26 Bible Verses About Charity

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Charity
  1. 1 ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ കിലുങ്ങുന്ന ഇലത്താളമോമാത്രമാണ്. 2 എനിക്കു പ്രവചിക്കാനുള്ള കൃപാദാനം ലഭിച്ചാലും, സകലദിവ്യരഹസ്യങ്ങളും സകലജ്ഞാനവും ഗ്രഹിക്കാൻകഴിഞ്ഞാലും, മലകളെ നീക്കംചെയ്യാൻകഴിയുന്ന വിശ്വാസം ഉണ്ടായിരുന്നാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല. 3 എന്റെ സമ്പത്തെല്ലാം ഞാൻ ദാനംചെയ്താലും അഭിമാനപൂർവം എന്റെ ശരീരം ദഹിപ്പിച്ചാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നും നേടുന്നില്ല.

    4 സ്നേഹം ക്ഷമയുള്ളതാണ്, സ്നേഹം ദയയുള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല, ആത്മപ്രശംസചെയ്യുന്നില്ല, സ്നേഹം അഹങ്കരിക്കുന്നില്ല. 5 അതു അന്യരെ അപമാനിക്കുന്നില്ല, സ്വാർഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, ദോഷത്തിന്റെ കണക്കുസൂക്ഷിക്കുന്നതുമില്ല. 6 സ്നേഹം തിന്മയിൽ അഭിരമിക്കാതെ, സത്യത്തിൽ ആനന്ദിക്കുന്നു. 7 എപ്പോഴും സംരക്ഷിക്കുന്നു, എപ്പോഴും വിശ്വസിക്കുന്നു, എപ്പോഴും പ്രത്യാശിക്കുന്നു, എപ്പോഴും സഹിക്കുന്നു.

    8 സ്നേഹം എന്നെന്നും നിലനിൽക്കുന്നു. പ്രവചനം നീക്കപ്പെടും ഭാഷകൾ നിലച്ചുപോകും ജ്ഞാനവും നീക്കപ്പെടും. 9 നാം ഭാഗികമായിമാത്രം അറിയുന്നു ഭാഗികമായിമാത്രം പ്രവചിക്കുന്നു. 10 എന്നാൽ പൂർണമായതു വരുമ്പോൾ ഭാഗികമായതു നീക്കപ്പെടും. 11 ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ തർക്കിച്ചു. മുതിർന്നശേഷമോ, ശിശുസഹജമായ കാര്യങ്ങൾ ഉപേക്ഷിച്ചുകളഞ്ഞു. 12 ഇപ്പോൾ നാം കണ്ണാടിയിൽ കടങ്കഥയെന്നപോലെ അവ്യക്തമായി കാണുന്നു; അപ്പോഴോ നാം അഭിമുഖമായി കാണും. ഇപ്പോൾ ഞാൻ ഭാഗികമായി അറിയുന്നു; അപ്പോൾ, ദൈവം എന്നെ സമ്പൂർണമായി അറിയുന്നതുപോലെ എന്റെ അറിവും പൂർണതയുള്ളതായിരിക്കും.

    13 എന്നാൽ ഇപ്പോൾ, വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും സുസ്ഥിരമായിരിക്കും; ഇവയിൽ ഏറ്റവും മഹത്തായതോ സ്നേഹംതന്നെ.

  2. 1 “നിങ്ങളുടെ ധർമപ്രവൃത്തികൾ മനുഷ്യർ കാണാൻ അവരുടെമുമ്പിൽ നടത്തുന്ന പ്രകടനങ്ങൾ ആകാതിരിക്കാൻ സൂക്ഷിക്കുക; അങ്ങനെയായാൽ സ്വർഗസ്ഥപിതാവിൽനിന്ന് നിങ്ങൾക്കു യാതൊരു പ്രതിഫലവും ലഭിക്കുകയില്ല.

    2 “അതുകൊണ്ട്, കപടഭക്തർ മനുഷ്യരുടെ പ്രശംസ നേടാനായി പള്ളികളിലും തെരുവുകളിലും കാഹളം ഊതി പ്രസിദ്ധമാക്കിക്കൊണ്ട് ദാനധർമം ചെയ്യുന്നതുപോലെ നിങ്ങൾ ചെയ്യരുത്. അവർക്കുള്ള മുഴുവൻ പ്രതിഫലവും ലഭിച്ചിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 3 നിങ്ങളുടെ വലങ്കൈ ചെയ്യുന്നത് എന്തെന്ന് ഇടങ്കൈ അറിയാത്ത വിധത്തിലായിരിക്കട്ടെ നിങ്ങൾ ചെയ്യുന്ന ദാനധർമവും. 4 നിങ്ങളുടെ ദാനധർമം രഹസ്യത്തിലായിരിക്കട്ടെ. രഹസ്യത്തിൽ ചെയ്യുന്നത് കാണുന്ന നിങ്ങളുടെ പിതാവു നിങ്ങൾക്കു പ്രതിഫലംനൽകും.

  3. 7 നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്ത് ഏതെങ്കിലും നഗരത്തിൽ നിങ്ങളുടെ ഇടയിൽ ഒരു ദരിദ്രൻ ഉണ്ടെങ്കിൽ ആ ദരിദ്രസഹോദരനുനേരേ നിന്റെ ഹൃദയം കഠിനമാക്കുകയോ നീ ലുബ്ധനായിരിക്കുകയോ ചെയ്യരുത്. 8 പിന്നെയോ, അവന്റെ ആവശ്യം എന്തായാലും നീ കൈതുറന്ന് അവർക്കു വായ്പ നൽകണം. 9 “കടങ്ങൾക്ക് ഇളവുനൽകുന്ന വർഷമായ ഏഴാംവർഷം അടുത്തിരിക്കുന്നു,” എന്ന കപടവിചാരം നിന്റെ ഹൃദയത്തിലുണ്ടായിട്ട് ആവശ്യത്തിലിരിക്കുന്ന സഹോദരങ്ങളോടു ദയ കാണിക്കാതെയും അവർക്ക് ഒന്നും നൽകാതെയുമിരിക്കരുത്. അവർ നിനക്കു വിരോധമായി യഹോവയോട് അപേക്ഷിക്കും; അതിൽ നീ കുറ്റക്കാരനായിത്തീരും. 10 നീ അവർക്ക് ഔദാര്യമായി നൽകണം, ഹൃദയത്തിൽ വെറുപ്പോടെ കൊടുക്കരുത്. ഇതുനിമിത്തം നിന്റെ എല്ലാ പ്രവൃത്തികളിലും പ്രയത്നങ്ങളിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും. 11 ദരിദ്രർ ദേശത്ത് എപ്പോഴും ഉണ്ടായിരിക്കും. അതുകൊണ്ട് നിന്റെ ദേശത്ത് ദരിദ്രരും ആവശ്യത്തിലിരിക്കുന്നവരുമായ സഹയിസ്രായേല്യരെ കൈതുറന്നു സഹായിക്കണമെന്ന് ഞാൻ നിന്നോടു കൽപ്പിക്കുന്നു.

  4. 6 അൽപ്പം വിതയ്ക്കുന്നവൻ അൽപ്പം കൊയ്യും; ധാരാളം വിതയ്ക്കുന്നവൻ ധാരാളം കൊയ്യും എന്ന് ഓർക്കുക. 7 ഓരോരുത്തരും ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. വൈമനസ്യത്തോടെയോ നിർബന്ധത്താലോ ആകരുത്. കാരണം, ആനന്ദത്തോടെ കൊടുക്കുന്നവരെ ദൈവം സ്നേഹിക്കുന്നു. 8 നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും അനുസൃതമായും നിങ്ങൾ സകലസൽപ്രവൃത്തികളിലും വർധിച്ചുവരത്തക്ക വിധത്തിലും സമൃദ്ധമായ അനുഗ്രഹം നൽകാൻ ദൈവം പ്രാപ്തനാണ്.

  5. 17 ദരിദ്രരോടു ദയകാണിക്കുന്നവർ യഹോവയ്ക്കു വായ്പകൊടുക്കുന്നു,

    അവരുടെ പ്രവൃത്തികൾക്ക് അവിടന്ന് പ്രതിഫലംനൽകും.

  6. 16 ക്രിസ്തു നമുക്കുവേണ്ടി സ്വജീവൻ അർപ്പിച്ചതിനാൽ സ്നേഹം എന്തെന്നു നാം അറിയുന്നു; നാമും അതുപോലെ സഹോദരങ്ങൾക്കുവേണ്ടി ജീവൻ അർപ്പിക്കേണ്ടതാണ്. 17 ഒരാൾക്കു ഭൗതികസമ്പത്ത് ഉണ്ടായിരിക്കുകയും തന്റെ സഹോദരങ്ങളെ ബുദ്ധിമുട്ടുള്ളവരായി കണ്ടിട്ട് അവരോടു സഹതാപം തോന്നാതിരിക്കുകയും ചെയ്താൽ അയാളിൽ ദൈവസ്നേഹം വസിക്കുന്നു എന്ന് എങ്ങനെ അവകാശപ്പെടാൻ കഴിയും?

    18 കുഞ്ഞുമക്കളേ, നാം പരസ്പരം സ്നേഹിക്കുന്നു എന്ന് വൃഥാ വാചാലരാകാതെ, സ്നേഹം വാസ്തവത്തിൽ പ്രവൃത്തിപഥത്തിൽ കൊണ്ടുവരേണ്ടതാണ്. 19 ഇങ്ങനെ നാം സത്യത്തിൽനിന്നുള്ളവരെന്ന് അറിയുകയും തിരുസന്നിധിയിൽ ആത്മവിശ്വാസത്തോടെ നിൽക്കാൻ സാധിക്കുകയും ചെയ്യും.

  7. 6 “അല്ല, ഇത്തരമൊരു ഉപവാസമാണ് ഞാൻ ആഗ്രഹിക്കുന്നത്—

    അനീതിയുടെ ചങ്ങലകൾ അഴിച്ചുകളയുക,

    നുകത്തിന്റെ ബന്ധനപാശങ്ങൾ അഴിക്കുക,

    പീഡിതരെ സ്വതന്ത്രരായി വിട്ടയയ്ക്കുക,

    എല്ലാ നുകവും തകർത്തുകളയുക,

    7 വിശക്കുന്നവനു നിന്റെ അപ്പം ഭാഗിച്ചുകൊടുക്കുക,

    അലഞ്ഞുതിരിയുന്ന ദരിദ്രരെ നിന്റെ വീട്ടിൽ കൈക്കൊള്ളുക—

    നഗ്നരെ കണ്ടാൽ അവരെ വസ്ത്രം ധരിപ്പിക്കുക,

    നിന്റെ മാംസരക്തങ്ങളായവരിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കുക, ഇതല്ലേ ഞാൻ പ്രിയപ്പെടുന്ന ഉപവാസം?

    8 അപ്പോൾ നിന്റെ പ്രകാശം പ്രഭാതംപോലെ പൊട്ടിവിരിയും,

    നിന്റെ പുനഃസ്ഥാപനം വളരെവേഗം വന്നുചേരും;

    അങ്ങനെ നിന്റെ നീതി നിനക്കു മുമ്പിൽ നടക്കുകയും

    യഹോവയുടെ മഹത്ത്വം നിനക്കു പിന്നിൽ കാവലായിരിക്കുകയും ചെയ്യും.

    9 അപ്പോൾ നീ വിളിക്കും, യഹോവ ഉത്തരമരുളും;

    നീ സഹായത്തിനായി നിലവിളിക്കും; ഇതാ ഞാൻ, എന്ന് അവിടന്നു മറുപടി പറയും.

    “മർദനത്തിന്റെ നുകവും ആരോപണത്തിന്റെ വിരലും

    ഏഷണിപറയുന്നതും നിങ്ങൾ ഉപേക്ഷിച്ചാൽ,

    10 വിശക്കുന്നവർക്കായി നിന്നെത്തന്നെ വ്യയംചെയ്യുകയും

    മർദിതരുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുകയും ചെയ്യുമെങ്കിൽ,

    നിങ്ങളുടെ വെളിച്ചം ഇരുട്ടിൽ ഉദിക്കുകയും

    നിങ്ങളുടെ രാത്രി മധ്യാഹ്നംപോലെ ആകുകയും ചെയ്യും.

    11 യഹോവ നിന്നെ നിരന്തരം വഴിനടത്തും;

    വരൾച്ചയുള്ള ദേശത്ത് അവിടന്നു നിന്റെ പ്രാണനു തൃപ്തിവരുത്തുകയും

    നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും.

    നീ മതിയായി വെള്ളംകിട്ടിയ തോട്ടംപോലെയും

    വെള്ളം നിന്നുപോകാത്ത നീരുറവുപോലെയും ആകും.

  8. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 ദരിദ്രരോട് കരുതലുള്ളവർ അനുഗൃഹീതർ;

    അനർഥകാലത്ത് യഹോവ അവരെ വിടുവിക്കും

    2 യഹോവ അവരെ സംരക്ഷിക്കുകയും കാത്തുപാലിക്കുകയും ചെയ്യും—

    അവർ ദേശത്ത് അനുഗ്രഹിക്കപ്പെട്ടവരുടെ കൂട്ടത്തിലാകും—

    അവരുടെ ശത്രുക്കളുടെ ഇംഗിതത്തിനവരെ ഏൽപ്പിച്ചുകൊടുക്കുകയില്ല.

    3 അവരുടെ രോഗക്കിടക്കയിൽ യഹോവ അവരെ പരിചരിക്കും

    അവരുടെ രോഗത്തിൽനിന്ന് അവിടന്ന് അവർക്കു സൗഖ്യംനൽകും.

    4 “യഹോവേ, എന്നോടു കരുണതോന്നണമേ,

    എന്നെ സൗഖ്യമാക്കണമേ, ഞാൻ അങ്ങേക്കെതിരേ പാപംചെയ്തിരിക്കുന്നു,” എന്നു പറഞ്ഞു.

  9. 3 ഞാൻ മക്കദോന്യയിലേക്കു പോകുമ്പോൾ നിർബന്ധപൂർവം നിർദേശിച്ചതുപോലെ, നീ എഫേസോസിൽ താമസിക്കുക. അവിടെ വ്യാജ ഉപദേശങ്ങൾ പ്രചരിപ്പിക്കുന്നവരോട് അതിൽ തുടരരുത് എന്നും 4 തർക്കങ്ങൾക്കുമാത്രം വഴിതെളിക്കുന്ന കെട്ടുകഥകളിലും അനന്തമായ വംശാവലികളിലും ശ്രദ്ധചെലുത്തരുതെന്നും കൽപ്പിക്കണം. ഇവയെല്ലാം അനാവശ്യ വാദപ്രതിവാദങ്ങൾ ഉളവാക്കുന്നവയാണ്; വിശ്വാസത്തിലുള്ള ദൈവികശുശ്രൂഷയ്ക്ക് ഉപകരിക്കുന്നതുമല്ല. 5 ഞാൻ നൽകുന്ന ഈ നിർദേശത്തിന്റെ ഉദ്ദേശ്യമോ നിർമലഹൃദയം, ശുദ്ധമനസ്സാക്ഷി, കാപട്യമില്ലാത്തവിശ്വാസം ഇവയിൽനിന്ന് ഉത്ഭവിക്കുന്ന സ്നേഹംതന്നെ.

  10. 38 കൊടുക്കുക; എന്നാൽ നിങ്ങൾക്കു ലഭിക്കും; അളവുപാത്രത്തിൽ അമർത്തിക്കുലുക്കി പുറത്തേക്കു കവിയുന്ന അളവിൽ നിങ്ങളുടെ മടിയിൽ പ്രതിഫലം ലഭിക്കും. നിങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന അതേ അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും.”

  11. 33 നിങ്ങളുടെ വസ്തുവകകൾ വിറ്റു ദരിദ്രർക്കു വിതരണംചെയ്യുക. പഴകാത്ത മടിശ്ശീലയും അക്ഷയനിക്ഷേപവും സ്വർഗത്തിൽ നിങ്ങൾക്കായി കരുതും. അവിടെ കള്ളൻ അടുക്കുകയോ പുഴു നശിപ്പിക്കുയോ ചെയ്യുന്നില്ല.

  12. 7 എന്നാൽ, സകലത്തിന്റെയും അന്ത്യം ആസന്നമായിരിക്കുന്നു. അതുകൊണ്ടു നിങ്ങൾ പ്രാർഥനയിൽ സമചിത്തതയും ജാഗ്രതയും പുലർത്തുക. 8 സർവോപരി പരസ്പരം അഗാധമായി സ്നേഹിക്കുക; സ്നേഹം സംഖ്യാതീതമായ പാപങ്ങൾ മറയ്ക്കുന്നു. 9 പരാതികൂടാതെ പരസ്പരം ആതിഥ്യമര്യാദ കാണിക്കുക. 10 ദൈവത്തിൽനിന്നു ലഭിച്ച വിവിധ കൃപാദാനങ്ങളുടെ നല്ല കാര്യസ്ഥരായി ഓരോരുത്തരും തങ്ങൾക്കു ലഭിച്ചിരിക്കുന്ന ദാനങ്ങൾ മറ്റുള്ളവരെ സേവിക്കുന്നതിനായി ഉപയോഗിക്കുക.

  13. 27 ദരിദ്രർക്കു ദാനം നൽകുന്നവർക്കു യാതൊരുവിധ ദൗർലഭ്യവും ഉണ്ടാകുന്നില്ല,

    എന്നാൽ അവർക്കുനേരേ കണ്ണടയ്ക്കുന്നവർക്ക് ശാപവർഷം അനവധിയായി ഉണ്ടാകും.

  14. 42 നിന്നോട് എന്തെങ്കിലും ആവശ്യപ്പെടുന്ന വ്യക്തിക്ക് അതു നൽകുക; വായ്പവാങ്ങാൻ ഇച്ഛിക്കുന്ന വ്യക്തിയിൽനിന്ന് ഒഴിഞ്ഞുമാറരുത്.

  15. 34 “പിന്നെ രാജാവു തന്റെ വലതുഭാഗത്തുള്ളവരോട് ഇപ്രകാരം അരുളിച്ചെയ്യും, ‘എന്റെ പിതാവിന്റെ അനുഗ്രഹത്തിന് യോഗ്യരായവരേ, വരിക; ലോകസൃഷ്ടിക്കുമുമ്പേ നിങ്ങൾക്കായി ഒരുക്കപ്പെട്ടിരിക്കുന്ന രാജ്യം അവകാശമാക്കുക. 35 എനിക്കു വിശന്നു, നിങ്ങൾ എനിക്ക് ആഹാരം തന്നു; എനിക്കു ദാഹിച്ചു, നിങ്ങൾ എനിക്ക് കുടിക്കാൻ തന്നു; ഞാൻ ഒരു അപരിചിതനായിരുന്നു, എങ്കിലും നിങ്ങൾ എന്നെ വീട്ടിൽ സ്വീകരിച്ചു; 36 ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എന്നെ വസ്ത്രം ധരിപ്പിച്ചു; ഞാൻ രോഗിയായിരുന്നു, നിങ്ങൾ എന്നെ പരിചരിച്ചു; ഞാൻ കാരാഗൃഹത്തിൽ ആയിരുന്നു, നിങ്ങൾ എന്നെ സന്ദർശിച്ചു.’

  16. 41 അതുകൊണ്ട് അത്യാർത്തിയിലൂടെ സമ്പാദിച്ചതൊക്കെയും ദരിദ്രർക്കു വിതരണംചെയ്താൽ എല്ലാം വിശുദ്ധമായിത്തീരും.

  17. 1 യേശു തലയുയർത്തിനോക്കി, ധനികർ ദൈവാലയഭണ്ഡാരത്തിൽ പണം അർപ്പിച്ചുകൊണ്ടിരിക്കുന്നതു ശ്രദ്ധിച്ചു. 2 അപ്പോൾ ദരിദ്രയായ ഒരു വിധവ അവിടെ വളരെ ചെറിയ രണ്ട് ചെമ്പുനാണയങ്ങൾ അർപ്പിക്കുന്നതും അദ്ദേഹം കണ്ടു. 3 “ഈ ദരിദ്രയായ വിധവ മറ്റെല്ലാവരെക്കാളും കൂടുതൽ അർപ്പിച്ചിരിക്കുന്നു, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു. 4 മറ്റെല്ലാവരും അവരുടെ സമ്പൽസമൃദ്ധിയിൽനിന്നാണ് അർപ്പിച്ചിരിക്കുന്നത്; ഇവളോ തന്റെ ദാരിദ്ര്യത്തിൽനിന്ന്, അവളുടെ ഉപജീവനത്തിനുണ്ടായിരുന്നതു മുഴുവനും അർപ്പിച്ചിരിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.

  18. 35 ഇങ്ങനെയുള്ള കഠിനാധ്വാനംകൊണ്ടു നാം അശരണരെ സഹായിക്കണമെന്നു ഞാൻ നിങ്ങൾക്കു മാതൃക കാണിച്ചുതന്നിരിക്കുന്നു. ‘വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതിലാണ് അനുഗ്രഹം,’ എന്നുള്ള കർത്താവായ യേശുവിന്റെ വാക്കുകൾ ഓർക്കുക.”

  19. 14 എല്ലാറ്റിലും ഉപരിയായി എല്ലാവരെയുംതമ്മിൽ സമ്പൂർണമായി ബന്ധിപ്പിക്കുന്ന കണ്ണിയായ സ്നേഹം ധരിക്കുക.

  20. 24 ഒരു മനുഷ്യൻ ഉദാരമായി നൽകുന്നു, എന്നിട്ടും അതിൽ അധികമായി നേടുന്നു;

    മറ്റൊരുകൂട്ടം അനധികൃതമായി പിടിച്ചുവെക്കുന്നു, എന്നിട്ടും ദാരിദ്ര്യംമാത്രം ശേഷിക്കുന്നു.

    25 ഉദാരമനസ്കരായവർ അഭിവൃദ്ധിപ്പെടും;

    അന്യരെ ആശ്വസിപ്പിക്കുന്നവർക്ക് ആശ്വാസം ലഭിക്കും.

    26 ധാന്യം പൂഴ്ത്തിവെക്കുന്നവരെ ജനം ശപിക്കും,

    എന്നാൽ അതു വിൽക്കുന്നവരുടെ ശിരസ്സിൽ അനുഗ്രഹം വർഷിക്കും.

  21. 12 പിന്നെ യേശു തന്റെ ആതിഥേയനോടു പറഞ്ഞത്: “നീ ഒരു ഉച്ചഭക്ഷണമോ അത്താഴമോ വിരുന്നായി നൽകുമ്പോൾ നിന്റെ സ്നേഹിതരെയോ സഹോദരങ്ങളെയോ ബന്ധുക്കളെയോ ധനികരായ അയൽക്കാരെയോ ക്ഷണിക്കരുത്; ക്ഷണിച്ചാൽ അവർ തിരിച്ചു നിന്നെയും ക്ഷണിക്കും, അതായിരിക്കും നിനക്കു ലഭിക്കുന്ന ഏകപ്രതിഫലം. 13 എന്നാൽ, നീ ഒരു വിരുന്നു നടത്തുമ്പോൾ ദരിദ്രർ, വികലാംഗർ, മുടന്തർ, അന്ധർ എന്നിങ്ങനെയുള്ളവരെ ക്ഷണിക്കുക; 14 അങ്ങനെയെങ്കിൽ നീ അനുഗ്രഹിക്കപ്പെടും. നിന്റെ കടം വീട്ടാൻ അവർക്കു കഴിവില്ലെങ്കിലും നീതിനിഷ്ഠരുടെ പുനരുത്ഥാനത്തിൽ ദൈവത്തിൽനിന്ന് നിനക്ക് പ്രതിഫലം ലഭിക്കും.”

    15 യേശുവിനോടുകൂടെ ഭക്ഷണത്തിനിരുന്നവരിൽ ഒരാൾ ഇതു കേട്ട് അദ്ദേഹത്തോട്, “ദൈവരാജ്യത്തിലെ വിരുന്നിൽ പങ്കെടുക്കാൻ കഴിയുന്നയാൾ എത്ര അനുഗ്രഹിക്കപ്പെട്ടവൻ” എന്നു പറഞ്ഞു.

    16 യേശു അതിനു മറുപടിയായി പറഞ്ഞത്: “ഒരു മനുഷ്യൻ വലിയൊരു വിരുന്നൊരുക്കി, ആ വിരുന്നിന് അയാൾ അനേകരെ ക്ഷണിച്ചിരുന്നു.

  22. 1 ദൈവജനത്തിനു വേണ്ടിയുള്ള ധനശേഖരണത്തെപ്പറ്റി: ഗലാത്യസഭകളോടു ഞാൻ നിർദേശിച്ചതുപോലെതന്നെ നിങ്ങളും ചെയ്യുക. 2 ഓരോ ആഴ്ചയുടെയും ഒന്നാംദിവസം നിങ്ങളിൽ ഓരോരുത്തരും അവരവരുടെ വരുമാനം അനുസരിച്ചുള്ള ഒരു തുക മാറ്റിവെക്കണം. അങ്ങനെചെയ്താൽ, ഞാൻ വന്നതിനുശേഷം ധനശേഖരണം നടത്തേണ്ടിവരികയില്ലല്ലോ. 3 നിങ്ങളുടെ സംഭാവന ജെറുശലേമിലേക്കു കൊണ്ടുപോകാൻ ഞാൻ വന്നശേഷം നിങ്ങൾക്കു സമ്മതരായവരെ ശുപാർശക്കത്തുകളുമായി അയയ്ക്കാം.

  23. 5 ഔദാര്യത്തോടെ വായ്പകൊടുക്കുകയും

    നീതിയോടെ കാര്യങ്ങൾ നിർവഹിക്കുകയും ചെയ്യുന്നവർക്ക് നന്മയുണ്ടാകും.

    6 നീതിനിഷ്ഠർ ഒരിക്കലും കുലുങ്ങുകയില്ല;

    അവരുടെ ഓർമ എന്നും നിലനിൽക്കും.

    7 ദുർവർത്തമാനംനിമിത്തം അവർ ഭയപ്പെടുകയില്ല;

    കാരണം യഹോവയിൽ ആശ്രയിക്കുന്നതിനാൽ അവരുടെ ഹൃദയം സുസ്ഥിരമായിരിക്കുന്നു.

    8 അവരുടെ ഹൃദയം ദൃഢവും നിർഭയവും ആയിരിക്കും;

    ഒടുവിൽ തങ്ങളുടെ ശത്രുക്കളുടെ പരാജയം അവർ കാണും.

    9 അവർ വാരിവിതറി ദരിദ്രർക്കു കൊടുക്കുന്നു,

    അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു;

    അവരുടെ കൊമ്പ് അഭിമാനത്തോടെ ഉയർന്നുനിൽക്കുന്നു.

  24. 10 അപ്പോൾ ജനമെല്ലാം ഏകസ്വരത്തിൽ, “ഞങ്ങൾ എന്താണു ചെയ്യേണ്ടത്?” എന്നു ചോദിച്ചു.

    11 അതിനു യോഹന്നാൻ, “രണ്ട് ഉടുപ്പുള്ളയാൾ ഉടുപ്പൊന്നും ഇല്ലാത്തയാൾക്ക് ഒരുടുപ്പ് കൊടുക്കട്ടെ; ഭക്ഷണമുള്ള വ്യക്തിയും അങ്ങനെതന്നെ ചെയ്യട്ടെ” എന്ന് ഉത്തരം പറഞ്ഞു.

  25. 16 നന്മ ചെയ്യാനും നിങ്ങൾക്കുള്ളതു മറ്റുള്ളവരുമായി പങ്കുവെക്കാനും മറക്കരുത്; ഈ വിധ യാഗങ്ങളിലാണു ദൈവം സംപ്രീതനാകുന്നത്.

  26. 13 കരുണാരഹിതർക്ക് നിഷ്കരുണമായ ന്യായവിധി ഉണ്ടാകും. കാരുണ്യമുള്ളവരോ ന്യായവിധിയുടെമേൽ വിജയംനേടും.

    14 എന്റെ സഹോദരങ്ങളേ, ഒരാൾ തനിക്കു വിശ്വാസമുണ്ടെന്ന് അവകാശപ്പെടുകയും അതിനനുസൃതമായ പ്രവൃത്തികൾ ഇല്ലാതിരിക്കുകയും ചെയ്താൽ എന്തു പ്രയോജനം? ആ വിശ്വാസം അയാളെ രക്ഷിക്കുമോ? 15 ഒരു സഹോദരനോ സഹോദരിക്കോ വസ്ത്രം ധരിക്കാനില്ലാതെയും പ്രതിദിന ആഹാരത്തിനുള്ള മാർഗം ഇല്ലാതെയും ഇരുന്നാൽ 16 നിങ്ങളിൽ ഒരാൾചെന്ന് അയാളോട്: “വീട്ടിൽപോയി തീകായുകയും മൃഷ്ടാന്നഭോജനം കഴിക്കുകയുംചെയ്ത് സ്വസ്ഥമായിരിക്കൂ” എന്നു പറയുന്നതല്ലാതെ, അയാളുടെ സംരക്ഷണത്തിനു വേണ്ടതൊന്നും ചെയ്യുന്നില്ലെങ്കിൽ എന്തു പ്രയോജനം? 17 ഇപ്രകാരമാണ് പ്രവൃത്തിയില്ലാത്ത വിശ്വാസം സ്വയം നിർജീവമായിരിക്കുന്നത്.