25 Bible Verses About Abortion
Biblica® Open Malayalam Contemporary Version™ (OMCV)
-
13 അവിടന്നാണെന്റെ അന്തരിന്ദ്രിയം രൂപകൽപ്പനചെയ്തത്;
എന്റെ അമ്മയുടെ ഗർഭഗൃഹത്തിൽ എന്നെ കൂട്ടിയിണക്കിയതും അങ്ങുതന്നെയാണ്.
14 സങ്കീർണവും വിസ്മയകരവുമായി അങ്ങ് എന്നെ സൃഷ്ടിച്ചിരിക്കുകയാൽ ഞാൻ അങ്ങേക്ക് സ്തോത്രംചെയ്യുന്നു;
അവിടത്തെ പ്രവൃത്തികൾ ആശ്ചര്യകരമാണ്,
അതെനിക്കു നന്നായി അറിയാം.
15 ഞാൻ നിഗൂഢതയിൽ ഉരുവാക്കപ്പെടുകയും
ഭൂമിയുടെ അഗാധതകളിൽ മെനയപ്പെടുകയും ചെയ്തപ്പോൾ,
എന്റെ ആകാരം അങ്ങേക്ക് അജ്ഞാതമായിരുന്നില്ല.
16 എന്റെ ശരീരം രൂപപ്പെടുന്നതിനുമുമ്പുതന്നെ അവിടത്തെ കണ്ണ് എന്നെ കണ്ടു;
എനിക്കു നിർണയിക്കപ്പെട്ടിരുന്ന ദിനങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നതിനു മുമ്പേതന്നെ,
അവയെല്ലാം അങ്ങയുടെ പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ടു.
-
22 “ആളുകൾതമ്മിൽ വഴക്കുണ്ടായിട്ട് ഒരു ഗർഭിണിക്ക് ആഘാതം ഏൽക്കുകയും മാസംതികയാതെ പ്രസവിക്കുകയും എന്നാൽ ഗുരുതരമായ പരിക്ക് ഇല്ലാതിരിക്കുകയും ചെയ്താൽ സ്ത്രീയുടെ ഭർത്താവ് ആവശ്യപ്പെടുന്നതും ന്യായാധിപന്മാർ നിശ്ചയിക്കുന്നതുമായ പിഴ അക്രമി അടയ്ക്കേണ്ടതാണ്. 23 എന്നാൽ ഗുരുതരമായ പരിക്കുണ്ടെങ്കിൽ നിങ്ങൾ ജീവനുപകരം ജീവൻ കൊടുക്കണം. 24 കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല്, കൈക്കു പകരം കൈ, പാദത്തിനു പകരം പാദം, 25 പൊള്ളലിനു പകരം പൊള്ളൽ, മുറിവിനു പകരം മുറിവ്, ചതവിനു പകരം ചതവ് എന്നീ ക്രമത്തിൽ ശിക്ഷ നടപ്പാക്കണം.
-
4 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി, അത് ഇപ്രകാരമാണ്:
5 “നിന്നെ ഗർഭപാത്രത്തിൽ രൂപപ്പെടുത്തുന്നതിനുമുമ്പേ ഞാൻ നിന്നെ അറിഞ്ഞു,
നീ ജനിക്കുന്നതിനുമുമ്പേ ഞാൻ നിന്നെ വേർതിരിച്ചു;
രാഷ്ട്രങ്ങൾക്ക് ഒരു പ്രവാചകനായി ഞാൻ നിന്നെ നിയമിച്ചു.”
-
21 യിസ്ഹാക്കിന്റെ ഭാര്യ വന്ധ്യയായിരുന്നതുകൊണ്ട് അദ്ദേഹം അവൾക്കുവേണ്ടി യഹോവയോടു പ്രാർഥിച്ചു. യഹോവ അദ്ദേഹത്തിന്റെ പ്രാർഥന കേട്ടു; യിസ്ഹാക്കിന്റെ ഭാര്യയായ റിബേക്കാ ഗർഭവതിയായി. 22 അവളുടെ ഉള്ളിൽ കുട്ടികൾതമ്മിൽ തിക്കി. അപ്പോൾ അവൾ, “എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്?” എന്നു പറഞ്ഞുകൊണ്ട് യഹോവയോടു ചോദിക്കാൻ പോയി.
23 യഹോവ അവളോട്:
“നിന്റെ ഉദരത്തിൽ രണ്ടു ജനതകളാണുള്ളത്.
നിന്റെ ഉള്ളിൽനിന്നുതന്നെ രണ്ടു ജനസമൂഹങ്ങൾ വേർതിരിക്കപ്പെടും;
ഒരു ജനസമൂഹം മറ്റതിനെക്കാൾ പ്രബലമായിരിക്കും.
മൂത്തവൻ ഇളയവനെ സേവിക്കും” എന്ന് അരുളിച്ചെയ്തു.
24 അവളുടെ പ്രസവകാലം സമീപിച്ചു. അവളുടെ ഉദരത്തിൽ ഇരട്ട ആൺകുട്ടികൾ ഉണ്ടായിരുന്നു. 25 ആദ്യം പിറന്നവൻ ചെമപ്പു നിറമുള്ളവനായിരുന്നു. അവന്റെ ദേഹം രോമക്കുപ്പായംപോലെ ആയിരുന്നു; അതുകൊണ്ട്, അവർ അവന് ഏശാവ് എന്നു പേരിട്ടു. 26 അതിന്റെശേഷം അവന്റെ സഹോദരൻ പിറന്നു; അവൻ ഏശാവിന്റെ കുതികാലിൽ പിടിച്ചുകൊണ്ടാണു പുറത്തുവന്നത്. അതുകൊണ്ട് അവന് യാക്കോബ് എന്നു പേരിട്ടു. റിബേക്ക ഇവരെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിന് അറുപതു വയസ്സായിരുന്നു.
-
39 ചില ദിവസത്തിനുശേഷം മറിയ എഴുന്നേറ്റ് യെഹൂദ്യപ്രവിശ്യയിലെ മലനിരയിലുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തിൽ യാത്രപുറപ്പെട്ടു. 40 അവിടെ അവൾ സെഖര്യാവിന്റെ ഭവനത്തിൽ ചെന്നു. അവൾ എലിസബത്തിനെ വന്ദിച്ചു. 41 മറിയയുടെ വന്ദനം എലിസബത്ത് കേട്ടപ്പോൾ ഗർഭസ്ഥശിശു അവളുടെ ഉദരത്തിൽ തുള്ളിച്ചാടി; എലിസബത്ത് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി, 42 ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: “നീ സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവൾ; നിനക്കു ജനിക്കുന്ന ശിശുവും അനുഗ്രഹിക്കപ്പെട്ടവൻ! 43 എന്റെ കർത്താവിന്റെ മാതാവ് എന്നെ സന്ദർശിക്കാൻ തക്ക കൃപ എനിക്കു ലഭിച്ചത് എങ്ങനെ? 44 നിന്റെ വന്ദനവചസ്സുകൾ എന്റെ കാതുകളിൽ പതിച്ചമാത്രയിൽത്തന്നെ ശിശു എന്റെ ഉദരത്തിൽ ആനന്ദിച്ചു തുള്ളിച്ചാടി. 45 കർത്താവ് അരുളിച്ചെയ്തത് നിറവേറുമെന്ന് വിശ്വസിച്ച നീ അനുഗൃഹീത!”
-
13 കൊലപാതകം ചെയ്യരുത്.
-
27 ഇങ്ങനെ, ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു;
അവിടന്നു ദൈവസ്വരൂപത്തിൽ അവരെ സൃഷ്ടിച്ചു;
പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു.
-
3 മക്കൾ യഹോവയിൽനിന്നുള്ള പൈതൃകാവകാശം.
ഉദരഫലം അവിടന്നു നൽകുന്ന പ്രതിഫലവുമാണ്.
4 ഒരാൾക്കു തന്റെ യൗവനത്തിൽ പിറക്കുന്ന മക്കൾ
ഒരു യോദ്ധാവിന്റെ കൈയിലെ അസ്ത്രങ്ങൾപോലെയാണ്.
5 അവരെക്കൊണ്ട് തന്റെ ആവനാഴി നിറച്ചിട്ടുള്ള
പുരുഷൻ അനുഗൃഹീതൻ.
നഗരകവാടത്തിൽവെച്ച് തങ്ങളുടെ ശത്രുക്കളുമായി ഏറ്റുമുട്ടുമ്പോൾ
അവർ ലജ്ജിതരാകുകയില്ല.
-
7 യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ മെനഞ്ഞു, അവന്റെ മൂക്കിൽ ജീവശ്വാസം ഊതി; അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിത്തീർന്നു.
-
3 ജീവനോടെ ചരിക്കുന്ന സകലതും നിങ്ങൾക്ക് ആഹാരമായിരിക്കും. ഞാൻ നിങ്ങൾക്കു പച്ചസസ്യങ്ങൾ നൽകിയതുപോലെ ഇപ്പോൾ സകലതും നിങ്ങൾക്കു തരുന്നു.
4 “എന്നാൽ, ജീവരക്തത്തോടുകൂടി ഒന്നിന്റെയും മാംസം നിങ്ങൾ ഭക്ഷിക്കരുത്. 5 നിങ്ങളുടെ ജീവരക്തത്തിനു ഞാൻ കണക്കുചോദിക്കും; ഓരോ മൃഗത്തോടും ഞാൻ കണക്ക് ആവശ്യപ്പെടും; ഓരോ മനുഷ്യനോടും അവന്റെ സുഹൃത്തിന്റെ ജീവരക്തത്തിനു കണക്കുചോദിക്കും.
6 “മനുഷ്യന്റെ രക്തം ആരെങ്കിലും ചൊരിഞ്ഞാൽ
അവന്റെ രക്തം മനുഷ്യൻ ചൊരിയിക്കും.
ദൈവം തന്റെ സ്വരൂപത്തിലാണല്ലോ
മനുഷ്യനെ നിർമിച്ചത്.
-
15 ഈജിപ്റ്റുരാജാവ് എബ്രായസൂതികർമിണികളായ ശിപ്രാ, പൂവാ എന്നിവരോട്, 16 “നിങ്ങൾ എബ്രായസ്ത്രീകളെ പ്രസവവേളയിൽ പരിചരിക്കയും അവരെ പ്രസവക്കിടക്കയിൽ നിരീക്ഷിക്കുകയും ചെയ്യുമ്പോൾ കുട്ടി ആണാണെങ്കിൽ അതിനെ കൊന്നുകളയുകയും പെണ്ണാണെങ്കിൽ ജീവിക്കാൻ അനുവദിക്കുകയും ചെയ്യണം” എന്നു കൽപ്പിച്ചു. 17 ആ സൂതികർമിണികൾ ദൈവത്തെ ഭയപ്പെട്ടിരുന്നതുകൊണ്ട്, ഈജിപ്റ്റുരാജാവ് തങ്ങളോടു കൽപ്പിച്ചിരുന്നതുപോലെ പ്രവർത്തിച്ചില്ല; ആൺകുട്ടികളെ അവർ ജീവനോടെ രക്ഷിച്ചു. 18 ഇതറിഞ്ഞ ഈജിപ്റ്റുരാജാവ് അവരെ ആളയച്ചുവരുത്തി അവരോട്, “നിങ്ങൾ ഇങ്ങനെ ചെയ്തതെന്ത്? ആൺകുട്ടികളുടെ ജീവൻ രക്ഷിക്കുന്നത് എന്തിന്?” എന്ന് ആരാഞ്ഞു.
19 സൂതികർമിണികൾ ഫറവോനോട്, “എബ്രായസ്ത്രീകൾ ഈജിപ്റ്റിലെ സ്ത്രീകളെപ്പോലെയല്ല; അവർ ചുറുചുറുക്കുള്ളവരാണ്; സൂതികർമിണികൾ എത്തുന്നതിനുമുമ്പുതന്നെ അവർ പ്രസവിച്ചുകഴിഞ്ഞിരിക്കും” എന്ന് ഉത്തരം പറഞ്ഞു.
20 അതുകൊണ്ടു ദൈവം ആ സൂതികർമിണികളോടു കരുണ കാണിച്ചു; ഇസ്രായേൽജനം പെരുകുകയും എണ്ണത്തിൽ പ്രബലരായിത്തീരുകയും ചെയ്തു. 21 സൂതികർമിണികൾ ദൈവത്തെ ഭയപ്പെട്ടതുകൊണ്ട് അവിടന്ന് അവർക്കും കുടുംബവർധന നൽകി.
-
31 നീ ഗർഭവതിയായി ഒരു മകനെ പ്രസവിക്കും. നീ ആ ശിശുവിന് യേശു എന്നു നാമകരണം ചെയ്യണം. 32 അവിടന്ന് മഹാനാകും; പരമോന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. അവിടത്തെ പിതാവായ ദാവീദിന്റെ സിംഹാസനം കർത്താവായ ദൈവം അവിടത്തേക്ക് നൽകും. 33 അവിടന്ന് യാക്കോബ് വംശത്തിന് എന്നേക്കും രാജാവായിരിക്കും; അവിടത്തെ രാജ്യത്തിന് ഒരിക്കലും അവസാനമുണ്ടാകുകയില്ല” എന്നു പറഞ്ഞു.
-
13 “എന്റെ ദാസനോ ദാസിയോ
എന്നോട് ഒരു പരാതി ബോധിപ്പിച്ചിട്ട്;
ഞാൻ എന്റെ സേവകരിൽ ആർക്കെങ്കിലും നീതി നിഷേധിച്ചിട്ടുണ്ടെങ്കിൽ,
14 ദൈവം അവിടത്തെ ന്യായവിധി ആരംഭിക്കുമ്പോൾ ഞാൻ എന്തുചെയ്യും?
അവിടന്ന് എന്നോടു കണക്കുചോദിക്കുമ്പോൾ ഞാൻ എന്ത് ഉത്തരം പറയും?
15 എന്നെ ഉദരത്തിൽ ഉരുവാക്കിയവനല്ലേ അവരെയും ഉരുവാക്കിയത്?
ഒരുവൻതന്നെയല്ലേ ഞങ്ങൾ ഇരുവരെയും മാതൃഗർഭത്തിൽ രൂപപ്പെടുത്തിയത്?
-
3 “ജനനംമുതൽ ഞാൻ ചുമന്നിട്ടുള്ളവരും
ഗർഭംമുതൽ ഞാൻ വഹിച്ചിട്ടുള്ളവരുമായ,
യാക്കോബുഗൃഹമേ, ഇസ്രായേലിൽ ശേഷിച്ചിട്ടുള്ള എല്ലാവരുമേ,
ഞാൻ പറയുന്നതു കേൾക്കുക.
4 നിങ്ങളുടെ വാർധക്യകാലംവരെയും ജരാനരകൾ ബാധിക്കുംവരെയും
ഞാൻ മാറ്റമില്ലാത്തവൻ, ഞാനാണ് നിന്നെ സംരക്ഷിക്കുന്നവൻ.
ഞാൻ നിന്നെ സൃഷ്ടിച്ചു, ഞാൻ നിന്നെ ചുമക്കും;
ഞാൻ നിന്നെ സംരക്ഷിക്കും, ഞാൻ നിന്നെ മോചിപ്പിക്കും.
-
1 ദ്വീപുകളേ, എന്റെ വാക്കുകൾ ശ്രദ്ധിക്കുക;
വിദൂരതയിലുള്ള ജനതകളേ, ഇതു കേൾക്കുക:
യഹോവ എന്നെ ഗർഭംമുതൽതന്നെ വിളിച്ചിരിക്കുന്നു;
അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ അവിടന്ന് എന്റെ പേര് പ്രസ്താവിച്ചിരിക്കുന്നു.
2 അവിടന്ന് എന്റെ വായ് മൂർച്ചയുള്ള വാൾപോലെയാക്കി
തന്റെ ഉള്ളങ്കൈയിൽ അവിടന്ന് എന്നെ മറച്ചു;
എന്നെ മൂർച്ചയുള്ള ഒരു അസ്ത്രമാക്കി
എന്നെ തന്റെ ആവനാഴിയിൽ മറച്ചുവെച്ചിരിക്കുന്നു.
3 “ഇസ്രായേലേ, നീ എന്റെ ദാസൻ;
എന്റെ മഹത്ത്വം ഞാൻ നിന്നിൽ വെളിപ്പെടുത്തും,” എന്ന് അവിടന്ന് എന്നോട് അരുളിച്ചെയ്തു.
-
13 അപ്പോൾ ദൂതൻ അദ്ദേഹത്തോട് പറഞ്ഞത്: “സെഖര്യാവേ, ഭയപ്പെടേണ്ട, ദൈവം നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും, നീ അവന് യോഹന്നാൻ എന്നു നാമകരണം ചെയ്യണം. 14 അയാൾ നിനക്ക് ആനന്ദവും ആഹ്ലാദവും ആയിരിക്കും. അവന്റെ ജനനത്തിൽ അനേകർ ആനന്ദിക്കും. 15 കർത്താവിന്റെ ദൃഷ്ടിയിൽ അവൻ ശ്രേഷ്ഠൻ ആയിരിക്കും. വീഞ്ഞോ ഇതര ലഹരിപാനീയങ്ങളോ അവൻ ഒരിക്കലും പാനം ചെയ്യരുത്. തന്റെ ജനനത്തിന് മുമ്പുതന്നെ അവൻ പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ ആയിരിക്കും.
-
10 അപ്പോൾ യഹോവ അരുളിച്ചെയ്തത്: “നീ ഈ ചെയ്തത് എന്ത്? നോക്കൂ! നിന്റെ സഹോദരന്റെ രക്തം ഭൂമിയിൽനിന്ന് എന്നോടു നിലവിളിക്കുന്നു. 11 ഇപ്പോൾ നീ ശാപഗ്രസ്തനായി; നിന്റെ കൈയിൽനിന്ന് നിന്റെ സഹോദരന്റെ രക്തം ഏറ്റുവാങ്ങാൻ വായ് തുറന്ന ദേശത്തുനിന്നു നീ പുറത്താക്കപ്പെടും.
-
3 യഹോവയുടെ ദൂതൻ അവൾക്കു പ്രത്യക്ഷനായി, അവളോട് ഇപ്രകാരം പറഞ്ഞു: “നീ വന്ധ്യയല്ലോ, നിനക്കു കുഞ്ഞുങ്ങളില്ല; എന്നാൽ നീ ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കാൻ പോകുന്നു. 4 ആകയാൽ വീഞ്ഞും മദ്യവും കുടിക്കാതിരിക്കാൻ സൂക്ഷിക്കുക. അശുദ്ധമായതൊന്നും ഭക്ഷിക്കുകയുമരുത്. 5 നീ ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും; അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുവിക്കരുത്; ബാലൻ ഗർഭംമുതൽ ദൈവത്തിന് നാസീർവ്രതസ്ഥനായിരിക്കും; അവൻ ഇസ്രായേലിനെ ഫെലിസ്ത്യരുടെ കൈയിൽനിന്ന് മോചിപ്പിക്കാൻ തുടങ്ങും.”
-
37 അവർ തങ്ങളുടെ പുത്രീപുത്രന്മാരെ
ഭൂതങ്ങൾക്ക് ബലിയർപ്പിച്ചു.
38 അവർ നിഷ്കളങ്കരക്തം ചൊരിഞ്ഞു,
കനാന്യരുടെ വിഗ്രഹങ്ങൾക്ക് ബലിദാനംചെയ്ത,
അവരുടെ പുത്രീപുത്രന്മാരുടെ രക്തംതന്നെ;
അങ്ങനെ അവരുടെ രക്തംമൂലം ദേശം മലിനമായിത്തീർന്നു.
39 തങ്ങളുടെ തിന്മപ്രവൃത്തികളാൽ അവർ തങ്ങളെത്തന്നെ മലിനമാക്കി;
വിഗ്രഹങ്ങളോടുള്ള അവരുടെ ആസക്തി യഹോവയുടെ ദൃഷ്ടിയിൽ വേശ്യാവൃത്തിയായിരുന്നു.
-
5 യാക്കോബിനെ തന്നിലേക്കു തിരികെ കൊണ്ടുവരുന്നതിനും
ഇസ്രായേലിനെ തന്റെ അടുക്കൽ ചേർക്കുന്നതിനും,
തന്റെ ദാസനാകാൻ എന്നെ ഗർഭപാത്രത്തിൽ ഉരുവാക്കിയ
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
കാരണം യഹോവയുടെ ദൃഷ്ടിയിൽ ഞാൻ മഹത്ത്വപ്പെടുകയും
എന്റെ ദൈവം എനിക്കു ബലമായിരിക്കുകയും ചെയ്യും.
-
13 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“അമ്മോന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം
ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല.
കാരണം, തന്റെ അതിരുകൾ വിശാലമാക്കേണ്ടതിന്
അവൻ ഗിലെയാദിലെ ഗർഭിണികളെ പിളർന്നുകളഞ്ഞു:
-
י യോദ്
73 തിരുക്കരങ്ങൾ എന്നെ നിർമിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു;
അവിടത്തെ കൽപ്പനകൾ അഭ്യസിക്കാൻ എനിക്കു വിവേകം നൽകണമേ.
-
8 പരസ്പരം സ്നേഹിക്കുക എന്ന ബാധ്യതയല്ലാതെ നിങ്ങൾക്ക് ആരോടും യാതൊരു ബാധ്യതയും ഉണ്ടായിരിക്കരുത്. കാരണം, മറ്റുള്ളവരെ സ്നേഹിക്കുന്നത് ന്യായപ്രമാണത്തിന്റെ നിവൃത്തിയാണ്. 9 “നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക” എന്ന കൽപ്പനയിൽ, “വ്യഭിചാരം ചെയ്യരുത്, കൊലപാതകം ചെയ്യരുത്, മോഷ്ടിക്കരുത്, മോഹിക്കരുത്” എന്നിവയും അതുപോലുള്ള മറ്റു കൽപ്പനകളും സംക്ഷിപ്തമായിരിക്കുന്നു. 10 സ്നേഹം അയൽവാസിക്കു ദോഷം ഒന്നും പ്രവർത്തിക്കുന്നില്ല. അങ്ങനെ, സ്നേഹത്തിലൂടെ ന്യായപ്രമാണം നിവർത്തിക്കപ്പെടുന്നു.
-
11 അങ്ങ് മാംസവും ത്വക്കുംകൊണ്ട് എന്നെ പൊതിയുകയും
അസ്ഥികളാലും നാഡീഞരമ്പുകളാലും തുന്നിച്ചേർക്കുകയും ചെയ്തില്ലേ?
12 അങ്ങ് എനിക്കു ജീവനും ദയാകടാക്ഷവും നൽകി,
അങ്ങയുടെ പരിപാലനം എന്റെ ആത്മാവിന് സംരക്ഷണവും നൽകി.
-
1 “ഇപ്പോൾ എന്റെ ദാസനായ യാക്കോബേ,
ഞാൻ തെരഞ്ഞെടുത്ത ഇസ്രായേലേ, കേട്ടുകൊൾക.
2 നിന്നെ നിർമിച്ചവനും ഗർഭത്തിൽ ഉരുവാക്കിയവനും
നിന്നെ സഹായിക്കുന്നവനുമായ യഹോവ
ഇപ്രകാരം അരുളിച്ചെയ്യുന്നു:
എന്റെ ദാസനായ യാക്കോബേ,
ഞാൻ തെരഞ്ഞെടുത്ത യെശൂരൂനേ, ഭയപ്പെടേണ്ട.
Shows Read in context, Share and Copy.