26 Bible Verses About Faithfulness

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Faithfulness
  1. 13 “ആകയാൽ നിങ്ങളും എപ്പോഴും ജാഗരൂകരായിരിക്കുക; ആ ദിവസവും സമയവും നിങ്ങൾ അറിയുന്നില്ലല്ലോ!

    14 “ഒരു മനുഷ്യൻ ദൂരയാത്രയ്ക്കു പുറപ്പെടുമ്പോൾ തന്റെ സേവകരെ വിളിച്ച് തന്റെ സമ്പത്ത് അവരെ ഏൽപ്പിച്ച മനുഷ്യനോട് സ്വർഗരാജ്യത്തെ ഉപമിക്കാം. 15 അദ്ദേഹം, ഓരോ സേവകനും അവരവരുടെ കഴിവനുസരിച്ച്, ഒരാൾക്ക് അഞ്ച് താലന്ത്, മറ്റൊരാൾക്ക് രണ്ട്, വേറെയൊരാൾക്ക് ഒന്ന് എന്നിങ്ങനെ നൽകി; തുടർന്ന് അദ്ദേഹം യാത്രയായി. 16 അഞ്ചു താലന്ത് ലഭിച്ചയാൾ പോയി, ആ പണംകൊണ്ടു വ്യാപാരംചെയ്ത് അഞ്ചു താലന്തുകൂടി സമ്പാദിച്ചു. 17 അതുപോലെതന്നെ രണ്ടു താലന്ത് ലഭിച്ചയാൾ രണ്ടുകൂടി നേടി. 18 എന്നാൽ ഒരു താലന്ത് ലഭിച്ചയാൾ അതുമായിപ്പോയി, നിലത്ത് ഒരു കുഴികുഴിച്ച് യജമാനന്റെ പണം അതിൽ മറവുചെയ്തു.

    19 “ഏറെക്കാലത്തിനുശേഷം ആ സേവകരുടെ യജമാനൻ മടങ്ങിയെത്തി അവരുമായി കണക്കുതീർത്തു. 20 അഞ്ചു താലന്ത് ലഭിച്ച സേവകൻ യജമാനനെ സമീപിച്ച്, ‘അങ്ങ് അഞ്ചു താലന്താണല്ലോ എന്നെ ഏൽപ്പിച്ചിരുന്നത്; ഇതാ ഞാൻ അഞ്ചുകൂടി നേടിയിരിക്കുന്നു’ എന്നു പറഞ്ഞു.

    21 “യജമാനൻ അവനോടു പറഞ്ഞത്, ‘വളരെ നല്ലത്, സമർഥനും വിശ്വസ്തനുമായ ദാസാ, നീ ഈ ചെറിയകാര്യത്തിൽ വിശ്വസ്തനായിരുന്നല്ലോ, ഞാൻ നിന്നെ അധികം കാര്യങ്ങളുടെ ചുമതലയേൽപ്പിക്കും. വന്ന് നിന്റെ യജമാനന്റെ ആനന്ദത്തിൽ പങ്കുചേരുക.’

    22 “രണ്ടു താലന്ത് ലഭിച്ച സേവകനും വന്ന്, ‘യജമാനനേ, രണ്ടു താലന്താണല്ലോ എന്നെ ഏൽപ്പിച്ചിരുന്നത്; ഇതാ ഞാൻ രണ്ടുകൂടി നേടിയിരിക്കുന്നു’ എന്നു പറഞ്ഞു.

    23 “യജമാനൻ അവനോടു പറഞ്ഞത്, ‘വളരെ നല്ലത്, സമർഥനും വിശ്വസ്തനുമായ ദാസാ, നീ ഈ ചെറിയകാര്യത്തിൽ വിശ്വസ്തനായിരുന്നല്ലോ, ഞാൻ നിന്നെ അധികം കാര്യങ്ങളുടെ ചുമതലയേൽപ്പിക്കും. വന്ന് നിന്റെ യജമാനന്റെ ആനന്ദത്തിൽ പങ്കുചേരുക’ എന്നു പറഞ്ഞു.

    24 “പിന്നെ ഒരു താലന്ത് ലഭിച്ചിരുന്നവനും വന്നു. അയാൾ, ‘യജമാനനേ, വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുകയും വിതറാത്തിടത്തുനിന്ന് ശേഖരിക്കുകയുംചെയ്യുന്ന കരുണയറ്റ മനുഷ്യനാണ് അങ്ങെന്ന് ഞാൻ അറിഞ്ഞിരുന്നു. 25 അതുകൊണ്ട്, ഞാൻ ഭയന്നിട്ട് അങ്ങയുടെ താലന്ത് നിലത്ത് ഒളിച്ചുവെച്ചു. അങ്ങയുടെ പണം ഇതാ; ഞാൻ തിരികെ കൊണ്ടുവന്നിരിക്കുന്നു’ എന്നു പറഞ്ഞു.

    26 “അപ്പോൾ യജമാനൻ അവനോട് ഉത്തരം പറഞ്ഞത്, ‘ദുഷ്ടനും മടിയനുമായ ദാസാ, ഞാൻ വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുന്നവനെന്നും വിതറാത്തിടത്തുനിന്ന് ശേഖരിക്കുന്നവനെന്നും നീ അറിഞ്ഞിരുന്നല്ലോ. 27 എന്റെ പണം നിനക്ക് ബാങ്കിലെങ്കിലും നിക്ഷേപിക്കാമായിരുന്നല്ലോ? അങ്ങനെ ഞാൻ മടങ്ങിവരുമ്പോൾ, അതിൽനിന്ന് കുറച്ച് പലിശയെങ്കിലും എനിക്കു ലഭിക്കുമായിരുന്നല്ലോ?

    28 “ ‘ആ താലന്ത് അയാളുടെ പക്കൽനിന്ന് എടുത്ത് പത്ത് താലന്തുള്ളവന് കൊടുക്കുക. 29 ഉള്ളവർക്ക് അധികം നൽകപ്പെടും, സമൃദ്ധമായും നൽകപ്പെടും; എന്നാൽ ഇല്ലാത്തവരിൽനിന്ന് അവർക്കുള്ള അൽപ്പംകൂടെ എടുത്തുകളയപ്പെടും. 30 അയോഗ്യനായ ആ സേവകനെ പുറത്ത് ഘോരാന്ധകാരത്തിലേക്ക് എറിയുക, അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.’

  2. 22 എന്നാൽ, ആത്മാവിന്റെ ഫലം, സ്നേഹം, ആനന്ദം, സമാധാനം, ദീർഘക്ഷമ, ദയ, ഉദാരത, വിശ്വസ്തത, 23 സൗമ്യത, ആത്മനിയന്ത്രണം എന്നിവയാണ്. ഇവയ്ക്കെതിരായി ഒരു ന്യായപ്രമാണവുമില്ല. 24 എന്നാൽ, ക്രിസ്തുയേശുവിനുള്ളവർ മനുഷ്യസഹജമായ പ്രവൃത്തികളെ അതിന്റെ എല്ലാവിധ ഭോഗവിലാസങ്ങളോടുംകൂടി ക്രൂശിച്ചിരിക്കുന്നു.

  3. 35 “നിങ്ങളുടെ അര മുറുക്കിയും വിളക്കു തെളിഞ്ഞും ഇരിക്കട്ടെ. 36 വിവാഹവിരുന്നിനു പോയി മടങ്ങിയെത്തിയ യജമാനൻ വാതിലിൽ മുട്ടുമ്പോൾത്തന്നെ അദ്ദേഹത്തിന് വാതിൽ തുറന്നുകൊടുക്കാൻ കാത്തിരിക്കുന്ന സേവകരോടു തുല്യരായിരിക്കുക. 37 യജമാനൻ മടങ്ങിവരുമ്പോൾ ജാഗ്രതയോടെ കാത്തിരിക്കുന്ന സേവകർ അനുഗൃഹീതർ. യജമാനൻ തന്റെ അര കെട്ടി അവരെ ഭക്ഷണത്തിനിരുത്തുകയും അടുത്തുവന്ന് അവരെ ശുശ്രൂഷിക്കുകയും ചെയ്യും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു. 38 അദ്ദേഹം അർധരാത്രിയിലോ സൂര്യോദയത്തിനുമുമ്പോ വന്നാലും ആ സേവകർ ഒരുങ്ങിയിരുന്നാൽ അവർ അനുഗൃഹീതർ. 39 കള്ളൻ വരുന്ന സമയം വീട്ടുടമസ്ഥൻ അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹം തന്റെ ഭവനം തുരക്കാതിരിക്കാൻ വേണ്ട കരുതൽ ചെയ്യുമെന്നു നിങ്ങൾക്കറിയാമല്ലോ. 40 അതുപോലെ നിങ്ങളും സദാ ജാഗരൂകരായിരിക്കുക. കാരണം, മനുഷ്യപുത്രൻ വരുന്നത് ആരും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും.”

    41 അപ്പോൾ പത്രോസ്, “കർത്താവേ, അങ്ങ് ഈ സാദൃശ്യകഥ ഞങ്ങളോടുമാത്രമാണോ അതോ എല്ലാവരോടുമായാണോ പറയുന്നത്?” എന്നു ചോദിച്ചു.

    42 അതിനു മറുപടിയായി കർത്താവ് പറഞ്ഞത്: “ഭവനത്തിലെ ദാസർക്ക് യഥാസമയം ഭക്ഷണം നൽകാൻ, അവരുടെ കാര്യസ്ഥനായി യജമാനൻ നിയോഗിച്ചിരിക്കുന്ന വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ ആരാണ്? 43 യജമാനൻ വരുമ്പോൾ അപ്രകാരം ചെയ്യുന്നവനായി കാണപ്പെടുന്ന ഭൃത്യൻ അനുഗ്രഹിക്കപ്പെട്ടവൻ. 44 അദ്ദേഹം ആ ഭൃത്യനെ തന്റെ സകലസ്വത്തിനും മേലധികാരിയായി നിയമിക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു.

  4. 1 അതുകൊണ്ട് ക്രിസ്തുവിന്റെ ശുശ്രൂഷകരും ദൈവികരഹസ്യങ്ങളുടെ കാര്യസ്ഥന്മാരും എന്നനിലയിലാണ് എല്ലാവരും ഞങ്ങളെ പരിഗണിക്കേണ്ടത്. 2 വിശ്വാസ്യതയാണ് കാര്യസ്ഥരിൽ അവശ്യം കാണേണ്ട സദ്ഗുണം.

  5. 12 അതുകൊണ്ട്, താൻ ഉറച്ചുനിൽക്കുന്നെന്നു കരുതുന്നയാൾ വീഴാതിരിക്കാൻ സൂക്ഷിക്കട്ടെ. 13 മനുഷ്യർക്കു സാധാരണമല്ലാത്ത പ്രലോഭനങ്ങൾ നിങ്ങൾക്കുണ്ടായിട്ടില്ല. ദൈവം വിശ്വസ്തൻ; നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനം അവിടന്ന് അനുവദിക്കുകയില്ല. പ്രലോഭനം ഉണ്ടാകുമ്പോൾ നിങ്ങൾക്കു സഹിക്കാൻ കഴിയേണ്ടതിന് അതിൽനിന്ന് രക്ഷപ്പെടാനുള്ള വഴിയും അതോടൊപ്പംതന്നെ ദൈവം ഉണ്ടാക്കിത്തരും.

  6. 11 ഇത് വിശ്വാസയോഗ്യമായ തിരുവചനമല്ലോ:

    നാം ക്രിസ്തുവിനോടുകൂടെ മരിച്ചാൽ

    ക്രിസ്തുവിനോടുകൂടെ ജീവിക്കും;

    12 കഷ്ടത സഹിക്കുന്നെങ്കിൽ

    അവിടത്തെ ഭരണത്തിൽ പങ്കാളികളാകും.

    അവിടത്തെ നിരാകരിക്കുന്നെങ്കിൽ

    അവിടന്നു നമ്മെയും നിരാകരിക്കും.

    13 നാം വിശ്വാസവിഹീനരായിത്തീർന്നാലും

    അവിടന്ന് വിശ്വസ്തനായിത്തന്നെ തുടരും;

    തന്റെ സ്വഭാവം ത്യജിക്കുക അവിടത്തേക്കു സാധ്യമല്ലല്ലോ!

  7. 23 നമുക്ക് അചഞ്ചലരായി നിന്നുകൊണ്ട് നമ്മുടെ പ്രത്യാശ ഏറ്റുപറയാം. വാഗ്ദാനംചെയ്ത ദൈവം വിശ്വാസയോഗ്യനല്ലോ!

  8. 9 അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവ, ദൈവം ആകുന്നു എന്നും അവിടത്തെ സ്നേഹിക്കുകയും അവിടത്തെ കൽപ്പനകൾ പാലിക്കുകയും ചെയ്യുന്നവർക്ക് ആയിരം തലമുറവരെ സ്നേഹത്തിന്റെ ഉടമ്പടി ഉറപ്പിക്കുന്ന വിശ്വസ്തനായ ദൈവമാണ് യഹോവ എന്നും നിങ്ങൾ അറിയണം. 10 എന്നാൽ,

    തന്നെ തിരസ്കരിക്കുന്നവരെ അവിടന്നുതന്നെ നശിപ്പിച്ച് പകരംവീട്ടും;

    തന്നെ വെറുക്കുന്നവനോട് അവിടന്ന് പ്രതികാരംചെയ്യാൻ താമസിക്കുകയുമില്ല.

    11 അതുകൊണ്ട് ഞാൻ ഇന്നു നിങ്ങളോടു കൽപ്പിക്കുന്ന കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും നിങ്ങൾ അനുസരിച്ചു ജീവിക്കണം.

  9. 10 നിങ്ങൾ സഹിക്കാൻ പോകുന്നതിനെക്കുറിച്ച് ഒട്ടും ഭയപ്പെടരുത്. സൂക്ഷിക്കുക; പിശാചു നിങ്ങളിൽ ചിലരെ തടവിലാക്കി നിങ്ങളെ പരീക്ഷിക്കാൻ പോകുന്നു. പത്തുദിവസം നിങ്ങൾക്കു പീഡനമുണ്ടാകും. മരണംവരെ വിശ്വസ്തനായിരിക്കുക; ഞാൻ ജീവകിരീടം നിനക്കു തരും.

  10. 10 “നിസ്സാരകാര്യങ്ങളിൽ വിശ്വസ്തരായവർ മഹത്തായ കാര്യങ്ങളിലും വിശ്വസ്തരായിരിക്കും; നിസ്സാരകാര്യങ്ങളിൽ അവിശ്വസ്തരായവർ മഹത്തായ കാര്യങ്ങളിലും അവിശ്വസ്തരായിരിക്കും. 11 ലൗകികസമ്പത്തു കൈകാര്യം ചെയ്യുന്നതിൽ നിങ്ങൾ വിശ്വസ്തരല്ലെങ്കിൽ സ്വർഗത്തിലെ നിത്യസമ്പത്ത് ആരു നിങ്ങളെ ഭരമേൽപ്പിക്കും? 12 നിങ്ങൾ മറ്റൊരാളിന്റെ വസ്തുവകകളുടെ കാര്യത്തിൽ വിശ്വസ്തരായില്ലെങ്കിൽ സ്വന്തമായതു നിങ്ങൾക്ക് ആര് തരും?

    13 “രണ്ട് യജമാനന്മാർക്ക് ദാസ്യവൃത്തി ചെയ്യുക ആരാലും സാധ്യമല്ല. ഒന്നുകിൽ, ഒരു യജമാനനെ പരിത്യജിച്ച് മറ്റേയാളെ സ്നേഹിക്കും; അല്ലെങ്കിൽ, ഒരാളോട് വിശ്വസ്തനായി തുടരുകയും മറ്റേയാളെ വെറുക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒരുമിച്ചു സേവിക്കുക അസാധ്യം.”

  11. 5 ഞങ്ങൾ തിരുമൊഴി ശ്രവിച്ച് നിങ്ങളോട് അറിയിക്കുന്ന സന്ദേശം ഇതാണ്: ദൈവം പ്രകാശം ആകുന്നു; ദൈവത്തിൽ അന്ധകാരം അൽപ്പംപോലും ഇല്ല. 6 നമുക്ക് അവിടത്തോട് കൂട്ടായ്മ ഉണ്ടെന്നു പറയുകയും അന്ധകാരത്തിൽ ജീവിക്കുകയുംചെയ്യുന്നെങ്കിൽ നാം വ്യാജംപറയുകയാണ്; സത്യം അനുസരിച്ചു ജീവിക്കുന്നതുമില്ല. 7 അവിടന്നു പ്രകാശത്തിൽ ആയിരിക്കുന്നതുപോലെ നാമും പ്രകാശത്തിൽ ജീവിക്കുന്നെങ്കിൽ നമുക്ക് പരസ്പരം കൂട്ടായ്മയുണ്ട്; അവിടത്തെ പുത്രനായ യേശുവിന്റെ രക്തം സകലപാപത്തിൽനിന്നും നമ്മെ ശുദ്ധീകരിക്കുന്നു.

    8 നമുക്കു പാപമില്ലെന്ന് നാം അവകാശപ്പെട്ടാൽ നമ്മെത്തന്നെ വഞ്ചിക്കുകയാണ്; സത്യം നമ്മിൽ വസിക്കുന്നതുമില്ല. 9 നാം നമ്മുടെ പാപങ്ങൾ ഏറ്റുപറയുന്നു എങ്കിൽ അവിടന്ന് നമ്മുടെ പാപങ്ങൾ ക്ഷമിച്ച് എല്ലാ അനീതിയിൽനിന്നും നമ്മെ ശുദ്ധീകരിക്കും; അവിടന്ന് വിശ്വസ്തനും നീതിമാനും ആണല്ലോ. 10 നാം പാപംചെയ്തിട്ടില്ലെന്ന് അവകാശപ്പെടുന്നു എങ്കിൽ നാം ദൈവത്തെ അസത്യവാദി ആക്കുന്നു, അവിടത്തെ വചനം നമ്മിൽ നിവസിക്കുന്നുമില്ല.

  12. 20 വിശ്വസ്തമനുഷ്യർ സമൃദ്ധമായി അനുഗ്രഹിക്കപ്പെടും,

    എന്നാൽ സമ്പന്നരാകാൻ തിടുക്കം കാട്ടുന്നവർ ശിക്ഷിക്കപ്പെടാതെ പോകുകയില്ല.

  13. 3 ആത്മാർഥതയും വിശ്വസ്തതയും നിന്നെ വിട്ടുപിരിയാതിരിക്കട്ടെ;

    അവ നിന്റെ കഴുത്തിൽ അണിയുക,

    നിന്റെ ഹൃദയഫലകത്തിൽ ആലേഖനംചെയ്യുക.

    4 അപ്പോൾ നീ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ

    പ്രീതിയും സൽപ്പേരും സമ്പാദിക്കും.

    5 പൂർണഹൃദയത്തോടെ നീ യഹോവയിൽ വിശ്വാസമർപ്പിക്കുക

    സ്വന്തവിവേകത്തിൽ ആശ്രയിക്കുകയുമരുത്;

    6 നിന്റെ ചെയ്തികളെല്ലാം ദൈവികാംഗീകാരമുള്ളതായിരിക്കട്ടെ,

    അവിടന്ന് നിന്റെ സഞ്ചാരപാതകൾ നേരേയാക്കും.

  14. 19 എന്റെ കഷ്ടവും എന്റെ ഉഴൽച്ചയും

    കയ്‌പും കാഞ്ഞിരവും ഞാൻ ഓർക്കുന്നു.

    20 ഞാൻ അവയെ നന്നായി ഓർക്കുന്നു,

    എന്റെ പ്രാണൻ എന്റെയുള്ളിൽ വിഷാദപൂർണമായി.

    21 എങ്കിലും ഞാൻ ഇത് ഓർക്കും

    അതുകൊണ്ട് എനിക്ക് പ്രത്യാശയുണ്ട്:

    22 യഹോവയുടെ മഹാസ്നേഹംനിമിത്തം ഞാൻ നശിപ്പിക്കപ്പെട്ടില്ല

    അവിടത്തെ കരുണകൾ തീർന്നുപോകുന്നില്ല.

    23 അവ പ്രഭാതംതോറും പുതിയതാകുന്നു;

    അവിടത്തെ വിശ്വസ്തത വലിയതുമാകുന്നു.

    24 ഞാൻ എന്നോടുതന്നെ പറയുന്നു, “യഹോവ എന്റെ ഓഹരി;

    അതുകൊണ്ട് ഞാൻ അവിടത്തേക്കായി കാത്തിരിക്കും.”

    25 തന്നിൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നവർക്കും

    തന്നെ അന്വേഷിക്കുന്നവർക്കും യഹോവ നല്ലവൻ;

    26 രക്ഷ യഹോവയിൽനിന്നും വരുന്നതിനായി

    ക്ഷമയോടെ കാത്തിരിക്കുന്നത് നല്ലത്.

  15. 16 ക്രിസ്ത്യാനിയായിട്ട് പീഡനം സഹിക്കുന്നതിൽ ലജ്ജിക്കേണ്ടതില്ല; മറിച്ച്, ക്രിസ്തുവിന്റെ നാമം വഹിച്ചുകൊണ്ട് ദൈവത്തെ മഹത്ത്വപ്പെടുത്തുകയാണു വേണ്ടത്. 17 ദൈവഭവനത്തിൽ ന്യായവിധി ആരംഭിക്കാൻ സമയം ആസന്നമായിരിക്കുന്നു; അത് നമ്മിലാണ് ആരംഭിക്കുന്നതെങ്കിൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ ഗതി എന്തായിരിക്കും!

    18 “നീതിനിഷ്ഠർ രക്ഷപ്രാപിക്കുന്നത് ദുഷ്കരമെങ്കിൽ,

    അഭക്തരുടെയും പാപികളുടെയും ഗതി എന്താകും!”

    19 അതുകൊണ്ട്, ദൈവഹിതപ്രകാരം കഷ്ടം അനുഭവിക്കുന്നവർ, വിശ്വസ്തനായ സ്രഷ്ടാവിനു തങ്ങളെത്തന്നെ സമർപ്പിച്ചുകൊണ്ട് നന്മ പ്രവർത്തിച്ചുകൊണ്ടിരിക്കട്ടെ.

  16. 1 ശേഷം കാര്യങ്ങൾ: സഹോദരങ്ങളേ, കർത്താവിന്റെ വചനം നിങ്ങളുടെ അടുക്കൽ എത്തിയതുപോലെ എല്ലായിടത്തും അതിവേഗത്തിൽ പ്രചരിച്ച് മഹത്ത്വപ്പെടാനും 2 അധർമികളും ദുഷ്ടരുമായ മനുഷ്യരിൽനിന്ന് ഞങ്ങൾ രക്ഷപ്പെടാനുമായി പ്രാർഥിക്കുക. എല്ലാവരും വിശ്വാസം ഉള്ളവരല്ലല്ലോ. 3 എന്നാൽ കർത്താവ് വിശ്വസ്തനാണ്; അവിടന്ന് നിങ്ങളെ ശാക്തീകരിക്കുകയും പിശാചിൽനിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും.

  17. 4 ഉടൻതന്നെ യഹോവ മോശയോടും അഹരോനോടും മിര്യാമിനോടും കൽപ്പിച്ചു: “നിങ്ങൾ മൂന്നുപേരും സമാഗമകൂടാരത്തിൽ വരിക.” അങ്ങനെ അവർ മൂന്നുപേരും കൂടാരത്തിലേക്കുവന്നു. 5 യഹോവ ഒരു മേഘസ്തംഭത്തിൽ ഇറങ്ങിവന്നു; കൂടാരവാതിലിൽനിന്ന് അഹരോനെയും മിര്യാമിനെയും വിളിച്ചു. അവർ രണ്ടുപേരും മുമ്പോട്ടുചെന്നപ്പോൾ 6 അവിടന്ന് പറഞ്ഞു: “എന്റെ വാക്കുകൾ ശ്രദ്ധിക്കുക:

    “നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടെങ്കിൽ,

    യഹോവ ആകുന്ന ഞാൻ ദർശനത്തിൽ എന്നെത്തന്നെ അവർക്കു വെളിപ്പെടുത്തും.

    ഞാൻ സ്വപ്നത്തിൽ അവരോടു സംസാരിക്കും.

    7 എന്നാൽ എന്റെ ദാസനായ മോശയുടെ കാര്യത്തിൽ അങ്ങനെയല്ല;

    അവൻ എന്റെ ഭവനത്തിലൊക്കെയും വിശ്വസ്തനാണ്.

    8 അവനുമായി ഞാൻ അവ്യക്തമായല്ല,

    സ്പഷ്ടമായും അഭിമുഖമായുമാണ് സംസാരിക്കുന്നത്;

    അവൻ യഹോവയുടെ രൂപം കാണും.

    എന്നിട്ടും എന്റെ ദാസനായ മോശയ്ക്കു വിരോധമായി

    സംസാരിക്കാൻ നിങ്ങൾ ഭയപ്പെടാഞ്ഞതെന്ത്?”

    9 യഹോവയുടെ കോപം അവർക്കെതിരേ ജ്വലിച്ചു; അവിടന്ന് അവരെ വിട്ടുപോയി.

  18. 6 ഞാൻ ഇപ്പോൾത്തന്നെ പാനീയയാഗമായി അർപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു; എന്റെ അന്തിമയാത്രയ്ക്കുള്ള സമയവും ആസന്നമായിരിക്കുന്നു. 7 ഞാൻ നന്നായി യുദ്ധംചെയ്തു; ഓട്ടം പൂർത്തിയാക്കി; അവസാനംവരെ ഞാൻ വിശ്വാസം സംരക്ഷിച്ചു. 8 ഇനി, നീതിയുടെ കിരീടം എനിക്കായി കാത്തിരിക്കുന്നു. അത്, നീതിയുള്ള ന്യായാധിപതിയായ കർത്താവ് അന്നാളിൽ എനിക്കു സമ്മാനിക്കും; എനിക്കുമാത്രമല്ല, അവിടത്തെ പുനരാഗമനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന എല്ലാവർക്കുംതന്നെ.

  19. 10 അവിടത്തെ നീതി ഞാൻ എന്റെ ഹൃദയത്തിൽ മറച്ചുവെക്കുന്നില്ല;

    അങ്ങയുടെ വിശ്വസ്തതയും രക്ഷയും ഞാൻ ഘോഷിക്കുന്നു.

    അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയും

    ഞാൻ മഹാസഭയിൽനിന്നു മറച്ചുവെക്കുന്നില്ല.

    11 യഹോവേ, അവിടത്തെ കരുണ എന്നിൽനിന്നു പിൻവലിക്കരുതേ;

    അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയും എപ്പോഴും എനിക്കു സംരക്ഷണം നൽകട്ടെ.

  20. 4 ഏതു ഭവനത്തിനും ഒരു നിർമാതാവു വേണം; ദൈവമാണ് സകലത്തിന്റെയും നിർമാതാവ്. 5 ദൈവം ഭാവിയിൽ അരുളിച്ചെയ്യാനിരുന്നതിനു സാക്ഷ്യംവഹിക്കുന്നവനായി “മോശ ദൈവഭവനത്തിൽ ഒരു ഭൃത്യന്റെ സ്ഥാനത്ത് എല്ലാറ്റിലും വിശ്വസ്തനായിരുന്നു.” 6 ക്രിസ്തുവോ, സ്വഭവനത്തിന്മേൽ അധികാരമുള്ള പുത്രനാണ്. നാം പ്രത്യാശയുടെ ധൈര്യവും അഭിമാനവും മുറുകെപ്പിടിക്കുമെങ്കിൽ, നാംതന്നെയാണ് ദൈവഭവനം.

  21. 5 യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം ആകാശത്തോളം എത്തുന്നു,

    അവിടത്തെ വിശ്വസ്തത മേഘങ്ങളോളം വ്യാപിച്ചിരിക്കുന്നു.

  22. 5 നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹം ഇല്ലാത്തതായിരിക്കട്ടെ; നിങ്ങളുടെപക്കൽ ഉള്ളതിൽ സംതൃപ്തരാകുക.

    “ഒരുനാളും ഞാൻ നിന്നെ ഉപേക്ഷിക്കുകയില്ല,

    ഒരുനാളും ഞാൻ നിന്നെ കൈവെടിയുകയുമില്ല,”

    എന്നു ദൈവം അരുളിച്ചെയ്തിട്ടുണ്ടല്ലോ. 6 അതുകൊണ്ട് ആത്മവിശ്വാസത്തോടെ നമുക്ക് പറയാം,

    “കർത്താവാണ് എന്റെ സഹായി; ഞാൻ ഭയപ്പെടുകയില്ല.

    വെറും മർത്യന് എന്നോട് എന്തുചെയ്യാൻ കഴിയും?”

  23. 14 ഇവർ കുഞ്ഞാടിനോടു യുദ്ധംചെയ്യും. കുഞ്ഞാട് കർത്താധികർത്താവും രാജാധിരാജാവുമാകുകയാൽ അവരുടെമേൽ ജയം നേടും. വിളിക്കപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട വിശ്വസ്തഅനുയായികൾ കുഞ്ഞാടിനോടൊപ്പം ഉണ്ടായിരിക്കും.”

  24. 4 തന്റെ തൂവലുകൾകൊണ്ട് അവിടന്ന് നിന്നെ മറയ്ക്കും,

    അവിടത്തെ ചിറകിൻകീഴിൽ നീ അഭയംകണ്ടെത്തും;

    അവിടത്തെ വിശ്വസ്തത നിനക്ക് പരിചയും കോട്ടയും ആയിരിക്കും.

  25. 19 ഞാൻ നിന്നെ എന്നെന്നേക്കുമായി വിവാഹനിശ്ചയം ചെയ്യും;

    ന്യായത്തിലും നീതിയിലും സ്നേഹത്തിലും മനസ്സലിവിലും

    ഞാൻ നിന്നെ വിവാഹനിശ്ചയം ചെയ്യും.

    20 ഞാൻ നിന്നെ വിശ്വസ്തതയിൽ വിവാഹനിശ്ചയം ചെയ്യും,

    അങ്ങനെ നീ, ഞാൻ യഹോവ ആകുന്നു എന്ന് അംഗീകരിക്കും.

  26. 11 അവരുടെ ഭാര്യമാരും അവരെപ്പോലെതന്നെ, ആദരണീയർ ആയിരിക്കണം. അവർ പരദൂഷണം പറയാത്തവരും സമചിത്തരും എല്ലാ കാര്യങ്ങളിലും വിശ്വസ്തരും ആയിരിക്കണം.