86 Bible Verses About Boasting
Biblica® Open Malayalam Contemporary Version™ (OMCV)
-
26 സഹോദരങ്ങളേ, നിങ്ങളെ വിളിച്ചപ്പോഴുള്ള നിങ്ങളുടെ സ്ഥിതിയെപ്പറ്റി ചിന്തിക്കുക. മാനുഷികമാനദണ്ഡമനുസരിച്ചു നിങ്ങളിൽ മിക്കവരും വിവേകശാലികളായിരുന്നില്ല; സമൂഹത്തിൽ സ്വാധീനമുള്ളവരോ കുലീനരോ ആയിരുന്നതുമില്ല. 27 എന്നാൽ ജ്ഞാനികളെ ലജ്ജിപ്പിക്കാൻ ദൈവം ലോകത്തിൽ ഭോഷത്തമായവ തെരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാൻ ദൈവം ബലഹീനമായവ തെരഞ്ഞെടുത്തു. 28 മഹത്തായതെന്നു ലോകം പരിഗണിക്കുന്നതിനെ നിസ്സാരമാക്കാൻ ഈ ലോകത്തിലെ ഹീനവും നിന്ദിതവുമായ കാര്യങ്ങളെ, ഒന്നുമല്ലാത്തവയെത്തന്നെ, ദൈവം തെരഞ്ഞെടുത്തു; 29 അവിടത്തെ സന്നിധിയിൽ ആരും പ്രശംസിക്കാതിരിക്കേണ്ടതിനുതന്നെ. 30 അവിടന്നുമുഖേനയാണ് നിങ്ങൾ ക്രിസ്തുയേശുവിലായിരിക്കുന്നത്. ക്രിസ്തു നമുക്കുവേണ്ടി ദൈവത്തിൽനിന്നുള്ള ജ്ഞാനവും നീതിയും വിശുദ്ധിയും വീണ്ടെടുപ്പും ആയിത്തീർന്നു. 31 അതുകൊണ്ട്, തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, “അഭിമാനിക്കുന്നവർ കർത്താവിൽ അഭിമാനിക്കട്ടെ.”
-
23 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ജ്ഞാനി തങ്ങളുടെ ജ്ഞാനത്തിൽ പ്രശംസിക്കുകയോ
ശക്തർ തങ്ങളുടെ ബലത്തിൽ പ്രശംസിക്കുകയോ
ധനികർ തങ്ങളുടെ ധനത്തിൽ പുകഴുകയോ അരുത്,
24 യഹോവയായ ഞാൻ ഭൂമിയിൽ ദയയും
ന്യായവും നീതിയും നടപ്പിൽവരുത്തുന്നു,
ഇവയിലത്രേ ഞാൻ പ്രസാദിക്കുന്നത് എന്ന്,
എന്നെക്കുറിച്ച് ഗ്രഹിക്കാനുള്ള ജ്ഞാനം അവർക്കുണ്ട്
എന്നതിൽ അഭിമാനിക്കുന്നവർ അഭിമാനിക്കട്ടെ,”
എന്ന് യഹോവയുടെ അരുളപ്പാട്.
25-26 “ശരീരത്തിൽമാത്രം പരിച്ഛേദനമേറ്റവരായ—ഈജിപ്റ്റ്, യെഹൂദാ, ഏദോം, അമ്മോൻ, മോവാബ്, വിദൂരമരുഭൂമികളിൽ വസിക്കുന്നവർ ഇവരെയെല്ലാം ഞാൻ ശിക്ഷിക്കാനിരിക്കുന്ന ദിവസങ്ങൾ ഇതാ വന്നെത്തിയിരിക്കുന്നു. കാരണം ഇവരെല്ലാം യഥാർഥത്തിൽ പരിച്ഛേദനമേൽക്കാത്തവരാണല്ലോ, ഇസ്രായേൽഗൃഹം മുഴുവനുംതന്നെയും ഹൃദയത്തിൽ പരിച്ഛേദനമില്ലാത്തവരാണ്,” എന്ന് യഹോവയുടെ അരുളപ്പാട്.
-
13 “ഇന്നോ നാളെയോ ഞങ്ങൾ ഏതെങ്കിലും പട്ടണത്തിൽ ചെന്ന് ഒരുവർഷം വ്യാപാരംചെയ്ത് ധനം സമ്പാദിക്കും” എന്നു പറയുന്നവരേ, കേൾക്കുക: 14 നാളെ എങ്ങനെയുള്ളതായിരിക്കും എന്ന് ആർക്കും അറിയില്ലല്ലോ. എന്താണ് നിങ്ങളുടെ ജീവിതം? ക്ഷണനേരത്തേക്കു ദൃശ്യമാകുന്നതും പിന്നെ അദൃശ്യമാകുന്നതുമായ മൂടൽമഞ്ഞുമാത്രമല്ലേ? 15 “കർത്തൃഹിതമെങ്കിൽമാത്രം ഞങ്ങൾ ജീവിച്ചിരുന്ന് ഇതൊക്കെ ചെയ്യും” എന്നല്ലേ നിങ്ങൾ പറയേണ്ടത്? 16 എന്നാൽ, നിങ്ങൾ സ്വയം പ്രശംസിക്കുകയും വീമ്പിളക്കുകയുംചെയ്യുന്നു. ഇത്തരം ആത്മപ്രശംസ എല്ലാം തിന്മയാണ്. 17 ഒരാൾ ചെയ്യേണ്ടുന്ന നന്മ എന്താണെന്ന് അറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നത് അവർക്കു പാപമാണ്.
-
8 കൃപയാൽ നിങ്ങൾ രക്ഷിക്കപ്പെട്ടു; അതു വിശ്വാസത്തിലൂടെയാണ്. നിങ്ങളിൽനിന്ന് ഉത്ഭവിച്ചതല്ല ആ രക്ഷ; ദൈവത്തിന്റെ ദാനമാണ്. 9 ഈ രക്ഷ എന്നത് നാം ചെയ്ത സൽപ്രവൃത്തികളുടെ പ്രതിഫലമായിട്ടല്ല ലഭിക്കുന്നത്. അങ്ങനെയായിരുന്നെങ്കിൽ നമുക്ക് ആത്മപ്രശംസ ചെയ്യാൻ വകയുണ്ടാകുമായിരുന്നു. 10 നാം ദൈവകരങ്ങളുടെ സൃഷ്ടിവൈദഗ്ദ്ധ്യമാണ്. സൽപ്രവൃത്തികൾ ചെയ്യുന്നതിനായിട്ടാണ് ക്രിസ്തുയേശുവിൽ നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, അപ്രകാരം ചെയ്യുന്നതിന് ദൈവം മുൻകൂട്ടി തീരുമാനിച്ചതുമാണ്.
-
13 പരിച്ഛേദനവാദികൾതന്നെയും ന്യായപ്രമാണം പൂർണമായും പ്രാവർത്തികമാക്കുന്നില്ല, എന്നിട്ടും പരിച്ഛേദനം എന്ന ശാരീരിക അനുഷ്ഠാനത്തിന് നിങ്ങളെ വിധേയപ്പെടുത്തി എന്നതിൽ അഭിമാനിക്കാനാണ് അവർ നിങ്ങളെ പരിച്ഛേദനം ഏൽപ്പിക്കാൻ പരിശ്രമിക്കുന്നത്. 14 ഞാനോ, കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ മറ്റൊന്നിലും പ്രശംസിക്കുകയില്ല; കാരണം, യേശുവിന്റെ ക്രൂശുമരണത്താൽ ലോകം എനിക്കു ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഞാൻ ലോകത്തിനും. 15 പരിച്ഛേദനവും പരിച്ഛേദനമില്ലായ്മയും അല്ല, പുതിയ സൃഷ്ടിയാകുക എന്നതാണ് പരമപ്രധാനം. 16 ഈ നിയമം പിൻതുടരുന്ന എല്ലാവർക്കും—ദൈവത്തിന്റെ ഇസ്രായേലിനും—കരുണയും സമാധാനവും ഉണ്ടാകുമാറാകട്ടെ.
17 ഇനി എന്നെ ആരും വിഷമിപ്പിക്കരുത്; കാരണം യേശുവിന്റെ ചാപ്പ എന്റെ ശരീരത്തിൽ ഞാൻ വഹിക്കുന്നുണ്ടല്ലോ!
18 സഹോദരങ്ങളേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.
-
1 നാളെയെക്കുറിച്ചു വീരവാദം മുഴക്കരുത്,
കാരണം ഓരോ ദിവസവും എന്തെല്ലാമാണു കൊണ്ടുവരുന്നതെന്നു നിങ്ങൾ അറിയുന്നില്ലല്ലോ.
2 നിങ്ങളുടെ നാവല്ല, മറ്റുള്ളവർ നിങ്ങളെ പ്രശംസിക്കട്ടെ;
നിങ്ങളുടെ അധരമല്ല, അന്യർ നിങ്ങളെ പ്രശംസിക്കട്ടെ.
-
12 ആത്മപ്രശംസ നടത്തുന്ന ചിലരുടെ കൂട്ടത്തിൽ ഉൾപ്പെടാനോ അവരോട് ഞങ്ങളെ താരതമ്യപ്പെടുത്താനോ തുനിയുന്നില്ല. അവർ വിവേകികളല്ല, കാരണം, അവർ അവരെ അവരാൽത്തന്നെയാണ് അളക്കുന്നത്; അവരോടുതന്നെയാണ് ഉപമിക്കുന്നതും. 13 ഞങ്ങളാകട്ടെ, അതിരുവിട്ടു പ്രശംസിക്കുന്നില്ല; ദൈവം നിയമിച്ചുതന്ന പരിധിയിൽത്തന്നെ പ്രശംസ ഒതുക്കിനിർത്തും. ആ പരിധിയിൽ നിങ്ങളും ഉൾപ്പെടുന്നു. 14 ഞങ്ങൾ നിങ്ങളുടെയടുത്തു വന്നിട്ടില്ലായിരുന്നെങ്കിൽ ഞങ്ങളുടെ പ്രശംസ പരിധിക്കപ്പുറമാകുമായിരുന്നു; ക്രിസ്തുവിന്റെ സുവിശേഷവുമായി ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നല്ലോ. 15 മറ്റുള്ളവർ ചെയ്ത പ്രവർത്തനത്തിന്റെ യശസ്സ് ഞങ്ങൾ കവർന്നെടുക്കുന്നില്ല. നിങ്ങളുടെ വിശ്വാസം വർധിക്കുമ്പോൾ നിങ്ങളുടെ ഇടയിൽ ഞങ്ങളുടെ പ്രവർത്തനമേഖല വിശാലമാകുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു. 16 അപ്പോൾ നിങ്ങളുടെ പ്രദേശത്തിനപ്പുറമുള്ള മേഖലകളിലും സുവിശേഷം അറിയിക്കാൻ ഞങ്ങൾക്കും അവസരം ലഭിക്കും; മറ്റൊരാളുടെ മേഖലയിൽ നടന്ന പ്രവർത്തനം ഞങ്ങളുടെ പ്രവർത്തനമായി അവകാശപ്പെട്ടുകൊണ്ട് ഞങ്ങൾ വൃഥാ അഭിമാനിക്കുന്നില്ല. 17 “എന്നാൽ അഭിമാനിക്കുന്നവർ കർത്താവിൽ അഭിമാനിക്കട്ടെ.” 18 സ്വയം പ്രശംസിക്കുന്നവനല്ല, കർത്താവ് പ്രശംസിക്കുന്നവനാണു മാന്യൻ.
-
6 സഹോദരങ്ങളേ, ഇവയെല്ലാം എന്നെയും അപ്പൊല്ലോസിനെയും ഉദാഹരണമാക്കി ഞാൻ പറഞ്ഞത്, അതു നിങ്ങളുടെ പ്രയോജനത്തിനുവേണ്ടിയാണ്; “എഴുതിയിരിക്കുന്നതിനപ്പുറം പോകരുത്” എന്നു പറയുന്നതിന്റെ സാരം നിങ്ങൾ ഞങ്ങളിൽനിന്ന് പഠിക്കേണ്ടതിനുതന്നെ. അപ്പോൾ നിങ്ങൾ ഒരാൾക്കെതിരേ വേറൊരാളിന്റെ അനുയായി ആയിരിക്കുന്നതെപ്പറ്റി അഹങ്കരിക്കുകയില്ല. 7 നിങ്ങളെ മറ്റുള്ളവരിൽനിന്ന് വിശിഷ്ടരാക്കുന്നത് ആര്? മറ്റൊരാൾ നൽകിയതല്ലാതെ നിങ്ങൾക്ക് എന്താണുള്ളത്? നൽകപ്പെട്ടവയെങ്കിൽ, അങ്ങനെ അല്ല എന്ന ഭാവത്തിൽ അഹങ്കരിക്കുന്നത് എന്തിന്?
8 ഇപ്പോൾത്തന്നെ നിങ്ങൾ എല്ലാം തികഞ്ഞവരായിരിക്കുന്നു! നിങ്ങൾ സമ്പന്നരായിക്കഴിഞ്ഞിരിക്കുന്നു! നിങ്ങൾ വാഴുന്നവരായി, അതും ഞങ്ങളുടെ സഹായംകൂടാതെ! നിങ്ങൾ യഥാർഥത്തിൽ രാജാക്കന്മാർ ആയിരുന്നെങ്കിൽ ഞങ്ങൾക്കും നിങ്ങളോടുകൂടെ വാഴാൻ കഴിയുമായിരുന്നല്ലോ!
-
2 ദുഷ്ടർ തങ്ങളുടെ അഹന്തയിൽ പീഡിതരെ വേട്ടയാടുന്നു,
അവർ വെച്ച കെണിയിൽ അവർതന്നെ വീണുപോകുന്നു.
3 അവർ തങ്ങളുടെ ഹൃദയാഭിലാഷങ്ങളിൽ പ്രശംസിക്കുന്നു;
ആ ദുഷ്ടർ അത്യാഗ്രഹികളെ അനുഗ്രഹിക്കുകയും യഹോവയെ അധിക്ഷേപിക്കുകയുംചെയ്യുന്നു
4 അവർ തങ്ങളുടെ അഹന്തയിൽ ദൈവത്തെ അന്വേഷിക്കുന്നില്ല;
അവരുടെ ചിന്തകളിൽ ദൈവത്തിന് ഒരു സ്ഥാനവുമില്ല.
5 എന്നിട്ടും അവരുടെ മാർഗങ്ങളിൽ എപ്പോഴും അഭിവൃദ്ധിയുണ്ടാകുന്നു;
അങ്ങയുടെ ന്യായവിധികൾ അവരുടെ കാഴ്ചയ്ക്ക് എത്താത്തവിധം ഉയർന്നിരിക്കുന്നു;
അവർ തങ്ങളുടെ ശത്രുക്കളെ അവജ്ഞയോടെ നോക്കുന്നു.
6 അവർ തങ്ങളോടുതന്നെ പറയുന്നു, “ഒന്നിനുമെന്നെ ഇളക്കിമറിക്കാൻ കഴിയുകയില്ല.”
അവർ ശപഥംചെയ്യുന്നു, “തലമുറകളോളം എനിക്കൊരനർഥവും വരികയില്ല.”
-
12 സീയോൻപർവതത്തിലും ജെറുശലേമിലും കർത്താവു തന്റെ പ്രവൃത്തി ചെയ്തുകഴിയുമ്പോൾ, “ഞാൻ അശ്ശൂർരാജാവിനെ, അവന്റെ ഹൃദയത്തിലെ തന്നിഷ്ടത്തോടുകൂടിയ അഹന്തയും കണ്ണുകളിലെ അഹങ്കാരം നിറഞ്ഞ നോട്ടവും, ശിക്ഷിക്കും. 13 അവൻ പറയുന്നു:
“ ‘എന്റെ കരബലംകൊണ്ടാണ് ഞാനിതു ചെയ്തത്;
എന്റെ ജ്ഞാനത്താലും, കാരണം എനിക്ക് അറിവുണ്ടായിരുന്നു.
ഞാൻ രാഷ്ട്രങ്ങളുടെ അതിർത്തികൾ നീക്കംചെയ്യുകയും
അവരുടെ നിക്ഷേപങ്ങൾ കൊള്ളയടിക്കുകയും ചെയ്തു;
ഒരു പരാക്രമശാലിയെപ്പോലെ അവരുടെ രാജാക്കന്മാരെ ഞാൻ കീഴ്പ്പെടുത്തി.
14 പക്ഷിക്കൂട്ടിൽനിന്ന് എന്നതുപോലെ,
എന്റെ കരം രാഷ്ട്രങ്ങളുടെ സമ്പത്ത് അപഹരിച്ചു;
ഉപേക്ഷിക്കപ്പെട്ട മുട്ടകൾ ശേഖരിക്കുന്നതുപോലെ,
ഞാൻ രാജ്യങ്ങൾ മുഴുവനും പെറുക്കിയെടുത്തു;
ചിറകടിക്കുന്നതിനോ വായ് തുറന്നു
ചിലയ്ക്കുന്നതിനോ ആർക്കും കഴിഞ്ഞിരുന്നില്ല.’ ”
15 വെട്ടുന്നവനോടു കോടാലി വമ്പു പറയുമോ?
അറക്കുന്നവനോട് ഈർച്ചവാൾ വീമ്പടിക്കുമോ?
വടി അത് ഉപയോഗിക്കുന്നവനെ നിയന്ത്രിക്കുന്നതുപോലെയും
ഗദ മരമല്ലാത്തവനെ ഉയർത്തുന്നതുപോലെയും ആണ്.
16 അതുകൊണ്ട്, കർത്താവ്, സൈന്യങ്ങളുടെ യഹോവ,
കരുത്തരായ യോദ്ധാക്കളുടെമേൽ ക്ഷയിപ്പിക്കുന്ന രോഗം അയയ്ക്കും;
അവരുടെ ആഡംബരത്തിൻകീഴേ
അഗ്നിജ്വാലയായിമാറുന്ന ഒരു തീ കൊളുത്തപ്പെടും.
-
1 ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ കിലുങ്ങുന്ന ഇലത്താളമോമാത്രമാണ്. 2 എനിക്കു പ്രവചിക്കാനുള്ള കൃപാദാനം ലഭിച്ചാലും, സകലദിവ്യരഹസ്യങ്ങളും സകലജ്ഞാനവും ഗ്രഹിക്കാൻകഴിഞ്ഞാലും, മലകളെ നീക്കംചെയ്യാൻകഴിയുന്ന വിശ്വാസം ഉണ്ടായിരുന്നാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല. 3 എന്റെ സമ്പത്തെല്ലാം ഞാൻ ദാനംചെയ്താലും അഭിമാനപൂർവം എന്റെ ശരീരം ദഹിപ്പിച്ചാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നും നേടുന്നില്ല.
4 സ്നേഹം ക്ഷമയുള്ളതാണ്, സ്നേഹം ദയയുള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല, ആത്മപ്രശംസചെയ്യുന്നില്ല, സ്നേഹം അഹങ്കരിക്കുന്നില്ല. 5 അതു അന്യരെ അപമാനിക്കുന്നില്ല, സ്വാർഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, ദോഷത്തിന്റെ കണക്കുസൂക്ഷിക്കുന്നതുമില്ല. 6 സ്നേഹം തിന്മയിൽ അഭിരമിക്കാതെ, സത്യത്തിൽ ആനന്ദിക്കുന്നു. 7 എപ്പോഴും സംരക്ഷിക്കുന്നു, എപ്പോഴും വിശ്വസിക്കുന്നു, എപ്പോഴും പ്രത്യാശിക്കുന്നു, എപ്പോഴും സഹിക്കുന്നു.
-
26 അവിടന്ന് ഇങ്ങനെ പ്രവർത്തിച്ചത്, ഈ കാലഘട്ടത്തിൽ അവിടത്തെ നീതി പ്രകടമാക്കിക്കൊണ്ട്, നീതിനിഷ്ഠനും യേശുവിൽ വിശ്വസിക്കുന്നവരെ നീതീകരിക്കുന്നവനും ആയിരിക്കാനാണ്.
27 അങ്ങനെയെങ്കിൽ പ്രശംസയ്ക്ക് സ്ഥാനം എവിടെ? അത് നീങ്ങിപ്പോയിരിക്കുന്നു. ഏതു പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ? അനുഷ്ഠാനങ്ങൾ ആവശ്യമുള്ള ന്യായപ്രമാണത്താലോ? അല്ല, വിശ്വാസം ആവശ്യമുള്ള പ്രമാണത്താൽത്തന്നെയാണ്. 28 അങ്ങനെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൾവഴിയല്ലാതെ വിശ്വാസത്താൽത്തന്നെ മനുഷ്യൻ നീതീകരിക്കപ്പെടുന്നു എന്നു നാം കാണുന്നു.
-
18 ആരും സ്വയം വഞ്ചിതരാകരുത്. ഈ കാലഘട്ടത്തിന്റെ മാനദണ്ഡം അനുസരിച്ച്, നിങ്ങളിലാരെങ്കിലും ജ്ഞാനിയെന്ന് സ്വയം ചിന്തിക്കുന്നു എങ്കിൽ അയാൾ യഥാർഥജ്ഞാനിയാകേണ്ടതിന് സ്വയം “ഭോഷൻ” ആയിത്തീരട്ടെ. 19 ഈ ലോകത്തിന്റെ ജ്ഞാനം ദൈവത്തിന്റെ ദൃഷ്ടിയിൽ ഭോഷത്തമാണ്. “അവിടന്ന് ജ്ഞാനികളെ അവരുടെ കൗശലങ്ങളിൽ കുടുക്കുന്നു” എന്നും 20 “ജ്ഞാനികളുടെ ചിന്തകൾ വ്യർഥമെന്ന് കർത്താവ് അറിയുന്നു” എന്നും എഴുതിയിരിക്കുന്നല്ലോ. 21 അതുകൊണ്ട് ഇനിമേൽ മാനുഷികനേതാക്കന്മാരെക്കുറിച്ച് അഭിമാനംകൊള്ളാൻ പാടില്ല! സകലതും നിങ്ങൾക്കുള്ളതാണ്, 22 പൗലോസോ അപ്പൊല്ലോസോ കേഫാവോ ലോകമോ ജീവനോ മരണമോ ഇപ്പോഴുള്ളതോ വരാനുള്ളതോ—എല്ലാം നിങ്ങളുടേത്; 23 നിങ്ങളോ ക്രിസ്തുവിനുള്ളവർ, ക്രിസ്തു ദൈവത്തിനുള്ളവൻ.
-
15 ലോകത്തെയോ ലോകത്തിലുള്ള ഏതിനെയെങ്കിലുമോ സ്നേഹിക്കരുത്. ഒരാൾ ലോകത്തെ സ്നേഹിക്കുന്നെങ്കിൽ പിതാവിന്റെ സ്നേഹം അയാളിൽ ഇല്ല. 16 കാരണം ലോകത്തിലുള്ള സകലതും—ജഡികാസക്തി, കൺമോഹം, ജീവനത്തിന്റെ അഹന്ത എന്നിവയെല്ലാംതന്നെ—പിതാവിൽനിന്നല്ല, ലോകത്തിൽനിന്നാണ്. 17 ലോകവും അതിനോടുകൂടെയുള്ള മോഹങ്ങളും നീങ്ങിപ്പോകുന്നു; എന്നാൽ ദൈവഹിതം ചെയ്യുന്നവർ സദാകാലം നിലനിൽക്കുന്നു.
-
9 തങ്ങൾ നീതിനിഷ്ഠരാണെന്ന ആത്മവിശ്വാസത്തോടെ മറ്റുള്ളവരെ പുച്ഛിക്കുന്ന ചിലരോട് യേശു ഈ സാദൃശ്യകഥ പറഞ്ഞു: 10 “രണ്ട് മനുഷ്യർ പ്രാർഥിക്കാൻ ദൈവാലയത്തിൽ ചെന്നു; ഒരാൾ പരീശൻ, മറ്റേയാൾ ഒരു നികുതിപിരിവുകാരൻ. 11 പരീശൻ മറ്റുള്ളവരിൽനിന്നെല്ലാം വേറിട്ടുനിന്നുകൊണ്ട് തന്നെക്കുറിച്ചുതന്നെ ഇങ്ങനെ പ്രാർഥിച്ചു; ‘ദൈവമേ, കൊള്ളക്കാർ, ദുഷ്പ്രവൃത്തിക്കാർ, വ്യഭിചാരികൾ മുതലായ മറ്റു മനുഷ്യരെപ്പോലെയോ ഈ നികുതിപിരിവുകാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ അങ്ങേക്കു നന്ദി പറയുന്നു. 12 ഞാൻ ആഴ്ചയിൽ രണ്ടുതവണ ഉപവസിക്കുകയും എനിക്കു ലഭിക്കുന്ന എല്ലാറ്റിന്റെയും ദശാംശം കൊടുക്കുകയുംചെയ്യുന്നു.’
13 “എന്നാൽ നികുതിപിരിവുകാരനായ മറ്റേയാളോ വളരെ അകലെനിന്ന്, സ്വർഗത്തിലേക്കു നോക്കാൻപോലും ധൈര്യപ്പെടാതെ മാറത്തടിച്ചുകൊണ്ട്, ‘ദൈവമേ, പാപിയായ എന്നോടു കരുണതോന്നണമേ’ എന്നു പ്രാർഥിച്ചു.
14 “ഈ ഇരുവരിൽ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയതു നികുതിപിരിവുകാരനാണ്, ആ പരീശനല്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. കാരണം, സ്വയം ഉയർത്തുന്നയാൾ അപമാനിതനാകും; സ്വയം താഴ്ത്തുന്നയാൾ ബഹുമാനിതനും.”
-
16 ഞാൻ വീണ്ടും പറയട്ടെ: എന്നെ ഒരു ഭോഷൻ എന്ന് ആരും കരുതരുത്; അഥവാ, കരുതിയാൽ, ഒരു ഭോഷൻ എന്നപോലെ എന്നെ സ്വീകരിക്കുക. അപ്പോൾ അൽപ്പമൊന്ന് പ്രശംസിക്കാൻ എനിക്കു കഴിയുമല്ലോ. 17 ഇങ്ങനെയുള്ള ആത്മപ്രശംസ കർത്തൃഹിതപ്രകാരമല്ല, ഇത് ഒരു ഭോഷന്റെ ഭാഷണമാണ്. 18 അനേകരും തങ്ങളുടെ ലൗകികനേട്ടങ്ങളിൽ അഹങ്കരിക്കുന്നു. എങ്കിൽ ഞാനും അൽപ്പം ആത്മപ്രശംസ നടത്തട്ടെ. 19 നിങ്ങൾ ജ്ഞാനികൾ ആയിരിക്കെ, ആനന്ദപൂർവം ഭോഷന്മാരെ സ്വീകരിക്കുന്നല്ലോ! 20 വാസ്തവം പറഞ്ഞാൽ, നിങ്ങളെ അടിമകളെപ്പോലെ ഉപയോഗിക്കുന്നവരെയും ചൂഷണം ചെയ്യുന്നവരെയും മുതലെടുക്കുന്നവരെയും നിങ്ങളുടെ ഇടയിൽ നേതാവാകാൻ ശ്രമിക്കുന്നവരെയും എന്തിനേറെപ്പറയുന്നു, നിങ്ങളുടെ മുഖത്തടിക്കുന്നവരെപ്പോലും നിങ്ങൾ സഹിക്കുന്നു! 21 ഇത്രയൊക്കെ ചെയ്യാൻമാത്രമുള്ള ബലം ഞങ്ങൾക്കില്ലായിരുന്നു എന്നു ലജ്ജയോടെ ഞാൻ സമ്മതിക്കുന്നു.
മറ്റാരെങ്കിലും പ്രശംസിക്കാൻ മുതിർന്നാൽ, ഒരു മൂഢനെപ്പോലെ ഞാൻ പറയട്ടെ, ഞാനും ഇത്തിരി പ്രശംസിക്കും.
-
1 അന്തിമകാലത്ത് ദുരന്തകലുഷിതമായ നാളുകൾ ഉണ്ടാകും എന്നു നീ അറിയുക. 2 മനുഷ്യർ സ്വാർഥരും ധനമോഹികളും വീമ്പിളക്കുന്നവരും അഹങ്കാരികളും ദൈവദൂഷകരും മാതാപിതാക്കളെ അനുസരിക്കാത്തവരും നന്ദികെട്ടവരും നാസ്തികരും 3 മനുഷ്യത്വമില്ലാത്തവരും കൊടുംക്രൂരരും അപഖ്യാതി പരത്തുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും നിഷ്ഠുരരും സദ്ഗുണവൈരികളും ആയിത്തീരും. 4 അവർ വഞ്ചകരും വീണ്ടുവിചാരമില്ലാത്തവരും മതിമറന്ന് അഹങ്കരിക്കുന്നവരും ദൈവത്തെ സ്നേഹിക്കുന്നതിനു പകരം സുഖത്തെ സ്നേഹിക്കുന്നവരും 5 ഭക്തിയുടെ ബാഹ്യരൂപം പുലർത്തി അതിന്റെ ശക്തിയെ നിഷേധിക്കുന്നവരും ആയിരിക്കും. ഇങ്ങനെയുള്ളവരിൽനിന്ന് അകന്നുനിൽക്കുക.
-
14 താൻ നൽകാത്ത ദാനത്തെക്കുറിച്ച് വമ്പുപറയുന്നവർ
മഴനൽകാത്ത മേഘവും കാറ്റുംപോലെയാണ്.
-
28 ഇതെല്ലാം നെബൂഖദ്നേസർ രാജാവിനു സംഭവിച്ചു. 29 പന്ത്രണ്ടു മാസത്തിനുശേഷം, രാജാവ് ബാബേലിലെ അരമനയുടെ മട്ടുപ്പാവിൽ ഉലാത്തുകയായിരുന്നു. 30 “ഇത് എന്റെ ശക്തിയുടെ പ്രഭാവത്താൽ എന്റെ പ്രതാപമഹത്ത്വത്തിനായി ഞാൻതന്നെ നിർമിച്ച രാജകീയ നിവാസമായ ബാബേൽ അല്ലയോ?” എന്ന് രാജാവ് പറഞ്ഞു.
31 ഈ വാക്ക് രാജാവിന്റെ നാവിന്മേൽ ഇരിക്കെത്തന്നെ, സ്വർഗത്തിൽനിന്ന് ഒരു ശബ്ദം ഉണ്ടായി: “നെബൂഖദ്നേസർ രാജാവേ, നിന്നോടുള്ള കൽപ്പനയാണിത്: രാജത്വം നിന്നിൽനിന്ന് നീക്കപ്പെട്ടിരിക്കുന്നു. 32 നിന്നെ മനുഷ്യരുടെ ഇടയിൽനിന്ന് നീക്കിക്കളയും. നിന്റെ വാസം കാട്ടിലെ മൃഗങ്ങളോടൊപ്പമാകും. കാളയെപ്പോലെ നിന്നെ പുല്ലു തീറ്റും. പരമോന്നതൻ ഭൂമിയിലെ സകലരാജ്യങ്ങളിന്മേലും ഭരണം നടത്തുന്നു എന്നും തനിക്കിഷ്ടമുള്ളവന് അതു നൽകുന്നു എന്നും നീ അറിയുന്നതുവരെ നിനക്ക് ഏഴുകാലം കഴിയും.”
33 ഉടൻതന്നെ ആ വചനം നെബൂഖദ്നേസറിൽ നിറവേറി. അദ്ദേഹത്തെ മനുഷ്യരിൽനിന്ന് നീക്കിക്കളഞ്ഞു. അദ്ദേഹം കാളയെപ്പോലെ പുല്ലുതിന്നു. അദ്ദേഹത്തിന്റെ രോമം കഴുകന്റെ തൂവൽപോലെയും അദ്ദേഹത്തിന്റെ നഖം പക്ഷികളുടെ നഖംപോലെയും വളരുന്നതുവരെ അദ്ദേഹത്തിന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനഞ്ഞു.
-
17 ഒലിവുവൃക്ഷത്തിന്റെ ചില ശാഖകൾ വെട്ടിമാറ്റിയിട്ട്, ആ സ്ഥാനത്ത് കാട്ടൊലിവിന്റെ ശാഖയായ നിന്നെ മറ്റു ശാഖകളുടെ ഇടയിൽ ഒട്ടിച്ചുചേർത്തതുമൂലം ഒലിവിന്റെ വേരിൽനിന്നുള്ള പോഷകരസത്തിനു നീ പങ്കാളിയായിത്തീർന്നു. അതോർത്ത് 18 മറ്റു ശാഖകളെക്കാൾ നിനക്കു ശ്രേഷ്ഠതയുണ്ടെന്നു നീ ചിന്തിക്കരുത്. അങ്ങനെ അഭിമാനം തോന്നുന്നെങ്കിൽ നീ വേരിനെയല്ല, വേരു നിന്നെയാണു വഹിക്കുന്നതെന്ന് ഓർക്കുക. 19 “എന്നെ ഒട്ടിച്ചുചേർക്കേണ്ടതിന് ആ ശാഖകൾ വെട്ടിമാറ്റി” എന്നായിരിക്കും നീ പറയുന്നത്. 20 ശരിതന്നെ, എന്നാൽ അവരുടെ അവിശ്വാസംനിമിത്തമാണ് അവരെ വെട്ടിമാറ്റിയത്. നീ ചേർന്നു നിൽക്കുന്നതോ നിന്റെ വിശ്വാസത്താലുമാണ്. അഹങ്കരിക്കരുത്, ഭയപ്പെടുക. 21 സ്വാഭാവികശാഖകളോടു ദൈവം ദാക്ഷിണ്യം കാണിച്ചില്ല എങ്കിൽ നിന്നോടും ദാക്ഷിണ്യം കാണിക്കുകയില്ല.
-
2 എന്റെയുള്ളം യഹോവയിൽ അഭിമാനിക്കുന്നു;
പീഡിതർ കേൾക്കുകയും ആനന്ദിക്കുകയും ചെയ്യട്ടെ.
-
18 അഹങ്കാരം നാശത്തിന്റെ മുന്നോടിയാണ്;
ധിക്കാരമനോഭാവവും നാശത്തിന്റെ മുന്നോടിതന്നെ.
-
1 “നിങ്ങളുടെ ധർമപ്രവൃത്തികൾ മനുഷ്യർ കാണാൻ അവരുടെമുമ്പിൽ നടത്തുന്ന പ്രകടനങ്ങൾ ആകാതിരിക്കാൻ സൂക്ഷിക്കുക; അങ്ങനെയായാൽ സ്വർഗസ്ഥപിതാവിൽനിന്ന് നിങ്ങൾക്കു യാതൊരു പ്രതിഫലവും ലഭിക്കുകയില്ല.
2 “അതുകൊണ്ട്, കപടഭക്തർ മനുഷ്യരുടെ പ്രശംസ നേടാനായി പള്ളികളിലും തെരുവുകളിലും കാഹളം ഊതി പ്രസിദ്ധമാക്കിക്കൊണ്ട് ദാനധർമം ചെയ്യുന്നതുപോലെ നിങ്ങൾ ചെയ്യരുത്. അവർക്കുള്ള മുഴുവൻ പ്രതിഫലവും ലഭിച്ചിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 3 നിങ്ങളുടെ വലങ്കൈ ചെയ്യുന്നത് എന്തെന്ന് ഇടങ്കൈ അറിയാത്ത വിധത്തിലായിരിക്കട്ടെ നിങ്ങൾ ചെയ്യുന്ന ദാനധർമവും. 4 നിങ്ങളുടെ ദാനധർമം രഹസ്യത്തിലായിരിക്കട്ടെ. രഹസ്യത്തിൽ ചെയ്യുന്നത് കാണുന്ന നിങ്ങളുടെ പിതാവു നിങ്ങൾക്കു പ്രതിഫലംനൽകും.
5 “പ്രാർഥിക്കുമ്പോൾ മനുഷ്യർ കാണാൻ പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർഥിക്കാൻ ഇഷ്ടപ്പെടുന്ന കപടഭക്തരെപ്പോലെയാകരുത് നിങ്ങൾ. അവർക്ക് അവരുടെ പ്രതിഫലം ലഭിച്ചുകഴിഞ്ഞു എന്നു ഞാൻ നിങ്ങളോട് ഉറപ്പായി പറയുന്നു. 6 എന്നാൽ നിങ്ങൾ പ്രാർഥിക്കുമ്പോൾ, നിങ്ങളുടെ മുറിയിൽ പ്രവേശിച്ച്, വാതിലടച്ച്, നിങ്ങളുടെ പിതാവിനോട് രഹസ്യമായി അപേക്ഷിക്കുക. അപ്പോൾ രഹസ്യത്തിൽ നിങ്ങൾ ചെയ്യുന്നതു കാണുന്ന നിങ്ങളുടെ പിതാവ് നിങ്ങൾക്കു പ്രതിഫലംനൽകും.
-
28 ഇങ്ങനെ ദൈവത്തെ അംഗീകരിക്കുന്നതു ശ്രേഷ്ഠമായി കരുതാതിരുന്നപ്പോൾ, അയോഗ്യമായതു പ്രവർത്തിക്കുന്ന അധമബുദ്ധിക്കു ദൈവം അവരെ വിട്ടുകളഞ്ഞു. 29 അവർ എല്ലാവിധ അനീതിയും ദോഷവും അത്യാഗ്രഹവും തിന്മയും നിറഞ്ഞവരാണ്. അവരുടെ ജീവിതം അസൂയ, കൊലപാതകം, ശണ്ഠ, വഞ്ചന, ദുഷ്ടത എന്നിവ നിറഞ്ഞതാണ്. വൃഥാഭാഷികളും 30 പരദൂഷകരും ദൈവദ്വേഷികളും ധിക്കാരികളും ഗർവിഷ്ഠരും പൊങ്ങച്ചക്കാരുമാണ് അവർ. തിന്മയുടെ പുതിയ വഴികൾ അവർ കണ്ടുപിടിക്കുന്നു. അവർ മാതാപിതാക്കളെ അനുസരിക്കാത്തവരും 31 അവിവേകികളും വിശ്വാസവഞ്ചകരും മനുഷ്യത്വമില്ലാത്തവരും ദയ ഇല്ലാത്തവരും ആണ്. 32 ഇങ്ങനെയുള്ളവർ മരണയോഗ്യരാണ് എന്ന ദൈവകൽപ്പന അറിഞ്ഞിട്ടും അവർ ഇക്കാര്യങ്ങൾതന്നെ തുടർന്നു പ്രവർത്തിക്കുന്നു; അതുമാത്രമോ, അങ്ങനെചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുകയുംചെയ്യുന്നു.
-
1 ഈ സംഭവത്തിനുശേഷം ഹന്നാ ഇപ്രകാരം പ്രാർഥിച്ചു:
“എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു;
എന്റെ കൊമ്പ് യഹോവയിൽ ഉയർന്നിരിക്കുന്നു.
എന്റെ അധരങ്ങൾ എന്റെ ശത്രുക്കൾക്കെതിരേ പ്രശംസിക്കുന്നു,
കാരണം ഞാൻ അങ്ങയുടെ രക്ഷയിൽ ആഹ്ലാദിക്കുന്നു.
2 “യഹോവയെപ്പോലെ പരിശുദ്ധൻ ആരുമില്ല;
അങ്ങയെപ്പോലെ വേറാരുമില്ല!
നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയില്ല.
3 “അഹന്തയോടെ ഇനിയും നിങ്ങൾ സംസാരിക്കരുത്!
നിങ്ങളുടെ അധരം അഹങ്കാരം ഉരിയാടാതിരിക്കട്ടെ!
കാരണം യഹോവ സർവജ്ഞനായ ദൈവമാകുന്നു;
അവിടന്ന് പ്രവൃത്തികളെ തൂക്കിനോക്കുന്നു.
-
13 അധർമത്തെ വെറുക്കുക എന്നതാണ് യഹോവാഭക്തി;
അഹന്തയും അഹങ്കാരവും
ദുഷ്കൃത്യങ്ങളും വൈകൃതഭാഷണവും ഞാൻ വെറുക്കുന്നു.
-
17 എന്നാൽ, നീ നിന്നെത്തന്നെ യെഹൂദൻ എന്നു വിളിക്കുകയും ന്യായപ്രമാണത്തിൽ ആശ്രയിക്കുകയും ദൈവത്തോടുള്ള ബന്ധത്തെക്കുറിച്ച് ആത്മപ്രശംസ നടത്തുകയും ചെയ്യുന്നല്ലോ. 18 നീ ന്യായപ്രമാണം പഠിച്ചതിന്റെ ഫലമായി ദൈവഹിതം തിരിച്ചറിയുകയും ഉത്തമമായത് അംഗീകരിക്കുകയും ചെയ്യുന്നല്ലോ; 19 ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സാക്ഷാത്കാരം ന്യായപ്രമാണത്തിൽനിന്നു ലഭിച്ചിട്ടുള്ളതുകൊണ്ട് നീ അന്ധർക്കു വഴികാട്ടുന്ന വ്യക്തിയും ഇരുട്ടിലുള്ളവർക്കു പ്രകാശവും 20 മൂഢർക്ക് പരിശീലകനും ശിശുക്കൾക്ക് അധ്യാപകനും ആണെന്നും പൂർണനിശ്ചയമുള്ളവനായിരിക്കുന്നല്ലോ. 21 എങ്കിൽ, മറ്റുള്ളവരെ ഉപദേശിക്കുന്ന നീ എന്തുകൊണ്ട് നിന്നെത്തന്നെ ഉപദേശിക്കുന്നില്ല? മോഷ്ടിക്കരുത് എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നോ? 22 വ്യഭിചാരം ചെയ്യരുത് എന്നു ജനങ്ങളോടു പറയുന്ന നീ വ്യഭിചാരംചെയ്യുന്നോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നോ? 23 ന്യായപ്രമാണത്തെപ്പറ്റി ആത്മപ്രശംസ ചെയ്യുന്ന നീ ന്യായപ്രമാണം ലംഘിച്ച് ദൈവത്തെ അപമാനിക്കുകയാണോ? 24 “നിങ്ങൾനിമിത്തം ദൈവനാമം യെഹൂദരല്ലാത്തവരുടെ ഇടയിൽ നിന്ദിക്കപ്പെടുന്നു” എന്നെഴുതിയിരിക്കുന്നല്ലോ!
-
1 സഹോദരങ്ങളേ, ആരെങ്കിലും പാപത്തിൽ പിടിക്കപ്പെടുകയാണെങ്കിൽ, ആത്മികരായ നിങ്ങളാണ് ആ വ്യക്തിയെ സൗമ്യമായി പുനരുദ്ധരിക്കേണ്ടത്. നിങ്ങളും പാപത്തിന്റെ പ്രലോഭനത്തിൽ അകപ്പെട്ടുപോകാതിരിക്കാൻ സൂക്ഷിക്കുക. 2 പരസ്പരം ഭാരങ്ങൾ വഹിച്ചുകൊണ്ട് ക്രിസ്തുവിന്റെ കൽപ്പനകൾ പാലിക്കുക. 3 ഒരു വ്യക്തി, ആരുമല്ലാതിരിക്കെ, താൻ ആരോ ആണെന്നു ചിന്തിക്കുന്നെങ്കിൽ, അയാൾ സ്വയം വഞ്ചിക്കുകയാണ്. 4 ഓരോരുത്തരും സ്വന്തം പ്രവൃത്തികളെ വിലയിരുത്തട്ടെ. അങ്ങനെയുള്ളവർക്ക് തങ്ങളെ മറ്റാരുമായും താരതമ്യംചെയ്യാതെ സ്വയം അഭിമാനിക്കാൻ കഴിയും. 5 ഓരോരുത്തരും സ്വന്തം പ്രവൃത്തികൾക്ക് ഉത്തരവാദികളാണ്. 6 തിരുവചനം പഠിക്കുന്നവരെല്ലാം പഠിപ്പിക്കുന്നയാൾക്ക് സർവനന്മയും പങ്കിടണം.
7 നിങ്ങളെത്തന്നെ വഞ്ചിക്കരുത്. ദൈവത്തെ കബളിപ്പിക്കുക അസാധ്യം. ഒരു മനുഷ്യൻ കൊയ്യുന്നത് അയാൾ വിതയ്ക്കുന്നതുതന്നെയായിരിക്കും. 8 പാപേച്ഛകളുടെ നിവൃത്തിമാത്രം ലക്ഷ്യമാക്കി വിതയ്ക്കുന്നവർ അതിൽനിന്നുതന്നെ നാശം കൊയ്യുകയും ദൈവാത്മാവിനെ പ്രസാദിപ്പിക്കാനായി വിതയ്ക്കുന്നവൻ ദൈവാത്മാവിൽനിന്നുതന്നെ നിത്യജീവനെ കൊയ്യുകയും ചെയ്യും. 9 നന്മ ചെയ്യുന്നതിൽ നാം ക്ഷീണിതരാകരുത്. നാം മടുത്തുപോകാതിരുന്നാൽ സമയം വരുമ്പോൾ വലിയ വിളവ് കൊയ്തെടുക്കും. 10 അതുകൊണ്ട്, അവസരം ലഭിക്കുമ്പോഴെല്ലാം എല്ലാ മനുഷ്യർക്കും നമ്മൾ നന്മ ചെയ്യുന്നവരാകണം; പ്രത്യേകിച്ച് വിശ്വാസകുടുംബങ്ങളിലെ അംഗങ്ങളോട്.
-
6 എന്റെ വില്ലിൽ ഞാൻ ആശ്രയിക്കുന്നില്ല,
എന്റെ വാൾ എന്നെ രക്ഷിക്കുകയുമില്ല;
7 എന്നാൽ ശത്രുക്കളുടെമേൽ അങ്ങാണ് ഞങ്ങൾക്കു വിജയംനൽകുന്നത്,
അങ്ങ് ഞങ്ങളുടെ എതിരാളികളെ ലജ്ജിതരാക്കുന്നു.
8 ദിവസംമുഴുവനും ഞങ്ങൾ ദൈവത്തിൽ പ്രശംസിക്കുന്നു,
അവിടത്തെ നാമം ഞങ്ങൾ നിത്യം വാഴ്ത്തുന്നു. സേലാ.
-
3 ആരും ഒരുവിധത്തിലും നിങ്ങളെ വഞ്ചിക്കാൻ അനുവദിക്കരുത്. വിശ്വാസത്യാഗം സംഭവിക്കുകയും, തുടർന്ന് നിയമരാഹിത്യത്തിന്റെ മൂർത്തീമദ്ഭാവമായ വിനാശപുത്രൻ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതിനുമുമ്പ് കർത്താവിന്റെ ദിവസം വരികയില്ല! 4 ദൈവം എന്നും ആരാധ്യം എന്നും വിളിക്കപ്പെടുന്ന എല്ലാറ്റിനെയും അയാൾ ഉപരോധിക്കുകയും അവക്കെല്ലാം മീതേ സ്വയം ഉയർത്തി താൻതന്നെയാണ് ദൈവം എന്നവകാശപ്പെട്ട് ദൈവാലയത്തിൽ സ്വയം പ്രതിഷ്ഠിക്കുകയും ചെയ്യും.
-
3 ദുഷ്ടർ ഇനിയും എത്രനാൾ, യഹോവേ,
ദുഷ്ടർ എത്രനാൾ തിമിർത്താഹ്ലാദിക്കും?
4 അഹന്തനിറഞ്ഞ വാക്കുകൾ അവർ ഉരുവിടുന്നു;
അധർമികൾ എല്ലാവരും വമ്പുപറയുന്നു.
-
2 അഹന്ത വരുമ്പോൾ അപമാനം കൂടെവരുന്നു,
എന്നാൽ എളിമയോടൊപ്പം ജ്ഞാനം വരുന്നു.
-
15 എന്നാൽ, നിങ്ങളെ ഓർമപ്പെടുത്തുന്നത് ആവശ്യമായതുകൊണ്ടാണ് ഞാൻ ചില വിഷയങ്ങളെക്കുറിച്ച് ധൈര്യപൂർവം നിങ്ങൾക്ക് എഴുതിയിരിക്കുന്നത്. അതിനു കാരണം, 16 യെഹൂദേതരരുടെ മധ്യേ സുവിശേഷം അറിയിക്കുന്നതിനായി ദൈവം എനിക്കരുളിയ കൃപയാൽ ഞാൻ ക്രിസ്തുയേശുവിന്റെ പൗരോഹിത്യശുശ്രൂഷ ചെയ്യുന്നവനായിരിക്കുന്നു എന്നതാണ്. പരിശുദ്ധാത്മാവിനാൽ പവിത്രീകരിക്കപ്പെട്ട് ദൈവത്തിനു സ്വീകാര്യയാഗമായി നിങ്ങൾ തീരേണ്ടതിന് ഞാൻ സുവിശേഷം യെഹൂദേതരരായ നിങ്ങളോട് അറിയിക്കുന്നു.
17 അതുകൊണ്ട്, ഞാൻ നിർവഹിക്കുന്ന ദൈവികശുശ്രൂഷയെക്കുറിച്ച് ക്രിസ്തുയേശുവിൽ അഭിമാനിക്കുന്നു. 18 എങ്കിലും, യെഹൂദേതരർ ദൈവത്തെ അനുസരിക്കാൻ ക്രിസ്തു എന്നെ ഒരു ഇടനിലക്കാരനായി ഉപയോഗിച്ചതിനെക്കുറിച്ചുമാത്രമേ ഞാൻ പ്രശംസിക്കാൻ തുനിയുകയുള്ളൂ. ഇത് വചനത്താലും പ്രവൃത്തിയാലും, 19 ശക്തിയാലും ചിഹ്നങ്ങളാലും അത്ഭുതങ്ങളാലും ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ശക്തിയാലും അവിടന്ന് എന്നിലൂടെ പ്രവർത്തിച്ചു. അങ്ങനെ ജെറുശലേംമുതൽ ഇല്ലൂര്യവരെ ചുറ്റിസഞ്ചരിച്ച് ക്രിസ്തുവിനെ സംബന്ധിച്ചുള്ള സുവിശേഷം ഞാൻ പൂർണമായി പ്രഘോഷിച്ചിരിക്കുന്നു.
-
12 ഈ ലോകത്തിൽ ഞങ്ങളുടെ വ്യവഹാരം, വിശേഷിച്ച് നിങ്ങളോടുള്ളത്, ദൈവത്തിൽനിന്നുള്ള വിശുദ്ധിയോടും ആത്മാർഥതയോടുംകൂടെ ആയിരുന്നു എന്ന് ഞങ്ങളുടെ മനസ്സാക്ഷി നൽകുന്ന ഈ സാക്ഷ്യംതന്നെ ഞങ്ങളുടെ അഭിമാനം. ലൗകികജ്ഞാനത്താലല്ല, ദൈവത്തിൽനിന്നു ലഭിച്ച കൃപയാലാണ് ഞങ്ങൾക്ക് അത് സാധ്യമായിത്തീർന്നത്. 13 നിങ്ങൾക്ക് വായിക്കാനും മനസ്സിലാക്കാനും കഴിയാത്തതൊന്നുംതന്നെ ഞങ്ങൾ നിങ്ങൾക്കെഴുതിയിട്ടില്ല. 14 മുമ്പ് നിങ്ങൾ ഞങ്ങളെ ഒരല്പം മനസ്സിലാക്കി. അതുപോലെതന്നെ തുടർന്നും എന്നെ നിങ്ങൾക്ക് പൂർണമായി മനസ്സിലാക്കാൻ കഴിയും എന്നു ഞാൻ ആശിക്കുന്നു. അങ്ങനെ, കർത്താവായ യേശുവിന്റെ പുനരാഗമനത്തിൽ ഞങ്ങൾക്കു നിങ്ങളെക്കുറിച്ച് അഭിമാനിക്കാൻ സാധിക്കുന്നതുപോലെതന്നെ, നിങ്ങൾക്ക് ഞങ്ങളെക്കുറിച്ചും അഭിമാനിക്കാൻ സാധിക്കും.
-
5 അഹന്തഹൃദയമുള്ള എല്ലാവരെയും യഹോവ വെറുക്കുന്നു.
അവർ ശിക്ഷിക്കപ്പെടും; ഇതു നിശ്ചയം.
-
12 സ്വന്തം വീക്ഷണത്തിൽ ജ്ഞാനിയെന്ന് അഭിമാനിക്കുന്ന ഒരാളെ നിങ്ങൾ കാണുന്നോ?
ഭോഷർക്ക് അയാളെക്കാൾ ആശയ്ക്കുവകയുണ്ട്.
-
1 അപ്പോൾ ലൗകികമായി നമ്മുടെ പൂർവപിതാവായിരുന്ന അബ്രാഹാം ഈ വിഷയത്തെക്കുറിച്ച് എന്താണു മനസ്സിലാക്കിയത്? 2 അബ്രാഹാം നീതീകരിക്കപ്പെട്ടത് പ്രവൃത്തികളാൽ ആയിരുന്നെങ്കിൽ അദ്ദേഹത്തിന് ആത്മപ്രശംസയ്ക്കു വകയുണ്ടാകുമായിരുന്നു; എന്നാൽ, ദൈവത്തിനുമുമ്പാകെ ആത്മപ്രശംസയ്ക്ക് യാതൊന്നുമില്ല. 3 തിരുവെഴുത്ത് എന്താണു പറയുന്നത്? “അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു, അതുനിമിത്തം ദൈവം അദ്ദേഹത്തെ നീതിമാനായി കണക്കാക്കി.”
4 അധ്വാനിക്കുന്നവനു കൂലി നൽകുന്നത് ദാനമായിട്ടല്ല, അത് അയാൾ പ്രവൃത്തിചെയ്ത് അവകാശമായി നേടുന്നതാണ്. 5 എന്നാൽ, പാപിയെ നീതീകരിക്കുന്ന ദൈവത്തിൽ വിശ്വസിക്കുന്ന ഒരാളുടെ സൽപ്രവൃത്തികളെ അല്ല, അവന്റെ വിശ്വാസത്തെയാണ് ദൈവം നീതിയായി കണക്കാക്കുന്നത്.
-
5 തന്റെ അയൽവാസിക്കെതിരേ രഹസ്യമായി ഏഷണി പറയുന്നവരെ
ഞാൻ നശിപ്പിക്കും;
അഹന്തനിറഞ്ഞ കണ്ണും നിഗളമുള്ള ഹൃദയവും ഉള്ളവരെ
ഞാൻ സഹിക്കുകയില്ല.
-
23 അഹങ്കാരി അപമാനത്തിൽ അവസാനിക്കുന്നു,
എന്നാൽ നമ്രഹൃദയി ബഹുമതി ആർജിക്കുന്നു.
-
1 ഇപ്രകാരം, വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നമുക്കു ദൈവത്തോടു സമാധാനമുണ്ട്. 2 ക്രിസ്തുവിലൂടെത്തന്നെയാണ് നാം ഇപ്പോൾ നിൽക്കുന്ന ഈ കൃപയിലേക്കു നമുക്കു വിശ്വാസത്താൽ പ്രവേശനം ലഭിച്ചതും ദൈവതേജസ്സിന്റെ പങ്കുകാരാകും എന്ന പ്രത്യാശയിൽ നാം അഭിമാനിക്കുന്നതും. 3 അതുമാത്രമോ, കഷ്ടതയിലും നാം അഭിമാനിക്കുകയാണ്; 4 കാരണം, കഷ്ടത സഹനശക്തിയും സഹനശക്തി പരിപക്വതയും പരിപക്വത പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു. 5 ഈ പ്രത്യാശ നമ്മെ ലജ്ജിതരാക്കുന്നില്ല. കാരണം, പരിശുദ്ധാത്മാവിനെ നൽകുന്നതിലൂടെ ദൈവം അവിടത്തെ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ സമൃദ്ധമായി വർഷിച്ചിരിക്കുന്നു.
-
3 എനിക്കു ലഭിച്ചിരിക്കുന്ന കൃപയുടെ അധികാരത്തിൽ നിങ്ങളിൽ ഓരോരുത്തരോടുമായി ഞാൻ പറയട്ടെ: നിങ്ങൾ ആയിരിക്കുന്നതിൽനിന്നപ്പുറമായി നിങ്ങളെക്കുറിച്ചു ചിന്തിച്ച് അഹങ്കരിക്കരുത്; പിന്നെയോ, ദൈവം നൽകിയിരിക്കുന്ന വിശ്വാസത്തിന്റെ മാനദണ്ഡം ഉപയോഗിച്ച് വിവേകപൂർവം സ്വയം വിലയിരുത്തുകയാണു വേണ്ടത്.
-
30 അഭിമാനിക്കണമെങ്കിൽ, ഞാൻ എന്റെ ബലഹീനതകളെക്കുറിച്ച് അഭിമാനിക്കും.
-
34 പരിഹാസികളെ അവിടന്ന് അപഹസിക്കുന്നു,
എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു.
-
4 അഹന്തനിറഞ്ഞ കണ്ണും നിഗളമുള്ള ഹൃദയവും—
ദുഷ്ടരുടെ ഉഴുതുമറിക്കാത്ത നിലവും—പാപം ഉൽപ്പാദിപ്പിക്കുന്നു.
-
11 നിന്റെ പ്രതാപവും നിന്റെ വാദ്യഘോഷവും
പാതാളത്തിലേക്കു താഴ്ത്തപ്പെട്ടിരിക്കുന്നു;
പുഴുക്കളെ കിടക്കയായി നിന്റെ കീഴിൽ വിരിച്ചിരിക്കുന്നു;
കീടങ്ങൾ നിനക്കു പുതപ്പായിരിക്കുന്നു.
12 ഉഷസ്സിന്റെ പുത്രാ, ഉദയനക്ഷത്രമേ!
നീ ആകാശത്തുനിന്നു വീണുപോയതെങ്ങനെ!
ഒരിക്കൽ രാഷ്ട്രങ്ങളെ താഴ്ത്തിക്കളഞ്ഞവനേ,
നീ വെട്ടേറ്റു ഭൂമിയിൽ വീണുപോയതെങ്ങനെ!
13 നീ നിന്റെ ഹൃദയത്തിൽ പറഞ്ഞു,
“ഞാൻ സ്വർഗത്തിൽ കയറും.
ദൈവത്തിന്റെ നക്ഷത്രങ്ങൾക്കുമേൽ
ഞാനെന്റെ സിംഹാസനം ഉയർത്തും;
സമാഗമപർവതത്തിന്മേൽ സിംഹാസനാരൂഢനാകും,
സാഫോൺ പർവതത്തിന്റെ ഔന്നത്യങ്ങളിൽ ഞാൻ ഇരുന്നരുളും.
14 മേഘോന്നതികൾക്കുമീതേ ഞാൻ കയറും;
എന്നെത്തന്നെ ഞാൻ പരമോന്നതനു തുല്യനാക്കും.”
15 എന്നാൽ നീ പാതാളത്തിലേക്ക്,
നാശകൂപത്തിന്റെ അഗാധതയിലേക്കുതന്നെ താഴ്ത്തപ്പെടും.
-
5 “മനുഷ്യരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനുവേണ്ടി മാത്രമാണ് അവർ എല്ലാം ചെയ്യുന്നത്. അവർ അവരുടെ വേദപ്പട്ടകൾക്കു വീതിയും പുറങ്കുപ്പായത്തിന്റെ തൊങ്ങലുകൾക്കു നീളവും കൂട്ടുന്നു. 6 വിരുന്നുകളിൽ ആദരണീയർക്കായി വേർതിരിച്ചിരിക്കുന്ന ഇരിപ്പിടവും പള്ളികളിൽ പ്രധാന ഇരിപ്പിടങ്ങളും അവർ ആഗ്രഹിക്കുന്നു. 7 ജനം ചന്തസ്ഥലങ്ങളിൽ അവരെ അഭിവാദനംചെയ്യുന്നതും ‘റബ്ബീ’ എന്നു വിളിക്കുന്നതും അവർ ഇഷ്ടപ്പെടുന്നു.
-
9 ശിമോൻ എന്നു പേരുള്ള ഒരു മനുഷ്യൻ കുറെക്കാലമായി മന്ത്രവാദം നടത്തി, താൻ ഒരു മഹാൻ എന്നു നടിച്ച് ശമര്യാപട്ടണത്തിലെ ആളുകളെയെല്ലാം ഭ്രമിപ്പിച്ചിരുന്നു. 10 “ഇയാൾ ദൈവത്തിന്റെ ശക്തിയാണ്; ഇയാളിൽ ശക്തീദേവിയാണ് ആവസിക്കുന്നത്,” എന്നു പറഞ്ഞുകൊണ്ട് വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസംകൂടാതെ എല്ലാവരും ഇയാളിൽ ആകൃഷ്ടരായിരുന്നു.
-
25 എന്നാൽ ഹിസ്കിയാവിന്റെ ഹൃദയം നിഗളിച്ചു; അദ്ദേഹം തനിക്കു ലഭിച്ച കാരുണ്യത്തിന് ദൈവത്തോടു നന്ദിയുള്ളവനായിരുന്നില്ല. അതിനാൽ യഹോവയുടെ ക്രോധം അദ്ദേഹത്തിനും യെഹൂദയ്ക്കും ജെറുശലേമിനുംനേരേയുണ്ടായി.
-
2 എല്ലാവരും തങ്ങളുടെ അയൽവാസികളോട് കളവുപറയുന്നു;
അവർ അധരങ്ങളിൽ മുഖസ്തുതിയും
ഹൃദയത്തിൽ വഞ്ചനയുംവെച്ച് സംസാരിക്കുന്നു.
3 മുഖസ്തുതി പറയുന്ന എല്ലാ അധരങ്ങളും
അഹന്തപൊഴിക്കുന്ന എല്ലാ നാവും യഹോവ മുറിച്ചെറിയട്ടെ—
4 അവർ പറയുന്നു,
“ഞങ്ങളുടെ നാവിനാൽ ഞങ്ങൾ ജയിക്കും;
ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ—
ആരാണ് ഇനി ഞങ്ങൾക്ക് ഭരണകർത്താവ്?”
-
10 നീ നിന്റെ ദുഷ്ടതയിൽ ആശ്രയിച്ചു,
‘ആരും എന്നെ കാണുന്നില്ല,’ എന്നു നീ പറഞ്ഞു.
നിന്റെ ജ്ഞാനവും നിന്റെ വിദ്യയും നിന്നെ വഴിതെറ്റിച്ചു.
‘ഞാൻ ആകുന്നു, എന്നെക്കാൾ മികച്ച ആരുമില്ല’
എന്നു നീ ഹൃദയത്തിൽ പറഞ്ഞപ്പോൾത്തന്നെ.
11 അതിനാൽ അനർഥം നിന്റെമേൽ പതിക്കും,
മന്ത്രവാദംകൊണ്ട് അതു നീക്കാൻ നിനക്കു കഴിയുകയില്ല.
നിനക്കു പരിഹരിക്കാനാകാത്ത
ആപത്തു നിന്റെമേൽ വരും;
നിനക്കു ചിന്തിക്കാൻപോലും കഴിയാത്ത വിനാശം
നിന്റെമേൽ പെട്ടെന്നുതന്നെ വീഴും.
-
49 “ ‘നിന്റെ സഹോദരിയായ സൊദോമിന്റെ കുറ്റം ഇതായിരുന്നു: അവളും പുത്രിമാരും നിഗളികളായിരുന്നു, ഭക്ഷിച്ചുതിമിർത്ത് അനവധാനതയോടെ ആയിരുന്നു അവർ ജീവിച്ചത്; ദരിദ്രരെയും അനാഥരെയും അവർ സഹായിച്ചതുമില്ല. 50 അവർ അഹങ്കരിച്ച് എന്റെമുമ്പാകെ മ്ലേച്ഛതകൾ പ്രവർത്തിച്ചു; അതുകണ്ടിട്ട് ഞാൻ അവരെ ഇല്ലാതാക്കിക്കളഞ്ഞു.
-
1 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: 2 “മനുഷ്യപുത്രാ, സോരിലെ ഭരണാധികാരിയോടു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ ‘നിന്റെ ഹൃദയത്തിലെ നിഗളത്തിൽ,
“ഞാൻ ദൈവമാകുന്നു;
സമുദ്രമധ്യേ ഞാൻ ദൈവത്തിന്റെ സിംഹാസനത്തിൽ
ഉപവിഷ്ടനായിരിക്കുന്നു,” എന്നും നീ അവകാശപ്പെടുന്നു.
എന്നാൽ ദൈവത്തെപ്പോലെ ജ്ഞാനിയെന്ന് നീ നിന്നെക്കുറിച്ചു ചിന്തിക്കുന്നെങ്കിലും,
നീ ഒരു ദേവനല്ല കേവലം മനുഷ്യനത്രേ.
3 നീ ദാനീയേലിനെക്കാളും ജ്ഞാനിയോ?
ഒരു രഹസ്യവും നിനക്കു മറഞ്ഞിരിക്കുന്നില്ലേ?
4 നിന്റെ ജ്ഞാനവും വിവേകവുംനിമിത്തം
നീ നിനക്കുവേണ്ടി സമ്പത്തു നേടുകയും
നിന്റെ ഭണ്ഡാരങ്ങളിൽ സ്വർണവും വെള്ളിയും
വർധിപ്പിക്കുകയും ചെയ്തിരിക്കുന്നു.
5 വ്യാപാരത്തിൽ നിനക്കുള്ള വൈദഗ്ദ്ധ്യം നിമിത്തം
നീ നിന്റെ സമ്പത്തു വർധിപ്പിച്ചു;
നിന്റെ സമ്പത്തുനിമിത്തം
നിന്റെ ഹൃദയം നിഗളിച്ചിരിക്കുന്നു.
6 “ ‘അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ ‘നീ ജ്ഞാനി എന്ന്, ഒരു ദേവനെപ്പോലെ
ജ്ഞാനിയെന്നു കരുതുന്നതുമൂലവും,
7 ഞാൻ രാഷ്ട്രങ്ങളിൽവെച്ച് ഏറ്റവും നിഷ്ഠുരരായ വിദേശികളെ
നിങ്ങൾക്കെതിരേ വരുത്തും;
അവർ നിന്റെ സൗന്ദര്യത്തിനും ജ്ഞാനത്തിനുമെതിരേ വാൾ പ്രയോഗിച്ച്
നിന്റെ ഉജ്ജ്വലപ്രതാപത്തെ കുത്തിത്തുളയ്ക്കും.
8 അവർ നിന്നെ കുഴിയിലേക്കു തള്ളിയിടും,
സമുദ്രമധ്യേയുള്ള
നിന്റെ മരണം ഭയാനകമായ ഒന്നായിരിക്കും.
9 അപ്പോൾ നിന്നെ കൊല്ലുന്നവരുടെമുമ്പിൽ
“ഞാൻ ദേവൻ ആകുന്നു,” എന്നു നീ പറയുമോ?
നിന്നെ സംഹരിക്കുന്നവരുടെ കൈക്കീഴിൽ
നീ ദേവനല്ല, ഒരു മനുഷ്യൻമാത്രമായിരിക്കും.
10 വിദേശീയരുടെ കൈകളാൽ
നീ പരിച്ഛേദനം ഏൽക്കാത്തവരെപ്പോലെ മരിക്കും.
ഞാൻ കൽപ്പിച്ചിരിക്കുന്നു, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.’ ”
-
3 നിന്റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു,
പാറപ്പിളർപ്പുകളിൽ വസിക്കുകയും
ഉന്നതങ്ങളിൽ വീടുവെച്ചിരിക്കുകയും ചെയ്യുന്ന നീ,
‘എന്നെ ആർ നിലത്തു തള്ളിയിടും?’
എന്നു നീ നിന്നോടുതന്നെ പറയുന്നു.
-
5 അതുപോലെതന്നെ നമ്മുടെ നാവും ചെറിയ ഒരു അവയവമെങ്കിലും വളരെ ഡംഭത്തോടെ വീമ്പിളക്കുന്നു. ഒരു ചെറിയ തീപ്പൊരി വലിയ ഒരു വനം ദഹിപ്പിക്കുന്നു.
-
13 നിങ്ങളിൽ ജ്ഞാനവും വിവേകവും ഉള്ളവർ ഉണ്ടോ? എങ്കിൽ അയാൾ ജ്ഞാനത്തിന്റെ ലക്ഷണമായ വിനയത്തോടെ സൽപ്രവൃത്തികളാൽ സമ്പുഷ്ടമായ നല്ല ജീവിതംകൊണ്ട് ആ ജ്ഞാനത്തെ വെളിപ്പെടുത്തട്ടെ. 14 എന്നാൽ, നിങ്ങൾക്കു ഹൃദയത്തിൽ കടുത്ത അസൂയയും സ്വാർഥമോഹവുമുണ്ടെങ്കിൽ ജ്ഞാനത്തെക്കുറിച്ചു പ്രശംസിക്കുകയും സത്യത്തെ നിഷേധിക്കുകയുമരുത്. 15 അങ്ങനെയുള്ള “ജ്ഞാനം” ദൈവികമല്ല; അത് ലൗകികവും അനാത്മികവും പൈശാചികവുമാണ്. 16 കാരണം, അസൂയയും സ്വാർഥമോഹവും ഉള്ളിടത്തു ക്രമരാഹിത്യവും എല്ലാ ദുഷ്പ്രവൃത്തികളും ഉണ്ട്.
17 എന്നാൽ സ്വർഗീയജ്ഞാനം, ഏറ്റവും പ്രഥമമായി നിർമലമായിരിക്കും; കൂടാതെ സമാധാനമുള്ളതും സൗമ്യവും വിധേയത്വമുള്ളതും കാരുണ്യമുള്ളതും സത്ഫലങ്ങൾ നിറഞ്ഞതും പക്ഷഭേദരഹിതവും നിഷ്കപടവുമായിരിക്കും. 18 സമാധാനമുണ്ടാക്കുന്നവർ ശാന്തിയിൽ വിതച്ചു നീതിയുടെ ഫലം കൊയ്യും.
-
7 അവൾക്കു ദണ്ഡനവും ദുഃഖവും നൽകുക;
അവൾ സ്വയം പ്രശംസിക്കുകയും സുഖലോലുപതയിൽ തിമിർക്കുകയുംചെയ്തതിന്റെ അതേ അളവിൽത്തന്നെ.
‘ഞാൻ രാജ്ഞിപദത്തിലിരിക്കുന്നു.
ഞാനൊരു വിധവയല്ല;
ഞാൻ ഒരിക്കലും ദുഃഖിക്കുകയുമില്ല,’
എന്ന് അവൾ ഹൃദയത്തിൽ അഹങ്കരിച്ചല്ലോ.
8 അതുകൊണ്ട്, ഒരൊറ്റ ദിവസംകൊണ്ടുതന്നെ
മരണം, വിലാപം, ക്ഷാമം എന്നീ അത്യാപത്തുകൾ അവളുടെമേൽ വരും;
ന്യായംവിധിക്കുന്ന ദൈവമായ കർത്താവ് ശക്തനാകുകയാൽ
അവളെ തീയിൽ ദഹിപ്പിച്ചുകളയും.
-
14 ദ്രവ്യാഗ്രഹികളായ പരീശന്മാർ ഇതെല്ലാം കേട്ട് യേശുവിനെ പരിഹസിച്ചു. 15 അദ്ദേഹം അവരോട്, “നിങ്ങൾ മനുഷ്യരുടെമുമ്പാകെ നിങ്ങളെത്തന്നെ നീതീകരിക്കുന്നവരാകുന്നു; എന്നാൽ ദൈവം നിങ്ങളുടെ ഹൃദയം അറിയുന്നു. മനുഷ്യർ വിലമതിക്കുന്നത്, ദൈവദൃഷ്ടിയിൽ മ്ലേച്ഛമാണ്” എന്നു പറഞ്ഞു.
-
30 ഞങ്ങളും നാഴികതോറും ആപത്തിലാകുന്നതെന്തിന്? 31 സഹോദരങ്ങളേ, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ എനിക്കു നിങ്ങളെപ്പറ്റിയുള്ള പ്രശംസയുടെ ഉറപ്പിൽ ഞാൻ തീർത്തു പറയട്ടെ, ഞാൻ ദിവസേന മരണം അഭിമുഖീകരിക്കുകയാണ്.
-
13 സഹോദരങ്ങളേ, പരിപൂർണസ്വാതന്ത്ര്യത്തിൽ ജീവിക്കാനാണ് നിങ്ങളെ വിളിച്ചിരിക്കുന്നത്. എന്നാൽ നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങളിലെ പാപപ്രകൃതത്തെ തൃപ്തിപ്പെടുത്താൻ അനുവദിക്കാതെ, സ്നേഹത്തിൽ പരസ്പരം ദാസരായി ശുശ്രൂഷ ചെയ്യുക. 14 “നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക” എന്ന ഒരൊറ്റ കൽപ്പന പ്രാവർത്തികമാക്കുന്നതിലൂടെ സർവന്യായപ്രമാണവും പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു. 15 നിങ്ങൾ പരസ്പരം മുറിവേൽപ്പിക്കുകയും കടിച്ചുകീറുകയുംചെയ്താൽ, ഓർക്കുക! നിങ്ങൾ പരസ്പരം നശിപ്പിക്കുകയാണ്!
16 ആകയാൽ ഞാൻ പറയുന്നു: യാതൊരുവിധത്തിലും പാപത്തിന്റെ ഇച്ഛകൾക്ക് വശംവദരാകാതെ ദൈവാത്മനിയന്ത്രണത്തിൽ ജീവിക്കുക. 17 പാപാസക്തി ദൈവാത്മാഭിലാഷത്തിനും ദൈവാത്മാഭിലാഷം പാപാസക്തിക്കും വിരുദ്ധമാണ്. ഇവ പരസ്പരം ശത്രുക്കളാണ്; അതുകൊണ്ട് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം പ്രവർത്തിക്കാൻ നിങ്ങൾക്ക് കഴിയുന്നുമില്ല. 18 നിങ്ങൾ ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരെങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിന് അധീനരല്ല.
19 മനുഷ്യസഹജമായ പാപപ്രവൃത്തികൾ, ലൈംഗികാധർമം, അസാന്മാർഗികത, കുത്തഴിഞ്ഞ ജീവിതരീതി; 20 വിഗ്രഹാരാധന, ദുർമന്ത്രവാദം; പക, കലഹം, ജാരശങ്ക, കലാപം, സ്വാർഥത, ദ്വന്ദ്വപക്ഷം, ഭിന്നത, 21 അസൂയ, മദ്യപാനം, അഴിഞ്ഞാട്ടം തുടങ്ങിയവയെന്നു വ്യക്തമാണ്. ഈ കാര്യങ്ങൾ പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ നിങ്ങളോട് മുമ്പേ പറഞ്ഞിരുന്നതുപോലെ വീണ്ടും ആവർത്തിക്കുകയാണ്.
22 എന്നാൽ, ആത്മാവിന്റെ ഫലം, സ്നേഹം, ആനന്ദം, സമാധാനം, ദീർഘക്ഷമ, ദയ, ഉദാരത, വിശ്വസ്തത, 23 സൗമ്യത, ആത്മനിയന്ത്രണം എന്നിവയാണ്. ഇവയ്ക്കെതിരായി ഒരു ന്യായപ്രമാണവുമില്ല. 24 എന്നാൽ, ക്രിസ്തുയേശുവിനുള്ളവർ മനുഷ്യസഹജമായ പ്രവൃത്തികളെ അതിന്റെ എല്ലാവിധ ഭോഗവിലാസങ്ങളോടുംകൂടി ക്രൂശിച്ചിരിക്കുന്നു. 25 നാം ആത്മാവിനാൽ ജീവിക്കുന്നവരായതുകൊണ്ട് നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളും ആത്മനിയന്ത്രിതമായിരിക്കണം. 26 നാം അഹംഭാവികളായി പരസ്പരം പ്രകോപിപ്പിക്കുന്നവരും മത്സരിക്കുന്നവരും ആകരുത്.
-
1 ആകയാൽ (ഇങ്ങനെ നിങ്ങളും കഷ്ടതയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാൽ) നിങ്ങൾ ക്രിസ്തുവിനോട് ചേർന്നിരിക്കുന്നതിലൂടെ എന്തെങ്കിലും പ്രോത്സാഹനം ലഭിച്ചിട്ടുണ്ടോ? അവിടത്തെ സ്നേഹത്തിൽനിന്ന് എന്തെങ്കിലും ആശ്വാസം ലഭിച്ചിട്ടുണ്ടോ? ദൈവാത്മാവിൽ വല്ല കൂട്ടായ്മയും നിങ്ങൾക്കുണ്ടോ? അൽപ്പമെങ്കിലും ആർദ്രതയും അനുകമ്പയും ഉണ്ടോ? ഉണ്ടെങ്കിൽ 2 നിങ്ങൾ ഒരേ ഹൃദയവും ഒരേ സ്നേഹവും ഉള്ളവരായി, ആത്മാവിലും ലക്ഷ്യത്തിലും ഐക്യവും ഉള്ളവരായി, എന്റെ ആനന്ദം സമ്പൂർണമാക്കുക. 3 സ്വാർഥതാത്പര്യത്താലോ വൃഥാഭിമാനത്താലോ ഒന്നും ചെയ്യാതെ വിനയപൂർവം മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠർ എന്നു കരുതുക. 4 നിങ്ങളിൽ ഓരോരുത്തരും സ്വന്തം നന്മമാത്രമല്ല, മറ്റുള്ളവരുടെ നന്മകൂടി അന്വേഷിക്കേണ്ടതാണ്.
5 ക്രിസ്തുയേശുവിന്റെ സ്വഭാവംതന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.
6 പ്രകൃത്യാതന്നെ ദൈവമായിരിക്കെ,
ദൈവത്തോടുള്ള സമത്വം എപ്പോഴും മുറുകെപിടിച്ചുകൊണ്ടിരിക്കണം എന്നു ചിന്തിക്കാതെ,
7 ക്രിസ്തു തന്നെത്തന്നെ ശൂന്യനാക്കി,
ദാസവേഷം ധരിച്ച്,
മനുഷ്യപ്രകൃതിയിൽ കാണപ്പെട്ടു.
8 അവിടന്ന് അങ്ങനെ തന്നെത്താൻ താഴ്ത്തുകയും,
മരണംവരെ;
അതേ, ക്രൂശുമരണംവരെ,
അനുസരണയുള്ളവനായിത്തീരുകയും ചെയ്തു.
-
6 ദൈവം നമുക്ക് കൃപ അധികം നൽകുന്നു; അതുകൊണ്ടാണ്,
“ദൈവം അഹങ്കാരികളെ എതിർക്കുന്നു,
എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു”
എന്നു തിരുവെഴുത്തു പറയുന്നത്.
-
5 അതുപോലെതന്നെ യുവാക്കളേ, നിങ്ങൾ സഭാമുഖ്യന്മാർക്കു വിധേയരാകുക. നിങ്ങൾ എല്ലാവരും വിനയം ധരിച്ചുകൊണ്ട് പരസ്പരം ശുശ്രൂഷിക്കുക. കാരണം,
“ദൈവം അഹങ്കാരികളെ എതിർക്കുന്നു,
എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു.”
-
11 നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ മറക്കാതിരിക്കാനും ഞാൻ ഇന്നു നിങ്ങൾക്കു നൽകുന്ന അവിടത്തെ കൽപ്പനകളും നിയമങ്ങളും ഉത്തരവുകളും അവഗണിക്കാതിരിക്കാനും ശ്രദ്ധിക്കുക. 12 അല്ലെങ്കിൽ നിങ്ങൾ ഭക്ഷിച്ചു തൃപ്തനായി നല്ല വീടുകൾ പണിത് അവയിൽ താമസിക്കുകയും 13 നിങ്ങളുടെ ആടുകളും കന്നുകാലികളും പെരുകുകയും വെള്ളിയും സ്വർണവും വർധിക്കുകയും നിങ്ങൾക്കുള്ള സകലതും സമൃദ്ധമായിട്ട് ഉണ്ടാകുകയും ചെയ്യുമ്പോൾ, 14 നിങ്ങളുടെ ഹൃദയം നിഗളിച്ച് അടിമഗൃഹമായ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്ന ദൈവമായ യഹോവയെ നിങ്ങൾ മറക്കും. 15 വിഷസർപ്പവും തേളും ഉള്ള വലുതും ഭയാനകവുമായ മരുഭൂമിയിലൂടെയാണ് അവിടന്നു നിങ്ങളെ നടത്തിയത്. വെള്ളമില്ലാതെ വരണ്ടദേശത്ത് തീക്കൽപ്പാറയിൽനിന്ന് നിങ്ങൾക്കു വെള്ളം നൽകി. 16 നിങ്ങളെ വിനയമുള്ളവരാക്കുന്നതിനും പരീക്ഷിക്കുന്നതിനും അങ്ങനെ നിങ്ങൾക്കു നന്മയുണ്ടാകുന്നതിനും നിങ്ങളുടെ പിതാക്കന്മാർ അറിഞ്ഞിട്ടില്ലാത്ത മന്നകൊണ്ട് മരുഭൂമിയിൽവെച്ച് അവിടന്ന് നിങ്ങളെ പരിപോഷിപ്പിച്ചു. 17 “എന്റെ ശക്തിയും കൈബലവും ഈ സമ്പത്തുണ്ടാക്കി,” എന്നു നിങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ പറയരുത്. 18 നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ ഓർക്കണം. നിങ്ങളുടെ പിതാക്കന്മാരോടു ശപഥംചെയ്ത അവിടത്തെ ഉടമ്പടി ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന് അവിടന്നാണല്ലോ നിങ്ങൾക്കു സമ്പത്തു നേടാൻ പ്രാപ്തി നൽകുന്നത്.
19 നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ മറന്ന് അന്യദേവന്മാരുടെ പിന്നാലെ പോകുകയും അവയെ വണങ്ങി നമസ്കരിക്കുകയും ചെയ്താൽ നിങ്ങൾ നിശ്ചയമായും നശിച്ചുപോകുമെന്നു ഞാൻ ഇന്ന് നിങ്ങൾക്കെതിരേ സാക്ഷ്യം പറയുന്നു. 20 നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ അനുസരിക്കാതിരുന്നാൽ യഹോവ നിങ്ങളുടെമുമ്പിൽനിന്ന് ഉന്മൂലനംചെയ്യുന്ന ജനതകളെപ്പോലെതന്നെ നിങ്ങളും നശിച്ചുപോകും.
-
4 അഹങ്കാരികളോട്, ‘ഇനിയൊരിക്കലും അഹങ്കരിക്കരുത്’ എന്നും
ദുഷ്ടരോട്, ‘നിങ്ങളുടെ കൊമ്പ് ഉയർത്തരുത്
5 നിങ്ങളുടെ കൊമ്പ് മേലോട്ടുയർത്തരുത്;
ശാഠ്യത്തോടെ സംസാരിക്കുകയുമരുത്’ ” എന്നും ഞാൻ അരുളിച്ചെയ്യുന്നു.
6 കിഴക്കുനിന്നോ പടിഞ്ഞാറുനിന്നോ
മരുഭൂമിയിൽനിന്നോ അല്ല ഉയർച്ച കൈവരുന്നത്.
-
6 യഹോവ മഹോന്നതൻ ആണെങ്കിലും അവിടന്ന് എളിയവരെ കടാക്ഷിക്കുന്നു;
എന്നാൽ അഹങ്കാരികളെ അവിടന്ന് ദൂരത്തുനിന്നുതന്നെ അറിയുന്നു.
-
16 യഹോവ വെറുക്കുന്ന ആറു വസ്തുതകളുണ്ട്,
ഏഴെണ്ണം അവിടത്തേക്ക് അറപ്പാകുന്നു:
17 അഹന്തനിറഞ്ഞ കണ്ണ്,
വ്യാജംപറയുന്ന നാവ്,
നിരപരാധിയുടെ രക്തം ചൊരിയുന്ന കൈകൾ,
18 ദുരുപായം മെനയുന്ന ഹൃദയം,
അകൃത്യത്തിലേക്ക് ദ്രുതഗതിയിൽ പായുന്ന കാലുകൾ,
19 നുണമാത്രം പറഞ്ഞുകൂട്ടുന്ന കള്ളസാക്ഷി,
സഹോദരങ്ങൾക്കിടയിൽ ഭിന്നത വളർത്തുന്ന മനുഷ്യനുംതന്നെ.
-
25 അഹങ്കാരിയുടെ ഭവനം യഹോവ നശിപ്പിക്കും,
എന്നാൽ അവിടന്ന് വിധവയുടെ അതിർത്തി സംരക്ഷിക്കും.
-
11 അഹങ്കാരിയുടെ കണ്ണ് താഴ്ത്തപ്പെടും;
മനുഷ്യന്റെ ഗർവം കുനിയും;
ആ ദിവസത്തിൽ യഹോവമാത്രം മഹത്ത്വീകരിക്കപ്പെടും.
12 സൈന്യങ്ങളുടെ യഹോവ
ഗർവവും ഉന്നതഭാവവും നിഗളവുമുള്ള
എല്ലാവർക്കുമായി ഒരു ദിവസം കരുതിവെച്ചിരിക്കുന്നു.
അവരെല്ലാവരും താഴ്ത്തപ്പെടും.
-
20 അദ്ദേഹം തുടർന്നു: “മനുഷ്യന്റെ ഹൃദയത്തിൽനിന്ന് പുറപ്പെടുന്നവയാണ് അയാളെ അശുദ്ധമാക്കുന്നത്. 21 വഷളവിചാരങ്ങൾ, വ്യഭിചാരം, മോഷണം, കൊലപാതകം, പരസംഗം, 22 അത്യാഗ്രഹം, ദുഷ്പ്രവൃത്തികൾ, വഞ്ചന, ലൈംഗികാധർമം, ഈർഷ്യ, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ ഉള്ളിൽനിന്ന്, മനുഷ്യന്റെ ഹൃദയത്തിൽനിന്നു വരുന്നു. 23 ഈ തിന്മകളെല്ലാം ഉള്ളിൽനിന്നു വന്ന് മനുഷ്യനെ അശുദ്ധമാക്കുന്നു.”
-
22 ജ്ഞാനികൾ എന്നു സ്വയം അവകാശപ്പെട്ടുകൊണ്ട് അവർ വെറും മൂഢരായി മാറി. 23 അനശ്വരനായ ദൈവത്തിനു മഹത്ത്വം നൽകേണ്ടതിനു പകരം നശ്വരനായ മനുഷ്യൻ, പക്ഷികൾ, മൃഗങ്ങൾ, ഇഴജന്തുക്കൾ ഇവയുടെ സാദൃശ്യത്തിലുള്ള രൂപങ്ങൾക്ക് അവർ മഹത്ത്വം കൽപ്പിച്ചു.
-
6 നിങ്ങളുടെ ആത്മപ്രശംസ നല്ലതേയല്ല. ഒരൽപ്പം പുളിമാവു മാവിനെ മുഴുവൻ പുളിപ്പിക്കുന്നെന്നു നിങ്ങൾ അറിയുന്നില്ലേ? 7 നിങ്ങൾ പുതിയ മാവ് ആകേണ്ടതിനു പഴയ പുളിമാവ് നീക്കിക്കളയുക—നിങ്ങൾ പുളിപ്പില്ലാത്ത മാവുതന്നെ ആണല്ലോ. നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു യാഗമായി അർപ്പിക്കപ്പെട്ടിരിക്കുന്നു. 8 അതുകൊണ്ടു വിദ്വേഷവും ദുഷ്ടതയുമാകുന്ന പഴയ പുളിമാവുകൊണ്ടല്ല, ആത്മാർഥതയും സത്യവുമാകുന്ന പുളിപ്പില്ലാത്ത മാവുകൊണ്ടുതന്നെ നമുക്ക് ഉത്സവം ആചരിക്കാം.
-
11 അതുനിമിത്തമാണ്, കർത്തൃസന്നിധിയിൽ ഞങ്ങൾക്കുള്ള ഗൗരവമേറിയ ഉത്തരവാദിത്വം മനസ്സിലാക്കിക്കൊണ്ട് മറ്റുള്ളവരെ പ്രബോധിപ്പിക്കാൻ ബദ്ധപ്പെടുന്നത്. ഞങ്ങളെ ദൈവം നന്നായി അറിയുന്നു. നിങ്ങളുടെ മനസ്സാക്ഷിക്കും അതു വ്യക്തമാണ് എന്നു ഞാൻ കരുതുന്നു. 12 ഞങ്ങൾ പിന്നെയും ആത്മപ്രശംസ ചെയ്യുകയല്ല, പിന്നെയോ ഞങ്ങളെപ്പറ്റി അഭിമാനിക്കാൻ നിങ്ങൾക്ക് അവസരം തരികയാണ്. അങ്ങനെ നിങ്ങൾ ഹൃദയം നോക്കിയിട്ടല്ല, മുഖം നോക്കിയിട്ട് പുകഴുന്നവരോട് ഉത്തരം പറയാൻ സാധിക്കും.
-
19 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പുനരാഗമനത്തിൽ, തിരുമുമ്പിൽ ഞങ്ങളുടെ പ്രത്യാശയും ആനന്ദവും അഭിമാനകിരീടവും നിങ്ങൾ അല്ലെങ്കിൽ പിന്നെ എന്താണ്? 20 അതേ, നിശ്ചയമായും നിങ്ങളാണ് ഞങ്ങളുടെ അഭിമാനവും ആനന്ദവും.
-
19 നിങ്ങളുടെ ദുശ്ശാഠ്യമുള്ള ഗർവ് ഞാൻ തകർക്കും; നിങ്ങൾക്കുമീതേയുള്ള ആകാശത്തെ ഇരുമ്പുപോലെയും കീഴേയുള്ള ഭൂമിയെ വെള്ളോടുപോലെയും ആക്കും.
-
5 അവിടത്തെ സന്നിധിയിൽ
ധിക്കാരികൾ നിൽക്കുകയില്ല.
അധർമം പ്രവർത്തിക്കുന്നവരെ അവിടന്നു വെറുക്കുന്നു;
-
10 എവിടെ അഹന്തയുണ്ടോ അവിടെ കലഹമുണ്ട്,
എന്നാൽ ഉപദേശം സ്വീകരിക്കുന്നവരിൽ ജ്ഞാനമുണ്ട്.
-
24 അഹങ്കാരിയും ധിക്കാരിയുമായ മനുഷ്യൻ—അയാൾക്കു “പരിഹാസി” എന്നു പേര്—
മഹാഗർവത്തോടെ പെരുമാറുന്നു.
-
31 “അല്ലയോ അഹങ്കാരിയേ, ഇതാ, ഞാൻ നിനക്കെതിരാകുന്നു,”
എന്ന് സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു,
“നിന്റെ ദിവസം വന്നെത്തിയിരിക്കുന്നു,
നീ ശിക്ഷിക്കപ്പെടുന്ന ദിവസംതന്നെ.
32 അഹങ്കാരി കാലിടറി നിലംപൊത്തും,
അവളെ എഴുന്നേൽപ്പിക്കാൻ ആരും ഉണ്ടാകുകയില്ല;
അവളുടെ നഗരങ്ങൾക്കു ഞാൻ തീവെക്കും,
അത് അവൾക്കുചുറ്റുമുള്ള എല്ലാറ്റിനെയും ദഹിപ്പിച്ചുകളയും.”
-
8 “ആ കൊമ്പുകളെക്കുറിച്ചു ഞാൻ ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരു ചെറിയ കൊമ്പ് അവയ്ക്കിടയിൽ മുളച്ചുവന്നു. ആദ്യത്തെ കൊമ്പുകളിൽ മൂന്നെണ്ണം അതിന്റെ മുമ്പിൽവെച്ച് വേരോടെ പിഴുതെറിയപ്പെട്ടു. ഈ കൊമ്പിൽ മനുഷ്യനുള്ളതുപോലെ കണ്ണുകളും വമ്പുപറയുന്ന വായും ഉണ്ടായിരുന്നു.
-
21 അതിനായി നിശ്ചയിക്കപ്പെട്ടിരുന്ന ദിവസം ഹെരോദാവ് രാജകീയവസ്ത്രങ്ങൾ അണിഞ്ഞ്, സിംഹാസനത്തിൽ ഇരുന്നുകൊണ്ട് പ്രജകളെ അഭിസംബോധനചെയ്ത് സംസാരിച്ചു. 22 “ഇത് മനുഷ്യന്റെ ശബ്ദമല്ല, ഒരു ദേവന്റെ ശബ്ദമാണ്,” ജനം ആർത്തുവിളിച്ചു. 23 ഹെരോദാവ് ദൈവത്തെ മഹത്ത്വപ്പെടുത്താതിരുന്നതുകൊണ്ട് കർത്താവിന്റെ ഒരു ദൂതൻ അയാളെ അപ്പോൾത്തന്നെ അടിച്ചുവീഴ്ത്തി. കൃമികൾ അയാളുടെ ശരീരം കാർന്നുതിന്നു; ഒടുവിൽ അയാൾ മരിച്ചു.
-
16 പരസ്പരം സമഭാവനയോടെ ജീവിക്കുക, വലിയവനെന്നു ഭാവിക്കാതെ എളിയവരോടു സഹകരിക്കാൻ സന്മനസ്സുണ്ടാകണം. ജ്ഞാനികളെന്ന് സ്വയം അഹങ്കരിക്കരുത്.
-
7 പ്രതിഫലം പറ്റാതെ ദൈവത്തിന്റെ സുവിശേഷം അറിയിച്ചുകൊണ്ടു നിങ്ങളെ ഉയർത്താൻവേണ്ടി, എന്നെത്തന്നെ താഴ്ത്തിയത് എന്റെ ഭാഗത്ത് ഒരു തെറ്റായിപ്പോയോ? 8 നിങ്ങളെ ശുശ്രൂഷിക്കേണ്ടതിനായി ഞാൻ മറ്റു സഭകളെ കവർച്ച ചെയ്യുന്നതുപോലെയായിരുന്നു അവരിൽനിന്ന് സഹായം സ്വീകരിച്ചത്. 9 നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും നിങ്ങളിൽ ആർക്കും ഞാൻ ഭാരമായിത്തീർന്നിട്ടില്ല; മക്കദോന്യയിൽനിന്ന് വന്ന സഹോദരന്മാരാണ് എന്റെ ആവശ്യങ്ങൾ നിറവേറ്റിയത്. നിങ്ങൾക്ക് ഒരുവിധത്തിലും ഭാരമാകാതെ ഞാൻ എന്നെത്തന്നെ സൂക്ഷിച്ചു; ഇനിയും സൂക്ഷിക്കും. 10 എന്റെ ഈ അഭിമാനം നഷ്ടപ്പെടുത്താൻ അഖായയിലുള്ള ആർക്കും കഴിയുകയില്ല എന്നത്, എന്നിലുള്ള ക്രിസ്തുവിന്റെ സത്യംപോലെതന്നെ സുനിശ്ചിതമാണ്. 11 എനിക്കു നിങ്ങളോടു സ്നേഹമില്ലാത്തതുകൊണ്ടാണോ? അതിന്റെ യാഥാർഥ്യം ദൈവം അറിയുന്നു.
12 ഞങ്ങളോടു സമന്മാർ എന്ന് അവകാശപ്പെടാൻ അവസരം കാത്തിരിക്കുന്നവരുടെ ആത്മപ്രശംസ ഇല്ലാതാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവർക്ക് അതിന് അവസരം കൊടുക്കാതിരിക്കേണ്ടതിനാണ് ഞാൻ ഇങ്ങനെ പ്രവർത്തിക്കുന്നത്; ഇനിയും അങ്ങനെതന്നെ പ്രവർത്തിക്കും. 13 അവർ വ്യാജയപ്പൊസ്തലന്മാർ, വഞ്ചകരായ വേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷംകെട്ടുന്നവർതന്നെ.
-
1 പ്രശംസകൊണ്ടു പ്രയോജനമില്ലെങ്കിലും അത് ആവശ്യമായിരിക്കുന്നു. ഇനി ഞാൻ കർത്താവിൽനിന്നുള്ള ദർശനങ്ങളെയും വെളിപ്പാടുകളെയുംകുറിച്ചു പ്രതിപാദിക്കാം.
-
17 ഈ മനുഷ്യർ ഉണങ്ങിവരണ്ട അരുവികളും കൊടുങ്കാറ്റു പറപ്പിക്കുന്ന മൂടൽമഞ്ഞും ആണ്. കൊടുംതമസ്സ് അവർക്കായി കരുതിവെച്ചിരിക്കുന്നു. 18 കാരണം, തെറ്റായ മാർഗത്തിൽ സഞ്ചരിച്ചവരിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരെ അവർ നിരർഥകങ്ങളായ പൊങ്ങച്ചവാക്കുകളാൽ അധാർമിക ജഡികാസക്തിയിലേക്കു വശീകരിക്കുന്നു. 19 അവർ സ്വയം അധാർമികതയുടെ അടിമകളായിരിക്കെ, മറ്റുള്ളവർക്ക് സ്വാതന്ത്ര്യം വാഗ്ദാനംചെയ്യുന്നു—കാരണം “തങ്ങളെ അടിച്ചമർത്തുന്നവക്ക് മനുഷ്യർ അടിമകളാണ്.”
-
14-15 ആദാംമുതൽ ഏഴാമനായ ഹാനോക്കും ഇവരെക്കുറിച്ച് ഇങ്ങനെ പ്രവചിച്ചിരിക്കുന്നു: “സകലരെയും ന്യായംവിധിക്കാനും ദൈവഭയമില്ലാതെ ചെയ്ത സകലതിന്മപ്രവൃത്തികളെക്കുറിച്ചും ഭക്തികെട്ട പാപികൾ കർത്താവിനെതിരേ പറഞ്ഞ സകലനിഷ്ഠുര വചനങ്ങളെക്കുറിച്ചും അവർക്കു ബോധംവരുത്താനുമായി, കർത്താവ് അവിടത്തെ ആയിരമായിരം വിശുദ്ധരോടുകൂടി ഇതാ വരുന്നു.” 16 ഇവർ തങ്ങളുടെ അവസ്ഥയെക്കുറിച്ച് എപ്പോഴും പിറുപിറുക്കുന്നവരും ദോഷംമാത്രം കാണുന്നവരും സ്വന്തം ദുർമോഹങ്ങളെ പിൻതുടരുന്നവരുമാണ്. തങ്ങളെക്കുറിച്ച് ഇവർ പൊങ്ങച്ചം പറയുകയും കാര്യസാധ്യത്തിനായി മുഖസ്തുതി പ്രയോഗിക്കുകയുംചെയ്യുന്നു.
-
14 “ലവൊദിക്യയിലെ സഭയുടെ ദൂതന് എഴുതുക:
“വിശ്വസ്തസാക്ഷിയും സത്യവാനും ദൈവസൃഷ്ടിയുടെ ആരംഭവുമായ ‘ആമേൻ’ എന്ന ഞാൻ അരുളിച്ചെയ്യുന്നു:
15 “ഞാൻ നിന്റെ പ്രവൃത്തികൾ അറിയുന്നു; നീ ശീതവാനുമല്ല ഉഷ്ണവാനുമല്ല. നീ ശീതവാനോ ഉഷ്ണവാനോ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. 16 എന്നാൽ നീ ശീതവാനുമല്ല, ഉഷ്ണവാനുമല്ല, കേവലം മന്ദോഷ്ണവാനായിരിക്കുകയാൽ ഞാൻ നിന്നെ എന്റെ വായിൽനിന്ന് തുപ്പിക്കളയും. 17 ഞാൻ ധനികൻ, സമ്പത്തുള്ളവനായിത്തീർന്നിരിക്കുന്നു, എനിക്ക് ഒന്നിനും കുറവില്ല എന്നു നീ പറയുന്നുണ്ട്; എങ്കിലും നീ യഥാർഥത്തിൽ നിസ്സഹായനും പരമദയനീയനും ദരിദ്രനും അന്ധനും നഗ്നനുമായ നികൃഷ്ടനാണെന്ന് തിരിച്ചറിയുന്നില്ല. 18 നീ ധനികനാകേണ്ടതിന് അഗ്നിയിൽ സ്ഫുടംചെയ്ത തങ്കവും നിന്റെ ലജ്ജാകരമായ നഗ്നത മറയ്ക്കേണ്ടതിന് ധരിക്കാൻ ശുഭ്രവസ്ത്രങ്ങളും നിനക്കു കാഴ്ച ലഭിക്കേണ്ടതിനു കണ്ണിൽ പൂശേണ്ട ലേപനവും എന്നോടു വിലയ്ക്കുവാങ്ങാൻ ഞാൻ നിന്നെ ഉപദേശിക്കുന്നു.
19 “ഞാൻ സ്നേഹിക്കുന്നവരെ ശാസിക്കയും ശിക്ഷിക്കുകയുംചെയ്യുന്നു. അതുകൊണ്ട് ആത്മാർഥതയോടെ പശ്ചാത്തപിക്കുക. 20 ഇതാ, ഞാൻ വാതിൽക്കൽ നിന്ന് മുട്ടുന്നു. ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അകത്തുചെന്ന് അവനോടുകൂടെയും അയാൾ എന്നോടുകൂടെയും അത്താഴം കഴിക്കും.
21 “ഞാൻ വിജയിയായി എന്റെ പിതാവിനോടുകൂടെ അവിടത്തെ സിംഹാസനത്തിൽ ഇരുന്നതുപോലെതന്നെ, എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിക്കാൻ വിജയിക്കുന്നവന് ഞാനും അധികാരം നൽകും. 22 ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ.”
Shows Read in context, Share and Copy.