76 Bible Verses About Love

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Love
  1. 7 പ്രിയരേ, നമുക്ക് പരസ്പരം സ്നേഹിക്കാം; സ്നേഹം ദൈവത്തിൽനിന്നുള്ളതാണ്. സ്നേഹിക്കുന്നവരെല്ലാം ദൈവത്തിൽനിന്നു ജനിച്ചവരും ദൈവത്തെ അറിഞ്ഞവരും ആണ്. 8 സ്നേഹിക്കാത്തവർ ദൈവത്തെ അറിയുന്നില്ല; ദൈവം സ്നേഹമാണ്. 9 നാം ദൈവപുത്രനിലൂടെ ജീവൻ പ്രാപിക്കേണ്ടതിനാണ് ദൈവം തന്റെ നിസ്തുലപുത്രനെ ലോകത്തിലേക്ക് അയച്ചത്. ഇങ്ങനെ ദൈവം തന്റെ സ്നേഹം നമുക്കു വെളിപ്പെടുത്തി. 10 ഇതാണ് സാക്ഷാൽ സ്നേഹം: നാം ദൈവത്തെ സ്നേഹിച്ചതല്ല, അവിടന്നു നമ്മെ സ്നേഹിച്ച് അവിടത്തെ പുത്രനെ നമ്മുടെ പാപനിവാരണയാഗത്തിനായി അയച്ചു. 11 പ്രിയരേ, ദൈവം നമ്മെ സ്നേഹിച്ചത് ഇപ്രകാരമാണെങ്കിൽ നാമും പരസ്പരം സ്നേഹിക്കാൻ കടപ്പെട്ടിരിക്കുന്നു. 12 ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; എന്നാൽ നാം പരസ്പരം സ്നേഹിക്കുന്നു എങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവിടത്തെ സ്നേഹം നമ്മിൽ സമ്പൂർണമാകുകയും ചെയ്തിരിക്കുന്നു.

  2. 16 ദൈവത്തിന്റെ നിസ്തുലപുത്രനിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയും നശിച്ചുപോകാതെ നിത്യജീവൻ അവകാശമാക്കേണ്ടതിന് അവിടത്തെ പുത്രനെ യാഗമായി അർപ്പിക്കുന്നത്ര ദൈവം ലോകത്തെ സ്നേഹിച്ചു. 17 ദൈവം അവിടത്തെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല, തന്നിലൂടെ ലോകത്തെ രക്ഷിക്കാനാണ്. 18 അവനിൽ വിശ്വസിക്കുന്ന ആർക്കും ശിക്ഷാവിധി ഇല്ല; എന്നാൽ വിശ്വസിക്കാത്തവർക്കോ, ദൈവത്തിന്റെ നിസ്തുലപുത്രന്റെ നാമത്തിൽ വിശ്വസിക്കാത്തതുകൊണ്ട്, ശിക്ഷാവിധി വന്നുകഴിഞ്ഞു.

  3. 16 ദൈവം നമ്മെ സ്നേഹിക്കുന്നെന്ന് ഞങ്ങൾ അറിയുകയും വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.

    ദൈവം സ്നേഹമാണ്. സ്നേഹത്തിൽ വസിക്കുന്നവർ ദൈവത്തിൽ വസിക്കുന്നു. ദൈവം അവരിലും വസിക്കുന്നു. 17 നാം ദൈവത്തിൽ വസിക്കുന്നതിലൂടെ നമ്മുടെ സ്നേഹം പൂർണതയിലേക്കു വളരുന്നു. അങ്ങനെ ന്യായവിധിദിവസത്തിൽ ഭയരഹിതരായി, ദൈവത്തെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ നമുക്ക് കഴിയും. കാരണം ഈ ലോകത്തിൽ നാം ജീവിക്കുന്നത് യേശുവിനെപ്പോലെ ആണല്ലോ. 18 സ്നേഹത്തിൽ ഭയമില്ല. സമ്പൂർണസ്നേഹം ഭയത്തെ ഇല്ലാതാക്കുന്നു. കാരണം, ഭയം ശിക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭയപ്പെടുന്ന വ്യക്തി സ്നേഹത്തിൽ സമ്പൂർണനല്ല.

    19 അവിടന്ന് നമ്മെ ആദ്യം സ്നേഹിച്ചതുകൊണ്ടാണ് നാം സ്നേഹിക്കുന്നത്. 20 ആരെങ്കിലും ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുകയും സഹോദരങ്ങളെ വെറുക്കുകയുംചെയ്യുന്നെങ്കിൽ അയാൾ അസത്യവാദിയാണ്; കാരണം, താൻ കണ്ടിട്ടുള്ള സഹോദരങ്ങളെ സ്നേഹിക്കാത്തവർക്ക് കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിക്കുക അസാധ്യമാണ്. 21 ദൈവത്തെ സ്നേഹിക്കുന്നവർ തങ്ങളുടെ സഹോദരങ്ങളെയും സ്നേഹിക്കണം. ഈ കൽപ്പനയാണ് അവിടന്നു നമുക്കു നൽകിയിരിക്കുന്നത്.

  4. 4 സ്നേഹം ക്ഷമയുള്ളതാണ്, സ്നേഹം ദയയുള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല, ആത്മപ്രശംസചെയ്യുന്നില്ല, സ്നേഹം അഹങ്കരിക്കുന്നില്ല. 5 അതു അന്യരെ അപമാനിക്കുന്നില്ല, സ്വാർഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, ദോഷത്തിന്റെ കണക്കുസൂക്ഷിക്കുന്നതുമില്ല. 6 സ്നേഹം തിന്മയിൽ അഭിരമിക്കാതെ, സത്യത്തിൽ ആനന്ദിക്കുന്നു. 7 എപ്പോഴും സംരക്ഷിക്കുന്നു, എപ്പോഴും വിശ്വസിക്കുന്നു, എപ്പോഴും പ്രത്യാശിക്കുന്നു, എപ്പോഴും സഹിക്കുന്നു.

    8 സ്നേഹം എന്നെന്നും നിലനിൽക്കുന്നു. പ്രവചനം നീക്കപ്പെടും ഭാഷകൾ നിലച്ചുപോകും ജ്ഞാനവും നീക്കപ്പെടും. 9 നാം ഭാഗികമായിമാത്രം അറിയുന്നു ഭാഗികമായിമാത്രം പ്രവചിക്കുന്നു. 10 എന്നാൽ പൂർണമായതു വരുമ്പോൾ ഭാഗികമായതു നീക്കപ്പെടും. 11 ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ തർക്കിച്ചു. മുതിർന്നശേഷമോ, ശിശുസഹജമായ കാര്യങ്ങൾ ഉപേക്ഷിച്ചുകളഞ്ഞു. 12 ഇപ്പോൾ നാം കണ്ണാടിയിൽ കടങ്കഥയെന്നപോലെ അവ്യക്തമായി കാണുന്നു; അപ്പോഴോ നാം അഭിമുഖമായി കാണും. ഇപ്പോൾ ഞാൻ ഭാഗികമായി അറിയുന്നു; അപ്പോൾ, ദൈവം എന്നെ സമ്പൂർണമായി അറിയുന്നതുപോലെ എന്റെ അറിവും പൂർണതയുള്ളതായിരിക്കും.

    13 എന്നാൽ ഇപ്പോൾ, വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും സുസ്ഥിരമായിരിക്കും; ഇവയിൽ ഏറ്റവും മഹത്തായതോ സ്നേഹംതന്നെ.

  5. 36 “ഗുരോ, ന്യായപ്രമാണത്തിലെ ഏറ്റവും മഹത്തായ കൽപ്പന ഏതാണ്?” എന്നു ചോദിച്ചു.

    37 അതിന് യേശു, “ ‘നിന്റെ ദൈവമായ കർത്താവിനെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണമനസ്സാലും സ്നേഹിക്കണം.’ 38 ഇതാകുന്നു പ്രഥമവും ഏറ്റവും മഹത്തുമായ കൽപ്പന. 39 രണ്ടാമത്തെ കൽപ്പനയും അതിനുതുല്യം: ‘നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക.’ 40 സർവന്യായപ്രമാണവും പ്രവാചകന്മാരും ഈ രണ്ട് കൽപ്പനകളിൽ അധിഷ്ഠിതമായിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു.

  6. 3 അതുമാത്രമോ, കഷ്ടതയിലും നാം അഭിമാനിക്കുകയാണ്; 4 കാരണം, കഷ്ടത സഹനശക്തിയും സഹനശക്തി പരിപക്വതയും പരിപക്വത പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു. 5 ഈ പ്രത്യാശ നമ്മെ ലജ്ജിതരാക്കുന്നില്ല. കാരണം, പരിശുദ്ധാത്മാവിനെ നൽകുന്നതിലൂടെ ദൈവം അവിടത്തെ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ സമൃദ്ധമായി വർഷിച്ചിരിക്കുന്നു.

    6 നാം ശക്തിഹീനരായിരുന്നപ്പോൾത്തന്നെ, ക്രിസ്തു കൃത്യസമയത്ത് അധർമികളായ നമുക്കുവേണ്ടി മരിച്ചു. 7 നല്ലവനായ ഒരു മനുഷ്യനുവേണ്ടി മറ്റൊരാൾ മരിക്കാൻ ഒരുപക്ഷേ തയ്യാറായേക്കാം; അങ്ങനെ നീതിനിഷ്ഠനുവേണ്ടി ആരെങ്കിലും മരിക്കുന്നതുതന്നെ തീരെ വിരളമാണ്. 8 എന്നാൽ, നാം പാപികളായിരിക്കുമ്പോൾത്തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചതിലൂടെ ദൈവം നമ്മോടുള്ള സ്നേഹം വെളിപ്പെടുത്തുകയായിരുന്നു.

    9 ക്രിസ്തുവിന്റെ രക്തത്താൽ നാം ഇപ്പോൾ നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ക്രിസ്തുമുഖേനതന്നെ നാം ദൈവക്രോധത്തിൽനിന്ന് രക്ഷിക്കപ്പെടും എന്നത് എത്രയോ സുനിശ്ചിതമാണ്! 10 നാം ദൈവത്തിന്റെ ശത്രുക്കളായിരുന്നപ്പോൾ അവിടത്തെ പുത്രന്റെ മരണത്താൽ നമുക്കു ദൈവത്തോട് അനുരഞ്ജനം ലഭിച്ചുവെങ്കിൽ, അനുരഞ്ജനം ലഭിച്ചശേഷം അവിടത്തെ ജീവൻമൂലം നാം രക്ഷിക്കപ്പെടുമെന്നതും എത്രയോ നിശ്ചിതം! 11 ഇതുമാത്രമല്ല, നമുക്ക് ഇപ്പോൾ അനുരഞ്ജനം സാധ്യമാക്കിയ നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖേന ദൈവത്തിൽ നാം ആഹ്ലാദിക്കുന്നു.

  7. 31 യൂദാ പോയിക്കഴിഞ്ഞപ്പോൾ യേശു പറഞ്ഞു: “ഇപ്പോൾ മനുഷ്യപുത്രൻ മഹത്ത്വപ്പെട്ടിരിക്കുന്നു. ദൈവവും പുത്രനിൽ മഹത്ത്വീകരിക്കപ്പെട്ടിരിക്കുന്നു. 32 ദൈവം പുത്രനിൽ മഹത്ത്വപ്പെട്ടിരിക്കുന്നെങ്കിൽ അവിടന്ന് പുത്രനെ തന്നിൽത്തന്നെ മഹത്ത്വപ്പെടുത്തും; അതേ, ഉടനെതന്നെ അവനെ മഹത്ത്വപ്പെടുത്തും.

    33 “എന്റെ കുഞ്ഞുങ്ങളേ, ഇനി ഞാൻ അൽപ്പസമയംകൂടിമാത്രമേ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയുള്ളൂ. നിങ്ങൾ എന്നെ അന്വേഷിക്കും. ഞാൻ പോകുന്നേടത്തു നിങ്ങൾക്കു വന്നെത്താൻ സാധ്യവുമല്ല എന്ന് യെഹൂദനേതാക്കന്മാരോടു പറഞ്ഞതുപോലെ ഇപ്പോൾ നിങ്ങളോടും പറയുന്നു.

    34 “നിങ്ങൾ പരസ്പരം സ്നേഹിക്കണം എന്നുള്ള ഒരു പുതിയകൽപ്പന ഞാൻ നിങ്ങൾക്കു തരുന്നു. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. 35 നിങ്ങൾക്കു പരസ്പരസ്നേഹം ഉണ്ടായിരിക്കണം. അതിലൂടെയാണ് നിങ്ങൾ എന്റെ ശിഷ്യർ എന്ന് എല്ലാവരും അറിയുന്നത്.”

  8. 12 ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുക എന്നതാണ് എന്റെ കൽപ്പന. 13 സ്നേഹിതർക്കുവേണ്ടി സ്വജീവനെ അർപ്പിക്കുന്നതിലും വലിയ സ്നേഹം ആർക്കും ഇല്ല.

  9. 8 പരസ്പരം സ്നേഹിക്കുക എന്ന ബാധ്യതയല്ലാതെ നിങ്ങൾക്ക് ആരോടും യാതൊരു ബാധ്യതയും ഉണ്ടായിരിക്കരുത്. കാരണം, മറ്റുള്ളവരെ സ്നേഹിക്കുന്നത് ന്യായപ്രമാണത്തിന്റെ നിവൃത്തിയാണ്. 9 “നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക” എന്ന കൽപ്പനയിൽ, “വ്യഭിചാരം ചെയ്യരുത്, കൊലപാതകം ചെയ്യരുത്, മോഷ്ടിക്കരുത്, മോഹിക്കരുത്” എന്നിവയും അതുപോലുള്ള മറ്റു കൽപ്പനകളും സംക്ഷിപ്തമായിരിക്കുന്നു. 10 സ്നേഹം അയൽവാസിക്കു ദോഷം ഒന്നും പ്രവർത്തിക്കുന്നില്ല. അങ്ങനെ, സ്നേഹത്തിലൂടെ ന്യായപ്രമാണം നിവർത്തിക്കപ്പെടുന്നു.

  10. 9 സ്നേഹം നിഷ്കപടമായിരിക്കട്ടെ. ദുഷ്ടതയെ വെറുക്കുകയും നന്മയെ ആശ്ലേഷിക്കുകയുംചെയ്യുക. 10 സഹോദരങ്ങളെപ്പോലെ പരസ്പരം ആഴമായി സ്നേഹിക്കുക. നിങ്ങളെക്കാൾ മറ്റുള്ളവരെ ബഹുമാനിക്കുക. 11 ഉത്സാഹത്തിൽ കുറവുവരാതെ ആത്മതീക്ഷ്ണതയുള്ളവരായി കർത്താവിനെ സേവിക്കുക. 12 പ്രത്യാശയിൽ ആനന്ദിക്കുക; ക്ഷമയോടെ കഷ്ടത സഹിക്കുക; നിരന്തരം പ്രാർഥിക്കുക. 13 സഹവിശ്വാസികളുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കുകയും അതിഥിസൽക്കാര പ്രിയരായിരിക്കുകയുംചെയ്യുക.

  11. 1 ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ കിലുങ്ങുന്ന ഇലത്താളമോമാത്രമാണ്. 2 എനിക്കു പ്രവചിക്കാനുള്ള കൃപാദാനം ലഭിച്ചാലും, സകലദിവ്യരഹസ്യങ്ങളും സകലജ്ഞാനവും ഗ്രഹിക്കാൻകഴിഞ്ഞാലും, മലകളെ നീക്കംചെയ്യാൻകഴിയുന്ന വിശ്വാസം ഉണ്ടായിരുന്നാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല. 3 എന്റെ സമ്പത്തെല്ലാം ഞാൻ ദാനംചെയ്താലും അഭിമാനപൂർവം എന്റെ ശരീരം ദഹിപ്പിച്ചാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നും നേടുന്നില്ല.

  12. 43 “ ‘അയൽവാസിയെ സ്നേഹിക്കണം എന്നും ശത്രുവിനെ വെറുക്കണം’ എന്നും കൽപ്പിച്ചിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 44 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക; 45 അങ്ങനെ നിങ്ങൾ നിങ്ങളുടെ സ്വർഗസ്ഥപിതാവിന്റെ മക്കൾ ആയിത്തീരും. അവിടന്നു ദുഷ്ടരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതി പ്രവർത്തിക്കുന്നവരുടെമേലും അനീതി പ്രവർത്തിക്കുന്നവരുടെമേലും മഴപെയ്യിക്കുകയും ചെയ്യുന്നല്ലോ. 46 നിങ്ങളെ സ്നേഹിക്കുന്നവരെമാത്രം സ്നേഹിച്ചാൽ നിങ്ങൾക്ക് എന്തു പ്രതിഫലമാണു ലഭിക്കുക? അങ്ങനെ നികുതിപിരിവുകാരും ചെയ്യുന്നുണ്ടല്ലോ! 47 സ്വന്തം സഹോദരങ്ങളെമാത്രമാണ് നിങ്ങൾ അഭിവാദനംചെയ്യുന്നതെങ്കിൽ; പുകഴാൻ എന്തിരിക്കുന്നു? അങ്ങനെതന്നെയല്ലേ യെഹൂദേതരരും ചെയ്യുന്നത്? 48 അതുകൊണ്ട്, നിങ്ങളുടെ സ്വർഗസ്ഥപിതാവിന് സർവത്തിലും പരിപൂർണതയുള്ളതുപോലെ നിങ്ങളും സർവത്തിലും പരിപൂർണരാകുക.

  13. 35 ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ ആർക്കു കഴിയും? ക്ലേശങ്ങൾക്കോ കഷ്ടതകൾക്കോ പീഡനത്തിനോ പട്ടിണിക്കോ നഗ്നതയ്ക്കോ ആപത്തിനോ വാളിനോ അതു ചെയ്യാൻ കഴിയുമോ?

    36 “അങ്ങേക്കുവേണ്ടി ദിവസംമുഴുവനും ഞങ്ങൾ മരണത്തെ മുഖാമുഖം കാണുന്നു:

    അറക്കപ്പെടാനുള്ള ആടുകളായി ഞങ്ങളെ പരിഗണിക്കുന്നു,”

    എന്ന് എഴുതിയിരിക്കുന്നല്ലോ. 37 നാമോ, നമ്മെ സ്നേഹിച്ച കർത്താവിലൂടെ ഇവയിലെല്ലാം വിജയം വരിക്കുന്നു. 38 മരണത്തിനോ ജീവനോ ദൂതന്മാർക്കോ പ്രധാനികൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരാനുള്ളതിനോ ശക്തികൾക്കോ 39 ഉന്നതങ്ങളിലുള്ളവെക്കോ അധോലോകത്തിലുള്ളവയ്ക്കോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ സാധ്യമല്ലെന്ന് എനിക്കു പരിപൂർണബോധ്യമുണ്ട്.

  14. 12 ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധരും ദൈവത്തിനു പ്രിയരുമാകുകയാൽ നിങ്ങൾ മനസ്സലിവ്, ദയ, വിനയം, സൗമ്യത, ക്ഷമ, എന്നിവ ധരിക്കുക. 13 പരസ്പരം ക്ഷമിക്കുകയും സഹിക്കുകയുംചെയ്യുക; നിങ്ങളിലൊരാൾക്കു മറ്റൊരാൾക്കെതിരേ പരാതി ഉണ്ടായാൽ, കർത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക. 14 എല്ലാറ്റിലും ഉപരിയായി എല്ലാവരെയുംതമ്മിൽ സമ്പൂർണമായി ബന്ധിപ്പിക്കുന്ന കണ്ണിയായ സ്നേഹം ധരിക്കുക.

  15. 1 കർത്താവ് നിമിത്തം കാരാഗൃഹത്തിൽ കഴിയുന്ന ഞാൻ നിങ്ങൾക്കു നൽകുന്ന പ്രചോദനം, നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമായി ജീവിക്കുക എന്നതാണ്. 2 സമ്പൂർണവിനയവും സൗമ്യതയും ക്ഷമാശീലവും ഉള്ളവരായി സ്നേഹത്തിൽ പരസ്പരം സഹിഷ്ണുത കാട്ടുക. 3 സമാധാനത്താൽ ബന്ധിക്കപ്പെട്ടവരായി ആത്മാവിലുള്ള ഐക്യം നിലനിർത്താൻ ഉത്സുകരാകുക. 4 ഏകശരീരമേയുള്ളു; ഒരേ ആത്മാവും. നിങ്ങൾ വിളിക്കപ്പെട്ടതും ഒരേയൊരു പ്രത്യാശയ്ക്കായാണ്,

  16. 21 എന്റെ കൽപ്പനകൾ സ്വീകരിച്ച് അനുസരിക്കുന്നവർ എന്നെ സ്നേഹിക്കുന്നു; എന്നെ സ്നേഹിക്കുന്നവരെ എന്റെ പിതാവു സ്നേഹിക്കും. ഞാനും അവരെ സ്നേഹിക്കുകയും എന്നെത്തന്നെ അവർക്കു വെളിപ്പെടുത്തുകയും ചെയ്യും.”

    22 അപ്പോൾ ഈസ്കര്യോത്ത് അല്ലാത്ത യൂദാ ചോദിച്ചു: “കർത്താവേ, അവിടന്നു ലോകത്തിനല്ല, ഞങ്ങൾക്കുതന്നെ സ്വയം വെളിപ്പെടുത്താൻ ഇച്ഛിക്കുന്നതെന്തുകൊണ്ട്?”

    23 യേശു മറുപടി പറഞ്ഞു: “എന്നെ സ്നേഹിക്കുന്നവർ എന്റെ ഉപദേശം അനുസരിക്കും. എന്റെ പിതാവ് അവരെ സ്നേഹിക്കും; ഞങ്ങൾ അവരുടെ അടുക്കൽവന്ന് അവരോടുകൂടെ വസിക്കും. 24 എന്നെ സ്നേഹിക്കാത്തവർ എന്റെ ഉപദേശം അനുസരിക്കുകയില്ല. നിങ്ങൾ കേൾക്കുന്ന ഈ വചനങ്ങൾ എന്റെ സ്വന്തമല്ല; എന്നെ അയച്ച പിതാവിന്റേതാണ്.

  17. 25 ഭർത്താക്കന്മാരേ, ക്രിസ്തു സ്വന്തം ജീവൻ നൽകി സഭയെ സ്നേഹിച്ചതുപോലെ നിങ്ങളും നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കണം. 26 ക്രിസ്തു അവിടത്തെ സഭയെ വചനമാകുന്ന ജലത്താൽ കഴുകി നിർമലീകരിച്ച് വിശുദ്ധീകരിക്കേണ്ടതിനും 27 കറ, ചുളുക്കം, മാലിന്യം എന്നിവ അശേഷം ഇല്ലാതെ വിശുദ്ധയും നിഷ്കളങ്കയുമായി തേജസ്സോടെ തനിക്കായി നിർത്തേണ്ടതിനുമാണ് അപ്രകാരം ചെയ്തത്.

  18. 7 എന്നാൽ, സകലത്തിന്റെയും അന്ത്യം ആസന്നമായിരിക്കുന്നു. അതുകൊണ്ടു നിങ്ങൾ പ്രാർഥനയിൽ സമചിത്തതയും ജാഗ്രതയും പുലർത്തുക. 8 സർവോപരി പരസ്പരം അഗാധമായി സ്നേഹിക്കുക; സ്നേഹം സംഖ്യാതീതമായ പാപങ്ങൾ മറയ്ക്കുന്നു.

  19. 14 നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ആകട്ടെ.

  20. 13 സഹോദരങ്ങളേ, പരിപൂർണസ്വാതന്ത്ര്യത്തിൽ ജീവിക്കാനാണ് നിങ്ങളെ വിളിച്ചിരിക്കുന്നത്. എന്നാൽ നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങളിലെ പാപപ്രകൃതത്തെ തൃപ്തിപ്പെടുത്താൻ അനുവദിക്കാതെ, സ്നേഹത്തിൽ പരസ്പരം ദാസരായി ശുശ്രൂഷ ചെയ്യുക. 14 “നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക” എന്ന ഒരൊറ്റ കൽപ്പന പ്രാവർത്തികമാക്കുന്നതിലൂടെ സർവന്യായപ്രമാണവും പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു. 15 നിങ്ങൾ പരസ്പരം മുറിവേൽപ്പിക്കുകയും കടിച്ചുകീറുകയുംചെയ്താൽ, ഓർക്കുക! നിങ്ങൾ പരസ്പരം നശിപ്പിക്കുകയാണ്!

  21. 1 നിങ്ങൾ സ്വന്തം നിയമലംഘനങ്ങളിലും പാപങ്ങളിലും മരിച്ചവരായിരുന്നു: 2 അവയിൽ നിങ്ങൾ മുമ്പ് ഈ ലോകത്തിന്റെ വഴികൾ പിൻതുടർന്ന്, ആകാശത്തിലെ അന്ധകാരശക്തിയുടെ പ്രഭുവിനെ, അനുസരണക്കേടിന്റെ പുത്രന്മാരിൽ ഇപ്പോൾ പ്രവർത്തനനിരതമായിരിക്കുന്ന ആത്മാവിനെത്തന്നെ, അനുസരിച്ച് ജീവിച്ചുവന്നു. 3 ഇപ്രകാരം നാം എല്ലാവരും ഒരിക്കൽ നമ്മുടെ ജഡികാഭിലാഷങ്ങളിൽ അഭിരമിച്ച് അതിന്റെ ആഗ്രഹങ്ങൾക്കും ചിന്തകൾക്കും അധീനരായി ജീവിച്ചു. മറ്റുള്ളവരെപ്പോലെതന്നെ നാമും പ്രകൃതിയാൽ ക്രോധപാത്രങ്ങൾ ആയിരുന്നു. 4 എന്നിട്ടും കരുണയിൽ അതിസമ്പന്നനായ ദൈവം, നമ്മോടുള്ള അവിടത്തെ അതിരില്ലാത്ത സ്നേഹംനിമിത്തം, നാം നിയമലംഘനങ്ങളിൽ മൃതരായിരുന്നപ്പോൾത്തന്നെ 5 ക്രിസ്തുവിനോടുകൂടെ നമ്മെ ജീവനുള്ളവരാക്കി; ദൈവകൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നത്.

  22. 16 ക്രിസ്തു നമുക്കുവേണ്ടി സ്വജീവൻ അർപ്പിച്ചതിനാൽ സ്നേഹം എന്തെന്നു നാം അറിയുന്നു; നാമും അതുപോലെ സഹോദരങ്ങൾക്കുവേണ്ടി ജീവൻ അർപ്പിക്കേണ്ടതാണ്. 17 ഒരാൾക്കു ഭൗതികസമ്പത്ത് ഉണ്ടായിരിക്കുകയും തന്റെ സഹോദരങ്ങളെ ബുദ്ധിമുട്ടുള്ളവരായി കണ്ടിട്ട് അവരോടു സഹതാപം തോന്നാതിരിക്കുകയും ചെയ്താൽ അയാളിൽ ദൈവസ്നേഹം വസിക്കുന്നു എന്ന് എങ്ങനെ അവകാശപ്പെടാൻ കഴിയും?

    18 കുഞ്ഞുമക്കളേ, നാം പരസ്പരം സ്നേഹിക്കുന്നു എന്ന് വൃഥാ വാചാലരാകാതെ, സ്നേഹം വാസ്തവത്തിൽ പ്രവൃത്തിപഥത്തിൽ കൊണ്ടുവരേണ്ടതാണ്. 19 ഇങ്ങനെ നാം സത്യത്തിൽനിന്നുള്ളവരെന്ന് അറിയുകയും തിരുസന്നിധിയിൽ ആത്മവിശ്വാസത്തോടെ നിൽക്കാൻ സാധിക്കുകയും ചെയ്യും.

  23. 22 എന്നാൽ, ആത്മാവിന്റെ ഫലം, സ്നേഹം, ആനന്ദം, സമാധാനം, ദീർഘക്ഷമ, ദയ, ഉദാരത, വിശ്വസ്തത, 23 സൗമ്യത, ആത്മനിയന്ത്രണം എന്നിവയാണ്. ഇവയ്ക്കെതിരായി ഒരു ന്യായപ്രമാണവുമില്ല.

  24. 6 നിന്റെ ഹൃദയത്തിന്മേൽ എന്നെ ഒരു മുദ്രയായണിയൂ,

    നിന്റെ ഭുജത്തിലെ മുദ്രപോലെതന്നെ;

    കാരണം പ്രേമം മരണംപോലെതന്നെ ശക്തവും

    അതിന്റെ തീവ്രത ശവക്കുഴിപോലെതന്നെ കഠിനവുമാകുന്നു.

    ജ്വലിക്കുന്ന അഗ്നിപോലെ അത് എരിയുന്നു,

    ഉഗ്രമായ അഗ്നിനാളംപോലെതന്നെ.

    7 പ്രേമാഗ്നി അണയ്ക്കാൻ ഒരു പ്രളയത്താലും കഴിയില്ല;

    നദികൾക്കതിനെ ഒഴുക്കിക്കളയുന്നതിനും കഴിയില്ല.

    ഒരാൾ സ്വഭവനത്തിലെ സർവസമ്പത്തും

    പ്രേമസാക്ഷാത്കാരത്തിനായി നൽകിയാലും

    ആ വാഗ്ദാനവും അപഹാസ്യമാകുകയേയുള്ളൂ.

  25. 28 അവർ ചർച്ചചെയ്തുകൊണ്ടിരുന്നത് അവിടെ വന്ന വേദജ്ഞരിൽ ഒരാൾ കേട്ടു. യേശു അവർക്കു കൊടുത്ത നല്ല മറുപടി ശ്രദ്ധിച്ചിട്ട് അയാൾ യേശുവിനോട്, “കൽപ്പനകളിൽ ഏറ്റവും പ്രാധാന്യമുള്ളത് ഏതാണ്?” എന്നു ചോദിച്ചു.

    29 അതിന് യേശു ഉത്തരം പറഞ്ഞു, “ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കൽപ്പന: ‘ഇസ്രായേലേ, കേൾക്കുക, കർത്താവ് നമ്മുടെ ദൈവം, കർത്താവ് ഏകൻതന്നെ; 30 നിന്റെ ദൈവമായ കർത്താവിനെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണമനസ്സാലും സമ്പൂർണശക്തിയാലും സ്നേഹിക്കണം.’ 31 രണ്ടാമത്തേത്, ‘നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കണം’ എന്നതാണ്. ഇവയെക്കാൾ പ്രാധാന്യമുള്ള കൽപ്പന വേറെ ഇല്ല.”

    32 “ഗുരോ, അങ്ങു പറഞ്ഞതു ശരി; ദൈവം ഏകനെന്നും അവിടന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും അങ്ങു പറഞ്ഞതു ശരിതന്നെ. 33 സമ്പൂർണഹൃദയത്താലും സമ്പൂർണമനസ്സാലും സമ്പൂർണശക്തിയാലും ദൈവത്തെ സ്നേഹിക്കുന്നതും നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെ സ്നേഹിക്കുന്നതും എല്ലാ ഹോമയാഗങ്ങളെക്കാളും ബലികളെക്കാളും അധികം പ്രാധാന്യമുള്ളതാണ്” എന്നായിരുന്നു അയാളുടെ മറുപടി.

    34 അയാളുടെ വിവേകപൂർവമായ മറുപടികേട്ടിട്ട് യേശു, “നീ ദൈവരാജ്യത്തിൽനിന്ന് അകലെയല്ല” എന്നു പറഞ്ഞു. ഇതിനുശേഷം അദ്ദേഹത്തോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ ആർക്കും ധൈര്യം ഉണ്ടായില്ല.

  26. 15 പ്രഭാതഭക്ഷണത്തിനുശേഷം യേശു ശിമോൻ പത്രോസിനോട്, “യോഹന്നാന്റെ മകനായ ശിമോനേ, ഇവരെക്കാൾ അധികം നീ എന്നെ സ്നേഹിക്കുന്നോ?” എന്നു ചോദിച്ചു.

    “ഉവ്വ്, കർത്താവേ, എനിക്ക് അങ്ങയോട് ഇഷ്ടമുണ്ടെന്ന് അങ്ങ് അറിയുന്നല്ലോ?” പത്രോസ് പറഞ്ഞു.

    “എന്റെ കുഞ്ഞാടുകളെ മേയിക്കുക,” യേശു പറഞ്ഞു.

    16 യേശു വീണ്ടും, “യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നോ?” എന്നു ചോദിച്ചു.

    അതിന് അയാൾ, “ഉവ്വ്, കർത്താവേ, എനിക്ക് അങ്ങയോട് ഇഷ്ടമുണ്ടെന്ന് അവിടന്ന് അറിയുന്നല്ലോ?” എന്ന് ഉത്തരം പറഞ്ഞു.

    “എന്റെ ആടുകളെ പരിപാലിക്കുക,” യേശു പറഞ്ഞു.

    17 മൂന്നാംതവണയും യേശു, “യോഹന്നാന്റെ മകനായ ശിമോനെ, നിനക്ക് എന്നോട് ഇഷ്ടമുണ്ടോ?” എന്നു ചോദിച്ചു.

    “നിനക്ക് എന്നോട് ഇഷ്ടമുണ്ടോ?” എന്ന് യേശു മൂന്നാമതും ചോദിക്കയാൽ പത്രോസ് ദുഃഖിതനായി ഇങ്ങനെ മറുപടി പറഞ്ഞു: “കർത്താവേ, അവിടന്ന് എല്ലാം അറിയുന്നു; എനിക്ക് അങ്ങയോട് ഇഷ്ടമുണ്ടെന്നും അങ്ങ് അറിയുന്നു.”

    അപ്പോൾ യേശു പത്രോസിനോട്, “എന്റെ ആടുകളെ മേയിക്കുക” എന്നു പറഞ്ഞശേഷം ഇങ്ങനെ തുടർന്നു, 18 “സത്യം സത്യമായി ഞാൻ നിന്നോട് പറയട്ടെ: നീ യുവാവായിരുന്നപ്പോൾ സ്വയം വസ്ത്രംധരിച്ച് ഒരുങ്ങി ഇഷ്ടമുള്ളേടത്തേക്കു നടന്നു. വൃദ്ധനാകുമ്പോൾ നീ കൈ നീട്ടുകയും മറ്റാരെങ്കിലും നിന്നെ വസ്ത്രം ധരിപ്പിച്ചു നിനക്കു പോകാൻ ഇഷ്ടമില്ലാത്ത സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകുകയും ചെയ്യും.”

  27. 17 “ ‘നിന്റെ സഹോദരങ്ങളെ ഹൃദയത്തിൽ വെറുക്കരുത്. അവരുടെ കുറ്റത്തിൽ പങ്കാളിയാകാതിരിക്കാൻ നിങ്ങളുടെ സഹോദരങ്ങളെ നിർവ്യാജം ശാസിക്കുക.

    18 “ ‘നിന്റെ ജനത്തിലാർക്കെങ്കിലും വിരോധമായി പ്രതികാരം അന്വേഷിക്കുകയോ പകവെക്കുകയോ ചെയ്യരുത്. എന്നാൽ, നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കണം. ഞാൻ യഹോവ ആകുന്നു.

  28. 1 യെഹൂദരുടെ ഭരണസമിതിയിൽ നിക്കോദേമൊസ് എന്നു പേരുള്ള ഒരു പരീശൻ ഉണ്ടായിരുന്നു. 2 അദ്ദേഹം രാത്രിയിൽ യേശുവിന്റെ അടുക്കൽവന്നു പറഞ്ഞു, “റബ്ബീ, അങ്ങു ദൈവത്തിന്റെ അടുക്കൽനിന്ന് വന്ന ഒരു ആചാര്യനാണ് എന്നു ഞങ്ങൾ മനസ്സിലാക്കുന്നു. ദൈവം കൂടെയില്ലെങ്കിൽ അങ്ങു ചെയ്യുന്ന ഈ ചിഹ്നങ്ങൾ ചെയ്യാൻ ആർക്കും സാധ്യമല്ല.”

    3 “ഞാൻ താങ്കളോട് സത്യം സത്യമായി പറയട്ടെ: വീണ്ടും ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണാൻ ആർക്കും കഴിയുകയില്ല” യേശു പ്രതിവചിച്ചു.

  29. 9 “പിതാവ് എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു; എന്റെ സ്നേഹത്തിൽ വസിക്കുക. 10 ഞാൻ എന്റെ പിതാവിന്റെ കൽപ്പനകൾ പ്രമാണിച്ച് അവിടത്തെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങളും എന്റെ കൽപ്പനകൾ അനുസരിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.

  30. 31 എല്ലാ വിദ്വേഷം, കോപം, ക്രോധം, കലഹം, പരദൂഷണം ഇങ്ങനെയുള്ള എല്ലാ ദുർഗുണങ്ങളും നിങ്ങൾ ഉപേക്ഷിക്കുക. 32 പരസ്പരം ദയയും കരുണയും ഉള്ളവരായി, ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിക്കുക.

  31. 3 ആത്മാർഥതയും വിശ്വസ്തതയും നിന്നെ വിട്ടുപിരിയാതിരിക്കട്ടെ;

    അവ നിന്റെ കഴുത്തിൽ അണിയുക,

    നിന്റെ ഹൃദയഫലകത്തിൽ ആലേഖനംചെയ്യുക.

    4 അപ്പോൾ നീ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ

    പ്രീതിയും സൽപ്പേരും സമ്പാദിക്കും.

  32. 27 “എന്നാൽ, എന്റെ ഈ വാക്കുകൾ കേട്ടുകൊണ്ടിരിക്കുന്ന നിങ്ങളോടു ഞാൻ പറയട്ടെ: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ വെറുക്കുന്നവർക്കു നന്മ ചെയ്യുക, 28 നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുക, നിങ്ങളെ നിന്ദിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക. 29 ഒരാൾ നിന്റെ ഒരു ചെകിട്ടത്ത് അടിക്കുന്നെങ്കിൽ അയാൾക്ക് മറ്റേ ചെകിടും കാണിച്ചുകൊടുക്കുക. നിന്റെ പുറങ്കുപ്പായം എടുക്കുന്നയാൾക്ക് വസ്ത്രവുംകൂടെ നൽകാൻ മടിക്കരുത്. 30 നിന്നോട് എന്തെങ്കിലും ആവശ്യപ്പെടുന്നവർക്ക് അത് നൽകുക; നിനക്കുള്ളത് ആരെങ്കിലും അപഹരിച്ചാൽ അതു തിരികെ ആവശ്യപ്പെടരുത്. 31 മറ്റുള്ളവർ നിങ്ങളോടു ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നിങ്ങൾ അവരോടും ചെയ്യുക.

    32 “നിങ്ങളെ സ്നേഹിക്കുന്നവരെമാത്രം സ്നേഹിച്ചാൽ അതിൽ നിങ്ങൾക്ക് അഭിമാനിക്കാൻ എന്താണുള്ളത്? പാപികളെന്നു സമൂഹം പരിഗണിക്കുന്നവരും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുണ്ടല്ലോ. 33 നിങ്ങൾക്കു നന്മ ചെയ്യുന്നവർക്കു നിങ്ങൾ നന്മ ചെയ്താൽ അതിൽ അഭിമാനിക്കാൻ എന്താണുള്ളത്? പാപികളും അതുതന്നെ ചെയ്യുന്നുണ്ടല്ലോ. 34 തിരികെ ലഭിക്കുമെന്നു പ്രതീക്ഷിച്ചുകൊണ്ട് നിങ്ങൾ വായ്പകൊടുത്താൽ അതിൽ നിങ്ങൾക്ക് എന്താണ് അഭിമാനിക്കാനുള്ളത്? പാപികളും എല്ലാം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയോടെ, പാപികൾക്കു വായ്പകൊടുക്കുന്നുണ്ടല്ലോ. 35 എന്നാൽ നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക; അവർക്കു നന്മ ചെയ്യുക; തിരികെ ലഭിക്കുമെന്ന പ്രതീക്ഷകൂടാതെ അവർക്കു വായ്പകൊടുക്കുക. അപ്പോൾ നിങ്ങളുടെ പ്രതിഫലം മഹത്തായിരിക്കും. അങ്ങനെയാണ് പരമോന്നതന്റെ മക്കൾ പ്രവർത്തിക്കുക; കാരണം, അവിടന്നു നന്ദികെട്ടവരോടും ദുഷ്ടരോടും ദയാലുവാകുന്നു.

  33. 28 ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അതായത്, അവിടത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്കുതന്നെ ദൈവം എല്ലാ കാര്യങ്ങളും നന്മയ്ക്കായി ചേർന്നു പ്രവർത്തിക്കുമാറാക്കുന്നു എന്നു നാം അറിയുന്നു.

  34. 14 ഇതിനാൽ, സ്വർഗത്തിലും ഭൂമിയിലുമുള്ള സകലകുടുംബങ്ങൾക്കും പേരു ലഭിക്കാൻ കാരണമായ 15 പിതാവിന്റെ സന്നിധിയിൽ ഞാൻ മുട്ടുമടക്കുന്നു. 16 ഞാൻ പ്രാർഥിക്കുന്നത് ദൈവം അവിടത്തെ തേജസ്സേറിയ ധനത്തിന് അനുസൃതമായി അവിടത്തെ ആത്മാവിനാൽ നിങ്ങളുടെ ആന്തരിക വ്യക്തിത്വത്തെ ശക്തിപ്പെടുത്തണമെന്നും, 17 വിശ്വാസത്താൽ ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളിൽ അധിവസിക്കാൻ വരം ലഭിക്കണമെന്നും, 18-19 സ്നേഹത്തിൽ വേരുകൾ ആഴ്ന്നിറങ്ങി അതിൽത്തന്നെ അടിസ്ഥാനം ഇട്ടവരായി എല്ലാ ജ്ഞാനത്തിനും അതീതമായ ക്രിസ്തുസ്നേഹത്തിന്റെ വീതിയും നീളവും ഉയരവും ആഴവും എന്തെന്നു സകലവിശുദ്ധരോടുമൊപ്പം ഗ്രഹിക്കാൻ നിങ്ങൾക്കു ശക്തി ലഭിക്കണമെന്നും, ദൈവത്തിന്റെ സർവസമ്പൂർണതയാലും നിറയപ്പെടണം എന്നും ആണ്.

  35. 12 ഞങ്ങൾക്കു നിങ്ങളോടുള്ള സ്നേഹം വർധിക്കുന്നതുപോലെ, നിങ്ങൾക്ക് പരസ്പരവും മറ്റ് എല്ലാവരോടും ഉള്ള സ്നേഹവും നിറഞ്ഞൊഴുകാൻ കർത്താവ് സഹായിക്കട്ടെ. 13 നമ്മുടെ കർത്താവായ യേശു തന്റെ സകലവിശുദ്ധരുമായി മടങ്ങിവരുമ്പോൾ നിങ്ങൾ, നമ്മുടെ പിതാവായ ദൈവത്തിന്റെസന്നിധിയിൽ നിർമലരും വിശുദ്ധരുമായി വെളിപ്പെടാൻ ദൈവം നിങ്ങളുടെ ഹൃദയങ്ങളെ ഉറപ്പിക്കട്ടെ.

  36. 1 യേശുതന്നെയാണ് ക്രിസ്തു എന്നു വിശ്വസിക്കുന്ന ഏതൊരാളും ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. പിതാവിനെ സ്നേഹിക്കുന്ന ഏതൊരാളും ദൈവത്തിൽനിന്നു ജനിച്ച ആളെയും സ്നേഹിക്കുന്നു. 2 ദൈവത്തെ സ്നേഹിക്കുകയും അവിടത്തെ കൽപ്പനകൾ പാലിക്കുകയും ചെയ്യുന്നതിലൂടെ നാം ദൈവമക്കളെയും സ്നേഹിക്കുന്നു എന്ന് നമുക്കറിയാം. 3 ദൈവത്തോടുള്ള സ്നേഹത്തിന്റെ ആധാരം ദൈവത്തിന്റ കൽപ്പനകൾ പാലിക്കുന്നതുതന്നെയാണ്. അവിടത്തെ കൽപ്പനകൾ ഭാരമുള്ളവയല്ല. 4 ദൈവത്തിൽനിന്നു ജനിച്ച ഏതൊരാളും ലോകത്തെ അതിജീവിച്ചിരിക്കുന്നു; ഈ വിജയം നമുക്കു ലഭിച്ചത് നമ്മുടെ വിശ്വാസത്താലാണ്.

  37. 4 ഇസ്രായേലേ, കേൾക്കുക, യഹോവ നമ്മുടെ ദൈവം, യഹോവ ഏകൻതന്നെ. 5 നിന്റെ ദൈവമായ യഹോവയെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണശക്തിയാലും സ്നേഹിക്കണം. 6 നിങ്ങളോട് ഇന്നു ഞാൻ കൽപ്പിക്കുന്ന ഈ വചനങ്ങൾ നിങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ച്

  38. 17 ഒരു സുഹൃത്തിന്റെ സ്നേഹം എല്ലാക്കാലത്തേക്കും ഉള്ളത്,

    ആപത്തുകാലത്തു സഹായിയായി നിൽക്കുന്നതിനുവേണ്ടിയാണ് ഒരു കൂടപ്പിറപ്പ് ജനിക്കുന്നത്.

  39. 9 ഒരാളെക്കാൾ ഇരുവർ നല്ലത്,

    കാരണം, അവർക്ക് അവരുടെ അധ്വാനത്തിന് നല്ല പ്രതിഫലം ലഭിക്കും:

    10 അവരിലൊരാൾ വീണുപോയാൽ,

    ഒരാൾക്ക് മറ്റേയാളെ സഹായിക്കാൻ കഴിയും.

    ഒരാൾ വീഴുമ്പോൾ എഴുന്നേൽപ്പിക്കാൻ ആരുമില്ലാത്ത

    മനുഷ്യന്റെ അവസ്ഥ കഷ്ടംതന്നെ.

    11 അതുപോലെ, രണ്ടുപേർ ഒരുമിച്ചു കിടന്നാൽ അവർക്ക് കുളിർ മാറും.

    എന്നാൽ ഏകാകിയുടെ കുളിർമാറുന്നത് എങ്ങനെ?

    12 ഒരാൾ ആക്രമിക്കപ്പെട്ടാൽ

    ഇരുവർക്കും ഒരുമിച്ചു പ്രതിരോധിക്കാം.

    മുപ്പിരിച്ചരട് വേഗത്തിൽ പൊട്ടുകയില്ല.

  40. 3 യഹോവ ദൂരത്തുനിന്ന് പ്രത്യക്ഷനായി ഇസ്രായേലിനോട് അരുളിച്ചെയ്തു:

    “നിത്യസ്നേഹത്താൽ ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു;

    അതിരുകളില്ലാത്ത സ്നേഹത്തോടെ ഞാൻ നിന്നെ എന്നിലേക്കടുപ്പിച്ചിരിക്കുന്നു.

  41. 15 “നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കൽപ്പനകൾ അനുസരിക്കും.

  42. 14 ഞങ്ങളെ ഭരിക്കുന്നത് ക്രിസ്തുവിന്റെ സ്നേഹമാണ്. കാരണം, എല്ലാവർക്കുംവേണ്ടി ക്രിസ്തു മരിച്ചതുകൊണ്ട് ഇനി നമുക്ക് സ്വന്തമായി ഒരു ജീവിതമേയില്ല. 15 ജീവിക്കുന്നവർ ഇനിമേൽ തങ്ങൾക്കായിട്ടല്ല, മരിച്ച് പുനരുത്ഥാനംചെയ്ത ക്രിസ്തുവിനുവേണ്ടിയാണു ജീവിക്കേണ്ടത്. അതിനായി അവിടന്ന് എല്ലാവർക്കുംവേണ്ടി മരിച്ചു.

    16 അതുകൊണ്ട്, ഇനിമുതൽ ഞങ്ങൾ ആരെയും മാനുഷികമാനദണ്ഡങ്ങളാൽ അളക്കുന്നില്ല. ഒരിക്കൽ ക്രിസ്തുവിനെയും വെറും മനുഷ്യനായി വീക്ഷിച്ചെങ്കിലും ഇനിമേൽ അങ്ങനെ ചെയ്യുന്നില്ല. 17 ഒരാൾ ക്രിസ്തുവിന്റെ വകയായാൽ അയാൾ പുതിയ സൃഷ്ടിയാണത്രേ. പഴയതു നീങ്ങിപ്പോയി, ഇതാ അത് പുതിയതായിരിക്കുന്നു. 18 ഇതിനൊക്കെയും ദൈവംതന്നെ കാരണഭൂതൻ. അവിടന്ന് ഞങ്ങളെ ക്രിസ്തു മുഖാന്തരം തന്നോട് അനുരഞ്ജിപ്പിച്ചു; അനുരഞ്ജനത്തിന്റെ ശുശ്രൂഷ ഞങ്ങളെ ഏൽപ്പിച്ചിരിക്കുന്നു. 19 ദൈവം മനുഷ്യരുടെ പാപങ്ങളെ അവർക്കെതിരായി കണക്കാക്കിയില്ല എന്നുമാത്രമല്ല, ക്രിസ്തു മുഖാന്തരം ലോകത്തെ തന്നോടുതന്നെ അനുരഞ്ജിപ്പിച്ചിട്ട് ആ അനുരഞ്ജനസന്ദേശം ഞങ്ങളെ ഏൽപ്പിച്ചുമിരിക്കുന്നു.

  43. 22 പിന്നെ യഹോവയായ ദൈവം, മനുഷ്യനിൽ നിന്നെടുത്ത വാരിയെല്ലുകൊണ്ട് ഒരു സ്ത്രീയെ ഉണ്ടാക്കി, അവളെ മനുഷ്യന്റെ അടുക്കലേക്ക് ആനയിച്ചു.

    23 അപ്പോൾ മനുഷ്യൻ ഇപ്രകാരം പറഞ്ഞു:

    “ഇത് എന്റെ അസ്ഥിയിൽനിന്നുള്ള അസ്ഥിയും

    എന്റെ മാംസത്തിൽനിന്നുള്ള മാംസവും ആകുന്നു;

    നരനിൽനിന്ന് എടുത്തിരിക്കുകയാൽ

    ഇവൾക്കു ‘നാരി’ എന്നു പേരാകും.”

    24 ഈ കാരണത്താൽ ഒരു പുരുഷൻ തന്റെ മാതാപിതാക്കളെ വിട്ടുപിരിഞ്ഞ് തന്റെ ഭാര്യയോടു സംയോജിക്കും; അവർ ഒരു ശരീരമായിത്തീരും.

  44. 6 യഹോവ മോശയുടെമുമ്പിലൂടെ കടന്ന് ഇങ്ങനെ ഘോഷിച്ചു: “യഹോവ, യഹോവയായ ദൈവം, കരുണാമയനും ആർദ്രഹൃദയനുമാകുന്നു; ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തതയുമുള്ളവനും ആകുന്നു. 7 ആയിരങ്ങളോടു കരുണ കാണിക്കുന്നവനും അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവനും കുറ്റംചെയ്തവരെ വെറുതേവിടാതെ, പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും, മൂന്നും നാലും തലമുറവരെ അനുഭവിപ്പിക്കുന്നവനും ആകുന്നു.”

  45. 9 അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവ, ദൈവം ആകുന്നു എന്നും അവിടത്തെ സ്നേഹിക്കുകയും അവിടത്തെ കൽപ്പനകൾ പാലിക്കുകയും ചെയ്യുന്നവർക്ക് ആയിരം തലമുറവരെ സ്നേഹത്തിന്റെ ഉടമ്പടി ഉറപ്പിക്കുന്ന വിശ്വസ്തനായ ദൈവമാണ് യഹോവ എന്നും നിങ്ങൾ അറിയണം.

  46. 8 പ്രഭാതം അവിടത്തെ അചഞ്ചലസ്നേഹത്തെപ്പറ്റിയുള്ള കേൾവിനൽകട്ടെ,

    കാരണം എന്റെ ആശ്രയം അങ്ങയിൽ ഞാൻ അർപ്പിക്കുന്നു.

    ഞാൻ പോകേണ്ടുന്ന വഴി എനിക്കു കാണിച്ചുതരണമേ,

    കാരണം എന്റെ ജീവൻ ഞാൻ അങ്ങയെ ഏൽപ്പിച്ചിരിക്കുന്നു.

  47. 12 വിദ്വേഷം ഭിന്നത ഇളക്കിവിടുന്നു,

    എന്നാൽ സ്നേഹം എല്ലാ അകൃത്യവും മറച്ചുവെക്കുന്നു.

  48. 1 നിങ്ങൾ ദൈവത്തിന്റെ പ്രിയമക്കൾ ആയിരിക്കുന്നതുകൊണ്ട് ദൈവത്തെ എല്ലാ കാര്യങ്ങളിലും അനുകരിക്കുക: 2 സ്നേഹം നിറഞ്ഞവരായി ജീവിക്കുക. ക്രിസ്തു നമ്മോടുള്ള സ്നേഹംനിമിത്തം നമുക്കുവേണ്ടി സൗരഭ്യമായ അർപ്പണവും യാഗവുമായി സ്വയം ദൈവത്തിനു സമർപ്പിച്ചതാണ് നമ്മുടെ മാതൃക.

  49. 8 ക്രിസ്തുയേശുവിന് നിങ്ങളോടുള്ള അതേ വാത്സല്യത്തോടെ നിങ്ങളെയെല്ലാം കാണാൻ ഞാൻ എത്ര ആഗ്രഹിക്കുന്നു എന്നതിനു ദൈവംതന്നെ സാക്ഷി.

    9 ആഴത്തിലുള്ള അറിവിലും തികഞ്ഞ വിവേകത്തിലും നിങ്ങളുടെ സ്നേഹം അധികമധികം വർധിച്ചുവന്ന്

  50. 8 സർവോപരി, നിങ്ങൾ എല്ലാവരും ഐകമത്യത്തോടെ ജീവിക്കുക എന്നു ഞാൻ നിങ്ങളോടു പറയുന്നു. സഹാനുഭൂതിയും സഹോദരസ്നേഹവും ദയയും താഴ്മയും ഉള്ളവരായിരിക്കുക. 9 തിന്മയ്ക്കു പകരം തിന്മ ചെയ്യാതെയും അധിക്ഷേപത്തിനു പ്രതികാരമായി അധിക്ഷേപിക്കാതെയും ഇരിക്കുക. അവയ്ക്കുപകരം അനുഗ്രഹം നൽകുക. ഇങ്ങനെ പ്രവർത്തിച്ചുകൊണ്ട് അനുഗ്രഹങ്ങൾ അവകാശമാക്കാനാണ് നിങ്ങളെ വിളിച്ചിരിക്കുന്നത്.

  51. 15 ലോകത്തെയോ ലോകത്തിലുള്ള ഏതിനെയെങ്കിലുമോ സ്നേഹിക്കരുത്. ഒരാൾ ലോകത്തെ സ്നേഹിക്കുന്നെങ്കിൽ പിതാവിന്റെ സ്നേഹം അയാളിൽ ഇല്ല. 16 കാരണം ലോകത്തിലുള്ള സകലതും—ജഡികാസക്തി, കൺമോഹം, ജീവനത്തിന്റെ അഹന്ത എന്നിവയെല്ലാംതന്നെ—പിതാവിൽനിന്നല്ല, ലോകത്തിൽനിന്നാണ്. 17 ലോകവും അതിനോടുകൂടെയുള്ള മോഹങ്ങളും നീങ്ങിപ്പോകുന്നു; എന്നാൽ ദൈവഹിതം ചെയ്യുന്നവർ സദാകാലം നിലനിൽക്കുന്നു.

  52. 35 ഞാൻ വന്നത് ഭിന്നിപ്പിക്കാനാണ്:

    “ ‘ഒരുവനെ തന്റെ പിതാവിനെതിരേയും

    മകളെ തന്റെ അമ്മയ്ക്കെതിരേയും

    മരുമകളെ തന്റെ അമ്മായിയമ്മയ്ക്കെതിരേയും,

    36 ഒരു മനുഷ്യന്റെ ശത്രുക്കൾ അയാളുടെ കുടുംബാംഗങ്ങൾതന്നെ ആയിരിക്കും.’

    37 “എന്നെക്കാളധികം സ്വന്തം പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവർ എന്റേതായിരിക്കാൻ യോഗ്യരല്ല. എന്നെക്കാളധികം സ്വന്തം പുത്രനെയോ പുത്രിയെയോ സ്നേഹിക്കുന്നവരും എനിക്കു യോഗ്യരല്ല. 38 സ്വന്തം ക്രൂശ് വഹിച്ചുകൊണ്ട് എന്നെ അനുഗമിക്കാത്തവരും എനിക്കു യോഗ്യരല്ല.

  53. 18 “ആ കൽപ്പനകൾ ഏതെല്ലാം?” അയാൾ ചോദിച്ചു.

    “ ‘കൊലപാതകം ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, 19 നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക, നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ അയൽവാസിയെയും സ്നേഹിക്കുക’ എന്നിത്യാദിയാണ്,” എന്ന് യേശു ഉത്തരം പറഞ്ഞു.

  54. 42 യേശു അവരോടു പറഞ്ഞത്: “ദൈവം നിങ്ങളുടെ പിതാവായിരുന്നെങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു, ഞാൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നിരിക്കുന്നു. ഞാൻ സ്വയമേവ വന്നതല്ല; അവിടന്ന് എന്നെ അയച്ചതാണ്.

  55. 27 കാരണം, പിതാവും നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ എന്നെ സ്നേഹിക്കുകയും ഞാൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നിരിക്കുന്നു എന്നു വിശ്വസിക്കുകയും ചെയ്തിരിക്കുന്നല്ലോ.

  56. 17 നിങ്ങളോടു ദോഷം പ്രവർത്തിക്കുന്ന ആർക്കും ദോഷം പകരം ചെയ്യരുത്. എല്ലാ മനുഷ്യർക്കും സ്വീകാര്യമായ നല്ല കാര്യങ്ങൾചെയ്യാൻ ശ്രമിക്കുകയും 18 നിങ്ങളാൽ കഴിയുന്നതുവരെ, എല്ലാവരോടും സമാധാനത്തോടെ ജീവിക്കുകയുംചെയ്യുക. 19 സ്നേഹിതരേ, നിങ്ങൾതന്നെ പകപോക്കാൻ ശ്രമിക്കരുത്, ദൈവക്രോധംതന്നെ അതു നിർവഹിക്കട്ടെ. തിരുവെഴുത്തിൽ ഇങ്ങനെ എഴുതിയിട്ടുണ്ടല്ലോ, “ഞാനാണ് പ്രതികാരംചെയ്യുന്നവൻ, ഞാൻ പകരംവീട്ടും” എന്നു കർത്താവ് അരുളിച്ചെയ്യുന്നു. 20 എന്നാൽ,

    “നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ അയാൾക്കു ഭക്ഷണം നൽകുക;

    ദാഹിക്കുന്നെങ്കിൽ എന്തെങ്കിലും കുടിക്കാൻ നൽകുക.

    ഇങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങൾ ശത്രുവിന്റെ ശിരസ്സിൽ കൽക്കരിക്കനൽ കൂട്ടിവെക്കുകയാണു ചെയ്യുക.”

    21 നിങ്ങൾ തിന്മയ്ക്ക് അധീനരാകരുത്, പിന്നെയോ, നന്മയാൽ തിന്മയെ കീഴടക്കുകയാണു വേണ്ടത്.

  57. 15 നിന്റെ ഭക്ഷണംമൂലം സഹോദരങ്ങൾക്കു വ്യസനം ഉണ്ടാക്കുന്നു എങ്കിൽ നിങ്ങൾ സ്നേഹത്തിൽ ജീവിക്കുന്നില്ല. ക്രിസ്തു ആർക്കുവേണ്ടി മരിച്ചുവോ ആ ആൾക്കു നിന്റെ ഭക്ഷണം നാശകരമാകരുത്.

  58. 20 ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഇനിമുതൽ ജീവിക്കുന്നത് ഞാനല്ല; ക്രിസ്തു ആണ് എന്നിൽ ജീവിക്കുന്നത്. എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി സ്വയം അർപ്പിക്കുകയുംചെയ്ത ദൈവപുത്രനിലുള്ള വിശ്വാസംമൂലമാണ് ഞാൻ ഇപ്പോൾ ഈ ശരീരത്തിൽ ജീവിക്കുന്നത്.

  59. 1 ആകയാൽ (ഇങ്ങനെ നിങ്ങളും കഷ്ടതയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാൽ) നിങ്ങൾ ക്രിസ്തുവിനോട് ചേർന്നിരിക്കുന്നതിലൂടെ എന്തെങ്കിലും പ്രോത്സാഹനം ലഭിച്ചിട്ടുണ്ടോ? അവിടത്തെ സ്നേഹത്തിൽനിന്ന് എന്തെങ്കിലും ആശ്വാസം ലഭിച്ചിട്ടുണ്ടോ? ദൈവാത്മാവിൽ വല്ല കൂട്ടായ്മയും നിങ്ങൾക്കുണ്ടോ? അൽപ്പമെങ്കിലും ആർദ്രതയും അനുകമ്പയും ഉണ്ടോ? ഉണ്ടെങ്കിൽ 2 നിങ്ങൾ ഒരേ ഹൃദയവും ഒരേ സ്നേഹവും ഉള്ളവരായി, ആത്മാവിലും ലക്ഷ്യത്തിലും ഐക്യവും ഉള്ളവരായി, എന്റെ ആനന്ദം സമ്പൂർണമാക്കുക. 3 സ്വാർഥതാത്പര്യത്താലോ വൃഥാഭിമാനത്താലോ ഒന്നും ചെയ്യാതെ വിനയപൂർവം മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠർ എന്നു കരുതുക.

  60. 8 “നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കണം” എന്ന തിരുവെഴുത്ത് അനുശാസിക്കുന്ന, രാജകീയ നിയമം പാലിക്കുന്നെങ്കിൽ നിങ്ങൾ ഉത്തമമായതു പ്രവർത്തിക്കുന്നു.

  61. 22 നിങ്ങൾ സത്യം അനുസരിച്ചതിലൂടെ നിങ്ങൾക്ക് വിശുദ്ധീകരണം ലഭിച്ചു; അത് നിഷ്കപടമായ സഹോദരസ്നേഹത്തിനുവേണ്ടിയാണ്, അതുകൊണ്ട് നിങ്ങൾ ഹൃദയശുദ്ധിയോടെ പരസ്പരം ഗാഢമായി സ്നേഹിക്കുക. 23 നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നത് നശ്വരബീജത്താലല്ല; അനശ്വരവും ജീവനുള്ളതും ശാശ്വതവുമായ ദൈവവചനത്താൽത്തന്നെ.

  62. 5 അവയെ വണങ്ങുകയോ ആരാധിക്കുകയോ ചെയ്യരുത്. കാരണം, നിങ്ങളുടെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ളവനാകുന്നു. എന്നെ വെറുക്കുന്ന മാതാപിതാക്കളുടെ പാപത്തിന് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ശിക്ഷിക്കും. 6 എന്നാൽ എന്നെ സ്നേഹിച്ച് എന്റെ കൽപ്പനകൾ പ്രമാണിക്കുന്നവരോട് ആയിരം തലമുറവരെ ഞാൻ കരുണകാണിക്കും.

  63. 33 “ ‘ഒരു പ്രവാസി നിങ്ങളോടുകൂടെ നിങ്ങളുടെ ദേശത്തു പാർക്കുമ്പോൾ ആ മനുഷ്യനെ ചൂഷണംചെയ്യരുത്. 34 നിങ്ങളോടുകൂടെ പാർക്കുന്ന പ്രവാസിയോട് ഒരു സ്വദേശിയോടെന്നപോലെ ഇടപെടുക; അയാളെ നിങ്ങളെപ്പോലെതന്നെ സ്നേഹിക്കുക. നിങ്ങൾ ഈജിപ്റ്റിൽ പ്രവാസികളായിരുന്നല്ലോ. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

  64. 15 “ഒരു സ്ത്രീക്ക് താൻ മുലയൂട്ടുന്ന കുഞ്ഞിനെ മറക്കാൻ കഴിയുമോ?

    തന്റെ ഗർഭത്തിൽ ഉരുവായ മകനോട് അവൾക്ക് കരുണ തോന്നാതിരിക്കുമോ?

    ഒരു അമ്മ മറന്നാലും

    ഞാൻ നിങ്ങളെ മറക്കുകയില്ല!

    16 ഇതാ, ഞാൻ എന്റെ ഉള്ളംകൈയിൽ നിന്നെ വരച്ചിരിക്കുന്നു;

    നിന്റെ മതിലുകൾ എപ്പോഴും എന്റെ കൺമുമ്പിലുണ്ട്.

  65. 25 ഒരു ദിവസം ഒരു നിയമജ്ഞൻ എഴുന്നേറ്റുനിന്ന് യേശുവിനെ പരീക്ഷിക്കാൻ ഇങ്ങനെ ചോദിച്ചു, “ഗുരോ, എന്തു ചെയ്താൽ എനിക്കു നിത്യജീവൻ ലഭ്യമാകും?”

    26 “എന്താണ് ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നത്? നീ എങ്ങനെ വായിക്കുന്നു?” യേശു ചോദിച്ചു.

    27 അതിന് അയാൾ, “നിന്റെ ദൈവമായ കർത്താവിനെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണശക്തിയാലും സമ്പൂർണമനസ്സാലും സ്നേഹിക്കണം; നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കണം” എന്നുത്തരം പറഞ്ഞു.

    28 യേശു അയാളോട്, “നീ പറഞ്ഞത് ശരിയായ ഉത്തരമാണ്; ഇതു ചെയ്യുക, ഇവ ചെയ്താൽ നീ ജീവിക്കും” എന്നു പറഞ്ഞു.

  66. 26 “ഒരാൾ എന്റെ അടുക്കൽ വരികയും തന്റെ മാതാപിതാക്കളെക്കാളും ഭാര്യയെക്കാളും മക്കളെക്കാളും സഹോദരന്മാരെക്കാളും സഹോദരിമാരെക്കാളും സ്വന്തം ജീവനെക്കാളും എന്നെ സ്നേഹിക്കാതിരിക്കുകയും ചെയ്യുന്നെങ്കിൽ അയാൾക്ക് എന്റെ ശിഷ്യനായിരിക്കാൻ സാധ്യമല്ല.

  67. 24 “പിതാവേ, അവിടന്ന് എനിക്കു നൽകിയിട്ടുള്ളവർ എന്നോടുകൂടെ, ഞാൻ ആയിരിക്കുന്നേടത്ത് ഉണ്ടായിരിക്കണമെന്നും അവർ എന്റെ മഹത്ത്വം—ലോകസൃഷ്ടിക്കുമുമ്പേ അങ്ങ് എന്നെ സ്നേഹിച്ചിരുന്നതിനാൽ അവിടന്ന് എനിക്കു നൽകിയ അതേ മഹത്ത്വംതന്നെ—കാണണമെന്നും ഞാൻ ആഗ്രഹിക്കുന്നു.

  68. 26 അങ്ങേക്ക് എന്നോടുള്ള സ്നേഹം അവരിൽ ആകാനും ഞാൻ അവരിൽ ആകാനും ഞാൻ അങ്ങയുടെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു, ഇനിയും വെളിപ്പെടുത്തും.”

  69. 1 എന്നാൽ, വിശ്വാസത്തിൽ ശക്തരായ നാം വിശ്വാസത്തിൽ ബലഹീനരുടെ പരാജയങ്ങളെ സഹിക്കുകയും നമ്മുടെ ആനന്ദംമാത്രം ലക്ഷ്യമാക്കാതിരിക്കുകയും വേണം. 2 നാം ഓരോരുത്തരും മറ്റുള്ളവരുടെ നന്മ ലക്ഷ്യമാക്കി, അവരുടെ ആത്മികോന്നതിക്കായി അവരെ പ്രോത്സാഹിപ്പിക്കണം. 3 കാരണം, ക്രിസ്തുവും സ്വന്തം ആനന്ദമല്ല ലക്ഷ്യമാക്കിയത്: “നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെമേൽ വീണു” എന്നാണല്ലോ തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

  70. 1 ഇനി വിഗ്രഹങ്ങൾക്ക് അർപ്പിച്ച ഭക്ഷണത്തെക്കുറിച്ച്: “നാം എല്ലാവരും ജ്ഞാനമുള്ളവരാണെന്നാണ്” നമ്മുടെ അറിവ്. ഈ ജ്ഞാനം ഒരാളെ നിഗളിയാക്കിത്തീർക്കുന്നു; സ്നേഹമോ ആത്മികാഭിവൃദ്ധി വരുത്തുന്നു.

  71. 1 ഈ സ്വാതന്ത്ര്യത്തിനായിട്ടാണ് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയത്. ന്യായപ്രമാണത്തിന്റെ അടിമനുകത്തിൻകീഴിൽ നാം വീണ്ടും അകപ്പെട്ടുപോകാതെ സ്വതന്ത്രരായി ഉറച്ചുനിൽക്കുക.

    2 എന്റെ വാക്കുകൾ ശ്രദ്ധിക്കൂ! പൗലോസെന്ന ഞാനാണ് നിങ്ങളോടു പറയുന്നത്, “നിങ്ങൾ പരിച്ഛേദനമേൽക്കുന്നു എങ്കിൽ ക്രിസ്തുവിനെക്കൊണ്ടു നിങ്ങൾക്കു യാതൊരു പ്രയോജനവും ഇല്ല.” 3 പരിച്ഛേദനത്തിനു വിധേയരാകുന്ന എല്ലാ മനുഷ്യരെയും ഞാൻ വീണ്ടും ഓർമിപ്പിക്കുന്നത്, അവർ ന്യായപ്രമാണത്തിലെ സർവനിബന്ധനകളും പാലിക്കാൻ ബാധ്യസ്ഥരാണെന്നാണ്. 4 ന്യായപ്രമാണം പാലിക്കുന്നതിലൂടെ നീതീകരിക്കപ്പെടാൻ പരിശ്രമിക്കുന്ന നിങ്ങൾ, ക്രിസ്തുവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടവരും ദൈവകൃപയിൽനിന്ന് വീണുപോയവരുമാണ്. 5 എന്നാൽ, ഞങ്ങൾ വിശ്വാസത്താൽ പ്രത്യാശ വെച്ചിരിക്കുന്ന നീതീകരണം ലഭിക്കാനായി, ദൈവാത്മസഹായത്താൽ ആകാംക്ഷയോടെ കാത്തിരിക്കുന്നു. 6 ക്രിസ്തുയേശുവിൽ വിശ്വാസം അർപ്പിച്ചവർക്ക്, പരിച്ഛേദനവും പരിച്ഛേദനമില്ലായ്മയും ഒരു വ്യത്യാസവും സൃഷ്ടിക്കുന്നില്ല; മറിച്ച് സ്നേഹത്തിലൂടെയുള്ള വിശ്വാസംമാത്രമേ പ്രവർത്തനക്ഷമമാകുകയുള്ളൂ.

  72. 14 തൽഫലമായി, നാം ഇനിമേൽ, മനുഷ്യരുടെ വഞ്ചനാത്മകമായ ഗൂഢാലോചനകളുടെ കൗശലങ്ങളിലും തന്ത്രങ്ങളിലും കുടുങ്ങി അവരുടെ ദുരുപദേശങ്ങളുടെ കാറ്റിൽ ആടിയുലയുകയും ഓളങ്ങളിൽ ചാഞ്ചാടുകയുംചെയ്യുന്ന ശിശുക്കളല്ല; 15 മറിച്ച്, സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ട് എല്ലാക്കാര്യങ്ങളിലും ക്രിസ്തു എന്ന ശിരസ്സുവരെ വളരുന്നവരാകും. 16 അങ്ങനെ ഓരോ അവയവവും അതതിന്റെ ധർമം നിർവഹിച്ചുകൊണ്ട്, സകലസന്ധിബന്ധങ്ങളും സംയോജിതമായി, സ്നേഹത്തിൽ മുഴുവൻ ശരീരവും സ്വയം പടുത്തുയർത്തപ്പെട്ട് ക്രിസ്തുവിനാൽ വളർച്ച പ്രാപിക്കുന്നു.

  73. 9 സഹോദരസ്നേഹത്തെപ്പറ്റി നിങ്ങൾക്കെഴുതേണ്ട ആവശ്യമില്ല; കാരണം പരസ്പരം സ്നേഹിക്കാൻ ദൈവത്തിൽനിന്ന് നിങ്ങൾ പഠിച്ചിരിക്കുന്നു. 10 അങ്ങനെ നിങ്ങൾ മക്കദോന്യയിൽ എല്ലായിടത്തുമുള്ള എല്ലാ സഹോദരങ്ങളെയും സ്നേഹിക്കുന്നു. ഇതിൽ നിങ്ങൾ കൂടുതൽ കൂടുതൽ വർധിച്ചുവരണമെന്ന് ഞങ്ങൾ പ്രബോധിപ്പിക്കുന്നു.

  74. 5 ഞാൻ നൽകുന്ന ഈ നിർദേശത്തിന്റെ ഉദ്ദേശ്യമോ നിർമലഹൃദയം, ശുദ്ധമനസ്സാക്ഷി, കാപട്യമില്ലാത്തവിശ്വാസം ഇവയിൽനിന്ന് ഉത്ഭവിക്കുന്ന സ്നേഹംതന്നെ.

  75. 1 നിങ്ങൾ സഹോദരങ്ങളെപ്പോലെ പരസ്പരം സ്നേഹിക്കുക. 2 അതിഥികളെ ഉപചരിക്കുന്നതിൽ ഉപേക്ഷ വിചാരിക്കരുത്; ചിലർ അതിലൂടെ അറിയാതെതന്നെ ദൈവദൂതന്മാരെ സൽക്കരിച്ചിട്ടുണ്ടല്ലോ. 3 നിങ്ങൾ അവരോടുകൂടെ തടവിലായിരുന്നു എന്നപോലെ തടവുകാരെയും നിങ്ങളും അവരോടൊപ്പം പീഡനം സഹിക്കുന്നവർ എന്നപോലെ പീഡിതരെയും ഓർക്കുക.

  76. 6 നാം ദൈവകൽപ്പനയനുസരിച്ചു ജീവിക്കുന്നതാണ് സ്നേഹം. ആരംഭംമുതലേ നിങ്ങൾ കേട്ടിട്ടുള്ളതുപോലെ, നിങ്ങൾ സ്നേഹത്തിൽ ജീവിക്കുക. ഇതാകുന്നു ആ കൽപ്പന.