39 Bible Verses About God's Wisdom
Biblica® Open Malayalam Contemporary Version™ (OMCV)
-
13 ജ്ഞാനം കണ്ടെത്തുകയും
വിവേകം നേടുകയും ചെയ്യുന്നവർ അനുഗൃഹീതർ,
14 കാരണം അവൾ വെള്ളിയെക്കാൾ ആദായകരവും
കനകത്തെക്കാൾ ലാഭകരവുമാണ്.
15 അവൾ മാണിക്യത്തെക്കാൾ അമൂല്യമാണ്;
നീ അഭിലഷിക്കുന്നതൊന്നും അതിനു തുല്യമാകുകയില്ല.
16 അവൾ വലതുകരത്തിൽ ദീർഘായുസ്സും;
ഇടതുകരത്തിൽ ധനസമൃദ്ധിയും ബഹുമതിയും വാഗ്ദാനംചെയ്യുന്നു.
17 അവളുടെ വഴികൾ ആനന്ദഹേതുവും
അവളുടെ പാതകളെല്ലാം സമാധാനപൂർണവും ആകുന്നു.
18 അവളെ ആലിംഗനംചെയ്യുന്നവർക്ക് അവൾ ഒരു ജീവവൃക്ഷം;
അവളെ മുറുകെപ്പിടിക്കുന്നവർ അനുഗൃഹീതരാകും.
19 ജ്ഞാനത്താൽ യഹോവ ഭൂമിക്ക് അടിസ്ഥാനശില പാകി,
വിവേകത്താൽ അവിടന്ന് ആകാശത്തെ തൽസ്ഥാനത്ത് ഉറപ്പിച്ചു;
20 അവിടത്തെ പരിജ്ഞാനത്താൽ ആഴങ്ങൾ പൊട്ടിപ്പിളർന്നു,
ആകാശം തുഷാരബിന്ദുക്കൾ പൊഴിക്കുന്നു.
21 എന്റെ കുഞ്ഞേ, ജ്ഞാനവും വിവേചനശക്തിയും നിലനിർത്തുക,
അവ നിന്റെ ദൃഷ്ടിപഥത്തിൽനിന്നു മറയാതിരിക്കട്ടെ;
22 കാരണം അവ നിനക്കു ജീവനും,
നിന്റെ കഴുത്തിൽ ഒരു അലങ്കാരമാലയും ആയിരിക്കട്ടെ.
23 അപ്പോൾ നീ നിന്റെ വഴികളിൽ സുരക്ഷിതനായി മുന്നേറും,
നിന്റെ കാലടികൾ ഇടറുകയുമില്ല.
24 കിടക്കയിലേക്കുപോകുമ്പോൾ നിനക്കു ഭയമുണ്ടാകുകയില്ല;
നീ കിടക്കുകയും ഉടനെതന്നെ സുഖനിദ്രയിലമരുകയും ചെയ്യും
25 പെട്ടെന്നു സംഭവിക്കുന്ന ദുരന്തമോ
ദുഷ്ടരുടെ നാശമോ കണ്ട് നീ സംഭീതനാകരുത്,
26 കാരണം യഹോവയാണ് നിന്റെ സുരക്ഷിതത്വം
അവിടന്ന് നിന്റെ പാദം കെണിയിലകപ്പെടാതെ കാത്തുകൊള്ളും.
-
18 ക്രൂശിന്റെ വചനം നാശത്തിലേക്കു പോകുന്നവർക്ക് ഭോഷത്തമായി തോന്നാം, എന്നാൽ, രക്ഷിക്കപ്പെടുന്ന നമുക്ക് അതു ദൈവത്തിന്റെ ശക്തി ആണ്.
19 “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കും;
ബുദ്ധിമാന്മാരുടെ ബുദ്ധിയും ഞാൻ നിഷ്ഫലമാക്കും,”
എന്ന് എഴുതിയിരിക്കുന്നല്ലോ.
20 ജ്ഞാനി എവിടെ? പണ്ഡിതൻ എവിടെ? ഈ ലോകത്തിലെ തത്ത്വജ്ഞാനി എവിടെ? ലോകത്തിന്റെ ജ്ഞാനത്തെ ദൈവം ഭോഷത്തമാക്കിയില്ലേ? 21 ലോകം അതിന്റെ ജ്ഞാനത്തിൽ ദൈവത്തെ അറിഞ്ഞില്ല; അതുകൊണ്ട് ദൈവത്തിന്റെ ജ്ഞാനത്താൽ, വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്തംമുഖേന രക്ഷിക്കാൻ അവിടത്തേക്കു പ്രസാദം തോന്നി. 22 ഇത് അത്ഭുതചിഹ്നങ്ങൾ ആവശ്യപ്പെടുന്ന യെഹൂദർക്കും ജ്ഞാനം അന്വേഷിക്കുന്ന ഗ്രീക്കുകാർക്കും ഭോഷത്തമായി തോന്നുന്നു. 23 എന്നാൽ ഞങ്ങൾ പ്രസംഗിക്കുന്നത് ക്രൂശിതനായ ക്രിസ്തുവിനെയാണ്; അത് യെഹൂദർക്ക് ഇടർച്ചയും യെഹൂദേതരർക്കു ഭോഷത്തവും ആയി തോന്നുന്നു. 24 അങ്ങനെ, രക്ഷിക്കാനായി ദൈവം വിളിച്ച എല്ലാവർക്കും—യെഹൂദർക്കും യെഹൂദേതരർക്കും —ക്രിസ്തു ദൈവശക്തിയും ദൈവജ്ഞാനവും ആകുന്നു. 25 ദൈവത്തിന്റെ ഭോഷത്തം മനുഷ്യന്റെ ജ്ഞാനത്തെക്കാൾ വിവേകമുള്ളതും ദൈവത്തിന്റെ ബലഹീനത മനുഷ്യന്റെ ബലത്തെക്കാൾ ശക്തവുമാണ്.
26 സഹോദരങ്ങളേ, നിങ്ങളെ വിളിച്ചപ്പോഴുള്ള നിങ്ങളുടെ സ്ഥിതിയെപ്പറ്റി ചിന്തിക്കുക. മാനുഷികമാനദണ്ഡമനുസരിച്ചു നിങ്ങളിൽ മിക്കവരും വിവേകശാലികളായിരുന്നില്ല; സമൂഹത്തിൽ സ്വാധീനമുള്ളവരോ കുലീനരോ ആയിരുന്നതുമില്ല. 27 എന്നാൽ ജ്ഞാനികളെ ലജ്ജിപ്പിക്കാൻ ദൈവം ലോകത്തിൽ ഭോഷത്തമായവ തെരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാൻ ദൈവം ബലഹീനമായവ തെരഞ്ഞെടുത്തു. 28 മഹത്തായതെന്നു ലോകം പരിഗണിക്കുന്നതിനെ നിസ്സാരമാക്കാൻ ഈ ലോകത്തിലെ ഹീനവും നിന്ദിതവുമായ കാര്യങ്ങളെ, ഒന്നുമല്ലാത്തവയെത്തന്നെ, ദൈവം തെരഞ്ഞെടുത്തു; 29 അവിടത്തെ സന്നിധിയിൽ ആരും പ്രശംസിക്കാതിരിക്കേണ്ടതിനുതന്നെ. 30 അവിടന്നുമുഖേനയാണ് നിങ്ങൾ ക്രിസ്തുയേശുവിലായിരിക്കുന്നത്. ക്രിസ്തു നമുക്കുവേണ്ടി ദൈവത്തിൽനിന്നുള്ള ജ്ഞാനവും നീതിയും വിശുദ്ധിയും വീണ്ടെടുപ്പും ആയിത്തീർന്നു. 31 അതുകൊണ്ട്, തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, “അഭിമാനിക്കുന്നവർ കർത്താവിൽ അഭിമാനിക്കട്ടെ.”
-
13 നിങ്ങളിൽ ജ്ഞാനവും വിവേകവും ഉള്ളവർ ഉണ്ടോ? എങ്കിൽ അയാൾ ജ്ഞാനത്തിന്റെ ലക്ഷണമായ വിനയത്തോടെ സൽപ്രവൃത്തികളാൽ സമ്പുഷ്ടമായ നല്ല ജീവിതംകൊണ്ട് ആ ജ്ഞാനത്തെ വെളിപ്പെടുത്തട്ടെ. 14 എന്നാൽ, നിങ്ങൾക്കു ഹൃദയത്തിൽ കടുത്ത അസൂയയും സ്വാർഥമോഹവുമുണ്ടെങ്കിൽ ജ്ഞാനത്തെക്കുറിച്ചു പ്രശംസിക്കുകയും സത്യത്തെ നിഷേധിക്കുകയുമരുത്. 15 അങ്ങനെയുള്ള “ജ്ഞാനം” ദൈവികമല്ല; അത് ലൗകികവും അനാത്മികവും പൈശാചികവുമാണ്. 16 കാരണം, അസൂയയും സ്വാർഥമോഹവും ഉള്ളിടത്തു ക്രമരാഹിത്യവും എല്ലാ ദുഷ്‌പ്രവൃത്തികളും ഉണ്ട്.
17 എന്നാൽ സ്വർഗീയജ്ഞാനം, ഏറ്റവും പ്രഥമമായി നിർമലമായിരിക്കും; കൂടാതെ സമാധാനമുള്ളതും സൗമ്യവും വിധേയത്വമുള്ളതും കാരുണ്യമുള്ളതും സത്ഫലങ്ങൾ നിറഞ്ഞതും പക്ഷഭേദരഹിതവും നിഷ്കപടവുമായിരിക്കും. 18 സമാധാനമുണ്ടാക്കുന്നവർ ശാന്തിയിൽ വിതച്ചു നീതിയുടെ ഫലം കൊയ്യും.
-
5 നിങ്ങളിൽ ഒരാൾക്കു ജ്ഞാനം കുറവാകുന്നു എങ്കിൽ അയാൾ ദൈവത്തോടു യാചിക്കണം. ആരെയും ശകാരിക്കാതെ, എല്ലാവർക്കും എല്ലാം നൽകുന്ന ഔദാര്യനിധിയായ ദൈവം അയാൾക്ക് ജ്ഞാനം നൽകും. 6 എന്നാൽ, അയാൾ ഒട്ടും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കണം; സംശയിക്കുന്നയാൾ കാറ്റടിച്ച് ഇളകിമറിയുന്ന കടൽത്തിരയ്ക്ക് തുല്യം. 7 ഇങ്ങനെയുള്ള വ്യക്തി കർത്താവിൽനിന്ന് എന്തെങ്കിലും ലഭിക്കും എന്നു പ്രതീക്ഷിക്കരുത്; 8 ഇരുമനസ്സുള്ള വ്യക്തി തന്റെ എല്ലാ വഴികളിലും ഉറപ്പില്ലാത്തയാൾ ആകുന്നു.
-
19 ആ രാത്രിയിൽ ഒരു ദർശനത്തിൽ ദാനീയേലിന് ആ രഹസ്യം വെളിപ്പെട്ടു. അപ്പോൾ ദാനീയേൽ സ്വർഗത്തിലെ ദൈവത്തെ ഇപ്രകാരം സ്തുതിച്ചു. 20 അദ്ദേഹം:
“ദൈവത്തിന്റെ നാമം എന്നെന്നേക്കും വാഴ്ത്തപ്പെടട്ടെ;
ജ്ഞാനവും ശക്തിയും അവിടത്തേക്കുള്ളത്.
21 അവിടന്നു കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നു;
അവിടന്നു രാജാക്കന്മാരെ നീക്കംചെയ്യുകയും ഉറപ്പിക്കുകയും ചെയ്യുന്നു.
അവിടന്നു ജ്ഞാനികൾക്കു ജ്ഞാനവും
വിവേകികൾക്കു വിവേകവും നൽകുന്നു.
22 അവിടന്ന് അഗാധവും നിഗൂഢവുമായ കാര്യങ്ങൾ വെളിപ്പെടുത്തുന്നു;
ഇരുട്ടിൽ മറഞ്ഞിരിക്കുന്നത് അവിടന്ന് അറിയുന്നു,
വെളിച്ചം അവിടത്തോടൊപ്പം വസിക്കുന്നു.
23 എന്റെ പിതാക്കന്മാരുടെ ദൈവമേ,
അവിടന്ന് എനിക്കു ജ്ഞാനവും ശക്തിയും നൽകിയിരിക്കുകയാൽ ഞാൻ അവിടത്തെ വാഴ്ത്തുന്നു.
ഞങ്ങൾ അവിടത്തോട് അപേക്ഷിച്ച കാര്യം അവിടന്ന് എന്നെ അറിയിച്ചിരിക്കുന്നു,
രാജാവിന്റെ സ്വപ്നത്തെക്കുറിച്ച് അവിടന്നു ഞങ്ങൾക്ക് വെളിപ്പെടുത്തിയിരിക്കുന്നു.”
-
30 ഒരുകാലത്ത് ദൈവത്തോട് അനുസരണയില്ലാത്തവരായിരുന്ന നിങ്ങൾക്ക് അവരുടെ അനുസരണക്കേടു നിമിത്തം ഇപ്പോൾ കരുണ ലഭിച്ചിരിക്കുന്നു. 31 അതുപോലെ, ദൈവം നിങ്ങളോടു കാണിച്ച അതേ കരുണ അവർക്കും ലഭിക്കേണ്ടതിന് അവരും ഇപ്പോൾ അനുസരണകെട്ടവരായിത്തീർന്നിരിക്കുന്നു. 32 എല്ലാവരോടും കരുണ കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ദൈവം എല്ലാവരെയും അനുസരണക്കേടിനു വിധേയരാക്കുന്നത്.
33 ഹോ, ദൈവത്തിന്റെ ജ്ഞാനം, വിവേകം എന്നിവയുടെ സമൃദ്ധി എത്ര അപരിമേയം!
അവിടത്തെ വിധികൾ എത്ര അപ്രമേയം!
അവിടത്തെ വഴികൾ എത്ര അഗോചരം!
34 “കർത്താവിന്റെ മനസ്സ് അറിഞ്ഞതാര്?
അവിടത്തെ ഉപദേഷ്ടാവായിരുന്നത് ആര്?”
35 “തിരികെ വാങ്ങാനായി
ദൈവത്തിനു കടംകൊടുത്തവനാര്?”
36 സകലതും ദൈവത്തിൽനിന്നു, ദൈവത്തിലൂടെ, ദൈവത്തിലേക്കുതന്നെ.
അവിടത്തേക്ക് എന്നേക്കും മഹത്ത്വം! ആമേൻ.
-
1 എന്റെ കുഞ്ഞേ, നീ എന്റെ വചനങ്ങൾ സ്വീകരിച്ച്
എന്റെ കൽപ്പനകൾ നിന്റെയുള്ളിൽ സൂക്ഷിച്ചുവെക്കുകയും
2 ജ്ഞാനത്തിനുവേണ്ടി നിന്റെ കാതുകൾ തിരിക്കുകയും
വിവേകത്തിനായി ഹൃദയം ശ്രദ്ധയോടെ വെക്കുകയുംചെയ്യുക.
3 ഉൾക്കാഴ്ചയ്ക്കുവേണ്ടി കേണപേക്ഷിക്കുകയും
വിവേകത്തിനായി നിലവിളിക്കുകയും ചെയ്യുക.
4 അതിനെ നീ വെള്ളി എന്നതുപോലെ അന്വേഷിക്കുകയും
നിഗൂഢനിധി എന്നതുപോലെ തേടുകയും ചെയ്യുക.
5 അപ്പോൾ നീ യഹോവയോടുള്ള ഭക്തി എന്തെന്നു ഗ്രഹിക്കുകയും,
ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.
6 കാരണം ജ്ഞാനം പ്രദാനംചെയ്യുന്നത് യഹോവയാണ്;
പരിജ്ഞാനവും വിവേകവും ഉത്ഭവിക്കുന്നത് തിരുവായിൽനിന്നാണ്.
7 പരമാർഥികൾക്ക് അവിടന്ന് വിജയം സംഗ്രഹിച്ചുവെക്കുന്നു,
നിഷ്കളങ്കരായി ജീവിക്കുന്നവർക്ക് അവിടന്ന് ഒരു സംരക്ഷണവലയമാണ്,
8 നീതിനിഷ്ഠരുടെ കാലഗതി അവിടന്നു കാത്തുസൂക്ഷിക്കുകയും
തന്റെ വിശ്വസ്തരെ സംരക്ഷിക്കുകയും ചെയ്യുന്നു.
9 അങ്ങനെ നീ, നീതിയുക്തവും ന്യായമായതും
ഔചിത്യമായതുമായ സകലമാർഗവും ഗ്രഹിക്കും.
10 കാരണം നിന്റെ ഹൃദയത്തിൽ ജ്ഞാനം ഉദയംചെയ്യും
പരിജ്ഞാനം നിന്റെ ആത്മാവിന് ഇമ്പമായിരിക്കും.
11 വിവേചനശക്തി നിന്നെ സംരക്ഷിക്കും,
വിവേകം നിന്നെ കാത്തുപരിപാലിക്കും.
12 ജ്ഞാനം നിന്നെ ദുഷ്ടമനുഷ്യരുടെ വഴികളിൽനിന്നും
വഴിപിഴച്ചവരുടെ ഉപദേശത്തിൽനിന്നും രക്ഷിക്കും,
13 ഇരുളടഞ്ഞ വഴികളിൽ സഞ്ചരിക്കേണ്ടതിന്
അവർ സത്യത്തിന്റെ മാർഗം വിട്ടുകളയുന്നു,
14 അവർ തിന്മയുടെ വൈകൃതങ്ങളിൽ ആമോദിക്കുകയും
ദുഷ്ടതയിൽ ആനന്ദിക്കുകയും ചെയ്യുന്നു,
15 അവരുടെ മാർഗം കുടിലതനിറഞ്ഞതാണ്
അവരുടെ ആസൂത്രണങ്ങൾ വക്രതനിറഞ്ഞതുമാണ്.
-
8 പരിഹാസികളെ ശാസിക്കരുത്, അവർ നിന്നെ വെറുക്കും;
ജ്ഞാനികളെ ശാസിക്കുക, അവർ നിന്നെ സ്നേഹിക്കും.
9 ജ്ഞാനികളെ ഉപദേശിക്കുക, അവർ അധികം ജ്ഞാനമുള്ളവരായിത്തീരും;
നീതിനിഷ്ഠരെ അഭ്യസിപ്പിക്കുക, അവർ വിദ്യാഭിവൃത്തി പ്രാപിക്കും.
10 യഹോവാഭക്തി ജ്ഞാനത്തിന്റെ ഉറവിടമാകുന്നു,
പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകമാകുന്നു.
11 ജ്ഞാനംമൂലം നിന്റെ ദിനങ്ങൾ നിരവധിയായിരിക്കും,
നിനക്കു ദീർഘായുസ്സുണ്ടാകുകയും ചെയ്യും.
12 നീ ജ്ഞാനമുള്ള വ്യക്തിയെങ്കിൽ, നിന്റെ ജ്ഞാനം നിനക്കു പ്രതിഫലംനൽകും;
നീ പരിഹാസിയാണെങ്കിൽ, അതിന്റെ അനന്തരഫലം നീമാത്രം അനുഭവിക്കും.
-
സുഭാഷിതങ്ങൾക്കൊരു ആമുഖം
1 ദാവീദിന്റെ പുത്രനും ഇസ്രായേൽരാജാവുമായ ശലോമോന്റെ സുഭാഷിതങ്ങൾ:
2 മനുഷ്യർക്കു ജ്ഞാനവും ശിക്ഷണവും നേടുന്നതിനും
വിവേകവചനങ്ങൾ ഗ്രഹിക്കുന്നതിനും;
3 പരിജ്ഞാനത്തോടെയുള്ള പെരുമാറ്റം, നീതി, ന്യായം, ഔചിത്യം
എന്നിവയ്ക്കുള്ള പ്രബോധനം ലഭിക്കാനും;
4 ലളിതമാനസർക്കു കാര്യപ്രാപ്തിയും,
യുവാക്കൾക്കു പരിജ്ഞാനവും വകതിരിവും പ്രദാനംചെയ്യുന്നതിനും—
5 ഈ സുഭാഷിതങ്ങൾ കേട്ട് ജ്ഞാനി തന്റെ അറിവ് വർധിപ്പിക്കുന്നതിനും
വിവേകികൾ മാർഗദർശനം നേടുന്നതിനും—
6 സുഭാഷിതങ്ങളും സാദൃശ്യകഥകളും
സൂക്തങ്ങളും കടങ്കഥകളും ഗ്രഹിക്കുന്നതിനും
ഇവ പ്രയോജനപ്രദമാകും.
7 യഹോവാഭക്തി പരിജ്ഞാനത്തിന്റെ ഉറവിടമാകുന്നു
എന്നാൽ ഭോഷർ ജ്ഞാനവും ശിക്ഷണവും നിരാകരിക്കുന്നു.
-
24 കൃഷിക്കാർ വിത്തു വിതയ്ക്കുന്നതിന് നിരന്തരം ഉഴുതുകൊണ്ടിരിക്കുമോ?
അവർ എപ്പോഴും മണ്ണിളക്കി കട്ട ഉടച്ചുകൊണ്ടിരിക്കുമോ?
25 അവർ ഉപരിതലം നിരപ്പാക്കി
കരിംജീരകം വിതയ്ക്കുകയും ജീരകം വിതറുകയും
ഗോതമ്പ് അതിന്റെ നിരയിലും
യവം അതിന്റെ സ്ഥാനത്തും
ചോളം അതിന്റെ നിലത്തിലും നടുകയുമല്ലേ ചെയ്യുന്നത്?
26 അതിനായി അവരുടെ ദൈവം അവരെ വേണ്ടവിധം ഉപദേശിക്കുകയും
അഭ്യസിപ്പിക്കുകയും ചെയ്യുന്നു.
27 കരിംജീരകം മെതിവണ്ടി ഉപയോഗിച്ച് മെതിക്കുന്നില്ല,
ജീരകത്തിന്റെമേൽ വണ്ടിച്ചക്രം ഉരുളുന്നതുമില്ല;
കരിംജീരകം കമ്പുകൊണ്ടും
ജീരകം കോൽകൊണ്ടും തല്ലിയാണ് എടുക്കുന്നത്.
28 അപ്പമുണ്ടാക്കാനുള്ള ധാന്യം പൊടിക്കുകയാണ് വേണ്ടത്;
അതുകൊണ്ട് അത് എന്നേക്കും മെതിച്ചുകൊണ്ടിരിക്കുകയില്ല.
മെതിവണ്ടിയുടെ ചക്രം അതിന്മേൽ ഉരുട്ടാം
പക്ഷേ, ധാന്യം പൊടിക്കുന്നതിന് കുതിരകളെ ഉപയോഗിക്കുകയില്ലല്ലോ.
29 ഇക്കാര്യവും സൈന്യങ്ങളുടെ യഹോവയിൽനിന്ന് വരുന്നു,
അവിടന്ന് തന്റെ ആലോചന അത്ഭുതകരവും
ജ്ഞാനം ശ്രേഷ്ഠവും ആക്കിയിരിക്കുന്നു.
-
1 നിങ്ങൾക്കും ലവൊദിക്യയിലുള്ളവർക്കും എന്നെ അഭിമുഖമായി കണ്ടിട്ടില്ലാത്ത എല്ലാവർക്കുംവേണ്ടി ഞാൻ എത്രയധികം പോരാടുന്നുണ്ടെന്ന് നിങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. 2 സർവ ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും നിധികൾ മറഞ്ഞിരിക്കുന്ന ദൈവരഹസ്യമായ ക്രിസ്തുവിനെക്കുറിച്ച് അവർക്ക് അറിയാൻ കഴിയേണ്ടതിന് പരിജ്ഞാനത്തിന്റെ പരിപൂർണനിശ്ചയം സമൃദ്ധമായി ലഭിക്കാൻ, അവർ ഹൃദയത്തിൽ ഉത്സാഹമുള്ളവരും സ്നേഹത്തിൽ ഏകീഭവിച്ചവരും ആകണം എന്നാണ് ഞാൻ അഭിലഷിക്കുന്നത്. 3 കാരണം, എല്ലാ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ക്രിസ്തുവിൽ മറഞ്ഞിരിക്കുന്നു.
-
18 ആരും സ്വയം വഞ്ചിതരാകരുത്. ഈ കാലഘട്ടത്തിന്റെ മാനദണ്ഡം അനുസരിച്ച്, നിങ്ങളിലാരെങ്കിലും ജ്ഞാനിയെന്ന് സ്വയം ചിന്തിക്കുന്നു എങ്കിൽ അയാൾ യഥാർഥജ്ഞാനിയാകേണ്ടതിന് സ്വയം “ഭോഷൻ” ആയിത്തീരട്ടെ. 19 ഈ ലോകത്തിന്റെ ജ്ഞാനം ദൈവത്തിന്റെ ദൃഷ്ടിയിൽ ഭോഷത്തമാണ്. “അവിടന്ന് ജ്ഞാനികളെ അവരുടെ കൗശലങ്ങളിൽ കുടുക്കുന്നു” എന്നും 20 “ജ്ഞാനികളുടെ ചിന്തകൾ വ്യർഥമെന്ന് കർത്താവ് അറിയുന്നു” എന്നും എഴുതിയിരിക്കുന്നല്ലോ. 21 അതുകൊണ്ട് ഇനിമേൽ മാനുഷികനേതാക്കന്മാരെക്കുറിച്ച് അഭിമാനംകൊള്ളാൻ പാടില്ല! സകലതും നിങ്ങൾക്കുള്ളതാണ്, 22 പൗലോസോ അപ്പൊല്ലോസോ കേഫാവോ ലോകമോ ജീവനോ മരണമോ ഇപ്പോഴുള്ളതോ വരാനുള്ളതോ—എല്ലാം നിങ്ങളുടേത്; 23 നിങ്ങളോ ക്രിസ്തുവിനുള്ളവർ, ക്രിസ്തു ദൈവത്തിനുള്ളവൻ.
-
16 ജ്ഞാനം നേടുന്നത് കനകത്തെക്കാൾ എത്രയോ അഭികാമ്യം,
വിവേകം സമ്പാദിക്കുന്നത് വെള്ളിയെക്കാൾ എത്രശ്രേഷ്ഠം!
-
1 സഹോദരങ്ങളേ, ഞാൻ നിങ്ങളുടെ അടുക്കൽ വന്നപ്പോൾ, ദൈവികരഹസ്യങ്ങൾ നിങ്ങളോടു പ്രഘോഷിച്ചതു വാഗ്വൈഭവമോ മാനുഷികജ്ഞാനമോ പ്രയോഗിച്ചുകൊണ്ടായിരുന്നില്ല. 2 ക്രൂശിതനായ യേശുക്രിസ്തുവിനെക്കുറിച്ചല്ലാതെ മറ്റെല്ലാറ്റിനെക്കുറിച്ചും അജ്ഞനെപ്പോലെ നിങ്ങളുടെ ഇടയിൽ ആയിരിക്കണമെന്നത് എന്റെ തീരുമാനമായിരുന്നു. 3 ബലഹീനനായി, ഭയവിഹ്വലതയോടെയാണ് ഞാൻ നിങ്ങളുടെ അടുത്തെത്തിയത്. 4 എന്റെ ഉപദേശവും എന്റെ പ്രഭാഷണവും മാനുഷികജ്ഞാനത്താൽ ജനത്തെ വശീകരിക്കുന്ന വാക്കുകൾ ഉപയോഗിച്ചുകൊണ്ടായിരുന്നില്ല; പ്രത്യുത ദൈവാത്മാവിന്റെ ശക്തിയുടെ പ്രദർശനത്തോടെ ആയിരുന്നു. 5 നിങ്ങളുടെ വിശ്വാസം മാനുഷികജ്ഞാനത്തിന്മേലല്ല, ദൈവശക്തിയിൽ തന്നെ അധിഷ്ഠിതമായിരിക്കേണ്ടതിനാണ് ഇങ്ങനെ ചെയ്തത്.
6 എന്നാൽ, പക്വതയുള്ളവരുടെ മധ്യേ ഞങ്ങൾ ജ്ഞാനത്തിന്റെസന്ദേശം ഘോഷിക്കുന്നു. അത് ഈ യുഗത്തിന്റെയോ ഈ കാലഘട്ടത്തിന്റെ നശിച്ചുപോകാനിരിക്കുന്നവരായ ഭരണാധികാരികളുടെയോ ജ്ഞാനമല്ല. 7 ദൈവത്തെക്കുറിച്ചുള്ള നിഗൂഢജ്ഞാനം, മറഞ്ഞിരുന്നതും നമ്മുടെ തേജസ്സിനായി ദൈവം കാലത്തിനുമുമ്പേ നിശ്ചയിച്ചിരുന്നതുമായ ജ്ഞാനം തന്നെ, ഞങ്ങൾ പ്രസ്താവിക്കുന്നു. 8 ഇക്കാലത്തെ അധികാരികളാരും ആ ജ്ഞാനം ഗ്രഹിച്ചില്ല; ഗ്രഹിച്ചിരുന്നെങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കുകയില്ലായിരുന്നു.
9 “ഒരു കണ്ണും കണ്ടിട്ടില്ലാത്തതും
ഒരു കാതും കേട്ടിട്ടില്ലാത്തതും
ഒരു മനുഷ്യഹൃദയവും ചിന്തിച്ചിട്ടില്ലാത്തതും,”
എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെയുള്ളത്,
ദൈവം അവിടത്തെ സ്നേഹിക്കുന്നവർക്കായി ഒരുക്കിവെച്ചിരിക്കുന്നു!
10 എന്നാൽ, നമുക്ക് അത് ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു.
ആത്മാവ് സകലതും, ദൈവത്തെ സംബന്ധിച്ച അഗാധകാര്യങ്ങൾപോലും, ആഴത്തിൽ ആരായുന്നു. 11 ഒരു മനുഷ്യന്റെ ആത്മാവല്ലാതെ അയാളുടെ ചിന്തകൾ വേറെ ആരാണറിയുക? അങ്ങനെതന്നെ, ദൈവത്തിന്റെ ആത്മാവൊഴികെ മറ്റാരും ദൈവത്തിന്റെ ചിന്തകൾ ഗ്രഹിക്കുന്നില്ല. 12 ലോകത്തിന്റെ ആത്മാവിനെയല്ല, ദൈവം നമുക്കു സൗജന്യമായി നൽകിയിരിക്കുന്നതു ഗ്രഹിക്കാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെയാണ് നാം പ്രാപിച്ചിരിക്കുന്നത്. 13 മനുഷ്യജ്ഞാനം ഞങ്ങളെ പഠിപ്പിച്ച വാക്കുകളിലൂടെയല്ല, ആത്മാവു പഠിപ്പിച്ച വാക്കുകളിലൂടെയാണ് ഇക്കാര്യങ്ങൾ ഞങ്ങൾ സംസാരിക്കുന്നത്; അങ്ങനെ, ഞങ്ങൾ ആത്മികപാഠങ്ങൾ ആത്മാവിനാൽത്തന്നെ വ്യക്തമാക്കുന്നു. 14 ദൈവാത്മാവ് ഇല്ലാത്തയാൾ ദൈവാത്മാവിൽനിന്നുള്ള കാര്യങ്ങൾ സ്വീകരിക്കുന്നില്ല, അവ അയാൾക്കു ഭോഷത്തമായി തോന്നുന്നു; ആത്മികമായി വിവേചിക്കേണ്ടതാകുകയാൽ അവയെ ഗ്രഹിക്കാൻ അയാൾക്കു സാധ്യവുമല്ല. 15 സകലതും ആത്മികർ വിവേചിക്കുന്നു; ആർക്കും അവരെ വിധിക്കാനാകുന്നതുമില്ല.
16 “കർത്താവിന്റെ മനസ്സ് അറിഞ്ഞ്
അവിടത്തെ ഉപദേഷ്ടാവായിരുന്നത് ആര്?”
നമുക്കോ ക്രിസ്തുവിന്റെ മനസ്സുണ്ട്.
-
1 അതിനുശേഷം യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഇപ്രകാരം ഉത്തരമരുളി:
2 “പരിജ്ഞാനമില്ലാത്ത വാക്കുകളാൽ
ആലോചനയെ ഇരുട്ടാക്കിത്തീർക്കുന്ന ഇവനാര്?
3 പുരുഷനെപ്പോലെ അര മുറുക്കുക;
ഞാൻ നിന്നോടു ചോദിക്കും,
നീ എനിക്ക് ഉത്തരം നൽകണം.
4 “ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു?
നിനക്കു വിവേകമുണ്ടെങ്കിൽ പറയുക.
5 അതിന്റെ അളവുകൾ നിർണയിച്ചതാര്? നിശ്ചയമായും നിനക്കതറിയാം!
അഥവാ, അതിനു കുറുകെ അളവുനൂൽ പിടിച്ചതാരാണ്?
6-7 ഉദയനക്ഷത്രങ്ങൾ ഒത്തുചേർന്നു ഗീതങ്ങൾ ആലപിക്കുകയും
ദൈവപുത്രന്മാരെല്ലാം ആനന്ദത്താൽ ആർത്തുവിളിക്കുകയും ചെയ്തപ്പോൾ,
അതിന്റെ അടിസ്ഥാനങ്ങൾ എവിടെയാണ് സ്ഥാപിച്ചത്?
അതിന്റെ ആണിക്കല്ല് സ്ഥാപിച്ചത് ആരാണ്?
8 “ഭൂഗർഭത്തിൽനിന്നു സമുദ്രം പൊട്ടിപ്പുറപ്പെട്ടപ്പോൾ
കതകുകൾ ചേർത്തടച്ച് അതിനെ പിന്നിലൊതുക്കിയത് ആരാണ്?
9 ഞാൻ മേഘത്തെ അതിന്റെ വസ്ത്രമാക്കി
ഘോരാന്ധകാരത്താൽ അതിനെ മൂടിപ്പൊതിയുകയും ചെയ്തപ്പോൾ,
10 ഞാൻ അതിന് അതിരുകൾ നിശ്ചയിച്ച്;
കതകുകളും ഓടാമ്പലുകളും സ്ഥാപിച്ചപ്പോൾ,
11 ‘നിനക്ക് ഇവിടെവരെ വരാം; ഇതിനപ്പുറം പാടില്ല;
അഹന്തനിറഞ്ഞ തിരമാലകൾ ഇവിടെയാണ് നിൽക്കേണ്ടത് എന്നു പറഞ്ഞപ്പോൾ,’
12-13 ഭൂമിയുടെ അതിരുകളെ പിടിച്ചുകൊള്ളുന്നതിനും
ദുഷ്ടരെ അതിൽനിന്ന് കുടഞ്ഞുകളയുന്നതിനുംവേണ്ടി
നീ പ്രഭാതത്തിന് എപ്പോഴെങ്കിലും ഉത്തരവുകൾ നൽകിയിട്ടുണ്ടോ?
അരുണോദയത്തിന് അതിന്റെ സ്ഥാനം നിയമിച്ചുകൊടുത്തിട്ടുണ്ടോ?
14 മുദ്രയ്ക്കുകീഴേയുള്ള കളിമണ്ണുപോലെ ഭൂമിക്ക് ആകൃതി കൈവരുന്നു;
ഒരു വസ്ത്രത്തിന്റേത് എന്നപോലെ അതിലെ സവിശേഷതകൾ സ്പഷ്ടമായി കാണപ്പെടുന്നു.
15 ദുഷ്ടർക്ക് വെളിച്ചം നിഷേധിക്കപ്പെട്ടു,
അവരുടെ ഉയർത്തപ്പെട്ട ഭുജം തകർക്കപ്പെട്ടു.
16 “സമുദ്രത്തിന്റെ ഉറവുകളിലേക്കു നീ യാത്രചെയ്തിട്ടുണ്ടോ?
ആഴിയുടെ അഗാധതലങ്ങളിൽ നീ നടന്നിട്ടുണ്ടോ?
17 മരണത്തിന്റെ കവാടങ്ങൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ?
കൂരിരുട്ടിന്റെ കവാടങ്ങൾ നീ ദർശിച്ചിട്ടുണ്ടോ?
18 ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ?
ഇവയെല്ലാം നിനക്കറിയാമെങ്കിൽ, എന്നോടു പറയുക.
19 “പ്രകാശത്തിന്റെ വസതിയിലേക്കുള്ള പാത എവിടെ?
ഇരുളിന്റെ പാർപ്പിടവും എവിടെ?
20 അതിനെ അതിന്റെ അതിരിനകത്തേക്കു നയിക്കാൻ നിനക്കു കഴിയുമോ?
അതിന്റെ ആവാസകേന്ദ്രങ്ങളിലേക്കുള്ള പാത നിനക്ക് അറിയാമോ?
21 നിശ്ചയമായും നിനക്കറിയാം, നീ അന്നേ ഭൂജാതനായിരുന്നല്ലോ!
നീ ദീർഘവർഷങ്ങൾ പിന്നിടുകയും ചെയ്തല്ലോ!
22 “ഹിമത്തിന്റെ ഭണ്ഡാരപ്പുരകളിൽ നീ കടന്നിട്ടുണ്ടോ?
അഥവാ, കന്മഴയുടെ സംഭരണശാലകൾ നീ കണ്ടിട്ടുണ്ടോ?
23 ദുരന്തകാലത്തേക്കും യുദ്ധവും സൈനികനീക്കവുമുള്ള സമയത്തേക്കും
ഞാൻ അവയെ കരുതിവെച്ചിരിക്കുന്നു.
24 വെളിച്ചം വിഭജിക്കപ്പെടുന്ന വഴി ഏതാണ്?
കിഴക്കൻകാറ്റു ഭൂമിയിൽ വ്യാപിക്കുന്നതും ഏതു വഴിയിലൂടെയാണ്?
25-27 നിർജനദേശത്തും ആൾപ്പാർപ്പില്ലാത്ത
മരുഭൂമിയിലും മഴ പെയ്യിക്കാനും
തരിശും ശൂന്യവുമായ സ്ഥലത്തിന്റെ ദാഹം തീർക്കാനും
പുല്ലിൽ പുതുമുകുളങ്ങൾ മുളപ്പിക്കുന്നതിനും
ആരാണ് പേമാരിക്ക് ഒരു ചാലും ഇടിമിന്നലിന്
ഒരു മാർഗവും വെട്ടിക്കൊടുത്തത്?
28 മഴയ്ക്ക് ഒരു പിതാവുണ്ടോ?
മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്?
29 ആരുടെ ഗർഭത്തിൽനിന്നാണ് ഹിമം പുറത്തുവന്നത്?
ആകാശത്തിലെ മൂടൽമഞ്ഞിന് ജന്മമേകുന്നത് ആരാണ്?
30 വെള്ളം ശിലപോലെ കട്ടിയാകുന്നതെപ്പോൾ,
ആഴിയുടെ ഉപരിതലം ഉറഞ്ഞ് കട്ടിയായിത്തീരുന്നതും എപ്പോൾ?
31 “കാർത്തികനക്ഷത്രവ്യൂഹത്തിന്റെ ചങ്ങലകൾ നിനക്കു ബന്ധിക്കാൻ കഴിയുമോ?
മകയിരത്തിന്റെ കെട്ടുകൾ നിനക്ക് അഴിക്കാമോ?
32 നിനക്ക് നക്ഷത്രവ്യൂഹത്തെ നിശ്ചിതസമയത്തു പുറപ്പെടുവിക്കാമോ?
സപ്തർഷികളെയും അവയുടെ ഉപഗ്രഹങ്ങളെയും നയിക്കാമോ?
33 ആകാശമണ്ഡലത്തിന്റെ നിയമങ്ങൾ നീ അറിയുന്നുണ്ടോ?
ഭൂമിയുടെമേൽ ദൈവത്തിന്റെ അധികാരസീമ നിനക്കു നിർണയിക്കാൻ കഴിയുമോ?
34 “നിന്റെ സ്വരം മേഘമാലകൾക്കൊപ്പം ഉയർത്തി
ജലപ്രവാഹത്താൽ നിന്നെ ആമഗ്നനാക്കാൻ ആജ്ഞാപിക്കാമോ?
35 ഇടിമിന്നലുകളെ അവയുടെ പാതയിൽക്കൂടെ പറഞ്ഞയയ്ക്കുന്നത് നീയാണോ?
‘അടിയങ്ങൾ ഇതാ,’ എന്ന് അവ നിന്നോടു ബോധിപ്പിക്കുന്നുണ്ടോ?
36 ഞാറപ്പക്ഷിക്കു ജ്ഞാനം നൽകുന്നത് ആര്?
പൂവൻകോഴിക്കു വിവേകം നൽകുന്നത് ഏതൊരുവൻ?
37-38 പൊടി കട്ടപിടിക്കുമ്പോഴും
മൺകട്ടകൾ ഒന്നിച്ചിരിക്കുമ്പോഴും
മേഘങ്ങളെ എണ്ണുന്നതിനുള്ള ജ്ഞാനം ആർക്കുണ്ട്?
ആകാശത്തിലെ ജലസംഭരണികളെ ചരിക്കുന്നതിന് ആർക്കു കഴിയും?
39-40 “സിംഹങ്ങൾ അവയുടെ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോഴും
അവ കുറ്റിക്കാട്ടിൽ പതിയിരിക്കുമ്പോഴും
സിംഹിക്കുവേണ്ടി ഇരയെ വേട്ടയാടാൻ നിനക്കു കഴിയുമോ?
സിംഹക്കുട്ടികളുടെ വിശപ്പു ശമിപ്പിക്കാൻ നീ പ്രാപ്തനോ?
41 കാക്കക്കുഞ്ഞുങ്ങൾ തീറ്റകിട്ടാതെ ദൈവത്തോടു നിലവിളിച്ച്
ആഹാരത്തിനുവേണ്ടി പറന്നലയുമ്പോൾ,
അതിന് ആഹാരം നൽകുന്നത് ആരാണ്?
-
15 അതുകൊണ്ട് നിങ്ങൾ എങ്ങനെ ജീവിക്കുന്നു എന്നു സൂക്ഷിക്കുക—അവിവേകികളായിട്ടല്ല, വിവേകികളായിത്തന്നെ ജീവിക്കുക. 16 ഇത് വഷളത്തം വർധിതമായ കാലമാണ്; അതുകൊണ്ട്, ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കാതെ പരമാവധി പ്രയോജനപ്പെടുത്തുക. 17 അജ്ഞാനികളാകരുത്; പിന്നെയോ കർത്താവിന്റെ ഇഷ്ടം എന്തെന്നു ഗ്രഹിക്കുന്നവരാകുക.
-
15 ഈ കാരണത്താൽ, കർത്താവായ യേശുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തെയും സകലവിശുദ്ധരോടുമുള്ള സ്നേഹത്തെയുംകുറിച്ചു കേട്ടതുമുതൽ 16 ഞാനും എന്റെ പ്രാർഥനയിൽ നിങ്ങളെ സ്മരിച്ചുകൊണ്ടു നിങ്ങൾക്കുവേണ്ടി എപ്പോഴും സ്തോത്രംചെയ്തുകൊണ്ടിരിക്കുന്നു. 17 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവം, തേജോമയനായ പിതാവ്, അവിടത്തെ സുവ്യക്തമായി മനസ്സിലാക്കാൻ നിങ്ങൾക്കു ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ നൽകട്ടെ എന്നു ഞാൻ എപ്പോഴും പ്രാർഥിക്കുന്നു. 18 മാത്രവുമല്ല, നിങ്ങളുടെ ഹൃദയം പ്രകാശപൂരിതമായിത്തീർന്നിട്ട് അവിടന്ന് നിങ്ങളെ വിളിച്ചിരിക്കുന്ന പ്രത്യാശയും അവിടത്തെ വിശുദ്ധർക്കു ലഭിക്കാനിരിക്കുന്ന തേജോമയമായ അവകാശത്തിന്റെ സമൃദ്ധിയും 19 വിശ്വസിക്കുന്നവരായ നമുക്കുവേണ്ടിയുള്ള അവിടത്തെ അതുല്യമായ ശക്തിയും നിങ്ങൾ അറിയേണമെന്നും ഞാൻ പ്രാർഥിക്കുന്നു. 20-21 ഈ ശക്തിതന്നെയാണ്, ക്രിസ്തുവിനെ മരിച്ചവരിൽനിന്നുയിർപ്പിച്ച് എല്ലാ ഭരണത്തിനും അധികാരത്തിനും ശക്തിക്കും കർത്തൃത്വത്തിനും മീതേ സ്വർഗത്തിൽ തന്റെ വലതുഭാഗത്ത്, ഈ യുഗത്തിൽമാത്രമല്ല, വരാനുള്ളതിലും വിളിക്കപ്പെട്ട എല്ലാ നാമത്തിനും അത്യന്തം മീതേ, ഇരുത്താൻ ദൈവം പ്രയോഗിച്ച അതിമഹത്തായ ശക്തി. 22 അവിടന്നു സകലതും ക്രിസ്തുവിന്റെ കാൽക്കീഴിലാക്കി ക്രിസ്തുവിനെ എല്ലാറ്റിന്റെയും ശിരസ്സായിരിക്കാൻ സഭയ്ക്കുവേണ്ടി നിയോഗിച്ചിരിക്കുന്നു. 23 സകലത്തെയും സർവവിധത്തിലും സമ്പൂർണമാക്കുന്ന അവിടത്തെ സമ്പൂർണതയാകുന്നു ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ.
-
24 യഹോവേ, വൈവിധ്യമാർന്ന ജീവികളെയാണല്ലോ അവിടന്ന് ഉണ്ടാക്കിയിരിക്കുന്നത്!
അവയെയെല്ലാം അങ്ങ് ജ്ഞാനത്തോടെ നിർമിച്ചു;
ഭൂമി അവിടത്തെ സൃഷ്ടികളാൽ നിറഞ്ഞിരിക്കുന്നു.
25 അതാ, അനന്തവിശാലമായ സമുദ്രം,
ചെറുതും വലുതുമായ ജീവജാലങ്ങൾ നിറഞ്ഞിരിക്കുന്നു—
അസംഖ്യം ജീവജാലങ്ങൾ അവിടെ വിഹരിക്കുന്നു.
26 അതിൽക്കൂടി കപ്പലുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു,
അതിൽ തിമിർത്താടുന്നതിനായി അങ്ങ് ഉണ്ടാക്കിയ ലിവ്യാഥാനുമുണ്ട്.
-
12 മഹാസാഗരങ്ങളെ തന്റെ ഉള്ളങ്കൈയാൽ അളക്കുകയും
ആകാശവിശാലത കൈയുടെ വിസ്തൃതികൊണ്ട് അളന്നുതിരിക്കുകയും
ഭൂമിയിലെ പൊടി അളവുപാത്രംകൊണ്ട് അളന്നു തിട്ടപ്പെടുത്തുകയും
പർവതങ്ങളെ ത്രാസുകൊണ്ടും
മലകളെ തുലാംകൊണ്ടും തൂക്കുകയും ചെയ്യുന്നതാർ?
13 യഹോവയുടെ ആത്മാവിന്റെ ആഴമളക്കാനോ
യഹോവയുടെ ഉപദേഷ്ടാവായിരിക്കാനോ കഴിയുന്നതാർ?
14 അറിവുപകർന്നുകിട്ടാനായി ആരോടാണ് യഹോവ ആലോചന ചോദിച്ചത്?
നേരായ മാർഗം അവിടത്തെ പഠിപ്പിച്ചത് ആരാണ്?
ജ്ഞാനം അവിടത്തെ ഉപദേശിച്ചത് ആരാണ്?
അഥവാ, പരിജ്ഞാനത്തിന്റെ പാത ആരാണ് അവിടത്തേക്കു കാണിച്ചുകൊടുത്തത്?
-
9 “ആകയാൽ ഇപ്പോൾ എന്റെ മകനേ, ശലോമോനേ, നിന്റെ പിതാവിന്റെ ദൈവത്തെ അറിയുക! സമ്പൂർണ ഹൃദയസമർപ്പണത്തോടും ദൃഢചിത്തതയോടുംകൂടി അവിടത്തെ സേവിക്കുക! കാരണം യഹോവ ഓരോ ചിന്തയ്ക്കും പിന്നിലുള്ള നിനവുകളെ ഗ്രഹിക്കുന്നു. നീ അവിടത്തെ അന്വേഷിക്കുമെങ്കിൽ അവിടത്തെ കണ്ടെത്തും. എന്നാൽ നീ അവിടത്തെ പരിത്യജിച്ചാൽ അവിടന്നു നിന്നെ എന്നേക്കുമായി തള്ളിക്കളയും.
-
ദാവീദിന്റെ ഒരു സങ്കീർത്തനം.
1 യഹോവേ, അവിടന്നെന്നെ പരിശോധിച്ചു,
അവിടന്നെന്നെ അറിഞ്ഞുമിരിക്കുന്നു.
2 ഞാൻ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും അവിടന്ന് അറിയുന്നു;
എന്റെ ചിന്തകളെ വിദൂരതയിൽനിന്നുതന്നെ അവിടന്ന് ഗ്രഹിക്കുന്നു.
3 എന്റെ നടപ്പും എന്റെ കിടപ്പും അങ്ങ് വേർതിരിച്ചറിയുന്നു;
എന്റെ എല്ലാ മാർഗങ്ങളും അവിടത്തേക്ക് സുപരിചിതമാണ്.
4 ഞാൻ ഒരു വാക്ക് ഉച്ചരിക്കാൻ ആരംഭിക്കുന്നതിനു മുമ്പുതന്നെ
യഹോവേ, അങ്ങ് അതു പൂർണമായും ഗ്രഹിക്കുന്നു.
5 അവിടന്ന് എന്റെ മുന്നിലും പിന്നിലുംനിന്ന് എനിക്കു സംരക്ഷണമേകുന്നു,
അങ്ങയുടെ കരുതലിൻകരം എന്റെമേൽ വെച്ചിരിക്കുന്നു.
6 ഈ അറിവ് എനിക്ക് അത്യന്തം വിസ്മയാവഹമാണ്,
അതെനിക്ക് എത്തിച്ചേരാവുന്നതിലും ഉന്നതമാണ്.
-
28 നിനക്ക് അറിഞ്ഞുകൂടേ?
നീ കേട്ടിട്ടില്ലേ?
യഹോവ നിത്യനായ ദൈവം ആകുന്നു,
അവിടന്നാണ് ഭൂമിയുടെ അറുതികളെല്ലാം സൃഷ്ടിച്ചത്.
അവിടന്നു ക്ഷീണിക്കുന്നില്ല, തളരുന്നതുമില്ല;
അവിടത്തെ വിവേകം അപ്രമേയംതന്നെ.
-
12 എന്നാൽ ദൈവം തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു;
തന്റെ ജ്ഞാനത്താൽ അവിടന്ന് ലോകത്തെ സ്ഥാപിച്ചു
തന്റെ വിവേകത്താൽ ആകാശങ്ങളെ വിരിക്കുകയും ചെയ്തു.
-
7 അന്നുരാത്രി ദൈവം ശലോമോനു പ്രത്യക്ഷനായി അദ്ദേഹത്തോടു പറഞ്ഞു: “നിനക്കുവേണ്ടത് എന്തായാലും ചോദിച്ചുകൊള്ളുക, ഞാൻ തരും.”
8 ശലോമോൻ ദൈവത്തോടു മറുപടി പറഞ്ഞു: “യഹോവേ, അങ്ങ് എന്റെ പിതാവായ ദാവീദിനോട് വലിയ ദയ കാണിച്ചിരിക്കുന്നു; അദ്ദേഹത്തിന്റെ സ്ഥാനത്ത് എന്നെ രാജാവാക്കുകയും ചെയ്തിരിക്കുന്നു. 9 ദൈവമായ യഹോവേ, ഭൂതലത്തിലെ പൊടിപോലെ അസംഖ്യമായ ഒരു ജനതയ്ക്ക് ഇപ്പോൾ അങ്ങ് എന്നെ രാജാവാക്കിയിരിക്കുന്നു! അതിനാൽ എന്റെ പിതാവായ ദാവീദിനോട് അങ്ങ് ചെയ്ത വാഗ്ദാനം സ്ഥിരീകരിക്കണേ! 10 അങ്ങയുടെ ഈ മഹാജനതയെ ഭരിക്കാൻ ആർക്കു കഴിയും? അതിനാൽ ഈ ജനതയെ ഭരിക്കാൻ തക്കവിധം എനിക്കു ജ്ഞാനവും വിവേകവും തന്നാലും!”
11 ദൈവം ശലോമോന് ഉത്തരമരുളി: “സമ്പത്തോ ധനമോ ബഹുമതിയോ ശത്രുസംഹാരമോ ദീർഘായുസ്സോ ഒന്നും നീ ചോദിച്ചില്ല; എന്റെ ജനത്തെ, ഞാൻ നിന്നെ രാജാവാക്കിയിരിക്കുന്ന ജനത്തെത്തന്നെ, ഭരിക്കുന്നതിനുവേണ്ട ജ്ഞാനവും വിവേകവും നീ ചോദിച്ചിരിക്കുന്നു. നിന്റെ ഹൃദയാഭിലാഷം ഇതായിരിക്കുകയാൽ 12 ജ്ഞാനവും വിവേകവും നിനക്കു നൽകപ്പെടും; അതോടൊപ്പം, നിനക്കുമുമ്പ് ഒരു രാജാവിനും ഇല്ലാതിരുന്നതും നിനക്കുശേഷം ഒരുവനും ഉണ്ടാകാത്തതുമായ വിധത്തിലുള്ള സമ്പത്തും ധനവും ബഹുമതിയും ഞാൻ നിനക്കു നൽകും.”
-
8 “കാരണം എന്റെ ചിന്തകൾ നിങ്ങളുടെ ചിന്തകളല്ല,
നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
9 “ആകാശം ഭൂമിയെക്കാൾ ഉന്നതമായിരിക്കുന്നതുപോലെ,
എന്റെ വഴികൾ നിങ്ങളുടെ വഴികളെക്കാളും
എന്റെ ചിന്തകൾ നിങ്ങളുടെ ചിന്തകളെക്കാളും ഉന്നതമാണ്.
-
8 ഞാൻ എല്ലാ വിശുദ്ധരിലും ഏറ്റവും ചെറിയവനാണ്. എങ്കിലും ഈ കൃപ എനിക്കു നൽകിയിരിക്കുന്നത് ക്രിസ്തുവിലുള്ള അപ്രമേയധനത്തെപ്പറ്റി യെഹൂദേതരരോട് അറിയിക്കാനും 9 സകലതും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലംമുതൽ മറഞ്ഞിരുന്ന രഹസ്യത്തിന്റെ വ്യവസ്ഥ എന്തെന്ന് എല്ലാവരെയും ഗ്രഹിപ്പിക്കാനുമാണ്. 10-11 ദൈവത്തിന്റെ ഉദ്ദേശ്യമോ, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ അവിടന്നു പരിപൂർണമാക്കിയ നിത്യലക്ഷ്യത്തിനനുസൃതമായി അവിടത്തെ അപരിമേയജ്ഞാനം സ്വർഗത്തിലെ വാഴ്ചകൾക്കും അധികാരങ്ങൾക്കും ഇപ്പോൾ സഭയിലൂടെ വ്യക്തമാക്കുക എന്നതായിരുന്നു.
-
5 നമ്മുടെ കർത്താവ് വലിയവനും ശക്തിയിൽ പ്രബലനുമാകുന്നു;
അവിടത്തെ വിവേകത്തിന് പരിമിതികളില്ല.
-
24 “അതുകൊണ്ട്, എന്റെ ഈ വചനങ്ങൾ കേട്ട് അതിനനുസരിച്ചു പ്രവർത്തിക്കുന്ന വ്യക്തി പാറമേൽ വീടുപണിത ബുദ്ധിയുള്ള ഒരു മനുഷ്യനു തുല്യം. 25 പേമാരി പെയ്തു, പ്രളയം വന്നു, കാറ്റ് ആ വീടിന്മേൽ ആഞ്ഞടിച്ചു; എങ്കിലും പാറമേൽ അടിത്തറ ഉറപ്പിച്ചിരുന്നതിനാൽ അത് നിലംപതിച്ചില്ല. 26 എന്നാൽ, എന്റെ ഈ വചനങ്ങൾ കേട്ടിട്ട് അതിനനുസരിച്ചു പ്രവർത്തിക്കാതിരിക്കുന്ന വ്യക്തി മണലിൽ വീടുപണിത ബുദ്ധിശൂന്യനായ മനുഷ്യനോട് സദൃശൻ. 27 പേമാരി പെയ്തു, പ്രളയം വന്നു, കാറ്റ് ആ വീടിന്മേൽ ആഞ്ഞടിച്ചു; അതിഭയങ്കരമായിരുന്നു ആ വീടിന്റെ പതനം.”
28 യേശു ഈ പ്രഭാഷണം അവസാനിപ്പിച്ചപ്പോൾ ജനങ്ങൾ അദ്ദേഹത്തിന്റെ ഉപദേശത്തിൽ ആശ്ചര്യപ്പെട്ടു. 29 കാരണം, അവരുടെ വേദജ്ഞരെപ്പോലെയല്ല, പിന്നെയോ ആധികാരികതയോടെയാണ് അദ്ദേഹം അവരെ ഉപദേശിച്ചത്.
-
7 “എന്റെ ദൈവമായ യഹോവേ, അവിടന്ന് ഇപ്പോൾ ഈ ദാസനെ, അടിയന്റെ പിതാവായ ദാവീദിനു പകരം രാജാവാക്കിയിരിക്കുന്നു. എന്നാൽ, ഞാനോ ഒരു ബാലനത്രേ. കർത്തവ്യങ്ങൾ എങ്ങനെ നിർവഹിക്കേണം എന്നെനിക്കറിവില്ല. 8 അങ്ങു തെരഞ്ഞെടുത്തതും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തവിധം അസംഖ്യവുമായ ഒരു മഹാജനതയുടെ മധ്യേ അവിടത്തെ ഈ ദാസൻ ആയിരിക്കുന്നു. 9 അതുകൊണ്ട്, നന്മയും തിന്മയും തിരിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാൻ വിവേകമുള്ള ഒരു ഹൃദയം അവിടത്തെ ഈ ദാസനു തരണമേ! അതില്ലാതെ അങ്ങയുടെ ഈ മഹാജനതയെ ഭരിക്കാൻ ആർക്കു കഴിയും?”
10 ശലോമോൻ ഈ കാര്യം ചോദിച്ചതിൽ കർത്താവ് സംപ്രീതനായി. 11 ദൈവം അദ്ദേഹത്തോട് പ്രതിവചിച്ചത്: “നീ ദീർഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ അപേക്ഷിക്കാതെ നീതിനിർവഹണത്തിനുള്ള വിവേകംമാത്രം അപേക്ഷിച്ചിരിക്കുകയാൽ, 12 ഞാൻ നിന്റെ അപേക്ഷപോലെ പ്രവർത്തിക്കും. ജ്ഞാനവും വിവേകവുമുള്ള ഹൃദയം ഞാൻ നിനക്കു നൽകും. നിനക്കു സമനായവൻ മുമ്പ് ഉണ്ടായിട്ടില്ല; നിനക്കുശേഷം ഇനി ഉണ്ടാകുകയുമില്ല. 13 ഇതു കൂടാതെ, നീ അപേക്ഷിക്കാത്തവയായ സമ്പത്തും ബഹുമതിയുംകൂടെ ഞാൻ നിനക്കു നൽകും. അതുമൂലം, രാജാക്കന്മാരിൽ നിനക്കു സമനായി യാതൊരുവനും നിന്റെ ആയുഷ്കാലത്ത് ഉണ്ടായിരിക്കുകയില്ല. 14 നിന്റെ പിതാവായ ദാവീദ് ജീവിച്ചതുപോലെ നീ എന്റെ ഉത്തരവുകളും കൽപ്പനകളും അനുസരിച്ച് എന്റെ വഴികളിൽ ജീവിച്ചാൽ ഞാൻ നിനക്കു ദീർഘായുസ്സും നൽകും.”
-
28 രാജാവു കൽപ്പിച്ച വിധി ഇസ്രായേലെല്ലാം അറിഞ്ഞു. നീതി നടപ്പാക്കുന്നതിന് ദൈവത്തിന്റെ ജ്ഞാനം അദ്ദേഹത്തിനുണ്ടെന്ന് അവർക്കു ബോധ്യമായി. അതുകൊണ്ട്, ജനം അദ്ദേഹത്തെ വളരെ ആദരവോടുകൂടിയാണു കണ്ടത്.
-
22 “ദൈവത്തിന് ജ്ഞാനംപകരാൻ ആർക്കെങ്കിലും കഴിയുമോ?
അവിടന്ന് അതിമഹാന്മാരെയും ന്യായംവിധിക്കുന്നുവല്ലോ.
-
7 എന്നെപ്പോലെ മറ്റൊരാൾ ആരുണ്ട്? അവർ അതു പ്രഘോഷിക്കട്ടെ.
ഞാൻ എന്റെ പുരാതന ജനതയെ സ്ഥാപിച്ചതുമുതൽ
ഇന്നുവരെ സംഭവിച്ചതും ഇനി സംഭവിക്കാനിരിക്കുന്നതുമായ കാര്യങ്ങൾ
എന്റെ മുന്നിൽ അയാൾ വർണിക്കട്ടെ—
അതേ, എന്താണ് സംഭവിക്കാനിരിക്കുന്നത്; അവർ പ്രവചിക്കട്ടെ.
-
7 രാഷ്ട്രങ്ങളുടെ രാജാവേ,
അങ്ങയെ ആർ ഭയപ്പെടാതിരിക്കും?
അത് അങ്ങയുടെ അവകാശമാണല്ലോ.
രാഷ്ട്രങ്ങൾക്കിടയിലെ ജ്ഞാനികളായ നേതാക്കന്മാരിലും
അവരുടെ എല്ലാ രാജ്യങ്ങളിലും,
അങ്ങയെപ്പോലെ ആരുമില്ല.
-
12 വയോധികരിൽ ജ്ഞാനം കാണാതിരിക്കുമോ?
ആയുർദൈർഘ്യത്തോടൊപ്പം വിവേകം ആർജിക്കാതിരിക്കുമോ?
13 “ജ്ഞാനവും ശക്തിയും ദൈവത്തിനുള്ളത്;
ആലോചനയും വിവേകവും അവിടത്തേക്കുള്ളത്.
-
14 അതുകൊണ്ട് എങ്ങനെ പ്രതിവാദം നടത്തും എന്ന് ചിന്തിച്ച് മുൻകൂട്ടി വ്യാകുലപ്പെടേണ്ടതില്ല. 15 എന്തുകൊണ്ടെന്നാൽ, നിങ്ങളുടെ എതിരാളികളിൽ ആർക്കും ചെറുത്തുനിൽക്കാനോ എതിർത്തുപറയാനോ കഴിയാത്ത വാക്കുകളും പരിജ്ഞാനവും ഞാൻ നിങ്ങൾക്കു നൽകും.
-
29 ദൈവം ശലോമോന് ജ്ഞാനവും അതിമഹത്തായ ഉൾക്കാഴ്ചയും കടൽത്തീരംപോലെ പരപ്പേറിയ പരിജ്ഞാനവും പ്രദാനംചെയ്തു. 30 സകലപൗരസ്ത്യദേശവാസികളുടെ ജ്ഞാനത്തെക്കാളും ഈജിപ്റ്റിന്റെ ജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്ഠതരമായിരുന്നു. 31 സകലമനുഷ്യരെക്കാളും എസ്രാഹ്യനായ ഏഥാൻ, മാഹോലിന്റെ പുത്രന്മാരായ ഹേമാൻ, കൽക്കോൽ, ദർദ എന്നിവരെക്കാളും അദ്ദേഹം കൂടുതൽ ജ്ഞാനിയായിരുന്നു. അയൽരാജ്യങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കീർത്തി വ്യാപിച്ചു. 32 മൂവായിരം സദൃശ്യവാക്യങ്ങളും ആയിരത്തഞ്ചു ഗീതങ്ങളും അദ്ദേഹം രചിച്ചു. 33 ലെബാനോനിലെ ദേവദാരുമുതൽ മതിലിന്മേൽ കിളിർക്കുന്ന ഈസോപ്പുവരെയുള്ള സസ്യജാലങ്ങളെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. മൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും മത്സ്യങ്ങളെയും അദ്ദേഹം പരാമർശവിഷയമാക്കി. 34 ശലോമോന്റെ ജ്ഞാനത്തെപ്പറ്റി കേട്ടറിഞ്ഞ സകലരാഷ്ട്രത്തലവന്മാരുടെയും അടുക്കൽനിന്ന് അനവധി സ്ഥാനപതികൾ ശലോമോന്റെ ജ്ഞാനവചനങ്ങൾ കേൾക്കാൻ എത്തിയിരുന്നു.
-
24 വീഴാതെ നിങ്ങളെ സൂക്ഷിച്ചു തന്റെ തേജസ്സുള്ള സന്നിധിയിൽ മഹാ ആനന്ദത്തോടെ കളങ്കമറ്റവരായി നിർത്താൻ കഴിവുള്ള ദൈവത്തിന്, 25 നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നമ്മുടെ രക്ഷകനായ ഏകദൈവത്തിനുതന്നെ, സർവകാലങ്ങൾക്ക് മുമ്പും ഇപ്പോഴും എന്നേക്കും തേജസ്സും മഹിമയും ബലവും ആധിപത്യവും ഉണ്ടായിരിക്കട്ടെ! ആമേൻ.
-
30 യഹോവയ്ക്കെതിരേ നിൽക്കാൻ കഴിയുന്ന
യാതൊരുവിധ ജ്ഞാനമോ ഉൾക്കാഴ്ചയോ പദ്ധതികളോ ഇല്ല.
-
12 സീയോൻപർവതത്തിലും ജെറുശലേമിലും കർത്താവു തന്റെ പ്രവൃത്തി ചെയ്തുകഴിയുമ്പോൾ, “ഞാൻ അശ്ശൂർരാജാവിനെ, അവന്റെ ഹൃദയത്തിലെ തന്നിഷ്ടത്തോടുകൂടിയ അഹന്തയും കണ്ണുകളിലെ അഹങ്കാരം നിറഞ്ഞ നോട്ടവും, ശിക്ഷിക്കും. 13 അവൻ പറയുന്നു:
“ ‘എന്റെ കരബലംകൊണ്ടാണ് ഞാനിതു ചെയ്തത്;
എന്റെ ജ്ഞാനത്താലും, കാരണം എനിക്ക് അറിവുണ്ടായിരുന്നു.
ഞാൻ രാഷ്ട്രങ്ങളുടെ അതിർത്തികൾ നീക്കംചെയ്യുകയും
അവരുടെ നിക്ഷേപങ്ങൾ കൊള്ളയടിക്കുകയും ചെയ്തു;
ഒരു പരാക്രമശാലിയെപ്പോലെ അവരുടെ രാജാക്കന്മാരെ ഞാൻ കീഴ്പ്പെടുത്തി.
14 പക്ഷിക്കൂട്ടിൽനിന്ന് എന്നതുപോലെ,
എന്റെ കരം രാഷ്ട്രങ്ങളുടെ സമ്പത്ത് അപഹരിച്ചു;
ഉപേക്ഷിക്കപ്പെട്ട മുട്ടകൾ ശേഖരിക്കുന്നതുപോലെ,
ഞാൻ രാജ്യങ്ങൾ മുഴുവനും പെറുക്കിയെടുത്തു;
ചിറകടിക്കുന്നതിനോ വായ് തുറന്നു
ചിലയ്ക്കുന്നതിനോ ആർക്കും കഴിഞ്ഞിരുന്നില്ല.’ ”
Shows Read in context, Share and Copy.