42 Bible Verses About Prostitution
Biblica® Open Malayalam Contemporary Version™ (OMCV)
-
9 അധർമികൾ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങൾ അറിയുന്നില്ലേ? വഞ്ചിക്കപ്പെടരുത്: ദുർനടപ്പുകാർ, വിഗ്രഹാരാധകർ, വ്യഭിചാരികൾ, സ്വവർഗാനുരാഗികളായ പുരുഷന്മാരും സ്ത്രീകളും, 10 മോഷ്ടാക്കൾ, അത്യാഗ്രഹികൾ, മദ്യപർ, അപവാദം പരത്തുന്നവർ, അന്യരുടെ പണം അപഹരിക്കുന്നവർ ഇങ്ങനെയുള്ളവർ ദൈവരാജ്യം അവകാശമാക്കുകയില്ല. 11 നിങ്ങളിൽ ചിലർ ഇങ്ങനെയുള്ളവരായിരുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ കഴുകപ്പെട്ടവരും വിശുദ്ധീകരിക്കപ്പെട്ടവരും കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നീതീകരിക്കപ്പെട്ടവരും ആയിത്തീർന്നു.
-
15 നിങ്ങളുടെ ശരീരങ്ങൾ ക്രിസ്തുവിന്റെ അവയവങ്ങളാകുന്നു എന്നറിയുന്നില്ലേ? അങ്ങനെയെങ്കിൽ, ആരെങ്കിലും ക്രിസ്തുവിന്റെ അവയവങ്ങൾ എടുത്തു വേശ്യയുടെ അവയവങ്ങളാക്കാമോ? ഒരുനാളും അരുത്. 16 വേശ്യയുമായി സംയോജിക്കുന്നവൻ അവളുമായി ഏകശരീരം ആകുന്നെന്ന് അറിയുന്നില്ലേ? “അവരിരുവരും ഒരു ശരീരമായിത്തീരും” എന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ. 17 എന്നാൽ കർത്താവിനോട് എകീഭവിക്കുന്നവൻ ആത്മാവിൽ കർത്താവിനോട് ഒന്നായിത്തീരുന്നു.
18 ലൈംഗികാധർമംവിട്ട് ഓടിക്കോളൂ. ഒരാൾ ചെയ്യുന്ന മറ്റ് ഏതു പാപവും തന്റെ ശരീരത്തിനു പുറത്താകുന്നു; എന്നാൽ ലൈംഗികമായ പാപംചെയ്യുന്നവൻ സ്വന്തം ദേഹത്തിനെതിരേ പാപംചെയ്യുന്നു. 19 ദൈവത്തിൽനിന്ന് നിങ്ങൾക്കു ലഭിച്ചതും നിങ്ങളിൽ വസിക്കുന്നതുമായ പരിശുദ്ധാത്മാവിന്റെ ആലയമാകുന്നു നിങ്ങളുടെ ശരീരം എന്ന് അറിയുന്നില്ലേ? നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല; 20 വിലയ്ക്കു വാങ്ങപ്പെട്ടവരാണ് നിങ്ങൾ. അതുകൊണ്ട് നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്ത്വപ്പെടുത്തുക.
-
23 കാരണം ഈ കൽപ്പന ഒരു ദീപവും
ഈ ഉപദേശം ഒരു പ്രകാശവും ആകുന്നു,
ശിക്ഷണത്തിനുള്ള ശാസനകൾ
ജീവന്റെ മാർഗംതന്നെ,
24 അവ നിന്നെ വ്യഭിചാരിണിയിൽനിന്നും
ലൈംഗികധാർമികതയില്ലാത്തവളുടെ മധുരഭാഷണത്തിൽനിന്നും സൂക്ഷിക്കും.
25 അവളുടെ മേനിയഴകിനാൽ നിന്റെ ഹൃദയം ആസക്തമാകരുത്
അവളുടെ മോഹിപ്പിക്കുന്ന കണ്ണുകളിൽ നീ കുരുങ്ങിപ്പോകുകയും അരുത്.
26 എന്തുകൊണ്ടെന്നാൽ, ഒരു വേശ്യനിമിത്തം നീ അപ്പനുറുക്കുകൾ ഇരക്കേണ്ടിവരും,
എന്നാൽ അന്യപുരുഷന്റെ ഭാര്യ നിന്റെ ജീവനെ മൊത്തമായിത്തന്നെ ഇരയാക്കുന്നു.
27 ഒരു പുരുഷന് തന്റെ വസ്ത്രം കത്തിയെരിയാത്തവിധം
തന്റെ മടിത്തട്ടിലേക്ക് തീ കോരിയിടാൻ കഴിയുമോ?
28 ഒരു മനുഷ്യന് തന്റെ പാദങ്ങൾക്കു പൊള്ളൽ ഏൽപ്പിക്കാതെ
എരിയുന്ന കനലിന്മേൽ നടക്കാൻ കഴിയുമോ?
29 അന്യപുരുഷന്റെ ഭാര്യയുമായി കിടക്ക പങ്കിടുന്നവന്റെ ഗതിയും ഇതുതന്നെയായിരിക്കും;
അവളെ സ്പർശിക്കുന്ന ഒരുവനും ശിക്ഷിക്കപ്പെടാതെ പോകുന്നില്ല.
-
19 മനുഷ്യസഹജമായ പാപപ്രവൃത്തികൾ, ലൈംഗികാധർമം, അസാന്മാർഗികത, കുത്തഴിഞ്ഞ ജീവിതരീതി; 20 വിഗ്രഹാരാധന, ദുർമന്ത്രവാദം; പക, കലഹം, ജാരശങ്ക, കലാപം, സ്വാർഥത, ദ്വന്ദ്വപക്ഷം, ഭിന്നത, 21 അസൂയ, മദ്യപാനം, അഴിഞ്ഞാട്ടം തുടങ്ങിയവയെന്നു വ്യക്തമാണ്. ഈ കാര്യങ്ങൾ പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ നിങ്ങളോട് മുമ്പേ പറഞ്ഞിരുന്നതുപോലെ വീണ്ടും ആവർത്തിക്കുകയാണ്.
-
3 വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെ വേദജ്ഞരും പരീശന്മാരും കൊണ്ടുവന്നു. അവർ അവളെ ജനമധ്യത്തിൽ നിർത്തിയിട്ട് 4 യേശുവിനോട് ഇങ്ങനെ പറഞ്ഞു: “ഗുരോ, ഈ സ്ത്രീ വ്യഭിചാരം ചെയ്തുകൊണ്ടിരിക്കുമ്പോൾ പിടിക്കപ്പെട്ടിരിക്കുന്നു. 5 ഇങ്ങനെയുള്ള സ്ത്രീകളെ കല്ലെറിയണമെന്നു മോശ ന്യായപ്രമാണത്തിൽ ഞങ്ങളോടു കൽപ്പിച്ചിരിക്കുന്നു. അങ്ങ് എന്തുപറയുന്നു?” 6 അദ്ദേഹത്തെ കുറ്റം ചുമത്തേണ്ടതിന് എന്തെങ്കിലും തക്ക കാരണം കിട്ടുന്നതിന് അവർ പ്രയോഗിച്ച ഒരു കെണിയായിരുന്നു ഈ ചോദ്യം.
എന്നാൽ യേശു കുനിഞ്ഞ് വിരൽകൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു. 7 ചോദ്യം തുടർന്നപ്പോൾ യേശു നിവർന്ന് അവരോട്, “നിങ്ങളിൽ പാപം ഇല്ലാത്തവൻ ഇവളെ ആദ്യം കല്ലെറിയട്ടെ” എന്നു പറഞ്ഞു. 8 അദ്ദേഹം വീണ്ടും കുനിഞ്ഞു മണ്ണിലെഴുതിക്കൊണ്ടിരുന്നു.
9 അവർ അതു കേട്ടിട്ട്, കുറ്റബോധത്താൽ ഏറ്റവും മുതിർന്നവർമുതൽ ഇളയവർവരെ ഓരോരുത്തരായി സ്ഥലംവിട്ടുപോയി. ഒടുവിൽ യേശുവും ജനമധ്യത്തിൽനിന്നിരുന്ന സ്ത്രീയും ശേഷിച്ചു. 10 യേശു നിവർന്ന് അവളോട്, “സ്ത്രീയേ, അവർ എവിടെ? ആരും നിനക്കു ശിക്ഷ വിധിച്ചില്ലേ?” എന്നു ചോദിച്ചു.
11 “ഇല്ല പ്രഭോ,” അവൾ മറുപടി പറഞ്ഞു.
അതിന് യേശു, “ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല; പോകുക, ഇനി പാപംചെയ്യരുത്.” എന്നു പറഞ്ഞു.
-
17 ഒരു ഇസ്രായേല്യനും—സ്ത്രീയോ പുരുഷനോ—ക്ഷേത്രഗണികയോ പുരുഷമൈഥുനക്കാരനോ ആകരുത്. 18 വേശ്യാവൃത്തിചെയ്യുന്ന സ്ത്രീയുടെയോ പുരുഷന്റെയോ കൂലി നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ നേർച്ചയായി കൊണ്ടുവരാൻ പാടില്ല. ഇവ രണ്ടും നിന്റെ ദൈവമായ യഹോവയ്ക്ക് അറപ്പാകുന്നു.
-
28 “ഇനി പറയുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്തുതോന്നുന്നു? ഒരു മനുഷ്യനു രണ്ട് പുത്രന്മാർ ഉണ്ടായിരുന്നു. ഒന്നാമന്റെ അടുക്കൽ ചെന്ന് അദ്ദേഹം, ‘മകനേ, ഇന്ന് നീ എന്റെ മുന്തിരിത്തോപ്പിൽ പോയി വേലചെയ്യുക’ എന്നു പറഞ്ഞു.
29 “ ‘ഞാൻ പോകില്ല,’ അവൻ മറുപടി നൽകി. എങ്കിലും പിന്നീടു തന്റെ തീരുമാനം മാറ്റി പോകുകയും ചെയ്തു.
30 “അദ്ദേഹം മറ്റേ മകനോടും അതേകാര്യംതന്നെ ആവശ്യപ്പെട്ടു. ‘ഞാൻ പോകാം അപ്പാ’ എന്ന് അവൻ പറഞ്ഞെങ്കിലും പോയില്ല.
31 “ഈ രണ്ടുപേരിൽ ആരാണ് പിതാവിന്റെ ഇഷ്ടം നിറവേറ്റിയത്?”
“ഒന്നാമൻ,” അവർ ഉത്തരം പറഞ്ഞു.
യേശു അവരോടു പറഞ്ഞത്, “നികുതിപിരിവുകാരും ഗണികകളും നിങ്ങൾക്കുമുമ്പേ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നു എന്ന സത്യം ഞാൻ നിങ്ങളോടു പറയുന്നു. 32 കാരണം, നീതിയുടെ വഴി കാണിച്ചുതരാൻ യോഹന്നാൻ നിങ്ങളുടെ അടുക്കൽ വന്നെങ്കിലും നിങ്ങൾ അദ്ദേഹത്തെ വിശ്വസിച്ചില്ല. എന്നാൽ, നികുതിപിരിവുകാരും ഗണികകളും അദ്ദേഹത്തിൽ വിശ്വസിച്ചു. ഇതു കണ്ടിട്ടും നിങ്ങൾ അനുതപിച്ച് അദ്ദേഹത്തിൽ വിശ്വസിച്ചില്ല.
-
29 “ ‘ദേശം വേശ്യാവൃത്തിയിലേക്കു തിരിഞ്ഞു ദുഷ്ടതകൊണ്ടു നിറയാതിരിക്കാൻ, നിന്റെ മകളെ വേശ്യാവൃത്തിക്ക് ഏൽപ്പിക്കരുത്.
-
10 “അവർ ഭക്ഷിക്കും, പക്ഷേ, മതിവരികയില്ല;
അവർ വ്യഭിചരിക്കും, പക്ഷേ, യാതൊന്നും നേടുകയില്ല,
കാരണം അവർ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞല്ലോ;
11 ബുദ്ധിയെ കെടുത്തുന്ന വ്യഭിചാരത്തിനും
പഴയ വീഞ്ഞിനും പുതിയ വീഞ്ഞിനും
അവർ സ്വയം ഏൽപ്പിച്ചുകൊടുത്തു.
12 എന്റെ ജനം ഒരു മരപ്രതിമയോടു ചോദിക്കുന്നു,
ദേവപ്രശ്നംവെക്കുന്നവരുടെ ദണ്ഡിൽനിന്ന് അവർക്കു മറുപടി ലഭിക്കുന്നു.
വ്യഭിചാരത്തിന്റെ ആത്മാവ് അവരെ വഴിതെറ്റിക്കുന്നു;
അവർ തങ്ങളുടെ ദൈവത്തോട് അവിശ്വസ്തരായിരിക്കുന്നു.
13 അവർ പർവതശിഖരങ്ങളിൽ ബലികഴിക്കുന്നു,
കുന്നുകളിൽ നല്ല തണൽ നൽകുന്ന
കരുവേലകത്തിന്റെയും പുന്നയുടെയും ആലിന്റെയും കീഴിൽ
അവർ ധൂപംകാട്ടുന്നു.
തന്നിമിത്തം നിങ്ങളുടെ പുത്രിമാർ വ്യഭിചാരത്തിലേക്കും
പുത്രഭാര്യമാർ പരപുരുഷസംഗത്തിലേക്കും തിരിയുന്നു.
14 “വ്യഭിചാരത്തിലേക്കു തിരിയുന്ന
നിങ്ങളുടെ പുത്രിമാരെയും
പരപുരുഷസംഗത്തിലേക്കു തിരിയുന്ന
നിങ്ങളുടെ പുത്രഭാര്യമാരെയും ഞാൻ ശിക്ഷിക്കുകയില്ല.
കാരണം നിങ്ങളുടെ പുരുഷന്മാർതന്നെ വേശ്യാസ്ത്രീകളോടുകൂടെ പാർക്കുകയും
ക്ഷേത്രവേശ്യകളോടുകൂടെ ബലികഴിക്കുകയുംചെയ്യുന്നു.
ഇങ്ങനെ പരിജ്ഞാനമില്ലാത്ത ജനം നശിപ്പിക്കപ്പെടും!
-
25 അതുപോലെ രാഹാബ് എന്ന ഗണികയും ആ ചാരന്മാരെ സ്വീകരിക്കുകയും അവരെ വേറൊരു വഴിക്കു പറഞ്ഞയയ്ക്കുകയും ചെയ്തപ്പോൾ പ്രവൃത്തികളാലല്ലേ നീതീകരിക്കപ്പെട്ടത്? 26 ആത്മാവില്ലാത്ത ശരീരം നിർജീവം ആയിരിക്കുന്നതുപോലെ, പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജീവമാകുന്നു.
-
1 ഏഴു കുംഭങ്ങൾ കൈവശമുള്ള ഏഴു ദൂതന്മാരിൽ ഒരുവൻ എന്നോടു സംസാരിച്ചത്: “വരിക, ഭൂമിയിലെ രാജാക്കന്മാരുമായി വ്യഭിചാരത്തിലേർപ്പെട്ട് തന്റെ വേശ്യാവൃത്തിയുടെ വീഞ്ഞുകൊണ്ട് ഭൂവാസികളെ ലഹരിപിടിപ്പിച്ചവളും, 2 പെരുവെള്ളത്തിന്മേൽ ഇരിക്കുന്നവളുമായ മഹാവേശ്യയുടെ ന്യായവിധി ഞാൻ നിനക്കു കാണിച്ചുതരാം.”
3 ദൂതൻ എന്നെ ആത്മാവിൽ മരുഭൂമിയിലേക്കു കൊണ്ടുപോയി. ഏഴു തലയും പത്തു കൊമ്പും ഉള്ളതും ദൈവത്തെ ദുഷിക്കുന്ന നാമങ്ങൾകൊണ്ടു നിറഞ്ഞതും കടുംചെമപ്പുമായ മൃഗത്തിന്മേൽ ഒരു സ്ത്രീ ഇരിക്കുന്നത് ഞാൻ കണ്ടു. 4 അവൾ ഊതവും കടുംചെമപ്പുമായ വസ്ത്രങ്ങൾ ധരിച്ചും സ്വർണം, വിലയേറിയ കല്ലുകൾ, മുത്തുകൾ എന്നിവയണിഞ്ഞും ഇരുന്നു. തന്റെ വേശ്യാവൃത്തിയുടെ മ്ലേച്ഛതകളും അശുദ്ധികളും നിറഞ്ഞ ഒരു സ്വർണചഷകം അവൾ കൈയിൽ പിടിച്ചിരുന്നു.
5 രഹസ്യം: മഹതിയാം ബാബേൽ,
ഭൂമിയിലെ വേശ്യകളുടെയും
മ്ലേച്ഛതകളുടെയും മാതാവ്.
ഇങ്ങനെ നിഗൂഢമായ ഒരു പേരും അവളുടെ നെറ്റിയിൽ എഴുതിയിരുന്നു. 6 വിശുദ്ധരുടെയും യേശുവിന്റെ സാക്ഷ്യംവഹിച്ചവരുടെയും രക്തം കുടിച്ച് അവൾ ലഹരിപിടിച്ചിരിക്കുന്നതു ഞാൻ കണ്ടു.
അവളെ കണ്ടപ്പോൾ ഞാൻ അത്യന്തം അതിശയിച്ചു.
-
15 “ദേശത്തു പാർക്കുന്ന ജനങ്ങളുമായി യാതൊരുവിധ കരാറിലും ഏർപ്പെടരുത്; അവർ തങ്ങളുടെ ദേവതകളോടു പരസംഗം ചെയ്യുകയും അവർക്കു ബലികഴിക്കുകയും ചെയ്യുമ്പോൾ അവർ നിങ്ങളെ ക്ഷണിക്കാനും നിങ്ങൾ അവരുടെ ബലികൾ ഭക്ഷിക്കാനും ഇടയാകരുത്. 16 അവരുടെ പുത്രിമാരെ നിന്റെ പുത്രന്മാർക്കു ഭാര്യമാരായി എടുക്കാനും അവരുടെ പുത്രിമാർ തങ്ങളുടെ ദേവന്മാരോടു പരസംഗം ചെയ്യാനും അവർ നിങ്ങളുടെ പുത്രന്മാരെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കാനും ഇടവരരുത്.
-
1 ഒരു ദിവസം ശിംശോൻ ഗസ്സായിലേക്കുപോയി അവിടെ ഒരു വേശ്യയെ കണ്ടുമുട്ടി, ആ രാത്രി അവളോടൊപ്പം ചെലവഴിക്കുന്നതിനുവേണ്ടിപ്പോയി. 2 “ശിംശോൻ ഇവിടെ വന്നിരിക്കുന്നു!” എന്നു ഗസ്സായിലുള്ളവർക്ക് അറിവുകിട്ടി; അവർ അവിടം വളഞ്ഞു. അദ്ദേഹത്തെ പിടിക്കാൻ ആ രാത്രിമുഴുവൻ നഗരകവാടത്തിൽ പതിയിരുന്നു. “നേരം വെളുക്കുമ്പോൾ നമുക്ക് അയാളെ കൊല്ലാം,” എന്നു പറഞ്ഞ് രാത്രിമുഴുവനും അവർ അനങ്ങാതിരുന്നു.
-
26 എന്റെ കുഞ്ഞേ, നിന്റെ ഹൃദയം എനിക്കു തരിക
നിന്റെ കണ്ണുകൾ എന്റെ വഴികൾ പിൻതുടരുന്നതിൽ ആനന്ദിക്കട്ടെ,
27 വ്യഭിചാരിണിയായ സ്ത്രീ അപകടംനിറഞ്ഞ കെണിയാണ്;
ലൈംഗികധാർമികതയില്ലാത്ത ഭാര്യ ഒരു ചതിക്കുഴിയാണ്.
28 കൊള്ളക്കാരെപ്പോലെ അവൾ പതിയിരിക്കുന്നു
പുരുഷഗണത്തിലെ അവിശ്വസ്തരുടെ എണ്ണം അവൾ വർധിപ്പിക്കുന്നു.
-
3 ജ്ഞാനത്തെ പ്രണയിക്കുന്നവർ തങ്ങളുടെ പിതാവിന് ആനന്ദംനൽകുന്നു,
എന്നാൽ വേശ്യകളുടെ സഹയാത്രികൻ സമ്പത്തു ധൂർത്തടിക്കുന്നു.
-
9 “ ‘ഒരു പുരോഹിതന്റെ മകൾ വേശ്യയായി സ്വയം മലിനയാക്കിയാൽ, അവൾ അവളുടെ പിതാവിനെ അപമാനിക്കുന്നു, അവളെ തീയിൽ ദഹിപ്പിക്കണം.
-
14 “എനിക്കിന്നു വീട്ടിൽ സമാധാനയാഗത്തിന്റെ മാംസം ശേഷിപ്പുണ്ട്,
ഇന്നു ഞാൻ എന്റെ നേർച്ചകൾ നിറവേറ്റിക്കഴിഞ്ഞു.
15 അതിനാൽ നിന്നെ എതിരേൽക്കാൻ ഞാൻ പുറത്തേക്കിറങ്ങി വന്നിരിക്കുന്നു;
ഞാൻ നിന്നെ അന്വേഷിച്ചു, ഇതാ നിന്നെ കണ്ടെത്തിയിരിക്കുന്നു!
16 ഞാൻ എന്റെ കിടക്ക വിരിച്ചൊരുക്കിയിരിക്കുന്നു
ഈജിപ്റ്റിലെ വർണശബളമായ ചണനൂൽകൊണ്ടുതന്നെ.
17 മീറ, ചന്ദനം, ലവംഗം എന്നിവകൊണ്ട്
എന്റെ കിടക്ക ഞാൻ സുഗന്ധപൂർണമാക്കിയിരിക്കുന്നു.
-
13 ഭോഷത്തം അടക്കമില്ലാത്ത ഒരു സ്ത്രീയാണ്;
അവൾ ഭോഷയും വിവരംകെട്ടവളുമാണ്.
14 അവൾ തന്റെ ഗൃഹകവാടത്തിൽ ഇരിക്കുന്നു,
നഗരത്തിലെ ഉന്നതസ്ഥാനത്തുള്ള ഒരു പീഠത്തിൽത്തന്നെ,
15 സ്വന്തംകാര്യം അന്വേഷിച്ചു പോകുന്ന പുരുഷന്മാരോട്,
അവൾ വിളിച്ചുപറയുന്നു,
16 “ലളിതമാനസരേ, എന്നോടൊപ്പം വരിക!”
വിവേകരഹിതരോടവൾ ചൊല്ലുന്നു,
17 “അപഹരിക്കപ്പെട്ട ജലം മധുരതരം;
ഒളിവിൽ ഭുജിക്കുന്ന ഭക്ഷണം അതിരുചികരം!”
18 എന്നാൽ അവിടെ മൃതന്മാർ ഉണ്ടെന്നും
അവളുടെ അതിഥികൾ പാതാളത്തിന്റെ ആഴങ്ങളിലാണെന്നും അവർ അറിയുന്നില്ല.
-
21 നോക്കൂ, വിശ്വസ്തമായിരുന്ന നഗരം
ഒരു വേശ്യയായി മാറിയത് എങ്ങനെ?
ഒരിക്കൽ അതിൽ ന്യായം നിറഞ്ഞിരുന്നു;
നീതി അതിൽ കുടികൊണ്ടിരുന്നു—
എന്നാൽ ഇപ്പോൾ കൊലപാതകികൾ അതിൽ വസിക്കുന്നു.
-
25 “എന്നാൽ, ഇതെല്ലാം സംഭവിച്ചപ്പോൾ മൂത്തമകൻ വയലിൽ ആയിരുന്നു. അയാൾ വീടിനോട് അടുത്തുവന്നപ്പോൾ നൃത്തത്തിന്റെയും സംഗീതത്തിന്റെയും ഘോഷം കേട്ടു. 26 അയാൾ വേലക്കാരിൽ ഒരാളെ വിളിച്ച് എന്താണ് അവിടെ നടക്കുന്നതെന്ന് അന്വേഷിച്ചു. 27 ‘താങ്കളുടെ സഹോദരൻ വന്നിരിക്കുന്നു, അയാൾ സസുഖം മടങ്ങിയെത്തിയതുകൊണ്ട് അങ്ങയുടെ പിതാവ് കൊഴുത്ത കാളക്കിടാവിനെ അറത്തിരിക്കുന്നു,’ എന്ന് ആ വേലക്കാരൻ ഉത്തരം പറഞ്ഞു.
28 “അപ്പോൾ മൂത്തമകൻ കോപം പൂണ്ട്, വീടിനുള്ളിലേക്ക് കടക്കാൻപോലും വിസമ്മതിച്ചു. പിതാവു പുറത്തുചെന്ന് അവനോടു കേണപേക്ഷിച്ചെങ്കിലും 29 അയാൾ പിതാവിനോട് ഇങ്ങനെ പറഞ്ഞു: ‘നോക്കൂ ഇത്രയും വർഷങ്ങളായി ഞാൻ അപ്പന് അടിമപ്പണി ചെയ്യുകയായിരുന്നു. ഒരിക്കൽപോലും അപ്പന്റെ ആജ്ഞകൾ അനുസരിക്കാതിരുന്നിട്ടില്ല. എങ്കിലും എന്റെ കൂട്ടുകാരോടൊത്ത് ആഘോഷിക്കാൻ ഒരിക്കലെങ്കിലും അപ്പൻ എനിക്കൊരു കുട്ടിയാടിനെ തന്നിട്ടില്ലല്ലോ. 30 എന്നാൽ, വേശ്യമാരോടുകൂടെ അപ്പന്റെ സമ്പാദ്യമെല്ലാം തുലച്ചുകളഞ്ഞ അങ്ങയുടെ ഈ മകൻ വീട്ടിൽ വന്നപ്പോൾ, കൊഴുത്ത കാളക്കിടാവിനെ അവനുവേണ്ടി അറത്തിരിക്കുന്നല്ലോ!’
31 “അപ്പോൾ പിതാവ്, ‘മോനേ, നീ എപ്പോഴും എന്റെകൂടെ ഉണ്ടല്ലോ. എനിക്കുള്ളതെല്ലാം നിന്റേതല്ലേ. 32 നാം ആനന്ദിക്കുകയും ആഘോഷിക്കുകയുമല്ലേ വേണ്ടത്, കാരണം നിന്റെ ഈ സഹോദരൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചിരിക്കുന്നു. ഇവൻ നഷ്ടപ്പെട്ടവനായിരുന്നു; ഇപ്പോൾ തിരികെ കിട്ടിയിരിക്കുന്നു’ ” എന്നു പറഞ്ഞു.
-
16 യഹോവ മോശയോടു കൽപ്പിച്ചു: “നീ നിന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കാൻപോകുന്നു. ഈ ജനത വേഗത്തിൽ അവർ പ്രവേശിക്കുന്ന ദേശത്ത് അന്യദേവന്മാരുമായി പരസംഗം ചെയ്യും. അവർ എന്നെ ഉപേക്ഷിക്കുകയും ഞാൻ അവരോടു ചെയ്ത ഉടമ്പടി ലംഘിക്കുകയും ചെയ്യും.
-
16 അപ്പോൾ യഹോവ ന്യായാധിപന്മാരെ എഴുന്നേൽപ്പിച്ചു; അവർ കവർച്ചക്കാരുടെ കൈയിൽനിന്ന് ഇസ്രായേൽജനത്തെ രക്ഷിച്ചു. 17 എങ്കിലും അവർ തങ്ങളുടെ ന്യായാധിപന്മാരെ അനുസരിക്കാതെ അന്യദേവന്മാരോടു പരസംഗംചെയ്ത് അവരെ ഭജിച്ചുവന്നു. യഹോവയുടെ കൽപ്പനകൾ അനുസരിച്ചു നടന്ന തങ്ങളുടെ പിതാക്കന്മാരുടെ വഴികളെ അവർ അതിവേഗം വിട്ടുമാറി; അവരെ അനുകരിച്ചതുമില്ല.
-
1 സഹോദരങ്ങളേ, നിങ്ങൾ ഇപ്പോൾ ജീവിക്കുന്നത് ദൈവത്തെ പ്രസാദിപ്പിച്ചു ജീവിക്കേണ്ടത് എങ്ങനെയെന്ന് ഞങ്ങൾ ഉപദേശിച്ചതുപോലെയാണ്. നിങ്ങൾ ഇതിൽ കൂടുതൽ കൂടുതൽ വർധിച്ചുവരണമെന്നു, കർത്താവായ യേശുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോട് അവസാനമായി അപേക്ഷിക്കുകയും ഉത്തേജിപ്പിക്കുകയുംചെയ്യുന്നു. 2 കർത്താവായ യേശുവിന്റെ അധികാരത്താൽ ഞങ്ങൾ നിങ്ങൾക്കു നൽകിയിരുന്ന കൽപ്പനകൾ ഏതൊക്കെ എന്നു നിങ്ങൾക്കറിയാമല്ലോ.
3-4 നിങ്ങൾ വിശുദ്ധീകരിക്കപ്പെടുക എന്നതാണ് ദൈവത്തിന്റെ ഇഷ്ടം. നിങ്ങൾ ദൈവത്തെ അറിയാത്ത യെഹൂദേതരരെപ്പോലെ കാമാസക്തിയിൽപ്പെടാതെ, അസാന്മാർഗികത വിട്ടൊഴിഞ്ഞ്, 5 വിശുദ്ധവും മാന്യവുമായി നിങ്ങളിൽ ഓരോരുത്തരും അവരവരുടെ ശരീരം കാത്തുസൂക്ഷിക്കാൻ പഠിക്കണം. 6 ഈ കാര്യത്തിൽ ആരും സ്വസഹോദരങ്ങളെ ചതിക്കാനും ചൂഷണം ചെയ്യാനും പാടില്ല. ഇത്തരം പാപങ്ങൾ ചെയ്യുന്നവരെ കർത്താവ് ശിക്ഷിക്കാതിരിക്കുകയില്ല എന്ന് ഞങ്ങൾ മുൻകൂട്ടിത്തന്നെ നിങ്ങളോടു പറയുകയും താക്കീത് നൽകുകയും ചെയ്തിട്ടുള്ളതാണല്ലോ. 7 ദൈവം നമ്മെ മലിനത നിറഞ്ഞ ജീവിതത്തിനല്ല മറിച്ച് വിശുദ്ധജീവിതം നയിക്കാനാണ് വിളിച്ചിരിക്കുന്നത്. 8 ആകയാൽ ഈ നിർദേശങ്ങൾ നിരസിക്കുന്നയാൾ മനുഷ്യരെയല്ല; അവിടത്തെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു നൽകിയ ദൈവത്തെയാണ് നിഷേധിക്കുന്നത്.
-
5 ഞാൻ ആ മനുഷ്യനും അയാളുടെ കുടുംബത്തിനും വിരോധമായി മുഖംതിരിച്ച് അയാളെയും മോലെക്കിനോടു പരസംഗം ചെയ്യുന്ന എല്ലാവരെയും അവരുടെ ജനത്തിൽനിന്ന് ഛേദിച്ചുകളയും.
-
27 ഗിദെയോൻ ആ സ്വർണംകൊണ്ട് ഒരു ഏഫോദ് ഉണ്ടാക്കി തന്റെ പട്ടണമായ ഒഫ്രയിൽ പ്രതിഷ്ഠിച്ചു; ഇസ്രായേലെല്ലാം അതിനെ ആരാധിച്ചുകൊണ്ട് പരസംഗംചെയ്തു. അതു ഗിദെയോനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഒരു കെണിയായിത്തീർന്നു.
-
25 എന്നാൽ അവർ തങ്ങളുടെ പൂർവികരുടെ ദൈവത്തോട് അവിശ്വസ്തരായിത്തീർന്നു. ദൈവം തങ്ങളുടെമുമ്പിൽനിന്ന് ഉന്മൂലനംചെയ്ത തദ്ദേശീയരായ ജനതകളുടെ ദേവന്മാരെ അവർ സേവിക്കുകയും ആ പരസംഗത്താൽ തങ്ങളെത്തന്നെ മലിനമാക്കുകയും ചെയ്തു.
-
7 “ഞാൻ നിന്നോട് എങ്ങനെ ക്ഷമിക്കും?
നിന്റെ മക്കൾ എന്നെ ഉപേക്ഷിച്ച്
ദേവതകൾ അല്ലാത്ത ദേവതകളെക്കൊണ്ടു ശപഥംചെയ്യുന്നു.
ഞാൻ അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി,
എന്നിട്ടും അവർ വ്യഭിചാരം ചെയ്യുകയും
വേശ്യാഗൃഹങ്ങളിൽ കൂട്ടമായി പോകുകയും ചെയ്യുന്നു.
8 അവൻ തടിച്ചുകൊഴുത്ത വിത്തുകുതിരകളെപ്പോലെ
ഓരോരുത്തനും തന്റെ കൂട്ടുകാരന്റെ ഭാര്യയെ നോക്കി ചിനക്കുന്നു.
9 ഈ കാര്യങ്ങൾനിമിത്തം ഞാൻ അവരെ ശിക്ഷിക്കുകയില്ലേ,
ഇതുപോലെയുള്ള ഒരു രാഷ്ട്രത്തോടു
ഞാൻ പ്രതികാരംചെയ്യുകയില്ലേ,”
എന്ന് യഹോവയുടെ അരുളപ്പാട്.
-
8 എന്നാൽ ഭീരുക്കൾ, വിശ്വാസത്യാഗികൾ, നികൃഷ്ടർ, കൊലപാതകികൾ, വ്യഭിചാരികൾ, ദുർമന്ത്രവാദികൾ, വിഗ്രഹാരാധകർ, വ്യാജംപറയുന്നവർ, ഇങ്ങനെയുള്ളവരെല്ലാം രണ്ടാമത്തെ മരണമായ ഗന്ധകം കത്തിയെരിയുന്ന തീപ്പൊയ്കയ്ക്കാണ് അവകാശികളാകുന്നത്.”
-
1 “യഹോവ ചോദിക്കുന്നു:
“ഒരു മനുഷ്യൻ തന്റെ ഭാര്യയെ ഉപേക്ഷിക്കുകയും
അവൾ അയാളെ വിട്ട് മറ്റൊരുവനു ഭാര്യയായിത്തീരുകയും ചെയ്താൽ,
അയാൾ അവളുടെ അടുക്കലേക്കു വീണ്ടും മടങ്ങിച്ചെല്ലുമോ?
അങ്ങനെയുള്ള ദേശംമുഴുവനും മലിനമായിത്തീരുകയില്ലേ?
എന്നാൽ നീ അനേകം കാമുകന്മാരുമായി വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നു,
ഇപ്പോൾ നീ എന്റെ അടുത്തേക്കു മടങ്ങിവരുന്നോ?”
എന്ന് യഹോവയുടെ അരുളപ്പാട്.
2 “മൊട്ടക്കുന്നുകളിലേക്കു കണ്ണുയർത്തി നോക്കുക.
നീ ബലാൽക്കാരം ചെയ്യപ്പെടാത്ത സ്ഥലം ഏതുള്ളൂ?
മരുഭൂമിയിൽ ഒരു ദേശാന്തരിയെന്നപോലെ വഴിവക്കുകളിൽ
നീ കാമുകന്മാർക്കായി പതിയിരുന്നു.
നിന്റെ വേശ്യാവൃത്തിയാലും ദുഷ്ടതയാലും
നീ ദേശത്തെ മലിനമാക്കിയിരിക്കുന്നു.
3 അതുമൂലം മഴ നിന്നുപോയി,
പിന്മഴ പെയ്തതുമില്ല.
നിനക്കുള്ളത് ഒരു വേശ്യയുടെ ലജ്ജാകരമായ രൂപമാണ്;
ലജ്ജയുടെ ഒരു ഭാവവും നിന്നിൽ ഉണ്ടായതുമില്ല.
-
2 യഹോവ ഹോശേയയിൽക്കൂടി സംസാരിച്ചുതുടങ്ങി, അപ്പോൾ യഹോവ അദ്ദേഹത്തോട് ഇപ്രകാരം കൽപ്പിച്ചു: “വ്യഭിചാരിണിയായ ഒരു ഭാര്യയെപ്പോലെ ഈ ദേശം യഹോവയോട് അവിശ്വസ്തതപുലർത്തി കുറ്റക്കാരായിത്തീർന്നിരിക്കുന്നതിനാൽ, നീ പോയി വ്യഭിചാരിണിയായ ഒരു സ്ത്രീയെ ഭാര്യയായി സ്വീകരിക്കുകയും അവളിൽ മക്കളെ ജനിപ്പിക്കുകയും ചെയ്യുക.” 3 അങ്ങനെ അദ്ദേഹം പോയി ദിബ്ലയീമിന്റെ മകൾ ഗോമെരിനെ വിവാഹംകഴിച്ചു; അവൾ ഗർഭംധരിച്ച് അദ്ദേഹത്തിന് ഒരു മകനെ പ്രസവിച്ചു.
-
27 “ ‘വ്യഭിചാരം ചെയ്യരുത്’ എന്നു കൽപ്പിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 28 എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ആസക്തിയോടെ ഒരു സ്ത്രീയെ നോക്കുന്നവൻ തന്റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരംചെയ്തുകഴിഞ്ഞു.
-
12 ഏറെ കാലത്തിനുശേഷം യെഹൂദയുടെ ഭാര്യ—ശൂവായുടെ മകൾ—മരിച്ചു. യെഹൂദാ ദുഃഖത്തിൽനിന്ന് മോചിതനായശേഷം തിമ്നയിൽ തന്റെ ആടുകളുടെ രോമം കത്രിക്കുന്നവരുടെ അടുത്തേക്കുപോയി; അദുല്ലാമ്യനും തന്റെ സ്നേഹിതനുമായ ഹീരാ അദ്ദേഹത്തോടൊപ്പം പോയി.
13 “തന്റെ അമ്മായിയപ്പൻ ആടുകളുടെ രോമം കത്രിക്കലിനുവേണ്ടി തിമ്നയിലേക്കു പോകുന്നു,” എന്ന് താമാരിന് അറിവുകിട്ടി. 14 അവൾ തന്റെ വൈധവ്യവസ്ത്രങ്ങൾ മാറ്റി, ആളറിയാതിരിക്കാൻ മൂടുപടംകൊണ്ട് സ്വയം മറച്ചു. അതിനുശേഷം തിമ്നയിലേക്കുള്ള വഴിയിൽ എനയീമിന്റെ പ്രവേശനകവാടത്തിൽ ചെന്നിരുന്നു; ഇതിനുകാരണം ശേലഹ് പ്രായമായിട്ടും, തന്നെ അവനു ഭാര്യയായി കൊടുത്തില്ല എന്നതായിരുന്നു.
15 അവൾ മുഖം മറച്ചിരുന്നതുകൊണ്ട് യെഹൂദാ അവളെ കണ്ടപ്പോൾ അവൾ ഒരു ഗണിക ആയിരിക്കുമെന്നു കരുതി. 16 അവൾ തന്റെ മരുമകളാണെന്നുള്ളതു തിരിച്ചറിയാതെ അയാൾ വഴിവക്കിൽ അവളുടെ അടുത്തുചെന്ന്, “വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ” എന്നു ചോദിച്ചു.
“എന്റെ അടുക്കൽ വരുന്നതിന് നീ എനിക്ക് എന്തുതരും?” അവൾ ചോദിച്ചു.
17 “എന്റെ ആട്ടിൻപറ്റത്തിൽനിന്ന് ഒരു ആട്ടിൻകുട്ടിയെ ഞാൻ നിനക്കു കൊടുത്തയയ്ക്കാം,” അയാൾ മറുപടി പറഞ്ഞു.
“അതു കൊടുത്തയയ്ക്കുന്നതുവരെ എനിക്ക് എന്തെങ്കിലും പണയമായിത്തരാമോ,” എന്ന് അവൾ ചോദിച്ചു.
18 അതിന് അയാൾ, “എന്തു പണയമാണു നിനക്കുവേണ്ടത്?” എന്നു ചോദിച്ചു.
“താങ്കളുടെ മുദ്രമോതിരവും അതിന്റെ ചരടും താങ്കളുടെ കൈയിൽ ഇരിക്കുന്ന വടിയും,” അവൾ ഉത്തരം പറഞ്ഞു. അയാൾ അതെല്ലാം അവൾക്കുകൊടുത്തു; എന്നിട്ട് അവളോടുകൂടെ കിടക്കപങ്കിട്ടു. അയാൾനിമിത്തം അവൾ ഗർഭംധരിച്ചു. 19 അതിനുശേഷം അവൾ തന്റെ ഭവനത്തിലേക്ക് പോയി മൂടുപടം നീക്കി വീണ്ടും തന്റെ വൈധവ്യവസ്ത്രം ധരിച്ചു.
20 യെഹൂദാ ആ സ്ത്രീയുടെ പക്കൽനിന്ന് തന്റെ പണയം തിരികെ വാങ്ങുന്നതിന് സ്നേഹിതനായ അദുല്ലാമ്യൻവശം ആട്ടിൻകുട്ടിയെ കൊടുത്തയച്ചു; എന്നാൽ അയാൾക്ക് അവളെ കണ്ടെത്താൻ കഴിഞ്ഞില്ല. 21 അവൻ അവിടെ താമസിച്ചിരുന്ന ആളുകളോട്, “എനയീമിലേക്കുള്ള വഴിയുടെ അരികിൽ ഇരുന്നിരുന്ന ആ ക്ഷേത്രഗണിക എവിടെയാണ്?” എന്നു ചോദിച്ചു.
“ഇവിടെ അങ്ങനെ ഒരു ക്ഷേത്രഗണിക ഉണ്ടായിരുന്നില്ലല്ലോ,” അവർ മറുപടി പറഞ്ഞു.
22 അവൻ തിരികെച്ചെന്ന് യെഹൂദയോട്, “ഞാൻ അവളെ കണ്ടില്ല. തന്നെയുമല്ല, ‘ഇവിടെ ഒരു ക്ഷേത്രഗണിക ഉണ്ടായിരുന്നില്ല’ എന്ന് അവിടെ താമസിക്കുന്നവർ പറയുകയും ചെയ്തു” എന്നറിയിച്ചു.
23 അപ്പോൾ യെഹൂദാ, “അവൾ അത് എടുക്കട്ടെ; അല്ലെങ്കിൽ നമ്മൾ പരിഹാസപാത്രമായിത്തീരും. ഏതായാലും, ഞാൻ ഈ ആട്ടിൻകുട്ടിയെ അവൾക്കു കൊടുത്തയച്ചു, നീ അവളെ കണ്ടെത്തിയതുമില്ല” എന്നു പറഞ്ഞു.
24 ഏകദേശം മൂന്നുമാസം കഴിഞ്ഞ്, “നിന്റെ മരുമകളായ താമാർ വേശ്യാവൃത്തി നിമിത്തം കുറ്റക്കാരി ആയിരിക്കുന്നു. അതിന്റെ ഫലമായി അവൾ ഇപ്പോൾ ഗർഭിണിയുമാണ്” എന്ന് യെഹൂദയ്ക്ക് അറിവുകിട്ടി.
“അവളെ ഇവിടെ കൊണ്ടുവന്നു ജീവനോടെ ദഹിപ്പിക്കുക,” യെഹൂദാ പറഞ്ഞു.
25 അങ്ങനെ അവളെ കൊണ്ടുവരുമ്പോൾ അവൾ തന്റെ അമ്മായിയപ്പന്, “ഈ മുദ്രയും ചരടും വടിയും ആരുടേത് എന്നു തിരിച്ചറിയുന്നോ? ഇവയുടെ ഉടമസ്ഥൻ നിമിത്തമത്രേ ഞാൻ ഗർഭിണിയായിരിക്കുന്നത്” എന്ന് ഒരു സന്ദേശം അയച്ചു.
26 യെഹൂദാ അവയെ തിരിച്ചറിഞ്ഞിട്ട്, “അവൾ എന്നെക്കാൾ നീതിയുള്ളവൾ; ഞാൻ അവളെ എന്റെ മകൻ ശേലഹിനു കൊടുത്തില്ലല്ലോ” എന്നു പറഞ്ഞു. അയാൾ പിന്നീട് അവളോടുകൂടെ കിടക്കപങ്കിട്ടില്ല.
-
22 ദേശത്തെ പര്യവേക്ഷണംചെയ്യാൻ അയച്ച രണ്ടു പുരുഷന്മാരോട് യോശുവ, “ഗണികയുടെ വീട്ടിൽച്ചെന്ന്, അവളോടു നിങ്ങൾ ശപഥംചെയ്തതുപോലെ, അവളെയും അവൾക്കുള്ള സകലത്തെയും പുറത്തുകൊണ്ടുവരിക” എന്ന് ഉത്തരവിട്ടു. 23 അങ്ങനെ ചാരപ്രവർത്തകരായിരുന്ന യുവാക്കൾ ചെന്ന് രാഹാബിനെയും അവളുടെ പിതാവിനെയും മാതാവിനെയും സഹോദരന്മാരെയും അവൾക്കുള്ള സകലത്തെയും പുറത്തുകൊണ്ടുവന്നു. അവളുടെ കുടുംബത്തെ മുഴുവൻ പുറത്തുകൊണ്ടുവന്ന് ഇസ്രായേൽപാളയത്തിനു പുറത്ത് ഒരു സ്ഥലത്ത് പാർപ്പിച്ചു.
24 ഇതിനുശേഷം അവർ പട്ടണം മുഴുവനും അതിലുള്ള സകലതും അഗ്നിക്കിരയാക്കി. എന്നാൽ വെള്ളിയും സ്വർണവും വെങ്കലവും ഇരുമ്പുംകൊണ്ടുള്ള പാത്രങ്ങളെല്ലാം അവർ യഹോവയുടെ ആലയത്തിലെ ഖജനാവിൽ വെച്ചു. 25 രാഹാബ് എന്ന ഗണിക, യെരീഹോവിനെ പര്യവേക്ഷണംചെയ്യാൻ അയച്ച പുരുഷന്മാരെ ഒളിപ്പിച്ചതുകൊണ്ട് അവളെയും അവളുടെ കുടുംബത്തെയും അവൾക്കുള്ള സകലത്തെയും യോശുവ രക്ഷിച്ചു; അവൾ ഇന്നുവരെയും ഇസ്രായേല്യരുടെ ഇടയിൽ പാർക്കുന്നു.
-
33 ഗിദെയോൻ മരിച്ചയുടനെ, ഇസ്രായേൽമക്കൾ വീണ്ടും ബാൽവിഗ്രഹങ്ങളെ വണങ്ങുന്നതിലൂടെ പരസംഗംചെയ്തു. ബാൽ-ബെരീത്തിനെ തങ്ങളുടെ ദേവനായി പ്രതിഷ്ഠിച്ചു.
-
39 തങ്ങളുടെ തിന്മപ്രവൃത്തികളാൽ അവർ തങ്ങളെത്തന്നെ മലിനമാക്കി;
വിഗ്രഹങ്ങളോടുള്ള അവരുടെ ആസക്തി യഹോവയുടെ ദൃഷ്ടിയിൽ വേശ്യാവൃത്തിയായിരുന്നു.
-
4 “തങ്ങളുടെ ദൈവത്തിലേക്കു മടങ്ങിവരാൻ
അവരുടെ പ്രവൃത്തികൾ അവരെ അനുവദിക്കുന്നില്ല.
വ്യഭിചാരത്തിന്റെ ആത്മാവ് അവരുടെ ഹൃദയങ്ങളിലുണ്ട്;
അവർ യഹോവയെ അംഗീകരിക്കുന്നില്ല.
-
10 ഇസ്രായേൽഗൃഹത്തിൽ ഞാൻ ഭയങ്കരത്വം കണ്ടിരിക്കുന്നു:
അവിടെ എഫ്രയീം വ്യഭിചാരത്തിന് ഏൽപ്പിക്കപ്പെട്ടു;
ഇസ്രായേൽ മലിനപ്പെട്ടിരിക്കുന്നു.
-
1 കിടക്കയിൽ അതിക്രമം ആലോചിച്ച്
ദ്രോഹം ആസൂത്രണം ചെയ്യുന്നവർക്കു ഹാ കഷ്ടം!
തങ്ങൾക്ക് അതിനുള്ള ശക്തിയുള്ളതുകൊണ്ട്,
പുലരുമ്പോൾത്തന്നെ അവർ അതു നടപ്പിലാക്കുന്നു.
2 അവർ നിലങ്ങൾ മോഹിച്ച് അവയെ കൈവശപ്പെടുത്തുന്നു
വീടുകൾ നോട്ടമിട്ട് അവയെ പിടിച്ചെടുക്കുന്നു.
അവർ ഒരു മനുഷ്യന്റെ ഭവനത്തെ വഞ്ചിച്ചെടുക്കുകയും
അവർ അവരുടെ അവകാശത്തെ കൈവശമാക്കുകയും ചെയ്യുന്നു.
3 അതുകൊണ്ട് യഹോവ അരുളിച്ചെയ്യുന്നു:
“ഞാൻ ഈ ജനത്തിനുനേരേ അത്യാഹിതം വരുത്തും
അതിൽനിന്നു സ്വയം രക്ഷിക്കാൻ നിങ്ങൾക്കു കഴിയുന്നതല്ല.
നിങ്ങൾ പിന്നീടൊരിക്കലും നിഗളിച്ചു നടക്കുകയില്ല,
കാരണം ഇതു ദുഷ്കാലമാണല്ലോ.
-
15 ദൂതൻ പിന്നെയും എന്നോടു പറഞ്ഞത്: “വേശ്യ ഇരിക്കുന്നതായി നീ കണ്ട പെരുവെള്ളം ജനതകളും സമൂഹങ്ങളും രാജ്യങ്ങളും ഭാഷകളുമാകുന്നു. 16 നീ ദർശിച്ച പത്തു കൊമ്പുകളും മൃഗവുംചേർന്ന് വേശ്യയെ വെറുത്ത് അവളെ ശൂന്യയും വിവസ്ത്രയുമാക്കി അവളുടെ മാംസം തിന്നുകയും അവളെ അഗ്നിയിൽ ദഹിപ്പിച്ചുകളയുകയും ചെയ്യും.
-
15 “ ‘എന്നാൽ നീ നിന്റെ സൗന്ദര്യത്തിൽ ആശ്രയിച്ചു. നിന്റെ കീർത്തി ഉപയോഗിച്ചുകൊണ്ട് നീ ഒരു വേശ്യയായിത്തീർന്നു. വഴിപോക്കരായ എല്ലാവരുടെമേലും നീ നിന്റെ ആനുകൂല്യങ്ങൾ വാരിച്ചൊരിഞ്ഞു. അങ്ങനെ നിന്റെ സൗന്ദര്യം അവരുടേതായിത്തീർന്നു. 16 നീ നിന്റെ വസ്ത്രങ്ങളിൽ ചിലതുകൊണ്ട് വർണാഭങ്ങളായ ക്ഷേത്രങ്ങൾ നിർമിച്ചു. അവിടെവെച്ചു നീ വ്യഭിചാരത്തിലേർപ്പെട്ടു. നീ അവരുടെ അടുത്തേക്കുചെന്നു; അവർ നിന്റെ സൗന്ദര്യം കവർന്നെടുത്തു. 17 ഞാൻ നിനക്കുതന്ന മേന്മയേറിയ സ്വർണത്തിലും വെള്ളിയിലുമുള്ള ആഭരണങ്ങൾ നീ എടുത്ത് നിനക്കു വേശ്യാവൃത്തി ചെയ്യാനുള്ള പുരുഷവിഗ്രഹങ്ങൾ നിർമിച്ചു. 18 നിന്റെ ചിത്രത്തയ്യലുള്ള വസ്ത്രങ്ങൾ നീ എടുത്ത് അവയെ ആവരണംചെയ്തു. എന്റെ തൈലവും സുഗന്ധവർഗവും നീ അവയുടെമുമ്പിൽ അർപ്പിച്ചു. 19 ഞാൻ നിനക്കുതന്ന ആഹാരം; നിന്നെ പോഷിപ്പിക്കാൻ തന്ന നേരിയമാവ്, ഒലിവെണ്ണ, തേൻ എന്നിവ നീ അവയുടെമുമ്പിൽ സുഗന്ധധൂപമായി അർപ്പിച്ചു. സംഭവിച്ചത് ഇതാണ് എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
20 “ ‘ഇതിനുംപുറമേ, നീ എനിക്കു പ്രസവിച്ച നിന്റെ പുത്രന്മാരെയും പുത്രിമാരെയും നീ ആ വിഗ്രഹങ്ങൾക്കു ഭോജനമായി അർപ്പിച്ചു. നിന്റെ വേശ്യാവൃത്തി നിനക്കു മതിയായില്ലേ? 21 നീ എന്റെ മക്കളെ നിഗ്രഹിച്ച് ആ വിഗ്രഹങ്ങൾക്കു ബലിയായി അർപ്പിച്ചു. 22 നിന്റെ എല്ലാ മ്ലേച്ഛതകളിലും വേശ്യാവൃത്തിയിലും നീ നഗ്നയും അനാവൃതയുമായി രക്തത്തിൽ കൈകാലിട്ടടിച്ചു കിടന്നിരുന്ന നിന്റെ യൗവനകാലം നീ ഓർത്തില്ല.
-
30 “ ‘ലജ്ജയറ്റ ഒരു വേശ്യയെപ്പോലെ ഇങ്ങനെയെല്ലാം നീ പ്രവർത്തിക്കുമ്പോൾ, നിനക്കെതിരേ ഞാൻ ക്രോധാകുലനായിരിക്കുന്നു, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. 31 ഓരോ വഴിത്തലയ്ക്കലും നീ കുന്നുകൾ പണിത് ഓരോ ചത്വരത്തിലും വലിയ ക്ഷേത്രങ്ങൾ നിർമിക്കുകയുംചെയ്യുമ്പോൾ നിന്ദയുടെ പ്രതിഫലം വെറുക്കുന്നതുകൊണ്ട് നീ ഒരു വേശ്യയിൽനിന്നു വ്യത്യസ്തയായിരിക്കുന്നു.
32 “ ‘വ്യഭിചാരിണിയേ! സ്വന്തം ഭർത്താവിനെക്കാളും പരപുരുഷന്മാരോടാണല്ലോ നിനക്കു പ്രിയം! 33 പുരുഷന്മാർ എല്ലാ വേശ്യമാർക്കും സമ്മാനങ്ങൾ നൽകുന്നു. നീയോ നിന്റെ കാമുകന്മാർക്ക്, അവർ എല്ലാ സ്ഥലങ്ങളിൽനിന്നും നിന്റെ അടുക്കൽ വരേണ്ടതിനു, ദാനങ്ങൾ നൽകുകയാണ് ചെയ്യുന്നത്. 34 നീ ദ്രവ്യം കൊടുക്കുകയും നിനക്കു ദ്രവ്യം നൽകപ്പെടാതിരിക്കുകയും ചെയ്യുന്നതിനാൽ, നീ ചെയ്യുന്നതുപോലെയുള്ള വേശ്യാവൃത്തി മറ്റാരുംതന്നെ ചെയ്യുന്നില്ല. മറ്റു വേശ്യാസ്ത്രീകളിൽനിന്ന് ഇങ്ങനെ നീ വ്യത്യസ്തയായിരിക്കുന്നു.
-
35 “ ‘അതുകൊണ്ട്, ഹേ വേശ്യയായവളേ, യഹോവയുടെ വചനം കേൾക്കുക! 36 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: കാമുകന്മാരുമൊത്തുള്ള നിന്റെ വഷളത്തത്തിൽ നിന്റെ ആസക്തി കോരിച്ചൊരിയുകയും നിന്റെ നഗ്നത അനാവൃതമാക്കുകയും ചെയ്യുകയാൽ, നിന്റെ എല്ലാ മ്ലേച്ഛവിഗ്രഹങ്ങൾ നിമിത്തവും നീ അവർക്കു നിവേദിച്ച നിന്റെ മക്കളുടെ രക്തംനിമിത്തവും 37 നീ രമിച്ച എല്ലാ ജാരന്മാരെയും നീ സ്നേഹിച്ച എല്ലാവരെയും നീ പകച്ച എല്ലാവരെയും ഞാൻ ഒരുമിച്ചുകൂട്ടും. നിനക്കെതിരായി അവരെയെല്ലാം ഞാൻ ഒരുമിച്ചുവരുത്തി, അവർ പൂർണമായും കാണത്തക്കവണ്ണം അവരുടെമുമ്പിൽ നിന്റെ നഗ്നത അനാവൃതമാക്കും. 38 വ്യഭിചാരം ചെയ്യുകയും രക്തം ചൊരിയുകയും ചെയ്യുന്ന സ്ത്രീകൾക്കുള്ള ന്യായവിധി ഞാൻ നിനക്കു നൽകി, ക്രോധത്തിന്റെയും അവിശ്വസ്തതയുടെയും പ്രതികാരമായി നിന്റെ രക്തവും ഞാൻ ചൊരിയും. 39 നിന്റെ കാമുകന്മാരുടെ കൈയിൽ ഞാൻ നിന്നെ ഏൽപ്പിക്കും; അവർ നിന്റെ കുന്നുകൾ ഇടിച്ച് വലിയ ക്ഷേത്രങ്ങൾ തകർത്തുകളയും. നിന്റെ വസ്ത്രങ്ങൾ ഉരിയുകയും നിന്റെ മനോഹരങ്ങളായ ആഭരണങ്ങൾ നീക്കിക്കളയുകയും നിന്നെ പൂർണനഗ്നയായി ഉപേക്ഷിക്കുകയും ചെയ്യും. 40 അവർ ഒരു ജനസമൂഹത്തെ നിന്റെനേരേ ഇളക്കിവിടും; അവർ നിന്നെ കല്ലെറിയുകയും തങ്ങളുടെ വാളുകളാൽ വെട്ടിനുറുക്കിക്കളയുകയും ചെയ്യും. 41 നിന്റെ വീടുകൾ അവർ തീവെച്ച് ചുട്ടുകളയും, അനേകം സ്ത്രീകളുടെമുമ്പിൽവെച്ച് നിന്റെനേരേയുള്ള ന്യായവിധി നടപ്പാക്കും. അപ്പോൾ ഞാൻ നിന്റെ വേശ്യാവൃത്തി നിർത്തലാക്കും. ഇനിയൊരിക്കലും നീ നിന്റെ കാമുകന്മാർക്കു ദ്രവ്യം കൊടുക്കുകയില്ല. 42 അങ്ങനെ നിനക്കെതിരേയുള്ള എന്റെ ക്രോധം ശാന്തമാകും; എന്റെ തീക്ഷ്ണത നിന്നെ വിട്ടുമാറും. ഞാൻ ശാന്തനാകും; ഇനിയൊരിക്കലും കോപിക്കുകയുമില്ല.
43 “ ‘നിന്റെ യൗവനകാലം നീ ഓർക്കാതെ ഈ എല്ലാ കാര്യങ്ങൾകൊണ്ടും എന്നെ പ്രകോപിപ്പിച്ചിരിക്കുകയാൽ, ഇതാ, നിന്റെ പ്രവൃത്തി ഞാൻ നിന്റെ തലമേൽത്തന്നെ വരുത്തും എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. നിന്റെ മറ്റെല്ലാ മ്ലേച്ഛതകളോടുംകൂടെ ഇത്തരം വിഷയലമ്പടത്തവും നീ കൂട്ടിച്ചേർത്തില്ലേ?
Shows Read in context, Share and Copy.