90 Bible Verses About Worshiping God

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Worshiping God
  1. 21 അതിനു മറുപടിയായി യേശു ആ സ്ത്രീയോടു പറഞ്ഞത്, “സ്ത്രീയേ, എന്നെ വിശ്വസിക്കുക; നിങ്ങൾ പിതാവിനെ ആരാധിക്കുന്നത് ഈ മലയിലോ ജെറുശലേമിലോ അല്ല എന്നുള്ള സമയം വരുന്നു. 22 ശമര്യരായ നിങ്ങൾ നിങ്ങൾക്ക് അജ്ഞാതമായതിനെ ആരാധിക്കുന്നു. ഞങ്ങളോ, അറിയുന്നതിനെ ആരാധിക്കുന്നു. രക്ഷ യെഹൂദരിൽനിന്നല്ലോ വരുന്നത്. 23 എന്നാൽ, സത്യാരാധകർ ദൈവത്തെ സത്യത്തിലും ആത്മാവിലും ആരാധിക്കുന്ന സമയം വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. ഇങ്ങനെയുള്ള ആരാധകരെയാണ് പിതാവ് അന്വേഷിക്കുന്നത്. 24 ദൈവം ആത്മാവാകുന്നു. ദൈവത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം,” എന്നായിരുന്നു.

  2. 1 വരുവിൻ, നമുക്ക് യഹോവയ്ക്കൊരു ആനന്ദഗീതമാലപിക്കാം;

    നമ്മുടെ രക്ഷയുടെ പാറയ്ക്ക് ഉച്ചത്തിൽ ആർപ്പിടാം.

    2 സ്തോത്രാർപ്പണത്തോടെ നമുക്ക് അവിടത്തെ സന്നിധിയിൽ വന്നുചേരാം

    സംഗീതത്തോടും പാട്ടോടുംകൂടെ അവിടത്തെ പുകഴ്ത്താം.

    3 കാരണം യഹോവ മഹാദൈവം ആകുന്നു,

    എല്ലാ ദേവന്മാരിലും ഉന്നതനായ മഹാരാജാവുതന്നെ.

    4 ഭൂമിയുടെ അഗാധതകൾ അവിടത്തെ കരങ്ങളിലാണ്,

    പർവതശിഖരങ്ങളും അവിടത്തേക്കുള്ളത്.

    5 സമുദ്രം അവിടത്തേക്കുള്ളത്, അവിടന്ന് അതിനെ നിർമിച്ചു,

    കരയെയും അവിടത്തെ കൈകൾ മെനഞ്ഞിരിക്കുന്നു.

    6 വരുവിൻ, നമുക്ക് വണങ്ങി ആരാധിക്കാം,

    നമ്മെ നിർമിച്ച യഹോവയുടെമുമ്പിൽ നമുക്കു മുട്ടുമടക്കാം.

    7 കാരണം അവിടന്ന് നമ്മുടെ ദൈവം ആകുന്നു

    നാം അവിടത്തെ മേച്ചിൽപ്പുറത്തെ ജനവും

    അവിടത്തെ കരുതലിൻകീഴിലുള്ള ആടുകളുംതന്നെ.

    ഇന്നു നിങ്ങൾ ദൈവശബ്ദം കേൾക്കുന്നെങ്കിൽ,

  3. 1 സഹോദരങ്ങളേ, ദൈവം നമ്മോടു കാട്ടിയ കരുണ അനുസ്മരിപ്പിച്ചുകൊണ്ട് ഞാൻ പ്രബോധിപ്പിക്കുന്നത്: പവിത്രവും ദൈവത്തിനു പ്രസാദകരവുമായ സജീവയാഗമായി നിങ്ങളുടെ ശരീരങ്ങളെ സമർപ്പിക്കുക; ഇതാണ് നിങ്ങളുടെ ഉചിതമായ സത്യാരാധന.

  4. ഒരു സ്തോത്രസങ്കീർത്തനം.

    1 സർവഭൂമിയുമേ, യഹോവയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക.

    2 ആഹ്ലാദത്തോടെ യഹോവയെ ആരാധിക്കുക;

    ആനന്ദഗാനങ്ങൾ ആലപിച്ച് തിരുസന്നിധിയിൽ വരിക.

    3 യഹോവ ആകുന്നു ദൈവം എന്നറിയുക.

    അവിടന്നാണ് നമ്മെ നിർമിച്ചത്, നാം അവിടത്തെ വകയും ആകുന്നു;

    നാം അവിടത്തെ ജനവും അവിടത്തെ മേച്ചിൽപ്പുറങ്ങളിലെ അജഗണവുംതന്നെ.

    4 അവിടത്തെ കവാടങ്ങളിൽ സ്തോത്രത്തോടും

    അവിടത്തെ ആലയാങ്കണത്തിൽ സ്തുതിയോടുംകൂടെ പ്രവേശിക്കുക;

    അവിടത്തേക്ക് സ്തോത്രമർപ്പിച്ച്, തിരുനാമം വാഴ്ത്തുക.

  5. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 ദൈവപുത്രന്മാരേ, യഹോവയ്ക്കു കൊടുക്കുക,

    യഹോവയ്ക്കു മഹത്ത്വവും ശക്തിയും കൊടുക്കുക.

    2 യഹോവയ്ക്ക് അവിടത്തെ നാമത്തിനുതക്ക മഹത്ത്വംകൊടുക്കുക;

    യഹോവയുടെ വിശുദ്ധിയുടെ പ്രതാപത്തിന് അനുസൃതമായി അവിടത്തെ ആരാധിക്കുക.

  6. 8 യഹോവയ്ക്ക് അവിടത്തെ നാമത്തിനുതക്ക മഹത്ത്വംകൊടുക്കുക;

    തിരുമുൽക്കാഴ്ചയുമായി അവിടത്തെ ആലയാങ്കണത്തിലേക്കു വരിക.

    9 യഹോവയുടെ വിശുദ്ധിയുടെ പ്രതാപത്തിന് അനുസൃതമായി അവിടത്തെ ആരാധിക്കുക.

    സകലഭൂതലവുമേ, യഹോവയുടെമുമ്പിൽ നടുങ്ങുക.

  7. 8 നാലു ജീവികൾ ഓരോന്നിനും ആറു ചിറകുവീതം ഉണ്ടായിരുന്നു. അവയ്ക്ക് ചിറകുകൾക്കുള്ളിലും പുറമേയുമായി നിറയെ കണ്ണുകളുമുണ്ടായിരുന്നു. ആ ജീവികൾ രാപകൽ വിശ്രമമില്ലാതെ,

    “ഭൂത, വർത്തമാന, ഭാവി കാലങ്ങളിൽ ഒരുപോലെ നിലനിൽക്കുന്നവനായ,

    ‘സർവശക്തിയുള്ള ദൈവമായ കർത്താവ്,

    പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ’ ”

    എന്നു തുടരെ പറഞ്ഞുകൊണ്ടിരിക്കുന്നു. 9 സിംഹാസനസ്ഥനായി അനന്തകാലം ജീവിക്കുന്ന കർത്താവിന് ആ ജീവികൾ മഹത്ത്വവും ബഹുമാനവും സ്തോത്രവും അർപ്പിക്കുമ്പോഴെല്ലാം 10 ഇരുപത്തിനാലു മുഖ്യന്മാരും സിംഹാസനസ്ഥന്റെ മുമ്പിൽ വീണ്, അനന്തകാലം ജീവിക്കുന്നവനെ നമസ്കരിച്ചുകൊണ്ട്:

    11 “ഞങ്ങളുടെ കർത്താവും ദൈവവുമായുള്ളവനെ,

    അങ്ങ് സകലത്തെയും സൃഷ്ടിച്ചു.

    അവിടത്തെ ഇഷ്ടത്താൽ അവ ഉത്ഭവിക്കുകയും

    സൃഷ്ടിക്കപ്പെടുകയും ചെയ്തിരിക്കുകയാൽ,

    അവിടന്നു മഹത്ത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാൻ യോഗ്യൻ,”

    എന്നു പറഞ്ഞു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിനുമുമ്പിൽ സമർപ്പിക്കും.

  8. 14 എല്ലാറ്റിലും ഉപരിയായി എല്ലാവരെയുംതമ്മിൽ സമ്പൂർണമായി ബന്ധിപ്പിക്കുന്ന കണ്ണിയായ സ്നേഹം ധരിക്കുക.

    15 ക്രിസ്തു നൽകുന്ന സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. അതിനായിട്ടാണല്ലോ നിങ്ങളെ ഏകശരീരമായി വിളിച്ചിരിക്കുന്നത്. കൃതജ്ഞതയുള്ളവരായിരിക്കുക. 16 ക്രിസ്തുവിന്റെസന്ദേശം നിങ്ങളിൽ സമൃദ്ധിയോടെ വസിക്കട്ടെ. അങ്ങനെ ആയിരിക്കണം നിങ്ങൾ, സർവജ്ഞാനത്തോടും കൂടെ ഹൃദയത്തിൽ നന്ദി നിറഞ്ഞവരായി, സങ്കീർത്തനങ്ങൾ, സ്തുതിഗീതങ്ങൾ, ആത്മികഗാനങ്ങൾ എന്നിവയാൽ ദൈവത്തിനു പാടിക്കൊണ്ട്, പരസ്പരം ഉപദേശിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യേണ്ടത്. 17 നിങ്ങളുടെ വാക്കോ പ്രവൃത്തിയോ എന്തായാലും അവയെല്ലാം കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും യേശുക്രിസ്തു മുഖാന്തരം പിതാവായ ദൈവത്തിന് സ്തോത്രം അർപ്പിച്ചുകൊണ്ടും ആയിരിക്കട്ടെ.

  9. 28 ആകയാൽ നമുക്ക് അചഞ്ചലമായ ഒരു രാജ്യം ലഭിക്കുന്നതുകൊണ്ട്, നാം കൃതജ്ഞതയുള്ളവരായി ദൈവത്തിനു സ്വീകാര്യമാകുമാറ് ഭയഭക്തിയോടുകൂടി അവിടത്തെ ആരാധിക്കാം; 29 “നമ്മുടെ ദൈവം ഭസ്മീകരിക്കുന്ന അഗ്നിയല്ലോ.”

  10. 15 അതുകൊണ്ടു നമുക്ക് ദൈവത്തിനു സ്തോത്രയാഗം, അതായത്, തിരുനാമം ഘോഷിക്കുന്ന അധരങ്ങളുടെ ഫലം, യേശുവിലൂടെ നിരന്തരമായി അർപ്പിക്കാം. 16 നന്മ ചെയ്യാനും നിങ്ങൾക്കുള്ളതു മറ്റുള്ളവരുമായി പങ്കുവെക്കാനും മറക്കരുത്; ഈ വിധ യാഗങ്ങളിലാണു ദൈവം സംപ്രീതനാകുന്നത്.

  11. 5 പിന്നെ ലേവ്യരായ യേശുവ, കദ്മീയേൽ, ബാനി, ഹശ്ബെനെയാവ്, ശേരെബ്യാവ്, ഹോദീയാവ്, ശെബന്യാവ്, പെഥഹ്യാവ് എന്നിവർ ഇപ്രകാരം പറഞ്ഞു: “എഴുന്നേറ്റ് എന്നും എന്നെന്നേക്കും നിലനിൽക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയെ വാഴ്ത്തുക.”

    “സകലപ്രശംസയ്ക്കും സ്തുതിക്കും മീതേ ഉയർന്നിരിക്കുന്ന അവിടത്തെ മഹത്ത്വമുള്ള നാമം വാഴ്ത്തപ്പെടുമാറാകട്ടെ. 6 അങ്ങ്, അങ്ങുമാത്രമാണ് യഹോവ; സ്വർഗത്തെയും സ്വർഗാധിസ്വർഗത്തെയും അവയിലെ സർവസൈന്യത്തെയും ഭൂമിയെയും അതിലെ സകലത്തെയും സമുദ്രത്തെയും അതിലുള്ള സകലത്തെയും അങ്ങ് ഉണ്ടാക്കി. അവയ്ക്കെല്ലാം അങ്ങ് ജീവൻ നൽകി, സ്വർഗീയസൈന്യങ്ങൾ അങ്ങയെ ആരാധിക്കുന്നു.

  12. 29 യഹോവയ്ക്ക് അവിടത്തെ നാമത്തിനുതക്ക മഹത്ത്വംകൊടുക്കുക;

    തിരുമുൽക്കാഴ്ചയുമായി അവിടത്തെ സന്നിധിയിലേക്കു വരിക.

    യഹോവയുടെ വിശുദ്ധിയുടെ പ്രതാപത്തിന് അനുസൃതമായി അവിടത്തെ ആരാധിക്കുക.

  13. 17 അജ്ഞാനികളാകരുത്; പിന്നെയോ കർത്താവിന്റെ ഇഷ്ടം എന്തെന്നു ഗ്രഹിക്കുന്നവരാകുക. 18 മദ്യപിച്ചു മദോന്മത്തരാകരുത്; അതു വഴിപിഴച്ച ജീവിതത്തിലേക്കു നയിക്കും. നിങ്ങളോ, ദൈവാത്മാവിനാൽ നിയന്ത്രിക്കപ്പെട്ടവരായി 19 സങ്കീർത്തനങ്ങൾ, സ്തുതിഗീതങ്ങൾ, ആത്മികഗാനങ്ങൾ എന്നിവയാൽ പരസ്പരം പ്രബോധിപ്പിക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവിന് കീർത്തനങ്ങൾ ആലപിക്കുകയും 20 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവായ ദൈവത്തിന് സർവകാര്യങ്ങൾക്കായും എപ്പോഴും സ്തോത്രം അർപ്പിക്കുകയുംചെയ്യുക.

    21 ക്രിസ്തുവിനോടുള്ള ഭയഭക്തിയിൽ പരസ്പരവിധേയത്വം പുലർത്തുക.

  14. 9 അതുകൊണ്ട് ദൈവം ക്രിസ്തുവിനെ പരമോന്നതസ്ഥാനത്തേക്ക് ഉയർത്തി,

    എല്ലാ നാമങ്ങൾക്കും മീതേ ഉത്തുംഗമായ നാമം അവിടത്തേക്കു നൽകി.

    10 തന്മൂലം സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും ഉള്ള എല്ലാവരും

    യേശുവിന്റെ നാമത്തിങ്കൽ സാഷ്ടാംഗം പ്രണമിക്കുകയും

    11 എല്ലാവരുടെയും നാവ് യേശുക്രിസ്തു കർത്താവ് എന്നു സമ്മതിച്ച്

    പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി ഏറ്റുപറയുകയും ചെയ്യും.

  15. 3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെടട്ടെ. അവിടന്ന് സ്വർഗത്തിലെ സർവ ആത്മികാനുഗ്രഹങ്ങളാലും ക്രിസ്തുവിൽ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. 4 തിരുസന്നിധിയിൽ നാം വിശുദ്ധരും നിഷ്കളങ്കരും ആയിത്തീരാൻവേണ്ടി സ്നേഹത്താൽ ദൈവം നമ്മെ ലോകസ്ഥാപനത്തിനുമുമ്പേ ക്രിസ്തുവിൽ തെരഞ്ഞെടുത്തു. 5 ദൈവം, തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുവിലൂടെ നമുക്കു പുത്രത്വം നൽകി നമ്മെ അവിടത്തേക്കുവേണ്ടി മുൻനിയമിച്ചിരിക്കുന്നു. 6 ഇത് അവിടന്ന് സ്നേഹസ്വരൂപനിലൂടെ നമുക്കു നിർലോപമായി നൽകിയ മഹനീയകൃപയുടെ പുകഴ്ചയ്ക്കുവേണ്ടിയായിരുന്നു.

  16. 9 ഇതിനുശേഷം ഞാൻ നോക്കിയപ്പോൾ സകലരാജ്യങ്ങളിൽനിന്നും ഗോത്രങ്ങളിൽനിന്നും ജനവിഭാഗങ്ങളിൽനിന്നും ഭാഷകളിൽനിന്നും ആർക്കും എണ്ണിത്തീർക്കാനാകാത്ത വലിയൊരു ജനസമൂഹം പാദംവരെ എത്തുന്ന ശുഭ്രവസ്ത്രം ധരിച്ചും കൈയിൽ കുരുത്തോലകളേന്തിയും സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കുന്നതു ഞാൻ കണ്ടു. 10 അവർ അത്യുച്ചത്തിൽ:

    “ ‘രക്ഷ’ സിംഹാസനസ്ഥനായ

    നമ്മുടെ ദൈവത്തിനും

    കുഞ്ഞാടിനും ഉള്ളത്”

    എന്ന് ആർത്തുകൊണ്ടിരുന്നു. 11-12 അപ്പോൾ സർവദൂതന്മാരും, സിംഹാസനത്തിനും മുഖ്യന്മാർക്കും നാലു ജീവികൾക്കും ചുറ്റിലുമായി നിൽക്കയും,

    “ആമേൻ!

    നമ്മുടെ ദൈവത്തിന് എന്നെന്നേക്കും

    സ്തുതിയും മഹത്ത്വവും

    ജ്ഞാനവും സ്തോത്രവും ബഹുമാനവും

    അധികാരവും ശക്തിയും ഉണ്ടായിരിക്കട്ടെ,

    ആമേൻ!”

    എന്നു പറഞ്ഞ് സിംഹാസനത്തിനുമുമ്പിൽ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് ദൈവത്തെ ആരാധിക്കുകയും ചെയ്തു.

  17. 8 യോഹന്നാൻ എന്ന ഞാൻതന്നെയാണ് ഈ കാര്യങ്ങൾ കേൾക്കുകയും കാണുകയുംചെയ്തത്. കേൾക്കുകയും കാണുകയുംചെയ്തശേഷം ഇവ എനിക്കു കാണിച്ചുതന്ന ദൂതനെ നമസ്കരിക്കേണ്ടതിനു ഞാൻ അദ്ദേഹത്തിന്റെ കാൽക്കൽവീണു. 9 എന്നാൽ അദ്ദേഹം എന്നോട്, “അരുതരുതേ! ഞാൻ നിങ്ങളെപ്പോലെ ഒരു ദാസൻമാത്രമാണ്. ഞാൻ നിനക്കും നിന്റെ സഹോദരങ്ങളായ പ്രവാചകർക്കും ഈ പുസ്തകത്തിലെ തിരുവചനങ്ങൾ അനുസരിക്കുന്നവർക്കും സമൻമാത്രമാണ്. ദൈവത്തെമാത്രം ആരാധിക്കുക” എന്നു പറഞ്ഞു.

  18. 9 അവർ പുതിയൊരു കീർത്തനം ആലപിച്ചു:

    “അങ്ങ് (യാഗമൃഗമെന്നപോലെ) അറക്കപ്പെടുകയും

    അവിടത്തെ രക്തത്താൽ

    സകലഗോത്രങ്ങളിലും ഭാഷകളിലും ജനവിഭാഗങ്ങളിലും രാജ്യങ്ങളിലുംനിന്നുള്ളവരെ

    ദൈവത്തിനായി വിലയ്ക്കു വാങ്ങിയിരിക്കുകയും ചെയ്തിരിക്കുന്നു.

    10 ഭൂമിയിൽ വാഴേണ്ടതിനായി അവരെ നമ്മുടെ ദൈവത്തിനു രാജ്യവും പുരോഹിതരും ആക്കിയിരിക്കുന്നു.

    ആകയാൽ ചുരുൾ വാങ്ങാനും മുദ്രകൾ തുറക്കാനും അങ്ങ് യോഗ്യൻതന്നെ.”

    11 ഞാൻ ദർശനത്തിൽ, സിംഹാസനത്തിനും ജീവികൾക്കും മുഖ്യന്മാർക്കു ചുറ്റിലുമായി അസംഖ്യം ദൂതന്മാരുടെ ശബ്ദം കേട്ടു. അവരുടെ എണ്ണം ആയിരം ആയിരവും പതിനായിരം പതിനായിരവും ആയിരുന്നു. 12 അവർ അത്യുച്ചശബ്ദത്തിൽ:

    “അറക്കപ്പെട്ട കുഞ്ഞാട്,

    ശക്തിയും ധനവും ജ്ഞാനവും ബലവും

    ബഹുമാനവും മഹത്ത്വവും സ്തുതിയും സ്വീകരിക്കാൻ യോഗ്യൻ!”

    എന്നു പറയുന്നു.

    13 അപ്പോൾ സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു താഴെയും സമുദ്രത്തിലുമുള്ള സകലജീവികളും,

    “സിംഹാസനസ്ഥനും കുഞ്ഞാടിനും

    സ്തുതിയും ബഹുമാനവും മഹത്ത്വവും ആധിപത്യവും,

    എന്നും എന്നെന്നേക്കും ഉണ്ടാകുമാറാകട്ടെ!”

    എന്നു പറയുന്നതു ഞാൻ കേട്ടു. 14 നാലു ജീവികളും ആമേൻ എന്നു പറഞ്ഞു; മുഖ്യന്മാർ സാഷ്ടാംഗം വീണ് ആരാധിച്ചു.

  19. 7 യഹോവ അബ്രാമിനു പ്രത്യക്ഷനായി, “ഞാൻ ഈ ദേശം നിന്റെ സന്തതിക്കു നൽകും” എന്ന് അരുളിച്ചെയ്തു. അതിനുശേഷം അദ്ദേഹം തനിക്കു പ്രത്യക്ഷനായ യഹോവയ്ക്ക് അവിടെ ഒരു യാഗപീഠം പണിതു.

    8 അവിടെനിന്ന് അബ്രാം ബേഥേലിനു കിഴക്കുള്ള മലമ്പ്രദേശത്തേക്കു പോയി. അവിടെ തന്റെ കൂടാരം അടിച്ചു; ആ സ്ഥലത്തിന്റെ പടിഞ്ഞാറുവശത്തു ബേഥേലും കിഴക്കുവശത്തു ഹായിയും ആയിരുന്നു. അവിടെ അദ്ദേഹം യഹോവയ്ക്ക് ഒരു യാഗപീഠം പണിത് യഹോവയെ ആരാധിച്ചു.

  20. 1 ദൈവം ഈ വചനങ്ങൾ എല്ലാം അരുളിച്ചെയ്തു:

    2 “അടിമനാടായ ഈജിപ്റ്റിൽനിന്ന് നിങ്ങളെ പുറത്തുകൊണ്ടുവന്ന യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു.

    3 “ഞാൻ അല്ലാതെ അന്യദേവന്മാർ നിങ്ങൾക്കുണ്ടാകരുത്.

    4 നിങ്ങൾക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മീതേ ആകാശത്തിലോ താഴേ ഭൂമിയിലോ കീഴേ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെയും പ്രതിമയും അരുത്. 5 അവയെ വണങ്ങുകയോ ആരാധിക്കുകയോ ചെയ്യരുത്. കാരണം, നിങ്ങളുടെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ളവനാകുന്നു. എന്നെ വെറുക്കുന്ന മാതാപിതാക്കളുടെ പാപത്തിന് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ശിക്ഷിക്കും. 6 എന്നാൽ എന്നെ സ്നേഹിച്ച് എന്റെ കൽപ്പനകൾ പ്രമാണിക്കുന്നവരോട് ആയിരം തലമുറവരെ ഞാൻ കരുണകാണിക്കും.

  21. 1 അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും തങ്ങളുടെ ധൂപകലശങ്ങൾ എടുത്ത് അതിൽ തീയിട്ടു സുഗന്ധദ്രവ്യവും ചേർത്തു; തങ്ങളോടു കൽപ്പിച്ചതല്ലാത്ത അന്യാഗ്നി യഹോവയുടെമുമ്പിൽ കൊണ്ടുവന്നു. 2 അപ്പോൾ യഹോവയുടെ സന്നിധിയിൽനിന്ന് തീ പുറപ്പെട്ട് അവരെ ദഹിപ്പിച്ചു, അവർ യഹോവയുടെ സന്നിധിയിൽ മരിച്ചു. 3 മോശ അഹരോനോടു പറഞ്ഞു, “യഹോവ അരുളിച്ചെയ്തപ്പോൾ പറഞ്ഞതിതാണ്:

    “ ‘എന്നോട് അടുത്തുവരുന്നവരിലൂടെ

    ഞാൻ എന്റെ പരിശുദ്ധി തെളിയിക്കും;

    സർവജനത്തിന്റെയും മുമ്പിൽ

    ഞാൻ മഹത്ത്വപ്പെടും.’ ”

    അഹരോൻ മൗനമായിരുന്നു.

  22. 1 ഈ മാസത്തിന്റെ ഇരുപത്തിനാലാം തീയതി ഇസ്രായേൽമക്കൾ ഉപവസിച്ച് ചാക്കുശീലയുടുത്തും തലയിൽ പൂഴിയിട്ടുംകൊണ്ട് ഒരുമിച്ചുകൂടി. 2 ഇസ്രായേൽ പരമ്പരയിലുള്ളവർ വിദേശികളായിട്ടുള്ള എല്ലാവരിൽനിന്നും വേർതിരിഞ്ഞു നിന്നുകൊണ്ട് തങ്ങളുടെ പാപങ്ങളും തങ്ങളുടെ പിതാക്കന്മാരുടെ പാപങ്ങളും ഏറ്റുപറഞ്ഞു. 3 തങ്ങൾ നിന്നിരുന്നിടത്തുതന്നെ നിന്നുകൊണ്ട്, തങ്ങളുടെ ദൈവമായ യഹോവയുടെ ന്യായപ്രമാണഗ്രന്ഥം വായിക്കാൻ അവർ ദിവസത്തിന്റെ നാലിലൊരുഭാഗം ചെലവഴിച്ചു; പാപങ്ങൾ ഏറ്റുപറയുന്നതിനും തങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കുന്നതിനും വീണ്ടും നാലിലൊരുഭാഗം ഉപയോഗിച്ചു.

  23. ദാവീദിന്റെ ഒരു സങ്കീർത്തനം; അദ്ദേഹം യെഹൂദാമരുഭൂമിയിൽ ആയിരുന്നകാലത്തു രചിച്ചത്.

    1 ദൈവമേ, അങ്ങാണ് എന്റെ ദൈവം,

    ആത്മാർഥതയോടെ ഞാൻ അങ്ങയെ അന്വേഷിക്കുന്നു;

    വെള്ളമില്ലാതെ

    ഉണങ്ങിവരണ്ട ദേശത്ത്,

    എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു,

    എന്റെ ശരീരംമുഴുവനും അങ്ങേക്കായി വാഞ്ഛിക്കുന്നു.

    2 വിശുദ്ധമന്ദിരത്തിൽ ഞാൻ അങ്ങയെ ദർശിച്ചിരിക്കുന്നു

    അവിടത്തെ ശക്തിയും അവിടത്തെ മഹത്ത്വവും ഞാൻ ഉറ്റുനോക്കുന്നു.

    3 കാരണം അവിടത്തെ അചഞ്ചലസ്നേഹം ജീവനെക്കാൾ നല്ലതാകുന്നു,

    എന്റെ അധരങ്ങൾ അങ്ങയെ മഹത്ത്വപ്പെടുത്തും.

    4 എന്റെ ജീവിതകാലംമുഴുവനും ഞാൻ അങ്ങയെ സ്തുതിക്കും,

    അവിടത്തെ നാമത്തിൽ ഞാൻ എന്റെ കൈകൾ ഉയർത്തും.

  24. 13 അപ്പോൾ കർത്താവ് അരുളിച്ചെയ്തു:

    “ഈ ജനം വാകൊണ്ട് എന്നോട് അടുത്തു വരികയും

    അധരംകൊണ്ട് എന്നെ ബഹുമാനിക്കുകയും ചെയ്യുന്നു,

    എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ട് അകന്നിരിക്കുന്നു.

    അവർ എന്നെ ആരാധിക്കുന്നത്

    പഠിച്ചുവെച്ച മാനുഷകൽപ്പനകൾ ആധാരമാക്കിയാണ്.

    14 അതിനാൽ അത്ഭുതത്തിന്മേൽ അത്ഭുതം പ്രവർത്തിച്ചുകൊണ്ട് ഞാൻ ഈ ജനത്തെ ഒരിക്കൽക്കൂടി സ്തബ്ധരാക്കും.

    ഏറ്റവും അത്ഭുതകരമായിത്തന്നെ അവരോട് ഇടപെടും;

    അവരുടെ ജ്ഞാനികളുടെ ജ്ഞാനം നശിച്ചുപോകും,

    ബുദ്ധിമാന്മാരുടെ ബുദ്ധിയും മാഞ്ഞുപോകും.”

  25. 42 അവർ അപ്പൊസ്തലന്മാരുടെ ഉപദേശത്തിലും കൂട്ടായ്മയിലും കർത്തൃമേശാചരണത്തിലും പ്രാർഥനയിലും അർപ്പണബോധത്തോടെ തുടർന്നുവന്നു. 43 അപ്പൊസ്തലന്മാർമുഖേന സംഭവിച്ചുകൊണ്ടിരുന്ന അനവധി അത്ഭുതങ്ങളും ചിഹ്നങ്ങളുംനിമിത്തം എല്ലാവരുടെയും മനസ്സിൽ ഭക്ത്യാദരങ്ങൾ നിറഞ്ഞു. 44 വിശ്വാസികൾ എല്ലാവരും ഏകഹൃദയത്തോടെ ഒരിടത്തു കൂടിവരികയും വസ്തുവകകൾ എല്ലാം എല്ലാവരുടേതും എന്നപോലെ കരുതുകയും ചെയ്തു. 45 തങ്ങളുടെ വസ്തുവകകളും മറ്റു സമ്പാദ്യങ്ങളും വിറ്റ് ഓരോരുത്തരുടെയും ആവശ്യാനുസരണം അവർ എല്ലാവർക്കുമായി പങ്കിട്ടു. 46 അവർ നാൾതോറും നിരന്തരമായി ദൈവാലയാങ്കണത്തിൽ ഏകഹൃദയത്തോടെ കൂടിവരികയും വീടുകൾതോറും അപ്പംനുറുക്കുകയും ആനന്ദത്തോടെയും ആത്മാർഥതയോടെയും ഭക്ഷണം കഴിക്കുകയും 47 ദൈവത്തെ സ്തുതിക്കുകയും ചെയ്തു. അവർ സകലരുടെയും പ്രീതിക്കു പാത്രമായിത്തീർന്നു. ഓരോ ദിവസവും രക്ഷിക്കപ്പെടുന്നവരെ കർത്താവ് ആ കൂട്ടത്തോട് ചേർത്തുകൊണ്ടിരുന്നു.

  26. 7 കപടഭക്തരേ, യെശയ്യാവ് നിങ്ങളെക്കുറിച്ചു പ്രവചിച്ചത് എത്ര കൃത്യമായിരിക്കുന്നു:

    8 “ ‘ഈ ജനം അധരങ്ങളാൽ എന്നെ ആദരിക്കുന്നു;

    അവരുടെ ഹൃദയമോ എന്നിൽനിന്ന് അകന്നിരിക്കുന്നു.

    9 അവർ എന്നെ വ്യർഥമായി ആരാധിക്കുന്നു;

    അവർ മനുഷ്യരുടെ നിയമങ്ങൾ പ്രമാണങ്ങളായി ഉപദേശിക്കുന്നു.’”

  27. 8 അപ്പോൾ യേശു അവനോട്, “ ‘നിങ്ങളുടെ ദൈവമായ കർത്താവിനെ വണങ്ങി അവിടത്തെമാത്രമേ സേവിക്കാവൂ’ എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്” എന്നു പറഞ്ഞു.

  28. 29 മോശയും അഹരോനും ഇസ്രായേല്യ ഗോത്രത്തലവന്മാരെ എല്ലാവരെയും കൂട്ടിവരുത്തി. 30 യഹോവ മോശയോട് അരുളിച്ചെയ്തിരുന്നതെല്ലാം അഹരോൻ അവരെ പറഞ്ഞുകേൾപ്പിച്ചു; മോശ ജനങ്ങളുടെമുമ്പാകെ ആ അത്ഭുതചിഹ്നങ്ങൾ പ്രവർത്തിക്കുകയും 31 ജനങ്ങൾ വിശ്വസിക്കുകയും ചെയ്തു. യഹോവ തങ്ങളെ സന്ദർശിച്ചെന്നും അവിടന്നു തങ്ങളുടെ കഷ്ടത കണ്ടിരിക്കുന്നെന്നും ഇസ്രായേൽജനം കേട്ടപ്പോൾ അവർ കുമ്പിട്ടു നമസ്കരിച്ചു.

  29. 31 ആകാശം ആഹ്ലാദിക്കട്ടെ, ഭൂമി ഉല്ലസിക്കട്ടെ;

    “യഹോവ വാഴുന്നു,” എന്ന് അവ രാഷ്ട്രങ്ങളുടെ മധ്യേ ഉദ്ഘോഷിക്കട്ടെ.

    32 സമുദ്രവും അതിലുള്ള സകലതും മാറ്റൊലികൊള്ളട്ടെ.

    വയലേലകളും അതിലുള്ള സമസ്തവും ആഹ്ലാദാരവം മുഴക്കട്ടെ;

    33 വനവൃക്ഷങ്ങളും ഗാനം ആലപിക്കട്ടെ.

    അവ യഹോവയുടെമുമ്പാകെ ആനന്ദഗീതങ്ങൾ ആലപിക്കട്ടെ;

    അവിടന്ന് ഭൂമിയെ വിധിക്കുന്നതിനായി വരുന്നു.

    34 യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ;

    അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.

    35 അവിടത്തെ സന്നിധിയിൽ കരയുക: “ഞങ്ങളുടെ രക്ഷകനായ ദൈവമേ, ഞങ്ങളെ രക്ഷിക്കണമേ.

    ഞങ്ങൾ അവിടത്തെ പരിശുദ്ധനാമത്തിന് സ്തോത്രംചെയ്യുകയും

    അവിടത്തെ സ്തുതികളിൽ പുകഴുകയും ചെയ്യേണ്ടതിന്,

    ഇതര രാഷ്ട്രങ്ങളിൽനിന്നു വിളിച്ചുകൂട്ടി ഞങ്ങളെ വിടുവിക്കണമേ.”

    36 ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ;

    എന്നും എന്നെന്നേക്കും.

    അപ്പോൾ ജനമെല്ലാം, “ആമേൻ, യഹോവയെ വാഴ്ത്തുക” എന്നു പറഞ്ഞു.

  30. 3 ഇസ്രായേൽജനമെല്ലാം, ആകാശത്തുനിന്നു തീയിറങ്ങുന്നതും യഹോവയുടെ തേജസ്സ് ആലയത്തിന്റെ മുകളിൽ നിൽക്കുന്നതും കണ്ടപ്പോൾ, ആ കൽത്തളത്തിന് അഭിമുഖമായി മുട്ടുകുത്തി സാഷ്ടാംഗം പ്രണമിച്ച് യഹോവയെ ആരാധിക്കുകയും അവിടത്തേക്ക് നന്ദി കരേറ്റുകയും ചെയ്തുകൊണ്ട് ആർത്തു:

    “അവിടന്ന് നല്ലവനല്ലോ;

    അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.”

  31. 22 അവിടത്തെ നാമം ഞാൻ എന്റെ സഹോദരങ്ങളോടു കീർത്തിക്കും;

    സഭയുടെമുമ്പാകെ ഞാൻ അങ്ങയെ സ്തുതിക്കും.

    23 യഹോവയെ ഭയപ്പെടുന്നവരേ, യഹോവയെ സ്തുതിക്കുക!

    യാക്കോബിന്റെ പിൻഗാമികളായ സകലരുമേ, അവിടത്തെ ആദരിക്കുക!

    സകല ഇസ്രായേല്യസന്തതികളുമേ, അവിടത്തെ വണങ്ങുക!

  32. ഒരു ഗീതം; ഒരു സങ്കീർത്തനം.

    1 സർവഭൂമിയുമേ, ദൈവത്തിന് ആനന്ദത്തോടെ ആർപ്പിടുക!

    2 അവിടത്തെ നാമത്തിന്റെ മഹത്ത്വം ആലപിക്കുക;

    അവിടത്തെ സ്തുതി തേജസ്സേറിയതാക്കുക.

    3 ദൈവത്തോടു പറയുക: “അവിടത്തെ പ്രവൃത്തികൾ എത്ര ഭീതിജനകം!

    അവിടത്തെ ശക്തി അതിമഹത്തായതാണ്

    അതുകൊണ്ട് അങ്ങയുടെ ശത്രുക്കൾ അങ്ങയുടെ കാൽക്കൽവീഴുന്നു.

    4 സർവഭൂമിയും തിരുമുമ്പിൽ താണുവണങ്ങുന്നു;

    അവർ അവിടത്തേക്ക് സ്തുതിപാടുന്നു,

    അവിടത്തെ നാമത്തിന് സ്തുതിഗീതം ആലപിക്കുന്നു.” സേലാ.

  33. 24 ഉത്തരവു ലഭിച്ചതനുസരിച്ച്, അയാൾ അവരെ കാരാഗൃഹത്തിന്റെ ഉള്ളറയിലാക്കി അവരുടെ കാൽ ആമത്തിലിട്ടു ബന്ധിച്ചു.

    25 അർധരാത്രിയോടെ പൗലോസും ശീലാസും പ്രാർഥിക്കുകയും ദൈവത്തിനു സ്തുതിഗീതങ്ങൾ ആലപിക്കുകയും ചെയ്തു. തടവുകാർ അത് ശ്രദ്ധിച്ചുകൊണ്ടിരുന്നു. 26 പെട്ടെന്ന്, ശക്തമായൊരു ഭൂകമ്പമുണ്ടായി. കാരാഗൃഹത്തിന്റെ അടിസ്ഥാനങ്ങൾ കുലുങ്ങി. ഉടൻതന്നെ, കാരാഗൃഹവാതിലുകൾ മലർക്കെ തുറന്നു. എല്ലാവരുടെയും ചങ്ങലകൾ അഴിഞ്ഞു.

  34. 14 അന്യദേവതകളെ നമസ്കരിക്കരുത്; തീക്ഷ്ണൻ എന്നു പേരുള്ള യഹോവ, തീക്ഷ്ണതയുള്ളവൻതന്നെ.

  35. ദാവീദിന്റെ ഒരു സ്തോത്രസങ്കീർത്തനം.

    1 എന്റെ ദൈവമായ രാജാവേ, ഞാൻ അങ്ങയെ പുകഴ്ത്തും;

    അവിടത്തെ നാമം ഞാൻ എന്നുമെന്നും വാഴ്ത്തും.

    2 ദിനംപ്രതി ഞാൻ അങ്ങയെ വാഴ്ത്തും

    തിരുനാമം ഞാൻ എന്നെന്നേക്കും പുകഴ്ത്തും.

    3 യഹോവ ഉന്നതനും സ്തുതിക്ക് അത്യന്തം യോഗ്യനുമാണ്;

    അവിടത്തെ മഹിമയുടെ വ്യാപ്തി ഗ്രഹിക്കുന്നതിന് ആർക്കും കഴിയുകയില്ല.

    4 ഓരോ തലമുറയും അനന്തരതലമുറയോട്

    അവിടത്തെ വീര്യപ്രവൃത്തികളെപ്പറ്റി ഘോഷിക്കട്ടെ.

  36. 3 കാഹളനാദത്തോടുകൂടി ദൈവത്തെ സ്തുതിപ്പിൻ,

    കിന്നരവും വീണയും മീട്ടി ദൈവത്തെ സ്തുതിപ്പിൻ.

    4 തപ്പുകൊട്ടിയും നൃത്തമാടിയും അവിടത്തെ സ്തുതിപ്പിൻ,

    തന്ത്രിനാദങ്ങളോടും കുഴൽവാദ്യങ്ങളോടുംകൂടി അവിടത്തെ സ്തുതിപ്പിൻ.

    5 ഇലത്താളങ്ങളോടെ അവിടത്തെ സ്തുതിപ്പിൻ,

    അത്യുച്ചത്തിൽ മാറ്റൊലിയുതിർക്കുന്ന ഇലത്താളങ്ങളോടെ അവിടത്തെ സ്തുതിപ്പിൻ.

    6 സർവജീവജാലങ്ങളും യഹോവയെ വാഴ്ത്തട്ടെ.

    യഹോവയെ വാഴ്ത്തുക.

  37. 8 വീണ്ടും, പിശാച് യേശുവിനെ വളരെ ഉയർന്ന ഒരു മലയിലേക്കു കൂട്ടിക്കൊണ്ടുപോയി. ലോകത്തിലെ സകലരാജ്യങ്ങളും അവയുടെ മഹത്ത്വവും അദ്ദേഹത്തെ കാണിച്ചിട്ട്, 9 “ഇവയെല്ലാം ഞാൻ നിനക്കു തരാം, എന്നെ ഒന്ന് സാഷ്ടാംഗം വീണുവണങ്ങിയാൽ മതി.” എന്ന് അവൻ പറഞ്ഞു.

    10 അപ്പോൾ യേശു അവനോട്, “സാത്താനേ, എന്നെ വിട്ട് പോകൂ! ‘നിങ്ങളുടെ ദൈവമായ കർത്താവിനെ വണങ്ങി അവിടത്തെമാത്രമേ സേവിക്കാവൂ’ എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്” എന്നു പറഞ്ഞു.

  38. 52 അവർ അദ്ദേഹത്തെ ആരാധിച്ചു; അത്യാനന്ദത്തോടെ ജെറുശലേമിലേക്ക് മടങ്ങിപ്പോയി. 53 അവർ ദൈവത്തെ സ്തുതിച്ചുകൊണ്ട് അവരുടെ സമയമെല്ലാം ദൈവാലയത്തിൽ ചെലവഴിച്ചുകൊണ്ടിരുന്നു.

  39. 1 യഹോവയ്ക്ക് ഒരു നവഗാനം ആലപിക്കുക;

    സർവഭൂമിയുമേ, യഹോവയ്ക്കു പാടുക.

    2 യഹോവയ്ക്കു പാടുക, തിരുനാമത്തെ വാഴ്ത്തുക;

    അനുദിനം അവിടത്തെ രക്ഷയെ പ്രഖ്യാപിക്കുക.

    3 രാഷ്ട്രങ്ങൾക്കിടയിൽ അവിടത്തെ മഹത്ത്വം വിളംബരംചെയ്യുക,

    സകലജനതകൾക്കുമിടയിൽ അവിടത്തെ അത്ഭുതപ്രവൃത്തികളും.

    4 കാരണം യഹോവ ഉന്നതനും സ്തുതിക്ക് അത്യന്തം യോഗ്യനുമാണ്;

    സകലദേവന്മാരെക്കാളും അവിടത്തെ ഭയപ്പെടേണ്ടതാകുന്നു.

    5 ഇതര ജനതകളുടെ ദേവന്മാരെല്ലാം വിഗ്രഹങ്ങളാണല്ലോ,

    എന്നാൽ യഹോവ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു!

    6 പ്രതാപവും മഹിമയും തിരുമുമ്പിലുണ്ട്;

    ബലവും മഹത്ത്വവും അവിടത്തെ വിശുദ്ധമന്ദിരത്തിലുമുണ്ട്.

  40. 10 ഇപ്രകാരം ഒരു കൽപ്പന ഒപ്പുവെച്ചിരിക്കുന്നതായി ദാനീയേൽ അറിഞ്ഞപ്പോൾ അദ്ദേഹം വീട്ടിൽച്ചെന്നു. തന്റെ മാളികമുറിയുടെ ജനാല ജെറുശലേമിനുനേരേ തുറന്നിരുന്നു. താൻ മുമ്പു ചെയ്തിരുന്നതുപോലെ ദിവസം മൂന്നുപ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തോടു പ്രാർഥിക്കുകയും സ്തോത്രംചെയ്യുകയും ചെയ്തു.

  41. 3 മാനുഷികപ്രയത്നത്തിൽ ആശ്രയിക്കാതെ, ക്രിസ്തുയേശുവിൽ അഭിമാനിക്കുകയും ദൈവത്തെ അവിടത്തെ ആത്മാവിന്റെ സഹായത്താൽ സേവിക്കുകയുംചെയ്യുന്ന നാം അല്ലയോ യഥാർഥത്തിൽ പരിച്ഛേദനമേറ്റവർ.

  42. 3 അവർ ദൈവദാസനായ മോശയുടെയും കുഞ്ഞാടിന്റെയും ഗീതം ആലപിച്ചു:

    “മഹത്തും വിസ്മയകരവുമാകുന്ന

    സർവശക്തിയുള്ള ദൈവമായ കർത്താവേ,

    ജനതകളുടെ രാജാവേ,

    അങ്ങയുടെ പ്രവൃത്തികൾ നീതിയും സത്യസന്ധവുംതന്നെ.

    4 ആര് അങ്ങയെ ഭയപ്പെടാതെയും

    അങ്ങയുടെ നാമം മഹത്ത്വപ്പെടുത്താതെയും ഇരിക്കും, കർത്താവേ?

    പരിശുദ്ധൻ അങ്ങുമാത്രം.

    അങ്ങയുടെ നീതിപ്രവൃത്തികൾ പ്രത്യക്ഷമായിരിക്കുകയാൽ

    ജനതകളെല്ലാം വന്ന്

    തിരുസന്നിധിയിൽ വീണ് അങ്ങയെ വണങ്ങും.”

  43. 20 അപ്പോൾ ഇയ്യോബ് എഴുന്നേറ്റ് തന്റെ പുറങ്കുപ്പായം വലിച്ചുകീറി; തുടർന്ന് തലമുണ്ഡനം ചെയ്തു. അദ്ദേഹം സാഷ്ടാംഗം വീണു നമസ്കരിച്ച്,

    21 “എന്റെ അമ്മയുടെ ഉദരത്തിൽനിന്ന് ഞാൻ നഗ്നനായി പുറത്തുവന്നു,

    നഗ്നനായിത്തന്നെ ഞാൻ മടങ്ങിപ്പോകും.

    യഹോവ തന്നു; യഹോവതന്നെ തിരിച്ചെടുത്തു;

    യഹോവയുടെ നാമം മഹത്ത്വപ്പെടുമാറാകട്ടെ” എന്നു പറഞ്ഞു.

  44. 8 കർത്താവേ, ദേവന്മാരിൽ അങ്ങേക്കുതുല്യൻ ആരുമില്ലല്ലോ;

    അങ്ങയുടെ പ്രവൃത്തികളോടു തുലനംചെയ്യാൻ കഴിയുന്ന യാതൊന്നുമില്ല.

    9 കർത്താവേ, അവിടന്ന് നിർമിച്ച സകലരാഷ്ട്രങ്ങളും

    തിരുമുമ്പിൽവന്ന് അങ്ങയെ നമസ്കരിക്കും;

    അവർ തിരുനാമത്തെ മഹത്ത്വപ്പെടുത്തും.

    10 കാരണം അവിടന്ന് വലിയവനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനുമാണ്;

    അങ്ങുമാത്രമാണ് ദൈവം.

  45. 5 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തിടുവിൻ

    അവിടത്തെ പാദപീഠത്തിൽ ആരാധിച്ചിടുവിൻ;

    അവിടന്ന് പരിശുദ്ധനാകുന്നു.

  46. 6 അതിന് അദ്ദേഹം: “കപടഭക്തരേ, യെശയ്യാവ് നിങ്ങളെക്കുറിച്ചു പ്രവചിച്ചത് എത്ര കൃത്യമായിരിക്കുന്നു:

    “ ‘ഈ ജനം അധരങ്ങളാൽ എന്നെ ആദരിക്കുന്നു;

    അവരുടെ ഹൃദയമോ എന്നിൽനിന്ന് അകന്നിരിക്കുന്നു.

    7 അവർ എന്നെ വ്യർഥമായി ആരാധിക്കുന്നു;

    അവർ മനുഷ്യരുടെ നിയമങ്ങൾ പ്രമാണങ്ങളായി ഉപദേശിക്കുന്നു.’

  47. 9 എന്നാൽ, അന്ധകാരത്തിൽനിന്ന് നിങ്ങളെ അത്ഭുതജ്യോതിയിലേക്കു വിളിച്ച്, തെരഞ്ഞെടുക്കപ്പെട്ട ജനവും രാജകീയ പുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം അവകാശവുമാക്കിത്തീർത്തത് അവിടത്തെ മാഹാത്മ്യത്തെ വർണിക്കുന്നതിനുവേണ്ടിയാണ്.

  48. 4 ഇരുപത്തിനാലു മുഖ്യന്മാരും നാലു ജീവികളും സിംഹാസനസ്ഥനായ ദൈവത്തിനുമുമ്പാകെ വീണു വണങ്ങിക്കൊണ്ട്,

    “ആമേൻ, ഹല്ലേലുയ്യാ!”

    എന്ന് ആർത്തു.

    5 അപ്പോൾ സിംഹാസനത്തിൽനിന്ന് ഒരു ശബ്ദം കേൾക്കുമാറായി:

    “വലിയവരും ചെറിയവരുമായി

    ദൈവഭക്തരായവരേ,

    സകലസേവകരുമേ,

    നമ്മുടെ ദൈവത്തെ സ്തുതിക്കുക.”

    6 അപ്പോൾ വലിയ ജനാരവംപോലെയും വൻ ജലപ്രവാഹത്തിന്റെ ഇരമ്പൽപോലെയും അതിശക്തമായ ഇടിമുഴക്കംപോലെയുമുള്ള ഒരു ശബ്ദം ഞാൻ കേട്ടത്:

    “ഹല്ലേലുയ്യാ!

    സർവശക്തിയുള്ള ദൈവമായ നമ്മുടെ കർത്താവ് വാണരുളുന്നു.

    7 നമുക്ക് ആനന്ദത്തോടും ആഹ്ലാദത്തോടും

    അവിടത്തേക്ക് മഹത്ത്വം നൽകാം;

    കുഞ്ഞാടിന്റെ വിവാഹം വന്നുചേർന്നല്ലോ;

    മണവാട്ടിയും അതിനായി സ്വയം ഒരുങ്ങിയിരിക്കുന്നു.

  49. 20 അപ്പോൾ പ്രവാചികയും അഹരോന്റെ സഹോദരിയുമായ മിര്യാം കൈയിൽ ഒരു തപ്പെടുത്തു; സ്ത്രീകൾ എല്ലാവരും തപ്പുകളെടുത്തും നൃത്തംചെയ്തും അവളെ അനുഗമിച്ചു. 21 മിര്യാം അവർക്കു പാടിക്കൊടുത്തു:

    “യഹോവയ്ക്കു പാടുക,

    അവിടന്ന് പരമോന്നതനല്ലോ.

    അശ്വത്തെയും അശ്വാരൂഢനെയും

    അവിടന്ന് ആഴിയിൽ ചുഴറ്റിയെറിഞ്ഞു.”

  50. 27 യാഗപീഠത്തിന്മേൽ ഹോമയാഗം അർപ്പിക്കാൻ ഹിസ്കിയാവു കൽപ്പനകൊടുത്തു. ഹോമയാഗാർപ്പണം തുടങ്ങിയപ്പോൾത്തന്നെ കാഹളങ്ങളുടെയും ഇസ്രായേൽരാജാവായ ദാവീദ് നിശ്ചയിച്ചിരുന്ന വാദ്യോപകരണങ്ങളുടെയും അകമ്പടിയോടുകൂടി യഹോവയ്ക്കു ഗാനാലാപവും തുടങ്ങി. 28 ഗായകർ പാടുകയും കാഹളക്കാർ കാഹളമൂതുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾത്തന്നെ സഭ മുഴുവൻ നമസ്കരിച്ചുകൊണ്ട് ആരാധിച്ചു; ഇവയെല്ലാം ഹോമയാഗം തീരുന്നതുവരെയും തുടർന്നുകൊണ്ടിരുന്നു.

    29 യാഗം സമാപിച്ചപ്പോൾ രാജാവും കൂടെയുണ്ടായിരുന്ന എല്ലാവരും കുമ്പിട്ട് ആരാധിച്ചു. 30 ദാവീദിന്റെയും ദർശകനായ ആസാഫിന്റെയും വാക്കുകളിൽ യഹോവയ്ക്കു സ്തോത്രമാലപിക്കാൻ ഹിസ്കിയാരാജാവും പ്രഭുക്കന്മാരും ലേവ്യരോട് ആജ്ഞാപിച്ചു. അവർ ആഹ്ലാദപൂർവം സ്തോത്രഗാനങ്ങൾ ആലപിച്ചു; അവർ എല്ലാവരും തലവണക്കി ആരാധിച്ചു.

  51. ദാവീദിന്റെ ഒരു സങ്കീർത്തനം. അബീമെലെക്കിന്റെ മുൻപിൽവെച്ചു ബുദ്ധിഭ്രമം നടിക്കുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്തപ്പോൾ പാടിയത്.

    1 ഞാൻ യഹോവയെ എല്ലാക്കാലത്തും പുകഴ്ത്തും;

    അവിടത്തെ സ്തുതി എപ്പോഴും എന്റെ അധരങ്ങളിൽ ഇരിക്കും.

    2 എന്റെയുള്ളം യഹോവയിൽ അഭിമാനിക്കുന്നു;

    പീഡിതർ കേൾക്കുകയും ആനന്ദിക്കുകയും ചെയ്യട്ടെ.

    3 എന്നോടു ചേർന്നു യഹോവയെ മഹിമപ്പെടുത്തുക;

    നമുക്കൊരുമിച്ച് അവിടത്തെ നാമം വാഴ്ത്താം.

  52. 3 അവർ നൃത്തമാടിക്കൊണ്ട് തിരുനാമത്തെ സ്തുതിക്കട്ടെ

    തപ്പുകൊട്ടിയും കിന്നരംമീട്ടിയും അവിടത്തേക്ക് സംഗീതമാലപിക്കട്ടെ.

  53. 20 നിങ്ങൾ സമ്മേളിക്കുമ്പോൾ കർത്താവിന്റെ അത്താഴത്തിലല്ല നിങ്ങൾ പങ്കുകാരാകുന്നത്; 21 കാരണം ഓരോരുത്തരും മറ്റാർക്കുംവേണ്ടി കാത്തുനിൽക്കാതെ ഭക്ഷണം കഴിക്കുന്നു. ഒരാൾ വിശന്നിരിക്കുമ്പോൾ മറ്റൊരാൾ കുടിച്ചു മദിച്ചിരിക്കുന്നു. 22 തിന്നാനും കുടിക്കാനും നിങ്ങൾക്കു വീടുകൾ ഇല്ലേ? നിങ്ങൾ ദൈവസഭയോട് അനാദരവ് കാട്ടുകയും ദരിദ്രരെ നിന്ദിക്കുകയുംചെയ്യുന്നോ? എന്താണു നിങ്ങളോടു ഞാൻ പറയേണ്ടത്? ഇതിൽ ഞാൻ നിങ്ങളെ പുകഴ്ത്തണോ? സാധ്യമല്ല.

    23 ഇതാണ് ഞാൻ കർത്താവിൽനിന്ന് പ്രാപിച്ച് നിങ്ങൾക്ക് ഏൽപ്പിച്ചുതന്നത്: കർത്താവായ യേശു ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ, അവിടന്ന് അപ്പം എടുത്ത് 24 സ്തോത്രംചെയ്ത്, നുറുക്കി “ഇതു നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമയ്ക്കായി ഇതു ചെയ്യുക” എന്നു പറഞ്ഞു. 25 അതുപോലെതന്നെ, അവിടന്ന് അത്താഴത്തിനുശേഷം പാനപാത്രം എടുത്ത്, “ഈ പാനപാത്രം എന്റെ രക്തത്തിലുള്ള ശ്രേഷ്ഠമായ ഉടമ്പടി, ഇതു പാനംചെയ്യുമ്പോഴൊക്കെയും എന്റെ ഓർമയ്ക്കായി ഇതു ചെയ്യുക” എന്നു പറഞ്ഞു. 26 നിങ്ങൾ ഈ അപ്പം ഭക്ഷിക്കുയും ഈ പാനപാത്രത്തിൽനിന്ന് കുടിക്കുകയും ചെയ്യുമ്പോഴൊക്കെയും കർത്താവ് വരുന്നതുവരെയും അവിടത്തെ മരണത്തെ പ്രഖ്യാപിക്കുന്നു.

    27 അതുകൊണ്ട്, അയോഗ്യമായി അപ്പം ഭക്ഷിക്കുകയോ കർത്താവിന്റെ പാനപാത്രത്തിൽനിന്ന് കുടിക്കുകയോ ചെയ്യുന്നവർ കർത്താവിന്റെ ശരീരത്തിനും രക്തത്തിനും വിരുദ്ധമായി കുറ്റംചെയ്യുന്നു. 28 ഓരോരുത്തരും തന്നെത്താൻ പരിശോധിച്ചിട്ടുവേണം അപ്പം ഭക്ഷിക്കുകയും പാനപാത്രത്തിൽനിന്ന് കുടിക്കുകയും ചെയ്യേണ്ടത്.

  54. 6 മറ്റൊരു ദൂതൻ ആകാശമധ്യത്തിൽ പറക്കുന്നതു ഞാൻ കണ്ടു. ഭൂമിയിലുള്ള സകലരാജ്യങ്ങളോടും ഗോത്രങ്ങളോടും ഭാഷകളോടും ജനവിഭാഗങ്ങളോടും അറിയിക്കാനുള്ള നിത്യസുവിശേഷം അവന്റെ കൈവശമുണ്ടായിരുന്നു. 7 “ദൈവത്തെ ഭയപ്പെട്ട് അവിടത്തേക്കു മഹത്ത്വംകൊടുക്കുക; അവിടത്തെ ന്യായവിധിയുടെ സമയം വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും എല്ലാ നീരുറവകളും സൃഷ്ടിച്ചവനെ ആരാധിക്കുക!” എന്നിങ്ങനെ ആ ദൂതൻ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.

  55. 9 പിന്നെ, ദൂതൻ എന്നോടു പറഞ്ഞത്: “ഇങ്ങനെ എഴുതുക; കുഞ്ഞാടിന്റെ വിവാഹവിരുന്നിനു ക്ഷണം ലഭിച്ചവർ അനുഗൃഹീതർ.” തുടർന്ന് എന്നോട്, “ഇവ ദൈവത്തിന്റെ സത്യവചനങ്ങൾതന്നെ” എന്നും പറഞ്ഞു.

    10 ഇതു കേട്ടമാത്രയിൽ ദൂതനെ നമസ്കരിക്കാൻ ഞാൻ അദ്ദേഹത്തിന്റെ കാൽക്കൽവീണു. എന്നാൽ അദ്ദേഹം എന്നോട്, “അരുതരുതേ! ഞാൻ നിനക്കും യേശുവിന്റെ സാക്ഷ്യംവഹിക്കുന്ന നിന്റെ സഹോദരങ്ങൾക്കുമൊപ്പം ഒരു സഹദാസൻമാത്രമാണ്. ദൈവത്തെമാത്രം ആരാധിക്കുക; യേശുവിന്റെ സാക്ഷ്യംവഹിക്കുകയാണ് പ്രവചനത്തിന്റെ അന്തസ്സത്ത” എന്നു പറഞ്ഞു.

  56. 9 മോശ കൂടാരത്തിൽ പ്രവേശിക്കുമ്പോൾ, മേഘസ്തംഭം ഇറങ്ങി കൂടാരവാതിൽക്കൽ നിൽക്കുകയും യഹോവ മോശയോടു സംസാരിക്കുകയും ചെയ്യും. 10 മേഘസ്തംഭം കൂടാരവാതിൽക്കൽ നിൽക്കുന്നതു കാണുമ്പോഴെല്ലാം ജനം എഴുന്നേറ്റ് അവരവരുടെ കൂടാരവാതിൽക്കൽ നിന്നുകൊണ്ട് യഹോവയെ നമസ്കരിച്ചു.

  57. 4 ഇസ്രായേലേ, കേൾക്കുക, യഹോവ നമ്മുടെ ദൈവം, യഹോവ ഏകൻതന്നെ. 5 നിന്റെ ദൈവമായ യഹോവയെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണശക്തിയാലും സ്നേഹിക്കണം. 6 നിങ്ങളോട് ഇന്നു ഞാൻ കൽപ്പിക്കുന്ന ഈ വചനങ്ങൾ നിങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ച് 7 അവ നീ നിങ്ങളുടെ മക്കളോട് വീണ്ടും വീണ്ടും ഉപദേശിക്കണം. നിങ്ങൾ വീട്ടിൽ ഇരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കുകയും വേണം. 8 അവ ഒരു ചിഹ്നമായി നിങ്ങളുടെ കൈയിൽ കെട്ടണം. അവ നിങ്ങളുടെ നെറ്റിയിൽ ഒരു പട്ടമായി ധരിക്കണം. 9 അവ നിങ്ങളുടെ വീടിന്റെ കട്ടിളകളിലും പടിവാതിലുകളിലും ആലേഖനംചെയ്യണം.

  58. 22 എന്നാൽ ശമുവേൽ അതിനു മറുപടി പറഞ്ഞു:

    “യഹോവയുടെ കൽപ്പന കേട്ടനുസരിക്കുന്നതുപോലെയുള്ള പ്രസാദം

    യഹോവയ്ക്ക് ഹോമയാഗങ്ങളിലും ബലികളിലും ഉണ്ടാകുമോ?

    അനുസരിക്കുന്നത് ബലിയെക്കാൾ ശ്രേഷ്ഠം!

    കൽപ്പന ചെവിക്കൊള്ളുന്നത് മുട്ടാടുകളുടെ മേദസ്സിനെക്കാൾ ശ്രേഷ്ഠം!

  59. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 യഹോവേ, ഞാൻ പൂർണഹൃദയത്തോടെ, അങ്ങയെ സ്തുതിക്കും;

    അവിടത്തെ അത്ഭുതങ്ങളൊക്കെയും ഞാൻ വർണിക്കും.

    2 ഞാൻ അങ്ങയിൽ ആനന്ദിച്ചുല്ലസിക്കും;

    അത്യുന്നതനേ, തിരുനാമത്തിനു ഞാൻ സ്തുതിപാടും.

  60. 11 അവിടന്ന് എന്റെ വിലാപത്തെ നൃത്തമാക്കിത്തീർത്തു;

    അവിടന്ന് എന്റെ ചാക്കുശീലമാറ്റി ആനന്ദവസ്ത്രം അണിയിച്ചിരിക്കുന്നു,

    12 എന്റെ ഹൃദയം മൗനമായിരിക്കാതെ ഞാൻ അങ്ങേക്ക് സ്തുതി പാടേണ്ടതിനുതന്നെ.

    എന്റെ ദൈവമായ യഹോവേ, ഞാൻ എന്നുമെന്നും അങ്ങയെ വാഴ്ത്തും.

    സംഗീതസംവിധായകന്.

  61. 4 അപ്പോൾ ഞാൻ ദൈവത്തിന്റെ യാഗപീഠത്തിലേക്ക്,

    എന്റെ ആനന്ദവും പ്രമോദവുമായിരിക്കുന്ന ദൈവത്തിലേക്കു ഞാൻ ചെല്ലും.

    ഓ ദൈവമേ, എന്റെ ദൈവമേ,

    വീണ മീട്ടി ഞാൻ അങ്ങയെ സ്തുതിക്കും.

  62. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 എൻ മനമേ, യഹോവയെ വാഴ്ത്തുക;

    എന്റെ സർവാന്തരംഗവുമേ, അവിടത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക.

  63. 16 എപ്പോഴും ആനന്ദിക്കുക; 17 നിരന്തരം പ്രാർഥിക്കുക; 18 എല്ലാ സാഹചര്യങ്ങളിലും നന്ദിയുള്ളവരായിരിക്കുക; ക്രിസ്തുയേശുവിൽ നിങ്ങളെക്കുറിച്ചുള്ള ദൈവഹിതം ഇതാകുന്നു.

  64. 12 അതുകൊണ്ട് ഇസ്രായേലേ, നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവിടത്തോടുള്ള അനുസരണത്തിൽ ജീവിക്കുകയും അവിടത്തെ സ്നേഹിക്കുകയും നിന്റെ ദൈവമായ യഹോവയെ പൂർണഹൃദയത്തോടും പൂർണാത്മാവോടും സേവിക്കുകയും 13 ഞാൻ ഇന്നു നിങ്ങളോടു കൽപ്പിക്കുന്ന യഹോവയുടെ കൽപ്പനകളും ഉത്തരവുകളും, നിനക്കു നന്മയുണ്ടാകാൻ അനുസരിക്കുകയും അല്ലാതെ മറ്റെന്താണ് യഹോവ നിന്നോട് ആവശ്യപ്പെടുന്നത്?

  65. 15 ഗിദെയോൻ സ്വപ്നവും വ്യാഖ്യാനവും കേട്ടപ്പോൾ ദൈവത്തെ നമസ്കരിച്ചു; അദ്ദേഹം ഇസ്രായേലിന്റെ പാളയത്തിൽ മടങ്ങിച്ചെന്ന് അവരോട് ഉറക്കെ വിളിച്ചുപറഞ്ഞു: “എഴുന്നേൽക്കുക! യഹോവ മിദ്യാന്യ പാളയത്തെ നിങ്ങളുടെ കരങ്ങളിൽ ഏൽപ്പിച്ചിരിക്കുന്നു.”

  66. 11 അതിനുശേഷം പുരോഹിതന്മാർ വിശുദ്ധസ്ഥലത്തുനിന്നു പിൻവാങ്ങി. അവിടെ ഉണ്ടായിരുന്ന പുരോഹിതന്മാരെല്ലാം ഗണഭേദമെന്യേ തങ്ങളെത്തന്നെ ശുദ്ധീകരിച്ചിരുന്നു. 12 ഗായകരായ ലേവ്യരെല്ലാവരും—ആസാഫ്, ഹേമാൻ, യെദൂഥൂൻ, അവരുടെ മക്കളും ബന്ധുക്കളും—മേൽത്തരം ചണവസ്ത്രം ധരിച്ച് ഇലത്താളം, കിന്നരം, വീണ എന്നിവ വാദനം ചെയ്തുകൊണ്ട്, യാഗപീഠത്തിനു കിഴക്കുവശത്ത് നിന്നിരുന്നു. അവരോടുചേർന്ന് കാഹളം ധ്വനിപ്പിച്ചുകൊണ്ട് 120 പുരോഹിതന്മാരും നിന്നിരുന്നു. 13 യഹോവയ്ക്കു സ്തോത്രവും നന്ദിയും കരേറ്റുന്നതിനു കാഹളക്കാരും ഗായകരും ഏകസ്വരത്തിൽ താളം സംയോജിപ്പിച്ചു. കാഹളം, ഇലത്താളം, മറ്റു വാദ്യോപകരണങ്ങൾ ഇവയുടെയെല്ലാം അകമ്പടിയോടുകൂടി അവർ സ്വരമുയർത്തി യഹോവയെ സ്തുതിച്ചുപാടി:

    “അവിടന്ന് നല്ലവനല്ലോ;

    അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.”

    അപ്പോൾ യഹോവയുടെ ആലയം ഒരു മേഘംകൊണ്ടു നിറഞ്ഞു. 14 യഹോവയുടെ തേജസ്സ് ദൈവത്തിന്റെ ആലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ട്, ശുശ്രൂഷചെയ്യേണ്ടതിന് ആലയത്തിൽ നിൽക്കാൻ, മേഘം നിമിത്തം പുരോഹിതന്മാർക്കു കഴിഞ്ഞില്ല.

  67. 15 ഈ സ്ഥലത്ത് അർപ്പിക്കുന്ന പ്രാർഥനകൾക്ക് എന്റെ കണ്ണ് തുറന്നിരിക്കുകയും എന്റെ ചെവി ശ്രദ്ധിച്ചിരിക്കുകയും ചെയ്യും. 16 എന്റെ നാമം എന്നേക്കും ഇവിടെ നിലനിൽക്കേണ്ടതിന് ഞാൻ ഈ ആലയത്തെ തെരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുന്നു. എന്റെ ദൃഷ്ടിയും ഹൃദയവും എപ്പോഴും ഇവിടെ ഉണ്ടായിരിക്കും.

  68. 5 എല്ലാവരെക്കാളും ഉയരത്തിലായിരുന്നു എസ്രാ നിന്നിരുന്നത്. അവിടെ നിന്ന് സർവജനവും കാൺകെ അദ്ദേഹം പുസ്തകം തുറന്നു. അദ്ദേഹം അതു തുറന്നപ്പോൾ ജനമെല്ലാം എഴുന്നേറ്റുനിന്നു. 6 മഹാദൈവമായ യഹോവയെ എസ്രാ സ്തുതിച്ചു; “ആമേൻ! ആമേൻ!” എന്നു ജനമെല്ലാം കൈയുയർത്തി പ്രതിവചിച്ചുകൊണ്ട് വളരെ കുനിഞ്ഞ് മുഖം നിലത്തോടടുപ്പിച്ച് യഹോവയെ ആരാധിച്ചു.

  69. 25 മഹാസഭയിൽ എന്റെ പ്രശംസാവിഷയം അങ്ങല്ലോ;

    അങ്ങയെ ആദരിക്കുന്നവരുടെമുമ്പാകെ ഞാൻ എന്റെ നേർച്ചകൾ കഴിക്കും.

    26 ദരിദ്രർ ഭക്ഷിച്ചു തൃപ്തരാകും

    യഹോവയെ അന്വേഷിക്കുന്നവർ അവിടത്തെ സ്തുതിക്കും.

    അവരുടെ ഹൃദയം എന്നേക്കും സന്തുഷ്ടമായിരിക്കട്ടെ!

    27 ഭൂമിയുടെ അതിരുകളെല്ലാം

    യഹോവയെ ഓർത്ത് തിരുസന്നിധിയിലേക്കു തിരിയും,

    രാഷ്ട്രങ്ങളിലെ കുടുംബങ്ങളെല്ലാം

    തിരുമുമ്പിൽ സാഷ്ടാംഗം പ്രണമിക്കും,

    28 ആധിപത്യം യഹോവയ്ക്കുള്ളത്

    അവിടന്ന് സകലരാഷ്ട്രങ്ങളിലും വാഴുന്നു.

  70. 3 യഹോവയുടെ പർവതത്തിൽ ആരാണ് കയറിച്ചെല്ലുക?

    അവിടത്തെ വിശുദ്ധസ്ഥാനത്ത് ആരാണ് നിൽക്കുക?

    4 വെടിപ്പുള്ള കൈകളും നിർമലഹൃദയവുമുള്ളവർ,

    വിഗ്രഹത്തിൽ ആശ്രയിക്കാതെയും

    വ്യാജശപഥം ചെയ്യാതെയുമിരിക്കുന്നവർതന്നെ.

    5 അവർ യഹോവയിൽനിന്നുള്ള അനുഗ്രഹം ആസ്വദിക്കുകയും

    അവരുടെ രക്ഷകനായ ദൈവത്തിൽനിന്നു കുറ്റവിമുക്തി പ്രാപിക്കുകയും ചെയ്യും.

    6 ഇങ്ങനെയുള്ളവരാകുന്നു അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറ,

    യാക്കോബിന്റെ ദൈവമേ, തിരുമുഖം തേടുന്നവർ ഇവർതന്നെ. സേലാ.

  71. 1 യഹോവയ്ക്കു സ്തോത്രംചെയ്യുക, അവിടത്തെ നാമം വിളിച്ചപേക്ഷിക്കുക;

    അവിടത്തെ പ്രവൃത്തി ജനതകൾക്കിടയിൽ വിളംബരംചെയ്യുക.

    2 അവിടത്തേക്ക് പാടുക, അവിടത്തേക്ക് സ്തോത്രഗീതങ്ങൾ ആലപിക്കുക;

    അവിടത്തെ അത്ഭുതപ്രവൃത്തികൾ വർണിക്കുക.

    3 അവിടത്തെ വിശുദ്ധനാമത്തിൽ അഭിമാനംകൊള്ളുക;

    യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ.

    4 യഹോവയെയും അവിടത്തെ ശക്തിയെയും അന്വേഷിക്കുക;

    എപ്പോഴും അവിടത്തെ മുഖവും.

    5-6 യഹോവയുടെ ദാസനായ അബ്രാഹാമിന്റെ സന്തതികളേ,

    അവിടന്ന് തെരഞ്ഞെടുത്ത യാക്കോബിന്റെ മക്കളേ,

    അവിടന്നു ചെയ്ത അത്ഭുതപ്രവൃത്തികൾ ഓർക്കുക,

    അവിടത്തെ അത്ഭുതങ്ങളും ന്യായവിധികളും സ്മരിക്കുക.

  72. 1 യഹോവേ, അങ്ങാണ് എന്റെ ദൈവം;

    ഞാൻ അങ്ങയെ പുകഴ്ത്തും; അങ്ങയുടെ നാമത്തിനു ഞാൻ സ്തോത്രമർപ്പിക്കും,

    കാരണം അങ്ങ് അത്ഭുതകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു;

    അവിടത്തെ പുരാതന പദ്ധതികൾ

    പരിപൂർണ വിശ്വസ്തതയുള്ളതാണ്.

  73. 6 യഹോവയെ സേവിക്കാനും

    അവിടത്തെ നാമം സ്നേഹിക്കാനും

    അവിടത്തെ ദാസരായിരിക്കാനും

    യഹോവയോടു ചേർന്നിട്ടുള്ള എല്ലാ യെഹൂദേതരരെയും,

    ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കുകയും

    എന്റെ ഉടമ്പടി പാലിക്കുകയും ചെയ്യുന്ന എല്ലാവരെയും—

    7 ഞാൻ എന്റെ വിശുദ്ധപർവതത്തിലേക്ക് കൊണ്ടുവരും,

    എന്റെ പ്രാർഥനാലയത്തിൽ അവരെ സന്തുഷ്ടരാക്കിത്തീർക്കും.

    അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും

    എന്റെ യാഗപീഠത്തിന്മേൽ സ്വീകാര്യമായിത്തീരും.

    എന്റെ ആലയം സകലജനതകൾക്കുമുള്ള

    പ്രാർഥനാലയം എന്നു വിളിക്കപ്പെടും.”

  74. 28 അപ്പോൾ നെബൂഖദ്നേസർ പറഞ്ഞു: “ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെടട്ടെ. രാജകൽപ്പന ലംഘിച്ച് തങ്ങളുടെ ദൈവത്തെയല്ലാതെ മറ്റൊരു ദേവനെയും സേവിക്കാതിരിക്കാൻവേണ്ടി സ്വന്തം ജീവൻ ഏൽപ്പിച്ചുകൊടുത്തവരും ആണല്ലോ. തന്നിൽ ശരണപ്പെട്ടവരായ തന്റെ ദാസന്മാരെ അവിടന്നു സ്വന്തം ദൂതനെ അയച്ച് വിടുവിച്ചല്ലോ.

  75. 5 യേശുക്രിസ്തുമുഖേന ദൈവത്തിന് സ്വീകാര്യമായ ആത്മികയാഗങ്ങൾ അർപ്പിക്കുന്നതിനുള്ള വിശുദ്ധപുരോഹിതഗണമായിത്തീരണം നിങ്ങൾ. അതിനായി ജീവനുള്ള കല്ലുകളെപ്പൊലെ ഒരു ആത്മികഗൃഹമായി പണിയപ്പെടുകയാണ്.

  76. 10 പണിക്കാർ യഹോവയുടെ ആലയത്തിന് അടിസ്ഥാനമിട്ടപ്പോൾ ഇസ്രായേൽരാജാവായ ദാവീദ് ഏർപ്പെടുത്തിയിരുന്നപ്രകാരം വിശുദ്ധവസ്ത്രം ധരിച്ച്, കാഹളമേന്തിയ പുരോഹിതന്മാരും ഇലത്താളങ്ങളോടെ ആസാഫിന്റെ പുത്രന്മാരായ ലേവ്യരും യഹോവയെ സ്തുതിക്കാനായി അവർക്കുള്ള സ്ഥാനങ്ങളിൽ നിന്നു. 11 അവർ യഹോവയെ വാഴ്ത്തി സ്തുതിച്ചുകൊണ്ട്:

    “അവിടന്നു നല്ലവൻ;

    ഇസ്രായേലിനോടുള്ള അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു,”

    എന്ന ഗാനം അവർ ആലപിച്ചു. അങ്ങനെ ജനമെല്ലാം അത്യുച്ചത്തിൽ ആർത്തുകൊണ്ട് യഹോവയെ സ്തുതിച്ചു, യഹോവയുടെ ആലയത്തിന്റെ അടിസ്ഥാനം ഇട്ടതിനാണ് അവർ ഇപ്രകാരം ചെയ്തത്. 12 എന്നാൽ പുരോഹിതന്മാരിലും ലേവ്യരിലും പിതൃഭവനത്തലവന്മാരിലും, ആദ്യത്തെ മന്ദിരം കണ്ടിട്ടുള്ള അനേകം വൃദ്ധന്മാർ ഈ ആലയത്തിന്റെ അടിസ്ഥാനം ഇടുന്നതു കണ്ടപ്പോൾ ഉറക്കെ കരഞ്ഞു; മറ്റുപലരും സന്തോഷത്താൽ ആർത്തു. 13 അങ്ങനെ ജനത്തിന്റെ ശബ്ദം വളരെ ഉച്ചത്തിൽ ആയിരുന്നതിനാൽ സന്തോഷഘോഷത്തിന്റെയും കരച്ചിലിന്റെയും ശബ്ദംതമ്മിൽ വേർതിരിച്ചറിയാൻ ആർക്കും കഴിഞ്ഞില്ല. ഈ ശബ്ദം വളരെദൂരം കേൾക്കാമായിരുന്നു.

  77. 2 ഞാൻ അങ്ങയുടെ വിശുദ്ധമന്ദിരത്തിനുനേരേ വണങ്ങിക്കൊണ്ട്

    അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയുംനിമിത്തം

    തിരുനാമത്തെ വാഴ്ത്തും,

    കാരണം അവിടത്തെ പ്രശസ്തിയും മറികടക്കുംവിധം

    അവിടത്തെ ഉത്തരവുകൾ ഉന്നതമാക്കിയല്ലോ.

  78. 21 “ഞാൻ വെറുക്കുന്നു, നിങ്ങളുടെ ഉത്സവങ്ങളെ ഞാൻ നിന്ദിക്കുന്നു;

    നിങ്ങളുടെ സഭായോഗങ്ങൾപോലും എനിക്കു സഹിക്കാവുന്നതല്ല.

    22 നിങ്ങൾ എനിക്കു ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചാലും,

    ഞാൻ അവയെ സ്വീകരിക്കുകയില്ല.

    നിങ്ങൾ വിശേഷമായ സമാധാനയാഗങ്ങൾ അർപ്പിച്ചാലും

    ഞാൻ അതിൽ പ്രസാദിക്കുകയില്ല.

    23 നിങ്ങളുടെ പാട്ടുകളുടെ സ്വരം എനിക്കുവേണ്ട!

    നിങ്ങളുടെ കിന്നരങ്ങളുടെ സംഗീതം ഞാൻ കേൾക്കുകയില്ല.

    24 എന്നാൽ ന്യായം നദിപോലെ പ്രവഹിക്കട്ടെ,

    നീതി ഒരിക്കലും വറ്റാത്ത തോടുപോലെ ഒഴുകട്ടെ!

  79. 6 യഹോവയുടെ സന്നിധിയിൽ ഞാൻ എന്താണ് കൊണ്ടുവരേണ്ടത്?

    ഉന്നതനായ ദൈവത്തിന്റെ മുമ്പിൽ വണങ്ങുമ്പോൾ,

    ഹോമയാഗങ്ങളുമായി ഞാൻ അവിടത്തെ സന്നിധിയിൽ വരണമോ?

    ഒരുവയസ്സു പ്രായമുള്ള കാളക്കിടാങ്ങളുമായി വരണമോ?

    7 ആയിരക്കണക്കിനു കോലാടുകളിൽ യഹോവ പ്രസാദിക്കുമോ?

    പതിനായിരക്കണക്കിനു തൈലനദികളിൽ അവിടന്നു പ്രസാദിക്കുമോ?

    എന്റെ അതിക്രമത്തിനായി എന്റെ ആദ്യജാതനെയും

    എന്റെ പാപങ്ങൾക്കായി എന്റെ ഉദരഫലത്തെയും ഞാൻ അർപ്പിക്കണമോ?

    8 മനുഷ്യാ, നന്മ എന്തെന്ന് അവിടന്നു നിന്നെ കാണിച്ചിരിക്കുന്നു;

    നീതി പ്രവർത്തിക്കുക, കരുണയെ സ്നേഹിക്കുക

    നിന്റെ ദൈവത്തിന്റെ മുമ്പിൽ താഴ്മയോടെ ജീവിക്കുക.

    ഇതല്ലാതെ മറ്റെന്താണ് യഹോവ നിന്നോട് ആവശ്യപ്പെടുന്നത്?

  80. 16 ഞാൻ അതുകേട്ടു, എന്റെ ഹൃദയം ത്രസിച്ചു;

    ആ ശബ്ദത്തിൽ എന്റെ അധരങ്ങൾ വിറച്ചു;

    എന്റെ അസ്ഥികൾ ഉരുകി,

    എന്റെ കാലുകൾ വിറച്ചുപോയി.

    എങ്കിലും ഞങ്ങളെ ആക്രമിക്കുന്ന രാജ്യത്തിന്മേൽ

    അത്യാഹിതം വരുന്ന ദിവസത്തിനായി ഞാൻ കാത്തിരിക്കും.

    17 അത്തിവൃക്ഷം തളിർക്കുകയില്ല,

    മുന്തിരിവള്ളിയിൽ ഫലമുണ്ടാകുകയില്ല,

    ഒലിവുമരം ഫലം കായ്ക്കുകയില്ല,

    നിലങ്ങൾ ധാന്യം നൽകുകയുമില്ല,

    തൊഴുത്തിൽ ആടുകൾ ഉണ്ടാകുകയില്ല,

    ഗോശാലയിൽ കന്നുകാലികൾ ഇല്ലാതിരിക്കും,

    18 ഇങ്ങനെയൊക്കെ ആണെങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും,

    എന്റെ രക്ഷകനായ ദൈവത്തിൽ ഞാൻ ആഹ്ലാദിക്കും.

  81. 18 അനീതികൊണ്ടു സത്യത്തെ അടിച്ചമർത്തുന്ന മനുഷ്യരുടെ സകലവിധ ദുഷ്ടതയ്ക്കും അനീതിക്കും എതിരേ ദൈവത്തിന്റെ ഉഗ്രകോപം സ്വർഗത്തിൽനിന്ന് പ്രകടമായിക്കൊണ്ടിരിക്കുന്നു. 19 യഥാർഥത്തിൽ, ദൈവത്തെക്കുറിച്ച് അറിയാൻ സാധ്യമായത് അവർക്കു വ്യക്തമായിരുന്നു. കാരണം, ദൈവം അത് അവർക്കു പ്രകടമാക്കി നൽകിയിരുന്നു. 20 ഇങ്ങനെ, അവിടന്നു സൃഷ്ടിച്ച സകലത്തിലൂടെയും തന്റെ അനന്തമായ ശക്തി, ദിവ്യസ്വഭാവം എന്നീ അദൃശ്യമായ ഗുണവിശേഷങ്ങൾ ലോകസൃഷ്ടിമുതൽ ഗ്രഹിക്കാൻ കഴിയുമായിരുന്നു. അതുകൊണ്ട് മനുഷ്യനു യാതൊരു ന്യായീകരണവും പറയാൻ സാധ്യമല്ല.

    21 അവർ ദൈവത്തെക്കുറിച്ച് അറിഞ്ഞു എങ്കിലും ദൈവമായി അംഗീകരിച്ച് മഹത്ത്വപ്പെടുത്തുകയോ നന്ദിയുള്ളവരായിരിക്കുകയോ ചെയ്തില്ല; പിന്നെയോ, സ്വന്തം യുക്തിബോധംകൊണ്ട് യാതൊരു പ്രയോജനവും ഇല്ലാതെ അവരുടെ വിവേകശൂന്യമായ ഹൃദയം ഇരുളടഞ്ഞും പോയി. 22 ജ്ഞാനികൾ എന്നു സ്വയം അവകാശപ്പെട്ടുകൊണ്ട് അവർ വെറും മൂഢരായി മാറി. 23 അനശ്വരനായ ദൈവത്തിനു മഹത്ത്വം നൽകേണ്ടതിനു പകരം നശ്വരനായ മനുഷ്യൻ, പക്ഷികൾ, മൃഗങ്ങൾ, ഇഴജന്തുക്കൾ ഇവയുടെ സാദൃശ്യത്തിലുള്ള രൂപങ്ങൾക്ക് അവർ മഹത്ത്വം കൽപ്പിച്ചു.

    24 അതുകൊണ്ട്, അവരുടെ ഹൃദയത്തിലെ ദുർമോഹങ്ങളാൽ നിയന്ത്രിക്കപ്പെട്ട് അപമാനകരമായ ശാരീരികവൃത്തികളിൽ പരസ്പരം വ്യാപൃതരാകാൻ ദൈവം അവരെ അശുദ്ധിയിലേക്ക് ഉപേക്ഷിച്ചുകളഞ്ഞു. 25 അവർ ദൈവത്തെക്കുറിച്ചുള്ള സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിക്കുകയും സ്രഷ്ടാവിനെ ആരാധിക്കുന്നതിനു പകരം സൃഷ്ടിയെ വണങ്ങി സേവിക്കുകയും ചെയ്തു. ആ സ്രഷ്ടാവായ ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ.

  82. 26 സഹോദരങ്ങളേ, അപ്പോൾ എന്താണു സാരാംശം? നിങ്ങൾ സമ്മേളിക്കുമ്പോൾ, ഒരാൾ കീർത്തനം ആലപിക്കുന്നു, മറ്റൊരാൾ ഉപദേശിക്കുന്നു, ഒരാൾ ദൈവികവെളിപ്പാടു പ്രസ്താവിക്കുന്നു, ഒരാൾ അജ്ഞാതഭാഷയിൽ സംസാരിക്കുന്നു, മറ്റൊരാൾ അതു വ്യാഖ്യാനിക്കുന്നു. എല്ലാം ആത്മികോന്നതിക്ക് ഉപകരിക്കേണ്ടതാണ്. 27 അജ്ഞാതഭാഷയിൽ സംസാരിക്കുന്നെങ്കിൽ രണ്ടുപേരോ, കൂടിയാൽ മൂന്നുപേരോ സംസാരിക്കട്ടെ. അവർ ഓരോരുത്തരായി സംസാരിക്കുകയും ഒരാൾ വ്യാഖ്യാനിക്കുകയും വേണം. 28 വ്യാഖ്യാതാവ് ഇല്ലാത്തപക്ഷം അജ്ഞാതഭാഷ സംസാരിക്കുന്നയാൾ സഭയിൽ മൗനമായിരുന്ന്, തന്നോടുതന്നെയും ദൈവത്തോടും സംസാരിക്കട്ടെ.

    29 രണ്ടോ മൂന്നോ പ്രവാചകർ സംസാരിക്കുകയും, മറ്റുള്ളവർ അവരുടെ വാക്കുകളെക്കുറിച്ച് പരിചിന്തനം ചെയ്യുകയും വേണം. 30 ഉപവിഷ്ടരിൽ ഒരാൾക്ക് ഒരു വെളിപ്പാടു ലഭിച്ചാൽ സംസാരിച്ചുകൊണ്ടിരിക്കുന്നയാൾ അപ്പോൾ സംസാരം നിർത്തണം. 31 എല്ലാവർക്കും പഠനവും പ്രോത്സാഹനവും ലഭിക്കത്തക്കവിധം ഓരോരുത്തരായി നിങ്ങൾക്കെല്ലാം പ്രവചിക്കാവുന്നതാണ്. 32 പ്രവചനാത്മാവ് പ്രവാചകരുടെ നിയന്ത്രണത്തിന് അധീനമാണ്. 33 ദൈവം അലങ്കോലത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമാണ്.

    വിശുദ്ധരുടെ സകലസഭകളിലും എന്നപോലെ, 34 സ്ത്രീകൾ സഭായോഗങ്ങളിൽ നിശ്ശബ്ദരായിരിക്കണം. ന്യായപ്രമാണം അനുശാസിക്കുന്നതുപോലെ, അവർ കീഴ്പ്പെട്ടിരിക്കണം, സംസാരിക്കാൻ അവരെ അനുവദിച്ചിട്ടില്ല. 35 എന്തെങ്കിലും പഠിക്കാൻ അവർ ആഗ്രഹിക്കുന്നെങ്കിൽ, ഭവനത്തിൽവെച്ചു സ്വന്തഭർത്താക്കന്മാരോടു ചോദിക്കട്ടെ; സ്ത്രീ സഭയിൽ സംസാരിക്കുന്നത് ലജ്ജാകരമാണ്.

    36 ദൈവവചനത്തിന്റെ ഉദ്ഭവം നിങ്ങളിൽനിന്നാണോ? അഥവാ, അത് എത്തിയിട്ടുള്ളത് നിങ്ങളുടെ അടുക്കൽവരെമാത്രമോ? 37 ഒരു പ്രവാചകൻ എന്നോ ആത്മികകൃപാദാനങ്ങൾ ലഭിച്ചവനെന്നോ ആരെങ്കിലും സ്വയം കരുതുന്നെങ്കിൽ, ഞാൻ നിങ്ങൾക്ക് ഈ എഴുതുന്നത് കർത്താവിന്റെ കൽപ്പനയാണെന്ന് അയാൾ മനസ്സിലാക്കിക്കൊള്ളട്ടെ. 38 അയാൾ ഇത് അവഗണിക്കുന്നു എങ്കിൽ അയാളും അവഗണിക്കപ്പെടും.

    39 ആകയാൽ സഹോദരങ്ങളേ, പ്രവചനദാനം അഭിലഷിക്കുക, അജ്ഞാതഭാഷകളിൽ സംസാരിക്കുന്നതു തടയുകയുമരുത്. 40 എല്ലാം യോഗ്യമായും വ്യവസ്ഥിതമായും നിർവഹിക്കപ്പെടട്ടെ.

  83. 25 കാരണം യഹോവ ഉന്നതനും സ്തുതിക്ക് അത്യന്തം യോഗ്യനുമാണ്;

    സകലദേവന്മാരെക്കാളും അവിടത്തെ ഭയപ്പെടേണ്ടതാകുന്നു.

  84. 3 ഇസ്രായേലിന്റെ സ്തുതികളിൽ സിംഹാസനസ്ഥനായിരിക്കുന്ന

    അവിടന്ന് പരിശുദ്ധനാണല്ലോ!

  85. ഒരു ഗീതം. കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.

    1 നമ്മുടെ ദൈവത്തിന്റെ പട്ടണത്തിൽ, അവിടത്തെ വിശുദ്ധപർവതത്തിൽ,

    യഹോവ ഉന്നതനും അത്യന്തം സ്തുത്യനും ആകുന്നു.

  86. 9 അതുകൊണ്ട്, കർത്താവേ, ഞാൻ അങ്ങയെ ജനതകളുടെ മധ്യേ പുകഴ്ത്തും;

    ഞാൻ ജനതകളുടെ മധ്യേ അങ്ങയെ പാടിപ്പുകഴ്ത്തും.

  87. 4 ദൈവത്തിനു പാടുക, തിരുനാമത്തിന് സ്തുതിപാടുക,

    മേഘപാളികളിൽ യാത്രചെയ്യുന്നവനെ പുകഴ്ത്തുക;

    അവിടത്തെ സന്നിധിയിൽ ആനന്ദിക്കുക—യഹോവ എന്നാകുന്നു അവിടത്തെ നാമം.

    5 ദൈവം തന്റെ വിശുദ്ധനിവാസത്തിൽ

    അനാഥർക്കു പിതാവും വിധവകൾക്കു പരിപാലകനും ആകുന്നു.

  88. 8 എന്റെ വായിൽ അങ്ങയുടെ സ്തുതി നിറഞ്ഞിരിക്കുന്നു,

    ദിവസംമുഴുവനും അത് അവിടത്തെ മഹത്ത്വം വർണിക്കുന്നു.

  89. 1 യഹോവയെ വാഴ്ത്തുക.

    സ്വർഗത്തിൽനിന്ന് യഹോവയെ വാഴ്ത്തുക;

    ഉന്നതങ്ങളിൽ അവിടത്തെ വാഴ്ത്തുക.

    2 യഹോവയുടെ സകലദൂതഗണങ്ങളേ, അവിടത്തെ വാഴ്ത്തുക;

    അവിടത്തെ സർവ സ്വർഗീയസൈന്യവുമേ, അവിടത്തെ വാഴ്ത്തുക.

    3 സൂര്യചന്ദ്രന്മാരേ, അവിടത്തെ വാഴ്ത്തുക;

    പ്രകാശമുള്ള എല്ലാ നക്ഷത്രങ്ങളുമേ, അവിടത്തെ വാഴ്ത്തുക.

    4 സ്വർഗാധിസ്വർഗങ്ങളേ,

    ആകാശത്തിനുമീതേയുള്ള ജലസഞ്ചയമേ, അവിടത്തെ വാഴ്ത്തുക.

    5 അവ യഹോവയുടെ നാമത്തെ വാഴ്ത്തട്ടെ,

    കാരണം അവിടന്ന് കൽപ്പിച്ചു, അവ സൃഷ്ടിക്കപ്പെട്ടു;

  90. 37 അതിന് യേശു, “ ‘നിന്റെ ദൈവമായ കർത്താവിനെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണമനസ്സാലും സ്നേഹിക്കണം.’ 38 ഇതാകുന്നു പ്രഥമവും ഏറ്റവും മഹത്തുമായ കൽപ്പന. 39 രണ്ടാമത്തെ കൽപ്പനയും അതിനുതുല്യം: ‘നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക.’