28 Bible Verses About Dreams

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Dreams
  1. 11 അവർ വീട്ടിൽ പ്രവേശിച്ചപ്പോൾ ശിശുവിനെ, അമ്മ മറിയയോടൊപ്പം കണ്ടു; സാഷ്ടാംഗം വീണ് ശിശുവിനെ ആരാധിച്ചു. പിന്നെ അവരുടെ ഭാണ്ഡങ്ങൾ തുറന്ന് സ്വർണം, കുന്തിരിക്കം, മീറ എന്നീ തിരുമുൽക്കാഴ്ചകൾ അർപ്പിക്കുകയും ചെയ്തു. 12 ഹെരോദാവിന്റെ അടുത്തേക്കു മടങ്ങരുതെന്ന് സ്വപ്നത്തിൽ മുന്നറിയിപ്പു ലഭിച്ചതുകൊണ്ട് അവർ മറ്റൊരു വഴിയിലൂടെ സ്വദേശത്തേക്കു യാത്രതിരിച്ചു.

    13 ജ്ഞാനികൾ യാത്രയായതിനുശേഷം, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷനായി യോസേഫിനോട്, “എഴുന്നേൽക്കുക! ശിശുവിനെയും അമ്മയെയുംകൂട്ടി ഈജിപ്റ്റിലേക്ക് ഓടി രക്ഷപ്പെടുക. ഹെരോദാവ് ശിശുവിനെ കൊല്ലാൻ അന്വേഷിക്കുന്നതിനാൽ, ഞാൻ നിന്നോടു കൽപ്പിക്കുന്നതുവരെ അവിടെ താമസിക്കുക” എന്നു പറഞ്ഞു.

    14 യോസേഫ് ഉറക്കമുണർന്ന് രാത്രിയിൽത്തന്നെ ശിശുവിനെയും അമ്മയെയുംകൂട്ടി ഈജിപ്റ്റിലേക്കു യാത്രയായി;

  2. 1 നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റ് ഒരു ചിഹ്നമോ അത്ഭുതമോ മുൻകൂട്ടി അറിയിക്കുകയും 2 അങ്ങനെ ആ ചിഹ്നമോ അത്ഭുതമോ അറിയിച്ചതുപോലെതന്നെ സംഭവിക്കുകയും, തുടർന്ന് ആ പ്രവാചകൻ, “നമുക്കു മറ്റു ദേവന്മാരെ അനുഗമിക്കാം, നമുക്കവരെ ആരാധിക്കാം”—നീ അറിഞ്ഞിട്ടില്ലാത്ത ദേവന്മാരെത്തന്നെ—എന്നു പറഞ്ഞാൽ, 3 ആ പ്രവാചകന്റെയോ സ്വപ്നക്കാരന്റെയോ വാക്കു നീ ശ്രദ്ധിക്കരുത്. നിങ്ങളുടെ ദൈവമായ യഹോവയെ പൂർണഹൃദയത്തോടും പൂർണാത്മാവോടും നിങ്ങൾ സ്നേഹിക്കുന്നുണ്ടോ എന്ന് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കുകയാണ്. 4 നിങ്ങളുടെ ദൈവമായ യഹോവയെയാണ് നിങ്ങൾ അനുഗമിക്കുകയും ഭയപ്പെടുകയും ചെയ്യേണ്ടത്; അവിടത്തെ കൽപ്പനകൾ നിങ്ങൾ പ്രമാണിക്കുകയും അവിടത്തെ ശബ്ദം കേൾക്കുകയും വേണം. യഹോവയെ സേവിക്കുകയും അവിടത്തോട് പറ്റിച്ചേർന്നിരിക്കുകയും വേണം. 5 ഈജിപ്റ്റിൽനിന്ന് നിങ്ങളെ പുറപ്പെടുവിക്കുകയും അടിമവീട്ടിൽനിന്ന് വീണ്ടെടുക്കുകയുംചെയ്ത നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വിരോധമായി സംസാരിക്കുകയും നിങ്ങൾ അനുസരിക്കേണ്ടതിനു നിങ്ങളുടെ ദൈവമായ യഹോവ കൽപ്പിച്ച വഴിയിൽനിന്ന് നിങ്ങളെ തെറ്റിക്കാനായി ശ്രമിക്കുകയും ചെയ്തതുകൊണ്ട് ആ പ്രവാചകനെയും സ്വപ്നക്കാരനെയും നിങ്ങൾ കൊല്ലണം. അങ്ങനെ നിങ്ങളുടെ നടുവിൽനിന്ന് തിന്മ നീക്കിക്കളയണം.

  3. 1 നെബൂഖദ്നേസരിന്റെ ഭരണത്തിന്റെ രണ്ടാംവർഷത്തിൽ അദ്ദേഹം ഒരു സ്വപ്നംകണ്ടു. അദ്ദേഹത്തിന്റെ മനസ്സ് അസ്വസ്ഥമായി; അദ്ദേഹത്തിന് ഉറങ്ങാൻ കഴിഞ്ഞില്ല. 2 അപ്പോൾ രാജാവു സ്വപ്നം തന്നെ അറിയിക്കാൻ ആഭിചാരകരെയും മന്ത്രവാദികളെയും ക്ഷുദ്രക്കാരെയും ജ്യോതിഷികളെയും വിളിക്കാൻ കൽപ്പനകൊടുത്തു. അങ്ങനെ അവർ വന്ന് രാജസന്നിധിയിൽ നിന്നു. 3 അപ്പോൾ രാജാവ് അവരോട്, “ഞാൻ ഒരു സ്വപ്നംകണ്ടു. അത് എന്നെ വളരെയധികം അസ്വസ്ഥനാക്കുന്നു സ്വപ്നത്തിന്റെ അർഥം എന്താണെന്ന് എനിക്ക് അറിയണം” എന്നു പറഞ്ഞു.

    4 ജ്യോതിഷികൾ അരാമ്യഭാഷയിൽ രാജാവിനോടു പറഞ്ഞു: “രാജാവു ദീർഘായുസ്സായിരിക്കട്ടെ! സ്വപ്നമെന്തെന്ന് അടിയങ്ങളോടു കൽപ്പിച്ചാലും; ഞങ്ങൾ അതിന്റെ അർഥം വെളിപ്പെടുത്താം.”

  4. 3 എന്നാൽ, ഒരു രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമെലെക്കിന്റെ അടുക്കൽവന്ന് അവനോട്: “നീ സ്വന്തമാക്കിയിരിക്കുന്ന സ്ത്രീനിമിത്തം നീ മരിക്കും; അവൾ വിവാഹിതയാണ്” എന്ന് അരുളിച്ചെയ്തു.

    4 അബീമെലെക്ക് അവളുടെ അടുക്കൽ ചെന്നിരുന്നില്ല. അദ്ദേഹം ദൈവത്തോട്; “കർത്താവേ, അവിടന്ന് കുറ്റം ചെയ്യാത്ത ഒരു ജനതയെ നശിപ്പിക്കുമോ? 5 ‘അവൾ എന്റെ സഹോദരി’ എന്ന് അയാൾ എന്നോടു പറഞ്ഞില്ലയോ? ‘അയാൾ എന്റെ സഹോദരൻ’ എന്ന് അവളും പറഞ്ഞിരുന്നല്ലോ! ശുദ്ധമനസ്സാക്ഷിയോടും നിർമലമായ കൈകളോടുംകൂടി ഞാൻ ഇതു ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു.

    6 അപ്പോൾ ദൈവം സ്വപ്നത്തിൽ അദ്ദേഹത്തോട്: “നീ ശുദ്ധമനസ്സാക്ഷിയോടെ ഇതു ചെയ്തു എന്നു ഞാൻ അറിയുന്നു, അതുകൊണ്ടാണ് എനിക്കെതിരേ പാപംചെയ്യാതിരിക്കാൻ ഞാൻ നിന്നെ തടഞ്ഞത്; അവളെ തൊടാൻ ഞാൻ നിന്നെ അനുവദിക്കാതിരുന്നത്. 7 നീ ഇപ്പോൾ ആ മനുഷ്യന് അവന്റെ ഭാര്യയെ തിരിച്ചുകൊടുക്കുക; അവൻ ഒരു പ്രവാചകനാണ്; അവൻ നിനക്കുവേണ്ടി പ്രാർഥിക്കും; അങ്ങനെ നീ ജീവിച്ചിരിക്കുകയും ചെയ്യും. അവളെ തിരികെക്കൊടുക്കാതിരുന്നാലോ, നീയും നിനക്കുള്ള സകലരും മരിക്കുമെന്ന് നിശ്ചയമായും അറിഞ്ഞുകൊള്ളുക” എന്ന് അരുളിച്ചെയ്തു.

  5. 12 മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരൊക്കെയും താഴ്വരയിൽ വെട്ടുക്കിളികൾപോലെ കൂട്ടമായി അണിനിരന്നിരുന്നു. അവരുടെ ഒട്ടകങ്ങൾ കടൽക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു.

    13 ഗിദെയോൻ ചെല്ലുമ്പോൾ ഒരാൾ മറ്റൊരാളോട് തന്റെ സ്വപ്നം വിവരിക്കുകയായിരുന്നു: “ഞാൻ ഒരു സ്വപ്നംകണ്ടു; മിദ്യാന്യപാളയത്തിലേക്കു വട്ടത്തിലുള്ള ഒരു യവയപ്പം ഉരുണ്ടുരുണ്ടുവന്നു. കൂടാരത്തെ അതു ശക്തിയായി തള്ളിമറിച്ചിട്ടു; അങ്ങനെ കൂടാരം വീണു തകർന്നുപോയി എന്നു പറഞ്ഞു.”

    14 അതിന് മറ്റേയാൾ പറഞ്ഞു: “ഇത് യോവാശിന്റെ മകനായ ഗിദെയോൻ എന്ന ഇസ്രായേല്യന്റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാന്യരെയും ഈ പാളയത്തെ ഒക്കെയും അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.”

    15 ഗിദെയോൻ സ്വപ്നവും വ്യാഖ്യാനവും കേട്ടപ്പോൾ ദൈവത്തെ നമസ്കരിച്ചു; അദ്ദേഹം ഇസ്രായേലിന്റെ പാളയത്തിൽ മടങ്ങിച്ചെന്ന് അവരോട് ഉറക്കെ വിളിച്ചുപറഞ്ഞു: “എഴുന്നേൽക്കുക! യഹോവ മിദ്യാന്യ പാളയത്തെ നിങ്ങളുടെ കരങ്ങളിൽ ഏൽപ്പിച്ചിരിക്കുന്നു.”

  6. 19 ഹെരോദാവു നാടുനീങ്ങിയപ്പോൾ, കർത്താവിന്റെ ദൂതൻ ഈജിപ്റ്റിൽവെച്ച് സ്വപ്നത്തിൽ യോസേഫിന് പ്രത്യക്ഷനായി, 20 “എഴുന്നേൽക്കുക! ശിശുവിനെയും അമ്മയെയുംകൂട്ടി ഇസ്രായേൽ നാട്ടിലേക്ക് മടങ്ങുക, ശിശുവിനെ വധിക്കാൻ തുനിഞ്ഞവർ മരിച്ചുപോയി” എന്നു പറഞ്ഞു.

    21 യോസേഫ് എഴുന്നേറ്റ് യേശുവിനെയും അമ്മയെയുംകൂട്ടി ഇസ്രായേലിൽ എത്തിച്ചേർന്നു. 22 എന്നാൽ, യെഹൂദ്യപ്രവിശ്യയിൽ അർക്കെലാവോസ്, തന്റെ പിതാവ് ഹെരോദാവിന്റെ പിൻഗാമിയായി ഭരണമേറ്റിരിക്കുന്നു എന്നു കേട്ടപ്പോൾ, യോസേഫ് അവിടേക്കു പോകാൻ ഭയപ്പെട്ടു. സ്വപ്നത്തിൽ മുന്നറിയിപ്പു ലഭിച്ചതനുസരിച്ച് ഗലീലാപ്രവിശ്യയിലേക്കു യാത്രതിരിച്ചു.

  7. 1 യാക്കോബ്, തന്റെ പിതാവു പ്രവാസിയായി താമസിച്ചിരുന്ന കനാൻദേശത്തു താമസമുറപ്പിച്ചു.

    2 യാക്കോബിന്റെ വംശപാരമ്പര്യം സംബന്ധിച്ചുള്ള വിവരണം ഇപ്രകാരം ആകുന്നു:

    പതിനേഴുവയസ്സുള്ള ചെറുപ്പക്കാരനായ യോസേഫ് ഒരിക്കൽ തന്റെ സഹോദരന്മാരോടുകൂടെ ആടുകളെ മേയിക്കുകയായിരുന്നു. അവൻ, തന്റെ പിതാവിന്റെ ഭാര്യമാരായ ബിൽഹായുടെയും സിൽപ്പയുടെയും പുത്രന്മാരായ തന്റെ സഹോദരന്മാർ ചെയ്യരുതാത്ത ഒരു കാര്യം പിതാവിനെ അറിയിച്ചു.

    3 തന്റെ വാർധക്യത്തിൽ തനിക്കു ജനിച്ച പുത്രനായതുകൊണ്ട് ഇസ്രായേൽ യോസേഫിനെ മറ്റു പുത്രന്മാരെക്കാൾ അധികമായി സ്നേഹിച്ചു. അതുകൊണ്ട് അദ്ദേഹം അവനു വളരെ മനോഹരമായ ഒരു കുപ്പായം ഉണ്ടാക്കിക്കൊടുത്തു. 4 തങ്ങളുടെ പിതാവ് എല്ലാവരെക്കാളും അധികമായി യോസേഫിനെ സ്നേഹിക്കുന്നെന്നു സഹോദരന്മാർ കണ്ടിട്ട് അവർ അവനെ വെറുത്തു; അവനോടു ദയാപൂർവം സംസാരിക്കാൻപോലും അവർക്കു കഴിഞ്ഞില്ല.

    5 ഒരു ദിവസം യോസേഫ് ഒരു സ്വപ്നംകണ്ടു; അവൻ അതു തന്റെ സഹോദരന്മാരെ അറിയിച്ചു; അപ്പോൾ അവർ അവനെ ഏറ്റവുമധികം വെറുത്തു. 6 യോസേഫ് അവരോട്: “ഞാൻ കണ്ട സ്വപ്നം കേൾക്കുക: 7 നമ്മൾ എല്ലാവരുംകൂടി വയലിൽ കറ്റ കെട്ടിക്കൊണ്ടിരിക്കുകയായിരുന്നു; പെട്ടെന്ന് എന്റെ കറ്റ എഴുന്നേറ്റു നിവർന്നുനിന്നു; നിങ്ങളുടെ കറ്റകൾ ചുറ്റുംനിന്ന് എന്റെ കറ്റയെ നമസ്കരിച്ചു.”

    8 യോസേഫിന്റെ സഹോദരന്മാർ അവനോട്, “ഞങ്ങളുടെമേൽ ഭരണം നടത്താനാണോ നിന്റെ ഭാവം? നീ വാസ്തവമായി ഞങ്ങളെ ഭരിക്കുമോ?” എന്നു ചോദിച്ചു, അവന്റെ സ്വപ്നവും വാക്കുകളും നിമിത്തം അവർ അവനെ പൂർവാധികം വെറുത്തു.

    9 അവൻ മറ്റൊരു സ്വപ്നംകണ്ടു; അതും സഹോദരന്മാരെ അറിയിച്ചു: “ശ്രദ്ധിക്കുക, ഞാൻ വേറൊരു സ്വപ്നം കണ്ടിരിക്കുന്നു; ഇത്തവണ സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ താണുവണങ്ങുകയായിരുന്നു.”

    10 ഇത് യോസേഫ് തന്റെ പിതാവിനെയും സഹോദരന്മാരെയും അറിയിച്ചപ്പോൾ പിതാവ് അവനെ ശാസിച്ചുകൊണ്ട്, “എന്താണു നീ കണ്ട ഈ സ്വപ്നം? നിന്റെ അമ്മയും ഞാനും നിന്റെ സഹോദരന്മാരും വന്നു നിന്നെ സാഷ്ടാംഗം നമസ്കരിക്കുമെന്നോ?” എന്നു ചോദിച്ചു. 11 അവന്റെ സഹോദരന്മാർ അവനോട് അസൂയാലുക്കളായിത്തീർന്നു; അപ്പനോ, ഇക്കാര്യം മനസ്സിൽ കരുതിവെച്ചു.

  8. 6 അവിടന്ന് പറഞ്ഞു: “എന്റെ വാക്കുകൾ ശ്രദ്ധിക്കുക:

    “നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടെങ്കിൽ,

    യഹോവ ആകുന്ന ഞാൻ ദർശനത്തിൽ എന്നെത്തന്നെ അവർക്കു വെളിപ്പെടുത്തും.

    ഞാൻ സ്വപ്നത്തിൽ അവരോടു സംസാരിക്കും.

  9. 19 മറിയയുടെ നീതിനിഷ്ഠനായ ഭർത്താവ് യോസേഫ്, അവൾ ഗർഭവതിയായ വിവരം അറിഞ്ഞ്, സമൂഹമധ്യേ അവൾ അപഹാസ്യയാകാതിരിക്കാൻ ആഗ്രഹിച്ചതുകൊണ്ട് അവളെ രഹസ്യമായി ഉപേക്ഷിക്കണമെന്നു തീരുമാനിച്ചു.

    20 അദ്ദേഹം ഈ വിഷയത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കെ പെട്ടെന്ന്, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട്, അദ്ദേഹത്തോട്, “ദാവീദുവംശജനായ യോസേഫേ, മറിയ ഗർഭവതിയായത് പരിശുദ്ധാത്മാവിൽനിന്നാണ്. ആയതിനാൽ അവളെ നിന്റെ ഭാര്യയായി സ്വീകരിക്കുന്നതിൽ മടിക്കേണ്ടതില്ല. 21 അവൾ ഒരു പുത്രനു ജന്മം നൽകും; ആ പുത്രന് ‘യേശു’ എന്നു നാമകരണം ചെയ്യണം, കാരണം അവിടന്ന് തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കുന്നവനാണ്” എന്നു പറഞ്ഞു.

    22-23 “ഇതാ! കന്യക ഗർഭവതിയായി ഒരു പുത്രനു ജന്മം നൽകും; ആ പുത്രൻ ഇമ്മാനുവേൽ എന്നു വിളിക്കപ്പെടും;” ഈ പേരിനു “ദൈവം നമ്മോടുകൂടെ” എന്നാണ് അർഥം. കർത്താവ് പ്രവാചകനിലൂടെ അരുളിച്ചെയ്തത് നിറവേറുന്നതിനാണ് ഇവയെല്ലാം സംഭവിച്ചത്.

    24 യോസേഫ് ഉറക്കമുണർന്നു; കർത്താവിന്റെ ദൂതൻ തന്നോടു കൽപ്പിച്ചതുപോലെതന്നെ തന്റെ ഭാര്യയെ സ്വീകരിച്ചു.

  10. 12 അദ്ദേഹം ഒരു സ്വപ്നംകണ്ടു: ഭൂമിയിൽ വെച്ചിട്ടുള്ള ഒരു കോവണി. അത് സ്വർഗത്തോളം എത്തുന്നു! അതിലൂടെ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. 13 അതിനുമീതേ യഹോവ നിന്നു. അവിടന്ന് ഇങ്ങനെ അരുളിച്ചെയ്തു: “ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും ദൈവമായ യഹോവ ആകുന്നു. നീ ഇപ്പോൾ കിടക്കുന്ന സ്ഥലം ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും. 14 നിന്റെ സന്തതികൾ ഭൂമിയിലെ പൊടിപോലെ അസംഖ്യമായിത്തീരും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും വ്യാപിക്കും. നിന്നിലൂടെയും നിന്റെ സന്തതിയിലൂടെയും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും. 15 ഞാൻ നിന്നോടുകൂടെയുണ്ട്; നീ പോകുന്നിടത്തെല്ലാം ഞാൻ നിന്നെ കാത്തുകൊള്ളും; ഞാൻ നിന്നെ ഈ ദേശത്തേക്കു മടക്കിവരുത്തും. ഞാൻ നിന്നെ കൈവിടാതെ നിന്നോടുചെയ്ത വാഗ്ദത്തം നിറവേറ്റും.”

    16 യാക്കോബ് ഉറക്കത്തിൽനിന്ന് ഉണർന്നു, “യഹോവ നിശ്ചയമായും ഈ സ്ഥലത്തുണ്ട്; ഞാനോ, അത് അറിഞ്ഞിരുന്നില്ല” എന്നു പറഞ്ഞു. 17 അദ്ദേഹം ഭയപ്പെട്ട്, “ഈ സ്ഥലം എത്ര ഭയങ്കരം! ഇതു ദൈവഭവനമല്ലാതെ മറ്റൊന്നല്ല; ഇതു സ്വർഗത്തിന്റെ കവാടംതന്നെ” എന്നു പറഞ്ഞു.

  11. 14 ദൈവം ഇപ്പോൾ ഒരുവിധത്തിലും പിന്നീട് മറ്റൊരുവിധത്തിലും സംസാരിക്കുന്നു;

    മനുഷ്യർ അതു തിരിച്ചറിയുന്നില്ലതാനും.

    15 സ്വപ്നത്തിൽ, രാത്രി ദർശനത്തിൽ

    മനുഷ്യർ ഗാഢനിദ്രയിൽ ലയിച്ചിരിക്കെ,

    അവർ തന്റെ കിടക്കയിൽ ഉറങ്ങിക്കിടക്കുമ്പോൾത്തന്നെ,

    16 അവിടന്ന് അവരുടെ കാതുകളിൽ മന്ത്രിക്കുകയും

    ഭീതിജനകമായ മുന്നറിയിപ്പുകൾ നൽകുകയുംചെയ്യുന്നു.

    17 മനുഷ്യരെ അവരുടെ തെറ്റിൽനിന്നു പിന്തിരിപ്പിക്കുന്നതിനും

    അവരെ തങ്ങളുടെ അഹന്തയിൽനിന്ന് അകറ്റിനിർത്തുന്നതിനും

    18 അവരുടെ പ്രാണനെ കുഴിയിൽനിന്നു സംരക്ഷിക്കുന്നതിനും

    അവരുടെ ജീവനെ വാളിന്റെ വായ്ത്തലയിൽ നശിക്കുന്നതിൽനിന്നുംതന്നെ.

  12. 26 രാജാവ് ബേൽത്ത്ശസ്സർ എന്നു പേരുള്ള ദാനീയേലിനോട്: “ഞാൻ കണ്ട സ്വപ്നവും അതിന്റെ അർഥവും വെളിപ്പെടുത്താൻ നിനക്കു കഴിയുമോ?” എന്നു ചോദിച്ചു.

    27 ദാനീയേൽ രാജാവിനോട് ഇപ്രകാരം ഉത്തരം പറഞ്ഞു: “രാജാവു ചോദിച്ച ഈ രഹസ്യം തിരുമനസ്സിനെ അറിയിക്കാൻ ജ്ഞാനികൾക്കോ മന്ത്രവാദികൾക്കോ ആഭിചാരകന്മാർക്കോ ദേവപ്രശ്നംവെക്കുന്നവർക്കോ കഴിയുകയില്ല. 28 എന്നാൽ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗത്തിലുണ്ട്. ഭാവിയിൽ സംഭവിക്കേണ്ടത് അവിടന്ന് നെബൂഖദ്നേസർ രാജാവിനു വെളിപ്പെടുത്തിയിരിക്കുന്നു. പള്ളിമെത്തയിലായിരുന്നപ്പോൾ കണ്ട സ്വപ്നവും തിരുമനസ്സിൽ ഉണ്ടായ ദർശനങ്ങളും ഇവയാണ്:

  13. 28 “പിന്നീട്,

    ഞാൻ എന്റെ ആത്മാവിനെ സകലമനുഷ്യരുടെമേലും പകരും.

    നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും

    നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും

    നിങ്ങളുടെ യുവാക്കൾക്കു ദർശനങ്ങളുണ്ടാകും.

    29 എന്റെ ദാസന്മാരുടെയും ദാസിമാരുടെയുംമേലും

    ആ നാളുകളിൽ ഞാൻ എന്റെ ആത്മാവിനെ പകരും.

    30 ഞാൻ ആകാശങ്ങളിലും

    ഭൂമിയിലും അത്ഭുതങ്ങൾ കാണിക്കും,

    രക്തവും തീയും പുകച്ചുരുളുംതന്നെ.

    31 യഹോവയുടെ ശ്രേഷ്ഠവും ഭയങ്കരവുമായ ദിവസം വരുന്നതിനുമുമ്പേ

    സൂര്യൻ ഇരുളായി മാറുകയും

    ചന്ദ്രൻ രക്തമായിത്തീരുകയും ചെയ്യും.

  14. 8 “ഞങ്ങൾ രണ്ടുപേരും ഓരോ സ്വപ്നം കണ്ടിരിക്കുന്നു; എന്നാൽ അവയെ വ്യാഖ്യാനിക്കാൻ ആരുമില്ല,” എന്ന് അവർ ഉത്തരം പറഞ്ഞു.

    അപ്പോൾ യോസേഫ് അവരോട്, “വ്യാഖ്യാനം ദൈവത്തിനുള്ളതല്ലയോ? നിങ്ങളുടെ സ്വപ്നങ്ങൾ എന്നോടു പറയുക” എന്നു പറഞ്ഞു.

  15. 24 എന്നാൽ, ദൈവം രാത്രിയിൽ—അരാമ്യനായ ലാബാന്റെ അടുക്കൽ—സ്വപ്നത്തിൽ വന്ന് അയാളോട്, “നീ യാക്കോബിനോടു ഗുണമോ ദോഷമോ പറയാതിരിക്കാൻ സൂക്ഷിക്കുക” എന്ന് അരുളിച്ചെയ്തു.

  16. 25 “ ‘ഞാൻ ഒരു സ്വപ്നംകണ്ടു, ഞാൻ ഒരു സ്വപ്നംകണ്ടു,’ എന്ന് എന്റെ നാമത്തിൽ വ്യാജം പ്രവചിക്കുന്ന പ്രവാചകന്മാർ പറയുന്നത് ഞാൻ കേട്ടിരിക്കുന്നു. 26 വ്യാജം പ്രവചിക്കുന്ന പ്രവാചകന്മാരുടെ ഹൃദയത്തിൽ ഈ താത്പര്യം എത്രകാലത്തേക്ക് തുടരും? അവർ തങ്ങളുടെ ഹൃദയത്തിലെ വഞ്ചനയുടെ പ്രവാചകന്മാരാണ്. 27 ബാൽദേവനെ ആരാധിക്കുന്നതുനിമിത്തം അവരുടെ പിതാക്കന്മാർ എന്റെ നാമം മറന്നുകളഞ്ഞതുപോലെ, അവർ പരസ്പരം വിവരിച്ചു പറയുന്ന സ്വപ്നങ്ങൾനിമിത്തം എന്റെ ജനം എന്റെ നാമം മറന്നുകളയാൻ ഇടവരണമെന്നതാണ് അവരുടെ ലക്ഷ്യം. 28 സ്വപ്നം കണ്ട പ്രവാചകൻ സ്വപ്നം വിവരിക്കട്ടെ; എന്റെ വചനം ലഭിച്ചിട്ടുള്ളവർ എന്റെ വചനം വിശ്വസ്തതയോടെ സംസാരിക്കട്ടെ. വൈക്കോലിനു ധാന്യവുമായി എന്തു ബന്ധം?” എന്ന് യഹോവയുടെ അരുളപ്പാട്.

  17. 19 ആ രാത്രിയിൽ ഒരു ദർശനത്തിൽ ദാനീയേലിന് ആ രഹസ്യം വെളിപ്പെട്ടു. അപ്പോൾ ദാനീയേൽ സ്വർഗത്തിലെ ദൈവത്തെ ഇപ്രകാരം സ്തുതിച്ചു. 20 അദ്ദേഹം:

    “ദൈവത്തിന്റെ നാമം എന്നെന്നേക്കും വാഴ്ത്തപ്പെടട്ടെ;

    ജ്ഞാനവും ശക്തിയും അവിടത്തേക്കുള്ളത്.

    21 അവിടന്നു കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നു;

    അവിടന്നു രാജാക്കന്മാരെ നീക്കംചെയ്യുകയും ഉറപ്പിക്കുകയും ചെയ്യുന്നു.

    അവിടന്നു ജ്ഞാനികൾക്കു ജ്ഞാനവും

    വിവേകികൾക്കു വിവേകവും നൽകുന്നു.

    22 അവിടന്ന് അഗാധവും നിഗൂഢവുമായ കാര്യങ്ങൾ വെളിപ്പെടുത്തുന്നു;

    ഇരുട്ടിൽ മറഞ്ഞിരിക്കുന്നത് അവിടന്ന് അറിയുന്നു,

    വെളിച്ചം അവിടത്തോടൊപ്പം വസിക്കുന്നു.

    23 എന്റെ പിതാക്കന്മാരുടെ ദൈവമേ,

    അവിടന്ന് എനിക്കു ജ്ഞാനവും ശക്തിയും നൽകിയിരിക്കുകയാൽ ഞാൻ അവിടത്തെ വാഴ്ത്തുന്നു.

    ഞങ്ങൾ അവിടത്തോട് അപേക്ഷിച്ച കാര്യം അവിടന്ന് എന്നെ അറിയിച്ചിരിക്കുന്നു,

    രാജാവിന്റെ സ്വപ്നത്തെക്കുറിച്ച് അവിടന്നു ഞങ്ങൾക്ക് വെളിപ്പെടുത്തിയിരിക്കുന്നു.”

  18. 10 “ആടുകൾ ചനയേൽക്കുന്ന കാലത്ത്, ഇണചേരുന്ന മുട്ടാടുകൾ വരയും പുള്ളിയും മറുകും ഉള്ളവയാണെന്ന് ഞാൻ സ്വപ്നത്തിൽ കണ്ടു. 11 ദൈവത്തിന്റെ ദൂതൻ എന്നെ സ്വപ്നത്തിൽ ‘യാക്കോബേ,’ എന്നു വിളിച്ചു. ‘അടിയൻ ഇതാ’ എന്നു ഞാൻ ഉത്തരം പറഞ്ഞു. 12 അപ്പോൾ അവിടന്ന്: ‘നീ തലയുയർത്തി നോക്കുക, ഇണചേരുന്ന മുട്ടാടുകൾ വരയും പുള്ളിയും മറുകും ഉള്ളവതന്നെ; ലാബാൻ നിന്നോടു ചെയ്തുപോന്നതെല്ലാം ഞാൻ കണ്ടിരിക്കുന്നു. 13 നീ തൂണിനെ അഭിഷേകംചെയ്തതും എന്നോടു ശപഥംചെയ്തതുമായ ബേഥേലിലെ ദൈവമാണ് ഞാൻ. നീ ഉടൻതന്നെ ഈ ദേശംവിട്ട് നിന്റെ സ്വദേശത്തേക്കു മടങ്ങിപ്പോകുക എന്ന് അരുളിച്ചെയ്തു.’ ”

  19. 5 ദുഷ്ടരുടെ വിജയഭേരി ഹ്രസ്വകാലത്തേക്കേയുള്ളൂ;

    അഭക്തരുടെ സന്തോഷം ക്ഷണികവുമാണ്.

    6 അഭക്തരുടെ അഹന്ത ആകാശംവരെ എത്തിയാലും

    അവരുടെ ശിരസ്സു മേഘങ്ങളെ തൊട്ടുരുമ്മിനിന്നാലും,

    7 തങ്ങളുടെ വിസർജ്യംപോലെ അവർ എന്നേക്കുമായി നാശമടയും;

    അവരുടെ മുൻപരിചയക്കാർ, ‘അവർ എവിടെ?’ എന്നു ചോദിക്കും.

    8 ഒരു സ്വപ്നംപോലെ അവർ പാറിപ്പോകും; പിന്നീടൊരിക്കലും കാണാൻപറ്റാത്ത വിധത്തിൽത്തന്നെ,

    ഒരു നിശാദർശനംപോലെ അവർ തുടച്ചുനീക്കപ്പെടുന്നു.

  20. 5 ഗിബെയോനിൽവെച്ച് ആ രാത്രിയിൽ ഒരു സ്വപ്നത്തിൽ യഹോവ ശലോമോനു പ്രത്യക്ഷനായി. “നിനക്കുവേണ്ടത് എന്തായാലും ചോദിച്ചുകൊള്ളുക, ഞാൻ നിനക്കു തരും,” എന്നു ദൈവം അരുളിച്ചെയ്തു.

  21. 9 രാത്രിയിൽ, “മക്കദോന്യയിലേക്കു വന്നു ഞങ്ങളെ സഹായിക്കണമേ” എന്ന് ഒരു മക്കദോന്യക്കാരൻ നിന്നു യാചിക്കുന്നതായി പൗലോസിന് ഒരു ദർശനമുണ്ടായി. 10 ദർശനത്തെത്തുടർന്ന്, മക്കദോന്യരോടു സുവിശേഷം പ്രസംഗിക്കാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്ന് ഞങ്ങൾക്കു ബോധ്യമായി; അവിടേക്കു യാത്രതിരിക്കാൻ ഞങ്ങൾ ഉടനെ ഒരുങ്ങി.

  22. 17 ഈ നാലു യുവാക്കൾക്ക് ദൈവം എല്ലാ സാഹിത്യ, വിജ്ഞാനശാഖകളിലും അറിവും നൈപുണ്യവും കൊടുത്തു. എല്ലാ ദർശനങ്ങളും സ്വപ്നങ്ങളും വിവേചിക്കാനുള്ള കഴിവും ദാനീയേലിന് ഉണ്ടായിരുന്നു.

  23. 16 ശുഭസൂചകമായ വ്യാഖ്യാനമാണു യോസേഫ് നൽകിയതെന്നു കണ്ടിട്ട് പ്രധാന അപ്പക്കാരൻ യോസേഫിനോട്: “ഞാനും ഒരു സ്വപ്നംകണ്ടു: എന്റെ തലയിൽ മൂന്നുകുട്ട അപ്പം ഉണ്ടായിരുന്നു. 17 മുകളിലത്തെ കുട്ടയിൽ ഫറവോനുവേണ്ടി ചുട്ടെടുത്ത എല്ലാവിധ ഭക്ഷ്യവസ്തുക്കളും ഉണ്ടായിരുന്നു. എന്നാൽ പക്ഷികൾ എന്റെ തലയിലെ ആ കുട്ടയിൽനിന്ന് അതെല്ലാം തിന്നുകയായിരുന്നു” എന്നു പറഞ്ഞു.

    18 അപ്പോൾ യോസേഫ് അവനോട്, “അതിന്റെ അർഥം ഇതാണ്: മൂന്നുകുട്ടകൾ മൂന്നുദിവസം. 19 ഫറവോൻ മൂന്നുദിവസത്തിനകം നിന്റെ തല വെട്ടിക്കളയുകയും, നിന്നെ ഒരു മരത്തിൽ തൂക്കുകയും ചെയ്യും; പക്ഷികൾ നിന്റെ മാംസം തിന്നുകയും ചെയ്യും” എന്നു പറഞ്ഞു.

  24. 25 ഇതു കേട്ടതിനുശേഷം യോസേഫ് ഫറവോനോട്: “ഫറവോന്റെ സ്വപ്നങ്ങൾ ഒന്നുതന്നെയാണ്. അവിടന്ന് എന്താണു ചെയ്യാൻ പോകുന്നതെന്നു ദൈവം ഫറവോനു വെളിപ്പെടുത്തിയിരിക്കുന്നു. 26 ഏഴു നല്ല പശുക്കൾ ഏഴുവർഷങ്ങളാണ്; ഏഴു നല്ല ധാന്യക്കതിരുകളും ഏഴുവർഷങ്ങൾ; സ്വപ്നം ഒന്നുതന്നെ. 27 പിന്നാലെ കയറിവന്ന മെലിഞ്ഞു വിരൂപമായ ഏഴു പശുക്കൾ ഏഴുവർഷങ്ങളത്രേ; കിഴക്കൻകാറ്റടിച്ച് ഉണങ്ങിപ്പോയ, കൊള്ളരുതാത്ത ഏഴു ധാന്യക്കതിരുകളും ഏഴുവർഷങ്ങൾതന്നെ. അവ ക്ഷാമത്തിന്റെ ഏഴുവർഷങ്ങളാണ്.

    28 “വസ്തുത ഞാൻ ഫറവോനോടു പറഞ്ഞതുപോലെതന്നെ: ദൈവം താൻ ചെയ്യാൻപോകുന്നത് ഫറവോനു കാണിച്ചുതന്നിരിക്കുന്നു. 29 ഈജിപ്റ്റുദേശത്തെങ്ങും മഹാസമൃദ്ധിയുടെ ഏഴുവർഷം വരാൻപോകുന്നു. 30 എന്നാൽ അവയ്ക്കുശേഷം ക്ഷാമത്തിന്റെ ഏഴുവർഷവും ഉണ്ടാകും. അപ്പോൾ, ഈജിപ്റ്റിൽ ഉണ്ടായിരുന്ന സമൃദ്ധി പാടേ വിസ്മരിക്കപ്പെടും; ക്ഷാമം ദേശത്തെ ക്ഷയിപ്പിക്കും. 31 സമൃദ്ധിയെ തുടർന്നുണ്ടാകുന്ന ക്ഷാമം അതിരൂക്ഷമായിരിക്കയാലാണ് ദേശത്തെ സമൃദ്ധി ഓർമിക്കപ്പെടാതെ പോകുന്നത്.

  25. 9 പ്രധാന വീഞ്ഞുകാരൻ തന്റെ സ്വപ്നം യോസേഫിനെ പറഞ്ഞുകേൾപ്പിച്ചു; അവൻ ഇങ്ങനെ വിവരിച്ചു: “എന്റെ സ്വപ്നത്തിൽ ഞാൻ എന്റെമുമ്പിൽ ഒരു മുന്തിരിവള്ളി കണ്ടു. 10 ആ മുന്തിരിവള്ളിക്കു മൂന്നു ശാഖകൾ ഉണ്ടായിരുന്നു. അതു തളിരിട്ടപ്പോൾത്തന്നെ പുഷ്പിക്കുകയും മുന്തിരിക്കുലകൾ പഴുത്തു പാകമാകുകയും ചെയ്തു. 11 ഫറവോന്റെ പാനപാത്രം എന്റെ കൈയിൽ ഉണ്ടായിരുന്നു, ഞാൻ മുന്തിരിങ്ങ എടുത്ത് ഫറവോന്റെ പാനപാത്രത്തിലേക്കു പിഴിഞ്ഞൊഴിച്ച് പാത്രം അദ്ദേഹത്തിന്റെ കൈയിൽ കൊടുത്തു.”

    12 യോസേഫ് അവനോടു പറഞ്ഞു, “അതിന്റെ അർഥം ഇതാണ്: മൂന്നു ശാഖകൾ മൂന്നു ദിവസങ്ങളാണ്. 13 ഫറവോൻ മൂന്നുദിവസത്തിനകം നിന്നെ ഉയർത്തി നിന്റെ പഴയ സ്ഥാനത്ത് ആക്കും; നീ ഫറവോന്റെ പാനപാത്രവാഹകൻ ആയിരുന്നപ്പോൾ ചെയ്തുപോന്നിരുന്നതുപോലെ അദ്ദേഹത്തിന്റെ പാനപാത്രം അദ്ദേഹത്തിന്റെ കൈയിൽ കൊടുക്കും.

  26. 8 പ്രഭാതത്തിൽ അദ്ദേഹത്തിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. അദ്ദേഹം ഈജിപ്റ്റിലെ സകലജ്യോതിഷികളെയും ജ്ഞാനികളെയും ആളയച്ചുവരുത്തി; ഫറവോൻ അവരോട് തന്റെ സ്വപ്നം പറഞ്ഞു; എന്നാൽ അതു വ്യാഖ്യാനിക്കാൻ ആർക്കും കഴിഞ്ഞില്ല.

    9 അപ്പോൾ പ്രധാന വീഞ്ഞുകാരൻ ഫറവോനോടു പറഞ്ഞു: “ഇന്ന് ഞാൻ എന്റെ തെറ്റ് ഓർക്കുന്നു. 10 ഒരിക്കൽ ഫറവോൻ തന്റെ ദാസന്മാരോടു കോപിച്ചു; അവിടന്ന് എന്നെയും പ്രധാന അപ്പക്കാരനെയും അംഗരക്ഷകരുടെ അധിപന്റെ വീട്ടിൽ തടവിലാക്കി. 11 ഒരേരാത്രിയിൽ ഞങ്ങൾ ഇരുവരും വ്യത്യസ്ത അർഥമുള്ള ഓരോ സ്വപ്നംകണ്ടു; 12 അംഗരക്ഷകരുടെ അധിപന്റെ ദാസനായ ഒരു എബ്രായയുവാവ് അന്നു ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു. ഞങ്ങൾ ഞങ്ങളുടെ സ്വപ്നങ്ങൾ അവനെ അറിയിച്ചു; അവൻ ഞങ്ങൾക്ക് അവ വ്യാഖ്യാനിച്ചുതന്നു; ഓരോരുത്തന്റെയും സ്വപ്നത്തിന്റെ അർഥവും പറഞ്ഞുതന്നു.

  27. 15 ഫറവോൻ യോസേഫിനോടു പറഞ്ഞു: “ഞാനൊരു സ്വപ്നംകണ്ടു, അതു വ്യാഖ്യാനിക്കാൻ ആർക്കും കഴിയുന്നില്ല. എന്നാൽ നിനക്ക് ഒരു സ്വപ്നം കേൾക്കുമ്പോൾത്തന്നെ അതു വ്യാഖ്യാനിക്കാൻ കഴിയുമെന്നു നിന്നെക്കുറിച്ചു ഞാൻ കേട്ടിരിക്കുന്നു.”

    16 “ഞാനല്ല, ദൈവമാണ് ഫറവോനു ശുഭകരമായ മറുപടി നൽകുന്നത്,” യോസേഫ് ഫറവോനോട് ഉത്തരം പറഞ്ഞു.

  28. 10 ദമസ്കോസിൽ അനന്യാസ് എന്നു പേരുള്ള ഒരു ക്രിസ്തുശിഷ്യൻ ഉണ്ടായിരുന്നു. ഒരു ദർശനത്തിൽ കർത്താവ് പ്രത്യക്ഷനായി അയാളെ വിളിച്ചു, “അനന്യാസേ.”

    “അടിയൻ ഇതാ, കർത്താവേ,” അയാൾ വിളികേട്ടു.

    11 കർത്താവ് അയാളോട്, “നീ എഴുന്നേറ്റ് നേർവീഥി എന്ന തെരുവിൽ യൂദായുടെ ഭവനത്തിൽചെന്ന് തർസൊസുകാരനായ ശൗലിനെ അന്വേഷിക്കുക. അയാൾ പ്രാർഥിച്ചുകൊണ്ടിരിക്കുന്നു. 12 അനന്യാസ് എന്നൊരാൾ വന്ന് തനിക്കു വീണ്ടും കാഴ്ച ലഭിക്കാൻ തന്റെമേൽ കൈകൾ വെക്കുന്നതായി അയാൾ ദർശനത്തിൽ കണ്ടിരിക്കുന്നു” എന്നു പറഞ്ഞു.