59 Bible Verses About Peace
Biblica® Open Malayalam Contemporary Version™ (OMCV)
-
1 അതുകൊണ്ട് എന്റെ പ്രിയരും ഞാൻ ഉൽക്കടമായി അഭിലഷിക്കുന്നവരുമായ സഹോദരങ്ങളേ, എന്റെ ആനന്ദവും മകുടവുമായ വത്സലരേ, കർത്താവിനോട് വിശ്വസ്തരായി ഇപ്രകാരംതന്നെ തുടരുക.
2 യുവോദ്യയോടും ഞാൻ അപേക്ഷിക്കുന്നു, സുന്തുക്കയോടും അപേക്ഷിക്കുന്നു: നിങ്ങൾ കർത്താവിൽ ഏകഭാവമുള്ളവർ ആയിരിക്കുക. 3 ജീവപുസ്തകത്തിൽ പേരുള്ള ക്ലെമന്റിനോടും മറ്റു സഹപ്രവർത്തകരോടുംകൂടെ സുവിശേഷഘോഷണത്തിൽ എന്നോടൊപ്പം പൊരുതിയ ഈ സഹോദരിമാരെ സഹായിക്കണേ എന്നാണ് എന്റെ വിശ്വസ്തസഹകാരിയായ നിന്നോട് ഞാൻ അപേക്ഷിക്കുന്നത്.
4 കർത്താവിൽ എപ്പോഴും ആനന്ദിക്കുക; ആനന്ദിക്കുക എന്നു ഞാൻ വീണ്ടും പറയുന്നു. 5 നിങ്ങളുടെ ആർദ്രതയോടുകൂടിയ പെരുമാറ്റം സകലരും അറിയുമാറാകട്ടെ. കർത്താവിന്റെ വരവ് ആസന്നമായിരിക്കുന്നു. 6 ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടരുത്, മറിച്ച് എല്ലാ കാര്യങ്ങളും പ്രാർഥനയോടും യാചനയോടും നിങ്ങളുടെ ആവശ്യങ്ങൾ ദൈവസന്നിധിയിൽ സ്തോത്രത്തോടുകൂടെ സമർപ്പിക്കുകയാണു വേണ്ടത്. 7 അങ്ങനെയെങ്കിൽ, മനുഷ്യന്റെ ഗ്രഹണശക്തിക്ക് അതീതമായ ദൈവികസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും ക്രിസ്തുയേശുവിൽ സംരക്ഷിക്കും.
8 അവസാനമായി; സഹോദരങ്ങളേ, വിശ്വാസയോഗ്യവും ആദരണീയവും നീതിയുക്തവും നിർമലവും രമണീയവും അഭിനന്ദനാർഹവും ഇങ്ങനെയുള്ള ശ്രേഷ്ഠവും പ്രശംസാർഹവും ആയകാര്യങ്ങൾ വിചിന്തനം ചെയ്യുക. 9 എന്നിൽനിന്ന് നിങ്ങൾ പഠിച്ചതും ഞാൻ നിങ്ങൾക്കു കൈമാറിയതും; നിങ്ങൾ കേട്ടതും ഞാൻ ചെയ്യുന്നതായി നിങ്ങൾ കണ്ടതുമായ വസ്തുതകളെല്ലാം പ്രായോഗികമാക്കുക. അങ്ങനെചെയ്താൽ സമാധാനദാതാവായ ദൈവം നിങ്ങളോടുകൂടെ നിവസിക്കും.
-
1 ഇപ്രകാരം, വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നമുക്കു ദൈവത്തോടു സമാധാനമുണ്ട്. 2 ക്രിസ്തുവിലൂടെത്തന്നെയാണ് നാം ഇപ്പോൾ നിൽക്കുന്ന ഈ കൃപയിലേക്കു നമുക്കു വിശ്വാസത്താൽ പ്രവേശനം ലഭിച്ചതും ദൈവതേജസ്സിന്റെ പങ്കുകാരാകും എന്ന പ്രത്യാശയിൽ നാം അഭിമാനിക്കുന്നതും. 3 അതുമാത്രമോ, കഷ്ടതയിലും നാം അഭിമാനിക്കുകയാണ്; 4 കാരണം, കഷ്ടത സഹനശക്തിയും സഹനശക്തി പരിപക്വതയും പരിപക്വത പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു. 5 ഈ പ്രത്യാശ നമ്മെ ലജ്ജിതരാക്കുന്നില്ല. കാരണം, പരിശുദ്ധാത്മാവിനെ നൽകുന്നതിലൂടെ ദൈവം അവിടത്തെ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ സമൃദ്ധമായി വർഷിച്ചിരിക്കുന്നു.
-
13 നിങ്ങൾ ഒരിക്കൽ ദൂരത്തായിരുന്നു; എന്നാൽ ഇപ്പോഴാകട്ടെ, ക്രിസ്തുയേശുവിനോട് ഏകീഭവിച്ചിരിക്കുകയാൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപത്തു കൊണ്ടുവരപ്പെട്ടിരിക്കുന്നു.
14-15 ക്രിസ്തുതന്നെ നമ്മുടെ സമാധാനം; അവിടന്ന് ക്രൂശിൽ സ്വന്തം ശരീരം അർപ്പിച്ചുകൊണ്ട് ആജ്ഞകളും അനുഷ്ഠാനങ്ങളും ആകുന്ന ന്യായപ്രമാണം റദ്ദാക്കി യെഹൂദരെയും യെഹൂദേതരരെയും അകറ്റിനിർത്തിയിരുന്ന ശത്രുതയുടെ വന്മതിലിനെ തകർത്ത് അവരെ ഒന്നാക്കിമാറ്റി; ഇങ്ങനെ ക്രിസ്തുവിൽ ഒരു പുതിയ ജനതയാക്കി അവരെ സൃഷ്ടിച്ച് സമാധാനം വരുത്തി. 16 ക്രൂശിലെ മരണത്താൽ ഇരുകൂട്ടരെയും ഒരു ശരീരമാക്കി ദൈവത്തോട് അനുരഞ്ജിപ്പിച്ച് അവരുടെ ശത്രുത ഇല്ലായ്മചെയ്തു. 17 അവിടന്ന് വന്നു ദൂരസ്ഥരായ നിങ്ങളോടും സമീപസ്ഥരായ ഞങ്ങളോടും സമാധാനം പ്രഘോഷിച്ചു. 18 ക്രിസ്തു മുഖാന്തരം നമുക്ക് ഇരുകൂട്ടർക്കും ഒരേ ആത്മാവിൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ട്.
-
23 യേശു മറുപടി പറഞ്ഞു: “എന്നെ സ്നേഹിക്കുന്നവർ എന്റെ ഉപദേശം അനുസരിക്കും. എന്റെ പിതാവ് അവരെ സ്നേഹിക്കും; ഞങ്ങൾ അവരുടെ അടുക്കൽവന്ന് അവരോടുകൂടെ വസിക്കും. 24 എന്നെ സ്നേഹിക്കാത്തവർ എന്റെ ഉപദേശം അനുസരിക്കുകയില്ല. നിങ്ങൾ കേൾക്കുന്ന ഈ വചനങ്ങൾ എന്റെ സ്വന്തമല്ല; എന്നെ അയച്ച പിതാവിന്റേതാണ്.
25 “ഞാൻ നിങ്ങളോടുകൂടെ ഉള്ളപ്പോൾത്തന്നെ ഇതെല്ലാം നിങ്ങളോടു സംസാരിച്ചിരിക്കുന്നു. 26 എന്നാൽ, പിതാവ് എന്റെ നാമത്തിൽ അയയ്ക്കാനിരിക്കുന്ന ആശ്വാസപ്രദനായ പരിശുദ്ധാത്മാവ് എല്ലാക്കാര്യങ്ങളും നിങ്ങൾക്ക് ഉപദേശിച്ചുതരികയും ഞാൻ പറഞ്ഞിട്ടുള്ള കാര്യങ്ങൾ നിങ്ങളെ ഓർമിപ്പിക്കുകയും ചെയ്യും. 27 സമാധാനം ഞാൻ നിങ്ങൾക്കു തന്നിട്ടുപോകുന്നു. ഞാൻ നിങ്ങൾക്കു തരുന്നത് എന്റെ സമാധാനമാണ്, അത് ലോകം തരുന്നതുപോലെ അല്ല. നിങ്ങളുടെ ഹൃദയം അതിദുഃഖിതമാകരുത്; നിങ്ങൾ ഭയന്നുപോകുകയുമരുത്.
-
16 ആകയാൽ ഞാൻ പറയുന്നു: യാതൊരുവിധത്തിലും പാപത്തിന്റെ ഇച്ഛകൾക്ക് വശംവദരാകാതെ ദൈവാത്മനിയന്ത്രണത്തിൽ ജീവിക്കുക. 17 പാപാസക്തി ദൈവാത്മാഭിലാഷത്തിനും ദൈവാത്മാഭിലാഷം പാപാസക്തിക്കും വിരുദ്ധമാണ്. ഇവ പരസ്പരം ശത്രുക്കളാണ്; അതുകൊണ്ട് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം പ്രവർത്തിക്കാൻ നിങ്ങൾക്ക് കഴിയുന്നുമില്ല. 18 നിങ്ങൾ ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരെങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിന് അധീനരല്ല.
19 മനുഷ്യസഹജമായ പാപപ്രവൃത്തികൾ, ലൈംഗികാധർമം, അസാന്മാർഗികത, കുത്തഴിഞ്ഞ ജീവിതരീതി; 20 വിഗ്രഹാരാധന, ദുർമന്ത്രവാദം; പക, കലഹം, ജാരശങ്ക, കലാപം, സ്വാർഥത, ദ്വന്ദ്വപക്ഷം, ഭിന്നത, 21 അസൂയ, മദ്യപാനം, അഴിഞ്ഞാട്ടം തുടങ്ങിയവയെന്നു വ്യക്തമാണ്. ഈ കാര്യങ്ങൾ പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ നിങ്ങളോട് മുമ്പേ പറഞ്ഞിരുന്നതുപോലെ വീണ്ടും ആവർത്തിക്കുകയാണ്.
22 എന്നാൽ, ആത്മാവിന്റെ ഫലം, സ്നേഹം, ആനന്ദം, സമാധാനം, ദീർഘക്ഷമ, ദയ, ഉദാരത, വിശ്വസ്തത, 23 സൗമ്യത, ആത്മനിയന്ത്രണം എന്നിവയാണ്. ഇവയ്ക്കെതിരായി ഒരു ന്യായപ്രമാണവുമില്ല. 24 എന്നാൽ, ക്രിസ്തുയേശുവിനുള്ളവർ മനുഷ്യസഹജമായ പ്രവൃത്തികളെ അതിന്റെ എല്ലാവിധ ഭോഗവിലാസങ്ങളോടുംകൂടി ക്രൂശിച്ചിരിക്കുന്നു. 25 നാം ആത്മാവിനാൽ ജീവിക്കുന്നവരായതുകൊണ്ട് നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളും ആത്മനിയന്ത്രിതമായിരിക്കണം.
-
17 ദൈവരാജ്യം അനുഭവിക്കാൻ കഴിയുന്നത് ഭക്ഷണപാനീയങ്ങളിലൂടെയല്ല; മറിച്ച്, നീതിയിലൂടെയും സമാധാനത്തിലൂടെയും പരിശുദ്ധാത്മാവു നൽകുന്ന ആനന്ദത്തിലൂടെയുമാണ്. 18 മേൽപ്പറഞ്ഞപ്രകാരം ക്രിസ്തുവിനെ സേവിക്കുന്നയാൾ ദൈവപ്രസാദവും മനുഷ്യസ്വീകാര്യതയും ഉള്ളയാൾ ആയിരിക്കും.
19 അതുകൊണ്ട് സമാധാനത്തിനും പരസ്പര ആത്മികാഭിവൃദ്ധിക്കും ഉതകുന്ന കാര്യങ്ങൾക്കായി നമുക്ക് പ്രയത്നിക്കാം.
-
1 ആ കാലത്ത് യെഹൂദ്യയിൽ ഈ ഗാനം ആലപിക്കപ്പെടും:
ഞങ്ങൾക്ക് ഉറപ്പുള്ളൊരു നഗരമുണ്ട്;
ദൈവം രക്ഷ അതിന്റെ
കോട്ടകളും പ്രതിരോധസന്നാഹങ്ങളും ആക്കുന്നു.
2 വിശ്വാസം കാക്കുന്ന നീതിനിഷ്ഠരായ ജനത
പ്രവേശിക്കേണ്ടതിന്
അതിന്റെ കവാടങ്ങൾ തുറക്കുക.
3 സ്ഥിരമാനസൻ അങ്ങയിൽ
ആശ്രയിച്ചിരിക്കുകയാൽ
അങ്ങ് അവരെ പൂർണസമാധാനത്തിൽ കാക്കും.
4 യഹോവയിൽത്തന്നെ എന്നേക്കും ആശ്രയം വെക്കുക
യഹോവ, യഹോവതന്നെ ശാശ്വതമായൊരു പാറ ആണല്ലോ.
-
31 “ഇപ്പോൾ നിങ്ങൾ വിശ്വസിക്കുന്നോ?” എന്ന് യേശു ചോദിച്ചു. 32 “എന്നാൽ, നിങ്ങളിൽ ഓരോരുത്തനും അവരവരുടെ സ്ഥലങ്ങളിലേക്കു ചിതറിപ്പോകുകയും എന്നെ ഏകനായി വിടുകയുംചെയ്യുന്ന സമയം വന്നിരിക്കുന്നു; അതേ, വന്നുകഴിഞ്ഞു. എന്നാൽ ഞാൻ ഏകനല്ല, കാരണം പിതാവ് എന്നോടൊപ്പം ഉണ്ടല്ലോ.
33 “നിങ്ങൾക്ക് എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന് ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. ഈ ലോകത്തിൽ നിങ്ങൾക്കു വലിയ കഷ്ടത നേരിടേണ്ടിവരും. എങ്കിലും ധൈര്യപ്പെടുക; ഞാൻ ലോകത്തെ ജയിച്ചടക്കിയിരിക്കുന്നു.”
-
165 അവിടത്തെ ന്യായപ്രമാണം സ്നേഹിക്കുന്നവർക്ക് വലിയ സമാധാനമാണുള്ളത്,
അവർ ഒരു കാരണവശാലും വഴിതെറ്റിപ്പോകുകയില്ല.
166 യഹോവേ, ഞാൻ അവിടത്തെ രക്ഷയ്ക്കായി കാത്തിരിക്കുന്നു,
ഞാൻ അവിടത്തെ കൽപ്പനകൾ പിൻതുടരുന്നു.
167 അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ അനുസരിക്കുന്നതിനാൽ,
ഞാൻ അവയെ അത്യധികമായി സ്നേഹിക്കുന്നു.
168 ഞാൻ അവിടത്തെ പ്രമാണങ്ങളും നിയമവ്യവസ്ഥകളും പാലിക്കുന്നു,
കാരണം എന്റെ എല്ലാ വഴികളും അവിടത്തേക്ക് അറിവുള്ളതാണ്.
-
12 ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധരും ദൈവത്തിനു പ്രിയരുമാകുകയാൽ നിങ്ങൾ മനസ്സലിവ്, ദയ, വിനയം, സൗമ്യത, ക്ഷമ, എന്നിവ ധരിക്കുക. 13 പരസ്പരം ക്ഷമിക്കുകയും സഹിക്കുകയുംചെയ്യുക; നിങ്ങളിലൊരാൾക്കു മറ്റൊരാൾക്കെതിരേ പരാതി ഉണ്ടായാൽ, കർത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക. 14 എല്ലാറ്റിലും ഉപരിയായി എല്ലാവരെയുംതമ്മിൽ സമ്പൂർണമായി ബന്ധിപ്പിക്കുന്ന കണ്ണിയായ സ്നേഹം ധരിക്കുക.
15 ക്രിസ്തു നൽകുന്ന സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. അതിനായിട്ടാണല്ലോ നിങ്ങളെ ഏകശരീരമായി വിളിച്ചിരിക്കുന്നത്. കൃതജ്ഞതയുള്ളവരായിരിക്കുക. 16 ക്രിസ്തുവിന്റെസന്ദേശം നിങ്ങളിൽ സമൃദ്ധിയോടെ വസിക്കട്ടെ. അങ്ങനെ ആയിരിക്കണം നിങ്ങൾ, സർവജ്ഞാനത്തോടും കൂടെ ഹൃദയത്തിൽ നന്ദി നിറഞ്ഞവരായി, സങ്കീർത്തനങ്ങൾ, സ്തുതിഗീതങ്ങൾ, ആത്മികഗാനങ്ങൾ എന്നിവയാൽ ദൈവത്തിനു പാടിക്കൊണ്ട്, പരസ്പരം ഉപദേശിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യേണ്ടത്.
-
12 ജീവനെ സ്നേഹിക്കുകയും
സന്തുഷ്ടിനിറഞ്ഞ ദീർഘായുസ്സ് ആഗ്രഹിക്കുകയുംചെയ്യുന്നവർ
13 നിങ്ങളുടെ നാവിനെ തിന്മയിൽനിന്നും
നിങ്ങളുടെ അധരങ്ങളെ വ്യാജഭാഷണത്തിൽനിന്നും സൂക്ഷിക്കുക.
14 തിന്മയിൽനിന്ന് പിന്തിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യുക;
സമാധാനം അന്വേഷിച്ച് അതിനെ പിൻതുടരുക.
-
16 പരസ്പരം സമഭാവനയോടെ ജീവിക്കുക, വലിയവനെന്നു ഭാവിക്കാതെ എളിയവരോടു സഹകരിക്കാൻ സന്മനസ്സുണ്ടാകണം. ജ്ഞാനികളെന്ന് സ്വയം അഹങ്കരിക്കരുത്.
17 നിങ്ങളോടു ദോഷം പ്രവർത്തിക്കുന്ന ആർക്കും ദോഷം പകരം ചെയ്യരുത്. എല്ലാ മനുഷ്യർക്കും സ്വീകാര്യമായ നല്ല കാര്യങ്ങൾചെയ്യാൻ ശ്രമിക്കുകയും 18 നിങ്ങളാൽ കഴിയുന്നതുവരെ, എല്ലാവരോടും സമാധാനത്തോടെ ജീവിക്കുകയുംചെയ്യുക. 19 സ്നേഹിതരേ, നിങ്ങൾതന്നെ പകപോക്കാൻ ശ്രമിക്കരുത്, ദൈവക്രോധംതന്നെ അതു നിർവഹിക്കട്ടെ. തിരുവെഴുത്തിൽ ഇങ്ങനെ എഴുതിയിട്ടുണ്ടല്ലോ, “ഞാനാണ് പ്രതികാരംചെയ്യുന്നവൻ, ഞാൻ പകരംവീട്ടും” എന്നു കർത്താവ് അരുളിച്ചെയ്യുന്നു. 20 എന്നാൽ,
“നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ അയാൾക്കു ഭക്ഷണം നൽകുക;
ദാഹിക്കുന്നെങ്കിൽ എന്തെങ്കിലും കുടിക്കാൻ നൽകുക.
ഇങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങൾ ശത്രുവിന്റെ ശിരസ്സിൽ കൽക്കരിക്കനൽ കൂട്ടിവെക്കുകയാണു ചെയ്യുക.”
21 നിങ്ങൾ തിന്മയ്ക്ക് അധീനരാകരുത്, പിന്നെയോ, നന്മയാൽ തിന്മയെ കീഴടക്കുകയാണു വേണ്ടത്.
-
6 എന്തെന്നാൽ നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു,
നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു,
ആധിപത്യം അവന്റെ തോളിലായിരിക്കും.
അവൻ ഇപ്രകാരം വിളിക്കപ്പെടും:
അത്ഭുതമന്ത്രി, ശക്തനായ ദൈവം,
നിത്യപിതാവ്, സമാധാനപ്രഭു.
7 അവിടത്തെ ആധിപത്യത്തിന്റെ വർധനയ്ക്കും സമാധാനത്തിനും
അവസാനം ഉണ്ടാകുകയില്ല.
ദാവീദിന്റെ സിംഹാസനത്തിൽ ആരൂഢനായി
അതിനെ നീതിയോടും ന്യായത്തോടുംകൂടി
സ്ഥാപിച്ച് സുസ്ഥിരമാക്കി
ദാവീദിന്റെ രാജ്യത്തിന്മേൽ
ഇന്നുമുതൽ എന്നേക്കും വാഴും.
സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത
ഇതു നിറവേറ്റും.
-
6 ദൈവാത്മാവ് ഭരിക്കുന്ന മനസ്സ് ജീവനിലേക്കും സമാധാനത്തിലേക്കും നയിക്കുന്നു; പാപപ്രവണത ഭരിക്കുന്ന മനസ്സോ, മരണകാരണമാകുന്നു. 7 കാരണം, പാപപ്രവണത ഭരിക്കുന്ന മനസ്സ് ദൈവത്തിനു വിരോധമായുള്ളതാണ്; അത് ദൈവികപ്രമാണത്തിനു കീഴ്പ്പെടുന്നില്ല, കീഴ്പ്പെടാൻ അതിനു സാധിക്കുകയുമില്ല. 8 പാപപ്രവണതയാൽ നിയന്ത്രിക്കപ്പെടുന്നവർക്കു ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുകയില്ല.
9 എന്നാൽ, ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ നിവസിക്കുന്നതുകൊണ്ട് പാപപ്രവണതയാലല്ല, നിങ്ങൾ ആത്മാവിനാൽ നിയന്ത്രിക്കപ്പെടുന്നവരാണ്. ക്രിസ്തുവിന്റെ ആത്മാവ് വസിക്കാത്ത വ്യക്തി ക്രിസ്തുവിന്റെ വകയല്ല.
-
13 നിങ്ങളിൽ ജ്ഞാനവും വിവേകവും ഉള്ളവർ ഉണ്ടോ? എങ്കിൽ അയാൾ ജ്ഞാനത്തിന്റെ ലക്ഷണമായ വിനയത്തോടെ സൽപ്രവൃത്തികളാൽ സമ്പുഷ്ടമായ നല്ല ജീവിതംകൊണ്ട് ആ ജ്ഞാനത്തെ വെളിപ്പെടുത്തട്ടെ. 14 എന്നാൽ, നിങ്ങൾക്കു ഹൃദയത്തിൽ കടുത്ത അസൂയയും സ്വാർഥമോഹവുമുണ്ടെങ്കിൽ ജ്ഞാനത്തെക്കുറിച്ചു പ്രശംസിക്കുകയും സത്യത്തെ നിഷേധിക്കുകയുമരുത്. 15 അങ്ങനെയുള്ള “ജ്ഞാനം” ദൈവികമല്ല; അത് ലൗകികവും അനാത്മികവും പൈശാചികവുമാണ്. 16 കാരണം, അസൂയയും സ്വാർഥമോഹവും ഉള്ളിടത്തു ക്രമരാഹിത്യവും എല്ലാ ദുഷ്പ്രവൃത്തികളും ഉണ്ട്.
17 എന്നാൽ സ്വർഗീയജ്ഞാനം, ഏറ്റവും പ്രഥമമായി നിർമലമായിരിക്കും; കൂടാതെ സമാധാനമുള്ളതും സൗമ്യവും വിധേയത്വമുള്ളതും കാരുണ്യമുള്ളതും സത്ഫലങ്ങൾ നിറഞ്ഞതും പക്ഷഭേദരഹിതവും നിഷ്കപടവുമായിരിക്കും. 18 സമാധാനമുണ്ടാക്കുന്നവർ ശാന്തിയിൽ വിതച്ചു നീതിയുടെ ഫലം കൊയ്യും.
-
11 എന്റെ അന്തിമ നിർദേശം: സഹോദരങ്ങളേ, നിങ്ങൾ ആനന്ദിക്കുക. ആത്മികന്യൂനതകൾ പരിഹരിക്കുക, പരസ്പരം ധൈര്യംപകരുക. ഐകമത്യം ലക്ഷ്യമാക്കി സമാധാനത്തോടെ ജീവിക്കുക. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
-
9 സമാധാനസ്ഥാപകർ അനുഗൃഹീതർ;
അവർ ദൈവത്തിന്റെ പുത്രരെന്നു വിളിക്കപ്പെടും.
-
19 ആഴ്ചയുടെ ഒന്നാംദിവസമായ അന്നുതന്നെ വൈകുന്നേരം, ശിഷ്യന്മാർ യെഹൂദനേതാക്കന്മാരെ ഭയന്ന് വാതിലടച്ച് അകത്ത് ഒരുമിച്ചിരിക്കുമ്പോൾ, യേശു വന്ന് അവരുടെ നടുവിൽനിന്നുകൊണ്ട്, “നിങ്ങൾക്കു സമാധാനം” എന്നു പറഞ്ഞു. 20 ഇതു പറഞ്ഞതിനുശേഷം അവിടന്നു തന്റെ കൈകളും പാർശ്വവും അവരെ കാണിച്ചു. കർത്താവിനെ കണ്ടപ്പോൾ ശിഷ്യന്മാർ അത്യധികം ആനന്ദിച്ചു.
21 യേശു പിന്നെയും അവരോടു പറഞ്ഞു: “നിങ്ങൾക്കു സമാധാനം! പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു.” 22 ഇതു പറഞ്ഞുകൊണ്ട് അവിടന്ന് അവരുടെമേൽ ഊതി; “പരിശുദ്ധാത്മാവിനെ സ്വീകരിക്കുക.
-
16 സമാധാനദായകനായ കർത്താവുതന്നെ നിങ്ങൾക്ക് എപ്പോഴും എല്ലാവിധത്തിലും സമാധാനം നൽകട്ടെ. നിങ്ങളോട് എല്ലാവരോടുംകൂടെ കർത്താവ് ഉണ്ടാകുമാറാകട്ടെ.
-
19 ക്രിസ്തുവിൽ സർവസമ്പൂർണതയും വസിക്കാനും
20 അവിടന്ന് ക്രൂശിൽ ചൊരിഞ്ഞ രക്തം മുഖാന്തരം സമാധാനം ഉണ്ടാക്കി,
ഭൂമിയിലുള്ളതോ സ്വർഗത്തിലുള്ളതോ ആയ സകലത്തെയും
തന്നോടു ക്രിസ്തുമൂലം അനുരഞ്ജിപ്പിക്കാനും ദൈവത്തിനു തിരുഹിതം തോന്നി.
21 ഒരുകാലത്ത് നിങ്ങൾ നിങ്ങളുടെ തിന്മപ്രവൃത്തികളാൽ ദൈവത്തിന് അന്യരും മനസ്സുകൊണ്ട് അവിടത്തെ ശത്രുക്കളുമായിത്തീർന്നിരുന്നു. 22 ആ നിങ്ങളെ വിശുദ്ധരും നിഷ്കളങ്കരും അനിന്ദ്യരുമായി തിരുസന്നിധിയിൽ നിർത്തേണ്ടതിന് അവിടന്ന് തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ ഇപ്പോൾ അനുരഞ്ജിപ്പിച്ചിരിക്കുന്നു.
-
8 സർവോപരി, നിങ്ങൾ എല്ലാവരും ഐകമത്യത്തോടെ ജീവിക്കുക എന്നു ഞാൻ നിങ്ങളോടു പറയുന്നു. സഹാനുഭൂതിയും സഹോദരസ്നേഹവും ദയയും താഴ്മയും ഉള്ളവരായിരിക്കുക. 9 തിന്മയ്ക്കു പകരം തിന്മ ചെയ്യാതെയും അധിക്ഷേപത്തിനു പ്രതികാരമായി അധിക്ഷേപിക്കാതെയും ഇരിക്കുക. അവയ്ക്കുപകരം അനുഗ്രഹം നൽകുക. ഇങ്ങനെ പ്രവർത്തിച്ചുകൊണ്ട് അനുഗ്രഹങ്ങൾ അവകാശമാക്കാനാണ് നിങ്ങളെ വിളിച്ചിരിക്കുന്നത്.
10 “ജീവനെ സ്നേഹിക്കുകയും
ശുഭദിനങ്ങൾ കാംക്ഷിക്കുകയുംചെയ്യുന്നവർ
അവരുടെ നാവിനെ തിന്മയിൽനിന്നും
അവരുടെ അധരങ്ങളെ കപടഭാഷണത്തിൽനിന്നും സൂക്ഷിക്കുക.
11 തിന്മയിൽനിന്ന് പിന്തിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യുക;
സമാധാനം അന്വേഷിച്ച് അതിനെ പിൻതുടരുക.
12 കർത്താവിന്റെ ദൃഷ്ടി നീതിനിഷ്ഠരുടെമേൽ ആകുന്നു
അവിടത്തെ കാതുകൾ അവരുടെ പ്രാർഥന ശ്രദ്ധിക്കുന്നു,
എന്നാൽ കർത്താവിന്റെ മുഖം തിന്മ പ്രവർത്തിക്കുന്നവർക്ക് എതിരാകുന്നു.”
-
8 ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും,
എന്നെ സുരക്ഷിതമായി അധിവസിപ്പിക്കുന്നത്
യഹോവേ, അവിടന്നുതന്നെയാണല്ലോ.
സംഗീതസംവിധായകന്. വേണുനാദത്തോടെ.
-
13 പ്രത്യാശയുടെ ഉറവിടമായ ദൈവത്തിൽ നിങ്ങൾ വിശ്വാസം അർപ്പിച്ചതിനാൽ അവിടന്ന് പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങളെ ആനന്ദത്തിലും സമാധാനത്തിലും സമൃദ്ധിയുള്ളവരാക്കി നിങ്ങളിൽ പ്രത്യാശ വഴിഞ്ഞൊഴുകുമാറാക്കട്ടെ.
-
10 അപ്പോൾ ദൂതൻ അവരോടറിയിച്ചത്, “ഭയപ്പെടേണ്ട! സകലജനത്തിനും മഹാ ആനന്ദംനൽകുന്ന സുവാർത്ത ഇതാ ഞാൻ നിങ്ങളെ അറിയിക്കുന്നു. 11 ഇന്നേദിവസം ക്രിസ്തുവെന്ന കർത്താവായ രക്ഷകൻ ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കുവേണ്ടി ജനിച്ചിരിക്കുന്നു. 12 നിങ്ങൾക്കുള്ള ചിഹ്നമോ: ശീലകളിൽ പൊതിഞ്ഞ്, പുൽത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും.”
13 ഇതു പറഞ്ഞമാത്രയിൽത്തന്നെ സ്വർഗീയസൈന്യത്തിന്റെ വലിയൊരു സംഘം ആ ദൂതനോടുചേർന്നു ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ട്,
14 “പരമോന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം;
ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം”
എന്ന് ആലപിച്ചു.
-
11 യഹോവ തന്റെ ജനത്തിനു ശക്തിനൽകുന്നു;
യഹോവ തന്റെ ജനത്തിനു സമാധാനമരുളി അനുഗ്രഹിക്കുന്നു.
-
14 സകലമനുഷ്യരോടും സമാധാനം ആചരിച്ച് വിശുദ്ധരായിരിക്കാൻ പരിശ്രമിക്കുക; വിശുദ്ധിയില്ലാതെ ആരും കർത്താവിനെ കാണുകയില്ല. 15 ആരും ദൈവകൃപയിൽ കുറവുള്ളവരാകാതിരിക്കാനും കയ്പുള്ള വല്ല വേരും മുളച്ചു വളർന്ന് കലക്കമുണ്ടായി അനേകർ മലിനരാകാതിരിക്കാനും സൂക്ഷിക്കുക. 16 ആരും വിഷയാസക്തരോ, ഒരു ഊണിനു സ്വന്തം ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആകാതെ സൂക്ഷിക്കുക. 17 പിന്നീട് സ്വപിതാവിന്റെ അനുഗ്രഹം അവകാശമാക്കാൻ ആഗ്രഹിച്ചിട്ടും അയാൾ പുറന്തള്ളപ്പെട്ടു. കണ്ണുനീരോടെ അപേക്ഷിച്ചെങ്കിലും തനിക്കു കൈവിട്ടുപോയത് തിരികെ നേടാൻ അവസരം ലഭിച്ചില്ല എന്നും നിങ്ങൾക്കറിയാമല്ലോ.
-
24 “ ‘യഹോവ നിങ്ങളെ അനുഗ്രഹിക്കുകയും
കാക്കുകയും ചെയ്യട്ടെ;
25 യഹോവ തിരുമുഖം നിങ്ങളുടെമേൽ പ്രകാശിപ്പിക്കുകയും
നിങ്ങളോടു കൃപാലുവായിരിക്കുകയും ചെയ്യട്ടെ;
26 യഹോവ തിരുമുഖം നിങ്ങളിലേക്കു തിരിച്ച്
നിങ്ങൾക്കു സമാധാനം നൽകട്ടെ.’
-
26 സഹോദരങ്ങളേ, അപ്പോൾ എന്താണു സാരാംശം? നിങ്ങൾ സമ്മേളിക്കുമ്പോൾ, ഒരാൾ കീർത്തനം ആലപിക്കുന്നു, മറ്റൊരാൾ ഉപദേശിക്കുന്നു, ഒരാൾ ദൈവികവെളിപ്പാടു പ്രസ്താവിക്കുന്നു, ഒരാൾ അജ്ഞാതഭാഷയിൽ സംസാരിക്കുന്നു, മറ്റൊരാൾ അതു വ്യാഖ്യാനിക്കുന്നു. എല്ലാം ആത്മികോന്നതിക്ക് ഉപകരിക്കേണ്ടതാണ്. 27 അജ്ഞാതഭാഷയിൽ സംസാരിക്കുന്നെങ്കിൽ രണ്ടുപേരോ, കൂടിയാൽ മൂന്നുപേരോ സംസാരിക്കട്ടെ. അവർ ഓരോരുത്തരായി സംസാരിക്കുകയും ഒരാൾ വ്യാഖ്യാനിക്കുകയും വേണം. 28 വ്യാഖ്യാതാവ് ഇല്ലാത്തപക്ഷം അജ്ഞാതഭാഷ സംസാരിക്കുന്നയാൾ സഭയിൽ മൗനമായിരുന്ന്, തന്നോടുതന്നെയും ദൈവത്തോടും സംസാരിക്കട്ടെ.
29 രണ്ടോ മൂന്നോ പ്രവാചകർ സംസാരിക്കുകയും, മറ്റുള്ളവർ അവരുടെ വാക്കുകളെക്കുറിച്ച് പരിചിന്തനം ചെയ്യുകയും വേണം. 30 ഉപവിഷ്ടരിൽ ഒരാൾക്ക് ഒരു വെളിപ്പാടു ലഭിച്ചാൽ സംസാരിച്ചുകൊണ്ടിരിക്കുന്നയാൾ അപ്പോൾ സംസാരം നിർത്തണം. 31 എല്ലാവർക്കും പഠനവും പ്രോത്സാഹനവും ലഭിക്കത്തക്കവിധം ഓരോരുത്തരായി നിങ്ങൾക്കെല്ലാം പ്രവചിക്കാവുന്നതാണ്. 32 പ്രവചനാത്മാവ് പ്രവാചകരുടെ നിയന്ത്രണത്തിന് അധീനമാണ്. 33 ദൈവം അലങ്കോലത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമാണ്.
വിശുദ്ധരുടെ സകലസഭകളിലും എന്നപോലെ,
-
1 കർത്താവ് നിമിത്തം കാരാഗൃഹത്തിൽ കഴിയുന്ന ഞാൻ നിങ്ങൾക്കു നൽകുന്ന പ്രചോദനം, നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമായി ജീവിക്കുക എന്നതാണ്. 2 സമ്പൂർണവിനയവും സൗമ്യതയും ക്ഷമാശീലവും ഉള്ളവരായി സ്നേഹത്തിൽ പരസ്പരം സഹിഷ്ണുത കാട്ടുക. 3 സമാധാനത്താൽ ബന്ധിക്കപ്പെട്ടവരായി ആത്മാവിലുള്ള ഐക്യം നിലനിർത്താൻ ഉത്സുകരാകുക. 4 ഏകശരീരമേയുള്ളു; ഒരേ ആത്മാവും. നിങ്ങൾ വിളിക്കപ്പെട്ടതും ഒരേയൊരു പ്രത്യാശയ്ക്കായാണ്, 5 ഒരേകർത്താവും ഒരേവിശ്വാസവും ഒരേസ്നാനവും 6 എല്ലാവർക്കും മീതേയും എല്ലാവരിലൂടെയും എല്ലാവരുടെയുള്ളിലും വസിക്കുന്ന ദൈവവും പിതാവും ഏകൻതന്നെ.
-
23 സമാധാനത്തിന്റെ ദൈവംതന്നെ നിങ്ങളെ സമ്പൂർണമായി വിശുദ്ധീകരിക്കട്ടെ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പുനരാഗമനത്തിൽ നിങ്ങളുടെ ആത്മാവും പ്രാണനും ശരീരവും തികച്ചും അനിന്ദ്യമായി ഇരിക്കാനായി സംരക്ഷിക്കപ്പെടട്ടെ. 24 നിങ്ങളെ വിളിക്കുന്ന ദൈവം വിശ്വസ്തനാണ്; അവിടന്ന് അത് സാധിപ്പിക്കും.
-
3 “ ‘എന്റെ ഉത്തരവുകൾ നിങ്ങൾ പാലിക്കയും എന്റെ കൽപ്പനകൾ സസൂക്ഷ്മം അനുസരിക്കയും ചെയ്യുമെങ്കിൽ, 4 തക്കസമയത്തു ഞാൻ മഴ അയയ്ക്കും; ഭൂമി അതിന്റെ വിളവും വൃക്ഷം അവയുടെ ഫലവും തരും. 5 നിങ്ങളുടെ കറ്റമെതിക്കുന്ന കാലം മുന്തിരിപ്പഴം ശേഖരിക്കുന്ന കാലംവരെയും മുന്തിരിപ്പഴം ശേഖരിക്കുന്നത് വിതയ്ക്കുന്ന കാലംവരെയും തുടരും. നിങ്ങൾക്കു വേണ്ടുംപോലെ ഭക്ഷിച്ചു സുരക്ഷിതരായി നിങ്ങളുടെ ദേശത്തുപാർക്കും.
6 “ ‘ഞാൻ ദേശത്തു സമാധാനം തരും. നിങ്ങൾ കിടന്നുറങ്ങും; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല. ഞാൻ ദുഷ്ടമൃഗങ്ങളെ ദേശത്തുനിന്നു നീക്കിക്കളയും. വാൾ നിങ്ങളുടെ ദേശത്തുകൂടെ കടക്കുകയില്ല.
-
18 ഞാൻ അവരുടെ വഴികൾ മനസ്സിലാക്കി, എന്നാലും ഞാൻ അവരെ സൗഖ്യമാക്കും;
ഞാൻ അവരെ നയിക്കുകയും വിലപിക്കുന്നവരെ ആശ്വസിപ്പിക്കുകയും
19 അവരുടെ അധരങ്ങളിൽ സ്തോത്രധ്വനികൾ നൽകുകയുംചെയ്യുന്നു.
ദൂരസ്ഥർക്കും സമീപസ്ഥർക്കും സമാധാനം, അതേ, സമാധാനം!
ഞാൻ അവർക്കു സൗഖ്യംനൽകും,”
എന്നു യഹോവ അരുളിച്ചെയ്യുന്നു.
20 എന്നാൽ ദുഷ്ടർ കലങ്ങിമറിയുന്ന കടൽപോലെയാണ്,
അതിനു സ്വസ്ഥമായിരിക്കാൻ കഴിയുകയില്ല,
അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു കൊണ്ടുവരികയും ചെയ്യുന്നു.
21 “ദുഷ്ടർക്ക് ഒരു സമാധാനമില്ല എന്ന്,” എന്റെ ദൈവം അരുളിച്ചെയ്യുന്നു.
-
20 നിത്യമായ ഉടമ്പടിയുടെ രക്തത്താൽ, ആടുകളുടെ ശ്രേഷ്ഠഇടയനായ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം, 21 നിങ്ങളെ അവിടത്തെ ഇഷ്ടം ചെയ്യുന്നതിനായി സകലനന്മകളാലും സമ്പൂർണരാക്കുകയും അവിടത്തേക്കു പ്രസാദമുള്ളത് യേശുക്രിസ്തുവിലൂടെ നമ്മിൽ നിറവേറ്റുകയുംചെയ്യട്ടെ! അവിടത്തേക്ക് എന്നും എന്നേക്കും മഹത്ത്വം ഉണ്ടാകുമാറാകട്ടെ! ആമേൻ.
-
13 ജ്ഞാനം കണ്ടെത്തുകയും
വിവേകം നേടുകയും ചെയ്യുന്നവർ അനുഗൃഹീതർ,
14 കാരണം അവൾ വെള്ളിയെക്കാൾ ആദായകരവും
കനകത്തെക്കാൾ ലാഭകരവുമാണ്.
15 അവൾ മാണിക്യത്തെക്കാൾ അമൂല്യമാണ്;
നീ അഭിലഷിക്കുന്നതൊന്നും അതിനു തുല്യമാകുകയില്ല.
16 അവൾ വലതുകരത്തിൽ ദീർഘായുസ്സും;
ഇടതുകരത്തിൽ ധനസമൃദ്ധിയും ബഹുമതിയും വാഗ്ദാനംചെയ്യുന്നു.
17 അവളുടെ വഴികൾ ആനന്ദഹേതുവും
അവളുടെ പാതകളെല്ലാം സമാധാനപൂർണവും ആകുന്നു.
18 അവളെ ആലിംഗനംചെയ്യുന്നവർക്ക് അവൾ ഒരു ജീവവൃക്ഷം;
അവളെ മുറുകെപ്പിടിക്കുന്നവർ അനുഗൃഹീതരാകും.
-
22 “എന്നാൽ ദുഷ്ടർക്കു സമാധാനമില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
-
10 പർവതങ്ങൾ ഇളകിപ്പോകും,
കുന്നുകൾ മാറിപ്പോകും,
എങ്കിലും എന്റെ അചഞ്ചലസ്നേഹം നിന്നെവിട്ടു നീങ്ങുകയോ
എന്റെ സമാധാന ഉടമ്പടി ലംഘിക്കപ്പെടുകയോ ഇല്ല,”
എന്നു നിന്നോടു കരുണാമയനായ യഹോവ അരുളിച്ചെയ്യുന്നു.
-
50 “ഉപ്പു നല്ലതുതന്നെ; എന്നാൽ അത് ഉപ്പുരസം ഇല്ലാത്തതായാൽ അതിന്റെ ഉപ്പുരസം വീണ്ടെടുക്കാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കും? നിങ്ങൾ സ്വാദുള്ളവരായും പരസ്പരം സമാധാനത്തോടെ ജീവിക്കുന്നവരായുമിരിക്കുക.”
-
20 സമാധാനത്തിന്റെ ഉറവിടമായ ദൈവം വളരെവേഗം സാത്താനെ നിങ്ങളുടെ കാൽക്കീഴിൽ തകർക്കും.
കർത്താവായ യേശുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
-
34 “ഭൂമിയിൽ സമാധാനം വരുത്തുക എന്ന ഉദ്ദേശ്യമാണ് എന്റെ വരവിനെന്ന് നിങ്ങൾ കരുതരുത്, സമാധാനമല്ല, വാൾ വരുത്താനാണ് ഞാൻ വന്നിരിക്കുന്നത്. 35 ഞാൻ വന്നത് ഭിന്നിപ്പിക്കാനാണ്:
“ ‘ഒരുവനെ തന്റെ പിതാവിനെതിരേയും
മകളെ തന്റെ അമ്മയ്ക്കെതിരേയും
മരുമകളെ തന്റെ അമ്മായിയമ്മയ്ക്കെതിരേയും,
36 ഒരു മനുഷ്യന്റെ ശത്രുക്കൾ അയാളുടെ കുടുംബാംഗങ്ങൾതന്നെ ആയിരിക്കും.’
-
1 സകലമനുഷ്യർക്കുംവേണ്ടി അപേക്ഷകളും പ്രാർഥനകളും മധ്യസ്ഥതയും സ്തോത്രവും അർപ്പിക്കണമെന്ന് ആദ്യംതന്നെ ഞാൻ പ്രബോധിപ്പിക്കട്ടെ. 2 നാം പ്രശാന്തവും സമാധാനപൂർണവും ഭയഭക്തിയുള്ളതും അന്തസ്സുറ്റതുമായ ഒരു ജീവിതം നയിക്കാൻ സാധിക്കേണ്ടതിനു രാജാക്കന്മാർക്കുവേണ്ടിയും ഉന്നത അധികാരികൾക്കുവേണ്ടിയും പ്രാർഥിക്കുക.
-
20 ദുഷ്ടത നെയ്തുകൂട്ടുന്നവരുടെ ഹൃദയത്തിൽ കുടിലത ആവസിക്കുന്നു,
എന്നാൽ സമാധാനം പ്രചരിപ്പിക്കുന്നവർക്ക് ആനന്ദമുണ്ട്.
-
17 നിങ്ങളുടെ വീണ്ടെടുപ്പുകാരനും ഇസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ,
ഇപ്രകാരം അരുളിച്ചെയ്യുന്നു:
“നിനക്കു നന്മയായുള്ളത് നിന്നെ പഠിപ്പിക്കുകയും
നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നയിക്കുകയും ചെയ്യുന്ന
നിന്റെ ദൈവമായ യഹോവ ആകുന്നു ഞാൻ.
18 അയ്യോ! നീ എന്റെ കൽപ്പനകൾ കേട്ട് അനുസരിച്ചിരുന്നെങ്കിൽ,
നിന്റെ സമാധാനം ഒരു നദിപോലെയും
നിന്റെ നീതി സമുദ്രത്തിലെ തിരമാലകൾപോലെയും ആകുമായിരുന്നു!
-
22 യുവസഹജമായ ആസക്തികൾ വിട്ട് പലായനംചെയ്യുക. നിർമലഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടുംചേർന്ന് ധാർമികത, വിശ്വാസം, സ്നേഹം, സമാധാനം എന്നിവ അനുഗമിക്കുക. 23 മൗഢ്യവും ബാലിശവുമായ വാദപ്രതിവാദങ്ങൾ സംഘട്ടനങ്ങൾക്ക് വഴിതെളിക്കും എന്നറിഞ്ഞ് അവ ഉപേക്ഷിക്കുക. 24 കർത്താവിന്റെ ദാസൻ സംഘട്ടനങ്ങളിൽ ഏർപ്പെടാതെ എല്ലാവരോടും സൗമ്യമായി പെരുമാറുന്നവനും അധ്യാപനത്തിൽ നൈപുണ്യമുള്ളവനും ക്ഷമാശീലനും ആയിരിക്കണം. 25 ശത്രുക്കൾക്ക് സത്യം സുവ്യക്തമാകുംവിധം ദൈവം അവർക്ക് മാനസാന്തരം നൽകിയേക്കാം എന്ന പ്രതീക്ഷയോടെ, സൗമ്യമായി ബുദ്ധി ഉപദേശിക്കേണ്ടതാണ്. 26 തൽഫലമായി, പിശാച് തന്റെ ഇഷ്ടം നിറവേറ്റാൻ അടിമകളാക്കി വെച്ചിട്ടുള്ളവർ, അവന്റെ കെണിയിൽനിന്ന് സ്വതന്ത്രരായി സുബോധത്തിലേക്ക് മടങ്ങിവരും.
-
5 “എന്റെ ഉടമ്പടി അവനോടൊപ്പം ഉണ്ടായിരുന്നു, ജീവന്റെയും സമാധാനത്തിന്റെയും ഉടമ്പടി ആയിരുന്നു; അവൻ ഭയപ്പെടേണ്ടതിന് ഞാൻ അവ അവനു നൽകി. അവൻ എന്നെ ഭയപ്പെടുകയും എന്റെ നാമത്തിൽ വിറയ്ക്കുകയും ചെയ്തു. 6 സത്യമായ ഉപദേശം അവന്റെ വായിൽ ഉണ്ടായിരുന്നു. അവന്റെ അധരത്തിൽ ഒരുതെറ്റും കണ്ടെത്തിയില്ല. സമാധാനത്തിലും പരമാർഥതയിലും അവൻ എന്നോടൊപ്പം നടന്നു. പലരെയും പാപത്തിൽനിന്നു പിന്തിരിപ്പിച്ചു.
-
3 കുഞ്ഞാട് രണ്ടാംമുദ്ര തുറന്നപ്പോൾ “വരിക!” എന്നു രണ്ടാമത്തെ ജീവി പറയുന്നതു ഞാൻ കേട്ടു. 4 അപ്പോൾ ചെമപ്പുനിറമുള്ള തീജ്വാലയ്ക്കു സമമായ മറ്റൊരു കുതിര പുറപ്പെട്ടു. അതിന്മേലിരിക്കുന്നവന് ഒരു വലിയ വാളും നൽകപ്പെട്ടു. മനുഷ്യർ പരസ്പരം കൊല്ലുന്ന നിലയിൽ ഭൂമിയിൽനിന്ന് സമാധാനം എടുത്തുകളയാൻ അവന് അധികാരവും ലഭിച്ചു.
5 കുഞ്ഞാട് മൂന്നാംമുദ്ര തുറന്നപ്പോൾ “വരിക!” എന്നു മൂന്നാമത്തെ ജീവി പറയുന്നതു ഞാൻ കേട്ടു. ഉടനെതന്നെ ഒരു കറുത്ത കുതിരയെ ഞാൻ കണ്ടു. അതിന്മേൽ ഇരിക്കുന്നവന്റെ കൈയിൽ ഒരു തുലാസുണ്ടായിരുന്നു. 6 “ഒരു ദിവസത്തെ കൂലിക്ക് ഒരു കിലോ ഗോതമ്പ്, ഒരു ദിവസത്തെ കൂലിക്ക് മൂന്നുകിലോ യവം; എണ്ണയ്ക്കും വീഞ്ഞിനും കേടുവരുത്തരുത്,” എന്നു പറയുന്നോരു ശബ്ദം നാലു ജീവികളുടെയും മധ്യത്തിൽനിന്ന് ഞാൻ കേട്ടു.
7 കുഞ്ഞാട് നാലാം മുദ്ര തുറന്നപ്പോൾ “വരിക” എന്നു നാലാമത്തെ ജീവി പറയുന്ന ശബ്ദം ഞാൻ കേട്ടു. 8 അപ്പോൾത്തന്നെ ഇളംപച്ചനിറമുള്ള ഒരു കുതിരയെ ഞാൻ കണ്ടു. അതിന്മേൽ ഇരിക്കുന്നവനു മരണം എന്ന് പേര്. പാതാളം അവനെ അനുഗമിച്ചു. വാൾ, ക്ഷാമം, വിവിധ ബാധകൾ, ഭൂമിയിലെ വന്യമൃഗങ്ങൾ എന്നിവയാൽ ഭൂമിയുടെ നാലിൽ ഒന്നിന്മേൽ സംഹാരം നടത്താൻ ഇവർക്ക് അധികാരം ലഭിച്ചു.
-
1 “നിങ്ങളുടെ ഹൃദയം അതിദുഃഖിതമാകരുത്; ദൈവത്തിൽ വിശ്വസിക്കുക, എന്നിലും വിശ്വസിക്കുക. 2 എന്റെ പിതാവിന്റെ ഭവനത്തിൽ നിവാസയോഗ്യമായ സ്ഥലം വളരെയുണ്ട്. അങ്ങനെ അല്ലായിരുന്നെങ്കിൽ ഞാൻ നിങ്ങൾക്കുവേണ്ടി സ്ഥലമൊരുക്കാൻ പോകുന്നെന്നു പറയുമായിരുന്നോ? 3 ഞാൻ പോയി സ്ഥലമൊരുക്കിക്കഴിയുമ്പോൾ, നിങ്ങളും എന്നോടൊപ്പം ഞാൻ ആയിരിക്കുന്നേടത്ത് ആകേണ്ടതിന്, മടങ്ങിവന്നു നിങ്ങളെ എന്റെ അടുക്കൽ ചേർക്കും.
-
15 അയയ്ക്കപ്പെടാതെ എങ്ങനെ പ്രസംഗിക്കും? “സുവാർത്ത ഘോഷിക്കുന്നവരുടെ പാദം എത്ര മനോഹരം!” എന്ന് എഴുതിയിരിക്കുന്നല്ലോ.
-
ദാവീദിന്റെ ഒരു സങ്കീർത്തനം.
1 യഹോവ എന്റെ ഇടയൻ ആകുന്നു, എനിക്ക് ഒന്നിനും കുറവുണ്ടാകുകയില്ല.
2 പച്ചപ്പുൽമേടുകളിൽ അവിടന്ന് എന്നെ കിടത്തുന്നു,
പ്രശാന്തമായ ജലാശയങ്ങളിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു,
3 എന്റെ പ്രാണന് അവിടന്ന് നവജീവൻ പകരുന്നു.
തിരുനാമംനിമിത്തം
എന്നെ നീതിപാതകളിൽ നടത്തുന്നു.
-
6 അന്നു ചെന്നായ് കുഞ്ഞാടിനോടുകൂടെ പാർക്കും,
പുള്ളിപ്പുലി കോലാട്ടിൻകുട്ടിയോടുകൂടെ കിടക്കും,
പശുക്കിടാവും സിംഹക്കുട്ടിയും യാഗമൃഗവും ഒരുമിച്ചുകഴിയും;
ഒരു ചെറിയ കുട്ടി അവയെ നയിക്കും.
7 പശുവും കരടിയും ഒരുമിച്ചു മേയും,
അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും,
സിംഹം കാളയെപ്പോലെ വൈക്കോൽ തിന്നും.
8 മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ മാളത്തിൽ കളിക്കും,
മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈയിടും.
9 എന്റെ വിശുദ്ധപർവതത്തിൽ ഒരിടത്തും
ഉപദ്രവമോ നാശമോ ആരും ചെയ്യുകയില്ല,
സമുദ്രം വെള്ളത്താൽ നിറഞ്ഞിരിക്കുന്നതുപോലെ
ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു നിറഞ്ഞിരിക്കും.
-
9 സീയോൻപുത്രീ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്കുക!
ജെറുശലേംപുത്രീ, ആർപ്പിടുക!
ഇതാ, നിന്റെ രാജാവ് നിന്റെ അടുത്തേക്കു വരുന്നു—
നീതിമാനും വിജയശ്രീലാളിതനും
സൗമ്യതയുള്ളവനുമായി, കഴുതപ്പുറത്തുകയറി,
പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തുകയറി വരുന്നു!
10 ഞാൻ എഫ്രയീമിൽനിന്നു രഥങ്ങളെയും
ജെറുശലേമിൽനിന്നു യുദ്ധക്കുതിരകളെയും എടുത്തുകളയും,
യുദ്ധത്തിനുള്ള വില്ല് ഒടിച്ചുകളയും.
അവിടന്ന് രാജ്യങ്ങൾക്ക് സമാധാനം പ്രഖ്യാപിക്കും.
അവിടത്തെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയും
നദിമുതൽ ഭൂമിയുടെ അറ്റത്തോളവും ആയിരിക്കും.
-
12 ആ വീട്ടിൽ പ്രവേശിക്കുന്നമാത്രയിൽ അവർക്ക് ‘സമാധാനം’ ആശംസിക്കുക. 13 ആ ഭവനത്തിന് യോഗ്യതയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അതിൽ നിവസിക്കും; അല്ലാത്തപക്ഷം സമാധാനം നിങ്ങളിലേക്കുതന്നെ മടങ്ങിവരും. 14 ആരെങ്കിലും നിങ്ങളെ സ്വാഗതം ചെയ്യാതിരിക്കയോ നിങ്ങളുടെ സന്ദേശം അംഗീകരിക്കാതിരിക്കുകയോ ചെയ്യുന്നെങ്കിൽ, ആ ഭവനമോ പട്ടണമോ വിട്ടുപോകുക; പോകുമ്പോൾ നിങ്ങളുടെ പാദങ്ങളിലെ പൊടി കുടഞ്ഞുകളയുക. 15 ന്യായവിധിദിവസത്തിൽ ആ പട്ടണനിവാസികൾക്കുണ്ടാകുന്ന അനുഭവത്തിന്റെ ഭയങ്കരതയെക്കാൾ സൊദോം, ഗൊമോറാ നിവാസികൾക്കുണ്ടായ അനുഭവം ഏറെ സഹനീയമായിരിക്കും, നിശ്ചയം.
-
48 പിന്നെ യേശു അവളോട്, “നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
49 അപ്പോൾ സദ്യയ്ക്കിരുന്നിരുന്ന മറ്റ് അതിഥികൾ, “പാപങ്ങൾ ക്ഷമിക്കുകകൂടി ചെയ്യുന്ന ഇദ്ദേഹം ആര്?” എന്നു പരസ്പരം പറഞ്ഞുതുടങ്ങി.
50 യേശു ആ സ്ത്രീയോട്, “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; നീ സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു.
-
16 ദൈവത്തിന്റെ നിസ്തുലപുത്രനിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയും നശിച്ചുപോകാതെ നിത്യജീവൻ അവകാശമാക്കേണ്ടതിന് അവിടത്തെ പുത്രനെ യാഗമായി അർപ്പിക്കുന്നത്ര ദൈവം ലോകത്തെ സ്നേഹിച്ചു. 17 ദൈവം അവിടത്തെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല, തന്നിലൂടെ ലോകത്തെ രക്ഷിക്കാനാണ്. 18 അവനിൽ വിശ്വസിക്കുന്ന ആർക്കും ശിക്ഷാവിധി ഇല്ല; എന്നാൽ വിശ്വസിക്കാത്തവർക്കോ, ദൈവത്തിന്റെ നിസ്തുലപുത്രന്റെ നാമത്തിൽ വിശ്വസിക്കാത്തതുകൊണ്ട്, ശിക്ഷാവിധി വന്നുകഴിഞ്ഞു.
-
3 നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ.
-
2 നിങ്ങൾക്കു കരുണയും സമാധാനവും സ്നേഹവും സമൃദ്ധമായി ഉണ്ടാകുമാറാകട്ടെ.
-
11 “ ‘ഒരാൾ യഹോവയ്ക്ക് അർപ്പിക്കുന്ന സമാധാനയാഗത്തിന്റെ ചട്ടങ്ങൾ ഇവയാണ്:
12 “ ‘അത് ഒരു സ്തോത്രാർപ്പണമെങ്കിൽ, ആ സ്തോത്രാർപ്പണത്തോടൊപ്പം അവൻ പുളിപ്പില്ലാതെ ഒലിവെണ്ണചേർത്തുണ്ടാക്കിയ അടകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എണ്ണ ചേർത്തു കുതിർത്ത നേരിയമാവുകൊണ്ടുണ്ടാക്കിയ അടകളും അർപ്പിക്കണം. 13 സ്തോത്രാർപ്പണമായ സമാധാനയാഗത്തോടൊപ്പം അദ്ദേഹം പുളിപ്പിച്ച മാവുകൊണ്ടുണ്ടാക്കിയ വടകളും ഭോജനയാഗമായി അർപ്പിക്കണം. 14 ആ മനുഷ്യൻ യഹോവയ്ക്കുവേണ്ടി ഓരോ ഇനത്തിൽ ഒന്നുവീതം സ്വമേധാർപ്പണമായി കൊണ്ടുവരണം; അത് സമാധാനയാഗത്തിന്റെ രക്തം യാഗപീഠത്തിനുചുറ്റും തളിക്കുന്ന പുരോഹിതനുള്ളതാണ്. 15 സ്തോത്രാർപ്പണമായ സമാധാനയാഗത്തിന്റെ മാംസം അത് അർപ്പിക്കുന്ന ദിവസംതന്നെ ഭക്ഷിക്കണം; അതിലൊട്ടും രാവിലെവരെ ശേഷിപ്പിക്കരുത്.
-
2 അനേകം ജനതകൾ വന്ന് ഇപ്രകാരം പറയും:
“വരൂ, നമുക്ക് യഹോവയുടെ പർവതത്തിലേക്കു കയറിച്ചെല്ലാം,
യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കുതന്നെ.
അവിടന്ന് തന്റെ വഴികൾ നമ്മെ അഭ്യസിപ്പിക്കും
അങ്ങനെ നമുക്ക് അവിടത്തെ മാർഗം അവലംബിക്കാം.”
സീയോനിൽനിന്ന് ഉപദേശവും
ജെറുശലേമിൽനിന്ന് യഹോവയുടെ വചനവും പുറപ്പെടും.
3 അനേകം ജനതകളുടെ മധ്യേ അവിടന്ന് ന്യായംവിധിക്കും;
അടുത്തും അകലെയുമുള്ള ശക്തരായ ജനതകളുടെ തർക്കങ്ങൾക്കു തീർപ്പുകൽപ്പിക്കും.
അവർ തങ്ങളുടെ വാളുകൾ കലപ്പയ്ക്കു കൊഴുക്കളായും
കുന്തങ്ങൾ വെട്ടുകത്തികളായും അടിച്ചു രൂപംമാറ്റും.
രാഷ്ട്രം രാഷ്ട്രത്തിനുനേരേ വാൾ ഉയർത്തുകയില്ല;
ഇനിയൊരിക്കലും യുദ്ധം അഭ്യസിക്കുകയുമില്ല.
4 ഓരോരുത്തരും തങ്ങളുടെ മുന്തിരിവള്ളിയുടെ കീഴിലും
തങ്ങളുടെ അത്തിമരത്തിൻകീഴിലും ഇരിക്കും;
ആരും അവരെ ഭയപ്പെടുത്തുകയില്ല,
കാരണം, സൈന്യങ്ങളുടെ യഹോവ ഇത് അരുളിച്ചെയ്തിരിക്കുന്നു.
-
10 നാം ദൈവത്തിന്റെ ശത്രുക്കളായിരുന്നപ്പോൾ അവിടത്തെ പുത്രന്റെ മരണത്താൽ നമുക്കു ദൈവത്തോട് അനുരഞ്ജനം ലഭിച്ചുവെങ്കിൽ, അനുരഞ്ജനം ലഭിച്ചശേഷം അവിടത്തെ ജീവൻമൂലം നാം രക്ഷിക്കപ്പെടുമെന്നതും എത്രയോ നിശ്ചിതം!
-
11 ഏതുതരം ശിക്ഷയും തൽക്കാലത്തേക്ക് ആനന്ദകരമല്ല, ദുഃഖകരമാണെന്ന് തോന്നും. ഇതിലൂടെ പരിശീലനം സിദ്ധിക്കുന്നവർക്ക് നീതിപൂർവമായ ഒരു സമാധാനഫലം പിന്നീടു ലഭിക്കും.
Shows Read in context, Share and Copy.