85 Bible Verses About God Provides

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About God Provides
  1. 25 “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും എന്തു പാനംചെയ്യും എന്ന് ജീവസന്ധാരണത്തെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങൾ വ്യാകുലപ്പെടരുത്. ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളവയല്ലേ? 26 ആകാശത്തിലെ പക്ഷികളെ നോക്കുക; അവ വിതയ്ക്കുകയോ കൊയ്യുകയോ കളപ്പുരകളിൽ സമാഹരിക്കുകയോ ചെയ്യുന്നില്ല. എങ്കിലും നിങ്ങളുടെ സ്വർഗസ്ഥപിതാവ് അവയ്ക്ക് ഭക്ഷണം നൽകുന്നില്ലേ? അവയെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ! 27 വ്യാകുലപ്പെടുന്നതിലൂടെ തന്റെ ജീവിതകാലയളവിനോട് ഒരു നിമിഷം കൂട്ടിച്ചേർക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ?

    28 “വസ്ത്രത്തെക്കുറിച്ച് നിങ്ങൾ വ്യാകുലചിത്തരാകുന്നത് എന്തിന്? വയലിലെ ശോശന്നച്ചെടികൾ എങ്ങനെ വളരുന്നെന്നു നിരീക്ഷിക്കുക: അവ അധ്വാനിക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല. 29 എന്നിട്ടും, ശലോമോൻപോലും തന്റെ സകലപ്രതാപത്തിലും ഇവയിൽ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. 30 ഇപ്പോഴുള്ളതും നാളെ തീയിൽ കത്തിയമരുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ അലങ്കരിക്കുന്നെങ്കിൽ; അൽപ്പവിശ്വാസികളേ, ദൈവം നിങ്ങളെ അതിനെക്കാളും എത്രയോ അധികം കരുതുകയില്ലേ! 31 അതുകൊണ്ട്, ‘എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും’ എന്നിങ്ങനെ വിലപിച്ച് വ്യാകുലപ്പെടരുത്. 32 ദൈവത്തെ അറിയാത്തവരാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്കാവശ്യമെന്ന് നിങ്ങളുടെ സ്വർഗസ്ഥപിതാവിന് അറിയാം. 33 നിങ്ങൾ പരമപ്രധാനമായി ദൈവരാജ്യവും ദൈവനീതിയും തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും. 34 അതുകൊണ്ട്, നാളെയെക്കുറിച്ചു വ്യാകുലപ്പെടരുത്; നാളത്തെ ദിവസം അതിനായിത്തന്നെ വ്യാകുലപ്പെട്ടുകൊള്ളും; ഓരോ ദിവസത്തിനും അതിന്റേതായ ക്ലേശങ്ങൾ ഉണ്ടല്ലോ.

  2. 29 ഒരു രൂപയ്ക്ക് രണ്ട് കുരുവിയെ വിൽക്കുന്നില്ലയോ? നിങ്ങളുടെ പിതാവ് അറിയാതെ അവയിൽ ഒന്നുപോലും നിലത്തു വീഴുകയില്ല. 30 നിങ്ങളുടെ തലയിൽ എത്ര മുടിയുണ്ടെന്നുപോലും അവിടത്തേക്കറിയാം. 31 ആകയാൽ ഭയപ്പെടേണ്ട, അനവധി കുരുവികളെക്കാളും മൂല്യമേറിയവരല്ലോ നിങ്ങൾ.

  3. 1 ഗിലെയാദിലെ തിശ്ബി സ്വദേശിയായ ഏലിയാവ് ആഹാബ് രാജാവിനോട്: “ഞാൻ സേവിക്കുന്ന ഇസ്രായേലിന്റെ ദൈവമായ ജീവനുള്ള യഹോവയാണെ, ഞാൻ കൽപ്പിച്ചല്ലാതെ വരുന്ന ഏതാനും വർഷങ്ങളിൽ മഞ്ഞോ മഴയോ ഉണ്ടാകുകയില്ല” എന്നു പറഞ്ഞു.

    2 അതിനുശേഷം, യഹോവയുടെ അരുളപ്പാട് ഏലിയാവിനുണ്ടായി: 3 “ഈ സ്ഥലംവിട്ടു കിഴക്കോട്ടുപോകുക; യോർദാനു കിഴക്കുള്ള കെരീത്ത് അരുവിക്കു സമീപം നീ ഒളിച്ചുപാർക്കുക. 4 അവിടെ, അരുവിയിലെ വെള്ളം കുടിക്കുക; നിനക്കു ഭക്ഷണം അവിടെ എത്തിച്ചുനൽകുന്നതിനു ഞാൻ കാക്കയോടു കൽപ്പിച്ചിട്ടുണ്ട്.”

    5 ഏലിയാവ് യഹോവയുടെ കൽപ്പനയനുസരിച്ചു പ്രവർത്തിച്ചു. അദ്ദേഹം പുറപ്പെട്ട് യോർദാനു കിഴക്കുള്ള കെരീത്ത് അരുവിക്കരികെ താമസിച്ചു. 6 കാക്കകൾ അദ്ദേഹത്തിന് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും അപ്പവും ഇറച്ചിയും എത്തിച്ചുകൊടുത്തിരുന്നു. അരുവിയിൽനിന്ന് അദ്ദേഹം വെള്ളം കുടിച്ചു.

  4. 13 അവിടത്തെ രാജ്യം നിത്യരാജ്യം ആകുന്നു,

    അവിടത്തെ ആധിപത്യം തലമുറതലമുറയായി നിലനിൽക്കും.

    യഹോവ തന്റെ സകലവാഗ്ദാനങ്ങളിലും വിശ്വാസയോഗ്യനും

    തന്റെ സകലപ്രവൃത്തികളിലും വിശ്വസ്തനുമാണ്.

    14 യഹോവ വീഴുന്നവരെയൊക്കെയും താങ്ങുന്നു

    പരിക്ഷീണരെയൊക്കെയും ഉയർത്തുന്നു.

    15 സകലരുടെയും കണ്ണ് അങ്ങേക്കായി കാത്തിരിക്കുന്നു,

    അവർക്കെല്ലാം അങ്ങ് യഥാസമയം ആഹാരം നൽകുന്നു.

    16 അവിടന്ന് തൃക്കൈ തുറക്കുന്നു

    ജീവനുള്ള സകലത്തിന്റെയും ആഗ്രഹങ്ങൾക്ക് തൃപ്തിവരുത്തുന്നു.

  5. 25 അവിടന്ന് എല്ലാവർക്കും ജീവന്റെയും ശ്വാസത്തിന്റെയുംമാത്രമല്ല സർവനന്മകളുടെയും ദാതാവാകുകയാൽ, അവിടത്തേക്ക് എന്തെങ്കിലും ആവശ്യമുള്ളവൻ എന്നതുപോലെ മനുഷ്യകരങ്ങളാൽ പരിചരിക്കേണ്ടതില്ല. 26 ഭൂമിയിൽ എല്ലായിടത്തും അധിവസിക്കാൻ ഏകമനുഷ്യനിൽനിന്ന് അവിടന്ന് സകലജനതയെയും ഉളവാക്കി; അവർക്കു ജീവിക്കാനുള്ള കാലാവധികളും കൃത്യമായ സ്ഥലങ്ങളും നിർണയിച്ചു. 27 മനുഷ്യർ ദൈവത്തെ അന്വേഷിക്കാനും സാധ്യമെങ്കിൽ ആ അന്വേഷണത്തിലൂടെ ദൈവത്തെ കണ്ടെത്താനുമാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. എന്നാൽ അവിടന്ന് നമ്മിൽ ആരിൽനിന്നും വിദൂരസ്ഥനല്ല. 28 ‘ദൈവത്തിൽത്തന്നെയാണ് നാം ജീവിക്കുന്നതും ചലിക്കുന്നതും സ്ഥിതിചെയ്യുന്നതും.’ നിങ്ങളുടെതന്നെ ചില കവിവര്യന്മാർ, ‘നാം അവിടത്തെ സന്താനങ്ങളാണ്’ എന്നു പറഞ്ഞിട്ടുണ്ടല്ലോ!

  6. 19 എന്റെ ദൈവം നിങ്ങളുടെ ആവശ്യങ്ങളെല്ലാം അവിടത്തെ മഹിമാധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ സമ്പൂർണമായി തീർത്തുതരും.

    20 നമ്മുടെ ദൈവമായ പിതാവിന്ന് എന്നെന്നേക്കും മഹത്ത്വം. ആമേൻ.

    21 എല്ലാവിശുദ്ധരെയും ക്രിസ്തുയേശുവിൽ അഭിവാദനംചെയ്യുക.

    എന്നോടൊപ്പമുള്ള സഹോദരങ്ങൾ നിങ്ങളെ അഭിവാദനംചെയ്യുന്നു.

    22 വിശുദ്ധർ എല്ലാവരും, വിശിഷ്യ കൈസറുടെ അരമനയിലുള്ളവരും നിങ്ങൾക്കു വന്ദനം അറിയിക്കുന്നു.

    23 കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

  7. 3 നിന്റെ കാൽ വഴുതാൻ അവിടന്ന് അനുവദിക്കുകയില്ല—

    നിന്റെ കാവൽക്കാരൻ ഉറക്കംതൂങ്ങുകയുമില്ല;

    4 ഇസ്രായേലിന്റെ കാവൽക്കാരൻ

    ഉറങ്ങുകയോ മയങ്ങുകയോ ഇല്ല, നിശ്ചയം.

    5 യഹോവ നിന്നെ സംരക്ഷിക്കുന്നു!

    നിനക്കു തണലേകാൻ യഹോവ നിന്റെ വലതുഭാഗത്തുണ്ട്;

    6 പകൽ, സൂര്യൻ നിന്നെ ഉപദ്രവിക്കുകയില്ല,

    രാത്രി, ചന്ദ്രനും.

    7 യഹോവ സകലദോഷത്തിൽനിന്നും നിന്നെ പരിപാലിക്കും—

    അവിടന്നു നിന്റെ ജീവനു സംരക്ഷണം നൽകും;

    8 യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും കാത്തുപാലിക്കും,

    ഇന്നും എന്നെന്നേക്കും.

  8. 11 എന്നാൽ യഹോവയുടെ ദൂതൻ ആകാശത്തുനിന്ന്, “അബ്രാഹാമേ, അബ്രാഹാമേ,” എന്നു വിളിച്ചു.

    “ഞാൻ ഇതാ.” അദ്ദേഹം വിളികേട്ടു.

    12 ദൂതൻ അരുളിച്ചെയ്തു: “ബാലന്റെമേൽ കൈവെക്കരുത്. അവന് ഒരു ദോഷവും ചെയ്യരുത്. നിന്റെ മകനെ, നിനക്കുള്ള ഒരേയൊരു മകനെ എനിക്കു തരാൻ മടിക്കാതിരുന്നതുകൊണ്ടു, നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു.”

    13 അബ്രാഹാം തലയുയർത്തിനോക്കി; തന്റെ പിന്നിൽ കൊമ്പ് കുറ്റിക്കാട്ടിൽ ഉടക്കിക്കിടക്കുന്ന ഒരു ആട്ടുകൊറ്റനെ കണ്ടു. അബ്രാഹാം ചെന്ന് ആട്ടുകൊറ്റനെ എടുത്ത്, തന്റെ പുത്രനു പകരം ഹോമയാഗം അർപ്പിച്ചു. 14 അബ്രാഹാം ആ സ്ഥലത്തിന് “യഹോവയിരേ” എന്നു പേരിട്ടു. ജനം “യഹോവയുടെ പർവതത്തിൽ അവിടന്ന് കരുതിക്കൊള്ളും” എന്നത് ഒരു പഴഞ്ചൊല്ലായി ഇന്നുവരെയും പറഞ്ഞുപോരുന്നു.

  9. 11 യഹോവ മോശയോട് അരുളിച്ചെയ്തു, 12 “ഞാൻ ഇസ്രായേല്യരുടെ പിറുപിറുപ്പ് കേട്ടിരിക്കുന്നു. നീ അവരോടു പറയുക, ‘നിങ്ങൾ സന്ധ്യാസമയത്ത് മാംസം ഭക്ഷിക്കുകയും പ്രഭാതത്തിൽ അപ്പം തിന്നു തൃപ്തരാകുകയും ചെയ്യും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും.’ ”

    13 അന്നു സന്ധ്യയായപ്പോൾ കാടകൾ വന്നു പാളയത്തെ മൂടി. പ്രഭാതമായപ്പോൾ പാളയത്തിനുചുറ്റും മഞ്ഞിന്റെ ഒരു പാളി കാണപ്പെട്ടു. 14 മഞ്ഞു മാറിയപ്പോൾ മരുഭൂമിയിൽ, ചെതുമ്പലുകൾപോലെയുള്ള നേർത്ത ഒരു വസ്തു, ഉറച്ച മഞ്ഞുകഷണങ്ങൾക്കു തുല്യമായി നിലത്ത് എല്ലായിടത്തും കാണപ്പെട്ടു. 15 അതുകണ്ടിട്ട് ഇസ്രായേല്യർ പരസ്പരം, “ഇത് എന്താണ്” എന്നു ചോദിച്ചു. അവർക്ക് അതെന്താണെന്ന് അറിഞ്ഞുകൂടായിരുന്നു.

    മോശ അവരോടു പറഞ്ഞു, “ഇതു നിങ്ങൾക്കു ഭക്ഷണമായി യഹോവ തന്നിരിക്കുന്ന അപ്പം ആകുന്നു. 16 ‘ഓരോരുത്തരും തനിക്ക് ആവശ്യമുള്ളത്രയും ശേഖരിച്ചുകൊള്ളണം. കൂടാരത്തിലുള്ള നിങ്ങളുടെ ആളുകൾക്ക് ഓരോരുത്തർക്കും ഓരോ ഓമെർവീതം എടുത്തുകൊള്ളണം’ എന്ന് യഹോവ കൽപ്പിച്ചിരിക്കുന്നു.”

    17 തങ്ങളോടു പറഞ്ഞിരുന്നതുപോലെ ഇസ്രായേല്യർ ചെയ്തു; ചിലർ കൂടുതലും ചിലർ കുറച്ചും ശേഖരിച്ചു. 18 അത് അവർ ഓമെർകൊണ്ട് അളന്നപ്പോൾ, കൂടുതൽ ശേഖരിച്ചവർക്കു കൂടുതലോ കുറച്ചു ശേഖരിച്ചവർക്കു കുറവോ കണ്ടില്ല. ഓരോരുത്തരും അവരവർക്ക് ആവശ്യമുള്ളത്രയും ശേഖരിച്ചു.

  10. 39-40 “സിംഹങ്ങൾ അവയുടെ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോഴും

    അവ കുറ്റിക്കാട്ടിൽ പതിയിരിക്കുമ്പോഴും

    സിംഹിക്കുവേണ്ടി ഇരയെ വേട്ടയാടാൻ നിനക്കു കഴിയുമോ?

    സിംഹക്കുട്ടികളുടെ വിശപ്പു ശമിപ്പിക്കാൻ നീ പ്രാപ്തനോ?

    41 കാക്കക്കുഞ്ഞുങ്ങൾ തീറ്റകിട്ടാതെ ദൈവത്തോടു നിലവിളിച്ച്

    ആഹാരത്തിനുവേണ്ടി പറന്നലയുമ്പോൾ,

    അതിന് ആഹാരം നൽകുന്നത് ആരാണ്?

  11. 15 സന്ധ്യാനേരം അടുത്തപ്പോൾ ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “ഇതൊരു വിജനസ്ഥലമാണ്; നേരവും വളരെ വൈകിയിരിക്കുന്നു. ജനത്തിന് ആവശ്യമായ ആഹാരം വാങ്ങുന്നതിന് അവരെ ഗ്രാമങ്ങളിലേക്ക് പറഞ്ഞയച്ചാലും” എന്നു പറഞ്ഞു.

    16 അതിനു മറുപടിയായി യേശു, “അവർ പോകേണ്ട കാര്യമില്ല; നിങ്ങൾ അവർക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്ക്” എന്നു പറഞ്ഞു.

    17 “ഇവിടെ ഞങ്ങളുടെപക്കൽ അഞ്ചപ്പവും രണ്ടുമീനും അല്ലാതെ ഒന്നുമില്ല,” എന്നു ശിഷ്യന്മാർ മറുപടി പറഞ്ഞു.

    18 “എങ്കിൽ അവ ഇവിടെ കൊണ്ടുവരിക,” എന്ന് യേശു പറഞ്ഞിട്ട് 19 ജനങ്ങളോട് പുൽപ്പുറത്ത് ഇരിക്കാൻ നിർദേശിച്ചു. യേശു ആ അഞ്ച് അപ്പവും രണ്ട് മീനും എടുത്തു സ്വർഗത്തിലേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാർക്ക് കൊടുത്തു; ശിഷ്യന്മാർ അത് ജനത്തിന് വിളമ്പി. 20 എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. അവശേഷിച്ച നുറുക്കുകൾ ശിഷ്യന്മാർ പന്ത്രണ്ട് കുട്ട നിറയെ ശേഖരിച്ചു. 21 ഭക്ഷിച്ചവർ സ്ത്രീകളെയും കുട്ടികളെയുംകൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു.

  12. 17 എങ്കിലും ദൈവം മനുഷ്യർക്കു ചെയ്യുന്ന നന്മകളാൽ തന്നെക്കുറിച്ചുള്ള സാക്ഷ്യം മുദ്രണംചെയ്തിട്ടുണ്ട്: യഥാകാലം ആകാശത്തുനിന്നു മഴപെയ്യിക്കുകയും നിങ്ങൾക്കു വിളവുകൾ നൽകുകയുംചെയ്യുന്നു. അവിടന്ന് നിങ്ങൾക്കു സമൃദ്ധമായി ഭക്ഷണം നൽകുന്നു. നിങ്ങളുടെ ഹൃദയത്തെ ആനന്ദംകൊണ്ടു നിറയ്ക്കുന്നു.”

  13. 42 ബാൽ-ശാലീശയിൽനിന്ന് ഒരു മനുഷ്യൻ എലീശയുടെ അടുക്കൽവന്നു. അയാൾ തന്റെ ആദ്യവിളവായ ധാന്യംകൊണ്ട് ഇരുപതു യവത്തപ്പവും കുറച്ചു മലരും ദൈവപുരുഷനു കാഴ്ചയായി കൊണ്ടുവന്നിരുന്നു. “ഇതു ജനങ്ങൾക്കു തിന്മാൻ കൊടുക്കുക!” എന്ന് എലീശാ കൽപ്പിച്ചു.

    43 “ഞാനിതെങ്ങനെ നൂറുപേർക്കു വിളമ്പും?” എന്ന് അദ്ദേഹത്തിന്റെ ഭൃത്യൻ ചോദിച്ചു.

    എലീശാ പിന്നെയും: “ഇതു ജനങ്ങൾക്കു തിന്മാൻ കൊടുക്കുക; ‘അവർ തിന്നുകയും ശേഷിപ്പിക്കുകയും ചെയ്യും’ എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു. 44 അതിനുശേഷം അയാൾ അത് അവർക്കു വിളമ്പിക്കൊടുത്തു; യഹോവയുടെ അരുളപ്പാടുപ്രകാരം അവർ തിന്നുകയും ശേഷിപ്പിക്കുകയും ചെയ്തു.

  14. 6 അങ്ങ്, അങ്ങുമാത്രമാണ് യഹോവ; സ്വർഗത്തെയും സ്വർഗാധിസ്വർഗത്തെയും അവയിലെ സർവസൈന്യത്തെയും ഭൂമിയെയും അതിലെ സകലത്തെയും സമുദ്രത്തെയും അതിലുള്ള സകലത്തെയും അങ്ങ് ഉണ്ടാക്കി. അവയ്ക്കെല്ലാം അങ്ങ് ജീവൻ നൽകി, സ്വർഗീയസൈന്യങ്ങൾ അങ്ങയെ ആരാധിക്കുന്നു.

  15. 9 യഹോവയെ നിന്റെ സങ്കേതവും

    അത്യുന്നതനെ നിന്റെ നിവാസസ്ഥാനവും ആക്കുമെങ്കിൽ,

    10 ഒരു അത്യാപത്തും നിനക്ക് ഉണ്ടാകുകയില്ല,

    ഒരു ദുരന്തവും നിന്റെ കൂടാരത്തിന് അടുത്തെത്തുകയില്ല.

    11 കാരണം അവിടന്ന് തന്റെ ദൂതന്മാരോട്

    നിന്റെ എല്ലാ വഴികളിലും നിന്നെ സംരക്ഷിക്കാൻ കൽപ്പിക്കും;

    12 അവർ നിന്റെ പാദങ്ങൾ കല്ലിൽ മുട്ടാതെ

    നിന്നെ അവരുടെ കരങ്ങളിലേന്തും.

    13 സിംഹത്തെയും അണലിയെയും നീ ചതയ്ക്കും;

    സിംഹക്കുട്ടികളെയും മഹാസർപ്പത്തെയും നീ മെതിക്കും.

  16. 27 തക്കസമയത്ത് ആഹാരം ലഭിക്കുന്നതിനായി

    എല്ലാ ജീവികളും അങ്ങയിലേക്ക് നോക്കിക്കൊണ്ടിരിക്കുന്നു.

    28 അങ്ങ് അവയ്ക്ക് ആഹാരം നൽകുന്നു,

    അവയത് ശേഖരിക്കുന്നു;

    അങ്ങ് തൃക്കൈ തുറക്കുമ്പോൾ

    അവ നന്മകൊണ്ട് തൃപ്തരാകുന്നു.

  17. 7 യഹോവയ്ക്ക് നന്ദിയോടെ പാടുക;

    കിന്നരംമീട്ടി നമ്മുടെ ദൈവത്തിന് സംഗീതം ആലപിക്കുക.

    8 അവിടന്ന് ആകാശത്തെ മേഘങ്ങൾകൊണ്ട് പൊതിയുന്നു;

    അവിടന്ന് ഭൂമിക്കായി മഴ പൊഴിക്കുകയും

    കുന്നുകളിൽ പുല്ല് മുളപ്പിക്കുകയുംചെയ്യുന്നു.

    9 അവിടന്ന് കന്നുകാലികൾക്കും

    കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും ആഹാരം നൽകുന്നു.

  18. 1 “ഇസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു,

    ഈജിപ്റ്റിൽനിന്ന് ഞാൻ എന്റെ പുത്രനെ വിളിച്ചുവരുത്തി.

    2 എന്നാൽ, ഞാൻ ഇസ്രായേലിനെ വിളിക്കുന്തോറും

    അവർ എന്നെ വിട്ടകന്നുപോയി.

    അവർ ബാലിനു ബലിയർപ്പിച്ചു

    വിഗ്രഹങ്ങൾക്കു ധൂപംകാട്ടി.

    3 എഫ്രയീമിനെ നടക്കാൻ ശീലിപ്പിച്ചത് ഞാനാണ്,

    ഞാൻ അവരെ ഭുജങ്ങളിൽ എടുത്തു;

    എങ്കിലും, അവരെ സൗഖ്യമാക്കിയത് ഞാൻ ആണെന്ന്

    അവർ മനസ്സിലാക്കിയില്ല.

    4 ഞാൻ മനുഷ്യകരുണയുടെ ചരടുകൾകൊണ്ടും

    സ്നേഹത്തിന്റെ ബന്ധനങ്ങൾകൊണ്ടും അവരെ നടത്തി;

    ഞാൻ അവരുടെ കഴുത്തിൽനിന്ന് നുകം നീക്കി,

    ഒരു ശിശുവിനെ തലോടാനായി ഉയർത്തുന്ന ഒരുവനെപ്പോലെ ആയിരുന്നു ഞാൻ അവർക്ക്,

    അവരെ തീറ്റുന്നതിനായി ഞാൻ കുനിഞ്ഞു.

  19. 24 കാക്കകളെ നോക്കുക! അവ വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യുന്നില്ല; അവയ്ക്കു ഭണ്ഡാരശാലയോ കളപ്പുരയോ ഇല്ല; എങ്കിലും ദൈവം അവയ്ക്കു ഭക്ഷണം നൽകുന്നില്ലേ? പക്ഷികളെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ! 25 വ്യാകുലപ്പെടുന്നതിലൂടെ തന്റെ ജീവിതകാലയളവിനോട് ഒരു നിമിഷം കൂട്ടിച്ചേർക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ? 26 ഈ ഒരു ചെറിയ കാര്യത്തിനുപോലും കഴിവില്ലാതിരിക്കെ, ശേഷമുള്ളതിനെക്കുറിച്ചു നിങ്ങൾ ആകുലപ്പെടുന്നതെന്തിന്?

  20. 3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രം! ദൈവത്തിന്റെ മഹാകരുണയാൽ, മരിച്ചവരിൽനിന്ന് യേശുക്രിസ്തു പുനരുത്ഥാനംചെയ്തതിലൂടെ ജീവനുള്ള പ്രത്യാശയിലേക്കു നമുക്കു പുതുജനനം നൽകിയിരിക്കുന്നു. 4 ഈ പ്രത്യാശ, അനശ്വരവും നിർമലവും പ്രഭ മങ്ങാത്തതും സ്വർഗത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നതുമായ ഓഹരി നാം സ്വന്തമാക്കേണ്ടതിനാണ്. 5 അങ്ങനെ, അന്ത്യകാലത്തു വെളിപ്പെടാൻ സജ്ജമാക്കിയിരിക്കുന്ന രക്ഷയ്ക്കായി, വിശ്വാസത്താൽ നാം ദൈവശക്തിയിൽ സംരക്ഷിക്കപ്പെടുന്നു.

  21. 10 അതിൽ അങ്ങയുടെ ജനം വാസമുറപ്പിച്ചു,

    ദൈവമേ, അവിടത്തെ സമൃദ്ധിയിൽനിന്ന് അങ്ങ് ദരിദ്രർക്കു വേണ്ടതെല്ലാം നൽകി.

  22. 6 അൽപ്പം വിതയ്ക്കുന്നവൻ അൽപ്പം കൊയ്യും; ധാരാളം വിതയ്ക്കുന്നവൻ ധാരാളം കൊയ്യും എന്ന് ഓർക്കുക. 7 ഓരോരുത്തരും ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. വൈമനസ്യത്തോടെയോ നിർബന്ധത്താലോ ആകരുത്. കാരണം, ആനന്ദത്തോടെ കൊടുക്കുന്നവരെ ദൈവം സ്നേഹിക്കുന്നു. 8 നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും അനുസൃതമായും നിങ്ങൾ സകലസൽപ്രവൃത്തികളിലും വർധിച്ചുവരത്തക്ക വിധത്തിലും സമൃദ്ധമായ അനുഗ്രഹം നൽകാൻ ദൈവം പ്രാപ്തനാണ്.

    9 “അവർ വാരിവിതറി ദരിദ്രർക്കു കൊടുക്കുന്നു;

    അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു,”

    എന്ന് എഴുതിയിരിക്കുന്നതുപോലെതന്നെ. 10 വിതയ്ക്കാൻ വിത്തും ഭക്ഷിക്കാൻ ആഹാരവും നൽകുന്നവൻ നിങ്ങളുടെ വിത്തിന്റെ ശേഖരം വർധിപ്പിക്കുകയും നീതിയുടെ വിളവെടുപ്പു സമൃദ്ധമാക്കുകയും ചെയ്യും. 11 നിങ്ങൾ ഏതു സാഹചര്യങ്ങളിലും ഉദാരമനസ്ക്കരാകേണ്ടതിന് നിങ്ങൾ ദൈവത്താൽ എല്ലാരീതിയിലും സമ്പന്നരാക്കപ്പെടും. അങ്ങനെ നിങ്ങളുടെ ഉദാരത, ദൈവത്തിനു നന്ദി അർപ്പിക്കാൻ ഞങ്ങൾക്ക് കാരണമായിത്തീരും.

  23. 3 ദൈവപുത്രൻ ദൈവമഹത്ത്വത്തിന്റെ തേജസ്സും ദൈവസത്തയുടെ യഥാർഥ പ്രതിബിംബവും ആണ്. സകലത്തെയും തന്റെ ശക്തിയുള്ള വചനത്താൽ അവിടന്ന് നിലനിർത്തുന്നു. മനുഷ്യന്റെ പാപങ്ങൾക്കു ശുദ്ധീകരണം വരുത്തിയശേഷം അവിടന്ന് പരമോന്നതങ്ങളിൽ മഹിമയുടെ വലതുഭാഗത്ത് ഉപവിഷ്ടനായി.

  24. 8 അതിന് അബ്രാഹാം: “ഹോമയാഗത്തിനുള്ള ആട്ടിൻകുട്ടിയെ ദൈവംതന്നെ കരുതും, മകനേ” എന്ന് ഉത്തരം പറഞ്ഞു. ഇരുവരും ഒരുമിച്ചു മുന്നോട്ടുപോയി.

  25. 5 എന്നാൽ ഇപ്പോൾ നിങ്ങൾ ദുഃഖിക്കരുത്; ഇവിടേക്കു വിറ്റതിൽ നിങ്ങളോടുതന്നെ കോപിക്കയുമരുത്; കാരണം, ജീവരക്ഷയ്ക്കായി ദൈവം നിങ്ങൾക്കുമുമ്പായി എന്നെ ഇവിടെ അയച്ചതാണ്. 6 ദേശത്തു ക്ഷാമം തുടങ്ങിയിട്ട് ഇപ്പോൾ രണ്ടുവർഷം കഴിഞ്ഞിരിക്കുന്നു; ഉഴവും കൊയ്ത്തുമില്ലാത്ത അഞ്ചുവർഷം ഇനിയും ഉണ്ട്. 7 എന്നാൽ ഭൂമുഖത്ത് നിങ്ങൾക്കായി ഒരു ശേഷിപ്പിനെ നിലനിർത്താനും മഹത്തായ ഒരു വിടുതലിലൂടെ നിങ്ങളുടെ പ്രാണനെ രക്ഷിക്കാനുമായി ദൈവം നിങ്ങൾക്കുമുമ്പേ എന്നെ അയച്ചിരിക്കുന്നു.

    8 “ആകയാൽ നിങ്ങളല്ല, ദൈവമാണ് എന്നെ ഇവിടെ അയച്ചത്. അവിടന്ന് എന്നെ ഫറവോനു പിതാവും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള എല്ലാവർക്കും പ്രഭുവും ഈജിപ്റ്റുദേശത്തിലുള്ള എല്ലാവർക്കും ഭരണാധികാരിയും ആക്കിയിരിക്കുന്നു.

  26. 20 നിങ്ങൾ എനിക്കു ദോഷം ചെയ്യാൻ ശ്രമിച്ചു; ദൈവമോ, ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതുപോലെ, അതിനെ ബഹുജനത്തിന്റെ ജീവരക്ഷയ്ക്കായി ഗുണകരമാക്കിത്തീർത്തു.

  27. 1 യഹോവ കൽപ്പിച്ചതനുസരിച്ച് ഇസ്രായേല്യസമൂഹം ഒന്നാകെ സീൻമരുഭൂമിയിൽനിന്ന് യാത്രതിരിച്ചു. അവർ യഹോവയുടെ കൽപ്പനപ്രകാരം പല സ്ഥലങ്ങളിലൂടെ സഞ്ചരിച്ചതിനുശേഷം രെഫീദീമിൽ എത്തി; താവളമടിച്ചു. എന്നാൽ അവിടെ ജനത്തിനു കുടിക്കാൻ വെള്ളം ഇല്ലായിരുന്നു. 2 “ഞങ്ങൾക്കു കുടിക്കാൻ വെള്ളം തരൂ,” എന്നു പറഞ്ഞ് അവർ മോശയോടു കലഹിച്ചു.

    മോശ അവരോട്, “നിങ്ങൾ എന്തിനാണ് എന്നോടു കലഹിക്കുന്നത്? നിങ്ങൾ യഹോവയെ പരീക്ഷിക്കുന്നതെന്ത്?” എന്നു ചോദിച്ചു.

    3 എന്നാൽ അവിടെവെച്ചു ജനത്തിനു ദാഹിക്കുകയും അവർ മോശയോടു പിറുപിറുക്കുകയും ചെയ്തു. “ഞങ്ങളും ഞങ്ങളുടെ കുഞ്ഞുങ്ങളും കന്നുകാലികളും ദാഹിച്ചു മരിക്കേണ്ടതിന് നീ ഞങ്ങളെ ഈജിപ്റ്റിൽനിന്ന് കൂട്ടിക്കൊണ്ടുവന്നത് എന്തിന്?” അവർ ചോദിച്ചു.

    4 അപ്പോൾ മോശ യഹോവയോട്, “ഞാൻ ഈ ജനത്തിന് എന്താണു ചെയ്യേണ്ടത്? അവർ എന്നെ കല്ലെറിയാൻ പോകുന്നു” എന്നു നിലവിളിച്ചു.

    5 അതിനുത്തരമായി, “നീ ജനത്തിനുമുമ്പായി നടക്കുക. ഇസ്രായേലിലെ ഏതാനും ഗോത്രത്തലവന്മാരെയും കൂടെ കൊണ്ടുപോകണം. നീ നൈൽനദിയെ അടിച്ച വടി കൈയിൽ എടുത്തുകൊള്ളണം. 6 അവിടെ ഹോരേബിലെ പാറമേൽ ഞാൻ നിന്റെ മുമ്പിൽ നിൽക്കും. നീ പാറയെ അടിക്കണം, അതിൽനിന്നു, ജനത്തിനു കുടിക്കാൻ വെള്ളം പുറപ്പെടും” എന്ന് യഹോവ മോശയോട് അരുളിച്ചെയ്തു. മോശ ഇസ്രായേല്യ ഗോത്രത്തലവന്മാർ കാൺകെ അങ്ങനെ ചെയ്തു. 7 ഇസ്രായേല്യർ കലഹിക്കുകയും “യഹോവ ഞങ്ങളുടെ മധ്യേയുണ്ടോ ഇല്ലയോ?” എന്നു പറഞ്ഞുകൊണ്ട് യഹോവയെ പരീക്ഷിക്കുകയും ചെയ്തതുകൊണ്ട് അദ്ദേഹം ആ സ്ഥലത്തിന് മസ്സാ എന്നും മെരീബാ എന്നും പേരിട്ടു.

  28. 1 ഏലിയാവു ചെയ്ത സകലകാര്യങ്ങളും അദ്ദേഹം ബാലിന്റെ പ്രവാചകന്മാരെയെല്ലാം വാളിനിരയാക്കിയതും മറ്റും ആഹാബ് ഈസബേലിനോടു വിവരിച്ചുപറഞ്ഞു. 2 അപ്പോൾ, ഈസബേൽ ഒരു ദൂതനെ അയച്ച് ഏലിയാവിനോടു പറഞ്ഞതു: “നാളെ ഈ സമയത്തിനുള്ളിൽ ഞാൻ നിന്റെ ജീവൻ ആ പ്രവാചകന്മാരിൽ ഒരുവന്റെ ജീവൻപോലെ ആക്കിത്തീർക്കുന്നില്ലെങ്കിൽ എന്റെ ദേവന്മാർ എന്നോട് ഇതും ഇതിനപ്പുറവും ചെയ്യട്ടെ.”

    3 ഏലിയാവു ഭയപ്പെട്ട്, എഴുന്നേറ്റ് പ്രാണരക്ഷാർഥം പലായനംചെയ്തു. അദ്ദേഹം യെഹൂദ്യയിലെ ബേർ-ശേബയിലെത്തിയപ്പോൾ തന്റെ ഭൃത്യനെ അവിടെ താമസിപ്പിച്ചു. 4 ഏലിയാവ് തനിച്ചു മരുഭൂമിയിലേക്ക് ഒരു ദിവസത്തെ വഴി യാത്രചെയ്ത് ഒരു കുറ്റിച്ചെടിയുടെ തണലിൽ ഇരുന്നു. മരിച്ചെങ്കിൽ എന്നാഗ്രഹിച്ച് അദ്ദേഹം ഇപ്രകാരം പ്രാർഥിച്ചു: “യഹോവേ! ഇപ്പോൾ എനിക്കു മതിയായി; എന്റെ ജീവൻ എടുത്തുകൊള്ളണമേ! ഞാൻ എന്റെ പൂർവികരെക്കാൾ നല്ലവനല്ലല്ലോ!” 5 പിന്നെ, അദ്ദേഹം ആ കുറ്റിച്ചെടിയുടെ തണലിൽക്കിടന്ന് ഉറങ്ങി.

    അപ്പോൾത്തന്നെ, യഹോവയുടെ ഒരു ദൂതൻ ഏലിയാവിനെ സ്പർശിച്ചിട്ട്, “എഴുന്നേറ്റു ഭക്ഷണം കഴിക്കുക” എന്നു പറഞ്ഞു. 6 അദ്ദേഹം ചുറ്റും നോക്കി; അവിടെ അദ്ദേഹത്തിന്റെ തലയ്ക്കൽ തീക്കനലിൽ ചുട്ടെടുത്ത അപ്പവും ഒരു ഭരണി വെള്ളവും ഇരിക്കുന്നുണ്ടായിരുന്നു! അദ്ദേഹം ഭക്ഷണം കഴിച്ചശേഷം വീണ്ടും കിടന്നുറങ്ങി.

    7 യഹോവയുടെ ദൂതൻ രണ്ടാംപ്രാവശ്യവും പ്രത്യക്ഷനായി അദ്ദേഹത്തെ തട്ടിയുണർത്തി: “എഴുന്നേറ്റു ഭക്ഷിക്കുക; അല്ലെങ്കിൽ, ദീർഘദൂരയാത്ര നിനക്ക് അസഹനീയമായിരിക്കും” എന്നു പറഞ്ഞു. 8 അതിനാൽ, അദ്ദേഹം എഴുന്നേറ്റ് വീണ്ടും ഭക്ഷണം കഴിച്ചു. ആ ഭക്ഷണത്തിന്റെ ശക്തിയാൽ അദ്ദേഹം ദൈവത്തിന്റെ പർവതമായ ഹോരേബിലെത്തുന്നതുവരെ നാൽപ്പതുപകലും നാൽപ്പതുരാത്രിയും സഞ്ചരിച്ചു.

  29. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 യഹോവ എന്റെ ഇടയൻ ആകുന്നു, എനിക്ക് ഒന്നിനും കുറവുണ്ടാകുകയില്ല.

    2 പച്ചപ്പുൽമേടുകളിൽ അവിടന്ന് എന്നെ കിടത്തുന്നു,

    പ്രശാന്തമായ ജലാശയങ്ങളിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു,

  30. 23 അവിടന്ന് നമ്മെ നമ്മുടെ താഴ്ചയിൽ ഓർത്തു.

    അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.

    24 അവിടന്ന് നമ്മെ നമ്മുടെ ശത്രുക്കളിൽനിന്ന് മോചിപ്പിച്ചു.

    അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.

    25 അവിടന്ന് സകലജീവികൾക്കും ആഹാരം നൽകുന്നു.

    അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.

    26 സ്വർഗത്തിലെ ദൈവത്തിന് സ്തോത്രംചെയ്‌വിൻ.

    അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.

  31. 26 ഞാൻ അവരെയും എന്റെ പർവതത്തിനു ചുറ്റുമുള്ള സ്ഥലങ്ങളെയും ഒരു അനുഗ്രഹമാക്കും. തക്കകാലത്ത് ഞാൻ മഴ അയയ്ക്കും; അനുഗ്രഹവർഷം ഉണ്ടാകുകയും ചെയ്യും. 27 വയലിലെ വൃക്ഷങ്ങൾ ഫലം പുറപ്പെടുവിക്കും; നിലം വിളവുകൾ ഉൽപ്പാദിപ്പിക്കും; ജനം സ്വദേശത്ത് നിർഭയരായിരിക്കും. ഞാൻ അവരുടെ നുകത്തടികൾ ഒടിച്ച് അവരെ അടിമകളാക്കിയവരുടെ കൈയിൽനിന്ന് വിടുവിക്കുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും. 28 അവർ ഇനിയൊരിക്കലും ജനതകളാൽ കവർച്ചചെയ്യപ്പെടുകയില്ല; കാട്ടുമൃഗങ്ങൾ അവരെ തിന്നുകളകയുമില്ല. അവർ സുരക്ഷിതരായി ജീവിക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല. 29 വിളവുകൾക്കു പ്രശസ്തി നേടിയ ഒരു ദേശം ഞാൻ അവർക്കു നൽകും; ഇനിയൊരിക്കലും അവർ ദേശത്ത് ക്ഷാമത്തിന് ഇരയാകുകയോ ജനതകളുടെ പരിഹാസത്തിന് ഇരയാകുകയോ ചെയ്യുകയില്ല.

  32. 38 കൊടുക്കുക; എന്നാൽ നിങ്ങൾക്കു ലഭിക്കും; അളവുപാത്രത്തിൽ അമർത്തിക്കുലുക്കി പുറത്തേക്കു കവിയുന്ന അളവിൽ നിങ്ങളുടെ മടിയിൽ പ്രതിഫലം ലഭിക്കും. നിങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന അതേ അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും.”

  33. 35 പിന്നെ യേശു അവരോടു ചോദിച്ചു: “ഞാൻ നിങ്ങളെ മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോകൂടാതെ അയച്ചപ്പോൾ നിങ്ങൾക്ക് എന്തെങ്കിലും കുറവുണ്ടായോ?”

    “ഒരു കുറവും ഉണ്ടായില്ല” അവർ മറുപടി പറഞ്ഞു.

  34. 28 ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അതായത്, അവിടത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്കുതന്നെ ദൈവം എല്ലാ കാര്യങ്ങളും നന്മയ്ക്കായി ചേർന്നു പ്രവർത്തിക്കുമാറാക്കുന്നു എന്നു നാം അറിയുന്നു. 29 ദൈവം മുൻകൂട്ടി അറിഞ്ഞവരെ, തന്റെ പുത്രനോടു സദൃശരായിത്തീരാൻ മുൻനിയമിച്ചിരിക്കുന്നു. അത് അവിടത്തെ പുത്രൻ അനേകം സഹോദരങ്ങളിൽ ഒന്നാമനാകേണ്ടതിനാണ്.

  35. 13 മനുഷ്യർക്കു സാധാരണമല്ലാത്ത പ്രലോഭനങ്ങൾ നിങ്ങൾക്കുണ്ടായിട്ടില്ല. ദൈവം വിശ്വസ്തൻ; നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനം അവിടന്ന് അനുവദിക്കുകയില്ല. പ്രലോഭനം ഉണ്ടാകുമ്പോൾ നിങ്ങൾക്കു സഹിക്കാൻ കഴിയേണ്ടതിന് അതിൽനിന്ന് രക്ഷപ്പെടാനുള്ള വഴിയും അതോടൊപ്പംതന്നെ ദൈവം ഉണ്ടാക്കിത്തരും.

  36. 20 പിന്നീട് നോഹ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു; അദ്ദേഹം അതിന്മേൽ ശുദ്ധിയുള്ള എല്ലാ മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാ പക്ഷികളിലും ചിലതിനെ ഹോമയാഗങ്ങളായി അർപ്പിച്ചു. 21 അതിന്റെ ഹൃദ്യമായ സൗരഭ്യം ആസ്വദിച്ചുകൊണ്ട് യഹോവ ഹൃദയത്തിൽ അരുളിച്ചെയ്തു: “മനുഷ്യന്റെ ഹൃദയനിരൂപണങ്ങളെല്ലാം ബാല്യംമുതൽ ദോഷപൂർണമെങ്കിലും ഞാൻ ഇനിയൊരിക്കലും മനുഷ്യവംശം നിമിത്തം ഭൂമിയെ ശപിക്കുകയില്ല. ഇപ്പോൾ ചെയ്തതുപോലെ ഞാൻ ഇനിയൊരിക്കലും സകലജീവികളെയും നശിപ്പിക്കുകയില്ല.

    22 “ഭൂമിയുള്ള കാലംവരെ

    വിതയും കൊയ്ത്തും

    ശീതവും ഉഷ്ണവും

    വേനലും വർഷവും

    പകലും രാത്രിയും

    ഒരിക്കലും നിലയ്ക്കുകയില്ല.”

  37. 15 ഞാൻ നിന്നോടുകൂടെയുണ്ട്; നീ പോകുന്നിടത്തെല്ലാം ഞാൻ നിന്നെ കാത്തുകൊള്ളും; ഞാൻ നിന്നെ ഈ ദേശത്തേക്കു മടക്കിവരുത്തും. ഞാൻ നിന്നെ കൈവിടാതെ നിന്നോടുചെയ്ത വാഗ്ദത്തം നിറവേറ്റും.”

  38. 31 അപ്പോൾ യഹോവയിൽനിന്ന് ഒരു കാറ്റു പുറപ്പെട്ടു; കാറ്റുമൂലം കാടപ്പക്ഷികൾ സമുദ്രത്തിൽനിന്നുവന്നു. അത് അവയെ പാളയത്തിനുചുറ്റും എല്ലായിടത്തും നിലത്തുനിന്ന് ഏകദേശം രണ്ടുമുഴം പൊക്കത്തിൽ എല്ലാ ദിശയിലേക്കും ഒരു ദിവസത്തെ വഴി ദൂരംവരെ വീഴിച്ചു. 32 ആ പകലും രാത്രിമുഴുവനും പിറ്റേന്നാൾ മുഴുവനും ജനം ഇറങ്ങിച്ചെന്ന് കാടപ്പക്ഷി ശേഖരിച്ചു. പത്തു ഹോമറിൽ കുറവ് ആരും ശേഖരിച്ചില്ല. പിന്നീട് അവയെ അവർ പാളയത്തിനു ചുറ്റിലെല്ലാം നിരത്തി.

  39. 7 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ കൈകളുടെ എല്ലാ പ്രവൃത്തികളിലും നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. ഈ മഹാമരുഭൂമിയിലൂടെയുള്ള നിങ്ങളുടെ യാത്ര അവിടന്ന് ശ്രദ്ധിച്ചിരിക്കുന്നു. ഈ നാൽപ്പതുവർഷങ്ങളും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടെ ഉണ്ടായിരുന്നു, നിങ്ങൾക്കു യാതൊന്നിനും കുറവു വന്നില്ല.

  40. 11 എന്നാൽ യോർദാൻ കടന്ന് നിങ്ങൾ അവകാശമാക്കാൻപോകുന്ന ദേശം മലകളും താഴ്വരകളും ഉള്ളതും ആകാശത്തിൽനിന്നുള്ള മഴവെള്ളം കുടിക്കുന്നതുമാകുന്നു. 12 ആണ്ടിന്റെ ആരംഭംമുതൽ അവസാനംവരെ നിങ്ങളുടെ ദൈവമായ യഹോവയുടെ നോട്ടമുള്ളതും നിങ്ങളുടെ ദൈവമായ യഹോവ പരിപാലിക്കുന്നതുമായ ദേശമാണ് അത്.

  41. 7 ദാരിദ്ര്യവും സമ്പത്തും നൽകുന്നത് യഹോവതന്നെ;

    താഴ്ത്തുന്നതും ഉയർത്തുന്നതും അവിടന്നുതന്നെ.

    8 അവിടന്ന് ദരിദ്രരെ പൊടിയിൽനിന്ന് ഉയർത്തുന്നു

    എളിയവരെ കുപ്പയിൽനിന്ന് ഉയർത്തുകയും ചെയ്യുന്നു;

    അവിടന്ന് അവരെ പ്രഭുക്കന്മാരോടുകൂടെ ഇരുത്തുന്നു

    മഹിമയുടെ സിംഹാസനത്തിന് അവരെ അവകാശികളാക്കുന്നു.

    “ഭൂമിയുടെ അടിസ്ഥാനങ്ങൾ യഹോവയുടേതാണ്;

    അവയുടെമേൽ അവിടന്ന് ഭൂതലത്തെ ഉറപ്പിച്ചിരിക്കുന്നു.

  42. 9 തന്റെ വിശ്വസ്തസേവകരുടെ കാലടികളെ അവിടന്ന് കാക്കുന്നു,

    എന്നാൽ ദുഷ്ടർ അന്ധകാരത്തിൽ നിശ്ശബ്ദരായിപ്പോകുന്നു.

    “ശക്തിയാൽ ആരും ജയിക്കുന്നില്ല;

  43. 12 ധനവും ബഹുമാനവും അങ്ങയിൽനിന്ന് വരുന്നു;

    എല്ലാറ്റിനെയും ഭരിക്കുന്നതും അങ്ങുതന്നെ.

    എല്ലാവരെയും ഉദ്ധരിച്ച് ശക്തി പകരാനുള്ള

    ശക്തിയും അധികാരവും അങ്ങയുടെ കരങ്ങൾക്കുള്ളിലാണല്ലോ.

  44. 21 “എന്റെ അമ്മയുടെ ഉദരത്തിൽനിന്ന് ഞാൻ നഗ്നനായി പുറത്തുവന്നു,

    നഗ്നനായിത്തന്നെ ഞാൻ മടങ്ങിപ്പോകും.

    യഹോവ തന്നു; യഹോവതന്നെ തിരിച്ചെടുത്തു;

    യഹോവയുടെ നാമം മഹത്ത്വപ്പെടുമാറാകട്ടെ” എന്നു പറഞ്ഞു.

  45. 6 അവിടത്തെ നീതി അത്യുന്നത പർവതങ്ങൾപോലെയും

    അവിടത്തെ ന്യായം അഗാധസമുദ്രംപോലെയും ആകുന്നു.

    യഹോവേ, അങ്ങ് മനുഷ്യരെയും മൃഗങ്ങളെയും സംരക്ഷിക്കുന്നു.

  46. 28 കാരണം യഹോവ നീതിയെ സ്നേഹിക്കുന്നു

    അവിടന്ന് തന്റെ വിശ്വസ്തരെ ഉപേക്ഷിക്കുകയില്ല.

    അവർ എന്നെന്നേക്കും സംരക്ഷിക്കപ്പെടും;

    എന്നാൽ ദുഷ്ടരുടെ മക്കൾ നശിച്ചുപോകും.

  47. 9 കാരണം അവിടന്ന് ദാഹിക്കുന്നവരെ തൃപ്തരാക്കുകയും

    വിശക്കുന്നവരെ വിശിഷ്ടഭോജ്യങ്ങൾകൊണ്ടു നിറയ്ക്കുകയുംചെയ്യുന്നു.

  48. 6 ആകാശത്തിലും ഭൂമിയിലും

    സമുദ്രങ്ങളിലും അതിന്റെ എല്ലാ ആഴങ്ങളിലും

    യഹോവ തനിക്ക് ഇഷ്ടമുള്ളതൊക്കെയും ചെയ്യുന്നു.

    7 അവിടന്ന് ഭൂമിയുടെ അതിർത്തികളിൽനിന്ന് മേഘങ്ങൾ ഉയരുമാറാക്കുന്നു;

    മഴയോടൊപ്പം അവിടന്ന് മിന്നലിനെ അയയ്ക്കുന്നു

    അവിടത്തെ കലവറകളിൽനിന്ന് കാറ്റിനെ സ്വതന്ത്രമാക്കുന്നു.

  49. 5 യാക്കോബിന്റെ ദൈവം തന്റെ സഹായവും

    അവരുടെ ദൈവമായ യഹോവയിൽ പ്രത്യാശയും അർപ്പിച്ചിരിക്കുന്നവർ അനുഗൃഹീതർ.

    6 ആകാശവും ഭൂമിയും

    സമുദ്രവും അവയിലുള്ള സർവത്തിന്റെയും സ്രഷ്ടാവ് അവിടന്നാണ്—

    അവിടന്ന് എന്നെന്നും വിശ്വസ്തനായിരിക്കുന്നു.

    7 പീഡിതർക്ക് അവിടന്ന് നീതി നിർവഹിച്ചുകൊടുക്കുകയും

    വിശന്നിരിക്കുന്നവർക്ക് ആഹാരം നൽകുകയുംചെയ്യുന്നു.

    യഹോവ തടവുകാരെ മോചിപ്പിക്കുന്നു,

    8 യഹോവ അന്ധർക്ക് കാഴ്ചനൽകുന്നു,

    യഹോവ കുനിഞ്ഞിരിക്കുന്നവരെ ഉയർത്തുന്നു,

    യഹോവ നീതിനിഷ്ഠരെ സ്നേഹിക്കുന്നു.

    9 യഹോവ പ്രവാസികളെ സംരക്ഷിക്കുകയും

    അനാഥരെയും വിധവമാരെയും പരിപാലിക്കുകയുംചെയ്യുന്നു,

    എന്നാൽ അവിടന്ന് ദുഷ്ടരുടെ പദ്ധതികൾ വിഫലമാക്കുന്നു.

  50. 4 ക്രൂരരുടെ നിശ്വാസം മതിലിന്നെതിരേ

    കൊടുങ്കാറ്റുപോലെ അടിക്കുമ്പോൾ,

    അങ്ങ് ദരിദ്രർക്ക് ഒരു സങ്കേതവും

    സഹായാർഥർക്ക് അവരുടെ ദുരിതത്തിൽ ഒരു സങ്കേതവും

    കൊടുങ്കാറ്റിൽ ഒരു ആശ്രയവും

    ഉഷ്ണത്തിൽ ഒരു തണലുമായിരിക്കും.

  51. 3 യഹോവയായ ഞാൻ അതിന്റെ പാലകനാകുന്നു;

    പതിവായി ഞാൻ അതു നനയ്ക്കുന്നു.

    ആരും അതിനു ഹാനി വരുത്താതിരിക്കാൻ

    രാവും പകലും ഞാൻ അതു കാവൽചെയ്യുന്നു.

  52. 5 വട്ടമിട്ടു പറക്കുന്ന പക്ഷിയെപ്പോലെ

    സൈന്യങ്ങളുടെ യഹോവ ജെറുശലേമിനെ സംരക്ഷിക്കും;

    അവിടന്ന് അതിനെ കാക്കുകയും വിടുവിക്കുകയും ചെയ്യും,

    അവിടന്ന് അതിനെ ‘കടന്നുപോകുകയും’ മോചിപ്പിക്കുകയും ചെയ്യും.”

  53. 4 നിങ്ങളുടെ വാർധക്യകാലംവരെയും ജരാനരകൾ ബാധിക്കുംവരെയും

    ഞാൻ മാറ്റമില്ലാത്തവൻ, ഞാനാണ് നിന്നെ സംരക്ഷിക്കുന്നവൻ.

    ഞാൻ നിന്നെ സൃഷ്ടിച്ചു, ഞാൻ നിന്നെ ചുമക്കും;

    ഞാൻ നിന്നെ സംരക്ഷിക്കും, ഞാൻ നിന്നെ മോചിപ്പിക്കും.

  54. 43 “ ‘അയൽവാസിയെ സ്നേഹിക്കണം എന്നും ശത്രുവിനെ വെറുക്കണം’ എന്നും കൽപ്പിച്ചിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 44 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക; 45 അങ്ങനെ നിങ്ങൾ നിങ്ങളുടെ സ്വർഗസ്ഥപിതാവിന്റെ മക്കൾ ആയിത്തീരും. അവിടന്നു ദുഷ്ടരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതി പ്രവർത്തിക്കുന്നവരുടെമേലും അനീതി പ്രവർത്തിക്കുന്നവരുടെമേലും മഴപെയ്യിക്കുകയും ചെയ്യുന്നല്ലോ.

  55. 9 “നിങ്ങളുടെ മകൻ അപ്പം ചോദിച്ചാൽ നിങ്ങളിലാരാണ് അവനു കല്ലു കൊടുക്കുക? 10 അല്ലാ, മീൻ ചോദിച്ചാൽ നിങ്ങളിലാരാണ് പാമ്പിനെ നൽകുന്നത്? 11 മക്കൾക്കു നല്ല ദാനങ്ങൾ കൊടുക്കാൻ പാപികളായ നിങ്ങൾക്കറിയാമെങ്കിൽ, സ്വർഗസ്ഥപിതാവ് തന്നോടപേക്ഷിക്കുന്നവർക്കു നല്ല ദാനങ്ങൾ എത്രയധികമായി നൽകും!

  56. 32 യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരോട്, “എനിക്ക് ഈ ജനത്തോട് സഹതാപം തോന്നുന്നു. ഇവർ എന്നോടൊപ്പമായിട്ട് മൂന്നുദിവസമായി; ഇവർക്കു ഭക്ഷിക്കാൻ ഒന്നുംതന്നെ ഇല്ല. ഇവരെ വിശപ്പോടെ പറഞ്ഞയയ്ക്കാൻ എനിക്ക് താത്പര്യമില്ല; അവർ വഴിയിൽ തളർന്നുവീഴും.”

    33 അതിനു ശിഷ്യന്മാർ, “ഈ വലിയ ജനക്കൂട്ടത്തിനു ആവശ്യമുള്ളത്ര ഭക്ഷണം ഈ വിജനപ്രദേശത്ത് നമുക്ക് എവിടെനിന്നു ലഭിക്കും?” എന്നു ചോദിച്ചു.

    34 യേശു അവരോട്, “നിങ്ങളുടെ കൈയിൽ എത്ര അപ്പം ഉണ്ട്?” എന്നു ചോദിച്ചു.

    “ഏഴ്, കുറച്ചു ചെറിയ മീനും ഉണ്ട്,” അവർ മറുപടി പറഞ്ഞു.

    35 യേശു ജനക്കൂട്ടത്തോട് തറയിലിരിക്കാൻ കൽപ്പിച്ചു. 36 പിന്നെ അദ്ദേഹം ആ ഏഴ് അപ്പവും മീനും എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത് നുറുക്കി ശിഷ്യന്മാരെ ഏൽപ്പിക്കുകയും അവർ അത് ജനത്തിന് കൊടുക്കുകയും ചെയ്തു. 37 എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച നുറുക്കുകൾ ശിഷ്യന്മാർ ഏഴു കുട്ട നിറയെ ശേഖരിച്ചു. 38 ഭക്ഷിച്ചവർ സ്ത്രീകളെയും കുഞ്ഞുങ്ങളെയുംകൂടാതെ നാലായിരം പുരുഷന്മാർ ആയിരുന്നു.

  57. 12 സൂര്യാസ്തമയം അടുത്തപ്പോൾ പന്ത്രണ്ട് അപ്പൊസ്തലന്മാർ അടുത്തുവന്ന് അദ്ദേഹത്തോട്, “നാം ഇവിടെ ഒരു വിജനസ്ഥലത്താണല്ലോ, അതുകൊണ്ട് ചുറ്റുമുള്ള ഗ്രാമങ്ങളിലും ഗ്രാമാന്തരങ്ങളിലും ചെന്നു ഭക്ഷണവും താമസസൗകര്യവും കണ്ടെത്താൻ ജനത്തെ പറഞ്ഞയ്ക്കണം” എന്നു പറഞ്ഞു.

    13 എന്നാൽ യേശു, “നിങ്ങൾ അവർക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്ക്” എന്നു പറഞ്ഞു.

    “ഈ ജനക്കൂട്ടത്തിനു വേണ്ടുന്ന ഭക്ഷണം മുഴുവൻ ഞങ്ങൾ പോയി വാങ്ങേണ്ടിവരും. അല്ലാത്തപക്ഷം ഞങ്ങളുടെപക്കൽ ആകെയുള്ളത് അഞ്ചപ്പവും രണ്ടുമീനുംമാത്രമാണ്” എന്നു ശിഷ്യന്മാർ മറുപടി പറഞ്ഞു. 14 അവിടെ ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു.

    എന്നാൽ യേശു ശിഷ്യന്മാരോട്, “ജനത്തെ അൻപതുപേർവീതം നിരനിരയായി ഇരുത്തുക” എന്നു പറഞ്ഞു. 15 അവർ അങ്ങനെ ചെയ്തു, എല്ലാവരെയും ഇരുത്തി. 16 അതിനുശേഷം യേശു ആ അഞ്ച് അപ്പവും രണ്ട് മീനും എടുത്തു സ്വർഗത്തിലേക്കു നോക്കി അവ വാഴ്ത്തി നുറുക്കി; ജനങ്ങൾക്കു വിളമ്പിക്കൊടുക്കാൻ ശിഷ്യന്മാരെ ഏൽപ്പിച്ചു. 17 എല്ലാവരും ഭക്ഷിച്ചു തൃപ്തരായി; അവശേഷിച്ച നുറുക്കുകൾ ശിഷ്യന്മാർ പന്ത്രണ്ട് കുട്ട നിറയെ ശേഖരിച്ചു.

  58. 6 രണ്ട് രൂപയ്ക്ക് അഞ്ചു കുരുവിയെ വിൽക്കുന്നില്ലയോ? എങ്കിലും അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുകളയുന്നില്ല. 7 നിങ്ങളുടെ തലയിൽ എത്ര മുടിയുണ്ടെന്നുപോലും അവിടത്തേക്കറിയാം. ആകയാൽ ഭയപ്പെടേണ്ട, അനവധി കുരുവികളെക്കാളും മൂല്യമേറിയവരല്ലോ നിങ്ങൾ.

  59. 29 നിങ്ങൾ എന്തു ഭക്ഷിക്കുമെന്നോ എന്തു പാനംചെയ്യുമെന്നോ അന്വേഷിക്കരുത്; അതിനെപ്പറ്റി വ്യാകുലപ്പെടുകയുമരുത്. 30 ദൈവത്തെ അറിയാത്തവരുടെ ലോകമാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്കാവശ്യമെന്ന് നിങ്ങളുടെ പിതാവിനറിയാം. 31 നിങ്ങൾ ആ പിതാവിന്റെ രാജ്യം തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും.

  60. 36 സകലതും ദൈവത്തിൽനിന്നു, ദൈവത്തിലൂടെ, ദൈവത്തിലേക്കുതന്നെ.

    അവിടത്തേക്ക് എന്നേക്കും മഹത്ത്വം! ആമേൻ.

  61. 3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെടട്ടെ. അവിടന്ന് സ്വർഗത്തിലെ സർവ ആത്മികാനുഗ്രഹങ്ങളാലും ക്രിസ്തുവിൽ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. 4 തിരുസന്നിധിയിൽ നാം വിശുദ്ധരും നിഷ്കളങ്കരും ആയിത്തീരാൻവേണ്ടി സ്നേഹത്താൽ ദൈവം നമ്മെ ലോകസ്ഥാപനത്തിനുമുമ്പേ ക്രിസ്തുവിൽ തെരഞ്ഞെടുത്തു. 5 ദൈവം, തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുവിലൂടെ നമുക്കു പുത്രത്വം നൽകി നമ്മെ അവിടത്തേക്കുവേണ്ടി മുൻനിയമിച്ചിരിക്കുന്നു. 6 ഇത് അവിടന്ന് സ്നേഹസ്വരൂപനിലൂടെ നമുക്കു നിർലോപമായി നൽകിയ മഹനീയകൃപയുടെ പുകഴ്ചയ്ക്കുവേണ്ടിയായിരുന്നു. 7 ദൈവത്തിന്റെ കൃപാസമൃദ്ധിക്ക് അനുസൃതമായി ക്രിസ്തുവിൽ നമുക്ക്, അവിടത്തെ രക്തത്താൽ പാപവിമോചനമെന്ന വീണ്ടെടുപ്പു ലഭിച്ചു. 8 ദൈവം ആ കൃപ നമ്മിൽ സമൃദ്ധമായാണ് വർഷിച്ചത്. സകലവിവേകത്തോടും ജ്ഞാനത്തോടുംകൂടെ 9 ദൈവം ക്രിസ്തുവിൽ സ്ഥാപിതമാക്കിയ തിരുഹിതത്തിന്റെ രഹസ്യം അവിടത്തെ സദുദ്ദേശ്യമനുസരിച്ച് നമുക്കു വെളിപ്പെടുത്തി. 10 ആ രഹസ്യമോ, സ്വർഗത്തിലും ഭൂമിയിലുമുള്ള സകലതും, കാലസമ്പൂർണതയിൽ ക്രിസ്തുവിൽ ഒന്നായിച്ചേർക്കുക എന്നതാണ്.

    11-12 സ്വഹിതമനുസരിച്ച് എല്ലാറ്റിനെയും പ്രവർത്തനനിരതമാക്കുന്ന ദൈവം, അവിടന്ന് മുൻനിയമിച്ചിരുന്ന പദ്ധതിയനുസരിച്ച്, ആദ്യം ക്രിസ്തുവിൽ പ്രത്യാശവെച്ചവരായ ഞങ്ങൾ അവിടത്തെ മഹത്ത്വത്തിന്റെ പുകഴ്ചയായിത്തീരേണ്ടതിന് നമ്മെ അവകാശമായി തെരഞ്ഞെടുത്തു.

  62. 17 ഈ ലോകത്തിലെ ധനികരോട്, ധാർഷ്ട്യം പ്രകടിപ്പിക്കാതെയും അസ്ഥിരമായ ലൗകികസമ്പത്തിൽ തങ്ങളുടെ പ്രത്യാശവെക്കാതെയും നമ്മുടെ ആസ്വാദനത്തിന് ഉതകുന്നതെല്ലാം സമൃദ്ധമായി പ്രദാനംചെയ്യുന്ന ദൈവത്തിൽത്തന്നെ പ്രത്യാശ അർപ്പിക്കണമെന്ന് നീ ആജ്ഞാപിക്കുക.

  63. 24 വീഴാതെ നിങ്ങളെ സൂക്ഷിച്ചു തന്റെ തേജസ്സുള്ള സന്നിധിയിൽ മഹാ ആനന്ദത്തോടെ കളങ്കമറ്റവരായി നിർത്താൻ കഴിവുള്ള ദൈവത്തിന്, 25 നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നമ്മുടെ രക്ഷകനായ ഏകദൈവത്തിനുതന്നെ, സർവകാലങ്ങൾക്ക് മുമ്പും ഇപ്പോഴും എന്നേക്കും തേജസ്സും മഹിമയും ബലവും ആധിപത്യവും ഉണ്ടായിരിക്കട്ടെ! ആമേൻ.

  64. 10 സഹിഷ്ണുതയെ സംബന്ധിച്ച എന്റെ വചനം നീ അനുസരിച്ചതിനാൽ സകലഭൂവാസികളെയും പരിശോധിക്കുന്ന പരീക്ഷാസമയത്തിൽനിന്ന് ഞാൻ നിന്നെ സംരക്ഷിക്കും.

  65. 24 മനുഷ്യരുടെ ചുവടുകൾ നിയന്ത്രിക്കുന്നത് യഹോവയാണ്.

    അങ്ങനെയെങ്കിൽ ഒരാൾക്ക് എങ്ങനെ സ്വന്തവഴികൾ മനസ്സിലാക്കാൻ സാധിക്കും?

  66. 16 ദൈവത്തിന്റെ നിസ്തുലപുത്രനിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയും നശിച്ചുപോകാതെ നിത്യജീവൻ അവകാശമാക്കേണ്ടതിന് അവിടത്തെ പുത്രനെ യാഗമായി അർപ്പിക്കുന്നത്ര ദൈവം ലോകത്തെ സ്നേഹിച്ചു. 17 ദൈവം അവിടത്തെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല, തന്നിലൂടെ ലോകത്തെ രക്ഷിക്കാനാണ്.

  67. 4 എന്നിട്ടും കരുണയിൽ അതിസമ്പന്നനായ ദൈവം, നമ്മോടുള്ള അവിടത്തെ അതിരില്ലാത്ത സ്നേഹംനിമിത്തം, നാം നിയമലംഘനങ്ങളിൽ മൃതരായിരുന്നപ്പോൾത്തന്നെ 5 ക്രിസ്തുവിനോടുകൂടെ നമ്മെ ജീവനുള്ളവരാക്കി; ദൈവകൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നത്. 6 ക്രിസ്തുയേശുവിനോടുകൂടി ദൈവം നമ്മെ ഉയിർപ്പിച്ച് സ്വർഗത്തിൽ അവിടത്തോടൊപ്പം നമ്മെ ഇരുത്തുകയും ചെയ്തു. 7 അവിടന്ന് ഇപ്രകാരം ചെയ്തത്, നമ്മോടുള്ള ദയയാൽ, ക്രിസ്തുയേശുവിലൂടെ നമുക്ക് കൃപയുടെ അതുല്യമായ സമൃദ്ധി വരുംകാലങ്ങളിൽ പ്രദർശിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. 8 കൃപയാൽ നിങ്ങൾ രക്ഷിക്കപ്പെട്ടു; അതു വിശ്വാസത്തിലൂടെയാണ്. നിങ്ങളിൽനിന്ന് ഉത്ഭവിച്ചതല്ല ആ രക്ഷ; ദൈവത്തിന്റെ ദാനമാണ്. 9 ഈ രക്ഷ എന്നത് നാം ചെയ്ത സൽപ്രവൃത്തികളുടെ പ്രതിഫലമായിട്ടല്ല ലഭിക്കുന്നത്. അങ്ങനെയായിരുന്നെങ്കിൽ നമുക്ക് ആത്മപ്രശംസ ചെയ്യാൻ വകയുണ്ടാകുമായിരുന്നു. 10 നാം ദൈവകരങ്ങളുടെ സൃഷ്ടിവൈദഗ്ദ്ധ്യമാണ്. സൽപ്രവൃത്തികൾ ചെയ്യുന്നതിനായിട്ടാണ് ക്രിസ്തുയേശുവിൽ നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, അപ്രകാരം ചെയ്യുന്നതിന് ദൈവം മുൻകൂട്ടി തീരുമാനിച്ചതുമാണ്.

  68. 20 എന്നാൽ, നമ്മിൽ വ്യാപരിക്കുന്ന അവിടത്തെ ശക്തിയാൽ നാം യാചിക്കുന്നതിനും ചിന്തിക്കുന്നതിനും അത്യന്തം അതീതമായി പ്രവർത്തിക്കാൻ കഴിയുന്ന ദൈവത്തിന് 21 സഭയിലും ക്രിസ്തുയേശുവിലും തലമുറകൾതോറും എന്നെന്നേക്കും മഹത്ത്വം ഉണ്ടാകുമാറാകട്ടെ! ആമേൻ.

  69. 7 അങ്ങനെയെങ്കിൽ, മനുഷ്യന്റെ ഗ്രഹണശക്തിക്ക് അതീതമായ ദൈവികസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും ക്രിസ്തുയേശുവിൽ സംരക്ഷിക്കും.

  70. 3 അവിടത്തെ ദിവ്യശക്തി, ഭക്തിപൂർവമായ ജീവിതത്തിന് ആവശ്യമായതെല്ലാം നമുക്കു നൽകിയിരിക്കുന്നു. അവ നമുക്കു ലഭിച്ചത് തേജസ്സിനാലും ശ്രേഷ്ഠതയാലും നമ്മെ വിളിച്ച ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിലൂടെയാണ്. 4 ഇവയിലൂടെത്തന്നെയാണ് തന്റെ അമൂല്യവും മഹനീയവുമായ വാഗ്ദാനങ്ങളും അവിടന്ന് നമുക്കു നൽകിയത്. തന്മൂലം നിങ്ങൾക്ക് ദുർമോഹത്താൽ ഉണ്ടാകുന്ന ലോകമാലിന്യങ്ങളിൽനിന്ന് വിമുക്തരായി ദൈവികസ്വഭാവത്തിനു പങ്കാളികളായിത്തീരാൻ കഴിയും.

  71. 17 നീതിനിഷ്ഠർ നിലവിളിക്കുന്നു, യഹോവ അതു കേൾക്കുന്നു;

    അവിടന്ന് അവരെ സകലവിധ കഷ്ടതകളിൽനിന്നും വിടുവിക്കുന്നു.

    18 ഹൃദയവ്യഥയനുഭവിക്കുന്നവർക്ക് യഹോവ സമീപസ്ഥൻ

    മനസ്സു തകർന്നവരെ അവിടന്ന് രക്ഷിക്കുന്നു.

    19 നീതിനിഷ്ഠരായ മനുഷ്യർക്കു ധാരാളം യാതനകൾ ഉണ്ടാകും

    എങ്കിലും അവ എല്ലാറ്റിൽനിന്നും യഹോവ അവരെ വിടുവിക്കുന്നു;

    20 അവിടന്ന് അവരുടെ അസ്ഥികൾക്കെല്ലാം സംരക്ഷണം നൽകുന്നു,

    അവയിൽ ഒന്നുപോലും ഉടയ്ക്കപ്പെടുകയില്ല.

  72. 9 അവിടന്ന് ഭൂമിയെ സന്ദർശിക്കുകയും അത് നനയ്ക്കുകയും ചെയ്യുന്നു;

    അവിടന്ന് അതിനെ അത്യന്തം ഫലപുഷ്ടമാക്കുന്നു.

    ദൈവത്തിന്റെ നദിയിൽ വെള്ളം നിറഞ്ഞിരിക്കുന്നു;

    ഇങ്ങനെ അങ്ങ് ഭൂമിയെ ഒരുക്കി

    അവർക്കു ധാന്യംനൽകുന്നു.

    10 അങ്ങ് അതിന്റെ ഉഴവുചാലുകളെ നനയ്ക്കുന്നു;

    മഴയാൽ അങ്ങ് അതിനെ കുതിർക്കുകയും അതിന്റെ മുളയെ അനുഗ്രഹിക്കുകയും ചെയ്യുന്നു.

    11 അങ്ങ് സംവത്സരത്തെ നന്മകൊണ്ട് കിരീടമണിയിക്കുന്നു,

    അവിടത്തെ പാതകൾ പുഷ്ടിപൊഴിക്കുന്നു.

    12 മരുഭൂമിയിലെ പുൽമേടുകൾ സമൃദ്ധിപൊഴിക്കുന്നു

    കുന്നുകൾ ആനന്ദം അണിഞ്ഞിരിക്കുന്നു.

    13 പുൽപ്പുറങ്ങളിൽ ആട്ടിൻപറ്റം നിറഞ്ഞിരിക്കുന്നു

    താഴ്വരകൾ ധാന്യംകൊണ്ട് മൂടിയിരിക്കുന്നു;

    അവർ ആനന്ദത്താൽ ആർക്കുകയും പാടുകയുംചെയ്യുന്നു.

    സംഗീതസംവിധായകന്.

  73. 17 അവിടന്ന് എല്ലാറ്റിനും മുമ്പേ ഉള്ളവൻ;

    സകലത്തെയും നിലനിർത്തുന്നതും അവിടന്നാണ്.

  74. 13 നാമോ, അവിടത്തെ വാഗ്ദാനം അനുസരിച്ച്, നീതി നിവസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായി കാത്തിരിക്കുന്നു.

  75. 43 അങ്ങനെ യഹോവ, ഇസ്രായേലിന്, താൻ അവരുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു ശപഥംചെയ്ത ദേശമെല്ലാം കൊടുത്തു; അവർ അതു കൈവശപ്പെടുത്തി അവിടെ താമസമുറപ്പിച്ചു. 44 പിതാക്കന്മാരോടു ശപഥംചെയ്തതുപോലെ യഹോവ എല്ലാ ഭാഗത്തുനിന്നും അവർക്കു സ്വസ്ഥതനൽകി. ശത്രുക്കളിൽ ഒരുവനുപോലും അവരുടെനേരേ നിൽക്കാൻ സാധിച്ചില്ല; അവരുടെ ശത്രുക്കളെയെല്ലാം യഹോവ അവരുടെ കൈയിൽ ഏൽപ്പിച്ചു. 45 യഹോവ ഇസ്രായേൽഗോത്രത്തിനു നൽകിയ നല്ല വാഗ്ദാനങ്ങളിൽ ഒന്നുപോലും നിറവേറപ്പെടാതിരുന്നില്ല; അവയെല്ലാം നിറവേറി.

  76. 35 അവിടത്തെ രക്ഷ എനിക്കു പരിചയായി നൽകി,

    അവിടത്തെ വലതുകരം എന്നെ താങ്ങിനിർത്തുന്നു;

    അവിടത്തെ സഹായം എന്നെ വലിയവനാക്കിയിരിക്കുന്നു.

  77. 5 എന്റെ ശത്രുക്കളുടെമുമ്പിൽ,

    അങ്ങ് എനിക്കൊരു വിരുന്നൊരുക്കുന്നു.

    എന്റെ ശിരസ്സിൽ അവിടന്ന് തൈലാഭിഷേകം നടത്തുന്നു;

    എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.

  78. 19 അങ്ങയെ ഭയപ്പെടുന്നവർക്കുവേണ്ടി അങ്ങ് സംഭരിച്ചുവെച്ചിരിക്കുന്നതും

    അങ്ങയിൽ ശരണം പ്രാപിക്കുന്നവർക്കായി

    സകലമനുഷ്യരും കാണുംവിധം അവിടന്ന് പ്രദർശിപ്പിച്ചതുമായ

    അവിടത്തെ നന്മ എത്രയോ സമൃദ്ധം.

  79. 5 പൂർണഹൃദയത്തോടെ നീ യഹോവയിൽ വിശ്വാസമർപ്പിക്കുക

    സ്വന്തവിവേകത്തിൽ ആശ്രയിക്കുകയുമരുത്;

    6 നിന്റെ ചെയ്തികളെല്ലാം ദൈവികാംഗീകാരമുള്ളതായിരിക്കട്ടെ,

    അവിടന്ന് നിന്റെ സഞ്ചാരപാതകൾ നേരേയാക്കും.

  80. 9 മനുഷ്യർ തങ്ങളുടെ ഹൃദയത്തിൽ പദ്ധതികൾ ആസൂത്രണംചെയ്യുന്നു,

    എന്നാൽ യഹോവ അവരുടെ കാലടികളുടെ ഗമനം ക്രമീകരിക്കുന്നു.

  81. 33 തീരുമാനങ്ങൾക്കായി നറുക്കിടുന്നു,

    എന്നാൽ അതിന്റെ തീർപ്പ് യഹോവയിൽനിന്നു വരുന്നു.

  82. 6 “ ‘ഇതാ, ഞാൻ അവർക്ക് ആരോഗ്യവും സൗഖ്യവും വരുത്തും; ഞാൻ എന്റെ ജനത്തെ സൗഖ്യമാക്കുകയും സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി ആസ്വദിക്കാൻ ഞാൻ അവരെ അനുവദിക്കുകയും ചെയ്യും. 7 ഞാൻ ഇസ്രായേലിനെയും യെഹൂദയെയും അടിമത്തത്തിൽനിന്നു മടക്കിവരുത്തുകയും അവർ പണ്ട് ആയിരുന്നതുപോലെ അവരെ വീണ്ടും പണിതുയർത്തുകയും ചെയ്യും. 8 അവർ എനിക്കെതിരേ ചെയ്ത അവരുടെ എല്ലാ പാപങ്ങളിൽനിന്നും ഞാൻ അവരെ ശുദ്ധീകരിക്കും, അവർ എനിക്കെതിരേ മത്സരിച്ചുകൊണ്ടു ചെയ്ത എല്ലാ പാപങ്ങളും ഞാൻ അവരോടു ക്ഷമിക്കും. 9 ഞാൻ ഈ നഗരത്തിനുവേണ്ടി ചെയ്യുന്ന, സകലനന്മകളെയുംകുറിച്ച് ഭൂമിയിലെ എല്ലാ രാഷ്ട്രങ്ങളും കേൾക്കുമ്പോൾ, അവരുടെമുമ്പിൽ എനിക്കു കീർത്തിയും ആനന്ദവും സ്തോത്രവും മഹത്ത്വവും ഈ നഗരം കൊണ്ടുവരും; ഞാൻ അവർക്കു ചെയ്യുന്ന എല്ലാ നന്മകളും സമാധാനവും നിമിത്തം സ്തബ്ധരാകുകയും ഭയന്നുവിറയ്ക്കുകയും ചെയ്യും.’

  83. 10 എന്റെ ആലയത്തിൽ ആഹാരം ഉണ്ടായിരിക്കേണ്ടതിനു നിങ്ങൾ ദശാംശം മുഴുവൻ കലവറയിലേക്കു കൊണ്ടുവരിക. ഞാൻ നിങ്ങൾക്കായി സ്വർഗകവാടങ്ങൾ തുറന്നു സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹങ്ങൾ വർഷിക്കുകയില്ലയോ? എന്നെ ഇതിനാൽ പരീക്ഷിക്കുക,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

  84. 29 ഞാൻ സൗമ്യനും വിനീതഹൃദയനും ആയതുകൊണ്ട് എന്റെ നുകം നിങ്ങൾ സ്വീകരിച്ചുകൊണ്ട് എന്നോട് പഠിക്കുക; എന്നാൽ, നിങ്ങൾ നിങ്ങളുടെ പ്രാണന് വിശ്രമം കണ്ടെത്തും. 30 എന്റെ നുകം മൃദുവും എന്റെ ഭാരം ലഘുവും ആകുന്നുവല്ലോ!”

  85. 18 എനിക്ക് ആവശ്യമായതും അതിലധികവും ഇപ്പോഴുണ്ട്. എപ്പഫ്രൊദിത്തൊസിന്റെ കൈവശം നിങ്ങൾ കൊടുത്തയച്ച സമ്മാനങ്ങൾ സ്വീകരിച്ച് ഞാൻ ഇപ്പോൾ സംതൃപ്തനായിരിക്കുന്നു. അവ ദൈവത്തിനു പ്രസാദകരവും സൗരഭ്യമുള്ളതുമായ വഴിപാടും യാഗവുമായിത്തീർന്നിരിക്കുന്നു.