38 Bible Verses About Safe Travels
Biblica® Open Malayalam Contemporary Version™ (OMCV)
-
ആരോഹണഗീതം.
1 പർവതങ്ങളിലേക്കു ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു—
എവിടെനിന്നാണ് എനിക്കു സഹായം വരുന്നത്?
2 ആകാശവും ഭൂമിയും സൃഷ്ടിച്ച
യഹോവയിൽനിന്നാണ് എനിക്കു സഹായം വരുന്നത്.
3 നിന്റെ കാൽ വഴുതാൻ അവിടന്ന് അനുവദിക്കുകയില്ല—
നിന്റെ കാവൽക്കാരൻ ഉറക്കംതൂങ്ങുകയുമില്ല;
4 ഇസ്രായേലിന്റെ കാവൽക്കാരൻ
ഉറങ്ങുകയോ മയങ്ങുകയോ ഇല്ല, നിശ്ചയം.
5 യഹോവ നിന്നെ സംരക്ഷിക്കുന്നു!
നിനക്കു തണലേകാൻ യഹോവ നിന്റെ വലതുഭാഗത്തുണ്ട്;
6 പകൽ, സൂര്യൻ നിന്നെ ഉപദ്രവിക്കുകയില്ല,
രാത്രി, ചന്ദ്രനും.
7 യഹോവ സകലദോഷത്തിൽനിന്നും നിന്നെ പരിപാലിക്കും—
അവിടന്നു നിന്റെ ജീവനു സംരക്ഷണം നൽകും;
8 യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും കാത്തുപാലിക്കും,
ഇന്നും എന്നെന്നേക്കും.
-
2 ഞാൻ യഹോവയെക്കുറിച്ച്, “അവിടന്നാണ് എന്റെ സങ്കേതവും കോട്ടയും
ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും,” എന്നു പറയും.
3 അവിടന്നു നിശ്ചയമായും നിന്നെ
വേട്ടക്കാരുടെ കെണിയിൽനിന്നും
മാരകമായ പകർച്ചവ്യാധിയിൽനിന്നും രക്ഷിക്കും.
4 തന്റെ തൂവലുകൾകൊണ്ട് അവിടന്ന് നിന്നെ മറയ്ക്കും,
അവിടത്തെ ചിറകിൻകീഴിൽ നീ അഭയംകണ്ടെത്തും;
അവിടത്തെ വിശ്വസ്തത നിനക്ക് പരിചയും കോട്ടയും ആയിരിക്കും.
5 രാത്രിയുടെ ഭീകരതയോ
പകലിൽ ചീറിപ്പായുന്ന അസ്ത്രമോ
6 ഇരുളിന്റെ മറവിൽ വ്യാപിക്കുന്ന പകർച്ചവ്യാധിയോ
നട്ടുച്ചയ്ക്കു വന്നുചേരുന്ന അത്യാപത്തോ നീ ഭയപ്പെടുകയില്ല.
7 നിന്റെ വശത്ത് ആയിരംപേരും
നിന്റെ വലതുഭാഗത്ത് പതിനായിരംപേരും വീഴും.
എങ്കിലും അതു നിന്നോട് അടുക്കുകയില്ല.
-
21 എന്റെ കുഞ്ഞേ, ജ്ഞാനവും വിവേചനശക്തിയും നിലനിർത്തുക,
അവ നിന്റെ ദൃഷ്ടിപഥത്തിൽനിന്നു മറയാതിരിക്കട്ടെ;
22 കാരണം അവ നിനക്കു ജീവനും,
നിന്റെ കഴുത്തിൽ ഒരു അലങ്കാരമാലയും ആയിരിക്കട്ടെ.
23 അപ്പോൾ നീ നിന്റെ വഴികളിൽ സുരക്ഷിതനായി മുന്നേറും,
നിന്റെ കാലടികൾ ഇടറുകയുമില്ല.
24 കിടക്കയിലേക്കുപോകുമ്പോൾ നിനക്കു ഭയമുണ്ടാകുകയില്ല;
നീ കിടക്കുകയും ഉടനെതന്നെ സുഖനിദ്രയിലമരുകയും ചെയ്യും
-
9 യഹോവയെ നിന്റെ സങ്കേതവും
അത്യുന്നതനെ നിന്റെ നിവാസസ്ഥാനവും ആക്കുമെങ്കിൽ,
10 ഒരു അത്യാപത്തും നിനക്ക് ഉണ്ടാകുകയില്ല,
ഒരു ദുരന്തവും നിന്റെ കൂടാരത്തിന് അടുത്തെത്തുകയില്ല.
11 കാരണം അവിടന്ന് തന്റെ ദൂതന്മാരോട്
നിന്റെ എല്ലാ വഴികളിലും നിന്നെ സംരക്ഷിക്കാൻ കൽപ്പിക്കും;
12 അവർ നിന്റെ പാദങ്ങൾ കല്ലിൽ മുട്ടാതെ
നിന്നെ അവരുടെ കരങ്ങളിലേന്തും.
-
6 ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടരുത്, മറിച്ച് എല്ലാ കാര്യങ്ങളും പ്രാർഥനയോടും യാചനയോടും നിങ്ങളുടെ ആവശ്യങ്ങൾ ദൈവസന്നിധിയിൽ സ്തോത്രത്തോടുകൂടെ സമർപ്പിക്കുകയാണു വേണ്ടത്. 7 അങ്ങനെയെങ്കിൽ, മനുഷ്യന്റെ ഗ്രഹണശക്തിക്ക് അതീതമായ ദൈവികസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും ക്രിസ്തുയേശുവിൽ സംരക്ഷിക്കും.
8 അവസാനമായി; സഹോദരങ്ങളേ, വിശ്വാസയോഗ്യവും ആദരണീയവും നീതിയുക്തവും നിർമലവും രമണീയവും അഭിനന്ദനാർഹവും ഇങ്ങനെയുള്ള ശ്രേഷ്ഠവും പ്രശംസാർഹവും ആയകാര്യങ്ങൾ വിചിന്തനം ചെയ്യുക. 9 എന്നിൽനിന്ന് നിങ്ങൾ പഠിച്ചതും ഞാൻ നിങ്ങൾക്കു കൈമാറിയതും; നിങ്ങൾ കേട്ടതും ഞാൻ ചെയ്യുന്നതായി നിങ്ങൾ കണ്ടതുമായ വസ്തുതകളെല്ലാം പ്രായോഗികമാക്കുക. അങ്ങനെചെയ്താൽ സമാധാനദാതാവായ ദൈവം നിങ്ങളോടുകൂടെ നിവസിക്കും.
-
8 യഹോവതന്നെ നിനക്കുമുമ്പായി പുറപ്പെടും, അവിടന്ന് നിന്നോടുകൂടെ ഇരിക്കും. അവിടന്ന് നിന്നെ ഒരുനാളും കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ല. ഭയപ്പെടുകയോ അധൈര്യപ്പെടുകയോ ചെയ്യരുത്.”
-
1 ഇപ്പോഴോ യാക്കോബേ, നിന്റെ സ്രഷ്ടാവും
ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തിയവനുമായ
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഭയപ്പെടേണ്ട, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു;
ഞാൻ നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു; നീ എന്റേതാണ്.
2 നീ വെള്ളത്തിൽക്കൂടി കടന്നുപോകുമ്പോൾ,
ഞാൻ നിന്നോടൊപ്പമുണ്ടാകും;
നദികളിൽക്കൂടി കടക്കുമ്പോൾ,
അവ നിന്റെമീതേ കവിഞ്ഞൊഴുകുകയില്ല.
തീയിൽക്കൂടി നീ നടന്നാൽ,
നിനക്കു പൊള്ളൽ ഏൽക്കുകയില്ല;
തീജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല.
3 കാരണം ഞാൻ നിന്റെ ദൈവമായ യഹോവ ആകുന്നു,
നിന്റെ രക്ഷകനായ ഇസ്രായേലിന്റെ പരിശുദ്ധൻതന്നെ.
ഞാൻ ഈജിപ്റ്റിനെ നിന്റെ വീണ്ടെടുപ്പുവിലയായും
കൂശിനെയും സേബയെയും നിനക്കു പകരമായും നൽകിയിരിക്കുന്നു.
4 നീ എന്റെ ദൃഷ്ടിയിൽ വിലപ്പെട്ടവനും ബഹുമാനിതനും ആകുകയാലും
ഞാൻ നിന്നെ സ്നേഹിക്കുകയാലും
ഞാൻ നിനക്കുപകരം മനുഷ്യരെയും
നിന്റെ ജീവനുപകരം രാഷ്ട്രങ്ങളെയും കൊടുക്കുന്നു.
5 ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട്;
ഞാൻ നിന്റെ സന്തതിയെ കിഴക്കുനിന്നു വരുത്തുകയും
പടിഞ്ഞാറുനിന്ന് നിന്നെ ശേഖരിക്കുകയും ചെയ്യും.
6 ഞാൻ വടക്കിനോട്, ‘അവരെ വിട്ടയയ്ക്കുക’ എന്നും
തെക്കിനോട്, ‘അവരെ തടഞ്ഞുവെക്കരുത്’ എന്നും കൽപ്പിക്കും.
എന്റെ പുത്രന്മാരെ ദൂരത്തുനിന്നും
എന്റെ പുത്രിമാരെ ഭൂമിയുടെ അറ്റത്തുനിന്നും കൊണ്ടുവരിക—
7 എന്റെ പേരിൽ വിളിക്കപ്പെട്ടും
എന്റെ മഹത്ത്വത്തിനായി ഞാൻ സൃഷ്ടിച്ചും
ഞാൻതന്നെ രൂപപ്പെടുത്തിയുമിരിക്കുന്ന എല്ലാവരെയുംതന്നെ.”
-
7 അവിടത്തെ ആത്മാവിനെവിട്ട് ഞാൻ എവിടെ പോകും?
തിരുസന്നിധിയിൽനിന്നും ഞാൻ എവിടേക്കു പലായനംചെയ്യും?
8 ഞാൻ സ്വർഗോന്നതങ്ങളിൽ കയറിച്ചെന്നാൽ അങ്ങ് അവിടെയുണ്ട്;
ഞാൻ പാതാളത്തിൽ കിടക്കവിരിച്ചാൽ അങ്ങ് അവിടെയുമുണ്ട്.
9 ഞാൻ ഉഷസ്സിൻ ചിറകിലേറി,
ആഴിയുടെ അങ്ങേത്തീരത്തിലെത്തി വസിച്ചാൽ,
10 അങ്ങയുടെ തിരുക്കരം അവിടെയും എനിക്കു വഴികാട്ടും,
അവിടത്തെ വലതുകരമെന്നെ താങ്ങിനടത്തും.
-
9 മനുഷ്യർ തങ്ങളുടെ ഹൃദയത്തിൽ പദ്ധതികൾ ആസൂത്രണംചെയ്യുന്നു,
എന്നാൽ യഹോവ അവരുടെ കാലടികളുടെ ഗമനം ക്രമീകരിക്കുന്നു.
-
7 അവിടന്ന് എന്റെ ഒളിയിടം ആകുന്നു;
ക്ലേശങ്ങളിൽ അവിടന്ന് എനിക്കു സംരക്ഷണമേകുന്നു;
രക്ഷയുടെ ജയഭേരിയാൽ എനിക്കു വലയം തീർക്കുന്നു. സേലാ.
8 നീ ഗമിക്കേണ്ടുന്ന പാത ഏതെന്നു നിന്നെ ഉപദേശിച്ചു പഠിപ്പിക്കും;
നിന്റെമേൽ ദൃഷ്ടിവെച്ച് ഞാൻ നിനക്കു ബുദ്ധിയുപദേശം നൽകും.
-
23 യഹോവയിൽ ആനന്ദിക്കുന്നവരുടെ
ചുവടുകൾ അവിടന്ന് സുസ്ഥിരമാക്കുന്നു;
24 അവരുടെ കാൽ വഴുതിയാലും അവർ വീണുപോകുകയില്ല,
കാരണം യഹോവ അവരെ തന്റെ കൈകൊണ്ടു താങ്ങിനിർത്തുന്നു.
-
ദാവീദിന്റെ ഒരു സങ്കീർത്തനം.
1 യഹോവ എന്റെ ഇടയൻ ആകുന്നു, എനിക്ക് ഒന്നിനും കുറവുണ്ടാകുകയില്ല.
2 പച്ചപ്പുൽമേടുകളിൽ അവിടന്ന് എന്നെ കിടത്തുന്നു,
പ്രശാന്തമായ ജലാശയങ്ങളിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു,
3 എന്റെ പ്രാണന് അവിടന്ന് നവജീവൻ പകരുന്നു.
തിരുനാമംനിമിത്തം
എന്നെ നീതിപാതകളിൽ നടത്തുന്നു.
4 മരണനിഴലിൻ താഴ്വരയിൽക്കൂടി
ഞാൻ സഞ്ചരിച്ചെന്നാലും,
ഒരു അനർഥവും ഞാൻ ഭയപ്പെടുകയില്ല,
എന്നോടൊപ്പം അവിടന്നുണ്ടല്ലോ;
അവിടത്തെ വടിയും കോലും
എന്നെ ആശ്വസിപ്പിക്കുന്നു.
5 എന്റെ ശത്രുക്കളുടെമുമ്പിൽ,
അങ്ങ് എനിക്കൊരു വിരുന്നൊരുക്കുന്നു.
എന്റെ ശിരസ്സിൽ അവിടന്ന് തൈലാഭിഷേകം നടത്തുന്നു;
എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.
6 എന്റെ ആയുഷ്കാലമെല്ലാം
നന്മയും കരുണയും എന്നെ പിൻതുടരും, നിശ്ചയം,
ഞാൻ യഹോവയുടെ ആലയത്തിൽ
നിത്യം വസിക്കും.
-
28 ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അതായത്, അവിടത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്കുതന്നെ ദൈവം എല്ലാ കാര്യങ്ങളും നന്മയ്ക്കായി ചേർന്നു പ്രവർത്തിക്കുമാറാക്കുന്നു എന്നു നാം അറിയുന്നു.
-
7 യഹോവയെ ഭയപ്പെടുന്നവരുടെചുറ്റും, അവിടത്തെ ദൂതന്മാർ പാളയമിറങ്ങിയിരിക്കുന്നു,
അങ്ങനെ അവിടന്ന് അവരെ വിടുവിക്കുന്നു.
-
3 സ്ഥിരമാനസൻ അങ്ങയിൽ
ആശ്രയിച്ചിരിക്കുകയാൽ
അങ്ങ് അവരെ പൂർണസമാധാനത്തിൽ കാക്കും.
4 യഹോവയിൽത്തന്നെ എന്നേക്കും ആശ്രയം വെക്കുക
യഹോവ, യഹോവതന്നെ ശാശ്വതമായൊരു പാറ ആണല്ലോ.
-
1 യിരെമ്യാപ്രവാചകൻ ജെറുശലേമിൽനിന്ന് പ്രവാസികളിൽ ശേഷിച്ചിട്ടുള്ള ഗോത്രത്തലവന്മാർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും നെബൂഖദ്നേസർ ജെറുശലേമിൽനിന്ന് ബാബേലിലേക്ക് പിടിച്ചുകൊണ്ടുപോയ സകലജനങ്ങൾക്കും കൊടുത്തയച്ച കത്തിലെ വാക്കുകൾ ഇപ്രകാരമായിരുന്നു. 2 (യെഹോയാഖീൻരാജാവും രാജമാതാവും രാജാവിന്റെ ആസ്ഥാന ഉദ്യോഗസ്ഥരും യെഹൂദ്യയിലെയും ജെറുശലേമിലെയും നേതാക്കന്മാരും വിദഗ്ദ്ധരായ ശില്പികളും ലോഹപ്പണിക്കാരും ജെറുശലേമിൽനിന്നു പ്രവാസത്തിലേക്കു കൊണ്ടുപോകപ്പെട്ടശേഷമായിരുന്നു ഇതു സംഭവിച്ചത്.) 3 യെഹൂദാരാജാവായ സിദെക്കീയാവ് ബാബേലിൽ നെബൂഖദ്നേസരിന്റെ അടുക്കലേക്ക് അയച്ച രണ്ടു ദൂതന്മാരായ ശാഫാന്റെ മകനായ എലെയാശയുടെയും ഹിൽക്കിയാവിന്റെ മകൻ ഗെമര്യാവിന്റെയും പക്കലാണ് ഈ കത്തു കൊടുത്തയച്ചത്. അതിലെ ഉള്ളടക്കം ഇപ്രകാരമായിരുന്നു:
4 ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ജെറുശലേമിൽനിന്ന് ബാബേലിലേക്ക് അയച്ച എല്ലാ പ്രവാസികളോടും ഇപ്രകാരം അരുളിച്ചെയ്യുന്നു: 5 “നിങ്ങൾ വീടുകൾ പണിത് അവയിൽ പാർക്കുക; തോട്ടങ്ങൾ നട്ടുണ്ടാക്കി അവയുടെ ഫലം അനുഭവിക്കുക. 6 ഭാര്യമാരെ സ്വീകരിച്ച് പുത്രീപുത്രന്മാരെ ജനിപ്പിക്കുക. അവിടെ നിങ്ങൾ കുറഞ്ഞുപോകാതെ പെരുകേണ്ടതിനു നിങ്ങളുടെ പുത്രന്മാർക്കു ഭാര്യമാരെ എടുക്കുക. നിങ്ങളുടെ പുത്രിമാർക്കു ഭർത്താക്കന്മാരെ നൽകുവിൻ. അവരും പുത്രീപുത്രന്മാരെ ജനിപ്പിക്കട്ടെ. 7 ഞാൻ നിങ്ങളെ പ്രവാസികളായി അയച്ച പട്ടണത്തിന്റെ നന്മ അന്വേഷിച്ച് അതിനുവേണ്ടി യഹോവയോടു പ്രാർഥിക്കുക; കാരണം, അതിന്റെ നന്മയിലൂടെ നിങ്ങൾക്കും നന്മയുണ്ടാകും.” 8 ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ഇടയിലുള്ള നിങ്ങളുടെ പ്രവാചകന്മാരും ദേവപ്രശ്നംവെക്കുന്നവരും നിങ്ങളെ ചതിക്കാൻ ഇടവരുത്തരുത്. അവർ കാണുന്ന സ്വപ്നങ്ങൾക്കു ചെവികൊടുക്കരുത്. 9 അവർ എന്റെ നാമത്തിൽ നിങ്ങളോടു വ്യാജമായി പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല,” എന്ന് യഹോവയുടെ അരുളപ്പാട്.
10 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേലിൽ എഴുപതുവർഷം തികഞ്ഞശേഷം ഞാൻ നിങ്ങളെ സന്ദർശിക്കും നിങ്ങളെ ഈ സ്ഥലത്തേക്കു തിരിച്ചുവരുത്തും എന്നുള്ള എന്റെ വാഗ്ദത്തം നിറവേറ്റും. 11 കാരണം നിങ്ങളെക്കുറിച്ചുള്ള എന്റെ പദ്ധതികൾ എനിക്കറിയാം, നിങ്ങൾക്കു തിന്മയ്ക്കായിട്ടല്ല, മറിച്ച് നിങ്ങൾക്കൊരു ഭാവിയും ഒരു പ്രത്യാശയും നൽകാൻ തക്കവണ്ണം നന്മയ്ക്കായിട്ടുള്ള ലക്ഷ്യങ്ങളാണ് അവ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. 12 “അന്ന് നിങ്ങൾ എന്നെ വിളിച്ചപേക്ഷിക്കുകയും എന്റെ അടുക്കൽവന്ന് എന്നോടു പ്രാർഥിക്കുകയും ഞാൻ നിങ്ങളുടെ പ്രാർഥന കേൾക്കുകയും ചെയ്യും. 13 നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണഹൃദയത്തോടെ എന്നെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും. 14 നിങ്ങൾ എന്നെ കണ്ടെത്തും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു, “ഞാൻ നിങ്ങളുടെ പ്രവാസം മാറ്റും; നിങ്ങളെ എല്ലാ രാഷ്ട്രങ്ങളിൽനിന്നും ഞാൻ നിങ്ങളെ നാടുകടത്തിക്കളഞ്ഞ സകലസ്ഥലങ്ങളിൽനിന്നും ശേഖരിച്ച്, എവിടെനിന്നു ഞാൻ നിങ്ങളെ ബന്ദികളാക്കി കൊണ്ടുപോയോ, ആ സ്ഥലത്തേക്ക് തിരികെവരുത്തും,” എന്ന് യഹോവയുടെ അരുളപ്പാട്.
15 “യഹോവ ഞങ്ങൾക്കു ബാബേലിൽ പ്രവാചകന്മാരെ എഴുന്നേൽപ്പിച്ചിരിക്കുന്നു,” എന്നു നിങ്ങൾ പറയുന്നല്ലോ.
-
15 അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങൾ ലോകംമുഴുവനും പോയി സകലമാനവജാതിയോടും സുവിശേഷം പ്രസംഗിക്കുക. 16 വിശ്വസിക്കുകയും സ്നാനം സ്വീകരിക്കുകയും ചെയ്യുന്നവർ രക്ഷപ്രാപിക്കും; വിശ്വസിക്കാത്തവർ ശിക്ഷാവിധിയിൽ അകപ്പെടും.
-
6 നീ അകത്തുവരുമ്പോൾ അനുഗ്രഹിക്കപ്പെടും. നീ പുറത്തുപോകുമ്പോൾ അനുഗ്രഹിക്കപ്പെടും.
-
14 യഹോവ മോശയോടു കൽപ്പിച്ചു: “നിന്റെ മരണദിനം സമീപിച്ചിരിക്കുന്നു. ഞാൻ യോശുവയെ അധികാരപ്പെടുത്തേണ്ടതിനു നീയും യോശുവയും സമാഗമകൂടാരത്തിൽ സന്നിഹിതരാകുക.” അങ്ങനെ മോശയും യോശുവയും സമാഗമകൂടാരത്തിൽ സന്നിഹിതരായി.
15 അതിനുശേഷം യഹോവ കൂടാരത്തിൽ മേഘസ്തംഭത്തിൽ പ്രത്യക്ഷനായി. മേഘസ്തംഭം കൂടാരത്തിന്റെ പ്രവേശനകവാടത്തിൽ നിലകൊണ്ടു. 16 യഹോവ മോശയോടു കൽപ്പിച്ചു: “നീ നിന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കാൻപോകുന്നു. ഈ ജനത വേഗത്തിൽ അവർ പ്രവേശിക്കുന്ന ദേശത്ത് അന്യദേവന്മാരുമായി പരസംഗം ചെയ്യും. അവർ എന്നെ ഉപേക്ഷിക്കുകയും ഞാൻ അവരോടു ചെയ്ത ഉടമ്പടി ലംഘിക്കുകയും ചെയ്യും. 17 അന്ന് ഞാൻ അവരോടു കോപിച്ച് അവരെ ഉപേക്ഷിച്ചുകളയും. ഞാൻ എന്റെ മുഖം അവരിൽനിന്നും മറയ്ക്കും, അവർ നശിച്ചുപോകും. അനവധി അത്യാഹിതങ്ങളും കഷ്ടതകളും അവരുടെമേൽ വരും. ‘നമ്മുടെ ദൈവം നമ്മോടുകൂടെ ഇല്ലാത്തതുകൊണ്ടല്ലേ ഈ അത്യാഹിതം നമുക്കു വന്നത്?’ എന്ന് ആ ദിവസം അവർ ചോദിക്കും. 18 അവർ അന്യദേവന്മാരിലേക്കു പിന്തിരിഞ്ഞ് ചെയ്ത സകലദുഷ്ടതകളുംനിമിത്തം ആ ദിവസം ഞാൻ എന്റെ മുഖം അവരിൽനിന്നും നിശ്ചയമായും മറയ്ക്കും.
19 “ഇപ്പോൾ നീ തന്നെ ഈ ഗീതം എഴുതി ഇസ്രായേൽമക്കളെ പഠിപ്പിക്കുക. ഇസ്രായേൽജനം ഈ ഗീതം ആലപിക്കട്ടെ. അങ്ങനെ ഈ ഗീതം ഇസ്രായേൽമക്കൾക്കെതിരേ എനിക്കുള്ള ഒരു സാക്ഷ്യമായിരിക്കും. 20 ഞാൻ അവരുടെ പിതാക്കന്മാർക്കു നൽകുമെന്നു ശപഥത്താൽ വാഗ്ദാനംചെയ്ത പാലും തേനും ഒഴുകുന്ന ദേശത്ത് ഞാൻ അവരെ കൊണ്ടുവന്നശേഷം അവർ ഭക്ഷിച്ചു തൃപ്തരായി ചീർത്തിരിക്കുമ്പോൾ അവർ അന്യദേവന്മാരിലേക്കു തിരിഞ്ഞ് അവയെ ആരാധിക്കുകയും എന്നോടുള്ള ഉടമ്പടി ലംഘിച്ച് എന്നെ ഉപേക്ഷിക്കുകയും ചെയ്യും. 21 നിരവധി അത്യാഹിതങ്ങളും കഷ്ടതകളും അവരുടെമേൽ വരുമ്പോൾ ഈ ഗീതം അവർക്കെതിരേ സാക്ഷ്യമായിരിക്കും. കാരണം അവരുടെ സന്തതികൾ ഇതു മറന്നുപോകുകയില്ല. ഞാൻ അവർക്കു നൽകുമെന്ന് ശപഥംചെയ്ത ദേശത്തേക്ക് അവരെ കൊണ്ടുവരുന്നതിനു മുമ്പുതന്നെ അവർ ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന കാര്യങ്ങൾ ഞാൻ അറിഞ്ഞിരിക്കുന്നു.” 22 അങ്ങനെ മോശ ആ ദിവസംതന്നെ ഈ ഗീതം എഴുതി ഇസ്രായേല്യരെ പഠിപ്പിച്ചു.
23 യഹോവ നൂന്റെ മകനായ യോശുവയ്ക്ക് ഈ കൽപ്പന നൽകി: “ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കുക. ഞാൻ ഇസ്രായേൽജനത്തോട്, അവർക്കു നൽകുമെന്നു വാഗ്ദാനംചെയ്ത ദേശത്ത് നീ അവരെ എത്തിക്കും. ഞാൻ നിന്നോടുകൂടെ ഇരിക്കും.”
-
8 യഹോവ ആർദ്രഹൃദയനും കരുണാമയനും
ക്ഷമാശീലനും സ്നേഹസമ്പന്നനും ആകുന്നു.
9 യഹോവ എല്ലാവർക്കും നല്ലവൻ;
തന്റെ സകലപ്രവൃത്തികളോടും അവിടന്ന് കരുണയുള്ളവനാണ്.
-
5 പൂർണഹൃദയത്തോടെ നീ യഹോവയിൽ വിശ്വാസമർപ്പിക്കുക
സ്വന്തവിവേകത്തിൽ ആശ്രയിക്കുകയുമരുത്;
6 നിന്റെ ചെയ്തികളെല്ലാം ദൈവികാംഗീകാരമുള്ളതായിരിക്കട്ടെ,
അവിടന്ന് നിന്റെ സഞ്ചാരപാതകൾ നേരേയാക്കും.
-
25 പെട്ടെന്നു സംഭവിക്കുന്ന ദുരന്തമോ
ദുഷ്ടരുടെ നാശമോ കണ്ട് നീ സംഭീതനാകരുത്,
26 കാരണം യഹോവയാണ് നിന്റെ സുരക്ഷിതത്വം
അവിടന്ന് നിന്റെ പാദം കെണിയിലകപ്പെടാതെ കാത്തുകൊള്ളും.
-
19-20 അതുകൊണ്ട് നിങ്ങൾ പോയി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോട് കൽപ്പിച്ചതെല്ലാം അനുവർത്തിക്കാൻ അവരെ ഉപദേശിച്ചുംകൊണ്ട് സകലജനതയെയും എന്റെ ശിഷ്യരാക്കുക. ഞാൻ യുഗാന്ത്യംവരെ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും, നിശ്ചയം,” എന്നു കൽപ്പിച്ചു.
-
5 ചില ശിഷ്യർ ദൈവാലയത്തെക്കുറിച്ച്, അതു മനോഹരമായ കല്ലുകളാലും വഴിപാടായി ലഭിച്ച വസ്തുക്കളാലും അലംകൃതമായിരിക്കുന്നു എന്നു പറഞ്ഞപ്പോൾ യേശു ഇങ്ങനെ പ്രതിവചിച്ചു: 6 “നിങ്ങൾ ഈ കാണുന്നത്, ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിക്കാത്തവിധം എല്ലാം നിലംപൊത്തുന്ന കാലം വരുന്നു.”
7 “ഗുരോ, എപ്പോഴാണ് ഈ കാര്യങ്ങൾ സംഭവിക്കുക? അവ സംഭവിക്കാറായി എന്നതിന്റെ ലക്ഷണം എന്തായിരിക്കും?” അവർ ചോദിച്ചു.
8 അദ്ദേഹം അതിനു മറുപടി ഇങ്ങനെ പറഞ്ഞു: “ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാൻ സൂക്ഷിക്കുക. ‘ഞാൻ ആകുന്നു ക്രിസ്തു’ എന്നും ‘സമയം അടുത്തിരിക്കുന്നു’ എന്നും അവകാശപ്പെട്ടുകൊണ്ട് ധാരാളംപേർ എന്റെ നാമത്തിൽ വരും. അവരുടെ പിന്നാലെ പോകരുത്. 9 നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും കലാപങ്ങളെക്കുറിച്ചും കേൾക്കുമ്പോൾ പരിഭ്രാന്തരാകരുത്. ഇവ ആദ്യം സംഭവിക്കേണ്ടതാകുന്നു. എന്നാൽ, അത്രപെട്ടെന്ന് യുഗാവസാനം സംഭവിക്കുകയില്ല.”
10 അദ്ദേഹം തുടർന്നു, “ജനതകൾതമ്മിലും രാജ്യങ്ങൾതമ്മിലും യുദ്ധംചെയ്യും. 11 വലിയ ഭൂകമ്പങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷാമവും പകർച്ചവ്യാധികളും ഉണ്ടാകും. ഭയാനകസംഭവങ്ങളും ആകാശത്ത് വലിയ അത്ഭുതചിഹ്നങ്ങളും ദൃശ്യമാകും.
12 “എന്നാൽ ഇതിനെല്ലാംമുമ്പേ, എന്റെ നാമംനിമിത്തം അവർ നിങ്ങളെ ബന്ധിതരാക്കി ഉപദ്രവിക്കും. നിങ്ങളെ പള്ളികളിലേക്കും കാരാഗൃഹങ്ങളിലേക്കും വലിച്ചിഴച്ചുകൊണ്ടുപോകും; എന്റെ അനുയായികളായതിനാൽ, രാജാക്കന്മാരുടെയും അധികാരികളുടെയും മുമ്പിൽ നിർത്തും. 13 അതു നിങ്ങൾക്ക് എന്നെക്കുറിച്ച് സാക്ഷ്യം പറയാനുള്ള അവസരമായിരിക്കും. 14 അതുകൊണ്ട് എങ്ങനെ പ്രതിവാദം നടത്തും എന്ന് ചിന്തിച്ച് മുൻകൂട്ടി വ്യാകുലപ്പെടേണ്ടതില്ല. 15 എന്തുകൊണ്ടെന്നാൽ, നിങ്ങളുടെ എതിരാളികളിൽ ആർക്കും ചെറുത്തുനിൽക്കാനോ എതിർത്തുപറയാനോ കഴിയാത്ത വാക്കുകളും പരിജ്ഞാനവും ഞാൻ നിങ്ങൾക്കു നൽകും. 16 മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും സ്നേഹിതരും നിങ്ങളെ ഒറ്റിക്കൊടുക്കും. അവർ നിങ്ങളിൽ ചിലരെ കൊന്നുകളയും. 17 നിങ്ങൾ എന്റെ അനുയായികൾ ആയിരിക്കുന്നതു നിമിത്തം സകലരും നിങ്ങളെ വെറുക്കും. 18 എന്നാൽ, നിങ്ങളുടെ ഒരു തലമുടിപോലും നശിച്ചുപോകുകയില്ല. 19 നിങ്ങളുടെ സ്ഥൈര്യത്താൽ നിങ്ങൾ ജീവൻ പ്രാപിക്കും.
20 “സൈന്യം ജെറുശലേമിനെ വലയംചെയ്തിരിക്കുന്നതു കാണുമ്പോൾ അതിന്റെ നാശം അടുത്തിരിക്കുന്നു എന്നു നിങ്ങൾക്കറിയാൻ കഴിയും. 21 അപ്പോൾ യെഹൂദ്യപ്രവിശ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ; നഗരത്തിനകത്തുള്ളവർ അവിടംവിട്ടു പുറത്തിറങ്ങി വരട്ടെ; നാട്ടിൻപുറങ്ങളിലുള്ളവർ നഗരത്തിനുള്ളിൽ പ്രവേശിക്കാതിരിക്കട്ടെ. 22 കാരണം, പ്രവചനലിഖിതങ്ങൾ എല്ലാം പൂർത്തിയാകുന്ന പ്രതികാരകാലമാകുന്നു അത്. 23 ആ ദിവസങ്ങളിൽ ഗർഭവതികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഹാ കഷ്ടം! ദേശത്തെല്ലാം വലിയ ദുരിതവും ദേശവാസികൾക്കെതിരേ ക്രോധവും ഉണ്ടാകും. 24 അവരിൽ അനേകരെ വാളിനിരയാക്കുകയും മറ്റുള്ളവരെ സകലരാഷ്ട്രങ്ങളിലേക്കും ബന്ദികളാക്കി കൊണ്ടുപോകുകയും ചെയ്യും. യെഹൂദേതരർക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന കാലം പൂർത്തിയാകുംവരെ അവർ ജെറുശലേമിനെ ചവിട്ടിയരയ്ക്കും.
-
13 കർത്താവിനു പ്രിയരായ സഹോദരങ്ങളേ, ഞങ്ങൾ എപ്പോഴും നിങ്ങൾക്കുവേണ്ടി ദൈവത്തിനു സ്തോത്രം അർപ്പിക്കാൻ കടപ്പെട്ടിരിക്കുന്നു. കാരണം, ആത്മാവിന്റെ വിശുദ്ധീകരണത്താലും സത്യത്തിലുള്ള വിശ്വാസത്താലും ലഭ്യമാകുന്ന രക്ഷ അനുഭവിക്കുന്ന ആദ്യഫലമായി ദൈവം നിങ്ങളെ തെരഞ്ഞെടുത്തു. 14 ഞങ്ങൾ നിങ്ങളോട് അറിയിച്ച സുവിശേഷത്തിലൂടെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പങ്കാളികളായി വിളിക്കപ്പെടാൻവേണ്ടിയായിരുന്ന് ഈ തെരഞ്ഞെടുപ്പ്.
15 അതിനാൽ സഹോദരങ്ങളേ, പ്രഭാഷണത്താലും ലേഖനത്താലും ഞങ്ങൾ നിങ്ങൾക്കു നൽകിയ ഉപദേശങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് സുസ്ഥിരരായി നിൽക്കുക.
16 സ്വയം നമ്മുടെ കർത്താവായ യേശുക്രിസ്തുവും നമ്മുടെ പിതാവായ ദൈവവും നമ്മെ സ്നേഹിച്ച് അവിടത്തെ കൃപയാൽ നമുക്കു ശാശ്വത സാന്ത്വനവും ഉത്തമപ്രത്യാശയും നൽകി 17 നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ച് നിങ്ങളെ സകലസൽപ്രവൃത്തികളിലും വാക്കുകളിലും ശാക്തീകരിക്കട്ടെ.
-
17 ഫറവോൻ ജനത്തെ വിട്ടയച്ചപ്പോൾ, ഫെലിസ്ത്യദേശത്തുകൂടിയുള്ള വഴി ദൂരം കുറഞ്ഞതായിരുന്നെങ്കിലും ദൈവം അവരെ ആ വഴിയിൽക്കൂടി നടത്തിയില്ല. “യുദ്ധം നേരിട്ടാൽ അവർക്കു മനംമാറ്റം ഉണ്ടാകുകയും അവർ ഈജിപ്റ്റിലേക്കു മടങ്ങുകയും ചെയ്തേക്കാം,” എന്നു ദൈവം കരുതി. 18 ആകയാൽ ദൈവം ജനത്തെ ചെങ്കടലിനരികെയുള്ള മരുഭൂമിയിൽ വലയംചെയ്യിച്ചു. ഇസ്രായേല്യർ ഈജിപ്റ്റിൽനിന്ന് യുദ്ധസന്നദ്ധരായി പുറപ്പെട്ടു.
19 യോസേഫിന്റെ അസ്ഥികളും മോശ എടുത്തിരുന്നു. കാരണം, “നിങ്ങളെ സഹായിക്കാൻ ദൈവം നിശ്ചയമായും വരും. അപ്പോൾ നിങ്ങൾ ഈ സ്ഥലത്തുനിന്ന് എന്റെ അസ്ഥികൾ കൊണ്ടുപോകണം” എന്ന് ഇസ്രായേലിന്റെ പുത്രന്മാരെക്കൊണ്ട് യോസേഫ് ശപഥംചെയ്യിച്ചിരുന്നു.
20 അവർ സൂക്കോത്തിൽനിന്ന് പുറപ്പെട്ട് മരുഭൂമിയുടെ അരികിലുള്ള ഏഥാമിൽ പാളയമടിച്ചു. 21 യഹോവ അവരെ വഴികാണിക്കാൻ പകൽസമയത്ത് ഒരു മേഘത്തൂണിലും രാത്രിയിൽ വെളിച്ചംകൊടുക്കാൻ അഗ്നിത്തൂണിലുമായി അവർക്കുമുമ്പേ സഞ്ചരിച്ചു; അങ്ങനെ അവർക്കു പകലും രാത്രിയും യാത്രചെയ്യാൻ കഴിഞ്ഞു. 22 പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും ജനത്തിന്റെ മുന്നിൽനിന്ന് മാറിയില്ല.
-
3 എന്റെ ദൈവം എന്റെ ശില, അങ്ങയിൽ ഞാൻ അഭയംതേടുന്നു,
എന്റെ പരിചയും എന്റെ രക്ഷയുടെ കൊമ്പും
എന്റെ സുരക്ഷിതസ്ഥാനവും അവിടന്നാണ്, എന്റെ അഭയസ്ഥാനവും എന്റെ രക്ഷകനുംതന്നെ—
അവിടന്ന് എന്നെ ക്രൂരതയിൽനിന്നു രക്ഷിക്കുന്നു.
-
11 എന്നാൽ തിരുസന്നിധിയിൽ അഭയം തേടുന്നവരെല്ലാം ആനന്ദിക്കട്ടെ;
അവരെന്നും ആനന്ദഗാനമാലപിക്കട്ടെ.
തിരുനാമത്തെ സ്നേഹിക്കുന്നവർ അങ്ങയിൽ ആനന്ദിക്കുന്നതിനായി,
അവിടത്തെ സംരക്ഷണം അവർക്കുമീതേ വിരിക്കട്ടെ.
12 യഹോവേ, അവിടന്നു നീതിനിഷ്ഠരെ അനുഗ്രഹിക്കുന്നു;
പരിചകൊണ്ടെന്നപോലെ അങ്ങ് അവരെ കാരുണ്യത്താൽ മറയ്ക്കുന്നു.
സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ. അഷ്ടമരാഗത്തിൽ.
-
36 അവിടന്ന് എന്റെ കാലടികൾക്കായി രാജവീഥി ഒരുക്കിയിരിക്കുന്നു,
അതിനാൽ എന്റെ കണങ്കാലുകൾ വഴുതുന്നതുമില്ല.
-
അലാമോത്ത് രാഗത്തിൽ കോരഹ് പുത്രന്മാരുടെ ഒരു ഗീതം.
1 ദൈവം നമ്മുടെ സങ്കേതവും ശക്തിസ്രോതസ്സും ആകുന്നു,
കഷ്ടങ്ങളിൽ അവിടന്ന് ഏറ്റവും അടുത്ത തുണയായിരിക്കുന്നു.
-
6 യഹോവ എന്റെ പക്ഷത്തുണ്ട്, ഞാൻ ഭയപ്പെടുകയില്ല.
വെറും മർത്യന് എന്നോട് എന്തുചെയ്യാൻ കഴിയും?
-
1 എന്റെ കുഞ്ഞേ, നീ എന്റെ വചനങ്ങൾ സ്വീകരിച്ച്
എന്റെ കൽപ്പനകൾ നിന്റെയുള്ളിൽ സൂക്ഷിച്ചുവെക്കുകയും
2 ജ്ഞാനത്തിനുവേണ്ടി നിന്റെ കാതുകൾ തിരിക്കുകയും
വിവേകത്തിനായി ഹൃദയം ശ്രദ്ധയോടെ വെക്കുകയുംചെയ്യുക.
3 ഉൾക്കാഴ്ചയ്ക്കുവേണ്ടി കേണപേക്ഷിക്കുകയും
വിവേകത്തിനായി നിലവിളിക്കുകയും ചെയ്യുക.
4 അതിനെ നീ വെള്ളി എന്നതുപോലെ അന്വേഷിക്കുകയും
നിഗൂഢനിധി എന്നതുപോലെ തേടുകയും ചെയ്യുക.
5 അപ്പോൾ നീ യഹോവയോടുള്ള ഭക്തി എന്തെന്നു ഗ്രഹിക്കുകയും,
ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.
6 കാരണം ജ്ഞാനം പ്രദാനംചെയ്യുന്നത് യഹോവയാണ്;
പരിജ്ഞാനവും വിവേകവും ഉത്ഭവിക്കുന്നത് തിരുവായിൽനിന്നാണ്.
7 പരമാർഥികൾക്ക് അവിടന്ന് വിജയം സംഗ്രഹിച്ചുവെക്കുന്നു,
നിഷ്കളങ്കരായി ജീവിക്കുന്നവർക്ക് അവിടന്ന് ഒരു സംരക്ഷണവലയമാണ്,
8 നീതിനിഷ്ഠരുടെ കാലഗതി അവിടന്നു കാത്തുസൂക്ഷിക്കുകയും
തന്റെ വിശ്വസ്തരെ സംരക്ഷിക്കുകയും ചെയ്യുന്നു.
9 അങ്ങനെ നീ, നീതിയുക്തവും ന്യായമായതും
ഔചിത്യമായതുമായ സകലമാർഗവും ഗ്രഹിക്കും.
10 കാരണം നിന്റെ ഹൃദയത്തിൽ ജ്ഞാനം ഉദയംചെയ്യും
പരിജ്ഞാനം നിന്റെ ആത്മാവിന് ഇമ്പമായിരിക്കും.
11 വിവേചനശക്തി നിന്നെ സംരക്ഷിക്കും,
വിവേകം നിന്നെ കാത്തുപരിപാലിക്കും.
12 ജ്ഞാനം നിന്നെ ദുഷ്ടമനുഷ്യരുടെ വഴികളിൽനിന്നും
വഴിപിഴച്ചവരുടെ ഉപദേശത്തിൽനിന്നും രക്ഷിക്കും,
13 ഇരുളടഞ്ഞ വഴികളിൽ സഞ്ചരിക്കേണ്ടതിന്
അവർ സത്യത്തിന്റെ മാർഗം വിട്ടുകളയുന്നു,
14 അവർ തിന്മയുടെ വൈകൃതങ്ങളിൽ ആമോദിക്കുകയും
ദുഷ്ടതയിൽ ആനന്ദിക്കുകയും ചെയ്യുന്നു,
15 അവരുടെ മാർഗം കുടിലതനിറഞ്ഞതാണ്
അവരുടെ ആസൂത്രണങ്ങൾ വക്രതനിറഞ്ഞതുമാണ്.
16 ജ്ഞാനം നിന്നെ വ്യഭിചാരിണിയിൽനിന്നും
ലൈംഗികധാർമികതയില്ലാത്തവളുടെ പ്രലോഭനഭാഷണങ്ങളിൽനിന്നും രക്ഷിക്കും,
17 അവൾ തന്റെ യൗവനകാല ഭർത്താവിനെ ഉപേക്ഷിക്കുകയും
ദൈവമുമ്പാകെയുള്ള അവളുടെ ഉടമ്പടി അവഗണിക്കുകയും ചെയ്യുന്നു.
18 അവളുടെ ഭവനം മരണത്തിലേക്കും
അവളുടെ വഴികൾ പരേതാത്മാക്കളുടെ സമീപത്തേക്കും നയിക്കുന്നു.
19 അവളുടെ സമീപത്തേക്കു പോകുന്ന പുരുഷൻ മടങ്ങിവരുന്നില്ല,
ജീവനിലേക്ക് ഒരിക്കലും മടങ്ങിയെത്താൻ അവന് കഴിയുകയില്ല.
20 ആയതിനാൽ, നീ സജ്ജനത്തിന്റെ പാതയിൽ നടക്കുകയും
ധർമിഷ്ഠരുടെ വഴികൾ പിൻതുടരുകയുംവേണം.
21 കാരണം പരമാർഥികൾ ദേശത്ത് വസിക്കും
നിഷ്കളങ്കർ അവിടെ സുസ്ഥിരരായിരിക്കും;
22 എന്നാൽ ദുഷ്ടമനുഷ്യർ ദേശത്തുനിന്ന് വിച്ഛേദിക്കപ്പെടും,
വഞ്ചകർ അവിടെനിന്ന് ഉന്മൂലനംചെയ്യപ്പെടും.
-
10 അതുകൊണ്ട് ഭയപ്പെടരുത്, ഞാൻ നിന്നോടുകൂടെയുണ്ടല്ലോ;
ഉത്കണ്ഠപ്പെടരുത്, ഞാൻ നിന്റെ ദൈവമാണല്ലോ.
ഞാൻ നിന്നെ ബലപ്പെടുത്തുകയും നിന്നെ സഹായിക്കുകയും ചെയ്യും;
എന്റെ നീതിയുള്ള വലംകരത്താൽ ഞാൻ നിന്നെ താങ്ങിക്കൊള്ളും.
-
17 നിന്നെ എതിർക്കാനായി നിർമിച്ചിരിക്കുന്ന ഒരു ആയുധവും സഫലമാകുകയില്ല,
നിനക്കെതിരേ കുറ്റമാരോപിക്കുന്ന എല്ലാ വാദമുഖങ്ങളെയും നീ ഖണ്ഡിക്കും.
ഇത് യഹോവയുടെ ദാസന്മാരുടെ അവകാശവും
എന്റെ പക്കൽനിന്ന് അവർക്കു ലഭിക്കുന്ന കുറ്റവിമുക്തിയുമാണ്,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
-
1 ഇതിനുശേഷം കർത്താവ് വേറെ എഴുപതുപേരെ നിയമിച്ചു. താൻ താമസംവിനാ പോകാനിരുന്ന ഓരോ പട്ടണത്തിലേക്കും സ്ഥലത്തേക്കും തനിക്കുമുമ്പേ അവരെ ഈരണ്ടുപേരെ അയച്ചു. 2 അദ്ദേഹം ശിഷ്യന്മാരോട്, “കൊയ്ത്ത് സമൃദ്ധം; വേലക്കാരോ പരിമിതം. അതുകൊണ്ട്, കൊയ്ത്തിന്റെ ഉടമസ്ഥനോട് കൊയ്ത്തിനായി വേലക്കാരെ അയയ്ക്കാൻ അപേക്ഷിക്കുക” എന്നു പറഞ്ഞു. 3 പോകുക; ചെന്നായ്ക്കളുടെ മധ്യത്തിലേക്ക് കുഞ്ഞാടുകൾ എന്നപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു. 4 മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോ എടുക്കരുത്; വഴിയിൽ ആരെയെങ്കിലും അഭിവാദനംചെയ്യാൻ നിന്നുപോകരുത്.
5 “ഒരു ഭവനത്തിൽ ചെല്ലുമ്പോൾ ‘ഈ ഭവനത്തിനു സമാധാനം’ എന്ന് ആദ്യം പറയുക. 6 അവിടെ സമാധാനത്തിന് യോഗ്യരായവരുണ്ടെങ്കിൽ ആ സമാധാനം അയാളിൽ നിലനിൽക്കും; ഇല്ലെങ്കിലോ അത് നിങ്ങളിലേക്കുതന്നെ മടങ്ങിവരും. 7 വീടുകൾതോറും മാറിമാറി താമസിക്കാതെ, അവർ നിങ്ങൾക്കു തരുന്നതു ഭക്ഷിക്കുകയും പാനംചെയ്യുകയുംചെയ്ത് ഒരുഭവനത്തിൽത്തന്നെ താമസിക്കുക; ജോലിക്കാരൻ തന്റെ കൂലിക്ക് അർഹനല്ലോ.
8 “ഒരു പട്ടണത്തിൽ ചെല്ലുമ്പോൾ അവിടെയുള്ളവർ നിങ്ങളെ സ്വാഗതംചെയ്ത്, അവർ നിങ്ങൾക്ക് എന്തു വിളമ്പിത്തന്നാലും അതു ഭക്ഷിക്കുക. 9 അവിടെയുള്ള രോഗികളെ സൗഖ്യമാക്കി, ‘ദൈവരാജ്യം നിങ്ങളോട് സമീപിച്ചിരിക്കുന്നു’ എന്നു വിളംബരംചെയ്യുക. 10 എന്നാൽ നിങ്ങൾ ഒരു പട്ടണത്തിൽ ചെല്ലുമ്പോൾ അവർ നിങ്ങളെ സ്വാഗതംചെയ്യുന്നില്ലെങ്കിൽ അതിന്റെ തെരുവുകളിൽ ചെന്ന്, 11 ‘ഞങ്ങളുടെ പാദങ്ങളിൽ പറ്റിയിരിക്കുന്ന നിങ്ങളുടെ പട്ടണത്തിലെ പൊടിപോലും ഞങ്ങൾ ഇതാ നിങ്ങൾക്കൊരു അപായസൂചനയായി തുടച്ചുകളയുന്നു; എങ്കിലും ഒരു കാര്യം അറിയുക; ദൈവരാജ്യം സമീപിച്ചിരിക്കുന്നു, നിശ്ചയം’ എന്നറിയിക്കുക. 12 ഞാൻ നിങ്ങളോടു പറയട്ടെ, സൊദോം നിവാസികൾക്കുണ്ടായ അനുഭവം ആ പട്ടണനിവാസികൾക്ക് അന്നാളിൽ ഉണ്ടാകുന്ന അനുഭവത്തെക്കാൾ ഏറെ സഹനീയമായിരിക്കും.
-
27 സമാധാനം ഞാൻ നിങ്ങൾക്കു തന്നിട്ടുപോകുന്നു. ഞാൻ നിങ്ങൾക്കു തരുന്നത് എന്റെ സമാധാനമാണ്, അത് ലോകം തരുന്നതുപോലെ അല്ല. നിങ്ങളുടെ ഹൃദയം അതിദുഃഖിതമാകരുത്; നിങ്ങൾ ഭയന്നുപോകുകയുമരുത്.
-
37 നാമോ, നമ്മെ സ്നേഹിച്ച കർത്താവിലൂടെ ഇവയിലെല്ലാം വിജയം വരിക്കുന്നു. 38 മരണത്തിനോ ജീവനോ ദൂതന്മാർക്കോ പ്രധാനികൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരാനുള്ളതിനോ ശക്തികൾക്കോ 39 ഉന്നതങ്ങളിലുള്ളവെക്കോ അധോലോകത്തിലുള്ളവയ്ക്കോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ സാധ്യമല്ലെന്ന് എനിക്കു പരിപൂർണബോധ്യമുണ്ട്.
-
3 എന്നാൽ കർത്താവ് വിശ്വസ്തനാണ്; അവിടന്ന് നിങ്ങളെ ശാക്തീകരിക്കുകയും പിശാചിൽനിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും. 4 ഞങ്ങൾ കൽപ്പിക്കുന്ന കാര്യങ്ങൾ നിങ്ങൾ അനുസരിക്കുന്നുണ്ടെന്നും അങ്ങനെതന്നെ തുടർന്നും ആചരിക്കുമെന്നും കർത്താവിൽ ഞങ്ങൾക്ക് ഉത്തമബോധ്യമുണ്ട്. 5 കർത്താവ് നിങ്ങളുടെ ഹൃദയങ്ങളെ ദൈവസ്നേഹത്തിലേക്കും ക്രിസ്തുവിന്റെ സഹനശക്തിയിലേക്കും നയിക്കട്ടെ.
Shows Read in context, Share and Copy.