58 Bible Verses About Power

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Power
  1. 11 പിന്നീട്, സ്വർഗം തുറക്കപ്പെട്ടിരിക്കുന്നതു ഞാൻ കണ്ടു. ഇതാ, ഒരു വെള്ളക്കുതിര! അതിന്റെ പുറത്തിരിക്കുന്നയാൾ വിശ്വസ്തൻ എന്നും സത്യവാൻ എന്നും വിളിക്കപ്പെടുന്നു. അദ്ദേഹം ന്യായംവിധിക്കുന്നതും അടരാടുന്നതും നീതിയോടെയായിരിക്കും. 12 അദ്ദേഹത്തിന്റെ കണ്ണുകൾ അഗ്നിജ്വാലയ്ക്കു സമാനമായിരുന്നു. ശിരസ്സിൽ അനേകം കിരീടങ്ങളും ധരിച്ചിരുന്നു; മറ്റാർക്കും അറിയാൻ കഴിയാത്ത എഴുതപ്പെട്ട ഒരു നാമം അദ്ദേഹത്തിനുണ്ട്. 13 രക്തത്തിൽ മുക്കിയെടുത്ത ഒരു വസ്ത്രം അദ്ദേഹം ധരിച്ചിരിക്കുന്നു; ദൈവവചനം എന്നാകുന്നു അദ്ദേഹത്തിന്റെ നാമധേയം. 14 ശുദ്ധവും ശുഭ്രവും ഉജ്ജ്വലവുമായ വസ്ത്രം ധരിച്ച സ്വർഗീയസൈന്യങ്ങൾ വെള്ളക്കുതിരകളിന്മേൽ അദ്ദേഹത്തെ അനുഗമിച്ചു. 15 ജനതകളെ വെട്ടിവീഴ്ത്താൻവേണ്ടി മൂർച്ചയേറിയ ഒരു വാൾ അദ്ദേഹത്തിന്റെ വായിൽനിന്നു പുറപ്പെടുന്നു. “ഇരുമ്പു ചെങ്കോൽകൊണ്ട് അദ്ദേഹം അവരെ ഭരിക്കും.” സർവശക്തനായ ദൈവത്തിന്റെ ഉഗ്രക്രോധം എന്ന മുന്തിരിച്ചക്ക് അദ്ദേഹം ചവിട്ടിമെതിക്കുന്നു.

    16 രാജാധിരാജാവ്, കർത്താധികർത്താവ്,

    എന്ന നാമം അദ്ദേഹത്തിന്റെ വസ്ത്രത്തിന്മേലും തുടയിന്മേലും ആലേഖനംചെയ്തിരിക്കുന്നു.

  2. 17 ക്രിസ്തു എന്നെ അയച്ചിരിക്കുന്നതു സ്നാനം നൽകുന്നതിനല്ല; പിന്നെയോ, സുവിശേഷം ഘോഷിക്കുന്നതിനാണ്. അത് എന്റെ ജ്ഞാനത്തിന്റെ വാഗ്‍വിലാസത്താൽ ക്രിസ്തുവിന്റെ ക്രൂശിന്റെ ശക്തി പ്രയോജനരഹിതമാകാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് ഞാൻ നിർവഹിക്കുന്നത്.

    18 ക്രൂശിന്റെ വചനം നാശത്തിലേക്കു പോകുന്നവർക്ക് ഭോഷത്തമായി തോന്നാം, എന്നാൽ, രക്ഷിക്കപ്പെടുന്ന നമുക്ക് അതു ദൈവത്തിന്റെ ശക്തി ആണ്.

    19 “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കും;

    ബുദ്ധിമാന്മാരുടെ ബുദ്ധിയും ഞാൻ നിഷ്ഫലമാക്കും,”

    എന്ന് എഴുതിയിരിക്കുന്നല്ലോ.

    20 ജ്ഞാനി എവിടെ? പണ്ഡിതൻ എവിടെ? ഈ ലോകത്തിലെ തത്ത്വജ്ഞാനി എവിടെ? ലോകത്തിന്റെ ജ്ഞാനത്തെ ദൈവം ഭോഷത്തമാക്കിയില്ലേ? 21 ലോകം അതിന്റെ ജ്ഞാനത്തിൽ ദൈവത്തെ അറിഞ്ഞില്ല; അതുകൊണ്ട് ദൈവത്തിന്റെ ജ്ഞാനത്താൽ, വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്തംമുഖേന രക്ഷിക്കാൻ അവിടത്തേക്കു പ്രസാദം തോന്നി. 22 ഇത് അത്ഭുതചിഹ്നങ്ങൾ ആവശ്യപ്പെടുന്ന യെഹൂദർക്കും ജ്ഞാനം അന്വേഷിക്കുന്ന ഗ്രീക്കുകാർക്കും ഭോഷത്തമായി തോന്നുന്നു. 23 എന്നാൽ ഞങ്ങൾ പ്രസംഗിക്കുന്നത് ക്രൂശിതനായ ക്രിസ്തുവിനെയാണ്; അത് യെഹൂദർക്ക് ഇടർച്ചയും യെഹൂദേതരർക്കു ഭോഷത്തവും ആയി തോന്നുന്നു. 24 അങ്ങനെ, രക്ഷിക്കാനായി ദൈവം വിളിച്ച എല്ലാവർക്കും—യെഹൂദർക്കും യെഹൂദേതരർക്കും —ക്രിസ്തു ദൈവശക്തിയും ദൈവജ്ഞാനവും ആകുന്നു. 25 ദൈവത്തിന്റെ ഭോഷത്തം മനുഷ്യന്റെ ജ്ഞാനത്തെക്കാൾ വിവേകമുള്ളതും ദൈവത്തിന്റെ ബലഹീനത മനുഷ്യന്റെ ബലത്തെക്കാൾ ശക്തവുമാണ്.

    26 സഹോദരങ്ങളേ, നിങ്ങളെ വിളിച്ചപ്പോഴുള്ള നിങ്ങളുടെ സ്ഥിതിയെപ്പറ്റി ചിന്തിക്കുക. മാനുഷികമാനദണ്ഡമനുസരിച്ചു നിങ്ങളിൽ മിക്കവരും വിവേകശാലികളായിരുന്നില്ല; സമൂഹത്തിൽ സ്വാധീനമുള്ളവരോ കുലീനരോ ആയിരുന്നതുമില്ല. 27 എന്നാൽ ജ്ഞാനികളെ ലജ്ജിപ്പിക്കാൻ ദൈവം ലോകത്തിൽ ഭോഷത്തമായവ തെരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാൻ ദൈവം ബലഹീനമായവ തെരഞ്ഞെടുത്തു. 28 മഹത്തായതെന്നു ലോകം പരിഗണിക്കുന്നതിനെ നിസ്സാരമാക്കാൻ ഈ ലോകത്തിലെ ഹീനവും നിന്ദിതവുമായ കാര്യങ്ങളെ, ഒന്നുമല്ലാത്തവയെത്തന്നെ, ദൈവം തെരഞ്ഞെടുത്തു; 29 അവിടത്തെ സന്നിധിയിൽ ആരും പ്രശംസിക്കാതിരിക്കേണ്ടതിനുതന്നെ.

  3. 28 നിനക്ക് അറിഞ്ഞുകൂടേ?

    നീ കേട്ടിട്ടില്ലേ?

    യഹോവ നിത്യനായ ദൈവം ആകുന്നു,

    അവിടന്നാണ് ഭൂമിയുടെ അറുതികളെല്ലാം സൃഷ്ടിച്ചത്.

    അവിടന്നു ക്ഷീണിക്കുന്നില്ല, തളരുന്നതുമില്ല;

    അവിടത്തെ വിവേകം അപ്രമേയംതന്നെ.

    29 അവിടന്നു ക്ഷീണിതർക്കു ശക്തിനൽകുന്നു,

    ബലം കുറഞ്ഞവരുടെ ബലം വർധിപ്പിക്കുന്നു.

    30 യുവാക്കൾപോലും ക്ഷീണിച്ചു തളർന്നുപോകുന്നു,

    ചെറുപ്പക്കാർ കാലിടറി നിലംപൊത്തുന്നു;

    31 എങ്കിലും യഹോവയ്ക്കായി കാത്തിരിക്കുന്നവർ

    അവരുടെ ശക്തി പുതുക്കും.

    അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും;

    അവർ ഓടും, ക്ഷീണിക്കുകയില്ല,

    അവർ നടക്കും, തളർന്നുപോകുകയുമില്ല.

  4. 16 ഞാനും എന്റെ പ്രാർഥനയിൽ നിങ്ങളെ സ്മരിച്ചുകൊണ്ടു നിങ്ങൾക്കുവേണ്ടി എപ്പോഴും സ്തോത്രംചെയ്തുകൊണ്ടിരിക്കുന്നു. 17 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവം, തേജോമയനായ പിതാവ്, അവിടത്തെ സുവ്യക്തമായി മനസ്സിലാക്കാൻ നിങ്ങൾക്കു ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ നൽകട്ടെ എന്നു ഞാൻ എപ്പോഴും പ്രാർഥിക്കുന്നു. 18 മാത്രവുമല്ല, നിങ്ങളുടെ ഹൃദയം പ്രകാശപൂരിതമായിത്തീർന്നിട്ട് അവിടന്ന് നിങ്ങളെ വിളിച്ചിരിക്കുന്ന പ്രത്യാശയും അവിടത്തെ വിശുദ്ധർക്കു ലഭിക്കാനിരിക്കുന്ന തേജോമയമായ അവകാശത്തിന്റെ സമൃദ്ധിയും 19 വിശ്വസിക്കുന്നവരായ നമുക്കുവേണ്ടിയുള്ള അവിടത്തെ അതുല്യമായ ശക്തിയും നിങ്ങൾ അറിയേണമെന്നും ഞാൻ പ്രാർഥിക്കുന്നു. 20-21 ഈ ശക്തിതന്നെയാണ്, ക്രിസ്തുവിനെ മരിച്ചവരിൽനിന്നുയിർപ്പിച്ച് എല്ലാ ഭരണത്തിനും അധികാരത്തിനും ശക്തിക്കും കർത്തൃത്വത്തിനും മീതേ സ്വർഗത്തിൽ തന്റെ വലതുഭാഗത്ത്, ഈ യുഗത്തിൽമാത്രമല്ല, വരാനുള്ളതിലും വിളിക്കപ്പെട്ട എല്ലാ നാമത്തിനും അത്യന്തം മീതേ, ഇരുത്താൻ ദൈവം പ്രയോഗിച്ച അതിമഹത്തായ ശക്തി. 22 അവിടന്നു സകലതും ക്രിസ്തുവിന്റെ കാൽക്കീഴിലാക്കി ക്രിസ്തുവിനെ എല്ലാറ്റിന്റെയും ശിരസ്സായിരിക്കാൻ സഭയ്ക്കുവേണ്ടി നിയോഗിച്ചിരിക്കുന്നു. 23 സകലത്തെയും സർവവിധത്തിലും സമ്പൂർണമാക്കുന്ന അവിടത്തെ സമ്പൂർണതയാകുന്നു ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ.

  5. 5 ദൈവത്തിന്റെ നാദം അത്ഭുതകരമായി ഇടിമുഴക്കും സൃഷ്ടിക്കുന്നു;

    നമുക്കു ഗ്രഹിക്കാനാകാത്ത വൻകാര്യങ്ങൾ അവിടന്നു പ്രവർത്തിക്കുന്നു.

    6 മഞ്ഞിനോട്, ‘ഭൂമിയിൽ പതിക്കുക’ എന്നും

    മഴയോട്, ‘അതിശക്തമായ പേമാരി പൊഴിക്കുക’ എന്നും അവിടന്നു കൽപ്പിക്കുന്നു.

  6. 15 ക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും

    സകലസൃഷ്ടിക്കും അധീശനും ആകുന്നു.

    16 സ്വർഗത്തിലും ഭൂമിയിലും ഉള്ള ദൃശ്യമായതും അദൃശ്യമായതും

    സിംഹാസനങ്ങളും കർത്തൃത്വങ്ങളും വാഴ്ചകളും അധികാരങ്ങളും

    എല്ലാം ക്രിസ്തുവിനാൽ സൃഷ്ടിക്കപ്പെട്ടു;

    സകലതും ക്രിസ്തുമുഖേനയും ക്രിസ്തുവിനായിട്ടും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

    17 അവിടന്ന് എല്ലാറ്റിനും മുമ്പേ ഉള്ളവൻ;

    സകലത്തെയും നിലനിർത്തുന്നതും അവിടന്നാണ്.

    18 അവിടന്ന് സഭയെന്ന ശരീരത്തിന്റെ ശിരസ്സ് ആകുന്നു.

    അവിടന്ന് സകലത്തിലും ഒന്നാമനാകേണ്ടതിന് ആരംഭവും

    മരിച്ചവരിൽനിന്ന് എഴുന്നേറ്റവരിൽ

    ഏറ്റവും പ്രമുഖനും ആകുന്നു.

    19 ക്രിസ്തുവിൽ സർവസമ്പൂർണതയും വസിക്കാനും

  7. 7 ദൈവം നമുക്കു നൽകിയിട്ടുള്ള പരിശുദ്ധാത്മാവ് ഭീരുത്വത്തിന്റേതല്ല; പിന്നെയോ, ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയുമാണ്. 8 അതുകൊണ്ട് നമ്മുടെ കർത്താവിനെ സാക്ഷിക്കുന്നതിനെക്കുറിച്ചോ അവിടത്തെ തടവുകാരനായ എന്നെക്കുറിച്ചോ നീ ലജ്ജിക്കരുത്. പിന്നെയോ, സുവിശേഷം അറിയിക്കുമ്പോൾ ഉണ്ടാകുന്ന ക്ലേശങ്ങളിൽ ദൈവം നൽകുന്ന ശക്തിക്കനുസൃതമായി നീയും പങ്കാളിയാകുക.

  8. 37 യഹോവേ, അടിയന് ഉത്തരമരുളണമേ! യഹോവയായ അവിടന്നാണ് ദൈവമെന്നും അവിടന്ന് അവരുടെ ഹൃദയം വീണ്ടും അങ്ങയിലേക്കു തിരിക്കുന്നെന്നും ഈ ജനം അറിയേണ്ടതിന് എനിക്കുത്തരമരുളണമേ” എന്നു പ്രാർഥിച്ചു.

    38 അപ്പോൾ, യഹോവയുടെ അഗ്നി ആകാശത്തുനിന്നിറങ്ങി യാഗവസ്തുവും വിറകും യാഗപീഠത്തിന്റെ കല്ലുകളും മണ്ണും ദഹിപ്പിച്ചുകളഞ്ഞു. ചുറ്റുമുള്ള കിടങ്ങിലെ വെള്ളവും വറ്റിച്ചുകളഞ്ഞു.

    39 സകലജനവും ഇതു കണ്ടപ്പോൾ സാഷ്ടാംഗം വീണ്: “യഹോവയാകുന്നു ദൈവം! യഹോവയാകുന്നു ദൈവം!” എന്നു വിളിച്ചുപറഞ്ഞു.

    40 അപ്പോൾ, ഏലിയാവ് ജനത്തോടു: “ബാലിന്റെ പ്രവാചകന്മാരെ പിടിക്കുക! അവരിൽ ഒരുത്തരും രക്ഷപ്പെടരുത്!” എന്ന് ആജ്ഞാപിച്ചു. ജനം അവരെ പിടികൂടി. ഏലിയാവ് അവരെ കീശോൻ അരുവിക്കരികെ കൊണ്ടുവന്ന് അവിടെവെച്ചു വധിച്ചുകളഞ്ഞു.

  9. 6 അപ്പൊസ്തലന്മാർ യേശുവിന്റെ ചുറ്റുംകൂടി, “കർത്താവേ, അവിടന്ന് ഇപ്പോഴാണോ ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചുനൽകുന്നത്?” എന്നു ചോദിച്ചു.

    7 അതിന് യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “പിതാവിന്റെ സ്വന്തം അധികാരപരിധിയിലുള്ള കാലഘട്ടങ്ങളെയും സമയങ്ങളെയുംകുറിച്ചു നിങ്ങൾ അറിയേണ്ടതില്ല. 8 എന്നാൽ, പരിശുദ്ധാത്മാവു നിങ്ങളിൽ ആവസിക്കുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചവരായി ജെറുശലേമിലും യെഹൂദ്യ പ്രവിശ്യയിലെല്ലായിടത്തും ശമര്യാപ്രവിശ്യയിലും ഭൂസീമകളോളവും എന്റെ സാക്ഷികളാകും.”

    9 ഈ സംഭാഷണത്തിനുശേഷം, അവർ നോക്കിക്കൊണ്ടിരിക്കെ, അവിടന്ന് മുകളിലേക്ക് എടുക്കപ്പെട്ടു. ഉടനെ ഒരു മേഘം അദ്ദേഹത്തെ അവരുടെ കാഴ്ചയിൽനിന്നു മറച്ചു.

  10. 16 സുവിശേഷത്തെക്കുറിച്ചു ഞാൻ ലജ്ജിക്കുന്നില്ല; ഒന്നാമത് യെഹൂദനും പിന്നീട് യെഹൂദേതരനും, ഇങ്ങനെ, വിശ്വസിക്കുന്ന എല്ലാവർക്കും അത് രക്ഷനൽകുന്ന ദൈവശക്തിയാകുന്നു. 17 കാരണം, ദൈവം മനുഷ്യനെ നീതിമാനാക്കുന്ന വിധം സുവിശേഷത്തിൽ പ്രകടമായിരിക്കുന്നു; “വിശ്വാസത്താലാണ് നീതിമാൻ ജീവിക്കുന്നത്” എന്ന തിരുവെഴുത്ത് അനുസരിച്ച് ആ നീതീകരണം ആദ്യവസാനം വിശ്വാസത്താലാണ്.

  11. 14 ഇതിനാൽ, സ്വർഗത്തിലും ഭൂമിയിലുമുള്ള സകലകുടുംബങ്ങൾക്കും പേരു ലഭിക്കാൻ കാരണമായ 15 പിതാവിന്റെ സന്നിധിയിൽ ഞാൻ മുട്ടുമടക്കുന്നു. 16 ഞാൻ പ്രാർഥിക്കുന്നത് ദൈവം അവിടത്തെ തേജസ്സേറിയ ധനത്തിന് അനുസൃതമായി അവിടത്തെ ആത്മാവിനാൽ നിങ്ങളുടെ ആന്തരിക വ്യക്തിത്വത്തെ ശക്തിപ്പെടുത്തണമെന്നും, 17 വിശ്വാസത്താൽ ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളിൽ അധിവസിക്കാൻ വരം ലഭിക്കണമെന്നും, 18-19 സ്നേഹത്തിൽ വേരുകൾ ആഴ്ന്നിറങ്ങി അതിൽത്തന്നെ അടിസ്ഥാനം ഇട്ടവരായി എല്ലാ ജ്ഞാനത്തിനും അതീതമായ ക്രിസ്തുസ്നേഹത്തിന്റെ വീതിയും നീളവും ഉയരവും ആഴവും എന്തെന്നു സകലവിശുദ്ധരോടുമൊപ്പം ഗ്രഹിക്കാൻ നിങ്ങൾക്കു ശക്തി ലഭിക്കണമെന്നും, ദൈവത്തിന്റെ സർവസമ്പൂർണതയാലും നിറയപ്പെടണം എന്നും ആണ്.

  12. 7 അതിമഹത്തായ ഈ വെളിപ്പാടുകളാൽ ഞാൻ നിഗളിച്ചുപോകാതിരിക്കാൻ എന്റെ ശരീരത്തിൽ ഒരു ശൂലം നൽകപ്പെട്ടിരിക്കുന്നു—എന്നെ പീഡിപ്പിക്കാൻ സാത്താന്റെ ദൂതനെത്തന്നെ. 8 അത് എന്നിൽനിന്ന് നീക്കിക്കളയണമേ എന്നു മൂന്നുപ്രാവശ്യം ഞാൻ കർത്താവിനോട് അപേക്ഷിച്ചു. 9 എന്നാൽ അവിടന്ന് എന്നോട്, “എന്റെ കൃപ നിനക്കുമതി, എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു” എന്നു പറഞ്ഞു. അതുകൊണ്ടു ക്രിസ്തുവിന്റെ ശക്തി എന്നിൽക്കൂടി പ്രവർത്തിക്കേണ്ടതിനു ഞാൻ അധികം ആനന്ദത്തോടെ എന്റെ ബലഹീനതകളെപ്പറ്റി പ്രശംസിക്കും. 10 അതുകൊണ്ടാണ് ക്രിസ്തുവിനുവേണ്ടി ബലഹീനതകൾ, പരിഹാസങ്ങൾ, ഞെരുക്കങ്ങൾ, പീഡനങ്ങൾ, വൈഷമ്യങ്ങൾ എന്നിവ സഹിക്കുന്നതിൽ ഞാൻ ആനന്ദിക്കുന്നത്. കാരണം, ബലഹീനതയിലാണ് ഞാൻ ശക്തനാകുന്നത്.

  13. 2 ക്രൂശിതനായ യേശുക്രിസ്തുവിനെക്കുറിച്ചല്ലാതെ മറ്റെല്ലാറ്റിനെക്കുറിച്ചും അജ്ഞനെപ്പോലെ നിങ്ങളുടെ ഇടയിൽ ആയിരിക്കണമെന്നത് എന്റെ തീരുമാനമായിരുന്നു. 3 ബലഹീനനായി, ഭയവിഹ്വലതയോടെയാണ് ഞാൻ നിങ്ങളുടെ അടുത്തെത്തിയത്. 4 എന്റെ ഉപദേശവും എന്റെ പ്രഭാഷണവും മാനുഷികജ്ഞാനത്താൽ ജനത്തെ വശീകരിക്കുന്ന വാക്കുകൾ ഉപയോഗിച്ചുകൊണ്ടായിരുന്നില്ല; പ്രത്യുത ദൈവാത്മാവിന്റെ ശക്തിയുടെ പ്രദർശനത്തോടെ ആയിരുന്നു. 5 നിങ്ങളുടെ വിശ്വാസം മാനുഷികജ്ഞാനത്തിന്മേലല്ല, ദൈവശക്തിയിൽ തന്നെ അധിഷ്ഠിതമായിരിക്കേണ്ടതിനാണ് ഇങ്ങനെ ചെയ്തത്.

  14. 10 അവസാനമായി ഓർമിപ്പിക്കട്ടെ, കർത്താവിലും അവിടത്തെ അപാരശക്തിയാലും ശക്തരാകുക. 11 പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തുനിൽക്കാൻ കഴിയേണ്ടതിന് എല്ലാ ദിവ്യായുധങ്ങളും അണിയുക.

  15. 6 യഹോവേ, അങ്ങയെപ്പോലെ ആരുമില്ല;

    അവിടന്നു വലിയവൻ,

    അവിടത്തെ നാമം ശക്തിയിൽ പ്രബലമാണ്.

    7 രാഷ്ട്രങ്ങളുടെ രാജാവേ,

    അങ്ങയെ ആർ ഭയപ്പെടാതിരിക്കും?

    അത് അങ്ങയുടെ അവകാശമാണല്ലോ.

    രാഷ്ട്രങ്ങൾക്കിടയിലെ ജ്ഞാനികളായ നേതാക്കന്മാരിലും

    അവരുടെ എല്ലാ രാജ്യങ്ങളിലും,

    അങ്ങയെപ്പോലെ ആരുമില്ല.

    8 അവർ എല്ലാവരും ബുദ്ധിഹീനരും ഭോഷരുമത്രേ;

    തടികൊണ്ടുള്ള നിർജീവമായ വിഗ്രഹങ്ങളാണ് അവരെ ഉപദേശിക്കുന്നത്.

    9 തർശീശിൽനിന്ന് അടിച്ചുപരത്തിയ വെള്ളിയും

    ഊഫാസിൽനിന്നു തങ്കവും കൊണ്ടുവരുന്നു.

    ആശാരിയും സ്വർണപ്പണിക്കാരും നിർമിച്ചതിനെ

    നീലവസ്ത്രവും ഊതവർണവസ്ത്രവും ധരിപ്പിക്കുന്നു—

    ഇതെല്ലാം വിദഗ്ദ്ധ ശില്പികളുടെ നിർമാണംതന്നെ.

    10 എന്നാൽ യഹോവ സത്യദൈവമാകുന്നു;

    അവിടന്ന് ജീവനുള്ള ദൈവവും നിത്യരാജാവുംതന്നെ.

    അവിടത്തെ ക്രോധത്താൽ ഭൂമി വിറകൊള്ളുന്നു;

    ജനതകൾക്ക് അവിടത്തെ ഉഗ്രകോപം സഹിക്കാൻ കഴിയുകയില്ല.

    11 “ ‘ആകാശവും ഭൂമിയും നിർമിച്ചിട്ടില്ലാത്ത ഈ ദേവതകൾ, ഈ ഭൂമിയിൽനിന്നും ആകാശത്തിൻകീഴിൽനിന്നും നശിച്ചുപോകുമെന്ന്,’ അവരോടു പറയുക.”

    12 എന്നാൽ ദൈവം തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു;

    തന്റെ ജ്ഞാനത്താൽ അവിടന്ന് ലോകത്തെ സ്ഥാപിച്ചു

    തന്റെ വിവേകത്താൽ ആകാശങ്ങളെ വിരിക്കുകയും ചെയ്തു.

    13 അവിടന്ന് ഇടിമുഴക്കുമ്പോൾ, ആകാശത്തിലെ ജലശേഖരം ഗർജിക്കുന്നു;

    അവിടന്നു ഭൂമിയുടെ അതിരുകളിൽനിന്ന് മേഘങ്ങൾ ഉയരുമാറാക്കുന്നു.

    അവിടന്ന് മഴയ്ക്കൊപ്പം മിന്നൽ അയയ്ക്കുന്നു,

    തന്റെ ഭണ്ഡാരത്തിൽനിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു.

  16. 34 അപ്പോൾ മറിയ ദൂതനോട്, “ഇതെങ്ങനെ സംഭവിക്കും? ഞാനൊരു കന്യകയാണല്ലോ” എന്നു പറഞ്ഞു.

    35 അതിന് ദൂതൻ, “പരിശുദ്ധാത്മാവ് നിന്റെമേൽ വരും; പരമോന്നതന്റെ ശക്തി നിന്മേൽ ആവസിക്കും. അതുകൊണ്ട് ജനിക്കാനിരിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും. 36 നിന്റെ ബന്ധുവായ എലിസബത്ത് അവളുടെ വാർധക്യത്തിൽ ഒരു പുത്രന് ജന്മം നൽകാൻപോകുന്നു; വന്ധ്യയെന്നു പറഞ്ഞിരുന്നവൾക്ക് ഇത് ആറാംമാസം. 37 ദൈവത്തിന്റെ അരുളപ്പാടുകളൊന്നും അസാധ്യമാകുകയില്ലല്ലോ” എന്ന് ഉത്തരം പറഞ്ഞു.

  17. 4 ബലഹീനതയിൽ അവിടന്ന് ക്രൂശിക്കപ്പെട്ടുവെങ്കിലും ദൈവശക്തിയാൽ ജീവിക്കുന്നു. അതുപോലെ ഞങ്ങളും ബലഹീനരെങ്കിലും ക്രിസ്തുവിൽ നിങ്ങളെ ശുശ്രൂഷിക്കേണ്ടതിനു ദൈവത്തിന്റെ ശക്തിയാൽ ക്രിസ്തുവിനോടുകൂടെ ജീവിക്കുന്നു.

  18. 10 അതുകൊണ്ട് ഭയപ്പെടരുത്, ഞാൻ നിന്നോടുകൂടെയുണ്ടല്ലോ;

    ഉത്കണ്ഠപ്പെടരുത്, ഞാൻ നിന്റെ ദൈവമാണല്ലോ.

    ഞാൻ നിന്നെ ബലപ്പെടുത്തുകയും നിന്നെ സഹായിക്കുകയും ചെയ്യും;

    എന്റെ നീതിയുള്ള വലംകരത്താൽ ഞാൻ നിന്നെ താങ്ങിക്കൊള്ളും.

    11 “നിന്നോടു കോപിക്കുന്നവർ എല്ലാവരും

    ലജ്ജിതരും അപമാനിതരും ആകും, നിശ്ചയം;

    നിന്നോട് എതിർക്കുന്നവർ

    ഒന്നുമില്ലാതെയായി നശിച്ചുപോകും.

  19. 11 ദൈവം ഒരു കാര്യം അരുളിച്ചെയ്തു,

    രണ്ടുതവണ അടിയനത് ശ്രവിച്ചിരിക്കുന്നു:

    “ദൈവമേ, ശക്തി അങ്ങേക്കുള്ളതാകുന്നു,

  20. 19 എന്നാൽ കർത്താവിനു ഹിതമായാൽ ഞാൻ എത്രയുംവേഗം നിങ്ങളുടെ അടുക്കൽവരും. അപ്പോൾ, ഈ ഗർവിഷ്ഠന്മാരുടെ വാക്കുകൾമാത്രമല്ല, അവർക്ക് എത്ര ശക്തിയുണ്ടെന്നും ഞാൻ നേരിട്ടു കണ്ട് മനസ്സിലാക്കും! 20 ദൈവരാജ്യം കേവലം വാക്കുകളിലല്ല, ശക്തിയിലാണ് അധിഷ്ഠിതമായിരിക്കുന്നത്.

  21. 11 മഹത്ത്വവും ശക്തിയും തേജസ്സും കീർത്തിയും മഹിമയും

    യഹോവേ, അങ്ങേക്കുള്ളതാണ്.

    ഭൂമിയിലും സ്വർഗത്തിലുമുള്ളതെല്ലാം അങ്ങയുടേതാകുന്നു.

    യഹോവേ, രാജ്യം അങ്ങേക്കുള്ളത്.

    അങ്ങ് സകലത്തിന്റെയും തലവനായിരിക്കുന്നു.

  22. 31 പിന്നൊരിക്കൽ അദ്ദേഹം ഗലീലയിലെ ഒരു പട്ടണമായ കഫാർനഹൂമിൽചെന്ന് ശബ്ബത്തുനാളിൽ ജനത്തെ ഉപദേശിക്കാൻ തുടങ്ങി. 32 അദ്ദേഹത്തിന്റെ സന്ദേശം ആധികാരികതയോടെ ആയിരുന്നതിനാൽ ജനം അദ്ദേഹത്തിന്റെ ഉപദേശത്തിൽ ആശ്ചര്യപ്പെട്ടു.

    33 അവിടെ യെഹൂദപ്പള്ളിയിൽ ദുരാത്മാവു ബാധിച്ച ഒരു മനുഷ്യൻ ഒരിക്കൽ വന്നിരുന്നു. അയാൾ, 34 “നസറായനായ യേശുവേ, ഞങ്ങളെ വിട്ടുപോകണേ! അങ്ങേക്കു ഞങ്ങളോട് എന്തുകാര്യം? ഞങ്ങളെ നശിപ്പിക്കാനോ അങ്ങു വന്നിരിക്കുന്നത്? അങ്ങ് ആരാണെന്ന് എനിക്കറിയാം—അങ്ങ് ദൈവത്തിന്റെ പരിശുദ്ധൻതന്നെ” എന്ന് അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.

    35 “ശബ്ദിച്ചുപോകരുത്!” ശാസിച്ചുകൊണ്ട് “അവനിൽനിന്ന് പുറത്തുവരിക!” എന്ന് യേശു കൽപ്പിച്ചു. അപ്പോൾ ദുരാത്മാവ് ആ മനുഷ്യനെ അവരുടെ എല്ലാവരുടെയും മുമ്പിൽ തള്ളിയിട്ടശേഷം അവന് ഉപദ്രവമൊന്നും വരുത്താതെ പുറത്തുപോയി.

    36 ജനമെല്ലാം ആശ്ചര്യപ്പെട്ടു പരസ്പരം ചർച്ചചെയ്യാൻ തുടങ്ങി, “അധികാരവും ശക്തിയും നിറഞ്ഞ അദ്ദേഹത്തിന്റെ ഈ വാക്കുകൾ എന്ത്? അദ്ദേഹം ദുരാത്മാക്കളോടു കൽപ്പിക്കുന്നു; അവ പുറത്തുവരുന്നു!”

  23. 13 അതിക്രമങ്ങളിലും പരിച്ഛേദനം ഏൽക്കാത്ത പാപപ്രകൃതിയിലും മരിച്ചവരായിരുന്ന നിങ്ങളെ ദൈവം ക്രിസ്തുവിനോടുകൂടെ ജീവനുള്ളവരാക്കി. അതിക്രമങ്ങളെല്ലാം നമ്മോടു ക്ഷമിച്ചു; 14 അനുഷ്ഠാനങ്ങളുടെ ലംഘനത്താൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന ലിഖിതങ്ങളെ അവിടന്ന് മായിച്ചുകളയുകയും ക്രൂശിൽ തറച്ചു നമ്മുടെ മധ്യത്തിൽനിന്ന് നീക്കിക്കളയുകയും ചെയ്തു. 15 അവിടന്ന് ഭരണങ്ങളെയും അധികാരങ്ങളെയും നിരായുധരാക്കി ക്രൂശിൽ അവയുടെമേൽ ജയോത്സവം കൊണ്ടാടി; അവയെ പരസ്യമായ പ്രദർശനമാക്കി.

  24. 14 ഇവയെല്ലാം അവിടത്തെ പ്രവൃത്തികളുടെ നേരിയ ഒരംശംമാത്രം

    നാം അവിടത്തെപ്പറ്റി എത്ര മന്ദമായ ഒരു ശബ്ദംമാത്രമല്ലോ കേൾക്കുന്നത്!

    അവിടത്തെ ശക്തിയുടെ ഗർജനം ഗ്രഹിക്കാൻ ആർക്കു കഴിയും?”

  25. 1 പെന്തക്കൊസ്തുനാൾ വന്നെത്തിയപ്പോൾ അവരെല്ലാവരും ഒരു സ്ഥലത്ത് ഒരുമിച്ച് ഇരിക്കുകയായിരുന്നു. 2 പെട്ടെന്ന്, കൊടുങ്കാറ്റ് വീശിയടിക്കുന്നതുപോലെ സ്വർഗത്തിൽനിന്ന് ഒരു ശബ്ദം ഉണ്ടായി, അത് അവർ ഇരുന്ന വീടാകെ നിറഞ്ഞു. 3 തീജ്വാലപോലെ പിളർന്ന നാവുകൾ അവർക്കു ദൃശ്യമായി; അവ അവരിൽ ഓരോരുത്തരുടെമേൽ ആവസിക്കുകയും ചെയ്തു. 4 എല്ലാവരും പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി, ആത്മാവ് കഴിവു നൽകിയതുപോലെ അവർക്ക് അന്യമായിരുന്ന ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി.

  26. 24 ഞാൻ വീണ്ടും പറയട്ടെ, ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് കൂടുതൽ എളുപ്പം.”

    25 ഇതു കേട്ട് ശിഷ്യന്മാർ അത്യന്തം ആശ്ചര്യപ്പെട്ടു, “എന്നാൽ രക്ഷിക്കപ്പെടാൻ ആർക്കു കഴിയും?” എന്നു ചോദിച്ചു.

    26 യേശു അവരെ നോക്കി, “മനുഷ്യർക്ക് ഇത് അസാധ്യം; എന്നാൽ ദൈവത്തിന് സകലതും സാധ്യമാണ്” എന്നു പറഞ്ഞു.

  27. 17 ആ എഴുപതുപേർ ആനന്ദത്തോടെ തിരിച്ചെത്തി. “കർത്താവേ, അങ്ങയുടെ നാമത്തിൽ, ഭൂതങ്ങൾപോലും ഞങ്ങൾക്കു കീഴടങ്ങുന്നു” എന്നു പറഞ്ഞു.

    18 അതിന് യേശു മറുപടി പറഞ്ഞത്: “സാത്താൻ മിന്നൽപ്പിണർപോലെ ആകാശത്തുനിന്നു താഴേക്കു നിപതിക്കുന്നതു ഞാൻ കണ്ടു. 19 ഇതാ, പാമ്പുകളെയും തേളുകളെയും ചവിട്ടിമെതിക്കാനും ശത്രുവിന്റെ എല്ലാ ശക്തിയും കീഴടക്കാനും ഞാൻ നിങ്ങൾക്ക് അധികാരം തന്നിരിക്കുന്നു, ഇവയൊന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല. 20 എങ്കിലും അശുദ്ധാത്മാക്കൾ നിങ്ങൾക്കു കീഴടങ്ങുന്നു എന്നതിലല്ല, നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽത്തന്നെ ആനന്ദിക്കുക.”

  28. 18 “നിന്റെ സന്തതി ഇങ്ങനെ ആയിത്തീരും” എന്നു ദൈവം അരുളിച്ചെയ്തിരുന്നതുകൊണ്ട് ആശിക്കാൻ സാധ്യതയില്ലാതിരുന്നിട്ടും അനേകം ജനതകൾക്കു പിതാവായിത്തീരുമെന്ന് ആശയോടുകൂടെ അബ്രാഹാം വിശ്വസിച്ചു. 19 ഏകദേശം നൂറുവയസ്സുണ്ടായിരുന്നതുകൊണ്ട് തന്റെ ശരീരം മൃതപ്രായമായിരുന്നു എന്നും സാറയുടെ ഗർഭപാത്രം നിർജീവമായിരുന്നു എന്നും വ്യക്തമായി അറിഞ്ഞിട്ടും അബ്രാഹാമിന്റെ വിശ്വാസം ദുർബലമായില്ല. 20 ദൈവത്തിന്റെ വാഗ്ദാനത്തെക്കുറിച്ച് അവിശ്വാസത്താൽ ചഞ്ചലിക്കാതെ അദ്ദേഹം ദൈവത്തെ മഹത്ത്വപ്പെടുത്തി വിശ്വാസത്തിൽ ശക്തിപ്പെട്ടു. 21 ആ ദൈവം വാഗ്ദാനംചെയ്തതു നിവർത്തിക്കാൻ ശക്തനാണെന്നുള്ള പൂർണബോധ്യമുള്ളവനായിത്തീർന്നു.

  29. 13 യഹോവ മോശയോട് അരുളിച്ചെയ്തു: “അതിരാവിലെ എഴുന്നേറ്റു ഫറവോന്റെ മുമ്പിൽ ചെന്നുനിന്ന് അവനോടു പറയണം: ‘എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക. 14 അല്ലെങ്കിൽ ഇത്തവണ ഞാൻ എന്റെ സകലബാധകളും പൂർണശക്തിയോടെ നിന്റെയും ഉദ്യോഗസ്ഥരുടെയും ജനത്തിന്റെയും നേർക്ക് അയയ്ക്കും. സർവഭൂമിയിലും എനിക്കു തുല്യനായി ആരുമില്ല എന്നു നീ അങ്ങനെ അറിയും. 15 ഇപ്പോൾത്തന്നെ എന്റെ കൈനീട്ടി നിന്നെയും നിന്റെ ജനത്തെയും ബാധയാൽ ദണ്ഡിപ്പിച്ച് ഭൂമിയിൽനിന്ന് തുടച്ചുനീക്കാമായിരുന്നു. 16 എന്റെ ശക്തി നിനക്കു കാണിച്ചുതരികയും എന്റെ നാമം ഭൂമിയിലെല്ലായിടത്തും ഘോഷിക്കപ്പെടുകയും വേണം എന്ന ഉദ്ദേശ്യത്തിനായിത്തന്നെ ഞാൻ നിന്നെ ഉയർത്തിയിരിക്കുന്നു. 17 നീ ഇപ്പോഴും എന്റെ ജനത്തിനു വിരോധമായിനിന്ന് അവരെ വിട്ടയയ്ക്കാതിരിക്കുന്നു. 18 അതുകൊണ്ടു നാളെ ഈ നേരത്ത്, ഈജിപ്റ്റിന്റെ സ്ഥാപനംമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ഭയങ്കരമായ കന്മഴ ഞാൻ അയയ്ക്കും.

  30. 35 ദൈവമേ, അങ്ങയുടെ വിശുദ്ധമന്ദിരത്തിൽ അങ്ങ് വിസ്മയാവഹനാണ്;

    ഇസ്രായേലിന്റെ ദൈവം തന്റെ ജനത്തിന് അധികാരവും ശക്തിയും നൽകുന്നു.

    ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ!

    സംഗീതസംവിധായകന്. “സാരസരാഗത്തിൽ.”

  31. 26 “വിശ്വാസത്തിൽ ഉറപ്പില്ലാത്തവരേ, നിങ്ങൾ ഇങ്ങനെ ഭയപ്പെടുന്നതെന്തിന്?” എന്നു പറഞ്ഞിട്ട് യേശു എഴുന്നേറ്റ് കാറ്റിനെയും തിരകളെയും ശാസിച്ചു; തടാകം പ്രശാന്തമായി.

    27 ശിഷ്യന്മാർ ആശ്ചര്യപ്പെട്ടു, “ആരാണിദ്ദേഹം? കാറ്റും തിരകളുംപോലും ഇദ്ദേഹത്തെ അനുസരിക്കുന്നല്ലോ!” എന്നു പറഞ്ഞു.

  32. 13 എന്നെ ശാക്തീകരിക്കുന്ന ക്രിസ്തുവിന്റെ സഹായത്താൽ സർവവും ചെയ്യാൻ ഞാൻ പ്രാപ്തനായിരിക്കുന്നു.

  33. 12 ദൈവവചനം സജീവവും സചേതനവുമാണ്. അത് ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനും ആത്മാവും സന്ധിമജ്ജകളും വേർപെടുംവരെ തുളഞ്ഞുകയറുന്നതും ഹൃദയത്തിലെ ചിന്തകളും ഭാവങ്ങളും വ്യവച്ഛേദിക്കുന്നതും ആകുന്നു.

  34. 4 യഹോവയിൽത്തന്നെ എന്നേക്കും ആശ്രയം വെക്കുക

    യഹോവ, യഹോവതന്നെ ശാശ്വതമായൊരു പാറ ആണല്ലോ.

  35. 17 “അയ്യോ! കർത്താവായ യഹോവേ, അങ്ങ് അവിടത്തെ വലിയ ശക്തിയാലും നീട്ടിയ ഭുജത്താലും ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു! അങ്ങേക്ക് അസാധ്യമായ ഒന്നുംതന്നെയില്ല. 18 അങ്ങ് ആയിരം തലമുറവരെ ദയ കാണിക്കുകയും പിതാക്കന്മാരുടെ അകൃത്യത്തിന് അവർക്കുശേഷമുള്ള മക്കളുടെ മാർവിടത്തിൽ ശിക്ഷ നടപ്പാക്കുകയുംചെയ്യുന്നു. മഹത്ത്വവും ശക്തിയും ഉള്ള ദൈവമേ, സൈന്യങ്ങളുടെ യഹോവ എന്നല്ലോ അവിടത്തെ നാമം!

  36. 1 ഓരോ വ്യക്തിയും ഭരണാധികാരികൾക്കു വിധേയരാകുക. കാരണം, ദൈവത്താൽ നിയോഗിക്കപ്പെടാത്ത അധികാരി ഒരാൾപോലുമില്ല. ഇപ്പോഴുള്ള ഭരണാധികാരികളും ദൈവത്താൽ നിയമിക്കപ്പെട്ടവരാണ്. 2 അതുകൊണ്ട്, അധികാരത്തെ എതിർക്കുന്നവൻ ദൈവം ഏർപ്പെടുത്തിയ സംവിധാനത്തെയാണ് എതിർക്കുന്നത്. അങ്ങനെചെയ്യുന്നവർ സ്വയം ശിക്ഷായോഗ്യരായിത്തീരും.

  37. 7 എന്നാൽ, സർവോന്നതമായ ഈ ശക്തി ഞങ്ങളുടേതല്ല, ദൈവത്തിന്റേതുതന്നെ എന്നുവരേണ്ടതിന് മൺപാത്രങ്ങളായിരിക്കുന്ന ഞങ്ങളിലാണ് നിക്ഷേപിച്ചിരിക്കുന്നത്.

  38. 12 ധനവും ബഹുമാനവും അങ്ങയിൽനിന്ന് വരുന്നു;

    എല്ലാറ്റിനെയും ഭരിക്കുന്നതും അങ്ങുതന്നെ.

    എല്ലാവരെയും ഉദ്ധരിച്ച് ശക്തി പകരാനുള്ള

    ശക്തിയും അധികാരവും അങ്ങയുടെ കരങ്ങൾക്കുള്ളിലാണല്ലോ.

  39. 3 ദൈവത്തോടു പറയുക: “അവിടത്തെ പ്രവൃത്തികൾ എത്ര ഭീതിജനകം!

    അവിടത്തെ ശക്തി അതിമഹത്തായതാണ്

    അതുകൊണ്ട് അങ്ങയുടെ ശത്രുക്കൾ അങ്ങയുടെ കാൽക്കൽവീഴുന്നു.

    4 സർവഭൂമിയും തിരുമുമ്പിൽ താണുവണങ്ങുന്നു;

    അവർ അവിടത്തേക്ക് സ്തുതിപാടുന്നു,

    അവിടത്തെ നാമത്തിന് സ്തുതിഗീതം ആലപിക്കുന്നു.” സേലാ.

    5 ദൈവത്തിന്റെ പ്രവൃത്തികളെ വന്നു കാണുക,

    മനുഷ്യപുത്രന്മാർക്കുവേണ്ടി അവിടന്ന് വിസ്മയാവഹമായ കാര്യങ്ങൾ ചെയ്യുന്നു!

    6 അവിടന്ന് സമുദ്രത്തെ ഉണങ്ങിയ നിലമാക്കി,

    അവർ നദിയുടെ അടിത്തട്ടിലൂടെ കാൽനടയായി പോയി—

    വരിക, നമുക്ക് ദൈവത്തിൽ ആനന്ദിക്കാം.

    7 അവിടന്ന് തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു,

    അവിടത്തെ കണ്ണുകൾ രാഷ്ട്രങ്ങളെ വീക്ഷിക്കുന്നു—

    മത്സരിക്കുന്നവർ അവിടത്തേക്കെതിരേ തങ്ങളെത്തന്നെ ഉയർത്താതിരിക്കട്ടെ. സേലാ.

  40. 14 നെബൂഖദ്നേസർ അവരോടു ചോദിച്ചു: “ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, നിങ്ങൾ എന്റെ ദേവതകളെ സേവിക്കുകയോ ഞാൻ നിർത്തിയ സ്വർണപ്രതിമയെ നമസ്കരിക്കുകയോ ചെയ്യുന്നില്ല എന്നതു സത്യംതന്നെയോ? 15 ഇപ്പോൾ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം തുടങ്ങിയ സകലവിധ വാദ്യനാദവും കേൾക്കുന്ന സമയത്ത് നിങ്ങൾ വീണ് ഞാൻ നിർത്തിയ സ്വർണപ്രതിമയെ നമസ്കരിക്കാൻ സന്നദ്ധരെങ്കിൽ, നല്ലതുതന്നെ. നമസ്കരിക്കുന്നില്ലെങ്കിൽ നിങ്ങളെ ഉടൻതന്നെ എരിയുന്ന തീച്ചൂളയിൽ എറിഞ്ഞുകളയുന്നതാണ്. അവിടെനിന്നു നിങ്ങളെ എന്റെ കൈയിൽനിന്നു വിടുവിക്കാൻ കഴിവുള്ള ദേവൻ ആരാണ്?”

    16 ശദ്രക്കും മേശക്കും അബേദ്നെഗോവും രാജാവിനോട് ഇപ്രകാരം ഉത്തരം പറഞ്ഞു: “അല്ലയോ നെബൂഖദ്നേസരേ, ഈ കാര്യത്തിൽ ഞങ്ങൾ അങ്ങയോട് ഉത്തരം പറയേണ്ട ആവശ്യമില്ല. 17 ഞങ്ങളെ തീച്ചൂളയിലേക്ക് എറിയുന്നെങ്കിൽ, ഞങ്ങൾ സേവിക്കുന്ന ദൈവത്തിനു തീച്ചൂളയിൽനിന്നു ഞങ്ങളെ വിടുവിക്കാൻ കഴിയും. രാജാവേ, ആ ദൈവം ഞങ്ങളെ അങ്ങയുടെ കൈയിൽനിന്ന് വിടുവിക്കും. 18 ഇല്ലെങ്കിലും ഞങ്ങൾ അങ്ങയുടെ ദേവതകളെ സേവിക്കുകയോ അങ്ങു സ്ഥാപിച്ച സ്വർണബിംബത്തെ നമസ്കരിക്കുകയോ ചെയ്യുകയില്ല, എന്നു തിരുമേനി അറിഞ്ഞാലും.”

  41. 37 നാമോ, നമ്മെ സ്നേഹിച്ച കർത്താവിലൂടെ ഇവയിലെല്ലാം വിജയം വരിക്കുന്നു. 38 മരണത്തിനോ ജീവനോ ദൂതന്മാർക്കോ പ്രധാനികൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരാനുള്ളതിനോ ശക്തികൾക്കോ 39 ഉന്നതങ്ങളിലുള്ളവെക്കോ അധോലോകത്തിലുള്ളവയ്ക്കോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ സാധ്യമല്ലെന്ന് എനിക്കു പരിപൂർണബോധ്യമുണ്ട്.

  42. 54 ഇങ്ങനെ ഈ നശ്വരമായത് അനശ്വരതയെയും ഈ മർത്യമായത് അമർത്യതയെയും ധരിച്ചുകഴിയുമ്പോൾ, “മരണത്തെ വിജയം ഗ്രസിച്ചു” എന്നു എഴുതിയ വചനം നിറവേറും.

    55 “ഹേ മരണമേ, നിന്റെ ജയം എവിടെ?

    ഹേ മരണമേ, നിന്റെ വിഷമുള്ള് എവിടെ?”

    56 മരണത്തിന്റെ വിഷമുള്ള് പാപം; പാപത്തിന്റെ ശക്തി ന്യായപ്രമാണം. 57 എന്നാൽ ദൈവത്തിനു സ്തോത്രം! നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ അവിടന്ന് നമുക്കു വിജയം നൽകുന്നു.

  43. 5 ശിംശോൻ തന്റെ മാതാപിതാക്കളുമൊത്ത് തിമ്നയിലേക്കുപോയി. തിമ്നയ്ക്കരികെയുള്ള മുന്തിരിത്തോപ്പുകൾക്ക് അടുത്ത് എത്തിയപ്പോൾ ഒരു സിംഹക്കുട്ടി അലറിക്കൊണ്ട് അദ്ദേഹത്തിനുനേരേ വന്നു. 6 അപ്പോൾ യഹോവയുടെ ആത്മാവ് ശക്തിയോടെ അദ്ദേഹത്തിന്റെമേൽ വന്നു; ആയുധം ഒന്നും കൂടാതെതന്നെ കൈകൊണ്ട്, ഒരു ആട്ടിൻകുട്ടിയെ എന്നപോലെ, അദ്ദേഹം അതിനെ കീറിക്കളഞ്ഞു. താൻ ചെയ്തത് പിതാവിനെയും മാതാവിനെയും അറിയിച്ചില്ല.

  44. 2 ചിലർ ഒരു പക്ഷാഘാതരോഗിയെ കിടക്കയോടെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. അവരുടെ വിശ്വാസം കണ്ടിട്ട് യേശു പക്ഷാഘാതരോഗിയോട്, “മകനേ, ധൈര്യപ്പെടുക; നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു” എന്നു പറഞ്ഞു.

    3 ഇതു കേട്ട ചില വേദജ്ഞർ, “നോക്കൂ! ഇദ്ദേഹം പറയുന്നത് ദൈവനിന്ദയാണ്” എന്ന് ഉള്ളിൽ മുറുമുറുത്തു.

    4 യേശു അവരുടെ മനോവ്യാപാരം അറിഞ്ഞിട്ട്, “നിങ്ങളുടെ ഹൃദയത്തിൽ ദുഷ്ടത ചിന്തിക്കുന്നതെന്ത്? 5 ‘നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു!’ എന്നു പറയുന്നതോ ‘എഴുന്നേറ്റു നടക്കുക!’ എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം?” എന്ന് വേദജ്ഞരോട് ചോദിച്ചു. 6 “എന്നാൽ മനുഷ്യപുത്രനു ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ അധികാരമുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്.” തുടർന്ന് യേശു ആ പക്ഷാഘാതരോഗിയോട്, “എഴുന്നേറ്റ് നിന്റെ കിടക്കയെടുത്ത് വീട്ടിൽപോകുക” എന്ന് ആജ്ഞാപിച്ചു. 7 ആ മനുഷ്യൻ എഴുന്നേറ്റു തന്റെ ഭവനത്തിലേക്കു പോയി. 8 ജനസമൂഹം ഇതുകണ്ട് ഭയപ്പെട്ടു; മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം നൽകിയ ദൈവത്തെ പുകഴ്ത്തി.

  45. 14-15 “ഞാൻ ആകുന്നു നല്ല ഇടയൻ; പിതാവ് എന്നെയും ഞാൻ പിതാവിനെയും അറിയുന്നതുപോലെ, ഞാൻ എന്റെ ആടുകളെയും എന്റെ ആടുകൾ എന്നെയും അറിയുന്നു. ആടുകൾക്കുവേണ്ടി ഞാൻ എന്റെ ജീവൻ അർപ്പിക്കുന്നു. 16 ഈ കൂട്ടത്തിൽ ഉൾപ്പെടാത്ത വേറെയും ആടുകൾ എനിക്കുണ്ട്. അവയെയും ഞാൻ കൂട്ടിക്കൊണ്ടു വരേണ്ടതാണ്. അവയും എന്റെ ശബ്ദം കേൾക്കും. അങ്ങനെ ഒരു ആട്ടിൻപറ്റവും ഒരു ഇടയനും ആകും. 17 ഞാൻ ആടുകൾക്കായി എന്റെ ജീവൻ അർപ്പിക്കുകയും അതു തിരികെ എടുക്കുകയും ചെയ്യുന്നതിനാൽ പിതാവ് എന്നെ സ്നേഹിക്കുന്നു. 18 അത് എന്നിൽനിന്ന് ആരും എടുത്തുകളയുന്നില്ല, ഞാൻ അത് സ്വമേധയാ അർപ്പിക്കുകയും തിരിച്ചെടുക്കുകയുംചെയ്യുന്നു. അത് അർപ്പിക്കാനും തിരിച്ചെടുക്കാനും എനിക്ക് അധികാരമുണ്ട്. എന്റെ പിതാവിൽനിന്നാണ് എനിക്ക് ഈ അധികാരം ലഭിച്ചിരിക്കുന്നത്.”

  46. 19 അപ്പോൾ, “നമ്മെ കുറ്റപ്പെടുത്താൻ ദൈവത്തിനെങ്ങനെ കഴിയും? കാരണം, ദൈവത്തിന്റെ തിരുഹിതത്തോട് എതിർക്കാൻ ആർക്കാണു സാധിക്കുക?” എന്നു നിങ്ങൾ എന്നോടു ചോദിച്ചേക്കാം. 20 അല്ലയോ മനുഷ്യാ, “ദൈവത്തോട് എതിർവാദം പറയാൻ നീ ആരാണ്?” സ്രഷ്ടാവിനോട്, “ ‘നീ എന്നെ ഇങ്ങനെ സൃഷ്ടിച്ചത് എന്തിനാണ്?’ എന്നു സൃഷ്ടിക്കു ചോദിക്കാൻ കഴിയുമോ?” 21 ഒരേ കളിമണ്ണുപയോഗിച്ച് ചില പാത്രങ്ങൾ ശ്രേഷ്ഠമായ ഉപയോഗത്തിനും മറ്റുചിലതു സാധാരണ ഉപയോഗത്തിനുംവേണ്ടി ഉണ്ടാക്കാൻ കുശവന് അധികാരമില്ലേ?

    22 ദൈവം തന്റെ കോപം പ്രദർശിപ്പിക്കാനും ശക്തി വെളിപ്പെടുത്താനുമുള്ള ഉദ്ദേശ്യത്തോടെ, നാശത്തിനുമാത്രമായി ഒരുക്കപ്പെട്ടിരുന്ന കോപപാത്രങ്ങളായവരെ ദീർഘക്ഷമയോടെ സഹിച്ചു; 23 ഇങ്ങനെ തേജസ്സു പ്രാപിക്കാനായി ദൈവം മുൻകൂട്ടി ഒരുക്കിയ കരുണാപാത്രങ്ങളാണു നാം. അവിടത്തെ മഹത്ത്വസമ്പന്നത വെളിപ്പെടുത്താൻവേണ്ടി ദൈവം നമ്മിൽ ഇപ്രകാരം പ്രവർത്തിച്ചു എന്നതിൽ നമുക്ക് എന്താണ് പറയാൻ കഴിയുക? 24 യെഹൂദരിൽനിന്നുമാത്രമല്ല, യെഹൂദേതരരിൽനിന്നും വിളിക്കപ്പെട്ടവരായ നാം എല്ലാവരും ആ കരുണാപാത്രങ്ങളാണ്.

  47. 9 ക്രിസ്തുവിലല്ലയോ സർവദൈവികസത്തയും ഒരു മനുഷ്യശരീരമായി വസിക്കുന്നത്; 10 എല്ലാ ഭരണത്തിനും അധികാരത്തിനും ശിരസ്സായ ക്രിസ്തുവിൽ നിങ്ങൾ പൂർണത പ്രാപിക്കുകയുംചെയ്തിരിക്കുന്നു.

  48. 6 അവിടന്ന് ബലം അരയ്ക്കുകെട്ടിക്കൊണ്ട്

    അവിടത്തെ ശക്തിയാൽ പർവതങ്ങളെ ഉറപ്പിച്ചു.

  49. 4 അവിടന്ന് നക്ഷത്രങ്ങളുടെ എണ്ണം കണക്കാക്കുന്നു

    അവ ഓരോന്നിനെയും പേരുവിളിക്കുന്നു.

    5 നമ്മുടെ കർത്താവ് വലിയവനും ശക്തിയിൽ പ്രബലനുമാകുന്നു;

    അവിടത്തെ വിവേകത്തിന് പരിമിതികളില്ല.

  50. 19 സ്വർഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരും; നീ ഭൂമിയിൽ കെട്ടുന്നതെന്തും സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതെന്തും സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും.”

  51. 10 പീലാത്തോസ് വീണ്ടും ചോദിച്ചു: “നീ എന്നോടൊന്നും സംസാരിക്കാത്തതെന്ത്? നിന്നെ മോചിപ്പിക്കാനും ക്രൂശിൽ തറപ്പിക്കാനും എനിക്കധികാരമുണ്ടെന്ന് നീ അറിയുന്നില്ലേ?”

    11 അതിന് യേശു മറുപടി പറഞ്ഞു, “മുകളിൽനിന്ന് നൽകപ്പെട്ടില്ലായിരുന്നെങ്കിൽ താങ്കൾക്ക് എന്റെമേൽ ഒരധികാരവും ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് എന്നെ താങ്കളുടെപക്കൽ ഏൽപ്പിച്ചുതന്നവനാണ് കൂടുതൽ പാപമുള്ളത്.”

  52. 1 ഞങ്ങൾക്ക് ഈ ആത്മികശുശ്രൂഷ ലഭിച്ചിരിക്കുന്നത് ദൈവത്തിന്റെ കരുണയാൽ ആയതുകൊണ്ട് ഞങ്ങൾ അധൈര്യപ്പെടുന്നതേയില്ല. 2 ഞങ്ങൾ ലജ്ജാകരമായ രഹസ്യപ്രവൃത്തികളും വഞ്ചനയും പ്രയോഗിക്കുന്നില്ല. ദൈവവചനം വികലമായി വ്യാഖ്യാനിക്കുന്നതുമില്ല. മറിച്ച്, അതിലെ സത്യം വ്യക്തമാക്കിക്കൊണ്ട് എല്ലാ മനുഷ്യരുടെയും മനസ്സാക്ഷിക്കുമുമ്പാകെ സ്വീകാര്യമാകേണ്ടതിന് ഞങ്ങൾ ഞങ്ങളെത്തന്നെ ദൈവസന്നിധിയിൽ സമർപ്പിക്കുന്നു. 3 ഞങ്ങൾ പ്രസംഗിക്കുന്ന സുവിശേഷം മറഞ്ഞിരിക്കുന്നു എങ്കിൽ അത് നശിച്ചുകൊണ്ടിരിക്കുന്നവർക്കു മാത്രമാണ്. 4 അവിശ്വാസികളായ അവരുടെ മനസ്സ് ഈ ലോകത്തിന്റെ ദൈവമായ പിശാച് അന്ധമാക്കിയിരിക്കുന്നു; അത് ദൈവപ്രതിരൂപമായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശം അവരുടെമേൽ പ്രകാശിക്കാതിരിക്കേണ്ടതിനാണ്. 5 ഞങ്ങളുടെ പ്രസംഗം ഞങ്ങളെക്കുറിച്ചല്ല; പിന്നെയോ, കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചാണ്. ഞങ്ങൾ യേശുവിനുവേണ്ടി നിങ്ങളുടെ ദാസന്മാർമാത്രമാണ്. 6 “ഇരുളിൽനിന്ന് പ്രകാശം ഉദിക്കട്ടെ” എന്നു കൽപ്പിച്ച ദൈവംതന്നെയാണ് യേശുക്രിസ്തുവിന്റെ മുഖത്ത് തിളങ്ങിയ ദൈവതേജസ്സ് ഗ്രഹിക്കാനുള്ള പ്രകാശം ഞങ്ങളുടെ ഹൃദയങ്ങളിൽ തന്നിരിക്കുന്നത്.

  53. 3 ഞങ്ങൾ ഭൗതികശരീരത്തിൽ വസിക്കുന്നവരെങ്കിലും ജഡികമനുഷ്യരെപ്പോലെയല്ല പോരാടുന്നത്. 4 പോരാട്ടത്തിനുള്ള ഞങ്ങളുടെ ആയുധങ്ങൾ ഈ ലോകത്തിന്റേതല്ല, നേരേമറിച്ച്, കോട്ടകളെ തകർത്തുകളയാൻതക്ക ദിവ്യശക്തിയുള്ളവയാണ്. 5 ദൈവപരിജ്ഞാനത്തിന് എതിരായി ഉയർന്നുവരുന്ന എല്ലാ വാദമുഖങ്ങളെയും ഞങ്ങൾ ഇല്ലാതാക്കുകയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായി ഏതു ചിന്തയെയും അടിയറവുവെക്കുകയുംചെയ്യുന്നു.

  54. 32 ഇതിലുപരിയായി എന്താണ് എഴുതേണ്ടത്? ഗിദെയോൻ, ബാരാക്ക്, ശിംശോൻ, യിപ്താഹ്, ദാവീദ്, ശമുവേൽ എന്നിവരെക്കുറിച്ചും പ്രവാചകന്മാരെക്കുറിച്ചും ഇപ്പോൾ പരാമർശിക്കാൻ നിവൃത്തിയില്ല. 33 അവർ വിശ്വാസത്താൽ രാജ്യങ്ങൾ പിടിച്ചടക്കി, നീതി നിർവഹിച്ചു, വാഗ്ദാനങ്ങൾ സ്വായത്തമാക്കി, സിംഹങ്ങളുടെ വായ് അടച്ചു, 34 അഗ്നിജ്വാലകളുടെ തീക്ഷ്ണത ശമിപ്പിച്ചു, വാളിന്റെ വായ്ത്തലയിൽനിന്ന് രക്ഷപ്പെട്ടു, ബലഹീനതയിൽനിന്ന് ശക്തിയാർജിച്ചു, അവർ വീരസേനാനികളായി ശത്രുസൈന്യത്തെ തുരത്തിയോടിച്ചു.

  55. 3 ഞങ്ങളുടെ ദൈവം സ്വർഗത്തിലുണ്ട്;

    അവിടന്ന് തനിക്ക് ഇഷ്ടമുള്ളതൊക്കെയും ചെയ്യുന്നു.

  56. 26 “എന്റെ രാജ്യത്തിലെ സകലപ്രദേശങ്ങളിലും, ജനങ്ങൾ ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടെ ആയിരിക്കണമെന്നു ഞാൻ കൽപ്പിക്കുന്നു.

    “കാരണം, അവിടന്നാണ് ജീവനുള്ള ദൈവം

    അവിടന്ന് എന്നെന്നേക്കും നിലനിൽക്കുന്നു;

    അവിടത്തെ രാജ്യം നാശം ഭവിക്കാത്ത ഒന്നത്രേ,

    അവിടത്തെ ആധിപത്യം ശാശ്വതമായിരിക്കും.

    27 അവിടന്നു മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു;

    അവിടന്ന് ആകാശത്തിലും ഭൂമിയിലും

    ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നു.

    അവിടന്നു ദാനീയേലിനെ മോചിപ്പിച്ചു

    സിംഹങ്ങളുടെ ശക്തിയിൽനിന്നുതന്നെ.”

  57. 30 തന്നിൽനിന്ന് ശക്തി പുറപ്പെട്ടതായി ഉടൻതന്നെ യേശു മനസ്സിലാക്കി. ജനമധ്യേ തിരിഞ്ഞുനിന്ന് അദ്ദേഹം, “ആരാണ് എന്റെ വസ്ത്രത്തിൽ സ്പർശിച്ചത്?” എന്ന് ആരാഞ്ഞു.

  58. 25 സകലശത്രുക്കളെയും തന്റെ കാൽക്കീഴിലാക്കുന്നതുവരെ ക്രിസ്തു വാഴേണ്ടതാകുന്നു. 26 ഒടുവിലായി നശിപ്പിക്കപ്പെടുന്ന ശത്രുവാണു മരണം. 27 എന്തെന്നാൽ ദൈവം “സകലതും അവിടത്തെ കാൽക്കീഴാക്കിയിരിക്കുന്നു. സകലതും,” എന്നു പറയുമ്പോൾ എല്ലാം ക്രിസ്തുവിന് അധീനമാക്കിക്കൊടുത്ത ദൈവം ഒഴികെയാണ് എന്നതു സ്പഷ്ടം. 28 സമസ്തവും തനിക്കു കീഴ്പ്പെട്ടശേഷം, പുത്രൻ സകലതും തനിക്കു കീഴാക്കിക്കൊടുത്ത ദൈവത്തിനു കീഴ്പ്പെട്ടിരിക്കും; അങ്ങനെ ദൈവം സകലത്തിലും സകലതും ആയിത്തീരും.