35 Bible Verses About Planning

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Planning
  1. 13 “ഇന്നോ നാളെയോ ഞങ്ങൾ ഏതെങ്കിലും പട്ടണത്തിൽ ചെന്ന് ഒരുവർഷം വ്യാപാരംചെയ്ത് ധനം സമ്പാദിക്കും” എന്നു പറയുന്നവരേ, കേൾക്കുക: 14 നാളെ എങ്ങനെയുള്ളതായിരിക്കും എന്ന് ആർക്കും അറിയില്ലല്ലോ. എന്താണ് നിങ്ങളുടെ ജീവിതം? ക്ഷണനേരത്തേക്കു ദൃശ്യമാകുന്നതും പിന്നെ അദൃശ്യമാകുന്നതുമായ മൂടൽമഞ്ഞുമാത്രമല്ലേ? 15 “കർത്തൃഹിതമെങ്കിൽമാത്രം ഞങ്ങൾ ജീവിച്ചിരുന്ന് ഇതൊക്കെ ചെയ്യും” എന്നല്ലേ നിങ്ങൾ പറയേണ്ടത്? 16 എന്നാൽ, നിങ്ങൾ സ്വയം പ്രശംസിക്കുകയും വീമ്പിളക്കുകയുംചെയ്യുന്നു. ഇത്തരം ആത്മപ്രശംസ എല്ലാം തിന്മയാണ്. 17 ഒരാൾ ചെയ്യേണ്ടുന്ന നന്മ എന്താണെന്ന് അറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നത് അവർക്കു പാപമാണ്.

  2. 11 കാരണം നിങ്ങളെക്കുറിച്ചുള്ള എന്റെ പദ്ധതികൾ എനിക്കറിയാം, നിങ്ങൾക്കു തിന്മയ്ക്കായിട്ടല്ല, മറിച്ച് നിങ്ങൾക്കൊരു ഭാവിയും ഒരു പ്രത്യാശയും നൽകാൻ തക്കവണ്ണം നന്മയ്ക്കായിട്ടുള്ള ലക്ഷ്യങ്ങളാണ് അവ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. 12 “അന്ന് നിങ്ങൾ എന്നെ വിളിച്ചപേക്ഷിക്കുകയും എന്റെ അടുക്കൽവന്ന് എന്നോടു പ്രാർഥിക്കുകയും ഞാൻ നിങ്ങളുടെ പ്രാർഥന കേൾക്കുകയും ചെയ്യും. 13 നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണഹൃദയത്തോടെ എന്നെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും.

  3. 1 ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യനുള്ളവ,

    എന്നാൽ നാവിൽനിന്നുള്ള ശരിയായ ഉത്തരം യഹോവയിൽനിന്നു വരുന്നു.

    2 മനുഷ്യനു തന്റെ വഴികളെല്ലാം കുറ്റമറ്റതെന്നു തോന്നുന്നു,

    എന്നാൽ യഹോവ അതിന്റെ ഉദ്ദേശ്യശുദ്ധി തൂക്കിനോക്കുന്നു.

    3 നിന്റെ പ്രവൃത്തികളെല്ലാം യഹോവയ്ക്കു സമർപ്പിക്കുക,

    അപ്പോൾ നിന്റെ പദ്ധതികളെല്ലാം അവിടന്നു സ്ഥിരമാക്കും.

    4 യഹോവ സർവവും അതിന്റെ ഉദ്ദിഷ്ടലക്ഷ്യത്തിൽ എത്തിക്കുന്നു—

    ദുരന്തദിനത്തിനായി ദുഷ്ടരെപ്പോലും.

  4. 5 പൂർണഹൃദയത്തോടെ നീ യഹോവയിൽ വിശ്വാസമർപ്പിക്കുക

    സ്വന്തവിവേകത്തിൽ ആശ്രയിക്കുകയുമരുത്;

    6 നിന്റെ ചെയ്തികളെല്ലാം ദൈവികാംഗീകാരമുള്ളതായിരിക്കട്ടെ,

    അവിടന്ന് നിന്റെ സഞ്ചാരപാതകൾ നേരേയാക്കും.

    7 സ്വബുദ്ധിയിൽ, നീ ജ്ഞാനിയെന്നു ഭാവിക്കരുത്;

    യഹോവയെ ഭയപ്പെട്ട് തിന്മയിൽനിന്ന് അകന്നുനിൽക്കുക.

  5. 9 മനുഷ്യർ തങ്ങളുടെ ഹൃദയത്തിൽ പദ്ധതികൾ ആസൂത്രണംചെയ്യുന്നു,

    എന്നാൽ യഹോവ അവരുടെ കാലടികളുടെ ഗമനം ക്രമീകരിക്കുന്നു.

  6. 20 ഉപദേശം ശ്രദ്ധിക്കുകയും ശിക്ഷണം അംഗീകരിക്കുകയും ചെയ്യുക,

    അങ്ങനെ ശിഷ്ടകാലം നിങ്ങൾക്കു ജ്ഞാനിയായി ജീവിക്കാൻ കഴിയും.

    21 മനുഷ്യന്റെ ഹൃദയത്തിൽ നിരവധി പദ്ധതികളുണ്ട്,

    എന്നാൽ യഹോവയുടെ തീരുമാനങ്ങൾമാത്രം നടപ്പിലാകുന്നു.

  7. 8 “കാരണം എന്റെ ചിന്തകൾ നിങ്ങളുടെ ചിന്തകളല്ല,

    നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല,”

    എന്ന് യഹോവ അരുളിച്ചെയ്യുന്നു.

    9 “ആകാശം ഭൂമിയെക്കാൾ ഉന്നതമായിരിക്കുന്നതുപോലെ,

    എന്റെ വഴികൾ നിങ്ങളുടെ വഴികളെക്കാളും

    എന്റെ ചിന്തകൾ നിങ്ങളുടെ ചിന്തകളെക്കാളും ഉന്നതമാണ്.

    10 ആകാശത്തുനിന്നു

    പൊഴിയുന്ന മഴയും മഞ്ഞും

    ഭൂമി നനച്ച് അതിൽ വിത്തുകൾ മുളച്ച് വളർന്ന്,

    വിതയ്ക്കുന്നയാൾക്കു വിത്തും

    ഭക്ഷിക്കുന്നവർക്ക് ആഹാരവും നൽകാതെ

    മടങ്ങിപ്പോകാതിരിക്കുന്നതുപോലെയാണ്,

    11 എന്റെ വായിൽനിന്ന് പുറപ്പെടുന്ന എന്റെ വചനവും:

    എന്റെ ഹിതം നിറവേറ്റി

    ഏതിനുവേണ്ടി ഞാൻ അതിനെ അയച്ചുവോ ആ കാര്യം സാധിക്കാതെ

    അത് എന്റെ അടുക്കലേക്കു വൃഥാ മടങ്ങിവരികയില്ല.

  8. 28 “നിങ്ങളിൽ ഒരാൾ ഒരു ഗോപുരം പണിയാൻ ആഗ്രഹിക്കുന്നു എന്നിരിക്കട്ടെ. അയാൾ ആദ്യംതന്നെ ഇരുന്ന്, അതു പൂർത്തിയാക്കാൻ വേണ്ടുന്ന പണം ഉണ്ടോയെന്നു കണക്കുകൂട്ടുകയില്ലേ? 29 അല്ലാത്തപക്ഷം, അടിസ്ഥാനം ഇട്ടിട്ട് അയാൾക്ക് അതു പൂർത്തിയാക്കാൻ കഴിയാതെപോയാൽ അതു കാണുന്നവരെല്ലാവരും, 30 ‘ഇയാൾ ഗോപുരം പണിയാൻ തുടങ്ങി; പക്ഷേ, പൂർത്തിയാക്കാൻ കഴിവില്ലാതെപോയി’ എന്നു പറഞ്ഞു പരിഹസിക്കും.

    31 “ഒരു രാജാവു മറ്റൊരു രാജാവിനോടു യുദ്ധംചെയ്യാൻ പോകുന്നെന്നു സങ്കൽപ്പിക്കുക. അയാൾ ആദ്യം ഇരുന്ന്, തനിക്കുനേരേ 20,000 ഭടന്മാരുടെ സൈന്യവുമായി വരുന്ന രാജാവിനോട് യുദ്ധംചെയ്യാൻ തന്റെ 10,000 ഭടന്മാരുടെ സൈന്യത്തിന് സാധ്യമാകുമോ എന്ന് ആദ്യംതന്നെ ആലോചിക്കുകയില്ലേ? 32 അതിനു കഴിവില്ലെങ്കിൽ, ശത്രുരാജാവ് വളരെ ദൂരെയായിരിക്കുമ്പോൾത്തന്നെ ഒരു പ്രതിനിധിസംഘത്തെ അയച്ച് സമാധാനവ്യവസ്ഥകൾക്കായി അപേക്ഷിക്കുന്നു. 33 അതുപോലെതന്നെ, നിങ്ങളിൽ ഒരാൾ തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ അവർക്ക് എന്റെ ശിഷ്യരായിരിക്കാൻ സാധ്യമല്ല.

  9. 31 അതുകൊണ്ട്, ‘എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും’ എന്നിങ്ങനെ വിലപിച്ച് വ്യാകുലപ്പെടരുത്. 32 ദൈവത്തെ അറിയാത്തവരാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്കാവശ്യമെന്ന് നിങ്ങളുടെ സ്വർഗസ്ഥപിതാവിന് അറിയാം. 33 നിങ്ങൾ പരമപ്രധാനമായി ദൈവരാജ്യവും ദൈവനീതിയും തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും. 34 അതുകൊണ്ട്, നാളെയെക്കുറിച്ചു വ്യാകുലപ്പെടരുത്; നാളത്തെ ദിവസം അതിനായിത്തന്നെ വ്യാകുലപ്പെട്ടുകൊള്ളും; ഓരോ ദിവസത്തിനും അതിന്റേതായ ക്ലേശങ്ങൾ ഉണ്ടല്ലോ.

  10. 22 ബുദ്ധിയുപദേശത്തിന്റെ അഭാവംമൂലം പദ്ധതികൾ പരാജയപ്പെടുന്നു,

    എന്നാൽ നിരവധി വിദഗ്ധോപദേശം ലഭിച്ചാൽ അവ വിജയിക്കും.

  11. 11 പിന്നെ, ഞാൻ വലിയൊരു ശുഭ്രസിംഹാസനവും അതിന്മേൽ ഒരാളിരിക്കുന്നതും കണ്ടു. സിംഹാസനസ്ഥന്റെ സന്നിധിയിൽനിന്ന് ആകാശവും ഭൂമിയും അപ്രത്യക്ഷമായി. അവയെ പിന്നെ കണ്ടതുമില്ല. 12 വലിയവരും ചെറിയവരുമായി മരിച്ചവരെല്ലാവരും സിംഹാസനത്തിനുമുമ്പിൽ നിൽക്കുന്നതു ഞാൻ കണ്ടു. പുസ്തകങ്ങൾ തുറക്കപ്പെട്ടു; “ജീവന്റെ പുസ്തകം” എന്ന മറ്റൊരു പുസ്തകവും തുറന്നു. മരിച്ചവർ ഓരോരുത്തർക്കും പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന അവരുടെ പ്രവൃത്തികൾക്കനുസൃതമായി ന്യായവിധിയുണ്ടായി. 13 സമുദ്രം അതിലുള്ള മരിച്ചവരെ വിട്ടുകൊടുത്തു. മരണവും പാതാളവും അവയിലുള്ള മരിച്ചവരെയും വിട്ടുകൊടുത്തു. അവർ ഓരോരുത്തരും അവരവരുടെ പ്രവൃത്തികൾക്ക് അനുസൃതമായി ന്യായംവിധിക്കപ്പെട്ടു. 14 മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ എറിഞ്ഞുകളഞ്ഞു. ഈ തീപ്പൊയ്കയാണ് രണ്ടാമത്തെ മരണം. 15 ജീവന്റെ പുസ്തകത്തിൽ പേരെഴുതപ്പെട്ടിട്ടില്ലാത്ത എല്ലാവരെയും തീപ്പൊയ്കയിലേക്കു വലിച്ചെറിയും.

  12. 4 അവിടന്ന് നിങ്ങളുടെ ഹൃദയാഭിലാഷങ്ങൾ നിറവേറ്റട്ടെ

    നിങ്ങളുടെ ഉദ്യമങ്ങളെല്ലാം സഫലമാക്കട്ടെ.

  13. 28 ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അതായത്, അവിടത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്കുതന്നെ ദൈവം എല്ലാ കാര്യങ്ങളും നന്മയ്ക്കായി ചേർന്നു പ്രവർത്തിക്കുമാറാക്കുന്നു എന്നു നാം അറിയുന്നു.

  14. 6 ഹേ മടിയാ, നീ ഉറുമ്പുകളുടെ അടുത്തു പോകുക;

    അതിന്റെ പ്രവൃത്തികൾ നിരീക്ഷിച്ച് ജ്ഞാനിയാകുക!

    7 അവയ്ക്ക് അധിപതികളോ

    മേൽനോട്ടക്കാരോ ഭരണംനടത്തുന്നവരോ ഇല്ല,

    8 എന്നിട്ടും അവ വേനൽക്കാലത്തു ഭക്ഷ്യവസ്തുക്കൾ സംഭരിക്കുന്നു

    കൊയ്ത്തുകാലത്ത് ഭക്ഷണം സമാഹരിക്കുകയും ചെയ്യുന്നു.

    9 കുഴിമടിയാ, എത്രനാൾ നീ ഇങ്ങനെ മടിപിടിച്ചുകിടക്കും?

    എപ്പോഴാണ് നീ ഉറക്കം വെടിഞ്ഞുണരുന്നത്?

    10 ഒരൽപ്പം ഉറക്കം, ഒരൽപ്പം മയക്കം;

    ഒരൽപ്പനേരംകൂടി കൈകൾ കെട്ടിപ്പിണച്ചുള്ള വിശ്രമം,

    11 അങ്ങനെ ദാരിദ്ര്യം കൊള്ളക്കാരെപ്പോലെ നിന്റെമേൽ ചാടിവീഴും

    ദുർഭിക്ഷത ഒരു ആയുധപാണിയെപ്പോലെ നിന്നെ ആക്രമിക്കും.

  15. 5 ഉത്സാഹിയുടെ പദ്ധതികൾ ലാഭത്തിലേക്കു നയിക്കുന്നു,

    ധൃതികാട്ടുന്നത് ദാരിദ്ര്യത്തിലേക്കു നയിക്കും, നിശ്ചയം.

  16. 1 നാളെയെക്കുറിച്ചു വീരവാദം മുഴക്കരുത്,

    കാരണം ഓരോ ദിവസവും എന്തെല്ലാമാണു കൊണ്ടുവരുന്നതെന്നു നിങ്ങൾ അറിയുന്നില്ലല്ലോ.

  17. 16 അദ്ദേഹം അവരോട് ഈ സാദൃശ്യകഥയും പറഞ്ഞു: “ഒരു ധനികന്റെ കൃഷിസ്ഥലത്ത് സമൃദ്ധമായ വിളവുണ്ടായി. 17 എന്റെ വിളവു സൂക്ഷിക്കാൻ സ്ഥലം ഇല്ലല്ലോ ‘ഞാൻ എന്തുചെയ്യും?’ അയാൾ ആത്മഗതംചെയ്തു.

    18 “ഞാൻ ഇതാണ് ചെയ്യാൻപോകുന്നത്, ‘ഞാൻ എന്റെ ഭണ്ഡാരപ്പുരകൾ പൊളിച്ച് അവയിലും വലിയവ പണിയിക്കും; അവിടെ ഞാൻ എന്റെ ധാന്യവും മറ്റു വിളവുകളുമെല്ലാം സംഭരിച്ചുവെക്കും’ എന്ന് അയാൾ പറഞ്ഞു. 19 പിന്നെ ഞാൻ എന്നോടുതന്നെ, ‘എന്റെ ജീവനേ, അനേകം വർഷങ്ങളിലേക്കാവശ്യമായ ധാന്യവിഭവങ്ങളെല്ലാം സമൃദ്ധമായി നിന്റെ പക്കലുണ്ട്. ഇനി അധ്വാനിക്കേണ്ട; ഭക്ഷിച്ചുപാനംചെയ്ത് ആനന്ദിക്കുക’ എന്നു പറയും.

    20 “എന്നാൽ ദൈവം അവനോട്, ‘മടയാ, ഈ രാത്രിയിൽത്തന്നെ നിന്റെ ജീവനെ ഞാൻ നിന്നോടു ചോദിക്കും. പിന്നെ, നീ നിനക്കായി ഒരുക്കിവെച്ചത് ആര് അനുഭവിക്കും?’ എന്നു ചോദിച്ചു.

    21 “തനിക്കുവേണ്ടിത്തന്നെ വസ്തുവകകൾ സംഭരിച്ചുവെക്കുകയും എന്നാൽ ദൈവികകാര്യങ്ങളിൽ സമ്പന്നനാകാതിരിക്കുകയുംചെയ്യുന്ന ഏതൊരു വ്യക്തിയുടെയും അവസ്ഥ ഇങ്ങനെതന്നെ ആകും.”

    22 ഈ സംഭാഷണത്തിനുശേഷം യേശു ശിഷ്യന്മാരോടു തുടർന്നു പറഞ്ഞത്: “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും എന്ന് ജീവസന്ധാരണത്തെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങൾ വ്യാകുലപ്പെടരുത്. 23 ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളതാണ്? 24 കാക്കകളെ നോക്കുക! അവ വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യുന്നില്ല; അവയ്ക്കു ഭണ്ഡാരശാലയോ കളപ്പുരയോ ഇല്ല; എങ്കിലും ദൈവം അവയ്ക്കു ഭക്ഷണം നൽകുന്നില്ലേ? പക്ഷികളെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ! 25 വ്യാകുലപ്പെടുന്നതിലൂടെ തന്റെ ജീവിതകാലയളവിനോട് ഒരു നിമിഷം കൂട്ടിച്ചേർക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ? 26 ഈ ഒരു ചെറിയ കാര്യത്തിനുപോലും കഴിവില്ലാതിരിക്കെ, ശേഷമുള്ളതിനെക്കുറിച്ചു നിങ്ങൾ ആകുലപ്പെടുന്നതെന്തിന്?

  18. 1 സഹോദരങ്ങളേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ വരവിനെയും അവിടത്തെ സന്നിധിയിലേക്കു നമ്മെ ഒരുമിച്ച് ചേർക്കുന്നതിനെയും സംബന്ധിച്ചാണ് ഞങ്ങൾ നിങ്ങളോടു വ്യക്തമാക്കുന്നത്. 2 കർത്താവിന്റെ ദിവസം വന്നുകഴിഞ്ഞു എന്നുറപ്പാക്കുന്ന ഏതെങ്കിലും തരത്തിലുള്ള പ്രവചനം, പ്രഭാഷണം, ഞങ്ങൾ എഴുതിയെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള ലേഖനം എന്നിവയാൽ നിങ്ങൾ അതിവേഗത്തിൽ ചഞ്ചലചിത്തരോ അസ്വസ്ഥരോ ആകരുത്. 3 ആരും ഒരുവിധത്തിലും നിങ്ങളെ വഞ്ചിക്കാൻ അനുവദിക്കരുത്. വിശ്വാസത്യാഗം സംഭവിക്കുകയും, തുടർന്ന് നിയമരാഹിത്യത്തിന്റെ മൂർത്തീമദ്ഭാവമായ വിനാശപുത്രൻ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതിനുമുമ്പ് കർത്താവിന്റെ ദിവസം വരികയില്ല! 4 ദൈവം എന്നും ആരാധ്യം എന്നും വിളിക്കപ്പെടുന്ന എല്ലാറ്റിനെയും അയാൾ ഉപരോധിക്കുകയും അവക്കെല്ലാം മീതേ സ്വയം ഉയർത്തി താൻതന്നെയാണ് ദൈവം എന്നവകാശപ്പെട്ട് ദൈവാലയത്തിൽ സ്വയം പ്രതിഷ്ഠിക്കുകയും ചെയ്യും.

    5 ഞാൻ നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ ഈ കാര്യങ്ങൾ പറഞ്ഞത് ഓർക്കുന്നില്ലേ?

  19. 8 പ്രഭാതം അവിടത്തെ അചഞ്ചലസ്നേഹത്തെപ്പറ്റിയുള്ള കേൾവിനൽകട്ടെ,

    കാരണം എന്റെ ആശ്രയം അങ്ങയിൽ ഞാൻ അർപ്പിക്കുന്നു.

    ഞാൻ പോകേണ്ടുന്ന വഴി എനിക്കു കാണിച്ചുതരണമേ,

    കാരണം എന്റെ ജീവൻ ഞാൻ അങ്ങയെ ഏൽപ്പിച്ചിരിക്കുന്നു.

  20. 17 അതുകൊണ്ട് ഭാവിയെപ്പറ്റി നിനക്കു പ്രത്യാശയ്ക്കു വകയുണ്ട്,”

    എന്ന് യഹോവ അരുളിച്ചെയ്യുന്നു.

    “നിന്റെ മക്കൾ അവരുടെ സ്വന്തം ദേശത്തേക്കു മടങ്ങിവരും.

  21. 8 നീ ഗമിക്കേണ്ടുന്ന പാത ഏതെന്നു നിന്നെ ഉപദേശിച്ചു പഠിപ്പിക്കും;

    നിന്റെമേൽ ദൃഷ്ടിവെച്ച് ഞാൻ നിനക്കു ബുദ്ധിയുപദേശം നൽകും.

  22. 12 ഞങ്ങൾക്കു ജ്ഞാനമുള്ളൊരു ഹൃദയം ലഭിക്കുന്നതിനുവേണ്ടി,

    ഞങ്ങളുടെ ദിനങ്ങൾ എണ്ണുന്നതിന് ഞങ്ങളെ അഭ്യസിപ്പിക്കണമേ.

  23. 18 ആലോചന സ്വീകരിക്കുന്നതുകൊണ്ട് പദ്ധതികൾ യാഥാർഥ്യമാകുന്നു;

    മാർഗദർശനം തേടാതെ യുദ്ധത്തിനു പുറപ്പെടരുത്.

  24. 27 വെളിയിൽ നിന്റെ വേല ക്രമീകരിക്കുക

    നിന്റെ പുരയിടം ഒരുക്കുക;

    അതിനുശേഷം നിന്റെ ഗൃഹനിർമിതി തുടങ്ങുക.

  25. 23 നിങ്ങളുടെ ആട്ടിൻപറ്റത്തിന്റെ അവസ്ഥ നന്നായി അറിഞ്ഞിരിക്കുക,

    നിങ്ങളുടെ കന്നുകാലികൾക്കും സൂക്ഷ്മശ്രദ്ധനൽകുക;

    24 കാരണം സമ്പത്ത് സദാ സുസ്ഥിരമായിരിക്കുകയില്ല,

    കിരീടം തലമുറകളായി സംരക്ഷിക്കപ്പെടുന്നതുമില്ല.

    25 ഉണങ്ങിയ പുല്ല് ചെത്തിനീക്കുകയും പുതുനാമ്പുകൾ മുളച്ചുവരികയുംചെയ്യുമ്പോൾ

    പർവതങ്ങളിൽനിന്നു സസ്യങ്ങൾ ശേഖരിക്കപ്പെടുന്നു,

    26 ആട്ടിൻപറ്റങ്ങൾ വസ്ത്രത്തിനുള്ള വകയും

    കോലാടുകൾ നിലത്തിനുള്ള വിലയും നേടിത്തരും.

    27 നിനക്കും കുടുംബത്തിനും കോലാട്ടിൻപാൽ സമൃദ്ധമായി ലഭിക്കും

    അത് നിങ്ങളുടെ ദാസീവൃന്ദത്തിന്റെ ജീവസന്ധാരണത്തിനും വകനൽകും.

  26. 1 എല്ലാറ്റിനും ഒരു സമയമുണ്ട്,

    ആകാശത്തിനുകീഴേയുള്ള ഓരോ പ്രവൃത്തിക്കും ഒരു നിശ്ചിതകാലവുമുണ്ട്.

    2 ജനനത്തിനൊരു കാലം, മരണത്തിനൊരു കാലം,

    നടുന്നതിനൊരു കാലം, വിളവെടുക്കുന്നതിനൊരു കാലം,

    3 കൊല്ലുന്നതിനൊരു കാലം, സൗഖ്യമാക്കുന്നതിനൊരു കാലം,

    ഇടിച്ചുനിരത്തുന്നതിനൊരു കാലം, പണിതുയർത്തുന്നതിനൊരു കാലം.

    4 കരയുന്നതിനൊരു കാലം, ചിരിക്കുന്നതിനൊരു കാലം,

    വിലപിക്കുന്നതിനൊരു കാലം, നൃത്തംചെയ്യുന്നതിനൊരു കാലം.

    5 കല്ലുകൾ ചിതറിക്കുന്നതിനൊരു കാലം, അവ ശേഖരിക്കുന്നതിനൊരു കാലം,

    ആലിംഗനം ചെയ്യുന്നതിനൊരു കാലം, അകന്നിരിക്കുന്നതിനൊരു കാലം,

    6 അന്വേഷിക്കുന്നതിനൊരു കാലം, ഉപേക്ഷിക്കുന്നതിനൊരു കാലം,

    സൂക്ഷിക്കുന്നതിനൊരു കാലം, എറിഞ്ഞുകളയുന്നതിനൊരു കാലം,

    7 കീറുന്നതിനൊരു കാലം, തുന്നിച്ചേർക്കുന്നതിനൊരു കാലം,

    മൗനമായിരിക്കുന്നതിനൊരു കാലം, സംസാരിക്കുന്നതിനൊരു കാലം,

    8 സ്നേഹിക്കുന്നതിനൊരു കാലം, വെറുക്കുന്നതിനൊരു കാലം,

    യുദ്ധംചെയ്യുന്നതിനൊരു കാലം, സമാധാനത്തിനൊരു കാലം.

  27. 10 നിന്റെ കരം ചെയ്യണമെന്നു കണ്ടെത്തുന്നതെന്തും എല്ലാ കരുത്തോടുംകൂടെ ചെയ്യുക, കാരണം നീ പോകുന്ന ശവക്കുഴിയിൽ പ്രവൃത്തിയോ ആസൂത്രണമോ പരിജ്ഞാനമോ ജ്ഞാനമോ ഇല്ല.

  28. 29 അവിടന്നു ക്ഷീണിതർക്കു ശക്തിനൽകുന്നു,

    ബലം കുറഞ്ഞവരുടെ ബലം വർധിപ്പിക്കുന്നു.

    30 യുവാക്കൾപോലും ക്ഷീണിച്ചു തളർന്നുപോകുന്നു,

    ചെറുപ്പക്കാർ കാലിടറി നിലംപൊത്തുന്നു;

    31 എങ്കിലും യഹോവയ്ക്കായി കാത്തിരിക്കുന്നവർ

    അവരുടെ ശക്തി പുതുക്കും.

    അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും;

    അവർ ഓടും, ക്ഷീണിക്കുകയില്ല,

    അവർ നടക്കും, തളർന്നുപോകുകയുമില്ല.

  29. 10 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേലിൽ എഴുപതുവർഷം തികഞ്ഞശേഷം ഞാൻ നിങ്ങളെ സന്ദർശിക്കും നിങ്ങളെ ഈ സ്ഥലത്തേക്കു തിരിച്ചുവരുത്തും എന്നുള്ള എന്റെ വാഗ്ദത്തം നിറവേറ്റും.

  30. 24 “അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനും പാപത്തിനു വിരാമംകുറിക്കുന്നതിനും അനീതിക്കു പ്രായശ്ചിത്തം ചെയ്യുന്നതിനും അനന്തമായ നീതി സ്ഥാപിക്കുന്നതിനും ദർശനവും പ്രവചനവും മുദ്രയിടുന്നതിനും അതിവിശുദ്ധസ്ഥലത്തെ അഭിഷേകം ചെയ്യുന്നതിനും നിന്റെ ജനത്തിനും വിശുദ്ധനഗരത്തിനും എഴുപത് ‘ഏഴുകൾ’ നിയമിച്ചിരിക്കുന്നു.

    25 “അതുകൊണ്ട് ഇത് അറിയുകയും മനസ്സിലാക്കുകയുംചെയ്യുക: ജെറുശലേമിനെ പുനരുദ്ധരിച്ചു പുനർനിർമിക്കാൻ കൽപ്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായ ഭരണാധിപന്റെ വരവുവരെ ഏഴ് ‘ഏഴുകളും’ അറുപത്തിരണ്ട് ‘ഏഴുകളും’ ഉണ്ടായിരിക്കും. അതു കഷ്ടതയുടെ കാലത്തുതന്നെ തെരുവീഥികളും കിടങ്ങുകളുമായി പുനർനിർമിക്കപ്പെടും. 26 അറുപത്തിരണ്ട് ‘ഏഴുകൾ’ ക്കുശേഷം അഭിഷിക്തൻ വധിക്കപ്പെടും; തനിക്കുവേണ്ടി അല്ലതാനും. വരാനിരിക്കുന്ന ഭരണാധിപന്റെ ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും. അതിന്റെ അവസാനം ഒരു പ്രളയംപോലെ കടന്നുവരും: അന്ത്യംവരെയും യുദ്ധങ്ങൾ തുടരും. വിനാശം പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. 27 ഒരു ‘ഏഴു’ കാലത്തേക്ക് അദ്ദേഹം പലരോടും ഉടമ്പടി ചെയ്യും. ‘ഏഴിന്റെ’ മധ്യത്തിൽ അദ്ദേഹം ദഹനയാഗവും ഭോജനയാഗവും നിർത്തലാക്കും. പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന അന്ത്യം അദ്ദേഹത്തിന്റെമേൽ വർഷിക്കുന്നതുവരെ എല്ലാറ്റിനെയും ഉന്മൂലനംചെയ്യുന്ന മ്ലേച്ഛത ദൈവാലയത്തിൽ അദ്ദേഹം സ്ഥാപിക്കും.”

  31. 1 “നിങ്ങളുടെ ഹൃദയം അതിദുഃഖിതമാകരുത്; ദൈവത്തിൽ വിശ്വസിക്കുക, എന്നിലും വിശ്വസിക്കുക. 2 എന്റെ പിതാവിന്റെ ഭവനത്തിൽ നിവാസയോഗ്യമായ സ്ഥലം വളരെയുണ്ട്. അങ്ങനെ അല്ലായിരുന്നെങ്കിൽ ഞാൻ നിങ്ങൾക്കുവേണ്ടി സ്ഥലമൊരുക്കാൻ പോകുന്നെന്നു പറയുമായിരുന്നോ? 3 ഞാൻ പോയി സ്ഥലമൊരുക്കിക്കഴിയുമ്പോൾ, നിങ്ങളും എന്നോടൊപ്പം ഞാൻ ആയിരിക്കുന്നേടത്ത് ആകേണ്ടതിന്, മടങ്ങിവന്നു നിങ്ങളെ എന്റെ അടുക്കൽ ചേർക്കും.

  32. 6 അപ്പൊസ്തലന്മാർ യേശുവിന്റെ ചുറ്റുംകൂടി, “കർത്താവേ, അവിടന്ന് ഇപ്പോഴാണോ ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചുനൽകുന്നത്?” എന്നു ചോദിച്ചു.

    7 അതിന് യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “പിതാവിന്റെ സ്വന്തം അധികാരപരിധിയിലുള്ള കാലഘട്ടങ്ങളെയും സമയങ്ങളെയുംകുറിച്ചു നിങ്ങൾ അറിയേണ്ടതില്ല. 8 എന്നാൽ, പരിശുദ്ധാത്മാവു നിങ്ങളിൽ ആവസിക്കുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചവരായി ജെറുശലേമിലും യെഹൂദ്യ പ്രവിശ്യയിലെല്ലായിടത്തും ശമര്യാപ്രവിശ്യയിലും ഭൂസീമകളോളവും എന്റെ സാക്ഷികളാകും.”

    9 ഈ സംഭാഷണത്തിനുശേഷം, അവർ നോക്കിക്കൊണ്ടിരിക്കെ, അവിടന്ന് മുകളിലേക്ക് എടുക്കപ്പെട്ടു. ഉടനെ ഒരു മേഘം അദ്ദേഹത്തെ അവരുടെ കാഴ്ചയിൽനിന്നു മറച്ചു.

    10 ശിഷ്യന്മാർ യേശു ആകാശത്തേക്ക് പോകുന്നത് സൂക്ഷിച്ചുനോക്കിക്കൊണ്ടിരിക്കുമ്പോൾ ഇതാ, ശുഭ്രവസ്ത്രധാരികളായ രണ്ട് പുരുഷന്മാർ അവരുടെ സമീപം നിൽക്കുന്നു! 11 “ഗലീലക്കാരായ പുരുഷന്മാരേ, നിങ്ങൾ ആകാശത്തേക്ക് തുറിച്ചുനോക്കി നിൽക്കുന്നത് എന്തിന്? നിങ്ങളിൽനിന്നു സ്വർഗത്തിലേക്കെടുക്കപ്പെട്ട ഈ യേശു, സ്വർഗത്തിലേക്കു പോകുന്നതായി നിങ്ങൾ കണ്ട അതേവിധത്തിൽത്തന്നെ തിരികെ വരും,” അവർ പറഞ്ഞു.

  33. 6 ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടരുത്, മറിച്ച് എല്ലാ കാര്യങ്ങളും പ്രാർഥനയോടും യാചനയോടും നിങ്ങളുടെ ആവശ്യങ്ങൾ ദൈവസന്നിധിയിൽ സ്തോത്രത്തോടുകൂടെ സമർപ്പിക്കുകയാണു വേണ്ടത്. 7 അങ്ങനെയെങ്കിൽ, മനുഷ്യന്റെ ഗ്രഹണശക്തിക്ക് അതീതമായ ദൈവികസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും ക്രിസ്തുയേശുവിൽ സംരക്ഷിക്കും.

  34. 8 എന്നാൽ നാം പകലിനുള്ളവർ ആയതിനാൽ, വിശ്വാസം, സ്നേഹം എന്നിവ കവചമായും, രക്ഷയുടെ പ്രത്യാശ ശിരോരക്ഷണമായും ധരിച്ചു നമുക്കു സുബോധമുള്ളവർ ആയിരിക്കാം. 9 ദൈവം നമ്മെ ക്രോധത്തിന് ഇരയാക്കാനല്ല; നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെയുള്ള രക്ഷയ്ക്കായാണ് നിയമിച്ചിരിക്കുന്നത്. 10 നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും അവിടത്തോടുകൂടെ ജീവിക്കേണ്ടതിനാണ് യേശു നമുക്കുവേണ്ടി മരിച്ചത്.

  35. 3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രം! ദൈവത്തിന്റെ മഹാകരുണയാൽ, മരിച്ചവരിൽനിന്ന് യേശുക്രിസ്തു പുനരുത്ഥാനംചെയ്തതിലൂടെ ജീവനുള്ള പ്രത്യാശയിലേക്കു നമുക്കു പുതുജനനം നൽകിയിരിക്കുന്നു. 4 ഈ പ്രത്യാശ, അനശ്വരവും നിർമലവും പ്രഭ മങ്ങാത്തതും സ്വർഗത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നതുമായ ഓഹരി നാം സ്വന്തമാക്കേണ്ടതിനാണ്.