85 Bible Verses About Dying

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Dying
  1. 51 ശ്രദ്ധിക്കുക, ഞാൻ ഒരു രഹസ്യം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രപ്രാപിക്കുകയില്ല, നാം എല്ലാവരും രൂപാന്തരപ്പെടും. 52 അന്ത്യകാഹളധ്വനി മുഴങ്ങുമ്പോൾ, ക്ഷണനേരത്തിൽ, കണ്ണിമയ്ക്കുന്നതിനിടയിൽ മരിച്ചവർ അക്ഷയരായി ഉയിർപ്പിക്കപ്പെടും; നാം രൂപാന്തരം പ്രാപിക്കുകയും ചെയ്യും. 53 ഈ നശ്വരമായത് അനശ്വരതയെയും ഈ മർത്യമായത് അമർത്യതയെയും ധരിക്കേണ്ടതാകുന്നു. 54 ഇങ്ങനെ ഈ നശ്വരമായത് അനശ്വരതയെയും ഈ മർത്യമായത് അമർത്യതയെയും ധരിച്ചുകഴിയുമ്പോൾ, “മരണത്തെ വിജയം ഗ്രസിച്ചു” എന്നു എഴുതിയ വചനം നിറവേറും.

    55 “ഹേ മരണമേ, നിന്റെ ജയം എവിടെ?

    ഹേ മരണമേ, നിന്റെ വിഷമുള്ള് എവിടെ?”

    56 മരണത്തിന്റെ വിഷമുള്ള് പാപം; പാപത്തിന്റെ ശക്തി ന്യായപ്രമാണം. 57 എന്നാൽ ദൈവത്തിനു സ്തോത്രം! നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ അവിടന്ന് നമുക്കു വിജയം നൽകുന്നു.

    58 അതുകൊണ്ട് എന്റെ പ്രിയസഹോദരങ്ങളേ, നിങ്ങൾ അചഞ്ചലരായിരിക്കുക; യാതൊന്നും നിങ്ങളെ ഉലച്ചുകളയാൻ ഇടയാകരുത്. കർത്താവിൽ നിങ്ങളുടെ അധ്വാനം വ്യർഥമല്ല എന്നറിയുന്നതുകൊണ്ടു കർത്താവിന്റെ വേലയിൽ എപ്പോഴും വ്യാപൃതരായിരിക്കുക.

  2. 13 സഹോദരങ്ങളേ, പ്രത്യാശയില്ലാത്ത മറ്റു മനുഷ്യർ, മരിച്ചുപോയ വിശ്വാസികളെക്കുറിച്ച് അജ്ഞരായിരിക്കുകയാൽ വ്യസനിക്കുന്നു. നിങ്ങൾ അങ്ങനെ ആകരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. 14 യേശു മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തുവെന്നു നാം വിശ്വസിക്കുന്നു എങ്കിൽ യേശുവോടൊത്ത് മരിച്ചവരെയും ദൈവം അവിടത്തോടൊപ്പം മടക്കിവരുത്തും. 15 കർത്താവിന്റെ പുനരാഗമനംവരെ ജീവനോടെ അവശേഷിച്ചിരിക്കുന്നവരായ നാം മരിച്ചവർക്കു മുമ്പേ ഉയിർത്തെഴുന്നേൽക്കുകയില്ല എന്നു കർത്താവിന്റെ വചനത്തെ ആധാരമാക്കി ഞങ്ങൾ നിങ്ങളോടു പറയുന്നു. 16 കർത്താവ് താൻ അത്യുച്ച ആജ്ഞയോടും പ്രധാന ദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളധ്വനിയോടും കൂടെ സ്വർഗത്തിൽനിന്ന് ഇറങ്ങിവരികയും, ക്രിസ്തുവിൽ മരിച്ചവർ ആദ്യം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും. 17 അതിനുശേഷം, ജീവനോടെ അവശേഷിക്കുന്ന നാം അവരോടൊപ്പം ആകാശത്തിൽ കർത്താവിനെ എതിരേൽക്കാൻ മേഘങ്ങളിൽ എടുക്കപ്പെടും. ഇങ്ങനെ നാം അനന്തകാലം കർത്താവിനോടുകൂടെ വസിക്കും. 18 ഈ വചനങ്ങളാൽ പരസ്പരം ആശ്വസിപ്പിക്കുക.

  3. 23 “നിന്റെ സഹോദരൻ ഇനിയും ജീവിക്കും,” യേശു അവളോടു പറഞ്ഞു.

    24 “അവസാനനാളിലെ പുനരുത്ഥാനത്തിൽ അയാൾ ഉയിർത്തെഴുന്നേൽക്കുമെന്ന് എനിക്കറിയാം,” മാർത്ത പറഞ്ഞു.

    25 യേശു അവളോടു ചോദിച്ചു, “ഞാൻ ആകുന്നു പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നയാൾ മരിച്ചാലും ജീവിക്കും; 26 എന്നിൽ വിശ്വസിച്ചുകൊണ്ട് ജീവിച്ചിരുന്ന ആരും ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നോ?”

  4. 21 ക്രിസ്തുവാണ് എനിക്കു ജീവിതം; മരണം എനിക്കു ലാഭവും! 22 ഞാൻ ശരീരത്തിൽ തുടർന്നും ജീവിക്കുന്നു എങ്കിൽ അതു ഞാൻ ഫലപ്രദമായി പ്രയത്നിക്കാൻവേണ്ടി ആയിരിക്കും. എന്നാൽ, എന്തു തെരഞ്ഞെടുക്കേണ്ടൂ എന്നു ഞാൻ അറിയുന്നില്ല!

  5. 1 നാം ജീവിക്കുന്ന ഈ മൺകൂടാരം നശിച്ചുപോകുന്നു. അപ്പോൾ മാനുഷികകരങ്ങളാൽ നിർമിതമല്ലാത്ത ദൈവികദാനമായ നിത്യവാസസ്ഥലം സ്വർഗത്തിലുണ്ടെന്നു ഞങ്ങൾ അറിയുന്നു. 2 ഈ സ്വർഗീയവാസസ്ഥലം ലഭിക്കുമെന്ന അതിവാഞ്ഛയോടെ, വാസ്തവത്തിൽ ഈ ജീവിതം ഞങ്ങൾ ഞരങ്ങിക്കൊണ്ടു കഴിക്കുന്നു. 3 ഈ വാസസ്ഥാനം ലഭിക്കുന്നതിനാൽ തീർച്ചയായും ഞങ്ങൾ നഗ്നരായി കാണപ്പെടുകയില്ല. 4 അതുകൊണ്ട് ഞങ്ങൾ ഈ താൽക്കാലിക ശരീരത്തിലിരിക്കുന്നിടത്തോളം ഉത്കണ്ഠയോടെ നെടുവീർപ്പിടുന്നു. പുതിയ ശരീരം ലഭിക്കാൻവേണ്ടി പഴയത് ഉരിഞ്ഞുകളയാൻ ആഗ്രഹിക്കുന്നു എന്നല്ല; നശ്വരമായതിനുപകരം അനശ്വരമായതു ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ് ചെയ്യുന്നത്. 5 ഇതിനായി ഞങ്ങളെ ഒരുക്കി ആത്മാവെന്ന നിക്ഷേപം ആദ്യഗഡുവായി ഞങ്ങൾക്കു നൽകിയത് ദൈവമാണ്.

    6 അതിനാൽ ഞങ്ങൾ എപ്പോഴും ധൈര്യപ്പെട്ടിരിക്കുന്നു; ഈ ശരീരത്തിൽ വസിക്കുന്ന കാലംവരെ ഞങ്ങൾ കർത്താവിൽനിന്ന് അകലെയായിരിക്കുന്നെന്ന് അറിയുന്നു. 7 ദൃശ്യമായതിൽ ആശ്രയിച്ചുകൊണ്ടല്ല, അദൃശ്യമായതിൽ വിശ്വാസമർപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്. 8 ഈ ഉറപ്പോടെ, ശരീരം വിട്ടകന്നു കർത്താവിനോടുകൂടെ വസിക്കാൻ ഞങ്ങൾ ഏറെ ഇഷ്ടപ്പെടുന്നു. 9 അതുകൊണ്ടു ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും കർത്താവിനെ പ്രസാദിപ്പിക്കുകയാണ് ഞങ്ങളുടെ ജീവിതലക്ഷ്യം.

  6. 1 പിന്നീട് “ഞാൻ ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും” കണ്ടു. ആദ്യത്തെ ആകാശവും ഭൂമിയും നീങ്ങിപ്പോയി. ഇനിമേൽ സമുദ്രം ഇല്ല. 2 മണവാളനുവേണ്ടി അണിയിച്ചൊരുക്കപ്പെട്ട മണവാട്ടിയെപ്പോലെ പുതിയ ജെറുശലേം എന്ന വിശുദ്ധനഗരം സ്വർഗത്തിൽനിന്ന്, അതേ ദൈവത്തിൽനിന്നുതന്നെ ഇറങ്ങിവരുന്നതു ഞാൻ കണ്ടു. 3 അപ്പോൾ സിംഹാസനത്തിൽനിന്ന് അത്യുച്ചത്തിലുള്ള ഒരു ശബ്ദം ഞാൻ കേട്ടു: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ തിരുനിവാസം; അവിടന്ന് അവരുടെ ഇടയിൽ വസിക്കും. അവർ അവിടത്തെ സ്വന്തം ജനമായിരിക്കും. ദൈവംതന്നെ അവരോടുകൂടെയിരുന്ന് അവരുടെ സ്വന്തം ദൈവമായിരിക്കുകയും ചെയ്യും. 4 അവിടന്ന് അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും; ഇനിമേലാൽ മരണമോ വിലാപമോ രോദനമോ വേദനയോ ഉണ്ടാകില്ല; പഴയതെല്ലാം നീങ്ങിപ്പോയല്ലോ!”

    5 സിംഹാസനസ്ഥൻ എന്നോടു പറഞ്ഞത്: “ഇതാ, ഞാൻ സകലത്തെയും പുതിയതാക്കുന്നു.” അവിടന്ന് എന്നോടു തുടർന്ന് കൽപ്പിച്ചത്, “ഈ വചനങ്ങൾ വിശ്വസനീയവും സത്യസന്ധവുമാകുകയാൽ ഇവ എഴുതുക.”

  7. 14 മക്കൾ മാനുഷശരീരമുള്ളവർ ആകയാൽ അദ്ദേഹവും മാനുഷശരീരമുള്ളവനായി, മരണത്തിന്റെ അധികാരിയായ പിശാചിനെ അവിടന്ന് തന്റെ മരണത്താൽ നിർവീര്യനാക്കി, 15 ജീവപര്യന്തം മരണഭയത്തിന് അടിമകളായിരുന്നവരെ സ്വതന്ത്രരാക്കി.

  8. 1 യൗവനകാലത്തുതന്നെ

    നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊള്ളുക,

    ദുഷ്കാലങ്ങൾ വരുന്നതിനുമുമ്പ്,

    “ഒന്നിലും എനിക്കൊരു താത്പര്യം തോന്നുന്നില്ല”

    എന്നു നീ പറയുന്ന വർഷങ്ങൾ നിന്നെ സമീപിക്കുകയും ചെയ്യുന്നതിനുമുമ്പ്—

    2 സൂര്യനും വെളിച്ചവും

    ചന്ദ്രനും നക്ഷത്രങ്ങളും ഇരുളുന്നതിനുമുമ്പ്,

    മഴയ്ക്കുശേഷം മേഘങ്ങൾ മടങ്ങിവരുന്നതിനു മുമ്പേതന്നെ—

    3 അന്ന് വീട്ടുകാവൽക്കാർ വിറയ്ക്കും

    ബലിഷ്ഠരായവർ കുനിയും

    അരയ്ക്കുന്നവരുടെ എണ്ണം കുറഞ്ഞുപോയതിനാൽ അവരും ജോലി നിർത്തിവെക്കും

    ജനാലകളിലൂടെ നോക്കുന്നവർ കാഴ്ചയറ്റവരാകും;

    4 തെരുവിലേക്കുള്ള കവാടങ്ങൾ അടയ്ക്കപ്പെടും

    പൊടിക്കുന്ന ശബ്ദം അവ്യക്തമാകും;

    പക്ഷികളുടെ കലപിലശബ്ദത്തിൽ നീ ഉണരും,

    എന്നാൽ അവരുടെയും സംഗീതധ്വനി മന്ദമാകും;

    5 മനുഷ്യർ ഉയരങ്ങളെ ഭയക്കും;

    തെരുവോരങ്ങളിലെ അപകടങ്ങളെയും!

    ബദാംവൃക്ഷം പൂക്കുമ്പോൾ

    വിട്ടിൽ ഇഴഞ്ഞുനടക്കും.

    അഭിലാഷങ്ങൾ ഉണരുകയില്ല.

    അപ്പോൾ മനുഷ്യൻ തന്റെ ശാശ്വതഭവനത്തിലേക്കു പോകും,

    വിലാപക്കാർ തെരുവീഥികളിൽ ചുറ്റിസഞ്ചരിക്കും.

    6 അതേ, നിന്റെ സ്രഷ്ടാവിനെ ഓർക്കുക—വെള്ളിച്ചരട് അറ്റുപോകുംമുമ്പേ,

    സ്വർണക്കിണ്ണം ഉടയുംമുമ്പേതന്നെ;

    ഉറവിങ്കലെ കുടം ഉടയുന്നതിനും

    കിണറ്റിങ്കലെ ചക്രം തകരുന്നതിനും മുമ്പുതന്നെ,

    7 പൂഴി അതു വന്ന മണ്ണിലേക്കും

    ആത്മാവ് അതിന്റെ ധാതാവായ ദൈവത്തിങ്കലേക്കും മടങ്ങുന്നതിനുമുമ്പേതന്നെ.

    8 “അർഥശൂന്യം! അർഥശൂന്യം!” സഭാപ്രസംഗി പറയുന്നു.

    “ഓരോന്നും അർഥശൂന്യമാകുന്നു!”

  9. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 യഹോവ എന്റെ ഇടയൻ ആകുന്നു, എനിക്ക് ഒന്നിനും കുറവുണ്ടാകുകയില്ല.

    2 പച്ചപ്പുൽമേടുകളിൽ അവിടന്ന് എന്നെ കിടത്തുന്നു,

    പ്രശാന്തമായ ജലാശയങ്ങളിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു,

    3 എന്റെ പ്രാണന് അവിടന്ന് നവജീവൻ പകരുന്നു.

    തിരുനാമംനിമിത്തം

    എന്നെ നീതിപാതകളിൽ നടത്തുന്നു.

    4 മരണനിഴലിൻ താഴ്വരയിൽക്കൂടി

    ഞാൻ സഞ്ചരിച്ചെന്നാലും,

    ഒരു അനർഥവും ഞാൻ ഭയപ്പെടുകയില്ല,

    എന്നോടൊപ്പം അവിടന്നുണ്ടല്ലോ;

    അവിടത്തെ വടിയും കോലും

    എന്നെ ആശ്വസിപ്പിക്കുന്നു.

    5 എന്റെ ശത്രുക്കളുടെമുമ്പിൽ,

    അങ്ങ് എനിക്കൊരു വിരുന്നൊരുക്കുന്നു.

    എന്റെ ശിരസ്സിൽ അവിടന്ന് തൈലാഭിഷേകം നടത്തുന്നു;

    എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.

    6 എന്റെ ആയുഷ്കാലമെല്ലാം

    നന്മയും കരുണയും എന്നെ പിൻതുടരും, നിശ്ചയം,

    ഞാൻ യഹോവയുടെ ആലയത്തിൽ

    നിത്യം വസിക്കും.

  10. 32 സ്വന്തം പുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവർക്കുംവേണ്ടി മരിക്കാൻ ഏൽപ്പിച്ചുകൊടുത്ത ദൈവം, പുത്രനോടൊപ്പം സകലതും സമൃദ്ധമായി നമുക്കു നൽകാതിരിക്കുമോ? 33 ദൈവം തെരഞ്ഞെടുത്ത നമുക്കെതിരേ ആര് കുറ്റമാരോപിക്കും? ദൈവമാണ് നീതീകരിക്കുന്നവൻ; പിന്നെയാരാണ് ശിക്ഷവിധിക്കുന്നത്? 34 ക്രിസ്തുയേശു മരിച്ച്, ഉയിർത്തെഴുന്നേറ്റ് ദൈവത്തിന്റെ വലതുഭാഗത്ത് ഇരുന്നുകൊണ്ട് നമുക്കുവേണ്ടി മധ്യസ്ഥത ചെയ്തുകൊണ്ടിരിക്കുന്നു. 35 ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ ആർക്കു കഴിയും? ക്ലേശങ്ങൾക്കോ കഷ്ടതകൾക്കോ പീഡനത്തിനോ പട്ടിണിക്കോ നഗ്നതയ്ക്കോ ആപത്തിനോ വാളിനോ അതു ചെയ്യാൻ കഴിയുമോ?

    36 “അങ്ങേക്കുവേണ്ടി ദിവസംമുഴുവനും ഞങ്ങൾ മരണത്തെ മുഖാമുഖം കാണുന്നു:

    അറക്കപ്പെടാനുള്ള ആടുകളായി ഞങ്ങളെ പരിഗണിക്കുന്നു,”

    എന്ന് എഴുതിയിരിക്കുന്നല്ലോ. 37 നാമോ, നമ്മെ സ്നേഹിച്ച കർത്താവിലൂടെ ഇവയിലെല്ലാം വിജയം വരിക്കുന്നു. 38 മരണത്തിനോ ജീവനോ ദൂതന്മാർക്കോ പ്രധാനികൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരാനുള്ളതിനോ ശക്തികൾക്കോ 39 ഉന്നതങ്ങളിലുള്ളവെക്കോ അധോലോകത്തിലുള്ളവയ്ക്കോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ സാധ്യമല്ലെന്ന് എനിക്കു പരിപൂർണബോധ്യമുണ്ട്.

  11. 20 എന്നാൽ ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുന്നത് നിദ്രപ്രാപിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിന്റെ ആദ്യഫലമായിട്ടാണ്. 21 ഒരു മനുഷ്യനിലൂടെ മരണം, ഒരു മനുഷ്യനിലൂടെത്തന്നെ മരിച്ചവരുടെ പുനരുത്ഥാനവും! 22 ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും. 23 എന്നാൽ ഓരോരുത്തരും അവരവരുടെ ക്രമമനുസരിച്ചായിരിക്കും ജീവിപ്പിക്കപ്പെടുന്നത്: ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്റെ പുനരാഗമനത്തിൽ ക്രിസ്തുവിനുള്ളവർ; 24 അതിനുശേഷം അവിടന്നു സകലഭരണവും അധികാരവും ശക്തിയും നീക്കിക്കളഞ്ഞിട്ട് രാജ്യം പിതാവായ ദൈവത്തെ ഏൽപ്പിക്കുമ്പോൾ പരിസമാപ്തി ഉണ്ടാകും. 25 സകലശത്രുക്കളെയും തന്റെ കാൽക്കീഴിലാക്കുന്നതുവരെ ക്രിസ്തു വാഴേണ്ടതാകുന്നു. 26 ഒടുവിലായി നശിപ്പിക്കപ്പെടുന്ന ശത്രുവാണു മരണം.

  12. 1 “നിങ്ങളുടെ ഹൃദയം അതിദുഃഖിതമാകരുത്; ദൈവത്തിൽ വിശ്വസിക്കുക, എന്നിലും വിശ്വസിക്കുക. 2 എന്റെ പിതാവിന്റെ ഭവനത്തിൽ നിവാസയോഗ്യമായ സ്ഥലം വളരെയുണ്ട്. അങ്ങനെ അല്ലായിരുന്നെങ്കിൽ ഞാൻ നിങ്ങൾക്കുവേണ്ടി സ്ഥലമൊരുക്കാൻ പോകുന്നെന്നു പറയുമായിരുന്നോ? 3 ഞാൻ പോയി സ്ഥലമൊരുക്കിക്കഴിയുമ്പോൾ, നിങ്ങളും എന്നോടൊപ്പം ഞാൻ ആയിരിക്കുന്നേടത്ത് ആകേണ്ടതിന്, മടങ്ങിവന്നു നിങ്ങളെ എന്റെ അടുക്കൽ ചേർക്കും. 4 ഞാൻ പോകുന്ന സ്ഥലത്തേക്കുള്ള വഴി നിങ്ങൾക്കറിയാം.”

  13. 27 ഒരുപ്രാവശ്യം മരണവും അതിനുശേഷം ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു. 28 അതുപോലെ ക്രിസ്തുവും ഒരുപ്രാവശ്യം അനേകരുടെ പാപനിവാരണത്തിനായി, യാഗമായി അർപ്പിക്കപ്പെട്ടു; ഇനി രണ്ടാമത് അവിടന്ന് പ്രത്യക്ഷനാകുന്നത് പാപനിവാരണം വരുത്താനല്ല, മറിച്ച്, തനിക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നവരെ രക്ഷിക്കാനാണ്.

  14. 11 ഇതു പറഞ്ഞിട്ട് യേശു തുടർന്നു: “നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊണ്ടിരിക്കുന്നു, അവനെ ഉണർത്താൻ ഞാൻ അവിടേക്കു പോകുന്നു.”

    12 ശിഷ്യന്മാർ ഉത്തരം പറഞ്ഞു. “കർത്താവേ, അയാൾ ഉറങ്ങുകയാണെങ്കിൽ സുഖംപ്രാപിക്കുമല്ലോ?” 13 യേശു അയാളുടെ മരണത്തെക്കുറിച്ചായിരുന്നു സൂചിപ്പിച്ചത്; എന്നാൽ, സാധാരണ ഉറക്കത്തെക്കുറിച്ചാണ് യേശു പറഞ്ഞതെന്ന് ശിഷ്യന്മാർ തെറ്റിദ്ധരിച്ചു.

    14 അപ്പോൾ യേശു സ്പഷ്ടമായി പറഞ്ഞു. “ലാസർ മരിച്ചുപോയി.

  15. 12 ആദാം എന്ന ഏകമനുഷ്യൻമുഖേന പാപവും, പാപംമുഖേന മരണവും ലോകത്തിലേക്കു പ്രവേശിച്ചു. ഇങ്ങനെ, എല്ലാവരും പാപംചെയ്തതിനാൽ മരണം എല്ലാവരിലേക്കും വ്യാപിച്ചു.

  16. 5 ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്ന് അറിയുന്നു,

    എന്നാൽ മരിച്ചവർ ഒന്നും അറിയുന്നില്ല.

    അവർക്കു കൂടുതലായി പ്രതിഫലവും ഇല്ല,

    അവരുടെ ഓർമപോലും വിസ്മൃതിയിലാണ്ടുപോകും.

    6 അതോടെതന്നെ അവരുടെ സ്നേഹവും വിദ്വേഷവും

    അവരുടെ അസൂയയും അവരോടൊപ്പം ഇല്ലാതായിരിക്കുന്നു.

    സൂര്യനുകീഴിൽ സംഭവിക്കുന്ന ഒന്നിലും

    പിന്നീടവർക്കു യാതൊരു പങ്കും ഉണ്ടാകുകയില്ല.

  17. 11 പിന്നെ, ഞാൻ വലിയൊരു ശുഭ്രസിംഹാസനവും അതിന്മേൽ ഒരാളിരിക്കുന്നതും കണ്ടു. സിംഹാസനസ്ഥന്റെ സന്നിധിയിൽനിന്ന് ആകാശവും ഭൂമിയും അപ്രത്യക്ഷമായി. അവയെ പിന്നെ കണ്ടതുമില്ല. 12 വലിയവരും ചെറിയവരുമായി മരിച്ചവരെല്ലാവരും സിംഹാസനത്തിനുമുമ്പിൽ നിൽക്കുന്നതു ഞാൻ കണ്ടു. പുസ്തകങ്ങൾ തുറക്കപ്പെട്ടു; “ജീവന്റെ പുസ്തകം” എന്ന മറ്റൊരു പുസ്തകവും തുറന്നു. മരിച്ചവർ ഓരോരുത്തർക്കും പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന അവരുടെ പ്രവൃത്തികൾക്കനുസൃതമായി ന്യായവിധിയുണ്ടായി. 13 സമുദ്രം അതിലുള്ള മരിച്ചവരെ വിട്ടുകൊടുത്തു. മരണവും പാതാളവും അവയിലുള്ള മരിച്ചവരെയും വിട്ടുകൊടുത്തു. അവർ ഓരോരുത്തരും അവരവരുടെ പ്രവൃത്തികൾക്ക് അനുസൃതമായി ന്യായംവിധിക്കപ്പെട്ടു. 14 മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ എറിഞ്ഞുകളഞ്ഞു. ഈ തീപ്പൊയ്കയാണ് രണ്ടാമത്തെ മരണം. 15 ജീവന്റെ പുസ്തകത്തിൽ പേരെഴുതപ്പെട്ടിട്ടില്ലാത്ത എല്ലാവരെയും തീപ്പൊയ്കയിലേക്കു വലിച്ചെറിയും.

  18. 4 “യഹോവേ, എന്റെ ജീവിതാന്ത്യവും

    എന്റെ ആയുർദൈർഘ്യവും എനിക്കു കാട്ടിത്തന്നാലും;

    എന്റെ ജീവിതം എത്ര ക്ഷണഭംഗുരം എന്നു ഞാൻ അറിയട്ടെ.

    5 എന്റെ ദിനങ്ങൾ അവിടന്ന് കേവലം നാലുവിരൽ ദൈർഘ്യം മാത്രമാക്കിയിരിക്കുന്നു;

    എന്റെ ആയുഷ്കാലം തിരുമുമ്പിൽ ഏതുമില്ലാത്തതുപോലെയിരിക്കുന്നു.

    മാനവജീവിതം കേവലമൊരു നിശ്വാസംമാത്രം,

    ഏറ്റവും സുരക്ഷിതരെന്നു കരുതുന്നവർക്കുപോലും. സേലാ.

    6 “മനുഷ്യർ വെറും ഒരു നിഴൽപോലെ സഞ്ചരിക്കുന്നു;

    അവർ വ്യർഥമായി തിടുക്കത്തിൽ ധനം കൂട്ടിവെക്കുന്നു

    ആർ അത് അനുഭവിക്കുമെന്ന് അവർ അറിയുന്നില്ല.

    7 “എന്നാൽ കർത്താവേ, ഞാനിപ്പോൾ എന്തിനായി കാത്തിരിക്കുന്നു?

    എന്റെ പ്രത്യാശ അങ്ങയിലാകുന്നു.

    8 എന്റെ എല്ലാ അകൃത്യങ്ങളിൽനിന്നും എന്നെ മോചിപ്പിക്കണമേ;

    ഭോഷരുടെ പരിഹാസവിഷയമാക്കി എന്നെ മാറ്റരുതേ.

  19. 10 നിന്റെ കരം ചെയ്യണമെന്നു കണ്ടെത്തുന്നതെന്തും എല്ലാ കരുത്തോടുംകൂടെ ചെയ്യുക, കാരണം നീ പോകുന്ന ശവക്കുഴിയിൽ പ്രവൃത്തിയോ ആസൂത്രണമോ പരിജ്ഞാനമോ ജ്ഞാനമോ ഇല്ല.

  20. 7 നമ്മിൽ ആരും നമുക്കായി ജീവിക്കുന്നില്ല; നമുക്കായിത്തന്നെ മരിക്കുന്നതുമില്ല. 8 നാം ജീവിക്കുന്നു എങ്കിൽ കർത്താവിനായി ജീവിക്കുന്നു; മരിക്കുന്നെങ്കിലോ കർത്താവിനായി മരിക്കുന്നു. അതുകൊണ്ട്, ജീവിച്ചാലും മരിച്ചാലും നാം കർത്താവിനുള്ളവരാണ്. 9 ഇങ്ങനെ, മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും കർത്താവായിരിക്കുന്നതിനുവേണ്ടിയാണ് ക്രിസ്തു മരിക്കുകയും ഉയിർക്കുകയുംചെയ്തത്.

  21. 16 യഹോവയായ ദൈവം മനുഷ്യനോട് അരുളിച്ചെയ്തത്: “നിനക്കു തോട്ടത്തിലെ ഏതു വൃക്ഷത്തിന്റെയും ഫലം ഇഷ്ടംപോലെ ഭക്ഷിക്കാം; 17 എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവുനൽകുന്ന വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കരുത്, ഭക്ഷിക്കുന്ന നാളിൽ നീ മരിക്കും, നിശ്ചയം!”

  22. 1 നീതിനിഷ്ഠർ നശിക്കുന്നു,

    ആരും അതു ഗൗനിക്കുന്നില്ല;

    വിശ്വസ്തർ മരിച്ചു മാറ്റപ്പെടുന്നു,

    ആരും മനസ്സിലാക്കുന്നില്ല.

    വരാനുള്ള ദോഷത്തിൽനിന്ന്

    നീതിനിഷ്ഠർ എടുത്തുമാറ്റപ്പെടുന്നതിനാൽത്തന്നെ.

    2 പരമാർഥതയോടെ ജീവിക്കുന്നവരെല്ലാം

    സ്വസ്ഥതയിലേക്കു പ്രവേശിക്കും;

    അവർ തങ്ങളുടെ മരണക്കിടക്കയിൽ വിശ്രമം നേടും.

  23. 14 “ഞാൻ അവരെ പാതാളത്തിൽനിന്ന് വീണ്ടെടുക്കും;

    മരണത്തിൽനിന്ന് ഞാൻ അവരെ വിടുവിക്കും.

    മരണമേ, നിന്റെ ബാധകൾ എവിടെ?

    പാതാളമേ, നിന്റെ സംഹാരം എവിടെ?

    “എനിക്ക് ഒരു സഹതാപവും ഉണ്ടാകുകയില്ല.

  24. 16 ദൈവത്തിന്റെ നിസ്തുലപുത്രനിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയും നശിച്ചുപോകാതെ നിത്യജീവൻ അവകാശമാക്കേണ്ടതിന് അവിടത്തെ പുത്രനെ യാഗമായി അർപ്പിക്കുന്നത്ര ദൈവം ലോകത്തെ സ്നേഹിച്ചു. 17 ദൈവം അവിടത്തെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല, തന്നിലൂടെ ലോകത്തെ രക്ഷിക്കാനാണ്.

  25. 1 അപ്പോൾ നാം എന്താണ് പറയുക? ദൈവത്തിൽനിന്ന് കൂടുതൽ കൃപ ലഭിക്കാൻവേണ്ടി നാം പാപംചെയ്തുകൊണ്ടിരിക്കുക എന്നാണോ? 2 അരുത്, ഒരിക്കലുമരുത്! പാപത്തിന് നാം മരിച്ചവരായിരിക്കെ, തുടർന്ന് അതിൽ എങ്ങനെ ജീവിക്കും? 3 ക്രിസ്തുയേശുവിനോട് ഏകീഭവിക്കാനായി സ്നാനം സ്വീകരിച്ചവർ എല്ലാവരും അദ്ദേഹത്തിന്റെ മരണവുമായുള്ള ഏകീഭാവത്തിലേക്കു സ്നാനം സ്വീകരിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലേ? 4 ഇങ്ങനെ, മരണവുമായി ഏകീഭവിക്കുന്ന സ്നാനം മുഖാന്തരം നാം അദ്ദേഹത്തോടുകൂടെ സംസ്കരിക്കപ്പെട്ടിരിക്കുന്നു. അതാകട്ടെ, ക്രിസ്തു മരിച്ചവരിൽനിന്ന് പിതാവിന്റെ മഹത്ത്വത്താൽ ഉയിർപ്പിക്കപ്പെട്ടതുപോലെ നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ്.

    5 ഇപ്രകാരം നാം ക്രിസ്തുവിന്റെ മരണത്തിന്റെ സാദൃശ്യത്തോട് ഏകീഭവിച്ചവരായെങ്കിൽ നിശ്ചയമായും അദ്ദേഹത്തിന്റെ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തിലും അദ്ദേഹത്തോട് ഏകീഭവിച്ചിരിക്കും. 6 പാപപ്രകൃതി നിഷ്ക്രിയമാകുന്നതിനു നമ്മുടെ പഴയ വ്യക്തിത്വം ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നുവെന്നും അത് ഇനിമേൽ പാപത്തിന് അടിമകളായി ജീവിക്കാതിരിക്കേണ്ടതിനാണെന്നും നാം അറിയുന്നുണ്ടല്ലോ. 7 കാരണം, മരണത്തോടുകൂടി നാം പാപത്തിന്റെ ശക്തിയിൽനിന്ന് സ്വതന്ത്രരായിത്തീരുന്നു.

    8 നാം ക്രിസ്തുവിനോടുകൂടെ മരിച്ചതുകൊണ്ട് അദ്ദേഹത്തോടുകൂടെ ജീവിക്കുകയും ചെയ്യും എന്നു നാം വിശ്വസിക്കുന്നു. 9 ക്രിസ്തു മരിച്ചവരിൽനിന്ന് പുനരുത്ഥാനംചെയ്തതിനാൽ വീണ്ടും മരിക്കുകയില്ലെന്ന് നമുക്കറിയാം; മൃത്യുവിന് ക്രിസ്തുവിന്റെമേൽ ഇനി ഒരു ആധിപത്യവുമില്ല. 10 ക്രിസ്തു വരിച്ച മരണം പാപനിവാരണത്തിനുള്ള അദ്വിതീയമരണമായിരുന്നു; എന്നാൽ അവിടന്ന് ഇപ്പോൾ ജീവിക്കുന്നതോ ദൈവത്തിനുവേണ്ടിയാണ്.

    11 അതുപോലെ, നിങ്ങളും പാപം സംബന്ധിച്ചിടത്തോളം മരിച്ചവരാണെന്നും ക്രിസ്തുയേശുവിലൂടെ ദൈവത്തിനുവേണ്ടി ജീവിക്കുന്നവരാണെന്നും സ്വയം മനസ്സിലാക്കുക. 12 അതുകൊണ്ട്, പാപകരമായ അഭിലാഷങ്ങളെ അനുസരിക്കുന്നവിധത്തിൽ പാപം മർത്യശരീരത്തിൽ നിങ്ങളെ നിയന്ത്രിക്കരുത്. 13 നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ഉപകരണങ്ങളായി പാപംചെയ്യാൻ ഉപയോഗിക്കരുത്. മറിച്ച്, മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റവർ എന്നതുപോലെ നിങ്ങളുടെ എല്ലാ അവയവങ്ങളെയും നീതിപ്രവൃത്തിയുടെ ഉപകരണങ്ങളാക്കി, നിങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിക്കുക. 14 നിങ്ങൾ ന്യായപ്രമാണത്തിനല്ല കൃപയ്ക്കു വിധേയരായിരിക്കുന്നതിനാൽ പാപം നിങ്ങളുടെ യജമാനനായിരിക്കുന്നില്ലല്ലോ.

  26. 39 ക്രൂശിക്കപ്പെട്ട കുറ്റവാളികളിൽ ഒരാൾ, “നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നെയും ഞങ്ങളെയും രക്ഷിക്കുക” എന്നു പറഞ്ഞ് അദ്ദേഹത്തെ അപമാനിച്ചു.

    40 മറ്റേ കുറ്റവാളി അയാളെ ശാസിച്ചുകൊണ്ട്, “തുല്യശിക്ഷാവിധിയിൽ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ? 41 നമ്മൾ ശിക്ഷ അനുഭവിക്കുന്നതു ന്യായമായിട്ടുതന്നെ; നമ്മുടെ പ്രവൃത്തികൾക്ക് അനുയോജ്യമായതല്ലേ നമുക്കു കിട്ടിയത്! ഈ മനുഷ്യനോ ഒരുതെറ്റും ചെയ്തിട്ടില്ല” എന്നു പറഞ്ഞു.

    42 പിന്നെ അയാൾ, “യേശുവേ, അങ്ങു രാജാവായി മടങ്ങിവരുമ്പോൾ എന്നെ ഓർക്കണേ” എന്നപേക്ഷിച്ചു.

    43 യേശു അയാളോട്, “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും, നിശ്ചയം എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു പറഞ്ഞു.

    44 അപ്പോൾ ഏകദേശം മധ്യാഹ്നം പന്ത്രണ്ടുമണി ആയിരുന്നു; സൂര്യൻ ഇരുണ്ടുപോയതുകൊണ്ട് 45 മൂന്നുമണിവരെ ദേശത്തെല്ലായിടത്തും ഇരുട്ടു വ്യാപിച്ചു. ദൈവാലയത്തിലെ തിരശ്ശീല രണ്ടായി ചീന്തിപ്പോയി. 46 “പിതാവേ, അങ്ങയുടെ കരങ്ങളിൽ ഞാൻ എന്റെ ആത്മാവിനെ തിരുക്കരങ്ങളിൽ ഭരമേൽപ്പിക്കുന്നു” എന്ന് യേശു അത്യുച്ചത്തിൽ പറഞ്ഞു. ഇതു പറഞ്ഞിട്ട് അദ്ദേഹം പ്രാണത്യാഗംചെയ്തു.

    47 സംഭവിച്ചതെല്ലാം കണ്ട് ശതാധിപൻ ദൈവത്തെ പുകഴ്ത്തിക്കൊണ്ട്, “ഈ മനുഷ്യൻ നീതിനിഷ്ഠനായിരുന്നു, നിശ്ചയം” എന്നു പറഞ്ഞു. 48 കാണാൻ വന്നുകൂടിയവർ എല്ലാവരും സംഭവിച്ചതുകണ്ട് നെഞ്ചത്തടിച്ചുകൊണ്ട് തിരികെപ്പോയി. 49 എന്നാൽ, ഗലീലയിൽനിന്ന് അദ്ദേഹത്തെ അനുഗമിച്ച സ്ത്രീകൾ ഉൾപ്പെടെ അദ്ദേഹത്തിന്റെ പരിചയക്കാർ എല്ലാവരും ഇവയെല്ലാം നോക്കിക്കൊണ്ട് ദൂരത്തുനിന്നിരുന്നു.

  27. 13 അപ്പോൾ, സ്വർഗത്തിൽനിന്ന് ഒരു ശബ്ദം ഞാൻ കേട്ടത്, “എഴുതുക; ഇപ്പോൾമുതൽ കർത്താവിൽ മരിക്കുന്നവർ അനുഗൃഹീതർ.”

    “അതേ,” ദൈവാത്മാവ് ഇപ്രകാരം അരുളിച്ചെയ്യുന്നു, “തങ്ങളുടെ അധ്വാനങ്ങളിൽനിന്ന് അവർ വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തികൾ അവരെ അനുഗമിക്കും.”

  28. 7 യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ മെനഞ്ഞു, അവന്റെ മൂക്കിൽ ജീവശ്വാസം ഊതി; അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിത്തീർന്നു.

  29. 22 എന്നാൽ, ഇപ്പോഴാകട്ടെ, നിങ്ങളെ പാപത്തിൽനിന്നു വിമോചിതരാക്കിയിട്ട് ദൈവത്തിന്റെ ദാസരാക്കിയിരിക്കുന്നു. ഇങ്ങനെ നിങ്ങൾക്ക് വിശുദ്ധീകരണവും തൽഫലമായി നിത്യജീവനും ലഭിക്കുന്നു. 23 പാപം ശമ്പളമായി നൽകുന്നത് മൃത്യുവാണ്; എന്നാൽ, ദൈവം ദാനമായി നൽകുന്നതോ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള നിത്യജീവനാകുന്നു.

  30. 6 ഞാൻ ഇപ്പോൾത്തന്നെ പാനീയയാഗമായി അർപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു; എന്റെ അന്തിമയാത്രയ്ക്കുള്ള സമയവും ആസന്നമായിരിക്കുന്നു. 7 ഞാൻ നന്നായി യുദ്ധംചെയ്തു; ഓട്ടം പൂർത്തിയാക്കി; അവസാനംവരെ ഞാൻ വിശ്വാസം സംരക്ഷിച്ചു. 8 ഇനി, നീതിയുടെ കിരീടം എനിക്കായി കാത്തിരിക്കുന്നു. അത്, നീതിയുള്ള ന്യായാധിപതിയായ കർത്താവ് അന്നാളിൽ എനിക്കു സമ്മാനിക്കും; എനിക്കുമാത്രമല്ല, അവിടത്തെ പുനരാഗമനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന എല്ലാവർക്കുംതന്നെ.

  31. 7 “ഒരു വൃക്ഷം വെട്ടിയിട്ടാൽ

    അതു വീണ്ടും മുളയ്ക്കുമെന്നു പ്രത്യാശയുണ്ട്;

    അതിലെ പൊട്ടിച്ചിനപ്പുകൾക്കു നാശം സംഭവിക്കുകയില്ല.

    8 അതിന്റെ വേരുകൾ നിലത്തു പഴകിപ്പോയാലും

    അതിന്റെ കുറ്റി ഉണങ്ങിയ മണ്ണിൽ കെട്ടുപോയാലും

    9 വെള്ളത്തിന്റെ ഗന്ധം കിട്ടിയാൽ അതു മുളയ്ക്കും;

    ഒരു ചെടിപോലെ ശാഖകൾ പുറപ്പെടുവിക്കും.

    10 എന്നാൽ മനുഷ്യൻ മരിച്ചു നിലംപറ്റെ കിടക്കുന്നു;

    അന്ത്യശ്വാസം വലിച്ചുകഴിഞ്ഞാൽ പിന്നെ അവൻ എവിടെ?

    11 സമുദ്രം ഉൾവലിയുന്നതുപോലെയും

    നദീതടം വറ്റിവരണ്ട് ഉണങ്ങുന്നതുപോലെയും,

    12 മനുഷ്യൻ കിടന്നാൽ പിന്നെ എഴുന്നേൽക്കുന്നില്ല;

    ആകാശം ഇല്ലാതാകുംവരെ അവൻ ഉണരുകയോ

    ഉറക്കംവിട്ട് എഴുന്നേൽക്കുകയോ ചെയ്യുന്നില്ല.

    13 “അയ്യോ! അങ്ങ് എന്നെ ശവക്കുഴിയിൽ മറച്ചിരുന്നെങ്കിൽ!

    അങ്ങയുടെ കോപം വിട്ടുപോകുന്നതുവരെ എന്നെ ഒളിപ്പിച്ചിരുന്നെങ്കിൽ!

    എനിക്ക് ഒരു കാലപരിധി നിശ്ചയിച്ച്

    എന്നെ ഓർത്തിരുന്നെങ്കിൽ!

    14 ഒരു മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ?

    എന്നാൽ എനിക്കു നവജീവൻ ലഭിക്കുന്നതുവരെ

    എന്റെ കഠിനാധ്വാനകാലം മുഴുവനും ഞാൻ കാത്തിരിക്കുമായിരുന്നു.

    15 അങ്ങു വിളിക്കും, ഞാൻ ഉത്തരം പറയും;

    അങ്ങയുടെ കൈവേലയോട് അങ്ങേക്കു താത്പര്യം തോന്നുമായിരുന്നു.

  32. 15 തന്റെ വിശ്വസ്തസേവകരുടെ മരണം

    യഹോവയുടെ ദൃഷ്ടിയിൽ വിലയേറിയതാകുന്നു.

  33. 18 ഞാൻ പിന്നെയും എന്നോടുതന്നെ പറഞ്ഞു, “മനുഷ്യരെ സംബന്ധിച്ചിടത്തോളം, അവർ മൃഗത്തിനു തുല്യരെന്ന് അവരെത്തന്നെ ബോധ്യപ്പെടുത്തേണ്ടതിന് ദൈവം അവരെ പരീക്ഷിക്കുന്നു. 19 മനുഷ്യന്റെ വിധി മൃഗങ്ങൾക്കുള്ളതുപോലെതന്നെ; ഇരുകൂട്ടർക്കും ഒരേവിധിതന്നെ കാത്തിരിക്കുന്നു: മനുഷ്യൻ മരിക്കുന്നതുപോലെ മൃഗവും മരിക്കുന്നു. എല്ലാറ്റിനും ശ്വാസവും ഒന്നുതന്നെ. അതുകൊണ്ട് മനുഷ്യനു മൃഗത്തെക്കാൾ യാതൊരു ശ്രേഷ്ഠതയുമില്ല. എല്ലാം അർഥശൂന്യം. 20 എല്ലാം ഒരിടത്തേക്കു പോകുന്നു; എല്ലാം പൊടിയിൽനിന്നു വരുന്നു, പൊടിയിലേക്കുതന്നെ മടങ്ങുന്നു. 21 മനുഷ്യന്റെ ആത്മാവ് ഉന്നതങ്ങളിലേക്കാണോ പോകുന്നത്? മൃഗത്തിന്റെ ആത്മാവ് ഭൂമിയുടെ അധോഭാഗങ്ങളിലേക്കാണോ നിപതിക്കുന്നത്? ആർക്കാണ് അറിവുള്ളത്?”

    22 അതുകൊണ്ട്, തന്റെ പ്രവൃത്തിയിൽ ആനന്ദിക്കുന്നതിനെക്കാൾ ശ്രേഷ്ഠമായതൊന്നും മനുഷ്യനില്ലെന്നു ഞാൻ കണ്ടു. കാരണം അതുതന്നെയാണ് ആ മനുഷ്യന്റെ ഓഹരി. തന്റെ വിയോഗത്തിനുശേഷം എന്തു സംഭവിക്കും എന്നു കാണാൻ ആർക്ക് അയാളെ മടക്കിവരുത്താനാകും?

  34. 28 “നിങ്ങൾ ഇതിൽ ആശ്ചര്യപ്പെടരുത്; ശവക്കല്ലറകളിലുള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു പുറത്തുവരുന്ന സമയം അടുത്തിരിക്കുന്നു; 29 നന്മ ചെയ്തവർ ജീവന്റെ പുനരുത്ഥാനത്തിലേക്കും തിന്മ ചെയ്തവർ ശിക്ഷാവിധിയുടെ പുനരുത്ഥാനത്തിലേക്കും.

  35. 19 മണ്ണിൽനിന്ന് നിന്നെ എടുത്തു;

    മണ്ണിലേക്കു മടങ്ങുംവരെ

    നിന്റെ നെറ്റിയിലെ വിയർപ്പുകൊണ്ട്

    നീ ആഹാരം കഴിക്കും;

    നീ പൊടിയാകുന്നു,

    പൊടിയിലേക്കു നീ തിരികെച്ചേരും.”

  36. 3 നിങ്ങളുടെ ആശ്രയം പ്രഭുക്കന്മാരിലും

    രക്ഷിക്കാൻ കഴിയാത്ത മനുഷ്യരിലും ആകരുത്.

    4 അവരുടെ ആത്മാവ് വേർപെടുമ്പോൾ, അവർ മണ്ണിലേക്കുതന്നെ തിരികെച്ചേരുന്നു;

    അന്നുതന്നെ അവരുടെ പദ്ധതികളും മണ്ണടിയുന്നു.

  37. 7 ഈ പർവതത്തിൽവെച്ച് അവിടന്ന്

    സകലജനതകളുടെയുംമേലുള്ള ആവരണം,

    എല്ലാ രാഷ്ട്രങ്ങളുടെയുംമേൽ വിരിക്കപ്പെട്ട മൂടുപടം നശിപ്പിക്കും;

    8 അവിടന്ന് മരണത്തെ എന്നെന്നേക്കുമായി വിഴുങ്ങിക്കളയും.

    യഹോവയായ കർത്താവ് എല്ലാ കണ്ണുകളിൽനിന്നും

    കണ്ണുനീർ തുടച്ചുകളയും;

    തന്റെ ജനത്തിന്റെ നിന്ദ അവിടന്ന്

    സകലഭൂമിയിൽനിന്നും നീക്കിക്കളയും.

    യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നത്.

  38. 2 നിലത്തിലെ പൊടിയിൽ നിദ്രകൊള്ളുന്നവരിൽ വലിയൊരു ജനാവലി—ചിലർ നിത്യജീവനായും മറ്റുചിലർ അപമാനത്തിനും നിത്യനിന്ദയ്ക്കുമായും—ഉയിർത്തെഴുന്നേൽക്കും.

  39. 8 അതുകൊണ്ട് നമ്മുടെ കർത്താവിനെ സാക്ഷിക്കുന്നതിനെക്കുറിച്ചോ അവിടത്തെ തടവുകാരനായ എന്നെക്കുറിച്ചോ നീ ലജ്ജിക്കരുത്. പിന്നെയോ, സുവിശേഷം അറിയിക്കുമ്പോൾ ഉണ്ടാകുന്ന ക്ലേശങ്ങളിൽ ദൈവം നൽകുന്ന ശക്തിക്കനുസൃതമായി നീയും പങ്കാളിയാകുക. 9 കർത്താവ് നമ്മെ രക്ഷിക്കുകയും ഒരു വിശുദ്ധജീവിതത്തിനായി വിളിക്കുകയും ചെയ്തു. ഇത് നമ്മുടെ പ്രവൃത്തികളുടെ ഫലമല്ല; പിന്നെയോ, കൃപയിലധിഷ്ടിതമായ ദൈവിക നിർണയമനുസരിച്ചാണ്. ഈ കൃപ കാലാരംഭത്തിനു മുമ്പുതന്നെ ക്രിസ്തുയേശുവിൽ ദൈവം നമുക്കു നൽകിയതാണെങ്കിലും 10 നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്റെ പ്രത്യക്ഷതയാൽ ഇപ്പോൾ നമുക്കു വെളിപ്പെട്ടിരിക്കുന്നു. അവിടന്ന് മരണത്തെ ഇല്ലാതാക്കുകയും സുവിശേഷം മുഖാന്തരം ജീവനും അമർത്യതയും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

  40. 12 ഞങ്ങൾക്കു ജ്ഞാനമുള്ളൊരു ഹൃദയം ലഭിക്കുന്നതിനുവേണ്ടി,

    ഞങ്ങളുടെ ദിനങ്ങൾ എണ്ണുന്നതിന് ഞങ്ങളെ അഭ്യസിപ്പിക്കണമേ.

  41. 10 യാക്കോബിന്റെ പൊടിയെ ആർക്ക് എണ്ണാം?

    ഇസ്രായേലിന്റെ കാൽഭാഗത്തെ ആർക്ക് എണ്ണാം?

    നീതിമാന്മാർ മരിക്കുന്നതുപോലെ ഞാൻ മരിക്കട്ടെ.

    എന്റെ അന്ത്യവും അവരുടേതുപോലെയാകട്ടെ!”

  42. 5 വഞ്ചകരായ ദുഷ്ടർ എന്നെ വലയംചെയ്യുകയും

    കഷ്ടതയുടെദിനങ്ങൾ വരികയുംചെയ്യുമ്പോൾ ഞാൻ എന്തിനു ഭയപ്പെടണം?

    6 അവർ അവരുടെ ധനത്തിൽ ആശ്രയിക്കുകയും

    തങ്ങളുടെ മഹത്തായ സമ്പത്തിൽ ഊറ്റംകൊള്ളുകയും ചെയ്യുന്നവരാണ്.

    7 മറ്റൊരാളുടെ ജീവൻ വീണ്ടെടുക്കുന്നതിനോ

    അയാളുടെ വീണ്ടെടുപ്പുവില ദൈവത്തിനു നൽകുന്നതിനോ ആരാലും സാധ്യമല്ല—

    8-9 ഒരാൾ സദാ ജീവിച്ചിരിക്കുന്നതിനും

    ജീർണത കാണാതിരിക്കുന്നതിനുമായി

    എന്തു നൽകിയാലും മതിയാകുകയില്ല—

    ജീവന്റെ മോചനദ്രവ്യം വിലയേറിയതല്ലോ.

    10 ജ്ഞാനികൾ മരണത്തിനു കീഴടങ്ങുന്നതും

    ഭോഷരും വിവേകമില്ലാത്തവരും നശിക്കുന്നതും

    അവരുടെ സമ്പാദ്യം മറ്റുള്ളവർക്കായി വിട്ടിട്ടുപോകുന്നതും എല്ലാവരും കാണുന്നു.

    11 ദേശങ്ങൾക്ക് അവർ സ്വന്തം പേരിട്ടുവിളിച്ചാലും,

    ശവകുടീരങ്ങളായിരിക്കും അവരുടെ ശാശ്വതഭവനം,

    അനന്തര തലമുറകളിലും അതുതന്നെയാണവരുടെ വിശ്രമസ്ഥാനം.

    12 മനുഷ്യർ എത്ര പ്രതാപശാലികൾ ആയിരുന്നാലും അവർക്ക് അമരത്വം ലഭിക്കുകയില്ല;

    അവർ നശിച്ചുപോകുന്ന മൃഗത്തിനു തുല്യർ.

  43. 10 പാപംനിമിത്തം ശരീരം മരണവിധേയമാണെങ്കിലും നിങ്ങളിൽ ക്രിസ്തു നിവസിക്കുന്നതിനാൽ ലഭിച്ചിരിക്കുന്ന നീതിനിമിത്തം നിങ്ങളുടെ ആത്മാവ് ജീവനുള്ളതായിരിക്കുന്നു. 11 യേശുവിനെ മൃതരിൽനിന്ന് ജീവിപ്പിച്ച ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ നിവസിക്കുന്നു. ക്രിസ്തുവിനെ മൃതരിൽനിന്ന് ജീവിപ്പിച്ച ദൈവം മരണാധീനമായ നിങ്ങളുടെ ശരീരങ്ങളെയും അതേ ആത്മാവിനാൽ ജീവിപ്പിക്കും.

    12 അതുകൊണ്ട് സഹോദരങ്ങളേ, പാപപ്രവണതയെ അനുസരിച്ചു ജീവിക്കേണ്ടതിന് നമുക്ക് പാപപ്രവണതയോട് ഒരു ബാധ്യതയുമില്ല. 13 പാപപ്രവണതകൾ അനുസരിച്ചു ജീവിച്ചാൽ നിങ്ങൾ തീർച്ചയായും മരിക്കും; എന്നാൽ ദൈവത്തിന്റെ ആത്മാവിനാൽ പാപപ്രവണതയുടെ ഫലമായ ദുഷ്‌പ്രവൃത്തികളെ നിഗ്രഹിക്കുകയാണെങ്കിൽ നിങ്ങൾ ജീവിക്കും.

  44. 17 അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ മരിച്ചവനെപ്പോലെ ആ പാദങ്ങളിൽ വീണു. അവിടന്ന് എന്റെമേൽ വലതുകൈവെച്ചുകൊണ്ട് എന്നോട് അരുളിച്ചെയ്തത്, “ഭയപ്പെടേണ്ട, ഞാൻ ആകുന്നു ആദ്യനും അന്ത്യനും 18 ജീവിക്കുന്നവനും. ഞാൻ മരിച്ചവനായിരുന്നു. എന്നാൽ ഇതാ, എന്നെന്നേക്കും ജീവിക്കുന്നു. മരണത്തിന്റെയും പാതാളത്തിന്റെയും താക്കോലുകൾ എന്റെ കൈവശമുണ്ട്.

  45. 17 തീർച്ചയായും ഞാൻ ഇത്രവലിയ വേദന അനുഭവിച്ചത്

    എന്റെ നന്മയ്ക്കായിത്തന്നെ ആയിരുന്നു.

    അവിടത്തെ സ്നേഹം വിനാശഗർത്തത്തിൽനിന്ന്

    എന്റെ സംരക്ഷിച്ചിരിക്കുന്നു;

    അങ്ങ് എന്റെ സർവപാപങ്ങളും

    അവിടത്തെ പിറകിൽ എറിഞ്ഞുകളഞ്ഞിരിക്കുന്നു.

    18 പാതാളത്തിന് അങ്ങയെ സ്തുതിക്കാൻ കഴിയില്ല,

    മരണത്തിന് അങ്ങയുടെ സ്തുതി പാടുന്നതിനും;

    കുഴിയിലേക്കിറങ്ങുന്നവർക്ക്

    അങ്ങയുടെ വിശ്വസ്തതയിൽ ആശവെക്കാൻ കഴിയില്ല.

    19 ജീവനുള്ളവർ, ജീവനുള്ളവർമാത്രമാണ്

    ഇന്നു ഞാൻ ചെയ്യുംപോലെ അങ്ങയെ സ്തുതിക്കുന്നത്;

    മാതാപിതാക്കൾ അങ്ങയുടെ വിശ്വസ്തതയെ

    തങ്ങളുടെ മക്കളോട് അറിയിക്കുന്നു.

  46. 24 “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ, എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവർക്ക് നിത്യജീവനുണ്ട്; അവർക്ക് ശിക്ഷാവിധി ഉണ്ടാകുകയില്ല; അവർ മരണത്തിൽനിന്ന് ജീവനിലേക്കു പ്രവേശിച്ചിരിക്കുന്നു. 25 ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ, മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കുകയും കേൾക്കുന്നവർ ജീവിക്കുകയുംചെയ്യുന്ന സമയം വരുന്നു, ഇപ്പോൾ വന്നുമിരിക്കുന്നു. 26 പിതാവിനു തന്നിൽത്തന്നെ ജീവൻ ഉള്ളതുപോലെ പുത്രനും തന്നിൽത്തന്നെ ജീവൻ ഉള്ളവനായിരിക്കാൻ അവിടന്ന് പുത്രനും വരം നൽകിയിരിക്കുന്നു.

  47. 20 എന്നാൽ നാമോ, സ്വർഗീയപൗരർ അത്രേ. സ്വർഗത്തിൽനിന്ന് നമ്മുടെ രക്ഷകനായ, കർത്താവായ യേശുക്രിസ്തുവിന്റെ വരവിനായി നാം ആകാംക്ഷയോടെ കാത്തിരിക്കുന്നു. 21 അവിടന്ന് സകലത്തെയും തന്റെ അധീനതയിലാക്കാൻ കഴിയുന്ന ശക്തിയാൽ, അവിടത്തെ മഹത്ത്വമുള്ള ശരീരത്തിനു സമരൂപമായി നമ്മുടെ ഹീനശരീരങ്ങളെ രൂപാന്തരപ്പെടുത്തും.

  48. 8 എന്നാൽ ഭീരുക്കൾ, വിശ്വാസത്യാഗികൾ, നികൃഷ്ടർ, കൊലപാതകികൾ, വ്യഭിചാരികൾ, ദുർമന്ത്രവാദികൾ, വിഗ്രഹാരാധകർ, വ്യാജംപറയുന്നവർ, ഇങ്ങനെയുള്ളവരെല്ലാം രണ്ടാമത്തെ മരണമായ ഗന്ധകം കത്തിയെരിയുന്ന തീപ്പൊയ്കയ്ക്കാണ് അവകാശികളാകുന്നത്.”

  49. 42 മരിച്ചവരുടെ പുനരുത്ഥാനവും അങ്ങനെതന്നെയാണ്. നശ്വരമായ ശരീരം വിതയ്ക്കപ്പെടുന്നു, അനശ്വരമായ ശരീരം ഉയിർപ്പിക്കപ്പെടുന്നു. 43 അപമാനത്തിൽ വിതയ്ക്കപ്പെടുന്നു, തേജസ്സിൽ ഉയിർപ്പിക്കപ്പെടുന്നു; ബലഹീനതയിൽ വിതയ്ക്കപ്പെടുന്നു, ശക്തിയിൽ ഉയിർപ്പിക്കപ്പെടുന്നു. 44 വിതയ്ക്കപ്പെടുന്നത് ഭൗതികശരീരം, ഉയിർപ്പിക്കപ്പെടുന്നതോ ആത്മികശരീരം.

    ഭൗതികശരീരം ഉണ്ടെങ്കിൽ ആത്മികശരീരവും ഉണ്ട്. 45 “ആദ്യമനുഷ്യനായ ആദാം ജീവനുള്ളവനായിത്തീർന്നു” എന്നെഴുതിയിരിക്കുന്നല്ലോ; അവസാനത്തെ ആദാം ജീവൻ നൽകുന്ന ആത്മാവായി.

  50. 22 നിങ്ങൾ സത്യം അനുസരിച്ചതിലൂടെ നിങ്ങൾക്ക് വിശുദ്ധീകരണം ലഭിച്ചു; അത് നിഷ്കപടമായ സഹോദരസ്നേഹത്തിനുവേണ്ടിയാണ്, അതുകൊണ്ട് നിങ്ങൾ ഹൃദയശുദ്ധിയോടെ പരസ്പരം ഗാഢമായി സ്നേഹിക്കുക. 23 നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നത് നശ്വരബീജത്താലല്ല; അനശ്വരവും ജീവനുള്ളതും ശാശ്വതവുമായ ദൈവവചനത്താൽത്തന്നെ.

    24 “എല്ലാ മാനവരും തൃണസമാനരും,

    അവരുടെ സർവമഹിമയും വയലിലെ പൂപോലെയും!

    പുല്ലു വാടുന്നു, പൂക്കൾ കൊഴിയുന്നു;

    25 കർത്താവിന്റെ വചനമോ ചിരകാലത്തേക്കുമുള്ളത്.”

    ആ തിരുവചനംതന്നെയാണ് ഞങ്ങൾ നിങ്ങളോട് അറിയിച്ച സുവിശേഷം.

  51. 1 അക്കാലത്ത് ഹിസ്കിയാവ് രോഗംബാധിച്ച് മരണാസന്നനായിത്തീർന്നു. ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന് ഇപ്രകാരം പറഞ്ഞു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ മരിച്ചുപോകും; രക്ഷപ്പെടുകയില്ല. അതിനാൽ നിന്റെ കുടുംബകാര്യങ്ങളെല്ലാം ക്രമീകരിച്ചുകൊള്ളുക.”

    2 ഹിസ്കിയാവ് ഭിത്തിയിലേക്കു മുഖംതിരിച്ച് യഹോവയോടു പ്രാർഥിച്ചു: 3 “യഹോവേ, ദയ തോന്നണമേ, അടിയൻ എപ്രകാരം തിരുമുമ്പിൽ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ ജീവിച്ചെന്നും അവിടത്തെ ദൃഷ്ടിയിൽ നന്മയായുള്ളതു പ്രവർത്തിച്ചെന്നും ഓർക്കണമേ!” എന്നു പറഞ്ഞുകൊണ്ട് ഹിസ്കിയാവ് പൊട്ടിക്കരഞ്ഞു.

    4 യെശയ്യാവ് അങ്കണത്തിന്റെ പകുതിഭാഗം കടക്കുന്നതിനു മുമ്പായിത്തന്നെ അദ്ദേഹത്തിന് യഹോവയുടെ അരുളപ്പാടുണ്ടായി. 5 “മടങ്ങിച്ചെന്ന് എന്റെ ജനത്തിന്റെ നായകനായ ഹിസ്കിയാവിനോടു പറയുക; ‘നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ പ്രാർഥന കേട്ടിരിക്കുന്നു; നിന്റെ കണ്ണുനീർ കണ്ടുമിരിക്കുന്നു; ഞാൻ നിന്നെ സൗഖ്യമാക്കും. ഇന്നേക്കു മൂന്നാംദിവസം നീ യഹോവയുടെ ആലയത്തിൽ പോകും. 6 ഞാൻ നിന്റെ ആയുസ്സിനോടു പതിനഞ്ചുവർഷം കൂട്ടും. ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർരാജാവിന്റെ കൈയിൽനിന്നു വിടുവിക്കും. എന്നെ ഓർത്തും എന്റെ ദാസനായ ദാവീദിനെ ഓർത്തും ഈ നഗരത്തെ ഞാൻ സംരക്ഷിക്കും.’ ”

  52. 32 ദുരന്തമുഖത്ത് ദുഷ്ടർ ചിതറിക്കപ്പെടുന്നു,

    എന്നാൽ നീതിനിഷ്ഠർക്കു മരണത്തിലും അഭയസ്ഥാനമുണ്ട്.

  53. 6 “വിളിച്ചുപറയുക,” എന്നൊരു ശബ്ദമുണ്ടായി.

    അപ്പോൾ, “എന്തു വിളിച്ചുപറയണം?” എന്നു ഞാൻ ചോദിച്ചു.

    “എല്ലാ മാനവരും തൃണസമാനരും

    അവരുടെ അസ്തിത്വം വയലിലെ പൂപോലെയും.

    7 യഹോവയുടെ ശ്വാസം അവരുടെമേൽ അടിക്കുമ്പോൾ

    പുല്ലു വാടുന്നു, പൂക്കൾ കൊഴിയുന്നു;

    മനുഷ്യൻ പുല്ലുതന്നെ, നിശ്ചയം.

    8 പുല്ല് ഉണങ്ങുന്നു, പൂക്കൾ കൊഴിയുന്നു;

    നമ്മുടെ ദൈവത്തിന്റെ വചനമോ ചിരകാലത്തേക്കുമുള്ളത്.”

  54. 34 യേശു അവരോടു പറഞ്ഞത്, “ഈ യുഗത്തിൽ ജീവിക്കുന്നവർ വിവാഹംകഴിക്കുകയും വിവാഹംകഴിപ്പിച്ചയയ്ക്കുകയുംചെയ്യുന്നു. 35 എന്നാൽ, മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിന് യോഗ്യരായി വരുംയുഗത്തിൽ പ്രവേശിക്കുമ്പോൾ വിവാഹംകഴിക്കുകയോ വിവാഹംകഴിപ്പിച്ചയയ്ക്കുകയോ ചെയ്യുന്നില്ല. 36 അവർ പുനരുത്ഥിതരായിരിക്കുകയാൽ ദൈവദൂതതുല്യരും ദൈവപുത്രരും ആകുന്നു, അതുകൊണ്ട് അവർക്ക് ഇനി മരിക്കാനും സാധ്യമല്ല. 37 മോശതന്നെ മുൾപ്പടർപ്പിനെപ്പറ്റിയുള്ള വിവരണത്തിൽ മരിച്ചവർ ഉയിർത്തെഴുന്നേൽക്കുന്നു എന്ന് നമുക്ക് വ്യക്തമാക്കിത്തന്നിട്ടുണ്ട്; കർത്താവിനെക്കുറിച്ച് ‘അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു’ എന്നിങ്ങനെ മോശ പരാമർശിക്കുന്നുണ്ടല്ലോ. 38 അവിടന്നു മരിച്ചവരുടെ ദൈവമല്ല, പിന്നെയോ ജീവനുള്ളവരുടെ ദൈവമാണ്. ദൈവദൃഷ്ടിയിൽ എല്ലാവരും ജീവിച്ചിരിക്കുന്നവർതന്നെ.”

  55. 16 ദൈവാത്മാവുതന്നെ നമ്മുടെ ആത്മാവിനോട് സാക്ഷ്യം പറഞ്ഞ് നാം ദൈവത്തിന്റെ മക്കളാണെന്ന് ഉറപ്പു നൽകുന്നു. 17 ഇപ്രകാരം ദൈവത്തിന്റെമക്കൾ ആയിരിക്കുന്നതുകൊണ്ട് നാം ദൈവിക അനുഗ്രഹങ്ങളുടെ അവകാശികളാണ്; ക്രിസ്തുവിനോടുകൂടെ കൂട്ടവകാശികളും. ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളിൽ പങ്കാളികളായിരിക്കുന്ന നാം ക്രിസ്തുവിന്റെ തേജസ്സിന്റെയും പങ്കാളികൾ ആകും.

    18 നമുക്കു ലഭിക്കാനിരിക്കുന്ന തേജസ്സിന്റെ മുമ്പിൽ ഇക്കാലത്തെ കഷ്ടതകൾ വളരെ നിസ്സാരം എന്നു ഞാൻ കരുതുന്നു. 19 ദൈവത്തിന്റെമക്കൾ ആരെന്നു പ്രത്യക്ഷമാകുന്നതിനായി സർവസൃഷ്ടിയും അത്യാകാംക്ഷയോടെ കാത്തിരിക്കുകയാണ്. 20-21 സ്വേച്ഛയാലല്ല സൃഷ്ടി ശാപഗ്രസ്തമായിത്തീർന്നിരിക്കുന്നത്; ജീർണതയുടെ അടിമത്തത്തിൽനിന്ന് സൃഷ്ടി വിമുക്തമാക്കപ്പെട്ട് ദൈവമക്കളുടെ തേജോമയമായ സ്വാതന്ത്ര്യത്തിലേക്കു നിശ്ചയമായും ഒരിക്കൽ നയിക്കപ്പെടും എന്നുള്ള പ്രത്യാശ നൽകി അവയെ നൈരാശ്യത്തിന് വിധേയമാക്കിയ ദൈവത്തിന്റെ ഇഷ്ടത്താൽത്തന്നെയാണ്.

  56. 10 “എന്റെ ആയുസ്സിന്റെ മധ്യാഹ്നസമയത്ത്

    ഞാൻ പാതാളകവാടത്തിലേക്കു പ്രവേശിക്കേണ്ടിവരുമോ

    എന്റെ ശിഷ്ടായുസ്സ് എന്നിൽനിന്നും കവർന്നെടുക്കപ്പെടുമോ,” എന്നു ഞാൻ പറഞ്ഞു.

    11 “ഭൂമിയിൽ ജീവനോടിരിക്കുമ്പോൾ

    യാഹാം യാഹിനെ ഞാൻ വീണ്ടും കാണുകയില്ല;

    ഞാൻ എന്റെ സഹജീവിയുടെമേൽ ദൃഷ്ടിവെക്കുകയില്ല,

    ഭൂവാസികളോടൊപ്പം ഞാൻ ആയിരിക്കുകയുമില്ല,” എന്നു ഞാൻ പറഞ്ഞു.

    12 “ഒരു ആട്ടിടയന്റെ കൂടാരംപോലെ എന്റെ വാസസ്ഥലം

    എന്നിൽനിന്ന് പിഴുതുമാറ്റിയിരിക്കുന്നു.

    ഒരു നെയ്ത്തുകാരനെപ്പോലെ ഞാൻ എന്റെ ജീവനെ ചുരുട്ടിവെക്കുന്നു,

    അവിടന്ന് എന്നെ തറിയിൽനിന്ന് എന്നപോലെ മുറിച്ചുമാറ്റുന്നു;

    രാപകൽ എന്നെ പ്രഹരിച്ച് അവിടന്ന് എനിക്ക് അന്തം വരുത്തിയിരിക്കുന്നു.

    13 വെളുക്കുംവരെ ഞാൻ ക്ഷമയോടെ കാത്തിരുന്നു,

    എന്നാൽ അവിടന്ന് ഒരു സിംഹമെന്നപോലെ എന്റെ അസ്ഥികളെയെല്ലാം തകർക്കുന്നു;

    രാപകൽ എന്നെ പ്രഹരിച്ച് അവിടന്ന് എനിക്ക് അന്തം വരുത്തിയിരിക്കുന്നു.

  57. 28 നിങ്ങളുടെ ആത്മാവിനെ ഹനിക്കാൻ കഴിയാതെ ശരീരത്തെമാത്രം കൊല്ലുന്നവരെ ഭയപ്പെടരുത്; മറിച്ച്, ജീവനെയും ശരീരത്തെയും നരകത്തിലിട്ട് നശിപ്പിക്കാൻ കഴിയുന്ന ദൈവത്തെ ഭയപ്പെടുക.

  58. 22 അതിനുശേഷം യഹോവയായ ദൈവം അരുളിച്ചെയ്തു: “ഇതാ മനുഷ്യൻ നന്മതിന്മകൾ അറിയുന്നവനായി, നമ്മിൽ ഒരുവനെപ്പോലെ ആയിത്തീർന്നിരിക്കുന്നു. അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടി പറിച്ചുതിന്ന് എന്നേക്കും ജീവിക്കാൻ അനുവദിച്ചുകൂടാ.” 23 മനുഷ്യനെ എടുത്തിരുന്ന മണ്ണിൽ അധ്വാനിക്കേണ്ടതിന് യഹോവയായ ദൈവം അവനെ ഏദെൻതോട്ടത്തിൽനിന്നു പുറത്താക്കി. 24 മനുഷ്യനെ പുറത്താക്കിയശേഷം ദൈവം, ജീവവൃക്ഷത്തിലേക്കുള്ള വഴി കാക്കുന്നതിന് ഏദെൻതോട്ടത്തിനു കിഴക്ക് കെരൂബുകളെ കാവൽ നിർത്തുകയും എല്ലാ വശത്തേക്കും തിരിയുന്നതും തീ ജ്വലിക്കുന്നതുമായ ഒരു വാൾ സ്ഥാപിക്കുകയും ചെയ്തു.

  59. 24 ഹാനോക്ക് ദൈവമുമ്പാകെ വിശ്വസ്തനായി ജീവിച്ചു; ഒരു ദിവസം ദൈവം അദ്ദേഹത്തെ തന്റെ അടുത്തേക്കെടുത്തതിനാൽ കാണാതെയായി.

  60. 14 “ഇതാ, ഞാൻ സർവഭൂവാസികളും പോകേണ്ട ആ വഴിയേ പോകാറായിരിക്കുന്നു. നിങ്ങളുടെ ദൈവമായ യഹോവ നൽകിയ നല്ല വാഗ്ദാനങ്ങളിൽ ഒന്നുപോലും പരാജയപ്പെട്ടിട്ടില്ല എന്നു നിങ്ങൾക്കു പൂർണമായും അറിയാമല്ലോ. സകലവാഗ്ദാനവും നിറവേറി; ഒന്നിനും വീഴ്ചവന്നിട്ടില്ല.

  61. 4 ഏലിയാവ് തനിച്ചു മരുഭൂമിയിലേക്ക് ഒരു ദിവസത്തെ വഴി യാത്രചെയ്ത് ഒരു കുറ്റിച്ചെടിയുടെ തണലിൽ ഇരുന്നു. മരിച്ചെങ്കിൽ എന്നാഗ്രഹിച്ച് അദ്ദേഹം ഇപ്രകാരം പ്രാർഥിച്ചു: “യഹോവേ! ഇപ്പോൾ എനിക്കു മതിയായി; എന്റെ ജീവൻ എടുത്തുകൊള്ളണമേ! ഞാൻ എന്റെ പൂർവികരെക്കാൾ നല്ലവനല്ലല്ലോ!” 5 പിന്നെ, അദ്ദേഹം ആ കുറ്റിച്ചെടിയുടെ തണലിൽക്കിടന്ന് ഉറങ്ങി.

    അപ്പോൾത്തന്നെ, യഹോവയുടെ ഒരു ദൂതൻ ഏലിയാവിനെ സ്പർശിച്ചിട്ട്, “എഴുന്നേറ്റു ഭക്ഷണം കഴിക്കുക” എന്നു പറഞ്ഞു. 6 അദ്ദേഹം ചുറ്റും നോക്കി; അവിടെ അദ്ദേഹത്തിന്റെ തലയ്ക്കൽ തീക്കനലിൽ ചുട്ടെടുത്ത അപ്പവും ഒരു ഭരണി വെള്ളവും ഇരിക്കുന്നുണ്ടായിരുന്നു! അദ്ദേഹം ഭക്ഷണം കഴിച്ചശേഷം വീണ്ടും കിടന്നുറങ്ങി.

    7 യഹോവയുടെ ദൂതൻ രണ്ടാംപ്രാവശ്യവും പ്രത്യക്ഷനായി അദ്ദേഹത്തെ തട്ടിയുണർത്തി: “എഴുന്നേറ്റു ഭക്ഷിക്കുക; അല്ലെങ്കിൽ, ദീർഘദൂരയാത്ര നിനക്ക് അസഹനീയമായിരിക്കും” എന്നു പറഞ്ഞു. 8 അതിനാൽ, അദ്ദേഹം എഴുന്നേറ്റ് വീണ്ടും ഭക്ഷണം കഴിച്ചു. ആ ഭക്ഷണത്തിന്റെ ശക്തിയാൽ അദ്ദേഹം ദൈവത്തിന്റെ പർവതമായ ഹോരേബിലെത്തുന്നതുവരെ നാൽപ്പതുപകലും നാൽപ്പതുരാത്രിയും സഞ്ചരിച്ചു.

  62. 5 ഒരു മനുഷ്യന്റെ നാളുകൾ നിർണയിക്കപ്പെട്ടിരിക്കുന്നു;

    അവന്റെ കാലചക്രം അങ്ങ് മാസക്കണക്കിൽ നിജപ്പെടുത്തിയിരിക്കുന്നു

    ലംഘിക്കാൻ നിർവാഹമില്ലാത്ത ഒരു പരിധി നിശ്ചയിച്ചുമിരിക്കുന്നു.

  63. 48 മരണം കാണാതെ ജീവിക്കാൻ ആർക്കാണു കഴിയുക?

    പാതാളത്തിന്റെ ശക്തിയിൽനിന്നു രക്ഷപ്പെടാൻ ആർക്കാണു കഴിയുക? സേലാ.

  64. 29 അവിടന്ന് തിരുമുഖം മറയ്ക്കുന്നു,

    അവ പരിഭ്രാന്തരാകുന്നു;

    അങ്ങ് അവയുടെ ശ്വാസം എടുക്കുമ്പോൾ

    അവ ജീവനറ്റ് മണ്ണിലേക്കു മടങ്ങുന്നു.

  65. 1 എല്ലാറ്റിനും ഒരു സമയമുണ്ട്,

    ആകാശത്തിനുകീഴേയുള്ള ഓരോ പ്രവൃത്തിക്കും ഒരു നിശ്ചിതകാലവുമുണ്ട്.

    2 ജനനത്തിനൊരു കാലം, മരണത്തിനൊരു കാലം,

    നടുന്നതിനൊരു കാലം, വിളവെടുക്കുന്നതിനൊരു കാലം,

    3 കൊല്ലുന്നതിനൊരു കാലം, സൗഖ്യമാക്കുന്നതിനൊരു കാലം,

    ഇടിച്ചുനിരത്തുന്നതിനൊരു കാലം, പണിതുയർത്തുന്നതിനൊരു കാലം.

    4 കരയുന്നതിനൊരു കാലം, ചിരിക്കുന്നതിനൊരു കാലം,

    വിലപിക്കുന്നതിനൊരു കാലം, നൃത്തംചെയ്യുന്നതിനൊരു കാലം.

    5 കല്ലുകൾ ചിതറിക്കുന്നതിനൊരു കാലം, അവ ശേഖരിക്കുന്നതിനൊരു കാലം,

    ആലിംഗനം ചെയ്യുന്നതിനൊരു കാലം, അകന്നിരിക്കുന്നതിനൊരു കാലം,

    6 അന്വേഷിക്കുന്നതിനൊരു കാലം, ഉപേക്ഷിക്കുന്നതിനൊരു കാലം,

    സൂക്ഷിക്കുന്നതിനൊരു കാലം, എറിഞ്ഞുകളയുന്നതിനൊരു കാലം,

    7 കീറുന്നതിനൊരു കാലം, തുന്നിച്ചേർക്കുന്നതിനൊരു കാലം,

    മൗനമായിരിക്കുന്നതിനൊരു കാലം, സംസാരിക്കുന്നതിനൊരു കാലം,

    8 സ്നേഹിക്കുന്നതിനൊരു കാലം, വെറുക്കുന്നതിനൊരു കാലം,

    യുദ്ധംചെയ്യുന്നതിനൊരു കാലം, സമാധാനത്തിനൊരു കാലം.

  66. 4 പകൽ ആയിരിക്കുന്നിടത്തോളം എന്നെ അയച്ചവന്റെ പ്രവർത്തനങ്ങൾ നാം തുടരേണ്ടതാകുന്നു. ആർക്കും പ്രവർത്തിക്കാൻ കഴിയാത്ത രാത്രി വരുന്നു.

  67. 24 നാം പാപത്തിനു മരിക്കുകയും നീതിക്കുവേണ്ടി ജീവിക്കുകയുംചെയ്യേണ്ടതിന്, “ക്രിസ്തു നമ്മുടെ പാപം സ്വശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിന്മേൽ കയറി; അവിടത്തെ മുറിവുകളാൽ നിങ്ങൾക്കു സൗഖ്യം ലഭിച്ചിരിക്കുന്നു;

  68. 13 ഞാൻ, ഈ ശരീരമെന്ന കൂടാരത്തിൽ ജീവിക്കുന്നിടത്തോളം, ഈ കാര്യങ്ങൾ നിങ്ങളെ നിരന്തരം അനുസ്മരിപ്പിക്കുന്നത് യോഗ്യമെന്നു ഞാൻ കരുതുന്നു. 14 കാരണം, നമ്മുടെ കർത്താവായ യേശുക്രിസ്തു എന്നോടു വ്യക്തമാക്കിയതുപോലെ, ഈ കൂടാരത്തിൽനിന്നു വിടപറയുന്നതിനുള്ള സമയം ആസന്നമായിരിക്കുന്നു എന്ന് എനിക്കറിയാം.

  69. 11 “ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ. വിജയിക്കുന്നവന് രണ്ടാംമരണത്തിന്റെ ഭീഷണിയില്ല.

  70. 1 യഹോവയായ ദൈവം സൃഷ്ടിച്ച സകലവന്യജീവികളിലുംവെച്ച് പാമ്പ് സൂത്രശാലിയായിരുന്നു. “തോട്ടത്തിലെ ഏതെങ്കിലും വൃക്ഷത്തിന്റെ ഫലം നിങ്ങൾ കഴിക്കരുത് എന്നു ദൈവം വാസ്തവമായി കൽപ്പിച്ചിട്ടുണ്ടോ?” എന്നു പാമ്പു സ്ത്രീയോടു ചോദിച്ചു.

    2 “തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു ഭക്ഷിക്കാം. 3 എന്നാൽ ‘തോട്ടത്തിന്റെ മധ്യത്തിലുള്ള വൃക്ഷത്തിന്റെ ഫലം നിങ്ങൾ കഴിക്കരുത്, അതു തൊടുകപോലുമരുത്; അങ്ങനെചെയ്താൽ നിങ്ങൾ മരിക്കും’ എന്നു ദൈവം കൽപ്പിച്ചിട്ടുണ്ട്,” സ്ത്രീ ഉത്തരം പറഞ്ഞു.

    4 “നിങ്ങൾ മരിക്കുകയില്ല, നിശ്ചയം! 5 അതു കഴിക്കുന്ന നാളിൽ നിങ്ങളുടെ കണ്ണുകൾ തുറന്ന് നിങ്ങൾ നന്മതിന്മകൾ അറിയുന്നവരായി, ദൈവത്തെപ്പോലെയാകും, എന്നു ദൈവം അറിയുന്നു,” പാമ്പ് സ്ത്രീയോട് പറഞ്ഞു.

    6 ആ വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കാൻ നല്ലതും കാഴ്ചയ്ക്കു മനോഹരവും ജ്ഞാനംനേടാൻ അഭികാമ്യവുമെന്നു കണ്ട് സ്ത്രീ അതു പറിച്ചു ഭക്ഷിച്ചു, തന്നോടൊപ്പം ഉണ്ടായിരുന്ന ഭർത്താവിനും കൊടുത്തു, അദ്ദേഹവും ഭക്ഷിച്ചു. 7 ഉടൻതന്നെ ഇരുവരുടെയും കണ്ണുകൾ തുറന്നു. തങ്ങൾ നഗ്നരെന്ന് അവർ അറിഞ്ഞു; അതുകൊണ്ട് അവർ അത്തിയില കൂട്ടിത്തുന്നി ഉടയാടയുണ്ടാക്കി.

  71. 21 “എന്റെ അമ്മയുടെ ഉദരത്തിൽനിന്ന് ഞാൻ നഗ്നനായി പുറത്തുവന്നു,

    നഗ്നനായിത്തന്നെ ഞാൻ മടങ്ങിപ്പോകും.

    യഹോവ തന്നു; യഹോവതന്നെ തിരിച്ചെടുത്തു;

    യഹോവയുടെ നാമം മഹത്ത്വപ്പെടുമാറാകട്ടെ” എന്നു പറഞ്ഞു.

  72. 23 അങ്ങ് എന്നെ മരണത്തിലേക്കാനയിക്കുമെന്ന് എനിക്കറിയാം,

    ജീവനുള്ളവരെല്ലാം ചെന്നുചേരുന്ന ഭവനത്തിലേക്കുതന്നെ.

  73. 15 എന്നാൽ ദൈവം എന്റെ ജീവനെ പാതാളത്തിന്റെ അധീനതയിൽനിന്നു വീണ്ടെടുക്കും;

    അവിടന്നെന്നെ സ്വീകരിക്കും, നിശ്ചയം. സേലാ.

  74. 59 അവർ കല്ലെറിഞ്ഞുകൊണ്ടിരിക്കുമ്പോൾ, “കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ” എന്നു സ്തെഫാനൊസ് പ്രാർഥിച്ചു. 60 പിന്നെ അദ്ദേഹം മുട്ടുകുത്തി “കർത്താവേ, ഈ പാപം അവരുടെമേൽ നിർത്തരുതേ,” എന്ന് ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞശേഷം അദ്ദേഹം മരിച്ചുവീണു.

  75. 4 തുടർന്ന് ഞാൻ സിംഹാസനങ്ങൾ കണ്ടു. സിംഹാസനസ്ഥരായവർക്കു ന്യായംവിധിക്കാനുള്ള അധികാരം നൽകപ്പെട്ടു. യേശുവിനെക്കുറിച്ചുള്ള സാക്ഷ്യവും ദൈവവചനവും നിമിത്തം ശിരച്ഛേദം ചെയ്യപ്പെട്ടവരുടെ ആത്മാക്കളെയും ഞാൻ കണ്ടു. അവർ മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതെയും നെറ്റിമേലോ കൈകളിന്മേലോ അതിന്റെ മുദ്ര സ്വീകരിക്കാതെയും ഇരുന്നവരാണ്. അവർ ജീവിച്ചെഴുന്നേറ്റ് ക്രിസ്തുവിനോടുകൂടെ ആയിരം വർഷം ഭരിച്ചു. 5 മൃതരിൽ അവശേഷിച്ചവർ ആയിരം വർഷം പൂർത്തിയാകുന്നതുവരെ ജീവിച്ചെഴുന്നേറ്റില്ല. ഇത് ഒന്നാംപുനരുത്ഥാനം. 6 ഒന്നാംപുനരുത്ഥാനത്തിൽ പങ്കുള്ളവർ അനുഗൃഹീതരും വിശുദ്ധരുമാകുന്നു. ഇവരുടെമേൽ രണ്ടാംമരണത്തിന് അധികാരം ഇല്ല. ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പുരോഹിതരായി ക്രിസ്തുവിനോടുകൂടെ ആയിരം വർഷം അവർ ഭരിക്കും.

  76. 11 അദ്ദേഹം യഹോവയോടു ചോദിച്ചു: “അങ്ങയുടെ ദാസന്റെമേൽ അങ്ങ് ഈ ക്ലേശം വരുത്തിയതെന്തിന്? എന്നോടു കൃപ കാണിക്കാതെ ഈ ജനത്തിന്റെയെല്ലാം ഭാരം എന്റെമേൽ വെച്ചതെന്തിന്? 12 ഞാനാണോ ഈ ജനത്തെയെല്ലാം ഗർഭംധരിച്ചത്? ഞാനാണോ അവരെ പ്രസവിച്ചത്? അവരുടെ പൂർവികരോട് അങ്ങ് ശപഥംചെയ്തു വാഗ്ദാനം നൽകിയ ദേശത്തേക്ക് ഒരു ധാത്രി ശിശുവിനെ വഹിക്കുന്നതുപോലെ അവരെ എന്റെ കൈകളിൽ വഹിച്ചുകൊണ്ടുപോകാൻ അങ്ങ് എന്നോട് കൽപ്പിക്കുന്നതെന്തിന്? 13 ഈ ജനത്തിനെല്ലാം ഞാൻ എവിടെനിന്നു മാംസം കൊണ്ടുവരും? ‘ഞങ്ങൾക്കു തിന്നാൻ മാംസം തരിക’ എന്ന് അവർ എന്നോടു നിലവിളിച്ചുകൊണ്ടിരിക്കുന്നു. 14 ഈ ജനത്തെയെല്ലാം തനിയേ പോറ്റാൻ എനിക്കു കഴിവില്ല; ഇത് എനിക്ക് അതിഭാരം ആകുന്നു. 15 ഇപ്രകാരമാണ് അങ്ങ് എന്നോടു പ്രവർത്തിക്കുന്നതെങ്കിൽ, എന്നെ കൊന്നുകളയണമേ. എന്നോടു കനിവുതോന്നി എന്റെ അരിഷ്ടത ഞാൻ കാണാൻ അനുവദിക്കരുതേ.”

  77. 4 “പുരാതനകാലംമുതലേ നടപ്പുള്ള കാര്യം നീ അറിയുന്നില്ലേ,

    ഭൂമുഖത്ത് മനുഷ്യജാതിയെ ആക്കിയ കാലംമുതലുള്ളവതന്നെ,

    5 ദുഷ്ടരുടെ വിജയഭേരി ഹ്രസ്വകാലത്തേക്കേയുള്ളൂ;

    അഭക്തരുടെ സന്തോഷം ക്ഷണികവുമാണ്.

    6 അഭക്തരുടെ അഹന്ത ആകാശംവരെ എത്തിയാലും

    അവരുടെ ശിരസ്സു മേഘങ്ങളെ തൊട്ടുരുമ്മിനിന്നാലും,

    7 തങ്ങളുടെ വിസർജ്യംപോലെ അവർ എന്നേക്കുമായി നാശമടയും;

    അവരുടെ മുൻപരിചയക്കാർ, ‘അവർ എവിടെ?’ എന്നു ചോദിക്കും.

    8 ഒരു സ്വപ്നംപോലെ അവർ പാറിപ്പോകും; പിന്നീടൊരിക്കലും കാണാൻപറ്റാത്ത വിധത്തിൽത്തന്നെ,

    ഒരു നിശാദർശനംപോലെ അവർ തുടച്ചുനീക്കപ്പെടുന്നു.

    9 അവരെ കണ്ടിട്ടുള്ള കണ്ണുകൾ അവരെ പിന്നീടു കാണുകയില്ല;

    അവർ ആയിരുന്ന ഇടം പിന്നെ അവരെ തിരിച്ചറിയുകയുമില്ല.

    10 അവരുടെ മക്കൾ ദരിദ്രരോട് സഹായം അഭ്യർഥിക്കും;

    അവരുടെ കൈകൊണ്ടുതന്നെ തങ്ങളുടെ ധനം മടക്കിക്കൊടുക്കേണ്ടിവരും.

    11 അവരുടെ അസ്ഥികളിൽ യൗവനതേജസ്സു നിറഞ്ഞിരിക്കുന്നു;

    എങ്കിലും അത് അവരോടൊപ്പം മണ്ണടിയും.

  78. 23 ഒരാൾ ഊർജസ്വലതയോടിരിക്കുമ്പോൾത്തന്നെ മരിക്കുന്നു,

    സമ്പൂർണസുരക്ഷയും സമൃദ്ധിയും

    24 ശരീരപോഷണവും

    അസ്ഥികൾ മജ്ജയാൽ നിറഞ്ഞിരിക്കുമ്പോഴുംതന്നെ.

    25 അതേസമയം മറ്റൊരാൾ ജീവിതത്തിൽ ഒരിക്കലും ഒരു സുഖവുമനുഭവിക്കാതെ

    മനോവ്യസനത്തോടെ മരിക്കുന്നു.

    26 അവർ ഇരുവരും ഒരുപോലെ പൊടിയിൽ കിടക്കുന്നു,

    പുഴുക്കൾ അവരെ പൊതിയുന്നു.

  79. 13 അപ്പോൾ ദാവീദ് നാഥാനോട്, “ഞാൻ യഹോവയ്ക്കെതിരേ പാപം ചെയ്തുപോയി” എന്നു പറഞ്ഞു.

    നാഥാൻ പറഞ്ഞു: “യഹോവ നിന്റെ പാപം നീക്കിക്കളഞ്ഞിരിക്കുന്നു. നീ മരിക്കുകയില്ല. 14 എന്നാൽ, നിന്റെ ഈ പ്രവൃത്തിമൂലം യഹോവയെ അപമാനിച്ചു. അതിനാൽ നിനക്കു ജനിച്ച ആ മകൻ മരിക്കും, നിശ്ചയം.”

    15 നാഥാൻ സ്വഭവനത്തിലേക്കു മടങ്ങിപ്പോയിക്കഴിഞ്ഞപ്പോൾ ഊരിയാവിന്റെ ഭാര്യ ദാവീദിനു പ്രസവിച്ച കുഞ്ഞിനെ യഹോവ ബാധിച്ചു; അവൻ കഠിനരോഗിയായിത്തീർന്നു. 16 ദാവീദ് കുഞ്ഞിനുവേണ്ടി ദൈവത്തോട് യാചിച്ചു. അദ്ദേഹം ഉപവസിച്ചു; മുറിയിൽക്കടന്ന് തറയിൽ ചാക്കുശീലയിൽ കിടന്ന് രാത്രികൾ കഴിച്ചു. 17 അദ്ദേഹത്തിന്റെ ഗൃഹപ്രമാണിമാർ അദ്ദേഹത്തെ നിലത്തുനിന്ന് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അരികെത്തന്നെ നിന്നു. എന്നാൽ ദാവീദ് അതു കൂട്ടാക്കിയില്ല; അവരോടൊത്ത് യാതൊരു ഭക്ഷണവും കഴിച്ചില്ല.

    18 ഏഴാംദിവസം കുഞ്ഞു മരിച്ചുപോയി. കുഞ്ഞു മരിച്ചുപോയി എന്ന് ദാവീദിനോടു പറയാൻ അദ്ദേഹത്തിന്റെ ഭൃത്യന്മാർ ഭയപ്പെട്ടു. “കുഞ്ഞ് ജീവനോടെയിരുന്നപ്പോൾ നാം അദ്ദേഹത്തോടു സംസാരിച്ചു; പക്ഷേ, അദ്ദേഹം അതു ചെവിക്കൊണ്ടില്ല. പിന്നെ കുഞ്ഞു മരിച്ചുപോയി എന്നു നാം എങ്ങനെ അദ്ദേഹത്തോടു പറയും! നിരാശനായി അദ്ദേഹം വല്ല സാഹസവും പ്രവർത്തിച്ചേക്കാം!” അവർ ഇപ്രകാരം ചിന്തിച്ചു.

    19 തന്റെ ഭൃത്യന്മാർ പരസ്പരം രഹസ്യമായി സംസാരിക്കുന്നതു ദാവീദ് കണ്ടു. കുഞ്ഞു മരിച്ചുപോയിരിക്കുന്നു എന്ന് അദ്ദേഹം മനസ്സിലാക്കി. “കുഞ്ഞു മരിച്ചുപോയോ?” അദ്ദേഹം ചോദിച്ചു.

    “അതേ! കുഞ്ഞു മരിച്ചുപോയി,” അവർ മറുപടി പറഞ്ഞു.

    20 അപ്പോൾ ദാവീദ് നിലത്തുനിന്നും എഴുന്നേറ്റു. അദ്ദേഹം കുളിച്ച് തൈലം പൂശി; വസ്ത്രംമാറി യഹോവയുടെ ആലയത്തിൽ ചെന്ന് ആരാധിച്ചു; പിന്നെ കൊട്ടാരത്തിൽ മടങ്ങിയെത്തി. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഭൃത്യന്മാർ ഭക്ഷണം ഒരുക്കിവെച്ചു; അദ്ദേഹം ഭക്ഷിക്കുകയും ചെയ്തു.

    21 ഭൃത്യന്മാർ അദ്ദേഹത്തോടു ചോദിച്ചു: “അങ്ങ് ഈ വിധം പെരുമാറുന്നതെന്ത്? കുഞ്ഞ് ജീവനോടിരുന്നപ്പോൾ അങ്ങ് ഉപവസിക്കുകയും വിലപിക്കുകയും ചെയ്തു. എന്നാൽ ഇന്ന് കുഞ്ഞ് മരിച്ചുകഴിഞ്ഞപ്പോൾ അങ്ങ് എഴുന്നേൽക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു!”

    22 അതിന് ദാവീദ് മറുപടി പറഞ്ഞു: “ശരിതന്നെ; കുഞ്ഞ് ജീവനോടെയിരുന്നപ്പോൾ ഞാൻ ഉപവസിക്കുകയും വിലപിക്കുകയും ചെയ്തു. ‘യഹോവയ്ക്ക് എന്നോടു കരുണതോന്നി കുഞ്ഞിന്റെ ജീവൻ രക്ഷിക്കുമോ! ആർക്കറിയാം!’ എന്നു ഞാൻ വിചാരിച്ചു. 23 എന്നാൽ ഇപ്പോൾ അവൻ മരിച്ചു. ഇനി ഞാനെന്തിന് ഉപവസിച്ചുകൊണ്ടിരിക്കണം! അവനെ തിരികെ വരുത്താൻ എനിക്കു കഴിയുമോ? ഇനി ഞാൻ അവന്റെ അടുത്തേക്കു പോകുകയല്ലാതെ അവൻ എന്റെ അടുത്തേക്കു വരികയില്ലല്ലോ.”

  80. 23 എങ്കിലും ഞാൻ എപ്പോഴും അങ്ങയോടൊപ്പം ആയിരിക്കുന്നു;

    അവിടന്ന് എന്റെ വലങ്കൈയിൽ പിടിച്ചിരിക്കുന്നു.

    24 അവിടന്ന് എനിക്ക് ആലോചന നൽകി നടത്തുന്നു,

    അതിനുശേഷം അവിടത്തെ മഹത്ത്വത്തിലേക്ക് എന്നെ ആനയിക്കുന്നു.

    25 സ്വർഗത്തിൽ അങ്ങല്ലാതെ മറ്റാരാണ് എനിക്കുള്ളത്?

    ഭൂമിയിലും അങ്ങയെ അല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല.

    26 എന്റെ ശരീരവും ഹൃദയവും ദുർബലമായേക്കാം,

    എന്നാൽ ദൈവം എന്റെ ഹൃദയത്തിന്റെ ശക്തിയും

    എന്നേക്കുമുള്ള എന്റെ ഓഹരിയും ആകുന്നു.

    27 അങ്ങയിൽനിന്ന് അകലം പാലിക്കുന്നവരെല്ലാം നശിച്ചുപോകും;

    അങ്ങയോട് അവിശ്വസ്തത പുലർത്തുന്ന എല്ലാവരെയും അവിടന്ന് നശിപ്പിക്കും.

    28 എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നതാണ് എനിക്ക് ഏറെ നല്ലത്.

    കർത്താവായ യഹോവയെ ഞാൻ എന്റെ സങ്കേതമാക്കിയിരിക്കുന്നു;

    അവിടത്തെ പ്രവൃത്തികളെയെല്ലാം ഞാൻ വർണിക്കും.

  81. 15 അദ്ദേഹം തുടർന്ന് അവരോട്, “സൂക്ഷിക്കുക, എല്ലാവിധത്തിലുമുള്ള അത്യാഗ്രഹത്തിനെതിരേ ജാഗരൂകരായിരിക്കുക; ഒരാളുടെ ധനസമൃദ്ധിയല്ല അയാളുടെ ജീവന് ആധാരമായിരിക്കുന്നത്” എന്നു പറഞ്ഞു.

    16 അദ്ദേഹം അവരോട് ഈ സാദൃശ്യകഥയും പറഞ്ഞു: “ഒരു ധനികന്റെ കൃഷിസ്ഥലത്ത് സമൃദ്ധമായ വിളവുണ്ടായി. 17 എന്റെ വിളവു സൂക്ഷിക്കാൻ സ്ഥലം ഇല്ലല്ലോ ‘ഞാൻ എന്തുചെയ്യും?’ അയാൾ ആത്മഗതംചെയ്തു.

    18 “ഞാൻ ഇതാണ് ചെയ്യാൻപോകുന്നത്, ‘ഞാൻ എന്റെ ഭണ്ഡാരപ്പുരകൾ പൊളിച്ച് അവയിലും വലിയവ പണിയിക്കും; അവിടെ ഞാൻ എന്റെ ധാന്യവും മറ്റു വിളവുകളുമെല്ലാം സംഭരിച്ചുവെക്കും’ എന്ന് അയാൾ പറഞ്ഞു. 19 പിന്നെ ഞാൻ എന്നോടുതന്നെ, ‘എന്റെ ജീവനേ, അനേകം വർഷങ്ങളിലേക്കാവശ്യമായ ധാന്യവിഭവങ്ങളെല്ലാം സമൃദ്ധമായി നിന്റെ പക്കലുണ്ട്. ഇനി അധ്വാനിക്കേണ്ട; ഭക്ഷിച്ചുപാനംചെയ്ത് ആനന്ദിക്കുക’ എന്നു പറയും.

    20 “എന്നാൽ ദൈവം അവനോട്, ‘മടയാ, ഈ രാത്രിയിൽത്തന്നെ നിന്റെ ജീവനെ ഞാൻ നിന്നോടു ചോദിക്കും. പിന്നെ, നീ നിനക്കായി ഒരുക്കിവെച്ചത് ആര് അനുഭവിക്കും?’ എന്നു ചോദിച്ചു.

    21 “തനിക്കുവേണ്ടിത്തന്നെ വസ്തുവകകൾ സംഭരിച്ചുവെക്കുകയും എന്നാൽ ദൈവികകാര്യങ്ങളിൽ സമ്പന്നനാകാതിരിക്കുകയുംചെയ്യുന്ന ഏതൊരു വ്യക്തിയുടെയും അവസ്ഥ ഇങ്ങനെതന്നെ ആകും.”

  82. 23 പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ അയാൾ മുകളിലേക്കുനോക്കി, അങ്ങുദൂരെ അബ്രാഹാമിനെയും അദ്ദേഹത്തിന്റെ അടുത്ത് ലാസറിനെയും കണ്ടു. 24 അയാൾ ഉറക്കെ വിളിച്ചു: ‘അബ്രാഹാംപിതാവേ, എന്നോടു കരുണതോന്നണമേ. ഞാൻ ഈ അഗ്നികുണ്ഡത്തിൽ അതിവേദന അനുഭവിക്കുന്നു. ലാസറിന്റെ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന് അയാളെ ഒന്നയയ്ക്കണമേ.’

  83. 27 എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറിയുന്നു; അവ എന്നെ അനുഗമിക്കുകയുംചെയ്യുന്നു. 28 ഞാൻ എന്റെ ആടുകൾക്കു നിത്യജീവൻ നൽകുന്നു, അവ ഒരിക്കലും നശിച്ചുപോകുകയില്ല; എന്റെ കൈയിൽനിന്ന് അവയെ അപഹരിക്കാൻ ആർക്കും സാധ്യമല്ല. 29 അവയെ എനിക്കു തന്നിരിക്കുന്ന എന്റെ പിതാവ് പരമോന്നതനാണ്; എന്റെ പിതാവിന്റെ കൈയിൽനിന്ന് അവയെ അപഹരിക്കാൻ ആർക്കും സാധ്യമല്ല. 30 ഞാനും പിതാവും ഒന്നാകുന്നു.”

  84. 10 അതുകൊണ്ട് ഭയപ്പെടരുത്, ഞാൻ നിന്നോടുകൂടെയുണ്ടല്ലോ;

    ഉത്കണ്ഠപ്പെടരുത്, ഞാൻ നിന്റെ ദൈവമാണല്ലോ.

    ഞാൻ നിന്നെ ബലപ്പെടുത്തുകയും നിന്നെ സഹായിക്കുകയും ചെയ്യും;

    എന്റെ നീതിയുള്ള വലംകരത്താൽ ഞാൻ നിന്നെ താങ്ങിക്കൊള്ളും.

  85. 16 അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടുന്നില്ല. ഞങ്ങളുടെ ബാഹ്യമനുഷ്യൻ (ശരീരം) ക്ഷയിച്ചുകൊണ്ടിരിക്കുന്നെങ്കിലും ആന്തരികമനുഷ്യൻ (ആത്മാവ്) അനുദിനം നവീകരിക്കപ്പെടുന്നു. 17 ലഘുവും ക്ഷണികവുമായ ഞങ്ങളുടെ കഷ്ടതകൾ, അത്യന്തം ഘനമേറിയ നിത്യതേജസ്സ് ഞങ്ങൾക്കു നേടിത്തരുന്നു. 18 അതുകൊണ്ട്, ദൃശ്യമായതിനെ അല്ല, അദൃശ്യമായതിനെ ഞങ്ങൾ കാത്തുകൊണ്ടിരിക്കുന്നു. ദൃശ്യമായത് താൽക്കാലികം, അദൃശ്യമായതോ നിത്യം.