80 Bible Verses About Government
Biblica® Open Malayalam Contemporary Version™ (OMCV)
-
1 ഓരോ വ്യക്തിയും ഭരണാധികാരികൾക്കു വിധേയരാകുക. കാരണം, ദൈവത്താൽ നിയോഗിക്കപ്പെടാത്ത അധികാരി ഒരാൾപോലുമില്ല. ഇപ്പോഴുള്ള ഭരണാധികാരികളും ദൈവത്താൽ നിയമിക്കപ്പെട്ടവരാണ്. 2 അതുകൊണ്ട്, അധികാരത്തെ എതിർക്കുന്നവൻ ദൈവം ഏർപ്പെടുത്തിയ സംവിധാനത്തെയാണ് എതിർക്കുന്നത്. അങ്ങനെചെയ്യുന്നവർ സ്വയം ശിക്ഷായോഗ്യരായിത്തീരും. 3 ഭരണാധികാരികളെ ഭയപ്പെടേണ്ടത് നന്മ പ്രവർത്തിക്കുന്നവരല്ല; മറിച്ച്, തിന്മ പ്രവർത്തിക്കുന്നവരാണ്. അധികാരികളെ ഭയപ്പെടാതെ ജീവിക്കാൻ നിനക്ക് ആഗ്രഹമുണ്ടോ? എങ്കിൽ നന്മ ചെയ്യുക. അപ്പോൾ അധികാരികളിൽനിന്ന് നിനക്ക് അഭിനന്ദനം ലഭിക്കും. 4 നിന്റെ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ദൈവസേവകനാണ് അദ്ദേഹം. എന്നാൽ, നീ തിന്മ പ്രവർത്തിക്കുന്നു എങ്കിൽ ഭയപ്പെടുകതന്നെ വേണം. ശിക്ഷിക്കാൻ അയാൾക്ക് അധികാരം നൽകപ്പെട്ടിരിക്കുന്നത് വെറുതേയല്ലല്ലോ! തിന്മ പ്രവർത്തിക്കുന്നവർക്കെതിരേ ജ്വലിക്കുന്ന ദൈവക്രോധം ശിക്ഷയിലൂടെ നടപ്പാക്കാൻ ദൈവം നിയോഗിച്ച ഭൃത്യനാണയാൾ. 5 ശിക്ഷ ലഭിക്കുമെന്ന ഭയംകൊണ്ടുമാത്രമല്ല, ശുദ്ധമനസ്സാക്ഷി ഉണ്ടായിരിക്കേണ്ടതിനുംകൂടിയാണ് അധികാരികളോട് വിധേയത്വം പുലർത്തേണ്ടത്.
6 ഇതുകൊണ്ടുതന്നെയാണ് നിങ്ങൾ നികുതി കൊടുക്കുന്നതും. അധികാരികൾ ഭരണകാര്യങ്ങളിൽ എപ്പോഴും ശ്രദ്ധിക്കുന്ന ദൈവസേവകരാണ്. 7 ഓരോരുത്തർക്കും നിങ്ങൾ കടപ്പെട്ടിരിക്കുന്നതു കൊടുക്കുക: കരം കൊടുക്കേണ്ടവർക്ക് കരം, നികുതി കൊടുക്കേണ്ടവർക്ക് നികുതി; ഭയപ്പെടേണ്ടവരെ ഭയപ്പെടുക, ആദരിക്കേണ്ടവരെ ആദരിക്കുകയും ചെയ്യുക.
8 പരസ്പരം സ്നേഹിക്കുക എന്ന ബാധ്യതയല്ലാതെ നിങ്ങൾക്ക് ആരോടും യാതൊരു ബാധ്യതയും ഉണ്ടായിരിക്കരുത്. കാരണം, മറ്റുള്ളവരെ സ്നേഹിക്കുന്നത് ന്യായപ്രമാണത്തിന്റെ നിവൃത്തിയാണ്. 9 “നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക” എന്ന കൽപ്പനയിൽ, “വ്യഭിചാരം ചെയ്യരുത്, കൊലപാതകം ചെയ്യരുത്, മോഷ്ടിക്കരുത്, മോഹിക്കരുത്” എന്നിവയും അതുപോലുള്ള മറ്റു കൽപ്പനകളും സംക്ഷിപ്തമായിരിക്കുന്നു. 10 സ്നേഹം അയൽവാസിക്കു ദോഷം ഒന്നും പ്രവർത്തിക്കുന്നില്ല. അങ്ങനെ, സ്നേഹത്തിലൂടെ ന്യായപ്രമാണം നിവർത്തിക്കപ്പെടുന്നു.
11 ഈ കാലഘട്ടത്തിന്റെ സവിശേഷത തിരിച്ചറിഞ്ഞുവേണം നാം ഇതു ചെയ്യേണ്ടത്: നാം ആദ്യമായി കർത്താവിൽ വിശ്വാസമർപ്പിച്ച സമയത്തെക്കാൾ നമ്മുടെ രക്ഷ ഇപ്പോൾ ഏറ്റവും അടുത്തിരിക്കുന്നതുകൊണ്ട് ആലസ്യംവിട്ടുണരേണ്ട സമയമാണിത്. 12 രാത്രി കഴിയാറായി; രക്ഷയുടെ പകൽ അടുത്തെത്തിയിരിക്കുന്നു. അതുകൊണ്ട്, നാം അന്ധകാരത്തിന്റെ പ്രവൃത്തികൾ ഉപേക്ഷിക്കുകയും പ്രകാശത്തിന്റെ ആയുധങ്ങൾ ധരിക്കുകയുംചെയ്യുക. 13 പകൽസമയത്തെന്നപോലെ നമ്മുടെ ജീവിതരീതി മാന്യമായിരിക്കട്ടെ. കാമോന്മാദത്തിലും മദ്യോന്മത്തതയിലുമല്ല, ഭോഗാസക്തിയിലും കുത്തഴിഞ്ഞ ജീവിതത്തിലുമല്ല, ലഹളയിലും അസൂയയിലുമല്ല, 14 മറിച്ച്, കർത്താവായ യേശുക്രിസ്തുവിനെ ധരിച്ചവരായി നിങ്ങൾ ജീവിക്കുക. ശാരീരികാഭിലാഷങ്ങളിൽ ചിന്താമഗ്നരാകരുത്.
-
13 കർത്താവിനെ ഓർത്ത്, മാനുഷികമായ എല്ലാ വ്യവസ്ഥാപിത അധികാരികൾക്കും വിധേയരാകുക; പരമാധികാരി എന്നനിലയിൽ രാജാവിനും 14 അദ്ദേഹം നിയമിച്ചിരിക്കുന്ന ഭരണാധികാരികൾക്കും വിധേയരാകുക. കുറ്റവാളികളെ ശിക്ഷിക്കാനും നന്മ പ്രവർത്തിക്കുന്നവരെ അഭിനന്ദിക്കാനുമാണ് ഇവർ നിയമിക്കപ്പെട്ടിരിക്കുന്നത്. 15 വ്യാജപ്രചാരണം നടത്തുന്നവരുടെ അറിവില്ലായ്മയെ നിങ്ങൾ നന്മ ചെയ്തുകൊണ്ട് നിശ്ശബ്ദമാക്കണം എന്നതാണ് ദൈവഹിതം. 16 നിങ്ങൾ സ്വതന്ത്രരാണ്, എന്നാൽ ദൈവത്തിന്റെ ദാസരുമാണ്. അതുകൊണ്ട് നിങ്ങളുടെ സ്വാതന്ത്ര്യം തിന്മചെയ്യുന്നതിനു മറയാക്കരുത്. 17 എല്ലാവരെയും ബഹുമാനിക്കുക. സഹോദരസമൂഹത്തെ സ്നേഹിക്കുക, ദൈവത്തെ ഭയപ്പെടുക, ഭരണാധികാരിയെ ബഹുമാനിക്കുക.
18 ദാസരേ, നിങ്ങളുടെ യജമാനന്മാർക്ക് എല്ലാ അർഥത്തിലും ബഹുമാനം നൽകി അവർക്ക് കീഴടങ്ങിയിരിക്കുക. നല്ലവരെയും മാന്യരെയുംമാത്രമല്ല ക്രൂരരെയും ബഹുമാനിക്കുക. 19 ഒരാൾ അന്യായമായി കഷ്ടത അനുഭവിക്കുമ്പോൾ ദൈവാവബോധം നിമിത്തം സഹിക്കുകയാണെങ്കിൽ അതു പ്രശംസനീയമാണ്. 20 തെറ്റു ചെയ്തതിന് ശിക്ഷ അനുഭവിച്ചിട്ട്, പിന്നീട് “ഞാൻ അതു ക്ഷമയോടുകൂടി സഹിച്ചു” എന്നു പറയുന്നതിൽ എന്തു നേട്ടമാണുള്ളത്? നന്മ ചെയ്തിട്ടു ശിക്ഷ അനുഭവിക്കേണ്ടിവരികയും അതു ക്ഷമയോടെ സഹിക്കുകയുംചെയ്യുന്നത് ദൈവത്തിനു പ്രസാദകരമാണ്. 21 ഇങ്ങനെ കഷ്ടത സഹിക്കുന്നതിനുവേണ്ടിയാണ് ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നത്. ക്രിസ്തു നിങ്ങൾക്കുവേണ്ടി കഷ്ടം സഹിച്ചത് നിങ്ങൾ അവിടത്തെ മാതൃക പിൻതുടരേണ്ടതിനുവേണ്ടിയായിരുന്നു.
22 “അവിടന്ന് ഒരു പാപവും ചെയ്തിട്ടില്ല,
അവിടത്തെ നാവിൽ ഒരു വഞ്ചനയും ഉണ്ടായിരുന്നില്ല.”
23 അധിക്ഷേപിക്കപ്പെട്ടുവെങ്കിലും അവിടന്ന് അതിനു പകരംചോദിച്ചില്ല, പീഡിപ്പിക്കപ്പെട്ടപ്പോൾ ആരെയും ഭീഷണിപ്പെടുത്തിയതുമില്ല; പിന്നെയോ, ന്യായമായി വിധി നടപ്പാക്കുന്ന ദൈവത്തിൽ സ്വയം ഭരമേൽപ്പിക്കുകയാണു ചെയ്തത്. 24 നാം പാപത്തിനു മരിക്കുകയും നീതിക്കുവേണ്ടി ജീവിക്കുകയുംചെയ്യേണ്ടതിന്, “ക്രിസ്തു നമ്മുടെ പാപം സ്വശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിന്മേൽ കയറി; അവിടത്തെ മുറിവുകളാൽ നിങ്ങൾക്കു സൗഖ്യം ലഭിച്ചിരിക്കുന്നു; 25 നിങ്ങൾ വഴിതെറ്റി സഞ്ചരിക്കുന്ന ആടുകളെപ്പോലെയായിരുന്നു;” എന്നാൽ ഇപ്പോൾ നിങ്ങളുടെ ഇടയനും പ്രാണന്റെ നാഥനുമായ ക്രിസ്തുവിന്റെ അടുക്കലാണ് നിങ്ങൾ തിരികെ എത്തിച്ചേർന്നിരിക്കുന്നത്.
-
15 യേശുവിനെ വാക്കിൽക്കുടുക്കി അറസ്റ്റ് ചെയ്യുന്നതിനു പരീശന്മാർ പോയി ഗൂഢാലോചന നടത്തി. 16 അവർ തങ്ങളുടെ ശിഷ്യന്മാരെ ഹെരോദ്യരോടൊപ്പം യേശുവിന്റെ അടുക്കൽ അയച്ചു. അവർ അദ്ദേഹത്തോട്, “ഗുരോ, അങ്ങ് സത്യസന്ധൻ എന്നും ദൈവികമാർഗം അങ്ങ് സത്യസന്ധമായിമാത്രം പഠിപ്പിക്കുന്നു എന്നും ഞങ്ങൾക്കറിയാം. അങ്ങ് പക്ഷപാതം കാണിക്കുന്നില്ല, അതുകൊണ്ട് ആർക്കും അങ്ങയെ സ്വാധീനിക്കാൻ കഴിയുകയില്ല. 17 അങ്ങയുടെ അഭിപ്രായം എന്താണ്? റോമൻ കൈസർക്ക് നികുതി കൊടുക്കുന്നത് ശരിയാണോ?” എന്നു ചോദിച്ചു.
18 യേശു അവരുടെ ദുരുദ്ദേശ്യം മനസ്സിലാക്കിയിട്ട്, “കാപട്യം നിറഞ്ഞവരേ, നിങ്ങൾ എന്നെ കുടുക്കാൻ തുനിയുന്നതെന്തിന്? 19 നികുതി കൊടുക്കാൻ ഉപയോഗിക്കുന്ന ഒരു നാണയം കാണിക്കൂ” എന്നു പറഞ്ഞു. അവർ ഒരു റോമൻ നാണയം കൊണ്ടുവന്ന് അദ്ദേഹത്തെ കാണിച്ചു. 20 യേശു അവരോട്, “ഇതിൽ മുദ്രണം ചെയ്തിരിക്കുന്ന രൂപവും ലിഖിതവും ആരുടേത്?” എന്നു ചോദിച്ചു.
21 “കൈസറുടേത്,” അവർ മറുപടി പറഞ്ഞു.
അങ്ങനെയെങ്കിൽ “കൈസർക്ക് നൽകേണ്ടത് കൈസർക്കും ദൈവത്തിന് നൽകേണ്ടത് ദൈവത്തിനും നൽകുക” എന്ന് അദ്ദേഹം അവരോടു പറഞ്ഞു.
22 ഇതു കേട്ട് അവർ വിസ്മയിച്ചു, അദ്ദേഹത്തെ വിട്ടുപോയി.
-
1 സകലമനുഷ്യർക്കുംവേണ്ടി അപേക്ഷകളും പ്രാർഥനകളും മധ്യസ്ഥതയും സ്തോത്രവും അർപ്പിക്കണമെന്ന് ആദ്യംതന്നെ ഞാൻ പ്രബോധിപ്പിക്കട്ടെ. 2 നാം പ്രശാന്തവും സമാധാനപൂർണവും ഭയഭക്തിയുള്ളതും അന്തസ്സുറ്റതുമായ ഒരു ജീവിതം നയിക്കാൻ സാധിക്കേണ്ടതിനു രാജാക്കന്മാർക്കുവേണ്ടിയും ഉന്നത അധികാരികൾക്കുവേണ്ടിയും പ്രാർഥിക്കുക. 3 ഇത് ഉത്തമവും നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെസന്നിധിയിൽ സ്വീകാര്യവുമാണ്. 4 സകലമനുഷ്യരും രക്ഷപ്രാപിക്കണമെന്നും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തിച്ചേരണമെന്നും അവിടന്ന് ആഗ്രഹിക്കുന്നു.
-
27 അവർ അവരെ കൊണ്ടുവന്നു ന്യായാധിപസമിതിക്കുമുമ്പിൽ ഹാജരാക്കി. മഹാപുരോഹിതൻ അവരെ വിസ്തരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: 28 “ഈ മനുഷ്യന്റെ നാമത്തിൽ ഉപദേശിക്കരുതെന്ന് ഞങ്ങൾ നിങ്ങളോടു കർശനമായി കൽപ്പിച്ചിരുന്നു, എന്നിട്ടും നിങ്ങൾ നിങ്ങളുടെ ഉപദേശംകൊണ്ടു ജെറുശലേം നിറച്ചിരിക്കുന്നെന്നുമാത്രമല്ല, ഈ മനുഷ്യന്റെ മരണത്തിന് ഞങ്ങളെ കുറ്റക്കാരാക്കാൻ കച്ചകെട്ടിയിരിക്കുകയും ചെയ്തിരിക്കുന്നു.”
29 പത്രോസും മറ്റ് അപ്പൊസ്തലന്മാരും ഇപ്രകാരം മറുപടി പറഞ്ഞു: “ഞങ്ങൾ മനുഷ്യരെയല്ല ദൈവത്തെയാണ് അനുസരിക്കേണ്ടത്. 30 നിങ്ങൾ ക്രൂശിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. 31 ഇസ്രായേലിനു മാനസാന്തരവും പാപക്ഷമയും നൽകേണ്ടതിന് ദൈവം അദ്ദേഹത്തെ പ്രഭുവും രക്ഷകനുമായി തന്റെ വലതുഭാഗത്തേക്ക് ഉയർത്തിയിരിക്കുന്നു. 32 ഈ വസ്തുതയ്ക്കു ഞങ്ങളും ദൈവത്തെ അനുസരിക്കുന്നവർക്ക് അവിടന്ന് നൽകിയിട്ടുള്ള പരിശുദ്ധാത്മാവും സാക്ഷി.”
-
10 പീലാത്തോസ് വീണ്ടും ചോദിച്ചു: “നീ എന്നോടൊന്നും സംസാരിക്കാത്തതെന്ത്? നിന്നെ മോചിപ്പിക്കാനും ക്രൂശിൽ തറപ്പിക്കാനും എനിക്കധികാരമുണ്ടെന്ന് നീ അറിയുന്നില്ലേ?”
11 അതിന് യേശു മറുപടി പറഞ്ഞു, “മുകളിൽനിന്ന് നൽകപ്പെട്ടില്ലായിരുന്നെങ്കിൽ താങ്കൾക്ക് എന്റെമേൽ ഒരധികാരവും ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് എന്നെ താങ്കളുടെപക്കൽ ഏൽപ്പിച്ചുതന്നവനാണ് കൂടുതൽ പാപമുള്ളത്.”
12 അപ്പോൾമുതൽ യേശുവിനെ വിട്ടയയ്ക്കാൻ പീലാത്തോസ് പരിശ്രമിച്ചു. എന്നാൽ യെഹൂദനേതാക്കന്മാർ, “ഈ മനുഷ്യനെ വിട്ടയച്ചാൽ, അങ്ങ് കൈസറുടെ സ്നേഹിതനല്ല. സ്വയം രാജാവെന്ന് അവകാശപ്പെടുന്നവൻ കൈസറോടു മത്സരിക്കുന്നു” എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
13 ഈ വാക്കുകൾ പീലാത്തോസ് കേട്ടപ്പോൾ, യേശുവിനെ പുറത്തുകൊണ്ടുവന്നു; എബ്രായഭാഷയിൽ ഗബ്ബഥാ, അതായത്, കൽത്തളം എന്നു പേരുള്ള സ്ഥലത്തുവന്ന് ന്യായാസനത്തിൽ ഉപവിഷ്ടനായി. 14 ഇതു സംഭവിച്ചത് പെസഹാപ്പെരുന്നാളിന്റെ തലേദിവസമായ ഒരുക്കനാളിന്റെ മധ്യാഹ്നസമയത്ത് ആയിരുന്നു.
പീലാത്തോസ് യെഹൂദനേതാക്കന്മാരോട്, “ഇതാ നിങ്ങളുടെ രാജാവ്” എന്നു പറഞ്ഞു.
15 എന്നാൽ അവർ, “അവനെ കൊന്നുകളക, കൊന്നുകളക, അവനെ ക്രൂശിക്ക” എന്നിങ്ങനെ ഉറക്കെ വിളിച്ചുപറഞ്ഞു.
“നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിലേറ്റണമോ?” പീലാത്തോസ് ചോദിച്ചു.
“ഞങ്ങൾക്കു കൈസറല്ലാതെ മറ്റൊരു രാജാവില്ല,” പുരോഹിതമുഖ്യന്മാർ ഉത്തരം പറഞ്ഞു.
16 ഒടുവിൽ പീലാത്തോസ് യേശുവിനെ ക്രൂശിക്കാനായി അവർക്കു വിട്ടുകൊടുത്തു.
പടയാളികൾ യേശുവിനെ ഏറ്റുവാങ്ങി.
-
4 അതിനാൽ ഇസ്രായേലിലെ ഗോത്രത്തലവന്മാർ ഒരുമിച്ചുകൂടി രാമായിൽ ശമുവേലിന്റെ അടുക്കൽവന്നു. 5 അവർ അദ്ദേഹത്തോട്: “അങ്ങ് ഇപ്പോൾ വൃദ്ധനായിരിക്കുന്നു; അങ്ങയുടെ പുത്രന്മാർ അങ്ങയുടെ മാർഗം പിൻതുടരുന്നില്ല. അതിനാൽ മറ്റു ജനതകൾക്കുള്ളതുപോലെ ഞങ്ങളെ നയിക്കാൻ ഒരു രാജാവിനെ നിയോഗിച്ചുതന്നാലും!” എന്നപേക്ഷിച്ചു.
6 എന്നാൽ “ഞങ്ങളെ നയിക്കാൻ ഞങ്ങൾക്കൊരു രാജാവിനെ തരിക,” എന്ന് അവർ പറഞ്ഞത് ശമുവേലിന് അപ്രീതിയായി. അദ്ദേഹം യഹോവയോടു പ്രാർഥിച്ചു. 7 യഹോവ അദ്ദേഹത്തോട് ഇപ്രകാരം അരുളിച്ചെയ്തു: “ജനം നിന്നോടു പറയുന്നതെല്ലാം ശ്രദ്ധിച്ചുകേൾക്കുക! അവർ നിന്നെയല്ല, അവരുടെ രാജാവെന്ന നിലയിൽ എന്നെയാണ് തിരസ്കരിച്ചിരിക്കുന്നത്. 8 ഞാൻ അവരെ ഈജിപ്റ്റിൽനിന്ന് വിടുവിച്ച നാൾമുതൽ ഇന്നുവരെ അവർ എന്നെ ഉപേക്ഷിക്കുകയും അന്യദൈവങ്ങളെ സേവിക്കുകയും ചെയ്ത് എന്നോടു കാണിച്ച തിന്മതന്നെ അവർ നിന്റെനേരേയും കാണിക്കുന്നു. 9 ഇപ്പോൾ അവർ പറയുന്നതു കേൾക്കുക. എന്നിരുന്നാലും അവരെ ഗൗരവപൂർവം താക്കീതു ചെയ്യുക. ഭരിക്കാൻപോകുന്ന രാജാവിന്റെ അവകാശങ്ങൾ എന്തെല്ലാമായിരിക്കുമെന്ന് അവരെ അറിയിക്കുക.”
10 അങ്ങനെ ഒരു രാജാവിനെ ചോദിച്ചുകൊണ്ട് തന്റെ അടുത്തുവന്ന ജനത്തെ ശമുവേൽ യഹോവയുടെ വാക്കുകളെല്ലാം അറിയിച്ചു. 11 അദ്ദേഹം പറഞ്ഞു: “നിങ്ങളെ ഭരിക്കാൻപോകുന്ന രാജാവിന്റെ അവകാശങ്ങൾ ഇതൊക്കെ ആയിരിക്കും: അയാൾ നിങ്ങളുടെ പുത്രന്മാരെ തന്റെ തേരാളികളും കുതിരച്ചേവകരുമായി നിയോഗിക്കും. അവർക്ക് അയാളുടെ രഥങ്ങൾക്കുമുമ്പിൽ ഓടേണ്ടതായി വരും. 12 ചിലരെ അയാൾ ആയിരങ്ങളുടെയും അൻപതുകളുടെയും അധിപന്മാരായി നിയമിക്കും. മറ്റുചിലരെ തന്റെ നിലം ഉഴുവാനും വിളവു കൊയ്യാനും യുദ്ധത്തിനുവേണ്ടിയുള്ള ആയുധങ്ങൾ നിർമിക്കാനും രഥസാമഗ്രികൾ ഉണ്ടാക്കുന്നതിനും നിയോഗിക്കും. 13 നിങ്ങളുടെ പുത്രിമാരെ അയാൾ സുഗന്ധലേപനം നിർമിക്കുന്നതിനും പാചകത്തിനും അപ്പം ഉണ്ടാക്കുന്നതിനും നിയമിക്കും. 14 നിങ്ങളുടെയെല്ലാം വിശേഷപ്പെട്ട വയലുകളും മുന്തിരിത്തോപ്പുകളും ഒലിവുമരത്തോട്ടങ്ങളും അയാൾ നിങ്ങളിൽനിന്ന് അപഹരിച്ച് തന്റെ ഭൃത്യന്മാർക്ക് കൊടുക്കും. 15 നിങ്ങളുടെ ധാന്യവിളവിന്റെയും മുന്തിരിപ്പഴവിളവിന്റെയും ദശാംശം അയാൾ വാങ്ങിച്ച് തന്റെ ഉദ്യോഗസ്ഥന്മാർക്കും സേവകർക്കും നൽകും. 16 നിങ്ങളുടെ ദാസന്മാരിലും ദാസികളിലും കന്നുകാലികളിലും കഴുതകളിലും ഏറ്റവും നല്ലതിനെയും അയാൾ തന്റെ ഉപയോഗത്തിനായി എടുക്കും. 17 അയാൾ നിങ്ങളുടെ ആട്ടിൻപറ്റത്തിൽനിന്നു ദശാംശം എടുക്കും; നിങ്ങൾപോലും അയാളുടെ അടിമകളായിത്തീരും. 18 ആ ദിവസം വരുമ്പോൾ നിങ്ങൾ തെരഞ്ഞെടുത്ത രാജാവിൽനിന്നുള്ള വിടുതലിനായി നിങ്ങൾ നിലവിളിക്കും, എന്നാൽ അന്ന് യഹോവ നിങ്ങൾക്ക് ഉത്തരമരുളുകയുമില്ല.”
19 എന്നാൽ ശമുവേലിന്റെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാൻ ജനത്തിനു സമ്മതമായില്ല. അവർ പറഞ്ഞു: “അല്ല, ഞങ്ങളെ ഭരിക്കുന്നതിനായി ഞങ്ങൾക്കൊരു രാജാവിനെ വേണം! 20 അപ്പോൾമാത്രമേ ഞങ്ങൾക്കുചുറ്റുമുള്ള രാഷ്ട്രങ്ങളെപ്പോലെ ഞങ്ങളും ആയിത്തീരുകയുള്ളൂ. ഞങ്ങളെ നയിക്കുന്നതിനും ഞങ്ങൾക്കുമുമ്പായി പുറപ്പെട്ട് ഞങ്ങളുടെ യുദ്ധങ്ങൾ നയിക്കുന്നതിനുമായി ഞങ്ങൾക്കൊരു രാജാവിനെ വേണം.”
21 ശമുവേൽ ജനത്തിന്റെ വാക്കുകളെല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവയെല്ലാം യഹോവയുടെ സന്നിധിയിൽ അറിയിച്ചു. 22 യഹോവ അദ്ദേഹത്തോട്: “അവരുടെ വാക്കുകേട്ട്, അവർക്കൊരു രാജാവിനെ വാഴിച്ചു കൊടുക്കുക!” എന്നു കൽപ്പിച്ചു.
അതിനുശേഷം ശമുവേൽ ഇസ്രായേൽജനത്തോട്: “ഓരോരുത്തനും താന്താങ്ങളുടെ പട്ടണത്തിലേക്കു മടങ്ങിപ്പൊയ്ക്കൊള്ളൂ!” എന്നു പറഞ്ഞു.
-
1 ഭരണാധികാരികൾക്കും മേധാവികൾക്കും വിധേയരും അനുസരണശീലമുള്ളവരുമായി നല്ലകാര്യങ്ങൾ ചെയ്യുന്നതിൽ ഉത്സാഹം കാണിക്കാൻ വിശ്വാസികളെ നീ ഓർമിപ്പിക്കുക. 2 ആരെക്കുറിച്ചും അപവാദം പറയാതെയും തർക്കങ്ങൾ ഒഴിവാക്കിയും സൗമ്യശീലരായി എല്ലാവരോടും വിനയത്തോടെ പെരുമാറുവാനും നീ ഓർമിപ്പിക്കുക.
-
17 നിങ്ങളെ നയിക്കുന്നവരെ അനുസരിച്ച് അവർക്കു വിധേയരാകുക. അവർ ദൈവത്തിനുമുമ്പിൽ തങ്ങളുടെ ശുശ്രൂഷയെപ്പറ്റി കണക്കു ബോധിപ്പിക്കേണ്ടവർ ആയതുകൊണ്ട് നിങ്ങളുടെ പ്രാണനെ അതീവജാഗ്രതയോടെ പരിരക്ഷിച്ചുകൊണ്ടിരിക്കുന്നവരാണ്. ഇതു ഭാരമായിട്ടല്ല, ആനന്ദത്തോടുകൂടിയാണ് അവർ ചെയ്യുന്നത്, അല്ലാത്തപക്ഷം നിങ്ങൾക്ക് അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.
-
6 എന്തെന്നാൽ നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു,
നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു,
ആധിപത്യം അവന്റെ തോളിലായിരിക്കും.
അവൻ ഇപ്രകാരം വിളിക്കപ്പെടും:
അത്ഭുതമന്ത്രി, ശക്തനായ ദൈവം,
നിത്യപിതാവ്, സമാധാനപ്രഭു.
7 അവിടത്തെ ആധിപത്യത്തിന്റെ വർധനയ്ക്കും സമാധാനത്തിനും
അവസാനം ഉണ്ടാകുകയില്ല.
ദാവീദിന്റെ സിംഹാസനത്തിൽ ആരൂഢനായി
അതിനെ നീതിയോടും ന്യായത്തോടുംകൂടി
സ്ഥാപിച്ച് സുസ്ഥിരമാക്കി
ദാവീദിന്റെ രാജ്യത്തിന്മേൽ
ഇന്നുമുതൽ എന്നേക്കും വാഴും.
സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത
ഇതു നിറവേറ്റും.
-
1 ദൈവം നോഹയെയും അദ്ദേഹത്തിന്റെ പുത്രന്മാരെയും അനുഗ്രഹിച്ച്, അവരോട് അരുളിച്ചെയ്തു: “നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി എണ്ണത്തിൽ വർധിച്ച് ഭൂമിയിൽ നിറയുക. 2 ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ സകലപക്ഷികൾക്കും സകലഭൂചരജന്തുക്കൾക്കും സമുദ്രത്തിലെ സകലമത്സ്യങ്ങൾക്കും നിങ്ങളെക്കുറിച്ചുള്ള പേടിയും നടുക്കവും ഉണ്ടാകും. ഞാൻ അവയെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു. 3 ജീവനോടെ ചരിക്കുന്ന സകലതും നിങ്ങൾക്ക് ആഹാരമായിരിക്കും. ഞാൻ നിങ്ങൾക്കു പച്ചസസ്യങ്ങൾ നൽകിയതുപോലെ ഇപ്പോൾ സകലതും നിങ്ങൾക്കു തരുന്നു.
4 “എന്നാൽ, ജീവരക്തത്തോടുകൂടി ഒന്നിന്റെയും മാംസം നിങ്ങൾ ഭക്ഷിക്കരുത്. 5 നിങ്ങളുടെ ജീവരക്തത്തിനു ഞാൻ കണക്കുചോദിക്കും; ഓരോ മൃഗത്തോടും ഞാൻ കണക്ക് ആവശ്യപ്പെടും; ഓരോ മനുഷ്യനോടും അവന്റെ സുഹൃത്തിന്റെ ജീവരക്തത്തിനു കണക്കുചോദിക്കും.
6 “മനുഷ്യന്റെ രക്തം ആരെങ്കിലും ചൊരിഞ്ഞാൽ
അവന്റെ രക്തം മനുഷ്യൻ ചൊരിയിക്കും.
ദൈവം തന്റെ സ്വരൂപത്തിലാണല്ലോ
മനുഷ്യനെ നിർമിച്ചത്.
-
13 പിന്നീട് അവർ യേശുവിനെ അദ്ദേഹത്തിന്റെ വാക്കുകളിൽ കുടുക്കുന്നതിനു ചില പരീശന്മാരെയും ഹെരോദ്യരെയും അദ്ദേഹത്തിന്റെ അടുക്കൽ അയച്ചു. 14 അവർ വന്ന് അദ്ദേഹത്തോട്: “ഗുരോ, അങ്ങ് സത്യസന്ധനാണ്; അങ്ങ് പക്ഷപാതം കാണിക്കുന്നതുമില്ല. അതുകൊണ്ട് ആർക്കും അങ്ങയെ സ്വാധീനിക്കാൻ കഴിയുകയില്ല. ദൈവികമാർഗം അങ്ങ് സത്യസന്ധമായിമാത്രം പഠിപ്പിക്കുന്നു എന്നും ഞങ്ങൾക്കറിയാം” എന്നു പറഞ്ഞിട്ട്, “റോമൻ കൈസർക്ക് നികുതി കൊടുക്കുന്നതു ശരിയാണോ? 15 ഞങ്ങൾ കൊടുക്കണമോ കൊടുക്കാതിരിക്കണമോ?” എന്നു ചോദിച്ചു.
യേശു അവരുടെ കൗശലം മനസ്സിലാക്കിക്കൊണ്ട് അവരോടു ചോദിച്ചു: “നിങ്ങൾ എന്നെ കുടുക്കാൻ തുനിയുന്നതെന്തിന്? ഒരു റോമൻ നാണയം കൊണ്ടുവരൂ, അതു ഞാൻ നോക്കട്ടെ.” 16 അവർ ഒരു റോമൻ നാണയം കൊണ്ടുവന്നു. യേശു അവരോട്, “ഇതിൽ മുദ്രണം ചെയ്തിരിക്കുന്ന രൂപവും ലിഖിതവും ആരുടേത്?” എന്നു ചോദിച്ചു.
“കൈസറുടേത്” അവർ മറുപടി പറഞ്ഞു.
17 അപ്പോൾ യേശു, “കൈസർക്ക് നൽകേണ്ടത് കൈസർക്കും ദൈവത്തിന് നൽകേണ്ടത് ദൈവത്തിനും നൽകുക” എന്ന് അവരോടു പറഞ്ഞു.
അദ്ദേഹത്തിന്റെ മറുപടികേട്ട് അവർ വിസ്മയിച്ചു.
-
20 അവർ യേശുവിനെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു. യേശുവിനെ വാക്കിൽക്കുടുക്കി റോമൻ നിയമപ്രകാരമുള്ള വല്ല കുറ്റവും ചെയ്യിച്ച് റോമൻ ഭരണാധികാരിക്ക് ഏൽപ്പിക്കാനുള്ള പഴുത് അന്വേഷിക്കാനായി, നീതിമാന്മാരെന്നു നടിക്കുന്ന രഹസ്യദൂതന്മാരെ യേശുവിന്റെ സമീപത്തേക്കയച്ചു. 21 അവർ അദ്ദേഹത്തോടു ചോദിച്ചു: “ഗുരോ, അങ്ങ് ശരിയായിട്ടുള്ളതു പ്രസ്താവിക്കുകയും ഉപദേശിക്കുകയും പക്ഷഭേദരഹിതനായി സത്യം അനുസരിച്ചുമാത്രം ദൈവികമാർഗം പഠിപ്പിക്കുകയുംചെയ്യുന്നു എന്ന് ഞങ്ങൾക്കറിയാം. 22 നാം റോമൻ കൈസർക്ക് നികുതി കൊടുക്കുന്നതു ശരിയാണോ?”
23 അവരുടെ തന്ത്രം മനസ്സിലാക്കിയിട്ട് അദ്ദേഹം അവരോട്, 24 “ഒരു ദിനാർനാണയം കാണിക്കുക” എന്നു പറഞ്ഞു. അതിനുശേഷം “ആരുടെ രൂപവും ലിഖിതവുമാണ് ഇതിന്മേലുള്ളത്?” എന്ന് യേശു അവരോടു ചോദിച്ചു.
“കൈസറുടേത്” അവർ മറുപടി പറഞ്ഞു.
25 “അങ്ങനെയെങ്കിൽ, കൈസർക്ക് നൽകേണ്ടത് കൈസർക്കും ദൈവത്തിന് നൽകേണ്ടത് ദൈവത്തിനും നൽകുക,” എന്ന് അദ്ദേഹം അവരോടു പറഞ്ഞു.
-
28 ആധിപത്യം യഹോവയ്ക്കുള്ളത്
അവിടന്ന് സകലരാഷ്ട്രങ്ങളിലും വാഴുന്നു.
-
20 അദ്ദേഹം:
“ദൈവത്തിന്റെ നാമം എന്നെന്നേക്കും വാഴ്ത്തപ്പെടട്ടെ;
ജ്ഞാനവും ശക്തിയും അവിടത്തേക്കുള്ളത്.
21 അവിടന്നു കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നു;
അവിടന്നു രാജാക്കന്മാരെ നീക്കംചെയ്യുകയും ഉറപ്പിക്കുകയും ചെയ്യുന്നു.
അവിടന്നു ജ്ഞാനികൾക്കു ജ്ഞാനവും
വിവേകികൾക്കു വിവേകവും നൽകുന്നു.
22 അവിടന്ന് അഗാധവും നിഗൂഢവുമായ കാര്യങ്ങൾ വെളിപ്പെടുത്തുന്നു;
ഇരുട്ടിൽ മറഞ്ഞിരിക്കുന്നത് അവിടന്ന് അറിയുന്നു,
വെളിച്ചം അവിടത്തോടൊപ്പം വസിക്കുന്നു.
23 എന്റെ പിതാക്കന്മാരുടെ ദൈവമേ,
അവിടന്ന് എനിക്കു ജ്ഞാനവും ശക്തിയും നൽകിയിരിക്കുകയാൽ ഞാൻ അവിടത്തെ വാഴ്ത്തുന്നു.
ഞങ്ങൾ അവിടത്തോട് അപേക്ഷിച്ച കാര്യം അവിടന്ന് എന്നെ അറിയിച്ചിരിക്കുന്നു,
രാജാവിന്റെ സ്വപ്നത്തെക്കുറിച്ച് അവിടന്നു ഞങ്ങൾക്ക് വെളിപ്പെടുത്തിയിരിക്കുന്നു.”
-
18 “രാജാവേ, പരമോന്നതനായ ദൈവം തിരുമേനിയുടെ പിതാവായ നെബൂഖദ്നേസരിന് ആധിപത്യവും പ്രതാപവും മഹത്ത്വവും ബഹുമാനവും നൽകി. 19 ദൈവം അദ്ദേഹത്തിനു നൽകിയ പ്രതാപംനിമിത്തം സകലരാഷ്ട്രങ്ങളും ജനതകളും എല്ലാ ഭാഷക്കാരും അദ്ദേഹത്തെ ഭയപ്പെടുകയും അദ്ദേഹത്തിന്റെമുമ്പിൽ വിറയ്ക്കുകയും ചെയ്തു. താൻ ആഗ്രഹിച്ചവനെ അദ്ദേഹം കൊല്ലുകയും താൻ ആഗ്രഹിച്ചവനെ ജീവനോടെ രക്ഷിക്കുകയും തനിക്കു ബോധിച്ചവനെ ഉയർത്തുകയും തനിക്കു ബോധിച്ചവനെ താഴ്ത്തുകയും ചെയ്തു. 20 എങ്കിലും അദ്ദേഹത്തിന്റെ ഹൃദയം നിഗളിച്ചു. മനസ്സ് അഹങ്കാരത്താൽ കഠിനമായപ്പോൾ രാജസിംഹാസനത്തിൽനിന്നും അദ്ദേഹം നീക്കപ്പെട്ടു, പ്രതാപം അദ്ദേഹത്തെ വിട്ടുപോയി. 21 മനുഷ്യരിൽനിന്നും അദ്ദേഹം നീക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഹൃദയം മൃഗത്തിനു തുല്യമായി; അദ്ദേഹത്തിന്റെ വാസം കാട്ടുകഴുതകളോടൊപ്പമായി. കാളകൾക്കെന്നപോലെ പുല്ല് അദ്ദേഹത്തിന് ആഹാരമായി. പരമോന്നതനായ ദൈവം സകലരാജ്യങ്ങളിന്മേലും ഭരണം നടത്തുന്നു എന്നും താൻ ഇച്ഛിക്കുന്നവനെ അവർക്ക് അധിപതിയാക്കിത്തീർക്കുന്നു എന്നും അംഗീകരിച്ചതുവരെയും അദ്ദേഹത്തിന്റെ ശരീരം ആകാശത്തിലെ മഞ്ഞുകൊണ്ടു നനഞ്ഞു.
22 “എങ്കിലും അദ്ദേഹത്തിന്റെ മകനായ ബേൽശസ്സരേ, ഇതെല്ലാം അറിഞ്ഞിരുന്നിട്ടും തിരുമേനി സ്വന്തം ഹൃദയത്തെ വിനയപ്പെടുത്തിയില്ല. 23 നേരേമറിച്ച്, സ്വർഗത്തിലെ ദൈവത്തിനെതിരേ തിരുമേനി സ്വയം ഉയർത്തി. ദൈവാലയത്തിലെ പാത്രങ്ങൾ അവർ അങ്ങയുടെമുമ്പിൽ കൊണ്ടുവന്നു. തിരുമേനിയും തിരുമേനിയുടെ പ്രഭുക്കന്മാരും ഭാര്യമാരും വെപ്പാട്ടികളും അവയിൽനിന്ന് വീഞ്ഞുകുടിച്ചു. വെള്ളി, സ്വർണം, വെങ്കലം, ഇരുമ്പ്, മരം, കല്ല് എന്നിവയാൽ നിർമിക്കപ്പെട്ടതും കാണുന്നതിനോ കേൾക്കുന്നതിനോ ഗ്രഹിക്കുന്നതിനോ കഴിവില്ലാത്തതുമായ ദേവതകളെ നിങ്ങൾ വാഴ്ത്തിസ്തുതിച്ചു. തിരുമേനിയുടെ ജീവശ്വാസവും സർവമാർഗങ്ങളും നിയന്ത്രിക്കുന്ന ദൈവത്തെ തിരുമേനി മഹത്ത്വപ്പെടുത്തിയതുമില്ല. 24 അതിനാൽ ആ ദൈവം ഈ കൈപ്പത്തി അയച്ച് ഈ എഴുത്ത് എഴുതിയിരിക്കുന്നു.
25 “എഴുതപ്പെട്ടിരിക്കുന്നത് ഇപ്രകാരമാണ്:
മെനേ, മെനേ, തെക്കേൽ, ഊഫർസീൻ.
26 “വാക്കുകളുടെ അർഥം ഇപ്രകാരമാണ്:
മെനേ, എന്നതിന് ദൈവം അങ്ങയുടെ രാജത്വത്തിന്റെ ദിനങ്ങൾ എണ്ണി അതിന് അന്തം വരുത്തിയിരിക്കുന്നു എന്നും
27 തെക്കേൽ, എന്നതിന് അങ്ങയെ ത്രാസിൽ തൂക്കി കുറവുള്ളവനായി കണ്ടിരിക്കുന്നു എന്നും
28 ഊഫർസീൻ, എന്നതിന് അങ്ങയുടെ രാജ്യത്തെ വിഭജിച്ച് മേദ്യർക്കും പാർസികൾക്കുമായി നൽകിയിരിക്കുന്നു എന്നുമാണ്.”
29 അപ്പോൾ ബേൽശസ്സരിന്റെ കൽപ്പനപ്രകാരം ദാനീയേലിനെ അവർ ധൂമ്രവസ്ത്രം ധരിപ്പിച്ചു; അദ്ദേഹത്തിന്റെ കഴുത്തിൽ പൊന്മാല അണിയിച്ചു. അദ്ദേഹത്തെ രാജ്യത്തിലെ മൂന്നാമത്തെ ഉന്നത ഭരണാധികാരിയാക്കി വിളംബരം പുറപ്പെടുവിച്ചു.
30 ആ രാത്രിയിൽത്തന്നെ ബാബേൽരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു. 31 മേദ്യനായ ദാര്യാവേശ് അറുപത്തിരണ്ടാം വയസ്സിൽ രാജ്യം ഏറ്റെടുത്തു.
-
13 “കിടക്കയിൽവെച്ച് എനിക്കുണ്ടായ ദർശനങ്ങളിൽ, വിശുദ്ധനായ ഒരു ദൈവദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നത് ഞാൻ കണ്ടു. 14 അദ്ദേഹം ഇപ്രകാരം വിളിച്ചുപറഞ്ഞു: ‘വൃക്ഷം വെട്ടിയിട്ട്, അതിന്റെ കൊമ്പുകൾ മുറിച്ച്, ഇലകൾ കോതി, കായ്കൾ ചിതറിച്ചുകളയുക. മൃഗങ്ങൾ അതിന്റെ കീഴിൽനിന്ന് ഓടിപ്പോകട്ടെ; പക്ഷികൾ അതിന്റെ ശാഖകളിൽനിന്ന് പറന്നകലട്ടെ. 15 എങ്കിലും വൃക്ഷത്തിന്റെ കുറ്റി വേരുകളോടുകൂടെ വയലിലെ പുല്ലുകൾക്കിടയിൽ ചുറ്റും ഇരുമ്പും വെങ്കലവുംകൊണ്ടു ബന്ധിക്കപ്പെട്ടനിലയിൽ ശേഷിപ്പിക്കുക.
“ ‘ആകാശത്തിലെ മഞ്ഞുകൊണ്ട് അദ്ദേഹം നനയട്ടെ. വയലിലെ മൃഗങ്ങളോടൊപ്പം അദ്ദേഹം മേയട്ടെ. 16 അദ്ദേഹത്തിനു മനുഷ്യസ്വഭാവം മാറ്റി ഒരു മൃഗസ്വഭാവം ലഭിക്കട്ടെ. അങ്ങനെ അദ്ദേഹം ഏഴുകാലം കഴിയട്ടെ.
17 “ ‘പരമോന്നതൻ ഭൂമിയിലെ സകലരാജ്യങ്ങളുടെയുംമേൽ വാഴുന്നു എന്നും തനിക്ക് ഇഷ്ടമുള്ളവന് അതു നൽകുന്നു എന്നും മനുഷ്യരിൽ ഏറ്റവും താണവനെ അതിന്മേൽ വാഴിക്കുന്നു എന്നും ജീവനോടിരിക്കുന്നവർ അറിയേണ്ടതിന് ഈ വിധി ദൂതന്മാരുടെ ഉത്തരവും വിശുദ്ധജനങ്ങളുടെ തീർപ്പും ആകുന്നു.’
18 “നെബൂഖദ്നേസർ രാജാവെന്ന ഞാൻ കണ്ട സ്വപ്നം ഇതാകുന്നു. ഇപ്പോൾ ബേൽത്ത്ശസ്സരേ, താങ്കൾ ഇതിന്റെ അർഥം പറഞ്ഞുതരിക. എന്റെ രാജ്യത്തിലെ ജ്ഞാനികളാരുംതന്നെ എനിക്ക് അതു വ്യാഖ്യാനിച്ചുതരാൻ കഴിവുള്ളവരായിരുന്നില്ല. എന്നാൽ വിശുദ്ധദേവതകളുടെ ആത്മാവ് നിന്നിൽ ഉള്ളതിനാൽ നിനക്ക് അതു ചെയ്യാൻ കഴിയും.”
-
8 സമുദ്രംമുതൽ സമുദ്രംവരെയും
യൂഫ്രട്ടീസ് നദിമുതൽ ഭൂമിയുടെ അറ്റത്തോളവും അദ്ദേഹം ഭരണംനടത്തട്ടെ.
9 മരുഭൂവാസികൾ അദ്ദേഹത്തിന്റെമുമ്പിൽ വണങ്ങുകയും
അദ്ദേഹത്തിന്റെ ശത്രുക്കൾ പൊടി നക്കുകയുംചെയ്യട്ടെ.
10 തർശീശിലെയും വിദൂരതീരങ്ങളിലെയും ആളുകൾ
അദ്ദേഹത്തിന്റെമുമ്പിൽ കപ്പംകൊണ്ടുവരട്ടെ.
ശേബയിലെയും സേബയിലെയും രാജാക്കന്മാർ
ഉപഹാരങ്ങൾ കൊണ്ടുവരട്ടെ.
11 എല്ലാ രാജാക്കന്മാരും അദ്ദേഹത്തിന്റെമുമ്പിൽ താണുവണങ്ങുകയും
സകലരാഷ്ട്രങ്ങളും അദ്ദേഹത്തെ സേവിക്കുകയുംചെയ്യട്ടെ.
-
31 “രാജാവേ, അങ്ങു നോക്കിയപ്പോൾ അങ്ങയുടെ മുമ്പിലായി ഒരു വലിയ പ്രതിമ—അത്യധികം വലുപ്പമുള്ളതും ശോഭയോടെ തിളങ്ങുന്നതും കാഴ്ചയിൽ ഭയാനകവുമായ ഒരു പ്രതിമ—കാണപ്പെട്ടു. 32 പ്രതിമയുടെ തല തങ്കനിർമിതമായിരുന്നു. അതിന്റെ നെഞ്ചും കൈകളും വെള്ളികൊണ്ടും വയറും തുടകളും വെങ്കലംകൊണ്ടും 33 കാലുകൾ ഇരുമ്പുകൊണ്ടും അതിന്റെ പാദങ്ങൾ ഭാഗികമായി ഇരുമ്പുകൊണ്ടും ഭാഗികമായി കളിമണ്ണുകൊണ്ടും ആയിരുന്നു. 34 അങ്ങ് നോക്കിക്കൊണ്ടിരിക്കെ, മനുഷ്യന്റെ കൈകൾകൊണ്ടല്ലാതെ രൂപപ്പെടുത്തിയ ഒരു പാറ അടർന്നുവന്നു പ്രതിമയുടെ ഇരുമ്പും കളിമണ്ണുംകൊണ്ടുള്ള കാൽ ഇടിച്ചുതകർത്തുകളഞ്ഞു. 35 അപ്പോൾ ഇരുമ്പും കളിമണ്ണും വെങ്കലവും വെള്ളിയും സ്വർണവും എല്ലാം ഒരുപോലെ തകർന്നു തരിപ്പണമായി; അതു വേനൽക്കാലത്തു മെതിക്കളത്തിലെ പതിരുപോലെ ആയിത്തീർന്നു. ഒന്നും ശേഷിപ്പിക്കാതെ കാറ്റ് അവയെ പറപ്പിച്ചുകളഞ്ഞു. പ്രതിമയെ ഇടിച്ച കല്ലോ, ഒരു വലിയ പർവതമായിത്തീർന്ന് ഭൂമിയിലെല്ലാം നിറഞ്ഞു.
36 “ഇതായിരുന്നു സ്വപ്നം. ഇനി ഞങ്ങൾ രാജാവിനോട് സ്വപ്നത്തിന്റെ പൊരുൾ വിവരിക്കാം. 37 രാജാവേ, അങ്ങ് രാജാധിരാജൻതന്നെ. സ്വർഗസ്ഥനായ ദൈവം അങ്ങേക്ക് ആധിപത്യവും ശക്തിയും ബലവും മഹത്ത്വവും നൽകിയിരിക്കുന്നു; 38 മനുഷ്യവർഗത്തെയും വയലിലെ മൃഗങ്ങളെയും ആകാശത്തിലെ പറവകളെയും അവിടന്ന് അങ്ങയുടെ കരങ്ങളിൽ ഏൽപ്പിച്ചിരിക്കുന്നു. അവയ്ക്കെല്ലാം അവിടന്ന് അങ്ങയെ ഭരണാധികാരിയാക്കിയിരിക്കുന്നു. സ്വർണംകൊണ്ടുള്ള തല അങ്ങുതന്നെ.
39 “അങ്ങേക്കുശേഷം അങ്ങയുടേതിനെക്കാൾ താണ മറ്റൊരു രാജത്വം ഉയർന്നുവരും. അടുത്തതായി വെങ്കലംകൊണ്ടുള്ള മൂന്നാമതൊരു രാജത്വം ഭൂമിയെ മുഴുവൻ ഭരിക്കും. 40 പിന്നീടുള്ള നാലാമത്തെ രാജത്വം ഇരുമ്പുപോലെ ശക്തമായിരിക്കും—ഇരുമ്പ് സകലതിനെയും തകർത്തു നശിപ്പിക്കുന്നല്ലോ—ഇരുമ്പു സകലതിനെയും തകർത്തുകളയുന്നതുപോലെ അത് എല്ലാറ്റിനെയും തകർത്തു തരിപ്പണമാക്കും. 41 കാലും കാൽവിരലുകളും, ഭാഗികമായി കളിമണ്ണും ഭാഗികമായി ഇരുമ്പുമായി, അങ്ങു കണ്ടതുപോലെ അത് ഒരു വിഭജിതരാജത്വം ആയിരിക്കും. എന്നാൽ ഇരുമ്പും കളിമണ്ണും ഇടകലർന്നുകണ്ടതുപോലെ അതിൽ ഇരുമ്പിന്റെ ശക്തി കുറെ ഉണ്ടായിരിക്കും. 42 കാൽവിരലുകൾ പകുതി ഇരുമ്പും പകുതി കളിമണ്ണും ആയിരുന്നതുപോലെ ആ രാജത്വം ഭാഗികമായി ശക്തവും ഭാഗികമായി ദുർബലവും ആയിരിക്കും. 43 അതിൽ ഇരുമ്പു കേവലം കളിമണ്ണിനോടു കലർന്നിരുന്നതുപോലെ അവർ വിവാഹബന്ധത്തിലൂടെ പരസ്പരം ഇടകലർന്നിരിക്കും. എങ്കിലും ഇരുമ്പു കളിമണ്ണിനോടു ചേരാത്തതുപോലെ അവർതമ്മിലും ചേർച്ചയുണ്ടാകുകയില്ല.
44 “ആ രാജാക്കന്മാരുടെ കാലത്ത് സ്വർഗത്തിലെ ദൈവം ഒരിക്കലും നശിക്കാത്ത ഒരു രാജ്യം സ്ഥാപിക്കും. ആ രാജ്യം മറ്റൊരു ജനതയ്ക്ക് ഏൽപ്പിക്കപ്പെടുകയില്ല. അത് ഈ സകലരാജ്യങ്ങളെയും തകർത്തു നശിപ്പിക്കും. എന്നാൽ ആ രാജ്യം എന്നേക്കും നിലനിൽക്കും. 45 പർവതത്തിൽനിന്ന് മനുഷ്യന്റെ കരസ്പർശം കൂടാതെ പൊട്ടിച്ചെടുത്ത ഒരു കല്ലു വന്ന് ഇരുമ്പിനെയും വെങ്കലത്തെയും കളിമണ്ണിനെയും വെള്ളിയെയും സ്വർണത്തെയും തകർത്തുകളഞ്ഞതായി അങ്ങു കണ്ട ദർശനത്തിന്റെ അർഥം ഇതാണ്:
“ഭാവിയിൽ സംഭവിക്കാനുള്ളത് വലിയവനായ ദൈവം അങ്ങയെ അറിയിച്ചിരിക്കുന്നു. സ്വപ്നം യാഥാർഥ്യവും അതിന്റെ വ്യാഖ്യാനം വിശ്വാസയോഗ്യവുമാണ്.”
-
28 ഇതെല്ലാം നെബൂഖദ്നേസർ രാജാവിനു സംഭവിച്ചു. 29 പന്ത്രണ്ടു മാസത്തിനുശേഷം, രാജാവ് ബാബേലിലെ അരമനയുടെ മട്ടുപ്പാവിൽ ഉലാത്തുകയായിരുന്നു. 30 “ഇത് എന്റെ ശക്തിയുടെ പ്രഭാവത്താൽ എന്റെ പ്രതാപമഹത്ത്വത്തിനായി ഞാൻതന്നെ നിർമിച്ച രാജകീയ നിവാസമായ ബാബേൽ അല്ലയോ?” എന്ന് രാജാവ് പറഞ്ഞു.
31 ഈ വാക്ക് രാജാവിന്റെ നാവിന്മേൽ ഇരിക്കെത്തന്നെ, സ്വർഗത്തിൽനിന്ന് ഒരു ശബ്ദം ഉണ്ടായി: “നെബൂഖദ്നേസർ രാജാവേ, നിന്നോടുള്ള കൽപ്പനയാണിത്: രാജത്വം നിന്നിൽനിന്ന് നീക്കപ്പെട്ടിരിക്കുന്നു. 32 നിന്നെ മനുഷ്യരുടെ ഇടയിൽനിന്ന് നീക്കിക്കളയും. നിന്റെ വാസം കാട്ടിലെ മൃഗങ്ങളോടൊപ്പമാകും. കാളയെപ്പോലെ നിന്നെ പുല്ലു തീറ്റും. പരമോന്നതൻ ഭൂമിയിലെ സകലരാജ്യങ്ങളിന്മേലും ഭരണം നടത്തുന്നു എന്നും തനിക്കിഷ്ടമുള്ളവന് അതു നൽകുന്നു എന്നും നീ അറിയുന്നതുവരെ നിനക്ക് ഏഴുകാലം കഴിയും.”
33 ഉടൻതന്നെ ആ വചനം നെബൂഖദ്നേസറിൽ നിറവേറി. അദ്ദേഹത്തെ മനുഷ്യരിൽനിന്ന് നീക്കിക്കളഞ്ഞു. അദ്ദേഹം കാളയെപ്പോലെ പുല്ലുതിന്നു. അദ്ദേഹത്തിന്റെ രോമം കഴുകന്റെ തൂവൽപോലെയും അദ്ദേഹത്തിന്റെ നഖം പക്ഷികളുടെ നഖംപോലെയും വളരുന്നതുവരെ അദ്ദേഹത്തിന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനഞ്ഞു.
34 ആ കാലം തീർന്നപ്പോൾ നെബൂഖദ്നേസർ എന്ന ഞാൻ എന്റെ കണ്ണുകൾ സ്വർഗത്തിലേക്കുയർത്തി; എന്റെ ബുദ്ധി എനിക്കു തിരികെക്കിട്ടി. ഞാൻ പരമോന്നതനെ സ്തുതിക്കുകയും എന്നേക്കും ജീവിച്ചിരിക്കുന്നവനെ ആദരിച്ച് മഹത്ത്വപ്പെടുത്തുകയും ചെയ്തു.
അവിടത്തെ ആധിപത്യം നിത്യമായ ആധിപത്യംതന്നെ;
അവിടത്തെ രാജ്യം തലമുറകളോളം നിലനിൽക്കുന്നു.
35 അവിടന്ന് സകലഭൂവാസികളെയും
ശൂന്യം എന്ന് എണ്ണുന്നു.
സ്വർഗീയസൈന്യങ്ങളുടെയും
ഭൂവാസികളുടെയും മധ്യേ
അവിടന്ന് തിരുഹിതം നിറവേറ്റുന്നു.
അവിടത്തെ കൈകളെ തടയാനോ, “എന്തു പ്രവർത്തിക്കുന്നു?”
എന്ന് അവിടത്തോടു ചോദിക്കാനോ ആർക്കും കഴിയുകയില്ല.
36 ആ സമയത്തുതന്നെ ഞാൻ സുബോധമുള്ളവനായി. എന്റെ രാജ്യത്തിന്റെ മഹത്ത്വത്തിനായി എന്റെ പ്രതാപവും മഹത്ത്വവും എനിക്കു തിരികെ ലഭിച്ചു. എന്റെ ഉപദേശകരും പ്രഭുക്കന്മാരും എന്നെ അന്വേഷിച്ചു കണ്ടെത്തി. അങ്ങനെ എന്റെ സിംഹാസനത്തിൽ ഞാൻ പുനരാരൂഢനായി, പൂർവോപരി മഹത്ത്വം എനിക്കു ലഭിച്ചു. 37 ഇപ്പോൾ നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗസ്ഥനായ രാജാവിനെ സ്തുതിക്കുകയും പുകഴ്ത്തുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യുന്നു. അവിടത്തെ പ്രവൃത്തികളെല്ലാം സത്യവും അവിടത്തെ വഴികൾ നീതിപൂർവവുംതന്നെ. നിഗളിച്ചുനടക്കുന്നവരെ താഴ്ത്താൻ അവിടന്നു പ്രാപ്തനാകുന്നു.
-
14 നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്തു പ്രവേശിച്ചശേഷം നീ അതു കൈവശമാക്കുകയും അവിടെ വാസം ഉറപ്പിക്കുകയും ചെയ്തുകഴിയുമ്പോൾ, “നമ്മുടെ ചുറ്റുമുള്ള ജനതകൾക്കെല്ലാം ഉള്ളതുപോലെ ഒരു രാജാവിനെ നമുക്കു വാഴിക്കാം” എന്നു നീ പറഞ്ഞാൽ, 15 നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന രാജാവിനെത്തന്നെ നീ രാജാവായി വാഴിക്കാൻ ശ്രദ്ധിക്കണം. അവൻ നിന്റെ സ്വന്തം സഹോദരന്മാരിൽ ഒരുവൻ ആയിരിക്കണം. അവൻ ഇസ്രായേല്യരുടെ സഹോദരൻ അല്ലാത്ത ഒരു പ്രവാസി ആയിരിക്കരുത്. 16 മാത്രവുമല്ല, രാജാവ് തനിക്കു കുതിരകളുടെ എണ്ണം വർധിപ്പിക്കുകയോ അവയെ കൂടുതൽ സമ്പാദിക്കുന്നതിന് ജനത്തെ ഈജിപ്റ്റിലേക്കു തിരികെ കൊണ്ടുപോകുകയോ ചെയ്യരുത്. “നിങ്ങൾ അതുവഴി വീണ്ടും കടന്നുപോകരുത്,” എന്ന് യഹോവ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ. 17 അവന്റെ ഹൃദയം തെറ്റിപ്പോകാതിരിക്കാൻ അവൻ അനേകം ഭാര്യമാരെ തനിക്കായി സ്വീകരിക്കരുത്. തനിക്കായി സ്വർണവും വെള്ളിയും അധികം സമ്പാദിച്ചുകൂട്ടാനും പാടില്ല.
18 അവൻ രാജസിംഹാസനത്തിൽ ഇരിക്കുമ്പോൾ ലേവ്യരായ പുരോഹിതന്മാരിൽനിന്ന് ഈ നിയമത്തിന്റെ ഒരു പകർപ്പ് തനിക്കുവേണ്ടി എഴുതിയെടുക്കണം. 19 ഈ നിയമത്തിലെ എല്ലാ വചനങ്ങളും ഉത്തരവുകളും ശ്രദ്ധയോടെ അനുസരിച്ച് അവന്റെ ദൈവമായ യഹോവയെ ബഹുമാനിക്കാൻ പഠിക്കേണ്ടതിനും 20 അവൻ സഹോദരന്മാരെക്കാൾ തന്നെത്തന്നെ ശ്രേഷ്ഠനെന്നു കരുതാതിരിക്കാനും നിയമത്തിൽനിന്ന് ഇടത്തോട്ടോ വലത്തോട്ടോ വ്യതിചലിക്കാതിരിക്കേണ്ടതിനും അത് അവനോടൊപ്പം ഇരിക്കുകയും തന്റെ ജീവകാലമെല്ലാം വായിക്കുകയുംചെയ്യണം. അപ്പോൾ അവനും അവന്റെ തലമുറയും ദീർഘകാലം ഇസ്രായേലിൽ രാജാക്കന്മാരായി ഭരണംനടത്തും.
-
18 തുടർന്ന് പത്രോസിനെയും യോഹന്നാനെയും വിളിച്ച്, “നിങ്ങൾ യേശുവിന്റെ നാമത്തിൽ സംസാരിക്കുകയോ ഉപദേശിക്കുകയോ അരുത്” എന്ന് ആജ്ഞ നൽകി. 19 അതിന് പത്രോസും യോഹന്നാനും, “ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവദൃഷ്ടിയിൽ ശരിയോ എന്നു നിങ്ങൾതന്നെ വിധിക്കുക. 20 ഞങ്ങൾക്ക് ഞങ്ങൾ കാണുകയും കേൾക്കുകയുംചെയ്തതു പ്രസ്താവിക്കാതിരിക്കാൻ സാധ്യമല്ല” എന്നു മറുപടി പറഞ്ഞു.
-
15 ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു
അധിപതികൾ നീതിയുക്തമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്നു;
16 ഞാൻ മുഖാന്തരമാണ് പ്രഭുക്കന്മാരും
നാടുവാഴികളും ഭരണം നിർവഹിക്കുന്നത്.
-
4 അവരോട് തങ്ങളുടെ യജമാനന്മാരുടെ അടുക്കൽപോയി ഇപ്രകാരം പറയാൻ കൽപ്പിക്കുക, ‘ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ യജമാനന്മാരോട് ഇപ്രകാരം പറയുക: 5 എന്റെ വലിയ ശക്തിയാലും നീട്ടിയ ഭുജത്താലും ഞാൻ ഭൂമുഖത്തുള്ള മനുഷ്യനെയും മൃഗങ്ങളെയും സൃഷ്ടിച്ചു. എനിക്ക് ഇഷ്ടമുള്ളവന് ഞാൻ അതു കൊടുക്കും. 6 ഇപ്പോൾ ഞാൻ നിങ്ങളുടെ ഈ രാജ്യങ്ങളെല്ലാം എന്റെ ദാസനായ ബാബേൽരാജാവായ നെബൂഖദ്നേസെറിനു നൽകും; ഞാൻ വന്യമൃഗങ്ങളെപ്പോലും അവന്റെ നിയന്ത്രണത്തിലാക്കിക്കൊടുക്കും. 7 എല്ലാ രാഷ്ട്രങ്ങളും അവനെയും പുത്രനെയും പൗത്രനെയും ദേശത്തിന്മേൽ അവന്റെ കാലാവധി കഴിയുംവരെയും സേവിക്കും; അതിനുശേഷം അനേകം രാഷ്ട്രങ്ങളും മഹാന്മാരായ രാജാക്കന്മാരും അവനെ കീഴ്പ്പെടുത്തും.
8 “ ‘ “ബാബേൽരാജാവായ നെബൂഖദ്നേസരിനെത്തന്നെ, സേവിക്കാതെയും ബാബേൽരാജാവിന്റെ നുകത്തിൻകീഴിൽ തങ്ങളുടെ കഴുത്തു വെച്ചുകൊടുക്കാതെയുമിരിക്കുന്ന രാഷ്ട്രത്തെയും രാജ്യത്തെയും ഞാൻ അവന്റെ കൈയാൽ നശിപ്പിച്ചുകളയുന്നതുവരെയും വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും ശിക്ഷിക്കും, എന്ന് യഹോവയുടെ അരുളപ്പാട്.
-
3 ഇതിനുശേഷം മോശ ദൈവത്തിന്റെ അടുത്തേക്കുചെന്നു; യഹോവ പർവതത്തിൽനിന്ന് അദ്ദേഹത്തോട് അരുളിച്ചെയ്തു: “നീ യാക്കോബ് ഗൃഹത്തോടു പറയേണ്ടതും ഇസ്രായേൽമക്കളോട് അറിയിക്കേണ്ടതും എന്തെന്നാൽ: 4 ‘ഞാൻ ഈജിപ്റ്റിനോടു ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകുകളിന്മേൽ വഹിച്ച് എന്റെ അടുക്കലേക്കു കൊണ്ടുവന്നതും നിങ്ങൾ നേരിട്ടു കണ്ടിരിക്കുന്നു. 5 ഇനി, നിങ്ങൾ എന്റെ വാക്കുകേട്ട്, അനുസരിച്ച് എന്റെ ഉടമ്പടി പാലിച്ചാൽ എല്ലാ ജനതകളിലുംവെച്ച് എനിക്കുള്ള വിലപ്പെട്ട നിക്ഷേപം നിങ്ങളായിരിക്കും. കാരണം സർവഭൂമിയും എന്റേതാകുന്നു. 6 നിങ്ങൾ എനിക്കു പുരോഹിതരാജ്യവും വിശുദ്ധജനതയും ആയിരിക്കും.’ ഇസ്രായേല്യരോടു നീ പറയേണ്ടുന്ന വചനങ്ങൾ ഇവയാകുന്നു.”
7 മോശ ചെന്ന് സമുദായനേതാക്കന്മാരെ വിളിച്ചു, യഹോവ കൽപ്പിച്ച സകലവചനങ്ങളും അവരെ അറിയിച്ചു. 8 “യഹോവ കൽപ്പിച്ചതെല്ലാം ഞങ്ങൾ ചെയ്തുകൊള്ളാം,” എന്ന് ജനമെല്ലാം ഏകസ്വരത്തിൽ ഉത്തരം പറഞ്ഞു. ജനത്തിന്റെ വാക്കു മോശ ദൈവസന്നിധിയിലെത്തിച്ചു.
-
2 നീ ദൈവമുമ്പാകെ ഒരു ശപഥം ചെയ്തിട്ടുള്ളതുകൊണ്ട് രാജാവിന്റെ കൽപ്പന അനുസരിക്കാൻ ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു. 3 രാജസന്നിധിയിൽനിന്ന് പോകാൻ തിടുക്കം കാട്ടരുത്. അദ്ദേഹം തനിക്കിഷ്ടമുള്ളത് ചെയ്യുമെന്നതുകൊണ്ട് ഒരു നീചകാര്യത്തിനുംവേണ്ടി നിലകൊള്ളരുത്. 4 രാജശാസന അന്തിമം ആയിരിക്കുന്നിടത്തോളം, “അങ്ങ് എന്താണു ചെയ്യുന്നത്?” എന്ന് അദ്ദേഹത്തോട് ചോദിക്കാൻ ആർക്കു കഴിയും?
5 രാജകൽപ്പന അനുസരിക്കുന്നവർക്ക് യാതൊരുദോഷവും ഭവിക്കുകയില്ല,
ജ്ഞാനഹൃദയം യുക്തസമയവും നടപടിക്രമങ്ങളും അറിയുന്നു.
6 മനുഷ്യന്റെ ദുരിതങ്ങൾ അസഹനീയമാണെങ്കിലും,
എല്ലാറ്റിനും യുക്തസമയവും നടപടിക്രമങ്ങളും ഉണ്ടല്ലോ.
7 ഭാവിയെക്കുറിച്ച് ആർക്കും ഒന്നും അറിയാത്തതുകൊണ്ട്
എന്തു സംഭവിക്കുമെന്ന് ആർക്കാണ് മറ്റൊരാളോടു പറയാൻ കഴിയുക?
8 തന്റെ ആത്മാവിനെ തടഞ്ഞുനിർത്താൻ, ആത്മാവിന്മേൽ അധികാരമുള്ള ഒരു മനുഷ്യനുമില്ല;
ആയതിനാൽ തങ്ങളുടെ മരണദിനത്തിന്മേൽ അധികാരമുള്ള ആരുംതന്നെയില്ല.
യുദ്ധകാലത്ത് സേനയിൽനിന്ന് ആരെയും പിരിച്ചുവിടുകയില്ല,
അതുപോലെ ദുഷ്‌പ്രവൃത്തി അതു പ്രവർത്തിക്കുന്നവരെയും വിട്ടുപോകുകയില്ല.
9 സൂര്യനുകീഴിൽ സംഭവിക്കുന്ന സകലവസ്തുതകളും നിരീക്ഷിച്ചപ്പോൾ ഇവയെല്ലാം ഞാൻ കണ്ടു: ഒരു മനുഷ്യൻ വേറൊരുവ്യക്തിയുടെമേൽ അയാളുടെ ദോഷത്തിനായി അധികാരം നടത്തുന്ന ഒരു കാലമുണ്ട്.
-
24 യേശുവും ശിഷ്യന്മാരും കഫാർനഹൂമിൽ എത്തിയപ്പോൾ ഓരോ വ്യക്തിയിൽനിന്ന് രണ്ട് ദ്രഹ്മ വീതം ദൈവാലയനികുതി ഈടാക്കുന്നവർ പത്രോസിന്റെ അടുക്കൽവന്ന്, “നിങ്ങളുടെ ഗുരു ദൈവാലയനികുതി കൊടുക്കുന്നില്ലേ?” എന്നു ചോദിച്ചു.
25 “ഉവ്വ്, കൊടുക്കുന്നുണ്ടല്ലോ,” പത്രോസ് മറുപടി പറഞ്ഞു.
പത്രോസ് ഭവനത്തിൽ പ്രവേശിച്ചപ്പോൾ യേശുവാണ് സംഭാഷണം ആരംഭിച്ചത്. “ശിമോനേ, എന്താണ് നിന്റെ അഭിപ്രായം? ഭൂമിയിലെ രാജാക്കന്മാർ കരമോ നികുതിയോ പിരിക്കുന്നത് ആരിൽനിന്നാണ്—അവരുടെ സ്വന്തം മക്കളിൽനിന്നോ അതോ അന്യരിൽനിന്നോ?” അദ്ദേഹം ചോദിച്ചു.
26 “അന്യരിൽനിന്ന്,” പത്രോസ് മറുപടി നൽകി.
“അങ്ങനെയെങ്കിൽ മക്കൾ ഒഴിവുള്ളവരാണല്ലോ,” യേശു അദ്ദേഹത്തോട് പറഞ്ഞു. 27 “എന്തായാലും നാം അവരെ എതിർക്കേണ്ടതില്ല; നീ തടാകത്തിൽ ചെന്ന് ചൂണ്ടയിടുക. ആദ്യം ലഭിക്കുന്ന മത്സ്യത്തെ എടുത്ത് അതിന്റെ വായ് തുറക്കുമ്പോൾ നാലു ദ്രഹ്മയുടെ ഒരു നാണയം കാണും; അത് എടുത്ത് നാം ഇരുവരുടെയും നികുതി നൽകുക,” എന്നു പറഞ്ഞു.
-
22 അരയോപാഗസ് എന്ന സ്ഥാനത്ത് എഴുന്നേറ്റുനിന്നുകൊണ്ട് പൗലോസ് ഇങ്ങനെ പ്രസംഗിച്ചു: “അഥേനയിലെ ജനങ്ങളേ, നിങ്ങൾ എല്ലാവിധത്തിലും വളരെ മതനിഷ്ഠയുള്ളവരാണ് എന്നു ഞാൻ മനസ്സിലാക്കുന്നു. 23 ഞാൻ ചുറ്റിനടന്ന് നിങ്ങളുടെ ആരാധ്യവസ്തുക്കൾ നിരീക്ഷിച്ചുവരുമ്പോൾ,
അജ്ഞാത ദേവന്,
എന്നെഴുതിയിരിക്കുന്ന ഒരു ബലിപീഠം എന്റെ ശ്രദ്ധയിൽപ്പെട്ടു. നിങ്ങൾ അജ്ഞതയിൽ ആരാധിക്കുന്നതിനെക്കുറിച്ചാണ് ഞാൻ നിങ്ങളുടെമുമ്പിൽ അവതരിപ്പിക്കാൻ പോകുന്നത്:
24 “പ്രപഞ്ചവും അതിലുള്ള സകലതും സൃഷ്ടിച്ചത് ദൈവമാണ്. അവിടന്ന് ആകാശത്തിന്റെയും ഭൂമിയുടെയും അധിപനാകുന്നു. മനുഷ്യകരങ്ങളാൽ നിർമിതമായ ആലയങ്ങളിൽ വസിക്കുന്നയാളല്ല സർവേശ്വരൻ. 25 അവിടന്ന് എല്ലാവർക്കും ജീവന്റെയും ശ്വാസത്തിന്റെയുംമാത്രമല്ല സർവനന്മകളുടെയും ദാതാവാകുകയാൽ, അവിടത്തേക്ക് എന്തെങ്കിലും ആവശ്യമുള്ളവൻ എന്നതുപോലെ മനുഷ്യകരങ്ങളാൽ പരിചരിക്കേണ്ടതില്ല. 26 ഭൂമിയിൽ എല്ലായിടത്തും അധിവസിക്കാൻ ഏകമനുഷ്യനിൽനിന്ന് അവിടന്ന് സകലജനതയെയും ഉളവാക്കി; അവർക്കു ജീവിക്കാനുള്ള കാലാവധികളും കൃത്യമായ സ്ഥലങ്ങളും നിർണയിച്ചു. 27 മനുഷ്യർ ദൈവത്തെ അന്വേഷിക്കാനും സാധ്യമെങ്കിൽ ആ അന്വേഷണത്തിലൂടെ ദൈവത്തെ കണ്ടെത്താനുമാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. എന്നാൽ അവിടന്ന് നമ്മിൽ ആരിൽനിന്നും വിദൂരസ്ഥനല്ല. 28 ‘ദൈവത്തിൽത്തന്നെയാണ് നാം ജീവിക്കുന്നതും ചലിക്കുന്നതും സ്ഥിതിചെയ്യുന്നതും.’ നിങ്ങളുടെതന്നെ ചില കവിവര്യന്മാർ, ‘നാം അവിടത്തെ സന്താനങ്ങളാണ്’ എന്നു പറഞ്ഞിട്ടുണ്ടല്ലോ!
29 “അങ്ങനെ നാം ദൈവത്തിന്റെ സന്താനങ്ങളായിരിക്കുകയാൽ, സ്വർണത്തിലോ വെള്ളിയിലോ കല്ലിലോ ശില്പചാതുരിയോടെ മനുഷ്യൻ രൂപകൽപ്പനചെയ്ത ഒരു രൂപത്തോടു സദൃശനാണ് ദൈവം എന്നു നാം ചിന്തിക്കാൻ പാടില്ല. 30 കഴിഞ്ഞകാലങ്ങളിൽ ദൈവം അങ്ങനെയുള്ള അജ്ഞതയെ അവഗണിച്ചിരുന്നു; എന്നാൽ ഇപ്പോൾ എല്ലായിടത്തുമുള്ള എല്ലാവരും തങ്ങളുടെ പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്ക് തിരിയണമെന്ന് അവിടന്ന് ആജ്ഞാപിക്കുന്നു. 31 അവിടന്ന് നിയോഗിച്ചിട്ടുള്ള ഒരു മനുഷ്യനാൽത്തന്നെ ലോകത്തെ ന്യായംവിധിക്കാൻ ഒരു ദിവസം ദൈവം നിശ്ചയിച്ചിരിക്കുന്നു. ദൈവം നിയോഗിച്ച ആ മനുഷ്യനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചതിലൂടെ, ഇതിനുള്ള വ്യക്തമായ നിദർശനം നമുക്കു നൽകിയിരിക്കുന്നു.”
32 മരിച്ചവരുടെ ഉയിർത്തെഴുന്നേൽപ്പിനെക്കുറിച്ചു കേട്ടപ്പോൾ അവരിൽ ചിലർ പരിഹസിച്ചു; മറ്റുചിലരോ, “ഈ വിഷയം സംബന്ധിച്ച് താങ്കളുടെ വാക്കുകൾ വീണ്ടും കേൾക്കാൻ ഞങ്ങളാഗ്രഹിക്കുന്നു” എന്നു പറഞ്ഞു. 33 ഇതിനുശേഷം പൗലോസ് അരയോപാഗസ് സ്ഥാനത്തുനിന്ന് പോയി. 34 ഏതാനുംപേർ ക്രിസ്തുവിൽ വിശ്വസിച്ച് പൗലോസിന്റെ അനുചരർ ആയിത്തീർന്നു. അവരുടെ കൂട്ടത്തിൽ, അരയോപാഗസിലെ അംഗമായിരുന്ന ദിയൊനുസ്യോസും ദമരിസ് എന്നു പേരുള്ള ഒരു സ്ത്രീയും മറ്റുപലരും ഉണ്ടായിരുന്നു.
-
13 സകലത്തിനും ജീവൻ നൽകുന്ന ദൈവത്തെയും പൊന്തിയോസ് പീലാത്തോസിന്റെ മുമ്പിൽ ഉത്തമവിശ്വാസപ്രഖ്യാപനം നടത്തിയ ക്രിസ്തുയേശുവിനെയും സാക്ഷിയാക്കി ഞാൻ നിന്നോട് ആജ്ഞാപിക്കുന്നത്: 14 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പുനരാഗമനംവരെ നീ ഈ കൽപ്പനകൾ നിഷ്കളങ്കമായും നിരാക്ഷേപമായും പാലിച്ചുകൊള്ളണം എന്നാണ്. 15 രാജാക്കന്മാരുടെ രാജാവും പ്രഭുക്കന്മാരുടെ പ്രഭുവും വാഴ്ത്തപ്പെട്ട ഏകാധിപതിയുമായ ദൈവം ക്രിസ്തുവിനെ യഥാകാലം വെളിപ്പെടുത്തും. 16 അവിടന്നുമാത്രമാണ് മരണരഹിതൻ. ആർക്കും അടുത്തുകൂടാത്ത പ്രകാശത്തിൽ നിവസിക്കുന്ന അവിടത്തെ മാനവരാരും കണ്ടിട്ടില്ല; കാണുക സാധ്യവുമല്ല. ബഹുമാനവും ആധിപത്യവും എന്നേക്കും അവിടത്തേക്ക് ഉണ്ടാകുമാറാകട്ടെ. ആമേൻ.
-
15 ഈജിപ്റ്റുരാജാവ് എബ്രായസൂതികർമിണികളായ ശിപ്രാ, പൂവാ എന്നിവരോട്, 16 “നിങ്ങൾ എബ്രായസ്ത്രീകളെ പ്രസവവേളയിൽ പരിചരിക്കയും അവരെ പ്രസവക്കിടക്കയിൽ നിരീക്ഷിക്കുകയും ചെയ്യുമ്പോൾ കുട്ടി ആണാണെങ്കിൽ അതിനെ കൊന്നുകളയുകയും പെണ്ണാണെങ്കിൽ ജീവിക്കാൻ അനുവദിക്കുകയും ചെയ്യണം” എന്നു കൽപ്പിച്ചു. 17 ആ സൂതികർമിണികൾ ദൈവത്തെ ഭയപ്പെട്ടിരുന്നതുകൊണ്ട്, ഈജിപ്റ്റുരാജാവ് തങ്ങളോടു കൽപ്പിച്ചിരുന്നതുപോലെ പ്രവർത്തിച്ചില്ല; ആൺകുട്ടികളെ അവർ ജീവനോടെ രക്ഷിച്ചു. 18 ഇതറിഞ്ഞ ഈജിപ്റ്റുരാജാവ് അവരെ ആളയച്ചുവരുത്തി അവരോട്, “നിങ്ങൾ ഇങ്ങനെ ചെയ്തതെന്ത്? ആൺകുട്ടികളുടെ ജീവൻ രക്ഷിക്കുന്നത് എന്തിന്?” എന്ന് ആരാഞ്ഞു.
19 സൂതികർമിണികൾ ഫറവോനോട്, “എബ്രായസ്ത്രീകൾ ഈജിപ്റ്റിലെ സ്ത്രീകളെപ്പോലെയല്ല; അവർ ചുറുചുറുക്കുള്ളവരാണ്; സൂതികർമിണികൾ എത്തുന്നതിനുമുമ്പുതന്നെ അവർ പ്രസവിച്ചുകഴിഞ്ഞിരിക്കും” എന്ന് ഉത്തരം പറഞ്ഞു.
20 അതുകൊണ്ടു ദൈവം ആ സൂതികർമിണികളോടു കരുണ കാണിച്ചു; ഇസ്രായേൽജനം പെരുകുകയും എണ്ണത്തിൽ പ്രബലരായിത്തീരുകയും ചെയ്തു. 21 സൂതികർമിണികൾ ദൈവത്തെ ഭയപ്പെട്ടതുകൊണ്ട് അവിടന്ന് അവർക്കും കുടുംബവർധന നൽകി.
-
18 നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന നഗരങ്ങളിലെല്ലാം ഓരോ ഗോത്രത്തിനും ന്യായാധിപന്മാരെയും ഉദ്യോഗസ്ഥന്മാരെയും നിയമിക്കണം. അവർ ജനത്തിനു നീതിയോടെ ന്യായപാലനംചെയ്യും. 19 ന്യായം അട്ടിമറിക്കുകയോ മുഖപക്ഷം കാണിക്കുകയോ ചെയ്യരുത്. കൈക്കൂലി വാങ്ങരുത്. കൈക്കൂലി ജ്ഞാനിയുടെ കണ്ണുകളെ കുരുടാക്കുകയും നിഷ്കളങ്കരുടെ വചനം കോട്ടിക്കളയുകയും ചെയ്യുന്നു. 20 നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്തു താമസിച്ച് അത് അവകാശമാക്കുന്നതിന് നീതി, അതേ, നീതിമാത്രം പിൻതുടരുക.
-
1 രാജാവിന്റെ ഹൃദയം യഹോവയുടെ കൈയിലെ നീർച്ചാലാണ്;
തനിക്കിഷ്ടമുള്ള ദിക്കിലേക്ക് അവിടന്ന് അതിനെ തിരിച്ചുവിടുന്നു.
-
4 ഒരു രാജാവ് നീതിയാൽ തന്റെ രാജ്യത്തിനു സുസ്ഥിരത കൈവരുത്തുന്നു,
എന്നാൽ കോഴ കൊതിക്കുന്നവർ അതിനെ ശിഥിലമാക്കുന്നു.
-
33 പീലാത്തോസ് അരമനയ്ക്കുള്ളിലേക്കു തിരികെപ്പോയി, യേശുവിനെ വിളിപ്പിച്ച് അദ്ദേഹത്തോട്, “നീയാണോ യെഹൂദരുടെ രാജാവ്?” എന്നു ചോദിച്ചു.
34 “ഇത് താങ്കളുടെതന്നെ ചോദ്യമോ? അതോ മറ്റുള്ളവർ താങ്കളെക്കൊണ്ട് ചോദിപ്പിച്ചതോ?” യേശു മറുചോദ്യം ചോദിച്ചു.
35 “ഞാൻ ഒരു യെഹൂദനോ?” പീലാത്തോസ് ചോദിച്ചു. “നിന്റെ ജനങ്ങളും പുരോഹിതമുഖ്യന്മാരുമാണ് നിന്നെ എന്റെപക്കൽ ഏൽപ്പിച്ചത്. നീ എന്തു കുറ്റമാണു ചെയ്തത്?”
36 അതിനുത്തരമായി യേശു പറഞ്ഞു, “എന്റെ രാജ്യം ഈ ലോകത്തിൽനിന്നുള്ളതല്ല. എന്റെ രാജ്യം ഈ ലോകത്തിൽനിന്ന് ഉള്ളതായിരുന്നെങ്കിൽ യെഹൂദനേതാക്കന്മാർ എന്നെ പിടിക്കാതിരിക്കാൻ എന്റെ സൈന്യം പോരാടുമായിരുന്നു. എന്നാൽ ഇപ്പോൾ എന്റെ രാജ്യം ഈ ലോകത്തിൽനിന്നുള്ളതേ അല്ല.”
37 “അപ്പോൾ നീ ഒരു രാജാവുതന്നെയോ?” പീലാത്തോസ് ചോദിച്ചു.
“ഞാൻ ഒരു ‘രാജാവ് ആകുന്നു’ എന്ന് താങ്കളാണു പറയുന്നത്. വാസ്തവത്തിൽ, സത്യത്തിനു സാക്ഷ്യംവഹിക്കാനാണു ഞാൻ ജനിച്ചതും ലോകത്തിലേക്കു വന്നതും. സത്യത്തിന്റെ പക്ഷത്തുള്ളവർ എന്റെ വാക്കു കേൾക്കുന്നു,” യേശു മറുപടി പറഞ്ഞു.
38 “എന്താണ് സത്യം?” പീലാത്തോസ് ആരാഞ്ഞു. അതിനുശേഷം അദ്ദേഹം യെഹൂദനേതാക്കന്മാരുടെ അടുത്തുചെന്ന്, “അയാളിൽ കുറ്റംചുമത്താൻ ഞാൻ ഒരു അടിസ്ഥാനവും കാണുന്നില്ല. 39 പെസഹാപ്പെരുന്നാളിൽ ഒരു തടവുകാരനെ സ്വതന്ത്രനാക്കി വിട്ടുതരുന്ന പതിവുണ്ടല്ലോ. ‘യെഹൂദരുടെ രാജാവിനെ’ ഞാൻ മോചിപ്പിച്ചുതരട്ടേ?” എന്നു ചോദിച്ചു.
40 “വേണ്ടാ, ഇയാളെ വേണ്ടാ, ബറബ്ബാസിനെ ഞങ്ങൾക്കു മോചിച്ചു തരിക,” എന്ന് അവർ ഉച്ചത്തിൽ ആർത്തുവിളിച്ചു. ബറബ്ബാസ് ഒരു വിപ്ളവകാരി ആയിരുന്നു.
-
14 നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിക്കുക; അതേ, അനുഗ്രഹിക്കുക, ശപിക്കരുത്. 15 ആനന്ദിക്കുന്നവരോടുകൂടെ ആനന്ദിക്കുകയും വിലപിക്കുന്നവരോടുകൂടെ വിലപിക്കുകയുംചെയ്യുക. 16 പരസ്പരം സമഭാവനയോടെ ജീവിക്കുക, വലിയവനെന്നു ഭാവിക്കാതെ എളിയവരോടു സഹകരിക്കാൻ സന്മനസ്സുണ്ടാകണം. ജ്ഞാനികളെന്ന് സ്വയം അഹങ്കരിക്കരുത്.
17 നിങ്ങളോടു ദോഷം പ്രവർത്തിക്കുന്ന ആർക്കും ദോഷം പകരം ചെയ്യരുത്. എല്ലാ മനുഷ്യർക്കും സ്വീകാര്യമായ നല്ല കാര്യങ്ങൾചെയ്യാൻ ശ്രമിക്കുകയും 18 നിങ്ങളാൽ കഴിയുന്നതുവരെ, എല്ലാവരോടും സമാധാനത്തോടെ ജീവിക്കുകയുംചെയ്യുക. 19 സ്നേഹിതരേ, നിങ്ങൾതന്നെ പകപോക്കാൻ ശ്രമിക്കരുത്, ദൈവക്രോധംതന്നെ അതു നിർവഹിക്കട്ടെ. തിരുവെഴുത്തിൽ ഇങ്ങനെ എഴുതിയിട്ടുണ്ടല്ലോ, “ഞാനാണ് പ്രതികാരംചെയ്യുന്നവൻ, ഞാൻ പകരംവീട്ടും” എന്നു കർത്താവ് അരുളിച്ചെയ്യുന്നു. 20 എന്നാൽ,
“നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ അയാൾക്കു ഭക്ഷണം നൽകുക;
ദാഹിക്കുന്നെങ്കിൽ എന്തെങ്കിലും കുടിക്കാൻ നൽകുക.
ഇങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങൾ ശത്രുവിന്റെ ശിരസ്സിൽ കൽക്കരിക്കനൽ കൂട്ടിവെക്കുകയാണു ചെയ്യുക.”
21 നിങ്ങൾ തിന്മയ്ക്ക് അധീനരാകരുത്, പിന്നെയോ, നന്മയാൽ തിന്മയെ കീഴടക്കുകയാണു വേണ്ടത്.
-
26 അതിനുശേഷം, “നമുക്ക് നമ്മുടെ സ്വരൂപത്തിലും നമ്മുടെ സാദൃശ്യത്തിലും മനുഷ്യനെ നിർമിക്കാം എന്നു ദൈവം കൽപ്പിച്ചു. അവർ സമുദ്രത്തിലെ മത്സ്യങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും കന്നുകാലികൾക്കും സകലവന്യജീവികൾക്കും ഭൂമിയിൽ ഇഴയുന്ന സകല ഇഴജന്തുക്കൾക്കും അധിപതികളാകട്ടെ.”
27 ഇങ്ങനെ, ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു;
അവിടന്നു ദൈവസ്വരൂപത്തിൽ അവരെ സൃഷ്ടിച്ചു;
പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു.
28 ദൈവം അവരെ അനുഗ്രഹിച്ചു; “നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അധീനമാക്കുക; സമുദ്രത്തിലെ മത്സ്യങ്ങളുടെമേലും ആകാശത്തിലെ പക്ഷികളുടെമേലും ഭൂമിയിൽ ചരിക്കുന്ന സകലജീവികളുടെമേലും അധിപതികളാകുക” എന്ന് അവരോടു കൽപ്പിച്ചു.
-
21 എന്റെ കുഞ്ഞേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക,
മത്സരികളുടെ സംഘത്തിൽ ചേരുകയുമരുത്,
22 കാരണം അവരിരുവരും മത്സരികൾക്കുനേരേ ശീഘ്രനാശം അയയ്ക്കും,
അവർ എന്തൊക്കെ ദുരിതങ്ങളാണ് അഴിച്ചുവിടുന്നതെന്ന് ആർക്കറിയാം?
-
11 മരണത്തിനർഹമായ എന്തെങ്കിലും കുറ്റം ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ, മരണശിക്ഷ ഏൽക്കുന്നതിന് എനിക്ക് ഒരു വിസമ്മതവുമില്ല. എന്നാൽ, എനിക്കു വിരോധമായി ഈ യെഹൂദന്മാർ കൊണ്ടുവന്നിരിക്കുന്ന ആരോപണങ്ങൾ സത്യമല്ലെങ്കിൽ, എന്നെ അവരുടെ കൈയിൽ ഏൽപ്പിച്ചുകൊടുക്കാൻ ആർക്കും അവകാശമില്ല. കൈസറുടെമുമ്പാകെ ഉപരിവിചാരണയ്ക് ഞാൻ അപേക്ഷിക്കുന്നു!” എന്നു മറുപടി പറഞ്ഞു.
-
22 ഇസ്രായേല്യർ ഗിദെയോനോട്: “താങ്കൾ ഞങ്ങളെ ഭരിക്കുക, അങ്ങനെതന്നെ താങ്കളുടെ മകനും താങ്കളുടെ പൗത്രനും—മിദ്യാന്യരുടെ കൈയിൽനിന്നു താങ്കൾ ഞങ്ങളെ രക്ഷിച്ചല്ലോ!”
23 എന്നാൽ ഗിദെയോൻ അവരോട്; “ഞാൻ നിങ്ങളെ ഭരിക്കുകയില്ല; എന്റെ മകനും ഭരിക്കുകയില്ല. യഹോവ നിങ്ങളെ ഭരിക്കും” എന്നു പറഞ്ഞു.
-
26 താങ്കളുടെ ദൈവത്തിന്റെ ന്യായപ്രമാണമോ രാജാവിന്റെ നിയമമോ അനുസരിക്കാത്ത ഏതൊരാൾക്കും വധശിക്ഷ, നാടുകടത്തൽ, വസ്തുക്കളുടെ കണ്ടുകെട്ടൽ, തടവ് എന്നിങ്ങനെ ഏതുവിധ ശിക്ഷയും കർക്കശമായിത്തന്നെ നൽകണം.
-
7 യഹോവ എന്നേക്കും വാഴുന്നു;
അവിടന്ന് ന്യായവിധിക്കായി തന്റെ സിംഹാസനം സ്ഥാപിച്ചിരിക്കുന്നു.
8 അവിടന്ന് ലോകത്തെ നീതിയോടെ ന്യായംവിധിക്കും;
ജനതകളെ നേരോടെ ന്യായപാലനംചെയ്യും.
9 യഹോവ പീഡിതർക്കൊരു അഭയസ്ഥാനം,
ദുർഘടസമയങ്ങളിൽ ഉറപ്പുള്ള ഒരു കോട്ട.
10 അവിടത്തെ നാമം അറിയുന്നവർ അങ്ങയിൽ ആശ്രയംവെക്കുന്നു,
യഹോവേ, അവിടത്തെ അന്വേഷിക്കുന്നവരെ ഒരുനാളും അങ്ങ് ഉപേക്ഷിക്കുകയില്ലല്ലോ.
-
15 നീതി നടപ്പിലാക്കുന്നത് നീതിനിഷ്ഠർക്ക് ആനന്ദംനൽകുന്നു,
എന്നാൽ നീചർക്ക് അതു നടുക്കവും.
-
1 യെഹൂദാരാജാവായ യോശിയാവിന്റെ മകനായ യെഹോയാക്കീമിന്റെ നാലാമാണ്ടിൽ, ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ ഒന്നാമാണ്ടിൽത്തന്നെ, എല്ലാ യെഹൂദാജനത്തെയുംപറ്റി യിരെമ്യാവിനുണ്ടായ അരുളപ്പാട്: 2 അങ്ങനെ യിരെമ്യാപ്രവാചകൻ അത് എല്ലാ യെഹൂദാജനത്തോടും ജെറുശലേംനിവാസികളായ എല്ലാവരോടും അറിയിച്ചത് ഇപ്രകാരമായിരുന്നു: 3 യെഹൂദാരാജാവായ ആമോന്റെ മകൻ യോശിയാവിന്റെ പതിമ്മൂന്നാംവർഷംമുതൽ ഇന്നുവരെയുള്ള ഈ ഇരുപത്തിമൂന്നു വർഷക്കാലവും യഹോവയുടെ അരുളപ്പാട് എനിക്കുണ്ടാകുകയും ഞാൻ അതു വീണ്ടും വീണ്ടും നിങ്ങളോടു സംസാരിക്കുകയും ചെയ്തു, എന്നാൽ നിങ്ങൾ അതു ശ്രദ്ധിച്ചതേയില്ല.
4 യഹോവ തന്റെ ദാസന്മാരായ എല്ലാ പ്രവാചകന്മാരെയും വീണ്ടും വീണ്ടും നിങ്ങളുടെ അടുക്കൽ അയച്ചു; എന്നാൽ നിങ്ങൾ ശ്രദ്ധിക്കുകയോ കേൾക്കാൻ ചെവിചായ്‌ക്കുകയോ ചെയ്തില്ല. 5 “നിങ്ങളിൽ ഓരോരുത്തരും നിങ്ങളുടെ ദുഷിച്ചവഴികളിൽനിന്നും ദുരാചാരങ്ങളിൽനിന്നും തിരിയുക. അപ്പോൾ യഹോവ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും എന്നെന്നേക്കുമായി നൽകിയിട്ടുള്ള ദേശത്തു നിങ്ങൾക്കു വസിക്കാൻ കഴിയും. 6 അന്യദേവതകളെ സേവിക്കാനോ ആരാധിക്കാനോ അവയുടെ പിന്നാലെ പോകരുത്. നിങ്ങളുടെ കൈകളുടെ നിർമിതികൊണ്ട് എന്നെ പ്രകോപിപ്പിക്കുകയുമരുത്. എന്നാൽ ഞാൻ നിങ്ങൾക്ക് ഒരു അനർഥവും വരുത്തുകയില്ല,” എന്നിങ്ങനെ അവർ നിങ്ങളോടു പറഞ്ഞു.
7 “എന്നാൽ നിങ്ങൾ എന്റെ വാക്കു കേട്ടനുസരിച്ചില്ല, നിങ്ങളുടെതന്നെ ദോഷത്തിനായി നിങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ട് എന്നെ കോപിപ്പിക്കുന്നതിനുവേണ്ടി നിങ്ങൾ അപ്രകാരംചെയ്തു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
8 അതിനാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ എന്റെ വചനം അനുസരിക്കാതിരിക്കുക നിമിത്തം, 9 വടക്കുള്ള എല്ലാ ജനതകളെയും എന്റെ ദാസനായ ബാബേൽരാജാവായ നെബൂഖദ്നേസരിനെയും ഈ ദേശത്തിന്റെ നേരേയും അതിലെ നിവാസികളുടെ നേരേയും ചുറ്റുപാടുമുള്ള എല്ലാ രാജ്യങ്ങളുടെ നേരേയും അയച്ചിട്ട്, അവരെ നിശ്ശേഷം നശിപ്പിച്ചുകളയും. ഞാൻ അവരെ ഒരു സ്തംഭനവിഷയവും പരിഹാസവും നിത്യശൂന്യതയുമാക്കിത്തീർക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. 10 “മാത്രമല്ല, ഞാൻ ആഹ്ലാദാരവവും ആനന്ദധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും തിരികല്ലിന്റെ ശബ്ദവും വിളക്കിന്റെ വെളിച്ചവും അവരുടെ ഇടയിൽനിന്ന് നീക്കിക്കളയും. 11 ഈ ദേശമൊന്നാകെ ശൂന്യതയും ഭീതിവിഷയവുമായിത്തീരും. ഈ ജനതകൾ ബാബേൽരാജാവിനെ എഴുപതുവർഷം സേവിക്കും എന്ന് യഹോവയുടെ അരുളപ്പാട്.
12 “എന്നാൽ ആ എഴുപതുവർഷം തികയുമ്പോൾ ഞാൻ ബാബേൽരാജാവിനെയും ആ ജനതയെയും ബാബേൽദേശത്തെയും അവരുടെ അകൃത്യം നിമിത്തം ശിക്ഷിക്കും. ഞാൻ അതിനെ എന്നെന്നേക്കും ഒരു ശൂന്യദേശമാക്കിത്തീർക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. 13 “അതിനെതിരേ ഞാൻ പ്രസ്താവിച്ചിട്ടുള്ള എല്ലാ വചനങ്ങളും യിരെമ്യാപ്രവാചകൻ എല്ലാ രാഷ്ട്രങ്ങൾക്കുമെതിരെ പ്രവചിച്ചിട്ടുള്ളതായി ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സകലവചനങ്ങളും ഞാൻ ആ ദേശത്തിന്റെമേൽ വരുത്തും. 14 അനേകം രാഷ്ട്രങ്ങളും മഹാന്മാരായ രാജാക്കന്മാരും അവരെ അടിമകളാക്കിത്തീർക്കും; ഞാൻ അവരുടെ കർമങ്ങൾക്കും അവരുടെ കൈകളുടെ പ്രവൃത്തികൾക്കും തക്കവണ്ണം അവർക്കു പകരംചെയ്യും.”
-
7 മുപ്പതു ദിവസത്തേക്ക് അങ്ങയോടല്ലാതെ ഏതെങ്കിലും ദേവനോടോ മറ്റു മനുഷ്യനോടോ പ്രാർഥിക്കുന്ന ഒരുവനെ സിംഹക്കുഴിയിൽ ഇട്ടുകളയുമെന്നൊരു രാജകൽപ്പന പുറപ്പെടുവിക്കണമെന്നു രാജ്യത്തിലെ എല്ലാ ഭരണാധിപന്മാരും പ്രധാന ഉദ്യോഗസ്ഥരും രാജപ്രതിനിധികളും ഉപദേശകരും ദേശാധിപന്മാരും കൂടിയാലോചിച്ചു തീരുമാനിച്ചിരിക്കുന്നു. 8 അതുകൊണ്ടു രാജാവേ, മേദ്യരുടെയും പാർസികളുടെയും നീക്കംവരാത്ത നിയമപ്രകാരം ഈ നിരോധനം പ്രഖ്യാപിക്കുകയും അതു മാറാതിരിക്കുമാറ് രാജകൽപ്പന മുദ്രവെക്കുകയും ചെയ്താലും.” 9 അങ്ങനെ ദാര്യാവേശ് രാജാവ് ഈ നിരോധന ഉത്തരവ് എഴുതി ഒപ്പുവെച്ചു.
10 ഇപ്രകാരം ഒരു കൽപ്പന ഒപ്പുവെച്ചിരിക്കുന്നതായി ദാനീയേൽ അറിഞ്ഞപ്പോൾ അദ്ദേഹം വീട്ടിൽച്ചെന്നു. തന്റെ മാളികമുറിയുടെ ജനാല ജെറുശലേമിനുനേരേ തുറന്നിരുന്നു. താൻ മുമ്പു ചെയ്തിരുന്നതുപോലെ ദിവസം മൂന്നുപ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തോടു പ്രാർഥിക്കുകയും സ്തോത്രംചെയ്യുകയും ചെയ്തു. 11 അപ്പോൾ ആ പുരുഷന്മാർ കൂടിവന്ന്, ദാനീയേൽ തന്റെ ദൈവത്തിന്റെ മുമ്പാകെ പ്രാർഥനയും യാചനയും കഴിക്കുന്നതു കണ്ടെത്തി. 12 അങ്ങനെ അവർ രാജസന്നിധിയിൽച്ചെന്ന് രാജകൽപ്പനയെപ്പറ്റി ഇപ്രകാരം സംസാരിച്ചു: “രാജാവേ, മുപ്പതു ദിവസത്തേക്ക് അങ്ങയോടല്ലാതെ ഏതെങ്കിലും ദേവനോടോ മനുഷ്യനോടോ പ്രാർഥിക്കുന്ന ഏതു മനുഷ്യനെയും സിംഹക്കുഴിയിൽ ഇട്ടുകളയും എന്നൊരു നിരോധന ഉത്തരവ് തിരുമേനി പുറപ്പെടുവിച്ചിട്ടില്ലയോ?”
അപ്പോൾ രാജാവ്: “മേദ്യരുടെയും പാർസികളുടെയും നീക്കംവരാത്ത നിയമപ്രകാരം ആ കാര്യം ശരിതന്നെ” എന്ന് ഉത്തരം പറഞ്ഞു.
13 അപ്പോൾ അവർ രാജസന്നിധിയിൽ ഇപ്രകാരം ബോധിപ്പിച്ചു: “രാജാവേ, യെഹൂദാപ്രവാസികളിൽ ഒരുത്തനായ ദാനീയേൽ, തിരുമേനിയെയോ തിരുമേനി ഒപ്പുവെച്ചിട്ടുള്ള കൽപ്പനയെയോ കൂട്ടാക്കാതെ ദിവസം മൂന്നുപ്രാവശ്യം അപേക്ഷ കഴിച്ചുവരുന്നു.” 14 ഈ വാക്കു കേട്ടയുടൻ രാജാവ് അതിദുഃഖിതനായി ദാനീയേലിനെ മോചിപ്പിക്കാൻ മനസ്സുവെച്ചു; സൂര്യാസ്തമയംവരെയും അദ്ദേഹത്തെ വിടുവിക്കാൻ പ്രയത്നം ചെയ്തു.
15 അപ്പോൾ ഈ പുരുഷന്മാർ പരസ്പരധാരണയോടെ അടുത്തുവന്നു രാജാവിനോട്: “രാജാവു പ്രഖ്യാപിക്കുന്ന യാതൊരു കൽപ്പനയും നിയമവും മാറിപ്പോകരുത് എന്നത് മേദ്യരുടെയും പാർസികളുടെയും ഒരു ചട്ടമാണെന്ന് തിരുമേനി ഗ്രഹിച്ചാലും” എന്നു ബോധിപ്പിച്ചു.
16 അപ്പോൾ രാജാവു കൽപ്പന കൊടുത്തിട്ട്, ദാനീയേലിനെ കൊണ്ടുവന്ന് സിംഹക്കുഴിയിലിട്ടു. “നീ നിരന്തരം സേവിക്കുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കുമാറാകട്ടെ!” എന്നു രാജാവു ദാനീയേലിനോടു പറഞ്ഞു.
17 അവർ ഒരു കല്ലു കൊണ്ടുവന്ന് ഗുഹയുടെ വാതിൽക്കൽ വെച്ചു. ദാനീയേലിന്റെ കാര്യത്തിൽ രാജകൽപ്പന ലംഘിക്കപ്പെടാതിരിക്കാൻ രാജാവ് തന്റെ മുദ്രമോതിരംകൊണ്ടും പ്രഭുക്കന്മാരുടെ മുദ്രമോതിരംകൊണ്ടും അതിനു മുദ്രവെച്ചു. 18 അതിനുശേഷം രാജാവു കൊട്ടാരത്തിൽചെന്ന് ഉപവസിച്ചു രാത്രി കഴിച്ചുകൂട്ടി. സംഗീതോപകരണങ്ങൾ രാജാവിന്റെ അടുക്കൽ കൊണ്ടുവന്നില്ല. അദ്ദേഹത്തിന് ഉറങ്ങാൻ കഴിഞ്ഞതുമില്ല.
19 രാജാവ് അതിരാവിലെ എഴുന്നേറ്റു വളരെ തിടുക്കത്തോടെ സിംഹഗുഹയുടെ അടുക്കൽ ചെന്നു. 20 ഗുഹയുടെ സമീപത്തെത്തിയപ്പോൾ അദ്ദേഹം ദുഃഖശബ്ദത്തോടെ ദാനീയേലിനെ വിളിച്ച്: “ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനീയേലേ, നീ നിരന്തരം സേവിക്കുന്ന നിന്റെ ദൈവം സിംഹങ്ങളിൽനിന്ന് നിന്നെ രക്ഷിക്കാൻ പ്രാപ്തനായോ?” എന്നു ചോദിച്ചു.
21 അപ്പോൾ ദാനീയേൽ രാജാവിനോട്: “രാജാവു ദീർഘായുസ്സായിരുന്നാലും! 22 എന്റെ ദൈവം തന്റെ ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചുകളഞ്ഞു. അവ എനിക്ക് ഒരു ദോഷവും ചെയ്തില്ല. കാരണം, ദൈവത്തിന്റെ മുമ്പാകെ ഞാൻ നിഷ്കളങ്കനാണ്. രാജാവേ, അങ്ങയുടെമുന്നിലും ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല” എന്നു പറഞ്ഞു.
23 അപ്പോൾ രാജാവ് ഏറ്റവും സന്തോഷിച്ചു. ദാനീയേലിനെ ഗുഹയിൽനിന്ന് കയറ്റുന്നതിന് അദ്ദേഹം കൽപ്പനകൊടുത്തു. അങ്ങനെ ദാനീയേലിനെ ഗുഹയിൽനിന്ന് കയറ്റി. ദാനീയേൽ ദൈവത്തിൽ വിശ്വസിച്ചതുമൂലം അദ്ദേഹത്തിനു യാതൊരു കേടും പറ്റിയതായി കണ്ടില്ല.
24 അതിനുശേഷം രാജാവ് ആജ്ഞാപിച്ചിട്ട്, ദാനീയേലിന്മേൽ വിദ്വേഷപൂർവം ദോഷം ആരോപിച്ചവരെ വരുത്തി. അവരെയും അവരുടെ മക്കളെയും ഭാര്യമാരെയും സിംഹക്കുഴിയിൽ ഇട്ടുകളഞ്ഞു. അവർ ഗുഹയുടെ അടിയിൽ എത്തുന്നതിനുമുമ്പുതന്നെ സിംഹങ്ങൾ അവരെ പിടികൂടി അവരുടെ അസ്ഥികളെല്ലാം തകർത്തുകളഞ്ഞു.
25 പിന്നീട്, ദാര്യാവേശ് രാജാവ് സകലരാഷ്ട്രങ്ങൾക്കും ജനതകൾക്കും ഭൂമിയിൽ എല്ലായിടവും വസിക്കുന്ന സകലഭാഷക്കാർക്കും ഇപ്രകാരം എഴുതി അയച്ചു:
“നിങ്ങൾക്കു സമാധാനം വർധിക്കട്ടെ!
26 “എന്റെ രാജ്യത്തിലെ സകലപ്രദേശങ്ങളിലും, ജനങ്ങൾ ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടെ ആയിരിക്കണമെന്നു ഞാൻ കൽപ്പിക്കുന്നു.
“കാരണം, അവിടന്നാണ് ജീവനുള്ള ദൈവം
അവിടന്ന് എന്നെന്നേക്കും നിലനിൽക്കുന്നു;
അവിടത്തെ രാജ്യം നാശം ഭവിക്കാത്ത ഒന്നത്രേ,
അവിടത്തെ ആധിപത്യം ശാശ്വതമായിരിക്കും.
27 അവിടന്നു മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു;
അവിടന്ന് ആകാശത്തിലും ഭൂമിയിലും
ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നു.
അവിടന്നു ദാനീയേലിനെ മോചിപ്പിച്ചു
സിംഹങ്ങളുടെ ശക്തിയിൽനിന്നുതന്നെ.”
28 അങ്ങനെ ദാനീയേൽ ദാര്യാവേശിന്റെ ഭരണകാലത്തും പാർസിരാജാവായ കോരെശിന്റെ ഭരണകാലത്തും ശുഭമായിരുന്നു.
-
7 എന്നാൽ, നമ്മിൽ ഓരോരുത്തർക്കും ക്രിസ്തു കൃപ ദാനമായി അളന്നുനൽകിയതനുസരിച്ചു ലഭിച്ചിരിക്കുന്നു.
8 “അവിടന്ന് ആരോഹണംചെയ്തപ്പോൾ
അനേകം ബന്ധനസ്ഥരെ ഉയരത്തിലേക്കു കൊണ്ടുപോയി
മനുഷ്യർക്കു കൃപാദാനങ്ങൾ കൊടുത്തു,”
എന്ന് എഴുതിയിരിക്കുന്നത് അതിനാലാണല്ലോ. 9 “അവിടന്ന് ഉയരത്തിൽ കയറി” എന്നതുകൊണ്ട്, മുമ്പേ ഭൂമിയുടെ അധോഭാഗങ്ങളിലേക്കിറങ്ങി എന്ന് അർഥമാകുന്നില്ലേ? 10 ഈ ഇറങ്ങിയ ആൾ സർവപ്രപഞ്ചത്തെയും നിറയ്ക്കേണ്ടതിന് സ്വർഗാധിസ്വർഗങ്ങൾക്കും മീതേ കയറിയ വ്യക്തിയാണ്. 11-12 ക്രിസ്തുവിന്റെ ശരീരത്തെ പണിതുയർത്തുന്ന ശുശ്രൂഷയ്ക്കായി വിശുദ്ധരെ സജ്ജരാക്കുന്നതിനുവേണ്ടി, അവിടന്നുതന്നെ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയോഗിച്ചിരിക്കുന്നു. 13 ഇങ്ങനെ നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലും പക്വതയുള്ളവരായി ഐക്യത്തിലെത്തിച്ചേർന്ന്, ക്രിസ്തുവിന്റെ പരിപൂർണതയുടെ സമ്പൂർണ അളവ് സാക്ഷാത്കരിക്കുന്നതുവരെ വളരുകതന്നെ ചെയ്യും.
14 തൽഫലമായി, നാം ഇനിമേൽ, മനുഷ്യരുടെ വഞ്ചനാത്മകമായ ഗൂഢാലോചനകളുടെ കൗശലങ്ങളിലും തന്ത്രങ്ങളിലും കുടുങ്ങി അവരുടെ ദുരുപദേശങ്ങളുടെ കാറ്റിൽ ആടിയുലയുകയും ഓളങ്ങളിൽ ചാഞ്ചാടുകയുംചെയ്യുന്ന ശിശുക്കളല്ല; 15 മറിച്ച്, സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ട് എല്ലാക്കാര്യങ്ങളിലും ക്രിസ്തു എന്ന ശിരസ്സുവരെ വളരുന്നവരാകും. 16 അങ്ങനെ ഓരോ അവയവവും അതതിന്റെ ധർമം നിർവഹിച്ചുകൊണ്ട്, സകലസന്ധിബന്ധങ്ങളും സംയോജിതമായി, സ്നേഹത്തിൽ മുഴുവൻ ശരീരവും സ്വയം പടുത്തുയർത്തപ്പെട്ട് ക്രിസ്തുവിനാൽ വളർച്ച പ്രാപിക്കുന്നു.
-
1 ആകയാൽ (ഇങ്ങനെ നിങ്ങളും കഷ്ടതയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാൽ) നിങ്ങൾ ക്രിസ്തുവിനോട് ചേർന്നിരിക്കുന്നതിലൂടെ എന്തെങ്കിലും പ്രോത്സാഹനം ലഭിച്ചിട്ടുണ്ടോ? അവിടത്തെ സ്നേഹത്തിൽനിന്ന് എന്തെങ്കിലും ആശ്വാസം ലഭിച്ചിട്ടുണ്ടോ? ദൈവാത്മാവിൽ വല്ല കൂട്ടായ്മയും നിങ്ങൾക്കുണ്ടോ? അൽപ്പമെങ്കിലും ആർദ്രതയും അനുകമ്പയും ഉണ്ടോ? ഉണ്ടെങ്കിൽ 2 നിങ്ങൾ ഒരേ ഹൃദയവും ഒരേ സ്നേഹവും ഉള്ളവരായി, ആത്മാവിലും ലക്ഷ്യത്തിലും ഐക്യവും ഉള്ളവരായി, എന്റെ ആനന്ദം സമ്പൂർണമാക്കുക. 3 സ്വാർഥതാത്പര്യത്താലോ വൃഥാഭിമാനത്താലോ ഒന്നും ചെയ്യാതെ വിനയപൂർവം മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠർ എന്നു കരുതുക. 4 നിങ്ങളിൽ ഓരോരുത്തരും സ്വന്തം നന്മമാത്രമല്ല, മറ്റുള്ളവരുടെ നന്മകൂടി അന്വേഷിക്കേണ്ടതാണ്.
5 ക്രിസ്തുയേശുവിന്റെ സ്വഭാവംതന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.
6 പ്രകൃത്യാതന്നെ ദൈവമായിരിക്കെ,
ദൈവത്തോടുള്ള സമത്വം എപ്പോഴും മുറുകെപിടിച്ചുകൊണ്ടിരിക്കണം എന്നു ചിന്തിക്കാതെ,
7 ക്രിസ്തു തന്നെത്തന്നെ ശൂന്യനാക്കി,
ദാസവേഷം ധരിച്ച്,
മനുഷ്യപ്രകൃതിയിൽ കാണപ്പെട്ടു.
8 അവിടന്ന് അങ്ങനെ തന്നെത്താൻ താഴ്ത്തുകയും,
മരണംവരെ;
അതേ, ക്രൂശുമരണംവരെ,
അനുസരണയുള്ളവനായിത്തീരുകയും ചെയ്തു.
9 അതുകൊണ്ട് ദൈവം ക്രിസ്തുവിനെ പരമോന്നതസ്ഥാനത്തേക്ക് ഉയർത്തി,
എല്ലാ നാമങ്ങൾക്കും മീതേ ഉത്തുംഗമായ നാമം അവിടത്തേക്കു നൽകി.
10 തന്മൂലം സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും ഉള്ള എല്ലാവരും
യേശുവിന്റെ നാമത്തിങ്കൽ സാഷ്ടാംഗം പ്രണമിക്കുകയും
11 എല്ലാവരുടെയും നാവ് യേശുക്രിസ്തു കർത്താവ് എന്നു സമ്മതിച്ച്
പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി ഏറ്റുപറയുകയും ചെയ്യും.
-
23 മോശ ജനിച്ചപ്പോൾ, ശിശു അസാധാരണ സൗന്ദര്യം ഉള്ളവനെന്ന് അവന്റെ മാതാപിതാക്കൾ കണ്ടിട്ട് വിശ്വാസത്താൽ മൂന്നുമാസം അവനെ ഒളിച്ചുവെച്ചു. അവർ രാജാവിന്റെ ആജ്ഞയെ ഭയപ്പെട്ടതേയില്ല.
-
11 സഹോദരങ്ങളേ, പരസ്പരം അപവാദം പറയരുത്. സഹോദരങ്ങൾക്കു വിരോധമായി സംസാരിക്കുകയോ അവരെ വിധിക്കുകയോ ചെയ്യുന്ന ആൾ ന്യായപ്രമാണത്തിനു വിരുദ്ധമായി സംസാരിക്കുകയും അതിനെ വിധിക്കുകയുംചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുമ്പോൾ നീ അതിനെ പാലിക്കുകയല്ല, അതിന്റെ വിധികർത്താവായി മാറുകയാണ്. 12 ന്യായപ്രമാണദാതാവും ന്യായകർത്താവും ഒരാൾമാത്രം; രക്ഷിക്കാനും നശിപ്പിക്കാനും ശക്തനായ ദൈവംതന്നെ. അയൽവാസിയെ ന്യായംവിധിക്കാൻ നിനക്ക് എന്ത് അധികാരം?
13 “ഇന്നോ നാളെയോ ഞങ്ങൾ ഏതെങ്കിലും പട്ടണത്തിൽ ചെന്ന് ഒരുവർഷം വ്യാപാരംചെയ്ത് ധനം സമ്പാദിക്കും” എന്നു പറയുന്നവരേ, കേൾക്കുക: 14 നാളെ എങ്ങനെയുള്ളതായിരിക്കും എന്ന് ആർക്കും അറിയില്ലല്ലോ. എന്താണ് നിങ്ങളുടെ ജീവിതം? ക്ഷണനേരത്തേക്കു ദൃശ്യമാകുന്നതും പിന്നെ അദൃശ്യമാകുന്നതുമായ മൂടൽമഞ്ഞുമാത്രമല്ലേ? 15 “കർത്തൃഹിതമെങ്കിൽമാത്രം ഞങ്ങൾ ജീവിച്ചിരുന്ന് ഇതൊക്കെ ചെയ്യും” എന്നല്ലേ നിങ്ങൾ പറയേണ്ടത്? 16 എന്നാൽ, നിങ്ങൾ സ്വയം പ്രശംസിക്കുകയും വീമ്പിളക്കുകയുംചെയ്യുന്നു. ഇത്തരം ആത്മപ്രശംസ എല്ലാം തിന്മയാണ്. 17 ഒരാൾ ചെയ്യേണ്ടുന്ന നന്മ എന്താണെന്ന് അറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നത് അവർക്കു പാപമാണ്.
-
25 ആ കാലത്ത് ഇസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തരും തങ്ങൾക്കു യുക്തമെന്നു തോന്നിയതുപോലെ പ്രവർത്തിച്ചു.
-
15 ശൗൽ വന്നെത്തുന്നതിന്റെ തലേദിവസം യഹോവ ശമുവേലിന് ഇപ്രകാരം വെളിപ്പെടുത്തിക്കൊടുത്തിരുന്നു: 16 “നാളെ ഏകദേശം ഈ നേരത്ത് ബെന്യാമീൻദേശത്തുനിന്ന് ഒരു പുരുഷനെ ഞാൻ നിന്റെ അടുത്തേക്കയയ്ക്കും. എന്റെ ജനമായ ഇസ്രായേലിനു ഭരണാധിപനായി അവനെ അഭിഷേകംചെയ്യുക! അവൻ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കൈയിൽനിന്നു രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ സന്നിധിയിൽ എത്തിയിരിക്കുകയാൽ ഞാനവരോട് കരുണകാണിച്ചിരിക്കുന്നു.”
17 ശമുവേൽ ശൗലിനെ കണ്ടപ്പോൾ യഹോവ അദ്ദേഹത്തോട്: “ഞാൻ നിന്നോടു പറഞ്ഞിരുന്ന പുരുഷൻ ഇതാണ്; ഇവൻ എന്റെ ജനത്തെ ഭരിക്കും” എന്ന് അരുളിച്ചെയ്തു.
-
19 യഹോവ തന്റെ സിംഹാസനം സ്വർഗത്തിൽ സ്ഥാപിച്ചിരിക്കുന്നു,
സകലതും അവിടത്തെ ആധിപത്യത്തിൻകീഴിലാകുന്നു.
-
25 യേശു അവരെയെല്ലാം അടുക്കൽവിളിച്ചു പറഞ്ഞത്: “ഈ ലോകത്തിലെ ഭരണകർത്താക്കൾ തങ്ങളുടെ പ്രജകളുടെമേൽ ആധിപത്യം നടത്തുന്നെന്നും അവരിലെ പ്രമുഖർ അവരുടെമേൽ സ്വേച്ഛാധിപത്യം നടത്തുന്നെന്നും നിങ്ങൾക്കറിയാമല്ലോ. 26 നിങ്ങൾക്കിടയിൽ അങ്ങനെ സംഭവിക്കരുത്. പിന്നെയോ, നിങ്ങളിൽ പ്രമുഖരാകാൻ ആഗ്രഹിക്കുന്നവരെല്ലാം മറ്റുള്ളവർക്ക് ദാസരായിരിക്കണം; 27 പ്രഥമസ്ഥാനീയരാകാൻ ആഗ്രഹിക്കുന്നവരോ മറ്റുള്ളവർക്ക് അടിമയുമായിരിക്കണം. 28 മനുഷ്യപുത്രൻ (ഞാൻ) വന്നതോ മറ്റുള്ളവരിൽനിന്ന് ശുശ്രൂഷ സ്വീകരിക്കാനല്ല; മറിച്ച്, മറ്റുള്ളവരെ ശുശ്രൂഷിക്കാനും തന്റെ ജീവൻ അനേകർക്ക് വീണ്ടെടുപ്പുവിലയായി നൽകാനും ആണ്.”
-
15 ഈ കാരണത്താൽ, കർത്താവായ യേശുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തെയും സകലവിശുദ്ധരോടുമുള്ള സ്നേഹത്തെയുംകുറിച്ചു കേട്ടതുമുതൽ 16 ഞാനും എന്റെ പ്രാർഥനയിൽ നിങ്ങളെ സ്മരിച്ചുകൊണ്ടു നിങ്ങൾക്കുവേണ്ടി എപ്പോഴും സ്തോത്രംചെയ്തുകൊണ്ടിരിക്കുന്നു. 17 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവം, തേജോമയനായ പിതാവ്, അവിടത്തെ സുവ്യക്തമായി മനസ്സിലാക്കാൻ നിങ്ങൾക്കു ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ നൽകട്ടെ എന്നു ഞാൻ എപ്പോഴും പ്രാർഥിക്കുന്നു. 18 മാത്രവുമല്ല, നിങ്ങളുടെ ഹൃദയം പ്രകാശപൂരിതമായിത്തീർന്നിട്ട് അവിടന്ന് നിങ്ങളെ വിളിച്ചിരിക്കുന്ന പ്രത്യാശയും അവിടത്തെ വിശുദ്ധർക്കു ലഭിക്കാനിരിക്കുന്ന തേജോമയമായ അവകാശത്തിന്റെ സമൃദ്ധിയും 19 വിശ്വസിക്കുന്നവരായ നമുക്കുവേണ്ടിയുള്ള അവിടത്തെ അതുല്യമായ ശക്തിയും നിങ്ങൾ അറിയേണമെന്നും ഞാൻ പ്രാർഥിക്കുന്നു. 20-21 ഈ ശക്തിതന്നെയാണ്, ക്രിസ്തുവിനെ മരിച്ചവരിൽനിന്നുയിർപ്പിച്ച് എല്ലാ ഭരണത്തിനും അധികാരത്തിനും ശക്തിക്കും കർത്തൃത്വത്തിനും മീതേ സ്വർഗത്തിൽ തന്റെ വലതുഭാഗത്ത്, ഈ യുഗത്തിൽമാത്രമല്ല, വരാനുള്ളതിലും വിളിക്കപ്പെട്ട എല്ലാ നാമത്തിനും അത്യന്തം മീതേ, ഇരുത്താൻ ദൈവം പ്രയോഗിച്ച അതിമഹത്തായ ശക്തി. 22 അവിടന്നു സകലതും ക്രിസ്തുവിന്റെ കാൽക്കീഴിലാക്കി ക്രിസ്തുവിനെ എല്ലാറ്റിന്റെയും ശിരസ്സായിരിക്കാൻ സഭയ്ക്കുവേണ്ടി നിയോഗിച്ചിരിക്കുന്നു. 23 സകലത്തെയും സർവവിധത്തിലും സമ്പൂർണമാക്കുന്ന അവിടത്തെ സമ്പൂർണതയാകുന്നു ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ.
-
1 യോർദാനു പശ്ചിമഭാഗത്തുള്ള രാജാക്കന്മാർ—മലകളിലും പടിഞ്ഞാറുള്ള കുന്നിൻപ്രദേശങ്ങളിലും, ലെബാനോൻവരെ മെഡിറ്ററേനിയൻ കടലിന്റെ തീരപ്രദേശത്തുമുള്ള ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ രാജ്യങ്ങളിലെ രാജാക്കന്മാർ— 2 ഈ വസ്തുതകളെല്ലാം കേട്ടപ്പോൾ യോശുവയോടും ഇസ്രായേലിനോടും യുദ്ധംചെയ്യാൻ ഒന്നിച്ചുകൂടി.
3 എന്നാൽ യോശുവ യെരീഹോവിനോടും ഹായിയോടും ചെയ്തതു ഗിബെയോൻനിവാസികൾ കേട്ടപ്പോൾ, 4 അവർ ഒരു കൗശലംപ്രയോഗിച്ചു: ഒരു നിവേദകസംഘമായി കീറിപ്പറിഞ്ഞ ചാക്കുകളും കീറിയതും തുന്നിക്കെട്ടിയതുമായ പഴയ വീഞ്ഞുതുരുത്തികളും കഴുതപ്പുറത്തു കയറ്റി, 5 തേഞ്ഞതും തുന്നിച്ചേർത്തതുമായ ചെരിപ്പും പഴയ വസ്ത്രങ്ങളും ധരിച്ച് അവർ പുറപ്പെട്ടു. അവർ കരുതിയിരുന്ന ആഹാരമെല്ലാം ഉണങ്ങിയതും പൂത്തതുമായ അപ്പമായിരുന്നു. 6 ഗിൽഗാലിലെ പാളയത്തിൽ യോശുവയുടെ അടുക്കൽ ചെന്ന് അദ്ദേഹത്തോടും ഇസ്രായേൽ പുരുഷന്മാരോടും, “ഞങ്ങൾ ദൂരദേശത്തുനിന്നു വന്നിരിക്കുന്നു. ഞങ്ങളോട് ഒരു സമാധാനയുടമ്പടി ചെയ്യണം” എന്നു പറഞ്ഞു.
7 ഇസ്രായേൽപുരുഷന്മാർ ഹിവ്യരോട്: “ഒരുപക്ഷേ നിങ്ങൾ ഞങ്ങളുടെ സമീപം താമസിക്കുന്നവരായിരിക്കും. അങ്ങനെയെങ്കിൽ എങ്ങനെ നിങ്ങളുമായി ഒരു സമാധാനയുടമ്പടി ഉണ്ടാക്കും?” എന്നു ചോദിച്ചു.
8 അവർ യോശുവയോട്: “ഞങ്ങൾ നിങ്ങളുടെ ദാസന്മാർ” എന്നു പറഞ്ഞു.
എന്നാൽ യോശുവ അവരോട്, “നിങ്ങൾ ആരാകുന്നു? എവിടെനിന്നു വരുന്നു?” എന്നു ചോദിച്ചു.
9 അവർ ഉത്തരമായി, “അങ്ങയുടെ ദൈവമായ യഹോവയുടെ കീർത്തി ഹേതുവായി അങ്ങയുടെ ദാസന്മാർ വളരെ ദൂരത്തുനിന്നു വന്നിരിക്കുന്നു. അവിടന്ന് ഈജിപ്റ്റിൽ ചെയ്തതൊക്കെയും, 10 യോർദാനു കിഴക്ക്, ഹെശ്ബോൻരാജാവായ സീഹോൻ, അസ്തരോത്തിലെ ബാശാൻരാജാവായ ഓഗ് എന്നീ രണ്ട് അമോര്യരാജാക്കന്മാരോടു ചെയ്തതും ഞങ്ങൾ കേട്ടിരിക്കുന്നു. 11 അതുകൊണ്ടു ഞങ്ങളുടെ ഗോത്രത്തലവന്മാരും ദേശവാസികൾ എല്ലാവരും ഞങ്ങളോട്, ‘യാത്രയ്ക്കുവേണ്ട ഭക്ഷണസാധനം എടുത്ത്, അവരെ ചെന്നുകണ്ട്, “ഞങ്ങൾ നിങ്ങളുടെ ദാസന്മാരാകുന്നു. ഞങ്ങളുമായി ഒരു സമാധാനയുടമ്പടി ചെയ്യുക” എന്നു പറയണം’ എന്നു പറഞ്ഞു. 12 ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരാൻ പുറപ്പെട്ട നാളിൽ ഭക്ഷണത്തിനായിട്ട് ഈ അപ്പം ചൂടോടെ ഞങ്ങളുടെ വീടുകളിൽനിന്ന് എടുത്തതാകുന്നു. ഇപ്പോൾ ഇതാ അത് ഉണങ്ങി പൂത്തിരിക്കുന്നു. 13 ഞങ്ങൾ വീഞ്ഞുനിറച്ച ഈ തുരുത്തികൾ പുത്തനായിരുന്നു; ഇപ്പോൾ ഇതാ അവ കീറിയിരിക്കുന്നു; ഞങ്ങളുടെ വസ്ത്രവും ചെരിപ്പും ദീർഘദൂരയാത്രമൂലം പഴകിയിരിക്കുന്നു.”
14 ഇസ്രായേൽപുരുഷന്മാർ യഹോവയോടു ചോദിക്കാതെ അവരുടെ ഭക്ഷണസാധനങ്ങൾ രുചിച്ചുനോക്കി. 15 അവരെ ജീവിക്കാൻ അനുവദിക്കുമെന്നുള്ള ഒരു സമാധാനയുടമ്പടി യോശുവ അവരുമായി ചെയ്തു; സമൂഹത്തിലെ പ്രഭുക്കന്മാർ അതു ശപഥംചെയ്ത് അംഗീകരിക്കുകയും ചെയ്തു.
16 ഗിബെയോന്യരുമായി സമാധാനയുടമ്പടി ചെയ്ത് മൂന്നുദിവസം കഴിഞ്ഞപ്പോൾ, അവർ സമീപത്തു താമസിക്കുന്ന അയൽക്കാർ ആണെന്ന് ഇസ്രായേല്യർ മനസ്സിലാക്കി. 17 അതിനാൽ ഇസ്രായേല്യർ പുറപ്പെട്ടു മൂന്നാംദിവസം അവരുടെ പട്ടണങ്ങളായ ഗിബെയോൻ, കെഫീരാ, ബേരോത്ത്, കിര്യത്ത്-യെയാരീം എന്നിവിടങ്ങളിൽ എത്തി. 18 ഇസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു സമൂഹത്തിലെ പ്രഭുക്കന്മാർ ശപഥംചെയ്യുകമൂലം ഇസ്രായേൽമക്കൾ അവരെ ആക്രമിച്ചില്ല.
എന്നാൽ സഭമുഴുവനും പ്രഭുക്കന്മാരുടെനേരേ പിറുപിറുത്തു. 19 എന്നാൽ പ്രഭുക്കന്മാർ അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ഞങ്ങൾ ശപഥം ചെയ്തിരിക്കുകയാൽ നമുക്കിപ്പോൾ അവരെ തൊട്ടുകൂടാ. 20 നമുക്ക് അവരോട് ഇങ്ങനെ ചെയ്യാം: അവരെ ജീവിക്കാൻ അനുവദിക്കുക. അല്ലെങ്കിൽ നാം ചെയ്ത ശപഥം ലംഘിക്കുന്നതുമൂലം ദൈവകോപം നമ്മുടെമേൽ വരുമല്ലോ. 21 അവർ ജീവിക്കട്ടെ. എങ്കിലും അവർ മുഴുവൻ സമൂഹത്തിനും വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിരിക്കട്ടെ.” അങ്ങനെ അവരോടുള്ള പ്രഭുക്കന്മാരുടെ ശപഥം പാലിക്കപ്പെട്ടു.
22 പിന്നെ യോശുവ ഗിബെയോന്യരെ വിളിച്ച് അവരോട്, “നിങ്ങൾ ഞങ്ങളുടെ സമീപം താമസിക്കെ, വളരെദൂരെ താമസിക്കുന്നു എന്നു പറഞ്ഞു ഞങ്ങളെ കബളിപ്പിച്ചതെന്ത്? 23 അതുകൊണ്ട് നിങ്ങൾ ഇപ്പോൾ ശപിക്കപ്പെട്ടവരാകുന്നു. നിങ്ങൾ എല്ലാ കാലവും എന്റെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിത്തുടരും” എന്നു പറഞ്ഞു.
24 അവർ യോശുവയോട്: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് ഈ ദേശമെല്ലാം തരുമെന്നും നിങ്ങളുടെമുമ്പിൽനിന്ന് ഈ ദേശവാസികളെയെല്ലാം ഉന്മൂലനംചെയ്യുമെന്നും തന്റെ ദാസനായ മോശയോടു കൽപ്പിച്ചിരിക്കുന്നെന്ന് അടിയങ്ങൾക്കറിവു കിട്ടിയതിനാൽ നിങ്ങൾനിമിത്തം ഞങ്ങളുടെ ജീവനെക്കുറിച്ചുള്ള ഭയത്താൽ ഇതു ചെയ്തു. 25 ഇപ്പോൾ ഇതാ, ഞങ്ങൾ അങ്ങയുടെ കരങ്ങളിലാണ്; അങ്ങേക്കു നല്ലതെന്നും ശരിയെന്നും തോന്നുന്നതെന്തും ഞങ്ങളോടു ചെയ്തുകൊൾക” എന്നു പറഞ്ഞു.
26 അങ്ങനെ യോശുവ ഇസ്രായേൽമക്കളിൽനിന്നും അവരെ രക്ഷിച്ചു; അവർ അവരെ കൊന്നില്ല. 27 അന്ന് അവരെ ഇസ്രായേല്യസമൂഹത്തിനും യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് അവന്റെ യാഗപീഠത്തിനും വിറകുകീറുന്നവരും വെള്ളംകോരുന്നവരുമാക്കി. അവർ ഇന്നുവരെയും അങ്ങനെ ചെയ്തുവരുന്നു.
-
1 യഹോവ ശമുവേലിനോട് അരുളിച്ചെയ്തു: “ഇസ്രായേലിന്റെ രാജസ്ഥാനത്തുനിന്ന് ഞാൻ ശൗലിനെ തള്ളിക്കളഞ്ഞിരിക്കുകയാൽ നീ അവനുവേണ്ടി എത്രനാൾ വിലപിക്കും? നീ കൊമ്പിൽ തൈലം നിറച്ചു പുറപ്പെടുക; ഞാൻ നിന്നെ ബേത്ലഹേമിൽ യിശ്ശായിയുടെ അടുത്തേക്കയയ്ക്കുന്നു. അവന്റെ പുത്രന്മാരിൽ ഒരുവനെ ഞാൻ രാജാവായി തെരഞ്ഞെടുത്തിരിക്കുന്നു.”
-
25 യഹോവ എല്ലാ ഇസ്രായേലിനും മുമ്പാകെ ശലോമോനെ ഏറ്റവും ഉന്നതനാക്കി; ഇസ്രായേലിൽ മുമ്പൊരു രാജാവിനും ഇല്ലാതിരുന്ന രാജകീയ പ്രതാപം അദ്ദേഹത്തിനു നൽകി.
-
21 മനുഷ്യന്റെ ഹൃദയത്തിൽ നിരവധി പദ്ധതികളുണ്ട്,
എന്നാൽ യഹോവയുടെ തീരുമാനങ്ങൾമാത്രം നടപ്പിലാകുന്നു.
-
2 നീതിനിഷ്ഠർക്ക് ഐശ്വര്യമുണ്ടാകുമ്പോൾ ജനം ആനന്ദിക്കുന്നു;
ദുഷ്ടർ ഭരണംകയ്യാളുമ്പോൾ ജനം ഞരങ്ങുന്നു.
-
12 എന്നാൽ അങ്ങ് ബാബേൽ പ്രവിശ്യയുടെ അധികാരികളായി നിയമിച്ചിട്ടുള്ള ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നീ യെഹൂദന്മാർ, രാജാവേ, അങ്ങയുടെ കൽപ്പന ഗൗനിക്കുന്നില്ല. അവർ അങ്ങയുടെ ദേവതകളെ സേവിക്കുകയോ അങ്ങു നിർത്തിയ സ്വർണപ്രതിമയെ നമസ്കരിക്കുകയോ ചെയ്യുന്നില്ല.”
13 ഇതിൽ കോപാകുലനായി നെബൂഖദ്നേസർ ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും വിളിപ്പിച്ചു. അവർ ഈ പുരുഷന്മാരെ രാജാവിന്റെ മുമ്പിൽ കൊണ്ടുവന്നു. 14 നെബൂഖദ്നേസർ അവരോടു ചോദിച്ചു: “ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, നിങ്ങൾ എന്റെ ദേവതകളെ സേവിക്കുകയോ ഞാൻ നിർത്തിയ സ്വർണപ്രതിമയെ നമസ്കരിക്കുകയോ ചെയ്യുന്നില്ല എന്നതു സത്യംതന്നെയോ? 15 ഇപ്പോൾ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം തുടങ്ങിയ സകലവിധ വാദ്യനാദവും കേൾക്കുന്ന സമയത്ത് നിങ്ങൾ വീണ് ഞാൻ നിർത്തിയ സ്വർണപ്രതിമയെ നമസ്കരിക്കാൻ സന്നദ്ധരെങ്കിൽ, നല്ലതുതന്നെ. നമസ്കരിക്കുന്നില്ലെങ്കിൽ നിങ്ങളെ ഉടൻതന്നെ എരിയുന്ന തീച്ചൂളയിൽ എറിഞ്ഞുകളയുന്നതാണ്. അവിടെനിന്നു നിങ്ങളെ എന്റെ കൈയിൽനിന്നു വിടുവിക്കാൻ കഴിവുള്ള ദേവൻ ആരാണ്?”
16 ശദ്രക്കും മേശക്കും അബേദ്നെഗോവും രാജാവിനോട് ഇപ്രകാരം ഉത്തരം പറഞ്ഞു: “അല്ലയോ നെബൂഖദ്നേസരേ, ഈ കാര്യത്തിൽ ഞങ്ങൾ അങ്ങയോട് ഉത്തരം പറയേണ്ട ആവശ്യമില്ല. 17 ഞങ്ങളെ തീച്ചൂളയിലേക്ക് എറിയുന്നെങ്കിൽ, ഞങ്ങൾ സേവിക്കുന്ന ദൈവത്തിനു തീച്ചൂളയിൽനിന്നു ഞങ്ങളെ വിടുവിക്കാൻ കഴിയും. രാജാവേ, ആ ദൈവം ഞങ്ങളെ അങ്ങയുടെ കൈയിൽനിന്ന് വിടുവിക്കും. 18 ഇല്ലെങ്കിലും ഞങ്ങൾ അങ്ങയുടെ ദേവതകളെ സേവിക്കുകയോ അങ്ങു സ്ഥാപിച്ച സ്വർണബിംബത്തെ നമസ്കരിക്കുകയോ ചെയ്യുകയില്ല, എന്നു തിരുമേനി അറിഞ്ഞാലും.”
-
22 ഇതു പറയുന്നതുവരെ ജനക്കൂട്ടം പൗലോസിന്റെ വാക്കുകൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു. പിന്നെ, അവർ അത്യുച്ചത്തിൽ, “ഇവനെ ഭൂമിയിൽനിന്നു നീക്കിക്കളയുക, ഇവൻ ജീവിച്ചിരിക്കാൻ യോഗ്യനല്ല” എന്നു വിളിച്ചുപറഞ്ഞു.
23 അവർ ഒച്ചപ്പാടുണ്ടാക്കുകയും പുറങ്കുപ്പായം ഊരി എറിഞ്ഞുകളയുകയും പൂഴി വാരി മേൽപ്പോട്ടെറിയുകയും ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ, 24 സൈന്യാധിപൻ പൗലോസിനെ സൈനികത്താവളത്തിലേക്കു കൊണ്ടുപോകാൻ ആജ്ഞാപിച്ചു. ജനങ്ങൾ അദ്ദേഹത്തിനെതിരേ എന്തുകൊണ്ട് ഇങ്ങനെ വിളിച്ചുകൂവുന്നു എന്നു കണ്ടുപിടിക്കുന്നതിന് അദ്ദേഹത്തെ ചമ്മട്ടികൊണ്ടടിച്ച് ചോദ്യംചെയ്യാൻ സൈന്യാധിപൻ ഉത്തരവിട്ടു. 25 സൈനികർ അദ്ദേഹത്തെ അടിക്കാൻ പിടിച്ചുകെട്ടുമ്പോൾ, പൗലോസ് അടുത്തുനിന്നിരുന്ന ശതാധിപനോട്, “ഒരു റോമൻ പൗരനെ, കുറ്റവാളിയെന്നു തെളിയിക്കാതെ, അടിക്കുന്നതു നിയമാനുസൃതമോ?” എന്നു ചോദിച്ചു.
26 ശതാധിപൻ ഇതു കേട്ടിട്ട് സൈന്യാധിപന്റെ അടുക്കൽ ചെന്നു വിവരം ധരിപ്പിച്ചു. “അങ്ങെന്താണ് ഈ ചെയ്യാൻപോകുന്നത്? ഇയാൾ ഒരു റോമൻ പൗരനാണ്,” ശതാധിപൻ സൈന്യാധിപനോടു പറഞ്ഞു.
27 സൈന്യാധിപൻ പൗലോസിന്റെ അടുത്തെത്തി ചോദിച്ചു, “പറയൂ, താങ്കൾ ഒരു റോമൻ പൗരനോ?”
“അതേ, ഞാൻ റോമൻ പൗരനാണ്,” പൗലോസ് മറുപടി പറഞ്ഞു.
28 “ഞാൻ ഈ പൗരത്വം സമ്പാദിച്ചിരിക്കുന്നത് വലിയൊരു വിലകൊടുത്തിട്ടാണ്,” സൈന്യാധിപൻ പറഞ്ഞു.
അതിനു മറുപടിയായി പൗലോസ് പറഞ്ഞു, “എന്നാൽ ഞാനോ, ഒരു റോമൻ പൗരനായി ജനിച്ചവനാണ്.”
29 അദ്ദേഹത്തെ ചോദ്യംചെയ്യാൻ ഭാവിച്ചവർ ഉടൻതന്നെ പിൻവാങ്ങി. പൗലോസ് എന്ന റോമൻ പൗരനെയാണ് താൻ ചങ്ങലകളാൽ ബന്ധിച്ചതെന്നു മനസ്സിലാക്കിയ സൈന്യാധിപൻ പരിഭ്രാന്തനായിത്തീർന്നു.
-
6 ദൈവാത്മാവ് ഭരിക്കുന്ന മനസ്സ് ജീവനിലേക്കും സമാധാനത്തിലേക്കും നയിക്കുന്നു; പാപപ്രവണത ഭരിക്കുന്ന മനസ്സോ, മരണകാരണമാകുന്നു. 7 കാരണം, പാപപ്രവണത ഭരിക്കുന്ന മനസ്സ് ദൈവത്തിനു വിരോധമായുള്ളതാണ്; അത് ദൈവികപ്രമാണത്തിനു കീഴ്പ്പെടുന്നില്ല, കീഴ്പ്പെടാൻ അതിനു സാധിക്കുകയുമില്ല. 8 പാപപ്രവണതയാൽ നിയന്ത്രിക്കപ്പെടുന്നവർക്കു ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുകയില്ല.
-
26 അതുപോലെതന്നെ, നമ്മുടെ ബലഹീനതയിൽ നമുക്ക് ബലം നൽകാൻ പരിശുദ്ധാത്മാവു സഹായി ആകുന്നു; എന്താണ് പ്രാർഥിക്കേണ്ടത് എന്ന് നമുക്കറിഞ്ഞുകൂടാ! എന്നാൽ, അവാച്യമായ ഞരക്കങ്ങളാൽ പരിശുദ്ധാത്മാവുതന്നെ നമുക്കുവേണ്ടി മധ്യസ്ഥത ചെയ്യുന്നു. 27 ഹൃദയങ്ങളെ പരിശോധിക്കുന്ന ദൈവം ആത്മാവിന്റെ ചിന്ത എന്തെന്ന് അറിയുന്നുണ്ട്. കാരണം, ദൈവഹിതാനുസരണമാണ് പരിശുദ്ധാത്മാവു ദൈവജനത്തിനുവേണ്ടി മധ്യസ്ഥത ചെയ്യുന്നത്.
28 ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അതായത്, അവിടത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്കുതന്നെ ദൈവം എല്ലാ കാര്യങ്ങളും നന്മയ്ക്കായി ചേർന്നു പ്രവർത്തിക്കുമാറാക്കുന്നു എന്നു നാം അറിയുന്നു.
-
1 നിങ്ങളിൽ ഒരാൾക്കു മറ്റൊരാളോടു തർക്കം ഉണ്ടെങ്കിൽ അതിന്റെ തീർപ്പിനായി, ദൈവജനത്തിന്റെയടുത്ത് പോകുന്നതിനു പകരം, അഭക്തരുടെമുമ്പിൽ പോകുന്നതിനോ നിങ്ങൾ ചങ്കൂറ്റം കാണിക്കുന്നത്? 2 ദൈവജനമാണ് ലോകത്തെ ന്യായംവിധിക്കാനിരിക്കുന്നത് എന്നു നിങ്ങൾ അറിയുന്നില്ലേ? നിങ്ങൾ ലോകത്തെ വിധിക്കാനുള്ളവരെങ്കിൽ നിസ്സാരമായ തർക്കങ്ങൾ തീരുമാനിക്കാൻ നിങ്ങൾ അസമർഥരോ? 3 നാം ദൂതന്മാരെയും ന്യായംവിധിക്കും എന്നറിയുന്നില്ലേ? അങ്ങനെയുള്ള നാം ലൗകികകാര്യങ്ങളെ എത്രയധികം! 4 അതുകൊണ്ട് അങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി തർക്കമുണ്ടെങ്കിൽ സഭയ്ക്കു യാതൊരു മതിപ്പുമില്ലാത്തവരെ നിങ്ങൾ വിധികർത്താക്കളായി നിയമിക്കുമോ? 5 ഞാൻ ഇതു നിങ്ങളുടെ ലജ്ജയ്ക്കായി പറയുന്നു. വിശ്വാസികൾക്കു പരസ്പരമുള്ള തർക്കം തീർക്കാൻ തക്ക ജ്ഞാനമുള്ള ഒരാൾപോലും നിങ്ങളുടെ കൂട്ടത്തിൽ ഇല്ലാതെയായോ? 6 എന്നാൽ അതിനുപകരം, ഒരു സഹോദരൻ മറ്റൊരു സഹോദരനോടു വ്യവഹാരം നടത്താൻ പോകുന്നു; അതും അവിശ്വാസികളുടെമുമ്പിൽ!
7 നിങ്ങളുടെ മധ്യേ വ്യവഹാരം ഉണ്ടാകുന്നു എന്നതിനാൽത്തന്നെ നിങ്ങൾ പരാജയമടഞ്ഞിരിക്കുന്നു. നിങ്ങൾ അന്യായം സഹിക്കുന്നതല്ലേ ഇതിലും ഭേദം? ചതിക്കപ്പെടുന്നതല്ലേ കൂടുതൽ ഉത്തമം? 8 അല്ല, അതിനുപകരം നിങ്ങൾതന്നെ ചതിക്കുകയും ദ്രോഹിക്കുകയുംചെയ്യുന്നു! അതും നിങ്ങളുടെ സഹോദരങ്ങളെ! 9 അധർമികൾ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങൾ അറിയുന്നില്ലേ? വഞ്ചിക്കപ്പെടരുത്: ദുർനടപ്പുകാർ, വിഗ്രഹാരാധകർ, വ്യഭിചാരികൾ, സ്വവർഗാനുരാഗികളായ പുരുഷന്മാരും സ്ത്രീകളും, 10 മോഷ്ടാക്കൾ, അത്യാഗ്രഹികൾ, മദ്യപർ, അപവാദം പരത്തുന്നവർ, അന്യരുടെ പണം അപഹരിക്കുന്നവർ ഇങ്ങനെയുള്ളവർ ദൈവരാജ്യം അവകാശമാക്കുകയില്ല. 11 നിങ്ങളിൽ ചിലർ ഇങ്ങനെയുള്ളവരായിരുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ കഴുകപ്പെട്ടവരും വിശുദ്ധീകരിക്കപ്പെട്ടവരും കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നീതീകരിക്കപ്പെട്ടവരും ആയിത്തീർന്നു.
-
11 പിന്നീട്, സ്വർഗം തുറക്കപ്പെട്ടിരിക്കുന്നതു ഞാൻ കണ്ടു. ഇതാ, ഒരു വെള്ളക്കുതിര! അതിന്റെ പുറത്തിരിക്കുന്നയാൾ വിശ്വസ്തൻ എന്നും സത്യവാൻ എന്നും വിളിക്കപ്പെടുന്നു. അദ്ദേഹം ന്യായംവിധിക്കുന്നതും അടരാടുന്നതും നീതിയോടെയായിരിക്കും. 12 അദ്ദേഹത്തിന്റെ കണ്ണുകൾ അഗ്നിജ്വാലയ്ക്കു സമാനമായിരുന്നു. ശിരസ്സിൽ അനേകം കിരീടങ്ങളും ധരിച്ചിരുന്നു; മറ്റാർക്കും അറിയാൻ കഴിയാത്ത എഴുതപ്പെട്ട ഒരു നാമം അദ്ദേഹത്തിനുണ്ട്. 13 രക്തത്തിൽ മുക്കിയെടുത്ത ഒരു വസ്ത്രം അദ്ദേഹം ധരിച്ചിരിക്കുന്നു; ദൈവവചനം എന്നാകുന്നു അദ്ദേഹത്തിന്റെ നാമധേയം. 14 ശുദ്ധവും ശുഭ്രവും ഉജ്ജ്വലവുമായ വസ്ത്രം ധരിച്ച സ്വർഗീയസൈന്യങ്ങൾ വെള്ളക്കുതിരകളിന്മേൽ അദ്ദേഹത്തെ അനുഗമിച്ചു. 15 ജനതകളെ വെട്ടിവീഴ്ത്താൻവേണ്ടി മൂർച്ചയേറിയ ഒരു വാൾ അദ്ദേഹത്തിന്റെ വായിൽനിന്നു പുറപ്പെടുന്നു. “ഇരുമ്പു ചെങ്കോൽകൊണ്ട് അദ്ദേഹം അവരെ ഭരിക്കും.” സർവശക്തനായ ദൈവത്തിന്റെ ഉഗ്രക്രോധം എന്ന മുന്തിരിച്ചക്ക് അദ്ദേഹം ചവിട്ടിമെതിക്കുന്നു.
16 രാജാധിരാജാവ്, കർത്താധികർത്താവ്,
എന്ന നാമം അദ്ദേഹത്തിന്റെ വസ്ത്രത്തിന്മേലും തുടയിന്മേലും ആലേഖനംചെയ്തിരിക്കുന്നു.
-
10 നിങ്ങളുടെ ദൈവമായ യഹോവയുടെമുമ്പാകെ ഇന്നു നിൽക്കുന്ന എല്ലാവരും—നിങ്ങളുടെ നേതാക്കളും പ്രമാണിമാരും ഗോത്രത്തലവന്മാരും ഉദ്യോഗസ്ഥന്മാരും ഇസ്രായേലിലെ മറ്റ് എല്ലാ പുരുഷന്മാരും— 11 നിങ്ങളുടെ മക്കളോടും ഭാര്യമാരോടും നിങ്ങൾക്കു മരംവെട്ടുകയും വെള്ളംകോരുകയും ചെയ്യുന്ന പ്രവാസികളോടുംകൂടെ, 12 നിന്റെ ദൈവമായ യഹോവ നിന്നോട് ഉടമ്പടി ചെയ്തിട്ടുള്ളതുപോലെയും അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നീ പിതാക്കന്മാരോടു ഉടമ്പടി ചെയ്തതുപോലെയും 13 അവിടന്ന് ഇന്നു നിന്നെ തന്റെ ജനതയായി സ്ഥിരീകരിക്കുന്നതിനും അവിടന്നു നിന്റെ ദൈവമായിരിക്കേണ്ടതിനും 14 നിന്റെ ദൈവമായ യഹോവ ഇന്നു നിന്നോടുമാത്രം ചെയ്യുന്ന ഉടമ്പടിയിലും അതിനെ ഉറപ്പിക്കുന്ന പ്രതിജ്ഞയിലും പ്രവേശിക്കേണ്ടതിന് നിങ്ങൾ ഇവിടെ നിൽക്കുന്നു. 15 പ്രതിജ്ഞയോടുകൂടി ഞാൻ ഉറപ്പിക്കുന്ന ഈ ഉടമ്പടി നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിൽക്കുന്ന നിങ്ങളോടുമാത്രമല്ല, ഇന്ന് ഇവിടെ എത്തിയിട്ടില്ലാത്തവരോടും ആകുന്നു.
-
1 ഇസ്രായേലിന്റെ ഗോത്രങ്ങളെല്ലാം ഹെബ്രോനിൽ ദാവീദിന്റെ അടുത്തെത്തി അദ്ദേഹത്തോടു പറഞ്ഞു: “ഞങ്ങൾ അങ്ങയുടെതന്നെ മാംസവും രക്തവുമാണല്ലോ! 2 മുമ്പ് ശൗൽ ഞങ്ങൾക്കു രാജാവായിരുന്നപ്പോഴും ഇസ്രായേലിനെ സൈനികരംഗങ്ങളിൽ നയിച്ചിരുന്നത് അങ്ങുതന്നെയായിരുന്നല്ലോ! ‘നീ എന്റെ ജനമായ ഇസ്രായേലിനു രാജാവായിരുന്ന് അവരെ മേയിച്ചുനടത്തും’ എന്ന് യഹോവ അങ്ങയോടു കൽപ്പിച്ചിട്ടുമുണ്ടല്ലോ!”
3 ഇങ്ങനെ പറഞ്ഞ് ഇസ്രായേലിലെ ഗോത്രത്തലവന്മാരെല്ലാംകൂടി ഹെബ്രോനിൽ ദാവീദുരാജാവിന്റെ അടുത്തുവന്നു. അപ്പോൾ രാജാവ് അവരുമായി ഹെബ്രോനിൽവെച്ച് യഹോവയുടെമുമ്പാകെ ഒരു ഉടമ്പടിചെയ്തു. അതിനുശേഷം അവർ ദാവീദിനെ ഇസ്രായേലിനു രാജാവായി അഭിഷേകംചെയ്തു.
-
9 തനിക്കു രണ്ടുപ്രാവശ്യം പ്രത്യക്ഷനായ ഇസ്രായേലിന്റെ ദൈവമായ യഹോവയിൽനിന്ന് തന്റെ ഹൃദയം വ്യതിചലിച്ചതുമൂലം യഹോവ ശലോമോനോടു കോപിച്ചു. 10 അന്യദേവന്മാരെ അനുഗമിക്കരുതെന്ന് യഹോവ ശലോമോനോട് കൽപ്പിച്ചിരുന്നു; എങ്കിലും അദ്ദേഹം യഹോവയുടെ കൽപ്പന അനുസരിച്ചില്ല. 11 അതുകൊണ്ട്, യഹോവ ശലോമോനോട് അരുളിച്ചെയ്തു: “നിന്റെ മനോഗതം ഇവ്വിധമാകുകയാലും ഞാൻ നിന്നോടു കൽപ്പിച്ച എന്റെ ഉടമ്പടിയും ഉത്തരവുകളും നീ പാലിക്കാതെയിരിക്കുകയാലും ഞാൻ തീർച്ചയായും രാജ്യം നിന്റെ പക്കൽനിന്ന് പറിച്ചെടുത്ത് നിന്റെ ഭൃത്യന്മാരിൽ ഒരുവനു നൽകും. 12 എങ്കിലും, നിന്റെ പിതാവായ ദാവീദിനെ വിചാരിച്ച്, ഞാൻ നിന്റെ ആയുഷ്കാലത്ത് ഇതു പ്രവർത്തിക്കുകയില്ല; നിന്റെ പുത്രന്റെ കൈയിൽനിന്ന് ഞാൻ രാജ്യം പറിച്ചെടുത്തുകളയും. 13 പക്ഷേ, രാജ്യംമുഴുവനായും ഞാൻ അവനിൽനിന്നു നീക്കിക്കളയുകയില്ല; എന്റെ ദാസനായ ദാവീദിനെയും ഞാൻ തെരഞ്ഞെടുത്ത ജെറുശലേമിനെയും വിചാരിച്ച് ഒരു ഗോത്രത്തെ നിന്റെ പുത്രനു നൽകും.”
-
7 കാരണം ദൈവം സർവഭൂമിക്കും രാജാവാകുന്നു;
അവിടത്തേക്കൊരു സ്തുതിഗീതം ആലപിക്കുക.
8 ദൈവം രാഷ്ട്രങ്ങളുടെമേൽ വാഴുന്നു;
ദൈവം അവിടത്തെ വിശുദ്ധസിംഹാസനത്തിൽ ഉപവിഷ്ടനാകുന്നു.
-
3 ദൈവത്തോടു പറയുക: “അവിടത്തെ പ്രവൃത്തികൾ എത്ര ഭീതിജനകം!
അവിടത്തെ ശക്തി അതിമഹത്തായതാണ്
അതുകൊണ്ട് അങ്ങയുടെ ശത്രുക്കൾ അങ്ങയുടെ കാൽക്കൽവീഴുന്നു.
4 സർവഭൂമിയും തിരുമുമ്പിൽ താണുവണങ്ങുന്നു;
അവർ അവിടത്തേക്ക് സ്തുതിപാടുന്നു,
അവിടത്തെ നാമത്തിന് സ്തുതിഗീതം ആലപിക്കുന്നു.” സേലാ.
5 ദൈവത്തിന്റെ പ്രവൃത്തികളെ വന്നു കാണുക,
മനുഷ്യപുത്രന്മാർക്കുവേണ്ടി അവിടന്ന് വിസ്മയാവഹമായ കാര്യങ്ങൾ ചെയ്യുന്നു!
6 അവിടന്ന് സമുദ്രത്തെ ഉണങ്ങിയ നിലമാക്കി,
അവർ നദിയുടെ അടിത്തട്ടിലൂടെ കാൽനടയായി പോയി—
വരിക, നമുക്ക് ദൈവത്തിൽ ആനന്ദിക്കാം.
7 അവിടന്ന് തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു,
അവിടത്തെ കണ്ണുകൾ രാഷ്ട്രങ്ങളെ വീക്ഷിക്കുന്നു—
മത്സരിക്കുന്നവർ അവിടത്തേക്കെതിരേ തങ്ങളെത്തന്നെ ഉയർത്താതിരിക്കട്ടെ. സേലാ.
-
1 ആരും ഓടിക്കാനില്ലാതെതന്നെ ദുഷ്ടർ ഓടിപ്പോകുന്നു,
എന്നാൽ നീതിനിഷ്ഠർ ഒരു സിംഹത്തെപ്പോലെ ധൈര്യസമേതം നിലകൊള്ളുന്നു.
2 ഒരു രാജ്യം കലഹപൂർണമാകുമ്പോൾ നിരവധി പ്രഭുക്കന്മാർ ഉണ്ടാകുന്നു,
എന്നാൽ വിവേകവും പരിജ്ഞാനവുമുള്ള ഭരണാധികാരി സുസ്ഥിരഭരണം കാഴ്ചവെക്കുന്നു.
-
14 രാജാവ് അഗതികൾക്കു നീതിയോടെ ന്യായപാലനംചെയ്താൽ,
അവിടത്തെ സിംഹാസനം എന്നേക്കും സുസ്ഥിരമായിരിക്കും.
-
17 സഹോദരങ്ങളേ, എന്നോടുചേർന്ന് എന്റെ അനുകാരികളാകുക; ഞങ്ങളുടെ മാതൃക പിൻതുടരുന്നവരെയും ശ്രദ്ധിക്കുക. 18 ഞാൻ മുമ്പ് പലപ്പോഴും നിങ്ങളോടു പറഞ്ഞിട്ടുള്ളതുപോലെ പിന്നെയും വലിയ ഹൃദയവ്യഥയോടുകൂടി പറയട്ടെ: അനേകർ ക്രിസ്തുവിന്റെ ക്രൂശിന്റെ ശത്രുക്കളായിട്ടാണ് ജീവിക്കുന്നത്. 19 അവർ നിത്യനാശത്തിലേക്കു പോകുന്നവരും ശാരീരികസംതൃപ്തിയെ അവരുടെ ദൈവമാക്കി പ്രതിഷ്ഠിച്ചവരും ലജ്ജാകരമായതിൽ അഭിമാനിക്കുന്നവരും ലൗകികകാര്യങ്ങൾമാത്രം ചിന്തിക്കുന്നവരുമാണ്. 20 എന്നാൽ നാമോ, സ്വർഗീയപൗരർ അത്രേ. സ്വർഗത്തിൽനിന്ന് നമ്മുടെ രക്ഷകനായ, കർത്താവായ യേശുക്രിസ്തുവിന്റെ വരവിനായി നാം ആകാംക്ഷയോടെ കാത്തിരിക്കുന്നു. 21 അവിടന്ന് സകലത്തെയും തന്റെ അധീനതയിലാക്കാൻ കഴിയുന്ന ശക്തിയാൽ, അവിടത്തെ മഹത്ത്വമുള്ള ശരീരത്തിനു സമരൂപമായി നമ്മുടെ ഹീനശരീരങ്ങളെ രൂപാന്തരപ്പെടുത്തും.
-
8 ശുശ്രൂഷകരും അതുപോലെതന്നെ ആദരണീയർ ആയിരിക്കണം. അവർ സത്യസന്ധത ഇല്ലാത്തവരോ മദ്യാസക്തരോ അത്യാഗ്രഹികളോ ആകരുത്. 9 നിർമലമനസ്സാക്ഷിയിൽ വിശ്വാസത്തിന്റെ ആഴമേറിയ സത്യം സംരക്ഷിക്കുന്നവരായിരിക്കണം. 10 അവരെ ആദ്യംതന്നെ പരീക്ഷണവിധേയരാക്കണം; ഉത്തമസാക്ഷ്യം പുലർത്തുന്നവരായി തെളിഞ്ഞാൽ അവർ ശുശ്രൂഷചെയ്യട്ടെ.
11 അവരുടെ ഭാര്യമാരും അവരെപ്പോലെതന്നെ, ആദരണീയർ ആയിരിക്കണം. അവർ പരദൂഷണം പറയാത്തവരും സമചിത്തരും എല്ലാ കാര്യങ്ങളിലും വിശ്വസ്തരും ആയിരിക്കണം.
12 ശുശ്രൂഷകൻ ഏകപത്നീവ്രതനും സ്വകുടുംബത്തെയും സന്താനങ്ങളെയും നന്നായി പരിപാലിക്കുന്നവനും ആയിരിക്കണം. 13 തങ്ങളുടെ ശുശ്രൂഷ ഉത്തമമായി നിർവഹിച്ചിട്ടുള്ളവർക്ക് ബഹുമാന്യമായ ഒരു സ്ഥാനവും ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിൽ വർധിച്ചുവരുന്ന ആത്മധൈര്യവും ഉണ്ട്.
14 നിന്റെ അടുത്തേക്ക് ഉടനെ വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു 15 എങ്കിലും എന്റെ വരവിന് താമസം നേരിട്ടാൽ എപ്രകാരമാണ് ഓരോരുത്തരും ദൈവികഗൃഹത്തിൽ പെരുമാറേണ്ടതെന്ന് നീ അറിയുന്നതിനാണ് ഞാൻ ഈ നിർദേശങ്ങൾ എഴുതുന്നത്. ജീവനുള്ള ദൈവത്തിന്റെ ഈ സഭ സത്യത്തിന്റെ സ്തംഭവും അടിസ്ഥാനവും ആകുന്നു. 16 ദൈവഭക്തിയുടെ അഗാധരഹസ്യം അനിഷേധ്യമാംവിധം അതിശ്രേഷ്ഠമാണ്:
അവിടന്ന് മനുഷ്യനായി വെളിപ്പെട്ടു,
ആത്മാവിൽ നീതീകരിക്കപ്പെട്ടു,
ദൂതന്മാർക്കു പ്രത്യക്ഷനായി,
രാഷ്ട്രങ്ങളിൽ ഘോഷിക്കപ്പെട്ടു,
ലോകത്തിൽ വിശ്വസിക്കപ്പെട്ടു,
മഹത്ത്വത്തിൽ എടുക്കപ്പെട്ടു.
-
15 ഏഴാമത്തെ ദൂതൻ കാഹളംമുഴക്കി. അപ്പോൾ,
“ലോകഭരണം നമ്മുടെ കർത്താവിനും
അവിടത്തെ ക്രിസ്തുവിനും ആയിത്തീർന്നിരിക്കുന്നു;
അവിടന്ന് എന്നെന്നേക്കും ഭരിക്കും”
എന്ന് അത്യുച്ചനാദങ്ങളിൽ സ്വർഗത്തിൽ ഒരു പ്രഘോഷണമുണ്ടായി. 16 ദൈവസന്നിധിയിൽ സിംഹാസനസ്ഥരായിരുന്ന ഇരുപത്തിനാലു മുഖ്യന്മാരും കമിഴ്ന്നുവീണു ദൈവത്തെ ആരാധിച്ചുകൊണ്ട് പറഞ്ഞത്:
17 “ഭൂത, വർത്തമാന കാലങ്ങളിൽ ഒരുപോലെ നിലനിൽക്കുന്നവനായ
സർവശക്തിയുള്ള ദൈവമായ കർത്താവേ,
അങ്ങു മഹാശക്തി ധരിച്ചു വാഴുകയാൽ
ഞങ്ങൾ അങ്ങയെ വാഴ്ത്തുന്നു.
-
2 കാരണം അത്യുന്നതനായ യഹോവ ഭയങ്കരൻ,
അവിടന്ന് സർവഭൂമിക്കും മഹാരാജാവുതന്നെ.
-
4 രാഷ്ട്രങ്ങൾ ആഹ്ലാദത്തോടെ ആനന്ദഗീതം ആലപിക്കട്ടെ,
കാരണം അങ്ങ് ജനതകളെ നീതിപൂർവം ഭരിക്കുകയും
ഭൂമിയിലെ രാഷ്ട്രങ്ങളെ നയിക്കുകയും ചെയ്യുന്നു. സേലാ.
-
24 മനുഷ്യരുടെ ചുവടുകൾ നിയന്ത്രിക്കുന്നത് യഹോവയാണ്.
അങ്ങനെയെങ്കിൽ ഒരാൾക്ക് എങ്ങനെ സ്വന്തവഴികൾ മനസ്സിലാക്കാൻ സാധിക്കും?
-
1 മുഴുവൻ രാജ്യത്തിന്റെയും ഭരണം നിർവഹിക്കാൻ നൂറ്റിയിരുപത് രാജപ്രതിനിധികളെയും 2 അവർക്കുമീതേ മൂന്ന് ഭരണാധിപന്മാരെയും നിയമിക്കുന്നത് ഉചിതമെന്ന് ദാര്യാവേശിനു തോന്നി. ഈ മൂന്നുപേരിൽ ഒരാൾ ദാനീയേലായിരുന്നു. രാജാവിനു നഷ്ടം വരാതിരിക്കുന്നതിനു രാജപ്രതിനിധികൾ ഈ മൂന്നു പേരോടു കണക്കു ബോധിപ്പിക്കേണ്ടിയിരുന്നു. 3 അസാമാന്യ കഴിവുകൾ ഉണ്ടായിരുന്നതിനാൽ ദാനീയേൽ ഈ ഭരണാധിപന്മാരെയും രാജപ്രതിനിധികളെയുംകാൾ ശ്രേഷ്ഠനായി പ്രശോഭിച്ചുതുടങ്ങി. സർവരാജ്യത്തിന്റെയും അധികാരിയായി അദ്ദേഹത്തെ നിയമിക്കാൻ രാജാവു നിർണയിച്ചു.
-
22 ഭാര്യമാരേ, നിങ്ങൾ കർത്താവിനു വിധേയപ്പെടുന്നതുപോലെ സ്വന്തം ഭർത്താക്കന്മാർക്കും വിധേയപ്പെടുക. 23 കാരണം, ക്രിസ്തു തന്റെ ശരീരമാകുന്ന സഭയുടെ ശിരസ്സും അതിന്റെ രക്ഷകനുമായിരിക്കുന്നതുപോലെ ഭർത്താവ് ഭാര്യയുടെ ശിരസ്സാകുന്നു. 24 സഭ ക്രിസ്തുവിനു വിധേയപ്പെട്ടിരിക്കുന്നതുപോലെ ഭാര്യമാരും തങ്ങളുടെ ഭർത്താക്കന്മാർക്കു സകലത്തിലും വിധേയപ്പെട്ടിരിക്കട്ടെ.
-
5 “സകലരാജ്യങ്ങളെയും ഇരുമ്പു ചെങ്കോൽകൊണ്ടു ഭരിക്കാനിരിക്കുന്ന” ഒരാൺകുട്ടിക്ക് സ്ത്രീ ജന്മംനൽകി. അവളുടെ കുട്ടി ദൈവത്തിലേക്കും അവിടത്തെ സിംഹാസനത്തിലേക്കും തൽക്ഷണം എടുക്കപ്പെട്ടു.
Shows Read in context, Share and Copy.