46 Bible Verses About Drugs
Biblica® Open Malayalam Contemporary Version™ (OMCV)
-
16 ആകയാൽ ഞാൻ പറയുന്നു: യാതൊരുവിധത്തിലും പാപത്തിന്റെ ഇച്ഛകൾക്ക് വശംവദരാകാതെ ദൈവാത്മനിയന്ത്രണത്തിൽ ജീവിക്കുക. 17 പാപാസക്തി ദൈവാത്മാഭിലാഷത്തിനും ദൈവാത്മാഭിലാഷം പാപാസക്തിക്കും വിരുദ്ധമാണ്. ഇവ പരസ്പരം ശത്രുക്കളാണ്; അതുകൊണ്ട് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം പ്രവർത്തിക്കാൻ നിങ്ങൾക്ക് കഴിയുന്നുമില്ല. 18 നിങ്ങൾ ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരെങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിന് അധീനരല്ല.
19 മനുഷ്യസഹജമായ പാപപ്രവൃത്തികൾ, ലൈംഗികാധർമം, അസാന്മാർഗികത, കുത്തഴിഞ്ഞ ജീവിതരീതി; 20 വിഗ്രഹാരാധന, ദുർമന്ത്രവാദം; പക, കലഹം, ജാരശങ്ക, കലാപം, സ്വാർഥത, ദ്വന്ദ്വപക്ഷം, ഭിന്നത, 21 അസൂയ, മദ്യപാനം, അഴിഞ്ഞാട്ടം തുടങ്ങിയവയെന്നു വ്യക്തമാണ്. ഈ കാര്യങ്ങൾ പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ നിങ്ങളോട് മുമ്പേ പറഞ്ഞിരുന്നതുപോലെ വീണ്ടും ആവർത്തിക്കുകയാണ്.
22 എന്നാൽ, ആത്മാവിന്റെ ഫലം, സ്നേഹം, ആനന്ദം, സമാധാനം, ദീർഘക്ഷമ, ദയ, ഉദാരത, വിശ്വസ്തത, 23 സൗമ്യത, ആത്മനിയന്ത്രണം എന്നിവയാണ്. ഇവയ്ക്കെതിരായി ഒരു ന്യായപ്രമാണവുമില്ല. 24 എന്നാൽ, ക്രിസ്തുയേശുവിനുള്ളവർ മനുഷ്യസഹജമായ പ്രവൃത്തികളെ അതിന്റെ എല്ലാവിധ ഭോഗവിലാസങ്ങളോടുംകൂടി ക്രൂശിച്ചിരിക്കുന്നു. 25 നാം ആത്മാവിനാൽ ജീവിക്കുന്നവരായതുകൊണ്ട് നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളും ആത്മനിയന്ത്രിതമായിരിക്കണം.
-
15 അതുകൊണ്ട് നിങ്ങൾ എങ്ങനെ ജീവിക്കുന്നു എന്നു സൂക്ഷിക്കുക—അവിവേകികളായിട്ടല്ല, വിവേകികളായിത്തന്നെ ജീവിക്കുക. 16 ഇത് വഷളത്തം വർധിതമായ കാലമാണ്; അതുകൊണ്ട്, ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കാതെ പരമാവധി പ്രയോജനപ്പെടുത്തുക. 17 അജ്ഞാനികളാകരുത്; പിന്നെയോ കർത്താവിന്റെ ഇഷ്ടം എന്തെന്നു ഗ്രഹിക്കുന്നവരാകുക. 18 മദ്യപിച്ചു മദോന്മത്തരാകരുത്; അതു വഴിപിഴച്ച ജീവിതത്തിലേക്കു നയിക്കും. നിങ്ങളോ, ദൈവാത്മാവിനാൽ നിയന്ത്രിക്കപ്പെട്ടവരായി 19 സങ്കീർത്തനങ്ങൾ, സ്തുതിഗീതങ്ങൾ, ആത്മികഗാനങ്ങൾ എന്നിവയാൽ പരസ്പരം പ്രബോധിപ്പിക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവിന് കീർത്തനങ്ങൾ ആലപിക്കുകയും 20 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവായ ദൈവത്തിന് സർവകാര്യങ്ങൾക്കായും എപ്പോഴും സ്തോത്രം അർപ്പിക്കുകയുംചെയ്യുക.
-
9 അധർമികൾ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങൾ അറിയുന്നില്ലേ? വഞ്ചിക്കപ്പെടരുത്: ദുർനടപ്പുകാർ, വിഗ്രഹാരാധകർ, വ്യഭിചാരികൾ, സ്വവർഗാനുരാഗികളായ പുരുഷന്മാരും സ്ത്രീകളും, 10 മോഷ്ടാക്കൾ, അത്യാഗ്രഹികൾ, മദ്യപർ, അപവാദം പരത്തുന്നവർ, അന്യരുടെ പണം അപഹരിക്കുന്നവർ ഇങ്ങനെയുള്ളവർ ദൈവരാജ്യം അവകാശമാക്കുകയില്ല. 11 നിങ്ങളിൽ ചിലർ ഇങ്ങനെയുള്ളവരായിരുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ കഴുകപ്പെട്ടവരും വിശുദ്ധീകരിക്കപ്പെട്ടവരും കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നീതീകരിക്കപ്പെട്ടവരും ആയിത്തീർന്നു.
-
1 എന്നാൽ, നിർമലോപദേശത്തിന് യോഗ്യമായതുമാത്രം നീ പഠിപ്പിക്കുക. 2 നിന്നെക്കാൾ പ്രായമുള്ള പുരുഷന്മാർ സമചിത്തരും ബഹുമാന്യരും ബുദ്ധിപൂർവം പ്രവർത്തിക്കുന്നവരും അചഞ്ചലമായ വിശ്വാസവും സ്നേഹവും സഹിഷ്ണുതയും ഉള്ളവരും ആയിരിക്കാൻ നീ ഉപദേശിക്കുക.
3 അങ്ങനെതന്നെ, നിന്നെക്കാൾ പ്രായമുള്ള സ്ത്രീകളും ജീവിതത്തിൽ നല്ല പെരുമാറ്റമുള്ളവരും പരദൂഷണം പറയാത്തവരും മദ്യപിക്കാത്തവരും നല്ലതു പഠിപ്പിക്കുന്നവരുമായിരിക്കാൻ ഉപദേശിക്കുക. 4 ദൈവവചനം അപകീർത്തിപ്പെടാതെ ഇരിക്കേണ്ടതിന് സ്വന്തം ഭർത്താക്കന്മാരെയും മക്കളെയും സ്നേഹിക്കുന്നവരും 5 ആത്മനിയന്ത്രണമുള്ളവരും നിർമലരും വീട്ടുകാര്യങ്ങൾ നന്നായി നോക്കുന്നവരും ദയാശീലരും തങ്ങളുടെ ഭർത്താക്കന്മാർക്കു വിധേയപ്പെടുന്നവരും ആയിരിക്കാൻ യുവതികളെ പ്രോത്സാഹിപ്പിക്കുക.
6 അതുപോലെതന്നെ, യുവാക്കന്മാരെയും അവർ ആത്മനിയന്ത്രണമുള്ളവരായിരിക്കാൻ പ്രോത്സാഹിപ്പിക്കുക. 7 സകലസൽപ്രവൃത്തികൾക്കും നീ മാതൃക കാണിക്കുക. നിന്റെ ഉപദേശങ്ങൾ നിർവ്യാജവും ഗൗരവമേറിയതും 8 നിന്റെ സംഭാഷണം അപവാദങ്ങൾക്കിടവരുത്താത്തതും ആയിരിക്കണം. അപ്പോൾ എതിരാളികൾ നമ്മിൽ ഒരു അധാർമികതയും ആരോപിക്കാൻ അവസരമില്ലാതെ ലജ്ജിതരാകും.
-
12 രാത്രി കഴിയാറായി; രക്ഷയുടെ പകൽ അടുത്തെത്തിയിരിക്കുന്നു. അതുകൊണ്ട്, നാം അന്ധകാരത്തിന്റെ പ്രവൃത്തികൾ ഉപേക്ഷിക്കുകയും പ്രകാശത്തിന്റെ ആയുധങ്ങൾ ധരിക്കുകയുംചെയ്യുക. 13 പകൽസമയത്തെന്നപോലെ നമ്മുടെ ജീവിതരീതി മാന്യമായിരിക്കട്ടെ. കാമോന്മാദത്തിലും മദ്യോന്മത്തതയിലുമല്ല, ഭോഗാസക്തിയിലും കുത്തഴിഞ്ഞ ജീവിതത്തിലുമല്ല, ലഹളയിലും അസൂയയിലുമല്ല, 14 മറിച്ച്, കർത്താവായ യേശുക്രിസ്തുവിനെ ധരിച്ചവരായി നിങ്ങൾ ജീവിക്കുക. ശാരീരികാഭിലാഷങ്ങളിൽ ചിന്താമഗ്നരാകരുത്.
-
8 ജാഗ്രതയുള്ളവർ ആയിരിക്കുക! സമചിത്തത പാലിക്കുക! നിങ്ങളുടെ വൈരിയായ പിശാച് ഗർജിക്കുന്ന സിംഹത്തെപ്പോലെ ആരെ കടിച്ചുകീറി തിന്നേണ്ടൂ എന്നു പരതിക്കൊണ്ട് പതുങ്ങി നടക്കുന്നു. 9 വിശ്വാസത്തിൽ അടിയുറച്ച് നിന്നുകൊണ്ട് അവനെ ശക്തിയുക്തം എതിർക്കുക. ലോകമെമ്പാടുമുള്ള നിങ്ങളുടെ സഹോദരസമൂഹം ഇതേ ദുരിതാനുഭവങ്ങളിലൂടെ കടന്നുപോകുന്നു എന്നുള്ള കാര്യം നിങ്ങളും അറിയുക.
-
13 മനുഷ്യർക്കു സാധാരണമല്ലാത്ത പ്രലോഭനങ്ങൾ നിങ്ങൾക്കുണ്ടായിട്ടില്ല. ദൈവം വിശ്വസ്തൻ; നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനം അവിടന്ന് അനുവദിക്കുകയില്ല. പ്രലോഭനം ഉണ്ടാകുമ്പോൾ നിങ്ങൾക്കു സഹിക്കാൻ കഴിയേണ്ടതിന് അതിൽനിന്ന് രക്ഷപ്പെടാനുള്ള വഴിയും അതോടൊപ്പംതന്നെ ദൈവം ഉണ്ടാക്കിത്തരും.
14 അതുകൊണ്ട് എന്റെ പ്രിയസഹോദരങ്ങളേ, വിഗ്രഹാരാധന വിട്ട് പലായനംചെയ്യുക,
-
4 എന്നാൽ സഹോദരങ്ങളേ, ആ ദിവസം കള്ളന്റെ വരവ് എന്നപോലെ നിങ്ങളെ അമ്പരപ്പിക്കേണ്ടതിന് നിങ്ങൾ അന്ധകാരത്തിലുള്ളവരല്ല; 5 നിങ്ങളെല്ലാവരും പ്രകാശത്തിന്റെ മക്കൾ; അതേ പകലിന്റെ മക്കൾ ആകുന്നു. നാം രാത്രിയുടെയും അന്ധകാരത്തിന്റെയും സ്വന്തമല്ല. 6 അതുകൊണ്ട് മറ്റുള്ളവരെപ്പോലെ ഉറങ്ങാതെ, നമുക്കു ജാഗ്രതയും സമചിത്തതയും ഉള്ളവരായിരിക്കാം. 7 ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു. മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിക്കുന്നു. 8 എന്നാൽ നാം പകലിനുള്ളവർ ആയതിനാൽ, വിശ്വാസം, സ്നേഹം എന്നിവ കവചമായും, രക്ഷയുടെ പ്രത്യാശ ശിരോരക്ഷണമായും ധരിച്ചു നമുക്കു സുബോധമുള്ളവർ ആയിരിക്കാം.
-
1 സഹോദരങ്ങളേ, ദൈവം നമ്മോടു കാട്ടിയ കരുണ അനുസ്മരിപ്പിച്ചുകൊണ്ട് ഞാൻ പ്രബോധിപ്പിക്കുന്നത്: പവിത്രവും ദൈവത്തിനു പ്രസാദകരവുമായ സജീവയാഗമായി നിങ്ങളുടെ ശരീരങ്ങളെ സമർപ്പിക്കുക; ഇതാണ് നിങ്ങളുടെ ഉചിതമായ സത്യാരാധന. 2 ഈ കാലഘട്ടത്തിന്റെ രീതികളോട് അനുരൂപപ്പെടരുത്; മറിച്ച്, ചിന്താരീതിക്കു സമൂലനവീകരണം വരുത്തി നിങ്ങൾ രൂപാന്തരപ്പെടുക. അങ്ങനെ സദ്ഗുണസമ്പന്നവും സ്വീകാര്യവും സമ്പൂർണവുമായ ദൈവഹിതമെന്തെന്നു നിങ്ങൾക്കു സ്പഷ്ടമാകും.
3 എനിക്കു ലഭിച്ചിരിക്കുന്ന കൃപയുടെ അധികാരത്തിൽ നിങ്ങളിൽ ഓരോരുത്തരോടുമായി ഞാൻ പറയട്ടെ: നിങ്ങൾ ആയിരിക്കുന്നതിൽനിന്നപ്പുറമായി നിങ്ങളെക്കുറിച്ചു ചിന്തിച്ച് അഹങ്കരിക്കരുത്; പിന്നെയോ, ദൈവം നൽകിയിരിക്കുന്ന വിശ്വാസത്തിന്റെ മാനദണ്ഡം ഉപയോഗിച്ച് വിവേകപൂർവം സ്വയം വിലയിരുത്തുകയാണു വേണ്ടത്.
-
1 വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു;
അവമൂലം വഴിതെറ്റുന്നവർ ജ്ഞാനിയല്ല.
-
16 നിങ്ങൾ ദൈവത്തിന്റെ ആലയമെന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ നിവസിക്കുന്നു എന്നും നിങ്ങൾ അറിയുന്നില്ലേ? 17 ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നത് ആരായാലും അയാളെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ ആലയം വിശുദ്ധം; നിങ്ങൾ തന്നെയാണ് ആ ദൈവാലയം.
-
9 എന്നാൽ, അന്ധകാരത്തിൽനിന്ന് നിങ്ങളെ അത്ഭുതജ്യോതിയിലേക്കു വിളിച്ച്, തെരഞ്ഞെടുക്കപ്പെട്ട ജനവും രാജകീയ പുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം അവകാശവുമാക്കിത്തീർത്തത് അവിടത്തെ മാഹാത്മ്യത്തെ വർണിക്കുന്നതിനുവേണ്ടിയാണ്. 10 ഒരുകാലത്ത് നിങ്ങൾ ദൈവജനം ആയിരുന്നില്ല. എന്നാൽ ഇപ്പോൾ ദൈവത്തിന്റെ ജനമാണ്. ഒരിക്കൽ നിങ്ങൾ കരുണ ലഭിക്കാത്തവർ ആയിരുന്നു, എന്നാൽ ഇപ്പോഴോ, നിങ്ങൾക്ക് കരുണ ലഭിച്ചിരിക്കുന്നു.
11 പ്രിയരേ, വിദേശികളും അഭയാർഥികളുമായി ഈ ലോകത്ത് വസിക്കുന്ന നിങ്ങളുടെ പ്രാണനോടു പോരാടുന്ന എല്ലാ പാപകരമായ ആസക്തികളിൽനിന്നും ഒഴിഞ്ഞുനിൽക്കാൻ ഞാൻ നിങ്ങളെ നിർബന്ധിക്കുന്നു. 12 യെഹൂദേതരരുടെ ഇടയിൽ നിങ്ങളുടെ പെരുമാറ്റം മാന്യമായിരിക്കണം, നിങ്ങൾ ദുർവൃത്തരെന്ന് അവർ വ്യാജപ്രചാരണം നടത്തിയാലും നിങ്ങളുടെ സൽപ്രവൃത്തികൾ വീക്ഷിച്ച് കർത്താവിന്റെ സന്ദർശനദിവസത്തിൽ അവർ ദൈവത്തെ മഹത്ത്വപ്പെടുത്തും.
13 കർത്താവിനെ ഓർത്ത്, മാനുഷികമായ എല്ലാ വ്യവസ്ഥാപിത അധികാരികൾക്കും വിധേയരാകുക; പരമാധികാരി എന്നനിലയിൽ രാജാവിനും 14 അദ്ദേഹം നിയമിച്ചിരിക്കുന്ന ഭരണാധികാരികൾക്കും വിധേയരാകുക. കുറ്റവാളികളെ ശിക്ഷിക്കാനും നന്മ പ്രവർത്തിക്കുന്നവരെ അഭിനന്ദിക്കാനുമാണ് ഇവർ നിയമിക്കപ്പെട്ടിരിക്കുന്നത്. 15 വ്യാജപ്രചാരണം നടത്തുന്നവരുടെ അറിവില്ലായ്മയെ നിങ്ങൾ നന്മ ചെയ്തുകൊണ്ട് നിശ്ശബ്ദമാക്കണം എന്നതാണ് ദൈവഹിതം. 16 നിങ്ങൾ സ്വതന്ത്രരാണ്, എന്നാൽ ദൈവത്തിന്റെ ദാസരുമാണ്. അതുകൊണ്ട് നിങ്ങളുടെ സ്വാതന്ത്ര്യം തിന്മചെയ്യുന്നതിനു മറയാക്കരുത്. 17 എല്ലാവരെയും ബഹുമാനിക്കുക. സഹോദരസമൂഹത്തെ സ്നേഹിക്കുക, ദൈവത്തെ ഭയപ്പെടുക, ഭരണാധികാരിയെ ബഹുമാനിക്കുക.
-
1 ക്രിസ്തു ശരീരത്തിൽ കഷ്ടം സഹിച്ചതിനാൽ നിങ്ങളും അതുപോലെതന്നെ കഷ്ടം സഹിക്കാൻ സന്നദ്ധരായിരിക്കുക. കാരണം, ശാരീരിക കഷ്ടതകൾ പാപത്തിന് തടയിടുന്നു. 2 തത്ഫലമായി ശാരീരിക കഷ്ടത അനുഭവിക്കുന്ന വ്യക്തി, പാപകരമായ മാനുഷികമോഹങ്ങൾ പൂർത്തീകരിക്കാനല്ല, മറിച്ച്, ശിഷ്ടായുസ്സ് ദൈവഹിതം അന്വേഷിക്കുന്നയാളായി ജീവിക്കും. 3 കഴിഞ്ഞകാലങ്ങളിൽ, യെഹൂദേതരർ ഇഷ്ടപ്പെട്ടതും അവർ അനുവർത്തിച്ചുവന്നതുമായ, കുത്തഴിഞ്ഞ ജീവിതരീതി, ദുർമോഹം, മദ്യപാനം, മദിരോത്സവം, കൂത്താട്ടം, നിഷിദ്ധമായ വിഗ്രഹാരാധന തുടങ്ങിയവയിൽ നിങ്ങൾ ജീവിച്ചിരുന്നു. 4 അവരുടെ അപരിഷ്കൃതവും നാശകരവുമായ ചര്യകളിൽ നിങ്ങൾ അവരോടൊപ്പം പങ്കു ചേരാത്തതിൽ അവർ അത്ഭുതപ്പെടുകയും നിങ്ങളെ ദുഷിക്കുകയുംചെയ്യുന്നു. 5 എന്നാൽ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ന്യായംവിധിക്കാൻ തയ്യാറായിരിക്കുന്ന ദൈവത്തിനുമുമ്പാകെ അവർ കണക്കു ബോധിപ്പിക്കേണ്ടിവരും. 6 അതുകൊണ്ടാണ് ഇപ്പോൾ മൃതാവസ്ഥയിലിരിക്കുന്നവരോടും സുവിശേഷം പ്രസംഗിച്ചത്. അവർ സകലമനുഷ്യരെയുംപോലെ മരണത്തിന് വിധിക്കപ്പെടുന്നവരെങ്കിലും ആത്മാവിൽ ദൈവത്തെപ്പോലെ ജീവിക്കുന്നു.
-
8 എന്നാൽ ഭീരുക്കൾ, വിശ്വാസത്യാഗികൾ, നികൃഷ്ടർ, കൊലപാതകികൾ, വ്യഭിചാരികൾ, ദുർമന്ത്രവാദികൾ, വിഗ്രഹാരാധകർ, വ്യാജംപറയുന്നവർ, ഇങ്ങനെയുള്ളവരെല്ലാം രണ്ടാമത്തെ മരണമായ ഗന്ധകം കത്തിയെരിയുന്ന തീപ്പൊയ്കയ്ക്കാണ് അവകാശികളാകുന്നത്.”
-
20 അമിതമായി മദ്യം കുടിക്കുന്നവരുടെയോ
മാംസഭക്ഷണത്തിൽ അമിതാസക്തി കാട്ടുന്നവരുടെയോ സംഘത്തിൽ ചേരരുത്,
21 കാരണം മദ്യപരും അമിതഭക്ഷണപ്രിയരും ദരിദ്രരായിത്തീരും;
മദോന്മത്തത അവരെ കീറത്തുണിയുടുപ്പിക്കും.
-
13 ആകയാൽ നിങ്ങൾ അചഞ്ചലചിത്തരായി, പൂർണസുബോധത്തോടെ, യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന കൃപയിൽ നിങ്ങളുടെ പ്രത്യാശ ഉറപ്പിക്കുക. 14 നിങ്ങൾ അജ്ഞതയിൽ ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന ദുഷ്ടമോഹങ്ങൾക്ക് അനുരൂപമാകാതെ നിങ്ങൾ അനുസരണയുള്ള മക്കളായിത്തീരുക. 15 നിങ്ങളെ തെരഞ്ഞെടുത്ത ദൈവം വിശുദ്ധനാകുകയാൽ, നിങ്ങളും സകലപ്രവൃത്തികളിലും വിശുദ്ധിയുള്ളവരാകുക. 16 “ഞാൻ വിശുദ്ധൻ ആകുകയാൽ നിങ്ങളും വിശുദ്ധർ ആയിരിക്കുക” എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
17 ഓരോരുത്തരുടെയും പ്രവൃത്തികൾക്ക് അനുസൃതമായി, പക്ഷഭേദംകൂടാതെ ന്യായംവിധിക്കുന്ന ദൈവത്തെ നിങ്ങൾ പിതാവെന്ന് വിളിക്കുന്നു. അതിനാൽ ഭൂമിയിലെ നിങ്ങളുടെ പ്രവാസജീവിതം ഭയഭക്തിയോടെ ആയിരിക്കട്ടെ. 18 നിങ്ങളുടെ പൂർവികരിൽനിന്നു സ്വായത്തമാക്കിയ അർഥശൂന്യമായ പാരമ്പര്യത്തിൽനിന്നു നിങ്ങളുടെ വിമോചനം സാധിച്ചത് സ്വർണം, വെള്ളി മുതലായ നശ്വരമായ വസ്തുക്കൾകൊണ്ടല്ല, 19 പിന്നെയോ, നിർമലവും കളങ്കരഹിതവുമായ ക്രിസ്തു എന്ന കുഞ്ഞാടിന്റെ അമൂല്യരക്തത്താൽ ആണ്.
-
23 നിന്റെ ഉദരസബന്ധമായ അസ്വസ്ഥതയും കൂടെക്കൂടെയുള്ള അസുഖങ്ങളും നിമിത്തം വെള്ളംമാത്രം കുടിക്കാതെ അൽപ്പം വീഞ്ഞും സേവിക്കുക.
-
4 ലെമുവേലേ, ഇതു രാജാക്കന്മാർക്കു ചേർന്നതല്ല,
സുരാപാനം രാജാക്കന്മാർക്കനുചിതം,
മദ്യപാനം ഭരണാധിപർക്കു ഭൂഷണമല്ല,
5 അവർ മദ്യപിച്ചിട്ട് നിയമം വിസ്മരിക്കുകയും
പീഡിതരുടെ അവകാശങ്ങൾ അപഹരിക്കാതിരിക്കുകയുംചെയ്യട്ടെ.
6 നശിച്ചുകൊണ്ടിരിക്കുന്നവർക്കു മദ്യവും
തീവ്രയാതന അനുഭവിക്കുന്നവർക്കു വീഞ്ഞും പകരൂ!
7 അവർ പാനംചെയ്യട്ടെ, ദാരിദ്ര്യം മറന്നുപോകട്ടെ;
തങ്ങളുടെ അരിഷ്ടത ഓർക്കാതെയുമിരിക്കട്ടെ.
8 സ്വയം ശബ്ദമുയർത്താൻ കഴിയാത്തവർക്കുവേണ്ടി സംസാരിക്കുക,
അനാഥരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിത്തന്നെ.
-
11 സഹോദരനെന്നോ സഹോദരിയെന്നോ സ്വയം അവകാശപ്പെടുന്ന ഒരാൾ അസാന്മാർഗിയോ അത്യാഗ്രഹിയോ വിഗ്രഹാരാധകരോ ദൂഷകരോ മദ്യപരോ വഞ്ചകരോ ആയിത്തീർന്നാൽ അവരോട് ഒരുവിധത്തിലും ഇടകലരരുത്. അങ്ങനെയുള്ളവരുടെയൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാൻപോലും പാടില്ല എന്നാണ് എന്റെ ലേഖനത്തിൽ ഞാൻ അർഥമാക്കിയത്.
-
6 “എന്നാൽ, എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരാളെങ്കിലും പാപത്തിൽ വീഴുന്നതിന് ആരെങ്കിലും കാരണമാകുന്നെങ്കിൽ, അയാളുടെ കഴുത്തിൽ ഒരു വലിയ തിരികല്ല് കെട്ടി ആഴിയുടെ ആഴത്തിലേക്ക് താഴ്ത്തുന്നത് അയാൾക്ക് ഏറെ നല്ലത്. 7 മനുഷ്യരെ പാപത്തിലേക്കു നയിക്കുന്നതുകൊണ്ട് ലോകത്തിനു ഹാ കഷ്ടം! പ്രലോഭനങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ കഴിയുകയില്ല; എങ്കിലും, അതിനു കാരണക്കാരൻ ആകുന്നയാൾക്കു മഹാകഷ്ടം! 8 നിന്റെ കൈയോ കാലോ നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക. അംഗഹീനത്വമോ മുടന്തോ ഉള്ളയാളായി നിത്യജീവനിൽ പ്രവേശിക്കുന്നതാണ്, രണ്ട് കയ്യും രണ്ട് കാലും ഉള്ളയാളായി നിത്യാഗ്നിയിൽ വീഴുന്നതിനെക്കാൾ നല്ലത്. 9 നിന്റെ കണ്ണ് നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു ചൂഴ്ന്നെടുത്ത് ദൂരെ എറിയുക. ഒരു കണ്ണുള്ളയാളായി നിത്യജീവനിൽ പ്രവേശിക്കുന്നതാണ്, രണ്ട് കണ്ണും ഉള്ളയാളായി നരകാഗ്നിയിൽ വീഴുന്നതിനെക്കാൾ നല്ലത്.
-
12 “എനിക്കെല്ലാം അനുവദനീയമാണ്,” ചിലർ പറഞ്ഞേക്കാം. എന്നാൽ എല്ലാം പ്രയോജനമുള്ളവയല്ല. “എനിക്കെല്ലാം അനുവദനീയമാണ്”—എന്നാൽ ഞാൻ ഒന്നിനും അധീനനാകുകയില്ല.
-
33 വഴിതെറ്റിക്കപ്പെടരുത്. “ഹീനമായ സൗഹൃദം സദ്ഗുണങ്ങളെ ദുഷിപ്പിക്കുന്നു.”
-
7 എന്നാൽ, സകലത്തിന്റെയും അന്ത്യം ആസന്നമായിരിക്കുന്നു. അതുകൊണ്ടു നിങ്ങൾ പ്രാർഥനയിൽ സമചിത്തതയും ജാഗ്രതയും പുലർത്തുക.
-
1 ഓരോ വ്യക്തിയും ഭരണാധികാരികൾക്കു വിധേയരാകുക. കാരണം, ദൈവത്താൽ നിയോഗിക്കപ്പെടാത്ത അധികാരി ഒരാൾപോലുമില്ല. ഇപ്പോഴുള്ള ഭരണാധികാരികളും ദൈവത്താൽ നിയമിക്കപ്പെട്ടവരാണ്. 2 അതുകൊണ്ട്, അധികാരത്തെ എതിർക്കുന്നവൻ ദൈവം ഏർപ്പെടുത്തിയ സംവിധാനത്തെയാണ് എതിർക്കുന്നത്. അങ്ങനെചെയ്യുന്നവർ സ്വയം ശിക്ഷായോഗ്യരായിത്തീരും. 3 ഭരണാധികാരികളെ ഭയപ്പെടേണ്ടത് നന്മ പ്രവർത്തിക്കുന്നവരല്ല; മറിച്ച്, തിന്മ പ്രവർത്തിക്കുന്നവരാണ്. അധികാരികളെ ഭയപ്പെടാതെ ജീവിക്കാൻ നിനക്ക് ആഗ്രഹമുണ്ടോ? എങ്കിൽ നന്മ ചെയ്യുക. അപ്പോൾ അധികാരികളിൽനിന്ന് നിനക്ക് അഭിനന്ദനം ലഭിക്കും. 4 നിന്റെ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ദൈവസേവകനാണ് അദ്ദേഹം. എന്നാൽ, നീ തിന്മ പ്രവർത്തിക്കുന്നു എങ്കിൽ ഭയപ്പെടുകതന്നെ വേണം. ശിക്ഷിക്കാൻ അയാൾക്ക് അധികാരം നൽകപ്പെട്ടിരിക്കുന്നത് വെറുതേയല്ലല്ലോ! തിന്മ പ്രവർത്തിക്കുന്നവർക്കെതിരേ ജ്വലിക്കുന്ന ദൈവക്രോധം ശിക്ഷയിലൂടെ നടപ്പാക്കാൻ ദൈവം നിയോഗിച്ച ഭൃത്യനാണയാൾ. 5 ശിക്ഷ ലഭിക്കുമെന്ന ഭയംകൊണ്ടുമാത്രമല്ല, ശുദ്ധമനസ്സാക്ഷി ഉണ്ടായിരിക്കേണ്ടതിനുംകൂടിയാണ് അധികാരികളോട് വിധേയത്വം പുലർത്തേണ്ടത്.
-
11 ബുദ്ധിയെ കെടുത്തുന്ന വ്യഭിചാരത്തിനും
പഴയ വീഞ്ഞിനും പുതിയ വീഞ്ഞിനും
അവർ സ്വയം ഏൽപ്പിച്ചുകൊടുത്തു.
12 എന്റെ ജനം ഒരു മരപ്രതിമയോടു ചോദിക്കുന്നു,
ദേവപ്രശ്നംവെക്കുന്നവരുടെ ദണ്ഡിൽനിന്ന് അവർക്കു മറുപടി ലഭിക്കുന്നു.
വ്യഭിചാരത്തിന്റെ ആത്മാവ് അവരെ വഴിതെറ്റിക്കുന്നു;
അവർ തങ്ങളുടെ ദൈവത്തോട് അവിശ്വസ്തരായിരിക്കുന്നു.
-
1 ഈ സ്വാതന്ത്ര്യത്തിനായിട്ടാണ് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയത്. ന്യായപ്രമാണത്തിന്റെ അടിമനുകത്തിൻകീഴിൽ നാം വീണ്ടും അകപ്പെട്ടുപോകാതെ സ്വതന്ത്രരായി ഉറച്ചുനിൽക്കുക.
-
5 നീയോ സകലത്തിലും ആത്മസംയമനം പാലിക്കുക, കഷ്ടത സഹിക്കുക, ഒരു സുവിശേഷകന്റെ പ്രവൃത്തിചെയ്യുക, നിന്റെ ശുശ്രൂഷ പരിപൂർണമായി നിർവഹിക്കുക.
-
17 ഈ മനുഷ്യർ ഉണങ്ങിവരണ്ട അരുവികളും കൊടുങ്കാറ്റു പറപ്പിക്കുന്ന മൂടൽമഞ്ഞും ആണ്. കൊടുംതമസ്സ് അവർക്കായി കരുതിവെച്ചിരിക്കുന്നു. 18 കാരണം, തെറ്റായ മാർഗത്തിൽ സഞ്ചരിച്ചവരിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരെ അവർ നിരർഥകങ്ങളായ പൊങ്ങച്ചവാക്കുകളാൽ അധാർമിക ജഡികാസക്തിയിലേക്കു വശീകരിക്കുന്നു. 19 അവർ സ്വയം അധാർമികതയുടെ അടിമകളായിരിക്കെ, മറ്റുള്ളവർക്ക് സ്വാതന്ത്ര്യം വാഗ്ദാനംചെയ്യുന്നു—കാരണം “തങ്ങളെ അടിച്ചമർത്തുന്നവക്ക് മനുഷ്യർ അടിമകളാണ്.”
-
8 നമുക്കു പാപമില്ലെന്ന് നാം അവകാശപ്പെട്ടാൽ നമ്മെത്തന്നെ വഞ്ചിക്കുകയാണ്; സത്യം നമ്മിൽ വസിക്കുന്നതുമില്ല. 9 നാം നമ്മുടെ പാപങ്ങൾ ഏറ്റുപറയുന്നു എങ്കിൽ അവിടന്ന് നമ്മുടെ പാപങ്ങൾ ക്ഷമിച്ച് എല്ലാ അനീതിയിൽനിന്നും നമ്മെ ശുദ്ധീകരിക്കും; അവിടന്ന് വിശ്വസ്തനും നീതിമാനും ആണല്ലോ. 10 നാം പാപംചെയ്തിട്ടില്ലെന്ന് അവകാശപ്പെടുന്നു എങ്കിൽ നാം ദൈവത്തെ അസത്യവാദി ആക്കുന്നു, അവിടത്തെ വചനം നമ്മിൽ നിവസിക്കുന്നുമില്ല.
-
11 മദ്യത്തിന്റെ പിറകെ ഓടാനായി
അതിരാവിലെ എഴുന്നേൽക്കുകയും
വീഞ്ഞു തങ്ങളെ മത്തു പിടിപ്പിക്കുംവരെ,
രാത്രിയിൽ ഉറങ്ങാതെ കാത്തിരിക്കുകയും ചെയ്യുന്നവർക്കു ഹാ, കഷ്ടം!
-
13 “നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു. എന്നാൽ ഉപ്പ്, ഉപ്പുരസം ഇല്ലാത്തതായാൽ അതിന്റെ ഉപ്പുരസം എങ്ങനെ വീണ്ടെടുക്കാൻ കഴിയും? പുറത്തേക്കു വലിച്ചെറിഞ്ഞ്, മനുഷ്യർക്ക് ചവിട്ടിക്കളയാനല്ലാതെ മറ്റൊന്നിനും അത് ഉപകരിക്കുന്നില്ല.
14 “നിങ്ങൾ ലോകത്തിന്റെ പ്രകാശമാകുന്നു; മലമുകളിലുള്ള പട്ടണം അദൃശ്യമായിരിക്കുക അസാധ്യം. 15 വിളക്കു കൊളുത്തി ആരും പറയുടെ കീഴിൽ വെക്കാറില്ല; പിന്നെയോ, അതു വീട്ടിലുള്ള എല്ലാവർക്കും പ്രകാശം നൽകേണ്ടതിന് ഏതെങ്കിലും വിളക്കുകാലിന്മേലാണ് വെക്കുക. 16 അതുപോലെ നിങ്ങളുടെ പ്രകാശവും മനുഷ്യരുടെമുമ്പിൽ പ്രശോഭിക്കട്ടെ; അങ്ങനെ അവർ നിങ്ങളുടെ സൽപ്രവൃത്തികൾ നിരീക്ഷിച്ച് സ്വർഗത്തിലുള്ള നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തട്ടെ.
-
28 “ക്ഷീണിതരേ, ഭാരംചുമക്കുന്നവരേ, നിങ്ങൾ എന്റെ അടുക്കൽ വരിക, ഞാൻ നിങ്ങൾക്ക് ആശ്വാസം നൽകും. 29 ഞാൻ സൗമ്യനും വിനീതഹൃദയനും ആയതുകൊണ്ട് എന്റെ നുകം നിങ്ങൾ സ്വീകരിച്ചുകൊണ്ട് എന്നോട് പഠിക്കുക; എന്നാൽ, നിങ്ങൾ നിങ്ങളുടെ പ്രാണന് വിശ്രമം കണ്ടെത്തും. 30 എന്റെ നുകം മൃദുവും എന്റെ ഭാരം ലഘുവും ആകുന്നുവല്ലോ!”
-
36 അതുകൊണ്ട് പുത്രൻ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർഥത്തിൽ സ്വതന്ത്രരാകും.
-
10 മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ് കള്ളൻ വരുന്നത്. എന്നാൽ, ഞാൻ വന്നിരിക്കുന്നത് അവർക്കു ജീവൻ ലഭിക്കാൻ; സമൃദ്ധമായ ജീവൻ ലഭിക്കാനാണ്.
-
1 ഇപ്രകാരം, വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നമുക്കു ദൈവത്തോടു സമാധാനമുണ്ട്. 2 ക്രിസ്തുവിലൂടെത്തന്നെയാണ് നാം ഇപ്പോൾ നിൽക്കുന്ന ഈ കൃപയിലേക്കു നമുക്കു വിശ്വാസത്താൽ പ്രവേശനം ലഭിച്ചതും ദൈവതേജസ്സിന്റെ പങ്കുകാരാകും എന്ന പ്രത്യാശയിൽ നാം അഭിമാനിക്കുന്നതും. 3 അതുമാത്രമോ, കഷ്ടതയിലും നാം അഭിമാനിക്കുകയാണ്; 4 കാരണം, കഷ്ടത സഹനശക്തിയും സഹനശക്തി പരിപക്വതയും പരിപക്വത പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു. 5 ഈ പ്രത്യാശ നമ്മെ ലജ്ജിതരാക്കുന്നില്ല. കാരണം, പരിശുദ്ധാത്മാവിനെ നൽകുന്നതിലൂടെ ദൈവം അവിടത്തെ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ സമൃദ്ധമായി വർഷിച്ചിരിക്കുന്നു.
-
18 എന്നിൽ, അതായത്, എന്റെ മനുഷ്യപ്രകൃതിയിൽ ഒരു നന്മയും വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു. നന്മ പ്രവർത്തിക്കാൻ എനിക്ക് ആഗ്രഹമുണ്ടെങ്കിലും, അതു പ്രവർത്തിക്കാൻ കഴിയുന്നില്ല. 19 ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന നന്മയല്ല, ആഗ്രഹിക്കാത്ത തിന്മയാണ് ചെയ്തുപോകുന്നത്. 20 അങ്ങനെ, ആഗ്രഹിക്കാത്തതാണ് ഞാൻ പ്രവർത്തിക്കുന്നതെങ്കിൽ, ഞാനല്ല എന്നിൽ വസിക്കുന്ന പാപമാണ് അതു പ്രവർത്തിക്കുന്നത്.
-
12 പരിശോധന സഹനശക്തിയോടെ അഭിമുഖീകരിക്കുന്ന മനുഷ്യർ അനുഗൃഹീതർ; പരീക്ഷയിൽ വിജയികളായിത്തീർന്നശേഷം അവർ, കർത്താവ് അവിടത്തെ സ്നേഹിക്കുന്നവർക്കു വാഗ്ദാനംചെയ്തിരിക്കുന്ന ജീവകിരീടം കരസ്ഥമാക്കും.
13 പ്രലോഭിപ്പിക്കപ്പെടുമ്പോൾ, “ദൈവം എന്നെ പ്രലോഭിപ്പിക്കുന്നു” എന്ന് ആരും പറയരുത്. ദൈവം തിന്മയാൽ പ്രലോഭിതനാകുന്നില്ല; അവിടന്ന് ആരെയും പ്രലോഭിപ്പിക്കുന്നതുമില്ല. 14 എന്നാൽ, ഓരോരുത്തരും പ്രലോഭിപ്പിക്കപ്പെടുന്നത് സ്വന്തം ദുർമോഹത്താൽ വലിച്ചിഴയ്ക്കപ്പെടുകയും വശീകരിക്കപ്പെടുകയും ചെയ്യുമ്പോഴാണ്. 15 ഈ ദുർമോഹങ്ങൾ ഗർഭംധരിച്ചു പാപത്തെ ജനിപ്പിക്കുന്നു; പാപം പൂർണവളർച്ചയെത്തി മരണത്തെ ജനിപ്പിക്കുന്നു.
16 എന്റെ പ്രിയസഹോദരങ്ങളേ, വഞ്ചിക്കപ്പെടരുത്. 17 ഉത്തമവും പൂർണവുമായ എല്ലാ നല്ല ദാനങ്ങളും ഉയരത്തിൽനിന്ന്, അതായത്, പ്രകാശങ്ങളുടെ പിതാവിങ്കൽനിന്നാണു വരുന്നത്. അവിടന്ന് മാറിക്കൊണ്ടിരിക്കുന്ന നിഴലുകൾപോലെ മാറുകയില്ല.
-
7 അതുകൊണ്ട്, ദൈവത്തിനു സ്വയം സമർപ്പിക്കുക; പിശാചിനോട് ചെറുത്തുനിൽക്കുക, അപ്പോൾ അവൻ നിങ്ങളിൽനിന്ന് ഓടിയകലും.
-
10 അൽപ്പകാലത്തേക്കുള്ള ഈ ഉപദ്രവസഹനത്തിനുശേഷം, ക്രിസ്തുവിലുള്ള ശാശ്വതതേജസ്സിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന സർവകൃപാലുവായ ദൈവം നിങ്ങളെ പുനഃസ്ഥാപിച്ച് ശക്തരാക്കി സുസ്ഥിരരായി നിലനിർത്തും.
-
16 കാരണം ലോകത്തിലുള്ള സകലതും—ജഡികാസക്തി, കൺമോഹം, ജീവനത്തിന്റെ അഹന്ത എന്നിവയെല്ലാംതന്നെ—പിതാവിൽനിന്നല്ല, ലോകത്തിൽനിന്നാണ്.
-
2 പ്രിയനേ, നീ ആത്മാവിൽ ബലവാനായി ഇരിക്കുന്നതുപോലെതന്നെ എല്ലാ കാര്യങ്ങളിലും ആരോഗ്യവും അഭിവൃദ്ധിയും ഉള്ളവനായിരിക്കണമെന്ന് ഞാൻ പ്രാർഥിക്കുന്നു.
-
29 ആർക്കാണ് കഷ്ടം? ആർക്കാണ് സങ്കടം?
ആർക്കാണ് സംഘട്ടനം? ആർക്കാണ് ആവലാതി?
ആർക്കാണ് അനാവശ്യ മുറിവുകൾ? ആരുടെ കണ്ണുകളാണ് ചെമന്നുകലങ്ങിയിരിക്കുന്നത്?
30 മദ്യലഹരിയിൽ ദീർഘനേരം ആറാടുകയും
വിവിധതരം മദ്യം രുചിച്ചുനോക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരുടേതുതന്നെ.
31 വീഞ്ഞു ചെമന്നിരിക്കുമ്പോഴും
ചഷകങ്ങളിൽ നുരഞ്ഞുപൊന്തുമ്പോഴും
അത് ഒരാൾ ആസ്വദിച്ചു കുടിക്കുമ്പോഴും നിങ്ങളതിൽ മിഴിയുറപ്പിക്കരുത്.
32 ഒടുവിൽ അതു സർപ്പത്തെപ്പോലെ കൊത്തും
അണലിപോലെ വിഷമേൽപ്പിക്കുകയും ചെയ്യും.
33 നിങ്ങളുടെ കണ്ണുകൾ വിചിത്രകാഴ്ചകൾ കാണും,
നിങ്ങളുടെ മനസ്സ് മതിമയക്കുന്ന കാര്യങ്ങൾ സങ്കൽപ്പിക്കും.
-
7 എന്നാൽ ഇവരും വീഞ്ഞുനിമിത്തം ആടി നടക്കുകയും
മദ്യംനിമിത്തം വേച്ചുപോകുകയും ചെയ്യുന്നു:
പുരോഹിതന്മാരും പ്രവാചകന്മാരും മദ്യം കുടിച്ച് ചാഞ്ചാടുന്നു,
അവർ വീഞ്ഞിനാൽ മത്തരും
മദോന്മത്തതയിൽ വേച്ചു നടക്കുന്നവരുമത്രേ.
ദർശനങ്ങൾ ദർശിക്കുമ്പോൾ അവർക്ക് തെറ്റ് പറ്റുന്നു,
വിധി പ്രസ്താവിക്കുമ്പോൾത്തന്നെ അവർ പാളിപ്പോകുന്നു.
8 മേശകളെല്ലാം ഛർദികൊണ്ടു നിറഞ്ഞിരിക്കുന്നു,
വൃത്തിയുള്ള ഒരു സ്ഥലംപോലും അവശേഷിച്ചിട്ടില്ല.
-
12 അതുകൊണ്ട്, പാപകരമായ അഭിലാഷങ്ങളെ അനുസരിക്കുന്നവിധത്തിൽ പാപം മർത്യശരീരത്തിൽ നിങ്ങളെ നിയന്ത്രിക്കരുത്. 13 നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ഉപകരണങ്ങളായി പാപംചെയ്യാൻ ഉപയോഗിക്കരുത്. മറിച്ച്, മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റവർ എന്നതുപോലെ നിങ്ങളുടെ എല്ലാ അവയവങ്ങളെയും നീതിപ്രവൃത്തിയുടെ ഉപകരണങ്ങളാക്കി, നിങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിക്കുക. 14 നിങ്ങൾ ന്യായപ്രമാണത്തിനല്ല കൃപയ്ക്കു വിധേയരായിരിക്കുന്നതിനാൽ പാപം നിങ്ങളുടെ യജമാനനായിരിക്കുന്നില്ലല്ലോ.
15 എങ്കിൽ എന്ത്? നാം ന്യായപ്രമാണത്തിന്റെയല്ല, കൃപയുടെ നിയന്ത്രണത്തിലായിരിക്കുന്നതുകൊണ്ട് നമുക്ക് പാപംചെയ്യാം എന്നാണോ? അല്ലേയല്ല.
-
16 നിങ്ങൾ അനുസരണയുള്ള ദാസരായി ആർക്കെങ്കിലും സ്വയം വിധേയപ്പെടുത്തിയാൽ നിങ്ങൾ അവരുടെ അടിമകളാകും എന്നറിയാമല്ലോ. നിങ്ങൾ ഒന്നുകിൽ പാപത്തിന്റെ അടിമകളാണ്; അതു മരണത്തിലേക്കു നയിക്കുന്നു, അല്ലെങ്കിൽ അനുസരണത്തിന്റെ അടിമകളാണ്, അത് നീതിയിലേക്കു നയിക്കുന്നു.
-
17 ഒരാൾ ക്രിസ്തുവിന്റെ വകയായാൽ അയാൾ പുതിയ സൃഷ്ടിയാണത്രേ. പഴയതു നീങ്ങിപ്പോയി, ഇതാ അത് പുതിയതായിരിക്കുന്നു.
Shows Read in context, Share and Copy.