39 Bible Verses About Waiting
Biblica® Open Malayalam Contemporary Version™ (OMCV)
-
ദാവീദിന്റെ ഒരു സങ്കീർത്തനം.
1 അധർമം പ്രവർത്തിക്കുന്നവർനിമിത്തം അസ്വസ്ഥരാകുകയോ
ദുഷ്ടരോട് അസൂയാലുക്കളാകുകയോ അരുത്.
2 പുല്ലുപോലെ അവർ വേഗത്തിൽ വാടിപ്പോകും
പച്ചച്ചെടിപോലെ അവർ വേഗത്തിൽ ഇല്ലാതെയാകും.
3 യഹോവയിൽ ആശ്രയിച്ചുകൊണ്ട് നന്മ പ്രവർത്തിക്കുക;
എന്നാൽ, സുരക്ഷിതമായ മേച്ചിൽപ്പുറം ആസ്വദിച്ചുകൊണ്ട് ദേശത്തു ജീവിക്കാം.
4 യഹോവയിൽ ആനന്ദിക്കുക,
അപ്പോൾ അവിടന്നു നിന്റെ ഹൃദയാഭിലാഷങ്ങൾ നിറവേറ്റും.
5 നിന്റെ വഴി യഹോവയെ ഭരമേൽപ്പിക്കുക;
യഹോവയിൽത്തന്നെ ആശ്രയിക്കുക, അവിടന്നു നിന്നെ സഹായിക്കും:
6 അവിടന്ന് നിന്റെ നീതിയെ ഉഷസ്സുപോലെ പ്രകാശപൂർണമാക്കും,
നിന്റെ കുറ്റവിമുക്തി മധ്യാഹ്നസൂര്യനെപ്പോലെയും.
7 യഹോവയുടെ സന്നിധിയിൽ മൗനമായിരിക്കുക
അവിടത്തേക്കായി ക്ഷമാപൂർവം കാത്തിരിക്കുക;
അധർമം പ്രവർത്തിക്കുന്നവർ തങ്ങളുടെ വഴികളിൽ മുന്നേറുമ്പോൾ അസ്വസ്ഥരാകേണ്ടതില്ല,
അവർ തങ്ങളുടെ കുതന്ത്രങ്ങൾ പ്രാവർത്തികമാക്കുമ്പോഴും.
8 കോപത്തിൽനിന്ന് അകന്നിരിക്കുക ക്രോധത്തിൽനിന്ന് പിന്തിരിയുക;
ഉത്കണ്ഠപ്പെടരുത്—അത് അധർമത്തിലേക്കുമാത്രമേ നയിക്കുകയുള്ളൂ.
9 കാരണം ദുഷ്ടർ ഉന്മൂലനംചെയ്യപ്പെടും,
എന്നാൽ യഹോവയിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നവർ ദേശം അവകാശമാക്കും.
-
18 നമുക്കു ലഭിക്കാനിരിക്കുന്ന തേജസ്സിന്റെ മുമ്പിൽ ഇക്കാലത്തെ കഷ്ടതകൾ വളരെ നിസ്സാരം എന്നു ഞാൻ കരുതുന്നു. 19 ദൈവത്തിന്റെമക്കൾ ആരെന്നു പ്രത്യക്ഷമാകുന്നതിനായി സർവസൃഷ്ടിയും അത്യാകാംക്ഷയോടെ കാത്തിരിക്കുകയാണ്. 20-21 സ്വേച്ഛയാലല്ല സൃഷ്ടി ശാപഗ്രസ്തമായിത്തീർന്നിരിക്കുന്നത്; ജീർണതയുടെ അടിമത്തത്തിൽനിന്ന് സൃഷ്ടി വിമുക്തമാക്കപ്പെട്ട് ദൈവമക്കളുടെ തേജോമയമായ സ്വാതന്ത്ര്യത്തിലേക്കു നിശ്ചയമായും ഒരിക്കൽ നയിക്കപ്പെടും എന്നുള്ള പ്രത്യാശ നൽകി അവയെ നൈരാശ്യത്തിന് വിധേയമാക്കിയ ദൈവത്തിന്റെ ഇഷ്ടത്താൽത്തന്നെയാണ്.
22 സർവസൃഷ്ടിയും ഒന്നുചേർന്ന് ഇന്നുവരെയും പ്രസവവേദനയിലെന്നപോലെ ഞരങ്ങുകയുമാണ് എന്നു നാം അറിയുന്നു. 23 അതുമാത്രമല്ല, പരിശുദ്ധാത്മാവാകുന്ന ആദ്യഫലം ഉള്ളിൽ വസിക്കുന്ന നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പിലൂടെ ദൈവത്തിന്റെ പുത്രത്വം ലഭിക്കും എന്നുള്ള പ്രതീക്ഷയാൽ, നാമും ഉള്ളിൽ ഞരങ്ങുകയാണ്. 24 ഈ പ്രത്യാശയിലാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, പ്രത്യക്ഷമായിരിക്കുന്നതിനെക്കുറിച്ചുള്ള പ്രത്യാശയാകട്ടെ, പ്രത്യാശയേയല്ല. കണ്മുമ്പിൽ കാണുന്നതിനുവേണ്ടി ഇനി പ്രത്യാശിക്കുന്നതെന്തിന്? 25 എന്നാൽ, കണ്ടിട്ടില്ലാത്തതിനുവേണ്ടി പ്രത്യാശിക്കുന്നെങ്കിലോ അതിനായി നാം ക്ഷമയോടെ പ്രതീക്ഷിച്ചുകൊണ്ടിരിക്കും.
-
13 ഒരു കാര്യത്തിലെനിക്ക് ഉത്തമ വിശ്വാസമുണ്ട്:
ജീവനുള്ളവരുടെ ദേശത്ത്
യഹോവയുടെ നന്മ ഞാൻ ദർശിക്കും.
14 യഹോവയ്ക്കായി കാത്തിരിക്കുക;
ശക്തരായിരിക്കുക, സുധീരരായിരിക്കുക
യഹോവയ്ക്കായി കാത്തിരിക്കുക.
-
5 ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു, എന്റെ ആത്മാവ് അങ്ങേക്കായി കാത്തിരിക്കുന്നു,
അവിടത്തെ വചനത്തിൽ ഞാൻ പ്രത്യാശയർപ്പിക്കുന്നു.
6 പ്രഭാതത്തിനായി കാത്തിരിക്കുന്ന കാവൽക്കാരനെക്കാൾ,
അതേ, പ്രഭാതത്തിനായി കാത്തിരിക്കുന്ന കാവൽക്കാരനെക്കാൾ,
ഞാൻ കർത്താവിനായി കാത്തിരിക്കുന്നു.
7 ഇസ്രായേലേ, നിന്റെ പ്രത്യാശ യഹോവയിൽ അർപ്പിക്കുക,
കാരണം യഹോവയുടെ അടുക്കൽ അചഞ്ചലസ്നേഹവും
സമ്പൂർണ വീണ്ടെടുപ്പും ഉണ്ടല്ലോ.
8 ഇസ്രായേലിനെ അവരുടെ സകലപാപങ്ങളിൽനിന്നും
അവിടന്നുതന്നെ വീണ്ടെടുക്കും.
-
22 യഹോവയുടെ മഹാസ്നേഹംനിമിത്തം ഞാൻ നശിപ്പിക്കപ്പെട്ടില്ല
അവിടത്തെ കരുണകൾ തീർന്നുപോകുന്നില്ല.
23 അവ പ്രഭാതംതോറും പുതിയതാകുന്നു;
അവിടത്തെ വിശ്വസ്തത വലിയതുമാകുന്നു.
24 ഞാൻ എന്നോടുതന്നെ പറയുന്നു, “യഹോവ എന്റെ ഓഹരി;
അതുകൊണ്ട് ഞാൻ അവിടത്തേക്കായി കാത്തിരിക്കും.”
25 തന്നിൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നവർക്കും
തന്നെ അന്വേഷിക്കുന്നവർക്കും യഹോവ നല്ലവൻ;
26 രക്ഷ യഹോവയിൽനിന്നും വരുന്നതിനായി
ക്ഷമയോടെ കാത്തിരിക്കുന്നത് നല്ലത്.
-
ദാവീദിന്റെ ഒരു സങ്കീർത്തനം.
1 ഞാൻ യഹോവയ്ക്കായി ക്ഷമയോടെ കാത്തിരുന്നു;
അവിടന്ന് എങ്കലേക്കു ചാഞ്ഞ് എന്റെ നിലവിളി കേട്ടു.
-
5 എന്റെ ആത്മാവേ, ദൈവത്തിൽമാത്രം വിശ്രമം കണ്ടെത്തുക;
അങ്ങയിലാണ് എന്റെ പ്രത്യാശ.
6 അവിടന്നുമാത്രമാണ് എന്റെ പാറയും എന്റെ രക്ഷയും;
അവിടന്നാണ് എന്റെ കോട്ട, ഞാൻ കുലുങ്ങിപ്പോകുകയില്ല.
7 എന്റെ രക്ഷയും എന്റെ മഹത്ത്വവും ദൈവത്തിൽ ആകുന്നു;
അവിടന്ന് എന്റെ ശക്തിയുള്ള പാറയും എന്റെ സങ്കേതവും ആകുന്നു.
8 അല്ലയോ ജനമേ, എപ്പോഴും ദൈവത്തിൽ ആശ്രയിക്കുക,
നിങ്ങളുടെ ഹൃദയം അവിടത്തെ മുമ്പിൽ പകരുക,
കാരണം നമ്മുടെ സങ്കേതം ദൈവം ആകുന്നു. സേലാ.
-
35 “നിങ്ങളുടെ അര മുറുക്കിയും വിളക്കു തെളിഞ്ഞും ഇരിക്കട്ടെ. 36 വിവാഹവിരുന്നിനു പോയി മടങ്ങിയെത്തിയ യജമാനൻ വാതിലിൽ മുട്ടുമ്പോൾത്തന്നെ അദ്ദേഹത്തിന് വാതിൽ തുറന്നുകൊടുക്കാൻ കാത്തിരിക്കുന്ന സേവകരോടു തുല്യരായിരിക്കുക. 37 യജമാനൻ മടങ്ങിവരുമ്പോൾ ജാഗ്രതയോടെ കാത്തിരിക്കുന്ന സേവകർ അനുഗൃഹീതർ. യജമാനൻ തന്റെ അര കെട്ടി അവരെ ഭക്ഷണത്തിനിരുത്തുകയും അടുത്തുവന്ന് അവരെ ശുശ്രൂഷിക്കുകയും ചെയ്യും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു. 38 അദ്ദേഹം അർധരാത്രിയിലോ സൂര്യോദയത്തിനുമുമ്പോ വന്നാലും ആ സേവകർ ഒരുങ്ങിയിരുന്നാൽ അവർ അനുഗൃഹീതർ. 39 കള്ളൻ വരുന്ന സമയം വീട്ടുടമസ്ഥൻ അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹം തന്റെ ഭവനം തുരക്കാതിരിക്കാൻ വേണ്ട കരുതൽ ചെയ്യുമെന്നു നിങ്ങൾക്കറിയാമല്ലോ. 40 അതുപോലെ നിങ്ങളും സദാ ജാഗരൂകരായിരിക്കുക. കാരണം, മനുഷ്യപുത്രൻ വരുന്നത് ആരും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും.”
-
27 “എന്റെ വഴി യഹോവയ്ക്കു മറഞ്ഞിരിക്കുന്നു;
എനിക്കു ലഭിക്കേണ്ട ന്യായം എന്റെ ദൈവം അവഗണിച്ചിരിക്കുന്നു,”
എന്ന് യാക്കോബേ, നീ പരാതിപ്പെടുന്നതെന്ത്?
ഇസ്രായേലേ, നീ സംസാരിക്കുന്നതെന്ത്?
28 നിനക്ക് അറിഞ്ഞുകൂടേ?
നീ കേട്ടിട്ടില്ലേ?
യഹോവ നിത്യനായ ദൈവം ആകുന്നു,
അവിടന്നാണ് ഭൂമിയുടെ അറുതികളെല്ലാം സൃഷ്ടിച്ചത്.
അവിടന്നു ക്ഷീണിക്കുന്നില്ല, തളരുന്നതുമില്ല;
അവിടത്തെ വിവേകം അപ്രമേയംതന്നെ.
29 അവിടന്നു ക്ഷീണിതർക്കു ശക്തിനൽകുന്നു,
ബലം കുറഞ്ഞവരുടെ ബലം വർധിപ്പിക്കുന്നു.
30 യുവാക്കൾപോലും ക്ഷീണിച്ചു തളർന്നുപോകുന്നു,
ചെറുപ്പക്കാർ കാലിടറി നിലംപൊത്തുന്നു;
31 എങ്കിലും യഹോവയ്ക്കായി കാത്തിരിക്കുന്നവർ
അവരുടെ ശക്തി പുതുക്കും.
അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും;
അവർ ഓടും, ക്ഷീണിക്കുകയില്ല,
അവർ നടക്കും, തളർന്നുപോകുകയുമില്ല.
-
18 “യഹോവേ, ഞാൻ അവിടത്തെ രക്ഷയ്ക്കായി കാത്തിരിക്കുന്നു.
-
6 നീതിനിഷ്ഠർ അതുകണ്ടു ഭയപ്പെടും;
നിന്നെ പരിഹസിച്ചുകൊണ്ട് അവർ ഇപ്രകാരം പറയും,
7 “ദൈവത്തെ തന്റെ അഭയസ്ഥാനമായി കാണാതെ
സ്വന്തം സമ്പൽസമൃദ്ധിയിൽ ആശ്രയിച്ചുകൊണ്ട്
മറ്റുള്ളവരെ നശിപ്പിച്ച് ശക്തനായിത്തീർന്ന
ആ മനുഷ്യൻ ഇതാ!”
8 ഞാനോ, ദൈവഭവനത്തിൽ തഴച്ചുവളരുന്ന
ഒരു ഒലിവുമരംപോലെയല്ലോ;
ദൈവത്തിന്റെ അചഞ്ചലസ്നേഹത്തിൽ
ഞാൻ എന്നുമെന്നും ആശ്രയിക്കുന്നു.
9 അവിടത്തെ വിശ്വസ്തരുടെ സാന്നിധ്യത്തിൽ
അങ്ങ് ചെയ്ത അനുഗ്രഹങ്ങളെയോർത്ത് എന്നെന്നും ഞാൻ അങ്ങേക്ക് സ്തോത്രാർപ്പണംചെയ്യും.
അവിടത്തെ നാമത്തിൽ ഞാൻ പ്രത്യാശയർപ്പിക്കും
അവിടത്തെ വിശ്വസ്തർക്കത് അനുയോജ്യമല്ലോ.
സംഗീതസംവിധായകന്. മഹലത്ത് രാഗത്തിൽ.
-
22 “ഈ അനീതിക്ക് ഞാൻ പകരംവീട്ടും!” എന്നു പറയരുത്.
യഹോവയ്ക്കായി കാത്തിരിക്കുക, അവിടന്നു നിനക്കുവേണ്ടി പ്രതികാരംചെയ്യും.
-
5 അങ്ങയുടെ സത്യത്തിൽ എന്നെ നയിക്കുകയും പഠിപ്പിക്കുകയും ചെയ്യണമേ,
കാരണം അവിടന്നാണല്ലോ എന്റെ രക്ഷയുടെ ദൈവം,
ദിവസംമുഴുവനും ഞാൻ അങ്ങയിൽ പ്രത്യാശവെക്കുന്നു.
-
4 ഒരു ദിവസം യേശു അവരോടുകൂടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ, ഇങ്ങനെ ആജ്ഞാപിച്ചു, “നിങ്ങൾ ജെറുശലേമിൽനിന്ന് മടങ്ങിപ്പോകാതെ, പിതാവു നിങ്ങൾക്കു നൽകുമെന്നു ഞാൻ പറഞ്ഞിട്ടുള്ള വാഗ്ദാനത്തിനായി കാത്തിരിക്കണം. 5 യോഹന്നാൻ ജലത്തിൽ സ്നാനം നൽകി, എന്നാൽ ചില ദിവസത്തിനുള്ളിൽ നിങ്ങൾക്ക് പരിശുദ്ധാത്മാവുകൊണ്ട് സ്നാനം ലഭിക്കും.”
-
1 ഈ സ്വാതന്ത്ര്യത്തിനായിട്ടാണ് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയത്. ന്യായപ്രമാണത്തിന്റെ അടിമനുകത്തിൻകീഴിൽ നാം വീണ്ടും അകപ്പെട്ടുപോകാതെ സ്വതന്ത്രരായി ഉറച്ചുനിൽക്കുക.
2 എന്റെ വാക്കുകൾ ശ്രദ്ധിക്കൂ! പൗലോസെന്ന ഞാനാണ് നിങ്ങളോടു പറയുന്നത്, “നിങ്ങൾ പരിച്ഛേദനമേൽക്കുന്നു എങ്കിൽ ക്രിസ്തുവിനെക്കൊണ്ടു നിങ്ങൾക്കു യാതൊരു പ്രയോജനവും ഇല്ല.” 3 പരിച്ഛേദനത്തിനു വിധേയരാകുന്ന എല്ലാ മനുഷ്യരെയും ഞാൻ വീണ്ടും ഓർമിപ്പിക്കുന്നത്, അവർ ന്യായപ്രമാണത്തിലെ സർവനിബന്ധനകളും പാലിക്കാൻ ബാധ്യസ്ഥരാണെന്നാണ്. 4 ന്യായപ്രമാണം പാലിക്കുന്നതിലൂടെ നീതീകരിക്കപ്പെടാൻ പരിശ്രമിക്കുന്ന നിങ്ങൾ, ക്രിസ്തുവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടവരും ദൈവകൃപയിൽനിന്ന് വീണുപോയവരുമാണ്. 5 എന്നാൽ, ഞങ്ങൾ വിശ്വാസത്താൽ പ്രത്യാശ വെച്ചിരിക്കുന്ന നീതീകരണം ലഭിക്കാനായി, ദൈവാത്മസഹായത്താൽ ആകാംക്ഷയോടെ കാത്തിരിക്കുന്നു. 6 ക്രിസ്തുയേശുവിൽ വിശ്വാസം അർപ്പിച്ചവർക്ക്, പരിച്ഛേദനവും പരിച്ഛേദനമില്ലായ്മയും ഒരു വ്യത്യാസവും സൃഷ്ടിക്കുന്നില്ല; മറിച്ച് സ്നേഹത്തിലൂടെയുള്ള വിശ്വാസംമാത്രമേ പ്രവർത്തനക്ഷമമാകുകയുള്ളൂ.
-
20 എന്റെയുള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു;
അവിടന്നു നമ്മുടെ സഹായവും പരിചയും ആകുന്നു.
-
7 ഈ പർവതത്തിൽവെച്ച് അവിടന്ന്
സകലജനതകളുടെയുംമേലുള്ള ആവരണം,
എല്ലാ രാഷ്ട്രങ്ങളുടെയുംമേൽ വിരിക്കപ്പെട്ട മൂടുപടം നശിപ്പിക്കും;
8 അവിടന്ന് മരണത്തെ എന്നെന്നേക്കുമായി വിഴുങ്ങിക്കളയും.
യഹോവയായ കർത്താവ് എല്ലാ കണ്ണുകളിൽനിന്നും
കണ്ണുനീർ തുടച്ചുകളയും;
തന്റെ ജനത്തിന്റെ നിന്ദ അവിടന്ന്
സകലഭൂമിയിൽനിന്നും നീക്കിക്കളയും.
യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നത്.
9 ആ ദിവസത്തിൽ അവർ പറയും,
“ഇതാ, നമ്മുടെ ദൈവം!
അവിടത്തേക്കായി നാം കാത്തിരുന്നു.
നാം കാത്തിരുന്ന യഹോവ ഇതാകുന്നു;
നമുക്ക് അവിടത്തെ രക്ഷയിൽ ആനന്ദിക്കുകയും ആഹ്ലാദിക്കുകയുംചെയ്യാം.”
-
18 എന്നിട്ടും യഹോവ നിങ്ങളോടു കൃപ കാണിക്കാൻ ആശിച്ചിരിക്കുന്നു;
അതുകൊണ്ട് നിങ്ങളോടു കരുണകാട്ടാൻ അവിടന്ന് എഴുന്നേൽക്കും.
കാരണം യഹോവ ന്യായത്തിന്റെ ദൈവമാകുന്നു.
അവിടത്തേക്കുവേണ്ടി കാത്തിരിക്കുന്നവർ അനുഗൃഹീതർ.
-
6 എന്നാൽ, നിങ്ങളുടെ ദൈവത്തിങ്കലേക്കു മടങ്ങിപ്പോകുക;
സ്നേഹവും നീതിയും നിലനിർത്തുവിൻ,
എപ്പോഴും നിങ്ങളുടെ ദൈവത്തിനായി കാത്തിരിപ്പിൻ.
-
18 അതുപോലെ നീതിമാനായ ക്രിസ്തു, നീതികെട്ടവരായ നമ്മെ ദൈവത്തോട് അടുപ്പിക്കേണ്ടതിന്, ഒരിക്കലായി നമ്മുടെ പാപംനിമിത്തം കഷ്ടത അനുഭവിച്ചു. അവിടന്ന് ശരീരത്തിൽ വധിക്കപ്പെട്ടുവെങ്കിലും ആത്മാവിൽ ജീവിപ്പിക്കപ്പെട്ടു. 19 ആത്മാവിൽ അവിടന്ന് ചെന്ന് തടവറയിലെ ആത്മാക്കളോടു പ്രസംഗിച്ചു. 20 അവരാകട്ടെ, മുമ്പ് നോഹയുടെ കാലത്ത്, പെട്ടകം നിർമിച്ചു കൊണ്ടിരുന്നപ്പോൾ ദൈവം ദീർഘക്ഷമയോടെ കാത്തിരുന്നിട്ടും ദൈവത്തിന്റെ മുന്നറിയിപ്പുകളെ അവഗണിച്ചവരാണ്. പെട്ടകത്തിന്റെ പണി പൂർത്തീകരിച്ചശേഷം, കുറച്ചുപേർ, എട്ടുപേർമാത്രം, പെട്ടകത്തിലൂടെ പ്രളയത്തിൽനിന്ന് രക്ഷപ്പെട്ടു.
-
2 യഹോവേ, ഞങ്ങളോടു കനിവുണ്ടാകണമേ,
ഞങ്ങൾ അങ്ങേക്കായി കാത്തിരിക്കുന്നു.
ഓരോ പ്രഭാതത്തിലും അങ്ങ് ഞങ്ങളുടെ ബലവും
കഷ്ടതയിൽ ഞങ്ങളുടെ രക്ഷയും ആയിരിക്കണമേ.
-
16 എന്നാൽ, പൗലോസിന്റെ പെങ്ങളുടെ മകൻ ഈ പതിയിരിപ്പിനെപ്പറ്റി കേട്ട്, സൈനികത്താവളത്തിൽ എത്തി ഉള്ളിൽക്കടന്ന് പൗലോസിനെ വിവരം ധരിപ്പിച്ചു.
17 അപ്പോൾ പൗലോസ് ശതാധിപന്മാരിൽ ഒരാളെ വിളിച്ച്, “ഈ യുവാവിനെ സൈന്യാധിപന്റെ അടുക്കലെത്തിക്കണം. ഇയാൾക്ക് അദ്ദേഹത്തോട് ചിലതു പറയാനുണ്ട്” എന്നു പറഞ്ഞു.
18 ശതാധിപൻ അയാളെ സൈന്യാധിപന്റെ അടുത്തു കൊണ്ടുപോയി, “തടവുകാരനായ പൗലോസ് എന്നെ വിളിപ്പിച്ച് ഈ യുവാവിനെ താങ്കളുടെ അടുത്തെത്തിക്കാൻ ആവശ്യപ്പെട്ടു. ഇയാൾക്ക് താങ്കളോട് എന്തോ പറയാനുണ്ട്” എന്നു പറഞ്ഞു.
19 സൈന്യാധിപൻ ആ യുവാവിന്റെ കൈക്കുപിടിച്ചു മാറ്റിനിർത്തി, “എന്താണ് നിനക്കു പറയാനുള്ളത്?” എന്നു രഹസ്യമായി ചോദിച്ചു.
20 “പൗലോസിനെപ്പറ്റി കൂടുതൽ സൂക്ഷ്മവിവരങ്ങൾ അന്വേഷിക്കുന്നതിനുള്ള ഭാവത്തിൽ അദ്ദേഹത്തെ നാളെ ന്യായാധിപസമിതിക്കുമുമ്പിൽ കൊണ്ടുവരണമെന്ന് അങ്ങയോടപേക്ഷിക്കാൻ യെഹൂദന്മാർതമ്മിൽ പറഞ്ഞൊത്തിരിക്കുകയാണ്. 21 അങ്ങ് അവർക്കു വഴങ്ങിക്കൊടുക്കരുത്. അവരിൽ നാൽപ്പതിലധികംപേർ അദ്ദേഹത്തിനായി പതിയിരിക്കുന്നുണ്ട്. അദ്ദേഹത്തെ കൊന്നതിനുശേഷംമാത്രമേ തിന്നുകയോ കുടിക്കുകയോ ചെയ്യുകയുള്ളൂ എന്ന് അവർ ഉഗ്രശപഥംചെയ്തിരിക്കുകയാണ്. അവരുടെ അപേക്ഷയ്ക്ക് അനുകൂലമായ മറുപടി അങ്ങയിൽനിന്നു ലഭിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് അവർ ഒരുങ്ങിയിരിക്കുന്നു” എന്ന് അയാൾ പറഞ്ഞു.
-
3 അങ്ങയിൽ പ്രത്യാശവെച്ചിരിക്കുന്നവരാരും
ഒരിക്കലും ലജ്ജിച്ചുപോകുകയില്ല,
എന്നാൽ അകാരണമായി വഞ്ചിക്കുന്നവർ
ലജ്ജിതരായിത്തീരട്ടെ.
-
7 “എന്നാൽ കർത്താവേ, ഞാനിപ്പോൾ എന്തിനായി കാത്തിരിക്കുന്നു?
എന്റെ പ്രത്യാശ അങ്ങയിലാകുന്നു.
8 എന്റെ എല്ലാ അകൃത്യങ്ങളിൽനിന്നും എന്നെ മോചിപ്പിക്കണമേ;
ഭോഷരുടെ പരിഹാസവിഷയമാക്കി എന്നെ മാറ്റരുതേ.
-
14 യഹോവ വീഴുന്നവരെയൊക്കെയും താങ്ങുന്നു
പരിക്ഷീണരെയൊക്കെയും ഉയർത്തുന്നു.
15 സകലരുടെയും കണ്ണ് അങ്ങേക്കായി കാത്തിരിക്കുന്നു,
അവർക്കെല്ലാം അങ്ങ് യഥാസമയം ആഹാരം നൽകുന്നു.
16 അവിടന്ന് തൃക്കൈ തുറക്കുന്നു
ജീവനുള്ള സകലത്തിന്റെയും ആഗ്രഹങ്ങൾക്ക് തൃപ്തിവരുത്തുന്നു.
-
7 നീതിനിഷ്ഠരുടെ വഴി നിരപ്പായതുതന്നെ;
നീതിനിഷ്ഠനായ ദൈവമേ, അങ്ങ് നീതിമാന്റെ വഴി നേരേയാക്കും.
8 അതേ, യഹോവേ, അങ്ങയുടെ നിയമങ്ങൾക്കനുസൃതമായി ജീവിച്ച്,
ഞങ്ങൾ അങ്ങേക്കായി കാത്തിരുന്നു;
അങ്ങയുടെ നാമവും സ്മരണയും,
ഞങ്ങളുടെ ഹൃദയവാഞ്ഛയാകുന്നു.
9 രാത്രിയിൽ ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നു;
പ്രഭാതത്തിൽ എന്റെ ആത്മാവ് അങ്ങയെ അന്വേഷിക്കുന്നു.
അങ്ങയുടെ ന്യായവിധികൾ ഭൂമിയിൽ നടപ്പിലാക്കുമ്പോൾ
ഭൂവാസികൾ നീതി അഭ്യസിക്കും.
-
4 തനിക്കായി കാത്തിരിക്കുന്നവർക്കുവേണ്ടി പ്രവർത്തിക്കുന്നവനായി
അങ്ങല്ലാതെ മറ്റൊരു ദൈവത്തെപ്പറ്റി
ലോകാരംഭംമുതൽ ആരും കേട്ടിട്ടില്ല;
ഒരു കാതും കേട്ടിട്ടില്ല, ഒരു കണ്ണും കണ്ടിട്ടുമില്ല.
-
33 അതുകൊണ്ട് എന്റെ സഹോദരങ്ങളേ, നിങ്ങൾ ഭക്ഷിക്കാനായി ഒരുമിച്ചുകൂടുമ്പോൾ എല്ലാവരും വന്നുചേരാനായി കാത്തിരിക്കുക. 34 നിങ്ങൾ ഒരുമിച്ചുചേരുമ്പോൾ ശിക്ഷാവിധി വരാതിരിക്കാനായി നിങ്ങളിൽ വിശപ്പുള്ളവർ വീട്ടിൽവെച്ചു ഭക്ഷണം കഴിച്ചുകൊള്ളണം.
ശേഷം കാര്യങ്ങൾ ഞാൻ വരുമ്പോൾ ക്രമീകരിച്ചുകൊള്ളാം.
-
34 യഹോവയിൽ പ്രത്യാശയർപ്പിക്കുക
അവിടത്തെ മാർഗം പിൻതുടരുക.
അവിടന്നു നിങ്ങളെ ഭൂമിയുടെ അവകാശിയായി ഉയർത്തും;
ദുഷ്ടർ ഛേദിക്കപ്പെടുന്നത് നിങ്ങൾ കാണുകയും ചെയ്യും.
-
13 എങ്കിലും അതിവേഗത്തിൽ അവർ അവിടത്തെ പ്രവൃത്തികൾ വിസ്മരിച്ചു
അവിടത്തെ ആലോചനയ്ക്കായി കാത്തിരുന്നതുമില്ല.
14 മരുഭൂമിയിൽവെച്ച് അവർ അത്യാർത്തിക്ക് അടിമപ്പെട്ടു;
വിജനദേശത്ത് അവർ ദൈവത്തെ പരീക്ഷിച്ചു.
15 അതിനാൽ അവർ ആശിച്ചതുതന്നെ അവിടന്ന് അവർക്കു നൽകി,
എന്നാൽ ഒരു മഹാവ്യാധിയും അവർക്കിടയിലേക്ക് അയച്ചു.
-
23 രാജാക്കന്മാർ നിന്റെ വളർത്തപ്പന്മാരും
അവരുടെ രാജ്ഞിമാർ നിനക്ക് വളർത്തമ്മമാരും ആയിരിക്കും.
അവർ നിന്റെ മുന്നിൽ സാഷ്ടാംഗം വണങ്ങി
നിന്റെ കാലിലെ പൊടിനക്കും.
അപ്പോൾ ഞാൻ യഹോവയെന്നും
എന്നിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നവർ ലജ്ജിച്ചുപോകുകയില്ലെന്നും നീ അറിയും.”
-
3 കാരണം, വെളിപ്പാടു നിശ്ചിതസമയത്തിനായി കാത്തിരിക്കുന്നു;
അത് അന്ത്യത്തെക്കുറിച്ചു സംസാരിക്കുന്നു,
അതു തെറ്റുകയുമില്ല.
താമസിച്ചാലും അതിനായി കാത്തിരിക്കുക;
അതു നിശ്ചയമായും വരും,
താമസിക്കുകയില്ല.
-
8 അതിനാൽ, എനിക്കായി കാത്തിരിക്കുക,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“ഞാൻ സാക്ഷ്യത്തിന് എഴുന്നേൽക്കുന്ന ദിവസത്തിനായിത്തന്നെ.
രാഷ്ട്രങ്ങളെയും രാജ്യങ്ങളെയും കൂട്ടിവരുത്താനും
എന്റെ ക്രോധത്തെയും
എന്റെ ഭയങ്കരകോപമെല്ലാം
അവരുടെമേൽ വർഷിക്കാനും ഞാൻ തീരുമാനിച്ചിരിക്കുന്നു.
എന്റെ തീക്ഷ്ണകോപത്തിന്റെ അഗ്നിയിൽ
സർവലോകവും ദഹിച്ചുപോകും.
-
16 പൗലോസ് അവരെ പ്രതീക്ഷിച്ച് അഥേനയിൽ കഴിയുമ്പോൾ, നഗരം വിഗ്രഹങ്ങൾകൊണ്ടു നിറഞ്ഞിരിക്കുന്നതുകണ്ട് വളരെ അസ്വസ്ഥനായി. 17 അതുകൊണ്ട് അദ്ദേഹം പള്ളിയിൽവെച്ച് യെഹൂദരോടും ദൈവഭക്തരായ ഗ്രീക്കുകാരോടും, ചന്തസ്ഥലത്തുവെച്ച് അവിടെ വന്നുപോകുന്നവരോടും ദിനംപ്രതി സംവാദം നടത്തിപ്പോന്നു.
-
7 സഹോദരങ്ങളേ, കർത്താവിന്റെ പുനരാഗമനംവരെ ദീർഘക്ഷമയോടെ ഇരിക്കുക. ഭൂമി നൽകുന്ന മെച്ചമായ വിളവിനായി മുൻമഴയും പിൻമഴയും പ്രതീക്ഷിച്ചുകൊണ്ട് എത്ര ക്ഷമയോടെയാണ് ഒരു കർഷകൻ കാത്തിരിക്കുന്നത്! 8 നിങ്ങളും ക്ഷമയോടെ കാത്തിരിക്കുക; കർത്താവിന്റെ വരവു സമീപിച്ചിരിക്കുകയാൽ നിങ്ങൾ സ്ഥിരചിത്തരാകുക.
-
3 സഹായത്തിനായി വിളിച്ചപേക്ഷിച്ച് ഞാൻ കുഴഞ്ഞിരിക്കുന്നു;
എന്റെ തൊണ്ട ഉണങ്ങിവരണ്ടിരിക്കുന്നു.
എന്റെ ദൈവത്തിനായി കാത്തിരുന്ന്
എന്റെ കണ്ണുകൾ മങ്ങുന്നു.
-
7 എന്നാൽ, ഞാൻ യഹോവയെ പ്രത്യാശയോടെ നോക്കിക്കൊണ്ടിരിക്കും,
എന്റെ രക്ഷകനായ ദൈവത്തിനായി ഞാൻ കാത്തിരിക്കും,
എന്റെ ദൈവം എന്റെ പ്രാർഥന കേൾക്കും.
-
20 എന്നാൽ നാമോ, സ്വർഗീയപൗരർ അത്രേ. സ്വർഗത്തിൽനിന്ന് നമ്മുടെ രക്ഷകനായ, കർത്താവായ യേശുക്രിസ്തുവിന്റെ വരവിനായി നാം ആകാംക്ഷയോടെ കാത്തിരിക്കുന്നു. 21 അവിടന്ന് സകലത്തെയും തന്റെ അധീനതയിലാക്കാൻ കഴിയുന്ന ശക്തിയാൽ, അവിടത്തെ മഹത്ത്വമുള്ള ശരീരത്തിനു സമരൂപമായി നമ്മുടെ ഹീനശരീരങ്ങളെ രൂപാന്തരപ്പെടുത്തും.
-
27 ഒരുപ്രാവശ്യം മരണവും അതിനുശേഷം ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു. 28 അതുപോലെ ക്രിസ്തുവും ഒരുപ്രാവശ്യം അനേകരുടെ പാപനിവാരണത്തിനായി, യാഗമായി അർപ്പിക്കപ്പെട്ടു; ഇനി രണ്ടാമത് അവിടന്ന് പ്രത്യക്ഷനാകുന്നത് പാപനിവാരണം വരുത്താനല്ല, മറിച്ച്, തനിക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നവരെ രക്ഷിക്കാനാണ്.
Shows Read in context, Share and Copy.