40 Bible Verses About Integrity

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Integrity
  1. 3 നീതിനിഷ്ഠരുടെ സത്യസന്ധത അവർക്കു വഴികാട്ടിയാകുന്നു,

    എന്നാൽ അവിശ്വസ്തർ തങ്ങളുടെ കാപട്യംമൂലം നശിച്ചുപോകുന്നു.

    4 സമ്പത്ത് ക്രോധദിവസത്തിൽ ഉപകരിക്കുകയില്ല,

    എന്നാൽ നീതിനിഷ്ഠമായ ജീവിതം മരണത്തിൽനിന്നു വിടുവിക്കുന്നു.

    5 നിഷ്കളങ്കരുടെ നീതി അവർക്കു നേർവഴി ഒരുക്കുന്നു,

    എന്നാൽ നീചർ തങ്ങളുടെ ദുഷ്‌പ്രവൃത്തിമൂലം വീണുപോകും.

    6 സത്യസന്ധരുടെ നീതിനിഷ്ഠ അവരെ വിടുവിക്കുന്നു,

    എന്നാൽ അവിശ്വസ്തരോ, തങ്ങളുടെ അത്യാർത്തിയാൽ കെണിയിലകപ്പെടുന്നു.

    7 ദുഷ്ടരുടെ മരണത്തോടെ അവരുടെ പ്രതീക്ഷകളും തകരുന്നു;

    അവരുടെ ശക്തിയിൽ ചെയ്ത വാഗ്ദാനങ്ങളൊക്കെയും നിഷ്ഫലമാകുന്നു.

    8 നീതിനിഷ്ഠർ അനർഥത്തിൽനിന്നു വിടുവിക്കപ്പെടുന്നു,

    എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവർ അതിൽ പെട്ടുപോകുന്നു.

    9 അഭക്തർ തങ്ങളുടെ അധരങ്ങളാൽ അയൽവാസിക്കു നാശംവരുത്തുന്നു,

    എന്നാൽ നീതിനിഷ്ഠർ തങ്ങളുടെ പരിജ്ഞാനത്താൽ വിമോചിതരാകും.

    10 നീതിനിഷ്ഠരുടെ അഭിവൃദ്ധിയിൽ നഗരവാസികൾ ആഹ്ലാദിക്കുന്നു;

    ദുഷ്ടരുടെ നാശത്തിൽ ആനന്ദഘോഷം ഉണ്ടാകുന്നു.

    11 സത്യസന്ധർക്കു ലഭിക്കുന്ന അനുഗ്രഹംമൂലം നഗരത്തിന് അഭിവൃദ്ധിയുണ്ടാകുന്നു,

    എന്നാൽ ദുഷ്ടരുടെ ആലോചനയാൽ നഗരം നശിക്കുന്നു.

  2. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 യഹോവേ, എന്നെ കുറ്റവിമുക്തനാക്കണമേ,

    ഞാൻ നിഷ്കളങ്കജീവിതം നയിക്കുന്നു;

    യഹോവേ, ഞാൻ അങ്ങയിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നു

    യാതൊരു ചാഞ്ചല്യവുമില്ല.

    2 യഹോവേ, എന്നെ പരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യണമേ,

    എന്റെ ഹൃദയവും എന്റെ അന്തരംഗവും പരിശോധിക്കണമേ;

    3 അവിടത്തെ അചഞ്ചലസ്നേഹം എപ്പോഴും എന്റെ മുമ്പിലുണ്ട്

    അവിടത്തെ സത്യാനുസാരം ഞാൻ ജീവിച്ചുമിരിക്കുന്നു.

    4 വഞ്ചകരോടുകൂടെ ഞാൻ ഇരിക്കുകയോ

    കപടഭക്തരോട് ഞാൻ സഹകരിക്കുകയോ ചെയ്യുന്നില്ല.

    5 അധർമം പ്രവർത്തിക്കുന്നവരുടെ സംഘത്തെ ഞാൻ വെറുക്കുന്നു

    ദുഷ്ടരോടൊപ്പം ഞാൻ ഇരിക്കുകയുമില്ല.

    6 നിഷ്കളങ്കതയിൽ ഞാൻ എന്റെ കൈകൾ കഴുകുന്നു,

    യഹോവേ, അങ്ങയുടെ യാഗപീഠത്തെ ഞാൻ വലയംവെക്കുന്നു,

    7 അങ്ങയുടെ സ്തുതി ഞാൻ ഉച്ചത്തിൽ ഉദ്ഘോഷിക്കുകയും

    അവിടത്തെ അത്ഭുതപ്രവൃത്തികളെല്ലാം വർണിക്കുകയും ചെയ്യുന്നു.

    8 യഹോവേ, അങ്ങ് അധിവസിക്കുന്ന ആലയവും

    അവിടത്തെ മഹത്ത്വത്തിന്റെ നിവാസസ്ഥാനവും ഞാൻ ഇഷ്ടപ്പെടുന്നു.

    9 പാപികളോടൊപ്പം എന്റെ പ്രാണനെയും

    രക്തദാഹികളോടൊപ്പം എന്റെ ജീവനെയും എടുത്തുകളയരുതേ,

    10 അവരുടെപക്കൽ കുതന്ത്രങ്ങളുണ്ട്,

    അവരുടെ വലതുകരം കോഴകൊണ്ട് നിറഞ്ഞിരിക്കുന്നു.

    11 എന്നാൽ ഞാൻ സത്യസന്ധമായ ഒരു ജീവിതം പിൻതുടരുന്നു;

    എന്നെ വീണ്ടെടുക്കണമേ, എന്നോട് കരുണയുണ്ടാകണമേ.

    12 എന്റെ പാദങ്ങൾ സമനിലത്ത് ഉറച്ചുനിൽക്കുന്നു;

    മഹാസഭയിൽ ഞാൻ യഹോവയെ വാഴ്ത്തും.

  3. 9 സത്യസന്ധതയുള്ള മനുഷ്യർ സുരക്ഷിതരായി ജീവിക്കും,

    കുടിലമാർഗങ്ങളിൽ ജീവിക്കുന്നവർ പിടിക്കപ്പെടും.

  4. 6 തങ്ങൾ വിശ്വസ്തസുഹൃത്തുക്കളാണെന്നു പലരും അവകാശവാദം ഉന്നയിക്കുന്നു,

    എന്നാൽ വിശ്വസ്തരായ വ്യക്തികളെ കണ്ടെത്താൻ ആർക്കു കഴിയും?

    7 നീതിനിഷ്ഠർ സത്യസന്ധരായി ജീവിതം നയിക്കുന്നു;

    അവരെ അനുകരിക്കുന്ന അവരുടെ പിൻതലമുറയും അനുഗ്രഹിക്കപ്പെടും.

  5. 1 മുഴുവൻ രാജ്യത്തിന്റെയും ഭരണം നിർവഹിക്കാൻ നൂറ്റിയിരുപത് രാജപ്രതിനിധികളെയും 2 അവർക്കുമീതേ മൂന്ന് ഭരണാധിപന്മാരെയും നിയമിക്കുന്നത് ഉചിതമെന്ന് ദാര്യാവേശിനു തോന്നി. ഈ മൂന്നുപേരിൽ ഒരാൾ ദാനീയേലായിരുന്നു. രാജാവിനു നഷ്ടം വരാതിരിക്കുന്നതിനു രാജപ്രതിനിധികൾ ഈ മൂന്നു പേരോടു കണക്കു ബോധിപ്പിക്കേണ്ടിയിരുന്നു. 3 അസാമാന്യ കഴിവുകൾ ഉണ്ടായിരുന്നതിനാൽ ദാനീയേൽ ഈ ഭരണാധിപന്മാരെയും രാജപ്രതിനിധികളെയുംകാൾ ശ്രേഷ്ഠനായി പ്രശോഭിച്ചുതുടങ്ങി. സർവരാജ്യത്തിന്റെയും അധികാരിയായി അദ്ദേഹത്തെ നിയമിക്കാൻ രാജാവു നിർണയിച്ചു. 4 അപ്പോൾ രാജ്യകാര്യസംബന്ധമായി ദാനീയേലിൽ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാൻ ഭരണാധിപന്മാരും രാജപ്രതിനിധികളും തക്കംനോക്കി നിന്നിരുന്നു. എന്നാൽ, ദാനീയേൽ വിശ്വസ്തനായിരുന്നതിനാൽ യാതൊരു കൃത്യവിലോപവും അനീതിയും അദ്ദേഹത്തിൽ കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല. ഒരുതെറ്റും കുറവും അദ്ദേഹത്തിൽ കണ്ടില്ല. 5 “അദ്ദേഹത്തിന്റെ ദൈവത്തിന്റെ ന്യായപ്രമാണം സംബന്ധിച്ചല്ലാതെ, ഈ ദാനീയേലിനു വിരോധമായി എന്തെങ്കിലും കുറ്റസംഗതികൾ കണ്ടെത്താൻ നമുക്കു സാധ്യമല്ല,” എന്ന് ആ പുരുഷന്മാർ പറഞ്ഞു.

  6. 19 എന്റെ ശത്രുക്കൾ എത്ര അസംഖ്യമെന്ന് നോക്കണമേ

    അവരെന്നെ എത്ര കഠിനമായി വെറുക്കുന്നു!

    20 എന്റെ ജീവനെ കാത്ത് എന്നെ മോചിപ്പിക്കണമേ;

    എന്നെ ലജ്ജയിലേക്കു തള്ളിയിടരുതേ,

    കാരണം അങ്ങയിൽ ഞാൻ അഭയംതേടുന്നു.

    21 പരമാർഥതയും നീതിനിഷ്ഠയും എന്നെ കാത്തുസംരക്ഷിക്കട്ടെ,

    കാരണം യഹോവേ, എന്റെ പ്രത്യാശ അങ്ങയിൽ ആകുന്നല്ലോ.

  7. 4 “എന്നാൽ, നിന്റെ കാര്യത്തിലാകട്ടെ, നിന്റെ പിതാവായ ദാവീദിനെപ്പോലെ ഹൃദയനൈർമല്യത്തോടും പരമാർഥതയോടുംകൂടി നീ എന്റെമുമ്പാകെ ജീവിക്കുകയും എന്റെ കൽപ്പനകൾ അനുസരിച്ചു പ്രവർത്തിക്കുകയും എന്റെ ഉത്തരവുകളും നിയമങ്ങളും പാലിക്കുകയും ചെയ്താൽ, 5 ‘ഇസ്രായേലിന്റെ സിംഹാസനത്തിലിരിക്കാൻ നിനക്കൊരു പിൻഗാമി ഒരുനാളും ഇല്ലാതെപോകുകയില്ല,’ എന്ന് നിന്റെ പിതാവായ ദാവീദിനോടു ഞാൻ ചെയ്ത വാഗ്ദാനത്തിന് അനുസൃതമായി ഇസ്രായേലിന്മേൽ നിന്റെ രാജകീയ സിംഹാസനം ഞാൻ എന്നെന്നേക്കുമായി സ്ഥിരപ്പെടുത്തും.

  8. 3 യഹോവ സാത്താനോട് പറഞ്ഞു: “എന്റെ ദാസനായ ഇയ്യോബിനെ നീ ശ്രദ്ധിച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും പരമാർഥിയും ദൈവത്തെ ഭയപ്പെടുന്നവനും തിന്മയിൽനിന്ന് അകന്നു ജീവിക്കുന്നവനുമായി ഭൂമിയിൽ ആരുംതന്നെ ഇല്ലല്ലോ. അവൻ ഇപ്പോഴും തന്റെ വിശ്വസ്തത മുറുകെപ്പിടിച്ചിരിക്കുന്നു; യാതൊരു കാരണവുംകൂടാതെ അവനെ നശിപ്പിക്കുന്നതിനു നീ എന്നെ അവനെതിരായി പ്രകോപിപ്പിച്ചല്ലോ.”

  9. 11 എന്റെ ശത്രുക്കൾ എന്റെമേൽ ജയഘോഷം നടത്താതിരിക്കുന്നതിനാൽ

    അങ്ങെന്നിൽ സംപ്രീതനായിരിക്കുന്നെന്ന് ഞാൻ അറിയുന്നു.

    12 എന്റെ പരമാർഥതയാൽ അവിടന്നെന്നെ താങ്ങിനിർത്തുകയും

    തിരുസന്നിധിയിൽ എന്നെ നിത്യം നിർത്തുകയുംചെയ്യുന്നു.

    13 ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ,

    എന്നും എന്നെന്നേക്കും.

    ആമേൻ. ആമേൻ.

    സംഗീതസംവിധായകന്.

  10. 6 വഴിപിഴച്ച ധനികരെക്കാൾ

    സത്യസന്ധരായി ജീവിക്കുന്ന ദരിദ്രരാണ് ശ്രേഷ്ഠം.

  11. 1 വഞ്ചനാപരമായി സംസാരിക്കുന്ന ഭോഷരെക്കാൾ

    പരമാർഥതയോടെ ജീവിക്കുന്ന ദരിദ്രർ എത്ര നല്ലവർ.

  12. 9 അവന്റെ ഭാര്യ അവനോട്: “നീ ഇപ്പോഴും ദൈവത്തോടു വിശ്വസ്തനായി കഴിയുന്നോ? ദൈവത്തെ ശപിച്ചിട്ട് മരിക്കുക!” എന്നു പറഞ്ഞു.

    10 അതിന് ഇയ്യോബ്, “ഒരു ബുദ്ധികെട്ട സ്ത്രീ സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു. നാം ദൈവത്തിൽനിന്ന് നന്മമാത്രമാണോ സ്വീകരിക്കേണ്ടത്; തിന്മയും സ്വീകരിക്കേണ്ടതല്ലേ?” എന്നു പറഞ്ഞു.

    ഈ കാര്യങ്ങളിലൊന്നും ഇയ്യോബ് തന്റെ അധരങ്ങൾകൊണ്ടു പാപം ചെയ്തില്ല.

  13. 5 ‘അവൾ എന്റെ സഹോദരി’ എന്ന് അയാൾ എന്നോടു പറഞ്ഞില്ലയോ? ‘അയാൾ എന്റെ സഹോദരൻ’ എന്ന് അവളും പറഞ്ഞിരുന്നല്ലോ! ശുദ്ധമനസ്സാക്ഷിയോടും നിർമലമായ കൈകളോടുംകൂടി ഞാൻ ഇതു ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു.

    6 അപ്പോൾ ദൈവം സ്വപ്നത്തിൽ അദ്ദേഹത്തോട്: “നീ ശുദ്ധമനസ്സാക്ഷിയോടെ ഇതു ചെയ്തു എന്നു ഞാൻ അറിയുന്നു, അതുകൊണ്ടാണ് എനിക്കെതിരേ പാപംചെയ്യാതിരിക്കാൻ ഞാൻ നിന്നെ തടഞ്ഞത്; അവളെ തൊടാൻ ഞാൻ നിന്നെ അനുവദിക്കാതിരുന്നത്.

  14. 8 യഹോവ ജനതകളെ ന്യായംവിധിക്കട്ടെ.

    അത്യുന്നതനായ യഹോവേ, എന്റെ നീതിനിഷ്ഠയ്ക്കും സത്യസന്ധതയ്ക്കും

    അനുസൃതമായി എന്നെ കുറ്റവിമുക്തനാക്കണമേ.

  15. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 അങ്ങയുടെ അചഞ്ചലസ്നേഹത്തെയും നീതിയെയുംകുറിച്ച് ഞാൻ പാടും

    യഹോവേ, അങ്ങയെ ഞാൻ വാഴ്ത്തിപ്പാടും.

    2 നിഷ്കളങ്കമായ ഒരു ജീവിതം നയിക്കുന്നതിൽ ഞാൻ ശ്രദ്ധചെലുത്തും—

    അവിടന്ന് എപ്പോഴാണ് എന്റെ അരികിൽ എത്തുക?

    പരമാർഥഹൃദയത്തോടെ

    ഞാൻ എന്റെ ഭവനത്തിൽ പെരുമാറും.

  16. 8 അവസാനമായി; സഹോദരങ്ങളേ, വിശ്വാസയോഗ്യവും ആദരണീയവും നീതിയുക്തവും നിർമലവും രമണീയവും അഭിനന്ദനാർഹവും ഇങ്ങനെയുള്ള ശ്രേഷ്ഠവും പ്രശംസാർഹവും ആയകാര്യങ്ങൾ വിചിന്തനം ചെയ്യുക. 9 എന്നിൽനിന്ന് നിങ്ങൾ പഠിച്ചതും ഞാൻ നിങ്ങൾക്കു കൈമാറിയതും; നിങ്ങൾ കേട്ടതും ഞാൻ ചെയ്യുന്നതായി നിങ്ങൾ കണ്ടതുമായ വസ്തുതകളെല്ലാം പ്രായോഗികമാക്കുക. അങ്ങനെചെയ്താൽ സമാധാനദാതാവായ ദൈവം നിങ്ങളോടുകൂടെ നിവസിക്കും.

  17. 22 ദാസന്മാരേ, ഭൂമിയിലുള്ള നിങ്ങളുടെ യജമാനന്മാരെ എല്ലാക്കാര്യത്തിലും അനുസരിക്കുക: മനുഷ്യരെ പ്രസാദിപ്പിക്കുന്നതിനുവേണ്ടി, അവർ നിങ്ങളുടെ മുന്നിലുള്ളപ്പോൾമാത്രം വേലചെയ്യുന്നവരായിട്ടല്ല, എല്ലാ സമയത്തും ആത്മാർഥതയോടും ദൈവഭയത്തോടുംകൂടി അവരെ അനുസരിക്കുക. 23 നിങ്ങൾ ചെയ്യുന്നതൊക്കെയും മനുഷ്യർക്കെന്നപോലെയല്ല, കർത്താവിനെന്നപോലെ ഹൃദയപൂർവം ചെയ്യുക: 24 കർത്താവിന്റെ സമ്പത്തിന്റെ ഓഹരി നിങ്ങൾക്ക് പ്രതിഫലമായി ലഭിക്കുമെന്നറിയുക. കാരണം, കർത്താവായ ക്രിസ്തുവിനെയാണല്ലോ നിങ്ങൾ യഥാർഥത്തിൽ സേവിക്കുന്നത്.

  18. 1 ശമുവേൽ എല്ലാ ഇസ്രായേലിനോടുമായി പറഞ്ഞു: “നിങ്ങൾ എന്നോടു പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ കേൾക്കുകയും നിങ്ങൾക്ക് ഒരു രാജാവിനെ വാഴിച്ചുതരികയും ചെയ്തിരിക്കുന്നു. 2 ഇപ്പോൾ നിങ്ങൾക്കു നായകനായി ഒരു രാജാവുണ്ട്; എന്നെ സംബന്ധിച്ചാകട്ടെ, ഞാൻ വൃദ്ധനും നര ബാധിച്ചവനുമാണ്. എന്റെ പുത്രന്മാരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. എന്റെ യൗവനകാലംമുതൽ ഇന്നുവരെയും ഞാൻ നിങ്ങൾക്കു നായകനായിരുന്നു. 3 ഇതാ, ഞാൻ ഇവിടെ നിൽക്കുന്നു: യഹോവയുടെയും അവിടത്തെ അഭിഷിക്തന്റെയും മുമ്പിൽ നിങ്ങൾ എന്നെപ്പറ്റി സാക്ഷ്യം പറയുക: ഞാൻ ആരുടെയെങ്കിലും കാളയെയോ കഴുതയെയോ അപഹരിച്ചിട്ടുണ്ടോ? ഞാൻ ആരെയെങ്കിലും ചതിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ? ആരുടെയെങ്കിലും കൈയിൽനിന്ന് ഞാൻ കോഴവാങ്ങി എന്റെ കണ്ണ് കുരുടാക്കിയിട്ടുണ്ടോ? ഇവയിൽ ഏതെങ്കിലും ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ ഇപ്പോൾ ഞാൻ അതിനു പരിഹാരം ചെയ്യാം.”

    4 “അങ്ങ് ഞങ്ങളെ ചതിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല; യാതൊരുത്തന്റെയും കൈയിൽനിന്ന് അങ്ങ് അന്യായമായി യാതൊന്നും വാങ്ങിയിട്ടുമില്ല,” എന്നു ജനം ഉത്തരം പറഞ്ഞു.

    5 ശമുവേൽ ജനത്തോട്: “എന്റെ കരങ്ങൾ തീർത്തും നിഷ്കളങ്കമാണെന്നു നിങ്ങൾ കണ്ടിരിക്കുന്നു. ഇക്കാര്യത്തിൽ യഹോവ എനിക്കു സാക്ഷി; അവിടത്തെ അഭിഷിക്തനും ഇന്നു സാക്ഷി” എന്നു പറഞ്ഞു.

    “അതേ, യഹോവതന്നെ സാക്ഷി,” എന്നു ജനം ഉത്തരം പറഞ്ഞു.

  19. 70 അവിടന്ന് തന്റെ ദാസനായ ദാവീദിനെ തെരഞ്ഞെടുത്തു,

    ആട്ടിൻതൊഴുത്തിൽനിന്നുതന്നെ അദ്ദേഹത്തെ എടുത്തു;

    71 ആടുകളെ വളർത്തുന്നതിൽനിന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നു,

    തന്റെ ജനമായ യാക്കോബിന്,

    തന്റെ അവകാശമായ ഇസ്രായേലിന് ഇടയനായിരിക്കുന്നതിനുവേണ്ടിത്തന്നെ.

    72 ഹൃദയപരമാർഥതയോടെ അദ്ദേഹം അവരെ മേയിച്ചു;

    കരവിരുതോടെ അദ്ദേഹം അവരെ നയിച്ചു.

  20. 7 സകലസൽപ്രവൃത്തികൾക്കും നീ മാതൃക കാണിക്കുക. നിന്റെ ഉപദേശങ്ങൾ നിർവ്യാജവും ഗൗരവമേറിയതും 8 നിന്റെ സംഭാഷണം അപവാദങ്ങൾക്കിടവരുത്താത്തതും ആയിരിക്കണം. അപ്പോൾ എതിരാളികൾ നമ്മിൽ ഒരു അധാർമികതയും ആരോപിക്കാൻ അവസരമില്ലാതെ ലജ്ജിതരാകും.

  21. 13 നിങ്ങൾ നന്മചെയ്യാൻ വ്യഗ്രരാണെങ്കിൽ ആര് നിങ്ങളെ ഉപദ്രവിക്കും? 14 നന്മ ചെയ്തിട്ടും കഷ്ടം സഹിക്കുന്നെങ്കിൽ നിങ്ങൾ അനുഗ്രഹിക്കപ്പെടും. “നിങ്ങളെ ഉപദ്രവിക്കുന്നവരുടെ ഭീഷണികൾ ഭയപ്പെടരുത്, അത് ഓർത്ത് വിഷണ്ണരാകരുത്.” 15 നിങ്ങളുടെ ഹൃദയത്തിൽ ക്രിസ്തുവിനെ കർത്താവായി പ്രതിഷ്ഠിക്കൂ. നിങ്ങൾക്കുള്ള പ്രത്യാശയെ ആരെങ്കിലും ചോദ്യംചെയ്താൽ മാന്യതയോടും ബഹുമാനത്തോടും അതിന് പ്രതിവദിക്കാൻ എപ്പോഴും സന്നദ്ധരായിരിക്കണം. 16 നല്ല മനസ്സാക്ഷി ഉള്ളവരായിരിക്കുക; അങ്ങനെയെങ്കിൽ ക്രിസ്തുവിലുള്ള നിങ്ങളുടെ നല്ല പെരുമാറ്റത്തെക്കുറിച്ച് അപവാദം പറയുന്നവർ ലജ്ജിതരായിപ്പോകും. 17 നിങ്ങൾ കഷ്ടത സഹിക്കുന്നതു ദൈവഹിതമെങ്കിൽ തിന്മ ചെയ്തിട്ടു സഹിക്കുന്നതിനെക്കാൾ, നന്മ ചെയ്തിട്ടു സഹിക്കുന്നതാണ് ഉത്തമം.

  22. 1 ഇയ്യോബ് തന്റെ പ്രഭാഷണം ഇപ്രകാരം തുടർന്നു:

    2 “എനിക്കു നീതി നിഷേധിച്ച്

    എന്റെ ജീവിതം ദുഃഖപൂർണമാക്കിയ സർവശക്തനായ ജീവനുള്ള ദൈവത്താണ,

    3 എന്നിൽ ജീവനുള്ള കാലത്തോളം,

    എന്റെ നാസികയിൽ ദൈവത്തിന്റെ ശ്വാസം നിലനിൽക്കുന്നതുവരെയും,

    4 എന്റെ അധരങ്ങൾ നീതികേടു സംസാരിക്കുകയില്ല;

    എന്റെ നാവു വഞ്ചന ഉച്ചരിക്കയുമില്ല.

    5 നിങ്ങളുടെ ഭാഗം ശരിയെന്നു ഞാൻ ഒരിക്കലും അംഗീകരിക്കുകയില്ല;

    മരിക്കുന്നതുവരെ എന്റെ പരമാർഥത ഞാൻ ത്യജിക്കുകയില്ല.

    6 എന്റെ നീതിനിഷ്ഠയിൽ ഞാൻ ഉറച്ചുനിൽക്കും, അതു ഞാൻ ഒരിക്കലും ഉപേക്ഷിക്കുകയില്ല;

    എന്റെ ജീവിതകാലത്തൊരിക്കലും എന്റെ മനസ്സാക്ഷി എന്നെ നിന്ദിക്കുകയില്ല.

  23. 22 കളവുപറയുന്ന അധരങ്ങൾ യഹോവ വെറുക്കുന്നു,

    എന്നാൽ സത്യസന്ധരിൽ അവിടന്നു സന്തുഷ്ടനാണ്.

  24. 5 ഞാൻ കൽപ്പിച്ചപ്രകാരം ന്യൂനതകൾ പരിഹരിക്കാനും എല്ലാ പട്ടണങ്ങളിലും സഭാമുഖ്യന്മാരെ അധികാരപ്പെടുത്താനും ആയിരുന്നു ഞാൻ നിന്നെ ക്രേത്തയിൽ വിട്ടിട്ടുപോന്നത്. 6 സഭാമുഖ്യൻ കുറ്റമില്ലാത്തവനും ഏകപത്നീവ്രതനും ആയിരിക്കണം. അദ്ദേഹത്തിന്റെ മക്കൾ വിശ്വാസികളും വഴിപിഴച്ചവർ എന്ന കുറ്റാരോപണമോ അനുസരണക്കേടോ ഇല്ലാത്തവരും ആകണം. 7 അധ്യക്ഷൻ ദൈവത്തിന്റെ കാര്യസ്ഥനാണ്. അതുകൊണ്ട് അദ്ദേഹം കുറ്റാരോപിതനായിരിക്കരുത്. ശാഠ്യബുദ്ധിക്കാരനും മുൻകോപിയും മദ്യാസക്തി ഉള്ളവനും അക്രമവാസനയുള്ളവനും അത്യാഗ്രഹിയും ആകരുത്. 8 എന്നാൽ, അതിഥിയെ സൽക്കരിക്കുന്നവനും നല്ലതിഷ്ടപ്പെടുന്നവനും സ്വയം നിയന്ത്രിക്കുന്നവനും നീതിമാനും ഭക്തനും ജിതേന്ദ്രിയനും ആയിരിക്കണം അധ്യക്ഷൻ.

  25. 4 അവിടന്ന് എന്റെ വഴികൾ കാണുന്നില്ലേ?

    എന്റെ കാലടികളെല്ലാം എണ്ണിനോക്കുന്നില്ലേ?

    5 “ഞാൻ കാപട്യത്തിൽ വിഹരിക്കുകയോ,

    എന്റെ കാൽ വഞ്ചനയ്ക്കു പിറകേ പായുകയോ ചെയ്തിട്ടുണ്ടെങ്കിൽ,

    6 ദൈവം നീതിയുടെ ത്രാസിൽ എന്നെ തൂക്കിനോക്കട്ടെ;

    എന്റെ നിഷ്കളങ്കത അവിടന്ന് മനസ്സിലാക്കട്ടെ.

    7 എന്റെ കാലടികൾ നേർവഴിയിൽനിന്ന് മാറിയെങ്കിൽ,

    എന്റെ ഹൃദയം എന്റെ കണ്ണുകളെ അനുഗമിച്ചിട്ടുണ്ടെങ്കിൽ,

    എന്റെ കൈകൾ കളങ്കിതമായിട്ടുണ്ടെങ്കിൽ—

    8 ഞാൻ വിതച്ചതു മറ്റൊരാൾ ഭക്ഷിക്കട്ടെ;

    എന്റെ വിളവുകൾ പിഴുതെറിയപ്പെടട്ടെ.

  26. 31 മറ്റുള്ളവർ നിങ്ങളോടു ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നിങ്ങൾ അവരോടും ചെയ്യുക.

  27. 2 ഞങ്ങൾ ലജ്ജാകരമായ രഹസ്യപ്രവൃത്തികളും വഞ്ചനയും പ്രയോഗിക്കുന്നില്ല. ദൈവവചനം വികലമായി വ്യാഖ്യാനിക്കുന്നതുമില്ല. മറിച്ച്, അതിലെ സത്യം വ്യക്തമാക്കിക്കൊണ്ട് എല്ലാ മനുഷ്യരുടെയും മനസ്സാക്ഷിക്കുമുമ്പാകെ സ്വീകാര്യമാകേണ്ടതിന് ഞങ്ങൾ ഞങ്ങളെത്തന്നെ ദൈവസന്നിധിയിൽ സമർപ്പിക്കുന്നു.

  28. 8 യോസേഫ് ആ ക്ഷണം നിരസിച്ചു. “എന്റെ യജമാനൻ എന്നെ കാര്യവിചാരകനാക്കിയതിനുശേഷം വീട്ടിലുള്ള ഒരു കാര്യത്തിലും ഇടപെടുന്നില്ല; തന്റെ ഉടമസ്ഥതയിലുള്ളതെല്ലാം അദ്ദേഹം എന്നെ ഭരമേൽപ്പിച്ചിരിക്കുന്നു. 9 ഈ ഭവനത്തിൽ എന്നെക്കാൾ വലിയവനായി ആരുമില്ല. നിങ്ങൾ എന്റെ യജമാനന്റെ ഭാര്യ ആയതിനാൽ നിങ്ങളെ ഒഴികെ, മറ്റൊന്നും എനിക്കു വിട്ടുതരാതെയിരുന്നിട്ടില്ല. അങ്ങനെയിരിക്കെ, ഇത്തരം ഒരു ദുഷ്കർമം ചെയ്യാനും ദൈവത്തോടു പാപം ചെയ്യാനും എനിക്കെങ്ങനെ കഴിയും?” എന്ന് യോസേഫ് ചോദിച്ചു. 10 അവൾ ദിവസംതോറും യോസേഫിനോടു സംസാരിച്ചെങ്കിലും അവളോടൊപ്പം കിടക്ക പങ്കിടാനോ അവളുടെ സമീപത്തു നിൽക്കാൻപോലുമോ അവൻ കൂട്ടാക്കിയില്ല.

    11 ഒരു ദിവസം യോസേഫ് തന്റെ ചുമതലയിൽപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിന് വീടിനുള്ളിലേക്കു പോയി; വീട്ടിലെ വേലക്കാർ ആരുംതന്നെ അകത്തുണ്ടായിരുന്നില്ല. 12 അവൾ അവന്റെ പുറങ്കുപ്പായത്തിൽ കടന്നു പിടിച്ചിട്ട്, “എന്നോടൊപ്പം കിടക്കയിലേക്കു വരിക” എന്നു പറഞ്ഞു. എന്നാൽ അവൻ ആ പുറങ്കുപ്പായം അവളുടെ കൈയിൽ വിട്ടിട്ട് വീടിനു പുറത്തേക്ക് ഓടിപ്പോയി.

  29. 6 കാരണം ജ്ഞാനം പ്രദാനംചെയ്യുന്നത് യഹോവയാണ്;

    പരിജ്ഞാനവും വിവേകവും ഉത്ഭവിക്കുന്നത് തിരുവായിൽനിന്നാണ്.

    7 പരമാർഥികൾക്ക് അവിടന്ന് വിജയം സംഗ്രഹിച്ചുവെക്കുന്നു,

    നിഷ്കളങ്കരായി ജീവിക്കുന്നവർക്ക് അവിടന്ന് ഒരു സംരക്ഷണവലയമാണ്,

    8 നീതിനിഷ്ഠരുടെ കാലഗതി അവിടന്നു കാത്തുസൂക്ഷിക്കുകയും

    തന്റെ വിശ്വസ്തരെ സംരക്ഷിക്കുകയും ചെയ്യുന്നു.

  30. 3 ന്യായവും നീതിയുക്തവുമായ പ്രവർത്തനങ്ങളാണ്

    യഹോവയ്ക്കു യാഗാർപ്പണത്തെക്കാൾ കൂടുതൽ സ്വീകാര്യം.

  31. 25 നിന്റെ ദൃഷ്ടികൾ ഋജുവായിരിക്കട്ടെ;

    നിന്റെ കണ്ണുകൾ മുൻപോട്ടുതന്നെ പതിപ്പിക്കുക.

    26 നിന്റെ പാദങ്ങൾക്കു പാത നിരപ്പാക്കുക

    അപ്പോൾ നിന്റെ വഴികളെല്ലാം സുസ്ഥിരമായിരിക്കും.

    27 നീ വലത്തോട്ടോ ഇടത്തോട്ടോ വ്യതിചലിക്കരുത്;

    നിന്റെ കാലുകൾ തിന്മയിൽനിന്ന് ഒഴിഞ്ഞിരിക്കട്ടെ.

  32. 6 നീതി സത്യസന്ധരെ കാത്തുസൂക്ഷിക്കുന്നു,

    എന്നാൽ അകൃത്യം പാപിയെ നിലംപരിശാക്കുന്നു.

  33. 3 യഹോവയുടെ ദൃഷ്ടി എല്ലായിടത്തുമുണ്ട്,

    ദുഷ്ടരെയും നല്ലവരെയും വീക്ഷിച്ചുകൊണ്ടിരിക്കുന്നു.

  34. 18 നിഷ്കളങ്കരായി ജീവിക്കുന്നവർ സുരക്ഷിതരായിരിക്കും,

    എന്നാൽ, വഴിപിഴച്ച ജീവിതം നയിക്കുന്നവർ പെട്ടെന്നുതന്നെ നാശത്തിൽ അകപ്പെടും.

  35. 33 “ ‘ശപഥംചെയ്തതു ലംഘിക്കരുതെന്നും കർത്താവിനോടുചെയ്ത ശപഥം നിറവേറ്റണമെന്നും’ പൂർവികരോടു കൽപ്പിച്ചിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 34 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, ശപഥംചെയ്യുകയേ അരുത്; സ്വർഗത്തെക്കൊണ്ട് ശപഥംചെയ്യരുത്; അത് ദൈവത്തിന്റെ സിംഹാസനം; 35 ഭൂമിയെക്കൊണ്ടരുത്; അത് ദൈവത്തിന്റെ പാദപീഠം. ജെറുശലേമിനെക്കൊണ്ടും അരുത്; അതു മഹാരാജാവിന്റെ നഗരം. 36 നിങ്ങളുടെ തലയെക്കൊണ്ട് ശപഥംചെയ്യരുത്; കാരണം ഒരു മുടിയെങ്കിലും വെളുപ്പിക്കാനോ കറുപ്പിക്കാനോ നിങ്ങൾക്കു കഴിവില്ല. 37 നിങ്ങളുടെ വാക്ക് ‘അതേ’ ‘അതേ’ എന്നോ ‘ഇല്ല’ ‘ഇല്ല’ എന്നോ ആയിരിക്കട്ടെ. ഇതിൽ അധികമായതു പിശാചിൽനിന്ന് വരുന്നു.

  36. 22 “കണ്ണ് ശരീരത്തിന്റെ വിളക്കാണ്. നിന്റെ കണ്ണ് നിർമലമെങ്കിൽ ശരീരംമുഴുവനും പ്രകാശിതമായിരിക്കും. 23 കണ്ണ് അശുദ്ധമെങ്കിൽ ശരീരംമുഴുവൻ ഇരുൾമയമായിരിക്കും. നിന്നിലുണ്ട് എന്നുകരുതപ്പെടുന്ന പ്രകാശം ഇരുട്ടാണെങ്കിൽ, ആ ഇരുട്ട് എത്ര ഭയാനകമായിരിക്കും!

  37. 10 “നിസ്സാരകാര്യങ്ങളിൽ വിശ്വസ്തരായവർ മഹത്തായ കാര്യങ്ങളിലും വിശ്വസ്തരായിരിക്കും; നിസ്സാരകാര്യങ്ങളിൽ അവിശ്വസ്തരായവർ മഹത്തായ കാര്യങ്ങളിലും അവിശ്വസ്തരായിരിക്കും.

  38. 16 അതുകൊണ്ട്, ദൈവത്തിന്റെ മുന്നിലും മനുഷ്യരുടെ മുന്നിലും എന്റെ മനസ്സാക്ഷി നിർമലമായി സൂക്ഷിക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നു.

  39. 1 സഹോദരങ്ങളേ, ദൈവം നമ്മോടു കാട്ടിയ കരുണ അനുസ്മരിപ്പിച്ചുകൊണ്ട് ഞാൻ പ്രബോധിപ്പിക്കുന്നത്: പവിത്രവും ദൈവത്തിനു പ്രസാദകരവുമായ സജീവയാഗമായി നിങ്ങളുടെ ശരീരങ്ങളെ സമർപ്പിക്കുക; ഇതാണ് നിങ്ങളുടെ ഉചിതമായ സത്യാരാധന. 2 ഈ കാലഘട്ടത്തിന്റെ രീതികളോട് അനുരൂപപ്പെടരുത്; മറിച്ച്, ചിന്താരീതിക്കു സമൂലനവീകരണം വരുത്തി നിങ്ങൾ രൂപാന്തരപ്പെടുക. അങ്ങനെ സദ്ഗുണസമ്പന്നവും സ്വീകാര്യവും സമ്പൂർണവുമായ ദൈവഹിതമെന്തെന്നു നിങ്ങൾക്കു സ്പഷ്ടമാകും.

  40. 2 നിങ്ങളുടെ ഹൃദയങ്ങളിൽ ഞങ്ങൾക്ക് ഇടം നൽകുക. ഞങ്ങൾ ആരോടും അന്യായം പ്രവർത്തിച്ചിട്ടില്ല. ആരെയും വഴിതെറ്റിച്ചിട്ടില്ല, ആരെയും ചൂഷണം ചെയ്തിട്ടുമില്ല.