65 Bible Verses About Music

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Music
  1. 15 ക്രിസ്തു നൽകുന്ന സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. അതിനായിട്ടാണല്ലോ നിങ്ങളെ ഏകശരീരമായി വിളിച്ചിരിക്കുന്നത്. കൃതജ്ഞതയുള്ളവരായിരിക്കുക. 16 ക്രിസ്തുവിന്റെസന്ദേശം നിങ്ങളിൽ സമൃദ്ധിയോടെ വസിക്കട്ടെ. അങ്ങനെ ആയിരിക്കണം നിങ്ങൾ, സർവജ്ഞാനത്തോടും കൂടെ ഹൃദയത്തിൽ നന്ദി നിറഞ്ഞവരായി, സങ്കീർത്തനങ്ങൾ, സ്തുതിഗീതങ്ങൾ, ആത്മികഗാനങ്ങൾ എന്നിവയാൽ ദൈവത്തിനു പാടിക്കൊണ്ട്, പരസ്പരം ഉപദേശിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യേണ്ടത്. 17 നിങ്ങളുടെ വാക്കോ പ്രവൃത്തിയോ എന്തായാലും അവയെല്ലാം കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും യേശുക്രിസ്തു മുഖാന്തരം പിതാവായ ദൈവത്തിന് സ്തോത്രം അർപ്പിച്ചുകൊണ്ടും ആയിരിക്കട്ടെ.

  2. 18 മദ്യപിച്ചു മദോന്മത്തരാകരുത്; അതു വഴിപിഴച്ച ജീവിതത്തിലേക്കു നയിക്കും. നിങ്ങളോ, ദൈവാത്മാവിനാൽ നിയന്ത്രിക്കപ്പെട്ടവരായി 19 സങ്കീർത്തനങ്ങൾ, സ്തുതിഗീതങ്ങൾ, ആത്മികഗാനങ്ങൾ എന്നിവയാൽ പരസ്പരം പ്രബോധിപ്പിക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവിന് കീർത്തനങ്ങൾ ആലപിക്കുകയും 20 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവായ ദൈവത്തിന് സർവകാര്യങ്ങൾക്കായും എപ്പോഴും സ്തോത്രം അർപ്പിക്കുകയുംചെയ്യുക.

    21 ക്രിസ്തുവിനോടുള്ള ഭയഭക്തിയിൽ പരസ്പരവിധേയത്വം പുലർത്തുക.

  3. 6 ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചതിനുശേഷം ഇസ്രായേൽസൈന്യം മടങ്ങിവരുമ്പോൾ എല്ലാ നഗരങ്ങളിൽനിന്നും വന്ന സ്ത്രീകൾ തപ്പും വീണയും മുഴക്കി, പാടിയും നൃത്തംചെയ്തുകൊണ്ടും ശൗൽരാജാവിനെ എതിരേറ്റു. 7 സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി:

    “ശൗൽ ആയിരങ്ങളെ കൊന്നു,

    എന്നാൽ ദാവീദ് പതിനായിരങ്ങളെയും” എന്നു പാടി.

  4. 1 യഹോവയെ വാഴ്ത്തുക.

    ദൈവത്തെ അവിടത്തെ വിശുദ്ധമന്ദിരത്തിൽ സ്തുതിപ്പിൻ;

    പ്രതാപപൂർണമായ ആകാശവിതാനത്തിൽ അവിടത്തെ സ്തുതിപ്പിൻ.

    2 അവിടത്തെ അതിമഹത്തായ പ്രവൃത്തികൾക്കായി ദൈവത്തെ സ്തുതിപ്പിൻ;

    അവിടത്തെ സീമാതീതമായ മഹിമകൾക്കായി ദൈവത്തെ സ്തുതിപ്പിൻ.

    3 കാഹളനാദത്തോടുകൂടി ദൈവത്തെ സ്തുതിപ്പിൻ,

    കിന്നരവും വീണയും മീട്ടി ദൈവത്തെ സ്തുതിപ്പിൻ.

    4 തപ്പുകൊട്ടിയും നൃത്തമാടിയും അവിടത്തെ സ്തുതിപ്പിൻ,

    തന്ത്രിനാദങ്ങളോടും കുഴൽവാദ്യങ്ങളോടുംകൂടി അവിടത്തെ സ്തുതിപ്പിൻ.

    5 ഇലത്താളങ്ങളോടെ അവിടത്തെ സ്തുതിപ്പിൻ,

    അത്യുച്ചത്തിൽ മാറ്റൊലിയുതിർക്കുന്ന ഇലത്താളങ്ങളോടെ അവിടത്തെ സ്തുതിപ്പിൻ.

    6 സർവജീവജാലങ്ങളും യഹോവയെ വാഴ്ത്തട്ടെ.

    യഹോവയെ വാഴ്ത്തുക.

  5. 4 അഹ്യോ ദൈവത്തിന്റെ പേടകവുമായി വണ്ടിയുടെമുമ്പിൽ നടന്നു. 5 ദാവീദും ഇസ്രായേൽഗൃഹമൊക്കെയും കൈമണി, കിന്നരം, വീണ, തപ്പ്, ചേങ്ങല, ഇലത്താളം എന്നീ വാദ്യങ്ങൾ മുഴക്കി സർവശക്തിയോടുംകൂടെ യഹോവയുടെമുമ്പാകെ നൃത്തംചെയ്തു.

  6. 8 ഞാൻ എനിക്കായി വെള്ളിയും സ്വർണവും സമാഹരിച്ചു. രാജാക്കന്മാരുടെയും പ്രവിശ്യകളുടെയും നിധികളും ഞാൻ ശേഖരിച്ചു. മാനവഹൃദയത്തിന് ആനന്ദംപകരുന്ന എല്ലാറ്റിനെയും—ഗായകന്മാരെയും ഗായികമാരെയും അന്തഃപുരസ്ത്രീകളെയും—ഞാൻ സമ്പാദിച്ചു.

  7. 14 അപ്പോൾത്തന്നെ യഹോവയുടെ ആത്മാവു ശൗലിനെ വിട്ടകന്നു. യഹോവ അയച്ച ഒരു ദുരാത്മാവ് അദ്ദേഹത്തെ പീഡിപ്പിച്ചുകൊണ്ടിരുന്നു.

    15 ശൗലിന്റെ ഭൃത്യന്മാർ അദ്ദേഹത്തോട്, “ദൈവം അയച്ച ഒരു ദുരാത്മാവ് അങ്ങയെ ബാധിച്ചിരിക്കുന്നു. 16 കിന്നരം വായനയിൽ നിപുണനായ ഒരാളെ തെരഞ്ഞു കണ്ടുപിടിക്കാൻ അടിയങ്ങൾക്കു കൽപ്പന തന്നാലും! ദൈവത്തിൽനിന്ന് ദുരാത്മാവ് അങ്ങയുടെമേൽ വരുമ്പോൾ അയാൾ കിന്നരം വായിക്കും. തിരുമനസ്സിന് ആശ്വാസം തോന്നുകയും ചെയ്യും” എന്നു പറഞ്ഞു.

    17 “കിന്നരം വായനയിൽ നിപുണനായ ഒരുവനെ കണ്ടുപിടിച്ച് എന്റെമുമ്പിൽ കൊണ്ടുവരിക,” എന്ന് ശൗൽ തന്റെ ഭൃത്യന്മാർക്കു കൽപ്പനകൊടുത്തു.

    18 ശൗലിന്റെ ഭൃത്യന്മാരിൽ ഒരുവൻ പറഞ്ഞു: “ബേത്ലഹേമ്യനായ യിശ്ശായിയുടെ പുത്രന്മാരിൽ ഒരുവനെ ഞാൻ കണ്ടിട്ടുണ്ട്; അവൻ കിന്നരം വായനയിൽ നിപുണനും പരാക്രമശാലിയായ യോദ്ധാവും വാക്ചാതുര്യമുള്ളവനും കോമളരൂപമുള്ളവനുമാണ്. യഹോവയും അവനോടുകൂടെയുണ്ട്.”

    19 അപ്പോൾ ശൗൽ യിശ്ശായിയുടെ അടുക്കൽ ദൂതന്മാരെ അയച്ച്, “ആടുകളെ മേയിക്കുന്ന നിന്റെ മകൻ ദാവീദിനെ എന്റെ അടുക്കൽ അയയ്ക്കുക” എന്നു പറയിച്ചു. 20 അതിനാൽ യിശ്ശായി ഒരു കഴുതയെ വരുത്തി, അപ്പവും ഒരു തുരുത്തി വീഞ്ഞും ഒരു കോലാട്ടിൻകുട്ടിയെയും കയറ്റി അവയെ തന്റെ മകൻ ദാവീദുവശം ശൗലിനു കൊടുത്തയച്ചു.

    21 ദാവീദ് ശൗലിന്റെ അടുത്തെത്തി. അദ്ദേഹത്തിന്റെ മുമ്പാകെ നിന്നു. ശൗലിന് അവനോടു വളരെ സ്നേഹമായി. അവൻ ശൗലിന്റെ ആയുധവാഹകന്മാരിൽ ഒരാളായിത്തീർന്നു. 22 അപ്പോൾ ശൗൽ യിശ്ശായിയുടെ അടുക്കൽ ആളയച്ച്, “ദാവീദിനോട് എനിക്ക് ഇഷ്ടം തോന്നിയിരിക്കുന്നു. അവൻ എന്റെ അടുക്കൽ താമസിക്കട്ടെ” എന്നു പറയിച്ചു.

    23 ദൈവം അയച്ച ദുരാത്മാവ് ശൗലിന്റെമേൽ വരുമ്പോൾ ദാവീദ് കിന്നരമെടുത്തു വായിക്കും. അപ്പോൾ ശൗലിന് ആശ്വാസവും സുഖവും ലഭിക്കും; ദുരാത്മാവ് അദ്ദേഹത്തെ വിട്ടുപോകുകയും ചെയ്യും.

  8. 11 മദ്യത്തിന്റെ പിറകെ ഓടാനായി

    അതിരാവിലെ എഴുന്നേൽക്കുകയും

    വീഞ്ഞു തങ്ങളെ മത്തു പിടിപ്പിക്കുംവരെ,

    രാത്രിയിൽ ഉറങ്ങാതെ കാത്തിരിക്കുകയും ചെയ്യുന്നവർക്കു ഹാ, കഷ്ടം!

    12 അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും

    തപ്പും കുഴലും വീഞ്ഞും ഉണ്ട്,

    എങ്കിലും യഹോവയുടെ പ്രവൃത്തികൾ അവർ ശ്രദ്ധിക്കുന്നില്ല;

    അവിടത്തെ കൈവേലയെപ്പറ്റി യാതൊരു ബഹുമാനവുമില്ല.

  9. 4 ദന്താലംകൃതമായ കട്ടിലുകളിൽ നിങ്ങൾ കിടക്കുന്നു

    ചാരുകട്ടിലുകളിൽ ചാരിക്കിടക്കുകയും ചെയ്യുന്നു.

    കുഞ്ഞാടുകളെയും തടിപ്പിച്ച കാളക്കിടാങ്ങളെയും

    നിങ്ങൾ ഭക്ഷിക്കുന്നു.

    5 നിങ്ങൾ ദാവീദിനെപ്പോലെ കിന്നരങ്ങൾ ഉപയോഗിക്കുന്നു;

    സംഗീതോപകരണങ്ങൾ യാതൊരു മുന്നൊരുക്കവുമില്ലാതെ മീട്ടുന്നു.

    6 നിങ്ങൾ ചഷകങ്ങൾ നിറയെ വീഞ്ഞു കുടിക്കുന്നു

    വിശേഷതൈലങ്ങൾ തേക്കുകയും ചെയ്യുന്നു.

    എന്നാൽ, യോസേഫിന്റെ നഷ്ടാവശിഷ്ടങ്ങളിൽ നിങ്ങൾ ദുഃഖിക്കുന്നില്ല.

  10. 25 ദാവീദിന്റെയും രാജാവിന്റെ ദർശകനായ ഗാദിന്റെയും നാഥാൻ പ്രവാചകന്റെയും കൽപ്പനപ്രകാരം അദ്ദേഹം ലേവ്യരെ ഇലത്താളങ്ങളോടും വീണകളോടും കിന്നരങ്ങളോടുംകൂടി യഹോവയുടെ ആലയത്തിൽ നിർത്തി. തന്റെ പ്രവാചകന്മാർമുഖേന യഹോവ നൽകിയിരുന്ന കൽപ്പനയും അതുതന്നെയായിരുന്നു. 26 ലേവ്യർ ദാവീദിന്റെ വാദ്യോപകരണങ്ങളുമായും പുരോഹിതന്മാർ കാഹളങ്ങളുമായും നിലയുറപ്പിച്ചു.

    27 യാഗപീഠത്തിന്മേൽ ഹോമയാഗം അർപ്പിക്കാൻ ഹിസ്കിയാവു കൽപ്പനകൊടുത്തു. ഹോമയാഗാർപ്പണം തുടങ്ങിയപ്പോൾത്തന്നെ കാഹളങ്ങളുടെയും ഇസ്രായേൽരാജാവായ ദാവീദ് നിശ്ചയിച്ചിരുന്ന വാദ്യോപകരണങ്ങളുടെയും അകമ്പടിയോടുകൂടി യഹോവയ്ക്കു ഗാനാലാപവും തുടങ്ങി. 28 ഗായകർ പാടുകയും കാഹളക്കാർ കാഹളമൂതുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾത്തന്നെ സഭ മുഴുവൻ നമസ്കരിച്ചുകൊണ്ട് ആരാധിച്ചു; ഇവയെല്ലാം ഹോമയാഗം തീരുന്നതുവരെയും തുടർന്നുകൊണ്ടിരുന്നു.

    29 യാഗം സമാപിച്ചപ്പോൾ രാജാവും കൂടെയുണ്ടായിരുന്ന എല്ലാവരും കുമ്പിട്ട് ആരാധിച്ചു. 30 ദാവീദിന്റെയും ദർശകനായ ആസാഫിന്റെയും വാക്കുകളിൽ യഹോവയ്ക്കു സ്തോത്രമാലപിക്കാൻ ഹിസ്കിയാരാജാവും പ്രഭുക്കന്മാരും ലേവ്യരോട് ആജ്ഞാപിച്ചു. അവർ ആഹ്ലാദപൂർവം സ്തോത്രഗാനങ്ങൾ ആലപിച്ചു; അവർ എല്ലാവരും തലവണക്കി ആരാധിച്ചു.

  11. 5 “അതിനുശേഷം നീ ദൈവത്തിന്റെ ഗിരിയായ ഗിബെയയിൽ എത്തണം. അവിടെ ഫെലിസ്ത്യരുടെ സൈനിക കാവൽത്താവളം സ്ഥിതിചെയ്യുന്നു. നീ പട്ടണത്തോടു സമീപിക്കുമ്പോൾ, മുമ്പിൽ വീണ, തപ്പ്, കുഴൽ, കിന്നരം എന്നിവ വായിച്ചുകൊണ്ട് മലയിൽനിന്നിറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ കാണും. അവർ പ്രവചിച്ചുകൊണ്ടിരിക്കും.

  12. 8 വാങ്ങിയപ്പോൾ നാലു ജീവികളും ഇരുപത്തിനാലു മുഖ്യന്മാരും കുഞ്ഞാടിന്റെ മുമ്പാകെ വീണുപ്രണമിച്ചു. ഓരോരുത്തരും ഓരോ വീണയും അവർ വിശുദ്ധരുടെ പ്രാർഥനകൾ എന്ന ധൂപവർഗം നിറച്ച തങ്കക്കലശങ്ങളും പിടിച്ചിരുന്നു. 9 അവർ പുതിയൊരു കീർത്തനം ആലപിച്ചു:

    “അങ്ങ് (യാഗമൃഗമെന്നപോലെ) അറക്കപ്പെടുകയും

    അവിടത്തെ രക്തത്താൽ

    സകലഗോത്രങ്ങളിലും ഭാഷകളിലും ജനവിഭാഗങ്ങളിലും രാജ്യങ്ങളിലുംനിന്നുള്ളവരെ

    ദൈവത്തിനായി വിലയ്ക്കു വാങ്ങിയിരിക്കുകയും ചെയ്തിരിക്കുന്നു.

    10 ഭൂമിയിൽ വാഴേണ്ടതിനായി അവരെ നമ്മുടെ ദൈവത്തിനു രാജ്യവും പുരോഹിതരും ആക്കിയിരിക്കുന്നു.

    ആകയാൽ ചുരുൾ വാങ്ങാനും മുദ്രകൾ തുറക്കാനും അങ്ങ് യോഗ്യൻതന്നെ.”

    11 ഞാൻ ദർശനത്തിൽ, സിംഹാസനത്തിനും ജീവികൾക്കും മുഖ്യന്മാർക്കു ചുറ്റിലുമായി അസംഖ്യം ദൂതന്മാരുടെ ശബ്ദം കേട്ടു. അവരുടെ എണ്ണം ആയിരം ആയിരവും പതിനായിരം പതിനായിരവും ആയിരുന്നു. 12 അവർ അത്യുച്ചശബ്ദത്തിൽ:

    “അറക്കപ്പെട്ട കുഞ്ഞാട്,

    ശക്തിയും ധനവും ജ്ഞാനവും ബലവും

    ബഹുമാനവും മഹത്ത്വവും സ്തുതിയും സ്വീകരിക്കാൻ യോഗ്യൻ!”

    എന്നു പറയുന്നു.

    13 അപ്പോൾ സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു താഴെയും സമുദ്രത്തിലുമുള്ള സകലജീവികളും,

    “സിംഹാസനസ്ഥനും കുഞ്ഞാടിനും

    സ്തുതിയും ബഹുമാനവും മഹത്ത്വവും ആധിപത്യവും,

    എന്നും എന്നെന്നേക്കും ഉണ്ടാകുമാറാകട്ടെ!”

    എന്നു പറയുന്നതു ഞാൻ കേട്ടു. 14 നാലു ജീവികളും ആമേൻ എന്നു പറഞ്ഞു; മുഖ്യന്മാർ സാഷ്ടാംഗം വീണ് ആരാധിച്ചു.

  13. 3 ലേവ്യരിൽ മുപ്പതുവയസ്സും അതിൽ കൂടുതലും പ്രായമുള്ളവരുടെ എണ്ണമെടുത്തു; പുരുഷന്മാർ ആകെ മുപ്പത്തെണ്ണായിരം എന്നുകണ്ടു. 4 ദാവീദ് പറഞ്ഞു: “ഇവരിൽ ഇരുപത്തിനാലായിരംപേർ യഹോവയുടെ ആലയത്തിലെ ശുശ്രൂഷകൾക്കു മേൽനോട്ടം വഹിക്കുകയും ആറായിരംപേർ ഉദ്യോഗസ്ഥന്മാരും ന്യായാധിപന്മാരും ആയിരിക്കുകയും വേണം. 5 നാലായിരംപേർ വാതിൽകാവൽക്കാരും ആയിരിക്കണം. ബാക്കി നാലായിരംപേർ ഞാൻ തയ്യാറാക്കിയ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് യഹോവയെ സ്തുതിച്ചുകൊണ്ടിരിക്കണം.”

  14. 1 നീതിനിഷ്ഠരേ, ആനന്ദത്തോടെ യഹോവയ്ക്ക് പാടുക;

    പരമാർഥികളുടെ സ്തുതി ഉചിതംതന്നെ.

    2 കിന്നരംകൊണ്ട് യഹോവയെ ഞാൻ വാഴ്ത്തുക;

    പത്തുകമ്പിയുള്ള വീണകൊണ്ട് അവിടത്തേക്ക് സംഗീതം ആലപിക്കുക.

    3 അവിടത്തേക്ക് ഒരു നവഗാനം ആലപിക്കുക;

    വൈദഗ്ദ്ധ്യത്തോടെ വാദ്യങ്ങളിൽ ആനന്ദസ്വരം മുഴക്കുക.

    4 കാരണം, യഹോവയുടെ വചനം നീതിയുക്തമാകുന്നു;

    അവിടന്ന് തന്റെ എല്ലാ പ്രവൃത്തികളിലും വിശ്വസ്തൻതന്നെ.

  15. 4 അതിനുശേഷം വിളംബരംചെയ്യുന്നവർ ഇപ്രകാരം ഉച്ചത്തിൽ വിളിച്ചറിയിച്ചു: “രാഷ്ട്രങ്ങളേ, ജനങ്ങളേ, സകലഭാഷക്കാരുമേ, നിങ്ങൾക്ക് ഈ കൽപ്പന നൽകപ്പെടുന്നു: 5 കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം തുടങ്ങിയ സകലവാദ്യങ്ങളുടെയും നാദം കേൾക്കുമ്പോൾ നിങ്ങൾ വീണ് നെബൂഖദ്നേസർ രാജാവു നിർത്തിയ സ്വർണപ്രതിമയെ നമസ്കരിക്കണം. 6 ആരെങ്കിലും വീണ് നമസ്കരിക്കാതിരുന്നാൽ അവരെ ഉടൻതന്നെ എരിയുന്ന തീച്ചൂളയിലേക്ക് എറിഞ്ഞുകളയുന്നതാണ്.”

    7 അങ്ങനെ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ തുടങ്ങിയ സകലവിധ വാദ്യനാദവും കേട്ടപ്പോൾ സകലരാഷ്ട്രങ്ങളിൽനിന്നും വന്നുചേർന്ന എല്ലാ ജനതകളും ഭാഷക്കാരും വീണ് നെബൂഖദ്നേസർ രാജാവ് നിർത്തിയ സ്വർണപ്രതിമയെ നമസ്കരിച്ചു.

  16. 19 ഫറവോന്റെ കുതിരകളും രഥങ്ങളും കുതിരക്കാരും കടലിന്റെ ഉള്ളിലേക്കു കടന്നപ്പോൾ യഹോവ വെള്ളം തിരികെ അവർക്കുമീതേ വരുത്തി; ഇസ്രായേല്യരോ, കടലിൽ ഉണങ്ങിയ നിലത്തുകൂടി നടന്നു. 20 അപ്പോൾ പ്രവാചികയും അഹരോന്റെ സഹോദരിയുമായ മിര്യാം കൈയിൽ ഒരു തപ്പെടുത്തു; സ്ത്രീകൾ എല്ലാവരും തപ്പുകളെടുത്തും നൃത്തംചെയ്തും അവളെ അനുഗമിച്ചു. 21 മിര്യാം അവർക്കു പാടിക്കൊടുത്തു:

    “യഹോവയ്ക്കു പാടുക,

    അവിടന്ന് പരമോന്നതനല്ലോ.

    അശ്വത്തെയും അശ്വാരൂഢനെയും

    അവിടന്ന് ആഴിയിൽ ചുഴറ്റിയെറിഞ്ഞു.”

  17. 4 യഹോവയുടെ പേടകത്തിനുമുമ്പാകെ ശുശ്രൂഷ ചെയ്യുന്നതിനും യാചന സമർപ്പിക്കുന്നതിനും ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു നന്ദിയും സ്തോത്രവും അർപ്പിക്കുന്നതിനുമായി ദാവീദ് ചില ലേവ്യരെ നിയോഗിച്ചു. 5 ആസാഫ് അവരിൽ മുഖ്യനായിരുന്നു; സെഖര്യാവു രണ്ടാമനും പിന്നെ യാസീയേൽ, ശെമിരാമോത്ത്, യെഹീയേൽ, മത്ഥിഥ്യാവ്, എലീയാബ്, ബെനായാവ്, ഓബേദ്-ഏദോം, യെയീയേൽ എന്നിവരായിരുന്നു. അവർ വീണയും കിന്നരവും വായിച്ചു. ഇലത്താളം കൊട്ടുന്നതിനു നിയോഗിക്കപ്പെട്ടിരുന്നത് ആസാഫ് ആയിരുന്നു. 6 പുരോഹിതന്മാരായ ബെനായാവും യഹസീയേലും ദൈവത്തിന്റെ ഉടമ്പടിയുടെ പേടകത്തിനുമുമ്പാകെ നിരന്തരം കാഹളം ഊതുകയും ചെയ്യണമായിരുന്നു.

    7 അന്ന്, ആദ്യമായി, യഹോവയോടു നന്ദി പ്രകാശിപ്പിക്കുന്ന ഈ സങ്കീർത്തനം ദാവീദ് ആസാഫിനെയും സഹായികളെയും ഏൽപ്പിച്ചു.

    8 യഹോവയ്ക്കു സ്തോത്രംചെയ്യുക, അവിടത്തെ നാമം വിളിച്ചപേക്ഷിക്കുക;

    അവിടത്തെ പ്രവൃത്തി ജനതകൾക്കിടയിൽ വിളംബരംചെയ്യുക.

    9 അവിടത്തേക്ക് പാടുക, അവിടത്തേക്ക് സ്തോത്രഗീതങ്ങൾ ആലപിക്കുക;

    അവിടത്തെ അത്ഭുതപ്രവൃത്തികൾ വർണിക്കുക.

  18. 4 സർവഭൂമിയുമേ, യഹോവയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക,

    ആഹ്ലാദാരവത്തോടെ അവിടത്തേയ്ക്ക് സ്തുതിപാടുക;

    5 കിന്നരത്തോടെ യഹോവയ്ക്ക് സ്തുതിഗീതം ആലപിക്കുക,

    കിന്നരത്തോടും സംഗീതാലാപനത്തോടുംതന്നെ,

    6 കാഹളംകൊണ്ടും കോലാട്ടിൻകൊമ്പിനാൽ തീർത്ത കാഹളംകൊണ്ടും—

    രാജാവായ യഹോവയുടെമുമ്പിൽ ആനന്ദഘോഷം മുഴക്കുക.

    7 സമുദ്രവും അതിലുള്ള സമസ്തവും മാറ്റൊലി മുഴക്കട്ടെ,

    ഭൂമിയും അതിലധിവസിക്കുന്ന സകലതുംതന്നെ.

    8 നദികൾ കരഘോഷം മുഴക്കട്ടെ,

    മാമലകൾ ഒന്നുചേർന്ന് ആനന്ദകീർത്തനം ആലപിക്കട്ടെ;

    9 അവ യഹോവയുടെ സന്നിധിയിൽ ഗാനം ആലപിക്കട്ടെ;

    അവിടന്നു ഭൂമിയെ ന്യായംവിധിക്കാൻ വരുന്നല്ലോ.

    അവിടന്ന് ലോകത്തെ നീതിയോടും

    ജനതകളെ ന്യായപൂർവമായും വിധിക്കും.

  19. 25 അർധരാത്രിയോടെ പൗലോസും ശീലാസും പ്രാർഥിക്കുകയും ദൈവത്തിനു സ്തുതിഗീതങ്ങൾ ആലപിക്കുകയും ചെയ്തു. തടവുകാർ അത് ശ്രദ്ധിച്ചുകൊണ്ടിരുന്നു. 26 പെട്ടെന്ന്, ശക്തമായൊരു ഭൂകമ്പമുണ്ടായി. കാരാഗൃഹത്തിന്റെ അടിസ്ഥാനങ്ങൾ കുലുങ്ങി. ഉടൻതന്നെ, കാരാഗൃഹവാതിലുകൾ മലർക്കെ തുറന്നു. എല്ലാവരുടെയും ചങ്ങലകൾ അഴിഞ്ഞു.

  20. 21 “ഞാൻ വെറുക്കുന്നു, നിങ്ങളുടെ ഉത്സവങ്ങളെ ഞാൻ നിന്ദിക്കുന്നു;

    നിങ്ങളുടെ സഭായോഗങ്ങൾപോലും എനിക്കു സഹിക്കാവുന്നതല്ല.

    22 നിങ്ങൾ എനിക്കു ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചാലും,

    ഞാൻ അവയെ സ്വീകരിക്കുകയില്ല.

    നിങ്ങൾ വിശേഷമായ സമാധാനയാഗങ്ങൾ അർപ്പിച്ചാലും

    ഞാൻ അതിൽ പ്രസാദിക്കുകയില്ല.

    23 നിങ്ങളുടെ പാട്ടുകളുടെ സ്വരം എനിക്കുവേണ്ട!

    നിങ്ങളുടെ കിന്നരങ്ങളുടെ സംഗീതം ഞാൻ കേൾക്കുകയില്ല.

    24 എന്നാൽ ന്യായം നദിപോലെ പ്രവഹിക്കട്ടെ,

    നീതി ഒരിക്കലും വറ്റാത്ത തോടുപോലെ ഒഴുകട്ടെ!

  21. 1 ഞാൻ നോക്കി: അപ്പോൾ സീയോൻ മലയിൽ കുഞ്ഞാടും അവിടത്തോടൊപ്പം നെറ്റിയിൽ കുഞ്ഞാടിന്റെയും പിതാവിന്റെയും നാമം രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന 1,44,000 പേരും ഇതാ നിൽക്കുന്നു! 2 സ്വർഗത്തിൽനിന്നൊരു ശബ്ദം ഞാൻ കേട്ടു. അത് അലറുന്ന തിരമാലപോലെയും മഹാമേഘഗർജനംപോലെയും ആയിരുന്നു. ആ ശബ്ദം അനേകം വൈണികന്മാർ ഒരുമിച്ചു വീണമീട്ടുന്നതിനു സമാനവുമായിരുന്നു. 3 സിംഹാസനത്തിനും നാലു ജീവികൾക്കും മുഖ്യന്മാർക്കുംമുമ്പാകെ അവർ പുതിയൊരു ഗീതം ആലപിച്ചു. ഭൂമിയിൽനിന്ന് വീണ്ടെടുക്കപ്പെട്ട 1,44,000 പേർക്കല്ലാതെ ആർക്കും ആ ഗീതം പഠിക്കാൻ കഴിഞ്ഞില്ല.

  22. 1 ബാബേൽ നദികളുടെ തീരത്ത് ഞങ്ങളിരുന്നു

    സീയോനെ ഓർത്തപ്പോൾ ഞങ്ങൾ കരഞ്ഞുപോയി.

    2 അവിടെ അലരിവൃക്ഷങ്ങളിൽ

    ഞങ്ങൾ ഞങ്ങളുടെ കിന്നരങ്ങൾ തൂക്കിയിട്ടു,

    3 കാരണം ഞങ്ങളെ ബന്ദികളാക്കിയവർ ഞങ്ങളോടൊരു ഗാനം ആവശ്യപ്പെട്ടു,

    “സീയോൻഗീതങ്ങളിലൊന്ന് ഞങ്ങൾക്കായി ആലപിക്കുക,

    ആനന്ദഗാനങ്ങളിൽ ഒന്നുതന്നെ,” ഞങ്ങളുടെ പീഡകർ ആജ്ഞാപിച്ചു.

    4 ഒരു അന്യദേശത്ത് ആയിരിക്കുമ്പോൾ

    യഹോവയുടെ ഗാനങ്ങൾ ഞങ്ങൾക്ക് ആലപിക്കാൻ കഴിയുന്നതെങ്ങനെ?

    5 ജെറുശലേമേ, നിന്നെ ഞാൻ മറക്കുന്നെങ്കിൽ,

    എന്റെ വലതുകരം അതിന്റെ വൈദഗ്ദ്ധ്യം മറന്നുപോകട്ടെ.

    6 ഞാൻ നിന്നെ ഓർക്കാതെപോയാൽ,

    എന്റെ പരമാനന്ദമായ

    ജെറുശലേമിനെ കരുതാതെപോയാൽ

    എന്റെ നാവ് മേലണ്ണാക്കിനോട് ഒട്ടിച്ചേരട്ടെ.

  23. 8 തപ്പുകളുടെ ആഹ്ലാദം നിലയ്ക്കുന്നു;

    ഉല്ലസിക്കുന്നവരുടെ ഘോഷം നിന്നുപോകുന്നു,

    വീണയുടെ ആനന്ദം ഇല്ലാതെയാകുന്നു.

    9 അവർ പാട്ടോടെ വീഞ്ഞു കുടിക്കുന്നില്ല;

    മദ്യം കുടിക്കുന്നവർക്ക് അതു കയ്‌പായിത്തീരുന്നു.

  24. 1 ഈ സംഭവത്തിനുശേഷം മോശയും ഇസ്രായേൽമക്കളും യഹോവയ്ക്ക് ഈ ഗീതം ആലപിച്ചു:

    “ഞാൻ യഹോവയ്ക്കു പാടും,

    അവിടന്ന് പരമോന്നതനല്ലോ.

    അശ്വത്തെയും അശ്വാരൂഢനെയും

    അവിടന്ന് ആഴിയിലേക്ക് ചുഴറ്റിയെറിഞ്ഞു.

    2 “യഹോവ എന്റെ ബലവും എന്റെ ഗീതവും ആകുന്നു;

    അവിടന്ന് എന്റെ രക്ഷയായിരിക്കുന്നു.

    അവിടന്ന് എന്റെ ദൈവം, ഞാൻ അവിടത്തെ സ്തുതിക്കും.

    അവിടന്ന് എന്റെ പിതാവിന്റെ ദൈവം, ഞാൻ അവിടത്തെ പുകഴ്ത്തും.

  25. 13 നിങ്ങളിൽ കഷ്ടത സഹിക്കുന്നയാൾ പ്രാർഥിക്കട്ടെ. ആനന്ദം അനുഭവിക്കുന്നയാൾ സ്തോത്രഗാനം ആലപിക്കട്ടെ.

  26. 1 വരുവിൻ, നമുക്ക് യഹോവയ്ക്കൊരു ആനന്ദഗീതമാലപിക്കാം;

    നമ്മുടെ രക്ഷയുടെ പാറയ്ക്ക് ഉച്ചത്തിൽ ആർപ്പിടാം.

    2 സ്തോത്രാർപ്പണത്തോടെ നമുക്ക് അവിടത്തെ സന്നിധിയിൽ വന്നുചേരാം

    സംഗീതത്തോടും പാട്ടോടുംകൂടെ അവിടത്തെ പുകഴ്ത്താം.

  27. 30 യിഫ്താഹ് യഹോവയ്ക്ക് ഒരു നേർച്ച നേർന്നു: “അങ്ങ് അമ്മോന്യരെ എന്റെ കൈയിൽ ഏൽപ്പിക്കുമെങ്കിൽ, 31 ഞാൻ അമ്മോന്യരെ ജയിച്ച് സമാധാനത്തോടെ മടങ്ങിവരുമ്പോൾ എന്റെ വീട്ടുവാതിൽക്കൽ എന്നെ എതിരേറ്റുവരുന്നത് യഹോവയ്ക്കുള്ളതായിരിക്കും; അത് ഞാൻ ഹോമയാഗമായി അർപ്പിക്കും.”

    32 പിന്നെ യിഫ്താഹ് അമ്മോന്യരുടെനേരേ ചെന്നു; യഹോവ അവരെ അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിച്ചു. 33 അരോയേർമുതൽ മിന്നീത്തുവരെയും ആബേൽ-കെരാമീംവരെയുമുള്ള ഇരുപതു പട്ടണങ്ങളെ അദ്ദേഹം നശിപ്പിച്ചു. ഇങ്ങനെ ഇസ്രായേൽ അമ്മോനെ കീഴടക്കി.

    34 യിഫ്താഹ് മിസ്പായിൽ തന്റെ വീട്ടിലേക്കു വന്നപ്പോൾ ഇതാ, അദ്ദേഹത്തിന്റെ മകൾ തപ്പുകൊട്ടി നൃത്തംവെച്ച് അദ്ദേഹത്തെ എതിരേൽക്കാൻ വരുന്നു! അവൾ അദ്ദേഹത്തിന് ഏകമകൾ ആയിരുന്നു. അവൾ അല്ലാതെ അദ്ദേഹത്തിന് മകനോ മകളോ വേറെ ഇല്ലായിരുന്നു. 35 അവളെ കണ്ടയുടനെ അദ്ദേഹം തന്റെ വസ്ത്രംകീറി: “അയ്യോ, എന്റെ മോളേ! നീ എന്നെ വ്യസനത്തിൽ ആഴ്ത്തി എന്നെ ദുഃഖിതനാക്കിയല്ലോ; യഹോവയോടു ഞാൻ ശപഥംചെയ്തുപോയി; എനിക്കതു ലംഘിച്ചുകൂടാ” എന്നു പറഞ്ഞു.

  28. 6 കെരൂബുകളുടെ മധ്യേ സിംഹാസനസ്ഥനായിരിക്കുന്ന ദൈവമായ യഹോവയുടെ നാമത്തിൽ വിളിക്കപ്പെടുന്ന പേടകം കൊണ്ടുവരുന്നതിനായി ദാവീദ് ഇസ്രായേല്യരെയെല്ലാം കൂട്ടിക്കൊണ്ട് യെഹൂദ്യയിലെ കിര്യത്ത്-യെയാരീം എന്നറിയപ്പെടുന്ന ബാലായിൽച്ചെന്നു.

    7 അവർ ദൈവത്തിന്റെ പേടകം അബീനാദാബിന്റെ ഭവനത്തിൽനിന്ന് ഒരു പുതിയ വണ്ടിയിൽ കയറ്റി; ഉസ്സയും അഹ്യോവും വണ്ടി തെളിച്ചു. 8 ദാവീദും ഇസ്രായേല്യരെല്ലാവരും ദൈവസന്നിധിയിൽ സർവശക്തിയോടുംകൂടെ കിന്നരം, വീണ, തപ്പ്, ഇലത്താളം, കാഹളം എന്നിവ ഉപയോഗിച്ച് പാട്ടു പാടിയും നൃത്തംചെയ്തും അനുഗമിച്ചിരുന്നു.

  29. 43 ആ ദിവസം അവർ വലിയ യാഗങ്ങൾ അർപ്പിച്ചുകൊണ്ട്, ദൈവം അവർക്കു മഹാസന്തോഷം നൽകിയതിൽ ആഹ്ലാദിച്ചു. സ്ത്രീകളും കുട്ടികളും ആനന്ദിച്ചു. ജെറുശലേമിലെ ആനന്ദഘോഷം ബഹുദൂരം കേൾക്കാമായിരുന്നു.

  30. ആസാഫിന്റെ ഒരു സങ്കീർത്തനം.

    1 നമ്മുടെ ബലമായ ദൈവത്തിന് ആനന്ദഗീതമാലപിക്കുക;

    യാക്കോബിന്റെ ദൈവത്തിന് ആർപ്പിടുക!

    2 തപ്പുകൊട്ടിയും ഇമ്പസ്വരമുള്ള കിന്നരവും വീണയും വായിച്ചും

    സംഗീതം തുടങ്ങുക.

    3 അമാവാസിയിലും പൗർണമിനാളിലുമുള്ള നമ്മുടെ ഉത്സവദിനങ്ങളിലും

    കോലാട്ടിൻകൊമ്പിനാൽ തീർത്ത കാഹളം മുഴക്കുക;

    4 ഇത് അവിടന്ന് ഇസ്രായേലിനു നൽകിയ ഉത്തരവും

    യാക്കോബിൻ ദൈവത്തിനൊരു അനുഷ്ഠാനവും ആകുന്നു.

  31. 12 യഹോവയുടെ ആലയത്തിനും രാജകൊട്ടാരത്തിനും തൂണുകൾ നിർമിക്കുന്നതിനും ഗായകർക്കുവേണ്ടി കിന്നരങ്ങളും വീണകളും ഉണ്ടാക്കുന്നതിനും രാജാവ് ആ ചന്ദനത്തടികൾ ഉപയോഗിച്ചു. അതിനുശേഷം, ഇത്രയധികം ചന്ദനത്തടികൾ ഇന്നോളം ഇറക്കുമതി ചെയ്തിട്ടില്ല; കാണാനും കഴിഞ്ഞിട്ടില്ല.)

  32. 2 പിന്നെ, അഗ്നിമയമായ കണ്ണാടിക്കടൽപോലെ ഒന്നു ഞാൻ കണ്ടു; മൃഗത്തിന്മേലും അതിന്റെ പ്രതിമയുടെമേലും മൃഗത്തിന്റെ നാമസംഖ്യയുടെമേലും ജയം നേടിയവർ ദൈവത്തിന്റെ വീണകൾ പിടിച്ചുകൊണ്ട് ആ കടൽതീരത്തുനിൽക്കുന്നതും കണ്ടു. 3 അവർ ദൈവദാസനായ മോശയുടെയും കുഞ്ഞാടിന്റെയും ഗീതം ആലപിച്ചു:

    “മഹത്തും വിസ്മയകരവുമാകുന്ന

    സർവശക്തിയുള്ള ദൈവമായ കർത്താവേ,

    ജനതകളുടെ രാജാവേ,

    അങ്ങയുടെ പ്രവൃത്തികൾ നീതിയും സത്യസന്ധവുംതന്നെ.

    4 ആര് അങ്ങയെ ഭയപ്പെടാതെയും

    അങ്ങയുടെ നാമം മഹത്ത്വപ്പെടുത്താതെയും ഇരിക്കും, കർത്താവേ?

    പരിശുദ്ധൻ അങ്ങുമാത്രം.

    അങ്ങയുടെ നീതിപ്രവൃത്തികൾ പ്രത്യക്ഷമായിരിക്കുകയാൽ

    ജനതകളെല്ലാം വന്ന്

    തിരുസന്നിധിയിൽ വീണ് അങ്ങയെ വണങ്ങും.”

  33. 27 പേടകം വഹിച്ചിരുന്ന സകലലേവ്യരും ഗായകരും ഗായകസംഘത്തിന്റെ മേധാവിയായ കെനന്യാവും ധരിച്ചിരുന്നതുപോലെ ദാവീദും മേൽത്തരമായ ചണവസ്ത്രം ധരിച്ചിരുന്നു. ദാവീദ് മൃദുലചണവസ്ത്രംകൊണ്ടുള്ള ഏഫോദും ധരിച്ചിരുന്നു. 28 അങ്ങനെ ഇസ്രായേൽ എല്ലാവരുംചേർന്ന് ആർപ്പുവിളിയോടും കൊമ്പ്, കാഹളം ഇവയുടെ നാദത്തോടും ഇലത്താളങ്ങളോടും വീണ, കിന്നരം എന്നീ വാദ്യത്തോടുംകൂടി യഹോവയുടെ ഉടമ്പടിയുടെ പേടകം കൊണ്ടുവന്നു.

  34. 12 ജനം ഓടുന്നതിന്റെയും രാജാവിനെ കീർത്തിക്കുന്നതിന്റെയും ഘോഷം കേട്ടിട്ട് അഥല്യാ യഹോവയുടെ ആലയത്തിൽ അവരുടെ അടുത്തേക്കുവന്നു. 13 അവൾ നോക്കിയപ്പോൾ, അതാ! കവാടത്തിൽ അധികാരസ്തംഭത്തിനരികെ രാജാവു നിൽക്കുന്നു! പ്രഭുക്കന്മാരും കാഹളക്കാരും രാജാവിനരികെ ഉണ്ടായിരുന്നു. ദേശത്തെ ജനമെല്ലാം ആഹ്ലാദിച്ച് കാഹളമൂതിക്കൊണ്ടിരുന്നു. ഗായകർ തങ്ങളുടെ സംഗീതവാദ്യങ്ങളുമായി സ്തുതിഗീതങ്ങൾക്കു നേതൃത്വം കൊടുക്കുന്നു! അപ്പോൾ അഥല്യാ വസ്ത്രംകീറി “ദ്രോഹം! ദ്രോഹം!” എന്ന് അട്ടഹസിച്ചു.

  35. 31 എന്റെ കിന്നരം രോദനമായും

    എന്റെ കുഴൽനാദം വിലാപത്തിന് അനുരണനമായും ആലപിക്കുന്നു.

  36. കോരഹ് പുത്രന്മാരുടെ ഒരു ധ്യാനസങ്കീർത്തനം. ഒരു വിവാഹഗീതം.

    1 എന്റെ ഹൃദയം ശുഭചിന്തയാൽ നിറഞ്ഞുകവിയുന്നു

    രാജാവിനുവേണ്ടി എന്റെ കൃതി ഞാൻ ആലപിക്കുന്നു;

    എന്റെ നാവ് നിപുണനായ എഴുത്തുകാരന്റെ തൂലികയാണ്.

  37. 22 കിന്നരവാദ്യത്തോടെ ഞാൻ അങ്ങയെ വാഴ്ത്തിപ്പാടും

    എന്റെ ദൈവമേ, അവിടന്ന് വിശ്വസ്തനാണല്ലോ;

    ഇസ്രായേലിന്റെ പരിശുദ്ധനേ,

    വീണ മീട്ടി ഞാൻ അങ്ങേക്ക് സ്തുതിപാടും.

    23 ഞാൻ അങ്ങേക്ക് സ്തുതിപാടുമ്പോൾ

    എന്റെ അധരങ്ങളും

    അങ്ങ് വിമോചനമേകിയ ഈ ഏഴയും ഘോഷിച്ചാനന്ദിക്കും.

  38. 18 അതിനുശേഷം രാജാവു കൊട്ടാരത്തിൽചെന്ന് ഉപവസിച്ചു രാത്രി കഴിച്ചുകൂട്ടി. സംഗീതോപകരണങ്ങൾ രാജാവിന്റെ അടുക്കൽ കൊണ്ടുവന്നില്ല. അദ്ദേഹത്തിന് ഉറങ്ങാൻ കഴിഞ്ഞതുമില്ല.

  39. 30 ഇതിനുശേഷം അവർ ഒരു സ്തോത്രഗീതം പാടി; ഒലിവുമലയിലേക്ക് പോയി.

  40. 7 ദൈവമേ, എന്റെ ഹൃദയം അങ്ങയിൽ പൂർണവിശ്വാസം അർപ്പിച്ചിരിക്കുന്നു,

    എന്റെ ഹൃദയം പൂർണവിശ്വാസം അർപ്പിച്ചിരിക്കുന്നു;

    ഞാൻ പാട്ടുപാടുകയും അവിടത്തെ പുകഴ്ത്തുകയും ചെയ്യും.

    8 എന്റെ ആത്മാവേ, ഉണരുക!

    വീണയേ, കിന്നരമേ, ഉണരുക!

    ഞാൻ ഉഷസ്സിനെ ഉണർത്തും.

    9 അതുകൊണ്ട്, കർത്താവേ, ഞാൻ അങ്ങയെ ജനതകളുടെ മധ്യേ പുകഴ്ത്തും;

    ഞാൻ ജനതകളുടെ മധ്യേ അങ്ങയെ പാടിപ്പുകഴ്ത്തും.

    10 കാരണം, അവിടത്തെ അചഞ്ചലസ്നേഹം ആകാശത്തോളം ഉന്നതം;

    അവിടത്തെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.

    11 ദൈവമേ, അവിടന്ന് ആകാശത്തിനുമീതേ ഉന്നതനായിരിക്കണമേ;

    അവിടത്തെ മഹത്ത്വം സർവഭൂമിയിലും വിളങ്ങട്ടെ.

    സംഗീതസംവിധായകന്. “നശിപ്പിക്കരുതേ” എന്ന രാഗത്തിൽ.

  41. ശബ്ബത്ത് നാളിനുള്ള ഒരു ഗീതം; ഒരു സങ്കീർത്തനം.

    1-2 യഹോവയെ വാഴ്ത്തുന്നതും

    അത്യുന്നതനേ, അവിടത്തെ നാമത്തിന്

    പത്തുകമ്പിയുള്ള വീണയുടെയും

    കിന്നരത്തിന്റെ മധുരനാദത്തിന്റെയും അകമ്പടിയോടെ സംഗീതമാലപിക്കുന്നതും

    3 പ്രഭാതത്തിൽ അവിടത്തെ അചഞ്ചലസ്നേഹവും

    രാത്രിയിൽ അവിടത്തെ വിശ്വസ്തതയും വർണിക്കുന്നതും വിശിഷ്ടമത്രേ.

  42. 1 യഹോവയെ വാഴ്ത്തുക.

    യഹോവയ്ക്ക് ഒരു നവഗാനം ആലപിക്കുക,

    അങ്ങയുടെ വിശ്വസ്തരുടെ സഭയിൽ അവിടത്തെ സ്തുതിയും.

    2 ഇസ്രായേൽ തങ്ങളുടെ സ്രഷ്ടാവിൽ ആനന്ദിക്കട്ടെ;

    സീയോന്റെ മക്കൾ തങ്ങളുടെ രാജാവിൽ ആഹ്ലാദിക്കട്ടെ.

    3 അവർ നൃത്തമാടിക്കൊണ്ട് തിരുനാമത്തെ സ്തുതിക്കട്ടെ

    തപ്പുകൊട്ടിയും കിന്നരംമീട്ടിയും അവിടത്തേക്ക് സംഗീതമാലപിക്കട്ടെ.

  43. 23 യേശു പള്ളിമുഖ്യന്റെ വീട്ടിൽ പ്രവേശിച്ചപ്പോൾ ഓടക്കുഴൽ വായിക്കുന്നവരെയും കരഞ്ഞ് ബഹളം കൂട്ടുന്ന ജനസമൂഹത്തെയും കണ്ട്, 24 “ഇവിടെനിന്ന് മാറിനിൽക്കൂ, കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്” എന്നു പറഞ്ഞു. അവരോ അദ്ദേഹത്തെ പരിഹസിച്ചു.

  44. 8 യോശുവ ജനത്തോടു പറഞ്ഞുതീർന്നപ്പോൾ, യഹോവയ്ക്കുമുമ്പിൽ ആട്ടിൻകൊമ്പുകൊണ്ടുള്ള കാഹളംപിടിച്ചുനിന്ന ഏഴു പുരോഹിതന്മാർ കാഹളമൂതി മുന്നോട്ടു പോകുകയും യഹോവയുടെ ഉടമ്പടിയുടെ പേടകം അവരെ പിൻതുടരുകയും ചെയ്തു.

  45. 6 പുരോഹിതന്മാർ യഥാസ്ഥാനങ്ങളിൽ നിലയുറപ്പിച്ചു. യഹോവയ്ക്കു സ്തുതിപാടാൻ ദാവീദ് രാജാവു നിർമിച്ചിരുന്ന സംഗീതോപകരണങ്ങളുമായി ലേവ്യരും അതുപോലെതന്നെ അണിനിരന്നു. “അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു,” എന്നു ചൊല്ലി ദാവീദ് യഹോവയ്ക്കു നന്ദി കരേറ്റുമ്പോൾ ഈ ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നു. ഇസ്രായേൽജനമെല്ലാം എഴുന്നേറ്റുനിൽക്കവേ പുരോഹിതന്മാർ ലേവ്യർക്ക് അഭിമുഖമായിനിന്ന് കാഹളമൂതി.

  46. 7 യഹോവയ്ക്ക് നന്ദിയോടെ പാടുക;

    കിന്നരംമീട്ടി നമ്മുടെ ദൈവത്തിന് സംഗീതം ആലപിക്കുക.

  47. 12 “മനുഷ്യപുത്രാ, സോർരാജാവിനെക്കുറിച്ച് ഒരു വിലാപഗീതം പാടി അവനോട് പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:

    “ ‘നീ പരിപൂർണതയുടെ മാതൃകയായിരുന്നു,

    ജ്ഞാനസമ്പൂർണനും തികഞ്ഞ സൗന്ദര്യം ഉള്ളവനുംതന്നെ.

    13 നീ ദൈവത്തിന്റെ തോട്ടമായ

    ഏദെനിൽ ആയിരുന്നു;

    ചെമന്നരത്നം, പീതരത്നം, വജ്രം,

    പുഷ്യരാഗം, ഗോമേദകം, സൂര്യകാന്തം,

    നീലക്കല്ല്, മാണിക്യം, മരതകം

    എന്നിങ്ങനെയുള്ള എല്ലാ വിശിഷ്ടരത്നങ്ങളാലും നീ അലങ്കരിക്കപ്പെട്ടിരിക്കുന്നു.

    നിന്നെ നിർമിച്ചനാളിൽത്തന്നെ അവയെല്ലാം ഒരുക്കപ്പെട്ടിരുന്നു

    നിന്റെ ആഭരണങ്ങളും അലങ്കാരവസ്തുക്കളും സ്വർണനിർമിതവുമായിരുന്നു.

    14 നീ അഭിഷിക്തനും സംരക്ഷകനുമായ കെരൂബ് ആയിരുന്നു;

    കാരണം, അതായിരുന്നു നിന്റെ നിയോഗം.

    നീ ദൈവത്തിന്റെ വിശുദ്ധപർവതത്തിൽ ആയിരുന്നു;

    നീ ആഗ്നേയരഥങ്ങളുടെ മധ്യേ സഞ്ചരിച്ചുപോന്നു.

    15 നിന്നെ സൃഷ്ടിച്ച ദിവസംമുതൽ

    നിന്നിൽ ദുഷ്ടത കണ്ടെത്തുംവരെ

    നിന്റെ നടപ്പിൽ നീ നിഷ്കളങ്കനായിരുന്നു.

  48. 11 നിന്റെ പ്രതാപവും നിന്റെ വാദ്യഘോഷവും

    പാതാളത്തിലേക്കു താഴ്ത്തപ്പെട്ടിരിക്കുന്നു;

    പുഴുക്കളെ കിടക്കയായി നിന്റെ കീഴിൽ വിരിച്ചിരിക്കുന്നു;

    കീടങ്ങൾ നിനക്കു പുതപ്പായിരിക്കുന്നു.

  49. 13 നിന്റെ സംഗീതഘോഷം ഞാൻ ഇല്ലാതെയാക്കും; നിന്റെ വീണാനാദം ഇനിയൊരിക്കലും കേൾക്കുകയില്ല.

  50. 26 ഇതിനുശേഷം അവർ ഒരു സ്തോത്രഗീതം പാടി; ഒലിവുമലയിലേക്ക് പോയി.

  51. 15 അങ്ങനെയെങ്കിൽ എന്താണ് കരണീയം? ഞാൻ ആത്മാവുകൊണ്ടു പ്രാർഥിക്കും, ബുദ്ധികൊണ്ടും പ്രാർഥിക്കും; ആത്മാവുകൊണ്ടു പാടും, ബുദ്ധികൊണ്ടും പാടും.

  52. 1 അന്ന് ദെബോറായും അബീനോവാമിന്റെ മകനായ ബാരാക്കും ഈ ഗാനം ആലപിച്ചു:

    2 “പ്രഭുക്കന്മാർ ഇസ്രായേലിനെ നയിച്ചതിനും

    ജനം സ്വയം സമർപ്പിച്ചതിനും

    യഹോവയെ വാഴ്ത്തുക!

    3 “രാജാക്കന്മാരേ, ഇതു കേൾക്കുക! പ്രഭുക്കന്മാരേ, ശ്രദ്ധിക്കുക!

    ഞാൻ യഹോവയ്ക്കു പാടും; ഞാൻ പാടും;

    ഇസ്രായേലിൻ ദൈവമായ യഹോവയ്ക്കു കീർത്തനം ചെയ്യും.

  53. 22 ലേവ്യരിൽ തലവനായ കെനന്യാവ് ഗായകസംഘത്തിന്റെ മേധാവി ആയിരുന്നു; ഗാനാലാപനത്തിൽ സമർഥനായിരുന്നതിനാൽ അദ്ദേഹത്തിന് ആ ചുമതല നൽകി.

  54. 64 ആ സമൂഹത്തിന്റെ എണ്ണപ്പെട്ടവർ ആകെ 42,360. 65 അതിനുപുറമേ 7,337 ദാസീദാസന്മാരും, സംഗീതജ്ഞരായ 200 പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു.

  55. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 യഹോവേ, ഞാൻ പൂർണഹൃദയത്തോടെ, അങ്ങയെ സ്തുതിക്കും;

    അവിടത്തെ അത്ഭുതങ്ങളൊക്കെയും ഞാൻ വർണിക്കും.

    2 ഞാൻ അങ്ങയിൽ ആനന്ദിച്ചുല്ലസിക്കും;

    അത്യുന്നതനേ, തിരുനാമത്തിനു ഞാൻ സ്തുതിപാടും.

  56. ഒരു ഗീതം; ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 ദൈവമേ, എന്റെ ഹൃദയം അങ്ങയിൽ പൂർണവിശ്വാസം അർപ്പിച്ചിരിക്കുന്നു;

    ഞാൻ പാടും, പൂർണഹൃദയത്തോടെ ഞാൻ പാടിപ്പുകഴ്ത്തും.

    2 വീണയേ, കിന്നരമേ, ഉണരുക!

    ഞാൻ ഉഷസ്സിനെ ഉണർത്തും.

    3 യഹോവേ, ഞാൻ അങ്ങയെ ജനതകളുടെ മധ്യേ പുകഴ്ത്തും;

    ഞാൻ ജനതകളുടെ മധ്യേ അങ്ങയെ പാടിപ്പുകഴ്ത്തും.

    4 കാരണം അവിടത്തെ അചഞ്ചലസ്നേഹം ആകാശത്തെക്കാൾ ഉന്നതം;

    അവിടത്തെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.

  57. 9 എന്റെ ദൈവമേ, അങ്ങേക്കു ഞാൻ ഒരു നവഗാനം ആലപിക്കും;

    പത്തുകമ്പിയുള്ള വീണ മീട്ടി അങ്ങേക്കു ഞാനൊരു സംഗീതമാലപിക്കും,

  58. 15 അന്ന്, ഒരു രാജാവിന്റെ കാലമായ, എഴുപതു വർഷത്തേക്കു സോർ വിസ്മൃതിയിലാണ്ടുപോകും. എന്നാൽ ആ എഴുപതു വർഷത്തിനുശേഷം വേശ്യയുടെ പാട്ടുപോലെതന്നെ സോരിനു സംഭവിക്കും.

    16 “വിസ്മൃതിയിലാണ്ടുപോയ വേശ്യയേ,

    നിന്റെ വീണയുമെടുത്തുകൊണ്ട്, നഗരത്തിൽ ചുറ്റിനടക്കുക;

    അതു നന്നായി മീട്ടുക, നീ ഓർമിക്കപ്പെടേണ്ടതിന്,

    അനവധി ഗാനങ്ങൾ ആലപിക്കുക.”

  59. 33 ഞാൻ എന്റെ ജീവിതം മുഴുവനും യഹോവയ്ക്കു പാടും;

    എന്റെ ജീവിതകാലമൊക്കെയും ഞാൻ എന്റെ ദൈവത്തെ വാഴ്ത്തിപ്പാടും.

    34 ഞാൻ യഹോവയിൽ ആനന്ദിക്കുമ്പോൾ

    എന്റെ ധ്യാനം അവിടത്തേക്ക് പ്രസാദകരമായിത്തീരട്ടെ.

  60. 10 ഫലപൂർണമായ വയലിൽനിന്ന് ആനന്ദവും ഉല്ലാസവും നീങ്ങിപ്പോയിരിക്കുന്നു;

    മുന്തിരിത്തോപ്പുകളിലും പാട്ടുകളോ ആർപ്പുവിളിയോ ഇല്ല.

    മുന്തിരിച്ചക്കുകളിൽ ആരും മുന്തിരിങ്ങാ ചവിട്ടുന്നില്ല;

    കാരണം ഞാൻ ആ ആർപ്പുവിളി അവസാനിപ്പിച്ചിരിക്കുന്നു.

  61. 1 ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ കിലുങ്ങുന്ന ഇലത്താളമോമാത്രമാണ്.

  62. 4 മുട്ടാടുകളുടെ കൊമ്പുകൊണ്ടുള്ള കാഹളം വഹിച്ച ഏഴു പുരോഹിതന്മാർ പേടകത്തിന്റെ മുമ്പിൽ നടക്കട്ടെ. ഏഴാംദിവസം ഈ പുരോഹിതന്മാർ കാഹളങ്ങൾ മുഴക്കിക്കൊണ്ട് പട്ടണത്തെ ഏഴുപ്രാവശ്യം ചുറ്റണം. 5 അവർ നീട്ടി ഊതുന്ന കാഹളനാദം നിങ്ങൾ കേൾക്കുമ്പോൾ യോദ്ധാക്കൾമുഴുവനും ഉച്ചത്തിൽ ആർപ്പിടേണം; അപ്പോൾ പട്ടണമതിൽ തകരും; സൈന്യത്തിന് നേരേ അതിലേക്കു കയറാൻ കഴിയും.”

  63. 29 ദൈവം ശലോമോന് ജ്ഞാനവും അതിമഹത്തായ ഉൾക്കാഴ്ചയും കടൽത്തീരംപോലെ പരപ്പേറിയ പരിജ്ഞാനവും പ്രദാനംചെയ്തു. 30 സകലപൗരസ്ത്യദേശവാസികളുടെ ജ്ഞാനത്തെക്കാളും ഈജിപ്റ്റിന്റെ ജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്ഠതരമായിരുന്നു. 31 സകലമനുഷ്യരെക്കാളും എസ്രാഹ്യനായ ഏഥാൻ, മാഹോലിന്റെ പുത്രന്മാരായ ഹേമാൻ, കൽക്കോൽ, ദർദ എന്നിവരെക്കാളും അദ്ദേഹം കൂടുതൽ ജ്ഞാനിയായിരുന്നു. അയൽരാജ്യങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കീർത്തി വ്യാപിച്ചു. 32 മൂവായിരം സദൃശ്യവാക്യങ്ങളും ആയിരത്തഞ്ചു ഗീതങ്ങളും അദ്ദേഹം രചിച്ചു.

  64. 6 സഹോദരങ്ങളേ, ഞാൻ നിങ്ങൾക്കായി എന്തെങ്കിലും വെളിപ്പാടോ ജ്ഞാനമോ പ്രവചനമോ പ്രബോധനമോ നൽകുന്നതിനു പകരം, നിങ്ങളുടെ അടുക്കൽവന്ന് അജ്ഞാതഭാഷകളിൽ സംസാരിക്കുന്നെങ്കിൽ എന്നെക്കൊണ്ടു നിങ്ങൾക്ക് എന്തു പ്രയോജനം? 7 കുഴൽ, വീണ മുതലായ നിർജീവവാദ്യങ്ങളുടെ കാര്യത്തിൽപോലും, അവ വിവിധ ശ്രുതികൾ പുറപ്പെടുവിക്കാതിരുന്നാൽ ഊതിയതും മീട്ടിയതും ഏതു രാഗമെന്ന് എങ്ങനെ അറിയും? 8 കാഹളം അവ്യക്തനാദം പുറപ്പെടുവിച്ചാൽ യുദ്ധത്തിന് ആരെങ്കിലും തയ്യാറാകുമോ?

  65. 22 വൈണികന്മാർ, സംഗീതജ്ഞർ, ഓടക്കുഴൽ വാദനക്കാർ, കാഹളം മുഴക്കുന്നവർ എന്നിവരുടെ സംഗീതം

    ഇനിയൊരിക്കലും നിന്നിൽനിന്നു കേൾക്കുകയില്ല.

    ഒരുതരത്തിലുമുള്ള കരകൗശലവിദഗ്ധരെയും

    ഇനി നിന്നിൽ കാണുകയില്ല.

    ഇനിയൊരിക്കലും തിരികല്ലിന്റെ ശബ്ദം

    നിന്നിൽനിന്ന് ഉയരുകയുമില്ല.