47 Bible Verses About Heaven
Biblica® Open Malayalam Contemporary Version™ (OMCV)
-
1 പിന്നീട് “ഞാൻ ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും” കണ്ടു. ആദ്യത്തെ ആകാശവും ഭൂമിയും നീങ്ങിപ്പോയി. ഇനിമേൽ സമുദ്രം ഇല്ല. 2 മണവാളനുവേണ്ടി അണിയിച്ചൊരുക്കപ്പെട്ട മണവാട്ടിയെപ്പോലെ പുതിയ ജെറുശലേം എന്ന വിശുദ്ധനഗരം സ്വർഗത്തിൽനിന്ന്, അതേ ദൈവത്തിൽനിന്നുതന്നെ ഇറങ്ങിവരുന്നതു ഞാൻ കണ്ടു. 3 അപ്പോൾ സിംഹാസനത്തിൽനിന്ന് അത്യുച്ചത്തിലുള്ള ഒരു ശബ്ദം ഞാൻ കേട്ടു: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ തിരുനിവാസം; അവിടന്ന് അവരുടെ ഇടയിൽ വസിക്കും. അവർ അവിടത്തെ സ്വന്തം ജനമായിരിക്കും. ദൈവംതന്നെ അവരോടുകൂടെയിരുന്ന് അവരുടെ സ്വന്തം ദൈവമായിരിക്കുകയും ചെയ്യും. 4 അവിടന്ന് അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും; ഇനിമേലാൽ മരണമോ വിലാപമോ രോദനമോ വേദനയോ ഉണ്ടാകില്ല; പഴയതെല്ലാം നീങ്ങിപ്പോയല്ലോ!”
5 സിംഹാസനസ്ഥൻ എന്നോടു പറഞ്ഞത്: “ഇതാ, ഞാൻ സകലത്തെയും പുതിയതാക്കുന്നു.” അവിടന്ന് എന്നോടു തുടർന്ന് കൽപ്പിച്ചത്, “ഈ വചനങ്ങൾ വിശ്വസനീയവും സത്യസന്ധവുമാകുകയാൽ ഇവ എഴുതുക.”
6 അവിടന്ന് പിന്നെയും എന്നോട് അരുളിച്ചെയ്തത്: “പര്യവസാനിച്ചിരിക്കുന്നു! ഞാൻ ആൽഫയും ഒമേഗയും—ആരംഭവും അവസാനവും—ആകുന്നു. ദാഹമുള്ളയാൾക്ക് ഞാൻ ജീവജലത്തിന്റെ ഉറവിൽനിന്ന് സൗജന്യമായി കുടിക്കാൻ നൽകും. 7 വിജയിക്കുന്നവർ ഇവയ്ക്കെല്ലാം അവകാശിയാകും. ഞാൻ അവർക്ക് ദൈവവും അവർ എനിക്കു പുത്രരും ആയിരിക്കും. 8 എന്നാൽ ഭീരുക്കൾ, വിശ്വാസത്യാഗികൾ, നികൃഷ്ടർ, കൊലപാതകികൾ, വ്യഭിചാരികൾ, ദുർമന്ത്രവാദികൾ, വിഗ്രഹാരാധകർ, വ്യാജംപറയുന്നവർ, ഇങ്ങനെയുള്ളവരെല്ലാം രണ്ടാമത്തെ മരണമായ ഗന്ധകം കത്തിയെരിയുന്ന തീപ്പൊയ്കയ്ക്കാണ് അവകാശികളാകുന്നത്.”
-
1 “നിങ്ങളുടെ ഹൃദയം അതിദുഃഖിതമാകരുത്; ദൈവത്തിൽ വിശ്വസിക്കുക, എന്നിലും വിശ്വസിക്കുക. 2 എന്റെ പിതാവിന്റെ ഭവനത്തിൽ നിവാസയോഗ്യമായ സ്ഥലം വളരെയുണ്ട്. അങ്ങനെ അല്ലായിരുന്നെങ്കിൽ ഞാൻ നിങ്ങൾക്കുവേണ്ടി സ്ഥലമൊരുക്കാൻ പോകുന്നെന്നു പറയുമായിരുന്നോ? 3 ഞാൻ പോയി സ്ഥലമൊരുക്കിക്കഴിയുമ്പോൾ, നിങ്ങളും എന്നോടൊപ്പം ഞാൻ ആയിരിക്കുന്നേടത്ത് ആകേണ്ടതിന്, മടങ്ങിവന്നു നിങ്ങളെ എന്റെ അടുക്കൽ ചേർക്കും. 4 ഞാൻ പോകുന്ന സ്ഥലത്തേക്കുള്ള വഴി നിങ്ങൾക്കറിയാം.”
5 “കർത്താവേ, അങ്ങ് എവിടേക്കു പോകുന്നെന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടാ. പിന്നെ അവിടേക്കുള്ള വഴി എങ്ങനെ അറിയും?” എന്ന് തോമസ് അദ്ദേഹത്തോടു ചോദിച്ചു.
6 അതിന് യേശു മറുപടി പറഞ്ഞു: “ഞാൻതന്നെ വഴിയും സത്യവും ജീവനും ആകുന്നു. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.
-
9 ഇതിനുശേഷം ഞാൻ നോക്കിയപ്പോൾ സകലരാജ്യങ്ങളിൽനിന്നും ഗോത്രങ്ങളിൽനിന്നും ജനവിഭാഗങ്ങളിൽനിന്നും ഭാഷകളിൽനിന്നും ആർക്കും എണ്ണിത്തീർക്കാനാകാത്ത വലിയൊരു ജനസമൂഹം പാദംവരെ എത്തുന്ന ശുഭ്രവസ്ത്രം ധരിച്ചും കൈയിൽ കുരുത്തോലകളേന്തിയും സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കുന്നതു ഞാൻ കണ്ടു. 10 അവർ അത്യുച്ചത്തിൽ:
“ ‘രക്ഷ’ സിംഹാസനസ്ഥനായ
നമ്മുടെ ദൈവത്തിനും
കുഞ്ഞാടിനും ഉള്ളത്”
എന്ന് ആർത്തുകൊണ്ടിരുന്നു. 11-12 അപ്പോൾ സർവദൂതന്മാരും, സിംഹാസനത്തിനും മുഖ്യന്മാർക്കും നാലു ജീവികൾക്കും ചുറ്റിലുമായി നിൽക്കയും,
“ആമേൻ!
നമ്മുടെ ദൈവത്തിന് എന്നെന്നേക്കും
സ്തുതിയും മഹത്ത്വവും
ജ്ഞാനവും സ്തോത്രവും ബഹുമാനവും
അധികാരവും ശക്തിയും ഉണ്ടായിരിക്കട്ടെ,
ആമേൻ!”
എന്നു പറഞ്ഞ് സിംഹാസനത്തിനുമുമ്പിൽ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് ദൈവത്തെ ആരാധിക്കുകയും ചെയ്തു.
13 പിന്നെ മുഖ്യന്മാരിൽ ഒരുവൻ എന്നോട്, “ശുഭ്രവസ്ത്രധാരികളായ ഇവർ ആര്; ഇവർ എവിടെനിന്നു വന്നു?” എന്നു ചോദിച്ചു.
-
1 അതിനുശേഷം, ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽനിന്ന് പുറപ്പെട്ട് നഗരവീഥിയുടെ മധ്യത്തിലൂടെ ഒഴുകുന്ന പളുങ്കുസമാനം ശുഭ്രമായ ജീവജലനദി ദൂതൻ എനിക്കു കാണിച്ചുതന്നു. 2 നദിയുടെ ഇരുകരയിലും ജീവവൃക്ഷങ്ങൾ ഉണ്ട്; അത് ഓരോ മാസവും ഫലം കായ്ച്ച് പന്ത്രണ്ടുതരം ഫലംനൽകുന്നു. വൃക്ഷത്തിന്റെ ഇലകൾ ജനതകൾക്കു രോഗസൗഖ്യം വരുത്തുന്നതാണ്. 3 ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം നഗരമധ്യത്തിൽ ഉള്ളതിനാൽ ഇനിമേലാൽ ഒരു ശാപവും ഉണ്ടാകുകയില്ല. ദൈവത്തെയും കുഞ്ഞാടിനെയും അവിടത്തെ ശുശ്രൂഷകന്മാർ ആരാധിക്കും. 4 അവർ അവിടത്തെ മുഖം ദർശിക്കും. അവരുടെ നെറ്റിമേൽ തിരുനാമം രേഖപ്പെടുത്തിയിരിക്കും. 5 ഇനിമേൽ രാത്രി അവിടെ ഉണ്ടാകുകയില്ല. ദൈവമായ കർത്താവ് അവരുടെമേൽ പ്രകാശിക്കുന്നതിനാൽ ദീപപ്രഭയുടെയോ സൂര്യപ്രകാശത്തിന്റെയോ ആവശ്യം അവർക്കുണ്ടാകുകയില്ല. അവർ അനന്തകാലം രാജാക്കന്മാരായി ഭരിക്കും.
-
1 നാം ജീവിക്കുന്ന ഈ മൺകൂടാരം നശിച്ചുപോകുന്നു. അപ്പോൾ മാനുഷികകരങ്ങളാൽ നിർമിതമല്ലാത്ത ദൈവികദാനമായ നിത്യവാസസ്ഥലം സ്വർഗത്തിലുണ്ടെന്നു ഞങ്ങൾ അറിയുന്നു. 2 ഈ സ്വർഗീയവാസസ്ഥലം ലഭിക്കുമെന്ന അതിവാഞ്ഛയോടെ, വാസ്തവത്തിൽ ഈ ജീവിതം ഞങ്ങൾ ഞരങ്ങിക്കൊണ്ടു കഴിക്കുന്നു. 3 ഈ വാസസ്ഥാനം ലഭിക്കുന്നതിനാൽ തീർച്ചയായും ഞങ്ങൾ നഗ്നരായി കാണപ്പെടുകയില്ല.
-
20 എന്നാൽ നാമോ, സ്വർഗീയപൗരർ അത്രേ. സ്വർഗത്തിൽനിന്ന് നമ്മുടെ രക്ഷകനായ, കർത്താവായ യേശുക്രിസ്തുവിന്റെ വരവിനായി നാം ആകാംക്ഷയോടെ കാത്തിരിക്കുന്നു. 21 അവിടന്ന് സകലത്തെയും തന്റെ അധീനതയിലാക്കാൻ കഴിയുന്ന ശക്തിയാൽ, അവിടത്തെ മഹത്ത്വമുള്ള ശരീരത്തിനു സമരൂപമായി നമ്മുടെ ഹീനശരീരങ്ങളെ രൂപാന്തരപ്പെടുത്തും.
-
1 ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. 2 ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു; വെള്ളം നിറഞ്ഞ ഭൂതലത്തിന്മേൽ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിനുമീതേ വ്യാപരിച്ചുകൊണ്ടിരുന്നു.
-
19 കോട്ടയുടെ അടിസ്ഥാനശിലകൾ സർവവിധരത്നങ്ങളാൽ അലങ്കരിക്കപ്പെട്ടിരുന്നു. ഒന്നാമത്തെ അടിസ്ഥാനശില സൂര്യകാന്തം, രണ്ടാമത്തേതു നീലരത്നം, മൂന്നാമത്തേതു വൈഡൂര്യം, നാലാമത്തേതു മരതകം, 20 അഞ്ചാമത്തേതു നഖവർണി, ആറാമത്തേതു ചെമപ്പുകല്ല്, ഏഴാമത്തേതു ചന്ദ്രകാന്തം, എട്ടാമത്തേതു ഗോമേദകം, ഒൻപതാമത്തേതു പുഷ്യരാഗം, പത്താമത്തേതു പവിഴം, പതിനൊന്നാമത്തേതു പത്മരാഗം, പന്ത്രണ്ടാമത്തേതു ശ്യാമളവൈഢൂര്യം. 21 പന്ത്രണ്ട് കവാടങ്ങളാകട്ടെ, പന്ത്രണ്ട് മുത്തുകളായിരുന്നു; ഓരോ കവാടവും ഓരോ മുത്തുകൊണ്ടുള്ളതും നഗരത്തിന്റെ വീഥികൾ അച്ഛസ്ഫടികത്തിനു തുല്യമായ തങ്കവുമായിരുന്നു.
22 നഗരത്തിൽ വിശുദ്ധമന്ദിരം കണ്ടില്ല; സർവശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആയിരുന്നു. 23 നഗരത്തിൽ പ്രകാശിക്കേണ്ടതിനായി സൂര്യന്റെയോ ചന്ദ്രന്റെയോ ആവശ്യമില്ല; കാരണം, ദൈവതേജസ്സ് അതിനെ പ്രശോഭിതമാക്കിയിരുന്നു; കുഞ്ഞാട് അതിന്റെ വിളക്ക് ആകുന്നു. 24 ജനതകൾ അതിന്റെ പ്രകാശത്തിൽ നടക്കും; ഭൂമിയിലെ രാജാക്കന്മാർ അവരുടെ സർവപ്രതാപത്തോടുംകൂടെ അതിലേക്കു വന്നുചേരും. 25 അതിന്റെ കവാടങ്ങൾ പകൽ ഒരിക്കലും അടയ്ക്കുകയില്ല; രാത്രി അവിടെ ഉണ്ടായിരിക്കുകയുമില്ല. 26 ജനതകൾ അവരുടെ മഹത്ത്വത്തോടെയും ബഹുമാനത്തോടെയും അതിലേക്കു വരും. 27 കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേരെഴുതപ്പെട്ടവരല്ലാതെ അശുദ്ധിയും മ്ലേച്ഛതയും വ്യാജവും പ്രവർത്തിക്കുന്ന ആർക്കും അതിൽ ഒരിക്കലും പ്രവേശനം ലഭിക്കുകയില്ല.
-
22 എന്നാൽ, നിങ്ങൾ വന്നിരിക്കുന്നത് സീയോൻ പർവതത്തിൽ; ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വർഗീയജെറുശലേമിൽ ആണ്. അവിടെ സംഖ്യാതീതമായ, ബഹുസഹസ്രം ദൂതന്മാരുടെ സന്തുഷ്ട സമ്മേളനത്തിലേക്കും 23 സ്വർഗത്തിൽ പേരു രേഖപ്പെടുത്തിയിട്ടുള്ള ആദ്യജാതരുടെ സഭയിലേക്കും എല്ലാവരുടെയും ന്യായാധിപതിയായ ദൈവത്തിനും സിദ്ധന്മാരാക്കപ്പെട്ട നീതിമാന്മാരുടെ ആത്മാക്കൾക്കും 24 പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായ യേശുവിനും ഹാബേലിന്റെ രക്തത്തെക്കാൾ ശ്രേഷ്ഠമായി സംസാരിക്കുന്ന, തളിക്കപ്പെട്ട രക്തത്തിനും സമീപത്തേക്കാണ് നിങ്ങൾ വന്നിരിക്കുന്നത്.
-
27 “എന്നാൽ, ദൈവം യഥാർഥമായി ഭൂമിയിൽ വസിക്കുമോ? സ്വർഗത്തിനും സ്വർഗാധിസ്വർഗത്തിനുപോലും അങ്ങയെ ഉൾക്കൊള്ളാൻ സാധിക്കുകയില്ലല്ലോ! അങ്ങനെയെങ്കിൽ, അടിയൻ നിർമിച്ച ഈ ആലയം അങ്ങയെ ഉൾക്കൊള്ളാൻ എത്രയോ അപര്യാപ്തം?
-
2 —ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ എനിക്കറിയാം—പതിന്നാലു വർഷംമുമ്പ് ഞാൻ മൂന്നാംസ്വർഗംവരെ എടുക്കപ്പെട്ടു. അത് ശരീരത്തോടുകൂടിയോ ശരീരംകൂടാതെയോ എന്ന് എനിക്കറിഞ്ഞുകൂടാ, ദൈവത്തിനറിയാം. 3 ഈ ഞാൻ പറുദീസവരെ എടുക്കപ്പെട്ടു. ശരീരത്തോടുകൂടിയോ ശരീരംകൂടാതെയോ എന്ന് എനിക്കറിഞ്ഞുകൂടാ, ദൈവം അറിയുന്നു. 4 അവാച്യവും വർണിക്കാൻ അനുവാദമില്ലാത്തതുമായ വാക്കുകൾ ഞാൻ കേട്ടു.
-
10 എന്നാൽ, കർത്താവിന്റെ ദിവസം വരുന്നത് കള്ളന്റെ വരവുപോലെ അപ്രതീക്ഷിതമായിരിക്കും. അതിഭീകരശബ്ദത്തോടെ ആകാശം അപ്രത്യക്ഷമാകും. മൂലപദാർഥങ്ങൾ അഗ്നിയിൽ കത്തിയമരും. ഭൂമിയും അതിലുള്ള സർവതും ഭസ്മീകൃതമാകും.
11 സർവതും ഇങ്ങനെ നശിച്ചുപോകാൻ ഉള്ളതായതിനാൽ ആസന്നമായ ദൈവദിവസത്തിനായി കാത്തിരുന്നും അതിനെ ത്വരിതപ്പെടുത്തിയും വിശുദ്ധിയും ദൈവഭയവുമുള്ള ജീവിതം നിങ്ങൾ നയിക്കേണ്ടത് അത്യന്താപേക്ഷിതമാണ്! 12 ആകാശം അഗ്നിക്കിരയായി നശിക്കും. മൂലകങ്ങൾ ഉഗ്രതാപത്തിൽ ഉരുകിപ്പോകും. 13 നാമോ, അവിടത്തെ വാഗ്ദാനം അനുസരിച്ച്, നീതി നിവസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായി കാത്തിരിക്കുന്നു.
14 അതുകൊണ്ടു പ്രിയരേ, ഇവയ്ക്കായി കാത്തിരിക്കുന്ന നിങ്ങൾ കറയും കളങ്കവും ഇല്ലാത്തവരായി ദൈവത്തോട് സമാധാനമുള്ളവരായി ജീവിക്കാൻ ഉത്സുകരായിരിക്കുക.
-
19 “കീടങ്ങളും തുരുമ്പും നശിപ്പിക്കുകയും കള്ളന്മാർ അതിക്രമിച്ചുകയറി മോഷ്ടിക്കുകയുംചെയ്യുന്ന ഭൂമിയിൽ നിങ്ങൾ നിക്ഷേപം സംഭരിക്കരുത്; 20 പകരം, കീടങ്ങളും തുരുമ്പും നശിപ്പിക്കാതെയും കള്ളന്മാർ അതിക്രമിച്ചുകയറി കവർച്ചചെയ്യാതെയും ഇരിക്കുന്ന സ്വർഗത്തിൽ നിക്ഷേപം സമാഹരിക്കുക. 21 നിന്റെ നിക്ഷേപം ഇരിക്കുന്നിടത്തുതന്നെയായിരിക്കും നിന്റെ ഹൃദയവും.
-
16 കർത്താവ് താൻ അത്യുച്ച ആജ്ഞയോടും പ്രധാന ദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളധ്വനിയോടും കൂടെ സ്വർഗത്തിൽനിന്ന് ഇറങ്ങിവരികയും, ക്രിസ്തുവിൽ മരിച്ചവർ ആദ്യം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും. 17 അതിനുശേഷം, ജീവനോടെ അവശേഷിക്കുന്ന നാം അവരോടൊപ്പം ആകാശത്തിൽ കർത്താവിനെ എതിരേൽക്കാൻ മേഘങ്ങളിൽ എടുക്കപ്പെടും. ഇങ്ങനെ നാം അനന്തകാലം കർത്താവിനോടുകൂടെ വസിക്കും. 18 ഈ വചനങ്ങളാൽ പരസ്പരം ആശ്വസിപ്പിക്കുക.
-
9 അവർ പുതിയൊരു കീർത്തനം ആലപിച്ചു:
“അങ്ങ് (യാഗമൃഗമെന്നപോലെ) അറക്കപ്പെടുകയും
അവിടത്തെ രക്തത്താൽ
സകലഗോത്രങ്ങളിലും ഭാഷകളിലും ജനവിഭാഗങ്ങളിലും രാജ്യങ്ങളിലുംനിന്നുള്ളവരെ
ദൈവത്തിനായി വിലയ്ക്കു വാങ്ങിയിരിക്കുകയും ചെയ്തിരിക്കുന്നു.
10 ഭൂമിയിൽ വാഴേണ്ടതിനായി അവരെ നമ്മുടെ ദൈവത്തിനു രാജ്യവും പുരോഹിതരും ആക്കിയിരിക്കുന്നു.
ആകയാൽ ചുരുൾ വാങ്ങാനും മുദ്രകൾ തുറക്കാനും അങ്ങ് യോഗ്യൻതന്നെ.”
11 ഞാൻ ദർശനത്തിൽ, സിംഹാസനത്തിനും ജീവികൾക്കും മുഖ്യന്മാർക്കു ചുറ്റിലുമായി അസംഖ്യം ദൂതന്മാരുടെ ശബ്ദം കേട്ടു. അവരുടെ എണ്ണം ആയിരം ആയിരവും പതിനായിരം പതിനായിരവും ആയിരുന്നു. 12 അവർ അത്യുച്ചശബ്ദത്തിൽ:
“അറക്കപ്പെട്ട കുഞ്ഞാട്,
ശക്തിയും ധനവും ജ്ഞാനവും ബലവും
ബഹുമാനവും മഹത്ത്വവും സ്തുതിയും സ്വീകരിക്കാൻ യോഗ്യൻ!”
എന്നു പറയുന്നു.
13 അപ്പോൾ സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു താഴെയും സമുദ്രത്തിലുമുള്ള സകലജീവികളും,
“സിംഹാസനസ്ഥനും കുഞ്ഞാടിനും
സ്തുതിയും ബഹുമാനവും മഹത്ത്വവും ആധിപത്യവും,
എന്നും എന്നെന്നേക്കും ഉണ്ടാകുമാറാകട്ടെ!”
എന്നു പറയുന്നതു ഞാൻ കേട്ടു. 14 നാലു ജീവികളും ആമേൻ എന്നു പറഞ്ഞു; മുഖ്യന്മാർ സാഷ്ടാംഗം വീണ് ആരാധിച്ചു.
-
2 ഉടനെ ഞാൻ ആത്മാവിലായി. ഇതാ, സ്വർഗത്തിൽ ഒരു സിംഹാസനം; അതിൽ ഒരാൾ ഇരിക്കുന്നു. 3 സിംഹാസനസ്ഥൻ സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശൻ; സിംഹാസനത്തിനു ചുറ്റും മരതകതുല്യമായ ഒരു മഴവില്ല്. 4 സിംഹാസനത്തിനു ചുറ്റും വേറെയും ഇരുപത്തിനാലു സിംഹാസനം; തേജോമയവസ്ത്രം ധരിച്ച ഇരുപത്തിനാലു മുഖ്യന്മാർ അവയിൽ ഇരിക്കുന്നു; അവരുടെ തലയിൽ തങ്കക്കിരീടങ്ങൾ. 5 സിംഹാസനത്തിൽനിന്ന് മിന്നൽപ്പിണരുകളും ശബ്ദങ്ങളും ഇടിമുഴക്കവും പുറപ്പെട്ടുവരുന്നു. സിംഹാസനത്തിനുമുമ്പിൽ ദൈവത്തിന്റെ ഏഴ് ആത്മാക്കളായ ഏഴുദീപങ്ങൾ പ്രകാശിച്ചുകൊണ്ടിരിക്കുന്നു. 6 സിംഹാസനത്തിനുമുമ്പിൽ പളുങ്കുപോലെ സുതാര്യമായ കണ്ണാടിക്കടൽ.
കേന്ദ്രസ്ഥാനത്തുള്ള സിംഹാസനത്തിന്റെ ചുറ്റും നാലു ജീവികൾ; അവ മുന്നിലും പിന്നിലും കണ്ണുകളാൽ പൊതിയപ്പെട്ടിരുന്നു. 7 ഒന്നാമത്തെ ജീവി സിംഹത്തിനു സദൃശം, രണ്ടാമത്തെ ജീവി കാളയെപ്പോലെ, മൂന്നാമത്തെ ജീവി മനുഷ്യനെപ്പോലെ മുഖമുള്ളത്, നാലാമത്തെ ജീവി പറക്കുന്ന കഴുകനോടു സദൃശം. 8 നാലു ജീവികൾ ഓരോന്നിനും ആറു ചിറകുവീതം ഉണ്ടായിരുന്നു. അവയ്ക്ക് ചിറകുകൾക്കുള്ളിലും പുറമേയുമായി നിറയെ കണ്ണുകളുമുണ്ടായിരുന്നു. ആ ജീവികൾ രാപകൽ വിശ്രമമില്ലാതെ,
“ഭൂത, വർത്തമാന, ഭാവി കാലങ്ങളിൽ ഒരുപോലെ നിലനിൽക്കുന്നവനായ,
‘സർവശക്തിയുള്ള ദൈവമായ കർത്താവ്,
പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ’ ”
എന്നു തുടരെ പറഞ്ഞുകൊണ്ടിരിക്കുന്നു.
-
44 “വയലിൽ ഒളിച്ചുവെച്ച നിധിയോട് സ്വർഗരാജ്യത്തെ ഉപമിക്കാം; അത് ഒരു മനുഷ്യൻ കണ്ട് മറച്ചുവെച്ചു. പിന്നെ ആഹ്ലാദത്തോടെ പോയി, തനിക്കുണ്ടായിരുന്നതെല്ലാം വിറ്റ് ആ വയൽ വാങ്ങി.
45 “ഇനിയും സ്വർഗരാജ്യത്തെ നല്ല രത്നങ്ങൾ അന്വേഷിക്കുന്ന വ്യാപാരിയോട് ഉപമിക്കാം. 46 അയാൾ വിലയേറിയ ഒരു രത്നം കണ്ടിട്ട് പോയി തനിക്കുള്ള സർവതും വിറ്റ് അതു വാങ്ങി.
-
33 നിങ്ങളുടെ വസ്തുവകകൾ വിറ്റു ദരിദ്രർക്കു വിതരണംചെയ്യുക. പഴകാത്ത മടിശ്ശീലയും അക്ഷയനിക്ഷേപവും സ്വർഗത്തിൽ നിങ്ങൾക്കായി കരുതും. അവിടെ കള്ളൻ അടുക്കുകയോ പുഴു നശിപ്പിക്കുയോ ചെയ്യുന്നില്ല. 34 നിന്റെ നിക്ഷേപം ഇരിക്കുന്നിടത്തുതന്നെയായിരിക്കും നിന്റെ ഹൃദയവും.
-
5 ദുർവൃത്തർ, അശുദ്ധർ, ദുരാഗ്രഹികൾ—ഇങ്ങനെയുള്ളവർ വിഗ്രഹാരാധകർ—ഇവർക്ക് ആർക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ യാതൊരു ഓഹരിയുമില്ല എന്നു നിങ്ങൾക്കറിയാമല്ലോ.
-
4 യഹോവ അവിടത്തെ വിശുദ്ധമന്ദിരത്തിലുണ്ട്;
യഹോവ സ്വർഗസിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നു.
അവിടന്ന് ഭൂമിയിലുള്ള സകലമനുഷ്യരെയും നിരീക്ഷിക്കുന്നു;
അവിടത്തെ കണ്ണുകൾ അവരെ പരിശോധിക്കുന്നു.
5 യഹോവ നീതിനിഷ്ഠരെ പരിശോധിക്കുന്നു.
എന്നാൽ ദുഷ്ടരെയും അക്രമാസക്തരെയും,
അവിടത്തെ ഹൃദയം വെറുക്കുന്നു.
6 ദുഷ്ടരുടെമേൽ അവിടന്ന്
എരിയുന്ന തീക്കനലും കത്തിജ്വലിക്കുന്ന ഗന്ധകവും വർഷിക്കുന്നു;
ചുട്ടുപൊള്ളിക്കുന്ന കാറ്റാണ് അവരുടെ ഓഹരി.
7 കാരണം യഹോവ നീതിമാൻ ആകുന്നു,
അവിടന്ന് നീതി ഇഷ്ടപ്പെടുന്നു;
പരമാർഥികൾ തിരുമുഖം ദർശിക്കും.
സംഗീതസംവിധായകന്. അഷ്ടമരാഗത്തിൽ.
-
24 “ഞാൻ കാണാതവണ്ണം ഒരു മനുഷ്യന്
ഒളിവിടങ്ങളിൽ ഒളിക്കാൻ കഴിയുമോ,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“ഞാൻ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലേ?”
എന്ന് യഹോവയുടെ അരുളപ്പാട്.
-
20 എങ്കിലും അശുദ്ധാത്മാക്കൾ നിങ്ങൾക്കു കീഴടങ്ങുന്നു എന്നതിലല്ല, നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽത്തന്നെ ആനന്ദിക്കുക.”
-
34 യേശു അവരോടു പറഞ്ഞത്, “ഈ യുഗത്തിൽ ജീവിക്കുന്നവർ വിവാഹംകഴിക്കുകയും വിവാഹംകഴിപ്പിച്ചയയ്ക്കുകയുംചെയ്യുന്നു. 35 എന്നാൽ, മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിന് യോഗ്യരായി വരുംയുഗത്തിൽ പ്രവേശിക്കുമ്പോൾ വിവാഹംകഴിക്കുകയോ വിവാഹംകഴിപ്പിച്ചയയ്ക്കുകയോ ചെയ്യുന്നില്ല. 36 അവർ പുനരുത്ഥിതരായിരിക്കുകയാൽ ദൈവദൂതതുല്യരും ദൈവപുത്രരും ആകുന്നു, അതുകൊണ്ട് അവർക്ക് ഇനി മരിക്കാനും സാധ്യമല്ല.
-
21 “ഞാൻ വിജയിയായി എന്റെ പിതാവിനോടുകൂടെ അവിടത്തെ സിംഹാസനത്തിൽ ഇരുന്നതുപോലെതന്നെ, എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിക്കാൻ വിജയിക്കുന്നവന് ഞാനും അധികാരം നൽകും.
-
1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“സ്വർഗം എന്റെ സിംഹാസനവും
ഭൂമി എന്റെ പാദപീഠവും ആകുന്നു.
നിങ്ങൾ എനിക്കുവേണ്ടി നിർമിക്കുന്ന ആലയം എവിടെ?
എന്റെ വിശ്രമസ്ഥലം എവിടെ?
-
29 അപ്പോൾ യേശു അവരോട് ഇങ്ങനെ ഉത്തരം പറഞ്ഞു: “തിരുവെഴുത്തുകളും ദൈവശക്തിയും അറിയാത്തതുകൊണ്ടാണ് നിങ്ങൾക്ക് തെറ്റുപറ്റിയിരിക്കുന്നത്. 30 പുനരുത്ഥിത ജീവിതത്തിൽ മനുഷ്യർ വിവാഹംകഴിക്കുകയോ വിവാഹംകഴിപ്പിച്ചയയ്ക്കുകയോ ചെയ്യുന്നില്ല. അവർ സ്വർഗീയദൂതന്മാരെപ്പോലെ ആയിരിക്കും.
-
6 പിന്നെ അയാൾ, സ്നേഹിതരെയും അയൽക്കാരെയും വിളിച്ചുകൂട്ടി അവരോട്, ‘എന്നോടുകൂടെ ആനന്ദിക്കുക, എന്റെ നഷ്ടപ്പെട്ട ആടിനെ കണ്ടുകിട്ടിയിരിക്കുന്നു’ എന്നു പറയും. 7 ഇതുപോലെതന്നെ മാനസാന്തരത്തിന്റെ ആവശ്യമില്ലാത്ത തൊണ്ണൂറ്റിയൊൻപതു നീതിനിഷ്ഠരെക്കുറിച്ച് ഉള്ളതിനെക്കാൾ അധികം ആനന്ദം മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ച് സ്വർഗത്തിലുണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
-
1 നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ ഉയരത്തിലുള്ളത് അന്വേഷിക്കുക. അവിടെ ദൈവത്തിന്റെ വലതുഭാഗത്ത് ക്രിസ്തു ഉപവിഷ്ടനായിരിക്കുന്നു.
-
15 എന്നോടു സംസാരിച്ച ദൂതന്റെ കൈവശം നഗരവും അതിന്റെ കവാടങ്ങളും കോട്ടയും അളക്കുന്നതിനു തങ്കംകൊണ്ടുള്ള ഒരു ദണ്ഡ് ഉണ്ടായിരുന്നു. 16 സമചതുരമായിരുന്നു നഗരം; അതിന്റെ നീളവും വീതിയും തുല്യം. ദൂതൻ ദണ്ഡുകൊണ്ടു നഗരത്തെ അളന്നു. അതിന്റെ നീളം ഏകദേശം 2,200 കിലോമീറ്റർ; അതിന്റെ നീളവും വീതിയും ഉയരവും തുല്യമായിരുന്നു. 17 പിന്നെ ദൂതൻ അതിന്റെ കോട്ട അളന്നു. ദൂതൻ അളക്കാൻ ഉപയോഗിച്ച ദണ്ഡ് മാനുഷികമാനദണ്ഡമനുസരിച്ച് അറുപത്തഞ്ച് മീറ്റർ ആയിരുന്നു. 18 കോട്ട നിർമിച്ചിരിക്കുന്നത് സൂര്യകാന്തക്കല്ലുകൊണ്ടും നഗരമാകട്ടെ, അച്ഛസ്ഫടികംപോലെയുള്ള തങ്കംകൊണ്ടുമായിരുന്നു.
-
17 “ഇതാ, ഞാൻ പുതിയ ആകാശവും
പുതിയ ഭൂമിയും സൃഷ്ടിക്കും.
പഴയകാര്യങ്ങൾ ഇനി ഓർക്കുകയോ
മനസ്സിൽ വരികയോ ചെയ്യുകയില്ല.
18 പ്രത്യുത, ഞാൻ സൃഷ്ടിക്കുന്നതിൽ
നിങ്ങൾ സന്തുഷ്ടരായി എന്നേക്കും ആനന്ദിക്കുക,
ഞാൻ ജെറുശലേമിനെ ഒരു ആനന്ദമാകുവാനും
അതിലെ ജനത്തെ ഒരു സന്തോഷമാകാനുമായിട്ടാണ് സൃഷ്ടിക്കുന്നത്.
-
13 അപ്പോൾ, സ്വർഗത്തിൽനിന്ന് ഒരു ശബ്ദം ഞാൻ കേട്ടത്, “എഴുതുക; ഇപ്പോൾമുതൽ കർത്താവിൽ മരിക്കുന്നവർ അനുഗൃഹീതർ.”
“അതേ,” ദൈവാത്മാവ് ഇപ്രകാരം അരുളിച്ചെയ്യുന്നു, “തങ്ങളുടെ അധ്വാനങ്ങളിൽനിന്ന് അവർ വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തികൾ അവരെ അനുഗമിക്കും.”
-
15 എന്നാൽ, നായ്ക്കളായ ദുർമന്ത്രവാദികൾ, അസാന്മാർഗികൾ, കൊലയാളികൾ, വിഗ്രഹാരാധകർ, വ്യാജം ഇഷ്ടപ്പെടുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ ഇങ്ങനെയുള്ളവരുടെ സ്ഥാനം നഗരത്തിനു പുറത്തുതന്നെ.
16 “സഭകൾക്കുവേണ്ടി ഇവയൊക്കെയും നിങ്ങളോടു സാക്ഷ്യപ്പെടുത്തേണ്ടതിന് യേശു എന്ന ഞാൻ എന്റെ ദൂതനെ അയച്ചിരിക്കുന്നു. ഞാൻ ദാവീദിന്റെ വേരും സന്തതിയുമായ, ഉജ്ജ്വലിക്കുന്ന പ്രഭാതനക്ഷത്രമാണ്.”
17 ആത്മാവും മണവാട്ടിയും പറയുന്നു, “വരിക!” ശ്രോതാവും പറയട്ടെ “വരിക!” ദാഹിക്കുന്നവർ വരിക, ജീവജലം ആഗ്രഹിക്കുന്നവർ സൗജന്യമായി സ്വീകരിക്കട്ടെ.
-
22 “ആ ദരിദ്രൻ മരിച്ചപ്പോൾ ദൈവദൂതന്മാർ അയാളെ അബ്രാഹാമിന്റെ അടുത്തേക്കു കൊണ്ടുപോയി. ധനികനും മരിച്ചു; അടക്കപ്പെട്ടു. 23 പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ അയാൾ മുകളിലേക്കുനോക്കി, അങ്ങുദൂരെ അബ്രാഹാമിനെയും അദ്ദേഹത്തിന്റെ അടുത്ത് ലാസറിനെയും കണ്ടു.
-
12 ലൗകികകാര്യങ്ങൾ ഞാൻ നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗീയകാര്യങ്ങൾ പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും? 13 സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന മനുഷ്യപുത്രൻ ഒഴികെ മറ്റാരും സ്വർഗത്തിൽ കയറിപ്പോയിട്ടില്ല.
-
12 വലിയവരും ചെറിയവരുമായി മരിച്ചവരെല്ലാവരും സിംഹാസനത്തിനുമുമ്പിൽ നിൽക്കുന്നതു ഞാൻ കണ്ടു. പുസ്തകങ്ങൾ തുറക്കപ്പെട്ടു; “ജീവന്റെ പുസ്തകം” എന്ന മറ്റൊരു പുസ്തകവും തുറന്നു. മരിച്ചവർ ഓരോരുത്തർക്കും പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന അവരുടെ പ്രവൃത്തികൾക്കനുസൃതമായി ന്യായവിധിയുണ്ടായി. 13 സമുദ്രം അതിലുള്ള മരിച്ചവരെ വിട്ടുകൊടുത്തു. മരണവും പാതാളവും അവയിലുള്ള മരിച്ചവരെയും വിട്ടുകൊടുത്തു. അവർ ഓരോരുത്തരും അവരവരുടെ പ്രവൃത്തികൾക്ക് അനുസൃതമായി ന്യായംവിധിക്കപ്പെട്ടു. 14 മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ എറിഞ്ഞുകളഞ്ഞു. ഈ തീപ്പൊയ്കയാണ് രണ്ടാമത്തെ മരണം. 15 ജീവന്റെ പുസ്തകത്തിൽ പേരെഴുതപ്പെട്ടിട്ടില്ലാത്ത എല്ലാവരെയും തീപ്പൊയ്കയിലേക്കു വലിച്ചെറിയും.
-
11 ആകാശം ഭൂമിക്കുമേൽ ഉയർന്നിരിക്കുന്നതുപോലെ,
തന്നെ ഭയപ്പെടുന്നവരോടുള്ള അവിടത്തെ സ്നേഹം ഉന്നതമാണ്.
-
11 യഹോവ വിലകൊടുത്തു വാങ്ങിയവർ മടങ്ങിവരും.
സംഗീതത്തോടെ അവർ സീയോനിലേക്ക് പ്രവേശിക്കും;
നിത്യാനന്ദം അവരുടെ ശിരസ്സിനു മകുടമായിരിക്കും.
ആഹ്ലാദത്താലും ആനന്ദത്താലും അവർ ആമഗ്നരാകും,
ദുഃഖവും നെടുവീർപ്പും അവരിൽനിന്ന് ഓടിയകലും.
-
46 “പിന്നെ അവർ നിത്യശിക്ഷയിലേക്കും നീതിനിഷ്ഠർ നിത്യജീവനിലേക്കും പോകും.”
-
9 അതിനാൽ ദൈവജനത്തിന് ഒരു ശബ്ബത്ത് വിശ്രമം അവശേഷിക്കുന്നുണ്ട്.
-
23 ഈ യാഗങ്ങളാൽ സ്വർഗീയമായവയുടെ പ്രതിരൂപങ്ങൾ ശുദ്ധീകരിക്കപ്പെടേണ്ടത് ആവശ്യമായിരുന്നു. എന്നാൽ, സ്വർഗീയമായവയ്ക്ക് വേണ്ടത് ഇവയെക്കാൾ ശ്രേഷ്ഠതരമായ യാഗങ്ങളാണ്.
-
12 കുഞ്ഞാട് ആറാംമുദ്ര തുറന്നപ്പോൾ വലിയൊരു ഭൂകമ്പം ഉണ്ടായതു ഞാൻ കണ്ടു. സൂര്യൻ കറുകറാകറുത്ത ആട്ടിൻരോമംകൊണ്ടു നിർമിച്ച വസ്ത്രംപോലെ കറുത്തതായിത്തീർന്നു. ചന്ദ്രൻ പൂർണമായും രക്തവർണമായിത്തീർന്നു. 13 കൊടുങ്കാറ്റിനാൽ ഉലയുന്ന അത്തിവൃക്ഷത്തിൽനിന്ന്, ഇളംകായ്കൾ ഉതിർന്നുവീഴുംപോലെ ആകാശത്തിൽനിന്ന് ഉൽക്കകൾ ഭൂമിയിൽ നിപതിച്ചു. 14 ആകാശം പുസ്തകച്ചുരുൾപോലെ ചുരുട്ടിമാറ്റപ്പെട്ടു; എല്ലാ മലയും ദ്വീപും സ്വസ്ഥാനത്തുനിന്ന് ഇളകിപ്പോയി.
-
6 അങ്ങ്, അങ്ങുമാത്രമാണ് യഹോവ; സ്വർഗത്തെയും സ്വർഗാധിസ്വർഗത്തെയും അവയിലെ സർവസൈന്യത്തെയും ഭൂമിയെയും അതിലെ സകലത്തെയും സമുദ്രത്തെയും അതിലുള്ള സകലത്തെയും അങ്ങ് ഉണ്ടാക്കി. അവയ്ക്കെല്ലാം അങ്ങ് ജീവൻ നൽകി, സ്വർഗീയസൈന്യങ്ങൾ അങ്ങയെ ആരാധിക്കുന്നു.
-
12 ഉഷസ്സിന്റെ പുത്രാ, ഉദയനക്ഷത്രമേ!
നീ ആകാശത്തുനിന്നു വീണുപോയതെങ്ങനെ!
ഒരിക്കൽ രാഷ്ട്രങ്ങളെ താഴ്ത്തിക്കളഞ്ഞവനേ,
നീ വെട്ടേറ്റു ഭൂമിയിൽ വീണുപോയതെങ്ങനെ!
13 നീ നിന്റെ ഹൃദയത്തിൽ പറഞ്ഞു,
“ഞാൻ സ്വർഗത്തിൽ കയറും.
ദൈവത്തിന്റെ നക്ഷത്രങ്ങൾക്കുമേൽ
ഞാനെന്റെ സിംഹാസനം ഉയർത്തും;
സമാഗമപർവതത്തിന്മേൽ സിംഹാസനാരൂഢനാകും,
സാഫോൺ പർവതത്തിന്റെ ഔന്നത്യങ്ങളിൽ ഞാൻ ഇരുന്നരുളും.
14 മേഘോന്നതികൾക്കുമീതേ ഞാൻ കയറും;
എന്നെത്തന്നെ ഞാൻ പരമോന്നതനു തുല്യനാക്കും.”
15 എന്നാൽ നീ പാതാളത്തിലേക്ക്,
നാശകൂപത്തിന്റെ അഗാധതയിലേക്കുതന്നെ താഴ്ത്തപ്പെടും.
-
13 “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക. നാശത്തിലേക്കു നയിക്കുന്ന വാതിൽ വീതിയുള്ളതും വഴി വിസ്തൃതവുമാകുന്നു; അതിലൂടെ പ്രവേശിക്കുന്നവർ അനേകരാണ്. 14 എന്നാൽ, ജീവനിലേക്കു നയിക്കുന്ന വാതിൽ എത്രയോ ഇടുങ്ങിയതും പാത ദുഷ്കരവുമാണ്; അതു കണ്ടെത്തുന്നവരോ വിരളം.
15 “ആടുകളുടെ വേഷമണിഞ്ഞ് നിങ്ങളെ സമീപിക്കുന്ന വ്യാജപ്രവാചകരെ സൂക്ഷിക്കുക; അകമേ അവർ അത്യാർത്തിപൂണ്ട ചെന്നായ്ക്കളാണ്.
-
11 പിന്നെ, ഞാൻ വലിയൊരു ശുഭ്രസിംഹാസനവും അതിന്മേൽ ഒരാളിരിക്കുന്നതും കണ്ടു. സിംഹാസനസ്ഥന്റെ സന്നിധിയിൽനിന്ന് ആകാശവും ഭൂമിയും അപ്രത്യക്ഷമായി. അവയെ പിന്നെ കണ്ടതുമില്ല.
-
6 സൈന്യങ്ങളുടെ യഹോവ ഈ പർവതത്തിൽ
സകലജനതകൾക്കുംവേണ്ടി മൃഷ്ടാന്നഭോജനങ്ങളും
നല്ല പഴക്കമേറിയ വീഞ്ഞുമുള്ള ഒരു വിരുന്നൊരുക്കും—
ഉത്തമമായ മാംസവും വിശിഷ്ടമായ വീഞ്ഞുംകൊണ്ടുതന്നെ.
7 ഈ പർവതത്തിൽവെച്ച് അവിടന്ന്
സകലജനതകളുടെയുംമേലുള്ള ആവരണം,
എല്ലാ രാഷ്ട്രങ്ങളുടെയുംമേൽ വിരിക്കപ്പെട്ട മൂടുപടം നശിപ്പിക്കും;
8 അവിടന്ന് മരണത്തെ എന്നെന്നേക്കുമായി വിഴുങ്ങിക്കളയും.
യഹോവയായ കർത്താവ് എല്ലാ കണ്ണുകളിൽനിന്നും
കണ്ണുനീർ തുടച്ചുകളയും;
തന്റെ ജനത്തിന്റെ നിന്ദ അവിടന്ന്
സകലഭൂമിയിൽനിന്നും നീക്കിക്കളയും.
യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നത്.
-
1 ഞാൻ നോക്കി: അപ്പോൾ സീയോൻ മലയിൽ കുഞ്ഞാടും അവിടത്തോടൊപ്പം നെറ്റിയിൽ കുഞ്ഞാടിന്റെയും പിതാവിന്റെയും നാമം രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന 1,44,000 പേരും ഇതാ നിൽക്കുന്നു! 2 സ്വർഗത്തിൽനിന്നൊരു ശബ്ദം ഞാൻ കേട്ടു. അത് അലറുന്ന തിരമാലപോലെയും മഹാമേഘഗർജനംപോലെയും ആയിരുന്നു. ആ ശബ്ദം അനേകം വൈണികന്മാർ ഒരുമിച്ചു വീണമീട്ടുന്നതിനു സമാനവുമായിരുന്നു. 3 സിംഹാസനത്തിനും നാലു ജീവികൾക്കും മുഖ്യന്മാർക്കുംമുമ്പാകെ അവർ പുതിയൊരു ഗീതം ആലപിച്ചു. ഭൂമിയിൽനിന്ന് വീണ്ടെടുക്കപ്പെട്ട 1,44,000 പേർക്കല്ലാതെ ആർക്കും ആ ഗീതം പഠിക്കാൻ കഴിഞ്ഞില്ല.
Shows Read in context, Share and Copy.