70 Bible Verses About The Sabbath
Biblica® Open Malayalam Contemporary Version™ (OMCV)
-
8 ശബ്ബത്തുദിവസത്തെ വിശുദ്ധിയോടെ ആചരിക്കാൻ ഓർക്കുക. 9 ആറുദിവസം അധ്വാനിച്ച് നിങ്ങളുടെ ജോലികളെല്ലാം ചെയ്യുക; 10 എന്നാൽ ഏഴാംദിവസം നിങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു. അന്ന് നിങ്ങളോ നിങ്ങളുടെ പുത്രനോ പുത്രിയോ ദാസനോ ദാസിയോ മൃഗങ്ങളോ നിങ്ങളുടെ പട്ടണങ്ങളിൽ താമസിക്കുന്ന പ്രവാസിയോ ജോലിയൊന്നും ചെയ്യാൻ പാടില്ല; 11 എന്തുകൊണ്ടെന്നാൽ, ആറുദിവസംകൊണ്ട് യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ചിട്ട് ഏഴാംദിവസം വിശ്രമിച്ചു. ആകയാൽ യഹോവ ശബ്ബത്ത് ദിവസത്തെ അനുഗ്രഹിച്ച് അതിനെ വിശുദ്ധീകരിച്ചു.
-
1 ഇങ്ങനെ, ആകാശവും ഭൂമിയും അവയിലുള്ള സകലത്തിന്റെയും സൃഷ്ടി പൂർത്തിയായി.
2 ദൈവം ചെയ്തുകൊണ്ടിരുന്ന സകലപ്രവൃത്തിയും ഏഴാംദിവസമായപ്പോഴേക്കും പൂർത്തീകരിച്ചു; അതിനുശേഷം തന്റെ സകലപ്രവൃത്തിയിൽനിന്നും ഏഴാംദിവസം ദൈവം വിശ്രമിച്ചു. 3 സൃഷ്ടിസംബന്ധമായി അവിടന്നു ചെയ്ത സകലപ്രവൃത്തികളിൽനിന്നും സ്വസ്ഥനായതിനാൽ ഏഴാംദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്ധീകരിച്ചു.
-
12 യഹോവ മോശയോടു പിന്നെയും അരുളിച്ചെയ്തു: 13 “നീ ഇസ്രായേൽമക്കളോട് ഇപ്രകാരം പറയണം. ‘നിങ്ങൾ എന്റെ ശബ്ബത്തുകൾ ആചരിക്കണം. ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു എന്നു നിങ്ങൾ അറിയേണ്ടതിന്, ഇതു തലമുറതലമുറയായി എനിക്കും നിങ്ങൾക്കും മധ്യേയുള്ള ഒരു ചിഹ്നം ആയിരിക്കണം.
14 “ ‘നിങ്ങൾ ശബ്ബത്ത് ആചരിക്കണം; അതു നിങ്ങൾക്കു വിശുദ്ധമാണ്. ശബ്ബത്തിനെ അശുദ്ധമാക്കുന്നവർ മരണശിക്ഷ അനുഭവിക്കണം. ആ ദിവസത്തിൽ ഏതെങ്കിലും വേലചെയ്യുന്നവരെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളയണം. 15 ആറുദിവസം വേലചെയ്യണം; എന്നാൽ ഏഴാംദിവസം സ്വസ്ഥതയുടെ ശബ്ബത്ത്, അതു യഹോവയ്ക്കു വിശുദ്ധം. ശബ്ബത്തുനാളിൽ വേലചെയ്യുന്നവർ മരണശിക്ഷ അനുഭവിക്കണം. 16 അതുകൊണ്ട് ഇസ്രായേൽമക്കൾ നിത്യനിയമമായി ശബ്ബത്തിനെ തലമുറതലമുറയായി ആചരിക്കണം. 17 അത് എനിക്കും ഇസ്രായേൽമക്കൾക്കും മധ്യേ എന്നേക്കുമുള്ള ഒരു ചിഹ്നം ആകുന്നു; ആറുദിവസംകൊണ്ട് യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി; ഏഴാംദിവസം യഹോവ സ്വസ്ഥനായി വിശ്രമിച്ചു.’ ”
-
6 ക്രിസ്തുയേശുവിനെ നിങ്ങൾ കർത്താവായി സ്വീകരിച്ചിരിക്കുന്നതിനാൽ അവിടത്തോടുള്ള കൂട്ടായ്മയിൽ ജീവിക്കുക. 7 ക്രിസ്തുവിൽ നിങ്ങളുടെ വേരുകൾ ആഴത്തിൽ ഇറങ്ങിച്ചെല്ലട്ടെ; ക്രിസ്തുവെന്ന അടിസ്ഥാനത്തിന്മേലായിരിക്കട്ടെ നിങ്ങളുടെ ജീവിതം പണിതുയർത്തുന്നത്. നിങ്ങളെ ഉപദേശിച്ചിട്ടുള്ളതുപോലെ വിശ്വാസത്തിൽ ഉറച്ചുകൊണ്ട് നിങ്ങളിൽ സ്തോത്രം നിറഞ്ഞുകവിയട്ടെ.
8 തത്ത്വജ്ഞാനവും അർഥശൂന്യവും വഞ്ചന നിറഞ്ഞതുമായ മാനുഷികപാരമ്പര്യങ്ങളുംകൊണ്ട് ആരും നിങ്ങളെ അടിമപ്പെടുത്താതിരിക്കാൻ സൂക്ഷിക്കുക. അവ ക്രിസ്തുവിനല്ല അനുരൂപമായിരിക്കുന്നത്, മറിച്ച് ലോകത്തിന്റെ ആദ്യപാഠങ്ങൾക്കാണ്.
9 ക്രിസ്തുവിലല്ലയോ സർവദൈവികസത്തയും ഒരു മനുഷ്യശരീരമായി വസിക്കുന്നത്; 10 എല്ലാ ഭരണത്തിനും അധികാരത്തിനും ശിരസ്സായ ക്രിസ്തുവിൽ നിങ്ങൾ പൂർണത പ്രാപിക്കുകയുംചെയ്തിരിക്കുന്നു. 11 നിങ്ങൾ ക്രിസ്തുവിനെ സ്വീകരിച്ചപ്പോൾ നിങ്ങളുടെ ജന്മനാലുള്ള പാപസ്വഭാവത്തെ നീക്കംചെയ്യുന്ന ഒരു ആത്മികപരിച്ഛേദനം നിങ്ങൾക്കു ലഭിച്ചിരിക്കുന്നു. ഇത് ഒരു ശാരീരികപ്രക്രിയ അല്ല. 12 നിങ്ങൾ ക്രിസ്തുവിനോടുകൂടെ സംസ്കരിക്കപ്പെടുകയും ക്രിസ്തുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച ദൈവത്തിന്റെ ശക്തിയിലുള്ള വിശ്വാസത്താൽ, ക്രിസ്തുവിനോടൊപ്പം ഉയിർപ്പിക്കപ്പെടുകയും ചെയ്തു എന്നതാണ് സ്നാനത്താൽ പ്രകടമാക്കുന്നത്.
13 അതിക്രമങ്ങളിലും പരിച്ഛേദനം ഏൽക്കാത്ത പാപപ്രകൃതിയിലും മരിച്ചവരായിരുന്ന നിങ്ങളെ ദൈവം ക്രിസ്തുവിനോടുകൂടെ ജീവനുള്ളവരാക്കി. അതിക്രമങ്ങളെല്ലാം നമ്മോടു ക്ഷമിച്ചു; 14 അനുഷ്ഠാനങ്ങളുടെ ലംഘനത്താൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന ലിഖിതങ്ങളെ അവിടന്ന് മായിച്ചുകളയുകയും ക്രൂശിൽ തറച്ചു നമ്മുടെ മധ്യത്തിൽനിന്ന് നീക്കിക്കളയുകയും ചെയ്തു. 15 അവിടന്ന് ഭരണങ്ങളെയും അധികാരങ്ങളെയും നിരായുധരാക്കി ക്രൂശിൽ അവയുടെമേൽ ജയോത്സവം കൊണ്ടാടി; അവയെ പരസ്യമായ പ്രദർശനമാക്കി.
16 അതുകൊണ്ട് ഭക്ഷണപാനീയങ്ങൾ സംബന്ധിച്ചോ പെരുന്നാൾ, അമാവാസി, ശബ്ബത്ത് എന്നിവയുടെ ആചരണം സംബന്ധിച്ചോ ആരും നിങ്ങളെ വിധിക്കാൻ ഇടയാകരുത്. 17 ഇവ വരാനിരുന്നവയുടെ പ്രതിരൂപംമാത്രമാണ്; എന്നാൽ യാഥാർഥ്യം ക്രിസ്തുവാണ്. 18 സ്വന്തദർശനങ്ങളിൽ ആശ്രയിച്ച്, ജഡത്തിൽ ദുരഭിമാനംപൂണ്ട്, ശിരസ്സായവനിൽ മുറുകെ പിടിക്കാതെ കപടവിനയത്തിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിക്കുന്ന ഒരാളും നിങ്ങളെ പ്രതിഫലം നേടുന്നതിൽനിന്ന് അയോഗ്യരാക്കരുത്. 19 ശിരസ്സായ ക്രിസ്തുവിൽനിന്നാണല്ലോ ശരീരംമുഴുവനും സന്ധിബന്ധങ്ങളാലും നാഡീഞരമ്പുകളാലും ഏകീഭവിച്ചും പോഷണം സ്വീകരിച്ചും ദൈവത്തിൽനിന്നുള്ള വളർച്ച പ്രാപിക്കുന്നത്.
20 നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഈ ലോകത്തിന്റെ പ്രാഥമികപ്രമാണങ്ങൾക്കു മരിച്ചുവെങ്കിൽ, എന്തുകൊണ്ട് ലൗകികരെപ്പോലെ ജീവിച്ചുകൊണ്ട്, 21 “തൊടരുത്! രുചിക്കരുത്! പിടിക്കരുത്!” എന്നിങ്ങനെയുള്ള ചട്ടങ്ങൾക്ക് ഇപ്പോഴും കീഴ്പ്പെടുന്നു. 22 ഇവയെല്ലാം മാനുഷികകൽപ്പനകളെയും ഉപദേശങ്ങളെയും ആശ്രയിച്ചുള്ളവയും ഉപയോഗത്താൽ നശിച്ചുപോകുന്നവയുമാണ്. 23 സ്വനിർമിതങ്ങളായ ആചാരങ്ങളും കപടവിനയം, ശരീരപീഡനം എന്നിവയും പ്രത്യക്ഷത്തിൽ മഹാജ്ഞാനമായി തോന്നിയേക്കാം. എന്നാൽ, ജഡാഭിലാഷങ്ങളെ നിയന്ത്രിക്കുന്നതിന് ഇവയൊന്നും പര്യാപ്തമല്ല.
-
15 ആ കാലത്തു ചില യെഹൂദർ ശബ്ബത്തിൽ മുന്തിരിച്ചക്കു ചവിട്ടുന്നതും ധാന്യം ശേഖരിക്കുന്നതും വീഞ്ഞ്, മുന്തിരിപ്പഴം, അത്തിപ്പഴം മുതലായവയോടൊപ്പം കഴുതപ്പുറത്തു കയറ്റുന്നതും ഞാൻ കണ്ടു. ശബ്ബത്തിൽ ഇതെല്ലാം ജെറുശലേമിലേക്കു കൊണ്ടുവരികയായിരുന്നു. അതുകൊണ്ട്, ആ ദിവസം ഭക്ഷണപദാർഥങ്ങൾ വിൽക്കുന്നതിനെതിരേ ഞാൻ അവർക്കു മുന്നറിയിപ്പു നൽകി. 16 ജെറുശലേമിൽ ജീവിക്കുന്ന സോര്യർ മത്സ്യവും മറ്റു വിവിധ സാധനങ്ങളും ശബ്ബത്തിൽ ജെറുശലേമിലേക്കു കൊണ്ടുവന്ന് യെഹൂദർക്കു വിൽക്കുന്നുണ്ടായിരുന്നു. 17 യെഹൂദ്യയിലെ പ്രഭുക്കന്മാരെ ഞാൻ ശാസിച്ച് ഇപ്രകാരം പറഞ്ഞു: “ശബ്ബത്തിനെ അശുദ്ധമാക്കുന്ന ഈ ദുഷ്കർമം നിങ്ങൾ ചെയ്യുന്നതെന്ത്? 18 നമ്മുടെ പിതാക്കന്മാർ ഇതേ കാര്യംതന്നെ ചെയ്തതിനല്ലേ ദൈവം നമ്മുടെമേലും ഈ നഗരത്തിന്മേലും ഈ ദുരന്തമെല്ലാം വരുത്തിയത്? ഇപ്പോൾ ശബ്ബത്തിനെ അശുദ്ധമാക്കുകവഴി നിങ്ങൾ ഇസ്രായേലിനെതിരേ ക്രോധം വർധിപ്പിക്കുന്നു.”
19 ശബ്ബത്തിനുമുമ്പ് ജെറുശലേം നഗരകവാടങ്ങളിൽ ഇരുട്ടുപരക്കുമ്പോൾ വാതിലുകൾ അടയ്ക്കാനും, ശബ്ബത്തുകഴിയുന്നതുവരെ അവ തുറക്കാതിരിക്കാനും ഞാൻ നിർദേശം കൊടുത്തു. ശബ്ബത്തുദിവസം ഒരു ചുമടും വരാതിരിക്കേണ്ടതിന് എന്റെ ആൾക്കാരിൽ ചിലരെ ഞാൻ വാതിലുകളിൽ നിയമിച്ചു. 20 കച്ചവടക്കാരും വിവിധ സാധനങ്ങൾ വിൽക്കുന്നവരും ഒന്നുരണ്ടുതവണ ജെറുശലേമിനുപുറത്ത് രാത്രി ചെലവിട്ടു. 21 “നിങ്ങൾ മതിലിനരികെ രാത്രി ചെലവഴിക്കുന്നതെന്ത്? ഇനി ഇതാവർത്തിച്ചാൽ ഞാൻ നിങ്ങളെ അറസ്റ്റ് ചെയ്യും” എന്നു ഞാൻ അവരെ താക്കീതു ചെയ്തു. ആ കാലംമുതൽ അവർ ശബ്ബത്തിൽ വരാതായി. 22 തുടർന്ന്, ലേവ്യർ തങ്ങളെത്തന്നെ ശുദ്ധീകരിച്ച്, ശബ്ബത്തുദിവസം വിശുദ്ധമായി പാലിക്കപ്പെടേണ്ടതിന്, കവാടങ്ങൾക്കു കാവൽ നിൽക്കാൻ ഞാൻ കൽപ്പിച്ചു.
എന്റെ ദൈവമേ, ഈ കാര്യത്തിനുവേണ്ടിയും എന്നെ ഓർത്ത്, അവിടത്തെ മഹാസ്നേഹംനിമിത്തം എന്നോടു കരുണ കാണിക്കണമേ!
-
23 ഒരു ശബ്ബത്തുനാളിൽ യേശു ധാന്യം വിളഞ്ഞുനിൽക്കുന്ന ഒരു വയലിലൂടെ യാത്രചെയ്യുകയായിരുന്നു. യാത്രയ്ക്കിടയിൽ അദ്ദേഹത്തിന്റെ ശിഷ്യന്മാർ കതിരുകൾ പറിച്ചുതുടങ്ങി. 24 പരീശന്മാർ യേശുവിനോട്, “നോക്കൂ! ശബ്ബത്തുനാളിൽ അനുവദനീയമല്ലാത്തത് ഇവർ ചെയ്യുന്നതെന്ത്?” എന്നു ചോദിച്ചു.
25 അതിനുത്തരമായി യേശു: “ദാവീദും സഹയാത്രികരും തങ്ങൾക്കു ഭക്ഷണമൊന്നുമില്ലാതെ വിശന്നപ്പോൾ എന്തു ചെയ്തുവെന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ? 26 അബ്യാഥാർ മഹാപുരോഹിതന്റെ കാലത്ത് ദാവീദ് ദൈവാലയത്തിൽ പ്രവേശിച്ച്, പുരോഹിതന്മാർക്കൊഴികെ മറ്റാർക്കും ഭക്ഷിക്കാൻ അനുമതിയില്ലാത്ത, സമർപ്പിക്കപ്പെട്ട അപ്പം ഭക്ഷിക്കുകയും സഹയാത്രികർക്കു നൽകുകയും ചെയ്തു.”
27 തുടർന്ന് യേശു, “മനുഷ്യനുവേണ്ടിയാണ് ശബ്ബത്ത് ഉണ്ടാക്കപ്പെട്ടത്; മറിച്ച് മനുഷ്യൻ ശബ്ബത്തിനുവേണ്ടിയല്ല; 28 മനുഷ്യപുത്രൻ ശബ്ബത്തിന്റെയും അധിപതിയാണ്” എന്നു പറഞ്ഞു.
-
1 അന്നൊരിക്കൽ യേശു, ശബ്ബത്തുനാളിൽ ധാന്യം വിളഞ്ഞുനിൽക്കുന്ന ഒരു വയലിലൂടെ യാത്രചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാർക്ക് വിശന്നതിനാൽ അവർ കതിർ പറിച്ചുതിന്നാൻ തുടങ്ങി. 2 പരീശന്മാർ അതുകണ്ടിട്ട്, യേശുവിനോട്, “നോക്കൂ! അങ്ങയുടെ ശിഷ്യന്മാർ ശബ്ബത്തുനാളിൽ അനുവദനീയമല്ലാത്തതു ചെയ്യുന്നു” എന്നു പറഞ്ഞു.
3 അതിനുത്തരമായി യേശു: “ദാവീദും സഹയാത്രികരും തങ്ങൾക്കു വിശന്നപ്പോൾ എന്തു ചെയ്തുവെന്നു നിങ്ങൾ വായിച്ചിട്ടില്ലേ? 4 ദാവീദ് ദൈവാലയത്തിൽ പ്രവേശിച്ച്, പുരോഹിതന്മാർക്കൊഴികെ, തനിക്കോ സഹയാത്രികർക്കോ ഭക്ഷിക്കാൻ അനുമതിയില്ലാത്ത, സമർപ്പിക്കപ്പെട്ട അപ്പം ഭക്ഷിച്ചു. 5 ശബ്ബത്തുനാളിൽ വേലചെയ്യുന്നത് നിഷിദ്ധമെങ്കിലും, ദൈവാലയത്തിൽ ശുശ്രൂഷിക്കുന്ന പുരോഹിതന്മാർ ശബ്ബത്തുനാളിൽ വേലചെയ്താലും കുറ്റമില്ലാത്തവരായിരിക്കുന്നു എന്നു നിങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലേ? 6 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, ദൈവാലയത്തെക്കാൾ ശ്രേഷ്ഠൻ ഇതാ ഇവിടെ. 7 ‘യാഗമല്ല, കരുണയാണ് ഞാൻ അഭിലഷിക്കുന്നത്,’ എന്നതിന്റെ അർഥം മനസ്സിലാക്കിയിരുന്നെങ്കിൽ നിരപരാധികൾക്കുമേൽ നിങ്ങൾ കുറ്റം ആരോപിക്കുകയില്ലായിരുന്നു. 8 കാരണം, മനുഷ്യപുത്രൻ ശബ്ബത്തിന്റെ അധിപതിയാണ്.”
9 ആ സ്ഥലത്തുനിന്നു പുറപ്പെട്ട് അദ്ദേഹം യെഹൂദപ്പള്ളിയിൽ ചെന്നു. 10 കൈ ശോഷിച്ച ഒരു മനുഷ്യൻ അന്ന് അവിടെ ഉണ്ടായിരുന്നു. യേശുവിൽ കുറ്റം ആരോപിക്കാൻ പഴുതുതേടിക്കൊണ്ട് അവർ അദ്ദേഹത്തോട്, “ശബ്ബത്തുനാളിൽ സൗഖ്യമാക്കുന്നത് അനുവദനീയമോ?” എന്നു ചോദിച്ചു.
11 യേശു അവരോട്, “നിങ്ങളിൽ ആരുടെയെങ്കിലും ഒരു ആട് ശബ്ബത്തുനാളിൽ കുഴിയിൽ വീണുപോയി എന്നിരിക്കട്ടെ; അങ്ങനെ സംഭവിച്ചാൽ നിങ്ങൾ അതിനെ അവിടെനിന്നു കയറ്റുകയില്ലേ? 12 ആടിനെക്കാൾ മനുഷ്യൻ എത്രയോ മൂല്യവാൻ! അതുകൊണ്ട്, ശബ്ബത്തുനാളിൽ നന്മ ചെയ്യുന്നതാണ് നിയമവിധേയം” എന്നു പറഞ്ഞു.
13 അതിനുശേഷം യേശു കൈ ശോഷിച്ച മനുഷ്യനോട്, “നിന്റെ കൈനീട്ടുക” എന്നു പറഞ്ഞു. അയാൾ കൈനീട്ടി; ഉടനെ അതു മറ്റേ കൈപോലെ പൂർണ ആരോഗ്യമുള്ളതായി. 14 അപ്പോൾ പരീശന്മാർ അവിടെനിന്ന് പുറപ്പെട്ട് യേശുവിനെ എങ്ങനെ വധിക്കാൻ കഴിയും എന്ന് ഗൂഢാലോചന നടത്തി.
-
18 അത് അവർ ഓമെർകൊണ്ട് അളന്നപ്പോൾ, കൂടുതൽ ശേഖരിച്ചവർക്കു കൂടുതലോ കുറച്ചു ശേഖരിച്ചവർക്കു കുറവോ കണ്ടില്ല. ഓരോരുത്തരും അവരവർക്ക് ആവശ്യമുള്ളത്രയും ശേഖരിച്ചു.
19 മോശ അവരോട്, “ആരും അതിൽനിന്ന് രാവിലെവരെ മിച്ചം വെച്ചേക്കരുത്” എന്നു പറഞ്ഞു.
20 എങ്കിലും അവരിൽ ചിലർ മോശ പറഞ്ഞതു കൂട്ടാക്കിയില്ല; അതിൽ ഒരു അംശം രാവിലെവരെ സൂക്ഷിച്ചുവെച്ചു. എന്നാൽ അതു പുഴുവരിച്ചു നാറി. മോശ അവരോടു കോപിച്ചു.
21 ഓരോ ദിവസവും ഓരോരുത്തരും തനിക്ക് ആവശ്യമുള്ളേടത്തോളം ശേഖരിക്കും; വെയിൽ മൂക്കുമ്പോൾ അത് ഉരുകിപ്പോകും. 22 ആറാംദിവസം അവർ ഇരട്ടി ശേഖരിച്ചു—അതായത്, ഒരാൾക്ക് രണ്ട് ഓമെർ. സമൂഹത്തിലെ നേതാക്കന്മാർ വന്ന് ഇക്കാര്യം മോശയോട് അറിയിച്ചു. 23 അദ്ദേഹം അവരോടു പറഞ്ഞു, “യഹോവ കൽപ്പിച്ചിരിക്കുന്നത് ഇതാണ്: ‘നാളെ വിശ്രമത്തിനുള്ള ദിവസവും യഹോവയ്ക്കു വിശുദ്ധ ശബ്ബത്തുദിനവും ആയിരിക്കണം. ആകയാൽ, നിങ്ങൾ ചുടാൻ ആഗ്രഹിക്കുന്നതു ചുടുകയും പുഴുങ്ങാൻ ആഗ്രഹിക്കുന്നതു പുഴുങ്ങുകയും വേണം. ശേഷിക്കുന്നത് രാവിലെവരെ സൂക്ഷിച്ചുവെച്ചേക്കണം.’ ”
24 അങ്ങനെ അവർ മോശ കൽപ്പിച്ചതുപോലെ അതു രാവിലെവരെ സൂക്ഷിച്ചു. അതിൽനിന്ന് ദുർഗന്ധം വമിച്ചതുമില്ല; പുഴുത്തതുമില്ല. 25 മോശ പറഞ്ഞു, “ഈ ദിവസം യഹോവയ്ക്കു ശബ്ബത്താകുകയാൽ അത് ഇന്നു തിന്നുകൊള്ളണം. ഇന്നു നിങ്ങൾ നിലത്ത് അതു കാണുകയില്ല. 26 ആറുദിവസം നിങ്ങൾക്ക് അതു ശേഖരിക്കാം, എന്നാൽ ശബ്ബത്തായ ഏഴാംദിവസം അത് ഉണ്ടായിരിക്കുകയില്ല.”
27 എന്നിരുന്നാലും, ചില ആളുകൾ ഏഴാംദിവസം അതു ശേഖരിക്കാൻ പുറത്തേക്കുപോയി. എന്നാൽ അവർ ഒന്നും കണ്ടെത്തിയില്ല. 28 അപ്പോൾ യഹോവ മോശയോട് അരുളിച്ചെയ്തു, “എത്രകാലം നിങ്ങൾ എന്റെ കൽപ്പനകളും നിർദേശങ്ങളും അനുസരിക്കാതിരിക്കും? 29 യഹോവ നിങ്ങൾക്കു ശബ്ബത്തു തന്നിരിക്കുന്നെന്ന് ഓർക്കുക; അതുകൊണ്ടാണ് അവിടന്ന് ആറാംദിവസം നിങ്ങൾക്ക് രണ്ടു ദിവസത്തേക്കുള്ള അപ്പം തരുന്നത്. ഏഴാംദിവസം ഓരോരുത്തരും അവരവരുടെ സ്ഥലത്തുതന്നെ ഉണ്ടായിരിക്കണം. ആരും പുറത്തേക്കു പോകരുത്.” 30 അങ്ങനെ, ജനം ഏഴാംദിവസം വിശ്രമിച്ചു.
-
13 “നീ എന്റെ വിശുദ്ധദിവസത്തിൽ സ്വന്തം അഭീഷ്ടം പ്രവർത്തിക്കാതെയും
ശബ്ബത്തു ലംഘിക്കാതെ നിന്റെ കാലുകൾ അടക്കിവെക്കുകയും
ശബ്ബത്തിനെ ഒരു പ്രമോദമെന്നും
യഹോവയുടെ വിശുദ്ധദിവസം ആദരണീയമെന്നും കരുതുകയും
നിന്റെ സ്വന്തം വഴിക്കു തിരിയാതെയും സ്വന്തം ഇഷ്ടം ചെയ്യാതെയും
വ്യർഥസംസാരത്തിലേർപ്പെടാതെയും ആ ദിവസത്തെ ആദരിക്കുകയും ചെയ്യുമെങ്കിൽ,
14 നീ യഹോവയിൽ ആനന്ദം കണ്ടെത്തും;
ദേശത്തെ ഉന്നതസ്ഥാനങ്ങളിൽ ജയഘോഷത്തോടെ സവാരിചെയ്യുന്നതിനും
നിന്റെ പിതാവായ യാക്കോബിന്റെ അവകാശം ആസ്വദിക്കുന്നതിനും ഞാൻ ഇടയാക്കും.”
യഹോവയുടെ വായ് ഇത് അരുളിച്ചെയ്തിരിക്കുന്നു.
-
22 അപ്പോൾത്തന്നെ അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരും സഭമുഴുവനും ചേർന്ന് തങ്ങളുടെ കൂട്ടത്തിലുള്ള ചിലരെ തെരഞ്ഞെടുത്ത് പൗലോസിനോടും ബർന്നബാസിനോടുംകൂടെ അന്ത്യോക്യയിലേക്കയയ്ക്കണമെന്നു നിശ്ചയിച്ചു. സഹോദരങ്ങൾക്കിടയിൽ നേതൃത്വം വഹിച്ചിരുന്നവരായ ബർശബാസ് എന്നു വിളിക്കുന്ന യൂദായെയും ശീലാസിനെയും അവർ തെരഞ്ഞെടുത്തു. 23 അവരുടെ കൈയിൽ കൊടുത്തയച്ച കത്തിൽ ഇങ്ങനെ എഴുതിയിരുന്നു:
അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരുമായ സഹോദരന്മാർ,
അന്ത്യോക്യാനഗരത്തിലും സിറിയ, കിലിക്യ എന്നീ പ്രവിശ്യകളിലുമുള്ള യെഹൂദേതരരായ വിശ്വാസികൾക്ക് എഴുതുന്നത്:
നിങ്ങൾക്കെല്ലാവർക്കും വന്ദനം!
24 ഞങ്ങൾ അധികാരപ്പെടുത്താതെ, ചിലർ ഞങ്ങളുടെയിടയിൽനിന്ന് വന്നു നിങ്ങളെ ശല്യപ്പെടുത്തുകയും അവരുടെ വാക്കുകളാൽ നിങ്ങളുടെ മനസ്സുകൾ അസ്വസ്ഥമാക്കുകയും ചെയ്തുവെന്നു ഞങ്ങൾ കേട്ടു. 25 അതുകൊണ്ടു ചിലരെ തെരഞ്ഞെടുത്ത്, നമ്മുടെ പ്രിയസ്നേഹിതരായ ബർന്നബാസിനോടും പൗലോസിനോടുംകൂടെ നിങ്ങളുടെ അടുത്തേക്കയയ്ക്കണമെന്നു ഞങ്ങൾ ഏകമനസ്സോടെ തീരുമാനിച്ചു. 26 അവർ ഇരുവരും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിനുവേണ്ടി സ്വന്തം ജീവൻപോലും പണയപ്പെടുത്തിയവരാണല്ലോ. 27 ആകയാൽ, ഞങ്ങൾ എഴുതി അയയ്ക്കുന്ന അതേ കാര്യങ്ങൾ യൂദായുടെയും ശീലാസിന്റെയും വാമൊഴിയാലും കേട്ട് ഉറപ്പുവരുത്തുന്നതിന് ബർന്നബാസിന്റെയും പൗലോസിന്റെയും കൂടെ അവരെയും അയയ്ക്കുന്നു. 28 താഴെപ്പറയുന്ന കാര്യങ്ങൾ ഒഴികെ മറ്റൊന്നും അടിച്ചേൽപ്പിച്ച് നിങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നിയിരിക്കുന്നു: 29 വിഗ്രഹാർപ്പിതഭക്ഷണം, രക്തം, ശ്വാസംമുട്ടിച്ചു കൊന്നവ, ലൈംഗികാധർമം എന്നിവ നിങ്ങൾ വർജിക്കണം; ഈ കാര്യങ്ങളിൽനിന്ന് ഒഴിഞ്ഞിരിക്കുന്നതു നല്ലത്.
നിങ്ങൾക്കു ശുഭാശംസകൾ!
30 അങ്ങനെ അവർ വിടവാങ്ങി, അന്ത്യോക്യയിലെത്തി; സഭയെ കൂട്ടിവരുത്തി കത്തു കൊടുത്തു. 31 ജനങ്ങൾ അതു വായിച്ച് അതിലെ പ്രോത്സാഹജനകമായ സന്ദേശംനിമിത്തം ആനന്ദിച്ചു. 32 പ്രവാചകന്മാർ ആയിരുന്ന യൂദായും ശീലാസും അനേകം വചനങ്ങളാൽ സഹോദരങ്ങളെ പ്രബോധിപ്പിക്കുകയും വിശ്വാസത്തിൽ ഉറപ്പിക്കുകയും ചെയ്തു. 33 കുറെക്കാലംകൂടി അവിടെ താമസിച്ചശേഷം, തങ്ങളെ അയച്ച ജെറുശലേമിലെ സഹോദരങ്ങളുടെ അടുത്തേക്ക് സമാധാനാശംസയോടെ സഹോദരന്മാർ അവരെ തിരികെ അയച്ചു. 34-35 എന്നാൽ, പൗലോസും ബർന്നബാസും അന്ത്യോക്യയിൽത്തന്നെ തുടർന്നു. അവിടെ അവരും അവരോടൊപ്പം മറ്റുപലരും കർത്താവിന്റെ വചനം പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തുപോന്നു.
-
12 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൽപ്പിച്ചതുപോലെ ശബ്ബത്തുദിവസത്തെ വിശുദ്ധിയോടെ ആചരിക്കണം. 13 ആറുദിവസം അധ്വാനിച്ച് നിങ്ങളുടെ ജോലികളെല്ലാം ചെയ്യുക. 14 എന്നാൽ ഏഴാംദിവസം നിങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു. അന്ന് നിങ്ങളോ നിങ്ങളുടെ പുത്രനോ പുത്രിയോ ദാസനോ ദാസിയോ കാള, കഴുത തുടങ്ങി ഏതെങ്കിലും മൃഗങ്ങളോ നിങ്ങളുടെ പട്ടണങ്ങളിൽ താമസിക്കുന്ന പ്രവാസിയോ ജോലിയൊന്നും ചെയ്യാൻ പാടില്ല. നിങ്ങളുടെ ദാസനും ദാസിയും നിങ്ങളെപ്പോലെ സ്വസ്ഥതയോടെ ഇരിക്കേണ്ടതാണ്. 15 നിങ്ങൾ ഈജിപ്റ്റിൽ അടിമകളായിരുന്നു എന്നും അവിടെനിന്നു നിങ്ങളെ നിങ്ങളുടെ ദൈവമായ യഹോവ ശക്തിയുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും വിടുവിച്ചു എന്നും ഓർക്കുക. അതുകൊണ്ടാണ് ശബ്ബത്തുദിവസം ആചരിക്കണമെന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൽപ്പിച്ചത്.
-
20 അവരോട് ഇപ്രകാരം പറയുക: ‘ഈ കവാടങ്ങളിലൂടെ പ്രവേശിക്കുന്ന യെഹൂദാരാജാക്കന്മാരേ, സകല യെഹൂദാജനങ്ങളേ, എല്ലാ ജെറുശലേംനിവാസികളേ, നിങ്ങൾ യഹോവയുടെ വചനം കേൾക്കുക. 21 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ശബ്ബത്തുദിവസത്തിൽ യാതൊരു ചുമടും ചുമക്കാതെയും ജെറുശലേം കവാടങ്ങളിലൂടെ യാതൊരു ചുമടും അകത്തേക്കു കൊണ്ടുപോകാതെയും സൂക്ഷിച്ചുകൊള്ളുക. 22 നിങ്ങളുടെ ഭവനങ്ങളിൽനിന്ന്, ശബ്ബത്തുനാളിൽ, യാതൊരു ചുമടും പുറത്തേക്കു കൊണ്ടുപോകാതെയും യാതൊരു വേലയും ചെയ്യാതെയും, ഞാൻ നിങ്ങളുടെ പൂർവികന്മാരോടു കൽപ്പിച്ചതുപോലെ ശബ്ബത്തുനാളിനെ വിശുദ്ധീകരിക്കുക. 23 എന്നാൽ അവർ ഈ കൽപ്പന ശ്രദ്ധിക്കുകയോ അതിനു ചെവിചായ്ക്കുകയോ ചെയ്തില്ല; അവർ കേട്ടനുസരിക്കാതെയും ഉപദേശം കൈക്കൊള്ളാതെയും ദുശ്ശാഠ്യമുള്ളവരായിത്തീർന്നു. 24 നിങ്ങൾ ജാഗ്രതയോടെ എന്റെ വചനം ശ്രദ്ധിച്ച് ശബ്ബത്തുനാളിൽ ഈ നഗരകവാടങ്ങളിലൂടെ യാതൊരു ചുമടും കൊണ്ടുപോകാതെ ശബ്ബത്തിനെ വിശുദ്ധീകരിക്കുകയും അന്നു യാതൊരു വേലയും ചെയ്യാതിരിക്കുകയും ചെയ്യുമെങ്കിൽ, 25 ദാവീദിന്റെ സിംഹാസനത്തിൽ ഉപവിഷ്ടരായിരിക്കുന്ന രാജാക്കന്മാർ അവരുടെ അധികാരികളുമായി ഈ കവാടത്തിലൂടെ വന്നുചേരും. അവരും അവരുടെ അധികാരികളും യെഹൂദാഗോത്രത്തിലെ പുരുഷന്മാരും ജെറുശലേംനിവാസികളും ഒരുമിച്ച് രഥങ്ങളിലും കുതിരപ്പുറത്തും സവാരിചെയ്ത് ഈ നഗരത്തിൽ വന്നുചേരും. അത് എന്നേക്കും ജനവാസമുള്ളതായി തീരുകയും ചെയ്യും, എന്ന് യഹോവയുടെ അരുളപ്പാട്. 26 അവർ യെഹൂദാപട്ടണങ്ങളിൽനിന്നും ജെറുശലേമിനു ചുറ്റുമുള്ള ഗ്രാമങ്ങളിൽനിന്നും ബെന്യാമീൻദേശത്തുനിന്നും പശ്ചിമഭാഗത്തെ കുന്നിൻപ്രദേശത്തുനിന്നും ദക്ഷിണദേശത്തുനിന്നും ഹോമയാഗങ്ങളും ഹനനയാഗങ്ങളും ഭോജനയാഗങ്ങളും സുഗന്ധവർഗവും കൊണ്ടുവരും. യഹോവയുടെ ആലയത്തിൽ അവർ സ്തോത്രയാഗങ്ങളും അർപ്പിക്കും. 27 എന്നാൽ ശബ്ബത്തുനാളിനെ വിശുദ്ധീകരിക്കാനും ജെറുശലേമിന്റെ കവാടങ്ങളിലൂടെ ചുമടു ചുമന്നുകൊണ്ടുപോകാതിരിക്കാനും നിങ്ങൾ എന്റെ വാക്കുകേട്ട് അനുസരിക്കുന്നില്ലെങ്കിൽ ഞാൻ അതിന്റെ കവാടങ്ങളിൽ തീ കൊളുത്തുകയും അതു കെട്ടുപോകാതെ ജെറുശലേമിലെ കൊട്ടാരങ്ങളെ ദഹിപ്പിക്കുകയും ചെയ്യും.’ ”
-
2 ശബ്ബത്തിനെ അശുദ്ധമാക്കാതെ അതു പാലിക്കുക
തിന്മ പ്രവർത്തിക്കാതെ തങ്ങളുടെ കൈകളെ സൂക്ഷിക്കുക
ഇവ ചെയ്യുന്ന മനുഷ്യർ അനുഗൃഹീതർ,
ഇവ മുറുകെപ്പിടിക്കുന്നവരുംതന്നെ.”
3 “യഹോവ എന്നെ തന്റെ ജനത്തിൽനിന്ന് നിശ്ശേഷം അകറ്റിയിരിക്കുന്നു,”
എന്ന് യഹോവയോടു ചേർന്നിട്ടുള്ള ഒരു വിദേശിയും പറയാതിരിക്കട്ടെ.
“ഞാൻ ഉണങ്ങിയ ഒരു വൃക്ഷമാണ്,”
എന്ന് ഒരു ഷണ്ഡനും പറയാതിരിക്കട്ടെ.
4 കാരണം യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“എന്റെ ശബ്ബത്തുകളെ ആചരിക്കുകയും
എനിക്കു പ്രസാദകരമായവ തെരഞ്ഞെടുക്കുകയും
എന്റെ ഉടമ്പടി പാലിക്കുകയും ചെയ്യുന്ന ഷണ്ഡന്മാരോട്—
5 അവർക്കും ഞാൻ എന്റെ ആലയത്തിലും എന്റെ മതിൽക്കെട്ടിനുള്ളിലും
പുത്രീപുത്രന്മാരെക്കാൾ മെച്ചമായൊരു
സ്മാരകവും പേരും നൽകും;
എന്നെന്നും നിലനിൽക്കുന്ന
ഒരു ശാശ്വതനാമം ഞാൻ അവർക്കു നൽകും.
6 യഹോവയെ സേവിക്കാനും
അവിടത്തെ നാമം സ്നേഹിക്കാനും
അവിടത്തെ ദാസരായിരിക്കാനും
യഹോവയോടു ചേർന്നിട്ടുള്ള എല്ലാ യെഹൂദേതരരെയും,
ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കുകയും
എന്റെ ഉടമ്പടി പാലിക്കുകയും ചെയ്യുന്ന എല്ലാവരെയും—
7 ഞാൻ എന്റെ വിശുദ്ധപർവതത്തിലേക്ക് കൊണ്ടുവരും,
എന്റെ പ്രാർഥനാലയത്തിൽ അവരെ സന്തുഷ്ടരാക്കിത്തീർക്കും.
അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും
എന്റെ യാഗപീഠത്തിന്മേൽ സ്വീകാര്യമായിത്തീരും.
എന്റെ ആലയം സകലജനതകൾക്കുമുള്ള
പ്രാർഥനാലയം എന്നു വിളിക്കപ്പെടും.”
-
1 യഹോവ മോശയോട് അരുളിച്ചെയ്തു: 2 “ഇസ്രായേൽമക്കളോടു സംസാരിച്ച് അവരോട് ഇപ്രകാരം പറയുക: ‘സ്ഥാപിക്കപ്പെട്ട എന്റെ ഉത്സവങ്ങൾ, വിശുദ്ധസഭായോഗങ്ങളായി നിങ്ങൾ വിളംബരം ചെയ്യേണ്ട യഹോവയുടെ ഉത്സവങ്ങൾ, ഇവയാണ്:
3 “ ‘നിങ്ങൾക്കു ജോലിചെയ്യാൻ ആറുദിവസമുണ്ട്, എന്നാൽ ഏഴാംദിവസം വിശ്രമത്തിനുള്ള ശബ്ബത്താണ്. വിശുദ്ധസഭായോഗത്തിനുള്ള ദിവസം. നിങ്ങൾ എവിടെ താമസിച്ചാലും നിങ്ങൾ ജോലിയൊന്നും ചെയ്യരുത്; അതു യഹോവയുടെ ശബ്ബത്താണ്.
-
11 അവർക്കു ഞാൻ എന്റെ ഉത്തരവുകൾ നൽകുകയും എന്റെ നിയമങ്ങൾ അവരെ അറിയിക്കുകയും ചെയ്തു. അവയെ പ്രമാണിക്കുന്ന മനുഷ്യൻ അവയാൽ ജീവിക്കും. 12 മാത്രമല്ല, എനിക്കും അവർക്കും മധ്യേ ഒരു ചിഹ്നമായിരിക്കേണ്ടതിനും ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു എന്ന് അവർ അറിയുന്നതിനുംവേണ്ടി ഞാൻ എന്റെ ശബ്ബത്തുകൾ അവർക്കു കൽപ്പിച്ചുകൊടുത്തു.
13 “ ‘എന്നാൽ ഇസ്രായേൽജനം മരുഭൂമിയിൽവെച്ച് എന്നോടു മത്സരിച്ചു; അവർ എന്റെ ഉത്തരവുകൾ പാലിക്കാതെ എന്റെ നിയമങ്ങൾ നിരസിച്ചു—അവയെ പ്രമാണിക്കുന്ന മനുഷ്യൻ അവയാൽ ജീവിക്കും—എന്റെ ശബ്ബത്തുകളെ അവർ അത്യന്തം അശുദ്ധമാക്കി. അപ്പോൾ അവരെ സംഹരിക്കേണ്ടതിന് മരുഭൂമിയിൽവെച്ച് എന്റെ ക്രോധം അവരുടെമേൽ ചൊരിയാൻ ഞാൻ നിശ്ചയിച്ചു. 14 ഞാൻ അവരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചതു കണ്ട രാഷ്ട്രങ്ങളുടെ ദൃഷ്ടിയിൽ എന്റെ നാമം മലിനമാകാതിരിക്കേണ്ടതിന് ഞാൻ അതിനുവേണ്ടി പ്രവർത്തിച്ചു.
-
32 ഇസ്രായേല്യർ മരുഭൂമിയിലായിരിക്കുമ്പോൾ, ശബ്ബത്തുദിവസത്തിൽ ഒരു മനുഷ്യൻ വിറകുപെറുക്കുന്നതുകണ്ടു. 33 അയാൾ വിറകു പെറുക്കുന്നതു കണ്ടവർ അയാളെ മോശയുടെയും അഹരോന്റെയും സർവസഭയുടെയും മുമ്പാകെ കൊണ്ടുവന്നു. 34 ആ മനുഷ്യനോട് എന്തുചെയ്യണമെന്നു വ്യക്തമല്ലാതിരുന്നതിനാൽ അവർ അയാളെ തടങ്കലിൽ വെച്ചു. 35 അതിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തു: “ആ മനുഷ്യൻ മരിക്കണം. സർവസഭയും അയാളെ പാളയത്തിനു പുറത്തുവെച്ചു കല്ലെറിയണം.” 36 അങ്ങനെ സഭ അയാളെ പാളയത്തിനുപുറത്തു കൊണ്ടുപോയി. യഹോവ മോശയോടു കൽപ്പിച്ചതുപോലെ കല്ലെറിഞ്ഞുകൊന്നു.
-
1 മോശ, ഇസ്രായേൽജനത്തിന്റെ സംഘത്തെ മുഴുവനും കൂട്ടിവരുത്തി. അവരോട് ഇപ്രകാരം സംസാരിച്ചു: “നിങ്ങൾ ചെയ്യണമെന്നു യഹോവ കൽപ്പിച്ചിരിക്കുന്ന വചനങ്ങൾ ഇവയാണ്: 2 ആറുദിവസം അധ്വാനിക്കണം; എന്നാൽ, ഏഴാംദിവസം നിങ്ങൾക്ക് വിശുദ്ധമായി യഹോവയ്ക്ക് സ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കണം. അന്നു വേലചെയ്യുന്നവൻ മരണശിക്ഷ അനുഭവിക്കണം. 3 ശബ്ബത്ത് നാളിൽ നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും തീ കത്തിക്കരുത്.”
-
16 യേശു, അദ്ദേഹം വളർന്ന സ്വന്തം പട്ടണമായ നസറെത്തിലേക്കു യാത്രയായി. അദ്ദേഹം ശബ്ബത്തുദിവസത്തിൽ പതിവനുസരിച്ച് പള്ളിയിൽ ചെന്ന് വായിക്കാൻ എഴുന്നേറ്റുനിന്നു. 17 യെശയ്യാപ്രവാചകന്റെ പുസ്തകച്ചുരുൾ അദ്ദേഹത്തിനു നൽകി. ചുരുൾ നിവർത്തി ഇങ്ങനെ എഴുതപ്പെട്ട ഭാഗം അദ്ദേഹം എടുത്തു.
18 “ദരിദ്രരോടു സുവിശേഷം അറിയിക്കാൻ
കർത്താവ് എന്നെ അഭിഷേകം ചെയ്തിരിക്കുകയാൽ
അവിടത്തെ ആത്മാവ് എന്റെമേലുണ്ട്.
തടവുകാർക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കാനും
അന്ധർക്കു കാഴ്ചയും
മർദിതർക്കു മോചനവും നൽകാനും,
19 കർത്താവിന്റെ പ്രസാദവർഷം പ്രസംഗിക്കാനും,
എന്നെ അയച്ചിരിക്കുന്നു.”
20 പിന്നെ യേശു പുസ്തകച്ചുരുൾ ചുരുട്ടി ശുശ്രൂഷകനു തിരികെ കൊടുത്തിട്ട് ഇരുന്നു. പള്ളിയിലുണ്ടായിരുന്ന എല്ലാവരും അദ്ദേഹത്തെ ശ്രദ്ധിച്ചുനോക്കി. 21 അദ്ദേഹം അവരോട്, “നിങ്ങൾ കേട്ട ഈ തിരുവെഴുത്ത് ഇന്ന് നിവൃത്തിയായിരിക്കുകയാണ്” എന്നു പറഞ്ഞു.
-
50 ന്യായാധിപസമിതിയിലെ ഒരംഗവും നല്ലവനും നീതിനിഷ്ഠനുമായ യോസേഫ് എന്നു പേരുള്ള ഒരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. 51 അയാൾ അവരുടെ തീരുമാനത്തിനും അത് നടപ്പിലാക്കിയതിനും അനുകൂലമായിരുന്നില്ല. അയാൾ അരിമഥ്യ എന്ന യെഹൂദാപട്ടണത്തിൽനിന്നുള്ളയാളും ദൈവരാജ്യത്തിന്റെ വരവിനായി കാത്തിരുന്നയാളുമായിരുന്നു. 52 അയാൾ പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ മൃതദേഹം വിട്ടുതരണമെന്നപേക്ഷിച്ചു. 53 പിന്നെ അയാൾ യേശുവിന്റെ ശരീരം താഴെയിറക്കി മൃദുലവസ്ത്രത്തിൽ പൊതിഞ്ഞ്, പാറയിൽ വെട്ടിയുണ്ടാക്കിയിരുന്നതും ആരെയും അതുവരെ അടക്കിയിട്ടില്ലാത്തതുമായ ഒരു കല്ലറയിൽ സംസ്കരിച്ചു. 54 അന്ന് ഒരുക്കനാളായിരുന്നു; ശബ്ബത്ത് ആരംഭിക്കാനുള്ള സമയവും അടുത്തിരുന്നു.
55 ഗലീലയിൽനിന്ന് യേശുവിനോടൊപ്പം വന്ന സ്ത്രീകൾ യോസേഫിന്റെ പിന്നാലെചെന്ന്, കല്ലറയും അതിൽ മൃതദേഹം സംസ്കരിച്ച വിധവും കണ്ടു. 56 തുടർന്ന് അവർ ഭവനത്തിലേക്കു പോയി സുഗന്ധദ്രവ്യങ്ങളും പരിമളതൈലവും ഒരുക്കിവെച്ചു. കൽപ്പനയനുസരിച്ച് ശബ്ബത്തുനാളിൽ അവർ വിശ്രമിച്ചു.
-
1 ഒരു ശബ്ബത്തുനാളിൽ യേശു ധാന്യം വിളഞ്ഞുനിൽക്കുന്ന ഒരു വയലിലൂടെ യാത്രചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാർ കതിരുകൾ പറിച്ചു കൈകളിൽവെച്ചു തിരുമ്മി ധാന്യം തിന്നാൻതുടങ്ങി. 2 അപ്പോൾ, “ശബ്ബത്തുനാളിൽ അനുവദനീയമല്ലാത്തതു നിങ്ങൾ ചെയ്യുന്നതെന്ത്?” എന്നു ചില പരീശന്മാർ ചോദിച്ചു.
3 അതിനുത്തരമായി യേശു അവരോട്, “ദാവീദും സഹയാത്രികരും തങ്ങൾക്കു വിശന്നപ്പോൾ എന്തു ചെയ്തുവെന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ? 4 ദാവീദ് ദൈവാലയത്തിൽ പ്രവേശിച്ച്, പുരോഹിതന്മാർക്കൊഴികെ മറ്റാർക്കും ഭക്ഷിക്കാൻ അനുമതിയില്ലാത്ത, സമർപ്പിക്കപ്പെട്ട അപ്പം ഭക്ഷിക്കുകയും സഹയാത്രികർക്കു നൽകുകയും ചെയ്തു.” 5 തുടർന്ന് യേശു, “മനുഷ്യപുത്രൻ ശബ്ബത്തിന്റെ അധിപതിയാണ്” എന്നു പറഞ്ഞു.
6 മറ്റൊരു ശബ്ബത്തുനാളിൽ അദ്ദേഹം യെഹൂദരുടെ പള്ളിയിൽച്ചെന്ന് ഉപദേശിച്ചുകൊണ്ടിരിക്കുകയായിരുന്നു. വലതുകൈ ശോഷിച്ചുപോയ ഒരു മനുഷ്യൻ അന്ന് അവിടെ ഉണ്ടായിരുന്നു. 7 പരീശന്മാരും വേദജ്ഞരും യേശുവിന്റെമേൽ കുറ്റം ആരോപിക്കാൻ പഴുതു തേടുകയായിരുന്നതുകൊണ്ട് അദ്ദേഹം ശബ്ബത്തുനാളിൽ സൗഖ്യമാക്കുമോ എന്ന് അവർ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു. 8 എന്നാൽ, അവരുടെ വിചാരം ഗ്രഹിച്ചിട്ട് യേശു, കൈ ശോഷിച്ച മനുഷ്യനോട്, “എഴുന്നേറ്റ് എല്ലാവരുടെയും മുമ്പിൽ നിൽക്കുക” എന്നു പറഞ്ഞു. അയാൾ അവിടെ എഴുന്നേറ്റുനിന്നു.
9 തുടർന്ന് യേശു അവരോട് ഇങ്ങനെ ചോദിച്ചു: “ഞാൻ നിങ്ങളോടു ചോദിക്കട്ടെ, ശബ്ബത്തുനാളിൽ നന്മ ചെയ്യുന്നതോ തിന്മചെയ്യുന്നതോ ജീവൻ രക്ഷിക്കുന്നതോ അതിനെ നശിപ്പിക്കുന്നതോ ഏതാണ് നിയമവിധേയം?”
10 അദ്ദേഹം അവരെ ഓരോരുത്തരെയും സൂക്ഷിച്ച് നോക്കി. തുടർന്ന് കൈ ശോഷിച്ച മനുഷ്യനോട്, “നിന്റെ കൈനീട്ടുക” എന്നു പറഞ്ഞു. അയാൾ അങ്ങനെ ചെയ്തു; അയാളുടെ കൈക്കു പരിപൂർണസൗഖ്യം ലഭിച്ചു. 11 എന്നാൽ പരീശന്മാരും വേദജ്ഞരും, ക്രോധം നിറഞ്ഞവരായി, യേശുവിനെ എന്തു ചെയ്യണമെന്ന് പരസ്പരം ചർച്ചചെയ്തു.
-
9 “ ‘ശബ്ബത്തുദിവസം, ഒരുവയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാടുകളെ, അതിന്റെ പാനീയയാഗത്തോടും, അതിന്റെ ഭോജനയാഗമായ ഒലിവെണ്ണചേർത്ത രണ്ട് ഓമെർ നേരിയമാവോടുംകൂടെ അർപ്പിക്കണം. 10 എല്ലാ ശബ്ബത്തിനുമുള്ള ഹോമയാഗം ഇതുതന്നെ. നിരന്തരം അർപ്പിക്കേണ്ട ഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനും പുറമേയുള്ളതാണ് ഇത്.
-
1 ദൈവജനത്തിനു വേണ്ടിയുള്ള ധനശേഖരണത്തെപ്പറ്റി: ഗലാത്യസഭകളോടു ഞാൻ നിർദേശിച്ചതുപോലെതന്നെ നിങ്ങളും ചെയ്യുക. 2 ഓരോ ആഴ്ചയുടെയും ഒന്നാംദിവസം നിങ്ങളിൽ ഓരോരുത്തരും അവരവരുടെ വരുമാനം അനുസരിച്ചുള്ള ഒരു തുക മാറ്റിവെക്കണം. അങ്ങനെചെയ്താൽ, ഞാൻ വന്നതിനുശേഷം ധനശേഖരണം നടത്തേണ്ടിവരികയില്ലല്ലോ.
-
19 ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; നിങ്ങൾ എന്റെ ഉത്തരവുകളിൽ പാലിക്കുകയും എന്റെ നിയമങ്ങൾ അനുഷ്ഠിക്കയും ചെയ്യുക. 20 എന്റെ ശബ്ബത്തുകളെ വിശുദ്ധീകരിപ്പിൻ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയേണ്ടതിന് അവ എനിക്കും നിങ്ങൾക്കും മധ്യേ ഒരു ചിഹ്നമായിരിക്കട്ടെ എന്നു കൽപ്പിച്ചു.”
21 “ ‘എന്നാൽ അവരുടെ മക്കളും എനിക്കെതിരേ മത്സരിച്ചു; അവർ എന്റെ ഉത്തരവുകൾ പാലിക്കുകയോ, “അവയെ പ്രമാണിക്കുന്ന മനുഷ്യൻ അവയാൽ ജീവിക്കും,” എന്നു ഞാൻ പ്രഖ്യാപനംചെയ്തിരുന്ന എന്റെ നിയമങ്ങൾ പ്രമാണിക്കാൻ മനസ്സുവെക്കുകയോ ചെയ്തില്ല. അവർ എന്റെ ശബ്ബത്തുകൾ അശുദ്ധമാക്കി. അതിനാൽ മരുഭൂമിയിൽവെച്ച് അവർക്കെതിരേ എന്റെ ക്രോധം അവരുടെമേൽ ചൊരിയണമെന്നും എന്റെ കോപം അവരുടെമേൽ നിവർത്തിക്കണമെന്നും അരുളിച്ചെയ്തു.
-
8 യോശുവ അവർക്കു സ്വസ്ഥത നൽകിയിരുന്നെങ്കിൽ പിന്നീടു മറ്റൊരു ദിവസത്തെക്കുറിച്ചു ദൈവം അരുളിച്ചെയ്യുകയില്ലായിരുന്നു. 9 അതിനാൽ ദൈവജനത്തിന് ഒരു ശബ്ബത്ത് വിശ്രമം അവശേഷിക്കുന്നുണ്ട്. 10 ദൈവം തന്റെ പ്രവൃത്തിയിൽനിന്ന് വിശ്രമിച്ചതുപോലെ, ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിച്ചയാൾ സ്വപ്രയത്നത്തിൽനിന്നും വിശ്രമിക്കുന്നു. 11 അതിനാൽ ഇസ്രായേലിന്റെ അനുസരണക്കേട് മാതൃകയാക്കി, ആരും വീണുപോകാതിരിക്കാൻമാത്രമല്ല, ആ വിശ്രമത്തിൽ പ്രവേശിക്കാനും നമുക്ക് ഉത്സാഹിക്കാം.
-
42 പൗലോസും ബർന്നബാസും പള്ളിവിട്ടു പോകുമ്പോൾ, അടുത്ത ശബ്ബത്തിലും ഈ കാര്യങ്ങളെപ്പറ്റി കൂടുതലായി സംസാരിക്കണമെന്നു ജനങ്ങൾ അവരോടപേക്ഷിച്ചു. 43 യോഗം പിരിഞ്ഞശേഷം അനേക യെഹൂദരും യെഹൂദാമതം സ്വീകരിച്ച ഭക്തരായ അനേകരും പൗലോസിനെയും ബർന്നബാസിനെയും അനുഗമിച്ചു; അവർ ആ കൂട്ടത്തോടു സംസാരിക്കുകയും ദൈവകൃപയിൽ നിലനിൽക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
44 അടുത്ത ശബ്ബത്തുദിവസം പട്ടണവാസികൾ ഏതാണ്ട് എല്ലാവരുംതന്നെ കർത്താവിന്റെ വചനം കേൾക്കാൻ വന്നുകൂടി.
-
1 തർക്കവിഷയങ്ങളെക്കുറിച്ചു ശണ്ഠയിടാതെ വിശ്വാസത്തിൽ ബലഹീനരായവരെ അംഗീകരിക്കുക. 2 എല്ലാം ഭക്ഷിക്കാമെന്ന് ഒരാൾ വിശ്വസിക്കുന്നു, എന്നാൽ ബലഹീനരായിരിക്കുന്ന വ്യക്തിയോ സസ്യാഹാരംമാത്രം ഭക്ഷിക്കുന്നു. 3 എല്ലാം ഭക്ഷിക്കാം എന്നു കരുതുന്നയാൾ ഭക്ഷിക്കാത്തയാളെ പുച്ഛിക്കരുത്; ഭക്ഷിക്കാത്തയാൾ ഭക്ഷിക്കുന്നയാളെ കുറ്റപ്പെടുത്താനും പാടില്ല. കാരണം, അയാളും ദൈവത്തിനു സ്വീകാര്യനാണ്. 4 മറ്റൊരാളുടെ ദാസനെ വിമർശിക്കാൻ എന്ത് അധികാരമാണ് നിനക്കുള്ളത്? അയാൾ നിന്നാലും വീണാലും അവന്റെ സ്വന്തം യജമാനനുതന്നെ. അയാളെ ഉറപ്പിച്ചുനിർത്താൻ ശക്തനായ കർത്താവ് അയാളെ ഉറപ്പിച്ചുനിർത്തുകതന്നെ ചെയ്യും.
5 ഒരാൾ ഒരു ദിവസത്തെ മറ്റൊരു ദിവസത്തെക്കാൾ ശ്രേഷ്ഠമായി കരുതുന്നു; മറ്റൊരാളാകട്ടെ, എല്ലാ ദിവസത്തെയും ഒരുപോലെ ശ്രേഷ്ഠമായി പരിഗണിക്കുന്നു. ഓരോരുത്തരും ചെയ്യുന്നത് അവരവരുടെ ഉത്തമബോധ്യമനുസരിച്ച് ആയിരിക്കണം. 6 ഒരു ദിവസത്തെ മറ്റു ദിവസങ്ങളെക്കാൾ മാനിക്കുന്നയാൾ കർത്താവിനുവേണ്ടി അതു ചെയ്യുന്നു; മാംസാഹാരിയും ഭക്ഷിക്കുന്നത് കർത്താവിനുവേണ്ടി. കാരണം, ദൈവത്തിനു നന്ദി അർപ്പിച്ചിട്ടാണല്ലോ അവർ ഭക്ഷിക്കുന്നത്. അതുപോലെ, മാംസം ഭക്ഷിക്കാത്തവരും കർത്താവിനുവേണ്ടി ഭക്ഷിക്കാതിരിക്കുന്നു. അവരും ദൈവത്തിനു സ്തോത്രംചെയ്യുന്നു. 7 നമ്മിൽ ആരും നമുക്കായി ജീവിക്കുന്നില്ല; നമുക്കായിത്തന്നെ മരിക്കുന്നതുമില്ല. 8 നാം ജീവിക്കുന്നു എങ്കിൽ കർത്താവിനായി ജീവിക്കുന്നു; മരിക്കുന്നെങ്കിലോ കർത്താവിനായി മരിക്കുന്നു. അതുകൊണ്ട്, ജീവിച്ചാലും മരിച്ചാലും നാം കർത്താവിനുള്ളവരാണ്.
-
1 ഒരു ശബ്ബത്തുനാളിൽ, പരീശന്മാരിൽ പ്രമുഖനായ ഒരാളുടെ വീട്ടിൽ യേശു ഭക്ഷണം കഴിക്കാൻ ചെന്നു. അവിടെ ഉണ്ടായിരുന്നവർ യേശുവിനെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു. 2 ശരീരത്തിൽ അസാധാരണമാംവിധം നീർക്കെട്ടുള്ള ഒരു മനുഷ്യൻ അദ്ദേഹത്തിന്റെ അടുത്ത് ഇരുന്നിരുന്നു. 3 യേശു പരീശന്മാരോടും നിയമജ്ഞരോടും, “ശബ്ബത്തുനാളിൽ രോഗസൗഖ്യം നൽകുന്നതു നിയമാനുസൃതമോ അല്ലയോ?” എന്നു ചോദിച്ചു. 4 എന്നാൽ, അവർ നിശ്ശബ്ദരായിരുന്നു. യേശു അയാളെ തൊട്ടു സൗഖ്യമാക്കി വിട്ടയച്ചു.
5 പിന്നെ അദ്ദേഹം അവരോടു ചോദിച്ചു, “നിങ്ങളിൽ ആരുടെയെങ്കിലും മകനോ കാളയോ ശബ്ബത്തുനാളിൽ കിണറ്റിൽ വീണുപോയി എന്നിരിക്കട്ടെ; അങ്ങനെ സംഭവിച്ചാൽ നിങ്ങൾ ഉടനെതന്നെ അതിനെ അവിടെനിന്നു വലിച്ചുകയറ്റുകയില്ലേ?” 6 അവർക്കതിന് ഉത്തരമൊന്നും പറയാൻ കഴിഞ്ഞില്ല.
-
14 അവർ പെർഗയിൽനിന്ന് യാത്രപുറപ്പെട്ട് പിസിദ്യയിലെ അന്ത്യോക്യയിൽ വന്നുചേർന്നു. ശബ്ബത്തുദിവസം അവർ യെഹൂദപ്പള്ളിയിൽച്ചെന്ന് അവിടെ ഇരുന്നു. 15 ന്യായപ്രമാണത്തിൽനിന്നും പ്രവാചകപുസ്തകങ്ങളിൽനിന്നുമുള്ള വായനയ്ക്കുശേഷം പള്ളിമുഖ്യന്മാർ അവരോട്, “സഹോദരന്മാരേ, ജനത്തിനു നൽകാൻ വല്ല പ്രബോധനവചനം നിങ്ങൾക്കുണ്ടെങ്കിൽ സംസാരിച്ചാലും” എന്നറിയിച്ചു.
-
13 ശബ്ബത്തുദിവസത്തിൽ ഞങ്ങൾ നഗരകവാടത്തിനു പുറത്ത് പുഴവക്കത്ത് ചെന്നു. അവിടെ പ്രാർഥിക്കാൻ ഒരു സ്ഥലം കണ്ടെത്താമെന്നു ഞങ്ങൾ കരുതി. ഞങ്ങൾ അവിടെ ഇരുന്ന് പുഴവക്കത്തു കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു. 14 കേട്ടുകൊണ്ടിരുന്നവരിൽ ലുദിയാ എന്നു പേരുള്ള ഒരു സ്ത്രീയുണ്ടായിരുന്നു. തുയഥൈരാപട്ടണക്കാരിയായ അവൾ ഊതനിറമുള്ള പട്ടുവസ്ത്രങ്ങൾ വിൽക്കുന്നവളും ദൈവഭക്തയുമായിരുന്നു. പൗലോസിന്റെ സന്ദേശം സ്വീകരിക്കാനായി കർത്താവ് അവളുടെ ഹൃദയം തുറന്നു.
-
4 ശബ്ബത്തുതോറും അദ്ദേഹം പള്ളിയിൽ ചെന്ന് യെഹൂദരോടും ഗ്രീക്കുകാരോടും സുവിശേഷത്തെക്കുറിച്ചു സംവാദിച്ച് സമർഥിച്ചുകൊണ്ടിരുന്നു.
5 ശീലാസും തിമോത്തിയോസും മക്കദോന്യയിൽനിന്ന് വന്നതിനുശേഷം പൗലോസ് വചനഘോഷണത്തിൽത്തന്നെ ശ്രദ്ധമുഴുവനും കേന്ദ്രീകരിച്ചുകൊണ്ട് യേശുതന്നെ ക്രിസ്തു എന്ന് യെഹൂദരോടു സാക്ഷീകരിച്ചുതുടങ്ങി. 6 എന്നാൽ, യെഹൂദർ അദ്ദേഹത്തെ എതിർക്കുകയും നിന്ദിക്കുകയുംചെയ്തപ്പോൾ അദ്ദേഹം വസ്ത്രം കുടഞ്ഞ് പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് അവരോട്, “നിങ്ങളുടെ രക്തം നിങ്ങളുടെ തലമേൽതന്നെ ഇരിക്കട്ടെ. ഞാൻ ഇതിൽ നിരപരാധി, ഇനി ഞാൻ യെഹൂദരല്ലാത്തവരുടെ അടുക്കലേക്കു പോകും” എന്നു പറഞ്ഞു.
-
5 അദ്ദേഹം അവർക്ക് ഇപ്രകാരം കൽപ്പനകൊടുത്തു: “നിങ്ങൾ ചെയ്യേണ്ടതിതാണ്: ശബ്ബത്തിൽ ഊഴംമാറിവരുന്ന നിങ്ങളിൽ മൂന്നിലൊരുഭാഗം രാജകൊട്ടാരത്തിലും 6 മൂന്നിലൊരുഭാഗം സൂർകവാടത്തിലും മൂന്നിലൊരുഭാഗം കൊട്ടാരം കാവൽക്കാരുടെ പിൻപുറത്തുള്ള കവാടത്തിലുമായി കാവൽനിൽക്കണം. ഈ മൂന്നുകൂട്ടരും ആലയത്തിനു കാവൽനിൽക്കേണ്ടവരാണ്. 7 ശബ്ബത്തുനാളിൽ ഒഴിവുള്ള മറ്റേ രണ്ടുകൂട്ടർ യഹോവയുടെ ആലയത്തിൽ രാജാവിനു കാവൽനിൽക്കണം. 8 അങ്ങനെ നിങ്ങൾ രാജാവിനു ചുറ്റുമായി നിലയുറപ്പിക്കണം. ഓരോരുത്തനും അവനവന്റെ ആയുധവും ഏന്തിയിരിക്കണം. നിങ്ങളുടെ അണിയെ സമീപിക്കുന്ന ഏതൊരുവനെയും കൊന്നുകളയണം. രാജാവ് അകത്തു വരുമ്പോഴും പുറത്തുപോകുമ്പോഴും നിങ്ങൾ അദ്ദേഹത്തിന്റെ അടുത്തുതന്നെ നിൽക്കണം.”
9 പുരോഹിതനായ യെഹോയാദാ ആജ്ഞാപിച്ചതുപോലെതന്നെ ശതാധിപന്മാർ ചെയ്തു. ശബ്ബത്തിൽ അവരുടെ ഊഴത്തിനു ഹാജരാകാൻ വരുന്നവരും ഊഴം കഴിഞ്ഞു പോകുന്നവരും, ഓരോരുത്തരും അവരവരുടെ അനുയായികളുമായി യെഹോയാദാപുരോഹിതന്റെ അടുത്തെത്തി.
-
10 ഒരു ശബ്ബത്തുനാളിൽ യേശു ഒരു യെഹൂദപ്പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരിക്കുകയായിരുന്നു. 11 ഒരു ദുരാത്മാവിന്റെ പീഡയാൽ പതിനെട്ടു വർഷമായി കൂനിയായി തീരെ നിവരാൻ കഴിയാത്ത ഒരു സ്ത്രീ ആ പള്ളിയിൽ ഉണ്ടായിരുന്നു. 12 യേശു അവളെ കണ്ട് അടുക്കൽ വിളിച്ച്, “സ്ത്രീയേ, നിന്റെ രോഗബന്ധനത്തിൽനിന്ന് നീ മോചിതയായിരിക്കുന്നു” എന്നു പറഞ്ഞ് 13 അവളുടെമേൽ കൈവെച്ചു. ഉടൻതന്നെ അവൾ നിവർന്നുനിന്നു ദൈവത്തെ സ്തുതിക്കാൻ തുടങ്ങി.
14 യേശു ആ സ്ത്രീയെ സൗഖ്യമാക്കിയത് ശബ്ബത്തുനാളിൽ ആയിരുന്നതുകൊണ്ട് പള്ളിമുഖ്യൻ കോപം നിറഞ്ഞവനായി ജനങ്ങളോട്, “അധ്വാനിക്കാൻ ആറുദിവസമുണ്ടല്ലോ. ആ ദിവസങ്ങളിൽ വന്നു സൗഖ്യമായിക്കൊള്ളണം; ശബ്ബത്തുനാളിൽ അനുവദനീയമല്ല.”
15 അപ്പോൾ കർത്താവ് അയാളുടെ പ്രസ്താവനയ്ക്കു മറുപടിയായി: “കപടഭക്തരേ! ശബ്ബത്തുനാളിൽ നിങ്ങൾ നിങ്ങളുടെ കാളയെയോ കഴുതയെയോ തൊഴുത്തിൽനിന്ന് അഴിച്ച്, വെള്ളം കൊടുക്കാൻ പുറത്തേക്കു കൊണ്ടുപോകുകയില്ലേ? 16 അബ്രാഹാമിന്റെ മകളായ ഇവളെ സാത്താൻ പതിനെട്ടു വർഷമായി ബന്ധനത്തിൽ വെച്ചിരുന്നു. ശബ്ബത്തുനാളിൽ അവളെ ബന്ധനത്തിൽനിന്ന് വിടുവിക്കുന്നതിൽ എന്ത് അനൗചിത്യമാണുള്ളത്?”
17 യേശുവിന്റെ ഈ പ്രസ്താവനയിൽ അദ്ദേഹത്തിന്റെ എതിരാളികളെല്ലാം ലജ്ജിച്ചു. എന്നാൽ ശേഷം ജനാവലി അദ്ദേഹം ചെയ്തുകൊണ്ടിരുന്ന സകലമഹൽകൃത്യങ്ങളിലും ആനന്ദിച്ചു.
-
1 പൗലോസും ശീലാസും അംഫിപ്പൊലിസ് അപ്പൊലോന്യ എന്നീ പട്ടണങ്ങളിൽക്കൂടി യാത്രചെയ്ത് തെസ്സലോനിക്യയിലെത്തി; അവിടെ യെഹൂദരുടെ ഒരു പള്ളി ഉണ്ടായിരുന്നു. 2 പൗലോസ് തന്റെ പതിവനുസരിച്ച് അവിടെപ്പോയി. മൂന്നു ശബ്ബത്തുകളിൽ തിരുവെഴുത്തുകളെ ആധാരമാക്കി അവിടെയുള്ളവരുമായി സംവാദത്തിലേർപ്പെട്ടു; 3 ക്രിസ്തു കഷ്ടമനുഭവിച്ചശേഷം മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കേണ്ടത് ആവശ്യമായിരുന്നുവെന്നും “ഞാൻ നിങ്ങളോടു പ്രസംഗിക്കുന്ന ഈ യേശുതന്നെയാണ് ക്രിസ്തു,” എന്നും അദ്ദേഹം അവർക്കു വിശദീകരിക്കുകയും സമർഥിക്കുകയും ചെയ്തു.
-
1 യേശു വീണ്ടും പള്ളിയിൽ ചെന്നു. കൈ ശോഷിച്ച ഒരു മനുഷ്യൻ അന്ന് അവിടെ ഉണ്ടായിരുന്നു. 2 ചിലർ യേശുവിന്റെമേൽ കുറ്റം ആരോപിക്കാൻ പഴുതു തേടുകയായിരുന്നതുകൊണ്ട് അദ്ദേഹം ആ മനുഷ്യനെ ശബ്ബത്തുനാളിൽ സൗഖ്യമാക്കുമോ എന്ന് അവർ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു. 3 യേശു, കൈ ശോഷിച്ച മനുഷ്യനോട്, “എഴുന്നേറ്റ് എല്ലാവരുടെയും മുമ്പിൽ നിൽക്കുക” എന്നു പറഞ്ഞു.
4 പിന്നെ യേശു അവരോട്, “ശബ്ബത്തുനാളിൽ നന്മ ചെയ്യുന്നതോ തിന്മചെയ്യുന്നതോ ജീവൻ രക്ഷിക്കുന്നതോ കൊല്ലുന്നതോ ഏതാണ് നിയമവിധേയം?” എന്നു ചോദിച്ചു. അവരോ നിശ്ശബ്ദത പാലിച്ചു.
5 യേശു അവരുടെ ഹൃദയകാഠിന്യത്തെ ഓർത്ത് ദുഃഖിതനായി. കോപത്തോടെ ചുറ്റും നോക്കിക്കൊണ്ട് കൈ ശോഷിച്ച മനുഷ്യനോട്: “നിന്റെ കൈനീട്ടുക” എന്നു പറഞ്ഞു. അയാൾ കൈനീട്ടി; പരിപൂർണസൗഖ്യം ലഭിച്ചു. 6 ഉടനെ പരീശന്മാർ പുറത്തിറങ്ങി യേശുവിനെ എങ്ങനെ വധിക്കാൻ കഴിയും എന്നതിനെക്കുറിച്ചു ഹെരോദപക്ഷക്കാരുമായി ഗൂഢാലോചന നടത്തി.
-
13 വ്യർഥമായ യാഗങ്ങൾ ഇനി നിങ്ങൾ അർപ്പിക്കരുത്!
നിങ്ങളുടെ ധൂപവർഗം എനിക്കു വെറുപ്പുളവാക്കുന്നു.
അമാവാസിയും ശബ്ബത്തും സഭായോഗം കൂടുന്നതും—
നിങ്ങളുടെ ദുഷ്ടതനിറഞ്ഞ സഭായോഗങ്ങൾ—എനിക്ക് അസഹ്യമാണ്.
-
22 “ഞാൻ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെമുമ്പിൽ നിലനിൽക്കുന്നതുപോലെ നിങ്ങളുടെ പേരും പിൻഗാമികളും നിലനിൽക്കും,” എന്ന് യഹോവയുടെ അരുളപ്പാട്. 23 “ഒരു അമാവാസിമുതൽ മറ്റൊരു അമാവാസിവരെയും ഒരു ശബ്ബത്തുമുതൽ മറ്റൊരു ശബ്ബത്തുവരെയും എല്ലാ മനുഷ്യരും എന്റെ സന്നിധിയിൽ നമസ്കരിക്കാൻ വരും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
-
8 ഇസ്രായേല്യർക്കുവേണ്ടി ഒരു നിത്യ ഉടമ്പടിയായി ശബ്ബത്തുതോറും ഈ അപ്പം യഹോവയുടെമുമ്പാകെ ക്രമമായി അടുക്കിവെക്കണം. 9 അത് അഹരോനും പുത്രന്മാർക്കുമുള്ളതാണ്; യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗങ്ങളിൽ അതിവിശുദ്ധമാണ് ഈ അപ്പം. അത് അവർക്കു ശാശ്വതാവകാശമായുള്ളതാകുകയാൽ അവർ അതു ശുദ്ധിയുള്ള ഒരു സ്ഥലത്തുവെച്ചു ഭക്ഷിക്കണം.”
-
8 നിങ്ങൾ എന്റെ വിശുദ്ധവസ്തുക്കളെ നിന്ദിക്കുകയും എന്റെ ശബ്ബത്തിനെ അശുദ്ധമാക്കുകയും ചെയ്യുന്നു.
-
12 “ആറുദിവസം നിന്റെ ജോലി ചെയ്യണം; എന്നാൽ നിന്റെ കാളയും കഴുതയും വിശ്രമിക്കേണ്ടതിനും, നിന്റെ ദാസിയുടെ പുത്രനും പ്രവാസിയും ഉന്മേഷം പ്രാപിക്കേണ്ടതിനും ഏഴാംദിവസം വേല ചെയ്യരുത്.
-
21 “ആറുദിവസം നീ അധ്വാനിക്കണം; ഏഴാംദിവസം സ്വസ്ഥമായിരിക്കണം; വിതകാലമോ കൊയ്ത്തുകാലമോ ആയാലും നീ വിശ്രമിക്കണം.
-
23 “നീ ഇന്ന് അദ്ദേഹത്തിന്റെ അടുത്തേക്ക് എന്തിനു പോകുന്നു? ഇന്ന് അമാവാസിയോ ശബ്ബത്തോ അല്ലല്ലോ,” എന്ന് അയാൾ പറഞ്ഞു.
“അതിൽ കുഴപ്പമില്ല,” എന്ന് അവൾ പറഞ്ഞു.
-
3 ശബ്ബത്തുകളിലും അമാവാസികളിലും ദേശത്തെ ജനം കവാടത്തിന്റെ പ്രവേശനത്തിങ്കൽ യഹോവയുടെ സന്നിധിയിൽ നമസ്കരിക്കണം.
-
15 “ദാനീയേൽപ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്തപ്രകാരം, ‘എല്ലാറ്റിനെയും ഉന്മൂലനംചെയ്യുന്ന മ്ലേച്ഛത’ വിശുദ്ധസ്ഥാനത്ത് നിൽക്കുന്നതു നിങ്ങൾ കാണുമ്പോൾ—വായിക്കുന്നയാൾ മനസ്സിലാക്കിക്കൊള്ളട്ടെ— 16 യെഹൂദ്യപ്രവിശ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ. 17 മട്ടുപ്പാവിൽ ഇരിക്കുന്നയാൾ തന്റെ വീട്ടിൽനിന്ന് എന്തെങ്കിലും എടുക്കാനായി വീടിനുള്ളിൽ കയറരുത്. 18 വയലിലായിരിക്കുന്നയാൾ തന്റെ പുറങ്കുപ്പായം എടുക്കാൻ തിരികെ പോകരുത്. 19 ഗർഭവതികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ആ ദിവസങ്ങളിൽ ഹാ കഷ്ടം! 20 നിങ്ങളുടെ പലായനം ശീതകാലത്തോ ശബ്ബത്തിലോ ആകരുതേ എന്നു പ്രാർഥിക്കുക. 21 കാരണം, ലോകാരംഭംമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തതും അതിനുശേഷം ഒരിക്കലും ഉണ്ടാകാത്തതുമായ വലിയ പീഡ ആ നാളുകളിൽ ഉണ്ടാകും.
22 “ആ ദിവസങ്ങൾ പരിമിതപ്പെടുത്തിയില്ലെങ്കിൽ ഒരു വ്യക്തിപോലും അവശേഷിക്കുകയില്ല; എന്നാൽ തെരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി ആ ദിവസങ്ങൾ പരിമിതപ്പെടുത്തും. 23 അന്ന് നിങ്ങളോട് ആരെങ്കിലും, ‘ക്രിസ്തു ഇതാ ഇവിടെ’ എന്നോ ‘ക്രിസ്തു അതാ അവിടെ’ എന്നോ പറഞ്ഞാൽ അതു വിശ്വസിക്കരുത്. 24 കാരണം, വ്യാജക്രിസ്തുക്കളും വ്യാജപ്രവാചകരും വന്നു വലിയ ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ച് മനുഷ്യരെ വഞ്ചിക്കും; സാധ്യമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും! 25 നോക്കൂ, ഞാൻ ഇത് മുൻകൂട്ടിത്തന്നെ നിങ്ങളോടു പറഞ്ഞിരിക്കുന്നു.
26 “അതുകൊണ്ട് ആരെങ്കിലും നിങ്ങളോട്, ‘ക്രിസ്തു അതാ അവിടെ വിജനസ്ഥലത്ത്’ എന്നു പറഞ്ഞാൽ നിങ്ങൾ അവിടേക്കു പോകരുത്; ‘അദ്ദേഹം ഇതാ ഇവിടെ മുറിക്കുള്ളിൽ’ എന്നു പറഞ്ഞാൽ വിശ്വസിക്കരുത്. 27 കിഴക്കുണ്ടാകുന്ന മിന്നൽപ്പിണർ പടിഞ്ഞാറുവരെ ദൃശ്യമാകുന്നു; അതുപോലെ ആയിരിക്കും മനുഷ്യപുത്രന്റെ പുനരാഗമനം.
-
34 നിങ്ങളുടെ ദേശം നിർജനമായിക്കിടക്കുകയും നിങ്ങൾ നിങ്ങളുടെ ശത്രുരാജ്യത്തിന്റേതായിരിക്കുകയും ചെയ്യുന്ന കാലമൊക്കെയും ദേശം അതിനു ലഭിക്കാതിരുന്ന ശബ്ബത്തുവർഷങ്ങൾ ആസ്വദിക്കും; അപ്പോൾ ദേശം വിശ്രമിച്ച് അതിന്റെ ശബ്ബത്ത് ആസ്വദിക്കും. 35 നിങ്ങൾ അതിൽ താമസിച്ചിരുന്നകാലത്ത് നിങ്ങളുടെ ശബ്ബത്തുകളിൽ അതിനില്ലാതിരുന്ന വിശ്രമം അതു നിർജനമായിക്കിടക്കുന്ന കാലമൊക്കെയും അതിനുണ്ടാകും.
-
11 ഞാൻ അവളുടെ എല്ലാ ഉത്സവങ്ങളും നിർത്തലാക്കും:
അവളുടെ വാർഷികോത്സവങ്ങളും അമാവാസികളും
ശബ്ബത്ത് നാളുകളും—നിശ്ചയിക്കപ്പെട്ട എല്ലാ ആഘോഷങ്ങളുംതന്നെ.
-
30 “ ‘എന്റെ ശബ്ബത്തുകൾ പ്രമാണിക്കുകയും എന്റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കുകയും വേണം. ഞാൻ യഹോവ ആകുന്നു.
-
17 “ഞാൻ വന്നത് ന്യായപ്രമാണത്തെയോ പ്രവാചകരെയോ നീക്കിക്കളയാനാണ് എന്നു ചിന്തിക്കരുത്; നീക്കിക്കളയാനല്ല, മറിച്ച് അവയെ പൂർത്തീകരിക്കാനാണ്. 18 ഞാൻ ഒരു സത്യം നിങ്ങളോടു പറയാം: ആകാശവും ഭൂമിയും അപ്രത്യക്ഷമായാലും സകലതും നിറവേറുന്നതുവരെ ന്യായപ്രമാണത്തിലെ അക്ഷരങ്ങളിൽനിന്ന് ഒരു വള്ളിക്കോ പുള്ളിക്കോ മാറ്റം വരികയില്ല. 19 ഈ കൽപ്പനകളിൽ ഏറ്റവും ലളിതമെന്ന് കരുതുന്ന ഒന്ന് അവഗണിക്കുകയും അപ്രകാരം ചെയ്യാൻ മറ്റുള്ളവരെ ഉപദേശിക്കുകയുംചെയ്യുന്നയാൾ സ്വർഗരാജ്യത്തിൽ ഏറ്റവും നിസ്സാരനായി പരിഗണിക്കപ്പെടും; എന്നാൽ, ഈ കൽപ്പനകൾ പാലിക്കുകയും അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ ഉപദേശിക്കുകയുംചെയ്യുന്നയാൾ സ്വർഗരാജ്യത്തിൽ മഹാൻ എന്നു വിളിക്കപ്പെടും.
-
27 “ഏഴാംമാസം പത്താംതീയതി പാപപരിഹാരദിനമാണ്. അന്ന് വിശുദ്ധസഭായോഗം ചേരുകയും ആത്മതപനം ചെയ്യുകയും, യഹോവയ്ക്ക് ഒരു ദഹനയാഗം അർപ്പിക്കുകയും വേണം. 28 നിങ്ങളുടെ ദൈവമായ യഹോവയുടെമുമ്പാകെ നിങ്ങൾക്കുവേണ്ടി പാപപരിഹാരം വരുത്തുന്ന ദിനമായതുകൊണ്ട് ഒരു ജോലിയും ചെയ്യരുത്. 29 അന്ന് ആത്മതപനം ചെയ്യാത്തവരെ തങ്ങളുടെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം. 30 അന്ന് ആരെങ്കിലും എന്തെങ്കിലും ജോലിചെയ്താൽ അവരെ അവരുടെ ജനത്തിൽനിന്ന് ഞാൻ നശിപ്പിക്കും. 31 നിങ്ങൾ യാതൊരു ജോലിയും ചെയ്യരുത്. ഇതു നിങ്ങൾ പാർക്കുന്നിടത്തൊക്കെയും വരാനുള്ള തലമുറകൾക്ക് എന്നേക്കുമുള്ള നിയമം ആയിരിക്കും. 32 അതു വിശ്രമത്തിന്റെ ശബ്ബത്താണ്, നിങ്ങൾ ആത്മതപനംചെയ്യണം. ആ മാസം ഒൻപതാംദിവസം സന്ധ്യമുതൽ പിറ്റേന്ന് സന്ധ്യവരെ നിങ്ങൾ നിങ്ങളുടെ ശബ്ബത്ത് ആചരിക്കണം.”
-
32 ശബ്ബത്തുതോറും മേശമേൽ അർപ്പിക്കുന്നതിനുള്ള കാഴ്ചയപ്പം ഒരുക്കുന്നതിനുള്ള ചുമതല അവരുടെ ചില കെഹാത്യസഹോദരന്മാർക്കായിരുന്നു.
-
13 “സീനായി മലയിലേക്ക് അങ്ങ് ഇറങ്ങിവന്നു; സ്വർഗത്തിൽനിന്ന് അങ്ങ് അവരോടു സംസാരിക്കുകയും ചെയ്തു. നീതിയുക്തവും സത്യവുമായ അനുശാസനങ്ങളും നിയമങ്ങളും നല്ല ഉത്തരവുകളും കൽപ്പനകളും അങ്ങ് അവർക്കു നൽകി. 14 അങ്ങയുടെ വിശുദ്ധ ശബ്ബത്തിനെക്കുറിച്ച് അവർക്ക് അറിവു നൽകി; അങ്ങയുടെ ദാസനായ മോശയിൽക്കൂടി കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും കൽപ്പിച്ചുനൽകി.
-
1 ശബ്ബത്തിനുശേഷം, ആഴ്ചയുടെ ആദ്യദിവസം ആരംഭത്തിൽ മഗ്ദലക്കാരി മറിയയും മറ്റേ മറിയയും കല്ലറ കാണാൻ പോയി.
-
19 മോശ നിങ്ങൾക്കു ന്യായപ്രമാണം തന്നില്ലയോ? എന്നാൽ നിങ്ങളിൽ ആരും അതനുസരിക്കുന്നില്ല. നിങ്ങൾ എന്നെ കൊല്ലാൻ ശ്രമിക്കുന്നതെന്തിന്?”
20 “നിന്നെ ഭൂതം ബാധിച്ചിരിക്കുകയാണ്,” ജനക്കൂട്ടം മറുപടി പറഞ്ഞു, “ആരാണു നിന്നെ കൊല്ലാൻ ശ്രമിക്കുന്നത്?”
21 യേശു അവരോടു പറഞ്ഞു: “ഞാൻ ഒരു അത്ഭുതപ്രവൃത്തിചെയ്തു; നിങ്ങളെല്ലാവരും അതിൽ ആശ്ചര്യപ്പെട്ടു. 22 മോശ നിങ്ങൾക്കു പരിച്ഛേദനം ഏർപ്പെടുത്തി. എന്നാൽ, അതു മോശയിൽനിന്നല്ല, പിതാക്കന്മാരിൽനിന്നാണ് ഉണ്ടായത്. 23 നിങ്ങൾ ശബ്ബത്തുനാളിൽ പരിച്ഛേദനം നടത്തുന്നതുകൊണ്ട് മോശയുടെ ന്യായപ്രമാണം ലംഘിക്കപ്പെടുന്നില്ലെങ്കിൽ, ശബ്ബത്തുനാളിൽ ഒരു മനുഷ്യനു പരിപൂർണമായ സൗഖ്യം നൽകിയതിനു നിങ്ങൾ എന്നോടു കോപിക്കുന്നതെന്തിന്? 24 ബാഹ്യമായി കാണുന്നതനുസരിച്ച് വിധിക്കാതെ നീതിപൂർവം വിധി നിർണയിക്കുക.”
-
2 “ഇസ്രായേൽമക്കളോടു സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ നിങ്ങൾക്കു നൽകാൻപോകുന്ന ദേശത്തു നിങ്ങൾ പ്രവേശിക്കുമ്പോൾ ആ ദേശം യഹോവയ്ക്ക് ഒരു ശബ്ബത്ത് ആചരിക്കണം. 3 ആറുവർഷം നിങ്ങളുടെ നിലങ്ങൾ വിതയ്ക്കുക, ആറുവർഷം നിങ്ങളുടെ മുന്തിരിത്തോപ്പുകൾ വെട്ടിയൊരുക്കി അവയുടെ ഫലം ശേഖരിക്കുക. 4 എന്നാൽ ഏഴാംവർഷം ദേശത്തിനു വിശ്രമത്തിന്റെ ശബ്ബത്ത്, യഹോവയ്ക്ക് ഒരു ശബ്ബത്ത് ആയിരിക്കണം. നിങ്ങളുടെ നിലം വിതയ്ക്കുകയോ മുന്തിരിത്തോപ്പു വെട്ടിയൊരുക്കുകയോ ചെയ്യരുത്. 5 താനേ വളരുന്നതു കൊയ്യുകയോ പരിപാലിക്കാത്ത മുന്തിരിവള്ളിയിൽനിന്ന് മുന്തിരിങ്ങ ശേഖരിക്കുകയോ ചെയ്യരുത്. ദേശത്തിനു വിശ്രമത്തിന്റെ ഒരുവർഷം ഉണ്ടായിരിക്കണം. 6 ശബ്ബത്തുവർഷം ദേശം നൽകുന്ന വിളവെന്താണോ അതു നിങ്ങൾക്ക് ആഹാരമായിരിക്കും. നിങ്ങൾക്കും നിങ്ങളുടെ ദാസന്മാർക്കും ദാസികൾക്കും കൂലിക്കാർക്കും നിങ്ങളുടെ ഇടയിൽ താൽക്കാലികമായി പാർക്കുന്നവർക്കും,
-
3 “ ‘നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ മാതാവിനെയും പിതാവിനെയും ബഹുമാനിക്കണം; എന്റെ ശബ്ബത്തുകൾ ആചരിക്കണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
-
2 അടുത്ത ശബ്ബത്തുനാളിൽ അദ്ദേഹം യെഹൂദരുടെ പള്ളിയിൽവെച്ച് ഉപദേശിച്ചുതുടങ്ങി. പലരും അതുകേട്ട് ആശ്ചര്യപ്പെട്ടു.
“ഈ മനുഷ്യന് ഇവയെല്ലാം എവിടെനിന്നു കിട്ടി? എന്തൊരു ജ്ഞാനമാണ് ഇയാൾക്കു ലഭിച്ചിരിക്കുന്നത്? എന്തെല്ലാം അത്ഭുതങ്ങളാണ് ഇയാൾ ചെയ്യുന്നത്?
-
31 പിന്നൊരിക്കൽ അദ്ദേഹം ഗലീലയിലെ ഒരു പട്ടണമായ കഫാർനഹൂമിൽചെന്ന് ശബ്ബത്തുനാളിൽ ജനത്തെ ഉപദേശിക്കാൻ തുടങ്ങി. 32 അദ്ദേഹത്തിന്റെ സന്ദേശം ആധികാരികതയോടെ ആയിരുന്നതിനാൽ ജനം അദ്ദേഹത്തിന്റെ ഉപദേശത്തിൽ ആശ്ചര്യപ്പെട്ടു.
33 അവിടെ യെഹൂദപ്പള്ളിയിൽ ദുരാത്മാവു ബാധിച്ച ഒരു മനുഷ്യൻ ഒരിക്കൽ വന്നിരുന്നു. അയാൾ, 34 “നസറായനായ യേശുവേ, ഞങ്ങളെ വിട്ടുപോകണേ! അങ്ങേക്കു ഞങ്ങളോട് എന്തുകാര്യം? ഞങ്ങളെ നശിപ്പിക്കാനോ അങ്ങു വന്നിരിക്കുന്നത്? അങ്ങ് ആരാണെന്ന് എനിക്കറിയാം—അങ്ങ് ദൈവത്തിന്റെ പരിശുദ്ധൻതന്നെ” എന്ന് അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.
35 “ശബ്ദിച്ചുപോകരുത്!” ശാസിച്ചുകൊണ്ട് “അവനിൽനിന്ന് പുറത്തുവരിക!” എന്ന് യേശു കൽപ്പിച്ചു. അപ്പോൾ ദുരാത്മാവ് ആ മനുഷ്യനെ അവരുടെ എല്ലാവരുടെയും മുമ്പിൽ തള്ളിയിട്ടശേഷം അവന് ഉപദ്രവമൊന്നും വരുത്താതെ പുറത്തുപോയി.
-
1 അവിടത്തെ സ്വസ്ഥതയിൽ പ്രവേശിക്കാനുള്ള വാഗ്ദാനം ഇപ്പോഴും നിലനിൽക്കുന്നു. നിങ്ങളിൽ ഒരാൾക്കും അതു നഷ്ടമാകാതിരിക്കാൻ നമുക്കു ശ്രദ്ധാലുക്കളായിരിക്കാം. 2 നാമും അവരെപ്പോലെതന്നെ, സുവിശേഷം കേട്ടവരാണ്; വചനം കേട്ട് അനുസരിച്ചവരുടെ വിശ്വാസത്തിൽ പങ്കാളികളാകാതിരുന്നതുകൊണ്ട് കേട്ട സന്ദേശം അവർക്കു പ്രയോജനരഹിതമായിത്തീർന്നു. 3 വിശ്വസിച്ചവരായ നാമാകട്ടെ, വിശ്രമത്തിലേക്കു പ്രവേശിക്കുന്നു;
“ ‘അതുകൊണ്ട് അവർ ഒരിക്കലും എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല’
എന്നു ഞാൻ എന്റെ കോപത്തിൽ ശപഥംചെയ്തു,”
എന്ന് അരുളിച്ചെയ്തിരിക്കുന്നല്ലോ. ദൈവം ലോകസ്ഥാപനസമയത്തുതന്നെ സൃഷ്ടികർമം പൂർത്തീകരിച്ചു. എങ്കിലും, 4 “ഏഴാംദിവസം ദൈവം തന്റെ സകലപ്രവൃത്തിയിൽനിന്നും വിശ്രമിച്ചു” എന്ന് ഏഴാംദിവസത്തെക്കുറിച്ച് ഒരിടത്ത് പ്രസ്താവിക്കുന്നു.
-
29 “ഇതു നിങ്ങൾക്ക് എന്നേക്കുമുള്ള അനുഷ്ഠാനമായിരിക്കണം; ഏഴാംമാസം പത്താംതീയതി നിങ്ങളും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പ്രവാസിയും സ്വദേശിയും ആത്മതപനംചെയ്യണം; ജോലിയൊന്നും ചെയ്യരുത്, 30 കാരണം, ഈ ദിവസം നിങ്ങളെ ശുദ്ധീകരിക്കാൻ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യപ്പെടും. പിന്നെ യഹോവയുടെ സന്നിധിയിൽ നിങ്ങളുടെ സകലപാപങ്ങളിൽനിന്നും നിങ്ങൾ ശുദ്ധരായിരിക്കും. 31 അതു സ്വസ്ഥതയുടെ ശബ്ബത്ത് ആണ്, നിങ്ങൾ ആത്മതപനംചെയ്യണം; ഇത് എന്നേക്കുമുള്ള അനുഷ്ഠാനമാണ്.
-
2 “ ‘എന്റെ ശബ്ബത്തുകൾ പ്രമാണിക്കുകയും എന്റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കുകയും വേണം. ഞാൻ യഹോവ ആകുന്നു.
3 “ ‘എന്റെ ഉത്തരവുകൾ നിങ്ങൾ പാലിക്കയും എന്റെ കൽപ്പനകൾ സസൂക്ഷ്മം അനുസരിക്കയും ചെയ്യുമെങ്കിൽ, 4 തക്കസമയത്തു ഞാൻ മഴ അയയ്ക്കും; ഭൂമി അതിന്റെ വിളവും വൃക്ഷം അവയുടെ ഫലവും തരും.
-
6 അവിടന്ന് തിരുനിവാസത്തെ ഒരു പൂന്തോട്ടംപോലെ നീക്കിക്കളഞ്ഞു;
അവിടന്ന് തന്റെ ഉത്സവസ്ഥലം നശിപ്പിക്കുകയും ചെയ്തു.
യഹോവ സീയോനെ അവളുടെ നിർദിഷ്ട
ഉത്സവങ്ങളും ശബ്ബത്തുകളും മറക്കുമാറാക്കി.
അവിടത്തെ ഉഗ്രകോപത്തിൽ അവിടന്ന്
രാജാവിനെയും പുരോഹിതനെയും നിരാകരിച്ചുകളഞ്ഞു.
-
4 പ്രഭു ശബ്ബത്തുദിവസത്തിൽ യഹോവയ്ക്കു ഹോമയാഗമായി ഊനമില്ലാത്ത ആറ് കുഞ്ഞാടിനെയും ഊനമില്ലാത്ത ഒരു മുട്ടാടിനെയും അർപ്പിക്കണം. 5 മുട്ടാടിന് ഭോജനയാഗമായി ഒരു ഏഫായും കുഞ്ഞാടൊന്നിന് അവന്റെ പ്രാപ്തിപോലെയും ഏഫായൊന്നിന് ഒരു ഹീൻ ഒലിവെണ്ണയും അർപ്പിക്കണം.
-
12 ഇതിനുശേഷം അപ്പൊസ്തലന്മാർ ഒലിവുമലയിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ ദൂരെയുള്ള ജെറുശലേമിലേക്കു തിരികെ എത്തി.
-
27 ജെറുശലേംനിവാസികളും അവരുടെ ഭരണകർത്താക്കളും യേശുവിനെ തിരിച്ചറിഞ്ഞില്ലെന്നുമാത്രമല്ല, ശബ്ബത്തുതോറും വായിച്ചുപോരുന്ന പ്രവാചകവാക്യങ്ങളെയും തിരിച്ചറിഞ്ഞില്ല. അവർ അദ്ദേഹത്തെ വധശിക്ഷയ്ക്കു വിധിച്ചതിലൂടെ, ആ വചനങ്ങൾ നിറവേറപ്പെട്ടു.
-
21 മോശയുടെ ന്യായപ്രമാണം പൂർവകാലംമുതൽ എല്ലാ പട്ടണങ്ങളിലും പ്രസംഗിച്ചും ശബ്ബത്തുതോറും യെഹൂദപ്പള്ളികളിൽ വായിച്ചും പോരുന്നുണ്ടല്ലോ!”
-
14 യേശു ചേറുണ്ടാക്കി അയാളുടെ കണ്ണുകൾ തുറന്നത് ഒരു ശബ്ബത്തുദിവസത്തിലായിരുന്നു. 15 അതുകൊണ്ട് പരീശന്മാരും അയാൾക്കു കാഴ്ച ലഭിച്ചത് എങ്ങനെയെന്ന് ചോദിച്ചു. അയാൾ മറുപടി പറഞ്ഞു: “യേശു എന്റെ കണ്ണുകളിൽ ചേറു പുരട്ടി, ഞാൻ പോയി കഴുകി; ഇപ്പോൾ ഞാൻ കാണുന്നു.”
16 പരീശന്മാരിൽ ചിലർ, “ശബ്ബത്ത് ആചരിക്കാത്ത ഈ മനുഷ്യൻ ദൈവത്തിൽനിന്നുള്ളവൻ അല്ല” എന്നു പറഞ്ഞു.
മറ്റുചിലർ ചോദിച്ചു: “പാപിയായ ഒരാൾക്ക് ഇങ്ങനെയുള്ള ചിഹ്നങ്ങൾ ചെയ്യാൻ കഴിയുമോ?” അവരുടെതന്നെ ഇടയിൽ ഇങ്ങനെ ഒരു ഭിന്നതയുണ്ടായി.
-
8 മുമ്പേ, നിങ്ങൾ ദൈവത്തെക്കുറിച്ച് അറിവില്ലാത്തവർ ആയിരുന്നതിനാൽ; ദൈവങ്ങൾ അല്ലാത്ത എന്തിനൊക്കെയോ അടിമപ്പെട്ട് അവയെ സേവിച്ചുവരികയായിരുന്നു. 9 എന്നാൽ, ഇപ്പോഴോ ദൈവത്തെ അറിഞ്ഞ നിങ്ങൾ—ദൈവം നിങ്ങളെയും അറിഞ്ഞിരിക്കെ—നിഷ്പ്രയോജനവും മൂല്യഹീനവുമായ ചില പ്രാഥമികശക്തികളിലേക്ക് പിന്നെയും തിരിയുന്നതെങ്ങനെ? അവയ്ക്ക് വീണ്ടും അടിമപ്പെടാനാണോ നിങ്ങളുടെ ആഗ്രഹം? 10 നിങ്ങൾ സവിശേഷദിവസങ്ങളും മാസങ്ങളും കാലങ്ങളും വർഷങ്ങളും ആചരിക്കുന്നു! 11 നിങ്ങൾക്കുവേണ്ടി അധ്വാനിച്ച എന്റെ പ്രയത്നമെല്ലാം വെറുതേയായിപ്പോയോ എന്നു ഞാൻ ഭയപ്പെടുന്നു!
-
10 നാല്പതു വർഷക്കാലം ആ തലമുറയോട് എനിക്കു കോപമുണ്ടായി;
‘അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ള ഒരു ജനത,
എന്റെ നിർദേശങ്ങൾ പാലിക്കാൻ മനസ്സില്ലാത്തവർ,’ എന്നു ഞാൻ പറഞ്ഞു.
11 അതുകൊണ്ട് ‘അവർ ഒരിക്കലും എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല,’
എന്നു ഞാൻ എന്റെ കോപത്തിൽ ശപഥംചെയ്തു.”
-
ദാവീദിന്റെ ഒരു സങ്കീർത്തനം.
1 യഹോവ എന്റെ ഇടയൻ ആകുന്നു, എനിക്ക് ഒന്നിനും കുറവുണ്ടാകുകയില്ല.
2 പച്ചപ്പുൽമേടുകളിൽ അവിടന്ന് എന്നെ കിടത്തുന്നു,
പ്രശാന്തമായ ജലാശയങ്ങളിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു,
3 എന്റെ പ്രാണന് അവിടന്ന് നവജീവൻ പകരുന്നു.
തിരുനാമംനിമിത്തം
എന്നെ നീതിപാതകളിൽ നടത്തുന്നു.
-
1 ഈ സ്വാതന്ത്ര്യത്തിനായിട്ടാണ് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയത്. ന്യായപ്രമാണത്തിന്റെ അടിമനുകത്തിൻകീഴിൽ നാം വീണ്ടും അകപ്പെട്ടുപോകാതെ സ്വതന്ത്രരായി ഉറച്ചുനിൽക്കുക.
2 എന്റെ വാക്കുകൾ ശ്രദ്ധിക്കൂ! പൗലോസെന്ന ഞാനാണ് നിങ്ങളോടു പറയുന്നത്, “നിങ്ങൾ പരിച്ഛേദനമേൽക്കുന്നു എങ്കിൽ ക്രിസ്തുവിനെക്കൊണ്ടു നിങ്ങൾക്കു യാതൊരു പ്രയോജനവും ഇല്ല.” 3 പരിച്ഛേദനത്തിനു വിധേയരാകുന്ന എല്ലാ മനുഷ്യരെയും ഞാൻ വീണ്ടും ഓർമിപ്പിക്കുന്നത്, അവർ ന്യായപ്രമാണത്തിലെ സർവനിബന്ധനകളും പാലിക്കാൻ ബാധ്യസ്ഥരാണെന്നാണ്. 4 ന്യായപ്രമാണം പാലിക്കുന്നതിലൂടെ നീതീകരിക്കപ്പെടാൻ പരിശ്രമിക്കുന്ന നിങ്ങൾ, ക്രിസ്തുവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടവരും ദൈവകൃപയിൽനിന്ന് വീണുപോയവരുമാണ്.
-
16 യേശു ശബ്ബത്തുനാളിൽ ഈ പ്രവൃത്തി ചെയ്തതുകൊണ്ടു യെഹൂദനേതാക്കന്മാർ അദ്ദേഹത്തെ പീഡിപ്പിക്കാൻ തുടങ്ങി. 17 യേശു അവരോട്: “എന്റെ പിതാവ് ഇന്നുവരെയും സദാ പ്രവർത്തനനിരതനായിരിക്കുന്നു, അതിനാൽ ഞാനും പ്രവർത്തിക്കുന്നു,” എന്നു പറഞ്ഞു.
Shows Read in context, Share and Copy.