36 Bible Verses About Beauty

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Beauty
  1. 1 ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർ വചനം അനുസരിക്കാത്തവർ ആണെങ്കിൽക്കൂടി അവർക്ക് വിധേയരാകുക. 2 വാച്യമായ ഉപദേശംകൂടാതെതന്നെ ആദരപൂർണവും നിർമലവുമായ നിങ്ങളുടെ പെരുമാറ്റംകൊണ്ട് അവരെ നേടാൻ സാധിക്കും. 3 വിചിത്രമായ കേശാലങ്കാരം, സ്വർണാഭരണം, മോടിയേറിയ ഉടയാടകൾ എന്നീ ബാഹ്യ അലങ്കാരങ്ങളിലാകരുത് നിങ്ങളുടെ സൗന്ദര്യം; 4 പിന്നെയോ, വിനീതവും ശാന്തവുമായ മനോഭാവത്തോടുകൂടിയ അനശ്വരസൗന്ദ്യര്യമുള്ള ആന്തരിക വ്യക്തിത്വത്തിൽ അധിഷ്ഠിതമായിരിക്കണം. ഇതാണ് ദൈവദൃഷ്ടിയിൽ അമൂല്യം. 5 ഇങ്ങനെയാണ് ദൈവത്തിൽ പ്രത്യാശ വെച്ചിരുന്ന, വിശുദ്ധവനിതകൾ പൂർവകാലങ്ങളിൽ സ്വന്തം ഭർത്താക്കന്മാർക്കു വിധേയപ്പെട്ട് സ്വയം അലങ്കരിച്ചിരുന്നത്. 6 സാറ അബ്രാഹാമിനെ “യജമാനാ” എന്നു വിളിച്ച് അനുസരിച്ചതുപോലെ യോഗ്യമായത്, അൽപ്പംപോലും പേടിയില്ലാതെ നിങ്ങൾ പ്രവർത്തിച്ചാൽ നിങ്ങളും സാറയുടെ പുത്രിമാർ.

  2. 7 എന്നാൽ യഹോവ ശമുവേലിനോടു കൽപ്പിച്ചു: “അവന്റെ രൂപമോ പൊക്കമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു; മനുഷ്യൻ കാണുന്നതുപോലെയല്ല യഹോവ കാണുന്നത്. മനുഷ്യൻ പുറമേയുള്ള രൂപം നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു.”

  3. 30 വശ്യത വഞ്ചനാപരമാണ്, സൗന്ദര്യം നൈമിഷികവുമാണ്;

    എന്നാൽ യഹോവയെ ഭയപ്പെടുന്ന വനിത പ്രശംസിക്കപ്പെടും.

  4. 13 അവിടന്നാണെന്റെ അന്തരിന്ദ്രിയം രൂപകൽപ്പനചെയ്തത്;

    എന്റെ അമ്മയുടെ ഗർഭഗൃഹത്തിൽ എന്നെ കൂട്ടിയിണക്കിയതും അങ്ങുതന്നെയാണ്.

    14 സങ്കീർണവും വിസ്മയകരവുമായി അങ്ങ് എന്നെ സൃഷ്ടിച്ചിരിക്കുകയാൽ ഞാൻ അങ്ങേക്ക് സ്തോത്രംചെയ്യുന്നു;

    അവിടത്തെ പ്രവൃത്തികൾ ആശ്ചര്യകരമാണ്,

    അതെനിക്കു നന്നായി അറിയാം.

    15 ഞാൻ നിഗൂഢതയിൽ ഉരുവാക്കപ്പെടുകയും

    ഭൂമിയുടെ അഗാധതകളിൽ മെനയപ്പെടുകയും ചെയ്തപ്പോൾ,

    എന്റെ ആകാരം അങ്ങേക്ക് അജ്ഞാതമായിരുന്നില്ല.

    16 എന്റെ ശരീരം രൂപപ്പെടുന്നതിനുമുമ്പുതന്നെ അവിടത്തെ കണ്ണ് എന്നെ കണ്ടു;

    എനിക്കു നിർണയിക്കപ്പെട്ടിരുന്ന ദിനങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നതിനു മുമ്പേതന്നെ,

    അവയെല്ലാം അങ്ങയുടെ പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ടു.

  5. 9 സ്ത്രീകൾ, ശാലീനതയോടും വിവേകത്തോടുംകൂടെ മാന്യമായി വസ്ത്രധാരണം ചെയ്യണം. 10 ആകർഷകമായ കേശസംവിധാനം, സ്വർണം, രത്നങ്ങൾ, വിലയേറിയ ഉടയാടകൾ എന്നിവകൊണ്ടല്ല, പിന്നെയോ സൽപ്രവൃത്തികളാൽ തങ്ങളെത്തന്നെ അലങ്കരിക്കുന്നതാണ് ഭക്തകളെന്ന് അവകാശപ്പെടുന്ന സ്ത്രീകൾക്ക് അനുയോജ്യം.

  6. 11 അവിടന്ന് ഓരോന്നും അതതുകാലത്തു മനോഹരമായി ചെയ്തിരിക്കുന്നു; മനുഷ്യഹൃദയങ്ങളിൽ അവിടന്ന് നിത്യതയും വെച്ചിരിക്കുന്നു. എന്നാൽ ദൈവം ആരംഭംമുതൽ അവസാനംവരെ എന്തു ചെയ്തിരിക്കുന്നു എന്നതിന്റെ വ്യാപ്തി ഗ്രഹിക്കാൻ അവർക്കാർക്കും കഴിയുന്നതുമല്ല.

  7. 2 അവൻ ഇളംനാമ്പുപോലെയും ഉണങ്ങിയ നിലത്തുനിന്നു പിഴുതെടുക്കപ്പെട്ട വേരുപോലെയും

    അവിടത്തെ മുമ്പാകെ വളരും.

    അവനു രൂപഭംഗിയോ കോമളത്വമോ ആകർഷകമായ സൗന്ദര്യമോ ഇല്ല,

    കാഴ്ചയിൽ ഹൃദയാവർജകമായി യാതൊന്നുംതന്നെ അവനിൽ ഉണ്ടായിരുന്നില്ല.

    3 അവൻ മനുഷ്യരാൽ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു;

    അവൻ കഷ്ടത അനുഭവിക്കുന്നവനായും രോഗം ശീലിച്ചവനായും ഇരുന്നു.

    അവനെ കാണുന്നവർ അവരുടെ മുഖം തിരിച്ചുകളഞ്ഞു,

    അവൻ നിന്ദിതനായിരുന്നു, നാം അവനെ നിസ്സാരനായി പരിഗണിച്ചു.

    4 നിശ്ചയമായും അവൻ നമ്മുടെ രോഗങ്ങളെ വഹിച്ചു,

    നമ്മുടെ വേദനകളെ അവൻ ചുമന്നു.

    ദൈവമാണ് അവനെ ശിക്ഷിച്ചതും അടിച്ചതും

    പീഡിപ്പിച്ചതും എന്നു നാം കരുതി.

    5 എന്നാൽ നമ്മുടെ ലംഘനങ്ങൾക്കുവേണ്ടിയാണ് അവൻ മുറിവേറ്റത്,

    നമ്മുടെ അകൃത്യങ്ങൾനിമിത്തമാണ് അവൻ തകർക്കപ്പെട്ടത്.

    നമ്മുടെ സമാധാനത്തിനുവേണ്ടിയുള്ള ശിക്ഷ അവന്റെമേൽ പതിച്ചു,

    അവൻ സഹിച്ച മുറിവുകളാൽ നാം സൗഖ്യം പ്രാപിച്ചിരിക്കുന്നു.

    6 നാമെല്ലാവരും ആടുകളെപ്പോലെ തെറ്റിയലഞ്ഞിരുന്നു,

    നാമോരോരുത്തനും നമ്മുടെ സ്വന്തം വഴിക്കു തിരിഞ്ഞു;

    എന്നാൽ യഹോവ നമ്മുടെയെല്ലാവരുടെയും

    അകൃത്യം അവന്റെമേൽ ചുമത്തി.

    7 അവൻ മർദനമേൽക്കുകയും പീഡനം സഹിക്കുകയും ചെയ്തു,

    എന്നിട്ടും അവൻ നിശ്ശബ്ദനായിരുന്നു;

    അറക്കാൻ കൊണ്ടുപോകുന്ന ഒരു കുഞ്ഞാടിനെപ്പോലെ അവൻ ആനീതനായി,

    രോമം കത്രിക്കുന്നവർക്കു മുമ്പിൽ മൗനമായി നിൽക്കുന്ന

    ചെമ്മരിയാടിനെപോലെ അവൻ വായ് തുറക്കാതിരുന്നു.

  8. 8 അങ്ങയുടെ ഉടയാടകൾ മീറയും ചന്ദനവും ലവംഗവുംകൊണ്ട് പരിമളപൂരിതമായിരിക്കുന്നു;

    ദന്താലംകൃതമായ മണിമന്ദിരത്തിൽനിന്നുള്ള

    തന്ത്രിനാദസംഗീതം അങ്ങയെ ആനന്ദചിത്തനാക്കുന്നു.

    9 അന്തഃപുരനാരികളിൽ രാജകുമാരികളുണ്ട്;

    അങ്ങയുടെ വലതുഭാഗത്ത് ഓഫീർതങ്കത്താൽ അലംകൃതയായ രാജകുമാരി നിലകൊള്ളുന്നു.

    10 അല്ലയോ കുമാരീ, കേൾക്കൂ, ശ്രദ്ധയോടെ ചെവിചായ്‌ക്കൂ:

    നിന്റെ സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്കൂ.

    11 അപ്പോൾ രാജാവ് നിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനായിത്തീരട്ടെ;

    അദ്ദേഹത്തെ നമസ്കരിച്ചുകൊൾക, അദ്ദേഹം നിന്റെ നാഥനല്ലോ.

  9. 23 കാരണം ഈ കൽപ്പന ഒരു ദീപവും

    ഈ ഉപദേശം ഒരു പ്രകാശവും ആകുന്നു,

    ശിക്ഷണത്തിനുള്ള ശാസനകൾ

    ജീവന്റെ മാർഗംതന്നെ,

    24 അവ നിന്നെ വ്യഭിചാരിണിയിൽനിന്നും

    ലൈംഗികധാർമികതയില്ലാത്തവളുടെ മധുരഭാഷണത്തിൽനിന്നും സൂക്ഷിക്കും.

    25 അവളുടെ മേനിയഴകിനാൽ നിന്റെ ഹൃദയം ആസക്തമാകരുത്

    അവളുടെ മോഹിപ്പിക്കുന്ന കണ്ണുകളിൽ നീ കുരുങ്ങിപ്പോകുകയും അരുത്.

    26 എന്തുകൊണ്ടെന്നാൽ, ഒരു വേശ്യനിമിത്തം നീ അപ്പനുറുക്കുകൾ ഇരക്കേണ്ടിവരും,

    എന്നാൽ അന്യപുരുഷന്റെ ഭാര്യ നിന്റെ ജീവനെ മൊത്തമായിത്തന്നെ ഇരയാക്കുന്നു.

  10. 25 “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും എന്തു പാനംചെയ്യും എന്ന് ജീവസന്ധാരണത്തെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങൾ വ്യാകുലപ്പെടരുത്. ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളവയല്ലേ? 26 ആകാശത്തിലെ പക്ഷികളെ നോക്കുക; അവ വിതയ്ക്കുകയോ കൊയ്യുകയോ കളപ്പുരകളിൽ സമാഹരിക്കുകയോ ചെയ്യുന്നില്ല. എങ്കിലും നിങ്ങളുടെ സ്വർഗസ്ഥപിതാവ് അവയ്ക്ക് ഭക്ഷണം നൽകുന്നില്ലേ? അവയെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ! 27 വ്യാകുലപ്പെടുന്നതിലൂടെ തന്റെ ജീവിതകാലയളവിനോട് ഒരു നിമിഷം കൂട്ടിച്ചേർക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ?

    28 “വസ്ത്രത്തെക്കുറിച്ച് നിങ്ങൾ വ്യാകുലചിത്തരാകുന്നത് എന്തിന്? വയലിലെ ശോശന്നച്ചെടികൾ എങ്ങനെ വളരുന്നെന്നു നിരീക്ഷിക്കുക: അവ അധ്വാനിക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല. 29 എന്നിട്ടും, ശലോമോൻപോലും തന്റെ സകലപ്രതാപത്തിലും ഇവയിൽ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.

  11. 25 ഇസ്രായേലിലെങ്ങും സൗന്ദര്യംകൊണ്ട് അബ്ശാലോം കുമാരനോളം കീർത്തിയുള്ള ഒരാളും ഉണ്ടായിരുന്നില്ല. ആപാദചൂഡം യാതൊരുവിധ ന്യൂനതകളുമില്ലാത്ത വ്യക്തിയായിരുന്നു അദ്ദേഹം.

  12. 15 അവൾ മാണിക്യത്തെക്കാൾ അമൂല്യമാണ്;

    നീ അഭിലഷിക്കുന്നതൊന്നും അതിനു തുല്യമാകുകയില്ല.

    16 അവൾ വലതുകരത്തിൽ ദീർഘായുസ്സും;

    ഇടതുകരത്തിൽ ധനസമൃദ്ധിയും ബഹുമതിയും വാഗ്ദാനംചെയ്യുന്നു.

    17 അവളുടെ വഴികൾ ആനന്ദഹേതുവും

    അവളുടെ പാതകളെല്ലാം സമാധാനപൂർണവും ആകുന്നു.

    18 അവളെ ആലിംഗനംചെയ്യുന്നവർക്ക് അവൾ ഒരു ജീവവൃക്ഷം;

    അവളെ മുറുകെപ്പിടിക്കുന്നവർ അനുഗൃഹീതരാകും.

  13. 7 എന്റെ പ്രിയേ, നീ സർവാംഗസുന്ദരിതന്നെ;

    നിന്നിലൊരു ന്യൂനതയുമില്ല.

  14. 7 സുവാർത്ത കൊണ്ടുവരികയും

    സമാധാനം പ്രഘോഷിക്കുകയും

    ശുഭവർത്തമാനം കൊണ്ടെത്തിക്കുകയും

    രക്ഷ വിളംബരംചെയ്യുകയും

    സീയോനോട് “നിന്റെ ദൈവം വാഴുന്നു,” എന്നു പറയുകയുംചെയ്ത്,

    പർവതസാനുക്കൾ താണ്ടിവരുന്നവരുടെ

    പാദങ്ങൾ എത്ര മനോഹരം!

  15. 10 നാം ദൈവകരങ്ങളുടെ സൃഷ്ടിവൈദഗ്ദ്ധ്യമാണ്. സൽപ്രവൃത്തികൾ ചെയ്യുന്നതിനായിട്ടാണ് ക്രിസ്തുയേശുവിൽ നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, അപ്രകാരം ചെയ്യുന്നതിന് ദൈവം മുൻകൂട്ടി തീരുമാനിച്ചതുമാണ്.

  16. 1 ദരിദ്രരോടു സുവിശേഷം അറിയിക്കാൻ

    യഹോവയായ കർത്താവ് എന്നെ അഭിഷേകം ചെയ്തിരിക്കുകയാൽ

    അവിടത്തെ ആത്മാവ് എന്റെമേലുണ്ട്.

    ഹൃദയം തകർന്നവരുടെ മുറിവു കെട്ടുന്നതിനും

    തടവുകാർക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനും

    ബന്ധിതരെ മോചിപ്പിക്കുന്നതിനും അവിടന്ന് എന്നെ അയച്ചിരിക്കുന്നു.

    2 യഹോവയുടെ പ്രസാദവർഷവും

    നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസംഗിക്കാനും

    വിലപിക്കുന്നവരെയെല്ലാം ആശ്വസിപ്പിക്കാനും

    3 സീയോനിലെ ദുഃഖിതർക്കു—

    വെണ്ണീറിനു പകരം

    തലപ്പാവ് അലങ്കാരമായും

    വിലാപത്തിനു പകരം

    ആനന്ദതൈലവും

    വിഷാദഹൃദയത്തിനു പകരം

    സ്തുതിയെന്ന മേലങ്കിയും നൽകുവാനും,

    അവിടന്ന് എന്നെ അയച്ചിരിക്കുന്നു.

    അവിടത്തെ മഹത്ത്വം വെളിപ്പെടുത്തേണ്ടതിന്

    യഹോവ നട്ടുവളർത്തിയ

    നീതിയുടെ ഓക്കുമരങ്ങളാണ് അവർ എന്നു വിളിക്കപ്പെടും.

    4 അവർ പൗരാണിക ശൂന്യശിഷ്ടങ്ങളെ പുതുക്കിപ്പണിയും,

    പണ്ടു തകർക്കപ്പെട്ടതെല്ലാം കെട്ടിയുയർത്തും;

    ശൂന്യനഗരങ്ങളെ അവർ പുനരുദ്ധരിക്കും,

    തലമുറകളായി ശൂന്യമായിക്കിടക്കുന്നവയെത്തന്നെ.

  17. 17 നിന്റെ സൗന്ദര്യം നിമിത്തം

    നിന്റെ ഹൃദയം നിഗളിച്ചു;

    നിന്റെ തേജസ്സുനിമിത്തം

    നിന്റെ ജ്ഞാനത്തെ നീ ദുഷിപ്പിച്ചു.

    തന്മൂലം ഞാൻ നിന്നെ ഭൂമിയിലേക്ക് എറിഞ്ഞുകളഞ്ഞു.

    രാജാക്കന്മാരുടെമുമ്പിൽ ഞാൻ നിന്നെ ഒരു പ്രദർശന വസ്തുവാക്കിത്തീർത്തു.

    18 നിന്റെ അനവധിയായ പാപംകൊണ്ടും വ്യാപാരത്തിലെ നീതികേടുകൊണ്ടും

    നിന്റെ വിശുദ്ധമന്ദിരങ്ങളെ നീ അശുദ്ധമാക്കി.

    അതിനാൽ നിന്റെ മധ്യത്തിൽനിന്ന് ഞാൻ ഒരു തീ പുറപ്പെടുവിക്കും,

    അതു നിന്നെ ദഹിപ്പിച്ചുകളഞ്ഞു.

    നിന്നെ നോക്കിക്കൊണ്ടിരുന്ന എല്ലാവരുടെയും കൺമുന്നിൽവെച്ചുതന്നെ

    ഞാൻ നിന്നെ ഭസ്മമാക്കി മാറ്റിക്കളയും.

  18. 17 ലേയയുടെ കണ്ണുകൾ ശോഭകുറഞ്ഞതായിരുന്നു; എന്നാൽ, റാഹേൽ ആകാരഭംഗിയുള്ളവളും സുന്ദരിയുമായിരുന്നു.

  19. 2 ദൈവം പ്രകാശിക്കുന്നു,

    സൗന്ദര്യത്തിന്റെ സമ്പൂർണതയായ സീയോനിൽനിന്നുതന്നെ.

  20. 16 അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടുന്നില്ല. ഞങ്ങളുടെ ബാഹ്യമനുഷ്യൻ (ശരീരം) ക്ഷയിച്ചുകൊണ്ടിരിക്കുന്നെങ്കിലും ആന്തരികമനുഷ്യൻ (ആത്മാവ്) അനുദിനം നവീകരിക്കപ്പെടുന്നു.

  21. 27 ഇങ്ങനെ, ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു;

    അവിടന്നു ദൈവസ്വരൂപത്തിൽ അവരെ സൃഷ്ടിച്ചു;

    പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു.

  22. 5 അങ്ങയെ നോക്കുന്നവർ പ്രകാശപൂരിതരായിത്തീരുന്നു;

    അവരുടെ മുഖം ഒരിക്കലും ലജ്ജാഭരിതമാകുകയില്ല.

  23. 1 യഹോവയ്ക്ക് ഒരു നവഗാനം ആലപിക്കുക;

    സർവഭൂമിയുമേ, യഹോവയ്ക്കു പാടുക.

    2 യഹോവയ്ക്കു പാടുക, തിരുനാമത്തെ വാഴ്ത്തുക;

    അനുദിനം അവിടത്തെ രക്ഷയെ പ്രഖ്യാപിക്കുക.

    3 രാഷ്ട്രങ്ങൾക്കിടയിൽ അവിടത്തെ മഹത്ത്വം വിളംബരംചെയ്യുക,

    സകലജനതകൾക്കുമിടയിൽ അവിടത്തെ അത്ഭുതപ്രവൃത്തികളും.

    4 കാരണം യഹോവ ഉന്നതനും സ്തുതിക്ക് അത്യന്തം യോഗ്യനുമാണ്;

    സകലദേവന്മാരെക്കാളും അവിടത്തെ ഭയപ്പെടേണ്ടതാകുന്നു.

    5 ഇതര ജനതകളുടെ ദേവന്മാരെല്ലാം വിഗ്രഹങ്ങളാണല്ലോ,

    എന്നാൽ യഹോവ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു!

    6 പ്രതാപവും മഹിമയും തിരുമുമ്പിലുണ്ട്;

    ബലവും മഹത്ത്വവും അവിടത്തെ വിശുദ്ധമന്ദിരത്തിലുമുണ്ട്.

  24. 25 അവൾ ബലവും ബഹുമാനവും അണിഞ്ഞിരിക്കുന്നു;

    അവൾ ഭാവിയെ നോക്കി പുഞ്ചിരിതൂകുന്നു.

    26 അവൾ ജ്ഞാനത്തോടെ സംസാരിക്കുന്നു,

    അവളുടെ നാവിൽ വിശ്വസനീയമായ ഉപദേശങ്ങളുണ്ട്.

  25. 5 ആ ദിവസത്തിൽ സൈന്യങ്ങളുടെ യഹോവ

    തന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്നവർക്കു

    ശോഭയുള്ള ഒരു കിരീടവും

    മഹത്ത്വകരമായ മകുടവുമായിരിക്കും.

  26. 8 പുല്ല് ഉണങ്ങുന്നു, പൂക്കൾ കൊഴിയുന്നു;

    നമ്മുടെ ദൈവത്തിന്റെ വചനമോ ചിരകാലത്തേക്കുമുള്ളത്.”

  27. 13 “ഇപ്പോൾ ഞാൻ അങ്ങയുടെ അടുത്തേക്കു വരുന്നു; എന്റെ ആനന്ദം അവരുടെ ഉള്ളിൽ പരിപൂർണമാകേണ്ടതിന്, ഞാൻ ലോകത്തിൽ ഇരിക്കുമ്പോൾത്തന്നെ ഇതു സംസാരിച്ചിരിക്കുന്നു.

  28. 9 ബലവും ധൈര്യവും ഉള്ളവനായിരിക്കാൻ ഞാൻ നിന്നോടു കൽപ്പിച്ചില്ലയോ; ഭയപ്പെടരുത്, ഭ്രമിക്കുകയും അരുത്; നിന്റെ ദൈവമായ യഹോവ നീ പോകുന്നിടത്തൊക്കെയും നിന്നോടുകൂടെ ഉണ്ടായിരിക്കും.”

  29. 4 യഹോവയോട് ഞാൻ ഒരു കാര്യം അപേക്ഷിക്കുന്നു;

    ഇതുതന്നെയാണെന്റെ ആഗ്രഹവും:

    യഹോവയുടെ മനോഹാരിത ദർശിക്കുന്നതിനും

    അവിടത്തെ ആലയത്തിൽ ധ്യാനിക്കുന്നതിനുമായി

    എന്റെ ജീവിതകാലംമുഴുവൻ

    യഹോവയുടെ ആലയത്തിൽ അധിവസിക്കുന്നതിനുതന്നെ.

  30. 17 ഞങ്ങളുടെ ദൈവമായ കർത്താവിന്റെ കാരുണ്യം ഞങ്ങളുടെമേൽ ഉണ്ടായിരിക്കുമാറാകട്ടെ;

    ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സഫലമാക്കണമേ—

    അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സഫലമാക്കണമേ.

  31. യുവാവ്

    15 എന്റെ പ്രിയേ! നീ എത്ര സുന്ദരി!

    നീ സുന്ദരിതന്നെ!

    നിന്റെ നയനങ്ങൾ പ്രാവുകൾപോലെതന്നെ.

    യുവതി

    16 എന്റെ പ്രിയാ, നീ എത്ര സുന്ദരൻ!

    നീ അതിസുന്ദരൻതന്നെ!

    നമ്മുടെ കിടക്കയും ശ്യാമളംതന്നെ.

  32. 17 നിന്റെ കണ്ണ് രാജാവിനെ തന്റെ സൗന്ദര്യത്തിൽ ദർശിക്കും,

    വിദൂരസ്ഥമായൊരു ദേശം നീ കാണുകയും ചെയ്യും.

  33. 17 അവർ എത്ര ആകർഷണീയരും സൗന്ദര്യപൂർണരും ആയിരിക്കും!

    ധാന്യം യുവാക്കന്മാരെയും

    പുതുവീഞ്ഞ് യുവതികളെയും പുഷ്ടിയുള്ളവരാക്കും.

  34. 8 ഹൃദയനൈർമല്യമുള്ളവർ അനുഗൃഹീതർ;

    അവർക്കു ദൈവം ദർശനമേകും.

  35. 8 എന്നാൽ, നാം പാപികളായിരിക്കുമ്പോൾത്തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചതിലൂടെ ദൈവം നമ്മോടുള്ള സ്നേഹം വെളിപ്പെടുത്തുകയായിരുന്നു.

  36. 8 കായികാഭ്യാസം കുറച്ചുമാത്രം പ്രയോജനമുള്ളതാണ്; എന്നാൽ അതിലും മഹത്തരമാണ് ആത്മികാഭ്യസനം. കാരണം, ഐഹികജീവിതത്തിലും വരാനുള്ള ജീവിതത്തിലും അതുമൂലം പ്രയോജനങ്ങൾ വരുമെന്നുള്ള വാഗ്ദാനമുണ്ടല്ലോ.