84 Bible Verses About Morning

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Morning
  1. 2 എന്റെ രാജാവും എന്റെ ദൈവവുമേ,

    സഹായത്തിനായുള്ള എന്റെ നിലവിളി കേൾക്കണമേ,

    അവിടത്തോടല്ലോ ഞാൻ പ്രാർഥിക്കുന്നത്.

    3 യഹോവേ, പ്രഭാതത്തിൽ അവിടന്ന് എന്റെ ശബ്ദം കേൾക്കണമേ;

    പുലർകാലത്തിൽ ഞാൻ എന്റെ ആവലാതി തിരുമുമ്പിൽ സമർപ്പിക്കുകയും

    പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു.

    4 അവിടന്ന് അധർമത്തിൽ പ്രസാദിക്കുന്ന ദൈവമല്ലല്ലോ;

    തിന്മ പ്രവർത്തിക്കുന്നവർ അവിടത്തോടൊപ്പം വസിക്കുകയില്ല.

    5 അവിടത്തെ സന്നിധിയിൽ

    ധിക്കാരികൾ നിൽക്കുകയില്ല.

    അധർമം പ്രവർത്തിക്കുന്നവരെ അവിടന്നു വെറുക്കുന്നു;

    6 വ്യാജം പറയുന്നവരെ അവിടന്നു നശിപ്പിക്കുന്നു.

    രക്തദാഹികളെയും വഞ്ചകരെയും

    യഹോവയ്ക്ക് അറപ്പാകുന്നു.

    7 എന്നാൽ ഞാൻ, അവിടത്തെ അചഞ്ചലസ്നേഹത്താൽ,

    അങ്ങയുടെ ആലയത്തിലേക്കു വന്നുചേരും;

    അവിടത്തെ വിശുദ്ധമന്ദിരത്തിനുനേരേ

    ഭയഭക്തിയോടെ ഞാൻ സാഷ്ടാംഗംവീഴും.

    8 യഹോവേ, എന്റെ ശത്രുക്കൾനിമിത്തം,

    അവിടത്തെ നീതിയാൽ എന്നെ നയിക്കണമേ;

    അവിടത്തെ മാർഗം എന്റെമുമ്പിൽ സുഗമമാക്കണമേ.

  2. 21 എങ്കിലും ഞാൻ ഇത് ഓർക്കും

    അതുകൊണ്ട് എനിക്ക് പ്രത്യാശയുണ്ട്:

    22 യഹോവയുടെ മഹാസ്നേഹംനിമിത്തം ഞാൻ നശിപ്പിക്കപ്പെട്ടില്ല

    അവിടത്തെ കരുണകൾ തീർന്നുപോകുന്നില്ല.

    23 അവ പ്രഭാതംതോറും പുതിയതാകുന്നു;

    അവിടത്തെ വിശ്വസ്തത വലിയതുമാകുന്നു.

    24 ഞാൻ എന്നോടുതന്നെ പറയുന്നു, “യഹോവ എന്റെ ഓഹരി;

    അതുകൊണ്ട് ഞാൻ അവിടത്തേക്കായി കാത്തിരിക്കും.”

  3. ഭവനപ്രതിഷ്ഠാഗീതം; ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 യഹോവേ, ഞാൻ അങ്ങയെ പുകഴ്ത്തും,

    ആഴത്തിൽനിന്ന് അവിടന്ന് എന്നെ ഉദ്ധരിച്ചിരിക്കുന്നു

    എന്റെ ശത്രുക്കൾ എന്റെമേൽ വിജയം ഘോഷിക്കാൻ അങ്ങ് അനുവദിച്ചില്ല.

    2 എന്റെ ദൈവമായ യഹോവേ, സഹായത്തിനായി ഞാൻ വിളിച്ചപേക്ഷിച്ചു,

    അങ്ങ് എന്നെ സൗഖ്യമാക്കി.

    3 യഹോവേ, പാതാളത്തിൽനിന്ന് അവിടന്ന് എന്നെ കരകയറ്റിയിരിക്കുന്നു;

    കുഴിയിൽ ഇറങ്ങാതവണ്ണം അവിടന്നെന്റെ ജീവൻ കാത്തുപാലിച്ചിരിക്കുന്നു.

    4 യഹോവയുടെ വിശ്വസ്തരേ, അവിടത്തേക്ക് സ്തുതിപാടുക;

    അവിടത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക.

    5 കാരണം അവിടത്തെ കോപം ക്ഷണനേരത്തേക്കുമാത്രം,

    എന്നാൽ അവിടത്തെ പ്രസാദം ആജീവനാന്തം നിലനിൽക്കും;

    വിലാപം ഒരു രാത്രിമാത്രം നിലനിൽക്കുന്നു,

    എന്നാൽ പ്രഭാതത്തിൽ ആനന്ദഘോഷം വരവായി.

  4. 8 പ്രഭാതം അവിടത്തെ അചഞ്ചലസ്നേഹത്തെപ്പറ്റിയുള്ള കേൾവിനൽകട്ടെ,

    കാരണം എന്റെ ആശ്രയം അങ്ങയിൽ ഞാൻ അർപ്പിക്കുന്നു.

    ഞാൻ പോകേണ്ടുന്ന വഴി എനിക്കു കാണിച്ചുതരണമേ,

    കാരണം എന്റെ ജീവൻ ഞാൻ അങ്ങയെ ഏൽപ്പിച്ചിരിക്കുന്നു.

    9 യഹോവേ, എന്റെ ശത്രുക്കളിൽനിന്ന് എന്നെ മോചിപ്പിക്കണമേ,

    കാരണം എന്റെ സംരക്ഷണത്തിനായി ഞാൻ അങ്ങയുടെ അടുത്തേക്കോടുന്നു.

    10 തിരുഹിതംചെയ്യാൻ എന്നെ പഠിപ്പിക്കണമേ,

    കാരണം അവിടന്ന് ആകുന്നു എന്റെ ദൈവം;

    അങ്ങയുടെ നല്ല ആത്മാവ്

    നീതിപഥത്തിൽ എന്നെ നടത്തട്ടെ.

  5. 16 “സഭകൾക്കുവേണ്ടി ഇവയൊക്കെയും നിങ്ങളോടു സാക്ഷ്യപ്പെടുത്തേണ്ടതിന് യേശു എന്ന ഞാൻ എന്റെ ദൂതനെ അയച്ചിരിക്കുന്നു. ഞാൻ ദാവീദിന്റെ വേരും സന്തതിയുമായ, ഉജ്ജ്വലിക്കുന്ന പ്രഭാതനക്ഷത്രമാണ്.”

  6. 35 അതിരാവിലെ, ഇരുട്ടുള്ളപ്പോൾത്തന്നെ, യേശു ഉറക്കമുണർന്ന് ഒരു വിജനസ്ഥലത്ത് ചെന്നു പ്രാർഥിച്ചു. 36 ശിമോനും കൂടെയുള്ളവരും അദ്ദേഹത്തെ അന്വേഷിച്ചുചെന്നു. 37 കണ്ടെത്തിയപ്പോൾ; “എല്ലാവരും അങ്ങയെ അന്വേഷിക്കുന്നു” എന്ന് അവർ അദ്ദേഹത്തോടു പറഞ്ഞു.

    38 അതിന് യേശു, “അടുത്തുള്ള ഗ്രാമങ്ങളിലും പ്രസംഗിക്കേണ്ടതിന് നമുക്ക് അവിടേക്കു പോകാം; ഈ ശുശ്രൂഷയ്ക്കായിട്ടാണല്ലോ ഞാൻ വന്നിരിക്കുന്നത്” എന്നു മറുപടി പറഞ്ഞു 39 അങ്ങനെ അദ്ദേഹം യെഹൂദരുടെ പള്ളികളിൽ പ്രസംഗിച്ചുകൊണ്ടും ഭൂതങ്ങളെ പുറത്താക്കിക്കൊണ്ടും ഗലീലയിൽ എല്ലായിടത്തും സഞ്ചരിച്ചു.

  7. 16 എന്നാൽ ഞാൻ അവിടത്തെ ബലത്തെപ്പറ്റി ഗാനമാലപിക്കും,

    പ്രഭാതത്തിൽ അവിടത്തെ അചഞ്ചലസ്നേഹത്തെപ്പറ്റി പാടും;

    കാരണം അവിടന്നാണെന്റെ അഭയസ്ഥാനം,

    കഷ്ടകാലത്ത് എന്റെ സങ്കേതവും അവിടന്ന് ആകുന്നു.

    17 എനിക്ക് ആശ്രയയോഗ്യനായ എന്റെ ദൈവമേ,

    അവിടന്നാണ് എന്റെ ശക്തി, ഞാൻ അങ്ങയെ വാഴ്ത്തിപ്പാടും;

    ദൈവമേ, അവിടന്നാണെന്റെ അഭയസ്ഥാനം.

    സംഗീതസംവിധായകന്. “സാക്ഷ്യരസം എന്ന രാഗത്തിൽ.”

  8. 12 ഞങ്ങൾക്കു ജ്ഞാനമുള്ളൊരു ഹൃദയം ലഭിക്കുന്നതിനുവേണ്ടി,

    ഞങ്ങളുടെ ദിനങ്ങൾ എണ്ണുന്നതിന് ഞങ്ങളെ അഭ്യസിപ്പിക്കണമേ.

    13 യഹോവേ, കനിയണമേ! അങ്ങ് എത്രത്തോളം താമസിക്കും?

    അവിടത്തെ സേവകരോട് കനിവു തോന്നണമേ.

    14 അവിടത്തെ അചഞ്ചലസ്നേഹത്താൽ ഓരോ പ്രഭാതവും ഞങ്ങൾക്കു തൃപ്തികരമാക്കണമേ,

    അപ്പോൾ എല്ലാ ദിവസവും ഞങ്ങൾക്ക് ആനന്ദഗാനങ്ങൾ ആലപിച്ച് ആഹ്ലാദിക്കാൻ കഴിയും.

    15 അവിടന്ന് ഞങ്ങളെ ദുരിതമനുഭവിക്കാൻ അനുവദിച്ച നാളുകൾക്കും

    ഞങ്ങൾ കഷ്ടമനുഭവിച്ച വർഷങ്ങൾക്കും അനുസൃതമായി ഞങ്ങളെ ആനന്ദിപ്പിക്കണമേ.

    16 അങ്ങയുടെ പ്രവൃത്തികൾ അങ്ങയുടെ സേവകർക്കും

    അങ്ങയുടെ മഹത്ത്വം അവരുടെ മക്കൾക്കും വെളിപ്പെടുമാറാകട്ടെ.

    17 ഞങ്ങളുടെ ദൈവമായ കർത്താവിന്റെ കാരുണ്യം ഞങ്ങളുടെമേൽ ഉണ്ടായിരിക്കുമാറാകട്ടെ;

    ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സഫലമാക്കണമേ—

    അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സഫലമാക്കണമേ.

  9. 76-77 “നീയോ എന്റെ മകനേ, പരമോന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും.

    കർത്താവിനുവേണ്ടി വഴിയൊരുക്കാൻ,

    നമ്മുടെ ദൈവത്തിന്റെ കരുണാതിരേകത്താൽ തന്റെ ജനത്തിനു

    പാപമോചനത്തിലൂടെ രക്ഷയുടെ പരിജ്ഞാനം നൽകാൻ, നീ കർത്താവിനുമുമ്പായി നടക്കും.

    78 അന്ധതമസ്സിലും മരണനിഴലിലും കഴിയുന്നവരുടെമേൽ പ്രകാശിക്കുന്നതിനും

    നമ്മുടെ കാലുകളെ സമാധാനപാതയിൽ നയിക്കുന്നതിനും

    79 അവിടത്തെ കരുണാധിക്യത്താൽ,

    ഉദയസൂര്യൻ സ്വർഗത്തിൽനിന്ന് നമ്മെ സന്ദർശിക്കും.”

    80 ശിശുവായ യോഹന്നാൻ വളർന്നു, ആത്മാവിൽ ശക്തിപ്പെട്ടു: ഇസ്രായേലിലെ തന്റെ പരസ്യശുശ്രൂഷ ആരംഭിക്കുന്നതുവരെ അദ്ദേഹം മരുഭൂമിയിൽ താമസിച്ചു.

  10. 12-13 ഭൂമിയുടെ അതിരുകളെ പിടിച്ചുകൊള്ളുന്നതിനും

    ദുഷ്ടരെ അതിൽനിന്ന് കുടഞ്ഞുകളയുന്നതിനുംവേണ്ടി

    നീ പ്രഭാതത്തിന് എപ്പോഴെങ്കിലും ഉത്തരവുകൾ നൽകിയിട്ടുണ്ടോ?

    അരുണോദയത്തിന് അതിന്റെ സ്ഥാനം നിയമിച്ചുകൊടുത്തിട്ടുണ്ടോ?

  11. 26 “വിജയിക്കുകയും അന്ത്യംവരെ എന്റെ പ്രവൃത്തികൾ അനുഷ്ഠിക്കുകയുംചെയ്യുന്നവന് എന്റെ പിതാവ് എനിക്കു നൽകിയതുപോലെ ഞാൻ ജനതകളുടെമേൽ അധികാരം കൊടുക്കും. 27 ‘അദ്ദേഹം ഇരുമ്പുകോൽകൊണ്ട് അവരെ ഭരിക്കും; മൺപാത്രങ്ങൾപോലെ അവർ നുറുങ്ങിപ്പോകും.’ 28 എന്റെ പിതാവിൽനിന്ന് എനിക്കു ലഭിച്ചിട്ടുള്ളതുപോലെ ഞാൻ അവന് പ്രഭാതനക്ഷത്രം നൽകും.

  12. 1 ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. 2 ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു; വെള്ളം നിറഞ്ഞ ഭൂതലത്തിന്മേൽ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിനുമീതേ വ്യാപരിച്ചുകൊണ്ടിരുന്നു.

    3 “പ്രകാശം ഉണ്ടാകട്ടെ,” ദൈവം അരുളിച്ചെയ്തു; പ്രകാശം ഉണ്ടായി. 4 പ്രകാശം നല്ലത് എന്നു ദൈവം കണ്ടു; അവിടന്നു പ്രകാശവും അന്ധകാരവുംതമ്മിൽ വേർതിരിച്ചു; 5 ദൈവം പ്രകാശത്തെ “പകൽ” എന്നും അന്ധകാരത്തെ “രാത്രി” എന്നും വിളിച്ചു. സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—ഒന്നാംദിവസം.

  13. 19 ഇതോടൊപ്പം വിശ്വാസയോഗ്യമായ പ്രവാചകവചനവും നമുക്കുണ്ട്. നിങ്ങളുടെ ഹൃദയങ്ങളിൽ പുലരി പൊട്ടിവിടർന്ന് പ്രഭാതനക്ഷത്രം ഉദിക്കുംവരെ, ഇരുട്ടുള്ളപ്പോൾ പ്രകാശിക്കുന്ന വിളക്കിലേക്കെന്നതുപോലെ ആ വചനത്തിൽ നിങ്ങൾ ശ്രദ്ധാലുക്കൾ ആകേണ്ടതുണ്ട്. 20 തിരുവെഴുത്തിലെ ഓരോ പ്രവചനവാക്യവും പ്രവാചകന്റെ സ്വതഃസിദ്ധമായ വിശകലനത്താൽ ഉരുത്തിരിഞ്ഞുവന്നവയല്ല എന്ന വസ്തുത നിങ്ങൾ പ്രാഥമികമായി മനസ്സിലാക്കിയിരിക്കണം.

  14. 13 എങ്കിലും യഹോവേ, ഞാൻ അങ്ങയോട് സഹായത്തിനായി അപേക്ഷിക്കുന്നു;

    പ്രഭാതത്തിൽ എന്റെ പ്രാർഥന തിരുമുമ്പിൽ എത്തുന്നു.

  15. 4 “ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു?

    നിനക്കു വിവേകമുണ്ടെങ്കിൽ പറയുക.

    5 അതിന്റെ അളവുകൾ നിർണയിച്ചതാര്? നിശ്ചയമായും നിനക്കതറിയാം!

    അഥവാ, അതിനു കുറുകെ അളവുനൂൽ പിടിച്ചതാരാണ്?

    6-7 ഉദയനക്ഷത്രങ്ങൾ ഒത്തുചേർന്നു ഗീതങ്ങൾ ആലപിക്കുകയും

    ദൈവപുത്രന്മാരെല്ലാം ആനന്ദത്താൽ ആർത്തുവിളിക്കുകയും ചെയ്തപ്പോൾ,

    അതിന്റെ അടിസ്ഥാനങ്ങൾ എവിടെയാണ് സ്ഥാപിച്ചത്?

    അതിന്റെ ആണിക്കല്ല് സ്ഥാപിച്ചത് ആരാണ്?

  16. 24 ഇന്ന് യഹോവ ഉണ്ടാക്കിയ ദിവസം;

    ഇന്ന് നമുക്ക് ആനന്ദിച്ച് ഉല്ലസിക്കാം.

  17. 4 തളർന്നിരിക്കുന്നവനോട് സമയോചിതമായ ഒരു വാക്കു സംസാരിക്കാൻ

    യഹോവയായ കർത്താവ് എനിക്കു പരിശീലനംസിദ്ധിച്ചവരുടെ നാവു തന്നിരിക്കുന്നു.

    അവിടന്ന് എന്നെ പ്രഭാതംതോറും ഉണർത്തുന്നു,

    പരിശീലനംനേടുന്നവരെപ്പോലെ കേൾക്കേണ്ടതിന് അവിടന്ന് എന്റെ ചെവി ഉണർത്തുന്നു.

    5 യഹോവയായ കർത്താവ് എന്റെ ചെവി തുറന്നു;

    ഞാനോ, എതിർത്തില്ല;

    ഒഴിഞ്ഞുമാറിയതുമില്ല.

  18. 3 അബ്രാഹാം പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് കഴുതയ്ക്കു കോപ്പിട്ടു. ദാസന്മാരിൽ രണ്ടുപേരെയും തന്റെ മകനായ യിസ്ഹാക്കിനെയുംകൂട്ടി ഹോമയാഗത്തിനുവേണ്ട വിറകും കീറിയെടുത്ത്, ദൈവം തന്നോടു നിർദേശിച്ച സ്ഥലത്തേക്കു യാത്രയായി.

  19. 16 യാക്കോബ് ഉറക്കത്തിൽനിന്ന് ഉണർന്നു, “യഹോവ നിശ്ചയമായും ഈ സ്ഥലത്തുണ്ട്; ഞാനോ, അത് അറിഞ്ഞിരുന്നില്ല” എന്നു പറഞ്ഞു. 17 അദ്ദേഹം ഭയപ്പെട്ട്, “ഈ സ്ഥലം എത്ര ഭയങ്കരം! ഇതു ദൈവഭവനമല്ലാതെ മറ്റൊന്നല്ല; ഇതു സ്വർഗത്തിന്റെ കവാടംതന്നെ” എന്നു പറഞ്ഞു.

    18 പിറ്റേന്ന് അതിരാവിലെ യാക്കോബ്, താൻ തലയിണയായി വെച്ചിരുന്ന കല്ല് എടുത്ത് തൂണായി നാട്ടിനിർത്തി അതിനുമീതേ എണ്ണ ഒഴിച്ചു. 19 അദ്ദേഹം ആ സ്ഥലത്തിനു ബേഥേൽ എന്നു പേരിട്ടു; ലൂസ് എന്ന പേരിലായിരുന്നു ആ പട്ടണം അറിയപ്പെട്ടിരുന്നത്.

  20. 8 ഭൂമിയിലെല്ലായിടത്തും പാർക്കുന്ന ജനം അവിടത്തെ അത്ഭുതങ്ങൾനിമിത്തം വിസ്മയപ്പെടുന്നു;

    ഉദയത്തിന്റെയും അസ്തമയത്തിന്റെയും ദിക്കുകളിൽനിന്ന്

    അവിടന്ന് ആനന്ദഗീതം ആലപിക്കുമാറാക്കുന്നു.

  21. 147 ഞാൻ സൂര്യോദയത്തിനുമുൻപേ ഉണർന്ന്, സഹായത്തിനായി യാചിക്കുന്നു;

    ഞാൻ എന്റെ പ്രത്യാശ തിരുവചനത്തിൽ അർപ്പിക്കുന്നു.

  22. 5 ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു, എന്റെ ആത്മാവ് അങ്ങേക്കായി കാത്തിരിക്കുന്നു,

    അവിടത്തെ വചനത്തിൽ ഞാൻ പ്രത്യാശയർപ്പിക്കുന്നു.

    6 പ്രഭാതത്തിനായി കാത്തിരിക്കുന്ന കാവൽക്കാരനെക്കാൾ,

    അതേ, പ്രഭാതത്തിനായി കാത്തിരിക്കുന്ന കാവൽക്കാരനെക്കാൾ,

    ഞാൻ കർത്താവിനായി കാത്തിരിക്കുന്നു.

    7 ഇസ്രായേലേ, നിന്റെ പ്രത്യാശ യഹോവയിൽ അർപ്പിക്കുക,

    കാരണം യഹോവയുടെ അടുക്കൽ അചഞ്ചലസ്നേഹവും

    സമ്പൂർണ വീണ്ടെടുപ്പും ഉണ്ടല്ലോ.

    8 ഇസ്രായേലിനെ അവരുടെ സകലപാപങ്ങളിൽനിന്നും

    അവിടന്നുതന്നെ വീണ്ടെടുക്കും.

  23. 38 “യാഗപീഠത്തിൽ നീ ക്രമമായി അർപ്പിക്കേണ്ടത് ഇതാണ്: ദിവസംതോറും ഒരുവയസ്സു പ്രായമുള്ള രണ്ട് കുഞ്ഞാട്. 39 ഒരു കുഞ്ഞാടിനെ രാവിലെയും മറ്റേ കുഞ്ഞാടിനെ വൈകുന്നേരത്തും യാഗമർപ്പിക്കണം. 40 ഇടിച്ചുപിഴിഞ്ഞെടുത്ത കാൽ ഹീൻ എണ്ണ പകർന്നിട്ടുള്ള ഒരു ഓമെർ നേരിയമാവും, പാനീയയാഗമായി കാൽ ഹീൻ വീഞ്ഞും ആദ്യത്തെ കുഞ്ഞാടിനോടൊപ്പം അർപ്പിക്കണം.

  24. 6 പ്രഭാതത്തിൽ നിന്റെ വിത്തു വിതയ്ക്കുക,

    സായാഹ്നത്തിൽ നിന്റെ കരങ്ങൾ അലസവും ആകരുത്,

    കാരണം ഇതോ അതോ

    ഏതു സഫലമാകുമെന്നോ

    അല്ലെങ്കിൽ രണ്ടും ഒരുപോലെ നന്നായിരിക്കുമെന്നോ നിനക്ക് അറിയില്ലല്ലോ.

  25. 28 ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അതായത്, അവിടത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്കുതന്നെ ദൈവം എല്ലാ കാര്യങ്ങളും നന്മയ്ക്കായി ചേർന്നു പ്രവർത്തിക്കുമാറാക്കുന്നു എന്നു നാം അറിയുന്നു. 29 ദൈവം മുൻകൂട്ടി അറിഞ്ഞവരെ, തന്റെ പുത്രനോടു സദൃശരായിത്തീരാൻ മുൻനിയമിച്ചിരിക്കുന്നു. അത് അവിടത്തെ പുത്രൻ അനേകം സഹോദരങ്ങളിൽ ഒന്നാമനാകേണ്ടതിനാണ്. 30 അവിടന്ന് മുൻനിയമിച്ചവരെ വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ തേജസ്കരിക്കുകയും ചെയ്തു.

    31 ഇതിനെക്കുറിച്ചു നമുക്ക് എന്തു പറയാൻകഴിയും? ഇത്രമാത്രം! ദൈവം നമുക്ക് അനുകൂലമെങ്കിൽ നമുക്ക് പ്രതികൂലം ആര്? 32 സ്വന്തം പുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവർക്കുംവേണ്ടി മരിക്കാൻ ഏൽപ്പിച്ചുകൊടുത്ത ദൈവം, പുത്രനോടൊപ്പം സകലതും സമൃദ്ധമായി നമുക്കു നൽകാതിരിക്കുമോ?

  26. 8 വിതാനത്തെ ദൈവം “ആകാശം” എന്നു വിളിച്ചു. സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—രണ്ടാംദിവസം.

  27. 27 പിറ്റേന്ന് അതിരാവിലെ അബ്രാഹാം എഴുന്നേറ്റ്, താൻ യഹോവയുടെ സന്നിധിയിൽ നിന്നിരുന്ന സ്ഥലത്തു ചെന്നു. 28 അദ്ദേഹം സൊദോമിനും ഗൊമോറായ്ക്കും സമഭൂമിയിലെ സകലപ്രദേശങ്ങൾക്കും നേരേ നോക്കി, തീച്ചൂളയിൽനിന്നെന്നപോലെ ആ ദേശത്തുനിന്നു പുക ഉയരുന്നതു കണ്ടു.

  28. 13 പിറ്റേദിവസം മോശ ജനത്തിനു ന്യായംവിധിക്കാൻ ഇരുന്നു. പ്രഭാതംമുതൽ സന്ധ്യവരെ ജനം മോശയ്ക്കുചുറ്റും നിന്നു. 14 ജനത്തിനുവേണ്ടി മോശ ചെയ്യുന്നതെല്ലാം കണ്ടിട്ട് അദ്ദേഹത്തോട് അമ്മായിയപ്പൻ ചോദിച്ചു: “നീ ജനത്തിനുവേണ്ടി ചെയ്യുന്നതെന്താണ്? ഈ ജനമെല്ലാം രാവിലെമുതൽ വൈകുന്നേരംവരെ നിന്റെ ചുറ്റും നിൽക്കുകയും നീ തനിച്ച് ന്യായവിസ്താരം നടത്തുകയും ചെയ്യുന്നതെന്തുകൊണ്ട്?”

  29. 4 “എഫ്രയീമേ, നിന്നോടു ഞാൻ എന്തു ചെയ്യണം?

    യെഹൂദയേ, ഞാൻ നിന്നോട് എന്താണു ചെയ്യേണ്ടത്?

    നിന്റെ സ്നേഹം പ്രഭാതമഞ്ഞുപോലെയും

    അപ്രത്യക്ഷമാകുന്ന പ്രഭാതത്തിലെ മഞ്ഞുതുള്ളിപോലെയും ആകുന്നു.

  30. 1 പരീശന്മാരും സദൂക്യരും യേശുവിന്റെ അടുക്കൽവന്ന് അദ്ദേഹത്തെ പരീക്ഷിക്കുന്നതിന്, സ്വർഗത്തിൽനിന്ന് ഒരു അത്ഭുതചിഹ്നം കാണിച്ചുതരണമെന്ന് ആവശ്യപ്പെട്ടു.

    2 യേശു അവരോട്, “സൂര്യാസ്തമയസമയത്ത്, ആകാശം ചെമന്നിരുന്നാൽ ‘കാലാവസ്ഥ നല്ലതെന്നും’ 3 സൂര്യോദയത്തിൽ, ആകാശം ചെമന്നും ഇരുണ്ടും ഇരുന്നാൽ ഇന്ന് ‘കൊടുങ്കാറ്റുണ്ടാകും എന്നും’ നിങ്ങൾ പറയുന്നു. ആകാശത്തിന്റെ ഭാവഭേദങ്ങൾ വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം; എന്നാൽ, ഈ കാലഘട്ടത്തിന്റെ ലക്ഷണങ്ങൾ വ്യാഖ്യാനിക്കാൻ നിങ്ങൾക്ക് കഴിയുന്നതുമില്ല. 4 ദുഷ്ടതയും അവിശ്വസ്തതയുമുള്ള തലമുറ ചിഹ്നം ആവശ്യപ്പെടുന്നു. എന്നാൽ, യോനാ പ്രവാചകന്റെ അടയാളമല്ലാതെ മറ്റൊന്നും ഈ തലമുറയ്ക്കു ലഭിക്കുകയില്ല” എന്ന് ഉത്തരം പറഞ്ഞു. യേശു പിന്നെ അവരെ വിട്ട് അവിടെനിന്ന് പോയി.

  31. 2 നീ രാവിലെ ഒരുങ്ങി, സീനായിപർവതത്തിൽ കയറിവരിക; പർവതാഗ്രത്തിൽ എന്റെമുമ്പിൽ നീ നിൽക്കണം. 3 നിന്നോടുകൂടെ ആരും വരരുത്; പർവതത്തിൽ ആരെയും കാണരുത്; പർവതത്തിനുസമീപം ആടുമാടുകൾ മേയുകയുമരുത്.”

    4 അങ്ങനെ മോശ, ആദ്യത്തേതുപോലെയുള്ള രണ്ടു കൽപ്പലകകൾ ചെത്തിയുണ്ടാക്കി, അതിരാവിലെ എഴുന്നേറ്റ് യഹോവ കൽപ്പിച്ചിരുന്നതുപോലെ സീനായിപർവതത്തിൽ കയറിച്ചെന്നു; രണ്ടു കൽപ്പലകകളും അവൻ കൈയിൽ എടുത്തിരുന്നു.

  32. 1 ദാവീദിന്റെ അന്ത്യവചസ്സുകൾ ഇവയാകുന്നു:

    “യിശ്ശായിപുത്രനായ ദാവീദിന്റെ,

    പരമോന്നതനായ ദൈവത്താൽ ഉയർത്തപ്പെട്ട പുരുഷന്റെ,

    യാക്കോബിൻദൈവത്താൽ അഭിഷിക്തനായ മനുഷ്യന്റെ,

    ഇസ്രായേലിന്റെ മധുരഗായകന്റെ വചസ്സുകൾ:

    2 “യഹോവയുടെ ആത്മാവ് എന്നിലൂടെ സംസാരിച്ചു;

    അവിടത്തെ വചനം എന്റെ നാവിന്മേൽ ഉണ്ടായിരുന്നു.

    3 ഇസ്രായേലിന്റെ ദൈവം അരുളിച്ചെയ്തു,

    ഇസ്രായേലിന്റെ പാറയായുള്ളവൻ എന്നോടു കൽപ്പിച്ചു:

    ‘ഒരുവൻ നീതിയോടെ മനുഷ്യരെ ഭരിക്കുമ്പോൾ,

    അയാൾ ദൈവഭയത്തിൽ ഭരണം നടത്തുമ്പോൾ,

    4 കാർമേഘരഹിതമായ പ്രഭാതത്തിലെ

    സൂര്യോദയത്തിൽ തിളങ്ങുന്ന അരുണാഭപോലെയാണ് അയാൾ;

    മഴയ്ക്കുശേഷം ഭൂമിയിൽനിന്നു മുളയ്ക്കുന്ന

    പുൽനാമ്പുകളിൽ സൂര്യൻ പ്രതിജ്വലിക്കുന്നതുപോലെയും.’

    5 “എന്റെ ഭവനവും ദൈവസന്നിധിയിൽ അതുപോലെതന്നെയല്ലേ?

    അവിടന്ന് എന്നോട് ഒരു ശാശ്വതമായ ഉടമ്പടി ചെയ്തിട്ടില്ലയോ?

    വിശദാംശങ്ങളിലെല്ലാം ക്രമീകൃതമായ സുഭദ്രമായ ഒരു ഉടമ്പടിതന്നെ.

    അവിടന്ന് എന്റെ രക്ഷ സഫലമാക്കുകയും

    എന്റെ അഭിലാഷം സാധിതമാക്കുകയും ചെയ്യുകയില്ലേ?

    6 എന്നാൽ ദുഷ്ടമനുഷ്യരോ, മുൾച്ചെടിപോലെ പറിച്ചെറിഞ്ഞു കളയപ്പെടേണ്ടവരാകുന്നു,

    അവ കൈകൊണ്ടു ശേഖരിക്കപ്പെടുന്നില്ല,

    7 അവയെ തൊടേണ്ടവർ

    ഇരുമ്പുദണ്ഡോ കുന്തത്തടിയോ ഉപയോഗിക്കുന്നു.

    അവ കിടക്കുന്നിടത്തുവെച്ചുതന്നെ ചുട്ടുകളയപ്പെടുന്നു.”

  33. 12 ഉഷസ്സിന്റെ പുത്രാ, ഉദയനക്ഷത്രമേ!

    നീ ആകാശത്തുനിന്നു വീണുപോയതെങ്ങനെ!

    ഒരിക്കൽ രാഷ്ട്രങ്ങളെ താഴ്ത്തിക്കളഞ്ഞവനേ,

    നീ വെട്ടേറ്റു ഭൂമിയിൽ വീണുപോയതെങ്ങനെ!

  34. 12 ദാവീദ് ഗൃഹമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

    “ ‘നിങ്ങൾ ചെയ്യുന്ന ദുഷ്ടതനിമിത്തം

    ആർക്കും കെടുത്താൻ കഴിയാത്തവിധം

    എന്റെ ക്രോധം തീപോലെ പൊട്ടിപ്പുറപ്പെടാതിരിക്കേണ്ടതിന്,

    പ്രഭാതംതോറും ന്യായം പരിപാലിക്കുകയും

    കവർച്ചയ്ക്കിരയായവരെ

    പീഡകരുടെ കൈയിൽനിന്നും വിടുവിക്കുകയുംചെയ്യുക.

  35. 1 “തന്റെ മുന്തിരിത്തോപ്പിലേക്ക് കൂലിവേലക്കാരെ വിളിക്കാൻ അതിരാവിലെ പുറപ്പെട്ട ഒരു ഭൂവുടമയോട് സ്വർഗരാജ്യത്തെ ഉപമിക്കാം.

  36. 1 ശബ്ബത്ത് കഴിഞ്ഞശേഷം, മഗ്ദലക്കാരി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമിയും യേശുവിന്റെ ശരീരത്തിൽ ലേപനം ചെയ്യുന്നതിന് സുഗന്ധദ്രവ്യങ്ങൾ വാങ്ങി. 2 ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ, സൂര്യൻ ഉദിച്ചപ്പോൾത്തന്നെ അവർ കല്ലറയുടെ അടുത്തേക്കുപോയി. 3 “കല്ലറയുടെ കവാടത്തിൽനിന്ന് നമുക്കുവേണ്ടി ആര് കല്ല് ഉരുട്ടിമാറ്റും?” എന്ന് അവർ പരസ്പരം ചോദിച്ചു.

    4 എന്നാൽ, അവർ നോക്കിയപ്പോൾ വളരെ വലുപ്പമുള്ള ആ കല്ല് ഉരുട്ടിമാറ്റപ്പെട്ടിരിക്കുന്നതായി കണ്ടു. 5 അവർ കല്ലറയ്ക്കുള്ളിൽ പ്രവേശിച്ചു, അപ്പോൾ വെള്ളവസ്ത്രം ധരിച്ച ഒരു യുവാവ് വലതുഭാഗത്ത് ഇരിക്കുന്നതു കണ്ടു പരിഭ്രമിച്ചു.

    6 അയാൾ അവരോട്, “പരിഭ്രമിക്കേണ്ടാ, ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു. അദ്ദേഹം ഉയിർത്തെഴുന്നേറ്റിരിക്കുന്നു! അദ്ദേഹം ഇവിടെ ഇല്ല! അദ്ദേഹത്തെ വെച്ചിരുന്ന സ്ഥലം കാണുക. 7 നിങ്ങൾ പോയി, ‘അദ്ദേഹം നിങ്ങൾക്കുമുമ്പേ ഗലീലയിലേക്കു പോകുന്നു. നിങ്ങളോടു പറഞ്ഞിരുന്നതുപോലെതന്നെ, അവിടെ നിങ്ങൾ അദ്ദേഹത്തെ കാണും എന്ന് അദ്ദേഹത്തിന്റെ ശിഷ്യന്മാരെയും പത്രോസിനെയും അറിയിക്കുക’ ” എന്നു പറഞ്ഞു.

    8 ആ സ്ത്രീകൾ പരിഭ്രമിച്ചു വിറച്ചുകൊണ്ട് കല്ലറയിൽനിന്ന് ഇറങ്ങിയോടി. അവർ ഭയന്നിരുന്നതിനാൽ ആരോടും ഒന്നും പറഞ്ഞില്ല.

  37. 26 അങ്ങനെ, ബാലിന്റെ പ്രവാചകർ തങ്ങൾക്കു ലഭിച്ച കാളയെ ഒരുക്കി.

    “ബാലേ, ഞങ്ങൾക്ക് ഉത്തരമരുളണമേ!” എന്ന് അവർ പ്രഭാതംമുതൽ മധ്യാഹ്നംവരെ ബാലിന്റെ നാമം വിളിച്ചു പ്രാർഥിച്ചു. എന്നാൽ, യാതൊരു പ്രതികരണവും ഉണ്ടായില്ല; ആരുടെയും ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല. അവർ, തങ്ങൾ നിർമിച്ച ബലിപീഠത്തിനുചുറ്റും തുള്ളിച്ചാടിക്കൊണ്ടിരുന്നു.

  38. ശബ്ബത്ത് നാളിനുള്ള ഒരു ഗീതം; ഒരു സങ്കീർത്തനം.

    1-2 യഹോവയെ വാഴ്ത്തുന്നതും

    അത്യുന്നതനേ, അവിടത്തെ നാമത്തിന്

    പത്തുകമ്പിയുള്ള വീണയുടെയും

    കിന്നരത്തിന്റെ മധുരനാദത്തിന്റെയും അകമ്പടിയോടെ സംഗീതമാലപിക്കുന്നതും

    3 പ്രഭാതത്തിൽ അവിടത്തെ അചഞ്ചലസ്നേഹവും

    രാത്രിയിൽ അവിടത്തെ വിശ്വസ്തതയും വർണിക്കുന്നതും വിശിഷ്ടമത്രേ.

  39. 2 യഹോവേ, ഞങ്ങളോടു കനിവുണ്ടാകണമേ,

    ഞങ്ങൾ അങ്ങേക്കായി കാത്തിരിക്കുന്നു.

    ഓരോ പ്രഭാതത്തിലും അങ്ങ് ഞങ്ങളുടെ ബലവും

    കഷ്ടതയിൽ ഞങ്ങളുടെ രക്ഷയും ആയിരിക്കണമേ.

  40. 1 അതിരാവിലെ യോശുവയും ഇസ്രായേൽമക്കൾ എല്ലാവരും ശിത്തീമിൽനിന്ന് പുറപ്പെട്ടു യോർദാനിൽ വന്നു. മറുകര കടക്കുംമുമ്പ് അവിടെ താമസിച്ചു.

  41. 4 തൊട്ടടുത്ത പ്രഭാതത്തിലും അവർ ഉണർന്നുവന്നപ്പോൾ ദാഗോൻ യഹോവയുടെ പേടകത്തിനുമുമ്പിൽ കമിഴ്ന്നുവീണു കിടക്കുകയായിരുന്നു! ദാഗോന്റെ തലയും കൈപ്പത്തികളും ഒടിഞ്ഞു വേർപെട്ട്, വാതിൽപ്പടിയിൽ വീണുകിടന്നിരുന്നു; ദാഗോന്റെ ഉടൽമാത്രം ശേഷിച്ചിരുന്നു.

  42. 4 യഹോവേ, അങ്ങയുടെ വഴി എന്നെ മനസ്സിലാക്കിത്തരുമാറാകണമേ,

    അവിടത്തെ പാത എന്നെ പഠിപ്പിക്കണമേ.

    5 അങ്ങയുടെ സത്യത്തിൽ എന്നെ നയിക്കുകയും പഠിപ്പിക്കുകയും ചെയ്യണമേ,

    കാരണം അവിടന്നാണല്ലോ എന്റെ രക്ഷയുടെ ദൈവം,

    ദിവസംമുഴുവനും ഞാൻ അങ്ങയിൽ പ്രത്യാശവെക്കുന്നു.

  43. 7 ദൈവമേ, എന്റെ ഹൃദയം അങ്ങയിൽ പൂർണവിശ്വാസം അർപ്പിച്ചിരിക്കുന്നു,

    എന്റെ ഹൃദയം പൂർണവിശ്വാസം അർപ്പിച്ചിരിക്കുന്നു;

    ഞാൻ പാട്ടുപാടുകയും അവിടത്തെ പുകഴ്ത്തുകയും ചെയ്യും.

    8 എന്റെ ആത്മാവേ, ഉണരുക!

    വീണയേ, കിന്നരമേ, ഉണരുക!

    ഞാൻ ഉഷസ്സിനെ ഉണർത്തും.

    9 അതുകൊണ്ട്, കർത്താവേ, ഞാൻ അങ്ങയെ ജനതകളുടെ മധ്യേ പുകഴ്ത്തും;

    ഞാൻ ജനതകളുടെ മധ്യേ അങ്ങയെ പാടിപ്പുകഴ്ത്തും.

    10 കാരണം, അവിടത്തെ അചഞ്ചലസ്നേഹം ആകാശത്തോളം ഉന്നതം;

    അവിടത്തെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.

  44. 2 ജനങ്ങൾ അദ്ദേഹത്തിന്റെ ചുറ്റും വന്നുകൂടി. അവിടന്ന് അവരെ ഉപദേശിക്കാനായി ഇരുന്നു.

  45. 8 പിറ്റേന്ന് അതിരാവിലെ അബീമെലെക്ക് തന്റെ എല്ലാ ഉദ്യോഗസ്ഥന്മാരെയും വിളിച്ചുകൂട്ടി, സംഭവിച്ചതെല്ലാം അവരെ പറഞ്ഞുകേൾപ്പിച്ചു; അവർ ഭയന്നുവിറച്ചു.

  46. 25 നേരം പുലർന്നപ്പോൾ, അതു ലേയാ ആയിരുന്നെന്നു ഗ്രഹിച്ചിട്ട് യാക്കോബ് ലാബാനോട്, “താങ്കൾ എന്നോട് ചെയ്തതെന്ത്? ഞാൻ റാഹേലിനുവേണ്ടി അല്ലയോ അങ്ങയെ സേവിച്ചത്? എന്നെ കബളിപ്പിച്ചത് എന്തിന്?” എന്നു ചോദിച്ചു.

  47. 55 പിറ്റേന്ന് അതിരാവിലെ ലാബാൻ തന്റെ പേരക്കിടാങ്ങളെയും പെൺമക്കളെയും ചുംബിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. പിന്നെ അദ്ദേഹം അവിടംവിട്ട് സ്വദേശത്തേക്കു മടങ്ങിപ്പോയി.

  48. 20 ഈ സംഭവത്തിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തു: “നീ അതിരാവിലെ എഴുന്നേറ്റ് ഫറവോന്റെ മുമ്പിൽ നിൽക്കണം. അവൻ നദീതീരത്തേക്ക് പോകുമ്പോൾ, അവനോട് ഇങ്ങനെ പറയണം: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. എന്നെ ആരാധിക്കേണ്ടതിന് എന്റെ ജനത്തെ വിട്ടയയ്ക്കുക.

  49. 13 യഹോവ മോശയോട് അരുളിച്ചെയ്തു: “അതിരാവിലെ എഴുന്നേറ്റു ഫറവോന്റെ മുമ്പിൽ ചെന്നുനിന്ന് അവനോടു പറയണം: ‘എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക.

  50. 13 “ ‘ദിനംപ്രതി ഒരുവയസ്സുള്ളതും ഊനമില്ലാത്തതുമായ ഒരു കുഞ്ഞാടിനെ യഹോവയ്ക്ക് ഹോമയാഗമായി അർപ്പിക്കണം. പ്രഭാതംതോറും അതിനെ അർപ്പിക്കണം. 14 ഏഫായുടെ ആറിലൊന്നുകൊണ്ടുള്ള ഒരു ഭോജനയാഗവും നേരിയമാവു നനയ്ക്കാൻ ഒരു ഹീനിന്റെ മൂന്നിലൊന്ന് എണ്ണയോടുകൂടെ പ്രഭാതംതോറും നീ അർപ്പിക്കണം. യഹോവയ്ക്ക് ഈ ഭോജനയാഗം എന്നെന്നേക്കുമുള്ള ഒരു അനുഷ്ഠാനമായി നിരന്തരം അർപ്പിക്കേണ്ടതാണ്. 15 ഇങ്ങനെ കുഞ്ഞാടും ഭോജനയാഗമൃഗവും ഒലിവെണ്ണയും നിരന്തരം അർപ്പിക്കേണ്ട ഹോമയാഗമായി പ്രഭാതംതോറും അർപ്പിക്കണം.

  51. 34 അതുകൊണ്ട്, നാളെയെക്കുറിച്ചു വ്യാകുലപ്പെടരുത്; നാളത്തെ ദിവസം അതിനായിത്തന്നെ വ്യാകുലപ്പെട്ടുകൊള്ളും; ഓരോ ദിവസത്തിനും അതിന്റേതായ ക്ലേശങ്ങൾ ഉണ്ടല്ലോ.

  52. 1 അതിരാവിലെ എല്ലാ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും ചേർന്ന് യേശുവിനെ വധശിക്ഷയ്ക്ക് ഏൽപ്പിക്കേണം എന്നു പദ്ധതിയിട്ട്,

  53. 23 അവർ ഒരു ദിവസം നിശ്ചയിച്ചു; അന്നു നിരവധി ആളുകൾ അദ്ദേഹം താമസിച്ചിരുന്ന സ്ഥലത്തു വന്നെത്തി. രാവിലെമുതൽ സന്ധ്യവരെ അദ്ദേഹം അവരോടു ദൈവരാജ്യത്തെപ്പറ്റി വിശദീകരിച്ചു പ്രസംഗിക്കുകയും മോശയുടെ ന്യായപ്രമാണത്തിൽനിന്നും പ്രവാചകപുസ്തകങ്ങളിൽനിന്നും യേശുവിനെപ്പറ്റി അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. 24 അദ്ദേഹം പറഞ്ഞതു ചിലർക്കു ബോധ്യപ്പെട്ടു; മറ്റുചിലർ വിശ്വസിച്ചില്ല. 25 അവർതമ്മിൽ യോജിപ്പിലെത്താതെ പിരിഞ്ഞുപോകാൻ തുടങ്ങിയപ്പോൾ പൗലോസ് ഇങ്ങനെയൊരു പ്രസ്താവന നടത്തി:

    26 “ ‘ഈ ജനത്തിന്റെ അടുത്തുചെന്ന് അവരോടു പറയേണ്ടത്:

    “നിങ്ങൾ എപ്പോഴും കേട്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും ഗ്രഹിക്കുകയില്ല;

    നിങ്ങൾ എപ്പോഴും കണ്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും മനസ്സിലാക്കുകയില്ല.”

    27 ഈ ജനത്തിന്റെ ഹൃദയം തഴമ്പിച്ചിരിക്കുന്നു;

    അവർ തങ്ങളുടെ ചെവികൊണ്ടു കേൾക്കുന്നതേയില്ല.

    അവർ കണ്ണുകൾ അടച്ചുമിരിക്കുന്നു.

    അങ്ങനെയല്ലായിരുന്നെങ്കിൽ അവർ തങ്ങളുടെ കണ്ണുകൾകൊണ്ടു കാണുകയും

    ചെവികൾകൊണ്ടു കേൾക്കുകയും

    ഹൃദയംകൊണ്ടു ഗ്രഹിക്കുകയും ചെയ്തിട്ട്

    അവർ മാനസാന്തരപ്പെടുകയും ഞാൻ അവരെ സൗഖ്യമാക്കുകയും ചെയ്യുമായിരുന്നു,’

    എന്നു പരിശുദ്ധാത്മാവ് യെശയ്യാപ്രവാചകനിലൂടെ നിങ്ങളുടെ പിതാക്കന്മാരോടു പറഞ്ഞിട്ടുള്ളത് സത്യംതന്നെ.

  54. 13 സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—മൂന്നാംദിവസം.

  55. 19 സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—നാലാംദിവസം.

  56. 8 പ്രഭാതത്തിൽ അദ്ദേഹത്തിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. അദ്ദേഹം ഈജിപ്റ്റിലെ സകലജ്യോതിഷികളെയും ജ്ഞാനികളെയും ആളയച്ചുവരുത്തി; ഫറവോൻ അവരോട് തന്റെ സ്വപ്നം പറഞ്ഞു; എന്നാൽ അതു വ്യാഖ്യാനിക്കാൻ ആർക്കും കഴിഞ്ഞില്ല.

  57. 15 രാവിലെ ഫറവോൻ വെള്ളത്തിന്റെ അടുത്തേക്കു പോകുമ്പോൾ നീ അവന്റെ അടുക്കൽ എത്തണം. അവനെ എതിരേൽക്കാൻ നൈലിന്റെ തീരത്തു കാത്തുനിൽക്കണം. പാമ്പായിത്തീർന്ന വടി കൈയിൽ എടുക്കുകയും വേണം.

  58. 7 രാവിലെ നിങ്ങൾ യഹോവയുടെ മഹത്ത്വം കാണും. കാരണം, തനിക്കു വിരോധമായുള്ള നിങ്ങളുടെ പിറുപിറുപ്പ് അവിടന്നു കേട്ടിരിക്കുന്നു. നിങ്ങൾ ഞങ്ങൾക്കെതിരേ പിറുപിറുക്കാൻ ഞങ്ങൾ എന്താണ് ചെയ്തത്?” 8 മോശ പിന്നെയും പറഞ്ഞു: “നിങ്ങൾക്കു സന്ധ്യക്കു ഭക്ഷിക്കാൻ ഇറച്ചിയും രാവിലെ മതിയാകുംവരെ അപ്പവും യഹോവ തരും. അവിടന്നാണ് അങ്ങനെ ചെയ്യുന്നതെന്ന് അപ്പോൾ നിങ്ങൾ അറിയും; തനിക്കെതിരേയുള്ള നിങ്ങളുടെ പിറുപിറുപ്പ് അവിടന്നു കേട്ടിരിക്കുന്നു. ഞങ്ങൾ എന്തുള്ളൂ? നിങ്ങൾ പിറുപിറുത്തുകൊണ്ടിരിക്കുന്നതു ഞങ്ങളുടെനേരേ അല്ല, യഹോവയുടെ നേരേയാണ്.”

  59. 21 സമാഗമകൂടാരത്തിൽ, ഉടമ്പടിയുടെ പേടകത്തിന്റെ തിരശ്ശീലയ്ക്കു പുറത്തു സന്ധ്യമുതൽ പ്രഭാതംവരെ യഹോവയുടെ സന്നിധിയിൽ വിളക്കുകൾ കത്തിക്കൊണ്ടിരിക്കണമെന്നത്, അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാരും ശ്രദ്ധിക്കേണ്ടതാണ്. ഇത് ഇസ്രായേൽജനതയ്ക്ക് എന്നേക്കുമുള്ള അനുഷ്ഠാനമായിരിക്കണം.

  60. 21 ചില അവസരങ്ങളിൽ സന്ധ്യമുതൽ പ്രഭാതംവരെമാത്രം മേഘം നിശ്ചലമായിരിക്കും. പ്രഭാതത്തിൽ അത് ഉയരുമ്പോൾ, അവർ യാത്രപുറപ്പെടും. പകലോ രാത്രിയോ എപ്പോൾ മേഘം പൊങ്ങുമോ അപ്പോൾ അവർ യാത്രപുറപ്പെടും.

  61. 10 അടുത്തദിവസം അതിരാവിലെ യോശുവ തന്റെ സൈന്യത്തെ സജ്ജരാക്കി. അവനും ഇസ്രായേലിന്റെ പ്രഭുക്കന്മാരും അവർക്കുമുമ്പായി ഹായിയിലേക്കു പുറപ്പെട്ടു. 11 അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സൈന്യംമുഴുവനും പട്ടണത്തോടടുത്ത് അതിന്റെ മുമ്പിലെത്തി. അവർ പട്ടണത്തിനു വടക്കുഭാഗത്തായി, അവർക്കും ഹായിക്കും ഇടയ്ക്കു താഴ്വര ആയിരിക്കത്തക്കവണ്ണം പാളയമടിച്ചു. 12 യോശുവ ഏകദേശം അയ്യായിരംപേരെ ബേഥേലിനും ഹായിക്കും ഇടയ്ക്കു പട്ടണത്തിനു പടിഞ്ഞാറായി പതിയിരുത്തി. 13 അവർ പട്ടണത്തിനു വടക്ക് സൈന്യത്തെയും പടിഞ്ഞാറ് പതിയിരിപ്പുകാരെയും തയ്യാറാക്കിനിർത്തി. യോശുവ ആ രാത്രി താഴ്വരയിലേക്കു പോയി.

    14 ഹായിരാജാവ് ഇതു കണ്ടപ്പോൾ, അവനും പട്ടണനിവാസികൾ എല്ലാവരുംകൂടി, ഇസ്രായേലുമായുള്ള യുദ്ധത്തിന് അതിരാവിലെ അരാബയ്ക്ക് അഭിമുഖമായ ഒരു സ്ഥലത്തേക്കു വേഗം പുറപ്പെട്ടു. പട്ടണത്തിനു പിന്നിൽ തനിക്കെതിരായി പതിയിരുപ്പുണ്ടെന്ന് അവൻ അറിഞ്ഞില്ല.

  62. 5 ആഘോഷങ്ങൾക്കൊടുവിൽ, ഇയ്യോബ് അവരെ വിളിപ്പിച്ച് ശുദ്ധീകരണകർമങ്ങൾ നടത്തുകയും അതിരാവിലെ എഴുന്നേറ്റ് അവരുടെ എണ്ണത്തിനനുസരിച്ച് അവർക്കുവേണ്ടി ഹോമയാഗങ്ങൾ അർപ്പിക്കുകയും ചെയ്തുപോന്നു. “ഒരുപക്ഷേ, എന്റെ മക്കൾ പാപം ചെയ്യുകയോ ഹൃദയംകൊണ്ടു ദൈവത്തെ തിരസ്കരിക്കുകയോ ചെയ്തിരിക്കാം,” എന്നു ചിന്തിച്ച് ഇയ്യോബ് ഈ കൃത്യം പതിവായി അനുഷ്ഠിക്കുമായിരുന്നു.

  63. 9 ആ ദിവസത്തെ ഉദയനക്ഷത്രങ്ങൾ ഇരുണ്ടുപോകട്ടെ.

    പകൽവെളിച്ചത്തിനായുള്ള കാത്തിരുപ്പ് വ്യർഥമാകട്ടെ;

    ആ ദിവസം അരുണോദയകിരണങ്ങൾ കാണാതിരിക്കട്ടെ.

  64. 17 വൈകുന്നേരത്തും രാവിലെയും ഉച്ചയ്ക്കും

    ഞാൻ ആകുലതയാൽ വിലപിക്കുകയും

    അവിടന്നെന്റെ ശബ്ദം കേൾക്കുകയും ചെയ്യുന്നു.

    18 പലരും എന്നെ എതിർക്കുന്നെങ്കിലും

    എനിക്കെതിരായി വരുന്ന ആക്രമണങ്ങളിൽനിന്ന്

    അവിടന്ന് എന്നെ അപായപ്പെടുത്താതെ മോചിപ്പിക്കുന്നു.

  65. 8 അപ്പോൾ നിന്റെ പ്രകാശം പ്രഭാതംപോലെ പൊട്ടിവിരിയും,

    നിന്റെ പുനഃസ്ഥാപനം വളരെവേഗം വന്നുചേരും;

    അങ്ങനെ നിന്റെ നീതി നിനക്കു മുമ്പിൽ നടക്കുകയും

    യഹോവയുടെ മഹത്ത്വം നിനക്കു പിന്നിൽ കാവലായിരിക്കുകയും ചെയ്യും.

  66. 16 എപ്പോഴും ആനന്ദിക്കുക; 17 നിരന്തരം പ്രാർഥിക്കുക; 18 എല്ലാ സാഹചര്യങ്ങളിലും നന്ദിയുള്ളവരായിരിക്കുക; ക്രിസ്തുയേശുവിൽ നിങ്ങളെക്കുറിച്ചുള്ള ദൈവഹിതം ഇതാകുന്നു.

  67. 15 ഉഷസ്സായപ്പോൾ ആ ദൂതന്മാർ ലോത്തിനെ നിർബന്ധിച്ചുകൊണ്ടു “വേഗം, നിന്റെ ഭാര്യയെയും രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ടുപോകുക, അല്ലെങ്കിൽ നഗരത്തോടൊപ്പം നിങ്ങൾ നശിച്ചുപോകും” എന്നു പറഞ്ഞു.

  68. 31 പിറ്റേന്ന് അതിരാവിലെ അവർ പരസ്പരം ശപഥംചെയ്തു. പിന്നെ യിസ്ഹാക്ക് അവരെ യാത്രയാക്കി. അവർ സമാധാനത്തോടെ അദ്ദേഹത്തെ വിട്ടുപോയി.

  69. 21 ഓരോ ദിവസവും ഓരോരുത്തരും തനിക്ക് ആവശ്യമുള്ളേടത്തോളം ശേഖരിക്കും; വെയിൽ മൂക്കുമ്പോൾ അത് ഉരുകിപ്പോകും.

  70. 3 വിശുദ്ധമന്ദിരത്തിന്റെ പണിക്കുവേണ്ടി ഇസ്രായേൽമക്കൾ കൊടുത്തിരുന്ന വഴിപാടുകൾ എല്ലാം അവർ മോശയുടെ പക്കൽനിന്നു വാങ്ങി. എന്നാൽ ജനം പിന്നെയും പ്രഭാതംതോറും സ്വമേധാദാനങ്ങളെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു.

  71. 12 യാഗപീഠത്തിലെ തീ കത്തിക്കൊണ്ടിരിക്കണം; അത് അണഞ്ഞുപോകരുത്. പുരോഹിതൻ പ്രഭാതംതോറും വിറകടുക്കി തീയുടെമേൽ ഹോമയാഗം ക്രമീകരിച്ചു സമാധാനയാഗത്തിന്റെ മേദസ്സ് അതിന്മേൽ ദഹിപ്പിക്കണം.

  72. 5 ഇതിനുശേഷം മോശ കോരഹിനോടും അയാളുടെ അനുയായികളോടും പറഞ്ഞു: “പ്രഭാതത്തിൽ യഹോവ, അവിടത്തേക്കുള്ളവർ ആരെന്നും വിശുദ്ധൻ ആരെന്നും കാണിക്കും; അവിടന്ന് ആ വ്യക്തിയെ തന്റെ അടുക്കൽ വരുമാറാക്കും. അവിടന്ന് തെരഞ്ഞെടുക്കുന്ന പുരുഷനെ തന്റെ അടുക്കൽ വരുമാറാക്കും.

  73. 21 ബിലെയാം രാവിലെ എഴുന്നേറ്റ് അദ്ദേഹത്തിന്റെ കഴുതയ്ക്കു ജീനിയിട്ട് മോവാബിലെ പ്രഭുക്കന്മാരോടുകൂടെ പോയി.

  74. 15 ഏഴാംദിവസം അവർ പ്രഭാതത്തിൽ എഴുന്നേറ്റു; അതേരീതിയിൽത്തന്നെ പട്ടണത്തിനുചുറ്റും ഏഴുപ്രാവശ്യം അണിനടന്നു; അന്നുമാത്രം അവർ ഏഴുപ്രാവശ്യം പട്ടണം ചുറ്റി.

  75. 14 “ ‘രാവിലെ, നിങ്ങൾ ഗോത്രംഗോത്രമായി അടുത്തുവരണം. യഹോവ ചൂണ്ടിക്കാണിക്കുന്ന ഗോത്രം കുലംകുലമായി അടുത്തുവരണം; യഹോവ ചൂണ്ടിക്കാണിക്കുന്ന കുലം കുടുംബങ്ങളായി അടുത്തുവരണം; യഹോവ ചൂണ്ടിക്കാണിക്കുന്ന കുടുംബം ആളാംപ്രതി അടുത്തുവരണം.

  76. 28 പ്രഭാതത്തിൽ പട്ടണക്കാർ ഉണർന്നപ്പോൾ ബാലിന്റെ ബലിപീഠം തകർക്കപ്പെട്ടിരിക്കുന്നതും അതിനരികെയുള്ള അശേരാപ്രതിഷ്ഠ വെട്ടിക്കളഞ്ഞിരിക്കുന്നതും പുതിയ യാഗപീഠത്തിന്മേൽ ആ രണ്ടാമത്തെ കാളയെ യാഗം കഴിച്ചിരിക്കുന്നതും കണ്ടു!

  77. 20 പിറ്റേദിവസം അതിരാവിലെ ദാവീദ് ആടുകളെ ഒരു ഇടയന്റെ പക്കൽ ഏൽപ്പിച്ചിട്ട് സാധനങ്ങളും എടുത്തു യിശ്ശായി പറഞ്ഞിരുന്നപ്രകാരം യാത്രതിരിച്ചു. സൈന്യം ആർത്തുവിളിച്ചുകൊണ്ട് യുദ്ധത്തിനു പുറപ്പെടുന്ന നേരത്ത് ദാവീദ് അവിടെയെത്തി.

  78. 18 അതിന്റെ ഉഗ്രമായ ഉച്ഛ്വാസത്താൽ മിന്നൽ ചിതറും;

    അതിന്റെ കണ്ണുകൾ പ്രഭാതത്തിലെ രശ്മികൾപോലെയാണ്.

  79. 10 അങ്ങയുടെ ആലയാങ്കണത്തിലെ ഒരു ദിവസം

    വേറെ ആയിരം ദിവസങ്ങളെക്കാൾ ശ്രേഷ്ഠമല്ലോ;

    ദുഷ്ടരുടെ കൂടാരങ്ങളിൽ വസിക്കുന്നതിനെക്കാൾ,

    എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽകാവൽക്കാരൻ ആകുന്നതാണ് എന്റെ അഭിലാഷം.

    11 കാരണം യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു;

    യഹോവ കൃപയും മഹത്ത്വവും നൽകുന്നു;

    നിഷ്കളങ്കതയോടെ ജീവിക്കുന്നവർക്ക്

    അവിടന്ന് ഒരു നന്മയും മുടക്കുകയില്ല.

  80. 11 യഹോവേ, അവിടത്തെ വഴി എന്നെ പഠിപ്പിക്കണമേ;

    അപ്പോൾ ഞാൻ അങ്ങയുടെ സത്യത്തിന് അനുസൃതമായി ജീവിക്കും;

    തിരുനാമം ഭയപ്പെടാൻ തക്കവിധം

    ഏകാഗ്രമായ ഒരു ഹൃദയം എനിക്കു നൽകണമേ.

    12 എന്റെ കർത്താവായ ദൈവമേ, ഞാൻ പൂർണഹൃദയത്തോടെ അങ്ങയെ സ്തുതിക്കും;

    തിരുനാമത്തെ ഞാൻ എന്നേക്കും മഹത്ത്വപ്പെടുത്തും.

    13 എന്നോടുള്ള അങ്ങയുടെ അചഞ്ചലസ്നേഹം അതിവിപുലമാണ്;

    ആഴത്തിൽനിന്ന് എന്റെ ജീവനെ അവിടന്ന് വിടുവിച്ചിരിക്കുന്നു,

    അധമപാതാളത്തിൽനിന്നുതന്നെ.

  81. 5 നീതിമാനായ യഹോവ അവളിൽ വസിക്കുന്നു;

    അവിടന്ന് അനീതി ചെയ്യുന്നില്ല.

    പ്രഭാതംതോറും അവിടന്ന് നീതി നടപ്പാക്കുന്നു,

    ഓരോ പുതിയ ദിവസവും അവിടന്ന് അതിനു മുടക്കം വരുത്തുന്നില്ല,

    എങ്കിലും നീതികെട്ടവർക്കു നാണമില്ല.

  82. 18 പ്രഭാതമായപ്പോൾ, പത്രോസിന് എന്തു സംഭവിച്ചിരിക്കും എന്നതിനെക്കുറിച്ച് പടയാളികൾക്കിടയിൽ വലിയ പരിഭ്രമമുണ്ടായി.

  83. 12 രാത്രി കഴിയാറായി; രക്ഷയുടെ പകൽ അടുത്തെത്തിയിരിക്കുന്നു. അതുകൊണ്ട്, നാം അന്ധകാരത്തിന്റെ പ്രവൃത്തികൾ ഉപേക്ഷിക്കുകയും പ്രകാശത്തിന്റെ ആയുധങ്ങൾ ധരിക്കുകയുംചെയ്യുക.

  84. 13 പ്രത്യാശയുടെ ഉറവിടമായ ദൈവത്തിൽ നിങ്ങൾ വിശ്വാസം അർപ്പിച്ചതിനാൽ അവിടന്ന് പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങളെ ആനന്ദത്തിലും സമാധാനത്തിലും സമൃദ്ധിയുള്ളവരാക്കി നിങ്ങളിൽ പ്രത്യാശ വഴിഞ്ഞൊഴുകുമാറാക്കട്ടെ.