹിക്കുകയും അവിടത്തെ കൽപ്പനകൾ പാലിക്കുകയും ചെയ്യുന്നവർക്ക് ആയിരം തലമുറവരെ സ്നേഹത്തിന്റെ ഉടമ്പടി ഉറപ്പിക്കുന്ന വിശ്വസ്തനായ ദൈവമാണ് യഹോവ എന്നും നിങ്ങൾ അറിയണം. 10 എന്നാൽ,

    തന്നെ തിരസ്കരിക്കുന്നവരെ അവിടന്നുതന്നെ നശിപ്പിച്ച് പകരംവീട്ടും;

    തന്നെ വെറുക്കുന്നവനോട് അവിടന്ന് പ്രതികാരംചെയ്യാൻ താമസിക്കുകയുമില്ല.

  72. 31 നിന്റെ ദൈവമായ യഹോവയെ ഇതര ജനതകൾ അവരുടെ ദേവന്മാരെ ഭജിക്കുന്നതുപോലെയല്ല ആരാധിക്കേണ്ടത്. യഹോവ വെറുക്കുന്ന എല്ലാ അറപ്പായ കാര്യങ്ങളും അവർ തങ്ങളുടെ ദേവാരാധനയിൽ ചെയ്ത് തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും തങ്ങളുടെ ദേവന്മാർക്ക് അഗ്നിയിൽ ദഹിപ്പിക്കുകവരെ ചെയ്യുന്നുണ്ടല്ലോ.

  73. 16 എന്നാൽ ദുഷ്ടരോട് ദൈവം ആജ്ഞാപിച്ചു:

    “എന്റെ നിയമങ്ങൾ ഉരുവിടുന്നതിനോ

    എന്റെ ഉടമ്പടിയെപ്പറ്റി ഉച്ചരിക്കുന്നതിനോ നിനക്കെന്തവകാശം?

    17 നീ എന്റെ ഉപദേശം വെറുക്കുകയും

    എന്റെ ആജ്ഞകൾ നിന്റെ പിന്നിൽ എറിഞ്ഞുകളയുകയുംചെയ്യുന്നു.

    18 ഒരു കള്ളനെക്കാണുമ്പോൾ നീ അയാളുമായി ചങ്ങാത്തംകൂടുന്നു;

    വ്യഭിചാരികളുമായി നീ ഭാഗധേയം പങ്കിടുന്നു.

    19 നിന്റെ വായ് അധർമത്തിനായി ഉപയോഗിക്കുന്നു

    വഞ്ചനയ്ക്കായി നിന്റെ നാവു നീ ഒരുക്കുന്നു.

    20 നീ നിരന്തരം നിന്റെ സഹോദരനെതിരേ സംസാരിക്കുന്നു

    നിന്റെ അമ്മയുടെ മകനെപ്പറ്റി അപവാദം പരത്തുന്നു.

  74. 15 യഹോവയെ വെറുക്കുന്നവർ അവിടത്തെ കാൽക്കൽവീണു കെഞ്ചുമായിരുന്നു,

    അവരുടെ ശിക്ഷ എന്നെന്നേക്കും നിലനിൽക്കുമായിരുന്നു.

  75. 28 വ്യാജംപറയുന്ന നാവ് അതിനിരയായവരെ വെറുക്കുന്നു,

    മുഖസ്തുതി പറയുന്ന നാവ് നാശം വിതയ്ക്കുന്നു.

  76. 3 അവൻ മനുഷ്യരാൽ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു;

    അവൻ കഷ്ടത അനുഭവിക്കുന്നവനായും രോഗം ശീലിച്ചവനായും ഇരുന്നു.

    അവനെ കാണുന്നവർ അവരുടെ മുഖം തിരിച്ചുകളഞ്ഞു,

    അവൻ നിന്ദിതനായിരുന്നു, നാം അവനെ നിസ്സാരനായി പരിഗണിച്ചു.

  77. 5 യഹോവയുടെ വചനത്തിൽ വിറയ്ക്കുന്നവരേ,

    അവിടത്തെ വചനം കേൾക്കുക:

    “നിങ്ങളെ വെറുക്കുകയും എന്റെ നാമംനിമിത്തം

    നിങ്ങളെ ഭ്രഷ്ടരാക്കുകയും ചെയ്ത നിങ്ങളുടെ സ്വന്തം ജനം:

    ‘നിങ്ങളുടെ ആഹ്ലാദം ഞങ്ങൾ കാണേണ്ടതിന്

    യഹോവ മഹത്ത്വപ്പെട്ടവനാകട്ടെ!’ എന്നു പറഞ്ഞുവല്ലോ.

    എന്നിട്ടും അവർ ലജ്ജിതരാക്കപ്പെടും.

  78. 15 “ഗിൽഗാലിൽ അവരുടെ സകലദുഷ്ടതയുംനിമിത്തം

    ഞാൻ അവിടെ അവരെ വെറുത്തു.

    അവരുടെ പാപപ്രവൃത്തികൾനിമിത്തം

    ഞാൻ അവരെ എന്റെ ഭവനത്തിൽനിന്ന് ഓടിച്ചുകളയും.

    ഞാൻ ഇനി അവരെ സ്നേഹിക്കുകയില്ല;

    അവരുടെ എല്ലാ പ്രഭുക്കന്മാരും മത്സരികൾതന്നെ.

  79. 31 എല്ലാ വിദ്വേഷം, കോപം, ക്രോധം, കലഹം, പരദൂഷണം ഇങ്ങനെയുള്ള എല്ലാ ദുർഗുണങ്ങളും നിങ്ങൾ ഉപേക്ഷിക്കുക. 32 പരസ്പരം ദയയും കരുണയും ഉള്ളവരായി, ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിക്കുക.

  80. 4 അപഥസഞ്ചാരികളേ, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാകുന്നു എന്നു നിങ്ങൾ അറിയുന്നില്ലേ? അതിനാൽ, ലോകത്തിന്റെ മിത്രമാകാൻ ആഗ്രഹിക്കുന്നവൻ ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.

  81. 30 യാക്കോബ് റാഹേലിനെ അറിഞ്ഞു. അദ്ദേഹം ലേയയെക്കാൾ കൂടുതലായി റാഹേലിനെ സ്നേഹിച്ചു; ലാബാനുവേണ്ടി അദ്ദേഹം മറ്റൊരു ഏഴുവർഷംകൂടി പണിയെടുത്തു.

    31 ലേയാ അവഗണിക്കപ്പെടുന്നു എന്നുകണ്ട് യഹോവ അവളുടെ ഗർഭം തുറന്നു; റാഹേലോ, വന്ധ്യയായിരുന്നു.

  82. 5 നിന്നെ വെറുക്കുന്ന ആരുടെയെങ്കിലും കഴുത അതിന്റെ ചുമടിനുകീഴിൽ വീണുകിടക്കുന്നതു കണ്ടാൽ അതിനെ ഉപേക്ഷിച്ചു പോകരുത്. അക്കാര്യത്തിൽ അവരെ നിശ്ചയമായും സഹായിക്കണം.

  83. 15 യഹോവ സകലവ്യാധിയും നിങ്ങളിൽനിന്ന് അകറ്റും. ഈജിപ്റ്റിൽ നിങ്ങൾ കണ്ട മഹാവ്യാധികളിലൊന്നും അവിടന്നു നിങ്ങൾക്കു വരുത്താതെ, അവ നിങ്ങളെ പകയ്ക്കുന്നവർക്കു കൊടുക്കും.

  84. 19 എനിക്ക് പ്രബലരായ അനവധി ശത്രുക്കളുണ്ട്;

    അകാരണമായി എന്നെ വെറുക്കുന്നവരും അസംഖ്യം.

  85. 7 എന്നാൽ ശത്രുക്കളുടെമേൽ അങ്ങാണ് ഞങ്ങൾക്കു വിജയംനൽകുന്നത്,

    അങ്ങ് ഞങ്ങളുടെ എതിരാളികളെ ലജ്ജിതരാക്കുന്നു.

  86. 4 കാരണംകൂടാതെ എന്നെ വെറുക്കുന്നവർ

    എന്റെ തലമുടിയുടെ എണ്ണത്തെക്കാൾ അധികമാകുന്നു;

    അകാരണമായി എന്നെ നശിപ്പിക്കാൻ ശ്രമിക്കുന്ന

    എന്റെ ശത്രുക്കൾ അനവധിയാകുന്നു.

    ഞാൻ അപഹരിക്കാത്ത വസ്തുവകകൾ

    മടക്കിക്കൊടുക്കാൻ നിർബന്ധിതനായിരിക്കുന്നു.

  87. 23 അദ്ദേഹത്തിന്റെ എതിരാളികളെ ഞാൻ അദ്ദേഹത്തിന്റെ മുമ്പിൽവെച്ച് തകർക്കുകയും

    അദ്ദേഹത്തെ വെറുക്കുന്നവരെ ഞാൻ നശിപ്പിക്കുകയും ചെയ്യും.

  88. 29 അവർ പരിജ്ഞാനത്തെ വെറുത്തു

    യഹോവയെ ഭയപ്പെടുന്നത് തെരഞ്ഞെടുത്തതുമില്ല.

    30 അവർ എന്റെ ഉപദേശം തിരസ്കരിച്ച്

    ശാസനയെ പുച്ഛിച്ചു,

    31 അതുകൊണ്ട് അവർ തങ്ങളുടെ കർമഫലം അനുഭവിക്കും

    അവരുടെ ദുരുപായങ്ങളുടെ ഫലംകൊണ്ട് അവർക്കു ശ്വാസംമുട്ടും.

  89. 8 ദുഷ്ടരുടെ യാഗം യഹോവ വെറുക്കുന്നു,

    എന്നാൽ നീതിനിഷ്ഠരുടെ പ്രാർഥന അവിടത്തേക്കു പ്രസാദകരം.

    9 ദുഷ്ടരുടെ മാർഗം യഹോവ വെറുക്കുന്നു,

    എന്നാൽ നീതി പിൻതുടരുന്നവരെ അവിടന്ന് സ്നേഹിക്കുന്നു.

  90. 17 വല്ലപ്പോഴുംമാത്രം നിങ്ങളുടെ അയൽവീട്ടിൽ പോകുക—

    കൂടെക്കൂടെയുള്ള സന്ദർശനം, അവർക്കു നിങ്ങളോടു വെറുപ്പുതോന്നിപ്പിക്കും.

  91. 9 “ ‘നിങ്ങൾ മോഷ്ടിക്കുകയും കൊലചെയ്യുകയും വ്യഭിചരിക്കുകയും വ്യാജശപഥംചെയ്യുകയും ബാലിനു ധൂപംകാട്ടുകയും നിങ്ങൾ അറിയാത്ത അന്യദേവന്മാരെ സേവിക്കുകയും ചെയ്തശേഷം, 10 എന്റെ നാമം വഹിക്കുന്ന ഈ മന്ദിരത്തിൽ വന്ന് എന്റെ മുമ്പിൽനിന്നുകൊണ്ട്, “ഞങ്ങൾ സുരക്ഷിതരായിരിക്കുന്നു” എന്നു പറയുന്നത് ഈ മ്ലേച്ഛതകൾ ചെയ്യേണ്ടതിനു തന്നെയോ?

  92. 8 എന്റെ ഓഹരി എനിക്കു

    കാട്ടിലെ സിംഹംപോലെ ആയിത്തീർന്നു.

    അവൾ എന്റെനേരേ അലറുന്നു;

    അതിനാൽ ഞാൻ അവളെ വെറുക്കുന്നു.

  93. 10 കോടതിയിൽ നീതിയോടെ വിധി കൽപ്പിക്കുന്നവരെ നിങ്ങൾ വെറുക്കുകയും

    സത്യം പറയുന്നവരെ നിങ്ങൾ നിന്ദിക്കുകയും ചെയ്യുന്നു.

  94. 14 നിങ്ങളോടു പാപംചെയ്യുന്ന മനുഷ്യരോടു നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗസ്ഥനായ പിതാവും നിങ്ങളോട് ക്ഷമിക്കും. 15 എന്നാൽ മനുഷ്യരോട് നിങ്ങൾ ക്ഷമിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ പാപങ്ങളും ക്ഷമിക്കുകയില്ല.

  95. 22 ചഞ്ചലമാനസരോടു കരുണ കാണിക്കുക; 23 ചിലരെ നിത്യാഗ്നിയിൽനിന്നു വലിച്ചെടുത്തു രക്ഷിക്കുക; മറ്റുചിലരോട്, ജീവിതങ്ങളെ മലീമസമാക്കുന്ന അവരുടെ പാപപ്രവൃത്തികളെ വെറുത്തുകൊണ്ട് അത്യധികം ഭയഭക്തിയോടെ സൂക്ഷ്മത പുലർത്തിക്കൊണ്ടു കരുണ കാണിക്കുക.

  96. ס സാമെക്

    113 ഇരുമനസ്സുള്ള മനുഷ്യരെ ഞാൻ വെറുക്കുന്നു,

    എന്നാൽ, അവിടത്തെ ന്യായപ്രമാണത്തെ ഞാൻ സ്നേഹിക്കുന്നു.

  97. 14 ന്യായപ്രമാണം ആത്മികം എന്ന് നമുക്കറിയാം; ഞാനോ പാപത്തിന് വിൽക്കപ്പെട്ട വെറും മനുഷ്യൻ. 15 എനിക്ക് എന്നെത്തന്നെ മനസ്സിലാക്കാൻ കഴിയുന്നില്ല; ഞാൻ ആഗ്രഹിക്കുന്നതല്ല, പിന്നെയോ ഞാൻ വെറുക്കുന്നതാണ് ചെയ്തുപോകുന്നത്. 16 ഇങ്ങനെ ഞാൻ ആഗ്രഹിക്കാത്ത തിന്മചെയ്യുന്നെങ്കിൽ, ന്യായപ്രമാണം നല്ലതെന്നു ഞാൻ സമ്മതിക്കുകയാണ്. 17 എന്നാൽ, അതു ഞാനല്ല പ്രവർത്തിക്കുന്നത്, എന്നിലുള്ള പാപമാണ്. 18 എന്നിൽ, അതായത്, എന്റെ മനുഷ്യപ്രകൃതിയിൽ ഒരു നന്മയും വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു. നന്മ പ്രവർത്തിക്കാൻ എനിക്ക് ആഗ്രഹമുണ്ടെങ്കിലും, അതു പ്രവർത്തിക്കാൻ കഴിയുന്നില്ല. 19 ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന നന്മയല്ല, ആഗ്രഹിക്കാത്ത തിന്മയാണ് ചെയ്തുപോകുന്നത്.

  98. 22 കളവുപറയുന്ന അധരങ്ങൾ യഹോവ വെറുക്കുന്നു,

    എന്നാൽ സത്യസന്ധരിൽ അവിടന്നു സന്തുഷ്ടനാണ്.

  99. 34 യേശു സദൂക്യരെ ഉത്തരംമുട്ടിച്ചു എന്നു പരീശന്മാർ കേട്ടപ്പോൾ അവർ സംഘടിച്ചു; 35 അവരിൽ ഒരു നിയമജ്ഞൻ, യേശുവിനെ പരീക്ഷിച്ചുകൊണ്ട്, 36 “ഗുരോ, ന്യായപ്രമാണത്തിലെ ഏറ്റവും മഹത്തായ കൽപ്പന ഏതാണ്?” എന്നു ചോദിച്ചു.

    37 അതിന് യേശു, “ ‘നിന്റെ ദൈവമായ കർത്താവിനെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണമനസ്സാലും സ്നേഹിക്കണം.’ 38 ഇതാകുന്നു പ്രഥമവും ഏറ്റവും മഹത്തുമായ കൽപ്പന. 39 രണ്ടാമത്തെ കൽപ്പനയും അതിനുതുല്യം: ‘നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക.’ 40 സർവന്യായപ്രമാണവും പ്രവാചകന്മാരും ഈ രണ്ട് കൽപ്പനകളിൽ അധിഷ്ഠിതമായിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു.

  100. 2 ഭൂമിയിലുള്ളവയിലല്ല, ഉയരത്തിലുള്ളവയിൽത്തന്നെ മനസ്സ് കേന്ദ്രീകരിക്കുക.

  101. 3 തന്നിൽ ഈ പ്രത്യാശയുള്ളവരെല്ലാം അവിടന്നു വിശുദ്ധനായിരിക്കുന്നതുപോലെ, സ്വയം വിശുദ്ധീകരിക്കുന്നു.