43 Bible Verses About Breakups

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Breakups
  1. 3 ഹൃദയം തകർന്നവരെ അവിടന്ന് സൗഖ്യമാക്കുകയും

    അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു.

  2. 17 നീതിനിഷ്ഠർ നിലവിളിക്കുന്നു, യഹോവ അതു കേൾക്കുന്നു;

    അവിടന്ന് അവരെ സകലവിധ കഷ്ടതകളിൽനിന്നും വിടുവിക്കുന്നു.

    18 ഹൃദയവ്യഥയനുഭവിക്കുന്നവർക്ക് യഹോവ സമീപസ്ഥൻ

    മനസ്സു തകർന്നവരെ അവിടന്ന് രക്ഷിക്കുന്നു.

  3. 1 ഇപ്പോഴോ യാക്കോബേ, നിന്റെ സ്രഷ്ടാവും

    ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തിയവനുമായ

    യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

    “ഭയപ്പെടേണ്ട, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു;

    ഞാൻ നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു; നീ എന്റേതാണ്.

    2 നീ വെള്ളത്തിൽക്കൂടി കടന്നുപോകുമ്പോൾ,

    ഞാൻ നിന്നോടൊപ്പമുണ്ടാകും;

    നദികളിൽക്കൂടി കടക്കുമ്പോൾ,

    അവ നിന്റെമീതേ കവിഞ്ഞൊഴുകുകയില്ല.

    തീയിൽക്കൂടി നീ നടന്നാൽ,

    നിനക്കു പൊള്ളൽ ഏൽക്കുകയില്ല;

    തീജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല.

    3 കാരണം ഞാൻ നിന്റെ ദൈവമായ യഹോവ ആകുന്നു,

    നിന്റെ രക്ഷകനായ ഇസ്രായേലിന്റെ പരിശുദ്ധൻതന്നെ.

    ഞാൻ ഈജിപ്റ്റിനെ നിന്റെ വീണ്ടെടുപ്പുവിലയായും

    കൂശിനെയും സേബയെയും നിനക്കു പകരമായും നൽകിയിരിക്കുന്നു.

    4 നീ എന്റെ ദൃഷ്ടിയിൽ വിലപ്പെട്ടവനും ബഹുമാനിതനും ആകുകയാലും

    ഞാൻ നിന്നെ സ്നേഹിക്കുകയാലും

    ഞാൻ നിനക്കുപകരം മനുഷ്യരെയും

    നിന്റെ ജീവനുപകരം രാഷ്ട്രങ്ങളെയും കൊടുക്കുന്നു.

  4. 3 അപ്പോൾ സിംഹാസനത്തിൽനിന്ന് അത്യുച്ചത്തിലുള്ള ഒരു ശബ്ദം ഞാൻ കേട്ടു: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ തിരുനിവാസം; അവിടന്ന് അവരുടെ ഇടയിൽ വസിക്കും. അവർ അവിടത്തെ സ്വന്തം ജനമായിരിക്കും. ദൈവംതന്നെ അവരോടുകൂടെയിരുന്ന് അവരുടെ സ്വന്തം ദൈവമായിരിക്കുകയും ചെയ്യും. 4 അവിടന്ന് അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും; ഇനിമേലാൽ മരണമോ വിലാപമോ രോദനമോ വേദനയോ ഉണ്ടാകില്ല; പഴയതെല്ലാം നീങ്ങിപ്പോയല്ലോ!”

  5. 10 അതുകൊണ്ട് ഭയപ്പെടരുത്, ഞാൻ നിന്നോടുകൂടെയുണ്ടല്ലോ;

    ഉത്കണ്ഠപ്പെടരുത്, ഞാൻ നിന്റെ ദൈവമാണല്ലോ.

    ഞാൻ നിന്നെ ബലപ്പെടുത്തുകയും നിന്നെ സഹായിക്കുകയും ചെയ്യും;

    എന്റെ നീതിയുള്ള വലംകരത്താൽ ഞാൻ നിന്നെ താങ്ങിക്കൊള്ളും.

  6. 28 “ക്ഷീണിതരേ, ഭാരംചുമക്കുന്നവരേ, നിങ്ങൾ എന്റെ അടുക്കൽ വരിക, ഞാൻ നിങ്ങൾക്ക് ആശ്വാസം നൽകും. 29 ഞാൻ സൗമ്യനും വിനീതഹൃദയനും ആയതുകൊണ്ട് എന്റെ നുകം നിങ്ങൾ സ്വീകരിച്ചുകൊണ്ട് എന്നോട് പഠിക്കുക; എന്നാൽ, നിങ്ങൾ നിങ്ങളുടെ പ്രാണന് വിശ്രമം കണ്ടെത്തും. 30 എന്റെ നുകം മൃദുവും എന്റെ ഭാരം ലഘുവും ആകുന്നുവല്ലോ!”

  7. 27 സമാധാനം ഞാൻ നിങ്ങൾക്കു തന്നിട്ടുപോകുന്നു. ഞാൻ നിങ്ങൾക്കു തരുന്നത് എന്റെ സമാധാനമാണ്, അത് ലോകം തരുന്നതുപോലെ അല്ല. നിങ്ങളുടെ ഹൃദയം അതിദുഃഖിതമാകരുത്; നിങ്ങൾ ഭയന്നുപോകുകയുമരുത്.

  8. 6 ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടരുത്, മറിച്ച് എല്ലാ കാര്യങ്ങളും പ്രാർഥനയോടും യാചനയോടും നിങ്ങളുടെ ആവശ്യങ്ങൾ ദൈവസന്നിധിയിൽ സ്തോത്രത്തോടുകൂടെ സമർപ്പിക്കുകയാണു വേണ്ടത്. 7 അങ്ങനെയെങ്കിൽ, മനുഷ്യന്റെ ഗ്രഹണശക്തിക്ക് അതീതമായ ദൈവികസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും ക്രിസ്തുയേശുവിൽ സംരക്ഷിക്കും.

  9. 26 എന്റെ ശരീരവും ഹൃദയവും ദുർബലമായേക്കാം,

    എന്നാൽ ദൈവം എന്റെ ഹൃദയത്തിന്റെ ശക്തിയും

    എന്നേക്കുമുള്ള എന്റെ ഓഹരിയും ആകുന്നു.

  10. 5 പൂർണഹൃദയത്തോടെ നീ യഹോവയിൽ വിശ്വാസമർപ്പിക്കുക

    സ്വന്തവിവേകത്തിൽ ആശ്രയിക്കുകയുമരുത്;

    6 നിന്റെ ചെയ്തികളെല്ലാം ദൈവികാംഗീകാരമുള്ളതായിരിക്കട്ടെ,

    അവിടന്ന് നിന്റെ സഞ്ചാരപാതകൾ നേരേയാക്കും.

  11. 13 “അവർ നോക്കുന്നെങ്കിലും കാണുന്നില്ല;

    അവർ കേൾക്കുന്നെങ്കിലും ശ്രദ്ധിക്കുകയോ ഗ്രഹിക്കുകയോ ചെയ്യുന്നില്ല.

    ഇതുകൊണ്ടാണ് ഞാൻ ജനത്തോട് സാദൃശ്യകഥകളിലൂടെ സംസാരിക്കുന്നത്. 14 ഇവരെക്കുറിച്ചുള്ള യെശയ്യാവിന്റെ പ്രവചനം ഇപ്രകാരം നിവൃത്തിയായിരിക്കുന്നു.

    “ ‘നിങ്ങൾ എപ്പോഴും കേട്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും ഗ്രഹിക്കുകയില്ല;

    നിങ്ങൾ എപ്പോഴും കണ്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും മനസ്സിലാക്കുകയില്ല.

    15 ഈ ജനത്തിന്റെ ഹൃദയം തഴമ്പിച്ചിരിക്കുന്നു;

    അവർ തങ്ങളുടെ ചെവികൊണ്ടു കേൾക്കുന്നതേയില്ല.

    അവർ കണ്ണുകൾ അടച്ചുമിരിക്കുന്നു.

    അങ്ങനെയല്ലായിരുന്നെങ്കിൽ അവർ തങ്ങളുടെ കണ്ണുകൾകൊണ്ടു കാണുകയും

    ചെവികൾകൊണ്ടു കേൾക്കുകയും

    ഹൃദയംകൊണ്ടു ഗ്രഹിക്കുകയും ചെയ്തിട്ട്

    അവർ മാനസാന്തരപ്പെടുകയും ഞാൻ അവരെ സൗഖ്യമാക്കുകയും ചെയ്യുമായിരുന്നു.’

  12. 33 “നിങ്ങൾക്ക് എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന് ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. ഈ ലോകത്തിൽ നിങ്ങൾക്കു വലിയ കഷ്ടത നേരിടേണ്ടിവരും. എങ്കിലും ധൈര്യപ്പെടുക; ഞാൻ ലോകത്തെ ജയിച്ചടക്കിയിരിക്കുന്നു.”

  13. 6 അതുകൊണ്ട്, ദൈവത്തിന്റെ ശക്തിയേറിയ കരത്തിൻകീഴിൽ വിനയാന്വിതരായിരിക്കുക. അപ്പോൾ അവിടന്ന് തക്കസമയത്ത് നിങ്ങളെ ഉയർത്തും. 7 ദൈവം നിങ്ങളുടെ സകലകാര്യങ്ങളിലും ശ്രദ്ധാലുവായിരിക്കുകയാൽ നിങ്ങളുടെ എല്ലാ ആകുലചിന്തകളും ദൈവത്തിൽ സമർപ്പിക്കുക.

  14. 6 ബലവും ധൈര്യവും ഉള്ളവരായിരിക്കുക. അവർനിമിത്തം നിങ്ങൾ ഭയപ്പെടുകയോ പേടിക്കുകയോ അരുത്. നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു നിങ്ങളോടുകൂടെ പോകുന്നത്. അവിടന്നു നിങ്ങളെ കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ല.”

  15. 11 കാരണം നിങ്ങളെക്കുറിച്ചുള്ള എന്റെ പദ്ധതികൾ എനിക്കറിയാം, നിങ്ങൾക്കു തിന്മയ്ക്കായിട്ടല്ല, മറിച്ച് നിങ്ങൾക്കൊരു ഭാവിയും ഒരു പ്രത്യാശയും നൽകാൻ തക്കവണ്ണം നന്മയ്ക്കായിട്ടുള്ള ലക്ഷ്യങ്ങളാണ് അവ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

  16. 28 ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അതായത്, അവിടത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്കുതന്നെ ദൈവം എല്ലാ കാര്യങ്ങളും നന്മയ്ക്കായി ചേർന്നു പ്രവർത്തിക്കുമാറാക്കുന്നു എന്നു നാം അറിയുന്നു.

  17. 31 എല്ലാ വിദ്വേഷം, കോപം, ക്രോധം, കലഹം, പരദൂഷണം ഇങ്ങനെയുള്ള എല്ലാ ദുർഗുണങ്ങളും നിങ്ങൾ ഉപേക്ഷിക്കുക. 32 പരസ്പരം ദയയും കരുണയും ഉള്ളവരായി, ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിക്കുക.

  18. 13 എന്നെ ശാക്തീകരിക്കുന്ന ക്രിസ്തുവിന്റെ സഹായത്താൽ സർവവും ചെയ്യാൻ ഞാൻ പ്രാപ്തനായിരിക്കുന്നു.

  19. 31 അതുകൊണ്ട്, ‘എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും’ എന്നിങ്ങനെ വിലപിച്ച് വ്യാകുലപ്പെടരുത്. 32 ദൈവത്തെ അറിയാത്തവരാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്കാവശ്യമെന്ന് നിങ്ങളുടെ സ്വർഗസ്ഥപിതാവിന് അറിയാം. 33 നിങ്ങൾ പരമപ്രധാനമായി ദൈവരാജ്യവും ദൈവനീതിയും തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും. 34 അതുകൊണ്ട്, നാളെയെക്കുറിച്ചു വ്യാകുലപ്പെടരുത്; നാളത്തെ ദിവസം അതിനായിത്തന്നെ വ്യാകുലപ്പെട്ടുകൊള്ളും; ഓരോ ദിവസത്തിനും അതിന്റേതായ ക്ലേശങ്ങൾ ഉണ്ടല്ലോ.

  20. 8 “ ‘ഈ ജനം അധരങ്ങളാൽ എന്നെ ആദരിക്കുന്നു;

    അവരുടെ ഹൃദയമോ എന്നിൽനിന്ന് അകന്നിരിക്കുന്നു.

  21. 42 യേശു അവരോടു ചോദിച്ചത്,

    “ ‘ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ

    മൂലക്കല്ലായിത്തീർന്നു;

    ഇത് കർത്താവ് ചെയ്തു;

    നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യകരവുമായിരിക്കുന്നു’

    എന്നു തിരുവെഴുത്തിൽ നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ?

  22. 6 ദൈവാത്മാവ് ഭരിക്കുന്ന മനസ്സ് ജീവനിലേക്കും സമാധാനത്തിലേക്കും നയിക്കുന്നു; പാപപ്രവണത ഭരിക്കുന്ന മനസ്സോ, മരണകാരണമാകുന്നു. 7 കാരണം, പാപപ്രവണത ഭരിക്കുന്ന മനസ്സ് ദൈവത്തിനു വിരോധമായുള്ളതാണ്; അത് ദൈവികപ്രമാണത്തിനു കീഴ്പ്പെടുന്നില്ല, കീഴ്പ്പെടാൻ അതിനു സാധിക്കുകയുമില്ല. 8 പാപപ്രവണതയാൽ നിയന്ത്രിക്കപ്പെടുന്നവർക്കു ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുകയില്ല.

  23. 18 എല്ലാ സാഹചര്യങ്ങളിലും നന്ദിയുള്ളവരായിരിക്കുക; ക്രിസ്തുയേശുവിൽ നിങ്ങളെക്കുറിച്ചുള്ള ദൈവഹിതം ഇതാകുന്നു.

  24. 14 യഹോവയ്ക്കായി കാത്തിരിക്കുക;

    ശക്തരായിരിക്കുക, സുധീരരായിരിക്കുക

    യഹോവയ്ക്കായി കാത്തിരിക്കുക.

  25. 9 എന്റെ ആത്മസഖി,

    ഞാൻ വിശ്വാസം അർപ്പിച്ച എന്റെ സുഹൃത്ത്,

    എന്നോടുകൂടെ അപ്പം പങ്കിടുന്നവൻ

    എനിക്കെതിരേ കുതികാൽ ഉയർത്തിയിരിക്കുന്നു.

  26. 22 നിന്റെ ഭാരം യഹോവയുടെമേൽ സമർപ്പിക്കുക

    അവിടന്നു നിന്നെ പുലർത്തും;

    നീതിനിഷ്ഠർ നിപതിക്കാൻ

    അവിടന്ന് ഒരിക്കലും അനുവദിക്കുകയില്ല.

  27. 13 ജ്ഞാനം കണ്ടെത്തുകയും

    വിവേകം നേടുകയും ചെയ്യുന്നവർ അനുഗൃഹീതർ,

    14 കാരണം അവൾ വെള്ളിയെക്കാൾ ആദായകരവും

    കനകത്തെക്കാൾ ലാഭകരവുമാണ്.

    15 അവൾ മാണിക്യത്തെക്കാൾ അമൂല്യമാണ്;

    നീ അഭിലഷിക്കുന്നതൊന്നും അതിനു തുല്യമാകുകയില്ല.

    16 അവൾ വലതുകരത്തിൽ ദീർഘായുസ്സും;

    ഇടതുകരത്തിൽ ധനസമൃദ്ധിയും ബഹുമതിയും വാഗ്ദാനംചെയ്യുന്നു.

    17 അവളുടെ വഴികൾ ആനന്ദഹേതുവും

    അവളുടെ പാതകളെല്ലാം സമാധാനപൂർണവും ആകുന്നു.

    18 അവളെ ആലിംഗനംചെയ്യുന്നവർക്ക് അവൾ ഒരു ജീവവൃക്ഷം;

    അവളെ മുറുകെപ്പിടിക്കുന്നവർ അനുഗൃഹീതരാകും.

  28. 4 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി, അത് ഇപ്രകാരമാണ്:

    5 “നിന്നെ ഗർഭപാത്രത്തിൽ രൂപപ്പെടുത്തുന്നതിനുമുമ്പേ ഞാൻ നിന്നെ അറിഞ്ഞു,

    നീ ജനിക്കുന്നതിനുമുമ്പേ ഞാൻ നിന്നെ വേർതിരിച്ചു;

    രാഷ്ട്രങ്ങൾക്ക് ഒരു പ്രവാചകനായി ഞാൻ നിന്നെ നിയമിച്ചു.”

    6 അപ്പോൾ ഞാൻ പറഞ്ഞു: “അയ്യോ! യഹോവയായ കർത്താവേ, എനിക്ക് എങ്ങനെ സംസാരിക്കണമെന്ന് അറിഞ്ഞുകൂടാ; ഞാൻ ഒരു ബാലനാണല്ലോ.”

    7 എന്നാൽ യഹോവ എന്നോട് കൽപ്പിച്ചു: “ ‘ഞാൻ ഒരു ബാലനാണ്,’ എന്നു നീ പറയരുത്. ഞാൻ നിന്നെ അയയ്ക്കുന്ന എല്ലാവരുടെയും അടുക്കൽ നീ പോകുകയും ഞാൻ നിന്നോടു കൽപ്പിക്കുന്നതൊക്കെയും നീ സംസാരിക്കുകയും വേണം. 8 നീ അവരെ ഭയപ്പെടരുത്, കാരണം ഞാൻ നിന്നോടുകൂടെയുണ്ട്; ഞാൻ നിന്നെ വിടുവിക്കുകയും ചെയ്യും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

    9 അതിനുശേഷം യഹോവ അവിടത്തെ കൈനീട്ടി എന്റെ അധരം സ്പർശിച്ചശേഷം എന്നോടു കൽപ്പിച്ചത്: “ഞാൻ എന്റെ വചനങ്ങൾ നിന്റെ വായിൽ തന്നിരിക്കുന്നു. 10 ഉന്മൂലനംചെയ്യുന്നതിനും തകർത്തുകളയുന്നതിനും നശിപ്പിക്കുന്നതിനും അട്ടിമറിക്കുന്നതിനും പണിയുന്നതിനും നടുന്നതിനുമായി, ഇതാ, ഇന്നു ഞാൻ നിന്നെ രാഷ്ട്രങ്ങൾക്കും രാജ്യങ്ങൾക്കും മീതേ നിയമിച്ചിരിക്കുന്നു.”

  29. 18 “ദരിദ്രരോടു സുവിശേഷം അറിയിക്കാൻ

    കർത്താവ് എന്നെ അഭിഷേകം ചെയ്തിരിക്കുകയാൽ

    അവിടത്തെ ആത്മാവ് എന്റെമേലുണ്ട്.

    തടവുകാർക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കാനും

    അന്ധർക്കു കാഴ്ചയും

    മർദിതർക്കു മോചനവും നൽകാനും,

    19 കർത്താവിന്റെ പ്രസാദവർഷം പ്രസംഗിക്കാനും,

    എന്നെ അയച്ചിരിക്കുന്നു.”

  30. 16 ദൈവത്തിന്റെ നിസ്തുലപുത്രനിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയും നശിച്ചുപോകാതെ നിത്യജീവൻ അവകാശമാക്കേണ്ടതിന് അവിടത്തെ പുത്രനെ യാഗമായി അർപ്പിക്കുന്നത്ര ദൈവം ലോകത്തെ സ്നേഹിച്ചു. 17 ദൈവം അവിടത്തെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല, തന്നിലൂടെ ലോകത്തെ രക്ഷിക്കാനാണ്.

  31. 32 അപ്പോൾ നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.”

  32. 5 കാരണം അവിടത്തെ കോപം ക്ഷണനേരത്തേക്കുമാത്രം,

    എന്നാൽ അവിടത്തെ പ്രസാദം ആജീവനാന്തം നിലനിൽക്കും;

    വിലാപം ഒരു രാത്രിമാത്രം നിലനിൽക്കുന്നു,

    എന്നാൽ പ്രഭാതത്തിൽ ആനന്ദഘോഷം വരവായി.

  33. 4 യഹോവയിൽ ആനന്ദിക്കുക,

    അപ്പോൾ അവിടന്നു നിന്റെ ഹൃദയാഭിലാഷങ്ങൾ നിറവേറ്റും.

    5 നിന്റെ വഴി യഹോവയെ ഭരമേൽപ്പിക്കുക;

    യഹോവയിൽത്തന്നെ ആശ്രയിക്കുക, അവിടന്നു നിന്നെ സഹായിക്കും:

  34. 10 “ശാന്തരായിരുന്ന് ഞാൻ ആകുന്നു ദൈവം എന്ന് അറിഞ്ഞുകൊൾക;

    ഞാൻ രാഷ്ട്രങ്ങൾക്കിടയിൽ ഉന്നതനാകും

    ഞാൻ ഭൂമിയിൽ ഉന്നതനാകും.”

  35. 7 ദുർവർത്തമാനംനിമിത്തം അവർ ഭയപ്പെടുകയില്ല;

    കാരണം യഹോവയിൽ ആശ്രയിക്കുന്നതിനാൽ അവരുടെ ഹൃദയം സുസ്ഥിരമായിരിക്കുന്നു.

  36. 28 നിനക്ക് അറിഞ്ഞുകൂടേ?

    നീ കേട്ടിട്ടില്ലേ?

    യഹോവ നിത്യനായ ദൈവം ആകുന്നു,

    അവിടന്നാണ് ഭൂമിയുടെ അറുതികളെല്ലാം സൃഷ്ടിച്ചത്.

    അവിടന്നു ക്ഷീണിക്കുന്നില്ല, തളരുന്നതുമില്ല;

    അവിടത്തെ വിവേകം അപ്രമേയംതന്നെ.

    29 അവിടന്നു ക്ഷീണിതർക്കു ശക്തിനൽകുന്നു,

    ബലം കുറഞ്ഞവരുടെ ബലം വർധിപ്പിക്കുന്നു.

    30 യുവാക്കൾപോലും ക്ഷീണിച്ചു തളർന്നുപോകുന്നു,

    ചെറുപ്പക്കാർ കാലിടറി നിലംപൊത്തുന്നു;

    31 എങ്കിലും യഹോവയ്ക്കായി കാത്തിരിക്കുന്നവർ

    അവരുടെ ശക്തി പുതുക്കും.

    അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും;

    അവർ ഓടും, ക്ഷീണിക്കുകയില്ല,

    അവർ നടക്കും, തളർന്നുപോകുകയുമില്ല.

  37. 1 ദരിദ്രരോടു സുവിശേഷം അറിയിക്കാൻ

    യഹോവയായ കർത്താവ് എന്നെ അഭിഷേകം ചെയ്തിരിക്കുകയാൽ

    അവിടത്തെ ആത്മാവ് എന്റെമേലുണ്ട്.

    ഹൃദയം തകർന്നവരുടെ മുറിവു കെട്ടുന്നതിനും

    തടവുകാർക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനും

    ബന്ധിതരെ മോചിപ്പിക്കുന്നതിനും അവിടന്ന് എന്നെ അയച്ചിരിക്കുന്നു.

    2 യഹോവയുടെ പ്രസാദവർഷവും

    നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസംഗിക്കാനും

    വിലപിക്കുന്നവരെയെല്ലാം ആശ്വസിപ്പിക്കാനും

    3 സീയോനിലെ ദുഃഖിതർക്കു—

    വെണ്ണീറിനു പകരം

    തലപ്പാവ് അലങ്കാരമായും

    വിലാപത്തിനു പകരം

    ആനന്ദതൈലവും

    വിഷാദഹൃദയത്തിനു പകരം

    സ്തുതിയെന്ന മേലങ്കിയും നൽകുവാനും,

    അവിടന്ന് എന്നെ അയച്ചിരിക്കുന്നു.

    അവിടത്തെ മഹത്ത്വം വെളിപ്പെടുത്തേണ്ടതിന്

    യഹോവ നട്ടുവളർത്തിയ

    നീതിയുടെ ഓക്കുമരങ്ങളാണ് അവർ എന്നു വിളിക്കപ്പെടും.

  38. 2 എന്റെ കരങ്ങളാണല്ലോ ഇവയെല്ലാം നിർമിച്ചത്,

    അങ്ങനെയാണല്ലോ ഇവയെല്ലാം ഉളവായിവന്നത്,”

    എന്ന് യഹോവ അരുളിച്ചെയ്യുന്നു.

    “വിനയശീലരും മനസ്സുതകർന്നവരും

    എന്റെ വചനത്തിൽ വിറയ്ക്കുന്നവരുമായ

    മനുഷ്യരോടാണ് ഞാൻ കരുണയോടെ കടാക്ഷിക്കുന്നത്.

  39. 7 അതിന് യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “പിതാവിന്റെ സ്വന്തം അധികാരപരിധിയിലുള്ള കാലഘട്ടങ്ങളെയും സമയങ്ങളെയുംകുറിച്ചു നിങ്ങൾ അറിയേണ്ടതില്ല. 8 എന്നാൽ, പരിശുദ്ധാത്മാവു നിങ്ങളിൽ ആവസിക്കുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചവരായി ജെറുശലേമിലും യെഹൂദ്യ പ്രവിശ്യയിലെല്ലായിടത്തും ശമര്യാപ്രവിശ്യയിലും ഭൂസീമകളോളവും എന്റെ സാക്ഷികളാകും.”

    9 ഈ സംഭാഷണത്തിനുശേഷം, അവർ നോക്കിക്കൊണ്ടിരിക്കെ, അവിടന്ന് മുകളിലേക്ക് എടുക്കപ്പെട്ടു. ഉടനെ ഒരു മേഘം അദ്ദേഹത്തെ അവരുടെ കാഴ്ചയിൽനിന്നു മറച്ചു.

    10 ശിഷ്യന്മാർ യേശു ആകാശത്തേക്ക് പോകുന്നത് സൂക്ഷിച്ചുനോക്കിക്കൊണ്ടിരിക്കുമ്പോൾ ഇതാ, ശുഭ്രവസ്ത്രധാരികളായ രണ്ട് പുരുഷന്മാർ അവരുടെ സമീപം നിൽക്കുന്നു! 11 “ഗലീലക്കാരായ പുരുഷന്മാരേ, നിങ്ങൾ ആകാശത്തേക്ക് തുറിച്ചുനോക്കി നിൽക്കുന്നത് എന്തിന്? നിങ്ങളിൽനിന്നു സ്വർഗത്തിലേക്കെടുക്കപ്പെട്ട ഈ യേശു, സ്വർഗത്തിലേക്കു പോകുന്നതായി നിങ്ങൾ കണ്ട അതേവിധത്തിൽത്തന്നെ തിരികെ വരും,” അവർ പറഞ്ഞു.

  40. 18 നമുക്കു ലഭിക്കാനിരിക്കുന്ന തേജസ്സിന്റെ മുമ്പിൽ ഇക്കാലത്തെ കഷ്ടതകൾ വളരെ നിസ്സാരം എന്നു ഞാൻ കരുതുന്നു.

  41. 19 സ്നേഹിതരേ, നിങ്ങൾതന്നെ പകപോക്കാൻ ശ്രമിക്കരുത്, ദൈവക്രോധംതന്നെ അതു നിർവഹിക്കട്ടെ. തിരുവെഴുത്തിൽ ഇങ്ങനെ എഴുതിയിട്ടുണ്ടല്ലോ, “ഞാനാണ് പ്രതികാരംചെയ്യുന്നവൻ, ഞാൻ പകരംവീട്ടും” എന്നു കർത്താവ് അരുളിച്ചെയ്യുന്നു.

  42. 5 നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹം ഇല്ലാത്തതായിരിക്കട്ടെ; നിങ്ങളുടെപക്കൽ ഉള്ളതിൽ സംതൃപ്തരാകുക.

    “ഒരുനാളും ഞാൻ നിന്നെ ഉപേക്ഷിക്കുകയില്ല,

    ഒരുനാളും ഞാൻ നിന്നെ കൈവെടിയുകയുമില്ല,”

    എന്നു ദൈവം അരുളിച്ചെയ്തിട്ടുണ്ടല്ലോ. 6 അതുകൊണ്ട് ആത്മവിശ്വാസത്തോടെ നമുക്ക് പറയാം,

    “കർത്താവാണ് എന്റെ സഹായി; ഞാൻ ഭയപ്പെടുകയില്ല.

    വെറും മർത്യന് എന്നോട് എന്തുചെയ്യാൻ കഴിയും?”

  43. 7 അതുകൊണ്ട്, ദൈവത്തിനു സ്വയം സമർപ്പിക്കുക; പിശാചിനോട് ചെറുത്തുനിൽക്കുക, അപ്പോൾ അവൻ നിങ്ങളിൽനിന്ന് ഓടിയകലും.