46 Bible Verses About Bribery

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Bribery
  1. 6 “വ്യവഹാരത്തിൽ ദരിദ്രനു നീതി നിഷേധിക്കരുത്. 7 വ്യാജാരോപണത്തിൽ നിനക്കു പങ്കുണ്ടാകരുത്. നിരപരാധിയും നീതിമാനും ആയ ഒരു മനുഷ്യനെയും കൊല്ലരുത്. കുറ്റവാളിയെ ഞാൻ ശിക്ഷിക്കാതെ വിടുകയില്ല.

    8 “കൈക്കൂലി വാങ്ങരുത്; കൈക്കൂലി കാഴ്ചയുള്ളവരെ അന്ധരാക്കുകയും നിഷ്കളങ്കരുടെ വചനം കോട്ടിക്കളയുകയും ചെയ്യുന്നു.

  2. 19 ന്യായം അട്ടിമറിക്കുകയോ മുഖപക്ഷം കാണിക്കുകയോ ചെയ്യരുത്. കൈക്കൂലി വാങ്ങരുത്. കൈക്കൂലി ജ്ഞാനിയുടെ കണ്ണുകളെ കുരുടാക്കുകയും നിഷ്കളങ്കരുടെ വചനം കോട്ടിക്കളയുകയും ചെയ്യുന്നു.

  3. 1 ശമുവേൽ വൃദ്ധനായപ്പോൾ അദ്ദേഹം തന്റെ പുത്രന്മാരെ ഇസ്രായേലിനു ന്യായാധിപന്മാരായി നിയമിച്ചു. 2 അദ്ദേഹത്തിന്റെ ആദ്യജാതന് യോവേൽ എന്നും രണ്ടാമത്തെ പുത്രന് അബീയാവ് എന്നും പേരായിരുന്നു; അവർ ആയിരുന്നു ബേർ-ശേബയിലെ ന്യായാധിപന്മാർ. 3 ശമുവേലിന്റെ പുത്രന്മാർ അദ്ദേഹത്തിന്റെ മാർഗം പിൻതുടർന്നില്ല. അവർ ദ്രവ്യാഗ്രഹികളായി കോഴവാങ്ങുകയും ന്യായം അട്ടിമറിക്കുകയും ചെയ്തു.

  4. 9 പാപികളോടൊപ്പം എന്റെ പ്രാണനെയും

    രക്തദാഹികളോടൊപ്പം എന്റെ ജീവനെയും എടുത്തുകളയരുതേ,

    10 അവരുടെപക്കൽ കുതന്ത്രങ്ങളുണ്ട്,

    അവരുടെ വലതുകരം കോഴകൊണ്ട് നിറഞ്ഞിരിക്കുന്നു.

  5. 23 ദുഷ്ടർ രഹസ്യമായി കൈക്കൂലി വാങ്ങുന്നു

    നീതിയുടെ വഴികൾ അട്ടിമറിക്കാൻ അവർ അപ്രകാരംചെയ്യുന്നു.

    24 വിവേകികൾ തങ്ങളുടെ ദൃഷ്ടി ജ്ഞാനത്തിൽ ഉറപ്പിക്കുന്നു,

    എന്നാൽ ഭോഷരുടെ കണ്ണുകൾ ഭൂമിയുടെ അതിർത്തികളിൽ അലയുന്നു.

  6. 22 വീഞ്ഞു കുടിക്കുന്നതിൽ വീരന്മാരായവർക്കും

    വീര്യമുള്ള മദ്യം കലർത്തുന്നതിൽ ശൂരന്മാരുമായവർക്കും അയ്യോ കഷ്ടം!

    23 അവർ കൈക്കൂലി വാങ്ങി ദുഷ്ടരെ കുറ്റവിമുക്തരാക്കുകയും

    നിഷ്കളങ്കർക്ക് തങ്ങളുടെ അവകാശം നിഷേധിക്കുകയും ചെയ്യുന്നു.

    24 അതിനാൽ തീനാളം താളടിയെ ദഹിപ്പിക്കുന്നതുപോലെയും

    വൈക്കോൽ അഗ്നിജ്വാലയിൽ എരിഞ്ഞമരുന്നതുപോലെയും,

    അവരുടെ വേരുകൾ ദ്രവിച്ചുപോകും,

    അവരുടെ പൂക്കൾ പൊടിപോലെ പറന്നുപോകും;

    സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണം അവർ നിരസിച്ചുകളഞ്ഞല്ലോ,

    ഇസ്രായേലിൻ പരിശുദ്ധന്റെ വചനത്തെ അവർ നിന്ദിച്ചല്ലോ.

  7. 12 നിന്നിൽവെച്ച് അവർ രക്തപാതകത്തിനായി കൈക്കൂലി വാങ്ങുന്നു; നീ ദരിദ്രരിൽനിന്നു പലിശയും കൊള്ളലാഭവും വാങ്ങുന്നു. നീ അയൽവാസിയോട് അനീതിയോടെ പെരുമാറി ആദായമുണ്ടാക്കുകയും എന്നെ മറന്നുകളകയും ചെയ്യുന്നു എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

    13 “ ‘നീ അസത്യമാർഗത്തിലൂടെ നേടിയ ലാഭത്തിന്റെയും നിങ്ങളുടെ ഇടയിലുള്ള രക്തപാതകത്തിന്റെയും നേരേ ഞാൻ കൈകൊട്ടുന്നു.

  8. 11 ആ സ്ത്രീകൾ മടങ്ങിപ്പോകുന്നതിനിടയിൽ, സൈനികരിൽ ചിലർ നഗരത്തിൽ ചെന്ന് സംഭവിച്ചതെല്ലാം പുരോഹിതമുഖ്യന്മാരെ അറിയിച്ചു. 12 പുരോഹിതമുഖ്യന്മാർ സമുദായനേതാക്കന്മാരുമായി കൂടിയാലോചിച്ച് സൈനികർക്കു വലിയൊരു തുക കോഴയായി നൽകിയിട്ട്, 13 അവരോട്, “ ‘രാത്രിയിൽ ഞങ്ങൾ ഉറങ്ങുമ്പോൾ, യേശുവിന്റെ ശിഷ്യന്മാർ വന്ന് അദ്ദേഹത്തിന്റെ മൃതദേഹം മോഷ്ടിച്ചുകൊണ്ടുപോയി’ എന്നു നിങ്ങൾ പറയണം, 14 ഈ വിവരം ഭരണാധികാരിയുടെ അടുത്തെത്തിയാൽ, ഞങ്ങൾ അദ്ദേഹത്തോട് സംസാരിച്ച് നിങ്ങൾക്ക് കുഴപ്പമൊന്നും ഉണ്ടാകാതെ നോക്കിക്കൊള്ളാം” എന്നു പറഞ്ഞു. 15 അതനുസരിച്ച് സൈനികർ ആ പണം വാങ്ങി തങ്ങളോടു നിർദേശിച്ചതുപോലെതന്നെ ചെയ്തു. ഈ കഥ ഇന്നുവരെയും യെഹൂദരുടെ മധ്യേ പരക്കെ പ്രചരിച്ചിരിക്കുന്നു.

  9. 8 കൈക്കൂലി നൽകുന്നവർക്ക് അതൊരു വശീകരണോപാധിയാണ്;

    എല്ലാറ്റിലും വിജയം കൈവരിക്കാമെന്ന് അവർ കരുതുന്നു.

  10. 7 കവർച്ച ജ്ഞാനിയെ ഭോഷനാക്കുന്നു,

    കൈക്കൂലി ഹൃദയത്തെ മലിനമാക്കുന്നു.

  11. 15 നീതിയോടെ ജീവിക്കുകയും

    സത്യം സംസാരിക്കുകയും ചെയ്യുന്നവർ,

    കൊള്ളപ്പണത്തിലുള്ള നേട്ടം വെറുക്കുന്നവർ,

    കോഴവാങ്ങാതെ കൈകൾ സൂക്ഷിക്കുന്നവർ,

    രക്തപാതകത്തെപ്പറ്റി കേൾക്കുകപോലും ചെയ്യാതെ ചെവിപൊത്തുന്നവർ,

    ദോഷത്തെ നോക്കാതെ തന്റെ കണ്ണ് അടച്ചുകളയുന്നവർ—

    16 അവരാണ് ഉയരങ്ങളിൽ വസിക്കുന്നത്,

    അവരുടെ അഭയസ്ഥാനം പാറയിൽ തീർത്ത കോട്ടകൾ ആയിരിക്കും.

    അവരുടെ അപ്പം അവർക്കു ലഭിക്കും,

    അവരുടെ വെള്ളം മുടങ്ങിപ്പോകുകയുമില്ല.

  12. 23 നിങ്ങളുടെ പ്രഭുക്കന്മാർ മത്സരികൾ,

    കള്ളന്മാരുടെ പങ്കാളികൾതന്നെ;

    അവർ എല്ലാവരും കൈക്കൂലി ആഗ്രഹിക്കുകയും

    പ്രതിഫലം ഇച്ഛിക്കുകയും ചെയ്യുന്നു.

    അവർ അനാഥർക്കുവേണ്ടി വ്യവഹരിക്കുന്നില്ല;

    വിധവയുടെ അപേക്ഷ പരിഗണിക്കുന്നതുമില്ല.

    24 അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ്,

    ഇസ്രായേലിന്റെ ശക്തൻതന്നെ, അരുളിച്ചെയ്യുന്നു:

    “എന്റെ എതിരാളികളുടെമേൽ എന്റെ ക്രോധം ഞാൻ അഴിച്ചുവിടും;

    എന്റെ ശത്രുക്കളോടു ഞാൻ പ്രതികാരംചെയ്യും.

  13. 34 കാരണം, അഭക്തരുടെ സംഘം വന്ധ്യതയുള്ളവരാകും;

    കൈക്കൂലിക്കാരുടെ കൂടാരങ്ങൾ അഗ്നിക്കിരയാകും.

    35 അവർ ദ്രോഹത്തെ ഗർഭംധരിച്ച് അനീതിയെ പ്രസവിക്കുന്നു;

    അവരുടെ ഉദരം വഞ്ചന രൂപപ്പെടുത്തുന്നു.”

  14. 14 രഹസ്യത്തിൽ കൈമാറുന്ന ദാനം കോപത്തെ ശാന്തമാക്കുന്നു;

    വസ്ത്രത്തിൽ ഒളിപ്പിച്ചുകൊണ്ടുവരുന്ന കോഴ ഉഗ്രകോപത്തെയും.

  15. 12 നിങ്ങളുടെ അകൃത്യങ്ങൾ എത്രയധികം എന്നു ഞാൻ അറിയുന്നു

    നിങ്ങളുടെ പാപങ്ങൾ എത്ര വലുതായിരിക്കുന്നു!

    നിങ്ങൾ നീതിമാനെ പീഡിപ്പിക്കുന്നു, കൈക്കൂലി വാങ്ങുന്നു;

    കോടതിയിൽ ദരിദ്രനു ന്യായം നിഷേധിക്കുന്നു.

  16. 25 “നിരപരാധിയായ ഒരു മനുഷ്യനെ കൊല്ലുന്നതിനു കൈക്കൂലി വാങ്ങുന്നവർ ശപിക്കപ്പെട്ടവർ.”

    ജനമെല്ലാം “ആമേൻ” എന്നു പറയണം.

  17. 1 ശമുവേൽ എല്ലാ ഇസ്രായേലിനോടുമായി പറഞ്ഞു: “നിങ്ങൾ എന്നോടു പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ കേൾക്കുകയും നിങ്ങൾക്ക് ഒരു രാജാവിനെ വാഴിച്ചുതരികയും ചെയ്തിരിക്കുന്നു. 2 ഇപ്പോൾ നിങ്ങൾക്കു നായകനായി ഒരു രാജാവുണ്ട്; എന്നെ സംബന്ധിച്ചാകട്ടെ, ഞാൻ വൃദ്ധനും നര ബാധിച്ചവനുമാണ്. എന്റെ പുത്രന്മാരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. എന്റെ യൗവനകാലംമുതൽ ഇന്നുവരെയും ഞാൻ നിങ്ങൾക്കു നായകനായിരുന്നു. 3 ഇതാ, ഞാൻ ഇവിടെ നിൽക്കുന്നു: യഹോവയുടെയും അവിടത്തെ അഭിഷിക്തന്റെയും മുമ്പിൽ നിങ്ങൾ എന്നെപ്പറ്റി സാക്ഷ്യം പറയുക: ഞാൻ ആരുടെയെങ്കിലും കാളയെയോ കഴുതയെയോ അപഹരിച്ചിട്ടുണ്ടോ? ഞാൻ ആരെയെങ്കിലും ചതിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ? ആരുടെയെങ്കിലും കൈയിൽനിന്ന് ഞാൻ കോഴവാങ്ങി എന്റെ കണ്ണ് കുരുടാക്കിയിട്ടുണ്ടോ? ഇവയിൽ ഏതെങ്കിലും ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ ഇപ്പോൾ ഞാൻ അതിനു പരിഹാരം ചെയ്യാം.”

    4 “അങ്ങ് ഞങ്ങളെ ചതിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല; യാതൊരുത്തന്റെയും കൈയിൽനിന്ന് അങ്ങ് അന്യായമായി യാതൊന്നും വാങ്ങിയിട്ടുമില്ല,” എന്നു ജനം ഉത്തരം പറഞ്ഞു.

    5 ശമുവേൽ ജനത്തോട്: “എന്റെ കരങ്ങൾ തീർത്തും നിഷ്കളങ്കമാണെന്നു നിങ്ങൾ കണ്ടിരിക്കുന്നു. ഇക്കാര്യത്തിൽ യഹോവ എനിക്കു സാക്ഷി; അവിടത്തെ അഭിഷിക്തനും ഇന്നു സാക്ഷി” എന്നു പറഞ്ഞു.

    “അതേ, യഹോവതന്നെ സാക്ഷി,” എന്നു ജനം ഉത്തരം പറഞ്ഞു.

  18. 17 നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവും സർവശക്തനും മഹാനും ഉന്നതനുമായ ദൈവം ആകുന്നു. അവിടന്ന് മുഖപക്ഷം കാണിക്കുകയോ കൈക്കൂലി വാങ്ങുകയോ ചെയ്യുന്നില്ല. 18 അവിടന്ന് അനാഥർക്കും വിധവമാർക്കുംവേണ്ടി നീതി നടപ്പാക്കുന്നു. അവിടന്ന് നിങ്ങൾക്കിടയിൽ താമസിക്കുന്ന പ്രവാസികളെ സ്നേഹിച്ച് അവർക്കു ഭക്ഷണവും വസ്ത്രവും നൽകുന്നു.

  19. 7 യഹോവാഭക്തി നിങ്ങളുടെമേൽ ഉണ്ടായിരിക്കട്ടെ! നമ്മുടെ ദൈവമായ യഹോവയുടെ പക്കൽ യാതൊരുവിധ അനീതിയോ പക്ഷപാതമോ കൈക്കൂലിയോ ഇല്ല. അതിനാൽ നിങ്ങൾ വളരെ ശ്രദ്ധയോടെ വിധിക്കണം.”

  20. 4 ഒരു രാജാവ് നീതിയാൽ തന്റെ രാജ്യത്തിനു സുസ്ഥിരത കൈവരുത്തുന്നു,

    എന്നാൽ കോഴ കൊതിക്കുന്നവർ അതിനെ ശിഥിലമാക്കുന്നു.

  21. 18 അപ്പോൾ, ആസാ യഹോവയുടെ ആലയത്തിലെയും തന്റെ സ്വന്തം കൊട്ടാരത്തിലെയും ഭണ്ഡാരങ്ങളിൽ ഉണ്ടായിരുന്ന വെള്ളിയും സ്വർണവും എടുത്ത് ദമസ്കോസിൽ ഭരണം നടത്തിവരികയായിരുന്ന ഹെസ്യോന്റെ പുത്രനായ തബ്രിമ്മോന്റെ മകൻ ബെൻ-ഹദദ് എന്ന അരാംരാജാവിനു കൊടുത്തയയ്ക്കേണ്ടതിനായി തന്റെ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു. 19 ആസാ ഇപ്രകാരം ഒരു സന്ദേശവും കൊടുത്തയച്ചു: “എന്റെ പിതാവും താങ്കളുടെ പിതാവുംതമ്മിൽ ഉണ്ടായിരുന്നതുപോലെ ഒരു സഖ്യം നമ്മൾതമ്മിലും ഉണ്ടായിരിക്കട്ടെ! ഇതാ, ഞാൻ താങ്കൾക്ക് വെള്ളിയും സ്വർണവും സമ്മാനമായി കൊടുത്തയയ്ക്കുന്നു. ഇസ്രായേൽരാജാവായ ബയെശാ എന്നെ ആക്രമിക്കാതെ പിന്മാറത്തക്കവണ്ണം നിങ്ങൾതമ്മിലുള്ള സഖ്യം ഇപ്പോൾ റദ്ദാക്കിയാലും!”

  22. 6 എന്നാൽ, സംതൃപ്തിയോടുകൂടിയ ദൈവഭക്തി വലിയ നേട്ടംതന്നെയാണ്. 7 ഈ ലോകത്തിലേക്കു വന്നപ്പോൾ നാം ഒന്നും കൊണ്ടുവന്നിട്ടില്ല. ഇവിടെനിന്നു പോകുമ്പോൾ നമുക്ക് ഒന്നും കൊണ്ടുപോകാനും കഴിയുന്നതല്ല. 8 ഭക്ഷണവും വസ്ത്രവും ഉണ്ടെങ്കിൽ അതുകൊണ്ടു നമുക്കു തൃപ്തരാകാം. 9 ധനികരാകാൻ ആഗ്രഹിക്കുന്നവർ പ്രലോഭനത്തിലും കെണിയിലും കുടുങ്ങി, മനുഷ്യരെ തകർച്ചയിലും നാശത്തിലും മുക്കിക്കളയുന്ന ബുദ്ധിഹീനവും ഉപദ്രവകരവുമായ അനവധി മോഹങ്ങളിൽ വീണുപോകുന്നു. 10 ദ്രവ്യാഗ്രഹം സകലവിധ ദോഷങ്ങളുടെയും ഉറവിടമാണ്. ധനമോഹത്താൽ ചിലർ വിശ്വാസത്തിൽനിന്ന് വ്യതിചലിച്ച്, പലവിധ വേദനകൾക്ക് തങ്ങളെത്തന്നെ അധീനരാക്കുകയുംചെയ്തിരിക്കുന്നു.

    11 എന്നാൽ ദൈവപുരുഷാ, നീയോ ഇവയിൽനിന്നെല്ലാം ഓടിയകലുക. നീതി, ഭക്തി, വിശ്വാസം, സ്നേഹം, സഹിഷ്ണുത, സൗമ്യത എന്നിവയെ അനുഗമിക്കുക.

  23. 27 അത്യാഗ്രഹം സ്വഭവനത്തെ നശിപ്പിക്കുന്നു,

    എന്നാൽ കൈക്കൂലി വെറുക്കുന്നവർ ഏറെനാൾ ജീവിക്കും.

  24. 5 ഫെലിസ്ത്യപ്രഭുക്കന്മാർ അവളുടെ അടുത്തുചെന്ന്, “നീ അയാളെ വശീകരിച്ച് അയാളുടെ മഹാശക്തി ഏതിൽനിന്ന് എന്ന് ഗ്രഹിച്ച്, ഞങ്ങൾക്ക് അയാളെ പിടിച്ചുകെട്ടി കീഴടക്കാൻ എങ്ങനെ സാധിക്കും എന്നു മനസ്സിലാക്കണം. എങ്കിൽ ഞങ്ങൾ ഓരോരുത്തരും നിനക്ക് ആയിരത്തി ഒരുനൂറു ശേക്കേൽ വെള്ളിവീതം തരാം” എന്നു പറഞ്ഞു.

  25. 9 രാജാവിനു പ്രസാദമെങ്കിൽ അവരെ നശിപ്പിക്കാൻ ഒരു കൽപ്പന പുറപ്പെടുവിച്ചാലും. ഈ വ്യവഹാരം നടപ്പാക്കുന്ന മനുഷ്യർക്കുവേണ്ടി ഞാൻ പതിനായിരം താലന്ത് രാജഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നതിനു ഭരണാധിപന്മാരെ ഏൽപ്പിക്കാം” എന്നു പറഞ്ഞു.

  26. 9 യാക്കോബുഗൃഹത്തിന്റെ നേതാക്കന്മാരേ,

    ഇസ്രായേൽഗൃഹത്തിന്റെ ഭരണാധിപന്മാരേ, ഇതു കേൾക്കുക!

    നിങ്ങൾ നീതി നിഷേധിച്ചു;

    നീതിനിഷ്ഠമായ സകലതും അട്ടിമറിക്കുന്നു.

    10 അവർ രക്തം ചൊരിഞ്ഞുകൊണ്ട് സീയോനെയും

    ദുഷ്ടതകൊണ്ട് ജെറുശലേമിനെയും പണിയുന്നു.

    11 അവളുടെ ന്യായാധിപന്മാർ കൈക്കൂലി വാങ്ങി ന്യായപാലനം നടത്തുന്നു;

    അവളുടെ പുരോഹിതന്മാർ കൂലിവാങ്ങി ഉപദേശിക്കുന്നു;

    അവളുടെ പ്രവാചകന്മാർ പണത്തിനുവേണ്ടി ലക്ഷണംപറയുന്നു.

    എന്നിട്ടും അവർ യഹോവയിൽ ആശ്രയിക്കുന്നു എന്ന വ്യാജേന:

    “യഹോവ നമ്മുടെ മധ്യത്തിലില്ലേ?

    ഒരു അത്യാഹിതവും നമ്മുടെമേൽ വരികയില്ല” എന്നു പറയുന്നു.

    12 അതുകൊണ്ട്, നിങ്ങൾനിമിത്തം

    സീയോൻ ഒരു വയൽപോലെ ഉഴുതുമറിക്കപ്പെടും;

    ജെറുശലേം ഒരു കൽക്കൂമ്പാരമായിത്തീരും;

    ദൈവാലയം നിൽക്കുന്ന മല അമിതമായി കുറ്റിക്കാടുവളർന്ന കുന്നുപോലെയാകും.

  27. 24 കുറെദിവസത്തിനുശേഷം ഫേലിക്സ്, യെഹൂദാസ്ത്രീയായ തന്റെ ഭാര്യ ദ്രുസില്ലയോടുകൂടി വന്നു. അദ്ദേഹം പൗലോസിനെ വരുത്തി, ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രസംഗം കേട്ടു. 25 എന്നാൽ നീതി, ആത്മനിയന്ത്രണം, വരാനിരിക്കുന്ന ന്യായവിധി എന്നിവയെപ്പറ്റി പൗലോസ് സവിസ്തരം പ്രതിപാദിക്കുന്നത് കേട്ടപ്പോൾ ഫേലിക്സിനു ഭയമായി, “ഇപ്പോൾ ഇത്രയും മതി, നിങ്ങൾക്കു പോകാം, സൗകര്യമുള്ളപ്പോൾ ഞാൻ നിങ്ങൾക്ക് ആളയയ്ക്കാം” എന്ന് അദ്ദേഹം പറഞ്ഞു. 26 പൗലോസ് അയാൾക്കു കൈക്കൂലി കൊടുക്കുമെന്ന് അയാൾ ആശിച്ചിരുന്നതിനാൽ കൂടെക്കൂടെ ആളയച്ചുവരുത്തി അദ്ദേഹത്തോടു സംസാരിക്കുമായിരുന്നു.

    27 രണ്ടുവർഷം കഴിഞ്ഞപ്പോൾ ഫേലിക്സിന്റെ പിൻഗാമിയായി പൊർക്യൊസ് ഫെസ്തൊസ് സ്ഥാനമേറ്റു. യെഹൂദരുടെ പ്രീതി സമ്പാദിക്കാൻ ആഗ്രഹിച്ചതുകൊണ്ട് ഫേലിക്സ് പൗലോസിനെ തടവുകാരനായിത്തന്നെ വിട്ടിട്ടുപോയി.

  28. 3 ദുഷ്ടത പ്രവർത്തിക്കാൻ ഇരുകൈകൾക്കും സാമർഥ്യമുണ്ട്;

    ഭരണാധികാരി സമ്മാനം ആവശ്യപ്പെടുന്നു,

    ന്യായാധിപൻ കൈക്കൂലി സ്വീകരിക്കുന്നു,

    ശക്തർ തനിക്കിഷ്ടമുള്ളതൊക്കെയും വിളിച്ചുപറയുന്നു.

    അവർ ഒരുമിച്ച് ഗൂഢാലോചന നടത്തുന്നു.

  29. 14 അന്നുതന്നെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ ഈസ്കര്യോത്ത് പുരോഹിതമുഖ്യന്മാരെ സമീപിച്ച്, 15 “യേശുവിനെ തിരിച്ചറിയാൻ സഹായിച്ചാൽ നിങ്ങൾ എനിക്ക് എന്തുതരും?” എന്നു ചോദിച്ചു. അവർ അവന് മുപ്പത് വെള്ളിനാണയങ്ങൾ എണ്ണിക്കൊടുത്തു. 16 യൂദാ, ആ നിമിഷംമുതൽ യേശുവിനെ അറസ്റ്റ് ചെയ്യിക്കാനുള്ള തക്കംനോക്കിക്കൊണ്ടിരുന്നു.

  30. 3 യേശുവിനെ വധശിക്ഷയ്ക്ക് വിധിച്ചു എന്ന് അദ്ദേഹത്തെ ഒറ്റിക്കൊടുത്ത യൂദാ അറിഞ്ഞപ്പോൾ അതിദുഃഖിതനായിത്തീർന്നു. അയാൾ ആ മുപ്പത് വെള്ളിനാണയങ്ങൾ പുരോഹിതമുഖ്യന്മാർക്കും സമുദായനേതാക്കന്മാർക്കും തിരികെ നൽകിക്കൊണ്ട്, 4 “ഞാൻ പാപംചെയ്തിരിക്കുന്നു; നിഷ്കളങ്കരക്തത്തെ ഞാൻ ഒറ്റിക്കൊടുത്തല്ലോ” എന്നു പറഞ്ഞു.

    “അതിന് ഞങ്ങൾക്ക് എന്തുവേണം? അത് നിന്റെ കാര്യം,” എന്ന് അവർ മറുപടി പറഞ്ഞു.

    5 യൂദാ ആ നാണയങ്ങൾ ദൈവാലയത്തിലേക്കു വലിച്ചെറിഞ്ഞശേഷം പോയി കെട്ടിത്തൂങ്ങി ആത്മഹത്യചെയ്തു.

    6 പുരോഹിതമുഖ്യന്മാർ ആ നാണയങ്ങൾ പെറുക്കിയെടുത്തുകൊണ്ട്, “ഇത് രക്തത്തിന്റെ വിലയാകുകയാൽ ദൈവാലയഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നതു നിയമവിരുദ്ധമാണ്” എന്നു പറഞ്ഞ്, 7 ആ പണംകൊണ്ട് വിദേശികളെ മറവുചെയ്യുന്ന ഒരു ശ്മശാനത്തിനായി കുശവന്റെ നിലം വാങ്ങാൻ നിശ്ചയിച്ചു. 8 അതുകൊണ്ട് ആ സ്ഥലം ഇന്നും “രക്തനിലം” എന്നപേരിൽ അറിയപ്പെടുന്നു. 9 “ഇസ്രായേൽജനം യേശുവിന് നിശ്ചയിച്ച വിലയായ മുപ്പതു വെള്ളിനാണയങ്ങൾ അവർ എടുത്ത്, 10 കർത്താവ് എന്നോടു കൽപ്പിച്ചിരുന്നതുപോലെതന്നെ കുശവന്റെ നിലം വാങ്ങാൻ അവർ ഉപയോഗിച്ചു” എന്ന് യിരെമ്യാപ്രവാചകൻ പ്രസ്താവിച്ചത് ഇങ്ങനെ നിറവേറി.

  31. 10 ഞാൻ ഒരു ദിവസം മെഹേതബേലിന്റെ മകനായ ദെലായാവിന്റെ മകൻ ശെമയ്യാവിന്റെ വീട്ടിൽച്ചെന്നു; അദ്ദേഹം തന്റെ വീടിനുള്ളിൽ കതകടച്ച് ഇരിക്കുകയായിരുന്നു. അദ്ദേഹം എന്നോട്, “നമുക്കു ദൈവാലയത്തിനുള്ളിൽവെച്ച് കാണാം, അങ്ങയെ കൊല്ലേണ്ടതിന് അവർ വരുന്നതിനാൽ മന്ദിരത്തിനുള്ളിൽ കടന്ന് നമുക്കു കതകടച്ചിരിക്കാം. ഈ രാത്രിതന്നെ അവർ അങ്ങയെ വധിക്കുന്നതിനായി വരുന്നതാണ്,” എന്നു പറഞ്ഞു.

    11 എന്നാൽ ഞാൻ പറഞ്ഞു, “എന്നെപ്പോലെയുള്ള ഒരാൾ ഓടിപ്പോകണമോ? തന്റെ ജീവരക്ഷയ്ക്കായി ആലയത്തിലേക്കു പോകാൻ എന്നെപ്പോലെ ഒരുത്തനു കഴിയുമോ? ഞാൻ പോകുകയില്ല” എന്നു പറഞ്ഞു. 12 അദ്ദേഹത്തെ ദൈവം അയച്ചതല്ലെന്നും തോബിയാവും സൻബല്ലത്തും അദ്ദേഹത്തെ വിലയ്ക്കു വാങ്ങിയതിനാലാണ് അദ്ദേഹം എനിക്കെതിരേ പ്രവചിച്ചതെന്നും എനിക്കു മനസ്സിലായി. 13 ഞാൻ ഭയപ്പെട്ട് ഇങ്ങനെ പ്രവർത്തിച്ച് ഒരു പാപം ചെയ്യേണ്ടതിനും എന്റെനേരേ അപവാദംപരത്തി എനിക്കു മാനഹാനി വരുത്തേണ്ടതിനും അവർ അദ്ദേഹത്തെ വിലയ്ക്കു വാങ്ങിയതായിരുന്നു.

  32. 16 ദാനം ദാതാവിനു വഴിതുറക്കുകയും

    അദ്ദേഹത്തെ മഹാന്മാരുടെ നിരയിലേക്ക് ആനയിക്കുകയും ചെയ്യുന്നു.

  33. 18 ആരും താങ്കളെ സമ്പത്തുകൊണ്ട് പ്രലോഭിപ്പിക്കാതിരിക്കാൻ ജാഗ്രതപുലർത്തുക;

    കൈക്കൂലിയുടെ വലുപ്പം താങ്കളെ വഴിതെറ്റിക്കാതിരിക്കട്ടെ.

  34. 18 അപ്പൊസ്തലന്മാരുടെ കൈവെപ്പിനാൽ പരിശുദ്ധാത്മാവിനെ ലഭിച്ചതു കണ്ട ശിമോൻ അവർക്കു പണം വാഗ്ദാനംചെയ്തുകൊണ്ട്, 19 “ഞാനും ആരുടെയെങ്കിലുംമേൽ കൈവെച്ചാൽ അവർക്കും പരിശുദ്ധാത്മാവിനെ ലഭിക്കേണ്ടതിന് ഈ ശക്തി എനിക്കും നൽകണമേ” എന്നപേക്ഷിച്ചു.

    20 “ദൈവത്തിന്റെ ദാനം പണം കൊടുത്തു വാങ്ങാമെന്നു നീ ചിന്തിച്ചതുകൊണ്ട് നിന്റെ പണം നിന്നോടുകൂടെ നശിക്കട്ടെ. 21 നിന്റെ ഹൃദയം ദൈവസന്നിധിയിൽ നേരില്ലാത്തത് ആയതുകൊണ്ട് ഈ ശുശ്രൂഷയിൽ നിനക്കു പങ്കും ഓഹരിയും ഇല്ല. 22 നീ ഈ ദുഷ്ടതയെപ്പറ്റി അനുതപിച്ച് കർത്താവിനോടു പ്രാർഥിക്കുക. ഒരുപക്ഷേ അവിടന്നു നിന്റെ ഹൃദയത്തിലെ ദുഷ്ടവിചാരം ക്ഷമിച്ചുതരും. 23 നീ അസൂയ നിറഞ്ഞവനും പാപത്താൽ ബന്ധിക്കപ്പെട്ടവനുമാണെന്ന് ഞാൻ മനസ്സിലാക്കുന്നു” എന്ന് പത്രോസ് മറുപടി പറഞ്ഞു.

    24 അപ്പോൾ ശിമോൻ, “അങ്ങു പറഞ്ഞതൊന്നും എനിക്കു ഭവിക്കാതിരിക്കാൻ എനിക്കുവേണ്ടി കർത്താവിനോടു പ്രാർഥിക്കണമേ” എന്നപേക്ഷിച്ചു.

  35. 21 പക്ഷഭേദം കാണിക്കുന്നത് ഉചിതമല്ല—

    എന്നാൽ ഒരു കഷണം അപ്പത്തിനുവേണ്ടിപ്പോലും മനുഷ്യർ അനുചിതമായതു ചെയ്യും.

  36. 10 “നിസ്സാരകാര്യങ്ങളിൽ വിശ്വസ്തരായവർ മഹത്തായ കാര്യങ്ങളിലും വിശ്വസ്തരായിരിക്കും; നിസ്സാരകാര്യങ്ങളിൽ അവിശ്വസ്തരായവർ മഹത്തായ കാര്യങ്ങളിലും അവിശ്വസ്തരായിരിക്കും. 11 ലൗകികസമ്പത്തു കൈകാര്യം ചെയ്യുന്നതിൽ നിങ്ങൾ വിശ്വസ്തരല്ലെങ്കിൽ സ്വർഗത്തിലെ നിത്യസമ്പത്ത് ആരു നിങ്ങളെ ഭരമേൽപ്പിക്കും? 12 നിങ്ങൾ മറ്റൊരാളിന്റെ വസ്തുവകകളുടെ കാര്യത്തിൽ വിശ്വസ്തരായില്ലെങ്കിൽ സ്വന്തമായതു നിങ്ങൾക്ക് ആര് തരും?

    13 “രണ്ട് യജമാനന്മാർക്ക് ദാസ്യവൃത്തി ചെയ്യുക ആരാലും സാധ്യമല്ല. ഒന്നുകിൽ, ഒരു യജമാനനെ പരിത്യജിച്ച് മറ്റേയാളെ സ്നേഹിക്കും; അല്ലെങ്കിൽ, ഒരാളോട് വിശ്വസ്തനായി തുടരുകയും മറ്റേയാളെ വെറുക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒരുമിച്ചു സേവിക്കുക അസാധ്യം.”

    14 ദ്രവ്യാഗ്രഹികളായ പരീശന്മാർ ഇതെല്ലാം കേട്ട് യേശുവിനെ പരിഹസിച്ചു. 15 അദ്ദേഹം അവരോട്, “നിങ്ങൾ മനുഷ്യരുടെമുമ്പാകെ നിങ്ങളെത്തന്നെ നീതീകരിക്കുന്നവരാകുന്നു; എന്നാൽ ദൈവം നിങ്ങളുടെ ഹൃദയം അറിയുന്നു. മനുഷ്യർ വിലമതിക്കുന്നത്, ദൈവദൃഷ്ടിയിൽ മ്ലേച്ഛമാണ്” എന്നു പറഞ്ഞു.

    16 “ന്യായപ്രമാണപുസ്തകത്തിന്റെയും പ്രവാചകഗ്രന്ഥങ്ങളുടെയും സാംഗത്യം യോഹന്നാൻസ്നാപകൻവരെയായിരുന്നു. അതിനുശേഷം ദൈവരാജ്യത്തിന്റെ സുവിശേഷം വിളംബരംചെയ്യപ്പെടുകയാണ്. എല്ലാവരും അതിൽ പ്രവേശിക്കാൻ അത്യുത്സാഹത്തോടെയിരിക്കുന്നു.

  37. 35 “ ‘നീളത്തിലും അളവിലും തൂക്കത്തിലും വഞ്ചന കാണിക്കരുത്. 36 കൃത്യമായ മുഴക്കോലും കൃത്യമായ തുലാസും കൃത്യമായ ഏഫായും കൃത്യമായ ഹീനും ഉപയോഗിക്കുക. നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന ദൈവമായ യഹോവ ഞാൻ ആകുന്നു.

  38. 23 വ്യാജ അളവ് യഹോവയ്ക്ക് അറപ്പാകുന്നു,

    വഞ്ചനാപരമായ അളവുകോൽ അവിടത്തേക്കു പ്രസാദകരമല്ല.

  39. 33 നിങ്ങൾ പരമപ്രധാനമായി ദൈവരാജ്യവും ദൈവനീതിയും തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും.

  40. 19 ‘കൊലപാതകം ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, ചതിക്കരുത്, നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക’ എന്നീ കൽപ്പനകൾ നിനക്ക് അറിയാമല്ലോ” എന്ന് അയാളോടു പറഞ്ഞു.

  41. 15 നിങ്ങൾ കൊലപാതകിയോ മോഷ്ടാവോ ദുഷ്കർമിയോ അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നയാളോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടത്.

  42. 8 മനുഷ്യാ, നന്മ എന്തെന്ന് അവിടന്നു നിന്നെ കാണിച്ചിരിക്കുന്നു;

    നീതി പ്രവർത്തിക്കുക, കരുണയെ സ്നേഹിക്കുക

    നിന്റെ ദൈവത്തിന്റെ മുമ്പിൽ താഴ്മയോടെ ജീവിക്കുക.

    ഇതല്ലാതെ മറ്റെന്താണ് യഹോവ നിന്നോട് ആവശ്യപ്പെടുന്നത്?

  43. 2 ഈ കാലഘട്ടത്തിന്റെ രീതികളോട് അനുരൂപപ്പെടരുത്; മറിച്ച്, ചിന്താരീതിക്കു സമൂലനവീകരണം വരുത്തി നിങ്ങൾ രൂപാന്തരപ്പെടുക. അങ്ങനെ സദ്ഗുണസമ്പന്നവും സ്വീകാര്യവും സമ്പൂർണവുമായ ദൈവഹിതമെന്തെന്നു നിങ്ങൾക്കു സ്പഷ്ടമാകും.

  44. 8 പാപേച്ഛകളുടെ നിവൃത്തിമാത്രം ലക്ഷ്യമാക്കി വിതയ്ക്കുന്നവർ അതിൽനിന്നുതന്നെ നാശം കൊയ്യുകയും ദൈവാത്മാവിനെ പ്രസാദിപ്പിക്കാനായി വിതയ്ക്കുന്നവൻ ദൈവാത്മാവിൽനിന്നുതന്നെ നിത്യജീവനെ കൊയ്യുകയും ചെയ്യും.

  45. 25 അതുപോലെതന്നെ തെറ്റു ചെയ്തവന്, താൻ ചെയ്ത തെറ്റിനു തക്ക ശിക്ഷയും കിട്ടും; ദൈവത്തിനു പക്ഷഭേദം ഇല്ലല്ലോ.

  46. 18 നീ ധനികനാകേണ്ടതിന് അഗ്നിയിൽ സ്ഫുടംചെയ്ത തങ്കവും നിന്റെ ലജ്ജാകരമായ നഗ്നത മറയ്ക്കേണ്ടതിന് ധരിക്കാൻ ശുഭ്രവസ്ത്രങ്ങളും നിനക്കു കാഴ്ച ലഭിക്കേണ്ടതിനു കണ്ണിൽ പൂശേണ്ട ലേപനവും എന്നോടു വിലയ്ക്കുവാങ്ങാൻ ഞാൻ നിന്നെ ഉപദേശിക്കുന്നു.

    19 “ഞാൻ സ്നേഹിക്കുന്നവരെ ശാസിക്കയും ശിക്ഷിക്കുകയുംചെയ്യുന്നു. അതുകൊണ്ട് ആത്മാർഥതയോടെ പശ്ചാത്തപിക്കുക. 20 ഇതാ, ഞാൻ വാതിൽക്കൽ നിന്ന് മുട്ടുന്നു. ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അകത്തുചെന്ന് അവനോടുകൂടെയും അയാൾ എന്നോടുകൂടെയും അത്താഴം കഴിക്കും.

    21 “ഞാൻ വിജയിയായി എന്റെ പിതാവിനോടുകൂടെ അവിടത്തെ സിംഹാസനത്തിൽ ഇരുന്നതുപോലെതന്നെ, എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിക്കാൻ വിജയിക്കുന്നവന് ഞാനും അധികാരം നൽകും. 22 ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ.”