78 Bible Verses About Stars

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Stars
  1. 1 ഹെരോദാരാജാവിന്റെ ഭരണകാലത്ത് യേശു യെഹൂദ്യയിലെ ബേത്ലഹേമിൽ ജനിച്ചതിനുശേഷം കിഴക്കുനിന്നുള്ള ജ്ഞാനികൾ ജെറുശലേമിൽ എത്തി. 2 “യെഹൂദരുടെ രാജാവ് ഭൂജാതനായിരിക്കുന്നതെവിടെ?” എന്ന് ആരാഞ്ഞു; “ഞങ്ങൾ അദ്ദേഹത്തിന്റെ നക്ഷത്രം പൂർവദിക്കിൽ കണ്ടു; അദ്ദേഹത്തെ പ്രണമിക്കാൻ വന്നിരിക്കുകയാണ്,” എന്നു പറഞ്ഞു.

    3 ഇതു കേട്ടപ്പോൾ ഹെരോദാരാജാവും അദ്ദേഹത്തോടൊപ്പം ജെറുശലേംനിവാസികൾ സകലരും അസ്വസ്ഥചിത്തരായി. 4 ഹെരോദാരാജാവ് ഇസ്രായേൽജനത്തിന്റെ പുരോഹിതമുഖ്യന്മാരെയും വേദജ്ഞരെയും വിളിച്ചുകൂട്ടി, “ക്രിസ്തു എവിടെയാണു ജനിക്കുക” എന്ന് അവരോട് ആരാഞ്ഞു. 5 “യെഹൂദ്യയിലെ ബേത്ലഹേമിൽ,” എന്ന് അവർ മറുപടി പറഞ്ഞു.

    6 “ ‘നീയോ യൂദ്യദേശത്തിലെ ബേത്ലഹേമേ,

    ചെറുതല്ലൊട്ടും നീ യൂദ്യപ്രഭുഗണത്തിൽ;

    നിന്നിൽനിന്നല്ലോ രാജൻ ഉദിക്കുന്നത്

    ഇസ്രായേൽജനതയുടെ പരിപാലകൻതന്നെ!’

    എന്നിങ്ങനെയാണല്ലോ പ്രവാചകൻ രേഖപ്പെടുത്തിയിരിക്കുന്നത്.”

    7 അപ്പോൾത്തന്നെ ഹെരോദാവ് ജ്ഞാനികളെ രഹസ്യമായി വിളിച്ച് നക്ഷത്രം പ്രത്യക്ഷമായ കൃത്യസമയം ചോദിച്ചു മനസ്സിലാക്കി. 8 അദ്ദേഹം അവരോട്, “നിങ്ങൾ പോയി ശിശുവിനെ സസൂക്ഷ്മം അന്വേഷിക്കുക. കണ്ടെത്തിയാൽ ഉടൻതന്നെ നമ്മെ വിവരം അറിയിക്കുക, ‘നാമും ചെന്ന് അദ്ദേഹത്തെ പ്രണമിക്കേണ്ടതാണ്’ ” എന്നു പറഞ്ഞ് അവരെ ബേത്ലഹേമിലേക്ക് അയച്ചു.

    9-10 അവർ രാജകൽപ്പന കേട്ടശേഷം പൂർവദിക്കിൽ കണ്ട നക്ഷത്രത്തെ അനുഗമിച്ച് യാത്രതുടർന്നു. നക്ഷത്രം വീണ്ടും കണ്ടപ്പോൾ അവർ ആഹ്ലാദഭരിതരായി. അവർ കണ്ട നക്ഷത്രം ശിശു ഉണ്ടായിരുന്ന സ്ഥലത്തിനുമീതേ വന്ന് നിലകൊള്ളുംവരെ അവർക്കുമുമ്പായി പൊയ്ക്കൊണ്ടിരുന്നു. 11 അവർ വീട്ടിൽ പ്രവേശിച്ചപ്പോൾ ശിശുവിനെ, അമ്മ മറിയയോടൊപ്പം കണ്ടു; സാഷ്ടാംഗം വീണ് ശിശുവിനെ ആരാധിച്ചു. പിന്നെ അവരുടെ ഭാണ്ഡങ്ങൾ തുറന്ന് സ്വർണം, കുന്തിരിക്കം, മീറ എന്നീ തിരുമുൽക്കാഴ്ചകൾ അർപ്പിക്കുകയും ചെയ്തു. 12 ഹെരോദാവിന്റെ അടുത്തേക്കു മടങ്ങരുതെന്ന് സ്വപ്നത്തിൽ മുന്നറിയിപ്പു ലഭിച്ചതുകൊണ്ട് അവർ മറ്റൊരു വഴിയിലൂടെ സ്വദേശത്തേക്കു യാത്രതിരിച്ചു.

  2. 14 “പകലും രാത്രിയുംതമ്മിൽ വേർതിരിക്കാൻ ആകാശവിതാനത്തിൽ പ്രകാശങ്ങൾ ഉണ്ടാകട്ടെ; ഋതുക്കൾ, ദിവസങ്ങൾ, സംവത്സരങ്ങൾ എന്നിവയെ തിരിച്ചറിയാനുള്ള ചിഹ്നങ്ങളായി ആ പ്രകാശങ്ങൾ മാറട്ടെ; 15 ഭൂമിയെ പ്രകാശിപ്പിക്കാൻ ആകാശവിതാനത്തിൽ അവ പ്രകാശസ്രോതസ്സുകളായിരിക്കട്ടെ,” ദൈവം കൽപ്പിച്ചു; അങ്ങനെ സംഭവിച്ചു. 16 പകലിന്റെ അധിപതിയായി വലുപ്പം കൂടിയ പ്രകാശവും രാത്രിയുടെ അധിപതിയായി വലുപ്പം കുറഞ്ഞ പ്രകാശവും—ഇങ്ങനെ രണ്ടു വലിയ പ്രകാശത്തെ ദൈവം ഉണ്ടാക്കി. അവിടന്നു നക്ഷത്രങ്ങളെയും സൃഷ്ടിച്ചു. 17-18 ദൈവം ആകാശവിതാനത്തിൽ ഈ പ്രകാശങ്ങളെ സ്ഥാപിച്ചത് ഭൂമിയെ പ്രകാശിപ്പിക്കാനും പകലിന്റെയും രാത്രിയുടെയും അധിപതികളായിരിക്കാനും പ്രകാശവും ഇരുളുംതമ്മിൽ വേർതിരിക്കാനുമായിരുന്നു. നല്ലത് എന്നു ദൈവം കണ്ടു. 19 സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—നാലാംദിവസം.

  3. 7 സൂര്യനോട്, അതു പ്രകാശിക്കേണ്ടാ എന്ന് അവിടന്ന് ആജ്ഞാപിക്കുന്നു;

    അവിടന്നു നക്ഷത്രങ്ങളുടെ പ്രഭയെ അടച്ചു മുദ്രവെക്കുന്നു.

    8 അവിടന്നുതന്നെയാണ് ആകാശത്തെ വിരിക്കുന്നതും

    സമുദ്രത്തിലെ തിരമാലകളെ ചവിട്ടിമെതിക്കുന്നതും.

    9 അവിടന്നു സപ്തർഷികൾ, മകയിരം, കാർത്തിക എന്നീ നക്ഷത്രങ്ങളെയും

    ദക്ഷിണദിക്കിലെ നക്ഷത്രവ്യൂഹത്തെയും നിർമിക്കുന്നു.

    10 അവിടന്ന് അപ്രമേയമായ വൻകാര്യങ്ങൾ പ്രവർത്തിക്കുന്നു;

    എണ്ണമറ്റ അത്ഭുതങ്ങളും അവിടത്തെ കരങ്ങൾ നിർവഹിക്കുന്നു.

  4. 16 അദ്ദേഹത്തിന്റെ വലതുകൈയിൽ ഏഴു നക്ഷത്രം പിടിച്ചിരുന്നു. വായിൽനിന്ന് മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മുഖം സൂര്യതേജസ്സോടെ പ്രശോഭിച്ചുകൊണ്ടിരുന്നു.

    17 അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ മരിച്ചവനെപ്പോലെ ആ പാദങ്ങളിൽ വീണു. അവിടന്ന് എന്റെമേൽ വലതുകൈവെച്ചുകൊണ്ട് എന്നോട് അരുളിച്ചെയ്തത്, “ഭയപ്പെടേണ്ട, ഞാൻ ആകുന്നു ആദ്യനും അന്ത്യനും 18 ജീവിക്കുന്നവനും. ഞാൻ മരിച്ചവനായിരുന്നു. എന്നാൽ ഇതാ, എന്നെന്നേക്കും ജീവിക്കുന്നു. മരണത്തിന്റെയും പാതാളത്തിന്റെയും താക്കോലുകൾ എന്റെ കൈവശമുണ്ട്.

    19 “ആകയാൽ ഇപ്പോഴുള്ളതും ഇനി സംഭവിക്കാനിരിക്കുന്നതുമായ നീ ദർശിച്ചകാര്യങ്ങൾ എഴുതുക. 20 എന്റെ വലതുകൈയിൽ കണ്ട ഏഴു നക്ഷത്രത്തിന്റെയും ഏഴു തങ്കനിലവിളക്കിന്റെയും രഹസ്യം ഇതാകുന്നു: ഏഴു നക്ഷത്രം ഏഴു സഭയുടെ ദൂതന്മാരും, ഏഴു നിലവിളക്ക് ഏഴു സഭയുമാണ്.

  5. 9 ഇതാ, യഹോവയുടെ ദിവസം വരുന്നു—

    ക്രൂരതനിറഞ്ഞ, ക്രോധവും ഭയാനക കോപവും നിറഞ്ഞ ഒരു ദിവസം—

    ദേശത്തെ ശൂന്യമാക്കുന്നതിനും

    അതിലുള്ള പാപികളെ ഉന്മൂലനംചെയ്യുന്നതിനുംതന്നെ.

    10 ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രവ്യൂഹങ്ങളും

    പ്രകാശം കൊടുക്കുകയില്ല.

    സൂര്യൻ ഉദയത്തിൽത്തന്നെ ഇരുണ്ടുപോകും,

    ചന്ദ്രൻ അതിന്റെ പ്രകാശം ചൊരിയുകയുമില്ല.

  6. 2 യഹോവയുടെ സകലദൂതഗണങ്ങളേ, അവിടത്തെ വാഴ്ത്തുക;

    അവിടത്തെ സർവ സ്വർഗീയസൈന്യവുമേ, അവിടത്തെ വാഴ്ത്തുക.

    3 സൂര്യചന്ദ്രന്മാരേ, അവിടത്തെ വാഴ്ത്തുക;

    പ്രകാശമുള്ള എല്ലാ നക്ഷത്രങ്ങളുമേ, അവിടത്തെ വാഴ്ത്തുക.

    4 സ്വർഗാധിസ്വർഗങ്ങളേ,

    ആകാശത്തിനുമീതേയുള്ള ജലസഞ്ചയമേ, അവിടത്തെ വാഴ്ത്തുക.

    5 അവ യഹോവയുടെ നാമത്തെ വാഴ്ത്തട്ടെ,

    കാരണം അവിടന്ന് കൽപ്പിച്ചു, അവ സൃഷ്ടിക്കപ്പെട്ടു;

    6 അവിടന്ന് അവ എന്നെന്നേക്കുമായി സ്ഥാപിച്ചിരിക്കുന്നു—

    മാഞ്ഞുപോകാത്ത ഒരു ഉത്തരവ് അവിടന്ന് പുറപ്പെടുവിച്ചിരിക്കുന്നു.

  7. 3 ഹൃദയം തകർന്നവരെ അവിടന്ന് സൗഖ്യമാക്കുകയും

    അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു.

    4 അവിടന്ന് നക്ഷത്രങ്ങളുടെ എണ്ണം കണക്കാക്കുന്നു

    അവ ഓരോന്നിനെയും പേരുവിളിക്കുന്നു.

    5 നമ്മുടെ കർത്താവ് വലിയവനും ശക്തിയിൽ പ്രബലനുമാകുന്നു;

    അവിടത്തെ വിവേകത്തിന് പരിമിതികളില്ല.

  8. 3 അവിടത്തെ വിരലുകളുടെ പണിയായ

    ആകാശം,

    അങ്ങു സ്ഥാപിച്ച

    ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയെ നോക്കുമ്പോൾ,

    4 അവിടത്തെ പരിഗണനയിൽ വരാൻമാത്രം മാനവവംശം എന്തുള്ളൂ,

    അങ്ങയുടെ കരുതൽ ലഭിക്കാൻ മനുഷ്യപുത്രൻ എന്തുമാത്രം?

    5 അങ്ങ് അവരെ ദൂതന്മാരെക്കാൾ അൽപ്പംമാത്രം താഴ്ത്തി;

    തേജസ്സും ബഹുമാനവും അവരെ മകുടമായി അണിയിച്ചിരിക്കുന്നു.

  9. 3 ജ്ഞാനികൾ ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും പലരെയും നീതിയിലേക്കു നയിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നുമെന്നേക്കും പ്രകാശിക്കും.

  10. 17 “ഞാൻ അവിടത്തെ കാണുന്നു, എന്നാൽ ഇപ്പോഴല്ല;

    ഞാൻ അവിടത്തെ ദർശിക്കുന്നു, എന്നാൽ സമീപത്തല്ല.

    യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും,

    ഇസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും.

    മോവാബിന്റെ നെറ്റിത്തടം അവിടന്ന് തകർക്കും,

    ശേത്തിന്റെ സകലപുത്രന്മാരുടെയും തലയോട്ടികളെത്തന്നെ.

  11. 6 ജലപ്പരപ്പിനുമീതേ ഭൂമിയെ വിരിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.

    അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.

    7 വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയ ദൈവത്തിന് സ്തോത്രംചെയ്‌വിൻ—

    അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.

    8 പകലിന്റെ അധിപതിയായി സൂര്യനെയും,

    അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.

    9 രാത്രിയുടെ അധിപതിയായി ചന്ദ്രനെയും നക്ഷത്രങ്ങളെയും സൃഷ്ടിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.

    അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.

  12. 1 കുറച്ച് നാളുകൾക്കുശേഷം ഒരു ദർശനത്തിൽ അബ്രാമിനു യഹോവയുടെ അരുളപ്പാടുണ്ടായി:

    “അബ്രാമേ, ഭയപ്പെടരുത്,

    ഞാൻ നിന്റെ പരിച,

    നിന്റെ അതിമഹത്തായ പ്രതിഫലം.”

    2 അതിന് അബ്രാം, “കർത്താവായ യഹോവേ, അങ്ങ് എനിക്കെന്തു നൽകും? ഞാൻ മക്കളില്ലാത്തവനാണ്; എന്റെ സ്വത്തിന് അവകാശി ദമസ്കോസുകാരനായ എലീയേസറാണ്. 3 അവിടന്ന് എനിക്കു മക്കളെ തന്നിട്ടില്ല; അതുകൊണ്ട് എന്റെ വീട്ടിലുള്ള ഒരു ദാസൻ എന്റെ അനന്തരാവകാശി ആയിത്തീരും.”

    4 അപ്പോൾ അദ്ദേഹത്തോട് യഹോവ അരുളിച്ചെയ്തു: “ഇവൻ നിന്റെ അനന്തരാവകാശി ആകുകയില്ല; പിന്നെയോ, നിന്നിൽനിന്നു ജനിക്കുന്നവൻതന്നെ നിന്റെ അനന്തരാവകാശി ആയിത്തീരും.” 5 യഹോവ അവനെ പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി: “നീ ആകാശത്തേക്കു നോക്കുക, നിനക്കു നക്ഷത്രങ്ങളെ എണ്ണാൻ കഴിയുമെങ്കിൽ എണ്ണുക” എന്നു കൽപ്പിച്ചു. പിന്നെ അവിടന്ന് അവനോട്, “നിന്റെ സന്തതി ഇങ്ങനെ അസംഖ്യമാകും” എന്ന് അരുളിച്ചെയ്തു.

    6 അബ്രാം യഹോവയിൽ വിശ്വസിച്ചു, അതുനിമിത്തം യഹോവ അദ്ദേഹത്തെ നീതിമാനായി കണക്കാക്കി.

  13. 16 “സഭകൾക്കുവേണ്ടി ഇവയൊക്കെയും നിങ്ങളോടു സാക്ഷ്യപ്പെടുത്തേണ്ടതിന് യേശു എന്ന ഞാൻ എന്റെ ദൂതനെ അയച്ചിരിക്കുന്നു. ഞാൻ ദാവീദിന്റെ വേരും സന്തതിയുമായ, ഉജ്ജ്വലിക്കുന്ന പ്രഭാതനക്ഷത്രമാണ്.”

  14. 8 കാർത്തിക, മകയിരം എന്നീ നക്ഷത്രങ്ങളെ സൃഷ്ടിക്കുകയും

    അന്ധതമസ്സിനെ പ്രഭാതമാക്കി മാറ്റുകയും

    പകലിനെ ഇരുണ്ട രാത്രിയാക്കിത്തീർക്കുകയും

    സമുദ്രത്തിന്റെ ജലത്തെ വിളിച്ചുകൂട്ടുകയും

    അതിനെ ഭൂമുഖത്തിന്മേൽ വർഷിക്കുകയും ചെയ്യുന്നവനെ അന്വേഷിക്കുക—

    യഹോവ എന്നാകുന്നു അവിടത്തെ നാമം!

    9 അവിടന്നു സുരക്ഷിതകേന്ദ്രങ്ങളിൽ നാശം മിന്നിക്കുന്നു,

    കോട്ടകൾ കെട്ടിയുറപ്പിച്ച നഗരത്തെ അവിടന്നു നശിപ്പിക്കുന്നു.

  15. 39 എല്ലാ മാംസവും ഒരേ തരത്തിലുള്ളതല്ല. മനുഷ്യരുടെ മാംസം ഒരുതരം, മൃഗങ്ങളുടേതു മറ്റൊരുതരം, പക്ഷികളുടേതു വേറെ, മത്സ്യങ്ങളുടേതു വേറെ. 40 സ്വർഗീയശരീരങ്ങളും ലൗകികശരീരങ്ങളും ഉണ്ട്. സ്വർഗീയശരീരങ്ങളുടെ തേജസ്സ് ഒരു വിധത്തിലുള്ളത്; ലൗകികശരീരങ്ങളുടെ തേജസ്സു മറ്റൊരു വിധത്തിലുള്ളത്. 41 സൂര്യന്റെ തേജസ്സ് ഒരുവിധം, ചന്ദ്രന്റേതു മറ്റൊരുവിധം, നക്ഷത്രങ്ങളുടെ തേജസ്സു വേറൊരുവിധം. നക്ഷത്രവും നക്ഷത്രവുംതമ്മിൽ തേജസ്സിൽ വ്യത്യാസമുണ്ട്.

  16. 10 മൂന്നാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ തീപ്പന്തംപോലെ കത്തിജ്വലിക്കുന്ന ഒരു വലിയ നക്ഷത്രം ആകാശത്തുനിന്നു നദികളിൽ മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും നിപതിച്ചു. 11 —ആ നക്ഷത്രത്തിനു കയ്‌പ് എന്നു പേർവിളിക്കപ്പെടുന്നു—ജലാശയങ്ങളിൽ മൂന്നിലൊന്നു കയ്‌പുള്ളതായിത്തീരുകയും തൻനിമിത്തം നിരവധി ആളുകൾ മരിക്കുകയും ചെയ്തു.

    12 നാലാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ സൂര്യന്റെയും ചന്ദ്രന്റെയും മൂന്നിലൊന്നു ഭാഗത്തിനും നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനും ആഘാതമേറ്റു. അവയുടെ മൂന്നിലൊന്ന് ഭാഗം ഇരുണ്ടുപോയി. അങ്ങനെ, പകലിന്റെയും രാത്രിയുടെയും മൂന്നിലൊന്ന് ഭാഗം പ്രകാശരഹിതമായിത്തീർന്നു.

  17. 15 യഹോവ ഹോരേബിൽ അഗ്നിയുടെ നടുവിൽനിന്ന് നിങ്ങളോടു സംസാരിച്ച ദിവസം യാതൊരു വിധത്തിലുമുള്ള രൂപവും നിങ്ങൾ കണ്ടില്ലല്ലോ. അതുകൊണ്ട് നിങ്ങൾ വളരെയധികം ജാഗ്രതയുള്ളവരായിരിക്കുക. 16 നിങ്ങൾ പുരുഷൻ, സ്ത്രീ, ഭൂമിയിലുള്ള മൃഗം, 17 ആകാശത്തു പറക്കുന്ന പക്ഷി, ഭൂമിയിലെ ഒരു ഇഴജന്തു, 18 ഭൂമിക്കുകീഴേ വെള്ളത്തിലുള്ള മത്സ്യം, ഇങ്ങനെയുള്ള യാതൊന്നിന്റെയും പ്രതിരൂപമായ വിഗ്രഹം ഉണ്ടാക്കി നിങ്ങളെത്തന്നെ മലിനമാക്കരുത്. 19 ആകാശത്തിലേക്കു നോക്കി സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നീ ആകാശസൈന്യനിരയെ നിങ്ങൾ കുമ്പിട്ടു നമസ്കരിക്കാൻ വശീകരിക്കപ്പെടരുത്. നിങ്ങളുടെ ദൈവമായ യഹോവ അവ ആകാശത്തിനുകീഴേയുള്ള സകലജനതകൾക്കും പകുത്തു നൽകിയിരിക്കുന്നു. 20 നിങ്ങളോ, ഇന്ന് ആയിരിക്കുന്നതുപോലെ, അവിടത്തെ അവകാശജനമായിരിക്കേണ്ടതിന് യഹോവ തെരഞ്ഞെടുത്ത്, ഈജിപ്റ്റ് എന്ന ഇരുമ്പുലയിൽനിന്ന് വിടുവിച്ച്, കൊണ്ടുവന്നിരിക്കുന്നു.

  18. 1 സ്വർഗത്തിൽ വലിയ ഒരത്ഭുതചിഹ്നം ദൃശ്യമായി: സൂര്യനെ വസ്ത്രമായി ധരിച്ച ഒരു സ്ത്രീ, അവളുടെ കാൽക്കീഴിൽ ചന്ദ്രൻ, അവളുടെ തലയിൽ പന്ത്രണ്ട് നക്ഷത്രംകൊണ്ടുള്ള കിരീടം. 2 അവൾ ഗർഭിണിയായിരുന്നു. ആസന്നമായിരിക്കുന്ന പ്രസവത്തിന്റെ അതിവേദനയോടെ അവൾ നിലവിളിച്ചു. 3 അപ്പോൾ സ്വർഗത്തിൽ മറ്റൊരത്ഭുതചിഹ്നവും ദൃശ്യമായി: ഇതാ, ഏഴു തലയും പത്തു കൊമ്പും തലകളിൽ ഏഴു കിരീടവുമായി ചെമന്ന നിറമുള്ള ഒരു മഹാവ്യാളി. 4 അത് ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ തന്റെ വാൽകൊണ്ടു വാരിയെടുത്തു ഭൂമിയിലേക്ക് ചുഴറ്റിയെറിഞ്ഞു. സ്ത്രീ പ്രസവിച്ചാലുടൻ തന്നെ ശിശുവിനെ വിഴുങ്ങാനായി ആ മഹാവ്യാളി ഒരുങ്ങി, അവളുടെമുമ്പാകെ നിലകൊണ്ടു.

  19. 42 എന്നാൽ, ദൈവം അവരിൽനിന്നു മുഖംതിരിച്ച് ആകാശശക്തികളെ ആരാധിക്കാൻ അവരെ വിട്ടുകളഞ്ഞു. ഇതിനെപ്പറ്റി പ്രവാചകപുസ്തകത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു:

    “ ‘ഇസ്രായേൽഗൃഹമേ, മരുഭൂമിയിൽ നാൽപ്പതു വർഷക്കാലം നിങ്ങൾ

    യാഗങ്ങളും വഴിപാടുകളും എനിക്കു കൊണ്ടുവന്നോ?

    43 നിങ്ങൾ പൂജിക്കാനുണ്ടാക്കിയ വിഗ്രഹങ്ങളായ

    മോലെക്കിന്റെ കൂടാരവും

    നിങ്ങളുടെ ദേവനായ രേഫാന്റെ നക്ഷത്രവും നിങ്ങൾ എഴുന്നള്ളിച്ചു.

    ആകയാൽ ഞാൻ നിങ്ങളെ ബാബേലിനും അപ്പുറത്തേക്കു നാടുകടത്തും.’

  20. 26 “വിജയിക്കുകയും അന്ത്യംവരെ എന്റെ പ്രവൃത്തികൾ അനുഷ്ഠിക്കുകയുംചെയ്യുന്നവന് എന്റെ പിതാവ് എനിക്കു നൽകിയതുപോലെ ഞാൻ ജനതകളുടെമേൽ അധികാരം കൊടുക്കും. 27 ‘അദ്ദേഹം ഇരുമ്പുകോൽകൊണ്ട് അവരെ ഭരിക്കും; മൺപാത്രങ്ങൾപോലെ അവർ നുറുങ്ങിപ്പോകും.’ 28 എന്റെ പിതാവിൽനിന്ന് എനിക്കു ലഭിച്ചിട്ടുള്ളതുപോലെ ഞാൻ അവന് പ്രഭാതനക്ഷത്രം നൽകും.

  21. 31 “കാർത്തികനക്ഷത്രവ്യൂഹത്തിന്റെ ചങ്ങലകൾ നിനക്കു ബന്ധിക്കാൻ കഴിയുമോ?

    മകയിരത്തിന്റെ കെട്ടുകൾ നിനക്ക് അഴിക്കാമോ?

    32 നിനക്ക് നക്ഷത്രവ്യൂഹത്തെ നിശ്ചിതസമയത്തു പുറപ്പെടുവിക്കാമോ?

    സപ്തർഷികളെയും അവയുടെ ഉപഗ്രഹങ്ങളെയും നയിക്കാമോ?

    33 ആകാശമണ്ഡലത്തിന്റെ നിയമങ്ങൾ നീ അറിയുന്നുണ്ടോ?

    ഭൂമിയുടെമേൽ ദൈവത്തിന്റെ അധികാരസീമ നിനക്കു നിർണയിക്കാൻ കഴിയുമോ?

  22. 26 നിങ്ങളുടെ കണ്ണുകൾ ഉയർത്തി ആകാശത്തേക്ക് നോക്കുക:

    ഇവയെല്ലാം നിർമിച്ചത് ആരാണ്?

    അവിടന്ന് നക്ഷത്രസമൂഹത്തെ അണിയണിയായി മുന്നോട്ടുകൊണ്ടുവന്ന്

    അവയെ എല്ലാം പേർചൊല്ലി വിളിക്കുന്നു.

    അവിടത്തെ ശക്തിയുടെ മഹത്ത്വത്താലും ബലാധിക്യത്താലും

    അവയിൽ ഒന്നുപോലും കുറഞ്ഞുപോകുന്നില്ല.

    27 “എന്റെ വഴി യഹോവയ്ക്കു മറഞ്ഞിരിക്കുന്നു;

    എനിക്കു ലഭിക്കേണ്ട ന്യായം എന്റെ ദൈവം അവഗണിച്ചിരിക്കുന്നു,”

    എന്ന് യാക്കോബേ, നീ പരാതിപ്പെടുന്നതെന്ത്?

    ഇസ്രായേലേ, നീ സംസാരിക്കുന്നതെന്ത്?

    28 നിനക്ക് അറിഞ്ഞുകൂടേ?

    നീ കേട്ടിട്ടില്ലേ?

    യഹോവ നിത്യനായ ദൈവം ആകുന്നു,

    അവിടന്നാണ് ഭൂമിയുടെ അറുതികളെല്ലാം സൃഷ്ടിച്ചത്.

    അവിടന്നു ക്ഷീണിക്കുന്നില്ല, തളരുന്നതുമില്ല;

    അവിടത്തെ വിവേകം അപ്രമേയംതന്നെ.

    29 അവിടന്നു ക്ഷീണിതർക്കു ശക്തിനൽകുന്നു,

    ബലം കുറഞ്ഞവരുടെ ബലം വർധിപ്പിക്കുന്നു.

  23. 25 “ഇസ്രായേൽഗൃഹമേ, മരുഭൂമിയിൽ നാൽപ്പതു വർഷക്കാലം

    നിങ്ങൾ യാഗങ്ങളും വഴിപാടുകളും എനിക്കു കൊണ്ടുവന്നോ?

    26 നിങ്ങൾ നിങ്ങൾക്കായിത്തന്നെ മെനഞ്ഞുണ്ടാക്കിയ

    സിക്കൂത്തുരാജാവിന്റെ മൂർത്തിയെയും

    നക്ഷത്രദേവനായ കിയൂനെയും

    നിങ്ങൾ ചുമന്നുകൊണ്ടുനടന്നില്ലയോ?

    27 അതുകൊണ്ടു ഞാൻ നിങ്ങളെ, ദമസ്കോസിനും അപ്പുറത്തേക്കു നാടുകടത്തും,”

    എന്ന് യഹോവ അരുളിച്ചെയ്യുന്നു, സൈന്യങ്ങളുടെ ദൈവം എന്നാകുന്നു അവിടത്തെ നാമം.

  24. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 ആകാശം ദൈവത്തിന്റെ മഹത്ത്വം പ്രകീർത്തിക്കുന്നു;

    ആകാശവിതാനം അവിടത്തെ കരവിരുത് വിളംബരംചെയ്യുന്നു.

    2 പകൽ പകലിനോട് നിരന്തരം സംസാരിക്കുന്നു;

    രാത്രി രാത്രിക്ക് വിജ്ഞാനം പകരുന്നു.

    3 അവിടെ സംഭാഷണമില്ല, വാക്കുകളില്ല;

    ശബ്ദാരവം കേൾക്കാനുമില്ല.

    4 എന്നിട്ടും അവയുടെ സ്വരമാധുര്യം ഭൂതലമെങ്ങും പരക്കുന്നു,

    അവയുടെ വാക്കുകൾ ലോകത്തിന്റെ അതിർത്തിവരെയും ചെന്നെത്തുന്നു.

    ആകാശത്തിൽ ദൈവം സൂര്യനൊരു കൂടാരം അടിച്ചിരിക്കുന്നു.

    5 അതു മണിയറയിൽനിന്നു പുറത്തേക്കുവരുന്ന മണവാളനെപ്പോലെയും

    തന്റെ ഓട്ടം ഓടിത്തികയ്ക്കുന്നതിൽ ആനന്ദിക്കുന്ന വീരശൂരനെപ്പോലെയുമാണ്.

    6 ആകാശത്തിന്റെ ഒരു കോണിലത് ഉദയംചെയ്യുന്നു

    മറ്റേക്കോണിലേക്ക് അത് അതിന്റെ പ്രയാണം തുടരുന്നു;

    അതിന്റെ ഉഷ്ണത്തിൽനിന്നോടിയൊളിക്കാൻ ഒന്നിനും കഴിയുന്നില്ല.

  25. 12 ഉഷസ്സിന്റെ പുത്രാ, ഉദയനക്ഷത്രമേ!

    നീ ആകാശത്തുനിന്നു വീണുപോയതെങ്ങനെ!

    ഒരിക്കൽ രാഷ്ട്രങ്ങളെ താഴ്ത്തിക്കളഞ്ഞവനേ,

    നീ വെട്ടേറ്റു ഭൂമിയിൽ വീണുപോയതെങ്ങനെ!

    13 നീ നിന്റെ ഹൃദയത്തിൽ പറഞ്ഞു,

    “ഞാൻ സ്വർഗത്തിൽ കയറും.

    ദൈവത്തിന്റെ നക്ഷത്രങ്ങൾക്കുമേൽ

    ഞാനെന്റെ സിംഹാസനം ഉയർത്തും;

    സമാഗമപർവതത്തിന്മേൽ സിംഹാസനാരൂഢനാകും,

    സാഫോൺ പർവതത്തിന്റെ ഔന്നത്യങ്ങളിൽ ഞാൻ ഇരുന്നരുളും.

  26. 13 ആലോചനയുടെ ബാഹുല്യംകൊണ്ടു നീ വലഞ്ഞിരിക്കുന്നു!

    ഇപ്പോൾ ജ്യോതിഷികൾ മുമ്പോട്ടുവരട്ടെ,

    നക്ഷത്രം നോക്കുന്നവരും അമാവാസി കണ്ടു പ്രവചിക്കുന്നവരും,

    നിനക്കു സംഭവിക്കാൻ പോകുന്നവയിൽനിന്ന് നിന്നെ വിടുവിക്കട്ടെ.

    14 ഇതാ, അവർ വൈക്കോൽക്കുറ്റിപോലെ ആകും;

    തീ അവരെ ദഹിപ്പിച്ചുകളയും.

    അഗ്നിജ്വാലയുടെ ശക്തിയിൽനിന്നു

    തങ്ങളെത്തന്നെ രക്ഷിക്കാൻ അവർക്കു കഴിവില്ല.

    അതു കുളിർമാറ്റുന്നതിനുള്ള കനലോ

    കായുവാൻ തക്ക തീയോ അല്ല.

    15 ബാല്യംമുതൽ നിന്നോടു ചേർന്ന് അധ്വാനിച്ചിരുന്നവരും

    നിന്നോടു ചേർന്നു കച്ചവടംചെയ്തവരും

    അതിലപ്പുറമാകുകയില്ല.

    അവർ ഓരോരുത്തരും അവരവരുടെ ദിശയിലേക്കു ചിതറിപ്പോകും;

    നിന്നെ രക്ഷിക്കാൻ ആരും അവശേഷിക്കുകയില്ല.

  27. 4 “ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു?

    നിനക്കു വിവേകമുണ്ടെങ്കിൽ പറയുക.

    5 അതിന്റെ അളവുകൾ നിർണയിച്ചതാര്? നിശ്ചയമായും നിനക്കതറിയാം!

    അഥവാ, അതിനു കുറുകെ അളവുനൂൽ പിടിച്ചതാരാണ്?

    6-7 ഉദയനക്ഷത്രങ്ങൾ ഒത്തുചേർന്നു ഗീതങ്ങൾ ആലപിക്കുകയും

    ദൈവപുത്രന്മാരെല്ലാം ആനന്ദത്താൽ ആർത്തുവിളിക്കുകയും ചെയ്തപ്പോൾ,

    അതിന്റെ അടിസ്ഥാനങ്ങൾ എവിടെയാണ് സ്ഥാപിച്ചത്?

    അതിന്റെ ആണിക്കല്ല് സ്ഥാപിച്ചത് ആരാണ്?

  28. 8 ഇപ്രകാരംതന്നെയാണ് നിങ്ങളുടെ ഇടയിൽ നുഴഞ്ഞുകയറിയവരും. അവർ സ്വപ്നദർശികളായി ശരീരത്തെ മലിനമാക്കുകയും അധികാരത്തെ ധിക്കരിക്കുകയും സ്വർഗീയജീവികളെ അധിക്ഷേപിക്കുകയുംചെയ്യുന്നു. 9 എന്നാൽ പ്രധാന ദൂതനായ മീഖായേൽപോലും, മോശയുടെ ശരീരത്തെ സംബന്ധിച്ച് പിശാചിനോടു തർക്കിച്ചപ്പോൾ, “കർത്താവ് നിന്നെ ശാസിക്കട്ടെ” എന്നു പറഞ്ഞതല്ലാതെ അവനെതിരായി ന്യായവിധിനടത്തി ദൈവദൂഷണം ചെയ്യാൻ മുതിർന്നില്ല. 10 എന്നാൽ ഇവരാകട്ടെ, വിശേഷബുദ്ധിയില്ലാതെ ജന്മവാസനകൊണ്ടു ഗ്രഹിക്കുന്ന മൃഗങ്ങളെപ്പോലെ, തങ്ങൾക്കു ഗ്രഹിക്കാൻ പ്രയാസമുള്ളതിനെയെല്ലാം ദുഷിക്കുന്നു. ഇങ്ങനെ ഇവർ നശിക്കുകയുംചെയ്യുന്നു.

    11 ഇവർക്കു ഹാ കഷ്ടം! അവർ കയീന്റെ വഴിയിൽ നടക്കുകയും, പ്രതിഫലം മോഹിച്ചു ബിലെയാമിന്റെ വഞ്ചനയ്ക്ക് സ്വയം ഏൽപ്പിച്ചുകൊടുക്കുകയും കോരഹിന്റെ മത്സരത്തിൽ നശിച്ചുപോകുകയുംചെയ്യുന്നു.

    12 ഇവർ നിങ്ങളുടെ സ്നേഹവിരുന്നുകളിലെ കളങ്കങ്ങളാണ്. യാതൊരു ലജ്ജയുമില്ലാതെ തിന്നുകുടിച്ചു മദിക്കുന്നവർ! സ്വന്തം വിശപ്പുമാത്രം തീർക്കുന്ന ഇടയന്മാർ! കാറ്റിൽ പാറിപ്പോകുന്ന, വെള്ളമില്ലാത്ത മേഘങ്ങൾ! ഫലമില്ലാത്തതും പിഴുതെടുത്തതും രണ്ടുവട്ടം ചത്തതുമായ ശരൽക്കാല വൃക്ഷങ്ങൾ! 13 സ്വന്തം നാണക്കേടിന്റെ നുരയും പതയും വമിച്ച് അലറുന്ന കടൽത്തിരകൾ! കൊടുംതമസ്സിനായി നിത്യം സൂക്ഷിക്കപ്പെട്ടിരിക്കുന്ന വക്രഗതിയുള്ള നക്ഷത്രങ്ങൾ!

  29. 7 നിന്നെ തുടച്ചുനീക്കുമ്പോൾ ഞാൻ ആകാശത്തെ മറച്ച്,

    അതിലെ നക്ഷത്രങ്ങളെ ഇരുളടഞ്ഞവയാക്കും;

    ഞാൻ സൂര്യനെ ഒരു മേഘംകൊണ്ടു മറയ്ക്കും,

    ചന്ദ്രൻ അതിന്റെ പ്രകാശം തരികയുമില്ല.

    8 ആകാശത്തിൽ പ്രകാശം പരത്തുന്ന ജ്യോതിസ്സുകളെയെല്ലാം

    ഞാൻ നിന്റെമേൽ ഇരുളടഞ്ഞവയാക്കും;

    നിന്റെ ദേശത്തു ഞാൻ അന്ധകാരം വരുത്തും,

    എന്ന് കർത്താവായ യഹോവയുടെ അരുളപ്പാട്.

  30. 29 “ആ ദിവസങ്ങളിലെ ദുരിതങ്ങൾ അവസാനിച്ചാലുടൻ,

    “ ‘സൂര്യൻ അന്ധകാരമയമാകും,

    ചന്ദ്രന്റെ പ്രകാശം ഇല്ലാതെയാകും:

    നക്ഷത്രങ്ങൾ ആകാശത്തുനിന്നു കൊഴിഞ്ഞുവീഴും;

    ആകാശഗോളങ്ങൾക്ക് ഇളക്കംതട്ടും.’

    30 “അപ്പോൾ മനുഷ്യപുത്രന്റെ വരവിന്റെ ചിഹ്നം ആകാശത്ത് ദൃശ്യമാകും. ഭൂമിയിലെ സകലജനതയും വിലപിക്കും. അപ്പോൾ മനുഷ്യപുത്രൻ (ഞാൻ) മഹാശക്തിയോടും മഹാപ്രതാപത്തോടുംകൂടെ ആകാശമേഘങ്ങളിന്മേൽ വരുന്നത് മനുഷ്യർ കാണും.

  31. 10 അവരുടെമുമ്പിൽ ഭൂമി കുലുങ്ങുന്നു,

    ആകാശം വിറയ്ക്കുന്നു,

    സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു,

    നക്ഷത്രങ്ങൾ പ്രകാശിക്കുന്നതുമില്ല.

    11 യഹോവ തന്റെ സൈന്യത്തിന്റെ

    മുൻനിരയിൽ ഇടിമുഴക്കുന്നു;

    അവിടത്തെ സൈന്യം അസംഖ്യമാണ്,

    അവിടത്തെ കൽപ്പന അനുസരിക്കുന്നവർ ശക്തരാണ്.

    യഹോവയുടെ ദിവസം മഹത്തരം;

    അതു ഭയങ്കരം.

    അത് അതിജീവിക്കാൻ ആർക്കു കഴിയും?

  32. 24 “ആ ദിവസങ്ങളിലെ ദുരിതങ്ങൾ അവസാനിച്ചതിനുശേഷം,

    “ ‘സൂര്യൻ അന്ധകാരമയമാകും,

    ചന്ദ്രന്റെ പ്രകാശം ഇല്ലാതെയാകും:

    25 നക്ഷത്രങ്ങൾ ആകാശത്തുനിന്നു കൊഴിഞ്ഞുവീഴും;

    ആകാശഗോളങ്ങൾക്ക് ഇളക്കംതട്ടും.’

    26 “അപ്പോൾ മനുഷ്യപുത്രൻ (ഞാൻ) മഹാശക്തിയോടും പ്രതാപത്തോടുംകൂടെ മേഘങ്ങളിൽ വരുന്നത് മനുഷ്യർ കാണും. 27 അവിടന്ന് തെരഞ്ഞെടുത്തവർക്കായി അന്നാളിൽ അവിടത്തെ ദൂതന്മാരെ അയയ്ക്കും; ആകാശത്തിന്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെ, നാല് അതിരുകളിൽനിന്ന്, മനുഷ്യപുത്രൻ തനിക്കായി തെരഞ്ഞെടുത്തവരെ ദൂതന്മാർ ഒരുമിച്ചുകൂട്ടും.

  33. 19 ഇതോടൊപ്പം വിശ്വാസയോഗ്യമായ പ്രവാചകവചനവും നമുക്കുണ്ട്. നിങ്ങളുടെ ഹൃദയങ്ങളിൽ പുലരി പൊട്ടിവിടർന്ന് പ്രഭാതനക്ഷത്രം ഉദിക്കുംവരെ, ഇരുട്ടുള്ളപ്പോൾ പ്രകാശിക്കുന്ന വിളക്കിലേക്കെന്നതുപോലെ ആ വചനത്തിൽ നിങ്ങൾ ശ്രദ്ധാലുക്കൾ ആകേണ്ടതുണ്ട്. 20 തിരുവെഴുത്തിലെ ഓരോ പ്രവചനവാക്യവും പ്രവാചകന്റെ സ്വതഃസിദ്ധമായ വിശകലനത്താൽ ഉരുത്തിരിഞ്ഞുവന്നവയല്ല എന്ന വസ്തുത നിങ്ങൾ പ്രാഥമികമായി മനസ്സിലാക്കിയിരിക്കണം. 21 പ്രവചനം ഒരിക്കലും മനുഷ്യന്റെ ഹിതാനുസരണം ഉത്ഭവിച്ചിട്ടില്ല; പിന്നെയോ, പ്രവാചകന്മാർ പരിശുദ്ധാത്മാവിന്റെ നിയോഗത്താൽ ദൈവത്തിൽനിന്നുള്ള അരുളപ്പാടുകൾ പ്രസ്താവിക്കുകയായിരുന്നു.

  34. 4 ബാലിനും അശേരയ്ക്കും എല്ലാ ആകാശസൈന്യങ്ങൾക്കുംവേണ്ടിയുള്ള സകലസാധനങ്ങളും യഹോവയുടെ ആലയത്തിൽനിന്നു മാറ്റിക്കളയാൻ മഹാപുരോഹിതനായ ഹിൽക്കിയാവിനും അടുത്ത സ്ഥാനക്കാരായ പുരോഹിതന്മാർക്കും വാതിൽ കാവൽക്കാർക്കും രാജാവു കൽപ്പനകൊടുത്തു. അദ്ദേഹം അവ ജെറുശലേമിനു വെളിയിൽ കിദ്രോൻതാഴ്വരയിലെ വയലിലിട്ടു ചുട്ട് ചാരം ബേഥേലിലേക്കു കൊണ്ടുപോയി. 5 യെഹൂദാനഗരങ്ങളിലും ജെറുശലേമിന്റെ ചുറ്റുപാടിലും ഉണ്ടായിരുന്ന ക്ഷേത്രങ്ങളിൽ ധൂപാർച്ചന നടത്തുന്നതിനായി യെഹൂദാരാജാക്കന്മാർ നിയമിച്ചിരുന്ന വിഗ്രഹാരാധകരായ പുരോഹിതന്മാരെ, ബാലിനും സൂര്യചന്ദ്രന്മാർക്കും ഗ്രഹങ്ങൾക്കും സകല ആകാശസൈന്യങ്ങൾക്കും ധൂപാർച്ചന നടത്തിയിരുന്നവരെത്തന്നെ, അദ്ദേഹം നീക്കിക്കളഞ്ഞു.

  35. 12 കുഞ്ഞാട് ആറാംമുദ്ര തുറന്നപ്പോൾ വലിയൊരു ഭൂകമ്പം ഉണ്ടായതു ഞാൻ കണ്ടു. സൂര്യൻ കറുകറാകറുത്ത ആട്ടിൻരോമംകൊണ്ടു നിർമിച്ച വസ്ത്രംപോലെ കറുത്തതായിത്തീർന്നു. ചന്ദ്രൻ പൂർണമായും രക്തവർണമായിത്തീർന്നു. 13 കൊടുങ്കാറ്റിനാൽ ഉലയുന്ന അത്തിവൃക്ഷത്തിൽനിന്ന്, ഇളംകായ്കൾ ഉതിർന്നുവീഴുംപോലെ ആകാശത്തിൽനിന്ന് ഉൽക്കകൾ ഭൂമിയിൽ നിപതിച്ചു. 14 ആകാശം പുസ്തകച്ചുരുൾപോലെ ചുരുട്ടിമാറ്റപ്പെട്ടു; എല്ലാ മലയും ദ്വീപും സ്വസ്ഥാനത്തുനിന്ന് ഇളകിപ്പോയി.

  36. 15 സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും,

    നക്ഷത്രങ്ങൾ ഇനി പ്രകാശിക്കുകയില്ല.

  37. 10 “അതിനുശേഷം നിന്നോടൊപ്പം വന്നവർ കാൺകെ നീ ആ കുടം ഉടയ്ക്കണം. 11 പിന്നീട് അവരോടു നീ ഇപ്രകാരം പറയണം, ‘സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനിയും നന്നാക്കാൻ കഴിയാത്തവിധം കുശവന്റെ ഈ മൺകുടം ഞാൻ ഉടച്ചുകളഞ്ഞതുപോലെ ഈ രാഷ്ട്രത്തെയും ഈ നഗരത്തെയും ഉടച്ചുകളയും. സംസ്കരിക്കാൻ വേറെ സ്ഥലമില്ലാതെവരുവോളം അവരെ തോഫെത്തിൽ സംസ്കരിക്കും. 12 ഞാൻ ഈ സ്ഥലത്തോടും അതിലെ നിവാസികളോടും ഇപ്രകാരം ചെയ്യും. ഞാൻ ഈ നഗരത്തെ തോഫെത്തുപോലെ ആക്കിത്തീർക്കും, എന്ന് യഹോവ അരുളിച്ചെയ്യുന്നു. 13 ജെറുശലേമിലെ ഭവനങ്ങളും യെഹൂദാരാജാക്കന്മാരുടെ അരമനകളും ആ സ്ഥലംപോലെ അശുദ്ധമാക്കപ്പെടും. മട്ടുപ്പാവുകളിൽവെച്ച് ആകാശസേനകൾക്കു ധൂപംകാട്ടുകയും അന്യദേവതകൾക്കു പാനീയബലി അർപ്പിക്കുകയുംചെയ്ത എല്ലാ ഭവനങ്ങളും തോഫെത്തുപോലെ മലിനമായിത്തീരും.’ ”

  38. 35 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു,

    സൂര്യനെ പകൽവെളിച്ചത്തിനായി

    നിയമിക്കുകയും

    ചന്ദ്രനെയും നക്ഷത്രങ്ങളെയും രാത്രി വെളിച്ചത്തിനായി

    നൽകുകയും

    സമുദ്രത്തെ അതിന്റെ തിരകൾ അലറുന്നതിനു

    ക്ഷോഭിപ്പിക്കുകയും ചെയ്യുന്നവനും

    സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ളവനുംതന്നെ:

    36 “ഈ പ്രകൃതിനിയമങ്ങൾ എന്റെ മുമ്പിൽനിന്ന് നീങ്ങിപ്പോകുമെങ്കിൽ,”

    യഹോവ അരുളിച്ചെയ്യുന്നു,

    “ഇസ്രായേൽ ഒരു രാഷ്ട്രമായി നിലനിൽക്കാതവണ്ണം

    എന്റെ മുമ്പിൽനിന്ന് എന്നെന്നേക്കുമായി നീങ്ങിപ്പോകും.”

    37 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

    “മീതേയുള്ള ആകാശത്തെ അളക്കുകയും

    താഴേ ഭൂമിയുടെ അടിസ്ഥാനങ്ങൾ കണ്ടുപിടിക്കുകയും ചെയ്യുമെങ്കിൽ

    ഞാൻ ഇസ്രായേൽ സന്തതിയെ മുഴുവനും

    അവർ ചെയ്ത സകലകാര്യങ്ങളുംനിമിത്തം തള്ളിക്കളയും,”

    എന്ന് യഹോവയുടെ അരുളപ്പാട്.

  39. 5 യഹോവ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു;

    അവിടത്തെ അചഞ്ചലസ്നേഹത്താൽ ഭൂമണ്ഡലം നിറഞ്ഞിരിക്കുന്നു.

    6 യഹോവയുടെ വചനത്താൽ ആകാശം സൃഷ്ടിക്കപ്പെട്ടു,

    തിരുവായിലെ ശ്വാസത്താൽ താരഗണങ്ങളും.

    7 അവിടന്ന് സമുദ്രജലരാശിയെ കൂമ്പാരമായി കൂട്ടുന്നു;

    ആഴിയെ കലവറകളിൽ സംഭരിക്കുന്നു.

    8 സർവഭൂമിയും യഹോവയെ ഭയപ്പെടട്ടെ;

    ഭൂസീമവാസികളെല്ലാം തിരുമുമ്പിൽ ഭയഭക്തിയോടെ നിലകൊള്ളട്ടെ.

  40. 1 രാഷ്ട്രങ്ങളേ, അടുത്തുവന്നു കേൾക്കുക;

    ജനതകളേ, ശ്രദ്ധിക്കുക!

    ഭൂമിയും അതിലുള്ള സമസ്തവും

    ഭൂതലവും അതിൽ മുളയ്ക്കുന്നതൊക്കെയും കേൾക്കട്ടെ!

    2 യഹോവയുടെ കോപം എല്ലാ രാഷ്ട്രങ്ങളോടും

    അവിടത്തെ ക്രോധം അവരുടെ സകലസൈന്യങ്ങളോടും ആകുന്നു.

    അവിടന്ന് അവരെ സമ്പൂർണമായി നശിപ്പിക്കും,

    അവിടന്ന് അവരെ കൊലയ്ക്കായി വിട്ടുകൊടുത്തിരിക്കുന്നു.

    3 അവരുടെ ഹതന്മാരെ എറിഞ്ഞുകളയപ്പെടും,

    അവരുടെ ശവങ്ങളിൽനിന്നു ദുർഗന്ധം വമിക്കും;

    പർവതങ്ങൾ അവരുടെ രക്തംകൊണ്ടു കുതിരും.

    4 ആകാശസൈന്യമെല്ലാം അലിഞ്ഞുപോകും,

    ആകാശം ഒരു തുകൽച്ചുരുൾപോലെ ചുരുണ്ടുപോകും;

    മുന്തിരിവള്ളിയുടെ ഇലകൾ വാടിക്കൊഴിയുന്നതുപോലെയും

    അത്തിമരത്തിൽനിന്ന് കായ്കൾ പൊഴിയുന്നതുപോലെയും

    അതിലെ സൈന്യമൊക്കെയും കൊഴിഞ്ഞുവീഴും.

  41. 16 അവർ തങ്ങളുടെ ദൈവമായ യഹോവയുടെ സകലകൽപ്പനകളും ഉപേക്ഷിച്ചുകളഞ്ഞു. അവർ തങ്ങൾക്കുവേണ്ടി വാർത്ത രണ്ടു കാളക്കിടാങ്ങളെയും ഒരു അശേരാപ്രതിഷ്ഠയെയും ആകാശത്തിലെ സകലസൈന്യത്തെയും നമസ്കരിക്കുകയും ബാലിനെ ആരാധിക്കുകയും ചെയ്തു. 17 അവർ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയിൽ ബലിയർപ്പിച്ചു; അവർ ദേവപ്രശ്നംവെക്കുകയും ശകുനംനോക്കുകയും ചെയ്തു; യഹോവയുടെ കൺമുമ്പിൽ തിന്മ പ്രവർത്തിക്കുന്നതിനായി അവർ തങ്ങളെത്തന്നെ വിറ്റുകളഞ്ഞു. അങ്ങനെ അവർ യഹോവയുടെ ക്രോധം ജ്വലിപ്പിച്ചു.

    18 അതുകൊണ്ട് യഹോവ ഇസ്രായേലിനോടു കോപിച്ച് അവരെ തന്റെ സന്നിധിയിൽനിന്ന് നീക്കിക്കളഞ്ഞു; യെഹൂദാഗോത്രംമാത്രം അവശേഷിച്ചു. 19 യെഹൂദയും തങ്ങളുടെ ദൈവമായ യഹോവയുടെ കൽപ്പനകൾ പ്രമാണിച്ചില്ല. ഇസ്രായേൽ നടപ്പാക്കിയ ആചാരങ്ങൾ അവർ പിൻതുടർന്നു. 20 അതിനാൽ യഹോവ ഇസ്രായേൽവംശത്തെ മുഴുവൻ തള്ളിക്കളഞ്ഞു. അവിടന്ന് അവരെ തള്ളിക്കളയുന്നതുവരെയും അവരെ കൊള്ളചെയ്യുന്നവരുടെ കൈയിൽ ഏൽപ്പിച്ചുകൊടുത്തു.

  42. 1 “ ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ആ കാലത്ത് യെഹൂദാരാജാക്കന്മാരുടെ അസ്ഥികളും പ്രഭുക്കന്മാരുടെ അസ്ഥികളും പുരോഹിതന്മാരുടെയും പ്രവാചകന്മാരുടെയും അസ്ഥികളും ജെറുശലേംനിവാസികളുടെ അസ്ഥികളും കല്ലറകളിൽനിന്ന് നീക്കപ്പെടും. 2 തങ്ങൾ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത സൂര്യന്റെയും ചന്ദ്രന്റെയും ആകാശത്തിലെ സകലസൈന്യത്തിന്റെയും മുമ്പിൽ അവ നിരത്തിവെക്കും. അവയെയാണല്ലോ അവർ പിൻതുടരുകയും അന്വേഷിക്കുകയും ആരാധിക്കുകയും ചെയ്തത്. ആരും അവ പെറുക്കിക്കൂട്ടുകയോ കുഴിച്ചുമൂടുകയോ ചെയ്യുകയില്ല. അവ ഭൂമിക്കു വളമായിത്തീരും. 3 ഈ ദുഷ്ടവംശത്തിൽ അവശേഷിക്കുന്ന ജനങ്ങളെല്ലാവരും, ഞാൻ അവരെ ഓടിച്ചുകളഞ്ഞ എല്ലാ സ്ഥലങ്ങളിലും ശേഷിക്കുന്നവർതന്നെ, ജീവനല്ല മരണംതന്നെ തെരഞ്ഞെടുക്കും, എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.’

  43. 10 അത് ആകാശത്തിലെ സൈന്യത്തോളം വളർന്ന് ആ നക്ഷത്രസേനയിൽ ചിലതിനെ ഭൂമിയിലേക്കു തള്ളിയിട്ടു ചവിട്ടിക്കളഞ്ഞു.

  44. 15 യഹോവയുടെ ദൂതൻ ആകാശത്തുനിന്ന് അബ്രാഹാമിനെ രണ്ടാമതും വിളിച്ച്, ഇപ്രകാരം അരുളിച്ചെയ്തു: 16 “നീ ഇക്കാര്യം ചെയ്യുകയും നിന്റെ പുത്രനെ, നിന്റെ ഒരേയൊരു പുത്രനെത്തന്നെ, തരാൻ മടിക്കാതിരിക്കുകയും ചെയ്തതുകൊണ്ട്, 17 ഞാൻ നിശ്ചയമായും നിന്നെ അത്യന്തം അനുഗ്രഹിക്കും. നിന്റെ സന്തതിപരമ്പരകളെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അസംഖ്യമാക്കിത്തീർക്കും; നിന്റെ സന്തതി അവരുടെ ശത്രുക്കളുടെ നഗരങ്ങൾ കൈവശമാക്കും; 18 നീ എന്നെ അനുസരിച്ചതുകൊണ്ട് നിന്റെ സന്തതിയിലൂടെ ഭൂമിയിലെ സകലരാഷ്ട്രങ്ങളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടുതന്നെ ശപഥം ചെയ്യുന്നെന്ന് യഹോവ അരുളിച്ചെയ്യുന്നു.”

  45. 1 അതിനുശേഷം ശൂഹ്യനായ ബിൽദാദ് ഇപ്രകാരം ഉത്തരം പറഞ്ഞു:

    2 “ആധിപത്യവും ആദരവും ദൈവത്തിനുള്ളത്;

    അവിടന്ന് ഉന്നതികളിൽ സമാധാനം സ്ഥാപിക്കുന്നു.

    3 അവിടത്തെ സൈന്യത്തെ എണ്ണിത്തിട്ടപ്പെടുത്താമോ?

    അവിടത്തെ പ്രകാശം ആരുടെമേലാണ് ഉദിക്കാത്തത്?

    4 അങ്ങനെയെങ്കിൽ ഒരു മനുഷ്യന് ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകാൻ കഴിയും?

    സ്ത്രീയിൽ പിറന്നവർ ശുദ്ധരാകുന്നതെങ്ങനെ?

    5 ചന്ദ്രൻ പ്രകാശമില്ലാതെയും

    നക്ഷത്രങ്ങൾ അവിടത്തെ ദൃഷ്ടിയിൽ ശുദ്ധിയുള്ളവയും അല്ലെങ്കിൽ,

    6 കേവലം പുഴുവായിരിക്കുന്ന മനുഷ്യന്റെയും

    കൃമിയായ മനുഷ്യപുത്രന്റെയും സ്ഥിതി എത്രയോ താഴ്ന്നത്?”

  46. 4 ജെറുശലേമിൽ പാർക്കുന്ന സകലമനുഷ്യർക്കുനേരേയും എന്റെ കരം നീട്ടും,”

    എന്ന് യഹോവ അരുളിച്ചെയ്യുന്നു.

    “ഞാൻ ഈ ദേശത്തുനിന്നു ബാലിന്റെ ആരാധനയുടെ സകലശേഷിപ്പിനെയും

    വിഗ്രഹാരാധകരായ പുരോഹിതന്മാരുടെ പേരുകളെയും നീക്കിക്കളയും.

    5 പുരമുകളിൽ, നക്ഷത്രസമൂഹത്തെ

    സേവിച്ചുവണങ്ങുന്നവരെയും

    യഹോവയുടെ നാമത്തിൽ വണങ്ങുന്നവരെയും ശപഥംചെയ്യുന്നവരെയും

    മോലെക്കിന്റെ നാമത്തിൽ ശപഥംചെയ്യുന്നവരെയും

    6 യഹോവയെ അനുഗമിക്കുന്നതിൽനിന്നു പിന്മാറുന്നവരെയും

    യഹോവയെ അന്വേഷിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാത്തവരെയുംതന്നെ.”

  47. 12 അതുകൊണ്ട് എന്റെ പ്രിയരേ, എന്റെ സാന്നിധ്യത്തിൽമാത്രമല്ല, അതിലധികമായി എന്റെ അസാന്നിധ്യത്തിലും നിങ്ങൾ എന്നെ എപ്പോഴും അനുസരിച്ചിട്ടുള്ളതുപോലെ സമ്പൂർണ ഭയഭക്ത്യാദരവോടെ നിങ്ങളുടെ രക്ഷയെ പ്രവൃത്തിപഥത്തിൽ കൊണ്ടുവരിക. 13 അവിടത്തെ സദുദ്ദേശ്യം നിവർത്തിക്കുന്നതിനുവേണ്ടി നിങ്ങൾക്ക് ആഗ്രഹം നൽകി നിങ്ങളെ പ്രവർത്തനസജ്ജരാക്കുന്നത് ദൈവമാണ്.

    14 എല്ലാക്കാര്യങ്ങളും പരിഭവവും വാഗ്വാദവുംകൂടാതെ ചെയ്യുക. 15 അങ്ങനെ നിങ്ങൾ അനിന്ദ്യരും കുറ്റമറ്റവരും നിഷ്കളങ്കരുമായ, “ദൈവമക്കളായി, ജീവന്റെ വചനം മുറുകെ പിടിച്ചുകൊണ്ട്, വക്രതയും ധാർമികാധഃപതനവും സംഭവിച്ച തലമുറമധ്യേ” ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രശോഭിക്കുക. 16 അങ്ങനെ എന്റെ ഓട്ടവും അധ്വാനവും വൃഥാവായില്ല എന്ന് ക്രിസ്തുവിന്റെ മടങ്ങിവരവിൽ എനിക്ക് അഭിമാനിക്കാം.

  48. 22 നിന്റെ പിതാക്കന്മാർ എഴുപത് പേരാണ് ഈജിപ്റ്റിലേക്കു പോയത്. ഇപ്പോൾ നിന്റെ ദൈവമായ യഹോവ നിന്നെ ആകാശത്തുള്ള നക്ഷത്രങ്ങളെപ്പോലെ എണ്ണത്തിൽ വർധിപ്പിച്ചിരിക്കുന്നു.

  49. 2 യഹോവ നിനക്കു നൽകുന്ന നഗരങ്ങളിലൊന്നിൽ താമസിക്കുന്ന ഒരു പുരുഷനോ സ്ത്രീയോ നിന്റെ ദൈവമായ യഹോവയുടെമുമ്പിൽ തിന്മചെയ്ത് അവിടത്തെ ഉടമ്പടി ലംഘിക്കുകയും 3 ഞാൻ നൽകിയ കൽപ്പനയ്ക്കു വിരോധമായി അന്യദേവന്മാരെയോ സൂര്യചന്ദ്രന്മാരെയോ ആകാശത്തുള്ള മറ്റെന്തിനെ എങ്കിലുമോ കുമ്പിട്ടാരാധിക്കാൻ പോയി എന്നു കണ്ടുപിടിക്കുകയും 4-5 വിവരം നിന്നെ അറിയിച്ച് നീ അതു കേൾക്കുകയും ചെയ്താൽ നീ അതിനെപ്പറ്റി കൃത്യമായി അന്വേഷിക്കണം. ഇങ്ങനെ ഒരു അറപ്പായ കാര്യം ഇസ്രായേലിൽ പ്രവർത്തിച്ചിരിക്കുന്നത് സത്യവും തെളിയിക്കപ്പെടുകയും ചെയ്തെങ്കിൽ ആ മ്ലേച്ഛത പ്രവർത്തിച്ച പുരുഷനെയോ സ്ത്രീയെയോ നഗരവാതിൽക്കൽ കൊണ്ടുവരികയും കല്ലെറിഞ്ഞു കൊല്ലുകയും വേണം. 6 രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിയിന്മേൽമാത്രമേ ഒരു വ്യക്തിയെ വധിക്കാൻ പാടുള്ളൂ. ഒരു സാക്ഷിയുടെ മൊഴിമേൽ ആരെയും വധിക്കാൻ പാടില്ല. 7 ആ വ്യക്തിയെ വധിക്കാൻ ആദ്യം അവന്റെമേൽ വെക്കേണ്ടത് സാക്ഷിയുടെ കരമാണ്; പിന്നീട് എല്ലാവരുടെയും കരങ്ങളും. അങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് തിന്മ നീക്കിക്കളയണം.

  50. 1 മനശ്ശെ രാജാവായപ്പോൾ അദ്ദേഹത്തിനു പന്ത്രണ്ടുവയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ അൻപത്തിയഞ്ചു വർഷം വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് ഹെഫ്സീബാ എന്നായിരുന്നു. 2 ഇസ്രായേലിന്റെ മുമ്പിൽനിന്ന് യഹോവ നീക്കിക്കളഞ്ഞ അന്യരാഷ്ട്രങ്ങളുടെ മ്ലേച്ഛാചാരങ്ങളെ പിൻതുടർന്ന് അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ അറപ്പുളവാക്കുന്നതു പ്രവർത്തിച്ചു. 3 തന്റെ പിതാവായ ഹിസ്കിയാവ് നശിപ്പിച്ചുകളഞ്ഞ ക്ഷേത്രങ്ങൾ അദ്ദേഹം പുനർനിർമിച്ചു; ഇസ്രായേൽരാജാവായ ആഹാബു ചെയ്തതുപോലെ അദ്ദേഹം ബാലിനു ബലിപീഠങ്ങൾ പണിയുകയും ഒരു അശേരാപ്രതിഷ്ഠ സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹം എല്ലാ ആകാശസൈന്യങ്ങളെയും വണങ്ങുകയും ആരാധിക്കുകയും ചെയ്തു. 4 “ജെറുശലേമിൽ ഞാൻ എന്റെ നാമം സ്ഥാപിക്കും,” എന്ന് ഏതൊരാലയത്തെക്കുറിച്ച് യഹോവ കൽപ്പിച്ചിരുന്നോ, ആ ആലയത്തിൽത്തന്നെ അദ്ദേഹം ബലിപീഠങ്ങൾ നിർമിച്ചു. 5 യഹോവയുടെ ആലയത്തിന്റെ രണ്ട് അങ്കണങ്ങളിലും അദ്ദേഹം സകല ആകാശസൈന്യങ്ങൾക്കുമുള്ള ബലിപീഠങ്ങൾ നിർമിച്ചു. 6 അദ്ദേഹം സ്വന്തം മകനെ അഗ്നിയിൽ ഹോമിച്ചു, ദേവപ്രശ്നംവെക്കുക, ശകുനംനോക്കുക, വെളിച്ചപ്പാടുകളോടും ഭൂതസേവക്കാരോടും ആലോചന ചോദിക്കുക ഇവയെല്ലാം ചെയ്തു. ഇങ്ങനെ യഹോവയുടെ ദൃഷ്ടിയിൽ ഏറ്റവും തിന്മയായതു പ്രവർത്തിച്ച് അവിടത്തെ പ്രകോപിപ്പിച്ചു.

  51. 23 ഇസ്രായേലിനെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അസംഖ്യമാക്കിത്തീർക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്തിരുന്നതിനാൽ ദാവീദ് ഇരുപതു വയസ്സും അതിൽ താഴെയും പ്രായമുള്ളവരുടെ എണ്ണം എടുത്തില്ല.

  52. 6 അങ്ങ്, അങ്ങുമാത്രമാണ് യഹോവ; സ്വർഗത്തെയും സ്വർഗാധിസ്വർഗത്തെയും അവയിലെ സർവസൈന്യത്തെയും ഭൂമിയെയും അതിലെ സകലത്തെയും സമുദ്രത്തെയും അതിലുള്ള സകലത്തെയും അങ്ങ് ഉണ്ടാക്കി. അവയ്ക്കെല്ലാം അങ്ങ് ജീവൻ നൽകി, സ്വർഗീയസൈന്യങ്ങൾ അങ്ങയെ ആരാധിക്കുന്നു.

  53. 8 അബ്രാഹാം തനിക്ക് ഓഹരിയായി ലഭിക്കാനിരുന്ന ദേശത്തേക്കു പോകാൻ വിളിക്കപ്പെട്ടപ്പോൾ താൻ എവിടേക്കു പോകുന്നു എന്നറിയാതെ വിശ്വാസത്താൽ അനുസരണയോടെ യാത്രപുറപ്പെട്ടു. 9 അദ്ദേഹം വാഗ്ദാനദേശത്ത് വിശ്വാസത്താൽ ഒരു പ്രവാസിയെപ്പോലെ ജീവിച്ചു. ഇതേ വാഗ്ദാനത്തിന് അവകാശികളായ യിസ്ഹാക്കും യാക്കോബും അതുപോലെതന്നെ കൂടാരങ്ങളിൽ താമസിച്ചു. 10 ദൈവം ശില്പിയും നിർമാതാവുമായി അടിസ്ഥാനമിട്ട ഒരു നഗരത്തിനായി അബ്രാഹാം കാത്തിരുന്നു. 11 സാറ വന്ധ്യയും വയോധികയും ആയിരുന്നിട്ടും വിശ്വാസത്താൽ, “വാഗ്ദാനംചെയ്ത ദൈവം വിശ്വസ്തൻ” എന്നു കണക്കാക്കിയതുകൊണ്ട്, ഗർഭധാരണത്തിന് ശക്തയായിത്തീർന്നു. 12 അങ്ങനെ ഒരു മനുഷ്യനിൽനിന്ന്, മൃതപ്രായനായവനിൽനിന്നുതന്നെ, ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും സമുദ്രതീരത്തെ മണൽത്തരിപോലെയും അസംഖ്യം സന്തതികൾ ഉത്ഭവിച്ചു.

  54. 9 അവൻ മറ്റൊരു സ്വപ്നംകണ്ടു; അതും സഹോദരന്മാരെ അറിയിച്ചു: “ശ്രദ്ധിക്കുക, ഞാൻ വേറൊരു സ്വപ്നം കണ്ടിരിക്കുന്നു; ഇത്തവണ സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ താണുവണങ്ങുകയായിരുന്നു.”

    10 ഇത് യോസേഫ് തന്റെ പിതാവിനെയും സഹോദരന്മാരെയും അറിയിച്ചപ്പോൾ പിതാവ് അവനെ ശാസിച്ചുകൊണ്ട്, “എന്താണു നീ കണ്ട ഈ സ്വപ്നം? നിന്റെ അമ്മയും ഞാനും നിന്റെ സഹോദരന്മാരും വന്നു നിന്നെ സാഷ്ടാംഗം നമസ്കരിക്കുമെന്നോ?” എന്നു ചോദിച്ചു.

  55. 1 അഞ്ചാമത്തെദൂതൻ കാഹളം ഊതി. അപ്പോൾ ആകാശത്തുനിന്ന് ഒരു നക്ഷത്രം ഭൂമിയിൽ വീണുകിടക്കുന്നതു ഞാൻ കണ്ടു. അതിന് അഗാധഗർത്തത്തിന്റെ തുരങ്കത്തിന്റെ താക്കോൽ ലഭിച്ചു.

  56. 11 “ഇസ്രായേലിന്റെ പരിശുദ്ധനും അവരുടെ സ്രഷ്ടാവുമായ

    യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

    ‘എന്റെ മക്കൾക്ക് സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്,

    എന്നെ ചോദ്യംചെയ്യുകയാണോ?

    എന്റെ കൈകളുടെ പ്രവൃത്തിയെപ്പറ്റി എനിക്കു കൽപ്പനതരികയാണോ?

    12 ഞാനാണ് ഭൂമിയെ നിർമിച്ചത്,

    അതിൽ മനുഷ്യനെ സൃഷ്ടിച്ചതും ഞാൻതന്നെ.

    എന്റെ കൈകളാൽ ഞാൻ ആകാശത്തെ വിരിച്ചു;

    അതിലെ സകലസൈന്യത്തെയും ഞാൻ അണിനിരത്തി.

  57. 1 “എഫേസോസിലെ സഭയുടെ ദൂതന് എഴുതുക:

    “വലതുകൈയിൽ ഏഴു നക്ഷത്രം പിടിച്ചുകൊണ്ട് ഏഴു തങ്കനിലവിളക്കിന്റെ നടുവിൽ നടക്കുന്ന ഞാൻ അരുളിച്ചെയ്യുന്നു:

    2 “നിന്റെ പ്രവൃത്തിയും അധ്വാനവും സഹിഷ്ണുതയും ഞാൻ അറിയുന്നു. ദുഷ്ടമനുഷ്യരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്തലരല്ലെങ്കിലും സ്വയം അപ്പൊസ്തലരെന്നു നടിക്കുന്നവരെ നീ പരിശോധിച്ച് അവർ വ്യാജരാണെന്നു കണ്ടെത്തിയതും ഞാൻ അറിയുന്നു. 3 എന്റെ നാമത്തിനുവേണ്ടി ക്ലേശങ്ങൾ ക്ഷമയോടെ സഹിച്ചിട്ടും തളർന്നുപോകാതിരുന്നതും ഞാൻ അറിയുന്നു.

    4 “എങ്കിലും നിനക്കെതിരേ എനിക്ക് ഒരു പരാതിയുണ്ട്: നിന്റെ ആദ്യസ്നേഹം നീ ത്യജിച്ചു. 5 നീ എത്ര ഉയരത്തിൽനിന്നാണ് വീണിരിക്കുന്നത് എന്നു മനസ്സിലാക്കി പശ്ചാത്തപിച്ചുകൊണ്ട് നിന്റെ പഴയ പ്രവൃത്തികൾ പുനരാരംഭിക്കുക. നീ അനുതപിക്കാതിരുന്നാൽ ഞാൻ നിന്റെ അടുക്കൽ വരികയും നിന്റെ നിലവിളക്ക് അതിന്റെ സ്ഥാനത്തുനിന്നു നീക്കിക്കളയുകയും ചെയ്യും. 6 എന്നാൽ, നിക്കൊലാവ്യരുടെ പ്രവൃത്തികൾ നീ വെറുക്കുന്നു എന്ന ഒരു മേന്മ നിനക്കുണ്ട്. അവ ഞാനും വെറുക്കുന്നു.

    7 “ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ. വിജയിക്കുന്നവന് ഞാൻ ദൈവത്തിന്റെ പറുദീസയിലുള്ള ജീവവൃക്ഷത്തിൽനിന്ന് ഭക്ഷിക്കാൻ കൊടുക്കും.

  58. 21 അങ്ങനെ നേരംപുലരുമ്പോൾമുതൽ നക്ഷത്രങ്ങൾ പ്രകാശിച്ചുതുടങ്ങുന്നതുവരെ ഞങ്ങളിൽ പകുതിപ്പേർ കുന്തമേന്തിനിന്നു; ഇങ്ങനെ ഞങ്ങൾ വേല തുടർന്നു. 22 ആ സമയത്ത് ഞാൻ ജനങ്ങളോട് ഇതുകൂടി പറഞ്ഞു: “ഓരോ മനുഷ്യനും അവന്റെ സഹായിയും ജെറുശലേമിൽത്തന്നെ രാത്രി പാർക്കട്ടെ, ഇങ്ങനെ രാത്രിയിൽ കാവലിനും പകൽ വേല ചെയ്യുന്നതിനും അവർക്കു കഴിയുമല്ലോ.” 23 ഞാനോ എന്റെ സഹോദരന്മാരോ എന്റെ സേവകരോ എന്നോടൊപ്പമുള്ള കാവൽക്കാരോ ആരും വസ്ത്രം മാറിയില്ല; അവർ വെള്ളംകൊണ്ടുവരാൻ പോകുമ്പോൾപോലും ആയുധം ധരിച്ചിരുന്നു.

  59. 9 ആ ദിവസത്തെ ഉദയനക്ഷത്രങ്ങൾ ഇരുണ്ടുപോകട്ടെ.

    പകൽവെളിച്ചത്തിനായുള്ള കാത്തിരുപ്പ് വ്യർഥമാകട്ടെ;

    ആ ദിവസം അരുണോദയകിരണങ്ങൾ കാണാതിരിക്കട്ടെ.

  60. 12 “ദൈവം സ്വർഗോന്നതിയിൽ വസിക്കുന്നില്ലേ?

    വിദൂരസ്ഥങ്ങളായ നക്ഷത്രങ്ങൾ എത്ര ഉയരത്തിലെന്നു നോക്കുക!

  61. 22 ആകാശത്തിലെ നക്ഷത്രങ്ങളെ എണ്ണിനോക്കാനും കടൽത്തീരത്തെ മണലിനെ അളക്കാനും കഴിയാത്തതുപോലെ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും എനിക്കു ശുശ്രൂഷചെയ്യുന്ന ലേവ്യരെയും ഞാൻ അസംഖ്യമായി വർധിപ്പിക്കും.’ ”

  62. 25 “സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ചിഹ്നങ്ങൾ ഉണ്ടാകും; കടലിന്റെയും ഭീകരതിരമാലകളുടെയും ഗർജനത്താൽ ഭൂമിയിലെ ജനസഞ്ചയങ്ങൾ നടുങ്ങി പരിഭ്രമിക്കും. 26 ആകാശഗോളങ്ങൾ സ്വസ്ഥാനത്തുനിന്നു വ്യതിചലിക്കുന്നതുകൊണ്ട് ലോകത്തിന് എന്തു സംഭവിക്കാൻ പോകുന്നു എന്ന സംഭ്രമത്തോടെ മനുഷ്യർ ഭീതിപൂണ്ട് ബോധരഹിതരായി നിപതിക്കും. 27 അപ്പോൾ ശക്തിയോടും മഹാതേജസ്സോടുംകൂടെ മനുഷ്യപുത്രൻ (ഞാൻ) മേഘത്തിൽ വരുന്നത് എല്ലാവരും ദർശിക്കും.

  63. 20 അനേകം ദിവസങ്ങൾ സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാൻ കഴിഞ്ഞില്ല; കൊടുങ്കാറ്റ് തുടരെ അടിച്ചുകൊണ്ടിരുന്നു; രക്ഷപ്പെടുമെന്നുള്ള സകലപ്രതീക്ഷയും ഒടുവിൽ ഞങ്ങൾക്കു നഷ്ടമായി.

  64. 4-5 അബ്രാഹാം എന്നെ അനുസരിക്കുകയും എന്റെ കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും പാലിക്കുകയും ചെയ്തതുകൊണ്ട്, ഞാൻ നിന്റെ സന്തതിപരമ്പരയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അസംഖ്യമായി വർധിപ്പിച്ച് ഈ ദേശങ്ങളെല്ലാം അവർക്കു കൊടുക്കും; നിന്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകലജനതകളും അനുഗ്രഹിക്കപ്പെടും” എന്ന് അരുളിച്ചെയ്തു.

  65. 1 യൗവനകാലത്തുതന്നെ

    നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊള്ളുക,

    ദുഷ്കാലങ്ങൾ വരുന്നതിനുമുമ്പ്,

    “ഒന്നിലും എനിക്കൊരു താത്പര്യം തോന്നുന്നില്ല”

    എന്നു നീ പറയുന്ന വർഷങ്ങൾ നിന്നെ സമീപിക്കുകയും ചെയ്യുന്നതിനുമുമ്പ്—

    2 സൂര്യനും വെളിച്ചവും

    ചന്ദ്രനും നക്ഷത്രങ്ങളും ഇരുളുന്നതിനുമുമ്പ്,

    മഴയ്ക്കുശേഷം മേഘങ്ങൾ മടങ്ങിവരുന്നതിനു മുമ്പേതന്നെ—

    3 അന്ന് വീട്ടുകാവൽക്കാർ വിറയ്ക്കും

    ബലിഷ്ഠരായവർ കുനിയും

    അരയ്ക്കുന്നവരുടെ എണ്ണം കുറഞ്ഞുപോയതിനാൽ അവരും ജോലി നിർത്തിവെക്കും

    ജനാലകളിലൂടെ നോക്കുന്നവർ കാഴ്ചയറ്റവരാകും;

    4 തെരുവിലേക്കുള്ള കവാടങ്ങൾ അടയ്ക്കപ്പെടും

    പൊടിക്കുന്ന ശബ്ദം അവ്യക്തമാകും;

    പക്ഷികളുടെ കലപിലശബ്ദത്തിൽ നീ ഉണരും,

    എന്നാൽ അവരുടെയും സംഗീതധ്വനി മന്ദമാകും;

    5 മനുഷ്യർ ഉയരങ്ങളെ ഭയക്കും;

    തെരുവോരങ്ങളിലെ അപകടങ്ങളെയും!

    ബദാംവൃക്ഷം പൂക്കുമ്പോൾ

    വിട്ടിൽ ഇഴഞ്ഞുനടക്കും.

    അഭിലാഷങ്ങൾ ഉണരുകയില്ല.

    അപ്പോൾ മനുഷ്യൻ തന്റെ ശാശ്വതഭവനത്തിലേക്കു പോകും,

    വിലാപക്കാർ തെരുവീഥികളിൽ ചുറ്റിസഞ്ചരിക്കും.

    6 അതേ, നിന്റെ സ്രഷ്ടാവിനെ ഓർക്കുക—വെള്ളിച്ചരട് അറ്റുപോകുംമുമ്പേ,

    സ്വർണക്കിണ്ണം ഉടയുംമുമ്പേതന്നെ;

    ഉറവിങ്കലെ കുടം ഉടയുന്നതിനും

    കിണറ്റിങ്കലെ ചക്രം തകരുന്നതിനും മുമ്പുതന്നെ,

    7 പൂഴി അതു വന്ന മണ്ണിലേക്കും

    ആത്മാവ് അതിന്റെ ധാതാവായ ദൈവത്തിങ്കലേക്കും മടങ്ങുന്നതിനുമുമ്പേതന്നെ.

    8 “അർഥശൂന്യം! അർഥശൂന്യം!” സഭാപ്രസംഗി പറയുന്നു.

    “ഓരോന്നും അർഥശൂന്യമാകുന്നു!”

  66. 13 അവിടത്തെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും ഇസ്രായേലിനെയും ഓർക്കണമേ. ‘ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർധിപ്പിക്കുകയും ഞാൻ വാഗ്ദാനംചെയ്ത എല്ലാ ദേശവും നിങ്ങളുടെ സന്തതിക്കു കൊടുക്കുകയും അവർ അതിനെ എന്നേക്കും അവകാശമാക്കുകയും ചെയ്യുമെന്ന് അങ്ങ് അങ്ങയെക്കൊണ്ടുതന്നെ അവരോടു സത്യം ചെയ്തല്ലോ.’ ”

  67. 1 “സർദിസിലെ സഭയുടെ ദൂതന് എഴുതുക:

    “ദൈവത്തിന്റെ ഏഴ് ആത്മാക്കളും ഏഴു നക്ഷത്രവുമുള്ള ഞാൻ അരുളിച്ചെയ്യുന്നു:

    “ഞാൻ നിന്റെ പ്രവൃത്തികൾ അറിയുന്നു; ജീവിക്കുന്നവൻ എന്ന പേര് നിനക്കുണ്ടെങ്കിലും നീ മരിച്ചവനാണ്.

  68. 10 ദൈവമായ യഹോവ നിങ്ങളെ വർധിപ്പിച്ചിരിക്കുന്നു. ഇന്നു നിങ്ങൾ ആകാശത്തിലെ നക്ഷത്രങ്ങൾപോലെ പെരുകിയിരിക്കുന്നു.

  69. 1 ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.

  70. 16 പകൽ അങ്ങയുടേതാകുന്നു, രാത്രിയും അങ്ങേക്കുള്ളതുതന്നെ;

    അവിടന്ന് സൂര്യചന്ദ്രന്മാരെ സ്ഥാപിച്ചു.

  71. 19 ഋതുക്കളുടെ മാറ്റങ്ങൾ നിർണയിക്കുന്നതിനായി അവിടന്ന് ചന്ദ്രനെ നിർമിച്ചു,

    എപ്പോഴാണ് അസ്തമിക്കുന്നതെന്ന് സൂര്യനും നിശ്ചയമുണ്ട്.

  72. 16 പിന്നീട് അവിടന്ന് എന്നെ യഹോവയുടെ ആലയത്തിലെ അകത്തെ അങ്കണത്തിലേക്കു കൊണ്ടുവന്നു. അവിടെ ആലയത്തിന്റെ പ്രവേശനത്തിങ്കൽ മണ്ഡപത്തിനും യാഗപീഠത്തിനും മധ്യേ ഏകദേശം ഇരുപത്തിയഞ്ചു പുരുഷന്മാർ യഹോവയുടെ ആലയത്തിനുനേരേ തങ്ങളുടെ പുറംകാട്ടിക്കൊണ്ടും കിഴക്കോട്ടു മുഖം തിരിച്ചും നിന്നിരുന്നു. അവർ കിഴക്കോട്ടുനോക്കി സൂര്യനെ നമസ്കരിക്കുകയായിരുന്നു.

    17 അവിടന്ന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, നീ ഇതു കാണുന്നോ? യെഹൂദാഗൃഹത്തിന് ഇവിടെ ചെയ്യുന്ന ഈ മ്ലേച്ഛതകൾ തീരെ നിസ്സാരമെന്നു തോന്നിയിട്ടോ അവർ ദേശത്തെ അക്രമംകൊണ്ടു നിറയ്ക്കുകയും എന്നെ വീണ്ടും വീണ്ടും പ്രകോപിപ്പിക്കുകയും ചെയ്യുന്നത്? നോക്കൂ, അവർ മരച്ചില്ല മൂക്കിൽ തൊടുവിക്കുന്നത്. 18 അതിനാൽ ഞാൻ ക്രോധത്തോടെ പ്രവർത്തിക്കും. എന്റെ കണ്ണുകൾ അവരോട് അനുകമ്പ കാട്ടുകയോ ഞാൻ വിട്ടുവീഴ്ച കാണിക്കുകയോ ചെയ്യുകയില്ല. അവർ എന്നെ നോക്കി നിലവിളിച്ചാലും ഞാൻ അവരുടെ നിലവിളി കേൾക്കുകയില്ല.”

  73. 3 “പ്രകാശം ഉണ്ടാകട്ടെ,” ദൈവം അരുളിച്ചെയ്തു; പ്രകാശം ഉണ്ടായി. 4 പ്രകാശം നല്ലത് എന്നു ദൈവം കണ്ടു; അവിടന്നു പ്രകാശവും അന്ധകാരവുംതമ്മിൽ വേർതിരിച്ചു; 5 ദൈവം പ്രകാശത്തെ “പകൽ” എന്നും അന്ധകാരത്തെ “രാത്രി” എന്നും വിളിച്ചു. സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—ഒന്നാംദിവസം.

  74. 1 ഇങ്ങനെ, ആകാശവും ഭൂമിയും അവയിലുള്ള സകലത്തിന്റെയും സൃഷ്ടി പൂർത്തിയായി.

    2 ദൈവം ചെയ്തുകൊണ്ടിരുന്ന സകലപ്രവൃത്തിയും ഏഴാംദിവസമായപ്പോഴേക്കും പൂർത്തീകരിച്ചു; അതിനുശേഷം തന്റെ സകലപ്രവൃത്തിയിൽനിന്നും ഏഴാംദിവസം ദൈവം വിശ്രമിച്ചു. 3 സൃഷ്ടിസംബന്ധമായി അവിടന്നു ചെയ്ത സകലപ്രവൃത്തികളിൽനിന്നും സ്വസ്ഥനായതിനാൽ ഏഴാംദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്ധീകരിച്ചു.

  75. 26 കത്തിജ്വലിച്ചു സൂര്യൻ നിൽക്കുന്നതോ

    പ്രഭ പരത്തി ചന്ദ്രൻ അതിന്റെ ഭ്രമണപഥത്തിൽ നീങ്ങുന്നതോ കണ്ടിട്ട്,

    27 എന്റെ ഹൃദയം ഗൂഢമായി വശീകരിക്കപ്പെടുകയും

    എന്റെ കൈകൾ ആദരചുംബനം അർപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ,

    28 അതും ശിക്ഷിക്കപ്പെടേണ്ട ഒരു പാപമായിത്തീരുമായിരുന്നു,

    കാരണം, ഉന്നതനായ ദൈവത്തെ ഞാൻ നിഷേധിക്കുകയാണല്ലോ ചെയ്തത്.

  76. 5 യഹോവേ, സ്വർഗം അങ്ങയുടെ അത്ഭുതങ്ങളെയും

    വിശുദ്ധരുടെ സഭയിൽ അങ്ങയുടെ വിശ്വസ്തതയെയും സ്തുതിക്കും.

  77. 31 യഹോവയുടെ ശ്രേഷ്ഠവും ഭയങ്കരവുമായ ദിവസം വരുന്നതിനുമുമ്പേ

    സൂര്യൻ ഇരുളായി മാറുകയും

    ചന്ദ്രൻ രക്തമായിത്തീരുകയും ചെയ്യും.

  78. 1 ആദിയിൽ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടൊപ്പം ആയിരുന്നു; വചനം ദൈവം ആയിരുന്നു. 2 അവിടന്ന് ആരംഭത്തിൽ ദൈവത്തോടൊപ്പം സ്ഥിതിചെയ്യുന്നുണ്ടായിരുന്നു. 3 അവിടന്നാണ് സർവത്തിന്റെയും അസ്തിത്വകാരണം; സൃഷ്ടിക്കപ്പെട്ടവയിൽ, അവിടത്തെക്കൂടാതെ യാതൊന്നും സൃഷ്ടിക്കപ്പെട്ടില്ല.