67 Bible Verses About Compassion
Biblica® Open Malayalam Contemporary Version™ (OMCV)
-
35 യേശു അവിടെയുള്ള എല്ലാ പട്ടണങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ച്, യെഹൂദരുടെ പള്ളികളിൽ ഉപദേശിച്ചും രാജ്യത്തിന്റെ സുവിശേഷം വിളംബരംചെയ്തും എല്ലാവിധ രോഗങ്ങളും ബലഹീനതകളും സൗഖ്യമാക്കുകയും ചെയ്തു. 36 ജനക്കൂട്ടം ഇടയനില്ലാത്ത ആടുകളെപ്പോലെ പീഡിതരും നിസ്സഹായരും ആയിരിക്കുന്നതുകണ്ട് യേശുവിന് അവരോടു സഹതാപം തോന്നി. 37 അപ്പോൾ യേശു ശിഷ്യന്മാരോട്, “കൊയ്ത്ത് സമൃദ്ധം; വേലക്കാരോ പരിമിതം. 38 അതുകൊണ്ട്, കൊയ്ത്തിന്റെ ഉടമസ്ഥനോട് കൊയ്ത്തിനായി വേലക്കാരെ അയയ്ക്കാൻ അപേക്ഷിക്കുക” എന്നു പറഞ്ഞു.
-
12 ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധരും ദൈവത്തിനു പ്രിയരുമാകുകയാൽ നിങ്ങൾ മനസ്സലിവ്, ദയ, വിനയം, സൗമ്യത, ക്ഷമ, എന്നിവ ധരിക്കുക. 13 പരസ്പരം ക്ഷമിക്കുകയും സഹിക്കുകയുംചെയ്യുക; നിങ്ങളിലൊരാൾക്കു മറ്റൊരാൾക്കെതിരേ പരാതി ഉണ്ടായാൽ, കർത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക. 14 എല്ലാറ്റിലും ഉപരിയായി എല്ലാവരെയുംതമ്മിൽ സമ്പൂർണമായി ബന്ധിപ്പിക്കുന്ന കണ്ണിയായ സ്നേഹം ധരിക്കുക.
15 ക്രിസ്തു നൽകുന്ന സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. അതിനായിട്ടാണല്ലോ നിങ്ങളെ ഏകശരീരമായി വിളിച്ചിരിക്കുന്നത്. കൃതജ്ഞതയുള്ളവരായിരിക്കുക. 16 ക്രിസ്തുവിന്റെസന്ദേശം നിങ്ങളിൽ സമൃദ്ധിയോടെ വസിക്കട്ടെ. അങ്ങനെ ആയിരിക്കണം നിങ്ങൾ, സർവജ്ഞാനത്തോടും കൂടെ ഹൃദയത്തിൽ നന്ദി നിറഞ്ഞവരായി, സങ്കീർത്തനങ്ങൾ, സ്തുതിഗീതങ്ങൾ, ആത്മികഗാനങ്ങൾ എന്നിവയാൽ ദൈവത്തിനു പാടിക്കൊണ്ട്, പരസ്പരം ഉപദേശിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യേണ്ടത്. 17 നിങ്ങളുടെ വാക്കോ പ്രവൃത്തിയോ എന്തായാലും അവയെല്ലാം കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും യേശുക്രിസ്തു മുഖാന്തരം പിതാവായ ദൈവത്തിന് സ്തോത്രം അർപ്പിച്ചുകൊണ്ടും ആയിരിക്കട്ടെ.
-
8 സർവോപരി, നിങ്ങൾ എല്ലാവരും ഐകമത്യത്തോടെ ജീവിക്കുക എന്നു ഞാൻ നിങ്ങളോടു പറയുന്നു. സഹാനുഭൂതിയും സഹോദരസ്നേഹവും ദയയും താഴ്മയും ഉള്ളവരായിരിക്കുക. 9 തിന്മയ്ക്കു പകരം തിന്മ ചെയ്യാതെയും അധിക്ഷേപത്തിനു പ്രതികാരമായി അധിക്ഷേപിക്കാതെയും ഇരിക്കുക. അവയ്ക്കുപകരം അനുഗ്രഹം നൽകുക. ഇങ്ങനെ പ്രവർത്തിച്ചുകൊണ്ട് അനുഗ്രഹങ്ങൾ അവകാശമാക്കാനാണ് നിങ്ങളെ വിളിച്ചിരിക്കുന്നത്.
-
30 യേശു ഇങ്ങനെ മറുപടി പറഞ്ഞു: “ഒരു മനുഷ്യൻ ജെറുശലേമിൽനിന്ന് യെരീഹോവിലേക്ക് യാത്രചെയ്യുകയായിരുന്നു, കൊള്ളക്കാർ ആ മനുഷ്യനെ ആക്രമിച്ചു. അവർ അവന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുത്തു, അവനെ മർദിച്ച് അർധപ്രാണനായി വഴിയരികിൽ ഉപേക്ഷിച്ചു പൊയ്ക്കളഞ്ഞു. 31 ആ വഴിയിലൂടെ ഒരു പുരോഹിതൻ പോകാനിടയായി. അയാൾ അവനെ കണ്ടിട്ടു വഴിയുടെ മറുവശംചേർന്നു മുന്നോട്ടുപോയി, 32 അതുപോലെതന്നെ ഒരു ലേവ്യനും അവിടെയെത്തി, അയാളും മുറിവേറ്റവനെ കണ്ടിട്ടു വഴിയുടെ മറുവശംചേർന്നു മുന്നോട്ടുപോയി. 33 എന്നാൽ, ആ വഴി യാത്ര പോകുകയായിരുന്ന ഒരു ശമര്യൻ, അയാൾ കിടന്നിടത്ത് എത്തിയപ്പോൾ അയാളെക്കണ്ട് സഹതാപാർദ്രനായി. 34 അദ്ദേഹം ആ മുറിവേറ്റവന്റെ അടുത്തേക്കുചെന്നു, എണ്ണയും വീഞ്ഞും ഒഴിച്ചു മുറിവുകൾ വെച്ചുകെട്ടി. തുടർന്ന് അയാളെ തന്റെ മൃഗത്തിന്റെ പുറത്തു കയറ്റി ഒരു സത്രത്തിൽ കൊണ്ടുചെന്ന് അയാൾക്ക് ആവശ്യമായ ശുശ്രൂഷചെയ്തു. 35 പിറ്റേദിവസം അയാൾ രണ്ട് വെള്ളിനാണയം എടുത്ത് സത്രംസൂക്ഷിപ്പുകാരനു കൊടുത്തിട്ട്, ‘ഇയാളെ ശുശ്രൂഷിക്കണം, അധികം എന്തെങ്കിലും ചെലവുചെയ്യേണ്ടിവന്നാൽ ഞാൻ തിരിച്ചെത്തുമ്പോൾ അതു തന്നുകൊള്ളാം’ എന്നു പറഞ്ഞു.
36 “കൊള്ളക്കാരുടെ കൈയിൽ അകപ്പെട്ട ഈ മനുഷ്യന് ഒരു അയൽക്കാരനായിത്തീർന്നത് ഈ മൂന്നുപേരിൽ ആരാണ്?” യേശു ചോദിച്ചു.
37 “മുറിവേറ്റവനോട് കരുണകാണിച്ചവൻ” എന്ന് ആ നിയമജ്ഞൻ മറുപടി പറഞ്ഞു.
“നീയും പോയി അതുപോലെതന്നെ ചെയ്യുക” യേശു അയാളോടു പറഞ്ഞു.
-
32 പരസ്പരം ദയയും കരുണയും ഉള്ളവരായി, ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിക്കുക.
-
13 യേശു ഇതു കേട്ടിട്ട് വള്ളത്തിൽ കയറി അവിടെനിന്ന് തനിച്ച് ഒരു വിജനസ്ഥലത്തേക്ക് പോയി. ഇതറിഞ്ഞ ജനക്കൂട്ടം പട്ടണങ്ങളിൽനിന്ന് കരമാർഗം അദ്ദേഹത്തെ ലക്ഷ്യമാക്കി യാത്രചെയ്തു. 14 യേശു കരയ്ക്കിറങ്ങിയപ്പോൾ ഒരു വലിയ ജനക്കൂട്ടത്തെക്കണ്ടു; അദ്ദേഹത്തിന് അവരോടു സഹതാപം തോന്നി; അവരുടെ രോഗികളെ സൗഖ്യമാക്കി.
-
29 യേശുവും ശിഷ്യന്മാരും യെരീഹോപട്ടണത്തിൽനിന്ന് പോകുമ്പോൾ വലിയൊരു ജനക്കൂട്ടം അദ്ദേഹത്തെ പിൻതുടർന്നു. 30 വഴിയരികിൽ ഇരിക്കുകയായിരുന്ന രണ്ട് അന്ധന്മാർ യേശു അതുവഴി പോകുന്നു എന്നു കേട്ട്, “കർത്താവേ, ദാവീദുപുത്രാ, ഞങ്ങളോടു കരുണതോന്നണമേ” എന്നു നിലവിളിച്ചു.
31 മിണ്ടരുതെന്നു പറഞ്ഞ് ജനക്കൂട്ടം അവരെ ശാസിച്ചു. അവരോ അധികം ഉച്ചത്തിൽ, “കർത്താവേ, ദാവീദുപുത്രാ, ഞങ്ങളോട് കരുണതോന്നണമേ” എന്നു നിലവിളിച്ചു.
32 ഇതു കേട്ടിട്ട് യേശു നിന്നു. അവരെ വിളിച്ച്, “ഞാൻ നിങ്ങൾക്ക് എന്തു ചെയ്തുതരണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?” എന്നു ചോദിച്ചു.
33 “കർത്താവേ, ഞങ്ങൾക്ക് കാഴ്ച തരണമേ,” അവർ അദ്ദേഹത്തോട് യാചിച്ചു.
34 യേശുവിന് സഹതാപം തോന്നി, അവിടന്ന് അവരുടെ കണ്ണുകളിൽ സ്പർശിച്ചു. ഉടൻതന്നെ അവർക്ക് കാഴ്ച ലഭിച്ചു; അവർ അദ്ദേഹത്തെ അനുഗമിച്ചു.
-
30 അപ്പൊസ്തലന്മാർ യേശുവിന്റെ അടുക്കൽ മടങ്ങിവന്നു തങ്ങൾ ചെയ്തതും ഉപദേശിച്ചതുമെല്ലാം അദ്ദേഹത്തെ അറിയിച്ചു. 31 ഈ സമയത്ത് യേശുവിന്റെ അടുക്കൽ ധാരാളം ആളുകൾ വരികയും പോകുകയും ചെയ്തിരുന്നതുകൊണ്ട് യേശുവിനും ശിഷ്യന്മാർക്കും ആഹാരം കഴിക്കാൻപോലും അവസരം ലഭിച്ചില്ല. അതുകൊണ്ട് അദ്ദേഹം അവരോട്, “നിങ്ങൾ എന്റെകൂടെ ഒരു വിജനസ്ഥലത്തു വന്ന് അൽപ്പം വിശ്രമിക്കുക” എന്നു പറഞ്ഞു.
32 അങ്ങനെ അവർ ഒരു വള്ളത്തിൽ കയറി ഒരു വിജനസ്ഥലത്തേക്ക് യാത്രയായി. 33 എന്നാൽ, അവർ പോകുന്നതുകണ്ട് അത് എവിടേക്കാണെന്നു മനസ്സിലാക്കിയ അനേകം ആളുകൾ എല്ലാ പട്ടണങ്ങളിൽനിന്നും ഓടി അവർക്കുമുമ്പേ ആ സ്ഥലത്തെത്തി. 34 യേശു കരയ്ക്കിറങ്ങിയപ്പോൾ ഒരു വലിയ ജനക്കൂട്ടം ഇടയനില്ലാത്ത ആടുകളെപ്പോലെ ആയിരിക്കുന്നതുകണ്ട്; യേശുവിന് അവരോടു സഹതാപം തോന്നി. അതുകൊണ്ട് അദ്ദേഹം അവരെ പല കാര്യങ്ങളും ഉപദേശിക്കാൻ തുടങ്ങി.
-
11 ഈ സംഭവത്തിനുശേഷം അധികം താമസിക്കാതെ യേശു നയിൻ എന്ന പട്ടണത്തിലേക്കു പോകുമ്പോൾ; ശിഷ്യന്മാരും വലിയൊരു ജനസഞ്ചയവും അദ്ദേഹത്തെ അനുഗമിച്ചു. 12 യേശു പട്ടണകവാടത്തോടടുത്തപ്പോൾ അതാ, മരിച്ചുപോയ ഒരാളെ പട്ടണത്തിനുപുറത്തേക്കു കൊണ്ടുവരുന്നു. അയാൾ തന്റെ അമ്മയുടെ ഏകപുത്രൻ; അവൾ വിധവയുമായിരുന്നു. പട്ടണത്തിൽനിന്ന് വലിയൊരു ജനക്കൂട്ടം അവളോടുകൂടെ ഉണ്ടായിരുന്നു. 13 അവളെ കണ്ടപ്പോൾ കർത്താവിന്റെ മനസ്സലിഞ്ഞു. അവിടന്ന് അവളോട്, “കരയേണ്ടാ” എന്നു പറഞ്ഞു.
14 യേശു അടുത്തുചെന്ന് ശവമഞ്ചം തൊട്ടപ്പോൾ, അത് ചുമന്നുകൊണ്ട് പോകുകയായിരുന്നവർ അവിടെ നിന്നു. അദ്ദേഹം, “യുവാവേ, ഞാൻ നിന്നോടു കൽപ്പിക്കുകയാണ് ‘എഴുന്നേൽക്കുക’ ” എന്നു പറഞ്ഞു. 15 അപ്പോൾ മരിച്ചവൻ എഴുന്നേറ്റിരുന്നു സംസാരിക്കാൻ തുടങ്ങി. യേശു അവനെ അവന്റെ അമ്മയ്ക്ക് തിരികെ നൽകി.
-
17 ഒരാൾക്കു ഭൗതികസമ്പത്ത് ഉണ്ടായിരിക്കുകയും തന്റെ സഹോദരങ്ങളെ ബുദ്ധിമുട്ടുള്ളവരായി കണ്ടിട്ട് അവരോടു സഹതാപം തോന്നാതിരിക്കുകയും ചെയ്താൽ അയാളിൽ ദൈവസ്നേഹം വസിക്കുന്നു എന്ന് എങ്ങനെ അവകാശപ്പെടാൻ കഴിയും?
18 കുഞ്ഞുമക്കളേ, നാം പരസ്പരം സ്നേഹിക്കുന്നു എന്ന് വൃഥാ വാചാലരാകാതെ, സ്നേഹം വാസ്തവത്തിൽ പ്രവൃത്തിപഥത്തിൽ കൊണ്ടുവരേണ്ടതാണ്.
-
8 യഹോവയുടെ വചനം വീണ്ടും സെഖര്യാവിനുണ്ടായി: 9 “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നേരോടെ ന്യായംവിധിക്കുക പരസ്പരം കരുണയും മനസ്സലിവും കാണിക്കുക. 10 വിധവയെയും അനാഥരെയും പ്രവാസികളെയും ദരിദ്രരെയും പീഡിപ്പിക്കരുത്. നിങ്ങളുടെ മനസ്സിൽ പരസ്പരം ദോഷം ചിന്തിക്കരുത്.’
-
3 കരുണാസമ്പന്നനായ പിതാവും സർവ ആശ്വാസങ്ങളുടെയും ദാതാവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവുമായ ദൈവം വാഴ്ത്തപ്പെട്ടവൻ! 4 ഞങ്ങൾക്കുണ്ടാകുന്ന സകലകഷ്ടതകളിലും അവിടന്നു ഞങ്ങളെ ആശ്വസിപ്പിക്കുന്നു. അതുകൊണ്ട് ഞങ്ങളും ഏതുതരം കഷ്ടതയിൽ ആയിരിക്കുന്നവരെയും ദൈവത്തിൽനിന്നു ലഭിച്ചിരിക്കുന്ന ആശ്വാസത്താൽ, ആശ്വസിപ്പിക്കാൻ പ്രാപ്തരായിരിക്കുന്നു. 5 അങ്ങനെ, ക്രിസ്തു നിമിത്തമുള്ള കഷ്ടതകൾ ഞങ്ങളിൽ വർധിച്ചുവരുന്നതുപോലെ ക്രിസ്തുവിൽനിന്നു ലഭിക്കുന്ന ആശ്വാസവും ഞങ്ങളിൽ വർധിച്ചുവരുന്നു.
-
40 ഒരു കുഷ്ഠരോഗി യേശുവിന്റെ അടുക്കൽവന്ന് മുട്ടുകുത്തി, “അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കാൻ കഴിയും” എന്നപേക്ഷിച്ചു.
41 യേശുവിന് അവനോടു സഹതാപം തോന്നി. കൈനീട്ടി ആ മനുഷ്യനെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സുണ്ട്; നീ ശുദ്ധനാകുക” എന്നു പറഞ്ഞു. 42 ഉടൻതന്നെ കുഷ്ഠം അയാളെ വിട്ടുമാറി, അയാൾക്കു സൗഖ്യംവന്നു.
43-44 യേശു, “നോക്കൂ, ഇത് ആരോടും പറയരുത്” എന്ന കർശന താക്കീത് അയാൾക്കു നൽകി, “നീ പോയി, പുരോഹിതനു നിന്നെത്തന്നെ കാണിക്കുക. നീ പൂർണസൗഖ്യമുള്ളവനായി എന്ന് പൊതുജനങ്ങൾക്കു ബോധ്യപ്പെടുന്നതിനായി മോശ കൽപ്പിച്ച വഴിപാടുകൾ അർപ്പിക്കുകയുംചെയ്യുക” എന്നു പറഞ്ഞു. 45 എന്നാൽ, അയാൾ പോയി എല്ലാവരോടും ഈ വാർത്ത തീക്ഷ്ണതയോടെ പ്രസിദ്ധമാക്കാൻ തുടങ്ങി. തന്മൂലം യേശുവിനു പരസ്യമായി പട്ടണത്തിൽ പ്രവേശിക്കാൻ സാധിക്കാതെ വന്നു; അദ്ദേഹം പുറത്തു വിജനസ്ഥലങ്ങളിൽ താമസിച്ചു. എന്നിട്ടും ജനങ്ങൾ എല്ലായിടങ്ങളിൽനിന്നും യേശുവിന്റെ അടുക്കൽ വന്നുകൂടി.
-
2 പരസ്പരം ഭാരങ്ങൾ വഹിച്ചുകൊണ്ട് ക്രിസ്തുവിന്റെ കൽപ്പനകൾ പാലിക്കുക. 3 ഒരു വ്യക്തി, ആരുമല്ലാതിരിക്കെ, താൻ ആരോ ആണെന്നു ചിന്തിക്കുന്നെങ്കിൽ, അയാൾ സ്വയം വഞ്ചിക്കുകയാണ്. 4 ഓരോരുത്തരും സ്വന്തം പ്രവൃത്തികളെ വിലയിരുത്തട്ടെ. അങ്ങനെയുള്ളവർക്ക് തങ്ങളെ മറ്റാരുമായും താരതമ്യംചെയ്യാതെ സ്വയം അഭിമാനിക്കാൻ കഴിയും. 5 ഓരോരുത്തരും സ്വന്തം പ്രവൃത്തികൾക്ക് ഉത്തരവാദികളാണ്. 6 തിരുവചനം പഠിക്കുന്നവരെല്ലാം പഠിപ്പിക്കുന്നയാൾക്ക് സർവനന്മയും പങ്കിടണം.
7 നിങ്ങളെത്തന്നെ വഞ്ചിക്കരുത്. ദൈവത്തെ കബളിപ്പിക്കുക അസാധ്യം. ഒരു മനുഷ്യൻ കൊയ്യുന്നത് അയാൾ വിതയ്ക്കുന്നതുതന്നെയായിരിക്കും. 8 പാപേച്ഛകളുടെ നിവൃത്തിമാത്രം ലക്ഷ്യമാക്കി വിതയ്ക്കുന്നവർ അതിൽനിന്നുതന്നെ നാശം കൊയ്യുകയും ദൈവാത്മാവിനെ പ്രസാദിപ്പിക്കാനായി വിതയ്ക്കുന്നവൻ ദൈവാത്മാവിൽനിന്നുതന്നെ നിത്യജീവനെ കൊയ്യുകയും ചെയ്യും. 9 നന്മ ചെയ്യുന്നതിൽ നാം ക്ഷീണിതരാകരുത്. നാം മടുത്തുപോകാതിരുന്നാൽ സമയം വരുമ്പോൾ വലിയ വിളവ് കൊയ്തെടുക്കും. 10 അതുകൊണ്ട്, അവസരം ലഭിക്കുമ്പോഴെല്ലാം എല്ലാ മനുഷ്യർക്കും നമ്മൾ നന്മ ചെയ്യുന്നവരാകണം; പ്രത്യേകിച്ച് വിശ്വാസകുടുംബങ്ങളിലെ അംഗങ്ങളോട്.
-
15 എന്നാൽ കർത്താവേ, അങ്ങ് കരുണാമയനും ആർദ്രഹൃദയനുമായ ദൈവം ആകുന്നു,
അവിടന്ന് ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തതയുള്ളവനും ആകുന്നു.
-
13 ഒരു പിതാവിനു തന്റെ മക്കളോടു മനസ്സലിവു തോന്നുന്നതുപോലെതന്നെ,
യഹോവയ്ക്ക് തന്നെ ഭയപ്പെടുന്നവരോടു മനസ്സലിവു തോന്നുന്നു;
14 കാരണം അവിടന്ന് നമ്മുടെ പ്രകൃതി അറിയുന്നു;
നാം പൊടിയെന്ന് അവിടന്ന് ഓർക്കുന്നു.
15 മനുഷ്യായുസ്സ് പുല്ലിനു സമമാകുന്നു,
വയലിലെ പൂപോലെ അതു തഴയ്ക്കുന്നു;
16 അതിന്മേൽ കാറ്റടിക്കുന്നു, അതു വിസ്മൃതമാകുന്നു,
അതു നിന്നയിടംപോലും പിന്നെയത് ഓർക്കുന്നില്ല.
17 എന്നാൽ, യഹോവയുടെ സ്നേഹം തന്നെ ഭയപ്പെടുന്നവരുടെമേൽ
നിതാന്തകാലം നിലനിൽക്കും
അവിടത്തെ നീതി അവരുടെ മക്കളുടെ മക്കൾക്കും ഉണ്ടാകും—
18 അവിടത്തെ ഉടമ്പടികൾ പാലിക്കുകയും
അവിടത്തെ പ്രമാണങ്ങൾ ഓർത്ത് അനുസരിക്കുകയും ചെയ്യുന്നവരുടെമേൽതന്നെ.
-
15 “ഒരു സ്ത്രീക്ക് താൻ മുലയൂട്ടുന്ന കുഞ്ഞിനെ മറക്കാൻ കഴിയുമോ?
തന്റെ ഗർഭത്തിൽ ഉരുവായ മകനോട് അവൾക്ക് കരുണ തോന്നാതിരിക്കുമോ?
ഒരു അമ്മ മറന്നാലും
ഞാൻ നിങ്ങളെ മറക്കുകയില്ല!
16 ഇതാ, ഞാൻ എന്റെ ഉള്ളംകൈയിൽ നിന്നെ വരച്ചിരിക്കുന്നു;
നിന്റെ മതിലുകൾ എപ്പോഴും എന്റെ കൺമുമ്പിലുണ്ട്.
-
14 സ്വർഗാരോഹണം ചെയ്ത ദൈവപുത്രനായ യേശു നമ്മുടെ അതിശ്രേഷ്ഠ മഹാപുരോഹിതനായി ഉള്ളതുകൊണ്ട് നമ്മുടെ വിശ്വാസം മുറുകെപ്പിടിക്കാം. 15 നമ്മുടെ ദൗർബല്യങ്ങളിൽ സഹതപിക്കാൻ കഴിയാത്ത ഒരാളല്ല നമുക്കു മഹാപുരോഹിതനായി ഉള്ളത്; മറിച്ച്, അവിടന്ന് നമ്മെപ്പോലെ സകലത്തിലും പ്രലോഭിപ്പിക്കപ്പെട്ടിട്ടും പാപരഹിതനായിരുന്നു. 16 അതുകൊണ്ടു കരുണയും കൃപയും യഥാസമയം സഹായവും ലഭിക്കാനായി നമുക്കു ധൈര്യപൂർവം കൃപയുടെ സിംഹാസനത്തിന് അടുത്തുചെല്ലാം.
-
17 ദരിദ്രരോടു ദയകാണിക്കുന്നവർ യഹോവയ്ക്കു വായ്പകൊടുക്കുന്നു,
അവരുടെ പ്രവൃത്തികൾക്ക് അവിടന്ന് പ്രതിഫലംനൽകും.
-
20 അങ്ങനെ, അയാൾ എഴുന്നേറ്റ് തന്റെ പിതാവിന്റെ അടുത്തേക്കു യാത്രയായി.
“വളരെ ദൂരെവെച്ചുതന്നെ പിതാവ് അവനെ കണ്ടു, അവനോടു സഹതാപം തോന്നി; അദ്ദേഹം ഓടിച്ചെന്ന് അവനെ ആലിംഗനംചെയ്തു ചുംബിച്ചു.
-
8 യഹോവ ആർദ്രഹൃദയനും കരുണാമയനും
ക്ഷമാശീലനും സ്നേഹസമ്പന്നനും ആകുന്നു.
9 യഹോവ എല്ലാവർക്കും നല്ലവൻ;
തന്റെ സകലപ്രവൃത്തികളോടും അവിടന്ന് കരുണയുള്ളവനാണ്.
-
32 യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരോട്, “എനിക്ക് ഈ ജനത്തോട് സഹതാപം തോന്നുന്നു. ഇവർ എന്നോടൊപ്പമായിട്ട് മൂന്നുദിവസമായി; ഇവർക്കു ഭക്ഷിക്കാൻ ഒന്നുംതന്നെ ഇല്ല. ഇവരെ വിശപ്പോടെ പറഞ്ഞയയ്ക്കാൻ എനിക്ക് താത്പര്യമില്ല; അവർ വഴിയിൽ തളർന്നുവീഴും.”
33 അതിനു ശിഷ്യന്മാർ, “ഈ വലിയ ജനക്കൂട്ടത്തിനു ആവശ്യമുള്ളത്ര ഭക്ഷണം ഈ വിജനപ്രദേശത്ത് നമുക്ക് എവിടെനിന്നു ലഭിക്കും?” എന്നു ചോദിച്ചു.
34 യേശു അവരോട്, “നിങ്ങളുടെ കൈയിൽ എത്ര അപ്പം ഉണ്ട്?” എന്നു ചോദിച്ചു.
“ഏഴ്, കുറച്ചു ചെറിയ മീനും ഉണ്ട്,” അവർ മറുപടി പറഞ്ഞു.
35 യേശു ജനക്കൂട്ടത്തോട് തറയിലിരിക്കാൻ കൽപ്പിച്ചു. 36 പിന്നെ അദ്ദേഹം ആ ഏഴ് അപ്പവും മീനും എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത് നുറുക്കി ശിഷ്യന്മാരെ ഏൽപ്പിക്കുകയും അവർ അത് ജനത്തിന് കൊടുക്കുകയും ചെയ്തു. 37 എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച നുറുക്കുകൾ ശിഷ്യന്മാർ ഏഴു കുട്ട നിറയെ ശേഖരിച്ചു.
-
5 ഉടനെതന്നെ ഫറവോന്റെ പുത്രി നദിയിൽ കുളിക്കാൻ വന്നു. അവളുടെ പരിചാരികമാർ നദിക്കരയിലൂടെ നടക്കുകയായിരുന്നു. അവൾ ആ പെട്ടകം ഞാങ്ങണകൾക്കിടയിൽ കണ്ടിട്ട് അതെടുക്കാൻ തന്റെ ദാസിയെ അയച്ചു. 6 അവൾ അതു തുറന്നപ്പോൾ കുട്ടിയെ കണ്ടു. കുട്ടി കരയുകയായിരുന്നു. അവൾക്ക് അവനോടു സഹതാപം തോന്നി. “ഇത് എബ്രായശിശുക്കളിൽ ഒന്നാണ്,” അവൾ പറഞ്ഞു.
-
8 യഹോവ കരുണാമയനും ആർദ്രഹൃദയനും
ക്ഷമാശീലനും സ്നേഹസമ്പന്നനും ആകുന്നു.
-
15 ആനന്ദിക്കുന്നവരോടുകൂടെ ആനന്ദിക്കുകയും വിലപിക്കുന്നവരോടുകൂടെ വിലപിക്കുകയുംചെയ്യുക.
-
3 ഐശ്വര്യവും സമ്പത്തും അവരുടെ ഭവനങ്ങളിലുണ്ട്,
അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു.
4 പരമാർഥികൾക്ക് അന്ധകാരത്തിൽ പ്രകാശം ഉദിക്കുന്നു,
അങ്ങനെയുള്ളവർ കരുണയും കൃപയും നീതിയും ഉള്ളവർ ആകുന്നു.
5 ഔദാര്യത്തോടെ വായ്പകൊടുക്കുകയും
നീതിയോടെ കാര്യങ്ങൾ നിർവഹിക്കുകയും ചെയ്യുന്നവർക്ക് നന്മയുണ്ടാകും.
-
22 യഹോവയുടെ മഹാസ്നേഹംനിമിത്തം ഞാൻ നശിപ്പിക്കപ്പെട്ടില്ല
അവിടത്തെ കരുണകൾ തീർന്നുപോകുന്നില്ല.
23 അവ പ്രഭാതംതോറും പുതിയതാകുന്നു;
അവിടത്തെ വിശ്വസ്തത വലിയതുമാകുന്നു.
-
33 അവളും അവളോടൊപ്പം വന്ന മറ്റ് യെഹൂദരും കരയുന്നതു കണ്ടപ്പോൾ യേശു ആത്മാവിൽ അതിദുഃഖിതനായി അസ്വസ്ഥനായിത്തീർന്നു. 34 “നിങ്ങൾ അവനെ എവിടെയാണു സംസ്കരിച്ചത്?” എന്ന് യേശു ചോദിച്ചു.
“കർത്താവേ, വന്നു കണ്ടാലും,” അവർ പറഞ്ഞു.
35 യേശു കരഞ്ഞു.
36 അപ്പോൾ യെഹൂദർ പറഞ്ഞു, “നോക്കൂ, യേശു അവനെ എത്രമാത്രം സ്നേഹിച്ചിരുന്നു!”
37 എന്നാൽ അവരിൽ ചിലർ ചോദിച്ചു, “അന്ധന്റെ കണ്ണു തുറന്ന ഇദ്ദേഹത്തിന് ഇവനെ മരണത്തിൽനിന്നു രക്ഷിക്കാൻ കഴിയുമായിരുന്നില്ലേ?”
38 യേശു വീണ്ടും ദുഃഖാർത്തനായി കല്ലറയുടെ അടുത്തെത്തി. അത് ഒരു ഗുഹയായിരുന്നു. ഗുഹാമുഖം ഒരു കല്ലുവെച്ച് അടച്ചിരുന്നു. 39 “കല്ല് ഉരുട്ടിമാറ്റുക,” യേശു പറഞ്ഞു.
മരിച്ചയാളുടെ സഹോദരിയായ മാർത്ത അപ്പോൾ, “കർത്താവേ, നാറ്റംവെച്ചുതുടങ്ങി; ഇപ്പോൾ നാലു ദിവസമായല്ലോ” എന്നു പറഞ്ഞു.
40 “നീ വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്ത്വം കാണുമെന്ന് ഞാൻ നിന്നോടു പറഞ്ഞില്ലയോ,” എന്ന് യേശു ചോദിച്ചു.
41 അവർ കല്ലു നീക്കി. അപ്പോൾ യേശു സ്വർഗത്തിലേക്കു കണ്ണുകളുയർത്തി ഇപ്രകാരം പ്രാർഥിച്ചു: “പിതാവേ, അവിടന്ന് എന്റെ അപേക്ഷ കേട്ടതുകൊണ്ടു ഞാൻ അങ്ങയെ വാഴ്ത്തുന്നു. 42 അങ്ങ് എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നെന്ന് എനിക്കറിയാം. എങ്കിലും അവിടന്നാണ് എന്നെ അയച്ചിരിക്കുന്നതെന്ന് ഈ നിൽക്കുന്ന ജനം വിശ്വസിക്കേണ്ടതിന് ഇവർ നിമിത്തം എല്ലാവരും കേൾക്കെ ഞാനിതു പറയുന്നു.”
43 തുടർന്ന് യേശു ഉച്ചസ്വരത്തിൽ, “ലാസറേ, പുറത്തുവരിക” എന്നു വിളിച്ചുപറഞ്ഞു. 44 മരിച്ചുപോയിരുന്നയാൾ ജീവനുള്ളയാളായി പുറത്തുവന്നു; അവന്റെ കൈകാലുകൾ ശവക്കച്ചകൊണ്ടു ചുറ്റിയും മുഖം തൂവാലകൊണ്ടു മൂടിയുമിരുന്നു.
“അവന്റെ കെട്ടുകൾ അഴിക്കുക, അവൻ പോകട്ടെ,” എന്ന് യേശു പറഞ്ഞു.
-
1 ഞാൻ നിനക്കു നൽകിയിരിക്കുന്ന അനുഗ്രഹങ്ങളും ശാപങ്ങളും നിന്റെമേൽ വന്ന് നിന്റെ ദൈവമായ യഹോവ നിന്നെ തള്ളിക്കളയുന്ന ഏതു ജനതകളുടെയും മധ്യത്തിൽ നീ അവയെ നിന്റെ ഹൃദയത്തിൽ ഓർക്കുകയും 2 നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിലേക്കു നീയും നിന്റെ മക്കളും മടങ്ങിവന്ന് ഇന്നു ഞാൻ നിന്നോടു കൽപ്പിക്കുന്നതുപോലെ അവിടത്തെ വചനങ്ങൾ പൂർണഹൃദയത്തോടും പൂർണാത്മാവോടുംകൂടെ അനുസരിക്കുകയും ചെയ്യുമെങ്കിൽ 3 നിന്റെ ദൈവമായ യഹോവ നിന്റെ ഭാവിനിർണയങ്ങൾ പുനഃസ്ഥാപിക്കുകയും നിന്നോടു കരുണകാണിച്ച്, നീ ചിതറിപ്പോയിരുന്ന സകലജനതകളുടെയും ഇടയിൽനിന്ന് നിന്നെ കൂട്ടിവരുത്തുകയും ചെയ്യും. 4 ആകാശത്തിൻകീഴിൽ വിദൂരരാജ്യങ്ങളിലേക്കു നീ നാടുകടത്തപ്പെട്ടിരുന്നാലും അവിടെനിന്നും നിന്റെ ദൈവമായ യഹോവ നിന്നെ കൂട്ടിച്ചേർക്കുകയും മടക്കിവരുത്തുകയും ചെയ്യും.
-
18 എന്നിട്ടും യഹോവ നിങ്ങളോടു കൃപ കാണിക്കാൻ ആശിച്ചിരിക്കുന്നു;
അതുകൊണ്ട് നിങ്ങളോടു കരുണകാട്ടാൻ അവിടന്ന് എഴുന്നേൽക്കും.
കാരണം യഹോവ ന്യായത്തിന്റെ ദൈവമാകുന്നു.
അവിടത്തേക്കുവേണ്ടി കാത്തിരിക്കുന്നവർ അനുഗൃഹീതർ.
-
41 യേശു ജെറുശലേമിനു സമീപം എത്തി, ആ നഗരം കണ്ടപ്പോൾ അതിനെക്കുറിച്ചു വിലപിച്ചുകൊണ്ട് 42 അദ്ദേഹം പറഞ്ഞു: “നിനക്കു സമാധാനമേകുന്ന കാര്യങ്ങൾ ഇപ്പോഴെങ്കിലും നീ അറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു! പക്ഷേ, ഇപ്പോൾ അവ നിനക്ക് അഗോചരങ്ങളായിരിക്കുന്നു. 43 നിന്റെ ശത്രുക്കൾ നിനക്കുചുറ്റും കിടങ്ങു കുഴിച്ച് നിന്നെ വലയംചെയ്ത് എല്ലാവശത്തുനിന്നും നിന്നെ ഞെരുക്കുന്ന കാലം വരുന്നു. 44 അവർ നിന്നെയും നിന്റെ മതിലുകൾക്കുള്ളിലുള്ള നിന്റെ മക്കളെയും നിലംപരിചാക്കും. അവർ ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിപ്പിക്കുകയില്ല. ദൈവം നിന്നെ സന്ദർശിച്ച കാലം നീ തിരിച്ചറിയാതിരുന്നതുകൊണ്ട് ഇതു നിനക്കു സംഭവിക്കും.”
-
38 എന്നിട്ടും ദൈവം അവരോട് കരുണയുള്ളവനായിരുന്നു;
അവരുടെ അകൃത്യങ്ങൾ അവിടന്ന് ക്ഷമിച്ചു
അവിടന്ന് അവരെ നശിപ്പിച്ചതുമില്ല.
തന്റെ ക്രോധം മുഴുവനും ജ്വലിപ്പിക്കാതെ
പലപ്പോഴും തന്റെ കോപത്തെ അടക്കിക്കളഞ്ഞു.
-
31 കർത്താവ് ആരെയും
ശാശ്വതമായി പരിത്യജിക്കുകയില്ല.
32 അവിടന്ന് ദുഃഖംവരുത്തിയാലും, അവിടന്ന് കരുണകാണിക്കും,
കാരണം അവിടത്തെ അചഞ്ചലസ്നേഹം അതിശ്രേഷ്ഠമാണ്.
33 മനുഷ്യമക്കൾക്ക് അവിടന്ന് മനഃപൂർവം
കഷ്ടതയോ ദുഃഖമോ വരുത്തുന്നില്ല.
34 ദേശത്തിലെ സകലബന്ധിതരെയും
കാൽച്ചുവട്ടിൽ മെതിച്ചാൽ
35 അത്യുന്നതന്റെ മുമ്പിൽ ഒരു മനുഷ്യന്
തന്റെ അവകാശം നിഷേധിച്ചാൽ
36 ഒരു മനുഷ്യനു നീതി നിഷേധിച്ചാൽ—
കർത്താവ് ഇതൊന്നും കാണുകയില്ലേ.
-
11 നിഷ്കരുണരായ സാക്ഷികൾ എനിക്കെതിരേ മുന്നോട്ടുവരുന്നു;
എനിക്കൊരറിവുമില്ലാത്ത വസ്തുതകളെപ്പറ്റി എന്നെ ചോദ്യംചെയ്യുന്നു.
12 അവർ, ഞാൻ ചെയ്ത നന്മയ്ക്കു പകരമായി തിന്മചെയ്യുന്നു
എന്റെ പ്രാണനെ ഉറ്റവർ മരിച്ച ഒരുവനെപ്പോലെ ആക്കുന്നു.
13 എന്നിട്ടും അവർ രോഗാതുരരായിരുന്നപ്പോൾ ഞാൻ ചാക്കുശീല ധരിച്ചുകൊണ്ട്
നമ്രമാനസനായി അവർക്കുവേണ്ടി ഉപവസിച്ചു.
എന്റെ പ്രാർഥന ഉത്തരംനേടാതെ എന്റെ അടുത്തേക്കുതന്നെ മടങ്ങിവന്നപ്പോൾ,
14 എന്റെ സ്നേഹിതനോ സഹോദരനോവേണ്ടി എന്നതുപോലെ
ഞാൻ വിലപിച്ചുകൊണ്ടിരുന്നു.
എന്റെ മാതാവിനുവേണ്ടി വിലപിക്കുന്നതുപോലെ
ദുഃഖത്താൽ ഞാൻ എന്റെ ശിരസ്സു നമിച്ചു.
-
13 ആകാശമേ, ആനന്ദത്താൽ ആർപ്പിടുക;
ഭൂമിയേ, ആഹ്ലാദിക്കുക;
പർവതങ്ങളേ, പൊട്ടിയാർക്കുക!
കാരണം യഹോവ തന്റെ ജനത്തെ ആശ്വസിപ്പിക്കുന്നു,
തന്റെ പീഡിതരോട് അവിടത്തേക്ക് കനിവും തോന്നുന്നു.
-
28 “ക്ഷീണിതരേ, ഭാരംചുമക്കുന്നവരേ, നിങ്ങൾ എന്റെ അടുക്കൽ വരിക, ഞാൻ നിങ്ങൾക്ക് ആശ്വാസം നൽകും. 29 ഞാൻ സൗമ്യനും വിനീതഹൃദയനും ആയതുകൊണ്ട് എന്റെ നുകം നിങ്ങൾ സ്വീകരിച്ചുകൊണ്ട് എന്നോട് പഠിക്കുക; എന്നാൽ, നിങ്ങൾ നിങ്ങളുടെ പ്രാണന് വിശ്രമം കണ്ടെത്തും. 30 എന്റെ നുകം മൃദുവും എന്റെ ഭാരം ലഘുവും ആകുന്നുവല്ലോ!”
-
3 നിങ്ങൾ അവരോടുകൂടെ തടവിലായിരുന്നു എന്നപോലെ തടവുകാരെയും നിങ്ങളും അവരോടൊപ്പം പീഡനം സഹിക്കുന്നവർ എന്നപോലെ പീഡിതരെയും ഓർക്കുക.
-
11 കഷ്ടത സഹിഷ്ണുതയോടെ അഭിമുഖീകരിച്ചവരെ നാം അനുഗൃഹീതരായി പരിഗണിക്കുന്നു. ഇയ്യോബിന്റെ സഹിഷ്ണുതയെക്കുറിച്ചു നിങ്ങൾ കേൾക്കുകയും കർത്താവു വരുത്തിയ ശുഭാന്ത്യം കാണുകയുംചെയ്തിരിക്കുന്നു. കർത്താവ് ദയാപൂർണനും കരുണാമയനും ആകുന്നു.
-
20 നിങ്ങളോ പ്രിയരേ, നിങ്ങളുടെ അതിവിശുദ്ധവിശ്വാസത്തിൽ നിങ്ങൾക്കുതന്നെ ആത്മികശാക്തീകരണം വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർഥിച്ചും 21 നിത്യജീവനായി, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണയ്ക്കായി കാത്തിരുന്നും ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ സൂക്ഷിക്കുക.
22 ചഞ്ചലമാനസരോടു കരുണ കാണിക്കുക; 23 ചിലരെ നിത്യാഗ്നിയിൽനിന്നു വലിച്ചെടുത്തു രക്ഷിക്കുക; മറ്റുചിലരോട്, ജീവിതങ്ങളെ മലീമസമാക്കുന്ന അവരുടെ പാപപ്രവൃത്തികളെ വെറുത്തുകൊണ്ട് അത്യധികം ഭയഭക്തിയോടെ സൂക്ഷ്മത പുലർത്തിക്കൊണ്ടു കരുണ കാണിക്കുക.
-
1 യേശു മലയിൽനിന്ന് ഇറങ്ങിവന്നപ്പോൾ വലിയ ജനസമൂഹം അദ്ദേഹത്തെ അനുഗമിച്ചു. 2 ഒരു കുഷ്ഠരോഗി അദ്ദേഹത്തിന്റെമുമ്പിൽ വന്ന് സാഷ്ടാംഗം വീണ്, “കർത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കാൻ കഴിയും” എന്നു പറഞ്ഞു.
3 യേശു കൈനീട്ടി ആ മനുഷ്യനെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സുണ്ട്, ശുദ്ധനാകുക” എന്നു പറഞ്ഞു. ഉടൻതന്നെ കുഷ്ഠം അവനെ വിട്ടുമാറി. 4 തുടർന്ന് യേശു അവനോട്, “നോക്കൂ, ഇത് ആരോടും പറയരുത്; എന്നാൽ നീ പോയി പുരോഹിതനു നിന്നെത്തന്നെ കാണിക്കുക. നീ പൂർണസൗഖ്യമുള്ളവനായി എന്ന് പൊതുജനങ്ങൾക്കു ബോധ്യപ്പെടുന്നതിനായി മോശ കൽപ്പിച്ച വഴിപാടുകൾ അർപ്പിക്കുകയും ചെയ്യുക” എന്നു പറഞ്ഞു.
-
14 അപ്പോൾ നാം എന്തുപറയും? ദൈവം അനീതിയുള്ളവൻ എന്നാണോ? ഒരിക്കലുമല്ല!
15 “കൃപ ചെയ്യാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കൃപ ചെയ്യും.
കരുണകാണിക്കാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കരുണകാണിക്കും,”
എന്നു ദൈവം മോശയോടും അരുളിച്ചെയ്യുന്നു. 16 ഇങ്ങനെ, മനുഷ്യന്റെ ആഗ്രഹമോ കഠിനാധ്വാനമോ അല്ല, ദൈവത്തിന്റെ കാരുണ്യമാണ് എല്ലാറ്റിനും അടിസ്ഥാനം.
-
17 ശപഥാർപ്പിതമായ ഒരു വസ്തുപോലും നീ സ്വന്തമാക്കരുത്. അപ്പോൾ യഹോവ തന്റെ കഠിനകോപത്തിൽനിന്നു പിന്മാറി നിന്നോടു കരുണയും ദയയും കാണിക്കുകയും നിന്റെ പിതാക്കന്മാരോടു വാഗ്ദാനംചെയ്ത സത്യമനുസരിച്ചു നിന്നെ വർധിപ്പിക്കുകയും ചെയ്യും. 18 ആകയാൽ, നിന്റെ ദൈവമായ യഹോവയെ അനുസരിച്ച് ഞാൻ ഇന്നു നിങ്ങൾക്കു നൽകുന്ന അവിടത്തെ കൽപ്പനകൾ എല്ലാം പാലിച്ച് നിന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ ശരിയായതു പ്രവർത്തിക്കണം.
-
9 നിങ്ങൾ യഹോവയിലേക്കു മടങ്ങിവരുമെങ്കിൽ നിങ്ങളുടെ സഹോദരന്മാരും മക്കളും അവരെ തടവുകാരാക്കിയവരിൽനിന്നു കരുണ കണ്ടെത്തുകയും ഈ ദേശത്തേക്കു മടങ്ങിവരികയും ചെയ്യും. നിങ്ങളുടെ ദൈവമായ യഹോവ കൃപാലുവും കാരുണ്യവാനുമാണല്ലോ. നിങ്ങൾ യഹോവയുടെ അടുത്തേക്കു മടങ്ങിവരുമെങ്കിൽ നിങ്ങളിൽനിന്ന് അവിടന്ന് മുഖംതിരിച്ചുകളയുകയില്ല.”
-
15 സ്വർഗത്തിൽനിന്നു നോക്കണമേ, കടാക്ഷിക്കണമേ,
വിശുദ്ധിയും തേജസ്സുമുള്ള അങ്ങയുടെ ഉന്നത സിംഹാസനത്തിൽനിന്നുതന്നെ.
അങ്ങയുടെ തീക്ഷ്ണതയും അങ്ങയുടെ ശക്തിയും എവിടെ?
അവിടത്തെ മനസ്സലിവും സഹതാപവും ഞങ്ങളിൽനിന്നു തടഞ്ഞുവെക്കരുതേ.
16 അബ്രാഹാം ഞങ്ങളെ അറിയുന്നില്ലെങ്കിലും
ഇസ്രായേൽ ഞങ്ങളെ അംഗീകരിക്കുന്നില്ലെങ്കിലും
അങ്ങാണ് ഞങ്ങളുടെ പിതാവ്;
യഹോവേ, അങ്ങുതന്നെയാണ് ഞങ്ങളുടെ പിതാവ്,
പുരാതനകാലംമുതൽതന്നെ ഞങ്ങളുടെ വീണ്ടെടുപ്പുകാരനെന്നാണ് അവിടത്തെ നാമം.
-
18 തന്റെ അവകാശത്തിൽ ശേഷിച്ച ജനത്തിന്റെ
പാപങ്ങൾ ക്ഷമിക്കുകയും അതിക്രമങ്ങൾ പൊറുക്കുകയും ചെയ്യുന്ന
അങ്ങയെപ്പോലെ വേറൊരു ദൈവമുണ്ടോ?
അങ്ങ് എന്നേക്കും കോപം വെച്ചുകൊണ്ടിരിക്കുന്നില്ല
എന്നാൽ, കരുണകാണിക്കാൻ അങ്ങ് പ്രസാദിക്കുകയും ചെയ്യുന്നു.
19 അവിടന്ന് വീണ്ടും നമ്മോടുതന്നെ ദയകാണിക്കും;
അങ്ങ് ഞങ്ങളുടെ പാപങ്ങളെ മെതിച്ചുകളയും
ഞങ്ങളുടെ അതിക്രമങ്ങളെല്ലാം സമുദ്രത്തിന്റെ അഗാധങ്ങളിലേക്കു ചുഴറ്റിയെറിയും.
20 പൂർവകാലങ്ങളിൽ അങ്ങ് ഞങ്ങളുടെ പിതാക്കന്മാരോട്
ശപഥം ചെയ്തതുപോലെതന്നെ,
അങ്ങ് യാക്കോബിനോട് വിശ്വസ്തനായിരിക്കുകയും
അബ്രാഹാമിനോട് കരുണ കാണിക്കുകയും ചെയ്യും.
-
42 എന്റെ ശിഷ്യൻ എന്ന കാരണത്താൽ ഈ ചെറിയവരിൽ ഒരാൾക്ക് ഒരു പാത്രം തണുത്ത വെള്ളമെങ്കിലും കൊടുക്കുന്നയാൾക്ക് തന്റെ പ്രതിഫലം ഒരിക്കലും നഷ്ടമാകുകയില്ല, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
-
11 തേമാന്യനായ എലീഫാസ്, ശൂഹ്യനായ ബിൽദാദ്, നാമാത്യനായ സോഫർ എന്നിങ്ങനെ ഇയ്യോബിന്റെ മൂന്നു സ്നേഹിതന്മാർ അദ്ദേഹത്തിന്റെ ദുരവസ്ഥയെപ്പറ്റി കേട്ടിട്ട് ഓരോരുത്തനും അവരവരുടെ സ്ഥലത്തുനിന്നും പുറപ്പെട്ട് അദ്ദേഹത്തോടു സഹതപിക്കാനും അദ്ദേഹത്തെ സമാശ്വസിപ്പിക്കാനുമായി പരസ്പരം പറഞ്ഞൊത്ത് അദ്ദേഹത്തിന്റെ അടുക്കൽവന്നു. 12 ഇയ്യോബിനെ ദൂരെനിന്നു കണ്ട അവർക്ക് അദ്ദേഹത്തെ തിരിച്ചറിയുന്നതിനു കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ അവസ്ഥ മനസ്സിലാക്കിയ അവർ ഉച്ചത്തിൽ കരഞ്ഞുകൊണ്ട് ഓരോരുത്തനും താന്താങ്ങളുടെ പുറങ്കുപ്പായം വലിച്ചുകീറുകയും തങ്ങളുടെ ശിരസ്സിന്മേൽ പൂഴി വാരിവിതറുകയും ചെയ്തു. 13 അതിനുശേഷം അവർ ഏഴു രാപകൽ അദ്ദേഹത്തോടുകൂടെ നിലത്തിരുന്നു. അദ്ദേഹത്തിന്റെ കഷ്ടതയുടെ പരിതാപകരമായ അവസ്ഥ കണ്ടിട്ട് അവർ ആരും ഒരു വാക്കുപോലും സംസാരിച്ചില്ല.
-
25 കഷ്ടതയിലിരിക്കുന്നവർക്കുവേണ്ടി ഞാൻ കരഞ്ഞിട്ടില്ലേ?
ദരിദ്രരെ ഓർത്ത് എന്റെ ഹൃദയം ദുഃഖിച്ചിട്ടില്ലേ?
-
1 ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ കിലുങ്ങുന്ന ഇലത്താളമോമാത്രമാണ്. 2 എനിക്കു പ്രവചിക്കാനുള്ള കൃപാദാനം ലഭിച്ചാലും, സകലദിവ്യരഹസ്യങ്ങളും സകലജ്ഞാനവും ഗ്രഹിക്കാൻകഴിഞ്ഞാലും, മലകളെ നീക്കംചെയ്യാൻകഴിയുന്ന വിശ്വാസം ഉണ്ടായിരുന്നാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല. 3 എന്റെ സമ്പത്തെല്ലാം ഞാൻ ദാനംചെയ്താലും അഭിമാനപൂർവം എന്റെ ശരീരം ദഹിപ്പിച്ചാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നും നേടുന്നില്ല.
4 സ്നേഹം ക്ഷമയുള്ളതാണ്, സ്നേഹം ദയയുള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല, ആത്മപ്രശംസചെയ്യുന്നില്ല, സ്നേഹം അഹങ്കരിക്കുന്നില്ല. 5 അതു അന്യരെ അപമാനിക്കുന്നില്ല, സ്വാർഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, ദോഷത്തിന്റെ കണക്കുസൂക്ഷിക്കുന്നതുമില്ല. 6 സ്നേഹം തിന്മയിൽ അഭിരമിക്കാതെ, സത്യത്തിൽ ആനന്ദിക്കുന്നു. 7 എപ്പോഴും സംരക്ഷിക്കുന്നു, എപ്പോഴും വിശ്വസിക്കുന്നു, എപ്പോഴും പ്രത്യാശിക്കുന്നു, എപ്പോഴും സഹിക്കുന്നു.
-
2 താനും ബലഹീനമനുഷ്യൻ ആകയാൽ അജ്ഞരോടും വഴിതെറ്റിയവരോടും അദ്ദേഹത്തിന് സൗമ്യമായി ഇടപെടാൻ കഴിയും.
-
15 നിയുക്തരായ ആളുകൾ എഴുന്നേറ്റ് തടവുകാരുടെ ചുമതല ഏറ്റെടുത്തു. അക്കൂട്ടത്തിൽ നഗ്നരായിരുന്നവർക്കു കൊള്ളയിൽനിന്നു വസ്ത്രം കൊടുത്തു. അവർ തടവുകാർക്ക് വസ്ത്രവും ചെരിപ്പും ഭക്ഷണപാനീയങ്ങളും നൽകി; അവരുടെ മുറിവുകൾക്ക് എണ്ണതേച്ചു. ക്ഷീണിതരെ അവർ കഴുതപ്പുറത്തു കയറ്റി. അങ്ങനെ അവർ തടവുകാരെ ഈന്തപ്പനകളുടെ നഗരമായ യെരീഹോവിൽ അവരുടെ സഹോദരന്മാരുടെ അടുത്ത് എത്തിച്ചിട്ട് ശമര്യയിലേക്കു മടങ്ങിപ്പോയി.
-
156 യഹോവേ, അവിടത്തെ ആർദ്രകരുണ വളരെ വിപുലമാണ്;
അവിടത്തെ നിയമങ്ങൾക്കനുസൃതമായി എന്റെ ജീവൻ സംരക്ഷിക്കണമേ.
-
21 ഒരാൾ തന്റെ അയൽവാസിയെ നിന്ദിക്കുന്നത് പാപമാണ്,
ആവശ്യക്കാരോട് ദയാവായ്പു കാട്ടുന്നവർ അനുഗൃഹീതർ.
-
16 “നിങ്ങളെത്തന്നെ കഴുകി വെടിപ്പാക്കുക.
നിങ്ങളുടെ ദുഷ്ടതനിറഞ്ഞ പ്രവൃത്തികൾ എന്റെ മുമ്പിൽനിന്നു നീക്കിക്കളയുക;
ദോഷം പ്രവർത്തിക്കുന്നതു നിർത്തുക.
17 നന്മചെയ്യാൻ പഠിക്കുക; ന്യായം അന്വേഷിക്കുക.
പീഡിതരെ സ്വതന്ത്രരാക്കുക.
അനാഥരുടെ കാര്യം ഏറ്റെടുക്കുക;
വിധവയ്ക്കുവേണ്ടി വ്യവഹരിക്കുക.
-
14 “ഞാൻ എന്റെ ജനമായ ഇസ്രായേലിനു നൽകിയിരിക്കുന്ന അവകാശത്തെ കൈയടക്കുന്ന ദുഷ്ടന്മാരായ എന്റെ സകല അയൽവാസികളെയുംപറ്റി,” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരെ അവരുടെ ദേശത്തുനിന്ന് പിഴുതെടുക്കും, യെഹൂദാഗൃഹത്തെ ഞാൻ അവരുടെ ഇടയിൽനിന്ന് പറിച്ചെടുക്കും. 15 എന്നാൽ അവരെ പറിച്ചുകളഞ്ഞശേഷം ഞാൻ വീണ്ടും അവരോടു കരുണകാണിക്കും. അവരെ ഓരോരുത്തരെയും അവരവരുടെ അവകാശത്തിലേക്കും രാജ്യത്തേക്കും ഞാൻ മടക്കിവരുത്തും.
-
1 അതിനുശേഷം യഹോവയുടെ അരുളപ്പാട് എനിക്കു ലഭിച്ചത്: 2 “മനുഷ്യപുത്രാ, ജെറുശലേമിനോട് അവളുടെ മ്ലേച്ഛതകൾ വിളിച്ചറിയിച്ചുകൊണ്ട് 3 ഇപ്രകാരം പ്രസ്താവിക്കുക: ‘യഹോവയായ കർത്താവ് ജെറുശലേമിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഉത്ഭവവും ജനനവും കനാന്യദേശത്തുനിന്നാണ്. നിന്റെ പിതാവ് ഒരു അമോര്യനും മാതാവ് ഒരു ഹിത്യസ്ത്രീയുമത്രേ. 4 നിന്റെ ജനനത്തെ സംബന്ധിച്ചാകട്ടെ, നീ ജനിച്ചനാളിൽ നിന്റെ പൊക്കിൾക്കൊടി മുറിച്ചിരുന്നില്ല. നിന്റെ മാലിന്യം നീക്കുന്നതിനു വെള്ളത്തിൽ കുളിപ്പിച്ചതുമില്ല. ഉപ്പുകൊണ്ടു നിന്നെ ശുദ്ധീകരിച്ചില്ല; ശീലകൊണ്ടു പൊതിഞ്ഞതുമില്ല. 5 നിനക്കുവേണ്ടി ഈ കാര്യങ്ങളിൽ ഏതെങ്കിലും ചെയ്യുന്നതിന് സഹതാപം കാണിക്കുകയോ ഒരു കണ്ണും അനുകമ്പയോടെ നിന്നെ നോക്കുകയോ ചെയ്തില്ല. പിന്നെയോ, നീ ജനിച്ചനാളിൽ വെറുക്കപ്പെട്ടവളായിരുന്നതിനാൽ തുറസ്സായസ്ഥലത്തേക്കു നിന്നെ എറിഞ്ഞുകളകയാണ് ഉണ്ടായത്.
6 “ ‘ഞാൻ കടന്നുപോകുമ്പോൾ രക്തത്തിൽ കുളിച്ച്, കൈകാലിട്ടടിച്ചുകൊണ്ടിരുന്ന നിന്നെക്കണ്ട്, “ജീവിച്ചുകൊള്ളുക” എന്നു നിന്നോടു പറഞ്ഞു. നീ രക്തത്തിൽ കിടക്കെ “ജീവിച്ചുകൊള്ളുക” എന്നും നിന്നോടു പറഞ്ഞു. 7 വയലിലെ സസ്യത്തെപ്പോലെ ഞാൻ നിന്നെ വളർത്തി. നീ വളർന്ന് വികസിച്ച് ഋതുമതിയായി. നിന്റെ സ്തനങ്ങൾ വളരുകയും ദീർഘമായ കേശം ഉണ്ടാകുകയും ചെയ്തു; എന്നിട്ടും നീ പൂർണ നഗ്നയായിരുന്നു.
8 “ ‘പിന്നീട് നിന്റെ സമീപത്തുകൂടി പോയപ്പോൾ നിന്നെക്കണ്ട് നിനക്കു പ്രേമത്തിനുള്ള പ്രായമായെന്നു ഞാൻ ഗ്രഹിച്ചു. ഞാൻ എന്റെ വസ്ത്രാഗ്രം നിന്റെമേൽ വിരിച്ച് നിന്റെ നഗ്നശരീരം മറച്ചു. ഞാൻ നിന്നോടു ശപഥംചെയ്യുകയും ഒരു ഉടമ്പടിയിൽ ഏർപ്പെടുകയും ചെയ്തു; അങ്ങനെ നീ എനിക്കുള്ളവൾ ആയിത്തീർന്നു എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
9 “ ‘ഞാൻ നിന്നെ വെള്ളത്തിൽ കുളിപ്പിച്ചു; നിന്റെമേലുള്ള രക്തം കഴുകിക്കളയുകയും തൈലം പുരട്ടുകയും ചെയ്തു. 10 ഞാൻ നിന്നെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ചു; വിശേഷപ്പെട്ട തുകൽച്ചെരിപ്പു നിന്നെ അണിയിച്ചു. നേർമയേറിയ ചണവസ്ത്രം നിന്റെമേൽ ചുറ്റുകയും പട്ട് അണിയിക്കുകയും ചെയ്തു. 11 ഞാൻ നിന്നെ ആഭരണമണിയിച്ചു, നിന്റെ കൈകളിൽ വളയും കഴുത്തിൽ മാലയും ഇട്ടു. 12 ഞാൻ നിന്റെ മൂക്കിൽ മൂക്കുത്തിയും കാതിൽ കമ്മലും ശിരസ്സിൽ മനോഹരകിരീടവും ധരിപ്പിച്ചു. 13 അങ്ങനെ നീ സ്വർണവും വെള്ളിയും അണിഞ്ഞു. നേർമയേറിയ ചണവസ്ത്രവും വിലപിടിപ്പുള്ള തുണിമേൽ ചിത്രത്തയ്യൽചെയ്ത വസ്ത്രവുമായിരുന്നു നിന്റെ ഉടയാട. തേനും ഒലിവെണ്ണയും നേർത്ത മാവും ആയിരുന്നു നിന്റെ ഭക്ഷണം. നീ അത്യന്തം സുന്ദരിയാകുകയും രാജ്ഞിപദത്തിലേക്ക് ഉയർത്തപ്പെടുകയും ചെയ്തു. 14 നിന്റെ സൗന്ദര്യം നിമിത്തം നിന്റെ കീർത്തി രാജ്യങ്ങളിലുടനീളം വ്യാപിച്ചു. ഞാൻ നിന്റെമേൽ അർപ്പിച്ച തേജസ്സുനിമിത്തം അതു പൂർണതയുള്ളതായിത്തീർന്നു എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
-
8 മനുഷ്യാ, നന്മ എന്തെന്ന് അവിടന്നു നിന്നെ കാണിച്ചിരിക്കുന്നു;
നീതി പ്രവർത്തിക്കുക, കരുണയെ സ്നേഹിക്കുക
നിന്റെ ദൈവത്തിന്റെ മുമ്പിൽ താഴ്മയോടെ ജീവിക്കുക.
ഇതല്ലാതെ മറ്റെന്താണ് യഹോവ നിന്നോട് ആവശ്യപ്പെടുന്നത്?
-
23 “സ്വർഗരാജ്യത്തെ, തന്റെ ദാസരുടെ ബാധ്യത തീർക്കാൻ ആഗ്രഹിച്ച ഒരു രാജാവിനോട് ഉപമിക്കാം. 24 ബാധ്യത തീർക്കാൻ ആരംഭിച്ചപ്പോൾ, പതിനായിരം താലന്ത് കടപ്പെട്ടിരിക്കുന്ന ഒരാൾ രാജസന്നിധിയിൽ ഹാജരാക്കപ്പെട്ടു. 25 എന്നാൽ, കടം വീട്ടാനുള്ള പ്രാപ്തി അയാൾക്ക് ഇല്ലാതിരുന്നതിനാൽ, രാജാവ്, അയാളും ഭാര്യയും മക്കളും അയാൾക്കുള്ള സകലതും വിറ്റ് കടം വീട്ടണമെന്ന ഉത്തരവിട്ടു.
26 “എന്നാൽ, ആ ദാസൻ രാജസന്നിധിയിൽ സാഷ്ടാംഗം വീണ്, ‘എന്നോട് കനിവ് തോന്നണമേ, ഞാൻ എല്ലാം അടച്ചുതീർക്കാം’ ” എന്ന് യാചിച്ചു. 27 രാജാവിന് ആ ദാസനോട് സഹതാപം തോന്നി, കടം ക്ഷമിച്ച് അയാളെ സ്വതന്ത്രനാക്കി.
28 “എന്നാൽ ആ ദാസൻ പോകുമ്പോൾ, അയാൾക്കു നൂറുദിനാർമാത്രം കടപ്പെട്ടിരുന്ന ഒരു സഹഭൃത്യനെ കണ്ടു. അയാൾ അയാളുടെ കഴുത്തിനു പിടിച്ചു ഞെരിച്ചുകൊണ്ട് ‘നീ എന്റെ കടം തന്നുതീർക്കുക’ എന്നു പറഞ്ഞു.
29 “ആ സഹഭൃത്യൻ സാഷ്ടാംഗം വീണ്, ‘എനിക്ക് അൽപ്പം അവധി തരണമേ, ഞാൻ മടക്കിത്തന്നുകൊള്ളാം’ എന്ന് കേണപേക്ഷിച്ചു.
30 “എന്നാൽ അയാൾ അതിന് സമ്മതിച്ചില്ല എന്നുമാത്രമല്ല, തനിക്ക് കടപ്പെട്ടിരുന്നത് മുഴുവനും വീട്ടുന്നതുവരെ സഹഭൃത്യനെ കാരാഗൃഹത്തിൽ അടപ്പിക്കുകയും ചെയ്തു. 31 ഈ സംഭവം രാജാവിന്റെ മറ്റുള്ള വേലക്കാർ കണ്ട് വളരെ ദുഃഖിതരായി. അവർ ചെന്ന് സംഭവിച്ചതെല്ലാം രാജാവിനെ അറിയിച്ചു.
32 “രാജാവ് ആ ഭൃത്യനെ വിളിപ്പിച്ചു. ‘ദുഷ്ടദാസാ, നിന്റെ അപേക്ഷനിമിത്തം ഞാൻ നിന്റെ സകലകടവും ഇളച്ചുതന്നു. 33 എനിക്കു നിന്നോടു കരുണ തോന്നിയതുപോലെതന്നെ നിനക്കു നിന്റെ സഹഭൃത്യനോടും കരുണ തോന്നേണ്ടതല്ലേ?’ എന്നു ചോദിച്ചു. 34 രാജാവ് കോപിച്ച്, കടം മുഴുവൻ വീട്ടുന്നതുവരെ കഠിനതടവ് വിധിച്ച് അയാളെ കാരാഗൃഹത്തിൽ അടയ്ക്കാൻ ജയിലധികാരികളെ ഏൽപ്പിച്ചു.
35 “നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ സഹോദരങ്ങളോട് ആത്മാർഥമായി ക്ഷമിക്കാതിരുന്നാൽ ഇങ്ങനെയായിരിക്കും എന്റെ സ്വർഗസ്ഥപിതാവ് നിങ്ങളോടും ചെയ്യുന്നത്.”
-
36 നിങ്ങളുടെ പിതാവ് കരുണാമയൻ ആയിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുക.
-
6 യഹോവ മോശയുടെമുമ്പിലൂടെ കടന്ന് ഇങ്ങനെ ഘോഷിച്ചു: “യഹോവ, യഹോവയായ ദൈവം, കരുണാമയനും ആർദ്രഹൃദയനുമാകുന്നു; ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തതയുമുള്ളവനും ആകുന്നു. 7 ആയിരങ്ങളോടു കരുണ കാണിക്കുന്നവനും അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവനും കുറ്റംചെയ്തവരെ വെറുതേവിടാതെ, പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും, മൂന്നും നാലും തലമുറവരെ അനുഭവിപ്പിക്കുന്നവനും ആകുന്നു.”
-
7 “അൽപ്പനിമിഷത്തേക്കുമാത്രം ഞാൻ നിന്നെ ഉപേക്ഷിച്ചു,
എങ്കിലും മഹാദയയോടെ ഞാൻ നിന്നെ ചേർത്തുകൊള്ളും.
8 തിളച്ചുമറിഞ്ഞ കോപംനിമിത്തം
ഞാൻ നിമിഷനേരത്തേക്ക് എന്റെ മുഖം നിനക്കു മറച്ചുകളഞ്ഞു,
എങ്കിലും ശാശ്വത കാരുണ്യത്തോടെ
ഞാൻ നിന്നോടു കരുണകാണിക്കും,”
എന്നു നിന്റെ വീണ്ടെടുപ്പുകാരനായ യഹോവ അരുളിച്ചെയ്യുന്നു.
-
14 “സ്നേഹിതരോട് ദയ കാട്ടാതിരിക്കുന്ന ആൾ
സർവശക്തനോടുള്ള ഭയമാണ് ഉപേക്ഷിച്ചുകളയുന്നത്.
-
13 നിങ്ങളുടെ വസ്ത്രങ്ങളെയല്ല,
ഹൃദയത്തെത്തന്നെ കീറുവിൻ;
നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിവരിക,
അവിടന്ന് കൃപയും മനസ്സലിവും ഉള്ളവൻ;
എളുപ്പം കോപിക്കാത്തവനും സ്നേഹത്തിൽ സമ്പന്നനും ആകുന്നു,
അവിടന്ന് അനർഥം അയയ്ക്കുന്നതിൽ അനുതപിക്കുന്നു.
-
12 അതുകൊണ്ട്, മറ്റുള്ളവർ നിങ്ങളോടു ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നിങ്ങൾ അവരോടും ചെയ്യുക; ഇതുതന്നെയാണ് ന്യായപ്രമാണവും പ്രവാചകന്മാരും പറയുന്നതിന്റെ സാരാംശം.
-
41 ക്രിസ്തുവിന്റെ ശിഷ്യർ എന്ന പരിഗണനയിൽ ഒരു പാത്രം വെള്ളമെങ്കിലും നിങ്ങൾക്കു തരുന്നയാൾക്ക് പ്രതിഫലം ലഭിക്കാതിരിക്കുകയില്ല, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.
-
11 യേശു ജെറുശലേമിലേക്കു യാത്രചെയ്യുമ്പോൾ ശമര്യ-ഗലീല പ്രവിശ്യകളുടെ അതിരുകളിലൂടെ സഞ്ചരിച്ചു. 12 അദ്ദേഹം ഒരു ഗ്രാമത്തിലേക്കു പ്രവേശിച്ചപ്പോൾ, കുഷ്ഠം ബാധിച്ച പത്തുപേർ അദ്ദേഹത്തിന് അഭിമുഖമായി വന്നു. അവർ ദൂരത്തുനിന്നുകൊണ്ട്, 13 “യേശുവേ, നാഥാ, ഞങ്ങളോടു കരുണയുണ്ടാകണമേ” എന്ന് അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.
14 അവരെ കണ്ടിട്ട് യേശു, “നിങ്ങൾ പോയി പുരോഹിതന്മാർക്കു നിങ്ങളെത്തന്നെ കാണിക്കുക” എന്ന് അവരോടു പറഞ്ഞു. അവർ പൊയ്ക്കൊണ്ടിരിക്കുമ്പോൾത്തന്നെ സൗഖ്യമുള്ളവരായിത്തീർന്നു.
15 അവരിലൊരാൾ തനിക്കു സൗഖ്യം ലഭിച്ചിരിക്കുന്നെന്നു മനസ്സിലാക്കിയപ്പോൾ, ഉയർന്നസ്വരത്തിൽ ദൈവത്തെ പുകഴ്ത്തിക്കൊണ്ടു മടങ്ങിവന്നു. 16 അയാൾ യേശുവിന്റെ തൃപ്പാദത്തിൽ സാഷ്ടാംഗം പ്രണമിച്ച് അദ്ദേഹത്തോടു നന്ദി പറഞ്ഞു; അയാൾ ശമര്യാക്കാരൻ ആയിരുന്നു.
17 “പത്തുപേരും ശുദ്ധരായിത്തീർന്നില്ലേ? ഒൻപതുപേർ എവിടെ? 18 ഈ വിദേശിയല്ലാതെ മറ്റാരും ദൈവത്തെ മഹത്ത്വപ്പെടുത്താൻ മടങ്ങിവന്നതായി കാണുന്നില്ലല്ലോ,” യേശു പറഞ്ഞു. 19 തുടർന്ന് അദ്ദേഹം കുഷ്ഠരോഗിയായിരുന്ന അയാളോട്, “എഴുന്നേറ്റു പോകുക; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു” എന്നു പറഞ്ഞു.
-
20 എന്നാൽ,
“നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ അയാൾക്കു ഭക്ഷണം നൽകുക;
ദാഹിക്കുന്നെങ്കിൽ എന്തെങ്കിലും കുടിക്കാൻ നൽകുക.
ഇങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങൾ ശത്രുവിന്റെ ശിരസ്സിൽ കൽക്കരിക്കനൽ കൂട്ടിവെക്കുകയാണു ചെയ്യുക.”
Shows Read in context, Share and Copy.