75 Bible Verses About Vanity

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Vanity
  1. 1 ജെറുശലേം രാജാവും ദാവീദിന്റെ പുത്രനുമായ സഭാപ്രസംഗിയുടെ വാക്കുകൾ:

    2 “അർഥശൂന്യം! അർഥശൂന്യം!”

    സഭാപ്രസംഗി പറയുന്നു.

    “നിശ്ശേഷം അർഥശൂന്യം!

    സകലതും അർഥശൂന്യമാകുന്നു.”

    3 സൂര്യനുകീഴിൽ അധ്വാനിക്കുന്ന മനുഷ്യൻ

    തന്റെ പ്രയത്നത്തിൽനിന്നും എന്തു നേടുന്നു?

    4 തലമുറകൾ വരുന്നു, തലമുറകൾ പോകുന്നു;

    എന്നാൽ ഭൂമി ശാശ്വതമായി നിലനിൽക്കുന്നു.

    5 സൂര്യൻ ഉദിക്കുകയും സൂര്യൻ അസ്തമിക്കുകയും ചെയ്യുന്നു,

    അത് അതിന്റെ ഉദയസ്ഥാനത്തേക്കു ദ്രുതഗതിയിൽ മടങ്ങിപ്പോകുകയും ചെയ്യുന്നു.

    6 കാറ്റ് തെക്കോട്ട് വീശുന്നു,

    വടക്കോട്ടത് തിരിഞ്ഞുകറങ്ങുന്നു;

    നിരന്തരം തന്റെ ഗതി ആവർത്തിച്ച്

    ചുറ്റിച്ചുറ്റി കറങ്ങുന്നു.

    7 എല്ലാ നീരൊഴുക്കുകളും സമുദ്രത്തിലേക്കൊഴുകുന്നു,

    എന്നിട്ടും സമുദ്രമൊരിക്കലും നിറയുന്നില്ല.

    അരുവികൾ എവിടെനിന്ന് ആരംഭിച്ചുവോ

    അവിടേക്കുതന്നെ അവ പിന്നെയും മടങ്ങിപ്പോകുന്നു.

    8 എല്ലാ വസ്തുതകളും ക്ലേശഭരിതമാണ്,

    അത് ഒരാൾക്ക് വർണിക്കാവുന്നതിലുമധികം.

    കണ്ടിട്ടു കണ്ണിന് മതിവരികയോ

    കേട്ടിട്ടു ചെവിക്ക് തൃപ്തിവരികയോ ചെയ്യുന്നില്ല.

    9 ഒരിക്കൽ ഉണ്ടായിരുന്നതു പിന്നെയും ഉണ്ടാകും,

    മുൻകാലചെയ്തികൾ പിന്നെയും ആവർത്തിക്കും;

    സൂര്യനുകീഴിൽ പുതിയതായി ഒന്നുംതന്നെയില്ല.

    10 ഏതിനെയെങ്കിലും ചൂണ്ടി ആർക്കെങ്കിലും പറയാൻ കഴിയുമോ,

    “നോക്കൂ! ഇതു തികച്ചും പുത്തനായ ഒന്നാണ്?”

    പണ്ടുപണ്ടേ ഇത് ഇവിടെ ഉണ്ടായിരുന്നു;

    നമ്മുടെ കാലത്തിനുമുമ്പുതന്നെ ഇത് ഇവിടെ ഉണ്ടായിരുന്നു.

    11 പോയ തലമുറയെക്കുറിച്ച് ആരും ഓർക്കുന്നില്ല,

    വരാനിരിക്കുന്ന തലമുറയെ,

    അവരുടെ പിന്നാലെ വരുന്നവരും

    സ്മരിക്കുന്നില്ല.

  2. 12 സഭാപ്രസംഗിയായ ഞാൻ ജെറുശലേമിൽ ഇസ്രായേലിന്റെ രാജാവായിരുന്നു. 13 ആകാശത്തിനു കീഴിലുള്ള പ്രയത്നങ്ങളെല്ലാം പഠിക്കുന്നതിനും ജ്ഞാനത്തോടെ അപഗ്രഥിക്കുന്നതിനും ഞാൻ ബദ്ധശ്രദ്ധനായിരുന്നു. മാനവരാശിയുടെമേൽ ദൈവം എത്ര ഭീമയായ ഭാരമാണ് വെച്ചിരിക്കുന്നത്! 14 സൂര്യനുകീഴിൽ നിറവേറ്റപ്പെടുന്ന എല്ലാം ഞാൻ കണ്ടിട്ടുണ്ട്; അവയെല്ലാം അർഥശൂന്യമാണ്; കാറ്റിനുപിന്നാലെയുള്ള ഓട്ടമാണ്.

    15 വളഞ്ഞതിനെ നേരേയാക്കാൻ സാധിക്കുകയില്ല;

    ഇല്ലാത്തത് എണ്ണിത്തിട്ടപ്പെടുത്താനും കഴിയുകയില്ല.

    16 ഞാൻ എന്നോടുതന്നെ പറഞ്ഞു: “നോക്കൂ, എനിക്കുമുമ്പേ ജെറുശലേമിൽ ഭരണം നടത്തിയ മറ്റാരെക്കാളും അധികം ജ്ഞാനത്തിൽ ഞാൻ മുന്നേറിയിരിക്കുന്നു. അവരെക്കാളധികം ജ്ഞാനവും പരിജ്ഞാനവും എന്റെ ഹൃദയം സമ്പാദിച്ചിരിക്കുന്നു.” 17 പിന്നെ ഞാൻ ജ്ഞാനം ഗ്രഹിക്കാൻ ബദ്ധശ്രദ്ധനായി, അതോടൊപ്പം മതിഭ്രമവും ഭോഷത്വവും. എന്നാൽ ഇതും കാറ്റിനുപിന്നാലെയുള്ള ഓട്ടമാണെന്ന് ഞാൻ പഠിച്ചു.

    18 ജ്ഞാനം ഏറുന്നതോടെ ശോകവും ഏറുന്നു;

    പരിജ്ഞാനത്തിന്റെ ആധിക്യം അധികവ്യഥയും നൽകുന്നു.

  3. 1 ഞാൻ എന്നോടുതന്നെ പറഞ്ഞു, “വരിക, എന്താണ് നല്ലത് എന്നത് സുഖലോലുപതകൊണ്ട് ഞാൻ നിന്നെ പരീക്ഷിക്കും.” എന്നാൽ അതും അർഥശൂന്യമെന്നു തെളിഞ്ഞിരിക്കുന്നു. 2 “ചിരി വെറും മതിഭ്രമം; സുഖലോലുപതകൊണ്ട് എന്തുനേട്ടം,” ഞാൻ പറഞ്ഞു. 3 മനുഷ്യർക്ക് അവരുടെ ചുരുങ്ങിയ നാളുകളിൽ ആകാശത്തിനുകീഴിൽ മൂല്യവത്തായുള്ളത് എന്തുണ്ടെന്നു മനസ്സിലാക്കാൻ, എന്റെ മനസ്സ് ജ്ഞാനപൂർവം എന്നെ നയിച്ചുകൊണ്ടിരുന്നു; അപ്പോഴും ഞാൻ വീഞ്ഞിൽ ആഹ്ലാദിക്കാനും ഭോഷത്വം ആലിംഗനം ചെയ്യാനും പരിശ്രമിച്ചു.

    4 ഞാൻ ബൃഹദ് പദ്ധതികൾ ആസൂത്രണംചെയ്തു: ഞാൻ എനിക്ക് അരമനകൾ പണിതു; മുന്തിരിത്തോപ്പുകൾ നട്ടുപിടിപ്പിച്ചു. 5 ഞാൻ തോട്ടങ്ങളും പൂങ്കാവനങ്ങളും നിർമിക്കുകയും അവയിൽ എല്ലാവിധ ഫലവൃക്ഷങ്ങൾ നട്ടുണ്ടാക്കുകയും ചെയ്തു. 6 തഴച്ചുവളരുന്ന വൃക്ഷങ്ങളുടെ തോട്ടങ്ങൾ നനയ്ക്കാൻ ജലാശയങ്ങൾ നിർമിച്ചു. 7 ഞാൻ ദാസീദാസന്മാരെ വിലയ്ക്കുവാങ്ങി. എന്റെ ഭവനത്തിൽ ജനിച്ച മറ്റു ദാസരും എനിക്കുണ്ടായിരുന്നു. ജെറുശലേമിൽ ഉണ്ടായിരുന്ന എന്റെ മുൻഗാമികളിൽ ആരെക്കാളും കൂടുതൽ ആടുമാടുകളുടെ ഒരു വമ്പിച്ചശേഖരം എനിക്കു സ്വന്തമായിരുന്നു. 8 ഞാൻ എനിക്കായി വെള്ളിയും സ്വർണവും സമാഹരിച്ചു. രാജാക്കന്മാരുടെയും പ്രവിശ്യകളുടെയും നിധികളും ഞാൻ ശേഖരിച്ചു. മാനവഹൃദയത്തിന് ആനന്ദംപകരുന്ന എല്ലാറ്റിനെയും—ഗായകന്മാരെയും ഗായികമാരെയും അന്തഃപുരസ്ത്രീകളെയും—ഞാൻ സമ്പാദിച്ചു. 9 എനിക്കുമുമ്പ് ജെറുശലേമിൽ വാണിരുന്ന ആരെക്കാളും ഞാൻ ധനികനായിത്തീർന്നു. ഇവയോടൊപ്പം എന്റെ ജ്ഞാനവും എന്നോടൊപ്പം വസിച്ചു.

    10 എന്റെ കണ്ണുകൾ അഭിലഷിച്ചതൊന്നും ഞാൻ എനിക്ക് വിലക്കിയില്ല;

    എന്റെ ഹൃദയത്തിന് ആനന്ദംനൽകുന്ന യാതൊന്നിനോടും ഞാൻ വിമുഖതകാട്ടിയില്ല.

    എന്റെ എല്ലാ പ്രവൃത്തികളിലും എന്റെ ഹൃദയം ആനന്ദിച്ചു,

    ഇതായിരുന്നു എന്റെ എല്ലാ പ്രയത്നങ്ങളുടെയും പ്രതിഫലം.

    11 എന്നാൽ എന്റെ കരങ്ങൾ ചെയ്ത പ്രവൃത്തികളെല്ലാം;

    ഞാൻ കരഗതമാക്കാൻ പരിശ്രമിച്ചതെല്ലാംതന്നെ പരിശോധിച്ചു.

    സകലതും അർഥശൂന്യമായിരുന്നു, കാറ്റിനുപിന്നാലെയുള്ള ഓട്ടമായിരുന്നു;

    സൂര്യനുകീഴേ ഒന്നും ഞാൻ നേടിയതുമില്ല.

  4. 12 പിന്നീട്, എന്റെ ചിന്താഗതികൾ ജ്ഞാനം വിശകലനം ചെയ്യുന്നതിന് ഞാൻ തിരിച്ചുവിട്ടു,

    മതിഭ്രമവും ഭോഷത്വവും അതിനോടൊപ്പം പരിഗണിച്ചു.

    രാജാവിന്റെ അനന്തരഗാമിക്ക്

    മുൻഗാമികളുടെ ചെയ്തികളെക്കാൾ എന്താണ് അധികമായി ചെയ്യാൻ കഴിയുക?

    13 ഭോഷത്വത്തെക്കാൾ ജ്ഞാനം നല്ലതെന്നു ഞാൻ കണ്ടു,

    പ്രകാശം അന്ധകാരത്തെക്കാൾ നല്ലതായിരിക്കുന്നതുപോലെതന്നെ.

    14 ജ്ഞാനിക്ക് തന്റെ ശിരസ്സിൽ കണ്ണുകളുണ്ട്,

    എന്നാൽ ഭോഷർ അന്ധകാരത്തിൽ നടക്കുന്നു;

    എന്നാൽ വിധി രണ്ടുപേർക്കും ഒന്നുതന്നെയാണ്

    എന്നു ഞാൻ മനസ്സിലാക്കി.

    15 ഞാൻ എന്നോടുതന്നെ പറഞ്ഞു,

    “ഭോഷന്റെ അന്ത്യംതന്നെയാണ് എന്റെയും ഗതി

    എങ്കിൽ ജ്ഞാനം ആർജിച്ചതുകൊണ്ട് എനിക്കെന്തു നേട്ടം?”

    ഞാൻ എന്നോടുതന്നെ പറഞ്ഞു,

    “ഇതും അർഥശൂന്യമത്രേ.”

    16 കാരണം ഭോഷനെക്കുറിച്ചെന്നതുപോലെ, ജ്ഞാനിയെക്കുറിച്ചും ദീർഘകാലസ്മരണകൾ നിലനിൽക്കുകയില്ല;

    ഇരുവരും വിസ്മൃതിയിലാണ്ടുപോകുന്ന കാലം വന്നെത്തിയിരിക്കുന്നു.

    ഭോഷനെപ്പോലെതന്നെ ജ്ഞാനിയും മരണത്തിനു കീഴടങ്ങണം!

    17 സൂര്യനുകീഴേയുള്ള സകലപ്രവൃത്തികളും എനിക്കു വ്യസനഹേതു ആയതുകൊണ്ട് ജീവിതത്തെ ഞാൻ വെറുത്തു. സകലതും അർഥശൂന്യം, കാറ്റിനുപിന്നാലെയുള്ള ഓട്ടംമാത്രം. 18 എന്റെ പിന്നാലെ വരുന്നവർക്കുവേണ്ടി എല്ലാം ഉപേക്ഷിച്ചുപോകണമെന്ന് ഓർത്തപ്പോൾ, സൂര്യനുകീഴിൽ ഞാൻ കഠിനാധ്വാനംചെയ്ത് സമ്പാദിച്ച എല്ലാറ്റിനെയും ഞാൻ വെറുത്തു. 19 പിന്നാലെ വരുന്നവർ ജ്ഞാനികളോ ഭോഷരോ എന്നാരറിഞ്ഞു? എന്തായാലും സൂര്യനുകീഴേ ഞാൻ എന്റെ കഠിനാധ്വാനവും സാമർഥ്യവും അർപ്പിച്ച എല്ലാറ്റിന്റെയും കാര്യനിർവഹണാധികാരം അവരിലേക്കു ചെന്നുചേരുന്നു. ഇതും അർഥശൂന്യമത്രേ. 20 അതുകൊണ്ട് സൂര്യനുകീഴിൽ അത്യധ്വാനംചെയ്ത് ഞാൻ നേടിയതിനെക്കുറിച്ചെല്ലാം എന്റെ ഹൃദയം നിരാശപ്പെടാൻ തുടങ്ങി. 21 ഒരാൾ ജ്ഞാനത്തോടും വിവേകത്തോടും നൈപുണ്യത്തോടും തന്റെ വേല ചെയ്യുന്നു, പിന്നെ തനിക്കവകാശപ്പെട്ടതെല്ലാം അതിനായി ഒരു ചെറുവിരൽപോലും ചലിപ്പിക്കാത്ത മറ്റൊരാൾക്ക് വിട്ടുകൊടുക്കേണ്ടിവരുന്നു. ഇതും അർഥശൂന്യവും കടുത്ത ദൗർഭാഗ്യവുംതന്നെ. 22 സൂര്യനുകീഴേയുള്ള സകലകഠിനപ്രയത്നംകൊണ്ടും ആകുലതകൊണ്ടും മനുഷ്യർക്ക് എന്തു കിട്ടും? 23 എല്ലാ ദിവസവും അവരുടെ വേല വേദനാപൂർണവും ദുഃഖകരവും ആകുന്നു; രാത്രികാലങ്ങളിൽപോലും അവരുടെ മനസ്സിന് വിശ്രമം ലഭിക്കുന്നില്ല. ഇതും അർഥശൂന്യമത്രേ.

    24 ഭക്ഷിക്കുകയും പാനംചെയ്യുകയും തന്റെ പ്രവൃത്തിയിൽ സംതൃപ്തി കണ്ടെത്തുകയും ചെയ്യുന്നതിനെക്കാൾ കൂടുതൽ ഒരു മനുഷ്യന് അഭികാമ്യമായിരിക്കുന്നത് മറ്റെന്താണ്? ഈ ആസ്വാദനങ്ങളും ദൈവകരത്തിൽനിന്നുള്ളതാണെന്ന് ഞാൻ അറിയുന്നു. 25 അവിടത്തെക്കൂടാതെ ഭക്ഷിക്കാനും ആനന്ദം കണ്ടെത്താനും ആർക്കു കഴിയും? 26 അവിടത്തെ പ്രസാദിപ്പിക്കുന്ന മനുഷ്യർക്ക് ദൈവം ജ്ഞാനവും പരിജ്ഞാനവും ആനന്ദവും നൽകുന്നു; എന്നാൽ പാപികൾക്ക്, ദൈവത്തെ പ്രസാദിപ്പിക്കുന്നവർക്കു നൽകുന്നതിനുള്ള ധനം സമ്പാദിക്കുന്നതിനും സ്വരൂപിക്കുന്നതിനുംമാത്രമുള്ള നിയോഗം നൽകുന്നു. ഇതും അർഥശൂന്യം, കാറ്റിനുപിന്നാലെയുള്ള ഓട്ടമാകുന്നു.

  5. 1 പിന്നെയും സൂര്യനുകീഴിൽ നടമാടുന്ന എല്ലാത്തരം പീഡനങ്ങളും ഞാൻ നിരീക്ഷിച്ചിരിക്കുന്നു:

    പീഡിതരുടെ കണ്ണീരു ഞാൻ കണ്ടു—

    അവർക്ക് ആശ്വാസം പകരാൻ ആരുമില്ല;

    പീഡിപ്പിക്കുന്നവർ അതിശക്തരായിരുന്നു—

    പക്ഷേ, പീഡിതർക്ക് ആശ്വാസം പകരാൻ ആരുമില്ല.

    2 അതിനാൽ മരിച്ചുമണ്ണടിഞ്ഞവർതന്നെയാണ്

    ജീവനുള്ളവരെക്കാൾ;

    ഇപ്പോൾ ജീവിച്ചിരിക്കുന്നവരെക്കാൾ സന്തുഷ്ടർ

    എന്ന നിഗമനത്തിൽ ഞാൻ എത്തിച്ചേർന്നു.

    3 എന്നാൽ ഈ രണ്ടുകൂട്ടരിലും ഭേദം

    നാളിതുവരെ ജനിക്കാത്തവരാണ്,

    അവർ സൂര്യനുകീഴേ നടമാടുന്ന ദുഷ്ടത

    കാണാത്തവരാണ്.

    4 ഒരാൾക്ക് തന്റെ അയൽവാസിയോടുള്ള അസൂയയിൽനിന്നാണ് എല്ലാ കഠിനാധ്വാനവും എല്ലാ അഭിവൃദ്ധിയും പൊട്ടിപ്പുറപ്പെടുന്നതെന്നു ഞാൻ മനസ്സിലാക്കി. ഇതും അർഥശൂന്യം, കാറ്റിനുപിന്നാലെയുള്ള ഓട്ടംതന്നെ.

    5 ഭോഷർ കൈയുംകെട്ടിയിരുന്ന്

    തങ്ങളുടെ നാശത്തിനു വഴിയൊരുക്കുന്നു.

    6 കാറ്റിനുപിന്നാലെ ഓടി

    ഇരുകൈകളും നേട്ടങ്ങളാൽ നിറയ്ക്കുന്നതിനെക്കാൾ

    പ്രശാന്തതയോടുകൂടിയ ഒരു കൈക്കുമ്പിൾ നേട്ടമാണ് അധികം നല്ലത്.

    7 സൂര്യനുകീഴേ അർഥശൂന്യമായ ചിലതു പിന്നെയും ഞാൻ കണ്ടു:

    8 ഏകാകിയായ ഒരു പുരുഷൻ,

    അദ്ദേഹത്തിനു മകനോ സഹോദരനോ ആരുംതന്നെ ഉണ്ടായിരുന്നില്ല.

    അദ്ദേഹത്തിന്റെ അധ്വാനത്തിന് അവസാനമില്ലായിരുന്നു.

    എന്നിട്ടും അദ്ദേഹത്തിന്റെ കണ്ണുകൾക്ക് തന്റെ സമ്പത്തുകണ്ടു തൃപ്തിവന്നതുമില്ല.

    “ആർക്കുവേണ്ടിയാണ് ഞാൻ അധ്വാനിക്കുന്നത്,” അദ്ദേഹം ചോദിച്ചു,

    “എന്തിന് ഞാൻ എന്റെ സുഖാനുഭവം ത്യജിക്കുന്നു?”

    ഇതും അർഥശൂന്യം—

    ദൗർഭാഗ്യകരമായ പ്രവൃത്തിതന്നെ!

  6. 7 പ്രകാശം മധുരമാകുന്നു.

    സൂര്യനെ കാണുന്നതു കണ്ണുകൾക്ക് ഇമ്പകരമാകുന്നു.

    8 ഒരു മനുഷ്യൻ ജീവിച്ചിരിക്കുന്നകാലത്തോളം

    അവയെല്ലാം ആസ്വദിക്കട്ടെ.

    എന്നാൽ അന്ധകാരത്തിന്റെ നാളുകൾ അവർ ഓർക്കട്ടെ

    കാരണം അവ ഏറെയാണല്ലോ.

    വരാനുള്ളതെല്ലാം അർഥശൂന്യമാണ്.

    9 യുവാക്കളേ, നിങ്ങളുടെ യുവത്വത്തിൽ സന്തുഷ്ടരായിരിക്കുക.

    യൗവനനാളുകൾ നിങ്ങളുടെ ഹൃദയത്തിന് ആനന്ദം നൽകട്ടെ.

    നിന്റെ ഹൃദയത്തിന്റെ ആലോചനയെയും

    നിന്റെ കണ്ണുകൾ കാണുന്നതിനെയും പിൻതുടരുക.

    എന്നാൽ ഇവയെല്ലാംനിമിത്തം

    ദൈവം നിന്നെ ന്യായവിസ്താരത്തിനു കൊണ്ടുവരുമെന്ന് നീ അറിയുക.

    10 അതിനാൽ നിന്റെ ഹൃദയത്തിൽനിന്ന് ഉത്കണ്ഠ ഉന്മൂലനംചെയ്യുകയും

    നിന്റെ ശരീരത്തിലെ പ്രയാസങ്ങൾ വലിച്ചെറിയുകയുംചെയ്യുക,

    കാരണം യൗവനവും അതിന്റെ ഊർജ്ജസ്വലതയും അർഥശൂന്യമല്ലോ.

  7. 4 “യഹോവേ, എന്റെ ജീവിതാന്ത്യവും

    എന്റെ ആയുർദൈർഘ്യവും എനിക്കു കാട്ടിത്തന്നാലും;

    എന്റെ ജീവിതം എത്ര ക്ഷണഭംഗുരം എന്നു ഞാൻ അറിയട്ടെ.

    5 എന്റെ ദിനങ്ങൾ അവിടന്ന് കേവലം നാലുവിരൽ ദൈർഘ്യം മാത്രമാക്കിയിരിക്കുന്നു;

    എന്റെ ആയുഷ്കാലം തിരുമുമ്പിൽ ഏതുമില്ലാത്തതുപോലെയിരിക്കുന്നു.

    മാനവജീവിതം കേവലമൊരു നിശ്വാസംമാത്രം,

    ഏറ്റവും സുരക്ഷിതരെന്നു കരുതുന്നവർക്കുപോലും. സേലാ.

    6 “മനുഷ്യർ വെറും ഒരു നിഴൽപോലെ സഞ്ചരിക്കുന്നു;

    അവർ വ്യർഥമായി തിടുക്കത്തിൽ ധനം കൂട്ടിവെക്കുന്നു

    ആർ അത് അനുഭവിക്കുമെന്ന് അവർ അറിയുന്നില്ല.

  8. 18 നമുക്കു ലഭിക്കാനിരിക്കുന്ന തേജസ്സിന്റെ മുമ്പിൽ ഇക്കാലത്തെ കഷ്ടതകൾ വളരെ നിസ്സാരം എന്നു ഞാൻ കരുതുന്നു. 19 ദൈവത്തിന്റെമക്കൾ ആരെന്നു പ്രത്യക്ഷമാകുന്നതിനായി സർവസൃഷ്ടിയും അത്യാകാംക്ഷയോടെ കാത്തിരിക്കുകയാണ്. 20-21 സ്വേച്ഛയാലല്ല സൃഷ്ടി ശാപഗ്രസ്തമായിത്തീർന്നിരിക്കുന്നത്; ജീർണതയുടെ അടിമത്തത്തിൽനിന്ന് സൃഷ്ടി വിമുക്തമാക്കപ്പെട്ട് ദൈവമക്കളുടെ തേജോമയമായ സ്വാതന്ത്ര്യത്തിലേക്കു നിശ്ചയമായും ഒരിക്കൽ നയിക്കപ്പെടും എന്നുള്ള പ്രത്യാശ നൽകി അവയെ നൈരാശ്യത്തിന് വിധേയമാക്കിയ ദൈവത്തിന്റെ ഇഷ്ടത്താൽത്തന്നെയാണ്.

    22 സർവസൃഷ്ടിയും ഒന്നുചേർന്ന് ഇന്നുവരെയും പ്രസവവേദനയിലെന്നപോലെ ഞരങ്ങുകയുമാണ് എന്നു നാം അറിയുന്നു. 23 അതുമാത്രമല്ല, പരിശുദ്ധാത്മാവാകുന്ന ആദ്യഫലം ഉള്ളിൽ വസിക്കുന്ന നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പിലൂടെ ദൈവത്തിന്റെ പുത്രത്വം ലഭിക്കും എന്നുള്ള പ്രതീക്ഷയാൽ, നാമും ഉള്ളിൽ ഞരങ്ങുകയാണ്.

  9. 1 യൗവനകാലത്തുതന്നെ

    നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊള്ളുക,

    ദുഷ്കാലങ്ങൾ വരുന്നതിനുമുമ്പ്,

    “ഒന്നിലും എനിക്കൊരു താത്പര്യം തോന്നുന്നില്ല”

    എന്നു നീ പറയുന്ന വർഷങ്ങൾ നിന്നെ സമീപിക്കുകയും ചെയ്യുന്നതിനുമുമ്പ്—

    2 സൂര്യനും വെളിച്ചവും

    ചന്ദ്രനും നക്ഷത്രങ്ങളും ഇരുളുന്നതിനുമുമ്പ്,

    മഴയ്ക്കുശേഷം മേഘങ്ങൾ മടങ്ങിവരുന്നതിനു മുമ്പേതന്നെ—

    3 അന്ന് വീട്ടുകാവൽക്കാർ വിറയ്ക്കും

    ബലിഷ്ഠരായവർ കുനിയും

    അരയ്ക്കുന്നവരുടെ എണ്ണം കുറഞ്ഞുപോയതിനാൽ അവരും ജോലി നിർത്തിവെക്കും

    ജനാലകളിലൂടെ നോക്കുന്നവർ കാഴ്ചയറ്റവരാകും;

    4 തെരുവിലേക്കുള്ള കവാടങ്ങൾ അടയ്ക്കപ്പെടും

    പൊടിക്കുന്ന ശബ്ദം അവ്യക്തമാകും;

    പക്ഷികളുടെ കലപിലശബ്ദത്തിൽ നീ ഉണരും,

    എന്നാൽ അവരുടെയും സംഗീതധ്വനി മന്ദമാകും;

    5 മനുഷ്യർ ഉയരങ്ങളെ ഭയക്കും;

    തെരുവോരങ്ങളിലെ അപകടങ്ങളെയും!

    ബദാംവൃക്ഷം പൂക്കുമ്പോൾ

    വിട്ടിൽ ഇഴഞ്ഞുനടക്കും.

    അഭിലാഷങ്ങൾ ഉണരുകയില്ല.

    അപ്പോൾ മനുഷ്യൻ തന്റെ ശാശ്വതഭവനത്തിലേക്കു പോകും,

    വിലാപക്കാർ തെരുവീഥികളിൽ ചുറ്റിസഞ്ചരിക്കും.

    6 അതേ, നിന്റെ സ്രഷ്ടാവിനെ ഓർക്കുക—വെള്ളിച്ചരട് അറ്റുപോകുംമുമ്പേ,

    സ്വർണക്കിണ്ണം ഉടയുംമുമ്പേതന്നെ;

    ഉറവിങ്കലെ കുടം ഉടയുന്നതിനും

    കിണറ്റിങ്കലെ ചക്രം തകരുന്നതിനും മുമ്പുതന്നെ,

    7 പൂഴി അതു വന്ന മണ്ണിലേക്കും

    ആത്മാവ് അതിന്റെ ധാതാവായ ദൈവത്തിങ്കലേക്കും മടങ്ങുന്നതിനുമുമ്പേതന്നെ.

    8 “അർഥശൂന്യം! അർഥശൂന്യം!” സഭാപ്രസംഗി പറയുന്നു.

    “ഓരോന്നും അർഥശൂന്യമാകുന്നു!”

    9 സഭാപ്രസംഗി ജ്ഞാനിയായിരുന്നു എന്നുമാത്രമല്ല, ജനത്തിന് പരിജ്ഞാനം പകർന്നുനൽകുകയും ചെയ്തു. അദ്ദേഹം ചിന്തിച്ച് നിരീക്ഷിച്ച് അനേകം സുഭാഷിതങ്ങൾ ചമയ്ക്കുകയും ചെയ്തു. 10 സഭാപ്രസംഗി ഉചിത വാക്യങ്ങൾ തേടി, താൻ എഴുതിയതെല്ലാം സത്യസന്ധവും വസ്തുനിഷ്ഠവും ആയിരുന്നു.

    11 ജ്ഞാനിയുടെ വചസ്സുകൾ ഇടയന്മാരുടെ വടിപോലെയും; ജ്ഞാനവചസ്സുകളുടെ ശേഖരം യജമാനന്റെ വടിയിൽ തറച്ചുവെച്ചിരിക്കുന്ന ആണികൾപോലെയും ആകുന്നു—ഇവയെല്ലാം ഒരു ഇടയന്റെ അനുശാസനമാണ്. 12 എന്റെ കുഞ്ഞേ ഇതിനെല്ലാമുപരി, ജാഗ്രതപുലർത്തുക.

    പുസ്തകം ചമയ്ക്കുന്നതിന് അവസാനമില്ല; അധികം പഠനം ശരീരത്തെ തളർത്തുന്നു.

    13 ഇപ്പോൾ എല്ലാം ശ്രവിച്ചുകഴിഞ്ഞല്ലോ;

    ഇതാകുന്നു എല്ലാറ്റിന്റെയും സംഗ്രഹം:

    ദൈവത്തെ ഭയപ്പെട്ട് അവിടത്തെ കൽപ്പനകൾ പ്രമാണിക്കുക,

    ഇതാകുന്നു എല്ലാവർക്കും കരണീയം.

    14 കാരണം ദൈവം, എല്ലാവിധ പ്രവൃത്തികളെയും രഹസ്യമായതുൾപ്പെടെ,

    നല്ലതോ തീയതോ ആയ ഓരോന്നിനെയും

    ന്യായവിസ്താരത്തിലേക്കു നടത്തുമല്ലോ.

  10. 1 സൂര്യനുകീഴേ ഞാൻ മറ്റൊരു തിന്മ കണ്ടു, അതു മനുഷ്യർക്ക് അസഹനീയമായിരുന്നു: 2 ദൈവം ചിലർക്ക് ധനവും സമ്പാദ്യങ്ങളും ബഹുമാനവും നൽകുന്നു; അവർ ആഗ്രഹിക്കുന്നത് അവർക്കു ലഭിക്കാതിരിക്കുന്നതുമില്ല. എന്നാൽ അവ ആസ്വദിക്കുന്നതിനു ദൈവം അവരെ അനുവദിക്കുന്നതുമില്ല, അവർക്കുപകരം അപരിചിതർ അത് ആസ്വദിക്കും. ഇത് അർഥശൂന്യം, കഠിനതിന്മയും ആകുന്നു.

    3 ഒരു മനുഷ്യന് നൂറു മക്കളും ദീർഘായുസ്സും ഉണ്ടാകാം; അയാൾ എത്രകാലം ജീവിക്കുന്നു എന്നതല്ല, അയാൾക്കു തന്റെ ഐശ്വര്യം ആസ്വദിക്കാനാവുകയും ഉചിതമായ ശവസംസ്കാരം ലഭിക്കുകയും ചെയ്യുന്നില്ലെങ്കിൽ ഒരു ചാപിള്ള അയാളെക്കാളും വളരെയേറെ ഭാഗ്യമുള്ളത് എന്നു ഞാൻ പറയുന്നു. 4 അർഥമില്ലാതെ അതു വരുന്നു, ഇരുട്ടിൽ അത് മറയുന്നു, ഇരുട്ടിൽത്തന്നെ അതിന്റെ പേരും മറയ്ക്കപ്പെടുന്നു. 5 അത് ഒരിക്കലും സൂര്യനെ കണ്ടിട്ടില്ലെങ്കിലും ഒന്നും അറിഞ്ഞിട്ടില്ലെങ്കിലും, ആ മനുഷ്യനുള്ളതിനെക്കാൾ വിശ്രമം അതിനുണ്ട്. 6 അയാൾ രണ്ടായിരം വർഷം ജീവിച്ചിരുന്നിട്ടും തന്റെ സമൃദ്ധി ആസ്വദിക്കാൻ കഴിയുന്നില്ലെങ്കിൽ എല്ലാവരും ഒരേ സ്ഥലത്തേക്കല്ലേ പോകുന്നത്?

    7 എല്ലാ മനുഷ്യരുടെയും അധ്വാനം അവരുടെ ഉദരപൂരണത്തിനുവേണ്ടിയാണ്,

    എന്നിട്ടും അവരുടെ ഭക്ഷണേച്ഛയ്ക്കു തൃപ്തിവരുന്നില്ല.

    8 ജ്ഞാനിക്ക് ഭോഷരെക്കാൾ എന്ത് നേട്ടമുണ്ട്?

    അന്യരുടെമുമ്പിൽ പെരുമാറേണ്ടതെങ്ങനെയെന്ന് അറിയുന്നതുകൊണ്ട്

    ദരിദ്രർ എന്തു നേടുന്നു?

    9 അഭിലാഷത്തിന്റെ അലഞ്ഞുതിരിയലിനെക്കാൾ

    കണ്ണിനു കാണുന്നതെന്തോ അതു നല്ലത്.

    ഇതും അർഥശൂന്യം,

    കാറ്റിനുപിന്നാലെയുള്ള ഓട്ടംതന്നെ.

    10 നിലനിൽക്കുന്നതിനെല്ലാം മുമ്പേതന്നെ പേരു നൽകപ്പെട്ടിരിക്കുന്നു,

    മനുഷ്യരാശി എന്തെന്ന് മുമ്പേതന്നെ അറിയപ്പെട്ടുമിരിക്കുന്നു;

    തന്നെക്കാളും ശക്തരായവരോട്

    ഒരു മനുഷ്യനും എതിർത്ത് ജയിക്കാൻ കഴിയുകയില്ല.

    11 വാക്കുകൾ ഏറുമ്പോൾ

    അർഥം കുറയുന്നു,

    അതുകൊണ്ട് ആർക്ക് എന്തു പ്രയോജനം?

    12 നിഴൽപോലെ നീങ്ങിപ്പോകുന്ന ഹ്രസ്വവും അർഥശൂന്യവും ആയ നാളുകൾക്കിടയിൽ ഒരാളുടെ ജീവിതത്തിൽ നല്ലത് ഏതെന്ന് ആരറിയുന്നു? അദ്ദേഹത്തിനുശേഷം സൂര്യനുകീഴേ എന്തു സംഭവിക്കും എന്ന് ആർക്ക് അദ്ദേഹത്തോട് പറയാൻകഴിയും?

  11. 10 പണത്തെ സ്നേഹിക്കുന്നവർക്ക് ഒരിക്കലും മതിയാകുംവരെ പണം ഉണ്ടാകുകയില്ല;

    സമ്പത്തിനെ സ്നേഹിക്കുന്നവർക്ക് അവരുടെ വരുമാനംകൊണ്ട് ഒരിക്കലും തൃപ്തിവരികയുമില്ല.

    ഇതും അർഥശൂന്യം.

  12. 11 മനുഷ്യരെ അവരുടെ പാപംഹേതുവായി അവിടന്ന് ശാസിക്കുകയും ശിക്ഷിക്കുകയുംചെയ്യുന്നു,

    ഒരു പുഴു തിന്നുതീർക്കുമ്പോലെ അവിടന്ന് അവരുടെ സമ്പത്ത് ഇല്ലാതെയാക്കുന്നു—

    നാമെല്ലാവരും ഒരു നിശ്വാസംമാത്രമാകുന്നു, നിശ്ചയം. സേലാ.

  13. 30 വശ്യത വഞ്ചനാപരമാണ്, സൗന്ദര്യം നൈമിഷികവുമാണ്;

    എന്നാൽ യഹോവയെ ഭയപ്പെടുന്ന വനിത പ്രശംസിക്കപ്പെടും.

  14. 17 ആകയാൽ, തങ്ങളുടെ നിരർഥകബുദ്ധിക്ക് അനുസൃതമായി ജീവിക്കുന്ന യെഹൂദേതരരെപ്പോലെ ഇനിമേലാൽ ജീവിക്കരുതെന്ന് ഞാൻ നിങ്ങളോടു കർത്താവിന്റെ നാമത്തിൽ നിർബന്ധിക്കുകയാണ്. 18 അവരുടെ ഹൃദയം കഠിനമായിത്തീർന്നതിനാൽ സംജാതമായ അജ്ഞത, അവരുടെ ഗ്രഹണശക്തി ഇരുളടഞ്ഞതാക്കി, അവരെ ദൈവികജീവനിൽനിന്ന് അകറ്റിയിരിക്കുന്നു.

  15. 3 യഹോവേ, അങ്ങയുടെ ശ്രദ്ധയിൽപ്പെടാൻമാത്രം മർത്യൻ എന്തുള്ളൂ?

    അങ്ങയുടെ പരിഗണനയിൽ വരുന്നതിന് കേവലം മാനവർക്ക് എന്താണർഹത?

    4 മനുഷ്യർ ഒരു ശ്വാസംമാത്രം;

    അവരുടെ ദിനങ്ങൾ ക്ഷണികമായ നിഴൽപോലെ.

  16. 15 യഹോവ അവരുടെ പിതാക്കന്മാർക്ക് നൽകിയ ഉത്തരവുകൾ നിരസിക്കുകയും ഉടമ്പടി ലംഘിക്കുകയും അവിടന്ന് അവർക്കു കൊടുത്ത മുന്നറിയിപ്പുകളും അവഗണിക്കുകയും ചെയ്തു. അവർ വിലകെട്ട മിഥ്യാമൂർത്തികളെ അനുഗമിച്ച് സ്വയം വിലകെട്ടവരായിത്തീർന്നു. “ചുറ്റുമുള്ള രാഷ്ട്രങ്ങൾ ചെയ്യുന്നതുപോലെ നിങ്ങൾ ചെയ്യരുത്,” എന്ന് യഹോവ കൽപ്പിച്ചിരുന്നെങ്കിലും അവർ ചുറ്റുമുള്ള രാഷ്ട്രങ്ങളെ അനുകരിച്ചു; യഹോവ വിലക്കിയിരുന്ന കാര്യങ്ങൾ അവർ ചെയ്തു.

  17. 37 വ്യർഥകാര്യങ്ങളിൽനിന്നും എന്റെ കണ്ണുകളെ തിരിക്കണമേ;

    തിരുവചനത്തിന് അനുസൃതമായി എന്റെ ജീവൻ സംരക്ഷിക്കണമേ.

  18. 11 കുടിലതയിലൂടെ ആർജിച്ച സമ്പത്ത് ക്ഷയിച്ചുപോകും,

    എന്നാൽ കഠിനാധ്വാനത്താൽ നേടുന്നവരുടെ സമ്പത്ത് വർധിച്ചുവരും.

    12 സഫലമാകാൻ വൈകുന്ന പ്രതീക്ഷകൾ ഹൃദയത്തെ രോഗാതുരമാക്കുന്നു,

    എന്നാൽ ചിരകാലാഭിലാഷത്തിന്റെ പൂർത്തീകരണം ജീവന്റെ വൃക്ഷമാണ്.

  19. 5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു,

    “നിങ്ങളുടെ പൂർവികർ എന്നെ വിട്ട് ഇത്രമാത്രം അകന്നുപോകാൻ

    അവർ എന്നിൽ കണ്ട ദോഷം എന്ത്?

    അവർ മിഥ്യാമൂർത്തികളെ പിൻതുടർന്ന്

    സ്വയം കൊള്ളരുതാത്തവരായി തീർന്നിരിക്കുന്നു.

  20. 17 ഈ മനുഷ്യർ ഉണങ്ങിവരണ്ട അരുവികളും കൊടുങ്കാറ്റു പറപ്പിക്കുന്ന മൂടൽമഞ്ഞും ആണ്. കൊടുംതമസ്സ് അവർക്കായി കരുതിവെച്ചിരിക്കുന്നു. 18 കാരണം, തെറ്റായ മാർഗത്തിൽ സഞ്ചരിച്ചവരിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരെ അവർ നിരർഥകങ്ങളായ പൊങ്ങച്ചവാക്കുകളാൽ അധാർമിക ജഡികാസക്തിയിലേക്കു വശീകരിക്കുന്നു. 19 അവർ സ്വയം അധാർമികതയുടെ അടിമകളായിരിക്കെ, മറ്റുള്ളവർക്ക് സ്വാതന്ത്ര്യം വാഗ്ദാനംചെയ്യുന്നു—കാരണം “തങ്ങളെ അടിച്ചമർത്തുന്നവക്ക് മനുഷ്യർ അടിമകളാണ്.” 20 നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനത്താൽ ലോകമാലിന്യങ്ങളിൽനിന്നു രക്ഷപ്പെട്ടവർ വീണ്ടും അതിൽത്തന്നെ കുടുങ്ങി പരാജയപ്പെട്ടുപോയാൽ, അവരുടെ അവസാനത്തെ അവസ്ഥ ആദ്യത്തേതിനെക്കാൾ ശോചനീയമായിരിക്കും. 21 നീതിമാർഗം തിരിച്ചറിഞ്ഞശേഷം തങ്ങൾക്കു ലഭിച്ച വിശുദ്ധകൽപ്പനയിൽനിന്നു പിൻവാങ്ങുന്നതിനെക്കാൾ, അവർ അത് അറിയാതിരിക്കുകയായിരുന്നു നല്ലത്. 22 “നായ അതിന്റെ ഛർദിയിലേക്കു തിരിയുന്നു” എന്നും “കുളിപ്പിച്ചാലും പന്നി പിന്നെയും ചെളിയിൽ ഉരുളുന്നു” എന്നും ഉള്ള പഴഞ്ചൊല്ലുകൾ അവരെ സംബന്ധിച്ച് സത്യമായിത്തീർന്നിരിക്കുന്നു.

  21. 2 അല്ലയോ മനുഷ്യാ, നിങ്ങൾ എത്രനാൾ എന്റെ മഹത്ത്വത്തെ അപമാനിക്കും?

    എത്രനാൾ നിങ്ങൾ വ്യാമോഹത്തെ പ്രണയിച്ച് കാപട്യത്തെ പിൻതുടരും? സേലാ.

  22. 8 ജനങ്ങൾക്കിടയിലെ വിവേകശൂന്യരായ മനുഷ്യാ, കരുതിയിരിക്കുക;

    ഭോഷരേ, നിങ്ങൾക്കിനി എന്നാണ് ജ്ഞാനമുദിക്കുക?

    9 കാതുകൾ വെച്ചുപിടിപ്പിച്ചവൻ കേൾക്കാതിരിക്കുമോ?

    കണ്ണുകൾ രൂപപ്പെടുത്തിയവൻ കാണാതെവരുമോ?

    10 രാഷ്ട്രങ്ങളെ വരുതിയിൽ നിറുത്തിയവൻ ശിക്ഷിക്കാതിരിക്കുമോ?

    മനുഷ്യവംശത്തെ അഭ്യസിപ്പിക്കുന്നവന് പരിജ്ഞാനം കുറവെന്നുവരുമോ?

    11 മനുഷ്യരുടെ വിചാരങ്ങളെല്ലാം യഹോവ അറിയുന്നു;

    അവ വ്യർഥമെന്ന് അവിടന്ന് അറിയുന്നു.

  23. 8 കാപട്യവും വ്യാജവും എന്നിൽനിന്നു ബഹുദൂരം അകറ്റണമേ;

    എനിക്കു ദാരിദ്ര്യമോ സമ്പത്തോ നൽകരുതേ!

    എന്നാൽ അനുദിനാഹാരംമാത്രം നൽകണമേ.

  24. 19 എന്റെ ബലവും എന്റെ കോട്ടയും

    കഷ്ടകാലത്ത് എന്റെ സങ്കേതവുമായ യഹോവേ,

    ഭൂമിയുടെ അറുതികളിൽനിന്ന്

    രാഷ്ട്രങ്ങൾ അങ്ങയുടെ അടുക്കൽവന്ന്,

    “തീർച്ചയായും ഞങ്ങളുടെ പിതാക്കന്മാർ വ്യാജദേവതകളല്ലാതെ മറ്റൊന്നും അവകാശമാക്കിയിരുന്നില്ല,

    നിഷ്‌പ്രയോജനമായിരുന്ന മിഥ്യാമൂർത്തികളെത്തന്നെ, എന്നു പറയും.

  25. 16 എന്റെ ജീവിതത്തെ ഞാൻ വെറുക്കുന്നു; ഞാൻ എന്നേക്കും ജീവിച്ചിരിക്കുകയില്ലല്ലോ.

    എന്നെ വെറുതേവിടുക; എന്റെ ദിവസങ്ങൾ ഒരർഥവും ഇല്ലാത്തതാണല്ലോ.

  26. 7 അവരുടെ വായിൽ ശാപവും വ്യാജവും ഭീഷണിയും നിറഞ്ഞിരിക്കുന്നു;

    അവരുടെ നാവിൻകീഴിൽ ഉപദ്രവവും ദുഷ്ടതയും കുടിപാർക്കുന്നു.

  27. 6 മിഥ്യാമൂർത്തികളെ ഭജിക്കുന്നവരെ ഞാൻ വെറുക്കുന്നു;

    എന്നാൽ ഞാൻ യഹോവയിൽ ആശ്രയിക്കുന്നു.

  28. 16 അവനെ അനുഗമിക്കുന്നവരുടെ നിര അനന്തമായി നീളുന്നു. എന്നാൽ അടുത്ത തലമുറയിലുള്ളവർ അനന്തരഗാമിയായ അദ്ദേഹത്തിൽ സംതൃപ്തരായിരുന്നില്ല. ഇതും അർഥശൂന്യം, കാറ്റിനുപിന്നാലെയുള്ള ഓട്ടംതന്നെ.

  29. 9 വിഗ്രഹത്തെ ഉണ്ടാക്കുന്നവർ എല്ലാവരും കേവലം മൂഢരാണ്,

    അവരുടെ വിലയേറിയ വസ്തുക്കൾ ഒരു വിലയുമില്ലാത്തവതന്നെ.

    അവയ്ക്കുവേണ്ടി സംസാരിക്കുന്നവർ അന്ധരാണ്;

    അവരുടെ അജ്ഞത ലജ്ജാകരമാണ്.

    10 നിഷ്‌പ്രയോജനകരമായ ഒരു ദേവതയെ രൂപപ്പെടുത്തുകയും

    വിഗ്രഹം വാർത്തെടുക്കുകയും ചെയ്യുന്നവർ ആർ?

    11 ഇതാ, അവരുടെ കൂട്ടരെല്ലാം ലജ്ജിതരാക്കപ്പെടുന്നു;

    അതിന്റെ ശില്പിയോ, കേവലം മനുഷ്യരാണ്.

    അവരെല്ലാം ഒരുമിച്ചുകൂടി ഒരു നിലപാട് എടുക്കട്ടെ;

    അവർ ഭയന്നുവിറച്ച് ഒരുപോലെ ലജ്ജിതരായിത്തീരും.

  30. 6 അവരിലൊരാൾ എന്നെ സന്ദർശിക്കാൻ വരുമ്പോൾ,

    ഹൃദയത്തിൽ അപവാദം സംഗ്രഹിക്കുമ്പോൾത്തന്നെ സ്നേഹിതനെപ്പോലെ സംസാരിക്കുന്നു;

    പിന്നീട് അവർ പുറത്തുചെന്ന് നാടുനീളെ അപവാദം പരത്തുന്നു.

  31. 9 ഹീനകുലജന്മം കേവലമൊരു ശ്വാസവും

    ഉന്നതകുലജന്മം കേവലമൊരു മിഥ്യയും ആകുന്നു.

    ഒരു തുലാസിൽ തൂക്കിയാൽ അവരുടെ തട്ട് പൊന്തിപ്പോകും;

    അവരിരുവരും ഒരു ശ്വാസത്തെക്കാൾ ലഘുവാണ്.

  32. 33 അതിനാൽ അവരുടെ ആയുസ്സ് വ്യർഥമായി അവസാനിക്കുന്നതിനും

    അവരുടെ സംവത്സരങ്ങൾ ഭീതിയിലാണ്ടുപോകുന്നതിനും അവിടന്ന് സംഗതിയാക്കി.

  33. 6 വ്യാജനാവുകൊണ്ട് കെട്ടിപ്പൊക്കിയ സൗഭാഗ്യങ്ങളെല്ലാം

    ക്ഷണികമായ നീരാവിയും മരണക്കെണിയുമാണ്.

  34. 13 നീ നിലവിളിക്കുമ്പോൾ

    നിന്റെ വിഗ്രഹങ്ങളുടെ ശേഖരം നിന്നെ രക്ഷിക്കട്ടെ!

    കാറ്റ് അവ എല്ലാറ്റിനെയും തൂത്തെറിയും,

    കേവലം ഒരു ശ്വാസം അവയെ പറപ്പിച്ചുകളയും.

    എന്നാൽ എന്നിൽ ശരണപ്പെടുന്നവൻ

    ദേശം കൈവശമാക്കുകയും

    എന്റെ വിശുദ്ധപർവതത്തെ അവകാശമാക്കുകയും ചെയ്യും.”

  35. 6 ചിലർ ഇവയിൽനിന്നു വ്യതിചലിച്ച്, അർഥരഹിതമായ വാദങ്ങളിൽ ഏർപ്പെടുന്നു. 7 അവർ വേദോപദേഷ്ടാക്കൾ ആകാൻ ആഗ്രഹിക്കുന്നു എങ്കിലും അവർ പറയുന്നതും സ്ഥാപിക്കാൻ ശ്രമിക്കുന്നതുമായ തത്ത്വങ്ങൾ അവർക്കുതന്നെ പൂർണനിശ്ചയമില്ലാത്തവയുമാണ്.

  36. 31 അവർ തങ്ങളെത്തന്നെ വഞ്ചിച്ചുകൊണ്ട് ശൂന്യമായവയിൽ ആശ്രയിക്കാതിരിക്കട്ടെ,

    കാരണം അവരുടെ പ്രതിഫലവും ശൂന്യമായിരിക്കും.

  37. 1 രാഷ്ട്രങ്ങൾ ഗൂഢാലോചന നടത്തുന്നതും

    ജനതകൾ വ്യർഥപദ്ധതികൾ ആവിഷ്കരിക്കുന്നതും എന്തിന്?

  38. 7 പോകുക, നിന്റെ ഭക്ഷണം ആഹ്ലാദത്തോടെ ആസ്വദിക്കുക. നിന്റെ വീഞ്ഞ് ആനന്ദത്തോടെ പാനംചെയ്യുക, കാരണം നിന്റെ പ്രവൃത്തി ദൈവത്തിന് പ്രസാദകരമായിരിക്കുന്നു. 8 എപ്പോഴും വെള്ളവസ്ത്രം ധരിക്കുക, എപ്പോഴും നിന്റെ തലയിൽ തൈലം പുരട്ടുക. 9 ദൈവം സൂര്യനുകീഴിൽ നിനക്കു നൽകിയിട്ടുള്ള ഈ അർഥശൂന്യമായ ജീവിതത്തിന്റെ നാളുകളിലെല്ലാം നീ സ്നേഹിക്കുന്ന നിന്റെ ഭാര്യയോടൊപ്പം അർഥശൂന്യമായ നിന്റെ ജീവിതം ആസ്വദിക്കുക. ഇതാണ് നിന്റെ ജീവിതത്തിനും സൂര്യനുകീഴേയുള്ള നിന്റെ കഠിനാധ്വാനത്തിനുമുള്ള ഓഹരി. 10 നിന്റെ കരം ചെയ്യണമെന്നു കണ്ടെത്തുന്നതെന്തും എല്ലാ കരുത്തോടുംകൂടെ ചെയ്യുക, കാരണം നീ പോകുന്ന ശവക്കുഴിയിൽ പ്രവൃത്തിയോ ആസൂത്രണമോ പരിജ്ഞാനമോ ജ്ഞാനമോ ഇല്ല.

  39. 29 ഇതാ, അവരെല്ലാവരും വ്യാജരാണ്!

    അവരുടെ പ്രവൃത്തികൾ വ്യർഥം;

    അവരുടെ വിഗ്രഹങ്ങൾ കാറ്റും സംഭ്രമവുംതന്നെ.

  40. 18 അനീതികൊണ്ടു സത്യത്തെ അടിച്ചമർത്തുന്ന മനുഷ്യരുടെ സകലവിധ ദുഷ്ടതയ്ക്കും അനീതിക്കും എതിരേ ദൈവത്തിന്റെ ഉഗ്രകോപം സ്വർഗത്തിൽനിന്ന് പ്രകടമായിക്കൊണ്ടിരിക്കുന്നു. 19 യഥാർഥത്തിൽ, ദൈവത്തെക്കുറിച്ച് അറിയാൻ സാധ്യമായത് അവർക്കു വ്യക്തമായിരുന്നു. കാരണം, ദൈവം അത് അവർക്കു പ്രകടമാക്കി നൽകിയിരുന്നു. 20 ഇങ്ങനെ, അവിടന്നു സൃഷ്ടിച്ച സകലത്തിലൂടെയും തന്റെ അനന്തമായ ശക്തി, ദിവ്യസ്വഭാവം എന്നീ അദൃശ്യമായ ഗുണവിശേഷങ്ങൾ ലോകസൃഷ്ടിമുതൽ ഗ്രഹിക്കാൻ കഴിയുമായിരുന്നു. അതുകൊണ്ട് മനുഷ്യനു യാതൊരു ന്യായീകരണവും പറയാൻ സാധ്യമല്ല.

    21 അവർ ദൈവത്തെക്കുറിച്ച് അറിഞ്ഞു എങ്കിലും ദൈവമായി അംഗീകരിച്ച് മഹത്ത്വപ്പെടുത്തുകയോ നന്ദിയുള്ളവരായിരിക്കുകയോ ചെയ്തില്ല; പിന്നെയോ, സ്വന്തം യുക്തിബോധംകൊണ്ട് യാതൊരു പ്രയോജനവും ഇല്ലാതെ അവരുടെ വിവേകശൂന്യമായ ഹൃദയം ഇരുളടഞ്ഞും പോയി. 22 ജ്ഞാനികൾ എന്നു സ്വയം അവകാശപ്പെട്ടുകൊണ്ട് അവർ വെറും മൂഢരായി മാറി. 23 അനശ്വരനായ ദൈവത്തിനു മഹത്ത്വം നൽകേണ്ടതിനു പകരം നശ്വരനായ മനുഷ്യൻ, പക്ഷികൾ, മൃഗങ്ങൾ, ഇഴജന്തുക്കൾ ഇവയുടെ സാദൃശ്യത്തിലുള്ള രൂപങ്ങൾക്ക് അവർ മഹത്ത്വം കൽപ്പിച്ചു.

  41. 8 കായികാഭ്യാസം കുറച്ചുമാത്രം പ്രയോജനമുള്ളതാണ്; എന്നാൽ അതിലും മഹത്തരമാണ് ആത്മികാഭ്യസനം. കാരണം, ഐഹികജീവിതത്തിലും വരാനുള്ള ജീവിതത്തിലും അതുമൂലം പ്രയോജനങ്ങൾ വരുമെന്നുള്ള വാഗ്ദാനമുണ്ടല്ലോ.

  42. 2 നിങ്ങൾ അതിരാവിലെ എഴുന്നേൽക്കുന്നതും

    വൈകി ഉറങ്ങാൻപോകുന്നതും വ്യർഥം,

    ഉപജീവനാർഥം കഠിനാധ്വാനംചെയ്യുന്നതും വൃഥായത്നം.

    കാരണം, യഹോവ തനിക്കു പ്രിയപ്പെട്ടവർക്ക്, അവർ ഉറങ്ങുമ്പോൾത്തന്നെ നൽകുന്നു.

  43. 19 സ്വന്തം കൃഷിയിടത്തിൽ അധ്വാനിക്കുന്നവർക്കു ധാരാളം ആഹാരം ലഭിക്കുന്നു,

    എന്നാൽ ദിവാസ്വപ്നങ്ങളുടെ പിന്നാലെ പായുന്നവർക്കു ദാരിദ്ര്യം കുമിഞ്ഞുകൂടും.

  44. 13 ദൈവത്തിന്റെ പ്രവൃത്തിയെ ഓർക്കുക:

    അവിടന്ന് വളച്ചതിനെ

    നേരേയാക്കാൻ ആർക്കു കഴിയും?

    14 ശുഭകാലത്ത് ആനന്ദിക്കുക;

    അശുഭകാലം വരുമ്പോൾ ചിന്തിക്കുക:

    ഒന്നിനെ സൃഷ്ടിച്ചതുപോലെ

    ദൈവം മറ്റൊന്നിനെയും സൃഷ്ടിച്ചു.

    അതുകൊണ്ട് ഒരു മനുഷ്യനും തന്റെ ഭാവിയെക്കുറിച്ച്

    ഒന്നുംതന്നെ കണ്ടെത്താനാകുകയില്ല.

    15 എന്റെ ഈ അർഥശൂന്യജീവിതത്തിൽ ഞാൻ ഇവ രണ്ടും കണ്ടു:

    നീതിനിഷ്ഠർ തങ്ങളുടെ നീതിയിൽ നശിക്കുന്നു,

    ദുഷ്ടർ തങ്ങളുടെ ദുഷ്ടതയിൽ ദീർഘകാലം വസിക്കുന്നു.

  45. 10 വിശുദ്ധസ്ഥലത്തു മുടങ്ങാതെ വന്നുപോകുകയും അവർ അധികാരം നടത്തിയ നഗരത്തിൽനിന്ന് പുകഴ്ച കവർന്നെടുക്കുകയും ചെയ്ത ദുഷ്ടർ ബഹുമതികളോടെ അടക്കപ്പെടുന്നതും ഞാൻ കണ്ടു. ഇതും അർഥശൂന്യം!

    11 കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ വേഗം നടപ്പിലാക്കാതിരിക്കുമ്പോൾ, തെറ്റു ചെയ്യുന്നതിനുള്ള ആലോചനകൾകൊണ്ടു മനുഷ്യരുടെ ഹൃദയം നിറയും. 12 നൂറു കുറ്റം ചെയ്ത ദുഷ്ടർ ദീർഘകാലം ജീവിച്ചിരിക്കുമെങ്കിലും ദൈവസന്നിധിയിൽ ഭക്തിപൂർവം ദൈവത്തെ ഭയപ്പെടുന്ന മനുഷ്യർ അവരിലും ശ്രേഷ്ഠരായിത്തീരുമെന്ന് എനിക്കറിയാം. 13 ദുഷ്ടർ ദൈവത്തെ ഭയപ്പെടാത്തതുകൊണ്ട് അവർക്ക് അഭിവൃദ്ധിയുണ്ടാകുകയില്ല, വൈകുന്നേരങ്ങളിലെ നിഴൽപോലെ അവരുടെ നാളുകൾ ദീർഘമാകുകയുമില്ല.

    14 അർഥശൂന്യമായ മറ്റുചിലതും ഭൂമിയിൽ നടക്കുന്നുണ്ട്: ദുഷ്ടർക്ക് അർഹതപ്പെട്ടതു നീതിനിഷ്ഠർക്കു ലഭിക്കുന്നു, നീതിനിഷ്ഠർക്ക് അർഹതപ്പെട്ടതു ദുഷ്ടർക്കും ലഭിക്കുന്നു. ഇതും അർഥശൂന്യമെന്നു ഞാൻ പറയുന്നു. 15 അതുകൊണ്ട് ജീവിതം ആസ്വദിക്കുക അതാണ് എന്റെ നിർദേശം; ഭക്ഷിക്കുക, പാനംചെയ്യുക, ആനന്ദിക്കുക എന്നതിനെക്കാൾ ശ്രേഷ്ഠമായ മറ്റൊന്നും സൂര്യനുകീഴിൽ മനുഷ്യന് ഇല്ലല്ലോ. അപ്പോൾ സൂര്യനുകീഴിൽ ദൈവം മനുഷ്യനു നൽകിയിരിക്കുന്ന ജീവിതനാളുകളിലെല്ലാം അയാളുടെ കഠിനാധ്വാനത്തിൽ ഈ ആത്മസംതൃപ്തി അദ്ദേഹത്തോടൊപ്പം ഉണ്ടാകും.

    16 ജ്ഞാനം അറിയുന്നതിനും ഭൂമിയിലെ മനുഷ്യരുടെ പ്രയത്നം നിരീക്ഷിക്കുന്നതിനുമായി ഞാൻ മനസ്സുവെച്ചപ്പോൾ—മനുഷ്യന്റെ കണ്ണുകൾ രാത്രിയും പകലും ഉറക്കമറിയുന്നില്ല— 17 ദൈവം ചെയ്ത സകലപ്രവൃത്തികളും ഞാൻ കണ്ടു. സൂര്യനുകീഴേ നടക്കുന്നതു പൂർണമായി ഗ്രഹിക്കാൻ ആർക്കും കഴിയുകയില്ല. എല്ലാം കണ്ടെത്താൻ മനുഷ്യർ യത്നിക്കുന്നുണ്ടെങ്കിലും അവർക്ക് അതിന്റെ അർഥം കണ്ടെത്താൻ കഴിയുന്നില്ല. ജ്ഞാനി തനിക്കെല്ലാമറിയാം എന്ന് അവകാശപ്പെട്ടാലും, അവർക്കത് യഥാർഥത്തിൽ ഗ്രഹിക്കാൻ കഴിയുകയില്ല.

  46. 13 അവർ ഗോതമ്പു വിതയ്ക്കും, എന്നാൽ മുള്ളുകൾ കൊയ്തെടുക്കും;

    അവർ അത്യധ്വാനംചെയ്യും, എന്നാൽ ഒന്നും നേടുകയില്ല.

    യഹോവയുടെ ഉഗ്രകോപംനിമിത്തം

    അവർ തങ്ങളുടെ വിളവിനെപ്പറ്റി ലജ്ജിക്കും.”

  47. 20 “ജ്ഞാനികളുടെ ചിന്തകൾ വ്യർഥമെന്ന് കർത്താവ് അറിയുന്നു” എന്നും എഴുതിയിരിക്കുന്നല്ലോ.

  48. 3 എന്റെ സമ്പത്തെല്ലാം ഞാൻ ദാനംചെയ്താലും അഭിമാനപൂർവം എന്റെ ശരീരം ദഹിപ്പിച്ചാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നും നേടുന്നില്ല.

  49. 20 തിമോത്തിയോസേ, നിന്നെ ഭരമേൽപ്പിച്ചിട്ടുള്ളത് നീ പരിരക്ഷിക്കുക. ദൈവഭക്തിക്ക് അനുസൃതമല്ലാത്ത വ്യർഥഭാഷണത്തിൽനിന്നും വിജ്ഞാനം എന്നു ദ്യോതിപ്പിക്കുന്ന ആശയവൈരുധ്യങ്ങളിൽനിന്നും ഒഴിഞ്ഞു നിൽക്കുക. 21 ചിലർ ഇത് അനുകരിച്ചതിനാൽ വിശ്വാസത്തിൽനിന്നു വ്യതിചലിക്കാൻ കാരണമായിത്തീർന്നു.

    കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

  50. 14 നിഷ്‌പ്രയോജനവും ശ്രോതാക്കൾക്ക് നാശം വിതയ്ക്കുന്നതുമായ വാഗ്വാദങ്ങളിൽ ഏർപ്പെടരുതെന്ന് ദൈവസന്നിധിയിൽ നീ അവരെ അനുസ്മരിപ്പിച്ച് കർശനമായി ഉദ്ബോധിപ്പിക്കുക. 15 “ലജ്ജിക്കാൻ ഇടവരാത്തവനും സത്യവചനം നേരായി വിഭജിക്കുന്നവനും” എന്ന ദൈവിക അംഗീകാരം ലഭിച്ച ഒരു പ്രവർത്തകനായി തിരുസന്നിധിയിൽ നിന്നെത്തന്നെ സമർപ്പിക്കാൻ യത്നിക്കുക. 16 ഭക്തിവിരുദ്ധമായ വ്യർഥഭാഷണം വർജിക്കുക; അവ നമ്മെ അധികം ഭക്തിരാഹിത്യത്തിലേക്കു നയിക്കുകയേയുള്ളു. 17 ഇത്തരം ഭാഷണം കാർന്നുതിന്നുന്ന വ്രണംപോലെ വ്യാപിച്ചുകൊണ്ടിരിക്കും. ഹുമനയൊസും ഫിലേത്തോസും ഇത്തരക്കാരാണ്. 18 അവർ സത്യത്തിൽനിന്ന് വ്യതിചലിച്ചിരിക്കുന്നു; “പുനരുത്ഥാനം കഴിഞ്ഞു” എന്നു പറഞ്ഞ് അവർ ചിലരുടെ വിശ്വാസം തകിടംമറിക്കുന്നു. 19 എന്നാൽ, “കർത്താവ് തനിക്കുള്ളവരെ അറിയുന്നു” എന്നും “കർത്താവിനെ സ്വീകരിച്ചവരെല്ലാം അധർമത്തിൽനിന്ന് അകന്നുകൊള്ളണം” എന്നും മുദ്രണം ചെയ്തിരിക്കുന്ന സുസ്ഥിരമായ ദൈവിക അടിസ്ഥാനം അചഞ്ചലംതന്നെ.

    20 ഒരു വലിയ ഭവനത്തിൽ സ്വർണവും വെള്ളിയുംകൊണ്ടുള്ള പാത്രങ്ങൾമാത്രമല്ല മരവും കളിമണ്ണുംകൊണ്ടുള്ളവയും ഉണ്ടായിരിക്കും; ചില പാത്രങ്ങൾ സവിശേഷമായ ഉപയോഗത്തിനും വേറെ ചിലതു സാമാന്യമായ ഉപയോഗത്തിനും. 21 സാമാന്യമായ ഉപയോഗത്തിൽനിന്ന് സ്വയം ശുദ്ധീകരിക്കുന്നയാൾ സവിശേഷമായ ഉപയോഗങ്ങൾക്കുള്ള പാത്രമായി സമർപ്പിതമായി, സകലസൽപ്രവൃത്തികൾക്കും സജ്ജമായി യജമാനന് പ്രയോജനമുള്ള ആളായിത്തീരും.

    22 യുവസഹജമായ ആസക്തികൾ വിട്ട് പലായനംചെയ്യുക. നിർമലഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടുംചേർന്ന് ധാർമികത, വിശ്വാസം, സ്നേഹം, സമാധാനം എന്നിവ അനുഗമിക്കുക. 23 മൗഢ്യവും ബാലിശവുമായ വാദപ്രതിവാദങ്ങൾ സംഘട്ടനങ്ങൾക്ക് വഴിതെളിക്കും എന്നറിഞ്ഞ് അവ ഉപേക്ഷിക്കുക. 24 കർത്താവിന്റെ ദാസൻ സംഘട്ടനങ്ങളിൽ ഏർപ്പെടാതെ എല്ലാവരോടും സൗമ്യമായി പെരുമാറുന്നവനും അധ്യാപനത്തിൽ നൈപുണ്യമുള്ളവനും ക്ഷമാശീലനും ആയിരിക്കണം. 25 ശത്രുക്കൾക്ക് സത്യം സുവ്യക്തമാകുംവിധം ദൈവം അവർക്ക് മാനസാന്തരം നൽകിയേക്കാം എന്ന പ്രതീക്ഷയോടെ, സൗമ്യമായി ബുദ്ധി ഉപദേശിക്കേണ്ടതാണ്. 26 തൽഫലമായി, പിശാച് തന്റെ ഇഷ്ടം നിറവേറ്റാൻ അടിമകളാക്കി വെച്ചിട്ടുള്ളവർ, അവന്റെ കെണിയിൽനിന്ന് സ്വതന്ത്രരായി സുബോധത്തിലേക്ക് മടങ്ങിവരും.

  51. 9 നേരേമറിച്ച്, അർഥശൂന്യമായ തർക്കങ്ങൾ, കുടുംബശ്രേഷ്ഠതയെപ്പറ്റിയുള്ള സംസാരം, ലഹളകൾ, ന്യായപ്രമാണസംബന്ധമായ തർക്കവിതർക്കങ്ങൾ എന്നിവയിൽനിന്നു പിന്മാറുക. ഇവ വ്യർഥവും നിഷ്ഫലവുമാണ്. 10 അന്തഃഛിദ്രം ഉണ്ടാക്കുന്ന വ്യക്തിയെ ഒന്നുരണ്ടുതവണ ഗുണദോഷിച്ചശേഷം ഒഴിവാക്കുക. 11 വഴിതെറ്റിക്കുന്നവനും പാപത്തിൽ ആണ്ടുപോയവനും എന്ന് അയാൾ സ്വയം വിധിച്ചിരിക്കുന്നതായി നിനക്കറിയാമല്ലോ.

  52. 13 ആകയാൽ നിങ്ങൾ അചഞ്ചലചിത്തരായി, പൂർണസുബോധത്തോടെ, യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന കൃപയിൽ നിങ്ങളുടെ പ്രത്യാശ ഉറപ്പിക്കുക. 14 നിങ്ങൾ അജ്ഞതയിൽ ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന ദുഷ്ടമോഹങ്ങൾക്ക് അനുരൂപമാകാതെ നിങ്ങൾ അനുസരണയുള്ള മക്കളായിത്തീരുക. 15 നിങ്ങളെ തെരഞ്ഞെടുത്ത ദൈവം വിശുദ്ധനാകുകയാൽ, നിങ്ങളും സകലപ്രവൃത്തികളിലും വിശുദ്ധിയുള്ളവരാകുക. 16 “ഞാൻ വിശുദ്ധൻ ആകുകയാൽ നിങ്ങളും വിശുദ്ധർ ആയിരിക്കുക” എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.

    17 ഓരോരുത്തരുടെയും പ്രവൃത്തികൾക്ക് അനുസൃതമായി, പക്ഷഭേദംകൂടാതെ ന്യായംവിധിക്കുന്ന ദൈവത്തെ നിങ്ങൾ പിതാവെന്ന് വിളിക്കുന്നു. അതിനാൽ ഭൂമിയിലെ നിങ്ങളുടെ പ്രവാസജീവിതം ഭയഭക്തിയോടെ ആയിരിക്കട്ടെ. 18 നിങ്ങളുടെ പൂർവികരിൽനിന്നു സ്വായത്തമാക്കിയ അർഥശൂന്യമായ പാരമ്പര്യത്തിൽനിന്നു നിങ്ങളുടെ വിമോചനം സാധിച്ചത് സ്വർണം, വെള്ളി മുതലായ നശ്വരമായ വസ്തുക്കൾകൊണ്ടല്ല, 19 പിന്നെയോ, നിർമലവും കളങ്കരഹിതവുമായ ക്രിസ്തു എന്ന കുഞ്ഞാടിന്റെ അമൂല്യരക്തത്താൽ ആണ്. 20 ലോകാരംഭത്തിനു മുമ്പുതന്നെ നിങ്ങളുടെ വീണ്ടെടുപ്പുവിലയാകാൻ ദൈവം ക്രിസ്തുവിനെ തെരഞ്ഞെടുത്തിരുന്നു. എങ്കിലും ഈ അന്തിമദിനങ്ങളിലാണ് ദൈവം ക്രിസ്തുവിനെ നിങ്ങൾക്കുവേണ്ടി പ്രത്യക്ഷനാക്കിയത്. 21 ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുകയും തേജസ്കരിക്കുകയുംചെയ്ത ദൈവത്തിൽ, ക്രിസ്തു മുഖാന്തരം നിങ്ങൾ വിശ്വസിക്കുന്നു. അങ്ങനെ നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ ആയിരിക്കുകയും ചെയ്യുന്നു.

    22 നിങ്ങൾ സത്യം അനുസരിച്ചതിലൂടെ നിങ്ങൾക്ക് വിശുദ്ധീകരണം ലഭിച്ചു; അത് നിഷ്കപടമായ സഹോദരസ്നേഹത്തിനുവേണ്ടിയാണ്, അതുകൊണ്ട് നിങ്ങൾ ഹൃദയശുദ്ധിയോടെ പരസ്പരം ഗാഢമായി സ്നേഹിക്കുക. 23 നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നത് നശ്വരബീജത്താലല്ല; അനശ്വരവും ജീവനുള്ളതും ശാശ്വതവുമായ ദൈവവചനത്താൽത്തന്നെ.

    24 “എല്ലാ മാനവരും തൃണസമാനരും,

    അവരുടെ സർവമഹിമയും വയലിലെ പൂപോലെയും!

    പുല്ലു വാടുന്നു, പൂക്കൾ കൊഴിയുന്നു;

    25 കർത്താവിന്റെ വചനമോ ചിരകാലത്തേക്കുമുള്ളത്.”

    ആ തിരുവചനംതന്നെയാണ് ഞങ്ങൾ നിങ്ങളോട് അറിയിച്ച സുവിശേഷം.

  53. 15 ലോകത്തെയോ ലോകത്തിലുള്ള ഏതിനെയെങ്കിലുമോ സ്നേഹിക്കരുത്. ഒരാൾ ലോകത്തെ സ്നേഹിക്കുന്നെങ്കിൽ പിതാവിന്റെ സ്നേഹം അയാളിൽ ഇല്ല. 16 കാരണം ലോകത്തിലുള്ള സകലതും—ജഡികാസക്തി, കൺമോഹം, ജീവനത്തിന്റെ അഹന്ത എന്നിവയെല്ലാംതന്നെ—പിതാവിൽനിന്നല്ല, ലോകത്തിൽനിന്നാണ്. 17 ലോകവും അതിനോടുകൂടെയുള്ള മോഹങ്ങളും നീങ്ങിപ്പോകുന്നു; എന്നാൽ ദൈവഹിതം ചെയ്യുന്നവർ സദാകാലം നിലനിൽക്കുന്നു.

  54. 11 ശത്രുക്കൾക്കുമുമ്പിൽ ഞങ്ങളെ സഹായിക്കണമേ,

    മനുഷ്യന്റെ സഹായം യാതൊരു പ്രയോജനവുമില്ലാത്തതാണല്ലോ.

  55. 11 സ്വന്തം കൃഷിയിടത്തിൽ അധ്വാനിക്കുന്നവർക്കു ധാരാളം ആഹാരം ലഭിക്കുന്നു,

    എന്നാൽ ദിവാസ്വപ്നങ്ങളുടെ പിന്നാലെ പായുന്നവർ ബുദ്ധിഹീനരാണ്.

  56. 16 സൂര്യനുകീഴിൽ ഇതരകാര്യങ്ങളും എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്:

    ന്യായത്തീർപ്പിന്റെ സ്ഥലത്ത് അന്യായം അരങ്ങേറുന്നു;

    നീതിയുടെ സ്ഥാനത്ത് നീതികേടും.

    17 ഞാൻ എന്നോടുതന്നെ പറഞ്ഞു,

    “ദൈവം നീതിനിഷ്ഠരെയും ദുഷ്ടരെയും

    ഒരുപോലെ ന്യായവിധിക്കു കൊണ്ടുവരുന്നു,

    കാരണം എല്ലാ പ്രവൃത്തികൾക്കും ഒരു സമയമുണ്ട്,

    ഏതു പ്രവൃത്തിയെയും വിധിക്കുന്ന ഒരു നിശ്ചിതകാലവുമുണ്ട്.”

    18 ഞാൻ പിന്നെയും എന്നോടുതന്നെ പറഞ്ഞു, “മനുഷ്യരെ സംബന്ധിച്ചിടത്തോളം, അവർ മൃഗത്തിനു തുല്യരെന്ന് അവരെത്തന്നെ ബോധ്യപ്പെടുത്തേണ്ടതിന് ദൈവം അവരെ പരീക്ഷിക്കുന്നു. 19 മനുഷ്യന്റെ വിധി മൃഗങ്ങൾക്കുള്ളതുപോലെതന്നെ; ഇരുകൂട്ടർക്കും ഒരേവിധിതന്നെ കാത്തിരിക്കുന്നു: മനുഷ്യൻ മരിക്കുന്നതുപോലെ മൃഗവും മരിക്കുന്നു. എല്ലാറ്റിനും ശ്വാസവും ഒന്നുതന്നെ. അതുകൊണ്ട് മനുഷ്യനു മൃഗത്തെക്കാൾ യാതൊരു ശ്രേഷ്ഠതയുമില്ല. എല്ലാം അർഥശൂന്യം. 20 എല്ലാം ഒരിടത്തേക്കു പോകുന്നു; എല്ലാം പൊടിയിൽനിന്നു വരുന്നു, പൊടിയിലേക്കുതന്നെ മടങ്ങുന്നു. 21 മനുഷ്യന്റെ ആത്മാവ് ഉന്നതങ്ങളിലേക്കാണോ പോകുന്നത്? മൃഗത്തിന്റെ ആത്മാവ് ഭൂമിയുടെ അധോഭാഗങ്ങളിലേക്കാണോ നിപതിക്കുന്നത്? ആർക്കാണ് അറിവുള്ളത്?”

    22 അതുകൊണ്ട്, തന്റെ പ്രവൃത്തിയിൽ ആനന്ദിക്കുന്നതിനെക്കാൾ ശ്രേഷ്ഠമായതൊന്നും മനുഷ്യനില്ലെന്നു ഞാൻ കണ്ടു. കാരണം അതുതന്നെയാണ് ആ മനുഷ്യന്റെ ഓഹരി. തന്റെ വിയോഗത്തിനുശേഷം എന്തു സംഭവിക്കും എന്നു കാണാൻ ആർക്ക് അയാളെ മടക്കിവരുത്താനാകും?

  57. 6 കലത്തിനു ചുവട്ടിലെ തീയിൽ മുള്ളുകൾ എരിഞ്ഞുപൊട്ടുന്നതെങ്ങനെയോ,

    അങ്ങനെയാകുന്നു ഭോഷരുടെ ചിരി.

    ഇതും അർഥശൂന്യം.

  58. 13 വ്യർഥമായ യാഗങ്ങൾ ഇനി നിങ്ങൾ അർപ്പിക്കരുത്!

    നിങ്ങളുടെ ധൂപവർഗം എനിക്കു വെറുപ്പുളവാക്കുന്നു.

    അമാവാസിയും ശബ്ബത്തും സഭായോഗം കൂടുന്നതും—

    നിങ്ങളുടെ ദുഷ്ടതനിറഞ്ഞ സഭായോഗങ്ങൾ—എനിക്ക് അസഹ്യമാണ്.

  59. 32 “അതേ, വ്യാജസ്വപ്നങ്ങൾ പ്രവചനമായി പറയുന്നവരെ ഞാൻ എതിർക്കും. ഞാൻ അയയ്ക്കുകയോ നിയോഗിക്കുകയോ ചെയ്യാതെ, അവരുടെ നിയന്ത്രണമില്ലാത്ത വ്യാജത്താൽ എന്റെ ജനത്തെ വഴിതെറ്റിക്കുന്നവരെ എതിർക്കുകതന്നെ ചെയ്യും. ഇത്തരം പ്രവാചകന്മാരെക്കൊണ്ട് ജനത്തിന് യാതൊരു പ്രയോജനവുമില്ല,” എന്ന് യഹോവയുടെ അരുളപ്പാട്.

  60. 13 “നിങ്ങൾ എനിക്കെതിരേ മോശമായ കാര്യങ്ങൾ സംസാരിക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

    “എന്നിട്ടും നിങ്ങൾ, ‘എന്താണ് ഞങ്ങൾ അങ്ങേക്കെതിരേ പറഞ്ഞത്?’ എന്നു ചോദിക്കുന്നു.

    14 “ ‘ദൈവത്തെ സേവിക്കുന്നത് വ്യർഥമാണ്. സൈന്യങ്ങളുടെ യഹോവയുടെ കാര്യം അന്വേഷിച്ച്, അവിടത്തെ മുമ്പാകെ ദുഃഖാചരണം നടത്തുന്നവരെപ്പോലെ നടക്കുന്നതുകൊണ്ട് എന്തു പ്രയോജനം?’ എന്നു നിങ്ങൾ പറഞ്ഞു. 15 ‘എന്നാൽ ഇപ്പോൾ അഹങ്കാരികളെ ഞങ്ങൾ അനുഗൃഹീതർ എന്നു വിളിക്കുന്നു. ദുഷ്കർമികൾ അഭിവൃദ്ധിപ്രാപിക്കുന്നു; മാത്രമല്ല, അവർ ദൈവത്തെ വെല്ലുവിളിച്ചാലും ശിക്ഷിക്കപ്പെടാതെ പോകുകയും ചെയ്യുന്നു,’ എന്നു നിങ്ങൾ പറയുന്നു.”

    16 എന്നാൽ, യഹോവാഭക്തർ പരസ്പരം സംസാരിച്ചു, യഹോവ ശ്രദ്ധയോടെ കേട്ടു. യഹോവയെ ഭയപ്പെടുന്നവർക്കും അവിടത്തെ നാമം ബഹുമാനിക്കുന്നവർക്കുംവേണ്ടി അവിടത്തെ സന്നിധിയിൽ ഒരു സ്മരണയുടെ ചുരുൾ എഴുതിവെച്ചിരിക്കുന്നു.

    17 സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു: “ഞാൻ ഉണ്ടാക്കാനുള്ള ദിവസത്തിൽ അവർ എനിക്ക് ഒരു അവകാശനിക്ഷേപമായിരിക്കും. പിതാവ് തനിക്കു ശുശ്രൂഷചെയ്യുന്ന പുത്രനെ കരുണയോടെ സംരക്ഷിക്കുന്നതുപോലെ ഞാൻ അവരെ സംരക്ഷിക്കും. 18 അപ്പോൾ നീതിനിഷ്ഠരും ദുഷ്ടരും തമ്മിലും ദൈവത്തെ സേവിക്കുന്നവരും സേവിക്കാത്തവരും തമ്മിലുമുള്ള വ്യത്യാസം നിങ്ങൾ വീണ്ടും കാണും.

  61. 7 നിങ്ങൾ പ്രാർഥിക്കുമ്പോൾ യെഹൂദേതരരെപ്പോലെ വൃഥാജൽപ്പനം ചെയ്യരുത്. അതിഭാഷണത്താൽ പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കും എന്നാണ് അവർ കരുതുന്നത്.

  62. 23 ജയിൽമോചിതരായശേഷം പത്രോസും യോഹന്നാനും സ്നേഹിതരുടെ അടുക്കൽ മടങ്ങിച്ചെന്ന് പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും തങ്ങളോടു പറഞ്ഞതെല്ലാം വിശ്വാസസമൂഹത്തെ അറിയിച്ചു. 24 അതു കേട്ടപ്പോൾ അവർ ഏകമനസ്സോടെ ഉച്ചസ്വരത്തിൽ ദൈവത്തോടു പ്രാർഥിച്ചു: “ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ച നാഥാ, 25 ഞങ്ങളുടെ പിതാവും അവിടത്തെ ദാസനുമായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിലൂടെ അങ്ങ് ഇങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ:

    “ ‘രാഷ്ട്രങ്ങൾ രോഷാകുലരായിത്തീരുന്നതും

    ജനതകൾ വ്യർഥപദ്ധതികൾ ആവിഷ്കരിക്കുന്നതും എന്തിന്?

    26 കർത്താവിനും

    അവിടത്തെ അഭിഷിക്തനും വിരോധമായി

    ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുകയും

    ഭരണാധിപന്മാർ ഒന്നിച്ചണിനിരക്കുകയും ചെയ്യുന്നു.’

    27 അങ്ങ് അഭിഷേകം ചെയ്ത അവിടത്തെ പരിശുദ്ധദാസനായ യേശുവിനു വിരോധമായി ഹെരോദാവും പൊന്തിയോസ് പീലാത്തോസും, ഇസ്രായേൽജനതയുടെയും മറ്റുജനങ്ങളുടെയും ഒപ്പം ഈ നഗരത്തിൽ ഒരുമിച്ചുകൂടി, 28 സംഭവിക്കേണമെന്ന് അവിടത്തെ ശക്തിയും ഇച്ഛയും മുൻകൂട്ടി തീരുമാനിച്ചതൊക്കെയും ചെയ്തിരിക്കുന്നു. 29 ഇപ്പോൾ കർത്താവേ, അവരുടെ ഭീഷണികൾ ശ്രദ്ധിക്കണമേ. അങ്ങയുടെ വചനം പൂർണധൈര്യത്തോടെ പ്രസ്താവിക്കാൻ അവിടത്തെ ദാസരെ ബലപ്പെടുത്തണമേ. 30 അവിടത്തെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്തിൽ സൗഖ്യം വരുത്താനും ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കാനും അവിടന്ന് കൈ നീട്ടണമേ.”

    31 ഇങ്ങനെ പ്രാർഥിച്ചപ്പോൾ അവർ ഒരുമിച്ചുകൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി ധൈര്യസമേതം ദൈവവചനം പ്രസ്താവിക്കാൻ തുടങ്ങി.

  63. 1 സഹോദരങ്ങളേ, ദൈവം നമ്മോടു കാട്ടിയ കരുണ അനുസ്മരിപ്പിച്ചുകൊണ്ട് ഞാൻ പ്രബോധിപ്പിക്കുന്നത്: പവിത്രവും ദൈവത്തിനു പ്രസാദകരവുമായ സജീവയാഗമായി നിങ്ങളുടെ ശരീരങ്ങളെ സമർപ്പിക്കുക; ഇതാണ് നിങ്ങളുടെ ഉചിതമായ സത്യാരാധന. 2 ഈ കാലഘട്ടത്തിന്റെ രീതികളോട് അനുരൂപപ്പെടരുത്; മറിച്ച്, ചിന്താരീതിക്കു സമൂലനവീകരണം വരുത്തി നിങ്ങൾ രൂപാന്തരപ്പെടുക. അങ്ങനെ സദ്ഗുണസമ്പന്നവും സ്വീകാര്യവും സമ്പൂർണവുമായ ദൈവഹിതമെന്തെന്നു നിങ്ങൾക്കു സ്പഷ്ടമാകും.

  64. 9 വിവിധതരത്തിലുള്ള വിചിത്രങ്ങളായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചിഴയ്ക്കരുത്. യാതൊരു പ്രയോജനവും ലഭിക്കാത്ത, അനുഷ്ഠാനപരമായ ഭോജ്യങ്ങളിലൂടെയല്ല, കൃപയാൽത്തന്നെയാണ് നിങ്ങളുടെ ഹൃദയങ്ങളെ ശക്തിപ്പെടുത്തേണ്ടത്.

  65. 14 എന്റെ സഹോദരങ്ങളേ, ഒരാൾ തനിക്കു വിശ്വാസമുണ്ടെന്ന് അവകാശപ്പെടുകയും അതിനനുസൃതമായ പ്രവൃത്തികൾ ഇല്ലാതിരിക്കുകയും ചെയ്താൽ എന്തു പ്രയോജനം? ആ വിശ്വാസം അയാളെ രക്ഷിക്കുമോ?

  66. 2 അന്യായമായി നേടിയ സമ്പത്ത് നിലനിൽക്കുകയില്ല,

    എന്നാൽ ധർമിഷ്ഠമായ ജീവിതം മരണത്തിൽനിന്ന് വിടുവിക്കുന്നു.

  67. 12 നിന്റെ നീതിയും നിന്റെ പ്രവൃത്തിയും ഞാൻ വെളിച്ചത്താക്കും,

    അവ നിനക്കു പ്രയോജനം ചെയ്യുകയില്ല.

  68. 8 എന്നാൽ ഇതാ, പ്രയോജനമില്ലാത്ത വ്യാജവാക്കുകളിൽ നിങ്ങൾ ആശ്രയിക്കുന്നു.

  69. 14 അപ്പോൾ യഹോവയായ ദൈവം പാമ്പിനോട്: “ഇതു ചെയ്തതുകൊണ്ടു,

    “സകലകന്നുകാലികളെക്കാളും

    വന്യമൃഗങ്ങളെക്കാളും നീ ശപിക്കപ്പെട്ടിരിക്കുന്നു.

    നീ ഉരസ്സുകൊണ്ടു ഗമിക്കുകയും

    നിന്റെ ആയുഷ്കാലമൊക്കെയും

    പൊടിതിന്നുകയും ചെയ്യും” എന്നും

    15 “ഞാൻ നിനക്കും സ്ത്രീക്കും തമ്മിലും

    നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിലും

    ശത്രുത ഉണ്ടാക്കും;

    അവൻ നിന്റെ തല തകർക്കും;

    നീ അവന്റെ കുതികാൽ തകർക്കും” എന്നും കൽപ്പിച്ചു.

    16 ദൈവം സ്ത്രീയോട് അരുളിച്ചെയ്തത്:

    “ഞാൻ നിന്റെ ഗർഭകാലം വേദനയുള്ളതാക്കും;

    അതിവേദനയോടെ നീ മക്കളെ പ്രസവിക്കും.

    നിന്റെ അഭിലാഷം നിന്റെ ഭർത്താവിനോടാകും,

    അവൻ നിന്നെ ഭരിക്കും.”

    17 യഹോവ ആദാമിനോട് അരുളിച്ചെയ്തത്: “നീ നിന്റെ ഭാര്യയുടെ വാക്കു കേൾക്കുകയും ‘തിന്നരുത്’ എന്നു ഞാൻ കൽപ്പിച്ച വൃക്ഷത്തിന്റെ ഫലം തിന്നുകയും ചെയ്തതുകൊണ്ട്,

    “നീ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു;

    നിന്റെ ആയുഷ്കാലം മുഴുവൻ

    കഷ്ടതയോടെ അതിൽനിന്ന് ഉപജീവനംകഴിക്കും.

    18 ഭൂമി നിനക്കായി മുള്ളും ഞെരിഞ്ഞിലും മുളപ്പിക്കും,

    നീ വയലിലെ സസ്യങ്ങൾ ഭക്ഷിക്കും.

    19 മണ്ണിൽനിന്ന് നിന്നെ എടുത്തു;

    മണ്ണിലേക്കു മടങ്ങുംവരെ

    നിന്റെ നെറ്റിയിലെ വിയർപ്പുകൊണ്ട്

    നീ ആഹാരം കഴിക്കും;

    നീ പൊടിയാകുന്നു,

    പൊടിയിലേക്കു നീ തിരികെച്ചേരും.”

  70. 47 എന്റെ ആയുഷ്കാലം എത്രക്ഷണികമെന്ന് ഓർക്കണമേ

    കാരണം, മനുഷ്യവംശത്തിന്റെ സൃഷ്ടി എത്ര നിരർഥകം!

  71. 3 ജനതകളുടെ ആചാരങ്ങൾ അർഥശൂന്യമാണ്;

    അവർ കാട്ടിൽനിന്ന് ഒരു മരം വെട്ടുന്നു,

    ആശാരി തന്റെ ഉളികൊണ്ട് അതിനു രൂപംവരുത്തുന്നു.

    4 അവർ അതിനെ വെള്ളികൊണ്ടും സ്വർണംകൊണ്ടും അലങ്കരിക്കുന്നു;

    അത് ആടിയുലയാതെ,

    ആണിയും ചുറ്റികയുംകൊണ്ട് ഉറപ്പിക്കുന്നു.

    5 വെള്ളരിത്തോട്ടത്തിലെ നോക്കുകുത്തിപോലെ അവ നിൽക്കുന്നു,

    അവരുടെ വിഗ്രഹങ്ങൾക്കു സംസാരിക്കാൻ കഴിയുകയില്ല;

    അവയ്ക്കു നടക്കാൻ കഴിവില്ലാത്തതിനാൽ

    ആരെങ്കിലും അവയെ ചുമന്നുകൊണ്ടുപോകണം.

    അവയെ ഭയപ്പെടരുത്;

    അവയ്ക്ക് ഒരു ദോഷവും ചെയ്യാൻ കഴിയുകയില്ല,

    നന്മ ചെയ്യാനും അവയ്ക്കു ശക്തിയില്ല.”

  72. 15 “സ്നേഹിതരേ, നിങ്ങളെന്താണു ചെയ്യുന്നത്? ഞങ്ങളും നിങ്ങളെപ്പോലെ വെറും മനുഷ്യരാണ്. നിങ്ങൾ ഈ നിരർഥകാര്യങ്ങൾ ഉപേക്ഷിച്ച് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ച ജീവനുള്ള ദൈവത്തിലേക്കു തിരിയണമെന്നുള്ള സുവിശേഷം അറിയിക്കാനാണ് ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നത്. 16 പൂർവകാലങ്ങളിൽ ദൈവം ജനതകളെയെല്ലാം സ്വന്തം വഴികളിൽ നടക്കാൻ അനുവദിച്ചു.

  73. 10 എന്നാൽ ഞാൻ ആയിരിക്കുന്നതു ദൈവകൃപയാൽ ആകുന്നു. എന്നോടുള്ള അവിടത്തെ കൃപ നിഷ്ഫലമായില്ല. ഞാൻ ആ അപ്പൊസ്തലന്മാരെക്കാളെല്ലാം അധികം അധ്വാനിച്ചു. എങ്കിലും അധ്വാനിച്ചതു ഞാനല്ല, എന്നോടുകൂടെയുള്ള ദൈവകൃപയാണ്.

  74. 17 ഒരാൾ ക്രിസ്തുവിന്റെ വകയായാൽ അയാൾ പുതിയ സൃഷ്ടിയാണത്രേ. പഴയതു നീങ്ങിപ്പോയി, ഇതാ അത് പുതിയതായിരിക്കുന്നു.

  75. 15 പരിച്ഛേദനവും പരിച്ഛേദനമില്ലായ്മയും അല്ല, പുതിയ സൃഷ്ടിയാകുക എന്നതാണ് പരമപ്രധാനം.