90 Bible Verses About Love and Trust
Biblica® Open Malayalam Contemporary Version™ (OMCV)
-
16 ദൈവം നമ്മെ സ്നേഹിക്കുന്നെന്ന് ഞങ്ങൾ അറിയുകയും വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.
ദൈവം സ്നേഹമാണ്. സ്നേഹത്തിൽ വസിക്കുന്നവർ ദൈവത്തിൽ വസിക്കുന്നു. ദൈവം അവരിലും വസിക്കുന്നു. 17 നാം ദൈവത്തിൽ വസിക്കുന്നതിലൂടെ നമ്മുടെ സ്നേഹം പൂർണതയിലേക്കു വളരുന്നു. അങ്ങനെ ന്യായവിധിദിവസത്തിൽ ഭയരഹിതരായി, ദൈവത്തെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ നമുക്ക് കഴിയും. കാരണം ഈ ലോകത്തിൽ നാം ജീവിക്കുന്നത് യേശുവിനെപ്പോലെ ആണല്ലോ. 18 സ്നേഹത്തിൽ ഭയമില്ല. സമ്പൂർണസ്നേഹം ഭയത്തെ ഇല്ലാതാക്കുന്നു. കാരണം, ഭയം ശിക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭയപ്പെടുന്ന വ്യക്തി സ്നേഹത്തിൽ സമ്പൂർണനല്ല.
19 അവിടന്ന് നമ്മെ ആദ്യം സ്നേഹിച്ചതുകൊണ്ടാണ് നാം സ്നേഹിക്കുന്നത്. 20 ആരെങ്കിലും ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുകയും സഹോദരങ്ങളെ വെറുക്കുകയുംചെയ്യുന്നെങ്കിൽ അയാൾ അസത്യവാദിയാണ്; കാരണം, താൻ കണ്ടിട്ടുള്ള സഹോദരങ്ങളെ സ്നേഹിക്കാത്തവർക്ക് കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിക്കുക അസാധ്യമാണ്. 21 ദൈവത്തെ സ്നേഹിക്കുന്നവർ തങ്ങളുടെ സഹോദരങ്ങളെയും സ്നേഹിക്കണം. ഈ കൽപ്പനയാണ് അവിടന്നു നമുക്കു നൽകിയിരിക്കുന്നത്.
-
4 സ്നേഹം ക്ഷമയുള്ളതാണ്, സ്നേഹം ദയയുള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല, ആത്മപ്രശംസചെയ്യുന്നില്ല, സ്നേഹം അഹങ്കരിക്കുന്നില്ല. 5 അതു അന്യരെ അപമാനിക്കുന്നില്ല, സ്വാർഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, ദോഷത്തിന്റെ കണക്കുസൂക്ഷിക്കുന്നതുമില്ല. 6 സ്നേഹം തിന്മയിൽ അഭിരമിക്കാതെ, സത്യത്തിൽ ആനന്ദിക്കുന്നു. 7 എപ്പോഴും സംരക്ഷിക്കുന്നു, എപ്പോഴും വിശ്വസിക്കുന്നു, എപ്പോഴും പ്രത്യാശിക്കുന്നു, എപ്പോഴും സഹിക്കുന്നു.
8 സ്നേഹം എന്നെന്നും നിലനിൽക്കുന്നു. പ്രവചനം നീക്കപ്പെടും ഭാഷകൾ നിലച്ചുപോകും ജ്ഞാനവും നീക്കപ്പെടും.
-
5 പൂർണഹൃദയത്തോടെ നീ യഹോവയിൽ വിശ്വാസമർപ്പിക്കുക
സ്വന്തവിവേകത്തിൽ ആശ്രയിക്കുകയുമരുത്;
6 നിന്റെ ചെയ്തികളെല്ലാം ദൈവികാംഗീകാരമുള്ളതായിരിക്കട്ടെ,
അവിടന്ന് നിന്റെ സഞ്ചാരപാതകൾ നേരേയാക്കും.
7 സ്വബുദ്ധിയിൽ, നീ ജ്ഞാനിയെന്നു ഭാവിക്കരുത്;
യഹോവയെ ഭയപ്പെട്ട് തിന്മയിൽനിന്ന് അകന്നുനിൽക്കുക.
8 ഇതു നിന്റെ ശരീരത്തിന് ആരോഗ്യവും
അസ്ഥികൾക്ക് പോഷണവും നൽകും.
-
9 “പിതാവ് എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു; എന്റെ സ്നേഹത്തിൽ വസിക്കുക. 10 ഞാൻ എന്റെ പിതാവിന്റെ കൽപ്പനകൾ പ്രമാണിച്ച് അവിടത്തെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങളും എന്റെ കൽപ്പനകൾ അനുസരിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും. 11 എന്റെ ആനന്ദം നിങ്ങളിൽ ആയിരിക്കാനും അങ്ങനെ നിങ്ങളുടെ ആനന്ദം പൂർണമാകാനുമാണ് ഞാൻ ഇതു നിങ്ങളോടു സംസാരിച്ചത്. 12 ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുക എന്നതാണ് എന്റെ കൽപ്പന. 13 സ്നേഹിതർക്കുവേണ്ടി സ്വജീവനെ അർപ്പിക്കുന്നതിലും വലിയ സ്നേഹം ആർക്കും ഇല്ല. 14 ഞാൻ കൽപ്പിക്കുന്നത് അനുസരിച്ചാൽ നിങ്ങൾ എന്റെ സ്നേഹിതരാണ്. 15 ഇനിമേലാൽ ഞാൻ നിങ്ങളെ ദാസന്മാർ എന്നു വിളിക്കുന്നില്ല. യജമാനന്റെ എല്ലാ പ്രവൃത്തികളും ദാസൻ അറിയുന്നില്ലല്ലോ. ഞാൻ നിങ്ങളെ സ്നേഹിതന്മാർ എന്നു വിളിച്ചിരിക്കുന്നു, കാരണം ഞാൻ എന്റെ പിതാവിൽനിന്ന് കേട്ടതെല്ലാംതന്നെ നിങ്ങളെ അറിയിച്ചിരിക്കുന്നു. 16 നിങ്ങൾ എന്നെ തെരഞ്ഞെടുത്തതല്ല, ഞാനാണ് നിങ്ങളെ തെരഞ്ഞെടുത്തത്. നിങ്ങൾ പോയി ഫലം കായ്ക്കുന്നതിന്, നിലനിൽക്കുന്ന ഫലം കായ്ക്കേണ്ടതിനു തന്നെ, ഞാൻ നിങ്ങളെ നിയമിച്ചുമിരിക്കുന്നു. നിങ്ങൾ എന്റെ നാമത്തിൽ യാചിക്കുന്നതെന്തും പിതാവ് നിങ്ങൾക്കു നൽകും. 17 നിങ്ങൾ പരസ്പരം സ്നേഹിക്കണം എന്നതാണ് എന്റെ കൽപ്പന.
-
16 ദൈവത്തിന്റെ നിസ്തുലപുത്രനിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയും നശിച്ചുപോകാതെ നിത്യജീവൻ അവകാശമാക്കേണ്ടതിന് അവിടത്തെ പുത്രനെ യാഗമായി അർപ്പിക്കുന്നത്ര ദൈവം ലോകത്തെ സ്നേഹിച്ചു. 17 ദൈവം അവിടത്തെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല, തന്നിലൂടെ ലോകത്തെ രക്ഷിക്കാനാണ്.
-
12 ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധരും ദൈവത്തിനു പ്രിയരുമാകുകയാൽ നിങ്ങൾ മനസ്സലിവ്, ദയ, വിനയം, സൗമ്യത, ക്ഷമ, എന്നിവ ധരിക്കുക. 13 പരസ്പരം ക്ഷമിക്കുകയും സഹിക്കുകയുംചെയ്യുക; നിങ്ങളിലൊരാൾക്കു മറ്റൊരാൾക്കെതിരേ പരാതി ഉണ്ടായാൽ, കർത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക. 14 എല്ലാറ്റിലും ഉപരിയായി എല്ലാവരെയുംതമ്മിൽ സമ്പൂർണമായി ബന്ധിപ്പിക്കുന്ന കണ്ണിയായ സ്നേഹം ധരിക്കുക.
15 ക്രിസ്തു നൽകുന്ന സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. അതിനായിട്ടാണല്ലോ നിങ്ങളെ ഏകശരീരമായി വിളിച്ചിരിക്കുന്നത്. കൃതജ്ഞതയുള്ളവരായിരിക്കുക.
-
7 പ്രിയരേ, നമുക്ക് പരസ്പരം സ്നേഹിക്കാം; സ്നേഹം ദൈവത്തിൽനിന്നുള്ളതാണ്. സ്നേഹിക്കുന്നവരെല്ലാം ദൈവത്തിൽനിന്നു ജനിച്ചവരും ദൈവത്തെ അറിഞ്ഞവരും ആണ്. 8 സ്നേഹിക്കാത്തവർ ദൈവത്തെ അറിയുന്നില്ല; ദൈവം സ്നേഹമാണ്.
-
1 ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ കിലുങ്ങുന്ന ഇലത്താളമോമാത്രമാണ്. 2 എനിക്കു പ്രവചിക്കാനുള്ള കൃപാദാനം ലഭിച്ചാലും, സകലദിവ്യരഹസ്യങ്ങളും സകലജ്ഞാനവും ഗ്രഹിക്കാൻകഴിഞ്ഞാലും, മലകളെ നീക്കംചെയ്യാൻകഴിയുന്ന വിശ്വാസം ഉണ്ടായിരുന്നാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല. 3 എന്റെ സമ്പത്തെല്ലാം ഞാൻ ദാനംചെയ്താലും അഭിമാനപൂർവം എന്റെ ശരീരം ദഹിപ്പിച്ചാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നും നേടുന്നില്ല.
-
8 പരസ്പരം സ്നേഹിക്കുക എന്ന ബാധ്യതയല്ലാതെ നിങ്ങൾക്ക് ആരോടും യാതൊരു ബാധ്യതയും ഉണ്ടായിരിക്കരുത്. കാരണം, മറ്റുള്ളവരെ സ്നേഹിക്കുന്നത് ന്യായപ്രമാണത്തിന്റെ നിവൃത്തിയാണ്. 9 “നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക” എന്ന കൽപ്പനയിൽ, “വ്യഭിചാരം ചെയ്യരുത്, കൊലപാതകം ചെയ്യരുത്, മോഷ്ടിക്കരുത്, മോഹിക്കരുത്” എന്നിവയും അതുപോലുള്ള മറ്റു കൽപ്പനകളും സംക്ഷിപ്തമായിരിക്കുന്നു. 10 സ്നേഹം അയൽവാസിക്കു ദോഷം ഒന്നും പ്രവർത്തിക്കുന്നില്ല. അങ്ങനെ, സ്നേഹത്തിലൂടെ ന്യായപ്രമാണം നിവർത്തിക്കപ്പെടുന്നു.
-
9 സ്നേഹം നിഷ്കപടമായിരിക്കട്ടെ. ദുഷ്ടതയെ വെറുക്കുകയും നന്മയെ ആശ്ലേഷിക്കുകയുംചെയ്യുക. 10 സഹോദരങ്ങളെപ്പോലെ പരസ്പരം ആഴമായി സ്നേഹിക്കുക. നിങ്ങളെക്കാൾ മറ്റുള്ളവരെ ബഹുമാനിക്കുക.
-
8 സർവോപരി പരസ്പരം അഗാധമായി സ്നേഹിക്കുക; സ്നേഹം സംഖ്യാതീതമായ പാപങ്ങൾ മറയ്ക്കുന്നു.
-
35 ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ ആർക്കു കഴിയും? ക്ലേശങ്ങൾക്കോ കഷ്ടതകൾക്കോ പീഡനത്തിനോ പട്ടിണിക്കോ നഗ്നതയ്ക്കോ ആപത്തിനോ വാളിനോ അതു ചെയ്യാൻ കഴിയുമോ?
36 “അങ്ങേക്കുവേണ്ടി ദിവസംമുഴുവനും ഞങ്ങൾ മരണത്തെ മുഖാമുഖം കാണുന്നു:
അറക്കപ്പെടാനുള്ള ആടുകളായി ഞങ്ങളെ പരിഗണിക്കുന്നു,”
എന്ന് എഴുതിയിരിക്കുന്നല്ലോ. 37 നാമോ, നമ്മെ സ്നേഹിച്ച കർത്താവിലൂടെ ഇവയിലെല്ലാം വിജയം വരിക്കുന്നു. 38 മരണത്തിനോ ജീവനോ ദൂതന്മാർക്കോ പ്രധാനികൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരാനുള്ളതിനോ ശക്തികൾക്കോ 39 ഉന്നതങ്ങളിലുള്ളവെക്കോ അധോലോകത്തിലുള്ളവയ്ക്കോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ സാധ്യമല്ലെന്ന് എനിക്കു പരിപൂർണബോധ്യമുണ്ട്.
-
2 സമ്പൂർണവിനയവും സൗമ്യതയും ക്ഷമാശീലവും ഉള്ളവരായി സ്നേഹത്തിൽ പരസ്പരം സഹിഷ്ണുത കാട്ടുക. 3 സമാധാനത്താൽ ബന്ധിക്കപ്പെട്ടവരായി ആത്മാവിലുള്ള ഐക്യം നിലനിർത്താൻ ഉത്സുകരാകുക.
-
25 ഭർത്താക്കന്മാരേ, ക്രിസ്തു സ്വന്തം ജീവൻ നൽകി സഭയെ സ്നേഹിച്ചതുപോലെ നിങ്ങളും നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കണം. 26 ക്രിസ്തു അവിടത്തെ സഭയെ വചനമാകുന്ന ജലത്താൽ കഴുകി നിർമലീകരിച്ച് വിശുദ്ധീകരിക്കേണ്ടതിനും 27 കറ, ചുളുക്കം, മാലിന്യം എന്നിവ അശേഷം ഇല്ലാതെ വിശുദ്ധയും നിഷ്കളങ്കയുമായി തേജസ്സോടെ തനിക്കായി നിർത്തേണ്ടതിനുമാണ് അപ്രകാരം ചെയ്തത്.
-
4 യഹോവയിൽ ആനന്ദിക്കുക,
അപ്പോൾ അവിടന്നു നിന്റെ ഹൃദയാഭിലാഷങ്ങൾ നിറവേറ്റും.
5 നിന്റെ വഴി യഹോവയെ ഭരമേൽപ്പിക്കുക;
യഹോവയിൽത്തന്നെ ആശ്രയിക്കുക, അവിടന്നു നിന്നെ സഹായിക്കും:
6 അവിടന്ന് നിന്റെ നീതിയെ ഉഷസ്സുപോലെ പ്രകാശപൂർണമാക്കും,
നിന്റെ കുറ്റവിമുക്തി മധ്യാഹ്നസൂര്യനെപ്പോലെയും.
-
34 “നിങ്ങൾ പരസ്പരം സ്നേഹിക്കണം എന്നുള്ള ഒരു പുതിയകൽപ്പന ഞാൻ നിങ്ങൾക്കു തരുന്നു. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. 35 നിങ്ങൾക്കു പരസ്പരസ്നേഹം ഉണ്ടായിരിക്കണം. അതിലൂടെയാണ് നിങ്ങൾ എന്റെ ശിഷ്യർ എന്ന് എല്ലാവരും അറിയുന്നത്.”
-
6 നാം ശക്തിഹീനരായിരുന്നപ്പോൾത്തന്നെ, ക്രിസ്തു കൃത്യസമയത്ത് അധർമികളായ നമുക്കുവേണ്ടി മരിച്ചു. 7 നല്ലവനായ ഒരു മനുഷ്യനുവേണ്ടി മറ്റൊരാൾ മരിക്കാൻ ഒരുപക്ഷേ തയ്യാറായേക്കാം; അങ്ങനെ നീതിനിഷ്ഠനുവേണ്ടി ആരെങ്കിലും മരിക്കുന്നതുതന്നെ തീരെ വിരളമാണ്. 8 എന്നാൽ, നാം പാപികളായിരിക്കുമ്പോൾത്തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചതിലൂടെ ദൈവം നമ്മോടുള്ള സ്നേഹം വെളിപ്പെടുത്തുകയായിരുന്നു.
9 ക്രിസ്തുവിന്റെ രക്തത്താൽ നാം ഇപ്പോൾ നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ക്രിസ്തുമുഖേനതന്നെ നാം ദൈവക്രോധത്തിൽനിന്ന് രക്ഷിക്കപ്പെടും എന്നത് എത്രയോ സുനിശ്ചിതമാണ്! 10 നാം ദൈവത്തിന്റെ ശത്രുക്കളായിരുന്നപ്പോൾ അവിടത്തെ പുത്രന്റെ മരണത്താൽ നമുക്കു ദൈവത്തോട് അനുരഞ്ജനം ലഭിച്ചുവെങ്കിൽ, അനുരഞ്ജനം ലഭിച്ചശേഷം അവിടത്തെ ജീവൻമൂലം നാം രക്ഷിക്കപ്പെടുമെന്നതും എത്രയോ നിശ്ചിതം! 11 ഇതുമാത്രമല്ല, നമുക്ക് ഇപ്പോൾ അനുരഞ്ജനം സാധ്യമാക്കിയ നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖേന ദൈവത്തിൽ നാം ആഹ്ലാദിക്കുന്നു.
-
14 നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ആകട്ടെ.
-
3 എനിക്കു ഭയം നേരിടുമ്പോൾ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.
4 ദൈവത്തിൽ, അവിടത്തെ വാഗ്ദാനത്തിൽ ഞാൻ പുകഴുന്നു—
ദൈവത്തിൽ ഞാൻ ആശ്രയിക്കുന്നു, ഞാൻ നിർഭയനായിരിക്കും.
വെറും മനുഷ്യന് എന്നോട് എന്തുചെയ്യാൻ കഴിയും?
-
6 നിന്റെ ഹൃദയത്തിന്മേൽ എന്നെ ഒരു മുദ്രയായണിയൂ,
നിന്റെ ഭുജത്തിലെ മുദ്രപോലെതന്നെ;
കാരണം പ്രേമം മരണംപോലെതന്നെ ശക്തവും
അതിന്റെ തീവ്രത ശവക്കുഴിപോലെതന്നെ കഠിനവുമാകുന്നു.
ജ്വലിക്കുന്ന അഗ്നിപോലെ അത് എരിയുന്നു,
ഉഗ്രമായ അഗ്നിനാളംപോലെതന്നെ.
7 പ്രേമാഗ്നി അണയ്ക്കാൻ ഒരു പ്രളയത്താലും കഴിയില്ല;
നദികൾക്കതിനെ ഒഴുക്കിക്കളയുന്നതിനും കഴിയില്ല.
ഒരാൾ സ്വഭവനത്തിലെ സർവസമ്പത്തും
പ്രേമസാക്ഷാത്കാരത്തിനായി നൽകിയാലും
ആ വാഗ്ദാനവും അപഹാസ്യമാകുകയേയുള്ളൂ.
-
11 കാരണം നിങ്ങളെക്കുറിച്ചുള്ള എന്റെ പദ്ധതികൾ എനിക്കറിയാം, നിങ്ങൾക്കു തിന്മയ്ക്കായിട്ടല്ല, മറിച്ച് നിങ്ങൾക്കൊരു ഭാവിയും ഒരു പ്രത്യാശയും നൽകാൻ തക്കവണ്ണം നന്മയ്ക്കായിട്ടുള്ള ലക്ഷ്യങ്ങളാണ് അവ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. 12 “അന്ന് നിങ്ങൾ എന്നെ വിളിച്ചപേക്ഷിക്കുകയും എന്റെ അടുക്കൽവന്ന് എന്നോടു പ്രാർഥിക്കുകയും ഞാൻ നിങ്ങളുടെ പ്രാർഥന കേൾക്കുകയും ചെയ്യും. 13 നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണഹൃദയത്തോടെ എന്നെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും. 14 നിങ്ങൾ എന്നെ കണ്ടെത്തും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു, “ഞാൻ നിങ്ങളുടെ പ്രവാസം മാറ്റും; നിങ്ങളെ എല്ലാ രാഷ്ട്രങ്ങളിൽനിന്നും ഞാൻ നിങ്ങളെ നാടുകടത്തിക്കളഞ്ഞ സകലസ്ഥലങ്ങളിൽനിന്നും ശേഖരിച്ച്, എവിടെനിന്നു ഞാൻ നിങ്ങളെ ബന്ദികളാക്കി കൊണ്ടുപോയോ, ആ സ്ഥലത്തേക്ക് തിരികെവരുത്തും,” എന്ന് യഹോവയുടെ അരുളപ്പാട്.
-
37 അതിന് യേശു, “ ‘നിന്റെ ദൈവമായ കർത്താവിനെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണമനസ്സാലും സ്നേഹിക്കണം.’ 38 ഇതാകുന്നു പ്രഥമവും ഏറ്റവും മഹത്തുമായ കൽപ്പന. 39 രണ്ടാമത്തെ കൽപ്പനയും അതിനുതുല്യം: ‘നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക.’ 40 സർവന്യായപ്രമാണവും പ്രവാചകന്മാരും ഈ രണ്ട് കൽപ്പനകളിൽ അധിഷ്ഠിതമായിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു.
-
7 “എന്നാൽ യഹോവയിൽ ആശ്രയിക്കുകയും
യഹോവയെത്തന്നെ ആശ്രയമാക്കിയിരിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ.
8 അവർ വെള്ളത്തിനരികെ നട്ടിരിക്കുന്നതും
ആറ്റരികത്തു വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും.
ഉഷ്ണം വരുമ്പോൾ അതു പേടിക്കുകയില്ല;
അതിന്റെ ഇല നിത്യഹരിതമായിരിക്കും.
വരൾച്ചയുള്ള വർഷത്തിലും അതു വാട്ടം തട്ടാതെ
ഫലം കായ്ച്ചുകൊണ്ടിരിക്കും.”
-
13 എന്നാൽ ഇപ്പോൾ, വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും സുസ്ഥിരമായിരിക്കും; ഇവയിൽ ഏറ്റവും മഹത്തായതോ സ്നേഹംതന്നെ.
-
3 യഹോവയിൽ ആശ്രയിച്ചുകൊണ്ട് നന്മ പ്രവർത്തിക്കുക;
എന്നാൽ, സുരക്ഷിതമായ മേച്ചിൽപ്പുറം ആസ്വദിച്ചുകൊണ്ട് ദേശത്തു ജീവിക്കാം.
-
13 സഹോദരങ്ങളേ, പരിപൂർണസ്വാതന്ത്ര്യത്തിൽ ജീവിക്കാനാണ് നിങ്ങളെ വിളിച്ചിരിക്കുന്നത്. എന്നാൽ നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങളിലെ പാപപ്രകൃതത്തെ തൃപ്തിപ്പെടുത്താൻ അനുവദിക്കാതെ, സ്നേഹത്തിൽ പരസ്പരം ദാസരായി ശുശ്രൂഷ ചെയ്യുക. 14 “നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക” എന്ന ഒരൊറ്റ കൽപ്പന പ്രാവർത്തികമാക്കുന്നതിലൂടെ സർവന്യായപ്രമാണവും പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു.
-
17 ഒരു സുഹൃത്തിന്റെ സ്നേഹം എല്ലാക്കാലത്തേക്കും ഉള്ളത്,
ആപത്തുകാലത്തു സഹായിയായി നിൽക്കുന്നതിനുവേണ്ടിയാണ് ഒരു കൂടപ്പിറപ്പ് ജനിക്കുന്നത്.
-
3 സ്ഥിരമാനസൻ അങ്ങയിൽ
ആശ്രയിച്ചിരിക്കുകയാൽ
അങ്ങ് അവരെ പൂർണസമാധാനത്തിൽ കാക്കും.
4 യഹോവയിൽത്തന്നെ എന്നേക്കും ആശ്രയം വെക്കുക
യഹോവ, യഹോവതന്നെ ശാശ്വതമായൊരു പാറ ആണല്ലോ.
-
23 ആരെങ്കിലും തന്റെ ഹൃദയത്തിൽ സംശയിക്കാതെ ഈ മലയോട്, ‘പോയി കടലിൽ വീഴുക’ എന്നു പറയുകയും താൻ പറയുന്നതു സംഭവിക്കുമെന്നു വിശ്വസിക്കുകയും ചെയ്താൽ അത് അവന് സാധിക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു. 24 അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പ്രാർഥനയിൽ എന്തു യാചിച്ചാലും അതു ലഭിച്ചു എന്നു വിശ്വസിക്കുക, എന്നാൽ അതു നിങ്ങൾക്കു ലഭിക്കും.
-
28 ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അതായത്, അവിടത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്കുതന്നെ ദൈവം എല്ലാ കാര്യങ്ങളും നന്മയ്ക്കായി ചേർന്നു പ്രവർത്തിക്കുമാറാക്കുന്നു എന്നു നാം അറിയുന്നു.
-
22 എന്നാൽ, ആത്മാവിന്റെ ഫലം, സ്നേഹം, ആനന്ദം, സമാധാനം, ദീർഘക്ഷമ, ദയ, ഉദാരത, വിശ്വസ്തത, 23 സൗമ്യത, ആത്മനിയന്ത്രണം എന്നിവയാണ്. ഇവയ്ക്കെതിരായി ഒരു ന്യായപ്രമാണവുമില്ല.
-
16 ക്രിസ്തു നമുക്കുവേണ്ടി സ്വജീവൻ അർപ്പിച്ചതിനാൽ സ്നേഹം എന്തെന്നു നാം അറിയുന്നു; നാമും അതുപോലെ സഹോദരങ്ങൾക്കുവേണ്ടി ജീവൻ അർപ്പിക്കേണ്ടതാണ്. 17 ഒരാൾക്കു ഭൗതികസമ്പത്ത് ഉണ്ടായിരിക്കുകയും തന്റെ സഹോദരങ്ങളെ ബുദ്ധിമുട്ടുള്ളവരായി കണ്ടിട്ട് അവരോടു സഹതാപം തോന്നാതിരിക്കുകയും ചെയ്താൽ അയാളിൽ ദൈവസ്നേഹം വസിക്കുന്നു എന്ന് എങ്ങനെ അവകാശപ്പെടാൻ കഴിയും?
18 കുഞ്ഞുമക്കളേ, നാം പരസ്പരം സ്നേഹിക്കുന്നു എന്ന് വൃഥാ വാചാലരാകാതെ, സ്നേഹം വാസ്തവത്തിൽ പ്രവൃത്തിപഥത്തിൽ കൊണ്ടുവരേണ്ടതാണ്. 19 ഇങ്ങനെ നാം സത്യത്തിൽനിന്നുള്ളവരെന്ന് അറിയുകയും തിരുസന്നിധിയിൽ ആത്മവിശ്വാസത്തോടെ നിൽക്കാൻ സാധിക്കുകയും ചെയ്യും.
-
17 “ ‘നിന്റെ സഹോദരങ്ങളെ ഹൃദയത്തിൽ വെറുക്കരുത്. അവരുടെ കുറ്റത്തിൽ പങ്കാളിയാകാതിരിക്കാൻ നിങ്ങളുടെ സഹോദരങ്ങളെ നിർവ്യാജം ശാസിക്കുക.
18 “ ‘നിന്റെ ജനത്തിലാർക്കെങ്കിലും വിരോധമായി പ്രതികാരം അന്വേഷിക്കുകയോ പകവെക്കുകയോ ചെയ്യരുത്. എന്നാൽ, നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കണം. ഞാൻ യഹോവ ആകുന്നു.
-
8 പ്രഭാതം അവിടത്തെ അചഞ്ചലസ്നേഹത്തെപ്പറ്റിയുള്ള കേൾവിനൽകട്ടെ,
കാരണം എന്റെ ആശ്രയം അങ്ങയിൽ ഞാൻ അർപ്പിക്കുന്നു.
ഞാൻ പോകേണ്ടുന്ന വഴി എനിക്കു കാണിച്ചുതരണമേ,
കാരണം എന്റെ ജീവൻ ഞാൻ അങ്ങയെ ഏൽപ്പിച്ചിരിക്കുന്നു.
-
3 ആത്മാർഥതയും വിശ്വസ്തതയും നിന്നെ വിട്ടുപിരിയാതിരിക്കട്ടെ;
അവ നിന്റെ കഴുത്തിൽ അണിയുക,
നിന്റെ ഹൃദയഫലകത്തിൽ ആലേഖനംചെയ്യുക.
4 അപ്പോൾ നീ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ
പ്രീതിയും സൽപ്പേരും സമ്പാദിക്കും.
-
12 വിദ്വേഷം ഭിന്നത ഇളക്കിവിടുന്നു,
എന്നാൽ സ്നേഹം എല്ലാ അകൃത്യവും മറച്ചുവെക്കുന്നു.
-
1 നിങ്ങൾ ദൈവത്തിന്റെ പ്രിയമക്കൾ ആയിരിക്കുന്നതുകൊണ്ട് ദൈവത്തെ എല്ലാ കാര്യങ്ങളിലും അനുകരിക്കുക: 2 സ്നേഹം നിറഞ്ഞവരായി ജീവിക്കുക. ക്രിസ്തു നമ്മോടുള്ള സ്നേഹംനിമിത്തം നമുക്കുവേണ്ടി സൗരഭ്യമായ അർപ്പണവും യാഗവുമായി സ്വയം ദൈവത്തിനു സമർപ്പിച്ചതാണ് നമ്മുടെ മാതൃക.
-
9 നാം ദൈവപുത്രനിലൂടെ ജീവൻ പ്രാപിക്കേണ്ടതിനാണ് ദൈവം തന്റെ നിസ്തുലപുത്രനെ ലോകത്തിലേക്ക് അയച്ചത്. ഇങ്ങനെ ദൈവം തന്റെ സ്നേഹം നമുക്കു വെളിപ്പെടുത്തി. 10 ഇതാണ് സാക്ഷാൽ സ്നേഹം: നാം ദൈവത്തെ സ്നേഹിച്ചതല്ല, അവിടന്നു നമ്മെ സ്നേഹിച്ച് അവിടത്തെ പുത്രനെ നമ്മുടെ പാപനിവാരണയാഗത്തിനായി അയച്ചു. 11 പ്രിയരേ, ദൈവം നമ്മെ സ്നേഹിച്ചത് ഇപ്രകാരമാണെങ്കിൽ നാമും പരസ്പരം സ്നേഹിക്കാൻ കടപ്പെട്ടിരിക്കുന്നു. 12 ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; എന്നാൽ നാം പരസ്പരം സ്നേഹിക്കുന്നു എങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവിടത്തെ സ്നേഹം നമ്മിൽ സമ്പൂർണമാകുകയും ചെയ്തിരിക്കുന്നു.
-
30 നിന്റെ ദൈവമായ കർത്താവിനെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണമനസ്സാലും സമ്പൂർണശക്തിയാലും സ്നേഹിക്കണം.’ 31 രണ്ടാമത്തേത്, ‘നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കണം’ എന്നതാണ്. ഇവയെക്കാൾ പ്രാധാന്യമുള്ള കൽപ്പന വേറെ ഇല്ല.”
32 “ഗുരോ, അങ്ങു പറഞ്ഞതു ശരി; ദൈവം ഏകനെന്നും അവിടന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും അങ്ങു പറഞ്ഞതു ശരിതന്നെ. 33 സമ്പൂർണഹൃദയത്താലും സമ്പൂർണമനസ്സാലും സമ്പൂർണശക്തിയാലും ദൈവത്തെ സ്നേഹിക്കുന്നതും നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെ സ്നേഹിക്കുന്നതും എല്ലാ ഹോമയാഗങ്ങളെക്കാളും ബലികളെക്കാളും അധികം പ്രാധാന്യമുള്ളതാണ്” എന്നായിരുന്നു അയാളുടെ മറുപടി.
-
12 ഞങ്ങൾക്കു നിങ്ങളോടുള്ള സ്നേഹം വർധിക്കുന്നതുപോലെ, നിങ്ങൾക്ക് പരസ്പരവും മറ്റ് എല്ലാവരോടും ഉള്ള സ്നേഹവും നിറഞ്ഞൊഴുകാൻ കർത്താവ് സഹായിക്കട്ടെ. 13 നമ്മുടെ കർത്താവായ യേശു തന്റെ സകലവിശുദ്ധരുമായി മടങ്ങിവരുമ്പോൾ നിങ്ങൾ, നമ്മുടെ പിതാവായ ദൈവത്തിന്റെസന്നിധിയിൽ നിർമലരും വിശുദ്ധരുമായി വെളിപ്പെടാൻ ദൈവം നിങ്ങളുടെ ഹൃദയങ്ങളെ ഉറപ്പിക്കട്ടെ.
-
5 നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹം ഇല്ലാത്തതായിരിക്കട്ടെ; നിങ്ങളുടെപക്കൽ ഉള്ളതിൽ സംതൃപ്തരാകുക.
“ഒരുനാളും ഞാൻ നിന്നെ ഉപേക്ഷിക്കുകയില്ല,
ഒരുനാളും ഞാൻ നിന്നെ കൈവെടിയുകയുമില്ല,”
എന്നു ദൈവം അരുളിച്ചെയ്തിട്ടുണ്ടല്ലോ.
-
10 അവിടത്തെ നാമം അറിയുന്നവർ അങ്ങയിൽ ആശ്രയംവെക്കുന്നു,
യഹോവേ, അവിടത്തെ അന്വേഷിക്കുന്നവരെ ഒരുനാളും അങ്ങ് ഉപേക്ഷിക്കുകയില്ലല്ലോ.
-
5 എന്നാൽ ഞാൻ അവിടത്തെ അചഞ്ചലസ്നേഹത്തിൽ ആശ്രയിക്കുന്നു;
എന്റെ ഹൃദയം അവിടത്തെ രക്ഷയിൽ ആനന്ദിക്കുന്നു.
6 അവിടന്ന് എനിക്കു നന്മ ചെയ്തിരിക്കുകയാൽ,
ഞാൻ യഹോവയ്ക്കു സ്തുതിപാടും.
സംഗീതസംവിധായകന്.
-
31 എല്ലാ വിദ്വേഷം, കോപം, ക്രോധം, കലഹം, പരദൂഷണം ഇങ്ങനെയുള്ള എല്ലാ ദുർഗുണങ്ങളും നിങ്ങൾ ഉപേക്ഷിക്കുക. 32 പരസ്പരം ദയയും കരുണയും ഉള്ളവരായി, ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിക്കുക.
-
1 നോക്കൂ, പിതാവു നമുക്ക് എത്രയോ അതിരില്ലാത്ത സ്നേഹം പകർന്നാണ് നമ്മെ ദൈവമക്കളെന്നു വിളിച്ചത്! നാം വാസ്തവത്തിൽ അങ്ങനെതന്നെ ആണ്! ലോകം അവിടത്തെ അറിഞ്ഞിട്ടില്ലാത്തതുകൊണ്ട് അത് നമ്മെയും അറിയുന്നില്ല. 2 പ്രിയരേ, ഇപ്പോൾ നാം ദൈവത്തിന്റെമക്കൾ ആകുന്നു. നാം എന്തായിത്തീരുമെന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. എന്നാൽ, ക്രിസ്തു പ്രത്യക്ഷനാകുമ്പോൾ നാം അവിടത്തെപ്പോലെയാകും. അവിടന്ന് ആയിരിക്കുന്നതുപോലെ നാം അവിടത്തെ കാണും. 3 തന്നിൽ ഈ പ്രത്യാശയുള്ളവരെല്ലാം അവിടന്നു വിശുദ്ധനായിരിക്കുന്നതുപോലെ, സ്വയം വിശുദ്ധീകരിക്കുന്നു.
-
4 ഇസ്രായേലേ, കേൾക്കുക, യഹോവ നമ്മുടെ ദൈവം, യഹോവ ഏകൻതന്നെ. 5 നിന്റെ ദൈവമായ യഹോവയെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണശക്തിയാലും സ്നേഹിക്കണം.
-
5 യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം ആകാശത്തോളം എത്തുന്നു,
അവിടത്തെ വിശ്വസ്തത മേഘങ്ങളോളം വ്യാപിച്ചിരിക്കുന്നു.
6 അവിടത്തെ നീതി അത്യുന്നത പർവതങ്ങൾപോലെയും
അവിടത്തെ ന്യായം അഗാധസമുദ്രംപോലെയും ആകുന്നു.
യഹോവേ, അങ്ങ് മനുഷ്യരെയും മൃഗങ്ങളെയും സംരക്ഷിക്കുന്നു.
7 ദൈവമേ, അവിടത്തെ അചഞ്ചലസ്നേഹം എത്ര അമൂല്യമാകുന്നു!
സകലമനുഷ്യരും അവിടത്തെ ചിറകിൻകീഴിൽ അഭയംതേടുന്നു.
8 അവിടത്തെ ഭവനത്തിന്റെ സമൃദ്ധിയിൽ അവർ വിരുന്നുണ്ട്, തൃപ്തിയടയുന്നു;
അവിടത്തെ ആനന്ദപ്രവാഹത്തിൽനിന്ന്, അവർക്കു കുടിക്കാൻനൽകുന്നു.
9 കാരണം അവിടത്തെ സന്നിധാനത്തിൽ ജീവജലധാരയുണ്ട്;
അവിടത്തെ പ്രഭയിൽ ഞങ്ങൾ പ്രകാശം ദർശിക്കുന്നു.
10 അങ്ങയെ അറിയുന്നവർക്ക് അവിടത്തെ സ്നേഹവും
ഹൃദയപരമാർഥികൾക്ക് അവിടത്തെ നീതിയും തുടർന്നും നൽകണമേ.
-
പരിസമാപ്തി: കുലീനത്വമുള്ള ഭാര്യയുടെ ഗുണമഹിമകൾ
10 ചാരുശീലയാം പത്നിയെ കണ്ടെത്താൻ ആർക്കു കഴിയും?
അവളുടെ മൂല്യം മാണിക്യത്തെക്കാൾ എത്രയോ അധികം.
11 അവളുടെ ഭർത്താവ് അവളിൽ സമ്പൂർണ വിശ്വാസം അർപ്പിച്ചിരിക്കുന്നു
അവന് മൂല്യവത്തായ ഒന്നിനും കുറവില്ല.
12 അവളുടെ ജീവിതകാലമെല്ലാം
അവൾ അയാൾക്കു തിന്മയല്ല, നന്മതന്നെ വരുത്തുന്നു.
-
9 ഒരാളെക്കാൾ ഇരുവർ നല്ലത്,
കാരണം, അവർക്ക് അവരുടെ അധ്വാനത്തിന് നല്ല പ്രതിഫലം ലഭിക്കും:
10 അവരിലൊരാൾ വീണുപോയാൽ,
ഒരാൾക്ക് മറ്റേയാളെ സഹായിക്കാൻ കഴിയും.
ഒരാൾ വീഴുമ്പോൾ എഴുന്നേൽപ്പിക്കാൻ ആരുമില്ലാത്ത
മനുഷ്യന്റെ അവസ്ഥ കഷ്ടംതന്നെ.
11 അതുപോലെ, രണ്ടുപേർ ഒരുമിച്ചു കിടന്നാൽ അവർക്ക് കുളിർ മാറും.
എന്നാൽ ഏകാകിയുടെ കുളിർമാറുന്നത് എങ്ങനെ?
12 ഒരാൾ ആക്രമിക്കപ്പെട്ടാൽ
ഇരുവർക്കും ഒരുമിച്ചു പ്രതിരോധിക്കാം.
മുപ്പിരിച്ചരട് വേഗത്തിൽ പൊട്ടുകയില്ല.
-
17 നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെയുണ്ട്,
അവിടന്ന് രക്ഷിക്കാൻ ശക്തൻ.
അവിടന്ന് നിന്നിൽ അധികം സന്തോഷിക്കും;
യഹോവ തന്റെ സ്നേഹത്തിൽ ഇനിയൊരിക്കലും നിന്നെ ശാസിക്കുകയില്ല,
എന്നാൽ സംഗീതത്തോടെ അവിടന്ന് നിന്നിൽ ആനന്ദിക്കും.”
-
43 “ ‘അയൽവാസിയെ സ്നേഹിക്കണം എന്നും ശത്രുവിനെ വെറുക്കണം’ എന്നും കൽപ്പിച്ചിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 44 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക; 45 അങ്ങനെ നിങ്ങൾ നിങ്ങളുടെ സ്വർഗസ്ഥപിതാവിന്റെ മക്കൾ ആയിത്തീരും. അവിടന്നു ദുഷ്ടരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതി പ്രവർത്തിക്കുന്നവരുടെമേലും അനീതി പ്രവർത്തിക്കുന്നവരുടെമേലും മഴപെയ്യിക്കുകയും ചെയ്യുന്നല്ലോ. 46 നിങ്ങളെ സ്നേഹിക്കുന്നവരെമാത്രം സ്നേഹിച്ചാൽ നിങ്ങൾക്ക് എന്തു പ്രതിഫലമാണു ലഭിക്കുക? അങ്ങനെ നികുതിപിരിവുകാരും ചെയ്യുന്നുണ്ടല്ലോ! 47 സ്വന്തം സഹോദരങ്ങളെമാത്രമാണ് നിങ്ങൾ അഭിവാദനംചെയ്യുന്നതെങ്കിൽ; പുകഴാൻ എന്തിരിക്കുന്നു? അങ്ങനെതന്നെയല്ലേ യെഹൂദേതരരും ചെയ്യുന്നത്? 48 അതുകൊണ്ട്, നിങ്ങളുടെ സ്വർഗസ്ഥപിതാവിന് സർവത്തിലും പരിപൂർണതയുള്ളതുപോലെ നിങ്ങളും സർവത്തിലും പരിപൂർണരാകുക.
-
31 മറ്റുള്ളവർ നിങ്ങളോടു ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നിങ്ങൾ അവരോടും ചെയ്യുക.
32 “നിങ്ങളെ സ്നേഹിക്കുന്നവരെമാത്രം സ്നേഹിച്ചാൽ അതിൽ നിങ്ങൾക്ക് അഭിമാനിക്കാൻ എന്താണുള്ളത്? പാപികളെന്നു സമൂഹം പരിഗണിക്കുന്നവരും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുണ്ടല്ലോ. 33 നിങ്ങൾക്കു നന്മ ചെയ്യുന്നവർക്കു നിങ്ങൾ നന്മ ചെയ്താൽ അതിൽ അഭിമാനിക്കാൻ എന്താണുള്ളത്? പാപികളും അതുതന്നെ ചെയ്യുന്നുണ്ടല്ലോ. 34 തിരികെ ലഭിക്കുമെന്നു പ്രതീക്ഷിച്ചുകൊണ്ട് നിങ്ങൾ വായ്പകൊടുത്താൽ അതിൽ നിങ്ങൾക്ക് എന്താണ് അഭിമാനിക്കാനുള്ളത്? പാപികളും എല്ലാം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയോടെ, പാപികൾക്കു വായ്പകൊടുക്കുന്നുണ്ടല്ലോ. 35 എന്നാൽ നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക; അവർക്കു നന്മ ചെയ്യുക; തിരികെ ലഭിക്കുമെന്ന പ്രതീക്ഷകൂടാതെ അവർക്കു വായ്പകൊടുക്കുക. അപ്പോൾ നിങ്ങളുടെ പ്രതിഫലം മഹത്തായിരിക്കും. അങ്ങനെയാണ് പരമോന്നതന്റെ മക്കൾ പ്രവർത്തിക്കുക; കാരണം, അവിടന്നു നന്ദികെട്ടവരോടും ദുഷ്ടരോടും ദയാലുവാകുന്നു.
-
15 “നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കൽപ്പനകൾ അനുസരിക്കും.
-
5 ഈ പ്രത്യാശ നമ്മെ ലജ്ജിതരാക്കുന്നില്ല. കാരണം, പരിശുദ്ധാത്മാവിനെ നൽകുന്നതിലൂടെ ദൈവം അവിടത്തെ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ സമൃദ്ധമായി വർഷിച്ചിരിക്കുന്നു.
-
9 അവിടത്തെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനോടുള്ള കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തനാണല്ലോ.
10 സഹോദരങ്ങളേ, നിങ്ങളുടെ ഇടയിൽ ഒരു ഭിന്നതയുമില്ലാതെ, തികഞ്ഞ ഐകമത്യം പാലിച്ചുകൊണ്ട് നിങ്ങൾ ഒരേ മനസ്സും ഒരേ ചിന്തയും ഉള്ളവരായിരിക്കാൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ അപേക്ഷിക്കുന്നു.
-
20 ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഇനിമുതൽ ജീവിക്കുന്നത് ഞാനല്ല; ക്രിസ്തു ആണ് എന്നിൽ ജീവിക്കുന്നത്. എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി സ്വയം അർപ്പിക്കുകയുംചെയ്ത ദൈവപുത്രനിലുള്ള വിശ്വാസംമൂലമാണ് ഞാൻ ഇപ്പോൾ ഈ ശരീരത്തിൽ ജീവിക്കുന്നത്.
-
6 ക്രിസ്തുയേശുവിൽ വിശ്വാസം അർപ്പിച്ചവർക്ക്, പരിച്ഛേദനവും പരിച്ഛേദനമില്ലായ്മയും ഒരു വ്യത്യാസവും സൃഷ്ടിക്കുന്നില്ല; മറിച്ച് സ്നേഹത്തിലൂടെയുള്ള വിശ്വാസംമാത്രമേ പ്രവർത്തനക്ഷമമാകുകയുള്ളൂ.
-
4 എന്നിട്ടും കരുണയിൽ അതിസമ്പന്നനായ ദൈവം, നമ്മോടുള്ള അവിടത്തെ അതിരില്ലാത്ത സ്നേഹംനിമിത്തം, നാം നിയമലംഘനങ്ങളിൽ മൃതരായിരുന്നപ്പോൾത്തന്നെ 5 ക്രിസ്തുവിനോടുകൂടെ നമ്മെ ജീവനുള്ളവരാക്കി; ദൈവകൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നത്. 6 ക്രിസ്തുയേശുവിനോടുകൂടി ദൈവം നമ്മെ ഉയിർപ്പിച്ച് സ്വർഗത്തിൽ അവിടത്തോടൊപ്പം നമ്മെ ഇരുത്തുകയും ചെയ്തു. 7 അവിടന്ന് ഇപ്രകാരം ചെയ്തത്, നമ്മോടുള്ള ദയയാൽ, ക്രിസ്തുയേശുവിലൂടെ നമുക്ക് കൃപയുടെ അതുല്യമായ സമൃദ്ധി വരുംകാലങ്ങളിൽ പ്രദർശിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു.
-
6 അതുകൊണ്ട്, ദൈവത്തിന്റെ ശക്തിയേറിയ കരത്തിൻകീഴിൽ വിനയാന്വിതരായിരിക്കുക. അപ്പോൾ അവിടന്ന് തക്കസമയത്ത് നിങ്ങളെ ഉയർത്തും. 7 ദൈവം നിങ്ങളുടെ സകലകാര്യങ്ങളിലും ശ്രദ്ധാലുവായിരിക്കുകയാൽ നിങ്ങളുടെ എല്ലാ ആകുലചിന്തകളും ദൈവത്തിൽ സമർപ്പിക്കുക.
-
15 ലോകത്തെയോ ലോകത്തിലുള്ള ഏതിനെയെങ്കിലുമോ സ്നേഹിക്കരുത്. ഒരാൾ ലോകത്തെ സ്നേഹിക്കുന്നെങ്കിൽ പിതാവിന്റെ സ്നേഹം അയാളിൽ ഇല്ല. 16 കാരണം ലോകത്തിലുള്ള സകലതും—ജഡികാസക്തി, കൺമോഹം, ജീവനത്തിന്റെ അഹന്ത എന്നിവയെല്ലാംതന്നെ—പിതാവിൽനിന്നല്ല, ലോകത്തിൽനിന്നാണ്. 17 ലോകവും അതിനോടുകൂടെയുള്ള മോഹങ്ങളും നീങ്ങിപ്പോകുന്നു; എന്നാൽ ദൈവഹിതം ചെയ്യുന്നവർ സദാകാലം നിലനിൽക്കുന്നു.
-
22 പിന്നെ യഹോവയായ ദൈവം, മനുഷ്യനിൽ നിന്നെടുത്ത വാരിയെല്ലുകൊണ്ട് ഒരു സ്ത്രീയെ ഉണ്ടാക്കി, അവളെ മനുഷ്യന്റെ അടുക്കലേക്ക് ആനയിച്ചു.
23 അപ്പോൾ മനുഷ്യൻ ഇപ്രകാരം പറഞ്ഞു:
“ഇത് എന്റെ അസ്ഥിയിൽനിന്നുള്ള അസ്ഥിയും
എന്റെ മാംസത്തിൽനിന്നുള്ള മാംസവും ആകുന്നു;
നരനിൽനിന്ന് എടുത്തിരിക്കുകയാൽ
ഇവൾക്കു ‘നാരി’ എന്നു പേരാകും.”
24 ഈ കാരണത്താൽ ഒരു പുരുഷൻ തന്റെ മാതാപിതാക്കളെ വിട്ടുപിരിഞ്ഞ് തന്റെ ഭാര്യയോടു സംയോജിക്കും; അവർ ഒരു ശരീരമായിത്തീരും.
-
4 അഹന്തനിറഞ്ഞവരിൽ ആശ്രയിക്കാതെയും
വ്യാജദൈവങ്ങളിലേക്കു തിരിയാതെയും
യഹോവയിൽ ആശ്രയിക്കുന്ന
മനുഷ്യർ അനുഗൃഹീതർ.
-
3 കാരണം അവിടത്തെ അചഞ്ചലസ്നേഹം ജീവനെക്കാൾ നല്ലതാകുന്നു,
എന്റെ അധരങ്ങൾ അങ്ങയെ മഹത്ത്വപ്പെടുത്തും.
4 എന്റെ ജീവിതകാലംമുഴുവനും ഞാൻ അങ്ങയെ സ്തുതിക്കും,
അവിടത്തെ നാമത്തിൽ ഞാൻ എന്റെ കൈകൾ ഉയർത്തും.
-
11 എന്റെ കുഞ്ഞേ, യഹോവയുടെ ശിക്ഷണം നിരസിക്കരുത്,
അവിടത്തെ ശാസനയോട് അമർഷം തോന്നുകയുമരുത്,
12 കാരണം, ഒരു പിതാവ് തന്റെ പ്രിയപുത്രനോട് എന്നതുപോലെ
യഹോവ, താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു.
-
10 യഹോവയുടെ നാമം കെട്ടുറപ്പുള്ള ഒരു കോട്ടയാണ്;
നീതിനിഷ്ഠർ അവിടേക്കോടിച്ചെന്ന് സുരക്ഷിതരാകുന്നു.
-
2 ഇതാ, ദൈവം എന്റെ രക്ഷയാകുന്നു;
ഞാൻ വിശ്വസിക്കും, ഭയപ്പെടുകയില്ല.
യഹോവ, യഹോവതന്നെ എന്റെ ബലവും എന്റെ സംഗീതവും ആകുന്നു;
അവിടന്ന് എന്റെ രക്ഷയായും തീർന്നിരിക്കുന്നു.”
-
2 അവരുടെ മക്കൾപോലും
ഉയർന്ന മലകളിൽ
ഇലതൂർന്ന മരങ്ങൾക്കരികെയുള്ള
അവരുടെ ബലിപീഠങ്ങളെയും അശേരാപ്രതിഷ്ഠകളെയും ഓർക്കുന്നുവല്ലോ.
-
9 അതുകൊണ്ട് ദൈവം സംയോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്.”
-
1 യെഹൂദരുടെ ഭരണസമിതിയിൽ നിക്കോദേമൊസ് എന്നു പേരുള്ള ഒരു പരീശൻ ഉണ്ടായിരുന്നു. 2 അദ്ദേഹം രാത്രിയിൽ യേശുവിന്റെ അടുക്കൽവന്നു പറഞ്ഞു, “റബ്ബീ, അങ്ങു ദൈവത്തിന്റെ അടുക്കൽനിന്ന് വന്ന ഒരു ആചാര്യനാണ് എന്നു ഞങ്ങൾ മനസ്സിലാക്കുന്നു. ദൈവം കൂടെയില്ലെങ്കിൽ അങ്ങു ചെയ്യുന്ന ഈ ചിഹ്നങ്ങൾ ചെയ്യാൻ ആർക്കും സാധ്യമല്ല.”
3 “ഞാൻ താങ്കളോട് സത്യം സത്യമായി പറയട്ടെ: വീണ്ടും ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണാൻ ആർക്കും കഴിയുകയില്ല” യേശു പ്രതിവചിച്ചു.
-
5 ഇതിനായി ഞങ്ങളെ ഒരുക്കി ആത്മാവെന്ന നിക്ഷേപം ആദ്യഗഡുവായി ഞങ്ങൾക്കു നൽകിയത് ദൈവമാണ്.
6 അതിനാൽ ഞങ്ങൾ എപ്പോഴും ധൈര്യപ്പെട്ടിരിക്കുന്നു; ഈ ശരീരത്തിൽ വസിക്കുന്ന കാലംവരെ ഞങ്ങൾ കർത്താവിൽനിന്ന് അകലെയായിരിക്കുന്നെന്ന് അറിയുന്നു. 7 ദൃശ്യമായതിൽ ആശ്രയിച്ചുകൊണ്ടല്ല, അദൃശ്യമായതിൽ വിശ്വാസമർപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്.
-
14 ഞങ്ങളെ ഭരിക്കുന്നത് ക്രിസ്തുവിന്റെ സ്നേഹമാണ്. കാരണം, എല്ലാവർക്കുംവേണ്ടി ക്രിസ്തു മരിച്ചതുകൊണ്ട് ഇനി നമുക്ക് സ്വന്തമായി ഒരു ജീവിതമേയില്ല. 15 ജീവിക്കുന്നവർ ഇനിമേൽ തങ്ങൾക്കായിട്ടല്ല, മരിച്ച് പുനരുത്ഥാനംചെയ്ത ക്രിസ്തുവിനുവേണ്ടിയാണു ജീവിക്കേണ്ടത്. അതിനായി അവിടന്ന് എല്ലാവർക്കുംവേണ്ടി മരിച്ചു.
-
8 ക്രിസ്തുയേശുവിന് നിങ്ങളോടുള്ള അതേ വാത്സല്യത്തോടെ നിങ്ങളെയെല്ലാം കാണാൻ ഞാൻ എത്ര ആഗ്രഹിക്കുന്നു എന്നതിനു ദൈവംതന്നെ സാക്ഷി.
9 ആഴത്തിലുള്ള അറിവിലും തികഞ്ഞ വിവേകത്തിലും നിങ്ങളുടെ സ്നേഹം അധികമധികം വർധിച്ചുവന്ന്
-
1 ആകയാൽ (ഇങ്ങനെ നിങ്ങളും കഷ്ടതയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാൽ) നിങ്ങൾ ക്രിസ്തുവിനോട് ചേർന്നിരിക്കുന്നതിലൂടെ എന്തെങ്കിലും പ്രോത്സാഹനം ലഭിച്ചിട്ടുണ്ടോ? അവിടത്തെ സ്നേഹത്തിൽനിന്ന് എന്തെങ്കിലും ആശ്വാസം ലഭിച്ചിട്ടുണ്ടോ? ദൈവാത്മാവിൽ വല്ല കൂട്ടായ്മയും നിങ്ങൾക്കുണ്ടോ? അൽപ്പമെങ്കിലും ആർദ്രതയും അനുകമ്പയും ഉണ്ടോ? ഉണ്ടെങ്കിൽ 2 നിങ്ങൾ ഒരേ ഹൃദയവും ഒരേ സ്നേഹവും ഉള്ളവരായി, ആത്മാവിലും ലക്ഷ്യത്തിലും ഐക്യവും ഉള്ളവരായി, എന്റെ ആനന്ദം സമ്പൂർണമാക്കുക. 3 സ്വാർഥതാത്പര്യത്താലോ വൃഥാഭിമാനത്താലോ ഒന്നും ചെയ്യാതെ വിനയപൂർവം മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠർ എന്നു കരുതുക. 4 നിങ്ങളിൽ ഓരോരുത്തരും സ്വന്തം നന്മമാത്രമല്ല, മറ്റുള്ളവരുടെ നന്മകൂടി അന്വേഷിക്കേണ്ടതാണ്.
-
9 അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവ, ദൈവം ആകുന്നു എന്നും അവിടത്തെ സ്നേഹിക്കുകയും അവിടത്തെ കൽപ്പനകൾ പാലിക്കുകയും ചെയ്യുന്നവർക്ക് ആയിരം തലമുറവരെ സ്നേഹത്തിന്റെ ഉടമ്പടി ഉറപ്പിക്കുന്ന വിശ്വസ്തനായ ദൈവമാണ് യഹോവ എന്നും നിങ്ങൾ അറിയണം.
-
21 എന്റെ ഹൃദയത്തിൽ കയ്പു നിറയുകയും
എന്റെ അന്തരംഗം തകർന്നടിയുകയും ചെയ്തപ്പോൾ,
22 തിരുമുമ്പിൽ ഞാൻ ഒരു ഭോഷനും അജ്ഞനും
വിവേകമില്ലാത്ത ഒരു മൃഗത്തെപ്പോലെയുള്ളവനും ആയിരുന്നു.
23 എങ്കിലും ഞാൻ എപ്പോഴും അങ്ങയോടൊപ്പം ആയിരിക്കുന്നു;
അവിടന്ന് എന്റെ വലങ്കൈയിൽ പിടിച്ചിരിക്കുന്നു.
24 അവിടന്ന് എനിക്ക് ആലോചന നൽകി നടത്തുന്നു,
അതിനുശേഷം അവിടത്തെ മഹത്ത്വത്തിലേക്ക് എന്നെ ആനയിക്കുന്നു.
25 സ്വർഗത്തിൽ അങ്ങല്ലാതെ മറ്റാരാണ് എനിക്കുള്ളത്?
ഭൂമിയിലും അങ്ങയെ അല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല.
26 എന്റെ ശരീരവും ഹൃദയവും ദുർബലമായേക്കാം,
എന്നാൽ ദൈവം എന്റെ ഹൃദയത്തിന്റെ ശക്തിയും
എന്നേക്കുമുള്ള എന്റെ ഓഹരിയും ആകുന്നു.
-
1 അവിടന്ന് എന്നെ കേട്ടിരിക്കയാൽ, ഞാൻ യഹോവയെ സ്നേഹിക്കുന്നു;
കരുണയ്ക്കായുള്ള എന്റെ യാചനയും അവിടന്ന് കേട്ടല്ലോ.
2 അവിടത്തെ ചെവി എന്നിലേക്കു ചായ്ച്ചതുകൊണ്ട്,
എന്റെ ജീവിതകാലമൊക്കെയും ഞാൻ അവിടത്തെ വിളിച്ചപേക്ഷിക്കും.
3 മരണപാശങ്ങൾ എന്നെ ചുറ്റി,
പാതാളവേദനകൾ എന്നെ പിടികൂടി;
കഷ്ടവും സങ്കടവും എനിക്കു നേരിട്ടു.
4 അപ്പോൾ “യഹോവേ, എന്നെ രക്ഷിക്കണമേ!”
എന്നു ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.
-
18 നിന്റെ ജലധാര അനുഗൃഹീതമാകട്ടെ,
നിന്റെ യൗവനത്തിലെ ധർമപത്നിയുമൊത്ത് ആനന്ദിക്കുക.
19 അവൾ അനുരാഗിയായ മാൻപേട, അതേ അഴകാർന്ന മാനിനും തുല്യം—
അവളുടെ മാറിടം എപ്പോഴും നിന്നെ തൃപ്തനാക്കട്ടെ,
അവളുടെ പ്രേമത്താൽ നീ എപ്പോഴും ലഹരിപിടിച്ചവനായിരിക്കട്ടെ.
-
25 മനുഷ്യരെ ഭയക്കുന്നത് അപകടകരമായ ഒരു കെണിയാണ്,
എന്നാൽ യഹോവയെ ഭയപ്പെടുന്നവർ സുരക്ഷിതരായിരിക്കും.
-
10 പർവതങ്ങൾ ഇളകിപ്പോകും,
കുന്നുകൾ മാറിപ്പോകും,
എങ്കിലും എന്റെ അചഞ്ചലസ്നേഹം നിന്നെവിട്ടു നീങ്ങുകയോ
എന്റെ സമാധാന ഉടമ്പടി ലംഘിക്കപ്പെടുകയോ ഇല്ല,”
എന്നു നിന്നോടു കരുണാമയനായ യഹോവ അരുളിച്ചെയ്യുന്നു.
-
3 യഹോവ ദൂരത്തുനിന്ന് പ്രത്യക്ഷനായി ഇസ്രായേലിനോട് അരുളിച്ചെയ്തു:
“നിത്യസ്നേഹത്താൽ ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു;
അതിരുകളില്ലാത്ത സ്നേഹത്തോടെ ഞാൻ നിന്നെ എന്നിലേക്കടുപ്പിച്ചിരിക്കുന്നു.
-
36 അവർ പറഞ്ഞതു ഗൗനിക്കാതെ യേശു പള്ളിമുഖ്യനോട്, “ഭയപ്പെടേണ്ട; വിശ്വസിക്കുകമാത്രം ചെയ്യുക” എന്നു പറഞ്ഞു.
-
21 എന്റെ കൽപ്പനകൾ സ്വീകരിച്ച് അനുസരിക്കുന്നവർ എന്നെ സ്നേഹിക്കുന്നു; എന്നെ സ്നേഹിക്കുന്നവരെ എന്റെ പിതാവു സ്നേഹിക്കും. ഞാനും അവരെ സ്നേഹിക്കുകയും എന്നെത്തന്നെ അവർക്കു വെളിപ്പെടുത്തുകയും ചെയ്യും.”
22 അപ്പോൾ ഈസ്കര്യോത്ത് അല്ലാത്ത യൂദാ ചോദിച്ചു: “കർത്താവേ, അവിടന്നു ലോകത്തിനല്ല, ഞങ്ങൾക്കുതന്നെ സ്വയം വെളിപ്പെടുത്താൻ ഇച്ഛിക്കുന്നതെന്തുകൊണ്ട്?”
23 യേശു മറുപടി പറഞ്ഞു: “എന്നെ സ്നേഹിക്കുന്നവർ എന്റെ ഉപദേശം അനുസരിക്കും. എന്റെ പിതാവ് അവരെ സ്നേഹിക്കും; ഞങ്ങൾ അവരുടെ അടുക്കൽവന്ന് അവരോടുകൂടെ വസിക്കും.
-
27 സമാധാനം ഞാൻ നിങ്ങൾക്കു തന്നിട്ടുപോകുന്നു. ഞാൻ നിങ്ങൾക്കു തരുന്നത് എന്റെ സമാധാനമാണ്, അത് ലോകം തരുന്നതുപോലെ അല്ല. നിങ്ങളുടെ ഹൃദയം അതിദുഃഖിതമാകരുത്; നിങ്ങൾ ഭയന്നുപോകുകയുമരുത്.
-
9 “ഒരു കണ്ണും കണ്ടിട്ടില്ലാത്തതും
ഒരു കാതും കേട്ടിട്ടില്ലാത്തതും
ഒരു മനുഷ്യഹൃദയവും ചിന്തിച്ചിട്ടില്ലാത്തതും,”
എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെയുള്ളത്,
ദൈവം അവിടത്തെ സ്നേഹിക്കുന്നവർക്കായി ഒരുക്കിവെച്ചിരിക്കുന്നു!
-
11 എന്നാൽ ദൈവപുരുഷാ, നീയോ ഇവയിൽനിന്നെല്ലാം ഓടിയകലുക. നീതി, ഭക്തി, വിശ്വാസം, സ്നേഹം, സഹിഷ്ണുത, സൗമ്യത എന്നിവയെ അനുഗമിക്കുക. 12 വിശ്വാസത്തിന്റെ നല്ല യുദ്ധംചെയ്യുക. നിത്യജീവനെ മുറുകെപ്പിടിക്കുക; അതിനായി നീ വിളിക്കപ്പെടുകയും അനേകസാക്ഷികളുടെമുമ്പിൽ ആ കാര്യം ഏറ്റുപറയുകയും ചെയ്തിട്ടുണ്ടല്ലോ.
-
16 എല്ലാ തിരുവെഴുത്തും ദൈവനിശ്വസിതമാണ്; അത് ഉപദേശിക്കാനും ശാസിക്കാനും തെറ്റ് തിരുത്താനും നീതിയുക്തമായ ജീവിതം അഭ്യസിപ്പിക്കാനും പ്രയോജനപ്രദമാണ്. 17 അങ്ങനെ ദൈവമനുഷ്യൻ നൈപുണ്യമുള്ളവനായി സകലസൽപ്രവൃത്തികൾക്കും സുസജ്ജനായിത്തീരുന്നു.
-
1 നിങ്ങൾ സഹോദരങ്ങളെപ്പോലെ പരസ്പരം സ്നേഹിക്കുക. 2 അതിഥികളെ ഉപചരിക്കുന്നതിൽ ഉപേക്ഷ വിചാരിക്കരുത്; ചിലർ അതിലൂടെ അറിയാതെതന്നെ ദൈവദൂതന്മാരെ സൽക്കരിച്ചിട്ടുണ്ടല്ലോ. 3 നിങ്ങൾ അവരോടുകൂടെ തടവിലായിരുന്നു എന്നപോലെ തടവുകാരെയും നിങ്ങളും അവരോടൊപ്പം പീഡനം സഹിക്കുന്നവർ എന്നപോലെ പീഡിതരെയും ഓർക്കുക.
-
6 എന്നാൽ, അയാൾ ഒട്ടും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കണം; സംശയിക്കുന്നയാൾ കാറ്റടിച്ച് ഇളകിമറിയുന്ന കടൽത്തിരയ്ക്ക് തുല്യം.
-
1 യേശുതന്നെയാണ് ക്രിസ്തു എന്നു വിശ്വസിക്കുന്ന ഏതൊരാളും ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. പിതാവിനെ സ്നേഹിക്കുന്ന ഏതൊരാളും ദൈവത്തിൽനിന്നു ജനിച്ച ആളെയും സ്നേഹിക്കുന്നു. 2 ദൈവത്തെ സ്നേഹിക്കുകയും അവിടത്തെ കൽപ്പനകൾ പാലിക്കുകയും ചെയ്യുന്നതിലൂടെ നാം ദൈവമക്കളെയും സ്നേഹിക്കുന്നു എന്ന് നമുക്കറിയാം. 3 ദൈവത്തോടുള്ള സ്നേഹത്തിന്റെ ആധാരം ദൈവത്തിന്റ കൽപ്പനകൾ പാലിക്കുന്നതുതന്നെയാണ്. അവിടത്തെ കൽപ്പനകൾ ഭാരമുള്ളവയല്ല.
-
1 യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാ,
പിതാവായ ദൈവത്താൽ സ്നേഹിക്കപ്പെട്ടും യേശുക്രിസ്തുവിനായി സംരക്ഷിക്കപ്പെട്ടുമിരിക്കുന്ന വിളിക്കപ്പെട്ടവർക്ക്, എഴുതുന്നത്:
2 നിങ്ങൾക്കു കരുണയും സമാധാനവും സ്നേഹവും സമൃദ്ധമായി ഉണ്ടാകുമാറാകട്ടെ.
3 പ്രിയരേ, നാം പങ്കാളികളായിരിക്കുന്ന രക്ഷയെപ്പറ്റി നിങ്ങൾക്ക് എഴുതാൻ ഞാൻ അത്യന്തം ഉത്സാഹിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ദൈവം വിശുദ്ധർക്ക് ഒരിക്കലായി ഏൽപ്പിച്ചിട്ടുള്ള വിശ്വാസത്തിനുവേണ്ടി അടരാടാൻ പ്രബോധിപ്പിച്ചുകൊണ്ട് നിങ്ങൾക്ക് എഴുതാൻ ഞാൻ നിർബന്ധിതനായി.
Shows Read in context, Share and Copy.