69 Bible Verses About Hope

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Hope
  1. 1 ഇപ്രകാരം, വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നമുക്കു ദൈവത്തോടു സമാധാനമുണ്ട്. 2 ക്രിസ്തുവിലൂടെത്തന്നെയാണ് നാം ഇപ്പോൾ നിൽക്കുന്ന ഈ കൃപയിലേക്കു നമുക്കു വിശ്വാസത്താൽ പ്രവേശനം ലഭിച്ചതും ദൈവതേജസ്സിന്റെ പങ്കുകാരാകും എന്ന പ്രത്യാശയിൽ നാം അഭിമാനിക്കുന്നതും. 3 അതുമാത്രമോ, കഷ്ടതയിലും നാം അഭിമാനിക്കുകയാണ്; 4 കാരണം, കഷ്ടത സഹനശക്തിയും സഹനശക്തി പരിപക്വതയും പരിപക്വത പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു. 5 ഈ പ്രത്യാശ നമ്മെ ലജ്ജിതരാക്കുന്നില്ല. കാരണം, പരിശുദ്ധാത്മാവിനെ നൽകുന്നതിലൂടെ ദൈവം അവിടത്തെ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ സമൃദ്ധമായി വർഷിച്ചിരിക്കുന്നു.

  2. 18 നമുക്കു ലഭിക്കാനിരിക്കുന്ന തേജസ്സിന്റെ മുമ്പിൽ ഇക്കാലത്തെ കഷ്ടതകൾ വളരെ നിസ്സാരം എന്നു ഞാൻ കരുതുന്നു. 19 ദൈവത്തിന്റെമക്കൾ ആരെന്നു പ്രത്യക്ഷമാകുന്നതിനായി സർവസൃഷ്ടിയും അത്യാകാംക്ഷയോടെ കാത്തിരിക്കുകയാണ്. 20-21 സ്വേച്ഛയാലല്ല സൃഷ്ടി ശാപഗ്രസ്തമായിത്തീർന്നിരിക്കുന്നത്; ജീർണതയുടെ അടിമത്തത്തിൽനിന്ന് സൃഷ്ടി വിമുക്തമാക്കപ്പെട്ട് ദൈവമക്കളുടെ തേജോമയമായ സ്വാതന്ത്ര്യത്തിലേക്കു നിശ്ചയമായും ഒരിക്കൽ നയിക്കപ്പെടും എന്നുള്ള പ്രത്യാശ നൽകി അവയെ നൈരാശ്യത്തിന് വിധേയമാക്കിയ ദൈവത്തിന്റെ ഇഷ്ടത്താൽത്തന്നെയാണ്.

    22 സർവസൃഷ്ടിയും ഒന്നുചേർന്ന് ഇന്നുവരെയും പ്രസവവേദനയിലെന്നപോലെ ഞരങ്ങുകയുമാണ് എന്നു നാം അറിയുന്നു. 23 അതുമാത്രമല്ല, പരിശുദ്ധാത്മാവാകുന്ന ആദ്യഫലം ഉള്ളിൽ വസിക്കുന്ന നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പിലൂടെ ദൈവത്തിന്റെ പുത്രത്വം ലഭിക്കും എന്നുള്ള പ്രതീക്ഷയാൽ, നാമും ഉള്ളിൽ ഞരങ്ങുകയാണ്. 24 ഈ പ്രത്യാശയിലാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, പ്രത്യക്ഷമായിരിക്കുന്നതിനെക്കുറിച്ചുള്ള പ്രത്യാശയാകട്ടെ, പ്രത്യാശയേയല്ല. കണ്മുമ്പിൽ കാണുന്നതിനുവേണ്ടി ഇനി പ്രത്യാശിക്കുന്നതെന്തിന്? 25 എന്നാൽ, കണ്ടിട്ടില്ലാത്തതിനുവേണ്ടി പ്രത്യാശിക്കുന്നെങ്കിലോ അതിനായി നാം ക്ഷമയോടെ പ്രതീക്ഷിച്ചുകൊണ്ടിരിക്കും.

  3. 12 യെശയ്യാവ് പിന്നെയും പറയുന്നത്:

    “യിശ്ശായിയുടെ വേര് രാജാധികാരത്തിൽ വരും.

    അദ്ദേഹം എല്ലാ രാഷ്ട്രങ്ങളെയും ഭരിക്കും,

    യെഹൂദേതരർ എല്ലാവരും അദ്ദേഹത്തിൽ പ്രത്യാശവെക്കും.”

    13 പ്രത്യാശയുടെ ഉറവിടമായ ദൈവത്തിൽ നിങ്ങൾ വിശ്വാസം അർപ്പിച്ചതിനാൽ അവിടന്ന് പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങളെ ആനന്ദത്തിലും സമാധാനത്തിലും സമൃദ്ധിയുള്ളവരാക്കി നിങ്ങളിൽ പ്രത്യാശ വഴിഞ്ഞൊഴുകുമാറാക്കട്ടെ.

  4. 5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

    “മനുഷ്യനിൽ ആശ്രയിക്കുന്നവർ ശപിക്കപ്പെട്ടവർ,

    മനുഷ്യന്റെ ശക്തിയിൽ വിശ്വാസമർപ്പിക്കുകയും

    ഹൃദയത്തിൽ യഹോവയെ വിട്ടകലുകയുംചെയ്യുന്നവർതന്നെ.

    6 അങ്ങനെയുള്ളവർ മരുഭൂമിയിലെ ചൂരൽച്ചെടിപോലെയായിത്തീരും;

    അഭിവൃദ്ധിവരുമ്പോൾ അവർ അതു കാണുകയില്ല.

    മരുഭൂമിയിൽ നിവാസികളില്ലാത്ത ഉപ്പുനിലങ്ങളിലും

    വരണ്ടപ്രദേശങ്ങളിലും അവർ പാർക്കും.

    7 “എന്നാൽ യഹോവയിൽ ആശ്രയിക്കുകയും

    യഹോവയെത്തന്നെ ആശ്രയമാക്കിയിരിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ.

    8 അവർ വെള്ളത്തിനരികെ നട്ടിരിക്കുന്നതും

    ആറ്റരികത്തു വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും.

    ഉഷ്ണം വരുമ്പോൾ അതു പേടിക്കുകയില്ല;

    അതിന്റെ ഇല നിത്യഹരിതമായിരിക്കും.

    വരൾച്ചയുള്ള വർഷത്തിലും അതു വാട്ടം തട്ടാതെ

    ഫലം കായ്ച്ചുകൊണ്ടിരിക്കും.”

  5. 18 “നിന്റെ സന്തതി ഇങ്ങനെ ആയിത്തീരും” എന്നു ദൈവം അരുളിച്ചെയ്തിരുന്നതുകൊണ്ട് ആശിക്കാൻ സാധ്യതയില്ലാതിരുന്നിട്ടും അനേകം ജനതകൾക്കു പിതാവായിത്തീരുമെന്ന് ആശയോടുകൂടെ അബ്രാഹാം വിശ്വസിച്ചു. 19 ഏകദേശം നൂറുവയസ്സുണ്ടായിരുന്നതുകൊണ്ട് തന്റെ ശരീരം മൃതപ്രായമായിരുന്നു എന്നും സാറയുടെ ഗർഭപാത്രം നിർജീവമായിരുന്നു എന്നും വ്യക്തമായി അറിഞ്ഞിട്ടും അബ്രാഹാമിന്റെ വിശ്വാസം ദുർബലമായില്ല. 20 ദൈവത്തിന്റെ വാഗ്ദാനത്തെക്കുറിച്ച് അവിശ്വാസത്താൽ ചഞ്ചലിക്കാതെ അദ്ദേഹം ദൈവത്തെ മഹത്ത്വപ്പെടുത്തി വിശ്വാസത്തിൽ ശക്തിപ്പെട്ടു. 21 ആ ദൈവം വാഗ്ദാനംചെയ്തതു നിവർത്തിക്കാൻ ശക്തനാണെന്നുള്ള പൂർണബോധ്യമുള്ളവനായിത്തീർന്നു. 22 അബ്രാഹാമിന്റെ ഈ വിധത്തിലുള്ള വിശ്വാസം അദ്ദേഹത്തിനു “നീതിയായി ദൈവം കണക്കാക്കി.”

  6. 3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രം! ദൈവത്തിന്റെ മഹാകരുണയാൽ, മരിച്ചവരിൽനിന്ന് യേശുക്രിസ്തു പുനരുത്ഥാനംചെയ്തതിലൂടെ ജീവനുള്ള പ്രത്യാശയിലേക്കു നമുക്കു പുതുജനനം നൽകിയിരിക്കുന്നു. 4 ഈ പ്രത്യാശ, അനശ്വരവും നിർമലവും പ്രഭ മങ്ങാത്തതും സ്വർഗത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നതുമായ ഓഹരി നാം സ്വന്തമാക്കേണ്ടതിനാണ്. 5 അങ്ങനെ, അന്ത്യകാലത്തു വെളിപ്പെടാൻ സജ്ജമാക്കിയിരിക്കുന്ന രക്ഷയ്ക്കായി, വിശ്വാസത്താൽ നാം ദൈവശക്തിയിൽ സംരക്ഷിക്കപ്പെടുന്നു.

  7. 18 എന്നാൽ യഹോവയുടെ ദൃഷ്ടി തന്നെ ഭയപ്പെടുന്നവരിലും

    അവിടത്തെ അചഞ്ചലസ്നേഹത്തിൽ പ്രത്യാശ അർപ്പിക്കുന്നവരിലുമുണ്ട്,

    19 അവിടന്നവരെ മരണത്തിൽനിന്ന് മോചിപ്പിക്കുകയും

    ക്ഷാമകാലത്ത് അവരുടെ ജീവൻ രക്ഷിക്കുകയും ചെയ്യുന്നു.

    20 എന്റെയുള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു;

    അവിടന്നു നമ്മുടെ സഹായവും പരിചയും ആകുന്നു.

    21 നമ്മുടെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു,

    കാരണം, അവിടത്തെ വിശുദ്ധനാമത്തെ നാം ശരണംപ്രാപിക്കുന്നു.

    22 ഞങ്ങൾ അങ്ങയിൽ പ്രത്യാശ അർപ്പിക്കുന്നതുപോലെ

    യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം ഞങ്ങളോടൊപ്പം ഉണ്ടാകണമേ.

  8. 11 സകലമനുഷ്യരുടെയും രക്ഷയ്ക്കായി ദൈവകൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. 12 ഭക്തിയില്ലായ്മയും ലൗകികമോഹങ്ങളും ഉപേക്ഷിച്ച്, ഈ കാലഘട്ടത്തിൽ ആത്മനിയന്ത്രണവും നീതിയും ദൈവഭക്തിയുമുള്ള ജീവിതം നയിക്കാൻ അത് നമ്മെ അഭ്യസിപ്പിക്കുന്നു. 13 അനുഗൃഹീത പ്രത്യാശയ്ക്കായും ഉന്നതനായ നമ്മുടെ ദൈവവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ മഹത്ത്വപ്രത്യക്ഷതയ്ക്കായും നാം കാത്തിരിക്കുന്നു. 14 അവിടന്ന് നമ്മെ എല്ലാ ദുഷ്ടതകളിൽനിന്നും വിമോചിതരാക്കാനും സൽപ്രവൃത്തികൾ ചെയ്യുന്നതിൽ അത്യുത്സാഹമുള്ള ഒരു ജനതതിയെ തനിക്കായി ശുദ്ധീകരിക്കാനുംവേണ്ടി സ്വയം സമർപ്പിച്ചു.

  9. 15 നിങ്ങളുടെ ഹൃദയത്തിൽ ക്രിസ്തുവിനെ കർത്താവായി പ്രതിഷ്ഠിക്കൂ. നിങ്ങൾക്കുള്ള പ്രത്യാശയെ ആരെങ്കിലും ചോദ്യംചെയ്താൽ മാന്യതയോടും ബഹുമാനത്തോടും അതിന് പ്രതിവദിക്കാൻ എപ്പോഴും സന്നദ്ധരായിരിക്കണം.

  10. 2 പ്രിയരേ, ഇപ്പോൾ നാം ദൈവത്തിന്റെമക്കൾ ആകുന്നു. നാം എന്തായിത്തീരുമെന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. എന്നാൽ, ക്രിസ്തു പ്രത്യക്ഷനാകുമ്പോൾ നാം അവിടത്തെപ്പോലെയാകും. അവിടന്ന് ആയിരിക്കുന്നതുപോലെ നാം അവിടത്തെ കാണും. 3 തന്നിൽ ഈ പ്രത്യാശയുള്ളവരെല്ലാം അവിടന്നു വിശുദ്ധനായിരിക്കുന്നതുപോലെ, സ്വയം വിശുദ്ധീകരിക്കുന്നു.

  11. 17 ദൈവവും അവിടത്തെ അവകാശികൾക്ക് തന്റെ ഉദ്ദേശ്യങ്ങളുടെ അചഞ്ചലത വ്യക്തമാക്കാൻ ആഗ്രഹിച്ചതുകൊണ്ട് ഒരു ശപഥത്തിലൂടെ വാഗ്ദാനങ്ങൾ ഉറപ്പിച്ചുനൽകി. 18 ദൈവത്തിന് വ്യാജം പറയുക അസാധ്യമാണ്. അതിനാൽ ഈ രണ്ട് കാര്യങ്ങൾക്ക്, ദൈവം ചെയ്ത വാഗ്ദാനത്തിനും ശപഥത്തിനും മാറ്റം വരിക അസാധ്യം. നമ്മുടെമുമ്പിൽ വെച്ചിരിക്കുന്ന പ്രത്യാശ ലക്ഷ്യംവെച്ചോടുന്ന നമുക്ക് വലിയ പ്രോത്സാഹനം ലഭിക്കുന്നത് ഇവയിലൂടെയാണ്. 19 ഈ പ്രത്യാശ നമ്മുടെ പ്രാണന് തിരശ്ശീലയ്ക്കകത്തേക്കു പ്രവേശിക്കാൻ പര്യാപ്തമായ സുദൃഢവും സുഭദ്രവുമായ ഒരു നങ്കൂരം ആകുന്നു! 20 അവിടെയാകട്ടെ, നമ്മെ പ്രതിനിധാനംചെയ്തുകൊണ്ട് യേശു മൽക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള നിത്യമഹാപുരോഹിതനായി നമുക്കുമുമ്പേ പ്രവേശിച്ചിരിക്കുന്നു.

  12. 16 ഞാനും എന്റെ പ്രാർഥനയിൽ നിങ്ങളെ സ്മരിച്ചുകൊണ്ടു നിങ്ങൾക്കുവേണ്ടി എപ്പോഴും സ്തോത്രംചെയ്തുകൊണ്ടിരിക്കുന്നു. 17 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവം, തേജോമയനായ പിതാവ്, അവിടത്തെ സുവ്യക്തമായി മനസ്സിലാക്കാൻ നിങ്ങൾക്കു ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ നൽകട്ടെ എന്നു ഞാൻ എപ്പോഴും പ്രാർഥിക്കുന്നു. 18 മാത്രവുമല്ല, നിങ്ങളുടെ ഹൃദയം പ്രകാശപൂരിതമായിത്തീർന്നിട്ട് അവിടന്ന് നിങ്ങളെ വിളിച്ചിരിക്കുന്ന പ്രത്യാശയും അവിടത്തെ വിശുദ്ധർക്കു ലഭിക്കാനിരിക്കുന്ന തേജോമയമായ അവകാശത്തിന്റെ സമൃദ്ധിയും 19 വിശ്വസിക്കുന്നവരായ നമുക്കുവേണ്ടിയുള്ള അവിടത്തെ അതുല്യമായ ശക്തിയും നിങ്ങൾ അറിയേണമെന്നും ഞാൻ പ്രാർഥിക്കുന്നു. 20-21 ഈ ശക്തിതന്നെയാണ്, ക്രിസ്തുവിനെ മരിച്ചവരിൽനിന്നുയിർപ്പിച്ച് എല്ലാ ഭരണത്തിനും അധികാരത്തിനും ശക്തിക്കും കർത്തൃത്വത്തിനും മീതേ സ്വർഗത്തിൽ തന്റെ വലതുഭാഗത്ത്, ഈ യുഗത്തിൽമാത്രമല്ല, വരാനുള്ളതിലും വിളിക്കപ്പെട്ട എല്ലാ നാമത്തിനും അത്യന്തം മീതേ, ഇരുത്താൻ ദൈവം പ്രയോഗിച്ച അതിമഹത്തായ ശക്തി.

  13. 8 എന്നാൽ നാം പകലിനുള്ളവർ ആയതിനാൽ, വിശ്വാസം, സ്നേഹം എന്നിവ കവചമായും, രക്ഷയുടെ പ്രത്യാശ ശിരോരക്ഷണമായും ധരിച്ചു നമുക്കു സുബോധമുള്ളവർ ആയിരിക്കാം.

  14. 13 സഹോദരങ്ങളേ, പ്രത്യാശയില്ലാത്ത മറ്റു മനുഷ്യർ, മരിച്ചുപോയ വിശ്വാസികളെക്കുറിച്ച് അജ്ഞരായിരിക്കുകയാൽ വ്യസനിക്കുന്നു. നിങ്ങൾ അങ്ങനെ ആകരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. 14 യേശു മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തുവെന്നു നാം വിശ്വസിക്കുന്നു എങ്കിൽ യേശുവോടൊത്ത് മരിച്ചവരെയും ദൈവം അവിടത്തോടൊപ്പം മടക്കിവരുത്തും.

  15. 23 നമുക്ക് അചഞ്ചലരായി നിന്നുകൊണ്ട് നമ്മുടെ പ്രത്യാശ ഏറ്റുപറയാം. വാഗ്ദാനംചെയ്ത ദൈവം വിശ്വാസയോഗ്യനല്ലോ!

  16. 5 എന്നാൽ, ഞങ്ങൾ വിശ്വാസത്താൽ പ്രത്യാശ വെച്ചിരിക്കുന്ന നീതീകരണം ലഭിക്കാനായി, ദൈവാത്മസഹായത്താൽ ആകാംക്ഷയോടെ കാത്തിരിക്കുന്നു. 6 ക്രിസ്തുയേശുവിൽ വിശ്വാസം അർപ്പിച്ചവർക്ക്, പരിച്ഛേദനവും പരിച്ഛേദനമില്ലായ്മയും ഒരു വ്യത്യാസവും സൃഷ്ടിക്കുന്നില്ല; മറിച്ച് സ്നേഹത്തിലൂടെയുള്ള വിശ്വാസംമാത്രമേ പ്രവർത്തനക്ഷമമാകുകയുള്ളൂ.

  17. 13 എന്നാൽ ഇപ്പോൾ, വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും സുസ്ഥിരമായിരിക്കും; ഇവയിൽ ഏറ്റവും മഹത്തായതോ സ്നേഹംതന്നെ.

  18. 4 ഇപ്രകാരം, മുമ്പേ രേഖപ്പെടുത്തപ്പെട്ട തിരുവെഴുത്തുകൾ എല്ലാം നമുക്ക് അഭ്യസനം ലഭിച്ചിട്ട് തിരുവെഴുത്ത് ഉപദേശിക്കുന്ന സഹനത്തിലൂടെയും ആശ്വാസത്തിലൂടെയും നമുക്ക് പ്രത്യാശ ലഭിക്കേണ്ടതിനാണ്.

  19. 28 നീതിനിഷ്ഠരുടെ പ്രത്യാശ ആനന്ദമേകുന്നു,

    എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവരുടെ പ്രതീക്ഷയോ, നിഷ്ഫലം.

  20. 11 കാരണം നിങ്ങളെക്കുറിച്ചുള്ള എന്റെ പദ്ധതികൾ എനിക്കറിയാം, നിങ്ങൾക്കു തിന്മയ്ക്കായിട്ടല്ല, മറിച്ച് നിങ്ങൾക്കൊരു ഭാവിയും ഒരു പ്രത്യാശയും നൽകാൻ തക്കവണ്ണം നന്മയ്ക്കായിട്ടുള്ള ലക്ഷ്യങ്ങളാണ് അവ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. 12 “അന്ന് നിങ്ങൾ എന്നെ വിളിച്ചപേക്ഷിക്കുകയും എന്റെ അടുക്കൽവന്ന് എന്നോടു പ്രാർഥിക്കുകയും ഞാൻ നിങ്ങളുടെ പ്രാർഥന കേൾക്കുകയും ചെയ്യും.

  21. 10 ഒരിക്കൽ തേജസ്സുണ്ടായിരുന്നത്, അതിമഹത്തായ ഇപ്പോഴത്തെ തേജസ്സുമൂലം തേജസ്സറ്റതായിത്തീർന്നിരിക്കുന്നു. 11 ഇങ്ങനെ പ്രസക്തി നഷ്ടമായിക്കൊണ്ടിരുന്ന ന്യായപ്രമാണം രംഗപ്രവേശം ചെയ്തത് അതിതേജസ്സോടെ ആയിരുന്നെങ്കിൽ, സുസ്ഥിരമായത് എത്രയധികം തേജസ്സുള്ളതായിരിക്കും!

    12 ഇങ്ങനെയൊരു പ്രത്യാശയുള്ളതുകൊണ്ടു നാം വളരെ ധൈര്യശാലികളായിരിക്കുന്നു. 13 തന്റെ മുഖത്തെ തേജസ്സ് മാഞ്ഞുപൊയ്ക്കൊണ്ടിരുന്നതാണെങ്കിലും ഇസ്രായേല്യർ അതു കാണാതിരിക്കാനായി മോശ തന്റെ മുഖം ഒരു മൂടുപടം കൊണ്ടു മറച്ചു. നമ്മുടെ സ്ഥിതി അങ്ങനെയല്ല. 14 ഇങ്ങനെയായിട്ടും ഇസ്രായേൽജനതയുടെ ചിന്താഗതി കഠിനമായിപ്പോയിരുന്നു. പഴയ ഉടമ്പടി വായിക്കുമ്പോഴൊക്കെയും അതേ മൂടുപടം ഇന്നും അവശേഷിക്കുന്നു. അതിന് മാറ്റം വന്നിട്ടില്ല. കാരണം, ക്രിസ്തുവിലാണ് മൂടുപടത്തിന് നീക്കം വരുന്നത്.

  22. 4 ഏകശരീരമേയുള്ളു; ഒരേ ആത്മാവും. നിങ്ങൾ വിളിക്കപ്പെട്ടതും ഒരേയൊരു പ്രത്യാശയ്ക്കായാണ്,

  23. 1 വിശ്വാസം എന്നത് നാം പ്രത്യാശിക്കുന്നവയുടെ ഉറപ്പും നമുക്ക് അദൃശ്യമായ കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. 2 ഈ വിശ്വാസത്തിനാണ് പൂർവികർ പ്രശംസിക്കപ്പെട്ടത്.

  24. 11 ആകയാൽ, ജന്മനാ നിങ്ങൾ “യെഹൂദേതരർ” ആയിരുന്നെന്ന് ഓർക്കുക. അന്ന്, കൈകൊണ്ടുള്ള പരിച്ഛേദനം ശരീരത്തിൽ സ്വീകരിച്ചിരുന്ന യെഹൂദന്മാർ നിങ്ങളെ “പരിച്ഛേദനം ഇല്ലാത്ത അശുദ്ധർ” എന്നു വിളിച്ചിരുന്നു. 12 ആ കാലത്തു നിങ്ങൾ ക്രിസ്തുവിനെ അറിയാത്തവരും ഇസ്രായേൽ പൗരത്വത്തിന് അന്യരും വാഗ്ദാനസമേതമുള്ള ദൈവികഉടമ്പടികളിൽ ഓഹരിയില്ലാത്തവരും ഈ ലോകത്തിൽ ദൈവവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രത്യാശാരഹിതരും ആയിരുന്നു. 13 നിങ്ങൾ ഒരിക്കൽ ദൂരത്തായിരുന്നു; എന്നാൽ ഇപ്പോഴാകട്ടെ, ക്രിസ്തുയേശുവിനോട് ഏകീഭവിച്ചിരിക്കുകയാൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപത്തു കൊണ്ടുവരപ്പെട്ടിരിക്കുന്നു.

    14-15 ക്രിസ്തുതന്നെ നമ്മുടെ സമാധാനം; അവിടന്ന് ക്രൂശിൽ സ്വന്തം ശരീരം അർപ്പിച്ചുകൊണ്ട് ആജ്ഞകളും അനുഷ്ഠാനങ്ങളും ആകുന്ന ന്യായപ്രമാണം റദ്ദാക്കി യെഹൂദരെയും യെഹൂദേതരരെയും അകറ്റിനിർത്തിയിരുന്ന ശത്രുതയുടെ വന്മതിലിനെ തകർത്ത് അവരെ ഒന്നാക്കിമാറ്റി; ഇങ്ങനെ ക്രിസ്തുവിൽ ഒരു പുതിയ ജനതയാക്കി അവരെ സൃഷ്ടിച്ച് സമാധാനം വരുത്തി. 16 ക്രൂശിലെ മരണത്താൽ ഇരുകൂട്ടരെയും ഒരു ശരീരമാക്കി ദൈവത്തോട് അനുരഞ്ജിപ്പിച്ച് അവരുടെ ശത്രുത ഇല്ലായ്മചെയ്തു.

  25. 9 പ്രിയരേ, ഞങ്ങൾ ഇങ്ങനെയൊക്കെ സംസാരിക്കുന്നെങ്കിലും നിങ്ങളിലുള്ള നന്മകളെക്കുറിച്ചും നിങ്ങളുടെ രക്ഷയെ സംബന്ധിച്ചും ഞങ്ങൾക്ക് പൂർണനിശ്ചയമുണ്ട്. 10 ദൈവത്തിന് അനീതി ലവലേശമില്ല, ദൈവനാമത്തോടു നിങ്ങൾ പ്രകടിപ്പിച്ച സ്നേഹവും നിങ്ങൾ വിശുദ്ധർക്കുവേണ്ടി മുമ്പേ ചെയ്തതും ഇപ്പോൾ ചെയ്യുന്നതുമായ സേവനങ്ങളും അവിടന്ന് വിസ്മരിക്കില്ല. 11 നിങ്ങൾ ഓരോരുത്തർക്കും പ്രത്യാശയെക്കുറിച്ചുള്ള പരിപൂർണനിശ്ചയം ഉണ്ടാകേണ്ടതിന് അവസാനംവരെ ഇതേ ശുഷ്കാന്തി പ്രകടമാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. 12 നിങ്ങൾ അലസരാകരുത്, മറിച്ച് വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദാനങ്ങൾക്ക് അവകാശികളായവരെ അനുകരിക്കുന്നവരാകുക.

  26. 7 ഇസ്രായേലേ, നിന്റെ പ്രത്യാശ യഹോവയിൽ അർപ്പിക്കുക,

    കാരണം യഹോവയുടെ അടുക്കൽ അചഞ്ചലസ്നേഹവും

    സമ്പൂർണ വീണ്ടെടുപ്പും ഉണ്ടല്ലോ.

    8 ഇസ്രായേലിനെ അവരുടെ സകലപാപങ്ങളിൽനിന്നും

    അവിടന്നുതന്നെ വീണ്ടെടുക്കും.

  27. 24 യഹോവയിൽ പ്രത്യാശ അർപ്പിക്കുന്ന എല്ലാവരുമേ,

    ശക്തരായിരിക്കുക, സുധീരരായിരിക്കുക.

  28. 3 നിങ്ങളുടെ ആശ്രയം പ്രഭുക്കന്മാരിലും

    രക്ഷിക്കാൻ കഴിയാത്ത മനുഷ്യരിലും ആകരുത്.

    4 അവരുടെ ആത്മാവ് വേർപെടുമ്പോൾ, അവർ മണ്ണിലേക്കുതന്നെ തിരികെച്ചേരുന്നു;

    അന്നുതന്നെ അവരുടെ പദ്ധതികളും മണ്ണടിയുന്നു.

  29. 6 ന്യായാധിപസമിതിയിൽ, ചിലർ സദൂക്യരും മറ്റുള്ളവർ പരീശന്മാരും ആണെന്ന് മനസ്സിലാക്കിയിട്ട് പൗലോസ്, “എന്റെ സഹോദരന്മാരേ, ഞാനൊരു പരീശനും പരീശന്റെ മകനുമാണ്. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചുള്ള എന്റെ പ്രത്യാശനിമിത്തമാണ് ഞാനിപ്പോൾ വിസ്തരിക്കപ്പെടുന്നത്” എന്നു വിളിച്ചുപറഞ്ഞു.

  30. 19 നമുക്കു ക്രിസ്തുവിലുള്ള പ്രത്യാശ ഈ ജീവിതത്തെക്കുറിച്ചുമാത്രമെങ്കിൽ നാം സകലമനുഷ്യരിലും ശോചനീയരാണ്.

  31. 11 ചതുപ്പുനിലങ്ങളിൽ അല്ലാതെ ഞാങ്ങണ തഴച്ചുവളരുമോ?

    വെള്ളമില്ലാതെ ഓടക്കാട് തഴയ്ക്കുമോ?

    12 അരിയാതെ പച്ചയായിരിക്കുമ്പോൾതന്നെ

    പുല്ലു വാടുന്നതിലും വേഗത്തിൽ അവർ വാടിപ്പോകുന്നു.

    13 ദൈവത്തെ മറക്കുന്നവരുടെ അന്ത്യം അപ്രകാരമാണ്;

    അങ്ങനെ അഭക്തരുടെ പ്രത്യാശ നശിച്ചുപോകും.

    14 അവരുടെ ആത്മവിശ്വാസം ക്ഷണഭംഗുരം.

    അവരുടെ ആശ്രയം ഒരു ചിലന്തിവലയിലാണ്.

    15 അതിന്റെ വലക്കണ്ണികളിൽ അവർ ചാരുന്നു, എന്നാൽ അതു വഴുതിമാറുന്നു;

    അവർ അതിൽ മുറുകെപ്പിടിക്കുന്നു, എന്നാൽ അത് അവരെ താങ്ങുകയില്ല.

  32. 10 ഈ ലക്ഷ്യപ്രാപ്തിക്കുവേണ്ടിയാണ് നാം പരിശ്രമിക്കുകയും പോരാടുകയുംചെയ്യുന്നത്. എല്ലാ മനുഷ്യരുടെയും, വിശിഷ്യ വിശ്വാസികളുടെയും, രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ നാം പ്രത്യാശ അർപ്പിച്ചിരിക്കുന്നു.

  33. 18 ദുർബലവും നിഷ്‌പ്രയോജനവുമായ പഴയ കൽപ്പന നീക്കംചെയ്യപ്പെട്ടിരിക്കുന്നു. 19 പകരം, ദൈവത്തോട് അടുക്കാൻ നമ്മെ സഹായിക്കുന്ന ശ്രേഷ്ഠതരമായ ഒരു പ്രത്യാശ സ്ഥാപിക്കപ്പെടുന്നു. കാരണം, ന്യായപ്രമാണം ഒന്നിനും പരിപൂർണത നൽകുന്നില്ല.

    20 മറ്റുള്ളവർ ശപഥംകൂടാതെ പുരോഹിതന്മാരായിത്തീർന്നു. എന്നാൽ ഈ പൗരോഹിത്യം ഉറപ്പിക്കപ്പെട്ടത് ശപഥംകൂടാതെയല്ല!

    21 “ ‘അങ്ങ് എന്നെന്നേക്കും ഒരു പുരോഹിതൻ’

    എന്നു കർത്താവ് സത്യം ചെയ്തിരിക്കുന്നു;

    അതിനു മാറ്റമില്ല,”

    എന്നു ദൈവം നൽകിയ ശപഥത്തിന്റെ അടിസ്ഥാനത്തിലാണ് പുരോഹിതൻ ആയിരിക്കുന്നത്. 22 ഈ പ്രതിജ്ഞ നിമിത്തം യേശു ഏറെ ശ്രേഷ്ഠമായ ഉടമ്പടി ഉറപ്പാക്കുന്നു.

  34. 13 ആകയാൽ നിങ്ങൾ അചഞ്ചലചിത്തരായി, പൂർണസുബോധത്തോടെ, യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന കൃപയിൽ നിങ്ങളുടെ പ്രത്യാശ ഉറപ്പിക്കുക. 14 നിങ്ങൾ അജ്ഞതയിൽ ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന ദുഷ്ടമോഹങ്ങൾക്ക് അനുരൂപമാകാതെ നിങ്ങൾ അനുസരണയുള്ള മക്കളായിത്തീരുക.

  35. 7 “എന്നാൽ കർത്താവേ, ഞാനിപ്പോൾ എന്തിനായി കാത്തിരിക്കുന്നു?

    എന്റെ പ്രത്യാശ അങ്ങയിലാകുന്നു.

  36. 14 എന്നാൽ ഞാൻ എപ്പോഴും അങ്ങയിൽ പ്രതീക്ഷ അർപ്പിക്കും;

    ഞാൻ അങ്ങയെ മേൽക്കുമേൽ സ്തോത്രംചെയ്യും.

  37. 17 ഈ ലോകത്തിലെ ധനികരോട്, ധാർഷ്ട്യം പ്രകടിപ്പിക്കാതെയും അസ്ഥിരമായ ലൗകികസമ്പത്തിൽ തങ്ങളുടെ പ്രത്യാശവെക്കാതെയും നമ്മുടെ ആസ്വാദനത്തിന് ഉതകുന്നതെല്ലാം സമൃദ്ധമായി പ്രദാനംചെയ്യുന്ന ദൈവത്തിൽത്തന്നെ പ്രത്യാശ അർപ്പിക്കണമെന്ന് നീ ആജ്ഞാപിക്കുക. 18 അവരോട് നന്മ ചെയ്യാനും സുകൃതങ്ങളിൽ സമ്പന്നരാകാനും തങ്ങൾക്കുള്ളത് ഔദാര്യത്തോടെ പങ്കുവെക്കാൻ സന്നദ്ധത കാണിക്കാനും ഉദ്ബോധിപ്പിക്കുക. 19 ഇപ്രകാരം, ഭാവികാലത്തിൽ യഥാർഥജീവനാകുന്ന ജീവൻ മുറുകെപ്പിടിക്കുന്നതിനുവേണ്ടി തങ്ങളുടെ നിക്ഷേപങ്ങൾകൊണ്ട് ഭദ്രമായ ഒരു അടിസ്ഥാനം പണിയട്ടെ.

  38. 11 തന്നെ ഭയപ്പെടുന്നവരിൽ യഹോവയ്ക്ക് പ്രസാദമുണ്ടാകുന്നു,

    അവിടത്തെ അചഞ്ചലസ്നേഹത്തിൽ പ്രത്യാശയർപ്പിക്കുന്നവരുടെമേലും.

  39. 12 സഫലമാകാൻ വൈകുന്ന പ്രതീക്ഷകൾ ഹൃദയത്തെ രോഗാതുരമാക്കുന്നു,

    എന്നാൽ ചിരകാലാഭിലാഷത്തിന്റെ പൂർത്തീകരണം ജീവന്റെ വൃക്ഷമാണ്.

  40. 5 കർത്താവായ യഹോവേ, അങ്ങാണ് എന്റെ പ്രത്യാശ,

    എന്റെ യൗവനംമുതൽ അവിടന്നാണെന്റെ ആശ്രയം.

  41. 17 നിന്റെ ഹൃദയം പാപികളെക്കുറിച്ച് അസൂയപ്പെടരുത്,

    എന്നാൽ യഹോവയോടുള്ള ഭക്തിയിൽ അത്യുത്സാഹിയായിരിക്കുക.

    18 നിനക്ക് ഭാവിയെക്കുറിച്ച് ഒരു പ്രത്യാശയുണ്ട്, നിശ്ചയം,

    നിന്റെ പ്രത്യാശ അറ്റുപോകുകയില്ല.

  42. 20 ലോകാരംഭത്തിനു മുമ്പുതന്നെ നിങ്ങളുടെ വീണ്ടെടുപ്പുവിലയാകാൻ ദൈവം ക്രിസ്തുവിനെ തെരഞ്ഞെടുത്തിരുന്നു. എങ്കിലും ഈ അന്തിമദിനങ്ങളിലാണ് ദൈവം ക്രിസ്തുവിനെ നിങ്ങൾക്കുവേണ്ടി പ്രത്യക്ഷനാക്കിയത്. 21 ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുകയും തേജസ്കരിക്കുകയുംചെയ്ത ദൈവത്തിൽ, ക്രിസ്തു മുഖാന്തരം നിങ്ങൾ വിശ്വസിക്കുന്നു. അങ്ങനെ നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ ആയിരിക്കുകയും ചെയ്യുന്നു.

  43. 18 എന്നാൽ ദരിദ്രർ എക്കാലവും വിസ്മരിക്കപ്പെടുകയില്ല;

    പീഡിതരുടെ പ്രത്യാശ എന്നേക്കും നശിച്ചുപോകുകയില്ല.

  44. 9 അതുകൊണ്ട് എന്റെ ഹൃദയം ആനന്ദിക്കുന്നു, എന്റെ നാവ് ആഹ്ലാദിക്കുന്നു;

    എന്റെ ശരീരവും സുരക്ഷിതമായി വിശ്രമിക്കും,

    10 എന്റെ പ്രാണനെ അവിടന്ന് പാതാളത്തിൽ ഉപേക്ഷിക്കുകയില്ല,

    അവിടത്തെ പരിശുദ്ധനെ ജീർണത കാണാൻ അനുവദിക്കുകയുമില്ല.

  45. 2 എന്റെ ദൈവമേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു;

    എന്നെ ലജ്ജയിലേക്കു തള്ളിയിടരുതേ,

    എന്റെ ശത്രുക്കൾ എന്റെമേൽ ജയഘോഷം മുഴക്കാൻ അനുവദിക്കരുതേ.

    3 അങ്ങയിൽ പ്രത്യാശവെച്ചിരിക്കുന്നവരാരും

    ഒരിക്കലും ലജ്ജിച്ചുപോകുകയില്ല,

    എന്നാൽ അകാരണമായി വഞ്ചിക്കുന്നവർ

    ലജ്ജിതരായിത്തീരട്ടെ.

  46. 11 എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു?

    നീ അന്തരംഗത്തിൽ എന്തിന് അസ്വസ്ഥനായിക്കഴിയുന്നു?

    ദൈവത്തിൽ പ്രത്യാശയർപ്പിക്കുക,

    എന്റെ രക്ഷകനും എന്റെ ദൈവവുമേ,

    ഞാൻ ഇനിയും അവിടത്തെ വാഴ്ത്തും.

  47. 5 എന്റെ ആത്മാവേ, ദൈവത്തിൽമാത്രം വിശ്രമം കണ്ടെത്തുക;

    അങ്ങയിലാണ് എന്റെ പ്രത്യാശ.

  48. 5 ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു, എന്റെ ആത്മാവ് അങ്ങേക്കായി കാത്തിരിക്കുന്നു,

    അവിടത്തെ വചനത്തിൽ ഞാൻ പ്രത്യാശയർപ്പിക്കുന്നു.

  49. 4 ജീവിച്ചിരിക്കുന്നവർക്കുമാത്രമാണ് പ്രത്യാശയുള്ളത്—ചത്ത സിംഹത്തെക്കാൾ എത്രയോ ഭേദമാണ് ജീവനുള്ള ഒരു നായ!

    5 ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്ന് അറിയുന്നു,

    എന്നാൽ മരിച്ചവർ ഒന്നും അറിയുന്നില്ല.

    അവർക്കു കൂടുതലായി പ്രതിഫലവും ഇല്ല,

    അവരുടെ ഓർമപോലും വിസ്മൃതിയിലാണ്ടുപോകും.

    6 അതോടെതന്നെ അവരുടെ സ്നേഹവും വിദ്വേഷവും

    അവരുടെ അസൂയയും അവരോടൊപ്പം ഇല്ലാതായിരിക്കുന്നു.

    സൂര്യനുകീഴിൽ സംഭവിക്കുന്ന ഒന്നിലും

    പിന്നീടവർക്കു യാതൊരു പങ്കും ഉണ്ടാകുകയില്ല.

  50. 16 യഹോവ സീയോനിൽനിന്ന് ഗർജിക്കും

    ജെറുശലേമിൽനിന്ന് ഇടിമുഴക്കും;

    ഭൂമിയും ആകാശവും വിറയ്ക്കും.

    എന്നാൽ യഹോവ തന്റെ ജനത്തിന് ഒരു സങ്കേതവും

    ഇസ്രായേലിന് ഒരു കോട്ടയുമായിരിക്കും.

  51. 26 അതുകൊണ്ട് എന്റെ ഹൃദയം ആനന്ദിക്കുന്നു, എന്റെ നാവ് ആഹ്ലാദിക്കുന്നു;

    എന്റെ ശരീരവും പ്രത്യാശയിൽ നിവസിക്കും.

    27 എന്റെ പ്രാണനെ അവിടന്ന് പാതാളത്തിൽ ഉപേക്ഷിക്കുകയില്ല;

    അവിടത്തെ പരിശുദ്ധനെ ജീർണത കാണാൻ അങ്ങ് അനുവദിക്കുകയുമില്ല.

  52. 13 അങ്ങനെ നിങ്ങളും ക്രിസ്തുവിൽ—സത്യവചനം, അതായത്, നിങ്ങളെ രക്ഷിക്കുന്ന സുവിശേഷം, കേൾക്കുകയും ക്രിസ്തുവിൽ വിശ്വസിക്കുകയുംചെയ്ത നിങ്ങൾ—വാഗ്ദാനത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിടപ്പെട്ടിരിക്കുന്നു. 14 അവിടത്തെ മഹത്ത്വത്തിന്റെ പുകഴ്ചയ്കായിട്ട്, ദൈവത്തിന്റെ വകയായ നാം അവകാശമാക്കുന്ന വീണ്ടെടുപ്പിന്റെ ആദ്യഗഡുവാണ് ഈ ആത്മാവ്.

  53. 18 അപ്പോൾ പ്രത്യാശ അവശേഷിക്കുന്നതിനാൽ നീ സുരക്ഷിതനായിരിക്കും;

    നീ ചുറ്റും നോക്കും, നിർഭയനായി വിശ്രമിക്കും.

    19 നീ വിശ്രമിക്കും, ആരും നിന്നെ അസ്വസ്ഥനാക്കുകയില്ല,

    പലരും നിന്റെ ഔദാര്യത്തിന്റെ ആനുകൂല്യം പ്രതീക്ഷിച്ചുവരും.

  54. 8 അഭക്തർ ഛേദിക്കപ്പെടുകയും

    ദൈവം അവരുടെ ജീവൻ എടുത്തുകളകയും ചെയ്യുമ്പോൾ അവർക്കുള്ള പ്രത്യാശയെന്ത്?

  55. 24 “ഞാൻ സ്വർണത്തിൽ ആശ്രയിക്കുകയോ

    ‘നീയാണ് എന്റെ ഭദ്രത,’ എന്നു ശുദ്ധസ്വർണത്തോടു പറയുകയോ ചെയ്തിരുന്നെങ്കിൽ,

    25 എന്റെ വൻപിച്ച സമ്പത്തിൽ ഞാൻ ആനന്ദിച്ചിരുന്നെങ്കിൽ,

    എന്റെ കൈകൾ നേടിയ ബഹുസമ്പത്തിൽത്തന്നെ,

    26 കത്തിജ്വലിച്ചു സൂര്യൻ നിൽക്കുന്നതോ

    പ്രഭ പരത്തി ചന്ദ്രൻ അതിന്റെ ഭ്രമണപഥത്തിൽ നീങ്ങുന്നതോ കണ്ടിട്ട്,

    27 എന്റെ ഹൃദയം ഗൂഢമായി വശീകരിക്കപ്പെടുകയും

    എന്റെ കൈകൾ ആദരചുംബനം അർപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ,

    28 അതും ശിക്ഷിക്കപ്പെടേണ്ട ഒരു പാപമായിത്തീരുമായിരുന്നു,

    കാരണം, ഉന്നതനായ ദൈവത്തെ ഞാൻ നിഷേധിക്കുകയാണല്ലോ ചെയ്തത്.

  56. 19 എന്റെ ശത്രുക്കൾ എത്ര അസംഖ്യമെന്ന് നോക്കണമേ

    അവരെന്നെ എത്ര കഠിനമായി വെറുക്കുന്നു!

    20 എന്റെ ജീവനെ കാത്ത് എന്നെ മോചിപ്പിക്കണമേ;

    എന്നെ ലജ്ജയിലേക്കു തള്ളിയിടരുതേ,

    കാരണം അങ്ങയിൽ ഞാൻ അഭയംതേടുന്നു.

    21 പരമാർഥതയും നീതിനിഷ്ഠയും എന്നെ കാത്തുസംരക്ഷിക്കട്ടെ,

    കാരണം യഹോവേ, എന്റെ പ്രത്യാശ അങ്ങയിൽ ആകുന്നല്ലോ.

  57. 16 അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടുന്നില്ല. ഞങ്ങളുടെ ബാഹ്യമനുഷ്യൻ (ശരീരം) ക്ഷയിച്ചുകൊണ്ടിരിക്കുന്നെങ്കിലും ആന്തരികമനുഷ്യൻ (ആത്മാവ്) അനുദിനം നവീകരിക്കപ്പെടുന്നു. 17 ലഘുവും ക്ഷണികവുമായ ഞങ്ങളുടെ കഷ്ടതകൾ, അത്യന്തം ഘനമേറിയ നിത്യതേജസ്സ് ഞങ്ങൾക്കു നേടിത്തരുന്നു. 18 അതുകൊണ്ട്, ദൃശ്യമായതിനെ അല്ല, അദൃശ്യമായതിനെ ഞങ്ങൾ കാത്തുകൊണ്ടിരിക്കുന്നു. ദൃശ്യമായത് താൽക്കാലികം, അദൃശ്യമായതോ നിത്യം.

  58. 18 എങ്ങനെ ആയാലെന്ത്? സദുദ്ദേശ്യത്തോടെയോ ദുരുദ്ദേശ്യത്തോടെയോ എങ്ങനെ ആയിരുന്നാലും ക്രിസ്തുവിനെയാണല്ലോ പ്രസംഗിക്കുന്നത്; അതിൽ ഞാൻ ആനന്ദിക്കുന്നു.

    അതേ, ഞാൻ ആനന്ദിച്ചുകൊണ്ടേയിരിക്കും, 19 കാരണം നിങ്ങളുടെ പ്രാർഥനയാലും യേശുക്രിസ്തുവിന്റെ ആത്മാവിന്റെ സഹായത്താലും ഞാൻ വിമോചിതനാകുമെന്ന് എനിക്കുറപ്പുണ്ട്. 20 എനിക്കൊരിക്കലും ലജ്ജിക്കാൻ ഇടയാകുകയില്ലെന്നും ജീവിതത്താലാകട്ടെ, മരണത്താലാകട്ടെ, ക്രിസ്തു എന്റെ ശരീരത്തിൽ എക്കാലവുമെന്നപോലെ ഇപ്പോഴും മഹത്ത്വപ്പെടുമെന്നും ഞാൻ സധൈര്യം അഭിവാഞ്ഛിക്കുകയും പ്രത്യാശിക്കയുംചെയ്യുന്നു.

  59. 15 അവിടന്ന് ദരിദ്രരെ സൂത്രശാലികളുടെ മൂർച്ചയേറിയ വാക്കുകളിൽനിന്നും

    ബലവാന്മാരുടെ കൈയിൽനിന്നും സംരക്ഷിക്കുന്നു.

    16 അതിനാൽ ദരിദ്രർക്കു പ്രത്യാശയുണ്ട്;

    അനീതിയോ, അതിന്റെ വായ് പൊത്തുന്നു.

  60. 13 ഞാൻ കാത്തിരിക്കുന്ന ഭവനം ശ്മശാനംമാത്രമാണെങ്കിൽ,

    അന്ധകാരത്തിലാണ് ഞാൻ എന്റെ കിടക്ക വിരിക്കുന്നതെങ്കിൽ,

    14 ശവക്കുഴിയോട്, ‘നീ എന്റെ പിതാവ്’ എന്നും

    പുഴുവിനോട്, ‘നീ എന്റെ മാതാവോ സഹോദരിയോ’ എന്നും ഞാൻ പറയുന്നെങ്കിൽ,

    15 എന്റെ പ്രത്യാശ എവിടെ?

    എന്നിൽ ആശിക്കാൻ എന്തെങ്കിലും അവശേഷിക്കുന്നു എന്ന് ആർക്കു കാണാൻ കഴിയും?

  61. 5 എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു?

    നീ അന്തരംഗത്തിൽ എന്തിന് അസ്വസ്ഥനായിക്കഴിയുന്നു?

    ദൈവത്തിൽ പ്രത്യാശയർപ്പിക്കുക,

    എന്റെ രക്ഷകനും എന്റെ ദൈവവുമേ,

    ഞാൻ ഇനിയും അവിടത്തെ വാഴ്ത്തും.

  62. 11 കാരണം യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു;

    യഹോവ കൃപയും മഹത്ത്വവും നൽകുന്നു;

    നിഷ്കളങ്കതയോടെ ജീവിക്കുന്നവർക്ക്

    അവിടന്ന് ഒരു നന്മയും മുടക്കുകയില്ല.

  63. 4 ഭൂമിയിൽ ന്യായം സ്ഥാപിക്കുന്നതുവരെ

    അവന്റെ കാലിടറുകയോ നിരാശപ്പെടുകയോ ഇല്ല.

    അവന്റെ നിയമത്തിനായി ദ്വീപുകൾ കാത്തിരിക്കും.”

  64. 13 ഇസ്രായേലിന്റെ പ്രത്യാശയായ യഹോവേ,

    അങ്ങയെ ഉപേക്ഷിച്ചുപോകുന്ന എല്ലാവരും ലജ്ജിതരാകും.

    അങ്ങയെ വിട്ടുപോകുന്നവരെല്ലാം മണ്ണിൽ എഴുതപ്പെടും

    കാരണം, ജീവജലത്തിന്റെ ഉറവയായ യഹോവയെ

    അവർ ഉപേക്ഷിച്ചുകളഞ്ഞല്ലോ.

  65. 18 അതുകൊണ്ട്, “എന്റെ മഹത്ത്വവും യഹോവയിൽനിന്ന്

    ഞാൻ പ്രത്യാശിച്ചതെല്ലാംതന്നെ പൊയ്പ്പോയിരിക്കുന്നു,” എന്നു ഞാൻ പറയുന്നു.

  66. 21 എങ്കിലും ഞാൻ ഇത് ഓർക്കും

    അതുകൊണ്ട് എനിക്ക് പ്രത്യാശയുണ്ട്:

    22 യഹോവയുടെ മഹാസ്നേഹംനിമിത്തം ഞാൻ നശിപ്പിക്കപ്പെട്ടില്ല

    അവിടത്തെ കരുണകൾ തീർന്നുപോകുന്നില്ല.

    23 അവ പ്രഭാതംതോറും പുതിയതാകുന്നു;

    അവിടത്തെ വിശ്വസ്തത വലിയതുമാകുന്നു.

  67. 7 എന്നാൽ, ഞാൻ യഹോവയെ പ്രത്യാശയോടെ നോക്കിക്കൊണ്ടിരിക്കും,

    എന്റെ രക്ഷകനായ ദൈവത്തിനായി ഞാൻ കാത്തിരിക്കും,

    എന്റെ ദൈവം എന്റെ പ്രാർഥന കേൾക്കും.

  68. 21 അവന്റെ നാമത്തിൽ യെഹൂദേതരർ പ്രത്യാശ അർപ്പിക്കും.”

  69. 1 പിന്നീട് “ഞാൻ ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും” കണ്ടു. ആദ്യത്തെ ആകാശവും ഭൂമിയും നീങ്ങിപ്പോയി. ഇനിമേൽ സമുദ്രം ഇല്ല. 2 മണവാളനുവേണ്ടി അണിയിച്ചൊരുക്കപ്പെട്ട മണവാട്ടിയെപ്പോലെ പുതിയ ജെറുശലേം എന്ന വിശുദ്ധനഗരം സ്വർഗത്തിൽനിന്ന്, അതേ ദൈവത്തിൽനിന്നുതന്നെ ഇറങ്ങിവരുന്നതു ഞാൻ കണ്ടു. 3 അപ്പോൾ സിംഹാസനത്തിൽനിന്ന് അത്യുച്ചത്തിലുള്ള ഒരു ശബ്ദം ഞാൻ കേട്ടു: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ തിരുനിവാസം; അവിടന്ന് അവരുടെ ഇടയിൽ വസിക്കും. അവർ അവിടത്തെ സ്വന്തം ജനമായിരിക്കും. ദൈവംതന്നെ അവരോടുകൂടെയിരുന്ന് അവരുടെ സ്വന്തം ദൈവമായിരിക്കുകയും ചെയ്യും. 4 അവിടന്ന് അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും; ഇനിമേലാൽ മരണമോ വിലാപമോ രോദനമോ വേദനയോ ഉണ്ടാകില്ല; പഴയതെല്ലാം നീങ്ങിപ്പോയല്ലോ!”

    5 സിംഹാസനസ്ഥൻ എന്നോടു പറഞ്ഞത്: “ഇതാ, ഞാൻ സകലത്തെയും പുതിയതാക്കുന്നു.” അവിടന്ന് എന്നോടു തുടർന്ന് കൽപ്പിച്ചത്, “ഈ വചനങ്ങൾ വിശ്വസനീയവും സത്യസന്ധവുമാകുകയാൽ ഇവ എഴുതുക.”