112 Bible Verses About Wealth

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Wealth
  1. 17 ഈ ലോകത്തിലെ ധനികരോട്, ധാർഷ്ട്യം പ്രകടിപ്പിക്കാതെയും അസ്ഥിരമായ ലൗകികസമ്പത്തിൽ തങ്ങളുടെ പ്രത്യാശവെക്കാതെയും നമ്മുടെ ആസ്വാദനത്തിന് ഉതകുന്നതെല്ലാം സമൃദ്ധമായി പ്രദാനംചെയ്യുന്ന ദൈവത്തിൽത്തന്നെ പ്രത്യാശ അർപ്പിക്കണമെന്ന് നീ ആജ്ഞാപിക്കുക. 18 അവരോട് നന്മ ചെയ്യാനും സുകൃതങ്ങളിൽ സമ്പന്നരാകാനും തങ്ങൾക്കുള്ളത് ഔദാര്യത്തോടെ പങ്കുവെക്കാൻ സന്നദ്ധത കാണിക്കാനും ഉദ്ബോധിപ്പിക്കുക. 19 ഇപ്രകാരം, ഭാവികാലത്തിൽ യഥാർഥജീവനാകുന്ന ജീവൻ മുറുകെപ്പിടിക്കുന്നതിനുവേണ്ടി തങ്ങളുടെ നിക്ഷേപങ്ങൾകൊണ്ട് ഭദ്രമായ ഒരു അടിസ്ഥാനം പണിയട്ടെ.

  2. 6 എന്നാൽ, സംതൃപ്തിയോടുകൂടിയ ദൈവഭക്തി വലിയ നേട്ടംതന്നെയാണ്. 7 ഈ ലോകത്തിലേക്കു വന്നപ്പോൾ നാം ഒന്നും കൊണ്ടുവന്നിട്ടില്ല. ഇവിടെനിന്നു പോകുമ്പോൾ നമുക്ക് ഒന്നും കൊണ്ടുപോകാനും കഴിയുന്നതല്ല. 8 ഭക്ഷണവും വസ്ത്രവും ഉണ്ടെങ്കിൽ അതുകൊണ്ടു നമുക്കു തൃപ്തരാകാം. 9 ധനികരാകാൻ ആഗ്രഹിക്കുന്നവർ പ്രലോഭനത്തിലും കെണിയിലും കുടുങ്ങി, മനുഷ്യരെ തകർച്ചയിലും നാശത്തിലും മുക്കിക്കളയുന്ന ബുദ്ധിഹീനവും ഉപദ്രവകരവുമായ അനവധി മോഹങ്ങളിൽ വീണുപോകുന്നു. 10 ദ്രവ്യാഗ്രഹം സകലവിധ ദോഷങ്ങളുടെയും ഉറവിടമാണ്. ധനമോഹത്താൽ ചിലർ വിശ്വാസത്തിൽനിന്ന് വ്യതിചലിച്ച്, പലവിധ വേദനകൾക്ക് തങ്ങളെത്തന്നെ അധീനരാക്കുകയുംചെയ്തിരിക്കുന്നു.

    11 എന്നാൽ ദൈവപുരുഷാ, നീയോ ഇവയിൽനിന്നെല്ലാം ഓടിയകലുക. നീതി, ഭക്തി, വിശ്വാസം, സ്നേഹം, സഹിഷ്ണുത, സൗമ്യത എന്നിവയെ അനുഗമിക്കുക.

  3. 1 ധനികരേ, നിങ്ങൾക്കു വരാനിരിക്കുന്ന വിപത്തുകൾനിമിത്തം അലമുറയിട്ടുകരയുക. 2 നിങ്ങളുടെ സമ്പത്ത് ജീർണിച്ചും വസ്ത്രങ്ങൾ പുഴുവരിച്ചും പോയിരിക്കുന്നു. 3 നിങ്ങളുടെ സ്വർണവും വെള്ളിയും ക്ലാവു പിടിച്ചിരിക്കുന്നു. ആ ക്ലാവ്, നിങ്ങൾക്കു വിരോധമായി സാക്ഷ്യം പറയുകയും തീപോലെ നിങ്ങളുടെ ശരീരത്തെ കാർന്നുതിന്നുകയും ചെയ്യും. ഈ അന്ത്യനാളുകളിൽപോലും നിങ്ങൾ സമ്പത്ത് സമാഹരിക്കുന്നു. 4 ഇതാ, നിങ്ങളുടെ നിലങ്ങൾ കൊയ്തവരുടെ കൂലി നിങ്ങൾ പിടിച്ചുവെച്ചതു നിങ്ങൾക്കെതിരേ നിലവിളിക്കുന്നു. കൊയ്ത്തുകാരുടെ നിലവിളി സർവശക്തനായ കർത്താവിന്റെ കാതുകളിൽ എത്തിയിരിക്കുന്നു. 5 നിങ്ങൾ ഭൂമിയിൽ സുഖലോലുപരായി ആഡംബരജീവിതം നയിച്ചു. കശാപ്പുദിവസത്തിനായി എന്നപോലെ നിങ്ങൾ ഹൃദയങ്ങളെ കൊഴുപ്പിച്ചിരിക്കുന്നു. 6 നിങ്ങളോട് എതിർക്കാതിരിക്കുന്ന നിരപരാധിയെ നിങ്ങൾ കുറ്റം വിധിക്കുകയും കൊല്ലുകയും ചെയ്തു.

  4. 13 ജനക്കൂട്ടത്തിൽനിന്ന് ഒരുവൻ യേശുവിനോട്, “ഗുരോ, ഞാനുമായി പിതൃസ്വത്തു ഭാഗംവെക്കാൻ എന്റെ സഹോദരനോടു കൽപ്പിച്ചാലും” എന്നു പറഞ്ഞു.

    14 അതിന് യേശു, “മനുഷ്യാ, എന്നെ നിങ്ങളുടെ ന്യായാധിപനോ മധ്യസ്ഥനോ ആയി നിയമിച്ചതാര്?” എന്നു ചോദിച്ചു. 15 അദ്ദേഹം തുടർന്ന് അവരോട്, “സൂക്ഷിക്കുക, എല്ലാവിധത്തിലുമുള്ള അത്യാഗ്രഹത്തിനെതിരേ ജാഗരൂകരായിരിക്കുക; ഒരാളുടെ ധനസമൃദ്ധിയല്ല അയാളുടെ ജീവന് ആധാരമായിരിക്കുന്നത്” എന്നു പറഞ്ഞു.

    16 അദ്ദേഹം അവരോട് ഈ സാദൃശ്യകഥയും പറഞ്ഞു: “ഒരു ധനികന്റെ കൃഷിസ്ഥലത്ത് സമൃദ്ധമായ വിളവുണ്ടായി. 17 എന്റെ വിളവു സൂക്ഷിക്കാൻ സ്ഥലം ഇല്ലല്ലോ ‘ഞാൻ എന്തുചെയ്യും?’ അയാൾ ആത്മഗതംചെയ്തു.

    18 “ഞാൻ ഇതാണ് ചെയ്യാൻപോകുന്നത്, ‘ഞാൻ എന്റെ ഭണ്ഡാരപ്പുരകൾ പൊളിച്ച് അവയിലും വലിയവ പണിയിക്കും; അവിടെ ഞാൻ എന്റെ ധാന്യവും മറ്റു വിളവുകളുമെല്ലാം സംഭരിച്ചുവെക്കും’ എന്ന് അയാൾ പറഞ്ഞു. 19 പിന്നെ ഞാൻ എന്നോടുതന്നെ, ‘എന്റെ ജീവനേ, അനേകം വർഷങ്ങളിലേക്കാവശ്യമായ ധാന്യവിഭവങ്ങളെല്ലാം സമൃദ്ധമായി നിന്റെ പക്കലുണ്ട്. ഇനി അധ്വാനിക്കേണ്ട; ഭക്ഷിച്ചുപാനംചെയ്ത് ആനന്ദിക്കുക’ എന്നു പറയും.

    20 “എന്നാൽ ദൈവം അവനോട്, ‘മടയാ, ഈ രാത്രിയിൽത്തന്നെ നിന്റെ ജീവനെ ഞാൻ നിന്നോടു ചോദിക്കും. പിന്നെ, നീ നിനക്കായി ഒരുക്കിവെച്ചത് ആര് അനുഭവിക്കും?’ എന്നു ചോദിച്ചു.

    21 “തനിക്കുവേണ്ടിത്തന്നെ വസ്തുവകകൾ സംഭരിച്ചുവെക്കുകയും എന്നാൽ ദൈവികകാര്യങ്ങളിൽ സമ്പന്നനാകാതിരിക്കുകയുംചെയ്യുന്ന ഏതൊരു വ്യക്തിയുടെയും അവസ്ഥ ഇങ്ങനെതന്നെ ആകും.”

  5. 19 “കീടങ്ങളും തുരുമ്പും നശിപ്പിക്കുകയും കള്ളന്മാർ അതിക്രമിച്ചുകയറി മോഷ്ടിക്കുകയുംചെയ്യുന്ന ഭൂമിയിൽ നിങ്ങൾ നിക്ഷേപം സംഭരിക്കരുത്; 20 പകരം, കീടങ്ങളും തുരുമ്പും നശിപ്പിക്കാതെയും കള്ളന്മാർ അതിക്രമിച്ചുകയറി കവർച്ചചെയ്യാതെയും ഇരിക്കുന്ന സ്വർഗത്തിൽ നിക്ഷേപം സമാഹരിക്കുക. 21 നിന്റെ നിക്ഷേപം ഇരിക്കുന്നിടത്തുതന്നെയായിരിക്കും നിന്റെ ഹൃദയവും.

  6. 10 പണത്തെ സ്നേഹിക്കുന്നവർക്ക് ഒരിക്കലും മതിയാകുംവരെ പണം ഉണ്ടാകുകയില്ല;

    സമ്പത്തിനെ സ്നേഹിക്കുന്നവർക്ക് അവരുടെ വരുമാനംകൊണ്ട് ഒരിക്കലും തൃപ്തിവരികയുമില്ല.

    ഇതും അർഥശൂന്യം.

    11 വിഭവങ്ങൾ പെരുകുന്നതനുസരിച്ച്

    അവയുടെ ഗുണഭോക്താക്കളും പെരുകുന്നു.

    അതുകണ്ടു കണ്ണിനു വിരുന്നാകുമെന്നതല്ലാതെ

    അതിന്റെ ഉടമസ്ഥന് എന്തു പ്രയോജനമാണു ലഭിക്കുന്നത്?

    12 വേലക്കാർ ഭക്ഷിക്കുന്നത് അൽപ്പമോ അധികമോ ആയാലും

    അവരുടെ ഉറക്കം സുഖകരമാണ്,

    എന്നാൽ, സമ്പന്നരുടെ സമൃദ്ധി

    അവരുടെ ഉറക്കം കെടുത്തുന്നു.

    13 സൂര്യനുകീഴിൽ ഒരു കഠിനതിന്മ ഞാൻ കണ്ടു:

    ഉടമസ്ഥർക്ക് അനർഥമാകുമാറു കൂട്ടിവെക്കുന്ന സമ്പത്തുതന്നെ.

    14 ദൗർഭാഗ്യവശാൽ ആ സമ്പത്ത് നഷ്ടപ്പെട്ടുപോകുന്നു,

    അവർക്ക് മക്കളുണ്ടാകുമ്പോൾ

    അവകാശമായി നൽകാൻ യാതൊന്നും ശേഷിക്കുന്നില്ല.

  7. 7 നിങ്ങളുടെ ദൈവമായ യഹോവ മനോഹരമായ ഒരു ദേശത്തേക്കാണല്ലോ നിങ്ങളെ കൊണ്ടുപോകുന്നത്, അതു താഴ്വരയിൽനിന്നും കുന്നുകളിൽനിന്നും ഒഴുകുന്ന അരുവികളും ഉറവുകളും ജലാശയങ്ങളും ഉള്ള ദേശമാണ്; 8 ഗോതമ്പും യവവും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഒലിവെണ്ണയും തേനും ഉള്ള ദേശമാണ്; 9 സമൃദ്ധിയിൽ ഉപജീവനം കഴിക്കാവുന്നതും ഒന്നിനും കുറവില്ലാത്തതുമായ ദേശമാണ്. കല്ല് ഇരുമ്പായിരിക്കുന്നതും പർവതങ്ങളിൽനിന്ന് ചെമ്പ് കുഴിച്ചെടുക്കുന്നതുമായ ദേശമാണ്.

    10 നിങ്ങൾ ഭക്ഷിച്ചു തൃപ്തനായശേഷം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകിയ മനോഹരദേശത്തിനുവേണ്ടി അവിടത്തേക്ക് സ്തോത്രംചെയ്യണം. 11 നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ മറക്കാതിരിക്കാനും ഞാൻ ഇന്നു നിങ്ങൾക്കു നൽകുന്ന അവിടത്തെ കൽപ്പനകളും നിയമങ്ങളും ഉത്തരവുകളും അവഗണിക്കാതിരിക്കാനും ശ്രദ്ധിക്കുക. 12 അല്ലെങ്കിൽ നിങ്ങൾ ഭക്ഷിച്ചു തൃപ്തനായി നല്ല വീടുകൾ പണിത് അവയിൽ താമസിക്കുകയും 13 നിങ്ങളുടെ ആടുകളും കന്നുകാലികളും പെരുകുകയും വെള്ളിയും സ്വർണവും വർധിക്കുകയും നിങ്ങൾക്കുള്ള സകലതും സമൃദ്ധമായിട്ട് ഉണ്ടാകുകയും ചെയ്യുമ്പോൾ, 14 നിങ്ങളുടെ ഹൃദയം നിഗളിച്ച് അടിമഗൃഹമായ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്ന ദൈവമായ യഹോവയെ നിങ്ങൾ മറക്കും. 15 വിഷസർപ്പവും തേളും ഉള്ള വലുതും ഭയാനകവുമായ മരുഭൂമിയിലൂടെയാണ് അവിടന്നു നിങ്ങളെ നടത്തിയത്. വെള്ളമില്ലാതെ വരണ്ടദേശത്ത് തീക്കൽപ്പാറയിൽനിന്ന് നിങ്ങൾക്കു വെള്ളം നൽകി. 16 നിങ്ങളെ വിനയമുള്ളവരാക്കുന്നതിനും പരീക്ഷിക്കുന്നതിനും അങ്ങനെ നിങ്ങൾക്കു നന്മയുണ്ടാകുന്നതിനും നിങ്ങളുടെ പിതാക്കന്മാർ അറിഞ്ഞിട്ടില്ലാത്ത മന്നകൊണ്ട് മരുഭൂമിയിൽവെച്ച് അവിടന്ന് നിങ്ങളെ പരിപോഷിപ്പിച്ചു. 17 “എന്റെ ശക്തിയും കൈബലവും ഈ സമ്പത്തുണ്ടാക്കി,” എന്നു നിങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ പറയരുത്. 18 നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ ഓർക്കണം. നിങ്ങളുടെ പിതാക്കന്മാരോടു ശപഥംചെയ്ത അവിടത്തെ ഉടമ്പടി ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന് അവിടന്നാണല്ലോ നിങ്ങൾക്കു സമ്പത്തു നേടാൻ പ്രാപ്തി നൽകുന്നത്.

  8. 9 ഞാൻ നിങ്ങളോടു പറയുന്നു, ലൗകികസമ്പത്തുകൊണ്ടു നിങ്ങൾ സ്നേഹിതരെ സമ്പാദിക്കുക; അങ്ങനെയായാൽ അവയെല്ലാം ഇല്ലാതാകുമ്പോൾ നിത്യഭവനത്തിലേക്ക് ആനന്ദത്തോടെ നിങ്ങൾ സ്വാഗതംചെയ്യപ്പെടും.

    10 “നിസ്സാരകാര്യങ്ങളിൽ വിശ്വസ്തരായവർ മഹത്തായ കാര്യങ്ങളിലും വിശ്വസ്തരായിരിക്കും; നിസ്സാരകാര്യങ്ങളിൽ അവിശ്വസ്തരായവർ മഹത്തായ കാര്യങ്ങളിലും അവിശ്വസ്തരായിരിക്കും. 11 ലൗകികസമ്പത്തു കൈകാര്യം ചെയ്യുന്നതിൽ നിങ്ങൾ വിശ്വസ്തരല്ലെങ്കിൽ സ്വർഗത്തിലെ നിത്യസമ്പത്ത് ആരു നിങ്ങളെ ഭരമേൽപ്പിക്കും? 12 നിങ്ങൾ മറ്റൊരാളിന്റെ വസ്തുവകകളുടെ കാര്യത്തിൽ വിശ്വസ്തരായില്ലെങ്കിൽ സ്വന്തമായതു നിങ്ങൾക്ക് ആര് തരും?

  9. 4 സമ്പന്നരാകുന്നതിനായി അത്യധ്വാനംചെയ്ത് നിങ്ങളെത്തന്നെ തളർത്തരുത്;

    തക്കസമയത്ത് അതിൽനിന്നു പിൻവാങ്ങുന്നതിനുള്ള ബുദ്ധി നിങ്ങൾക്കുണ്ടായിരിക്കണം.

    5 ഒറ്റനോട്ടത്തിനിടയിൽത്തന്നെ, ധനം പൊയ്പ്പോയിരിക്കും,

    അതിനു നിശ്ചയമായും ചിറകു മുളയ്ക്കുകയും

    ഒരു കഴുകനെപ്പോൽ ആകാശത്തേക്കു പറന്നകലുകയും ചെയ്യും.

  10. 11 എന്റെ ദുർഭിക്ഷത നിമിത്തമല്ല ഞാനിത് പറയുന്നത്. ഉള്ളതുകൊണ്ട് സംതൃപ്തനായിരിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു. 12 ദുർഭിക്ഷതയിൽ ആയിരിക്കാനും സുഭിക്ഷതയിൽ ആയിരിക്കാനും എനിക്കറിയാം. ഏതു സാഹചര്യത്തിൽ ജീവിക്കാനും; തൃപ്തനായിരിക്കാനും വിശന്നിരിക്കാനും സമൃദ്ധിയിലായിരിക്കാനും ദാരിദ്ര്യത്തിലായിരിക്കാനും എല്ലാ അവസ്ഥയിലും ജീവിക്കുന്നതിന്റെ രഹസ്യം ഞാൻ പരിശീലിച്ചിരിക്കുന്നു. 13 എന്നെ ശാക്തീകരിക്കുന്ന ക്രിസ്തുവിന്റെ സഹായത്താൽ സർവവും ചെയ്യാൻ ഞാൻ പ്രാപ്തനായിരിക്കുന്നു.

    14 എന്നിട്ടും എന്റെ പ്രയാസങ്ങളിൽ നിങ്ങൾ എന്നെ സഹായിച്ചത് ശ്ലാഘനീയംതന്നെ. 15 മാത്രമല്ല, ഫിലിപ്പിയരേ, ഞാൻ മക്കദോന്യയിൽനിന്ന് യാത്രതിരിച്ച് നിങ്ങൾക്കിടയിൽ സുവിശേഷം പ്രസംഗിച്ച ആദ്യനാളുകളിൽ, നിങ്ങളൊഴികെ മറ്റൊരു സഭയും സാമ്പത്തികകാര്യങ്ങളിൽ എന്നോടു പങ്കാളിത്തം കാണിച്ചില്ല എന്നു നിങ്ങൾക്കറിയാമല്ലോ. 16 ഞാൻ തെസ്സലോനിക്യയിൽ ആയിരുന്നപ്പോൾ നിങ്ങൾ എന്റെ ആവശ്യങ്ങൾക്കായി ഒന്നുരണ്ടുതവണ സഹായം അയച്ചുതന്നു. 17 സാമ്പത്തികസഹായം ലഭിക്കാൻ ഞാൻ കാത്തിരിക്കുന്നു എന്നല്ല; പിന്നെയോ, നിങ്ങളുടെ കണക്കിൽ പ്രതിഫലം വർധിക്കാൻ ആഗ്രഹിക്കുകയാണ്. 18 എനിക്ക് ആവശ്യമായതും അതിലധികവും ഇപ്പോഴുണ്ട്. എപ്പഫ്രൊദിത്തൊസിന്റെ കൈവശം നിങ്ങൾ കൊടുത്തയച്ച സമ്മാനങ്ങൾ സ്വീകരിച്ച് ഞാൻ ഇപ്പോൾ സംതൃപ്തനായിരിക്കുന്നു. അവ ദൈവത്തിനു പ്രസാദകരവും സൗരഭ്യമുള്ളതുമായ വഴിപാടും യാഗവുമായിത്തീർന്നിരിക്കുന്നു. 19 എന്റെ ദൈവം നിങ്ങളുടെ ആവശ്യങ്ങളെല്ലാം അവിടത്തെ മഹിമാധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ സമ്പൂർണമായി തീർത്തുതരും.

  11. 24 “രണ്ട് യജമാനന്മാർക്ക് ദാസ്യവൃത്തി ചെയ്യുക ആരാലും സാധ്യമല്ല. ഒന്നുകിൽ, ഒരു യജമാനനെ പരിത്യജിച്ച് മറ്റേയാളെ സ്നേഹിക്കും; അല്ലെങ്കിൽ, ഒരാളോട് വിശ്വസ്തനായി തുടരുകയും മറ്റേയാളെ വെറുക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒരുമിച്ചു സേവിക്കുക അസാധ്യം.

  12. 5 വഞ്ചകരായ ദുഷ്ടർ എന്നെ വലയംചെയ്യുകയും

    കഷ്ടതയുടെദിനങ്ങൾ വരികയുംചെയ്യുമ്പോൾ ഞാൻ എന്തിനു ഭയപ്പെടണം?

    6 അവർ അവരുടെ ധനത്തിൽ ആശ്രയിക്കുകയും

    തങ്ങളുടെ മഹത്തായ സമ്പത്തിൽ ഊറ്റംകൊള്ളുകയും ചെയ്യുന്നവരാണ്.

    7 മറ്റൊരാളുടെ ജീവൻ വീണ്ടെടുക്കുന്നതിനോ

    അയാളുടെ വീണ്ടെടുപ്പുവില ദൈവത്തിനു നൽകുന്നതിനോ ആരാലും സാധ്യമല്ല—

    8-9 ഒരാൾ സദാ ജീവിച്ചിരിക്കുന്നതിനും

    ജീർണത കാണാതിരിക്കുന്നതിനുമായി

    എന്തു നൽകിയാലും മതിയാകുകയില്ല—

    ജീവന്റെ മോചനദ്രവ്യം വിലയേറിയതല്ലോ.

    10 ജ്ഞാനികൾ മരണത്തിനു കീഴടങ്ങുന്നതും

    ഭോഷരും വിവേകമില്ലാത്തവരും നശിക്കുന്നതും

    അവരുടെ സമ്പാദ്യം മറ്റുള്ളവർക്കായി വിട്ടിട്ടുപോകുന്നതും എല്ലാവരും കാണുന്നു.

    11 ദേശങ്ങൾക്ക് അവർ സ്വന്തം പേരിട്ടുവിളിച്ചാലും,

    ശവകുടീരങ്ങളായിരിക്കും അവരുടെ ശാശ്വതഭവനം,

    അനന്തര തലമുറകളിലും അതുതന്നെയാണവരുടെ വിശ്രമസ്ഥാനം.

    12 മനുഷ്യർ എത്ര പ്രതാപശാലികൾ ആയിരുന്നാലും അവർക്ക് അമരത്വം ലഭിക്കുകയില്ല;

    അവർ നശിച്ചുപോകുന്ന മൃഗത്തിനു തുല്യർ.

  13. 21 യേശു അയാളോട്, “സദ്ഗുണങ്ങളാൽ പൂർണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ പോയി നിനക്കുള്ള സ്വത്ത് സർവവും വിറ്റ് ആ പണം ദരിദ്രർക്ക് കൊടുക്കുക, എങ്കിൽ സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും. അതിനുശേഷം വരിക, എന്റെ അനുഗാമിയാകുക” എന്നു പറഞ്ഞു.

    22 വളരെ വസ്തുവകകൾ ഉണ്ടായിരുന്ന ആ യുവാവ് ഈ വാക്കുകേട്ട് ദുഃഖിതനായി അവിടെനിന്ന് പോയി.

    23 അപ്പോൾ യേശു തന്റെ ശിഷ്യന്മാരോട്, “ധനികർ സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയെന്നത് എത്രയോ വിഷമകരം എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു. 24 ഞാൻ വീണ്ടും പറയട്ടെ, ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് കൂടുതൽ എളുപ്പം.”

    25 ഇതു കേട്ട് ശിഷ്യന്മാർ അത്യന്തം ആശ്ചര്യപ്പെട്ടു, “എന്നാൽ രക്ഷിക്കപ്പെടാൻ ആർക്കു കഴിയും?” എന്നു ചോദിച്ചു.

    26 യേശു അവരെ നോക്കി, “മനുഷ്യർക്ക് ഇത് അസാധ്യം; എന്നാൽ ദൈവത്തിന് സകലതും സാധ്യമാണ്” എന്നു പറഞ്ഞു.

  14. 24 “ഞാൻ സ്വർണത്തിൽ ആശ്രയിക്കുകയോ

    ‘നീയാണ് എന്റെ ഭദ്രത,’ എന്നു ശുദ്ധസ്വർണത്തോടു പറയുകയോ ചെയ്തിരുന്നെങ്കിൽ,

    25 എന്റെ വൻപിച്ച സമ്പത്തിൽ ഞാൻ ആനന്ദിച്ചിരുന്നെങ്കിൽ,

    എന്റെ കൈകൾ നേടിയ ബഹുസമ്പത്തിൽത്തന്നെ,

    26 കത്തിജ്വലിച്ചു സൂര്യൻ നിൽക്കുന്നതോ

    പ്രഭ പരത്തി ചന്ദ്രൻ അതിന്റെ ഭ്രമണപഥത്തിൽ നീങ്ങുന്നതോ കണ്ടിട്ട്,

    27 എന്റെ ഹൃദയം ഗൂഢമായി വശീകരിക്കപ്പെടുകയും

    എന്റെ കൈകൾ ആദരചുംബനം അർപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ,

    28 അതും ശിക്ഷിക്കപ്പെടേണ്ട ഒരു പാപമായിത്തീരുമായിരുന്നു,

    കാരണം, ഉന്നതനായ ദൈവത്തെ ഞാൻ നിഷേധിക്കുകയാണല്ലോ ചെയ്തത്.

  15. 28 സ്വന്തം സമ്പത്തിൽ ആശ്രയിക്കുന്നവർ വീണുപോകും,

    എന്നാൽ നീതിനിഷ്ഠർ പച്ചിലപോലെ തഴയ്ക്കും.

  16. 11 കുടിലതയിലൂടെ ആർജിച്ച സമ്പത്ത് ക്ഷയിച്ചുപോകും,

    എന്നാൽ കഠിനാധ്വാനത്താൽ നേടുന്നവരുടെ സമ്പത്ത് വർധിച്ചുവരും.

  17. 33 നിങ്ങളുടെ വസ്തുവകകൾ വിറ്റു ദരിദ്രർക്കു വിതരണംചെയ്യുക. പഴകാത്ത മടിശ്ശീലയും അക്ഷയനിക്ഷേപവും സ്വർഗത്തിൽ നിങ്ങൾക്കായി കരുതും. അവിടെ കള്ളൻ അടുക്കുകയോ പുഴു നശിപ്പിക്കുയോ ചെയ്യുന്നില്ല. 34 നിന്റെ നിക്ഷേപം ഇരിക്കുന്നിടത്തുതന്നെയായിരിക്കും നിന്റെ ഹൃദയവും.

  18. 17 യേശു അവിടെനിന്ന് യാത്ര പുറപ്പെടുമ്പോൾ ഒരു മനുഷ്യൻ ഓടിവന്ന് അദ്ദേഹത്തിന്റെമുമ്പിൽ മുട്ടുകുത്തി, “നല്ല ഗുരോ, എന്തു ചെയ്താൽ എനിക്കു നിത്യജീവൻ ലഭ്യമാകും?” എന്നു ചോദിച്ചു.

    18 അതിനുത്തരമായി യേശു, “നീ എന്നെ ‘നല്ലവൻ’ എന്നു വിളിക്കുന്നതെന്ത്? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല. 19 ‘കൊലപാതകം ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, ചതിക്കരുത്, നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക’ എന്നീ കൽപ്പനകൾ നിനക്ക് അറിയാമല്ലോ” എന്ന് അയാളോടു പറഞ്ഞു.

    20 “ഗുരോ, ഞാൻ എന്റെ ബാല്യംമുതൽതന്നെ ഈ കൽപ്പനകൾ എല്ലാം പാലിച്ചുപോരുന്നു” അയാൾ പറഞ്ഞു.

    21 യേശു അയാളെ നോക്കി; അയാളിൽ ആർദ്രത തോന്നിയിട്ട് ഇപ്രകാരം പറഞ്ഞു: “ഒരൊറ്റ കുറവു നിനക്കുണ്ട്. നീ പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക. എന്നാൽ, സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും. അതിനുശേഷം വരിക, എന്റെ അനുഗാമിയാകുക.”

    22 ഇതു കേട്ട് അയാളുടെ മുഖം വാടി. അയാൾക്ക് വളരെ വസ്തുവകകൾ ഉണ്ടായിരുന്നതുകൊണ്ടു ദുഃഖിതനായി അവിടെനിന്ന് പോയി.

    23 യേശു ചുറ്റും നോക്കിയിട്ടു തന്റെ ശിഷ്യന്മാരോട്, “ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുകയെന്നത് എത്രയോ വിഷമകരം!” എന്നു പറഞ്ഞു.

    24 ശിഷ്യന്മാർ അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് വിസ്മയിച്ചു. യേശു വീണ്ടും പറഞ്ഞു: “കുഞ്ഞുങ്ങളേ, ദൈവരാജ്യത്തിൽ പ്രവേശിക്കുകയെന്നത് എത്രയോ വിഷമകരം! 25 ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് കൂടുതൽ എളുപ്പം.”

    26 ശിഷ്യന്മാർ അത്യധികം വിസ്മയത്തോടെ പരസ്പരം ചോദിച്ചു: “എന്നാൽ രക്ഷിക്കപ്പെടാൻ ആർക്കു കഴിയും?”

    27 യേശു അവരെ നോക്കി, “മനുഷ്യർക്ക് ഇത് അസാധ്യം; എന്നാൽ ദൈവത്തിന് അങ്ങനെയല്ല; ദൈവത്തിനു സകലതും സാധ്യമാണ്” എന്നു പറഞ്ഞു.

  19. 1 തേജോമയനായ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വാസം അർപ്പിച്ച എന്റെ സഹോദരങ്ങളേ, നിങ്ങൾ പക്ഷഭേദപരമായി പെരുമാറരുത്. 2 നിങ്ങളുടെ സഭയിൽ സ്വർണമോതിരമണിഞ്ഞും പകിട്ടേറിയ വസ്ത്രംധരിച്ചും ഒരാളും മുഷിഞ്ഞവേഷംമാത്രം ധരിച്ച ഒരു ദരിദ്രനും വരുന്നു എന്നിരിക്കട്ടെ. 3 വിശിഷ്ടവസ്ത്രം ധരിച്ചയാൾക്കു നിങ്ങൾ പ്രത്യേകപരിഗണന നൽകിക്കൊണ്ട്, “ഈ ആദരണീയമായ ഇരിപ്പിടത്തിൽ ഇരുന്നാലും” എന്നു പറയുകയും ദരിദ്രനോട്, “നീ അവിടെ മാറിനിൽക്കൂ” എന്നോ “എന്റെ കാൽക്കൽ ഇരിക്കൂ” എന്നോ പറയുകയും ചെയ്യുന്നെങ്കിൽ, 4 നിങ്ങളുടെ ഇടയിൽത്തന്നെ നിങ്ങൾ പക്ഷപാതപരമായി പ്രവർത്തിക്കുകയും ദുഷ്ടലാക്കോടെ വിവേചനം കാണിക്കുകയുമല്ലേ ചെയ്യുന്നത്?

    5 എന്റെ പ്രിയസഹോദരങ്ങളേ, ശ്രദ്ധിക്കുക: ദൈവം ഈ ലോകത്തിലെ ദരിദ്രരെ വിശ്വാസത്തിൽ സമ്പന്നരും തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദാനംചെയ്തിട്ടുള്ള രാജ്യത്തിന്റെ അവകാശികളുമായി തെരഞ്ഞെടുത്തില്ലയോ? 6 നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു. ധനികരല്ലേ നിങ്ങളെ ചൂഷണംചെയ്യുകയും കോടതികളിലേക്കു വലിച്ചിഴയ്ക്കുകയുംചെയ്യുന്നത്? 7 നിങ്ങളെ വിളിച്ച കർത്താവിന്റെ മഹനീയനാമത്തെ ദുഷിക്കുന്നതും അവരല്ലേ?

  20. 32 വിശ്വാസികളെല്ലാവരും ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; അവരിലാരും തങ്ങളുടെ വസ്തുവകയൊന്നും സ്വന്തമെന്നു കരുതിയില്ല. അവർക്കുണ്ടായിരുന്നതെല്ലാം പൊതുവകയായി അവർ കണക്കാക്കി. 33 അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിനു സാക്ഷ്യംവഹിച്ചുപോന്നു. അവർ എല്ലാവരിലും ദൈത്തിന്റെ കൃപ അതിശക്തമായി പ്രവർത്തിച്ചുകൊണ്ടിരുന്നു. 34 അവർക്കിടയിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർ ആരുംതന്നെ ഉണ്ടായിരുന്നില്ല; നിലങ്ങളോ വീടുകളോ ഉണ്ടായിരുന്നവർ അവ വിറ്റു പണം കൊണ്ടുവന്ന് 35 അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു; പിന്നെ ഓരോരുത്തരുടെയും ആവശ്യാനുസരണം അത് ഭാഗിച്ചുകൊടുത്തു.

  21. 10 കൊള്ളപ്പണത്തിൽ ആശ്രയിക്കുകയോ

    മോഷണമുതലിന്മേൽ അഹങ്കരിക്കുകയോ അരുത്;

    നിന്റെ ധനം അധികരിച്ചാലും,

    നിന്റെ ഹൃദയം അതിൽ അർപ്പിക്കരുത്.

  22. 9 നിന്റെ സമ്പത്തുകൊണ്ട് യഹോവയെ ബഹുമാനിക്കുക

    നിന്റെ എല്ലാ വിളവുകളുടെയും ആദ്യഫലംകൊണ്ടുംതന്നെ;

    10 അപ്പോൾ നിന്റെ ധാന്യപ്പുരകൾ സമൃദ്ധമായി നിറയും

    നിന്റെ ഭരണികൾ പുതുവീഞ്ഞിനാൽ കവിഞ്ഞൊഴുകും.

  23. 23 നിങ്ങളുടെ ആട്ടിൻപറ്റത്തിന്റെ അവസ്ഥ നന്നായി അറിഞ്ഞിരിക്കുക,

    നിങ്ങളുടെ കന്നുകാലികൾക്കും സൂക്ഷ്മശ്രദ്ധനൽകുക;

    24 കാരണം സമ്പത്ത് സദാ സുസ്ഥിരമായിരിക്കുകയില്ല,

    കിരീടം തലമുറകളായി സംരക്ഷിക്കപ്പെടുന്നതുമില്ല.

  24. 6 നീതിനിഷ്ഠർ അതുകണ്ടു ഭയപ്പെടും;

    നിന്നെ പരിഹസിച്ചുകൊണ്ട് അവർ ഇപ്രകാരം പറയും,

    7 “ദൈവത്തെ തന്റെ അഭയസ്ഥാനമായി കാണാതെ

    സ്വന്തം സമ്പൽസമൃദ്ധിയിൽ ആശ്രയിച്ചുകൊണ്ട്

    മറ്റുള്ളവരെ നശിപ്പിച്ച് ശക്തനായിത്തീർന്ന

    ആ മനുഷ്യൻ ഇതാ!”

  25. 19 മാത്രവുമല്ല, ദൈവം നൽകിയ ധനസമ്പത്തുക്കൾ ആസ്വദിച്ച് തന്റെ പ്രയത്നത്തിൽ ആനന്ദിക്കാൻ ദൈവം ഒരാൾക്ക് ഇടയാക്കുന്നു—അതും ദൈവത്തിന്റെ ദാനം. 20 ആനന്ദാതിരേകത്താൽ അവരുടെ ഹൃദയം നിറച്ചുകൊണ്ട് ദൈവം അവരെ കർത്തവ്യനിരതരാക്കുമ്പോൾ ജീവിതത്തിലെ കഴിഞ്ഞുപോയ ദിനങ്ങളെക്കുറിച്ച് അവർ ചിന്തിക്കാറേയില്ല.

  26. 31 അതുകൊണ്ട്, ‘എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും’ എന്നിങ്ങനെ വിലപിച്ച് വ്യാകുലപ്പെടരുത്. 32 ദൈവത്തെ അറിയാത്തവരാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്കാവശ്യമെന്ന് നിങ്ങളുടെ സ്വർഗസ്ഥപിതാവിന് അറിയാം. 33 നിങ്ങൾ പരമപ്രധാനമായി ദൈവരാജ്യവും ദൈവനീതിയും തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും.

  27. 1 അബ്രാം ഭാര്യയോടുകൂടെ, തനിക്കുള്ള സകലവുമായി ഈജിപ്റ്റിൽനിന്ന് ദക്ഷിണദിക്കിലേക്ക് യാത്രചെയ്തു. ലോത്തും അദ്ദേഹത്തെ അനുഗമിച്ചു. 2 കന്നുകാലികൾ, വെള്ളി, സ്വർണം എന്നിവയിൽ അബ്രാം മഹാസമ്പന്നനായിരുന്നു.

  28. 7 ദാരിദ്ര്യവും സമ്പത്തും നൽകുന്നത് യഹോവതന്നെ;

    താഴ്ത്തുന്നതും ഉയർത്തുന്നതും അവിടന്നുതന്നെ.

  29. 4 സമ്പത്ത് ക്രോധദിവസത്തിൽ ഉപകരിക്കുകയില്ല,

    എന്നാൽ നീതിനിഷ്ഠമായ ജീവിതം മരണത്തിൽനിന്നു വിടുവിക്കുന്നു.

  30. 16 സ്വന്തം സമ്പത്തു വർധിപ്പിക്കുന്നതിന് ദരിദ്രരെ പീഡിപ്പിക്കുന്നവരും

    ധനികർക്കു ദാനംചെയ്യുന്നവരും ഒരുപോലെ ദരിദ്രരായിത്തീരും.

  31. 1 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: 2 “മനുഷ്യപുത്രാ, സോരിലെ ഭരണാധികാരിയോടു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:

    “ ‘നിന്റെ ഹൃദയത്തിലെ നിഗളത്തിൽ,

    “ഞാൻ ദൈവമാകുന്നു;

    സമുദ്രമധ്യേ ഞാൻ ദൈവത്തിന്റെ സിംഹാസനത്തിൽ

    ഉപവിഷ്ടനായിരിക്കുന്നു,” എന്നും നീ അവകാശപ്പെടുന്നു.

    എന്നാൽ ദൈവത്തെപ്പോലെ ജ്ഞാനിയെന്ന് നീ നിന്നെക്കുറിച്ചു ചിന്തിക്കുന്നെങ്കിലും,

    നീ ഒരു ദേവനല്ല കേവലം മനുഷ്യനത്രേ.

    3 നീ ദാനീയേലിനെക്കാളും ജ്ഞാനിയോ?

    ഒരു രഹസ്യവും നിനക്കു മറഞ്ഞിരിക്കുന്നില്ലേ?

    4 നിന്റെ ജ്ഞാനവും വിവേകവുംനിമിത്തം

    നീ നിനക്കുവേണ്ടി സമ്പത്തു നേടുകയും

    നിന്റെ ഭണ്ഡാരങ്ങളിൽ സ്വർണവും വെള്ളിയും

    വർധിപ്പിക്കുകയും ചെയ്തിരിക്കുന്നു.

    5 വ്യാപാരത്തിൽ നിനക്കുള്ള വൈദഗ്ദ്ധ്യം നിമിത്തം

    നീ നിന്റെ സമ്പത്തു വർധിപ്പിച്ചു;

    നിന്റെ സമ്പത്തുനിമിത്തം

    നിന്റെ ഹൃദയം നിഗളിച്ചിരിക്കുന്നു.

    6 “ ‘അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:

    “ ‘നീ ജ്ഞാനി എന്ന്, ഒരു ദേവനെപ്പോലെ

    ജ്ഞാനിയെന്നു കരുതുന്നതുമൂലവും,

    7 ഞാൻ രാഷ്ട്രങ്ങളിൽവെച്ച് ഏറ്റവും നിഷ്ഠുരരായ വിദേശികളെ

    നിങ്ങൾക്കെതിരേ വരുത്തും;

    അവർ നിന്റെ സൗന്ദര്യത്തിനും ജ്ഞാനത്തിനുമെതിരേ വാൾ പ്രയോഗിച്ച്

    നിന്റെ ഉജ്ജ്വലപ്രതാപത്തെ കുത്തിത്തുളയ്ക്കും.

    8 അവർ നിന്നെ കുഴിയിലേക്കു തള്ളിയിടും,

    സമുദ്രമധ്യേയുള്ള

    നിന്റെ മരണം ഭയാനകമായ ഒന്നായിരിക്കും.

    9 അപ്പോൾ നിന്നെ കൊല്ലുന്നവരുടെമുമ്പിൽ

    “ഞാൻ ദേവൻ ആകുന്നു,” എന്നു നീ പറയുമോ?

    നിന്നെ സംഹരിക്കുന്നവരുടെ കൈക്കീഴിൽ

    നീ ദേവനല്ല, ഒരു മനുഷ്യൻമാത്രമായിരിക്കും.

    10 വിദേശീയരുടെ കൈകളാൽ

    നീ പരിച്ഛേദനം ഏൽക്കാത്തവരെപ്പോലെ മരിക്കും.

    ഞാൻ കൽപ്പിച്ചിരിക്കുന്നു, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.’ ”

  32. 22 മുൾച്ചെടികൾക്കിടയിൽ വിതയ്ക്കപ്പെട്ട വിത്ത് വചനം കേൾക്കുന്ന വ്യക്തികളാണ്, എന്നാൽ, ഈ ജീവിതത്തിലെ ആകുലതകളും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കി ഫലശൂന്യമാക്കിത്തീർക്കുന്നു.

  33. 57 സന്ധ്യയായപ്പോൾ, യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമഥ്യക്കാരൻ യോസേഫ് എന്ന ധനികൻ അവിടെ എത്തി. 58 അദ്ദേഹം പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ മൃതദേഹം വിട്ടുതരണമെന്ന് അപേക്ഷിച്ചു; അദ്ദേഹത്തിന് അതു വിട്ടുകൊടുക്കാൻ പീലാത്തോസ് ഉത്തരവിടുകയും ചെയ്തു. 59 യോസേഫ് ആ മൃതദേഹം എടുത്ത് വെടിപ്പുള്ള ഒരു മൃദുലവസ്ത്രത്തിൽ പൊതിഞ്ഞ്, 60 തനിക്കായി പാറയിൽ വെട്ടിച്ചിരുന്ന പുതിയ കല്ലറയിൽ സംസ്കരിച്ചു. കല്ലറയുടെ കവാടത്തിൽ വലിയൊരു കല്ല് ഉരുട്ടിവെച്ചതിനുശേഷം അദ്ദേഹം പോയി.

  34. 5 നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹം ഇല്ലാത്തതായിരിക്കട്ടെ; നിങ്ങളുടെപക്കൽ ഉള്ളതിൽ സംതൃപ്തരാകുക.

    “ഒരുനാളും ഞാൻ നിന്നെ ഉപേക്ഷിക്കുകയില്ല,

    ഒരുനാളും ഞാൻ നിന്നെ കൈവെടിയുകയുമില്ല,”

    എന്നു ദൈവം അരുളിച്ചെയ്തിട്ടുണ്ടല്ലോ. 6 അതുകൊണ്ട് ആത്മവിശ്വാസത്തോടെ നമുക്ക് പറയാം,

    “കർത്താവാണ് എന്റെ സഹായി; ഞാൻ ഭയപ്പെടുകയില്ല.

    വെറും മർത്യന് എന്നോട് എന്തുചെയ്യാൻ കഴിയും?”

  35. 17 ഞാൻ ധനികൻ, സമ്പത്തുള്ളവനായിത്തീർന്നിരിക്കുന്നു, എനിക്ക് ഒന്നിനും കുറവില്ല എന്നു നീ പറയുന്നുണ്ട്; എങ്കിലും നീ യഥാർഥത്തിൽ നിസ്സഹായനും പരമദയനീയനും ദരിദ്രനും അന്ധനും നഗ്നനുമായ നികൃഷ്ടനാണെന്ന് തിരിച്ചറിയുന്നില്ല. 18 നീ ധനികനാകേണ്ടതിന് അഗ്നിയിൽ സ്ഫുടംചെയ്ത തങ്കവും നിന്റെ ലജ്ജാകരമായ നഗ്നത മറയ്ക്കേണ്ടതിന് ധരിക്കാൻ ശുഭ്രവസ്ത്രങ്ങളും നിനക്കു കാഴ്ച ലഭിക്കേണ്ടതിനു കണ്ണിൽ പൂശേണ്ട ലേപനവും എന്നോടു വിലയ്ക്കുവാങ്ങാൻ ഞാൻ നിന്നെ ഉപദേശിക്കുന്നു.

  36. 8 കാപട്യവും വ്യാജവും എന്നിൽനിന്നു ബഹുദൂരം അകറ്റണമേ;

    എനിക്കു ദാരിദ്ര്യമോ സമ്പത്തോ നൽകരുതേ!

    എന്നാൽ അനുദിനാഹാരംമാത്രം നൽകണമേ.

    9 അല്ലെങ്കിൽ, സമ്പത്തിന്റെ ആധിക്യംമൂലം ഞാൻ അങ്ങയെ തിരസ്കരിച്ച്,

    ‘യഹോവ ആരാണ്?’ എന്നു ചോദിക്കുകയോ

    അല്ല, ദാരിദ്ര്യംമൂലം മോഷണംനടത്തി,

    ദൈവനാമത്തിന് അപമാനം വരുത്തിവെക്കുകയോചെയ്യും.

  37. 18 ഒരിക്കൽ ഒരു നേതാവ് യേശുവിനോട്, “നല്ല ഗുരോ, എന്തു ചെയ്താൽ എനിക്കു നിത്യജീവൻ അവകാശമാകും?” എന്നു ചോദിച്ചു.

    19 അതിനുത്തരമായി യേശു, “നീ എന്നെ ‘നല്ലവൻ’ എന്നു വിളിക്കുന്നതെന്ത്? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല. 20 ‘വ്യഭിചാരം ചെയ്യരുത്, കൊലപാതകം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക’ എന്നീ കൽപ്പനകൾ നിനക്ക് അറിയാമല്ലോ.” എന്ന് അയാളോടു പറഞ്ഞു.

    21 “ഞാൻ ബാല്യംമുതൽതന്നെ ഈ കൽപ്പനകൾ എല്ലാം പാലിച്ചുപോരുന്നു” അയാൾ പ്രതിവചിച്ചു.

    22 ഇതു കേട്ട യേശു അയാളോട്, “ഇപ്പോഴും നിനക്ക് ഒരു കുറവുണ്ട്. അതുകൊണ്ട്, നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക. അങ്ങനെയെങ്കിൽ സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും. അതിനുശേഷം വരിക, എന്റെ അനുഗാമിയാകുക” എന്നു പറഞ്ഞു.

    23 അയാൾ വലിയ ധനികനായിരുന്നതുകൊണ്ട് ഇതു കേട്ട് അത്യധികം ദുഃഖിതനായിത്തീർന്നു. 24 യേശു അയാളെ നോക്കിയിട്ട്, “ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുകയെന്നത് എത്രയോ വിഷമകരം! 25 വാസ്തവത്തിൽ, ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് കൂടുതൽ എളുപ്പം!” എന്നു പറഞ്ഞു.

    26 ഇതു കേട്ടവർ, “എന്നാൽ രക്ഷിക്കപ്പെടാൻ ആർക്കു കഴിയും?” എന്നു ചോദിച്ചു.

    27 അതിന് യേശു, “മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യംതന്നെ” എന്ന് ഉത്തരം പറഞ്ഞു.

    28 അപ്പോൾ പത്രോസ്, “ഇതാ, ഞങ്ങൾക്കുള്ള സകലതും ഉപേക്ഷിച്ച് ഞങ്ങൾ അങ്ങയെ അനുഗമിച്ചല്ലോ” എന്നു പറഞ്ഞു.

    29 അതിന് യേശു അവരോട്, “ദൈവരാജ്യത്തിനുവേണ്ടി വീട്, ഭാര്യ, സഹോദരങ്ങൾ, മാതാപിതാക്കൾ, മക്കൾ എന്നിവ ത്യജിക്കുന്ന ഏതൊരാൾക്കും 30 ഇപ്പോൾത്തന്നെ പതിന്മടങ്ങ് അനുഗ്രഹങ്ങളും വരുംയുഗത്തിൽ നിത്യജീവനും ലഭിക്കാതിരിക്കുകയില്ല, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.

  38. 12 യിസ്ഹാക്ക് ആ ദേശത്ത് കൃഷിയിറക്കി; യഹോവ അദ്ദേഹത്തെ അനുഗ്രഹിച്ചതുകൊണ്ട് ആ വർഷം നൂറുമടങ്ങ് വിളവുണ്ടായി. 13 അദ്ദേഹം ധനികനായിത്തീർന്നു; മഹാധനവാനായിത്തീരത്തക്കവണ്ണം അദ്ദേഹത്തിന്റെ സമ്പത്തു വർധിച്ചുകൊണ്ടേയിരുന്നു. 14 അദ്ദേഹത്തിന് ധാരാളം ആട്ടിൻപറ്റങ്ങളും കന്നുകാലികളും ദാസീദാസന്മാരും ഉണ്ടായിരുന്നു. അതുകൊണ്ട് ഫെലിസ്ത്യർക്ക് അദ്ദേഹത്തോട് അസൂയതോന്നി.

  39. 22 യഹോവയുടെ അനുഗ്രഹം സമ്പത്ത് പ്രദാനംചെയ്യുന്നു,

    അവിടന്ന് അതിനോട് കഷ്ടതയൊന്നും കൂട്ടിച്ചേർക്കുന്നില്ല.

  40. 22 നല്ല മനുഷ്യർ അവരുടെ കൊച്ചുമക്കൾക്കും പൈതൃകാവകാശം ശേഷിപ്പിക്കും,

    എന്നാൽ ഒരു പാപിയുടെ സമ്പത്ത് നീതിനിഷ്ഠർക്കുവേണ്ടി ശേഖരിക്കപ്പെടുന്നു.

    23 ഉഴുതുമറിക്കാത്ത കൃഷിയിടം ദരിദ്രർക്കുവേണ്ടി ആഹാരം വിളയിക്കുന്നു,

    എന്നാൽ അനീതി അവ അപഹരിച്ചുകളയുന്നു.

  41. 6 നീതിനിഷ്ഠരുടെ ഭവനത്തിൽ വലിയ നിക്ഷേപങ്ങളുണ്ട്,

    എന്നാൽ ദുഷ്ടരുടെ ആദായം ആപത്തു കൊണ്ടുവരുന്നു.

  42. 17 ഓരോരുത്തരുടെയും പ്രവൃത്തികൾക്ക് അനുസൃതമായി, പക്ഷഭേദംകൂടാതെ ന്യായംവിധിക്കുന്ന ദൈവത്തെ നിങ്ങൾ പിതാവെന്ന് വിളിക്കുന്നു. അതിനാൽ ഭൂമിയിലെ നിങ്ങളുടെ പ്രവാസജീവിതം ഭയഭക്തിയോടെ ആയിരിക്കട്ടെ. 18 നിങ്ങളുടെ പൂർവികരിൽനിന്നു സ്വായത്തമാക്കിയ അർഥശൂന്യമായ പാരമ്പര്യത്തിൽനിന്നു നിങ്ങളുടെ വിമോചനം സാധിച്ചത് സ്വർണം, വെള്ളി മുതലായ നശ്വരമായ വസ്തുക്കൾകൊണ്ടല്ല, 19 പിന്നെയോ, നിർമലവും കളങ്കരഹിതവുമായ ക്രിസ്തു എന്ന കുഞ്ഞാടിന്റെ അമൂല്യരക്തത്താൽ ആണ്. 20 ലോകാരംഭത്തിനു മുമ്പുതന്നെ നിങ്ങളുടെ വീണ്ടെടുപ്പുവിലയാകാൻ ദൈവം ക്രിസ്തുവിനെ തെരഞ്ഞെടുത്തിരുന്നു. എങ്കിലും ഈ അന്തിമദിനങ്ങളിലാണ് ദൈവം ക്രിസ്തുവിനെ നിങ്ങൾക്കുവേണ്ടി പ്രത്യക്ഷനാക്കിയത്. 21 ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുകയും തേജസ്കരിക്കുകയുംചെയ്ത ദൈവത്തിൽ, ക്രിസ്തു മുഖാന്തരം നിങ്ങൾ വിശ്വസിക്കുന്നു. അങ്ങനെ നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ ആയിരിക്കുകയും ചെയ്യുന്നു.

  43. 4 “യഹോവേ, എന്റെ ജീവിതാന്ത്യവും

    എന്റെ ആയുർദൈർഘ്യവും എനിക്കു കാട്ടിത്തന്നാലും;

    എന്റെ ജീവിതം എത്ര ക്ഷണഭംഗുരം എന്നു ഞാൻ അറിയട്ടെ.

    5 എന്റെ ദിനങ്ങൾ അവിടന്ന് കേവലം നാലുവിരൽ ദൈർഘ്യം മാത്രമാക്കിയിരിക്കുന്നു;

    എന്റെ ആയുഷ്കാലം തിരുമുമ്പിൽ ഏതുമില്ലാത്തതുപോലെയിരിക്കുന്നു.

    മാനവജീവിതം കേവലമൊരു നിശ്വാസംമാത്രം,

    ഏറ്റവും സുരക്ഷിതരെന്നു കരുതുന്നവർക്കുപോലും. സേലാ.

    6 “മനുഷ്യർ വെറും ഒരു നിഴൽപോലെ സഞ്ചരിക്കുന്നു;

    അവർ വ്യർഥമായി തിടുക്കത്തിൽ ധനം കൂട്ടിവെക്കുന്നു

    ആർ അത് അനുഭവിക്കുമെന്ന് അവർ അറിയുന്നില്ല.

  44. 6 “എല്ലാവരും അവനെ പരിഹസിക്കയും നിന്ദിക്കയും ചെയ്തുകൊണ്ട്, പറയുന്നു,

    “ ‘മോഷ്ടിച്ച വസ്തുക്കൾ കുന്നുകൂട്ടുന്നവനും

    ബലാൽക്കാരത്താൽ ധനികനാകുന്നവനും ഹാ കഷ്ടം!

    ഇത് എത്രകാലം നിലനിൽക്കും?’

    7 നിന്റെ കടക്കാർ പെട്ടെന്ന് എഴുന്നേൽക്കുകയില്ലേ.

    അവർ ഉണർന്നു നിന്നെ ഭയഭീതനാക്കുകയില്ലേ?

    അപ്പോൾ നീ അവർക്ക് ഇരയായിത്തീരും.

    8 നീ അനേകം രാജ്യങ്ങളെ കൊള്ളയടിച്ചതുനിമിത്തം,

    ശേഷിച്ച ജനം നിന്നെ കൊള്ളയിടും.

    നീ മനുഷ്യരക്തം ചൊരിഞ്ഞ്,

    ദേശത്തെയും പട്ടണങ്ങളെയും അവയിലുള്ള സകലരെയും നശിപ്പിക്കയും ചെയ്തതിനാൽത്തന്നെ.

    9 “ദുരാദായത്തിലൂടെ തന്റെ വീടുചമച്ച്,

    അനർഥത്തിൽനിന്നു രക്ഷപ്പെടാൻ

    തന്റെ കൂട് ഉയരത്തിൽ കെട്ടുന്നവനു ഹാ കഷ്ടം!

    10 അനേകം ജനതകളുടെ നാശത്തിനു നീ പദ്ധതിയിട്ടു;

    എന്നാൽ സ്വന്തം ഭവനത്തെ നീ ലജ്ജിപ്പിച്ചു; സ്വന്തജീവനെ നഷ്ടമാക്കി.

    11 ഭിത്തിയിലെ കല്ലുകൾ നിലവിളിക്കും

    മേൽക്കൂരയിലെ തുലാങ്ങളിൽ അതു പ്രതിധ്വനിക്കും.

  45. 41 പിന്നീട് യേശു വഴിപാടുകൾ അർപ്പിക്കുന്ന സ്ഥലത്തിനെതിരേ ഇരുന്നുകൊണ്ട്, ജനക്കൂട്ടം ദൈവാലയഭണ്ഡാരത്തിൽ കാണിക്ക ഇടുന്നതു ശ്രദ്ധിച്ചു. ധനികർ പലരും വൻതുകകൾ ഇട്ടു. 42 എന്നാൽ ദരിദ്രയായ ഒരു വിധവ വന്നു വളരെ ചെറിയ രണ്ട് ചെമ്പുനാണയങ്ങൾ ഇട്ടു. അതിന് ഒരു പൈസയുടെ വിലമാത്രമേ ഉണ്ടായിരുന്നുള്ളൂ.

    43 യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരോട്, “ഭണ്ഡാരത്തിൽ മറ്റെല്ലാവരും ഇട്ടതിലും അധികം ദരിദ്രയായ ഈ വിധവ ഇട്ടിരിക്കുന്നു, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു. 44 മറ്റെല്ലാവരും തങ്ങളുടെ സമ്പൽസമൃദ്ധിയിൽനിന്നാണ് അർപ്പിച്ചത്; ഇവളോ, സ്വന്തം ദാരിദ്ര്യത്തിൽനിന്ന്, തന്റെ ഉപജീവനത്തിനുള്ള വക മുഴുവൻ അർപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.

  46. 13 “രണ്ട് യജമാനന്മാർക്ക് ദാസ്യവൃത്തി ചെയ്യുക ആരാലും സാധ്യമല്ല. ഒന്നുകിൽ, ഒരു യജമാനനെ പരിത്യജിച്ച് മറ്റേയാളെ സ്നേഹിക്കും; അല്ലെങ്കിൽ, ഒരാളോട് വിശ്വസ്തനായി തുടരുകയും മറ്റേയാളെ വെറുക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒരുമിച്ചു സേവിക്കുക അസാധ്യം.”

  47. 6 അൽപ്പം വിതയ്ക്കുന്നവൻ അൽപ്പം കൊയ്യും; ധാരാളം വിതയ്ക്കുന്നവൻ ധാരാളം കൊയ്യും എന്ന് ഓർക്കുക. 7 ഓരോരുത്തരും ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. വൈമനസ്യത്തോടെയോ നിർബന്ധത്താലോ ആകരുത്. കാരണം, ആനന്ദത്തോടെ കൊടുക്കുന്നവരെ ദൈവം സ്നേഹിക്കുന്നു. 8 നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും അനുസൃതമായും നിങ്ങൾ സകലസൽപ്രവൃത്തികളിലും വർധിച്ചുവരത്തക്ക വിധത്തിലും സമൃദ്ധമായ അനുഗ്രഹം നൽകാൻ ദൈവം പ്രാപ്തനാണ്.

  48. 9 താണ പരിതഃസ്ഥിതിയിലുള്ള സഹോദരങ്ങൾ ദൈവം അവരെ ആദരിച്ചത് ഓർത്ത് അഭിമാനിക്കട്ടെ. 10 ധനികർ ഒരുനാൾ പുല്ലിന്റെ പൂവുപോലെ ഉതിർന്നു പോകാനിരിക്കുന്നവരാകയാൽ അവർ തങ്ങളുടെ എളിമയിലും അഭിമാനിക്കട്ടെ. 11 സൂര്യൻ അത്യുഷ്ണത്തോടെ ജ്വലിക്കുമ്പോൾ പുല്ലുണങ്ങി, പൂവുതിർന്ന് അതിന്റെ സൗന്ദര്യം നശിച്ചുപോകുന്നു. അതുപോലെതന്നെ ധനികനും തന്റെ പരിശ്രമങ്ങളിൽ നശിച്ചുപോകുന്നു.

  49. 23 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

    “ജ്ഞാനി തങ്ങളുടെ ജ്ഞാനത്തിൽ പ്രശംസിക്കുകയോ

    ശക്തർ തങ്ങളുടെ ബലത്തിൽ പ്രശംസിക്കുകയോ

    ധനികർ തങ്ങളുടെ ധനത്തിൽ പുകഴുകയോ അരുത്,

    24 യഹോവയായ ഞാൻ ഭൂമിയിൽ ദയയും

    ന്യായവും നീതിയും നടപ്പിൽവരുത്തുന്നു,

    ഇവയിലത്രേ ഞാൻ പ്രസാദിക്കുന്നത് എന്ന്,

    എന്നെക്കുറിച്ച് ഗ്രഹിക്കാനുള്ള ജ്ഞാനം അവർക്കുണ്ട്

    എന്നതിൽ അഭിമാനിക്കുന്നവർ അഭിമാനിക്കട്ടെ,”

    എന്ന് യഹോവയുടെ അരുളപ്പാട്.

  50. 8 എഫ്രയീം അഹങ്കരിക്കുന്നു:

    “ഞാൻ വളരെ ധനവാൻ; ഞാൻ സമ്പന്നനായിരിക്കുന്നു.

    എന്റെ സമ്പത്തുനിമിത്തം എന്നിൽ അവർ

    അകൃത്യമോ പാപമോ കണ്ടെത്തുകയില്ല.”

  51. 19 “ധനികനായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾ എല്ലാ ദിവസവും ഊതവർണത്തിലും പട്ടിലും മറ്റുമുള്ള വസ്ത്രങ്ങൾ ധരിച്ച് സുഖഭോഗങ്ങളിലും ആഡംബരത്തിലും ജീവിച്ചുപോന്നു. 20-21 ദേഹം ആസകലം വ്രണങ്ങൾ നിറഞ്ഞ ലാസർ എന്നു പേരുള്ള ഒരു ദരിദ്രനെ ആ ധനികന്റെ പടിപ്പുരയ്ക്കൽ കിടത്തുമായിരുന്നു. ധനികന്റെ മേശയിൽനിന്ന് വീഴുന്ന അവശിഷ്ടങ്ങൾകൊണ്ടു വിശപ്പടക്കാൻ അയാൾ വളരെ കൊതിച്ചിരുന്നു. നായ്ക്കൾ വന്ന് അയാളുടെ വ്രണങ്ങൾ നക്കുകയും ചെയ്യുമായിരുന്നു.

    22 “ആ ദരിദ്രൻ മരിച്ചപ്പോൾ ദൈവദൂതന്മാർ അയാളെ അബ്രാഹാമിന്റെ അടുത്തേക്കു കൊണ്ടുപോയി. ധനികനും മരിച്ചു; അടക്കപ്പെട്ടു. 23 പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ അയാൾ മുകളിലേക്കുനോക്കി, അങ്ങുദൂരെ അബ്രാഹാമിനെയും അദ്ദേഹത്തിന്റെ അടുത്ത് ലാസറിനെയും കണ്ടു. 24 അയാൾ ഉറക്കെ വിളിച്ചു: ‘അബ്രാഹാംപിതാവേ, എന്നോടു കരുണതോന്നണമേ. ഞാൻ ഈ അഗ്നികുണ്ഡത്തിൽ അതിവേദന അനുഭവിക്കുന്നു. ലാസറിന്റെ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന് അയാളെ ഒന്നയയ്ക്കണമേ.’

    25 “എന്നാൽ അബ്രാഹാം പ്രതിവചിച്ചു: ‘കുഞ്ഞേ, നീ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചു, ലാസറിന്റെ ജീവിതമോ, ദുരിതപൂർണമായിരുന്നു എന്ന് ഓർക്കുക. എന്നാൽ, ഇപ്പോൾ ലാസർ ഇവിടെ ആശ്വാസമനുഭവിക്കുന്നു, നീയോ കഠിനവേദന അനുഭവിക്കുന്നു. 26 തന്നെയുമല്ല, ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ വലിയൊരു പിളർപ്പു വെച്ചിരിക്കുന്നു; ഇവിടെനിന്നു നിങ്ങളുടെ അടുത്തേക്കു വരാൻ ആഗ്രഹിക്കുന്നവർക്ക് അതു സാധ്യമല്ല; അവിടെനിന്ന് ആർക്കും ഞങ്ങളുടെ അടുത്തേക്കു വരാനും സാധ്യമല്ല.’

    27 “അപ്പോൾ ധനികനായിരുന്ന മനുഷ്യൻ: ‘പിതാവേ, അങ്ങനെയെങ്കിൽ, ലാസറിനെ എന്റെ അപ്പന്റെ വീട്ടിലേക്ക് അയയ്ക്കണമേ എന്നു ഞാൻ യാചിക്കുന്നു. 28 എനിക്ക് അഞ്ചു സഹോദരന്മാരുണ്ട്, അവരും ഈ യാതനാസ്ഥലത്തു വരാതിരിക്കേണ്ടതിന് അയാൾ അവർക്കു മുന്നറിയിപ്പു നൽകട്ടെ.’

    29 “ ‘മോശയുടെയും പ്രവാചകന്മാരുടെയും ലിഖിതങ്ങൾ അവരുടെ പക്കലുണ്ടല്ലോ; നിന്റെ സഹോദരന്മാർ അവ അനുസരിക്കട്ടെ,’ അബ്രാഹാം പറഞ്ഞു.

    30 “ ‘അങ്ങനെയല്ല, അബ്രാഹാംപിതാവേ, മരിച്ചവരിൽനിന്ന് ഒരാൾ അവരുടെ അടുക്കൽ ചെന്നാൽ അവർ അനുതപിക്കും,’ അയാൾ പറഞ്ഞു.

    31 “അബ്രാഹാം അയാളോടു പറഞ്ഞത്, ‘അവർ മോശയുടെയും പ്രവാചകന്മാരുടെയും വാക്ക് അനുസരിക്കുന്നില്ലെങ്കിൽ, മരിച്ചവരിൽനിന്ന് ഒരാൾ ഉയിർത്തെഴുന്നേറ്റുചെന്നാലും വിശ്വസിക്കില്ല.’ ”

  52. 9 നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും നിങ്ങൾക്കുവേണ്ടി ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നല്ലോ. അവിടത്തെ ദാരിദ്ര്യത്തിലൂടെ നിങ്ങൾ സമ്പന്നരായിത്തീരേണ്ടതിനാണ് അവിടന്ന് അപ്രകാരം പ്രവർത്തിച്ചത്.

  53. 17 എന്നെ സ്നേഹിക്കുന്നവരെ ഞാനും സ്നേഹിക്കുന്നു,

    എന്നെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും, നിശ്ചയം.

    18 എന്റെ അധീനതയിൽ ധനവും ബഹുമാനവും,

    അനശ്വരസമ്പത്തും അഭിവൃദ്ധിയുമുണ്ട്.

    19 എന്റെ ഫലം തങ്കത്തെക്കാൾ ശ്രേഷ്ഠം;

    എന്റെ വരുമാനം സംശുദ്ധവെള്ളിയെ പിന്നിലാക്കും.

    20 ഞാൻ നീതിമാർഗത്തിൽ സഞ്ചരിക്കുന്നു,

    ന്യായത്തിന്റെ പാതയിൽത്തന്നെ തുടരുന്നു,

    21 അതുകൊണ്ട് എന്നെ സ്നേഹിക്കുന്നവർക്ക് സമ്പത്ത് അവകാശമായിനൽകുകയും

    അവരുടെ ഭണ്ഡാരങ്ങളെ നിറയ്ക്കുകയും ചെയ്യും.

  54. 10 ദുഷ്ടഗൃഹമേ, നിങ്ങളുടെ അവിഹിതനിക്ഷേപങ്ങളെ ഞാൻ മറക്കുമോ?

    അഭിശപ്തമായ നിങ്ങളുടെ കള്ള അളവുകളെ ഞാൻ മറന്നുകളയുമോ?

    11 കള്ളത്തുലാസും കള്ളപ്പടിയും ഉള്ള മനുഷ്യനെ

    ഞാൻ കുറ്റവിമുക്തനാക്കുമോ?

    12 പട്ടണത്തിലെ ധനികർ അക്രമികൾ

    അതിലെ ജനം വ്യാജംപറയുന്നവർ

    അവരുടെ നാവുകൾ വഞ്ചന സംസാരിക്കുന്നു.

    13 അതുകൊണ്ട് ഞാൻ നിന്നെ നശിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു,

    നിന്റെ പാപങ്ങൾനിമിത്തം ഞാൻ നിന്നെ ശൂന്യമാക്കും.

  55. 14 മുൾച്ചെടികൾക്കിടയിൽ വിത്തു വീണത്, വചനം കേൾക്കുന്നെങ്കിലും ജീവിതത്തിലെ ആകുലതകളാലും സമ്പത്തിനാലും സുഖഭോഗങ്ങളാലും കേട്ട വചനം ഞെരുക്കപ്പെട്ട് അത് നിഷ്ഫലമാകുന്നവരെ സൂചിപ്പിക്കുന്നു.

  56. 1 നിങ്ങൾക്കും ലവൊദിക്യയിലുള്ളവർക്കും എന്നെ അഭിമുഖമായി കണ്ടിട്ടില്ലാത്ത എല്ലാവർക്കുംവേണ്ടി ഞാൻ എത്രയധികം പോരാടുന്നുണ്ടെന്ന് നിങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. 2 സർവ ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും നിധികൾ മറഞ്ഞിരിക്കുന്ന ദൈവരഹസ്യമായ ക്രിസ്തുവിനെക്കുറിച്ച് അവർക്ക് അറിയാൻ കഴിയേണ്ടതിന് പരിജ്ഞാനത്തിന്റെ പരിപൂർണനിശ്ചയം സമൃദ്ധമായി ലഭിക്കാൻ, അവർ ഹൃദയത്തിൽ ഉത്സാഹമുള്ളവരും സ്നേഹത്തിൽ ഏകീഭവിച്ചവരും ആകണം എന്നാണ് ഞാൻ അഭിലഷിക്കുന്നത്. 3 കാരണം, എല്ലാ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ക്രിസ്തുവിൽ മറഞ്ഞിരിക്കുന്നു.

  57. 1 ക്രിസ്തുവിന്റെ പീഡാനുഭവങ്ങൾക്ക് സാക്ഷിയും ഇനി വെളിപ്പെടാനിരിക്കുന്ന മഹത്ത്വത്തിന്റെ പങ്കാളിയും നിങ്ങളുടെ ഒരു കൂട്ടുമുഖ്യനുമായ ഞാൻ നിങ്ങളുടെ മധ്യത്തിൽ ശുശ്രൂഷചെയ്യുന്ന സഭാമുഖ്യന്മാരെ ഉദ്ബോധിപ്പിക്കുന്നത്: 2 നിങ്ങളുടെ പരിപാലനത്തിന് ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ ആട്ടിൻപറ്റത്തെ മേയിക്കുക; നിങ്ങൾ അതു ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്ന തരത്തിൽ, പിറുപിറുക്കലോടെയല്ല, പൂർണമനസ്സോടെ; ലാഭേച്ഛയോടെയല്ല, നിസ്വാർഥതയോടെതന്നെ ചെയ്യുക. 3 നിങ്ങളുടെ പരിപാലനത്തിൻകീഴിലുള്ള ജനങ്ങളെ അടക്കിഭരിക്കുകയല്ല; പിന്നെയോ അവരുടെമുമ്പാകെ നല്ല മാതൃകകളായിരിക്കുകയാണ് വേണ്ടത്.

  58. 11 മഹത്ത്വവും ശക്തിയും തേജസ്സും കീർത്തിയും മഹിമയും

    യഹോവേ, അങ്ങേക്കുള്ളതാണ്.

    ഭൂമിയിലും സ്വർഗത്തിലുമുള്ളതെല്ലാം അങ്ങയുടേതാകുന്നു.

    യഹോവേ, രാജ്യം അങ്ങേക്കുള്ളത്.

    അങ്ങ് സകലത്തിന്റെയും തലവനായിരിക്കുന്നു.

    12 ധനവും ബഹുമാനവും അങ്ങയിൽനിന്ന് വരുന്നു;

    എല്ലാറ്റിനെയും ഭരിക്കുന്നതും അങ്ങുതന്നെ.

    എല്ലാവരെയും ഉദ്ധരിച്ച് ശക്തി പകരാനുള്ള

    ശക്തിയും അധികാരവും അങ്ങയുടെ കരങ്ങൾക്കുള്ളിലാണല്ലോ.

  59. 1 ഊസ് ദേശത്ത് ഇയ്യോബ് എന്നു പേരുള്ള ഒരു മനുഷ്യൻ ജീവിച്ചിരുന്നു. അദ്ദേഹം നിഷ്കളങ്കനും പരമാർഥിയും ദൈവത്തെ ഭയപ്പെടുന്നവനും തിന്മയിൽനിന്ന് അകന്നു ജീവിക്കുന്നവനും ആയിരുന്നു. 2 അദ്ദേഹത്തിന് ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു. 3 ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറു ജോടി കാളയും അഞ്ഞൂറു പെൺകഴുതയും വലിയൊരുകൂട്ടം വേലക്കാരും അദ്ദേഹത്തിനുണ്ടായിരുന്നു. പൗരസ്ത്യദേശത്തെ എല്ലാ ജനവിഭാഗങ്ങളിലുംവെച്ച് ഏറ്റവും പ്രമുഖനായിരുന്നു അദ്ദേഹം.

  60. 16 യഹോവാഭക്തിയോടുകൂടെയുള്ള അൽപ്പധനമാണ്,

    കഷ്ടതയോടുകൂടെയുള്ള ബഹുനിക്ഷേപത്തെക്കാൾ നല്ലത്.

    17 സ്നേഹപൂർവം വിളമ്പുന്ന സസ്യാഹാരമാണ്,

    വിദ്വേഷത്തോടെ വിളമ്പുന്ന തടിച്ചുകൊഴുത്ത പശുക്കിടാവിന്റെ മാംസത്തെക്കാൾ ഭേദം.

  61. 27 അത്യാഗ്രഹം സ്വഭവനത്തെ നശിപ്പിക്കുന്നു,

    എന്നാൽ കൈക്കൂലി വെറുക്കുന്നവർ ഏറെനാൾ ജീവിക്കും.

  62. 1 സൽപ്പേര് അനവധി സമ്പത്തിനെക്കാൾ അഭികാമ്യം;

    ആദരണീയരാകുന്നത് വെള്ളിയെക്കാളും സ്വർണത്തെക്കാളും ശ്രേഷ്ഠം.

  63. 11 അന്യായമായി ധനം സമ്പാദിക്കുന്നവർ

    ഇടാത്ത മുട്ടയ്ക്കു പൊരുന്നയിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാണ്.

    തന്റെ ആയുസ്സിന്റെ മധ്യത്തിലെത്തുമ്പോൾ, അവരുടെ ധനം അവരെ വിട്ടുപോകും,

    ഒടുവിൽ അവർ ഭോഷരായിരുന്നു എന്നു തെളിയും.

  64. 4 നിന്റെ താഴ്വരകളെപ്പറ്റി നീ വളരെ അഹങ്കരിക്കുന്നതെന്തിന്?

    ഫലഭൂയിഷ്ഠമായ നിന്റെ താഴ്വരകളിൽ പ്രശംസിക്കുന്നതെന്തിന്?

    അവിശ്വസ്തരായ മകളായ അമ്മോനേ,

    നിന്റെ നിക്ഷേപങ്ങളിൽ ആശ്രയിച്ചുകൊണ്ട്

    ‘ആര് എന്നെ ആക്രമിക്കും?’ എന്നു നീ പറയുന്നു.

  65. 23 എല്ലാ കഠിനാധ്വാനവും ലാഭം കൊണ്ടുവരും,

    എന്നാൽ കേവലഭാഷണം ദാരിദ്ര്യത്തിന് വഴിതെളിക്കുന്നു.

  66. 6 വ്യാജനാവുകൊണ്ട് കെട്ടിപ്പൊക്കിയ സൗഭാഗ്യങ്ങളെല്ലാം

    ക്ഷണികമായ നീരാവിയും മരണക്കെണിയുമാണ്.

  67. 11 താനൊരു ജ്ഞാനിയാണെന്ന് സമ്പന്നർ സ്വയം കരുതുന്നു;

    സമ്പന്നർ എത്ര മിഥ്യാബോധത്തിലാണെന്ന് വിവേകിയായ ദരിദ്രർ കണ്ടെത്തുന്നു.

  68. 26 അവിടത്തെ പ്രസാദിപ്പിക്കുന്ന മനുഷ്യർക്ക് ദൈവം ജ്ഞാനവും പരിജ്ഞാനവും ആനന്ദവും നൽകുന്നു; എന്നാൽ പാപികൾക്ക്, ദൈവത്തെ പ്രസാദിപ്പിക്കുന്നവർക്കു നൽകുന്നതിനുള്ള ധനം സമ്പാദിക്കുന്നതിനും സ്വരൂപിക്കുന്നതിനുംമാത്രമുള്ള നിയോഗം നൽകുന്നു. ഇതും അർഥശൂന്യം, കാറ്റിനുപിന്നാലെയുള്ള ഓട്ടമാകുന്നു.

  69. 8 “മനുഷ്യൻ ദൈവത്തെ കൊള്ളയടിക്കുമോ? എന്നാൽ നിങ്ങൾ എന്നെ കൊള്ളചെയ്യുന്നു.

    “എന്നാൽ നിങ്ങൾ ചോദിക്കുന്നു: എങ്ങനെയാണു ഞങ്ങൾ അങ്ങയെ കൊള്ളചെയ്യുന്നത്?

    “ദശാംശങ്ങളിലും വഴിപാടുകളിലുംതന്നെ. 9 നിങ്ങൾ മുഴുവൻ ജനതയും എന്നെ കൊള്ളയിടുന്നതുകൊണ്ട് ശാപഗ്രസ്തരാണ്. 10 എന്റെ ആലയത്തിൽ ആഹാരം ഉണ്ടായിരിക്കേണ്ടതിനു നിങ്ങൾ ദശാംശം മുഴുവൻ കലവറയിലേക്കു കൊണ്ടുവരിക. ഞാൻ നിങ്ങൾക്കായി സ്വർഗകവാടങ്ങൾ തുറന്നു സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹങ്ങൾ വർഷിക്കുകയില്ലയോ? എന്നെ ഇതിനാൽ പരീക്ഷിക്കുക,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 11 “നിങ്ങളുടെ വിളകളെ നശിപ്പിക്കാതവണ്ണം ഞാൻ കീടങ്ങളെ തടയും. നിങ്ങളുടെ മുന്തിരിത്തോപ്പുകളിൽനിന്ന് ഫലം ലഭിക്കാതെ പോകുകയുമില്ല,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 12 “നിങ്ങൾ മനോഹരമായ ഒരു ദേശം ആയിത്തീർന്നിരിക്കുകയാൽ സകലജനതകളും നിങ്ങളെ അനുഗൃഹീതർ എന്നു വിളിക്കും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

  70. 44 വിശ്വാസികൾ എല്ലാവരും ഏകഹൃദയത്തോടെ ഒരിടത്തു കൂടിവരികയും വസ്തുവകകൾ എല്ലാം എല്ലാവരുടേതും എന്നപോലെ കരുതുകയും ചെയ്തു. 45 തങ്ങളുടെ വസ്തുവകകളും മറ്റു സമ്പാദ്യങ്ങളും വിറ്റ് ഓരോരുത്തരുടെയും ആവശ്യാനുസരണം അവർ എല്ലാവർക്കുമായി പങ്കിട്ടു.

  71. 1 സഹോദരങ്ങളേ, മക്കദോന്യയിലെ സഭകൾക്കു ദൈവം നൽകിയ കൃപയെപ്പറ്റി നിങ്ങൾ അറിഞ്ഞിരിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. 2 കഷ്ടതകളാകുന്ന തീവ്രപരീക്ഷണങ്ങളുടെ മധ്യത്തിലായിരുന്നിട്ടും, അവരുടെ ആനന്ദസമൃദ്ധിയും കഠിനദാരിദ്ര്യവും ഒത്തുചേർന്ന് അവരുടെ ഉദാരത ഒരു വലിയ സമ്പത്തായി കവിഞ്ഞൊഴുകി. 3 തങ്ങളുടെ കഴിവനുസരിച്ചും അതിനപ്പുറവും അവർ ദാനംചെയ്ത് എന്നതിനു ഞാൻ സാക്ഷി. 4 വിശ്വാസികൾക്കുവേണ്ടിയുള്ള ഈ ധനശേഖരശുശ്രൂഷയിൽ പങ്കു വഹിക്കുക എന്ന പദവിക്കായി അവർ ഒരു ബാഹ്യസമ്മർദവുംകൂടാതെതന്നെ ഞങ്ങളോട് വളരെ അപേക്ഷിച്ചു.

  72. 7 ദൈവത്തിന്റെ കൃപാസമൃദ്ധിക്ക് അനുസൃതമായി ക്രിസ്തുവിൽ നമുക്ക്, അവിടത്തെ രക്തത്താൽ പാപവിമോചനമെന്ന വീണ്ടെടുപ്പു ലഭിച്ചു. 8 ദൈവം ആ കൃപ നമ്മിൽ സമൃദ്ധമായാണ് വർഷിച്ചത്. സകലവിവേകത്തോടും ജ്ഞാനത്തോടുംകൂടെ 9 ദൈവം ക്രിസ്തുവിൽ സ്ഥാപിതമാക്കിയ തിരുഹിതത്തിന്റെ രഹസ്യം അവിടത്തെ സദുദ്ദേശ്യമനുസരിച്ച് നമുക്കു വെളിപ്പെടുത്തി. 10 ആ രഹസ്യമോ, സ്വർഗത്തിലും ഭൂമിയിലുമുള്ള സകലതും, കാലസമ്പൂർണതയിൽ ക്രിസ്തുവിൽ ഒന്നായിച്ചേർക്കുക എന്നതാണ്.

  73. 13 “ഇന്നോ നാളെയോ ഞങ്ങൾ ഏതെങ്കിലും പട്ടണത്തിൽ ചെന്ന് ഒരുവർഷം വ്യാപാരംചെയ്ത് ധനം സമ്പാദിക്കും” എന്നു പറയുന്നവരേ, കേൾക്കുക: 14 നാളെ എങ്ങനെയുള്ളതായിരിക്കും എന്ന് ആർക്കും അറിയില്ലല്ലോ. എന്താണ് നിങ്ങളുടെ ജീവിതം? ക്ഷണനേരത്തേക്കു ദൃശ്യമാകുന്നതും പിന്നെ അദൃശ്യമാകുന്നതുമായ മൂടൽമഞ്ഞുമാത്രമല്ലേ? 15 “കർത്തൃഹിതമെങ്കിൽമാത്രം ഞങ്ങൾ ജീവിച്ചിരുന്ന് ഇതൊക്കെ ചെയ്യും” എന്നല്ലേ നിങ്ങൾ പറയേണ്ടത്? 16 എന്നാൽ, നിങ്ങൾ സ്വയം പ്രശംസിക്കുകയും വീമ്പിളക്കുകയുംചെയ്യുന്നു. ഇത്തരം ആത്മപ്രശംസ എല്ലാം തിന്മയാണ്. 17 ഒരാൾ ചെയ്യേണ്ടുന്ന നന്മ എന്താണെന്ന് അറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നത് അവർക്കു പാപമാണ്.

  74. 27 ഹിസ്കിയാവിന് അനവധി ധനവും മാനവും ഉണ്ടായിരുന്നു. തനിക്കുള്ള വെള്ളിയും പൊന്നും വിലയേറിയ രത്നങ്ങളും സുഗന്ധദ്രവ്യങ്ങളും പരിചകളും എല്ലാവിധമായ വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കാനായി അദ്ദേഹം ഭണ്ഡാരങ്ങൾ നിർമിച്ചു. 28 ധാന്യം, വീഞ്ഞ്, ഒലിവെണ്ണ എന്നിവയ്ക്ക് സംഭരണശാലകളും കന്നുകാലികൾക്കു തൊഴുത്തുകളും ആട്ടിൻപറ്റങ്ങൾക്ക് ആലകളും അദ്ദേഹം പണിയിച്ചു. 29 ദൈവം അദ്ദേഹത്തിന് ധാരാളമായി ധനം നൽകിയിരുന്നതിനാൽ അദ്ദേഹം സ്വന്തമായി പട്ടണങ്ങളും ആട്ടിൻപറ്റങ്ങളും കാലിക്കൂട്ടങ്ങളും സമ്പാദിച്ചു.

    30 ഗീഹോൻ ജലപ്രവാഹത്തിന്റെ മുകളിലത്തെ നീരൊഴുക്കു തടഞ്ഞ് അതിനെ താഴേ, ദാവീദിന്റെ നഗരത്തിന്റെ പടിഞ്ഞാറുഭാഗത്തേക്ക് ഒഴുക്കിയത് ഈ ഹിസ്കിയാവായിരുന്നു. അദ്ദേഹം ഏറ്റെടുത്ത സകലകാര്യങ്ങളിലും വിജയംകൈവരിച്ചു. 31 എന്നാൽ ദേശത്തു സംഭവിച്ച വിസ്മയകരമായ അടയാളത്തെപ്പറ്റി ചോദിച്ചറിയുന്നതിന് ബാബേൽ ഭരണാധികാരികൾ ദൗത്യസംഘത്തെ അയച്ചപ്പോൾ സ്വന്തം ഇഷ്ടമനുസരിച്ചു പ്രവർത്തിക്കാൻ ദൈവം അദ്ദേഹത്തെ അനുവദിച്ചു. ഇത് അദ്ദേഹത്തിന്റെ ഉള്ളറിയുന്നതിനും അദ്ദേഹത്തെ പരീക്ഷിക്കുന്നതിനുംവേണ്ടിയായിരുന്നു.

    32 ഹിസ്കിയാവിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും ദൈവഭക്തിയിൽ അധിഷ്ഠിതമായ അദ്ദേഹത്തിന്റെ പ്രവൃത്തികളും എല്ലാം ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ ദർശനങ്ങളിലും യെഹൂദ്യയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിലും എഴുതപ്പെട്ടിരിക്കുന്നു.

  75. 16 അവർ മണ്ണുപോലെ വെള്ളി വാരിക്കൂട്ടിയാലും,

    കളിമൺകൂനകൾപോലെ വിശേഷവസ്ത്രങ്ങൾ ഒരുക്കിവെച്ചാലും,

    17 അവർ ശേഖരിച്ചുവെക്കുന്നവ നീതിനിഷ്ഠർ ധരിക്കും;

    നിഷ്കളങ്കർ അവരുടെ വെള്ളി പങ്കിടും.

  76. 1 യഹോവയെ വാഴ്ത്തുക.

    യഹോവയെ ഭയപ്പെടുകയും

    അവിടത്തെ കൽപ്പനകളിൽ ആഹ്ലാദിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ.

    2 അവരുടെ മക്കൾ ദേശത്ത് പ്രബലരായിത്തീരും;

    പരമാർഥികളുടെ തലമുറ അനുഗ്രഹിക്കപ്പെടും.

    3 ഐശ്വര്യവും സമ്പത്തും അവരുടെ ഭവനങ്ങളിലുണ്ട്,

    അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു.

  77. 2 അന്യായമായി നേടിയ സമ്പത്ത് നിലനിൽക്കുകയില്ല,

    എന്നാൽ ധർമിഷ്ഠമായ ജീവിതം മരണത്തിൽനിന്ന് വിടുവിക്കുന്നു.

  78. 5 “ഞാൻ നിന്നെ വിസ്തരിക്കുന്നതിനായി അടുത്തുവരും. ആഭിചാരകർ, വ്യഭിചാരികൾ, കള്ളശപഥംചെയ്യുന്നവർ. വേലക്കാരെ കൂലിയിൽ വഞ്ചിക്കുന്നവർ, വിധവകളെയും അനാഥരെയും പീഡിപ്പിക്കുന്നവർ, എന്നെ ഭയപ്പെടാതെ പ്രവാസികളുടെ ന്യായം മറിച്ചുകളയുന്നവർ എന്നിവർക്കെല്ലാം എതിരേ ഞാൻ ഉടൻതന്നെ സാക്ഷ്യംപറയും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

  79. 44 “വയലിൽ ഒളിച്ചുവെച്ച നിധിയോട് സ്വർഗരാജ്യത്തെ ഉപമിക്കാം; അത് ഒരു മനുഷ്യൻ കണ്ട് മറച്ചുവെച്ചു. പിന്നെ ആഹ്ലാദത്തോടെ പോയി, തനിക്കുണ്ടായിരുന്നതെല്ലാം വിറ്റ് ആ വയൽ വാങ്ങി.

    45 “ഇനിയും സ്വർഗരാജ്യത്തെ നല്ല രത്നങ്ങൾ അന്വേഷിക്കുന്ന വ്യാപാരിയോട് ഉപമിക്കാം. 46 അയാൾ വിലയേറിയ ഒരു രത്നം കണ്ടിട്ട് പോയി തനിക്കുള്ള സർവതും വിറ്റ് അതു വാങ്ങി.

  80. 24 “ധനികരായ നിങ്ങൾക്കോ, ഹാ കഷ്ടം!

    നിങ്ങൾക്കുള്ള ആശ്വാസം നിങ്ങൾ അനുഭവിച്ചുകഴിഞ്ഞു.

  81. 10 വിതയ്ക്കാൻ വിത്തും ഭക്ഷിക്കാൻ ആഹാരവും നൽകുന്നവൻ നിങ്ങളുടെ വിത്തിന്റെ ശേഖരം വർധിപ്പിക്കുകയും നീതിയുടെ വിളവെടുപ്പു സമൃദ്ധമാക്കുകയും ചെയ്യും. 11 നിങ്ങൾ ഏതു സാഹചര്യങ്ങളിലും ഉദാരമനസ്ക്കരാകേണ്ടതിന് നിങ്ങൾ ദൈവത്താൽ എല്ലാരീതിയിലും സമ്പന്നരാക്കപ്പെടും. അങ്ങനെ നിങ്ങളുടെ ഉദാരത, ദൈവത്തിനു നന്ദി അർപ്പിക്കാൻ ഞങ്ങൾക്ക് കാരണമായിത്തീരും.

  82. 7 ദൈവശക്തിയുടെ പ്രവർത്തനത്താൽ, എനിക്കു ലഭിച്ച ദൈവികകൃപാദാനംമുഖേന, ഞാൻ ഈ സുവിശേഷത്തിനു ശുശ്രൂഷകനായിത്തീർന്നു. 8 ഞാൻ എല്ലാ വിശുദ്ധരിലും ഏറ്റവും ചെറിയവനാണ്. എങ്കിലും ഈ കൃപ എനിക്കു നൽകിയിരിക്കുന്നത് ക്രിസ്തുവിലുള്ള അപ്രമേയധനത്തെപ്പറ്റി യെഹൂദേതരരോട് അറിയിക്കാനും 9 സകലതും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലംമുതൽ മറഞ്ഞിരുന്ന രഹസ്യത്തിന്റെ വ്യവസ്ഥ എന്തെന്ന് എല്ലാവരെയും ഗ്രഹിപ്പിക്കാനുമാണ്. 10-11 ദൈവത്തിന്റെ ഉദ്ദേശ്യമോ, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ അവിടന്നു പരിപൂർണമാക്കിയ നിത്യലക്ഷ്യത്തിനനുസൃതമായി അവിടത്തെ അപരിമേയജ്ഞാനം സ്വർഗത്തിലെ വാഴ്ചകൾക്കും അധികാരങ്ങൾക്കും ഇപ്പോൾ സഭയിലൂടെ വ്യക്തമാക്കുക എന്നതായിരുന്നു. 12 ക്രിസ്തുവിലും ക്രിസ്തുവിലുള്ള വിശ്വാസത്താലും നമുക്ക് ദൈവത്തെ സ്വാതന്ത്ര്യത്തോടും ധൈര്യത്തോടും സമീപിക്കാം. 13 അതുകൊണ്ട്, നിങ്ങൾക്കുവേണ്ടിയുള്ള എന്റെ കഷ്ടതകൾ നിങ്ങളുടെ മഹത്ത്വമാകയാൽ അവനിമിത്തം നിങ്ങൾ അധൈര്യപ്പെട്ടുപോകരുതെന്നു ഞാൻ അപേക്ഷിക്കുന്നു.

  83. 23 നിങ്ങൾ ചെയ്യുന്നതൊക്കെയും മനുഷ്യർക്കെന്നപോലെയല്ല, കർത്താവിനെന്നപോലെ ഹൃദയപൂർവം ചെയ്യുക: 24 കർത്താവിന്റെ സമ്പത്തിന്റെ ഓഹരി നിങ്ങൾക്ക് പ്രതിഫലമായി ലഭിക്കുമെന്നറിയുക. കാരണം, കർത്താവായ ക്രിസ്തുവിനെയാണല്ലോ നിങ്ങൾ യഥാർഥത്തിൽ സേവിക്കുന്നത്.

  84. 1 ഇത് വിശ്വാസയോഗ്യമായ പ്രസ്താവനയാണ്: അധ്യക്ഷപദം ആഗ്രഹിക്കുന്നയാൾ ഉത്തമശുശ്രൂഷ അഭിലഷിക്കുന്നു. 2 അതുകൊണ്ട് അധ്യക്ഷൻ അപവാദങ്ങൾക്കതീതനായി, ഏകപത്നീവ്രതനും സമചിത്തനും വിവേകശാലിയും അന്തസ്സുറ്റവനും അതിഥിസൽക്കാരപ്രിയനും അധ്യാപനത്തിൽ നൈപുണ്യമുള്ളവനും ആയിരിക്കണം. 3 മദ്യാസക്തനോ അക്രമവാസനയുള്ളവനോ ആയിരിക്കരുത്; പകരം ശാന്തനായിരിക്കണം. കലഹപ്രിയനും ദ്രവ്യാഗ്രഹിയും ആകരുത്; 4 സ്വകുടുംബത്തെ നന്നായി പരിപാലിക്കുകയും സന്താനങ്ങളെ സമ്പൂർണ മാന്യതയിലും അനുസരണത്തിലും വളർത്തുകയും ചെയ്യുന്നയാളുമായിരിക്കണം. 5 സ്വകുടുംബത്തെ പരിപാലിക്കാൻ അറിയാത്തയാൾ ദൈവസഭയെ എങ്ങനെ പരിപാലിക്കും? 6 അയാൾ സമീപകാലത്ത് വിശ്വാസം സ്വീകരിച്ചയാൾ ആയിരിക്കരുത്. അപ്രകാരമായാൽ അയാൾ മതിമറന്ന് പിശാചിനു സംഭവിച്ച ശിക്ഷാവിധിയിൽ അകപ്പെടും. 7 അദ്ദേഹം സഭയ്ക്കു പുറമേയുള്ളവരുടെ മധ്യേ നല്ല മതിപ്പുള്ള ആളായിരിക്കണം. അങ്ങനെയായാൽ അയാൾ അപമാനിതനാകുകയോ പിശാചിന്റെ കെണിയിൽപ്പെടുകയോ ഇല്ല.

  85. 8 ബന്ധുജനങ്ങളുടെയും, പ്രത്യേകിച്ച് കുടുംബാംഗങ്ങളുടെയും, ആവശ്യങ്ങൾക്കായി കരുതാത്തവർ വിശ്വാസത്യാഗികളും അവിശ്വാസിയെക്കാൾ അധമരുമാണ്.

  86. 17 ഒരാൾക്കു ഭൗതികസമ്പത്ത് ഉണ്ടായിരിക്കുകയും തന്റെ സഹോദരങ്ങളെ ബുദ്ധിമുട്ടുള്ളവരായി കണ്ടിട്ട് അവരോടു സഹതാപം തോന്നാതിരിക്കുകയും ചെയ്താൽ അയാളിൽ ദൈവസ്നേഹം വസിക്കുന്നു എന്ന് എങ്ങനെ അവകാശപ്പെടാൻ കഴിയും?

  87. 25 “നിങ്ങളുടെ ഇടയിലുള്ള എന്റെ ജനത്തിൽ ദരിദ്രനായ ഒരു മനുഷ്യനു പണം വായ്പ കൊടുക്കുന്നെങ്കിൽ പണവ്യാപാരിയെപ്പോലെ പെരുമാറരുത്; ആ വ്യക്തിയിൽനിന്ന് പലിശ ഈടാക്കരുത്.

  88. 13 “ ‘നിങ്ങളുടെ അയൽക്കാരെ പീഡിപ്പിക്കുകയോ വസ്തു കവർച്ചചെയ്യുകയോ അരുത്.

    “ ‘കൂലിക്കാരന്റെ ശമ്പളം പിറ്റേന്നു രാവിലെവരെ പിടിച്ചുവെക്കരുത്.

  89. 11 ദൈവം ശലോമോന് ഉത്തരമരുളി: “സമ്പത്തോ ധനമോ ബഹുമതിയോ ശത്രുസംഹാരമോ ദീർഘായുസ്സോ ഒന്നും നീ ചോദിച്ചില്ല; എന്റെ ജനത്തെ, ഞാൻ നിന്നെ രാജാവാക്കിയിരിക്കുന്ന ജനത്തെത്തന്നെ, ഭരിക്കുന്നതിനുവേണ്ട ജ്ഞാനവും വിവേകവും നീ ചോദിച്ചിരിക്കുന്നു. നിന്റെ ഹൃദയാഭിലാഷം ഇതായിരിക്കുകയാൽ 12 ജ്ഞാനവും വിവേകവും നിനക്കു നൽകപ്പെടും; അതോടൊപ്പം, നിനക്കുമുമ്പ് ഒരു രാജാവിനും ഇല്ലാതിരുന്നതും നിനക്കുശേഷം ഒരുവനും ഉണ്ടാകാത്തതുമായ വിധത്തിലുള്ള സമ്പത്തും ധനവും ബഹുമതിയും ഞാൻ നിനക്കു നൽകും.”

  90. 3 നീതിനിഷ്ഠർ വിശന്നുവലയാൻ യഹോവ അനുവദിക്കുകയില്ല,

    ദുഷ്ടരുടെ അതിമോഹത്തെ അവിടന്ന് നിഷ്ഫലമാക്കുന്നു.

    4 അലസകരങ്ങൾ ദാരിദ്ര്യം ക്ഷണിച്ചുവരുത്തും,

    എന്നാൽ ഉത്സാഹികളുടെ കരങ്ങളോ, സമ്പത്തു കൊണ്ടുവരുന്നു.

  91. 8 ഉയർന്ന പലിശയിലൂടെ ദരിദ്രരിൽനിന്നു ലാഭംകൊയ്യുന്നവരുടെ ധനം

    ദരിദ്രരോടു ദയാലുക്കളായവർക്കുവേണ്ടി ശേഖരിക്കപ്പെടുന്നു.

  92. 26 ഒരാൾ ലോകം മുഴുവൻ തന്റെ സ്വന്തമാക്കിയാലും സ്വന്തം ജീവൻ കൈമോശംവരുത്തിയാൽ അയാൾക്ക് എന്തു പ്രയോജനം? അഥവാ, ഒരാൾക്ക് തന്റെ ജീവന്റെ വിലയായി എന്തു പകരം കൊടുക്കാൻ കഴിയും?

  93. 8 എന്നാൽ സക്കായി എഴുന്നേറ്റുനിന്നുകൊണ്ട് കർത്താവിനോട്, “കർത്താവേ, ഇതാ, ഇപ്പോൾത്തന്നെ എന്റെ സമ്പാദ്യത്തിന്റെ പകുതി ഞാൻ ദരിദ്രർക്കു കൊടുക്കും. ഞാൻ ആരിൽനിന്നെങ്കിലും എന്തെങ്കിലും അപഹരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ നാലിരട്ടി തിരിച്ചുകൊടുക്കുകയും ചെയ്യാം” എന്നു പറഞ്ഞു.

  94. 15 ഈ കാരണത്താൽ, കർത്താവായ യേശുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തെയും സകലവിശുദ്ധരോടുമുള്ള സ്നേഹത്തെയുംകുറിച്ചു കേട്ടതുമുതൽ 16 ഞാനും എന്റെ പ്രാർഥനയിൽ നിങ്ങളെ സ്മരിച്ചുകൊണ്ടു നിങ്ങൾക്കുവേണ്ടി എപ്പോഴും സ്തോത്രംചെയ്തുകൊണ്ടിരിക്കുന്നു. 17 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവം, തേജോമയനായ പിതാവ്, അവിടത്തെ സുവ്യക്തമായി മനസ്സിലാക്കാൻ നിങ്ങൾക്കു ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ നൽകട്ടെ എന്നു ഞാൻ എപ്പോഴും പ്രാർഥിക്കുന്നു. 18 മാത്രവുമല്ല, നിങ്ങളുടെ ഹൃദയം പ്രകാശപൂരിതമായിത്തീർന്നിട്ട് അവിടന്ന് നിങ്ങളെ വിളിച്ചിരിക്കുന്ന പ്രത്യാശയും അവിടത്തെ വിശുദ്ധർക്കു ലഭിക്കാനിരിക്കുന്ന തേജോമയമായ അവകാശത്തിന്റെ സമൃദ്ധിയും 19 വിശ്വസിക്കുന്നവരായ നമുക്കുവേണ്ടിയുള്ള അവിടത്തെ അതുല്യമായ ശക്തിയും നിങ്ങൾ അറിയേണമെന്നും ഞാൻ പ്രാർഥിക്കുന്നു. 20-21 ഈ ശക്തിതന്നെയാണ്, ക്രിസ്തുവിനെ മരിച്ചവരിൽനിന്നുയിർപ്പിച്ച് എല്ലാ ഭരണത്തിനും അധികാരത്തിനും ശക്തിക്കും കർത്തൃത്വത്തിനും മീതേ സ്വർഗത്തിൽ തന്റെ വലതുഭാഗത്ത്, ഈ യുഗത്തിൽമാത്രമല്ല, വരാനുള്ളതിലും വിളിക്കപ്പെട്ട എല്ലാ നാമത്തിനും അത്യന്തം മീതേ, ഇരുത്താൻ ദൈവം പ്രയോഗിച്ച അതിമഹത്തായ ശക്തി. 22 അവിടന്നു സകലതും ക്രിസ്തുവിന്റെ കാൽക്കീഴിലാക്കി ക്രിസ്തുവിനെ എല്ലാറ്റിന്റെയും ശിരസ്സായിരിക്കാൻ സഭയ്ക്കുവേണ്ടി നിയോഗിച്ചിരിക്കുന്നു. 23 സകലത്തെയും സർവവിധത്തിലും സമ്പൂർണമാക്കുന്ന അവിടത്തെ സമ്പൂർണതയാകുന്നു ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ.

  95. 15 ലോകത്തെയോ ലോകത്തിലുള്ള ഏതിനെയെങ്കിലുമോ സ്നേഹിക്കരുത്. ഒരാൾ ലോകത്തെ സ്നേഹിക്കുന്നെങ്കിൽ പിതാവിന്റെ സ്നേഹം അയാളിൽ ഇല്ല. 16 കാരണം ലോകത്തിലുള്ള സകലതും—ജഡികാസക്തി, കൺമോഹം, ജീവനത്തിന്റെ അഹന്ത എന്നിവയെല്ലാംതന്നെ—പിതാവിൽനിന്നല്ല, ലോകത്തിൽനിന്നാണ്. 17 ലോകവും അതിനോടുകൂടെയുള്ള മോഹങ്ങളും നീങ്ങിപ്പോകുന്നു; എന്നാൽ ദൈവഹിതം ചെയ്യുന്നവർ സദാകാലം നിലനിൽക്കുന്നു.

  96. 16 അങ്ങനെ യോശുവ അതിരാവിലെ ഇസ്രായേലിനെ ഗോത്രംഗോത്രമായി വരുത്തി; യെഹൂദാഗോത്രം പിടിക്കപ്പെട്ടു. 17 യെഹൂദാഗോത്രം കുലംകുലമായി വന്നു; സേരഹിന്റെ കുലം പിടിക്കപ്പെട്ടു. സേരഹിന്റെ കുലത്തെ കുടുംബങ്ങളായി വരുത്തി. സബ്ദി പിടിക്കപ്പെട്ടു. 18 യോശുവ സബ്ദിയുടെ കുടുംബത്തെ ആളാംപ്രതി വരുത്തി; യെഹൂദാഗോത്രത്തിൽപ്പെട്ട സേരഹിന്റെ പുത്രൻ സബ്ദിയുടെ പുത്രൻ കർമിയുടെ പുത്രൻ ആഖാൻ പിടിക്കപ്പെട്ടു.

    19 അപ്പോൾ യോശുവ ആഖാനോട്, “എന്റെ മകനേ, ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു മഹത്ത്വംകൊടുക്കുക, അവിടത്തെ ബഹുമാനിക്കുക. നീ എന്തു ചെയ്തുവെന്ന് എന്നോടു മറച്ചുവെക്കാതെ പറയുക” എന്നു പറഞ്ഞു.

    20 ആഖാൻ മറുപടി നൽകി, “ശരിയാണ്, ഞാൻ ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കെതിരായി പാപംചെയ്തിരിക്കുന്നു. 21 ഞാൻ ഇതാണു ചെയ്തത്: കൊള്ളയുടെ കൂട്ടത്തിൽ മനോഹരമായ ഒരു ബാബേല്യ മേലങ്കിയും ഇരുനൂറു ശേക്കേൽ വെള്ളിയും അൻപതുശേക്കേൽ തൂക്കമുള്ള ഒരു സ്വർണക്കട്ടിയും കണ്ടപ്പോൾ അവ മോഹിക്കുകയും എടുക്കുകയും ചെയ്തു. അവ എന്റെ കൂടാരത്തിൽ നിലത്തു കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയിൽ ആകുന്നു.”

    22 യോശുവ ദൂതന്മാരെ അയച്ചു. അവർ കൂടാരത്തിലേക്ക് ഓടി. അവന്റെ കൂടാരത്തിൽ വെള്ളി അടിയിലായി അവ ഒളിച്ചുവെച്ചിരിക്കുന്നതു കണ്ടു; 23 അവ കൂടാരത്തിൽനിന്നെടുത്ത് യോശുവയുടെയും എല്ലാ ഇസ്രായേൽമക്കളുടെയും അടുക്കൽ കൊണ്ടുവന്നു; യഹോവയുടെമുമ്പാകെ നിരത്തിയിട്ടു.

    24 അപ്പോൾ യോശുവയും എല്ലാ ഇസ്രായേലുംകൂടെ സേരഹിന്റെ പുത്രനായ ആഖാനെ, വെള്ളി, മേലങ്കി, സ്വർണക്കട്ടി, അവന്റെ പുത്രന്മാർ, പുത്രിമാർ, മാട്, കഴുത, ആട്, കൂടാരം ഇങ്ങനെ അവനുള്ള സകലവുമായി ആഖോർതാഴ്വരയിൽ കൊണ്ടുപോയി. 25 യോശുവ ഇങ്ങനെ പറഞ്ഞു: “നീ ഈ അത്യാഹിതം ഞങ്ങളുടെമേൽ വരുത്തിവെച്ചത് എന്തിന്? ഇന്ന് യഹോവ നിന്റെമേലും അത്യാഹിതം വരുത്തും.”

    പിന്നെ ഇസ്രായേലെല്ലാം ആഖാനെ കല്ലെറിഞ്ഞു, മറ്റുള്ളവരെയും കല്ലെറിഞ്ഞതിനുശേഷം അവരെ ചുട്ടുകളഞ്ഞു.

  97. 7 ഒന്നുമില്ലാത്ത ഒരാൾ ധനികനെന്നു നടിക്കുന്നു,

    മറ്റൊരാൾ വലിയ സമ്പത്തിന്നുടമ; എങ്കിലും ദരിദ്രനെന്നു ഭാവിക്കുന്നു.

    8 ധനികനു തന്റെ സമ്പത്തു മോചനദ്രവ്യമായി കൊടുക്കാം,

    എന്നാൽ ദരിദ്രന് ഭീഷണിപ്പെടുത്തുന്ന ശകാരത്തിനു പ്രതികരിക്കാൻപോലും കഴിയില്ല.

  98. 23 ദരിദ്രർ കരുണയ്ക്കായി കേണപേക്ഷിക്കുന്നു,

    എന്നാൽ ധനികർ പരുഷമായി പ്രതിവാദം നടത്തുന്നു.

  99. 8 ഏകാകിയായ ഒരു പുരുഷൻ,

    അദ്ദേഹത്തിനു മകനോ സഹോദരനോ ആരുംതന്നെ ഉണ്ടായിരുന്നില്ല.

    അദ്ദേഹത്തിന്റെ അധ്വാനത്തിന് അവസാനമില്ലായിരുന്നു.

    എന്നിട്ടും അദ്ദേഹത്തിന്റെ കണ്ണുകൾക്ക് തന്റെ സമ്പത്തുകണ്ടു തൃപ്തിവന്നതുമില്ല.

    “ആർക്കുവേണ്ടിയാണ് ഞാൻ അധ്വാനിക്കുന്നത്,” അദ്ദേഹം ചോദിച്ചു,

    “എന്തിന് ഞാൻ എന്റെ സുഖാനുഭവം ത്യജിക്കുന്നു?”

    ഇതും അർഥശൂന്യം—

    ദൗർഭാഗ്യകരമായ പ്രവൃത്തിതന്നെ!

  100. 36 ഒരാൾ ലോകം മുഴുവൻ തന്റെ സ്വന്തമാക്കിയാലും സ്വന്തം ജീവൻ കൈമോശംവരുത്തിയാൽ അയാൾക്ക് എന്തു പ്രയോജനം?

  101. 1 യഹോവ അബ്രാമിനോട് അരുളിച്ചെയ്തത്: “നിന്റെ ദേശത്തെയും നിന്റെ ബന്ധുക്കളെയും നിന്റെ പിതൃഭവനക്കാരെയും വിട്ട്, ഞാൻ നിനക്ക് അവകാശമായി തരാനിരിക്കുന്ന ദേശത്തേക്കു പോകുക.

    2 “ഞാൻ നിന്നെ വലിയൊരു ജനതയാക്കും;

    ഞാൻ നിന്നെ അനുഗ്രഹിക്കും;

    നിന്റെ നാമം ഞാൻ ശ്രേഷ്ഠമാക്കും.

    നീ ഒരു അനുഗ്രഹമായിരിക്കും.

    3 നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും;

    നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും;

    ഭൂമിയിലെ സകലവംശങ്ങളും

    നിന്നിലൂടെ അനുഗ്രഹിക്കപ്പെടും.”

  102. 22 ശലോമോൻരാജാവ് ഭൂമിയിലെ മറ്റു സകലരാജാക്കന്മാരെക്കാളും സമ്പത്തിലും ജ്ഞാനത്തിലും മികച്ചുനിന്നു.

  103. 22 “അങ്ങ് വിദൂരത്തുള്ള അതിരുകൾവരെ അവർക്ക് രാജ്യങ്ങളും രാഷ്ട്രങ്ങളും നൽകി, അങ്ങനെ അവർ ഹെശ്ബോൻരാജാവായ സീഹോന്റെയും ബാശാൻരാജാവായ ഓഗിന്റെയും ദേശങ്ങൾ കൈവശമാക്കി. 23 അവരുടെ പിൻഗാമികളെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അങ്ങ് വർധിപ്പിച്ചു; അവരുടെ പിതാക്കന്മാർ ചെന്നു കൈവശമാക്കാൻ അങ്ങ് കൽപ്പിച്ച ദേശത്തേക്ക് അവരെ കൊണ്ടുവന്നു. 24 അങ്ങനെ ആ പിൻഗാമികൾ ചെന്നു ദേശം കൈവശമാക്കി; തദ്ദേശവാസികളായ കനാന്യരെ അവരുടെമുമ്പാകെ അങ്ങു കീഴ്പ്പെടുത്തി, തങ്ങൾക്കു ബോധിച്ചപ്രകാരം അവരോടു ചെയ്യേണ്ടതിന് അവരുടെ രാജാക്കന്മാരോടും ദേശവാസികളോടുംകൂടെ കനാന്യരെ അവരുടെ കൈയിൽ ഏൽപ്പിച്ചു. 25 കെട്ടുറപ്പുള്ള പട്ടണങ്ങളും ഫലപുഷ്ടിയുള്ള നിലവും അവർ പിടിച്ചെടുത്തു; എല്ലാ നല്ല വസ്തുക്കളെയുംകൊണ്ടു നിറഞ്ഞ വീടുകളും വെട്ടിയുണ്ടാക്കിയ കിണറുകളും മുന്തിരിത്തോപ്പുകളും ഒലിവുതോപ്പുകളും അനേകം ഫലവൃക്ഷങ്ങളും അവർ കൈവശമാക്കി. അവർ മതിവരുന്നതുവരെ ഭക്ഷിച്ചു പുഷ്ടിപിടിച്ച്, അങ്ങയുടെ വലിയ നന്മകളെക്കൊണ്ട് തങ്ങളെത്തന്നെ സന്തോഷിപ്പിച്ചു.

    26 “എന്നിട്ടും അവർ അനുസരണകെട്ടവരായി അങ്ങേക്കെതിരേ കലഹിച്ചു; അങ്ങയുടെ ന്യായപ്രമാണത്തിന് അവർ പുറംതിരിഞ്ഞു. അങ്ങയുടെ പക്കലേക്ക് അവരെ തിരിക്കേണ്ടതിന് അവർക്ക് ഉപദേശം നൽകിയ അങ്ങയുടെ പ്രവാചകന്മാരെ അവർ കൊന്നുകളഞ്ഞു. വലിയ ദൈവദൂഷണവും അവർ കാട്ടി. 27 അതുകൊണ്ട് അവരുടെ ശത്രുക്കളുടെകൈയിൽ അങ്ങ് അവരെ ഏൽപ്പിച്ചു; അവർ അവരെ പീഡിപ്പിച്ചു. പീഡനകാലത്ത് അവർ അങ്ങയോടു നിലവിളിച്ചു. സ്വർഗത്തിൽനിന്ന് അങ്ങ് അവരുടെ നിലവിളി കേട്ടു; അങ്ങയുടെ മഹാകരുണയാൽ ശത്രുക്കളുടെ കൈയിൽനിന്ന് അവരെ വിടുവിക്കേണ്ടതിന് വീണ്ടെടുപ്പുകാരെ നൽകി.

    28 “എന്നാൽ സ്വസ്ഥത ലഭിച്ചുകഴിഞ്ഞപ്പോൾ അവർ വീണ്ടും അങ്ങയുടെമുമ്പാകെ തിന്മ പ്രവർത്തിച്ചു. അപ്പോൾ അവരുടെ ശത്രുക്കൾ അവരെ ഭരിക്കേണ്ടതിന് അങ്ങ് അവരെ ഏൽപ്പിച്ചുകൊടുത്തു. അപ്പോൾ വീണ്ടും അവർ അങ്ങയോടു നിലവിളിച്ചു; അങ്ങ് സ്വർഗത്തിൽനിന്ന് കേട്ട് അങ്ങയുടെ കരുണയാൽ അനേകംപ്രാവശ്യം അവരെ രക്ഷിച്ചു.

    29 “അങ്ങയുടെ ന്യായപ്രമാണത്തിലേക്കു മടങ്ങാൻ അങ്ങ് മുന്നറിയിപ്പു നൽകിയിട്ടും അവർ ദുശ്ശാഠ്യം കാണിച്ച്, അങ്ങയുടെ കൽപ്പനകൾ ചെവിക്കൊണ്ടില്ല. അനുസരിക്കുന്നവർ അവയാൽ ജീവിക്കും എന്ന അവിടത്തെ ചട്ടങ്ങൾക്കെതിരേ പാപംചെയ്തുകൊണ്ട് അവർ ദുശ്ശാഠ്യവും മർക്കടമുഷ്ടിയും ഉള്ളവരും അനുസരണമില്ലാത്തവരും ആയി. 30 ഏറെ വർഷങ്ങൾ അങ്ങ് അവരോട് സഹിഷ്ണുത കാട്ടി, അങ്ങയുടെ ആത്മാവിനാൽ അവിടത്തെ പ്രവാചകന്മാരിലൂടെ അവർക്കു മുന്നറിയിപ്പു നൽകി. എന്നിട്ടും അവർ ശ്രദ്ധിച്ചില്ല. അതുകൊണ്ട് അങ്ങ് അവരെ സമീപരാഷ്ട്രങ്ങളിലെ ജനതകളുടെ കൈയിൽ ഏൽപ്പിച്ചു; 31 എങ്കിലും, അവിടത്തെ മഹാദയയാൽ അവരെ മുഴുവനായി നശിപ്പിക്കുകയോ തള്ളിക്കളയുകയോ ചെയ്തില്ല; അങ്ങ് ദയാലുവും കാരുണ്യവാനുമായ ദൈവമല്ലോ.

  104. 20 വിശ്വസ്തമനുഷ്യർ സമൃദ്ധമായി അനുഗ്രഹിക്കപ്പെടും,

    എന്നാൽ സമ്പന്നരാകാൻ തിടുക്കം കാട്ടുന്നവർ ശിക്ഷിക്കപ്പെടാതെ പോകുകയില്ല.

    21 പക്ഷഭേദം കാണിക്കുന്നത് ഉചിതമല്ല—

    എന്നാൽ ഒരു കഷണം അപ്പത്തിനുവേണ്ടിപ്പോലും മനുഷ്യർ അനുചിതമായതു ചെയ്യും.

    22 ലുബ്ധർ ധനികരാകാൻ വ്യഗ്രതകാണിക്കുന്നു

    അവരുടെ മുന്നേറ്റം ദാരിദ്ര്യത്തിലേക്കെന്ന് അറിയുന്നുപോലുമില്ല.

  105. 8 ‘വെള്ളി എനിക്കുള്ളത്; സ്വർണവും എനിക്കുള്ളത്’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.

  106. 12 നികുതിപിരിവുകാരും സ്നാനം സ്വീകരിക്കാൻ വന്നു. “ഗുരോ, ഞങ്ങൾ എന്തു ചെയ്യണം?” എന്ന് അവർ ചോദിച്ചു.

    13 “നിങ്ങൾക്കു കൽപ്പന കിട്ടിയിട്ടുള്ളതിൽ അധികമായ നികുതി നിങ്ങൾ ചുമത്തരുത്,” എന്ന് അദ്ദേഹം അവരോടു പ്രതിവചിച്ചു.

    14 അപ്പോൾ ചില സൈനികർ അദ്ദേഹത്തോട്, “എന്താണ് ഞങ്ങൾ ചെയ്യേണ്ടത്?” എന്നു ചോദിച്ചു.

    “ബലം പ്രയോഗിച്ചു പണം വാങ്ങുകയോ ജനങ്ങളുടെമേൽ വ്യാജമായി കുറ്റം ചുമത്തുകയോ ചെയ്യരുത്; നിങ്ങളുടെ ശമ്പളംകൊണ്ടു തൃപ്തിപ്പെടുക,” എന്ന് ഉത്തരം പറഞ്ഞു.

  107. 25 ഒരാൾ ലോകം മുഴുവൻ തന്റെ സ്വന്തമാക്കിയാലും സ്വജീവൻ നഷ്ടമാക്കുകയോ കൈമോശംവരുത്തുകയോ ചെയ്താൽ അവന് എന്തു പ്രയോജനം?

  108. 11 യേശു ജെറുശലേമിനെ സമീപിച്ചുകൊണ്ടിരുന്നു. ദൈവരാജ്യം ഉടനെ പ്രത്യക്ഷമാകുമെന്നു പ്രതീക്ഷിച്ച ജനം അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു. ആ ജനത്തോട് യേശു ഈ സാദൃശ്യകഥ പറഞ്ഞു. 12 “അഭിജാതനായ ഒരു മനുഷ്യൻ രാജാഭിഷിക്തനായി തിരിച്ചുവരേണ്ടതിനു വിദൂരദേശത്തേക്കു യാത്രയാകുകയായിരുന്നു. 13 അയാൾ തന്റെ സേവകരിൽ പത്തുപേരെ വിളിച്ച് അവരെ മിന്നാ ഏൽപ്പിച്ചിട്ട്, ‘ഞാൻ തിരികെ വരുംവരെ ഈ പണംകൊണ്ടു വ്യാപാരം ചെയ്യുക’ എന്നു പറഞ്ഞു.

    14 “എന്നാൽ, അയാളെ വെറുത്തിരുന്ന പ്രജകൾ, ‘ഈ മനുഷ്യൻ ഞങ്ങളെ ഭരിക്കുന്നതിൽ ഞങ്ങൾക്കു താത്പര്യമില്ല’ എന്നു പറഞ്ഞ് അയാളുടെ പിന്നാലെ ചക്രവർത്തിയുടെ അടുത്തേക്ക് പ്രതിനിധികളെ അയച്ചു.

    15 “എങ്കിലും രാജാവായിത്തന്നെ അദ്ദേഹം തിരിച്ചെത്തി. താൻ പണം ഏൽപ്പിച്ചിരുന്ന സേവകർ ആ പണംകൊണ്ട് എന്തു ലാഭമുണ്ടാക്കിയെന്ന് അറിയേണ്ടതിന് അദ്ദേഹം അവരെ വിളിപ്പിച്ചു.

    16 “ഒന്നാമത്തെയാൾ വന്നു, ‘പ്രഭോ, അങ്ങുതന്ന മിന്നാ പത്തുകൂടി നേടിത്തന്നിരിക്കുന്നു’ എന്നു പറഞ്ഞു.

    17 “അപ്പോൾ രാജാവ്, ‘വളരെ നല്ലത്, സമർഥനായ ദാസാ, നീ ഈ ചെറിയകാര്യത്തിൽ വിശ്വസ്തനായിരുന്നല്ലോ, നീ പത്തു പട്ടണങ്ങളുടെ അധികാരിയായിരിക്കുക’ എന്നു പറഞ്ഞു.

    18 “രണ്ടാമത്തെയാൾ വന്നു, ‘പ്രഭോ, അങ്ങുതന്ന മിന്നാ അഞ്ചുകൂടി നേടിത്തന്നിരിക്കുന്നു’ എന്നു പറഞ്ഞു.

    19 “അതിന് രാജാവ്, ‘നീ അഞ്ചുപട്ടണങ്ങളുടെ അധികാരിയായിരിക്കുക’ എന്നു മറുപടി പറഞ്ഞു.

    20 “എന്നാൽ ഇതിനുശേഷം മറ്റൊരാൾ വന്ന്, ‘പ്രഭോ, ഇതാ താങ്കളുടെ പണം! ഞാൻ അത് ഒരു തൂവാലയിൽ കെട്ടി സൂക്ഷിച്ചുവെച്ചു. 21 കാരണം, വെക്കാത്തത് എടുക്കുകയും വിതയ്ക്കാത്തതു കൊയ്യുകയുംചെയ്യുന്ന കരുണയറ്റ മനുഷ്യനായ അങ്ങയെ ഞാൻ ഭയപ്പെട്ടു’ എന്നു പറഞ്ഞു.

    22 “രാജാവ് അയാളോട് മറുപടിയായി, ‘ദുഷ്ടദാസാ, ഞാൻ നിന്നെ വിധിക്കുന്നത് നിന്റെ വാക്കുകളാൽത്തന്നെ ആയിരിക്കും. ഞാൻ വെക്കാത്തത് എടുക്കുകയും വിതയ്ക്കാത്തതു കൊയ്യുകയുംചെയ്യുന്ന കരുണയറ്റ മനുഷ്യൻ എന്നു നീ അറിഞ്ഞിരുന്നല്ലോ? 23 പിന്നെ, നീ എന്തുകൊണ്ട് എന്റെ പണം ബാങ്കിലെങ്കിലും നിക്ഷേപിക്കാതിരുന്നു? എന്നാൽ ഞാൻ മടങ്ങിവന്ന് അത് പലിശയോടുകൂടി വാങ്ങുമായിരുന്നല്ലോ!’

    24 “പിന്നെ അദ്ദേഹം അരികെ നിൽക്കുന്നവരോട്, ‘ആ മിന്നാ അയാളുടെ പക്കൽനിന്ന് എടുത്ത് പത്ത് മിന്നായുള്ളവന് കൊടുക്കുക’ എന്നു പറഞ്ഞു.

    25 “ ‘പ്രഭോ, അവനു പത്തുണ്ടല്ലോ!’ അവർ പറഞ്ഞു.

    26 “ ‘ഉള്ളവർക്കെല്ലാം അധികം നൽകപ്പെടും; എന്നാൽ ഒന്നും ഇല്ലാത്തവരിൽനിന്ന് അവർക്കുള്ള അൽപ്പംകൂടെ എടുത്തുകളയപ്പെടും. 27 തുടർന്ന് രാജാവ്, നാം രാജാവായിത്തീരാൻ ഇഷ്ടപ്പെടാതിരുന്ന നമ്മുടെ ശത്രുക്കളെ ഇവിടെ കൊണ്ടുവന്ന് നമ്മുടെമുമ്പിൽവെച്ചു വധിക്കുക’ എന്ന് ആജ്ഞാപിച്ചു.”

  109. 6 ഇതുകൊണ്ടുതന്നെയാണ് നിങ്ങൾ നികുതി കൊടുക്കുന്നതും. അധികാരികൾ ഭരണകാര്യങ്ങളിൽ എപ്പോഴും ശ്രദ്ധിക്കുന്ന ദൈവസേവകരാണ്. 7 ഓരോരുത്തർക്കും നിങ്ങൾ കടപ്പെട്ടിരിക്കുന്നതു കൊടുക്കുക: കരം കൊടുക്കേണ്ടവർക്ക് കരം, നികുതി കൊടുക്കേണ്ടവർക്ക് നികുതി; ഭയപ്പെടേണ്ടവരെ ഭയപ്പെടുക, ആദരിക്കേണ്ടവരെ ആദരിക്കുകയും ചെയ്യുക.

    8 പരസ്പരം സ്നേഹിക്കുക എന്ന ബാധ്യതയല്ലാതെ നിങ്ങൾക്ക് ആരോടും യാതൊരു ബാധ്യതയും ഉണ്ടായിരിക്കരുത്. കാരണം, മറ്റുള്ളവരെ സ്നേഹിക്കുന്നത് ന്യായപ്രമാണത്തിന്റെ നിവൃത്തിയാണ്.

  110. 10 ദരിദ്രരെ ഓർത്തുകൊള്ളണം എന്നുമാത്രമാണ് അവർ ഞങ്ങളോട് ആവശ്യപ്പെട്ടത്. ഇതു ചെയ്യാൻ ഞാൻ ഉത്സുകനും ആയിരുന്നു.

  111. 6 സഹോദരങ്ങളേ, കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോടു കൽപ്പിക്കുന്നത്: ഞങ്ങളിൽനിന്ന് നിങ്ങൾക്കു ലഭിച്ചിട്ടുള്ള പ്രമാണങ്ങൾ പാലിക്കാതെ അലസമായി ജീവിതം നയിക്കുന്ന എല്ലാ സഹോദരങ്ങളിൽനിന്നും അകന്നുകൊള്ളണം എന്നാണ്. 7 ഞങ്ങളുടെ മാതൃക എപ്രകാരമാണ് പിൻതുടരേണ്ടതെന്നു നിങ്ങൾക്കുതന്നെ അറിയാമല്ലോ. ഞങ്ങൾ നിങ്ങളോടൊപ്പം ആയിരുന്നപ്പോൾ അലസരായിരുന്നിട്ടില്ല. 8 ആരുടെയും ഭക്ഷണം ഞങ്ങൾ സൗജന്യമായി ഭക്ഷിച്ചിട്ടില്ല. മറിച്ച് നിങ്ങളിൽ ആർക്കും ഭാരമാകാതിരിക്കേണ്ടതിനു ഞങ്ങൾ രാവും പകലും കഠിനാധ്വാനംചെയ്തു പണിയെടുത്തു. 9 സഹായം സ്വീകരിക്കാനുള്ള അവകാശം ഞങ്ങൾക്ക് ഇല്ലാതിരുന്നതുകൊണ്ടല്ല, പിന്നെയോ നിങ്ങൾക്കു പിൻതുടരാനായി ഒരു മാതൃക നൽകാനാണു ഞങ്ങൾ അങ്ങനെ ചെയ്തത്. 10 ഞങ്ങൾ നിങ്ങളോടൊപ്പം ആയിരുന്നപ്പോൾ “ജോലിചെയ്യാൻ മനസ്സില്ലാത്തവൻ ഭക്ഷിക്കരുത്” എന്നൊരു കൽപ്പന നിങ്ങൾക്കു നൽകിയിരുന്നല്ലോ.

    11 നിങ്ങളിൽ ചിലർ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ട് ഒരു ജോലിയും ചെയ്യാതെ അലസരായി നടക്കുന്നുണ്ടെന്ന് ഞങ്ങൾ കേൾക്കുന്നു. 12 അവരോട് ശാന്തതയോടെ ജോലിചെയ്ത് തങ്ങളുടെ ഭക്ഷണം നേടണമെന്നു കർത്താവായ യേശുക്രിസ്തുവിന്റെ പേരിൽ ഞങ്ങൾ ആജ്ഞാപിക്കുകയും അഭ്യർഥിക്കുകയുംചെയ്യുന്നു.

  112. 23 മോശ ജനിച്ചപ്പോൾ, ശിശു അസാധാരണ സൗന്ദര്യം ഉള്ളവനെന്ന് അവന്റെ മാതാപിതാക്കൾ കണ്ടിട്ട് വിശ്വാസത്താൽ മൂന്നുമാസം അവനെ ഒളിച്ചുവെച്ചു. അവർ രാജാവിന്റെ ആജ്ഞയെ ഭയപ്പെട്ടതേയില്ല.

    24 മോശ വളർന്നപ്പോൾ “ഫറവോന്റെ പുത്രിയുടെ മകൻ” എന്നു വിളിക്കപ്പെടാൻ വിസമ്മതിച്ചത് ഈ വിശ്വാസത്താൽത്തന്നെയാണ്. 25 അദ്ദേഹം പാപത്തിന്റെ ക്ഷണനേരത്തേക്കുള്ള ആസ്വാദനത്തെക്കാൾ, ദൈവജനം സഹിക്കുന്ന കഷ്ടതയിൽ പങ്കുചേരുന്നത് തെരഞ്ഞെടുത്തു; 26 അദ്ദേഹം ഈജിപ്റ്റിലെ അമൂല്യ സമ്പത്തിനെക്കാൾ ക്രിസ്തുവിനെപ്രതിയുള്ള അപമാനം മൂല്യമേറിയതെന്നു കരുതി. കാരണം മോശ ദൈവത്തിൽനിന്ന് തനിക്കു ലഭിക്കാനുള്ള പ്രതിഫലത്തിൽ സ്ഥിരചിത്തനായിരുന്നു. 27 അദ്ദേഹം വിശ്വാസത്താൽ രാജകോപം ഭയപ്പെടാതെ ഈജിപ്റ്റ് വിട്ടുപോന്നു; അദൃശ്യനായ ദൈവത്തെ ദർശിച്ചു എന്നതുപോലെ തന്റെ പ്രയാണം തുടർന്നു. 28 ആദ്യജാതന്മാരെ സംഹരിക്കുന്ന ദൂതൻ ഇസ്രായേല്യരുടെ ആദ്യജാതന്മാരെ സ്പർശിക്കാതിരിക്കേണ്ടതിനായി മോശ വിശ്വാസത്താൽ പെസഹ ആചരിക്കുകയും രക്തം (വീടുകളുടെ കട്ടിളക്കാലുകളിലും കട്ടിളകളുടെ മീതേയുള്ള പടിയിലും) പുരട്ടുകയും ചെയ്തു.