34 Bible Verses About Self Worth

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Self Worth
  1. 13 അവിടന്നാണെന്റെ അന്തരിന്ദ്രിയം രൂപകൽപ്പനചെയ്തത്;

    എന്റെ അമ്മയുടെ ഗർഭഗൃഹത്തിൽ എന്നെ കൂട്ടിയിണക്കിയതും അങ്ങുതന്നെയാണ്.

    14 സങ്കീർണവും വിസ്മയകരവുമായി അങ്ങ് എന്നെ സൃഷ്ടിച്ചിരിക്കുകയാൽ ഞാൻ അങ്ങേക്ക് സ്തോത്രംചെയ്യുന്നു;

    അവിടത്തെ പ്രവൃത്തികൾ ആശ്ചര്യകരമാണ്,

    അതെനിക്കു നന്നായി അറിയാം.

    15 ഞാൻ നിഗൂഢതയിൽ ഉരുവാക്കപ്പെടുകയും

    ഭൂമിയുടെ അഗാധതകളിൽ മെനയപ്പെടുകയും ചെയ്തപ്പോൾ,

    എന്റെ ആകാരം അങ്ങേക്ക് അജ്ഞാതമായിരുന്നില്ല.

    16 എന്റെ ശരീരം രൂപപ്പെടുന്നതിനുമുമ്പുതന്നെ അവിടത്തെ കണ്ണ് എന്നെ കണ്ടു;

    എനിക്കു നിർണയിക്കപ്പെട്ടിരുന്ന ദിനങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നതിനു മുമ്പേതന്നെ,

    അവയെല്ലാം അങ്ങയുടെ പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ടു.

    17 ദൈവമേ, അവിടത്തെ വിചാരങ്ങൾ എനിക്ക് എത്രയോ അമൂല്യം!

    അവയുടെ ആകെത്തുക എത്ര വലുത്!

    18 ഞാൻ അവയെ എണ്ണിനോക്കിയാൽ

    അവ മണൽത്തരികളെക്കാൾ അധികം!

    ഞാനുണരുമ്പോൾ അങ്ങയോടൊപ്പംതന്നെയായിരിക്കും.

  2. 10 നാം ദൈവത്തിന്റെ ശത്രുക്കളായിരുന്നപ്പോൾ അവിടത്തെ പുത്രന്റെ മരണത്താൽ നമുക്കു ദൈവത്തോട് അനുരഞ്ജനം ലഭിച്ചുവെങ്കിൽ, അനുരഞ്ജനം ലഭിച്ചശേഷം അവിടത്തെ ജീവൻമൂലം നാം രക്ഷിക്കപ്പെടുമെന്നതും എത്രയോ നിശ്ചിതം! 11 ഇതുമാത്രമല്ല, നമുക്ക് ഇപ്പോൾ അനുരഞ്ജനം സാധ്യമാക്കിയ നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖേന ദൈവത്തിൽ നാം ആഹ്ലാദിക്കുന്നു.

  3. 26 അതിനുശേഷം, “നമുക്ക് നമ്മുടെ സ്വരൂപത്തിലും നമ്മുടെ സാദൃശ്യത്തിലും മനുഷ്യനെ നിർമിക്കാം എന്നു ദൈവം കൽപ്പിച്ചു. അവർ സമുദ്രത്തിലെ മത്സ്യങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും കന്നുകാലികൾക്കും സകലവന്യജീവികൾക്കും ഭൂമിയിൽ ഇഴയുന്ന സകല ഇഴജന്തുക്കൾക്കും അധിപതികളാകട്ടെ.”

    27 ഇങ്ങനെ, ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു;

    അവിടന്നു ദൈവസ്വരൂപത്തിൽ അവരെ സൃഷ്ടിച്ചു;

    പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു.

  4. 7 എന്നാൽ യഹോവ ശമുവേലിനോടു കൽപ്പിച്ചു: “അവന്റെ രൂപമോ പൊക്കമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു; മനുഷ്യൻ കാണുന്നതുപോലെയല്ല യഹോവ കാണുന്നത്. മനുഷ്യൻ പുറമേയുള്ള രൂപം നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു.”

  5. 3 എനിക്കു ലഭിച്ചിരിക്കുന്ന കൃപയുടെ അധികാരത്തിൽ നിങ്ങളിൽ ഓരോരുത്തരോടുമായി ഞാൻ പറയട്ടെ: നിങ്ങൾ ആയിരിക്കുന്നതിൽനിന്നപ്പുറമായി നിങ്ങളെക്കുറിച്ചു ചിന്തിച്ച് അഹങ്കരിക്കരുത്; പിന്നെയോ, ദൈവം നൽകിയിരിക്കുന്ന വിശ്വാസത്തിന്റെ മാനദണ്ഡം ഉപയോഗിച്ച് വിവേകപൂർവം സ്വയം വിലയിരുത്തുകയാണു വേണ്ടത്. 4 നാം ഓരോരുത്തർക്കും ഒരു ശരീരത്തിൽ പല അവയവങ്ങൾ ഉണ്ട്; എന്നാൽ എല്ലാ അവയവങ്ങൾക്കും പ്രവർത്തനം ഒന്നുതന്നെ അല്ല. 5 അതുപോലെ, പലരായ നാം ക്രിസ്തുവിനോട് ഐക്യപ്പെട്ടതിലൂടെ ഒരേ ശരീരമായിത്തീർന്നിരിക്കുകയാണ്; അങ്ങനെ, നാം ഓരോരുത്തരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന അവയവങ്ങളും. 6 ഇപ്രകാരം ദൈവകൃപയ്ക്കനുസൃതമായി നമുക്കു ലഭിച്ചിരിക്കുന്ന കൃപാദാനങ്ങളും വിവിധങ്ങളാണ്: പ്രവചിക്കാനുള്ള ദാനമെങ്കിൽ അതു വിശ്വാസത്തിന് ആനുപാതികമായിരിക്കട്ടെ. 7 ശുശ്രൂഷിക്കുന്നതിനുള്ള ദാനമെങ്കിൽ ശുശ്രൂഷിക്കുകയും ഉപദേശിക്കുന്നതിനുള്ള ദാനമെങ്കിൽ ഉപദേശിക്കുകയുംചെയ്യട്ടെ. 8 മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നതിനുള്ള ദാനമാണുള്ളതെങ്കിൽ അയാൾ ആശ്വസിപ്പിക്കട്ടെ; ദാനം ചെയ്യുന്നതിനാണ് അതെങ്കിൽ അത് ഉദാരതയോടെ ചെയ്യട്ടെ; നയിക്കുന്നതിനുള്ള ദാനമാണുള്ളതെങ്കിൽ അത് ഗൗരവത്തോടെ നിർവഹിക്കട്ടെ; കരുണ കാണിക്കുന്നതിനുള്ള ദാനമാണെങ്കിൽ അത് ആനന്ദത്തോടെ ചെയ്യട്ടെ.

  6. 30 നിന്റെ ദൈവമായ കർത്താവിനെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണമനസ്സാലും സമ്പൂർണശക്തിയാലും സ്നേഹിക്കണം.’ 31 രണ്ടാമത്തേത്, ‘നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കണം’ എന്നതാണ്. ഇവയെക്കാൾ പ്രാധാന്യമുള്ള കൽപ്പന വേറെ ഇല്ല.”

  7. 16 ദൈവത്തിന്റെ നിസ്തുലപുത്രനിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയും നശിച്ചുപോകാതെ നിത്യജീവൻ അവകാശമാക്കേണ്ടതിന് അവിടത്തെ പുത്രനെ യാഗമായി അർപ്പിക്കുന്നത്ര ദൈവം ലോകത്തെ സ്നേഹിച്ചു. 17 ദൈവം അവിടത്തെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല, തന്നിലൂടെ ലോകത്തെ രക്ഷിക്കാനാണ്.

  8. 1 ആകയാൽ (ഇങ്ങനെ നിങ്ങളും കഷ്ടതയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാൽ) നിങ്ങൾ ക്രിസ്തുവിനോട് ചേർന്നിരിക്കുന്നതിലൂടെ എന്തെങ്കിലും പ്രോത്സാഹനം ലഭിച്ചിട്ടുണ്ടോ? അവിടത്തെ സ്നേഹത്തിൽനിന്ന് എന്തെങ്കിലും ആശ്വാസം ലഭിച്ചിട്ടുണ്ടോ? ദൈവാത്മാവിൽ വല്ല കൂട്ടായ്മയും നിങ്ങൾക്കുണ്ടോ? അൽപ്പമെങ്കിലും ആർദ്രതയും അനുകമ്പയും ഉണ്ടോ? ഉണ്ടെങ്കിൽ 2 നിങ്ങൾ ഒരേ ഹൃദയവും ഒരേ സ്നേഹവും ഉള്ളവരായി, ആത്മാവിലും ലക്ഷ്യത്തിലും ഐക്യവും ഉള്ളവരായി, എന്റെ ആനന്ദം സമ്പൂർണമാക്കുക. 3 സ്വാർഥതാത്പര്യത്താലോ വൃഥാഭിമാനത്താലോ ഒന്നും ചെയ്യാതെ വിനയപൂർവം മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠർ എന്നു കരുതുക. 4 നിങ്ങളിൽ ഓരോരുത്തരും സ്വന്തം നന്മമാത്രമല്ല, മറ്റുള്ളവരുടെ നന്മകൂടി അന്വേഷിക്കേണ്ടതാണ്.

    5 ക്രിസ്തുയേശുവിന്റെ സ്വഭാവംതന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.

    6 പ്രകൃത്യാതന്നെ ദൈവമായിരിക്കെ,

    ദൈവത്തോടുള്ള സമത്വം എപ്പോഴും മുറുകെപിടിച്ചുകൊണ്ടിരിക്കണം എന്നു ചിന്തിക്കാതെ,

    7 ക്രിസ്തു തന്നെത്തന്നെ ശൂന്യനാക്കി,

    ദാസവേഷം ധരിച്ച്,

    മനുഷ്യപ്രകൃതിയിൽ കാണപ്പെട്ടു.

    8 അവിടന്ന് അങ്ങനെ തന്നെത്താൻ താഴ്ത്തുകയും,

    മരണംവരെ;

    അതേ, ക്രൂശുമരണംവരെ,

    അനുസരണയുള്ളവനായിത്തീരുകയും ചെയ്തു.

    9 അതുകൊണ്ട് ദൈവം ക്രിസ്തുവിനെ പരമോന്നതസ്ഥാനത്തേക്ക് ഉയർത്തി,

    എല്ലാ നാമങ്ങൾക്കും മീതേ ഉത്തുംഗമായ നാമം അവിടത്തേക്കു നൽകി.

    10 തന്മൂലം സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും ഉള്ള എല്ലാവരും

    യേശുവിന്റെ നാമത്തിങ്കൽ സാഷ്ടാംഗം പ്രണമിക്കുകയും

  9. 3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെടട്ടെ. അവിടന്ന് സ്വർഗത്തിലെ സർവ ആത്മികാനുഗ്രഹങ്ങളാലും ക്രിസ്തുവിൽ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. 4 തിരുസന്നിധിയിൽ നാം വിശുദ്ധരും നിഷ്കളങ്കരും ആയിത്തീരാൻവേണ്ടി സ്നേഹത്താൽ ദൈവം നമ്മെ ലോകസ്ഥാപനത്തിനുമുമ്പേ ക്രിസ്തുവിൽ തെരഞ്ഞെടുത്തു. 5 ദൈവം, തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുവിലൂടെ നമുക്കു പുത്രത്വം നൽകി നമ്മെ അവിടത്തേക്കുവേണ്ടി മുൻനിയമിച്ചിരിക്കുന്നു. 6 ഇത് അവിടന്ന് സ്നേഹസ്വരൂപനിലൂടെ നമുക്കു നിർലോപമായി നൽകിയ മഹനീയകൃപയുടെ പുകഴ്ചയ്ക്കുവേണ്ടിയായിരുന്നു.

  10. 12 ദുർഭിക്ഷതയിൽ ആയിരിക്കാനും സുഭിക്ഷതയിൽ ആയിരിക്കാനും എനിക്കറിയാം. ഏതു സാഹചര്യത്തിൽ ജീവിക്കാനും; തൃപ്തനായിരിക്കാനും വിശന്നിരിക്കാനും സമൃദ്ധിയിലായിരിക്കാനും ദാരിദ്ര്യത്തിലായിരിക്കാനും എല്ലാ അവസ്ഥയിലും ജീവിക്കുന്നതിന്റെ രഹസ്യം ഞാൻ പരിശീലിച്ചിരിക്കുന്നു. 13 എന്നെ ശാക്തീകരിക്കുന്ന ക്രിസ്തുവിന്റെ സഹായത്താൽ സർവവും ചെയ്യാൻ ഞാൻ പ്രാപ്തനായിരിക്കുന്നു.

  11. 24 പിന്നെ യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത്: “ഒരാൾ എന്റെ ശിഷ്യനാകാൻ ഇച്ഛിക്കുന്നെങ്കിൽ അയാൾ സ്വയം ത്യജിച്ച് തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ. 25 സ്വന്തം ജീവനെ രക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതു നഷ്ടമാകും; എന്റെ അനുയായി ആയതുനിമിത്തം സ്വജീവൻ നഷ്ടപ്പെടുത്തുന്നവർ അതു നേടുകതന്നെ ചെയ്യും. 26 ഒരാൾ ലോകം മുഴുവൻ തന്റെ സ്വന്തമാക്കിയാലും സ്വന്തം ജീവൻ കൈമോശംവരുത്തിയാൽ അയാൾക്ക് എന്തു പ്രയോജനം? അഥവാ, ഒരാൾക്ക് തന്റെ ജീവന്റെ വിലയായി എന്തു പകരം കൊടുക്കാൻ കഴിയും?

  12. 9 എന്നാൽ അവിടന്ന് എന്നോട്, “എന്റെ കൃപ നിനക്കുമതി, എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു” എന്നു പറഞ്ഞു. അതുകൊണ്ടു ക്രിസ്തുവിന്റെ ശക്തി എന്നിൽക്കൂടി പ്രവർത്തിക്കേണ്ടതിനു ഞാൻ അധികം ആനന്ദത്തോടെ എന്റെ ബലഹീനതകളെപ്പറ്റി പ്രശംസിക്കും. 10 അതുകൊണ്ടാണ് ക്രിസ്തുവിനുവേണ്ടി ബലഹീനതകൾ, പരിഹാസങ്ങൾ, ഞെരുക്കങ്ങൾ, പീഡനങ്ങൾ, വൈഷമ്യങ്ങൾ എന്നിവ സഹിക്കുന്നതിൽ ഞാൻ ആനന്ദിക്കുന്നത്. കാരണം, ബലഹീനതയിലാണ് ഞാൻ ശക്തനാകുന്നത്.

  13. 10 നാം ദൈവകരങ്ങളുടെ സൃഷ്ടിവൈദഗ്ദ്ധ്യമാണ്. സൽപ്രവൃത്തികൾ ചെയ്യുന്നതിനായിട്ടാണ് ക്രിസ്തുയേശുവിൽ നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, അപ്രകാരം ചെയ്യുന്നതിന് ദൈവം മുൻകൂട്ടി തീരുമാനിച്ചതുമാണ്.

  14. 3 നിങ്ങളെ ഓർക്കുമ്പോഴെല്ലാം ഞാൻ എന്റെ ദൈവത്തിനു സ്തോത്രംചെയ്യുന്നു. 4-5 എന്റെ സുവിശേഷഘോഷണദൗത്യത്തിലെ ആദ്യദിവസംമുതൽ ഇന്നുവരെ നിങ്ങളുടെ പങ്കാളിത്തം അനുസ്മരിച്ച് നിങ്ങൾ എല്ലാവർക്കുംവേണ്ടിയുള്ള സകലപ്രാർഥനകളിലും ഞാൻ എപ്പോഴും ആനന്ദത്തോടെ അപേക്ഷിക്കുന്നു. 6 നിങ്ങളിൽ ദൈവം ആരംഭിച്ച നല്ല പ്രവൃത്തി ക്രിസ്തുയേശുവിന്റെ പുനരാഗമനദിനംവരെ തുടർന്ന് അതിന്റെ പരിപൂർണതയിൽ എത്തിക്കുമെന്ന് എനിക്ക് ദൃഢനിശ്ചയമുണ്ട്.

  15. 7 ദൈവം നമുക്കു നൽകിയിട്ടുള്ള പരിശുദ്ധാത്മാവ് ഭീരുത്വത്തിന്റേതല്ല; പിന്നെയോ, ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയുമാണ്.

  16. 1 നോക്കൂ, പിതാവു നമുക്ക് എത്രയോ അതിരില്ലാത്ത സ്നേഹം പകർന്നാണ് നമ്മെ ദൈവമക്കളെന്നു വിളിച്ചത്! നാം വാസ്തവത്തിൽ അങ്ങനെതന്നെ ആണ്! ലോകം അവിടത്തെ അറിഞ്ഞിട്ടില്ലാത്തതുകൊണ്ട് അത് നമ്മെയും അറിയുന്നില്ല. 2 പ്രിയരേ, ഇപ്പോൾ നാം ദൈവത്തിന്റെമക്കൾ ആകുന്നു. നാം എന്തായിത്തീരുമെന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. എന്നാൽ, ക്രിസ്തു പ്രത്യക്ഷനാകുമ്പോൾ നാം അവിടത്തെപ്പോലെയാകും. അവിടന്ന് ആയിരിക്കുന്നതുപോലെ നാം അവിടത്തെ കാണും.

  17. 25 പെട്ടെന്നു സംഭവിക്കുന്ന ദുരന്തമോ

    ദുഷ്ടരുടെ നാശമോ കണ്ട് നീ സംഭീതനാകരുത്,

    26 കാരണം യഹോവയാണ് നിന്റെ സുരക്ഷിതത്വം

    അവിടന്ന് നിന്റെ പാദം കെണിയിലകപ്പെടാതെ കാത്തുകൊള്ളും.

  18. 27 ഞാൻ നിങ്ങളോട് ഇരുളിൽ സംസാരിക്കുന്നത്, പകലിൽ പ്രസ്താവിക്കുക; നിങ്ങളുടെ ചെവിയിൽ മന്ത്രിച്ചതു പുരമുകളിൽനിന്ന് ഘോഷിക്കുക. 28 നിങ്ങളുടെ ആത്മാവിനെ ഹനിക്കാൻ കഴിയാതെ ശരീരത്തെമാത്രം കൊല്ലുന്നവരെ ഭയപ്പെടരുത്; മറിച്ച്, ജീവനെയും ശരീരത്തെയും നരകത്തിലിട്ട് നശിപ്പിക്കാൻ കഴിയുന്ന ദൈവത്തെ ഭയപ്പെടുക. 29 ഒരു രൂപയ്ക്ക് രണ്ട് കുരുവിയെ വിൽക്കുന്നില്ലയോ? നിങ്ങളുടെ പിതാവ് അറിയാതെ അവയിൽ ഒന്നുപോലും നിലത്തു വീഴുകയില്ല. 30 നിങ്ങളുടെ തലയിൽ എത്ര മുടിയുണ്ടെന്നുപോലും അവിടത്തേക്കറിയാം. 31 ആകയാൽ ഭയപ്പെടേണ്ട, അനവധി കുരുവികളെക്കാളും മൂല്യമേറിയവരല്ലോ നിങ്ങൾ.

  19. 37 അതിന് യേശു, “ ‘നിന്റെ ദൈവമായ കർത്താവിനെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണമനസ്സാലും സ്നേഹിക്കണം.’ 38 ഇതാകുന്നു പ്രഥമവും ഏറ്റവും മഹത്തുമായ കൽപ്പന. 39 രണ്ടാമത്തെ കൽപ്പനയും അതിനുതുല്യം: ‘നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക.’ 40 സർവന്യായപ്രമാണവും പ്രവാചകന്മാരും ഈ രണ്ട് കൽപ്പനകളിൽ അധിഷ്ഠിതമായിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു.

  20. 9 തങ്ങൾ നീതിനിഷ്ഠരാണെന്ന ആത്മവിശ്വാസത്തോടെ മറ്റുള്ളവരെ പുച്ഛിക്കുന്ന ചിലരോട് യേശു ഈ സാദൃശ്യകഥ പറഞ്ഞു: 10 “രണ്ട് മനുഷ്യർ പ്രാർഥിക്കാൻ ദൈവാലയത്തിൽ ചെന്നു; ഒരാൾ പരീശൻ, മറ്റേയാൾ ഒരു നികുതിപിരിവുകാരൻ. 11 പരീശൻ മറ്റുള്ളവരിൽനിന്നെല്ലാം വേറിട്ടുനിന്നുകൊണ്ട് തന്നെക്കുറിച്ചുതന്നെ ഇങ്ങനെ പ്രാർഥിച്ചു; ‘ദൈവമേ, കൊള്ളക്കാർ, ദുഷ്‌പ്രവൃത്തിക്കാർ, വ്യഭിചാരികൾ മുതലായ മറ്റു മനുഷ്യരെപ്പോലെയോ ഈ നികുതിപിരിവുകാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ അങ്ങേക്കു നന്ദി പറയുന്നു. 12 ഞാൻ ആഴ്ചയിൽ രണ്ടുതവണ ഉപവസിക്കുകയും എനിക്കു ലഭിക്കുന്ന എല്ലാറ്റിന്റെയും ദശാംശം കൊടുക്കുകയുംചെയ്യുന്നു.’

    13 “എന്നാൽ നികുതിപിരിവുകാരനായ മറ്റേയാളോ വളരെ അകലെനിന്ന്, സ്വർഗത്തിലേക്കു നോക്കാൻപോലും ധൈര്യപ്പെടാതെ മാറത്തടിച്ചുകൊണ്ട്, ‘ദൈവമേ, പാപിയായ എന്നോടു കരുണതോന്നണമേ’ എന്നു പ്രാർഥിച്ചു.

    14 “ഈ ഇരുവരിൽ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയതു നികുതിപിരിവുകാരനാണ്, ആ പരീശനല്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. കാരണം, സ്വയം ഉയർത്തുന്നയാൾ അപമാനിതനാകും; സ്വയം താഴ്ത്തുന്നയാൾ ബഹുമാനിതനും.”

  21. 6 രണ്ട് രൂപയ്ക്ക് അഞ്ചു കുരുവിയെ വിൽക്കുന്നില്ലയോ? എങ്കിലും അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുകളയുന്നില്ല. 7 നിങ്ങളുടെ തലയിൽ എത്ര മുടിയുണ്ടെന്നുപോലും അവിടത്തേക്കറിയാം. ആകയാൽ ഭയപ്പെടേണ്ട, അനവധി കുരുവികളെക്കാളും മൂല്യമേറിയവരല്ലോ നിങ്ങൾ.

  22. 21 എന്നാൽ ഇപ്പോഴാകട്ടെ, ന്യായപ്രമാണത്തിന്റെ ആചരണംകൂടാതെ ലഭിക്കുന്ന ദൈവികപാപവിമോചനം വെളിപ്പെട്ടുവന്നിരിക്കുന്നു; ഇതിനെക്കുറിച്ചു ന്യായപ്രമാണത്തിലും പ്രവാചകന്മാരുടെ ലിഖിതങ്ങളിലും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. 22 യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ ദൈവത്തിൽനിന്നുള്ള ഈ കുറ്റവിമുക്തി, വിശ്വസിക്കുന്ന എല്ലാവർക്കും ലഭിക്കുന്നു. 23 യെഹൂദനെന്നോ യെഹൂദേതരനെന്നോ ഒരു ഭേദവുമില്ലാതെ എല്ലാവരും പാപംചെയ്തു ദൈവതേജസ്സിന് അന്യരായിത്തീർന്നിരിക്കുന്നു. 24 എങ്കിലും ദൈവകൃപയാൽ, ക്രിസ്തുയേശുമുഖേനയുള്ള വീണ്ടെടുപ്പിലൂടെ അവരെ സൗജന്യമായി നീതീകരിക്കുന്നു. 25 ദൈവം യേശുവിന്റെ രക്തംചൊരിഞ്ഞ് പാപനിവാരണയാഗമാക്കി പരസ്യമായി നൽകിയതിൽ വിശ്വസിക്കുന്നതിലൂടെയാണ് ഈ നീതി ലഭിക്കുന്നത്. അവിടത്തെ നീതി പ്രകടമാക്കുന്നതിനാണ് ഇപ്പോൾ ഇങ്ങനെ ചെയ്തത്. ദൈവം അവിടത്തെ ദീർഘക്ഷമനിമിത്തം മുൻകാലപാപങ്ങൾക്കു ശിക്ഷവിധിച്ചതുമില്ല. 26 അവിടന്ന് ഇങ്ങനെ പ്രവർത്തിച്ചത്, ഈ കാലഘട്ടത്തിൽ അവിടത്തെ നീതി പ്രകടമാക്കിക്കൊണ്ട്, നീതിനിഷ്ഠനും യേശുവിൽ വിശ്വസിക്കുന്നവരെ നീതീകരിക്കുന്നവനും ആയിരിക്കാനാണ്.

  23. 32 സ്വന്തം പുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവർക്കുംവേണ്ടി മരിക്കാൻ ഏൽപ്പിച്ചുകൊടുത്ത ദൈവം, പുത്രനോടൊപ്പം സകലതും സമൃദ്ധമായി നമുക്കു നൽകാതിരിക്കുമോ? 33 ദൈവം തെരഞ്ഞെടുത്ത നമുക്കെതിരേ ആര് കുറ്റമാരോപിക്കും? ദൈവമാണ് നീതീകരിക്കുന്നവൻ; പിന്നെയാരാണ് ശിക്ഷവിധിക്കുന്നത്? 34 ക്രിസ്തുയേശു മരിച്ച്, ഉയിർത്തെഴുന്നേറ്റ് ദൈവത്തിന്റെ വലതുഭാഗത്ത് ഇരുന്നുകൊണ്ട് നമുക്കുവേണ്ടി മധ്യസ്ഥത ചെയ്തുകൊണ്ടിരിക്കുന്നു. 35 ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ ആർക്കു കഴിയും? ക്ലേശങ്ങൾക്കോ കഷ്ടതകൾക്കോ പീഡനത്തിനോ പട്ടിണിക്കോ നഗ്നതയ്ക്കോ ആപത്തിനോ വാളിനോ അതു ചെയ്യാൻ കഴിയുമോ?

    36 “അങ്ങേക്കുവേണ്ടി ദിവസംമുഴുവനും ഞങ്ങൾ മരണത്തെ മുഖാമുഖം കാണുന്നു:

    അറക്കപ്പെടാനുള്ള ആടുകളായി ഞങ്ങളെ പരിഗണിക്കുന്നു,”

    എന്ന് എഴുതിയിരിക്കുന്നല്ലോ. 37 നാമോ, നമ്മെ സ്നേഹിച്ച കർത്താവിലൂടെ ഇവയിലെല്ലാം വിജയം വരിക്കുന്നു. 38 മരണത്തിനോ ജീവനോ ദൂതന്മാർക്കോ പ്രധാനികൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരാനുള്ളതിനോ ശക്തികൾക്കോ 39 ഉന്നതങ്ങളിലുള്ളവെക്കോ അധോലോകത്തിലുള്ളവയ്ക്കോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ സാധ്യമല്ലെന്ന് എനിക്കു പരിപൂർണബോധ്യമുണ്ട്.

  24. 20 ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഇനിമുതൽ ജീവിക്കുന്നത് ഞാനല്ല; ക്രിസ്തു ആണ് എന്നിൽ ജീവിക്കുന്നത്. എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി സ്വയം അർപ്പിക്കുകയുംചെയ്ത ദൈവപുത്രനിലുള്ള വിശ്വാസംമൂലമാണ് ഞാൻ ഇപ്പോൾ ഈ ശരീരത്തിൽ ജീവിക്കുന്നത്.

  25. 3 ഒരു വ്യക്തി, ആരുമല്ലാതിരിക്കെ, താൻ ആരോ ആണെന്നു ചിന്തിക്കുന്നെങ്കിൽ, അയാൾ സ്വയം വഞ്ചിക്കുകയാണ്. 4 ഓരോരുത്തരും സ്വന്തം പ്രവൃത്തികളെ വിലയിരുത്തട്ടെ. അങ്ങനെയുള്ളവർക്ക് തങ്ങളെ മറ്റാരുമായും താരതമ്യംചെയ്യാതെ സ്വയം അഭിമാനിക്കാൻ കഴിയും. 5 ഓരോരുത്തരും സ്വന്തം പ്രവൃത്തികൾക്ക് ഉത്തരവാദികളാണ്.

  26. 1 നിങ്ങൾ സ്വന്തം നിയമലംഘനങ്ങളിലും പാപങ്ങളിലും മരിച്ചവരായിരുന്നു: 2 അവയിൽ നിങ്ങൾ മുമ്പ് ഈ ലോകത്തിന്റെ വഴികൾ പിൻതുടർന്ന്, ആകാശത്തിലെ അന്ധകാരശക്തിയുടെ പ്രഭുവിനെ, അനുസരണക്കേടിന്റെ പുത്രന്മാരിൽ ഇപ്പോൾ പ്രവർത്തനനിരതമായിരിക്കുന്ന ആത്മാവിനെത്തന്നെ, അനുസരിച്ച് ജീവിച്ചുവന്നു. 3 ഇപ്രകാരം നാം എല്ലാവരും ഒരിക്കൽ നമ്മുടെ ജഡികാഭിലാഷങ്ങളിൽ അഭിരമിച്ച് അതിന്റെ ആഗ്രഹങ്ങൾക്കും ചിന്തകൾക്കും അധീനരായി ജീവിച്ചു. മറ്റുള്ളവരെപ്പോലെതന്നെ നാമും പ്രകൃതിയാൽ ക്രോധപാത്രങ്ങൾ ആയിരുന്നു. 4 എന്നിട്ടും കരുണയിൽ അതിസമ്പന്നനായ ദൈവം, നമ്മോടുള്ള അവിടത്തെ അതിരില്ലാത്ത സ്നേഹംനിമിത്തം, നാം നിയമലംഘനങ്ങളിൽ മൃതരായിരുന്നപ്പോൾത്തന്നെ 5 ക്രിസ്തുവിനോടുകൂടെ നമ്മെ ജീവനുള്ളവരാക്കി; ദൈവകൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നത്. 6 ക്രിസ്തുയേശുവിനോടുകൂടി ദൈവം നമ്മെ ഉയിർപ്പിച്ച് സ്വർഗത്തിൽ അവിടത്തോടൊപ്പം നമ്മെ ഇരുത്തുകയും ചെയ്തു. 7 അവിടന്ന് ഇപ്രകാരം ചെയ്തത്, നമ്മോടുള്ള ദയയാൽ, ക്രിസ്തുയേശുവിലൂടെ നമുക്ക് കൃപയുടെ അതുല്യമായ സമൃദ്ധി വരുംകാലങ്ങളിൽ പ്രദർശിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. 8 കൃപയാൽ നിങ്ങൾ രക്ഷിക്കപ്പെട്ടു; അതു വിശ്വാസത്തിലൂടെയാണ്. നിങ്ങളിൽനിന്ന് ഉത്ഭവിച്ചതല്ല ആ രക്ഷ; ദൈവത്തിന്റെ ദാനമാണ്. 9 ഈ രക്ഷ എന്നത് നാം ചെയ്ത സൽപ്രവൃത്തികളുടെ പ്രതിഫലമായിട്ടല്ല ലഭിക്കുന്നത്. അങ്ങനെയായിരുന്നെങ്കിൽ നമുക്ക് ആത്മപ്രശംസ ചെയ്യാൻ വകയുണ്ടാകുമായിരുന്നു.

  27. 3 മാനുഷികപ്രയത്നത്തിൽ ആശ്രയിക്കാതെ, ക്രിസ്തുയേശുവിൽ അഭിമാനിക്കുകയും ദൈവത്തെ അവിടത്തെ ആത്മാവിന്റെ സഹായത്താൽ സേവിക്കുകയുംചെയ്യുന്ന നാം അല്ലയോ യഥാർഥത്തിൽ പരിച്ഛേദനമേറ്റവർ. 4 മാനുഷികനേട്ടങ്ങളിൽ ആശ്രയിക്കാൻ നിരവധി കാരണങ്ങൾ എനിക്കുണ്ട്.

    ഇങ്ങനെയുള്ളവയിൽ ആശ്രയിക്കാമെന്ന് ആരെങ്കിലും കരുതുന്നെങ്കിൽ എനിക്ക് അവരെക്കാൾ അഭിമാനിക്കാൻ കഴിയും: 5 ഞാൻ എട്ടാംദിവസം പരിച്ഛേദനമേറ്റു, ഇസ്രായേൽ വംശജൻ, ബെന്യാമീൻഗോത്രക്കാരൻ, എബ്രായരിൽനിന്നു ജനിച്ച എബ്രായൻ, യെഹൂദ ന്യായപ്രമാണം അനുവർത്തിക്കുന്നതിൽ പരീശൻ, 6 ക്രിസ്തുവിൽ വിശ്വസിച്ചവരെ ഉപദ്രവിക്കുന്നതിൽ അത്യുത്സാഹി, ന്യായപ്രമാണം അനുവർത്തിക്കുന്നതിലെ ധാർമികതയിൽ അനിന്ദ്യൻ.

    7 ഇങ്ങനെ അമൂല്യമെന്നു കരുതിയിരുന്നവയെല്ലാം ക്രിസ്തു നിമിത്തം വിലയില്ലാത്തതെന്നു ഞാൻ കരുതി. 8 തന്നെയുമല്ല, എന്റെ കർത്താവായ ക്രിസ്തുയേശുവിനെപ്പറ്റിയുള്ള പരമജ്ഞാനം ലഭിച്ചതു നിമിത്തം ഞാൻ മറ്റുള്ള സർവവും മൂല്യരഹിതമെന്നുകാണുന്നു. കർത്താവിനുവേണ്ടി അവയെല്ലാം ചവറെന്നും കണക്കാക്കുന്നു. 9 ഇത് ക്രിസ്തുവിനെ നേടാനും അവിടത്തോട് ഏകീഭവിക്കാനും ന്യായപ്രമാണത്തിലൂടെ ലഭിക്കുന്ന സ്വയനീതിയല്ല; ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കു ലഭിക്കുന്ന ദൈവികനീതിതന്നെ, വിശ്വാസത്താൽ ലഭിക്കാനുമാണ്. 10 ക്രിസ്തുവിനെയും അവിടത്തെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അറിയാനും കഷ്ടാനുഭവങ്ങളിൽ പങ്കാളിയായി അവിടത്തെ മരണത്തോട് അനുരൂപപ്പെടാനും, 11 അങ്ങനെ, ഏതുപ്രകാരവും മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനം പ്രാപിക്കാനുമാണ് ഞാൻ യത്നിക്കുന്നത്.

  28. 9 എന്നാൽ, അന്ധകാരത്തിൽനിന്ന് നിങ്ങളെ അത്ഭുതജ്യോതിയിലേക്കു വിളിച്ച്, തെരഞ്ഞെടുക്കപ്പെട്ട ജനവും രാജകീയ പുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം അവകാശവുമാക്കിത്തീർത്തത് അവിടത്തെ മാഹാത്മ്യത്തെ വർണിക്കുന്നതിനുവേണ്ടിയാണ്.

  29. 3 വിചിത്രമായ കേശാലങ്കാരം, സ്വർണാഭരണം, മോടിയേറിയ ഉടയാടകൾ എന്നീ ബാഹ്യ അലങ്കാരങ്ങളിലാകരുത് നിങ്ങളുടെ സൗന്ദര്യം; 4 പിന്നെയോ, വിനീതവും ശാന്തവുമായ മനോഭാവത്തോടുകൂടിയ അനശ്വരസൗന്ദ്യര്യമുള്ള ആന്തരിക വ്യക്തിത്വത്തിൽ അധിഷ്ഠിതമായിരിക്കണം. ഇതാണ് ദൈവദൃഷ്ടിയിൽ അമൂല്യം.

  30. 9 ബലവും ധൈര്യവും ഉള്ളവനായിരിക്കാൻ ഞാൻ നിന്നോടു കൽപ്പിച്ചില്ലയോ; ഭയപ്പെടരുത്, ഭ്രമിക്കുകയും അരുത്; നിന്റെ ദൈവമായ യഹോവ നീ പോകുന്നിടത്തൊക്കെയും നിന്നോടുകൂടെ ഉണ്ടായിരിക്കും.”

  31. 7 എന്റെ പ്രിയേ, നീ സർവാംഗസുന്ദരിതന്നെ;

    നിന്നിലൊരു ന്യൂനതയുമില്ല.

  32. 10 അതുകൊണ്ട് ഭയപ്പെടരുത്, ഞാൻ നിന്നോടുകൂടെയുണ്ടല്ലോ;

    ഉത്കണ്ഠപ്പെടരുത്, ഞാൻ നിന്റെ ദൈവമാണല്ലോ.

    ഞാൻ നിന്നെ ബലപ്പെടുത്തുകയും നിന്നെ സഹായിക്കുകയും ചെയ്യും;

    എന്റെ നീതിയുള്ള വലംകരത്താൽ ഞാൻ നിന്നെ താങ്ങിക്കൊള്ളും.

  33. 16 അതുകൊണ്ടു കരുണയും കൃപയും യഥാസമയം സഹായവും ലഭിക്കാനായി നമുക്കു ധൈര്യപൂർവം കൃപയുടെ സിംഹാസനത്തിന് അടുത്തുചെല്ലാം.

  34. 5 നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹം ഇല്ലാത്തതായിരിക്കട്ടെ; നിങ്ങളുടെപക്കൽ ഉള്ളതിൽ സംതൃപ്തരാകുക.

    “ഒരുനാളും ഞാൻ നിന്നെ ഉപേക്ഷിക്കുകയില്ല,

    ഒരുനാളും ഞാൻ നിന്നെ കൈവെടിയുകയുമില്ല,”

    എന്നു ദൈവം അരുളിച്ചെയ്തിട്ടുണ്ടല്ലോ. 6 അതുകൊണ്ട് ആത്മവിശ്വാസത്തോടെ നമുക്ക് പറയാം,

    “കർത്താവാണ് എന്റെ സഹായി; ഞാൻ ഭയപ്പെടുകയില്ല.

    വെറും മർത്യന് എന്നോട് എന്തുചെയ്യാൻ കഴിയും?”