38 Bible Verses About Immigration

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Immigration
  1. 33 “ ‘ഒരു പ്രവാസി നിങ്ങളോടുകൂടെ നിങ്ങളുടെ ദേശത്തു പാർക്കുമ്പോൾ ആ മനുഷ്യനെ ചൂഷണംചെയ്യരുത്. 34 നിങ്ങളോടുകൂടെ പാർക്കുന്ന പ്രവാസിയോട് ഒരു സ്വദേശിയോടെന്നപോലെ ഇടപെടുക; അയാളെ നിങ്ങളെപ്പോലെതന്നെ സ്നേഹിക്കുക. നിങ്ങൾ ഈജിപ്റ്റിൽ പ്രവാസികളായിരുന്നല്ലോ. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

  2. 17 നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവും സർവശക്തനും മഹാനും ഉന്നതനുമായ ദൈവം ആകുന്നു. അവിടന്ന് മുഖപക്ഷം കാണിക്കുകയോ കൈക്കൂലി വാങ്ങുകയോ ചെയ്യുന്നില്ല. 18 അവിടന്ന് അനാഥർക്കും വിധവമാർക്കുംവേണ്ടി നീതി നടപ്പാക്കുന്നു. അവിടന്ന് നിങ്ങൾക്കിടയിൽ താമസിക്കുന്ന പ്രവാസികളെ സ്നേഹിച്ച് അവർക്കു ഭക്ഷണവും വസ്ത്രവും നൽകുന്നു. 19 അതുകൊണ്ട് നിങ്ങളും പ്രവാസികളെ സ്നേഹിക്കുക. നിങ്ങളും ഈജിപ്റ്റിൽ പ്രവാസികളായിരുന്നല്ലോ.

  3. 22 ആ കാലത്ത് അബീമെലെക്കും അയാളുടെ സൈന്യാധിപനായ ഫിക്കോലും അബ്രാഹാമിനോട്, “നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദൈവം നിന്നോടുകൂടെയുണ്ട്. 23 നീ എന്നോടോ എന്റെ മക്കളോടോ എന്റെ പിൻഗാമികളോടോ വ്യാജം പ്രവർത്തിക്കുകയില്ലെന്ന് ഇപ്പോൾ ഇവിടെ ദൈവമുമ്പാകെ എന്നോടു ശപഥംചെയ്യണം. ഞാൻ നിന്നോടു കരുണ കാണിച്ചതുപോലെതന്നെ നീ എന്നോടും നീ പ്രവാസിയായി വന്നുപാർക്കുന്ന ഈ ദേശത്തോടും കരുണ കാണിക്കുകയും വേണം” എന്നു പറഞ്ഞു.

    24 അതിന് അബ്രാഹാം, “ഞാൻ അങ്ങനെതന്നെ ശപഥംചെയ്യുന്നു” എന്നു പറഞ്ഞു.

    25 പിന്നെ അബ്രാഹാം അബീമെലെക്കിനോട്, അങ്ങയുടെ വേലക്കാർ എന്റെ വേലക്കാരിൽനിന്നും ഒരു കിണർ കൈവശപ്പെടുത്തിയതായി പരാതിപ്പെട്ടു. 26 അതിന് അബീമെലെക്ക്, “ആരാണ് ഇതു ചെയ്തതെന്ന് എനിക്ക് അറിഞ്ഞുകൂടാ. താങ്കൾ എന്നോടു പറഞ്ഞില്ലല്ലോ, ഇന്നാണു ഞാൻ ഇതിനെക്കുറിച്ചു കേൾക്കുന്നത്” എന്നു പറഞ്ഞു.

    27 പിന്നെ അബ്രാഹാം ആടുമാടുകളെ കൊണ്ടുവന്ന് അബീമെലെക്കിനു കൊടുത്തു. അവർ ഇരുവരും ഒരു കരാറിലേർപ്പെടുകയും ചെയ്തു. 28 അബ്രാഹാം ആട്ടിൻപറ്റത്തിൽനിന്ന് ഏഴു പെണ്ണാട്ടിൻകുട്ടികളെ വേർതിരിച്ചു. 29 അബീമെലെക്ക് അബ്രാഹാമിനോട്, “ഈ ഏഴ് പെണ്ണാട്ടിൻകുട്ടികളെ വേർതിരിച്ചതുകൊണ്ടു നീ എന്താണ് ഉദ്ദേശിക്കുന്നത്” എന്നു ചോദിച്ചു.

    30 “ഈ കിണർ ഞാനാണു കുഴിപ്പിച്ചത് എന്നതിനു സാക്ഷിയായി ഈ ഏഴു പെണ്ണാട്ടിൻകുട്ടികളെ എന്റെ കൈയിൽനിന്ന് വാങ്ങണം” അബ്രാഹാം മറുപടി പറഞ്ഞു.

    31 ആ സ്ഥലത്തുവെച്ച് അങ്ങനെ അവർ ഇരുവരും ശപഥംചെയ്തതുകൊണ്ട് അതിന് ബേർ-ശേബാ എന്നു പേരുണ്ടായി.

    32 ബേർ-ശേബയിൽവെച്ചു സഖ്യം ചെയ്തതിനുശേഷം അബീമെലെക്കും അദ്ദേഹത്തിന്റെ സൈന്യാധിപനായ ഫിക്കോലും ഫെലിസ്ത്യരുടെ ദേശത്തേക്കു മടങ്ങി. 33 അബ്രാഹാം ബേർ-ശേബയിൽ ഒരു പിചുലവൃക്ഷം നട്ടു; അവിടെവെച്ച് അദ്ദേഹം നിത്യദൈവമായ യഹോവയുടെ നാമത്തിൽ ആരാധന നടത്തി. 34 അബ്രാഹാം ഫെലിസ്ത്യരുടെ ദേശത്ത് കുറെക്കാലം പ്രവാസിയായി താമസിച്ചു.

  4. 17 പ്രവാസിക്കും അനാഥർക്കും നീതി നിഷേധിക്കരുത്. വിധവയുടെ പുറങ്കുപ്പായം പണയമായി എടുക്കരുത്. 18 നീ ഈജിപ്റ്റിൽ അടിമയായിരുന്നു എന്നും നിന്നെ നിന്റെ ദൈവമായ യഹോവ അവിടെനിന്ന് വീണ്ടെടുത്തു എന്നും ഓർക്കുക. അതുകൊണ്ടാണ് ഇതു ചെയ്യാൻ ഞാൻ നിങ്ങളോടു കൽപ്പിക്കുന്നത്.

    19 നിന്റെ വയൽ കൊയ്യുമ്പോൾ ഒരു കറ്റ വയലിൽ മറന്നുപോയാൽ അതെടുക്കാൻ തിരികെപ്പോകരുത്. നിന്റെ കൈകളുടെ എല്ലാ പ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്, അതു പ്രവാസിക്കും അനാഥർക്കും വിധവയ്ക്കുമായി ഉപേക്ഷിക്കണം. 20 നീ ഒലിവുവൃക്ഷത്തിന്റെ ഫലം തല്ലുമ്പോൾ രണ്ടാംതവണയും കൊമ്പുകൾ തപ്പിപ്പറിക്കരുത്. ശേഷിക്കുന്നതു പ്രവാസിക്കും അനാഥർക്കും വിധവയ്ക്കുമുള്ളതാണ്. 21 നിന്റെ മുന്തിരിത്തോപ്പിൽനിന്ന് മുന്തിരിപ്പഴം ശേഖരിക്കുമ്പോൾ രണ്ടാമതും പോയി തീർത്തു പറിക്കരുത്. ശേഷിക്കുന്നതു പ്രവാസിക്കും അനാഥർക്കും വിധവയ്ക്കുമുള്ളതാണ്. 22 നിങ്ങൾ ഈജിപ്റ്റിൽ അടിമകളായിരുന്നു എന്ന് ഓർക്കുക. അതുകൊണ്ടാണ് ഇതു ചെയ്യാൻ ഞാൻ നിങ്ങളോടു കൽപ്പിക്കുന്നത്.

  5. 5 എന്നാൽ, നിങ്ങളുടെ വഴികളും പ്രവൃത്തികളും നിങ്ങൾ പൂർണമായും തിരുത്തി, പരസ്പരം നീതിപൂർവം ന്യായപാലനംചെയ്യുമെങ്കിൽ, 6 വിദേശികളെയും അനാഥരെയും വിധവകളെയും പീഡിപ്പിക്കാതിരിക്കുമെങ്കിൽ, ഈ സ്ഥലത്ത് നിഷ്കളങ്കരക്തം ചൊരിയാതിരിക്കുമെങ്കിൽ, നിങ്ങളുടെ നാശത്തിനായി അന്യദേവതകളെ സേവിച്ചു ജീവിക്കാതിരിക്കുമെങ്കിൽ, 7 നിങ്ങളുടെ പിതാക്കന്മാർക്ക് എന്നേക്കും വസിക്കുന്നതിനു നൽകിയ ഈ ദേശത്ത് ഞാൻ നിങ്ങളെ ജീവിക്കാൻ അനുവദിക്കും.

  6. 31 “മനുഷ്യപുത്രൻ തന്റെ സകലദൂതന്മാരുമായി അവിടത്തെ മഹത്ത്വത്തിൽ വരുമ്പോൾ അവിടത്തെ രാജകീയ സിംഹാസനത്തിൽ ഉപവിഷ്ടനായി 32 സകലജനതയെയും തിരുസന്നിധിയിൽ ഒരുമിച്ചുകൂട്ടും. ഇടയൻ കോലാടുകളിൽനിന്ന് ചെമ്മരിയാടുകളെ വേർതിരിക്കുന്നതുപോലെ, അവിടന്ന് ജനത്തെ വിഭജിക്കും. 33 ചെമ്മരിയാടുകളെ തന്റെ വലതുഭാഗത്തും കോലാടുകളെ തന്റെ ഇടതുഭാഗത്തും നിർത്തും.

    34 “പിന്നെ രാജാവു തന്റെ വലതുഭാഗത്തുള്ളവരോട് ഇപ്രകാരം അരുളിച്ചെയ്യും, ‘എന്റെ പിതാവിന്റെ അനുഗ്രഹത്തിന് യോഗ്യരായവരേ, വരിക; ലോകസൃഷ്ടിക്കുമുമ്പേ നിങ്ങൾക്കായി ഒരുക്കപ്പെട്ടിരിക്കുന്ന രാജ്യം അവകാശമാക്കുക. 35 എനിക്കു വിശന്നു, നിങ്ങൾ എനിക്ക് ആഹാരം തന്നു; എനിക്കു ദാഹിച്ചു, നിങ്ങൾ എനിക്ക് കുടിക്കാൻ തന്നു; ഞാൻ ഒരു അപരിചിതനായിരുന്നു, എങ്കിലും നിങ്ങൾ എന്നെ വീട്ടിൽ സ്വീകരിച്ചു; 36 ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എന്നെ വസ്ത്രം ധരിപ്പിച്ചു; ഞാൻ രോഗിയായിരുന്നു, നിങ്ങൾ എന്നെ പരിചരിച്ചു; ഞാൻ കാരാഗൃഹത്തിൽ ആയിരുന്നു, നിങ്ങൾ എന്നെ സന്ദർശിച്ചു.’

    37 “അപ്പോൾ നീതിനിഷ്ഠർ അവിടത്തോട്: ‘എപ്പോഴാണ് കർത്താവേ, അങ്ങ് വിശപ്പുള്ളവനായി കണ്ടിട്ട് ഞങ്ങൾ അങ്ങേക്ക് ആഹാരം തന്നത്? ദാഹിക്കുന്നവനായി കണ്ടിട്ട് കുടിക്കാൻ തന്നത്? 38 ഒരു അപരിചിതനായിക്കണ്ടിട്ട് ഞങ്ങൾ അങ്ങയെ സ്വീകരിക്കുകയോ നഗ്നനായിരിക്കെ വസ്ത്രം ധരിപ്പിക്കുകയോ ചെയ്തത് എപ്പോഴാണ്? 39 രോഗിയായോ തടവുകാരനായോ കണ്ടിട്ട് എപ്പോഴാണ് ഞങ്ങൾ അങ്ങയെ സന്ദർശിച്ചത്?’ എന്നു ചോദിക്കും.

    40 “അതിന് രാജാവ് ഇപ്രകാരം മറുപടി പറയും, ‘എന്റെ അവഗണിക്കപ്പെട്ട ഈ സഹോദരങ്ങളിൽ ഒരാൾക്കുവേണ്ടി നിങ്ങൾ ചെയ്തതെല്ലാം എനിക്കുവേണ്ടി ചെയ്തതാണ്, സത്യം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.’

    41 “തുടർന്ന് രാജാവ് തന്റെ ഇടതുഭാഗത്തുള്ളവരോടു കൽപ്പിക്കും: ‘കടന്നുപോകുക ശാപഗ്രസ്തരേ, പിശാചിനും അയാളുടെ കിങ്കരന്മാർക്കുംവേണ്ടി ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്ക് പോകുക. 42 എനിക്കു വിശന്നു, നിങ്ങൾ എനിക്ക് ആഹാരം തന്നില്ല; എനിക്ക് ദാഹിച്ചു, നിങ്ങൾ എനിക്ക് കുടിക്കാൻ തന്നില്ല; 43 ഞാൻ ഒരു അപരിചിതനായിരുന്നു, നിങ്ങൾ എന്നെ വീട്ടിൽ സ്വീകരിച്ചില്ല. ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എന്നെ വസ്ത്രം ധരിപ്പിച്ചില്ല; ഞാൻ രോഗഗ്രസ്തനായിരുന്നു, കാരാഗൃഹത്തിലുമായിരുന്നു; നിങ്ങൾ എന്നെ പരിചരിച്ചില്ല.’

    44 “അപ്പോൾ അവരും അവിടത്തോട്, ‘എപ്പോഴാണ് കർത്താവേ, അങ്ങ് വിശക്കുന്നവനോ ദാഹിക്കുന്നവനോ സഞ്ചാരിയോ നഗ്നനോ രോഗിയോ തടവുകാരനോ ആയി കണ്ടിട്ട് ഞങ്ങൾ അങ്ങയെ സഹായിക്കാതിരുന്നത്?’ എന്നു ചോദിക്കും.

    45 “അതിന് രാജാവ് ഇപ്രകാരം മറുപടി പറയും, ‘എന്റെ അവഗണിക്കപ്പെട്ട ഈ സഹോദരങ്ങളിൽ ഒരാൾക്കെങ്കിലുംവേണ്ടി നിങ്ങൾ ചെയ്യാതിരുന്നതെല്ലാം എനിക്കുവേണ്ടി ചെയ്യാതിരുന്നതാണ്, സത്യം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.’

    46 “പിന്നെ അവർ നിത്യശിക്ഷയിലേക്കും നീതിനിഷ്ഠർ നിത്യജീവനിലേക്കും പോകും.”

  7. 1 നിങ്ങൾ സഹോദരങ്ങളെപ്പോലെ പരസ്പരം സ്നേഹിക്കുക. 2 അതിഥികളെ ഉപചരിക്കുന്നതിൽ ഉപേക്ഷ വിചാരിക്കരുത്; ചിലർ അതിലൂടെ അറിയാതെതന്നെ ദൈവദൂതന്മാരെ സൽക്കരിച്ചിട്ടുണ്ടല്ലോ. 3 നിങ്ങൾ അവരോടുകൂടെ തടവിലായിരുന്നു എന്നപോലെ തടവുകാരെയും നിങ്ങളും അവരോടൊപ്പം പീഡനം സഹിക്കുന്നവർ എന്നപോലെ പീഡിതരെയും ഓർക്കുക.

  8. 21 “വിദേശിയോടു മോശമായി പെരുമാറുകയോ അവരെ പീഡിപ്പിക്കുകയോ അരുത്; ഈജിപ്റ്റിൽ നിങ്ങളും പ്രവാസികൾ ആയിരുന്നല്ലോ.

    22 “വിധവയെയോ അനാഥരെയോ പീഡിപ്പിക്കരുത്. 23 നീ പീഡിപ്പിച്ചിട്ട് അവർ എന്നോടു നിലവിളിച്ചാൽ ഞാൻ നിശ്ചയമായും അവരുടെ നിലവിളി കേൾക്കും; 24 എന്റെ ക്രോധം ജ്വലിച്ചിട്ട് ഞാൻ നിന്നെ വാളാൽ കൊന്നുകളയും; നിങ്ങളുടെ ഭാര്യമാർ വിധവകളും നിങ്ങളുടെ കുഞ്ഞുങ്ങൾ അനാഥരും ആയിത്തീരും.

  9. 9 “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നേരോടെ ന്യായംവിധിക്കുക പരസ്പരം കരുണയും മനസ്സലിവും കാണിക്കുക. 10 വിധവയെയും അനാഥരെയും പ്രവാസികളെയും ദരിദ്രരെയും പീഡിപ്പിക്കരുത്. നിങ്ങളുടെ മനസ്സിൽ പരസ്പരം ദോഷം ചിന്തിക്കരുത്.’

  10. 5 “ഞാൻ നിന്നെ വിസ്തരിക്കുന്നതിനായി അടുത്തുവരും. ആഭിചാരകർ, വ്യഭിചാരികൾ, കള്ളശപഥംചെയ്യുന്നവർ. വേലക്കാരെ കൂലിയിൽ വഞ്ചിക്കുന്നവർ, വിധവകളെയും അനാഥരെയും പീഡിപ്പിക്കുന്നവർ, എന്നെ ഭയപ്പെടാതെ പ്രവാസികളുടെ ന്യായം മറിച്ചുകളയുന്നവർ എന്നിവർക്കെല്ലാം എതിരേ ഞാൻ ഉടൻതന്നെ സാക്ഷ്യംപറയും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

  11. 9 എന്നാൽ, അന്ധകാരത്തിൽനിന്ന് നിങ്ങളെ അത്ഭുതജ്യോതിയിലേക്കു വിളിച്ച്, തെരഞ്ഞെടുക്കപ്പെട്ട ജനവും രാജകീയ പുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം അവകാശവുമാക്കിത്തീർത്തത് അവിടത്തെ മാഹാത്മ്യത്തെ വർണിക്കുന്നതിനുവേണ്ടിയാണ്. 10 ഒരുകാലത്ത് നിങ്ങൾ ദൈവജനം ആയിരുന്നില്ല. എന്നാൽ ഇപ്പോൾ ദൈവത്തിന്റെ ജനമാണ്. ഒരിക്കൽ നിങ്ങൾ കരുണ ലഭിക്കാത്തവർ ആയിരുന്നു, എന്നാൽ ഇപ്പോഴോ, നിങ്ങൾക്ക് കരുണ ലഭിച്ചിരിക്കുന്നു.

    11 പ്രിയരേ, വിദേശികളും അഭയാർഥികളുമായി ഈ ലോകത്ത് വസിക്കുന്ന നിങ്ങളുടെ പ്രാണനോടു പോരാടുന്ന എല്ലാ പാപകരമായ ആസക്തികളിൽനിന്നും ഒഴിഞ്ഞുനിൽക്കാൻ ഞാൻ നിങ്ങളെ നിർബന്ധിക്കുന്നു. 12 യെഹൂദേതരരുടെ ഇടയിൽ നിങ്ങളുടെ പെരുമാറ്റം മാന്യമായിരിക്കണം, നിങ്ങൾ ദുർവൃത്തരെന്ന് അവർ വ്യാജപ്രചാരണം നടത്തിയാലും നിങ്ങളുടെ സൽപ്രവൃത്തികൾ വീക്ഷിച്ച് കർത്താവിന്റെ സന്ദർശനദിവസത്തിൽ അവർ ദൈവത്തെ മഹത്ത്വപ്പെടുത്തും.

    13 കർത്താവിനെ ഓർത്ത്, മാനുഷികമായ എല്ലാ വ്യവസ്ഥാപിത അധികാരികൾക്കും വിധേയരാകുക; പരമാധികാരി എന്നനിലയിൽ രാജാവിനും 14 അദ്ദേഹം നിയമിച്ചിരിക്കുന്ന ഭരണാധികാരികൾക്കും വിധേയരാകുക. കുറ്റവാളികളെ ശിക്ഷിക്കാനും നന്മ പ്രവർത്തിക്കുന്നവരെ അഭിനന്ദിക്കാനുമാണ് ഇവർ നിയമിക്കപ്പെട്ടിരിക്കുന്നത്. 15 വ്യാജപ്രചാരണം നടത്തുന്നവരുടെ അറിവില്ലായ്മയെ നിങ്ങൾ നന്മ ചെയ്തുകൊണ്ട് നിശ്ശബ്ദമാക്കണം എന്നതാണ് ദൈവഹിതം. 16 നിങ്ങൾ സ്വതന്ത്രരാണ്, എന്നാൽ ദൈവത്തിന്റെ ദാസരുമാണ്. അതുകൊണ്ട് നിങ്ങളുടെ സ്വാതന്ത്ര്യം തിന്മചെയ്യുന്നതിനു മറയാക്കരുത്. 17 എല്ലാവരെയും ബഹുമാനിക്കുക. സഹോദരസമൂഹത്തെ സ്നേഹിക്കുക, ദൈവത്തെ ഭയപ്പെടുക, ഭരണാധികാരിയെ ബഹുമാനിക്കുക.

  12. 19 “പ്രവാസികളുടെയും അനാഥരുടെയും വിധവയുടെയും ന്യായം മറച്ചുകളയുന്നവർ ശപിക്കപ്പെട്ടവർ.”

    ജനമെല്ലാം “ആമേൻ” എന്നു പറയണം.

  13. 9 “പ്രവാസികളെ പീഡിപ്പിക്കരുത്; ഈജിപ്റ്റിൽ പ്രവാസികളായിരുന്ന നിങ്ങൾക്ക് ഒരു വിദേശിയുടെ ജീവിതം എങ്ങനെയെന്ന് അറിയാമല്ലോ.

  14. 9 യഹോവ പ്രവാസികളെ സംരക്ഷിക്കുകയും

    അനാഥരെയും വിധവമാരെയും പരിപാലിക്കുകയുംചെയ്യുന്നു,

    എന്നാൽ അവിടന്ന് ദുഷ്ടരുടെ പദ്ധതികൾ വിഫലമാക്കുന്നു.

  15. 48 “നിങ്ങളുടെ ഇടയിൽ വന്നുതാമസിക്കുന്ന വിദേശി യഹോവയുടെ പെസഹ ആചരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ തന്റെ കുടുംബത്തിലുള്ള സകലപുരുഷന്മാർക്കും പരിച്ഛേദനം നടത്തിയിരിക്കണം; പിന്നെ അവന്, സ്വദേശത്തു ജനിച്ച ഒരുവനെപ്പോലെ ഇതിൽ പങ്കെടുക്കാം. പരിച്ഛേദനമേൽക്കാത്ത യാതൊരു പുരുഷനും ഇതു ഭക്ഷിക്കരുത്. 49 സ്വദേശിക്കും നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്ന വിദേശിക്കും ഈ നിയമം ഒരുപോലെ ബാധകമായിരിക്കണം.”

  16. 14 ഇസ്രായേല്യരായ നിന്റെ സഹോദരന്മാരുടെ കൂട്ടത്തിലോ നിന്റെ നഗരത്തിൽ പാർക്കുന്ന പ്രവാസികളുടെ കൂട്ടത്തിലോ ഉള്ള ദരിദ്രരും ബുദ്ധിമുട്ടുള്ളവരുമായ കൂലിക്കാരെ പീഡിപ്പിക്കരുത്. 15 അവർ ദരിദ്രരും കൂലി ആശ്രയിച്ചു കഴിയുന്നവരുമാകുകയാൽ അവരുടെ കൂലി ഓരോ ദിവസവും സൂര്യൻ അസ്തമിക്കുന്നതിനുമുമ്പു നൽകണം. അല്ലെങ്കിൽ അവർ യഹോവയോടു നിനക്കു വിരോധമായി നിലവിളിക്കും, അതിൽ നീ കുറ്റക്കാരനായിത്തീരും.

  17. 9 “ ‘നിങ്ങൾ നിങ്ങളുടെ വയലിലെ വിള കൊയ്യുമ്പോൾ നിങ്ങളുടെ വയലിന്റെ അരികുചേർത്തു കൊയ്യുകയോ കൊയ്തതിന്റെ കാലാപെറുക്കുകയോ ചെയ്യരുത്. 10 നിങ്ങളുടെ മുന്തിരിത്തോപ്പിൽ വീണ്ടും പോകുകയോ വീണുപോയ മുന്തിരി പെറുക്കുകയോ ചെയ്യരുത്. അവ ദരിദ്രനും പ്രവാസിക്കുമായി വിട്ടേക്കണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

  18. 22 “ ‘നിങ്ങളുടെ നിലത്തിലെ വിള ശേഖരിക്കുമ്പോൾ, അരികുചേർത്തു കൊയ്യുകയോ കൊയ്തതിന്റെ കാലാപെറുക്കുകയോ ചെയ്യരുത്. അവ ദരിദ്രനും നിങ്ങളുടെ മധ്യേ പാർക്കുന്ന പ്രവാസിക്കും വിടണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ”

  19. 1 യഹോവ അബ്രാമിനോട് അരുളിച്ചെയ്തത്: “നിന്റെ ദേശത്തെയും നിന്റെ ബന്ധുക്കളെയും നിന്റെ പിതൃഭവനക്കാരെയും വിട്ട്, ഞാൻ നിനക്ക് അവകാശമായി തരാനിരിക്കുന്ന ദേശത്തേക്കു പോകുക.

    2 “ഞാൻ നിന്നെ വലിയൊരു ജനതയാക്കും;

    ഞാൻ നിന്നെ അനുഗ്രഹിക്കും;

    നിന്റെ നാമം ഞാൻ ശ്രേഷ്ഠമാക്കും.

    നീ ഒരു അനുഗ്രഹമായിരിക്കും.

    3 നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും;

    നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും;

    ഭൂമിയിലെ സകലവംശങ്ങളും

    നിന്നിലൂടെ അനുഗ്രഹിക്കപ്പെടും.”

    4 അങ്ങനെ യഹോവ തന്നോടു കൽപ്പിച്ചതനുസരിച്ച് അബ്രാം പുറപ്പെട്ടു; ലോത്തും അദ്ദേഹത്തോടുകൂടെ പോയി. ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന് എഴുപത്തഞ്ച് വയസ്സായിരുന്നു.

  20. 2 ‘ദാവീദിന്റെ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്ന യെഹൂദാരാജാവേ, ഈ കവാടങ്ങളിലൂടെ പ്രവേശിക്കുന്ന നീയും നിന്റെ ഉദ്യോഗസ്ഥരും നിന്റെ ജനവും യഹോവയുടെ വചനം കേൾക്കുക. 3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നീതിയും ന്യായവും പ്രവർത്തിക്കുക. പീഡകരുടെ കൈയിൽനിന്ന് കൊള്ളചെയ്യപ്പെട്ടവരെ വിടുവിക്കുക. വിദേശികളോടും അനാഥരോടും വിധവകളോടും തിന്മയും അക്രമവും ചെയ്യരുത്; ഈ സ്ഥലത്ത് നിഷ്കളങ്കരക്തം ചൊരിയുകയുമരുത്. 4 നിങ്ങൾ ഗൗരവത്തോടെ ഈ കൽപ്പനകൾ പാലിക്കുമെങ്കിൽ, ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്നവരും രഥങ്ങളിലും കുതിരകളിലും സഞ്ചരിക്കുന്നവരുമായ രാജാക്കന്മാരും അവരുടെ ഉദ്യോഗസ്ഥരും പ്രജകളും ഈ കൊട്ടാരത്തിന്റെ കവാടങ്ങളിൽക്കൂടി കടക്കും. 5 എന്നാൽ നിങ്ങൾ ഈ കൽപ്പനകൾ പാലിക്കാത്തപക്ഷം ഈ കൊട്ടാരം ശൂന്യമായിത്തീരുമെന്ന് ഞാൻ എന്നെക്കൊണ്ടുതന്നെ ശപഥംചെയ്യുന്നു, എന്ന് യഹോവയുടെ അരുളപ്പാട്.’ ”

  21. 21 “അതിനാൽ ഇസ്രായേലിന്റെ ഗോത്രം അനുസരിച്ച് നിങ്ങൾ ഈ ദേശം വിഭജിച്ചുകൊള്ളണം. 22 നിങ്ങൾക്കും നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്ന മക്കളുള്ള വിദേശികൾക്കുമായി നിങ്ങൾ ദേശം അവകാശമായി അനുവദിച്ചുകൊടുക്കണം. ഇസ്രായേല്യരെപ്പോലെതന്നെ അവരെ തദ്ദേശീയരായി പരിഗണിക്കണം; ഇസ്രായേൽ ഗോത്രങ്ങൾക്കിടയിൽ അവർക്കും ഒരവകാശം നൽകണം. 23 ഏതൊരു ഗോത്രത്തോടൊപ്പം ഒരു വിദേശി താമസിക്കുന്നുവോ ആ ഗോത്രത്തിന്റെ ഭൂപ്രദേശത്തായിരിക്കണം അയാൾക്കുള്ള ഓഹരി,” എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.

  22. 10 ആ സമയത്ത് കനാൻദേശത്ത് ക്ഷാമം ഉണ്ടായി; ക്ഷാമം രൂക്ഷമായിരുന്നതുകൊണ്ട് കുറച്ചുകാലം താമസിക്കുന്നതിനായി അബ്രാം ഈജിപ്റ്റിലേക്കു പോയി.

  23. 22 പ്രവാസിക്കും സ്വദേശിക്കും ഒരേ നിയമംതന്നെയായിരിക്കണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ”

  24. 35 “ ‘നിങ്ങളുടെ ദേശവാസികളിലൊരാൾ ദരിദ്രനായിരിക്കുകയും നിങ്ങളുടെയിടയിൽ സ്വയം ഉപജീവനത്തിനു കഴിവില്ലാതിരിക്കുകയും ചെയ്താൽ ആ മനുഷ്യനു നിങ്ങളുടെ ഇടയിൽ തുടർന്നു ജീവിക്കത്തക്കവിധം, ഒരു അന്യനെയോ പ്രവാസിയെയോ സഹായിക്കുന്നതുപോലെ അയാളെ സഹായിക്കണം. 36 നിങ്ങളുടെ ദേശവാസി നിങ്ങളുടെ ഇടയിൽ തുടർന്നു ജീവിക്കാൻ കഴിയേണ്ടതിന് അയാളിൽനിന്ന് യാതൊരുവിധ പലിശയോ ലാഭമോ വാങ്ങരുത്. നിങ്ങളുടെ ദൈവത്തെ ഭയപ്പെടുക. 37 നിങ്ങൾ അവനു പണം പലിശയ്ക്കു കൊടുക്കുകയോ ലാഭത്തിന് ആഹാരം വിൽക്കുകയോ ചെയ്യരുത്.

  25. 17 സഹോദരങ്ങളേ, എന്നോടുചേർന്ന് എന്റെ അനുകാരികളാകുക; ഞങ്ങളുടെ മാതൃക പിൻതുടരുന്നവരെയും ശ്രദ്ധിക്കുക. 18 ഞാൻ മുമ്പ് പലപ്പോഴും നിങ്ങളോടു പറഞ്ഞിട്ടുള്ളതുപോലെ പിന്നെയും വലിയ ഹൃദയവ്യഥയോടുകൂടി പറയട്ടെ: അനേകർ ക്രിസ്തുവിന്റെ ക്രൂശിന്റെ ശത്രുക്കളായിട്ടാണ് ജീവിക്കുന്നത്. 19 അവർ നിത്യനാശത്തിലേക്കു പോകുന്നവരും ശാരീരികസംതൃപ്തിയെ അവരുടെ ദൈവമാക്കി പ്രതിഷ്ഠിച്ചവരും ലജ്ജാകരമായതിൽ അഭിമാനിക്കുന്നവരും ലൗകികകാര്യങ്ങൾമാത്രം ചിന്തിക്കുന്നവരുമാണ്. 20 എന്നാൽ നാമോ, സ്വർഗീയപൗരർ അത്രേ. സ്വർഗത്തിൽനിന്ന് നമ്മുടെ രക്ഷകനായ, കർത്താവായ യേശുക്രിസ്തുവിന്റെ വരവിനായി നാം ആകാംക്ഷയോടെ കാത്തിരിക്കുന്നു. 21 അവിടന്ന് സകലത്തെയും തന്റെ അധീനതയിലാക്കാൻ കഴിയുന്ന ശക്തിയാൽ, അവിടത്തെ മഹത്ത്വമുള്ള ശരീരത്തിനു സമരൂപമായി നമ്മുടെ ഹീനശരീരങ്ങളെ രൂപാന്തരപ്പെടുത്തും.

  26. 26 ഭൂമിയിൽ എല്ലായിടത്തും അധിവസിക്കാൻ ഏകമനുഷ്യനിൽനിന്ന് അവിടന്ന് സകലജനതയെയും ഉളവാക്കി; അവർക്കു ജീവിക്കാനുള്ള കാലാവധികളും കൃത്യമായ സ്ഥലങ്ങളും നിർണയിച്ചു. 27 മനുഷ്യർ ദൈവത്തെ അന്വേഷിക്കാനും സാധ്യമെങ്കിൽ ആ അന്വേഷണത്തിലൂടെ ദൈവത്തെ കണ്ടെത്താനുമാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. എന്നാൽ അവിടന്ന് നമ്മിൽ ആരിൽനിന്നും വിദൂരസ്ഥനല്ല. 28 ‘ദൈവത്തിൽത്തന്നെയാണ് നാം ജീവിക്കുന്നതും ചലിക്കുന്നതും സ്ഥിതിചെയ്യുന്നതും.’ നിങ്ങളുടെതന്നെ ചില കവിവര്യന്മാർ, ‘നാം അവിടത്തെ സന്താനങ്ങളാണ്’ എന്നു പറഞ്ഞിട്ടുണ്ടല്ലോ!

  27. 27 ക്രിസ്തുവിനോടു താദാത്മ്യപ്പെടാൻ സ്നാനമേറ്റിരിക്കുന്ന എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. 28 അവിടെ യെഹൂദരെന്നോ യെഹൂദേതരരെന്നോ ഇല്ല; അടിമയെന്നോ സ്വതന്ത്രനെന്നോ ഇല്ല; സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ല. നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നാകുന്നു. 29 നിങ്ങൾ ക്രിസ്തുവിനുള്ളവർ എങ്കിൽ അബ്രാഹാമിന്റെ വംശജരും വാഗ്ദാനപ്രകാരം അവകാശികളും ആകുന്നു.

  28. 28 ഓരോ മൂന്നാംവർഷത്തിന്റെയും അവസാനം ആ വർഷത്തെ വിളവിന്റെ ദശാംശമെല്ലാം നിന്റെ നഗരങ്ങളിൽ ശേഖരിക്കണം. 29 നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ പ്രവൃത്തികളെയെല്ലാം അനുഗ്രഹിക്കേണ്ടതിന് നിന്റെ നഗരങ്ങളിലുള്ള ലേവ്യരും—അവർക്ക് അവരുടേതായ ഓഹരിയും അവകാശവും ഇല്ലല്ലോ—പ്രവാസികളും അനാഥനും വിധവയും വന്നു ഭക്ഷിച്ചു തൃപ്തരാകണം.

  29. 15 സഭയ്ക്കുമുഴുവൻ, നിങ്ങൾക്കും നിങ്ങളുടെ മധ്യേ പാർക്കുന്ന പ്രവാസിക്കും ഒരേ നിയമം ആയിരിക്കണം; തലമുറതലമുറയായി ഇത് ഒരു ശാശ്വതനിയമം. നിങ്ങളും പ്രവാസിയും യഹോവയുടെമുമ്പാകെ തുല്യരായിരിക്കും: 16 നിങ്ങൾക്കും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പ്രവാസിക്കും വിധിയും നിയമവും ഒന്നുതന്നെ ആയിരിക്കും.’ ”

  30. 27 അവർ അവരെ കൊണ്ടുവന്നു ന്യായാധിപസമിതിക്കുമുമ്പിൽ ഹാജരാക്കി. മഹാപുരോഹിതൻ അവരെ വിസ്തരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: 28 “ഈ മനുഷ്യന്റെ നാമത്തിൽ ഉപദേശിക്കരുതെന്ന് ഞങ്ങൾ നിങ്ങളോടു കർശനമായി കൽപ്പിച്ചിരുന്നു, എന്നിട്ടും നിങ്ങൾ നിങ്ങളുടെ ഉപദേശംകൊണ്ടു ജെറുശലേം നിറച്ചിരിക്കുന്നെന്നുമാത്രമല്ല, ഈ മനുഷ്യന്റെ മരണത്തിന് ഞങ്ങളെ കുറ്റക്കാരാക്കാൻ കച്ചകെട്ടിയിരിക്കുകയും ചെയ്തിരിക്കുന്നു.”

    29 പത്രോസും മറ്റ് അപ്പൊസ്തലന്മാരും ഇപ്രകാരം മറുപടി പറഞ്ഞു: “ഞങ്ങൾ മനുഷ്യരെയല്ല ദൈവത്തെയാണ് അനുസരിക്കേണ്ടത്. 30 നിങ്ങൾ ക്രൂശിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. 31 ഇസ്രായേലിനു മാനസാന്തരവും പാപക്ഷമയും നൽകേണ്ടതിന് ദൈവം അദ്ദേഹത്തെ പ്രഭുവും രക്ഷകനുമായി തന്റെ വലതുഭാഗത്തേക്ക് ഉയർത്തിയിരിക്കുന്നു. 32 ഈ വസ്തുതയ്ക്കു ഞങ്ങളും ദൈവത്തെ അനുസരിക്കുന്നവർക്ക് അവിടന്ന് നൽകിയിട്ടുള്ള പരിശുദ്ധാത്മാവും സാക്ഷി.”

  31. 1 യോസേഫ് ചെന്നു ഫറവോനോട്, “എന്റെ പിതാവും സഹോദരന്മാരും തങ്ങളുടെ ആടുമാടുകളും സകലസ്വത്തുക്കളുമായി കനാൻദേശത്തുനിന്നു വന്നിരിക്കുന്നു; അവർ ഇപ്പോൾ ഗോശെനിലുണ്ട്” എന്നു പറഞ്ഞു. 2 അദ്ദേഹം തന്റെ സഹോദരന്മാരിൽ അഞ്ചുപേരെ തെരഞ്ഞെടുത്തു ഫറവോന്റെ മുമ്പിൽ നിർത്തി.

    3 ഫറവോൻ യോസേഫിന്റെ സഹോദരന്മാരോട്, “നിങ്ങളുടെ തൊഴിൽ എന്താണ്?” എന്നു ചോദിച്ചു.

    അതിന് അവർ, “അടിയങ്ങളും അടിയങ്ങളുടെ പിതാക്കന്മാരെപ്പോലെ ഇടയന്മാരാണ്” എന്ന് ഉത്തരം പറഞ്ഞു. 4 അവർ തുടർന്നു, “ഞങ്ങൾ കുറച്ചുകാലത്തേക്ക് ഇവിടെ താമസിക്കാൻ വന്നതാണ്; കനാനിൽ ക്ഷാമം അതികഠിനമായിരിക്കുന്നു; അടിയങ്ങളുടെ ആട്ടിൻപറ്റങ്ങൾക്കു മേച്ചിലില്ല. അതുകൊണ്ട് ദയവുതോന്നി അടിയങ്ങളെ ഗോശെനിൽ താമസിക്കാൻ അനുവദിക്കുമാറാകണം.”

    5 ഫറവോൻ യോസേഫിനോട്, “നിന്റെ പിതാവും നിന്റെ സഹോദരന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നു, 6 ഈജിപ്റ്റുദേശം നിന്റെ മുമ്പിൽ ഇരിക്കുന്നു. നിന്റെ പിതാവിനെയും സഹോദരന്മാരെയും ദേശത്തിന്റെ ഏറ്റവും നല്ലഭാഗത്തു താമസിപ്പിക്കുക. അവർ ഗോശെനിൽ താമസിക്കട്ടെ. അവരിൽ പ്രാപ്തന്മാരായവരെ എന്റെ ആടുമാടുകളുടെ ചുമതല ഏൽപ്പിക്കുക” എന്നു പറഞ്ഞു.

  32. 14 “ ‘നിങ്ങളുടെ ഇടയിൽ പാർക്കുന്ന ഒരു പ്രവാസിക്കു യഹോവയുടെ പെസഹ ആചരിക്കണമെങ്കിൽ അയാൾ അതു ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി ആചരിക്കണം. പ്രവാസിക്കും സ്വദേശിക്കും ഒരേ നിയമം ആയിരിക്കണം.’ ”

  33. 15 മറ്റൊരു വ്യക്തിയെ അബദ്ധവശാൽ കൊന്ന ഏതൊരാൾക്കും ഓടിച്ചെല്ലാൻ കഴിയേണ്ടതിന്, ഇസ്രായേല്യർക്കും പ്രവാസികൾക്കും അവരുടെയിടയിൽ പാർക്കുന്ന മറ്റേതൊരു ജനത്തിനും ഈ ആറുപട്ടണങ്ങൾ സങ്കേതസ്ഥാനങ്ങൾ ആയിരിക്കും.

  34. 21 ചത്ത ഒന്നിനെയും ഭക്ഷിക്കരുത്. നിന്റെ നഗരങ്ങളിലുള്ള പ്രവാസിക്ക് അതു ഭക്ഷിക്കാൻ നൽകാം. അല്ലെങ്കിൽ മറ്റൊരു പ്രവാസിക്ക് വിൽക്കാം. കാരണം നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് വിശുദ്ധജനം ആകുന്നു.

    ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകംചെയ്യരുത്.

  35. 3 “യഹോവ എന്നെ തന്റെ ജനത്തിൽനിന്ന് നിശ്ശേഷം അകറ്റിയിരിക്കുന്നു,”

    എന്ന് യഹോവയോടു ചേർന്നിട്ടുള്ള ഒരു വിദേശിയും പറയാതിരിക്കട്ടെ.

    “ഞാൻ ഉണങ്ങിയ ഒരു വൃക്ഷമാണ്,”

    എന്ന് ഒരു ഷണ്ഡനും പറയാതിരിക്കട്ടെ.

    4 കാരണം യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

    “എന്റെ ശബ്ബത്തുകളെ ആചരിക്കുകയും

    എനിക്കു പ്രസാദകരമായവ തെരഞ്ഞെടുക്കുകയും

    എന്റെ ഉടമ്പടി പാലിക്കുകയും ചെയ്യുന്ന ഷണ്ഡന്മാരോട്—

    5 അവർക്കും ഞാൻ എന്റെ ആലയത്തിലും എന്റെ മതിൽക്കെട്ടിനുള്ളിലും

    പുത്രീപുത്രന്മാരെക്കാൾ മെച്ചമായൊരു

    സ്മാരകവും പേരും നൽകും;

    എന്നെന്നും നിലനിൽക്കുന്ന

    ഒരു ശാശ്വതനാമം ഞാൻ അവർക്കു നൽകും.

    6 യഹോവയെ സേവിക്കാനും

    അവിടത്തെ നാമം സ്നേഹിക്കാനും

    അവിടത്തെ ദാസരായിരിക്കാനും

    യഹോവയോടു ചേർന്നിട്ടുള്ള എല്ലാ യെഹൂദേതരരെയും,

    ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കുകയും

    എന്റെ ഉടമ്പടി പാലിക്കുകയും ചെയ്യുന്ന എല്ലാവരെയും—

    7 ഞാൻ എന്റെ വിശുദ്ധപർവതത്തിലേക്ക് കൊണ്ടുവരും,

    എന്റെ പ്രാർഥനാലയത്തിൽ അവരെ സന്തുഷ്ടരാക്കിത്തീർക്കും.

    അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും

    എന്റെ യാഗപീഠത്തിന്മേൽ സ്വീകാര്യമായിത്തീരും.

    എന്റെ ആലയം സകലജനതകൾക്കുമുള്ള

    പ്രാർഥനാലയം എന്നു വിളിക്കപ്പെടും.”

  36. 6 യഹോവയുടെ സന്നിധിയിൽ ഞാൻ എന്താണ് കൊണ്ടുവരേണ്ടത്?

    ഉന്നതനായ ദൈവത്തിന്റെ മുമ്പിൽ വണങ്ങുമ്പോൾ,

    ഹോമയാഗങ്ങളുമായി ഞാൻ അവിടത്തെ സന്നിധിയിൽ വരണമോ?

    ഒരുവയസ്സു പ്രായമുള്ള കാളക്കിടാങ്ങളുമായി വരണമോ?

    7 ആയിരക്കണക്കിനു കോലാടുകളിൽ യഹോവ പ്രസാദിക്കുമോ?

    പതിനായിരക്കണക്കിനു തൈലനദികളിൽ അവിടന്നു പ്രസാദിക്കുമോ?

    എന്റെ അതിക്രമത്തിനായി എന്റെ ആദ്യജാതനെയും

    എന്റെ പാപങ്ങൾക്കായി എന്റെ ഉദരഫലത്തെയും ഞാൻ അർപ്പിക്കണമോ?

    8 മനുഷ്യാ, നന്മ എന്തെന്ന് അവിടന്നു നിന്നെ കാണിച്ചിരിക്കുന്നു;

    നീതി പ്രവർത്തിക്കുക, കരുണയെ സ്നേഹിക്കുക

    നിന്റെ ദൈവത്തിന്റെ മുമ്പിൽ താഴ്മയോടെ ജീവിക്കുക.

    ഇതല്ലാതെ മറ്റെന്താണ് യഹോവ നിന്നോട് ആവശ്യപ്പെടുന്നത്?

  37. 34 പത്രോസ് തന്റെ പ്രഭാഷണം ഇങ്ങനെ ആരംഭിച്ചു: “ദൈവത്തിനു പക്ഷഭേദമില്ലെന്നും 35 ദൈവത്തെ ഭയപ്പെട്ട് നീതി പ്രവർത്തിക്കുന്നവരെ, അവർ ഏതു ജനവിഭാഗത്തിലുള്ളവരായിരുന്നാലും അവിടന്ന് അംഗീകരിക്കുന്നു എന്നും ഉള്ള യാഥാർഥ്യം ഞാനിപ്പോൾ മനസ്സിലാക്കുന്നു.

  38. 13 ഇവരെല്ലാവരും വിശ്വാസത്തിൽ മരണംവരെ ഉറച്ചുനിന്നു. അവർ സ്വന്തം ജീവിതകാലത്ത് വാഗ്ദാനനിവൃത്തി കരഗതമാകാതെ, ദൂരെനിന്ന് അവയെ (വിശ്വാസത്താൽ) കണ്ട്, ഈ ലോകത്തിൽ തങ്ങൾ അപരിചിതരും വിദേശികളും എന്നു ബോധ്യപ്പെട്ട് അവയെ (ആനന്ദത്തോടെ) സ്വാഗതംചെയ്തു. 14 ഇങ്ങനെ (അവരുടെ പ്രവൃത്തിയിലൂടെ) പറയുന്നവർ, തങ്ങൾക്ക് സ്വന്തമായി ഒരു ദേശം അന്വേഷിക്കുന്നെന്നു സുവ്യക്തമാക്കുകയാണ്. 15 തങ്ങൾ വിട്ടുപോന്ന ദേശത്തെക്കുറിച്ച് ഗൃഹാതുരരായിരുന്നെങ്കിൽ അവർക്ക് മടങ്ങിപ്പോകാൻ സമയമുണ്ടായിരുന്നു. 16 എന്നാൽ അവരാകട്ടെ, അധികം ശ്രേഷ്ഠമായ സ്ഥലം, സ്വർഗീയമാതൃരാജ്യംതന്നെ, വാഞ്ഛിച്ചുകൊണ്ടിരുന്നു. അതുകൊണ്ടു ദൈവം, അവരുടെ ദൈവം എന്നു വിളിക്കപ്പെടാൻ ലജ്ജിക്കുന്നില്ല; കാരണം അവിടന്ന് അവർക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നു.