106 Bible Verses About Love and Compassion

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Love and Compassion
  1. 29 കേൾക്കുന്നവർക്കു പ്രയോജനം ലഭിക്കുന്ന, ആത്മികവർധനയ്ക്കു സഹായകമാകുന്ന നല്ല വാക്കുകളല്ലാതെ സഭ്യമല്ലാത്തതൊന്നും നിങ്ങളുടെ അധരങ്ങളിൽനിന്നു വരരുത്. 30 നിങ്ങൾക്കു ലഭിച്ച രക്ഷ വീണ്ടെടുപ്പുനാളിൽ പൂർത്തീകരിക്കപ്പെടും എന്നതിന്റെ ഉറപ്പായി നിങ്ങളിൽ ഇട്ടിരിക്കുന്ന മുദ്ര ദൈവത്തിന്റെ പരിശുദ്ധാത്മാവാണല്ലോ; ആ ആത്മാവിനെ നിങ്ങൾ ദുഃഖിപ്പിക്കരുത്. 31 എല്ലാ വിദ്വേഷം, കോപം, ക്രോധം, കലഹം, പരദൂഷണം ഇങ്ങനെയുള്ള എല്ലാ ദുർഗുണങ്ങളും നിങ്ങൾ ഉപേക്ഷിക്കുക. 32 പരസ്പരം ദയയും കരുണയും ഉള്ളവരായി, ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിക്കുക.

  2. 12 ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധരും ദൈവത്തിനു പ്രിയരുമാകുകയാൽ നിങ്ങൾ മനസ്സലിവ്, ദയ, വിനയം, സൗമ്യത, ക്ഷമ, എന്നിവ ധരിക്കുക. 13 പരസ്പരം ക്ഷമിക്കുകയും സഹിക്കുകയുംചെയ്യുക; നിങ്ങളിലൊരാൾക്കു മറ്റൊരാൾക്കെതിരേ പരാതി ഉണ്ടായാൽ, കർത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക. 14 എല്ലാറ്റിലും ഉപരിയായി എല്ലാവരെയുംതമ്മിൽ സമ്പൂർണമായി ബന്ധിപ്പിക്കുന്ന കണ്ണിയായ സ്നേഹം ധരിക്കുക.

    15 ക്രിസ്തു നൽകുന്ന സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. അതിനായിട്ടാണല്ലോ നിങ്ങളെ ഏകശരീരമായി വിളിച്ചിരിക്കുന്നത്. കൃതജ്ഞതയുള്ളവരായിരിക്കുക.

  3. 35 യേശു അവിടെയുള്ള എല്ലാ പട്ടണങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ച്, യെഹൂദരുടെ പള്ളികളിൽ ഉപദേശിച്ചും രാജ്യത്തിന്റെ സുവിശേഷം വിളംബരംചെയ്തും എല്ലാവിധ രോഗങ്ങളും ബലഹീനതകളും സൗഖ്യമാക്കുകയും ചെയ്തു. 36 ജനക്കൂട്ടം ഇടയനില്ലാത്ത ആടുകളെപ്പോലെ പീഡിതരും നിസ്സഹായരും ആയിരിക്കുന്നതുകണ്ട് യേശുവിന് അവരോടു സഹതാപം തോന്നി. 37 അപ്പോൾ യേശു ശിഷ്യന്മാരോട്, “കൊയ്ത്ത് സമൃദ്ധം; വേലക്കാരോ പരിമിതം. 38 അതുകൊണ്ട്, കൊയ്ത്തിന്റെ ഉടമസ്ഥനോട് കൊയ്ത്തിനായി വേലക്കാരെ അയയ്ക്കാൻ അപേക്ഷിക്കുക” എന്നു പറഞ്ഞു.

  4. 8 സർവോപരി, നിങ്ങൾ എല്ലാവരും ഐകമത്യത്തോടെ ജീവിക്കുക എന്നു ഞാൻ നിങ്ങളോടു പറയുന്നു. സഹാനുഭൂതിയും സഹോദരസ്നേഹവും ദയയും താഴ്മയും ഉള്ളവരായിരിക്കുക. 9 തിന്മയ്ക്കു പകരം തിന്മ ചെയ്യാതെയും അധിക്ഷേപത്തിനു പ്രതികാരമായി അധിക്ഷേപിക്കാതെയും ഇരിക്കുക. അവയ്ക്കുപകരം അനുഗ്രഹം നൽകുക. ഇങ്ങനെ പ്രവർത്തിച്ചുകൊണ്ട് അനുഗ്രഹങ്ങൾ അവകാശമാക്കാനാണ് നിങ്ങളെ വിളിച്ചിരിക്കുന്നത്.

  5. 8 യഹോവയുടെ വചനം വീണ്ടും സെഖര്യാവിനുണ്ടായി: 9 “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നേരോടെ ന്യായംവിധിക്കുക പരസ്പരം കരുണയും മനസ്സലിവും കാണിക്കുക. 10 വിധവയെയും അനാഥരെയും പ്രവാസികളെയും ദരിദ്രരെയും പീഡിപ്പിക്കരുത്. നിങ്ങളുടെ മനസ്സിൽ പരസ്പരം ദോഷം ചിന്തിക്കരുത്.’

  6. 22 യഹോവയുടെ മഹാസ്നേഹംനിമിത്തം ഞാൻ നശിപ്പിക്കപ്പെട്ടില്ല

    അവിടത്തെ കരുണകൾ തീർന്നുപോകുന്നില്ല.

    23 അവ പ്രഭാതംതോറും പുതിയതാകുന്നു;

    അവിടത്തെ വിശ്വസ്തത വലിയതുമാകുന്നു.

  7. 29 യേശുവും ശിഷ്യന്മാരും യെരീഹോപട്ടണത്തിൽനിന്ന് പോകുമ്പോൾ വലിയൊരു ജനക്കൂട്ടം അദ്ദേഹത്തെ പിൻതുടർന്നു. 30 വഴിയരികിൽ ഇരിക്കുകയായിരുന്ന രണ്ട് അന്ധന്മാർ യേശു അതുവഴി പോകുന്നു എന്നു കേട്ട്, “കർത്താവേ, ദാവീദുപുത്രാ, ഞങ്ങളോടു കരുണതോന്നണമേ” എന്നു നിലവിളിച്ചു.

    31 മിണ്ടരുതെന്നു പറഞ്ഞ് ജനക്കൂട്ടം അവരെ ശാസിച്ചു. അവരോ അധികം ഉച്ചത്തിൽ, “കർത്താവേ, ദാവീദുപുത്രാ, ഞങ്ങളോട് കരുണതോന്നണമേ” എന്നു നിലവിളിച്ചു.

    32 ഇതു കേട്ടിട്ട് യേശു നിന്നു. അവരെ വിളിച്ച്, “ഞാൻ നിങ്ങൾക്ക് എന്തു ചെയ്തുതരണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?” എന്നു ചോദിച്ചു.

    33 “കർത്താവേ, ഞങ്ങൾക്ക് കാഴ്ച തരണമേ,” അവർ അദ്ദേഹത്തോട് യാചിച്ചു.

    34 യേശുവിന് സഹതാപം തോന്നി, അവിടന്ന് അവരുടെ കണ്ണുകളിൽ സ്പർശിച്ചു. ഉടൻതന്നെ അവർക്ക് കാഴ്ച ലഭിച്ചു; അവർ അദ്ദേഹത്തെ അനുഗമിച്ചു.

  8. 13 യേശു ഇതു കേട്ടിട്ട് വള്ളത്തിൽ കയറി അവിടെനിന്ന് തനിച്ച് ഒരു വിജനസ്ഥലത്തേക്ക് പോയി. ഇതറിഞ്ഞ ജനക്കൂട്ടം പട്ടണങ്ങളിൽനിന്ന് കരമാർഗം അദ്ദേഹത്തെ ലക്ഷ്യമാക്കി യാത്രചെയ്തു. 14 യേശു കരയ്ക്കിറങ്ങിയപ്പോൾ ഒരു വലിയ ജനക്കൂട്ടത്തെക്കണ്ടു; അദ്ദേഹത്തിന് അവരോടു സഹതാപം തോന്നി; അവരുടെ രോഗികളെ സൗഖ്യമാക്കി.

  9. 16 ക്രിസ്തു നമുക്കുവേണ്ടി സ്വജീവൻ അർപ്പിച്ചതിനാൽ സ്നേഹം എന്തെന്നു നാം അറിയുന്നു; നാമും അതുപോലെ സഹോദരങ്ങൾക്കുവേണ്ടി ജീവൻ അർപ്പിക്കേണ്ടതാണ്. 17 ഒരാൾക്കു ഭൗതികസമ്പത്ത് ഉണ്ടായിരിക്കുകയും തന്റെ സഹോദരങ്ങളെ ബുദ്ധിമുട്ടുള്ളവരായി കണ്ടിട്ട് അവരോടു സഹതാപം തോന്നാതിരിക്കുകയും ചെയ്താൽ അയാളിൽ ദൈവസ്നേഹം വസിക്കുന്നു എന്ന് എങ്ങനെ അവകാശപ്പെടാൻ കഴിയും?

    18 കുഞ്ഞുമക്കളേ, നാം പരസ്പരം സ്നേഹിക്കുന്നു എന്ന് വൃഥാ വാചാലരാകാതെ, സ്നേഹം വാസ്തവത്തിൽ പ്രവൃത്തിപഥത്തിൽ കൊണ്ടുവരേണ്ടതാണ്.

  10. 18 അപ്പോൾ മോശ, “അങ്ങയുടെ തേജസ്സ് എന്നെ കാണിക്കണമേ” എന്നപേക്ഷിച്ചു.

    19 യഹോവ അരുളിച്ചെയ്തു: “ഞാൻ എന്റെ നന്മമുഴുവനും നിനക്കു ദൃശ്യമാക്കും, യഹോവ എന്ന എന്റെ നാമം ഞാൻ നിന്റെ മുമ്പിൽ ഘോഷിക്കും; കൃപ ചെയ്യാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കൃപ ചെയ്യും. കരുണകാണിക്കാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കരുണകാണിക്കും. 20 എന്നാൽ, നിനക്ക് എന്റെ മുഖം കാണാൻ കഴിയുകയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കുകയില്ല.”

    21 യഹോവ വീണ്ടും അരുളിച്ചെയ്തു: “എന്റെ സമീപത്തുള്ള ഒരു സ്ഥലം ഉണ്ട്; ആ പാറമേൽ നീ നിൽക്കണം. 22 എന്റെ തേജസ്സു കടന്നുപോകുമ്പോൾ ഞാൻ നിന്നെ ആ പാറയുടെ പിളർപ്പിൽ ആക്കി, ഞാൻ കടന്നുപോകുന്നതുവരെ എന്റെ കൈകൊണ്ടു നിന്നെ മറയ്ക്കും. 23 പിന്നീടു ഞാൻ എന്റെ കൈ മാറ്റും; അപ്പോൾ നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖം കാണപ്പെടാവുന്നതല്ല.”

  11. 16 “എന്നാൽ ഞങ്ങളുടെ പിതാക്കന്മാരായ അവർ അഹങ്കരിച്ചു; ദുശ്ശാഠ്യത്തോടെ, അങ്ങയുടെ കൽപ്പനകൾ അവർ ശ്രദ്ധിക്കാതിരുന്നു. 17 അവ അനുസരിക്കാൻ അവർ കൂട്ടാക്കിയില്ല; അവരുടെയിടയിൽ അങ്ങ് ചെയ്ത അത്ഭുതങ്ങൾ അവർ ഓർത്തതുമില്ല. അവർ ദുശ്ശാഠ്യമുള്ളവരായി, ഈജിപ്റ്റിലെ അടിമത്തത്തിലേക്ക് തങ്ങളെ തിരികെക്കൊണ്ടുപോകാൻ അവരുടെ മാത്സര്യത്തിൽ ഒരു നേതാവിനെ നിയമിച്ചു. എന്നാൽ അങ്ങ് കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ള, ക്ഷമിക്കുന്നവനായ ദൈവം ആകുന്നു; അങ്ങ് അവരെ ഉപേക്ഷിച്ചില്ല. 18 അവർ ഒരു കാളക്കിടാവിന്റെ രൂപം വാർത്തുണ്ടാക്കി, ‘ഈജിപ്റ്റിൽനിന്ന് നിങ്ങളെ പുറപ്പെടുവിച്ച ദൈവം ഇതാ’ എന്നു പറയുകയും വലിയ ദൈവദൂഷണങ്ങൾ പ്രവർത്തിക്കുകയും ചെയ്തു.

  12. 9 “ഇത് എനിക്കു നോഹയുടെ കാലത്തെ പ്രളയംപോലെയാണ്,

    നോഹയുടെ കാലത്തെപ്പോലെയുള്ള പ്രളയം ഭൂമിയിൽ മേലാൽ സംഭവിക്കുകയില്ലെന്നു ഞാൻ ശപഥംചെയ്തു.

    അതുപോലെ ഇനിയൊരിക്കലും നിന്നോടു കോപിഷ്ഠനാകുകയോ

    നിന്നെ ശകാരിക്കുകയോ ചെയ്യുകയില്ല എന്ന് ഇപ്പോൾ ഞാൻ ശപഥംചെയ്തിരിക്കുന്നു.

    10 പർവതങ്ങൾ ഇളകിപ്പോകും,

    കുന്നുകൾ മാറിപ്പോകും,

    എങ്കിലും എന്റെ അചഞ്ചലസ്നേഹം നിന്നെവിട്ടു നീങ്ങുകയോ

    എന്റെ സമാധാന ഉടമ്പടി ലംഘിക്കപ്പെടുകയോ ഇല്ല,”

    എന്നു നിന്നോടു കരുണാമയനായ യഹോവ അരുളിച്ചെയ്യുന്നു.

  13. 15 എന്നാൽ കർത്താവേ, അങ്ങ് കരുണാമയനും ആർദ്രഹൃദയനുമായ ദൈവം ആകുന്നു,

    അവിടന്ന് ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തതയുള്ളവനും ആകുന്നു.

    16 എന്നിലേക്കുതിരിഞ്ഞ് എന്നോടു കരുണ കാണിക്കണമേ;

    അവിടത്തെ ദാസന് അങ്ങയുടെ ശക്തി നൽകണമേ;

    അവിടത്തെ ദാസിയുടെ പുത്രനെ

    രക്ഷിക്കുകയും ചെയ്യണമേ.

  14. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 എൻ മനമേ, യഹോവയെ വാഴ്ത്തുക;

    എന്റെ സർവാന്തരംഗവുമേ, അവിടത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക.

    2 എൻ മനമേ, യഹോവയെ വാഴ്ത്തുക;

    അവിടത്തെ ഉപകാരങ്ങളൊന്നും മറക്കരുത്—

    3 അവിടന്നു നിന്റെ സകലപാപങ്ങളും ക്ഷമിക്കുന്നു

    നിന്റെ സർവരോഗത്തിനും സൗഖ്യമേകുന്നു.

    4 അവിടന്നു നിന്റെ ജീവനെ പാതാളത്തിൽനിന്ന് വീണ്ടെടുക്കുകയും

    നിന്നെ സ്നേഹവും മനസ്സലിവുംകൊണ്ട് മകുടമണിയിക്കുകയും ചെയ്യുന്നു,

    5 നിന്റെ യുവത്വം കഴുകനെപ്പോലെ നവീകരിക്കപ്പെടേണ്ടതിന്

    അവിടന്ന് നിന്റെ ജീവിതം നന്മകൊണ്ട് സംതൃപ്തമാക്കുന്നു.

  15. 8 തിളച്ചുമറിഞ്ഞ കോപംനിമിത്തം

    ഞാൻ നിമിഷനേരത്തേക്ക് എന്റെ മുഖം നിനക്കു മറച്ചുകളഞ്ഞു,

    എങ്കിലും ശാശ്വത കാരുണ്യത്തോടെ

    ഞാൻ നിന്നോടു കരുണകാണിക്കും,”

    എന്നു നിന്റെ വീണ്ടെടുപ്പുകാരനായ യഹോവ അരുളിച്ചെയ്യുന്നു.

  16. ദാവീദിന്റെ ഒരു സങ്കീർത്തനം. ദാവീദ് ബേത്ത്-ശേബയുമായി സംഗമിച്ച് പാപംചെയ്തതിനെത്തുടർന്ന് നാഥാൻ പ്രവാചകൻ അദ്ദേഹത്തെ സന്ദർശിച്ചതിനുശേഷം രചിച്ചത്.

    1 ദൈവമേ, അവിടത്തെ അചഞ്ചലസ്നേഹത്തിന് അനുയോജ്യമായവിധത്തിൽ,

    അടിയനോടു കരുണയുണ്ടാകണമേ;

    അങ്ങയുടെ മഹാകാരുണ്യംനിമിത്തം

    എന്റെ ലംഘനങ്ങൾ മായിച്ചുകളയണമേ.

    2 എന്റെ എല്ലാവിധ അകൃത്യങ്ങളും കഴുകിക്കളഞ്ഞ്

    എന്റെ പാപത്തിൽനിന്ന് എന്നെ ശുദ്ധീകരിക്കണമേ.

  17. 31 കർത്താവ് ആരെയും

    ശാശ്വതമായി പരിത്യജിക്കുകയില്ല.

    32 അവിടന്ന് ദുഃഖംവരുത്തിയാലും, അവിടന്ന് കരുണകാണിക്കും,

    കാരണം അവിടത്തെ അചഞ്ചലസ്നേഹം അതിശ്രേഷ്ഠമാണ്.

    33 മനുഷ്യമക്കൾക്ക് അവിടന്ന് മനഃപൂർവം

    കഷ്ടതയോ ദുഃഖമോ വരുത്തുന്നില്ല.

    34 ദേശത്തിലെ സകലബന്ധിതരെയും

    കാൽച്ചുവട്ടിൽ മെതിച്ചാൽ

    35 അത്യുന്നതന്റെ മുമ്പിൽ ഒരു മനുഷ്യന്

    തന്റെ അവകാശം നിഷേധിച്ചാൽ

    36 ഒരു മനുഷ്യനു നീതി നിഷേധിച്ചാൽ—

    കർത്താവ് ഇതൊന്നും കാണുകയില്ലേ.

  18. 4 സ്നേഹം ക്ഷമയുള്ളതാണ്, സ്നേഹം ദയയുള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല, ആത്മപ്രശംസചെയ്യുന്നില്ല, സ്നേഹം അഹങ്കരിക്കുന്നില്ല. 5 അതു അന്യരെ അപമാനിക്കുന്നില്ല, സ്വാർഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, ദോഷത്തിന്റെ കണക്കുസൂക്ഷിക്കുന്നതുമില്ല. 6 സ്നേഹം തിന്മയിൽ അഭിരമിക്കാതെ, സത്യത്തിൽ ആനന്ദിക്കുന്നു. 7 എപ്പോഴും സംരക്ഷിക്കുന്നു, എപ്പോഴും വിശ്വസിക്കുന്നു, എപ്പോഴും പ്രത്യാശിക്കുന്നു, എപ്പോഴും സഹിക്കുന്നു.

    8 സ്നേഹം എന്നെന്നും നിലനിൽക്കുന്നു. പ്രവചനം നീക്കപ്പെടും ഭാഷകൾ നിലച്ചുപോകും ജ്ഞാനവും നീക്കപ്പെടും.

  19. 1 ആകയാൽ (ഇങ്ങനെ നിങ്ങളും കഷ്ടതയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാൽ) നിങ്ങൾ ക്രിസ്തുവിനോട് ചേർന്നിരിക്കുന്നതിലൂടെ എന്തെങ്കിലും പ്രോത്സാഹനം ലഭിച്ചിട്ടുണ്ടോ? അവിടത്തെ സ്നേഹത്തിൽനിന്ന് എന്തെങ്കിലും ആശ്വാസം ലഭിച്ചിട്ടുണ്ടോ? ദൈവാത്മാവിൽ വല്ല കൂട്ടായ്മയും നിങ്ങൾക്കുണ്ടോ? അൽപ്പമെങ്കിലും ആർദ്രതയും അനുകമ്പയും ഉണ്ടോ? ഉണ്ടെങ്കിൽ 2 നിങ്ങൾ ഒരേ ഹൃദയവും ഒരേ സ്നേഹവും ഉള്ളവരായി, ആത്മാവിലും ലക്ഷ്യത്തിലും ഐക്യവും ഉള്ളവരായി, എന്റെ ആനന്ദം സമ്പൂർണമാക്കുക. 3 സ്വാർഥതാത്പര്യത്താലോ വൃഥാഭിമാനത്താലോ ഒന്നും ചെയ്യാതെ വിനയപൂർവം മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠർ എന്നു കരുതുക.

  20. 6 യഹോവ മോശയുടെമുമ്പിലൂടെ കടന്ന് ഇങ്ങനെ ഘോഷിച്ചു: “യഹോവ, യഹോവയായ ദൈവം, കരുണാമയനും ആർദ്രഹൃദയനുമാകുന്നു; ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തതയുമുള്ളവനും ആകുന്നു. 7 ആയിരങ്ങളോടു കരുണ കാണിക്കുന്നവനും അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവനും കുറ്റംചെയ്തവരെ വെറുതേവിടാതെ, പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും, മൂന്നും നാലും തലമുറവരെ അനുഭവിപ്പിക്കുന്നവനും ആകുന്നു.”

  21. 13 ഒരു പിതാവിനു തന്റെ മക്കളോടു മനസ്സലിവു തോന്നുന്നതുപോലെതന്നെ,

    യഹോവയ്ക്ക് തന്നെ ഭയപ്പെടുന്നവരോടു മനസ്സലിവു തോന്നുന്നു;

  22. 8 യഹോവ ആർദ്രഹൃദയനും കരുണാമയനും

    ക്ഷമാശീലനും സ്നേഹസമ്പന്നനും ആകുന്നു.

    9 യഹോവ എല്ലാവർക്കും നല്ലവൻ;

    തന്റെ സകലപ്രവൃത്തികളോടും അവിടന്ന് കരുണയുള്ളവനാണ്.

  23. 18 തന്റെ അവകാശത്തിൽ ശേഷിച്ച ജനത്തിന്റെ

    പാപങ്ങൾ ക്ഷമിക്കുകയും അതിക്രമങ്ങൾ പൊറുക്കുകയും ചെയ്യുന്ന

    അങ്ങയെപ്പോലെ വേറൊരു ദൈവമുണ്ടോ?

    അങ്ങ് എന്നേക്കും കോപം വെച്ചുകൊണ്ടിരിക്കുന്നില്ല

    എന്നാൽ, കരുണകാണിക്കാൻ അങ്ങ് പ്രസാദിക്കുകയും ചെയ്യുന്നു.

    19 അവിടന്ന് വീണ്ടും നമ്മോടുതന്നെ ദയകാണിക്കും;

    അങ്ങ് ഞങ്ങളുടെ പാപങ്ങളെ മെതിച്ചുകളയും

    ഞങ്ങളുടെ അതിക്രമങ്ങളെല്ലാം സമുദ്രത്തിന്റെ അഗാധങ്ങളിലേക്കു ചുഴറ്റിയെറിയും.

    20 പൂർവകാലങ്ങളിൽ അങ്ങ് ഞങ്ങളുടെ പിതാക്കന്മാരോട്

    ശപഥം ചെയ്തതുപോലെതന്നെ,

    അങ്ങ് യാക്കോബിനോട് വിശ്വസ്തനായിരിക്കുകയും

    അബ്രാഹാമിനോട് കരുണ കാണിക്കുകയും ചെയ്യും.

  24. 34 യേശു കരയ്ക്കിറങ്ങിയപ്പോൾ ഒരു വലിയ ജനക്കൂട്ടം ഇടയനില്ലാത്ത ആടുകളെപ്പോലെ ആയിരിക്കുന്നതുകണ്ട്; യേശുവിന് അവരോടു സഹതാപം തോന്നി. അതുകൊണ്ട് അദ്ദേഹം അവരെ പല കാര്യങ്ങളും ഉപദേശിക്കാൻ തുടങ്ങി.

  25. 1 ഞാൻ നിനക്കു നൽകിയിരിക്കുന്ന അനുഗ്രഹങ്ങളും ശാപങ്ങളും നിന്റെമേൽ വന്ന് നിന്റെ ദൈവമായ യഹോവ നിന്നെ തള്ളിക്കളയുന്ന ഏതു ജനതകളുടെയും മധ്യത്തിൽ നീ അവയെ നിന്റെ ഹൃദയത്തിൽ ഓർക്കുകയും 2 നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിലേക്കു നീയും നിന്റെ മക്കളും മടങ്ങിവന്ന് ഇന്നു ഞാൻ നിന്നോടു കൽപ്പിക്കുന്നതുപോലെ അവിടത്തെ വചനങ്ങൾ പൂർണഹൃദയത്തോടും പൂർണാത്മാവോടുംകൂടെ അനുസരിക്കുകയും ചെയ്യുമെങ്കിൽ 3 നിന്റെ ദൈവമായ യഹോവ നിന്റെ ഭാവിനിർണയങ്ങൾ പുനഃസ്ഥാപിക്കുകയും നിന്നോടു കരുണകാണിച്ച്, നീ ചിതറിപ്പോയിരുന്ന സകലജനതകളുടെയും ഇടയിൽനിന്ന് നിന്നെ കൂട്ടിവരുത്തുകയും ചെയ്യും. 4 ആകാശത്തിൻകീഴിൽ വിദൂരരാജ്യങ്ങളിലേക്കു നീ നാടുകടത്തപ്പെട്ടിരുന്നാലും അവിടെനിന്നും നിന്റെ ദൈവമായ യഹോവ നിന്നെ കൂട്ടിച്ചേർക്കുകയും മടക്കിവരുത്തുകയും ചെയ്യും. 5 നിന്റെ പിതാക്കന്മാരുടെ ദേശത്തേക്ക് യഹോവയായ ദൈവം നിന്നെ കൊണ്ടുവരും, അതു നിന്റെ അവകാശമായിത്തീരും. അവിടന്ന് നിന്റെ പിതാക്കന്മാരെക്കാൾ ഐശ്വര്യവും അംഗസംഖ്യയും നിനക്കു പ്രദാനംചെയ്യും.

  26. 7 അവിടത്തെ അചഞ്ചലസ്നേഹത്തിന്റെ അത്ഭുതം എനിക്ക് വെളിപ്പെടുത്തണമേ,

    അങ്ങയിൽ അഭയംതേടുന്നവരെ

    അവിടത്തെ വലങ്കൈയാൽ ശത്രുക്കളിൽനിന്ന് രക്ഷിക്കണമേ.

  27. 8 യഹോവ കരുണാമയനും ആർദ്രഹൃദയനും

    ക്ഷമാശീലനും സ്നേഹസമ്പന്നനും ആകുന്നു.

  28. 7 അവിടത്തെ കരുണയ്ക്കും

    അനവധിയായ ദയാവായ്പിനും അനുസൃതമായി,

    യഹോവ നമുക്കുവേണ്ടി ചെയ്ത എല്ലാറ്റിനും—

    അതേ, അവിടന്ന് ഇസ്രായേലിനുവേണ്ടി ചെയ്ത അനവധി നന്മകൾക്കുമായി

    ഞാൻ യഹോവയുടെ ദയാവായ്പിനെക്കുറിച്ചും

    അവിടത്തെ സ്തുത്യർഹമായ കൃത്യങ്ങളെക്കുറിച്ചും പ്രസ്താവിക്കും.

  29. 8 മനുഷ്യാ, നന്മ എന്തെന്ന് അവിടന്നു നിന്നെ കാണിച്ചിരിക്കുന്നു;

    നീതി പ്രവർത്തിക്കുക, കരുണയെ സ്നേഹിക്കുക

    നിന്റെ ദൈവത്തിന്റെ മുമ്പിൽ താഴ്മയോടെ ജീവിക്കുക.

    ഇതല്ലാതെ മറ്റെന്താണ് യഹോവ നിന്നോട് ആവശ്യപ്പെടുന്നത്?

  30. 40 ഒരു കുഷ്ഠരോഗി യേശുവിന്റെ അടുക്കൽവന്ന് മുട്ടുകുത്തി, “അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കാൻ കഴിയും” എന്നപേക്ഷിച്ചു.

    41 യേശുവിന് അവനോടു സഹതാപം തോന്നി. കൈനീട്ടി ആ മനുഷ്യനെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സുണ്ട്; നീ ശുദ്ധനാകുക” എന്നു പറഞ്ഞു. 42 ഉടൻതന്നെ കുഷ്ഠം അയാളെ വിട്ടുമാറി, അയാൾക്കു സൗഖ്യംവന്നു.

    43-44 യേശു, “നോക്കൂ, ഇത് ആരോടും പറയരുത്” എന്ന കർശന താക്കീത് അയാൾക്കു നൽകി, “നീ പോയി, പുരോഹിതനു നിന്നെത്തന്നെ കാണിക്കുക. നീ പൂർണസൗഖ്യമുള്ളവനായി എന്ന് പൊതുജനങ്ങൾക്കു ബോധ്യപ്പെടുന്നതിനായി മോശ കൽപ്പിച്ച വഴിപാടുകൾ അർപ്പിക്കുകയുംചെയ്യുക” എന്നു പറഞ്ഞു. 45 എന്നാൽ, അയാൾ പോയി എല്ലാവരോടും ഈ വാർത്ത തീക്ഷ്ണതയോടെ പ്രസിദ്ധമാക്കാൻ തുടങ്ങി. തന്മൂലം യേശുവിനു പരസ്യമായി പട്ടണത്തിൽ പ്രവേശിക്കാൻ സാധിക്കാതെ വന്നു; അദ്ദേഹം പുറത്തു വിജനസ്ഥലങ്ങളിൽ താമസിച്ചു. എന്നിട്ടും ജനങ്ങൾ എല്ലായിടങ്ങളിൽനിന്നും യേശുവിന്റെ അടുക്കൽ വന്നുകൂടി.

  31. 12 യേശു പട്ടണകവാടത്തോടടുത്തപ്പോൾ അതാ, മരിച്ചുപോയ ഒരാളെ പട്ടണത്തിനുപുറത്തേക്കു കൊണ്ടുവരുന്നു. അയാൾ തന്റെ അമ്മയുടെ ഏകപുത്രൻ; അവൾ വിധവയുമായിരുന്നു. പട്ടണത്തിൽനിന്ന് വലിയൊരു ജനക്കൂട്ടം അവളോടുകൂടെ ഉണ്ടായിരുന്നു. 13 അവളെ കണ്ടപ്പോൾ കർത്താവിന്റെ മനസ്സലിഞ്ഞു. അവിടന്ന് അവളോട്, “കരയേണ്ടാ” എന്നു പറഞ്ഞു.

    14 യേശു അടുത്തുചെന്ന് ശവമഞ്ചം തൊട്ടപ്പോൾ, അത് ചുമന്നുകൊണ്ട് പോകുകയായിരുന്നവർ അവിടെ നിന്നു. അദ്ദേഹം, “യുവാവേ, ഞാൻ നിന്നോടു കൽപ്പിക്കുകയാണ് ‘എഴുന്നേൽക്കുക’ ” എന്നു പറഞ്ഞു. 15 അപ്പോൾ മരിച്ചവൻ എഴുന്നേറ്റിരുന്നു സംസാരിക്കാൻ തുടങ്ങി. യേശു അവനെ അവന്റെ അമ്മയ്ക്ക് തിരികെ നൽകി.

  32. 3 കരുണാസമ്പന്നനായ പിതാവും സർവ ആശ്വാസങ്ങളുടെയും ദാതാവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവുമായ ദൈവം വാഴ്ത്തപ്പെട്ടവൻ! 4 ഞങ്ങൾക്കുണ്ടാകുന്ന സകലകഷ്ടതകളിലും അവിടന്നു ഞങ്ങളെ ആശ്വസിപ്പിക്കുന്നു. അതുകൊണ്ട് ഞങ്ങളും ഏതുതരം കഷ്ടതയിൽ ആയിരിക്കുന്നവരെയും ദൈവത്തിൽനിന്നു ലഭിച്ചിരിക്കുന്ന ആശ്വാസത്താൽ, ആശ്വസിപ്പിക്കാൻ പ്രാപ്തരായിരിക്കുന്നു.

  33. 6 അവൾ അതു തുറന്നപ്പോൾ കുട്ടിയെ കണ്ടു. കുട്ടി കരയുകയായിരുന്നു. അവൾക്ക് അവനോടു സഹതാപം തോന്നി. “ഇത് എബ്രായശിശുക്കളിൽ ഒന്നാണ്,” അവൾ പറഞ്ഞു.

  34. 1 യഹോവയ്ക്കു യാക്കോബിനോടു കരുണ തോന്നും;

    അവിടന്ന് ഇസ്രായേലിനെ ഒരിക്കൽക്കൂടി തെരഞ്ഞെടുക്കുകയും

    സ്വദേശത്ത് അവരെ പാർപ്പിക്കുകയും ചെയ്യും.

    വിദേശികളും അവരോടൊപ്പംചേരും

    അവർ യാക്കോബിന്റെ സന്തതികളുമായി ഇഴുകിച്ചേരും

    2 രാഷ്ട്രങ്ങൾ അവരെ സഹായിക്കുകയും

    അവരെ അവരുടെ സ്ഥലത്തേക്കു കൊണ്ടുവരികയും ചെയ്യും.

    ഇസ്രായേൽ രാഷ്ട്രങ്ങൾ കൈവശമാക്കും,

    യഹോവയുടെ ദേശത്ത് അവർ അവരെ ദാസന്മാരായും ദാസിമാരായും മാറ്റും.

    തങ്ങളെ ബന്ധനസ്ഥരാക്കിയവരെ അവർ ബന്ധനസ്ഥരാക്കും,

    തങ്ങളെ അടിച്ചമർത്തിയവരുടെമേൽ അവർ വാഴും.

    3 നിങ്ങളുടെ ദുഃഖം, കഷ്ടത, നിങ്ങളുടെമേൽ ചുമത്തിയ കഠിനവേല എന്നിവയിൽനിന്ന് യഹോവ നിങ്ങൾക്ക് വിശ്രമം നൽകുന്ന കാലത്ത്,

  35. 15 “ഒരു സ്ത്രീക്ക് താൻ മുലയൂട്ടുന്ന കുഞ്ഞിനെ മറക്കാൻ കഴിയുമോ?

    തന്റെ ഗർഭത്തിൽ ഉരുവായ മകനോട് അവൾക്ക് കരുണ തോന്നാതിരിക്കുമോ?

    ഒരു അമ്മ മറന്നാലും

    ഞാൻ നിങ്ങളെ മറക്കുകയില്ല!

    16 ഇതാ, ഞാൻ എന്റെ ഉള്ളംകൈയിൽ നിന്നെ വരച്ചിരിക്കുന്നു;

    നിന്റെ മതിലുകൾ എപ്പോഴും എന്റെ കൺമുമ്പിലുണ്ട്.

  36. 33 എന്നാൽ, ആ വഴി യാത്ര പോകുകയായിരുന്ന ഒരു ശമര്യൻ, അയാൾ കിടന്നിടത്ത് എത്തിയപ്പോൾ അയാളെക്കണ്ട് സഹതാപാർദ്രനായി. 34 അദ്ദേഹം ആ മുറിവേറ്റവന്റെ അടുത്തേക്കുചെന്നു, എണ്ണയും വീഞ്ഞും ഒഴിച്ചു മുറിവുകൾ വെച്ചുകെട്ടി. തുടർന്ന് അയാളെ തന്റെ മൃഗത്തിന്റെ പുറത്തു കയറ്റി ഒരു സത്രത്തിൽ കൊണ്ടുചെന്ന് അയാൾക്ക് ആവശ്യമായ ശുശ്രൂഷചെയ്തു. 35 പിറ്റേദിവസം അയാൾ രണ്ട് വെള്ളിനാണയം എടുത്ത് സത്രംസൂക്ഷിപ്പുകാരനു കൊടുത്തിട്ട്, ‘ഇയാളെ ശുശ്രൂഷിക്കണം, അധികം എന്തെങ്കിലും ചെലവുചെയ്യേണ്ടിവന്നാൽ ഞാൻ തിരിച്ചെത്തുമ്പോൾ അതു തന്നുകൊള്ളാം’ എന്നു പറഞ്ഞു.

    36 “കൊള്ളക്കാരുടെ കൈയിൽ അകപ്പെട്ട ഈ മനുഷ്യന് ഒരു അയൽക്കാരനായിത്തീർന്നത് ഈ മൂന്നുപേരിൽ ആരാണ്?” യേശു ചോദിച്ചു.

    37 “മുറിവേറ്റവനോട് കരുണകാണിച്ചവൻ” എന്ന് ആ നിയമജ്ഞൻ മറുപടി പറഞ്ഞു.

    “നീയും പോയി അതുപോലെതന്നെ ചെയ്യുക” യേശു അയാളോടു പറഞ്ഞു.

  37. 15 നമ്മുടെ ദൗർബല്യങ്ങളിൽ സഹതപിക്കാൻ കഴിയാത്ത ഒരാളല്ല നമുക്കു മഹാപുരോഹിതനായി ഉള്ളത്; മറിച്ച്, അവിടന്ന് നമ്മെപ്പോലെ സകലത്തിലും പ്രലോഭിപ്പിക്കപ്പെട്ടിട്ടും പാപരഹിതനായിരുന്നു. 16 അതുകൊണ്ടു കരുണയും കൃപയും യഥാസമയം സഹായവും ലഭിക്കാനായി നമുക്കു ധൈര്യപൂർവം കൃപയുടെ സിംഹാസനത്തിന് അടുത്തുചെല്ലാം.

  38. 3 മരണപാശങ്ങൾ എന്നെ ചുറ്റി,

    പാതാളവേദനകൾ എന്നെ പിടികൂടി;

    കഷ്ടവും സങ്കടവും എനിക്കു നേരിട്ടു.

    4 അപ്പോൾ “യഹോവേ, എന്നെ രക്ഷിക്കണമേ!”

    എന്നു ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.

    5 യഹോവ കൃപയും നീതിയുമുള്ളവൻ ആകുന്നു;

    നമ്മുടെ ദൈവം ദയാപൂർണൻതന്നെ.

  39. 12 നിന്റെ ദൈവമായ യഹോവ നിനക്കു പാർക്കാൻ നൽകുന്ന നഗരങ്ങളിലൊന്നിൽ 13 ദുഷ്ടത പ്രവർത്തിക്കുന്നവർ എഴുന്നേറ്റ്, “അന്യദേവന്മാരെ നമുക്കു സേവിക്കാം” എന്നു നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത ദേവന്മാരെക്കുറിച്ച് പറഞ്ഞ് നഗരവാസികളെ വശീകരിക്കുന്നു എന്നു കേട്ടാൽ 14 നീ അതേപ്പറ്റി വിശദമായി അന്വേഷിക്കുകയും പരിശോധിച്ച് നല്ലവണ്ണം വിസ്തരിക്കുകയും വേണം. അങ്ങനെയുള്ള ഒരു ദുഷ്ടത നിങ്ങളുടെ ഇടയിൽ ഉണ്ടായി എന്ന വസ്തുത സത്യമെന്നു തെളിയിക്കപ്പെട്ടാൽ 15 ആ നഗരവാസികളെ നീ നിശ്ചയമായും വാളിന് ഏൽപ്പിക്കണം. അതിലെ സകലജനത്തെയും കന്നുകാലികളെയും പൂർണമായി നശിപ്പിക്കണം. 16 അതിലുള്ള കൊള്ളവസ്തുക്കൾ നഗരത്തിലെ പൊതുസ്ഥലത്തു കൂട്ടിയിട്ട് നഗരവും അതിലെ കൊള്ളവസ്തുക്കളും നിന്റെ ദൈവമായ യഹോവയ്ക്കു ഹോമയാഗമായി ചുട്ടുകളയണം. അത് എന്നും നാശകൂമ്പാരമായി കിടക്കണം. പിന്നെ അതു പുനർനിർമിക്കുകയും അരുത്. 17 ശപഥാർപ്പിതമായ ഒരു വസ്തുപോലും നീ സ്വന്തമാക്കരുത്. അപ്പോൾ യഹോവ തന്റെ കഠിനകോപത്തിൽനിന്നു പിന്മാറി നിന്നോടു കരുണയും ദയയും കാണിക്കുകയും നിന്റെ പിതാക്കന്മാരോടു വാഗ്ദാനംചെയ്ത സത്യമനുസരിച്ചു നിന്നെ വർധിപ്പിക്കുകയും ചെയ്യും.

  40. 22 യഹോവാഹാസിന്റെ ഭരണകാലത്തെല്ലാം അരാംരാജാവായ ഹസായേൽ ഇസ്രായേലിനെ കഷ്ടപ്പെടുത്തിക്കൊണ്ടിരുന്നു. 23 എന്നാൽ താൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ചെയ്ത ഉടമ്പടിമൂലം യഹോവയ്ക്ക് അവരുടെനേരേ കരുണയും മനസ്സലിവും തോന്നി അവരെ കടാക്ഷിച്ചു. ഇന്നുവരെയും അവരെ നശിപ്പിക്കുന്നതിനോ തന്റെ സന്നിധിയിൽനിന്ന് തള്ളിക്കളയുന്നതിനോ യഹോവയ്ക്കു മനസ്സായില്ല.

  41. 38 എന്നിട്ടും ദൈവം അവരോട് കരുണയുള്ളവനായിരുന്നു;

    അവരുടെ അകൃത്യങ്ങൾ അവിടന്ന് ക്ഷമിച്ചു

    അവിടന്ന് അവരെ നശിപ്പിച്ചതുമില്ല.

    തന്റെ ക്രോധം മുഴുവനും ജ്വലിപ്പിക്കാതെ

    പലപ്പോഴും തന്റെ കോപത്തെ അടക്കിക്കളഞ്ഞു.

  42. 18 എന്നിട്ടും യഹോവ നിങ്ങളോടു കൃപ കാണിക്കാൻ ആശിച്ചിരിക്കുന്നു;

    അതുകൊണ്ട് നിങ്ങളോടു കരുണകാട്ടാൻ അവിടന്ന് എഴുന്നേൽക്കും.

    കാരണം യഹോവ ന്യായത്തിന്റെ ദൈവമാകുന്നു.

    അവിടത്തേക്കുവേണ്ടി കാത്തിരിക്കുന്നവർ അനുഗൃഹീതർ.

  43. 6 “ഞാൻ യെഹൂദാഗൃഹത്തെ ശക്തിപ്പെടുത്തും

    യോസേഫുഗൃഹത്തെ രക്ഷിക്കും.

    എനിക്ക് അവരോടു മനസ്സലിവുള്ളതുകൊണ്ട്

    ഞാൻ അവരെ യഥാസ്ഥാനപ്പെടുത്തും.

    ഞാൻ ഒരിക്കലും നിരസിക്കാത്തവരെപ്പോലെ

    അവർ ആയിരിക്കും;

    ഞാൻ അവരുടെ ദൈവമായ യഹോവയല്ലോ,

    ഞാൻ അവർക്ക് ഉത്തരമരുളും.

  44. 32 യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരോട്, “എനിക്ക് ഈ ജനത്തോട് സഹതാപം തോന്നുന്നു. ഇവർ എന്നോടൊപ്പമായിട്ട് മൂന്നുദിവസമായി; ഇവർക്കു ഭക്ഷിക്കാൻ ഒന്നുംതന്നെ ഇല്ല. ഇവരെ വിശപ്പോടെ പറഞ്ഞയയ്ക്കാൻ എനിക്ക് താത്പര്യമില്ല; അവർ വഴിയിൽ തളർന്നുവീഴും.”

    33 അതിനു ശിഷ്യന്മാർ, “ഈ വലിയ ജനക്കൂട്ടത്തിനു ആവശ്യമുള്ളത്ര ഭക്ഷണം ഈ വിജനപ്രദേശത്ത് നമുക്ക് എവിടെനിന്നു ലഭിക്കും?” എന്നു ചോദിച്ചു.

    34 യേശു അവരോട്, “നിങ്ങളുടെ കൈയിൽ എത്ര അപ്പം ഉണ്ട്?” എന്നു ചോദിച്ചു.

    “ഏഴ്, കുറച്ചു ചെറിയ മീനും ഉണ്ട്,” അവർ മറുപടി പറഞ്ഞു.

    35 യേശു ജനക്കൂട്ടത്തോട് തറയിലിരിക്കാൻ കൽപ്പിച്ചു. 36 പിന്നെ അദ്ദേഹം ആ ഏഴ് അപ്പവും മീനും എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത് നുറുക്കി ശിഷ്യന്മാരെ ഏൽപ്പിക്കുകയും അവർ അത് ജനത്തിന് കൊടുക്കുകയും ചെയ്തു. 37 എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച നുറുക്കുകൾ ശിഷ്യന്മാർ ഏഴു കുട്ട നിറയെ ശേഖരിച്ചു.

  45. 16 ദൈവത്തിന്റെ നിസ്തുലപുത്രനിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയും നശിച്ചുപോകാതെ നിത്യജീവൻ അവകാശമാക്കേണ്ടതിന് അവിടത്തെ പുത്രനെ യാഗമായി അർപ്പിക്കുന്നത്ര ദൈവം ലോകത്തെ സ്നേഹിച്ചു. 17 ദൈവം അവിടത്തെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല, തന്നിലൂടെ ലോകത്തെ രക്ഷിക്കാനാണ്.

  46. 34 “നിങ്ങൾ പരസ്പരം സ്നേഹിക്കണം എന്നുള്ള ഒരു പുതിയകൽപ്പന ഞാൻ നിങ്ങൾക്കു തരുന്നു. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. 35 നിങ്ങൾക്കു പരസ്പരസ്നേഹം ഉണ്ടായിരിക്കണം. അതിലൂടെയാണ് നിങ്ങൾ എന്റെ ശിഷ്യർ എന്ന് എല്ലാവരും അറിയുന്നത്.”

  47. 15 “കൃപ ചെയ്യാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കൃപ ചെയ്യും.

    കരുണകാണിക്കാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കരുണകാണിക്കും,”

    എന്നു ദൈവം മോശയോടും അരുളിച്ചെയ്യുന്നു.

  48. 2 സമ്പൂർണവിനയവും സൗമ്യതയും ക്ഷമാശീലവും ഉള്ളവരായി സ്നേഹത്തിൽ പരസ്പരം സഹിഷ്ണുത കാട്ടുക. 3 സമാധാനത്താൽ ബന്ധിക്കപ്പെട്ടവരായി ആത്മാവിലുള്ള ഐക്യം നിലനിർത്താൻ ഉത്സുകരാകുക.

  49. 11 കഷ്ടത സഹിഷ്ണുതയോടെ അഭിമുഖീകരിച്ചവരെ നാം അനുഗൃഹീതരായി പരിഗണിക്കുന്നു. ഇയ്യോബിന്റെ സഹിഷ്ണുതയെക്കുറിച്ചു നിങ്ങൾ കേൾക്കുകയും കർത്താവു വരുത്തിയ ശുഭാന്ത്യം കാണുകയുംചെയ്തിരിക്കുന്നു. കർത്താവ് ദയാപൂർണനും കരുണാമയനും ആകുന്നു.

  50. 20 നിങ്ങളോ പ്രിയരേ, നിങ്ങളുടെ അതിവിശുദ്ധവിശ്വാസത്തിൽ നിങ്ങൾക്കുതന്നെ ആത്മികശാക്തീകരണം വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർഥിച്ചും 21 നിത്യജീവനായി, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണയ്ക്കായി കാത്തിരുന്നും ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ സൂക്ഷിക്കുക.

    22 ചഞ്ചലമാനസരോടു കരുണ കാണിക്കുക; 23 ചിലരെ നിത്യാഗ്നിയിൽനിന്നു വലിച്ചെടുത്തു രക്ഷിക്കുക; മറ്റുചിലരോട്, ജീവിതങ്ങളെ മലീമസമാക്കുന്ന അവരുടെ പാപപ്രവൃത്തികളെ വെറുത്തുകൊണ്ട് അത്യധികം ഭയഭക്തിയോടെ സൂക്ഷ്മത പുലർത്തിക്കൊണ്ടു കരുണ കാണിക്കുക.

  51. 8 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

    “പ്രസാദകാലത്തു ഞാൻ നിന്റെ പ്രാർഥനയ്ക്ക് ഉത്തരമരുളും,

    രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിക്കും;

    ദേശം പുനരുദ്ധരിക്കുന്നതിനും

    ശൂന്യമായിക്കിടക്കുന്ന അവകാശങ്ങൾ വീണ്ടും ഭാഗംവെക്കുന്നതിനും

    ജനങ്ങൾക്ക് ഒരു ഉടമ്പടിയായി,

    ഞാൻ നിന്നെ സംരക്ഷിച്ച് നിലനിർത്തും.

    9 തടവറയിലുള്ളവരോട്, ‘പുറത്തുവരിക’ എന്നും

    അന്ധകാരത്തിലിരിക്കുന്നവരോട്, ‘സ്വതന്ത്രരാകുക’ എന്നും പറയേണ്ടതിനുതന്നെ.

    “അവർ വഴികളിലെല്ലാം മേയും

    എല്ലാ മൊട്ടക്കുന്നുകളും അവർക്കു മേച്ചിൽസ്ഥലമാകും.

    10 അവർക്കു വിശക്കുകയില്ല, ദാഹിക്കുകയുമില്ല,

    അത്യുഷ്ണമോ വെയിലോ അവരെ ബാധിക്കുകയില്ല.

    അവരോടു കരുണയുള്ളവൻ അവരെ നയിക്കും,

    നീരുറവകൾക്കരികിലേക്ക് അവർ ആനയിക്കപ്പെടും.

    11 എന്റെ പർവതങ്ങളെല്ലാം ഞാൻ വഴിയാക്കിമാറ്റും,

    എന്റെ രാജവീഥികൾ ഉയർത്തപ്പെടും.

    12 ഇതാ, അവർ ദൂരസ്ഥലത്തുനിന്നു വരും;

    വടക്കുനിന്നും പടിഞ്ഞാറുനിന്നും

    സീനീം ദേശത്തുനിന്നും അവർ വരും.”

  52. 13 ആകാശമേ, ആനന്ദത്താൽ ആർപ്പിടുക;

    ഭൂമിയേ, ആഹ്ലാദിക്കുക;

    പർവതങ്ങളേ, പൊട്ടിയാർക്കുക!

    കാരണം യഹോവ തന്റെ ജനത്തെ ആശ്വസിപ്പിക്കുന്നു,

    തന്റെ പീഡിതരോട് അവിടത്തേക്ക് കനിവും തോന്നുന്നു.

  53. 18 ആ ദിവസം, ഞാൻ അവർക്കുവേണ്ടി

    വയലിലെ മൃഗങ്ങളോടും ആകാശത്തിലെ പറവകളോടും

    നിലത്ത് ഇഴയുന്ന ജന്തുക്കളോടും ഒരു ഉടമ്പടി ചെയ്യും.

    വില്ലും വാളും യുദ്ധവും

    ദേശത്തുനിന്നു ഞാൻ നീക്കിക്കളയും,

    അങ്ങനെ എല്ലാവരും സുരക്ഷിതരായി കിടന്നുറങ്ങും.

    19 ഞാൻ നിന്നെ എന്നെന്നേക്കുമായി വിവാഹനിശ്ചയം ചെയ്യും;

    ന്യായത്തിലും നീതിയിലും സ്നേഹത്തിലും മനസ്സലിവിലും

    ഞാൻ നിന്നെ വിവാഹനിശ്ചയം ചെയ്യും.

    20 ഞാൻ നിന്നെ വിശ്വസ്തതയിൽ വിവാഹനിശ്ചയം ചെയ്യും,

    അങ്ങനെ നീ, ഞാൻ യഹോവ ആകുന്നു എന്ന് അംഗീകരിക്കും.

  54. 2 അദ്ദേഹം യഹോവയോട് ഇങ്ങനെ പ്രാർഥിച്ചു: “അയ്യോ! യഹോവേ, അവിടന്ന് ഇങ്ങനെ ചെയ്യും എന്നുതന്നെയല്ലേ ഞാൻ എന്റെ ദേശത്ത് ആയിരുന്നപ്പോൾ പറഞ്ഞത്? അക്കാരണത്താലായിരുന്നു ഞാൻ തർശീശിലേക്കു ധൃതിയിൽ ഓടിപ്പോയത്; അവിടന്നു കൃപാലുവും കരുണാമയനും ക്ഷമാശീലനും മഹാദയാലുവും ആയ ദൈവമെന്നും നാശംവരുത്താതെ പിന്തിരിയുമെന്നും എനിക്കറിയാമായിരുന്നു.

  55. 4 എന്നാൽ, നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യരോടുള്ള സ്നേഹവും പ്രത്യക്ഷമായപ്പോൾ, 5 നാം ചെയ്ത നീതികർമങ്ങളാലല്ല, മറിച്ച് അവിടത്തെ കരുണയാൽത്തന്നെ, പുതിയ ജന്മം നൽകുന്ന ശുദ്ധീകരണത്താലും പരിശുദ്ധാത്മാവിലൂടെയുള്ള നവീകരണത്താലും അവിടന്ന് നമ്മെ രക്ഷിച്ചിരിക്കുന്നു. 6 നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിലൂടെയാണ് ദൈവം പരിശുദ്ധാത്മാവിനെ നമ്മുടെമേൽ സമൃദ്ധമായി ചൊരിഞ്ഞത്.

  56. 1 ഞാൻ യോനാഥാനെപ്രതി ദയകാണിക്കേണ്ടതിന്, “ശൗലിന്റെ കുടുംബത്തിൽ ആരെങ്കിലും അവശേഷിച്ചിട്ടുണ്ടോ” എന്നു ദാവീദ് അന്വേഷിച്ചു.

    2 ശൗലിന്റെ ഗൃഹത്തിൽ സീബാ എന്നു പേരായ ഒരു ഭൃത്യൻ ഉണ്ടായിരുന്നു. ദാവീദിന്റെ സേവകർ അയാളെ ദാവീദിന്റെ മുമ്പാകെ ഹാജരാകാൻ കൊണ്ടുവന്നു. “നീയാണോ സീബാ,” എന്നു ദാവീദ് അയാളോടു ചോദിച്ചു.

    “അതേ അടിയൻതന്നെ,” എന്ന് അയാൾ മറുപടി പറഞ്ഞു.

    3 “ഞാൻ ദൈവത്തിന്റെ കാരുണ്യം കാണിക്കേണ്ടതിന് ശൗലിന്റെ കുടുംബത്തിൽ ഇനി ആരെങ്കിലും ഉണ്ടോ?” എന്ന് രാജാവ് അയാളോടു ചോദിച്ചു.

    “യോനാഥാന്റെ ഒരു മകൻ, ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്; അയാൾക്കു രണ്ടുകാലിലും മുടന്താണ്,” എന്ന് സീബാ മറുപടി പറഞ്ഞു.

    4 “അവൻ എവിടെ?” എന്നു രാജാവ് ചോദിച്ചു.

    “ലോ-ദേബാരിൽ, അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിലുണ്ട്,” എന്നു സീബാ മറുപടി പറഞ്ഞു.

  57. 50 അവിടത്തേക്കെതിരേ പാപംചെയ്ത അവിടത്തെ ജനത്തോട് അങ്ങു ക്ഷമിക്കണമേ. അവിടത്തേക്കെതിരേ അവർ പ്രവർത്തിച്ച സകല അതിക്രമങ്ങളും ക്ഷമിക്കണമേ! അവരെ അടിമകളാക്കിയ ശത്രുക്കൾ അവരോട് കരുണകാണിക്കാൻ അനുവദിക്കണമേ.

  58. 6 യഹോവേ, അവിടത്തെ ആർദ്രകരുണയും അചഞ്ചലസ്നേഹവും ഓർക്കണമേ,

    അത് പുരാതനകാലംമുതലേ ഉള്ളതാണല്ലോ.

    7 എന്റെ യൗവനകാല പാപങ്ങളും

    എന്റെ ലംഘനങ്ങളും ഓർമിക്കരുതേ;

    അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്നെ ഓർക്കണമേ,

    കാരണം യഹോവേ, അവിടന്ന് നല്ലവനല്ലോ.

  59. 3 ഐശ്വര്യവും സമ്പത്തും അവരുടെ ഭവനങ്ങളിലുണ്ട്,

    അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു.

    4 പരമാർഥികൾക്ക് അന്ധകാരത്തിൽ പ്രകാശം ഉദിക്കുന്നു,

    അങ്ങനെയുള്ളവർ കരുണയും കൃപയും നീതിയും ഉള്ളവർ ആകുന്നു.

    5 ഔദാര്യത്തോടെ വായ്പകൊടുക്കുകയും

    നീതിയോടെ കാര്യങ്ങൾ നിർവഹിക്കുകയും ചെയ്യുന്നവർക്ക് നന്മയുണ്ടാകും.

  60. 7 പത്തുദിവസം കഴിഞ്ഞിട്ട് യിരെമ്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി. 8 അതുകൊണ്ട് അദ്ദേഹം കാരേഹിന്റെ മകനായ യോഹാനാനെയും അദ്ദേഹത്തോടൊപ്പമുള്ള എല്ലാ സൈന്യാധിപന്മാരെയും ഏറ്റവും ചെറിയവർമുതൽ ഏറ്റവും ഉന്നതർവരെയുള്ള സകലജനത്തെയും വിളിച്ചുകൂട്ടി. 9 യിരെമ്യാവ് അവരോട് ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ അപേക്ഷ അറിയിക്കുന്നതിനായി നിങ്ങൾ ആരുടെ അടുക്കലേക്ക് എന്നെ അയച്ചുവോ, ഇസ്രായേലിന്റെ ദൈവമായ ആ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 10 ‘നിങ്ങൾ ഈ ദേശത്തുതന്നെ താമസിക്കുന്നപക്ഷം ഞാൻ നിങ്ങളെ പൊളിച്ചുകളയാതെ പണിയുകയും പിഴുതുകളയാതെ നടുകയും ചെയ്യും. കാരണം നിങ്ങളുടെമേൽ ഞാൻ വരുത്തിയ അനർഥത്തെപ്പറ്റി അനുതപിക്കുന്നു. 11 നിങ്ങൾ ഇപ്പോൾ ഭയപ്പെടുന്ന ബാബേൽരാജാവിനെ ഇനി ഭയപ്പെടേണ്ട. അദ്ദേഹത്തിന്റെ കൈയിൽനിന്ന് നിങ്ങളെ മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യേണ്ടതിന് ഞാൻ നിങ്ങളോടുകൂടെയുള്ളതിനാൽ നിങ്ങൾ അദ്ദേഹത്തെ ഭയപ്പെടേണ്ട എന്ന് യഹോവ അരുളിച്ചെയ്യുന്നു. 12 അദ്ദേഹത്തിനു നിങ്ങളോട് അനുകമ്പ തോന്നിയിട്ട് നിങ്ങളുടെ സ്വന്തം ദേശത്തേക്കു നിങ്ങളെ മടക്കി അയയ്ക്കാൻ തക്കവണ്ണം ഞാൻ നിങ്ങളോടു കരുണകാണിക്കും.’

  61. 8 “എഫ്രയീമേ, നിന്നെ ഉപേക്ഷിക്കാൻ എനിക്കെങ്ങനെ കഴിയും?

    ഇസ്രായേലേ, നിന്നെ ഏൽപ്പിച്ചുകൊടുക്കാൻ എനിക്കെങ്ങനെ കഴിയും?

    ആദ്മയോടു ചെയ്തതുപോലെ നിന്നോടു ചെയ്യാൻ എനിക്കു കഴിയുമോ?

    സെബോയിമിനെപ്പോലെ നിന്നെ ആക്കാൻ എനിക്കു കഴിയുമോ?

    എന്റെ ഹൃദയം എന്റെ ഉള്ളിൽ മറിയുന്നു;

    എന്നിൽ ആർദ്രത കത്തിജ്വലിക്കുന്നു.

    9 ഞാൻ എന്റെ ഭയങ്കരകോപം നടപ്പിലാക്കുകയില്ല,

    ഞാൻ എഫ്രയീമിനെ ഒരിക്കൽക്കൂടി പൂർണമായി നശിപ്പിക്കയുമില്ല.

    കാരണം ഞാൻ ദൈവമാണ്, മനുഷ്യനല്ല;

    നിങ്ങളുടെ മധ്യേയുള്ള പരിശുദ്ധൻതന്നെ.

    ഞാൻ ക്രോധത്തോടെ വരികയുമില്ല.

  62. 13 നിങ്ങളുടെ വസ്ത്രങ്ങളെയല്ല,

    ഹൃദയത്തെത്തന്നെ കീറുവിൻ;

    നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിവരിക,

    അവിടന്ന് കൃപയും മനസ്സലിവും ഉള്ളവൻ;

    എളുപ്പം കോപിക്കാത്തവനും സ്നേഹത്തിൽ സമ്പന്നനും ആകുന്നു,

    അവിടന്ന് അനർഥം അയയ്ക്കുന്നതിൽ അനുതപിക്കുന്നു.

    14 അവിടന്ന് തിരിഞ്ഞു കരുണകാണിക്കും,

    ഒരു അനുഗ്രഹം ശേഷിപ്പിക്കും, ആർക്കറിയാം?

    നിങ്ങളുടെ ദൈവമായ യഹോവയ്ക്ക്

    ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കാൻ കഴിയുമായിരിക്കും.

  63. 15 ആനന്ദിക്കുന്നവരോടുകൂടെ ആനന്ദിക്കുകയും വിലപിക്കുന്നവരോടുകൂടെ വിലപിക്കുകയുംചെയ്യുക.

  64. 22 എന്നാൽ, ആത്മാവിന്റെ ഫലം, സ്നേഹം, ആനന്ദം, സമാധാനം, ദീർഘക്ഷമ, ദയ, ഉദാരത, വിശ്വസ്തത, 23 സൗമ്യത, ആത്മനിയന്ത്രണം എന്നിവയാണ്. ഇവയ്ക്കെതിരായി ഒരു ന്യായപ്രമാണവുമില്ല.

  65. 33 ചിലപ്പോൾ നിങ്ങൾ പരസ്യമായി നിന്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. മറ്റുചിലപ്പോൾ, ഇങ്ങനെ അധിക്ഷേപവും പീഡനവും ഏറ്റവർക്ക് സഹകാരികളായി. 34 തടവിലാക്കപ്പെട്ടവരോട് നിങ്ങൾ സഹതാപം കാണിച്ചു. ശ്രേഷ്ഠതരവും ശാശ്വതവുമായ സമ്പത്ത് നിങ്ങൾക്ക് ഉണ്ടെന്നറിഞ്ഞുകൊണ്ട് നിങ്ങളുടെ സ്വത്തുക്കൾ നിങ്ങളിൽനിന്ന് അപഹരിക്കപ്പെട്ടത് നിങ്ങൾ ആനന്ദത്തോടെ സഹിച്ചു.

  66. 11 ഞാൻ എന്റെ ജനമായ ഇസ്രായേലിനുവേണ്ടി ന്യായാധിപന്മാരെ കൽപ്പിച്ചാക്കിയ കാലത്തെന്നപോലെ ദുഷ്ടജനങ്ങൾ ഇനി ഒരിക്കലും അവരെ ഞെരുക്കുകയില്ല. നിന്റെ സകലശത്രുക്കളിൽനിന്നും ഞാൻ നിനക്കു സ്വസ്ഥതനൽകും.

    “ ‘യഹോവ നിനക്ക് ഒരു ഭവനം ഉണ്ടാക്കുമെന്ന്, ഇതാ യഹോവ നിന്നോടു പ്രഖ്യാപിക്കുന്നു: 12 നിന്റെ ദിനങ്ങൾ പൂർത്തിയാക്കി നീ നിന്റെ പിതാക്കന്മാരോടുചേർന്നു വിശ്രമിക്കുമ്പോൾ നിന്റെ സന്തതിയെ ഞാൻ നിന്റെ പിൻഗാമിയാക്കി ഉയർത്തും—നിന്റെ ഉദരത്തിൽനിന്നുള്ളവനെത്തന്നെ—ഞാൻ അവന്റെ രാജത്വം സുസ്ഥിരമാക്കും. 13 അവനായിരിക്കും എന്റെ നാമത്തിന് ഒരു ആലയം പണിയുന്നത്. ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നെന്നേക്കുമായി സ്ഥിരപ്പെടുത്തും. 14 ഞാൻ അവന്റെ പിതാവും അവൻ എന്റെ പുത്രനും ആയിരിക്കും. അവൻ തെറ്റുചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും. 15 എന്നാൽ, നിന്റെ മുമ്പിൽനിന്നു ഞാൻ നീക്കിക്കളഞ്ഞ ശൗലിനോടു ചെയ്തതുപോലെ എന്റെ സ്നേഹം അവനിൽനിന്ന് ഒരിക്കലും നീക്കിക്കളയുകയില്ല. 16 നിന്റെ ഭവനവും നിന്റെ രാജ്യവും എന്നേക്കും എന്റെ മുമ്പാകെ നിലനിൽക്കും; നിന്റെ സിംഹാസനം എന്നെന്നേക്കും സുസ്ഥിരമായിരിക്കും.’ ”

  67. 6 ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്ത് ദാവീദിന്റെ മുമ്പാകെ എത്തിയപ്പോൾ അദ്ദേഹത്തെ ആദരപൂർവം താണുവണങ്ങി.

    “മെഫീബോശെത്തേ!” എന്നു ദാവീദ് വിളിച്ചപ്പോൾ, “അടിയൻ ഇതാ,” എന്ന് അയാൾ വിളികേട്ടു.

    7 ദാവീദ് അയാളോട്: “ഭയപ്പെടേണ്ട, നിന്റെ പിതാവായ യോനാഥാനെപ്രതി ഞാൻ തീർച്ചയായും നിന്നോടു കരുണകാണിക്കും. നിന്റെ വലിയപ്പനായ ശൗലിന്റെ ഭൂമിയെല്ലാം ഞാൻ നിനക്കു മടക്കിത്തരും. നീ എന്റെ മേശയിങ്കൽനിന്നു നിത്യവും ഭക്ഷണം കഴിച്ചുകൊള്ളണം” എന്നു പറഞ്ഞു.

  68. 10 അവിടത്തെ നീതി ഞാൻ എന്റെ ഹൃദയത്തിൽ മറച്ചുവെക്കുന്നില്ല;

    അങ്ങയുടെ വിശ്വസ്തതയും രക്ഷയും ഞാൻ ഘോഷിക്കുന്നു.

    അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയും

    ഞാൻ മഹാസഭയിൽനിന്നു മറച്ചുവെക്കുന്നില്ല.

    11 യഹോവേ, അവിടത്തെ കരുണ എന്നിൽനിന്നു പിൻവലിക്കരുതേ;

    അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയും എപ്പോഴും എനിക്കു സംരക്ഷണം നൽകട്ടെ.

  69. 16 യഹോവേ, അവിടത്തെ സ്നേഹമാഹാത്മ്യത്താൽ എനിക്കുത്തരമരുളണമേ;

    അവിടത്തെ കരുണാധിക്യത്താൽ എന്നിലേക്കു തിരിയണമേ.

  70. 4 തന്റെ അത്ഭുതങ്ങൾ സ്മരിക്കപ്പെടാൻ അവിടന്ന് ഇടവരുത്തി;

    യഹോവ കരുണാമയനും കൃപാലുവും ആകുന്നു.

  71. 17 ദരിദ്രരോടു ദയകാണിക്കുന്നവർ യഹോവയ്ക്കു വായ്പകൊടുക്കുന്നു,

    അവരുടെ പ്രവൃത്തികൾക്ക് അവിടന്ന് പ്രതിഫലംനൽകും.

  72. 22 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

    “ഇതാ, വടക്കേദേശത്തുനിന്ന്

    ഒരു സൈന്യം വരുന്നു;

    ഭൂമിയുടെ വിദൂരസീമകളിൽനിന്ന്

    ഒരു മഹത്തായ രാഷ്ട്രം ഉയർന്നുവരും.

    23 അവർ വില്ലും കുന്തവും കൈയിലേന്തും;

    അവർ ക്രൂരരും കരുണ കാണിക്കാത്തവരുമാണ്.

    അവർ കുതിരപ്പുറത്തു മുന്നേറുമ്പോൾ,

    അവരുടെ ആരവം സമുദ്രംപോലെ ഗർജിക്കുന്നു;

    സീയോൻപുത്രീ, യുദ്ധത്തിന് അണിനിരക്കുന്ന യോദ്ധാക്കളെപ്പോലെ

    നിന്നെ ആക്രമിക്കുന്നതിന് അവർ വരുന്നു.”

  73. 31 “ഞാൻ ഇസ്രായേൽഗൃഹത്തോടും

    യെഹൂദാഗൃഹത്തോടും

    പുതിയൊരു ഉടമ്പടി ചെയ്യുന്ന കാലം വരുന്നു,”

    എന്ന് യഹോവയുടെ അരുളപ്പാട്.

    32 “ഞാൻ അവരുടെ പൂർവികരെ

    ഈജിപ്റ്റിൽനിന്ന് സ്വതന്ത്രരാക്കാനായി

    കൈക്കുപിടിച്ചു പുറത്തേക്കു കൊണ്ടുവന്നപ്പോൾ

    ചെയ്ത ഉടമ്പടിപോലെയുള്ളത് അല്ലായിരിക്കും ഇത്.

    ഞാൻ അവർക്കൊരു ഭർത്താവായിരുന്നിട്ടും

    എന്റെ ഉടമ്പടി അവർ ലംഘിച്ചല്ലോ,”

    എന്ന് യഹോവയുടെ അരുളപ്പാട്.

    33 “ആ കാലത്തിനുശേഷം ഞാൻ ഇസ്രായേൽഗൃഹത്തോടു ചെയ്യാനിരിക്കുന്ന

    ഉടമ്പടി ഇപ്രകാരമായിരിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

    “ഞാൻ എന്റെ ന്യായപ്രമാണം അവരുടെ മനസ്സിന്റെയുള്ളിൽ വെക്കും,

    അവരുടെ ഹൃദയങ്ങളിൽത്തന്നെ അത് ആലേഖനംചെയ്യും.

    ഞാൻ അവർക്കു ദൈവവും

    അവർ എനിക്കു ജനവും ആയിരിക്കും.

    34 ഇനിയൊരിക്കലും അവർ അവരവരുടെ അയൽക്കാരോടോ

    പരസ്പരമോ, ‘യഹോവയെ അറിയുക’ എന്ന് ഉപദേശിക്കുകയില്ല.

    കാരണം അവർ എല്ലാവരും എന്നെ അറിയും;

    ഏറ്റവും താഴേക്കിടയിലുള്ള ആൾമുതൽ ഏറ്റവും ഉന്നതർവരെ എല്ലാവരും,”

    എന്ന് യഹോവയുടെ അരുളപ്പാട്.

    “ഞാൻ അവരുടെ ദുഷ്ചെയ്തികൾ ക്ഷമിക്കും,

    അവരുടെ പാപങ്ങൾ ഇനിമേൽ ഞാൻ ഓർക്കുകയുമില്ല.”

  74. 6 യാഗമല്ല, കരുണയാണ് ഞാൻ അഭിലഷിക്കുന്നത്;

    ഹോമയാഗങ്ങളെക്കാൾ, ദൈവപരിജ്ഞാനത്തിൽ ഞാൻ പ്രസാദിക്കുന്നു.

  75. 43 “ ‘അയൽവാസിയെ സ്നേഹിക്കണം എന്നും ശത്രുവിനെ വെറുക്കണം’ എന്നും കൽപ്പിച്ചിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 44 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക; 45 അങ്ങനെ നിങ്ങൾ നിങ്ങളുടെ സ്വർഗസ്ഥപിതാവിന്റെ മക്കൾ ആയിത്തീരും. അവിടന്നു ദുഷ്ടരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതി പ്രവർത്തിക്കുന്നവരുടെമേലും അനീതി പ്രവർത്തിക്കുന്നവരുടെമേലും മഴപെയ്യിക്കുകയും ചെയ്യുന്നല്ലോ. 46 നിങ്ങളെ സ്നേഹിക്കുന്നവരെമാത്രം സ്നേഹിച്ചാൽ നിങ്ങൾക്ക് എന്തു പ്രതിഫലമാണു ലഭിക്കുക? അങ്ങനെ നികുതിപിരിവുകാരും ചെയ്യുന്നുണ്ടല്ലോ! 47 സ്വന്തം സഹോദരങ്ങളെമാത്രമാണ് നിങ്ങൾ അഭിവാദനംചെയ്യുന്നതെങ്കിൽ; പുകഴാൻ എന്തിരിക്കുന്നു? അങ്ങനെതന്നെയല്ലേ യെഹൂദേതരരും ചെയ്യുന്നത്? 48 അതുകൊണ്ട്, നിങ്ങളുടെ സ്വർഗസ്ഥപിതാവിന് സർവത്തിലും പരിപൂർണതയുള്ളതുപോലെ നിങ്ങളും സർവത്തിലും പരിപൂർണരാകുക.

  76. 13 ‘യാഗമല്ല, കരുണയാണ് ഞാൻ അഭിലഷിക്കുന്നത്,’ എന്നതിന്റെ അർഥം എന്തെന്നു നിങ്ങൾ പോയി പഠിക്കുക. ഞാൻ നീതിനിഷ്ഠരെയല്ല, പാപികളെയാണു വിളിക്കാൻ വന്നിരിക്കുന്നത്” എന്നു പറഞ്ഞു.

    14 അപ്പോൾ യോഹന്നാൻസ്നാപകന്റെ ശിഷ്യന്മാർ വന്ന് യേശുവിനോട്, “ഞങ്ങളും പരീശന്മാരും പലപ്പോഴും ഉപവസിക്കുന്നു; എന്നാൽ, അങ്ങയുടെ ശിഷ്യന്മാർ ഉപവസിക്കാത്തത് എന്തുകൊണ്ട്?” എന്നു ചോദിച്ചു.

    15 അതിനു മറുപടിയായി യേശു, “മണവാളൻ അതിഥികളോടുകൂടെയുള്ളപ്പോൾ വിരുന്നുകാർക്ക് വിലപിക്കാൻ കഴിയുന്നതെങ്ങനെ? മണവാളൻ അവരെ വിട്ടുപിരിയുന്ന കാലം വരും; അപ്പോൾ അവർ ഉപവസിക്കും.

    16 “ആരും പുതിയ തുണിക്കഷണം പഴയ വസ്ത്രത്തോടു തുന്നിച്ചേർക്കാറില്ല. അങ്ങനെചെയ്താൽ ആ തുണ്ട് ചുരുങ്ങുകയും കീറൽ ഏറെ വഷളാകുകയും ചെയ്യും.

  77. 20 അങ്ങനെ, അയാൾ എഴുന്നേറ്റ് തന്റെ പിതാവിന്റെ അടുത്തേക്കു യാത്രയായി.

    “വളരെ ദൂരെവെച്ചുതന്നെ പിതാവ് അവനെ കണ്ടു, അവനോടു സഹതാപം തോന്നി; അദ്ദേഹം ഓടിച്ചെന്ന് അവനെ ആലിംഗനംചെയ്തു ചുംബിച്ചു.

  78. 7 അവിടന്ന് ഇപ്രകാരം ചെയ്തത്, നമ്മോടുള്ള ദയയാൽ, ക്രിസ്തുയേശുവിലൂടെ നമുക്ക് കൃപയുടെ അതുല്യമായ സമൃദ്ധി വരുംകാലങ്ങളിൽ പ്രദർശിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു.

  79. 10 ദൈവത്തിൽനിന്നു ലഭിച്ച വിവിധ കൃപാദാനങ്ങളുടെ നല്ല കാര്യസ്ഥരായി ഓരോരുത്തരും തങ്ങൾക്കു ലഭിച്ചിരിക്കുന്ന ദാനങ്ങൾ മറ്റുള്ളവരെ സേവിക്കുന്നതിനായി ഉപയോഗിക്കുക.

  80. 6 എന്നാൽ എന്നെ സ്നേഹിച്ച് എന്റെ കൽപ്പനകൾ പ്രമാണിക്കുന്നവരോട് ആയിരം തലമുറവരെ ഞാൻ കരുണകാണിക്കും.

  81. 21 ശൗൽ മറുപടി പറഞ്ഞു: “നിങ്ങൾക്ക് എന്നോടുള്ള കരുതലിന് യഹോവ നിങ്ങളെ അനുഗ്രഹിക്കട്ടെ!

  82. 34 യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ;

    അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.

  83. യഹോവയുടെ ദാസനായ ദാവീദ് രചിച്ചത്. യഹോവ അദ്ദേഹത്തെ തന്റെ എല്ലാ ശത്രുക്കളുടെയും ശൗലിന്റെയും കൈകളിൽനിന്നു രക്ഷിച്ച അവസരത്തിൽ അദ്ദേഹം യഹോവയ്ക്ക് ഈ ഗാനം ആലപിച്ചു:

    1 എന്റെ ബലമായ യഹോവേ, അങ്ങയെ ഞാൻ സ്നേഹിക്കുന്നു.

  84. 21 യഹോവ വാഴ്ത്തപ്പെടട്ടെ,

    കാരണം ശത്രുവിനാൽ വളയപ്പെട്ട പട്ടണത്തിൽ ഞാൻ ആയിരുന്നപ്പോൾ

    വിസ്മയകരമാംവിധത്തിൽ അവിടത്തെ അചഞ്ചലസ്നേഹം എന്നോടു കാണിച്ചിരിക്കുന്നു.

  85. 3 കാരണം അവിടത്തെ അചഞ്ചലസ്നേഹം ജീവനെക്കാൾ നല്ലതാകുന്നു,

    എന്റെ അധരങ്ങൾ അങ്ങയെ മഹത്ത്വപ്പെടുത്തും.

  86. 77 ഞാൻ ജീവിച്ചിരിക്കേണ്ടതിന് അവിടത്തെ മനസ്സലിവ് എന്റെമേൽ പകരണമേ,

    കാരണം അവിടത്തെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു.

  87. 2 ഞാൻ അങ്ങയുടെ വിശുദ്ധമന്ദിരത്തിനുനേരേ വണങ്ങിക്കൊണ്ട്

    അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയുംനിമിത്തം

    തിരുനാമത്തെ വാഴ്ത്തും,

    കാരണം അവിടത്തെ പ്രശസ്തിയും മറികടക്കുംവിധം

    അവിടത്തെ ഉത്തരവുകൾ ഉന്നതമാക്കിയല്ലോ.

  88. 18 അവരുടെ വില്ലുകൾ യുവാക്കന്മാരെ കൊന്നൊടുക്കും;

    ശിശുക്കളോട് അവർ കാരുണ്യം കാണിക്കുകയോ

    കുട്ടികളോട് അവർക്ക് അനുകമ്പതോന്നുകയോ ഇല്ല.

  89. 11 അതിന്റെ ശാഖകൾ ഉണങ്ങുമ്പോൾ ഒടിഞ്ഞുവീഴും,

    സ്ത്രീകൾ വന്ന് അവ കത്തിച്ചുകളയും.

    കാരണം അവർ തിരിച്ചറിവില്ലാത്ത ജനമല്ലോ;

    അതിനാൽ അവരുടെ സ്രഷ്ടാവിന് അവരോടു കരുണ തോന്നുകയില്ല,

    അവരെ നിർമിച്ചവന് അവരോടു കൃപയുണ്ടാകുകയുമില്ല.

  90. 14 “ഞാൻ എന്റെ ജനമായ ഇസ്രായേലിനു നൽകിയിരിക്കുന്ന അവകാശത്തെ കൈയടക്കുന്ന ദുഷ്ടന്മാരായ എന്റെ സകല അയൽവാസികളെയുംപറ്റി,” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരെ അവരുടെ ദേശത്തുനിന്ന് പിഴുതെടുക്കും, യെഹൂദാഗൃഹത്തെ ഞാൻ അവരുടെ ഇടയിൽനിന്ന് പറിച്ചെടുക്കും. 15 എന്നാൽ അവരെ പറിച്ചുകളഞ്ഞശേഷം ഞാൻ വീണ്ടും അവരോടു കരുണകാണിക്കും. അവരെ ഓരോരുത്തരെയും അവരവരുടെ അവകാശത്തിലേക്കും രാജ്യത്തേക്കും ഞാൻ മടക്കിവരുത്തും.

  91. 14 അവർ പരസ്പരം ഏറ്റുമുട്ടാൻ, മാതാപിതാക്കളും മക്കളും ഒരുപോലെ ഏറ്റുമുട്ടി നശിക്കാൻ, ഞാൻ ഇടയാക്കും എന്ന് യഹോവ അരുളിച്ചെയ്യുന്നു. ഞാൻ സഹതപിക്കുകയോ കരുണകാണിക്കുകയോ ദയകാണിക്കുകയോ ചെയ്യാതെ അവരെ നശിപ്പിച്ചുകളയും.’ ”

  92. 7 അതിനുശേഷം, മഹാമാരിയിൽനിന്നും വാളിൽനിന്നും ക്ഷാമത്തിൽനിന്നും രക്ഷപ്പെട്ട് ഈ നഗരത്തിൽ ശേഷിക്കുന്ന യെഹൂദാരാജാവായ സിദെക്കീയാവിനെയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥന്മാരെയും ജനങ്ങളെയും ഞാൻ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും അവർക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്ന ശത്രുക്കളുടെ കൈയിലും ഏൽപ്പിക്കും. അയാൾ അവരോട് കരുണയോ സഹതാപമോ കാണിക്കാതെ വാളിന്റെ വായ്ത്തലയാൽ അവരെ സംഹരിക്കും, എന്ന് യഹോവയുടെ അരുളപ്പാട്.’

  93. 26 ഞാൻ യാക്കോബിന്റെയും എന്റെ ദാസനായ ദാവീദിന്റെയും സന്തതിയെ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും സന്തതികൾക്കു ഭരണാധിപന്മാരായിരിക്കാൻ അവന്റെ പുത്രന്മാരിൽനിന്ന് ഒരാളെ എടുക്കാൻ സാധിക്കാത്തവിധം തള്ളിക്കളയും. എന്നാൽ ഞാൻ അവരുടെ പ്രവാസികളെ മടക്കിവരുത്തുകയും അവരോടു കരുണ കാണിക്കുകയും ചെയ്യും.’ ”

  94. 42 അവർ വില്ലും കുന്തവും കൈയിലേന്തും;

    അവർ ക്രൂരരും കരുണയില്ലാത്തവരുമാണ്.

    അവർ കുതിരപ്പുറത്തു മുന്നേറുമ്പോൾ,

    അവരുടെ ആരവം സമുദ്രംപോലെ ഗർജിക്കുന്നു;

    ബാബേൽപുത്രീ, യുദ്ധത്തിന് അണിനിരക്കുന്ന യോദ്ധാക്കളെപ്പോലെ

    നിന്നെ ആക്രമിക്കുന്നതിന് അവർ വരുന്നു.

  95. 1 ഇസ്രായേൽജനമേ, യഹോവയുടെ വചനം കേൾപ്പിൻ;

    ഈ ദേശത്തു വസിക്കുന്ന നിങ്ങൾക്കുനേരേ

    യഹോവയ്ക്ക് ഒരു വ്യവഹാരം ഉണ്ട്:

    “ഈ ദേശത്തു വിശ്വസ്തതയോ സ്നേഹമോ

    ദൈവപരിജ്ഞാനമോ ഇല്ല;

  96. 7 കരുണാഹൃദയർ അനുഗൃഹീതർ;

    അവർക്ക് കരുണ ലഭിക്കും.

  97. 33 എനിക്കു നിന്നോടു കരുണ തോന്നിയതുപോലെതന്നെ നിനക്കു നിന്റെ സഹഭൃത്യനോടും കരുണ തോന്നേണ്ടതല്ലേ?’ എന്നു ചോദിച്ചു.

  98. 19 യേശു അവനെ അനുവദിക്കാതെ, “നീ വീട്ടിൽപ്പോയി, കർത്താവ് നിനക്കുവേണ്ടി എന്തെല്ലാം ചെയ്തുവെന്നും നിന്നോട് എങ്ങനെ കരുണ കാണിച്ചുവെന്നും അവിടെയുള്ളവരോടു പറയുക” എന്നു നിർദേശിച്ച് അവനെ യാത്രയാക്കി.

  99. 27 “എന്നാൽ, എന്റെ ഈ വാക്കുകൾ കേട്ടുകൊണ്ടിരിക്കുന്ന നിങ്ങളോടു ഞാൻ പറയട്ടെ: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ വെറുക്കുന്നവർക്കു നന്മ ചെയ്യുക, 28 നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുക, നിങ്ങളെ നിന്ദിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക. 29 ഒരാൾ നിന്റെ ഒരു ചെകിട്ടത്ത് അടിക്കുന്നെങ്കിൽ അയാൾക്ക് മറ്റേ ചെകിടും കാണിച്ചുകൊടുക്കുക. നിന്റെ പുറങ്കുപ്പായം എടുക്കുന്നയാൾക്ക് വസ്ത്രവുംകൂടെ നൽകാൻ മടിക്കരുത്. 30 നിന്നോട് എന്തെങ്കിലും ആവശ്യപ്പെടുന്നവർക്ക് അത് നൽകുക; നിനക്കുള്ളത് ആരെങ്കിലും അപഹരിച്ചാൽ അതു തിരികെ ആവശ്യപ്പെടരുത്. 31 മറ്റുള്ളവർ നിങ്ങളോടു ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നിങ്ങൾ അവരോടും ചെയ്യുക.

  100. 8 പരസ്പരം സ്നേഹിക്കുക എന്ന ബാധ്യതയല്ലാതെ നിങ്ങൾക്ക് ആരോടും യാതൊരു ബാധ്യതയും ഉണ്ടായിരിക്കരുത്. കാരണം, മറ്റുള്ളവരെ സ്നേഹിക്കുന്നത് ന്യായപ്രമാണത്തിന്റെ നിവൃത്തിയാണ്. 9 “നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക” എന്ന കൽപ്പനയിൽ, “വ്യഭിചാരം ചെയ്യരുത്, കൊലപാതകം ചെയ്യരുത്, മോഷ്ടിക്കരുത്, മോഹിക്കരുത്” എന്നിവയും അതുപോലുള്ള മറ്റു കൽപ്പനകളും സംക്ഷിപ്തമായിരിക്കുന്നു. 10 സ്നേഹം അയൽവാസിക്കു ദോഷം ഒന്നും പ്രവർത്തിക്കുന്നില്ല. അങ്ങനെ, സ്നേഹത്തിലൂടെ ന്യായപ്രമാണം നിവർത്തിക്കപ്പെടുന്നു.

  101. 2 പരസ്പരം ഭാരങ്ങൾ വഹിച്ചുകൊണ്ട് ക്രിസ്തുവിന്റെ കൽപ്പനകൾ പാലിക്കുക.

  102. 1 നിങ്ങൾ ദൈവത്തിന്റെ പ്രിയമക്കൾ ആയിരിക്കുന്നതുകൊണ്ട് ദൈവത്തെ എല്ലാ കാര്യങ്ങളിലും അനുകരിക്കുക: 2 സ്നേഹം നിറഞ്ഞവരായി ജീവിക്കുക. ക്രിസ്തു നമ്മോടുള്ള സ്നേഹംനിമിത്തം നമുക്കുവേണ്ടി സൗരഭ്യമായ അർപ്പണവും യാഗവുമായി സ്വയം ദൈവത്തിനു സമർപ്പിച്ചതാണ് നമ്മുടെ മാതൃക.

  103. 2 താനും ബലഹീനമനുഷ്യൻ ആകയാൽ അജ്ഞരോടും വഴിതെറ്റിയവരോടും അദ്ദേഹത്തിന് സൗമ്യമായി ഇടപെടാൻ കഴിയും.

  104. 27 അനാഥരെയും വിധവകളെയും അവരുടെ കഷ്ടതകളിൽ സഹായിക്കുന്നതും അതേസമയം ലോകത്തിന്റെ മാലിന്യം പുരളാതെ സ്വയം സൂക്ഷിക്കുന്നതുമാണ്, പിതാവായ ദൈവത്തിന്റെ ദൃഷ്ടിയിൽ വിശുദ്ധവും നിർമലവുമായ ഭക്തി.

  105. 1 നോക്കൂ, പിതാവു നമുക്ക് എത്രയോ അതിരില്ലാത്ത സ്നേഹം പകർന്നാണ് നമ്മെ ദൈവമക്കളെന്നു വിളിച്ചത്! നാം വാസ്തവത്തിൽ അങ്ങനെതന്നെ ആണ്! ലോകം അവിടത്തെ അറിഞ്ഞിട്ടില്ലാത്തതുകൊണ്ട് അത് നമ്മെയും അറിയുന്നില്ല. 2 പ്രിയരേ, ഇപ്പോൾ നാം ദൈവത്തിന്റെമക്കൾ ആകുന്നു. നാം എന്തായിത്തീരുമെന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. എന്നാൽ, ക്രിസ്തു പ്രത്യക്ഷനാകുമ്പോൾ നാം അവിടത്തെപ്പോലെയാകും. അവിടന്ന് ആയിരിക്കുന്നതുപോലെ നാം അവിടത്തെ കാണും.

  106. 7 പ്രിയരേ, നമുക്ക് പരസ്പരം സ്നേഹിക്കാം; സ്നേഹം ദൈവത്തിൽനിന്നുള്ളതാണ്. സ്നേഹിക്കുന്നവരെല്ലാം ദൈവത്തിൽനിന്നു ജനിച്ചവരും ദൈവത്തെ അറിഞ്ഞവരും ആണ്. 8 സ്നേഹിക്കാത്തവർ ദൈവത്തെ അറിയുന്നില്ല; ദൈവം സ്നേഹമാണ്.