74 Bible Verses About Safety
Biblica® Open Malayalam Contemporary Version™ (OMCV)
-
17 പരസ്പരം കബളിപ്പിക്കരുത്; ദൈവത്തെ ഭയപ്പെടുക. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
18 “ ‘എന്റെ ഉത്തരവുകൾ പ്രമാണിച്ച് എന്റെ നിയമങ്ങൾ അനുസരിക്കാൻ ശ്രദ്ധിക്കുക, അങ്ങനെയായാൽ നിങ്ങൾക്കു ദേശത്തു സുരക്ഷിതരായി ജീവിക്കാൻ സാധിക്കും. 19 അപ്പോൾ ഭൂമി അതിന്റെ ഫലംതരും; നിങ്ങൾ സുഭിക്ഷമായി ഭക്ഷിച്ചു സുരക്ഷിതരായി അവിടെ ജീവിക്കാനും കഴിയും.
-
1 അത്യുന്നതനെ ആശ്രയമാക്കി വസിക്കുന്നവർ
സർവശക്തന്റെ തണലിൽ വിശ്രമിക്കും.
2 ഞാൻ യഹോവയെക്കുറിച്ച്, “അവിടന്നാണ് എന്റെ സങ്കേതവും കോട്ടയും
ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും,” എന്നു പറയും.
3 അവിടന്നു നിശ്ചയമായും നിന്നെ
വേട്ടക്കാരുടെ കെണിയിൽനിന്നും
മാരകമായ പകർച്ചവ്യാധിയിൽനിന്നും രക്ഷിക്കും.
4 തന്റെ തൂവലുകൾകൊണ്ട് അവിടന്ന് നിന്നെ മറയ്ക്കും,
അവിടത്തെ ചിറകിൻകീഴിൽ നീ അഭയംകണ്ടെത്തും;
അവിടത്തെ വിശ്വസ്തത നിനക്ക് പരിചയും കോട്ടയും ആയിരിക്കും.
5 രാത്രിയുടെ ഭീകരതയോ
പകലിൽ ചീറിപ്പായുന്ന അസ്ത്രമോ
6 ഇരുളിന്റെ മറവിൽ വ്യാപിക്കുന്ന പകർച്ചവ്യാധിയോ
നട്ടുച്ചയ്ക്കു വന്നുചേരുന്ന അത്യാപത്തോ നീ ഭയപ്പെടുകയില്ല.
7 നിന്റെ വശത്ത് ആയിരംപേരും
നിന്റെ വലതുഭാഗത്ത് പതിനായിരംപേരും വീഴും.
എങ്കിലും അതു നിന്നോട് അടുക്കുകയില്ല.
8 നിന്റെ കണ്ണുകൾകൊണ്ട് നീ നോക്കുകയും
ദുഷ്ടരുടെ ശിക്ഷ നീ കാണുകയും ചെയ്യും.
9 യഹോവയെ നിന്റെ സങ്കേതവും
അത്യുന്നതനെ നിന്റെ നിവാസസ്ഥാനവും ആക്കുമെങ്കിൽ,
10 ഒരു അത്യാപത്തും നിനക്ക് ഉണ്ടാകുകയില്ല,
ഒരു ദുരന്തവും നിന്റെ കൂടാരത്തിന് അടുത്തെത്തുകയില്ല.
11 കാരണം അവിടന്ന് തന്റെ ദൂതന്മാരോട്
നിന്റെ എല്ലാ വഴികളിലും നിന്നെ സംരക്ഷിക്കാൻ കൽപ്പിക്കും;
12 അവർ നിന്റെ പാദങ്ങൾ കല്ലിൽ മുട്ടാതെ
നിന്നെ അവരുടെ കരങ്ങളിലേന്തും.
13 സിംഹത്തെയും അണലിയെയും നീ ചതയ്ക്കും;
സിംഹക്കുട്ടികളെയും മഹാസർപ്പത്തെയും നീ മെതിക്കും.
14 അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, “എന്നെ സ്നേഹിക്കുന്നവരെ ഞാൻ മോചിപ്പിക്കും;
എന്റെ നാമത്തിൽ ആശ്രയിക്കുന്നവരെ ഞാൻ സംരക്ഷിക്കും.
15 അവർ എന്നെ വിളിച്ചപേക്ഷിക്കും, ഞാൻ അവർക്ക് ഉത്തരമരുളും;
കഷ്ടതയിൽ ഞാൻ അവരോടൊപ്പമുണ്ടാകും,
ഞാൻ അവരെ വിടുവിച്ച് ബഹുമാനിക്കും.
16 ദീർഘായുസ്സ് നൽകി ഞാൻ അവരെ തൃപ്തരാക്കും
എന്റെ രക്ഷ ഞാൻ അവർക്കു കാണിച്ചുകൊടുക്കും.”
-
10 യഹോവയുടെ നാമം കെട്ടുറപ്പുള്ള ഒരു കോട്ടയാണ്;
നീതിനിഷ്ഠർ അവിടേക്കോടിച്ചെന്ന് സുരക്ഷിതരാകുന്നു.
11 ധനമുള്ളവരുടെ സമ്പത്ത് അവർക്കു കോട്ടകെട്ടിയ നഗരമാണ്;
അത് ആർക്കും കയറാൻപറ്റാത്ത മതിലെന്ന് അവർ സങ്കൽപ്പിക്കുന്നു.
12 അഹന്ത നാശത്തിന്റെ മുന്നോടിയാണ്,
എന്നാൽ എളിമ ബഹുമതിക്കു മുമ്പേപോകുന്നു.
-
6 “നമുക്കു നന്മചെയ്യുന്നത് ആരാണ്?” എന്നു പലരും ചോദിക്കുന്നു.
യഹോവേ, അവിടത്തെ മുഖകാന്തി ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ.
7 ധാന്യവും പുതുവീഞ്ഞും സമൃദ്ധമായി വിളവെടുത്തപ്പോൾ അവർക്കുണ്ടായതിലുമധികം
ആനന്ദം അങ്ങ് എന്റെ ഹൃദയത്തിൽ പകർന്നിരിക്കുന്നു.
8 ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും,
എന്നെ സുരക്ഷിതമായി അധിവസിപ്പിക്കുന്നത്
യഹോവേ, അവിടന്നുതന്നെയാണല്ലോ.
സംഗീതസംവിധായകന്. വേണുനാദത്തോടെ.
-
25 മനുഷ്യരെ ഭയക്കുന്നത് അപകടകരമായ ഒരു കെണിയാണ്,
എന്നാൽ യഹോവയെ ഭയപ്പെടുന്നവർ സുരക്ഷിതരായിരിക്കും.
-
3 എന്നാൽ യഹോവേ, അങ്ങാണ് എനിക്കുചുറ്റും പരിച,
അങ്ങാണ് എന്റെ ബഹുമതി, എന്റെ ശിരസ്സിനെ ഉയർത്തുന്നതും അങ്ങാണ്.
4 ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു,
അവിടന്നു തന്റെ വിശുദ്ധഗിരിയിൽനിന്ന് എനിക്ക് ഉത്തരമരുളുന്നു. സേലാ.
5 ഞാൻ കിടന്നുറങ്ങുന്നു;
യഹോവ എന്നെ കാക്കുന്നതിനാൽ ഞാൻ ഉറക്കമുണരുന്നു.
6 എനിക്കുചുറ്റും അണിനിരന്നിരിക്കുന്ന
പതിനായിരങ്ങളെ ഞാൻ ഭയക്കുന്നില്ല.
-
5 യഹോവ നിന്നെ സംരക്ഷിക്കുന്നു!
നിനക്കു തണലേകാൻ യഹോവ നിന്റെ വലതുഭാഗത്തുണ്ട്;
6 പകൽ, സൂര്യൻ നിന്നെ ഉപദ്രവിക്കുകയില്ല,
രാത്രി, ചന്ദ്രനും.
7 യഹോവ സകലദോഷത്തിൽനിന്നും നിന്നെ പരിപാലിക്കും—
അവിടന്നു നിന്റെ ജീവനു സംരക്ഷണം നൽകും;
8 യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും കാത്തുപാലിക്കും,
ഇന്നും എന്നെന്നേക്കും.
-
2 കള്ളൻ രാത്രിയിൽ വരുന്നതുപോലെയാണ് കർത്താവിന്റെ ദിവസം വരുന്നതെന്ന് നിങ്ങൾക്കു സുവ്യക്തമായി അറിയാം. 3 “സമാധാനമെന്നും, സുരക്ഷിതമെന്നും” അവർ പറയുമ്പോൾ തന്നെ, ഗർഭിണിക്കു പ്രസവവേദന ഉണ്ടാകുന്നപോലെ അവർക്കു പെട്ടെന്നു നാശം വന്നുചേരും; അതിൽനിന്ന് അവർക്ക് രക്ഷപ്പെടാൻ കഴിയുകയുമില്ല.
-
21 എന്റെ കുഞ്ഞേ, ജ്ഞാനവും വിവേചനശക്തിയും നിലനിർത്തുക,
അവ നിന്റെ ദൃഷ്ടിപഥത്തിൽനിന്നു മറയാതിരിക്കട്ടെ;
22 കാരണം അവ നിനക്കു ജീവനും,
നിന്റെ കഴുത്തിൽ ഒരു അലങ്കാരമാലയും ആയിരിക്കട്ടെ.
23 അപ്പോൾ നീ നിന്റെ വഴികളിൽ സുരക്ഷിതനായി മുന്നേറും,
നിന്റെ കാലടികൾ ഇടറുകയുമില്ല.
24 കിടക്കയിലേക്കുപോകുമ്പോൾ നിനക്കു ഭയമുണ്ടാകുകയില്ല;
നീ കിടക്കുകയും ഉടനെതന്നെ സുഖനിദ്രയിലമരുകയും ചെയ്യും
25 പെട്ടെന്നു സംഭവിക്കുന്ന ദുരന്തമോ
ദുഷ്ടരുടെ നാശമോ കണ്ട് നീ സംഭീതനാകരുത്,
26 കാരണം യഹോവയാണ് നിന്റെ സുരക്ഷിതത്വം
അവിടന്ന് നിന്റെ പാദം കെണിയിലകപ്പെടാതെ കാത്തുകൊള്ളും.
-
27 എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറിയുന്നു; അവ എന്നെ അനുഗമിക്കുകയുംചെയ്യുന്നു. 28 ഞാൻ എന്റെ ആടുകൾക്കു നിത്യജീവൻ നൽകുന്നു, അവ ഒരിക്കലും നശിച്ചുപോകുകയില്ല; എന്റെ കൈയിൽനിന്ന് അവയെ അപഹരിക്കാൻ ആർക്കും സാധ്യമല്ല. 29 അവയെ എനിക്കു തന്നിരിക്കുന്ന എന്റെ പിതാവ് പരമോന്നതനാണ്; എന്റെ പിതാവിന്റെ കൈയിൽനിന്ന് അവയെ അപഹരിക്കാൻ ആർക്കും സാധ്യമല്ല. 30 ഞാനും പിതാവും ഒന്നാകുന്നു.”
-
17 എന്നാൽ, കർത്താവ് എന്നോടൊപ്പംനിന്ന് എന്നെ ശക്തിപ്പെടുത്തി. അങ്ങനെ എന്നിലൂടെ വചനപ്രഘോഷം നിർവഹിക്കാനും യെഹൂദേതരർ സകലരും അതു കേൾക്കാനും കാരണമായി. അതോടെ, ഞാൻ സിംഹത്തിന്റെ വായിൽനിന്ന് മോചിതനായി. 18 കർത്താവ് എന്നെ തിന്മയുടെ എല്ലാവിധ ഉപദ്രവങ്ങളിൽനിന്നും മോചിപ്പിച്ച് സുരക്ഷിതനായി അവിടത്തെ സ്വർഗീയരാജ്യത്തിൽ എത്തിക്കും. അവിടത്തേക്ക് എന്നെന്നേക്കും മഹത്ത്വം. ആമേൻ.
-
8 ഇന്ന് ഇവിടെ നാം ഓരോരുത്തരും സ്വന്തദൃഷ്ടിയിൽ ശരിയെന്നു തോന്നുന്നതു പ്രവർത്തിക്കുമ്പോലെ നിങ്ങൾ പ്രവർത്തിക്കരുത്. 9 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന സ്വസ്ഥതയിലും അവകാശത്തിലും നിങ്ങൾ ഇതുവരെ പ്രവേശിച്ചിട്ടില്ലല്ലോ. 10 എന്നാൽ നിങ്ങൾ യോർദാൻ കടക്കുകയും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി നൽകുന്ന ദേശത്തു പാർക്കുകയും ചുറ്റുപാടുമുള്ള സകലശത്രുക്കളിൽനിന്നും അവിടന്നു നിങ്ങൾക്കു സ്വസ്ഥതനൽകി സുരക്ഷിതരായിരിക്കുകയും ചെയ്യും. 11 അപ്പോൾ ദൈവം തന്റെ നാമം വസിക്കാനായി തെരഞ്ഞെടുക്കുന്ന സ്ഥലത്ത് ഹോമയാഗങ്ങൾ, യാഗങ്ങൾ, ദശാംശങ്ങൾ, പ്രത്യേക വഴിപാടുകൾ, നിങ്ങൾ യഹോവയുടെമുമ്പാകെ ശപഥംചെയ്ത പ്രത്യേക നേർച്ചകൾ, അങ്ങനെ ഞാൻ നിങ്ങളോടു കൽപ്പിക്കുന്നതെല്ലാം നിങ്ങൾ കൊണ്ടുവരണം. 12 അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയുടെമുമ്പാകെ നിങ്ങളും നിങ്ങളുടെ പുത്രന്മാരും പുത്രിമാരും ദാസന്മാരും ദാസിമാരും—തങ്ങൾക്കു സ്വന്തമായി അവകാശവും ഓഹരിയും ലഭിച്ചിട്ടില്ലാത്ത—നിങ്ങളുടെ നഗരങ്ങളിലുള്ള ലേവ്യരും ആനന്ദിക്കണം. 13 നിങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലത്തെല്ലാം നിങ്ങളുടെ ഹോമയാഗങ്ങൾ അർപ്പിക്കാതിരിക്കാൻ ശ്രദ്ധിച്ചുകൊള്ളണം. 14 യഹോവ നിങ്ങളുടെ ഗോത്രങ്ങളിൽനിന്ന് തെരഞ്ഞെടുക്കുന്ന ഒരു സ്ഥലത്ത് ഹോമയാഗം അർപ്പിക്കുകയും അവിടെ ഞാൻ കൽപ്പിക്കുന്നതൊക്കെ പ്രവർത്തിക്കുകയും വേണം.
-
33 എന്നാൽ എന്റെ വാക്കു കേൾക്കുന്നവർ സുരക്ഷിതരായി ജീവിക്കും
അനർഥഭീതികൂടാതെ സ്വസ്ഥരായിരിക്കുകയും ചെയ്യും.”
-
35 ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ ആർക്കു കഴിയും? ക്ലേശങ്ങൾക്കോ കഷ്ടതകൾക്കോ പീഡനത്തിനോ പട്ടിണിക്കോ നഗ്നതയ്ക്കോ ആപത്തിനോ വാളിനോ അതു ചെയ്യാൻ കഴിയുമോ?
36 “അങ്ങേക്കുവേണ്ടി ദിവസംമുഴുവനും ഞങ്ങൾ മരണത്തെ മുഖാമുഖം കാണുന്നു:
അറക്കപ്പെടാനുള്ള ആടുകളായി ഞങ്ങളെ പരിഗണിക്കുന്നു,”
എന്ന് എഴുതിയിരിക്കുന്നല്ലോ. 37 നാമോ, നമ്മെ സ്നേഹിച്ച കർത്താവിലൂടെ ഇവയിലെല്ലാം വിജയം വരിക്കുന്നു. 38 മരണത്തിനോ ജീവനോ ദൂതന്മാർക്കോ പ്രധാനികൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരാനുള്ളതിനോ ശക്തികൾക്കോ 39 ഉന്നതങ്ങളിലുള്ളവെക്കോ അധോലോകത്തിലുള്ളവയ്ക്കോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ സാധ്യമല്ലെന്ന് എനിക്കു പരിപൂർണബോധ്യമുണ്ട്.
-
12 ബെന്യാമീനെക്കുറിച്ച് അദ്ദേഹം പറഞ്ഞു:
“യഹോവയ്ക്കു പ്രിയനായവൻ അങ്ങയിൽ സുരക്ഷിതനായിരിക്കട്ടെ,
ദിവസംമുഴുവനും അവിടന്ന് അവനെ പരിപാലിക്കുന്നു,
യഹോവ സ്നേഹിക്കുന്നവൻ അവിടത്തെ തോളുകളിൽ വിശ്രമിക്കുന്നു.”
-
8 “എന്നാൽ ഞാൻ നിന്റെ സ്ഥാനത്തായിരുന്നെങ്കിൽ, ഞാൻ ദൈവത്തെ അന്വേഷിക്കുമായിരുന്നു;
എന്റെ സങ്കടം അവിടത്തെ മുമ്പിൽ സമർപ്പിക്കുമായിരുന്നു.
9 അളക്കാൻ സാധിക്കാത്ത വൻകാര്യങ്ങളും
അസംഖ്യം അത്ഭുതങ്ങളും അവിടന്ന് പ്രവർത്തിക്കുന്നു.
10 അവിടന്ന് ഭൂമിയിൽ മഴപെയ്യിക്കുകയും
വയലുകളെ ജലധാരയാൽ അനുഗ്രഹിക്കുകയും ചെയ്യുന്നു.
11 അവിടന്ന് എളിയവരെ ഉദ്ധരിക്കുകയും
വിലപിക്കുന്നവരെ സുരക്ഷിതസ്ഥാനത്തേക്ക് ഉയർത്തുകയും ചെയ്യുന്നു.
12 അവിടന്ന് കൗശലക്കാരുടെ പദ്ധതികൾ തകിടംമറിക്കുന്നു;
അതുകൊണ്ട് അവരുടെ കൈകൾ വിജയം കൈവരിക്കാതെ പോകുന്നു.
13 അവിടന്ന് ജ്ഞാനികളെ അവരുടെ കൗശലങ്ങളിൽ കുടുക്കുന്നു;
സൂത്രശാലികളുടെ ആസൂത്രണങ്ങൾ വേഗത്തിൽത്തന്നെ പാളിപ്പോകുന്നു.
14 പകൽസമയത്ത് ഇരുട്ട് അവരെ മൂടുന്നു;
മധ്യാഹ്നത്തിൽ രാത്രിയിലെന്നപോലെ അവർ തപ്പിനടക്കുന്നു.
15 അവിടന്ന് ദരിദ്രരെ സൂത്രശാലികളുടെ മൂർച്ചയേറിയ വാക്കുകളിൽനിന്നും
ബലവാന്മാരുടെ കൈയിൽനിന്നും സംരക്ഷിക്കുന്നു.
16 അതിനാൽ ദരിദ്രർക്കു പ്രത്യാശയുണ്ട്;
അനീതിയോ, അതിന്റെ വായ് പൊത്തുന്നു.
-
14 മാർഗനിർദേശങ്ങളുടെ അഭാവത്താൽ ഒരു ദേശം നിലംപരിശാകുന്നു,
എന്നാൽ ഉപദേഷ്ടാക്കളുടെ ബാഹുല്യം വിജയം ഉറപ്പിക്കുന്നു.
-
20 “സൈന്യം ജെറുശലേമിനെ വലയംചെയ്തിരിക്കുന്നതു കാണുമ്പോൾ അതിന്റെ നാശം അടുത്തിരിക്കുന്നു എന്നു നിങ്ങൾക്കറിയാൻ കഴിയും. 21 അപ്പോൾ യെഹൂദ്യപ്രവിശ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ; നഗരത്തിനകത്തുള്ളവർ അവിടംവിട്ടു പുറത്തിറങ്ങി വരട്ടെ; നാട്ടിൻപുറങ്ങളിലുള്ളവർ നഗരത്തിനുള്ളിൽ പ്രവേശിക്കാതിരിക്കട്ടെ. 22 കാരണം, പ്രവചനലിഖിതങ്ങൾ എല്ലാം പൂർത്തിയാകുന്ന പ്രതികാരകാലമാകുന്നു അത്. 23 ആ ദിവസങ്ങളിൽ ഗർഭവതികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഹാ കഷ്ടം! ദേശത്തെല്ലാം വലിയ ദുരിതവും ദേശവാസികൾക്കെതിരേ ക്രോധവും ഉണ്ടാകും.
-
10 സഹിഷ്ണുതയെ സംബന്ധിച്ച എന്റെ വചനം നീ അനുസരിച്ചതിനാൽ സകലഭൂവാസികളെയും പരിശോധിക്കുന്ന പരീക്ഷാസമയത്തിൽനിന്ന് ഞാൻ നിന്നെ സംരക്ഷിക്കും.
11 “ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും എടുക്കാതിരിക്കേണ്ടതിന് നിനക്കുള്ളതു മുറുകെപ്പിടിക്കുക.
-
3 യഹോവയിൽ ആശ്രയിച്ചുകൊണ്ട് നന്മ പ്രവർത്തിക്കുക;
എന്നാൽ, സുരക്ഷിതമായ മേച്ചിൽപ്പുറം ആസ്വദിച്ചുകൊണ്ട് ദേശത്തു ജീവിക്കാം.
-
15 “ ‘ആ നാളുകളിലും ആ കാലത്തും
ദാവീദിന്റെ നീതിയുള്ള ശാഖയായവൻ ഉയർന്നുവരാൻ ഞാൻ ഇടവരുത്തും.
അവൻ ഭൂമിയിൽ ന്യായവും നീതിയും നടപ്പിലാക്കും.
16 ആ ദിവസങ്ങളിൽ യെഹൂദാ രക്ഷിക്കപ്പെടും,
ജെറുശലേം സുരക്ഷിതരായി ജീവിക്കും.
യഹോവ നമ്മുടെ നീതിമാനായ രക്ഷകൻ,
എന്ന പേരിനാൽ അദ്ദേഹം അറിയപ്പെടും.’
-
11 “ഞാൻ ആകുന്നു നല്ല ഇടയൻ; നല്ല ഇടയൻ ആടുകൾക്കുവേണ്ടി തന്റെ ജീവൻ അർപ്പിക്കുന്നു. 12 എന്നാൽ, ആടുകളുടെ ഉടമസ്ഥനല്ലാത്ത കൂലിക്കാരൻ, ചെന്നായ് വരുന്നതു കാണുമ്പോൾ ആടുകളെ വിട്ട് ഓടിപ്പോകുന്നു. അപ്പോൾ ചെന്നായ് ആട്ടിൻപറ്റത്തെ ആക്രമിച്ചു ചിതറിച്ചുകളയുന്നു. 13 അയാൾ വെറും കൂലിക്കാരനും ആടുകളെക്കുറിച്ചു കരുതൽ ഇല്ലാത്തവനുമാണല്ലോ.
14-15 “ഞാൻ ആകുന്നു നല്ല ഇടയൻ; പിതാവ് എന്നെയും ഞാൻ പിതാവിനെയും അറിയുന്നതുപോലെ, ഞാൻ എന്റെ ആടുകളെയും എന്റെ ആടുകൾ എന്നെയും അറിയുന്നു. ആടുകൾക്കുവേണ്ടി ഞാൻ എന്റെ ജീവൻ അർപ്പിക്കുന്നു.
-
3 എന്നാൽ കർത്താവ് വിശ്വസ്തനാണ്; അവിടന്ന് നിങ്ങളെ ശാക്തീകരിക്കുകയും പിശാചിൽനിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും. 4 ഞങ്ങൾ കൽപ്പിക്കുന്ന കാര്യങ്ങൾ നിങ്ങൾ അനുസരിക്കുന്നുണ്ടെന്നും അങ്ങനെതന്നെ തുടർന്നും ആചരിക്കുമെന്നും കർത്താവിൽ ഞങ്ങൾക്ക് ഉത്തമബോധ്യമുണ്ട്. 5 കർത്താവ് നിങ്ങളുടെ ഹൃദയങ്ങളെ ദൈവസ്നേഹത്തിലേക്കും ക്രിസ്തുവിന്റെ സഹനശക്തിയിലേക്കും നയിക്കട്ടെ.
-
18 ദൈവത്തിൽനിന്നു ജനിച്ചവർ ആരും പാപത്തിൽ തുടരുന്നില്ല എന്നു നാം അറിയുന്നു. ദൈവപുത്രൻ അവരെ സൂക്ഷിക്കുന്നു. പിശാചിന് അവരെ സ്പർശിക്കാൻ കഴിയുകയില്ല.
-
1 “ ‘നിങ്ങൾക്കായി വിഗ്രഹങ്ങൾ ഉണ്ടാക്കുകയോ ഒരു ബിംബമോ ആചാരസ്തൂപമോ സ്ഥാപിക്കുകയോ ചെയ്യരുത്. അതിന്റെ മുമ്പിൽ വണങ്ങാനായി നിങ്ങളുടെ ദേശത്തു കൊത്തിയ കല്ലു നാട്ടുകയും ചെയ്യരുത്. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
2 “ ‘എന്റെ ശബ്ബത്തുകൾ പ്രമാണിക്കുകയും എന്റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കുകയും വേണം. ഞാൻ യഹോവ ആകുന്നു.
3 “ ‘എന്റെ ഉത്തരവുകൾ നിങ്ങൾ പാലിക്കയും എന്റെ കൽപ്പനകൾ സസൂക്ഷ്മം അനുസരിക്കയും ചെയ്യുമെങ്കിൽ, 4 തക്കസമയത്തു ഞാൻ മഴ അയയ്ക്കും; ഭൂമി അതിന്റെ വിളവും വൃക്ഷം അവയുടെ ഫലവും തരും. 5 നിങ്ങളുടെ കറ്റമെതിക്കുന്ന കാലം മുന്തിരിപ്പഴം ശേഖരിക്കുന്ന കാലംവരെയും മുന്തിരിപ്പഴം ശേഖരിക്കുന്നത് വിതയ്ക്കുന്ന കാലംവരെയും തുടരും. നിങ്ങൾക്കു വേണ്ടുംപോലെ ഭക്ഷിച്ചു സുരക്ഷിതരായി നിങ്ങളുടെ ദേശത്തുപാർക്കും.
6 “ ‘ഞാൻ ദേശത്തു സമാധാനം തരും. നിങ്ങൾ കിടന്നുറങ്ങും; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല. ഞാൻ ദുഷ്ടമൃഗങ്ങളെ ദേശത്തുനിന്നു നീക്കിക്കളയും. വാൾ നിങ്ങളുടെ ദേശത്തുകൂടെ കടക്കുകയില്ല.
-
4 മരണനിഴലിൻ താഴ്വരയിൽക്കൂടി
ഞാൻ സഞ്ചരിച്ചെന്നാലും,
ഒരു അനർഥവും ഞാൻ ഭയപ്പെടുകയില്ല,
എന്നോടൊപ്പം അവിടന്നുണ്ടല്ലോ;
അവിടത്തെ വടിയും കോലും
എന്നെ ആശ്വസിപ്പിക്കുന്നു.
-
7 അവിടന്ന് എന്റെ ഒളിയിടം ആകുന്നു;
ക്ലേശങ്ങളിൽ അവിടന്ന് എനിക്കു സംരക്ഷണമേകുന്നു;
രക്ഷയുടെ ജയഭേരിയാൽ എനിക്കു വലയം തീർക്കുന്നു. സേലാ.
-
53 അവിടന്ന് അവരെ സുരക്ഷിതരായി നയിച്ചു, അതുകൊണ്ട് അവർക്ക് ഭയം ഉണ്ടായിരുന്നില്ല;
എന്നാൽ സമുദ്രം അവരുടെ ശത്രുക്കളെ വിഴുങ്ങിക്കളഞ്ഞു.
-
7 കഷ്ടതകളുടെ നടുവിലാണ് എന്റെ ജീവിതമെങ്കിലും
അവിടന്ന് എന്റെ ജീവൻ സംരക്ഷിക്കുന്നു.
എന്റെ ശത്രുക്കളുടെ ക്രോധത്തിനുനേരേ അവിടന്ന് തിരുക്കരം നീട്ടുന്നു;
അവിടത്തെ വലതുകരം എന്നെ രക്ഷിക്കുന്നു.
8 യഹോവ എന്നെ കുറ്റവിമുക്തനാക്കും;
യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു—
തിരുക്കരങ്ങളുടെ പ്രവൃത്തിയെ ഉപേക്ഷിച്ചുകളയരുതേ.
സംഗീതസംവിധായകന്.
-
ദാവീദിന്റെ ഒരു സങ്കീർത്തനം.
1 യഹോവേ, അധർമം പ്രവർത്തിക്കുന്നവരിൽനിന്ന് എന്നെ മോചിപ്പിക്കണമേ;
അക്രമികളിൽനിന്ന് എന്നെ സംരക്ഷിക്കണമേ,
2 അവർ ഹൃദയത്തിൽ ദുഷ്ടതന്ത്രങ്ങൾ ആവിഷ്കരിക്കുകയും
നിരന്തരം കലഹം ഇളക്കിവിടുകയുംചെയ്യുന്നു.
3 അവർ തങ്ങളുടെ നാവ് സർപ്പത്തിന്റേതുപോലെ മൂർച്ചയുള്ളതാക്കുന്നു.
അവരുടെ അധരങ്ങളിൽ അണലിവിഷമുണ്ട്. സേലാ.
4 യഹോവേ, ദുഷ്ടരുടെ കൈകളിൽനിന്ന് എന്നെ സൂക്ഷിക്കണമേ;
എന്റെ കാലുകൾ കുരുക്കിൽപ്പെടുത്താൻ പദ്ധതിയിടുന്ന
അക്രമികളിൽനിന്ന് എന്നെ സംരക്ഷിക്കണമേ.
-
7 യഹോവ നല്ലവനും
അനർഥദിവസത്തിൽ അഭയസ്ഥാനവും ആകുന്നു.
തന്നിൽ ആശ്രയിക്കുന്നവരെ അവിടന്ന് അറിയുന്നു,
-
9 പിന്നെ പിശാച് യേശുവിനെ ജെറുശലേമിലേക്ക് കൊണ്ടുപോയി, ദൈവാലയത്തിന്റെ ഗോപുരാഗ്രത്തിൽ നിർത്തിയിട്ട്, “അങ്ങ് ദൈവപുത്രൻ ആകുന്നു എങ്കിൽ ഇവിടെനിന്ന് താഴേക്കു ചാടുക.
10 “ ‘ദൈവം തന്റെ ദൂതന്മാരോട്
അങ്ങയെ കാത്തു സംരക്ഷിക്കാൻ കൽപ്പിക്കും;
11 അവർ അങ്ങയുടെ പാദങ്ങൾ കല്ലിൽ മുട്ടാതെ
അങ്ങയെ അവരുടെ കരങ്ങളിലേന്തും,’
എന്ന് എഴുതിയിരിക്കുന്നല്ലോ” എന്നു പറഞ്ഞു.
12 അതിനുത്തരമായി യേശു, “ ‘നിങ്ങളുടെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്’ എന്നും എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു.
13 ഈ പ്രലോഭനങ്ങളെല്ലാം പരിസമാപിച്ചപ്പോൾ മറ്റൊരവസരം കാത്ത് പിശാച് അദ്ദേഹത്തെ വിട്ടുപോയി.
-
31 ഇതിനെക്കുറിച്ചു നമുക്ക് എന്തു പറയാൻകഴിയും? ഇത്രമാത്രം! ദൈവം നമുക്ക് അനുകൂലമെങ്കിൽ നമുക്ക് പ്രതികൂലം ആര്?
-
2 മറ്റൊരു ദൂതൻ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്നു കയറിവരുന്നതു ഞാൻ കണ്ടു. കരയ്ക്കും സമുദ്രത്തിനും കേടുവരുത്താൻ അധികാരം ലഭിച്ച നാലു ദൂതന്മാരോട് അയാൾ: 3 “നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയിൽ ഞങ്ങൾ മുദ്രയിടുന്നതുവരെ ഭൂമിക്കോ സമുദ്രത്തിനോ വൃക്ഷങ്ങൾക്കോ കേടുവരുത്തരുത്” എന്ന് അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.
-
25 ശലോമോന്റെ ഭരണകാലത്തെല്ലാം യെഹൂദയും ഇസ്രായേലും ദാൻമുതൽ ബേർ-ശേബാവരെ ഓരോരുത്തരും അവരവരുടെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും തണലിൽ എന്നപോലെ സുരക്ഷിതരായി ജീവിച്ചു.
-
7 യഹോവേ, അങ്ങ് പീഡിതരെ സുരക്ഷിതരാക്കും
ദുഷ്ടരിൽനിന്ന് എന്നും അവരെ സംരക്ഷിക്കും,
-
ദാവീദിന്റെ ഒരു സ്വർണഗീതം.
1 എന്റെ ദൈവമേ, എന്നെ കാത്തുസംരക്ഷിക്കണമേ,
അങ്ങയിലാണല്ലോ ഞാൻ അഭയം തേടിയിരിക്കുന്നത്.
-
13 ഞങ്ങളെ പ്രലോഭനത്തിലേക്കു നയിക്കരുതേ,
ഞങ്ങളെ പിശാചിൽനിന്ന് സംരക്ഷിക്കണമേ.
രാജ്യവും ശക്തിയും മഹത്ത്വവും
എന്നേക്കും അവിടത്തേതല്ലോ. ആമേൻ.’
-
15 “ദാനീയേൽപ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്തപ്രകാരം, ‘എല്ലാറ്റിനെയും ഉന്മൂലനംചെയ്യുന്ന മ്ലേച്ഛത’ വിശുദ്ധസ്ഥാനത്ത് നിൽക്കുന്നതു നിങ്ങൾ കാണുമ്പോൾ—വായിക്കുന്നയാൾ മനസ്സിലാക്കിക്കൊള്ളട്ടെ— 16 യെഹൂദ്യപ്രവിശ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ. 17 മട്ടുപ്പാവിൽ ഇരിക്കുന്നയാൾ തന്റെ വീട്ടിൽനിന്ന് എന്തെങ്കിലും എടുക്കാനായി വീടിനുള്ളിൽ കയറരുത്. 18 വയലിലായിരിക്കുന്നയാൾ തന്റെ പുറങ്കുപ്പായം എടുക്കാൻ തിരികെ പോകരുത്. 19 ഗർഭവതികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ആ ദിവസങ്ങളിൽ ഹാ കഷ്ടം! 20 നിങ്ങളുടെ പലായനം ശീതകാലത്തോ ശബ്ബത്തിലോ ആകരുതേ എന്നു പ്രാർഥിക്കുക. 21 കാരണം, ലോകാരംഭംമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തതും അതിനുശേഷം ഒരിക്കലും ഉണ്ടാകാത്തതുമായ വലിയ പീഡ ആ നാളുകളിൽ ഉണ്ടാകും.
22 “ആ ദിവസങ്ങൾ പരിമിതപ്പെടുത്തിയില്ലെങ്കിൽ ഒരു വ്യക്തിപോലും അവശേഷിക്കുകയില്ല; എന്നാൽ തെരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി ആ ദിവസങ്ങൾ പരിമിതപ്പെടുത്തും. 23 അന്ന് നിങ്ങളോട് ആരെങ്കിലും, ‘ക്രിസ്തു ഇതാ ഇവിടെ’ എന്നോ ‘ക്രിസ്തു അതാ അവിടെ’ എന്നോ പറഞ്ഞാൽ അതു വിശ്വസിക്കരുത്. 24 കാരണം, വ്യാജക്രിസ്തുക്കളും വ്യാജപ്രവാചകരും വന്നു വലിയ ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ച് മനുഷ്യരെ വഞ്ചിക്കും; സാധ്യമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും! 25 നോക്കൂ, ഞാൻ ഇത് മുൻകൂട്ടിത്തന്നെ നിങ്ങളോടു പറഞ്ഞിരിക്കുന്നു.
26 “അതുകൊണ്ട് ആരെങ്കിലും നിങ്ങളോട്, ‘ക്രിസ്തു അതാ അവിടെ വിജനസ്ഥലത്ത്’ എന്നു പറഞ്ഞാൽ നിങ്ങൾ അവിടേക്കു പോകരുത്; ‘അദ്ദേഹം ഇതാ ഇവിടെ മുറിക്കുള്ളിൽ’ എന്നു പറഞ്ഞാൽ വിശ്വസിക്കരുത്. 27 കിഴക്കുണ്ടാകുന്ന മിന്നൽപ്പിണർ പടിഞ്ഞാറുവരെ ദൃശ്യമാകുന്നു; അതുപോലെ ആയിരിക്കും മനുഷ്യപുത്രന്റെ പുനരാഗമനം. 28 കഴുകന്മാർ കൂട്ടംകൂടുന്നത് ശവത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതുപോലെ, ഇക്കാര്യങ്ങൾ സംഭവിക്കുന്നത് മനുഷ്യപുത്രന്റെ വരവിന്റെ ലക്ഷണമായിരിക്കും.
-
12 അവരോടുകൂടെ ആയിരുന്നപ്പോൾ അവിടന്ന് എനിക്കു നൽകിയ നാമത്താൽ ഞാൻ അവരെ സംരക്ഷിക്കുകയും ഭദ്രമായി സൂക്ഷിക്കുകയും ചെയ്തു. തിരുവെഴുത്തു നിറവേറേണ്ടതിന്, ആ വിനാശപുത്രനല്ലാതെ ആരും നഷ്ടപ്പെട്ടുപോയിട്ടില്ല.
-
10 അവസാനമായി ഓർമിപ്പിക്കട്ടെ, കർത്താവിലും അവിടത്തെ അപാരശക്തിയാലും ശക്തരാകുക. 11 പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തുനിൽക്കാൻ കഴിയേണ്ടതിന് എല്ലാ ദിവ്യായുധങ്ങളും അണിയുക. 12 നാം യുദ്ധംചെയ്യുന്നത് മനുഷ്യർക്കെതിരേയല്ല, മറിച്ച് ഈ ഇരുളടഞ്ഞ ലോകത്തിന്റെ അധികാരികളോടും അധികാരങ്ങളോടും ആകാശത്തിലെ ദുഷ്ടാത്മാക്കളോടുമാണ്. 13 അതുകൊണ്ട് പിശാചിന്റെ ആക്രമണമുണ്ടാകുന്ന ദുർദിവസത്തിൽ അവനെ എതിർക്കാനും യുദ്ധം സമാപിച്ചതിനുശേഷം ഉറച്ചുനിൽക്കാനും സാധിക്കേണ്ടതിന് എല്ലാ ദിവ്യായുധങ്ങളും അണിയുക: 14 സത്യമെന്ന അരപ്പട്ട കെട്ടിയും നീതി കവചമായി ധരിച്ചും 15 സമാധാനസുവിശേഷത്തിനുള്ള ഒരുക്കം പാദരക്ഷകളായും 16 സർവോപരി പിശാചിന്റെ എല്ലാ അഗ്ന്യസ്ത്രങ്ങളെയും കെടുത്തിക്കളയാൻ പര്യാപ്തമായ വിശ്വാസം എന്ന പരിച കൈകളിൽ ഏന്തിക്കൊണ്ടും 17 രക്ഷ ശിരോകവചമായി ധരിച്ചും ആത്മാവിന്റെ വാളായ ദൈവവചനം കൈകളിൽ എടുത്തുകൊണ്ടും നിലകൊള്ളുക.
18 ഏതുസമയവും എല്ലാ അവസരങ്ങളിലും ആത്മാവിൽ പ്രാർഥിച്ചുകൊണ്ട് ജാഗ്രതയോടെ നിരന്തരം സകലവിശുദ്ധർക്കുംവേണ്ടി അപേക്ഷ കഴിച്ചുകൊണ്ടിരിക്കുക. 19-20 ഞാൻ ചങ്ങലകളണിഞ്ഞ്, സ്ഥാനപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ രഹസ്യം വ്യക്തമാക്കാൻ വായ് തുറക്കുമ്പോൾ എനിക്ക് യോഗ്യമായ വചനം ദൈവം നൽകുന്നതിനും അതു ഞാൻ പൂർണധൈര്യത്തോടെ സംസാരിക്കുന്നതിനും എനിക്കുവേണ്ടിയും പ്രാർഥിക്കുക.
-
1 എന്റെ സഹോദരങ്ങളേ! എന്തായാലും, കർത്താവിൽ ആനന്ദിക്കുക. ഞാൻ എഴുതിയതുതന്നെ വീണ്ടും നിങ്ങൾക്ക് എഴുതുന്നതിൽ എനിക്കൊരു മുഷിവുമില്ല; അത് നിങ്ങളുടെ സുരക്ഷിതത്വത്തിന് നല്ലതുമാണ്.
-
15 ഉഷസ്സായപ്പോൾ ആ ദൂതന്മാർ ലോത്തിനെ നിർബന്ധിച്ചുകൊണ്ടു “വേഗം, നിന്റെ ഭാര്യയെയും രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ടുപോകുക, അല്ലെങ്കിൽ നഗരത്തോടൊപ്പം നിങ്ങൾ നശിച്ചുപോകും” എന്നു പറഞ്ഞു.
16 ലോത്ത് മടിച്ചുനിന്നപ്പോൾ—യഹോവയ്ക്ക് അവരോടു കരുണയുണ്ടായി—ആ പുരുഷന്മാർ അദ്ദേഹത്തെയും ഭാര്യയെയും രണ്ടു പുത്രിമാരെയും കൈക്കുപിടിച്ചു നഗരത്തിനു പുറത്തേക്കു കൊണ്ടുപോയി. 17 അവരെ പുറത്തുകൊണ്ടുവന്നശേഷം അവരിൽ ഒരാൾ, “പ്രാണരക്ഷയ്ക്കായി ഓടിപ്പോകുക, തിരിഞ്ഞുനോക്കരുത്, സമഭൂമിയിൽ ഒരിടത്തും തങ്ങരുത്. മലകളിലേക്ക് ഓടുക, അല്ലെങ്കിൽ നിങ്ങൾ നിശ്ശേഷം നശിച്ചുപോകും” എന്നു പറഞ്ഞു.
-
8 എന്നെ അവിടത്തെ കൺമണിപോലെ കാത്തുസൂക്ഷിക്കണമേ;
അവിടത്തെ ചിറകിൻനിഴലിൽ എന്നെ മറയ്ക്കണമേ,
9 എന്നെ വധിക്കാൻ വലയംചെയ്തിരിക്കുന്ന ശത്രുക്കളിൽനിന്നും,
എന്നെ ഉപദ്രവിക്കുന്ന ദുഷ്ടരിൽനിന്നുംതന്നെ.
10 അവർ തങ്ങളുടെ കഠിനഹൃദയം കൊട്ടിയടച്ചിരിക്കുന്നു,
അവരുടെ അധരം അഹങ്കാരത്തോടെ സംസാരിക്കുന്നു.
-
4 യഹോവയോട് ഞാൻ ഒരു കാര്യം അപേക്ഷിക്കുന്നു;
ഇതുതന്നെയാണെന്റെ ആഗ്രഹവും:
യഹോവയുടെ മനോഹാരിത ദർശിക്കുന്നതിനും
അവിടത്തെ ആലയത്തിൽ ധ്യാനിക്കുന്നതിനുമായി
എന്റെ ജീവിതകാലംമുഴുവൻ
യഹോവയുടെ ആലയത്തിൽ അധിവസിക്കുന്നതിനുതന്നെ.
5 അനർഥദിവസത്തിൽ അവിടന്ന്
തന്റെ തിരുനിവാസത്തിൽ എനിക്കു സംരക്ഷണം നൽകും;
അവിടന്ന് തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും
ഒരു പാറമേൽ എന്നെ ഉയർത്തിനിർത്തും.
-
19 അങ്ങയെ ഭയപ്പെടുന്നവർക്കുവേണ്ടി അങ്ങ് സംഭരിച്ചുവെച്ചിരിക്കുന്നതും
അങ്ങയിൽ ശരണം പ്രാപിക്കുന്നവർക്കായി
സകലമനുഷ്യരും കാണുംവിധം അവിടന്ന് പ്രദർശിപ്പിച്ചതുമായ
അവിടത്തെ നന്മ എത്രയോ സമൃദ്ധം.
20 ആരോപണം നടത്തുന്ന നാവിൽനിന്ന്
അങ്ങ് അവരെ തിരുസന്നിധിയിൽ സുരക്ഷിതരാക്കിയിരിക്കുന്നു;
മനുഷ്യരുടെ സകലഗൂഢതന്ത്രങ്ങളിൽനിന്നും വിടുവിച്ച്
അങ്ങയുടെ കൂടാരത്തിൽ അവരെ ഒളിപ്പിച്ചിരിക്കുന്നു.
21 യഹോവ വാഴ്ത്തപ്പെടട്ടെ,
കാരണം ശത്രുവിനാൽ വളയപ്പെട്ട പട്ടണത്തിൽ ഞാൻ ആയിരുന്നപ്പോൾ
വിസ്മയകരമാംവിധത്തിൽ അവിടത്തെ അചഞ്ചലസ്നേഹം എന്നോടു കാണിച്ചിരിക്കുന്നു.
-
8 എന്നാൽ കർത്താവായ യഹോവേ, എന്റെ ദൃഷ്ടികൾ അങ്ങയുടെമേൽ ഉറച്ചിരിക്കുന്നു;
ഞാൻ അങ്ങയിൽ അഭയംതേടുന്നു—എന്നെ മരണത്തിന് ഏൽപ്പിച്ചുകൊടുക്കരുതേ.
9 അധർമികൾ എനിക്കായി ഒരുക്കിവെച്ചിരിക്കുന്ന കെണികളിൽനിന്നും
അവർ എന്റെമുമ്പിൽ വിരിച്ചിരിക്കുന്ന കുടുക്കുകളിൽനിന്നും എന്നെ സംരക്ഷിക്കണമേ.
10 ഞാൻ സുരക്ഷിതമായി ഒഴിഞ്ഞുപോകുമ്പോൾ,
ദുഷ്ടർ, തങ്ങൾ വിരിച്ച വലകളിൽത്തന്നെ വീണുപോകട്ടെ.
-
28 സ്നേഹവും വിശ്വസ്തതയും രാജാവിനെ സുരക്ഷിതനായി സൂക്ഷിക്കുന്നു;
സ്നേഹത്തിലൂടെ തന്റെ സിംഹാസനം സുരക്ഷിതമാക്കുന്നു.
-
18 നിഷ്കളങ്കരായി ജീവിക്കുന്നവർ സുരക്ഷിതരായിരിക്കും,
എന്നാൽ, വഴിപിഴച്ച ജീവിതം നയിക്കുന്നവർ പെട്ടെന്നുതന്നെ നാശത്തിൽ അകപ്പെടും.
-
26 സ്വന്തം വിവേകത്തിൽ ആശ്രയിക്കുന്നവർ ഭോഷരാകുന്നു,
എന്നാൽ ജ്ഞാനത്തോടെ ജീവിക്കുന്നവർ സുരക്ഷിതരായിരിക്കും.
-
1 ആ കാലത്ത് യെഹൂദ്യയിൽ ഈ ഗാനം ആലപിക്കപ്പെടും:
ഞങ്ങൾക്ക് ഉറപ്പുള്ളൊരു നഗരമുണ്ട്;
ദൈവം രക്ഷ അതിന്റെ
കോട്ടകളും പ്രതിരോധസന്നാഹങ്ങളും ആക്കുന്നു.
2 വിശ്വാസം കാക്കുന്ന നീതിനിഷ്ഠരായ ജനത
പ്രവേശിക്കേണ്ടതിന്
അതിന്റെ കവാടങ്ങൾ തുറക്കുക.
3 സ്ഥിരമാനസൻ അങ്ങയിൽ
ആശ്രയിച്ചിരിക്കുകയാൽ
അങ്ങ് അവരെ പൂർണസമാധാനത്തിൽ കാക്കും.
4 യഹോവയിൽത്തന്നെ എന്നേക്കും ആശ്രയം വെക്കുക
യഹോവ, യഹോവതന്നെ ശാശ്വതമായൊരു പാറ ആണല്ലോ.
5 മലകളിൽ പാർക്കുന്നവരെ അവിടന്ന് താഴ്ത്തുന്നു,
ഉന്നത നഗരങ്ങളെ അവിടന്നു താഴെയിറക്കുന്നു;
അവിടന്ന് അതിനെ നിലംപരിചാക്കി
പൊടിയിൽ വീഴ്ത്തിക്കളയുന്നു.
6 കാൽ അതിനെ ചവിട്ടിക്കളയും;
പീഡിതരുടെ കാലുകൾ,
അശരണരുടെയും കാലുകൾതന്നെ.
-
10 അതുകൊണ്ട് ഭയപ്പെടരുത്, ഞാൻ നിന്നോടുകൂടെയുണ്ടല്ലോ;
ഉത്കണ്ഠപ്പെടരുത്, ഞാൻ നിന്റെ ദൈവമാണല്ലോ.
ഞാൻ നിന്നെ ബലപ്പെടുത്തുകയും നിന്നെ സഹായിക്കുകയും ചെയ്യും;
എന്റെ നീതിയുള്ള വലംകരത്താൽ ഞാൻ നിന്നെ താങ്ങിക്കൊള്ളും.
11 “നിന്നോടു കോപിക്കുന്നവർ എല്ലാവരും
ലജ്ജിതരും അപമാനിതരും ആകും, നിശ്ചയം;
നിന്നോട് എതിർക്കുന്നവർ
ഒന്നുമില്ലാതെയായി നശിച്ചുപോകും.
12 നിന്റെ ശത്രുക്കളെ നീ അന്വേഷിക്കും,
എന്നാൽ നിങ്ങൾ അവരെ കണ്ടെത്തുകയില്ല.
നിന്നോടു യുദ്ധംചെയ്യുന്നവർ
നാമമാത്രരാകും.
-
2 നീ വെള്ളത്തിൽക്കൂടി കടന്നുപോകുമ്പോൾ,
ഞാൻ നിന്നോടൊപ്പമുണ്ടാകും;
നദികളിൽക്കൂടി കടക്കുമ്പോൾ,
അവ നിന്റെമീതേ കവിഞ്ഞൊഴുകുകയില്ല.
തീയിൽക്കൂടി നീ നടന്നാൽ,
നിനക്കു പൊള്ളൽ ഏൽക്കുകയില്ല;
തീജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല.
-
5 “ഇതാ, ഞാൻ ദാവീദിനുവേണ്ടി നീതിയുള്ള ഒരു ശാഖ
എഴുന്നേൽപ്പിക്കുന്ന കാലം വരുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“ആ രാജാവ് ജ്ഞാനത്തോടെ ഭരണം നടത്തുകയും
ദേശത്ത് ന്യായവും നീതിയും നടത്തുകയും ചെയ്യും.
6 അദ്ദേഹത്തിന്റെ കാലത്ത് യെഹൂദാ രക്ഷിക്കപ്പെടും,
ഇസ്രായേൽ സുരക്ഷിതരായി ജീവിക്കും.
യഹോവ നമ്മുടെ നീതിമാനായ രക്ഷകൻ,
എന്ന പേരിനാൽ അദ്ദേഹം അറിയപ്പെടും.
-
37 ഉഗ്രകോപത്തോടും മഹാക്രോധത്തോടും നാടുകടത്തിയിരിക്കുന്ന സകലദേശങ്ങളിൽനിന്നും അവരെ കൂട്ടിച്ചേർക്കും; ഞാൻ അവരെ ഈ സ്ഥലത്തേക്കു തിരിച്ചു വരുത്തി ഇവിടെ സുരക്ഷിതരായി പാർപ്പിക്കും. 38 അവർ എന്റെ ജനവും ഞാൻ അവർക്കു ദൈവവും ആയിരിക്കും.
-
13 ജ്ഞാനികൾ യാത്രയായതിനുശേഷം, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷനായി യോസേഫിനോട്, “എഴുന്നേൽക്കുക! ശിശുവിനെയും അമ്മയെയുംകൂട്ടി ഈജിപ്റ്റിലേക്ക് ഓടി രക്ഷപ്പെടുക. ഹെരോദാവ് ശിശുവിനെ കൊല്ലാൻ അന്വേഷിക്കുന്നതിനാൽ, ഞാൻ നിന്നോടു കൽപ്പിക്കുന്നതുവരെ അവിടെ താമസിക്കുക” എന്നു പറഞ്ഞു.
14 യോസേഫ് ഉറക്കമുണർന്ന് രാത്രിയിൽത്തന്നെ ശിശുവിനെയും അമ്മയെയുംകൂട്ടി ഈജിപ്റ്റിലേക്കു യാത്രയായി; 15 ഹെരോദാവ് നാടുനീങ്ങുന്നതുവരെ അവർ അവിടെ താമസിച്ചു. “ഈജിപ്റ്റിൽനിന്ന് ഞാൻ എന്റെ പുത്രനെ വിളിച്ചുവരുത്തി” എന്ന് കർത്താവ് പ്രവാചകനിലൂടെ അരുളിച്ചെയ്തത് ഇങ്ങനെ നിവൃത്തിയായി.
-
27 നോഹ പെട്ടകത്തിനുള്ളിൽ പ്രവേശിച്ച ദിവസംവരെ, ജനം ഭക്ഷിച്ചും പാനംചെയ്തും വിവാഹംകഴിച്ചും വിവാഹംകഴിപ്പിച്ചും സസുഖം ജീവിച്ചുവന്നു; എന്നാൽ, പ്രളയമുണ്ടായി എല്ലാവരെയും നശിപ്പിച്ചുകളഞ്ഞു.
28 “ലോത്തിന്റെ കാലത്തും അങ്ങനെതന്നെ ആയിരുന്നു. ജനങ്ങൾ ഭക്ഷിച്ചും പാനംചെയ്തും ക്രയവിക്രയങ്ങൾചെയ്തും തോട്ടങ്ങളുണ്ടാക്കിയും നിർമാണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടും ജീവിച്ചു. 29 എന്നാൽ, ലോത്ത് സൊദോം വിട്ടുപോയ ഉടനെ ആകാശത്തുനിന്നു തീയും ഗന്ധകവും വർഷിപ്പിച്ച് സൊദോം-ഗൊമോറാ നിവാസികളെയെല്ലാം നശിപ്പിക്കുകയും ചെയ്തു.
30 “മനുഷ്യപുത്രൻ പ്രത്യക്ഷപ്പെടുന്ന ദിവസത്തിലും അങ്ങനെതന്നെ ആയിരിക്കും. 31 ആ പകലിൽ മട്ടുപ്പാവിൽ ആയിരിക്കുന്നവർ അകത്തുള്ള വസ്തുവകകൾ എടുക്കാൻ ഇറങ്ങിപ്പോകരുത്. അതുപോലെ വയലിലായിരിക്കുന്നവരും ഒന്നും എടുക്കാനായി വീട്ടിലേക്കു തിരികെ പോകരുത്! 32 ലോത്തിന്റെ ഭാര്യക്കു സംഭവിച്ചത് ഓർക്കുക. 33 സ്വന്തം ജീവനെ രക്ഷിക്കാൻ പരിശ്രമിക്കുന്നവർക്ക് അതു നഷ്ടമാകും; സ്വജീവൻ നഷ്ടപ്പെടുത്തുന്നവർ അതു പരിരക്ഷിക്കും. 34 ആ രാത്രിയിൽ രണ്ടുപേർ ഒരു കിടക്കയിൽ ആയിരിക്കും; ഒരാൾ എടുക്കപ്പെടും, മറ്റേയാൾ ഉപേക്ഷിക്കപ്പെടും. 35 രണ്ട് സ്ത്രീകൾ ധാന്യം പൊടിച്ചുകൊണ്ടിരിക്കും; ഒരു സ്ത്രീ എടുക്കപ്പെടും മറ്റേ സ്ത്രീ ഉപേക്ഷിക്കപ്പെടും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 36 രണ്ടുപേർ വയലിലായിരിക്കും; ഒരാൾ എടുക്കപ്പെടും, മറ്റേയാൾ ഉപേക്ഷിക്കപ്പെടും.”
37 “കർത്താവേ, എവിടെയാണ് സംഭവിക്കുന്നത്?” അവർ ചോദിച്ചു.
അതിന് അദ്ദേഹം, “കഴുകന്മാർ കൂട്ടംകൂടുന്നത് ശവത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതുപോലെ, ഇക്കാര്യങ്ങൾ സംഭവിക്കുന്നത് മനുഷ്യപുത്രന്റെ വരവിന്റെ ലക്ഷണമായിരിക്കും” എന്ന് ഉത്തരം പറഞ്ഞു.
-
13 മനുഷ്യർക്കു സാധാരണമല്ലാത്ത പ്രലോഭനങ്ങൾ നിങ്ങൾക്കുണ്ടായിട്ടില്ല. ദൈവം വിശ്വസ്തൻ; നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനം അവിടന്ന് അനുവദിക്കുകയില്ല. പ്രലോഭനം ഉണ്ടാകുമ്പോൾ നിങ്ങൾക്കു സഹിക്കാൻ കഴിയേണ്ടതിന് അതിൽനിന്ന് രക്ഷപ്പെടാനുള്ള വഴിയും അതോടൊപ്പംതന്നെ ദൈവം ഉണ്ടാക്കിത്തരും.
-
7 അതുകൊണ്ട്, ദൈവത്തിനു സ്വയം സമർപ്പിക്കുക; പിശാചിനോട് ചെറുത്തുനിൽക്കുക, അപ്പോൾ അവൻ നിങ്ങളിൽനിന്ന് ഓടിയകലും.
-
11 “ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ. വിജയിക്കുന്നവന് രണ്ടാംമരണത്തിന്റെ ഭീഷണിയില്ല.
-
13 ഭൂമിയിലേക്കു താൻ ചുഴറ്റി എറിയപ്പെട്ടു എന്നു മഹാവ്യാളി കണ്ടപ്പോൾ ആൺകുട്ടിയെ പ്രസവിച്ച സ്ത്രീയെ പിന്നെയും ഉപദ്രവിച്ചു. 14 മരുഭൂമിയിൽ അവൾക്കായി ഒരുക്കപ്പെട്ടിരിക്കുന്ന സ്ഥലത്തേക്കു പറന്നുപോകാനായി സ്ത്രീക്ക് വലിയ കഴുകന്റെ രണ്ട് ചിറകുകൾ ലഭിച്ചു. അവിടെ സർപ്പത്തിന്റെ സാന്നിധ്യത്തിൽനിന്ന് അകലെയായി കാലവും കാലങ്ങളും കാലാർധവും അവൾ സംരക്ഷിക്കപ്പെട്ടു. 15 സ്ത്രീയെ ജലപ്രവാഹത്തിൽ ഒഴുക്കിക്കളയാൻ സർപ്പം തന്റെ വായിൽനിന്നു നദിപോലെ വെള്ളം പുറപ്പെടുവിച്ചു. 16 എന്നാൽ മഹാവ്യാളി തന്റെ വായിൽനിന്നു പുറപ്പെടുവിച്ച ജലപ്രവാഹത്തെ, ഭൂമി തന്റെ വായതുറന്ന് മുഴുവനും വിഴുങ്ങിക്കൊണ്ട് സ്ത്രീയെ സഹായിച്ചു. 17 മഹാവ്യാളി സ്ത്രീയോടു ക്രുദ്ധിച്ച്, അവളുടെ സന്തതിയിൽ ശേഷമുള്ളവരും ദൈവത്തിന്റെ കൽപ്പനകൾ അനുസരിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായ ജനങ്ങളോടു യുദ്ധംചെയ്യാൻ പുറപ്പെട്ടുപോയി. ആ മഹാവ്യാളി സമുദ്രതീരത്തെ മണലിന്മേൽ നിലയുറപ്പിച്ചു.
-
18 അപ്പോൾ പ്രത്യാശ അവശേഷിക്കുന്നതിനാൽ നീ സുരക്ഷിതനായിരിക്കും;
നീ ചുറ്റും നോക്കും, നിർഭയനായി വിശ്രമിക്കും.
-
8 ഞാൻ യഹോവയെ എന്റെമുമ്പിൽ എപ്പോഴും പ്രതിഷ്ഠിച്ചിരിക്കുന്നു;
അവിടന്ന് എന്റെ വലതുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകുകയില്ല.
9 അതുകൊണ്ട് എന്റെ ഹൃദയം ആനന്ദിക്കുന്നു, എന്റെ നാവ് ആഹ്ലാദിക്കുന്നു;
എന്റെ ശരീരവും സുരക്ഷിതമായി വിശ്രമിക്കും,
-
8 ഞങ്ങൾ കേട്ടതുപോലെതന്നെ
ഞങ്ങൾ കണ്ടിരിക്കുന്നു,
സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ,
നമ്മുടെ ദൈവത്തിന്റെ നഗരത്തിൽത്തന്നെ:
ദൈവം എന്നേക്കും
അവളെ സുരക്ഷിതയാക്കുന്നു. സേലാ.
-
22 നിന്റെ ഭാരം യഹോവയുടെമേൽ സമർപ്പിക്കുക
അവിടന്നു നിന്നെ പുലർത്തും;
നീതിനിഷ്ഠർ നിപതിക്കാൻ
അവിടന്ന് ഒരിക്കലും അനുവദിക്കുകയില്ല.
-
2 അവിടന്നുമാത്രമാണ് എന്റെ പാറയും രക്ഷയും;
അവിടന്നാണ് എന്റെ കോട്ട, ഞാൻ ഒരിക്കലും കുലുങ്ങിപ്പോകുകയില്ല.
-
8 മനുഷ്യരിൽ ആശ്രയിക്കുന്നതിനെക്കാൾ
യഹോവയിൽ അഭയം തേടുന്നതാണ് നല്ലത്.
-
ആരോഹണഗീതം.
1 യഹോവയിൽ ആശ്രയിക്കുന്നവർ സീയോൻ പർവതംപോലെയാണ്,
അത് ഇളകാതെ എന്നേക്കും നിലനിൽക്കുന്നു.
2 പർവതങ്ങൾ ജെറുശലേമിനെ വലയംചെയ്തിരിക്കുന്നതുപോലെ,
യഹോവ ഇന്നും എന്നെന്നേക്കും
തന്റെ ജനത്തെ വലയംചെയ്തിരിക്കുന്നു.
-
26 യഹോവയെ ഭയപ്പെടുന്നവർക്ക് കെട്ടുറപ്പുള്ള കോട്ടയുണ്ട്,
അവരുടെ സന്താനങ്ങൾക്ക് അതൊരു അഭയസ്ഥാനമായിരിക്കും.
-
10 സമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിലുള്ള സകലതും
ദ്വീപുകളും അവയിലെ നിവാസികളുമേ,
യഹോവയ്ക്ക് ഒരു പുതിയ ഗാനം ആലപിക്കുക,
അവിടത്തെ സ്തുതി ഭൂമിയുടെ സീമകളിൽനിന്ന് പാടുക.
11 മരുഭൂമിയും അതിലെ നഗരങ്ങളും ശബ്ദം ഉയർത്തട്ടെ;
കേദാറിലെ ഗ്രാമങ്ങളും അതിലെ നിവാസികളും ആനന്ദിക്കട്ടെ.
സേലാപട്ടണനിവാസികളും ആഹ്ലാദത്താൽ പാടട്ടെ;
പർവതത്തിന്റെ മുകളിൽനിന്ന് അവർ ആർത്തുവിളിക്കട്ടെ.
12 അവർ യഹോവയ്ക്ക് മഹത്ത്വം കൊടുക്കുകയും
അവിടത്തെ സ്തുതി ദ്വീപുകളിൽ പ്രസ്താവിക്കുകയും ചെയ്യട്ടെ.
13 യഹോവ ഒരു യോദ്ധാവിനെപ്പോലെ പുറപ്പെടും,
ഒരു യുദ്ധവീരനെപ്പോലെ തന്റെ തീക്ഷ്ണത പ്രകടമാക്കും;
അവിടന്ന് ആർത്തുവിളിക്കും, യുദ്ധഘോഷം മുഴക്കും,
തന്റെ ശത്രുക്കൾക്കെതിരേ അവിടന്ന് വിജയംനേടും.
-
18 ആ ദിവസം, ഞാൻ അവർക്കുവേണ്ടി
വയലിലെ മൃഗങ്ങളോടും ആകാശത്തിലെ പറവകളോടും
നിലത്ത് ഇഴയുന്ന ജന്തുക്കളോടും ഒരു ഉടമ്പടി ചെയ്യും.
വില്ലും വാളും യുദ്ധവും
ദേശത്തുനിന്നു ഞാൻ നീക്കിക്കളയും,
അങ്ങനെ എല്ലാവരും സുരക്ഷിതരായി കിടന്നുറങ്ങും.
-
11 അതിൽ ആൾപ്പാർപ്പുണ്ടാകും; പിന്നീടൊരിക്കലും അതു നശിപ്പിക്കപ്പെടുകയില്ല. ജെറുശലേം സുരക്ഷിതമായിരിക്കും.
-
16 അദ്ദേഹം അവരോട് ഈ സാദൃശ്യകഥയും പറഞ്ഞു: “ഒരു ധനികന്റെ കൃഷിസ്ഥലത്ത് സമൃദ്ധമായ വിളവുണ്ടായി. 17 എന്റെ വിളവു സൂക്ഷിക്കാൻ സ്ഥലം ഇല്ലല്ലോ ‘ഞാൻ എന്തുചെയ്യും?’ അയാൾ ആത്മഗതംചെയ്തു.
18 “ഞാൻ ഇതാണ് ചെയ്യാൻപോകുന്നത്, ‘ഞാൻ എന്റെ ഭണ്ഡാരപ്പുരകൾ പൊളിച്ച് അവയിലും വലിയവ പണിയിക്കും; അവിടെ ഞാൻ എന്റെ ധാന്യവും മറ്റു വിളവുകളുമെല്ലാം സംഭരിച്ചുവെക്കും’ എന്ന് അയാൾ പറഞ്ഞു. 19 പിന്നെ ഞാൻ എന്നോടുതന്നെ, ‘എന്റെ ജീവനേ, അനേകം വർഷങ്ങളിലേക്കാവശ്യമായ ധാന്യവിഭവങ്ങളെല്ലാം സമൃദ്ധമായി നിന്റെ പക്കലുണ്ട്. ഇനി അധ്വാനിക്കേണ്ട; ഭക്ഷിച്ചുപാനംചെയ്ത് ആനന്ദിക്കുക’ എന്നു പറയും.
20 “എന്നാൽ ദൈവം അവനോട്, ‘മടയാ, ഈ രാത്രിയിൽത്തന്നെ നിന്റെ ജീവനെ ഞാൻ നിന്നോടു ചോദിക്കും. പിന്നെ, നീ നിനക്കായി ഒരുക്കിവെച്ചത് ആര് അനുഭവിക്കും?’ എന്നു ചോദിച്ചു.
21 “തനിക്കുവേണ്ടിത്തന്നെ വസ്തുവകകൾ സംഭരിച്ചുവെക്കുകയും എന്നാൽ ദൈവികകാര്യങ്ങളിൽ സമ്പന്നനാകാതിരിക്കുകയുംചെയ്യുന്ന ഏതൊരു വ്യക്തിയുടെയും അവസ്ഥ ഇങ്ങനെതന്നെ ആകും.”
-
15 അവിടന്ന് അവരെ ലോകത്തിൽനിന്ന് എടുക്കണം എന്നല്ല, പിന്നെയോ പിശാചിൽനിന്ന് സംരക്ഷിച്ചുകൊള്ളണം എന്നാണ് എന്റെ പ്രാർഥന.
Shows Read in context, Share and Copy.