57 Bible Verses About Going to Church

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Going to Church
  1. 24 സ്നേഹിക്കാനും സൽപ്രവൃത്തികൾ ചെയ്യാനും പരസ്പരം പ്രേരിപ്പിക്കുന്നതിന് നമുക്കു ശ്രദ്ധിക്കാം. 25 സഭായോഗങ്ങളെ ഉപേക്ഷിക്കുന്നത് ചിലർ ശീലമാക്കിയിട്ടുണ്ട്. നാം അങ്ങനെ ചെയ്യാതെ, കർത്താവിന്റെ പുനരാഗമനദിവസം അടുത്തുവരുന്നെന്നു കാണുന്തോറും നമുക്ക് അധികമധികമായി, പരസ്പരം പ്രോത്സാഹിപ്പിക്കാം.

  2. 42 അവർ അപ്പൊസ്തലന്മാരുടെ ഉപദേശത്തിലും കൂട്ടായ്മയിലും കർത്തൃമേശാചരണത്തിലും പ്രാർഥനയിലും അർപ്പണബോധത്തോടെ തുടർന്നുവന്നു. 43 അപ്പൊസ്തലന്മാർമുഖേന സംഭവിച്ചുകൊണ്ടിരുന്ന അനവധി അത്ഭുതങ്ങളും ചിഹ്നങ്ങളുംനിമിത്തം എല്ലാവരുടെയും മനസ്സിൽ ഭക്ത്യാദരങ്ങൾ നിറഞ്ഞു. 44 വിശ്വാസികൾ എല്ലാവരും ഏകഹൃദയത്തോടെ ഒരിടത്തു കൂടിവരികയും വസ്തുവകകൾ എല്ലാം എല്ലാവരുടേതും എന്നപോലെ കരുതുകയും ചെയ്തു. 45 തങ്ങളുടെ വസ്തുവകകളും മറ്റു സമ്പാദ്യങ്ങളും വിറ്റ് ഓരോരുത്തരുടെയും ആവശ്യാനുസരണം അവർ എല്ലാവർക്കുമായി പങ്കിട്ടു. 46 അവർ നാൾതോറും നിരന്തരമായി ദൈവാലയാങ്കണത്തിൽ ഏകഹൃദയത്തോടെ കൂടിവരികയും വീടുകൾതോറും അപ്പംനുറുക്കുകയും ആനന്ദത്തോടെയും ആത്മാർഥതയോടെയും ഭക്ഷണം കഴിക്കുകയും 47 ദൈവത്തെ സ്തുതിക്കുകയും ചെയ്തു. അവർ സകലരുടെയും പ്രീതിക്കു പാത്രമായിത്തീർന്നു. ഓരോ ദിവസവും രക്ഷിക്കപ്പെടുന്നവരെ കർത്താവ് ആ കൂട്ടത്തോട് ചേർത്തുകൊണ്ടിരുന്നു.

  3. 26 സഹോദരങ്ങളേ, അപ്പോൾ എന്താണു സാരാംശം? നിങ്ങൾ സമ്മേളിക്കുമ്പോൾ, ഒരാൾ കീർത്തനം ആലപിക്കുന്നു, മറ്റൊരാൾ ഉപദേശിക്കുന്നു, ഒരാൾ ദൈവികവെളിപ്പാടു പ്രസ്താവിക്കുന്നു, ഒരാൾ അജ്ഞാതഭാഷയിൽ സംസാരിക്കുന്നു, മറ്റൊരാൾ അതു വ്യാഖ്യാനിക്കുന്നു. എല്ലാം ആത്മികോന്നതിക്ക് ഉപകരിക്കേണ്ടതാണ്. 27 അജ്ഞാതഭാഷയിൽ സംസാരിക്കുന്നെങ്കിൽ രണ്ടുപേരോ, കൂടിയാൽ മൂന്നുപേരോ സംസാരിക്കട്ടെ. അവർ ഓരോരുത്തരായി സംസാരിക്കുകയും ഒരാൾ വ്യാഖ്യാനിക്കുകയും വേണം. 28 വ്യാഖ്യാതാവ് ഇല്ലാത്തപക്ഷം അജ്ഞാതഭാഷ സംസാരിക്കുന്നയാൾ സഭയിൽ മൗനമായിരുന്ന്, തന്നോടുതന്നെയും ദൈവത്തോടും സംസാരിക്കട്ടെ.

    29 രണ്ടോ മൂന്നോ പ്രവാചകർ സംസാരിക്കുകയും, മറ്റുള്ളവർ അവരുടെ വാക്കുകളെക്കുറിച്ച് പരിചിന്തനം ചെയ്യുകയും വേണം. 30 ഉപവിഷ്ടരിൽ ഒരാൾക്ക് ഒരു വെളിപ്പാടു ലഭിച്ചാൽ സംസാരിച്ചുകൊണ്ടിരിക്കുന്നയാൾ അപ്പോൾ സംസാരം നിർത്തണം. 31 എല്ലാവർക്കും പഠനവും പ്രോത്സാഹനവും ലഭിക്കത്തക്കവിധം ഓരോരുത്തരായി നിങ്ങൾക്കെല്ലാം പ്രവചിക്കാവുന്നതാണ്. 32 പ്രവചനാത്മാവ് പ്രവാചകരുടെ നിയന്ത്രണത്തിന് അധീനമാണ്. 33 ദൈവം അലങ്കോലത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമാണ്.

    വിശുദ്ധരുടെ സകലസഭകളിലും എന്നപോലെ, 34 സ്ത്രീകൾ സഭായോഗങ്ങളിൽ നിശ്ശബ്ദരായിരിക്കണം. ന്യായപ്രമാണം അനുശാസിക്കുന്നതുപോലെ, അവർ കീഴ്പ്പെട്ടിരിക്കണം, സംസാരിക്കാൻ അവരെ അനുവദിച്ചിട്ടില്ല. 35 എന്തെങ്കിലും പഠിക്കാൻ അവർ ആഗ്രഹിക്കുന്നെങ്കിൽ, ഭവനത്തിൽവെച്ചു സ്വന്തഭർത്താക്കന്മാരോടു ചോദിക്കട്ടെ; സ്ത്രീ സഭയിൽ സംസാരിക്കുന്നത് ലജ്ജാകരമാണ്.

    36 ദൈവവചനത്തിന്റെ ഉദ്ഭവം നിങ്ങളിൽനിന്നാണോ? അഥവാ, അത് എത്തിയിട്ടുള്ളത് നിങ്ങളുടെ അടുക്കൽവരെമാത്രമോ? 37 ഒരു പ്രവാചകൻ എന്നോ ആത്മികകൃപാദാനങ്ങൾ ലഭിച്ചവനെന്നോ ആരെങ്കിലും സ്വയം കരുതുന്നെങ്കിൽ, ഞാൻ നിങ്ങൾക്ക് ഈ എഴുതുന്നത് കർത്താവിന്റെ കൽപ്പനയാണെന്ന് അയാൾ മനസ്സിലാക്കിക്കൊള്ളട്ടെ. 38 അയാൾ ഇത് അവഗണിക്കുന്നു എങ്കിൽ അയാളും അവഗണിക്കപ്പെടും.

    39 ആകയാൽ സഹോദരങ്ങളേ, പ്രവചനദാനം അഭിലഷിക്കുക, അജ്ഞാതഭാഷകളിൽ സംസാരിക്കുന്നതു തടയുകയുമരുത്. 40 എല്ലാം യോഗ്യമായും വ്യവസ്ഥിതമായും നിർവഹിക്കപ്പെടട്ടെ.

  4. 11-12 ക്രിസ്തുവിന്റെ ശരീരത്തെ പണിതുയർത്തുന്ന ശുശ്രൂഷയ്ക്കായി വിശുദ്ധരെ സജ്ജരാക്കുന്നതിനുവേണ്ടി, അവിടന്നുതന്നെ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയോഗിച്ചിരിക്കുന്നു. 13 ഇങ്ങനെ നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലും പക്വതയുള്ളവരായി ഐക്യത്തിലെത്തിച്ചേർന്ന്, ക്രിസ്തുവിന്റെ പരിപൂർണതയുടെ സമ്പൂർണ അളവ് സാക്ഷാത്കരിക്കുന്നതുവരെ വളരുകതന്നെ ചെയ്യും.

    14 തൽഫലമായി, നാം ഇനിമേൽ, മനുഷ്യരുടെ വഞ്ചനാത്മകമായ ഗൂഢാലോചനകളുടെ കൗശലങ്ങളിലും തന്ത്രങ്ങളിലും കുടുങ്ങി അവരുടെ ദുരുപദേശങ്ങളുടെ കാറ്റിൽ ആടിയുലയുകയും ഓളങ്ങളിൽ ചാഞ്ചാടുകയുംചെയ്യുന്ന ശിശുക്കളല്ല; 15 മറിച്ച്, സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ട് എല്ലാക്കാര്യങ്ങളിലും ക്രിസ്തു എന്ന ശിരസ്സുവരെ വളരുന്നവരാകും. 16 അങ്ങനെ ഓരോ അവയവവും അതതിന്റെ ധർമം നിർവഹിച്ചുകൊണ്ട്, സകലസന്ധിബന്ധങ്ങളും സംയോജിതമായി, സ്നേഹത്തിൽ മുഴുവൻ ശരീരവും സ്വയം പടുത്തുയർത്തപ്പെട്ട് ക്രിസ്തുവിനാൽ വളർച്ച പ്രാപിക്കുന്നു.

  5. 1 സഹോദരങ്ങളേ, ദൈവം നമ്മോടു കാട്ടിയ കരുണ അനുസ്മരിപ്പിച്ചുകൊണ്ട് ഞാൻ പ്രബോധിപ്പിക്കുന്നത്: പവിത്രവും ദൈവത്തിനു പ്രസാദകരവുമായ സജീവയാഗമായി നിങ്ങളുടെ ശരീരങ്ങളെ സമർപ്പിക്കുക; ഇതാണ് നിങ്ങളുടെ ഉചിതമായ സത്യാരാധന. 2 ഈ കാലഘട്ടത്തിന്റെ രീതികളോട് അനുരൂപപ്പെടരുത്; മറിച്ച്, ചിന്താരീതിക്കു സമൂലനവീകരണം വരുത്തി നിങ്ങൾ രൂപാന്തരപ്പെടുക. അങ്ങനെ സദ്ഗുണസമ്പന്നവും സ്വീകാര്യവും സമ്പൂർണവുമായ ദൈവഹിതമെന്തെന്നു നിങ്ങൾക്കു സ്പഷ്ടമാകും.

    3 എനിക്കു ലഭിച്ചിരിക്കുന്ന കൃപയുടെ അധികാരത്തിൽ നിങ്ങളിൽ ഓരോരുത്തരോടുമായി ഞാൻ പറയട്ടെ: നിങ്ങൾ ആയിരിക്കുന്നതിൽനിന്നപ്പുറമായി നിങ്ങളെക്കുറിച്ചു ചിന്തിച്ച് അഹങ്കരിക്കരുത്; പിന്നെയോ, ദൈവം നൽകിയിരിക്കുന്ന വിശ്വാസത്തിന്റെ മാനദണ്ഡം ഉപയോഗിച്ച് വിവേകപൂർവം സ്വയം വിലയിരുത്തുകയാണു വേണ്ടത്. 4 നാം ഓരോരുത്തർക്കും ഒരു ശരീരത്തിൽ പല അവയവങ്ങൾ ഉണ്ട്; എന്നാൽ എല്ലാ അവയവങ്ങൾക്കും പ്രവർത്തനം ഒന്നുതന്നെ അല്ല. 5 അതുപോലെ, പലരായ നാം ക്രിസ്തുവിനോട് ഐക്യപ്പെട്ടതിലൂടെ ഒരേ ശരീരമായിത്തീർന്നിരിക്കുകയാണ്; അങ്ങനെ, നാം ഓരോരുത്തരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന അവയവങ്ങളും. 6 ഇപ്രകാരം ദൈവകൃപയ്ക്കനുസൃതമായി നമുക്കു ലഭിച്ചിരിക്കുന്ന കൃപാദാനങ്ങളും വിവിധങ്ങളാണ്: പ്രവചിക്കാനുള്ള ദാനമെങ്കിൽ അതു വിശ്വാസത്തിന് ആനുപാതികമായിരിക്കട്ടെ. 7 ശുശ്രൂഷിക്കുന്നതിനുള്ള ദാനമെങ്കിൽ ശുശ്രൂഷിക്കുകയും ഉപദേശിക്കുന്നതിനുള്ള ദാനമെങ്കിൽ ഉപദേശിക്കുകയുംചെയ്യട്ടെ. 8 മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നതിനുള്ള ദാനമാണുള്ളതെങ്കിൽ അയാൾ ആശ്വസിപ്പിക്കട്ടെ; ദാനം ചെയ്യുന്നതിനാണ് അതെങ്കിൽ അത് ഉദാരതയോടെ ചെയ്യട്ടെ; നയിക്കുന്നതിനുള്ള ദാനമാണുള്ളതെങ്കിൽ അത് ഗൗരവത്തോടെ നിർവഹിക്കട്ടെ; കരുണ കാണിക്കുന്നതിനുള്ള ദാനമാണെങ്കിൽ അത് ആനന്ദത്തോടെ ചെയ്യട്ടെ.

  6. 8 എന്നാൽ തിരുവെഴുത്ത് എന്തുപറയുന്നു? “വചനം നിങ്ങൾക്കു സമീപമാകുന്നു; അത് നിങ്ങളുടെ അധരത്തിലും നിങ്ങളുടെ ഹൃദയത്തിലും ഇരിക്കുന്നു,” ഞങ്ങൾ ഉദ്ഘോഷിക്കുന്ന വിശ്വാസത്തിന്റെ വചനംതന്നെയാണ് അത്. 9 “യേശു കർത്താവാകുന്നു” എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചെന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും. 10 അങ്ങനെ ഒരുവൻ ഹൃദയത്തിൽ വിശ്വസിച്ചു നീതീകരിക്കപ്പെടുകയും വാകൊണ്ട് വിശ്വാസം ഏറ്റുപറഞ്ഞു രക്ഷപ്രാപിക്കുകയുംചെയ്യുന്നു. 11 “യേശുകർത്താവിൽ വിശ്വസിക്കുന്ന ആരും ഒരിക്കലും ലജ്ജിതരാകുകയില്ല” എന്നു തിരുവെഴുത്തു പറയുന്നല്ലോ.

  7. 20 രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒത്തുചേരുന്നിടത്തെല്ലാം, അവരുടെമധ്യത്തിൽ ഞാൻ ഉണ്ട്.”

  8. 18 യേശു തന്റെ ശിഷ്യന്മാരുടെ അടുത്തേക്ക് വന്ന്, “സ്വർഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നൽകിയിരിക്കുന്നു. 19-20 അതുകൊണ്ട് നിങ്ങൾ പോയി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോട് കൽപ്പിച്ചതെല്ലാം അനുവർത്തിക്കാൻ അവരെ ഉപദേശിച്ചുംകൊണ്ട് സകലജനതയെയും എന്റെ ശിഷ്യരാക്കുക. ഞാൻ യുഗാന്ത്യംവരെ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും, നിശ്ചയം,” എന്നു കൽപ്പിച്ചു.

  9. 4 എന്നിട്ടും കരുണയിൽ അതിസമ്പന്നനായ ദൈവം, നമ്മോടുള്ള അവിടത്തെ അതിരില്ലാത്ത സ്നേഹംനിമിത്തം, നാം നിയമലംഘനങ്ങളിൽ മൃതരായിരുന്നപ്പോൾത്തന്നെ 5 ക്രിസ്തുവിനോടുകൂടെ നമ്മെ ജീവനുള്ളവരാക്കി; ദൈവകൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നത്. 6 ക്രിസ്തുയേശുവിനോടുകൂടി ദൈവം നമ്മെ ഉയിർപ്പിച്ച് സ്വർഗത്തിൽ അവിടത്തോടൊപ്പം നമ്മെ ഇരുത്തുകയും ചെയ്തു. 7 അവിടന്ന് ഇപ്രകാരം ചെയ്തത്, നമ്മോടുള്ള ദയയാൽ, ക്രിസ്തുയേശുവിലൂടെ നമുക്ക് കൃപയുടെ അതുല്യമായ സമൃദ്ധി വരുംകാലങ്ങളിൽ പ്രദർശിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. 8 കൃപയാൽ നിങ്ങൾ രക്ഷിക്കപ്പെട്ടു; അതു വിശ്വാസത്തിലൂടെയാണ്. നിങ്ങളിൽനിന്ന് ഉത്ഭവിച്ചതല്ല ആ രക്ഷ; ദൈവത്തിന്റെ ദാനമാണ്. 9 ഈ രക്ഷ എന്നത് നാം ചെയ്ത സൽപ്രവൃത്തികളുടെ പ്രതിഫലമായിട്ടല്ല ലഭിക്കുന്നത്. അങ്ങനെയായിരുന്നെങ്കിൽ നമുക്ക് ആത്മപ്രശംസ ചെയ്യാൻ വകയുണ്ടാകുമായിരുന്നു.

  10. 1 ഈ വിധത്തിൽ ക്രിസ്തുയേശുവിന്റെ വകയായിത്തീർന്നവർക്ക് ഇനി ഒരു ശിക്ഷാവിധിയും ഇല്ല. 2 കാരണം, ക്രിസ്തുയേശുവിനോട് ഏകീഭവിച്ചതിനാൽ, ജീവൻ നൽകുന്ന ആത്മാവിന്റെ പ്രമാണം, പാപത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന പ്രമാണത്തിൽനിന്ന് നിന്നെ സ്വതന്ത്രരാക്കിയിരിക്കുന്നു. 3 ദൈവം സ്വന്തം പുത്രനെ പാപപങ്കിലമായ മനുഷ്യശരീരത്തിന്റെ സാദൃശ്യത്തിൽ അയച്ചിട്ട് പുത്രന്റെ ശരീരത്തിന്മേൽ നമ്മുടെ പാപത്തിനു ശിക്ഷ വിധിച്ചു പരിഹാരം വരുത്തി. അങ്ങനെ മനുഷ്യന്റെ പാപപ്രവണത നിമിത്തം ബലഹീനമായിരുന്ന ന്യായപ്രമാണത്തിന് അസാധ്യമായിരുന്ന പാപപരിഹാരം ദൈവം സാധ്യമാക്കി. 4 പാപപ്രവണതയെ അല്ല, മറിച്ച്, ദൈവത്തിന്റെ ആത്മാവിനെ അനുസരിച്ചു ജീവിക്കുന്ന നമ്മിൽ ന്യായപ്രമാണം അനുശാസിക്കുന്ന നീതി പൂർത്തീകരിക്കപ്പെടേണ്ടതിനാണ് ഇതു ചെയ്തത്.

  11. 22 ഭാര്യമാരേ, നിങ്ങൾ കർത്താവിനു വിധേയപ്പെടുന്നതുപോലെ സ്വന്തം ഭർത്താക്കന്മാർക്കും വിധേയപ്പെടുക. 23 കാരണം, ക്രിസ്തു തന്റെ ശരീരമാകുന്ന സഭയുടെ ശിരസ്സും അതിന്റെ രക്ഷകനുമായിരിക്കുന്നതുപോലെ ഭർത്താവ് ഭാര്യയുടെ ശിരസ്സാകുന്നു. 24 സഭ ക്രിസ്തുവിനു വിധേയപ്പെട്ടിരിക്കുന്നതുപോലെ ഭാര്യമാരും തങ്ങളുടെ ഭർത്താക്കന്മാർക്കു സകലത്തിലും വിധേയപ്പെട്ടിരിക്കട്ടെ.

    25 ഭർത്താക്കന്മാരേ, ക്രിസ്തു സ്വന്തം ജീവൻ നൽകി സഭയെ സ്നേഹിച്ചതുപോലെ നിങ്ങളും നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കണം. 26 ക്രിസ്തു അവിടത്തെ സഭയെ വചനമാകുന്ന ജലത്താൽ കഴുകി നിർമലീകരിച്ച് വിശുദ്ധീകരിക്കേണ്ടതിനും 27 കറ, ചുളുക്കം, മാലിന്യം എന്നിവ അശേഷം ഇല്ലാതെ വിശുദ്ധയും നിഷ്കളങ്കയുമായി തേജസ്സോടെ തനിക്കായി നിർത്തേണ്ടതിനുമാണ് അപ്രകാരം ചെയ്തത്.

  12. 20 “ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിലാണ് ആരാധിച്ചുവന്നത്. എന്നാൽ, ആരാധനയ്ക്കുള്ള സ്ഥലം ജെറുശലേം ആണെന്ന് നിങ്ങൾ യെഹൂദർ അവകാശപ്പെടുന്നല്ലോ?”

    21 അതിനു മറുപടിയായി യേശു ആ സ്ത്രീയോടു പറഞ്ഞത്, “സ്ത്രീയേ, എന്നെ വിശ്വസിക്കുക; നിങ്ങൾ പിതാവിനെ ആരാധിക്കുന്നത് ഈ മലയിലോ ജെറുശലേമിലോ അല്ല എന്നുള്ള സമയം വരുന്നു. 22 ശമര്യരായ നിങ്ങൾ നിങ്ങൾക്ക് അജ്ഞാതമായതിനെ ആരാധിക്കുന്നു. ഞങ്ങളോ, അറിയുന്നതിനെ ആരാധിക്കുന്നു. രക്ഷ യെഹൂദരിൽനിന്നല്ലോ വരുന്നത്. 23 എന്നാൽ, സത്യാരാധകർ ദൈവത്തെ സത്യത്തിലും ആത്മാവിലും ആരാധിക്കുന്ന സമയം വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. ഇങ്ങനെയുള്ള ആരാധകരെയാണ് പിതാവ് അന്വേഷിക്കുന്നത്. 24 ദൈവം ആത്മാവാകുന്നു. ദൈവത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം,” എന്നായിരുന്നു.

  13. 16 ക്രിസ്തുവിന്റെസന്ദേശം നിങ്ങളിൽ സമൃദ്ധിയോടെ വസിക്കട്ടെ. അങ്ങനെ ആയിരിക്കണം നിങ്ങൾ, സർവജ്ഞാനത്തോടും കൂടെ ഹൃദയത്തിൽ നന്ദി നിറഞ്ഞവരായി, സങ്കീർത്തനങ്ങൾ, സ്തുതിഗീതങ്ങൾ, ആത്മികഗാനങ്ങൾ എന്നിവയാൽ ദൈവത്തിനു പാടിക്കൊണ്ട്, പരസ്പരം ഉപദേശിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യേണ്ടത്.

  14. 8 ശുശ്രൂഷകരും അതുപോലെതന്നെ ആദരണീയർ ആയിരിക്കണം. അവർ സത്യസന്ധത ഇല്ലാത്തവരോ മദ്യാസക്തരോ അത്യാഗ്രഹികളോ ആകരുത്. 9 നിർമലമനസ്സാക്ഷിയിൽ വിശ്വാസത്തിന്റെ ആഴമേറിയ സത്യം സംരക്ഷിക്കുന്നവരായിരിക്കണം. 10 അവരെ ആദ്യംതന്നെ പരീക്ഷണവിധേയരാക്കണം; ഉത്തമസാക്ഷ്യം പുലർത്തുന്നവരായി തെളിഞ്ഞാൽ അവർ ശുശ്രൂഷചെയ്യട്ടെ.

    11 അവരുടെ ഭാര്യമാരും അവരെപ്പോലെതന്നെ, ആദരണീയർ ആയിരിക്കണം. അവർ പരദൂഷണം പറയാത്തവരും സമചിത്തരും എല്ലാ കാര്യങ്ങളിലും വിശ്വസ്തരും ആയിരിക്കണം.

    12 ശുശ്രൂഷകൻ ഏകപത്നീവ്രതനും സ്വകുടുംബത്തെയും സന്താനങ്ങളെയും നന്നായി പരിപാലിക്കുന്നവനും ആയിരിക്കണം. 13 തങ്ങളുടെ ശുശ്രൂഷ ഉത്തമമായി നിർവഹിച്ചിട്ടുള്ളവർക്ക് ബഹുമാന്യമായ ഒരു സ്ഥാനവും ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിൽ വർധിച്ചുവരുന്ന ആത്മധൈര്യവും ഉണ്ട്.

    14 നിന്റെ അടുത്തേക്ക് ഉടനെ വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു 15 എങ്കിലും എന്റെ വരവിന് താമസം നേരിട്ടാൽ എപ്രകാരമാണ് ഓരോരുത്തരും ദൈവികഗൃഹത്തിൽ പെരുമാറേണ്ടതെന്ന് നീ അറിയുന്നതിനാണ് ഞാൻ ഈ നിർദേശങ്ങൾ എഴുതുന്നത്. ജീവനുള്ള ദൈവത്തിന്റെ ഈ സഭ സത്യത്തിന്റെ സ്തംഭവും അടിസ്ഥാനവും ആകുന്നു.

  15. 16 എല്ലാ തിരുവെഴുത്തും ദൈവനിശ്വസിതമാണ്; അത് ഉപദേശിക്കാനും ശാസിക്കാനും തെറ്റ് തിരുത്താനും നീതിയുക്തമായ ജീവിതം അഭ്യസിപ്പിക്കാനും പ്രയോജനപ്രദമാണ്. 17 അങ്ങനെ ദൈവമനുഷ്യൻ നൈപുണ്യമുള്ളവനായി സകലസൽപ്രവൃത്തികൾക്കും സുസജ്ജനായിത്തീരുന്നു.

  16. 6 അതിന് യേശു മറുപടി പറഞ്ഞു: “ഞാൻതന്നെ വഴിയും സത്യവും ജീവനും ആകുന്നു. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. 7 നിങ്ങൾ വാസ്തവമായി എന്നെ അറിഞ്ഞിരുന്നെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോൾമുതൽ നിങ്ങൾ പിതാവിനെ അറിയുന്നു; കണ്ടുമിരിക്കുന്നു.”

  17. 31 അതുകൊണ്ട്, ‘എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും’ എന്നിങ്ങനെ വിലപിച്ച് വ്യാകുലപ്പെടരുത്. 32 ദൈവത്തെ അറിയാത്തവരാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്കാവശ്യമെന്ന് നിങ്ങളുടെ സ്വർഗസ്ഥപിതാവിന് അറിയാം. 33 നിങ്ങൾ പരമപ്രധാനമായി ദൈവരാജ്യവും ദൈവനീതിയും തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും. 34 അതുകൊണ്ട്, നാളെയെക്കുറിച്ചു വ്യാകുലപ്പെടരുത്; നാളത്തെ ദിവസം അതിനായിത്തന്നെ വ്യാകുലപ്പെട്ടുകൊള്ളും; ഓരോ ദിവസത്തിനും അതിന്റേതായ ക്ലേശങ്ങൾ ഉണ്ടല്ലോ.

  18. 1 “മറ്റുള്ളവരെ ന്യായംവിധിക്കരുത്, വിധിച്ചാൽ നിങ്ങളും വിധിക്കപ്പെടും. 2 നിങ്ങൾ മറ്റുള്ളവരെ വിധിക്കുന്ന അതേ മാനദണ്ഡത്താൽ നിങ്ങളും വിധിക്കപ്പെടും നിങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന അതേ അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും.

    3 “സ്വന്തം കണ്ണിൽ മരക്കഷണം ഇരിക്കുന്നതു ഗൗനിക്കാതെ നിങ്ങൾ സഹോദരങ്ങളുടെ കണ്ണിലെ കരടു ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുന്നതെന്തുകൊണ്ട്? 4 നിന്റെ സ്വന്തം കണ്ണിൽ ഒരു മരക്കഷണമിരിക്കുമ്പോൾ സഹോദരങ്ങളോട്, ‘നിങ്ങളുടെ കണ്ണിലെ കരട് എടുത്തുകളയട്ടെ’ എന്നു നിനക്ക് എങ്ങനെ പറയാൻകഴിയും? 5 കപടഭക്തരേ, ആദ്യം നിങ്ങളുടെ കണ്ണിൽനിന്ന് മരക്കഷണം എടുത്തുകളയുക. അപ്പോൾ സഹോദരങ്ങളുടെ കണ്ണിൽനിന്ന് കരട് എടുത്തുകളയുന്നതിന് നിങ്ങൾക്കു വ്യക്തമായി കാണാൻ കഴിയും.

  19. 7 ആഴ്ചയുടെ ആദ്യദിവസം, അപ്പം നുറുക്കാൻ ഞങ്ങൾ ഒരുമിച്ചുകൂടി. പൗലോസ് ജനങ്ങളോടു സംസാരിച്ചു; പിറ്റേന്ന് യാത്രയാകാൻ ഉദ്ദേശിച്ചിരുന്നതുകൊണ്ട് അദ്ദേഹം അർധരാത്രിവരെയും പ്രസംഗം ദീർഘിപ്പിച്ചു.

  20. 16 നിങ്ങൾ ദൈവത്തിന്റെ ആലയമെന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ നിവസിക്കുന്നു എന്നും നിങ്ങൾ അറിയുന്നില്ലേ? 17 ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നത് ആരായാലും അയാളെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ ആലയം വിശുദ്ധം; നിങ്ങൾ തന്നെയാണ് ആ ദൈവാലയം.

  21. 15 “ലജ്ജിക്കാൻ ഇടവരാത്തവനും സത്യവചനം നേരായി വിഭജിക്കുന്നവനും” എന്ന ദൈവിക അംഗീകാരം ലഭിച്ച ഒരു പ്രവർത്തകനായി തിരുസന്നിധിയിൽ നിന്നെത്തന്നെ സമർപ്പിക്കാൻ യത്നിക്കുക.

  22. 1 ക്രിസ്തുവിന്റെ പീഡാനുഭവങ്ങൾക്ക് സാക്ഷിയും ഇനി വെളിപ്പെടാനിരിക്കുന്ന മഹത്ത്വത്തിന്റെ പങ്കാളിയും നിങ്ങളുടെ ഒരു കൂട്ടുമുഖ്യനുമായ ഞാൻ നിങ്ങളുടെ മധ്യത്തിൽ ശുശ്രൂഷചെയ്യുന്ന സഭാമുഖ്യന്മാരെ ഉദ്ബോധിപ്പിക്കുന്നത്: 2 നിങ്ങളുടെ പരിപാലനത്തിന് ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ ആട്ടിൻപറ്റത്തെ മേയിക്കുക; നിങ്ങൾ അതു ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്ന തരത്തിൽ, പിറുപിറുക്കലോടെയല്ല, പൂർണമനസ്സോടെ; ലാഭേച്ഛയോടെയല്ല, നിസ്വാർഥതയോടെതന്നെ ചെയ്യുക. 3 നിങ്ങളുടെ പരിപാലനത്തിൻകീഴിലുള്ള ജനങ്ങളെ അടക്കിഭരിക്കുകയല്ല; പിന്നെയോ അവരുടെമുമ്പാകെ നല്ല മാതൃകകളായിരിക്കുകയാണ് വേണ്ടത്. 4 ഇങ്ങനെയായാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങൾക്ക് ഒളിമങ്ങാത്ത മഹത്ത്വത്തിന്റെ കിരീടം ലഭിക്കും.

  23. 17 ഇരുമ്പ് ഇരുമ്പിനു മൂർച്ചകൂട്ടുന്നതുപോലെ

    ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനു മൂർച്ചകൂട്ടുന്നു.

  24. 28 ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അതായത്, അവിടത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്കുതന്നെ ദൈവം എല്ലാ കാര്യങ്ങളും നന്മയ്ക്കായി ചേർന്നു പ്രവർത്തിക്കുമാറാക്കുന്നു എന്നു നാം അറിയുന്നു. 29 ദൈവം മുൻകൂട്ടി അറിഞ്ഞവരെ, തന്റെ പുത്രനോടു സദൃശരായിത്തീരാൻ മുൻനിയമിച്ചിരിക്കുന്നു. അത് അവിടത്തെ പുത്രൻ അനേകം സഹോദരങ്ങളിൽ ഒന്നാമനാകേണ്ടതിനാണ്. 30 അവിടന്ന് മുൻനിയമിച്ചവരെ വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ തേജസ്കരിക്കുകയും ചെയ്തു.

    31 ഇതിനെക്കുറിച്ചു നമുക്ക് എന്തു പറയാൻകഴിയും? ഇത്രമാത്രം! ദൈവം നമുക്ക് അനുകൂലമെങ്കിൽ നമുക്ക് പ്രതികൂലം ആര്? 32 സ്വന്തം പുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവർക്കുംവേണ്ടി മരിക്കാൻ ഏൽപ്പിച്ചുകൊടുത്ത ദൈവം, പുത്രനോടൊപ്പം സകലതും സമൃദ്ധമായി നമുക്കു നൽകാതിരിക്കുമോ? 33 ദൈവം തെരഞ്ഞെടുത്ത നമുക്കെതിരേ ആര് കുറ്റമാരോപിക്കും? ദൈവമാണ് നീതീകരിക്കുന്നവൻ; പിന്നെയാരാണ് ശിക്ഷവിധിക്കുന്നത്? 34 ക്രിസ്തുയേശു മരിച്ച്, ഉയിർത്തെഴുന്നേറ്റ് ദൈവത്തിന്റെ വലതുഭാഗത്ത് ഇരുന്നുകൊണ്ട് നമുക്കുവേണ്ടി മധ്യസ്ഥത ചെയ്തുകൊണ്ടിരിക്കുന്നു. 35 ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ ആർക്കു കഴിയും? ക്ലേശങ്ങൾക്കോ കഷ്ടതകൾക്കോ പീഡനത്തിനോ പട്ടിണിക്കോ നഗ്നതയ്ക്കോ ആപത്തിനോ വാളിനോ അതു ചെയ്യാൻ കഴിയുമോ?

  25. 13 നാം യെഹൂദരോ ഗ്രീക്കുകാരോ അടിമകളോ സ്വതന്ത്രരോ ആരുമായിക്കൊള്ളട്ടെ, ഒരൊറ്റശരീരമായി രൂപപ്പെടാൻ നാമെല്ലാവരും ഒരേ ആത്മാവിനാൽ സ്നാനമേറ്റവരും പാനംചെയ്യാൻ ഒരേ ആത്മാവു നൽകപ്പെട്ടവരുമായിരിക്കുന്നു.

  26. 1 കർത്താവ് നിമിത്തം കാരാഗൃഹത്തിൽ കഴിയുന്ന ഞാൻ നിങ്ങൾക്കു നൽകുന്ന പ്രചോദനം, നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമായി ജീവിക്കുക എന്നതാണ്. 2 സമ്പൂർണവിനയവും സൗമ്യതയും ക്ഷമാശീലവും ഉള്ളവരായി സ്നേഹത്തിൽ പരസ്പരം സഹിഷ്ണുത കാട്ടുക. 3 സമാധാനത്താൽ ബന്ധിക്കപ്പെട്ടവരായി ആത്മാവിലുള്ള ഐക്യം നിലനിർത്താൻ ഉത്സുകരാകുക. 4 ഏകശരീരമേയുള്ളു; ഒരേ ആത്മാവും. നിങ്ങൾ വിളിക്കപ്പെട്ടതും ഒരേയൊരു പ്രത്യാശയ്ക്കായാണ്, 5 ഒരേകർത്താവും ഒരേവിശ്വാസവും ഒരേസ്നാനവും 6 എല്ലാവർക്കും മീതേയും എല്ലാവരിലൂടെയും എല്ലാവരുടെയുള്ളിലും വസിക്കുന്ന ദൈവവും പിതാവും ഏകൻതന്നെ.

  27. 15 “അതുകൊണ്ട് നിന്റെ സഹോദരങ്ങൾ നിനക്കെതിരേ പാപംചെയ്താൽ നിങ്ങൾ ഇരുവരുംമാത്രം ഉള്ളപ്പോൾ നീ ചെന്ന് ആ ആളിനെ തെറ്റ് ബോധ്യപ്പെടുത്തുക. അയാൾ നിന്റെ വാക്കുകേട്ടാൽ നീ അയാളെ നേടി; 16 കേൾക്കുന്നില്ലെങ്കിലോ, നിന്റെകൂടെ ഒന്നോ രണ്ടോപേരെ കൂട്ടിക്കൊണ്ടുപോകുക. ‘രണ്ടോ മൂന്നോ പേരുടെ സാക്ഷിമൊഴികളാൽ ഏതു കാര്യത്തിന്റെയും നിജസ്ഥിതി ഉറപ്പാകുമല്ലോ.’ 17 അവരെയും കേൾക്കുന്നില്ലെങ്കിൽ, വിവരം സഭയെ അറിയിക്കുക. അയാൾ സഭയെയും തിരസ്കരിച്ചാൽ; ആ മനുഷ്യനോടുള്ള നിന്റെ പെരുമാറ്റം, യെഹൂദേതരനോടോ നികുതിപിരിക്കുന്ന വ്യക്തിയോടോ എന്നപോലെ ആയിരിക്കട്ടെ.

  28. 1 ആകയാൽ (ഇങ്ങനെ നിങ്ങളും കഷ്ടതയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാൽ) നിങ്ങൾ ക്രിസ്തുവിനോട് ചേർന്നിരിക്കുന്നതിലൂടെ എന്തെങ്കിലും പ്രോത്സാഹനം ലഭിച്ചിട്ടുണ്ടോ? അവിടത്തെ സ്നേഹത്തിൽനിന്ന് എന്തെങ്കിലും ആശ്വാസം ലഭിച്ചിട്ടുണ്ടോ? ദൈവാത്മാവിൽ വല്ല കൂട്ടായ്മയും നിങ്ങൾക്കുണ്ടോ? അൽപ്പമെങ്കിലും ആർദ്രതയും അനുകമ്പയും ഉണ്ടോ? ഉണ്ടെങ്കിൽ 2 നിങ്ങൾ ഒരേ ഹൃദയവും ഒരേ സ്നേഹവും ഉള്ളവരായി, ആത്മാവിലും ലക്ഷ്യത്തിലും ഐക്യവും ഉള്ളവരായി, എന്റെ ആനന്ദം സമ്പൂർണമാക്കുക. 3 സ്വാർഥതാത്പര്യത്താലോ വൃഥാഭിമാനത്താലോ ഒന്നും ചെയ്യാതെ വിനയപൂർവം മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠർ എന്നു കരുതുക. 4 നിങ്ങളിൽ ഓരോരുത്തരും സ്വന്തം നന്മമാത്രമല്ല, മറ്റുള്ളവരുടെ നന്മകൂടി അന്വേഷിക്കേണ്ടതാണ്.

    5 ക്രിസ്തുയേശുവിന്റെ സ്വഭാവംതന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.

    6 പ്രകൃത്യാതന്നെ ദൈവമായിരിക്കെ,

    ദൈവത്തോടുള്ള സമത്വം എപ്പോഴും മുറുകെപിടിച്ചുകൊണ്ടിരിക്കണം എന്നു ചിന്തിക്കാതെ,

    7 ക്രിസ്തു തന്നെത്തന്നെ ശൂന്യനാക്കി,

    ദാസവേഷം ധരിച്ച്,

    മനുഷ്യപ്രകൃതിയിൽ കാണപ്പെട്ടു.

    8 അവിടന്ന് അങ്ങനെ തന്നെത്താൻ താഴ്ത്തുകയും,

    മരണംവരെ;

    അതേ, ക്രൂശുമരണംവരെ,

    അനുസരണയുള്ളവനായിത്തീരുകയും ചെയ്തു.

    9 അതുകൊണ്ട് ദൈവം ക്രിസ്തുവിനെ പരമോന്നതസ്ഥാനത്തേക്ക് ഉയർത്തി,

    എല്ലാ നാമങ്ങൾക്കും മീതേ ഉത്തുംഗമായ നാമം അവിടത്തേക്കു നൽകി.

    10 തന്മൂലം സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും ഉള്ള എല്ലാവരും

    യേശുവിന്റെ നാമത്തിങ്കൽ സാഷ്ടാംഗം പ്രണമിക്കുകയും

    11 എല്ലാവരുടെയും നാവ് യേശുക്രിസ്തു കർത്താവ് എന്നു സമ്മതിച്ച്

    പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി ഏറ്റുപറയുകയും ചെയ്യും.

  29. 6 ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടരുത്, മറിച്ച് എല്ലാ കാര്യങ്ങളും പ്രാർഥനയോടും യാചനയോടും നിങ്ങളുടെ ആവശ്യങ്ങൾ ദൈവസന്നിധിയിൽ സ്തോത്രത്തോടുകൂടെ സമർപ്പിക്കുകയാണു വേണ്ടത്. 7 അങ്ങനെയെങ്കിൽ, മനുഷ്യന്റെ ഗ്രഹണശക്തിക്ക് അതീതമായ ദൈവികസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും ക്രിസ്തുയേശുവിൽ സംരക്ഷിക്കും.

    8 അവസാനമായി; സഹോദരങ്ങളേ, വിശ്വാസയോഗ്യവും ആദരണീയവും നീതിയുക്തവും നിർമലവും രമണീയവും അഭിനന്ദനാർഹവും ഇങ്ങനെയുള്ള ശ്രേഷ്ഠവും പ്രശംസാർഹവും ആയകാര്യങ്ങൾ വിചിന്തനം ചെയ്യുക. 9 എന്നിൽനിന്ന് നിങ്ങൾ പഠിച്ചതും ഞാൻ നിങ്ങൾക്കു കൈമാറിയതും; നിങ്ങൾ കേട്ടതും ഞാൻ ചെയ്യുന്നതായി നിങ്ങൾ കണ്ടതുമായ വസ്തുതകളെല്ലാം പ്രായോഗികമാക്കുക. അങ്ങനെചെയ്താൽ സമാധാനദാതാവായ ദൈവം നിങ്ങളോടുകൂടെ നിവസിക്കും.

  30. 7 അവിടന്നു പ്രകാശത്തിൽ ആയിരിക്കുന്നതുപോലെ നാമും പ്രകാശത്തിൽ ജീവിക്കുന്നെങ്കിൽ നമുക്ക് പരസ്പരം കൂട്ടായ്മയുണ്ട്; അവിടത്തെ പുത്രനായ യേശുവിന്റെ രക്തം സകലപാപത്തിൽനിന്നും നമ്മെ ശുദ്ധീകരിക്കുന്നു.

  31. 12 പുരുഷന്മാരും സ്ത്രീകളും കുട്ടികളും നിന്റെ നഗരത്തിലുള്ള പ്രവാസികളും ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ സൂക്ഷ്മതയോടെ അനുസരിക്കേണ്ടതിന് അതു കേൾക്കുകയും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടാൻ പഠിക്കുകയുംചെയ്യേണ്ടതിന് അവരെ ഒരുമിച്ചുകൂട്ടിവരുത്തണം. 13 ഈ ന്യായപ്രമാണം അറിയാത്തവരായ അവരുടെ മക്കൾ യോർദാൻ കടന്ന് അവകാശമാക്കുന്ന ദേശത്തു ജീവിക്കുന്ന കാലത്തോളം നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടാൻ പഠിക്കേണ്ടതിന് ഈ നിയമം തീർച്ചയായും ശ്രദ്ധിച്ചു കേൾക്കണം.”

  32. 1 നീ ദൈവാലയത്തിലേക്കു പോകുമ്പോൾ നിന്റെ കാലടികൾ സൂക്ഷിക്കുക. തങ്ങൾ തെറ്റു ചെയ്യുന്നു എന്നതറിയാതെ യാഗമർപ്പിക്കുന്ന ഭോഷരെപ്പോലെയാകാതെ, അടുത്തുചെന്നു ശ്രദ്ധിക്കുക.

  33. 13 “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക. നാശത്തിലേക്കു നയിക്കുന്ന വാതിൽ വീതിയുള്ളതും വഴി വിസ്തൃതവുമാകുന്നു; അതിലൂടെ പ്രവേശിക്കുന്നവർ അനേകരാണ്. 14 എന്നാൽ, ജീവനിലേക്കു നയിക്കുന്ന വാതിൽ എത്രയോ ഇടുങ്ങിയതും പാത ദുഷ്കരവുമാണ്; അതു കണ്ടെത്തുന്നവരോ വിരളം.

    15 “ആടുകളുടെ വേഷമണിഞ്ഞ് നിങ്ങളെ സമീപിക്കുന്ന വ്യാജപ്രവാചകരെ സൂക്ഷിക്കുക; അകമേ അവർ അത്യാർത്തിപൂണ്ട ചെന്നായ്ക്കളാണ്. 16 അവരുടെ ചെയ്തികളിലൂടെ നിങ്ങൾക്കവരെ തിരിച്ചറിയാം. മുൾച്ചെടികളിൽനിന്ന് മുന്തിരിക്കുലകളോ ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴമോ ശേഖരിക്കാൻ കഴിയുമോ? 17 നല്ലവൃക്ഷം നല്ലഫലവും വിഷവൃക്ഷം വിഷഫലവും നൽകുന്നു. 18 നല്ലവൃക്ഷത്തിൽ വിഷഫലവും വിഷവൃക്ഷത്തിൽ നല്ലഫലവും കായ്ക്കുകയില്ല. 19 നല്ലഫലമേകാത്ത ഏതു വൃക്ഷവും വെട്ടി തീയിലെറിയുന്നു. 20 ഇതുപോലെ, വ്യാജപ്രവാചകരെ അവരുടെ ചെയ്തികളിലൂടെ നിങ്ങൾക്ക് തിരിച്ചറിയാം.

    21 “ ‘കർത്താവേ, കർത്താവേ’ എന്ന് എന്നെ വിളിക്കുന്ന എല്ലാവരും സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല. എന്റെ സ്വർഗസ്ഥപിതാവിന്റെ ഹിതം നിറവേറ്റുന്നവർക്കാണ് അവിടെ പ്രവേശനം. 22 ന്യായവിധിദിവസത്തിൽ പലരും എന്നോട്, ‘കർത്താവേ, കർത്താവേ, അങ്ങയുടെ നാമത്തിൽ ഞങ്ങൾ പ്രവചിച്ചില്ലയോ? അങ്ങയുടെ നാമത്തിൽ ഭൂതങ്ങളെ ഉച്ചാടനംചെയ്തില്ലയോ? അങ്ങയുടെ നാമത്തിൽ ധാരാളം അത്ഭുതങ്ങളും ഞങ്ങൾ ചെയ്തില്ലയോ?’ എന്നു പറയും. 23 അപ്പോൾ ഞാൻ അവരോട്, ‘ഞാൻ നിങ്ങളെ ഒരിക്കലും അറിഞ്ഞിട്ടില്ല; അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുക എന്ന് ആജ്ഞാപിക്കും!’

  34. 28 നിങ്ങളെത്തന്നെയും പരിശുദ്ധാത്മാവു നിങ്ങളെ അധ്യക്ഷന്മാരാക്കിവെച്ചിട്ടുള്ള ആട്ടിൻപറ്റത്തെയും ഭദ്രമായി സംരക്ഷിക്കുക. സ്വന്തം രക്തത്താൽ അവിടന്നുതന്നെ വിലയ്ക്കു വാങ്ങിയ ദൈവത്തിന്റെ സഭയ്ക്ക് അജപാലനം ചെയ്യുക.

  35. 12 അതുകൊണ്ട് സഹോദരങ്ങളേ, പാപപ്രവണതയെ അനുസരിച്ചു ജീവിക്കേണ്ടതിന് നമുക്ക് പാപപ്രവണതയോട് ഒരു ബാധ്യതയുമില്ല. 13 പാപപ്രവണതകൾ അനുസരിച്ചു ജീവിച്ചാൽ നിങ്ങൾ തീർച്ചയായും മരിക്കും; എന്നാൽ ദൈവത്തിന്റെ ആത്മാവിനാൽ പാപപ്രവണതയുടെ ഫലമായ ദുഷ്‌പ്രവൃത്തികളെ നിഗ്രഹിക്കുകയാണെങ്കിൽ നിങ്ങൾ ജീവിക്കും.

    14 ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരാണ് ദൈവത്തിന്റെമക്കൾ. 15 തുടർന്നും ഭയത്തോടെ ജീവിക്കുന്ന അടിമകളാക്കി നിങ്ങളെ മാറ്റുന്ന ആത്മാവിനെയല്ല നിങ്ങൾ സ്വീകരിച്ചിരിക്കുന്നത്; മറിച്ച്, നിങ്ങൾക്ക് പുത്രത്വം നൽകുന്ന ആത്മാവിനെയാണ്. അതുകൊണ്ട് നാം ദൈവത്തെ “അബ്ബാ, പിതാവേ” എന്നു വിളിക്കുന്നു. 16 ദൈവാത്മാവുതന്നെ നമ്മുടെ ആത്മാവിനോട് സാക്ഷ്യം പറഞ്ഞ് നാം ദൈവത്തിന്റെ മക്കളാണെന്ന് ഉറപ്പു നൽകുന്നു. 17 ഇപ്രകാരം ദൈവത്തിന്റെമക്കൾ ആയിരിക്കുന്നതുകൊണ്ട് നാം ദൈവിക അനുഗ്രഹങ്ങളുടെ അവകാശികളാണ്; ക്രിസ്തുവിനോടുകൂടെ കൂട്ടവകാശികളും. ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളിൽ പങ്കാളികളായിരിക്കുന്ന നാം ക്രിസ്തുവിന്റെ തേജസ്സിന്റെയും പങ്കാളികൾ ആകും.

  36. 8 പരസ്പരം സ്നേഹിക്കുക എന്ന ബാധ്യതയല്ലാതെ നിങ്ങൾക്ക് ആരോടും യാതൊരു ബാധ്യതയും ഉണ്ടായിരിക്കരുത്. കാരണം, മറ്റുള്ളവരെ സ്നേഹിക്കുന്നത് ന്യായപ്രമാണത്തിന്റെ നിവൃത്തിയാണ്. 9 “നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക” എന്ന കൽപ്പനയിൽ, “വ്യഭിചാരം ചെയ്യരുത്, കൊലപാതകം ചെയ്യരുത്, മോഷ്ടിക്കരുത്, മോഹിക്കരുത്” എന്നിവയും അതുപോലുള്ള മറ്റു കൽപ്പനകളും സംക്ഷിപ്തമായിരിക്കുന്നു. 10 സ്നേഹം അയൽവാസിക്കു ദോഷം ഒന്നും പ്രവർത്തിക്കുന്നില്ല. അങ്ങനെ, സ്നേഹത്തിലൂടെ ന്യായപ്രമാണം നിവർത്തിക്കപ്പെടുന്നു.

  37. 17 സഹോദരങ്ങളേ, ഞാൻ നിങ്ങളോട് അപേക്ഷിക്കട്ടെ: നിങ്ങൾ പഠിച്ച ഉപദേശസത്യങ്ങൾക്ക് എതിരായുള്ളവ ഉപദേശിച്ച് ഭിന്നതയും വിശ്വാസജീവിതത്തിനു തടസ്സവും സൃഷ്ടിക്കുന്നവരെ സൂക്ഷിക്കുക. അവരുമായുള്ള ബന്ധം ഒഴിവാക്കുക. 18 അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനല്ല, സ്വന്തം താത്പര്യങ്ങൾക്കുവേണ്ടി ശുശ്രൂഷ ചെയ്യുന്നവരാണ്. മധുരഭാഷണത്തിലൂടെയും മുഖസ്തുതിയിലൂടെയും നിഷ്കളങ്കരായവരുടെ ഹൃദയങ്ങളെ അവർ വശീകരിച്ചു വഞ്ചിക്കുന്നു. 19 നിങ്ങളുടെ അനുസരണശീലത്തെക്കുറിച്ച് എല്ലാവരും അറിയുന്നതുകൊണ്ട് ഞാൻ ആനന്ദിക്കുന്നു; എങ്കിലും, നിങ്ങൾ നല്ലതിനെക്കുറിച്ചു ജ്ഞാനമുള്ളവരും തിന്മയായുള്ളതിനെക്കുറിച്ചു നിഷ്കളങ്കരും ആയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

  38. 19 ദൈവത്തിൽനിന്ന് നിങ്ങൾക്കു ലഭിച്ചതും നിങ്ങളിൽ വസിക്കുന്നതുമായ പരിശുദ്ധാത്മാവിന്റെ ആലയമാകുന്നു നിങ്ങളുടെ ശരീരം എന്ന് അറിയുന്നില്ലേ? നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല; 20 വിലയ്ക്കു വാങ്ങപ്പെട്ടവരാണ് നിങ്ങൾ. അതുകൊണ്ട് നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്ത്വപ്പെടുത്തുക.

  39. 1 ദൈവജനത്തിനു വേണ്ടിയുള്ള ധനശേഖരണത്തെപ്പറ്റി: ഗലാത്യസഭകളോടു ഞാൻ നിർദേശിച്ചതുപോലെതന്നെ നിങ്ങളും ചെയ്യുക. 2 ഓരോ ആഴ്ചയുടെയും ഒന്നാംദിവസം നിങ്ങളിൽ ഓരോരുത്തരും അവരവരുടെ വരുമാനം അനുസരിച്ചുള്ള ഒരു തുക മാറ്റിവെക്കണം. അങ്ങനെചെയ്താൽ, ഞാൻ വന്നതിനുശേഷം ധനശേഖരണം നടത്തേണ്ടിവരികയില്ലല്ലോ. 3 നിങ്ങളുടെ സംഭാവന ജെറുശലേമിലേക്കു കൊണ്ടുപോകാൻ ഞാൻ വന്നശേഷം നിങ്ങൾക്കു സമ്മതരായവരെ ശുപാർശക്കത്തുകളുമായി അയയ്ക്കാം.

  40. 17 നന്നായി സഭാപരിപാലനം നടത്തുന്ന സഭാമുഖ്യന്മാർക്ക്, പ്രത്യേകിച്ച് പ്രസംഗത്തിലും അധ്യാപനത്തിലും വ്യാപൃതരായിരിക്കുന്നവർക്ക് മാന്യമായ വേതനം നൽകണം. 18 “ധാന്യം മെതിക്കുമ്പോൾ കാളയ്ക്കു മുഖക്കൊട്ട കെട്ടരുത്” എന്നും “ജോലിക്കാരൻ തന്റെ കൂലിക്ക് അർഹൻ” എന്നും തിരുവെഴുത്തു പറയുന്നല്ലോ.

  41. 1 അന്തിമകാലത്ത് ദുരന്തകലുഷിതമായ നാളുകൾ ഉണ്ടാകും എന്നു നീ അറിയുക. 2 മനുഷ്യർ സ്വാർഥരും ധനമോഹികളും വീമ്പിളക്കുന്നവരും അഹങ്കാരികളും ദൈവദൂഷകരും മാതാപിതാക്കളെ അനുസരിക്കാത്തവരും നന്ദികെട്ടവരും നാസ്തികരും 3 മനുഷ്യത്വമില്ലാത്തവരും കൊടുംക്രൂരരും അപഖ്യാതി പരത്തുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും നിഷ്ഠുരരും സദ്ഗുണവൈരികളും ആയിത്തീരും. 4 അവർ വഞ്ചകരും വീണ്ടുവിചാരമില്ലാത്തവരും മതിമറന്ന് അഹങ്കരിക്കുന്നവരും ദൈവത്തെ സ്നേഹിക്കുന്നതിനു പകരം സുഖത്തെ സ്നേഹിക്കുന്നവരും 5 ഭക്തിയുടെ ബാഹ്യരൂപം പുലർത്തി അതിന്റെ ശക്തിയെ നിഷേധിക്കുന്നവരും ആയിരിക്കും. ഇങ്ങനെയുള്ളവരിൽനിന്ന് അകന്നുനിൽക്കുക.

  42. 17 നിങ്ങളെ നയിക്കുന്നവരെ അനുസരിച്ച് അവർക്കു വിധേയരാകുക. അവർ ദൈവത്തിനുമുമ്പിൽ തങ്ങളുടെ ശുശ്രൂഷയെപ്പറ്റി കണക്കു ബോധിപ്പിക്കേണ്ടവർ ആയതുകൊണ്ട് നിങ്ങളുടെ പ്രാണനെ അതീവജാഗ്രതയോടെ പരിരക്ഷിച്ചുകൊണ്ടിരിക്കുന്നവരാണ്. ഇതു ഭാരമായിട്ടല്ല, ആനന്ദത്തോടുകൂടിയാണ് അവർ ചെയ്യുന്നത്, അല്ലാത്തപക്ഷം നിങ്ങൾക്ക് അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.

  43. 5 “പ്രാർഥിക്കുമ്പോൾ മനുഷ്യർ കാണാൻ പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർഥിക്കാൻ ഇഷ്ടപ്പെടുന്ന കപടഭക്തരെപ്പോലെയാകരുത് നിങ്ങൾ. അവർക്ക് അവരുടെ പ്രതിഫലം ലഭിച്ചുകഴിഞ്ഞു എന്നു ഞാൻ നിങ്ങളോട് ഉറപ്പായി പറയുന്നു.

  44. 25 യേശു അവരെയെല്ലാം അടുക്കൽവിളിച്ചു പറഞ്ഞത്: “ഈ ലോകത്തിലെ ഭരണകർത്താക്കൾ തങ്ങളുടെ പ്രജകളുടെമേൽ ആധിപത്യം നടത്തുന്നെന്നും അവരിലെ പ്രമുഖർ അവരുടെമേൽ സ്വേച്ഛാധിപത്യം നടത്തുന്നെന്നും നിങ്ങൾക്കറിയാമല്ലോ. 26 നിങ്ങൾക്കിടയിൽ അങ്ങനെ സംഭവിക്കരുത്. പിന്നെയോ, നിങ്ങളിൽ പ്രമുഖരാകാൻ ആഗ്രഹിക്കുന്നവരെല്ലാം മറ്റുള്ളവർക്ക് ദാസരായിരിക്കണം; 27 പ്രഥമസ്ഥാനീയരാകാൻ ആഗ്രഹിക്കുന്നവരോ മറ്റുള്ളവർക്ക് അടിമയുമായിരിക്കണം. 28 മനുഷ്യപുത്രൻ (ഞാൻ) വന്നതോ മറ്റുള്ളവരിൽനിന്ന് ശുശ്രൂഷ സ്വീകരിക്കാനല്ല; മറിച്ച്, മറ്റുള്ളവരെ ശുശ്രൂഷിക്കാനും തന്റെ ജീവൻ അനേകർക്ക് വീണ്ടെടുപ്പുവിലയായി നൽകാനും ആണ്.”

  45. 16 നിങ്ങൾ എന്നെ തെരഞ്ഞെടുത്തതല്ല, ഞാനാണ് നിങ്ങളെ തെരഞ്ഞെടുത്തത്. നിങ്ങൾ പോയി ഫലം കായ്ക്കുന്നതിന്, നിലനിൽക്കുന്ന ഫലം കായ്ക്കേണ്ടതിനു തന്നെ, ഞാൻ നിങ്ങളെ നിയമിച്ചുമിരിക്കുന്നു. നിങ്ങൾ എന്റെ നാമത്തിൽ യാചിക്കുന്നതെന്തും പിതാവ് നിങ്ങൾക്കു നൽകും.

  46. 13 “കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന ഏതൊരുവനും രക്ഷിക്കപ്പെടും,” എന്നുണ്ടല്ലോ.

    14 എന്നാൽ തങ്ങൾ വിശ്വസിച്ചിട്ടില്ലാത്തവനെ അവർ എങ്ങനെ വിളിച്ചപേക്ഷിക്കും? കേട്ടിട്ടില്ലാത്തവനിൽ അവർ എങ്ങനെ വിശ്വസിക്കും? ആരെങ്കിലും പ്രസംഗിക്കാതെ എങ്ങനെ കേൾക്കും? 15 അയയ്ക്കപ്പെടാതെ എങ്ങനെ പ്രസംഗിക്കും? “സുവാർത്ത ഘോഷിക്കുന്നവരുടെ പാദം എത്ര മനോഹരം!” എന്ന് എഴുതിയിരിക്കുന്നല്ലോ.

  47. 9 അവിടത്തെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനോടുള്ള കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തനാണല്ലോ.

  48. 10 സഹോദരങ്ങളേ, നിങ്ങളുടെ ഇടയിൽ ഒരു ഭിന്നതയുമില്ലാതെ, തികഞ്ഞ ഐകമത്യം പാലിച്ചുകൊണ്ട് നിങ്ങൾ ഒരേ മനസ്സും ഒരേ ചിന്തയും ഉള്ളവരായിരിക്കാൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ അപേക്ഷിക്കുന്നു.

  49. 26 ആകയാൽ ഒരു അവയവം കഷ്ടം അനുഭവിക്കുന്നെങ്കിൽ മറ്റുള്ളവയും അതിനോടൊപ്പം കഷ്ടം അനുഭവിക്കുന്നു; ഒന്ന് ആദരിക്കപ്പെടുന്നെങ്കിൽ മറ്റെല്ലാം അതിനോടുകൂടെ ആനന്ദിക്കുന്നു.

    27 നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും ആ ശരീരത്തിന്റെ അവയവങ്ങളുമാകുന്നു.

  50. 1-2 പൗലോസ് അപ്പൊസ്തലനും കൂടെയുള്ള എല്ലാ സഹോദരന്മാരും,

    ഗലാത്യയിലുള്ള സഭകൾക്ക് എഴുതുന്നത്:

    എന്റെ അപ്പൊസ്തലത്വം മനുഷ്യരിൽനിന്നോ മനുഷ്യനാലോ അല്ല, യേശുക്രിസ്തുവിനാലും മരിച്ചവരിൽനിന്ന് യേശുവിനെ ഉയിർത്തെഴുന്നേൽപ്പിച്ച പിതാവായ ദൈവത്താലും ആകുന്നു.

    3 നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ. 4 ഈ ദുഷ്ടലോകത്തിൽനിന്ന് നമ്മെ വിടുവിക്കേണ്ടതിനു യേശുക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി ദൈവേഷ്ടപ്രകാരം തന്നെത്താൻ ഏൽപ്പിച്ചുകൊടുത്തു. 5 നമ്മുടെ പിതാവായ ദൈവത്തിന് എന്നെന്നേക്കും മഹത്ത്വം, ആമേൻ.

    6 ക്രിസ്തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ച ദൈവത്തെ ഉപേക്ഷിച്ച് ഇത്രവേഗം മറ്റൊരു സുവിശേഷത്തിലേക്കു നിങ്ങൾ വ്യതിചലിക്കുന്നതിൽ ഞാൻ അത്ഭുതപ്പെടുന്നു— 7 അത് സുവിശേഷമേ അല്ല! ചിലർ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും ക്രിസ്തുവിന്റെ സുവിശേഷത്തെ വികലമാക്കാൻ ശ്രമിക്കുകയുംചെയ്യുന്നു എന്നേയുള്ളു. 8 ഞങ്ങൾ നിങ്ങളോടു പ്രസംഗിച്ച സുവിശേഷത്തിൽനിന്ന് വ്യത്യസ്തമായ മറ്റൊരു സുവിശേഷം, ഞങ്ങൾതന്നെയോ സ്വർഗത്തിൽനിന്നുള്ള ഒരു ദൂതനോ, പ്രസംഗിക്കുന്നെങ്കിൽ അയാൾ ശപിക്കപ്പെട്ടവൻ. 9 ഞങ്ങൾ മുമ്പേ പ്രസ്താവിച്ചതുതന്നെ ഇപ്പോഴും ആവർത്തിക്കുന്നു: നിങ്ങൾ സ്വീകരിച്ച സുവിശേഷത്തിനു വ്യത്യസ്തമായ ഒരു സുവിശേഷം ആരെങ്കിലും പ്രസംഗിച്ചാൽ അയാൾ ശപിക്കപ്പെട്ടവൻ.

  51. 13 സഹോദരങ്ങളേ, പരിപൂർണസ്വാതന്ത്ര്യത്തിൽ ജീവിക്കാനാണ് നിങ്ങളെ വിളിച്ചിരിക്കുന്നത്. എന്നാൽ നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങളിലെ പാപപ്രകൃതത്തെ തൃപ്തിപ്പെടുത്താൻ അനുവദിക്കാതെ, സ്നേഹത്തിൽ പരസ്പരം ദാസരായി ശുശ്രൂഷ ചെയ്യുക. 14 “നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക” എന്ന ഒരൊറ്റ കൽപ്പന പ്രാവർത്തികമാക്കുന്നതിലൂടെ സർവന്യായപ്രമാണവും പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു. 15 നിങ്ങൾ പരസ്പരം മുറിവേൽപ്പിക്കുകയും കടിച്ചുകീറുകയുംചെയ്താൽ, ഓർക്കുക! നിങ്ങൾ പരസ്പരം നശിപ്പിക്കുകയാണ്!

    16 ആകയാൽ ഞാൻ പറയുന്നു: യാതൊരുവിധത്തിലും പാപത്തിന്റെ ഇച്ഛകൾക്ക് വശംവദരാകാതെ ദൈവാത്മനിയന്ത്രണത്തിൽ ജീവിക്കുക. 17 പാപാസക്തി ദൈവാത്മാഭിലാഷത്തിനും ദൈവാത്മാഭിലാഷം പാപാസക്തിക്കും വിരുദ്ധമാണ്. ഇവ പരസ്പരം ശത്രുക്കളാണ്; അതുകൊണ്ട് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം പ്രവർത്തിക്കാൻ നിങ്ങൾക്ക് കഴിയുന്നുമില്ല. 18 നിങ്ങൾ ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരെങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിന് അധീനരല്ല.

  52. 2 പരസ്പരം ഭാരങ്ങൾ വഹിച്ചുകൊണ്ട് ക്രിസ്തുവിന്റെ കൽപ്പനകൾ പാലിക്കുക.

  53. 22 അവിടന്നു സകലതും ക്രിസ്തുവിന്റെ കാൽക്കീഴിലാക്കി ക്രിസ്തുവിനെ എല്ലാറ്റിന്റെയും ശിരസ്സായിരിക്കാൻ സഭയ്ക്കുവേണ്ടി നിയോഗിച്ചിരിക്കുന്നു. 23 സകലത്തെയും സർവവിധത്തിലും സമ്പൂർണമാക്കുന്ന അവിടത്തെ സമ്പൂർണതയാകുന്നു ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ.

  54. 12 സഹോദരങ്ങളേ, നിങ്ങളുടെ മധ്യത്തിൽ കഠിനാധ്വാനംചെയ്ത്, നിങ്ങളെ കർത്താവിൽ ഭരിക്കുകയും പ്രബോധിപ്പിക്കുകയുംചെയ്യുന്നവരെ ആദരിക്കണമെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. 13 അവരുടെ പ്രവർത്തനം ഓർത്ത് അവരെ ഏറ്റവും സ്നേഹത്തോടെ അളവില്ലാതെ ആദരിക്കുക. പരസ്പരം സമാധാനത്തോടെ ജീവിക്കുക.

  55. 5 ഞാൻ കൽപ്പിച്ചപ്രകാരം ന്യൂനതകൾ പരിഹരിക്കാനും എല്ലാ പട്ടണങ്ങളിലും സഭാമുഖ്യന്മാരെ അധികാരപ്പെടുത്താനും ആയിരുന്നു ഞാൻ നിന്നെ ക്രേത്തയിൽ വിട്ടിട്ടുപോന്നത്. 6 സഭാമുഖ്യൻ കുറ്റമില്ലാത്തവനും ഏകപത്നീവ്രതനും ആയിരിക്കണം. അദ്ദേഹത്തിന്റെ മക്കൾ വിശ്വാസികളും വഴിപിഴച്ചവർ എന്ന കുറ്റാരോപണമോ അനുസരണക്കേടോ ഇല്ലാത്തവരും ആകണം. 7 അധ്യക്ഷൻ ദൈവത്തിന്റെ കാര്യസ്ഥനാണ്. അതുകൊണ്ട് അദ്ദേഹം കുറ്റാരോപിതനായിരിക്കരുത്. ശാഠ്യബുദ്ധിക്കാരനും മുൻകോപിയും മദ്യാസക്തി ഉള്ളവനും അക്രമവാസനയുള്ളവനും അത്യാഗ്രഹിയും ആകരുത്. 8 എന്നാൽ, അതിഥിയെ സൽക്കരിക്കുന്നവനും നല്ലതിഷ്ടപ്പെടുന്നവനും സ്വയം നിയന്ത്രിക്കുന്നവനും നീതിമാനും ഭക്തനും ജിതേന്ദ്രിയനും ആയിരിക്കണം അധ്യക്ഷൻ. 9 നിർമലോപദേശംകൊണ്ട് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും അതിനെ എതിർക്കുന്നവരെ ഖണ്ഡിക്കാനും കഴിയേണ്ടതിന് തനിക്കു ലഭിച്ച വിശ്വാസയോഗ്യമായസന്ദേശം മുറുകെപ്പിടിക്കുന്നവനും ആയിരിക്കണം.

  56. 12 സഹോദരങ്ങളേ, സൂക്ഷിക്കുക, ജീവനുള്ള ദൈവത്തെ പരിത്യജിക്കാൻ കാരണമായിത്തീരുന്ന വിശ്വാസമില്ലാത്ത ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകരുത്. 13 പാപത്താൽ വഞ്ചിതരായി നിങ്ങളിൽ ആരും ഹൃദയകാഠിന്യമുള്ളവർ ആകാതിരിക്കാൻ, “ഇന്ന്” എന്നു പറയാൻ കഴിയുന്നതുവരെ, അനുദിനം പരസ്പരം പ്രബോധിപ്പിക്കുക.

  57. 16 ഇപ്രകാരം സൗഖ്യം ലഭിക്കേണ്ടതിന് പരസ്പരം പാപങ്ങൾ ഏറ്റുപറഞ്ഞ് ഓരോരുത്തർക്കുംവേണ്ടി മറ്റുള്ളവർ പ്രാർഥിക്കണം. നീതിമാന്റെ പ്രാർഥന വളരെ ശക്തവും ഫലപ്രദവുമാണ്.