69 Bible Verses About Harvest

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Harvest
  1. 35 യേശു അവിടെയുള്ള എല്ലാ പട്ടണങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ച്, യെഹൂദരുടെ പള്ളികളിൽ ഉപദേശിച്ചും രാജ്യത്തിന്റെ സുവിശേഷം വിളംബരംചെയ്തും എല്ലാവിധ രോഗങ്ങളും ബലഹീനതകളും സൗഖ്യമാക്കുകയും ചെയ്തു. 36 ജനക്കൂട്ടം ഇടയനില്ലാത്ത ആടുകളെപ്പോലെ പീഡിതരും നിസ്സഹായരും ആയിരിക്കുന്നതുകണ്ട് യേശുവിന് അവരോടു സഹതാപം തോന്നി. 37 അപ്പോൾ യേശു ശിഷ്യന്മാരോട്, “കൊയ്ത്ത് സമൃദ്ധം; വേലക്കാരോ പരിമിതം. 38 അതുകൊണ്ട്, കൊയ്ത്തിന്റെ ഉടമസ്ഥനോട് കൊയ്ത്തിനായി വേലക്കാരെ അയയ്ക്കാൻ അപേക്ഷിക്കുക” എന്നു പറഞ്ഞു.

  2. 34 അപ്പോൾ യേശു പറഞ്ഞത്: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്ത് അവിടത്തെ പ്രവൃത്തി നിറവേറ്റുന്നതാണ് എന്റെ ആഹാരം. 35 ‘ഇനി നാലുമാസം കഴിഞ്ഞാൽ കൊയ്ത്തിനു സമയമാകും,’ എന്നു നിങ്ങൾ പറയുന്നില്ലേ? എന്നാൽ, നിങ്ങൾ കണ്ണുതുറന്നു വയലുകളിലേക്കു നോക്കുക. അവ വിളഞ്ഞു പാകമായിരിക്കുന്നു. 36 ഇപ്പോൾത്തന്നെ കൊയ്ത്തുകാരൻ കൂലി വാങ്ങുകയും നിത്യജീവനിലേക്കു വിളവു ശേഖരിക്കുകയുംചെയ്യുന്നു. അങ്ങനെ വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുപോലെ ആനന്ദിക്കും. 37 ‘ഒരുവൻ വിതയ്ക്കുന്നു, മറ്റൊരുവൻ കൊയ്യുന്നു,’ എന്നുള്ള പഴഞ്ചൊല്ല് ഇക്കാര്യത്തിൽ യാഥാർഥ്യമാകുന്നു: 38 നിങ്ങൾ അധ്വാനിച്ചിട്ടില്ലാത്തതു കൊയ്യാൻ ഞാൻ നിങ്ങളെ അയച്ചു. മറ്റുള്ളവർ കഠിനാധ്വാനംചെയ്തു, അവരുടെ അധ്വാനത്തിന്റെ ഫലം നിങ്ങൾ അനുഭവിച്ചിരിക്കുന്നു.”

  3. 7 നിങ്ങളെത്തന്നെ വഞ്ചിക്കരുത്. ദൈവത്തെ കബളിപ്പിക്കുക അസാധ്യം. ഒരു മനുഷ്യൻ കൊയ്യുന്നത് അയാൾ വിതയ്ക്കുന്നതുതന്നെയായിരിക്കും. 8 പാപേച്ഛകളുടെ നിവൃത്തിമാത്രം ലക്ഷ്യമാക്കി വിതയ്ക്കുന്നവർ അതിൽനിന്നുതന്നെ നാശം കൊയ്യുകയും ദൈവാത്മാവിനെ പ്രസാദിപ്പിക്കാനായി വിതയ്ക്കുന്നവൻ ദൈവാത്മാവിൽനിന്നുതന്നെ നിത്യജീവനെ കൊയ്യുകയും ചെയ്യും. 9 നന്മ ചെയ്യുന്നതിൽ നാം ക്ഷീണിതരാകരുത്. നാം മടുത്തുപോകാതിരുന്നാൽ സമയം വരുമ്പോൾ വലിയ വിളവ് കൊയ്തെടുക്കും. 10 അതുകൊണ്ട്, അവസരം ലഭിക്കുമ്പോഴെല്ലാം എല്ലാ മനുഷ്യർക്കും നമ്മൾ നന്മ ചെയ്യുന്നവരാകണം; പ്രത്യേകിച്ച് വിശ്വാസകുടുംബങ്ങളിലെ അംഗങ്ങളോട്.

  4. 18 “പുളിപ്പില്ലാത്ത അപ്പത്തിന്റ ഉത്സവം ആചരിക്കണം. ഞാൻ നിങ്ങളോടു കൽപ്പിച്ചതുപോലെ ഏഴുദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. നീ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുപോന്ന ആബീബ് മാസത്തിൽ നിശ്ചിതസമയത്ത് അത് ആചരിക്കണം.

    19 “നിന്റെ ആടുകളുടെയും കന്നുകാലികളുടെയും കടിഞ്ഞൂലുകൾ ഉൾപ്പെടെ ആദ്യം ജനിക്കുന്നതെല്ലാം എനിക്കുള്ളതാകുന്നു. 20 എന്നാൽ കഴുതയുടെ കടിഞ്ഞൂലിനെ ആട്ടിൻകുട്ടിയെക്കൊണ്ടു വീണ്ടുകൊള്ളണം. നീ അതിനെ വീണ്ടുകൊള്ളുന്നില്ലെങ്കിൽ അതിന്റെ കഴുത്ത് ഒടിച്ചുകളയണം. നിന്റെ പുത്രന്മാരിൽ ആദ്യജാതന്മാരെ ഒക്കെയും വീണ്ടുകൊള്ളണം.

    “വെറുംകൈയോടെ ആരും എന്റെമുമ്പിൽ വരരുത്.

    21 “ആറുദിവസം നീ അധ്വാനിക്കണം; ഏഴാംദിവസം സ്വസ്ഥമായിരിക്കണം; വിതകാലമോ കൊയ്ത്തുകാലമോ ആയാലും നീ വിശ്രമിക്കണം.

    22 “ഗോതമ്പുകൊയ്ത്തിന്റെ ആദ്യഫലോത്സവത്തോടൊപ്പം ആഴ്ചകളുടെ പെരുന്നാളും വർഷാന്ത്യത്തിൽ കായ്-കനിപ്പെരുന്നാളും നീ ആചരിക്കണം.

  5. 9 യഹോവ മോശയോട് അരുളിച്ചെയ്തു: 10 “ഇസ്രായേല്യരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ നിങ്ങൾക്കു തരുന്ന ദേശത്തു നിങ്ങൾ പ്രവേശിച്ചു വിളവെടുക്കുമ്പോൾ, നിങ്ങൾ കൊയ്യുന്ന ആദ്യധാന്യത്തിന്റെ കറ്റ പുരോഹിതന്റെയടുക്കൽ കൊണ്ടുവരിക.

  6. 13 അപ്പോൾ, സ്വർഗത്തിൽനിന്ന് ഒരു ശബ്ദം ഞാൻ കേട്ടത്, “എഴുതുക; ഇപ്പോൾമുതൽ കർത്താവിൽ മരിക്കുന്നവർ അനുഗൃഹീതർ.”

    “അതേ,” ദൈവാത്മാവ് ഇപ്രകാരം അരുളിച്ചെയ്യുന്നു, “തങ്ങളുടെ അധ്വാനങ്ങളിൽനിന്ന് അവർ വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തികൾ അവരെ അനുഗമിക്കും.”

    14 അതിനുശേഷം ഒരു വെൺമേഘം ഞാൻ കണ്ടു. ഇതാ, ആ മേഘത്തിനുമീതേ മനുഷ്യപുത്രന് തുല്യനായ ഒരുവൻ തലയിൽ തങ്കക്കിരീടമണിഞ്ഞും കൈയിൽ മൂർച്ചയുള്ള അരിവാളേന്തിയും ഇരിക്കുന്നു. 15 അപ്പോൾ മറ്റൊരു ദൂതൻ ദൈവാലയത്തിൽനിന്ന് പുറത്തുവന്നു മേഘത്തിന്മേൽ ഇരിക്കുന്നവനോട് അത്യുച്ചത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: “ഭൂമിയിലെ വിളവു കൊയ്ത്തിനു പാകമായിരിക്കുന്നു. കൊയ്ത്തിനുള്ള സമയവും ഇതാ വന്നിരിക്കുന്നു. അതുകൊണ്ട്, ഇപ്പോൾ നിന്റെ അരിവാൾ എടുത്തു കൊയ്ത്ത് ആരംഭിക്കുക.” 16 മേഘത്തിന്മേൽ ഇരിക്കുന്നവൻ തന്റെ അരിവാൾ ഭൂമിയിലേക്കു വലിച്ചെറിഞ്ഞു; അങ്ങനെ ഭൂമിയിൽ കൊയ്ത്തു നടന്നു.

    17 വേറൊരു ദൂതനും സ്വർഗത്തിലെ ദൈവാലയത്തിൽനിന്ന് വന്നു. അവന്റെ കൈയിൽ മൂർച്ചയുള്ള ഒരു അരിവാൾ ഉണ്ടായിരുന്നു. 18 അഗ്നിയുടെമേൽ അധികാരമുള്ള മറ്റൊരു ദൂതൻ യാഗപീഠത്തിൽനിന്ന് വന്ന് മൂർച്ചയുള്ള അരിവാൾ പിടിച്ചിരുന്നവനോട്, “ഭൂമിയിൽ മുന്തിരിങ്ങ പാകമായിരിക്കുകയാൽ നിന്റെ മൂർച്ചയുള്ള അരിവാൾ എറിഞ്ഞ് മുന്തിരിവള്ളിയിൽനിന്ന് മുന്തിരിക്കുലകൾ മുറിച്ചെടുക്കുക” എന്ന് അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു. 19 ദൂതൻ അരിവാൾ ഭൂമിയിലേക്ക് എറിഞ്ഞ് മുന്തിരിവിളവ് ശേഖരിച്ചു ദൈവക്രോധത്തിന്റെ വലിയ ചക്കിലേക്ക് എറിഞ്ഞു. 20 നഗരത്തിനു പുറത്തുവെച്ച് മുന്തിരിക്കുല ചക്കിൽ ചവിട്ടിമെതിച്ചു. ചക്കിൽനിന്ന് രക്തം പുറപ്പെട്ട് ഒരു കുതിരയുടെ കടിഞ്ഞാണുള്ള ഉയരംവരെ പൊങ്ങി, 300 കിലോമീറ്റർ ദൂരംവരെ ഒഴുകി.

  7. 22 “ഭൂമിയുള്ള കാലംവരെ

    വിതയും കൊയ്ത്തും

    ശീതവും ഉഷ്ണവും

    വേനലും വർഷവും

    പകലും രാത്രിയും

    ഒരിക്കലും നിലയ്ക്കുകയില്ല.”

  8. 5 വിവേകികളായ മക്കൾ വേനൽക്കാലത്ത് ധാന്യം ശേഖരിക്കുന്നു,

    എന്നാൽ കൊയ്ത്തുകാലത്ത് ഉറങ്ങുന്നവരോ, അപമാനം വരുത്തുന്ന മക്കളും ആകുന്നു.

  9. 3 അങ്ങ് രാഷ്ട്രം വിസ്തൃതമാക്കുകയും

    അവരുടെ ആനന്ദം അധികമാക്കുകയും ചെയ്തു.

    കൊയ്ത്തുകാലത്ത് ആനന്ദിക്കുന്നതുപോലെയും

    കൊള്ള പങ്കിടുമ്പോൾ യോദ്ധാക്കൾ

    ആഹ്ലാദിക്കുന്നതുപോലെയും

    അവർ അങ്ങയുടെ സന്നിധിയിൽ ആനന്ദിക്കുന്നു.

  10. 24 ‘നമ്മുടെ തക്കസമയത്തു മുന്മഴയും പിന്മഴയും തരുന്ന

    നമ്മുടെ ദൈവമായ യഹോവയെ നമുക്കു ഭയപ്പെടാം,

    അവിടന്നു തക്കസമയത്ത് നമുക്കു കൊയ്ത്തുകാലം തരുന്നല്ലോ,’

    എന്ന് അവർ ഹൃദയത്തിൽ പറയുന്നില്ല.

  11. 36 അതിനുശേഷം ജനക്കൂട്ടത്തെ യാത്രയയച്ചിട്ട് യേശു ഭവനത്തിലേക്ക് പോയി. ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “വയലിലെ കളയുടെ സാദൃശ്യകഥ ഞങ്ങൾക്കു വിശദീകരിച്ചു തരാമോ” എന്നു ചോദിച്ചു.

    37 യേശു അതിനുത്തരം പറഞ്ഞത്: “മനുഷ്യപുത്രൻ നല്ല വിത്ത് വിതയ്ക്കുന്ന കർഷകനാണ്. 38 വയൽ ലോകവും നല്ല വിത്ത് രാജ്യത്തിന്റെ പുത്രന്മാരും കളകൾ പിശാചിന്റെ പുത്രന്മാരും ആകുന്നു. 39 കള വിതയ്ക്കുന്ന ശത്രു പിശാചുതന്നെ. വിളവെടുപ്പ് യുഗാവസാനമാകുന്നു. കൊയ്ത്തുകാർ ദൂതന്മാരും ആകുന്നു.

    40 “കളകൾ പിഴുതെടുത്ത് അഗ്നിക്ക് ഇരയാക്കുന്നതുപോലെ യുഗാവസാനത്തിൽ സംഭവിക്കും.

  12. 2 അദ്ദേഹം ശിഷ്യന്മാരോട്, “കൊയ്ത്ത് സമൃദ്ധം; വേലക്കാരോ പരിമിതം. അതുകൊണ്ട്, കൊയ്ത്തിന്റെ ഉടമസ്ഥനോട് കൊയ്ത്തിനായി വേലക്കാരെ അയയ്ക്കാൻ അപേക്ഷിക്കുക” എന്നു പറഞ്ഞു. 3 പോകുക; ചെന്നായ്ക്കളുടെ മധ്യത്തിലേക്ക് കുഞ്ഞാടുകൾ എന്നപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു. 4 മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോ എടുക്കരുത്; വഴിയിൽ ആരെയെങ്കിലും അഭിവാദനംചെയ്യാൻ നിന്നുപോകരുത്.

  13. 9 “ ‘നിങ്ങൾ നിങ്ങളുടെ വയലിലെ വിള കൊയ്യുമ്പോൾ നിങ്ങളുടെ വയലിന്റെ അരികുചേർത്തു കൊയ്യുകയോ കൊയ്തതിന്റെ കാലാപെറുക്കുകയോ ചെയ്യരുത്. 10 നിങ്ങളുടെ മുന്തിരിത്തോപ്പിൽ വീണ്ടും പോകുകയോ വീണുപോയ മുന്തിരി പെറുക്കുകയോ ചെയ്യരുത്. അവ ദരിദ്രനും പ്രവാസിക്കുമായി വിട്ടേക്കണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

  14. 17 ഇത് ഗോതമ്പുകൊയ്ത്തിന്റെ കാലമല്ലേ? ഞാൻ യഹോവയോട് അപേക്ഷിക്കും; അവിടന്ന് ഇടിയും മഴയും അയയ്ക്കും. അങ്ങനെ നിങ്ങൾ ഒരു രാജാവിനെ ചോദിച്ചത് യഹോവയുടെ ദൃഷ്ടിയിൽ എത്രമാത്രം നിന്ദ്യമായ കാര്യമായിരുന്നു എന്നു നിങ്ങൾക്കു ബോധ്യമാകും.”

    18 അതിനുശേഷം ശമുവേൽ യഹോവയോട് അപേക്ഷിച്ചു. അന്നുതന്നെ യഹോവ ഇടിയും മഴയും അയച്ചു. അതിനാൽ ജനമെല്ലാം യഹോവയുടെയും ശമുവേലിന്റെയുംമുമ്പാകെ ഏറ്റവും ഭയത്തോടുകൂടെ നിന്നു.

  15. 12 “ജനതകൾ ഉണരട്ടെ;

    അവർ യെഹോശാഫാത്ത് താഴ്വരയിൽ അണിനിരക്കട്ടെ.

    കാരണം അവിടെ എല്ലാ ദിക്കുകളിലുമുള്ള സകലജനതകളെയും ന്യായംവിധിക്കാൻ

    ഞാൻ ഉപവിഷ്ടനാകും.

    13 അരിവാൾ വീശുക

    വിളവു പാകമായിരിക്കുന്നു.

    വരിക, മുന്തിരി മെതിക്കുക

    ചക്കു നിറഞ്ഞുകവിഞ്ഞിരിക്കുന്നു,

    വീഞ്ഞുശേഖരം നിറഞ്ഞുകവിയുന്നു—

    അവരുടെ ദുഷ്ടത അത്ര വലുതായിരിക്കുന്നു.”

  16. 30 കൊയ്ത്തുവരെ രണ്ടും ഒരുമിച്ചു വളരട്ടെ. വിളവെടുപ്പിനു സമയമാകട്ടെ, അന്നു ഞാൻ കൊയ്ത്തുകാരോട്: ആദ്യം കളകൾ പറിച്ചു ചുട്ടുകളയേണ്ടതിന് കറ്റകളാക്കി കെട്ടുക, പിന്നെ ഗോതമ്പു ശേഖരിച്ച് എന്റെ കളപ്പുരയിലേക്കു കൊണ്ടുവരിക’ എന്നും പറയും.”

  17. 10 എന്തെന്നാൽ നിങ്ങളുടെ രക്ഷകനായ ദൈവത്തെ നിങ്ങൾ മറന്നു;

    നിങ്ങളുടെ സുരക്ഷിതസ്ഥാനമായ പാറയെ ഓർത്തതുമില്ല.

    അതുകൊണ്ട്, നിങ്ങൾ മനോഹരമായ തോട്ടങ്ങൾ നട്ട്

    അവയിൽ അന്യദേശത്തുനിന്നുമുള്ള വള്ളികൾ നടുന്നു.

    11 നടുന്ന ദിവസത്തിൽ നിങ്ങൾ ശ്രദ്ധയോടെ അതിനു വേലികെട്ടുന്നു.

    രാവിലെ നിങ്ങളുടെ നടുതല പൂക്കുമാറാക്കുന്നു.

    എന്നാൽ സങ്കടത്തിന്റെയും തീരാദുഃഖത്തിന്റെയും നാളിൽ

    നിങ്ങളുടെ കൊയ്ത്തു നഷ്ടപ്പെട്ടുപോകും.

  18. 7 “കൊയ്ത്തിനു മൂന്നുമാസമുള്ളപ്പോൾ

    ഞാൻ നിങ്ങൾക്കു മഴ മുടക്കിക്കളഞ്ഞു.

    ഞാൻ ഒരു പട്ടണത്തിൽ മഴ നൽകി,

    മറ്റൊരു പട്ടണത്തിൽ മഴ പെയ്യിച്ചില്ല.

    ഒരു വയലിൽ മഴ പെയ്തു,

    മറ്റൊരു വയലിൽ മഴ പെയ്തില്ല, അത് ഉണങ്ങിപ്പോയി.

  19. 19 നിന്റെ വയൽ കൊയ്യുമ്പോൾ ഒരു കറ്റ വയലിൽ മറന്നുപോയാൽ അതെടുക്കാൻ തിരികെപ്പോകരുത്. നിന്റെ കൈകളുടെ എല്ലാ പ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്, അതു പ്രവാസിക്കും അനാഥർക്കും വിധവയ്ക്കുമായി ഉപേക്ഷിക്കണം. 20 നീ ഒലിവുവൃക്ഷത്തിന്റെ ഫലം തല്ലുമ്പോൾ രണ്ടാംതവണയും കൊമ്പുകൾ തപ്പിപ്പറിക്കരുത്. ശേഷിക്കുന്നതു പ്രവാസിക്കും അനാഥർക്കും വിധവയ്ക്കുമുള്ളതാണ്. 21 നിന്റെ മുന്തിരിത്തോപ്പിൽനിന്ന് മുന്തിരിപ്പഴം ശേഖരിക്കുമ്പോൾ രണ്ടാമതും പോയി തീർത്തു പറിക്കരുത്. ശേഷിക്കുന്നതു പ്രവാസിക്കും അനാഥർക്കും വിധവയ്ക്കുമുള്ളതാണ്.

  20. 4 യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു:

    “മധ്യാഹ്നസൂര്യന്റെ ജ്വലിക്കുന്ന ചൂടുപോലെ,

    കൊയ്ത്തുകാലത്തെ ചൂടിലെ തുഷാരമേഘംപോലെ,

    ഞാൻ എന്റെ നിവാസസ്ഥാനത്തു നിശ്ശബ്ദനായിരുന്നുകൊണ്ടു നിരീക്ഷിക്കും.”

    5 പൂക്കൾകൊഴിഞ്ഞ് അത്

    മുന്തിരിയായി വിളഞ്ഞുവരുമ്പോൾ

    വെടിപ്പാക്കുന്ന കത്തികൊണ്ട് നാമ്പുകൾ മുറിച്ചുകളഞ്ഞ്

    പടരുന്ന ശാഖകളെ അവിടന്നു വെട്ടി നീക്കിക്കളയും.

  21. 26 യേശു വീണ്ടും പറഞ്ഞു: “ഒരു മനുഷ്യൻ നിലത്തു വിത്തു വിതറുന്നതിനു തുല്യമാണ് ദൈവരാജ്യം. 27 രാത്രിയും പകലും അയാൾ ഉറങ്ങിയാലും ഉണർന്നിരുന്നാലും വിത്ത് മുളച്ചു വളർന്നുവരുന്നു; എങ്ങനെയെന്ന് അയാൾ അറിയുന്നില്ല. 28 ആദ്യം തണ്ട്, പിന്നെ കതിർ, പിന്നെ കതിരിൽ വിളഞ്ഞ ധാന്യമണികൾ; ഇങ്ങനെ ഭൂമി സ്വയമായി ധാന്യം ഉൽപ്പാദിപ്പിക്കുന്നു. 29 ധാന്യം വിളഞ്ഞാൽ ഉടനെ, കൊയ്ത്തുകാലമാകുന്നതുകൊണ്ട് അയാൾ ധാന്യച്ചെടിക്കു ചുവട്ടിൽ അരിവാൾ വെക്കുന്നു.”

  22. 5 കണ്ണുനീരോടെ വിതയ്ക്കുന്നവർ

    ആനന്ദഘോഷത്തോടെ കൊയ്തെടുക്കും.

    6 വിതയ്ക്കാനുള്ള വിത്തു ചുമന്നുകൊണ്ട്,

    കണ്ണുനീരോടെ നടക്കുന്നവർ,

    കറ്റകൾ ചുമന്നുകൊണ്ട്

    ആനന്ദഗീതം പാടി മടങ്ങുന്നു.

  23. 1 സീനായിപർവതത്തിൽവെച്ചു യഹോവ മോശയോട് അരുളിച്ചെയ്തു: 2 “ഇസ്രായേൽമക്കളോടു സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ നിങ്ങൾക്കു നൽകാൻപോകുന്ന ദേശത്തു നിങ്ങൾ പ്രവേശിക്കുമ്പോൾ ആ ദേശം യഹോവയ്ക്ക് ഒരു ശബ്ബത്ത് ആചരിക്കണം. 3 ആറുവർഷം നിങ്ങളുടെ നിലങ്ങൾ വിതയ്ക്കുക, ആറുവർഷം നിങ്ങളുടെ മുന്തിരിത്തോപ്പുകൾ വെട്ടിയൊരുക്കി അവയുടെ ഫലം ശേഖരിക്കുക. 4 എന്നാൽ ഏഴാംവർഷം ദേശത്തിനു വിശ്രമത്തിന്റെ ശബ്ബത്ത്, യഹോവയ്ക്ക് ഒരു ശബ്ബത്ത് ആയിരിക്കണം. നിങ്ങളുടെ നിലം വിതയ്ക്കുകയോ മുന്തിരിത്തോപ്പു വെട്ടിയൊരുക്കുകയോ ചെയ്യരുത്. 5 താനേ വളരുന്നതു കൊയ്യുകയോ പരിപാലിക്കാത്ത മുന്തിരിവള്ളിയിൽനിന്ന് മുന്തിരിങ്ങ ശേഖരിക്കുകയോ ചെയ്യരുത്. ദേശത്തിനു വിശ്രമത്തിന്റെ ഒരുവർഷം ഉണ്ടായിരിക്കണം. 6 ശബ്ബത്തുവർഷം ദേശം നൽകുന്ന വിളവെന്താണോ അതു നിങ്ങൾക്ക് ആഹാരമായിരിക്കും. നിങ്ങൾക്കും നിങ്ങളുടെ ദാസന്മാർക്കും ദാസികൾക്കും കൂലിക്കാർക്കും നിങ്ങളുടെ ഇടയിൽ താൽക്കാലികമായി പാർക്കുന്നവർക്കും, 7 നിങ്ങളുടെ കന്നുകാലികൾക്കും കാട്ടുമൃഗങ്ങൾക്കുംതന്നെ. ദേശം എന്തുൽപ്പാദിപ്പിക്കുന്നോ അതു ഭക്ഷിക്കാം.

  24. 1 വേനൽക്കാലത്തു മഞ്ഞും വിളവെടുപ്പിനു മഴയുംപോലെ,

    ഭോഷർക്കു ബഹുമതിയും അനുയോജ്യമല്ല.

  25. 33 ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

    “മെതിക്കാലത്തെ മെതിക്കളംപോലെയാണ്

    ബാബേൽപുത്രി,

    അവളെ കൊയ്തെടുക്കുന്നകാലം വളരെവേഗംതന്നെ വന്നുചേരും.”

  26. 22 “ ‘നിങ്ങളുടെ നിലത്തിലെ വിള ശേഖരിക്കുമ്പോൾ, അരികുചേർത്തു കൊയ്യുകയോ കൊയ്തതിന്റെ കാലാപെറുക്കുകയോ ചെയ്യരുത്. അവ ദരിദ്രനും നിങ്ങളുടെ മധ്യേ പാർക്കുന്ന പ്രവാസിക്കും വിടണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ”

  27. 9 അതിനാൽ ഞാൻ യാസേരിനോടൊപ്പം

    സിബ്മയിലെ മുന്തിരിവള്ളിയെക്കുറിച്ചു വിലപിക്കും.

    ഹെശ്ബോനേ, എലെയാലേ,

    ഞാൻ എന്റെ കണ്ണുനീർകൊണ്ടു നിന്നെ നനയ്ക്കും!

    നിന്റെ വേനൽക്കാല ഫലങ്ങൾക്കും

    കൊയ്ത്തിനും ആഹ്ലാദാരവം നിലച്ചിരിക്കുന്നു.

  28. 11 “യെഹൂദയേ, ഞാൻ നിനക്കും

    ഒരു കൊയ്ത്തു വെച്ചിരിക്കുന്നു.

    “ഞാൻ എന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ,

  29. 11 വിശ്വസ്തത ഭൂമിയിൽനിന്ന് മുളയ്ക്കുന്നു,

    നീതി സ്വർഗത്തിൽനിന്ന് താഴേക്കു നോക്കുന്നു.

    12 യഹോവ നമുക്ക് നന്മയായതുമാത്രം നൽകുന്നു

    നമ്മുടെ ദേശം അതിന്റെ വിളവുനൽകുകയുംചെയ്യുന്നു.

    13 നീതി അവിടത്തേക്കു മുമ്പായി നടക്കുകയും

    അങ്ങയുടെ കാൽച്ചുവടുകൾക്കു വഴിയൊരുക്കുകയും ചെയ്യുന്നു.

  30. 13 വിശ്വസ്ത സന്ദേശവാഹകർ തങ്ങളെ നിയോഗിക്കുന്നവർക്ക്

    കൊയ്ത്തുകാലത്തെ മഞ്ഞിന്റെ കുളിർമപോലെയാണ്;

    അവർ തങ്ങളുടെ യജമാനന്റെ ഹൃദയം ഉന്മേഷഭരിതമാക്കുന്നു.

  31. 10 വിതയ്ക്കാൻ വിത്തും ഭക്ഷിക്കാൻ ആഹാരവും നൽകുന്നവൻ നിങ്ങളുടെ വിത്തിന്റെ ശേഖരം വർധിപ്പിക്കുകയും നീതിയുടെ വിളവെടുപ്പു സമൃദ്ധമാക്കുകയും ചെയ്യും. 11 നിങ്ങൾ ഏതു സാഹചര്യങ്ങളിലും ഉദാരമനസ്ക്കരാകേണ്ടതിന് നിങ്ങൾ ദൈവത്താൽ എല്ലാരീതിയിലും സമ്പന്നരാക്കപ്പെടും. അങ്ങനെ നിങ്ങളുടെ ഉദാരത, ദൈവത്തിനു നന്ദി അർപ്പിക്കാൻ ഞങ്ങൾക്ക് കാരണമായിത്തീരും.

    12 നിങ്ങളുടെ ഈ സേവനം വിശ്വാസികളുടെ ഭൗതികാവശ്യങ്ങൾ നിർവഹിക്കുകമാത്രമല്ല, ദൈവത്തോടുള്ള അനവധിയായ നന്ദിപ്രകാശനം കവിഞ്ഞൊഴുകാൻ കാരണവും ആകും. 13 നിങ്ങളുടെ സ്വഭാവം തെളിയിച്ച ഈ ശുശ്രൂഷയുടെ ഫലമായി ജനങ്ങൾ ദൈവത്തെ മഹത്ത്വപ്പെടുത്തും; ക്രിസ്തുവിന്റെ സുവിശേഷം സ്വീകരിച്ചതിനെ തുടർന്നുള്ള നിങ്ങളുടെ അനുസരണത്തിനായും നിങ്ങളുടെ വസ്തുവകകൾ അവർക്കും മറ്റനേകർക്കും പങ്കുവെക്കാൻ കാണിച്ച സന്മനസ്സിനായുംതന്നെ. 14 നിങ്ങൾക്കു ലഭിച്ച അളവില്ലാത്ത ദൈവകൃപ നിമിത്തം നിങ്ങളെ കാണാൻ വാഞ്ഛിച്ചുകൊണ്ട് അവർ നിങ്ങൾക്കുവേണ്ടി പ്രാർഥിക്കും. 15 അവിടത്തെ അവർണനീയമായ ദാനം ഓർത്ത് ദൈവത്തിനു സ്തോത്രം!

  32. 3 “ ‘എന്റെ ഉത്തരവുകൾ നിങ്ങൾ പാലിക്കയും എന്റെ കൽപ്പനകൾ സസൂക്ഷ്മം അനുസരിക്കയും ചെയ്യുമെങ്കിൽ, 4 തക്കസമയത്തു ഞാൻ മഴ അയയ്ക്കും; ഭൂമി അതിന്റെ വിളവും വൃക്ഷം അവയുടെ ഫലവും തരും. 5 നിങ്ങളുടെ കറ്റമെതിക്കുന്ന കാലം മുന്തിരിപ്പഴം ശേഖരിക്കുന്ന കാലംവരെയും മുന്തിരിപ്പഴം ശേഖരിക്കുന്നത് വിതയ്ക്കുന്ന കാലംവരെയും തുടരും. നിങ്ങൾക്കു വേണ്ടുംപോലെ ഭക്ഷിച്ചു സുരക്ഷിതരായി നിങ്ങളുടെ ദേശത്തുപാർക്കും.

  33. 4 അലസർ കാലോചിതമായി നിലം ഉഴുതുമറിക്കുന്നില്ല;

    തന്മൂലം കൊയ്ത്തുകാലത്ത് വിളവെടുപ്പിനായി പരതും; ഒന്നുംതന്നെ ലഭിക്കുകയില്ല.

  34. 11 കൃഷിക്കാരേ, ലജ്ജിക്കുക,

    മുന്തിരിക്കർഷകരേ, വിലപിക്കുക;

    ഗോതമ്പിനെയും യവത്തെയും ഓർത്ത് ദുഃഖിക്കുക,

    നിലത്തിലെ വിളവു നശിച്ചുപോയല്ലോ.

  35. 7 സഹോദരങ്ങളേ, കർത്താവിന്റെ പുനരാഗമനംവരെ ദീർഘക്ഷമയോടെ ഇരിക്കുക. ഭൂമി നൽകുന്ന മെച്ചമായ വിളവിനായി മുൻമഴയും പിൻമഴയും പ്രതീക്ഷിച്ചുകൊണ്ട് എത്ര ക്ഷമയോടെയാണ് ഒരു കർഷകൻ കാത്തിരിക്കുന്നത്! 8 നിങ്ങളും ക്ഷമയോടെ കാത്തിരിക്കുക; കർത്താവിന്റെ വരവു സമീപിച്ചിരിക്കുകയാൽ നിങ്ങൾ സ്ഥിരചിത്തരാകുക.

  36. 10 “ആറുവർഷം നിന്റെ വയലിൽ വിതച്ച് വിളവു ശേഖരിച്ചുകൊൾക. 11 എന്നാൽ ഏഴാംവർഷം നിലം ഉഴാതെ തരിശായിടുക. നിന്റെ ജനത്തിലെ ദരിദ്രർ അതിൽനിന്ന് ആഹാരത്തിനുള്ളതു ശേഖരിക്കട്ടെ. അവർ ഉപേക്ഷിക്കുന്നതു കാട്ടുജന്തുക്കൾ തിന്നട്ടെ. മുന്തിരിത്തോപ്പിന്റെയും ഒലിവുതോട്ടത്തിന്റെയും കാര്യത്തിലും ഇങ്ങനെതന്നെ ചെയ്യണം.

  37. 11 അൻപതാംവർഷം നിങ്ങൾക്ക് വാർഷികോത്സവം ആയിരിക്കും; വിതയ്ക്കുകയോ താനേ വളരുന്നതു കൊയ്യുകയോ പരിചരിക്കാത്ത മുന്തിരിയിൽനിന്ന് ഫലം ശേഖരിക്കുകയോ ചെയ്യരുത്. 12 കാരണം അത് അൻപതാംവാർഷികോത്സവമാണ്; അതു നിങ്ങൾക്കു വിശുദ്ധമായിരിക്കണം; വയലിൽനിന്ന് നേരിട്ട് എടുക്കുന്നതുമാത്രം ഭക്ഷിക്കുക.

  38. 5 അതു കൊയ്ത്തുകാർ കതിരുകൾ ചേർത്തുപിടിച്ച്

    കൈകൊണ്ടു വിളവു കൊയ്തെടുക്കുന്നതുപോലെയാകും—

    രെഫായീം താഴ്വരയിൽ ഒരാൾ

    കാലാപെറുക്കുന്നതുപോലെതന്നെ.

  39. 18 സമാധാനമുണ്ടാക്കുന്നവർ ശാന്തിയിൽ വിതച്ചു നീതിയുടെ ഫലം കൊയ്യും.

  40. 6 ദേശത്തു ക്ഷാമം തുടങ്ങിയിട്ട് ഇപ്പോൾ രണ്ടുവർഷം കഴിഞ്ഞിരിക്കുന്നു; ഉഴവും കൊയ്ത്തുമില്ലാത്ത അഞ്ചുവർഷം ഇനിയും ഉണ്ട്.

  41. 5 ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കട്ടെ;

    സകലജനതകളും അങ്ങയെ സ്തുതിക്കട്ടെ.

    6 അപ്പോൾ ഭൂമി അതിന്റെ വിളവ് നൽകുന്നു;

    ദൈവം, നമ്മുടെ ദൈവം, നമ്മെ അനുഗ്രഹിക്കും.

    7 അതേ, ദൈവം നമ്മെ അനുഗ്രഹിക്കും,

    അങ്ങനെ ഭൂമിയിലെ സകലജനതകളും അവിടത്തെ ഭയപ്പെടും.

    സംഗീതസംവിധായകന്.

  42. 16 ബാബേലിൽനിന്ന് വിതയ്ക്കുന്നവരെയും

    കൊയ്ത്തുകാലത്ത് അരിവാൾ പിടിക്കുന്നവരെയും ഛേദിച്ചുകളയുക.

    പീഡകന്റെ വാൾനിമിത്തം

    ഓരോരുത്തനും സ്വന്തം ജനത്തിനരികിലേക്കും

    സ്വന്തം ദേശത്തേക്കും ഓടിപ്പോകട്ടെ.

  43. 9 “ധാന്യം മെതിക്കുമ്പോൾ കാളയ്ക്കു മുഖക്കൊട്ട കെട്ടരുത്” എന്നു മോശയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നല്ലോ. കാളകളെക്കുറിച്ചുമാത്രമാണോ ദൈവത്തിനു കരുതലുള്ളത്? 10 വാസ്തവത്തിൽ നമ്മെ ഉദ്ദേശിച്ചല്ലേ അവിടന്ന് ഇത് അരുളിച്ചെയ്തിരിക്കുന്നത്? അതേ, നമുക്കുവേണ്ടിത്തന്നെയാണ് എഴുതപ്പെട്ടിരിക്കുന്നത്. കാരണം, ഉഴുന്നവൻ ഉഴുകയും മെതിക്കുന്നവൻ മെതിക്കുകയും ചെയ്യുമ്പോൾ അവരുടെ അധ്വാനഫലമായി, വിളവിന്റെ ഓഹരി അവർക്കും ലഭിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തല്ലല്ലോ. 11 ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആത്മികമായ വിത്തു വിതച്ചിട്ട്, നിങ്ങളിൽനിന്ന് ഭൗതികമായ ഒരു വിളവെടുപ്പു നടത്തിയാൽ അത് അധികമായിപ്പോകുമോ?

  44. 12 “അവർ യഹോവയ്ക്ക് ആദ്യഫലമായി കൊടുക്കുന്ന ഏറ്റവും വിശിഷ്ടമായ ഒലിവെണ്ണ മുഴുവനും ഏറ്റവും വിശിഷ്ടമായ പുതുവീഞ്ഞു മുഴുവനും ധാന്യവും ഞാൻ നിനക്കു തരുന്നു. 13 അവർ യഹോവയ്ക്കു കൊണ്ടുവരുന്ന നിലത്തിന്റെ ആദ്യഫലം സകലതും നിന്റേതായിരിക്കും. നിന്റെ ഭവനത്തിൽ വിശുദ്ധിയുള്ള എല്ലാവർക്കും അതു ഭക്ഷിക്കാം.

  45. 1 കുറെക്കാലം കഴിഞ്ഞിട്ട്, ഗോതമ്പുകൊയ്ത്തുകാലത്ത് ശിംശോൻ ഒരു കോലാട്ടിൻകുട്ടിയുമായി തന്റെ ഭാര്യയെ സന്ദർശിക്കാൻപോയി. അദ്ദേഹം, “ശയനമുറിയിൽ എന്റെ ഭാര്യയുടെ അടുക്കൽ ഞാൻ ചെല്ലട്ടെ,” എന്ന് അവളുടെ പിതാവിനോട് പറഞ്ഞു. പക്ഷേ, അവളുടെ പിതാവ് അദ്ദേഹത്തെ അതിനു സമ്മതിച്ചില്ല.

  46. 13 ആ സമയം ബേത്-ശേമെശിലെ ജനങ്ങൾ താഴ്വരയിൽ ഗോതമ്പു കൊയ്യുകയായിരുന്നു; അവർ തലയുയർത്തിനോക്കി; യഹോവയുടെ ഉടമ്പടിയുടെ പേടകം കണ്ടപ്പോൾ, അവർ ആഹ്ലാദിച്ചു.

  47. 17 അവർ നിങ്ങളുടെ ധാന്യവും അപ്പവും ഭക്ഷിക്കും,

    നിന്റെ പുത്രന്മാരെയും പുത്രിമാരെയും വിഴുങ്ങിക്കളയും;

    അവർ നിന്റെ ആട്ടിൻപറ്റത്തെയും കന്നുകാലികളെയും തിന്നുതീർക്കും;

    നിന്റെ മുന്തിരിയും അത്തിവൃക്ഷവും അവർ തിന്നുതീർക്കും.

    നീ ആശ്രയം വെച്ചിരിക്കുന്ന നിങ്ങളുടെ ഉറപ്പുള്ള പട്ടണങ്ങൾ

    അവർ വാളിനാൽ ശൂന്യമാക്കും.

  48. 13 അവർ ഗോതമ്പു വിതയ്ക്കും, എന്നാൽ മുള്ളുകൾ കൊയ്തെടുക്കും;

    അവർ അത്യധ്വാനംചെയ്യും, എന്നാൽ ഒന്നും നേടുകയില്ല.

    യഹോവയുടെ ഉഗ്രകോപംനിമിത്തം

    അവർ തങ്ങളുടെ വിളവിനെപ്പറ്റി ലജ്ജിക്കും.”

  49. 11 ഏതുതരം ശിക്ഷയും തൽക്കാലത്തേക്ക് ആനന്ദകരമല്ല, ദുഃഖകരമാണെന്ന് തോന്നും. ഇതിലൂടെ പരിശീലനം സിദ്ധിക്കുന്നവർക്ക് നീതിപൂർവമായ ഒരു സമാധാനഫലം പിന്നീടു ലഭിക്കും.

  50. 4 കാളകൾ ഇല്ലാത്തിടത്ത്, പുൽത്തൊട്ടി ശൂന്യമായിക്കിടക്കുന്നു,

    എന്നാൽ കാളയുടെ കരുത്തിൽനിന്ന് സമൃദ്ധമായ വിളവുലഭിക്കുന്നു.

  51. 3 ഇസ്രായേൽ യഹോവയ്ക്കു വിശുദ്ധവും

    അവിടത്തെ വിളവിന്റെ ആദ്യഫലവും ആയിരുന്നു.

    അവളെ വിഴുങ്ങിക്കളഞ്ഞവരെയെല്ലാം കുറ്റവാളികളായി പ്രഖ്യാപിച്ചു,

    അത്യാപത്ത് അവരെ കീഴടക്കും,’ ”

    എന്ന് യഹോവയുടെ അരുളപ്പാട്.

  52. 13 സഹോദരങ്ങളേ, എന്റെ ശുശ്രൂഷകൾകൊണ്ട് മറ്റു ജനതകളുടെ മധ്യേ എന്നപോലെ നിങ്ങളുടെ ഇടയിലും ചില ആത്മികഫലങ്ങൾ ഉണ്ടാകണമെന്ന ലക്ഷ്യത്തോടെ നിങ്ങളുടെ അടുക്കൽ വരാൻ ഞാൻ പലപ്പോഴും പരിശ്രമിച്ചു എന്നും എന്നാൽ, തടസ്സങ്ങൾമൂലം ഇതുവരെയും അതിനു കഴിഞ്ഞില്ല എന്നും നിങ്ങൾ അറിയാതിരിക്കരുത്.

  53. 5 അതുകൊണ്ട് നിങ്ങളെ മുൻകൂട്ടി സന്ദർശിച്ചു നിങ്ങൾ വാഗ്ദാനംചെയ്തിരുന്ന ഉദാരസംഭാവനയുടെ ക്രമീകരണം പൂർത്തിയാക്കാൻ സഹോദരന്മാരോട് ആവശ്യപ്പെടണമെന്നു ഞാൻ ചിന്തിച്ചു. അപ്പോൾ അതു വൈമനസ്യത്തോടെയല്ല, ഒരു ഔദാര്യദാനമായി ഒരുക്കപ്പെട്ടിരിക്കും.

    6 അൽപ്പം വിതയ്ക്കുന്നവൻ അൽപ്പം കൊയ്യും; ധാരാളം വിതയ്ക്കുന്നവൻ ധാരാളം കൊയ്യും എന്ന് ഓർക്കുക. 7 ഓരോരുത്തരും ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. വൈമനസ്യത്തോടെയോ നിർബന്ധത്താലോ ആകരുത്. കാരണം, ആനന്ദത്തോടെ കൊടുക്കുന്നവരെ ദൈവം സ്നേഹിക്കുന്നു.

  54. 4 ഇതാ, നിങ്ങളുടെ നിലങ്ങൾ കൊയ്തവരുടെ കൂലി നിങ്ങൾ പിടിച്ചുവെച്ചതു നിങ്ങൾക്കെതിരേ നിലവിളിക്കുന്നു. കൊയ്ത്തുകാരുടെ നിലവിളി സർവശക്തനായ കർത്താവിന്റെ കാതുകളിൽ എത്തിയിരിക്കുന്നു.

  55. 5 ഒരു ദിവസം യോസേഫ് ഒരു സ്വപ്നംകണ്ടു; അവൻ അതു തന്റെ സഹോദരന്മാരെ അറിയിച്ചു; അപ്പോൾ അവർ അവനെ ഏറ്റവുമധികം വെറുത്തു. 6 യോസേഫ് അവരോട്: “ഞാൻ കണ്ട സ്വപ്നം കേൾക്കുക: 7 നമ്മൾ എല്ലാവരുംകൂടി വയലിൽ കറ്റ കെട്ടിക്കൊണ്ടിരിക്കുകയായിരുന്നു; പെട്ടെന്ന് എന്റെ കറ്റ എഴുന്നേറ്റു നിവർന്നുനിന്നു; നിങ്ങളുടെ കറ്റകൾ ചുറ്റുംനിന്ന് എന്റെ കറ്റയെ നമസ്കരിച്ചു.”

    8 യോസേഫിന്റെ സഹോദരന്മാർ അവനോട്, “ഞങ്ങളുടെമേൽ ഭരണം നടത്താനാണോ നിന്റെ ഭാവം? നീ വാസ്തവമായി ഞങ്ങളെ ഭരിക്കുമോ?” എന്നു ചോദിച്ചു, അവന്റെ സ്വപ്നവും വാക്കുകളും നിമിത്തം അവർ അവനെ പൂർവാധികം വെറുത്തു.

  56. 14 ഭക്ഷണസമയത്ത് ബോവസ് അവളോട്, “ഇവിടെ വന്ന് ഇരുന്നുകൊള്ളൂ; അപ്പം എടുത്തു പുളിച്ച വീഞ്ഞിൽ മുക്കി കഴിച്ചോളൂ” എന്നു പറഞ്ഞു.

    അവൾ കൊയ്ത്തുകാരോടൊപ്പം ഇരുന്നപ്പോൾ, ബോവസ് അവൾക്കു മലർ കൊടുത്തു. അവൾക്ക് ആവശ്യമുള്ളടത്തോളം ഭക്ഷിച്ചു, കുറച്ച് അധികം വരികയും ചെയ്തു.

  57. 6 ഹേ മടിയാ, നീ ഉറുമ്പുകളുടെ അടുത്തു പോകുക;

    അതിന്റെ പ്രവൃത്തികൾ നിരീക്ഷിച്ച് ജ്ഞാനിയാകുക!

    7 അവയ്ക്ക് അധിപതികളോ

    മേൽനോട്ടക്കാരോ ഭരണംനടത്തുന്നവരോ ഇല്ല,

    8 എന്നിട്ടും അവ വേനൽക്കാലത്തു ഭക്ഷ്യവസ്തുക്കൾ സംഭരിക്കുന്നു

    കൊയ്ത്തുകാലത്ത് ഭക്ഷണം സമാഹരിക്കുകയും ചെയ്യുന്നു.

    9 കുഴിമടിയാ, എത്രനാൾ നീ ഇങ്ങനെ മടിപിടിച്ചുകിടക്കും?

    എപ്പോഴാണ് നീ ഉറക്കം വെടിഞ്ഞുണരുന്നത്?

    10 ഒരൽപ്പം ഉറക്കം, ഒരൽപ്പം മയക്കം;

    ഒരൽപ്പനേരംകൂടി കൈകൾ കെട്ടിപ്പിണച്ചുള്ള വിശ്രമം,

    11 അങ്ങനെ ദാരിദ്ര്യം കൊള്ളക്കാരെപ്പോലെ നിന്റെമേൽ ചാടിവീഴും

    ദുർഭിക്ഷത ഒരു ആയുധപാണിയെപ്പോലെ നിന്നെ ആക്രമിക്കും.

  58. 20 ഒരു മനുഷ്യന്റെ വായുടെ ഫലത്തിൽനിന്ന് അയാളുടെ വയറിനു തൃപ്തിവരുന്നു;

    അവരുടെ അധരങ്ങളുടെ വിളവുകൊണ്ട് അവർ സംതൃപ്തരാകുന്നു.

  59. 13 ഒലിവുമരത്തിൽനിന്നു കായ്കൾ ശേഖരിക്കുന്നതിനായി തല്ലുന്നതുപോലെയോ

    മുന്തിരിപ്പഴം ശേഖരിച്ചശേഷം കാലാപെറുക്കുന്നതുപോലെയോ

    ആയിരിക്കും ഭൂമിയിൽ

    രാഷ്ട്രങ്ങൾക്കിടയിൽ സംഭവിക്കുന്നത്.

  60. 4 വാടിക്കരിഞ്ഞുപോകും പുഷ്പംപോലെയുള്ള അവന്റെ ഉജ്ജ്വലസൗന്ദര്യം,

    ഫലഭൂയിഷ്ഠമായ താഴ്വരയുടെ ശിരോഭൂഷണം,

    വിളവെടുപ്പിനുമുമ്പേ പഴുത്തുപോയ അത്തിപ്പഴംപോലെ ആയിത്തീരും—

    ജനം അതു കണ്ടാലുടനെ കൈനീട്ടി പറിച്ച്

    അവർ അതു വിഴുങ്ങുന്നു!

  61. 10 ഒരു വർഷവും ഏതാനും ദിവസവും കഴിയുമ്പോഴേക്കും

    സുരക്ഷിതർ എന്നു കരുതുന്ന നിങ്ങൾ ഭയന്നുവിറയ്ക്കും.

    മുന്തിരിയുടെ വിളവു മുടങ്ങും,

    ഫലശേഖരണം ഉണ്ടാകുകയുമില്ല.

  62. 13 “ ‘ഞാൻ അവരുടെ കൊയ്ത്തുകാലം എടുത്തുകളയും,

    എന്ന് യഹോവയുടെ അരുളപ്പാട്.

    മുന്തിരിവള്ളിയിൽ മുന്തിരിപ്പഴം ഉണ്ടാകുകയില്ല.

    അത്തിവൃക്ഷത്തിൽ അത്തിപ്പഴം ഉണ്ടാകുകയില്ല,

    അതിന്റെ ഇലയും വാടിപ്പോകും.

    ഞാൻ അവർക്കു നൽകിയിട്ടുള്ളതെല്ലാം

    വേഗംതന്നെ നഷ്ടപ്പെട്ടുപോകും.’ ”

  63. 4 തുള്ളൻ തിന്നു ശേഷിപ്പിച്ചതു

    വെട്ടുക്കിളി തിന്നു;

    വെട്ടുക്കിളി ശേഷിപ്പിച്ചതു

    വിട്ടിൽ തിന്നു;

    വിട്ടിൽ ശേഷിപ്പിച്ചതു

    പച്ചപ്പുഴു തിന്നു.

  64. 23 “ ‘നിങ്ങൾ കനാൻദേശത്തുവന്ന് ഏതെങ്കിലും ഇനം ഫലവൃക്ഷം നടുമ്പോൾ അതിന്റെ ഫലം വിലക്കപ്പെട്ടതായി കരുതണം. മൂന്നുവർഷം അതു വിലക്കപ്പെട്ടതായി നിങ്ങൾ കരുതണം, അതു ഭക്ഷിക്കരുത്. 24 നാലാംവർഷം അതിന്റെ ഫലമെല്ലാം യഹോവയ്ക്കു സ്തോത്രാർപ്പണത്തിനായി വിശുദ്ധമായിരിക്കും. 25 എന്നാൽ അഞ്ചാംവർഷം നിങ്ങൾക്ക് അതിന്റെ ഫലം ഭക്ഷിക്കാം. അങ്ങനെ അതിന്റെ അനുഭവം നിങ്ങൾക്കു വർധിച്ചുവരും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

  65. 9 നിന്റെ സമ്പത്തുകൊണ്ട് യഹോവയെ ബഹുമാനിക്കുക

    നിന്റെ എല്ലാ വിളവുകളുടെയും ആദ്യഫലംകൊണ്ടുംതന്നെ;

    10 അപ്പോൾ നിന്റെ ധാന്യപ്പുരകൾ സമൃദ്ധമായി നിറയും

    നിന്റെ ഭരണികൾ പുതുവീഞ്ഞിനാൽ കവിഞ്ഞൊഴുകും.

  66. 4 വെട്ടുക്കിളി തിന്നുന്നതുപോലെ നിന്റെ കവർച്ച ശേഖരിക്കപ്പെടുന്നു;

    വെട്ടുക്കിളിക്കൂട്ടം പറന്നിറങ്ങുന്നതുപോലെ മനുഷ്യർ അതിന്മേൽ ചാടിവീഴുന്നു.

  67. 19 ശ്രദ്ധിക്കുക! എന്റെ ജനത്തിന്റെ നിലവിളി

    ഒരു ദൂരദേശത്തുനിന്നു കേൾക്കുന്നു:

    “യഹോവ സീയോനിൽ ഇല്ലയോ?

    അവളുടെ രാജാവ് അവിടെയില്ലയോ?”

    “അവർ തങ്ങളുടെ വിഗ്രഹങ്ങൾകൊണ്ടും

    അന്യദേശത്തെ മിഥ്യാമൂർത്തികൾകൊണ്ടും എന്നെ കോപിപ്പിച്ചതെന്തിന്?”

    20 “കൊയ്ത്തു കഴിഞ്ഞു,

    ഗ്രീഷ്മകാലവും അവസാനിച്ചു,

    എന്നിട്ടും നാം രക്ഷപ്പെട്ടില്ല.”

  68. 15 നീ വിതയ്ക്കും, പക്ഷേ, കൊയ്യുകയില്ല;

    നീ ഒലിവുചക്കിൽ ആട്ടും, എന്നാൽ എണ്ണ ഉപയോഗിക്കുകയില്ല,

    മുന്തിരിങ്ങ ചവിട്ടും, പക്ഷേ, വീഞ്ഞു കുടിക്കുകയില്ല.

  69. 6 നിങ്ങൾ വളരെയധികം വിതച്ചു, എങ്കിലും അൽപ്പമേ കൊയ്തുള്ളൂ; നിങ്ങൾ ഭക്ഷിച്ചു, പക്ഷേ, മതിയായില്ല. നിങ്ങൾ പാനംചെയ്യുന്നു, എന്നാൽ തൃപ്തിയാകുന്നില്ല. നിങ്ങൾ വസ്ത്രം ധരിക്കുന്നു, എന്നാൽ ചൂടു ലഭിക്കുന്നില്ല. നിങ്ങൾ ശമ്പളം വാങ്ങുന്നു, ഓട്ടയുള്ള പണസഞ്ചിയിൽ ഇടാൻവേണ്ടിമാത്രം ഉപകരിക്കുന്നു.”