41 Bible Verses About Free Will

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Free Will
  1. 3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെടട്ടെ. അവിടന്ന് സ്വർഗത്തിലെ സർവ ആത്മികാനുഗ്രഹങ്ങളാലും ക്രിസ്തുവിൽ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. 4 തിരുസന്നിധിയിൽ നാം വിശുദ്ധരും നിഷ്കളങ്കരും ആയിത്തീരാൻവേണ്ടി സ്നേഹത്താൽ ദൈവം നമ്മെ ലോകസ്ഥാപനത്തിനുമുമ്പേ ക്രിസ്തുവിൽ തെരഞ്ഞെടുത്തു. 5 ദൈവം, തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുവിലൂടെ നമുക്കു പുത്രത്വം നൽകി നമ്മെ അവിടത്തേക്കുവേണ്ടി മുൻനിയമിച്ചിരിക്കുന്നു. 6 ഇത് അവിടന്ന് സ്നേഹസ്വരൂപനിലൂടെ നമുക്കു നിർലോപമായി നൽകിയ മഹനീയകൃപയുടെ പുകഴ്ചയ്ക്കുവേണ്ടിയായിരുന്നു. 7 ദൈവത്തിന്റെ കൃപാസമൃദ്ധിക്ക് അനുസൃതമായി ക്രിസ്തുവിൽ നമുക്ക്, അവിടത്തെ രക്തത്താൽ പാപവിമോചനമെന്ന വീണ്ടെടുപ്പു ലഭിച്ചു. 8 ദൈവം ആ കൃപ നമ്മിൽ സമൃദ്ധമായാണ് വർഷിച്ചത്. സകലവിവേകത്തോടും ജ്ഞാനത്തോടുംകൂടെ 9 ദൈവം ക്രിസ്തുവിൽ സ്ഥാപിതമാക്കിയ തിരുഹിതത്തിന്റെ രഹസ്യം അവിടത്തെ സദുദ്ദേശ്യമനുസരിച്ച് നമുക്കു വെളിപ്പെടുത്തി. 10 ആ രഹസ്യമോ, സ്വർഗത്തിലും ഭൂമിയിലുമുള്ള സകലതും, കാലസമ്പൂർണതയിൽ ക്രിസ്തുവിൽ ഒന്നായിച്ചേർക്കുക എന്നതാണ്.

    11-12 സ്വഹിതമനുസരിച്ച് എല്ലാറ്റിനെയും പ്രവർത്തനനിരതമാക്കുന്ന ദൈവം, അവിടന്ന് മുൻനിയമിച്ചിരുന്ന പദ്ധതിയനുസരിച്ച്, ആദ്യം ക്രിസ്തുവിൽ പ്രത്യാശവെച്ചവരായ ഞങ്ങൾ അവിടത്തെ മഹത്ത്വത്തിന്റെ പുകഴ്ചയായിത്തീരേണ്ടതിന് നമ്മെ അവകാശമായി തെരഞ്ഞെടുത്തു.

  2. 15 ഇതാ, ഞാൻ ഇന്നു നിങ്ങളുടെമുമ്പിൽ ജീവനും സമൃദ്ധിയും, മരണവും നാശവും വെക്കുന്നു. 16 നീ ജീവിക്കുകയും വർധിക്കുകയും നീ അവകാശമാക്കാൻപോകുന്ന ദേശത്തു നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കുകയും ചെയ്യേണ്ടതിനു നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കാനും അവിടത്തെ വഴികളിൽ നടക്കാനും അവിടത്തെ കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും പ്രമാണിക്കാനും ഇന്നു ഞാൻ നിന്നോടു കൽപ്പിക്കുന്നു.

    17 എന്നാൽ, നിങ്ങൾ അനുസരണം ഇല്ലാതെ ഹൃദയം തിരിച്ചുകളയുകയും അന്യദേവന്മാരെ നമസ്കരിക്കേണ്ടതിനും ആരാധിക്കേണ്ടതിനും വശീകരിക്കപ്പെടുകയും ചെയ്താൽ, 18 നീ അവകാശമാക്കാൻ യോർദാൻനദി കടന്നുചെല്ലുന്ന ദേശത്ത് ദീർഘായുസ്സോടിരിക്കാതെ തീർച്ചയായും നശിച്ചുപോകും എന്ന് ഇന്നു ഞാൻ നിങ്ങളോട് പ്രസ്താവിക്കുന്നു.

    19 ജീവനും മരണവും അനുഗ്രഹവും ശാപവും നിന്റെ മുമ്പാകെ വെക്കുന്നു. നീ ഇതിൽ ഏതു തെരഞ്ഞെടുക്കും എന്നതിനു സാക്ഷ്യത്തിനായി ഇന്നു ഞാൻ സ്വർഗത്തെയും ഭൂമിയെയും വിളിക്കുന്നു. നീയും നിന്റെ മക്കളും ജീവനോടിരിക്കേണ്ടതിന് ഇപ്പോൾ ജീവൻ തെരഞ്ഞെടുത്തുകൊൾക. 20 നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കുക, അവിടത്തെ ശബ്ദം ശ്രദ്ധിച്ച് അവിടത്തോടു പറ്റിച്ചേർന്നുകൊൾക. യഹോവ നിന്റെ ജീവൻ ആകുന്നു. അവിടന്ന് നിന്റെ പിതാക്കന്മാരായ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും വാഗ്ദാനംചെയ്ത ദേശത്ത് അവിടന്ന് നിനക്കു ദീർഘായുസ്സു നൽകും.

  3. 16 ദൈവത്തിന്റെ നിസ്തുലപുത്രനിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയും നശിച്ചുപോകാതെ നിത്യജീവൻ അവകാശമാക്കേണ്ടതിന് അവിടത്തെ പുത്രനെ യാഗമായി അർപ്പിക്കുന്നത്ര ദൈവം ലോകത്തെ സ്നേഹിച്ചു. 17 ദൈവം അവിടത്തെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല, തന്നിലൂടെ ലോകത്തെ രക്ഷിക്കാനാണ്. 18 അവനിൽ വിശ്വസിക്കുന്ന ആർക്കും ശിക്ഷാവിധി ഇല്ല; എന്നാൽ വിശ്വസിക്കാത്തവർക്കോ, ദൈവത്തിന്റെ നിസ്തുലപുത്രന്റെ നാമത്തിൽ വിശ്വസിക്കാത്തതുകൊണ്ട്, ശിക്ഷാവിധി വന്നുകഴിഞ്ഞു. 19 പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യരുടെ ദുഷ്ടതനിറഞ്ഞ പ്രവൃത്തി കാരണം അവർ പ്രകാശത്തിനു പകരം അന്ധകാരത്തെ സ്നേഹിച്ചു എന്നതാണ് ശിക്ഷാവിധിക്ക് അടിസ്ഥാനം. 20 തിന്മചെയ്യുന്ന ഏതൊരാളും പ്രകാശത്തെ വെറുക്കുന്നു; തന്റെ പ്രവൃത്തികൾ പരസ്യമാകും എന്ന ഭയംനിമിത്തം പ്രകാശത്തിലേക്കു വരുന്നതുമില്ല. 21 എന്നാൽ സത്യമനുസരിച്ചു ജീവിക്കുന്നവർ, തങ്ങളുടെ പ്രവൃത്തി ദൈവംമുഖേനയാണ് ചെയ്തതെന്നു വെളിപ്പെടാൻ പ്രകാശത്തിലേക്കു വരുന്നു.

  4. 10 ഈ മകനാണ് നമ്മുടെ പിതാവായ യിസ്ഹാക്ക്. അദ്ദേഹത്തിൽനിന്ന് റിബേക്ക ഗർഭവതിയായി. 11-12 അവൾക്ക് ഇരട്ട ശിശുക്കൾ ജനിക്കുന്നതിനും അവർ ഗുണമോ ദോഷമോ പ്രവർത്തിക്കുന്നതിനും മുമ്പുതന്നെ, “മൂത്തവൻ ഇളയവനെ സേവിക്കും” എന്നു ദൈവം റിബേക്കയോട് അരുളിച്ചെയ്തു. ഈ ആഹ്വാനം നൽകുന്ന ദൈവം അവിടത്തെ ഹിതം നിറവേറ്റാൻ തീരുമാനിക്കുന്നു. അതു പ്രവൃത്തികളുടെ അടിസ്ഥാനത്തിലല്ല എന്നു പ്രകടമാക്കേണ്ടതിനാണ് ഇങ്ങനെ ചെയ്യുന്നത്. 13 “യാക്കോബിനെ ഞാൻ സ്നേഹിച്ചു. എന്നാൽ ഏശാവിനെ ഞാൻ വെറുത്തു” എന്ന് എഴുതിയിരിക്കുന്നല്ലോ.

    14 അപ്പോൾ നാം എന്തുപറയും? ദൈവം അനീതിയുള്ളവൻ എന്നാണോ? ഒരിക്കലുമല്ല!

    15 “കൃപ ചെയ്യാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കൃപ ചെയ്യും.

    കരുണകാണിക്കാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കരുണകാണിക്കും,”

    എന്നു ദൈവം മോശയോടും അരുളിച്ചെയ്യുന്നു. 16 ഇങ്ങനെ, മനുഷ്യന്റെ ആഗ്രഹമോ കഠിനാധ്വാനമോ അല്ല, ദൈവത്തിന്റെ കാരുണ്യമാണ് എല്ലാറ്റിനും അടിസ്ഥാനം. 17 “എന്റെ ശക്തി നിന്നിലൂടെ പ്രദർശിപ്പിക്കുകയും എന്റെ നാമം ഭൂമിയിലെല്ലായിടത്തും ഘോഷിക്കപ്പെടുകയും വേണം എന്ന ഉദ്ദേശ്യത്തിനായിത്തന്നെ ഞാൻ നിന്നെ ഉയർത്തിയിരിക്കുന്നു,” എന്ന് ഫറവോനോട് അരുളിച്ചെയ്യുന്നതു തിരുവെഴുത്തിൽ കാണുന്നു. 18 ഇങ്ങനെ, ദൈവം തന്റെ ഇഷ്ടപ്രകാരം ഒരുവനോടു കരുണ കാണിക്കുന്നു; മറ്റൊരുവനെ കഠിനഹൃദയനാക്കുന്നു.

    19 അപ്പോൾ, “നമ്മെ കുറ്റപ്പെടുത്താൻ ദൈവത്തിനെങ്ങനെ കഴിയും? കാരണം, ദൈവത്തിന്റെ തിരുഹിതത്തോട് എതിർക്കാൻ ആർക്കാണു സാധിക്കുക?” എന്നു നിങ്ങൾ എന്നോടു ചോദിച്ചേക്കാം. 20 അല്ലയോ മനുഷ്യാ, “ദൈവത്തോട് എതിർവാദം പറയാൻ നീ ആരാണ്?” സ്രഷ്ടാവിനോട്, “ ‘നീ എന്നെ ഇങ്ങനെ സൃഷ്ടിച്ചത് എന്തിനാണ്?’ എന്നു സൃഷ്ടിക്കു ചോദിക്കാൻ കഴിയുമോ?” 21 ഒരേ കളിമണ്ണുപയോഗിച്ച് ചില പാത്രങ്ങൾ ശ്രേഷ്ഠമായ ഉപയോഗത്തിനും മറ്റുചിലതു സാധാരണ ഉപയോഗത്തിനുംവേണ്ടി ഉണ്ടാക്കാൻ കുശവന് അധികാരമില്ലേ?

    22 ദൈവം തന്റെ കോപം പ്രദർശിപ്പിക്കാനും ശക്തി വെളിപ്പെടുത്താനുമുള്ള ഉദ്ദേശ്യത്തോടെ, നാശത്തിനുമാത്രമായി ഒരുക്കപ്പെട്ടിരുന്ന കോപപാത്രങ്ങളായവരെ ദീർഘക്ഷമയോടെ സഹിച്ചു; 23 ഇങ്ങനെ തേജസ്സു പ്രാപിക്കാനായി ദൈവം മുൻകൂട്ടി ഒരുക്കിയ കരുണാപാത്രങ്ങളാണു നാം. അവിടത്തെ മഹത്ത്വസമ്പന്നത വെളിപ്പെടുത്താൻവേണ്ടി ദൈവം നമ്മിൽ ഇപ്രകാരം പ്രവർത്തിച്ചു എന്നതിൽ നമുക്ക് എന്താണ് പറയാൻ കഴിയുക? 24 യെഹൂദരിൽനിന്നുമാത്രമല്ല, യെഹൂദേതരരിൽനിന്നും വിളിക്കപ്പെട്ടവരായ നാം എല്ലാവരും ആ കരുണാപാത്രങ്ങളാണ്.

  5. 44 എന്നെ അയച്ച പിതാവ് ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരാൻ കഴിയുകയില്ല; അന്ത്യനാളിൽ ഞാൻ അവരെ ഉയിർപ്പിക്കും.

  6. 5 ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ച് മോശ ഇപ്രകരം എഴുതിയിരിക്കുന്നു: “അവ അനുസരിക്കുന്ന മനുഷ്യർ അവമൂലം ജീവിക്കും.” 6 എന്നാൽ, വിശ്വാസത്താലുള്ള നീതിയാകട്ടെ, ഇപ്രകാരമാണു പറയുന്നത്: “ക്രിസ്തുവിനെ താഴേക്കു കൊണ്ടുവരാൻ, ‘ആർ സ്വർഗത്തിൽക്കയറും?’ എന്നോ 7 ‘ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കാൻ ആർ പാതാളത്തിൽ ഇറങ്ങും?’ ” എന്നോ നിന്റെ ഹൃദയത്തിൽ പറയരുത്. 8 എന്നാൽ തിരുവെഴുത്ത് എന്തുപറയുന്നു? “വചനം നിങ്ങൾക്കു സമീപമാകുന്നു; അത് നിങ്ങളുടെ അധരത്തിലും നിങ്ങളുടെ ഹൃദയത്തിലും ഇരിക്കുന്നു,” ഞങ്ങൾ ഉദ്ഘോഷിക്കുന്ന വിശ്വാസത്തിന്റെ വചനംതന്നെയാണ് അത്. 9 “യേശു കർത്താവാകുന്നു” എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചെന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും. 10 അങ്ങനെ ഒരുവൻ ഹൃദയത്തിൽ വിശ്വസിച്ചു നീതീകരിക്കപ്പെടുകയും വാകൊണ്ട് വിശ്വാസം ഏറ്റുപറഞ്ഞു രക്ഷപ്രാപിക്കുകയുംചെയ്യുന്നു. 11 “യേശുകർത്താവിൽ വിശ്വസിക്കുന്ന ആരും ഒരിക്കലും ലജ്ജിതരാകുകയില്ല” എന്നു തിരുവെഴുത്തു പറയുന്നല്ലോ. 12 യെഹൂദനും യെഹൂദേതരനുംതമ്മിൽ ഒരു വ്യത്യാസവുമില്ല. എല്ലാവരുടെയും കർത്താവ് ഒരുവൻ അത്രേ. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കാൻ തക്കവണ്ണം അവിടന്നു സമ്പന്നനാകുന്നു. 13 “കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന ഏതൊരുവനും രക്ഷിക്കപ്പെടും,” എന്നുണ്ടല്ലോ.

    14 എന്നാൽ തങ്ങൾ വിശ്വസിച്ചിട്ടില്ലാത്തവനെ അവർ എങ്ങനെ വിളിച്ചപേക്ഷിക്കും? കേട്ടിട്ടില്ലാത്തവനിൽ അവർ എങ്ങനെ വിശ്വസിക്കും? ആരെങ്കിലും പ്രസംഗിക്കാതെ എങ്ങനെ കേൾക്കും? 15 അയയ്ക്കപ്പെടാതെ എങ്ങനെ പ്രസംഗിക്കും? “സുവാർത്ത ഘോഷിക്കുന്നവരുടെ പാദം എത്ര മനോഹരം!” എന്ന് എഴുതിയിരിക്കുന്നല്ലോ.

    16 എന്നാൽ, എല്ലാ ഇസ്രായേല്യരും സുവിശേഷം അനുസരിച്ചിട്ടില്ല. “കർത്താവേ, ഞങ്ങളുടെ സന്ദേശം ആർ വിശ്വസിച്ചിരിക്കുന്നു?” എന്ന് യെശയ്യാവു ചോദിക്കുന്നുണ്ടല്ലോ. 17 അങ്ങനെ വിശ്വാസം ദൈവികസന്ദേശത്തിന്റെ കേൾവിയാലും കേൾവി ക്രിസ്തുവിനെക്കുറിച്ചുള്ള വചനത്താലും ഉണ്ടാകുന്നു.

  7. 13 സഹോദരങ്ങളേ, പരിപൂർണസ്വാതന്ത്ര്യത്തിൽ ജീവിക്കാനാണ് നിങ്ങളെ വിളിച്ചിരിക്കുന്നത്. എന്നാൽ നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങളിലെ പാപപ്രകൃതത്തെ തൃപ്തിപ്പെടുത്താൻ അനുവദിക്കാതെ, സ്നേഹത്തിൽ പരസ്പരം ദാസരായി ശുശ്രൂഷ ചെയ്യുക. 14 “നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക” എന്ന ഒരൊറ്റ കൽപ്പന പ്രാവർത്തികമാക്കുന്നതിലൂടെ സർവന്യായപ്രമാണവും പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു. 15 നിങ്ങൾ പരസ്പരം മുറിവേൽപ്പിക്കുകയും കടിച്ചുകീറുകയുംചെയ്താൽ, ഓർക്കുക! നിങ്ങൾ പരസ്പരം നശിപ്പിക്കുകയാണ്!

    16 ആകയാൽ ഞാൻ പറയുന്നു: യാതൊരുവിധത്തിലും പാപത്തിന്റെ ഇച്ഛകൾക്ക് വശംവദരാകാതെ ദൈവാത്മനിയന്ത്രണത്തിൽ ജീവിക്കുക. 17 പാപാസക്തി ദൈവാത്മാഭിലാഷത്തിനും ദൈവാത്മാഭിലാഷം പാപാസക്തിക്കും വിരുദ്ധമാണ്. ഇവ പരസ്പരം ശത്രുക്കളാണ്; അതുകൊണ്ട് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം പ്രവർത്തിക്കാൻ നിങ്ങൾക്ക് കഴിയുന്നുമില്ല.

  8. 12 എന്നാൽ അവിടത്തെ സ്വീകരിച്ച് അവിടത്തെ നാമത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും ദൈവത്തിന്റെ മക്കളാകാൻ അവിടന്ന് അധികാരംനൽകി. 13 അവർ സ്വാഭാവികരീതിയിലോ ശാരീരിക അഭിലാഷത്താലോ പുരുഷന്റെ ഇഷ്ടപ്രകാരമോ അല്ല, ദൈവത്തിൽനിന്നത്രേ ജനിച്ചത്.

  9. 20 ഇങ്ങനെ, അവിടന്നു സൃഷ്ടിച്ച സകലത്തിലൂടെയും തന്റെ അനന്തമായ ശക്തി, ദിവ്യസ്വഭാവം എന്നീ അദൃശ്യമായ ഗുണവിശേഷങ്ങൾ ലോകസൃഷ്ടിമുതൽ ഗ്രഹിക്കാൻ കഴിയുമായിരുന്നു. അതുകൊണ്ട് മനുഷ്യനു യാതൊരു ന്യായീകരണവും പറയാൻ സാധ്യമല്ല.

    21 അവർ ദൈവത്തെക്കുറിച്ച് അറിഞ്ഞു എങ്കിലും ദൈവമായി അംഗീകരിച്ച് മഹത്ത്വപ്പെടുത്തുകയോ നന്ദിയുള്ളവരായിരിക്കുകയോ ചെയ്തില്ല; പിന്നെയോ, സ്വന്തം യുക്തിബോധംകൊണ്ട് യാതൊരു പ്രയോജനവും ഇല്ലാതെ അവരുടെ വിവേകശൂന്യമായ ഹൃദയം ഇരുളടഞ്ഞും പോയി. 22 ജ്ഞാനികൾ എന്നു സ്വയം അവകാശപ്പെട്ടുകൊണ്ട് അവർ വെറും മൂഢരായി മാറി. 23 അനശ്വരനായ ദൈവത്തിനു മഹത്ത്വം നൽകേണ്ടതിനു പകരം നശ്വരനായ മനുഷ്യൻ, പക്ഷികൾ, മൃഗങ്ങൾ, ഇഴജന്തുക്കൾ ഇവയുടെ സാദൃശ്യത്തിലുള്ള രൂപങ്ങൾക്ക് അവർ മഹത്ത്വം കൽപ്പിച്ചു.

    24 അതുകൊണ്ട്, അവരുടെ ഹൃദയത്തിലെ ദുർമോഹങ്ങളാൽ നിയന്ത്രിക്കപ്പെട്ട് അപമാനകരമായ ശാരീരികവൃത്തികളിൽ പരസ്പരം വ്യാപൃതരാകാൻ ദൈവം അവരെ അശുദ്ധിയിലേക്ക് ഉപേക്ഷിച്ചുകളഞ്ഞു. 25 അവർ ദൈവത്തെക്കുറിച്ചുള്ള സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിക്കുകയും സ്രഷ്ടാവിനെ ആരാധിക്കുന്നതിനു പകരം സൃഷ്ടിയെ വണങ്ങി സേവിക്കുകയും ചെയ്തു. ആ സ്രഷ്ടാവായ ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ.

  10. 15 യഹോവയായ ദൈവം ഏദെൻതോട്ടത്തിൽ അധ്വാനിക്കുന്നതിനും അതിനെ സംരക്ഷിക്കുന്നതിനുമായി മനുഷ്യനെ അവിടെ തോട്ടത്തിൽ ആക്കി. 16 യഹോവയായ ദൈവം മനുഷ്യനോട് അരുളിച്ചെയ്തത്: “നിനക്കു തോട്ടത്തിലെ ഏതു വൃക്ഷത്തിന്റെയും ഫലം ഇഷ്ടംപോലെ ഭക്ഷിക്കാം; 17 എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവുനൽകുന്ന വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കരുത്, ഭക്ഷിക്കുന്ന നാളിൽ നീ മരിക്കും, നിശ്ചയം!”

  11. 9 മനുഷ്യർ തങ്ങളുടെ ഹൃദയത്തിൽ പദ്ധതികൾ ആസൂത്രണംചെയ്യുന്നു,

    എന്നാൽ യഹോവ അവരുടെ കാലടികളുടെ ഗമനം ക്രമീകരിക്കുന്നു.

  12. 16 നിങ്ങൾ അനുസരണയുള്ള ദാസരായി ആർക്കെങ്കിലും സ്വയം വിധേയപ്പെടുത്തിയാൽ നിങ്ങൾ അവരുടെ അടിമകളാകും എന്നറിയാമല്ലോ. നിങ്ങൾ ഒന്നുകിൽ പാപത്തിന്റെ അടിമകളാണ്; അതു മരണത്തിലേക്കു നയിക്കുന്നു, അല്ലെങ്കിൽ അനുസരണത്തിന്റെ അടിമകളാണ്, അത് നീതിയിലേക്കു നയിക്കുന്നു. 17 നിങ്ങൾ പാപത്തിന്റെ അടിമകൾ ആയിരുന്നു. എന്നാൽ നിങ്ങൾ സ്വീകരിച്ച ഉപദേശത്തെ ഹൃദയപൂർവം അനുസരിച്ചതുകൊണ്ട് ദൈവത്തിനു സ്തോത്രം! 18 അങ്ങനെ പാപത്തിൽനിന്ന് സ്വതന്ത്രരാക്കപ്പെട്ടിട്ട് നിങ്ങൾ നീതിയുടെ അടിമകളായിത്തീർന്നിരിക്കുന്നു.

    19 മനുഷ്യസഹജമായ ദൗർബല്യം നിങ്ങൾക്കുണ്ട്. അതിനാൽ മനുഷ്യരുടെ രീതിയിൽ ഞാൻ സംസാരിക്കുകയാണ്. അധർമത്തിലേക്കു നയിക്കുന്നവിധത്തിൽ നിങ്ങളുടെ ശരീരഭാഗങ്ങളെ അശുദ്ധിക്കും അധർമത്തിനും അടിമകളായി ഏൽപ്പിച്ചിരുന്നു. അതുപോലെ ഇപ്പോൾ, വിശുദ്ധീകരണത്തിനായി നിങ്ങളുടെ ശരീരഭാഗങ്ങളെ നീതിക്ക് അടിമകളായി സമർപ്പണം ചെയ്യുക. 20 കാരണം, നിങ്ങൾ പാപത്തിന്റെ അടിമകളായിരുന്നപ്പോൾ നീതിയുടെ സ്വാധീനത്തിൽ ആയിരുന്നില്ല.

  13. 5 പാപപ്രവണതയെ അനുസരിച്ചു ജീവിക്കുന്നവർ പാപകരമായ കാര്യങ്ങളെപ്പറ്റിയും ദൈവത്തിന്റെ ആത്മാവിനെ അനുസരിച്ചു ജീവിക്കുന്നവർ ദൈവാത്മഹിതം നിറവേറ്റുന്നതിനെപ്പറ്റിയും ചിന്തിക്കുന്നു. 6 ദൈവാത്മാവ് ഭരിക്കുന്ന മനസ്സ് ജീവനിലേക്കും സമാധാനത്തിലേക്കും നയിക്കുന്നു; പാപപ്രവണത ഭരിക്കുന്ന മനസ്സോ, മരണകാരണമാകുന്നു. 7 കാരണം, പാപപ്രവണത ഭരിക്കുന്ന മനസ്സ് ദൈവത്തിനു വിരോധമായുള്ളതാണ്; അത് ദൈവികപ്രമാണത്തിനു കീഴ്പ്പെടുന്നില്ല, കീഴ്പ്പെടാൻ അതിനു സാധിക്കുകയുമില്ല. 8 പാപപ്രവണതയാൽ നിയന്ത്രിക്കപ്പെടുന്നവർക്കു ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുകയില്ല.

  14. 14 “ആകയാൽ യഹോവയെ ഭയപ്പെട്ടു പരിപൂർണ വിശ്വസ്തതയോടെ അവിടത്തെ സേവിപ്പിൻ. ഈജിപ്റ്റിലും യൂഫ്രട്ടീസ് നദിക്കക്കരെയുംവെച്ചു നിങ്ങളുടെ പിതാക്കന്മാർ ഭജിച്ചുവന്ന ദേവന്മാരെ വലിച്ചെറിയുകയും യഹോവയെ സേവിക്കുകയും ചെയ്യുക. 15 എന്നാൽ യഹോവയെ സേവിക്കുന്നത് നിങ്ങൾക്ക് അഭിലഷണീയമല്ലെന്നു തോന്നുന്നെങ്കിൽ, ഇന്നുതന്നെ നിങ്ങൾ ആരെ സേവിക്കുമെന്ന്—നിങ്ങളുടെ പിതാക്കന്മാർ യൂഫ്രട്ടീസ് നദിക്കക്കരെ സേവിച്ച ദേവന്മാരെയോ അഥവാ, നിങ്ങൾ താമസിക്കുന്ന ദേശത്തെ അമോര്യരുടെ ദേവന്മാരെയോ—ഇന്നുതന്നെ തെരഞ്ഞെടുത്തുകൊൾക. എന്നാൽ ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.”

  15. 28 ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അതായത്, അവിടത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്കുതന്നെ ദൈവം എല്ലാ കാര്യങ്ങളും നന്മയ്ക്കായി ചേർന്നു പ്രവർത്തിക്കുമാറാക്കുന്നു എന്നു നാം അറിയുന്നു. 29 ദൈവം മുൻകൂട്ടി അറിഞ്ഞവരെ, തന്റെ പുത്രനോടു സദൃശരായിത്തീരാൻ മുൻനിയമിച്ചിരിക്കുന്നു. അത് അവിടത്തെ പുത്രൻ അനേകം സഹോദരങ്ങളിൽ ഒന്നാമനാകേണ്ടതിനാണ്.

  16. 22 യുവസഹജമായ ആസക്തികൾ വിട്ട് പലായനംചെയ്യുക. നിർമലഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടുംചേർന്ന് ധാർമികത, വിശ്വാസം, സ്നേഹം, സമാധാനം എന്നിവ അനുഗമിക്കുക. 23 മൗഢ്യവും ബാലിശവുമായ വാദപ്രതിവാദങ്ങൾ സംഘട്ടനങ്ങൾക്ക് വഴിതെളിക്കും എന്നറിഞ്ഞ് അവ ഉപേക്ഷിക്കുക. 24 കർത്താവിന്റെ ദാസൻ സംഘട്ടനങ്ങളിൽ ഏർപ്പെടാതെ എല്ലാവരോടും സൗമ്യമായി പെരുമാറുന്നവനും അധ്യാപനത്തിൽ നൈപുണ്യമുള്ളവനും ക്ഷമാശീലനും ആയിരിക്കണം. 25 ശത്രുക്കൾക്ക് സത്യം സുവ്യക്തമാകുംവിധം ദൈവം അവർക്ക് മാനസാന്തരം നൽകിയേക്കാം എന്ന പ്രതീക്ഷയോടെ, സൗമ്യമായി ബുദ്ധി ഉപദേശിക്കേണ്ടതാണ്. 26 തൽഫലമായി, പിശാച് തന്റെ ഇഷ്ടം നിറവേറ്റാൻ അടിമകളാക്കി വെച്ചിട്ടുള്ളവർ, അവന്റെ കെണിയിൽനിന്ന് സ്വതന്ത്രരായി സുബോധത്തിലേക്ക് മടങ്ങിവരും.

  17. 9 അവിടത്തെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ കർത്താവ് കാലവിളംബം വരുത്തുന്നില്ല; അവിടന്ന് നിങ്ങളോട് ദീർഘക്ഷമ കാണിക്കുകയാണ്. ഒരു വ്യക്തിപോലും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരത്തിലേക്ക് വരണമെന്നാണ് അവിടത്തെ ആഗ്രഹം.

  18. 8 “കാരണം എന്റെ ചിന്തകൾ നിങ്ങളുടെ ചിന്തകളല്ല,

    നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല,”

    എന്ന് യഹോവ അരുളിച്ചെയ്യുന്നു.

    9 “ആകാശം ഭൂമിയെക്കാൾ ഉന്നതമായിരിക്കുന്നതുപോലെ,

    എന്റെ വഴികൾ നിങ്ങളുടെ വഴികളെക്കാളും

    എന്റെ ചിന്തകൾ നിങ്ങളുടെ ചിന്തകളെക്കാളും ഉന്നതമാണ്.

  19. 27 അങ്ങ് അഭിഷേകം ചെയ്ത അവിടത്തെ പരിശുദ്ധദാസനായ യേശുവിനു വിരോധമായി ഹെരോദാവും പൊന്തിയോസ് പീലാത്തോസും, ഇസ്രായേൽജനതയുടെയും മറ്റുജനങ്ങളുടെയും ഒപ്പം ഈ നഗരത്തിൽ ഒരുമിച്ചുകൂടി, 28 സംഭവിക്കേണമെന്ന് അവിടത്തെ ശക്തിയും ഇച്ഛയും മുൻകൂട്ടി തീരുമാനിച്ചതൊക്കെയും ചെയ്തിരിക്കുന്നു.

  20. 17 ആത്മാവും മണവാട്ടിയും പറയുന്നു, “വരിക!” ശ്രോതാവും പറയട്ടെ “വരിക!” ദാഹിക്കുന്നവർ വരിക, ജീവജലം ആഗ്രഹിക്കുന്നവർ സൗജന്യമായി സ്വീകരിക്കട്ടെ.

  21. 21 യഹോവ മോശയോട് അരുളിച്ചെയ്തു, “നീ ഈജിപ്റ്റിൽ ചെല്ലുമ്പോൾ ഞാൻ നിന്നെ ഭരമേൽപ്പിച്ചിട്ടുള്ള സകല അത്ഭുതങ്ങളും ഫറവോന്റെ മുമ്പാകെ ചെയ്യണം. എന്നാൽ ഞാൻ അവന്റെ ഹൃദയം കഠിനമാക്കുമ്പോൾ ജനങ്ങളെ പോകാൻ അവൻ അനുവദിക്കാതിരിക്കുകയും ചെയ്യും.

  22. 16 നിങ്ങൾ എന്നെ തെരഞ്ഞെടുത്തതല്ല, ഞാനാണ് നിങ്ങളെ തെരഞ്ഞെടുത്തത്. നിങ്ങൾ പോയി ഫലം കായ്ക്കുന്നതിന്, നിലനിൽക്കുന്ന ഫലം കായ്ക്കേണ്ടതിനു തന്നെ, ഞാൻ നിങ്ങളെ നിയമിച്ചുമിരിക്കുന്നു. നിങ്ങൾ എന്റെ നാമത്തിൽ യാചിക്കുന്നതെന്തും പിതാവ് നിങ്ങൾക്കു നൽകും.

  23. 48 ഇതു കേട്ടപ്പോൾ യെഹൂദേതരർ ആനന്ദിച്ച് കർത്താവിന്റെ വചനത്തെ പ്രകീർത്തിച്ചു. നിത്യജീവനുവേണ്ടി നിയോഗിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു.

    49 കർത്താവിന്റെ വചനം ആ പ്രദേശത്തെല്ലാം പ്രചരിച്ചു.

  24. 10 കാരണം ഓരോ വ്യക്തിയും ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്ത നന്മയ്ക്കോ തിന്മയ്ക്കോ അനുസൃതമായി പ്രതിഫലം വാങ്ങാൻ നാമെല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിനുമുമ്പിൽ വെളിപ്പെടേണ്ടതാകുന്നു.

  25. 1 സകലമനുഷ്യർക്കുംവേണ്ടി അപേക്ഷകളും പ്രാർഥനകളും മധ്യസ്ഥതയും സ്തോത്രവും അർപ്പിക്കണമെന്ന് ആദ്യംതന്നെ ഞാൻ പ്രബോധിപ്പിക്കട്ടെ. 2 നാം പ്രശാന്തവും സമാധാനപൂർണവും ഭയഭക്തിയുള്ളതും അന്തസ്സുറ്റതുമായ ഒരു ജീവിതം നയിക്കാൻ സാധിക്കേണ്ടതിനു രാജാക്കന്മാർക്കുവേണ്ടിയും ഉന്നത അധികാരികൾക്കുവേണ്ടിയും പ്രാർഥിക്കുക. 3 ഇത് ഉത്തമവും നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെസന്നിധിയിൽ സ്വീകാര്യവുമാണ്. 4 സകലമനുഷ്യരും രക്ഷപ്രാപിക്കണമെന്നും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തിച്ചേരണമെന്നും അവിടന്ന് ആഗ്രഹിക്കുന്നു. 5 ദൈവം ഏകനാണ്; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഏകൻ; മനുഷ്യനായ ക്രിസ്തുയേശുമാത്രം. 6 അവിടന്ന് എല്ലാവർക്കുംവേണ്ടി വീണ്ടെടുപ്പുവിലയായി സ്വയം അർപ്പിച്ചു; ഇതാണ് ഉചിതമായ സന്ദർഭത്തിൽ മനുഷ്യനു വെളിപ്പെടുത്തിയ സാക്ഷ്യം.

  26. 12 പരിശോധന സഹനശക്തിയോടെ അഭിമുഖീകരിക്കുന്ന മനുഷ്യർ അനുഗൃഹീതർ; പരീക്ഷയിൽ വിജയികളായിത്തീർന്നശേഷം അവർ, കർത്താവ് അവിടത്തെ സ്നേഹിക്കുന്നവർക്കു വാഗ്ദാനംചെയ്തിരിക്കുന്ന ജീവകിരീടം കരസ്ഥമാക്കും.

    13 പ്രലോഭിപ്പിക്കപ്പെടുമ്പോൾ, “ദൈവം എന്നെ പ്രലോഭിപ്പിക്കുന്നു” എന്ന് ആരും പറയരുത്. ദൈവം തിന്മയാൽ പ്രലോഭിതനാകുന്നില്ല; അവിടന്ന് ആരെയും പ്രലോഭിപ്പിക്കുന്നതുമില്ല. 14 എന്നാൽ, ഓരോരുത്തരും പ്രലോഭിപ്പിക്കപ്പെടുന്നത് സ്വന്തം ദുർമോഹത്താൽ വലിച്ചിഴയ്ക്കപ്പെടുകയും വശീകരിക്കപ്പെടുകയും ചെയ്യുമ്പോഴാണ്. 15 ഈ ദുർമോഹങ്ങൾ ഗർഭംധരിച്ചു പാപത്തെ ജനിപ്പിക്കുന്നു; പാപം പൂർണവളർച്ചയെത്തി മരണത്തെ ജനിപ്പിക്കുന്നു.

  27. 26 ഇതാ, ഇന്നു ഞാൻ നിങ്ങളുടെമുമ്പിൽ അനുഗ്രഹവും ശാപവും വെക്കുന്നു. 27 ഇന്നു ഞാൻ നിങ്ങൾക്കു നൽകുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കൽപ്പനകൾ അനുസരിക്കുമെങ്കിൽ അനുഗ്രഹവും 28 നിങ്ങളുടെ ദൈവമായ യഹോവയുടെ കൽപ്പനകൾ അനുസരിക്കാതെ ഇന്നു ഞാൻ നിങ്ങളോടു കൽപ്പിക്കുന്ന വഴിവിട്ട് നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാരെ അനുഗമിച്ചാൽ ശാപവും വരും.

  28. 19 “എന്നിട്ടും നിങ്ങൾ ചോദിക്കുന്നു, ‘പിതാവിന്റെ അകൃത്യം പുത്രൻ വഹിക്കേണ്ടതല്ലയോ?’ ആ പുത്രൻ ന്യായവും നീതിയും പ്രവർത്തിക്കുകയും എന്റെ എല്ലാ ഉത്തരവുകളും അനുസരിക്കുകയും ചെയ്യുകയാൽ അവൻ തീർച്ചയായും ജീവിക്കും. 20 പാപംചെയ്യുന്ന വ്യക്തിയാണ് മരണശിക്ഷ അനുഭവിക്കേണ്ടത്. മക്കൾ മാതാപിതാക്കളുടെ അകൃത്യത്തിന്റെ ശിക്ഷ അനുഭവിക്കുകയോ മാതാപിതാക്കൾ മക്കളുടെ പാപഫലം അനുഭവിക്കുകയോ ഇല്ല. നീതിനിഷ്ഠരുടെ നീതി അവരുടെമേൽതന്നെ കണക്കാക്കുകയും ദുഷ്ടരുടെ ദുഷ്ടത അവർക്കെതിരേതന്നെ നിറയ്ക്കുകയും ചെയ്യും.

    21 “എന്നാൽ ദുഷ്ടർ തങ്ങളുടെ എല്ലാ പാപങ്ങളും വിട്ടുതിരിഞ്ഞ് എന്റെ ഉത്തരവുകൾ പ്രമാണിക്കയും നീതിയും ന്യായവും അനുസരിച്ചു ജീവിക്കുകയും ചെയ്താൽ അവർ തീർച്ചയായും ജീവിക്കും; അങ്ങനെയുള്ളവർ മരിക്കുകയില്ല. 22 അവർ ചെയ്തുപോയ അകൃത്യങ്ങളൊന്നും അവർക്കെതിരേ ഓർക്കപ്പെടുകയില്ല. തങ്ങൾചെയ്ത നീതിപ്രവൃത്തികൾ നിമിത്തം അവർ ജീവിക്കും. 23 ദുഷ്ടരുടെ മരണം എന്നെ സന്തുഷ്ടനാക്കുന്നുണ്ടോ? അവർ തന്റെ വഴികൾ വിട്ടുതിരിഞ്ഞു ജീവിക്കണമെന്നല്ലേ ഞാൻ ആഗ്രഹിക്കുന്നത്? എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

    24 “എന്നാൽ നീതിനിഷ്ഠർ അവരുടെ നീതി വിട്ടുമാറി അധർമം പ്രവർത്തിക്കുകയും ദുഷ്ടർ ചെയ്യുന്ന സകലമ്ലേച്ഛതകളും പ്രവർത്തിക്കുകയും ചെയ്താൽ അവർ ജീവിക്കുമോ? അവർ ചെയ്ത വഞ്ചനയും അധർമവും നിമിത്തം അവർ മുമ്പുചെയ്തിട്ടുള്ള നീതിപ്രവൃത്തികളൊന്നും സ്മരിക്കപ്പെടുകയില്ല. അവരുടെ പാപംനിമിത്തം അവർ മരിക്കും.

    25 “എങ്കിലും നിങ്ങൾ പറയുന്നു: ‘കർത്താവിന്റെ വഴി നീതിയുക്തമല്ല.’ ഇസ്രായേൽജനമേ, കേട്ടുകൊൾവിൻ. എന്റെ വഴി നീതിയുക്തമല്ലാത്തതോ? നിങ്ങളുടെ വഴികളല്ലേ നീതിയുക്തമല്ലാത്തത്? 26 നീതിനിഷ്ഠർ തങ്ങളുടെ നീതിനിഷ്ഠ വിട്ടുമാറി പാപംചെയ്യുന്നെങ്കിൽ അവൻ അതുനിമിത്തം മരിക്കും; തങ്ങൾചെയ്ത പാപംനിമിത്തംതന്നെ അവർ മരിക്കും. 27 ദുഷ്ടർ തങ്ങൾചെയ്ത ദുഷ്ടത വിട്ടുതിരിഞ്ഞ് ന്യായവും നീതിയും പ്രവർത്തിക്കുന്നെങ്കിൽ, അവർ തങ്ങളുടെ ജീവൻ രക്ഷിക്കുകയാണ് ചെയ്യുന്നത്. 28 തങ്ങൾചെയ്ത എല്ലാ അകൃത്യങ്ങളെയുംകുറിച്ച് പരിതപിച്ച് അവ ഉപേക്ഷിച്ചിരിക്കുകയാൽ അവർ ജീവിക്കും, നിശ്ചയം; അവർ മരിക്കുകയില്ല. 29 എന്നിട്ടും ഇസ്രായേൽജനം ‘കർത്താവിന്റെ വഴി നീതിയുക്തമല്ല,’ എന്നു പറയുന്നു. ഇസ്രായേൽജനമേ, എന്റെ വഴികൾ നീതിയുക്തമല്ലാത്തതോ? നിങ്ങളുടെ വഴികളല്ലേ നീതിയുക്തമല്ലാത്തത്?

    30 “അതിനാൽ ഇസ്രായേൽജനമേ, നിങ്ങളിൽ ഓരോരുത്തരെയും താന്താങ്ങളുടെ നടപ്പനുസരിച്ച് ഞാൻ ന്യായം വിധിക്കുമെന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. അനുതപിക്കുക! പാപം നിങ്ങളുടെ തകർച്ചയ്ക്ക് കാരണമായിത്തീരാതിരിക്കേണ്ടതിന് നിങ്ങളുടെ എല്ലാ അകൃത്യങ്ങളിൽനിന്നും പിന്തിരിയുക. 31 നിങ്ങൾ ചെയ്ത എല്ലാ അതിക്രമങ്ങളും ഉപേക്ഷിച്ചുകളയുക. നിങ്ങൾക്ക് ഒരു പുതിയ ഹൃദയവും പുതിയ ആത്മാവും നേടിക്കൊൾക. ഇസ്രായേൽജനമേ, നിങ്ങൾ എന്തിനു മരിക്കുന്നു? 32 കാരണം ആരുടെയും മരണത്തിൽ ഞാൻ സന്തുഷ്ടനല്ല, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്; അതിനാൽ മാനസാന്തരപ്പെട്ട് ജീവിച്ചുകൊൾക.

  29. 34 പിന്നെ അദ്ദേഹം ശിഷ്യന്മാരെയും ജനക്കൂട്ടത്തെയും അടുക്കൽ വിളിച്ച് ഇങ്ങനെ പറഞ്ഞു: “ഒരാൾ എന്റെ അനുയായി ആകാൻ ഇച്ഛിക്കുന്നെങ്കിൽ അയാൾ സ്വയം ത്യജിച്ച് തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ.

  30. 12 അതേ, നാം വ്യക്തിപരമായി ദൈവത്തോട് കണക്കു ബോധിപ്പിക്കേണ്ടവരാണ്.

  31. 13 മനുഷ്യർക്കു സാധാരണമല്ലാത്ത പ്രലോഭനങ്ങൾ നിങ്ങൾക്കുണ്ടായിട്ടില്ല. ദൈവം വിശ്വസ്തൻ; നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനം അവിടന്ന് അനുവദിക്കുകയില്ല. പ്രലോഭനം ഉണ്ടാകുമ്പോൾ നിങ്ങൾക്കു സഹിക്കാൻ കഴിയേണ്ടതിന് അതിൽനിന്ന് രക്ഷപ്പെടാനുള്ള വഴിയും അതോടൊപ്പംതന്നെ ദൈവം ഉണ്ടാക്കിത്തരും.

  32. 1 ഈ സ്വാതന്ത്ര്യത്തിനായിട്ടാണ് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയത്. ന്യായപ്രമാണത്തിന്റെ അടിമനുകത്തിൻകീഴിൽ നാം വീണ്ടും അകപ്പെട്ടുപോകാതെ സ്വതന്ത്രരായി ഉറച്ചുനിൽക്കുക.

  33. 17 ആകയാൽ, തങ്ങളുടെ നിരർഥകബുദ്ധിക്ക് അനുസൃതമായി ജീവിക്കുന്ന യെഹൂദേതരരെപ്പോലെ ഇനിമേലാൽ ജീവിക്കരുതെന്ന് ഞാൻ നിങ്ങളോടു കർത്താവിന്റെ നാമത്തിൽ നിർബന്ധിക്കുകയാണ്. 18 അവരുടെ ഹൃദയം കഠിനമായിത്തീർന്നതിനാൽ സംജാതമായ അജ്ഞത, അവരുടെ ഗ്രഹണശക്തി ഇരുളടഞ്ഞതാക്കി, അവരെ ദൈവികജീവനിൽനിന്ന് അകറ്റിയിരിക്കുന്നു. 19 അവർ എല്ലാ സംവേദനക്ഷമതയും നഷ്ടപ്പെട്ട്, വിഷയാസക്തിക്ക് തങ്ങളെത്തന്നെ ഏൽപ്പിച്ച് എല്ലാത്തരം അശുദ്ധിയിലും അഭിരമിച്ച് അത്യാർത്തി പൂണ്ടവരായിരിക്കുന്നു.

  34. 15 എന്നാൽ തവളകളിൽനിന്ന് ആശ്വാസംലഭിച്ചു എന്നുകണ്ടപ്പോൾ, യഹോവ അരുളിച്ചെയ്തിരുന്നതുപോലെ, ഫറവോൻ തന്റെ ഹൃദയത്തെ കഠിനമാക്കി; മോശയുടെയും അഹരോന്റെയും വാക്ക് അയാൾ കേട്ടതുമില്ല.

  35. 16 മക്കളുടെ തെറ്റിനു പിതാക്കന്മാരോ പിതാക്കന്മാരുടെ തെറ്റിനു മക്കളോ മരണശിക്ഷ അനുഭവിക്കരുത്; ഓരോരുത്തരുടെയും പാപത്തിന് അവരവർതന്നെ മരണശിക്ഷ അനുഭവിക്കണം.

  36. 19 ഗിബെയോൻനിവാസികളായ ഹിവ്യർ ഒഴികെ ഒരു പട്ടണവും ഇസ്രായേലുമായി സമാധാനയുടമ്പടി ചെയ്തിരുന്നില്ല. ശേഷമുള്ളവരെയെല്ലാം അവർ യുദ്ധത്തിൽ പിടിച്ചടക്കി. 20 യഹോവയായിരുന്നു ഇസ്രായേലിനോടു യുദ്ധംചെയ്യാൻ അവരുടെ ഹൃദയം കഠിനമാക്കിയത്. യഹോവ മോശയോടു കൽപ്പിച്ചതുപോലെ കരുണകൂടാതെ അവരെ കൊന്നൊടുക്കി ഉന്മൂലനാശംവരുത്തുന്നതിനു വേണ്ടിയായിരുന്നു ഇത്.

    21 അക്കാലത്ത് യോശുവ ചെന്ന് മലനാടായ ഹെബ്രോൻ, ദെബീർ, അനാബ്, യെഹൂദാമലനാട്, ഇസ്രായേല്യമലനാട് എന്നിവിടങ്ങളിലൊക്കെയും ഉണ്ടായിരുന്ന അനാക്യരെ സംഹരിച്ചു. യോശുവ അവർക്കും അവരുടെ പട്ടണങ്ങൾക്കും ഉന്മൂലനാശംവരുത്തി. 22 ഗസ്സായിലും ഗത്തിലും അശ്ദോദിലുമല്ലാതെ ഇസ്രായേൽപ്രദേശത്തെങ്ങും അനാക്യർ ആരുംതന്നെ ശേഷിച്ചില്ല.

  37. 1 യെഹൂദാരാജാവായ യോശിയാവിന്റെ മകനായ യെഹോയാക്കീമിന്റെ ഭരണത്തിന്റെ ആരംഭത്തിൽ യഹോവയിൽനിന്ന് ഇപ്രകാരം അരുളപ്പാടുണ്ടായി: 2 “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ യഹോവയുടെ ആലയത്തിന്റെ അങ്കണത്തിൽ നിന്നുകൊണ്ട് യഹോവയുടെ ആലയത്തിൽ നമസ്കരിക്കാൻ വരുന്ന സകല യെഹൂദാനഗരങ്ങളിൽനിന്നുള്ള ജനങ്ങളോടും സംസാരിക്കുക. ഞാൻ നിന്നോടു കൽപ്പിക്കുന്ന സകലവചനങ്ങളും പ്രസ്താവിക്കുക; ഒരു വാക്കുപോലും വിട്ടുകളയരുത്. 3 ഒരുപക്ഷേ അതുകേട്ട് അവർ ഓരോരുത്തരും തങ്ങളുടെ ദുർമാർഗം വിട്ടുതിരിഞ്ഞേക്കാം. അവരുടെ ദുഷ്ടതനിറഞ്ഞ പ്രവൃത്തികൾനിമിത്തം ഞാൻ അവർക്കു വരുത്താൻ ഉദ്ദേശിക്കുന്ന അനർഥത്തെക്കുറിച്ച് ഞാൻ അപ്പോൾ അനുതപിക്കും. 4 നീ അവരോട് ഇപ്രകാരം പറയണം: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. നിങ്ങൾ എന്റെ വാക്കുകേട്ട് ഞാൻ നിങ്ങളുടെമുമ്പിൽ വെച്ചിട്ടുള്ള ന്യായപ്രമാണം അനുസരിച്ചു ജീവിക്കാതിരിക്കുകയും 5 ഞാൻ വീണ്ടും വീണ്ടും നിങ്ങളുടെ അടുക്കൽ അയച്ചിട്ടും നിങ്ങൾ ശ്രദ്ധിക്കാതിരുന്ന എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വാക്കുകൾ ഇനിയും കേൾക്കാതിരിക്കുകയുംചെയ്താൽ, 6 ഞാൻ ഈ ആലയത്തെ ശീലോവിനു തുല്യവും ഈ പട്ടണത്തെ ഭൂമിയിലെ സകലരാഷ്ട്രങ്ങളുടെയും ഇടയിൽ ശാപയോഗ്യവും ആക്കിത്തീർക്കും.’ ”

  38. 14-15 “ഞാൻ ആകുന്നു നല്ല ഇടയൻ; പിതാവ് എന്നെയും ഞാൻ പിതാവിനെയും അറിയുന്നതുപോലെ, ഞാൻ എന്റെ ആടുകളെയും എന്റെ ആടുകൾ എന്നെയും അറിയുന്നു. ആടുകൾക്കുവേണ്ടി ഞാൻ എന്റെ ജീവൻ അർപ്പിക്കുന്നു. 16 ഈ കൂട്ടത്തിൽ ഉൾപ്പെടാത്ത വേറെയും ആടുകൾ എനിക്കുണ്ട്. അവയെയും ഞാൻ കൂട്ടിക്കൊണ്ടു വരേണ്ടതാണ്. അവയും എന്റെ ശബ്ദം കേൾക്കും. അങ്ങനെ ഒരു ആട്ടിൻപറ്റവും ഒരു ഇടയനും ആകും. 17 ഞാൻ ആടുകൾക്കായി എന്റെ ജീവൻ അർപ്പിക്കുകയും അതു തിരികെ എടുക്കുകയും ചെയ്യുന്നതിനാൽ പിതാവ് എന്നെ സ്നേഹിക്കുന്നു. 18 അത് എന്നിൽനിന്ന് ആരും എടുത്തുകളയുന്നില്ല, ഞാൻ അത് സ്വമേധയാ അർപ്പിക്കുകയും തിരിച്ചെടുക്കുകയുംചെയ്യുന്നു. അത് അർപ്പിക്കാനും തിരിച്ചെടുക്കാനും എനിക്ക് അധികാരമുണ്ട്. എന്റെ പിതാവിൽനിന്നാണ് എനിക്ക് ഈ അധികാരം ലഭിച്ചിരിക്കുന്നത്.”

  39. 7 നിങ്ങളെത്തന്നെ വഞ്ചിക്കരുത്. ദൈവത്തെ കബളിപ്പിക്കുക അസാധ്യം. ഒരു മനുഷ്യൻ കൊയ്യുന്നത് അയാൾ വിതയ്ക്കുന്നതുതന്നെയായിരിക്കും. 8 പാപേച്ഛകളുടെ നിവൃത്തിമാത്രം ലക്ഷ്യമാക്കി വിതയ്ക്കുന്നവർ അതിൽനിന്നുതന്നെ നാശം കൊയ്യുകയും ദൈവാത്മാവിനെ പ്രസാദിപ്പിക്കാനായി വിതയ്ക്കുന്നവൻ ദൈവാത്മാവിൽനിന്നുതന്നെ നിത്യജീവനെ കൊയ്യുകയും ചെയ്യും.

  40. 9 വിനാശപുത്രന്റെ വരവ് സാത്താന്റെ പ്രവർത്തനരീതിക്കു സമാനമായിട്ട്, എല്ലാത്തരം ശക്തി പ്രകടനങ്ങളോടും വ്യാജമായ ചിഹ്നങ്ങളോടും അത്ഭുതപ്രവൃത്തികളോടും കൂടിയുമായിരിക്കും. 10 തങ്ങളെ രക്ഷിക്കുന്ന സത്യത്തെ സ്നേഹിച്ചു സ്വീകരിക്കാതെ നാശത്തിലേക്കു പോകുന്നവരുടെമേൽ എല്ലാ തരത്തിലുമുള്ള ദുഷ്ടതനിറഞ്ഞ വഞ്ചനയും അയാൾ പ്രയോഗിക്കും. 11 ഈ വ്യാജം വിശ്വസിക്കേണ്ടതിനുവേണ്ടി ദൈവം അവർക്ക് ശക്തമായ ഒരു മതിവിഭ്രമം നൽകും. 12 അങ്ങനെ, സത്യത്തിൽ വിശ്വസിക്കാതെ ദുഷ്ടതയിൽ അഭിരമിച്ചതിനാൽ അവർ ശിക്ഷിക്കപ്പെടും.

  41. 20 ഇതാ, ഞാൻ വാതിൽക്കൽ നിന്ന് മുട്ടുന്നു. ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അകത്തുചെന്ന് അവനോടുകൂടെയും അയാൾ എന്നോടുകൂടെയും അത്താഴം കഴിക്കും.