54 Bible Verses About Waiting on the Lord

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Waiting on the Lord
  1. 2 എന്റെ ദൈവമേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു;

    എന്നെ ലജ്ജയിലേക്കു തള്ളിയിടരുതേ,

    എന്റെ ശത്രുക്കൾ എന്റെമേൽ ജയഘോഷം മുഴക്കാൻ അനുവദിക്കരുതേ.

    3 അങ്ങയിൽ പ്രത്യാശവെച്ചിരിക്കുന്നവരാരും

    ഒരിക്കലും ലജ്ജിച്ചുപോകുകയില്ല,

    എന്നാൽ അകാരണമായി വഞ്ചിക്കുന്നവർ

    ലജ്ജിതരായിത്തീരട്ടെ.

    4 യഹോവേ, അങ്ങയുടെ വഴി എന്നെ മനസ്സിലാക്കിത്തരുമാറാകണമേ,

    അവിടത്തെ പാത എന്നെ പഠിപ്പിക്കണമേ.

    5 അങ്ങയുടെ സത്യത്തിൽ എന്നെ നയിക്കുകയും പഠിപ്പിക്കുകയും ചെയ്യണമേ,

    കാരണം അവിടന്നാണല്ലോ എന്റെ രക്ഷയുടെ ദൈവം,

    ദിവസംമുഴുവനും ഞാൻ അങ്ങയിൽ പ്രത്യാശവെക്കുന്നു.

    6 യഹോവേ, അവിടത്തെ ആർദ്രകരുണയും അചഞ്ചലസ്നേഹവും ഓർക്കണമേ,

    അത് പുരാതനകാലംമുതലേ ഉള്ളതാണല്ലോ.

    7 എന്റെ യൗവനകാല പാപങ്ങളും

    എന്റെ ലംഘനങ്ങളും ഓർമിക്കരുതേ;

    അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്നെ ഓർക്കണമേ,

    കാരണം യഹോവേ, അവിടന്ന് നല്ലവനല്ലോ.

    8 യഹോവ നല്ലവനും നീതിനിഷ്ഠനും ആകുന്നു;

    അതുകൊണ്ട് പാപികൾക്ക് അവിടന്ന് തന്റെ വഴി ഉപദേശിച്ചുകൊടുക്കുന്നു.

    9 വിനയാന്വിതരെ അവിടന്ന് നീതിമാർഗത്തിൽ നയിക്കുന്നു

    തന്റെ വഴി അവരെ പഠിപ്പിക്കുന്നു.

  2. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 അധർമം പ്രവർത്തിക്കുന്നവർനിമിത്തം അസ്വസ്ഥരാകുകയോ

    ദുഷ്ടരോട് അസൂയാലുക്കളാകുകയോ അരുത്.

    2 പുല്ലുപോലെ അവർ വേഗത്തിൽ വാടിപ്പോകും

    പച്ചച്ചെടിപോലെ അവർ വേഗത്തിൽ ഇല്ലാതെയാകും.

    3 യഹോവയിൽ ആശ്രയിച്ചുകൊണ്ട് നന്മ പ്രവർത്തിക്കുക;

    എന്നാൽ, സുരക്ഷിതമായ മേച്ചിൽപ്പുറം ആസ്വദിച്ചുകൊണ്ട് ദേശത്തു ജീവിക്കാം.

    4 യഹോവയിൽ ആനന്ദിക്കുക,

    അപ്പോൾ അവിടന്നു നിന്റെ ഹൃദയാഭിലാഷങ്ങൾ നിറവേറ്റും.

    5 നിന്റെ വഴി യഹോവയെ ഭരമേൽപ്പിക്കുക;

    യഹോവയിൽത്തന്നെ ആശ്രയിക്കുക, അവിടന്നു നിന്നെ സഹായിക്കും:

    6 അവിടന്ന് നിന്റെ നീതിയെ ഉഷസ്സുപോലെ പ്രകാശപൂർണമാക്കും,

    നിന്റെ കുറ്റവിമുക്തി മധ്യാഹ്നസൂര്യനെപ്പോലെയും.

    7 യഹോവയുടെ സന്നിധിയിൽ മൗനമായിരിക്കുക

    അവിടത്തേക്കായി ക്ഷമാപൂർവം കാത്തിരിക്കുക;

    അധർമം പ്രവർത്തിക്കുന്നവർ തങ്ങളുടെ വഴികളിൽ മുന്നേറുമ്പോൾ അസ്വസ്ഥരാകേണ്ടതില്ല,

    അവർ തങ്ങളുടെ കുതന്ത്രങ്ങൾ പ്രാവർത്തികമാക്കുമ്പോഴും.

    8 കോപത്തിൽനിന്ന് അകന്നിരിക്കുക ക്രോധത്തിൽനിന്ന് പിന്തിരിയുക;

    ഉത്കണ്ഠപ്പെടരുത്—അത് അധർമത്തിലേക്കുമാത്രമേ നയിക്കുകയുള്ളൂ.

    9 കാരണം ദുഷ്ടർ ഉന്മൂലനംചെയ്യപ്പെടും,

    എന്നാൽ യഹോവയിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നവർ ദേശം അവകാശമാക്കും.

    10 ഒരൽപ്പകാലംകൂടി, ദുഷ്ടർ ഇല്ലാതെയാകും;

    നീ അവരെ അന്വേഷിച്ചാലും അവരെ കണ്ടെത്തുകയില്ല.

    11 എന്നാൽ സൗമ്യതയുള്ളവർ ഭൂമി അവകാശമാക്കുകയും

    സമാധാനം, അഭിവൃദ്ധി എന്നിവ ആസ്വദിക്കുകയും ചെയ്യും.

  3. 27 “എന്റെ വഴി യഹോവയ്ക്കു മറഞ്ഞിരിക്കുന്നു;

    എനിക്കു ലഭിക്കേണ്ട ന്യായം എന്റെ ദൈവം അവഗണിച്ചിരിക്കുന്നു,”

    എന്ന് യാക്കോബേ, നീ പരാതിപ്പെടുന്നതെന്ത്?

    ഇസ്രായേലേ, നീ സംസാരിക്കുന്നതെന്ത്?

    28 നിനക്ക് അറിഞ്ഞുകൂടേ?

    നീ കേട്ടിട്ടില്ലേ?

    യഹോവ നിത്യനായ ദൈവം ആകുന്നു,

    അവിടന്നാണ് ഭൂമിയുടെ അറുതികളെല്ലാം സൃഷ്ടിച്ചത്.

    അവിടന്നു ക്ഷീണിക്കുന്നില്ല, തളരുന്നതുമില്ല;

    അവിടത്തെ വിവേകം അപ്രമേയംതന്നെ.

    29 അവിടന്നു ക്ഷീണിതർക്കു ശക്തിനൽകുന്നു,

    ബലം കുറഞ്ഞവരുടെ ബലം വർധിപ്പിക്കുന്നു.

    30 യുവാക്കൾപോലും ക്ഷീണിച്ചു തളർന്നുപോകുന്നു,

    ചെറുപ്പക്കാർ കാലിടറി നിലംപൊത്തുന്നു;

    31 എങ്കിലും യഹോവയ്ക്കായി കാത്തിരിക്കുന്നവർ

    അവരുടെ ശക്തി പുതുക്കും.

    അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും;

    അവർ ഓടും, ക്ഷീണിക്കുകയില്ല,

    അവർ നടക്കും, തളർന്നുപോകുകയുമില്ല.

  4. 11 യഹോവേ, അവിടത്തെ വഴി എന്നെ പഠിപ്പിക്കണമേ;

    എനിക്കായ് പതിയിരിക്കുന്നവർനിമിത്തം

    എന്നെ നേർപാതകളിൽ നടത്തണമേ.

    12 എന്റെ ശത്രുക്കളുടെ ആഗ്രഹത്തിന് എന്നെ ഏൽപ്പിച്ചുകൊടുക്കരുതേ,

    കാരണം എനിക്കെതിരേ കള്ളസാക്ഷികൾ എഴുന്നേറ്റിരിക്കുന്നു,

    അവർ എനിക്കെതിരേ ക്രൂരത നിശ്വസിക്കുന്നു.

    13 ഒരു കാര്യത്തിലെനിക്ക് ഉത്തമ വിശ്വാസമുണ്ട്:

    ജീവനുള്ളവരുടെ ദേശത്ത്

    യഹോവയുടെ നന്മ ഞാൻ ദർശിക്കും.

    14 യഹോവയ്ക്കായി കാത്തിരിക്കുക;

    ശക്തരായിരിക്കുക, സുധീരരായിരിക്കുക

    യഹോവയ്ക്കായി കാത്തിരിക്കുക.

  5. 21 എങ്കിലും ഞാൻ ഇത് ഓർക്കും

    അതുകൊണ്ട് എനിക്ക് പ്രത്യാശയുണ്ട്:

    22 യഹോവയുടെ മഹാസ്നേഹംനിമിത്തം ഞാൻ നശിപ്പിക്കപ്പെട്ടില്ല

    അവിടത്തെ കരുണകൾ തീർന്നുപോകുന്നില്ല.

    23 അവ പ്രഭാതംതോറും പുതിയതാകുന്നു;

    അവിടത്തെ വിശ്വസ്തത വലിയതുമാകുന്നു.

    24 ഞാൻ എന്നോടുതന്നെ പറയുന്നു, “യഹോവ എന്റെ ഓഹരി;

    അതുകൊണ്ട് ഞാൻ അവിടത്തേക്കായി കാത്തിരിക്കും.”

    25 തന്നിൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നവർക്കും

    തന്നെ അന്വേഷിക്കുന്നവർക്കും യഹോവ നല്ലവൻ;

    26 രക്ഷ യഹോവയിൽനിന്നും വരുന്നതിനായി

    ക്ഷമയോടെ കാത്തിരിക്കുന്നത് നല്ലത്.

  6. 5 ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു, എന്റെ ആത്മാവ് അങ്ങേക്കായി കാത്തിരിക്കുന്നു,

    അവിടത്തെ വചനത്തിൽ ഞാൻ പ്രത്യാശയർപ്പിക്കുന്നു.

    6 പ്രഭാതത്തിനായി കാത്തിരിക്കുന്ന കാവൽക്കാരനെക്കാൾ,

    അതേ, പ്രഭാതത്തിനായി കാത്തിരിക്കുന്ന കാവൽക്കാരനെക്കാൾ,

    ഞാൻ കർത്താവിനായി കാത്തിരിക്കുന്നു.

    7 ഇസ്രായേലേ, നിന്റെ പ്രത്യാശ യഹോവയിൽ അർപ്പിക്കുക,

    കാരണം യഹോവയുടെ അടുക്കൽ അചഞ്ചലസ്നേഹവും

    സമ്പൂർണ വീണ്ടെടുപ്പും ഉണ്ടല്ലോ.

    8 ഇസ്രായേലിനെ അവരുടെ സകലപാപങ്ങളിൽനിന്നും

    അവിടന്നുതന്നെ വീണ്ടെടുക്കും.

  7. 18 നമുക്കു ലഭിക്കാനിരിക്കുന്ന തേജസ്സിന്റെ മുമ്പിൽ ഇക്കാലത്തെ കഷ്ടതകൾ വളരെ നിസ്സാരം എന്നു ഞാൻ കരുതുന്നു. 19 ദൈവത്തിന്റെമക്കൾ ആരെന്നു പ്രത്യക്ഷമാകുന്നതിനായി സർവസൃഷ്ടിയും അത്യാകാംക്ഷയോടെ കാത്തിരിക്കുകയാണ്. 20-21 സ്വേച്ഛയാലല്ല സൃഷ്ടി ശാപഗ്രസ്തമായിത്തീർന്നിരിക്കുന്നത്; ജീർണതയുടെ അടിമത്തത്തിൽനിന്ന് സൃഷ്ടി വിമുക്തമാക്കപ്പെട്ട് ദൈവമക്കളുടെ തേജോമയമായ സ്വാതന്ത്ര്യത്തിലേക്കു നിശ്ചയമായും ഒരിക്കൽ നയിക്കപ്പെടും എന്നുള്ള പ്രത്യാശ നൽകി അവയെ നൈരാശ്യത്തിന് വിധേയമാക്കിയ ദൈവത്തിന്റെ ഇഷ്ടത്താൽത്തന്നെയാണ്.

    22 സർവസൃഷ്ടിയും ഒന്നുചേർന്ന് ഇന്നുവരെയും പ്രസവവേദനയിലെന്നപോലെ ഞരങ്ങുകയുമാണ് എന്നു നാം അറിയുന്നു. 23 അതുമാത്രമല്ല, പരിശുദ്ധാത്മാവാകുന്ന ആദ്യഫലം ഉള്ളിൽ വസിക്കുന്ന നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പിലൂടെ ദൈവത്തിന്റെ പുത്രത്വം ലഭിക്കും എന്നുള്ള പ്രതീക്ഷയാൽ, നാമും ഉള്ളിൽ ഞരങ്ങുകയാണ്. 24 ഈ പ്രത്യാശയിലാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, പ്രത്യക്ഷമായിരിക്കുന്നതിനെക്കുറിച്ചുള്ള പ്രത്യാശയാകട്ടെ, പ്രത്യാശയേയല്ല. കണ്മുമ്പിൽ കാണുന്നതിനുവേണ്ടി ഇനി പ്രത്യാശിക്കുന്നതെന്തിന്? 25 എന്നാൽ, കണ്ടിട്ടില്ലാത്തതിനുവേണ്ടി പ്രത്യാശിക്കുന്നെങ്കിലോ അതിനായി നാം ക്ഷമയോടെ പ്രതീക്ഷിച്ചുകൊണ്ടിരിക്കും.

  8. 5 എന്റെ ആത്മാവേ, ദൈവത്തിൽമാത്രം വിശ്രമം കണ്ടെത്തുക;

    അങ്ങയിലാണ് എന്റെ പ്രത്യാശ.

    6 അവിടന്നുമാത്രമാണ് എന്റെ പാറയും എന്റെ രക്ഷയും;

    അവിടന്നാണ് എന്റെ കോട്ട, ഞാൻ കുലുങ്ങിപ്പോകുകയില്ല.

    7 എന്റെ രക്ഷയും എന്റെ മഹത്ത്വവും ദൈവത്തിൽ ആകുന്നു;

    അവിടന്ന് എന്റെ ശക്തിയുള്ള പാറയും എന്റെ സങ്കേതവും ആകുന്നു.

    8 അല്ലയോ ജനമേ, എപ്പോഴും ദൈവത്തിൽ ആശ്രയിക്കുക,

    നിങ്ങളുടെ ഹൃദയം അവിടത്തെ മുമ്പിൽ പകരുക,

    കാരണം നമ്മുടെ സങ്കേതം ദൈവം ആകുന്നു. സേലാ.

  9. 7 എന്നാൽ, ഞാൻ യഹോവയെ പ്രത്യാശയോടെ നോക്കിക്കൊണ്ടിരിക്കും,

    എന്റെ രക്ഷകനായ ദൈവത്തിനായി ഞാൻ കാത്തിരിക്കും,

    എന്റെ ദൈവം എന്റെ പ്രാർഥന കേൾക്കും.

  10. 17 യാക്കോബിന്റെ സന്തതികളിൽനിന്ന്

    തന്റെ മുഖം മറച്ചുവെക്കുന്ന യഹോവയ്ക്കായി ഞാൻ കാത്തിരിക്കും;

    എന്റെ ആശ്രയം ഞാൻ യഹോവയിൽത്തന്നെ അർപ്പിക്കും.

  11. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 ഞാൻ യഹോവയ്ക്കായി ക്ഷമയോടെ കാത്തിരുന്നു;

    അവിടന്ന് എങ്കലേക്കു ചാഞ്ഞ് എന്റെ നിലവിളി കേട്ടു.

    2 വഴുവഴുപ്പുള്ള കുഴിയിൽനിന്നും

    ചേറ്റിൽനിന്നും ചെളിയിൽനിന്നും അവിടന്ന് എന്നെ ഉദ്ധരിച്ചു;

    അവിടന്ന് എന്റെ പാദങ്ങൾ ഒരു പാറമേൽ ഉറപ്പിച്ചു

    എനിക്കു നിൽക്കാൻ ഉറപ്പുള്ള ഒരിടംനൽകി.

    3 എന്റെ അധരങ്ങൾക്ക് അവിടന്നൊരു പുതുഗീതമേകി,

    നമ്മുടെ ദൈവത്തിന് ഒരു സ്തോത്രഗാനംതന്നെ.

    പലരും അതുകണ്ട് യഹോവയെ ഭയപ്പെടുകയും

    അങ്ങയിൽ ആശ്രയംവെക്കുകയും ചെയ്യും.

    4 അഹന്തനിറഞ്ഞവരിൽ ആശ്രയിക്കാതെയും

    വ്യാജദൈവങ്ങളിലേക്കു തിരിയാതെയും

    യഹോവയിൽ ആശ്രയിക്കുന്ന

    മനുഷ്യർ അനുഗൃഹീതർ.

  12. 6 എന്നാൽ, നിങ്ങളുടെ ദൈവത്തിങ്കലേക്കു മടങ്ങിപ്പോകുക;

    സ്നേഹവും നീതിയും നിലനിർത്തുവിൻ,

    എപ്പോഴും നിങ്ങളുടെ ദൈവത്തിനായി കാത്തിരിപ്പിൻ.

  13. 7 സഹോദരങ്ങളേ, കർത്താവിന്റെ പുനരാഗമനംവരെ ദീർഘക്ഷമയോടെ ഇരിക്കുക. ഭൂമി നൽകുന്ന മെച്ചമായ വിളവിനായി മുൻമഴയും പിൻമഴയും പ്രതീക്ഷിച്ചുകൊണ്ട് എത്ര ക്ഷമയോടെയാണ് ഒരു കർഷകൻ കാത്തിരിക്കുന്നത്! 8 നിങ്ങളും ക്ഷമയോടെ കാത്തിരിക്കുക; കർത്താവിന്റെ വരവു സമീപിച്ചിരിക്കുകയാൽ നിങ്ങൾ സ്ഥിരചിത്തരാകുക. 9 സഹോദരങ്ങളേ, നിങ്ങൾ വിധിക്കപ്പെടാതെ ഇരിക്കേണ്ടതിന്, ആരും പരസ്പരം ദുരാരോപണം ഉന്നയിക്കരുത്. ഇതാ, ന്യായാധിപൻ വാതിൽക്കൽ ആയിരിക്കുന്നു!

    10 സഹോദരങ്ങളേ, കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകരെ സഹനത്തിനും ദീർഘക്ഷമയ്ക്കും മാതൃകയായി സ്വീകരിക്കുക. 11 കഷ്ടത സഹിഷ്ണുതയോടെ അഭിമുഖീകരിച്ചവരെ നാം അനുഗൃഹീതരായി പരിഗണിക്കുന്നു. ഇയ്യോബിന്റെ സഹിഷ്ണുതയെക്കുറിച്ചു നിങ്ങൾ കേൾക്കുകയും കർത്താവു വരുത്തിയ ശുഭാന്ത്യം കാണുകയുംചെയ്തിരിക്കുന്നു. കർത്താവ് ദയാപൂർണനും കരുണാമയനും ആകുന്നു.

  14. 18 എന്നിട്ടും യഹോവ നിങ്ങളോടു കൃപ കാണിക്കാൻ ആശിച്ചിരിക്കുന്നു;

    അതുകൊണ്ട് നിങ്ങളോടു കരുണകാട്ടാൻ അവിടന്ന് എഴുന്നേൽക്കും.

    കാരണം യഹോവ ന്യായത്തിന്റെ ദൈവമാകുന്നു.

    അവിടത്തേക്കുവേണ്ടി കാത്തിരിക്കുന്നവർ അനുഗൃഹീതർ.

  15. 18 “യഹോവേ, ഞാൻ അവിടത്തെ രക്ഷയ്ക്കായി കാത്തിരിക്കുന്നു.

  16. 9 കുഞ്ഞാട് അഞ്ചാംമുദ്ര തുറന്നപ്പോൾ, തങ്ങൾ ദൈവവചനത്തോടു നിലനിർത്തിയ വിശ്വസ്തസാക്ഷ്യം നിമിത്തം വധിക്കപ്പെട്ടവരുടെ ആത്മാക്കളെ ഞാൻ യാഗപീഠത്തിനു കീഴിൽ കണ്ടു. 10 അവർ ഉച്ചത്തിൽ, “പരിശുദ്ധനും സത്യവാനുമായ സർവോന്നതനാഥാ, എത്രവരെ അവിടന്നു ഭൂവാസികളെ ന്യായംവിധിക്കാതെയും ഞങ്ങളുടെ രക്തത്തിനു പ്രതികാരംചെയ്യാതെയും ഇരിക്കും?” എന്നു നിലവിളിച്ചു. 11 ഉടനെ അവർക്ക് ഓരോരുത്തർക്കും പാദംവരെ എത്തുന്ന ശുഭ്രവസ്ത്രം നൽകപ്പെടുകയും അവരെപ്പോലെതന്നെ വധിക്കപ്പെടാനുള്ള സഹഭൃത്യരായ സഹോദരങ്ങളുടെ സംഖ്യ പൂർത്തിയാകുന്നതുവരെ, അൽപ്പകാലംകൂടെ വിശ്രമിക്കണമെന്ന് അവർക്കു മറുപടി നൽകപ്പെടുകയും ചെയ്തു.

  17. 20 എന്റെയുള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു;

    അവിടന്നു നമ്മുടെ സഹായവും പരിചയും ആകുന്നു.

    21 നമ്മുടെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു,

    കാരണം, അവിടത്തെ വിശുദ്ധനാമത്തെ നാം ശരണംപ്രാപിക്കുന്നു.

    22 ഞങ്ങൾ അങ്ങയിൽ പ്രത്യാശ അർപ്പിക്കുന്നതുപോലെ

    യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം ഞങ്ങളോടൊപ്പം ഉണ്ടാകണമേ.

  18. 7 “എന്നാൽ കർത്താവേ, ഞാനിപ്പോൾ എന്തിനായി കാത്തിരിക്കുന്നു?

    എന്റെ പ്രത്യാശ അങ്ങയിലാകുന്നു.

    8 എന്റെ എല്ലാ അകൃത്യങ്ങളിൽനിന്നും എന്നെ മോചിപ്പിക്കണമേ;

    ഭോഷരുടെ പരിഹാസവിഷയമാക്കി എന്നെ മാറ്റരുതേ.

  19. 6 നീതിനിഷ്ഠർ അതുകണ്ടു ഭയപ്പെടും;

    നിന്നെ പരിഹസിച്ചുകൊണ്ട് അവർ ഇപ്രകാരം പറയും,

    7 “ദൈവത്തെ തന്റെ അഭയസ്ഥാനമായി കാണാതെ

    സ്വന്തം സമ്പൽസമൃദ്ധിയിൽ ആശ്രയിച്ചുകൊണ്ട്

    മറ്റുള്ളവരെ നശിപ്പിച്ച് ശക്തനായിത്തീർന്ന

    ആ മനുഷ്യൻ ഇതാ!”

    8 ഞാനോ, ദൈവഭവനത്തിൽ തഴച്ചുവളരുന്ന

    ഒരു ഒലിവുമരംപോലെയല്ലോ;

    ദൈവത്തിന്റെ അചഞ്ചലസ്നേഹത്തിൽ

    ഞാൻ എന്നുമെന്നും ആശ്രയിക്കുന്നു.

    9 അവിടത്തെ വിശ്വസ്തരുടെ സാന്നിധ്യത്തിൽ

    അങ്ങ് ചെയ്ത അനുഗ്രഹങ്ങളെയോർത്ത് എന്നെന്നും ഞാൻ അങ്ങേക്ക് സ്തോത്രാർപ്പണംചെയ്യും.

    അവിടത്തെ നാമത്തിൽ ഞാൻ പ്രത്യാശയർപ്പിക്കും

    അവിടത്തെ വിശ്വസ്തർക്കത് അനുയോജ്യമല്ലോ.

    സംഗീതസംവിധായകന്. മഹലത്ത് രാഗത്തിൽ.

  20. ആരോഹണഗീതം.

    1 സ്വർഗത്തിൽ സിംഹാസനസ്ഥനായിരിക്കുന്ന അങ്ങയിലേക്ക്,

    ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു.

    2 അടിമകളുടെ കണ്ണുകൾ തങ്ങളുടെ യജമാനന്റെ കൈയിലേക്കും

    ദാസിയുടെ കണ്ണുകൾ അവരുടെ യജമാനത്തിയുടെ കൈയിലേക്കും എന്നതുപോലെ,

    ഞങ്ങളുടെ കണ്ണുകൾ ഞങ്ങളുടെ ദൈവമായ യഹോവയിലേക്ക്,

    കരുണ കാണിക്കുന്നതുവരെ നോക്കിക്കൊണ്ടിരിക്കും.

  21. 14 യഹോവ വീഴുന്നവരെയൊക്കെയും താങ്ങുന്നു

    പരിക്ഷീണരെയൊക്കെയും ഉയർത്തുന്നു.

    15 സകലരുടെയും കണ്ണ് അങ്ങേക്കായി കാത്തിരിക്കുന്നു,

    അവർക്കെല്ലാം അങ്ങ് യഥാസമയം ആഹാരം നൽകുന്നു.

    16 അവിടന്ന് തൃക്കൈ തുറക്കുന്നു

    ജീവനുള്ള സകലത്തിന്റെയും ആഗ്രഹങ്ങൾക്ക് തൃപ്തിവരുത്തുന്നു.

  22. 35 “നിങ്ങളുടെ അര മുറുക്കിയും വിളക്കു തെളിഞ്ഞും ഇരിക്കട്ടെ. 36 വിവാഹവിരുന്നിനു പോയി മടങ്ങിയെത്തിയ യജമാനൻ വാതിലിൽ മുട്ടുമ്പോൾത്തന്നെ അദ്ദേഹത്തിന് വാതിൽ തുറന്നുകൊടുക്കാൻ കാത്തിരിക്കുന്ന സേവകരോടു തുല്യരായിരിക്കുക. 37 യജമാനൻ മടങ്ങിവരുമ്പോൾ ജാഗ്രതയോടെ കാത്തിരിക്കുന്ന സേവകർ അനുഗൃഹീതർ. യജമാനൻ തന്റെ അര കെട്ടി അവരെ ഭക്ഷണത്തിനിരുത്തുകയും അടുത്തുവന്ന് അവരെ ശുശ്രൂഷിക്കുകയും ചെയ്യും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു. 38 അദ്ദേഹം അർധരാത്രിയിലോ സൂര്യോദയത്തിനുമുമ്പോ വന്നാലും ആ സേവകർ ഒരുങ്ങിയിരുന്നാൽ അവർ അനുഗൃഹീതർ. 39 കള്ളൻ വരുന്ന സമയം വീട്ടുടമസ്ഥൻ അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹം തന്റെ ഭവനം തുരക്കാതിരിക്കാൻ വേണ്ട കരുതൽ ചെയ്യുമെന്നു നിങ്ങൾക്കറിയാമല്ലോ. 40 അതുപോലെ നിങ്ങളും സദാ ജാഗരൂകരായിരിക്കുക. കാരണം, മനുഷ്യപുത്രൻ വരുന്നത് ആരും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും.”

  23. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 ഞാൻ ദൈവത്തിൽമാത്രം വിശ്രമം കണ്ടെത്തുന്നു;

    എന്റെ രക്ഷ അങ്ങയിൽനിന്ന് വരുന്നു.

    2 അവിടന്നുമാത്രമാണ് എന്റെ പാറയും രക്ഷയും;

    അവിടന്നാണ് എന്റെ കോട്ട, ഞാൻ ഒരിക്കലും കുലുങ്ങിപ്പോകുകയില്ല.

  24. 22 “ഈ അനീതിക്ക് ഞാൻ പകരംവീട്ടും!” എന്നു പറയരുത്.

    യഹോവയ്ക്കായി കാത്തിരിക്കുക, അവിടന്നു നിനക്കുവേണ്ടി പ്രതികാരംചെയ്യും.

  25. 5 എന്നാൽ, ഞങ്ങൾ വിശ്വാസത്താൽ പ്രത്യാശ വെച്ചിരിക്കുന്ന നീതീകരണം ലഭിക്കാനായി, ദൈവാത്മസഹായത്താൽ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  26. 4 ഒരു ദിവസം യേശു അവരോടുകൂടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ, ഇങ്ങനെ ആജ്ഞാപിച്ചു, “നിങ്ങൾ ജെറുശലേമിൽനിന്ന് മടങ്ങിപ്പോകാതെ, പിതാവു നിങ്ങൾക്കു നൽകുമെന്നു ഞാൻ പറഞ്ഞിട്ടുള്ള വാഗ്ദാനത്തിനായി കാത്തിരിക്കണം. 5 യോഹന്നാൻ ജലത്തിൽ സ്നാനം നൽകി, എന്നാൽ ചില ദിവസത്തിനുള്ളിൽ നിങ്ങൾക്ക് പരിശുദ്ധാത്മാവുകൊണ്ട് സ്നാനം ലഭിക്കും.”

  27. 5 ആകയാൽ, സമയത്തിനുമുമ്പേ, കർത്താവ് വരുന്നതുവരെ, ഒന്നിനെയും വിധിക്കരുത്; അവിടന്ന് ഇരുളിൽ മറഞ്ഞിരിക്കുന്നത് വെളിച്ചത്തിലാക്കുകയും മനുഷ്യഹൃദയങ്ങളിലെ ഉദ്ദേശ്യങ്ങൾ തുറന്നുകാട്ടുകയും ചെയ്യും. അപ്പോൾ ഓരോരുത്തർക്കും ദൈവത്തിൽനിന്നുള്ള അഭിനന്ദനം ലഭിക്കും.

  28. 11 സകലമനുഷ്യരുടെയും രക്ഷയ്ക്കായി ദൈവകൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. 12 ഭക്തിയില്ലായ്മയും ലൗകികമോഹങ്ങളും ഉപേക്ഷിച്ച്, ഈ കാലഘട്ടത്തിൽ ആത്മനിയന്ത്രണവും നീതിയും ദൈവഭക്തിയുമുള്ള ജീവിതം നയിക്കാൻ അത് നമ്മെ അഭ്യസിപ്പിക്കുന്നു. 13 അനുഗൃഹീത പ്രത്യാശയ്ക്കായും ഉന്നതനായ നമ്മുടെ ദൈവവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ മഹത്ത്വപ്രത്യക്ഷതയ്ക്കായും നാം കാത്തിരിക്കുന്നു. 14 അവിടന്ന് നമ്മെ എല്ലാ ദുഷ്ടതകളിൽനിന്നും വിമോചിതരാക്കാനും സൽപ്രവൃത്തികൾ ചെയ്യുന്നതിൽ അത്യുത്സാഹമുള്ള ഒരു ജനതതിയെ തനിക്കായി ശുദ്ധീകരിക്കാനുംവേണ്ടി സ്വയം സമർപ്പിച്ചു.

  29. 9 അവിടന്നാണ് എന്റെ ശക്തി, ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നു;

    ദൈവമേ, അവിടന്നാണെന്റെ അഭയസ്ഥാനം,

    10 എന്റെ ദൈവം അവിടത്തെ അചഞ്ചലസ്നേഹത്താൽ എനിക്കൊപ്പം നിൽക്കും.

    എനിക്കെതിരേ അപവാദം പറയുന്നവരുടെമേലുള്ള വിജയംകണ്ടു സന്തോഷിക്കാൻ

    അവിടന്ന് എന്നെ അനുവദിക്കും.

  30. 4 തനിക്കായി കാത്തിരിക്കുന്നവർക്കുവേണ്ടി പ്രവർത്തിക്കുന്നവനായി

    അങ്ങല്ലാതെ മറ്റൊരു ദൈവത്തെപ്പറ്റി

    ലോകാരംഭംമുതൽ ആരും കേട്ടിട്ടില്ല;

    ഒരു കാതും കേട്ടിട്ടില്ല, ഒരു കണ്ണും കണ്ടിട്ടുമില്ല.

  31. 34 യഹോവയിൽ പ്രത്യാശയർപ്പിക്കുക

    അവിടത്തെ മാർഗം പിൻതുടരുക.

    അവിടന്നു നിങ്ങളെ ഭൂമിയുടെ അവകാശിയായി ഉയർത്തും;

    ദുഷ്ടർ ഛേദിക്കപ്പെടുന്നത് നിങ്ങൾ കാണുകയും ചെയ്യും.

  32. 7 ഈ പർവതത്തിൽവെച്ച് അവിടന്ന്

    സകലജനതകളുടെയുംമേലുള്ള ആവരണം,

    എല്ലാ രാഷ്ട്രങ്ങളുടെയുംമേൽ വിരിക്കപ്പെട്ട മൂടുപടം നശിപ്പിക്കും;

    8 അവിടന്ന് മരണത്തെ എന്നെന്നേക്കുമായി വിഴുങ്ങിക്കളയും.

    യഹോവയായ കർത്താവ് എല്ലാ കണ്ണുകളിൽനിന്നും

    കണ്ണുനീർ തുടച്ചുകളയും;

    തന്റെ ജനത്തിന്റെ നിന്ദ അവിടന്ന്

    സകലഭൂമിയിൽനിന്നും നീക്കിക്കളയും.

    യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നത്.

    9 ആ ദിവസത്തിൽ അവർ പറയും,

    “ഇതാ, നമ്മുടെ ദൈവം!

    അവിടത്തേക്കായി നാം കാത്തിരുന്നു.

    നാം കാത്തിരുന്ന യഹോവ ഇതാകുന്നു;

    നമുക്ക് അവിടത്തെ രക്ഷയിൽ ആനന്ദിക്കുകയും ആഹ്ലാദിക്കുകയുംചെയ്യാം.”

  33. 1 ഞാൻ എന്റെ കൊത്തളങ്ങളിൽ കാവൽനിൽക്കും,

    കോട്ടമതിലിനു മുകളിൽത്തന്നെ ഞാൻ നിൽക്കും;

    അവൻ എന്നോടു സംസാരിക്കുന്നത് എന്തെന്നു ഞാൻ ശ്രദ്ധിക്കും

    ഈ ആവലാതിക്ക് ഞാൻ എന്തു മറുപടി നൽകും?

    2 അപ്പോൾ യഹോവ ഇപ്രകാരം മറുപടി നൽകി:

    “വെളിപ്പാട് എഴുതുക,

    ഓടിച്ചുവായിക്കാൻ തക്കവണ്ണം

    അതു ഫലകത്തിൽ വ്യക്തമായി എഴുതുക.

    3 കാരണം, വെളിപ്പാടു നിശ്ചിതസമയത്തിനായി കാത്തിരിക്കുന്നു;

    അത് അന്ത്യത്തെക്കുറിച്ചു സംസാരിക്കുന്നു,

    അതു തെറ്റുകയുമില്ല.

    താമസിച്ചാലും അതിനായി കാത്തിരിക്കുക;

    അതു നിശ്ചയമായും വരും,

    താമസിക്കുകയില്ല.

  34. 3 സഹായത്തിനായി വിളിച്ചപേക്ഷിച്ച് ഞാൻ കുഴഞ്ഞിരിക്കുന്നു;

    എന്റെ തൊണ്ട ഉണങ്ങിവരണ്ടിരിക്കുന്നു.

    എന്റെ ദൈവത്തിനായി കാത്തിരുന്ന്

    എന്റെ കണ്ണുകൾ മങ്ങുന്നു.

  35. 21 പരമാർഥതയും നീതിനിഷ്ഠയും എന്നെ കാത്തുസംരക്ഷിക്കട്ടെ,

    കാരണം യഹോവേ, എന്റെ പ്രത്യാശ അങ്ങയിൽ ആകുന്നല്ലോ.

  36. 23 രാജാക്കന്മാർ നിന്റെ വളർത്തപ്പന്മാരും

    അവരുടെ രാജ്ഞിമാർ നിനക്ക് വളർത്തമ്മമാരും ആയിരിക്കും.

    അവർ നിന്റെ മുന്നിൽ സാഷ്ടാംഗം വണങ്ങി

    നിന്റെ കാലിലെ പൊടിനക്കും.

    അപ്പോൾ ഞാൻ യഹോവയെന്നും

    എന്നിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നവർ ലജ്ജിച്ചുപോകുകയില്ലെന്നും നീ അറിയും.”

  37. 27 തക്കസമയത്ത് ആഹാരം ലഭിക്കുന്നതിനായി

    എല്ലാ ജീവികളും അങ്ങയിലേക്ക് നോക്കിക്കൊണ്ടിരിക്കുന്നു.

    28 അങ്ങ് അവയ്ക്ക് ആഹാരം നൽകുന്നു,

    അവയത് ശേഖരിക്കുന്നു;

    അങ്ങ് തൃക്കൈ തുറക്കുമ്പോൾ

    അവ നന്മകൊണ്ട് തൃപ്തരാകുന്നു.

  38. 2 യഹോവേ, ഞങ്ങളോടു കനിവുണ്ടാകണമേ,

    ഞങ്ങൾ അങ്ങേക്കായി കാത്തിരിക്കുന്നു.

    ഓരോ പ്രഭാതത്തിലും അങ്ങ് ഞങ്ങളുടെ ബലവും

    കഷ്ടതയിൽ ഞങ്ങളുടെ രക്ഷയും ആയിരിക്കണമേ.

  39. 5 എന്റെ നീതി അതിവേഗം അടുത്തുകൊണ്ടിരിക്കുന്നു,

    എന്റെ രക്ഷ സമീപിച്ചുകൊണ്ടിരിക്കുന്നു,

    എന്റെ ഭുജം രാഷ്ട്രങ്ങളെ ന്യായംവിധിക്കും.

    ദ്വീപുകൾ എനിക്കായി കാത്തിരിക്കുകയും

    എന്റെ ശക്തിയുള്ള ഭുജത്തിൽ ആശ്രയിക്കുകയും ചെയ്യും.

  40. 8 അതിനാൽ, എനിക്കായി കാത്തിരിക്കുക,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

    “ഞാൻ സാക്ഷ്യത്തിന് എഴുന്നേൽക്കുന്ന ദിവസത്തിനായിത്തന്നെ.

    രാഷ്ട്രങ്ങളെയും രാജ്യങ്ങളെയും കൂട്ടിവരുത്താനും

    എന്റെ ക്രോധത്തെയും

    എന്റെ ഭയങ്കരകോപമെല്ലാം

    അവരുടെമേൽ വർഷിക്കാനും ഞാൻ തീരുമാനിച്ചിരിക്കുന്നു.

    എന്റെ തീക്ഷ്ണകോപത്തിന്റെ അഗ്നിയിൽ

    സർവലോകവും ദഹിച്ചുപോകും.

  41. 28 അതുപോലെ ക്രിസ്തുവും ഒരുപ്രാവശ്യം അനേകരുടെ പാപനിവാരണത്തിനായി, യാഗമായി അർപ്പിക്കപ്പെട്ടു; ഇനി രണ്ടാമത് അവിടന്ന് പ്രത്യക്ഷനാകുന്നത് പാപനിവാരണം വരുത്താനല്ല, മറിച്ച്, തനിക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നവരെ രക്ഷിക്കാനാണ്.

  42. 8 എന്നാൽ പ്രിയരേ, ഈ ഒരു യാഥാർഥ്യം നിങ്ങൾ വിസ്മരിക്കരുത്: കർത്താവിന് ഒരു ദിവസം ആയിരം വർഷംപോലെയും ആയിരം വർഷം ഒരു ദിവസംപോലെയും ആകുന്നു. 9 അവിടത്തെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ കർത്താവ് കാലവിളംബം വരുത്തുന്നില്ല; അവിടന്ന് നിങ്ങളോട് ദീർഘക്ഷമ കാണിക്കുകയാണ്. ഒരു വ്യക്തിപോലും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരത്തിലേക്ക് വരണമെന്നാണ് അവിടത്തെ ആഗ്രഹം.

  43. 3 യഹോവേ, പ്രഭാതത്തിൽ അവിടന്ന് എന്റെ ശബ്ദം കേൾക്കണമേ;

    പുലർകാലത്തിൽ ഞാൻ എന്റെ ആവലാതി തിരുമുമ്പിൽ സമർപ്പിക്കുകയും

    പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു.

  44. 13 എങ്കിലും അതിവേഗത്തിൽ അവർ അവിടത്തെ പ്രവൃത്തികൾ വിസ്മരിച്ചു

    അവിടത്തെ ആലോചനയ്ക്കായി കാത്തിരുന്നതുമില്ല.

    14 മരുഭൂമിയിൽവെച്ച് അവർ അത്യാർത്തിക്ക് അടിമപ്പെട്ടു;

    വിജനദേശത്ത് അവർ ദൈവത്തെ പരീക്ഷിച്ചു.

    15 അതിനാൽ അവർ ആശിച്ചതുതന്നെ അവിടന്ന് അവർക്കു നൽകി,

    എന്നാൽ ഒരു മഹാവ്യാധിയും അവർക്കിടയിലേക്ക് അയച്ചു.

  45. 7 നീതിനിഷ്ഠരുടെ വഴി നിരപ്പായതുതന്നെ;

    നീതിനിഷ്ഠനായ ദൈവമേ, അങ്ങ് നീതിമാന്റെ വഴി നേരേയാക്കും.

    8 അതേ, യഹോവേ, അങ്ങയുടെ നിയമങ്ങൾക്കനുസൃതമായി ജീവിച്ച്,

    ഞങ്ങൾ അങ്ങേക്കായി കാത്തിരുന്നു;

    അങ്ങയുടെ നാമവും സ്മരണയും,

    ഞങ്ങളുടെ ഹൃദയവാഞ്ഛയാകുന്നു.

    9 രാത്രിയിൽ ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നു;

    പ്രഭാതത്തിൽ എന്റെ ആത്മാവ് അങ്ങയെ അന്വേഷിക്കുന്നു.

    അങ്ങയുടെ ന്യായവിധികൾ ഭൂമിയിൽ നടപ്പിലാക്കുമ്പോൾ

    ഭൂവാസികൾ നീതി അഭ്യസിക്കും.

  46. 4 ഭൂമിയിൽ ന്യായം സ്ഥാപിക്കുന്നതുവരെ

    അവന്റെ കാലിടറുകയോ നിരാശപ്പെടുകയോ ഇല്ല.

    അവന്റെ നിയമത്തിനായി ദ്വീപുകൾ കാത്തിരിക്കും.”

  47. 20 എന്നാൽ നാമോ, സ്വർഗീയപൗരർ അത്രേ. സ്വർഗത്തിൽനിന്ന് നമ്മുടെ രക്ഷകനായ, കർത്താവായ യേശുക്രിസ്തുവിന്റെ വരവിനായി നാം ആകാംക്ഷയോടെ കാത്തിരിക്കുന്നു. 21 അവിടന്ന് സകലത്തെയും തന്റെ അധീനതയിലാക്കാൻ കഴിയുന്ന ശക്തിയാൽ, അവിടത്തെ മഹത്ത്വമുള്ള ശരീരത്തിനു സമരൂപമായി നമ്മുടെ ഹീനശരീരങ്ങളെ രൂപാന്തരപ്പെടുത്തും.

  48. 12 1,335 ദിവസം കഴിയുന്നതുവരെ കാത്തിരുന്നു ജീവിക്കുന്നവർ അനുഗൃഹീതർ.

  49. 28 ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അതായത്, അവിടത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്കുതന്നെ ദൈവം എല്ലാ കാര്യങ്ങളും നന്മയ്ക്കായി ചേർന്നു പ്രവർത്തിക്കുമാറാക്കുന്നു എന്നു നാം അറിയുന്നു.

  50. 12 പരിശോധന സഹനശക്തിയോടെ അഭിമുഖീകരിക്കുന്ന മനുഷ്യർ അനുഗൃഹീതർ; പരീക്ഷയിൽ വിജയികളായിത്തീർന്നശേഷം അവർ, കർത്താവ് അവിടത്തെ സ്നേഹിക്കുന്നവർക്കു വാഗ്ദാനംചെയ്തിരിക്കുന്ന ജീവകിരീടം കരസ്ഥമാക്കും.

  51. 24 യഹോവയിൽ പ്രത്യാശ അർപ്പിക്കുന്ന എല്ലാവരുമേ,

    ശക്തരായിരിക്കുക, സുധീരരായിരിക്കുക.

  52. 13 എന്നാൽ യഹോവേ, അവിടത്തെ പ്രസാദകാലത്ത്,

    ഞാൻ അങ്ങയോട് പ്രാർഥിക്കുന്നു;

    ദൈവമേ, അങ്ങയുടെ മഹാസ്നേഹംനിമിത്തം

    അങ്ങയുടെ രക്ഷാവിശ്വസ്തതയാൽ എനിക്കുത്തരമരുളണമേ.

  53. 10 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേലിൽ എഴുപതുവർഷം തികഞ്ഞശേഷം ഞാൻ നിങ്ങളെ സന്ദർശിക്കും നിങ്ങളെ ഈ സ്ഥലത്തേക്കു തിരിച്ചുവരുത്തും എന്നുള്ള എന്റെ വാഗ്ദത്തം നിറവേറ്റും. 11 കാരണം നിങ്ങളെക്കുറിച്ചുള്ള എന്റെ പദ്ധതികൾ എനിക്കറിയാം, നിങ്ങൾക്കു തിന്മയ്ക്കായിട്ടല്ല, മറിച്ച് നിങ്ങൾക്കൊരു ഭാവിയും ഒരു പ്രത്യാശയും നൽകാൻ തക്കവണ്ണം നന്മയ്ക്കായിട്ടുള്ള ലക്ഷ്യങ്ങളാണ് അവ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. 12 “അന്ന് നിങ്ങൾ എന്നെ വിളിച്ചപേക്ഷിക്കുകയും എന്റെ അടുക്കൽവന്ന് എന്നോടു പ്രാർഥിക്കുകയും ഞാൻ നിങ്ങളുടെ പ്രാർഥന കേൾക്കുകയും ചെയ്യും. 13 നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണഹൃദയത്തോടെ എന്നെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും.

  54. 7 “അപേക്ഷിക്കുക, നിങ്ങൾക്ക് അതു ലഭിക്കും; അന്വേഷിക്കുക, നിങ്ങൾ കണ്ടെത്തും; മുട്ടുക, നിങ്ങൾക്കായി വാതിൽ തുറക്കപ്പെടും. 8 അപേക്ഷിക്കുന്നവർക്കു ലഭിക്കുന്നു; അന്വേഷിക്കുന്നവർ കണ്ടെത്തുന്നു; മുട്ടുന്നവർക്ക് വാതിൽ തുറക്കപ്പെടുന്നു.

    9 “നിങ്ങളുടെ മകൻ അപ്പം ചോദിച്ചാൽ നിങ്ങളിലാരാണ് അവനു കല്ലു കൊടുക്കുക? 10 അല്ലാ, മീൻ ചോദിച്ചാൽ നിങ്ങളിലാരാണ് പാമ്പിനെ നൽകുന്നത്? 11 മക്കൾക്കു നല്ല ദാനങ്ങൾ കൊടുക്കാൻ പാപികളായ നിങ്ങൾക്കറിയാമെങ്കിൽ, സ്വർഗസ്ഥപിതാവ് തന്നോടപേക്ഷിക്കുന്നവർക്കു നല്ല ദാനങ്ങൾ എത്രയധികമായി നൽകും!