36 Bible Verses About Modesty
Biblica® Open Malayalam Contemporary Version™ (OMCV)
-
9 സ്ത്രീകൾ, ശാലീനതയോടും വിവേകത്തോടുംകൂടെ മാന്യമായി വസ്ത്രധാരണം ചെയ്യണം. 10 ആകർഷകമായ കേശസംവിധാനം, സ്വർണം, രത്നങ്ങൾ, വിലയേറിയ ഉടയാടകൾ എന്നിവകൊണ്ടല്ല, പിന്നെയോ സൽപ്രവൃത്തികളാൽ തങ്ങളെത്തന്നെ അലങ്കരിക്കുന്നതാണ് ഭക്തകളെന്ന് അവകാശപ്പെടുന്ന സ്ത്രീകൾക്ക് അനുയോജ്യം.
11 സ്ത്രീ പഠിക്കേണ്ടത് ശാന്തതയോടും സമ്പൂർണ വിധേയത്വത്തോടുംകൂടിയാണ്. 12 ഞാൻ സ്ത്രീയെ, ശാന്തമായിരിക്കാൻ അല്ലാതെ ഉപദേശിക്കുന്നതിനോ പുരുഷന്റെമേൽ അധികാരം പ്രയോഗിക്കുന്നതിനോ അനുവദിക്കുന്നില്ല; 13 ആദാമാണ് ആദ്യം സൃഷ്ടിക്കപ്പെട്ടത്; പിന്നെ ഹവ്വാ. 14 ആദാം അല്ല വഞ്ചിക്കപ്പെട്ടത്, സ്ത്രീയാണ് വഞ്ചിതയായി, അപരാധിനിയായിത്തീർന്നത്. 15 എന്നാൽ സ്ത്രീകൾ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധിയിലും ശാലീനതയോടെ തുടരുന്നെങ്കിൽ മാതൃത്വത്തിലൂടെ രക്ഷപ്രാപിക്കും.
-
1 ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർ വചനം അനുസരിക്കാത്തവർ ആണെങ്കിൽക്കൂടി അവർക്ക് വിധേയരാകുക. 2 വാച്യമായ ഉപദേശംകൂടാതെതന്നെ ആദരപൂർണവും നിർമലവുമായ നിങ്ങളുടെ പെരുമാറ്റംകൊണ്ട് അവരെ നേടാൻ സാധിക്കും. 3 വിചിത്രമായ കേശാലങ്കാരം, സ്വർണാഭരണം, മോടിയേറിയ ഉടയാടകൾ എന്നീ ബാഹ്യ അലങ്കാരങ്ങളിലാകരുത് നിങ്ങളുടെ സൗന്ദര്യം; 4 പിന്നെയോ, വിനീതവും ശാന്തവുമായ മനോഭാവത്തോടുകൂടിയ അനശ്വരസൗന്ദ്യര്യമുള്ള ആന്തരിക വ്യക്തിത്വത്തിൽ അധിഷ്ഠിതമായിരിക്കണം. ഇതാണ് ദൈവദൃഷ്ടിയിൽ അമൂല്യം. 5 ഇങ്ങനെയാണ് ദൈവത്തിൽ പ്രത്യാശ വെച്ചിരുന്ന, വിശുദ്ധവനിതകൾ പൂർവകാലങ്ങളിൽ സ്വന്തം ഭർത്താക്കന്മാർക്കു വിധേയപ്പെട്ട് സ്വയം അലങ്കരിച്ചിരുന്നത്. 6 സാറ അബ്രാഹാമിനെ “യജമാനാ” എന്നു വിളിച്ച് അനുസരിച്ചതുപോലെ യോഗ്യമായത്, അൽപ്പംപോലും പേടിയില്ലാതെ നിങ്ങൾ പ്രവർത്തിച്ചാൽ നിങ്ങളും സാറയുടെ പുത്രിമാർ.
-
1 സഹോദരങ്ങളേ, ദൈവം നമ്മോടു കാട്ടിയ കരുണ അനുസ്മരിപ്പിച്ചുകൊണ്ട് ഞാൻ പ്രബോധിപ്പിക്കുന്നത്: പവിത്രവും ദൈവത്തിനു പ്രസാദകരവുമായ സജീവയാഗമായി നിങ്ങളുടെ ശരീരങ്ങളെ സമർപ്പിക്കുക; ഇതാണ് നിങ്ങളുടെ ഉചിതമായ സത്യാരാധന. 2 ഈ കാലഘട്ടത്തിന്റെ രീതികളോട് അനുരൂപപ്പെടരുത്; മറിച്ച്, ചിന്താരീതിക്കു സമൂലനവീകരണം വരുത്തി നിങ്ങൾ രൂപാന്തരപ്പെടുക. അങ്ങനെ സദ്ഗുണസമ്പന്നവും സ്വീകാര്യവും സമ്പൂർണവുമായ ദൈവഹിതമെന്തെന്നു നിങ്ങൾക്കു സ്പഷ്ടമാകും.
-
6 ആ വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കാൻ നല്ലതും കാഴ്ചയ്ക്കു മനോഹരവും ജ്ഞാനംനേടാൻ അഭികാമ്യവുമെന്നു കണ്ട് സ്ത്രീ അതു പറിച്ചു ഭക്ഷിച്ചു, തന്നോടൊപ്പം ഉണ്ടായിരുന്ന ഭർത്താവിനും കൊടുത്തു, അദ്ദേഹവും ഭക്ഷിച്ചു. 7 ഉടൻതന്നെ ഇരുവരുടെയും കണ്ണുകൾ തുറന്നു. തങ്ങൾ നഗ്നരെന്ന് അവർ അറിഞ്ഞു; അതുകൊണ്ട് അവർ അത്തിയില കൂട്ടിത്തുന്നി ഉടയാടയുണ്ടാക്കി.
8 ഒരു ദിവസം ഇളങ്കാറ്റു വീശിക്കൊണ്ടിരുന്നപ്പോൾ, യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ശബ്ദം ആദാമും അദ്ദേഹത്തിന്റെ ഭാര്യയും കേട്ടു; യഹോവയായ ദൈവം കാണാതിരിക്കാൻ അവർ തോട്ടത്തിലെ മരങ്ങൾക്കിടയിൽ ഒളിച്ചു. 9 അപ്പോൾ യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു, “നീ എവിടെ?”
10 അതിന് ആദാം, “തോട്ടത്തിൽ അവിടത്തെ ശബ്ദം ഞാൻ കേട്ടു; ഞാൻ നഗ്നനാകുകയാൽ ഭയപ്പെട്ടു, ഒളിച്ചു” എന്ന് ഉത്തരം പറഞ്ഞു.
11 അപ്പോൾ ദൈവം, “നീ നഗ്നനെന്നു നിന്നോട് ആർ പറഞ്ഞു? തിന്നരുതെന്നു ഞാൻ നിന്നോടു കൽപ്പിച്ച വൃക്ഷത്തിൽനിന്നു നീ ഭക്ഷിച്ചോ?” എന്നു ചോദിച്ചു.
-
1 ആകയാൽ (ഇങ്ങനെ നിങ്ങളും കഷ്ടതയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാൽ) നിങ്ങൾ ക്രിസ്തുവിനോട് ചേർന്നിരിക്കുന്നതിലൂടെ എന്തെങ്കിലും പ്രോത്സാഹനം ലഭിച്ചിട്ടുണ്ടോ? അവിടത്തെ സ്നേഹത്തിൽനിന്ന് എന്തെങ്കിലും ആശ്വാസം ലഭിച്ചിട്ടുണ്ടോ? ദൈവാത്മാവിൽ വല്ല കൂട്ടായ്മയും നിങ്ങൾക്കുണ്ടോ? അൽപ്പമെങ്കിലും ആർദ്രതയും അനുകമ്പയും ഉണ്ടോ? ഉണ്ടെങ്കിൽ 2 നിങ്ങൾ ഒരേ ഹൃദയവും ഒരേ സ്നേഹവും ഉള്ളവരായി, ആത്മാവിലും ലക്ഷ്യത്തിലും ഐക്യവും ഉള്ളവരായി, എന്റെ ആനന്ദം സമ്പൂർണമാക്കുക. 3 സ്വാർഥതാത്പര്യത്താലോ വൃഥാഭിമാനത്താലോ ഒന്നും ചെയ്യാതെ വിനയപൂർവം മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠർ എന്നു കരുതുക. 4 നിങ്ങളിൽ ഓരോരുത്തരും സ്വന്തം നന്മമാത്രമല്ല, മറ്റുള്ളവരുടെ നന്മകൂടി അന്വേഷിക്കേണ്ടതാണ്.
5 ക്രിസ്തുയേശുവിന്റെ സ്വഭാവംതന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.
6 പ്രകൃത്യാതന്നെ ദൈവമായിരിക്കെ,
ദൈവത്തോടുള്ള സമത്വം എപ്പോഴും മുറുകെപിടിച്ചുകൊണ്ടിരിക്കണം എന്നു ചിന്തിക്കാതെ,
7 ക്രിസ്തു തന്നെത്തന്നെ ശൂന്യനാക്കി,
ദാസവേഷം ധരിച്ച്,
മനുഷ്യപ്രകൃതിയിൽ കാണപ്പെട്ടു.
8 അവിടന്ന് അങ്ങനെ തന്നെത്താൻ താഴ്ത്തുകയും,
മരണംവരെ;
അതേ, ക്രൂശുമരണംവരെ,
അനുസരണയുള്ളവനായിത്തീരുകയും ചെയ്തു.
-
27 “ ‘വ്യഭിചാരം ചെയ്യരുത്’ എന്നു കൽപ്പിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 28 എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ആസക്തിയോടെ ഒരു സ്ത്രീയെ നോക്കുന്നവൻ തന്റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരംചെയ്തുകഴിഞ്ഞു. 29 നിന്റെ വലതുകണ്ണ് നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു ചൂഴ്ന്നെടുത്ത് എറിഞ്ഞുകളയുക. നിന്റെ ശരീരംമുഴുവനും നരകത്തിൽ തള്ളപ്പെടുന്നതിനെക്കാൾ, ഒരു അവയവം നഷ്ടപ്പെടുന്നതാണ് നിനക്കു നല്ലത്.
-
2 അതുകൊണ്ട് അധ്യക്ഷൻ അപവാദങ്ങൾക്കതീതനായി, ഏകപത്നീവ്രതനും സമചിത്തനും വിവേകശാലിയും അന്തസ്സുറ്റവനും അതിഥിസൽക്കാരപ്രിയനും അധ്യാപനത്തിൽ നൈപുണ്യമുള്ളവനും ആയിരിക്കണം.
-
21 യഹോവയായ ദൈവം ആദാമിനും അവന്റെ ഭാര്യയ്ക്കും തുകൽകൊണ്ടു വസ്ത്രമുണ്ടാക്കി അവരെ ധരിപ്പിച്ചു.
-
15 ലോകത്തെയോ ലോകത്തിലുള്ള ഏതിനെയെങ്കിലുമോ സ്നേഹിക്കരുത്. ഒരാൾ ലോകത്തെ സ്നേഹിക്കുന്നെങ്കിൽ പിതാവിന്റെ സ്നേഹം അയാളിൽ ഇല്ല. 16 കാരണം ലോകത്തിലുള്ള സകലതും—ജഡികാസക്തി, കൺമോഹം, ജീവനത്തിന്റെ അഹന്ത എന്നിവയെല്ലാംതന്നെ—പിതാവിൽനിന്നല്ല, ലോകത്തിൽനിന്നാണ്. 17 ലോകവും അതിനോടുകൂടെയുള്ള മോഹങ്ങളും നീങ്ങിപ്പോകുന്നു; എന്നാൽ ദൈവഹിതം ചെയ്യുന്നവർ സദാകാലം നിലനിൽക്കുന്നു.
-
41 നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും ഇവ ധരിപ്പിച്ചതിനുശേഷം അവർ എനിക്കു പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിന് അവരെ അഭിഷേകംചെയ്തു പ്രതിഷ്ഠിച്ച് ശുദ്ധീകരിക്കണം.
42 “അവരുടെ നഗ്നത മറയ്ക്കേണ്ടതിന് അവർക്കു ചണനൂൽകൊണ്ട് അരമുതൽ തുടവരെ എത്തുന്ന അടിവസ്ത്രം ഉണ്ടാക്കണം. 43 അഹരോനും അവന്റെ പുത്രന്മാരും വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷചെയ്യാൻ സമാഗമകൂടാരത്തിൽ പ്രവേശിക്കുമ്പോഴും യാഗപീഠത്തിന്റെ അടുക്കൽ ചെല്ലുമ്പോഴും അവർ അകൃത്യം വഹിച്ചു മരിക്കാതിരിക്കേണ്ടതിന്, അവർ അതു ധരിച്ചിരിക്കണം.
“ഇത് അവനും അവന്റെ പിൻഗാമികൾക്കും എന്നേക്കുമുള്ള അനുഷ്ഠാനമായിരിക്കണം.
-
30 വശ്യത വഞ്ചനാപരമാണ്, സൗന്ദര്യം നൈമിഷികവുമാണ്;
എന്നാൽ യഹോവയെ ഭയപ്പെടുന്ന വനിത പ്രശംസിക്കപ്പെടും.
-
5 സ്ത്രീ പുരുഷന്റെ വസ്ത്രം ധരിക്കരുത്; പുരുഷൻ സ്ത്രീയുടെ വസ്ത്രവും ധരിക്കരുത്. ഇങ്ങനെ ചെയ്യുന്ന ഏതൊരാളെയും നിന്റെ ദൈവമായ യഹോവ വെറുക്കുന്നു.
-
5 അതുപോലെതന്നെ യുവാക്കളേ, നിങ്ങൾ സഭാമുഖ്യന്മാർക്കു വിധേയരാകുക. നിങ്ങൾ എല്ലാവരും വിനയം ധരിച്ചുകൊണ്ട് പരസ്പരം ശുശ്രൂഷിക്കുക. കാരണം,
“ദൈവം അഹങ്കാരികളെ എതിർക്കുന്നു,
എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു.”
6 അതുകൊണ്ട്, ദൈവത്തിന്റെ ശക്തിയേറിയ കരത്തിൻകീഴിൽ വിനയാന്വിതരായിരിക്കുക. അപ്പോൾ അവിടന്ന് തക്കസമയത്ത് നിങ്ങളെ ഉയർത്തും. 7 ദൈവം നിങ്ങളുടെ സകലകാര്യങ്ങളിലും ശ്രദ്ധാലുവായിരിക്കുകയാൽ നിങ്ങളുടെ എല്ലാ ആകുലചിന്തകളും ദൈവത്തിൽ സമർപ്പിക്കുക.
-
6 “എന്നാൽ, എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരാളെങ്കിലും പാപത്തിൽ വീഴുന്നതിന് ആരെങ്കിലും കാരണമാകുന്നെങ്കിൽ, അയാളുടെ കഴുത്തിൽ ഒരു വലിയ തിരികല്ല് കെട്ടി ആഴിയുടെ ആഴത്തിലേക്ക് താഴ്ത്തുന്നത് അയാൾക്ക് ഏറെ നല്ലത്. 7 മനുഷ്യരെ പാപത്തിലേക്കു നയിക്കുന്നതുകൊണ്ട് ലോകത്തിനു ഹാ കഷ്ടം! പ്രലോഭനങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ കഴിയുകയില്ല; എങ്കിലും, അതിനു കാരണക്കാരൻ ആകുന്നയാൾക്കു മഹാകഷ്ടം! 8 നിന്റെ കൈയോ കാലോ നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക. അംഗഹീനത്വമോ മുടന്തോ ഉള്ളയാളായി നിത്യജീവനിൽ പ്രവേശിക്കുന്നതാണ്, രണ്ട് കയ്യും രണ്ട് കാലും ഉള്ളയാളായി നിത്യാഗ്നിയിൽ വീഴുന്നതിനെക്കാൾ നല്ലത്. 9 നിന്റെ കണ്ണ് നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു ചൂഴ്ന്നെടുത്ത് ദൂരെ എറിയുക. ഒരു കണ്ണുള്ളയാളായി നിത്യജീവനിൽ പ്രവേശിക്കുന്നതാണ്, രണ്ട് കണ്ണും ഉള്ളയാളായി നരകാഗ്നിയിൽ വീഴുന്നതിനെക്കാൾ നല്ലത്.
-
21 “എനിക്കു നിന്നെ ആവശ്യമില്ല!” എന്നു കണ്ണിനു കൈയോടു പറയാൻ സാധ്യമല്ല. തലയ്ക്കു കാലുകളോട്, “എനിക്കു നിങ്ങളെ ആവശ്യമില്ല!” എന്നു പറയാനും സാധ്യമല്ല. 22 വാസ്തവത്തിൽ ബലഹീനമായി കാണപ്പെടുന്ന അവയവങ്ങളാണ് അവശ്യം വേണ്ടവ. 23 മാന്യത കുറവെന്നു കരുതുന്ന അവയവങ്ങൾക്കു നാം സവിശേഷമാന്യത നൽകുന്നു; സൗന്ദര്യം കുറഞ്ഞവെക്ക് സൗന്ദര്യം വരുത്തുന്നു. 24-25 സൗന്ദര്യമുള്ള അവയവങ്ങൾക്കു പ്രത്യേക കരുതൽ ആവശ്യമില്ല, ശരീരത്തിൽ അനൈക്യമുണ്ടാകാതെ ഓരോ അവയവവും മറ്റ് അവയവങ്ങളെക്കുറിച്ച് കരുതലുള്ളവരായിരിക്കാൻ ദൈവം അവയവങ്ങളെ, മാന്യത കുറഞ്ഞവെക്കു മാന്യതനൽകി പരസ്പരം സംയോജിപ്പിച്ചിരിക്കുന്നു. 26 ആകയാൽ ഒരു അവയവം കഷ്ടം അനുഭവിക്കുന്നെങ്കിൽ മറ്റുള്ളവയും അതിനോടൊപ്പം കഷ്ടം അനുഭവിക്കുന്നു; ഒന്ന് ആദരിക്കപ്പെടുന്നെങ്കിൽ മറ്റെല്ലാം അതിനോടുകൂടെ ആനന്ദിക്കുന്നു.
27 നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും ആ ശരീരത്തിന്റെ അവയവങ്ങളുമാകുന്നു. 28 ഒന്നാമത് അപ്പൊസ്തലന്മാരെയും രണ്ടാമതു പ്രവാചകരെയും മൂന്നാമത് ഉപദേഷ്ടാക്കന്മാരെയും പിന്നെ അത്ഭുതപ്രവൃത്തികൾ, രോഗങ്ങളുടെ സൗഖ്യം, സഹായംചെയ്യൽ, നേതൃനൈപുണ്യം, വിവിധഭാഷകൾ എന്നിങ്ങനെയുള്ള കൃപാദാനങ്ങളും ദൈവം സഭയ്ക്കു നൽകിയിരിക്കുന്നു. 29 എല്ലാവരും അപ്പൊസ്തലരോ? എല്ലാവരും പ്രവാചകരോ? എല്ലാവരും ഉപദേഷ്ടാക്കളോ? എല്ലാവരും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവരോ? 30 എല്ലാവർക്കും രോഗസൗഖ്യത്തിനുള്ള കൃപാദാനമുണ്ടോ? എല്ലാവരും അജ്ഞാതഭാഷകൾ സംസാരിക്കുന്നവരോ? എല്ലാവരും വ്യാഖ്യാനിക്കുന്നവരോ? 31 ശ്രേഷ്ഠതരമായ കൃപാദാനങ്ങൾ ഹൃദയപൂർവം വാഞ്ഛിക്കുക.
ഇനി ഏറ്റവും ശ്രേഷ്ഠമായ മാർഗം ഞാൻ നിങ്ങൾക്കു കാണിച്ചുതരാം.
-
7 എന്നാൽ യഹോവ ശമുവേലിനോടു കൽപ്പിച്ചു: “അവന്റെ രൂപമോ പൊക്കമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു; മനുഷ്യൻ കാണുന്നതുപോലെയല്ല യഹോവ കാണുന്നത്. മനുഷ്യൻ പുറമേയുള്ള രൂപം നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു.”
-
22 വിവേചനശക്തിയില്ലാത്ത സുന്ദരി,
പന്നിയുടെ മൂക്കിലെ സ്വർണമൂക്കുത്തിപോലെ.
-
1 “ബാബേൽപുത്രിയായ കന്യകേ,
ഇറങ്ങി പൊടിയിൽ ഇരിക്കുക.
ബാബേല്യരുടെ നഗരറാണിയായവളേ,
സിംഹാസനത്തിൽനിന്നും നിഷ്കാസിതയായി തറയിൽ ഇരിക്കുക.
ഇനിയൊരിക്കലും നീ പേലവഗാത്രിയെന്നോ
കോമളാംഗിയെന്നോ വിളിക്കപ്പെടുകയില്ല.
2 തിരികല്ലെടുത്തു മാവു പൊടിക്കുക;
നിന്റെ മൂടുപടം നീക്കുക.
നിന്റെ വസ്ത്രം ഉയർത്തുക,
തുട മറയ്ക്കാതെ നദി കടക്കുക.
3 നിന്റെ നഗ്നത അനാവൃതമാക്കപ്പെടും,
നിന്റെ ഗുഹ്യഭാഗം വെളിപ്പെടും.
ഞാൻ ഒരു മനുഷ്യനെയും ആദരിക്കാതെ
പ്രതികാരം നടത്തും.”
-
10 നാം ദൈവകരങ്ങളുടെ സൃഷ്ടിവൈദഗ്ദ്ധ്യമാണ്. സൽപ്രവൃത്തികൾ ചെയ്യുന്നതിനായിട്ടാണ് ക്രിസ്തുയേശുവിൽ നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, അപ്രകാരം ചെയ്യുന്നതിന് ദൈവം മുൻകൂട്ടി തീരുമാനിച്ചതുമാണ്.
-
6 എന്റെ വീടിന്റെ ജനാലയ്ക്കരികിൽ
അഴികളിലൂടെ ഞാൻ പുറത്തേക്കുനോക്കി.
7 യുവാക്കളുടെ മധ്യത്തിൽ ഞാൻ ശ്രദ്ധിച്ചു,
ഒരു ലളിതമാനസനെ ഞാൻ കണ്ടു,
ഒരു ശുദ്ധഗതിക്കാരനായ യുവാവിനെത്തന്നെ.
8 അയാൾ തെരുക്കോണിലുള്ള അവളുടെ വീടിന്റെ അടുത്തേക്ക്;
അവളുടെ ഭവനംതന്നെ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു,
9 അന്തിമയക്കത്തിൽ പ്രകാശം മങ്ങി,
രാവ് ഇരുണ്ടുവരുന്ന നേരത്തുതന്നെ ആയിരുന്നു അത്.
10 അപ്പോൾ കുടിലചിത്തയായ ഒരുവൾ
വേശ്യാസമാനം വസ്ത്രംധരിച്ച്, അവനെ എതിരേറ്റുവന്നു.
11 അവൾ ധിക്കാരിയും ധാർഷ്ട്യക്കാരിയുമാണ്,
അവൾ ഒരിക്കലും വീട്ടിൽ അടങ്ങിയിരിക്കാത്തവളുമാണ്;
12 അവൾ ഇതാ തെരുവോരങ്ങളിൽ, ഇതാ ചത്വരങ്ങളിൽ
എല്ലാ കോണുകളിലും അവൾ പതിയിരിക്കുന്നു.
-
1 “ലൈംഗികാസക്തിയോടെ ഒരു യുവതിയെയും നോക്കുകയില്ലെന്ന്
ഞാൻ എന്റെ കണ്ണുമായി ഒരു ഉടമ്പടിചെയ്തു.
-
25 അവൾ ബലവും ബഹുമാനവും അണിഞ്ഞിരിക്കുന്നു;
അവൾ ഭാവിയെ നോക്കി പുഞ്ചിരിതൂകുന്നു.
-
1 യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത്, “മനുഷ്യരെ പാപത്തിലേക്കു നയിക്കുന്ന സാഹചര്യങ്ങൾ വരാതിരിക്കുകയില്ല. എന്നാൽ, അതിനു കാരണമാകുന്നവർക്ക് മഹാകഷ്ടം! 2 എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരാൾ പാപത്തിൽ വീഴുന്നതിന് കാരണമാകുന്നയാൾക്ക്, അതിനെക്കാൾ നല്ലത് കഴുത്തിൽ ഒരു തിരികല്ലുകെട്ടി അയാളെ കടലിൽ എറിയുന്നതാണ്.
-
3 എനിക്കു ലഭിച്ചിരിക്കുന്ന കൃപയുടെ അധികാരത്തിൽ നിങ്ങളിൽ ഓരോരുത്തരോടുമായി ഞാൻ പറയട്ടെ: നിങ്ങൾ ആയിരിക്കുന്നതിൽനിന്നപ്പുറമായി നിങ്ങളെക്കുറിച്ചു ചിന്തിച്ച് അഹങ്കരിക്കരുത്; പിന്നെയോ, ദൈവം നൽകിയിരിക്കുന്ന വിശ്വാസത്തിന്റെ മാനദണ്ഡം ഉപയോഗിച്ച് വിവേകപൂർവം സ്വയം വിലയിരുത്തുകയാണു വേണ്ടത്.
-
8 കായികാഭ്യാസം കുറച്ചുമാത്രം പ്രയോജനമുള്ളതാണ്; എന്നാൽ അതിലും മഹത്തരമാണ് ആത്മികാഭ്യസനം. കാരണം, ഐഹികജീവിതത്തിലും വരാനുള്ള ജീവിതത്തിലും അതുമൂലം പ്രയോജനങ്ങൾ വരുമെന്നുള്ള വാഗ്ദാനമുണ്ടല്ലോ.
-
42 യേശു അവരെയെല്ലാം അടുക്കൽവിളിച്ചു പറഞ്ഞത്: “ഈ ലോകത്തിലെ ഭരണകർത്താക്കളായി കരുതപ്പെടുന്നവർ തങ്ങളുടെ പ്രജകളുടെമേൽ ആധിപത്യം നടത്തുന്നെന്നും അവരിലെ പ്രമുഖർ അവരുടെമേൽ സ്വേച്ഛാധിപത്യം നടത്തുന്നെന്നും നിങ്ങൾക്കറിയാമല്ലോ. 43 നിങ്ങൾക്കിടയിൽ അങ്ങനെ സംഭവിക്കരുത്. പിന്നെയോ, നിങ്ങളിൽ പ്രമുഖരാകാൻ ആഗ്രഹിക്കുന്നവരെല്ലാം മറ്റുള്ളവർക്ക് ദാസരായിരിക്കണം; 44 പ്രഥമസ്ഥാനീയരാകാൻ ആഗ്രഹിക്കുന്നവരോ എല്ലാവരുടെയും അടിമയുമായിരിക്കണം. 45 മനുഷ്യപുത്രൻ (ഞാൻ) വന്നതോ മറ്റുള്ളവരിൽനിന്ന് ശുശ്രൂഷ സ്വീകരിക്കാനല്ല; മറിച്ച്, മറ്റുള്ളവരെ ശുശ്രൂഷിക്കാനും തന്റെ ജീവൻ അനേകർക്ക് വീണ്ടെടുപ്പുവിലയായി നൽകാനും ആണ്.”
-
25 യേശു അവരോടു പറഞ്ഞു: “ഈ ലോകത്തിലെ ഭരണകർത്താക്കൾ തങ്ങളുടെ പ്രജകളുടെമേൽ ആധിപത്യംനടത്തുന്നു. തങ്ങളുടെമേൽ സ്വേച്ഛാധിപത്യം നടത്തുന്നവരെ ജനം തങ്ങളുടെ അഭ്യുദയകാംക്ഷികൾ എന്നും വിളിക്കുന്നു. 26 എന്നാൽ, നിങ്ങൾ അനുവർത്തിക്കേണ്ടത് അങ്ങനെയല്ല. നിങ്ങളിലെ മഹാന്മാർ ഏറ്റവും ഇളയവരെപ്പോലെയും നേതാക്കൾ ശുശ്രൂഷകരെപ്പോലെയും ആയിരിക്കണം. 27 ഇവരിൽ ആരാണു മഹാൻ? ഭക്ഷണത്തിനിരിക്കുയാളോ ശുശ്രൂഷിക്കുന്നയാളോ? ഭക്ഷണത്തിന് ഇരിക്കുന്നയാളല്ലേ? എന്നാൽ ഞാൻ നിങ്ങളുടെ മധ്യത്തിൽ ഒരു ശുശ്രൂഷകനെപ്പോലെയാണല്ലോ.
-
20 ശരിതന്നെ, എന്നാൽ അവരുടെ അവിശ്വാസംനിമിത്തമാണ് അവരെ വെട്ടിമാറ്റിയത്. നീ ചേർന്നു നിൽക്കുന്നതോ നിന്റെ വിശ്വാസത്താലുമാണ്. അഹങ്കരിക്കരുത്, ഭയപ്പെടുക. 21 സ്വാഭാവികശാഖകളോടു ദൈവം ദാക്ഷിണ്യം കാണിച്ചില്ല എങ്കിൽ നിന്നോടും ദാക്ഷിണ്യം കാണിക്കുകയില്ല.
-
13 അതുകൊണ്ട് നാം ഇനിമേൽ പരസ്പരം ന്യായംവിധിക്കാതിരിക്കാം. പകരം, സഹോദരങ്ങൾക്ക് വിശ്വാസത്തിൽ ഇടർച്ചയ്ക്കു കാരണമാകുന്ന തടസ്സമോ അവർ പാപത്തിൽ വീഴുന്നതിനു കാരണമായിത്തീരുന്ന കെണിയോ വെക്കുകയില്ല എന്നു തീരുമാനിക്കാം.
-
13 ഞങ്ങളാകട്ടെ, അതിരുവിട്ടു പ്രശംസിക്കുന്നില്ല; ദൈവം നിയമിച്ചുതന്ന പരിധിയിൽത്തന്നെ പ്രശംസ ഒതുക്കിനിർത്തും. ആ പരിധിയിൽ നിങ്ങളും ഉൾപ്പെടുന്നു. 14 ഞങ്ങൾ നിങ്ങളുടെയടുത്തു വന്നിട്ടില്ലായിരുന്നെങ്കിൽ ഞങ്ങളുടെ പ്രശംസ പരിധിക്കപ്പുറമാകുമായിരുന്നു; ക്രിസ്തുവിന്റെ സുവിശേഷവുമായി ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നല്ലോ. 15 മറ്റുള്ളവർ ചെയ്ത പ്രവർത്തനത്തിന്റെ യശസ്സ് ഞങ്ങൾ കവർന്നെടുക്കുന്നില്ല. നിങ്ങളുടെ വിശ്വാസം വർധിക്കുമ്പോൾ നിങ്ങളുടെ ഇടയിൽ ഞങ്ങളുടെ പ്രവർത്തനമേഖല വിശാലമാകുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു. 16 അപ്പോൾ നിങ്ങളുടെ പ്രദേശത്തിനപ്പുറമുള്ള മേഖലകളിലും സുവിശേഷം അറിയിക്കാൻ ഞങ്ങൾക്കും അവസരം ലഭിക്കും; മറ്റൊരാളുടെ മേഖലയിൽ നടന്ന പ്രവർത്തനം ഞങ്ങളുടെ പ്രവർത്തനമായി അവകാശപ്പെട്ടുകൊണ്ട് ഞങ്ങൾ വൃഥാ അഭിമാനിക്കുന്നില്ല.
-
5 ഈ അനുഭവങ്ങളെക്കുറിച്ച് ഞാൻ പ്രശംസിക്കും. എന്നാൽ, ഞാൻ ആത്മപ്രശംസ ചെയ്യുന്നത് എന്റെ ബലഹീനതകളെക്കുറിച്ചുമാത്രമാണ്. 6 പ്രശംസിക്കണമെന്ന് ആഗ്രഹിച്ചാലും ഞാൻ ഭോഷനാകുകയില്ല, കാരണം, ഞാൻ പറയുന്നത് സത്യമാണ്. എങ്കിലും, ഞാൻ പ്രവർത്തിക്കുന്നതിനും പ്രസംഗിക്കുന്നതിനും അപ്പുറമായി ആരും എന്നെക്കുറിച്ചു ചിന്തിക്കാതിരിക്കേണ്ടതിനു ഞാൻ അതിൽനിന്ന് പിൻവാങ്ങുകയാണ്.
-
11 സകലമനുഷ്യരുടെയും രക്ഷയ്ക്കായി ദൈവകൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. 12 ഭക്തിയില്ലായ്മയും ലൗകികമോഹങ്ങളും ഉപേക്ഷിച്ച്, ഈ കാലഘട്ടത്തിൽ ആത്മനിയന്ത്രണവും നീതിയും ദൈവഭക്തിയുമുള്ള ജീവിതം നയിക്കാൻ അത് നമ്മെ അഭ്യസിപ്പിക്കുന്നു. 13 അനുഗൃഹീത പ്രത്യാശയ്ക്കായും ഉന്നതനായ നമ്മുടെ ദൈവവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ മഹത്ത്വപ്രത്യക്ഷതയ്ക്കായും നാം കാത്തിരിക്കുന്നു. 14 അവിടന്ന് നമ്മെ എല്ലാ ദുഷ്ടതകളിൽനിന്നും വിമോചിതരാക്കാനും സൽപ്രവൃത്തികൾ ചെയ്യുന്നതിൽ അത്യുത്സാഹമുള്ള ഒരു ജനതതിയെ തനിക്കായി ശുദ്ധീകരിക്കാനുംവേണ്ടി സ്വയം സമർപ്പിച്ചു.
-
14 എന്നാൽ, ഓരോരുത്തരും പ്രലോഭിപ്പിക്കപ്പെടുന്നത് സ്വന്തം ദുർമോഹത്താൽ വലിച്ചിഴയ്ക്കപ്പെടുകയും വശീകരിക്കപ്പെടുകയും ചെയ്യുമ്പോഴാണ്. 15 ഈ ദുർമോഹങ്ങൾ ഗർഭംധരിച്ചു പാപത്തെ ജനിപ്പിക്കുന്നു; പാപം പൂർണവളർച്ചയെത്തി മരണത്തെ ജനിപ്പിക്കുന്നു.
-
6 യഹോവയുടെ സന്നിധിയിൽ ഞാൻ എന്താണ് കൊണ്ടുവരേണ്ടത്?
ഉന്നതനായ ദൈവത്തിന്റെ മുമ്പിൽ വണങ്ങുമ്പോൾ,
ഹോമയാഗങ്ങളുമായി ഞാൻ അവിടത്തെ സന്നിധിയിൽ വരണമോ?
ഒരുവയസ്സു പ്രായമുള്ള കാളക്കിടാങ്ങളുമായി വരണമോ?
7 ആയിരക്കണക്കിനു കോലാടുകളിൽ യഹോവ പ്രസാദിക്കുമോ?
പതിനായിരക്കണക്കിനു തൈലനദികളിൽ അവിടന്നു പ്രസാദിക്കുമോ?
എന്റെ അതിക്രമത്തിനായി എന്റെ ആദ്യജാതനെയും
എന്റെ പാപങ്ങൾക്കായി എന്റെ ഉദരഫലത്തെയും ഞാൻ അർപ്പിക്കണമോ?
8 മനുഷ്യാ, നന്മ എന്തെന്ന് അവിടന്നു നിന്നെ കാണിച്ചിരിക്കുന്നു;
നീതി പ്രവർത്തിക്കുക, കരുണയെ സ്നേഹിക്കുക
നിന്റെ ദൈവത്തിന്റെ മുമ്പിൽ താഴ്മയോടെ ജീവിക്കുക.
ഇതല്ലാതെ മറ്റെന്താണ് യഹോവ നിന്നോട് ആവശ്യപ്പെടുന്നത്?
-
3 അങ്ങനെതന്നെ, നിന്നെക്കാൾ പ്രായമുള്ള സ്ത്രീകളും ജീവിതത്തിൽ നല്ല പെരുമാറ്റമുള്ളവരും പരദൂഷണം പറയാത്തവരും മദ്യപിക്കാത്തവരും നല്ലതു പഠിപ്പിക്കുന്നവരുമായിരിക്കാൻ ഉപദേശിക്കുക. 4 ദൈവവചനം അപകീർത്തിപ്പെടാതെ ഇരിക്കേണ്ടതിന് സ്വന്തം ഭർത്താക്കന്മാരെയും മക്കളെയും സ്നേഹിക്കുന്നവരും 5 ആത്മനിയന്ത്രണമുള്ളവരും നിർമലരും വീട്ടുകാര്യങ്ങൾ നന്നായി നോക്കുന്നവരും ദയാശീലരും തങ്ങളുടെ ഭർത്താക്കന്മാർക്കു വിധേയപ്പെടുന്നവരും ആയിരിക്കാൻ യുവതികളെ പ്രോത്സാഹിപ്പിക്കുക.
-
17 ഞാൻ ധനികൻ, സമ്പത്തുള്ളവനായിത്തീർന്നിരിക്കുന്നു, എനിക്ക് ഒന്നിനും കുറവില്ല എന്നു നീ പറയുന്നുണ്ട്; എങ്കിലും നീ യഥാർഥത്തിൽ നിസ്സഹായനും പരമദയനീയനും ദരിദ്രനും അന്ധനും നഗ്നനുമായ നികൃഷ്ടനാണെന്ന് തിരിച്ചറിയുന്നില്ല. 18 നീ ധനികനാകേണ്ടതിന് അഗ്നിയിൽ സ്ഫുടംചെയ്ത തങ്കവും നിന്റെ ലജ്ജാകരമായ നഗ്നത മറയ്ക്കേണ്ടതിന് ധരിക്കാൻ ശുഭ്രവസ്ത്രങ്ങളും നിനക്കു കാഴ്ച ലഭിക്കേണ്ടതിനു കണ്ണിൽ പൂശേണ്ട ലേപനവും എന്നോടു വിലയ്ക്കുവാങ്ങാൻ ഞാൻ നിന്നെ ഉപദേശിക്കുന്നു.
Shows Read in context, Share and Copy.