69 Bible Verses About Submission to God

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Submission to God
  1. 6 അതുകൊണ്ട്, ദൈവത്തിന്റെ ശക്തിയേറിയ കരത്തിൻകീഴിൽ വിനയാന്വിതരായിരിക്കുക. അപ്പോൾ അവിടന്ന് തക്കസമയത്ത് നിങ്ങളെ ഉയർത്തും. 7 ദൈവം നിങ്ങളുടെ സകലകാര്യങ്ങളിലും ശ്രദ്ധാലുവായിരിക്കുകയാൽ നിങ്ങളുടെ എല്ലാ ആകുലചിന്തകളും ദൈവത്തിൽ സമർപ്പിക്കുക.

    8 ജാഗ്രതയുള്ളവർ ആയിരിക്കുക! സമചിത്തത പാലിക്കുക! നിങ്ങളുടെ വൈരിയായ പിശാച് ഗർജിക്കുന്ന സിംഹത്തെപ്പോലെ ആരെ കടിച്ചുകീറി തിന്നേണ്ടൂ എന്നു പരതിക്കൊണ്ട് പതുങ്ങി നടക്കുന്നു. 9 വിശ്വാസത്തിൽ അടിയുറച്ച് നിന്നുകൊണ്ട് അവനെ ശക്തിയുക്തം എതിർക്കുക. ലോകമെമ്പാടുമുള്ള നിങ്ങളുടെ സഹോദരസമൂഹം ഇതേ ദുരിതാനുഭവങ്ങളിലൂടെ കടന്നുപോകുന്നു എന്നുള്ള കാര്യം നിങ്ങളും അറിയുക.

  2. 1 നിങ്ങളുടെ മധ്യത്തിൽ സംഘട്ടനങ്ങളും കലഹങ്ങളും ഉണ്ടാകാൻ എന്താണു കാരണം? നിങ്ങളുടെ ഉള്ളിൽ പോരാടുന്ന ദുർമോഹങ്ങളിൽനിന്നല്ലേ അവ ഉണ്ടാകുന്നത്? 2 ആഗ്രഹിക്കുന്നവ ലഭിക്കാതെ വരുമ്പോൾ നിങ്ങൾ കൊലപാതകംവരെ ചെയ്യുന്നു; ഒട്ടേറെ മോഹിച്ചിട്ടും കിട്ടാതെ വരുമ്പോൾ കലഹിക്കുന്നു, സംഘട്ടനം നടത്തുന്നു. നിങ്ങൾക്കു ലഭിക്കാതെ പോകുന്നതിന്റെ കാരണമോ; ദൈവത്തോട് അപേക്ഷിക്കുന്നില്ല എന്നതാണ്. 3 നിങ്ങൾ യാചിക്കുന്നെങ്കിലും ലഭിക്കുന്നില്ല; കാരണം, സുഖഭോഗങ്ങൾക്കുവേണ്ടി ചെലവിടണം എന്ന ദുരുദ്ദേശ്യത്തോടെയാണ് നിങ്ങൾ യാചിക്കുന്നത്.

    4 അപഥസഞ്ചാരികളേ, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാകുന്നു എന്നു നിങ്ങൾ അറിയുന്നില്ലേ? അതിനാൽ, ലോകത്തിന്റെ മിത്രമാകാൻ ആഗ്രഹിക്കുന്നവൻ ദൈവത്തിന്റെ ശത്രുവായിത്തീരുന്നു. 5 “നമ്മിൽ വസിക്കാനായി, ദൈവം അയച്ച ആത്മാവ് തന്നോടുള്ള പ്രതിബദ്ധത മറ്റാരുമായും പങ്കുവെക്കാൻ ആഗ്രഹിക്കുന്നില്ല” എന്നു തിരുവെഴുത്തു പറയുന്നത് നിരർഥകമോ? 6 ദൈവം നമുക്ക് കൃപ അധികം നൽകുന്നു; അതുകൊണ്ടാണ്,

    “ദൈവം അഹങ്കാരികളെ എതിർക്കുന്നു,

    എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു”

    എന്നു തിരുവെഴുത്തു പറയുന്നത്.

    7 അതുകൊണ്ട്, ദൈവത്തിനു സ്വയം സമർപ്പിക്കുക; പിശാചിനോട് ചെറുത്തുനിൽക്കുക, അപ്പോൾ അവൻ നിങ്ങളിൽനിന്ന് ഓടിയകലും. 8 ദൈവത്തോട് അടുത്തുവരിക; അപ്പോൾ അവിടന്നു നിങ്ങളോട് അടുത്തുവരും. പാപികളേ, നിങ്ങളുടെ കൈകൾ നിർമലമാക്കുക; ഇരുമനസ്സുള്ളവരേ, ഹൃദയം ശുദ്ധമാക്കുക. 9 വിലാപത്തോടെ ദുഃഖിച്ചു കണ്ണുനീരൊഴുക്കുക; നിങ്ങളുടെ ആഹ്ലാദം ദുഃഖമായും ആനന്ദം വിഷാദമായും തീരട്ടെ. 10 കർത്തൃസന്നിധിയിൽ വിനയാന്വിതരായിരിക്കുക, അപ്പോൾ കർത്താവ് നിങ്ങളെ ഉയർത്തും.

  3. 11 പ്രിയരേ, വിദേശികളും അഭയാർഥികളുമായി ഈ ലോകത്ത് വസിക്കുന്ന നിങ്ങളുടെ പ്രാണനോടു പോരാടുന്ന എല്ലാ പാപകരമായ ആസക്തികളിൽനിന്നും ഒഴിഞ്ഞുനിൽക്കാൻ ഞാൻ നിങ്ങളെ നിർബന്ധിക്കുന്നു. 12 യെഹൂദേതരരുടെ ഇടയിൽ നിങ്ങളുടെ പെരുമാറ്റം മാന്യമായിരിക്കണം, നിങ്ങൾ ദുർവൃത്തരെന്ന് അവർ വ്യാജപ്രചാരണം നടത്തിയാലും നിങ്ങളുടെ സൽപ്രവൃത്തികൾ വീക്ഷിച്ച് കർത്താവിന്റെ സന്ദർശനദിവസത്തിൽ അവർ ദൈവത്തെ മഹത്ത്വപ്പെടുത്തും.

    13 കർത്താവിനെ ഓർത്ത്, മാനുഷികമായ എല്ലാ വ്യവസ്ഥാപിത അധികാരികൾക്കും വിധേയരാകുക; പരമാധികാരി എന്നനിലയിൽ രാജാവിനും 14 അദ്ദേഹം നിയമിച്ചിരിക്കുന്ന ഭരണാധികാരികൾക്കും വിധേയരാകുക. കുറ്റവാളികളെ ശിക്ഷിക്കാനും നന്മ പ്രവർത്തിക്കുന്നവരെ അഭിനന്ദിക്കാനുമാണ് ഇവർ നിയമിക്കപ്പെട്ടിരിക്കുന്നത്. 15 വ്യാജപ്രചാരണം നടത്തുന്നവരുടെ അറിവില്ലായ്മയെ നിങ്ങൾ നന്മ ചെയ്തുകൊണ്ട് നിശ്ശബ്ദമാക്കണം എന്നതാണ് ദൈവഹിതം. 16 നിങ്ങൾ സ്വതന്ത്രരാണ്, എന്നാൽ ദൈവത്തിന്റെ ദാസരുമാണ്. അതുകൊണ്ട് നിങ്ങളുടെ സ്വാതന്ത്ര്യം തിന്മചെയ്യുന്നതിനു മറയാക്കരുത്. 17 എല്ലാവരെയും ബഹുമാനിക്കുക. സഹോദരസമൂഹത്തെ സ്നേഹിക്കുക, ദൈവത്തെ ഭയപ്പെടുക, ഭരണാധികാരിയെ ബഹുമാനിക്കുക.

    18 ദാസരേ, നിങ്ങളുടെ യജമാനന്മാർക്ക് എല്ലാ അർഥത്തിലും ബഹുമാനം നൽകി അവർക്ക് കീഴടങ്ങിയിരിക്കുക. നല്ലവരെയും മാന്യരെയുംമാത്രമല്ല ക്രൂരരെയും ബഹുമാനിക്കുക. 19 ഒരാൾ അന്യായമായി കഷ്ടത അനുഭവിക്കുമ്പോൾ ദൈവാവബോധം നിമിത്തം സഹിക്കുകയാണെങ്കിൽ അതു പ്രശംസനീയമാണ്. 20 തെറ്റു ചെയ്തതിന് ശിക്ഷ അനുഭവിച്ചിട്ട്, പിന്നീട് “ഞാൻ അതു ക്ഷമയോടുകൂടി സഹിച്ചു” എന്നു പറയുന്നതിൽ എന്തു നേട്ടമാണുള്ളത്? നന്മ ചെയ്തിട്ടു ശിക്ഷ അനുഭവിക്കേണ്ടിവരികയും അതു ക്ഷമയോടെ സഹിക്കുകയുംചെയ്യുന്നത് ദൈവത്തിനു പ്രസാദകരമാണ്. 21 ഇങ്ങനെ കഷ്ടത സഹിക്കുന്നതിനുവേണ്ടിയാണ് ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നത്. ക്രിസ്തു നിങ്ങൾക്കുവേണ്ടി കഷ്ടം സഹിച്ചത് നിങ്ങൾ അവിടത്തെ മാതൃക പിൻതുടരേണ്ടതിനുവേണ്ടിയായിരുന്നു.

    22 “അവിടന്ന് ഒരു പാപവും ചെയ്തിട്ടില്ല,

    അവിടത്തെ നാവിൽ ഒരു വഞ്ചനയും ഉണ്ടായിരുന്നില്ല.”

    23 അധിക്ഷേപിക്കപ്പെട്ടുവെങ്കിലും അവിടന്ന് അതിനു പകരംചോദിച്ചില്ല, പീഡിപ്പിക്കപ്പെട്ടപ്പോൾ ആരെയും ഭീഷണിപ്പെടുത്തിയതുമില്ല; പിന്നെയോ, ന്യായമായി വിധി നടപ്പാക്കുന്ന ദൈവത്തിൽ സ്വയം ഭരമേൽപ്പിക്കുകയാണു ചെയ്തത്. 24 നാം പാപത്തിനു മരിക്കുകയും നീതിക്കുവേണ്ടി ജീവിക്കുകയുംചെയ്യേണ്ടതിന്, “ക്രിസ്തു നമ്മുടെ പാപം സ്വശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിന്മേൽ കയറി; അവിടത്തെ മുറിവുകളാൽ നിങ്ങൾക്കു സൗഖ്യം ലഭിച്ചിരിക്കുന്നു; 25 നിങ്ങൾ വഴിതെറ്റി സഞ്ചരിക്കുന്ന ആടുകളെപ്പോലെയായിരുന്നു;” എന്നാൽ ഇപ്പോൾ നിങ്ങളുടെ ഇടയനും പ്രാണന്റെ നാഥനുമായ ക്രിസ്തുവിന്റെ അടുക്കലാണ് നിങ്ങൾ തിരികെ എത്തിച്ചേർന്നിരിക്കുന്നത്.

  4. 1 ഓരോ വ്യക്തിയും ഭരണാധികാരികൾക്കു വിധേയരാകുക. കാരണം, ദൈവത്താൽ നിയോഗിക്കപ്പെടാത്ത അധികാരി ഒരാൾപോലുമില്ല. ഇപ്പോഴുള്ള ഭരണാധികാരികളും ദൈവത്താൽ നിയമിക്കപ്പെട്ടവരാണ്. 2 അതുകൊണ്ട്, അധികാരത്തെ എതിർക്കുന്നവൻ ദൈവം ഏർപ്പെടുത്തിയ സംവിധാനത്തെയാണ് എതിർക്കുന്നത്. അങ്ങനെചെയ്യുന്നവർ സ്വയം ശിക്ഷായോഗ്യരായിത്തീരും. 3 ഭരണാധികാരികളെ ഭയപ്പെടേണ്ടത് നന്മ പ്രവർത്തിക്കുന്നവരല്ല; മറിച്ച്, തിന്മ പ്രവർത്തിക്കുന്നവരാണ്. അധികാരികളെ ഭയപ്പെടാതെ ജീവിക്കാൻ നിനക്ക് ആഗ്രഹമുണ്ടോ? എങ്കിൽ നന്മ ചെയ്യുക. അപ്പോൾ അധികാരികളിൽനിന്ന് നിനക്ക് അഭിനന്ദനം ലഭിക്കും. 4 നിന്റെ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ദൈവസേവകനാണ് അദ്ദേഹം. എന്നാൽ, നീ തിന്മ പ്രവർത്തിക്കുന്നു എങ്കിൽ ഭയപ്പെടുകതന്നെ വേണം. ശിക്ഷിക്കാൻ അയാൾക്ക് അധികാരം നൽകപ്പെട്ടിരിക്കുന്നത് വെറുതേയല്ലല്ലോ! തിന്മ പ്രവർത്തിക്കുന്നവർക്കെതിരേ ജ്വലിക്കുന്ന ദൈവക്രോധം ശിക്ഷയിലൂടെ നടപ്പാക്കാൻ ദൈവം നിയോഗിച്ച ഭൃത്യനാണയാൾ. 5 ശിക്ഷ ലഭിക്കുമെന്ന ഭയംകൊണ്ടുമാത്രമല്ല, ശുദ്ധമനസ്സാക്ഷി ഉണ്ടായിരിക്കേണ്ടതിനുംകൂടിയാണ് അധികാരികളോട് വിധേയത്വം പുലർത്തേണ്ടത്.

    6 ഇതുകൊണ്ടുതന്നെയാണ് നിങ്ങൾ നികുതി കൊടുക്കുന്നതും. അധികാരികൾ ഭരണകാര്യങ്ങളിൽ എപ്പോഴും ശ്രദ്ധിക്കുന്ന ദൈവസേവകരാണ്. 7 ഓരോരുത്തർക്കും നിങ്ങൾ കടപ്പെട്ടിരിക്കുന്നതു കൊടുക്കുക: കരം കൊടുക്കേണ്ടവർക്ക് കരം, നികുതി കൊടുക്കേണ്ടവർക്ക് നികുതി; ഭയപ്പെടേണ്ടവരെ ഭയപ്പെടുക, ആദരിക്കേണ്ടവരെ ആദരിക്കുകയും ചെയ്യുക.

    8 പരസ്പരം സ്നേഹിക്കുക എന്ന ബാധ്യതയല്ലാതെ നിങ്ങൾക്ക് ആരോടും യാതൊരു ബാധ്യതയും ഉണ്ടായിരിക്കരുത്. കാരണം, മറ്റുള്ളവരെ സ്നേഹിക്കുന്നത് ന്യായപ്രമാണത്തിന്റെ നിവൃത്തിയാണ്. 9 “നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക” എന്ന കൽപ്പനയിൽ, “വ്യഭിചാരം ചെയ്യരുത്, കൊലപാതകം ചെയ്യരുത്, മോഷ്ടിക്കരുത്, മോഹിക്കരുത്” എന്നിവയും അതുപോലുള്ള മറ്റു കൽപ്പനകളും സംക്ഷിപ്തമായിരിക്കുന്നു. 10 സ്നേഹം അയൽവാസിക്കു ദോഷം ഒന്നും പ്രവർത്തിക്കുന്നില്ല. അങ്ങനെ, സ്നേഹത്തിലൂടെ ന്യായപ്രമാണം നിവർത്തിക്കപ്പെടുന്നു.

  5. 1 ആകയാൽ (ഇങ്ങനെ നിങ്ങളും കഷ്ടതയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാൽ) നിങ്ങൾ ക്രിസ്തുവിനോട് ചേർന്നിരിക്കുന്നതിലൂടെ എന്തെങ്കിലും പ്രോത്സാഹനം ലഭിച്ചിട്ടുണ്ടോ? അവിടത്തെ സ്നേഹത്തിൽനിന്ന് എന്തെങ്കിലും ആശ്വാസം ലഭിച്ചിട്ടുണ്ടോ? ദൈവാത്മാവിൽ വല്ല കൂട്ടായ്മയും നിങ്ങൾക്കുണ്ടോ? അൽപ്പമെങ്കിലും ആർദ്രതയും അനുകമ്പയും ഉണ്ടോ? ഉണ്ടെങ്കിൽ 2 നിങ്ങൾ ഒരേ ഹൃദയവും ഒരേ സ്നേഹവും ഉള്ളവരായി, ആത്മാവിലും ലക്ഷ്യത്തിലും ഐക്യവും ഉള്ളവരായി, എന്റെ ആനന്ദം സമ്പൂർണമാക്കുക. 3 സ്വാർഥതാത്പര്യത്താലോ വൃഥാഭിമാനത്താലോ ഒന്നും ചെയ്യാതെ വിനയപൂർവം മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠർ എന്നു കരുതുക. 4 നിങ്ങളിൽ ഓരോരുത്തരും സ്വന്തം നന്മമാത്രമല്ല, മറ്റുള്ളവരുടെ നന്മകൂടി അന്വേഷിക്കേണ്ടതാണ്.

    5 ക്രിസ്തുയേശുവിന്റെ സ്വഭാവംതന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.

    6 പ്രകൃത്യാതന്നെ ദൈവമായിരിക്കെ,

    ദൈവത്തോടുള്ള സമത്വം എപ്പോഴും മുറുകെപിടിച്ചുകൊണ്ടിരിക്കണം എന്നു ചിന്തിക്കാതെ,

    7 ക്രിസ്തു തന്നെത്തന്നെ ശൂന്യനാക്കി,

    ദാസവേഷം ധരിച്ച്,

    മനുഷ്യപ്രകൃതിയിൽ കാണപ്പെട്ടു.

    8 അവിടന്ന് അങ്ങനെ തന്നെത്താൻ താഴ്ത്തുകയും,

    മരണംവരെ;

    അതേ, ക്രൂശുമരണംവരെ,

    അനുസരണയുള്ളവനായിത്തീരുകയും ചെയ്തു.

    9 അതുകൊണ്ട് ദൈവം ക്രിസ്തുവിനെ പരമോന്നതസ്ഥാനത്തേക്ക് ഉയർത്തി,

    എല്ലാ നാമങ്ങൾക്കും മീതേ ഉത്തുംഗമായ നാമം അവിടത്തേക്കു നൽകി.

    10 തന്മൂലം സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും ഉള്ള എല്ലാവരും

    യേശുവിന്റെ നാമത്തിങ്കൽ സാഷ്ടാംഗം പ്രണമിക്കുകയും

    11 എല്ലാവരുടെയും നാവ് യേശുക്രിസ്തു കർത്താവ് എന്നു സമ്മതിച്ച്

    പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി ഏറ്റുപറയുകയും ചെയ്യും.

    12 അതുകൊണ്ട് എന്റെ പ്രിയരേ, എന്റെ സാന്നിധ്യത്തിൽമാത്രമല്ല, അതിലധികമായി എന്റെ അസാന്നിധ്യത്തിലും നിങ്ങൾ എന്നെ എപ്പോഴും അനുസരിച്ചിട്ടുള്ളതുപോലെ സമ്പൂർണ ഭയഭക്ത്യാദരവോടെ നിങ്ങളുടെ രക്ഷയെ പ്രവൃത്തിപഥത്തിൽ കൊണ്ടുവരിക. 13 അവിടത്തെ സദുദ്ദേശ്യം നിവർത്തിക്കുന്നതിനുവേണ്ടി നിങ്ങൾക്ക് ആഗ്രഹം നൽകി നിങ്ങളെ പ്രവർത്തനസജ്ജരാക്കുന്നത് ദൈവമാണ്.

  6. 1 മക്കളേ, നിങ്ങളുടെ മാതാപിതാക്കളെ കർത്താവിൽ അനുസരിക്കുക. അതാണ് ഉചിതം. 2-3 വാഗ്ദാനത്തോടുകൂടിയ ആദ്യകൽപ്പന, “നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക. എന്നാൽ നിനക്ക് അനുഗ്രഹങ്ങളോടുകൂടിയ ദീർഘായുസ്സ് ഈ ഭൂമിയിൽ ലഭ്യമാകും” എന്നാണല്ലോ.

    4 പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കരുത്; അവരെ ശിക്ഷണത്തിലും കർത്താവിന്റെ സദുപദേശത്തിലും വളർത്തുക.

    5 ദാസരേ, നിങ്ങൾ ഭയഭക്തിയോടെ ഹൃദയപരമാർഥതയിൽ ക്രിസ്തുവിനെ അനുസരിക്കുന്നതുപോലെതന്നെ ഈ ലോകത്തിൽ നിങ്ങൾക്കുള്ള യജമാനരെയും അനുസരിക്കുക. 6 യജമാനരെ പ്രീണിപ്പിക്കുന്നതിനായി അവർ നിങ്ങളുടെ മുന്നിലുള്ളപ്പോൾമാത്രം വേലചെയ്യുന്നവരായിട്ടല്ല, പിന്നെയോ, ക്രിസ്തുവിന്റെ ദാസന്മാരെപ്പോലെ ഹൃദയംഗമമായി ദൈവഹിതം നിറവേറ്റുന്നവരാകുക. 7 നിങ്ങൾ മനുഷ്യർക്ക് സേവചെയ്യുന്നവരായിട്ടല്ല, കർത്താവിനു സേവചെയ്യുന്നതുപോലെ സന്മനസ്സോടെ സേവനം ചെയ്യുക. 8 ദാസരോ സ്വതന്ത്രരോ ആരായാലും അവർ ചെയ്യുന്ന സൽപ്രവൃത്തികൾക്ക് അനുയോജ്യമായ പ്രതിഫലം കർത്താവിൽനിന്നു ലഭിക്കുമെന്ന് നിങ്ങൾക്കറിയാമല്ലോ.

    9 യജമാനന്മാരേ, നിങ്ങളും നിങ്ങളുടെ സേവകരോട് അങ്ങനെതന്നെ വർത്തിക്കണം. അവരെ ഭീഷണിപ്പെടുത്തരുത്; അവരുടെയും നിങ്ങളുടെയും യജമാനൻ സ്വർഗത്തിൽ ഉണ്ടെന്നും അവിടന്ന് പക്ഷഭേദം ഇല്ലാത്തവനാണെന്നും നിങ്ങൾക്കറിയാമല്ലോ.

  7. 18 ഭാര്യമാരേ, കർത്താവിനു യോഗ്യമായവിധം നിങ്ങളുടെ ഭർത്താക്കന്മാർക്കും വിധേയപ്പെടുക.

    19 ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കണം, അവരോടു പരുഷമായി പെരുമാറരുത്.

    20 മക്കളേ, നിങ്ങളുടെ മാതാപിതാക്കളെ സകലത്തിലും അനുസരിക്കുക, അതു കർത്താവിനു പ്രസാദകരമല്ലോ.

    21 പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കരുത്. അങ്ങനെചെയ്താൽ അവർ നിരാശരായിത്തീരും.

    22 ദാസന്മാരേ, ഭൂമിയിലുള്ള നിങ്ങളുടെ യജമാനന്മാരെ എല്ലാക്കാര്യത്തിലും അനുസരിക്കുക: മനുഷ്യരെ പ്രസാദിപ്പിക്കുന്നതിനുവേണ്ടി, അവർ നിങ്ങളുടെ മുന്നിലുള്ളപ്പോൾമാത്രം വേലചെയ്യുന്നവരായിട്ടല്ല, എല്ലാ സമയത്തും ആത്മാർഥതയോടും ദൈവഭയത്തോടുംകൂടി അവരെ അനുസരിക്കുക. 23 നിങ്ങൾ ചെയ്യുന്നതൊക്കെയും മനുഷ്യർക്കെന്നപോലെയല്ല, കർത്താവിനെന്നപോലെ ഹൃദയപൂർവം ചെയ്യുക: 24 കർത്താവിന്റെ സമ്പത്തിന്റെ ഓഹരി നിങ്ങൾക്ക് പ്രതിഫലമായി ലഭിക്കുമെന്നറിയുക. കാരണം, കർത്താവായ ക്രിസ്തുവിനെയാണല്ലോ നിങ്ങൾ യഥാർഥത്തിൽ സേവിക്കുന്നത്. 25 അതുപോലെതന്നെ തെറ്റു ചെയ്തവന്, താൻ ചെയ്ത തെറ്റിനു തക്ക ശിക്ഷയും കിട്ടും; ദൈവത്തിനു പക്ഷഭേദം ഇല്ലല്ലോ.

  8. 13 “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക. നാശത്തിലേക്കു നയിക്കുന്ന വാതിൽ വീതിയുള്ളതും വഴി വിസ്തൃതവുമാകുന്നു; അതിലൂടെ പ്രവേശിക്കുന്നവർ അനേകരാണ്. 14 എന്നാൽ, ജീവനിലേക്കു നയിക്കുന്ന വാതിൽ എത്രയോ ഇടുങ്ങിയതും പാത ദുഷ്കരവുമാണ്; അതു കണ്ടെത്തുന്നവരോ വിരളം.

    15 “ആടുകളുടെ വേഷമണിഞ്ഞ് നിങ്ങളെ സമീപിക്കുന്ന വ്യാജപ്രവാചകരെ സൂക്ഷിക്കുക; അകമേ അവർ അത്യാർത്തിപൂണ്ട ചെന്നായ്ക്കളാണ്. 16 അവരുടെ ചെയ്തികളിലൂടെ നിങ്ങൾക്കവരെ തിരിച്ചറിയാം. മുൾച്ചെടികളിൽനിന്ന് മുന്തിരിക്കുലകളോ ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴമോ ശേഖരിക്കാൻ കഴിയുമോ? 17 നല്ലവൃക്ഷം നല്ലഫലവും വിഷവൃക്ഷം വിഷഫലവും നൽകുന്നു. 18 നല്ലവൃക്ഷത്തിൽ വിഷഫലവും വിഷവൃക്ഷത്തിൽ നല്ലഫലവും കായ്ക്കുകയില്ല. 19 നല്ലഫലമേകാത്ത ഏതു വൃക്ഷവും വെട്ടി തീയിലെറിയുന്നു. 20 ഇതുപോലെ, വ്യാജപ്രവാചകരെ അവരുടെ ചെയ്തികളിലൂടെ നിങ്ങൾക്ക് തിരിച്ചറിയാം.

    21 “ ‘കർത്താവേ, കർത്താവേ’ എന്ന് എന്നെ വിളിക്കുന്ന എല്ലാവരും സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല. എന്റെ സ്വർഗസ്ഥപിതാവിന്റെ ഹിതം നിറവേറ്റുന്നവർക്കാണ് അവിടെ പ്രവേശനം. 22 ന്യായവിധിദിവസത്തിൽ പലരും എന്നോട്, ‘കർത്താവേ, കർത്താവേ, അങ്ങയുടെ നാമത്തിൽ ഞങ്ങൾ പ്രവചിച്ചില്ലയോ? അങ്ങയുടെ നാമത്തിൽ ഭൂതങ്ങളെ ഉച്ചാടനംചെയ്തില്ലയോ? അങ്ങയുടെ നാമത്തിൽ ധാരാളം അത്ഭുതങ്ങളും ഞങ്ങൾ ചെയ്തില്ലയോ?’ എന്നു പറയും. 23 അപ്പോൾ ഞാൻ അവരോട്, ‘ഞാൻ നിങ്ങളെ ഒരിക്കലും അറിഞ്ഞിട്ടില്ല; അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുക എന്ന് ആജ്ഞാപിക്കും!’

    24 “അതുകൊണ്ട്, എന്റെ ഈ വചനങ്ങൾ കേട്ട് അതിനനുസരിച്ചു പ്രവർത്തിക്കുന്ന വ്യക്തി പാറമേൽ വീടുപണിത ബുദ്ധിയുള്ള ഒരു മനുഷ്യനു തുല്യം. 25 പേമാരി പെയ്തു, പ്രളയം വന്നു, കാറ്റ് ആ വീടിന്മേൽ ആഞ്ഞടിച്ചു; എങ്കിലും പാറമേൽ അടിത്തറ ഉറപ്പിച്ചിരുന്നതിനാൽ അത് നിലംപതിച്ചില്ല. 26 എന്നാൽ, എന്റെ ഈ വചനങ്ങൾ കേട്ടിട്ട് അതിനനുസരിച്ചു പ്രവർത്തിക്കാതിരിക്കുന്ന വ്യക്തി മണലിൽ വീടുപണിത ബുദ്ധിശൂന്യനായ മനുഷ്യനോട് സദൃശൻ. 27 പേമാരി പെയ്തു, പ്രളയം വന്നു, കാറ്റ് ആ വീടിന്മേൽ ആഞ്ഞടിച്ചു; അതിഭയങ്കരമായിരുന്നു ആ വീടിന്റെ പതനം.”

  9. 27 അവർ അവരെ കൊണ്ടുവന്നു ന്യായാധിപസമിതിക്കുമുമ്പിൽ ഹാജരാക്കി. മഹാപുരോഹിതൻ അവരെ വിസ്തരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: 28 “ഈ മനുഷ്യന്റെ നാമത്തിൽ ഉപദേശിക്കരുതെന്ന് ഞങ്ങൾ നിങ്ങളോടു കർശനമായി കൽപ്പിച്ചിരുന്നു, എന്നിട്ടും നിങ്ങൾ നിങ്ങളുടെ ഉപദേശംകൊണ്ടു ജെറുശലേം നിറച്ചിരിക്കുന്നെന്നുമാത്രമല്ല, ഈ മനുഷ്യന്റെ മരണത്തിന് ഞങ്ങളെ കുറ്റക്കാരാക്കാൻ കച്ചകെട്ടിയിരിക്കുകയും ചെയ്തിരിക്കുന്നു.”

    29 പത്രോസും മറ്റ് അപ്പൊസ്തലന്മാരും ഇപ്രകാരം മറുപടി പറഞ്ഞു: “ഞങ്ങൾ മനുഷ്യരെയല്ല ദൈവത്തെയാണ് അനുസരിക്കേണ്ടത്. 30 നിങ്ങൾ ക്രൂശിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. 31 ഇസ്രായേലിനു മാനസാന്തരവും പാപക്ഷമയും നൽകേണ്ടതിന് ദൈവം അദ്ദേഹത്തെ പ്രഭുവും രക്ഷകനുമായി തന്റെ വലതുഭാഗത്തേക്ക് ഉയർത്തിയിരിക്കുന്നു. 32 ഈ വസ്തുതയ്ക്കു ഞങ്ങളും ദൈവത്തെ അനുസരിക്കുന്നവർക്ക് അവിടന്ന് നൽകിയിട്ടുള്ള പരിശുദ്ധാത്മാവും സാക്ഷി.”

  10. 1 ഭരണാധികാരികൾക്കും മേധാവികൾക്കും വിധേയരും അനുസരണശീലമുള്ളവരുമായി നല്ലകാര്യങ്ങൾ ചെയ്യുന്നതിൽ ഉത്സാഹം കാണിക്കാൻ വിശ്വാസികളെ നീ ഓർമിപ്പിക്കുക. 2 ആരെക്കുറിച്ചും അപവാദം പറയാതെയും തർക്കങ്ങൾ ഒഴിവാക്കിയും സൗമ്യശീലരായി എല്ലാവരോടും വിനയത്തോടെ പെരുമാറുവാനും നീ ഓർമിപ്പിക്കുക.

  11. 16 നിങ്ങൾ അനുസരണയുള്ള ദാസരായി ആർക്കെങ്കിലും സ്വയം വിധേയപ്പെടുത്തിയാൽ നിങ്ങൾ അവരുടെ അടിമകളാകും എന്നറിയാമല്ലോ. നിങ്ങൾ ഒന്നുകിൽ പാപത്തിന്റെ അടിമകളാണ്; അതു മരണത്തിലേക്കു നയിക്കുന്നു, അല്ലെങ്കിൽ അനുസരണത്തിന്റെ അടിമകളാണ്, അത് നീതിയിലേക്കു നയിക്കുന്നു. 17 നിങ്ങൾ പാപത്തിന്റെ അടിമകൾ ആയിരുന്നു. എന്നാൽ നിങ്ങൾ സ്വീകരിച്ച ഉപദേശത്തെ ഹൃദയപൂർവം അനുസരിച്ചതുകൊണ്ട് ദൈവത്തിനു സ്തോത്രം! 18 അങ്ങനെ പാപത്തിൽനിന്ന് സ്വതന്ത്രരാക്കപ്പെട്ടിട്ട് നിങ്ങൾ നീതിയുടെ അടിമകളായിത്തീർന്നിരിക്കുന്നു.

    19 മനുഷ്യസഹജമായ ദൗർബല്യം നിങ്ങൾക്കുണ്ട്. അതിനാൽ മനുഷ്യരുടെ രീതിയിൽ ഞാൻ സംസാരിക്കുകയാണ്. അധർമത്തിലേക്കു നയിക്കുന്നവിധത്തിൽ നിങ്ങളുടെ ശരീരഭാഗങ്ങളെ അശുദ്ധിക്കും അധർമത്തിനും അടിമകളായി ഏൽപ്പിച്ചിരുന്നു. അതുപോലെ ഇപ്പോൾ, വിശുദ്ധീകരണത്തിനായി നിങ്ങളുടെ ശരീരഭാഗങ്ങളെ നീതിക്ക് അടിമകളായി സമർപ്പണം ചെയ്യുക.

  12. 6 ദൈവാത്മാവ് ഭരിക്കുന്ന മനസ്സ് ജീവനിലേക്കും സമാധാനത്തിലേക്കും നയിക്കുന്നു; പാപപ്രവണത ഭരിക്കുന്ന മനസ്സോ, മരണകാരണമാകുന്നു. 7 കാരണം, പാപപ്രവണത ഭരിക്കുന്ന മനസ്സ് ദൈവത്തിനു വിരോധമായുള്ളതാണ്; അത് ദൈവികപ്രമാണത്തിനു കീഴ്പ്പെടുന്നില്ല, കീഴ്പ്പെടാൻ അതിനു സാധിക്കുകയുമില്ല. 8 പാപപ്രവണതയാൽ നിയന്ത്രിക്കപ്പെടുന്നവർക്കു ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുകയില്ല.

    9 എന്നാൽ, ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ നിവസിക്കുന്നതുകൊണ്ട് പാപപ്രവണതയാലല്ല, നിങ്ങൾ ആത്മാവിനാൽ നിയന്ത്രിക്കപ്പെടുന്നവരാണ്. ക്രിസ്തുവിന്റെ ആത്മാവ് വസിക്കാത്ത വ്യക്തി ക്രിസ്തുവിന്റെ വകയല്ല.

  13. 1 ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർ വചനം അനുസരിക്കാത്തവർ ആണെങ്കിൽക്കൂടി അവർക്ക് വിധേയരാകുക. 2 വാച്യമായ ഉപദേശംകൂടാതെതന്നെ ആദരപൂർണവും നിർമലവുമായ നിങ്ങളുടെ പെരുമാറ്റംകൊണ്ട് അവരെ നേടാൻ സാധിക്കും. 3 വിചിത്രമായ കേശാലങ്കാരം, സ്വർണാഭരണം, മോടിയേറിയ ഉടയാടകൾ എന്നീ ബാഹ്യ അലങ്കാരങ്ങളിലാകരുത് നിങ്ങളുടെ സൗന്ദര്യം; 4 പിന്നെയോ, വിനീതവും ശാന്തവുമായ മനോഭാവത്തോടുകൂടിയ അനശ്വരസൗന്ദ്യര്യമുള്ള ആന്തരിക വ്യക്തിത്വത്തിൽ അധിഷ്ഠിതമായിരിക്കണം. ഇതാണ് ദൈവദൃഷ്ടിയിൽ അമൂല്യം. 5 ഇങ്ങനെയാണ് ദൈവത്തിൽ പ്രത്യാശ വെച്ചിരുന്ന, വിശുദ്ധവനിതകൾ പൂർവകാലങ്ങളിൽ സ്വന്തം ഭർത്താക്കന്മാർക്കു വിധേയപ്പെട്ട് സ്വയം അലങ്കരിച്ചിരുന്നത്. 6 സാറ അബ്രാഹാമിനെ “യജമാനാ” എന്നു വിളിച്ച് അനുസരിച്ചതുപോലെ യോഗ്യമായത്, അൽപ്പംപോലും പേടിയില്ലാതെ നിങ്ങൾ പ്രവർത്തിച്ചാൽ നിങ്ങളും സാറയുടെ പുത്രിമാർ.

  14. 1 സഹോദരങ്ങളേ, ദൈവം നമ്മോടു കാട്ടിയ കരുണ അനുസ്മരിപ്പിച്ചുകൊണ്ട് ഞാൻ പ്രബോധിപ്പിക്കുന്നത്: പവിത്രവും ദൈവത്തിനു പ്രസാദകരവുമായ സജീവയാഗമായി നിങ്ങളുടെ ശരീരങ്ങളെ സമർപ്പിക്കുക; ഇതാണ് നിങ്ങളുടെ ഉചിതമായ സത്യാരാധന. 2 ഈ കാലഘട്ടത്തിന്റെ രീതികളോട് അനുരൂപപ്പെടരുത്; മറിച്ച്, ചിന്താരീതിക്കു സമൂലനവീകരണം വരുത്തി നിങ്ങൾ രൂപാന്തരപ്പെടുക. അങ്ങനെ സദ്ഗുണസമ്പന്നവും സ്വീകാര്യവും സമ്പൂർണവുമായ ദൈവഹിതമെന്തെന്നു നിങ്ങൾക്കു സ്പഷ്ടമാകും.

  15. 22 വചനം കേൾക്കുകമാത്രംചെയ്ത് നിങ്ങളെത്തന്നെ വഞ്ചിക്കാതെ അത് അനുവർത്തിക്കുന്നവരും ആയിരിക്കുക. 23 വചനം കേൾക്കുന്നവരെങ്കിലും അതിനനുസൃതമായി പ്രവർത്തിക്കുന്നില്ലെങ്കിൽ അവർ സ്വന്തം മുഖം കണ്ണാടിയിൽ നോക്കുന്ന മനുഷ്യർക്ക് തുല്യരാകുന്നു. 24 ഇവർ സ്വന്തം മുഖം കണ്ണാടിയിൽ കണ്ടിരുന്നെങ്കിലും മാറിപ്പോയ ഉടനെതന്നെ തങ്ങളുടെ രൂപം എന്തായിരുന്നു എന്നു മറന്നുപോകുന്നു. 25 എന്നാൽ, സ്വാതന്ത്ര്യമേകുന്ന സമ്പൂർണന്യായപ്രമാണം നന്നായി പഠിച്ച്, അതിന് അനുസൃതമായി നിങ്ങൾ അതിൽ നിലനിന്നാൽ കേൾക്കുന്നതു മറക്കുന്നവരാകാതെ, കേട്ടതു ചെയ്യുന്നവരായി ദൈവത്താൽ അനുഗൃഹീതരായിത്തീരും.

    26 ഒരാൾ സ്വയം ഭക്തിയുള്ളയാൾ എന്നു വിചാരിക്കുകയും സ്വന്തം നാവിനെ കടിഞ്ഞാണിട്ടു നിയന്ത്രിക്കാതെ തന്നെത്തന്നെ വഞ്ചിക്കുകയും ചെയ്യുന്നുവെങ്കിൽ അയാളുടെ ഭക്തി നിരർഥകമാണ്. 27 അനാഥരെയും വിധവകളെയും അവരുടെ കഷ്ടതകളിൽ സഹായിക്കുന്നതും അതേസമയം ലോകത്തിന്റെ മാലിന്യം പുരളാതെ സ്വയം സൂക്ഷിക്കുന്നതുമാണ്, പിതാവായ ദൈവത്തിന്റെ ദൃഷ്ടിയിൽ വിശുദ്ധവും നിർമലവുമായ ഭക്തി.

  16. 39 പിന്നെ യേശു അൽപ്പംകൂടെ മുമ്പോട്ടുചെന്ന് മുട്ടുകുത്തി മുഖം നിലംവരെ കുനിച്ച്, “എന്റെ പിതാവേ, സാധ്യമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് മാറ്റണമേ; എങ്കിലും എന്റെ ഇഷ്ടംപോലെയല്ല, അവിടത്തെ ഇഷ്ടംപോലെതന്നെ ആകട്ടെ” എന്നു പ്രാർഥിച്ചു.

  17. 41 പിന്നെ അവരിൽനിന്ന് ഒരു കല്ലേറു ദൂരത്തിനപ്പുറം ചെന്നു മുട്ടുകുത്തി, 42 “പിതാവേ, തിരുവിഷ്ടമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് മാറ്റണമേ; എങ്കിലും എന്റെ ഇഷ്ടമല്ല, അവിടത്തെ ഇഷ്ടംപോലെതന്നെ ആകട്ടെ” എന്നു പ്രാർഥിച്ചു.

  18. 23 എന്നാൽ ഓരോരുത്തരും അവരവരുടെ ക്രമമനുസരിച്ചായിരിക്കും ജീവിപ്പിക്കപ്പെടുന്നത്: ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്റെ പുനരാഗമനത്തിൽ ക്രിസ്തുവിനുള്ളവർ; 24 അതിനുശേഷം അവിടന്നു സകലഭരണവും അധികാരവും ശക്തിയും നീക്കിക്കളഞ്ഞിട്ട് രാജ്യം പിതാവായ ദൈവത്തെ ഏൽപ്പിക്കുമ്പോൾ പരിസമാപ്തി ഉണ്ടാകും. 25 സകലശത്രുക്കളെയും തന്റെ കാൽക്കീഴിലാക്കുന്നതുവരെ ക്രിസ്തു വാഴേണ്ടതാകുന്നു. 26 ഒടുവിലായി നശിപ്പിക്കപ്പെടുന്ന ശത്രുവാണു മരണം. 27 എന്തെന്നാൽ ദൈവം “സകലതും അവിടത്തെ കാൽക്കീഴാക്കിയിരിക്കുന്നു. സകലതും,” എന്നു പറയുമ്പോൾ എല്ലാം ക്രിസ്തുവിന് അധീനമാക്കിക്കൊടുത്ത ദൈവം ഒഴികെയാണ് എന്നതു സ്പഷ്ടം. 28 സമസ്തവും തനിക്കു കീഴ്പ്പെട്ടശേഷം, പുത്രൻ സകലതും തനിക്കു കീഴാക്കിക്കൊടുത്ത ദൈവത്തിനു കീഴ്പ്പെട്ടിരിക്കും; അങ്ങനെ ദൈവം സകലത്തിലും സകലതും ആയിത്തീരും.

  19. 13 ആകയാൽ നിങ്ങൾ അചഞ്ചലചിത്തരായി, പൂർണസുബോധത്തോടെ, യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന കൃപയിൽ നിങ്ങളുടെ പ്രത്യാശ ഉറപ്പിക്കുക. 14 നിങ്ങൾ അജ്ഞതയിൽ ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന ദുഷ്ടമോഹങ്ങൾക്ക് അനുരൂപമാകാതെ നിങ്ങൾ അനുസരണയുള്ള മക്കളായിത്തീരുക. 15 നിങ്ങളെ തെരഞ്ഞെടുത്ത ദൈവം വിശുദ്ധനാകുകയാൽ, നിങ്ങളും സകലപ്രവൃത്തികളിലും വിശുദ്ധിയുള്ളവരാകുക. 16 “ഞാൻ വിശുദ്ധൻ ആകുകയാൽ നിങ്ങളും വിശുദ്ധർ ആയിരിക്കുക” എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.

  20. 22 എന്നാൽ ശമുവേൽ അതിനു മറുപടി പറഞ്ഞു:

    “യഹോവയുടെ കൽപ്പന കേട്ടനുസരിക്കുന്നതുപോലെയുള്ള പ്രസാദം

    യഹോവയ്ക്ക് ഹോമയാഗങ്ങളിലും ബലികളിലും ഉണ്ടാകുമോ?

    അനുസരിക്കുന്നത് ബലിയെക്കാൾ ശ്രേഷ്ഠം!

    കൽപ്പന ചെവിക്കൊള്ളുന്നത് മുട്ടാടുകളുടെ മേദസ്സിനെക്കാൾ ശ്രേഷ്ഠം!

    23 മാത്സര്യം ദേവപ്രശ്നംവെക്കുന്നതുപോലെതന്നെ പാപമാണ്!

    ശാഠ്യം വിഗ്രഹാരാധനപോലെയുള്ള തിന്മയാണ്.

    നീ യഹോവയുടെ വചനം തള്ളിക്കളഞ്ഞതിനാൽ

    അവിടന്നു നിന്നെ രാജത്വത്തിൽനിന്നും തള്ളിക്കളഞ്ഞിരിക്കുന്നു.”

    24 അപ്പോൾ ശൗൽ ശമുവേലിനോടു പറഞ്ഞു: “ഞാൻ പാപംചെയ്തു! ഞാൻ യഹോവയുടെ കൽപ്പനകളും അങ്ങയുടെ നിർദേശങ്ങളും ലംഘിച്ചിരിക്കുന്നു. ഞാൻ ജനങ്ങളെ ഭയപ്പെടുകമൂലം അവരുടെ ഹിതത്തിനു വഴങ്ങിക്കൊടുത്തുപോയി.

  21. 1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

    “സ്വർഗം എന്റെ സിംഹാസനവും

    ഭൂമി എന്റെ പാദപീഠവും ആകുന്നു.

    നിങ്ങൾ എനിക്കുവേണ്ടി നിർമിക്കുന്ന ആലയം എവിടെ?

    എന്റെ വിശ്രമസ്ഥലം എവിടെ?

    2 എന്റെ കരങ്ങളാണല്ലോ ഇവയെല്ലാം നിർമിച്ചത്,

    അങ്ങനെയാണല്ലോ ഇവയെല്ലാം ഉളവായിവന്നത്,”

    എന്ന് യഹോവ അരുളിച്ചെയ്യുന്നു.

    “വിനയശീലരും മനസ്സുതകർന്നവരും

    എന്റെ വചനത്തിൽ വിറയ്ക്കുന്നവരുമായ

    മനുഷ്യരോടാണ് ഞാൻ കരുണയോടെ കടാക്ഷിക്കുന്നത്.

  22. 18 തുടർന്ന് പത്രോസിനെയും യോഹന്നാനെയും വിളിച്ച്, “നിങ്ങൾ യേശുവിന്റെ നാമത്തിൽ സംസാരിക്കുകയോ ഉപദേശിക്കുകയോ അരുത്” എന്ന് ആജ്ഞ നൽകി. 19 അതിന് പത്രോസും യോഹന്നാനും, “ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവദൃഷ്ടിയിൽ ശരിയോ എന്നു നിങ്ങൾതന്നെ വിധിക്കുക. 20 ഞങ്ങൾക്ക് ഞങ്ങൾ കാണുകയും കേൾക്കുകയുംചെയ്തതു പ്രസ്താവിക്കാതിരിക്കാൻ സാധ്യമല്ല” എന്നു മറുപടി പറഞ്ഞു.

  23. 5 പൂർണഹൃദയത്തോടെ നീ യഹോവയിൽ വിശ്വാസമർപ്പിക്കുക

    സ്വന്തവിവേകത്തിൽ ആശ്രയിക്കുകയുമരുത്;

    6 നിന്റെ ചെയ്തികളെല്ലാം ദൈവികാംഗീകാരമുള്ളതായിരിക്കട്ടെ,

    അവിടന്ന് നിന്റെ സഞ്ചാരപാതകൾ നേരേയാക്കും.

    7 സ്വബുദ്ധിയിൽ, നീ ജ്ഞാനിയെന്നു ഭാവിക്കരുത്;

    യഹോവയെ ഭയപ്പെട്ട് തിന്മയിൽനിന്ന് അകന്നുനിൽക്കുക.

    8 ഇതു നിന്റെ ശരീരത്തിന് ആരോഗ്യവും

    അസ്ഥികൾക്ക് പോഷണവും നൽകും.

  24. 6 യഹോവയുടെ സന്നിധിയിൽ ഞാൻ എന്താണ് കൊണ്ടുവരേണ്ടത്?

    ഉന്നതനായ ദൈവത്തിന്റെ മുമ്പിൽ വണങ്ങുമ്പോൾ,

    ഹോമയാഗങ്ങളുമായി ഞാൻ അവിടത്തെ സന്നിധിയിൽ വരണമോ?

    ഒരുവയസ്സു പ്രായമുള്ള കാളക്കിടാങ്ങളുമായി വരണമോ?

    7 ആയിരക്കണക്കിനു കോലാടുകളിൽ യഹോവ പ്രസാദിക്കുമോ?

    പതിനായിരക്കണക്കിനു തൈലനദികളിൽ അവിടന്നു പ്രസാദിക്കുമോ?

    എന്റെ അതിക്രമത്തിനായി എന്റെ ആദ്യജാതനെയും

    എന്റെ പാപങ്ങൾക്കായി എന്റെ ഉദരഫലത്തെയും ഞാൻ അർപ്പിക്കണമോ?

    8 മനുഷ്യാ, നന്മ എന്തെന്ന് അവിടന്നു നിന്നെ കാണിച്ചിരിക്കുന്നു;

    നീതി പ്രവർത്തിക്കുക, കരുണയെ സ്നേഹിക്കുക

    നിന്റെ ദൈവത്തിന്റെ മുമ്പിൽ താഴ്മയോടെ ജീവിക്കുക.

    ഇതല്ലാതെ മറ്റെന്താണ് യഹോവ നിന്നോട് ആവശ്യപ്പെടുന്നത്?

  25. 35 പിന്നെ യേശു അൽപ്പംകൂടെ മുമ്പോട്ടുചെന്ന് നിലത്തു വീണ്, കഴിയുമെങ്കിൽ ആ മണിക്കൂറുകൾ തന്നിൽനിന്ന് നീങ്ങിപ്പോകാനായി പിതാവിനോട്: 36 “അബ്ബാ, പിതാവേ, അവിടത്തേക്കു സകലതും സാധ്യമാണല്ലോ. ഈ പാനപാത്രം എന്നിൽനിന്ന് മാറ്റണമേ. എങ്കിലും എന്റെ ഇഷ്ടംപോലെയല്ല, അവിടത്തെ ഇഷ്ടംപോലെതന്നെ ആകട്ടെ” എന്നു പ്രാർഥിച്ചു.

  26. 5 ഇനി, നിങ്ങൾ എന്റെ വാക്കുകേട്ട്, അനുസരിച്ച് എന്റെ ഉടമ്പടി പാലിച്ചാൽ എല്ലാ ജനതകളിലുംവെച്ച് എനിക്കുള്ള വിലപ്പെട്ട നിക്ഷേപം നിങ്ങളായിരിക്കും. കാരണം സർവഭൂമിയും എന്റേതാകുന്നു.

  27. 13 ഇപ്പോൾ എല്ലാം ശ്രവിച്ചുകഴിഞ്ഞല്ലോ;

    ഇതാകുന്നു എല്ലാറ്റിന്റെയും സംഗ്രഹം:

    ദൈവത്തെ ഭയപ്പെട്ട് അവിടത്തെ കൽപ്പനകൾ പ്രമാണിക്കുക,

    ഇതാകുന്നു എല്ലാവർക്കും കരണീയം.

    14 കാരണം ദൈവം, എല്ലാവിധ പ്രവൃത്തികളെയും രഹസ്യമായതുൾപ്പെടെ,

    നല്ലതോ തീയതോ ആയ ഓരോന്നിനെയും

    ന്യായവിസ്താരത്തിലേക്കു നടത്തുമല്ലോ.

  28. 23 എന്നാൽ നിങ്ങൾ എന്റെ കൽപ്പന കേട്ടനുസരിക്കുക: എന്നെ അനുസരിക്കുക, ഞാൻ നിങ്ങൾക്കു ദൈവവും നിങ്ങൾ എനിക്കു ജനവും ആയിരിക്കും. നിങ്ങൾക്കു നന്മയുണ്ടാകേണ്ടതിന് ഞാൻ നിങ്ങളോടു കൽപ്പിച്ചിട്ടുള്ളത് എല്ലാം അനുസരിച്ചു ജീവിക്കുക. 24 എന്നാൽ അവർ അതു ശ്രദ്ധിക്കുകയോ ചെവിക്കൊള്ളുകയോ ചെയ്യാതെ അവരുടെ ദുഷിച്ച ഹൃദയങ്ങളിലെ ശാഠ്യമുള്ള പ്രവണതകൾ അനുസരിച്ചു. അവർ മുന്നോട്ടല്ല, പിറകോട്ടുതന്നെ പോയി. 25 നിങ്ങളുടെ പിതാക്കന്മാർ ഈജിപ്റ്റുദേശംവിട്ട് പുറപ്പെട്ടുപോന്ന ആ കാലംമുതൽ ഇന്നുവരെയും ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരെ എല്ലാ ദിവസവും ഇടതടവിടാതെ നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചു. 26 എന്നിട്ടും അവർ എന്റെ വചനം കേൾക്കാതെയും അതിനു ചെവി കൊടുക്കാതെയും ദുശ്ശാഠ്യം കാണിച്ച് തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം ദോഷം പ്രവർത്തിച്ചു.’

  29. 28 “ക്ഷീണിതരേ, ഭാരംചുമക്കുന്നവരേ, നിങ്ങൾ എന്റെ അടുക്കൽ വരിക, ഞാൻ നിങ്ങൾക്ക് ആശ്വാസം നൽകും. 29 ഞാൻ സൗമ്യനും വിനീതഹൃദയനും ആയതുകൊണ്ട് എന്റെ നുകം നിങ്ങൾ സ്വീകരിച്ചുകൊണ്ട് എന്നോട് പഠിക്കുക; എന്നാൽ, നിങ്ങൾ നിങ്ങളുടെ പ്രാണന് വിശ്രമം കണ്ടെത്തും. 30 എന്റെ നുകം മൃദുവും എന്റെ ഭാരം ലഘുവും ആകുന്നുവല്ലോ!”

  30. 25 ഒരു വലിയ ജനക്കൂട്ടം യേശുവിനോടുകൂടെ സഞ്ചരിച്ചിരുന്നു. യേശു അവർക്കുനേരേ തിരിഞ്ഞ് അവരോടു പറഞ്ഞത്: 26 “ഒരാൾ എന്റെ അടുക്കൽ വരികയും തന്റെ മാതാപിതാക്കളെക്കാളും ഭാര്യയെക്കാളും മക്കളെക്കാളും സഹോദരന്മാരെക്കാളും സഹോദരിമാരെക്കാളും സ്വന്തം ജീവനെക്കാളും എന്നെ സ്നേഹിക്കാതിരിക്കുകയും ചെയ്യുന്നെങ്കിൽ അയാൾക്ക് എന്റെ ശിഷ്യനായിരിക്കാൻ സാധ്യമല്ല. 27 സ്വന്തം ക്രൂശ് വഹിച്ചുകൊണ്ട് എന്നെ അനുഗമിക്കാത്തവർക്കും എന്റെ ശിഷ്യരായിരിക്കാൻ സാധ്യമല്ല.

  31. 27 അതിനു മറുപടിയായി യോഹന്നാൻ: “സ്വർഗത്തിൽനിന്ന് നൽകാതെ യാതൊന്നും മനുഷ്യനു സ്വീകരിക്കാൻ കഴിയുകയില്ല. 28 ‘ഞാൻ ക്രിസ്തു അല്ലെന്നും അദ്ദേഹത്തിനു മുൻഗാമിയായി അയയ്ക്കപ്പെട്ടവൻമാത്രമാണെന്നും,’ ഞാൻ പറഞ്ഞിട്ടുള്ളതിനു നിങ്ങൾ സാക്ഷികളാണല്ലോ. 29 മണവാട്ടിയുള്ളവനാണ് മണവാളൻ. മണവാളന്റെ തോഴനോ, മണവാളന്റെ കൂടെ നിന്ന്, അവന്റെ സ്വരം കേട്ട് അത്യധികം ആഹ്ലാദിക്കുന്നു. ആ ആനന്ദമാണ് എനിക്കുള്ളത്; ഇപ്പോൾ അതു പൂർണമായിരിക്കുന്നു. 30 അവിടത്തെ പ്രാമുഖ്യം വർധിച്ചുകൊണ്ടേയിരിക്കണം; എന്റെ പ്രാമുഖ്യമോ കുറഞ്ഞുകൊണ്ടിരിക്കണം.

    31 “ഉന്നതത്തിൽനിന്ന് വരുന്നവൻ എല്ലാവരിലും ഉന്നതനാകുന്നു; ഭൂമിയിൽനിന്നുള്ളവനോ ഭൗമികനാകുന്നു; അയാൾ ഭൗമികമായതു സംസാരിക്കുന്നു. സ്വർഗത്തിൽനിന്ന് വരുന്നവൻ എല്ലാവരിലും ഉന്നതനാകുന്നു.

  32. 19 യേശു അവരോടു പറഞ്ഞു: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ, പുത്രനു തന്റെ പിതാവ് ചെയ്തുകാണുന്നതല്ലാതെ സ്വയം ഒന്നും ചെയ്യാൻ കഴിവില്ല; കാരണം പിതാവു ചെയ്യുന്നതെല്ലാം പുത്രനും ചെയ്യുന്നു.

  33. 38 ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെ ഇഷ്ടം ചെയ്യാനല്ല, എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്യാനാണ്. 39 എന്നെ അയച്ചവന്റെ ഇഷ്ടമോ, അവിടന്ന് എനിക്കു തന്നിട്ടുള്ളവരിൽ ആരും നഷ്ടമാകാതെ എല്ലാവരെയും ഞാൻ അന്ത്യനാളിൽ ഉയിർത്തെഴുന്നേൽപ്പിക്കണം എന്നാകുന്നു. 40 പുത്രനെ കണ്ട്, അവനിൽ വിശ്വസിക്കുന്ന എല്ലാവർക്കും നിത്യജീവൻ ഉണ്ടാകണമെന്നാണ് എന്റെ പിതാവിന്റെ ഇഷ്ടം; അന്ത്യനാളിൽ ഞാൻ അവരെ ഉയിർത്തെഴുന്നേൽപ്പിക്കും.”

  34. 15 “നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കൽപ്പനകൾ അനുസരിക്കും.

  35. 19 മനുഷ്യസഹജമായ പാപപ്രവൃത്തികൾ, ലൈംഗികാധർമം, അസാന്മാർഗികത, കുത്തഴിഞ്ഞ ജീവിതരീതി; 20 വിഗ്രഹാരാധന, ദുർമന്ത്രവാദം; പക, കലഹം, ജാരശങ്ക, കലാപം, സ്വാർഥത, ദ്വന്ദ്വപക്ഷം, ഭിന്നത, 21 അസൂയ, മദ്യപാനം, അഴിഞ്ഞാട്ടം തുടങ്ങിയവയെന്നു വ്യക്തമാണ്. ഈ കാര്യങ്ങൾ പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ നിങ്ങളോട് മുമ്പേ പറഞ്ഞിരുന്നതുപോലെ വീണ്ടും ആവർത്തിക്കുകയാണ്.

    22 എന്നാൽ, ആത്മാവിന്റെ ഫലം, സ്നേഹം, ആനന്ദം, സമാധാനം, ദീർഘക്ഷമ, ദയ, ഉദാരത, വിശ്വസ്തത, 23 സൗമ്യത, ആത്മനിയന്ത്രണം എന്നിവയാണ്. ഇവയ്ക്കെതിരായി ഒരു ന്യായപ്രമാണവുമില്ല. 24 എന്നാൽ, ക്രിസ്തുയേശുവിനുള്ളവർ മനുഷ്യസഹജമായ പ്രവൃത്തികളെ അതിന്റെ എല്ലാവിധ ഭോഗവിലാസങ്ങളോടുംകൂടി ക്രൂശിച്ചിരിക്കുന്നു. 25 നാം ആത്മാവിനാൽ ജീവിക്കുന്നവരായതുകൊണ്ട് നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളും ആത്മനിയന്ത്രിതമായിരിക്കണം. 26 നാം അഹംഭാവികളായി പരസ്പരം പ്രകോപിപ്പിക്കുന്നവരും മത്സരിക്കുന്നവരും ആകരുത്.

  36. 2 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ താഴ്മയുള്ളവരാക്കുന്നതിനും അവിടത്തെ കൽപ്പനകൾ അനുസരിക്കുമോ ഇല്ലയോ എന്നു പരിശോധിച്ച് നിങ്ങളുടെ ഹൃദയത്തിലുള്ളത് അറിയാനും നിങ്ങളെ ഈ നാൽപ്പതുവർഷം മരുഭൂമിയിൽ നടത്തിയതെങ്ങനെയെല്ലാം എന്നു നിങ്ങൾ ഓർക്കണം. 3 അവിടന്ന് നിങ്ങൾക്ക് താഴ്ചവരുത്തി വിശപ്പുള്ളവരാക്കിയിട്ട്; മനുഷ്യൻ കേവലം അപ്പംകൊണ്ടുമാത്രമല്ല, യഹോവയുടെ തിരുവായിൽനിന്ന് പുറപ്പെടുന്ന സകലവചനങ്ങളാലും ജീവിക്കുന്നു എന്നു നിങ്ങളെ അറിയിക്കേണ്ടതിനു നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്ന നിങ്ങൾക്കു ഭക്ഷണമായി നൽകി.

  37. 9 ഇരുമ്പുകോൽകൊണ്ട് നീ അവരെ തകർക്കും;

    കളിമൺ പാത്രക്കഷണങ്ങൾപോലെ നീ അവരെ ഛിന്നഭിന്നമാക്കും.”

    10 അതുകൊണ്ട് രാജാക്കന്മാരേ, വിവേകികളാകുക;

    ഭൂമിയിലെ ഭരണാധിപരേ, ബുദ്ധിപഠിക്കുക.

    11 ഭയഭക്തിയോടെ യഹോവയെ സേവിക്കുകയും

    വിറയലോടെ ആനന്ദിക്കുകയും ചെയ്യുക.

    12 അവിടന്നു കോപാകുലനായി,

    മാർഗമധ്യേ നിങ്ങൾ നശിച്ചുപോകാതിരിക്കാൻ പുത്രനെ ചുംബിക്കുക,

    കാരണം അവിടത്തെ ക്രോധം ക്ഷണത്തിൽ ജ്വലിക്കും

    അവിടത്തെ സന്നിധിയിൽ അഭയംപ്രാപിക്കുന്നവരെല്ലാം അനുഗൃഹീതർ.

  38. 9 “അതുകൊണ്ട് നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുക:

    “ ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ,

    തിരുനാമം ആദരിക്കപ്പെടട്ടെ,

    10 അവിടത്തെ രാജ്യം വരുമാറാകട്ടെ,

    തിരുഹിതം നിറവേറപ്പെടട്ടെ,

    സ്വർഗത്തിലെപ്പോലെതന്നെ ഭൂമിയിലും.

  39. 14 ആ പുത്രനിൽ നമുക്കു പാപവിമോചനമെന്ന വീണ്ടെടുപ്പു ലഭിച്ചു.

    15 ക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും

    സകലസൃഷ്ടിക്കും അധീശനും ആകുന്നു.

    16 സ്വർഗത്തിലും ഭൂമിയിലും ഉള്ള ദൃശ്യമായതും അദൃശ്യമായതും

    സിംഹാസനങ്ങളും കർത്തൃത്വങ്ങളും വാഴ്ചകളും അധികാരങ്ങളും

    എല്ലാം ക്രിസ്തുവിനാൽ സൃഷ്ടിക്കപ്പെട്ടു;

    സകലതും ക്രിസ്തുമുഖേനയും ക്രിസ്തുവിനായിട്ടും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

    17 അവിടന്ന് എല്ലാറ്റിനും മുമ്പേ ഉള്ളവൻ;

    സകലത്തെയും നിലനിർത്തുന്നതും അവിടന്നാണ്.

    18 അവിടന്ന് സഭയെന്ന ശരീരത്തിന്റെ ശിരസ്സ് ആകുന്നു.

    അവിടന്ന് സകലത്തിലും ഒന്നാമനാകേണ്ടതിന് ആരംഭവും

    മരിച്ചവരിൽനിന്ന് എഴുന്നേറ്റവരിൽ

    ഏറ്റവും പ്രമുഖനും ആകുന്നു.

    19 ക്രിസ്തുവിൽ സർവസമ്പൂർണതയും വസിക്കാനും

  40. 1 ക്രിസ്തു ശരീരത്തിൽ കഷ്ടം സഹിച്ചതിനാൽ നിങ്ങളും അതുപോലെതന്നെ കഷ്ടം സഹിക്കാൻ സന്നദ്ധരായിരിക്കുക. കാരണം, ശാരീരിക കഷ്ടതകൾ പാപത്തിന് തടയിടുന്നു. 2 തത്ഫലമായി ശാരീരിക കഷ്ടത അനുഭവിക്കുന്ന വ്യക്തി, പാപകരമായ മാനുഷികമോഹങ്ങൾ പൂർത്തീകരിക്കാനല്ല, മറിച്ച്, ശിഷ്ടായുസ്സ് ദൈവഹിതം അന്വേഷിക്കുന്നയാളായി ജീവിക്കും. 3 കഴിഞ്ഞകാലങ്ങളിൽ, യെഹൂദേതരർ ഇഷ്ടപ്പെട്ടതും അവർ അനുവർത്തിച്ചുവന്നതുമായ, കുത്തഴിഞ്ഞ ജീവിതരീതി, ദുർമോഹം, മദ്യപാനം, മദിരോത്സവം, കൂത്താട്ടം, നിഷിദ്ധമായ വിഗ്രഹാരാധന തുടങ്ങിയവയിൽ നിങ്ങൾ ജീവിച്ചിരുന്നു. 4 അവരുടെ അപരിഷ്കൃതവും നാശകരവുമായ ചര്യകളിൽ നിങ്ങൾ അവരോടൊപ്പം പങ്കു ചേരാത്തതിൽ അവർ അത്ഭുതപ്പെടുകയും നിങ്ങളെ ദുഷിക്കുകയുംചെയ്യുന്നു. 5 എന്നാൽ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ന്യായംവിധിക്കാൻ തയ്യാറായിരിക്കുന്ന ദൈവത്തിനുമുമ്പാകെ അവർ കണക്കു ബോധിപ്പിക്കേണ്ടിവരും. 6 അതുകൊണ്ടാണ് ഇപ്പോൾ മൃതാവസ്ഥയിലിരിക്കുന്നവരോടും സുവിശേഷം പ്രസംഗിച്ചത്. അവർ സകലമനുഷ്യരെയുംപോലെ മരണത്തിന് വിധിക്കപ്പെടുന്നവരെങ്കിലും ആത്മാവിൽ ദൈവത്തെപ്പോലെ ജീവിക്കുന്നു.

  41. 15 ലോകത്തെയോ ലോകത്തിലുള്ള ഏതിനെയെങ്കിലുമോ സ്നേഹിക്കരുത്. ഒരാൾ ലോകത്തെ സ്നേഹിക്കുന്നെങ്കിൽ പിതാവിന്റെ സ്നേഹം അയാളിൽ ഇല്ല. 16 കാരണം ലോകത്തിലുള്ള സകലതും—ജഡികാസക്തി, കൺമോഹം, ജീവനത്തിന്റെ അഹന്ത എന്നിവയെല്ലാംതന്നെ—പിതാവിൽനിന്നല്ല, ലോകത്തിൽനിന്നാണ്. 17 ലോകവും അതിനോടുകൂടെയുള്ള മോഹങ്ങളും നീങ്ങിപ്പോകുന്നു; എന്നാൽ ദൈവഹിതം ചെയ്യുന്നവർ സദാകാലം നിലനിൽക്കുന്നു.

  42. 19 ജീവനും മരണവും അനുഗ്രഹവും ശാപവും നിന്റെ മുമ്പാകെ വെക്കുന്നു. നീ ഇതിൽ ഏതു തെരഞ്ഞെടുക്കും എന്നതിനു സാക്ഷ്യത്തിനായി ഇന്നു ഞാൻ സ്വർഗത്തെയും ഭൂമിയെയും വിളിക്കുന്നു. നീയും നിന്റെ മക്കളും ജീവനോടിരിക്കേണ്ടതിന് ഇപ്പോൾ ജീവൻ തെരഞ്ഞെടുത്തുകൊൾക. 20 നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കുക, അവിടത്തെ ശബ്ദം ശ്രദ്ധിച്ച് അവിടത്തോടു പറ്റിച്ചേർന്നുകൊൾക. യഹോവ നിന്റെ ജീവൻ ആകുന്നു. അവിടന്ന് നിന്റെ പിതാക്കന്മാരായ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും വാഗ്ദാനംചെയ്ത ദേശത്ത് അവിടന്ന് നിനക്കു ദീർഘായുസ്സു നൽകും.

  43. 10 തിരുഹിതംചെയ്യാൻ എന്നെ പഠിപ്പിക്കണമേ,

    കാരണം അവിടന്ന് ആകുന്നു എന്റെ ദൈവം;

    അങ്ങയുടെ നല്ല ആത്മാവ്

    നീതിപഥത്തിൽ എന്നെ നടത്തട്ടെ.

  44. 34 പരിഹാസികളെ അവിടന്ന് അപഹസിക്കുന്നു,

    എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു.

  45. 33 യഹോവാഭക്തി ജ്ഞാനം അഭ്യസിപ്പിക്കുന്നു,

    വിനയം ബഹുമതിയുടെ മുന്നോടിയാണ്.

  46. 27 പിന്നീട്, രാജത്വവും ആധിപത്യവും ആകാശത്തിനുകീഴേ എല്ലായിടത്തുമുള്ള രാജ്യങ്ങളുടെ മഹത്ത്വവും പരമോന്നതന്റെ വിശുദ്ധന്മാരായ ജനത്തിനു നൽകപ്പെടും. അവിടത്തെ രാജ്യം ഒരു നിത്യരാജ്യമായിരിക്കും; എല്ലാ ആധിപത്യങ്ങളും അവിടത്തെ സേവിക്കുകയും അനുസരിക്കുകയും ചെയ്യും.’

  47. 17 അങ്ങയുടെ അഭിപ്രായം എന്താണ്? റോമൻ കൈസർക്ക് നികുതി കൊടുക്കുന്നത് ശരിയാണോ?” എന്നു ചോദിച്ചു.

    18 യേശു അവരുടെ ദുരുദ്ദേശ്യം മനസ്സിലാക്കിയിട്ട്, “കാപട്യം നിറഞ്ഞവരേ, നിങ്ങൾ എന്നെ കുടുക്കാൻ തുനിയുന്നതെന്തിന്? 19 നികുതി കൊടുക്കാൻ ഉപയോഗിക്കുന്ന ഒരു നാണയം കാണിക്കൂ” എന്നു പറഞ്ഞു. അവർ ഒരു റോമൻ നാണയം കൊണ്ടുവന്ന് അദ്ദേഹത്തെ കാണിച്ചു. 20 യേശു അവരോട്, “ഇതിൽ മുദ്രണം ചെയ്തിരിക്കുന്ന രൂപവും ലിഖിതവും ആരുടേത്?” എന്നു ചോദിച്ചു.

    21 “കൈസറുടേത്,” അവർ മറുപടി പറഞ്ഞു.

    അങ്ങനെയെങ്കിൽ “കൈസർക്ക് നൽകേണ്ടത് കൈസർക്കും ദൈവത്തിന് നൽകേണ്ടത് ദൈവത്തിനും നൽകുക” എന്ന് അദ്ദേഹം അവരോടു പറഞ്ഞു.

  48. 35 അവരിൽ ഒരു നിയമജ്ഞൻ, യേശുവിനെ പരീക്ഷിച്ചുകൊണ്ട്, 36 “ഗുരോ, ന്യായപ്രമാണത്തിലെ ഏറ്റവും മഹത്തായ കൽപ്പന ഏതാണ്?” എന്നു ചോദിച്ചു.

    37 അതിന് യേശു, “ ‘നിന്റെ ദൈവമായ കർത്താവിനെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണമനസ്സാലും സ്നേഹിക്കണം.’ 38 ഇതാകുന്നു പ്രഥമവും ഏറ്റവും മഹത്തുമായ കൽപ്പന. 39 രണ്ടാമത്തെ കൽപ്പനയും അതിനുതുല്യം: ‘നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക.’ 40 സർവന്യായപ്രമാണവും പ്രവാചകന്മാരും ഈ രണ്ട് കൽപ്പനകളിൽ അധിഷ്ഠിതമായിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു.

  49. 49 ഞാൻ സ്വന്തം ഇഷ്ടപ്രകാരം സംസാരിച്ചിട്ടില്ല; ഞാൻ എന്തു പറയണമെന്നും എങ്ങനെ പറയണമെന്നും എന്നെ അയച്ച പിതാവു കൽപ്പിച്ചിരിക്കുന്നു. 50 അവിടത്തെ കൽപ്പന നിത്യജീവനിലേക്ക് എന്നു ഞാൻ അറിയുന്നു. അതുകൊണ്ടു ഞാൻ സംസാരിക്കുന്നത് പിതാവ് എന്നോട് ആജ്ഞാപിച്ചിട്ടുള്ളതുമാത്രമാണ്.”

  50. 10 പീലാത്തോസ് വീണ്ടും ചോദിച്ചു: “നീ എന്നോടൊന്നും സംസാരിക്കാത്തതെന്ത്? നിന്നെ മോചിപ്പിക്കാനും ക്രൂശിൽ തറപ്പിക്കാനും എനിക്കധികാരമുണ്ടെന്ന് നീ അറിയുന്നില്ലേ?”

    11 അതിന് യേശു മറുപടി പറഞ്ഞു, “മുകളിൽനിന്ന് നൽകപ്പെട്ടില്ലായിരുന്നെങ്കിൽ താങ്കൾക്ക് എന്റെമേൽ ഒരധികാരവും ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് എന്നെ താങ്കളുടെപക്കൽ ഏൽപ്പിച്ചുതന്നവനാണ് കൂടുതൽ പാപമുള്ളത്.”

    12 അപ്പോൾമുതൽ യേശുവിനെ വിട്ടയയ്ക്കാൻ പീലാത്തോസ് പരിശ്രമിച്ചു. എന്നാൽ യെഹൂദനേതാക്കന്മാർ, “ഈ മനുഷ്യനെ വിട്ടയച്ചാൽ, അങ്ങ് കൈസറുടെ സ്നേഹിതനല്ല. സ്വയം രാജാവെന്ന് അവകാശപ്പെടുന്നവൻ കൈസറോടു മത്സരിക്കുന്നു” എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

  51. 3 എനിക്കു ലഭിച്ചിരിക്കുന്ന കൃപയുടെ അധികാരത്തിൽ നിങ്ങളിൽ ഓരോരുത്തരോടുമായി ഞാൻ പറയട്ടെ: നിങ്ങൾ ആയിരിക്കുന്നതിൽനിന്നപ്പുറമായി നിങ്ങളെക്കുറിച്ചു ചിന്തിച്ച് അഹങ്കരിക്കരുത്; പിന്നെയോ, ദൈവം നൽകിയിരിക്കുന്ന വിശ്വാസത്തിന്റെ മാനദണ്ഡം ഉപയോഗിച്ച് വിവേകപൂർവം സ്വയം വിലയിരുത്തുകയാണു വേണ്ടത്.

  52. 1 കർത്താവ് നിമിത്തം കാരാഗൃഹത്തിൽ കഴിയുന്ന ഞാൻ നിങ്ങൾക്കു നൽകുന്ന പ്രചോദനം, നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമായി ജീവിക്കുക എന്നതാണ്. 2 സമ്പൂർണവിനയവും സൗമ്യതയും ക്ഷമാശീലവും ഉള്ളവരായി സ്നേഹത്തിൽ പരസ്പരം സഹിഷ്ണുത കാട്ടുക. 3 സമാധാനത്താൽ ബന്ധിക്കപ്പെട്ടവരായി ആത്മാവിലുള്ള ഐക്യം നിലനിർത്താൻ ഉത്സുകരാകുക.

  53. 22 ഭാര്യമാരേ, നിങ്ങൾ കർത്താവിനു വിധേയപ്പെടുന്നതുപോലെ സ്വന്തം ഭർത്താക്കന്മാർക്കും വിധേയപ്പെടുക. 23 കാരണം, ക്രിസ്തു തന്റെ ശരീരമാകുന്ന സഭയുടെ ശിരസ്സും അതിന്റെ രക്ഷകനുമായിരിക്കുന്നതുപോലെ ഭർത്താവ് ഭാര്യയുടെ ശിരസ്സാകുന്നു. 24 സഭ ക്രിസ്തുവിനു വിധേയപ്പെട്ടിരിക്കുന്നതുപോലെ ഭാര്യമാരും തങ്ങളുടെ ഭർത്താക്കന്മാർക്കു സകലത്തിലും വിധേയപ്പെട്ടിരിക്കട്ടെ.

    25 ഭർത്താക്കന്മാരേ, ക്രിസ്തു സ്വന്തം ജീവൻ നൽകി സഭയെ സ്നേഹിച്ചതുപോലെ നിങ്ങളും നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കണം. 26 ക്രിസ്തു അവിടത്തെ സഭയെ വചനമാകുന്ന ജലത്താൽ കഴുകി നിർമലീകരിച്ച് വിശുദ്ധീകരിക്കേണ്ടതിനും 27 കറ, ചുളുക്കം, മാലിന്യം എന്നിവ അശേഷം ഇല്ലാതെ വിശുദ്ധയും നിഷ്കളങ്കയുമായി തേജസ്സോടെ തനിക്കായി നിർത്തേണ്ടതിനുമാണ് അപ്രകാരം ചെയ്തത്. 28 ഇതുപോലെതന്നെ ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്തം ശരീരങ്ങളെ സ്നേഹിക്കുന്നതുപോലെതന്നെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ യഥാർഥത്തിൽ തന്നെത്തന്നെയാണ് സ്നേഹിക്കുന്നത്. 29 ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുക്കുന്നില്ല, സഭയെ ക്രിസ്തു പരിപോഷിപ്പിക്കുന്നതുപോലെ അതിനെ പരിപോഷിപ്പിക്കുകയാണു ചെയ്യുന്നത്. 30 നാം എല്ലാവരും ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവങ്ങൾ ആണല്ലോ.

  54. 8 അബ്രാഹാം തനിക്ക് ഓഹരിയായി ലഭിക്കാനിരുന്ന ദേശത്തേക്കു പോകാൻ വിളിക്കപ്പെട്ടപ്പോൾ താൻ എവിടേക്കു പോകുന്നു എന്നറിയാതെ വിശ്വാസത്താൽ അനുസരണയോടെ യാത്രപുറപ്പെട്ടു.

  55. 7 ദൈവം തന്റെ മക്കളോട് എന്നപോലെ നിങ്ങളോടു പെരുമാറുന്നു; ആകയാൽ നിങ്ങൾ ഈ ശിക്ഷ സഹിക്കുക. സ്വപിതാവ് ശിക്ഷിക്കാത്ത മകൻ ആരുണ്ട്? 8 എല്ലാവർക്കും ലഭിക്കുന്ന ശിക്ഷ നിങ്ങൾക്കും ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വന്തം മക്കളല്ല; ജാരസന്തതികളാണ്. 9 നമ്മുടെ ലൗകികപിതാക്കന്മാർ നമുക്ക് ബാല്യത്തിൽ ശിക്ഷ നൽകിയിരുന്നപ്പോൾ അവരെ നാം ബഹുമാനിച്ചിരുന്നു. അങ്ങനെയെങ്കിൽ നമ്മുടെ ആത്മാക്കളുടെ പിതാവിനു നാം എത്രയധികം കീഴടങ്ങി ജീവിക്കേണ്ടതാണ്! 10 അവർ തങ്ങൾക്ക് ഉത്തമമെന്നു തോന്നിയ വിധത്തിൽ ആയിരുന്നു നമ്മെ അൽപ്പകാലത്തേക്ക് ശിക്ഷയ്ക്കു വിധേയരാക്കിയത്; ദൈവമോ, നമ്മുടെ പ്രയോജനത്തിനായി—നാം അവിടത്തെ വിശുദ്ധിയിൽ പങ്കാളികൾ ആകേണ്ടതിന്—നമുക്ക് ബാലശിക്ഷ നൽകുന്നു. 11 ഏതുതരം ശിക്ഷയും തൽക്കാലത്തേക്ക് ആനന്ദകരമല്ല, ദുഃഖകരമാണെന്ന് തോന്നും. ഇതിലൂടെ പരിശീലനം സിദ്ധിക്കുന്നവർക്ക് നീതിപൂർവമായ ഒരു സമാധാനഫലം പിന്നീടു ലഭിക്കും.

  56. 3 ദൈവത്തോടുള്ള സ്നേഹത്തിന്റെ ആധാരം ദൈവത്തിന്റ കൽപ്പനകൾ പാലിക്കുന്നതുതന്നെയാണ്. അവിടത്തെ കൽപ്പനകൾ ഭാരമുള്ളവയല്ല.

  57. 50 എന്റെ സ്വർഗസ്ഥപിതാവിന്റെ ഇഷ്ടം ചെയ്യുന്നവരാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും” എന്ന് യേശു പറഞ്ഞു.

  58. 33 അവർ കഫാർനഹൂമിൽ എത്തി. അദ്ദേഹം വീട്ടിൽ വന്നശേഷം അവരോട്, “നിങ്ങൾ വഴിയിൽവെച്ച് എന്തിനെക്കുറിച്ചായിരുന്നു തർക്കിച്ചുകൊണ്ടിരുന്നത്?” എന്നു ചോദിച്ചു. 34 അവരോ, തങ്ങളിൽ ഏറ്റവും ശ്രേഷ്ഠൻ ആരാണ് എന്നതിനെപ്പറ്റി വഴിയിൽവെച്ചു വാദിക്കുകയായിരുന്നതുകൊണ്ടു നിശ്ശബ്ദരായിരുന്നു.

    35 അദ്ദേഹം ഇരുന്നശേഷം തന്റെ പന്ത്രണ്ട് ശിഷ്യന്മാരെയും വിളിച്ചിട്ട് അവരോട്, “നിങ്ങളിൽ ഒന്നാമൻ ആകാൻ ആഗ്രഹിക്കുന്നവൻ ഒടുക്കത്തവനും എല്ലാവർക്കും ദാസനുമാകണം” എന്നു പറഞ്ഞു.

  59. 46 “നിങ്ങൾ എന്നെ ‘കർത്താവേ, കർത്താവേ,’ എന്നു വിളിക്കുകയും ഞാൻ പറയുന്നതു പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?

  60. 7 “നിങ്ങളിൽ ഒരാൾക്കു നിലം ഉഴുകയോ ആടിനെ മേയിക്കുകയോ ചെയ്യുന്ന ഒരു ദാസൻ ഉണ്ടെന്നിരിക്കട്ടെ. അയാൾ വയലിൽനിന്ന് വരുമ്പോൾ, ‘നീ വേഗംവന്ന് ഭക്ഷണത്തിന് ഇരിക്കുക’ എന്ന് അയാളോട് പറയുമോ? 8 ‘എനിക്ക് അത്താഴം തയ്യാറാക്കുക, ഞാൻ ഭക്ഷിച്ചുപാനംചെയ്തു തീരുന്നതുവരെ പൂർണ ഒരുക്കത്തോടെ എന്നെ പരിചരിക്കുക; അതിനുശേഷം നീയും ഭക്ഷിച്ചു പാനംചെയ്തുകൊള്ളുക’ എന്നല്ലേ പറയുക? 9 തന്നോടു കൽപ്പിച്ചത് ആ സേവകൻ അനുസരിച്ചതുകൊണ്ട് അയാൾ അവനോടു കൃതജ്ഞത പ്രകടിപ്പിക്കുമോ? 10 അതുപോലെതന്നെ നിങ്ങളും നിങ്ങളോടു കൽപ്പിച്ചതെല്ലാം ചെയ്തതിനുശേഷം, ‘ഞങ്ങൾ അയോഗ്യരായ ദാസരാകുന്നു; ഞങ്ങൾ ഞങ്ങളുടെ കർത്തവ്യം നിറവേറ്റിയതേയുള്ളൂ’ എന്നു പറയുക.”

  61. 21 എന്റെ കൽപ്പനകൾ സ്വീകരിച്ച് അനുസരിക്കുന്നവർ എന്നെ സ്നേഹിക്കുന്നു; എന്നെ സ്നേഹിക്കുന്നവരെ എന്റെ പിതാവു സ്നേഹിക്കും. ഞാനും അവരെ സ്നേഹിക്കുകയും എന്നെത്തന്നെ അവർക്കു വെളിപ്പെടുത്തുകയും ചെയ്യും.”

  62. 1 സഹോദരങ്ങളേ, ഇസ്രായേല്യർ രക്ഷിക്കപ്പെടണമെന്നു ഞാൻ ഹൃദയപൂർവം ആഗ്രഹിക്കുകയും അവർക്കായി ദൈവത്തോടു പ്രാർഥിക്കുകയുംചെയ്യുന്നു. 2 ദൈവികകാര്യങ്ങളിൽ അവർക്കു തീക്ഷ്ണതയുണ്ട് എന്നു ഞാൻ സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ, ആ തീക്ഷ്ണത വിവേചനത്തോടുകൂടിയതല്ല. 3 കാരണം, ദൈവം മനുഷ്യരെ നീതീകരിക്കുന്നവിധം അറിയാതെ സ്വന്തം പ്രയത്നത്താൽ നീതീകരിക്കപ്പെടാൻ ശ്രമിച്ചുകൊണ്ട് അവർ ദൈവനീതിക്കു വിധേയപ്പെടാതിരുന്നു.

  63. 26 സഹോദരങ്ങളേ, നിങ്ങളെ വിളിച്ചപ്പോഴുള്ള നിങ്ങളുടെ സ്ഥിതിയെപ്പറ്റി ചിന്തിക്കുക. മാനുഷികമാനദണ്ഡമനുസരിച്ചു നിങ്ങളിൽ മിക്കവരും വിവേകശാലികളായിരുന്നില്ല; സമൂഹത്തിൽ സ്വാധീനമുള്ളവരോ കുലീനരോ ആയിരുന്നതുമില്ല. 27 എന്നാൽ ജ്ഞാനികളെ ലജ്ജിപ്പിക്കാൻ ദൈവം ലോകത്തിൽ ഭോഷത്തമായവ തെരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാൻ ദൈവം ബലഹീനമായവ തെരഞ്ഞെടുത്തു. 28 മഹത്തായതെന്നു ലോകം പരിഗണിക്കുന്നതിനെ നിസ്സാരമാക്കാൻ ഈ ലോകത്തിലെ ഹീനവും നിന്ദിതവുമായ കാര്യങ്ങളെ, ഒന്നുമല്ലാത്തവയെത്തന്നെ, ദൈവം തെരഞ്ഞെടുത്തു; 29 അവിടത്തെ സന്നിധിയിൽ ആരും പ്രശംസിക്കാതിരിക്കേണ്ടതിനുതന്നെ.

  64. 5 നിങ്ങളുടെ വിശ്വാസം പ്രകടമാകുന്ന രീതിയിലാണോ നിങ്ങൾ ജീവിക്കുന്നതെന്ന് നിങ്ങളെത്തന്നെ പരീക്ഷിച്ചുനോക്കുക. ഈ പരീക്ഷയിൽ നിങ്ങൾ തോറ്റിട്ടില്ലെങ്കിൽ ക്രിസ്തുയേശു നിങ്ങളുടെ മധ്യത്തിലുണ്ട് എന്നു നിങ്ങൾ അറിയുന്നില്ലേ?

  65. 19 “ദൈവത്തിനായി ജീവിക്കേണ്ടതിനു ന്യായപ്രമാണത്തിൽക്കൂടി ന്യായപ്രമാണത്തിന് ഞാൻ മരിച്ചു. 20 ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഇനിമുതൽ ജീവിക്കുന്നത് ഞാനല്ല; ക്രിസ്തു ആണ് എന്നിൽ ജീവിക്കുന്നത്. എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി സ്വയം അർപ്പിക്കുകയുംചെയ്ത ദൈവപുത്രനിലുള്ള വിശ്വാസംമൂലമാണ് ഞാൻ ഇപ്പോൾ ഈ ശരീരത്തിൽ ജീവിക്കുന്നത്. 21 ദൈവകൃപയെ ഞാൻ നിരാകരിക്കുന്നില്ല. നീതീകരണം ന്യായപ്രമാണത്താലാണെങ്കിൽ ക്രിസ്തുവിന്റെ മരണം നിരർഥകമാണ്!”

  66. 22 അവിടന്നു സകലതും ക്രിസ്തുവിന്റെ കാൽക്കീഴിലാക്കി ക്രിസ്തുവിനെ എല്ലാറ്റിന്റെയും ശിരസ്സായിരിക്കാൻ സഭയ്ക്കുവേണ്ടി നിയോഗിച്ചിരിക്കുന്നു. 23 സകലത്തെയും സർവവിധത്തിലും സമ്പൂർണമാക്കുന്ന അവിടത്തെ സമ്പൂർണതയാകുന്നു ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ.

  67. 12 ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധരും ദൈവത്തിനു പ്രിയരുമാകുകയാൽ നിങ്ങൾ മനസ്സലിവ്, ദയ, വിനയം, സൗമ്യത, ക്ഷമ, എന്നിവ ധരിക്കുക. 13 പരസ്പരം ക്ഷമിക്കുകയും സഹിക്കുകയുംചെയ്യുക; നിങ്ങളിലൊരാൾക്കു മറ്റൊരാൾക്കെതിരേ പരാതി ഉണ്ടായാൽ, കർത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക. 14 എല്ലാറ്റിലും ഉപരിയായി എല്ലാവരെയുംതമ്മിൽ സമ്പൂർണമായി ബന്ധിപ്പിക്കുന്ന കണ്ണിയായ സ്നേഹം ധരിക്കുക.

    15 ക്രിസ്തു നൽകുന്ന സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. അതിനായിട്ടാണല്ലോ നിങ്ങളെ ഏകശരീരമായി വിളിച്ചിരിക്കുന്നത്. കൃതജ്ഞതയുള്ളവരായിരിക്കുക.

  68. 12 സഹോദരങ്ങളേ, നിങ്ങളുടെ മധ്യത്തിൽ കഠിനാധ്വാനംചെയ്ത്, നിങ്ങളെ കർത്താവിൽ ഭരിക്കുകയും പ്രബോധിപ്പിക്കുകയുംചെയ്യുന്നവരെ ആദരിക്കണമെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. 13 അവരുടെ പ്രവർത്തനം ഓർത്ത് അവരെ ഏറ്റവും സ്നേഹത്തോടെ അളവില്ലാതെ ആദരിക്കുക. പരസ്പരം സമാധാനത്തോടെ ജീവിക്കുക.

  69. 5 എന്നാൽ ഒരാൾ ദൈവവചനം അനുസരിക്കുന്നെങ്കിൽ ദൈവത്തോടുള്ള സ്നേഹം വാസ്തവമായും അയാളിൽ പരിപൂർത്തിയിൽ എത്തിയിരിക്കുന്നു. നാം ദൈവത്തിൽ വസിക്കുന്നു എന്ന് ഇങ്ങനെ അറിയാം 6 അവിടത്തോടുകൂടെ വസിക്കുന്നു എന്ന് അവകാശപ്പെടുന്നയാൾ യേശു ജീവിച്ചതുപോലെ ജീവിക്കേണ്ടതുണ്ട്.