101 Bible Verses About Lying and Deceit
Biblica® Open Malayalam Contemporary Version™ (OMCV)
-
5 ഞങ്ങൾ തിരുമൊഴി ശ്രവിച്ച് നിങ്ങളോട് അറിയിക്കുന്ന സന്ദേശം ഇതാണ്: ദൈവം പ്രകാശം ആകുന്നു; ദൈവത്തിൽ അന്ധകാരം അൽപ്പംപോലും ഇല്ല. 6 നമുക്ക് അവിടത്തോട് കൂട്ടായ്മ ഉണ്ടെന്നു പറയുകയും അന്ധകാരത്തിൽ ജീവിക്കുകയുംചെയ്യുന്നെങ്കിൽ നാം വ്യാജംപറയുകയാണ്; സത്യം അനുസരിച്ചു ജീവിക്കുന്നതുമില്ല. 7 അവിടന്നു പ്രകാശത്തിൽ ആയിരിക്കുന്നതുപോലെ നാമും പ്രകാശത്തിൽ ജീവിക്കുന്നെങ്കിൽ നമുക്ക് പരസ്പരം കൂട്ടായ്മയുണ്ട്; അവിടത്തെ പുത്രനായ യേശുവിന്റെ രക്തം സകലപാപത്തിൽനിന്നും നമ്മെ ശുദ്ധീകരിക്കുന്നു.
8 നമുക്കു പാപമില്ലെന്ന് നാം അവകാശപ്പെട്ടാൽ നമ്മെത്തന്നെ വഞ്ചിക്കുകയാണ്; സത്യം നമ്മിൽ വസിക്കുന്നതുമില്ല. 9 നാം നമ്മുടെ പാപങ്ങൾ ഏറ്റുപറയുന്നു എങ്കിൽ അവിടന്ന് നമ്മുടെ പാപങ്ങൾ ക്ഷമിച്ച് എല്ലാ അനീതിയിൽനിന്നും നമ്മെ ശുദ്ധീകരിക്കും; അവിടന്ന് വിശ്വസ്തനും നീതിമാനും ആണല്ലോ. 10 നാം പാപംചെയ്തിട്ടില്ലെന്ന് അവകാശപ്പെടുന്നു എങ്കിൽ നാം ദൈവത്തെ അസത്യവാദി ആക്കുന്നു, അവിടത്തെ വചനം നമ്മിൽ നിവസിക്കുന്നുമില്ല.
-
17 സത്യസന്ധതയുള്ള സാക്ഷി സത്യം പ്രസ്താവിക്കുന്നു,
എന്നാൽ കള്ളസാക്ഷി വ്യാജംപറയുന്നു.
18 വീണ്ടുവിചാരമില്ലാത്തവരുടെ വാക്കുകൾ വാളുകൾപോലെ തുളച്ചുകയറുന്നു,
എന്നാൽ ജ്ഞാനിയുടെ നാവു സൗഖ്യദായകമാകുന്നു.
19 സത്യസന്ധമായ നാവു സദാകാലത്തേക്കും നിലനിൽക്കുന്നു,
എന്നാൽ വ്യാജംപറയുന്ന അധരം നൈമിഷികമാണ്.
20 ദുഷ്ടത നെയ്തുകൂട്ടുന്നവരുടെ ഹൃദയത്തിൽ കുടിലത ആവസിക്കുന്നു,
എന്നാൽ സമാധാനം പ്രചരിപ്പിക്കുന്നവർക്ക് ആനന്ദമുണ്ട്.
21 നീതിനിഷ്ഠർക്കു യാതൊരുവിധ അനർഥവും സംഭവിക്കുകയില്ല,
എന്നാൽ ദുഷ്ടർ അനർഥംകൊണ്ടു നിറയും.
22 കളവുപറയുന്ന അധരങ്ങൾ യഹോവ വെറുക്കുന്നു,
എന്നാൽ സത്യസന്ധരിൽ അവിടന്നു സന്തുഷ്ടനാണ്.
-
9 പരസ്പരം വ്യാജം പറയരുത്; നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞിട്ട്, 10 തന്റെ സ്രഷ്ടാവിന്റെ പ്രതിരൂപത്തിൽ, പരിജ്ഞാനത്തിൽ നവീകരണം പ്രാപിച്ചുകൊണ്ടിരിക്കുന്ന നവമാനവനെയല്ലോ ധരിച്ചിരിക്കുന്നത്. 11 ഇതിൽ ഗ്രീക്കുകാരനെന്നോ യെഹൂദനെന്നോ പരിച്ഛേദനം ഏറ്റവനെന്നോ ഏൽക്കാത്തവനെന്നോ അപരിഷ്കൃതനെന്നോ സിഥിയനെന്നോ ദാസൻ എന്നോ സ്വതന്ത്രൻ എന്നോ വ്യത്യാസം ഇല്ല. എല്ലാം ക്രിസ്തുവത്രേ നാം എല്ലാവരിലും വസിക്കുന്നതും ക്രിസ്തുവത്രേ.
-
17 ആകയാൽ, തങ്ങളുടെ നിരർഥകബുദ്ധിക്ക് അനുസൃതമായി ജീവിക്കുന്ന യെഹൂദേതരരെപ്പോലെ ഇനിമേലാൽ ജീവിക്കരുതെന്ന് ഞാൻ നിങ്ങളോടു കർത്താവിന്റെ നാമത്തിൽ നിർബന്ധിക്കുകയാണ്. 18 അവരുടെ ഹൃദയം കഠിനമായിത്തീർന്നതിനാൽ സംജാതമായ അജ്ഞത, അവരുടെ ഗ്രഹണശക്തി ഇരുളടഞ്ഞതാക്കി, അവരെ ദൈവികജീവനിൽനിന്ന് അകറ്റിയിരിക്കുന്നു. 19 അവർ എല്ലാ സംവേദനക്ഷമതയും നഷ്ടപ്പെട്ട്, വിഷയാസക്തിക്ക് തങ്ങളെത്തന്നെ ഏൽപ്പിച്ച് എല്ലാത്തരം അശുദ്ധിയിലും അഭിരമിച്ച് അത്യാർത്തി പൂണ്ടവരായിരിക്കുന്നു.
20-21 യേശുവിലുള്ള സത്യമനുസരിച്ചു നിങ്ങൾക്ക് ഉപദേശം ലഭിക്കുകയും ക്രിസ്തുവിനെക്കുറിച്ച് നിങ്ങൾ കേൾക്കുകയും ചെയ്തതിനെത്തുടർന്ന് നിങ്ങൾ പരിശീലിച്ച ജീവിതശൈലി ഇങ്ങനെയുള്ളതല്ലല്ലോ. 22 നിങ്ങളുടെ മുൻകാല ജീവിതരീതി വഞ്ചനാപരമായ ആഗ്രഹങ്ങളാൽ മലിനനായിത്തീർന്ന പഴയ മനുഷ്യനെപ്പോലെ ആയിരുന്നു. അത് ഉരിഞ്ഞുകളഞ്ഞിട്ട് 23 നിങ്ങളുടെ ഉള്ളിൽ വസിക്കുന്ന ആത്മാവിനാൽ മനോഭാവങ്ങൾ നവീകരിക്കപ്പെട്ട്, 24 യഥാർഥ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതിയമനുഷ്യനെ ധരിക്കുക.
25 അതിനാൽ, വ്യാജം ഉപേക്ഷിച്ച് ഓരോരുത്തനും അവരവരുടെ അയൽക്കാരോട് സത്യം സംസാരിക്കണം; നാം ഒരേ ശരീരത്തിന്റെ അവയവങ്ങളാണല്ലോ. 26 “കോപിച്ചു, എന്നാലും പാപംചെയ്യരുത്;” നിങ്ങൾ കോപിച്ചിരിക്കെത്തന്നെ സൂര്യൻ അസ്തമിക്കാൻ ഇടനൽകരുത്; 27 പിശാചിന് അവസരം കൊടുക്കരുത്. 28 മോഷ്ടിക്കുന്നവൻ ഇനിമേൽ മോഷ്ടിക്കരുത്; ബുദ്ധിമുട്ടിലായിരിക്കുന്നവർക്കുകൂടെ പങ്കുവെക്കാൻ അവസരം ലഭിക്കേണ്ടതിന് സ്വന്തം കൈകൾകൊണ്ട് പ്രയോജനപ്രദമായി അധ്വാനിക്കുകയാണു വേണ്ടത്.
29 കേൾക്കുന്നവർക്കു പ്രയോജനം ലഭിക്കുന്ന, ആത്മികവർധനയ്ക്കു സഹായകമാകുന്ന നല്ല വാക്കുകളല്ലാതെ സഭ്യമല്ലാത്തതൊന്നും നിങ്ങളുടെ അധരങ്ങളിൽനിന്നു വരരുത്. 30 നിങ്ങൾക്കു ലഭിച്ച രക്ഷ വീണ്ടെടുപ്പുനാളിൽ പൂർത്തീകരിക്കപ്പെടും എന്നതിന്റെ ഉറപ്പായി നിങ്ങളിൽ ഇട്ടിരിക്കുന്ന മുദ്ര ദൈവത്തിന്റെ പരിശുദ്ധാത്മാവാണല്ലോ; ആ ആത്മാവിനെ നിങ്ങൾ ദുഃഖിപ്പിക്കരുത്. 31 എല്ലാ വിദ്വേഷം, കോപം, ക്രോധം, കലഹം, പരദൂഷണം ഇങ്ങനെയുള്ള എല്ലാ ദുർഗുണങ്ങളും നിങ്ങൾ ഉപേക്ഷിക്കുക. 32 പരസ്പരം ദയയും കരുണയും ഉള്ളവരായി, ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിക്കുക.
-
42 യേശു അവരോടു പറഞ്ഞത്: “ദൈവം നിങ്ങളുടെ പിതാവായിരുന്നെങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു, ഞാൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നിരിക്കുന്നു. ഞാൻ സ്വയമേവ വന്നതല്ല; അവിടന്ന് എന്നെ അയച്ചതാണ്. 43 എന്റെ വാക്കുകൾ നിങ്ങൾ മനസ്സിലാക്കാത്തത് എന്തുകൊണ്ടാണ്? ഞാൻ പറയുന്നതു ഗ്രഹിക്കാൻ നിങ്ങൾക്കു കഴിവില്ലാത്തതുകൊണ്ടാണ്. 44 നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കളാണ്. അവന്റെ ഇഷ്ടം നിറവേറ്റാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. അവൻ ആരംഭംമുതലേ കൊലപാതകിയായിരുന്നു. അവനിൽ സത്യം ഇല്ലാത്തതുകൊണ്ട് അവൻ സത്യത്തിന്റെ ഭാഗത്തു നിൽക്കുന്നില്ല. വ്യാജം പറയുമ്പോൾ അവൻ സ്വന്തം ഭാഷ സംസാരിക്കുന്നു. അവൻ വ്യാജം പറയുന്നവനും അതിന്റെ അപ്പനും ആകുന്നു. 45 ഞാൻ സത്യം പറയുന്നതുകൊണ്ടു നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല. 46 എന്നിൽ പാപമുണ്ടെന്നു തെളിയിക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ? ഞാൻ സത്യമാണു പറയുന്നതെങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തത് എന്ത്? 47 ദൈവത്തിൽനിന്നുള്ളവർ ദൈവത്തിന്റെ വാക്കു കേൾക്കുന്നു. നിങ്ങൾ ദൈവത്തിൽനിന്നുള്ളവർ അല്ലാത്തതുകൊണ്ടാണ് അവിടത്തെ വാക്കു കേൾക്കാത്തത്.”
-
1 എന്റെ കുഞ്ഞുമക്കളേ, നിങ്ങൾ പാപംചെയ്യാതിരിക്കാനാണ് ഞാൻ ഇവ നിങ്ങൾക്ക് എഴുതുന്നത്. ആരെങ്കിലും പാപംചെയ്താൽ നമുക്ക് പിതാവിന്റെ അടുക്കൽ ഒരു വക്കീൽ ഉണ്ട്—നീതിമാനായ യേശുക്രിസ്തുതന്നെ. 2 അവിടന്ന് നമ്മുടെ പാപനിവാരണയാഗമാണ്. നമ്മുടേതുമാത്രമല്ല, സർവലോകത്തിന്റെയും പാപങ്ങൾക്കുവേണ്ടിത്തന്നെ.
3 ദൈവത്തിന്റെ കൽപ്പനകൾ പാലിക്കുന്നപക്ഷം നാം അവിടത്തെ അറിയുന്നു എന്നത് നമുക്കു വ്യക്തമാണ്. 4 ഒരാൾ “അവിടത്തെ അറിയുന്നു,” എന്നു പറയുകയും അവിടത്തെ കൽപ്പനകൾ പാലിക്കാതിരിക്കുകയും ചെയ്താൽ അയാൾ കള്ളനാണ്; അയാളിൽ സത്യമില്ല. 5 എന്നാൽ ഒരാൾ ദൈവവചനം അനുസരിക്കുന്നെങ്കിൽ ദൈവത്തോടുള്ള സ്നേഹം വാസ്തവമായും അയാളിൽ പരിപൂർത്തിയിൽ എത്തിയിരിക്കുന്നു. നാം ദൈവത്തിൽ വസിക്കുന്നു എന്ന് ഇങ്ങനെ അറിയാം 6 അവിടത്തോടുകൂടെ വസിക്കുന്നു എന്ന് അവകാശപ്പെടുന്നയാൾ യേശു ജീവിച്ചതുപോലെ ജീവിക്കേണ്ടതുണ്ട്.
-
23 ദുഷ്ടമനസ്സുകളുടെ തീവ്രവികാരം മന്ത്രിക്കുന്ന ചുണ്ടുകൾ
മൺപാത്രങ്ങളുടെ പുറത്തു വെള്ളി പൂശിയിരിക്കുന്നതുപോലെയാണ്.
24 ശത്രുക്കൾ അവരുടെ അധരംകൊണ്ടു കപടവേഷം ധരിക്കുന്നു,
എന്നാൽ അവരുടെ ഹൃദയത്തിൽ വക്രത നിറച്ചുവെച്ചിരിക്കുന്നു.
25 അവരുടെ സംഭാഷണം അതിമനോഹരമായിരുന്നാലും അവരെ വിശ്വസിക്കരുത്,
ഏഴു ഹീനകൃത്യങ്ങൾകൊണ്ട് അവരുടെ ഹൃദയം നിറഞ്ഞിരിക്കുന്നു.
26 അവരുടെ ദുഷ്ടത വഞ്ചനാപരമായി മറച്ചുവെച്ചിരുന്നാലും,
അവരുടെ നീചകൃത്യങ്ങൾ പൊതുസഭയിൽ വെളിപ്പെട്ടുവരും.
27 ഒരാൾ കുഴിക്കുന്ന കുഴിയിൽ അയാൾതന്നെ വീഴും;
താൻ ഉരുട്ടിവിടുന്ന കല്ല് തന്റെ നേർക്കുതന്നെ തിരിഞ്ഞുരുണ്ടുവന്നു പതിക്കും.
28 വ്യാജംപറയുന്ന നാവ് അതിനിരയായവരെ വെറുക്കുന്നു,
മുഖസ്തുതി പറയുന്ന നാവ് നാശം വിതയ്ക്കുന്നു.
-
3 എന്റെ കണ്ണിനുമുന്നിൽ
ഒരു നീചകാര്യവും ഞാൻ വെക്കുകയില്ല.
വിശ്വാസഘാതകരുടെ പ്രവൃത്തികൾ ഞാൻ വെറുക്കുന്നു;
എനിക്ക് അവരുമായി യാതൊരു പങ്കുമില്ല.
4 വക്രഹൃദയം എന്നിൽനിന്ന് ഏറെ അകലെയാണ്;
തിന്മപ്രവൃത്തികളുമായി എനിക്കു യാതൊരു ബന്ധവുമില്ല.
5 തന്റെ അയൽവാസിക്കെതിരേ രഹസ്യമായി ഏഷണി പറയുന്നവരെ
ഞാൻ നശിപ്പിക്കും;
അഹന്തനിറഞ്ഞ കണ്ണും നിഗളമുള്ള ഹൃദയവും ഉള്ളവരെ
ഞാൻ സഹിക്കുകയില്ല.
6 ദേശത്തിലെ വിശ്വസ്തർ എന്നോടൊപ്പം വസിക്കേണ്ടതിന്
എന്റെ ദൃഷ്ടി അവരുടെമേൽ വെച്ചിരിക്കും;
നിഷ്കളങ്കരായി ജീവിക്കുന്നവർ
എനിക്കു ശുശ്രൂഷചെയ്യും.
7 വഞ്ചന പ്രവർത്തിക്കുന്നവരാരും
എന്റെ ഭവനത്തിൽ വസിക്കുകയില്ല;
വ്യാജം പറയുന്നവരാരും
എന്റെ സന്നിധിയിൽ ഉറച്ചുനിൽക്കുകയില്ല.
8 ദേശത്തിലെ സകലദുഷ്ടരെയും
ഓരോ പ്രഭാതത്തിലും ഞാൻ കണ്ടെത്തി നശിപ്പിക്കും;
അധർമികളായ എല്ലാവരെയും ഞാൻ
യഹോവയുടെ നഗരത്തിൽനിന്ന് ഛേദിച്ചുകളയും.
-
12 വഷളത്തവും ദുഷ്ടതയും പ്രവർത്തിക്കുന്നവർ,
അധരങ്ങളിൽ വക്രതയുമായി ചുറ്റിനടക്കുന്നു,
13 അവർ കണ്ണിറുക്കിക്കാട്ടുന്നു,
കാലുകൾകൊണ്ട് ആംഗ്യം കാട്ടുകയും
വിരലുകൾ ചലിപ്പിക്കുകയും ചെയ്യുന്നു,
14 അവർ വഞ്ചനനിറഞ്ഞ ഹൃദയംകൊണ്ട് കുടിലതന്ത്രങ്ങൾ ആവിഷ്കരിക്കുന്നു—
അവർ സദാ കലഹം ഇളക്കിവിടുന്നു.
15 അങ്ങനെ ക്ഷണനേരംകൊണ്ട് അവർ ദുരന്തത്തിന് ഇരയാകുന്നു;
പരിഹാരമില്ലാതെ അവർ ക്ഷണത്തിൽ തകർക്കപ്പെടുന്നു.
16 യഹോവ വെറുക്കുന്ന ആറു വസ്തുതകളുണ്ട്,
ഏഴെണ്ണം അവിടത്തേക്ക് അറപ്പാകുന്നു:
17 അഹന്തനിറഞ്ഞ കണ്ണ്,
വ്യാജംപറയുന്ന നാവ്,
നിരപരാധിയുടെ രക്തം ചൊരിയുന്ന കൈകൾ,
18 ദുരുപായം മെനയുന്ന ഹൃദയം,
അകൃത്യത്തിലേക്ക് ദ്രുതഗതിയിൽ പായുന്ന കാലുകൾ,
19 നുണമാത്രം പറഞ്ഞുകൂട്ടുന്ന കള്ളസാക്ഷി,
സഹോദരങ്ങൾക്കിടയിൽ ഭിന്നത വളർത്തുന്ന മനുഷ്യനുംതന്നെ.
20 എന്റെ കുഞ്ഞേ, നിന്റെ പിതാവിന്റെ കൽപ്പനകൾ പ്രമാണിക്കുക
നിന്റെ മാതാവിന്റെ ഉപദേശം ഉപേക്ഷിക്കുകയും ചെയ്യരുത്.
-
1 യഹോവയായ ദൈവം സൃഷ്ടിച്ച സകലവന്യജീവികളിലുംവെച്ച് പാമ്പ് സൂത്രശാലിയായിരുന്നു. “തോട്ടത്തിലെ ഏതെങ്കിലും വൃക്ഷത്തിന്റെ ഫലം നിങ്ങൾ കഴിക്കരുത് എന്നു ദൈവം വാസ്തവമായി കൽപ്പിച്ചിട്ടുണ്ടോ?” എന്നു പാമ്പു സ്ത്രീയോടു ചോദിച്ചു.
2 “തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു ഭക്ഷിക്കാം. 3 എന്നാൽ ‘തോട്ടത്തിന്റെ മധ്യത്തിലുള്ള വൃക്ഷത്തിന്റെ ഫലം നിങ്ങൾ കഴിക്കരുത്, അതു തൊടുകപോലുമരുത്; അങ്ങനെചെയ്താൽ നിങ്ങൾ മരിക്കും’ എന്നു ദൈവം കൽപ്പിച്ചിട്ടുണ്ട്,” സ്ത്രീ ഉത്തരം പറഞ്ഞു.
4 “നിങ്ങൾ മരിക്കുകയില്ല, നിശ്ചയം! 5 അതു കഴിക്കുന്ന നാളിൽ നിങ്ങളുടെ കണ്ണുകൾ തുറന്ന് നിങ്ങൾ നന്മതിന്മകൾ അറിയുന്നവരായി, ദൈവത്തെപ്പോലെയാകും, എന്നു ദൈവം അറിയുന്നു,” പാമ്പ് സ്ത്രീയോട് പറഞ്ഞു.
-
10 കാരണം, വായാടികളും വഞ്ചകരുമായ അനേകംപേർ ഉണ്ട്. അവർ നിയന്ത്രണവിധേയരല്ല. പ്രത്യേകിച്ച് പരിച്ഛേദനം ആവശ്യമെന്നു വാദിക്കുന്നവരാണിവർ. 11 ഇവരെ നിശ്ശബ്ദരാക്കണം. കാരണം, അവർ അരുതാത്തത് ഉപദേശിച്ച് കുടുംബങ്ങളെ മുഴുവൻ തകിടംമറിച്ച് ലാഭേച്ഛയ്ക്കായി നടക്കുന്നവരാണ്. 12 “ക്രേത്തർ നുണയരും മൃഗീയരും അലസരും അമിതഭക്ഷണപ്രിയരുമാണെന്ന്,” അവരിൽ ഒരാൾ—അവരുടെതന്നെ ഒരു പ്രവാചകൻ—പറഞ്ഞിരിക്കുന്നു. 13 ഈ സാക്ഷ്യം ശരിയാണ്. അവരെ ശക്തമായി ശാസിക്കുക. അവർ വിശ്വാസത്തിൽ സ്ഥിരപ്പെടേണ്ടതിനും, 14 യെഹൂദ ഐതിഹ്യങ്ങൾക്കും സത്യത്തിൽനിന്ന് അകറ്റുന്നവരുടെ കൽപ്പനകൾക്കും ചെവികൊടുക്കാതിരിക്കേണ്ടതിനും ആണിത്. 15 ശുദ്ധിയുള്ളവർക്ക് എല്ലാം ശുദ്ധമാണ്. എന്നാൽ, അശുദ്ധർക്കും അവിശ്വാസികൾക്കും ഒന്നും ശുദ്ധമല്ല. അവരുടെ മനസ്സും മനസ്സാക്ഷിയും അശുദ്ധമാണ്. 16 അവർ ദൈവത്തെ അറിയുന്നെന്ന് വാദിക്കുന്നെങ്കിലും പ്രവൃത്തികളാൽ അവിടത്തെ നിഷേധിക്കുന്നു. അവർ മ്ലേച്ഛരും അനുസരണയില്ലാത്തവരും യാതൊരു സൽപ്രവൃത്തിക്കും കൊള്ളരുതാത്തവരുമാണ്.
-
16 അയൽവാസിക്കു വിരോധമായി കള്ളസാക്ഷി പറയരുത്.
-
8 അപ്പോൾ ആ വിനാശപുത്രൻ പ്രത്യക്ഷപ്പെടും; അയാളെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ നിഷ്കാസനംചെയ്ത് അവിടത്തെ പ്രത്യക്ഷതയുടെ തേജസ്സിൽ ഉന്മൂലനംചെയ്യും. 9 വിനാശപുത്രന്റെ വരവ് സാത്താന്റെ പ്രവർത്തനരീതിക്കു സമാനമായിട്ട്, എല്ലാത്തരം ശക്തി പ്രകടനങ്ങളോടും വ്യാജമായ ചിഹ്നങ്ങളോടും അത്ഭുതപ്രവൃത്തികളോടും കൂടിയുമായിരിക്കും. 10 തങ്ങളെ രക്ഷിക്കുന്ന സത്യത്തെ സ്നേഹിച്ചു സ്വീകരിക്കാതെ നാശത്തിലേക്കു പോകുന്നവരുടെമേൽ എല്ലാ തരത്തിലുമുള്ള ദുഷ്ടതനിറഞ്ഞ വഞ്ചനയും അയാൾ പ്രയോഗിക്കും. 11 ഈ വ്യാജം വിശ്വസിക്കേണ്ടതിനുവേണ്ടി ദൈവം അവർക്ക് ശക്തമായ ഒരു മതിവിഭ്രമം നൽകും. 12 അങ്ങനെ, സത്യത്തിൽ വിശ്വസിക്കാതെ ദുഷ്ടതയിൽ അഭിരമിച്ചതിനാൽ അവർ ശിക്ഷിക്കപ്പെടും.
-
9 ഹൃദയം എല്ലാറ്റിനെക്കാളും കാപട്യമുള്ളതും
സൗഖ്യമാക്കാൻ കഴിയാത്തതുമാണ്.
ആർക്കാണ് അതിനെ ഗ്രഹിക്കാൻ കഴിയുക?
10 “ഓരോരുത്തർക്കും അവരവരുടെ പെരുമാറ്റത്തിനും
അവരുടെ പ്രവൃത്തികൾക്കും അനുസരിച്ചു പ്രതിഫലം നൽകുന്നതിന്
യഹോവയായ ഞാൻ ഹൃദയത്തെ പരിശോധിക്കുകയും
മനസ്സിനെ പരീക്ഷിക്കുകയും ചെയ്യുന്നു.”
-
7 വിജയിക്കുന്നവർ ഇവയ്ക്കെല്ലാം അവകാശിയാകും. ഞാൻ അവർക്ക് ദൈവവും അവർ എനിക്കു പുത്രരും ആയിരിക്കും. 8 എന്നാൽ ഭീരുക്കൾ, വിശ്വാസത്യാഗികൾ, നികൃഷ്ടർ, കൊലപാതകികൾ, വ്യഭിചാരികൾ, ദുർമന്ത്രവാദികൾ, വിഗ്രഹാരാധകർ, വ്യാജംപറയുന്നവർ, ഇങ്ങനെയുള്ളവരെല്ലാം രണ്ടാമത്തെ മരണമായ ഗന്ധകം കത്തിയെരിയുന്ന തീപ്പൊയ്കയ്ക്കാണ് അവകാശികളാകുന്നത്.”
-
4 അവിടന്ന് അധർമത്തിൽ പ്രസാദിക്കുന്ന ദൈവമല്ലല്ലോ;
തിന്മ പ്രവർത്തിക്കുന്നവർ അവിടത്തോടൊപ്പം വസിക്കുകയില്ല.
5 അവിടത്തെ സന്നിധിയിൽ
ധിക്കാരികൾ നിൽക്കുകയില്ല.
അധർമം പ്രവർത്തിക്കുന്നവരെ അവിടന്നു വെറുക്കുന്നു;
6 വ്യാജം പറയുന്നവരെ അവിടന്നു നശിപ്പിക്കുന്നു.
രക്തദാഹികളെയും വഞ്ചകരെയും
യഹോവയ്ക്ക് അറപ്പാകുന്നു.
-
1 എന്നാൽ അന്ത്യകാലത്ത് വഴിതെറ്റിക്കുന്ന ആത്മാക്കളെയും പൈശാചിക ഉപദേശങ്ങളെയും പിൻതുടർന്ന് ചിലർ വിശ്വാസത്തിൽനിന്ന് വ്യതിചലിക്കുമെന്നു ദൈവാത്മാവ് വ്യക്തമായി പറയുന്നു. 2 ഇത്തരം ഉപദേശങ്ങൾ അസത്യവാദികളുടെ കാപട്യത്തിൽനിന്നാണ് ഉത്ഭവിക്കുന്നത്. അവരുടെ മനസ്സാക്ഷി പൊള്ളിക്കപ്പെട്ടതുപോലെ വികാരശൂന്യമായിരിക്കുന്നു. 3 അവർ വിവാഹം നിരോധിക്കുകയും ചില സവിശേഷ ഭക്ഷണപദാർഥങ്ങൾ ഉപയോഗിക്കുന്നത് വിലക്കുകയുംചെയ്യുന്നു. ഇവ, സത്യം മനസ്സിലാക്കിയ വിശ്വാസികൾ സ്തോത്രത്തോടെ ആസ്വദിക്കാനായി ദൈവം സൃഷ്ടിച്ചവയാണ്.
-
11 “ ‘മോഷ്ടിക്കരുത്.
“ ‘കള്ളം പറയരുത്.
“ ‘പരസ്പരം വഞ്ചിക്കരുത്.
12 “ ‘എന്റെ നാമത്തിൽ കള്ളസത്യം ചെയ്തു നിങ്ങളുടെ ദൈവത്തിന്റെ നാമം നിന്ദിക്കരുത്. ഞാൻ യഹോവ ആകുന്നു.
-
1 അയ്യോ! എന്റെ ജനത്തിന്റെ നിഹതന്മാർനിമിത്തം
രാവും പകലും കരയേണ്ടതിന്,
എന്റെ തല ഒരു നീരുറവയും
എന്റെ കണ്ണുകൾ കണ്ണുനീരിന്റെ ജലധാരയും ആയിരുന്നെങ്കിൽ!
2 അയ്യോ! ഞാൻ എന്റെ ജനത്തെ വിട്ടകന്ന്
അവരുടെ അടുക്കൽനിന്ന് അകലെ പോകുന്നതിന്,
എനിക്ക് മരുഭൂമിയിൽ
വഴിയാത്രക്കാരുടെ ഒരു സത്രം ഉണ്ടായിരുന്നെങ്കിൽ!
അവരെല്ലാം വ്യഭിചാരികളും
വഞ്ചകരായ ഒരു സമൂഹവും ആണല്ലോ.
3 “അവർ തങ്ങളുടെ നാവുകൾ
വ്യാജം പറയുന്നതിനു വില്ലുപോലെ കുലയ്ക്കുന്നു;
സത്യം നിമിത്തമല്ല
അവർ ഭൂമിയിൽ വിജയിക്കുന്നത്.
അവർ ഒരു പാപത്തിൽനിന്നു മറ്റൊന്നിലേക്കു മുന്നേറുന്നു;
അവർ എന്നെ അറിയുന്നില്ല,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
4 “നിങ്ങളുടെ സ്നേഹിതരെ സൂക്ഷിച്ചുകൊള്ളുക;
സഹോദരങ്ങളിൽ ആരെയും നിങ്ങൾ വിശ്വസിക്കരുത്.
കാരണം അവർ ഓരോരുത്തരും വഞ്ചകരും
ഓരോ സ്നേഹിതരും അപവാദം പരത്തുന്നവരുംതന്നെ.
5 ഓരോരുത്തനും തന്റെ അയൽവാസിയെ വഞ്ചിക്കും,
ആരും സത്യം പറയുകയുമില്ല.
വ്യാജം പറയാൻ അവർ തങ്ങളുടെ നാവുകളെ ശീലിപ്പിച്ചിരിക്കുന്നു;
പാപംചെയ്തുകൊണ്ട് അവർ തങ്ങളെത്തന്നെ ക്ഷീണിപ്പിക്കുന്നു.
6 നിന്റെ വാസം വഞ്ചനയുടെ മധ്യത്തിലാണ്,
അവരുടെ വഞ്ചനയിൽ അവർ എന്നെ അംഗീകരിക്കാൻ വിസമ്മതിക്കുന്നു,”
എന്ന് യഹോവയുടെ അരുളപ്പാട്.
7 അതിനാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഇതാ, ഞാൻ അവരെ സ്ഫുടംചെയ്തു പരിശോധിക്കും,
എന്റെ ജനത്തിന്റെ പാപംനിമിത്തം
മറ്റെന്തു ചെയ്യാൻ എനിക്കു കഴിയും?
8 അവരുടെ നാവ് മാരകമായ ഒരു അമ്പാണ്;
അതു വഞ്ചന സംസാരിക്കുന്നു.
അവർ തങ്ങളുടെ അയൽവാസിയോട് വാകൊണ്ട് സൗഹൃദത്തോടെ സംസാരിക്കുന്നു,
എന്നാൽ ഹൃദയത്തിൽ അവർക്കായി കെണിയൊരുക്കുന്നു.
9 ഈ കാര്യംനിമിത്തം ഞാൻ അവരെ ശിക്ഷിക്കാതിരിക്കുമോ?”
യഹോവ അരുളിച്ചെയ്യുന്നു.
“ഇതുപോലെയുള്ള ഒരു ജനതയോട്
ഞാൻ പകരം ചെയ്യാതിരിക്കുമോ?”
-
19 എന്റെ പ്രിയസഹോദരങ്ങളേ, എല്ലാ മനുഷ്യരും കേൾക്കാൻ വേഗവും സംസാരിക്കാൻ സാവധാനതയും കോപിക്കാൻ താമസവും ഉള്ളവരായിരിക്കണമെന്നു നിങ്ങൾ അറിയുക. 20 മനുഷ്യന്റെ കോപം ദൈവം ആഗ്രഹിക്കുന്ന നീതി നിറവേറ്റാൻ ഉതകുന്നതല്ല. 21 ആകയാൽ സകല അശുദ്ധിയും തിന്മയുടെ പ്രചുരതയും ഉപേക്ഷിച്ച്, നിങ്ങളിൽ നട്ടതും നിങ്ങളുടെ ജീവൻ രക്ഷിക്കാൻ ശക്തിയുള്ളതുമായ വചനം വിനയത്തോടെ സ്വീകരിക്കുക.
22 വചനം കേൾക്കുകമാത്രംചെയ്ത് നിങ്ങളെത്തന്നെ വഞ്ചിക്കാതെ അത് അനുവർത്തിക്കുന്നവരും ആയിരിക്കുക. 23 വചനം കേൾക്കുന്നവരെങ്കിലും അതിനനുസൃതമായി പ്രവർത്തിക്കുന്നില്ലെങ്കിൽ അവർ സ്വന്തം മുഖം കണ്ണാടിയിൽ നോക്കുന്ന മനുഷ്യർക്ക് തുല്യരാകുന്നു. 24 ഇവർ സ്വന്തം മുഖം കണ്ണാടിയിൽ കണ്ടിരുന്നെങ്കിലും മാറിപ്പോയ ഉടനെതന്നെ തങ്ങളുടെ രൂപം എന്തായിരുന്നു എന്നു മറന്നുപോകുന്നു. 25 എന്നാൽ, സ്വാതന്ത്ര്യമേകുന്ന സമ്പൂർണന്യായപ്രമാണം നന്നായി പഠിച്ച്, അതിന് അനുസൃതമായി നിങ്ങൾ അതിൽ നിലനിന്നാൽ കേൾക്കുന്നതു മറക്കുന്നവരാകാതെ, കേട്ടതു ചെയ്യുന്നവരായി ദൈവത്താൽ അനുഗൃഹീതരായിത്തീരും.
26 ഒരാൾ സ്വയം ഭക്തിയുള്ളയാൾ എന്നു വിചാരിക്കുകയും സ്വന്തം നാവിനെ കടിഞ്ഞാണിട്ടു നിയന്ത്രിക്കാതെ തന്നെത്തന്നെ വഞ്ചിക്കുകയും ചെയ്യുന്നുവെങ്കിൽ അയാളുടെ ഭക്തി നിരർഥകമാണ്. 27 അനാഥരെയും വിധവകളെയും അവരുടെ കഷ്ടതകളിൽ സഹായിക്കുന്നതും അതേസമയം ലോകത്തിന്റെ മാലിന്യം പുരളാതെ സ്വയം സൂക്ഷിക്കുന്നതുമാണ്, പിതാവായ ദൈവത്തിന്റെ ദൃഷ്ടിയിൽ വിശുദ്ധവും നിർമലവുമായ ഭക്തി.
-
12 ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പീഡകൾ ഉണ്ടാകും, 13 എന്നാൽ, ദുഷ്ടമനുഷ്യരും ആൾമാറാട്ടക്കാരും മറ്റുള്ളവരെ വഞ്ചിച്ചും മറ്റുള്ളവരാൽ വഞ്ചിക്കപ്പെട്ടും തിന്മയിലേക്ക് കൂപ്പുകുത്തും. 14 എന്നാൽ, നീ പഠിച്ചകാര്യങ്ങളിൽ വിശ്വസ്തനായി തുടരുക; അവ സത്യമാണെന്ന് നിനക്കറിയാം. കാരണം നിന്നെ ഉപദേശിച്ചവർ വിശ്വാസയോഗ്യരാണ്. 15 ക്രിസ്തുയേശുവിൽ വിശ്വസിക്കുന്നതിലൂടെ രക്ഷനേടുന്നതിന് ജ്ഞാനിയാക്കാൻ പര്യാപ്തമായ വിശുദ്ധലിഖിതങ്ങൾ നീ ബാല്യംമുതലേ അറിഞ്ഞിരിക്കുന്നല്ലോ. 16 എല്ലാ തിരുവെഴുത്തും ദൈവനിശ്വസിതമാണ്; അത് ഉപദേശിക്കാനും ശാസിക്കാനും തെറ്റ് തിരുത്താനും നീതിയുക്തമായ ജീവിതം അഭ്യസിപ്പിക്കാനും പ്രയോജനപ്രദമാണ്. 17 അങ്ങനെ ദൈവമനുഷ്യൻ നൈപുണ്യമുള്ളവനായി സകലസൽപ്രവൃത്തികൾക്കും സുസജ്ജനായിത്തീരുന്നു.
-
3 യഹോവയുടെ പർവതത്തിൽ ആരാണ് കയറിച്ചെല്ലുക?
അവിടത്തെ വിശുദ്ധസ്ഥാനത്ത് ആരാണ് നിൽക്കുക?
4 വെടിപ്പുള്ള കൈകളും നിർമലഹൃദയവുമുള്ളവർ,
വിഗ്രഹത്തിൽ ആശ്രയിക്കാതെയും
വ്യാജശപഥം ചെയ്യാതെയുമിരിക്കുന്നവർതന്നെ.
5 അവർ യഹോവയിൽനിന്നുള്ള അനുഗ്രഹം ആസ്വദിക്കുകയും
അവരുടെ രക്ഷകനായ ദൈവത്തിൽനിന്നു കുറ്റവിമുക്തി പ്രാപിക്കുകയും ചെയ്യും.
-
1 അനന്യാസ് എന്നു പേരുള്ള ഒരാളും അയാളുടെ ഭാര്യ സഫീരയും ചേർന്ന് ഒരു സ്ഥലം വിറ്റു. 2 കിട്ടിയ വിലയിൽ കുറെ സ്വന്തം ആവശ്യത്തിനായി മാറ്റിവെച്ചിട്ട് ബാക്കിയുള്ളതു ഭാര്യയുടെ അറിവോടുകൂടെ കൊണ്ടുവന്ന് അയാൾ അപ്പൊസ്തലന്മാരുടെ പാദത്തിൽ സമർപ്പിച്ചു.
3 അപ്പോൾ പത്രോസ്, “അനന്യാസേ, പരിശുദ്ധാത്മാവിനോടു കാപട്യം കാണിക്കാനും സ്ഥലത്തിന്റെ വിലയിൽ കുറെ മാറ്റിവെക്കാനും സാത്താൻ നിന്റെ ഹൃദയത്തെ നിയന്ത്രിക്കാൻ നീ അനുവദിച്ചതെന്തിന്? 4 ആ സ്ഥലം വിൽക്കുന്നതിനുമുമ്പ് നിന്റേതായിരുന്നില്ലേ? വിറ്റതിനുശേഷവും അതിന്റെ വില നിന്റെ കൈവശംതന്നെ ആയിരുന്നില്ലേ? പിന്നെ ഈ പ്രവൃത്തിചെയ്യാൻ നിനക്കു മനസ്സുവന്നതെങ്ങനെ? നീ മനുഷ്യരോടല്ല, ദൈവത്തോടാണ് കാപട്യം കാണിച്ചത്?” എന്നു പറഞ്ഞു.
5 ഈ വാക്കുകൾ കേട്ടമാത്രയിൽ അനന്യാസ് നിലത്തുവീണു മരിച്ചു; ഇക്കാര്യം അറിഞ്ഞവരെല്ലാം ഭയവിഹ്വലരായി. 6 പിന്നീട്, യുവാക്കൾ എഴുന്നേറ്റുചെന്ന് അയാളുടെ ശരീരം തുണിയിൽ പൊതിഞ്ഞു പുറത്തേക്കു ചുമന്നുകൊണ്ടുപോയി സംസ്കരിച്ചു.
7 ഏകദേശം മൂന്നുമണിക്കൂർ കഴിഞ്ഞപ്പോൾ അനന്യാസിന്റെ ഭാര്യ ഈ സംഭവിച്ചതൊന്നും അറിയാതെ അകത്തുവന്നു. 8 പത്രോസ് അവളോട് ചോദിച്ചു, “പറയൂ! ഈ വിലയ്ക്കാണോ നിങ്ങൾ നിലം വിറ്റത്?”
“അതേ, ഇത്രയ്ക്കുതന്നെയാണ്,” അവൾ പറഞ്ഞു.
9 അപ്പോൾ പത്രോസ് അവളോട്, “കർത്താവിന്റെ ആത്മാവിനെ പരീക്ഷിക്കാൻ നിങ്ങൾ ധാരണയുണ്ടാക്കിയതെന്തിന്? നിന്റെ ഭർത്താവിനെ സംസ്കരിച്ചവർ ഇതാ വാതിൽക്കൽത്തന്നെ നിൽക്കുന്നുണ്ട്, അവർ നിന്നെയും പുറത്തേക്കു ചുമന്നുകൊണ്ടുപോകും” എന്നു പറഞ്ഞു.
10 ഉടനെ അവൾ പത്രോസിന്റെ പാദത്തിങ്കൽ വീണുമരിച്ചു. അപ്പോൾ യുവാക്കൾ അകത്തുവന്ന്, അവൾ മരിച്ചെന്നുകണ്ട് പുറത്തേക്കു ചുമന്നുകൊണ്ടുപോയി അവളുടെ ഭർത്താവിന്റെ അരികെ സംസ്കരിച്ചു. 11 സഭമുഴുവനും ഈ സംഭവം കേട്ടറിഞ്ഞ എല്ലാവരും സംഭീതരായി.
-
10 “ജീവനെ സ്നേഹിക്കുകയും
ശുഭദിനങ്ങൾ കാംക്ഷിക്കുകയുംചെയ്യുന്നവർ
അവരുടെ നാവിനെ തിന്മയിൽനിന്നും
അവരുടെ അധരങ്ങളെ കപടഭാഷണത്തിൽനിന്നും സൂക്ഷിക്കുക.
11 തിന്മയിൽനിന്ന് പിന്തിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യുക;
സമാധാനം അന്വേഷിച്ച് അതിനെ പിൻതുടരുക.
12 കർത്താവിന്റെ ദൃഷ്ടി നീതിനിഷ്ഠരുടെമേൽ ആകുന്നു
അവിടത്തെ കാതുകൾ അവരുടെ പ്രാർഥന ശ്രദ്ധിക്കുന്നു,
എന്നാൽ കർത്താവിന്റെ മുഖം തിന്മ പ്രവർത്തിക്കുന്നവർക്ക് എതിരാകുന്നു.”
-
ആരോഹണഗീതം.
1 എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിക്കുന്നു,
അവിടന്ന് എനിക്ക് ഉത്തരമരുളുന്നു.
2 യഹോവേ, വ്യാജംപറയുന്ന അധരങ്ങളിൽനിന്നും
വഞ്ചനയുരുവിടുന്ന നാവിൽനിന്നും
എന്നെ രക്ഷിക്കണമേ.
3 വ്യാജമുള്ള നാവേ,
ദൈവം നിന്നോട് എന്താണു ചെയ്യാൻപോകുന്നത്?
ഇതിലധികം എന്തുവേണം?
4 യോദ്ധാവിന്റെ മൂർച്ചയേറിയ അസ്ത്രത്താലും
കട്ടിയേറിയ മരത്തിന്റെ കത്തുന്ന കനലിനാലും അവിടന്നു നിന്നെ ശിക്ഷിക്കും.
-
20 അദ്ദേഹം തുടർന്നു: “മനുഷ്യന്റെ ഹൃദയത്തിൽനിന്ന് പുറപ്പെടുന്നവയാണ് അയാളെ അശുദ്ധമാക്കുന്നത്. 21 വഷളവിചാരങ്ങൾ, വ്യഭിചാരം, മോഷണം, കൊലപാതകം, പരസംഗം, 22 അത്യാഗ്രഹം, ദുഷ്പ്രവൃത്തികൾ, വഞ്ചന, ലൈംഗികാധർമം, ഈർഷ്യ, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ ഉള്ളിൽനിന്ന്, മനുഷ്യന്റെ ഹൃദയത്തിൽനിന്നു വരുന്നു. 23 ഈ തിന്മകളെല്ലാം ഉള്ളിൽനിന്നു വന്ന് മനുഷ്യനെ അശുദ്ധമാക്കുന്നു.”
-
12 സഹോദരങ്ങളേ, സൂക്ഷിക്കുക, ജീവനുള്ള ദൈവത്തെ പരിത്യജിക്കാൻ കാരണമായിത്തീരുന്ന വിശ്വാസമില്ലാത്ത ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകരുത്. 13 പാപത്താൽ വഞ്ചിതരായി നിങ്ങളിൽ ആരും ഹൃദയകാഠിന്യമുള്ളവർ ആകാതിരിക്കാൻ, “ഇന്ന്” എന്നു പറയാൻ കഴിയുന്നതുവരെ, അനുദിനം പരസ്പരം പ്രബോധിപ്പിക്കുക.
-
14 “നഗരകവാടങ്ങളിലൂടെ പ്രവേശിക്കാനും ജീവവൃക്ഷഫലം ആസ്വദിക്കാനുള്ള അധികാരം ലഭിക്കാനും യോഗ്യത നേടേണ്ടതിന് ശുദ്ധീകരിക്കപ്പെട്ട വസ്ത്രങ്ങൾ ഉള്ളവർ അനുഗൃഹീതർ. 15 എന്നാൽ, നായ്ക്കളായ ദുർമന്ത്രവാദികൾ, അസാന്മാർഗികൾ, കൊലയാളികൾ, വിഗ്രഹാരാധകർ, വ്യാജം ഇഷ്ടപ്പെടുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ ഇങ്ങനെയുള്ളവരുടെ സ്ഥാനം നഗരത്തിനു പുറത്തുതന്നെ.
-
ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം. ഏദോമ്യനായ ദോയേഗ് ചെന്നു ശൗലിനോട്: “ദാവീദ് അഹീമെലെക്കിന്റെ വീട്ടിൽ വന്നിരുന്നു” എന്നറിയിച്ചപ്പോൾ ചമച്ചതു.
1 സമർഥനായ യോദ്ധാവേ, നീ നിന്റെ അധർമത്തിൽ അഹങ്കരിക്കുന്നതെന്തിന്?
ദൈവദൃഷ്ടിയിൽ നിന്ദിതനായിത്തീർന്ന നീ,
ദിവസംമുഴുവനും അഹങ്കരിക്കുന്നതെന്തേ?
2 വഞ്ചന വിതയ്ക്കുന്നവരേ,
നിന്റെ നാവ് നാശം ആസൂത്രണംചെയ്യുന്നു;
അതു മൂർച്ചയേറിയ ക്ഷൗരക്കത്തിപോലെയാണ്.
3 നീ നന്മയെക്കാൾ തിന്മ ഇഷ്ടപ്പെടുന്നു
സത്യം സംസാരിക്കുന്നതിനെക്കാൾ നിനക്കിഷ്ടം വ്യാജമാണ്. സേലാ.
4 വഞ്ചനനിറഞ്ഞ നാവേ,
നാശകരമായ എല്ലാ വാക്കുകളും നിനക്കിഷ്ടമാണ്!
5 ദൈവം നിന്നെ നിത്യനാശത്തിലേക്കു വലിച്ചിഴയ്ക്കും, നിശ്ചയം:
അവിടന്ന് നിന്നെ നിന്റെ കൂടാരത്തിൽനിന്നു പറിച്ചെടുത്ത് ചീന്തിക്കളയും;
ജീവനുള്ളവരുടെ ദേശത്തുനിന്ന് അവിടന്ന് നിന്നെ വേരോടെ പിഴുതെറിയും. സേലാ.
-
17 സഹോദരങ്ങളേ, ഞാൻ നിങ്ങളോട് അപേക്ഷിക്കട്ടെ: നിങ്ങൾ പഠിച്ച ഉപദേശസത്യങ്ങൾക്ക് എതിരായുള്ളവ ഉപദേശിച്ച് ഭിന്നതയും വിശ്വാസജീവിതത്തിനു തടസ്സവും സൃഷ്ടിക്കുന്നവരെ സൂക്ഷിക്കുക. അവരുമായുള്ള ബന്ധം ഒഴിവാക്കുക. 18 അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനല്ല, സ്വന്തം താത്പര്യങ്ങൾക്കുവേണ്ടി ശുശ്രൂഷ ചെയ്യുന്നവരാണ്. മധുരഭാഷണത്തിലൂടെയും മുഖസ്തുതിയിലൂടെയും നിഷ്കളങ്കരായവരുടെ ഹൃദയങ്ങളെ അവർ വശീകരിച്ചു വഞ്ചിക്കുന്നു. 19 നിങ്ങളുടെ അനുസരണശീലത്തെക്കുറിച്ച് എല്ലാവരും അറിയുന്നതുകൊണ്ട് ഞാൻ ആനന്ദിക്കുന്നു; എങ്കിലും, നിങ്ങൾ നല്ലതിനെക്കുറിച്ചു ജ്ഞാനമുള്ളവരും തിന്മയായുള്ളതിനെക്കുറിച്ചു നിഷ്കളങ്കരും ആയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
20 സമാധാനത്തിന്റെ ഉറവിടമായ ദൈവം വളരെവേഗം സാത്താനെ നിങ്ങളുടെ കാൽക്കീഴിൽ തകർക്കും.
കർത്താവായ യേശുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
-
2 “എനിക്കു നീതി നിഷേധിച്ച്
എന്റെ ജീവിതം ദുഃഖപൂർണമാക്കിയ സർവശക്തനായ ജീവനുള്ള ദൈവത്താണ,
3 എന്നിൽ ജീവനുള്ള കാലത്തോളം,
എന്റെ നാസികയിൽ ദൈവത്തിന്റെ ശ്വാസം നിലനിൽക്കുന്നതുവരെയും,
4 എന്റെ അധരങ്ങൾ നീതികേടു സംസാരിക്കുകയില്ല;
എന്റെ നാവു വഞ്ചന ഉച്ചരിക്കയുമില്ല.
5 നിങ്ങളുടെ ഭാഗം ശരിയെന്നു ഞാൻ ഒരിക്കലും അംഗീകരിക്കുകയില്ല;
മരിക്കുന്നതുവരെ എന്റെ പരമാർഥത ഞാൻ ത്യജിക്കുകയില്ല.
-
1 അതുകൊണ്ട് സകലവിദ്വേഷവും സകലവഞ്ചനയും കപടഭാവവും അസൂയയും എല്ലാവിധ അപവാദപ്രചാരണങ്ങളും ഉപേക്ഷിക്കുക.
-
7 അവരുടെ വായിൽ ശാപവും വ്യാജവും ഭീഷണിയും നിറഞ്ഞിരിക്കുന്നു;
അവരുടെ നാവിൻകീഴിൽ ഉപദ്രവവും ദുഷ്ടതയും കുടിപാർക്കുന്നു.
-
5 സത്യസന്ധതയുള്ള സാക്ഷി വ്യാജം പറയുകയില്ല,
എന്നാൽ കള്ളസാക്ഷി നുണകൾ പറഞ്ഞുഫലിപ്പിക്കുന്നു.
-
25 സത്യസന്ധതയുള്ള സാക്ഷി ജീവിതങ്ങളെ രക്ഷിക്കുന്നു,
എന്നാൽ കള്ളസാക്ഷിയോ വഞ്ചകരാകുന്നു.
-
17 വഞ്ചിച്ചു നേടിയ ആഹാരം സ്വാദുള്ളത്,
എന്നാൽ അവസാനം അവരുടെ വായിൽ അതു ചരലായിത്തീരും.
-
22 നിന്റെ ഭാരം യഹോവയുടെമേൽ സമർപ്പിക്കുക
അവിടന്നു നിന്നെ പുലർത്തും;
നീതിനിഷ്ഠർ നിപതിക്കാൻ
അവിടന്ന് ഒരിക്കലും അനുവദിക്കുകയില്ല.
23 എന്നാൽ ദൈവമേ, അവിടന്ന് ദുഷ്ടരെ
നാശത്തിന്റെ കുഴിയിലേക്കു തള്ളിയിടും;
രക്തദാഹികളും വഞ്ചകരും
അവരുടെ ആയുസ്സിന്റെ പകുതിപോലും കാണുകയില്ല.
എന്നാൽ ഞാൻ അങ്ങയിൽ ആശ്രയിക്കും.
സംഗീതസംവിധായകന്. “ദൂരസ്ഥന്മാരുടെ ഇടയിൽ, മിണ്ടാത്ത പ്രാവ് എന്ന രാഗത്തിൽ.”
-
5 നീതിനിഷ്ഠരുടെ പദ്ധതികൾ ന്യായയുക്തം,
എന്നാൽ ദുഷ്ടരുടെ ആലോചന വഞ്ചനാപരം.
-
27 കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേരെഴുതപ്പെട്ടവരല്ലാതെ അശുദ്ധിയും മ്ലേച്ഛതയും വ്യാജവും പ്രവർത്തിക്കുന്ന ആർക്കും അതിൽ ഒരിക്കലും പ്രവേശനം ലഭിക്കുകയില്ല.
-
20 അപ്പോൾ യഹോവ, ‘ആഹാബ് ഗിലെയാദിലെ രാമോത്തിൽച്ചെന്ന്, യുദ്ധത്തിൽ വധിക്കപ്പെടുംവിധം അതിനെ ആക്രമിക്കുന്നതിലേക്ക് ആര് അവനെ പ്രലോഭിപ്പിക്കും?’ എന്നു ചോദിച്ചു.
“ചിലർ ഇത്തരത്തിലും മറ്റുചിലർ മറ്റൊരുതരത്തിലും തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചു. 21 എന്നാൽ, അവസാനം ഒരാത്മാവ് മുൻപോട്ടുവന്നു യഹോവയുടെമുമ്പിൽ നിന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു: ‘ഞാൻ അവനെ പ്രലോഭിപ്പിക്കും.’
22 “ ‘ഏതുവിധം?’ എന്ന് യഹോവ ചോദിച്ചു.
“ ‘ഞാൻ പുറപ്പെട്ട് അയാളുടെ സകലപ്രവാചകന്മാരുടെയും അധരങ്ങളിൽ വ്യാജത്തിന്റെ ആത്മാവായി പ്രവർത്തിക്കും,’ എന്ന് ആ ആത്മാവ് മറുപടി നൽകി.”
അപ്പോൾ യഹോവ: “ ‘അവനെ വശീകരിക്കുന്നതിൽ നീ വിജയിക്കും; നീ പോയി അപ്രകാരം ചെയ്യുക!’ എന്നു കൽപ്പിച്ചു.
23 “അങ്ങനെ, യഹോവ ഇപ്പോൾ നിന്റെ ഈ പ്രവാചകന്മാരുടെയെല്ലാം അധരങ്ങളിൽ വ്യാജത്തിന്റെ ആത്മാവിനെ അയച്ചിരിക്കുന്നു. യഹോവ നിനക്കു നാശം നിർണയിച്ചിരിക്കുന്നു.”
-
9 കള്ളസാക്ഷി ശിക്ഷിക്കപ്പെടാതിരിക്കുകയില്ല,
വ്യാജം പറഞ്ഞുഫലിപ്പിക്കുന്നവർ നശിച്ചുപോകും.
-
13 അവർ അതിക്രമം ചെയ്യുകയില്ല;
അവർ വ്യാജം പറയുകയുമില്ല.
അവരുടെ നാവുകളിൽ
വഞ്ചനയും ഉണ്ടായിരിക്കുകയില്ല.
അവർ ഭക്ഷിച്ചു കിടന്നുറങ്ങും
ആരും അവരെ ഭയപ്പെടുത്തുകയില്ല.”
-
6 അർഥശൂന്യമായ വാക്കുകളാൽ ആരും നിങ്ങളെ വഞ്ചിക്കരുത്. ഇവയാലാണ് അനുസരണമില്ലാത്തവർ ദൈവക്രോധത്തിനു പാത്രമായിത്തീരുന്നത്. 7 അതുകൊണ്ട് നിങ്ങൾ അവരുടെ സഹകാരികളാകരുത്.
-
1 എന്റെ ദൈവമേ, എനിക്കു ന്യായംപാലിച്ചുതരണമേ,
ഭക്തിഹീനരായ ഒരു ജനതയ്ക്കെതിരേ
എനിക്കുവേണ്ടി അവിടന്നു വാദിക്കണമേ.
വഞ്ചകരും ദുഷ്ടരുമായവരിൽനിന്ന്
എന്നെ മോചിപ്പിക്കണമേ.
-
23 അന്ന് നിങ്ങളോട് ആരെങ്കിലും, ‘ക്രിസ്തു ഇതാ ഇവിടെ’ എന്നോ ‘ക്രിസ്തു അതാ അവിടെ’ എന്നോ പറഞ്ഞാൽ അതു വിശ്വസിക്കരുത്. 24 കാരണം, വ്യാജക്രിസ്തുക്കളും വ്യാജപ്രവാചകരും വന്നു വലിയ ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ച് മനുഷ്യരെ വഞ്ചിക്കും; സാധ്യമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും! 25 നോക്കൂ, ഞാൻ ഇത് മുൻകൂട്ടിത്തന്നെ നിങ്ങളോടു പറഞ്ഞിരിക്കുന്നു.
26 “അതുകൊണ്ട് ആരെങ്കിലും നിങ്ങളോട്, ‘ക്രിസ്തു അതാ അവിടെ വിജനസ്ഥലത്ത്’ എന്നു പറഞ്ഞാൽ നിങ്ങൾ അവിടേക്കു പോകരുത്; ‘അദ്ദേഹം ഇതാ ഇവിടെ മുറിക്കുള്ളിൽ’ എന്നു പറഞ്ഞാൽ വിശ്വസിക്കരുത്. 27 കിഴക്കുണ്ടാകുന്ന മിന്നൽപ്പിണർ പടിഞ്ഞാറുവരെ ദൃശ്യമാകുന്നു; അതുപോലെ ആയിരിക്കും മനുഷ്യപുത്രന്റെ പുനരാഗമനം. 28 കഴുകന്മാർ കൂട്ടംകൂടുന്നത് ശവത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതുപോലെ, ഇക്കാര്യങ്ങൾ സംഭവിക്കുന്നത് മനുഷ്യപുത്രന്റെ വരവിന്റെ ലക്ഷണമായിരിക്കും.
-
10 “നീതിനിഷ്ഠർ ആരുമില്ല, ഒരാൾപോലും ഇല്ല.
11 ഗ്രഹിക്കുന്നവർ ആരുമില്ല,
ദൈവത്തെ അന്വേഷിക്കുന്നവരുമില്ല.
12 എല്ലാവരും വഴിതെറ്റി
ഒന്നടങ്കം കൊള്ളരുതാത്തവരായിത്തീർന്നിരിക്കുന്നു;
നന്മചെയ്യുന്നവർ ആരുമില്ല,
ഒരൊറ്റവ്യക്തിപോലുമില്ല.”
13 “അവരുടെ തൊണ്ട തുറന്ന ശവക്കുഴി;
അവർ നാവുകൊണ്ട് വഞ്ചിക്കുന്നു;”
“അവരുടെ അധരങ്ങളിൽ അണലിവിഷമുണ്ട്.”
-
22 “അവിടന്ന് ഒരു പാപവും ചെയ്തിട്ടില്ല,
അവിടത്തെ നാവിൽ ഒരു വഞ്ചനയും ഉണ്ടായിരുന്നില്ല.”
-
10 ദുഷ്ടഗൃഹമേ, നിങ്ങളുടെ അവിഹിതനിക്ഷേപങ്ങളെ ഞാൻ മറക്കുമോ?
അഭിശപ്തമായ നിങ്ങളുടെ കള്ള അളവുകളെ ഞാൻ മറന്നുകളയുമോ?
11 കള്ളത്തുലാസും കള്ളപ്പടിയും ഉള്ള മനുഷ്യനെ
ഞാൻ കുറ്റവിമുക്തനാക്കുമോ?
12 പട്ടണത്തിലെ ധനികർ അക്രമികൾ
അതിലെ ജനം വ്യാജംപറയുന്നവർ
അവരുടെ നാവുകൾ വഞ്ചന സംസാരിക്കുന്നു.
13 അതുകൊണ്ട് ഞാൻ നിന്നെ നശിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു,
നിന്റെ പാപങ്ങൾനിമിത്തം ഞാൻ നിന്നെ ശൂന്യമാക്കും.
-
11-12 ക്രിസ്തുവിന്റെ ശരീരത്തെ പണിതുയർത്തുന്ന ശുശ്രൂഷയ്ക്കായി വിശുദ്ധരെ സജ്ജരാക്കുന്നതിനുവേണ്ടി, അവിടന്നുതന്നെ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയോഗിച്ചിരിക്കുന്നു. 13 ഇങ്ങനെ നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലും പക്വതയുള്ളവരായി ഐക്യത്തിലെത്തിച്ചേർന്ന്, ക്രിസ്തുവിന്റെ പരിപൂർണതയുടെ സമ്പൂർണ അളവ് സാക്ഷാത്കരിക്കുന്നതുവരെ വളരുകതന്നെ ചെയ്യും.
14 തൽഫലമായി, നാം ഇനിമേൽ, മനുഷ്യരുടെ വഞ്ചനാത്മകമായ ഗൂഢാലോചനകളുടെ കൗശലങ്ങളിലും തന്ത്രങ്ങളിലും കുടുങ്ങി അവരുടെ ദുരുപദേശങ്ങളുടെ കാറ്റിൽ ആടിയുലയുകയും ഓളങ്ങളിൽ ചാഞ്ചാടുകയുംചെയ്യുന്ന ശിശുക്കളല്ല; 15 മറിച്ച്, സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ട് എല്ലാക്കാര്യങ്ങളിലും ക്രിസ്തു എന്ന ശിരസ്സുവരെ വളരുന്നവരാകും. 16 അങ്ങനെ ഓരോ അവയവവും അതതിന്റെ ധർമം നിർവഹിച്ചുകൊണ്ട്, സകലസന്ധിബന്ധങ്ങളും സംയോജിതമായി, സ്നേഹത്തിൽ മുഴുവൻ ശരീരവും സ്വയം പടുത്തുയർത്തപ്പെട്ട് ക്രിസ്തുവിനാൽ വളർച്ച പ്രാപിക്കുന്നു.
-
22 ഗേഹസി മറുപടി പറഞ്ഞു: “എല്ലാം ശുഭമായിരിക്കുന്നു. ഇതു പറയുന്നതിനായി എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നു: ‘എഫ്രയീം മലനാട്ടിൽനിന്ന് രണ്ടു പ്രവാചകശിഷ്യന്മാർ ഇപ്പോൾ എന്റെ അടുക്കൽ വന്നിരിക്കുന്നു. അവർക്കുവേണ്ടി ഒരു താലന്തു വെള്ളിയും രണ്ടുകൂട്ടം വസ്ത്രങ്ങളും ദയവായി കൊടുത്താലും!’ ”
23 “തീർച്ചയായും, രണ്ടുതാലന്തു സ്വീകരിച്ചാലും!” എന്നു നയമാൻ പറഞ്ഞു. അത്രയും സ്വീകരിക്കാനായി നയമാൻ ഗേഹസിയെ നിർബന്ധിച്ചു. അദ്ദേഹം രണ്ടുകൂട്ടം വസ്ത്രങ്ങൾ സഹിതം ആ രണ്ടുതാലന്തു വെള്ളി രണ്ടു സഞ്ചിയിലാക്കിക്കെട്ടി. തന്റെ രണ്ടു ഭൃത്യന്മാരുടെ കൈവശം ഏൽപ്പിച്ചു. അവർ അത് ഗേഹസിക്കു മുമ്പായി ചുമന്നുകൊണ്ടുപോയി. 24 മലയിൽ എത്തിയപ്പോൾ ഗേഹസി ആ സാധനങ്ങൾ അവരിൽനിന്നു വാങ്ങി വീട്ടിൽ സൂക്ഷിച്ചുവെച്ചശേഷം ഭൃത്യന്മാരെ തിരിച്ചയച്ചു; അവർ പോകുകയും ചെയ്തു.
25 പിന്നെ ഗേഹസി അകത്തുചെന്ന് തന്റെ യജമാനന്റെ മുമ്പിൽനിന്നു. “ഗേഹസിയേ! നീ എവിടെപ്പോയിരുന്നു?” എലീശാ ചോദിച്ചു.
“അടിയൻ എങ്ങും പോയിരുന്നില്ല,” ഗേഹസി മറുപടി പറഞ്ഞു.
26 എലീശാ അയാളോട്: “ആ മനുഷ്യൻ തന്റെ രഥത്തിൽനിന്നിറങ്ങി നിന്നെ കണ്ടുമുട്ടുമ്പോൾ എന്റെ ആത്മാവ് നിന്നോടുകൂടെ ഉണ്ടായിരുന്നില്ലേ? പണം സമ്പാദിക്കുന്നതിനോ വസ്ത്രം, ഒലിവുതോട്ടം, മുന്തിരിത്തോപ്പ്, ആടുമാടുകൾ, ദാസീദാസന്മാർ എന്നിവ നേടുന്നതിനോ ഉള്ള സമയം ഇതാണോ? 27 അതിനാൽ നയമാന്റെ കുഷ്ഠം നിനക്കും നിന്റെ സന്തതിപരമ്പരയ്ക്കും വിട്ടൊഴിയാതെ എന്നേക്കും പിടിച്ചിരിക്കും” എന്നു പറഞ്ഞു. ഗേഹസി ഹിമംപോലെ വെളുത്തു കുഷ്ഠരോഗിയായിത്തീർന്നു. അയാൾ എലീശയുടെ സന്നിധി വിട്ടുപോയി.
-
28 മതിയായ കാരണമില്ലാതെ നിന്റെ അയൽവാസിക്കെതിരേ മൊഴിനൽകരുത്—
നിന്റെ അധരങ്ങൾകൊണ്ട് അവരെ വഞ്ചിക്കരുത്.
-
28 ഇങ്ങനെ ദൈവത്തെ അംഗീകരിക്കുന്നതു ശ്രേഷ്ഠമായി കരുതാതിരുന്നപ്പോൾ, അയോഗ്യമായതു പ്രവർത്തിക്കുന്ന അധമബുദ്ധിക്കു ദൈവം അവരെ വിട്ടുകളഞ്ഞു. 29 അവർ എല്ലാവിധ അനീതിയും ദോഷവും അത്യാഗ്രഹവും തിന്മയും നിറഞ്ഞവരാണ്. അവരുടെ ജീവിതം അസൂയ, കൊലപാതകം, ശണ്ഠ, വഞ്ചന, ദുഷ്ടത എന്നിവ നിറഞ്ഞതാണ്. വൃഥാഭാഷികളും 30 പരദൂഷകരും ദൈവദ്വേഷികളും ധിക്കാരികളും ഗർവിഷ്ഠരും പൊങ്ങച്ചക്കാരുമാണ് അവർ. തിന്മയുടെ പുതിയ വഴികൾ അവർ കണ്ടുപിടിക്കുന്നു. അവർ മാതാപിതാക്കളെ അനുസരിക്കാത്തവരും 31 അവിവേകികളും വിശ്വാസവഞ്ചകരും മനുഷ്യത്വമില്ലാത്തവരും ദയ ഇല്ലാത്തവരും ആണ്. 32 ഇങ്ങനെയുള്ളവർ മരണയോഗ്യരാണ് എന്ന ദൈവകൽപ്പന അറിഞ്ഞിട്ടും അവർ ഇക്കാര്യങ്ങൾതന്നെ തുടർന്നു പ്രവർത്തിക്കുന്നു; അതുമാത്രമോ, അങ്ങനെചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുകയുംചെയ്യുന്നു.
-
3 അവരുടെ വായിൽനിന്നുള്ള വാക്കുകൾ ദുഷ്ടതയും വഞ്ചനയും ഉള്ളതാകുന്നു;
വിവേകത്തോടെ നന്മപ്രവർത്തിക്കുന്നതിൽനിന്നും അവർ പിൻവാങ്ങുന്നു.
-
6 വ്യാജനാവുകൊണ്ട് കെട്ടിപ്പൊക്കിയ സൗഭാഗ്യങ്ങളെല്ലാം
ക്ഷണികമായ നീരാവിയും മരണക്കെണിയുമാണ്.
-
1 നിങ്ങൾക്കും ലവൊദിക്യയിലുള്ളവർക്കും എന്നെ അഭിമുഖമായി കണ്ടിട്ടില്ലാത്ത എല്ലാവർക്കുംവേണ്ടി ഞാൻ എത്രയധികം പോരാടുന്നുണ്ടെന്ന് നിങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. 2 സർവ ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും നിധികൾ മറഞ്ഞിരിക്കുന്ന ദൈവരഹസ്യമായ ക്രിസ്തുവിനെക്കുറിച്ച് അവർക്ക് അറിയാൻ കഴിയേണ്ടതിന് പരിജ്ഞാനത്തിന്റെ പരിപൂർണനിശ്ചയം സമൃദ്ധമായി ലഭിക്കാൻ, അവർ ഹൃദയത്തിൽ ഉത്സാഹമുള്ളവരും സ്നേഹത്തിൽ ഏകീഭവിച്ചവരും ആകണം എന്നാണ് ഞാൻ അഭിലഷിക്കുന്നത്. 3 കാരണം, എല്ലാ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ക്രിസ്തുവിൽ മറഞ്ഞിരിക്കുന്നു. 4 പ്രലോഭനവാക്കുകളാൽ ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാനാണ് ഞാൻ ഇതു പറയുന്നത്. 5 ശാരീരികമായി അകലെയാണെങ്കിലും മനസ്സുകൊണ്ട് ഞാൻ നിങ്ങളോടൊപ്പമുണ്ട്. ഇപ്രകാരം നിങ്ങളുടെ ചിട്ടയായ ജീവിതവും ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ സ്ഥിരതയും കണ്ട് ഞാൻ ആനന്ദിക്കുന്നു.
6 ക്രിസ്തുയേശുവിനെ നിങ്ങൾ കർത്താവായി സ്വീകരിച്ചിരിക്കുന്നതിനാൽ അവിടത്തോടുള്ള കൂട്ടായ്മയിൽ ജീവിക്കുക. 7 ക്രിസ്തുവിൽ നിങ്ങളുടെ വേരുകൾ ആഴത്തിൽ ഇറങ്ങിച്ചെല്ലട്ടെ; ക്രിസ്തുവെന്ന അടിസ്ഥാനത്തിന്മേലായിരിക്കട്ടെ നിങ്ങളുടെ ജീവിതം പണിതുയർത്തുന്നത്. നിങ്ങളെ ഉപദേശിച്ചിട്ടുള്ളതുപോലെ വിശ്വാസത്തിൽ ഉറച്ചുകൊണ്ട് നിങ്ങളിൽ സ്തോത്രം നിറഞ്ഞുകവിയട്ടെ.
8 തത്ത്വജ്ഞാനവും അർഥശൂന്യവും വഞ്ചന നിറഞ്ഞതുമായ മാനുഷികപാരമ്പര്യങ്ങളുംകൊണ്ട് ആരും നിങ്ങളെ അടിമപ്പെടുത്താതിരിക്കാൻ സൂക്ഷിക്കുക. അവ ക്രിസ്തുവിനല്ല അനുരൂപമായിരിക്കുന്നത്, മറിച്ച് ലോകത്തിന്റെ ആദ്യപാഠങ്ങൾക്കാണ്.
9 ക്രിസ്തുവിലല്ലയോ സർവദൈവികസത്തയും ഒരു മനുഷ്യശരീരമായി വസിക്കുന്നത്; 10 എല്ലാ ഭരണത്തിനും അധികാരത്തിനും ശിരസ്സായ ക്രിസ്തുവിൽ നിങ്ങൾ പൂർണത പ്രാപിക്കുകയുംചെയ്തിരിക്കുന്നു. 11 നിങ്ങൾ ക്രിസ്തുവിനെ സ്വീകരിച്ചപ്പോൾ നിങ്ങളുടെ ജന്മനാലുള്ള പാപസ്വഭാവത്തെ നീക്കംചെയ്യുന്ന ഒരു ആത്മികപരിച്ഛേദനം നിങ്ങൾക്കു ലഭിച്ചിരിക്കുന്നു. ഇത് ഒരു ശാരീരികപ്രക്രിയ അല്ല. 12 നിങ്ങൾ ക്രിസ്തുവിനോടുകൂടെ സംസ്കരിക്കപ്പെടുകയും ക്രിസ്തുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച ദൈവത്തിന്റെ ശക്തിയിലുള്ള വിശ്വാസത്താൽ, ക്രിസ്തുവിനോടൊപ്പം ഉയിർപ്പിക്കപ്പെടുകയും ചെയ്തു എന്നതാണ് സ്നാനത്താൽ പ്രകടമാക്കുന്നത്.
13 അതിക്രമങ്ങളിലും പരിച്ഛേദനം ഏൽക്കാത്ത പാപപ്രകൃതിയിലും മരിച്ചവരായിരുന്ന നിങ്ങളെ ദൈവം ക്രിസ്തുവിനോടുകൂടെ ജീവനുള്ളവരാക്കി. അതിക്രമങ്ങളെല്ലാം നമ്മോടു ക്ഷമിച്ചു; 14 അനുഷ്ഠാനങ്ങളുടെ ലംഘനത്താൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന ലിഖിതങ്ങളെ അവിടന്ന് മായിച്ചുകളയുകയും ക്രൂശിൽ തറച്ചു നമ്മുടെ മധ്യത്തിൽനിന്ന് നീക്കിക്കളയുകയും ചെയ്തു. 15 അവിടന്ന് ഭരണങ്ങളെയും അധികാരങ്ങളെയും നിരായുധരാക്കി ക്രൂശിൽ അവയുടെമേൽ ജയോത്സവം കൊണ്ടാടി; അവയെ പരസ്യമായ പ്രദർശനമാക്കി.
-
11 എന്റെ മക്കളേ, വരിക, ഞാൻ പറയുന്നത് ശ്രദ്ധിക്കുക;
യഹോവാഭക്തി ഞാൻ നിങ്ങൾക്ക് ഉപദേശിച്ചുതരാം.
12 ജീവനെ സ്നേഹിക്കുകയും
സന്തുഷ്ടിനിറഞ്ഞ ദീർഘായുസ്സ് ആഗ്രഹിക്കുകയുംചെയ്യുന്നവർ
13 നിങ്ങളുടെ നാവിനെ തിന്മയിൽനിന്നും
നിങ്ങളുടെ അധരങ്ങളെ വ്യാജഭാഷണത്തിൽനിന്നും സൂക്ഷിക്കുക.
14 തിന്മയിൽനിന്ന് പിന്തിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യുക;
സമാധാനം അന്വേഷിച്ച് അതിനെ പിൻതുടരുക.
15 യഹോവയുടെ ദൃഷ്ടി നീതിനിഷ്ഠരുടെമേൽ ആകുന്നു
അവിടത്തെ കാതുകൾ അവരുടെ നിലവിളി ശ്രദ്ധിക്കുന്നു;
-
3 ദുഷ്ടർ അവരുടെ ജന്മദിനംമുതൽതന്നെ വഴിപിഴച്ചുപോകുന്നു;
ജനനംമുതൽതന്നെ വ്യാജംപറഞ്ഞ് അപഥസഞ്ചാരികളുമായിരിക്കുന്നു.
-
1 രക്ഷിക്കാൻ കഴിയാത്തവിധം യഹോവയുടെ കരം കുറുകിപ്പോയിട്ടില്ല, നിശ്ചയം,
കേൾക്കാൻ കഴിയാത്തവിധം അവിടത്തെ ചെവി മന്ദമായിട്ടുമില്ല.
2 എന്നാൽ നിങ്ങളുടെ അനീതികളാണ്
നിങ്ങളെയും നിങ്ങളുടെ ദൈവത്തെയുംതമ്മിൽ അകറ്റിയിട്ടുള്ളത്;
നിങ്ങളുടെ പാപങ്ങളാണ് അവിടന്നു കേൾക്കാത്തവിധം
അവിടത്തെ മുഖം നിങ്ങൾക്കു മറച്ചുകളഞ്ഞത്.
3 നിങ്ങളുടെ കൈ രക്തത്താലും
നിങ്ങളുടെ വിരലുകൾ അകൃത്യത്താലും മലിനമായിരിക്കുന്നു.
നിങ്ങളുടെ അധരങ്ങൾ വ്യാജം സംസാരിച്ചു,
നിങ്ങളുടെ നാവ് വക്രത ഉച്ചരിക്കുന്നു.
4 ന്യായത്തിനുവേണ്ടി ആരും ശബ്ദമുയർത്തുന്നില്ല;
സത്യസന്ധതയോടെ ആരും വാദിക്കുന്നതുമില്ല.
അവർ വ്യാജത്തിൽ ആശ്രയിച്ച്, അസത്യം സംസാരിക്കുന്നു;
അവർ ദ്രോഹത്തെ ഗർഭംധരിച്ച് അനീതിയെ പ്രസവിക്കുന്നു.
-
14 അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “പ്രവാചകന്മാർ എന്റെ നാമത്തിൽ വ്യാജം പ്രവചിക്കുന്നു. ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കൽപ്പിച്ചിട്ടില്ല, അവരോടു സംസാരിച്ചിട്ടുമില്ല. അവർ നിങ്ങളോടു വ്യാജദർശനവും ദേവപ്രശ്നവും പൊള്ളവാക്കുകളും സ്വന്തഹൃദയത്തിൽനിന്നുള്ള വഞ്ചനയുമാണ് പ്രവചിക്കുന്നത്.
-
1 എന്റെ വാക്കുകൾ ഭോഷത്തമായി നിങ്ങൾക്കു തോന്നുന്നെങ്കിൽ അൽപ്പംകൂടി സഹിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു; ഇപ്പോൾത്തന്നെ നിങ്ങൾ സഹിക്കുന്നുണ്ടല്ലോ. 2 ദൈവം നിങ്ങളെക്കുറിച്ച് അത്യന്തം ജാഗരൂകനായിരിക്കുന്നതുപോലെതന്നെ, ഞാനും നിങ്ങളെക്കുറിച്ച് ജാഗരൂകനായിരിക്കുന്നു. കാരണം, നിങ്ങളെ നിർമലകന്യകയായി ക്രിസ്തു എന്ന ഏകപുരുഷനു ഏൽപ്പിച്ചുകൊടുക്കാൻ ഞാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. 3 എന്നാൽ, പിശാച് ഹവ്വായെ തന്ത്രപൂർവം കബളിപ്പിച്ചതുപോലെ നിങ്ങളുടെയും ഹൃദയത്തെ ക്രിസ്തുവിനോടുള്ള പാതിവ്രത്യത്തിൽനിന്നും നിർമലതയിൽനിന്നും തെറ്റിച്ചുകളയുമോ എന്നു ഞാൻ ഭയപ്പെടുന്നു. 4 ആരെങ്കിലും നിങ്ങളുടെ അടുക്കൽവന്ന് ഞങ്ങൾ പ്രസംഗിച്ചതിൽനിന്ന് വ്യത്യസ്തനായ മറ്റൊരു യേശുവിനെ പ്രസംഗിച്ചാലും, നിങ്ങൾ സ്വീകരിച്ചതിൽനിന്ന് വ്യത്യസ്തമായ ഒരാത്മാവിനെയോ ഒരുസുവിശേഷത്തെയോ നൽകിയാലും നിങ്ങൾ ഇവയെല്ലാം ഒരു വിവേചനവുംകൂടാതെ അംഗീകരിക്കുന്നല്ലോ!
5 ഞാൻ “അതിശ്രേഷ്ഠരായ” ഇതര അപ്പൊസ്തലന്മാരെക്കാൾ ഒരു കാര്യത്തിലും കുറവുള്ളവനാണെന്ന് കരുതുന്നില്ല.
-
18 അങ്ങനെ അവൻ അപ്പന്റെ അടുക്കൽച്ചെന്ന്, “അപ്പാ” എന്നു വിളിച്ചു.
അദ്ദേഹം “മോനേ” എന്നു വിളികേട്ടിട്ട്, “അതാരാകുന്നു?” എന്നു ചോദിച്ചു.
19 യാക്കോബ് തന്റെ അപ്പനോട്, “ഞാൻ അങ്ങയുടെ ആദ്യജാതനായ ഏശാവാണ്. എന്നോടു പറഞ്ഞതുപോലെ ഞാൻ ചെയ്തിരിക്കുന്നു. എഴുന്നേറ്റിരുന്ന് ഞാൻ കൊണ്ടുവന്ന വേട്ടയിറച്ചിയിൽനിന്ന് ഭക്ഷിച്ച് എന്നെ അനുഗ്രഹിക്കുക.” എന്നു പറഞ്ഞു.
-
35 അവർ ദ്രോഹത്തെ ഗർഭംധരിച്ച് അനീതിയെ പ്രസവിക്കുന്നു;
അവരുടെ ഉദരം വഞ്ചന രൂപപ്പെടുത്തുന്നു.”
-
27 പക്ഷികൾ കൂടുകളിൽ നിറഞ്ഞിരിക്കുന്നതുപോലെ,
അവരുടെ വീടുകളിൽ വഞ്ചന നിറഞ്ഞിരിക്കുന്നു;
അവർ ധനികരും ശക്തരും ആയിരിക്കുന്നു,
28 അവർ തടിച്ചുകൊഴുത്തിരിക്കുന്നു.
അവരുടെ ദുഷ്കർമങ്ങൾക്കു യാതൊരു പരിധിയുമില്ല;
അവർ ന്യായം അന്വേഷിക്കുന്നില്ല.
അവർ അനാഥർക്കുവേണ്ടി വ്യവഹരിക്കുന്നില്ല;
അവർ ദരിദ്രരുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്നതുമില്ല.
-
20 അവർ സമാധാനപരമായി സംസാരിക്കുന്നില്ല,
ദേശത്തു ശാന്തമായി ജീവിക്കുന്നവർക്കെതിരേ
അവർ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു.
-
8 വിവേകിയുടെ ജ്ഞാനം അവരുടെ വഴികളിലേക്കുള്ള ആലോചന നൽകുന്നു,
എന്നാൽ ഭോഷരുടെ മടയത്തരം അവരെ വഞ്ചിക്കുന്നു.
-
4 ദുഷ്ടർ കുടിലഭാഷണങ്ങൾക്കു ചെവികൊടുക്കുന്നു;
കള്ളം പറയുന്നവർ നാശഹേതുകമായ അധരങ്ങൾ ശ്രദ്ധിക്കുന്നു.
-
7 യേശുക്രിസ്തു മനുഷ്യശരീരത്തിൽ വന്നു എന്ന് അംഗീകരിക്കാത്ത അനേകം വഞ്ചകന്മാർ ലോകത്തിൽ വ്യാപിച്ചിരിക്കുന്നതിനാലാണ് ഞാൻ ഇതു പറയുന്നത്. ഇപ്രകാരമുള്ളവൻ വഞ്ചകനും എതിർക്രിസ്തുവും ആകുന്നു.
-
2 യഹോവ, പാപം കണക്കാക്കാതെയും
ആത്മാവിൽ കപടമില്ലാതെയും ഇരിക്കുന്ന മനുഷ്യർ,
അനുഗൃഹീതർ.
-
3 ഒരു മനുഷ്യനെ നിങ്ങൾ എത്രകാലം ആക്രമിക്കും?
ചാഞ്ഞ മതിലും പൊളിഞ്ഞ വേലിയുംപോലെ
നിങ്ങളെല്ലാവരും എന്നെ നിലത്തെറിഞ്ഞുകളയുമോ?
4 ഉന്നതസ്ഥാനത്തുനിന്ന്
എന്നെ തള്ളിയിടുകയാണ് അവരുടെ ലക്ഷ്യം,
അവർ വ്യാജം സംസാരിക്കുന്നതിൽ ആമോദിക്കുന്നു.
അധരംകൊണ്ട് അവർ അനുഗ്രഹിക്കുന്നു,
എന്നാൽ അന്തരംഗത്തിൽ അവർ ശാപംചൊരിയുന്നു. സേലാ.
-
18 വ്യാജ അധരങ്ങൾകൊണ്ട് വിദ്വേഷം മറച്ചുവെക്കുകയും
പരദൂഷണം പ്രചരിപ്പിക്കുകയും ചെയ്യുന്നവർ ഭോഷരാണ്.
19 വാക്കുകളുടെ ബഹുലതകൊണ്ട് പാപം ഇല്ലാതാകുന്നില്ല,
എന്നാൽ വിവേകി തന്റെ നാവിനെ അടക്കിനിർത്തുന്നു.
-
18 ദുഷ്ടർ വഞ്ചനയോടെ കൂലിവാങ്ങുന്നു,
എന്നാൽ നീതി വിതയ്ക്കുന്നവർ നിലനിൽക്കുന്ന പ്രതിഫലം വാങ്ങുന്നു.
-
5 കള്ളസാക്ഷി ശിക്ഷിക്കപ്പെടാതിരിക്കുകയില്ല,
വ്യാജം പറഞ്ഞുഫലിപ്പിക്കുന്നവർ രക്ഷപ്പെടുകയുമില്ല.
-
9 അവൻ യാതൊരു അതിക്രമവും ചെയ്തില്ല,
അവന്റെ വായിൽ യാതൊരു വഞ്ചനയും ഉണ്ടായിരുന്നില്ല.
അവർ ദുഷ്ടന്മാരോടൊപ്പം അവനു ശവക്കുഴി നൽകി.
തന്റെ മരണത്തിൽ അവൻ സമ്പന്നന്മാരോടൊപ്പം ആയിരുന്നു.
-
6 അതിന് യേശു മറുപടി പറഞ്ഞു: “ഞാൻതന്നെ വഴിയും സത്യവും ജീവനും ആകുന്നു. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.
-
7 നിങ്ങളുടെ മധ്യേ വ്യവഹാരം ഉണ്ടാകുന്നു എന്നതിനാൽത്തന്നെ നിങ്ങൾ പരാജയമടഞ്ഞിരിക്കുന്നു. നിങ്ങൾ അന്യായം സഹിക്കുന്നതല്ലേ ഇതിലും ഭേദം? ചതിക്കപ്പെടുന്നതല്ലേ കൂടുതൽ ഉത്തമം? 8 അല്ല, അതിനുപകരം നിങ്ങൾതന്നെ ചതിക്കുകയും ദ്രോഹിക്കുകയുംചെയ്യുന്നു! അതും നിങ്ങളുടെ സഹോദരങ്ങളെ! 9 അധർമികൾ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങൾ അറിയുന്നില്ലേ? വഞ്ചിക്കപ്പെടരുത്: ദുർനടപ്പുകാർ, വിഗ്രഹാരാധകർ, വ്യഭിചാരികൾ, സ്വവർഗാനുരാഗികളായ പുരുഷന്മാരും സ്ത്രീകളും, 10 മോഷ്ടാക്കൾ, അത്യാഗ്രഹികൾ, മദ്യപർ, അപവാദം പരത്തുന്നവർ, അന്യരുടെ പണം അപഹരിക്കുന്നവർ ഇങ്ങനെയുള്ളവർ ദൈവരാജ്യം അവകാശമാക്കുകയില്ല. 11 നിങ്ങളിൽ ചിലർ ഇങ്ങനെയുള്ളവരായിരുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ കഴുകപ്പെട്ടവരും വിശുദ്ധീകരിക്കപ്പെട്ടവരും കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നീതീകരിക്കപ്പെട്ടവരും ആയിത്തീർന്നു.
-
1 സഹോദരങ്ങളേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ വരവിനെയും അവിടത്തെ സന്നിധിയിലേക്കു നമ്മെ ഒരുമിച്ച് ചേർക്കുന്നതിനെയും സംബന്ധിച്ചാണ് ഞങ്ങൾ നിങ്ങളോടു വ്യക്തമാക്കുന്നത്. 2 കർത്താവിന്റെ ദിവസം വന്നുകഴിഞ്ഞു എന്നുറപ്പാക്കുന്ന ഏതെങ്കിലും തരത്തിലുള്ള പ്രവചനം, പ്രഭാഷണം, ഞങ്ങൾ എഴുതിയെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള ലേഖനം എന്നിവയാൽ നിങ്ങൾ അതിവേഗത്തിൽ ചഞ്ചലചിത്തരോ അസ്വസ്ഥരോ ആകരുത്. 3 ആരും ഒരുവിധത്തിലും നിങ്ങളെ വഞ്ചിക്കാൻ അനുവദിക്കരുത്. വിശ്വാസത്യാഗം സംഭവിക്കുകയും, തുടർന്ന് നിയമരാഹിത്യത്തിന്റെ മൂർത്തീമദ്ഭാവമായ വിനാശപുത്രൻ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതിനുമുമ്പ് കർത്താവിന്റെ ദിവസം വരികയില്ല! 4 ദൈവം എന്നും ആരാധ്യം എന്നും വിളിക്കപ്പെടുന്ന എല്ലാറ്റിനെയും അയാൾ ഉപരോധിക്കുകയും അവക്കെല്ലാം മീതേ സ്വയം ഉയർത്തി താൻതന്നെയാണ് ദൈവം എന്നവകാശപ്പെട്ട് ദൈവാലയത്തിൽ സ്വയം പ്രതിഷ്ഠിക്കുകയും ചെയ്യും.
-
9 അപ്പോൾ യഹോവ കയീനോട്, “നിന്റെ സഹോദരൻ ഹാബേൽ എവിടെ?” എന്നു ചോദിച്ചു.
“എനിക്കറിഞ്ഞുകൂടാ, ഞാൻ എന്റെ സഹോദരന്റെ കാവൽക്കാരനോ?” എന്നു പ്രതിവചിച്ചു.
-
10 ആ സമയത്ത് കനാൻദേശത്ത് ക്ഷാമം ഉണ്ടായി; ക്ഷാമം രൂക്ഷമായിരുന്നതുകൊണ്ട് കുറച്ചുകാലം താമസിക്കുന്നതിനായി അബ്രാം ഈജിപ്റ്റിലേക്കു പോയി. 11 ഈജിപ്റ്റിൽ പ്രവേശിക്കാറായപ്പോൾ അദ്ദേഹം ഭാര്യയായ സാറായിയോടു പറഞ്ഞു: “നീ എത്ര സുന്ദരിയെന്നു ഞാൻ അറിയുന്നു, 12 ഈജിപ്റ്റുകാർ നിന്നെ കാണുമ്പോൾ, ‘ഇവൾ അവന്റെ ഭാര്യയാകുന്നു’ എന്നു പറഞ്ഞ് എന്നെ കൊല്ലുകയും നിന്നെ സ്വന്തമാക്കുകയും ചെയ്യും. 13 അതുകൊണ്ട് നീ എന്റെ സഹോദരി എന്നു പറയണം, അപ്പോൾ നീ നിമിത്തം അവർ എന്നോടു നന്നായി പെരുമാറുകയും എന്റെ ജീവൻ നഷ്ടപ്പെടാതിരിക്കുകയും ചെയ്യും.”
-
19 വ്യാജം പറയാൻ ദൈവം മനുഷ്യനല്ല,
തന്റെ മനം മാറ്റാൻ മനുഷ്യപുത്രനുമല്ല.
അരുളിച്ചെയ്തിട്ട് അവിടന്നു പ്രവർത്തിക്കാതിരിക്കുമോ?
വാക്കു പറഞ്ഞിട്ട് നിറവേറ്റാതിരിക്കുമോ?
-
29 വഞ്ചനനിറഞ്ഞ വഴികളിൽനിന്ന് എന്നെ കാത്തുപാലിക്കണമേ;
കരുണയാൽ അവിടത്തെ ന്യായപ്രമാണം എന്നെ പഠിപ്പിക്കണമേ.
30 വിശ്വസ്തതയുടെ മാർഗം ഞാൻ തെരഞ്ഞെടുത്തിരിക്കുന്നു;
ഞാൻ അവിടത്തെ നിയമങ്ങൾ എന്റെമുമ്പിൽ വെച്ചിരിക്കുന്നു.
-
118 അവിടത്തെ ഉത്തരവുകൾ നിരാകരിച്ച്, അതിൽനിന്നും വ്യതിചലിക്കുന്നവരെ അങ്ങ് നിരസിക്കുന്നു,
കാരണം അവരുടെ ദിവാസ്വപ്നങ്ങൾ വ്യർഥമത്രേ.
-
5 നീതിനിഷ്ഠർ കാപട്യം വെറുക്കുന്നു,
എന്നാൽ ദുഷ്ടർ ദുർഗന്ധവാഹികളായി
സ്വയം അപമാനം വിളിച്ചുവരുത്തുന്നു.
-
7 അതിഭാഷണം ഭോഷർക്കു ഭൂഷണമല്ല—
വ്യാജഭാഷണം ഭരണകർത്താക്കൾക്ക് എത്രയധികം അനുചിതവും!
-
8 കാപട്യവും വ്യാജവും എന്നിൽനിന്നു ബഹുദൂരം അകറ്റണമേ;
എനിക്കു ദാരിദ്ര്യമോ സമ്പത്തോ നൽകരുതേ!
എന്നാൽ അനുദിനാഹാരംമാത്രം നൽകണമേ.
9 അല്ലെങ്കിൽ, സമ്പത്തിന്റെ ആധിക്യംമൂലം ഞാൻ അങ്ങയെ തിരസ്കരിച്ച്,
‘യഹോവ ആരാണ്?’ എന്നു ചോദിക്കുകയോ
അല്ല, ദാരിദ്ര്യംമൂലം മോഷണംനടത്തി,
ദൈവനാമത്തിന് അപമാനം വരുത്തിവെക്കുകയോചെയ്യും.
-
4 അതിന് യേശു ഉത്തരം പറഞ്ഞത്: “ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാൻ സൂക്ഷിക്കുക. 5 ‘ഞാൻ ക്രിസ്തുവാകുന്നു’ എന്ന് അവകാശപ്പെട്ടുകൊണ്ട് ധാരാളംപേർ എന്റെ നാമത്തിൽ വന്ന് പലരെയും വഞ്ചിക്കും.
-
13 അവർ വ്യാജയപ്പൊസ്തലന്മാർ, വഞ്ചകരായ വേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷംകെട്ടുന്നവർതന്നെ. 14 ഇതിൽ ആശ്ചര്യപ്പെടാനെന്തിരിക്കുന്നു; സാത്താൻതന്നെയും പ്രകാശദൂതന്റെ വേഷം ധരിക്കുന്നല്ലോ! 15 ആകയാൽ അവന്റെ വേലക്കാർ നീതിശുശ്രൂഷകന്മാരുടെ വേഷം ധരിക്കുന്നതിലും ആശ്ചര്യപ്പെടാനില്ല. അവരുടെ പ്രവൃത്തികൾക്കു തക്ക ന്യായവിധി അവസാനം അവർക്കു ലഭിക്കും.
-
7 നിങ്ങളെത്തന്നെ വഞ്ചിക്കരുത്. ദൈവത്തെ കബളിപ്പിക്കുക അസാധ്യം. ഒരു മനുഷ്യൻ കൊയ്യുന്നത് അയാൾ വിതയ്ക്കുന്നതുതന്നെയായിരിക്കും. 8 പാപേച്ഛകളുടെ നിവൃത്തിമാത്രം ലക്ഷ്യമാക്കി വിതയ്ക്കുന്നവർ അതിൽനിന്നുതന്നെ നാശം കൊയ്യുകയും ദൈവാത്മാവിനെ പ്രസാദിപ്പിക്കാനായി വിതയ്ക്കുന്നവൻ ദൈവാത്മാവിൽനിന്നുതന്നെ നിത്യജീവനെ കൊയ്യുകയും ചെയ്യും.
-
9 ഭൂവാസികളെ മുഴുവൻ വഴിതെറ്റിക്കുന്നവനും പിശാച് എന്നും സാത്താൻ എന്നും പേരുള്ളവനുമായ പുരാതന സർപ്പമായ മഹാവ്യാളി താഴേക്കു ചുഴറ്റി എറിയപ്പെട്ടു. ഭൂമിയിലേക്കാണ് അവനെയും അവന്റെ കിങ്കരന്മാരെയും തള്ളിയിട്ടത്.
-
11 ഭൂമിയിൽനിന്ന് മറ്റൊരു മൃഗം വരുന്നതു ഞാൻ കണ്ടു. കുഞ്ഞാടിനുള്ളതുപോലെ അതിനു രണ്ട് കൊമ്പുണ്ടായിരുന്നു. മഹാവ്യാളിയെപ്പോലെ അത് സംസാരിച്ചു; 12 അത് ഒന്നാംമൃഗത്തിനുവേണ്ടി തന്റെ എല്ലാ അധികാരവും പ്രയോഗിക്കുകയും, മാരകമായ മുറിവുണങ്ങിപ്പോയ ആ ഒന്നാംമൃഗത്തെ ആരാധിക്കാനായി സർവഭൂവാസികളെയും നിർബന്ധിക്കുകയും ചെയ്തു. 13 മനുഷ്യരെല്ലാവരുടെയും കാഴ്ചയിൽ ആകാശത്തുനിന്നു ഭൂമിയിലേക്കു തീ ഇറക്കുക എന്നിങ്ങനെയുള്ള മഹാത്ഭുതങ്ങൾ അതു പ്രവർത്തിച്ചു. 14 മൃഗത്തിന്റെ മുമ്പിൽ ചെയ്യാൻ തനിക്ക് അനുവാദം ലഭിച്ചിരുന്ന അത്ഭുതചിഹ്നങ്ങൾകൊണ്ട് അത് ഭൂവാസികളെ വഴിതെറ്റിക്കുകയും വാളാൽ മാരകമായ മുറിവേറ്റിട്ടും ജീവനോടിരുന്ന മൃഗത്തിന്റെ പ്രതിമ നിർമിക്കാൻ അവരോടു കൽപ്പിക്കുകയും ചെയ്തു. 15 മൃഗത്തിന്റെ പ്രതിമയ്ക് സംസാരശേഷിലഭിക്കുന്നതിന് അതിന് ആത്മാവിനെ നൽകാനും മൃഗത്തിന്റെ പ്രതിമയെ നമസ്കരിക്കാത്തവരെയെല്ലാം കൊല്ലിക്കാനും രണ്ടാംമൃഗത്തിന് അധികാരം ലഭിച്ചു.
-
6 അതുകൊണ്ട് യിസ്ഹാക്ക് ഗെരാരിൽ താമസിച്ചു.
7 ആ സ്ഥലത്തെ ആളുകൾ അദ്ദേഹത്തോട് തന്റെ ഭാര്യയെക്കുറിച്ചു ചോദിച്ചപ്പോൾ “അവൾ എന്റെ സഹോദരിയാകുന്നു” എന്ന് അദ്ദേഹം പറഞ്ഞു. “അവൾ എന്റെ ഭാര്യയാകുന്നു” എന്നു പറയാൻ അദ്ദേഹത്തിനു ഭയമായിരുന്നു. “റിബേക്ക സുന്ദരിയായതുകൊണ്ട് അവൾക്കുവേണ്ടി ഈ സ്ഥലത്തുള്ള പുരുഷന്മാർ എന്നെ കൊന്നുകളയും” എന്ന് അദ്ദേഹം ചിന്തിച്ചു.
8 യിസ്ഹാക്ക് അവിടെ താമസം തുടങ്ങിയിട്ട് ഏറെക്കാലം ആയിരുന്നു. ഒരിക്കൽ ഫെലിസ്ത്യരാജാവായ അബീമെലെക്ക് ഒരു ജനാലയിലൂടെ താഴേക്കു നോക്കിയപ്പോൾ യിസ്ഹാക്ക് തന്റെ ഭാര്യയായ റിബേക്കയെ ലാളിക്കുന്നതു കണ്ടു. 9 അബീമെലെക്ക് യിസ്ഹാക്കിനെ ആളയച്ചുവരുത്തി, അദ്ദേഹത്തോട്, “അവൾ വാസ്തവത്തിൽ നിന്റെ ഭാര്യതന്നെ! ‘അവൾ എന്റെ സഹോദരി’ എന്നു നീ പറഞ്ഞതെന്തിന്?” എന്നു ചോദിച്ചു.
അതിനു യിസ്ഹാക്ക്, “അവൾനിമിത്തം എനിക്കു ജീവഹാനി നേരിട്ടേക്കുമെന്നു ഞാൻ ഭയപ്പെട്ടതുകൊണ്ടാണ്” എന്ന് ഉത്തരം പറഞ്ഞു.
10 അപ്പോൾ അബീമെലെക്ക്, “നീ ഞങ്ങളോട് ഈ ചെയ്തതെന്ത്? ജനങ്ങളിൽ ആരെങ്കിലും നിന്റെ ഭാര്യയോടൊപ്പം കിടക്കപങ്കിട്ടിരുന്നെങ്കിൽ, നീ ഞങ്ങളുടെ തലയിൽ അപരാധം വരുത്തിവെക്കുമായിരുന്നു” എന്നു പറഞ്ഞു.
-
163 കാപട്യത്തെ ഞാൻ അതികഠിനമായി വെറുക്കുന്നു
എന്നാൽ ഞാൻ അവിടത്തെ ന്യായപ്രമാണത്തെ പ്രണയിക്കുന്നു.
-
6 യഹോവ തങ്ങളെ അയച്ചിട്ടില്ലാതിരിക്കെ, “യഹോവ അരുളിച്ചെയ്യുന്നു” എന്നു പറയുന്നവരുടെ ദർശനങ്ങൾ വ്യാജവും ദേവപ്രശ്നം കബളിപ്പിക്കുന്നതും ആകുന്നു. എന്നിട്ടും തങ്ങളുടെ വചനം നിറവേറുമെന്ന് അവർ പ്രത്യാശിക്കുന്നു. 7 ഞാൻ നിങ്ങളോടു സംസാരിക്കാതിരിക്കെ, “യഹോവ അരുളിച്ചെയ്യുന്നു” എന്നു നിങ്ങൾ പറഞ്ഞപ്പോൾ നിങ്ങൾ ഒരു വ്യാജദർശനം കാണുകയും കബളിപ്പിക്കുന്ന ദേവപ്രശ്നം പറയുകയുമല്ലേ ചെയ്തത്?
8 “ ‘അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വ്യാജസംസാരവും കബളിപ്പിക്കുന്ന ദർശനവുംമൂലം ഞാൻ നിങ്ങൾക്ക് എതിരായിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു. 9 വ്യാജദർശനങ്ങൾ കാണുകയും കബളിപ്പിക്കുന്ന ദേവപ്രശ്നം അറിയിക്കുകയും ചെയ്യുന്ന പ്രവാചകന്മാർക്ക് എന്റെ ഭുജം എതിരായിരിക്കും. എന്റെ ജനത്തിന്റെ ആലോചനാസഭയിൽ അവർക്കു സ്ഥാനം ഉണ്ടായിരിക്കുകയോ ഇസ്രായേൽഗൃഹത്തിന്റെ പേരുവിവരപ്പട്ടികയിൽ അവരുടെ പേര് എഴുതപ്പെടുകയോ അവർ ഇസ്രായേൽദേശത്തു കടക്കുകയോ ചെയ്യുകയില്ല. അങ്ങനെ, ഞാൻ യഹോവയായ കർത്താവ് ആകുന്നു എന്നു നിങ്ങൾ അറിയും.
-
1 ഇസ്രായേൽജനമേ, യഹോവയുടെ വചനം കേൾപ്പിൻ;
ഈ ദേശത്തു വസിക്കുന്ന നിങ്ങൾക്കുനേരേ
യഹോവയ്ക്ക് ഒരു വ്യവഹാരം ഉണ്ട്:
“ഈ ദേശത്തു വിശ്വസ്തതയോ സ്നേഹമോ
ദൈവപരിജ്ഞാനമോ ഇല്ല;
2 ശാപവും വ്യാജവും കൊലപാതകവും
മോഷണവും വ്യഭിചാരവുംമാത്രമേയുള്ളൂ.
അവർ സകല അതിർവരമ്പുകളും ലംഘിച്ചിരിക്കുന്നു;
രക്തച്ചൊരിച്ചിലിനു പിന്നാലെ രക്തച്ചൊരിച്ചിൽതന്നെ.
-
1 രക്തച്ചൊരിച്ചിലുകളുടെ പട്ടണത്തിന് അയ്യോ കഷ്ടം!
കള്ളവും കവർച്ചയും
അതിൽ നിറഞ്ഞിരിക്കുന്നു,
പീഡിതർ അവിടെ ഇല്ലാതിരിക്കുകയില്ല!
-
31 അതിനുശേഷം അവർ യോസേഫിന്റെ കുപ്പായം എടുത്തു, ഒരു കോലാടിനെ കൊന്ന് അതിന്റെ രക്തത്തിൽ മുക്കി. 32 ആ വിശേഷപ്പെട്ട അങ്കി തങ്ങളുടെ പിതാവിന്റെ അടുക്കൽ കൊണ്ടുചെന്ന്, “ഇതു ഞങ്ങൾ കണ്ടെത്തി; ഇത് അങ്ങയുടെ മകന്റെ അങ്കിതന്നെയോ എന്നു പരിശോധിച്ച് നോക്കിയാലും” എന്നു പറഞ്ഞു.
33 അദ്ദേഹം അതു തിരിച്ചറിഞ്ഞു. “ഇത് എന്റെ മകന്റെ കുപ്പായംതന്നെ! ഏതോ ഹിംസ്രജന്തു അവനെ തിന്നുകളഞ്ഞു; യോസേഫിനെ അതു പിച്ചിച്ചീന്തിക്കളഞ്ഞുകാണും,” എന്നു പറഞ്ഞു.
34 പിന്നെ യാക്കോബ് തന്റെ വസ്ത്രംകീറി, ചാക്കുശീല ഉടുത്ത് തന്റെ മകനെച്ചൊല്ലി അനേകദിവസം വിലപിച്ചു. 35 അദ്ദേഹത്തിന്റെ എല്ലാ പുത്രന്മാരും പുത്രിമാരും അടുത്തുവന്ന് അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു; എങ്കിലും അദ്ദേഹം ആശ്വാസം കൈക്കൊള്ളാൻ വിസമ്മതിച്ചു. “കരഞ്ഞുകൊണ്ടുതന്നെ ഞാൻ പാതാളത്തിൽ എന്റെ മകന്റെ അടുക്കൽ ഇറങ്ങിച്ചെല്ലും,” എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ യോസേഫിന്റെ പിതാവ് അവനെച്ചൊല്ലി കരഞ്ഞു.
-
20 അയൽവാസിക്കു വിരോധമായി കള്ളസാക്ഷി പറയരുത്.
-
16 നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്: നിങ്ങൾ പരസ്പരം സത്യം സംസാരിക്കുക, നിങ്ങളുടെ ന്യായസ്ഥാനങ്ങളിൽ സത്യമായും ന്യായമായും വിധിക്കുക; 17 നിങ്ങൾ പരസ്പരം ദോഷം നിരൂപിക്കരുത്, വ്യാജശപഥംചെയ്യാൻ ഇഷ്ടപ്പെടരുത്. ഇവയൊക്കെയും ഞാൻ വെറുക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
-
15 “ആടുകളുടെ വേഷമണിഞ്ഞ് നിങ്ങളെ സമീപിക്കുന്ന വ്യാജപ്രവാചകരെ സൂക്ഷിക്കുക; അകമേ അവർ അത്യാർത്തിപൂണ്ട ചെന്നായ്ക്കളാണ്. 16 അവരുടെ ചെയ്തികളിലൂടെ നിങ്ങൾക്കവരെ തിരിച്ചറിയാം. മുൾച്ചെടികളിൽനിന്ന് മുന്തിരിക്കുലകളോ ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴമോ ശേഖരിക്കാൻ കഴിയുമോ? 17 നല്ലവൃക്ഷം നല്ലഫലവും വിഷവൃക്ഷം വിഷഫലവും നൽകുന്നു. 18 നല്ലവൃക്ഷത്തിൽ വിഷഫലവും വിഷവൃക്ഷത്തിൽ നല്ലഫലവും കായ്ക്കുകയില്ല. 19 നല്ലഫലമേകാത്ത ഏതു വൃക്ഷവും വെട്ടി തീയിലെറിയുന്നു. 20 ഇതുപോലെ, വ്യാജപ്രവാചകരെ അവരുടെ ചെയ്തികളിലൂടെ നിങ്ങൾക്ക് തിരിച്ചറിയാം.
21 “ ‘കർത്താവേ, കർത്താവേ’ എന്ന് എന്നെ വിളിക്കുന്ന എല്ലാവരും സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല. എന്റെ സ്വർഗസ്ഥപിതാവിന്റെ ഹിതം നിറവേറ്റുന്നവർക്കാണ് അവിടെ പ്രവേശനം. 22 ന്യായവിധിദിവസത്തിൽ പലരും എന്നോട്, ‘കർത്താവേ, കർത്താവേ, അങ്ങയുടെ നാമത്തിൽ ഞങ്ങൾ പ്രവചിച്ചില്ലയോ? അങ്ങയുടെ നാമത്തിൽ ഭൂതങ്ങളെ ഉച്ചാടനംചെയ്തില്ലയോ? അങ്ങയുടെ നാമത്തിൽ ധാരാളം അത്ഭുതങ്ങളും ഞങ്ങൾ ചെയ്തില്ലയോ?’ എന്നു പറയും. 23 അപ്പോൾ ഞാൻ അവരോട്, ‘ഞാൻ നിങ്ങളെ ഒരിക്കലും അറിഞ്ഞിട്ടില്ല; അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുക എന്ന് ആജ്ഞാപിക്കും!’
24 “അതുകൊണ്ട്, എന്റെ ഈ വചനങ്ങൾ കേട്ട് അതിനനുസരിച്ചു പ്രവർത്തിക്കുന്ന വ്യക്തി പാറമേൽ വീടുപണിത ബുദ്ധിയുള്ള ഒരു മനുഷ്യനു തുല്യം. 25 പേമാരി പെയ്തു, പ്രളയം വന്നു, കാറ്റ് ആ വീടിന്മേൽ ആഞ്ഞടിച്ചു; എങ്കിലും പാറമേൽ അടിത്തറ ഉറപ്പിച്ചിരുന്നതിനാൽ അത് നിലംപതിച്ചില്ല. 26 എന്നാൽ, എന്റെ ഈ വചനങ്ങൾ കേട്ടിട്ട് അതിനനുസരിച്ചു പ്രവർത്തിക്കാതിരിക്കുന്ന വ്യക്തി മണലിൽ വീടുപണിത ബുദ്ധിശൂന്യനായ മനുഷ്യനോട് സദൃശൻ. 27 പേമാരി പെയ്തു, പ്രളയം വന്നു, കാറ്റ് ആ വീടിന്മേൽ ആഞ്ഞടിച്ചു; അതിഭയങ്കരമായിരുന്നു ആ വീടിന്റെ പതനം.”
-
18 എന്നാൽ, വായിൽനിന്ന് വരുന്നവയാകട്ടെ, ഹൃദയത്തിൽനിന്ന് വരുന്നവയാകുന്നു; അവയാണ് ഒരു മനുഷ്യനെ അശുദ്ധമാക്കുന്നത്. 19 വഷളവിചാരങ്ങൾ, കൊലപാതകം, വ്യഭിചാരം, ലൈംഗികാധർമം, മോഷണം, കള്ളസാക്ഷ്യം, അന്യരെ നിന്ദിക്കൽ എന്നിവ ഹൃദയത്തിൽനിന്നു വരുന്നു; 20 ഇവയെല്ലാമാണ് ഒരു വ്യക്തിയെ അശുദ്ധമാക്കുന്നത്; എന്നാൽ കഴുകാത്ത കൈകൊണ്ട് ആഹാരം ഭക്ഷിക്കുന്നത് ഒരു വ്യക്തിയെ അശുദ്ധമാക്കുകയില്ല.”
-
13 നിന്റെ സഞ്ചിയിൽ തൂക്കം കൂടിയതും കുറഞ്ഞതുമായ രണ്ടു വ്യത്യസ്ത തൂക്കുകട്ടികൾ ഉണ്ടായിരിക്കരുത്. 14 നിന്റെ വീട്ടിൽ ചെറുതും വലുതുമായ രണ്ടുതരം അളവുപാത്രം ഉണ്ടായിരിക്കരുത്. 15 നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്ത് ദീർഘായുസ്സുണ്ടാകാൻ നിനക്കു കൃത്യവും ന്യായവുമായ തൂക്കവും അളവും ഉണ്ടായിരിക്കണം. 16 ഈ കാര്യങ്ങളിൽ അവിശ്വസ്തതയോടെ വ്യവഹാരം ചെയ്യുന്നവരെ നിന്റെ ദൈവമായ യഹോവ വെറുക്കുന്നു.
-
33 വഴിതെറ്റിക്കപ്പെടരുത്. “ഹീനമായ സൗഹൃദം സദ്ഗുണങ്ങളെ ദുഷിപ്പിക്കുന്നു.”
Shows Read in context, Share and Copy.